സയ്യിദ് ഹസനി അക്കാദമി
ദാറുല്‍ ഉലൂം, ഓച്ചിറ


ബഹുമാന്യരെ, പ്രയോജനപ്രദമായ രചനകളുടെ പ്രസിദ്ധീകരണത്തിനും പ്രചാരണത്തിനും വേണ്ടി ആദരണീയ പ്രബോധകൻ മൗലാനാ സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി സ്ഥാപിച്ച ഒരു കേന്ദ്രമാണ് സയ്യിദ് ഹസനി അക്കാദമി. പടച്ചവന്റെ അനുഗ്രഹത്താൽ ചെറുതും വലുതുമായ ധാരാളം രചനകൾ ഇതിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ ഇതിന്റെ പ്രചാരണം വേണ്ട നിലയിൽ ആയിട്ടില്ല. അതിനുവേണ്ടി ഓരോ മാസവും ഓരോ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ദുൽ ഹജ്ജ് മാസം തിരുവനന്തപുരം ജില്ലയിലാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. സുമനസ്സുകളായ സഹോദരങ്ങൾ വീടുകളിലും ഇതര സ്ഥാപനങ്ങളിലും ചെറിയ ഒരു ലൈബ്രറി സ്ഥാപിച്ച് അക്കാദമിയുടെ രചനകൾ പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരെ പരിചയപ്പെടുത്തുകയും വിവാഹ വേളകളിലും മറ്റും ഉപഹാരം നൽകുകയും ചെയ്താൽ ഇത് വളരെ എളുപ്പമായ നിലയിൽ നടക്കുന്നതാണ്. ബുക്ക് സ്റ്റാളുകളും പർദ്ദ സ്റ്റാളുകളും നടത്തുന്ന സഹോദരങ്ങളെ പ്രേരിപ്പിച്ചാലും ഈ പ്രവർത്തനം പ്രയോജനപ്രദമായി നടക്കുന്നതാണ്. മാന്യ അനുവാചകർ ഈ വഴിയിൽ പരിശ്രമിക്കുകയും നിർമ്മാണാത്മ അഭിപ്രായങ്ങൾ നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.

*******************************************************************************



*******************************************************************************


മുഖലിഖിതം

8. തിരുനബി(സ)യുമായി മാനസിക ബന്ധം ഉറപ്പിക്കാനും തങ്ങളോടുള്ള സ്നേഹം വർദ്ധിപ്പിക്കാനും തങ്ങളെ പരിപൂർണ്ണ മായി പിൻപറ്റണമെന്ന് ആഗ്രഹം പൂർത്തീകരിക്കാനും, പുണ്യഹ ദീസിന്റെയും നബവീ തിരുഗുണങ്ങളുടെയും മഹത്‌ചരിതത്തി ന്റെയും വിഷയത്തിൽ രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ നിത്യമായി പാരാ യണം ചെയ്യേണ്ടതാണ്. സ്നേഹ ഭാജനത്തിൻ്റെ സ്‌മരണ സദാ അയവിറക്കലാണ് സ്നേഹത്തിൻ്റെ നിയമം. റസൂലുല്ലാഹി(സ) യോടുള്ള ഇഷ്ഖി (സ്നേഹാനുരാഗം)ൽ നിന്നും നല്ലൊരു ഓഹരി ലഭിച്ച പ്രവാചക പ്രേമികളുടെ അവസ്ഥകളും വാക്കുകളും കവി തകളും വായിക്കുന്നതും ഈ വിഷയത്തിൽ ഗുണകരമാണ്.

നബവീ സ്നേഹം പ്രധാനം ചെയ്യുന്ന പ്രധാനപ്പെട്ട ഒരു മാധ്യ മമാണ് സ്വലാത്തിൻ്റെ വർദ്ധന. സ്വലാത്തിനെ കുറിച്ച് ധാരാളം പ്രേരണകൾ വന്നിട്ടുണ്ട്. അല്ലാഹു അരുളുന്നു: "തീർച്ചയായും അല്ലാഹുവും അവൻ്റെ മലക്കുകളും നബിയുടെ മേൽ സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് സത്യവിശ്വാസികളേ, നിങ്ങളും നബിയുടെ മേൽ സ്വലാത്ത്-സ്വലാമുകൾ ചൊല്ലുക.” നബി(സ) അരുളി: "എൻ്റെമേൽ ഒരു പ്രാവശ്യം ഒരാൾ സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു അവൻ്റെ മേൽ അതിനുപകരം പത്ത് പ്രാവശ്യം കരുണ ചൊരിയുന്നതാണ്." മറ്റൊരു ഹദീസിൽ വന്നി രിക്കുന്നു: "ഖിയാമത്ത് നാളിൽ എന്നിലേക്ക് ഏറ്റവും അടുത്ത വ്യക്തി എൻ്റെമേൽ ഏറ്റവും കൂടുതൽ സ്വലാത്ത് ചൊല്ലിയവനാ ണ്.” ഉബയ്യ്(റ) ചോദിച്ചു: "ദിക്ർ ചൊല്ലാൻ ഞാൻ നീക്കിവെച്ചി രിക്കുന്ന സമയം മുഴുവൻ അങ്ങയുടെ മേൽ സ്വലാത്ത് മാത്രം ചൊല്ലിക്കൊണ്ടിരിക്കട്ടെ?” റസൂലുല്ലാഹി(സ) അരുളി: “അതെ, അപ്പോൾ നിൻ്റെ പ്രയാസങ്ങൾ ദുരീകരിക്കപ്പെടും പാപങ്ങൾ പൊറുക്കപ്പെടും."


മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി
 ( വിശ്വാസം, ആരാധന, സംസ്കരണം)

*******************************************************************************

ജുമുഅ സന്ദേശം

 തിന്മയുടെ നാശം


മൗലാനാ ഉമറൈൻ മഹ്ഫൂസ് റഹ്മാനി
സമ്പാ: അബ്ദുർറസ്സാഖ് ഹുസ്നി


ഒരു ദേശത്തെ ഏതെങ്കിലും ഒരു വീടിന് തീപിടിച്ചാൽ അവിടെയുള്ള എല്ലാ ആളുകളും ഒരുമിച്ച് അതിനെ കെടുത്താൻ പരമാവധി ശ്രമിക്കും. ചിലർ വലിയ തോതിൽ പരിശ്രമിക്കും. ചിലർ ചെറിയ തോതിൽ , ഒരു തൊട്ടി വെള്ളമെങ്കിലും ഒഴിക്കും. അവിടെ ആരും വലുപ്പ ചെറുപ്പത്തിന്റെ പേരിലോ ദരിദ്ര സമ്പന്നനെന്ന പേരിലോ അനുയായി നേതാവെന്ന നിലയിയോ വേർതിരിക്കപ്പെടില്ല. എല്ലാവരും ഒരേ ജോലിയിൽ വ്യാ വ്യാപൃതരായിരിക്കും. കാരണം തീ അണക്കാൻ സാധിച്ചില്ലെങ്കിൽ അത് അടുത്ത സ്ഥലത്തേക്ക് പടർന്ന് പിടിച്ച് നാട്ടിൽ വലിയ നഷ്ടങ്ങൾക്ക് കാരണമാകും. ആളുകളുടെ സ്ഥാനവ്യത്യാസങ്ങൾ പരിഗണിക്കാതെ തീ എല്ലായിടത്തേക്കും വ്യാപിക്കും.

ഇപ്രകാരം, ഏതെങ്കിലും നദി കരകവിഞ്ഞൊഴുകിയാലോ, ജലസംഭരണികൾ തകർന്നാലോ അവയുടെ നാശനഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെടാനും ജലം തടഞ്ഞു നിർത്താനും ജനങ്ങൾ സർവ്വം മറന്ന് ഒറ്റക്കെട്ടായി പരിശ്രമിക്കും. കാരണം ജലവും തീയെപ്പോലെ തന്നെ അപകടകാരിയാണ്. എന്നല്ല, അത് തീയെക്കാൾ കൂടുതൽ അപകടകാരിയാണ്. ആർക്കിടയിലും വേർതിരിവ് കാണിക്കാതെ എല്ലാവരെയും അത് സാരമായി ബാധിക്കും. തിരമാല പോലെ അലയടിച്ച് വന്ന് അത് മനുഷ്യരെയും മൃഗങ്ങളെയുമെല്ലാം ഒരുപോലെ മുക്കി നശിപ്പിക്കും.
ചുരുക്കത്തിൽ, തീപിടുത്തം, വെളളപ്പൊക്കം പോലുള്ള ദുരന്തങ്ങൾ ഉണ്ടായാൽ ശത്രുക്കൾ പോലും ശത്രുത പരിഗണിക്കാതെ അവയെ തരണം ചെയ്യാൻ പരസ്പരം സഹായിക്കാറുണ്ട്.

നമ്മുടെ ജീവനിലും വിഭവങ്ങളിലും വലിയ നഷ്ടങ്ങളുണ്ടാക്കുന്നവയാണ് മേൽപ്പറഞ്ഞ തീയും വെള്ളവും. എന്നാൽ ഈ തീയിനെക്കാളും വെള്ളത്തെക്കാളും എത്രയോ ഇരട്ടി നാഷനഷ്ടങ്ങളുണ്ടാക്കുന്ന ഒരു തീയിനെയും വെള്ളത്തെയും നാം വിസ്മരിച്ചിരിക്കുന്നു. തിന്മകളുടെയും നെറികേടിന്റെയും തീയാണത്. അത് മറ്റുള്ള തീയിനെക്കാൾ വേഗം പടർന്ന് പിടിക്കുന്നതും വെള്ളത്തേക്കാൾ വേഗം മുക്കിനശിപ്പിക്കുന്നതുമാണ്. 
എന്നാൽ ഖേദകരമെന്തെന്നാൽ, അവയുടെ നാശത്തെപ്പറ്റിയും അതിൽ നിന്നും രക്ഷപ്പെടുന്നതിനെപ്പറ്റിയും ഒരാളും ചിന്തിക്കുന്നത് പോലുമില്ല എന്നതാണ്. അവ വീടുവീടാന്തരം നാശം വിതക്കുകയും മനുഷ്യ ജീവിതത്തിലും സ്വഭാവത്തിലും ചര്യകളിലും വിഷം നിറക്കുകയും ചെയ്യും. അവയെ നിർമാർജ്യം ചെയ്യുവാനോ  നേരിടുവാനോ ആരും മുന്നോട്ടു വരുന്നില്ല, അവയെ കണ്ട് കരയുന്ന കണ്ണുകളില്ല, അവയെ ഓർത്ത് പിടക്കുന്ന ഹൃദയങ്ങളില്ല, അവയെ തടയുന്ന കരങ്ങളുമില്ല..

പാപങ്ങളോടുള്ള അഭിനിവേശം മനുഷ്യരുടെ പ്രകൃതിയാണ്. എന്നാൽ അതിനേക്കാൾ ശക്തമായി പാപങ്ങളിൽ നിന്ന് അകന്ന് കഴിയാൻ ശ്രമിക്കണം. ഈ ശ്രമത്തിന് ഖുർആൻ "النهي عن المنكر" എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് സമുദായത്തിന്റെ അടിസ്ഥാനപരമായ കടമയാണെന്നും ഇതിന്റെ പേരിലാണ് ഈ സമുദായത്തെ خير أمة (ഉത്തമ സമുദായം) എന്ന് ഖുർആൻ വിളിച്ചത്. 
പരിശുദ്ധ ഖുർആൻ വിശ്വാസികളെ പറ്റി പറയുന്നു : 
(یُؤۡمِنُونَ بِٱللَّهِ وَٱلۡیَوۡمِ ٱلۡـَٔاخِرِ وَیَأۡمُرُونَ بِٱلۡمَعۡرُوفِ وَیَنۡهَوۡنَ عَنِ ٱلۡمُنكَرِ وَیُسَـٰرِعُونَ فِی ٱلۡخَیۡرَ ٰ⁠تِۖ وَأُو۟لَـٰۤىِٕكَ مِنَ ٱلصَّـٰلِحِینَ)
അവർ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നു. നന്മ ഉപദേശിക്കുന്നു. തിന്മ തടയുന്നു. ഉത്തമകാര്യങ്ങളിൽ മുന്നിടുന്നു. ഇവർ സജ്ജനങ്ങളാണ്.
(സൂറ ആലു ഇംറാൻ 114)

(وَٱلۡمُؤۡمِنُونَ وَٱلۡمُؤۡمِنَـٰتُ بَعۡضُهُمۡ أَوۡلِیَاۤءُ بَعۡضࣲۚ یَأۡمُرُونَ بِٱلۡمَعۡرُوفِ وَیَنۡهَوۡنَ عَنِ ٱلۡمُنكَرِ وَیُقِیمُونَ ٱلصَّلَوٰةَ وَیُؤۡتُونَ ٱلزَّكَوٰةَ وَیُطِیعُونَ ٱللَّهَ وَرَسُولَهُۥۤۚ أُو۟لَـٰۤىِٕكَ سَیَرۡحَمُهُمُ ٱللَّهُۗ إِنَّ ٱللَّهَ عَزِیزٌ حَكِیمࣱ)
സത്യവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും പരസ്പരം സഹായികളാകുന്നു. അവർ നന്മ കല്പിക്കുന്നു. തിന്മ തടയുന്നു. നമസ്‌കാരം നിലനിർത്തുന്നു. സകാത്ത് കൊടുക്കുന്നു. അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുന്നു. അവരോട് അല്ലാഹു കരുണ കാട്ടുന്നതാണ്. അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു.
(സൂറതുത്തൗബ : 71)

(وَلۡتَكُن مِّنكُمۡ أُمَّةࣱ یَدۡعُونَ إِلَى ٱلۡخَیۡرِ وَیَأۡمُرُونَ بِٱلۡمَعۡرُوفِ وَیَنۡهَوۡنَ عَنِ ٱلۡمُنكَرِۚ وَأُو۟لَـٰۤىِٕكَ هُمُ ٱلۡمُفۡلِحُونَ)
പുണ്യത്തിലേക്ക് ക്ഷണിക്കുകയും നന്മ കല്പിക്കുകയും തിന്മകൾ തടയുകയും ചെയ്യുന്ന ഒരു സമുദായമായി നിങ്ങൾ മാറുക. അവർ തന്നെയാണ് വിജയികൾ
(ആലുഇംറാൻ 104)

--

തിന്മകളെ തടയേണ്ടതിന്റെ പ്രാധാന്യം മേൽപ്പറഞ്ഞ ഖുർആനിക വചനങ്ങളിലൂടെ വ്യക്തമാണ്.
ആദരവായ റസൂലുല്ലാഹിസല്ലല്ലാഹു അലൈഹിവസല്ലമയും ഈ വിഷയത്തെ ഉണർത്തുന്നുണ്ട്. അവിടുന്ന് അരുളി: 
നിങ്ങളാരെങ്കിലും ഒരു തിന്മ കണ്ടാൽ അതിനെ അവൻ തന്റെ കരങ്ങൾ കൊണ്ട് തടയട്ടെ, അതിന് സാധിച്ചില്ലെങ്കിൽ നാവ് കൊണ്ട് തടയട്ടെ, അതിനും സാധിച്ചില്ലെങ്കിൽ ഹൃദയം കൊണ്ടെങ്കിലും തടയട്ടെ. അത് വിശ്വാസത്തിന്റെ ഏറ്റവും താഴ്ന്ന പടിയാണ്.(സ്വഹീഹ് മുസ്‌ലിം)

ഹൃദയം കൊണ്ട് തടയുക എന്നതിന് 2 ആശയമാണുള്ളത്: 
1. ഹൃദയം കൊണ്ട് തിന്മയെ അങ്ങേയറ്റം വെറുക്കുക.
2. എപ്പോഴെങ്കിലും തിന്മയെ തടയാനുള്ള ശക്തി ലഭിച്ചാൽ ഉറപ്പായും തടയുമെന്ന് മനസ്സിൽ ഉറപ്പിക്കുക.

കരങ്ങൾ കൊണ്ട് തടയുക എന്നതിന്റെ ഉദ്ദേശം ധർമ്മ സമരങ്ങൾ പോലുള്ളവ മാത്രമല്ല, മറിച്ച് തന്റെ നയപരമായ സമീപനവും പെരുമാറ്റരീതിയും അതിലുൾപ്പെടും. ഭൗതികാവശ്യങ്ങൾ നിറവേറ്റാനായി മനുഷ്യൻ തന്റെ പെരുമാറ്റരീതികളെ എത്രത്തോളം ഉപയോഗിക്കുന്നു.അല്ലാഹുവിന്റെയും റസൂലിന്റെയും കൽപ്പനകൾക്കായി അതിനെക്കാളുപരി ഉപയോഗിക്കേണ്ടതാണ്.

ഇന്ന് കാണപ്പെടുന്ന ഒരു അവസ്ഥയെന്തെന്നാൽ ശരീഅത്തിൽ ഒരു സ്ഥാനമില്ലാത്തതും തെറ്റാണെന്ന് പണ്ഡിതർ ഏകോപിച്ചതുമായ കാര്യങ്ങളിൽ പോലും ദീനീവക്താക്കളിൽ നിന്ന് വലിയ അലംഭാവം കണ്ട് വരുന്നു. മ്യൂസിക് ഹറാമാണെന്നതിൽ ആർക്കാണ് വിയോജിപ്പ്? 
വിവാഹ വേളകളിൽ സ്ത്രീകളുടെയടക്കം വീഡിയോ , ഫോട്ടോഷൂട്ടുകൾ എടുക്കുന്നു. ഇത് തെറ്റാണെന്നതിൽ ആർക്കാണ് അഭിപ്രായ വ്യത്യാസമുള്ളത്? കൈക്കൂലിയും പലിശയും നിഷിദ്ധവും അല്ലാഹുവിന്റെയും റസൂലിന്റെയും ശാപം അതിലുണ്ടെന്നതും ആർക്കാണ് അറിയാത്തത്? 
എന്നാൽ എന്താണ് സംഭവിച്ചു കൊണ്ടിരിയുന്നത്, സമൂഹത്തിൽ സ്വാധീനമുള്ളവർ പരസ്യമായി ഹറാമുകൾ ചെയ്യുകയും അതെല്ലാം കണ്ട് കൊണ്ട് നാം നിശബ്ദരാകുകയും ചെയ്യുന്നു. തന്നെയുമല്ല, അവർ സംഘടിപ്പിക്കുന്ന പരിപാടികളിലും മറ്റും നാമും പങ്ക് ചേരുകയും അവരോട് കൂറുള്ളവരുമാകുന്നു. അപ്രകാരം നാം അവരുടെ തെറ്റുകളെ പിന്തുണക്കുന്നവരായിത്തീരുന്നു.

പരിശുദ്ധ ഹദീസിൽ തെറ്റുകളെ നാവ് കൊണ്ട് തടയുന്നതിന് جهاد باللسان ( നാവ് കൊണ്ടുള്ള ജിഹാദ്) എന്നാണ് പറഞ്ഞിരിക്കുന്നത് ( മുസ് ലിം 179). ആളുകളോട് നന്മ ഉപദേശിക്കാൻ എളുപ്പമാണ്. നിസ്കാരം നിലനിർത്തൂ, സകാത്ത് കൊടുക്കൂ, ഹജ്ജ് നിർവ്വഹിക്കൂ എന്നെല്ലാം പറയുന്നതിലൂടെ ആരും ദേഷ്യപ്പടുകയോ കയർക്കുകയോ ഇല്ല. എന്നാൽ ഒരാളെ അവൻ ചെയ്യുന്ന തെറ്റിൽ നിന്നും ഉണർത്തിയാൽ പ്രതികൂലമായ പെരുമാറ്റമാകും അവനിൽ നിന്നുണ്ടാകുക.
ഇതിനാൽ തന്നെ മഹാനായ അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു: ഏറ്റവും വലിയ തെറ്റ് എന്തെന്നാൽ, ആരെങ്കിലും 'നീ അല്ലാഹുവിനെ ഭയക്കുക' എന്ന് പറഞ്ഞാൽ 'നീ നിന്റെ കാര്യം നോക്കി നടക്കുക' എന്ന് പറയലാണ് (مجمع الزوائد٧/٢٧١).

തെറ്റുകളെ ചൂണ്ടിക്കാട്ടുകയും അതിനെ തടയുകയും ചെയ്യുന്നതിൽ നിന്ന് വിമുഖത കാണിക്കുന്നത് പ്രധാനമായും 2 കാരണങ്ങളുടെ പേരിലാണ് : 
1. ദുൻയാവിനോടുള്ള ആർത്തി.
2. സമ്പത്തും ശക്തിയുമുള്ളവരോടുള്ള ഭയം.

عَنْ مُعَاذِ بْنِ جَبَلٍ قَالَ: قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ: فَإِذَا ظَهَرَ فِيكُمْ حُبُّ الدُّنْيَا فَلَا تَأْمُرُونَ بِالْمَعْرُوفِ وَلَا تَنْهَوْنَ عَنِ الْمُنْكَرِ وَلَا تُجَاهِدُونَ فِي سَبِيلِ اللَّهِ.
[نور الدين الهيثمي ,مجمع الزوائد ومنبع الفوائد ,7/270]
ആദരവായ റസൂലുല്ലാഹി(സ) അരുളുന്നു: നിങ്ങളിൽ ദുൻയാവിനോടുള്ള സ്നേഹം കടന്ന് കൂടിയാൽ നിങ്ങൾ നന്മ കൽപ്പിക്കുകയോ തിന്മ തടയുകയോ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ധർമ്മ സമരം നടത്തുകയോ ചെയ്യില്ല.

عن أبي سعيد الخدري -رضي الله عنه-عن النبي صلى الله عليه وسلم قال- "ألا لا يمنعن أحدكم رهبة الناس أن يقول بحق إذا رآه أو شهده.
ആദരവായ നബി(സ) അരുളി : ഒരാളെ അവൻ കണ്ട സത്യം പറയുന്നതിൽ നിന്ന് ജനങ്ങളോടുള്ള ഭയം അവനെ തടയാതിരിക്കട്ടെ . (തിർമിദി)

തിന്മകളെ തടയുന്ന ആളുകൾ ഇല്ലാതായതാണ് ഈ ഉമ്മത്തിന്റെ പതനത്തിന് കാരണം. മഹാനായ സ്വഹാബിവര്യൻ അബൂഉമാമ(റ) പറയുന്നു : നബി(സ) തങ്ങൾ അരുളി: ഈ ദീനിന് ഉയർച്ചയും താഴ്ച്ചയുമുണ്ട്.ഈ ദീനിനു ഉയർച്ചയുണ്ടാകുന്നത്, ജനങ്ങൾ ദീനി ഗ്രാഹ്യമുള്ളവരാകുകയും എണ്ണപ്പെട്ട വിവരം കെട്ടവർ അവശേഷിക്കുകയും അവരുടെ വാക്കുകൾ പരിഗണിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോളാണ്.ദീനിന്റെ താഴ്ച്ചയെന്നാൽ, ജനങ്ങളല്ലാം ദീനീ ഗ്രാഹ്യമില്ലാത്തവരാകുകയും എണ്ണപ്പെട്ട പണ്ഡിതർ അവശേഷിയുകയും അവരെ അവഗണിക്കപെടുകയും ചെയ്യലാണ്. ജനങ്ങൾ പിൻഗാമികളെ ആക്ഷേപിക്കും. അവരുടെ അധപതനം എത്രത്തോളമെന്നാൽ, പരസ്യമായി തന്നെ അവർ മദ്യപിക്കും. ഏതെങ്കിലുമൊരു സ്ത്രീ അവരുടെ അടുത്ത് കൂടെ കടന്ന് പോയാൽ അവളുമായി പരസ്യ ലൈംഗിക ബന്ധത്തിലേർപ്പെടും. തദവസരം ഒരാൾ പറയും: നീ അവളെ മറഞ്ഞ സ്ഥലത്തേക്ക് കൊണ്ട് പോകുക. അദേഹം അവരിലെ അബൂബക്ർ (റ), ഉമർ(റ) നെ പോലെയായിരിക്കും. അക്കാലത്ത് നന്മയെ കൽപ്പിക്കുകയും തിന്മയെ തടയുകയും ചെയ്യുന്നവന് എന്നെ കാണുകയും വിശ്വസികുകയും അനുസരിക്കുകയും ബൈഅത് ചെയ്യുകയും ചെയ്തവരേക്കാൾ 50 ഇരട്ടി പ്രതിഫലം ലഭിക്കുന്നതാണ്.
(نور الدين الهيثمي ,مجمع الزوائد ومنبع الفوائد ,7/262)

നിലവിലെ അവസ്ഥകൾ കാണുമ്പോൾ അത്തരമൊരു താഴ്ന്ന അവസ്ഥയിലേക്ക് നാം അടുത്തിരിക്കുന്നുവെന്നാണ് മനസ്സിലകുന്നത്.

