വിവാഹം
 വിശേഷാൽ പതിപ്പ്‌ 

ഇപ്രാവശ്യത്തെ സന്ദേശം വെള്ളിയാഴ്ച പതിപ്പ് വിവാഹവുമായി ബന്ധപ്പെട്ട പ്രധാന രചനകളുടെ സമാഹാരമാണ്. മാന്യ അനുവാചകർ ഇതിനെ പ്രയോജനപ്പെടുത്താനും വിശിഷ്യാ വിവാഹത്തിലേക്ക് പ്രവേശിക്കുന്ന പ്രിയപ്പെട്ട മക്കൾക്കും ബന്ധുക്കൾക്കും എത്തിച്ച് കൊടുക്കാനും അഭ്യർത്ഥിക്കുന്നു. വെള്ളിയാഴ്ച  പതിപ്പിലെ ഇതര പക്തികൾ അടുത്ത വെള്ളിയാഴ്ചകളിൽ പ്രസിദ്ധീകരിക്കപ്പെടുന്നതാണ്. പഠിക്കാനും പകർത്താനും പ്രചരിപ്പിക്കാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നു.


▪️മുഖലിഖിതം
ഐശ്വര്യപൂർണ്ണമായ വിവാഹം
✍️ശൈഖ് അബ്ദുൽ മുഹ്‌സിൻ അൽ ഖാസിം
ഇമാം മസ്ജിദുന്നബവിയ്യുശ്ശരീഫ്

▪️ജുമുഅ സന്ദേശം 
വിവാഹവും പ്രവാചക ചര്യയും
✍️ ഡോ: സഊദ് ആലം ഖാസിമി
(മെമ്പര്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്, എഡിറ്റര്‍ തഹ്ദീബുല്‍ അഖ്ലാഖ് മാസിക അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി)

▪️മആരിഫുല്‍ ഖുര്‍ആന്‍ 
പടച്ചവനിലേക്ക് നിഷ്കളങ്കമായി 
ഖേദിച്ച് മടങ്ങുക
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️മആരിഫുല്‍ ഹദീസ്
ഭാര്യ ഭർത്താക്കന്മാരുടെ പരസ്പര കടമകൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ ലേഖനം
നികാഹിന് മുൻപ് റസൂലുല്ലാഹി 
നടത്തിയിരുന്ന ഖുതുബ:
✍️ അല്ലാമാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി

▪️ ലേഖനം
വധൂവരന്മാർ പാലിക്കേണ്ട ഏതാനും കാര്യങ്ങൾ
✍️ ശൈഖ് ദുൽഫിഖാർ നഖ്ശബന്ദി

▪️ ലേഖനം
ഇസ്ലാമിലെ കുടുംബ വ്യവസ്ഥിതി
✍️ അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി

▪️ നികാഹ് നാമ (വിവാഹ പ്രതിജ്ഞാ പത്രം)
ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്‌





സമർപ്പണം

വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്ന പ്രിയപ്പെട്ട മക്കൾക്ക്, 

പടച്ചവൻ നിങ്ങളുടെ മേൽ സർവ്വവിധ അനുഗ്രഹ ഐശ്വര്യങ്ങളും വർഷിപ്പിക്കട്ടെ. 

بَارَكَ اللهُ لَكَ وَبَارَكَ عَلَيْكَ وَجَمَعَ بَيْنَكُمَا بِالْخَيْر

വരൂ, നാം ഏവർക്കും താഴെ കൊടുക്കുന്ന നബവീ ദുആകൾ പതിവാക്കാനും അതനുസരിച്ച് ജീവിക്കാനും പരിശ്രമിക്കാം.

اللَّهُمَّ أَلِّفْ بَيْنَ قُلُوبِنَا وَأَصْلِحْ ذَاتَ بَيْنِنَا وَاهْدِنَا سُبُلَ السَّلَامِ وَنَجِّنَا مِنَ الظُّلُمَاتِ إِلَى النُّورِ وَجَنِّبْنَا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَبَارِكْ لَنَا فِي اَسْمَاعِنَا وَأَبْصَارِنَا وَقُلُوبِنَا وَأَزْوَاجِنَا وَذُرِّيَّاتِنَا وَتُبْ عَلَيْنَا إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ

അല്ലാഹുവേ ഞങ്ങളുടെ മനസ്സുകൾക്കിടയിൽ യോജിപ്പ് നൽകുകയും ഞങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുകയും ഞങ്ങളെ രക്ഷാമാർഗ്ഗത്തിലൂടെ നയിക്കുകയും ഇരുളുകളിൽ നിന്നും പ്രകാശത്തിലേക്ക് രക്ഷിക്കുകയും ചെയ്യേണമേ! രഹസ്യവും പരസ്യവുമായ മോശത്തരങ്ങളിൽ നിന്നും ഞങ്ങളെ കാത്ത് രക്ഷിക്കേണമേ! ഞങ്ങളുടെ കേഴ്‌വി കാഴ്ച ഹൃദയം ഇണകൾ സന്താനങ്ങൾ ഇവയിൽ ഐശ്വര്യം നൽകേണമേ! ഞങ്ങളുടെ പശ്ചാതാപം സ്വീകരിക്കേണമേ! നീ വളരെയധികം പശ്ചാതാപം സ്വീകരിക്കുന്നവനും കരുണ കാട്ടുന്നവനുമാണ്.

اللهمَّ إِنَّي أسألُكَ خشْيَتَكَ في الغيبِ والشهادَةِ، و أسأَلُكَ كَلِمَةَ الْحَقِّ فِي الرِّضَا والغضَبِ، وأسألُكَ القصدَ في الفقرِ والغِنَى، وأسألُكَ نعيمًا لَا ينفَدُ، و أسالُكَ قرَّةَ عينٍ لا تنقَطِعُ، وأسألُكَ الرِّضَى بعدَ القضاءِ، وأسألُكَ برْدَ العيشِ بعدَ الموْتِ، وأسألُكَ لذَّةَ النظرِ إلى وجهِكَ، والشوْقَ إلى لقائِكَ في غيرِ ضراءَ مُضِرَّةٍ، ولا فتنةٍ مُضِلَّةٍ، اللهم زيِّنَّا بزينَةِ الإيمانِ، واجعلنا هُداةً مهتدينَ (النسائي، وأحمد)

അല്ലാഹുവേ നിന്റെ അദൃശ്യ ജ്ഞാനത്തെയും സൃഷ്ടികളുടെ മേലുള്ള കഴിവിനെയും മുൻനിർത്തി ഞാൻ നിന്നോട് അപേക്ഷിക്കുന്നു, എനിക്ക് ജീവിതം നന്മയായ കാലം നീ എന്നെ ജീവിപ്പിക്കേണമേ! എനിക്ക് മരണം ഉത്തമമായ സമയത്ത് എന്നെ മരിപ്പിക്കേണമേ. രഹസ്യത്തിലും പരസ്യത്തിലും നിന്നെ ഭയപ്പെടാനും തൃപ്തിയിലും ദേഷ്യത്തിലും ആത്മാർത്ഥതയുടെ വാചകങ്ങൾ പറയാനുമുള്ള സൗഭാഗ്യം ഞാൻ നിന്നോട് ഇരക്കുന്നു. അവസാനിക്കാത്ത സുഖവും നിലയ്ക്കാത്ത കൺകുളിർമ്മയും ഞാൻ നിന്നോട് അപേക്ഷിക്കുന്നു. വിധിയിലുള്ള സംതൃപ്തിയും മരണത്തിന് ശേഷമുള്ള ശീതള ജീവിതവും നിന്റെ വദനത്തിലേക്ക് നോക്കി സുഖിക്കാനുള്ള സൗഭാഗ്യവും നിന്റെ തിരുദർശനത്തിലേക്കുള്ള ആഗ്രഹവും ഞാൻ നിന്നോട് ഇരക്കുന്നു. ബുദ്ധിമുട്ടിക്കുന്ന എല്ലാ പ്രയാസങ്ങളിൽ നിന്നും വഴി കെടുത്തുന്ന പരീക്ഷണത്തിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ ഈമാനിന്റെ അലങ്കാരം കൊണ്ട് ഞങ്ങളെ നീ അലങ്കരിക്കേണമേ! ഞങ്ങളെ സന്മാർഗ്ഗികളും സന്മാർഗ്ഗ ദർശകരുമാക്കേണമേ!

പ്രിയപ്പെട്ട നവ ദമ്പതികളേ,

''അല്ലാഹു നിങ്ങളുടെ മേൽ ഐശ്വര്യം കനിയട്ടെ! നന്മയിലായി നിങ്ങളെ ഒരുമിച്ച് കൂട്ടട്ടെ!''

''അല്ലാഹുവേ, നിന്റെ അടിമകളായ ഈ വധൂ വരന്മാർക്കിടയിൽ നീ യോജിപ്പ് നൽകേണമേ! നിന്റെ ഉത്തമ ദാസരായ ഇബ്‌റാഹീം ഖലീൽ (അ), മുഹമ്മദ് മുസ്ത്വഫാ ﷺ അലിയ്യുൽ മുർതസാ رضي الله عنه മുതലായവരുടെയും നിന്റെ ഉന്നത ദാസികളായ സാറ: رضي الله عنها ഹാജർ رضي الله عنها ഖദീജ: رضي الله عنها ആഇശ: رضي الله عنها ഫാത്തിമ: رضي الله عنها തുടങ്ങിയവരുടെയും ഇടയിലുണ്ടായിരുന്ന യോജിപ്പും ഐക്യവും ഇവർക്കു നൽകേണമേ! ഇരുവരുടെയും മനസ്സുകളിൽ പരസ്പരം സ്‌നേഹം നിറയ്‌ക്കേണമേ! അതിലുപരി, നിന്നോടും നിന്റെ ദൂതരോടും ദീനിനോടുമുള്ള സ്‌നേഹാദരവുകൾ കനിയേണമേ! ദുൻയാവിന്റെ പരീക്ഷണ ശാലയിൽ ഇവരെ വിജയികളാക്കേണമേ! പ്രയാസങ്ങൾ എളുപ്പമാക്കേണമേ! എല്ലാ മുൾ പ്രദേശങ്ങളും ഇരുവർക്കു പൂവനവും നംറൂദിന്റെ തീക്കുണ്ഡങ്ങൾ ഖലീലിന്റെ സ്വർഗ്ഗവും ആക്കേണമേ!''


''അല്ലാഹുവേ, ഇന്നും എന്നും ഇവർക്കിടയിൽ സ്‌നേഹം നൽകേണമേ! ഓരോ ചുവടിലും ദുൻയാവിന്റെ ഫിത്‌നകളിൽ നിന്നും സംരക്ഷണം നൽകേണമേ! അല്ലാഹുവേ, ഇഹലോകത്തും ഇവരെ വിജയികളാക്കേണമേ! ഇഹലോകത്ത് ഐശ്വര്യത്തോടെ കഴിയാനും പ്രസന്നവദനത്തോടെ നിന്റെ അരികിലേക്ക് വരാനും നിന്റെ പ്രീതി സമ്പാദിച്ച് സ്വർഗ്ഗത്തിൽ കടക്കാനും ഇവർക്കും ഞങ്ങൾക്കും നീ തൗഫീഖ് നൽകേണമേ! ആമീൻ.''


*******


 മുഖലിഖിതം 

ഐശ്വര്യപൂർണ്ണമായ
വിവാഹം

ശൈഖ് അബ്ദുൽ മുഹ്‌സിൻ അൽ ഖാസിം
ഇമാം മസ്ജിദുന്നബവിയ്യുശ്ശരീഫ്


കുടുംബം സമൂഹത്തിന്റെ അടിത്തറയാണ്. അതിൽ നിന്നാണ് സമുദായങ്ങളും വിഭാഗങ്ങളും വിട്ടുപിരിയുന്നത്. കുടുംബത്തിന്റെ നാരായ വേര് ഇണകളാണ്. അല്ലയോ ജനങ്ങളേ, ഒരു പുരുഷനിൽ നിന്നും സ്ത്രീയിൽ നിന്നും നിങ്ങളെ നാം പടച്ചു. നിങ്ങൾ പരസ്പരം തിരിച്ചറിയുന്നതിന് നിങ്ങളെ ജനതകളും ഗോത്രങ്ങളുമായി നാം വീതിച്ചു. നിങ്ങളിൽ അല്ലാഹുവിങ്കൽ ഏറ്റവും ആദരണീയൻ ഏറ്റവും കൂടുതൽ ഭയഭക്തിയുള്ളവനാണ്. തീർച്ചയായിട്ടും അല്ലാഹു എല്ലാം അറിയുന്നവനും. സൂക്ഷ്മജ്ഞാനിയുമാകുന്നു.  (ഹുജറാത്ത് 13). അടിമകളുടെ ഇഹപര വിജയങ്ങളിൽ അധിഷ്ടിതമായ ഇസ്‌ലാമിക ശരീഅത്ത് വിവാഹത്തിലൂടെ ജീവിതത്തെ പരിശുദ്ധമായി നിലനിർത്താൻ യുവാക്കളെ പ്രേരിപ്പിക്കുന്നു. റസൂലുല്ലാഹി (സ) അരുളി: യുവ സമൂഹമേ, നിങ്ങളിൽ വൈവാഹിക ജീവിതത്തിന് കഴിവുള്ളവർ വിവാഹം കഴിച്ചുകൊള്ളട്ടെ. അത് കണ്ണിനെ നിയന്ത്രിക്കുന്നതും ഗുഹ്യഭാഗത്തെ സംരക്ഷിക്കുന്നതുമാണ്. ഇതിന് കഴിവില്ലാത്തവൻ നോമ്പ് പതിവാക്കട്ടെ. നോമ്പ് ജീവിതത്തിന് പരിചയാണ് (ബുഖാരി, മുസ്‌ലിം).

സമുന്നത സ്വഭാവവും ശാന്തതയുമുള്ളവരും ശബ്ദകോലാഹലങ്ങൾ നടത്താത്തവരും ഉപദ്രവങ്ങൾ ചെയ്യാത്തവരുമായ സുകൃത വനിതകളെ ഇണയായി തെരഞ്ഞെടുക്കാൻ ദീൻ പ്രേരിപ്പിക്കുന്നു. വരന്റെ വിഷയത്തിൽ മത ബോധവും സ്വഭാവ രീതികളും ശ്രദ്ധിക്കണമെന്നും ഉണർത്തുന്നു. വധൂവരന്മാരുടെ രഹസ്യങ്ങളെക്കുറിച്ച് ചോദിക്കാമെന്നും ചോദിക്കപ്പെടുന്നവർ വിശ്വസ്തതയോടെ കാര്യങ്ങൾ പറയണമെന്നും ഇസ്‌ലാം നിർദ്ദേശിക്കുന്നു. ന്യൂനതകൽ മറച്ചുവെക്കുന്നതും ഇല്ലാത്ത നന്മകൾ പറയുന്നതും ഒരുതരം വഞ്ചനയാണ്. 

ഒരു വിവാഹലോചന നടത്താൻ ഉറപ്പിച്ചാൽ ഈ പെൺകുട്ടിയുടെ അടുത്ത ബന്ധുവിന്റെ സമക്ഷത്തിൽ അവരെ കാണുന്നത് അനുവദനീയമാണ്. തദവസരം അലങ്കാര പ്രകടനങ്ങൾ കാട്ടാനും പാടില്ല. റസൂലുല്ലാഹി (സ) നിങ്ങൾ ഒരു സ്ത്രീയെ വിവാഹലോചന നടത്തുമ്പോൾ അവരുടെ വിവാഹത്തിലേക്ക് പ്രേരിപ്പിക്കുന്ന വല്ലതും കാണാൻ കഴിയുമെങ്കിൽ കാണേണ്ടതാണ്. (അബൂദാവൂദ്). വിവാഹത്തിന് മുമ്പ് വധൂവരന്മാർ തനിച്ചിരിക്കാനും ഫോണിലൂടെ ബന്ധപ്പെടാനും പരസ്പരം മോതിരം ധരിപ്പിക്കാനും സ്പർശിക്കാനും ഒരുമിച്ച് യാത്ര ചെയ്യാനും പാടില്ല. ഇവ പാപവും പിശാച് വഴിപിഴപ്പിക്കാൻ ഉപയോഗിക്കുന്ന കാര്യങ്ങളുമാണ്. ഇത്തരം തിന്മകൾ കാരണം ധാരാളം സുന്ദര സ്വപ്നങ്ങൾ തകർന്നുപോയിട്ടുണ്ട്. 

ഇസ്‌ലാം നീതിയുടെയും കാരുണ്യത്തിന്റെയും മതമാണ്. യുവാക്കളോട് വിവാഹം കഴിക്കാൻ കൽപ്പിക്കുകയും മാന്യമായ മഹ്ർ നൽകാനും ചിലവുകൾ ചുരുക്കാനും പരിപാടികൾ ലളിതമാക്കാനും നിർദ്ദേശിക്കുകയും ചെയ്യുന്നു. റസൂലുല്ലാഹി (സ) അരുളി: ചിലവ് ചുരുങ്ങിയ വിവാഹമാണ് ഏറ്റവും കൂടുതൽ ഐശ്വര്യമുള്ളത്. മറ്റൊരിക്കൽ അരുളി: ചിലവ് കുറഞ്ഞ സ്ത്രീകളാണ് ഐശ്വര്യം കൂടിയ സ്ത്രീകൾ. (അഹ്മദ്). സഹാബികളിലെ സമ്പന്നർ മഹ്‌റിൽ പോലും വർദ്ധനവ് വരുത്തിയില്ല. അബ്ദുർറഹ്മാനുബ്‌നു ഔഫ് (റ) ന്റെ ലളിതമായ വിവാഹത്തെക്കുറിച്ചറിഞ്ഞ റസൂലുല്ലാഹി (സ) ഇപ്രകാരം പ്രാർത്ഥിച്ചു: അല്ലാഹു താങ്കളുടെ കുടുംബത്തിലും സമ്പത്തിലും ഐശ്വര്യം ചൊരിയട്ടേ (ബുഖാരി). എന്നാൽ മഹ്ർ സ്ത്രീയുടെ അവകാശമാണ്. അത് പൂർണ്ണമായി അവർക്ക് നൽകപ്പെടേണ്ടതും അവരുടെ മാതാപിതാക്കളോ ബന്ധുക്കളോ അതിൽ കൈ കടത്താൻ പാടില്ലാത്തതുമാകുന്നു. (നിസാഅ് 4).

സ്ത്രീയുടെ അലങ്കാരം അവരുടെ മറയാണ്. അവരുടെ തിളക്കം ലജ്ജയിലാണ്. അവരുടെ മഹിമ പാതിവൃത്യത്തിലാണ്. അതുകൊണ്ടുതന്നെ സ്ത്രീ മറഞ്ഞിരിക്കണമെന്ന് ഇസ്‌ലാം കൽപ്പിക്കുന്നു. ചില സ്ത്രീകൾ സന്തോഷ വേളകളിൽ നഗ്നത വെളിവാക്കുകയും മറ്റുചിലർ ഇറുകിയ വസ്ത്രം ധരിക്കുകയും  വേറെ ചിലർ നിറം വ്യക്തമാക്കുന്ന മയമായ വസ്ത്രം ധരിക്കുകയും ചെയ്യുന്നു. പലരും തല മറക്കാറില്ല. ഇത് പിശാച് അലങ്കരിച്ചുകൊടുക്കുന്ന പാപങ്ങളാണ്. ഭർത്താവ് അല്ലാത്ത അടുത്ത ബന്ധുക്കളുടെ മുന്നിൽ പോലും വീട്ടിൽ നിർബന്ധിതമായി തുറന്നുപോകുന്ന ഭാഗങ്ങൾ മാത്രമേ പ്രകടമാക്കാവൂ. വീടിന് പുറത്ത് സ്ത്രീകളുടെ മുന്നിൽ പോലും ഇതിനേക്കാൾ കൂടുതൽ ഒന്നും പ്രകടമാക്കാൻ പാടില്ല. റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും ഭർത്താവിന്റെ വീട്ടിൽ അല്ലാതെ വസ്ത്രം അഴിച്ചുവെച്ചാൽ അല്ലാഹു അവർക്ക് നൽകിയ മറയെ അവർ കീറിക്കളഞ്ഞിരിക്കുന്നു. (ഹാകിം). 

ഇസ്‌ലാമിക സംസ്‌കാരം ധൂർത്തിലും പിശുക്കിനും ഇടയിൽ മധ്യമമാണ്. വിവാഹം പരസ്യപ്പെടുത്തണം  പക്ഷേ നിഷിദ്ധമായ കാര്യങ്ങളൊന്നും കാട്ടിക്കൂട്ടാൻ പാടില്ല. വസ്ത്രത്തിലും അലങ്കാരത്തിലും ആർഭാടത്തിലും ചിലർ മത്സരിക്കാറുണ്ട്. ഒരു ഗുണവും ഇല്ലാത്ത പ്രശസ്തിക്കും മറ്റുള്ളവരെ കാണിക്കാനും വേണ്ടി സമ്പത്തും സമയങ്ങളും നശിപ്പിക്കുന്നു. റസൂലുല്ലാഹി (സ) അരുളി: ഒരു വ്യക്തി വളരെ കൂടിയ വസ്ത്രത്തിൽ നടക്കുകയായിരുന്നു. അയാളെക്കുറിച്ച് അയാൾക്കുതന്നെ അത്ഭുതമുണ്ടായി. അയാൾ മുടിചീകിയിട്ട് അഹന്തയോടെ നടക്കുകയായിരുന്നു. അയാൾ അഹന്തയോടെ നടന്നപ്പോൾ അല്ലാഹു അയാളെ ഭൂമിയിൽ ആഴ്ത്തിക്കളഞ്ഞു. ലോകാവസാനം വരെ അയാൾ ഭൂമിയിൽ ആണ്ടുകൊണ്ടിരിക്കുന്നതാണ്. (ബുഖാരി, മുസ്‌ലിം). 

അലങ്കാരം, വസ്ത്രം, മുടി എന്നിവയിൽ വിരക്തര പുലർത്തുന്നവരാണ് മുസ്‌ലിം സ്ത്രീകൾ. പുരുഷന്മാരോടോ നിഷേധികളോടോ അവർ സാദൃശ്യരാകുന്നതല്ല. പുരുഷന്മാരോട് സാദൃശ്യത കാട്ടുന്ന സ്ത്രീകളെ റസൂലുല്ലാഹി (സ) ശപിച്ചിരിക്കുന്നു. സ്ത്രീയുടെ മഹത്വവും അഭിമാനവും സ്ത്രീത്വമാണ്. ഇതിന് വിരുദ്ധമായവെ അനുഗരിക്കുന്നത് സത്രീത്വത്തെയും സ്ത്രീകളുടെ പ്രത്യേകതകളെയും സർവ്വോപരി പടച്ചവന്റെ തത്വതീക്ഷയും അവഗണിക്കലാണ്. കണ്ണിന് മുകളിലുള്ള പുരികങ്ങൾ രക്ഷിതാവിന്റെ ഭാഗത്തുനിന്നുള്ള അലങ്കാരമാണ്. ചില സ്ത്രീകൾ അതിനെ പറിച്ചുമാറ്റുകയും മുഖപ്രസന്നതയും സൗന്ദര്യവും നശിപ്പിക്കുകയും ചെയ്യുന്നു. പുരിക രോമങ്ങളെ നീക്കം ചെയ്യുന്നവരെ റസൂലുല്ലാഹി (സ) ശപിച്ചിരിക്കുന്നു. (ബുഖാരി, മുസ്‌ലിം). 

ആഘോഷ വേളകളിൽ പലരും പരിധി ലംഘിക്കുകയും അനിസ്‌ലാമിക രീതികൾ സ്വീകരിക്കുകയും ചെയ്യാറുണ്ട്. വിവാഹ വേളകളിലും മറ്റും അന്യസ്ത്രീ പുരുഷന്മാർ പരസ്പരം കാണുന്നതും അന്യസ്ത്രീകൾക്കിടയിലേക്ക് വരൻ കടന്നുവരുന്നതും വധൂവരന്മാർ ഉയർന്ന സ്ഥലങ്ങളിൽ ഇരുന്ന് അന്യസ്ത്രീപുരുഷന്മാരെ പരസ്പരം കണ്ടുകൊണ്ടിരിക്കുന്നതും നിന്ദ്യമായ പാപമാണ്. റസൂലുല്ലാഹി (സ) അരുളി: പുരുഷന്മാർ അന്യസ്ത്രീകൾക്ക് അരികിലേക്ക് പോകാൻ പാടില്ല. (ബുഖാരി, മുസ്‌ലിം). നവദമ്പതികൾ സ്ത്രീകൾക്കിടയിൽ ഇരിക്കുന്നത് നാശകരമായ അനുകരണമാണ്. ഇതിന്റെ പ്രേരകം മനോച്ഛയും ബാഹ്യപ്രകടനവും, ഫലം പരാജയവുമാണ്. സ്ത്രീകൾക്ക് മുമ്പിൽ ഇരിക്കുന്ന ദമ്പതികളെ നോക്കിക്കൊണ്ട് സ്ത്രീകളുടെ മനസ്സിൽ ഉയരുന്ന വികാര വിചാരങ്ങൾ എന്തെല്ലാമായിരിക്കും?. അവരുടെ സൗന്ദര്യത്തിൽ അസൂയപ്പെടുന്നവരും സൗന്ദര്യക്കുറവിൽ സന്തോഷിക്കുന്നവരും ഉണ്ടായിരിക്കില്ലേ? ഫാത്തിമ (റ) പ്രസ്താവിക്കുന്നു: ഉത്തമ സ്ത്രീകൾ പുരുഷന്മാരെ കാണുകയോ പുരുഷന്മാർ അവരെ കാണുകയോ ഇല്ല. 
വിവാഹ വേളയിൽ വധുവിനെ നെറ്റ് ധരിപ്പിക്കുന്നത് അനിസ്‌ലാമികതയാണ്. ആട്ടും പാട്ടും പടച്ചവനിൽ നിന്നും അകറ്റുന്നതും മനസ്സ് കഠിനമാക്കുന്നതുമാണ്. വിവാഹ രാവുകളിൽ ഗാനമേളകൾ നടത്തുന്നത് അല്ലാഹുവിന്റെ അനുഗ്രഹത്തോട് കാട്ടുന്ന നന്ദികേടും പാപവും ധൂർത്തുമാണ്. പ്രധാന രാവുകളിൽ പടച്ചവന്റെ കാരുണ്യം പെയ്തിറങ്ങുന്ന നിമിഷങ്ങളിൽ കുടുംബ മിത്രങ്ങൾ ഗാനമേളകളിൽ മുഴുകുന്നത് എത്രമാത്രം നിന്ദ്യമാണ്. പാപകരമായ കാര്യങ്ങളിൽ ഉള്ള പരിപാടികളിൽ മുസ്‌ലിംകൾ പങ്കെടുക്കാൻ പാടില്ല. ഇമാം ഔസാഈ (റ) പ്രസ്താവിക്കുന്നു: തബലയും ഗാനോപകരണങ്ങളുമുള്ള വിവാഹ സൽക്കാരങ്ങളിൽ പോകാൻ പാടില്ല. എന്നാൽ അനുവദനീയമായ ഗാനങ്ങൾ ആലപിച്ചുകൊണ്ട് ദഫ് മുട്ടാവുന്നതാണ്.

അന്യ സ്ത്രീപുരുഷന്മാരുടെ ഫോട്ടോകൾ എടുക്കുന്നതും കാണുന്നതും പടച്ചവന്റെ ശാപവും കോപവും ഉണ്ടാക്കുന്നതാണ്. വിശിഷ്യാ സത്രീകളുടെ ചിത്രങ്ങൾ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും കുടുംബ ബന്ധങ്ങൾ തകർക്കുകയും ചെയ്യുന്നതാണ്. വിവേക ശാലികൾ ഇണകളെയും പെൺമക്കളെയും ഫോട്ടോയുടെ സ്ഥാനങ്ങളിൽ നിന്നും അകറ്റിനിർത്തുന്നതാണ്. 

ആഹാരപാനിയങ്ങളിൽ മധ്യനില പുലർത്തുന്നതും ആഹാരം പാഴാക്കാതിരിക്കുന്നതും ലോകാനുഗ്രഹി (സ) യുടെ മാതൃകയും മഹത്വത്തിന്റെ അടയാളവുമാണ്. ഉമ്മുൽ മുഅ്മിനീൻ സഫിയ്യാ (റ) സ്വന്തം വിവാഹത്തെക്കുറിച്ച് വിവരിക്കുന്നു: റസൂലുല്ലാഹി (സ) ഒരു ഭാര്യയെ വിവാഹം കഴിച്ചപ്പോൾ രണ്ട് മുദ്ദ് ഗോതമ്പാണ് വലീമ (വിവാഹ സൽക്കാരം) ക്ക് ചിലവഴിച്ചത്. വിവാഹ വേളകളിൽ മനസ്സ് തുറന്ന് ചിലവഴിക്കുന്നതും നന്മയുടെ വഴികളിൽ വലിയ പിശുക്ക് കാട്ടുന്നതും എന്തിന്റെ അടയാളമാണ്? നിശ്ചയം അച്ചാരം, വിവാഹം, കൂട്ടിക്കൊണ്ട് പോക്ക് എന്നിങ്ങനെ പല പരിപാടികൾ നടത്തി ഓരോന്നിലും ആഹാര പാനിയങ്ങൾ ധാരാളം ഉണ്ടാക്കുകയും പാഴാക്കുകയും ചെയ്യുന്നത് പാപമായതിനോട് കൂടി വരന്റെ സാമ്പത്തിക അവസ്ഥ തകർക്കുന്നതുമാണ്. ഉത്തമമായ ഒരു വൈവാഹിക ജീവിതവും കുടുംബ സങ്കൽപ്പവും മുന്നിൽ കണ്ടുകൊണ്ട് ജീവിത യാത്ര ആരംഭിക്കുന്ന ഏതെങ്കിലും പുരുഷൻ അമൂല്യമായ സമ്പത്തിനെ വിവിധ പരിപാടികൾ പറഞ്ഞ് പാഴാക്കുമോ? വിവാഹത്തിന് ശേഷം ഓരേ ഒരു വലിമ സൽക്കാരം നടത്തുന്നത് ഇണകൾക്കും ബന്ധുമിത്രങ്ങൾക്കും എല്ലാവർക്കും പ്രിയങ്കരവും എളുപ്പവും സുരക്ഷിതവുമാണ്. ഈ സൽക്കാരം രാത്രിയാണ് ഉത്തമമെങ്കിലും രാത്രി നീളാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. റസൂലുല്ലാഹി (സ) ഇശാക്ക് ശേഷം സംസാരിക്കുന്നത് വെറുത്തിരുന്നു (ബുഖാരി). സന്തോഷത്തിനുവേണ്ടി ഉറക്കം കളയുന്നത് മോശമാണ്.
 
