ഹജ്ജത്തുൽ വദാഉമായി ബന്ധപ്പെട്ട ഹദീസുകളിൽ ഹജ്ജിന്റെ കർമ്മങ്ങൾ ഏതാണ്ട് എല്ലാം തന്നെ സംഭവ രൂപത്തിൽ വന്നിട്ടുണ്ട്. ഇവിടെ അതിന്റെ പ്രധാന കർമ്മങ്ങളെക്കുറിച്ചുള്ള നബവീ നിർദ്ദേശങ്ങൾ പ്രത്യേകം പ്രത്യേകം കൊടുക്കുകയാണ്.
മക്കാമുകർമയിലെ പ്രവേശനവും പ്രഥമ ത്വവാഫും
മക്കാമുകർറമയിൽ കഅ്ബാ ശരീഫ നിലകൊള്ളുന്നതിനാൽ പ്രത്യേക ആദരവ് നൽകപ്പെട്ടിരിക്കുന്നു. മക്ക അല്ലാഹുവിന്റെ ആദരണീയ നാടും ഹജ്ജിന്റെ കേന്ദ്ര സ്ഥാനവുമാണ്. അതുകൊണ്ട് അവിടേക്കുള്ള പ്രവേശനം പ്രത്യേക ശ്രദ്ധയോടെയും ആദരവോടെയും ആയിരിക്കണം. അവിടെ പ്രവേശിച്ച് കഴിഞ്ഞാൽ കഅ്ബാ ശരീഫയെ ത്വവാഫ് ചെയ്യുക എന്നതാണ് പ്രഥമ കർമ്മം. കഅ്ബാ ശരീഫയുടെ സർവ്വ ഭാഗങ്ങളും ആദരണീയമാണെങ്കിലും അല്ലാഹുവുമായും സ്വർഗ്ഗവുമായും പ്രത്യേക ബന്ധമുള്ള അനുഗ്രഹീത ശിലയായ ഹജ്‌റുൽ അസ്‌വദ് നിലകൊള്ളുന്ന സ്ഥലം എന്ന നിലയിൽ അതിന്റെ മൂലയിൽ നിന്നുമാണ് ത്വവാഫ് ആരംഭിക്കേണ്ടത്. അതിനോട് സ്‌നേഹ മര്യാദകൾ പുലർത്തുകയും കഴിയുന്നത് പോലെ ചുംബിച്ചുകൊണ്ടും ത്വവാഫ് ആരംഭിക്കുക എന്നത് റസൂലുല്ലാഹി (സ)യുടെയും സഹാബാ മഹത്തുക്കളുടെയും പതിവായിരുന്നു.
26. നാഫിഅ് (റ) വിവരിക്കുന്നു: ഇബ്‌നു ഉമർ (റ) മക്കയിലേക്ക് വരുമ്പോൾ അവിടെ പ്രവേശിക്കുന്നതിന് മുമ്പായി അതിനടുത്തുള്ള നാടായ ദീതുവയിൽ രാത്രി താമസിച്ചിരുന്നു. പ്രഭാതത്തിൽ കുളിക്കുകയും നമസ്‌കരിക്കുകയും ചെയ്ത ശേഷം പകൽ സമയത്ത് മക്കാമുകർമയിൽ പ്രവേശിക്കുമായിരുന്നു. അവിടെ നിന്നും മടങ്ങുമ്പോഴും ദീതുവയിൽ രാത്രി താമസിച്ച് പ്രഭാതത്തിൽ യാത്രയാവുകയും ഇതായിരുന്നു റസൂലുല്ലാഹി (സ)യുടെ പതിവെന്ന് പറയുകയും ചെയ്തിരുന്നു. (ബുഖാരി, മുസ്‌ലിം)
27. ജാബിർ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) മക്കയിലെത്തിയപ്പോൾ ആദ്യമായി ഹജ്‌റുൽ അസ്‌വദിന് അരികിലേക്ക് വരുകയും അതിനെ അഭിമുഖീകരിച്ച് ഇസ്തിലാം നടത്തുകയും ചെയ്തു. തുടർന്ന് വലത് ഭാഗത്തേക്ക് നടന്നു. ആദ്യത്തെ മൂന്ന് ചുറ്റലുകളിൽ റംല് നടത്തം നടക്കുകയും ശേഷിച്ച ഏഴ് ചുറ്റലുകൾ സാധാരണ പോലെ നടക്കുകയും ചെയ്തു. (മുസ്‌ലിം)
വിവരണം: ഓരോ ത്വവാഫും ഹജ്‌റുൽ അസ്‌വദിനെ ഇസ്തിലാം ചെയ്തുകൊണ്ടാണ് ആരംഭിക്കേണ്ടത്. ചുംബിക്കുക അല്ലെങ്കിൽ കൈകൊണ്ട് തടകിയോ, അവിടേക്ക് ആംഗ്യം കാണിച്ചോ കൈയ്യിനെ ചുംബിക്കുക എന്നതാണ് ഇസ്തിലാം കൊണ്ടുള്ള ഉദ്ദേശം. ഇപ്രകാരം ഇസ്തിലാം ചെയ്തുകൊണ്ടാണ് ത്വവാഫ് ആരംഭിക്കേണ്ടത്. ഓരോ ത്വവാഫിലും ഹജ്‌റുൽ അസ്‌വദിനെ നാല് പ്രാവശ്യം ചുറ്റുകയും വലയം വെക്കുകയും ചെയ്യേണ്ടതാണ്.
റംല് എന്നാൽ ശക്തി പ്രകടിപ്പിക്കുന്ന കുലുങ്ങിക്കൊണ്ടുള്ള ഒരു പ്രത്യേകതരം നടത്തമാണ്. ഹിജ്‌രി ഏഴാം വർഷം റസൂലുല്ലാഹി (സ)യും സഹാബത്തും ഉംറയ്ക്ക് വേണ്ടി മക്കയിൽ വന്നപ്പോൾ മക്കക്കാരായ നിഷേധികൾ പരിഹാസ രൂപേണെ പരസ്പരം പറഞ്ഞു: യസ്‌രിബെന്ന് പേരുള്ള മദീനയിലെ കാലാവസ്ഥയും പനിയും മറ്റ് രോഗങ്ങളും ഇവരെ ക്ഷീണിപ്പിച്ചിട്ടുണ്ട്! റസൂലുല്ലാഹി (സ) ഇത് കേട്ടപ്പോൾ ത്വവാഫിന്റെ ആദ്യത്തെ മൂന്ന് ചുറ്റലുകളിൽ റംല് നടത്തം നടന്ന് ശക്തിയും ആരോഗ്യവും പ്രകടിപ്പിക്കാൻ നിർദ്ദേശിക്കുകയും സഹാബികൾ അപ്രകാരം പ്രവർത്തിക്കുകയും ചെയ്തു. അല്ലാഹുവിന് ആ സമയത്തുള്ള അവരുടെ ഈ പ്രവർത്തനം ഇഷ്ടപ്പെടുകയും ഇതിനെ ശാശ്വത സുന്നത്തായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ന് ഹജ്ജോ ഉംറയോ ചെയ്യുന്ന ഓരോ വ്യക്തികളും പ്രഥമ ത്വവാഫ് ചെയ്യുമ്പോൾ ആദ്യത്തെ മൂന്ന് ചുറ്റലുകൾ ഇപ്രകാരം കുലുങ്ങി നടക്കേണ്ടതാണ്. ശേഷിച്ച നാല് ചുറ്റലുകൾ സാധാരണ വേഗതയിൽ നടക്കേണ്ടതാണ്.
28. അബൂഹുറയ്‌റ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ഹജ്ജിന് വന്നപ്പോൾ മക്കയിൽ പ്രവേശിച്ച ശേഷം ആദ്യമായി ഹജ്‌റുൽ അസ്‌വദിന്റെ അരികിലേക്ക് വന്ന് അതിനെ ചുംബിച്ചു. തുടർന്ന് ത്വവാഫ് നിർവ്വഹിച്ചു. ശേഷം കഅ്ബാ ശരീഫയെ കാണാൻ കഴിയുന്ന നിലയിൽ സഫാ മലയുടെ മുകളിൽ കയറി. ദുആയിൽ കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തുകയും ദീർഘനേരം ദിക്ർ ദുആകളിൽ മുഴുകുകയും ചെയ്തു. (അബൂദാവൂദ്)
29. ഇബ്‌നു അബ്ബാസ് (റ) വിവരിക്കുന്നു: ഹജ്ജത്തുൽ വദാഇൽ റസൂലുല്ലാഹി (സ) ഒട്ടകത്തിൽ യാത്ര ചെയ്തുകൊണ്ട് കഅ്ബയെ ത്വവാഫ് ചെയ്തു. റസൂലുല്ലാഹി (സ)യുടെ കൈയ്യിൽ ഒരു കമ്പുണ്ടായിരുന്നു. അതുകൊണ്ട് ഹജ്‌റുൽ അസ്‌വദിനെ സ്പർശിച്ച് ചുംബിച്ചിരുന്നു. (ബുഖാരി, മുസ്‌ലിം)
വിവരണം: റസൂലുല്ലാഹി (സ) നടന്നായിരുന്നു ത്വവാഫ് ചെയ്തിരുന്നതെന്ന് ആദ്യത്തെ ഹദീസുകളിൽ പറയപ്പെടുകയുണ്ടായി. എന്നാൽ അവസാനത്തെ ഹദീസിൽ ഒട്ടകത്തിൽ യാത്ര ചെയ്തുകൊണ്ടാണ് ത്വവാഫ് ചെയ്തിരിക്കുന്നതെന്ന് വന്നിരിക്കുന്നു. ഇവ രണ്ടിനുമിടയിൽ വൈരുദ്ധ്യമൊന്നുമില്ല. കാരണം റസൂലുല്ലാഹി (സ) ഹജ്ജത്തുൽ വദാഇൽ മക്കയിൽ എത്തിയ ശേഷം ചെയ്ത പ്രഥമ ത്വവാഫ് നടന്നുകൊണ്ടായിരുന്നു. ശേഷം ദുൽ ഹജ്ജ് പത്തിന് മിനായിൽ നിന്നും വന്ന് നിർവ്വഹിച്ച ത്വവാഫ് ഒട്ടകത്തിലായിരുന്നു. ജനങ്ങൾക്ക് സംശയ നിവാരണങ്ങൾക്കുള്ള സൗകര്യത്തിന് വേണ്ടി കൂടിയാണ് ഇപ്രകാരം ചെയ്തത്. തദവസരം റസൂലുല്ലാഹി (സ)യുടെ ഒട്ടകം അനുഗ്രഹീത മിമ്പർ പോലെയായിരുന്നു. ഇത്തരം പ്രത്യേക അവസ്ഥകളിൽ വാഹനത്തിൽ ഇരുന്നും ത്വവാഫ് ചെയ്യാമെന്ന് ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ കൂടിയായിരിക്കാം അപ്രകാരം ചെയ്തത്.
