ഉള്ളടക്കം

* മുഖലിഖിതം

സഹാബാ കിറാം

മാതൃകാ വ്യക്തിത്വങ്ങൾ

സയ്യിദ് ജഅ്ഫര്‍ മസ്ഊദ് ഹസനി നദ് വി
(സെക്രട്ടറി ദാറുല‍്‍‍  ഉലൂം നദ് വത്തുല്‍ ഉലമ)

* ജുമുഅ സന്ദേശം 


സഹാബാ മഹത്തുക്കളുടെ മഹനീയ മാതൃക

ഡോ: സഊദ് ആലം ഖാസിമി
(മെമ്പര്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്, എഡിറ്റര്‍ തഹ്ദീബുല്‍ അഖ്ലാഖ് മാസിക അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി) 

* മആരിഫുല്‍ ഖുര്‍ആന്‍ 

ഒരു സംഭവവും അതിലെ ഗുണപാഠങ്ങളും

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

* മആരിഫുല്‍ ഹദീസ്

സില്‍സാല്‍, കാഫിറൂന്‍, ഇഖ്ലാസ് സൂറത്തുകള്‍

മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

ജീവ ചരിത്രം 

 മുഫക്കിറുല്‍ ഇസ്ലാം 

അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ 

അലി നദ് വി ജീവിതവും സന്ദേശവും.! 

മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി 

********************************

മുഖലിഖിതം

സഹാബാ കിറാം

മാതൃകാ വ്യക്തിത്വങ്ങൾ

 

സയ്യിദ് ജഅ്ഫര്‍ മസ്ഊദ് ഹസനി നദ് വി
(സെക്രട്ടറി ദാറുല‍്‍‍  ഉലൂം നദ് വത്തുല്‍ ഉലമ)

അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ) യുടെ സംസ്‌കരണത്തിന് സൗഭാഗ്യം സിദ്ധിച്ച സഹാബത്തിനെ ഓരോ വ്യക്തിത്വങ്ങളും റസൂലുല്ലാഹി  യുടെ പ്രവാചകത്വത്തിന്റെ അടയാളങ്ങളും മാനവകുലത്തിന്റെ അഭിമാനവും മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയുമായിരുന്നു. പ്രവാചകന്മാർക്ക് ശേഷം സഹാബത്തിനേക്കാൾ സുന്ദരവും ഹൃദ്യവുമായ ചിത്രം ലോകത്തെവിടെയും കാണാൻ കഴിയില്ല എന്നതാണ് സത്യം. അവരുടെ അടിയുറച്ച വിശ്വാസം, ആഴമേറിയ അറിവ്, സത്യസന്ധമായ മനസ്സ്, പ്രകടന രഹിതമായ ജീവിതം, ഉദ്ദേശ ശുദ്ധി, ഭയഭക്തി, ജീവിത വിശുദ്ധി, സത്യസന്ധത, ധർമ്മിഷ്ഠത, കാരുണ്യം, ധീരത, ആരാധനകളിലെ അഭിരുചി, രക്ത സാക്ഷ്യത്തിനുള്ള ആഗ്രഹം, പകലിലെ പടയോട്ടം, ഇരവിലെ വണക്കം, പണ-പണ്ഡങ്ങളോടുള്ള അവഗണന, ഭൗതിക വിരക്തി, നീതി ബോധം, സുന്ദര സജ്ജീകരണം മുതലായ ഗുണങ്ങൾക്ക് അവരെപ്പോലെ ഒരു മാതൃക കാണാൻ കഴിയില്ല. റസൂലുല്ലാഹി (സ)  തയ്യാറാക്കിയ സംഘത്തിലെ ഓരോ വ്യക്തികളിലും ഈ ഗുണങ്ങൾ കാണപ്പെടുന്നു എന്നുള്ളത് മുഹമ്മദീ പ്രബോധനത്തിന്റെ മാത്രം മഹത്വമാണ്. പരമ്പരാഗതമായി പ്രാമാണികമായ സാക്ഷ്യങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഇതിനെ ഒരു കാവ്യ സങ്കൽപ്പവും സങ്കൽപ്പ കഥയുമായി കാണേണ്ടിവരുമായിരുന്നു. എന്നാൽ ഇതൊരു രേഖകൾ നിറഞ്ഞ വസ്തുതയും സംശയരഹിതമായി സ്ഥിരപ്പെട്ട യാഥാർത്ഥ്യവുമാണ്!  
മുഫക്കിറുൽ ഇസ്‌ലാം അല്ലാമാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വിയുടെ പ്രകാശപൂരിതമായ ഒരു കുറിപ്പാണ് മുകളിൽ ഉദ്ധരിച്ചത്. ആദരണീയ പിതാവ് മൗലാനാ സയ്യിദ് മുഹമ്മദ് വാളിഹ് റഷീദ് ഹസനി നദ്‌വി തയ്യാറാക്കിയ അവസാന രചനയായ ഈ രചനയുടെ ആമുഖമായി അല്ലാമയുടെ ഈ കുറിപ്പ് ഞങ്ങൾ സമർപ്പിക്കുകയാണ്. അതെ, സഹാബാ മഹത്തുക്കളുടെ അവസ്ഥകളെക്കുറിച്ച് വിവരിക്കുന്ന സുഗന്ധം നിറഞ്ഞ പൂച്ചെണ്ടായ ഈ രചനയുടെ ആമുഖത്തിന് അനുയോജ്യമായ ഒരു കുറിപ്പ് തന്നെയാണത്. 
സഹാബാ മഹത്തുക്കൾ അത്യധികം അനുഗ്രഹീതമായ ഒരു സംഘമാണ്. സർവ്വലോക പരിപാലകനായ അല്ലാഹു, ലോകാനുഗ്രഹിയായ മുഹമ്മദുർററസൂലുല്ലാഹി (സ)യുടെ സഹവാസത്തിനും സന്ദേശങ്ങളുടെ സംരക്ഷണത്തിനും അവരെ തെരഞ്ഞെടുത്തു. ഈ സംഘത്തിലെ ഓരോ വ്യക്തിയും പരിപൂർണ്ണ സൂക്ഷ്മതയും സത്യസന്ധതയും മുറുകെ പിടിച്ചുകൊണ്ട് സൂക്ഷ്മമായ ഈ കർത്തവ്യം നിർവ്വഹിച്ചു. ചരിത്രത്തിൽ ഇതിന് തുല്യത കാണുക സാധ്യമല്ല. സഹാബാ കിറാം, റസൂലുല്ലാഹി (സ)യെ നേരിൽ കണ്ടു. അതിയായി സ്‌നേഹിച്ച് ആദരിച്ചു. അത്ഭുതകരമായ സേവന സഹായങ്ങൾ ചെയ്തു. റസൂലുല്ലാഹി (സ)യുടെ ഓരോ സന്ദേശങ്ങളിലും അടിയുറച്ച് വിശ്വസിക്കുകയും തിരുസുന്നത്തുകൾ പരിപൂർണ്ണമായി പാലിക്കുകയും ലോകം മുഴുവൻ എത്തിക്കുകയും ചെയ്തു. അതെ, റസൂലുല്ലാഹി  യെ കാണാനുള്ള സൗഭാഗ്യം നാം പാപികൾക്ക് ഉണ്ടായിട്ടില്ല. പക്ഷേ,റസൂലുല്ലാഹി (സ)യെ നാം കാണുന്നതുപോലെ റസൂലുല്ലാഹി (സ)യുടെ ഓരോ വചനങ്ങളും കർമ്മങ്ങളും ശൈലികളും രീതികളും അവർ ശരിയായ നിലയിൽ മനസ്സിലാക്കി നമുക്ക് എത്തിച്ച് തന്നു. 
സഹാബാ മഹത്തുക്കളെപ്പറ്റിയുള്ള സ്മരണയിലൂടെ തന്നെ നമ്മുടെ മനസ്സുകൾക്ക് മാറ്റം ഉണ്ടാവുകയും വിശ്വാസത്തിൽ വർദ്ധനവ് സംഭവിക്കുകയും കർമ്മങ്ങളും സ്വഭാവങ്ങളും നന്നാവുകയും ചെയ്യുന്നതാണ്. അല്ലാഹുവിനോടും റസൂലിനോടുമുള്ള സ്‌നേഹ ബഹുമാനങ്ങൾ കൂടും, സഹനതയുടെ സ്വഭാവം ഉറയ്ക്കും, നന്മകളിലേക്ക് ആവശം ജനിക്കും, പരലോക ചിന്ത ശക്തിപ്പെടും, പാപങ്ങളിൽ ദു:ഖമുണ്ടാകും, പശ്ചാത്താപത്തിന് തൗഫീഖ് ലഭിക്കും, നമസ്‌ക്കാരത്തിൽ ഹൃദയ സാന്നിധ്യവും ആരാധനകളിൽ ആവശേവും കർമ്മങ്ങളിൽ ആത്മാർത്ഥതയും ഉണ്ടാകും. മനസ്സിന്റെ മാലിന്യം ദൂരീകരിക്കപ്പെടുകയും ഭൗതികതയിലേക്ക് മുന്നേറുന്ന പാദങ്ങൾക്ക് നിയന്ത്രണമുണ്ടാവുകയും ചെയ്യുന്നതാണ്. ഹസ്രത്ത് അലിയ്യ് (റ)നെ അനുകരിച്ച് കൊണ്ട് നമ്മുടെ മനസ്സ് ദുൻയാവിനോട് ഇപ്രകാരം വിളിച്ച് പറയുന്നതാണ്: നീ എന്നിൽ നിന്നും ദൂരെ മാറുക. നിന്റെ വഞ്ചനയ്ക്ക് എന്നെ കിട്ടുന്നതല്ല. ഞാൻ നിന്നെ മൂന്ന് ത്വലാഖും ചൊല്ലിയിരിക്കുന്നു. ഇനി നിന്നിലേക്ക് മടങ്ങാൻ ഒരു വഴിയുമില്ല. നിന്റെ ആയുസ്സ് വളരെ ചെറുതാണ്. നിന്റെ ജീവിതം തീർത്തും നിസ്സാരമാണ്. നിന്റെ അപകടം വളരെ ഗുരുതരവുമാണ്. ഹാ, കഷ്ടം എന്റെ യാത്ര വളരെ വിദൂരവും വഴി ദുർഘടവും പാഥേയം അങ്ങേയറ്റം കുറവുമാണല്ലോ! 
സഹാബത്തിന്റെ മഹത്ച്ചരിതം നാമെല്ലാവരും നിരന്തരം പാരായണം ചെയ്യുകയും അനുസ്മരിക്കുകയും ചെയ്യേണ്ട ഒരു പ്രധാന വിഷയമാണ്. പക്ഷേ, അത് നമുക്കിടയിൽ വളരെ കുറഞ്ഞിരിക്കുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ ഇതര മഹാന്മാരെക്കുറിച്ചുള്ള ചർച്ചകൾ കുറച്ചെങ്കിലും നടക്കുന്നുണ്ട്. പക്ഷേ, അവർ സഹാബത്തിന്റെ ജീവിതത്തിൽ നിന്നും പഠിച്ച് പകർത്തിയ ജീവിത മാതൃകകളേക്കാൾ കൂടുതൽ നാം അനുസ്മരിക്കുന്നത് അവരുടെ ഗുണങ്ങളുടെ അടിസ്ഥാനത്തിൽ അവരിൽ നിന്നും പ്രത്യക്ഷപ്പെട്ട കറാമത്തുകളെക്കുറിച്ചാണ്. എന്നാൽ ഏറ്റവും വലിയ അത്ഭുതം സത്യവിശ്വാസത്തിലുള്ള അടിയുറപ്പും സൽക്കർമ്മങ്ങളിലും സത്യപ്രബോധനത്തിലുമുള്ള നിഷ്ഠയുമാണ്. അതിന്റെ ഏറ്റവും വലിയ മാർഗ്ഗദർശനം സഹാബത്തിന്റെ ജീവിതമാണ്. വ്യക്തിപരവും സാമൂഹ്യപരവുമായ സർവ്വമേഖലകളിലും സഹാബത്തിന്റെ ഉദാത്ത മാതൃകകൾ കാണാൻ കഴിയുന്നതാണ്. അവരുടെ ജീവിതം സത്യവിശ്വാസവും സൽക്കർമ്മങ്ങളുമായിരുന്നു. പരസ്പരം സ്‌നേഹം, ആദരവ്, ആത്മ ത്യാഗം, വിനയം എന്നിവ അവരുടെ പ്രധാന ഗുണങ്ങളായിരുന്നു. അസൂയ, പക തുടങ്ങിയ ദുസ്വഭാവങ്ങളിൽ നിന്നും അവരുടെ മനസ്സ് പരിശുദ്ധമായിരുന്നു. അവർ സ്വയം നഷ്ടങ്ങൾ സഹിച്ച് മറ്റുള്ളവർക്ക് ഉപകാരം ചെയ്തിരുന്നു. പടച്ചവന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് അനുവദനീയമായ സമ്പാദ്യങ്ങളുമായി ബന്ധപ്പെടുകയും ദാനധർമ്മങ്ങൾ അധികരിപ്പിക്കുകയും ചെയ്തിരുന്നു. അവരുടെ ഏതാനും സംഭവങ്ങളിലേക്ക് നോക്കൂ: 
യർമൂക്കിന്റെ രണാങ്കണത്തിൽ ചുട്ടുപൊള്ളുന്ന ഭൂമിയിൽ മുറിവുകൾ ഏറ്റ് ഏതാനും സഹാബികൾ ദാഹിച്ച് വലഞ്ഞ് കിടക്കുന്നു. അതിൽ ഒരു വ്യക്തി അബൂജഹ്‌ലിന്റെ മകൻ ഇക്‌രിമ (റ)യാണ്. ഇക്‌രിമ (റ)യുടെ ഒരു ബന്ധു അവിടെ ഒരു തോൽപ്പാത്രത്തിൽ കുറഞ്ഞ വെള്ളവുമായി വരുന്നു. വായിലേക്ക് അത് ചേർക്കപ്പെട്ടപ്പോൾ അടുത്ത് കിടന്ന സുഹൈൽ (റ)ന്റെ ശബ്ദം കേട്ട് അദ്ദേഹത്തിന് കൊടുക്കുക എന്ന് ഇക്‌രിമ (റ) ആംഗ്യം കാണിക്കുന്നു. സുഹൈൽ ﷜കുടിക്കാൻ ഭാവിച്ചപ്പോൾ ഹാരിസ് (റ)ന്റെ ശബ്ദം കേട്ട് അദ്ദേഹത്തെ കുടിപ്പിക്കാൻ ആംഗ്യം കാണിക്കുന്നു. അദ്ദേഹം അവിയെത്തിയപ്പോൾ ഹാരിസ് (റ) മരണപ്പെട്ട് കഴിഞ്ഞു. അവിടെ നിന്നും സുഹൈൽ (റ)ന്റെ അരികിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ ആത്മാവും പറന്നുയർന്നിരുന്നു. അവിടെ നിന്നും ഇക്‌രിമ (റ)ന്റെ അരികിൽ എത്തിയപ്പോൾ അദ്ദേഹവും അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്ര തിരിച്ചിരിക്കുന്നു!
ഹസ്രത്ത് മുആവിയ (റ)പ്രഭാഷകനായ ദിറാർ (റ)വിനോട് ഹസ്രത്ത് അലിയ്യ് (റ)നെക്കുറിച്ച് വല്ലതും പറയണമെന്ന് അപേക്ഷിക്കുന്നു. ആദ്യം ദിറാർ (റ)ഒഴിഞ്ഞ് മാറിയെങ്കിലും ഹസ്രത്ത് മുആവിയ (റ)നിർബന്ധിച്ചപ്പോൾ മഹാനായ അലിയ്യ് ﷜നെയും മുഴുവൻ സഹാബത്തിനെയും കുറിച്ച് ദിറാർ (റ)വിശദമായി അനുസ്മരിക്കുന്നു. അതുകേട്ട് ഹസ്രത്ത് മുആവിയ (റ)യുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയും താടി നനയുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: ദിറാറെ, അല്ലാഹുവിൽ സത്യം, മഹാനായ അലിയ്യ് (റ) താങ്കൾ പറഞ്ഞതുപോലെ വളരെ സൽഗുണങ്ങൾ നിറഞ്ഞവരായിരുന്നു! 
മക്കാമുകർറമയിൽ നിന്നും മുഹാജിറുകളുടെ പലായന സംഘം മദീന മുനവ്വറയിൽ എത്തുന്നു. അവരുടെ കൈയ്യിലും കീശയിലും സഞ്ചിയിലും ഒന്നുമില്ല. ഉണ്ടായിരുന്നതെല്ലാം പടച്ചവനുവേണ്ടി വിട്ടെറിഞ്ഞ് അവർ മദീനയിലെത്തിയതാണ്. മദീന നിവാസികളായ സഹാബികളെ പടച്ചവൻ വാരിക്കോരി അനുഗ്രഹിക്കട്ടെ. അതിഥി സൽക്കാരം, ആത്മ ത്യാഗം, ധർമ്മിഷ്ടത, ഔദാര്യം, സഹാനുഭൂതി, സാഹോദര്യം, മുതലായ അവരുടെ ഗുണങ്ങൾ അപാരം തന്നെ. എല്ലാം പകുതി പകുതിയായി വീതിച്ചുകൊണ്ട് നിങ്ങൾക്ക് ഇഷ്ടമുള്ളത് എടുത്ത് കൊള്ളുകയെന്ന് അവർ പറയുന്നു. മുഹാജിറുകൾ വളരെ അത്യാവശ്യമുള്ളത് മാത്രം സ്വീകരിച്ച് ത്യാഗത്തോടെ ജീവിക്കുന്നു! 
ഇസ്‌ലാമിക ചരിത്രത്തിലെ സമുന്നത പോരാളിയും തേരാളിയുമായ ഖാലിദ് (റ)ഡമാസ്‌കസിൽ ഇസ്‌ലാമിക സൈന്യത്തിന്റെ നായകത്വം നിർവ്വഹിച്ച് കൊണ്ടിരിക്കുന്നു. ഇതിനിടയിൽ ഉമറുൽ ഫാറൂഖ് (റ)ന്റെ നിർദ്ദേശം വരുന്നു: നേതൃത്വം അബൂഉബൈദ (റ)യ്ക്ക് ഏൽപ്പിക്കുക. ഖാലിദ് (റ)നിഷേധമോ എതിർ ശബ്ദമോ ഒന്നും പുറപ്പെടുവിക്കാതെ കൽപ്പന പരിപൂർണ്ണമായി പാലിക്കുകയും അബൂഉബൈദ (റ)യുടെ പിന്നിൽ പോരാട്ടത്തിന് ഇറങ്ങിത്തിരിക്കുകയും ചെയ്യുന്നു!
അബൂബക്ർ സിദ്ദീഖ് (റ)വീട്ടിലെ ആഹാര വിരിയിൽ സാധാരണയ്ക്ക് വിരുദ്ധമായി മധുര പലഹാരം കണ്ടപ്പോൾ ചോദിച്ചു: ഇത് എവിടെ നിന്നുമാണ്? വീട്ടുകാരി പറഞ്ഞു: താങ്കൾ ചിലവിന് തരുന്ന തുകയിൽ നിന്നും അൽപ്പാൽപ്പം പിടിച്ചുവെച്ച് കുറച്ച് പലഹാരം ഉണ്ടാക്കിയതാണ്. സിദ്ദീഖ് (റ)പറയുന്നു: അപ്പോൾ നൽകുന്ന തുകയേക്കാളും കുറഞ്ഞത് കൊണ്ടും ചിലവ് നടക്കുന്നതാണെന്ന് മനസ്സിലായി! തുടർന്ന് അത്രയും തുക ശമ്പളത്തിൽ നിന്നും കുറയ്ക്കാൻ അദ്ദേഹം നിർദ്ദേശിക്കുന്നു!!
സഹാബാ മഹത്തുക്കളുടെ ജീവിതത്തിൽ നിന്നുള്ള ഒരുചില സംഭവങ്ങൾ മാത്രമാണിത്. ഇതുതന്നെ നമ്മുടെ കണ്ണുകൾ തുറക്കാൻ പര്യാപ്തവുമാണ്. സഹോദരന്റെ ഓഹരി നൽകാൻ തയ്യാറാകാതിരിക്കുകയും സുഹൃത്തിനെക്കുറിച്ചുള്ള പ്രശംസ അരോചകമാവുകയും സൂക്ഷ്മത എന്നത് ജീവിതത്തിൽ അന്യമാവുകയും സ്ഥാനം മാറ്റുന്നത് പോകട്ടെ അൽപ്പം കുറയ്ക്കുന്നതുപോലും അസഹനീയമാവുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ ഈ സംഭവങ്ങൾ എത്രവലിയ പാഠമാണ് പകർന്ന് തരുന്നത്. ഇത്തരം സംഭവങ്ങൾ നമുക്കിടയിൽ പ്രാധാന്യത്തോടെ അനുസ്മരിക്കപ്പെട്ടാൽ നമ്മിൽ വലിയ മാറ്റം ഉണ്ടാകുന്നതാണ്. കൂട്ടത്തിൽ സഹാബത്തിന്റെ ആദരവുകളും മഹത്വങ്ങളും പുത്തൻതലമുറയെ നന്നായി ഉണർത്തുകയും ചെയ്യേണ്ടതാണ്. ഇതിലൂടെ അവർ സഹാബത്തിലേക്ക് തിരിയുകയും അവരെ പകർത്താൻ പ്രേരിതരാവുകയും ചെയ്യുന്നതാണ്.