തിന്മകൾ തടയാത്തതിന്റെ കുറ്റം ആഖിറത്തിൽ മാത്രമല്ല, ദുൻയാവിലും അവർക്ക് ശിക്ഷ ലഭിക്കും.
عَنْ أَبِي بَكْرٍ الصِّدِّيقِ أَنَّهُ قَالَ:إِنِّي سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: «إِنَّ النَّاسَ إِذَا رَأَوْا الظَّالِمَ فَلَمْ يَأْخُذُوا عَلَى يَدَيْهِ أَوْشَكَ أَنْ يَعُمَّهُمُ اللَّهُ بِعِقَابٍ مِنْهُ
[الترمذي، محمد بن عيسى ,سنن الترمذي ت شاكر ,4/467]
മഹാനായ നബി(സ) അരുളി: അക്രമിയെ കാണുകയും അവനെ തടയുകയും ചെയ്യാത്ത ജനങ്ങൾക്ക് മുഴുവൻ അല്ലാഹു ശിക്ഷ നൽകുന്നതാണ്.

وَعَنِ الْعُرْسِ بْنِ عَمِيرَةَ قَالَ: قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " «إِنَّ اللَّهَ لَا يُعَذِّبُ الْعَامَّةَ بِعَمَلِ الْخَاصَّةِ حَتَّى تَعْمَلَ الْخَاصَّةُ بِعَمَلٍ تَقْدِرُ الْعَامَّةُ أَنْ تُغَيِّرَهُ وَلَا تَغَيُّرُهُ، فَذَاكَ حِينَ يَأْذَنُ اللَّهُ فِي هَلَاكِ الْعَامَّةِ وَالْخَاصَّةِ
[نور الدين الهيثمي ,مجمع الزوائد ومنبع الفوائد ,7/268]

ആദരവായ നബി(സ) അരുളി: അല്ലാഹു ഉമ്മത്തിലെ ന്യൂനപക്ഷത്തിന്റെ പ്രവർത്തി കാരണമായി ഭൂരിപക്ഷത്തെ ശിക്ഷിക്കില്ല. എന്നാൽ ഭൂരിപക്ഷത്തിന് അവരെ തിരുത്താൻ സാധിക്കുമായിരുന്നിട്ടും തിരുത്തിയില്ലെങ്കിൽ ഇരുകൂട്ടരേയും നശിപ്പിക്കാൻ അല്ലാഹു ഉത്തരവിടുന്നതാണ്.

സമുദായം തിന്മകൾക്കെതിരെ ഉണർന്നിരിക്കണം, മാലിന്യത്തെ വെറുക്കുന്നത് പോലെ തിന്മകളെ വെറുക്കണം. ഒരാൾ ഒരു തെറ്റ് ചെയ്താൽ അതിനെ തടയാൻ അനേകം കരങ്ങൾ ഉയർന്നു വരണം. ഒരാൾ അക്രമം ചെയ്താൽ അതിനെ തടുക്കാൻ അനേകായിരം ആളുകൾ മുന്നോട്ട് വരണം. തിന്മകൾ കണ്ടാൽ അസ്വസ്ഥരാവുകയും തിന്മയെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നവർ വേണം. തനിക്കുണ്ടാകുന്ന അനിഷ്ടങ്ങളോട് വെറുപ്പുണ്ടാകുന്നതിന്റെ അനേകമിരട്ടി വെറുപ്പ് രക്ഷിതാവിനോട് ധിക്കാരം കാട്ടുന്നത് കാണുമ്പോൾ തോന്നണം. 
സമുദായം ഉണർന്നില്ലായെങ്കിൽ, രക്ഷിതാവ് നിശ്ചയിച്ച അതിരുകളെപ്പറ്റി ചിന്തയില്ലായെങ്കിൽ, അവനോടുള്ള ഭയത്താൽ ഹൃദയം പിടക്കുന്നില്ലായെങ്കിൽ, തിന്മകളുടെ പ്രളയം നമ്മെ മുക്കി നശിപ്പിക്കും, നെറികേടിന്റെ അഗ്നി നമ്മെ കരിച്ചു കളയും, അതിൽ നിന്നും രക്ഷപ്പെടൽ അസാധ്യമത്രെ!

നാഥാ, ഞങ്ങളെ നന്മകൾ കൽപ്പിക്കുന്ന തിന്മകൾ തടയുന്ന ഒരു ഉത്തമ സമുദായമാക്കിത്തീർക്കേണമേ. ആമീൻ.

***********************************************************************************

മആരിഫുല്‍ ഖുര്‍ആന്‍ 


വിവാഹ വിഷയത്തില്‍ റസൂലുല്ലാഹി (സ)യുടെ 

ചില പ്രത്യേകതകള്‍

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി



  

ആയത്ത് 50-52

{يَا أَيُّهَا النَّبِيُّ إِنَّا أَحْلَلْنَا لَكَ أَزْوَاجَكَ اللَّاتِي آتَيْتَ أُجُورَهُنَّ وَمَا مَلَكَتْ يَمِينُكَ مِمَّا أَفَاءَ اللَّهُ عَلَيْكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّاتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَالَاتِكَ اللَّاتِي هَاجَرْنَ مَعَكَ وَامْرَأَةً مُؤْمِنَةً إِنْ وَهَبَتْ نَفْسَهَا لِلنَّبِيِّ إِنْ أَرَادَ النَّبِيُّ أَنْ يَسْتَنْكِحَهَا خَالِصَةً لَكَ مِنْ دُونِ الْمُؤْمِنِينَ قَدْ عَلِمْنَا مَا فَرَضْنَا عَلَيْهِمْ فِي أَزْوَاجِهِمْ وَمَا مَلَكَتْ أَيْمَانُهُمْ لِكَيْلَا يَكُونَ عَلَيْكَ حَرَجٌ وَكَانَ اللَّهُ غَفُورًا رَحِيمًا (50) تُرْجِي مَنْ تَشَاءُ مِنْهُنَّ وَتُؤْوِي إِلَيْكَ مَنْ تَشَاءُ وَمَنِ ابْتَغَيْتَ مِمَّنْ عَزَلْتَ فَلَا جُنَاحَ عَلَيْكَ ذَلِكَ أَدْنَى أَنْ تَقَرَّ أَعْيُنُهُنَّ وَلَا يَحْزَنَّ وَيَرْضَيْنَ بِمَا آتَيْتَهُنَّ كُلُّهُنَّ وَاللَّهُ يَعْلَمُ مَا فِي قُلُوبِكُمْ وَكَانَ اللَّهُ عَلِيمًا حَلِيمًا (51) لَا يَحِلُّ لَكَ النِّسَاءُ مِنْ بَعْدُ وَلَا أَنْ تَبَدَّلَ بِهِنَّ مِنْ أَزْوَاجٍ وَلَو أَعْجَبَكَ حُسْنُهُنَّ إِلَّا مَا مَلَكَتْ يَمِينُكَ وَكَانَ اللَّهُ عَلَى كُلِّ شَيْءٍ رَقِيبًا } [الأحزاب : 51 ، 52]

പ്രവാചകരേ, താങ്കള്‍ വിവാഹമൂല്യം നല്‍കിയ താങ്കളുടെ ഇണകളെയും യുദ്ധമില്ലാതെ അല്ലാഹു നല്‍കിയ മുതലുകളില്‍പ്പെട്ട അടിമസ്ത്രീകളെയും താങ്കളോടൊപ്പം പാലായനം ചെയ്തു വന്നവരായ താങ്കളുടെ പിതൃസഹോദരന്‍റെ പുത്രിമാര്‍, പിതൃസഹോദരിയുടെ പുത്രിമാര്‍, മാതൃസഹോദരന്‍റെ പുത്രിമാര്‍, മാതൃസഹോദരിയുടെ പുത്രിമാര്‍ എന്നിവരെയും വിവാഹം കഴിക്കുന്നത് താങ്കള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. സത്യവിശ്വാസിനിയായ ഒരു സ്ത്രീ പ്രവാചകന് സ്വശരീരം ദാനം ചെയ്താല്‍, പ്രവാചകന്‍ അവളെ വിവാഹം കഴിക്കാന്‍  ഉദ്ദേശിക്കുന്ന പക്ഷം അവളെയും വിവാഹം കഴിക്കാവുന്നതാണ്. ഇത് താങ്കള്‍ക്ക് മാത്രമുള്ള പ്രത്യേകതയാണ്. പൊതുമുസ്ലിംകള്‍ക്കുള്ളതല്ല. അവരുടെ ഇണകളിലും അടിമകളിലും അവരുടെമേല്‍ നാം നിയമമാക്കിയ കാര്യങ്ങള്‍ നമുക്ക് അറിയാം. താങ്കള്‍ക്ക് ഞെരുക്കമൊന്നും ഉണ്ടാകാതിരിക്കാനാണ് അല്ലാഹു താങ്കള്‍ക്ക് ഈ വിശാലത നല്‍കിയത്. അല്ലാഹു വളരെ പൊറുക്കുന്നവനും വലിയ കാരുണ്യവാനുമാണ്.(50) അവരില്‍ താങ്കള്‍ ഉദ്ദേശിക്കുന്നവരെ മാറ്റിനിര്‍ത്തുകയും താങ്കള്‍ ഉദ്ദേശിക്കുന്നവരെ താങ്കളുടെ അരികില്‍ താമസിപ്പിക്കുകയും ചെയ്യുക. താങ്കള്‍ മാറ്റിനിര്‍ത്തിയ ആരെയെങ്കിലും താങ്കള്‍ ആഗ്രഹിച്ചാല്‍ അതിലും താങ്കള്‍ക്ക് കുഴപ്പമില്ല. (അവരെ രണ്ടാമതും അരികില്‍ താമസിപ്പിക്കാവുന്നതാണ്) ഇതിലൂടെ അവരുടെ നയനങ്ങള്‍ കുളിരണിയുകയും അവര്‍ ദുഃഖിക്കാതിരിക്കുകയും താങ്കള്‍ നല്‍കുന്നതില്‍ അവരെല്ലാം തൃപ്തിപ്പെടുകയും ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമാണിത്. നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹുവിന് നന്നായി അറിയാം. അല്ലാഹു എല്ലാം അറിയുന്നവനും സഹനശീലനുമാണ്.(51) ഇതിന് ശേഷം മറ്റ് സ്ത്രീകള്‍ താങ്കള്‍ക്ക് അനുവദനീയമല്ല. താങ്കള്‍ക്ക് അവരുടെ സൗന്ദര്യം നന്നായി തോന്നിയാലും ശരി. ഇവര്‍ക്ക് പകരം വേറെ ഭാര്യമാരെ സ്വീകരിക്കാനും പാടില്ല. എന്നാല്‍ അടിമസ്ത്രീകളെ സ്വീകരിക്കാവുന്നതാണ്. അല്ലാഹു എല്ലാകാര്യങ്ങളും ശ്രദ്ധിക്കുന്നവനാണ്.(52)

ആശയ സംഗ്രഹം

അല്ലയോ നബിയേ,  താങ്കളുടെ സ്ഥാനത്തെ പരിഗണിച്ചുകൊണ്ട് താഴെ പറയുന്ന ചില നിയമങ്ങള്‍ താങ്കള്‍ക്ക് മാത്രമുള്ളതാണ്. ഒന്നാമത്തെ നിയമം, താങ്കള്‍ വിവാഹമൂല്യം നല്‍കിയ ഇപ്പോഴുള്ള താങ്കളുടെ ഇണകള്‍ നാലില്‍ കൂടുതലാണെങ്കിലും താങ്കള്‍ക്ക് അനുവദനീയമാക്കിയിരിക്കുന്നു. രണ്ടാമത്തെ നിയമം, യുദ്ധമില്ലാതെ അല്ലാഹു നല്‍കിയ മുതലുകളില്‍പ്പെട്ട അടിമസ്ത്രീകളും താങ്കള്‍ക്ക് അനുവദനീയമാണ്. ഇതുമായി ബന്ധപ്പെട്ട ചില നിയമങ്ങള്‍ പിന്നീട് വരുന്നതാണ്. മൂന്നാമത്തെ നിയമം, താങ്കളുടെ പിതൃസഹോദരന്‍റെ പുത്രിമാര്‍, പിതൃസഹോദരിയുടെ പുത്രിമാര്‍, മാതൃസഹോദരന്‍റെ പുത്രിമാര്‍, മാതൃസഹോദരിയുടെ പുത്രിമാര്‍ എന്നിവരെയും വിവാഹം കഴിക്കുന്നത് താങ്കള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇവര്‍ എല്ലാവരെയും നിരുപാധികം വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ താങ്കളോടൊപ്പം പലായനം ചെയ്ത് വന്നവരായിരിക്കണം. താങ്കളോടൊപ്പം എന്നതിന്‍റെ ആശയം പലായനം ചെയ്തിരിക്കണം എന്ന് മാത്രമാണ്. ഓരേ സമയത്ത് തന്നെ ആയിരിക്കണമെന്ന് എന്നില്ല. നാലാമത്തെ നിയമം, സത്യവിശ്വാസിനിയായ ഒരു സ്ത്രീ പ്രവാചകന് സ്വശരീരം ദാനം ചെയ്യുകയും മഹ്ര്‍ ഒന്നുമില്ലാതെ വിവാഹത്തിന് സന്നദ്ധമാവുകയും ചെയ്താല്‍ പ്രവാചകന്‍ അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവളെയും വിവാഹം കഴിക്കാവുന്നതാണ്. അഞ്ചാമത്തെ നിയമം, ഇത് താങ്കള്‍ക്ക് മാത്രമുള്ള പ്രത്യേകതയാണ്. പൊതുമുസ്ലിംകള്‍ക്കുള്ളതല്ല. അവര്‍ക്ക് വേറെ നിയമങ്ങളാണ്. പൊതു വിശ്വാസികളുടെ മേല്‍ ഇണകളിലും അടിമകളിലും അവരുടെമേല്‍ നാം നിയമമാക്കിയ കാര്യങ്ങള്‍ നമുക്ക് അറിയാം. പ്രസ്തുത നിയമങ്ങള്‍ ഇവിടെ പ്രവാചകന് പറഞ്ഞ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ഉദാഹരണത്തിന് മഹ്ര്‍ പൊതു മുസ്ലിംകളുടെ മേല്‍ നിര്‍ബന്ധമാണ്. ഇവിടെ പറഞ്ഞ നാലാം നിയമത്തില്‍ മഹ്ര്‍ നിര്‍ബന്ധമില്ല. താങ്കള്‍ക്ക് ഞെരുക്കമൊന്നും ഉണ്ടാകാതിരിക്കാനാണ് അല്ലാഹു താങ്കള്‍ക്ക് ഈ വിശാലത നല്‍കിയത്. ഒന്ന്, നാല് നിയമങ്ങളില്‍ വിശാലത വ്യക്തമാണ്. മൂന്ന്, അഞ്ച് നിയമങ്ങളില്‍ ബാഹ്യമായി ഞെരുക്കം തോന്നാമെങ്കിലും അതിലല്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ ചില നന്മകളുടെ പേരിലാണ്. ഈ നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ പ്രസ്തുത നന്മകള്‍ നഷ്ടപ്പെട്ട് പോകുന്നതാണ്. രണ്ടാമത്തെ നിയമത്തെക്കുറിച്ചുള്ള വിവരണം പിന്നീട് വരുന്നതാണ്. ബുദ്ധിമുട്ട് ദൂരീകരിക്കുക എന്ന തത്വം ഈ നിയമങ്ങളില്‍ മാത്രമല്ല, പൊതു മുസ്ലിംകളുടെ നിയമങ്ങളിലുമുണ്ട്. കാരണം  അല്ലാഹു വളരെ പൊറുക്കുന്നവനും വലിയ കാരുണ്യവാനുമാണ്. കാരുണ്യം കാരണം നിയമങ്ങള്‍ എളുപ്പമാക്കി. നിയമങ്ങളില്‍ വീഴ്ച്ച വന്നാല്‍ പലപ്പോഴും പടച്ചവന്‍ പൊറുത്ത് തരുന്നതുമാണ്. ചുരുക്കത്തില്‍ ഈ ആയത്തില്‍ റസൂലുല്ലാഹി (സ)യ്ക്ക് അനുവദനീയമായ ഇണകളെക്കുറിച്ചാണ് വിവരിക്കപ്പെട്ടത്. അടുത്തതായി അവര്‍ക്ക് രാവുകള്‍ വീതിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വിവരിക്കുന്നു: ആറാമത്തെ നിയമം, അവരില്‍ താങ്കള്‍ ഉദ്ദേശിക്കുന്നവരെ ഉദ്ദേശിക്കുന്ന അത്രയും കാലം മാറ്റിനിര്‍ത്തുക. ഊഴം അനുസരിച്ച് അവരുടെ അരികില്‍ പോകേണ്ടതില്ല. താങ്കള്‍ ഉദ്ദേശിക്കുന്നവരെ ഉദ്ദേശിക്കുന്ന അത്രയും കാലം താങ്കളുടെ അരികില്‍ താമസിപ്പിക്കുക. അതായത് അവര്‍ക്ക് ഊഴം നല്‍കുക. താങ്കള്‍ മാറ്റിനിര്‍ത്തിയ ആരെയെങ്കിലും താങ്കള്‍ ആഗ്രഹിച്ചാല്‍ അതിലും താങ്കള്‍ക്ക് കുഴപ്പമില്ല. അവരെ രണ്ടാമതും അരികില്‍ താമസിപ്പിക്കാവുന്നതാണ്. ചുരുക്കത്തില്‍ ഭാര്യമാര്‍ക്ക് രാത്രി വീതം വെക്കല്‍ താങ്കളുടെ മേല്‍ നിര്‍ബന്ധമില്ല. അതിന് വളരെ പ്രധാനപ്പെട്ട ഒരു കാരണമുണ്ട്: അതായത് ഇതിലൂടെ അവരുടെ നയനങ്ങള്‍ കുളിരണിയുകയും അവര്‍ സന്തുഷ്ടരാവുകയും അവര്‍ ദുഃഖിക്കാതിരിക്കുകയും താങ്കള്‍ നല്‍കുന്നതില്‍ അവരെല്ലാം തൃപ്തിപ്പെടുകയും ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമാണിത്. കാരണം അവകാശമുണ്ടെന്ന് വാദിക്കുമ്പോഴാണ് പലപ്പോഴും ദു:ഖമുണ്ടാകുന്നത്. ലഭിക്കുന്ന ഗുണം ഔദാര്യം മാത്രമാണെന്നും നമുക്ക് നിര്‍ബന്ധമായ അവകാശമൊന്നുമല്ലെന്നും മനസ്സിലാകുമ്പോള്‍ യാതൊരു പരാതിയും ഉണ്ടാകുന്നതല്ല. അല്ലയോ മുസ്ലിംകളേ, പ്രവാചകന്‍റെ ഈ നിയമങ്ങള്‍ നിങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇത് നിങ്ങള്‍ക്കും പൊതുവായ നിയമമാക്കാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ ചിന്തിക്കരുത്. കാരണം നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹുവിന് നന്നായി അറിയാം. ഇത്തരം ചിന്തകള്‍ നിങ്ങള്‍ മനസ്സില്‍ ഉറപ്പിച്ചാല്‍ അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നതാണ്. കാരണം ഇത് അല്ലാഹുവിന്‍റെ മേലുള്ള വിമര്‍ശനവും റസൂലുല്ലാഹി (സ)യോടുള്ള അസൂയയുമാണ്. ഇത് ശിക്ഷയ്ക്ക് നിമിത്തമാകുന്ന തിന്മകളാണ്. അല്ലാഹു എല്ലാം അറിയുന്നവനാണ്. വിമര്‍ശകര്‍ക്ക് പെട്ടെന്ന് ശിക്ഷ നല്‍കാത്തത് അറിയാത്തത് കൊണ്ടല്ല, മറിച്ച് സഹനശീലനുമാണ് എന്നതുകൊണ്ടാണ്. ഇത് കാരണമായി പെട്ടെന്ന് ശിക്ഷിക്കുന്നതല്ല. വീണ്ടും ചില നിയമങ്ങള്‍ വിവരിക്കുന്നു. അതില്‍ ചിലത് കഴിഞ്ഞ നിയമങ്ങളുടെ അനുബന്ധവും ചിലത് പൊതു നിയമങ്ങളുമാണ്. അല്ലാഹു പറയുന്നു: മൂന്ന്, അഞ്ച് നിമയങ്ങളില്‍ സ്ത്രീകളുടെ പലായനവും സത്യവിശ്വാസവും നിബന്ധന ആക്കുകയുണ്ടായി. ആകയാല്‍ ഈ നിബന്ധനയ്ക്ക് ശേഷം ഈ നിബന്ധന ഇല്ലാത്ത സ്ത്രീകള്‍ താങ്കള്‍ക്ക് അനുവദനീയമല്ല. അതായത് ബന്ധുക്കളില്‍ നിന്നും ഹിജ്റ ചെയ്യാത്തവരും പൊതു സ്ത്രീകളില്‍ നിന്നും സത്യവിശ്വാസിനികള്‍ അല്ലാത്തവരും അനുവദനീയമല്ല. ഏഴാമത്തെ നിയമം, താങ്കള്‍ക്ക് അവരുടെ സൗന്ദര്യം നന്നായി തോന്നിയാലും ശരി, നിലവിലുള്ള ഭാര്യമാര്‍ക്ക് പകരം വേറെ ഭാര്യമാരെ സ്വീകരിക്കാനും പാടില്ല. അതായത് ഇവരില്‍ ആരെയെങ്കിലും വിവാഹമോചനം നടത്തി ആ സ്ഥാനത്ത് മറ്റൊരാളെ വിവാഹം കഴിക്കരുത്. എന്നാല്‍ ആരെയെങ്കിലും വിവാഹ മോചനം നടത്താതെ പുതിയ സ്ത്രീയെ വിവാഹം കഴിക്കാവുന്നതാണ്. ഇപ്രകാരം പകരം എടുക്കാന്‍ ഉദ്ദേശമില്ലാതെ ആരെയെങ്കിലും വിവാഹ മോചനം ചെയ്താലും മറ്റൊരാളെ വിവാഹം കഴിക്കാവുന്നതാണ്. എന്നാല്‍ അടിമസ്ത്രീകളെ സ്വീകരിക്കാവുന്നതാണ്. അല്ലാഹു എല്ലാകാര്യങ്ങളും ശ്രദ്ധിക്കുന്നവനാണ്. അതുകൊണ്ട് എല്ലാ നിയമങ്ങളിലും ധാരാളം നന്മകളും തത്വങ്ങളുമുണ്ട്. അത് പലപ്പോഴും പൊതുജനങ്ങള്‍ക്ക് മനസ്സിലാകുന്നതല്ല. ആകയാല്‍ ആര്‍ക്കും വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ അര്‍ഹതയില്ല. 

