സയ്യിദ് ഹസനി അക്കാദമി
ദാറുല്‍ ഉലൂം, ഓച്ചിറ


ബഹുമാന്യരെ, പ്രയോജനപ്രദമായ രചനകളുടെ പ്രസിദ്ധീകരണത്തിനും പ്രചാരണത്തിനും വേണ്ടി ആദരണീയ പ്രബോധകൻ മൗലാനാ സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി സ്ഥാപിച്ച ഒരു കേന്ദ്രമാണ് സയ്യിദ് ഹസനി അക്കാദമി. പടച്ചവന്റെ അനുഗ്രഹത്താൽ ചെറുതും വലുതുമായ ധാരാളം രചനകൾ ഇതിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ ഇതിന്റെ പ്രചാരണം വേണ്ട നിലയിൽ ആയിട്ടില്ല. അതിനുവേണ്ടി ഓരോ മാസവും ഓരോ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ദുൽ ഹജ്ജ് മാസം തിരുവനന്തപുരം ജില്ലയിലാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. സുമനസ്സുകളായ സഹോദരങ്ങൾ വീടുകളിലും ഇതര സ്ഥാപനങ്ങളിലും ചെറിയ ഒരു ലൈബ്രറി സ്ഥാപിച്ച് അക്കാദമിയുടെ രചനകൾ പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരെ പരിചയപ്പെടുത്തുകയും വിവാഹ വേളകളിലും മറ്റും ഉപഹാരം നൽകുകയും ചെയ്താൽ ഇത് വളരെ എളുപ്പമായ നിലയിൽ നടക്കുന്നതാണ്. ബുക്ക് സ്റ്റാളുകളും പർദ്ദ സ്റ്റാളുകളും നടത്തുന്ന സഹോദരങ്ങളെ പ്രേരിപ്പിച്ചാലും ഈ പ്രവർത്തനം പ്രയോജനപ്രദമായി നടക്കുന്നതാണ്. മാന്യ അനുവാചകർ ഈ വഴിയിൽ പരിശ്രമിക്കുകയും നിർമ്മാണാത്മ അഭിപ്രായങ്ങൾ നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.

*******************************************************************************



********************************************************************************


മുഖലിഖിതം

മാനവികതയുടെ സന്ദേശം


മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി
(ജന:സെക്രട്ടറി അഖിലേന്ത്യാ പയാമെ ഇൻസാനിയത്ത് ഫോറം)