*******************

ജുമുഅ സന്ദേശം

All India Muslim Personal Law Board

സഹാബാ മഹത്തുക്കളുടെ മഹനീയ മാതൃക

ഡോ: സഊദ് ആലം ഖാസിമി
(മെമ്പര്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്, എഡിറ്റര്‍ തഹ്ദീബുല്‍ അഖ്ലാഖ് മാസിക അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി)



مُّحَمَّدٌ رَّسُولُ اللَّهِ ۚ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ ۖ تَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا ۖ سِيمَاهُمْ فِي وُجُوهِهِم مِّنْ أَثَرِ السُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِي التَّوْرَاةِ ۚ وَمَثَلُهُمْ فِي الْإِنجِيلِ كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَىٰ عَلَىٰ سُوقِهِ يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ ۗ وَعَدَ اللَّهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًا (29)

മുഹമ്മദ് അല്ലാഹുവിന്‍റെ ദൂതനാണ്. അദ്ദേഹത്തോടൊപ്പമുള്ളവര്‍ നിഷേധികളോട് കടുപ്പവും പരസ്പര കാരുണ്യവും ഉള്ളവരാണ്. അവരെ അല്ലാഹുവിന്‍റെ ഔദാര്യവും പ്രീതിയും ആഗ്രഹിച്ചുകൊണ്ട് റുകൂഅ് സുജൂദ് ചെയ്യുന്നവരായി താങ്കള്‍ കാണുന്നതാണ്. അവരുടെ മുഖത്തും ചില അടയാളങ്ങള്‍ കാണാവുന്നതാണ്. ഇതാണ് തൗറാത്തില്‍ അവരെക്കുറിച്ചുള്ള വിവരണം. ഇഞ്ചീലില്‍ അവരെ വര്‍ണിച്ചുകൊണ്ട് ഇപ്രകാരം വന്നിരിക്കുന്നു. അവര്‍ ഒരു കൃഷിപോലെയാണ്. അല്ലാഹു അതിന്‍റെ നാമ്പ് പുറത്തുകൊണ്ടുവന്നു. ശേഷം കൃഷിക്കാരന്‍ അത്ഭുതപ്പെടുന്ന നിലയില്‍ ശക്തിപ്രാപിച്ചു. പിന്നെ അത് തടിച്ച് നേരെ നിന്നു. (ഇപ്രകാരം അവരെ അല്ലാഹു വളര്‍ത്തുന്നത്,) നിഷേധികളുടെ ഹൃദയം എരിയാനാണ്. അവരില്‍ നിന്നും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ടിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പാപമോചനവും വമ്പിച്ച പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു. (ഫത്ഹ് 29)
അല്ലാഹുതആല ഈ ആയത്തില്‍ അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ)യുടെ പ്രവാചകത്വത്തെ പിന്തുണച്ചതിനോടൊപ്പം റസൂലുല്ലാഹി (സ)യുടെ സഹാബത്തിനെ പ്രശംസിക്കുകയും വിവരിക്കുകയും ചെയ്തിരിക്കുന്നു. പ്രത്യേകിച്ചും അവരുടെ രണ്ട് മഹല്‍ ഗുണങ്ങളെ എടുത്ത് പറയുന്നു. 1. അവര്‍ സത്യവിശ്വാസികളോട് സാഹോദര്യവും നിഷേധികളോട് കടുപ്പമുള്ളവരുമാണ്. സത്യവിശ്വാസത്തെ സ്നേഹിക്കുകയും നിഷേധത്തെ വെറുക്കുകയും ചെയ്യുന്നു. അതെ, ആത്മമിത്രങ്ങളോട് അവര്‍ പട്ടുപോലെ മയമുള്ളവരും സത്യാസത്യ പോരാട്ടവേളയില്‍ പര്‍വ്വതം പോലെ ഉറച്ചവരുമാണ്. 2. അവര്‍ നമസ്കാരങ്ങളില്‍ പ്രത്യേക ശ്രദ്ധയുള്ളവരും റുകൂഅ്, സുജൂദുകളെ അധികരിപ്പിക്കുന്നവരുമാണ്. അവരുടെ നന്മകളുടെ അടയാളങ്ങള്‍ അവരുടെ മുഖത്ത് പ്രകടമാണ്. അവരുടെ മനസ്സിന്‍റെ പ്രകാശം നെറ്റിയില്‍ പ്രക്ഷോഭിക്കുന്നു. അതെ, മനുഷ്യന്‍റെ മുഖം ഒരു തുറന്ന പുസ്തകമാണ്. ഹൃദയത്തിന്‍റെ അവസ്ഥകള്‍ അതിലൂടെ പ്രകടമാകുന്നതാണ്. അഹങ്കാരിയുടെ അഹംഭാവവും വിനയാന്വിതന്‍റെ താഴ്മയും മുഖത്ത് നിന്നുതന്നെ വ്യക്തമാകുന്നതാണ്. ഇതോടൊപ്പം അല്ലാഹു അവരെക്കുറിച്ച് പ്രത്യേകം പറയുന്നു: അവരുടെ ഈ നന്മകളുടെയെല്ലാം ലക്ഷ്യവും പ്രേരകവും പടച്ചവന്‍റെ ഔദാര്യത്തോടും പ്രീതിയോടുമുള്ള താല്‍പ്പര്യമാണ്. ഇതുകൊണ്ട് അവര്‍ ലക്ഷ്യം വെക്കുന്നത് പടച്ചവന്‍റെ പൊരുത്തമാണ്. ആ പൊരുത്തത്തെക്കുറിച്ചുള്ള അതിയായ ആഗ്രഹമാണ് അവരെ നന്മകള്‍ക്ക് പ്രേരിപ്പിക്കുന്നത്. ഇമാം മാലിക് (റ) പറയുന്നു: ശാമിലെ ക്രൈസ്തവര്‍ ശാം കീഴടക്കിയ സഹാബികളെ കണ്ടപ്പോള്‍ പറഞ്ഞു: പടച്ചവനില്‍ സത്യം ഇവര്‍ ഈസാ നബി (അ)യുടെ ശിഷ്യന്മാരേക്കാളും ഉന്നതരാണ്. ഒരു യുദ്ധ സന്ദര്‍ഭത്തില്‍ റോമന്‍ രാജാവിനോട് സഹാബത്തിനെ പരിചയപ്പെടുത്തിക്കൊണ്ട് മന്ത്രിമാര്‍ പറഞ്ഞു: അവര്‍ രാത്രിയില്‍ സര്‍വ്വസംഗ പരിത്യാഗികളും പകലില്‍ പടക്കുതിരകളുമാണ്.  
ഈ ആയത്തില്‍ അല്ലാഹു സഹാബികള്‍ക്ക് ഒരു ഉപമ ഇപ്രകാരം വിവരിക്കുന്നു: ഒരു കര്‍ഷകന്‍ ഭൂമിയില്‍ വിത്ത് വിതച്ചു. പടച്ചവന്‍റെ അനുഗ്രഹത്താല്‍ അത് മുളച്ച് വളരുകയും ധാന്യങ്ങളെക്കൊണ്ട് പൂത്തുലയുകയും ചെയ്തു. ഈ രംഗം കണ്ട് കര്‍ഷകന്‍ അത്യധികം സന്തോഷിക്കുന്നു. ഇപ്രകാരം റസൂലുല്ലാഹി (സ) സത്യവിശ്വാസത്തിന്‍റെ വിത്തുകള്‍ വിതയ്ക്കുകയും ത്യാഗ പരിശ്രമങ്ങള്‍ നടത്തുകയും ചെയ്തപ്പോള്‍ സഹാബാ മഹത്തുക്കളുടെ രൂപത്തില്‍ ഉറച്ച വൃക്ഷങ്ങള്‍ ഹരിതാഭമായി പ്രകാശിച്ചു. ഇതുകണ്ട് അല്ലാഹു വളരെയധികം സന്തോഷിച്ചു. അല്ലാഹുവിന്‍റെ ഈ സന്തോഷവും സംതൃപ്തിയും പരിശുദ്ധ ഖുര്‍ആനിലെ ഇതര വചനങ്ങളില്‍ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. 
ഒരിടത്ത് പറയുന്നു: വിശ്വാസികള്‍ വൃക്ഷച്ചുവട്ടില്‍വെച്ച് താങ്കളോട് പ്രതിജ്ഞ ചെയ്തപ്പോള്‍ അവരില്‍ അല്ലാഹു സംതൃപ്തനായിരിക്കുന്നു. അപ്പോള്‍ അവരുടെ മനസ്സിലുണ്ടായിരുന്ന കാര്യം അല്ലാഹു അറിഞ്ഞു. അങ്ങനെ അവരുടെമേല്‍ സമാധാനം ഇറക്കി. സമ്മാനമായി അടുത്തുതന്നെ ഒരു വിജയവും നല്കി (ഫത്ഹ് 18) ഈ ആയത്ത് ഹുദൈബിയ്യാ സന്ധിയുമായി ബന്ധപ്പെട്ട് അവതരിച്ചതാണ്. ഈ സന്ധിയ്ക്ക് മുമ്പ് റസൂലുല്ലാഹി (സ) മക്കാ നേതാക്കളിലേക്ക് ഉസ്മാന്‍ (റ)നെ അയച്ചു. ഉസ്മാന്‍ (റ) അവരോട് പോയി പറഞ്ഞു: ഞങ്ങള്‍ യുദ്ധത്തിന് വന്നവരല്ല. ഉംറയ്ക്ക് വന്നവരാണ്. ഉംറയ്ക്ക് ശേഷം ഞങ്ങള്‍ മടങ്ങിപ്പോകുന്നതാണ്. ഇതിനിടയില്‍ ഉസ്മാന്‍ (റ) ശഹീദാക്കപ്പെട്ടു എന്ന ഒരു വാര്‍ത്ത പരന്നു. ഈ സന്ദര്‍ഭത്തില്‍ റസൂലുല്ലാഹി (സ) ഒരു വൃക്ഷത്തിന് അടിയില്‍ വെച്ച് സഹാബികളെക്കൊണ്ട് സത്യത്തിന്‍റെ സരണിയില്‍ ജീവാര്‍പ്പണം ചെയ്യുന്നതാണെന്ന് പ്രതിജ്ഞ ചെയ്യിപ്പിച്ചു. ചരിത്രത്തില്‍ ഇതിന് ബൈഅത്തുര്‍റിള്വാന്‍ എന്ന് പറയപ്പെടുന്നു. തദവസരം സഹാബത്തിന്‍റെ ആത്മത്യാഗവും സമര്‍പ്പണ ശൈലിയും അല്ലാഹുവിന് ഇഷ്ടപ്പെടുകയും ഈ ആയത്ത് അവതരിപ്പിക്കുകയും ചെയ്തു. 
അതെ, സഹാബാ മഹത്തുക്കള്‍ റസൂലുല്ലാഹി (സ)യെ നേരിട്ട് കണ്ടു. റസൂലുല്ലാഹി (സ)യില്‍ വിശ്വസിക്കുകയും സ്നേഹിച്ച് ആദരിക്കുകയും പരിപൂര്‍ണ്ണമായി അനുസരിക്കുകയും സഹായിക്കുകയും ചെയ്തു. അവര്‍ നാട്ടിലും യാത്രയിലും സദസ്സിലും ഒറ്റയ്ക്കും റസൂലുല്ലാഹി (സ)യുമായി സഹവസിച്ചു. ഞെരുക്കത്തിലും വിശാലതയിലും റസൂലുല്ലാഹി (സ)യെ മുറുകെ പിടിച്ചു. റസൂലുല്ലാഹി (സ)യുടെ കാലത്തും ശേഷവും അവര്‍ നാടും വീടും വിട്ട് സന്മാര്‍ഗ്ഗത്തിന്‍റെ വിളക്കുകള്‍ കത്തിച്ചു. സ്വന്തം ജീവിതത്തിലൂടെയും പ്രബോധന സംസ്കരണങ്ങളിലൂടെയും റസൂലുല്ലാഹി (സ)യുടെ സന്ദേശം പ്രചരിപ്പിച്ചു. ഈ മാര്‍ഗ്ഗത്തില്‍ ജീവനും സമ്പത്തും സമര്‍പ്പിച്ചു. ഇസ്ലാമിക വൃക്ഷത്തെ കണ്ണുനീര്‍ കൊണ്ടും രക്തം കൊടുത്തും അവര്‍ വളര്‍ത്തി. അവരുടെ സ്ഥാനവും മഹത്വവും തെളിവുകള്‍ ആവശ്യമില്ലാത്ത നിലയില്‍ ഉന്നതവും മഹത്തരവുമാണ്. ഇസ്ലാമിന്‍റെ ശബ്ദം ലോകം മുഴുവന്‍ ഉയര്‍ത്തിയ ഇവരോടുള്ള സ്നേഹവും പ്രീതിയും അല്ലാഹു പല സ്ഥലങ്ങളിലും പ്രകടിപ്പിച്ചിരിക്കുന്നു. 
സഹാബാ മഹത്തുക്കള്‍ മുഹമ്മദീ പൂങ്കാവനത്തിലെ പുഷ്പങ്ങളായിരുന്നു. അവരുടെ നിറവും രൂപവും വിത്യസ്തമായിരുന്നെങ്കിലും ആത്മാവും സുഗന്ധവും ഒന്ന് തന്നെയായിരുന്നു. അതെ, അവര്‍ സത്യവിശ്വാസത്തിന്‍റെയും സല്‍ക്കര്‍മ്മങ്ങളുടെയും വക്താക്കളായിരുന്നു. അവരുടെ എല്ലാ സന്ദര്‍ഭങ്ങളിലും മുഹമ്മദീ സഹവാസത്തിന്‍റെ സുഗന്ധം വ്യക്തമാണ്. റസൂലുല്ലാഹി (സ)യുടെ സമുന്നത ജീവിതത്തിന്‍റെ സമ്പൂര്‍ണ്ണ വിവരണമാണ് സഹാബാ മഹത്തുക്കള്‍. അതുകൊണ്ടാണ് അല്ലാഹു ആദ്യം പറഞ്ഞ ആയത്തില്‍ റസൂലുല്ലാഹി (സ)യോടൊപ്പം സഹാബത്തിനെയും ചേര്‍ത്ത് പറഞ്ഞത്. 
സഹാബാ മഹത്തുക്കളുടെ മാതൃകാ ജീവിതം ആധികാരിക രേഖകളിലൂടെ സ്ഥിരപ്പെട്ടിട്ടുള്ളതാണ്. അവരുടെ ജീവിതം എങ്ങും എന്നുമുള്ള മനുഷ്യര്‍ക്ക് വഴിവിളക്കാണ്. ഒരു സംഭവം ശ്രദ്ധിക്കുക: ഒരു സങ്കീര്‍ണ്ണ ഘട്ടത്തില്‍ റസൂലുല്ലാഹി (സ) സഹാബത്തിനോട് അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കാന്‍ ആഹ്വാനം ചെയ്തു. ഓരോ സഹാബിയും അവരെക്കൊണ്ട് സാധിക്കുന്നത് പ്രവാചക സന്നിധിയില്‍ ഹാജരാക്കി. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം മുന്നിട്ട് നില്‍ക്കുന്ന അബൂബക്ര്‍ സിദ്ദീഖ് (റ)നെ ഇപ്രാവശ്യം മുന്‍കടക്കണമെന്ന് ആഗ്രഹിച്ച് ഉമറുല്‍ ഫാറൂഖ് (റ) മുഴുവന്‍ സമ്പത്തിന്‍റെയും പകുതി കൊണ്ടുവന്നു. റസൂലുല്ലാഹി (സ) എത്ര കൊണ്ടുവന്നു എന്ന് ചോദിച്ചപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: എന്‍റെ സമ്പത്തിനെ രണ്ട് ഭാഗമായി വീതിച്ച് ഒരു ഭാഗം കുടുംബത്തിന് വേണ്ടി ഉപേക്ഷിക്കുകയും രണ്ടാമത്തെ ഭാഗം അല്ലാഹുവിന് വേണ്ടി കൊണ്ടുവരികയും ചെയ്തിരിക്കുന്നു. റസൂലുല്ലാഹി (സ) അബൂബക്ര്‍ സിദ്ദീഖ് (റ)നോട് ചോദിച്ചപ്പോള്‍ പറഞ്ഞു: വീട്ടിലുള്ളതെല്ലാം കൊണ്ടുവന്നിട്ടുണ്ട്. വീട്ടില്‍ അല്ലാഹുവിന്‍റെയും ദൂതരുടെയും പൊരുത്തം ബാക്കി വെച്ചിട്ടുണ്ട്. ഇത് കണ്ടപ്പോള്‍ ഉമര്‍ (റ) പ്രസ്താവിച്ചു: അല്ലാഹുവില്‍ സത്യം ഒരിക്കലും എനിയ്ക്ക് അബൂബക്റിന്‍റെ സ്ഥാനം കരസ്ഥമാക്കുക സാധ്യമല്ല.   
സഹാബത്തിന്‍റെ മഹത്വം ലോകത്ത് മറ്റാരിലും കാണുക സാധ്യമല്ല. മതം കൊണ്ട് ഭൗതികത സമ്പാദിക്കുന്ന കാര്യം ഇരിക്കട്ടെ, മതത്തിന് വേണ്ടി സര്‍വ്വസ്വവും സമര്‍പ്പിച്ച് അവര്‍ സമാധാനം കണ്ടെത്തിയിരുന്നു. അവരുടെ ഈ സമീപനത്തിലൂടെയാണ് ഇസ്ലാം പ്രചരിച്ചത്. ഇതിലൂടെയാണ് അവര്‍ പടച്ചവനും പ്രവാചകനും പ്രിയപ്പെട്ടവരായി മാറിയത്. ഇബ്നു ഉസ്ഊദ് (റ) ശക്തവും വ്യക്തവുമായി പറയുന്നു: അനുകരിക്കപ്പെടാന്‍ ഏറ്റവും അനുയോജ്യര്‍ മുഹമ്മദീ സഹാബത്താണ്. അവര്‍ ഈ സമുദായത്തിലെ ഏറ്റവും ശ്രേഷ്ടരാണ്. അവരുടെ മനസ്സുകള്‍ നന്മ നിറഞ്ഞതും അറിവ് ആഴമേറിയതും പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പ്രകടനങ്ങള്‍ ഇല്ലാത്തവരും ആയിരുന്നു. അല്ലാഹു അവരെ അവന്‍റെ നബിയുടെ സഹവാസത്തിലും ദീനിന്‍റെ സംസ്ഥാപനത്തിലും തിരഞ്ഞെടുത്തു. നിങ്ങള്‍ അവരുടെ സ്ഥാനം തിരിച്ചറിയുകയും അവരെ പിന്‍പറ്റുകയും അവരുടെ മാതൃകാ ജീവിതത്തെ മുറുകെ പിടിക്കുകയും ചെയ്യുക. അവര്‍ അല്ലാഹു കാണിച്ചുതന്ന നേര്‍മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചവരായിരുന്നു. (മിഷ്കാത്തുല്‍ മസാബീഹ്)
ചിലര്‍ സഹാബികളെ തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന കാര്യം നാം ജാഗ്രതയോടെ ശ്രദ്ധിക്കേണ്ടതാണ്. അവര്‍ അംഗുലീപരിമിതമായ ഏതാനും സഹാബാക്കള്‍ ഒഴിച്ച് മറ്റുള്ളവരെല്ലാം ദീനില്‍ നിന്നും മാറിയവരാണെന്ന് പ്രചരിപ്പിക്കുകയും അവരെ അധിക്ഷേപിക്കുകയും അവര്‍ കപടന്മാരായിരുന്നുവെന്ന് വാദിക്കുകയും ചെയ്യുന്നു. എന്നാല്‍ സഹാബത്തിന്‍റെ മഹത്വം ഖുര്‍ആന്‍ ഹദീസുകളിലൂടെയും അവരുടെ ജീവിതത്തിലൂടെയും വ്യക്തമായിട്ടുള്ളതാണ്. അവരെല്ലാവരും മഹാത്മാക്കളായിരുന്നു. മനുഷ്യ സഹജമായി എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചാലും അവരുടെ അന്ത്യം സത്യവിശ്വാസത്തിലായിരുന്നു. യഥാര്‍ത്ഥത്തില്‍ സഹാബത്തിനെ നിന്ദിക്കുന്നത്, നിന്ദിക്കുന്നവരുടെ ദീനില്ലായ്മയുടെ ഏറ്റവും വലിയ തെളിവാണ്. അബൂഹുറയ്റ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: എന്‍റെ സഹാബത്തിനെ നിങ്ങള്‍ അധിക്ഷേപിക്കരുത്. പടച്ചവനില്‍ സത്യം നിങ്ങള്‍ ഉഹ്ദ് മലയ്ക്ക് തുല്യമായി സ്വര്‍ണ്ണം ചിലവഴിച്ചാലും അവര്‍ ചെയ്ത ചെറിയ ദാനത്തിന് പോലും തുല്യമാകുന്നതല്ല. (മുസ്ലിം) 
സഹാബത്തിനിടയില്‍ പില്‍ക്കാലത്ത് ചില ഭിന്നതകളുണ്ടായി. പ്രത്യേകിച്ചും ഖിലാഫത്തിന്‍റെ വിഷയത്തില്‍ ചില പോരാട്ടങ്ങളും നടന്നു. ഈ സംഭവങ്ങളെ ചിലര്‍ ഉയര്‍ത്തിക്കാട്ടുകയും പര്‍വ്വതീകരിക്കുകയും ചെയ്യുകയും പക്ഷം പിടിക്കുകയും സത്യാസത്യങ്ങളെ പ്രഖ്യാപിക്കാന്‍ മുതിരുകയും ചെയ്യുന്നു. എന്നാല്‍ ഈ വിഷയത്തില്‍ മധ്യമ നിലപാടാണ് മുന്‍ഗാമികളായ മഹത്തുക്കള്‍ സ്വീകരിച്ചിട്ടുള്ളത്. അതുതന്നെ നാമും സ്വീകരിക്കേണ്ടതാണ്. ഇമാം മാലിക് (റ)യോട് ഇത്തരം കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ മഹാനവര്‍കള്‍ ഈ ആയത്ത് പാരായണം ചെയ്തു: അത് മഹാത്മാക്കളുടെ ഒരു സംഘമാണ്. (അവരുടെ ഘട്ടത്തില്‍) അവര്‍ കഴിഞ്ഞ് കടന്നു പോയി. അവരുടെ കര്‍മ്മം അവര്‍ക്കും നിങ്ങളുടെ കര്‍മ്മം നിങ്ങള്‍ക്കും (ഫലപ്പെടുന്നതാണ്.) അവര്‍ ചെയ്തതിനെക്കുറിച്ച് നിങ്ങളോട് ചോദിക്കപ്പെടുന്നതല്ല. (ബഖറ 134)
കരുണാവാരിധിയായ രക്ഷിതാവ് സഹാബത്തിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും ഉതവി നല്‍കട്ടെ.