സഹോദരങ്ങളേ, ഭയഭക്തിയുടെമേൽ കുടുംബമാകുന്ന കെട്ടിടത്തെ പണിതുയർത്തുക. അത് സുന്ദരവും ലാഭകരവുമാണ്. പാപങ്ങൾ കൊണ്ട് വിവാഹത്തെ മൂടുന്നവർ പരാജയത്തെ വിളിച്ചുവരുത്തുകയാണെന്ന് അറിയുക. നാമും നമ്മുടെ കുടുംബ മിത്രങ്ങളും വിവാഹത്തിലേക്ക് കടക്കുമ്പോൾ പാപങ്ങളുടെ തീജ്വാലകളിൽ ആണോ നന്മകളുടെ പുഷ്പങ്ങൾക്കിടയിലാണോ നിലയുറപ്പിക്കേണ്ടത് എന്ന് ആലോചിക്കുക. വിശിഷ്യാ വിവാഹത്തിന്റെ ആദ്യരാവുകൾ നന്മകൾ കൊണ്ട് നിറക്കാനും പാപങ്ങളിൽ നിന്ന് അകന്നുനിൽക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ഫുളൈലുബ്‌നു ഇയാള് (റ) പ്രസ്താവിക്കുന്നു: ഞാൻ വല്ലപാപവും പ്രവർത്തിച്ചാൽ അതിന്റെ പ്രതിഫലനം എന്റെ ഇണയിലും മൃഗത്തിലും ഞാൻ അനുഭവിക്കുന്നതാണ്. പാപങ്ങൾ കാര്യങ്ങളെ ഞെരുക്കമാക്കുകയും ഇണകളുടെ മനസ്സുകൾ അകറ്റുകയും ചെയ്യുന്നതാണ്. നന്മകൾ കൂടുന്നതിന് അനുസരിച്ച് സൗഭാഗ്യങ്ങളും വർദ്ധിക്കുന്നതാണ്. 

വിവാഹവേളകളിലുള്ള പാപങ്ങളുടെ അടിസ്ഥാന കാരണം അറിവും ബോധവും ഇല്ലായ്മയാണ്. പലർക്കും വിവാഹത്തിന്റെ യാഥാർത്ഥ്യം തന്നെ അറിയില്ല. കുറേ ആഹാരം കഴിക്കലും പൊതുവസ്ത്രങ്ങൾ ധരിക്കലും മാത്രമാണ് വിവാഹമെന്ന് പലരും കരുതുന്നു. എന്നാൽ കാര്യം അങ്ങനെയല്ല, വിവാഹം എന്നാൽ വളരെ ബലിഷ്ഠമായ ഒരു കരാറിലൂടെ നമ്മുടെ അടുത്ത രണ്ടുപേർ ഒന്നായിച്ചേരുകയും പുതിയ ഒരു പരമ്പരക്കും ജീവിതത്തിനും തുടക്കം കുറിക്കലാണ്. ഇതിൽ പാപങ്ങളുടെ യാതൊരു കലർപ്പുമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഈ വിഷയത്തിൽ ഏറ്റവും വലിയ ഉത്തരവാദിത്വം മുതിർന്ന മാതാപിതാക്കൾക്കാണ്. വിവാഹ വേളകളിൽ പാപങ്ങളുടെ അഴിഞ്ഞാട്ടമുണ്ടാകാതിരിക്കാൻ മുതർന്നവർ പ്രത്യേകം ശ്രദ്ധിക്കണം. കീഴിലുള്ളവർ മുതിർന്നവരെ അനുസരിക്കാനും പടച്ചവനിലേക്ക് അടുക്കാനും പരിശ്രമിക്കണം. വിശിഷ്യാ സ്ത്രീകളിലെ മുതിർന്നവർ മറ്റുസ്ത്രീകളെ നന്മകളിലേക്ക് നയിക്കേണ്ടതാണ്. ഇന്ന് എന്തെങ്കിലും നന്മകൾ ചെയ്യാനുള്ള സമയമാണ്, വിചാരണയില്ല. നാളെ വിചാരണയുണ്ടാകും നന്മകൾ ഒന്നും ചെയ്യാൻ അവസരമുണ്ടാകില്ല. അല്ലാഹു അറിയിക്കുന്നു: നന്മകൾ പ്രവർത്തിക്കുന്നതിന്റെ ഫലം പ്രവർത്തിക്കുന്നവന് തന്നെയാണ്. തിന്മകളുടെ ഫലം തിന്മ പ്രവർത്തിക്കുന്നവന് തന്നെയാണ്. താങ്കളുടെ രക്ഷിതാവ് അടിമകളോട് ഒരു അക്രമവും ചെയ്യുന്നവനല്ല. (ഫുസ്സിലത്ത് 46).  

സഹോദരങ്ങളേ ഇസ്‌ലാം സംസ്‌കാരത്തിന്റെ സമുന്നത സരണിയാണ്. ഇസ്‌ലാമിക സന്ദേശങ്ങളെ മുറുകെപിടിക്കുന്നത് പുരോഗതിയിലേക്ക് നയിക്കുന്നതാണ്. വിശിഷ്യാ ഐശ്വര്യപൂർണ്ണമായ വിവാഹവും സന്തോഷകരമായ വൈവാഹിക ജീവിതവും ഉണ്ടായിത്തീരുന്നതാണ്. വിവാഹ വിഷയത്തിൽ വിവാഹത്തിന് മുമ്പുമുതൽ തന്നെ ശ്രദ്ധിക്കണമെന്ന് ഇസ്‌ലാം ഉണർത്തുന്നു. മതബോധം, സൽസ്വഭാവം, മാന്യത, മര്യാദകൾ എന്നിവയാണ് ഒരു വധുവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. സൽസ്വഭാവവും ദീനീ ജീവിതവുമാണ് വരന്റെ മഹൽ ഗുണങ്ങൾ. ഇത്തരം ഒരു വരൻ വിവാഹലോചന നടത്തിയാൽ കുടുംബത്തിലെ കാരണവന്മാരുമായി കൂടിയാലോചന നടത്തുകയും സംതൃപ്തമായാൽ കുട്ടിയെ കാണുകയും ചെയ്യുക. മനസ്സിന് സംതൃപ്തിയുണ്ടായാൽ വിവാഹത്തിലേക്ക് കടക്കുക. വിവാഹ പരിപാടികൾ വളരെ മധ്യമമാകാൻ ശ്രദ്ധിക്കുക. പേരും പെരുമയും ലക്ഷ്യമിടാതിരിക്കുക. ധൂർത്ത് ഇല്ലാത്ത ഒരു സൽക്കാരം നടത്തി വൈവാഹിക ജീവിതം ആരംഭിക്കുക. 

ഈ വിഷയങ്ങളിൽ വധുവും വ്യക്തവും ശക്തവുമായ നിലപാടുകൾ സ്വീകരിക്കേണ്ടതാണ്. എന്റെ കല്യാണത്തിൽ നിഷിദ്ധമായ കാര്യങ്ങളൊന്നും ഉണ്ടാകാൻ പാടില്ലെന്ന് വധു നിർബന്ധം പിടിക്കേണ്ടതാണ്. ഇസ്‌ലാമിൽ വിവാഹം സൂക്ഷ്മവും സരളവും സുന്ദരവുമാണ്. റസൂലുല്ലാഹി (സ) സഫിയ്യാ (റ) യുമായി വിവാഹം നടത്തിയത് യാത്രയിലാണ്. അനസ് (റ) പറയുന്നു: വഴിയിൽ വെച്ച് എന്റെ മാതാവ് ഉമ്മുസുലൈം അവരെ ഒരുക്കി തയ്യാറാക്കി. റസൂലുല്ലാഹി (സ) അവരുമായി വീടുകൂടി! 

അനുയോജ്യരും അർഹരുമായ ഇണകളെ ലഭിച്ചിട്ടും വിവാഹത്തെ പിന്തിക്കുന്നതും പെൺമക്കളെ വിവാഹം കഴിപ്പിക്കാതെ ബുദ്ധിമുട്ടിക്കുന്നതും വളരെ മോശമാണ്. ആദരണീയ മാതാപിതാക്കളേ, നിങ്ങളുടെ മകൾ നിങ്ങളുടെ വീട്ടിൽ നിങ്ങളോടൊപ്പം കഴിയുമ്പോൾ അവരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിങ്ങൾ മനസ്സിലാക്കാതെ പോകരുത്. ലജ്ജ കാരണം അവർ മനസ്സിൽ പലതും മറച്ചുവെക്കുകയും പ്രഭാത പ്രദോഷങ്ങളിൽ അവർ ദു:ഖിതയായി കഴിയുകയും മറ്റുള്ളവരുടെ വിവാഹ പരിപാടികളിലേക്ക് നോക്കുകയും ചെയ്യുന്നത് നിങ്ങൾ മനസ്സിലാക്കുക. സ്ത്രീ പുഷ്പമാണ്. യുവത്വ സമയത്ത് അത് വിടർന്നിരിക്കും. പിന്നീട് വാടിപ്പോകും. യുവത്വത്തിന്റെ തുടക്കത്തിൽ തന്നെ അവരെ വിവാഹം കഴിപ്പിക്കലാണ് ഏറ്റവും അനുയോജ്യമായത്. തന്റെ മകളെയും സഹോദരിയെയും വിവാഹം കഴിക്കാൻ നന്മ നിറഞ്ഞവരോട് അഭ്യർത്ഥിക്കുന്നതിൽ ഒരു നാണവും മടിയും കാട്ടേണ്ടതില്ല. ഉമർ (റ) ന്റെ മകൾ ഹഫ്‌സ (റ) വിധവയായപ്പോൾ മഹാനവർകൾ ഉസ്മാൻ (റ) നോട് വിവാഹത്തിന് താൽപ്പര്യം ഉണ്ടോയെന്ന് ചോദിച്ചു. അദ്ദേഹം ആഗ്രഹം ഇല്ലായെന്ന് പറഞ്ഞപ്പോൾ അബൂബക്ർ (റ) നോടും തുടർന്ന് റസൂലുല്ലാഹി (സ) യോടും അപേക്ഷിച്ചു. റസൂലുല്ലാഹി (സ) വിവാഹത്തിന് സന്നദ്ധനായി (ബുഖാരി). വിശിഷ്യാ ദീനീ ബോധവും സൽസ്വഭാവുമുള്ള ആളുകൾ വിവാഹലോചന നടത്തിയാൽ വിവാഹം കഴിച്ചുകൊടുക്കേണ്ടതാണ്. അല്ലാത്തപക്ഷം വലിയ പ്രശ്‌നങ്ങളും മഹാനാശങ്ങളും ഉണ്ടാകുന്നതാണ്. (തിർമിദി). അതെ, വിജയം സന്മാർഗ്ഗത്തെ പിൻപറ്റുന്നതിലാണ്. ബുദ്ധി നന്മയുടെ കവാടങ്ങളിൽ നിന്ന് വിജയത്തെ തേടുന്നതിലുമാണ്! 

******

 ജുമുഅ സന്ദേശം 

All India Muslim Personal Law Board

വിവാഹവും പ്രവാചക ചര്യയും

ഡോ: സഊദ് ആലം ഖാസിമി
(മെമ്പര്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്, എഡിറ്റര്‍ തഹ്ദീബുല്‍ അഖ്ലാഖ് മാസിക അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി)

 وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ 

നിങ്ങൾ സമാധാനമടയുന്നതിന് നിങ്ങളിൽ നിന്നുതന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിച്ച് തന്നതും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽപ്പെട്ടതാണ്. അല്ലാഹു നിങ്ങൾക്കിടയിൽ സ്നേഹവും കാരുണ്യവും നിക്ഷേപിക്കുകയും ചെയ്തു. തീർച്ചയായും ചിന്തിക്കുന്നവർക്ക് ഇതിൽ വലിയ ദൃഷ്ടാന്തങ്ങളുണ്ട്. (റൂം 21) 

ഒരു സ്ത്രീയും പുരുഷനും പരസ്പരം ബന്ധപ്പെടാനുള്ള നിയമപരമായും ധാർമ്മികമായും മതപരമായുമുള്ള രൂപത്തിന്റെ പേരാണ് വിവാഹം. അല്ലാഹു ഈ ലോകത്ത് എല്ലാ വസ്തുക്കളെയും ഇണകളായിട്ടാണ് പടച്ചിരിക്കുന്നത്. മനുഷ്യരെയും സ്ത്രീപുരുഷന്മാർ എന്ന നിലയിൽ ഇണകളാക്കിയിരിക്കുന്നു. പക്ഷേ, വിവാഹമില്ലാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് കഴിഞ്ഞാൽ അതിനെ ജനങ്ങൾ വളരെ മോശമായി കാണുന്നു. മതം അത് പാപമാണെന്നും പറയുന്നു. എന്നാൽ ഇരുവരും വിവാഹത്തിലൂടെ ഒരുമിച്ച് കഴിയാൻ പ്രഖ്യാപിച്ചാൽ അതിനെ വലിയ നന്മയായി കാണുകയും ഇരുവർക്കും ഐശ്വര്യ ആശംസകൾ നേരുകയും നന്മകൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. അതെ, വിവാഹം കൂടാതെ, സ്ത്രീയും പുരുഷനും ലൈംഗിക സമാധാനം കണ്ടെത്തുന്നത് ലജ്ജാവഹവും പാപവും പടച്ചവന്റെ നിയമത്തെ ലംഘിക്കലുമാണ്. മറുഭാഗത്ത് വിവാഹത്തിന് ശേഷം പരസ്പരം സഹകരിച്ച് ജീവിക്കുന്നതും ലൈംഗിക സമാധാനം കണ്ടെത്തുന്നതും നന്മയും പുണ്യവുമാണ്. കാരണം ഇരുവരും പടച്ചവന്റെ നിയമം അനുസരിച്ച് വൈവാഹിക ബന്ധത്തിൽ പ്രവേശിച്ചിരിക്കുന്നു. ചുരുക്കത്തിൽ പടച്ചവന്റെ നിയമ പ്രകാരവും പ്രവാചകന്റെ മാതൃകയനുസരിച്ചും ചെയ്യുന്ന സർവ്വ കാര്യങ്ങളും അനുഗ്രഹീതവും ഐശ്വര്യ പൂർണ്ണവുമായിരിക്കും. പടച്ചവന്റെയും പ്രവാചകന്റെയും നിയമ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി നടത്തപ്പെടുന്ന കാര്യങ്ങൾ പ്രയാസകരവും നാശനഷ്ടങ്ങൾ നിറഞ്ഞതുമായിരിക്കും. 

വിവാഹം എല്ലാ പ്രവാചകന്മാരും നിർവ്വഹിച്ചിട്ടുള്ള ഒരു സൽക്കർമ്മമാണ്. അല്ലാഹു അറിയിക്കുന്നു:

وَلَقَدْ أَرْسَلْنَا رُسُلًا مِنْ قَبْلِكَ وَجَعَلْنَا لَهُمْ أَزْوَاجًا وَذُرِّيَّةً ۚ وَمَا كَانَ لِرَسُولٍ أَنْ يَأْتِيَ بِآيَةٍ إِلَّا بِإِذْنِ اللَّهِ ۗ لِكُلِّ أَجَلٍ كِتَابٌ

താങ്കൾക്ക് മുമ്പ് ധാരാളം ദൂതന്മാരെ നാം അയച്ചു. അവർക്ക് ഇണകളെയും സന്താനങ്ങളെയും നാം നൽകുകയും ചെയ്തു. ഒരു പ്രവാചകനും അല്ലാഹുവിന്റെ അനുമതി കൂടാതെ ഒരു ദൃഷ്ടാന്തവും കൊണ്ടുവരിക സാധ്യമല്ല. എല്ലാ വാഗ്ദാനങ്ങളും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. (റഅ്ദ് 38) റസൂലുല്ലാഹി (സ) അരുളി: നാല് കാര്യങ്ങൾ പ്രവാചകന്മാരുടെ ചര്യകളാണ്: ലജ്ജ, സുഗന്ധം, ദന്ത ശുചീകരണം, വിവാഹം. (തിർമിദി) റസൂലുല്ലാഹി (സ) അരുളി: വിവാഹം എന്റെ ചര്യയാണ്. (ഇബ്‌നുമാജ) യുവാക്കളെ ജീവിത വിശുദ്ധിയ്ക്ക് പ്രേരിപ്പിച്ചുകൊണ്ട് റസൂലുല്ലാഹി (സ) അരുളി: യുവ സമൂഹമേ, നിങ്ങളിൽ ശാരീരിക, സാമ്പത്തിക ശേഷിയുള്ളവർ വിവാഹം കഴിച്ചുകൊള്ളട്ടെ. അത് ദൃഷ്ടിയെ പരിശുദ്ധമാക്കുകയും ഗുഹ്യഭാഗത്തെ സംരക്ഷിക്കുകയും ചെയ്യുന്നതാണ്. വിവാഹത്തിന് കഴിവില്ലാത്തവർ നോമ്പ് അനുഷ്ടിച്ചുകൊള്ളട്ടെ. അത് വികാരത്തെ നിയന്ത്രിക്കുന്നതാണ്. (അബൂദാവൂദ്)

അന്തസ്സും അഭിമാനവും ചാരിത്ര്യവും സംരക്ഷിക്കാനുള്ള സമുന്നത മാർഗ്ഗമാണ് വിവാഹം. സന്താനങ്ങൾ വിവാഹത്തിന് പ്രായമായാൽ അനുയോജ്യമായ ഇണയെ അന്വേഷിച്ച് വിവാഹത്തിന് സൗകര്യം ചെയ്ത് കൊടുക്കേണ്ടത് മാതാപിതാക്കളുടെ ബാധ്യതയാണ്. വധുവിനെ തിരഞ്ഞെടുക്കുമ്പോൾ സാധാരണ സൗന്ദര്യവും സമ്പത്തും കുടുംബവും മറ്റും പരിഗണിക്കാറുണ്ട്. പക്ഷേ, റസൂലുല്ലാഹി (സ) പഠിപ്പിച്ചു: വിവാഹ ബന്ധങ്ങൾക്ക് മത ബോധത്തിന് മുൻഗണന കൊടുക്കുക. റസൂലുല്ലാഹി (സ) അരുളി: സമ്പത്ത്, കുടുംബം, സൗന്ദര്യം, മതബോധം എന്നീ കാര്യങ്ങളുടെ പേരിൽ പെൺകുട്ടികൾ വിവാഹം കഴിക്കപ്പെടാറുണ്ട്. നിങ്ങൾ മതബോധമുള്ള സ്ത്രീകളെ വിവാഹം കഴിച്ച് വിജയം വരിക്കുക. (മുസ്‌ലിം) റസൂലുല്ലാഹി (സ)യുടെ ഈ നിർദ്ദേശം സർവ്വ കാലങ്ങൾക്കും സ്ഥലങ്ങൾക്കും മാർഗ്ഗ ദർശനമാണ്. ഇതിൽ വലിയ തത്വവും അടങ്ങിയിരിക്കുന്നു. പ്രത്യേകിച്ചും ആരുടെയെങ്കിലും സൗന്ദര്യത്തിൽ ആകൃഷ്ടനായിക്കൊണ്ടോ, സമ്പത്തും ജോലിയും മാതാപിതാക്കളുടെ സ്ഥാനമാനങ്ങളും നോക്കിക്കൊണ്ടോ നടത്തപ്പെടുന്ന വിവാഹങ്ങൾ വധൂവരന്മാർക്കും കുടുംബത്തിനും പരീക്ഷണമായി മാറാറുണ്ട്. അതുകാരണം എല്ലാവരുടെയും സമാധാനം നഷ്ടപ്പെടുകയും പലപ്പോഴും പ്രശ്‌നം മൂർച്ഛിച്ച് വിവാഹ മോചനത്തിലേക്കും കേസുകളിലേക്കും തിരിയുകയും ചെയ്യുന്നു. മറുഭാഗത്ത് മതബോധത്തെയും സ്വഭാവ സംസ്‌കരണങ്ങളെയും നോക്കിക്കൊണ്ട് നടത്തപ്പെടുന്ന വിവാഹങ്ങൾ സുന്ദരമായി മുന്നോട്ട് നീങ്ങുന്നതും കുടുംബങ്ങളുടെ അന്തസ്സും സൽപ്പേരും വർദ്ധിപ്പിക്കുന്നതുമാണ്. 
    
മറുഭാഗത്ത് വധുവിന്റെ ബന്ധുക്കളോട് റസൂലുല്ലാഹി (സ) ഉണർത്തുന്നു: നിങ്ങളുടെ മകൾക്ക് വരനെ തിരഞ്ഞെടുക്കുമ്പോൾ മതബോധവും സ്വഭാവ സവിശേഷതകളും പരിഗണിക്കുക. വെറും പണവും വരുമാനവും സ്ഥാനവും മാത്രം നോക്കരുത്. അതിലൂടെ മകളുടെ ജീവിതം പ്രയാസകരമാകാൻ സാധ്യതയുണ്ട്. റസൂലുല്ലാഹി (സ) അരുളി: മതകാര്യങ്ങളും സ്വഭാവ വിഷയങ്ങളും സംതൃപ്തമായ ആരെങ്കിലും നിങ്ങളോട് വിവാഹലോചന നടത്തിയാൽ അവർക്ക് നിങ്ങളുടെ മകളെ വിവാഹം കഴിച്ചുകൊടുക്കുക. അപ്രകാരം ചെയ്തില്ലെങ്കിൽ ഭൂമിയിൽ പ്രശ്‌നങ്ങളും നാശങ്ങളും അരങ്ങേറുന്നതാണ്. (തിർമിദി) ഒരു വ്യക്തി പ്രവാചക പൗത്രൻ ഹസൻ (റ)ന്റെ അരികിലെത്തി ചോദിച്ചു: എന്റെ മകൾക്ക് ധാരാളം വിവാഹലോചനകൾ വരുന്നു. ഞാൻ ആരെ തിരഞ്ഞെടുക്കണം? ഹസൻ (റ) പ്രസ്താവിച്ചു: പടച്ചവനോട് ഭയഭക്തിയുള്ളവരെ തിരഞ്ഞെടുക്കുക. ഇത്തരം ആളുകളെ ഭാര്യമാർ സ്‌നേഹിച്ചാൽ അവർ അവരെ ആദരിക്കുന്നതാണ്. ഭാര്യമാരോട് അവർക്ക് ദേഷ്യമുണ്ടായാൽ അവർ അതിക്രമമൊന്നും കാട്ടുന്നതല്ല. (മിർഖാത്ത്) മുൻഗാമികളായ മഹാന്മാർ ഈ കാര്യങങളെ പാലിച്ചതിന്റെ പേരിൽ അവരുടെയും സന്താനങ്ങളുടെയും ജീവിതം സന്തുഷ്ടിയും സമാധാനവും നിറഞ്ഞതായി. 

എന്നാൽ ഇന്ന് മുസ്‌ലിംകൾ ഇത് പാലാക്കാത്തതിന്റെ പേരിൽ പലവിധ പ്രശ്‌നങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും കുടുംബമഹിമ എന്നത് ഒരു ജയിലായി മാറിയിരിക്കുകയാണ്. ചെറിയ എന്തെങ്കിലും ന്യൂനതയുള്ള കുടുംബത്തെ ആളുകൾ തള്ളിക്കളയുന്നു. മറ്റുചിലർ സമ്പത്തിലേക്ക് നോക്കി വിവാഹത്തെ ദുഷ്‌കരമാക്കുന്നു. എന്നാൽ ഏറ്റവും വലിയ കുടുംബ മഹിമയും സമുന്നത സമ്പത്തും മതബോധവും സൽസ്വഭാവവുമാണ്. റസൂലുല്ലാഹി (സ) സ്വന്തം കുടുംബത്തിൽ പെട്ട സൈനബ് (റ)നെ റസൂലുല്ലാഹി (സ) അടിമത്വ മോചനം ചെയ്ത സൈദ് (റ)ന് വിവാഹം കഴിച്ചുകൊടുത്തു. ഇതിന്റെ പേരിൽ നിഷേധികൾ വലിയ പ്രശ്‌നമുണ്ടാക്കിയെങ്കിലും റസൂലുല്ലാഹി (സ) സത്യവിശ്വാസവും സൽക്കർമ്മവുമാണ് ഏറ്റവും വലിയ മഹത്വമെന്ന് ജനങ്ങളെ പഠിപ്പിച്ചു. അതുകൊണ്ട് വിവാഹ ബന്ധങ്ങളെ തിരഞ്ഞെടുക്കുമ്പോൾ മതപരമായ അവസ്ഥകൾ പ്രത്യകം പരിഗണിക്കേണ്ടതാണ്. 

തുടർന്ന് വിവാഹ പരിപാടികൾ വളരെ ലളിതമാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇസ്‌ലാം വിവാഹത്തെ അങ്ങേയറ്റം ലളിതവും വളരെ എളുപ്പവുമായിരിക്കുന്നു. മോശമായ ബന്ധങ്ങളെ വലിയ പാപവും വളരെ ദുഷ്‌കരവുമാക്കി. റസൂലുല്ലാഹി (സ) അരുളി: ഏറ്റവും ഐശ്വര്യമുള്ള വിവാഹം ചിലവ് ഏറ്റവും കുറഞ്ഞതാണ്. (അഹ്മദ്) എന്നാൽ ഖേദകരമെന്ന് പറയട്ടെ, ഇന്ന് വിവാഹലോചന, വിവാഹ പരിപാടി, സൽക്കാരങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളെ പർവ്വതീകരിച്ച് കാട്ടുകയും ഓരോ ആചാരങ്ങളിലും ധാരാളം അനാചാരങ്ങളെ കൂട്ടിച്ചേർത്ത് സമുദായം വിവാഹത്തെ വളരെ ദുഷ്‌കരമാക്കിയിരിക്കുന്നു. ജീവിതകാലം മുഴുവനും കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യം വിവാഹത്തിന്റെ പേരിൽ വെള്ളം പോലെ ഒഴുക്കുക മാത്രമല്ല, വലിയ ബാധ്യതകൾ ചുമലിലേറ്റി ഭാവികാലം വളരെ ദുരന്തപൂർണ്ണമാക്കി മാറ്റുകയും ചെയ്യുന്നു. മോശമായ ബന്ധങ്ങളും ലൈംഗിക കുഴപ്പങ്ങളും എളുപ്പമാവുകയും വർദ്ധിക്കുകയും ചെയ്യുന്നതിന് ഇതും വലിയൊരു കാരണമാണ്. സ്ത്രീധനം എന്ന പേരിൽ പെൺവീട്ടുകാർ വലിയൊരു തുക മാറ്റിവെക്കുന്നതുവരെ പെൺകുട്ടികളുടെ വിവാഹം തന്നെ അസാധ്യമായിരിക്കുന്നു. റസൂലുല്ലാഹി (സ) പ്രിയമകൾ ഫാത്തിമാ ബീവി (റ)യ്ക്ക് സ്ത്രീധനം കൊടുത്തു എന്ന് പറഞ്ഞ് ചിലർ ഇതിനെ വ്യാഖ്യാനിക്കാറുണ്ട്. ഇത് തെറ്റാണ്. റസൂലുല്ലാഹി (സ) മകൾക്ക് സ്ത്രീധനം ഒന്നും നൽകിയിട്ടില്ല. ഫാത്തിമ ബീവി (റ) എന്നല്ല, സൈനബ് (റ), റുഖിയ്യാ (റ), ഉമ്മുകുൽസൂം (റ) എന്നിങ്ങനെ ഒരു മകൾക്കും സ്ത്രീധനം കൊടുത്തിട്ടില്ല. അലിയ്യ് (റ) റസൂലുല്ലാഹി (സ)യുടെ കീഴിലാണ് ജീവിച്ചിരുന്നത്. വിവാഹ സമയത്ത് മഹ്ർ കൊടുക്കാൻ എന്തുണ്ടെന്ന് ചോദിച്ചപ്പോൾ അലിയ്യ് (റ) പറഞ്ഞു: ഒരു പടച്ചട്ടയുണ്ട്. റസൂലുല്ലാഹി (സ) അത് ഉസ്മാൻ (റ)ന് വിൽക്കുകയും അതിന്റെ തുക കൊണ്ട് മഹ്‌റും വീട്ട് സാധനങ്ങളും ഏർപ്പാടാക്കുകയും ചെയ്തു. റസൂലുല്ലാഹി (സ) സ്വന്തം പണത്തിൽ നിന്നും ഇത് കൊടുത്തിരുന്നെങ്കിൽ ഇത് സുന്നത്താകുമായിരുന്നു പക്ഷേ, റസൂലുല്ലാഹി (സ) അലിയ്യ് (റ)ന്റെ സമ്പത്തിൽ നിന്നാണ് ഇതെല്ലാം ചെയ്തത്. 