വിവരണവും വ്യാഖ്യാനവും

മേല്‍ പറയപ്പെട്ട ആയത്തുകളില്‍ വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട് റസൂലുല്ലാഹി (സ)യ്ക്ക് മാത്രം ബാധകമായ ഏഴ് നിയമങ്ങള്‍ വിവരിച്ചിരിക്കുകയാണ്. ഈ പ്രത്യേക നിയമങ്ങള്‍ റസൂലുല്ലാഹി (സ)യുടെ വിശിഷ്ട സ്ഥാനത്തിനുള്ള അടയാളമാണ്. ഇതില്‍ ചില നിയമങ്ങള്‍ റസൂലുല്ലാഹി (സ)യുടെ ആദരവും പ്രത്യേകതയുമാണ് എന്നത് വളരെ വ്യക്തമാണ്. ചിലത് പൊതുജനങ്ങള്‍ക്കും ബാധകമാണെങ്കിലും ചില നിബന്ധനകള്‍ റസൂലുല്ലാഹി (സ)യ്ക്ക് പ്രത്യേകം പറഞ്ഞിരിക്കുന്നു. പ്രസ്തുത നിയമങ്ങളുടെ ചെറു വിവരണം ശ്രദ്ധിക്കുക:
ഒന്നാമത്തെ നിയമം, താങ്കള്‍ വിവാഹമൂല്യം നല്‍കിയ താങ്കളുടെ ഇണകളെ താങ്കള്‍ക്ക് അനുവദിച്ചിരിക്കുന്നു! ഈ നിയമം ബാഹ്യമായി എല്ലാ മുസ്ലിംകള്‍ക്കും ബാധകമാണെങ്കിലും ഇതില്‍ റസൂലുല്ലാഹി (സ)യ്ക്കുള്ള പ്രത്യേകത ഇതാണ്: ഈ ആയത്ത് അവതരിക്കുമ്പോള്‍ റസൂലുല്ലാഹി (സ)യുടെ കീഴില്‍ നാലില്‍ കൂടുതല്‍ ഭാര്യമാര്‍ ഉണ്ടായിരുന്നു. പൊതുമുസ്ലിംകള്‍ക്ക് നാലില്‍ കൂടുതല്‍ ഭാര്യമാരെ ഓരേ സമയം ഒരുമിച്ച് കൂട്ടാന്‍ അനുവാദമില്ല. ഇത്തരുണത്തില്‍ അല്ലാഹു റസൂലുല്ലാഹി (സ)യ്ക്ക് നാലില്‍ കൂടുതല്‍ സ്ത്രീകളെ ഭാര്യമാരാക്കി നിലനിര്‍ത്താന്‍ അനുവാദം കൊടുത്തു. ഈ ആയത്തിലെ വിവാഹം മൂല്യം നല്‍കിയവര്‍ എന്നതുകൊണ്ട് വിവാഹം മൂല്യം കൊടുക്കാത്തവര്‍ അനുവദനീയമല്ല എന്ന് അര്‍ത്ഥമില്ല. കാരണം ഇത് നിബന്ധനയല്ല. റസൂലുല്ലാഹി (സ) വിവാഹം കഴിച്ചവര്‍ക്കെല്ലാം രൊക്കം മഹ്ര്‍ കൊടുത്തു എന്ന് വ്യക്തമാക്കലാണ്. റസൂലുല്ലാഹി (സ) ബാധ്യതകള്‍ എത്രയും പെട്ടെന്ന് നിര്‍വ്വഹിക്കാന്‍ ശ്രദ്ധിച്ചിരുന്നു. അനാവശ്യമായി അതിനെ പിന്തിക്കുകയില്ലായിരുന്നു. പൊതു മുസ്ലിംകളും ഇപ്രകാരം ചെയ്യണമെന്ന് ഇതില്‍ പ്രേരണയുണ്ട്. 
രണ്ടാമത്തെ നിയമം, യുദ്ധമില്ലാതെ അല്ലാഹു നല്‍കിയ മുതലുകളില്‍പ്പെട്ട അടിമസ്ത്രീകളെയും അനുവദനീയമാക്കിയിരിക്കുന്നു! ഈ ആയത്തിലെ അഫാഅ എന്നത് ഫയ്ഇല്‍ നിന്നും എടുക്കപ്പെട്ടതാണ്. ഫയ്അ് എന്നാല്‍ യുദ്ധമില്ലാതെയോ സന്ധിയുടെ അടിസ്ഥാനത്തിലോ ലഭിക്കുന്ന സമ്പത്താണ്. യുദ്ധത്തിലൂടെ ലഭിച്ച സമ്പത്തും ചിലപ്പോള്‍ ഫയ്അ് എന്ന് പറയപ്പെടാറുണ്ട്. ഈ ആയത്തില്‍ അത് പറഞ്ഞിരിക്കുന്നത് നിബന്ധന എന്ന നിലയിലല്ല. റസൂലുല്ലാഹി (സ) പണം കൊടുത്ത് മേടിച്ച അടിമ സ്ത്രീകളുടെ കാര്യവും ഇത് തന്നെയാണ്. ഈ ആയത്തില്‍ റസൂലുല്ലാഹി (സ)യ്ക്ക് പ്രത്യേകമായ നിയമമൊന്നും ഇല്ലല്ലോ? എല്ലാവര്‍ക്കും ഈ നിയമം തന്നെയാണല്ലോ? എന്ന് ഈ നിയമത്തില്‍ ഒരു സംശയമുണ്ടായേക്കാം. അല്ലാമാ ആലൂസി (റ) പറയുന്നു: റസൂലുല്ലാഹി (സ)യ്ക്ക് ശേഷം പവിത്ര പത്നിമാരെ ആര്‍ക്കും വിവാഹം കഴിക്കാന്‍ അനുവാദം ഇല്ലാത്തത് പോലെ റസൂലുല്ലാഹി (സ)യുടെ അടിമ സ്ത്രീകളെയും ആരും വിവാഹം കഴിക്കാന്‍ പാടുള്ളതല്ല. ഉദാഹരണത്തിന് മുഖൗഖിസ് രാജാവ് റസൂലുല്ലാഹി (സ)യ്ക്ക് ഹദിയ്യയായി നില്‍കിയ മാരിയത്തുല്‍ ഖിബ്തിയ്യ (റ)യെ റസൂലുല്ലാഹി (സ)യുടെ വിയോഗാനന്തരം ആരും വിവാഹം കഴിക്കാന്‍ പാടില്ല. (റൂഹുല്‍ മആനി). ഹകീമുല്‍ ഉമ്മത്ത് മൗലാന അഷ്റഫ് അലി ത്ഥാനവി (റ) മറ്റ് രണ്ട് പ്രത്യേകതകള്‍ കൂടി പറയുന്നുണ്ട്: ഒന്ന്, ഗനീമത്ത് സ്വത്ത് വീതിക്കപ്പെടുന്നതിന് മുന്‍പ് റസൂലുല്ലാഹി (സ) അതില്‍ നിന്നും വല്ലതും സ്വന്തമായി എടുത്താല്‍ അത് റസൂലുല്ലാഹി (സ)യുടെ സ്വകാര്യ സ്വത്താകുന്നതാണ്. ഇതിന് സഫിയ്യുന്‍ നബിയ്യ് എന്ന് പറയപ്പെടുന്നു. റസൂലുല്ലാഹി (സ) ഖൈബറിലെ ഗനീമത്തില്‍ നിന്നും സ്വഫിയ്യാ (റ)യെ എടുത്തത് ഇതില്‍ പെട്ടതാണ്. രണ്ട്, മുസ്ലിംകളുമായി യുദ്ധത്തിലുള്ള ഏതെങ്കിലും നാട്ടില്‍ നിന്നും വല്ല ഉപഹാരങ്ങളും മുസ്ലിംകള്‍ക്ക് കൊടുത്തയക്കപ്പെട്ടാല്‍ അതില്‍ നിന്നും മുസ്ലിം ഭരണാധികാരി ഒന്നും എടുക്കാന്‍ പാടില്ല. അത് ബൈത്തുല്‍ മാലില്‍ അടയ്ക്കേണ്ടതാണ്. എന്നാല്‍ റസൂലുല്ലാഹി (സ)യ്ക്ക് വല്ലതും എടുക്കാന്‍ അനുവാദമുണ്ട്. മുഖൗഖിസ് രാജാവ് കൊടുത്തുവിട്ട ഉപഹാരങ്ങളില്‍ നിന്നും മാരിയത്തുല്‍ ഖിബ്തിയ്യാ (റ)നെ എടുത്തത് ഈ അടിസ്ഥാനത്തിലാണ്. (ബയാനുല്‍ ഖുര്‍ആന്‍). 
മൂന്നാമത്തെ നിമയം, താങ്കളോടൊപ്പം പാലായനം ചെയ്തു വന്നവരായ താങ്കളുടെ പിതൃസഹോദരന്‍റെ പുത്രിമാര്‍, പിതൃസഹോദരിയുടെ പുത്രിമാര്‍, മാതൃസഹോദരന്‍റെ പുത്രിമാര്‍, മാതൃസഹോദരിയുടെ പുത്രിമാര്‍ എന്നിവരെയും വിവാഹം കഴിക്കുന്നത് താങ്കള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു! ഈ ആയത്തില്‍ മാതാപിതാക്കളുടെ സഹോദരന്മാരെ അനുസ്മരിച്ചപ്പോള്‍ ഏകവചനവും സഹോദരിമാരെ അനുസ്മരിച്ചപ്പോള്‍ ബഹുവചനവും ഉപയോഗിച്ചിരിക്കുന്നു. ഇതിന്‍റെ പല കാരങ്ങളും പണ്ഡിതന്മാര്‍ കുറിച്ചിട്ടുണ്ട്. അല്ലാമാ ആലൂസി (റ) പറയുന്നു: ഇത് അറബി സാഹിത്യ ശൈലിയാണ്. കവിതകളിലും ഇപ്രകാരം തന്നെയാണ് ഉപയോഗിക്കപ്പെടുന്നത്. (റൂഹുല്‍ മആനി). ആയത്തിന്‍റെ ആശയമിതാണ്: താങ്കളുടെ പിതൃ സഹോദരീ-സഹോദരന്മാരുടെയും മാതൃ സഹോദരീ-സഹോദരന്മാരുടെയും പെണ്‍മക്കള്‍ താങ്കള്‍ക്ക് അനുവദനീയമാണ്. ഇവരുമായുള്ള വിവാഹം റസൂലുല്ലാഹി (സ)യ്ക്ക് മാത്രമല്ല, എല്ലാ മുസ്ലിംകള്‍ക്കും അനുവദനീയമാണ്. എന്നാല്‍ താങ്കളോടൊപ്പം മക്കയില്‍ നിന്നും പലായനം ചെയ്ത് വന്നവര്‍ റസൂലുല്ലാഹി (സ)യ്ക്കുള്ള പ്രത്യേകതയാണ്. അതായത് പൊതു മുസ്ലിംകള്‍ക്ക് മാതാപിതാക്കളുടെ കുടുംബങ്ങളിലെ സ്ത്രീകള്‍ യാതൊരു നിബന്ധനയുമില്ലാതെ അനുവദനീയമാണ്. എന്നാല്‍ അവരില്‍ നിന്നും റസൂലുല്ലാഹി (സ)യോടൊപ്പം പലായനം ചെയ്തവര്‍ മാത്രമേ റസൂലുല്ലാഹി (സ)യ്ക്ക് അനുവദനീയമാവുകയുള്ളൂ. പലായനം ചെയ്യണം എന്നതില്‍ റസൂലുല്ലാഹി (സ)യോടൊപ്പം ഒരു സമയത്ത് തന്നെ പലായനം ചെയ്യണം എന്നില്ല. പലായനം ചെയ്യാത്തവര്‍ അനുവദനീയമല്ല. റസൂലുല്ലാഹി (സ)യുടെ പിതൃവ്യ പുത്രിയായ ഉമ്മുഹാനിഅ് (റ) ഒരിക്കല്‍ പറയുകയുണ്ടായി: എനിയ്ക്ക് റസൂലുല്ലാഹി (സ)യുമായുള്ള വിവാഹം അനുവദനീയമല്ല. കാരണം ഞാന്‍ മക്കയില്‍ നിന്നും ഹിജ്റ ചെയ്തിട്ടില്ല. (റൂഹുല്‍ മആനി). പൊതു മുസ്ലിംകള്‍ക്ക് മാതാപിതാക്കളുടെ കുടുംബത്തില്‍ പെട്ടവരെ വിവാഹം കഴിക്കാന്‍ ഹിജ്റ ചെയ്യണം എന്ന് നിബന്ധനയില്ല. എന്നാല്‍ റസൂലുല്ലാഹി (സ) വിവാഹം കഴിക്കാന്‍ പലായനം നിബന്ധനയാണ്. ഇതിന് കാരണം വലിയ കുടുംബത്തിലെ സ്ത്രീകള്‍ക്ക് കുടുംബത്തിന്‍റെ പേരില്‍ ഒരു പെരുമ ഉണ്ടാകാറുണ്ട്. റസൂലുല്ലാഹി (സ)യുടെ ഇണകളില്‍ ഈ പെരുമ യോജിച്ചതല്ല. ഈ പെരുമ ദൂരീകരിക്കുന്നതിന് വേണ്ടിയാണ് പലായനം നിബന്ധനയാക്കപ്പെട്ടത്. കാരണം പലായനം ചെയ്യുന്ന സ്ത്രീ അല്ലാഹുവിനോടും റസൂലിനോടുമുള്ള സ്നേഹം, നാടിനോടും വീടിനോടും കുടുംബത്തോടുമുള്ള സ്നേഹത്തേക്കാള്‍ അധികരിച്ചവരായിരിക്കും. കൂടാതെ, ഹിജ്റയുടെ സമയത്ത് ധാരാളം ത്യാഗങ്ങള്‍ ഉണ്ടാകാറുണ്ട്. അല്ലാഹുവിന്‍റെ പാതയില്‍ ത്യാഗങ്ങള്‍ സഹിക്കുന്നതിലൂടെ കര്‍മ്മങ്ങള്‍ കൂടുതല്‍ നന്നാകുന്നതാണ്. ചുരുക്കത്തില്‍ റസൂലുല്ലാഹി (സ)യുടെ മാതാപിതാക്കളുടെ കുടുംബത്തില്‍ പെട്ട ആരെയെങ്കിലും വിവാഹം കഴിക്കുന്നതിന് അവര്‍ മക്കയില്‍ നിന്നും മദീനയിലേക്ക് ഹിജ്റ ചെയ്യുക എന്നത് ഒരു പ്രത്യേക നിബന്ധനയാണ്. 
നാലാമത്തെ നിയമം, സത്യവിശ്വാസിനിയായ ഒരു സ്ത്രീ പ്രവാചകന് സ്വശരീരം ദാനം ചെയ്താല്‍, പ്രവാചകന്‍ അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവളെയും വിവാഹം കഴിക്കാവുന്നതാണ്. ഇത് താങ്കള്‍ക്ക് മാത്രമുള്ള പ്രത്യേകതയാണ്. പൊതുമുസ്ലിംകള്‍ക്കുള്ളതല്ല! ഈ വിഷയത്തില്‍ റസൂലുല്ലാഹി (സ)യ്ക്കുള്ള പ്രത്യേകത വളരെ വ്യക്തമാണ്. പൊതുജനങ്ങളുടെ വിവാഹത്തില്‍ മഹ്ര്‍ നിബന്ധനയാണ്. എന്നാല്‍ റസൂലുല്ലാഹി (സ)യ്ക്ക് ഒരു സ്ത്രീ മഹ്റില്ലാതെ വിവാഹത്തിന് മുന്നോട്ട് വന്നാല്‍ റസൂലുല്ലാഹി (സ)യ്ക്ക് അവരെ വിവാഹം കഴിക്കാവുന്നതാണ്. കുറിപ്പ്: ഈ നിയമം റസൂലുല്ലാഹി (സ)യ്ക്ക് നല്‍കപ്പെട്ട ഒരു അനുവാദമാണെങ്കിലും ഈ നിലയിലുള്ള സംഭവങ്ങള്‍ വല്ലതും നടന്നോ എന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ ഭിന്നതയുണ്ട്. ചിലര്‍ പറയുന്നു: റസൂലുല്ലാഹി (സ) ഇപ്രകാരം ആരെയും വിവാഹം കഴിച്ചിട്ടില്ല. ചിലര്‍ പറയുന്നു: വിവാഹം കഴിച്ചിട്ടുണ്ട്. (റൂഹുല്‍ മആനി). ഇത് താങ്കള്‍ക്ക് മാത്രമുള്ള പ്രത്യേകതയാണ് എന്ന് പറഞ്ഞിരിക്കുന്നത് ഈ നാലാമത്തെ നിയമത്തെക്കുറിച്ച് മാത്രമാണെന്ന് ചിലരും എല്ലാ നിയമങ്ങള്‍ക്കും ബാധകമാണെന്ന് സമഖ്ഷരി (റ)യും മറ്റും പറഞ്ഞിരിക്കുന്നു.(കശ്ശാഫ്).
ശേഷം അല്ലാഹു പറയുന്നു:  താങ്കള്‍ക്ക് ഞെരുക്കമൊന്നും ഉണ്ടാകാതിരിക്കാനാണ് അല്ലാഹു താങ്കള്‍ക്ക് ഈ വിശാലത നല്‍കിയത്! നാലില്‍ കൂടുതല്‍ വിവാഹം അനുവദിക്കുന്ന ഒന്നാം നിയമത്തിലും മഹ്ര്‍ നിര്‍ബന്ധമില്ലാ എന്ന നാലാം നിയമത്തിലും ഞെരുക്കമുണ്ടാക്കാതെ എളുപ്പം നല്‍കുക എന്ന തത്വം വ്യക്തമാണ്. എന്നാല്‍ രണ്ട്, മൂന്ന്, അഞ്ച് എന്നീ നിയമങ്ങളില്‍ അല്‍പ്പം കൂടി നിബന്ധന വര്‍ദ്ധിപ്പിച്ചതിനാല്‍ ഞെരുക്കം കൂടുകയാണ് വേണ്ടത്. പക്ഷേ, അതില്‍ അടങ്ങിയിരിക്കുന്ന നന്മകള്‍ വെച്ച് നോക്കുമ്പോള്‍ ഈ നിബന്ധനകള്‍ ഇല്ലാത്ത പക്ഷം പ്രയാസം ഉണ്ടാകുമായിരുന്നു എന്ന് മനസ്സിലാകുന്നതാണ്. അതുകൊണ്ട് ഈ നിബന്ധകളുടെയും ലക്ഷ്യം റസൂലുല്ലാഹി (സ)യ്ക്ക് പ്രയാസം ദൂരീകരിക്കലും എളുപ്പം നല്‍കലും തന്നെയാണ്. 
അഞ്ചാമത്തെ നിയമം, ഈ നിയമം മുഅ്മിനത്തന്‍ എന്ന പദത്തില്‍ നിന്നും മനസ്സിലാകുന്നതാണ്. അതായത് മറ്റ് മുസ്ലിംകള്‍ക്ക് യഹൂദ-നസ്രാണികളായ സ്ത്രീകളെ വിവാഹം കഴിക്കാമെന്ന് ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ റസൂലുല്ലാഹി (സ)യുടെ ഭാര്യയാകാന്‍ സത്യവിശ്വാസം നിബന്ധനയാണ്. വേദക്കാര്‍ റസൂലുല്ലാഹി (സ)യുടെ ഇണകളാകുന്നതല്ല! റസൂലുല്ലാഹി (സ)യുമായി ബന്ധപ്പെട്ട ഈ അഞ്ച് പ്രത്യേക നിയമങ്ങള്‍ വിവരിച്ച  ശേഷം അല്ലാഹു പൊതു മുസ്ലിംകള്‍ക്കുള്ള നിയമം ചുരുങ്ങിയ നിലയില്‍ ഇപ്രകാരം അറിയിക്കുന്നു: അവരുടെ ഇണകളിലും അടിമകളിലും അവരുടെമേല്‍ നാം നിയമമാക്കിയ കാര്യങ്ങള്‍ നമുക്ക് അറിയാം! അതായത് മേല്‍ പറഞ്ഞ നിയമങ്ങള്‍ റസൂലുല്ലാഹി (സ)യുടെ മാത്രം പ്രത്യേകതകളാണ്. ബാക്കി പൊതു മുസ്ലിംകളുടെ വിവാഹത്തിന് നിയമമാക്കിയ കാര്യങ്ങള്‍ നമുക്ക് അറിയാവുന്നതാണ്. ഉദാഹരണത്തിന് മഹ്ര്‍ കൂടാതെ, അവരുടെ വിവാഹം സാധ്യമല്ല. വേദക്കാരുമായി അവര്‍ക്ക് വിവാഹം കഴിക്കാവുന്നതാണ്. ഇപ്രകാരം കഴിഞ്ഞ നിയമങ്ങളില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ പൊതു മുസ്ലിംകള്‍ക്ക് ബാധകമല്ല. അവസാനമായി പറയുന്നു: താങ്കള്‍ക്ക് ഞെരുക്കമൊന്നും ഉണ്ടാകാതിരിക്കാനാണ് അല്ലാഹു താങ്കള്‍ക്ക് ഈ വിശാലത നല്‍കിയത്! അതായത് വിവാഹത്തിന്‍റെ വിഷയത്തിലുള്ള ഈ പ്രത്യേക നിയമങ്ങള്‍ താങ്കള്‍ക്ക് ഞെരുക്കമൊന്നും ഉണ്ടാകാതിരിക്കാനാണ്. ഇതില്‍ പറയപ്പെട്ടിരിക്കുന്ന നിബന്ധനകളില്‍ ബാഹ്യമായി ഒരുതരം ഞെരക്കമുണ്ടെങ്കിലും അവയിലൂടെ ഉണ്ടാകുന്ന ഗുണങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഈ നിബന്ധനകള്‍ മാനസികമായ പ്രയാസങ്ങളും ഹൃദയ ഞെരുക്കങ്ങളും ദൂരീകരിക്കുന്നതിന് തന്നെയുള്ളതാണ്. 
ഇവിടെവരെ അഞ്ച് നിയമങ്ങളായി. ഈ അഞ്ച് നിയമങ്ങള്‍ റസൂലുല്ലാഹി (സ)യ്ക്ക് എന്തെങ്കിലും പ്രത്യേകത വിളിച്ചറിയിക്കുന്നവയാണ്. ശേഷം ഇതുമായി ബന്ധപ്പെട്ട രണ്ട് നിയമങ്ങള്‍ കൂടി അല്ലാഹു വിവരിക്കുന്നു. ആറാമത്തെ നിയമം, അവരില്‍ താങ്കള്‍ ഉദ്ദേശിക്കുന്നവരെ മാറ്റിനിര്‍ത്തുകയും താങ്കള്‍ ഉദ്ദേശിക്കുന്നവരെ താങ്കളുടെ അരികില്‍ താമസിപ്പിക്കുകയും ചെയ്യുക! ഇതിലെ തുര്‍ജി എന്ന പദം ഇര്‍ജാഇല്‍ നിന്നും ഇറക്കപ്പെട്ടതാണ്. ഇതിന്‍റെ ആശയം പിന്തിക്കുക എന്നാണ്. തുഅ്വി എന്നത് ഈവാഇല്‍ നിന്നും എടുക്കപ്പെട്ടതാണ്. ഇതിന്‍റെ ആശയം അടുപ്പിക്കുക എന്നാണ്. ആശയമിതാണ്: പവിത്ര പത്നിമാരില്‍ താങ്കള്‍ ഉദ്ദേശിക്കുന്നവരുടെ കാര്യം പിന്തിക്കുകയും താങ്കള്‍ ഉദ്ദേശിക്കുന്നവരെ അടുപ്പിക്കുകയും ചെയ്യുക. ഇത് റസൂലുല്ലാഹി (സ)യ്ക്കുള്ള പ്രത്യേക നിയമമാണ്. പൊതു സമുദായത്തിന് ഒന്നില്‍ കൂടുതല്‍ ഭാര്യമാര്‍ ഉണ്ടായിരുന്നാല്‍ അവര്‍ക്കിടയില്‍ തുല്യത പുലര്‍ത്തേണ്ടത് നിര്‍ബന്ധമാണ്. ഇതിന് എതിര് പ്രവര്‍ത്തിക്കുന്നത് നിഷിദ്ധമാണ്. അതായത് ഒരാളുടെ അരികില്‍ കഴിയുന്ന അത്രയും രാത്രി മറ്റുള്ളവരുടെയും അരികില്‍ കഴിയേണ്ടതാണ്. ഇതുപോലെ ചിലവും തുല്യമായി നല്‍കേണ്ടതാണ്. എന്നാല്‍ റസൂലുല്ലാഹി (സ)യ്ക്ക് ഈ വിഷയത്തില്‍ പരിപൂര്‍ണ്ണമായി സ്വാതന്ത്ര്യം നല്‍കപ്പെട്ടിരിക്കുന്നു. ഭാര്യമാര്‍ക്കിടയില്‍ തുല്യത നിര്‍ബന്ധമില്ല. ശേഷം പറയുന്നു: താങ്കള്‍ മാറ്റിനിര്‍ത്തിയ ആരെയെങ്കിലും താങ്കള്‍ ആഗ്രഹിച്ചാല്‍ അതിലും താങ്കള്‍ക്ക് കുഴപ്പമില്ല. അവരെ രണ്ടാമതും അരികില്‍ താമസിപ്പിക്കാവുന്നതാണ്! 
അല്ലാഹു തആല ഭാര്യമാര്‍ക്കിടയില്‍ തുല്യത പുലര്‍ത്തേണ്ട നിയമത്തില്‍ നിന്നും റസൂലുല്ലാഹി (സ)യെ ഒഴിവാക്കിയെങ്കിലും റസൂലുല്ലാഹി (സ) ഈ അനുമതി ഉള്ളതിനോട് കൂടിത്തന്നെ എപ്പോഴും നിര്‍ബന്ധമായും തുല്യത പുലര്‍ത്തുമായിരുന്നു. ഇമാം ജസ്സാസ് (റ) കുറുക്കുന്നു: റസൂലുല്ലാഹി (സ) ഈ ആയത്ത് അവതരിച്ചതിന് ശേഷവും പവിത്ര പത്നിമാര്‍ക്കിടയില്‍ തുല്യത പുലര്‍ത്തിയിരുന്നു എന്നാണ് ഹദീസുകളില്‍ നിന്നും മനസ്സിലാകുന്നത്. മാത്രമല്ല, ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) എല്ലാ ഭാര്യമാര്‍ക്കുമിടയില്‍ തുല്യത പുലര്‍ത്തുകയും ഇപ്രകാരം അല്ലാഹുവിനോട് ദുആ ഇരക്കുകയും ചെയ്യുമായിരുന്നു: അല്ലാഹുവേ, എന്‍റെ അധികാരത്തില്‍ പെട്ട കാര്യങ്ങളായ ചിലവ്, രാത്രി കഴിച്ച് കൂട്ടല്‍ മുതലായവയില്‍ ഞാന്‍ തുല്യത പുലര്‍ത്തുന്നു. എന്‍റെ നിയന്ത്രണത്തില്‍ അല്ലാത്ത വിഷയങ്ങളായ മാനസിക സ്നേഹം ആരോടെങ്കിലും കൂടുന്നതിനും കുറയുന്നതിനും നീ എന്നെ ആക്ഷേപിക്കരുതേ. (അബൂദാവൂദ്). ആഇശ (റ) പറയുന്നു: റസൂലുല്ലാഹി (സ) ഈ ആയത്ത് ഇറങ്ങുന്നതിന് മുന്‍പും ഏതെങ്കിലും ഭാര്യമാരോട് അരികില്‍ പോകാന്‍ സാധിക്കാത്ത സമയങ്ങളില്‍ അവരോട് പ്രത്യേകം അനുവാദം ചോദിക്കുമായിരുന്നു. (ബുഖാരി). വിയോഗ രോഗത്തിന്‍റെ സന്ദര്‍ഭത്തില്‍ വിവിധ ഭാര്യമാരുടെ വീടുകളില്‍ പോകുന്നത് ബുദ്ധിമുട്ടായപ്പോള്‍ എല്ലാവരോടും അനുവാദം ചോദിച്ചുകൊണ്ടാണ് ആഇശ (റ)യുടെ വീട്ടില്‍ താമസിച്ചത്. (ബുഖാരി). അതെ, എല്ലാ നബിമാരും പ്രത്യേകിച്ചും സയ്യിദുല്‍ അമ്പിയാഅ് റസൂലുല്ലാഹി (സ)യുടെ സമുന്നത സ്വഭാവമാണിത്. അല്ലാഹു എളുപ്പത്തിന് വേണ്ടി നല്‍കിയ ഇളവുകള്‍ നന്ദിയോടെ കാണുകയും എന്നാല്‍ പ്രവര്‍ത്തനം ഉന്നതമായ നിലയില്‍ തന്നെ പ്രവര്‍ത്തിക്കുകയും അത്യാവശ്യ സമയത്ത് മാത്രം ഇളവുകളെ പ്രയോജനപ്പെടുത്തുകയും ചെയ്യുമായിരുന്നു. 
ആറാമത്തെ നിയമം,  ഇതിലൂടെ അവരുടെ നയനങ്ങള്‍ കുളിരണിയുകയും അവര്‍ ദുഃഖിക്കാതിരിക്കുകയും താങ്കള്‍ നല്‍കുന്നതില്‍ അവരെല്ലാം തൃപ്തിപ്പെടുകയും ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമാണിത്! അതായത് റസൂലുല്ലാഹി (സ)യില്‍ നിന്നും ഭാര്യമാര്‍ക്കുള്ള തുല്യത എടുത്ത് മാറ്റിയതും റസൂലുല്ലാഹി (സ)യ്ക്ക് വിശാലത നല്‍കിയതും എല്ലാ ഇണകളുടെ കണ്ണുകള്‍ കുളിര്‍മ്മ അണയാനും അവര്‍ക്ക് ലഭിക്കുന്നതില്‍ തൃപ്തിപ്പെടാനുമാണ്! ഇവിടെയൊരു സംശയം ഉണ്ടാകാം: ഈ നിയമം പവിത്ര പത്നിമാരുടെ ഇഷ്ടത്തിന് എതിരും ദു:ഖത്തിന് കാരണവും ആകാം എന്നിരിക്കേ, അവരുടെ സന്തോഷത്തിന് കാരണമാണ് എന്ന് പറയുന്നത് എന്തിനാണ്? ഇതിന്‍റെ മറുപടി ആശയ സംഗ്രഹത്തില്‍ വന്നിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അതൃപ്തിയുണ്ടാകുന്നത് അര്‍ഹതയുണ്ടായിരിക്കുന്ന സമയത്താണ്. എന്നോട് അദ്ദേഹത്തിന് ഇന്ന കടമകളുണ്ട് എന്ന് ഒരാള്‍ക്ക് അറിയുമെങ്കില്‍ അതില്‍ വീഴ്ച്ച വരുത്തുമ്പോള്‍ അയാള്‍ക്ക് ദു:ഖമുണ്ടാകുന്നതാണ്. കടമകള്‍ എന്തെങ്കിലും ഉണ്ടെന്ന് യാതൊരു അറിവും ഇല്ലാത്ത ഒരു വ്യക്തിയുടെ ഭാഗത്ത് നിന്നും വല്ല ഉപകാരങ്ങളും ഉണ്ടായാല്‍ വളരെയധികം സന്തോഷം അനുഭവപ്പെടുന്നതാണ്. ഇവിടെ അല്ലാഹു പറയുന്നു: ഭാര്യമാരില്‍ തുല്യത കാണിക്കല്‍ താങ്കളുടെ മേല്‍ നിര്‍ബന്ധമില്ല. മറിച്ച് താങ്കള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഇത്തരുണത്തില്‍ അവര്‍ക്ക് ലഭിക്കുന്ന റസൂലുല്ലാഹി (സ)യുടെ സമയവും സഹവാസവും വലിയൊരു ഉപകാരമായി കണ്ട് അവര്‍ സന്തോഷിക്കുന്നതാണ്. 
അവസാനമായി അല്ലാഹു പറയുന്നു: നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹുവിന് നന്നായി അറിയാം. അല്ലാഹു എല്ലാം അറിയുന്നവനും സഹനശീലനുമാണ്! വിവാഹവുമായി ബന്ധപ്പെട്ട് റസൂലുല്ലാഹി (സ)യ്ക്കുള്ള വിവിധ പ്രത്യേകതകളാണ് ഇതുവരെയും പറയപ്പെട്ടത്. മറ്റുചില കാര്യങ്ങള്‍ അടുത്ത പിന്നാലെ വരുന്നുമുണ്ട്. ഇടയ്ക്ക് വലിയ ബന്ധമൊന്നും മനസ്സിലാകാത്ത ഒരു വാചകം- നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങള്‍ അല്ലാഹു അറിയുന്നുണ്ട് എന്ന് പറഞ്ഞത് എന്തിനാണ്? അല്ലാമാ ആലൂസി (റ) പറയുന്നു: റസൂലുല്ലാഹി (സ)യ്ക്ക് നാലില്‍ കൂടുതല്‍ വിവാഹത്തിനും മഹ്ര്‍ ഇല്ലാതെയുള്ള വിവാഹത്തിനും അനുമതി നല്‍കിയതിന്‍റെ പേരില്‍ ആരുടെയെങ്കിലും മനസ്സില്‍ പൈശാചിക ദുര്‍ബോധനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇടയ്ക്ക് ഇപ്രകാരം പറഞ്ഞുകൊണ്ട് അല്ലാഹു മുസ്ലിംകളെ ഉണര്‍ത്തുന്നു: നിങ്ങളുടെ മനസ്സുകളെ ഇത്തരം മോശമായ ചിന്തകളില്‍ നിന്നും പരിശുദ്ധമാക്കുക. റസൂലുല്ലാഹി (സ)യ്ക്കുള്ള ഈ പ്രത്യേകതകളെല്ലാം അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നും ഉള്ളതാണ്. ഇതില്‍ ധാരാളം തത്വങ്ങളും നന്മകളുമുണ്ട്. മാനസിക താല്‍പ്പര്യങ്ങളുമായി ഇവയ്ക്ക് യാതൊരു ബന്ധവുമില്ല. (റൂഹുല്‍ മആനി). 