30. ഉമ്മുസലമ (റ) വിവരിക്കുന്നു: എനിയ്ക്ക് രോഗത്തിന്റെ പ്രയാസമുണ്ട്, ഞാൻ എങ്ങനെയാണ് ത്വവാഫ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോൾ റസൂലുല്ലാഹി (സ) അരുളി: വാഹനത്തിൽ ഇരുന്ന് ജനങ്ങളുടെ പിന്നിലൂടെ ത്വവാഫ് ചെയ്യുക. അങ്ങനെ ഞാൻ ത്വവാഫ് ചെയ്തു. തദവസരം റസൂലുല്ലാഹി (സ) കഅ്ബാ ശരീഫയുടെ അരികിൽ ത്വൂർ സൂറത്ത് പാരായണം ചെയ്തുകൊണ്ട് നമസ്‌കരിക്കുകയായിരുന്നു.
31. ആഇശ (റ) വിവരിക്കുന്നു: ഞങ്ങൾ ഹജ്ജത്തുൽ വദാഇന്റെ യാത്രയിൽ റസൂലുല്ലാഹി (സ)യോടൊപ്പം മദീനയിൽ നിന്നും യാത്രയായി. ഞങ്ങളുടെ നാവുകളിൽ ഹജ്ജിനെപ്പറ്റി മാത്രമുള്ള സ്മരണയായിരുന്നു. അങ്ങനെ ഞങ്ങൾ മക്കയുടെ തൊട്ടടുത്തുള്ള സരിഫ് എന്ന സ്ഥലത്തെത്തിയപ്പോൾ എനിയ്ക്ക് സ്ത്രീകൾക്ക് ഓരോ മാസവും ഉണ്ടാകാറുള്ള ദിനങ്ങൾ ആരംഭിച്ചു. തദവസരം റസൂലുല്ലാഹി (സ) എന്റെ കൂടാരത്തിലേക്ക് വന്നപ്പോൾ ഞാൻ കരഞ്ഞുകൊണ്ടിരിക്കുന്നത് കണ്ടു. റസൂലുല്ലാഹി (സ) ചോദിച്ചു: നിങ്ങൾക്ക് ആർത്തവ ദിനങ്ങൾ ആരംഭിച്ചുവെന്ന് തോന്നുന്നല്ലോ? ഞാൻ പറഞ്ഞു: അതെ. റസൂലുല്ലാഹി (സ) അരുളി: അതിന് കരയാൻ എന്തിരിക്കുന്നു. അല്ലാഹു ആദം നബി (അ)യുടെ പെൺമക്കൾക്ക് അതായത് സർവ്വ സ്ത്രീകൾക്കും നിർബന്ധമാക്കിയ ഒരു കാര്യമാണ്. ഹാജിമാർ ചെയ്യുന്ന എല്ലാ കാര്യങ്ങളും നിങ്ങൾ ചെയ്തുകൊള്ളുക. എന്നാൽ നിങ്ങൾ ഇതിൽ നിന്നും ശുദ്ധിയാകുന്നതുവരെ കഅ്ബാ ശരീഫയെ ത്വവാഫ് ചെയ്യരുത്. (ബുഖാരി, മുസ്‌ലിം)
32. ഇബ്‌നു അബ്ബാസ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: കഅ്ബാ ശരീഫയെ ത്വവാഫ് ചെയ്യുന്നത് നമസ്‌കാരം പോലെയുള്ള ഒരു ആരാധനയാണ്. ത്വവാഫിനിടയിൽ സംസാരിക്കാൻ അനുമതിയുണ്ട് എന്ന ഒരു വ്യത്യാസം മാത്രമേയുള്ളൂ. ആകയാൽ നിങ്ങൾ ആരെങ്കിലും ത്വവാഫിന്റെ അവസ്ഥയിൽ ആരോടെങ്കിലും സംസാരിക്കുന്നെങ്കിൽ നന്മ മാത്രം പറഞ്ഞുകൊള്ളട്ടെ. അനാവശ്യവും അനുവദനീയവുമല്ലാത്തതായ സംസാരങ്ങൾ സംസാരിക്കാതിരിക്കട്ടെ. (തിർമിദി, നസാഇ, ദാരിമി)
33. ഇബ്‌നു ഉമർ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ഹജ്‌റുൽ അസ്‌വദിലും റുക്‌നി യമാനിയിലും കൈകൊണ്ട് തടകുന്നത് പാപങ്ങൾക്ക് പരിഹാരമാണ്. തുടർന്ന് അരുളി: ആരെങ്കിലും അല്ലാഹുവിന്റെ ഈ ഭവനം ഏഴ് പ്രാവശ്യം ത്വവാഫ് ചെയ്യുകയും നിയമ മര്യാദകൾ സൂക്ഷിച്ചും ശ്രദ്ധിച്ചും അത് നിർവ്വഹിക്കുകയും ചെയ്താൽ അത് ഒരു അടിമയെ സ്വതന്ത്രമാക്കുന്നതിന് തുല്യമാണ്. റസൂലുല്ലാഹി (സ) വീണ്ടും അരുളി: ഒരു ദാസൻ ത്വവാഫ് ചെയ്തുകൊണ്ട് ഒരു പാദം വെക്കുകയും മറ്റൊരു പാദം ഉയർത്തുകയും ചെയ്യുമ്പോൾ ഓരോ ചുവടിനും പകരം അല്ലാഹു ഒരു പാപം പൊറുക്കുന്നതും അവനുവേണ്ടി ഒരു നന്മ രേഖപ്പെടുത്തുന്നതുമാണ്. (തിർമിദി)
വിവരണം: ഈ ഹദീസിലെ ഉസ്ബൂഅൻ എന്നതിന് ഏഴ് പ്രാവശ്യം ത്വവാഫ് ചെയ്യുക എന്നാണ് ആശയം പറഞ്ഞതെങ്കിലും വ്യാഖ്യാതാക്കൾ എഴുതുന്നു: ഇതിന് മൂന്ന് ആശയങ്ങൾക്ക് സാധ്യതയുണ്ട്. 1. ഏഴ് പ്രാവശ്യം കഅ്ബാ ശരീഫയെ വലയം വെക്കുക. ഇതിലൂടെ ഒരു ത്വവാഫ് പൂർത്തിയാകുന്നതാണ്. 2. ഇപ്രകാരം ഏഴ് ത്വവാഫുകൾ ചെയ്യുക. അതായത് 49 പ്രാവശ്യം വലയം വെക്കുക. 3. തുടർച്ചയായി ഏഴ് ദിവസം ത്വവാഫ് ചെയ്യുക. ഇതിൽ ഏറ്റവും പ്രബലമായ അഭിപ്രായം ആദ്യത്തേതാണ്.
ഹജ്‌റുൽ അസ്‌വദ്
34. ഇബ്‌നു അബ്ബാസ് (റ) നിവേദനം. റസൂലുല്ലാഹി (സ) ഹജ്‌റുൽ അസ്‌വദിനെക്കുറിച്ച് അരുളി: അല്ലാഹുവിൽ സത്യം, ഖിയാമത്ത് ദിനം അല്ലാഹു അതിനെ പുതുജീവൻ നൽകി കൊണ്ടുവരുന്നതാണ്. അതിന് കാണുന്ന കണ്ണും സംസാരിക്കുന്ന നാവും ഉണ്ടായിരിക്കും. അതിനെ ചുംബിച്ചവരുടെ വിഷയത്തിൽ സത്യസന്ധമായ നിലയിൽ അത് സാക്ഷ്യം രേഖപ്പെടുത്തുന്നതാണ്. (തിർമിദി, ഇബ്‌നുമാജ, ദാരിമി)
വിവരണം: ഹജ്‌റുൽ അസ്‌വദ് കാഴ്ചയിൽ ഒരു കല്ലിന്റെ കഷണമാണ്. എന്നാൽ അല്ലാഹു അതിൽ പ്രത്യേകതരം ആത്മീയത നിക്ഷേപിച്ചിട്ടുണ്ട്. അല്ലാഹുവിനോട് സ്‌നേഹാദരവുകൾ പുലർത്തിക്കൊണ്ട് ഹജ്‌റുൽ അസ്‌വദിനെ നേരിട്ടോ, അല്ലാതെയോ ചുംബിക്കുന്ന ഓരോ വ്യക്തികളെയും അത് തിരിച്ചറിയുന്നതാണ്. ഖിയാമത്ത് ദിനം അല്ലാഹു അതിന് കാഴ്ചയും സംസാര ശേഷിയും നൽകപ്പെട്ട നിലയിൽ യാത്ര അയക്കുന്നതും അല്ലാഹുവിന്റെ കൽപ്പന പ്രകാരം സ്‌നേഹാദരവുകളോടെ അതിനെ ചുംബിച്ചതിനെക്കുറിച്ച് അത് സാക്ഷ്യം രേഖപ്പെടുത്തുന്നതുമാണ്.