ഇന്ന് സ്ത്രീധനത്തിന്റെ പേരിൽ ആയിരക്കണക്കിന് പെൺകുട്ടികൾ വിവാഹം കഴിക്കാതെ കഴിയുന്നു. വിവാഹത്തിന്റെ ഭീമമായ ചിലവിന്റെ പേരിലും പലരും വിവാഹത്തിൽ നിന്നും പിന്മാറുന്നു. ഇത് മുസ്‌ലിം സമുദായത്തിന് ആകമാനം നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ്. വിവാഹത്തിന്റെ സൽക്കാരങ്ങൾ പെൺവീട്ടുകാരുടെ മേൽ വലിയ ഭാരമായിക്കൊണ്ടിരിക്കുന്നു. പലരും ആൺ വീട്ടിൽ നിന്നും ഇത്ര ആളുകൾ വരുമെന്ന് പറഞ്ഞ് അവർക്കെല്ലാം ആഹാരം കൊടുക്കണമെന്ന് കൽപ്പിക്കാറുണ്ട്. മതത്തിന്റെയും മാന്യതയുടെയും മനസ്സാക്ഷിയുടെയും കോടതിയിൽ ഈ ആഹാരം ശരിയാകുമോ എന്ന് ചോദിച്ച് നോക്കുക. ചില സ്ഥലങ്ങളിൽ വിവാഹത്തിന് മുമ്പ് അച്ചാരം, പെണ്ണ് കാണൽ എന്നെല്ലാം പറഞ്ഞ് പരിപാടികൾ നടത്താറുണ്ട്. ഇവയിലും ആളുകളുടെ എണ്ണം പറഞ്ഞ് സൽക്കാരത്തിന് നിർദ്ദേശിക്കുന്നു. ഇതെല്ലാം ശരിയല്ലെന്ന് മാത്രമല്ല, ലജ്ജാവഹം കൂടിയാണ്. ഇസ്‌ലാം വധുവിന്റെ മേൽ യാതൊരു ചിലവും നിർദ്ദേശിക്കുന്നില്ല. എന്നാൽ നികാഹിന് ശേഷം കഴിയുന്ന നിലയിൽ ഒരു സൽക്കാരം നടത്താൻ വരനോട് കൽപ്പിക്കുന്നുണ്ട്. 

ചില സ്ഥലങ്ങളിൽ സ്ത്രീധനം കൂടാതെ, വരന്റെ സാമ്പത്തിക വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച്  തുകയും മറ്റും വധുവിന്റെ വീട്ടുകാരോട് ചോദിക്കാറുണ്ട്. ഇത് വ്യക്തമായ പാപവും അക്രമവുമാണ്. ചിലർ പണം ചോദിക്കാറില്ലെങ്കിലും അതിനെ പ്രതീക്ഷിക്കുകയും വാങ്ങുകയും ചെയ്യുന്നു. ഞങ്ങൾ ചോദിച്ചിട്ടില്ല, സന്തോഷത്തോടെ നൽകിയത് സ്വീകരിച്ചു എന്നതാണ് അവരുടെ ന്യായം. എന്നാൽ ഇത് വെറും ദുർന്യായം മാത്രമാണ്. പൊതുവിൽ നിബന്ധനയോടെ നടക്കുന്ന കാര്യങ്ങളെപ്പോലെ തന്നെയാണ് നിബന്ധനയില്ലാതെ നടക്കുന്ന കാര്യങ്ങളും. 

    ഇപ്രകാരം വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്ന മറ്റൊരു പാപമാണ് ധൂർത്തുകളും ആർഭാടങ്ങളും. ഇത് മതത്തിലും മനുഷ്യത്വത്തിനും തന്നെ എതിരാണ്. നാട്ടിലെന്നല്ല, ലോകത്ത് എവിടെയെങ്കിലും നടക്കുന്ന ആർഭാടങ്ങളും മേളകളും നമ്മുടെ നാട്ടിലും വിവാഹത്തിന്റെ അഭിവാജ്യ ഘടകമായി മാറുന്നു. സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങൾ പോകട്ടെ, സ്വന്തം കുടുംബത്തിന്റെയും വിവാഹിതരാകുന്ന പ്രിയപ്പെട്ട മക്കളുടെയും നന്മകൾക്കുവേണ്ടി സമ്പത്ത് ചിലവഴിക്കുന്നതിന് പകരം എല്ലാവരുടെയും ഭാവി തന്നെ അപകടത്തിലും നാശനഷ്ടത്തിലും അകപ്പെടുന്ന നിലയിലാണ് സമ്പത്തുകൾ വാരിക്കോരി എറിയപ്പെടുന്നത്. സ്വന്തം കൈയ്യിലുള്ള പണം തീർന്നാൽ മറ്റുള്ളവരിൽ നിന്നും നിർബന്ധിച്ച് പണം വാങ്ങിക്കാനും പലിശയ്ക്ക് പണമെടുക്കാനും യാതൊരു മടിയുമില്ലാത്ത അവസ്ഥ വന്നിരിക്കുന്നു. പടക്കം പൊട്ടിക്കാനും ഡാൻസ് നടത്താനും സമ്പത്ത് ചിലവഴിക്കുന്നവർ ധർമ്മം പോലും കളഞ്ഞുകുളിക്കുകയാണെന്ന് ചിന്തിക്കുന്നില്ല. ആകയാൽ ഇത്തരം തെറ്റ് കുറ്റങ്ങളും പാപങ്ങളും അക്രമങ്ങളും ഉപേക്ഷിക്കുകയും വിവാഹത്തെ ലളിതമാക്കുകയും ചെയ്യുക. മാതാപിതാക്കളും കുടുംബവും സമുദായവും ലളിതമായ വിവാഹത്തിനും പ്രോത്സാഹനം നൽകുകയും ചെയ്യുക. എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ വന്നിട്ടുണ്ടെങ്കിൽ അതിൽ നിന്നും പശ്ചാത്തപിക്കുകയും പരിഹരിക്കുകയും ചെയ്യുക. അല്ലാഹു വിവാഹ കാര്യങ്ങളെ ലളിതമാക്കാനും ഇരുലോക വിജയം വരിക്കാനും നമുക്ക് ഉതവി നൽകട്ടെ.
   
 **********

 മആരിഫുല്‍ ഖുര്‍ആന്‍ 

(ഈ ലക്കത്തെ വിഷയവുമായി ബന്ധപ്പെട്ട മആരിഫുല്‍ ഖുര്‍ആനിലെ ഒരു ഭാഗം ഈ ലക്കത്തില്‍ കൊടുക്കുന്നു. സൂറത്ത് യാസീന്‍ വിവരണം അടുത്ത ലക്കത്തില്‍ തുടരുന്നതാണ്)

സ്വന്തത്തെയും കുടുംബത്തെയും ഇരുലോക നാശങ്ങളിൽ നിന്നും സൂക്ഷിക്കുക
 
മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

ആയത്ത് 6-7

يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ (6)

സത്യവിശ്വാസികളെ, നിങ്ങളേയും നിങ്ങളുടെ കുടുംബത്തെയും നരകാഗ്നിയില്‍ നിന്നും സംരക്ഷിക്കുക. അതിന്‍റെ ഇന്ധനം മനുഷ്യരും കല്ലുകളുമാണ്. കടുത്തവരും ഉറച്ചവരുമായ മലക്കുകളാണ് അതിന്‍റെ മേല്‍നോട്ടക്കാര്‍. അല്ലാഹുവിന്‍റെ കല്‍പനകള്‍ക്ക് അവര്‍ എതിര് പ്രവര്‍ത്തിക്കുന്നതല്ല. അവരോട് കല്പിക്കപ്പെടുന്നതൊക്കെ അവര്‍ പ്രവര്‍ത്തിക്കുന്നതുമാണ്.(6) അല്ലയോ, നിഷേധികളേ, ഇന്നേ ദിവസം നിങ്ങള്‍ ന്യായം ബോധിപ്പിക്കേണ്ടതില്ല. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലം നിങ്ങള്‍ക്ക് നല്‍കപ്പെടുന്നതാണ്.(7) 

ആശയ സംഗ്രഹം
സത്യവിശ്വാസികളെ, പ്രവാചക പത്നിമാര്‍ക്ക് പോലും അനുസരണയും സല്‍ക്കര്‍മ്മങ്ങളും നിര്‍ബന്ധമാണെന്നും സഹധര്‍മ്മിണികളെ ഉപദേശിച്ച് സല്‍ക്കര്‍മ്മങ്ങളിലേക്ക് പ്രേരിപ്പിക്കേണ്ടത് പ്രവാചകന്‍റെയും കടമയാണെന്നും മേല്‍ പറഞ്ഞ ആയത്തുകളിലൂടെ മനസ്സിലായി. ഇത്തരുണത്തില്‍ ഭാര്യമക്കളുടെ വിശ്വാസ കര്‍മ്മങ്ങളും സ്വഭാവ ഗുണങ്ങളും നന്നാക്കുന്ന വിഷയത്തില്‍ അശ്രദ്ധ വരുത്താതിരിക്കേണ്ടത് ഓരോ സമുദായ അംഗങ്ങളുടെ മേലും കൂടുതല്‍ ശക്തമായ ബാധ്യതയാണ്. ഈ കാരണത്താല്‍ അല്ലാഹു കല്‍പ്പിക്കുന്നു: നിങ്ങളേയും നിങ്ങളുടെ കുടുംബത്തെയും നരകാഗ്നിയില്‍ നിന്നും സംരക്ഷിക്കുക. അതിന്‍റെ ഇന്ധനം മനുഷ്യരും കല്ലുകളുമാണ്. നിങ്ങളെ സംരക്ഷിക്കുക എന്നതുകൊണ്ടുള്ള വിവക്ഷ നിങ്ങള്‍ സ്വയം പടച്ചവന്‍റെ വിധിവിലക്കുകള്‍ അനുസരിക്കുക എന്നതാണ്. കുടുംബാധികളെ സംരക്ഷിക്കുക എന്നാല്‍ അവരെ പടച്ചവന്‍റെ വിധിവിലക്കുകള്‍ പഠിപ്പിക്കലും അത് പാലിക്കാന്‍ വാചാ, കര്‍മ്മണാ കഴിവിന്‍റെ പരമാവധി പരിശ്രമിക്കലുമാണ്. അടുത്തതായി നരകത്തിന്‍റെ മറ്റൊരു അവസ്ഥ വിവരിക്കുന്നു: കടുത്തവരും ഉറച്ച ശക്തിയുള്ളവരുമായ മലക്കുകളാണ് അതിന്‍റെ മേല്‍നോട്ടക്കാര്‍. അവര്‍ ആരോടും വിട്ടുവീഴ്ച ചെയ്യുന്നതല്ല. ആര്‍ക്കും അവരെ നേരിട്ട് രക്ഷപ്പെടാന്‍ കഴിയുന്നതുമല്ല. അല്ലാഹുവിന്‍റെ കല്‍പനകള്‍ക്ക് അവര്‍ അല്‍പ്പം പോലും എതിര് പ്രവര്‍ത്തിക്കുന്നതല്ല. അവരോട് കല്പിക്കപ്പെടുന്നതൊക്കെ അവര്‍ ഉടനടി പ്രവര്‍ത്തിക്കുന്നതുമാണ്. ചുരുക്കത്തില്‍ നരകത്തിന്‍റെ മേല്‍ കഠിന സ്വഭാവക്കാരും അതിശക്തരുമായ മലക്കുകളെ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അവര്‍ നരകവാസികളെ നരകത്തിലേക്ക് തള്ളിവിടുക തന്നെ ചെയ്യുന്നതാണ്. തദവസരം നിഷേധികളോട് പറയപ്പെടും: അല്ലയോ, നിഷേധികളേ, ഇന്നേ ദിവസം നിങ്ങള്‍ ന്യായം ബോധിപ്പിക്കേണ്ടതില്ല. അത് വെറും പാഴായ പ്രവര്‍ത്തനം മാത്രമാണ്. തീര്‍ച്ചയായും നിങ്ങള്‍ ഇഹലോകത്ത് പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലം നിങ്ങള്‍ക്ക് നല്‍കപ്പെടുന്നതാണ്.

വിവരണവും വ്യാഖ്യാനവും
സത്യവിശ്വാസികളെ, നിങ്ങളേയും നിങ്ങളുടെ കുടുംബത്തെയും നരകാഗ്നിയില്‍ നിന്നും സംരക്ഷിക്കുക! ഈ ആയത്തില്‍ അല്ലാഹു പൊതുമുസ്ലിംകളോട് കല്‍പ്പിക്കുന്നു: നരകാഗ്നിയില്‍ നിന്നും സ്വയം രക്ഷപ്പെടുകയും കൂട്ടുകുടംബത്തെ രക്ഷിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുക. ശേഷം നരകത്തിന്‍റെ ഭയാനകതയെ ഇപ്രകാരം വിവരിക്കുന്നു: അതിന്‍റെ ഇന്ധനം മനുഷ്യരും കല്ലുകളുമാണ്. കടുത്തവരും ഉറച്ചവരുമായ മലക്കുകളാണ് അതിന്‍റെ മേല്‍നോട്ടക്കാര്‍. അല്ലാഹുവിന്‍റെ കല്‍പനകള്‍ക്ക് അവര്‍ എതിര് പ്രവര്‍ത്തിക്കുന്നതല്ല. അവരോട് കല്പിക്കപ്പെടുന്നതൊക്കെ അവര്‍ പ്രവര്‍ത്തിക്കുന്നതുമാണ്.(6) അതായത് ആരെങ്കിലും നരകത്തിലേക്ക് പോകേണ്ടി വന്നാല്‍ യാതൊരുവിധ ശക്തിയും ശേഷിയും കൈക്കൂലിയും പ്രീണനവും കൊണ്ട് നരകത്തിന്‍റെ സൂക്ഷിപ്പുകാരായ മലക്കുകളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുന്നതല്ല. 
ഈ ആയത്തിലെ കുടുംബ എന്നതില്‍ ഇണ, മക്കള്‍, അടിമ, വേലക്കാരന്‍ എല്ലാവരും ഉള്‍പ്പെടുന്നതാണ്. ഒരു ഹദീസില്‍ വന്നിരിക്കുന്നു: ഈ ആയത്ത് ഇറങ്ങിയപ്പോള്‍ ഉമര്‍ (റ) ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരേ, ഞങ്ങളെ രക്ഷിക്കാന്‍ പരിശ്രമിക്കുക എന്ന് പറഞ്ഞത് മനസ്സിലായി. ഞങ്ങള്‍ പാപം വര്‍ജ്ജിക്കുകയും പടച്ചവന്‍റെ കല്‍പ്പനകള്‍ പാലിക്കുകയും ചെയ്യുന്നതാണ്. എന്നാല്‍ കുടുംബത്തെ രക്ഷിക്കേണ്ടത് എങ്ങനെയാണ്? റസൂലുല്ലാഹി (സ) അരുളി: അല്ലാഹു തടഞ്ഞ കാര്യങ്ങളില്‍ നിന്നും നിങ്ങള്‍ അവരെ തടയുക. പടച്ചവന്‍ കല്‍പ്പിച്ച കാര്യങ്ങള്‍ നിങ്ങള്‍ അവരോട് കല്‍പ്പിക്കുക. (റൂഹുല്‍ മആനി) 
ഭാര്യാമക്കളുടെ ശിക്ഷണം ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്: മഹാന്മാരായ ഫുഖഹാഅ് പറയുന്നു: ഭാര്യാമക്കള്‍ക്ക് ശരീഅത്ത് നിയമങ്ങളും ഹലാല്‍ ഹറാമുകളും പഠിപ്പിക്കുകയും അതനുസരിച്ച് ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും നിര്‍ബന്ധ ബാധ്യതയാണെന്ന് ഈ ആയത്തില്‍ നിന്നും മനസ്സിലാകുന്നു. റസൂലുല്ലാഹി (സ) അരുളി: അല്ലാഹു കുടുംബത്തെ ഉപദേശിക്കുന്ന വ്യക്തിയെ അനുഗ്രഹിക്കട്ടെ. അദ്ദേഹം കുടുംബത്തെ ഇപ്രകാരം ഉപദേശിക്കുന്നതാണ്: എന്‍റെ ഭാര്യാമക്കളേ, നിങ്ങളുടെ നമസ്കാരവും നോമ്പും സകാത്തും സാധുക്കള്‍ക്കും അനാഥര്‍ക്കും അയല്‍വാസികള്‍ക്കുമുള്ള സേവനങ്ങളും നിങ്ങള്‍ സന്തോഷത്തോടെ പാലിക്കുക. ഇങ്ങനെ പറയുന്നവരെയും അതിലൂടെ നന്നായ കുടുംബാംഗങ്ങളെയും അല്ലാഹു സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ച് കൂട്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ചില മഹാന്മാര്‍ പറയുന്നു: ഭാര്യാമക്കള്‍ ദീനിനെക്കുറിച്ച് യാതൊരു അറിവുമില്ലാതെ കഴിഞ്ഞിട്ടും അതിനെക്കുറിച്ച് ശ്രദ്ധിക്കാത്തവര്‍ ഖിയാമത്ത് നാളില്‍ ഏറ്റവും കൂടുതലായി ശിക്ഷിക്കപ്പെടുന്നതാണ്. (റൂഹുല്‍ മആനി) പൊതുമുസ്ലിംകളെ ഉപദേശിച്ചതിന് ശേഷം നിഷേധികളെ ഉണര്‍ത്തുന്നു: അല്ലയോ, നിഷേധികളേ, ഇന്നേ ദിവസം നിങ്ങള്‍ ന്യായം ബോധിപ്പിക്കേണ്ടതില്ല. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലം നിങ്ങള്‍ക്ക് നല്‍കപ്പെടുന്നതാണ്.(7) അതായത് നിങ്ങളുടെ പ്രവര്‍ത്തന ഫലങ്ങള്‍ ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ വരുന്നതാണ്. ആരുടെയും ഒരു ന്യായവും ഇന്ന് സ്വീകരിക്കപ്പെടുന്നതല്ല. 

***


 മആരിഫുല്‍ ഹദീസ് 

ഭാര്യ ഭർത്താക്കന്മാരുടെ പരസ്പര കടമകൾ
മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
 
മനുഷ്യർക്കിടയിലുള്ള പരസ്പര ബന്ധങ്ങളിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് വൈവാഹിക ബന്ധം. അതിൽ അടങ്ങിയിരിക്കുന്ന സമുന്നതമായ പ്രയോജനങ്ങൾ വളരെ വ്യക്തമാണ്. എന്നാൽ വൈവാഹിക ജീവിതത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകുന്നത് പ്രസ്തുത ബന്ധം നന്മ നിറഞ്ഞതും മാനസിക ഇണക്കവും വിശ്വാസവും ഉള്ളതാകുമ്പോഴാണ്. വൈവാഹിക ജീവിതത്തിന്റെ ലക്ഷ്യം തന്നെ ഇരുവരുടെയും ജീവിത വിശുദ്ധിയും വിവാഹത്തിലൂടെയുണ്ടാകുന്ന സന്തോഷങ്ങളുമാണ്. ഇതിലൂടെ മനുഷ്യൻ പാപങ്ങളിൽ നിന്നും അകന്ന് നിന്നുകൊണ്ട് കടമകൾ നിർവ്വഹിക്കുന്നവനായിത്തീരും. കൂടാതെ, സർവ്വലോക പരിപാലകനായ പടച്ചവന്റെ ലക്ഷ്യമായ മനുഷ്യവംശം ആദരവോട് കൂടി നിലനിൽക്കുകയും ചെയ്യുന്നതാണ്. ഇരുവിഭാഗത്തിനുമിടയിൽ അധികരിച്ച സ്‌നേഹവും ഐക്യവും സുന്ദര ബന്ധവും ഉണ്ടായാൽ മാത്രമേ ഈ ലക്ഷ്യങ്ങളെല്ലാം ശരിയായ നിലയിൽ പൂർത്തീകരിക്കപ്പെടുകയുള്ളൂ. 
ഈ കാര്യങ്ങൾ മുന്നിൽ വെച്ചുകൊണ്ട് റസൂലുല്ലാഹി  ഇരുവരുടെയും കർത്തവ്യങ്ങൾ ശക്തമായും വ്യക്തമായും ഉണർത്തുകയുണ്ടായി. അതിനെ പാലിക്കുന്നതിനനുസരിച്ച് ഇരു വിഭാഗത്തിന്റെയും ജീവിതം സന്തോഷകരമാവുകയും സമാധാന പൂർണ്ണമാവുകയും ചെയ്യുന്നതും മഹത്തരമായ ഈ ബന്ധത്തിന്റെ ലക്ഷ്യങ്ങൾ നല്ലനിലയിൽ പൂർത്തീകരിക്കപ്പെടുന്നതുമാണ്. ഈ വിഷയത്തിൽ റസൂലുല്ലാഹി  നൽകിയിട്ടുള്ള ഉപദേശ അദ്ധ്യാപനങ്ങളുടെ രത്‌നച്ചുരുക്കം ഇതാണ്: ഭർത്താവിനെ ഭാര്യ ആദരിക്കേണ്ടതാണ്. ഭർത്താവിനോട് അനുസരണയും ഗുണകാംഷയും പുലർത്തേണ്ടതുമാണ്. ഭർത്താവിന്റെ തൃപ്തി കരസ്ഥമാക്കുന്നതിൽ വീഴ്ചകളൊന്നും വരുത്തരുത്. ഇഹത്തിലെയും പരത്തിലെയും നന്മ ഭർത്താവിന്റെ സന്തോഷത്തിലാണെന്ന് മനസ്സിലാക്കേണ്ടതാണ്. ഭർത്താവ് ഭാര്യയെ അല്ലാഹു കനിഞ്ഞരുളിയ ഒരു അനുഗ്രഹമായി മനസ്സിലാക്കുകയും അവരെ വില മതിക്കുകയും സ്‌നേഹിക്കുകയും ചെയ്യേണ്ടതാണ്. അവരിൽ നിന്ന് തെറ്റുകൾ വല്ലതും ഉണ്ടായാൽ കണ്ണടയ്ക്കുകയും സഹനതയും തന്ത്രജ്ഞതയും മുറുകെ പിടിച്ചുകൊണ്ട് അതിനെ തിരുത്താൻ പരിശ്രമിക്കുകയും ചെയ്യുക. കഴിവിന്റെ പരമാവധി അവരുടെ ആവശ്യങ്ങൾ നല്ല നിലയിൽ പൂർത്തീകരിക്കുക. അവർക്ക് സുഖ സൗകര്യങ്ങൾ ചെയ്ത് കൊടുക്കാനും അവരുടെ മനസ്സുകൾ ഇണക്കാനും പരിശ്രമിക്കേണ്ടതാണ്!  

റസൂലുല്ലാഹി യുടെ ഉപര്യുക്ത അദ്ധ്യാപനങ്ങളുടെ വിലയും നിലയും മനസ്സിലാക്കാൻ 1400 വർഷങ്ങൾക്ക് മുമ്പുള്ള ലോകത്തിന്റെ വിശിഷ്യാ അറബികളുടെ അവസ്ഥകളിലേക്ക് നോക്കേണ്ടതാണ്. അന്ന് ഭാര്യയ്ക്ക് വില കൊടുത്ത് വാങ്ങിക്കുന്ന മൃഗത്തിന്റെ സ്ഥാനം പോലും ഇല്ലായിരുന്നു. അവർക്ക് എന്തെങ്കിലും അവകാശങ്ങൾ ഉള്ളതായി ആരും കണ്ടിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് റസൂലുല്ലാഹി  ഇത്തരം ഉപദേശങ്ങൾ നൽകുകയും ഇതനുസരിച്ച് പരിശീലനങ്ങൾ നൽകുകയും ചെയ്തു. ഈ ഹൃസ്വമായ ആമുഖ കുറിപ്പുകൾക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട ഏതാനും വചനങ്ങൾ പാരായണം ചെയ്യുക. 

ഭാര്യയുടെ ഏറ്റവും വലിയ കടമ ഭർത്താവിനോടാണ്

50. ആഇശ (റ) നിവേദനം. റസൂലുല്ലാഹി  അരുളി: സ്ത്രീയുടെ മേൽ ഏറ്റവും വലിയ കടമ ഭർത്താവിനോടാണ്. പുരുഷന്റെ മേൽ ഏറ്റവും വലിയ കടമ മാതാവിനോടുമാണ്. (ഹാകിം)
അല്ലാഹു അല്ലാത്തവർക്ക് സുജൂദ് ചെയ്യാമായിരുന്നെങ്കിൽ 
ഭർത്താവിന് സുജൂദ് ചെയ്യാൻ ഭാര്യമാരോട് 
കൽപ്പിക്കപ്പെടുമായിരുന്നു
51. അബൂഹുറയ്‌റ (റ) നിവേദനം. റസൂലുല്ലാഹി  അരുളി: ഞാൻ ഏതെങ്കിലും സൃഷ്ടികൾക്ക് സുജൂദ് ചെയ്യാൻ കൽപ്പിക്കുമായിരുന്നെങ്കിൽ ഭാര്യമാരോട് ഭർത്താക്കന്മാർക്ക് സുജൂദ് ചെയ്യാൻ കൽപ്പിക്കുമായിരുന്നു. (തിർമിദി) 
വിവരണം: ആരോടെങ്കിലുമുള്ള കടമകൾ കൂടുതൽ ശക്തമായും വ്യക്തമായും അറിയിക്കുമ്പോഴുള്ള ഒരു ശൈലിയാണ് റസൂലുല്ലാഹി  ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ഭാര്യയ്ക്ക് ഭർത്താവിനോടുള്ള കടമകൾ വിവരിക്കാൻ ഇതിനേക്കാൾ ശക്തിയായ ഒരു ശൈലിയും കാണാൻ സാധിക്കുകയില്ല. ഹദീസിന്റെ ആശയം ഇതാണ്: വിവാഹം കഴിഞ്ഞാൽ ഒരു ഭാര്യയ്ക്ക് ഏറ്റവും കൂടുതൽ കടമയുള്ളത് ഭർത്താവിനോടാണ്. ഭർത്താവിനെ അനുസരിക്കുന്നതിലും തൃപ്തിപ്പെടുത്തുന്നതിനും യാതൊരു കുറവും വരുത്താൻ പാടുള്ളതല്ല. ഇതേ നിലയിൽ വന്നിട്ടുള്ള മറ്റുചില നിവേദനങ്ങൾ കൂടി ശ്രദ്ധിക്കുക:
52. അനസ് (റ) നിവേദനം. റസൂലുല്ലാഹി  അരുളി: ഒരു വ്യക്തിയും മറ്റൊരു വ്യക്തിയ്ക്ക് സുജൂദ് ചെയ്യാൻ അനുവാദമില്ല. അനുവാദമുണ്ടായിരുന്നെങ്കിൽ ഭർത്താക്കന്മാർക്ക് സുജൂദ് ചെയ്യാൻ ഭാര്യമാരോട് കൽപ്പിക്കുമായിരുന്നു. കാരണം ഭർത്താക്കന്മാരോട് ഭാര്യമാർക്ക് വലിയ കടമയാണുള്ളത്. (അഹ്മദ്)
53. അബ്ദുല്ലാഹിബ്‌നു അബീഔഫാ (റ) വിവരിക്കുന്നു: പ്രസിദ്ധ സഹാബി മുആദ് (റ) ശാമിലേക്ക് പോയി. അവിടെ നിന്നും മടങ്ങി വന്നപ്പോൾ അദ്ദേഹം റസൂലുല്ലാഹി യുടെ സമക്ഷത്തിൽ സുജൂദ് ചെയ്തു. റസൂലുല്ലാഹി  അത്ഭുതത്തോടെ ചോദിച്ചു: മുആദേ, ഇത് എന്താണ്? മുആദ് (റ) പറഞ്ഞു: ഞാൻ ശാമിലെ ജനങ്ങൾ അവരുടെ മത നേതാക്കൾക്ക് സുജൂദ് ചെയ്യുന്നതായി കണ്ടു. അപ്പോൾ അങ്ങയ്ക്ക് സുജൂദ് ചെയ്യണമെന്ന് എനിയ്ക്ക് ആഗ്രഹമുണ്ടായി. റസൂലുല്ലാഹി  അരുളി: അങ്ങനെ ചെയ്യരുത്. തുടർന്ന് അരുളി: അല്ലാഹുവല്ലാത്ത ആർക്കെങ്കിലും സുജൂദ് ചെയ്യാൻ ഞാൻ കൽപ്പിക്കുമായിരുന്നെങ്കിൽ സ്ത്രീകളോട് ഭർത്താക്കന്മാർക്ക് സുജൂദ് ചെയ്യാൻ കൽപ്പിക്കുമായിരുന്നു. (ഇബ്‌നുമാജ) 
54. ഖൈസുബ്‌നു സഅദ് (റ) വിവരിക്കുന്നു: ഞാൻ ഹൈറയിൽ പോയി. (ഇത് കൂഫയ്ക്കടുത്തുള്ള ഒരു പൗരാണിക പട്ടണമാണ്) അവിടെയുള്ളവർ ആദരവിന്റെ പേരിൽ നേതാവിന് സുജൂദ് ചെയ്യുന്നതായി ഞാൻ കണ്ടു. അപ്പോൾ ഇതിന് ഏറ്റവും അർഹൻ റസൂലുല്ലാഹി  ആണല്ലോ എന്ന് ഞാൻ ചിന്തിച്ചു. ഞാൻ യാത്ര കഴിഞ്ഞെത്തിയപ്പോൾ റസൂലുല്ലാഹി യെ കണ്ട് ഈ കാര്യം ധരിപ്പിച്ചു. അപ്പോൾ റസൂലുല്ലാഹി  അരുളി: എന്റെ മരണാനന്തരം എന്റെ ഖബ്‌റിന്റെ അരികിലൂടെ നിങ്ങൾ കടന്നുപോകുമ്പോൾ നിങ്ങൾ ഖബ്‌റിന് സുജൂദ് ചെയ്യുമോ? അതായത് ഞാൻ ഈ ലോകത്ത് നിന്നും ഒരു ദിവസം യാത്രയായി ഖബ്‌റിൽ അടക്കപ്പെടുന്നതാണ്. അപ്പോൾ നിങ്ങൾ എന്റെ ഖബ്‌റിനെ സുജൂദ് ചെയ്യാൻ പാടില്ല. കാരണം എന്നുമെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുവിനാണ് സുജൂദ് ചെയ്യേണ്ടത്. ആകയാൽ നിങ്ങൾ എന്റെ ഖബ്‌റിന് സുജൂദ് ചെയ്യുമോ? ഞാൻ പറഞ്ഞു: ഞാൻ സുജൂദ് ചെയ്യുകയില്ല. റസൂലുല്ലാഹി  അരുളി: എന്നാൽ ഇപ്പോഴും സുജൂദ് ചെയ്യരുത്. തുടർന്ന് അരുളി: ഏതെങ്കിലും സൃഷ്ടികൾക്ക് സുജൂദ് ചെയ്യാൻ ഞാൻ കൽപ്പിക്കുമായിരുന്നെങ്കിൽ സ്ത്രീകളോട് ഭർത്താക്കന്മാർക്ക് സുജൂദ് ചെയ്യാൻ കൽപ്പിക്കുമായിരുന്നു. അത്രമാത്രം വലിയ കടമയാണ് ഭർത്താക്കന്മാരോട് സ്ത്രീകൾ പുലർത്തണമെന്ന് അല്ലാഹു കൽപ്പിച്ചിരിക്കുന്നത്. 
55. ആഇശ (റ) വിവരിക്കുന്നു: ഒരു ഒട്ടകം റസൂലുല്ലാഹി യുടെ അരികിൽ വന്ന് സുജൂദ് ചെയ്തു. അതായത് അത് റസൂലുല്ലാഹി യ്ക്ക് മുന്നിൽ കുനിഞ്ഞ് നിന്നു. അതിനെ കണ്ടവർ സുജൂദെന്ന വാചകം പറഞ്ഞതാണ്. തദവസരം ചില സഹാബികൾ പറഞ്ഞു: ഒട്ടകത്തെപ്പോലുള്ള മൃഗങ്ങൾ അങ്ങയ്ക്ക് സുജൂദ് ചെയ്യുന്ന നിലയിൽ കുനിയുന്നു. എന്നാൽ ഇത് ഞങ്ങൾക്ക് ഏറ്റവും യോജിച്ചതാണ്. ഞങ്ങൾ ഇപ്രകാരം ചെയ്യട്ടെ? റസൂലുല്ലാഹി  അരുളി: നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ ആരാധിക്കുക. നിങ്ങളുടെ സഹോദരനായ എന്നെ ആദരിക്കുക. ഞാൻ സൃഷ്ടികൾക്ക് ആർക്കെങ്കിലും സുജൂദ്  ചെയ്യാൻ കൽപ്പിക്കുമായിരുന്നെങ്കിൽ ഭർത്താക്കന്മാർക്ക് സുജൂദ് ചെയ്യാൻ സ്ത്രീകളോട് കൽപ്പിക്കുമായിരുന്നു. (അഹ്മദ്) 