*********************************************************************************

മആരിഫുല്‍ ഹദീസ്


ദിക്റുല്ലാഹ്

മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി



സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവിനെ വളരെ കൂടുതല്‍ സ്മരിക്കുക. പ്രഭാതത്തിലും പ്രദോഷത്തിലും നിങ്ങള്‍ പടച്ചവന്‍റെ പരിശുദ്ധി പ്രകീര്‍ത്തിക്കുക. (അഹ്സാബ് 41-42)
ഭൂമിയില്‍ നന്മയുണ്ടാക്കിയതിന് ശേഷം നാശമുണ്ടാക്കരുത്. ഭയത്തോടെയും പ്രതീക്ഷയോടെയും അല്ലാഹുവിനെ വിളിക്കുക. തീര്‍ച്ചയായിട്ടും അല്ലാഹുവിന്‍റെ കാരുണ്യം നന്മ നിറഞ്ഞവരിലേക്ക് വളരെ അടുത്തിരിക്കുന്നു. (അഅ്റാഫ് 56)
ഇമാം ഷാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി (റഹ്) കുറിക്കുന്നു: 'ആദരണീയ നബിമാര്‍ പ്രബോധനം ചെയ്ത വിജയ-മോക്ഷങ്ങളുടെ രാജപാതയായ ഇസ്ലാമിക ശരീഅത്തിന്‍റെ അദ്ധ്യായങ്ങള്‍ ധാരാളമാണ്. ഓരോ അദ്ധ്യായത്തിനും കീഴില്‍ ആയിരക്കണക്കിന് നിയമങ്ങളുണ്ട് എന്നാല്‍ എണ്ണി തിട്ടപ്പെടുത്താന്‍ കഴിയാത്ത ഈ കാര്യങ്ങളെല്ലാം അടിസ്ഥാനപരമായി നാല് ശീര്‍ഷകങ്ങളില്‍ ഒതുക്കാവുന്നതാണ്. 1. ശുദ്ധി. 2. ധ്യാനം. 3. ധര്‍മ്മം. 4. നീതി.' (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ) തുടര്‍ന്ന്, ഈ പ്രസ്ഥാവന സുന്ദരമായ നിലയില്‍ അദ്ദേഹം സമര്‍ത്ഥിച്ചിട്ടുണ്ട്. മആരിഫുല്‍ ഹദീസ് രണ്ടാം ഭാഗത്തിന്‍റെ തുടക്കത്തിലുള്ള ശുദ്ധിയുടെ അദ്ധ്യായത്തില്‍ ശുദ്ധിയുമായി ബന്ധപ്പെട്ട് അദ്ദേഹം കുറിച്ച കാര്യങ്ങള്‍ ഉദ്ധരിച്ചു കഴിഞ്ഞു. ഇവിടെ നമ്മുടെ വിഷയമായ ധ്യാനത്തെ കുറിച്ച് മഹാനവര്‍കള്‍ പറയുന്നത് ശ്രദ്ധിക്കുക: 'പരിഭ്രമത്തിന്‍റെയും ഭയത്തിന്‍റെയും സ്നേഹത്തിന്‍റെയും അവസ്ഥകളും അല്ലാഹുവിന്‍റെ പൊരുത്തവും ഔദാര്യവും തേടുന്ന വികാരങ്ങളും മുറുകെപ്പിടിച്ച് മഹോന്നതനായ അല്ലാഹുവിന്‍റെ സമക്ഷത്തില്‍ ശരീരവും മനസ്സുംകൊണ്ട് തന്‍റെ അടിമത്വവും ആവശ്യവും പ്രകടിപ്പിക്കുന്നതിനാണ് ഇഖ്ബാത്ത് (വിനയത്തോടെയുള്ള ധ്യാനം) എന്ന് പറയപ്പെടുന്നത്. ഇത് ഉണ്ടാക്കിയെടുക്കാനുള്ള വിശിഷ്ടമായ മാര്‍ഗ്ഗങ്ങളാണ് നമസ്കാരവും ദിക്റുകളും ഖുര്‍ആന്‍ പാരായണവും'. (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ ഭാഗം: 2)
നമസ്കാരത്തെ കുറിച്ച് റസൂലുല്ലാഹി (സ)യുടെ ഹദീസുകളും പതിവുകളും അല്ലാഹുവിന്‍റെ കൃപയാല്‍ വിവരിച്ചുകഴിഞ്ഞു. ദിക്റുദുആകളെയും ഖുര്‍ആന്‍ പാരായണത്തെയും കുറിച്ചുള്ള വിവരണമാണ് ഈ ഭാഗത്ത് നടത്തുന്നത്. അല്ലാഹു, ഇതെഴുതുന്ന പാവിയായ ദാസനും വായിക്കുന്ന സഹോദരങ്ങള്‍ക്കും ഈ ഹദീസുകളനുസരിച്ച് പ്രവര്‍ത്തിക്കുവാനും പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുവാനും തൗഫീഖ് നല്‍കട്ടെ!. 

ദിക്റിന്‍റെ മഹത്വങ്ങളും ഐശ്വര്യങ്ങളും

ശൈഖ് ഇബ്നുല്‍ ഖയ്യിം (റഹ്) മദാരിജുസ്സാലികീന്‍ എന്ന ഗ്രന്ഥത്തില്‍, അല്ലാഹുവിനെ വാഴ്ത്തുകയും പുകഴ്ത്തുകയും ധ്യാനിക്കുകയും ചെയ്യുന്നതിന്‍റെ പ്രാധാന്യവും മഹത്വവും ഐശ്വര്യങ്ങളും വിവരിച്ചുകൊണ്ട് ഉജ്ജലമായ ഒരു ലേഖനം തന്നെ എഴുതിയിട്ടുണ്ട്. ഹജ്ജ് കര്‍മ്മങ്ങളെ കുറിച്ച് റസൂലുല്ലാഹി (സ) അരുളി: അല്ലാഹുവിന്‍റെ ദിക്റിന്‍റെ സംസ്ഥാപനത്തിനുവേണ്ടിയാണ് ത്വവാഫും സഅ്യും ജംറഃ ഏറുകളും നിയമമാക്കപ്പെട്ടത്'. 
നമസ്കാരം മുതല്‍ ജിഹാദ് വരെയുള്ള സകല സല്‍ക്കര്‍മ്മങ്ങളുടെയും ആത്മാവ് അല്ലാഹുവിന്‍റെ ധ്യാനമാണെന്ന് ഈ വചനങ്ങള്‍ വിളിച്ചറിയിക്കുന്നു. അതെ, അല്ലാഹുവിന്‍റെ ധ്യാനം, വിലായത്ത് (അല്ലാഹുവിനോടുള്ള സ്നേഹാനുരാഗം) ന്‍റെ അടിസ്ഥാനമാണ്. ഇത് ലഭിച്ചവന്‍ അല്ലാഹുവുമായി ഉറച്ച ബന്ധം സ്ഥാപിച്ചവനായി, ലഭിക്കാത്തവന്‍ വിദൂരത്തായി. അല്ലാഹുവിന്‍റെ ദിക്റ്, അവന്‍റെ ഇഷ്ടദാസരുടെ മനസ്സിന്‍റെ ആഹാരവും ജലവുമാണ്. ഇതില്ലാത്തവരുടെ മനസ്സുകള്‍ ശ്മശാനമാണ്. ദിക്റ്, മാനസിക ലോകത്തിന്‍റെ ജീവനാണ്. ദിക്റില്ലാത്തവരുടെ മനസ്സുകള്‍ ശൂന്യമാണ്. ആത്മീയതയുടെ കൊള്ളക്കാരെ അടിച്ചൊതുക്കാനുള്ള ആയുധമാണ്. അകതാരിലെ അഗ്നിയെ അണയ്ക്കാനുള്ള വെള്ളവുമാണ്. അദൃശ്യജ്ഞാനിയായ അല്ലാഹുവിന്‍റെയും മനുഷ്യരുടെയും ഇടയിലുള്ള ബന്ധത്തിന്‍റെ ശക്തമായ പാശവുമാണ്. (മദാരിജുസ്സാലികീന്‍) 
അല്ലാഹുവിന്‍റെ ദിക്റിന്‍റെ പ്രതിഫലനവും ഐശ്വര്യവും വിവരിച്ചുകൊണ്ട് ശൈഖ് ഇബ്നുല്‍ ഖയ്യൂം (റ)യുടെ പത്ത് കാര്യങ്ങളാണ് വിവരിച്ചതെങ്കിലും പരിശുദ്ധ ഖുര്‍ആനില്‍ വേറെയും പല ശീര്‍ഷകങ്ങളായി ദിക്റിനെ പ്രേരിപ്പിച്ചിച്ചിട്ടുണ്ട്. ഒരിടത്ത് പറയുന്നു: അല്ലാഹുവിന്‍റെ ദിക്റിലൂടെയാണ് മനസ്സുകള്‍ക്ക് സമാധാനമുണ്ടാകുന്നത്. (റഅ്ദ്) ഒരു മഹാന്‍ കുറിക്കുന്നു: മനസ്സുകളെ പ്രകാശപൂരിതമാക്കുകയും ദുഃസ്വഭാവങ്ങളെ സല്‍സ്വഭാവമാക്കിമാറ്റുകയും ചെയ്യുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിക്കുന്ന കര്‍മ്മം അല്ലാഹുവിന്‍റെ ദിക്റാണ്. നമസ്കാരം മ്ലേച്ഛവും പാപകരവുമായ കാര്യങ്ങളില്‍ നിന്നും തടയുന്നതാണെന്ന് അല്ലാഹു തന്നെ അറിയിച്ചിട്ടുണ്ട്. (തര്‍ബീഉല്‍ ജവാഹിര്‍)
ഈ ആമുഖത്തിന് ശേഷം അല്ലാഹുവിന്‍റെ ദിക്റിന്‍റെ പ്രാധാന്യം വിവരിക്കുന്ന റസൂലുല്ലാഹി (സ) യുടെ തിരുവചനങ്ങള്‍ പാരായണം ചെയ്യുക........ 
1. അബൂഹുറയ്റ (റ), അബൂ സഈദ് (റ) ഇരുവരും പറയുന്നു: റസൂലുല്ലാഹി (സ) അരുളി: അല്ലാഹുവിന്‍റെ കുറച്ച് ദാസന്മാര്‍ എവിടെയെങ്കിലുമിരുന്ന് അല്ലാഹുവിനെ ധ്യാനിച്ചാല്‍ നിര്‍ബന്ധമായും അല്ലാഹുവിന്‍റെ മലക്കുകള്‍ അവരെ വലയം ചെയ്യുന്നതും ഇലാഹീ റഹ്മത്ത് അവരെ മൂടുന്നതും സകീനത്ത് അവരുടെമേല്‍ ഇറങ്ങുന്നതും അവരെ കുറിച്ച് അല്ലാഹു സമീപസ്ഥരായ മലക്കുകളോട് അനുസ്മരിക്കുകും ചെയ്യുന്നതാണ്. 
വിവ: കുറച്ചാളുകള്‍ ഒരിടത്ത് കൂടിയിരുന്ന് അല്ലാഹുവിനെ ധ്യാനിക്കുന്നത് പ്രത്യേക അനുഗ്രഹങ്ങള്‍ക്ക് കാരണമാകുന്നതാണ് എന്ന് ഈ ഹദീസിലൂടെ വ്യക്തമായി മനസ്സിലാകുന്നു. ഷാഹ് വലിയ്യുല്ലാഹ് ഈ ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട് കുറിക്കുന്നു: ഒരിടത്ത് ഒരുമിച്ചുകൂടിയിരുന്ന് ദിക്റ് ദുആകള്‍ ചെയ്യുന്നത് അല്ലാഹുവിന്‍റെ കാരുണ്യത്തിനും മലക്കുകളുടെ സാമീപ്യത്തിനും സമാധാനത്തിനും കാരണമാകുന്നതാണെന്നതില്‍ യാതൊരു സംശയവുമില്ല.