സ്വതന്ത്ര ഇന്ത്യയിലെ പ്രത്യേകമായ സാഹചര്യങ്ങൾ കണ്ടുകൊണ്ട് വിശ്വപണ്ഡിതനായ മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി ആരംഭിച്ച ഒരു പ്രവർത്തനമാണ് പയാമെ ഇൻസാനിയ്യത്ത് (മാനവികതയുടെ സന്ദേശം) ഇത് സർവ്വമത സത്യവാദത്തിലേക്കുള്ള ഒരു നീക്കമായേക്കാം എന്ന് ചിലർ അന്ന് ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. തദവസരം അല്ലാമാ പ്രസ്താവിച്ചു: ഈ പ്രവർത്തനം സർവ്വമത സത്യവാദത്തിന്റേത് അല്ല, സർവ്വമനുഷ്യരുടെയും ഏകത്വത്തിന്റെ പ്രബോധനമാണ്. പടച്ചവൻ അവരിപ്പിച്ച ദർശനം ഒന്നേയുള്ളൂ എന്നാണ് ഇസ്‌ലാം പറയുന്നതെങ്കിലും എല്ലാവരോടും ആദരവും സഹാനുഭൂതിയും പുലർത്തണമെന്ന് ഇസ്‌ലാം കൽപ്പിക്കുന്നു. എല്ലാ മനുഷ്യരും ഒരു പിതാവിന്റെ മക്കളാണെന്നും ആ നിലയിൽ വലിയ ബന്ധമുണ്ടെന്നും ഉണർത്തുകയും ചെയ്യുന്നു. പല പ്രസ്ഥാനങ്ങൾക്കിടയിൽ ഇത് പുതിയ ഒരു പ്രസ്ഥാനത്തിന്റെ കൂട്ടിച്ചേർക്കൽ അല്ല. മറിച്ച് എല്ലാ നല്ല പ്രസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഭൂമി ഒരിക്കിക്കൊടുക്കലാണ് ഇതിന്റെ ലക്ഷ്യം. ഭൂമി ഇല്ലെങ്കിൽ കെട്ടിടങ്ങളൊന്നും ഉണ്ടാകുന്നതല്ല. ഭൂമി കുലുങ്ങിയാൽ കെട്ടിടങ്ങൾ തകർന്നുപോകും. ഇപ്രകാരം മാനവികതയുടെ പ്രവർത്തമില്ലെങ്കിൽ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും അവശേഷിക്കുന്നതല്ല. 
ഇന്ത്യയിൽ കത്തിക്കയറിക്കൊണ്ടിരിക്കുന്ന അപകടകരമായ അവസ്ഥയിൽ ഈ പ്രവർത്തനത്തിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമായിരിക്കുകയാണ്. എന്നാൽ ഇതിന്റെ മര്യാദകളും രീതികളും നന്നായി മനസ്സിലാക്കലും ഉൾക്കൊള്ളലും നിർബന്ധമാണ്. അല്ലാത്തപക്ഷം ഇതിന്റെ ഫലം ശരിയാംവിധം ഉണ്ടാകുന്നതല്ല. കൂടാതെ ചിലരെങ്കിലും ഇന്നും ഇതിന്റെ ഗൗരവവം ഉണർന്നിട്ടില്ല. ആകയാൽ ആദ്യം ഇതിന്റെ പ്രാധാന്യവും തുടർന്ന് ഇതിന്റെ മര്യാദ രീതികളും ചെറിയ നിലയിൽ വിവരിക്കുകയാണ്. 

*******************************************************************************
ജുമുഅ സന്ദേശം

 ഇസ്‌ലാമിലെ സ്ത്രീ


മൗലാനാ ഉമറൈൻ മഹ്ഫൂസ് റഹ്മാനി
സമ്പാ: അബ്ദുർറസ്സാഖ് ഹുസ്നി



{ یَـٰۤأَیُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمُ ٱلَّذِی خَلَقَكُم مِّن نَّفۡسࣲ وَ ٰ⁠حِدَةࣲ وَخَلَقَ مِنۡهَا زَوۡجَهَا وَبَثَّ مِنۡهُمَا رِجَالࣰا كَثِیرࣰا وَنِسَاۤءࣰۚ وَٱتَّقُوا۟ ٱللَّهَ ٱلَّذِی تَسَاۤءَلُونَ بِهِۦ وَٱلۡأَرۡحَامَۚ إِنَّ ٱللَّهَ كَانَ عَلَیۡكُمۡ رَقِیبࣰا }
[Surah An-Nisāʾ: 1]
മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോഅവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക.) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.

ഇസ്‌ലാം മനുഷ്യ പ്രകൃതിക്ക് തീർത്തും അനുയോജ്യമായ ഒരു മതമാണ്. ഇരുലോക രക്ഷിതാവിന്റെ വഹ്‌യ് മുഖേന അവതീർണ്ണമായതിനാൽ ഇസ്ലാമിന്റെ അദ്ധ്യാപനങ്ങളെല്ലാം മനുഷ്യരാശിയുടെ ക്ഷേമത്തിനും നന്മക്കും കാരണമാണ്. മാനവ കുലത്തിന് ദോഷമാകുന്ന യാതൊരു വിധിവിലക്കുകളും ഇസ്ലാം മുന്നോട്ടു വെക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ മനുഷ്യ ജീവിതത്തിനോട് ഇത്രമാത്രം ഇഴുകിച്ചേർന്ന മറ്റൊരു മതമില്ല തന്നെ.