ചുരുക്കത്തിൽ വിവിധ നിവേദനങ്ങളിൽ നിന്നും റസൂലുല്ലാഹി  ഇപ്രകാരം വിവിധ സന്ദർഭങ്ങളിൽ അരുളിയതായി വന്നിരിക്കുന്നു. ഈ ഹദീസുകളിൽ നിന്നും വളരെ വ്യക്തമായ നിലയിൽ മനസ്സിലാകുന്ന മറ്റൊരു കാര്യം ഇതാണ്: മുഹമ്മദീ ശരീഅത്തിൽ സുജൂദ് അല്ലാഹുവിന് മാത്രമേ പാടുള്ളൂ. അല്ലാഹു അല്ലാത്ത ആർക്കും എന്തിനേറെ സൃഷ്ടികളിൽ മഹോന്നതനായ സയ്യിദുൽ അമ്പിയാഅ് മുഹമ്മദ് മുസ്തഫാ റസൂലുല്ലാഹി യ്ക്ക് പോലും സുജൂദ് ചെയ്യാൻ പാടുള്ളതല്ല. മേൽ പറയപ്പെട്ട ഹദീസുകളിൽ മുആദ് (റ), ഖൈസ് (റ) ഇരുവരും അനുവാദത്തിന് അപേക്ഷിച്ച സുജൂദ് ആരാധനയുടെ സുജൂദല്ലായിരുന്നു, ആദരവിന്റെ സുജൂദായിരുന്നു എന്ന കാര്യം വ്യക്തമാണ്. ആ മഹത്തുക്കൾ ആരാധനയുടെ സുജൂദ് ചെയ്യാൻ അനുവാദം ചോദിക്കുമെന്ന് സഹാബത്തിനെക്കുറിച്ച് സങ്കൽപ്പിക്കുക പോലും സാധ്യമല്ല. അതെ, റസൂലുല്ലാഹി യിൽ വിശ്വസിക്കുകയും റസൂലുല്ലാഹി യുടെ പ്രധാന പ്രബോധനമായ തൗഹീദ് സ്വീകരിക്കുകയും ചെയ്ത ഒരു വ്യക്തി അല്ലാഹു അല്ലാത്ത ആരെയെങ്കിലും ആരാധിക്കാൻ വേണ്ടി സുജൂദ് ചെയ്യുന്ന പ്രശ്‌നമേയില്ല. അതുകൊണ്ട് ഈ ഹദീസുകളിൽ പറയപ്പെട്ടിരിക്കുന്ന സുജൂദ് കൊണ്ടുള്ള ഉദ്ദേശം അഭിവാദ്യത്തിന്റെയും ആദരവിന്റെയും സുജൂദാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സുജൂദും സൃഷ്ടികളിൽ ആർക്കെങ്കിലും ചെയ്യുന്നതും ഹറാമാണെന്ന് ഫുഖഹാഅ് വ്യക്തമാക്കുന്നു. ആകയാൽ മരണപ്പെട്ട് പോയ മഹാന്മാർക്കും അവരുടെ ഖബ്‌റുകൾക്കും ജീവിച്ചിരിക്കുന്ന ശൈഖുമാർക്കും സുജൂദ് ചെയ്യുന്നവർ മുഹമ്മദീ ശരീഅത്തിനോട് വലിയ അതിക്രമം കാട്ടുന്നവരാണ്. തീർച്ചയായും അവരുടെ ഈ കർമ്മം രൂപത്തിലുള്ള ശിർക്കാണ്! അല്ലാഹു അല്ലാത്തവർക്ക് സുജൂദ് ചെയ്യുന്നവർക്ക് സുജൂദ് ചെയ്യുന്നതിനെക്കുറിച്ചുള്ള പരാമർശം വന്നപ്പോൾ അതുമായി ബന്ധപ്പെട്ട ചില അത്യാവശ്യ കാര്യങ്ങൾ കുറിച്ചതാണ്. ഇനി വീണ്ടും നമ്മുടെ വിഷയമായ ഭാര്യഭർത്താക്കന്മാർക്ക് പരസ്പരമുള്ള കടമയിലേക്ക് തന്നെ മടങ്ങുക. 

ഭാര്യഭർത്താക്കന്മാരുടെ പരസ്പരമുള്ള ബന്ധത്തിൽ ഒരാൾക്ക് കാര്യങ്ങൾ തീരുമാനിക്കാനുള്ള സ്ഥാനം നൽകുകയും അതിനനുസരിച്ച് അദ്ദേഹത്തിന്റെ മേൽ ചില കടമകൾ നിർബന്ധമാക്കുകയും ചെയ്യേണ്ടതാണ്. പ്രകൃതിപരമായ ഈ ആവശ്യത്തിന് ഏറ്റവും യോഗ്യൻ ഭർത്താവ് തന്നെയാണെന്ന കാര്യം സ്പഷ്ടമാണ്. അതുകൊണ്ട് മുഹമ്മദീ ശരീഅത്ത് വീടിന്റെ മേൽനോട്ടത്തിന്റെ ഉത്തരവാദിത്വം പുരുഷന്മാരെ ഏൽപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ വലിയ കുറേ ഉത്തരവാദിത്വങ്ങൾ പുരുഷന്മാരുടെ മേൽ നിർബന്ധമാക്കുകയും ചെയ്തു. അല്ലാഹു പറയുന്നു: അല്ലാഹു ചിലർക്ക് ചിലരേക്കാൾ ശ്രേഷ്ടത കൊടുത്തതിന്റെ അടിസ്ഥാനത്തിൽ പുരുഷന്മാർ സ്ത്രീകളുടെ മേൽ കാര്യങ്ങൾ ഏൽപ്പിക്കപ്പെട്ടവരാണ്. പുരുഷന്മാർ സ്ത്രീകൾക്ക് ചിലവ് കൊടുക്കുന്നത് കൊണ്ട് കൂടിയാണ് ഇപ്രകാരം അല്ലാഹു ചെയ്തിരിക്കുന്നത്. (നിസാഅ്) ഇതിന്റെ അടിസ്ഥാനത്തിൽ അല്ലാഹു സ്ത്രീകളോട് കൽപ്പിച്ചു: വീടിന്റെ ഉത്തരവാദിയായി നിങ്ങൾ ഭർത്താക്കന്മാരെ അംഗീകരിക്കുക. ഇതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ അവരെ അനുസരിക്കുകയും അവരോടുള്ള കടമകൾ നിർവ്വഹിക്കുകയും ചെയ്യുന്നതിൽ വീഴ്ചകളൊന്നും വരുത്തരുത്. അല്ലാഹു പറയുന്നു: ആകയാൽ നന്മ നിറഞ്ഞ സ്ത്രീകൾ അനുസരിക്കുന്നവരും ഭർത്താവില്ലാത്തപ്പോഴും അഭിമാനവും സർവ്വ മുതലുകളും സംരക്ഷിക്കുന്നവരുമാണ്. (നിസാഅ്) ഭാര്യമാർ ഭർത്താക്കന്മാരെ അനുസരിക്കുന്നതിന് പകരം അനുസരണക്കേടിന്റെയും ധിക്കാരത്തിന്റെയും സമീപനം സ്വീകരിച്ചാൽ അതിന്റെ ഫലമെന്നോണം ആദ്യം അസ്വസ്ഥതകളും പിന്നീട് കുടുംബ വഴക്കുകളും നടക്കുകയും ഇരുവരുടെയും ദീനും ദുൻയാവും തല തിരിയുകയും ചെയ്യുന്നതാണ്. ഈ കാരണത്താൽ റസൂലുല്ലാഹി  സ്ത്രീകളോട് ഭർത്താക്കന്മാരെ അനുസരിക്കണമെന്നും അവരുടെ തൃപ്തിയ്ക്ക് മുൻഗണന നൽകണമെന്ന് ഉണർത്തുകയും അതിന്റെ പേരിൽ മഹത്തരമായ പ്രതിഫലങ്ങൾ വിവരിച്ചുകൊണ്ട്  പ്രേരിപ്പിക്കുകയും ചെയ്തിരിക്കുന്നു. 

56. അനസ് (റ) നിവേദനം. റസൂലുല്ലാഹി  അരുളി: ഒരു സ്ത്രീ അഞ്ച് നേരം നമസ്‌കരിക്കുകും റമളാനിൽ നോമ്പ് അനുഷ്ടിക്കുകയും ഗുഹ്യ ഭാഗത്തെ സംരക്ഷിക്കുകയും ഭർത്താവിനെ അനുസരിക്കുകയും ചെയ്താൽ സ്വർഗ്ഗത്തിന്റെ ഏഴ് വാതിലുകളിലൂടെയും സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ അവർക്ക് അനുവാദം ഉണ്ടാകുന്നതാണ്. (ഹിൽയാ അബൂനുഅയിം) 
വിവരണം: ഈ ഹദീസിൽ ഭർത്താവിനെ അനുസരിക്കുന്നതിനെ നമസ്‌കാരം, നോമ്പ്, ജീവിത വിശുദ്ധി എന്നീ കാര്യങ്ങളോടൊപ്പം അനുസ്മരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. ഇസ്‌ലാമിക വീക്ഷണത്തിൽ പ്രധാനപ്പെട്ട വിഷയങ്ങളോടൊപ്പമാണ് ഇതിനും സ്ഥാനം നൽകിയിരിക്കുന്നത്. അതുകൊണ്ട് ഇതും വളരെ പ്രധാനപ്പെട്ട ഘടകം തന്നെയാണ്.
57. ഉമ്മുസലമ (റ) നിവേദനം. റസൂലുല്ലാഹി  അരുളി: ഭർത്താവ് സംതൃപ്തനായ നിലയിൽ ഏതെങ്കിലും സ്ത്രീ ഇഹലോക വാസം വെടിഞ്ഞാൽ അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്. (തിർമിദി) 
വിവരണം: ഇതിന് മുമ്പ് ഇതുപോലുള്ള വിഷയങ്ങളിൽ പല പ്രാവശ്യം കുറിച്ചിട്ടുള്ള കാര്യം ഇവിടെയും ഉണരുക. ഏതെങ്കിലും പ്രത്യേക കർമ്മത്തെക്കുറിച്ച് സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ടാൽ പ്രസ്തുത കർമ്മം അല്ലാഹുവിങ്കൽ വളരെ പ്രിയങ്കരമാണെന്നും അതിന്റെ പ്രതിഫലം സ്വർഗ്ഗമാണെന്നും അത് പ്രവർത്തിക്കുന്നവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതുമാണ്. എന്നാൽ ഇനി അദ്ദേഹം നരക ശിക്ഷയ്ക്ക് നിർബന്ധമാകുന്ന ദുശിച്ച വിശ്വാസമോ കർമ്മമോ ആയി ബന്ധപ്പെട്ട വ്യക്തിയാണെങ്കിൽ അല്ലാഹുവിന്റെ നീതിയുടെ നിയമം അനുസരിച്ച് അതിന്റെ ഫലവും വെളിവാകുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഉമ്മു സലമ (റ)യുടെ ഈ ഹദീസും മനസ്സിലാക്കുക. ഇവിടെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഇതാണ്: ഏതെങ്കിലും ഭർത്താവ് അന്യായമായ നിലയിൽ ഭാര്യയോട് അതൃപ്തനായാൽ അല്ലാഹുവിങ്കൽ ആ ഭാര്യ കുറ്റക്കാരിയല്ല. അപ്പോഴുള്ള അതൃപ്തിയുടെ ഉത്തരവാദിത്വം ഭർത്താവ് തന്നെയാണ്. 
ഇതുവരെ കൊടുത്ത ഹദീസുകൾ ഭാര്യമാർക്ക് ഭർത്താക്കന്മാരോടുള്ള കടമകളെക്കുറിച്ചായിരുന്നു. അടുത്തതായി ഭർത്താക്കന്മാർക്ക് ഭാര്യമാരോടുള്ള കടമകൾ വിവരിക്കുന്ന ഏതാനും ഹദീസുകൾ പാരായണം ചെയ്യുക. അതെ, ഭാര്യമാർ ഭർത്താക്കന്മാരുടെ തൃപ്തിയെ തേടലും അനുസരിക്കലും നിർബന്ധമായതുപോലെ ഭർത്താക്കന്മാർ ഭാര്യമാരുടെ മാനസികാവസ്ഥ പരിഗണിക്കലും അവരുടെ മനസ്സ് ഇണക്കാൻ പരിശ്രമിക്കലും അവരോട് ഉത്തമ സമീപനം പുലർത്തലും അത്യാവശ്യമാണ്.
 
ഭാര്യമാരുടെ അവകാശങ്ങൾ പൂർത്തീകരിക്കുകയും 
അവരുടെ മനസ്സ് ഇണക്കാൻ പരിശ്രമിക്കുകയും ചെയ്യുക

58. ജാബിർ (റ) നിവേദനം. റസൂലുല്ലാഹി  ഹജ്ജിന്റെ സന്ദർഭത്തിൽ അറഫയിൽ വെച്ച് നടത്തിയ പ്രഭാഷണത്തിൽ അരുളി: ഭാര്യമാരുടെ വിഷയത്തിൽ അല്ലാഹുവിനെ ഭയക്കുക. നിങ്ങൾ അവരെ അല്ലാഹുവിന്റെ വിശ്വസസ്തയിലാണ് വിവാഹം കഴിച്ചിട്ടുള്ളത്. അല്ലാഹുവിന്റെ കൽപ്പന പ്രകാരമാണ് അവർ നിങ്ങൾക്ക് അനുവദനീയമായത്. നിങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ വീട്ടിൽ വരാനും നിങ്ങളുടെ വിരിപ്പുകളിൽ ഇരിക്കാനും അവസരം കൊടുക്കാതിരിക്കേണ്ടത് അവരുടെ കടമയാണ്. അവർ അത് പാലിച്ചില്ലെങ്കിൽ അവരെ ഉണർത്തുന്നതിന് വേണ്ടി അധികം കടുപ്പമല്ലാത്ത ശിക്ഷ നൽകാവുന്നതാണ്. അനുയോജ്യമായ നിലയിൽ അവർക്ക് ആഹാരം, വസ്ത്രം മുതലായ സൗകര്യങ്ങൾ ചെയ്ത് കൊടുക്കേണ്ടത് നിങ്ങളുടെയും കടമയാണ്. (മുസ്‌ലിം) 
വിവരണം: ഈ ഹദീസിൽ റസൂലുല്ലാഹി  ആദ്യമായി ഉണർത്തുന്നു: പുരുഷന്മാർ സ്ത്രീകളുടെ കാര്യകർത്താക്കളാണെങ്കിലും ആ വിഷയത്തിൽ അല്ലാഹുവിന്റെ വിചാരണയും ശിക്ഷയും ഭയക്കുകയും ചെയ്യേണ്ടതാണ്. അതായത്, അവരുടെയും ഭാര്യമാരുടെയും ഇടയിൽ പടച്ചവൻ ഉണ്ടെന്നും പടച്ചവൻ നിശ്ചയിച്ച വിവാഹ നിയമങ്ങൾക്കനുസൃതമായിട്ടാണ് അവർ ഭാര്യമാർ ആയതെന്നും അവരുമായുള്ള വൈവാഹിക ജീവിതം അനുവദിനീയമായിട്ടുള്ളതെന്നും ഓർക്കുകയും അല്ലാഹുവിനെ ഭയക്കുകയും ചെയ്യുക. അവർ ഭാര്യ ആയതിന് ശേഷം അവർക്ക് അല്ലാഹു അഭയവും സമാധാനവും നൽകിയിട്ടുണ്ട്. ഭർത്താക്കന്മാർ അവരോട് അക്രമങ്ങൾ കാട്ടിയാൽ അല്ലാഹു നൽകിയ അഭയത്തെ പൊളിച്ചവരും പാപികളുമാകുന്നതാണ്. റസൂലുല്ലാഹി യുടെ ഈ വചനം സ്ത്രീ ജനങ്ങളെ സംബന്ധിച്ചിടത്തോളം എത്ര വലിയ മഹത്വവും ഭർത്താക്കന്മാർക്ക് താക്കീതുമാണെന്നും ഓർക്കുക. അതെ, ഭാര്യമാർക്ക് അല്ലാഹു അഭയം നൽകിയിരിക്കുന്നു എന്ന കാര്യം ഭർത്താക്കന്മാർ നിരന്തരം ഉണരേണ്ടതാണ്. ഒരു സ്ത്രീ അല്ലാഹുവിന്റെ നിയമ പ്രകാരം ഒരു പുരുഷനുമായി വിവാഹത്തിലേക്ക് പ്രവേശിക്കുമ്പോൾ അവർക്ക് അല്ലാഹുവിന്റെ ഭാഗത്ത് നിന്നും വിശിഷ്ടമായ ഒരു അഭയം ലഭിക്കുന്നതാണ്. 
ശേഷം റസൂലുല്ലാഹി  ഭാര്യമാരെ ഉണർത്തി: ഭർത്താക്കന്മാർ ഏതെങ്കിലും പുരുഷന്മാരോടോ സ്ത്രീകളോടോ സംസാരിക്കുന്നതോ അവർക്ക് വീട്ടിൽ വരാൻ അനുമതി കൊടുക്കുന്നതോ ഇഷ്ടപ്പെടുന്നില്ലെങ്കിൽ നിങ്ങൾ അവരെ വീട്ടിൽ പ്രവേശിക്കാൻ അനുമതി കൊടുക്കരുത്. ഈ വചനത്തിന് പിന്നിൽ പഴയ കാലഘട്ടത്തിലെ അവസ്ഥയുമായി ബന്ധപ്പെട്ട ഒരു പശ്ചാത്തലമുണ്ട്: ഇസ്‌ലാമിന്    മുമ്പ് അടുത്തതും അകന്നതുമായ ബന്ധുക്കളും മറ്റുള്ളവരും വീടുകളിലേക്ക് വരുകയും സ്ത്രീകളുമായി സംസാരിക്കുകയും ചെയ്യുന്ന പൊതുവായ പതിവുണ്ടായിരുന്നു. എന്നാൽ അവരിൽ ചിലർ വീട്ടിലേക്ക് വരുന്നതും അവർ ഭാര്യമാരുമായി സംസാരിക്കുന്നതും ഭർത്താക്കന്മാർ ഇഷ്ടപ്പെട്ടിരുന്നില്ല. ഈ വിഷയത്തിൽ ഭർത്താക്കന്മാരുടെ താൽപ്പര്യത്തിന് മുൻഗണന കൊടുക്കണമെന്ന് റസൂലുല്ലാഹി  അറിയിക്കുന്നു. ഇതാണ് നിങ്ങളുടെ വിരിപ്പുകളിൽ പ്രവേശിപ്പിക്കരുതെന്ന് എന്നതിന്റെ ആശയം. അതായത് ഭർത്താവിന് ഇഷ്ടമില്ലാത്തവർ വീട്ടിലേക്ക് വരാനോ അടുത്തിരുന്ന് സംസാരിക്കാനോ നിങ്ങൾ അനുമതി കൊടുക്കരുത്. തുടർന്ന് അരുളി: ഈ വിഷയത്തിൽ ഭാര്യമാർ അനുസരണക്കേട് കാണിച്ചാൽ ഭർത്താവിന് അവരെ തിരുത്താനും ആവശ്യമായി കണ്ടാൽ മര്യാദ പഠിപ്പിക്കാൻ വേണ്ടി ശിക്ഷ നൽകാനും അനുവാദമുണ്ട്. എന്നാൽ കൂട്ടത്തിൽ വളരെ വ്യക്തമായി നിർദ്ദേശിച്ചു: ഈ ശിക്ഷ കഠിനമാകാൻ പാടില്ല. 
അവസാനമായി ഭർത്താക്കന്മാരോട് പറയുന്നു: നിങ്ങൾക്ക് ഭാര്യമാരോട് ചില പ്രത്യേക കടമകളുണ്ട്. അവരുടെ ആഹാരം, വസ്ത്രം മുതലായ ആവശ്യങ്ങൾ നിങ്ങളുടെ കഴിവും ജനങ്ങളുടെ പതിവുമനുസരിച്ച് പൂർത്തീകരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഈ വിഷയത്തിൽ പിശുക്ക് കാട്ടരുത്.
 
ഭാര്യമാരോട് സൽപെരുമാറ്റത്തിന് വസിയ്യത്ത് ചെയ്യുന്നു 

59. അബൂഹുറയ്‌റ (റ) നിവേദനം. റസൂലുല്ലാഹി  അരുളി: ഭാര്യമാരോട് നല്ലനിലയിൽ വർത്തിക്കണമെന്ന എന്റെ ഉപദേശത്തെ നിങ്ങൾ സ്വീകരിക്കുക. അതായത് അല്ലാഹുവിന്റെ ആ ദാസിമാരോട് നല്ലനിലയിൽ വർത്തിക്കുകയും മയത്തോടെ പെരുമാറുകയും അവരുടെ മനസ്സ് ഇണക്കാൻ പരിശ്രമിക്കുകയും ചെയ്യണമെന്ന് ഞാൻ നിങ്ങളോട് ശക്തമായി ഉപദേശിക്കുന്നു. പ്രകൃതിപരമായി അൽപ്പം വളഞ്ഞ വാരിയെല്ലിൽ നിന്നുമാണ് അവരെ പടയ്ക്കപ്പെട്ടിരിക്കുന്നത്. വാരിയെല്ലിന്റെ മുകൾ ഭാഗം കൂടുതൽ വളഞ്ഞതായിരിക്കും. നിങ്ങൾ വളഞ്ഞ എല്ലിനെ നിർബന്ധം പിടിച്ച് നേരെയാക്കാൻ പരിശ്രമിച്ചാൽ അത് പൊട്ടിപ്പോകും. അതിന്റെ അതേ അവസ്ഥയിൽ വിടുകയും നന്നാക്കാൻ പരിശ്രമിക്കാതിരിക്കുകയും ചെയ്താൽ അത് എപ്പോഴും വളഞ്ഞ് തന്നെ ഇരിക്കുന്നതാണ്. ആകയാൽ സ്ത്രീകളോട് നല്ലനിലയിൽ വർത്തിക്കണമെന്ന എന്റെ ഉപദേശത്തെ നിങ്ങൾ സ്വീകരിക്കുക. (ബുഖാരി, മുസ്‌ലിം) 
വിവരണം: സ്ത്രീകൾ വാരിയെല്ലിൽ നിന്നുമാണ് പടയ്ക്കപ്പെട്ടതെന്ന ഈ ഹദീസിലെ പ്രയോഗം യാഥാർത്ഥ്യമാകാനും ഉപമയുടെ അടിസ്ഥാനത്തിലാകാനും സാധ്യതയുണ്ട്. ഏത് രൂപത്തിലും ഹദീസിന്റെ ആശയം ഇതാണ്: മനുഷ്യരുടെ പാർശത്തിലുള്ള വാരിയെല്ലിൽ പ്രകൃതിപരമായി കുറച്ച് വളവുള്ളത് പോലെ സ്ത്രീകളിൽ പ്രകൃതിപരമായിത്തന്നെ അൽപ്പം വളവുണ്ട്. തുടർന്ന് അരുളി: ഏറ്റവും കൂടുതൽ വളവ് അതിന്റെ മേൽ ഭാഗത്തിലാണ്. സ്ത്രീകളുടെ വളവ് ഏറ്റവും കൂടുതൽ പ്രകടമാകുന്നത് മുകൾ ഭാഗത്തിനാണ് എന്നായിരിക്കാം ഇതിന്റെ സൂചന. അവിടെയാണ് ചിന്തിക്കുന്ന മസ്തിഷ്‌കവും സംസാരിക്കുന്ന നാവുമുള്ളത്. ശേഷം പ്രസ്താവിച്ചു: നിങ്ങൾ വളഞ്ഞ എല്ലിനെ ശക്തി ഉപയോഗിച്ച് തീർത്തും നേരെയാക്കാൻ ഉദ്ദേശിച്ചാൽ അത് പൊട്ടിപ്പോകും. അതിനെ അങ്ങനെ തന്നെ വിടുകയാണെങ്കിൽ അത് എപ്പോഴും വളഞ്ഞ് തന്നെ ഇരിക്കുന്നതാണ്. അതായത് ആരെങ്കിലും ശക്തിയും കടുപ്പവും ഉപയോഗിച്ച് സ്ത്രീകളുടെ പ്രകൃതിപരമായ വളവിനെ ദൂരീകരിക്കാൻ പരിശ്രമിച്ചാൽ അവർ അതിൽ വിജയിക്കുന്നതല്ല. മറിച്ച് വിട്ടുപിരിയേണ്ട അവസ്ഥ സംജാതമാകാൻ സാധ്യതയുണ്ട്. അത് നന്നാക്കാൻ അൽപ്പം പോലും ചിന്തിക്കാതയും പരിശ്രമിക്കാതെയും ഇരുന്നാൽ വളവ് എപ്പോഴും നിലനിൽക്കുന്നതാണ്. ഒരിക്കലും ദാമ്പത്യ ജീവിതത്തിന്റെ പ്രത്യേക ലക്ഷ്യമായ മാനസിക സമാധാനം ഉണ്ടാവുകയോ ജീവിത സുഖം ലഭിക്കുകയോ ചെയ്യുന്നതല്ല. ആകയാൽ സ്ത്രീകളുടെ നിസാര തെറ്റുകളെയും ബലഹീനതകളുടെയും അവഗണിക്കാനും അവരോട് ഉത്തമമായ നിലയിലും മനസ്സ് ഇണക്കിക്കൊണ്ടും അവരെ നന്നാക്കാനും പരിശ്രമിക്കേണ്ടതാണ്. ഇതിലൂടെ അവസ്ഥ നന്നാകുന്നതാണ്. ആരംഭത്തിൽ ഉപദേശിച്ചത് പോലെ അവസാനവും റസൂലുല്ലാഹി  ഉണർത്തി: സ്ത്രീകളോടുള്ള എന്റെ ഉപദേശത്തെ നിങ്ങൾ സ്വീകരിക്കുക. ഇതിലൂടെ റസൂലുല്ലാഹി  സ്ത്രീകളോടുള്ള സൽപെരുമാറ്റത്തെ എത്രമാത്രം ശ്രദ്ധിച്ചിരുന്നു എന്ന് വ്യക്തമാകുന്നതാണ്. 
60. അബൂഹുറയ്‌റ (റ) നിവേദനം. റസൂലുല്ലാഹി  അരുളി: സത്യവിശ്വാസിയായ ഒരു ഭർത്താവും വിശ്വാസിനായ ഒരു ഭാര്യയെയും വെറുക്കാൻ പാടില്ല. അവരുടെ എന്തെങ്കിലും പതിവ് അനിഷ്ടകരമാണെങ്കിൽ മറ്റൊരു പതിവ് ഇഷ്ടകരമായിരിക്കുന്നതാണ്. (മുസ്‌ലിം)
വിവരണം: ഭർത്താവ് തന്റെ ഭാര്യയുടെ പതിവ് രീതികളിൽ എന്തെങ്കിലുമൊന്ന് അനിഷ്ടകരമായി മനസ്സിലായാൽ അതിന്റെ പേരിൽ വെറുപ്പ് പുലർത്തുകയും ബന്ധം കുറയ്ക്കുകയും വിവാഹ മോചനത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യരുത്. മറിച്ച് അവരിലുള്ള നന്മകളിലേക്ക് നോക്കുകയും അവയുടെ വില മനസ്സിലാക്കുകയും ചെയ്യുക. ഇത് സത്യവിശ്വാസിയായ ഒരു പുരുഷന്റെ വിശ്വാസപരമായ പ്രേരണയും വിശ്വാസിനിയോടുള്ള കടമയുമാണ്. ഇതേ കാര്യത്തെക്കുറിച്ച് പരിശുദ്ധ ഖുർആനിൽ അല്ലാഹു ഉണർത്തുന്നു: സത്യവിശ്വാസികളെ, നിങ്ങൾ നിർബന്ധപൂർവ്വം സ്ത്രീകളുടെ അനന്തരാവകാശികളാകരുത് (സ്ത്രീകളെയും അവർക്ക് അവകാശപ്പെട്ട സ്വത്തിനെയും കൈയടക്കരുത്). അവർക്ക് നിങ്ങൾ (വിവാഹമൂല്യമായി) കൊടുത്ത സമ്പത്തിൽ കുറച്ച് തിരികെ വാങ്ങുന്നതിന് നിങ്ങൾ അവരെ തടഞ്ഞുവെക്കരുത്. എന്നാൽ അവർ വ്യക്തമായ മോശത്തരം പ്രവർത്തിച്ചാൽ (അവരിൽ നിന്നും വിവാഹമൂല്യം) തിരികെ വാങ്ങാവുന്നതാണ് (അവരെ വിവാഹമോചനം ചെയ്യാവുന്നതാണ്). അവരോട് ഉത്തമ നിലയിൽ വർത്തിക്കുക. ഇനി അവരെ നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ ഒരു കാര്യം ഓർക്കുക: നിങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യത്തിൽ അല്ലാഹു ധാരാളം നന്മകൾ നിശ്ചയിച്ചിരിക്കും.(നിസാഅ് 19) ഭാര്യമാരോട് നല്ലനിലയിൽ വർത്തിക്കുന്നത് സമ്പൂർണ്ണ വിശ്വാസത്തിന്റെ അടിസ്ഥാനമാണ്.
 61. ആഇശ (റ) നിവേദനം. റസൂലുല്ലാഹി  അരുളി: സത്യവിശ്വാസികളിൽ സമ്പൂർണ്ണ വിശ്വാസമുള്ളവൻ എല്ലാവരോടും സൽസ്വഭാവത്തോടെ വർത്തിക്കുകയും വിശിഷ്യാ ഭാര്യയോട് മയത്തോടെ പെരുമാറുകയും ചെയ്യുന്നവനാണ്. (തിർമിദി)
62. അബൂഹുറയ്‌റ (റ) നിവേദനം. റസൂലുല്ലാഹി  അരുളി: സത്യവിശ്വാസികളിൽ സമ്പൂർണ്ണ വിശ്വാസമുള്ളവൻ ഏറ്റവും കൂടുതൽ സ്വഭാവം ഉത്തമമായവനാണ്. നിങ്ങളിൽ അല്ലാഹുവിന്റെ ദൃഷ്ടിയിൽ ഏറ്റവും ഉത്തമൻ ഭാര്യമാരോട് ഉത്തമമായി വർത്തിക്കുന്നവനാണ്. (തിർമിദി)
 