**********************************************************************************

ബാനീ ദാറുല്‍ ഉലൂം ഭാഗം-8

അവസാന ഹജ്ജും അന്ത്യ യാത്രയും


ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി

 
രണ്ടാം ഹജ്ജ്
ഹസ്രത്തവർകളുടെ പ്രഥമ ഹജ്ജിനെക്കുറിച്ചുള്ള വിവരണം നാലാം അദ്ധ്യായത്തിൽ കഴിഞ്ഞു. ഹി: 1286-ൽ രണ്ടാമത്തെ ഹജ്ജിന് ഹസ്രത്തിന് ഭാഗ്യമുണ്ടായി. ഹസ്രത്തവർകളുടെ രചനകളിൽ ഏറ്റവും കടുപ്പമായതാണ് 'ആബെഹയാത് ഈ രചന ഈ യാത്രയിലാണ് നടത്തിയത്. അതിന്റെ തുടക്കത്തിൽ, ഹൃസ്വമായ വാക്കുകളിൽ ഇക്കാര്യത്തെ പരാമർശിക്കുന്നുണ്ട്. അവ ശ്രദ്ധിക്കുക. ഹി: 1286 റമളാനിന് മുമ്പ് മീറഠിലെ ളിയാ ഈ പ്രസ് ഉടമ മുഹമ്മദ് ഹയാത്ത് ഹദ്യത്തുശ്ശീ അ (ഹസ്രത്തിന്റെ ഗ്രന്ഥം) അച്ചടിക്കാൻ ഉദ്ദേശിച്ചു. അത് തിരുത്താൻ എന്നെ ചുമതലപ്പെടുത്തി. റസൂലുല്ലാഹി (സ്വ) ശരീരത്തോടുകൂടി ജീവിച്ചിരിക്കുന്നുവെന്ന് ഹദ്‌യതുശ്ശീ അയിൽ ഉന്നയിച്ചിട്ടുള്ള വാദം സലക്ഷ്യം വിവരിക്കണമെന്ന ആഗ്രഹം തിരുത്തുന്നതിനിടയിൽ ഉണ്ടായി. അങ്ങനെ, ആദ്യം ആ വാദം സലക്ഷ്യം സമർത്ഥിക്കാനും തുടർന്ന് അതിനെതിരായി തോന്നാവുന്ന ആയത്തൂ-ഹദീസുകൾക്ക് മറുപടി കുറിക്കാനും തീരുമാനിച്ചു. അതിന് തുടക്കം കുറിക്കുകയും ചെയ്തു. റമളാനും മറ്റു ചില തടസ്സങ്ങളും ഇടയിൽ വന്നതുകൊണ്ട് റമളാനിൽ അത് പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. റമളാൻ കഴിഞ്ഞപാടെ ഹജ്ജ് യാത്രക്ക് പ്രേരിപ്പിക്കുന്ന ചില കാര്യങ്ങൾ അദൃശ്യമായി ഉണ്ടായി. അങ്ങനെ ശവ്വാൽ എട്ടിന് നാടിനോട് വിടപറഞ്ഞു. ബൈതുല്ലാഹിയുടെ പാത തിരഞ്ഞെടുത്തു. മുഹമ്മദ് ഹയാത് സാഹിബിന്റെ നിർബന്ധപ്രകാരം ഗ്രന്ഥത്തിന്റെ തിരുത്താനുള്ള കോപ്പിയും കൈയ്യിലെടുത്തൂ. ബോംബെയിലെത്തി പത്തിരുപത് ദിവസം അവിടെ താമസിക്കേണ്ടിവന്നെങ്കിലും കുറച്ചു ദിവസം മടി കാരണവും കുറച്ചു ദിവസം രോഗത്തിന്റെ പേരിലും ഒന്നും എഴുതാൻ സാധിച്ചില്ല. അവസാനത്തെ നാലഞ്ചു ദിവസം മനസ്സിനെ പിടിച്ചിരുത്തി കഴിയുന്നതെല്ലാം എഴുതി പൂർത്തിയാക്കി. കാരണം പ്രശ്‌ന സങ്കീർണ്ണമായ (1857-ലെ) ഇന്ത്യൻ ലഹളയ്ക്കുശേഷം പഴയ നാടായ ത്ഥാനാഭവനിനെ ഉപേക്ഷിച്ച ബഹുമാന്യ മുർശിദ് (ഹാജി, ഇംദാദുല്ല) ചില അദൃശ്യ സൂചനകളുടെ അടിസ്ഥാനത്തിൽ മക്കാമുക്കർറമയിൽ താമസമാക്കിയിരുന്നു. മുർശിദിനെ കാണിക്കാൻ വേണ്ടി എഴുതിയതിന്റെ ഒരു പ്രതി പകർത്തിയെടുത്ത യഥാർത്ഥ പ്രതി മീറഠിലേക്കയക്കാമെന്നായിരുന്നു ഉദ്ദേശം. എന്നാൽ പകർത്തിയെഴുതാൻ കഴിയുന്നതിനുമുമ്പ് യാത്രാദിനം വന്നെത്തി. അതുകൊണ്ട്, മീറഠിലേയ്ക്ക് അയയ്ക്കുന്ന കാര്യം മാറ്റിവച്ചു കാരണം, ഹസ്രത്ത്മുർശിദിനെ ഇത് ഒരു പ്രാവിശ്യം വായിച്ചു കേൾപ്പിക്കുകയോ ഹളറത്ത് ഇതിനെ വായിക്കുകയോ ചെയ്യൽ ആവശ്യമായി കരുതി. അങ്ങനെ എഴുതിയ പ്രതിയും കൊണ്ട് കപ്പലിൽ കയറി യാത്ര തുടങ്ങി. വഴികേടും ദുർനടത്തവും കാരണം പുണ്യകരയിലെത്തുമോ എന്ന് ആശങ്കയുണ്ടായിട്ടും ഇലാഹീ കടാക്ഷം കൊണ്ട് മാത്രം കടൽ കടന്ന് ജിദ്ദയിലെത്തി. അവിടെ നിന്നും രണ്ടുദിവസം യാത്രചെയ്ത് മക്കാമുകർറമയിലെത്തി. രണ്ടുലക്ഷ്യസ്ഥാനങ്ങളെയും സന്ദർശിച്ചു. അതായത് ബൈത്തുല്ലാഹി (സാദഹല്ലാഹുശറഫൻ-വഇസ്സതൻ ഇലാ-യൗമിൻ ഖിയാമ) യെ ത്വാവാഫ് ചെയ്തു. ബഹുവന്ദ്യനായ മുർശിദിനെ സന്ദർശിച്ചു. (ഇവിടെ മുർശിദിന് ഇരുപതുവിശേഷണങ്ങൾ ഹസ്രത്ത് കുറിച്ചിട്ടുണ്ട്) കിതാബ് വായിച്ചു കേട്ട മുർശിദ് അവർകൾ ഈ ചെറുഹദ്‌യ സ്വീകരിച്ച് സമ്മാനമായി ദുആകൾ നൽകി. കൂടാതെ പ്രേരണാവാക്യങ്ങൾ കൊണ്ട് ഈ വിവരമില്ലാത്തവന്റെ മനസ്സിന് സമാധാനം പകർന്നു. ഒന്നുമറിയാത്ത ഖാസിമിന് ഇത്ര വലിയ വിജ്ഞാനങ്ങൾ എവിടെ നിന്നു കിട്ടി എന്ന് ചിന്തിച്ചു ഇനി എന്തിന് അത്ഭുതപ്പെടണം? ശംസുൽ ആരീഫീനി (ഹാജി സാഹിബ്) ന്റെ പ്രഭാകിരണങ്ങളാണ് ഇതെല്ലാം. വിശുദ്ധ അധരത്തിൽ നിന്നും ശരിവെച്ചുകൊണ്ടുള്ള ശബ്ദം കേട്ടപ്പോൾ വിനീതന് എഴുതിയ കാര്യങ്ങളെക്കുറിച്ച് ഉറപ്പുവന്നു. സയ്യിദുൽ മൗജുദാത്ത് സർവ്വറെകാഇനാത്ത് (സ്വ)യുടെ ജിവിതത്തെ സമർത്ഥിച്ചുകൊണ്ടുള്ള ഭാഗം ഹദ്‌യത്തൂശ്ശി അയിൽ നിന്നും മാറ്റി പ്രത്യേക ഗ്രന്ഥമാക്കാൻ ഇത്തരുണത്തിൽ ഹസ്‌റത്ത് നിർദ്ദേശിച്ചു. അങ്ങനെ, ആ വിഷയത്തിൽ ഒരു പ്രത്യേക ഗ്രന്ഥം രചിക്കാനും ഇലാഹിന്റെ വീട്ടിൽ നിന്നും രചന തുടങ്ങാനും സർവ്വറെ ആലം (സ) യുടെ പടിവാതിക്കൽവച്ച് രചന പൂർത്തീകരിക്കാനും ഉദ്ദേശിച്ചു തൂലിക എടുത്തിരിക്കുകയാണ്. ഇനി മുഴുവൻ എഴുതാൻ കഴിഞ്ഞില്ലെങ്കിൽ കഴിയുന്നത്രയെങ്കിലും എഴുതാം കാരണം ളലൂമും ജഹൂലുമായ ഈയുള്ളവൻ, സ്വീകാര്യതയുടെ മാധ്യമമായി ഇതിനെ കാണുന്നു. ഇലാഹീ സമക്ഷത്തിൽ ഇരുന്നുകൊണ്ടാണ് ഈ എളിയവൻ ഈ വരികൾ കുറിക്കുന്നത്. മറ്റെന്നാൾ ദുൽഹജ്ജ് ഇരുപത്തിയഞ്ചിന് മദീനാ മുനവ്വറയിലേയ്ക്ക് ചിലർ പോകുന്നുണ്ട്. അവരോടൊപ്പം ഉമ്മത്തിലെ ഈ നാണംകെട്ടവനും പോകണമെന്നാഗ്രഹിക്കുന്നു. ഇതാണ് ഹസ്‌റത്തിന്റെ രണ്ടാം ഹജ്ജിനെ കുറിച്ചുള്ള വിവരണം ഹസ്‌റത്തിന്റെ തന്നെ വാക്കുകളിൽ ഇനി അവസാന ഹജ്ജിനെയും അന്ത്യയാത്രയേയും കുറിച്ചുള്ള വിവരണങ്ങൾ കാണുക. അവസാന ഹജ്ജ്: രണ്ടാമത്തെ ഹജ്ജ് കഴിഞ്ഞ് എട്ടുവർഷം തികയുന്നതിന് മുമ്പ് ഹി.1294 (ക്രി.1877)-ൽ മൂന്നാമത്തെയും അവസാനത്തെയും ഹജ്ജ് ഹസ്രത്ത് നിർവ്വഹിച്ചു. ഇതേവർഷംതന്നെയാണ് ശാഹ്ജഹാൻപൂർവ്വ സംവാദത്തിൽ ഇസ്‌ലാമിന്റെ വെന്നിക്കൊടി ഹസ്രത്ത് പാറിച്ചത് എന്നോർക്കുക. പോകാനുണ്ടായ സാഹചര്യം ഇതാണ്: ഈ വർഷം ആത്മ സുഹൃത്തായ ഹസ്രത്ത് ഗൻഗോഹിയും ഇന്ത്യയിലെ പ്രധാനപ്പെട്ട ചില പണ്ഡിത മഹത്തുക്കളും ഹജ്ജിന് പുറപ്പെടാൻ തീരുമാനിച്ചു. യാത്രയ്ക്കുള്ള നാളുകൾ അടുത്തപ്പോൾ ഹസ്രത്ത് നാനൂത്തവി ഗംഗോഹിലെത്തി. ആത്മ സുഹൃത്തിനെ ഹസ്രത്ത് ഗൻഗോഹി വളരെ സ്‌നേഹപൂർവ്വം ക്ഷണിച്ചു. യാതൊരു തയ്യാറെടുപ്പും നടത്താതിരുന്ന ഹസ്രത്ത് കാരണം ബോധിപ്പിച്ചെങ്കിലും പ്രേരണകൾ തുടർന്നുകൊണ്ടിരുന്നു. സാധന-സാമഗ്രികൾ ഉണ്ടായാലും ഇല്ലെങ്കിലും സഹയാത്ര നടക്കുമെന്ന തീരുമാനത്തിൽ അർദ്ധരാത്രി വരെ നീണ്ട സംസാരം അവസാനിച്ചു. ഇരുമഹാന്മാരുടെയും യാത്രാ വിവരമറിഞ്ഞ് നിരവധി ഉലമാ മഹത്തുക്കൾ യാത്രക്ക് സന്നദ്ധരായി. മൗലാനാ മള്ഹർ നാനൂത്ഥവി, മൗലാനാ മുഹമ്മദ് ഇസ്മാഈൽ കാന്ദ്#ലവി, മൗലാനാ മുഹമ്മദ് മുനീർ നാനൂത്ഥവി, മൗലാനാ മുഹമ്മദ് യഅ്ഖൂബ് നാനൂത്ഥവി, മൗലാനാ റഫീഉദ്ദീൻ, ശൈഖുൽ ഹിന്ദ് മൗലാനാ മഹ്മൂദുൽ ഹസൻ എന്നീ മഹാന്മാർ ഇക്കൂട്ടത്തിൽ പ്രത്യേകം സ്മരണീയരാണ്. ഇവിടെ ഒരുകാര്യം പ്രത്യേകം ചിന്തനീയമാണ്. തുർക്കിക്കും റഷ്യക്കും ഇടയിൽ യുദ്ധം നടന്ന കാലമാണത്. ഇതിൽ ദേവ്ബന്ദീ മഹാന്മാർ തുർക്കീ മുജാഹിദുകൾക്ക് മനസ്സാവാചാ കർമ്മണാ പിന്തുണ നൽകിയിരുന്നു. ഈ വിഷയത്തിൽ ഹസ്രത്തും കൂട്ടരും എഴുതിയിട്ടുള്ള അറബി ഈരടികൾ ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അതിലൂടെ തുർക്കി ഖിലാഫത്തുമായുള്ള അവരുടെ ആത്മീയ ബന്ധം വ്യക്തമായി കാണാൻ കഴിയും. ഹജ്ജും സിയാറത്തും കഴിഞ്ഞാൽ തുർക്കിയിലേക്കു പോയി. മുജാഹിദുകളോടൊപ്പം പങ്കെടുക്കണമെന്നും ഈ മഹത്തുക്കൾക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഹജ്ജും സിയാറത്തും കഴിഞ്ഞപാടെ തുർക്കിസേന പരാജയപ്പെട്ടുവെന്നും റഷ്യൻ സൈന്യം 'പൽവന' ജയിച്ചടക്കിയെന്നുമുള്ള വാർത്ത ലഭിച്ചു. തുടർന്ന് ഹാജി ഇംദാദുല്ലാ (റ)യുടെ നിർദ്ദേശപ്രകാരം അവർ ഇന്ത്യയിലേക്ക് മടങ്ങി. എന്തായാലും യാത്രികരഖിലം ഹി.1294 ശവ്വാൽ 12 ന് സഹാറൻപൂർ റെയിൽവേ സ്റ്റേഷനിലെത്തി. എന്നാൽ സഹയാത്ര ലക്ഷ്യമിട്ടുകൊണ്ട് തന്നെ ഒരു പൈസപോലും പോക്കറ്റിലില്ലാതെ ഒരു മഹാനും അവിടെയെത്തിയിരുന്നു. ബോംബെവരേക്കുമുള്ള ഹസ്രത്തിന്റെ ടിക്കറ്റ് ഹ.ഗൻഗോഹി എടുത്തു. പുണ്യയാത്രകരേയും കൊണ്ട് ട്രെയിൻ യാത്ര തിരിച്ചു. ദാറുൽഉലൂം മുഹ്തമിമായിരുന്ന മൗലാനാ ഹബീബ് റഹ്മാൻ പറയുന്നു. ''ഹ.നാനൂത്ഥവി ഹജ്ജിന് പുറപ്പെട്ടു എന്നറിഞ്ഞ ജനങ്ങൾ ട്രെയിനിന് സ്റ്റോപ്പുള്ള സ്ഥലങ്ങളിൽ തടിച്ചുകൂടി. ട്രെയിൻ നിന്നപാടെ ഹസ്രത്തിനെ തിരക്കിക്കൊണ്ട് ഹസ്രത്തിന്റെ ബോഗിയിലേക്ക് അവർ പാഞ്ഞുവന്നു. മുലാഖാത്തും മുസാഫഹയും കഴിഞ്ഞ് അവരുടെ കഴിവിനനുസരിച്ച് ഹദ്‌യകളും നൽകിയിരുന്നു.അങ്ങനെ ഒന്നുമില്ലാതിരുന്ന ഹസ്രത്തിന്റെ മുന്നിൽ പഴങ്ങളുടെയും മിഠായികളുടെയും ഒരു കൂമ്പാരം തന്നെ ഗാസിയാബാദ് സ്റ്റേഷൻ എത്തുംമുമ്പ് കുമിഞ്ഞുകൂടി. ഗാസിയാബാദിൽ നിന്നും ഇലാഹാബാദിലേക്ക് ട്രെയിൻ മാറിക്കയറി. ഇവിടെയും പഴയനില തുടർന്നു. ഇറ്റാപയിലെത്തിയ യാത്രാംഗങ്ങളെ മൗലാനാ മള്ഹർ നാനൂത്ഥവിയുടെ ഭാര്യാസഹോദരനും മറ്റും നിർബന്ധപൂർവ്വം സൽക്കാരത്തിനു ക്ഷണിച്ചു. അങ്ങനെ രണ്ടു ദിവസം അവിടെ തങ്ങി. ഇലഹാബാദിൽ നിന്നും ജബൽപ്പൂരിലേക്കുള്ള വണ്ടിയിലാണ് കയറേണ്ടിയിരുന്നത്, എന്നാൽ യാത്രാംഗങ്ങൾ വളരെ അധികരിച്ചതിനാൽ അവിടെ നിന്നും സ്‌പെഷ്യൽ ട്രെയിനിൽ ബോംബെയിലേക്കു തിരിച്ചു. അധിക നമസ്‌കാരങ്ങളും സ്റ്റേഷനിൽ ഇറങ്ങി സമാധാനപൂർവ്വം ജമാഅത്തായി നിർവ്വഹിക്കുകയുണ്ടായി. ഇറങ്ങി നമസ്‌കരിക്കാൻ കഴിയാത്ത ചില ഘട്ടങ്ങളിൽ വണ്ടിക്കുള്ളിൽ തന്നെ ജമാഅത്തായി അനുഷ്ഠിച്ചു. വെള്ളമില്ലാത്തപ്പോൾ തയമ്മും ചെയ്തും നമസ്‌കാരം നടന്നു. ഹ.ഗംഗോഹിയും മൗലാനാ യഅ്ഖൂബ് നാനൂത്ഥവിയുമായിരുന്നു അധിക സമയങ്ങളിലും ഇമാമത്ത് നിർവ്വഹിച്ചിരുന്നത്. വളരെ ചുരുങ്ങിയ നിലയിലായിരുന്നു നമസ്‌കാരങ്ങൾ. ഒരിക്കൽ ഒരു ഇമാം നീട്ടി നമസ്‌കരിച്ചപ്പോൾ ഹ.ഗൻഗോഹി ശകാരിക്കുകയുണ്ടായി. നിരവധി ഇലാഹീ സഹായങ്ങൾ വർഷിച്ച ഈ യാത്രയിലെ ഒരു സംഭവം: ''ഒരു സ്റ്റേഷനിൽ സൂബ്ഹി സമയത്ത് ട്രെയിൻ ചെന്നുനിന്നു. യാത്രികർ ഒരുങ്ങി നമസ്‌കാരം തുടങ്ങി. ഹ.ഗൻഗോഹി ആയിരുന്നു ഇമാം. നമസ്‌കാരത്തിനിടയിൽ ട്രെയിൻ വിസിൽ മുഴക്കി. ഇത് പൊതുയാത്രികരിൽ പരിഭ്രമമുണ്ടാക്കി. ചിലർ കൈ അഴിച്ച് വണ്ടിയിൽ കയറി. എന്നാൽ ഹ.ഗംഗോഹിയും ബഹുഭൂരിഭാഗം യാത്രികരും തികഞ്ഞ സമാധാനത്തോടെ നമസ്‌കാരം തുടർന്നു. ഇവിടെ നമസ്‌കാരം നടക്കുന്നു. അവിടെ ട്രെയിൻ ചലിക്കാൻ ചിലയ്ക്കുന്നു. പക്ഷേ വണ്ടി ഒട്ടുംമുന്നോട്ടു നീങ്ങുന്നില്ല. ജമാഅത്ത് നമസ്‌കാരം കഴിഞ്ഞ് യാത്രികർ വണ്ടിയിൽ കയറി ഇരിപ്പുറപ്പിച്ചു കഴിഞ്ഞപ്പോൾ ട്രെയിൻ അതാ ചലിക്കുന്നു. അങ്ങനെ പുണ്യഖാഫില ബോംബയിൽ എത്തിച്ചേർന്നു.'' ബോംബെയിലെത്തിയ ഹസ്രത്ത് ഹദ്‌യയായി ലഭിച്ച പൈസകൾ സൂക്ഷിക്കാൻ ഏൽപ്പിച്ച ശിഷ്യനോട് അവ കണക്കാക്കാൻ നിർദ്ദേശിച്ചു. കണക്കറിഞ്ഞ് ഹസ്രത്ത് ഹജ്ജിന് പോകാൻ ആഗ്രഹമുണ്ടെങ്കിൽ ബോംബെയിലെത്തുക എന്ന വിവരമറിയിച്ച് ചിലർക്ക് കമ്പികളയച്ചു. ഇവിടെ ഒരു കാര്യം സ്മരണീയമാണ്, യാത്രാമദ്ധ്യേയും ഹസ്രത്ത് പലരേയും സ്വന്തം ചിലവിൽ കൂട്ടത്തിൽ കൂട്ടിയിരുന്നു. അതുകൂടാതെയാണ് ഹസ്രത്തിന്റെ ഈ പുതിയ ക്ഷണം. വെറും കൈയ്യോടെ വന്ന ദാസന് കൈനിറയെ ലഭിച്ചപ്പോൾ അതു സ്വന്തം കീശയിലിടാൻ അവകാശമുണ്ടായിട്ടും നൽകിയവന്റെ അഭീഷ്ടമനുസരിച്ച് ഇതര അടിമകൾക്ക് വീതിക്കുന്നു. ഇരുപത്തിരണ്ട് ദിവസം വരെ കപ്പലിന്റെ യാതൊരു സജ്ജീകരണവുമാകാത്തതിനാൽ ബോംബെയിൽ തന്നെ തങ്ങേണ്ടിവന്നു. ഇരുപത്തിരണ്ടാമത്തെ ദിവസമായപ്പോൾ ഒരു ഭാഗത്ത് മുളഫർനഗറിൽ നിന്നും ഹസ്രത്തിന്റെ കുറെ സഹപ്രവർത്തകർ വന്നു. മറുഭാഗത്ത് ഹാജി ഖാസിം എന്ന കപ്പൽ യാത്രക്ക് സജ്ജമാകുകയും ചെയ്തു. ഇതുകണ്ട മൗലാന യഅ്ഖൂബ് നാനൂത്ഥവി സഹയാത്രികരോട് പറഞ്ഞു: ''മൗലാനാ മുഹമ്മദുഖാസിം സാഹിബാണ് മുഴുവൻ യാത്രക്കാരെയും ഇന്നുവരെ തടഞ്ഞുവെച്ചതെന്ന് ഇപ്പോൾ മനസ്സിലായി.'' അങ്ങനെ, ഹാജി ഖാസിം എന്ന ജർമ്മൻ കപ്പൽ പുണ്യസംഘത്തെയും വഹിച്ച് യാത്ര തിരിച്ചു. കപ്പൽ യാത്രികരിൽ ഗണ്യമായ ഒരു വിഭാഗം ഹസ്രത്തിന്റെ ചിലവിലാണ് യാത്ര ചെയ്തിരുന്നതെങ്കിലും ഹസ്രത്ത് സാധാരണ പതിവുപോലെ അവരുമായി കൂടിയിരുന്ന് സ്‌നേഹം പങ്കിട്ടുകൊണ്ടിരുന്നു. മൗലാനാ ആശിഖ് ഇലാഹി എഴുതുന്നു: ''ഈ യാത്രയിലും ആത്മസുഹൃത്തുക്കളുടെ വിഭിന്നമായ പരിശുദ്ധ പ്രകൃതികൾ പ്രകടമായി. ഹ.നാനൂത്ഥവി അധിക സമയവും സദസ്യരോടൊപ്പം ഇരുന്ന് അവർക്ക് പുണ്യജ്ഞാനം പകർന്നുകൊടുത്തുകൊണ്ടിരുന്നു. ഹ.ഗൻഗോഹി ഹാജിമാരുടെ സേവന സഹായങ്ങളിലും സാധന സാമഗ്രികൾ സംരക്ഷിക്കുന്നതിലും വ്യാപൃതനായി. തസ്വവ്വുഫ് സംബന്ധമായ വിഷയങ്ങളായിരുന്നു ഹസ്രത്ത് കൂടുതലും പ്രതിപാദിച്ചിരുന്നത്.'' നമസ്‌കാരമായിരുന്നു കപ്പലിലെ ദൃശ്യമനോഹരമായ രംഗം. നീണ്ട സപ്ഫുകളിലായി നിന്ന് ജമാഅത്ത് നമസ്‌കാരം നടന്നിരുന്നു. സഹള സുന്ദരമായ ഈ പുണ്യ ഇബാദത്ത് കണ്ട്, കപ്പലിലെ അമുസ്‌ലിം കപ്പിത്താൻ വളരെ സന്തോഷിക്കുകയും അതിനെ വാഴ്ത്തുകയും ചെയ്തിരുന്നു. കപ്പിത്താനുമായി യാത്രികർ വളരെ അടുത്തു. വഴി കിട്ടാതെ വരുമ്പോൾ അദ്ദേഹം വഴിതരാൻ അപേക്ഷിച്ചിരുന്നത് ഇപ്രകാരമാണ്: ''ഹാജി അവർകളെ, അല്പം വഴിതരൂ, ഞങ്ങളൊന്ന് പൊയിക്കൊള്ളട്ടെ!'' അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഒരു സർട്ടിഫിക്കറ്റ് അദ്ദേഹത്തിന് നൽകപ്പെട്ടു. ഉടനെ അദ്ദേഹം അതിനെ ചുംബിച്ചു. കണ്ണിൽ തടകി, നെഞ്ചത്തു വെച്ചു. ചിലവൊന്നും വാങ്ങാതെ, സൂയസ് പ്രദേശം ചുറ്റിക്കാണിച്ച് തരാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും യാത്രികർ നന്ദിപൂർവ്വം അത് നിരസിക്കുകയുണ്ടായി. യലംലമിൽ എത്തിയപ്പോൾ ഇഹ്‌റാം കെട്ടാൻ കപ്പിത്താൻ അറിയിച്ചു. തദവസരം ഹ.ഗൻഗോഹി ഒരു വഅ്‌ള് നടത്തി. ഹജ്ജിന്റെ അവശ്യകാര്യങ്ങൾ അതിലൂടെ ഉണർത്തി. പതിമൂന്നാം ദിവസം സസുഖം ജിദ്ദ തുറമുഖത്ത് എത്തിച്ചേർന്നു. പുതുതായി മുത്വവ്വിഹായി നിയമിതനായ മൗലവി മുഹമ്മദ് അഹ്‌സൻ ഖാഫിലയെ സ്വാഗതം ചെയ്തു. പക്ഷെ, ഇദ്ദേഹവും ഇതരമുത്വവ്വിഫുമാരും തമ്മിലുള്ള പ്രശ്‌നം കാരണം മൂന്നു ദിവസം വരെ ജിദ്ദയിൽ നിന്നും പുറപ്പെടാനായില്ല. ഈ മൂന്നു ദിവസം ഹസ്രത്തിന്റെ അവസ്ഥ അത്ഭുതം നിറഞ്ഞതായിരുന്നു. മൂന്നാം ദിവസം പുറപ്പെട്ടു. അടുത്ത ദിവസം സുബ്ഹിയോടടുത്ത് എല്ലാവരും മക്കാമുകർറമയിൽ എത്തിച്ചേർന്നു. മക്കയിലെത്തുന്നതിനു മുൻപ് ഹസ്രത്ത് കുളിച്ചുവൃത്തിയായി. ഇന്ത്യൻ നായകൻ ഹാജി ഇംദാദുല്ല (റ) ഈ നാളുകളിൽ പുണ്യമക്കയിലായിരുന്നല്ലോ? പ്രകൃത്യാ ശരീരം വളരെ മെലിഞ്ഞവരും മുജാഹദകളിലൂടെ ബലഹീനത വർദ്ധിച്ചവരുമായ ഹ.ഹാജി സാഹിബ് യാത്രികരെ സ്വീകരിക്കാൻ ഈ രാത്രി സമയത്ത് പുണ്യ മക്കാ കവാടത്തിൽ നിൽക്കുന്ന രംഗമാണ് യാത്രികർ കണ്ടത്. യാത്രികർ ഉടനെ ഇറങ്ങി. ഹസ്രത്തിനെ ആലിംഗനം ചെയ്തു. നൂറിൽപ്പരം ആളുകൾ ആലിംഗനം ചെയ്തിട്ടും ഹ.ഹാജി സുസ്‌മേര വദനനായി നിലകൊണ്ടു. സുബ്ഹി നമസ്‌കാരം അവിടെത്തന്നെ നിർവ്വഹിച്ച ശേഷം എല്ലാവരും ബലദുല്ലാഹിൽ അമീനിലേക്ക് നീങ്ങി മക്കയിലെ ഹാതുറൽ ബാബ് മഹല്ലയിൽ ഹ.