*********************************


മആരിഫുല്‍ ഖുര്‍ആന്‍ 

സൂറത്തുയാസീന്‍
(83 ആയത്തുകള്‍, പദങ്ങള്‍ 739, അക്ഷരങ്ങള്‍ 3090, മക്കാമുകര്‍റമയില്‍ അവതരണം. എന്നാല്‍ 45-ാം ആയത്ത് മദീനമുനവ്വറയില്‍ അവതരിച്ചു. 5 റുകൂഅ്. അവതരണ ക്രമം 41. പാരായണ ക്രമം 36. സൂറത്തുല്‍ജിന്നിന് ശേഷം അവതരണം)

ഒരു സംഭവവും അതിലെ ഗുണപാഠങ്ങളും

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


ആയത്ത് 13-32

وَاضْرِبْ لَهُم مَّثَلًا أَصْحَابَ الْقَرْيَةِ إِذْ جَاءَهَا الْمُرْسَلُونَ (13) إِذْ أَرْسَلْنَا إِلَيْهِمُ اثْنَيْنِ فَكَذَّبُوهُمَا فَعَزَّزْنَا بِثَالِثٍ فَقَالُوا إِنَّا إِلَيْكُم مُّرْسَلُونَ (14قَالُوا مَا أَنتُمْ إِلَّا بَشَرٌ مِّثْلُنَا وَمَا أَنزَلَ الرَّحْمَٰنُ مِن شَيْءٍ إِنْ أَنتُمْ إِلَّا تَكْذِبُونَ (15قَالُوا رَبُّنَا يَعْلَمُ إِنَّا إِلَيْكُمْ لَمُرْسَلُونَ (16وَمَا عَلَيْنَا إِلَّا الْبَلَاغُ الْمُبِينُ (17قَالُوا إِنَّا تَطَيَّرْنَا بِكُمْ ۖ لَئِن لَّمْ تَنتَهُوا لَنَرْجُمَنَّكُمْ وَلَيَمَسَّنَّكُم مِّنَّا عَذَابٌ أَلِيمٌ (18قَالُوا طَائِرُكُم مَّعَكُمْ ۚ أَئِن ذُكِّرْتُم ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ (19وَجَاءَ مِنْ أَقْصَى الْمَدِينَةِ رَجُلٌ يَسْعَىٰ قَالَ يَا قَوْمِ اتَّبِعُوا الْمُرْسَلِينَ (20اتَّبِعُوا مَن لَّا يَسْأَلُكُمْ أَجْرًا وَهُم مُّهْتَدُونَ (21وَمَا لِيَ لَا أَعْبُدُ الَّذِي فَطَرَنِي وَإِلَيْهِ تُرْجَعُونَ (22أَأَتَّخِذُ مِن دُونِهِ آلِهَةً إِن يُرِدْنِ الرَّحْمَٰنُ بِضُرٍّ لَّا تُغْنِ عَنِّي شَفَاعَتُهُمْ شَيْئًا وَلَا يُنقِذُونِ (23إِنِّي إِذًا لَّفِي ضَلَالٍ مُّبِينٍ (24إِنِّي آمَنتُ بِرَبِّكُمْ فَاسْمَعُونِ (25قِيلَ ادْخُلِ الْجَنَّةَ ۖ قَالَ يَا لَيْتَ قَوْمِي يَعْلَمُونَ (26بِمَا غَفَرَ لِي رَبِّي وَجَعَلَنِي مِنَ الْمُكْرَمِينَ (27۞ وَمَا أَنزَلْنَا عَلَىٰ قَوْمِهِ مِن بَعْدِهِ مِن جُندٍ مِّنَ السَّمَاءِ وَمَا كُنَّا مُنزِلِينَ (28) إِن كَانَتْ إِلَّا صَيْحَةً وَاحِدَةً فَإِذَا هُمْ خَامِدُونَ (29يَا حَسْرَةً عَلَى الْعِبَادِ ۚ مَا يَأْتِيهِم مِّن رَّسُولٍ إِلَّا كَانُوا بِهِ يَسْتَهْزِئُونَ (30أَلَمْ يَرَوْا كَمْ أَهْلَكْنَا قَبْلَهُم مِّنَ الْقُرُونِ أَنَّهُمْ إِلَيْهِمْ لَا يَرْجِعُونَ (31وَإِن كُلٌّ لَّمَّا جَمِيعٌ لَّدَيْنَا مُحْضَرُونَ (32)


താങ്കള്‍ അവര്‍ക്ക് ഒരു നാട്ടുകാരുടെ അവസ്ഥ വിവരിച്ചു കൊടുക്കുക. അവരുടെ അരികില്‍ ഞാന്‍ അയച്ച ദൂതന്‍മാര്‍ വന്നപ്പോള്‍.(13) അവരിലേക്ക് നാം രണ്ട് പ്രബോധകന്മാരെ അയച്ച സന്ദര്‍ഭം. എന്നാല്‍ ആ രണ്ടുപേരെയും അവര്‍ നിഷേധിച്ചു. അപ്പോള്‍ മൂന്നാമത്തെ ഒരു പ്രബോധകനിലൂടെ നാം അവര്‍ക്ക് ശക്തിനല്‍കി. അവര്‍ ആ നാട്ടുകാരോട് പറഞ്ഞു: ഞങ്ങള്‍ നിങ്ങളിലേക്ക് അയക്കപ്പെട്ട ദൂതന്മാരാണ്.(14) നാട്ടുകാര്‍ പറഞ്ഞു: നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള സാധാരണ മനുഷ്യരാണ്. കരുണയുള്ള പടച്ചവന്‍ ഒന്നും ഇറക്കിയിട്ടില്ല. നിങ്ങള്‍ കളവു മാത്രമാണ് പറയുന്നത്.(15) അവര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളിലേക്ക് അയക്കപ്പെട്ടവരാണെന്ന് നമ്മുടെ രക്ഷിതാവ് നന്നായി അറിയുന്നുണ്ട്.(16) വ്യക്തമായ നിലയില്‍ സന്ദേശം എത്തിച്ചുതരല്‍ മാത്രമാണ് ഞങ്ങളുടെ ഉത്തരവാദിത്വം.(17) നാട്ടുകാര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളെ ശകുനമായി കാണുന്നു. നിങ്ങള്‍ (ഈ പ്രവര്‍ത്തനത്തില്‍ നിന്നും) പിന്‍മാറിയില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കല്ല് കൊണ്ട് എറിയുന്നതാണ്. ഞങ്ങളുടെ ഭാഗത്തുനിന്നും നിങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ ലഭിക്കുന്നതുമാണ്.(18) ദൂതന്മാര്‍ പറഞ്ഞു: ശകുനങ്ങളെല്ലാം നിങ്ങളുടെ കൂട്ടത്തില്‍ തന്നെയാണ്. നിങ്ങളോട് ഉപദേശിക്കപ്പെടുമ്പോള്‍ ഇങ്ങനെ പ്രതികരിക്കുകയാണോ? നിങ്ങള്‍ പരിധിവിട്ട ഒരു കൂട്ടര്‍ തന്നെയാണ്.(19) ഇതിനിടയില്‍ പട്ടണത്തിന്‍റെ മൂലയില്‍ നിന്നും ഒരു വ്യക്തി ഓടി വന്നു. അദ്ദേഹം സമൂഹത്തോട് പറഞ്ഞു: 'എന്‍റെ സമൂഹമേ, ഈ ദൂതന്മാരെ നിങ്ങള്‍ അനുസരിച്ച് അനുകരിക്കുക.'(20)  നിങ്ങളോട് കൂലിയൊന്നും ചോദിക്കാത്ത ഇവരെ നിങ്ങള്‍ പിന്‍പറ്റുക. ഇവര്‍ സന്മാര്‍ഗ്ഗം പ്രാപിച്ചവരാണ്.(21) എന്നെ പടച്ച് പരിപാലിക്കുന്ന അല്ലാഹുവിനെ ആരാധിക്കാതിരിക്കാന്‍ എനിക്ക് ഒരു ന്യായവുമില്ല. നിങ്ങള്‍ എല്ലാവരും അവനിലേക്ക് മടക്കപ്പെടുന്നതാണ്.(22) അല്ലാഹുവിനെവിട്ട് മറ്റുള്ളവരെ ഞാന്‍ ദൈവങ്ങളായി സ്വീകരിക്കണമെന്നോ? കാരുണ്യവാനായ അല്ലാഹു ബുദ്ധിമുട്ട് വല്ലതും തീരുമാനിച്ചാല്‍ അവരുടെ ശുപാര്‍ശ എനിക്ക് ഒരു ഗുണവും ചെയ്യുന്നതല്ല, അവര്‍ എന്നെ രക്ഷിക്കുന്നതുമല്ല.(23) അങ്ങനെ ചെയ്താല്‍ ഞാന്‍ വ്യക്തമായ വഴികേടില്‍ ആയിപ്പോകും.(24) നിങ്ങളെ പടച്ച് പരിപാലിക്കുന്നവനില്‍ ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കുക. (എന്നാല്‍ അവര്‍ ഈ ഉപദേശം സ്വീകരിക്കാതെ നിഷ്കളങ്കനായ ആ ദാസനെ വധിക്കുകയുണ്ടായി)(25) അല്ലാഹുവില്‍ നിന്നും അദ്ദേഹത്തോട് പറയപ്പെട്ടു: നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. അദ്ദേഹം പറഞ്ഞു: എന്‍റെ സമൂഹം അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!(26)  എന്‍റെ രക്ഷിതാവ് എനിക്ക് പൊറുത്തു തന്നതും എന്നെ ആദരണീയരില്‍ പെടുത്തിയതും (അവര്‍ മനസ്സിലാക്കി ഇനിയെങ്കിലും സത്യം സ്വീകരിച്ചാല്‍ കൊള്ളാമായിരുന്നു!)(27) അദ്ദേഹത്തിന് ശേഷം ആ സമുദായത്തിന്‍റെ മേല്‍ ആകാശത്ത് നിന്നും സൈന്യങ്ങളൊന്നും നാം ഇറക്കിയില്ല. നാം അങ്ങനെ ഇറക്കുന്നവനുമല്ല.(28) ഒരു ഭയാനകമായ അട്ടഹാസം മാത്രമുണ്ടായി. അപ്പോള്‍ അതാ അവര്‍ എല്ലാവരും മരിച്ച് വീണുകിടക്കുന്നു.(29) ദാസന്‍മാരുടെ കാര്യം വളരെ ഖേദകരം തന്നെ! അവരുടെ അരികില്‍ വന്ന എല്ലാ പ്രവാചകന്മാരെയും അവര്‍ പരിഹസിക്കുന്നു!(30) അവര്‍ക്ക് മുമ്പ് എത്രയോ തലമുറകളെയാണ് നാം നശിപ്പിച്ചതെന്ന് അവര്‍ നോക്കുന്നില്ലേ? അവരാരും ഇവരിലേക്ക് മടങ്ങിവരുന്നതല്ല.(31) എന്നാല്‍ (അവരും ഇവരും) എല്ലാവരും നമ്മുടെ അരികില്‍ പരലോകത്ത് ഹാജരാകുന്നതുമാണ്.(32)