ലോകത്ത് മറ്റൊരു മതവും നൽകാത്ത പരിഗണനയാണ് ഇസ്‌ലാം സ്ത്രീകൾക്ക് നൽകുന്നത്. ഇസ്ലാം ഒരിക്കലും സ്ത്രീകളുടെ അവകാശങ്ങൾക്കെതിരല്ല , മറിച്ച് സ്ത്രീ അവകാശങ്ങളുടെ യഥാർത്ഥ സംരക്ഷകനാണ്. മനുഷ്യൻ നടപ്പിലാക്കിയിരുന്ന സ്ത്രീ വിരുദ്ധത നിറഞ്ഞ കാട്ടാള നിയമങ്ങളെ തകർത്തെറിഞ്ഞ് സ്ത്രീക്ക് വിമോചനത്തിന്റെയും സ്വാതന്ത്രത്തിന്റെയും അനശ്വര പാത തെളിയിച്ച് നൽകിയ ആദർശത്തിന്റെ പേരാണ് ഇസ്‌ലാം.
അതിൽ പെട്ട ഇസ്‌ലാമിന്റെ ചില സുപ്രധാന അദ്ധ്യാപനങ്ങൾ പരിചയപ്പെടാം:

1) അല്ലാഹുവിന്റെ സൃഷ്ടി എന്ന നിലയിൽ സ്ത്രീയും പുരുഷനും ഒരുപോലെയാണെന്നും പുരുഷനുള്ള മഹത്വമെല്ലാം സ്ത്രീക്കുമുണ്ടെന്നും ഇസ്ലാം ഉണർത്തുന്നു.
അല്ലാഹു പറയുന്നത് കാണാം:
{ یَـٰۤأَیُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمُ ٱلَّذِی خَلَقَكُم مِّن نَّفۡسࣲ وَ ٰ⁠حِدَةࣲ وَخَلَقَ مِنۡهَا زَوۡجَهَا وَبَثَّ مِنۡهُمَا رِجَالࣰا كَثِیرࣰا وَنِسَاۤءࣰۚ وَٱتَّقُوا۟ ٱللَّهَ ٱلَّذِی تَسَاۤءَلُونَ بِهِۦ وَٱلۡأَرۡحَامَۚ إِنَّ ٱللَّهَ كَانَ عَلَیۡكُمۡ رَقِیبࣰا }
[Surah An-Nisāʾ: 1]
മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോഅവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക.) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.

2) ഇരുവർക്കും അമലുകൾക്കുള്ള പ്രതിഫലം തുല്യമായാണ് അല്ലാഹു  നൽകുക. സ്ത്രീയേക്കാൾ പുരുഷന് അധികമായി യാതൊരു പ്രതിഫലവും നൽകില്ല.
അല്ലാഹു പറയുന്നു: 
{ فَٱسۡتَجَابَ لَهُمۡ رَبُّهُمۡ أَنِّی لَاۤ أُضِیعُ عَمَلَ عَـٰمِلࣲ مِّنكُم مِّن ذَكَرٍ أَوۡ أُنثَىٰۖ بَعۡضُكُم مِّنۢ بَعۡضࣲۖ }
[Surah Āli-ʿImrān: 195]
അപ്പോള്‍ അവരുടെ രക്ഷിതാവ് അവര്‍ക്ക് ഉത്തരം നല്‍കി: പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്ഫലമാക്കുകയില്ല. നിങ്ങളില്‍ ഓരോ വിഭാഗവും മറ്റു വിഭാഗത്തില്‍ നിന്ന് ഉല്‍ഭവിച്ചവരാകുന്നു.

3) നവജാത പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന ഒരു സമൂഹത്തെ, പെൺ മക്കളെ വളർത്താൻ പരസ്പരം മത്സരിക്കുന്ന ഒരു സമൂഹമാക്കി ഇസ്‌ലാം പരിവർത്തിപ്പിച്ചു.

4) പെൺമക്കൾക്ക് ആവശ്യമായ എല്ലാ ചെലവും ശിക്ഷണവും നൽകേണ്ടത് അവരുടെ രക്ഷകർത്താവിന്റെ ബാധ്യതയാണെന്ന് ഇസ്‌ലാം പഠിപ്പിച്ചു.