35. ആബിസ് ഇബ്‌നു റബീഅ താബിഇ (റ) വിവരിക്കുന്നു: ഉമറുൽ ഫാറൂഖ് (റ) പറയുന്നു: ഹജ്‌റുൽ അസ്‌വദിനെ ചുംബിക്കുന്നതായി ഞാൻ കണ്ടിട്ടുണ്ട്. തദവസരം അദ്ദേഹം ഇപ്രകാരം പറയുകയുണ്ടായി: നീ ഒരു കല്ലാണ്. അതായത്, നിനക്ക് ദൈവികമായ ഒരു വിശേഷണവുമില്ല. ആർക്കെങ്കിലും ഉപകാരമോ, ഉപദ്രവമോ നീ ചെയ്യുന്നതല്ല. റസൂലുല്ലാഹി (സ) നിന്നെ ചുംബിക്കുന്നതായി ഞാൻ കണ്ടില്ലായിരുന്നുവെങ്കിൽ നിന്നെ ചുംബിക്കുകയില്ലായിരുന്നു. (ബുഖാരി, മുസ്‌ലിം)
വിവരണം: ഉമറുൽ ഫാറൂഖ് (റ) ഈ കാര്യം ജനങ്ങൾക്ക് മുമ്പാകെ പരസ്യമായി പ്രഖ്യാപിച്ചത് സംസ്‌കരണ വിജ്ഞാനങ്ങൾ ലഭിക്കാത്ത പുതുമുസ്‌ലിംകൾ ഉമർ (റ)ന്റെയും ഇതര മഹാന്മാരുടെയും ഹജ്‌റുൽ അസ്‌വദിന്റെ ചുംബനം കണ്ട് അതിന് എന്തെങ്കിലും ദൈവിക ശക്തിയോ, വിശേഷണമോ, ഉപകാര ഉപദ്രവങ്ങൾക്കുള്ള ശേഷിയോ ഉണ്ടെന്ന് തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ടിയാണ്. മറിച്ച് ഈ ചുംബനം റസൂലുല്ലാഹി (സ)യെ പിൻപറ്റിക്കൊണ്ടുള്ളത് മാത്രമാണ്. ഉമറുൽ ഫാറൂഖ് (റ) ഈ വചനത്തിലൂടെ അടിസ്ഥാനപരമായ ഒരു കാര്യം പഠിപ്പിക്കുന്നു: ഏതെങ്കിലും വസ്തുക്കളെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും അല്ലാഹുവിന്റെയും ദൂതന്റെയും കൽപ്പന പ്രകാരമാണെങ്കിൽ അത് സത്യമാണ്. എന്നാൽ ഏതെങ്കിലും വസ്തുക്കളെ ഉപകാര ഉപദ്രവങ്ങളുടെ ഉടമയായിക്കണ്ട് ആദരിക്കുകയാണെങ്കിൽ അത് ബഹുദൈവരാധനയുടെ ഒരു ഭാഗമാണ്. അതിന് ഇസ്‌ലാമിൽ യാതൊരു അനുവാദവുമില്ല.
ത്വവാഫിലെ ദിക്ർ-ദുആകൾ
36. അബ്ദുല്ലാഹിബ്‌നു സാഇബ് (റ) നിവേദനം. റസൂലുല്ലാഹി (സ) ത്വവാഫിന്റെ സന്ദർഭത്തിൽ റുക്‌നി യമാനിയ്ക്കും ഹജ്‌റുൽ അസ്‌വദിനും ഇടയിൽ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങൾക്ക് നന്മയും പരലോകത്ത് നന്മയും നൽകേണേ. നരക ശിക്ഷയെത്തൊട്ടും ഞങ്ങളെ കാത്ത് രക്ഷിക്കണേ. (അബൂദാവൂദ്)
37. അബൂഹുറയ്‌റ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: റുക്‌നി യമാനിയിൽ എഴുപതിനായിരം മലക്കുകൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതിനരികിൽ ഇപ്രകാരം പ്രാർത്ഥിക്കുന്നവർക്ക് അവർ ആമീൻ (സ്വീകരിക്കണേ) എന്ന് പറയുന്നതാണ്: അല്ലാഹുവേ, ഇഹത്തിലും പരത്തിലും പൊരുത്തവും സൗഖ്യവും ഞങ്ങൾ നിന്നോട് ചോദിക്കുന്നു. രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങൾക്ക് നന്മയും പരലോകത്ത് നന്മയും നൽകേണേ. നരക ശിക്ഷയെത്തൊട്ടും ഞങ്ങളെ കാത്ത് രക്ഷിക്കണേ! (ഇബ്‌നുമാജ)
അറഫയുടെ മഹത്വം
ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ദുൽ ഹജ്ജ് ഒമ്പതിനുള്ള അറഫയിലെ നിറുത്തമാണ്. അറഫയിൽ ഒരു നിമിശമെങ്കിലും ഹാജരായവർക്ക് അറഫ ലഭിക്കുന്നതാണ്. എന്നാൽ ആരെങ്കിലും അറഫയുടെ പകലിലോ, തുടർന്നുള്ള രാത്രിയിലോ ഏതെങ്കിലും സമയത്ത് അറഫയിൽ എത്തിയില്ലെങ്കിൽ അവന്റെ ഹജ്ജ് നഷ്ടമാകുന്നതാണ്. കാരണം ഇതും ത്വവാഫും സഅ്‌യും ജംറാത്തിലെ ഏറും ഹജ്ജിന്റെ ഫർളുകളാണ്. ഇതിൽ ഏതെങ്കിലും ഒന്ന് നഷ്ടപ്പെട്ടാൽ അതിന് പരിഹാരമൊന്നുമില്ല. ഹജ്ജ് തന്നെ നഷ്ടപ്പെടുന്നതാണ്.
38. അബ്ദുർറഹ്മാൻ ഇബ്‌നു യഅ്മുൽ ദുഅലി നിവേദനം. റസൂലുല്ലാഹി (സ) അരുളി: ഹജ്ജിന്റെ അതിപ്രധാനമായ ഘടകം അറഫ നിറുത്തമാണ്. ദുൽഹജ്ജ് ഒമ്പത് മധ്യാഹ്നത്തിന് ശേഷം പത്തിന്റെ സുപ്രഭാതത്തിന് മുമ്പ് അറഫയിൽ എത്തുന്നവർക്ക് ഹജ്ജ് ലഭിക്കുന്നതാണ്. അറവിന്റെ ദിനമായ ദുൽ ഹജ്ജ് പത്തിന് ശേഷം മിനായിൽ മൂന്ന് ദിവസം താമസിക്കേണ്ടതാണ്. 11, 12, 13 എന്നീ ദിനങ്ങൾ മധ്യാഹ്നത്തിന് ശേഷം മൂന്ന് ജംറകളിൽ കല്ലുകൾ എറിയേണ്ടതാണ്. ആരെങ്കിലും 11, 12 രണ്ട് ദിവസങ്ങളിൽ മാത്രം കല്ലെറിഞ്ഞ് യാത്രയായാൽ അവന് പാപമൊന്നുമില്ല. ആരെങ്കിലും ഒരു ദിവസം കൂടുതൽ നിന്ന് പതിമൂന്നിന് കല്ലെറിഞ്ഞ് യാത്രയായാൽ അവന്റെ മേലും യാതൊരു പാപവുമില്ല. അതായത്, രണ്ടും അനുവദനീയമാണ്. (തിർമിദി, അബൂദാവൂദ്, നസാഇ, ഇബ്‌നു മാജ, ദാരിമി)
വിവരണം: അറഫാ നിറുത്തം ഹജ്ജിന്റെ അടിസ്ഥാന ഘടകമാണ്. എന്നാൽ അതിന് വിശാലമായ സമയമുണ്ട്. യഥാർത്ഥ സമയമായ ദുൽ ഹജ്ജ് ഒമ്പതിന് അറഫയിൽ എത്താൻ സാധിക്കാത്തവർ അടുത്ത രാത്രിയുടെ ഏതെങ്കിലും ഭാഗത്ത് അവിടെ എത്തിയാൽ അവന് അറഫ ലഭിക്കുന്നതും ഹജ്ജ് നഷ്ടപ്പെടാതിരിക്കുന്നതുമാണ്. അറഫാ ദിവസം കഴിഞ്ഞാലുള്ള ദിവസമായ ദുൽ ഹജ്ജ് പത്തിന് നഹ്ർ ദിനം എന്ന് പറയപ്പെടുന്നു. അതിൽ ഒരു ജംറയിൽ എറിയുകയും മൃഗബലി നടത്തുകയും മുടി എടുക്കുകയും ചെയ്താൽ ഇഹ്‌റാമിന്റെ ഭൂരിഭാഗം നിയന്ത്രണങ്ങളും അവസാനിക്കുന്നതാണ്. ശേഷം മക്കയിൽ പോയി ത്വവാഫും സഅ്‌യും നിർവ്വഹിക്കേണ്ടതാണ്. തുടർന്നുള്ള മൂന്ന് ദിനങ്ങളോ, കുറഞ്ഞത് രണ്ട് ദിവസങ്ങളോ മിനായിൽ താമസിച്ച് മധ്യാഹ്നത്തിന് ശേഷം മൂന്ന് ജംറകളിൽ എറിയേണ്ടതാണ്. 12-ന് ഏറ് പൂർത്തിയാക്കി പോയാലും 13-നും കൂടി എറിഞ്ഞാലും യാതൊരു കുഴപ്പവുമില്ല.