ആശയ സംഗ്രഹം
പ്രവാചകത്വത്തെ സമര്‍ത്ഥിക്കാനും തൗഹീദിനെയും മറ്റും നിഷേധിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും വേണ്ടി താങ്കള്‍ ജനങ്ങള്‍ക്ക് ഒരു നാട്ടുകാരുടെ സംഭവം വിവരിച്ചു കൊടുക്കുക. അവരുടെ അരികില്‍ ഞാന്‍ അയച്ച ദൂതന്‍മാര്‍ വന്നപ്പോള്‍. അവരിലേക്ക് ആദ്യം നാം രണ്ട് പ്രബോധകന്മാരെ അയച്ച സന്ദര്‍ഭം. എന്നാല്‍ ആ രണ്ടുപേരെയും അവര്‍ നിഷേധിച്ചു. അപ്പോള്‍ മൂന്നാമത്തെ ഒരു പ്രബോധകനിലൂടെ നാം ഇരുവര്‍ക്കും  ശക്തിനല്‍കി. അതായത് അവരെ പിന്തുണയ്ക്കുന്നതിന് മൂന്നാമത് ഒരു ദൂതനെ അവിടേക്ക് അയച്ചു. അവര്‍ മൂന്നുപേരും ആ നാട്ടുകാരോട് പറഞ്ഞു: ഞങ്ങള്‍ നിങ്ങളിലേക്ക് പടച്ചവന്‍റെ ഭാഗത്ത് നിന്നും മാര്‍ഗ്ഗ ദര്‍ശനത്തിന് വേണ്ടി അയക്കപ്പെട്ട ദൂതന്മാരാണ്. ആകയാല്‍ നിങ്ങള്‍ ഏകദൈവ വിശ്വാസം സ്വീകരിക്കുക. ബഹുദൈവാരാധന ഉപേക്ഷിക്കുക! അവര്‍ വിഗ്രഹരാധകര്‍ ആയിരുന്നുവെന്ന് 22-23 ആയത്തുകള്‍ അറിയിക്കുന്നു. നാട്ടുകാര്‍ പറഞ്ഞു: നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള സാധാരണ മനുഷ്യരാണ്. നിങ്ങള്‍ക്ക് പ്രവാചകനാകാന്‍ ഒരു പ്രത്യേകതയുമില്ല. നിങ്ങളുടെ കാര്യം ഇരിക്കട്ടെ, പ്രവാചകത്വം എന്ന കാര്യം തന്നെ അടിസ്ഥാന രഹിതമാണ്. കരുണയുള്ള പടച്ചവന്‍ വേദഗ്രന്ഥം പോലുള്ള ഒന്നും ഒരിക്കലും ഇറക്കിയിട്ടില്ല. നിങ്ങള്‍ കളവു മാത്രമാണ് പറയുന്നത്. ദൂതന്മാര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളിലേക്ക് അയക്കപ്പെട്ട ദൂതന്മാരാണെന്ന് നമ്മുടെ രക്ഷിതാവ് നന്നായി അറിയുന്നുണ്ട്. അവര്‍ ഇവിടെ സത്യം ചെയ്തത് പ്രവാചകത്വത്തെ സ്ഥിരപ്പെടുത്താന്‍ വേണ്ടിയല്ല. മറിച്ച് രേഖകളിലൂടെ പ്രവാചകത്വം സ്ഥിരപ്പെട്ടിട്ടും അവര്‍ അംഗീകരിക്കാതിരുന്നപ്പോള്‍ അവസാന മറുപടിയെന്നോണം സത്യം ചെയ്ത് പറഞ്ഞതാണ്. ഈ കാര്യം അടുത്ത വചനങ്ങളില്‍ നിന്നും വ്യക്തമാകുന്നതാണ്. അവര്‍ പറഞ്ഞു: ശക്തമായ തെളിവുകളിലൂടെ വ്യക്തമായ നിലയില്‍ സന്ദേശം എത്തിച്ചുതരല്‍ മാത്രമാണ് ഞങ്ങളുടെ ഉത്തരവാദിത്വം. ആദ്യം അവര്‍ രേഖകള്‍ കാണിച്ച് കൊടുത്ത ശേഷം അവസാനമാണ് ഇപ്രകാരം സത്യം ചെയ്തതെന്ന് ഇതില്‍ നിന്നും മനസ്സിലാകുന്നു. ചുരുക്കത്തില്‍ ഞങ്ങളുടെ ജോലി ഞങ്ങള്‍ നിര്‍വ്വഹിച്ച് കഴിഞ്ഞു. നിങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ല. നാട്ടുകാര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളെ ശകുനമായി കാണുന്നു. അവരുടെ പ്രദേശത്ത് കഠിനമായ ക്ഷാമം ഉണ്ടായിരുന്നതിനാലാണ് അവര്‍ ഇപ്രകാരം പറഞ്ഞത്. അല്ലെങ്കില്‍ ജനങ്ങളെ ഇതില്‍ നിന്നും തിരിച്ച് വിടാന്‍ വേണ്ടിയാണ് അവര്‍ ഇപ്രകാരം പ്രതികരിച്ചത്. കാരണം ഇതിന്‍റെ പേരില്‍ ജനങ്ങള്‍ പരസ്പരം സംസാരിക്കുകയും അതിന്‍റെ പേരില്‍ ഭിന്നതയും വഴക്കും ഉണ്ടാവുകയും ചെയ്യുന്നതാണ്. അപ്പോള്‍ ആയത്തിന്‍റെ ആശയം ഇപ്രകാരമാണ്: നിങ്ങള്‍ വന്ന് ഞങ്ങളെ വഴക്കടിക്കുന്നവരാക്കി. അതില്‍ കൂടി ധാരാളം നാശനഷ്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത് ഒരു ശകുനമാണ്. അപ്പോള്‍ ഈ ശകുനത്തിന്‍റെ കാരണക്കാര്‍ നിങ്ങളാണ്. നിങ്ങള്‍ ഈ പ്രബോധനത്തില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കല്ല് കൊണ്ട് എറിയുന്നതാണ്. കല്ലേറിന് മുന്‍പ് ഞങ്ങളുടെ ഭാഗത്തുനിന്നും നിങ്ങള്‍ക്ക് വേദനാജനകമായ മറ്റു ശിക്ഷകള്‍  ലഭിക്കുന്നതാണ്. ഈ ശിക്ഷയിലൂടെ നിങ്ങള്‍ പിന്മാറിയില്ലെങ്കില്‍ അവസാനം കല്ലെറിഞ്ഞ് കൊല്ലുന്നതാണ്. ദൂതന്മാര്‍ പറഞ്ഞു: ശകുനങ്ങളെല്ലാം നിങ്ങളുടെ കൂട്ടത്തില്‍ തന്നെയാണ്. അതായത് നിങ്ങള്‍ പറയുന്ന നാശനഷ്ടങ്ങളുടെ കാരണം നിങ്ങള്‍ സത്യം സ്വീകരിക്കാതിരിക്കലാണ്. നിങ്ങള്‍ എല്ലാവരും സത്യം സ്വീകരിച്ചിരുന്നെങ്കില്‍ ഈ വഴക്കും പ്രശ്നങ്ങളും ഉണ്ടാവുകയും ക്ഷാമം സംഭവിക്കുകയും ചെയ്യുകയില്ലായിരുന്നു. നിങ്ങള്‍ വിഗ്രഹാരാധനയുടെ മേല്‍ ഏകോപിച്ചിരിക്കുകയാണെങ്കിലും അസത്യമായതിനാല്‍ നിര്‍ബന്ധമായും അത് ഉപേക്ഷിക്കേണ്ടതാണ്. വിഗ്രഹാരാധന നടത്തിയിട്ടും ക്ഷാമം ഉണ്ടാകുന്നില്ലെങ്കില്‍ അത് പടച്ചവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഇളവാണ്. അല്ലെങ്കില്‍ സത്യം വെളിവാകുന്നതിന് മുമ്പുള്ള അവസ്ഥയാണ്. സത്യം വ്യക്തമാകുന്നതിന് മുന്‍പ് അല്ലാഹു ആരെയും ശിക്ഷിക്കുന്നതല്ല. (തൗബ 115). ആകയാല്‍ ഈ ഇളവും സത്യം വ്യക്തമാകാതിരിക്കുന്നതും നിങ്ങളുടെ അശ്രദ്ധയും കര്‍മ്മങ്ങളുടെ ദുഷ്ഫലവുമാണ്. ഏതവസ്ഥയിലും നിങ്ങളുടെ കുഴപ്പങ്ങളുടെ കാരണം നിങ്ങളുടെ പ്രവര്‍ത്തനം തന്നെയാണ്. നിങ്ങളോട് ഉപദേശിക്കപ്പെടുമ്പോള്‍ അതിനെക്കുറിച്ച് ശകുനമെന്ന്  പ്രതികരിക്കുകയാണോ? ഇത് ശകുനമല്ല. മറിച്ച് സൗഭാഗ്യത്തിന്‍റെ അടിസ്ഥാനമാണ്. പക്ഷേ, നിങ്ങള്‍ ബുദ്ധിയുടെയും നിയമത്തിന്‍റെയും പരിധിവിട്ട ഒരു കൂട്ടര്‍ തന്നെയാണ്. നിയമത്തിന്‍റെ പരിധി വിട്ടതിനാല്‍ നിങ്ങള്‍ക്ക് ഈ നാശനഷ്ടങ്ങള്‍ സംഭവിച്ചു. ബുദ്ധിയ്ക്ക് വിരുദ്ധമായി നിങ്ങള്‍ കാരണത്തെ തെറ്റിദ്ധരിക്കുകയും ചെയ്തു. ഈ സംസാരത്തിന്‍റെ വാര്‍ത്ത പ്രചരിച്ചപ്പോള്‍ പട്ടണത്തിന്‍റെ വിദൂരമായ ഭാഗത്ത് നിന്നും സത്യവിശ്വാസിയായ ഒരു വ്യക്തി ഓടി വന്നു. അദ്ദേഹം ദൂതന്മാരുടെ സഹവാസം നാട്ടുകാര്‍ക്ക് ഉത്തമമാണെന്ന് വിശ്വസിച്ചിരുന്നു. കൂടാതെ, ജനങ്ങള്‍ അവരെ വധിക്കരുതെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു. അദ്ദേഹം സമൂഹത്തോട് പറഞ്ഞു: 'എന്‍റെ സമൂഹമേ, ഈ ദൂതന്മാരെ നിങ്ങള്‍ അനുസരിച്ച് അനുകരിക്കുക.' നിങ്ങളോട് കൂലിയൊന്നും ചോദിക്കാത്ത ഇവരെ നിങ്ങള്‍ പിന്‍പറ്റുക ഇവര്‍ സന്മാര്‍ഗ്ഗം പ്രാപിച്ചവരാണ്. അനുകരണത്തിന് തടസ്സമായ സ്വാര്‍ത്ഥത ഇവരില്‍ ഇല്ല. അനുകരണത്തിന് പ്രേരിപ്പിക്കുന്ന സന്മാര്‍ഗ്ഗം ഇവരില്‍ ഉണ്ട് താനും. ആകയാല്‍ തീര്‍ച്ചയായും ഇവരെ പിന്‍പറ്റേണ്ടതാണ്. എന്നെ പടച്ച് പരിപാലിക്കുന്ന അല്ലാഹുവിനെ ആരാധിക്കാതിരിക്കാന്‍ എനിക്ക് ഒരു ന്യായവുമില്ല. അല്ലാഹുവിന്‍റെ ആരാധനയുടെ അര്‍ഹതയ്ക്ക് വേറെയും ധാരാളം തെളിവുകളുണ്ടെങ്കിലും എന്നെ പടച്ച് പരിപാലിക്കുന്നു എന്നത് അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. എന്നെ എന്ന് പറഞ്ഞത് ജനങ്ങളെ പ്രകോപിതരാക്കാതിരിക്കാന്‍ വേണ്ടിയാണ്. കാരണം അവര്‍ പ്രകോപിതരായാല്‍ ചിന്തിക്കുന്നതില്‍ നിന്നും തിരിഞ്ഞ് കളയുന്നതാണ്. ആശയമിതാണ്: ഏകനായ പടച്ചവനെ ആരാധിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് എന്ത് ന്യായമാണുള്ളത്?  നിങ്ങള്‍ എല്ലാവരും അവനിലേക്ക് മടക്കപ്പെടുന്നതാണ്. ആകയാല്‍ പടച്ചവന്‍റെ ദൂതന്മാരെ പിന്‍പറ്റുക എന്നതാണ് ബുദ്ധിയുടെ പ്രേരണ. ഇതുവരെ പറഞ്ഞത് പടച്ചവന്‍ മാത്രമാണ് ആരാധനയ്ക്കര്‍ഹന്‍ എന്നതാണ്. അടുത്തതായി വ്യാജദൈവങ്ങള്‍ ആരാധനയ്ക്കര്‍ഹരല്ല എന്ന കാര്യം വിവരച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: അല്ലാഹുവിനെവിട്ട് മറ്റുള്ളവരെ ഞാന്‍ ദൈവങ്ങളായി സ്വീകരിക്കണമെന്നോ? അവയ്ക്ക് യാതൊരു കഴിവുമില്ല. കാരുണ്യവാനായ പടച്ചവന്‍ ബുദ്ധിമുട്ട് വല്ലതും തീരുമാനിച്ചാല്‍ അവരുടെ ശുപാര്‍ശ എനിക്ക് ഒരു ഗുണവും ചെയ്യുന്നതല്ല, അവര്‍ സ്വന്തം കഴിവുണ്ട് നാശനഷ്ടങ്ങളില്‍ നിന്നും എന്നെ രക്ഷിക്കുന്നതുമല്ല. അതായത് അവര്‍ സ്വയം കഴിവില്ലാത്തവരായതിനോടൊപ്പം കഴിവുള്ളവനോട് ശുപാര്‍ശ ചെയ്യാന്‍ പോലും കഴിവില്ലാത്തവനാണ്. ഒന്നാമതായി ജീവനില്ലാത്ത വസ്തുക്കളില്‍ ശുപാര്‍ശയ്ക്ക് യാതൊരു യോഗ്യതയുമില്ല. രണ്ടാമതായി പടച്ചവന്‍ അനുവദിച്ചവര്‍ക്ക് മാത്രമേ ശുപാര്‍ശ ചെയ്യാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ ചെയ്താല്‍ ഞാന്‍ വ്യക്തമായ വഴികേടില്‍ ആയിപ്പോകും. ഈ വചനത്തിലും സ്വന്തം കാര്യമാണ് പറഞ്ഞിട്ടുള്ളതെങ്കിലും ഉദ്ദേശം ജനങ്ങളെ ഉണര്‍ത്തല്‍ തന്നെയാണ്. നിങ്ങളെ പടച്ച് പരിപാലിക്കുന്നവനില്‍ ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കുകയും സത്യം സ്വീകരിക്കുകയും ചെയ്യുക. പക്ഷേ, ഈ ഉപദേശങ്ങള്‍ അവരില്‍ യാതൊരു പ്രതിഫലനവും ഉണ്ടാക്കിയില്ല. അവര്‍ അദ്ദേഹത്തെ കല്ലെറിഞ്ഞോ തീയിലിട്ടോ കഴുത്ത് ഞെരിച്ചോ കൊന്നുകളഞ്ഞു.(ദുര്‍റുല്‍ മന്‍സൂര്‍) രക്തസാക്ഷിയായ ഉടന്‍ തന്നെ പടച്ചവന്‍റെ ഭാഗത്ത് നിന്നും അദ്ദേഹത്തോട് പറയപ്പെട്ടു: നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക! അപ്പോഴും അദ്ദേഹത്തിന് സമുദായത്തിന്‍റെ ചിന്തയുണ്ടായി. അദ്ദേഹം പറഞ്ഞു: എന്‍റെ സമൂഹം അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! സത്യവിശ്വാസം സ്വീകരിക്കുകയും പ്രവാചകന്മാരെ പിന്‍പറ്റുകയും ചെയ്ത കാരണത്താല്‍ എന്‍റെ രക്ഷിതാവ് എനിക്ക് പൊറുത്തു തന്നതും എന്നെ ആദരണീയരില്‍ പെടുത്തിയതും അവര്‍ മനസ്സിലാക്കി ഇനിയെങ്കിലും സത്യം സ്വീകരിച്ചിരുന്നെങ്കില്‍ അവരും ഇതുപോലെ പൊറുക്കപ്പെട്ടവരും ആദരണീയരും ആകുമായിരുന്നു! ആ നാട്ടുകാര്‍ പ്രവാചകന്മാരോടും പ്രവാചകന്മാരെ പിന്‍പറ്റിയ വ്യക്തിയോടും ഈ നിലയില്‍ മോശമായി വര്‍ത്തിച്ചപ്പോള്‍ നാം ആ നാട്ടുകാരെ നശിപ്പിച്ചു. അവരെ നശിപ്പിക്കുന്നതിന് അദ്ദേഹത്തിന്‍റെ രക്ത സാക്ഷിത്വത്തിന് ശേഷം ആ സമുദായത്തിന്‍റെ മേല്‍ ആകാശത്ത് നിന്നും മലക്കുകളുടെ  സൈന്യങ്ങളൊന്നും നാം ഇറക്കിയില്ല. അങ്ങനെ സൈന്യത്തെ ഇറക്കേണ്ട ആവശ്യം നമുക്കില്ല. കാരണം നമ്മുടെ ശിക്ഷയ്ക്ക് മുന്‍പില്‍ അവര്‍ വെറും നിസ്സാരന്മാരായിരുന്നു. ആകയാല്‍ ഒരു ഭയാനകമായ അട്ടഹാസം മാത്രമുണ്ടായി. ജിബ്രീല്‍ (അ) അല്ലെങ്കില്‍ മറ്റൊരു മലക്കാണ് അത് നിര്‍വ്വഹിച്ചത്. (മആലിമുത്തന്‍സീല്‍). അല്ലെങ്കില്‍ ഈ അട്ടഹാസം കൊണ്ടുള്ള ഉദ്ദേശം പൊതുശിക്ഷയാണ്. അത് ഏതാണെന്ന് നിജപ്പെടുത്തപ്പെട്ടിട്ടില്ല. മുഅ്മിനൂന്‍ 40-ാം ആയത്തിലും ഇതുപോലെ വന്നിട്ടുണ്ട്. അപ്പോള്‍ പ്രസ്തുത അട്ടഹാസം കാരണം  അതാ അവര്‍ എല്ലാവരും മരിച്ച് വീണുകിടക്കുന്നു. അടുത്തതായി ഈ സംഭവത്തിന്‍റെ പരിണിതഫലം വ്യക്തമാക്കാന്‍ വേണ്ടി നിഷേധികളെ  ഉണര്‍ത്തിക്കൊണ്ട് പറയുന്നു: ഇത്തരം ദാസന്‍മാരുടെ കാര്യം വളരെ ഖേദകരം തന്നെ! അവരുടെ അരികില്‍ വന്ന എല്ലാ പ്രവാചകന്മാരെയും അവര്‍ പരിഹസിക്കുന്നു! അവര്‍ക്ക് മുമ്പ് എത്രയോ തലമുറകളെയാണ് നിഷേധവും പരിഹാസവും കാരണമായി നാം നശിപ്പിച്ചതെന്ന് അവര്‍ നോക്കുന്നില്ലേ? ശേഷം  അവരാരും ഇവരിലേക്ക് ഇഹലോകത്ത് മടങ്ങിവരുന്നതല്ല. ഈ കാര്യം അവര്‍ ചിന്തിച്ചിരുന്നെങ്കില്‍ നിഷേധ-പരിഹാസങ്ങളില്‍ നിന്നും അവര്‍ പിന്മാറുമായിരുന്നു. ഈ ശിക്ഷ നിഷേധികള്‍ക്ക് ഈ ലോകത്ത് നല്‍കപ്പെട്ടതാണ്. പരലോകത്ത് അവരും ഇവരും എല്ലാവരും നമ്മുടെ അരികില്‍ ഹാജരാകുന്നതുമാണ്. അവിടെ വീണ്ടും ശിക്ഷ നല്‍കപ്പെടുന്നതും പ്രസ്തുത ശിക്ഷ ശാശ്വതമായിരിക്കുന്നതുമാണ്. 

വിവരണവും വ്യാഖ്യാനവും
താങ്കള്‍ അവര്‍ക്ക് ഒരു നാട്ടുകാരുടെ അവസ്ഥ വിവരിച്ചു കൊടുക്കുക! ഈ ആയത്തിലെ ളറബ എന്നത് ഏതെങ്കിലും സംഭവത്തെ ഉദാഹരണമായി പറഞ്ഞുകൊണ്ട് ഒരു കാര്യത്തെ സമര്‍ത്ഥിക്കുന്നതിനാണ് പറയപ്പെടുന്നത്. മുന്‍കഴിഞ്ഞ ആയത്തുകളിലെ പ്രവാചകത്വത്തെയും സന്ദേശങ്ങളെയും നിഷേധിക്കുന്നവരെക്കുറിച്ച് പറയപ്പെട്ടിരുന്നു. അതിനെക്കുറിച്ച് ഉണര്‍ത്തുന്നതിന് ഉദാഹരണമെന്നോണം മുന്‍കാലത്തുള്ള ഒരു നാടിന്‍റെ സംഭവം  വിവരിക്കുകയാണ്. 
ഈ സംഭവത്തില്‍ പറയപ്പെട്ടിരിക്കുന്ന നാട് ഏതാണ്? പരിശുദ്ധ ഖുര്‍ആനില്‍ ഈ നാട് ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല. ചരിത്ര നിവേദനങ്ങളില്‍ ഇബ്നു അബ്ബാസ് (റ), കഅ്ബ് (റ), വഹബ് (റ) മുതലായവരില്‍ നിന്നും മുഹമ്മദുബ്നു ഇസ്ഹാഖ് (റ) ഉദ്ധരിക്കുന്നു: ഈ നാട് അന്തോക്യയാണ്. ഭൂരിഭാഗം മുഫസ്സിറുകളും ഇത് തെരഞ്ഞെടുത്തിരിക്കുന്നു. അബൂഹയ്യാനും ഇബ്നു കസീറും പറയുന്നു: ഇതിന് എതിരായി മുഫസ്സിറുകള്‍ ഒന്നും പറഞ്ഞിട്ടില്ല. മുഅ്ജബുല്‍ ബുല്‍ദാന്‍ പറയുന്നതനുസരിച്ച് അന്തോക്യ, ശാമിലെ പ്രസിദ്ധമായ ഒരു പട്ടണമാണ്. വലിയ ഹരിതഭംഗിയും മേന്‍മയും ഈ നാട്ടില്‍ കാണപ്പെടുന്നു. ഈ നാട്ടിലെ കോട്ട മാതൃകയായി ഗണിക്കപ്പെടുന്ന ഒന്നാണ്. ഇവിടെ സ്വര്‍ണ്ണവും വെള്ളിയും കൊണ്ട് അലങ്കരിച്ചിരിക്കുന്ന ധാരാളം നസ്രാണി ദേവാലയങ്ങളുണ്ട്. കടല്‍ത്തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പട്ടണത്തെ ശാം പടനായകന്‍ അമീനുല്‍ ഉമ്മ അബൂഉബൈദ (റ) ആണ് കീഴടക്കിയത്. മുഅ്ജമുല്‍ ബുല്‍ദാന്‍ തുടരുന്നു: ഈ ആയത്തുകളില്‍ പറയപ്പെട്ട ഹബീബുന്നജ്ജാറിന്‍റെ ഖബ്ര്‍ ഇവിടെ പ്രസിദ്ധമാണ്. വിദീരങ്ങളില്‍ നിന്നും ജനങ്ങള്‍ ഇതിനെ സന്ദര്‍ശിക്കാന്‍ വരാറുണ്ട്. ചുരുക്കത്തില്‍ ഈ ആയത്തുകളില്‍ പറയപ്പെട്ട നാട് അന്തോക്യയാണെന്നാണ് പ്രസിദ്ധമായ അഭിപ്രായം. 
ഇബ്നു കസീര്‍ (റ) കുറിക്കുന്നു: നസ്രാണി മതത്തിന്‍റെ കേന്ദ്ര പട്ടണങ്ങള്‍ നാലാണ്. ഖുദ്സ്, റൂമിയ്യാ, അലക്സാണ്ട്രിയ, ഈ പറയപ്പെട്ട അന്തോക്യ. ഈസാ നബി (അ)യുടെ സന്ദേശം സ്വീകരിച്ച പ്രഥമ നാട് അന്തോക്യയാണ്. അതുകൊണ്ട് തന്നെ ഈ ആയത്തില്‍ പറയപ്പെട്ടിരിക്കുന്നത് ഈ അന്തോക്യ തന്നെയാണോ എന്നതില്‍ ഇബ്നു കസീറിന് സംശയമുണ്ട്.  കാരണം ഖുര്‍ആനിന്‍റെ പ്രസ്താവന അനുസരിച്ച് ഈ നാട് പ്രവാചക നിഷേധികളുടേതാണ്. ചരിത്ര നിവേദനങ്ങള്‍ പറയുന്നത് ഇത് വിഗ്രഹാരാധകരുടെ നാടായിരുന്നു എന്നാണ്. എന്നാല്‍ ഈ അന്തോക്യ ആകട്ടെ ഈസാ നബി (അ)യെ ആദ്യമായി സ്വീകരിച്ച നാടുമാണ്. ഇത് രണ്ടും എങ്ങനെ ശരിയാകാനാണ്? (ഇബ്നു കസീര്‍). കൂടാതെ, ഈ സംഭവത്തെത്തുടര്‍ന്ന് ഈ നാട് മുഴുവനും നശിപ്പിക്കപ്പെട്ടതായി ഖുര്‍ആനില്‍ നിന്നും മനസ്സിലാവുകയും ചെയ്യുന്നു. എന്നാല്‍ പ്രസിദ്ധമായ അന്തോക്യക്കുറിച്ച് മുഴുവന്‍ നാട്ടുകാരും ശിക്ഷിക്കപ്പെട്ടതായ ഒരു സംഭവും ഉദ്ധരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് ഇബ്നു കസീര്‍ (റ) പറയുന്നു: ഒന്നുകില്‍ ഖുര്‍ആനില്‍ പറയപ്പെട്ട നാട് വേറെ ഏതോ നാടാണ്. അല്ലെങ്കില്‍ അന്തോക്യ എന്ന് പേരുള്ള മറ്റൊരു നാടാണ്. പ്രസിദ്ധമായ അന്തോക്യയല്ല. (ഇബ്നു കസീര്‍). ഫത്ഹുല്‍ മന്നാന്‍ ഗ്രന്ഥകര്‍ത്താവ് ഇബ്നു കസീര്‍ (റ)യുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. പക്ഷേ, ഈ വിഷയത്തില്‍ വളരെ ശക്തവും വ്യക്തവുമായ കാര്യം ആദരണീയ ഗുരുവര്യന്‍ ഹകീമുല്‍ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ത്ഥാനവി (റ)യുടെ വാക്കുകളാണ്. അദ്ദേഹം പറയുന്നു: പരിശുദ്ധ ഖുര്‍ആനിന്‍റെ ആശയം മനസ്സിലാക്കുന്നതിന് ഈ നാടിനെ നിജപ്പെടുത്തേണ്ട യാതൊരു ആവശ്യവുമില്ല. ഖുര്‍ആന്‍ അതിനെ അവ്യക്തമാക്കിയിരിക്കുന്നു. ഇത്തരുണത്തില്‍ അതിനെ നിജപ്പെടുത്താന്‍ ഇത്ര പരിശ്രമിക്കുന്നത് എന്തിനാണ്? മഹാന്മാര്‍ പറയുന്നു: അല്ലാഹു അവ്യക്തമാക്കിയ കാര്യങ്ങള്‍ നിങ്ങളും  അവ്യക്തമാക്കുക. (ബയാനുല്‍ ഖുര്‍ആന്‍). 
അവരുടെ അരികില്‍ ഞാന്‍ അയച്ച ദൂതന്‍മാര്‍ വന്നപ്പോള്‍.(13) അവരിലേക്ക് നാം രണ്ട് പ്രബോധകന്മാരെ അയച്ച സന്ദര്‍ഭം. എന്നാല്‍ ആ രണ്ടുപേരെയും അവര്‍ നിഷേധിച്ചു. അപ്പോള്‍ മൂന്നാമത്തെ ഒരു പ്രബോധകനിലൂടെ നാം അവര്‍ക്ക് ശക്തിനല്‍കി. അവര്‍ ആ നാട്ടുകാരോട് പറഞ്ഞു: ഞങ്ങള്‍ നിങ്ങളിലേക്ക് അയക്കപ്പെട്ട ദൂതന്മാരാണ്.(14) മേല്‍ പറയപ്പെട്ട നാട്ടിലേക്ക് മൂന്ന് ദൂതന്മാരെ അയക്കുകയുണ്ടായി. ആദ്യം ഇത് മൊത്തത്തില്‍ വിവരിച്ചു. ശേഷം അത് വിവരിച്ചുകൊണ്ട് പറഞ്ഞു: ആദ്യം രണ്ട് ദൂതന്മാരെ അയക്കുകയുണ്ടായി. നാട്ടുകാര്‍ അവരെ കളവാക്കുകയും നിഷേധിക്കുകയും ചെയ്തപ്പോള്‍ അവര്‍ക്ക് ശക്തി പകരുന്നതിന് മൂന്നാമത് ഒരു ദൂതനെക്കൂടി അയച്ചു. തുടര്‍ന്ന് മൂന്ന് ദൂതന്മാരും നാട്ടുകാരോട് പറഞ്ഞു: ഞങ്ങള്‍ നിങ്ങളുടെ മാര്‍ഗ്ഗദര്‍ശനത്തിന് അയക്കപ്പെട്ട ദൂതന്മാരാണ്. 