5) സ്ത്രീയെ നികൃഷ്ടമായി കണ്ട് വികാരപൂർത്തീകരണത്തിന് മാത്രം അവരെ സമീപിച്ചിരുന്ന  ഇരുണ്ട യുഗത്തിൽ നിന്ന് വ്യവസ്ഥാപിതമായ നികാഹ് നടപ്പിലാക്കി സ്ത്രീയുടെ  അന്തസ്സും അഭിമാനവും ഇസ്‌ലാം തിരികെ നൽകി.

6) സ്ത്രീയുടെ അവകാശങ്ങളെല്ലാം ലംഘിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ സ്ത്രീക്ക് അവളുടെ സ്വത്തിലുള്ള ഉടമസ്ഥാവകാശത്തിന് പുറമേ അനന്തരസ്വത്തിലും ഇസ്‌ലാം അവകാശം നൽകി.
അല്ലാഹു പറയുന്നത് നോക്കു:
{ لِّلرِّجَالِ نَصِیبࣱ مِّمَّا تَرَكَ ٱلۡوَ ٰ⁠لِدَانِ وَٱلۡأَقۡرَبُونَ وَلِلنِّسَاۤءِ نَصِیبࣱ مِّمَّا تَرَكَ ٱلۡوَ ٰ⁠لِدَانِ وَٱلۡأَقۡرَبُونَ مِمَّا قَلَّ مِنۡهُ أَوۡ كَثُرَۚ نَصِیبࣰا مَّفۡرُوضࣰا }
[Surah An-Nisāʾ: 7]
മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തില്‍ പുരുഷന്‍മാര്‍ക്ക് ഓഹരിയുണ്ട്‌. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്‌. (ആ ധനം) കുറച്ചാകട്ടെ, കൂടുതലാകട്ടെ. അത് നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു

{ یُوصِیكُمُ ٱللَّهُ فِیۤ أَوۡلَـٰدِكُمۡۖ لِلذَّكَرِ مِثۡلُ حَظِّ ٱلۡأُنثَیَیۡنِۚ فَإِن كُنَّ نِسَاۤءࣰ فَوۡقَ ٱثۡنَتَیۡنِ فَلَهُنَّ ثُلُثَا مَا تَرَكَۖ وَإِن كَانَتۡ وَ ٰ⁠حِدَةࣰ فَلَهَا ٱلنِّصۡفُۚ }
[Surah An-Nisāʾ: 11]
നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു; ആണിന് രണ്ട് പെണ്ണിന്‍റെതിന് തുല്യമായ ഓഹരിയാണുള്ളത്‌. ഇനി രണ്ടിലധികംപെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്‍) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ് അവര്‍ക്കുള്ളത്‌. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പകുതിയാണുള്ളത്‌.

7) മാതാവെന്ന നിലയിൽ സ്ത്രീ കൂടുതൽ ആദരവിനും സഹവർത്തിത്വത്തിനും അർഹയാണെന്ന് നബീ കരീം ﷺ പഠിപ്പിക്കുന്നു.

നബിﷺ യോട് ഒരാള്‍ ചോദിച്ചു അല്ലാഹുവിന്‍റെ തിരുദൂതരേ, ജനങ്ങളില്‍ ഞാന്‍ ഏറ്റവും നന്നായി സഹവര്‍ത്തിത്വം പുലര്‍ത്താന്‍ ബാധ്യതപ്പെട്ടതാരാണ്? അവിടുന്ന് പറഞ്ഞു: നിന്‍റെ മാതാവ്. പിന്നെ? നിന്‍റെ മാതാവ്. പിന്നെ? നിന്‍റെ മാതാവ്. പിന്നെയോ? നിന്‍റെ പിതാവ്.
(ബുഖാരി)