ഭാര്യമാരോട് റസൂലുല്ലാഹി യുടെ 
മാതൃകാപൂർണ്ണമായ പെരുമാറ്റം

63. ആഇശ (റ) നിവേദനം. റസൂലുല്ലാഹി  അരുളി: നിങ്ങളിൽ ഏറ്റവും ഉത്തമൻ ഭാര്യമാരോട് നല്ലനിലയിൽ വർത്തിക്കുന്നവനാണ്. ഞാൻ നിങ്ങൾക്കിടയിൽ എന്റെ ഭാര്യമാരോട് ഏറ്റവും നല്ലനിലയിൽ വർത്തിക്കുന്നവനാകുന്നു. (തിർമിദി, ദാരിമി)
വിവരണം: ഭാര്യമാരോട് നല്ലനിലയിൽ പെരുമാറുക എന്നത് ഒരു മനുഷ്യന്റെ നന്മയുടെയും മഹത്വത്തിന്റെയും പ്രധാന അടയാളമാണെന്നതാണ് ഹദീസിന്റെ ആശയം. എന്നാൽ ഈ വിഷയം കൂടുതൽ ശക്തിപ്പെടുത്താൻ റസൂലുല്ലാഹി  സ്വന്തം കാര്യം സൂചിപ്പിച്ചുകൊണ്ട് അരുളി: പടച്ചവന്റെ അനുഗ്രഹത്താൽ ഞാൻ എന്റെ ഭാര്യമാരോട് വളരെ നല്ലനിലയിൽ വർത്തിക്കാറുണ്ട്. അതെ, ഭാര്യമാരോടുള്ള റസൂലുല്ലാഹി യുടെ പെരുമാറ്റം അങ്ങേയറ്റം കാരുണ്യവും സ്‌നേഹവും നിറഞ്ഞതായിരുന്നു. അതിന്റെ ചില ഉദാഹരണങ്ങൾ അടുത്ത് ഉദ്ധരിക്കുന്ന ഹദീസുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നതാണ്.
 64. ആഇശ (റ) വിവരിക്കുന്നു: ഞാൻ റസൂലുല്ലാഹി യുടെ അരികിൽ ഭാര്യയായി വന്നതിന് ശേഷവും കൂട്ടുകാരികളുമായി കളിക്കുമായിരുന്നു. എന്നോടൊപ്പം കളിക്കുന്നതിന് വീട്ടിൽ വരുന്ന ഏതാനും കൂട്ടുകാരികൾ എനിയ്ക്കുണ്ടായിരുന്നു. റസൂലുല്ലാഹി  വീട്ടിലേക്ക് വരുമ്പോൾ അവർ ആദരവ് കാരണം കളി ഉപേക്ഷിച്ച് വീടിനകത്ത് മറയുമായിരുന്നു. തദവസരം റസൂലുല്ലാഹി  അവരെ എന്റെ അരികിലേക്ക് വിടുമായിരുന്നു. അതായത്, അവരുമായുള്ള കളി തുടരട്ടെയെന്ന് പറയുമായിരുന്നു. അങ്ങനെ അവർ വീണ്ടും വന്ന് എന്നോടൊപ്പം കളിക്കുമായിരുന്നു. (ബുഖാരി, മുസ്‌ലിം) 
വിവരണം: പ്രസിദ്ധ നിവേദനം അനുസരിച്ച് ആഇശ (റ) ഒൻപതാമത്തെ വയസ്സിലാണ് റസൂലുല്ലാഹി യുടെ വീട്ടിലെത്തിയത്. റസൂലുല്ലാഹി  ആഇശ (റ)യ്ക്ക് മുമ്പും ശേഷവും വിവാഹം കഴിച്ച പത്‌നിമാരെല്ലാവരും പ്രായമുള്ള വിധവകളായിരുന്നു. അതിൽ പ്രായം കുറഞ്ഞ ഒരേയൊരു വ്യക്തി ആഇശ (റ) ആയിരുന്നു. ഇത്ര പ്രായം കുറഞ്ഞ കാലത്തുള്ള ഈ വിവാഹത്തിലൂടെ ലഭ്യമായ നന്മകൾ വിവരിക്കുന്നതിന് ഒരു പ്രത്യേക പ്രബന്ധം തന്നെ ആവശ്യമാണ്. ഇവിടെ ഒരുകാര്യം മാത്രം സൂചിപ്പിക്കുന്നു: അതായത്, അല്ലാഹു സമുന്നത ശേഷികൾ കനിഞ്ഞരുളുകയും റസൂലുല്ലാഹി  സമ്പൂർണ്ണമായി ശിക്ഷണം നൽകുകയും റസൂലുല്ലാഹി യുടെ ശിക്ഷണങ്ങൾ ശരിയായ നിലയിൽ ഉൾക്കൊള്ളുകയും ചെയ്ത ഒരു അദ്ധ്യാപിക മുസ്‌ലിം സമുദായത്തിന് ആവശ്യമുണ്ടായിരുന്നു. അല്ലാഹുവിന്റെ വഹ്‌യിന്റെ സൂചനയിലൂടെ റസൂലുല്ലാഹി  ഈ ലക്ഷ്യത്തിന് വേണ്ടി അബൂബക്ർ സിദ്ദീഖ് (റ)ന്റെ മകൾ കൂടിയായ ആഇശ (റ)യെ തിരഞ്ഞെടുക്കുകയും ചെറുപ്പം മുതൽക്ക് തന്നെ അവർക്ക് ശിക്ഷണ ശീലനങ്ങൾ പകർന്ന് കൊടുക്കുകയും അല്ലാഹു കനിഞ്ഞരുളിയ അപാര ശേഷികളിലൂടെ അവർ അതിനെ അതിസൂക്ഷ്മമായി ഉൾക്കൊള്ളുകയും റസൂലുല്ലാഹി യ്ക്ക് ശേഷം നിരന്തരം സമുദായത്തെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുകയുണ്ടായി. ചുരുക്കത്തിൽ ചെറുപ്പ കാലത്ത് തന്നെ റസൂലുല്ലാഹി യുടെ അരികിലേക്ക് കടന്നുവന്ന മഹതിയ്ക്ക് കളിപ്പാട്ടങ്ങളോട് വലിയ താൽപ്പര്യമുണ്ടായിരുന്നു. മുസ്‌ലിമിന്റെ നിവേദനം ഇപ്രകാരമാണ്: റസൂലുല്ലാഹി യുമായി ഒമ്പതാം വർഷത്തിൽ അവർ വീട് കൂടുമ്പോൾ അവരോടൊപ്പം കളിക്കാൻ വേണ്ടി രൂപമുള്ള ഏതാനും കളിപ്പാവകളും കൂട്ടത്തിലുണ്ടായിരുന്നു! റസൂലുല്ലാഹി  അവരുടെ ഈ കളിയും സന്തോഷവും തടഞ്ഞില്ലായെന്ന് മാത്രമല്ല, അതിനെ സ്‌നേഹത്തോടെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്തിനേറെ റസൂലുല്ലാഹി  വീട്ടിലേക്ക് വരുമ്പോൾ കൂട്ടുകാരികൾ കളി ഉപേക്ഷിച്ച് ഓടി മാറുമ്പോൾ റസൂലുല്ലാഹി  അവരെ വിളിച്ച് കളി തുടരാൻ നിർദ്ദേശിക്കുമായിരുന്നു. ഇത് ഭാര്യയോടുള്ള സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണെന്ന കാര്യം വ്യക്തമാണ്. 

ആഇശ (റ)യുടെ കളിപ്പാട്ടങ്ങളുടെ വിഷയം  

ഇവിടെ ചില മനസ്സുകളിൽ ഇങ്ങനെ ഒരു ചോദ്യമുണ്ടാകാൻ സാധ്യതയുണ്ട്. ജീവികളുടെ രൂപങ്ങൾ ഉണ്ടാക്കുന്നതും അതിനെ വീട്ടിൽ വെക്കുന്നതും അനുവദനീയമല്ലല്ലോ? അതിനെക്കുറിച്ച് സഹീഹായ ഹദീസുകളിൽ ശകത്മായ മുന്നറിയിപ്പുകൾ വന്നിട്ടുണ്ട്. ഇത്തരുണത്തിൽ റസൂലുല്ലാഹി  രൂപങ്ങളുള്ള കളിപ്പാട്ടങ്ങൾ കൊണ്ട് കളിയ്ക്കാനും അതിനെ വീട്ടിൽ വെക്കാനും അനുവാദം നൽകിയത് എന്തിനാണ്? ചില വ്യാഖ്യാതാക്കൾ ഇതിന് നൽകിയ മറുപടി ഇപ്രകാരമാണ്: ആഇശ (റ) കളിപ്പാട്ടങ്ങൾ കൊണ്ട് കളിച്ച ഈ സംഭവം ഹിജ്‌റയുടെ പ്രാരംഭ കാലഘട്ടത്തിലേതാണ്. അന്ന് ചിത്രങ്ങൾ നിഷിദ്ധമല്ലായിരുന്നു. ശേഷം ചിത്രങ്ങൾ ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും ശക്തമായ നിലയിൽ തടയപ്പെട്ടപ്പോൾ ഇപ്രകാരം രൂപങ്ങളുള്ള കളിപ്പാട്ടങ്ങളും ഉണ്ടാക്കുന്നതും ഉപയോഗിക്കുന്നതും തടയപ്പെട്ടു. എന്നാൽ വിനീതന്റെ അടുക്കൽ ഇതിനുള്ള ശരിയായ മറുപടി, ആഇശ സിദ്ദീഖ (റ)യുടെ ഈ രൂപമുള്ള പാവകൾ ചിത്രങ്ങളുടെ ഗണത്തിൽ തന്നെ പെടുകയില്ല എന്നതാണ്. ഇത് 1300 വർഷങ്ങൾക്ക് മുമ്പുള്ള കാര്യമാണ്. ചിത്രകലകൾ പുരോഗതി പ്രാപിച്ച നമ്മുടെ ഈ കാലത്തും വീടുകളിൽ കൊച്ച് കുട്ടികൾക്ക് വേണ്ടി നിർമ്മിക്കുന്ന കളിപ്പാവകൾക്ക് പോലും ഒരു ചിത്രത്തിന്റെ വിധി പറയാൻ സാധിക്കുന്നതല്ല. അതുകൊണ്ട് ആഇശ (റ)യുടെ ഈ പാവകളെക്കുറിച്ച് ചിത്രങ്ങളുടെ വിഷയം തന്നെ ഉദിക്കുന്നതല്ല. 

റസൂലുല്ലാഹി  ഭാര്യയുമായി ഓട്ട മത്സരം നടത്തുന്നു

65. ആഇശ (റ) വിവരിക്കുന്നു: ഞാൻ ഒരു യാത്രയിൽ റസൂലുല്ലാഹി യോടൊപ്പമായിരുന്നു. തദവസരം ഞങ്ങൾ ഓട്ട മത്സരം നടത്തി. അപ്പോൾ ഞാൻ വിജയിക്കുകയും മുൻകടക്കുകയും ചെയ്തു. നാളുകൾക്ക് ശേഷം എന്റെ ശരീരത്തിന് തടി വെച്ചപ്പോൾ ഒരിക്കൽ ഞങ്ങൾ ഓട്ട മത്സരം നടത്തി. തദവസരം റസൂലുല്ലാഹി  വിജയിക്കുകയും മുൻകടക്കുകയും ചെയ്തു. അപ്പോൾ റസൂലുല്ലാഹി  അരുളി: ഇത് അന്നത്തെ ജയത്തിനുള്ള മറുപടിയാണ്. (അബൂദാവൂദ്) 
വിവരണം: തീർച്ചയായും ഭാര്യമാരോട് സൽപെരുമാറ്റം പുലർത്തുകയും അവരുടെ മനസ്സ് സന്തോഷിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഉത്തമ ഉദാഹരണമാണിത്. മതത്തിൽ ഇത്തരം സന്തോഷങ്ങൾക്ക് യാതൊരു സ്ഥാനവും നൽകാത്ത കടുത്ത നിലപാടുകാർക്ക് ഈ ഹദീസിൽ പ്രത്യേക പാഠമുണ്ട്.

ഭാര്യയ്ക്ക് കളി കാണിച്ചുകൊടുക്കുന്നു

66. ആഇശ (റ) വിവരിക്കുന്നു: അല്ലാഹുവിൽ സത്യം ഒരു ദിവസം എത്യോപ്യക്കാർ മസ്ജിദിന്റെ മുറ്റത്ത് കുന്തം കൊണ്ട് കളിക്കുന്നത് റസൂലുല്ലാഹി  എന്റെ വീടിന്റെ വാതിലിൽ നിന്ന് നോക്കുകയുണ്ടായി. തദവസരം എന്നെക്കാണിക്കുന്നതിന് റസൂലുല്ലാഹി  അവിടെ മറ പിടിച്ച് നിൽക്കുകയുണ്ടായി. ഞാൻ റസൂലുല്ലാഹി യുടെ തോളിന്റെയും ചെവിയുടെയും ഇടയിലൂടെ അവരുടെ കളി കണ്ടുകൊണ്ടിരുന്നു. അവസാനം എന്റെ മനസ്സ് നിറഞ്ഞ് ഞാൻ തന്നെ സ്വയം മടങ്ങുന്നതുവരെ റസൂലുല്ലാഹി  എനിയ്ക്ക് വേണ്ടി കുറേനേരം നിന്ന് തന്നു. പ്രായം കുറഞ്ഞവരും കളികളോട് താൽപ്പര്യമുള്ളവരുമായ ഒരു പെൺകുട്ടിയ്ക്ക് കളിയുടെ മേൽ എത്ര ആഗ്രഹം ഉണ്ടായിരിക്കുമെന്ന് നിങ്ങൾ തന്നെ അനുമാനിക്കുക. (ബുഖാരി, മുസ്‌ലിം)
വിവരണം: ഈ സംഭവവും ഭാര്യമാരോടൊപ്പമുള്ള റസൂലുല്ലാഹി യുടെ സ്‌നേഹ സഹകരണങ്ങളുടെ ഉത്തമ ഉദാഹരണമാണ്. തീർച്ചയായും ഈ സംഭവത്തിൽ സമുദായത്തിന് വലിയ പാഠമുണ്ട്. 

പെരുന്നാളിൽ കളിയും തമാശയും നടത്താവുന്നതാണ്

എന്നാൽ ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റൊരു നിവേദനത്തിൽ വന്നതുപോലെ ഇത് പെരുന്നാൾ ദിനമായിരുന്നു. (ബുഖാരി, മുസ്‌ലിം) പെരുന്നാൾ ദിനങ്ങളിൽ കളി, തമാശകൾ ഒരു പരിധിവരെ ഇസ്‌ലാം അനുവദിച്ചിരിക്കുന്നു. കാരണം ഇത് പൊതു ആഘോഷങ്ങളുടെ ഒരു പ്രകൃതിപരമായ പ്രേരണയാണ്. വേറൊരു നിവേദനത്തിൽ ആഇശ (റ) ഇപ്രകാരം വിവരിക്കുന്നു: ഒരിക്കൽ ഒരു പെരുന്നാൾ ദിവസം റസൂലുല്ലാഹി  പുതപ്പ് പുതച്ച് കിടക്കുകയായിരുന്നു. തദവസരം ഏതാനും പെൺകുട്ടികൾ വീട്ടിൽ വന്ന് ദഫ്ഫ് കൊട്ടുകയും ബുആസ് പോരാട്ടത്തെക്കുറിച്ചുള്ള ചില കവിതകൾ പാടുകയും ചെയ്തു. ഇതിനിടയിൽ അവിടെ എത്തിയ അബൂബക്ർ (റ) അവരെ വിരട്ടി ഓടിക്കാൻ ശ്രമിച്ചു. ഉടനെ തന്നെ റസൂലുല്ലാഹി  പുതപ്പിൽ നിന്നും മുഖം ഉയർത്തിക്കൊണ്ട് പറഞ്ഞു: അബൂബക്‌റേ ഈ കുട്ടികളെ വിട്ടേക്കുക. ഇത് പെരുന്നാൾ ദിവസമാണ്. (ബുഖാരി, മുസ്‌ലിം) ചുരുക്കത്തിൽ പെരുന്നാൾ ദിവസം ഒരു അളവോളം കളി തമാശകൾ നടത്താൻ അനുവാദമുണ്ട്. എത്യോപ്യക്കാർ കളിച്ചതായും ആഇശ (റ) നോക്കിയതായും പറയപ്പെടുന്ന ഈ സംഭവം പെരുന്നാൾ ദിവസത്തിലായിരുന്നു. 
ഗുണമുള്ള കളിയായതുകൊണ്ടാണ് 
റസൂലുല്ലാഹി അതിൽ താൽപ്പര്യം പ്രകടിപ്പിച്ചത്
കൂടാതെ, കുന്തം കൊണ്ടുള്ള ഈ കളി പോരാട്ടത്തിന് പ്രയോജനപ്പെടുന്ന ഗുണപരമായ ഒരു കളിയായിരുന്നു. അതുകൊണ്ട് കൂടിയാണ് റസൂലുല്ലാഹി  ഈ കളിയിൽ താൽപ്പര്യം പ്രകടിപ്പിച്ചത്. ഒരു നിവേദനത്തിൽ വരുന്നു: മക്കളെ നിങ്ങൾ മുന്നേറുക എന്ന് പറഞ്ഞ് റസൂലുല്ലാഹി  അവരെ ആസംശിക്കുകയും ആവേശം പകരുകയും ചെയ്തതായി ഒരു നിവേദത്തിൽ വന്നിരിക്കുന്നു. (ബുഖാരി, മുസ്‌ലിം) ഒരിക്കൽ ഇപ്രകാരം കളിച്ചുകൊണ്ടിരുന്ന എത്യോപ്യക്കാരെ ഉമർ (റ) മസ്ജിദിൽ നിന്നും ഓടിക്കാൻ ശ്രമിച്ചപ്പോൾ റസൂലുല്ലാഹി  അവരെ വിട്ടേക്കുക എന്ന് ഉമർ (റ)നോട് നിർദ്ദേശിക്കുകയും നിങ്ങൾ സമാധാനത്തോടെ കളിച്ചുകൊള്ളുക എന്ന് അവരോട് പറയുകയും ചെയ്തതായും ഒരു നിവേദനത്തിൽ വന്നിരിക്കുന്നു. (ബുഖാരി, മുസ്‌ലിം)
 
പർദ്ദയുടെ വിഷയം

ഈ ഹദീസിലുണ്ടാകുന്ന മറ്റൊരു പ്രധാന സംശയം ഇതാണ്: എത്യോപ്യക്കാർ ആഇശ (റ)യെ സംബന്ധിച്ചിടത്തോളം തീർച്ചയായും അന്യരായിരുന്നു. പിന്നെ എന്തുകൊണ്ടാണ് അവരുടെ കളി ആഇശ (റ) കാണുകയും റസൂലുല്ലാഹി  കാണാൻ അനുവദിക്കുകയും ചെയ്തു. ചില വ്യാഖ്യാതാക്കൾ ഇതിന് നൽകിയ മറുപടി ഇത് സ്ത്രീകളുടെ പർദ്ദ (മറ) ഇറങ്ങുന്നതിന് മുമ്പുള്ള സംഭവമെന്നാണ്. എന്നാൽ ഇതര നിവേദനങ്ങളുടെ വെളിച്ചത്തിൽ ഇത് ശരിയല്ല. ഇബ്‌നു ഹജർ (റ) പറയുന്നു: ഈ സംഭവം ഹിജ്‌രി ഏഴിനാണ് നടന്നത്. (ഫത്ഹുൽ ബാരി) മറയുടെ നിയമം അതിന് മുമ്പ് തന്നെ അവതരിച്ചിരുന്നു. കൂടാതെ, ആഇശ (റ) നോക്കുമ്പോൾ റസൂലുല്ലാഹി  അവരെ മറ്റുള്ളവരിൽ നിന്നും മറച്ച് നിർത്തിയതായും ഈ ഹദീസ് പറയുന്നു. മറയുടെ നിയമം ഇറങ്ങുന്നതിന് മുമ്പാണെങ്കിൽ അതിന്റെ ആവശ്യം ഇല്ലായിരുന്നു. ഈ ചോദ്യത്തിന് നൽകപ്പെടുന്ന മറ്റൊരു മറുപടി ഇപ്രകാരമാണ്: എത്യോപ്യക്കാരുടെ കളി കാണുന്നത് കൊണ്ട് ആഇശ (റ)യുടെ മനസ്സിൽ എന്തെങ്കിലും മോശമായ വിചാരവികാരങ്ങളുണ്ടാകാൻ യാതൊരു സാധ്യതയുമില്ലായിരുന്നു. അതുകൊണ്ട് അവർക്ക് അത് നോക്കൽ അനുവദനീയമായി. ഏതെങ്കിലും സ്ത്രീകൾ അപകടകരമായ പ്രവണതകളിൽ നിന്നും രക്ഷ പ്രാപിച്ചാൽ ഈ  രീതിയിൽ അന്യപുരുഷന്മാരെ നോക്കാൻ അനുവാദമുണ്ട്. ഇമാം ബുഖാരി (റ) ഇതേ ഹദീസിന് നൽകിയ ഒരു ശീർഷകം ഇപ്രകാരമാണ്: സംശയാസ്പദമായ സാഹചര്യങ്ങൾ അല്ലാത്തപ്പോൾ സ്ത്രീകൾ എത്യോപ്യക്കാരിലേക്കും അതുപോലുള്ളവരിലേക്കും നോക്കാവുന്നതാണ്. (ബുഖാരി, കിതാബുന്നിക്കാഹ്) തീർച്ചയായും ഈ മറുപടിയാണ് കൂടുതൽ സമാധാന പൂർണ്ണമായത്.

*******


 നിക്കാഹിന്‍റെ ഖുതുബ 

നികാഹിന് മുൻപ് റസൂലുല്ലാഹി 
നടത്തിയിരുന്ന ഖുതുബ:

അല്ലാമാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി

അല്ലാഹുവിനാണ് സർവ്വസ്തുതിയും, ഞങ്ങൾ അവനെ സ്തുതിക്കുന്നു. അവനോട് സഹായം തേടുന്നു. പാപമോചനം ഇരക്കുന്നു. ഞങ്ങളുടെ മനസ്സിന്റെ ശല്യങ്ങളിൽ നിന്നും അല്ലാഹുവിനോട് അഭയം തേടുന്നു. അല്ലാഹു സന്മാർഗ്ഗത്തിലാക്കിയവനെ വഴികെടുത്താനാരുമില്ല. അവൻ വഴികെടുത്തിയവനെ സന്മാർഗ്ഗത്തിലാക്കാനും ആരുമില്ല. ആരാധനയ്ക്കർഹൻ അല്ലാഹുവല്ലാതെ ആരുമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.
''അല്ലയോ മനുഷ്യരെ, നിങ്ങളുടെ പരിപാലകനെ ഭയപ്പെടുക. അവൻ നിങ്ങളെ ഒരൊറ്റ ശരീരത്തിൽ നിന്നും പടച്ചു. അതിൽ നിന്ന് തന്നെ അതിന്റെ ഇണയെയും സൃഷ്ടിച്ചു. അവരിരുവരിലൂടെ നിരവധി പുരുഷന്മാരെയും സ്ത്രീകളെയും പരത്തി. അല്ലാഹുവിനെ ഭയപ്പെടുക. അവനെ മുൻ നിർത്തിയാണ് നിങ്ങൾ പരസ്പരം (സഹായ-സഹകരണങ്ങൾ) തേടുന്നത്. കുടുംബ ബന്ധങ്ങളെയും സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു നിങ്ങളെ സദാസമയം വീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.'' (അന്നിസാഅ്:1)
''അല്ലയോ സത്യവിശ്വാസികളെ, അല്ലാഹുവിനെ ഭയക്കേണ്ടത് പോലെ ഭയക്കുക. അനുസരണയുള്ളവരായിട്ടല്ലാതെ നിങ്ങൾ മരിക്കരുത്.''        (ആലുഇംറാൻ: 102)

''അല്ലയോ സത്യവിശ്വാസികളെ, അല്ലാഹുവിനെ ഭയക്കുക. ശരിയായത് മാത്രം പറയുക. എന്നാൽ, അല്ലാഹു നിങ്ങളുടെ കർമങ്ങൾ നന്നാക്കുന്നതും നിങ്ങളുടെ പാപങ്ങൾ പൊറുക്കുന്നതുമാണ്. അല്ലാഹുവിനെയും ദൂതരെയും അനുസരിച്ചവർ, തീർച്ചയായും വമ്പിച്ച വിജയം വരിച്ചിരിക്കുന്നു.'' (അൽ-അഹ്‌സാബ് : 70,71)

'നികാഹ്' എന്നത് പ്രകൃതിപരമായ ഒരു ആവശ്യത്തിന്റെ പൂർത്തീകരണം മാത്രമല്ല. പ്രത്യുത, ബഹുമാന്യ നബിമാരുടെയും സയ്യിദുൽ അംബിയാഅ് റസൂലുല്ലാഹി ൃ യുടെയും പ്രിയംകരമായ ഒരു സുന്നത്താണ്. അത് കൊണ്ട് റസൂലുല്ലാഹി (സ) നികാഹിന്റെ സന്ദർഭത്തിൽ മനുഷ്യരായ നാം അല്ലാഹുവിന്റെ അടിമകളാണെന്നും വലിയ കടമകൾ ഉള്ളവരാണെന്നും ഉണർത്തിയിരുന്നു. അതിന് തങ്ങൾ തിരഞ്ഞെടുത്ത് പാരായണം ചെയ്തിരുന്ന ആയത്തുകളിൽ ഒന്നാണ് 'സൂറത്തുന്നിസാഇ'ലെ പ്രഥമ വചനം.