*************************

മആരിഫുല്‍ ഹദീസ്

സില്‍സാല്‍, കാഫിറൂന്‍, ഇഖ്ലാസ് സൂറത്തുകള്‍   

മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

 57. ഇബ്നു അബ്ബാസ് (റ), അനസ് ഇബ്നു മാലിക് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ഇദാസുല്‍സിലത്ത് പകുതി ഖുര്‍ആനിനും ഖുല്‍ഹുവല്ലാഹു ഖുര്‍ആനിന്‍റെ മൂന്നിലൊന്നിനും കുല്‍ യാ അയ്യുഹല്‍ കാഫിറൂന്‍ ഖുര്‍ആനിന്‍റെ നാലിലൊന്നിനും തുല്യമാണ്. (തിര്‍മിദി) 
വിവരണം: സില്‍സാല്‍ സൂറത്തില്‍ ഖിയാമത്തിന്‍റെ വിവരണവും ചിത്രീകരണവും അതിശക്തമായ നിലയില്‍ നടത്തപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ചും അതിന്‍റെ അവസാനത്തെ രണ്ട് ആയത്തുകള്‍ വളരെയധികം ആശയ സമ്പുഷ്ടമാണ്............... (സില്‍സാല്‍ 7-8) പരലോക പ്രതിഫലത്തെ ഹൃസ്വമായും എന്നാല്‍ ശക്തമായും ഈ ആയത്തുകളില്‍ പരാമര്‍ശിച്ചിരിക്കുന്നു. ഇതിന് പകരം വലിയ ഗ്രന്ഥം എഴുതപ്പെട്ടാലും ഇതിന് തുല്യമാകുന്നതല്ല. ഇത് കൊണ്ടായിരിക്കാം ഈ ഹദീസില്‍ ഇതിനെക്കുറിച്ച് ഖുര്‍ആനിന്‍റെ പകുതിയ്ക്ക് തുല്യമെന്ന് പറയപ്പെട്ടിരിക്കുന്നത്. ഇപ്രകാരം ഇഖ്ലാസ് സൂറത്തിലും അങ്ങേയറ്റം ഹൃസ്വമായും അത്ഭുത ശൈലിയിലും അല്ലാഹുവിന്‍റെ ഏകത്വവും പരിശുദ്ധിയും സമ്പൂര്‍ണ്ണതയും വിവരിച്ചിരിക്കുന്നു. ഇതും ഈ സൂറത്തിന്‍റെ മാത്രം പ്രത്യേകതയാണ്. അതുകൊണ്ടായിരിക്കാം ഇതിനെ ഖുര്‍ആനിന്‍റെ മൂന്നിലൊന്നിന് തുല്യമെന്ന് പറയുന്നത്. കുല്‍ യാ അയ്യുഹല്‍ കാഫിറൂനില്‍ വളരെ ശക്തവും വ്യക്തവുമായ ശൈലിയില്‍ ബഹുദൈവരാധനയില്‍ നിന്നും ബഹുദൈവരാധകരില്‍ നിന്നും ഞങ്ങള്‍ ഒഴിവായവരാണെന്നും ദീനിന്‍റെ അടിസ്ഥാനമായ കറകളഞ്ഞ തൗഹീദിനെ മുറുകെ പിടിച്ചവരാണെന്നും പ്രഖ്യാപിക്കുന്നു. ഇതും ഈ സൂറത്തിന്‍റെ വലിയ പ്രത്യേകതയാണ്. അതുകൊണ്ടായിരിക്കാം ഈ സൂറത്തിനെ ഖുര്‍ആനിന്‍റെ നാലിലൊന്നിന് തുല്യമായി വിശേഷിപ്പിച്ചിരിക്കുന്നത്.  
58. ഫര്‍വത്തുബ്നു നൗഫല്‍ പിതാവില്‍ നിന്നും നിവേദനം. പിതാവ് (റ) ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരേ, വിരിപ്പില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഓതേണ്ട എന്തെങ്കിലും കാര്യം എനിക്ക് പഠിപ്പിച്ച് തരിക. റസൂലുല്ലാഹി (സ) അരുളി: കുല്‍ യാ അയ്യുഹല്‍ കാഫിറൂന്‍ ഓതുക. അത് ശിര്‍ക്കില്‍ നിന്നും ഒഴിവായിരിക്കുന്നു എന്ന അറിയിപ്പാണ്. (തിര്‍മിദി, അബൂദാവൂദ്, നസാഇ) 
59. അബുദര്‍ദ്ദാഅ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ഓരോ രാത്രിയിലും ഖുര്‍ആനിന്‍റെ മൂന്നിലൊന്ന് പാരായണം ചെയ്യാനും നിങ്ങള്‍ക്ക് കഴിവില്ലേ? സഹാബത്ത് ചോദിച്ചു: ഒരു രാത്രിയില്‍ ഖുര്‍ആനിന്‍റെ മൂന്നിലൊന്ന് ഓതാന്‍ ഞങ്ങള്‍ക്ക് എങ്ങനെ സാധിക്കും? റസൂലുല്ലാഹി (സ) അരുളി: ഖുല്‍ഹു വല്ലാഹു അഹദ് ഖുര്‍ആനിന്‍റെ മൂന്നിലൊന്നിന് തുല്യമാണ്. ആരെങ്കിലും അത് രാത്രിയില്‍ പാരായണം ചെയ്താല്‍ അവന്‍ ഖുര്‍ആനിന്‍റെ മൂന്നിലൊന്ന് ഓതിയത് പോലെയാണ്. (മുസ്ലിം) ഇതേ ഹദീസ് ഇമാം ബുഖാരി (റ) അബൂസഈദുല്‍ ഖുദ്രി (റ) വഴിയായും ഇമാം തിര്‍മിദി (റ) അബൂഅയ്യൂബുല്‍ അന്‍സാരി (റ) വഴിയായും നിവേദനം ചെയ്തിരിക്കുന്നു. 
60. അനസ് (റ) നിവേദനം. റസൂലുല്ലാഹി (സ)യോട് ഒരു വ്യക്തി ചോദിച്ചു: എനിയ്ക്ക് ഖുല്‍ഹു വല്ലാഹു സൂറത്തിനോട് പ്രത്യേക സ്നേഹമുണ്ട്. റസൂലുല്ലാഹി (സ) അരുളി: എന്‍റെ ഈ സ്നേഹം നിന്നെ സ്വര്‍ഗ്ഗത്തില് പ്രവേശിപ്പിക്കുന്നതാണ്. (തിര്‍മിദി) ഈ ആശയത്തിലുള്ള ഒരു ഹദീസ് ഇമാം ബുഖാരിയും നിവേദനം ചെയ്തിട്ടുണ്ട്.
61. അബൂഹുറയ്റ (റ) നിവേദനം. ഒരു വ്യക്തി ഖുല്‍ഹുവല്ലാഹു സൂറത്ത് ഓതുന്നത് കേട്ടപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: അദ്ദേഹത്തിന് നിര്‍ബന്ധമായി. ഞാന്‍ ചോദിച്ചു: എന്താണ് നിര്‍ബന്ധമായത്? റസൂലുല്ലാഹി (സ) അരുളി: സ്വര്‍ഗ്ഗം. (മുവത്വ മാലിക്, തിര്‍മിദി, നസാഇ)
വിവരണം: സഹാബാ മഹത്തുക്കളുടെ അദ്ധ്യാപന സംസ്കരണങ്ങള്‍ റസൂലുല്ലാഹി (സ)യില്‍ നിന്നും നേരിട്ടാണ് നടന്നിരുന്നത്. ഓരോ നിമിഷവും റസൂലുല്ലാഹി (സ)യെ അനുകരിക്കാന്‍ അവര്‍ താല്‍പ്പര്യപ്പെട്ടിരുന്നു. പരിശുദ്ധ ഖുര്‍ആനിന്‍റെയും പ്രത്യേകിച്ചും അല്ലാഹുവിന്‍റെ ഏകത്വവും ഗുണവിശേഷണങ്ങളും ശക്തവും വ്യക്തവുമായ നിലയില്‍ പ്രഖ്യാപിക്കുന്ന ഈ സൂറത്തുകളുടെ പാരായണം അവര്‍ നിര്‍വ്വഹിക്കുമ്പോള്‍ അതിന്‍റെ പ്രതിഫലനം മറ്റുള്ളവരുടെ മനസ്സിലും പ്രതിഫലിച്ചിരുന്നു. ഈ ഹദീസില്‍ ഖുല്‍ഹുവല്ലാഹു സൂറത്ത് പാരായണം ചെയ്ത സഹാബിയുടെയും അവസ്ഥ ഇതുപോലെ ആയിരിക്കാം. അതുകേട്ട റസൂലുല്ലാഹി (സ)യ്ക്ക് അദ്ദേഹത്തിന്‍റെ ഈമാനിക അവസ്ഥയും അഭിരുചിയും വ്യക്തമായി. ഇത്തരം ആളുകള്‍ക്ക് സ്വര്‍ഗ്ഗം നിര്‍ബന്ധമാകുന്നമെന്നതില്‍ എന്ത് സംശയമാണുള്ളത്? 
62. അനസ് (റ) നിവേദനം. ആരെങ്കിലും കിടക്കയില്‍ കിടന്ന് ഉറങ്ങാന്‍ ഉദ്ദേശിക്കുകയും ഉറങ്ങുന്നതിന് മുമ്പ് നൂറ് പ്രാവശ്യം ഖുല്‍ഹുവല്ലാഹ് സൂറത്ത് ഓതുകയും ചെയ്താല്‍ ഖിയാമത്ത് ദിനം രക്ഷിതാവ് അവരോട് പറയുന്നതാണ്, എന്‍റെ ദാസാ നിന്‍റെ വലത് ഭാഗത്ത് കൂടി സ്വര്‍ഗ്ഗത്തിലേക്ക് പോവുക. (തിര്‍മിദി)
വിവരണം: നിന്‍റെ വലത് ഭാഗത്ത് കൂടി എന്നതിന്‍റെ ആശയം വിചാരണയ്ക്ക് വേണ്ടി അദ്ദേഹം നില്‍ക്കുന്ന സ്ഥലത്തിന്‍റെ വലത് ഭാഗത്ത് സ്വര്‍ഗ്ഗമുണ്ടായിരിക്കും എന്നാണ്. മറ്റൊരു ആശയം സ്വര്‍ഗ്ഗത്തിന്‍റെ ഇടത്തും വലത്തുമുള്ള സ്ഥാനങ്ങള്‍ ഉന്നതമാണെങ്കിലും വലത് ഭാഗം ഇടത് ഭാഗത്തേക്കാള്‍ സമുന്നതമായിരിക്കും. അപ്പോള്‍ അദ്ദേഹത്തോട് പറയപ്പെടും: വലത് ഭാഗത്തുള്ള സ്വര്‍ഗ്ഗത്തിലേക്ക് താങ്കള്‍ പ്രവേശിച്ച് കൊള്ളുക. തീര്‍ച്ചയായും ഇത് വളരെ വില കുറഞ്ഞതും എന്നാല്‍ അമൂല്യവുമായ ചരക്ക് തന്നെയാണ്. ഉറങ്ങുന്നതിന് മുമ്പ് നൂറ് പ്രാവശ്യം ഇഖ്ലാസ് സൂറത്ത് പാരായണം ചെയ്യുന്നത് എത്ര എളുപ്പമാണ്. എന്നാല്‍ അതിന്‍റെ ഫലം എത്ര മഹത്തരമാണ്. അല്ലാഹു ഇത് പാലിക്കാന്‍ നമുക്ക് ഉതവി നല്‍കട്ടെ. രാത്രി ഉറങ്ങുന്നതിന് മുമ്പ് നൂറ് പ്രാവശ്യം ഈ സൂറത്ത് പാരായണം ചെയ്യുന്ന ചില സഹോദരങ്ങളെ എനിയ്ക്ക് നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ.

**********************

 മുഫക്കിറുല്‍ ഇസ്ലാം 

അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ 

അലി നദ് വി ജീവിതവും സന്ദേശവും.! 

മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി 


അവതാരിക. 
മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ് വി

കഴിഞ്ഞ കാലഘട്ടം ദര്‍ശിച്ച സമുന്നത വ്യക്തിത്വമായിരുന്നു മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി. ഒരു ഭാഗത്ത് അല്ലാഹു അദ്ദേഹത്തിന്‍റെ മേല്‍ വിശിഷ്ടമായ ധാരാളം അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു. മറുഭാഗത്ത് ആ അനുഗ്രഹങ്ങള്‍ മുഴുവന്‍ ശരിയായ നിലയില്‍ വിനിയോഗിക്കാനും നന്മകള്‍ക്ക് ശക്തി പകരാനും അല്ലാഹു അദ്ദേഹത്തിന് ഉതവി നല്‍കി. ഇന്ത്യയെ മാത്രമല്ല, ലോകം മുഴുവനും മഹത്തായ സേവനങ്ങള്‍ ചെയ്യുകയും ഉത്തമ മാതൃക വരച്ചുകാട്ടുകയും ചെയ്തു. മൗലാനായുടെ ജനനവും വളര്‍ച്ചയും വിദ്യാഭ്യാസവും ശിക്ഷണവും വ്യക്തിത്വ രൂപീകരണവുമെല്ലാം വളരെ ഉന്നത നിലകളിലായിരുന്നു. ഇതും അല്ലാഹു അദ്ദേഹത്തിന്‍റെ മേല്‍ ചെയ്ത വലിയ അനുഗ്രഹമാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജീവിതം മുഴുവനും വിജ്ഞാനത്തിന്‍റെ പ്രചാരണത്തിനും പ്രബോധന പ്രവര്‍ത്തനങ്ങളിലും ഇസ്ലാമിക ചിന്തയുടെ വ്യാപനത്തിലും അദ്ദേഹം കഴിച്ച് കൂട്ടി. പരസ്പരം ഭിന്നതകളില്‍ നിന്നും ഉയര്‍ന്ന് നില്‍ക്കുകയും ശരിയായ വിശ്വാസ വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന എല്ലാവരോടും ഗുണകാംഷ പുലര്‍ത്തുകയും ചെയ്തു. ഒരു ഭാഗത്ത് ആഴമേറിയ വിനയവും മറുഭാഗത്ത് തന്ത്രജ്ഞതയോടെയും ധീരതയോടെയും സത്യം വിളിച്ച് പറയുകയും ചെയ്തു. പ്രധാന സമ്മേളനങ്ങളില്‍ പൊതുവായ നിലയിലും പ്രമുഖ വ്യക്തിത്വങ്ങളോട് നേര്‍ക്കുനേരെയും മൗലാനാ പറയുകയും എഴുതുകയും ചെയ്ത കാര്യങ്ങള്‍ അങ്ങേയറ്റം ഹൃദ്യവും ശക്തവുമാണ്. അത് കേട്ടവരും വായിച്ചവരും പൊതുവായ നിലയില്‍ മൗലാനായുടെ അഭിപ്രായങ്ങളെ ശരി വെക്കുകയുണ്ടായി. 
മൗലാനായുടെ ഉന്നത പ്രകൃതിയുടെ അടിസ്ഥാനം സര്‍വ്വ സമ്പന്നമായ മനസ്സായിരുന്നു. അതുകൊണ്ട് തന്നെ വ്യക്തികളുടെയും സംഘടനകളുടെയും താല്‍പ്പര്യങ്ങളില്‍ നിന്നും ഉയര്‍ന്ന് നിന്ന് മൗലാനാ പ്രബോധന സേവനങ്ങള്‍ നിര്‍വ്വഹിച്ചു. വ്യത്യസ്ത വിഭാഗത്തില്‍ പെട്ടവരെല്ലാം മൗലാനായെ ആദരിക്കുകയും അഭിപ്രായങ്ങളെ വിലമതിക്കുകയും ചെയ്തു. ഗ്രാമ പ്രദേശം മാത്രമായ ജന്മ നാട്ടില്‍ മൗലാനായുടെ വിയോഗത്തെത്തുടര്‍ന്ന് തടിച്ച് കൂടിയ ജനലക്ഷങ്ങളും റമദാനിലെ ഖുര്‍ആന്‍ ഖത്മിന്‍റെ സമയത്ത് വിശുദ്ധ ഹറമുകളില്‍ നടത്തപ്പെട്ട ജനാസ നമസ്കാരവും മൗലാനായുടെ ജീവിതത്തെയും സന്ദേശത്തെയും അധികരിച്ചുകൊണ്ട് ലോകത്തിന്‍റെ ഓരോ ഭാഗങ്ങളിലും ഇന്നും നടന്നുകൊണ്ടിരിക്കുന്ന സെമിനാറുകളും മൗലാനായുടെ പേരില്‍ ആരംഭിക്കപ്പെട്ട വൈജ്ഞാനിക സേവന പ്രബോധന സ്ഥാപനങ്ങളും ഇതിന്‍റെ എല്ലാം തെളിവാണ്. ഇത് അല്ലാഹുവിന്‍റെ ഔദാര്യമാണ്. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് ഇത് നല്‍കുന്നു. അല്ലാഹു വലിയ ഔദാര്യമുള്ളവനാണ്. 
അല്ലാഹു ഒരു ദാസനെ പ്രത്യേകം അനുഗ്രഹിക്കുമ്പോള്‍ ജീവിതത്തിന്‍റെ തുടക്കം മുതല്‍ തന്നെ അതിനുള്ള സജ്ജീകരണങ്ങള്‍ ചെയ്യുന്നതാണ്. മൗലാനായുടെ ചെറുപ്പം കാലം മുതല്‍ തന്നെ പടച്ചവന്‍ ഈ സജ്ജീകരണങ്ങളും നിര്‍വ്വഹിച്ചു. മൗലാനായുടെ പിതാവ് ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയുടെ സ്ഥാപകനും ഉന്നത ഗ്രന്ഥ കര്‍ത്താവുമായിരുന്നു. പക്ഷേ, ചെറുപ്പത്തില്‍ തന്നെ പിതാവ് പടച്ചവന്‍റെ കാരുണ്യത്തിലേക്ക് യാത്രയായി. തുടര്‍ന്നുള്ള പരിപൂര്‍ണ്ണ ശിക്ഷണം മാതാവായിരുന്നു. അവര്‍ ഞങ്ങളുടെ കുടുംബത്തില്‍ ഏറ്റവും കൂടുതല്‍ അറിവും ഗ്രാഹ്യവും ഉള്ളവരും സാഹിത്യ അഭിരുചി നിറഞ്ഞവരുമായിരുന്നു. തന്‍റെ പ്രിയ മകനോട് വലിയ സ്നേഹ വാത്സല്യങ്ങള്‍ പുലര്‍ത്തിയതിനോടൊപ്പം കടുത്ത നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും മുറുകെ പിടിക്കുകയും ചെയ്തു. സാധുക്കളോടുള്ള സഹാനുഭൂതി പുലര്‍ത്താനും, അനാവശ്യ കളി തമാശകളില്‍ നിന്നും അകന്ന് കഴിയാനും, അധ്വാനങ്ങളില്‍ മുഴുകാനും അവര്‍ മകനെ പ്രേരിപ്പിച്ചു. ചെറുപ്പത്തില്‍ ഹോക്കി, വോളിബോള്‍ മുതലായ കളികളില്‍ പങ്കെടുക്കാനും നീന്തല്‍ നടത്താനും മൃഗങ്ങളെ വേട്ടയാടാനും അവര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ മറ്റുള്ളവരെ ആദരിക്കാന്‍ പരിശീലിപ്പിക്കുകയും നിന്ദിക്കുന്നതില്‍ നിന്നും ശക്തമായി ഉണര്‍ത്തുകയും ചെയ്തു. 
മൗലാനായുടെ പിതാവും പിതാമഹനും ഞങ്ങളുടെ നാട്ടിലെ വളരെ ഉന്നത വ്യക്തിത്വങ്ങളായിരുന്നു. പിതാവ് മൗലാനാ സയ്യിദ് അബ്ദുല്‍ ഹയ്യ് ഹസനി മഹാപണ്ഡിതനും ഉന്നത വൈദ്യനും വൈജ്ഞാനിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ വ്യക്തിത്വവുമായിരുന്നു. പിതാമഹന്‍ മൗലാനാ ഹകീം ഫഖ്റുദ്ദീന്‍ ഹസനി ഉന്നത കവിയും ഗ്രന്ഥകാരനും നേതാവുമായിരുന്നു. മാതാമഹന്‍ സയ്യിദ് സിയാഉന്നബി ഹസനി വലിയ സൂഫിവര്യനും ഭയഭക്തിയുടെ പ്രചാരകനുമായിരുന്നു. മൗലാനായുടെ വ്യക്തിത്വത്തില്‍ ഇതിന്‍റെയെല്ലാം അംശങ്ങള്‍ കാണാന്‍ കഴിയുന്നതാണ്.  
മൗലാനായുടെ വിയോഗാനന്തരം മര്‍ഹൂമിന്‍റെ ജീവിതത്തെയും സന്ദേശത്തെയും കുറിച്ച് ധാരാളം രചനകള്‍ തയ്യാറാക്കപ്പെട്ടു. അതെല്ലാം ധാരാളം ഗുണങ്ങള്‍ ഉള്ളവ തന്നെയാണ്. എന്നാല്‍ മൗലാനായുടെ ആത്മകഥയും അടുത്തറിഞ്ഞ അവസ്ഥകളും മുന്നില്‍ വെച്ചുകൊണ്ട് കുടുംബക്കാര്‍ ആരെങ്കിലും ഒരു ഗ്രന്ഥം തയ്യാറാക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. മൗലാനായുടെ പൗത്രനെന്ന് പറയാന്‍ സാധിക്കുന്ന മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ്വിയ്ക്കാണ് ഇതിന് സൗഭാഗ്യം ഉണ്ടായത്. മൗലാനാ മര്‍ഹൂമിന്‍റെ പ്രിയങ്കരനും സഹോദര പുത്രനുമായ മൗലാനാ സയ്യിദ് മുഹമ്മദുല്‍ ഹസനിയുടെ ഇളയ മകനും മൗലാനാ മര്‍ഹൂമിന്‍റെ അവസാന നാളുകളില്‍ പരിപൂര്‍ണ്ണമായ സ്നേഹത്തിനും സേവനത്തിനും അവസരം ലഭിച്ച വ്യക്തിയുമായ മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ്വി മൗലാനായുടെ മഹത്തായ ആത്മകഥാ പരമ്പരയും നേരിട്ടുള്ള അറിവുകളും അനുഭവങ്ങളും മുന്നില്‍ വെച്ചുകൊണ്ട് ഈ ഗ്രന്ഥം തയ്യാറാക്കുകയുണ്ടായി. ഇത് വെറുമൊരി ചരിത്ര ഗ്രന്ഥമല്ല. മൗലാനാ മര്‍ഹൂമിന്‍റെ അനുഗ്രഹീത ജീവിതത്തെ ശക്തമായും സാരസമ്പൂര്‍ണ്ണമായും അവതരിപ്പിക്കുന്ന ഒരു രേഖയാണ്. വിവരങ്ങളുടെ സൂക്ഷ്മമായ അടിസ്ഥാനം, ലളിതമായ ഭാഷാശൈലി എന്നിവ ഈ രചനയില്‍ അദ്ദേഹം പാലിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. മൗലാനാ മര്‍ഹൂമിന്‍റെ ഹൃദ്യമായ വ്യക്തിത്വത്തെ മനസ്സിലാക്കുന്നതിന് ഇത് വളരെ പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ. 


അദ്ധ്യായം 01 
സമുന്നത പശ്ചാത്തലം: 
നവോത്ഥാന പരിശ്രമങ്ങള്‍: ഒറ്റനോട്ടത്തില്‍.!
 