8) കുടുംബ-സാമൂഹിക തലങ്ങളിലുള്ള സ്ത്രീയുടെ അവകാശങ്ങളെപ്പറ്റി വാചാലമായ ഖുർആൻ, സഹോദരി എന്ന നിലയിൽ സ്ത്രീക്ക് ലഭിക്കേണ്ട അവകാശങ്ങളും പ്രതിപാദിക്കുന്നുണ്ട്. അനന്തരാവകാശ സ്വത്തിൽ സഹോദരിയുടെ വിഹിതം ഖുർആൻ വ്യക്തമാക്കുന്നത് കാണുക:
{ ۞وَإِن كَانَ رَجُلࣱ یُورَثُ كَلَـٰلَةً أَوِ ٱمۡرَأَةࣱ وَلَهُۥۤ أَخٌ أَوۡ أُخۡتࣱ فَلِكُلِّ وَ ٰ⁠حِدࣲ مِّنۡهُمَا ٱلسُّدُسُۚ فَإِن كَانُوۤا۟ أَكۡثَرَ مِن ذَ ٰ⁠لِكَ فَهُمۡ شُرَكَاۤءُ فِی ٱلثُّلُثِۚ مِنۢ بَعۡدِ وَصِیَّةࣲ یُوصَىٰ بِهَاۤ أَوۡ دَیۡنٍ غَیۡرَ مُضَاۤرࣲّۚ}
[Surah An-Nisāʾ: 12]
അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദരസഹോദരിമാരില്‍) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്‌. ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും.ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതു കഴിച്ചാണിത്‌.

9) ഖുർആനിക അദ്ധ്യാപനത്തിന് പുറമെ നബി ﷺ യുടെ ഹദീസുകളിലും സ്ത്രീകളോടുള്ള പ്രത്യേക പരിഗണന എടുത്തു കാണാൻ സാധിക്കും.
ഇബ്നു അബ്ബാസ് (റ) നിവേദനം: 
ഒരിക്കൽ ഒരു സ്വഹാബി നബിയോട് ചോദിച്ചു: ഞാൻ യുദ്ധത്തിൽ പങ്കെടുക്കാൻ പേര് നൽകിയിട്ടുണ്ട്. എന്നാൽ എന്റെ ഭാര്യ ഹജ്ജിനായി പുറപ്പെടുകയാണ്. റസൂൽ ﷺ അരുളി: നീ മടങ്ങിപ്പോയി അവളോടൊപ്പം ഹജ്ജ് ചെയ്യുക.
(ബുഖാരി)

10) സ്ത്രീക്ക് വിദ്യാഭ്യാസവും തർബിയത്തും നൽകേണ്ട പ്രാധാന്യം നബി ﷺ പ്രത്യേകം ഉണർത്തിയിട്ടുണ്ട്. അവരെ താഴ്ന്നവരായി കണ്ട് വിദ്യാഭ്യാസ-തർബിയ്യത്തുകൾ നൽകാതിരിക്കുന്നതിനെ തങ്ങൾﷺ വിലക്കിയിരിക്കുന്നു.
الرَّجُلُ تَكُونُ له الأمَةُ، فيُعَلِّمُها فيُحْسِنُ تَعْلِيمَها، ويُؤَدِّبُها فيُحْسِنُ أدَبَها، ثُمَّ يُعْتِقُها فَيَتَزَوَّجُها فَلَهُ أجْرانِ.(البخاري)
ഒരു വ്യക്തിയുടെ കീഴിൽ ഒരു അടിമ പെൺകുട്ടി ഉണ്ടായിരിക്കുകയും അവൻ അവൾക്ക് നല്ല വിദ്യാഭ്യാസം നൽകുകയും നല്ല അദബ് പഠിപ്പിക്കുകയും ശേഷം മോചിപ്പിച്ച് വേളി കഴിക്കുകയും ചെയ്താൽ അവന് രണ്ട് പ്രതിഫലമുണ്ട്.

മേൽ പറയപ്പെട്ട ആയത്തുകളിലൂടെയും ഹദീസുകളിലൂടേയും ഇസ്‌ലാം സ്ത്രീക്ക് നൽകുന്ന സ്ഥാനം വ്യക്തമാണ്. അവർക്ക് സ്ഥാനം നൽകുക മാത്രം ചെയ്യാതെ ധാരാളം അവകാശങ്ങളും നൽകുന്നു. സമൂഹത്തിൽ ഉന്നത ജീവിതം നയിക്കാൻ ഇതിലൂടെ അവർക്ക് കഴിയും.