''അല്ലയോ ജനങ്ങളേ'' എന്ന സംബോധനയോടെയാണ് ആയത്തിന്റെ തുടക്കം. അതെ, മനുഷ്യന് പ്രകൃതിപരമായി ചില ആഗ്രഹങ്ങളും ആവശ്യങ്ങളും ഉണ്ട്. അതിൽ ന്യായമായ ഒന്നാണ് മനുഷ്യന് ഒരു ജീവിതപങ്കാളി ഉണ്ടാകണമെന്നത്.
ശേഷം ഉണർത്തുന്നു: ''നിങ്ങളെ ഒരു ശരീരത്തിൽ നിന്ന് പടയ്ക്കുകയും, ശേഷം അതേ ശരീരത്തിൽ നിന്ന് തന്നെ അതിന്റെ ഇണയെ തയ്യാറാക്കുകയും ചെയ്ത നിങ്ങളുടെ പരിപാലകനെ ഭയക്കുക.'' ഇതിൽ മാനവരാശിയുടെ തുടക്കത്തെ അനുസ്മരിക്കുകയാണ്. അതെ, ഈ ലോക ചരിത്രത്തിന്റെ തുടക്കമായിരുന്നു അത്. അല്ലാഹു ഒരൊറ്റ മനുഷ്യനിലൂടെയാണ് ഈ ലോകം ആരംഭിച്ചത്. പക്ഷേ അതിന്റെ പൂർത്തീകരണത്തിന് ഇണയെയും സൃഷ്ടിച്ചു. അവരിരുവരും നിയമാനുസൃതം സംഗമിച്ചപ്പോൾ ഈ ലോകം സജീവമായി. പ്രസ്തുത സംഭവം ഒരു ഭാഗത്ത്, രണ്ട് ഇണകളുടെ സംഗമം നിസ്സാരമായി കാണരുതെന്ന് ഉണർത്തുമ്പോൾ മറുഭാഗത്ത് വൈവാഹിക ജീവിതം പൂർണ്ണമായിരിക്കണമെന്ന് പടച്ച തമ്പുരാനോട് പ്രതീക്ഷ പുലർത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

തുടർന്നുപദേശിക്കുന്നു: ''അല്ലാഹുവിനെ ഭയക്കുക. അവന്റെ നാമം മുൻ നിർത്തിയാണ് നിങ്ങൾ പരസ്പരം സഹായ സഹകരണങ്ങൾ തേടുന്നത്.'' ഒരു കുടുംബത്തോട് മറ്റൊരു കുടുംബം നടത്തുന്ന സഹായാഭ്യർത്ഥനയുടെ പരിണിതഫലമാണ് വിവാഹം. അതായത് തങ്ങളുടെ കുടുംബത്തിലെ ഒരു ചെറുപ്പക്കാരനിൽ വിവാഹത്തിന്റെ ആവശ്യം മനസ്സിലാകുമ്പോൾ ആ കുടുംബക്കാർ അവന് അനുയോജ്യമായ ഒരു കുടുംബത്തോട് അപേക്ഷിക്കുന്നു: ''അല്ലാഹു ഞങ്ങളുടെ മകന് ജീവിതവും ജീവിതബോധവും അറിവും ശേഷികളുമെല്ലാം നൽകിയിരിക്കുന്നു. പക്ഷെ ജീവിത പങ്കാളിയില്ലാതെ പൂർത്തിയാകാത്ത ഒരു വിടവും ഞങ്ങൾ അവനിൽ കാണുന്നു. ആകയാൽ ഞങ്ങളുടെ മകന് നിങ്ങളുടെ കുടുംബത്തിൽ നിന്ന് ഇന്ന പെൺകുട്ടിയെ ജീവിതപങ്കാളിയായി നൽകുക.'' മറ്റൊരു കുടുംബത്തോട് ഇത്ര ഗൗരവമായ ഒരു അഭ്യർത്ഥന നടത്താൻ ഈ കുടുംബക്കാർക്ക് എങ്ങനെ ധൈര്യം വന്നു? അല്ലാഹുവിന്റെ നാമത്തിന്റെയും അവന്റെ കൽപനയുടെയും മഹത്വമാണിത്. തത്ഫലമായി ഒരു കുടുംബം തങ്ങളുടെ സ്വത്തായി കണ്ടിരുന്ന പെൺകുട്ടിയെ നിങ്ങൾക്ക് നൽകാൻ സന്നദ്ധരായി. അങ്ങനെ രണ്ട് വ്യക്തികൾ ഒന്നായി. രണ്ട് കുടുംബങ്ങൾ പരസ്പരം ബന്ധിതരായി. ആകയാൽ, വെറും കാര്യസാധ്യത്തിന് മാത്രമായി അല്ലാഹുവിന്റെ നാമത്തെ കാണാതിരിക്കുക. ദാമ്പത്യ ജീവിതത്തിന്റെ തുടർന്നുള്ള ഘട്ടങ്ങളിലും അല്ലാഹുവിന്റെ വിധി വിലക്കുകൾ മാനിക്കുകയും പാലിക്കുകയും ചെയ്യുക. ഇത്തരം ആവശ്യം നിർവ്വഹിച്ചതിന് ശേഷം അത് നിർവ്വഹിച്ച് തന്നവനെ മറന്ന് കളയുന്നത് വളരെ നിന്ദ്യമാണ്.
അവസാനമായി ഉണർത്തുന്നു, ''പഴയ ബന്ധങ്ങളെയും ശ്രദ്ധിക്കുക''. ചിലർക്ക് പുതിയ ബന്ധങ്ങൾ ലഭിച്ചാൽ പഴയ ബന്ധങ്ങളെ മറന്ന് പോകാറുണ്ട്. ചിലർ അത് നിർബന്ധമായും കാണാറുണ്ട്! എന്നാൽ, അല്ലാഹു നിർദ്ദേശിക്കുന്നു; നിങ്ങളുടെ ഈ പുതിയ ബന്ധം ഐശ്വര്യപൂർണ്ണമാകട്ടെ! പക്ഷെ മാതാപിതാക്കൾ, സഹോദരീ സഹോദരന്മാർ തുടങ്ങിയുള്ള പഴയ മനോഹര ബന്ധങ്ങളും, അവയോടുള്ള കടമകളും നിങ്ങൾ മറന്ന് കളയരുത്. നവ വധൂ-വരന്മാർക്കുള്ള ഉന്നതവും സന്തുലിതവുമായ ഉപദേശമാണിത്.
ഇപ്പോൾ ചോദിച്ചേക്കാം; ബന്ധങ്ങൾ സ്ഥാപിക്കുന്നതും മുറിക്കുന്നതുമെല്ലാം ആരാണ് അറിയുക? ആരാണ് കാണുക? അല്ലാഹു ശക്തമായ ശൈലിയിൽ പ്രതികരിക്കുന്നു. ''തീർച്ചയായും നിങ്ങളുടെ സർവ്വകാര്യങ്ങളും തീർത്തും ജാഗ്രതയോടെ അല്ലാഹു കാണുകയും കേൾക്കുകയും അറിയുകയും ചെയ്യുന്നുണ്ട്.''
രണ്ടാമത്തെ ആയത്തിൽ, അല്ലാഹു സത്യവിശ്വാസികളെ സംബോധന ചെയ്തുകൊണ്ട് ഉപദേശിക്കുന്നു: ''അല്ലാഹുവിനെ ഭയക്കേണ്ടതു പോലെ ഭയക്കുക.'' അതായത്, അല്ലാഹുവിനെ ഭയക്കാൻ പുതിയ രീതിയൊന്നും ഉണ്ടാക്കരുത്. അല്ലാഹുവിനെ ഭയക്കാൻ അവൻ തന്നെ മാർഗ്ഗം കാണിച്ച് തന്നിട്ടുണ്ട്. ആ നിലയിൽ അല്ലാഹുവിനെ ഭയക്കുക. അതാണ് യഥാർത്ഥ വിജയവും സൂക്ഷ്മതയും. ഇപ്രകാരം ജീവിതത്തിന്റെ സർവ്വ മേഖലകളിലും അല്ലാഹുവിനെ ഭയക്കുകയും അവന്റെ വിധി വിലക്കുകൾ സൂക്ഷിക്കുകയും ചെയ്യുക.

ശേഷം ഉപദേശിക്കുന്നു: ''നിങ്ങൾ മുസ്‌ലിമായ നിലയിൽ മാത്രമേ മരിക്കാവൂ.'' വിവാഹത്തിന്റെ ഘട്ടത്തിൽ ആശംസ നേരുമ്പോൾ ഇത്തരമൊരുപദേശം നടത്താൻ ആരും ഇഷ്ടപ്പെടുകയില്ല. പക്ഷെ, പ്രവാചകന്മാർ ശാശ്വത യാഥാർത്ഥ്യങ്ങൾ പ്രഖ്യാപിക്കുന്നവരാണ്. അവർ വധൂ വരന്മാരെ ഉണർത്തുന്നു; നിങ്ങളുടെ ഈ വിവാഹം മംഗളകരമായിരിക്കട്ടെ! അല്ലാഹു ഇതിനെ നിരവധി സന്തോഷങ്ങളുടെ പരമ്പരയ്ക്ക് പ്രാരംഭമാക്കട്ടെ! പക്ഷെ, ഈ ലോകത്ത് നിന്നും നിങ്ങൾക്കും ഒരു ദിവസം വിടപറഞ്ഞ് പോകേണ്ടതുണ്ട്. അപ്പോൾ, പടച്ചവനെ അനുസരിക്കുന്നവരായ നിലയിൽ മാത്രമേ പോകുവാൻ പാടുള്ളൂ. അതിന് പടച്ചവന് തൃപ്തികരമായ നിലയിൽ ജീവിക്കേണ്ടതായിട്ടുണ്ട്. എന്നാൽ, പടച്ചവന് മുന്നിൽ ശിരസ്സ് കുനിച്ച്, ഹൃദയത്തിൽ അല്ലാഹുവിന്റെയും റസൂലിന്റെയും വിശ്വാസം നിറച്ച് കലിമ ചൊല്ലി മരിക്കാൻ സാധിക്കുന്നതാണ്. 

അവസാനത്തെ ആയത്തിൽ, സത്യവിശ്വാസികളോട് ''അല്ലാഹുവിനെ ഭയപ്പെടുക'' എന്ന് ഉപദേശിച്ച് കൊണ്ട് ഉണർത്തുന്നു ''സത്യം പറയുക,'' വിവാഹ കർമം വെറും നാവ് മാത്രം ചലിപ്പിക്കേണ്ട കാര്യമല്ല. അത് രണ്ട് ജീവിതങ്ങൾ ഒന്നാക്കിത്തീർക്കുന്ന ഒരു മഹനീയ കർമമാണ്. അതുകൊണ്ട് എന്താണ് പറയുന്നത്, പറയുന്നതിന്റെ അർത്ഥവും ആശയവും എന്താണെന്ന് നന്നായി ചിന്തിച്ചും ആലോചിച്ചും ഉത്തരവാദിത്വബോധത്തോടുകൂടി പറയുക. അങ്ങനെ ശരിയായ കാര്യം പറഞ്ഞാൽ അത് കാരണമായി അല്ലാഹു നിങ്ങളുടെ എല്ലാ കാര്യങ്ങളും നന്നാക്കിത്തരുന്നതും നിങ്ങളുടെ പാപങ്ങൾ പൊറുത്ത് തരുന്നതുമാണ്.

ഇന്നു ലോകത്ത് ജീവിത സൗകര്യങ്ങൾ എല്ലാമുണ്ടെങ്കിലും ഉത്തരവാദിത്വബോധം എന്ന ഒന്നില്ല എന്നതാണ് പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം. ആകയാൽ ഉത്തരവാദിത്വബോധം ഉണ്ടാക്കിയെടുക്കുവാൻ അല്ലാഹു ഉണർത്തുന്നു. അതിലൂടെ നിങ്ങളുടെ ജീവിതം നന്നായിത്തീരും. തത്ഫലമായി സമൂഹം സുന്ദരമാകും. നിങ്ങൾ മറ്റുള്ളവർക്കും അനുഗ്രഹമാകും. അല്ലാത്ത പക്ഷം നിങ്ങളും സമൂഹവും ചീത്തയാകും. വന്യജീവികളുടെ താവളവും കച്ചവടക്കാരുടെ കമ്പോളവുമായി മാനവികത പരിണമിക്കും.

തുടർന്നുണർത്തുന്നു. ''അല്ലാഹുവിനെയും ദൂതനെയും ആരാണോ അനുസരിക്കുന്നത് അവനാണ് യഥാർത്ഥ വിജയം വരിക്കുന്നത്.'' നികാഹ് ഒരു സാമൂഹ്യചടങ്ങോ പരിപാടിയോ മാത്രമല്ല. ഉന്നതമായ ഒരു ഇബാദത്തിന്റെ തുടക്കമാണ്. അതെ, ജീവിതം മുഴുവൻ നിലനിൽക്കുന്ന പുണ്യമായ ആരാധന. നമസ്‌കാരത്തിന്റെ പ്രതിഫലം നമസ്‌കാരത്തിൽ മാത്രമാണ്. സലാം വീട്ടിയാൽ നമസ്‌കാരം അവസാനിച്ചു. എന്നാൽ നികാഹ്, മരണം വരെ നിലനിൽക്കുന്ന ഒരു പുണ്യകർമത്തിന്റെ തുടക്കമാണ്. അത് ശരിയാം വിധം മുന്നോട്ട് നീക്കിയാൽ, അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ച് കൊണ്ടായിരുന്നാൽ മരണാനന്തരം ഉന്നതവിജയം വരിക്കാം. സ്വർഗ ലോകത്ത് ശാശ്വതമായി സന്തോഷിക്കാം. അല്ലാഹു അനുഗ്രഹിക്കട്ടെ! 

പ്രിയപ്പെട്ട നവ ദമ്പതികളേ, ''അല്ലാഹു നിങ്ങളുടെ മേൽ ഐശ്വര്യം കനിയട്ടെ! നന്മയിലായി നിങ്ങളെ ഒരുമിച്ച് കൂട്ടട്ടെ!''
''അല്ലാഹുവേ, നിന്റെ അടിമകളായ ഈ വധൂ വരന്മാർക്കിടയിൽ നീ യോജിപ്പ് നൽകേണമേ! നിന്റെ ഉത്തമ ദാസരായ ഇബ്‌റാഹീം ഖലീൽ (അ), മുഹമ്മദ് മുസ്ത്വഫാ ൃ അലിയ്യുൽ മുർതസാ  േമുതലായവരുടെയും നിന്റെ ഉന്നത ദാസികളായ സാറ: 2 ഹാജർ 2 ഖദീജ: 2 ആഇശ: 2 ഫാത്തിമ: 2 തുടങ്ങിയവരുടെയും ഇടയിലുണ്ടായിരുന്ന യോജിപ്പും ഐക്യവും ഇവർക്കു നൽകേണമേ! ഇരുവരുടെയും മനസ്സുകളിൽ പരസ്പരം സ്‌നേഹം നിറയ്‌ക്കേണമേ! അതിലുപരി, നിന്നോടും നിന്റെ ദൂതരോടും ദീനിനോടുമുള്ള സ്‌നേഹാദരവുകൾ കനിയേണമേ! ദുൻയാവിന്റെ പരീക്ഷണ ശാലയിൽ ഇവരെ വിജയികളാക്കേണമേ! പ്രയാസങ്ങൾ എളുപ്പമാക്കേണമേ! എല്ലാ മുൾ പ്രദേശങ്ങളും ഇരുവർക്കു പൂവനവും നംറൂദിന്റെ തീക്കുണ്ഡങ്ങൾ ഖലീലിന്റെ സ്വർഗ്ഗവും ആക്കേണമേ!''
''അല്ലാഹുവേ, ഇന്നും എന്നും ഇവർക്കിടയിൽ സ്‌നേഹം നൽകേണമേ! ഓരോ ചുവടിലും ദുൻയാവിന്റെ ഫിത്‌നകളിൽ നിന്നും സംരക്ഷണം നൽകേണമേ! അല്ലാഹുവേ, ഇഹലോകത്തും ഇവരെ വിജയികളാക്കേണമേ! ഇഹലോകത്ത് ഐശ്വര്യത്തോടെ കഴിയാനും പ്രസന്നവദനത്തോടെ നിന്റെ അരികിലേക്ക് വരാനും നിന്റെ പ്രീതി സമ്പാദിച്ച് സ്വർഗ്ഗത്തിൽ കടക്കാനും ഇവർക്കും ഞങ്ങൾക്കും നീ തൗഫീഖ് നൽകേണമേ! ആമീൻ.''

******
 

വധൂവരന്മാർ പാലിക്കേണ്ട 
ഏതാനും കാര്യങ്ങൾ
ശൈഖ് ദുൽഫിഖാർ നഖ്ശബന്ദി

വിവാഹമെന്നത് ഇസ്‌ലാമിൽ പരിശുദ്ധവും സുശക്തവും നിരന്തരവുമായ ബന്ധമാണ്. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച് കൊണ്ട് വൈവാഹിക  ജീവിതത്തിൽ പ്രവേശിച്ച ഓരോ സ്ത്രീയും പുരുഷനും എന്നുമെന്നും ഇണകളായി കഴിയണമെന്ന് ഇസ്‌ലാം ആഗ്രഹിക്കുന്നു. നിസാരവും ചെറുതുമായ പ്രശ്‌നങ്ങളുടെ പേരിൽ ഈ അനുഗ്രഹീത ബന്ധത്തിന്റെ അടിക്കല്ലുകൾ ഇളക്കരുതെന്ന് ഉണർത്തുകയും ചെയ്യുന്നു. പരിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നു: ഇണകൾ പരസ്പരം സമാധാനവും സ്‌നേഹ കാരുണ്യങ്ങളുമാണ്. (സൂറ: റൂം 31) സ്ത്രീകൾ പുരുഷൻമാർക്ക് വസ്ത്രവും പുരുഷൻമാർ സ്ത്രീകൾക്ക് വസ്ത്രവുമാണ്.(സൂറ: ബഖറ) അതെ, ഭാര്യ ഭർത്താക്കൻമാർ പരസ്പരം അറിഞ്ഞും അടുത്തും കടമകൾ പാലിച്ചും കഴിഞ്ഞാൽ വലിയ സമാധാനവും സ്‌നേഹ സഹാനുഭൂതികളും അനുഭവിക്കുന്നതാണ്. കൂടാതെ ഇരുവരും പരസ്പരം അലങ്കാരവും സുരക്ഷിതത്വവും നൂനതകൾക്ക് മറയും ആകുന്നതുമാണ്. ചുരുക്കത്തിൽ ഇസ്‌ലാമിക വീക്ഷണത്തിൽ വൈവാഹിക ബന്ധം വളരെ ആദരണീയമാണ്. ഒരു ഭാഗത്ത് ഇത് ജീവിതത്തിലെ പരിശുദ്ധി നില നിർത്തുമ്പോൾ മറുഭാഗത്ത് മനുഷ്യ പരമ്പരയുടെ സമുന്നതമായ ഒരു മാർഗ്ഗവുമാണ്. ആകയാൽ വിവാഹ ബന്ധം ബലഹീനമാകാതിരിക്കാനും  തകരാതിരക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിവാഹ ബന്ധം തകരുന്നത് ധാരാളം നാശ നഷ്ടങ്ങൾക്ക് കാരണമാണ്. ഇതിലൂടെ സമൂഹത്തിലെ രണ്ട് പ്രധാന അംഗങ്ങളുടെ ജീവിതം താറുമാറാകും മക്കൾക്ക് പിതാവിന്റെ പ്രിയവും മാതാവിന്റെ മമതയും നഷ്ട്ടപ്പെടും അടുത്ത തലമുറക്ക് ശരിയായ ശിക്ഷണ ശീലനങ്ങൾ ലഭിക്കുകയില്ല. വ്യക്തികൾക്കും കുടംബങ്ങൾക്കും ജനങ്ങൾക്കുമിടയിൽ ആത്മാർത്ഥമായ സ്‌നേഹ സഹകരണങ്ങൾക്ക് പകരം കടുത്ത വെറുപ്പും അകൽച്ചയും ഉണ്ടായിത്തീരും.

ഇക്കാരണങ്ങളാൽ ഇസ്‌ലാം തുടക്കം മുതൽ തന്നെ വളരെ സൂക്ഷ്മത പുലർത്താനും കാര്യങ്ങൾ ചിന്തിച്ച് ആലോചിച്ച് മാത്രം നിർവഹിക്കാനും ഉപദേശിക്കുന്നു.പിൽകാലത്ത് പരസ്പരം ഭിന്നതക്കും അകൽച്ചക്കും കാരണമാകുന്ന സകല കാര്യങ്ങളിൽ നിന്നും അകന്ന് മാറാനും ഉണർത്തുന്നു.  ഈ വിഷയത്തിലുള്ള ആദ്യത്തെ കൽപ്പന പരസ്പരം നല്ലനിലയിൽ അന്വേഷിക്കണം എന്നാണ്. തുടർന്ന് വധുവരൻമാർ ഇരുവരുടേയും തൃപ്തിയെ ശ്രദ്ധിക്കേണ്ടതാണ്. അനിഷ്ടകരമായ വിവാഹത്തിന് ആരെയും നിർബന്ധിക്കാൻ പാടില്ല. റസൂലുല്ലാഹി (സ) യുടെ കാലത്ത് ഒരു പെൺകുട്ടിക്ക് താത്പര്യമില്ലാതെ പിതാവ് വിവാഹം കഴിപ്പിച്ചപ്പോൾ റസൂലുല്ലാഹി (സ) അത് റദ്ദ് ചെയ്യുകയുണ്ടായി (ബുഖാരി: 6969) ഈ വിഷയത്തിൽ സൂക്ഷ്മത പുലർത്താൻ മറ്റ് സമയങ്ങളിൽ ഇസ്‌ലാം അനുവദിക്കാത്ത ചില കാര്യങ്ങളും നടത്താൻ റസൂലുല്ലാഹി (സ) പഠിപ്പിച്ചു. ഉദാഹരണത്തിന് ഇസ്‌ലാം അന്യ സ്ത്രീ പുരുഷൻമാർ പരസ്പരം കാണുന്നതിനെ വിലക്കുന്നു. എന്നാൽ വധു വരൻമാർ വിവാഹത്തിന് മുമ്പ് പരസ്പരം കാണുന്നത് അനുവദിക്കുക മാത്രമല്ല ഉത്തമമാണെന്ന് പ്രസ്ഥാവിക്കുകയും ചെയ്തിരിക്കുന്നു. (ആലംഗീരി 5/277) ഇപ്രകാരം ഇസ്‌ലാം മാനവ സമുത്വത്തെ ശക്തിയുക്തം വാദിക്കുന്നു.എന്നാൽ വൈവാഹിക ജീവിതത്തിനിടയിൽ ചിലപ്പോൾ കുടുംബപരവും സാമ്പത്തികവും മറ്റുമുള്ള അവസ്ഥകൾ പരസ്പരം പ്രശ്‌നങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ളതിനാൽ  സാമ്പത്തിക കുടംബ കാര്യങ്ങളേയും ശ്രദ്ധിക്കണമെന്ന് അറിയിക്കുന്നു. ഇതിന് ഫിഖ്ഹിന്റെ സാങ്കേതിക ഭാഷ്യത്തിൽ കഫാഅത്ത്  എന്ന് പറയപ്പെടുന്നു. 

ശേഷം വിവാഹം നടന്ന് കഴിഞ്ഞാൽ അത് പരസ്പരം നല്ല നിലയിൽ നിലനിൽക്കുന്നതിനും വളരുന്നതിനും ആവശ്യമായ നിരവധി നിർദ്ധേശങ്ങൾ പഠിപ്പിക്കുക മാത്രമല്ല. റസൂലുല്ലാഹി (സ) പ്രവർത്തിച്ച് കാണിച്ച് തരികയും ചെയ്തിരിക്കുന്നു. നമ്മുടെ വിഷയം അതല്ലങ്കിലും ഇന്നത്തെ വലിയൊരു ആവശ്യമായതിനാൽ ഇതുമായി ബന്ധപ്പെട്ട നാൽപ്പത് പ്രധാന ഉപദേശങ്ങൾ പരിശുദ്ധ ഖുർആൻ ഹദീസുകളുടെ വെളിച്ചത്തിൽ ഇവിടെ ഉദ്ധരിക്കുന്നു: 

1. പുരുഷന്മാർ വീട്ടിൽ കടക്കുമ്പോൾ ബിസ്മില്ലാഹി ചൊല്ലി സലാം പറഞ്ഞുകൊണ്ട് പുഞ്ചിരിയോടെ പ്രവേശിക്കുക. 2. ഭാര്യയുടെ നന്മകളെ ആത്മാർത്ഥമായി പ്രശംസിക്കുക. 3. അവരുടെ ആവശ്യങ്ങളിലും ജോലികളിലും താൽപ്പര്യം പ്രകടിപ്പിക്കുക. അവയുമായി സഹകരിക്കുക. 4. ചിലവ് കൂടാതെ ഇടക്കിടെ ഹദ്‌യ നൽകുക. 5. സ്‌നേഹവും സന്തോഷവും മനസ്സിൽ ഒതുക്കാതെ പ്രകടിപ്പിക്കുക. 6. ദീനിന്റെ നിയമാതിർത്തികൾ പാലിച്ച് തമാശകൾ പറയുകയും കളികൾ നടത്തുകയും ചെയ്യുക. 7. സഹനത മുറുകെ പിടിക്കുക. തെറ്റുകുറ്റങ്ങൾ മാപ്പാക്കുക. 8. വീട്ടിൽ ശരീഅത്ത് നിയമങ്ങൾ പഠിപ്പിക്കുകയും പാലിക്കുകയും ചെയ്യുക. വിശിഷ്യാ അന്യപുരുഷന്മാരുടെ ബന്ധം ഒഴിവാക്കുക. വിവാഹ-മരണ വേളകളിൽ ഇക്കാര്യം കൂടുതൽ സൂക്ഷിക്കുക. 9. ഒരാൾ ദേഷ്യപ്പെടുമ്പോൾ മറ്റൊരാൾ കോപിക്കുകയില്ലെന്ന് തീരുമാനിക്കുക. 10. എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ രാത്രി ഉറങ്ങുന്നതിന് മുമ്പ് പരിഹരിക്കുക. 11. ഭാര്യയെ അവഗണിക്കുകയും അനാദരിക്കുകയും ചെയ്യരുത്. 12. ത്വലാഖിന്റെ ഭീഷണി മുഴക്കരുത്. 13. മറ്റൊരു വിവാഹത്തെക്കുറിച്ച് പറഞ്ഞ് വിരട്ടരുത്. 14. ഭാര്യയെ നാണം കെടുത്തരുത്. 15. അവർക്ക് സമയം കൊടുക്കുക. 16. അവരെ വല്ലതിൽ നിന്നും തടഞ്ഞാൽ അതിൽ നിന്ന് സ്വയം വിട്ടുനിൽക്കണം. 17. പരസ്പരം സദ്ഭാവന പുലർത്തുക. എന്തിനും എപ്പോഴും കുറ്റം പറയുന്ന സ്വഭാവം മാറ്റുക. 18. മറ്റൊരാളുടെ പേരിൽ ഭാര്യഭർത്താക്കന്മാർ വഴക്കുണ്ടാക്കരുത് 19. സംശയം, ആരോപണങ്ങൾ എന്നിവ പ്രത്യേകം സൂക്ഷിക്കണം. ശറഇയ്യായ തെളിവ് ഇല്ലാതെ ആരോപണം നടത്തരുത്. കുടുംബത്തിന്റെ അടിത്തറ തകരും. 20. ഇണയുടെ ബന്ധുക്കളെ അവഗണിക്കരുത്. അവരുമായി ബന്ധപ്പെടാൻ അവരെ അനുവദിക്കുകയും സ്വയം അവരുമായി നല്ല ബന്ധത്തിൽ കഴിയുകയും വേണം. 21. ആഹാരം അനുവദനീയമായത് ആക്കുവാൻ ശ്രദ്ധിക്കുക. ദിക്‌റുകൾ ചൊല്ലിക്കൊണ്ട് പാചകം ചെയ്യുകയും ആഹരിക്കുകയും ചെയ്യുക. 22. വീട്ടുജോലികളെ ഇബാദത്തായി കണ്ട് ഏറ്റെടുക്കുകയും കൃത്യസമയത്ത് നിർവ്വഹിക്കുന്നത് പതിവാക്കുകയും ചെയ്യുക. 23. അടുക്കും ചിട്ടയും വൃത്തിയും വെടിപ്പും നല്ല നിയ്യത്തോടെ നിലനിർത്തുക. 24. കേട്ടതെല്ലാം പറഞ്ഞ് നടക്കരുത്. അന്യരുമായുള്ള സംസാരം കുറക്കുക. ധൃതിയിൽ തീരുമാനങ്ങൾ പ്രഖ്യാപിക്കരുത്. 25. അല്ലാഹു ദീനും ദുൻയാവും സംരക്ഷിക്കട്ടെ എന്നിങ്ങനെയുള്ള ദുആക്കൾ ചെയ്തുകൊണ്ട് ഭർത്താവിനെ യാത്ര അയക്കുക. 26. ഭർത്താവ് വരുന്നതിന് മുമ്പ് ലളിതമായി അണിഞ്ഞൊരുങ്ങുക. 27. പകരത്തിന് പകരമാക്കാതെ അല്ലാഹുവിന്റെ കൽപ്പന പാലിക്കുന്നു എന്ന നിയ്യത്തിൽ കുടുംബക്കാരെല്ലാവരുമായി ബന്ധം പുതുക്കിക്കൊണ്ടിരിക്കുക. അടുത്തതും അകന്നതുമായ എല്ലാ ബന്ധുക്കളോടും ബന്ധം ചേർക്കുക. എന്നാൽ പരദൂഷണവും മറയില്ലായ്മയും വർജ്ജിക്കുക. 28. ദീനീ കാര്യങ്ങളിൽ വിശിഷ്യാ ദാനധർമ്മങ്ങളിൽ പ്രേരിപ്പിക്കുക. 29. വീട്ടിൽ ഒരു സ്ഥലം മുസ്വല്ല എന്ന പേരിൽ നിശ്ചയിക്കുക. അവിടെ നമസ്‌ക്കാര കുപ്പായവും ഖുർആൻ ശരീഫും ദീനീ കിത്താബുകളും ഒതുക്കി വെക്കുക. സ്ത്രീകൾ അവിടെ അധികമായി കഴിച്ച് കൂട്ടുക. 30. ഫോൺ ഉപയോഗം കുറക്കുക. ഫോണിൽ ചുരുക്കി സംസാരിച്ച് ശീലിക്കുക. വിശിഷ്യാ അന്യരുമായുള്ള സംസാരം വളരെയധികം സൂക്ഷിക്കുക. 31. ഒരു നോട്ട് ബുക്ക് സദാ കരുതുകയും വിജ്ഞാനങ്ങളും വാഗ്ദാനങ്ങളും പരിപാടികളും കുറിച്ച് വെക്കുകയും ചെയ്യുക. 32. പ്രാഥമിക ചികിത്സക്കുള്ള മരുന്നുകൾ സദാ തയ്യാറാക്കി വെക്കുക. താക്കോലുകൾക്ക് കൃത്യമായ ഒരു സ്ഥലം നിശ്ചയിക്കുക. ആഭരണങ്ങൾ പോലെ വിലയേറിയ വസ്തുക്കൾ സൂക്ഷിക്കുക. 33. സംശയവും തെറ്റിദ്ധാരണയും ഉണ്ടാക്കുന്ന പെരുമാറ്റങ്ങളും വാചകങ്ങളും ഉപേക്ഷിക്കുക. 34. മക്കളുടെ കാര്യങ്ങളിൽ വിശിഷ്യാ വിദ്യാഭ്യാസം, വിവാഹം മുതലായ വിഷയങ്ങളിൽ ഇണകൾ പരസ്പരം കൂടിയാലോചിച്ച് കൊണ്ടിരിക്കുക. 35. ന്യായമായ കാരണങ്ങളില്ലാതെ ഭർത്താവിന്റെ ആഗ്രഹം പൂർത്തിയാക്കാൻ അമാന്തിക്കരുത്. സൗന്ദര്യം നഷ്ടപ്പെടുമെന്ന വിചാരത്തിൽ ഗർഭധാരണം വെറുക്കരുത്. 36. പ്രയാസങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകുമ്പോൾ ആശ്വസിപ്പിക്കുക. 37. തെറ്റുകൾ ഉണ്ടായാൽ തുറന്ന് സമ്മതിക്കുക. ഇത് മഹത്വമാണ്. കുറഞ്ഞ പക്ഷം നിശബ്ദത പാലിക്കുക. ഇത് രക്ഷയാണ്. തർക്കവും വ്യാഖ്യാനവും നാശമാണ്. 38. എന്തെങ്കിലും വിഷമങ്ങളും ദു:ഖങ്ങളും ഉണ്ടായാൽ ആരോടും പരസ്യപ്പെടുത്താതെ അല്ലാഹുവിനോട് മാത്രം പറയുക. 39. ഇണയുടെ ബന്ധുക്കളോട് നല്ല നിലയിൽ വർത്തിക്കുക. 40. തിന്മകളിൽ സഹകരിക്കരുത്. അവസ്ഥ നന്നാക്കാൻ തന്ത്രജ്ഞതയോടെ പരിശ്രമിക്കുക.