ഹാജിക്കായി ഒരു കെട്ടിടം ഒരു ശിഷ്യൻ നൽകിയിരുന്നു. എല്ലാവരും അവിടെ താമസിക്കാൻ ഹ.ഹാജി (റ) ക്ഷണിച്ചു. അങ്ങനെ എല്ലാവരും അവിടെ താമസമായി. ആഹാരവും ഹ.ഹാജിയുടെ ചിലവിൽ തന്നെ. പുണ്യ ബൈതുല്ലാഹിയുമായി ബന്ധപ്പെട്ട് അവിടെ കഴിഞ്ഞുകൂടിയ ദിനങ്ങൾ അത്യന്തം സുന്ദര-സുമോഹനങ്ങളായിരുന്നു. ഇടക്കിടെ ഹാജി വന്ന് പ്രഭാഷണങ്ങൾ നടത്തിയിരുന്നു. തസ്വവ്വുഫായിരുന്നു പ്രധാന പ്രമേയം. ഒന്നു ചിന്തിക്കുക: വർഷങ്ങൾക്കു മുമ്പ് ശാംലി ജിഹാദിന് ശേഷം ചിതറിപ്പോയവർ ഇന്നിവിടെ സസന്തോഷം സംഗമിച്ചിരിക്കുന്നു. അല്ലാഹുവിന്റെ എത്ര വലിയ അനുഗ്രഹമാണിത്! പരിശുദ്ധ ഹജ്ജിന്റെ കർമ്മങ്ങൾ നടത്തിയശേഷം എല്ലാവരും സുൽത്വാനീ വഴിയിലൂടെ മദനീതുർറസൂലിലേക്ക് തിരിച്ചു. ഈ വഴിയിലൂടെ പോകുമ്പോൾ മദീനക്ക് വളരെ മൈലുകൾ മുമ്പ് മുളർറഘ് എന്നൊരു മലയുണ്ട്. അവിടെ നിന്നുതന്നെ പുണ്യ റൗളയുടെ ഖുബ്ബ കാണാൻ കഴിയും. മൗലാനാ മൻസൂർ അലിഎഴുതുന്നു: ''ഹസ്രത്ത് വളരെ മുമ്പുതന്നെ നടന്നാണ് യാത്ര ചെയ്തിരുന്നത്. പുണ്യറൗളയെ കാണാൻ തുടങ്ങുന്ന ആ സ്ഥലമെത്തിയ പാടേ ഹസ്രത്ത് ചെരുപ്പുകളൂരി കക്ഷത്തുവെച്ച് നഗ്നപാദനായി നടക്കാൻ തുടങ്ങി. കല്ലുകൾ നിറഞ്ഞ ഒരു വഴിയാണത്. ഉസ്താദിനെ അനുകരിച്ച് ഞാനും ചെരിപ്പിടാതെ നടക്കാൻ തുടങ്ങി. പക്ഷേ ഏതാനം ചവിട്ടടികൾക്കു ശേഷം ചെരുപ്പ് ധരിക്കാൻ നിർബന്ധിതനായി. എന്നാൽ രാത്രിയുടെ ഇരുളടഞ്ഞ ഈ യാമങ്ങളിൽ മൈലുകൾ നഗ്‌നപാദനായിത്തന്നെ നടന്ന് ഹസ്രത്ത് മദീന മുനവ്വറയിൽ എത്തിച്ചേർന്നു.'' അദ്ദേഹം തുടരുന്നു- ''അടിമുടി അത്യധികം മയമായ ശരീരക്കാരനായ ഹസ്രത്ത്, കല്ലുകൾ നിറഞ്ഞ ഈ കടുത്ത പാതയിൽക്കൂടി നടന്നു നീങ്ങുന്നതുകണ്ട് എനിക്ക് അത്ഭുതം തോന്നി. പക്ഷേ, പ്രേമശക്തിക്കു മുന്നിൽ കല്ലുംപൂവു ഒരുപോലെ തന്നെയാണല്ലോ?'' രാത്രിയായതിനാൽ മദീന കവാടങ്ങൾ അടക്കപ്പെട്ടിരുന്നു. അതുകൊണ്ട് ഒട്ടകം മുട്ടുകുത്തിയ സ്ഥലത്തു തന്നെ സുബ്ഹി വരെ എല്ലാവരും താമസിച്ചു. സുബ്ഹിയായ ഉടനെ എല്ലാവരും മദീനയിൽ കടന്ന് മസ്ജിദുന്നബവിയിലേക്ക് നീങ്ങി. നമസ്‌കാരാനന്തരം പുണ്യ റസൂലിന്റെ തിരുസമക്ഷത്തിൽ ഹാജരായി അത്യന്തം ആഗ്രഹാവേശങ്ങളോടെ സ്വലാത്ത്-സലാമുകളോതി. ആ രംഗങ്ങളെക്കുറിച്ച് എന്തുപറയാൻ? സിയാറത്തിനു ശേഷം പ്രിയ ഗുരുവര്യൻ ഹ.ശാഹ്അബ്ദുൽഗനി മുജദ്ദിദി (റ) യുടെ അരികിലേക്ക് പോയി. ഹ.മുജദ്ദിദിയെ കുറിച്ചുള്ള വിവരണം മുമ്പ് കഴിഞ്ഞിട്ടുണ്ട്. അൽയാനീ ഉൽജനിയുടെ കർത്താവ് മദീനയിൽ വെച്ച് കുറിച്ച വാക്കിന്റെ ഒരംശം മാത്രം ഇവിടെ കാണുക; 'മദീനയിലെ ഏറ്റം ഫലസമൃദ്ധമായ വൃക്ഷം ഈ മഹാനാണ്. അവിടുത്തെ മലകൾക്കിടയിൽ ഇന്നുള്ള ഏക മുഹദ്ദിസും മഹാൻ തന്നെ. ഹ.മുജദ്ദിദി പ്രിയ ശിഷ്യരെയും സഹയാത്രികരെയും സ്വാഗതം ചെയ്തു. മദീനയിലെ ഇരുപത് ദിനങ്ങളിലെ താമസം ഹ.മുജദ്ദിദിയുടെ ഭവനത്തിലായിരുന്നു. അവിടെ ആത്മീയ നായകന്റെയും ഇവിടെ വന്ദ്യഗുരുവര്യന്റെയും സ്വാഗതസൽക്കാരങ്ങൾ! വളരെ കുറച്ചുമാത്രം സംസാരിച്ചിരുന്ന ഹ.മുജദ്ദിദി സംഘാംഗങ്ങളോട് മുഴുവൻ സ്‌നേഹാന്വേഷണങ്ങൾ നടത്തിയിരുന്നു. ഇതിനിടെ ബുഘാറക്കാരനായ തന്റെ ഒരു പ്രധാന ശിഷ്യൻ മുല്ലാ സഫറിനെ വിളിച്ച്, മദീനയിൽ ഇവർ ആഗ്രഹിക്കുന്ന സ്ഥലങ്ങളെല്ലാം കാണിച്ചുകൊടുക്കാൻ ഹ. മുജദ്ദിദി നിർദ്ദേശിച്ചു. മദീനയുടെ സർവ്വഭാഗങ്ങളും നന്നായി അറിയാമായിരുന്ന അദ്ദേഹം അവരെയും കൊണ്ട് മുഴുവൻ സ്ഥലങ്ങളും ചുറ്റിക്കറങ്ങി മസ്ജിദ് ഖുബാ, മസ്ജിദ് ഖിബ്‌ലതൈൻ, തിരുനബി (സ)യുടെ ഉമിനീർ വീണിട്ടുള്ള ഏഴ് കിണറുകൾ, ഉഹദ്മല എന്നിവ അവയിൽ ചിലതാണ്. മദീനയിലെ മന്ദമാരുതന്റെ തലോടലേറ്റ പുണ്യസംഘത്തിന് മദീന വിട്ടുപിരിയാൻ മനസ്സു വന്നില്ല. ഹ.മുജദ്ദിദിയുടെ കാലിൽ പിടിച്ചുകൊണ്ട് ദാറുൽഉലൂം മുഹ്തമിം മൗലാനാ റഫീഉദ്ദീൻ അപേക്ഷിച്ചു: ''ഹസ്രത്ത്, എനിക്കിവിടെ താമസിക്കാൻ അനുവാദം നൽകിയാലും.'' വളരെ സൂക്ഷ്മത നിറഞ്ഞ മുജദ്ദിദിയുടെ മറുപടി ഇതായിരുന്നു. ''ദീനിന്റെ ഖിദ്മത്ത് വലിയ കാര്യമാണ്. സൗഭാഗ്യവാന്മാർക്ക് മാത്രമേ ശരീഅത്തിന്റെ സേവനത്തിന് സൗഭാഗ്യം സിദ്ധിക്കുകയുള്ളൂ. ദീനീ സേവനങ്ങൾ നിങ്ങളെക്കൊണ്ട് അല്ലാഹു നടത്തിക്കുന്നുണ്ട്. അതിൽ ഭംഗം വരുത്തൽ പാപത്തിൽ നിന്നും ഒഴിവല്ല.'' അങ്ങനെ, നിർബന്ധപൂർവ്വം ഹ.മുജദ്ദിദി (റ) അവരെ മടക്കി. ഇരുപത് ദിവസത്തിന് ശേഷം എല്ലാവരും മക്കയിലെത്തി. മക്കാമുകർറമയിൽ പഴയസ്ഥലത്ത് തന്നെയായിരുന്നു താമസം. ഇവിടെ, ഒരു മാസത്തിൽ കൂടുതൽ തങ്ങേണ്ടിവന്നു. തുർക്കി-റഷ്യ യുദ്ധത്തിന്റെ ഫലത്തെക്കുറിച്ചുള്ള ആകാംക്ഷയായിരുന്നു താമസത്തിന്റെ കാരണം. അവസാനം ഹ.ഹാജി (റ) യുടെ നിർദ്ദേശപ്രകാരം തുർക്കിയാത്ര മാറ്റിവെച്ചു. ഇന്ത്യയിലേക്ക് പുറപ്പെടാൻ തയ്യാറായി. മക്കാമുകർറമയിൽ വെച്ച് ഹ.ഗൻഗോഹി അവിടെത്തന്നെ താമസിക്കാൻ അഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. ഉടനെ ഹ.ഹാജി (റ) പ്രസ്താവിച്ചു. ''താങ്കളെക്കൊണ്ട് ഇന്ത്യക്കാർക്ക് ലഭിച്ചുകൊണ്ടിരുന്ന പ്രയോജനങ്ങൾ വ്യക്തമാണ്. അതുകൊണ്ട് താങ്കൾ ഇന്ത്യയിലേക്ക് മടങ്ങലാണ് ഉത്തമം.'' ഹ.ഹാജിയുടെ നിർദ്ദേശം അവർ എങ്ങനെ നിരസിക്കും? അവർ മടങ്ങാൻ സന്നദ്ധരായി. യാത്ര അയയ്ക്കവെ, ഹ. ഹാജി (റ) യാത്രാംഗങ്ങളോട് ഹ.നാനൂത്ഥവിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു: ''മൗലവി സാഹിബിന്റെ പ്രഭാഷണ-രചനകൾ സൂക്ഷിക്കുകയും അത് ഗനീമത്തായി കാണുകയും ചെയ്യുക.'' രോഗം മക്കാമുകർറമയിൽ നിന്നും യാത്രതിരിച്ച് 'ഹദ്ദ്' എന്ന സ്ഥലത്തെത്തിയപ്പോൾ ഹ.നാനൂത്ഥവിക്ക് പനിപിടിച്ചു. വിശുദ്ധ സ്ഥാനങ്ങളെയും പുണ്യവ്യക്തിത്വങ്ങളെയും വിട്ടുപിരിഞ്ഞതിനാലും അധികമായി നടന്നതിനാലും ഉണ്ടായ പനിയാണിതെന്നായിരുന്നു എല്ലാവരും വിചാരിച്ചത്. പക്ഷെ, ബൈതുർറബ്ബിൽ നിന്നും റബ്ബുൽബൈത്തിന്റെ സന്നിധാനത്തിലേക്കുള്ള യാത്രയുടെ പ്രാരംഭമായിരുന്നു പ്രസ്തുത രോഗം. ജിദ്ദയിൽ എത്തിയപ്പോൾ ഇന്ത്യയിലേക്കു പുറപ്പെടാൻ ഒരു കപ്പൽ തയ്യാറായിരുന്നു. സ്ഥലക്കുറവിനാൽ ഞെരുക്കമുണ്ടായിരുന്നെങ്കിലും അതിൽ തന്നെ മടങ്ങാൻ തീരുമാനമായി. കപ്പലിൽ കയറി യാത്ര തിരിച്ച് രണ്ട് ദിവസമായപ്പോൾതന്നെ ഹസ്രത്തിന് ചെറിയ നിലയിൽ മഞ്ഞപ്പിത്തം ബാധിച്ചു. സദാനേരവും ഛർദ്ദിതന്നെയായിരുന്നു. പക്ഷെ, നമസ്‌കാര സമയമാകുമ്പോൾ ഛർദ്ദി നിലയ്ക്കും. ഇരുന്ന് സമാധാനപൂർവ്വം നമസ്‌കാരം നിർവ്വഹിക്കും. നമസ്‌കാരം കഴിഞ്ഞപാടെ ഛർദ്ദി പുനരാരംഭിക്കും. എട്ടു ദിവസം ഇതേ അവസ്ഥ തുടർന്നു. ഹ.ഗംഗോഹിയും മറ്റും ഉന്നത ഭിഷ്വരന്മാരായിരുന്നെങ്കിലും അവരുടെ മരുന്നും വിശ്രമ സ്ഥലവും എവിടെ? ഇതിനിടെ കപ്പലിൽ പകർച്ചവ്യാധി പിടിപെട്ടു. പ്രതിദിനം ഈരണ്ടു പേർവീതം മരിക്കാൻ തുടങ്ങി. ഒരു ദിവസം ഹസ്രത്തിന്റെ വിഷയത്തിൽ സഹയാത്രികരഖിലം നിരാശരായി. ഹസ്രമൗത്തിലെ തുറമുഖത്ത് കപ്പൽ അല്പനേരം നിന്നതിനാൽ അവിടെ നിന്നും നാരങ്ങയും മറ്റും വാങ്ങി. ചില മരുന്നുകൾ കപ്പലിൽ നിന്നും ലഭിച്ചു. അവ കഴിച്ച ഹസ്രത്തിന് ചെറിയ ആശ്വാസമുണ്ടായി. ഇതുവരെ ആഹാരം തീർത്തും വെടിഞ്ഞിരുന്നു. ഇപ്പോൾ അല്പാൽപം കഴിക്കാനും ഇരിക്കാനും നിൽക്കാനും തുടങ്ങി. ബോംബെയുടെ അടുത്തെത്തിയപ്പോൾ ഛർദ്ദി നിലച്ചു. എന്നാലും ഇരിക്കാൻ വലിയപ്രയാസമായിരുന്നു. ബോംബെയിൽ രണ്ടു ദിവസം തങ്ങിയശേഷം നാട്ടിലേക്കു തിരിച്ചു.തണുപ്പു കാലമായിരുന്നെങ്കിലും ജബൽപൂരിലെ മണൽ കാടുകളിൽ വെച്ച് തീക്കാറ്റടിക്കാൻ തുടങ്ങി. ഹസ്രത്തിന്റെ അവസ്ഥ വീണ്ടും മോശമായി. തദവസരം നാരങ്ങയും മറ്റും കൂട്ടത്തിലുണ്ടായിരുന്നു. അവ കഴിപ്പിച്ചതിനാൽ ആശ്വാമുണ്ടായി. പ്രിയശിഷ്യൻ മൗലാനാ മൻസൂർ അലി എഴുതുന്നു: ''കടുത്തക്ഷീണം കാരണം എന്റെ മടിയിൽ തലവെച്ചാണ് ഹസ്രത്ത് യാത്ര ചെയ്തത്. എന്നാൽ ഇറ്റാവയിൽ എത്തിയപ്പോൾ എനിക്ക് വീട്ടിൽ പോകാൻ അനുമതിയും നാലു രൂപയും നൽകി. അഞ്ച് രൂപാ മക്കയിൽ മസ്ജിദുൽ ഇബ്‌റാഹീമിൽ വെച്ചും നൽകിയിരുന്നു.'' വലിയ കഷ്ടപ്പാടുകളിൽ വിദ്യാർത്ഥി ജീവിതം കഴിച്ചുകൂട്ടിയ മൗലാനാ മൻസൂർ അലിയുടെ ഭാവികാലം സമ്പന്നത നിറഞ്ഞതായിരുന്നു എന്നോർക്കുക. ഹി.1295 റബീഉൽ അവ്വൽ ആദ്യം നാട്ടിൽ തിരിച്ചെത്തി. നാട്ടിലെത്തിയ ഹസ്രത്തിന്റെ രോഗം ശമിച്ചെങ്കിലും ചുമയും ശ്വാസംമുട്ടലും നിലനിന്നിരുന്നു. അധികം സംസാരിച്ചാൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഏതാനും ദിവസത്തിനകം നാനൂത്ഥയിൽ ഉസ്താദിനെ സന്ദർശിക്കാൻ വന്ന മൗലാനാ മൻസൂർ വിവരിക്കുന്നു: ''ഈ വേളയിൽ മുല്ലാ ജലാൽ ആദ്യന്തം എന്നെ ഹസ്രത്ത് പഠിപ്പിക്കുകയും എന്റെ പാഠങ്ങൾ കേൾക്കുകയും ചെയ്തു.'' ഇതേവർഷം തന്നെ ശഅ്ബാൻ മാസത്തിലാണ് സ്വാമി ദയാനന്ദ സരസ്വതിയുമായി സംവാദം നടത്താൻ വേണ്ടി റുഡ്കിയിലേക്കും മീററ്റിലേക്കും പോയതെന്നും ഇൻത്വിസ്വാറുൽ ഇസ്‌ലാം, ഖിബ്‌ലായെനുമാ, ജവാബ് തുർക്കി-ബ-തുർക്കി മുതലായ ഗ്രന്ഥങ്ങൾ രചിച്ചതെന്നും ഇവിടെ സ്മരണീയമാണ്. ചുരുക്കത്തിൽ രോഗങ്ങളുടെ കയറ്റിറക്കങ്ങളുടെ ഈ ഘട്ടത്തിലും ഹസ്രത്ത് തന്റെ സേവനങ്ങൾ നിർവ്വിഘ്‌നം തുടർന്നു. ആയിടെ നടന്ന ഒരു സംഭവം ശ്രദ്ധിക്കുക: ലഖ്‌നൗവിലെ ഒരു പ്രധാന ഭിഷഗ്വരനും പണ്ഡിതനുമായിരുന്നു മൗലാനാഹകീം അബ്ദുസ്സലാം. ഹസ്രത്തിനെ കാണാനും ഏതെങ്കിലും പ്രധാന വിഷയം കേൾക്കാനും ആഗ്രഹിച്ചിരുന്ന അദ്ദേഹം ദേവ്ബന്ദിലെത്തി. ഹസ്രത്തിന് ഇടയ്ക്കിടെ ശ്വാസംമുട്ടൽ അനുഭപ്പെട്ടിരുന്നതുകൊണ്ട് ആരും ഹസ്രത്തിനെ ബുദ്ധിമുട്ടിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ ഒരാൾ മാത്രം ഹസ്രത്തിന്റെ അരികിലുണ്ടായിരുന്നത് കണ്ട അദ്ദേഹം, ഹസ്രത്തിനോട് പറഞ്ഞു: ''അല്ലാഹുവിന്റെ വാക്യം ആർക്കും മാറ്റി മറിക്കാൻ കഴിയില്ലെന്നും തൗറാത്തിലും ഇൻജീലിലും തിരിമറി നടന്നിട്ടുണ്ടെന്നുമുള്ള പരസ്പര വിരുദ്ധമായ പ്രസ്താവനകൾ ഖുർആനിലുണ്ടെന്ന് ഒരു പാതിരി ആരോപിക്കുന്നു. ഇത് കേട്ടപാടെ ഹസ്രത്തിന് ഒരു പ്രത്യേക ആവേശമുണ്ടായി. രാവിലെ എട്ടു മണി മുതൽ ഉച്ചയ്ക്ക് ആഹാരസമയം വരെയും ളുഹർ മുതൽ അസർ വരെയും മഗ്‌രിബ് മുതൽ ഇശാഅ് വരെയും പ്രഭാഷണം നടത്തിയ ഹസ്രത്ത് ഇശാ കഴിഞ്ഞും ഇതേ വിഷയത്തിൽ പ്രഭാഷണം തുടർന്നു.'' ഹസ്രത്തിന്റെ വിശിഷ്ട ശിഷ്യനായ മിർശാഹ് സാഹിബ് പറയുന്നു: ഹകീം സാഹിബേ, എഴുന്നേൽക്കൂ! ഹസ്രത്ത് വിശ്രമിക്കട്ടെ, ഉടനെ അദ്ദേഹം എഴുന്നേറ്റു. ഹസ്രത്ത് പ്രഭാഷണം നിറുത്തി. ഹസ്രത്തിന്റെ പ്രഭാഷണത്തിന്റെ രത്‌നചുരുക്കം മൗലാനാ ത്വയ്യിബ് (റ) ഉദ്ധരിക്കുന്നു. ''ഖുർആൻ എഴുതപ്പെട്ടിരിക്കുന്ന കാരണത്താൽ അതിൽ കിതാബ് (ഗ്രന്ഥം) എന്ന് പറയപ്പെടാറുണ്ടെങ്കിലും യഥാർത്ഥത്തിൽ അത് അല്ലാഹുവിന്റെ കലാം (സംസാരം) ആണ്. ഇതര ഗ്രന്ഥങ്ങൾ അല്ലാഹുവിന്റെ കിതാബ് (ഗ്രന്ഥം) മാത്രമാണ്. കലാം അല്ലാഹുവിന്റെ വിശേഷണം (സ്വിഫത്ത്) ആണ്. അതിൽ മാറ്റങ്ങൾ അസാധ്യമാണ്. ഗ്രന്ഥങ്ങളിൽ മാറ്റം സാധ്യവുമാണ്. കൂടാതെ സംസാരിച്ച ശേഷം സംസാരം അന്തരീക്ഷത്തിൽ സുരക്ഷിതമായി നിലനിൽക്കുന്നതുമാണ്. ഇക്കാര്യം ഇന്നത്തെ ശാസ്ത്രവും ശരിവെച്ചിട്ടുണ്ട്. ഈസാ (അ) ഹവാരിയ്യുകളോട് നടത്തിയ പ്രഭാഷണങ്ങൾ അടുത്തുതന്നെ ഞങ്ങൾ ലോകത്തെ കേൾപ്പിക്കുമെന്നാണ് അവരുടെ വാദം. സൃഷ്ടികളുടെ സംസാരം സുരക്ഷിതമാണെങ്കിൽ സ്രഷ്ടാവിന്റെ സംസാരത്തെ നശിപ്പിക്കാനും മാറ്റിമറിക്കാനും ആർക്കാണ് കഴിയുക. എന്നാൽ ഗ്രന്ഥത്തിലെ വാചകങ്ങളും ആശയങ്ങളും മാറ്റാനും നഷ്ടപ്പെടാനും സാധ്യതയുണ്ട്.'' മൗലാനാ മുഹമ്മദ് യഅ്ഖൂബ് പറയുന്നു: ഈ നാളുകളിൽ മൗലവി അലാവുദ്ദീന്റെ അപേക്ഷ പ്രകാരം തിർമിദി ശരീഫ് പാഠം എടുക്കാൻ ആരംഭിച്ചു. അസർ കഴിഞ്ഞു ഈ രണ്ടു ഹദീസുകൾ വീതം എടുത്തിരുന്നു. ചുമയില്ലാത്തപ്പോൾ പ്രഭാഷണം നല്ലനിലയിൽ നടത്തും. ചുമ കുറഞ്ഞനിലയിൽ ഉള്ളപ്പോൾ അല്പം പതുക്കെയാക്കും. ചുമ കടുപ്പമാകുമ്പോൾ പ്രഭാഷണം നിർത്തും. ഇതായിരുന്നു രീതി. രോഗം വന്നാൽ ഹസ്രത്തിന്റെ ചികിത്സാ രീതികളെക്കുറിച്ച് അടുത്ത അദ്ധ്യായത്തിൽ വിവരിക്കുന്നതാണ്. എന്നാൽ പതിവിന് വിരുദ്ധമായി ഈ വേളയിൽ സർവ്വവിധ ചികിത്സകൾ നടത്താനും മരുന്നുകൾ കഴിക്കാനും ഹസ്രത്ത് തയ്യാറായി. ഹസ്രത്തിനെ വളരെ സ്‌നേഹിച്ചിരുന്ന ഹകീം മുശ്താഖ് സാഹിബായിരുന്നു ചികിത്സയുടെ പ്രധാന മേൽനോട്ടം. ഹസ്രത്തിന് ലഭിച്ച ചികിത്സകളും സേവനങ്ങളും രാജാക്കന്മാർക്കുപോലും ലഭിച്ചിരിക്കുകയില്ല. ഒരിക്കൽ വെള്ളരിക്ക ഭക്ഷിക്കണമെന്ന് ഹസ്രത്തിന് ആഗ്രഹമുണ്ടായി. ശൈഘുൽ ഹിന്ദ് എല്ലായിടത്തും അന്വേഷിച്ചെങ്കിലും ചെറിയ ഒരു വെള്ളരിക്ക മാത്രമേ ലഭിച്ചുള്ളൂ. ഈ വിവരം അന്ന് ലഖ്‌നൗവിൽ ജീവിച്ചിരുന്ന മഹാപണ്ഡിതൻ അല്ലാമാ അബ്ദുൽ ഹയ്യ് ഫ്രൻഗിമഹൽ അറിഞ്ഞു. ഉടനെകുറേ വെള്ളരിക്കകൾ ട്രെയിനിൽ പാർസലായി അയച്ചു. തുടർന്ന് പല പ്രാവശ്യം അയച്ചു. എന്നാൽ ഇടയ്ക്ക് ചെറിയ ആശ്വാസമുണ്ടായെങ്കിലും രോഗം ഭേദമാകാതെ ഏതാണ്ട് രണ്ട് വർഷം കടന്നുപോയി. ഇതിനിടയിൽ മൗലാനാ അഹ്മദ് അലി സഹറൻപൂരിക്ക് രോഗം ബാധിച്ചു എന്ന വിവരം ലഭിച്ചു. അന്നുതന്നെ സഹാറൻപൂരിലേക്ക് ഹസ്രത്ത് യാത്ര തിരിച്ചു. ജനങ്ങളുടെ നിർബന്ധപ്രകാരം അന്നുതന്നെ ഹസ്രത്ത് മടങ്ങുകയം ചെയ്തു. യാത്രാക്ഷീണം കാരണം രോഗം വീണ്ടും വർദ്ധിച്ചു. രോഗം അല്പം ശമിച്ചപാടെ, സഹാറൻപൂരിലേക്ക് പോകാൻ വീണ്ടും തീരുമാനിച്ചു. ഹസ്രത്തിനെ ആർക്കും തടയാൻ കഴിഞ്ഞതുമില്ല. ഇത്തവണ കുറച്ചു ദിവസം സഹാറൻപൂരിൽ താമസിക്കാൻ മൗലാനാ സഹാറൻപൂരി ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ ഹസ്രത്ത് രണ്ടാഴ്ച അവിടെ താമസിച്ചു. അവിടെ വെച്ച് ഹസ്രത്തിന് ഹൃദയസ്തംഭനമുണ്ടായി. വിവരം ദേവ്ബന്ദിൽ അറിഞ്ഞപാടെ ശിഷ്യന്മാർ സഹാറൻപൂരിയിലെത്തി. ഹസ്രത്തിനേയും കൂട്ടി കൊണ്ടുവന്നു. തിരികെ എത്തിയ ഹസ്രത്തിന് ശ്വാസതടസം വളരെ കൂടുതലായിരുന്നു. പലവിധ ചികിത്സകളും നടത്തിയെങ്കിലും ആശ്വാസമുണ്ടായില്ല. ഇടയ്ക്കിടെ ബോധക്ഷയം ഉണ്ടാകാനും തുടങ്ങി. 1297 ജമാദുൽ ഊലാ രണ്ട്, ചൊവ്വാഴ്ച ഉച്ചവരെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുമായിരുന്നു. ളുഹറിന് ശേഷം ബോധംതീർത്തും ഇല്ലാതായി. ഏതവസ്ഥയിലും ഹയ്യഅലസ്സ്വലാത്ത് എന്ന് കേട്ടപാടെ ഉത്തരം നൽകിയിരുന്ന ഹസ്രത്തിനെക്കുറിച്ച് മൗലാനാ യഅ്ഖൂബ് എഴുതുന്നു: ''നമസ്‌കാരത്തിന് സമയമായെന്ന് പറയപ്പെട്ടാൽ ശരി'' എന്ന് പറയുന്നതല്ലാതെ അനക്കമൊന്നുമില്ലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ 'ശരി എന്ന ഉത്തരവും ഇല്ലാതായി.'' ഇതിനിടെ ഹസ്രത്തിന്റെ പ്രധാന സഹകാരി ഹാജി യാസീൻ സാഹിബ് തിരുനബി (സ) ഹസ്രത്തിനെ സന്ദർശിക്കാൻ വരുന്നതായി സ്വപ്നം ദർശിച്ചു. മദ്‌റസയിലെ ഒരു മുതഅല്ലിം അഹ്മദുല്ലാ ഇങ്ങനെ വ്യാഴാഴ്ച രാത്രി സ്വപ്നം കണ്ടു. ''മദ്‌റസയുടെ പൂമുഖത്തുള്ള വിശിഷ്ടമായ ഒരു കസേരയിൽ റഹ്മതുൻലിൽ ആലമീൻ (സ) ഉപവിഷ്ടരായിരിക്കുന്നു. ചുറ്റും വന്ദ്യഖലീഫമാർ നിൽക്കുന്നു. മറ്റൊരു ഭാഗത്ത് കുറെ മലക്കുകളും. ഞാൻ തിരുനബി (സ) യോട് ചോദിച്ചു: ''അങ്ങ് ഇവിടേക്ക് ആഗതരയാത് എന്തിനാണ്'' അവിടുന്ന് പ്രതിവചിച്ചു: ''മൗലവി മുഹമ്മദ് ഖാസിമിനെ കൂട്ടിക്കൊണ്ടു പോകാൻ! ഉടനെ ഒരു കട്ടിലിൽ ഹസ്രത്തിനെ കാണാൻ കഴിഞ്ഞു. റസൂലുല്ലാഹി (സ) ഹസ്രത്തിന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് അരുളി: ''ഹബീബ്!'' വരാൻ താമസമൊന്നുമില്ലല്ലോ? ഹസ്രത്തിന്റെ അവസ്ഥയറിഞ്ഞ് വിവിധ സ്ഥലങ്ങളിൽ നിന്നും ഇഷ്ടജനങ്ങൾ ദേവ്ബന്ദിലെത്തി. അന്ന് ചികിത്സാർത്ഥം ഹ.