ഖേദകരമെന്ന് പറയാതെ വയ്യ, സ്ത്രീക്ക് ഇത്ര മാത്രം അവകാശങ്ങൾ കൽപ്പിച്ചു നൽകിയ ഇതേ ഇസ്‌ലാം , സ്ത്രീ വിരുദ്ധമാണെന്നും അവരുടെ അവകാശങ്ങൾ ഹനിക്കുകയാണെന്നും ഇസ്ലാമിന്റെ എതിരാളികൾ പ്രചരിപ്പിക്കുകയും ജനങ്ങൾക്കിടയിൽ അത് വ്യാപകമാവുകയും ചെയ്തു.


അല്ലാഹു സമുദായത്തെ എല്ലാവിധ കുതന്ത്രങ്ങളിൽ നിന്നും കാത്തു രക്ഷിക്കട്ടെ . ആമീൻ

***********************************************************************************

മആരിഫുല്‍ ഖുര്‍ആന്‍ 


പര്‍ദ്ദ: നിയമത്തിന്‍റെ അവതരണ ചരിത്രം.

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

ആയത്ത് 53-55

{يَاأَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتَ النَّبِيِّ إِلَّا أَنْ يُؤْذَنَ لَكُمْ إِلَى طَعَامٍ غَيْرَ نَاظِرِينَ إِنَاهُ وَلَكِنْ إِذَا دُعِيتُمْ فَادْخُلُوا فَإِذَا طَعِمْتُمْ فَانْتَشِرُوا وَلَا مُسْتَأْنِسِينَ لِحَدِيثٍ إِنَّ ذَلِكُمْ كَانَ يُؤْذِي النَّبِيَّ فَيَسْتَحْيِي مِنْكُمْ وَاللَّهُ لَا يَسْتَحْيِي مِنَ الْحَقِّ وَإِذَا سَأَلْتُمُوهُنَّ مَتَاعًا فَاسْأَلُوهُنَّ مِنْ وَرَاءِ حِجَابٍ ذَلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ وَمَا كَانَ لَكُمْ أَنْ تُؤْذُوا رَسُولَ اللَّهِ وَلَا أَنْ تَنْكِحُوا أَزْوَاجَهُ مِنْ بَعْدِهِ أَبَدًا إِنَّ ذَلِكُمْ كَانَ عِنْدَ اللَّهِ عَظِيمًا (53) إِنْ تُبْدُوا شَيْئًا أَوتُخْفُوهُ فَإِنَّ اللَّهَ كَانَ بِكُلِّ شَيْءٍ عَلِيمًا (54) لَا جُنَاحَ عَلَيْهِنَّ فِي آبَائِهِنَّ وَلَا أَبْنَائِهِنَّ وَلَا إِخْوَانِهِنَّ وَلَا أَبْنَاءِ إِخْوَانِهِنَّ وَلَا أَبْنَاءِ أَخَوَاتِهِنَّ وَلَا نِسَائِهِنَّ وَلَا مَا مَلَكَتْ أَيْمَانُهُنَّ وَاتَّقِينَ اللَّهَ إِنَّ اللَّهَ كَانَ عَلَى كُلِّ شَيْءٍ شَهِيدًا}