ഇസ്ലാമിന്‍റെ അടിസ്ഥാനപരമായ പ്രത്യേകതയും ഇതിന്‍റെ ശാശ്വതത്വത്തിന്‍റെ തെളിവും സര്‍വ്വ കാലങ്ങളിലും നിറഞ്ഞ് നിന്നിട്ടുള്ള സജീവതയാണ്. ഇസ്ലാം എല്ലാ കാലത്തും കായ് കനികള്‍ പൊഴിക്കുന്ന ഒരു അനുഗ്രഹീത വടവൃക്ഷമാണ്. ഓരോ കാലഘട്ടത്തിലും സാഹചര്യങ്ങള്‍ക്കനുസൃതമായ മുസ്ലിഹ്-മുജദ്ദിദുകള്‍ (നവോത്ഥാന പരിഷ്കരണങ്ങള്‍ നടത്തിയവര്‍) ഇസ്ലാമില്‍ ഉണ്ടായിക്കൊണ്ടേയിരുന്നു. ഇത് ഇസ്ലാമിന്‍റെ സുവര്‍ണ്ണ ചരിത്ര പരമ്പരയാണ്. 
തുടക്കത്തില്‍ തന്നെ ഇസ്ലാമിന്‍റെ നെഞ്ചിനും കരളിനും അവയവങ്ങളിലും ശക്തമായ അക്രമണങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇസ്ലാം അതിനെയെല്ലാം അതിജയിക്കുകയും എതിരാളികളെ പരാജയപ്പെടുത്തുകയും ചെയ്തുകൊണ്ട് യഥാര്‍ത്ഥ രൂപത്തില്‍ നിലനില്‍ക്കുക മാത്രമല്ല, മുന്നോട്ട് ഗമിക്കുകയും ചെയ്തു. ചരിത്രത്തിന്‍റെ ഓരോ സന്ധികളിലും മഹത്തുക്കള്‍ ഉദയം ചെയ്തു. അവര്‍ ദുര്‍വ്യാഖ്യാനങ്ങളെയും തിരിമറികളെയും തുറന്ന് കാട്ടി. ഇസ്ലാമിന്‍റെ യാഥാര്‍ത്ഥ്യവും പരിശുദ്ധിയും സമര്‍ത്ഥിച്ചു. അനാചാരങ്ങളും കൈകടത്തലുകളും ഇല്ലാതാക്കി. തിരുസുന്നത്തുകളെ ശക്തമായി പിന്തുണച്ചു. അസത്യ വിശ്വാസങ്ങളെയും വീക്ഷണങ്ങളെയും ഖണ്ഡിച്ചു. അനിസ്ലാമിക കര്‍മ്മങ്ങളെയും ആചാരങ്ങളെയും ദൂരീകരിച്ചു. 
ഖിലാഫത്തുര്‍റാഷിദയ്ക്ക് ശേഷം പഴയ ജാഹിലിയ്യത്തിന്‍റെ അംശങ്ങളുള്ള പുത്തന്‍ തലമുറ തല പൊക്കി. സുഖാഢംബരങ്ങളുടെ പ്രതിഫലനങ്ങള്‍ പ്രകടമായി. ഇത്തരുണത്തില്‍ അല്ലാഹു അമീറുല്‍ മുഅ്മിനീന്‍ ഉമറുബ്നു അബ്ദില്‍ അസീസ് (റ) നെ രംഗത്തിറക്കി. അദ്ദേഹം ഭരണകൂടത്തിന്‍റെയും ജനങ്ങളുടെയും ദിശ ശരിയാക്കി. തുടര്‍ന്ന് സുന്നത്തിന്‍റെയും ഹദീസിന്‍റെയും ക്രോഡീകരണം ആരംഭിച്ചു. മഹാനരുടെ ചിന്താ-പരിശ്രമങ്ങള്‍ കാരണം ഹദീസിന്‍റെ മഹത്തായ സമാഹാരങ്ങള്‍ നിലവില്‍ വന്നു. 
ഉമറുബ്നു അബ്ദില്‍ അസീസ് (റ) ന്‍റെ വിയോഗാനന്തരം വീണ്ടും അവസ്ഥകള്‍ക്ക് മാറ്റം വന്ന് തുടങ്ങി. കാപട്യത്തിന്‍റെ ദുര്‍ഗുണങ്ങള്‍ സമൂഹത്തില്‍ പരന്നു. ഇവിടെ ഇമാം ഹസന്‍ ബസ്വരി (റഹ്) യുടെ വ്യക്തിത്വം മുന്നോട്ട് വന്നു. ഈമാനിക ശക്തിയും ഹൃദയ വേദനയും അത്ഭുത ശിക്ഷണങ്ങളും ഉപദേശ-ഉദ്ബോധനങ്ങളും വഴി ലക്ഷക്കണക്കിന് ആളുകളെ ഭൗതികതയുടെ പ്രളയത്തില്‍ അകപ്പെടുന്നതില്‍ നിന്നും രക്ഷിച്ചു. സഈദുബ്നു ജുബൈര്‍ (റ), മുഹമ്മദ് ബിന്‍ സീരീന്‍ (റ), ഇമാം ശഅബി (റ) മുതലായ മഹാന്മാരും ഇമാം ഹസന്‍ ബസ്വരിക്ക് ശക്തി പകര്‍ന്നു. ഇതിനിടയില്‍ ഹദീസിന്‍റെയും ഫിഖ്ഹിന്‍റെയും ക്രോഡീകരണം സജീവമായി. അല്ലാഹു ഇതിന് വേണ്ടി അത്ഭുതകരമായ ഓര്‍മ്മ ശക്തിയും ബുദ്ധികൂര്‍മ്മതയും സര്‍വ്വോപരി സമ്പൂര്‍ണ്ണ ഭയഭക്തിയുമുള്ള മഹത്തുക്കളെ തെരഞ്ഞെടുത്തു. അവര്‍ വളരെ സൂക്ഷ്മതയോടെ അവയുടെ പഠനങ്ങളും ക്രോഡീകരണങ്ങളും നിര്‍വ്വഹിച്ചു. അവരുടെ ശിഷ്യപരമ്പര മഹത്തായ ഈ പ്രവര്‍ത്തനത്തെ കൂടുതല്‍ പ്രകാശിപ്പിക്കുകയും പ്രയോജനകരമാക്കുകയും ചെയ്തു. 
അല്പം കഴിഞ്ഞ് ഖല്‍ഖുല്‍ ഖുര്‍ആന്‍ (ഖുര്‍ആന്‍ സൃഷ്ടിയാണ്) എന്ന് ഒരു വാദം ഉയരുകയും ഭരണകൂടം ഇതിന് പിന്തുണ നല്‍കുകയും ചെയ്തു. ഇമാമുസ്സുന്ന അഹ്മദ് ബിന്‍ ഹംബല്‍ (റ) ഇതിനെ നേരിടാന്‍ നെഞ്ച് വിരിച്ച് രംഗത്തിറങ്ങി. ഭരണകൂടത്തെയും വെല്ല് വിളിച്ചു. വലിയ ത്യാഗങ്ങള്‍ക്ക് ശേഷം അവസാനം വിജയം വരിയ്ക്കുകയും ഇമാമിന്‍റെ വ്യക്തിത്വം സത്യവാഹക സംഘത്തിന്‍റെ ചിഹ്നമായി മാറുകയും ചെയ്തു. ഇതോടൊപ്പം ഇഅ്തിസാലിന്‍റെ തീവ്രതയടങ്ങിയ പുത്തന്‍ വാദങ്ങള്‍ ഉയര്‍ന്നു. ഇവിടെ ഇമാം അബുല്‍ ഹസന്‍ അശ്അരി മുമ്പോട്ട് വന്നു. നാവും തൂലികയും ഉപയോഗിച്ച് മുഅ്തസിലീ വാദങ്ങളുടെ ഹൃദയവും കരളും തകര്‍ത്തു. അവര്‍ ചരിത്രത്തിന്‍റെ ചവറ്റുകൊട്ടയിലേക്ക് തള്ളപ്പെട്ടു. തുടര്‍ന്ന് തത്വശാസ്ത്രത്തിന്‍റെയും ആത്മ ജ്ഞാനത്തിന്‍റെയും പേരില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കപ്പെട്ടു. ഹുജ്ജത്തുല്‍ ഇസ്ലാം ഇമാം ഗസ്സാലി (റ) യെ പോലുള്ള വചന-വൈജ്ഞാനിക വിശാരദര്‍ ഇതിനെ തിരിച്ചറിയുകയും മുന്നേറിക്കൊണ്ടിരുന്ന പ്രളയത്തെ തടഞ്ഞ് നിര്‍ത്തുക മാത്രമല്ല, അതിന്‍റെ അടിത്തറയെ തന്നെ അടിച്ചിളക്കുകയും ചെയ്തു. കൂട്ടത്തില്‍ ഇമാം ഗസ്സാലി (റ) സമുദായത്തിന്‍റെ സാമൂഹിക അവസ്ഥയെ ആഴത്തില്‍ വിശകലനം ചെയ്യുകയും തിന്മകളെ തുറന്ന് എതിര്‍ക്കുകയും നവോത്ഥാന ധര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു. 
ശേഷം സയ്യിദുനാ അബ്ദുല്‍ ഖാദിര്‍ ജീലാനി ഉദയം ചെയ്തു. അല്ലാഹു അദ്ദേഹത്തിലൂടെ ഇസ്ലാമിനും ജനങ്ങള്‍ക്കും ധാരാളം പ്രയോജനങ്ങള്‍ നല്‍കി. ഇസ്ലാമിക സമൂഹത്തില്‍ അദ്ദേഹം സൃഷ്ടിച്ച പ്രതിഫലനങ്ങള്‍ വളരെ വലുതാണ്. അല്ലാഹു വലിയ സ്വീകാര്യത നല്‍കുകയും ഇസ്ലാമിക ചരിത്രത്തില്‍ എന്നും പ്രകാശം പൊഴിക്കുന്ന ദീപമായി മാറുകയും ചെയ്തു. അദ്ദേഹത്തിന്‍റെ പരമ്പരയില്‍ പെട്ട മഹത്തുക്കളും അത് പോലുള്ള മഹാത്മാക്കളും ആത്മ സംസ്കരണത്തിന്‍റെ സമുന്നത സേവനം നിര്‍വ്വഹിച്ചു. ശൈഖ് ജീലാനിയുടെ കാലഘത്തില്‍ തന്നെ ഇമാം ഇബ്നുല്‍ ജൗസി വിപ്ലവകരമായ പ്രഭാഷണങ്ങളും അദ്ധ്യാപനങ്ങളും നടത്തി വമ്പിച്ച പരിവര്‍ത്തനം സൃഷ്ടിച്ചു. 
നാളുകള്‍ കഴിഞ്ഞപ്പോള്‍ കുരിശ് യോദ്ധാക്കള്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കും വലിയ ഭീഷണി ഉയര്‍ത്തി. ഇവിടെ ആദ്യം നൂറുദ്ദീന്‍ സന്‍കിയും സ്വലാഹുദ്ദീന്‍ അയ്യൂബിയും അവരെ ശക്തമായി പ്രതിരോധിക്കുകയും അവസാനം ബൈത്തുല്‍ മുഖദ്ദസ് മോചിപ്പിക്കുകയും ചെയ്തു. ശേഷം താര്‍ത്താരികള്‍ മലവെള്ളപ്പാച്ചില്‍ പോലെ മുസ്ലിം കേന്ദ്രങ്ങളിലേക്ക് പരന്നൊഴുകി. ഒരൊറ്റ മുസ്ലിം പോലും ഇസ്ലാമിക ലോകത്ത് അവശേഷിക്കുകയില്ല എന്ന അവസ്ഥ സംജാതമായി. ഇതിനിടയില്‍ അല്ലാഹു നിഷ്കളങ്കരും നിശബ്ദരുമായ പ്രബോധകരെ എഴുന്നേല്‍പ്പിച്ച് വിടുകയും അവരിലൂടെ താര്‍ത്താരികളില്‍ തന്നെ ഇസ്ലാമിന്‍റെ സംരക്ഷകര്‍ ഉദിക്കുകയും ചെയ്തു. 
ചുരുക്കത്തില്‍ ഓരോ കാലഘട്ടത്തിലും ഉണ്ടാകുന്ന ആവശ്യങ്ങളെ പൂര്‍ത്തീകരിക്കാനും പ്രശ്നങ്ങളെ നേരിടാനും അല്ലാഹു ഒരു വ്യക്തിയെയോ ഏതാനും വ്യക്തികളെയോ സജ്ജീകരിക്കുകയും അല്ലാഹു ശേഷിയും സാഹചര്യവും ഒരുക്കിക്കൊടുക്കുകയും, അവര്‍ അവരുടെ കര്‍ത്തവ്യം പരിപൂര്‍ണ്ണമായി നിര്‍വ്വഹിക്കുകയും ചെയ്തു. ശൈഖ് ശൈഖുല്‍ ഇസ്ലാം ഇസ്സുദ്ദീന്‍ ബിന്‍ അബ്ദിസ്സലാം (ഹിജ്രി 660), മൗലാനാ ജലാലുദ്ദീന്‍ റൂമി (672), ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ (728), അല്ലാമാ ഇബ്നുല്‍ ഖയ്യിം (751), അല്ലാമാ ഇബ്നു റജബ് ഹംബലി (795) മുതലായ മഹത്തുക്കള്‍ ഈ അനുഗ്രഹീത പരമ്പരയിലെ സുവര്‍ണ്ണ കണ്ണികളാണ്. അല്ലാഹുവിന്‍റെ അളവറ്റ അനുഗ്രഹത്താല്‍ ഇവരുടെ അവസാന ഘട്ടത്തില്‍ നവോത്ഥാനത്തിന്‍റെ ചാലകശക്തി ഇന്ത്യാ മഹാരാജ്യമായി മാറുകയും ഇവിടെ ധാരാളം മഹാപുരുഷന്മാര്‍ പ്രകാശിക്കുകയും ചെയ്തു. ശൈഖുല്‍ ഇസ്ലാം ഖാജാ മുഈനുദ്ദീന്‍ ചിശ്തി (627), ഹസ്രത്ത് ഖാജാ നിസാമുദ്ദീന്‍ ഔലിയ (725), ശൈഖ് ശറഫുദ്ദീന്‍ യഹ്യ മുനീരി (786), മുജദ്ദിദ് അല്‍ഫ് ഥാനി ശൈഖ് അഹ്മദ് സര്‍ഹിന്ദി (1034), ഹസ്രത്ത് ശാഹ് വലിയുല്ലാഹ് ദഹ്ലവി (1176), അദ്ദേഹത്തിന്‍റെ അനുഗ്രഹീത സന്താനങ്ങള്‍, അമീറുല്‍ മുഅ്മിനീന്‍ സയ്യിദ് അഹ്മദ് ശഹീദ് (1246), സയ്യിദിന്‍റെ ശിഷ്യഗണങ്ങള്‍ ഇവരെല്ലാവരും ഈ പരമ്പരയിലെ തിളങ്ങുന്ന താരങ്ങളാണ്. ഇസ്ലാമിന്‍റെ ചിന്താ-പ്രബോധനങ്ങളുടെ സമുന്നത ചരിത്രത്തിലെ അനുഗ്രഹീത അദ്ധ്യായങ്ങളാണ് ഇവര്‍ ഓരോരുത്തരും. (നമ്മുടെ സ്മര്യപുരുഷനായ അല്ലാമാ നദ്വി ഇവരെല്ലാവരെ കുറിച്ചുള്ള സുന്ദരവും സുദീര്‍ഘവുമായ പഠനങ്ങളും അനുസ്മരണങ്ങളും താരീഖെ ദഅ്വത്ത് അസീമത്ത് എന്ന പരമ്പരയില്‍ പല ഭാഗങ്ങളായി തയ്യാറാക്കുകയും വിവിധ ഭാഷകളില്‍ അവ വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മലയാളത്തിലും മുഫക്കിറുല്‍ ഫൗണ്ടേഷന്‍ അവ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു.) 
ഈ സുവര്‍ണ്ണ പരമ്പരയിലെ ഒരു പ്രധാന കണ്ണിയാണ് ഇമാമുല്‍ അസ്ര്‍, മുഫക്കിറുല്‍ ഇസ്ലാം മുതലായ അപരനാമങ്ങളില്‍ ലോകം മുഴുവന്‍ വാഴ്ത്തിപ്പറഞ്ഞ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വിയുടെ അനുഗ്രഹീത വ്യക്തിത്വം. നവോത്ഥാന പരിശ്രമങ്ങളുടെ ചരിത്രം രേഖപ്പെടുത്തുന്ന നിഷ്പക്ഷരായ ആര്‍ക്കും അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ സേവനങ്ങളെയും അവഗണിക്കുക സാധ്യമല്ല. 
പാശ്ചാത്യ മുന്നേറ്റവും പ്രതിരോധ പരിശ്രമങ്ങളും.! 
ഗ്രിഗേറിയന്‍ 19-)ം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ പാശ്ചാത്യ ലോകം വലിയൊരു ശക്തിയായി ഉരുത്തിരിയുകയും അവര്‍ ഇസ്ലാമിക ലോകത്തെ പ്രധാന ശത്രുക്കളായി കണ്ട് ഇസ്ലാമിനും മുസ്ലിംകള്‍ക്കും നേരെ വലിയ അക്രമങ്ങള്‍ അഴിച്ച് വിടുകയും ചെയ്തു. അവര്‍ പല നിലയില്‍ ശക്തമായി പോരാടി നോക്കിയിട്ടും പരാജയപ്പെട്ട കുരിശ് യുദ്ധങ്ങളുടെ മുറിവുകള്‍ക്ക് പകരം വീട്ടാന്‍ അവര്‍ കാത്ത് കഴിയുകയായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് അതിന് അവസരം ലഭിക്കുകയും അതിലേക്ക് അവര്‍ സര്‍വ്വ ശേഷിയും തിരിച്ച് വിടുകയും ചെയ്തു. മറുഭാഗത്ത് ഇസ്ലാമിക ലോകം സ്വഭാവ ദൂഷ്യങ്ങളും പരസ്പര ഭിന്നതകളും കാരണം വളരെ ബലഹീനമായിരുന്നു. നീണ്ട കാലഘട്ടം വരെ ഇസ്ലാമിക ഖിലാഫത്തിന്‍റെ കേന്ദ്രമായി നിലകൊണ്ട തുര്‍ക്കി കാലപ്പഴക്കം കാരണം സ്വയം തിരിച്ചറിവും സ്വന്തം ശക്തിയും കളഞ്ഞുകുളിച്ചിരുന്നു. കൂടാതെ പാശ്ചാത്യ സംസ്കാരത്തിന്‍റെ പുതുജീവിതവും പുത്തന്‍ ശക്തിയും നവ തലമുറയെ ആകര്‍ഷിച്ചു. പാശ്ചാത്യ ലോകം സംസ്കാരത്തോടൊപ്പം പ്രവിശാലമായിക്കൊണ്ടിരുന്ന വൈജ്ഞാനിക-ചിന്താ-ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെയും വിപ്ലവങ്ങളും മുസ്ലിം ലോകത്തേക്ക് ഇറക്കുമതി ചെയ്തിരുന്നു. അവസാനം അവര്‍ ഇസ്ലാമിന്‍റെ കേന്ദ്ര സ്ഥാനമായ അറേബ്യന്‍ ഉപഭൂഖണ്ഡവും പുണ്യഹിജാസും കൈപ്പിടിയിലാക്കാന്‍ ശ്രമമാരംഭിച്ചു. ഈ അവസ്ഥാവിശേഷം ഇസ്ലാമിനും മുസ്ലിംകള്‍ക്കും വലിയ ഒരു വെല്ലുവിളിയായിരുന്നു. ഇവിടെ അതിനെ നേരിടുകയും പ്രതിരോധിക്കുകയും ചെയ്യുന്നതിന് പകരം അതിന്‍റെ ഉള്ളിലേക്ക് കടന്നുകയറി നെഞ്ചും കരളും അക്രമിക്കേണ്ട വലിയൊരു ആവശ്യം നേരിട്ടു. എന്നാല്‍ ഇത് അതിസൂക്ഷ്മമായ ഒരു കര്‍മ്മമായിരുന്നു. ഇതിന് വേണ്ടി പാശ്ചാത്യ ലോകത്തെ നന്നായി പഠിക്കുകയും അവരുടെ നല്ലതും ചീത്തയുമായ വശങ്ങളെ കണ്ടെത്തി വേര്‍തിരിക്കുകയും ചെയ്യണമായിരുന്നു. വളരെ വിശാല ചിന്തയും സൂക്ഷ്മ വീക്ഷണവും ആത്മ ധൈര്യവും ആവശ്യമുണ്ടായിരുന്ന ഒരു വിഷയമാണിത്. തീര്‍ച്ചയായും കാലഘട്ടത്തിലെ പണ്ഡിതരും ചിന്തകരും നേതാക്കളും ഈ വഴിയില്‍ ധാരാളം പരിശ്രമങ്ങള്‍ ചെയ്തു എന്നത് സത്യമാണ്. പക്ഷെ, ഈ കര്‍മ്മത്തിന് ആവശ്യമായ പ്രധാന ഗുണങ്ങളും യോഗ്യതകളും വേണ്ടത് പോലെ ഇല്ലാത്തതിനാല്‍ പ്രസ്തുത പരിശ്രമങ്ങള്‍ക്ക് വലിയ വിജയം ലഭിച്ചില്ല. 
ഈ വിഷയത്തില്‍ വലിയ ചിന്താ പരിശ്രമങ്ങള്‍ നടത്തിയ ഒരു പ്രധാന വ്യക്തിത്വമാണ് മൗലാനാ സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനി. അദ്ദേഹത്തിന് ശക്തമായ വ്യക്തിത്വവും അസാധാരണ ബുദ്ധിയും പ്രഭാഷണ ശേഷിയും ഉണ്ടായിരുന്നിട്ടും കൂടുതല്‍ ആഴങ്ങളിലേക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്‍റെ പരിശ്രമങ്ങളില്‍ രാഷ്ട്രീയ നിറം വര്‍ദ്ധിക്കുകയും അദ്ദേഹത്തിന്‍റെ കൂടുതല്‍ ചിന്തയും ഇസ്ലാമിക ലോകത്തിന്‍റെ രാഷ്ട്രീയ പുരോഗതിയിലേക്കും ബ്രിട്ടീഷ് സാമ്രാജ്യത്തെ ഇല്ലാതാക്കുന്നതിലേക്കും തിരിച്ചുവിട്ടു. അദ്ദേഹത്തിന്‍റെ ശിഷ്യന്‍ മുഫ്തി മുഹമ്മദ് അബ്ദു രാഷ്ട്രീയ ശൈലി ഉപേക്ഷിച്ചെങ്കിലും പ്രതിരോധത്തിന്‍റെ രീതിയാണ് സ്വീകരിച്ചത്. കൂടാതെ സര്‍ സയ്യിദ് അഹ്മദ് ഖാനെ പോലെ ഇസ്ലാമിന്‍റെ ചില അംഗീകൃത ആദര്‍ശങ്ങളില്‍ ദുര്‍വ്യാഖ്യാനങ്ങള്‍ നടത്തുകയും ചെയ്തു. സത്യവാഹകരായ പണ്ഡിതര്‍ ഇതിനെ ഒരിക്കലും അംഗീകരിക്കുന്നതല്ല. 
ഇതിനിടയില്‍ അല്‍ ഇഖ്വാനുല്‍ മുസ്ലിമൂന്‍ പ്രസ്ഥാനം വലിയ പ്രതീക്ഷകള്‍ നല്‍കി മുന്നേറി. അത് ശരിയായ നിലയിലും പ്രകൃതിപരമായും തുടര്‍ന്നിരുന്നുവെങ്കില്‍ കുറഞ്ഞ പക്ഷം, മധ്യപൂര്‍വ്വ രാഷ്ട്രങ്ങളില്‍ ഇസ്ലാമിന്‍റെ രണ്ടാം തിരിച്ച് വരവ് സാധ്യമാകുമായിരുന്നു. പക്ഷെ, ഒരു ഭാഗത്ത് ഈ പ്രസ്ഥാനത്തിന്‍റെ നേതാക്കള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് സമയത്തിന് മുമ്പായി പ്രവേശിച്ചു. മറുഭാഗത്ത് അറേബ്യന്‍ ദേശീയ വാദികളും സോഷ്യലിസ്റ്റുകളും അധികാരികളായതിനാല്‍ ഈ പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ സര്‍വ്വശക്തിയും വിനിയോഗിക്കുകയുണ്ടായി. 
ഇന്ത്യാ ഉപഭൂഖണ്ഡത്തിലും പാശ്ചാത്യ സംസ്കാരങ്ങള്‍ക്കെതിരില്‍ പല പരിശ്രമങ്ങളും നടന്നു. മര്‍ഹൂം അക്ബര്‍ ഇലാഹാബാദി അദ്ദേഹത്തിന്‍റെ സ്വതസിദ്ധവും ഹാസ്യരൂപത്തിലുള്ളതും ആഴം നിറഞ്ഞതും ശക്തിയേറിയതുമായ കവിതകളിലൂടെ ഇതിന് നേരെ അമ്പുകള്‍ എയ്തു. അത് വലിയ സ്വീകാര്യത നേടുകയും ചെയ്തു. പക്ഷെ, പാശ്ചാത്യ സംസ്കാരത്തിന്‍റെ ശക്തമായ ഒഴുക്കിനെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ല. കൂടാതെ സൂചനാപരമായ ഹാസ്യ കവിതകളുടെ ആയുസ്സും ശക്തിയും പരിമിതവുമായിരിക്കും. മറ്റൊരു അനുഗ്രഹീത നാമം ഡോ. മുഹമ്മദ് ഇഖ്ബാലിന്‍റെതാണ്. കിഴക്കിന്‍റെ ഏറ്റവും വലിയ ചിന്തകനെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഇദ്ദേഹം പാശ്ചാത്യ സംസ്കാരങ്ങളെയും ചിന്തകളെയും ആഴത്തില്‍ പഠിക്കുകയും പരിപൂര്‍ണ്ണ ധൈര്യത്തോടെ ശക്തിയുക്തം വിമര്‍ശനങ്ങള്‍ നടത്തുകയും ചെയ്തു. പുത്തന്‍ തലമുറയില്‍ ഇഖ്ബാലിയ്യാത്ത് വലിയ സ്വാധീനം ചെലുത്തിയെങ്കിലും അദ്ദേഹത്തിന്‍റെ പരിശ്രമങ്ങള്‍ ഉപഭൂഖണ്ഡത്തില്‍ മാത്രം പരിമിതമായിരുന്നു. 
പണ്ഡിത വിഭാഗത്തില്‍ നിന്നും ക്ഷമാപണത്തിന്‍റെയും പ്രതിരോധത്തിന്‍റെയും ശൈലി മാറ്റി വെച്ച് ഇസ്ലാമിന്‍റെ ശക്തമായ ഭാഷയിലും ശൈലിയിലും പാശ്ചാത്യ സംസ്കാര ചിന്തകളെ ഏറ്റവും ആദ്യമായി കടന്നക്രമിച്ച വ്യക്തിത്വം മൗലാനാ സയ്യിദ് അബുല്‍ അഅ്ലാ മൗദൂദിയായിരുന്നു. രചനകളിലൂടെ രംഗത്തിറങ്ങിയ അദ്ദേഹത്തിന്‍റെ ശൈലി ആത്മ വിശ്വാസവും അതി ശക്തിയും നിറഞ്ഞതായിരുന്നു. ആരംഭ കാലത്ത് ഇസ്ലാമിക രാഷ്ട്രീയ വിഷയങ്ങളെ കുറിച്ച് ആനുകാലികങ്ങളില്‍ ഉജ്ജ്വല ലേഖനങ്ങള്‍ എഴുതിയ അദ്ദേഹം ഇന്ത്യയിലെ ഇസ്ലാം സ്നേഹികള്‍ക്കിടയില്‍ വലിയ സ്വീകാര്യത കരസ്ഥമാക്കി. അദ്ദേഹം ഇതേ വഴിയില്‍ ഉറച്ച് നിന്ന് മുന്നേറിയിരുന്നെങ്കില്‍ ചരിത്രം മറ്റൊന്നാകുമായിരുന്നു. പക്ഷെ, പില്‍ക്കാലത്ത് അദ്ദേഹം ദീനിന് പുത്തന്‍ വ്യാഖ്യാനവും വാചക ശൈലികളും അനാവശ്യ ചര്‍ച്ചകളും നടത്തിക്കൊണ്ട് പരിധി ലംഘിച്ചപ്പോള്‍ അവസ്ഥകള്‍ മാറിമറിഞ്ഞു. ഒരു കാലത്ത് അദ്ദേഹത്തെ സ്നേഹിച്ചാദരിച്ചവര്‍ പോലും ഈ വിഷയത്തില്‍ അദ്ദേഹത്തില്‍ നിന്നും അകന്നു. ഉപഭൂഖണ്ഡത്തില്‍ സത്യത്തിന്‍റെ വക്താക്കളായി അറിയപ്പെടുന്ന ദേവ്ബന്ദ് ഉലമാഅ് പരസ്യമായി അദ്ദേഹത്തെ കുറിച്ച് നിരൂപണ-വിമര്‍ശനങ്ങള്‍ നടത്തി. 
ഇത്തരം ഒരു സാഹചര്യത്തില്‍ ഇസ്ലാമിക ലോകം ഒരു വ്യക്തിത്വത്തെ ന്യായമായും പ്രതീക്ഷിച്ചു. അതെ, ഒരു ഭാഗത്ത് ആഴമേറിയ വീക്ഷണവും സമഗ്രമായ പഠനവും വിശാലമായ ചിന്തയും മധ്യമ സന്തുലിതത്വങ്ങളും ഹൃദയ വേദനയും ഇസ്ലാമിക ലോകത്തിന്‍റെ ഔദ്യോഗിക ഭാഷയായ അറബിയില്‍ ഉജ്ജ്വല ശേഷിയും നിറഞ്ഞ ഒരു വ്യക്തിത്വം.! മറുഭാഗത്ത് ആത്മാര്‍ത്ഥത, ഉദ്ദേശശുദ്ധി, ഇലാഹീ ബന്ധം, നബവീ സ്നേഹം, ഭൗതിക വിരക്തി, ഭയഭക്തി തുടങ്ങിയ ആത്മീയ ഗുണങ്ങളില്‍ മുന്‍ഗാമികളുടെ മാതൃകയായ ഒരു മഹാ പുരുഷന്‍.!! അല്ലാഹുവിന്‍റെ അളവറ്റ ഔദാര്യം കൊണ്ട് ഹസ്രത്ത് മൗലാനായില്‍ അല്ലാഹു ഈ ഗുണങ്ങള്‍ സമൃദ്ധമായും സാരസമ്പൂര്‍ണ്ണമായും സമ്മേളിപ്പിച്ചു. 