39. ആഇശ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: അറഫാ ദിനത്തേക്കാൾ അല്ലാഹു അടിമകളെ നരകത്തിൽ നിന്നും മോചിപ്പിക്കുന്ന മറ്റൊരു ദിനവുമില്ല. അതായത്, പാപികളായ ദാസന്മാർക്ക് പൊറുത്ത് കൊടുക്കാനും നരകത്തിൽ നിന്നും അവരെ മോചിപ്പിക്കാനുമുള്ള ഏറ്റവും വലുതും വിശാലവുമായ തീരുമാനം വർഷത്തിലെ 360 ദിവസങ്ങളിൽ അറഫാ ദിനത്തിലാണ് അല്ലാഹു കൈക്കൊള്ളുന്നത്. അന്നേ ദിവസം അല്ലാഹു കരുണാവാത്സല്യങ്ങളോടെ അറഫയിൽ സംഗമിച്ച ദാസന്മാരിലേക്ക് അടുക്കുന്നതാണ്. തുടർന്ന് അല്ലാഹു അഭിമാനത്തോടെ മലക്കുകളോട് ചോദിക്കും: എന്റെ ഈ ദാസന്മാർ എന്തിനാണ് വന്നതെന്ന് നിങ്ങൾ നോക്കൂ. (മുസ്‌ലിം)
40. ത്വൽഹത്ത് ഇബ്‌നു ഉബൈദില്ലാഹ് താബിഇ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: പിശാച് ഏറ്റവും കൂടുതൽ നിന്ദ്യനും നിസാരനും ആട്ടപ്പെട്ടവനും കോപിഷ്ടനുമായി കാണപ്പെടുന്ന ദിനം അറഫാ ദിനമാണ്. കാരണം അന്ന് അല്ലാഹുവിന്റെ കാരുണ്യം ശക്തമായി വർഷിക്കുന്നതും വൻപാപങ്ങൾ പൊറുക്കാൻ തീരുമാനിക്കുന്നതും അവൻ കാണുന്നതാണ്. അത് അവനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അസഹനീയമാണ്. (മുവത്വ)
വിവരണം: അറഫയുടെ അനുഗ്രഹീത മൈതാനത്ത് ദുൽ ഹജ്ജ് 9-ന് ഒരു ഭാഗത്ത് അല്ലാഹുവിന്റെ ലക്ഷക്കണക്കിന് ദാസന്മാർ യാചകന്മാരുടെ രൂപത്തിൽ നിലകൊള്ളുകയും പടച്ചവനോട് അവർക്കും മറ്റുള്ളവർക്കും പാപമോചനത്തിനും കാരുണ്യത്തിനും താണുകേണ് പ്രാർത്ഥിക്കുകയും ചെയ്യുന്നതാണ്. മറുഭാഗത്ത് അന്നേദിവസം അല്ലാഹുവിന്റെ കാരുണ്യ ഐശ്വര്യങ്ങൾ സമൃദ്ധമായ നിലയിൽ പ്രവഹിക്കുന്നതുമാണ്. പ്രത്യേകിച്ചും ദാസന്മാരുടെ വിനയ വണക്കങ്ങൾ നിറഞ്ഞ അവസ്ഥകൾ കാണുന്ന പടച്ചവന്റെ കാരുണ്യസാഗരം ഇളകി മറിയുന്നതും ഔദാര്യത്തിന്റെ അടിസ്ഥാനത്തിൽ പാപികളായ ദാസന്മാർക്ക് പാപമുക്തിയും നരകമോചനവും കനിഞ്ഞരുളുന്നതാണ്. ഇതുകണ്ട് പിശാച് അങ്ങേയറ്റം അസ്വസ്ഥനാവുകയും എരിഞ്ഞ് കത്തുകയും തലതല്ലി കരയുകയും ചെയ്യുന്നതാണ്.
ജംറകളിലെ ഏറ്
മിനായുടെ ഒരു ഭാഗത്ത് മൂന്ന് തൂണുകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇതിന് ജംറകൾ എന്ന് പറയുന്നു. ഇതിലേക്ക് കല്ലുകൾ എറിയലും ഹജ്ജിന്റെ കർമ്മങ്ങളിൽ പെട്ടതാണ്. ദുൽഹിജ്ജ പത്തിന് ഒരു തൂണിൽ മാത്രമേ എറിയുകയുള്ളൂ. 11, 12, 13 ദിവസങ്ങളിൽ മൂന്ന് തൂണുകളിൽ ഏഴ് കല്ലുകൾ വീതം എറിയേണ്ടതാണ്. കല്ലുകൾ എറിയുന്നതിൽ പ്രത്യേക നന്മകളൊന്നും ഇല്ലായെന്ന കാര്യം വ്യക്തമാണ്. എന്നാൽ ഒരു കാര്യം പടച്ചവന്റെ കൽപ്പന പ്രകാരമാകുമ്പോൾ അത് ആരാധനയായി മാറുന്നു. വിമർശനങ്ങളൊന്നും നടത്താതെ അല്ലാഹുവിന്റെ കൽപ്പനകൾ പാലിക്കുക എന്നതാണ് അടിമത്വം. കൂടാതെ, അല്ലാഹുവിന്റെ മഹിത മഹത്വങ്ങൾ ധ്യാനിക്കുകയും പടച്ചവന്റെ മഹത്വത്തിന്റെ മുദ്രാവാക്യം മുഴക്കുകയും പൈശാചിക ചിന്തകളെയും പതിവുകളെയും മാനസിക ദുർബോധനങ്ങളെയും പാപങ്ങളെയും സാങ്കൽപ്പിക ലോകത്ത് ഉന്നമാക്കുകയും ചെയ്തുകൊണ്ട് അല്ലാഹുവിന്റെ കൽപ്പന പാലിക്കുന്നു എന്ന നിലയിൽ അടിമ കല്ലുകൾ എറിയുമ്പോൾ അവന്റെ മനസ്സിൽ ഉണ്ടായിത്തീരുന്ന സന്തോഷവും സമാധാനവും ഐശ്വര്യവും അത്ഭുതകരമായിരിക്കുന്നതാണ്. ചുരുക്കത്തിൽ അല്ലാഹുവിന്റെ കൽപ്പന പ്രകാരം അല്ലാഹുവിന്റെ നാമം പറഞ്ഞുകൊണ്ട് ജംറകളിൽ കല്ലുകൾ എറിയുന്നതും സത്യവിശ്വാസത്തിന്റെ ലഹരി നിറഞ്ഞ പ്രത്യേക പ്രവർത്തനമാണ്.
41. ആഇശ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ജംറകളിൽ കല്ലുകൾ എറിയുന്നതും സഫാ-മർവയ്ക്കിടയിൽ സഅ്‌യ് ചെയ്യുന്നതും (വെറും പാഴ്പ്രവർത്തനങ്ങളല്ല. മറിച്ച്) അല്ലാഹുവിന്റെ ധ്യാനം സജീവമാക്കാനുള്ള പ്രധാന പ്രവർത്തനങ്ങളാണ്. (തിർമിദി, ദാരിമി)
42. ജാബിർ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ദുൽ ഹിജ്ജ പത്ത് പൂർവ്വാഹ്ന സമയത്ത് ജംറയിൽ എറിഞ്ഞു. അടുത്ത ദിവസങ്ങളിൽ മദ്ധ്യാഹ്നത്തിന് ശേഷം എറിയുകയുണ്ടായി. (ബുഖാരി, മുസ്‌ലിം)
വിവരണം: ദുൽ ഹിജ്ജ പത്തിന് ളുഹ്‌റിന് മുമ്പും ശേഷമുള്ള ദിവസങ്ങളിൽ ളുഹ്‌റിന് ശേഷവും ജംറയിൽ എറിയുന്നതാണ് സുന്നത്ത്.
43. ഇബ്‌നു മസ്ഊദ് (റ) ജംറത്തുൽ കുബ്‌റയിലേക്ക് വന്നു. അപ്പോൾ കഅ്ബാ ശരീഫയെ ഇടത് ഭാഗത്തും മിനായെ വലത് ഭാഗത്തുമാക്കി. തുടർന്ന് ഏഴ് കല്ലുകൾ എറിഞ്ഞു. ഓരോ കല്ലിനോടൊപ്പം തക്ബീറും ചൊല്ലി. ശേഷം പ്രസ്താവിച്ചു: (ഹജ്ജിന്റെ നിയമ മര്യാദകൾ വിവരിക്കുന്ന) സൂറത്തുൽ ബഖറ അവതീർണ്ണമായ റസൂലുല്ലാഹി (സ) ഇപ്രകാരമാണ് കല്ലുകൾ എറിഞ്ഞത്. (ബുഖാരി, മുസ്‌ലിം)
വിവരണം: റസൂലുല്ലാഹി (സ)യുടെ ഏറിന്റെ രീതി വിശദമായ നിലയിൽ ഇബ്‌നു മസ്ഊദ് (റ)ന് ഓർമ്മയുണ്ടായി. അതിന് അനുസൃതമായി ജനങ്ങൾക്ക് പ്രവർത്തിച്ച് കാണിച്ചുകൊണ്ട് അദ്ദേഹം പ്രസ്താവിച്ചു: റസൂലുല്ലാഹി (സ) ഇപ്രകാരമാണ് ജംറകളിൽ എറിഞ്ഞത്. റസൂലുല്ലാഹി (സ)യുടെ മേലാണ് ഹജ്ജിന്റെ പ്രത്യേക നിയമങ്ങൾ വിവരിക്കുന്ന സൂറത്തുൽ ബഖറ അവതീർണ്ണമായത്.