സത്യവിശ്വാസികളെ, ആഹാരം കഴിക്കുന്നതിന് നിങ്ങള്‍ക്ക് അനുമതി നല്‍കപ്പെട്ടാലല്ലാതെ പ്രവാചക ഭവനങ്ങളില്‍ നിങ്ങള്‍ പ്രവേശിക്കരുത്. (ക്ഷണിക്കപ്പെട്ടാല്‍) ആഹാരം പാചകമാകുന്ന സമയം പ്രതീക്ഷിക്കരുത്. മറിച്ച് നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ പ്രവേശിക്കുക. ആഹാരം കഴിച്ച് കഴിഞ്ഞാല്‍ സംസാരിക്കുന്നതിന് വേണ്ടി ഇരിക്കാതെ പിരിഞ്ഞു പോകുക. തീര്‍ച്ചയായും അത് പ്രവാചകന് ബുദ്ധിമുട്ടുണ്ടാക്കും. പ്രവാചകന് നിങ്ങളോട് ലജ്ജ തോന്നും. അല്ലാഹു സത്യം പറയുന്നതിന് ലജ്ജിക്കുകയില്ല. നിങ്ങള്‍ പ്രവാചക പത്നിമാരോട് വല്ല സാധനങ്ങളും ചോദിച്ചാല്‍ മറയ്ക്കുപിന്നില്‍ നിന്ന് അവരോട് ചോദിക്കുക. നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും പരിശുദ്ധി അതാണ്. റസൂലുല്ലാഹിയെ ഉപദ്രവിക്കാനും റസൂലുല്ലാഹിക്ക് ശേഷം പ്രവാചക പത്നിമാരെ വിവാഹം കഴിക്കാനും നിങ്ങള്‍ക്ക് അനുവാദമില്ല. അത് അല്ലാഹുവിങ്കല്‍ വലിയ ഗൗരവമുള്ള കാര്യമാണ്.(53) നിങ്ങള്‍ വല്ലതും പ്രകടമാക്കിയാലും മറച്ചുവെച്ചാലും തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്നതാണ്.(54) പ്രവാചകപത്നിമാരുടെ പിതാക്കള്‍, ആണ്‍മക്കള്‍, സഹോദരങ്ങള്‍, സഹോദരമക്കള്‍, സഹോദരി മക്കള്‍, അവരുടെ അടുത്ത സ്ത്രീകള്‍, അടിമകള്‍ ഇവരുടെ വിഷയത്തില്‍ മറ സ്വീകരിക്കല്‍ അവരുടെമേല്‍ നിര്‍ബന്ധമില്ല. അവര്‍ അല്ലാഹുവിനെ ഭയന്ന് കഴിയട്ടെ. അല്ലാഹു എല്ലാത്തിനും സാക്ഷിയാണ്.(55)