അല്ലാമാ നദ്വിയുടെ പരിശ്രമങ്ങളുടെ കേന്ദ്രബിന്ദു.! 
ഹസ്രത്ത് മൗലാനാ ആദ്യം സമൂഹങ്ങളുടെ ഉത്ഥാന-പതനങ്ങളുടെ ചരിത്രം ഉള്‍ക്കാഴ്ചയുള്ള കണ്ണുകള്‍ കൊണ്ട് പഠനം നടത്തി. മയമുള്ള മനസ്സിന്‍റെ വക്താക്കളായ പൗരസ്ത്യ ദേശങ്ങളുടെയും കുശാഗ്ര ബുദ്ധിക്കാരും തന്ത്രശാലികളുമായ പാശ്ചാത്യരുടെയും അവസ്ഥകള്‍ ശരിയായി ഗ്രഹിക്കുകയും കാലഘട്ടത്തിന്‍റെ പിടയ്ക്കുന്ന ഞരമ്പില്‍ കൈ വെയ്ക്കുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹസ്രത്ത് മൗലാനാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 
പാശ്ചാത്യരുടെ ധൈഷണിക-സംസ്കാര-നാഗരിക കടന്നുകയറ്റങ്ങള്‍ക്ക് മുഴുവന്‍ മുസ്ലിം ലോകവും ഇരയായിരുന്നു. വിശിഷ്യാ, അറബ് ലോകം അവരുടെ അക്രമങ്ങള്‍ക്കടിയില്‍ ഞെരിഞ്ഞമര്‍ന്നു. ഇവിടെ പാശ്ചാത്യ ലോകത്തിന്‍റെ കുഴപ്പങ്ങള്‍ തുറന്ന് പറയേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമായി. മുസ്ലിം ലോകം മുഴുവനും കൈപ്പിടിയിലമര്‍ത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെയും പാശ്ചാത്യ സംസ്കാരത്തിന്‍റെയും പ്രതിഫലനങ്ങള്‍ വളരെ ആഴവും പരപ്പുമുള്ളതായിരുന്നു. മൗലാനാ മുസ്ലിം ലോകത്തെ മുഴുവന്‍ രാജ്യങ്ങളുടെയും അവസ്ഥകള്‍ പഠനം നടത്തി. തുടര്‍ന്ന് ഓരോ രാജ്യങ്ങളോടും അവരുടെ നന്മകളെല്ലാം തുറന്ന് സമ്മതിച്ചുകൊണ്ട് തന്നെ അവരുടെ തെറ്റുകുറ്റങ്ങള്‍ ശക്തമായ ഭാഷയിലും വ്യക്തമായ ശൈലിയിലും ഉണര്‍ത്തി. അതില്‍ അവരുടെ മാനസിക വികാരങ്ങളെ പ്രത്യേകം പരിഗണിച്ചിരുന്നു. മൗലാനാ അവരുടെ നെഞ്ചുകളുടെ കവാടങ്ങള്‍ തട്ടിയുണര്‍ത്തി. അവരുടെ ആത്മ ബോധത്തെ പിടിച്ചുകുലുക്കുകയും ഗാഢനിദ്രയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ ആഹ്വാനം നടത്തുകയും ചെയ്തു. മൗലാനായുടെ ശബ്ദം അവര്‍ക്ക് അപരിചിതമായിരുന്നെങ്കിലും ഇത് ഒരു ഹൃദയത്തിന്‍റെ വിളിയായിരുന്നു. അത് കൊണ്ട് തന്നെ സുമനസ്സുകളുടെ മനസ്സുകളിലേക്ക് അത് ഇറങ്ങുകയും അവര്‍ ഇരുകരങ്ങളും നീട്ടി മൗലാനായെ സ്വീകരിക്കുകയും ചെയ്തു. ഇത് അവരുടെ ഇസ്ലാമിക ഉണര്‍വ്വിന്‍റെ തുടക്കമായിരുന്നു. ശേഷം അവരുടെ ചിന്താ ശൈലികള്‍ മാറിത്തുടങ്ങി. പാശ്ചാത്യ സംസ്കാരത്തിന്‍റെ കാര്‍മേഘങ്ങള്‍ നീങ്ങി. മൗലാനായുടെ ചിന്തയെ സ്വതന്ത്രമായി വിട്ടാല്‍ പാശ്ചാത്യ സംസ്കാരത്തിന് അപകടകരമായി മാറുമെന്ന് ചിലര്‍ വിലയിരുത്തി. ബ്രിട്ടണിലെ ചില കേന്ദ്രങ്ങളില്‍ മൗലാനായുടെ രചനകള്‍ നിരോധിക്കപ്പെടുകയും ചെയ്തു. 
പക്ഷെ മൗലാനാ ഈ പ്രവര്‍ത്തനവുമായി മുമ്പോട്ട് നീങ്ങി. ഇത് ലോകം മുഴുവന്‍ പരിവര്‍ത്തനമുണ്ടാക്കി. ഇസ്ലാമിന്‍റെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക് മുമ്പില്‍ അനാവരണം ചെയ്യപ്പെട്ടു. സത്യവിശ്വാസം കൊണ്ട് ജനമനസ്സുകള്‍ പ്രകാശിച്ചു. ഈ ലോകത്തിന്‍റെ നന്മയ്ക്ക് മുസ്ലിംകള്‍ ഒരു പ്രധാന ഘടകമാണെന്നും മുസ്ലിംകളുടെ പുരോഗതിയിലാണ് ലോകത്തിന്‍റെ യഥാര്‍ത്ഥ പുരോഗതിയെന്നും ഇസ്ലാമിക സന്ദേശങ്ങള്‍ മൊത്തത്തില്‍ അവഗണിക്കപ്പെട്ടാല്‍ ലോകത്തിന് മുഴുവന്‍ നാശമാണെന്നും ലോകം തിരിച്ചറിഞ്ഞു. മൗലാനായുടെ ഈ ചിന്താ പ്രബോധനങ്ങളിലൂടെ ജനങ്ങള്‍ക്ക് ആത്മധൈര്യം ഉണ്ടായിത്തീര്‍ന്നു. കൂട്ടത്തില്‍ ജനമനസ്സുകളില്‍ മൗലാനായും ആദരണീയനായി. അടുത്ത കാലത്ത് മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്ത സ്വീകാര്യതയും സ്നേഹാദരവുകളും മുസ്ലിം ലോകത്ത് മൗലാനായ്ക്ക് ലഭിച്ചു. 

സല്‍ ഗുണങ്ങള്‍ സമ്മേളിച്ച വ്യക്തിത്വം.! 
മുസ്ലിം ലോകത്തുള്ള മൗലാനായുടെ സ്വീകാര്യതയുടെ അടിസ്ഥാന കാരണം ഉപരിസൂചിത നവോത്ഥാന പരിശ്രമമയിരുന്നെങ്കിലും മൗലാനായുടെ സര്‍വ്വ സമ്പൂര്‍ണ്ണതയും സമുന്നത സ്വഭാവവും ശരിയായ ചിന്തയും എല്ലാവരെയും ഐക്യപ്പെടുത്താനും യോജിപ്പിലാക്കാനുമുള്ള ആത്മാര്‍ത്ഥ ആഗ്രഹവും ഇതില്‍ വലിയ പങ്ക് വഹിച്ചു. മൗലാനാ പ്രബോധനത്തില്‍ നിന്നും ആരെയും മാറ്റി നിര്‍ത്തിയില്ല. പാവങ്ങളുടെ പടിവാതിലുകളിലേക്കും സമ്പന്നരുടെ മനസ്സുകളിലേക്കും വിദ്യാസമ്പന്നരുടെ മേഖലകളിലേക്കും മൗലാനാ കടന്നുചെന്നു. 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മഹനീയ സ്വഭാവ ഗുണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മൗലാനാ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മയമായ പ്രകൃതി, വിനയം, ഗുണകാംക്ഷ, സദ്ഭാവന, ഹൃദയ വേദന, ലക്ഷ്യ പൂര്‍ത്തീകരണത്തിനുള്ള ആഗ്രഹം, ത്യാഗ മനസ്ഥിതി, നിരന്തര കര്‍മ്മം, കാര്യബോധം, ഉന്നതലക്ഷ്യം ഇവ പ്രത്യേക ഗുണങ്ങളായിരുന്നു. നന്മയുടെ വഴിയില്‍ പരിശ്രമിക്കുന്ന എല്ലാ സംഘങ്ങളെയും വ്യക്തികളെയും ആദരിച്ചിരുന്നു. ആരുടെയെങ്കിലും മനസ്സ് വേദനിപ്പിക്കുന്നത് കടുത്ത കുറ്റമായി കണ്ടിരുന്നു. വിശാല വീക്ഷണത്തോടൊപ്പം നേര്‍വഴിയിലുള്ള അടിയുറപ്പില്‍ യാതൊരു ചാഞ്ചല്യവും കാണിച്ചിരുന്നില്ല. സലഫുസ്വാലിഹീങ്ങളുടെ സരണിയില്‍ നിന്നും അല്പം പോലും മാറാനും ഒറ്റപ്പെട്ട അഭിപ്രായങ്ങള്‍ ഉയര്‍ത്താനും മൗലാനാ ഒരിക്കലും തയ്യാറായിട്ടില്ല. ഇസ്ലാമിക സന്ദേശങ്ങളും അദ്ധ്യാപനങ്ങളും തീര്‍ത്തും സത്യമാണ്, ഇത് സര്‍വ്വ സ്ഥല-കാലങ്ങളിലേക്കും ഉള്ളതാണ് എന്നിവ മൗലാനായുടെ പ്രധാന ഉദ്ബോധനങ്ങളായിരുന്നു. ലോകം മുഴുവന്‍ ഈ ഉദ്ബോധനം പരക്കുകയും ചെയ്തു. തദ്ഫലമായി മുഴുവന്‍ മുസ്ലിം ലോകത്തും മൗലാനാ എല്ലാവരും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിത്വമായി. ശരിയായ ചിന്തയുള്ള സര്‍വ്വ പ്രസ്ഥാനങ്ങളും പ്രവര്‍ത്തനങ്ങളും സ്ഥാപനങ്ങളും മൗലാനായുടെ പങ്കാളിത്തവും നേതൃത്വവും അഭിമാനമായി കണ്ടിരുന്നു. വൈജ്ഞാനിക കേന്ദ്രങ്ങള്‍, പ്രബോധന ചിന്താ പ്രസ്ഥാനങ്ങള്‍, ആത്മ സംസ്കരണ സരണികള്‍, അറബികള്‍-അനറബികള്‍ എല്ലാവരുടെയും കാര്യങ്ങളില്‍ മൗലാനാ ഒരു അംഗം മാത്രമായിരുന്നില്ല, എല്ലാവരും മൗലാനായെ അദ്ധ്യക്ഷനായി തന്നെ കണ്ടിരുന്നു. 

സ്വീകാര്യതയുടെ ഘടകങ്ങള്‍.! 
മുജദ്ദിദ്-മുസ്ലിഹുകളുടെ ചരിത്രം വിലയിരുത്തിയാല്‍ മൂന്ന് ഗുണങ്ങളാണ് അവരുടെ സ്വീകാര്യതയുടെ അടിസ്ഥാന ഘടകങ്ങള്‍ എന്ന് മനസ്സിലാകുന്നതാണ്. ഒന്ന്, പിതാമഹന്മാരുടെ മഹത്വങ്ങള്‍. പ്രത്യേകിച്ചും അവര്‍ ഭയഭക്തരും സൂക്ഷ്മതയുള്ളവരുമായിരിക്കും. നിഷിദ്ധമായത് എന്നല്ല സംശയാസ്പദമായ ആഹാരങ്ങളില്‍ നിന്ന് പോലും അവര്‍ സൂക്ഷ്മത പുലര്‍ത്തുന്നതാണ്. രണ്ട്, ഉത്തമ ശിക്ഷണത്തിന്‍റെ അന്തരീക്ഷം. ഇതിന് ഉപയുക്തമായ മാതാ-പിതാക്കളെയും ഗുരുനാഥന്മാരെയും ഇവര്‍ക്ക് ലഭിക്കുന്നതാണ്. മൂന്ന്, സ്വന്തം ആഗ്രഹവും പരിശ്രമവും. 
ഹസ്രത്ത് മൗലാനായുടെ ജീവിതത്തില്‍ ഈ മൂന്ന് കാര്യങ്ങളും അല്ലാഹു സമൃദ്ധമായി കനിഞ്ഞരുളിയിരുന്നു. കുടുംബം മുഴുവന്‍ വിജ്ഞാനത്തോടൊപ്പം ഭയഭക്തിയിലും ആത്മ സംതൃപ്തിയിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആദരണീയ പിതാവ് അല്ലാമാ സയ്യിദ് അബ്ദുല്‍ ഹയ്യ് ഹസനി രണ്ട് കാര്യങ്ങള്‍ അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു: ഒന്ന്, ആരുടെയെങ്കിലും മനസ്സ് വേദനിപ്പിക്കുന്നതില്‍ നിന്നും വളരെയധികം സൂക്ഷിച്ചിരുന്നു. രണ്ട്, സംശയാസ്പദമായ സമ്പത്ത് അല്പം പോലും വീട്ടില്‍ കടക്കാതിരിക്കാന്‍ അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു. മാതൃപിതാവ് ശാഹ് സിയാഉന്നബി കാലഘട്ടത്തിലെ സമുന്നത ആരിഫും മഹത്വങ്ങളും നിറഞ്ഞ വ്യക്തിയുമായിരുന്നു. അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥതയും അടിയുറപ്പും കുടുംബത്തില്‍ മുഴുവന്‍ പ്രസിദ്ധമായിരുന്നു. ഹസ്രത്ത് മൗലാനായുടെ മനസ്സിലും മസ്തിഷ്കത്തിലും സ്വാഭാവികമായും ഇത് പ്രതിഫലിച്ചു. കൂടാതെ കുടുംബത്തിലെ ചരിത്ര പുരുഷന്മാരെ കുറിച്ചുള്ള അനുസ്മരണം കുടുംബത്തിനിടയില്‍ ധാരാളമായി നടന്നിരിക്കും. അക്കൂട്ടത്തില്‍ സയ്യിദ് അഹ്മദ് ശഹീദിന്‍റെ വ്യക്തിത്വം മൗലാനായില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. 
അനുകൂലമായ സാഹചര്യത്തിന്‍റെ വിഷയത്തിലും മൗലാനാ വളരെ സമ്പന്നനായിരുന്നു. ആദരണീയ പിതാവ് ഒമ്പത് വയസ്സ് വരെയും കൂട്ടത്തിലുണ്ടായിരുന്നു. തുടര്‍ന്ന് സമുന്നതനായ ജേഷ്ഠ സഹോദരന്‍ മൗലാനാ ഡോ. അബ്ദുല്‍ അലി സാഹിബ് മുഴുവന്‍ ശിക്ഷണങ്ങളും ഏറ്റെടുത്തു. വിദ്യാഭ്യാസ ശിക്ഷണങ്ങളുടെ വിഷയത്തില്‍ അദ്ദേഹത്തിന് പ്രത്യേക അഭിരുചി തന്നെയുണ്ടായിരുന്നു. ഒരു ഭാഗത്ത് മുസ്ലിംകളുടെ അവസ്ഥകളെ ആഴത്തില്‍ മനസ്സിലാക്കിയിരുന്നു. അതിന്‍റെ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. മറുഭാഗത്ത് ഇസ്ലാമിനെ പ്രചരിപ്പിക്കുകയും പരിചയപ്പെടുത്തുന്നതിനെ കുറിച്ചും വലിയ ചിന്തയായിരുന്നു. ഈ രണ്ട് കാര്യങ്ങള്‍ക്കും അനുയോജ്യമായ നിലയില്‍ ജേഷ്ഠന്‍ മൗലാനായെ വളര്‍ത്തിയെടുത്തു. ഡോ. സ്വന്തമായ അദ്ധ്യാപനങ്ങള്‍ നടത്തുന്നതിനോട് കൂടി മൗലാനായെ അറബി ഭാഷയും സാഹിത്യവും പഠിപ്പിക്കുന്നതിന് ഈ വിഷയത്തിലെ വളരെ ഉയര്‍ന്ന വ്യക്തിത്വമായ ശൈഖ് ഖലീല്‍ അറബിനെയും ഹദീസ് പഠനത്തിന് ഇമാമുല്‍ മുഹദ്ദിസീന്‍ ശൈഖ് ഹുസൈന്‍ ജമാലിയുടെ പ്രധാന ശിഷ്യന്‍ അല്ലാമാ ഹൈദര്‍ ഹസന്‍ ഖാനെയും തെരഞ്ഞെടുത്തു. ആത്മ സംസ്കരണത്തിന് മൗലാനാ അഹ്മദ് അലി ലാഹോരിയുമായി ബന്ധപ്പെടുന്നതിന് ലാഹോരിലേക്ക് അയച്ചു. കൂട്ടത്തില്‍ ഇംഗ്ലീഷ് ഭാഷ നന്നായി പഠിപ്പിച്ചു. ദഅ്വത്ത്-തബ്ലീഗിന്‍റെ മേഖലയില്‍ മൗലാനാ മുഹമ്മദ് ഇല്‍യാസിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചു. ആഗോള പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും മൗലാനായുടെ വിദേശ യാത്രകള്‍ക്കിടയില്‍ കത്തുകളിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്തു. 
മൂന്നാമത്തെ മഹത്ഗുണമായ സ്വന്തം ആഗ്രഹങ്ങളുടെയും ത്യാഗ പരിശ്രമങ്ങളുടെയും വിഷയത്തില്‍ മൗലാനായുടെ ജീവിതം മുഴുവന്‍ ഉത്തമ മാതൃകയായിരുന്നു. എത്ര വലിയ സ്ഥാനത്തെത്തിയിട്ടും ത്യാഗ പരിശ്രമങ്ങള്‍ നിര്‍ത്തിക്കളയാതെ അതേ ആഗ്രഹ-ആവേശങ്ങളോടെ മുന്നോട്ട് നീങ്ങി. ഇടയില്‍ വളരെ പ്രയാസകരമായ പല പ്രശ്നങ്ങളും വന്നു. പലരും വിമര്‍ശന-ആക്ഷേപങ്ങള്‍ അഴിച്ച് വിട്ടു. അടുത്തുണ്ടായിരുന്ന ചിലര്‍ മാറിപ്പോയി. പക്ഷെ യാത്രികന്‍ യാത്ര തുടരുകയും ജീവിതത്തിന്‍റെ അവസാനം വരെ മുന്നോട്ട് നീങ്ങുകയും ചെയ്തു. 
ഈ മൂന്ന് അടിസ്ഥാന ഗുണങ്ങള്‍ കൂടാതെ ഹസ്രത്ത് മൗലാനായ്ക്ക് അപൂര്‍വ്വമായ മറ്റൊരു അനുഗ്രഹം കൂടി അല്ലാഹു കനിഞ്ഞരുളി: ആദരണീയ മാതാവിന്‍റെ ഹൃദയാന്തര്‍ഭാഗത്ത് നിന്നുമുള്ള ദുആകള്‍. ധാരാളം ദുആകള്‍ ചെയ്തിരുന്ന അവരുടെ ദുആയില്‍ ഏറ്റവും കൂടുതല്‍ മകന്‍റെ നന്മയ്ക്ക് വേണ്ടിയുള്ളതായിരുന്നു. ഇതിന്‍റെ വിവരണം പിന്നീട് വരുന്നതാണ്. ചുരുക്കത്തില്‍ മൗലാനായുടെ വ്യക്തിത്വ രൂപീകരണത്തില്‍ മാതാവിന്‍റെ പങ്ക് സുപ്രധാനമാണ്. ഈ നാല് ഘടകങ്ങളിലൂടെയാണ് മൗലാനായുടെ വ്യക്തിത്വം ഉരുത്തിരിഞ്ഞ് വന്നത്. യഥാര്‍ത്ഥത്തില്‍ ഇത് അല്ലാഹുവിന്‍റെ പ്രത്യേക ഔദാര്യം കൂടിയാണ്. അല്ലാഹു ആരെയെങ്കിലും അവന്‍റെ ജോലികള്‍ക്ക് വേണ്ടി തെരഞ്ഞെടുക്കുമ്പോള്‍ അതിന് അനുകൂലമായ ഘടകങ്ങളും സാഹചര്യങ്ങളും തയ്യാറാക്കുന്നതാണ്. അല്ലാഹുവിന്‍റെ ഔദാര്യവും അവനുദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്നു. അല്ലാഹു വലിയ ഔദാര്യമുള്ളവനാണ്.

*******************

സയ്യിദ് ഹസനി അക്കാദമി
ദാറുല്‍ ഉലൂം, ഓച്ചിറ

ബഹുമാന്യരെ, പ്രയോജനപ്രദമായ രചനകളുടെ പ്രസിദ്ധീകരണത്തിനും പ്രചാരണത്തിനും വേണ്ടി ആദരണീയ പ്രബോധകൻ മൗലാനാ സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി സ്ഥാപിച്ച ഒരു കേന്ദ്രമാണ് സയ്യിദ് ഹസനി അക്കാദമി. പടച്ചവന്റെ അനുഗ്രഹത്താൽ ചെറുതും വലുതുമായ ധാരാളം രചനകൾ ഇതിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ ഇതിന്റെ പ്രചാരണം വേണ്ട നിലയിൽ ആയിട്ടില്ല. അതിനുവേണ്ടി ഓരോ മാസവും ഓരോ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. റബീഉല്‍ ആഖര്‍ മാസം കൊല്ലം ജില്ലയിലാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. സുമനസ്സുകളായ സഹോദരങ്ങൾ വീടുകളിലും ഇതര സ്ഥാപനങ്ങളിലും ചെറിയ ഒരു ലൈബ്രറി സ്ഥാപിച്ച് അക്കാദമിയുടെ രചനകൾ പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരെ പരിചയപ്പെടുത്തുകയും വിവാഹ വേളകളിലും മറ്റും ഉപഹാരം നൽകുകയും ചെയ്താൽ ഇത് വളരെ എളുപ്പമായ നിലയിൽ നടക്കുന്നതാണ്. ബുക്ക് സ്റ്റാളുകളും പർദ്ദ സ്റ്റാളുകളും നടത്തുന്ന സഹോദരങ്ങളെ പ്രേരിപ്പിച്ചാലും ഈ പ്രവർത്തനം പ്രയോജനപ്രദമായി നടക്കുന്നതാണ്. മാന്യ അനുവാചകർ ഈ വഴിയിൽ പരിശ്രമിക്കുകയും നിർമ്മാണാത്മ അഭിപ്രായങ്ങൾ നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ. 


പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി



ഞങ്ങളുടെ കേന്ദ്ര സ്ഥാപനം

 





 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