44. ജാബിർ (റ) വിവരിക്കുന്നു: ദുൽ ഹജ്ജ് പത്തിന് റസൂലുല്ലാഹി (സ) വാഹനത്തിന് മുകളിൽ ഇരുന്ന് ജംറയിൽ എറിയുന്നത് ഞാൻ കാണുകയുണ്ടായി. തുടർന്ന് റസൂലുല്ലാഹി (സ) ഇപ്രകാരം അരുളി: നിങ്ങൾ എന്നിൽ നിന്നും ഹജ്ജ് കർമ്മങ്ങൾ പഠിക്കുക. ഈ ഹജ്ജിന് ശേഷം ഏതെങ്കിലും ഞാൻ ചെയ്യുമെന്നും ശേഷം നിങ്ങൾക്ക് ഇത് പഠിക്കാൻ അവസരമുണ്ടാകുമെന്നും തോന്നുന്നില്ല. (ബുഖാരി, മുസ്‌ലിം)
വിവരണം: ദുൽ ഹജ്ജ് പത്തിന് റസൂലുല്ലാഹി (സ) സ്വന്തം ഒട്ടകപ്പുറത്തിരുന്ന് മുസ്ദലിഫയിൽ നിന്നും മിനായിലേക്ക് വന്നു. തുടർന്ന് അന്നേ ദിവസം തന്നെ പൂർവ്വാഹ്ന സമയത്ത് ജംറത്തുൽ അഖ്ബയിൽ ഏഴ് കല്ലുകൾ എറിഞ്ഞു. റസൂലുല്ലാഹി (സ) ഒട്ടകപ്പുറത്ത് ഇരുന്നുകൊണ്ടാണ് ഏറ് നിർവ്വഹിച്ചത്. ജനങ്ങൾ എറിയുന്ന രീതി പഠിക്കാനും സൗകര്യപൂർവ്വം ഹജ്ജിന്റെ വിഷയങ്ങൾ ചോദിക്കാനുമാണ് ഇപ്രകാരം ചെയ്തത്. അടുത്ത ദിനങ്ങളിൽ കാൽനടയായിട്ടാണ് ഏറുകൾ നിർവ്വഹിച്ചത്. ചുരുക്കത്തിൽ വാഹനത്തിൽ ഇരുന്നുകൊണ്ടും കാൽനടയായിട്ടും ഏറുകൾ നിർവ്വഹിക്കാവുന്നതാണ്. വിടാവാങ്ങൽ ഹജ്ജിന്റെ പല ഘട്ടങ്ങളിലും റസൂലുല്ലാഹി (സ) വിടവാങ്ങലിനെക്കുറിച്ചും പരലോക യാത്രയെ സംബന്ധിച്ചും അറിയിക്കുകയുണ്ടായി. ഇവിടെയും അരുളി: എന്നിൽ നിന്നും നിങ്ങൾ ഹജ്ജിന്റെയും ശരീഅത്തിന്റെയും നിയമ കാര്യങ്ങൾ മനസ്സിലാക്കുക. ഈ ലോകത്ത് ഇനി ഞാൻ അധികം നാളുകൾ ഉണ്ടായിരിക്കാൻ സാധ്യതയില്ല.
45. സാലിം (റ) വിവരിക്കുന്നു: പിതാവ് ഇബ്‌നു ഉമർ (റ) ജംറകളിൽ എറിയുമ്പോൾ ആദ്യത്തെ ജംറയിൽ ഏഴ് കല്ലുകൾ എറിയുമായിരുന്നു. ഓരോ കല്ലിനോടൊപ്പം അല്ലാഹു അക്ബർ പറയുമായിരുന്നു. തുടർന്ന് അൽപ്പം മുന്നിലേക്ക് താഴ്ന്ന ഭാഗത്തായി ഇറങ്ങി ഖിബ്‌ലയെ അഭിമുഖീകരിച്ച് കൈ ഉയർത്തിക്കൊണ്ട് ദീർഘനേരം ദുആ ചെയ്യുമായിരുന്നു. ശേഷം മധ്യഭാഗത്തുള്ള ജംറയിലും ഇതുപോലെ ഏഴ് കല്ലുകൾ എറിയുകയും ഓരോ കല്ലിനോടൊപ്പം തക്ബീർ ചൊല്ലുകയും ഇടത്തേക്ക് മാറി താഴ് ഭാഗത്ത് നിന്ന് ഖിബ്‌ലയെ അഭിമുഖീകരിച്ച് കൈ ഉയർത്തിക്കൊണ്ട് ദുആ നടത്തുകയും ചെയ്തിരുന്നു. അവസാനത്തെ ജംറയായ ജംറത്തുൽ അഖ്ബയിൽ ഏഴ് കല്ലുകൾ എറിയുകയും ഓരോ കല്ലിനോടൊപ്പം അല്ലാഹു അക്ബർ പറയുകയും ചെയ്തിരുന്നു. ഇവിടെ നിന്ന് ദുആ ചെയ്തിരുന്നില്ല. ഉടനെ മടങ്ങുമായിരുന്നു. റസൂലുല്ലാഹി (സ) ഇപ്രകാരം ചെയ്യുന്നതായി ഞാൻ കണ്ടിരുന്നു എന്ന് പറയുകയും ചെയ്തിരുന്നു. (ബുഖാരി)
വിവരണം: റസൂലുല്ലാഹി (സ) ഒന്നും രണ്ടും ജംറകളിൽ കല്ലെറിഞ്ഞ ശേഷം ഖിബ്‌ലയിലേക്ക് തിരിഞ്ഞ് ദീർഘനേരം ദുആ ചെയ്തിരുന്നുവെന്നും അവസാന ജംറയിൽ കല്ലെറിഞ്ഞ ശേഷം ദുആ ചെയ്യാറില്ലായിരുന്നു എന്നും ഈ ഹദീസിൽ നിന്നും മനസ്സിലാകുന്നു. ഇത് തന്നെയാണ് സുന്നത്തായ രീതി. പക്ഷേ, ഖേദകരമെന്ന് പറയട്ടെ, ഈ കാലത്ത് ഈ സുന്നത്ത് അനുസരിച്ച് പ്രവർത്തിക്കുന്നവർ മാത്രമല്ല, അറിയുന്നവരും വളരെ കുറഞ്ഞ് പോയിരിക്കുന്നു.
ബലികർമ്മം
ബലികർമ്മത്തിന്റെ പൊതുവായിട്ടുള്ള മഹത്വവും അതിനെക്കുറിച്ച് റസൂലുല്ലാഹി (സ) നൽകിയ പൊതു നിയമ മര്യാദകളും നമസ്‌കാരത്തെക്കുറിച്ചുള്ള ഗ്രന്ഥത്തിൽ ബലി പെരുന്നാളിന്റെ വിവരണത്തിൽ പറയപ്പെട്ട് കഴിഞ്ഞു. ഹജ്ജത്തുൽ വദാഇൽ റസൂലുല്ലാഹി (സ) 63 ഒട്ടകങ്ങൾ സ്വന്തം കൈകൊണ്ടും ശേഷിച്ച 37 ഒട്ടകങ്ങൾ അലിയ്യുൽ മുർതളാ (റ) വഴിയും ബലി കൊടുത്ത കാര്യം ഹജ്ജത്തുൽ വദാഇന്റെ ഹദീസിൽ പറയപ്പെട്ട് കഴിഞ്ഞു. ഹജ്ജിന്റെ ദിനങ്ങളിലുള്ള ബലിയെക്കുറിച്ച് ഇവിടെ ഏതാനും ഹദീസുകൾ പാരായണം ചെയ്യുക.