ശൈഘുൽ ഹിന്ദിന്റെ വീട്ടിലായിരുന്നു ഹസ്രത്ത്. വ്യാഴാഴ്ച ഉച്ചയോടെ ഹസ്രത്തിനെ കുടുംബവീട്ടിലേക്ക് കൊണ്ടുപോയി. ഇതുവരെ അനക്കമില്ലാതെ കിടന്നിരുന്ന ഹസ്രത്തിനെക്കുറിച്ച് ശിഷ്യൻ മൗലാനാ മൻസൂർ എഴുതുന്നു: രണ്ട് മണിമുതൽ പാസ് അൻഫാസിന്റെ (ഓരോ ശ്വാസത്തിലും അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക എന്നതിന് തസ്വവ്വുഫിൽ ഉപയോഗിക്കുന്ന സാങ്കേതിക ഭാഷ്യം) ശബ്ദം കേൾക്കാൻ തുടങ്ങി. മുറിക്ക് പുറത്തുള്ളവർക്ക് പോലും അതിന്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞു. ബുധനാഴ്ച എത്തിയ ആത്മ സുഹൃത്ത് ഹ.ഗൻഗോഹി അരികിൽ തന്നെയുണ്ടായിരുന്നു. നമസ്‌കാരത്തിലും നിശബ്ദതയിലുമാണ് ഹ.ഗൻഗോഹി അധികസമയവും കഴിച്ചുകൂട്ടിയത്. ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ ഹസ്രത്തിന്റെ അന്ത്യം സംഭവിച്ചു. ഇന്നാലില്ലാഹ്.... നാൽപ്പത്തിഒൻപത് വയസ്സ് മാത്രം ഉണ്ടായിരുന്നെങ്കിലും വളരെയധികം ദൂരംഓടി തളർന്ന ആ ത്യാഗീവര്യൻ ഹി.1297 ജമാദുൽഊലാ നാലിന് നിത്യനിരന്തരമായ സുഖ-സുഷുപ്തിയിലേക്ക് കടന്നു... വാർത്ത കാട്ടുതീ പോലെ പരന്നു. നാനാഭാഗത്തു നിന്നും ജനസഹസ്രങ്ങൾ ദേവ്ബന്ദിലെ ദാറുൽഉലൂമിലേക്ക് ഒഴുകി. മൗലാനാ യഅ്ഖൂബ് എഴുതുന്നു: ഖിയാമത്ത് സംഭവിച്ച പ്രതീതിയായിരുന്നു. അന്നത്തെപ്പോലെ ജനങ്ങൾ ദുഃഖ-വ്യസനത്തിൽ കുതിർന്നുനിന്ന രംഗം ഓർമ്മയില്ല. എന്നാൽ, ഒച്ചപ്പാടു ബഹളവും നെഞ്ചത്തടിയും വസ്ത്രം കീറലും ഒന്നുമില്ലായിരുന്നു. വീട്ടിൽ സൗകര്യക്കുറവ് ഉള്ളതിനാൽ ജനാസ മദ്‌റസിയിലേക്ക് കൊണ്ടുവരപ്പെട്ടു. മദ്‌റസയിൽ വെച്ച് തന്നെ കുളിപ്പിക്കലും നടന്നു. അസ്വർ കഴിഞ്ഞപ്പോൾ ജനാസ തയ്യാറായി. നമസ്‌കാരത്തിനായി പട്ടണത്തിന് വളിയിലുള്ള മൈതാനത്തിലേക്ക് വഹിക്കപ്പെട്ടു. ഇന്ന് ഹസ്രത്തിന്റെയും മറ്റ് മഹാന്മാരുടെയും വിശ്രമ സ്ഥാനമായ മസാറെഖാസിമി തന്നെയാണ് ആ മൈതാനം. പ്രധാന കുടുംബക്കാരെ പ്രത്യേകം സ്ഥലത്ത് ഖബറടക്കപ്പെടുന്ന പതിവ് അന്ന് ദേവ്ബന്ദിലുണ്ടായിരുന്നു. എന്നാൽ അതിന് വിരുദ്ധമായി പാവപ്പെട്ട പൊതുജനങ്ങളുടെ ഖബർ സ്ഥാനിൽ എന്നെ ഖബറടക്കമണമെന്ന് ഹസ്രത്ത് വസിയ്യത്ത് ചെയ്തിരുന്നു. ഹകീം മുശ്താഖിന്റേതായിരുന്നു പ്രസ്തുത സ്ഥലം. ഹസ്രത്തിന്റെ വഫാത്ത് ദിനം തന്നെ അദ്ദേഹം അത് പൊതുജനങ്ങളുടെ ഖബർസ്ഥാനായി വഖ്ഫ് ചെയ്തു. അതിലെ പ്രഥമ ഖബർ ഹസ്രത്തിന്റേതാണ്. നൂറുകണക്കിന് മഹാന്മാരടക്കം അനവധി പേരുടെ പുണ്യം നിറഞ്ഞ ഖബർസ്ഥാനമാണ് ഇന്ന് ആ മൈതാനം. മഗ്‌രിബ് നമസ്‌കാരത്തിന് മുമ്പായി ജനാസ നമസ്‌കാരം നടന്നു. നമസ്‌കാരത്തിൽ കമ്പിളി പുതച്ച കുറെ അപരിചിതർ പങ്കെടുക്കുകയുണ്ടായി. മഗ്‌രിബ് നമസ്‌കാരാനന്തരം ജുമുആ രാവ് ആരംഭിച്ചനേരം ആ പുണ്യനിധിയെ ഖബറടക്കപ്പെട്ടു. ജനാസയെ കഴിവിന്റെ പരമാവധി വെച്ച് താമസിപ്പിക്കുന്ന നാമൊന്ന് ചിന്തിക്കുക. രണ്ട് മണിക്ക് ശേഷം വഫാത്തായ ഹസ്രത്ത് മഗ്‌രിബ് കഴിഞ്ഞപ്പോൾ ദഫൻ ചെയ്യപ്പെട്ടു. ശനിയാഴ്ചയായപ്പോൾ മൗലാനാ അഹമ്മദ് അലി സഹാറൻപൂരിയും ദിവംഗതരായി. അങ്ങനെ അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് മഹാവ്യക്തിത്വങ്ങളെ ഇന്ത്യൻ മുസൽമാന് നഷ്ടപ്പെട്ടു. ഹസ്രത്തിന്റെ വിയോഗാനന്തരം ഹസ്രത്തിന്റെ മകൻ മൗലാനാ അഹ്മദ് മുഹമ്മദ് സാഹിബിന്റെ ഭാര്യ ഇങ്ങനെ ഒരു സ്വപ്നം ദർശിച്ചു: പുഷ്പാലംകൃതമായ ഒരു കട്ടിലിൽ ഇരുന്നുകൊണ്ട് ഹസ്രത്ത് വീട്ടിൽ എത്തി. ബന്ധുമിത്രങ്ങൾ ചുറ്റും കൂടിയിരുപ്പുണ്ട്. ക്ഷമയെക്കുറിച്ച് പ്രഭാഷണം നടത്തുകയാണ് ഹസ്രത്ത് അവർകൾ. ഇതിനിടെ, ഹസ്രത്തിനോട് മൗലാനാ മുഹമ്മദ് യഅ്ഖൂബ് പറഞ്ഞു: ''ഹസ്രത്ത്, ഞങ്ങൾ വളരെയധികം ക്ഷമിക്കുന്നുണ്ട്. എന്നാൽ ആഇശയെയും ഹാഷിമിനെയും കാണുമ്പോൾ ഞങ്ങൾക്ക് ക്ഷമിക്കാനാകുന്നില്ല. (ഹസ്രത്തിന്റെ ഏറ്റവും ഇളയ മക്കളായ ഇരുവർക്കും ഹസ്രത്തിന്റെ വിയോഗ സമയം യഥാക്രമം നാലും എട്ടും വയസ്സാണ് ഉണ്ടായിരുന്നത്.) ഇതുകേട്ട ഹസ്രത്ത് പ്രതിവചിച്ചു: ഇത്തരം ഘട്ടത്തിൽ ക്ഷമിക്കുന്നതിനാണ് 'ക്ഷമ' എന്നുപറയുന്നത്.'' അനുശോചനവരികൾ അവസാനമായി, ഹസ്രത്തവർകളുടെ വിയോഗാനന്തരം കുറിക്കപ്പെട്ട നിരവധി കുറിപ്പുകളിൽ മൂന്ന് അനുശോചനക്കുറിപ്പുകൾ മാത്രം ഉദ്ധരിക്കുന്നു. ഒന്നാമത്തേത്, വന്ദ്യമുർശിദ് ഹാജി ഇംദാദുല്ലാ (റ) ദാറുൽഉലൂം മുഹ്തമിന് എഴുതിയ ഒരു കത്താണ്. വിലപ്പെട്ടവരികൾ അടങ്ങിയ കത്തിന്റെ പൂർണ്ണരൂപം: ഫഖീർ ഇംദാദുല്ലായിൽ നിന്നും മൗലവി റഫീഉദ്ദീന്റെ ഐശ്വര്യപൂർണ്ണമായ സന്നിധിയിലേക്ക്. സലാമിനും ദുആയ്ക്കും ശേഷം വേദനാജനകമായ വാർത്ത ഇതര സ്ഥലത്തുനിന്നും അറിയാൻ കഴിഞ്ഞു. ഈ ആഘാതം നാമെല്ലാവരേയും വല്ലാത്ത ബലഹീനതയിലേക്ക്തള്ളിയിട്ടിരിക്കുന്നു. ഇന്നാലില്ലാഹ്... അല്ലാഹുവിന് ഇഷ്ടമുള്ളത് അവൻ ചെയ്തുകൊള്ളട്ടെ. അവന്റെ വിധിയിൽ മനഃസംതൃപ്തരായി നമുക്കു കഴിയാം. നമ്മുടെ നന്മയും തിന്മയും നന്നായി അറിയുന്നവനാണ് അല്ലാഹു. അവങ്കലേക്ക് സർവ്വവും ഭരമേൽപ്പിച്ച് അല്ലാഹുവിന്റെയും റസൂലുല്ലാഹി (സ)ന്റെയും തൃപ്തി കരസ്ഥമാക്കാൻ കഴിയുന്ന കാര്യങ്ങളിൽ മുഴുകലാണ് നമ്മുടെ ജോലി. പ്രിയരെ, മദ്‌റസയുടെ പ്രധാന മേൽനോട്ടം വഹിച്ചിരുന്ന വ്യക്തിത്വം ജന്നതുൽഫിർദൗസിൽ ചെന്നുചേർന്നു കഴിഞ്ഞു. നിങ്ങളെല്ലാവരും മദ്‌റസാ കാര്യങ്ങൾ മനസ്സാ നോക്കുന്നവരാണെന്ന് അറിയാമെങ്കിലും സവാബ് ലഭിക്കാനായി ചില കാര്യങ്ങൾ ഈ ഫഖീർ കുറിക്കുകയാണ്. മദ്‌റസയുടെ മുഹ്തമിമായ നിങ്ങൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഒന്ന്; ആരോടും അർഹമായ യാതൊരു പരിഗണനയും പുലർത്തരുത്. അല്ലാത്ത പക്ഷം നാളെ മറുപടി പറയേണ്ടിവരും. രണ്ട്; മദ്‌റസയുടെ സമ്പത്ത് ബൈത്തുൽമാൽ ആണ്. അതിൽ നിന്നും കടവും മുൻകൂർ ശമ്പളവും നൽകാൻ നിങ്ങൾക്ക് അധികാരമില്ല. മൂന്ന്; മദ്‌റസയിലെ എല്ലാ മുദർരിസുമാരും ഫഖീറിന് പ്രിയങ്കരരാണെങ്കിലും മൗലവി മുഹമ്മദ് യഅ്ഖൂബിനോട് കൂടുതലായി ചില ബന്ധമുണ്ട്. അതിനാൽ അദ്ദേഹം മദ്‌റസാ കാര്യങ്ങളിൽ വല്ല വീഴ്ചയും വരുത്തിയാൽ അദ്ദേഹത്തെക്കൊണ്ട് കൂടുതൽ ജോലി ചെയ്യിപ്പിക്കണം. വിവരമുള്ള ആളായതിനാൽ അദ്ദേഹത്തിന് അതിൽ അതൃപ്തിയൊന്നും ഉണ്ടാകില്ല. നാല്; പ്രിയപ്പെട്ട മൗലവിയുടെ ശിഷ്യഗണങ്ങളും സുഹൃത്തുക്കളും പ്രത്യേകമായ നിലയിൽ മദ്‌റസയെ ശ്രദ്ധിക്കണം. കാരണം പ്രിയ മൗലവി (റ) യുടെ ഉത്തമ സ്മരണയാണ് മദ്‌റസ. അതിനോട് അശ്രദ്ധ പുലർത്തരുത്. അഞ്ച്; പ്രിയമൗലവിയുടെ മക്കളെ പ്രത്യേകം ശ്രദ്ധിക്കണം. വിശിഷ്യാ അവരുടെ പഠനം, ശിക്ഷണം മുതലായ കാര്യങ്ങൾ വളരെ നല്ലനിലയിൽ നോക്കണം. മർഹൂമിന്റെ മകൻ അഹ്മദിനെ ഇങ്ങോട്ട് വിളിപ്പിച്ച് ഇവിടെ മൗലവി റഹ്മത്തുല്ലാ നടത്തുന്ന മദ്‌റസയിൽ നിർത്തി പഠിപ്പിക്കാനും സന്തോഷിപ്പിക്കാനും ഫഖീറിന് അഗ്രഹമുണ്ട്. പക്ഷെ അവന്റെ മാതാവിന് ഇത് പ്രയാസമുണ്ടാക്കിയേക്കാവുന്നതുകൊണ്ട് ഫഖീർ നിർബന്ധമൊന്നും ചെലുത്തുന്നില്ല. സർവ്വവിധ പ്രയാസങ്ങളിൽ നിന്നും അവരെ അല്ലാഹു കാത്തുരക്ഷിക്കുകയും നാഫിആയ ഇൽമും സ്വാലിഹായ അമലും കനിഞ്ഞരുളുകയും ചെയ്യട്ടെ! എല്ലാ സുഹൃത്തുക്കൾക്കും സലാമും ദുആയും അറിയിച്ചശേഷം ഉപരിസൂചിത കാര്യങ്ങൾ കേൾപ്പിക്കുക. മദ്‌റസാ കാര്യങ്ങൾ എപ്പോഴും അറിയിച്ചുകൊണ്ടിരിക്കണം.'' ഹസ്രത്ത് അവർകളുടെ വഫാത്തിനെ തുടർന്ന് ദാറുൽഉലൂം റിപ്പോർട്ടിൽ എഴുതപ്പെട്ട ചിലവരികൾ: ''ഹസ്രത്ത് ഫഘ്‌റുൽ ഉലമാ മൗലാനാ മുഹമ്മദ് ഖാസിം നാനൂത്ഥവി (റ) നശ്വരമായ ഈ ലോകത്തു നിന്നും വിടപറഞ്ഞതിനാൽ നമ്മുടെ എല്ലാ സന്തോഷങ്ങളും ദുഃഖത്തിലമർന്നിരിക്കുകയാണ്. ഇത്തരം സംഭവം ലോകത്ത് സാധാരണയാണെങ്കിലും ഇക്കാലക്കാർക്ക് പെട്ടെന്ന് മറക്കാൻ കഴിയുന്ന ഒരുസംഭവമല്ലിത്. മൗലാനാ മർഹൂമിന്റെ സ്തുത്യർഹമായ സദ്ഗുണങ്ങൾ സൂര്യപ്രകാശത്തേക്കാൾ പ്രകടമായതിനാൽ വിവരിക്കേണ്ടതില്ല. എങ്കിലും ചുരുക്കം ഇതാണ്: ജീവിതാദ്യന്തം ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ഗുണം കാംക്ഷിക്കുകയും മുഴുവൻ ജീവിതവും ഇലാഹീ വാക്യത്തിന്റെ ഉയർച്ചയ്ക്കായി ചെയ്ത ഒരു മഹാനാണിത്. ഇത്രയും ഉന്നതനായ ഒരു വ്യക്തിത്വത്തിന്റെ വിയോഗം മുഴുവൻ മുസ്‌ലിംകൾക്ക് പൊതുവിലും ഈ മദ്‌റസയ്ക്ക് പ്രത്യേകിച്ചും കടുപ്പമേറിയ ഒരു സംഭവമാണ്. കാരണം ഈ മദ്‌റസയുടെ ഉറവിടവും അച്ചുതണ്ടും മഹാനായിരുന്നു. നന്മയുടെ ഈ സ്ഥാപനത്തിന് വേണ്ടി എന്തെല്ലാം സേവനങ്ങളാണ് മഹാൻ ചെയ്തത്? ഇസ്‌ലാമിനും മുസ്‌ലിംകൾക്കും ശക്തമായ ബലക്ഷയം ബാധിച്ചിരിക്കുന്ന ഈ ഇന്ത്യയിൽ ഉജ്ജ്വലമായ നിലയിൽ ദീനീ വിജ്ഞാനങ്ങൾ പരക്കാനുള്ള പ്രധാനകാരണം ശംസുൽഇസ്‌ലാം തന്നെ. ഇത് മഹാനവർകളുടെ കറാമത്തല്ലാതെ മറ്റെന്താണ്? മദ്‌റസയും മദ്‌റസാ അനുഭാവികളും ഈ സംഭവത്തിൽ എത്ര ദുഃഖിച്ചാലും കുറവാണ്. അവസാനമായി ഹസ്രത്തിന്റെ വിയോഗത്തെ തുടർന്ന് അലീഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകൻ സർ സയ്യിദ് മർഹൂം കുറിച്ച അനുശോചന കുറിപ്പിന്റെ സംഗ്രഹം ഇവിടെ ഉദ്ധരിക്കുകയാണ്. ചില വിഷയങ്ങളിൽ അഭിപ്രായ അനൈക്യം പുലർത്തിയിരുന്നവരാണ് ഹസ്രത്തും സർ സയ്യിദും (14) ഇത്തരണുണത്തിൽ, ഹസ്രത്ത് അവർകളുടെ സമുന്നത സ്ഥാനത്തെ യാതൊരുവിധ പർവ്വതീകരണങ്ങളും കൂടാതെ വരച്ചുകാട്ടുന്ന ചില വരികളാണിതെന്ന് പറയേണ്ടതില്ലല്ലോ? ''സ്തുത്യർഹനായ മൗലവി മുഹമ്മദ് ഖാസിം സാഹിബ് ക്രി.1880 ഏപ്രിൽ 15 ന് ദേവ്ബന്ദിൽ അന്തരിച്ചു. നിരവധി പേരുടെ നിര്യാണത്തിൽ കാലംകരഞ്ഞിട്ടുണ്ട്. ഇനിയും പലരുടെയും മരണത്തിൽ കാലംകരയും. എന്നാൽ, പകരക്കാരനാരുമില്ലാത്ത ഒരു വ്യക്തിത്വത്തിന്റെ വേർപാടിൽ ഉണ്ടാകുന്ന കരച്ചിൽ അത്യന്തം ദുഃഖവും വേദനയും നിറഞ്ഞതായിരിക്കും. അറിവിലും മഹത്വത്തിലും സൂക്ഷ്മതയിലും ഭയഭക്തിയും പ്രസിദ്ധനായതിനോടൊപ്പം സുന്ദര പ്രകൃതിയിലും ലാളിത്യത്തിലും സാധൂത്തരത്തിലും അതുല്യരായ പലരും മുമ്പ് ദൽഹിയിലുണ്ടായിരുന്നു. അതിൽ അവസാനത്തെവ്യക്തിത്വമായിരുന്നു മൗലവി മുഹമ്മദ് ഇസ്ഹാഖ് സാഹിബ്. എന്നാൽ മൗലവി മുഹമ്മദ് ഇസ്ഹാഖിനെ പോലുള്ളവരെന്ന് മാത്രമല്ല ചില വിഷയങ്ങളിൽ അദ്ദേഹത്തേക്കാൾ ഉന്നതരായ ചിലരെ അല്ലാഹു പടച്ചിട്ടുണ്ടെന്ന് മൗലവി മുഹമ്മദ് ഖാസിം മർഹൂം സ്ഥാപിച്ചു. മൗലവി സാഹിബ് ദൽഹിയിൽ പഠനം നടത്തിയിരുന്ന അവസ്ഥ കണ്ടിട്ടുള്ള പലരും ഇന്നുമുണ്ട്. മൗലവി മംലൂക് അലി സാഹിബിൽ നിന്നും എല്ലാ കിതാബുകളും പഠിച്ചു. തുടക്കം മുതൽക്കേ ഭയഭക്തി, സൂക്ഷ്മത, നന്മ മുതലായ ഗുണങ്ങൾ അദ്ദേഹത്തിൽ നിന്നും പ്രകടമായിരുന്നു. ബുദ്ധികൂർമ്മതയിലും ഗ്രാഹ്യശക്തയിലും അദ്ദേഹം പ്രസിദ്ധനായിരുന്നതുപോലെ തഖ്‌വയിലും അദ്ദേഹം ഉന്നതനായിരുന്നു. മൗലവി മുളഫർ ഹുസൈൻ കാന്ദലവിയുമായുള്ള സഹവാസം അദ്ദേഹത്തിന് സുന്നത്തുകളെ അനുസരിക്കുന്നതിൽ പ്രേരണ പകർന്നു. ഹാജി ഇംദാദുല്ലാ സാഹിബിന്റെ ആത്മീയ പ്രവാഹം അദ്ദേഹത്തന്റെ മനസ്സിനെ ഉത്തുംഗതയിലേക്കുയർത്തി. ശരീഅത്തും സുന്നത്തും സ്വയം മുറുകെ പിടിച്ചിരുന്നു. മുസ്‌ലിംകളുടെ നന്മ സദാകാംക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ശ്രമത്തിലൂടെ ദേവ്ബന്ദിൽ അത്യന്തം പ്രയോജനപ്രദമായ ഒരു മദ്‌റസ സ്ഥാപിക്കപ്പെട്ടു. ഉന്നതമായ ഒരു പള്ളിയും നിർമ്മിക്കപ്പെട്ടു. കൂടാതെ ഇതര സ്ഥലങ്ങളിലും മദ്‌റസകൾ സ്ഥാപിതമായി. ശൈഖ് ആകാൻ അദ്ദേഹം ഒട്ടും ആഗ്രഹിച്ചിട്ടില്ല. പക്ഷെ ഇന്ത്യയിൽ ആയിരക്കണക്കിനാളുകൾ അദ്ദേഹത്തെ തങ്ങളുടെ നായകനായി വിശ്വസിക്കുന്നു. ഭിന്നതകളുള്ള വിഷയങ്ങളിൽ ചിലർക്ക് അദ്ദേഹത്തോടും അദ്ദേഹത്തിന് ചിലരോടും അതൃപ്തി ഉണ്ടായിരുന്നെങ്കിലും, ഞാൻ മനസ്സിലാക്കിയിടത്തോളം മൗലവി അവർകൾ സ്വന്തം മനോച്ഛ പ്രകാരം ആരോടുംഅതൃപ്തിയും സ്‌നേഹവും പുലർത്തിയിട്ടില്ല. അദ്ദേഹത്തിന്റെ സർവ്വ പ്രവർത്തനങ്ങളും ഇലാഹീപ്രീതിയും പരലോക കൂലിയും ആശിച്ചിട്ടുള്ളതായിരുന്നു. അദ്ദേഹം സത്യമായി കണ്ടതിനെ അദ്ദേഹം അനുധാവനം ചെയ്തിരുന്നു. അല്ലാഹുവിനു വേണ്ടിയാണ് അദ്ദേഹം സ്‌നേഹിച്ചിട്ടുള്ളതും കോപിച്ചിട്ടുള്ളതും. അദ്ദേഹത്തിന്റെ ഗുണങ്ങൾ മലക്കുകളെ പ്പോലെയായിരുന്നു. എനിക്ക് അദ്ദേഹത്തോട് ഹൃദയംഗമായി സ്‌നേമായിരുന്നു. നന്മ നിറഞ്ഞ ഇത്തരം വ്യക്തിത്വങ്ങൾ അളവറ്റ സ്‌നേഹത്തിന് അർഹൻ തന്നെയാണ്. അദ്ദേഹത്തിന് തുല്യരാരുമില്ലെന്നകാര്യം അദ്ദേഹത്തിനോട് ഭിന്നത പുലർത്തുന്നവരും സമ്മതിക്കാതിരിക്കില്ല. വൈജ്ഞാനികമായി ശാഹ് അബ്ദുൽ അസീസ് ദഹ്‌ലവിയോട് ഒരു പക്ഷേ അദ്ദേഹത്തിന് തുല്യതകാണില്ലെങ്കിലും ഇതര കാര്യങ്ങളിൽ ശാഹ് സാഹിബിനേക്കാൾ ഉന്നതനായിരുന്നു അദ്ദേഹം. ഉൽകൃഷ്ട ഗുണങ്ങളിൽ ശാഹ് ഇസ്ഹാഖിനേക്കാളും ഉന്നതനല്ലെങ്കിലും അദ്ദേഹം താഴ്ന്നവരുമായിരുന്നില്ല. ഇത്തരം വ്യക്തിയുടെ വിയോഗം വലിയ ദുഃഖത്തിന് കാരണമാണ്. കാർമ്മികമായി വല്ലതും ചെയ്യുന്നതിനു പകരം അധരത്തിലൂടെ മാത്രം കാര്യങ്ങൾ പ്രകടമാക്കുന്ന ഒരവസ്ഥ നമുക്കിടയിൽ വർദ്ധിച്ചുവരുന്നുണ്ട്. ഇത്തരം വ്യക്തിത്വങ്ങൾ യാത്രയാകുമ്പോൾ കുറെ ദുഃഖപ്രകടനങ്ങൾ നടത്തി മുഖം തുടച്ചിരിക്കൽ ശരിയല്ല. മറിച്ച് അദ്ദേഹത്തിന്റെ സ്മാരകം നിലനിർത്താൻ പരിശ്രമിക്കൽ അത്യാവശ്യമാണ്. അദ്ദേഹത്തിന്റെ ഏറ്റവും ഉന്നത സ്മാരകമാണ് ദേവ്ബന്ദിലെ മദ്‌റസ. അത് എന്നും സ്വതന്ത്രമായി നിലനിൽക്കാൻ പരിശ്രമിക്കൽ എല്ലാവരുടെയും ബാധ്യതയാണ്.'' (അലീഗഡ് ഇൻസ്റ്റിറ്റ്യൂട്ട് ഗസറ്റ്. ക്രി. 1880 ഏപ്രിൽ 24) അല്ലാമാ ഹീലാനിയുടെ വാക്കുകളിൽ ഈ അദ്ധ്യായം ഉപസംഹരിക്കുന്നു: സയ്യിദുൽ മുർസലീൻ മുഹമ്മദുർ റസൂലുല്ലാഹി (സ) യുടെ വേർപാടിൽ ക്ഷമിച്ചവരാണ് ഈ സമുദായം. തിരുനബി (സ)യുടെ ഉത്തമ അനുയായികളുടെ വരവും പോക്കും ലോകാവസാനം വരെ തുടർന്നുകൊണ്ടിരിക്കും. അവർ വരുമ്പോൾ നാം സന്തോഷിക്കും അവർ പോകുമ്പോൾ നാം ക്ഷമിക്കും. അല്ലാഹുവിന്റെ ഉന്നത അടിമകളും തിരുനബി (സ) യുടെ നിഷ്‌കളങ്ക സ്‌നേഹികളുമായ ആ മഹത്തുക്കളുടെ ആത്മാവുകളുടെമേൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അനവരതം വർഷിക്കട്ടെ! ആമീൻ.