***********



 ഇസ്ലാമിലെ കുടുംബ വ്യവസ്ഥിതി 

അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി

പരമകാരുണ്യകനായ പടച്ചതമ്പുരാന്‍ മനുഷ്യനെ ഉത്തമ രൂപത്തില്‍ സൃഷ്ടിച്ചു. (തീന്‍ 4). മാനവകുലത്തിന് ആദരവും മഹത്വവും കനിഞ്ഞരുളി. (ഇസ്റാഅ് 70). ആദ്യപിതാവായ ആദം (അ) നെയും അതുവഴിയായി മാനവകുലത്തെയും ആദരിക്കാന്‍ മലക്കുകളെക്കൊണ്ട് സുജൂദ് ചെയ്യിപ്പിച്ചു. മനുഷ്യനെ നിന്ദിച്ച പിശാചിനെ ഉന്നത ലോകത്തുനിന്നും ആട്ടി പുറത്താക്കി. (ബഖറ 34). അല്ലാഹു മനുഷ്യന്‍റെ മേല്‍ ധാരാളം അനുഗ്രഹങ്ങള്‍ ചെയ്തു. പ്രാപഞ്ചിക വസ്തുക്കളെ കീഴടക്കാന്‍ ശക്തി നല്‍കി. മനുഷ്യന്‍ സമുദ്രത്തിന്‍റെ ആഴങ്ങളില്‍ മുങ്ങിത്തപ്പി മുത്തുകള്‍ ശേഖരിക്കുന്നു. കണ്ണെത്താദൂരത്തുള്ള ഗ്രഹങ്ങളിലേക്ക് റോക്കറ്റുകള്‍ പായിക്കുന്നു. കാറ്റിന്‍റെ ചിറകുകളില്‍ ഏറിയും സമുദ്രത്തിന്‍റെ അലയടിക്കുന്ന തിരമാലകള്‍ക്ക് മുകളിലും സുദീര്‍ഘ യാത്രകള്‍ ചെയ്യുന്നു. ഓരോ പ്രഭാതവും പൊട്ടിവിടരുന്നത് മനുഷ്യന്‍റെ പുതുപുത്തന്‍ കണ്ടുപിടുത്തങ്ങളുമായിട്ടാണ്. 

ഒരുഭാഗത്ത് വിവരത്തിന്‍റെയും വിവേകത്തിന്‍റെയും അത്ഭുതങ്ങള്‍ കാട്ടിക്കൊണ്ടിരിക്കുന്ന മാനവന്‍ മറുഭാഗത്ത് ശാരീരികമായി അത്യന്തം ബലഹീനനും മറ്റുള്ളവരിലേക്ക് വളരെ ആവശ്യക്കാരനുമാണ്. ലോകത്ത് മനുഷ്യന്‍ അല്ലാത്ത എല്ലാ നവജാത ശിഷുക്കളും വളരെ വേഗതയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു. ചില ജീവികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കാനും കറങ്ങാനും സ്വയം ആഹാരം കഴിക്കാനും തുടങ്ങുന്നു. എന്നാല്‍ മനുഷ്യന്‍റെ കണ്ണ് തുറക്കാന്‍ തന്നെ ധാരാളം സമയം എടുക്കുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് സംസാരം ആരംഭിക്കുന്നത്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നടന്ന് തുടങ്ങുന്ന മനുഷ്യന്‍ മിക്കവാറും പതിനഞ്ച് വയസ്സാകുമ്പോഴാണ് പ്രായപൂര്‍ത്തിയാകുന്നത്. ബോധം ഉറക്കാനും വികാരം നിയന്ത്രിക്കാനും ആഴത്തില്‍ ചിന്തിക്കാനും വീണ്ടും വര്‍ഷങ്ങള്‍ എടുക്കും. ഈ നീണ്ട കാലഘട്ടത്തില്‍ മാതാപിതാക്കള്‍, ഗുരുനാഥന്‍മാര്‍, സുഹൃത്തുക്കള്‍, ഗുണകാംഷികള്‍ മുതലായവരുടെ മേല്‍നോട്ടത്തിലേക്ക് മനുഷ്യന്‍ ആവശ്യക്കാരനാണ്. 

ഇവിടെ നിന്നുമാണ് കുടുംബ വ്യവസ്ഥിതിയുടെ ആവശ്യകത നാം മനസ്സിലാക്കേണ്ടത്. മാതാപിതാക്കളുടെ തണല്‍ തലയില്‍ നിന്നും ഉയര്‍ന്നുപോയാല്‍ നാം മണല്‍ക്കാട്ടിലെ ഇല പൊഴിഞ്ഞ വൃക്ഷം പോലെയായിത്തീരും. കൂടപ്പിറപ്പുകള്‍ ഇല്ലാത്ത പക്ഷം ഏകാന്തത നമ്മെ വല്ലാതെ വേട്ടയാടും. മാതാപിതാമഹന്മാരെപ്പോലുള്ളവര്‍ ഇല്ലാതായാല്‍ ജീവിതത്തില്‍ അസാധാരണ വിടവ് അനുഭവപ്പെടും. മാതാപിതാ-സഹോദരീ സഹോദരങ്ങള്‍ ഇല്ലാത്ത പക്ഷം കുടുംബത്തിന് ചുറ്റും സുരക്ഷാ ഭിത്തി ഇല്ലാത്തതുപോലെയാകും. പിന്നീട് യുവത്വത്തിന്‍റെ മേഖലയിലേക്ക് ചുവടുവെച്ചാല്‍ ഇണയെ ലഭിക്കുന്നതുവരെയും ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകില്ല. ഇണയെ ലഭിച്ചുകഴിഞ്ഞാല്‍ സന്താനങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് സന്തോഷത്തിന്‍റെ പുഷ്പങ്ങള്‍ വിടരുന്നത്. തുടര്‍ന്ന് വിവാഹ ബന്ധുക്കളിലൂടെ വലിയ ശക്തിയും ശേഷിയും കൈവരിക്കുന്നതാണ്. ചുരുക്കത്തില്‍ കുടുംബം എന്നത് മനുഷ്യപ്രകൃതിയുടെ പ്രധാന ഘടകമാണ്. 

കുടുംബത്തിലൂടെ ഒന്നാമതായി മനുഷ്യന്‍ സുരക്ഷിതരാകുന്നു. അക്രമങ്ങള്‍ വല്ലതും ഉണ്ടായാല്‍ തന്‍റെ പിന്നില്‍ കുടുംബം ഉണ്ട് എന്ന ധൈര്യത്തില്‍ മര്‍ദ്ദിതന്‍ തിരിച്ചടിക്കുന്നു. മര്‍ദ്ദിതന്‍റെ കുടുംബത്തെ കാണുന്ന മര്‍ദ്ദകനും തന്‍റെ അക്രമം ഒരാളോട് അല്ലെന്നും ഒരു കുടുംബത്തോടാണെന്നും തിരിച്ചറിയുന്നു. ഇതുകൊണ്ടാണ് ഇസ്ലാമിക ശരീഅത്ത് കൊലയാളി നല്‍കേണ്ട നഷ്ടപരിഹാരത്തില്‍ ബന്ധുക്കളും പങ്കെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് ഒരാളുടെ മരണം കുടുംബത്തിന് തന്നെ വലിയ നഷ്ടമുണ്ടാക്കി എന്ന് അറിയിക്കുന്നതിനോടൊപ്പം അക്രമത്തില്‍ നിന്നും തടയേണ്ടത് മുഴുവന്‍ കുടുംബത്തിന്‍റെയും ബാധ്യതയാണെന്നും ഉണര്‍ത്തുന്നു. കുടുംബത്തിന്‍റെ രണ്ടാമത്തെ ഗുണം ഇതിലൂടെ സാധുക്കളുടെയും ബലഹീനരുടെയും അനാഥ-വിധവ-അഗതികളുടെയും സംരക്ഷണം സാധ്യമാകുന്നു. കാരണം ഓരോരുത്തരും നിര്‍ബന്ധിതനായിട്ടാണെങ്കിലും കുടുംബാംഗങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതാണ്. മാതാപിതാക്കള്‍ മക്കളെയും മക്കള്‍ മാതാപിതാക്കളെയും ഇണകള്‍, സഹോദരങ്ങള്‍ എന്നിങ്ങനെ ഓരോരുത്തരും മറ്റുള്ളവരെയും സംരക്ഷിക്കുന്നു. ഇവയെ മുമ്പില്‍ വെച്ചുകൊണ്ടാണ് ഇസ്ലാം ചിലവിന്‍റെയും വളര്‍ത്തുബാധ്യതയുടെയും അനന്തരവകാശത്തിന്‍റെയും നിയമങ്ങള്‍ വിവരിച്ചിരിക്കുന്നത്. കുടുംബത്തിന്‍റെ മൂന്നാമത്തെ ഗുണം ഓരോരുത്തരുടെയും സന്തോഷങ്ങള്‍ കുടുംബാംഗങ്ങളുടെ സന്തോഷമായി മാറുമ്പോള്‍ ഓരോരുത്തരുടെയും ദു:ഖങ്ങള്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ വീതിക്കപ്പെടുന്നു. ഒരു വ്യക്തിക്ക് എത്ര വലിയ സന്തോഷം വന്നാലും സന്തോഷത്തില്‍ മാതാപിതാക്കള്‍ പങ്കാളിയായില്ലായെങ്കില്‍ സന്തോഷം അപൂര്‍ണ്ണമാകുന്നതാണ്. ഇപ്രകാരം ദു:ഖസമയത്ത് ആശ്വസിപ്പിക്കുകയും കണ്ണുനീര്‍ പങ്കുവെക്കുകയും ചെയ്യുന്ന കുടുംബാംഗം ഉണ്ടായാല്‍ നാശനഷ്ടങ്ങള്‍ക്കിടിയല്‍ സമാധാനത്തിന്‍റെയും പ്രതീക്ഷയുടെയും പ്രകാശം പരക്കുന്നതാണ്. 

ഇതുകൊണ്ടുതന്നെയാണ് പരിശുദ്ധഖുര്‍ആനും കുടുംബത്തെ അല്ലാഹു അനുഗ്രഹമായി എണ്ണിയിരിക്കുന്നത്. മനുഷ്യര്‍ക്കിടയില്‍ മാതാവ്, പിതാവ്, ഇണ എന്നിവര്‍ വഴി അടിസ്ഥാനപരമായി മൂന്ന് കുടുംബ ബന്ധങ്ങള്‍ ഉണ്ടെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. (ഫുര്‍ഖാന്‍ 54). അതെ, കുടുംബ വ്യവസ്ഥിതി മാനവ കുലത്തിന് പടച്ചവന്‍ ചെയ്ത വലിയ അനുഗ്രഹമാണ്. എന്നാല്‍ ഇതിനോടൊപ്പം ഒരു കാര്യം കൂടി ഇസ്ലാം പ്രത്യേകം ഉണര്‍ത്തുന്നു: ഈ കുടുംബ ബന്ധം കുടുംബാംഗങ്ങളുടെ വ്യക്തി ജീവിതത്തിനും സ്വകാര്യ ആവശ്യങ്ങള്‍ക്കും യാതൊരു മുറിവും ഏല്‍പ്പിക്കാന്‍ പാടില്ല. ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ കുടുംബവും വീടും കമ്പോളമായി മാറുന്നതും പരസ്പരം പ്രശ്നങ്ങളുടെ പരമ്പരകള്‍ ആരംഭിക്കുന്നതുമാണ്. ആകയാല്‍ ഇസ്ലാം കുടുംബ ജീവിതത്തെ പ്രേരിപ്പിച്ചതിനോടൊപ്പം അതിന്‍റെ നിയമങ്ങളും നിബന്ധനകളും സൂക്ഷിക്കണമെന്നും പ്രത്യേകം ഉണര്‍ത്തിയിരിക്കുന്നു.  പ്രസ്തുത നിയമ മര്യാദകളില്‍ പ്രധാനപ്പെട്ട രണ്ടുകാര്യങ്ങളാണ് നീതിയും പരോപകാരവും. നീതിയെന്നാല്‍ കുടുംബാംഗങ്ങളെ സേവിക്കാനുള്ള കഴിവ് അനുസരിച്ച് സേവിക്കുക. കഴിവിന്‍റെ ഉള്ളില്‍ നിന്നുകൊണ്ട് അവര്‍ക്ക് ചിലവുകള്‍ നല്‍കുക. പരോപകാരമെന്നാല്‍ നമുക്ക് ഉപകാരങ്ങള്‍ ചെയ്യാത്തവര്‍ക്കും ഉപകാരങ്ങള്‍ ചെയ്യുക. ആത്മ ത്യാഗവും നിഷ്കളങ്കതയും മുറുകെ പിടിക്കുക.

കുടുംബ വ്യവസ്ഥിതി ശരിയായ നിലയില്‍ നീങ്ങുന്നതില്‍ പുരുഷന്മാര്‍ക്ക് വിശിഷ്യാ ഭര്‍ത്താക്കന്മാര്‍ക്ക് പ്രധാന പങ്കുണ്ടെങ്കിലും ഈ വിഷയത്തില്‍ അടിസ്ഥാനപരമായി ഏറ്റവും വലിയ പങ്കുവഹിക്കുന്നത് സ്ത്രീകളാണ്. പ്രത്യേകിച്ചും ഭാര്യമാരാണ്. സ്ത്രീകള്‍ ഒരു ഭാഗത്ത് കുഞ്ഞുങ്ങളെ കൂട്ടത്തില്‍ ചേര്‍ത്തുപിടിക്കുന്നു. മറുഭാഗത്ത് സ്വന്തം കുടുംബക്കാരുമായും ഭര്‍ത്താവിന്‍റെ കുടുംബത്തോടും മക്കളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. മാതാവിന്‍റെ മമതയും ഭാര്യയുടെ സ്നേഹവും തുല്യതയില്ലാത്തതാണ്. മയത്തിന്‍റെയും അലിവിന്‍റെയും സ്നേഹത്തിന്‍റെയും പ്രതിരൂപമായ സ്ത്രീ ശാരീരികമായി ബലഹീനയുമാണ്. ഈ ബലഹീനത ഒരു വിധത്തില്‍ അവരുടെ നന്മയാണ്. സ്ത്രീകളുടെ ഈ ഗുണങ്ങളും ബലഹീനതയും മുന്നില്‍വെച്ചുകൊണ്ട് അവരോടുള്ള കടമകള്‍ നീതിയുക്തമായി നിര്‍വ്വഹിക്കാനും കൂടുതല്‍ ഉപകാരങ്ങള്‍ ചെയ്യാനും ഇസ്ലാം നിര്‍ദ്ദേശിക്കുന്നു. റസൂലുല്ലാഹി (സ) യുടെ പ്രധാന സന്ദേശങ്ങളില്‍ ഒന്ന് സ്ത്രീകളോടും അടിമകളോടും അനാഥരോടും നല്ല നിലയില്‍ വര്‍ത്തിക്കുക എന്നതാണ്. ഇസ്ലാമിന്‍റെ ഈ മഹത്തായ വീക്ഷണങ്ങള്‍ മുറുകെപ്പിടിച്ച കാലമെല്ലാം ലോകത്ത് കുടുംബ ഭദ്രത നിലനിന്നിരുന്നു. എന്നാല്‍ ഇന്ന് ഒരു ഭാഗത്ത് അവരോടുള്ള കടമകള്‍ പഠിക്കുന്നതിനും പാലിക്കുന്നതിനും മുസ്ലിംകള്‍ പിന്നിലായി. മറുഭാഗത്ത് ഭൗതിക താല്‍പ്പര്യങ്ങളില്‍ അതിഷ്ടിതമായ പാശ്ചാത്യ താല്‍പ്പര്യങ്ങള്‍ തള്ളിക്കയറിക്കൊണ്ടിരിക്കുന്നു. എന്നാല്‍ പാശ്ചാത്യ സംസ്കാരത്തിന്‍റെ ഭംഗിയുള്ള ബാഹ്യഭാഗത്തിന് പിന്നില്‍ മറഞ്ഞിരിക്കുന്ന നാശനഷ്ടങ്ങള്‍ നാം തിരിച്ചറിയേണ്ടതാണ്. 

ഭൗതിക പ്രയോജനത്തിനും വ്യാപാര മുന്നേറ്റത്തിനും വേണ്ടി പാശ്ചാത്യര്‍ സ്ത്രീകളെ വീട്ടില്‍ നിന്നും ഇറക്കി അവരെ കച്ചവടത്തിന്‍റെ മാധ്യമമാക്കി. പുരുഷന്‍റെ ഉത്തരവാദിത്വമായ സമ്പാദ്യത്തിന്‍റെ ബാധ്യത സ്ത്രീകളുടെയും മുതുകില്‍ അടിച്ചേല്‍പ്പിച്ചു. തല്‍ഫലമായി ഭാര്യഭര്‍തൃ ബന്ധത്തിലെ വൈകാരികതയും ഉഷ്മളതയും കുറഞ്ഞു. വിവാഹമോചനങ്ങള്‍ പെരുകി. വിവാഹം കഴിക്കാതെ ജീവിക്കുന്നതാണ് നല്ലതെന്ന ചിന്ത വ്യാപകമായി. കുഞ്ഞുങ്ങളെ ഭാരമായി കണ്ടുതുടങ്ങി. ഉല്‍പ്പാദന ശതമാനം കുറഞ്ഞുകൊണ്ടിരുന്നു. വ്യഭിചാരം അധികരിച്ചു. ജാര സന്തതികള്‍ പെരുകി. മനസ്സമാധാനത്തിനുള്ള പ്രകൃതി മാര്‍ഗ്ഗമായ വൈവാഹിക ജീവിതം ഇല്ലാതായപ്പോള്‍ സമാധാനത്തിനുവേണ്ടി ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് വ്യാപകമായി. മാതാപിതാക്കള്‍ക്കും മക്കള്‍ക്കും ഇടയിലുള്ള ആത്മ ബന്ധവും കൂറും കൃപയും ഇല്ലാതായി. കുടുംബ വ്യവസ്ഥിതി ചിതറിത്തെറിച്ചു. ഇവയുടെ നാശനഷ്ടങ്ങള്‍ വിവരണാതീതമാണെങ്കിലും ചുരുങ്ങിയ നിലയില്‍ ഇവിടെ ഉദ്ധരിക്കുകയാണ്. 

*  വൃദ്ധരും ബലഹീനരുമായ ആളുകള്‍ക്ക് ജീവിതം ദുസ്സഹമായി. ഇനി അവര്‍ക്ക് രണ്ട് മാര്‍ഗ്ഗങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒന്നുങ്കില്‍ വീടുകളില്‍ ഏകാന്തവാസം നയിക്കുക. അവര്‍ക്ക് ഒരു ക്ലാസ് വെള്ളമോ ഒരു ഉരുള ആഹാരമോ കൊടുക്കാന്‍ പോലും ആരുമില്ല. അല്ലെങ്കില്‍ പ്രായതിക്യമുള്ള ആളുകള്‍ക്കായി സ്ഥാപിക്കപ്പെട്ട ഹോസ്റ്റലുകളില്‍ താമസിക്കുക. വര്‍ഷത്തില്‍ ഒരിക്കല്‍ മക്കളോ ബന്ധുക്കളോ വന്ന് ഒരു പൂച്ചെണ്ട് കൊടുക്കുന്നതാണ്. ഒരു രുചിയും ഇല്ലാത്ത ഇത്തരം ഒരു ജീവിതത്തേക്കാള്‍ ഉത്തമം മരണമല്ലേ? * സ്ത്രീകളുടെ ആരോഗ്യത്തില്‍ വലിയ തകര്‍ച്ചയുണ്ടായി. ഒരു പ്രസവത്തിനോ രോഗത്തിനോ ശേഷം അവര്‍ അവശയായിത്തീരുന്നു. ആരോഗ്യം, ചിന്ത, സൗന്ദര്യം, എല്ലാത്തിലും വലിയ കുറവ് സംഭവിക്കുന്നു. പുരുഷന്‍റെ ആര്‍ത്തിക്കുള്ള ഒരു ഉപകരണം മാത്രമായി സ്ത്രീകള്‍ മാറി. പാശ്ചാത്യലോകത്ത് സ്ത്രീകള്‍ അധികമായി ഇസ്ലാം സ്വീകരിക്കുന്നതിന്‍റെ കാരണം ഇതുകൂടിയാണ്. * കുട്ടികളുടെ കാര്യം കഷ്ടകരമായി മാറുന്നു. മാതാപിതാക്കള്‍ക്കിടയില്‍ ശരിയായ ബന്ധവും യോജിപ്പും ഇല്ലാതിരിക്കുകയും മാതാപിതാക്കളുമായി ഉത്തമ ബന്ധം ഇല്ലാതാവുകയും ചെയ്താല്‍ കുട്ടികള്‍ എങ്ങനെ മാനസികമായും സാംസ്കാരികമായും ഉയരാനാണ്? അതെ, അടുത്ത തലമുറ നന്നാകുന്നതിന് പകരം കൂടുതല്‍ നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ സന്താനങ്ങള്‍ വേണ്ട എന്ന് കാഴ്ചപ്പാടിലേക്ക് പാശ്ചാത്യലോകം എത്തിച്ചേര്‍ന്നിരിക്കുന്നു. * സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുന്നു എന്നുള്ളതാണ് മറ്റൊരു കുഴപ്പം. ഓരോരുത്തരും സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും ജോലിയിലേക്കും ചേര്‍ത്തുപറയാന്‍ ആഗ്രഹിക്കുന്നു. വിശിഷ്യാ കടുംബത്തിലേക്കും മാതാപിതാക്കളിലേക്കും ചേര്‍ത്തുപറയുന്നത് എല്ലാവര്‍ക്കും അങ്ങേയറ്റം പ്രിയങ്കരമാണ്. എന്നാല്‍ കുടുംബ ശൈഥില്യം കാരണം മനുഷ്യന്‍ മാനസികമായി തകരുന്നതും വിവാഹത്തോട് തന്നെ വിരക്തിയുണ്ടാകുന്നതും മോശമായ ബന്ധങ്ങളിലേക്ക് തിരിയുന്നതുമാണ്. പാശ്ചാത്യലോകത്ത് അധികരിച്ചുകൊണ്ടിരിക്കുന്ന ലൈംഗിക അരാജകത്വത്തിന്‍റെയും ജാരസന്തതികളുടെയും അടിസ്ഥാനം ഇതുതന്നെയാണ്. * മനുഷ്യന്‍റെ ഏറ്റവും പ്രിയപ്പെട്ട വസ്തുവായ ഹൃദയ സമാധാനം നഷ്ടപ്പെടുന്നു. കുടുംബ ശൈഥില്യത്തിലൂടെ ഇത് ഇല്ലാതാകുന്നു. കാരണം പടച്ചവനുമായും പടപ്പുകളുമായിട്ടുള്ള ബന്ധം ശരിയാകുന്നതിലൂടെയാണ് യഥാര്‍ത്ഥ മനസ്സമാധാനം ലഭ്യമാകുന്നത്. കുടുംബം തകരുന്നതിലൂടെ പടച്ചവന്‍ കോപിക്കുന്നതാണ്. പടച്ചവന്‍റെ കോപം ഉണ്ടാകുന്നവര്‍ എങ്ങനെ സമാധാനം ലഭിക്കാനാണ്. കൂടാതെ, സമാധാനത്തിന്‍റെ കേന്ദ്രസ്ഥാനം കുടുംബമാണ്. മാതാപിതാക്കളുടെ മടിയില്‍ മക്കള്‍ വന്നിരിക്കുമ്പോഴും മക്കള്‍ മാതാപിതാക്കളുടെ തലയില്‍ എണ്ണ തേക്കുകയും കാല് തടവുകയും ലഭിക്കുമ്പോഴുള്ള ഹൃദയ സമാധാനം സ്വര്‍ണ്ണത്തിന്‍റെ കട്ടിലുകളില്‍ ചാരിക്കിടക്കുന്നതിനേക്കാള്‍ അമൂല്യമാണ്. ഭാര്യഭര്‍ത്താക്കന്മാര്‍ പരസ്പരം സ്നേഹിക്കുമ്പോള്‍ ഉണ്ടാകുന്ന സമാധാനത്തിന് തുല്യമായി ഒന്നും തന്നെയില്ല. കൂടപ്പിറപ്പുകള്‍ പരസ്പരം സ്നേഹിക്കുമ്പോള്‍ വിടരുന്ന സന്തോഷ പുഷ്പങ്ങള്‍ അതീവ സൗന്ദര്യവും സൗരഭ്യവും ഉള്ളതാണ്. കുടുംബ ബന്ധം ചിതറിത്തെറിക്കുമ്പോള്‍ അതിസുന്ദരമായ ഭവനങ്ങള്‍ പോലും വെളിച്ചം നഷ്ടപ്പെട്ട വിളക്കുകള്‍ പോലെ ആയിത്തീരും. പാശ്ചാത്യലോകത്ത് സമാധാന ഇല്ലായ്മയുടെയും ഉറക്കമില്ലായ്മയുടെയും ആത്മഹത്യയുടെയും സംഭവങ്ങള്‍ പെരുകുന്നതിന്‍റെ അടിസ്ഥാന കാരണം കുടുംബ വ്യവസ്ഥിതിയുടെ തകര്‍ച്ചയാണ്. 

ചുരുക്കത്തില്‍ കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച അത്യന്തം അപകടകരവും മഹാനാശങ്ങളും നഷ്ടങ്ങളും നിറഞ്ഞതുമാണ്. അത് ഇല്ലാതാകാനും കുടുംബ വ്യവസ്ഥിതി നന്നാകാനും മൂന്ന് കാര്യങ്ങള്‍ ചെയ്യണമെന്നും പരിശുദ്ധഖുര്‍ആനും പ്രവാചക ചര്യകളും പഠിപ്പിക്കുന്നു. 1. ആരും ആരെയും അക്രമിക്കരുത്. 2. പരസ്പരം നീതി പുലര്‍ത്തുക. 3. പരോപകാരങ്ങള്‍ വര്‍ദ്ധിപ്പിക്കുക. അക്രമം എന്നതില്‍ മറ്റുള്ളവരുടെ സമ്പത്ത് പിടിച്ചുവാങ്ങുന്നതും അവകാശങ്ങള്‍ അപഹരിക്കുന്നതും പെടുന്നതാണ്. ഇത്തരുണത്തില്‍ സ്ത്രീധനം ആവശ്യപ്പെടുന്നതും സ്ത്രീകള്‍ക്ക് അനന്തരവകാശങ്ങള്‍ നല്‍കാതിരിക്കുന്നതും അക്രമമാണ്. നീതിയെന്നാല്‍, നമുക്ക് അവകാശപ്പെട്ടത് എടുക്കുന്നതിനോട് കൂടി മറ്റുള്ളവരുടെ അവകാശങ്ങള്‍ നല്‍കുകയും നമ്മോടുള്ള കടമകള്‍ ആവശ്യപ്പെടുന്നതിനോട് കൂടി മറ്റുള്ളവരോടുള്ള കടമകള്‍ നിര്‍വ്വഹിക്കലുമാണ്. പരോപകാരമെന്നാല്‍ നമ്മോടുള്ള കടമകള്‍ മാപ്പ് ചെയ്തുകൊടുക്കുകയും മറ്റുള്ളവര്‍ക്ക് അവകാശങ്ങളേക്കാള്‍ കൂടുതല്‍ നല്‍കലുമാണ്. എല്ലാ ജുമുഅ ഖുത്തുബയുടെയും അവസാനത്തില്‍ പാരായണം ചെയ്യപ്പെടാറുള്ള വചനം ഇതാണ് ഉയര്‍ത്തുന്നത്: നീതിപുലര്‍ത്താനും പരോപകാരം ചെയ്യാനും ബന്ധുക്കള്‍ക്ക്കൊടുക്കാനും തീര്‍ച്ചയായും അല്ലാഹു കല്പിക്കുന്നു. വ്യക്തമായ മ്ലേച്ഛതകളില്‍ നിന്നും പൊതുപാപങ്ങളില്‍ നിന്നും അക്രമത്തില്‍ നിന്നും തടയുകയും ചെയ്യുന്നു. അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നത് നിങ്ങള്‍ ഉപദേശം ഉള്‍ക്കൊള്ളാനാണ്. (നഹ്ല്‍ 90). റസൂലുല്ലാഹി (സ) അരുളി: നിന്നോട് ബന്ധം മുറിക്കുന്നവനോട് നീ ബന്ധം ചേര്‍ക്കുക. നിന്നോട് അക്രമം കാണിക്കുന്നവര്‍ക്ക് പൊറുത്തുകൊടുക്കുക. നിന്നോട് മോശമായി വര്‍ത്തിക്കുന്നവര്‍ക്ക് ഉപകാരം ചെയ്യുക. (മിശ്കാത്ത്). 

അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) സ്വന്തം പാലിക്കുകയും സഹാബാ കിറാമിനെ വാര്‍ത്തെടുക്കുകയും ചെയ്തത് ഇതിന്‍റെ അടിസ്ഥാനത്തിലാണ്. അതെ, ഈ ഗുണങ്ങള്‍ ഉണ്ടായപ്പോള്‍ ഭൗതികമായി ഒന്നും ഇല്ലാതിരുന്നിട്ട് കൂടി അന്ന് മാനവരാശി സമ്പല്‍ സമൃദ്ധമായി. ഇന്ന് ഈ ഗുണങ്ങള്‍ ഇല്ലാതായപ്പോള്‍ എല്ലാം ഉള്ളതിനോട് കൂടി ഒന്നും ഇല്ലാത്ത അവസ്ഥാ വിശേഷം സംജാതമായിരിക്കുന്നു. ഇന്ന് അടിയന്തര പ്രാധാന്യം നല്‍കി പരിഹരിക്കേണ്ട് പ്രശ്നവും ഇതുതന്നെയാണ്. എന്നാല്‍ ഈ ഗുരുതരമായ പ്രശ്നത്തെ പരിഹരിക്കാന്‍ പരിശ്രമിക്കാതെ മതനിയമങ്ങളുടെ മേല്‍ കാടുകയറാനാണ് പലര്‍ക്കും താല്‍പ്പര്യം. അടുത്ത കാലഘട്ടത്തില്‍ ഇന്ത്യാ രാജ്യത്തുനിന്നും ഉയരുകയും ലോകത്തെ മുഴുവന്‍ ഇസ്ലാമിന് എതിരില്‍ തിരിക്കാന്‍ പ്രചാരണ ആയുധമാക്കുകയും ചെയ്ത മുത്തലാഖ് പ്രശ്നം അതില്‍ ഒന്നാണ്. മുത്തലാഖോ ന്യായമായ വിവാഹമോചനങ്ങളോ മുസ്ലിംകളുടെ ഒരു പ്രശ്നമേ അല്ല. എന്നാല്‍ വൈവാഹിക ജീവിതം താറുമാറാകുന്നതും നവതലമുറ വിവാഹത്തെ തന്നെ വെറുക്കുന്നതും തെറ്റായ വിവാഹ മോചനങ്ങള്‍ പെരുകുന്നതും ഇന്ന് മുസ്ലിംകളുടെയും അമുസ്ലിംകളുടെയും മുഴുവന്‍ ലോകത്തിന്‍റെയും ഗുരുതരമായ പ്രശ്നമാണ്. വെറും നിയമങ്ങളും ശിക്ഷാനടപടി പ്രഖ്യാപനങ്ങളും കൊണ്ട് ഇതിനെ തിരുത്തുക സാധ്യമല്ല. നിരന്തര ഉദ്ബോധനങ്ങളും സാമൂഹിക അന്തരീക്ഷം നന്നാക്കാനുള്ള പരിശ്രമങ്ങളുമാണ് ഇതിനുള്ള പ്രധാന പരിഹാര മാര്‍ഗ്ഗം. പടച്ചവന്‍ ഇതിന് നമുക്ക് സൗഭാഗ്യം നല്‍കട്ടെ.

കുടുംബ വ്യവസ്ഥിതിയും സ്ത്രീകളുടെ അവകാശങ്ങളും
ഫിഖ്ഹ് സെമിനാര്‍ പ്രമേയങ്ങള്‍ 

1. കുടുംബവ്യവസ്ഥിതിക്ക് ഇസ്ലാം വളരെ പ്രാധാന്യം കല്‍പ്പിക്കുന്നു. കാരണം ഇതിലൂടെ കുടുംബത്തിലെ വിത്യസ്ത അംഗങ്ങള്‍ക്ക് സുരക്ഷിതത്വം ലഭിക്കുന്നതും ബലഹീനര്‍ക്ക് സംരക്ഷണം കരസ്ഥമാകുന്നതും സ്വഭാവ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതുമാണ്. കുടുംബ വ്യവസ്ഥിതി തകരുന്നതിലൂടെ സമുദായത്തില്‍ മുഴുവന്‍ ഗുരുതരമായ പ്രയാസ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതാണ്. വിശിഷ്യാ സ്ത്രീകള്‍, വൃദ്ധരായ മാതാപിതാക്കള്‍, വിധവകള്‍ മുതലായവര്‍ക്ക് വളരെ ദുരിതങ്ങള്‍ ഉണ്ടാക്കുന്നതാണ്. പിതാവിന്‍റെ കാരുണ്യവും മാതാവിന്‍റെ മമതയും നഷ്ടപ്പെട്ട് അടുത്ത തലമുറ നാശത്തിലേക്ക് നീങ്ങുന്നതാണ്. പാശ്ചാത്യ സംസ്കാരം ഇതിന്‍റെ കൈപ്പേറിയ ഫലം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നു. ആകയാല്‍ കുടുംബ വ്യവസ്ഥിതി തകരാതെ കാത്തുസൂക്ഷിക്കണമെന്ന് മുഴുവന്‍ ഭാരതീയരോടും പൊതുവിലും മുസ്ലിംകളോട് പ്രത്യേകിച്ചും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു. 

2. അവസ്ഥകളും ആവശ്യങ്ങളും പരിഗണിച്ചുകൊണ്ട് ഒരു കുടുംബത്തിലെ വിവിധ അംഗങ്ങള്‍ ഒരുമിച്ചും വേറെവേറെയും താമസിക്കാന്‍ അനുവാദമുണ്ട്.  ആരുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടാതിരിക്കുകയും സേവനത്തിന് ആവശ്യമുള്ള വൃദ്ധജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യുന്ന പക്ഷം വേറെ വേറെ താമസിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവും ഇല്ല. പക്ഷേ പരസ്പരമുള്ള കടമകള്‍ മാനിക്കുകയും പാലിക്കുകയും ചെയ്യേണ്ടതാണ്. പ്രത്യേകിച്ചും മാതാപിതാക്കളില്‍ നിന്നും അകലുന്നതുകൊണ്ട് കുട്ടികള്‍ക്കും അനാഥര്‍ക്കും വിധവകള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകുന്ന പക്ഷം എല്ലാവരും ഒരുമിച്ച് തന്നെ താമസിക്കേണ്ടതാണ്. കാരണം അവകാശികളുടെ കടമകള്‍ പാലിക്കല്‍ നിര്‍ബന്ധമാണ്. 

3. നമ്മുടെ സമൂഹത്തില്‍ മാതാപിതാക്കളോടുള്ള ബഹുമാനം കുറഞ്ഞുവരുന്നതും അവര്‍ക്ക് സേവനം ചെയ്യാനുള്ള ആവേശം ഇല്ലാതായിക്കൊണ്ടിരിക്കുന്നതും ഇന്നത്തെ ദു:ഖകരമായ ഒരു യാഥാര്‍ത്ഥ്യമാണ്. ഈ വിഷയത്തില്‍ വിദ്യാസമ്പന്നരായ ആളുകളും വളരെ പിന്നിലായിക്കൊണ്ടിരിക്കുന്നു. ഇത് അങ്ങേയറ്റം മനുഷ്യത്യ രഹിതവും അനിസ്ലാമിക ശൈലിയുമാണ്. സ്വാര്‍ത്ഥതയും ധിക്കാര മനസ്ഥിതിയുമാണ് ഇതിന്‍റെ അടിസ്ഥാനം. ഇത്തരുണത്തില്‍ മാതാപിതാക്കളുടെ വിശിഷ്യാ വൃദ്ധരായ മാതാപിതാക്കളുടെ അവകാശങ്ങള്‍ ശ്രദ്ധിക്കണമെന്നും അവരെ ഒരു ഭാരമായി കാണാതെ പടച്ചവന്‍റെ കാരുണ്യമായി കാണാനും യുവാക്കളെ ഞങ്ങള്‍ ഉപദേശിക്കുന്നു. 

4. ഇസ്ലാമില്‍ ഭാര്യയുടെ അവകാശത്തിന് വലിയ സ്ഥാനമുണ്ട്. ഭാര്യയോടുള്ള ഉത്തമ വര്‍ത്തനം ഒരു വ്യക്തിയുടെ ഔന്നിത്യത്തിന്‍റെ അളവ് കോലായി റസൂലുല്ലാഹി (സ) പ്രഖ്യാപിച്ചിരിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ സമൂഹത്തില്‍ ഭാര്യമാരോട് വലിയ അക്രമങ്ങള്‍ കാണിക്കപ്പെടുന്നുണ്ട്. അവരുടെ താല്‍പ്പര്യങ്ങളും അവകാശങ്ങളും പരിഗണിക്കപ്പെടുന്നില്ല. അവരുടെ സ്വത്തുക്കള്‍ അന്യാധീനമാക്കപ്പെടുന്നു. ശാരീരിക ഉപദ്രവങ്ങളും മാനസിക പീഠനങ്ങളും ധാരാളം ഇതെല്ലാം ഇസ്ലാമിക സ്വഭാവത്തിനും മനുഷ്യത്വത്തിനും എതിരാണ്. ആകയാല്‍ ഭാര്യമാരോടും മരുമക്കളോടും നല്ലനിലയില്‍ വര്‍ത്തിക്കുകയും ശരീഅത്തിന്‍റെ നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് അവരുടെ ആഗ്രഹഅഭിലാഷങ്ങള്‍ പരിഗണിക്കുകയും ചെയ്യേണ്ടതാണ്. ഇതിലൂടെ വീട് സ്വര്‍ഗ്ഗത്തിന്‍റെ മാതൃകയാകുന്നതാണ്. 

5. വിവാഹവേളയില്‍ സ്ത്രീധനം ആവശ്യപ്പെടുന്നതും ഏതെങ്കിലും നിലയില്‍ പെണ്‍വീട്ടുകാരെ കഷ്ടപ്പെടുത്തുന്നതും നിഷിദ്ധവും പാപവുമാണ്. ഇതിലൂടെ ധാരാളം കുഴപ്പങ്ങള്‍ ഉണ്ടാകുന്നതാണ്. ആകയാല്‍ ഈ സാമൂഹ്യ ശാപത്തില്‍ നിന്നും അകന്നുമാറാനും അല്ലാഹുവിന്‍റെ വിധിവിലക്കുകളും റസൂലുല്ലാഹി (സ) യുടെ ചര്യയും അനുസരിച്ച് വിവാഹ പരിപാടികള്‍ നടത്താനും വരനും ബന്ധുക്കളും ശ്രദ്ധിക്കേണ്ടതാണ്. മുസ്ലിംകളുടെ യഥാര്‍ത്ഥ വിജയം അല്ലാഹുവിനെ അനുസരിക്കുന്നതിലും പ്രവാചകനെ അനുകരിക്കുന്നതിലുമാണ്. 

6. നിക്കാഹ് പിന്തിക്കലും സൗന്ദര്യത്തിനും സാമ്പത്തിക കുടുംബത്തിനും വലിയ ജോലിക്കും നിര്‍ബന്ധം പിടിക്കലും മറ്റുബന്ധങ്ങളെയെല്ലാം നിന്ദ്യമായി കാണലും അപകടകരമായ പ്രവണതയും ശരീഅത്തിന്‍റെ ആത്മാവിന് വിരുദ്ധമായ വീക്ഷണവുമാണ്. ഇത് കാരണമായി ധാരാളം പെണ്‍കുട്ടികളുടെ വിവാഹം അസാധാരണമായി പിന്തിക്കൊണ്ടിരിക്കുന്നു. ആത്മഹത്യയും ഇതര നാശകരമായ സംഭവങ്ങളും ഉണ്ടാകുന്നു. ആകയാല്‍ വിവാഹ ബന്ധങ്ങള്‍ക്ക് മതബോധവും സല്‍സ്വഭാവവും മാനദണ്ഡമാക്കാന്‍ യുവാക്കളെ ഉപദേശിക്കുന്നു. ഇതിലാണ് അവരുടെ നന്മ നിലകൊള്ളുന്നത്. ഇതിലൂടെ സമൂഹത്തെ ധാരാളം തിന്മകളില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കുന്നതാണ്. 

7. ന്യായവും പരിഗണിനീയവുമായ കാരണമില്ലാതെ ത്വലാഖ് ചൊല്ലലും സ്ത്രീ ഖുല്‍അ് നടത്തലും ശരിയല്ല. ഇതിന്‍റെ പേരില്‍ അല്ലാഹു ശക്തമായി പിടികൂടുന്നതാണെന്ന് ഓര്‍ക്കുക. ഭാര്യഭര്‍ത്താക്കന്മാര്‍ പരസ്പരം അകലുന്നതിലൂടെ കുടുംബം തകരുന്നതാണ്. മാതാപിതാക്കളുടെ മമത കുഞ്ഞുങ്ങള്‍ക്ക് നഷ്ടപ്പെടുന്നതാണ്. കുട്ടികളുടെ ശിക്ഷണം ശരിയായ നിലയില്‍ നടക്കുന്നതല്ല. ആകയാല്‍ ഭാര്യഭര്‍ത്താക്കന്മാരുടെ അകല്‍ച്ച ഇല്ലാതാക്കാന്‍ എല്ലാവരും പരിശ്രമിക്കേണ്ടതാണ്. ഇണകളുടെ മാതാപിതാക്കള്‍ക്കും കുടുംബ മിത്രങ്ങള്‍ക്കും ഇതില്‍ വലിയ ഉത്തരവാദിത്വമുണ്ട്. സമൂഹത്തിലെ മുതിര്‍ന്നവരും സ്വാധീനമുള്ളവരും ഈ വിഷയത്തില്‍ കര്‍ത്തവ്യം നിര്‍വ്വഹിക്കേണ്ടതും ഇത്തരം സംഭവങ്ങല്‍ തടയാന്‍ പരിശ്രമിക്കേണ്ടതുമാണ്. 

8. പരിശുദ്ധഖുര്‍ആന്‍ വിവാഹം നിഷിദ്ധമായ അടുത്ത ബന്ധുക്കളുടെ കൂട്ടത്തില്‍ എണ്ണിയവരാണ് മുന്‍ ഭര്‍ത്താവിലൂടെ ഭാര്യക്കുണ്ടായ മകള്‍ (നിസാഅ്). സ്വന്തം മക്കളെപ്പോലെ ഇത്തരം മക്കളെയും കാണണമെന്ന് ഇത് സൂചിപ്പിക്കുന്നു. എന്നാല്‍ ഖേദകരമെന്ന് പറയട്ടെ ഇത്തരം മക്കളോട് അനുയോജ്യമല്ലാത്തതും ചിലവേള മനുഷ്യത്വത്തിന് വിരുദ്ധവുമായ സമീപനം പടയിടത്തും നടക്കുന്നുണ്ട്. ഇത്തരം മക്കളെ സ്വന്തം മക്കളുടെ സ്ഥാനം നല്‍കുകയും അവരെപ്പോലെ സ്നേഹിക്കുകയും ചെയ്യേണ്ടത് മുഴുവന്‍ സ്ത്രീപുരുഷന്മാരുടെയും ബാധ്യതയാണ്. 

9. വിവാഹത്തിന് ശേഷം ധാരാളം യുവാക്കള്‍ സ്വന്തം സഹോദരങ്ങളില്‍ നിന്നും കുടുംബക്കാരില്‍ നിന്നും മുറിഞ്ഞുമാറുകയും ഒരു ബന്ധവും ഇല്ലാതെ കഴിയുകയും ചെയ്യാറുണ്ട്. ഇത് വളരെ മോശം കാര്യമാണ്. വിവാഹം കഴിഞ്ഞ ബന്ധങ്ങളെ ഇല്ലാതാക്കുന്നതല്ല. വിവാഹത്തിലൂടെ പുതിയ ഒരു ബന്ധം ലഭിക്കുന്നുവെന്ന് മാത്രം. ഇത്തരുണത്തില്‍ പഴയതും പുതിയതുമായ ഇരുബന്ധങ്ങളെയും സന്തുലിതമായി കാണലും ഇസ്ലാമിന്‍റെ മധ്യമ നിലപാട് പാലിക്കുകയും ചെയ്യേണ്ടതാണ്. അതായത് ഇണയോടുള്ള കടമകള്‍ പരിപൂര്‍ണ്ണമായി പാലിക്കുന്നതിനോടൊപ്പം സ്വന്തം കുടുംബത്തോടുള്ള കര്‍ത്തവ്യങ്ങളും പൂര്‍ത്തീകരിക്കേണ്ടതാണ്. 

10. സാമൂഹ്യസംസ്കരണത്തില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ് മസ്ജിദുകളിലെ ഇമാം ഖത്തീബുമാര്‍. നിലവിലുള്ള സാഹചര്യത്തില്‍ ജുമുഅ പ്രഭാഷണങ്ങളിലും ഇതര പരിപാടികളിലും സാമൂഹ്യ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണങ്ങള്‍ നടത്താന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ കുടുംബ ജീവിതം വിദ്യാര്‍ത്ഥികളുടെ അവസ്ഥകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചും നല്ല നിലയില്‍ സംസാരിക്കുക. കാരണം സമുദായത്തിന്‍റെ ഭാവി ഇവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

11. വിദ്യാഭ്യാസം ആണ്‍കുട്ടികള്‍ക്ക് ആവശ്യമായതുപോലെ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിന്‍റെ കവാടം ഇസ്ലാമില്‍ തുറന്നുകിടക്കുകയാണ്. ഇത്തരുണത്തില്‍ ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും സമ്പത്ത് ചിലവഴിക്കുന്നതിന് പകരം അടുത്ത തലമുറയുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍ മുസ്ലിംകളെ ഉപദേശിക്കുന്നു. ആണ്‍കുട്ടികളുടെ വിദ്യാഭ്യാസം പോലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും പ്രാധാന്യം കല്‍പ്പിക്കുക. ഇന്ത്യന്‍ മുസ്ലിംകള്‍ വിദ്യാഭ്യാസത്തില്‍ വളരെ പിന്നിലാണ് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുക.


12. വിദ്യാഭ്യാസത്തിന്‍റെ പരമമായ ലക്ഷ്യം ഉന്നത ഗുണങ്ങള്‍ ഉണ്ടാക്കിയെടുക്കലാണ്. സദാചാര തകര്‍ച്ചകള്‍ നിറഞ്ഞ ഇന്നത്തെ സാഹചര്യത്തില്‍ ആണ്‍പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തോടൊപ്പം സ്വഭാവ സദാചാരങ്ങളുടെ അധപതനത്തില്‍ നിന്നും രക്ഷിക്കാനും ഇസ്ലാമിക സ്വഭാവും മാനുഷിക മൂല്യങ്ങളും മര്യാദകളും കൊണ്ട് അലങ്കരിക്കാനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഈ വിഷയങ്ങള്‍ക്കുവേണ്ടി പരിശ്രമിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. അല്ലാഹു നാമെല്ലാവരെയും ഇസ്ലാമിക അധ്യാപനങ്ങളില്‍ ഉറപ്പിച്ചുനിര്‍ത്തട്ടെ. അതിലാണ് നമ്മുടെ ഇഹത്തിലും പരത്തിലുമുള്ള വിജയം. മനസ്സമാധാനം പരസ്പര സ്നേഹം സഹായനുഭൂതി എന്നീ ഗുണങ്ങള്‍ ഇതിലൂടെ മാത്രമാണ് ലഭ്യമാകുന്നത്.

*********


 നികാഹ് നാമ 
(വിവാഹ പ്രതിജ്ഞാ പത്രം)
ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്‌


വിവാഹത്തിന് മുമ്പ് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

 1) വധൂവരന്മാർക്കിടയിൽ വിവാഹ ബന്ധം നിഷിദ്ധമാകുന്ന പാൽകുടി ബന്ധമോ വൈവാഹിക ബന്ധമോ അടുത്ത കുടുംബ ബന്ധമോ ഉണ്ടാകാൻ പാടില്ല. 

2) നിലവിലുള്ള ഭാര്യയുടെ സഹോദരി, മാതൃസഹോദരി, പിതൃസഹോദരി, സഹോദരി പുത്രി, സഹോദര പുത്രി എന്നിവരെ വിവാഹം കഴിക്കരുത്. 

3) വധു വിവാഹ സമയത്ത് മറ്റൊരാളുടെ ഭാര്യയായിരിക്കരുത്. 

4) വധു ത്വലാഖിന്റെയോ ഭർത്താവിന്റെ മരണത്തിന്റെയോ പേരിൽ ഇദ്ദ അനുഷ്ടിക്കുന്നവരാകരുത്. 

5) മൂന്ന് ത്വലാഖുകൾ ചൊല്ലിയ വ്യക്തി അതേ സ്ത്രീയെ വിവാഹം കഴിക്കാൻ പാടില്ല. 

6) ബഹുഭാര്യത്വമാണെങ്കിൽ ഇണകൾക്കിടയിൽ സമത്വവും നീതിയും നിബന്ധനയാണ്. 

ഉപര്യുക്ത കാര്യങ്ങൾ ശരിയായ നിലയിൽ മനസ്സിലാക്കുകയും അന്വേഷിച്ച് അറിയികുകയും ചെയ്യുക. 

വധൂവരന്മാർക്കുള്ള സുപ്രധാന ഉപദേശങ്ങൾ 

1) നിക്കാഹ് റസൂലുല്ലാഹി (സ) യുടെയും മഹാന്മാരായ നബിമാരുടെയും ഉത്തമ ചര്യയാണ്. ആകയാൽ സുന്നത്തായ രീതിയിൽ ഇത് നിർവ്വഹിക്കുക. ശരീഅത്തിന് വിരുദ്ധമായ സകല കാര്യങ്ങളും വർജ്ജിക്കുക.

2) നിക്കാഹിന്റെ സന്ദർഭത്തിൽ രൊക്കം തുകയോ സ്ത്രീധനമോ തന്റെ കൂട്ടത്തിലുള്ള അതിഥികൾക്കുള്ള സൽക്കാരമോ വരനും വരന്റെ ആൾക്കാരും ആവശ്യപ്പെടുന്നത് ശരീഅത്തിന് വിരുദ്ധവും കടുത്ത പാപവുമാണ്. 

3) നിക്കാഹ് പരിപാടികൾ ലളിതമാക്കുക. ധൂർത്ത് ഉപേക്ഷിക്കുക. കുറഞ്ഞ ചിലവിൽ നടത്തപ്പെടുന്ന വിവാഹം ഐശ്വര്യമുള്ളതായിരിക്കുമെന്ന് റസൂലുല്ലാഹി (സ) അരുളിയിരിക്കുന്നു. 

4) വധൂവരൻമാർ പരസ്പരം വസ്ത്രമാണെന്ന് പരിശുദ്ധഖുർആൻ വ്യക്തമാക്കുന്നു. ഇരുവരും പരസ്പരം വികാര താൽപ്പര്യങ്ങളെ പരിഗണിക്കണമെന്നും ബലഹീനതകളും ന്യൂനതകളും മറച്ചുവെക്കണമെന്നും കഴിവിന്റെ പരമാവധി വിട്ടുവീഴ്ച ചെയ്യണമെന്നും ഇത് ഉണർത്തുന്നു. കൂടാതെ പരസ്പരം സ്‌നേഹത്തിലും സൗഹൃദത്തിലും സന്തോഷത്തിലും കഴിയാൻ ശ്രദ്ധിക്കണം. ഇതിന്റെ പ്രതിഫലനം വധൂവരന്മാരിൽ മാത്രമല്ല മുഴുവൻ കുടുംബത്തിലും സമൂഹത്തിലും  ഉളവാകുന്നതാണ്.

ഭാര്യയോട്  ഭർത്താവിന് താഴെ പറയുന്ന കടമകൾ ഉണ്ട്.

•തന്റെ കഴിവ് അനുസരിച്ച് ആഹാരം പാനിയം വസ്ത്രം താമസം എന്നീ സൗകര്യങ്ങൾ ചെയ്യുക. 

•ആവശ്യാനുസൃതം ചികിത്സകൾക്ക് ഏർപ്പാടുകൾ ചെയ്യുക

•ഭാര്യയുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കുക.

•ആവശ്യാനുസരണം മാതാപിതാക്കളെയും വിവാഹം നിഷിദ്ധമായ ബന്ധുക്കളെയും സന്ദർശിക്കാൻ അവസരം നൽകുക. 

•ഭാര്യയുടെ തൃപ്തിയില്ലാതെ അവരുടെ വീട്ടിൽ താമസിപ്പിക്കുകയോ ബന്ധമൊന്നും ഇല്ലാതെ കഴിയുകയോ ചെയ്യരുത്. 

•ഭാര്യയോട് നീതിയോടെ വർത്തിക്കുക. എല്ലാവിധ അക്രമങ്ങളിൾ നിന്നും അകന്ന് കഴിയുക. 

•സന്താനങ്ങൾക്ക് ഉത്തമശിക്ഷണ ശീലങ്ങൾ നൽകാൻ പരസ്പരം സഹകരിക്കുക. 

•പ്രശ്‌നം വല്ലതും ഉണ്ടായാൽ കഴിവിന്റെ പരമാവധി പരിഹരിക്കാൻ പരിശ്രമിക്കുക. കഠിനമായ നിർബന്ധിതാവസ്ഥയിൽ അല്ലാതെ ത്വലാഖ് ചൊല്ലാതിരിക്കുക. നിർബന്ധിതാവസ്ഥയിൽ ത്വലാഖ് ചൊല്ലേണ്ടി വന്നാൽ ഓരേ സമയം മൂന്ന് ത്വലാഖ് ഒരുമിച്ച് ചൊല്ലാതിരിക്കുക. 



ഭർത്താവിനോട് ഭാര്യക്ക് താഴെ പറയുന്ന കടമകളുണ്ട് 

•കഴിവിന്റെ പരമാവധി ഭർത്താവിനെ സന്തോഷിപ്പിക്കുക. 

•അനുവദനീയമായ കാര്യങ്ങളിൽ അനുസരിക്കുക. 

•എവിടെയെങ്കിലും പോകുമ്പോൾ അനുവാദത്തോട് കൂടി മാത്രം പോവുക.

•അന്തസ്സും അഭിമാനവും പരിപൂർണ്ണമായി സംരക്ഷിക്കുക. 

•സന്താനങ്ങളെ നല്ലനിലയിൽ വളർത്തുക.



വധൂവരന്മാരുടെ സമ്മത പത്രം

•അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇരുവരും മുസ്‌ലിംകൾ ആണ്. വൈവാഹിക ജീവിതത്തിൽ ശരീഅത്തിന്റെ വിധിവിലക്കുകൾ പാലിക്കുന്നതാണെന്ന് ഞങ്ങൾ സമ്മതിച്ച് പറയുന്നു.

•ഞങ്ങൾ പരസ്പരം കടമകൾ നിർവ്വഹിക്കുന്നതാണ്. പരസ്പരമുള്ള ബന്ധങ്ങൾ സന്തോഷമായി നിലനിർത്താൻ പരിപൂർണ്ണമായി പരിശ്രമിക്കുന്നതാണ്. അല്ലാഹു അതിന് ഉതവി നൽകട്ടെ. ഇനി എന്തെങ്കിലും കാരണത്താൽ ഞങ്ങൾക്കിടയിൽ ശക്തമായ വല്ല പ്രശ്‌നങ്ങളും ഉണ്ടായാൽ  പണ്ഡിത മഹത്തുക്കളുടെ നേതൃത്വത്തിലുള്ള സയ്യിദ് ഹസനി കൗൺസിലിംഗ് സെന്റർ ഞങ്ങൾക്കിടയിൽ പരിഹാരം നിർദ്ദേശിക്കുന്നതും ഞങ്ങൾ അത് പാലിക്കുന്നതുമാണ്. 





വരൻ .......... ഒപ്പ് ..........


 


വധു .......... ഒപ്പ്‌ ..........



(പ്രിയപ്പെട്ട വധൂവരന്മാര്‍ ഇത് പൂര്‍ണ്ണമായി വായിച്ച ശേഷം ഇത് പാലിക്കാന്‍ സന്നദ്ധമാണെന്ന കാര്യം എളിയ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാഹെ മുആശിറ കമ്മിറ്റിയുടെ നമ്പറില്‍ വാട്ട്സ് ആപ്പ് വഴി അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.)  
Ph: 9544828178

പടച്ചവന്‍ അനുഗ്രഹിക്കട്ടെ
*******

ഈ സുപ്രധാന രചന പുസ്തകരൂപത്തിൽ ആവശ്യമുള്ളവർ ബന്ധപ്പെടുക

7736723639
********

സയ്യിദ് ഹസനി അക്കാദമി
ദാറുല്‍ ഉലൂം, ഓച്ചിറ

ബഹുമാന്യരെ, പ്രയോജനപ്രദമായ രചനകളുടെ പ്രസിദ്ധീകരണത്തിനും പ്രചാരണത്തിനും വേണ്ടി ആദരണീയ പ്രബോധകൻ മൗലാനാ സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി സ്ഥാപിച്ച ഒരു കേന്ദ്രമാണ് സയ്യിദ് ഹസനി അക്കാദമി. പടച്ചവന്റെ അനുഗ്രഹത്താൽ ചെറുതും വലുതുമായ ധാരാളം രചനകൾ ഇതിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ ഇതിന്റെ പ്രചാരണം വേണ്ട നിലയിൽ ആയിട്ടില്ല. അതിനുവേണ്ടി ഓരോ മാസവും ഓരോ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. റബീഉല്‍ ആഖര്‍ മാസം കൊല്ലം ജില്ലയിലാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. സുമനസ്സുകളായ സഹോദരങ്ങൾ വീടുകളിലും ഇതര സ്ഥാപനങ്ങളിലും ചെറിയ ഒരു ലൈബ്രറി സ്ഥാപിച്ച് അക്കാദമിയുടെ രചനകൾ പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരെ പരിചയപ്പെടുത്തുകയും വിവാഹ വേളകളിലും മറ്റും ഉപഹാരം നൽകുകയും ചെയ്താൽ ഇത് വളരെ എളുപ്പമായ നിലയിൽ നടക്കുന്നതാണ്. ബുക്ക് സ്റ്റാളുകളും പർദ്ദ സ്റ്റാളുകളും നടത്തുന്ന സഹോദരങ്ങളെ പ്രേരിപ്പിച്ചാലും ഈ പ്രവർത്തനം പ്രയോജനപ്രദമായി നടക്കുന്നതാണ്. മാന്യ അനുവാചകർ ഈ വഴിയിൽ പരിശ്രമിക്കുകയും നിർമ്മാണാത്മ അഭിപ്രായങ്ങൾ നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ. 

***



പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി





ഞങ്ങളുടെ കേന്ദ്ര സ്ഥാപനം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