46. അബ്ദുല്ലാഹിബ്‌നു ഖുർത് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: അല്ലാഹുവിങ്കൽ ഏറ്റവും മഹത്വമാർന്ന ദിനം ബലിദിനം (ദുൽഹജ്ജ് പത്ത്) ആണ്. അതായത്, അറഫാ ദിവസം പോലെ ദുൽ ഹജ്ജ് പത്താം ദിനവും വളരെ ആദരണീയമാണ്. അതിന് ശേഷം ഖർ ദിനമെന്ന പേരിൽ അറിയപ്പെടുന്ന ദുൽ ഹജ്ജ് പതിനൊന്നാണ്. (ഖർ എന്നാൽ പത്താം ദിവസം ബലി അറുക്കാൻ സാധിക്കാത്തവർക്ക് ബലി അറുക്കാനുള്ള ദിനം എന്നാണ് ആശയം. ഇനി ആർക്കെങ്കിലും അന്നും സാധിച്ചില്ലെങ്കിൽ പതിമൂന്ന് വൈകുന്നേരത്തിന് മുമ്പ് അത് നിർവ്വഹിക്കേണ്ടതാണ്.) നിവേദകൻ അബ്ദുല്ലാഹിബ്‌നു ഖുർത് (റ) റസൂലുല്ലാഹി (സ)യുടെ ഈ വചനം ഉദ്ധരിച്ച ശേഷം സ്വന്തം അത്ഭുതകരമായ അനുഭവം വിവരിക്കുന്നു: ഒരിക്കൽ ബലിയ്ക്ക് വേണ്ടി അഞ്ച് അല്ലെങ്കിൽ ആറ് ഒട്ടകങ്ങൾ റസൂലുല്ലാഹി (സ)യുടെ അരികിലേക്ക് കൊണ്ടുവരപ്പെട്ടു. അപ്പോൾ അവ ഓരോന്നും ആദ്യമായി അറുക്കപ്പെടുന്നതിന് വേണ്ടി റസൂലുല്ലാഹി (സ)യുടെ അരികിലേക്ക് പോകാൻ പരിശ്രമിക്കുകയുണ്ടായി. (അബൂദാവൂദ്)
വിവരണം: അല്ലാഹുവിന്റെ അപാരമായ കഴിവുകൊണ്ട് മൃഗങ്ങളിൽ എന്നല്ല കല്ല്, മണ്ണ് പോലുള്ള ജീവനില്ലാത്ത വസ്തുക്കളിലും യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാനുള്ള പ്രത്യേക ശേഷി അല്ലാഹു നൽകിയിട്ടുണ്ട്. ഇവിടെ റസൂലുല്ലാഹി (സ)യുടെ അരികിലേക്ക് ബലിയ്ക്ക് വേണ്ടി കൊണ്ടുവരപ്പെട്ട ഒട്ടകങ്ങൾക്ക്, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പ്രിയപ്പെട്ട പ്രവാചകന്റെ കരങ്ങളിലൂടെ ബലി നൽകപ്പെടാൻ പോവുകയാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. അങ്ങേയറ്റം അഭിമാനകരമായ ഈ കർമ്മം ആദ്യമായി എന്നിൽ തന്നെ നടത്തപ്പെടണമെന്ന ആഗ്രഹത്തിൽ അവ ഓരോന്നും റസൂലുല്ലാഹി (സ)യുടെ അരികിലേക്ക് ധൃതികൂട്ടി വരുകയുണ്ടായി!
47. സലമത്ത് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: നിങ്ങളിൽ ആരെങ്കിലും ബലിപെരുന്നാളിനോട് അനുബന്ധിച്ച് ബലി അറുത്താൽ ബലി മാംസം മൂന്ന് ദിവസം മാത്രമേ വീട്ടിൽ സൂക്ഷിക്കാവൂ. അതിന് ശേഷം അവന്റെ വീട്ടിൽ ബലി മാംസത്തിൽ നിന്നും അൽപ്പവും അവശേഷിപ്പിക്കരുത്. അടുത്ത വർഷം ഈ സമയം സമാഗതമായപ്പോൾ സഹാബികൾ ചോദിച്ചു: ഈ വർഷവും കഴിഞ്ഞ വർഷത്തെപ്പോലെ താങ്കൾ പറഞ്ഞത് പ്രകാരം പ്രവർത്തിക്കണമോ? റസൂലുല്ലാഹി (സ) അരുളി: (ഇല്ല. ഈ വർഷം മൂന്ന് ദിവസം മാത്രം സൂക്ഷിക്കാവൂ എന്ന കഴിഞ്ഞ വർഷത്തെ നിബന്ധനയില്ല. മറിച്ച് നിങ്ങൾ ആഗ്രഹിക്കുന്ന നാളുകൾ) ഭക്ഷിക്കുകയും മറ്റുള്ളവരെ ഭക്ഷിപ്പിക്കുകയും സൂക്ഷിച്ച് വെക്കുകയും ചെയ്യുക. കഴിഞ്ഞവർഷം ഒരു പ്രത്യേകം നിർദ്ദേശം നൽകിയത് അന്ന് (ക്ഷാമവും പട്ടിണിയും കാരണം) ആഹാര പാനീയങ്ങൾക്ക് കുറവുണ്ടായിരുന്നതിനാലാണ്. അതുകൊണ്ട് ബലി മാംസത്തിലൂടെ നിങ്ങളെല്ലാവരെയും സഹായിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. (ഇതിനുവേണ്ടി താൽക്കാലികമെന്നോണം ഒരു നിയമം പറഞ്ഞതാണ്. ഇപ്പോൾ അതിന്റെ ആവശ്യം അവശേഷിക്കുന്നില്ല. അതുകൊണ്ട് അത് ഭക്ഷിക്കാനും മറ്റുള്ളവരെ ഭക്ഷിപ്പിക്കാനും സൂക്ഷിച്ച് വെക്കാനും നിങ്ങൾക്ക് പൂർണ്ണ അനുമതിയുണ്ട്.) (ബുഖാരി, മുസ്‌ലിം)
48. നുബൈശ (റ) നിവേദനം. (ഒരിക്കൽ ഒരു ബലിപെരുന്നാൾ സമയം) റസൂലുല്ലാഹി (സ) അരുളി: ബലിമാംസം മൂന്ന് ദിവസത്തിൽ കൂടുതൽ ഭക്ഷിക്കുന്നതിനെ മുമ്പ് നാം തടഞ്ഞിരുന്നു. എല്ലാവർക്കും ബലി മാംസം നല്ലനിലയിൽ ലഭിക്കാൻ വേണ്ടിയാണ് അന്ന് അപ്രകാരം പറഞ്ഞത്. എന്നാൽ ഇപ്പോൾ അല്ലാഹുവിന്റെ അനുഗ്രഹമുണ്ടായിരിക്കുന്നു. (പഴയ പട്ടിണിയും ദാരിദ്ര്യവും ഇപ്പോൾ ഇല്ല. മറിച്ച്) അല്ലാഹുവിന്റെ കൃപയാൽ ജനങ്ങൾ ക്ഷേമത്തിലാണ്. അതുകൊണ്ട് (ഇപ്പോൾ നിയന്ത്രണമില്ല) ബലി മാംസം ഭക്ഷിക്കുകയും സൂക്ഷിച്ച് വെക്കുകയും ബലിയുടെ പ്രതിഫലം കരസ്ഥമാക്കുകയും ചെയ്യുക. അറിയുക: പെരുന്നാളും തുടർന്നുള്ളതുമായ ഈ ദിനങ്ങൾ ആഹാരാ പാനീയങ്ങൾ ഉപയോഗിക്കുകയും അല്ലാഹുവിനെ ധ്യാനിക്കുകയും ചെയ്യാനുള്ളതാണ്.
വിവരണം: ബലിയുടെ മാംസം എത്രനാൾ വേണമെങ്കിലും സൂക്ഷിക്കാനും അനുവാദമുണ്ടെന്ന് ഈ രണ്ട് ഹദീസുകളിൽ നിന്നും മനസ്സിലാകുന്നു. എന്നാൽ അവസാനത്തെ ഹദീസിന്റെ അന്ത്യവാചകം ഉണർത്തുന്നു: പെരുന്നാൾ ദിനങ്ങൾ കൂടിയായ ദുൽ ഹജ്ജ് പത്തിനും 11, 12, 13 അയ്യാമുത്തഷ്‌രീഖിന്റെ ദിനങ്ങളിലും ആഹാര പാനീയങ്ങൾ നല്ലനിലയിൽ ഉപയോഗിക്കുന്നത് പടച്ചവന് വളരെ പ്രിയങ്കരമാണ്. ഈ ദിനങ്ങൾ അല്ലാഹുവിന്റെ ഭാഗത്ത് നിന്നും അടിമകൾക്കുള്ള സൽക്കാര ദിനങ്ങളാണ്. എന്നാൽ ആഹാര പാനീയങ്ങളോടൊപ്പം അല്ലാഹുവിന്റെ ധ്യാനവും തക്ബീർ, തംജീദ്, തഖ്ദീസ്, തൗഹീദ് വചനങ്ങളും ധാരാളമായി ഉരിവിടേണ്ടതാണ്. അല്ലാഹുവിന്റെ ധ്യാന സ്മരണകൾ കൂടാതെയുള്ള സർവ്വ വസ്തുക്കളും തീർച്ചയായും രുചിയില്ലാത്തതാണ്. അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ. ലാ ഇലാഹ ഇല്ലല്ലാഹ്, വല്ലാഹു അക്ബർ. അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്
ഹജ്ജിന്റെ ത്വവാഫും വിടവാങ്ങൽ ത്വവാഫും
ഹജ്ജ് കർമ്മങ്ങളുടെ സുപ്രധാന ഉദ്ദേശം അല്ലാഹുവിന്റെ ഭവനമായ കഅ്ബാ ശരീഫയോടുള്ള ആദരവും അതുമായിട്ടുള്ള ബന്ധത്തിന്റെ പ്രകടനവുമാണ്. ഇത് ഇബ്‌റാഹീമീ മില്ലത്തിന്റെ പ്രത്യേക ചിഹ്നവുമാണ്. അതുകൊണ്ട് തന്നെ നേരത്തെ പറഞ്ഞതുപോലെ മക്കാമുകർറമയിൽ ഹാജരായതിന് ശേഷമുള്ള ആദ്യത്തെ കർമ്മം ത്വവാഫാണ്. എന്തിനേറെ മസ്ജിദുൽ ഹറാമിൽ ആദ്യമായി പ്രവേശിക്കുമ്പോൾ തഹിയ്യത്ത് നമസ്‌കാരമല്ല, ത്വവാഫാണ് നിർവ്വഹിക്കേണ്ടത്. ശേഷം ത്വവാഫിന്റെ രണ്ട് റക്അത്ത് നമസ്‌കരിക്കേണ്ടതാണ്. ഈ ത്വവാഫിന്റെ സാങ്കേതിക നാമം ത്വവാഫുൽ ഖുദൂം (ഹാജരാകുമ്പോഴുള്ള പ്രഥമ ത്വവാഫ് എന്നാണ്). ഇതുമായി ബന്ധപ്പെട്ട ഹദീസുകൾ മുമ്പ് വന്നുകഴിഞ്ഞു.