***********************************************************************************

ഞങ്ങള്‍ ഇപ്പോള്‍ മൊറോക്കോയിലാണ്


മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി


മൊറോക്കോയോട് വിടപറയുന്നു

രാത്രി വളരെ വൈകി മറാക്കിഷില്‍ നിന്നും അദ്ദാറുല്‍ ബൈദാഅ് (കാസാബ്ലങ്ക) ഇലേക്ക് ഞങ്ങള്‍ യാത്രയായി. അവിടെയൊരു ഹോട്ടലില്‍ രണ്ട് മൂന്ന് മണിക്കൂര്‍ വിശ്രമിച്ചു. അതിരാവിലെ തന്നെ തബ്ലീഗിന്‍റെ അമീര്‍ ശൈഖ് ഹംദാവി ഞങ്ങളുടെ അരികിലെത്തി. അദ്ദേഹത്തിന്‍റെ കൂട്ടത്തില്‍ ആദ്യം തബ്ലീഗ് മര്‍ക്കസിലേക്ക് പോയി. അവിടെ ധാരാളം നിരവധി സഹോദരങ്ങളുണ്ടായിരുന്നു. ചെറിയൊരു പ്രഭാഷണം നടത്തി എയര്‍പോട്ടിലേക്ക് പോയി. മദ്ധ്യാഹ്നത്തോടെ മടക്കയാത്ര ആരംഭിച്ചു. 
പടിഞ്ഞാറിന്‍റെ അങ്ങേയറ്റത്ത് സ്ഥിതി ചെയ്യുന്ന പ്രിയങ്കരവും ചരിത്രം നിറഞ്ഞതുമായ മൊറോക്കോയ്ക്ക് കിഴക്ക് നിന്നുമുള്ള എളിയ യാത്രികന്‍ സലാമുകള്‍ നേരുന്നു. കിഴക്കിന്‍റെയും പടിഞ്ഞാറിന്‍റെയും രക്ഷിതാവും ഇസ്ലാം വഴിയായി ഇരു പ്രദേശങ്ങളെയും കൂട്ടിയിണക്കുകയും ചെയ്ത പടച്ചവന്‍റെ കാരുണ്യങ്ങള്‍ ഏവരുടെ മേലും വര്‍ഷിക്കട്ടെ. പ്രത്യേകിച്ചും ഇസ്ലാമിക സാഹോദര്യത്തിന്‍റെയും അറേബ്യന്‍ മാന്യതയുടെയും മാര്‍ഗ്ഗത്തില്‍ ഇന്നും ഉറച്ച് നിന്ന് മുന്‍ഗാമികളുടെ മാതൃക കാട്ടുന്ന സഹോദരങ്ങളുടെ മേല്‍ സന്തോഷവും സമാധാനവും വര്‍ഷിക്കട്ടെ.

***********************************************************************************

രചനാ പരിചയം

മുസ്ലിം വ്യക്തി നിയമം 

തെറ്റിദ്ധാരണകള്‍ക്ക് മറുപടി

അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി



സര്‍വ്വലോക പരിപാലകനായ അല്ലാഹു ഇഹപരവിജയങ്ങള്‍ക്കുവേണ്ടി കനിഞ്ഞരുളിയ ജീവിത ദര്‍ശനമാണ് ഇസ്ലാമിക ശരീഅത്ത്. ഇതിന്‍റെ നിയമങ്ങള്‍ പാലിക്കുന്നതിലൂടെ പരലോകത്തില്‍ ഉന്നത വിജയം ലഭിക്കുന്നതിനോടൊപ്പം ഇഹലോകത്തും വലിയ സമാധാനവും ശാന്തിയും സിദ്ധിക്കുന്നതാണ്. ഉദാഹരണത്തിന് ഇസ്ലാമിക ശരീഅത്ത് പഠിപ്പിക്കുന്ന കുടുംബ നിയമങ്ങളെത്തന്നെ എടുക്കുക. അത് പാലിക്കാത്ത പ്രദേശങ്ങളില്‍ വലിയ പ്രശ്നങ്ങളും പ്രയാസങ്ങളും ഉടലെടുത്തിരിക്കുന്നു. ചിലരാകട്ടെ ഇസ്ലാമിക ശരീഅത്തിന്‍റെ പാഠങ്ങള്‍ തന്നെ പകര്‍ത്തുകയും ചെയ്തു. ലോകത്തെ രണ്ട് പ്രധാന  മതങ്ങളായ ഹിന്ദുമതവും ക്രിസ്തുമതവും ആദ്യം വിവാഹമോചനത്തെ എതിര്‍ക്കുകയും ഇപ്പോള്‍ സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. ഇപ്രകാരം ഇസ്ലാമല്ലാത്ത ഒരു മതത്തിലും സ്ത്രീകള്‍ക്ക് അനന്തരസ്വത്ത് നല്‍കപ്പെട്ടിരുന്നില്ല. ഇസ്ലാമില്‍ മാത്രമാണ് ഈ നിയമമുണ്ടായിരുന്നത്. ഇന്ന് എല്ലാ വിഭാഗങ്ങളും ഇത് അംഗീകരിച്ച് കഴിഞ്ഞു. ഇസ്ലാമിലെ നിയമങ്ങള്‍ സരളവും സമ്പൂര്‍ണ്ണവും സുന്ദരവുമാണ് എന്നതുതന്നെയാണ് ഇതിന്‍റെ കാരണം. എന്നിട്ടും സ്വാതന്ത്ര്യത്തിന്‍റെയും പുരോഗതിയുടെയും പേര് പറഞ്ഞ് പലരും ഇസ്ലാമിക ശരീഅത്തിനെ നിന്ദിക്കുകയും ജനങ്ങളെ നാശങ്ങളിലേക്ക് തള്ളിയിടുകയും ചെയ്തുകൊണ്ടിരിക്കുന്നു. അത്യന്തം നാശകരമായ ഈ പ്രവര്‍ത്തനം പാശ്ചാത്യലോകമാണ് ആദ്യം ആരംഭിച്ചത്. ഇസ്ലാമിക ശരീഅത്തിന് എതിരില്‍ ധാരാളം നുണകള്‍ അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ഇന്ന് ഇപ്പോള്‍ ഈ പ്രവണത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും എന്തിനേറെ നീതിയുടെയും ന്യായത്തിന്‍റെയും കസേരകളില്‍ ഇരിക്കുന്നവരും ഇസ്ലാമിക ശരീഅത്തിനെ തെറ്റിദ്ധരിക്കുന്നു. അമുസ്ലിം വക്കീലുമാരുടെ കാര്യം ഇരിക്കട്ടെ മുസ്ലിം വക്കീലുമാരിലും വലിയ വിഭാഗം ശരീഅത്തിനെക്കുറിച്ച് വലിയ തെറ്റിദ്ധാരണകളിലാണ്. 
ഈ അവസ്ഥാ വിശേഷത്തിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, പലര്‍ക്കും ഇസ്ലാമിക ശരീഅത്തിനെക്കുറിച്ച് ശരിയായ അറിവില്ല. ആരെങ്കിലും സ്ത്രീകളെ ത്വലാഖ് ചൊല്ലിയാല്‍ അത് മൂന്നായിത്തന്നെ സംഭവിക്കുകയുള്ളൂ, ആരെങ്കിലും മകനെ ധിക്കാരിയെന്ന് വിളിച്ചാല്‍ അവനില്‍ അനന്തരാവകാശം നല്‍കപ്പെടേണ്ടതില്ല മുതലായ ധാരണകളുടെ അടിസ്ഥാനം ഈ അറിവില്ലായ്മയാണ്. രണ്ടാമത്തെ കാരണം, ചിലര്‍ക്ക് നിയമങ്ങള്‍ അറിയാമെങ്കിലും അതില്‍ അടങ്ങിയിരിക്കുന്ന തത്വങ്ങളെക്കുറിച്ച് അറിയില്ല. ഉദാഹരണത്തിന് ചില അവസ്ഥകളില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കുറഞ്ഞ അനന്തരാവകാശം മാത്രമേ ലഭിക്കുകയുള്ളൂ. ഇത് സ്ത്രീകളോടുള്ള വിവേചനമാണെന്ന് പലരും ധരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇസ്ലാമിക ശരീഅത്ത് സാമ്പത്തികമായ മുഴുവന്‍ ബാധ്യതകളും പുരുഷന്മാരുടെ മേലാണ് ഇട്ടിരിക്കുന്നത്. സ്ത്രീകള്‍ക്ക് സാമ്പത്തികമായി ഒരു ബാധ്യതയും ഇല്ല. ഇത്തരുണത്തില്‍ പുരുഷന് ലഭിക്കുന്ന സമ്പത്ത് ചിലവിന്‍റെ ആവശ്യങ്ങള്‍ക്ക് ഉള്ളതും സ്ത്രീകള്‍ക്ക് നല്‍കപ്പെടുന്നത് ഉപഹാരവുമാണ്. ഇപ്രകാരം ഇസ്ലാം അനുവദിച്ചിട്ടുള്ള ബഹുഭാര്യത്വത്തിന്‍റെ തത്വങ്ങള്‍ അറിയാത്ത പലരും അതിനെ സ്ത്രീവിരുദ്ധവും മനുഷ്യത്വ രഹിതവുമാണെന്ന് വാദിക്കുന്നു. എന്നാല്‍ ഇസ്ലാം ഇതിന് വെച്ചിരിക്കുന്ന നീതിയുടെ നിബന്ധനയും ഇതില്‍ അടങ്ങിയിരിക്കുന്ന സ്വഭാവപരമായ ഗുണങ്ങളും സ്ത്രീകളോട് തന്നെയുള്ള കാരുണ്യങ്ങളും പലര്‍ക്കും അറിയില്ല. ഈ രണ്ട് ആവശ്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ടാണ് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് തഫ്ഹീമെ ശരീഅത്ത്, ശരീഅത്തിനെ ഗ്രഹിക്കുക എന്ന ഒരു പരിപാടിക്ക് തുടക്കം കുറിച്ചത്. മുസ്ലിം അമുസ്ലിം പണ്ഡിതരെയും ബുദ്ധിജീവികളെയും വക്കീലുമാരെയും ഒരുമിച്ച് കൂട്ടി ഇസ്ലാമിന്‍റെ കുടുംബ-വ്യക്തിനിയമങ്ങളും അവയുടെ തത്വങ്ങളും വിവരിക്കുന്നതാണ് ഈ പരിപാടി. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഇന്ത്യയുടെ വിവിധ കേന്ദ്രസ്ഥലങ്ങളില്‍ ഇതിന്‍റെ വിവിധ പരിപാടികള്‍ നടക്കുകയുണ്ടായി. ഇതില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളും പ്രഭാഷണങ്ങളും വളരെ പ്രയോജനപ്രദമാണെന്ന് ധാരാളം സഹോദരങ്ങള്‍ അഭിപ്രായപ്പെട്ടു. അതില്‍ ചിലതാണ് ഈ സമാഹാരത്തിലെ ഉള്ളടക്കം. ബാക്കി ഭാഗങ്ങളും അടുത്ത് തന്നെ പ്രസിദ്ധീകരിക്കപ്പെടുന്നതാണ്. 
ഇന്ത്യയിലെ പ്രധാന സംസ്ഥാനമായ കേരളത്തിലും ഈ പ്രവര്‍ത്തനം വളരെ ആവശ്യമാണ്. ഇതിന് മുമ്പൊരിക്കല്‍ എറണാകുളത്ത് ഇതിന്‍റെ പരിപാടി നടക്കുകയുണ്ടായി. ഇപ്പോള്‍ ദക്ഷിണ കേരളത്തിലെ കൊല്ലം പരവൂരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സഥാപിക്കപ്പെട്ട നൂറാനിയ തഹ്ഫീളുല്‍ ഖുര്‍ആന്‍ മദ്റസയുടെ 16-ാം വാര്‍ഷിക പ്രഥമ സനദ് ദാന മഹാസമ്മേളനത്തിനോട് അനുബന്ധിച്ച് തഹ്ഫീമെ ശരീഅത്ത് എന്ന ഒരു സെഷനും വെച്ചുവെന്ന് അറിയാന്‍ കഴിഞ്ഞു. വിനീതനെ സംഘാടകര്‍ സ്നേഹ പൂര്‍വ്വം ക്ഷണിച്ചുവെങ്കിലും അതിയായ ആഗ്രഹമുണ്ടായിരുന്നിട്ടും പങ്കെടുക്കാന്‍ സാധിച്ചില്ല. എന്നാല്‍ വിനീതന്‍റെ ഭാഗത്തുനിന്നും പ്രഗത്ഭ പണ്ഡിതനും ആത്മീയ പ്രബോധകനുമായ മൗലാനാ ശൈഖ് മുസ്ഥഫാ രിഫാഈ നദ്വിയും കേരളത്തിലെ ഇതര പണ്ഡിത മഹത്തുക്കളും ഇതില്‍ പങ്കെടുക്കുന്നുണ്ട്. കൂട്ടത്തില്‍ വിനീതന്‍റെ ഈ ലേഖന സമാഹാരവും പ്രസിദ്ധീകരിക്കുന്നു എന്നതില്‍ അതിയായ സന്തോഷവും നന്ദിയുമുണ്ട്. അല്ലാഹു ഇതിനെ സ്വീകരിക്കുകയും വിവര്‍ത്തനം ചെയ്തവരെയും പ്രസിദ്ധീകരിച്ചവരെയും എല്ലാ സേവകരെയും അനുഗ്രഹിക്കുകയും ചെയ്യട്ടെ. ഇത് മഹത്തായ ഒരു മാതൃക കൂടിയാണ്. നമ്മുടെ സ്ഥാപനങ്ങളുടെയെല്ലാം പ്രദാന ലക്ഷ്യം കൂടിയാണ് ഇസ്ലാമിക ശരീഅത്തും സംരക്ഷണവും പ്രചാരണവും. ഇതിനുവേണ്ടി പ്രത്യേക സദസ്സുകള്‍ സംഘടിപ്പിക്കാനും രചനകള്‍ പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും എല്ലാ സ്ഥാപനങ്ങളും മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാഹു  എളുപ്പമാക്കുകയും സ്വീകരിക്കുകയും ചെയ്യട്ടെ. 






***********************************************************************************

പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് വാട്സാപ്പിൽ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി





ഞങ്ങളുടെ കേന്ദ്ര സ്ഥാപനം





ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