ശേഷം ദുൽ ഹജ്ജ് പത്തിന് കല്ലേറും ബലിയും മുടിയെടുപ്പും കഴിഞ്ഞതിന് ശേഷം മറ്റൊരു ത്വവാഫ് കൂടിയുണ്ട്. ഇതിന്റെ സാങ്കേതിക നാമം സിയാറത്തിന്റെ (ഹജ്ജിന്റെ) ത്വവാഫ് എന്നാണ്. അറഫാ നിർത്തത്തിന് ശേഷം ഇത് ഹജ്ജിന്റെ ഏറ്റവും വലിയ ഫർളാണ്. പിന്നീട് ഹജ്ജിന്റെ കർമ്മങ്ങളെല്ലാം നിർവ്വഹിച്ച് കഴിഞ്ഞ് ഹാജി നാട്ടിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുമ്പോൾ അവസാനമായി ഒരു ത്വവാഫ് കൂടി ചെയ്യേണ്ടതാണ്. ഇതിന് വിടവാങ്ങൽ ത്വവാഫ് എന്ന് പറയപ്പെടുന്നു. ഇവിടെ ഈ രണ്ട് ത്വവാഫിനെക്കുറിച്ചുള്ള ഏതാനും ഹദീസുകൾ ശ്രദ്ധിക്കുക.
49. ഇബ്‌നു അബ്ബാസ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ഹജ്ജിന്റെ ത്വവാഫായ സിയാറത്തിന്റെ ത്വവാഫ് നിർവ്വഹിച്ചപ്പോൾ റംല് നടത്തം നടന്നില്ല. അതായത്, ത്വവാഫ് മുഴുവൻ സാധാരണ രീതിയിലാണ് നടന്നത്. (അബൂദാവൂദ്, ഇബ്‌നു മാജ)
വിവരണം: മക്കാമുകർറമയിൽ ഹാജരായി ആദ്യം ത്വവാഫും തുടർന്ന് സഅ്‌യും ചെയ്യുമ്പോൾ ഈ ത്വവാഫിന്റെ ആദ്യത്തെ മൂന്ന് ചുറ്റലുകളിൽ കുലുങ്ങിനടത്തം നടക്കണമെന്ന കാര്യം മുമ്പ് വിവരിച്ചിട്ടുണ്ട്. ഹജ്ജത്തുൽ വദാഇൽ റസൂലുല്ലാഹി (സ)യും സഹാബാ മഹത്തുക്കളും ഇപ്രകാരമാണ് ത്വവാഫ് ചെയ്തത്. ശേഷം ദുൽ ഹജ്ജ് പത്തിന് റസൂലുല്ലാഹി (സ) മിനായിൽ നിന്നും മക്കയിലേക്ക് വന്ന് ഹജ്ജിന്റെ ത്വവാഫ് നിർവ്വഹിച്ചപ്പോൾ ഈ ഹദീസിൽ പറയപ്പെട്ടതുപോലെ റംല് നടത്തം നടക്കാതെ സാധാരണപോലെയാണ് നടന്നത്.
50. ആഇശ (റ), ഇബ്‌നു അബ്ബാസ് (റ) ഇരുവരും വിവരിക്കുന്നു: റസൂലുല്ലാഹി (സ) സിയാറത്തിന്റെ ത്വവാഫ് നഹ്ർ ദിനം രാത്രി വരെ പിന്തിച്ച് ചെയ്യാൻ അനുമതി നൽകി. (തിർമിദി, അബൂദാവൂദ്, ഇബ്‌നുമാജ)
വിവരണം: സിയാറത്തിന്റെ ത്വവാഫിനുള്ള ശ്രേഷ്ടമായ ദിവസം ദുൽ ഹജ്ജ് പത്താണെങ്കിലും ആ ദിവസം അവസാനിച്ച ശേഷമുള്ള രാത്രിയിലും ത്വവാഫ് നിർവ്വഹിക്കാവുന്നതാണ്. അപ്പോൾ നിർവ്വഹിക്കുന്നത് പത്തിന്റെ പകലിൽ നിർവ്വഹിക്കുന്നത് പോലെ തന്നെ ശ്രേഷ്ടമാണ്. പൊതു അറേബ്യൻ നിയമമനുസരിച്ച് രാത്രിയെ ശേഷം വരുന്ന ദിവസവുമായിട്ടാണ് ബന്ധിപ്പിക്കാറുള്ളത്. എന്നാൽ ഹജ്ജിന്റെ ദിനങ്ങളിൽ ജനങ്ങളുടെ സൗകര്യത്തെ മുൻനിർത്തി കാര്യം നേരെ തിരിച്ചാക്കുകയും ഓരോ ദിവസത്തിനും ശേഷമുള്ള രാത്രിയെ ആ ദിവസവുമായി ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഈ അടിസ്ഥാനത്തിൽ പത്താം ദിവസം പകൽ കഴിഞ്ഞതിന് ശേഷം രാത്രിയിൽ നിർവ്വഹിക്കപ്പെടുന്ന ത്വവാഫും പത്താം തീയതി പകലിൽ നിർവ്വഹിക്കുന്നത് പോലെ തന്നെയാണ്.
51. ഇബ്‌നു അബ്ബാസ് (റ) വിവരിക്കുന്നു: ഹജ്ജിന് ശേഷം ജനങ്ങൾ (വിടവാങ്ങൾ ത്വവാഫിൽ ശ്രദ്ധിക്കാതെ) അവരവരുടെ നാടുകളിലേക്ക് മടങ്ങിപ്പോകാറുണ്ടായിരുന്നു. ഇത്തരുണത്തിൽ റസൂലുല്ലാഹി (സ) അരുളി: നിങ്ങൾ അവസാനമായി അല്ലാഹുവിന്റെ ഭവനത്തിൽ ഹാജരാകാതെ അതായത്, വിടവാങ്ങൽ ത്വവാഫ് നിർവ്വഹിക്കാതെ നിങ്ങളാരും നാടുകളിലേക്ക് മടങ്ങരുത്. എന്നാൽ പ്രത്യേക ദിവസത്തെ പ്രയാസമായ ഹൈള് കാരണം ത്വവാഫ് ചെയ്യാൻ സാധിക്കാത്ത സ്ത്രീകൾ ഇതിൽ നിന്നും ഒഴിവാണ്. അവർക്ക് വിടവാങ്ങൽ ത്വവാഫ് ചെയ്യേണ്ടതില്ല. (ബുഖാരി, മുസ്‌ലിം)
വിവരണം: പഴയ കാലത്ത് ജനങ്ങൾ വിടവാങ്ങൽ ത്വവാഫിൽ ശ്രദ്ധിച്ചിരുന്നില്ല. മിനായിലെ ഏറും ഇതര കർമ്മങ്ങളും കഴിഞ്ഞ് സ്വദേശങ്ങളിലേക്ക് ജനങ്ങൾ മടങ്ങുമായിരുന്നു. ഇത്തരുണത്തിൽ റസൂലുല്ലാഹി (സ) ഈ വചനത്തിലൂടെ വിടവാങ്ങൽ ത്വവാഫ് നിർബന്ധമാണെന്ന് പ്രഖ്യാപിച്ചു. അതുകൊണ്ട് തന്നെ വിടവാങ്ങൽ ത്വവാഫ് നിർബന്ധമാണെന്ന് എല്ലാ ഫുഖഹാക്കളും അറിയിക്കുന്നു. എന്നാൽ ഹദീസിൽ വ്യക്തമാക്കപ്പെട്ടത് പോലെ പ്രത്യേക ദിവസങ്ങളിൽ ഹൈള് പുറപ്പെടുന്നത് കൊണ്ട് പ്രയാസം അനുഭവിക്കുന്ന സ്ത്രീകൾക്ക് വിടവാങ്ങൽ ത്വവാഫ് നിർബന്ധമില്ല. എന്നാൽ സിയാറത്തിന്റെ ത്വവാഫ് അവർക്കും ഫർളാണ്. അത് നിർവ്വഹിച്ചവർക്ക് വിടവാങ്ങൽ ത്വവാഫിന്റെ സന്ദർഭത്തിൽ ആർത്തവമാണെങ്കിൽ വിടവാങ്ങൽ ത്വവാഫ് നിർവ്വഹിക്കാതെ മടങ്ങാവുന്നതാണ്. ഇത് കൂടാതെയുള്ള വിദേശികളായ എല്ലാ ഹാജിമാരും സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് വിടവാങ്ങൽ ത്വവാഫിന്റെ നിയ്യത്തിൽ അവസാനമായി ത്വവാഫ് ചെയ്യേണ്ടതാണ്. ഇതാണ് ഹജ്ജിന്റെ വിഷയത്തിലുള്ള അവരുടെ അവസാനത്തെ കർമ്മം.
52. ഹാരിസ് സഖഫി (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ഹജ്ജും ഉംറയും നിർവ്വഹിക്കുന്നവർ അവസാനമായി ചെയ്യുന്ന കാര്യം ത്വവാഫ് ആയിരിക്കേണ്ടതാണ്. (അഹ്മദ്)
53. ആഇശ (റ) നിവേദനം. ഹജ്ജത്തുൽ വദാഇന്റെ യാത്രയിൽ മക്കാ താമസത്തിലെ അവസാന രാത്രിയിൽ ഞാൻ തൻഈമിലേക്ക് പോയി ഉംറയ്ക്ക് ഇഹ്‌റാം നിർവ്വഹിക്കുകയും ഉംറയുടെ ഫർളുകളായ ത്വവാഫും സഅ്‌യും മറ്റും നിർവ്വഹിക്കുകയും ചെയ്തു. തദവസരം റസൂലുല്ലാഹി (സ) മിനായുടെയും മക്കയുടെയും ഇടയിലുള്ള അബ്തഹ് എന്ന സ്ഥലത്ത് എന്നെ പ്രതീക്ഷിച്ച് നിന്നു. ഞാൻ ഉംറയിൽ നിന്നും വിരമിച്ചപ്പോൾ റസൂലുല്ലാഹി (സ) ജനങ്ങളോട് മടക്ക യാത്ര തുടങ്ങാൻ നിർദ്ദേശിക്കുകയും റസൂലുല്ലാഹി (സ) വിട പറയുന്നതിന് ബൈത്തുല്ലാഹിയുടെ അരികിലേക്ക് വരുകയും ത്വവാഫ് ചെയ്യുകയും തുടർന്ന് മദീനയിലേക്ക് യാത്രയാവുകയും ചെയ്തു.
വിവരണം: ആഇശ (റ) ഹജ്ജത്തുൽ വദാഇന്റെ സന്ദർഭത്തിൽ മദീനയിൽ നിന്നും യാത്ര തിരിച്ചപ്പോൾ തമത്തുഅ് ആയി ഹജ്ജ് നിർവ്വഹിക്കാനാണ് ഉദ്ദേശിച്ചത്. ഈ കാരണത്താൽ ആദ്യം ഉംറയ്ക്ക് വേണ്ടി ഇഹ്‌റാം നിർവ്വഹിച്ചു. എന്നാൽ മക്കാമുകർറമയുടെ അരികിലെത്തിയപ്പോൾ അവർക്ക് ആർത്തവം ആരംഭിച്ചതിനാൽ ഉംറയുടെ ത്വവാഫും മറ്റും നിർവ്വഹിക്കാൻ സാധിച്ചില്ല. ശേഷം റസൂലുല്ലാഹി (സ)യുടെ നിർദ്ദേശ പ്രകാരം ഉംറ ഉപേക്ഷിക്കുകയും ദുൽഹജ്ജ് എട്ടിന് ഹജ്ജിന്റെ ഇഹ്‌റാം നിർവ്വഹിക്കുകയും റസൂലുല്ലാഹി (സ)യോടൊപ്പം സമ്പൂർണ്ണമായി ഹജ്ജ് നിർവ്വഹിക്കുകയും ചെയ്തു. ദുൽഹജ്ജ് പതിമൂന്നിന് ജംറയിലെ ഏറ് കഴിഞ്ഞ് റസൂലുല്ലാഹി (സ) മിനായിൽ നിന്നും മടങ്ങിയപ്പോൾ റസൂലുല്ലാഹി (സ) അബ്തഹ് എന്ന സ്ഥലത്ത് രാത്രി കഴിച്ചുകൂട്ടി. തദവസരം ആഇശ സിദ്ദീഖ (റ)യെ സഹോദരൻ അബ്ദുർറഹ്മാൻ (റ)നോടൊപ്പം അയക്കുകയും ഹറം അതിർത്തിയ്ക്ക് വെളിയിലുള്ള തൻഈമിൽ പോയി ഉംറയ്ക്ക് ഇഹ്‌റാം നിർവ്വഹിക്കാനും ഉംറ നിർവ്വഹിച്ച് മടങ്ങിവരാനും നിർദ്ദേശിച്ചു. ആഇശ (റ) അപ്രകാരം ഉംറ നിർവ്വഹിച്ച് മടങ്ങിവന്നപ്പോൾ റസൂലുല്ലാഹി (സ) എല്ലാവരോടും മടക്കയാത്രയ്ക്ക് നിർദ്ദേശിച്ചു. അപ്പോൾ സംഘം മുഴുവൻ അബ്തഹിൽ നിന്നും മസ്ജിദുൽ ഹറാമിലേക്ക് വന്നു. പുലർക്കാലത്ത് വിടവാങ്ങൽ ത്വവാഫ് നിർവ്വഹിക്കുകയും മദീനാ മുനവ്വറയിലേക്ക് യാത്രയാവുകയും ചെയ്തു. ആഇശ (റ) ആദ്യം ഇഹ്‌റാം ചെയ്‌തെങ്കിലും ഉംറ ചെയ്യാൻ കഴിയാതിരുന്നതിനാൽ അതിന്റെ ഖളാ വീട്ടാൻ വേണ്ടിയാണ് ഇപ്പോൾ ഉംറ നിർവ്വഹിച്ചത്. ഹദീസിന്റെ പ്രധാനപ്പെട്ട ഒരു പാഠം വിടവാങ്ങൽ ത്വവാഫ് മക്കയിൽ നിന്നും യാത്ര ചെയ്യുന്നതിന് മുമ്പാണ് എന്നതാണ്.
മുൽതസമിലെ പ്രാർത്ഥന
കഅ്ബാ ശരീഫയുടെ ഒരു മൂലയിൽ സ്ഥാപിക്കപ്പെട്ട ഹജ്‌റുൽ അസ്‌വദിന്റെയും കഅ്ബാ കവാടത്തിന്റെയും ഇടയിലുള്ള ഏകദേശം രണ്ട് മുഴം നീളത്തിലുള്ള ഭിത്തിയ്ക്ക് മുൽതസം എന്ന് പറയപ്പെടുന്നു. അവസരം ലഭിച്ചാൽ ഇവിടെ നെഞ്ചും കവിളും ചേർത്ത് വെച്ച് ദുആ ചെയ്യുന്നത് ഹജ്ജിന്റെ സുന്നത്തായ കർമ്മങ്ങളിൽ പെട്ടതാണ്. റസൂലുല്ലാഹി (സ) വിടവാങ്ങൽ ഹജ്ജിന്റെ സന്ദർഭത്തിൽ ഇപ്രകാരം ചെയ്തിരുന്നു.
54. അംറുബ്‌നു ശുഅയ്ബ് (റ) വിവരിക്കുന്നു: എന്റെ പിതാവ് ശുഅയ്ബ് (റ) പ്രസ്താവിച്ചു: ഞാൻ എന്റെ പിതാവ് അബ്ദുല്ലാഹിബ്‌നു അംറുബ്‌നിൽ ആസ് (റ)നോടൊപ്പം ത്വവാഫ് ചെയ്യുകയായിരുന്നു. തദവസരം കുറച്ച് ആളുകൾ ബൈത്തുല്ലാഹിയെ പുണർന്ന് നിൽക്കുന്നതായി ഞാൻ കണ്ടു. ഞാൻ ചോദിച്ചു: നമുക്കും അവിടെ പോയി അവരോടൊപ്പം ഇതുപോലെ ബൈത്തുല്ലാഹിയെ പുണർന്ന് കൂടെ. അദ്ദേഹം പറഞ്ഞു: ശപിക്കപ്പെട്ട പിശാചിൽ നിന്നും ഞാൻ പടച്ചവനോട് അഭയം തേടുന്നു. (അതായത്, ത്വവാഫിനിടയിൽ മുൽതസമാണോ എന്ന് ശ്രദ്ധിക്കാതെ ബൈത്തുല്ലാഹിയുടെ ഏതെങ്കിലും ഭാഗത്തെ പുണരുന്നത് സുന്നത്തിന് എതിരും തെറ്റായ കാര്യവുമാണ്. അതുകൊണ്ട് പടച്ചവൻ തൃപ്തിപ്പെടുന്നതല്ല. പിശാച് സന്തോഷിക്കുന്നതാണ്. ആകയാൽ ശപിക്കപ്പെട്ട പിശാചിൽ നിന്നും ഞാൻ പടച്ചവനോട് അഭയം തേടുന്നു. ശുഅയ്ബ് (റ) പറയുന്നു:) തുടർന്ന് പിതാമഹൻ ത്വവാഫിൽ നിന്നും വിരമിച്ചപ്പോൾ കഅ്ബാ കവാടത്തിനും ഹജ്‌റുൽ അസ്‌വദിനും ഇടയിലുള്ള മുൽതസം എന്ന സ്ഥലത്തേക്ക് വന്നു. എന്നോട് പറഞ്ഞു: അല്ലാഹുവിൽ സത്യം, റസൂലുല്ലാഹി (സ) പുണർന്ന് നിന്ന് പ്രാർത്ഥിച്ച സ്ഥലം ഇത് തന്നെയാണ്. (ബൈഹഖി, അബൂദാവൂദിന്റെ നിവേദനത്തിൽ ഇപ്രകാരം കൂടിയുണ്ട്: തുടർന്ന് അബ്ദുല്ലാഹ് (റ) നെഞ്ചും മുഖവും ഭിത്തിയിലേക്ക് ചേർത്ത് വെക്കുകയും കൈ പരത്തി വെക്കുകയും ചെയ്തുകൊണ്ട് പറഞ്ഞു: ഇപ്രകാരം റസൂലുല്ലാഹി (സ) ചെയ്യുന്നതായി ഞാൻ കണ്ടു.)
വിവരണം: മുൽതസമിൽ വന്ന് പ്രാർത്ഥിക്കുന്നത് ത്വവാഫിന് ശേഷമായിരിക്കണമെന്നും ഉണരേണ്ട സ്ഥലം ഇത് മാത്രമാണെന്നും ഈ ഹദീസ് അറിയിക്കുന്നു. ഈ സന്ദർഭത്തിൽ പടച്ചവനോടുള്ള സ്‌നേഹാനുരാഗം നിറഞ്ഞ ദാസന്മാരുടെ അവസ്ഥയും ഹജ്ജിന്റെ അനുഭൂതിയും വിവരണാതീതം തന്നെയാണ്.