വിവരണവും വ്യാഖ്യാനവും 

സ്ത്രീ പുരുഷന്മാര്‍ മറകളൊന്നുമില്ലാതെ കൂടിക്കലരുന്നതിനെ ലോകാരംഭം മുതല്‍ ഇന്നുവരെ ഒരു കാലത്തും ആരും ശരിയായി കണ്ടിട്ടില്ല. മതത്തിന്‍റെ വക്താക്കള്‍ മാത്രമല്ല, മാന്യതയുള്ളവരാരും അതിനെ അംഗീകരിക്കുന്നതുമല്ല. മൂസാ നബി (അ) മദ്യന്‍ യാത്രയുടെ സമയത്ത് ഏതാനും സ്ത്രീകള്‍ അവരുടെ ആടുകളുമായി വെള്ളം കുടിപ്പിക്കാതെ ദൂരെ മാറി നില്‍ക്കുകയുണ്ടായി. കാരണം തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ പുരുഷന്മാരോടൊപ്പം തിരക്കില്‍ കടക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ മിച്ചം വരുന്ന വെള്ളം കൊണ്ട് തൃപ്തിപ്പെടുന്നതാണ്. ഹിജാബിന്‍റെ ആദ്യത്തെ ആയത്ത് അവതരിച്ചത് സൈനബ് ബിന്‍ത് ജഹ്ശ് (റ)ന്‍റെ വിവാഹ വേളയിലാണ്. അതിനുമുമ്പുള്ള അവരുടെ അവസ്ഥ ഒരു നിവേദനം വിവരിക്കുന്നത് ഇപ്രകാരമാണ്: അവര്‍ ഭിത്തിയിലേക്ക് അവരുടെ മുഖം തിരിച്ച് ഇരിക്കുകയായിരുന്നു. (തിര്‍മിദി) ഹിജാബിന്‍റെ ആയത്ത് ഇറങ്ങുന്നതിന് മുമ്പ് സ്ത്രീപുരുഷന്മാര്‍ കൂടിക്കലരുന്നതും ലജ്ജയില്ലാതെ പരസ്പരം കണ്ടുമുട്ടി സംസാരിക്കുന്നതും മാന്യതയുള്ളവര്‍ അംഗീകരിച്ചിരുന്നില്ലെന്ന് ഇതില്‍ നിന്നും മനസ്സിലാകുന്നു. പരിശുദ്ധ ഖുര്‍ആനില്‍ പഴയ ജാഹിലീ യുഗത്തില്‍ സ്ത്രീകള്‍ നഗ്നത പ്രദര്‍ശിപ്പിച്ചിരുന്നതായി പരാമര്‍ശിക്കുന്നുണ്ടെങ്കിലും അത് അറബികളുടെ സംസ്കാരമുള്ള കുടുംബങ്ങളില്‍ അല്ലായിരുന്നു. മറിച്ച് അടിമ സ്ത്രീകളുടെയും മോശപ്പെട്ട സ്ത്രീകളുടെയും കാര്യമായിരുന്നു. മാന്യതയുള്ള അറബി കുടുംബങ്ങളെല്ലാം ഇതിനെ മോശമായി കണ്ടിരുന്നു. അറബികളുടെ ചരിത്രം ഇതിന് സാക്ഷ്യമാണ്.   
ഇന്ത്യാ രാജ്യത്തും ഹൈന്ദവരും ബുദ്ധ മതസ്ഥരും ഇതര മതവിഭാഗങ്ങളും സ്ത്രീ പുരുഷന്മാര്‍ കൂടിക്കലരുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. പുരുഷന്മാരോടൊപ്പം തോളോട് തോളൊരുമി സ്ത്രീകള്‍ പ്രവര്‍ത്തിക്കുകയും കമ്പോളങ്ങളിലും വഴിയോരങ്ങളിലും കൂടിയിരിക്കുകയും വിദ്യാഭ്യാസം മുതല്‍ ജീവിതത്തിന്‍റെ സര്‍വ്വ മേഖലകളിലും സ്ത്രീ പുരുഷന്മാര്‍ പരസ്യമായി അടുത്ത് കഴിയുകയും ക്ലബ്ബുകളില്‍ തുറന്ന് സംസാരിക്കുകയും ചെയ്യുന്ന ഇന്നത്തെ അവസ്ഥ യഥാര്‍ത്ഥത്തില്‍ യൂറോപ്പിന്‍റെ മ്ലേച്ഛത നിറഞ്ഞ സംസ്കാരത്തിന്‍റെ ഉല്‍പ്പന്നമാണ്. ഇത് തന്നെ അവര്‍ ആരംഭിച്ചിരിക്കുന്നത് സ്വന്തം ഭൂതകാലത്തെ അവഗണിച്ചുകൊണ്ടാണ്. പഴയ കാലത്ത് അവര്‍ക്കിടയില്‍ ഈ അവസ്ഥയുണ്ടായിരുന്നില്ല. അല്ലാഹു സ്ത്രീകളുടെ ശരീരത്തിന് പുരുഷന്മാരുടെ ശരീരത്തേക്കാള്‍ വലിയ വ്യത്യാസം വെച്ചിരിക്കുന്നു. ഇപ്രകാരം ഇരുവരുടെയും പ്രകൃതികള്‍ക്കിടയിലും വ്യത്യാസമുണ്ട്. സ്ത്രീ വളരെയധികം ലജ്ജയുള്ളവരാണ്. ഈ പ്രകൃതിപരമായ ഗുണത്തിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ പൊതുവില്‍ പുരുഷന്മാരില്‍ നിന്നും അകന്ന് കഴിയുകയും മറ സ്വീകരിക്കുകയും ചെയ്യുന്നു. ഈ മറ ആദ്യം കാലം മുതല്‍ക്കേ ഉള്ളതാണ്. ഇസ്ലാം ആദ്യ ഘട്ടത്തില്‍ തന്നെ അത് സ്വീകരിച്ചിരുന്നു. ആദ്യകാലത്തെ മറ ഇത് തന്നെയായിരുന്നു. 
തുടര്‍ന്ന് സ്ത്രീകളുടെ മറയുമായി ബന്ധപ്പെട്ട് ഇസ്ലാം നല്‍കിയ നിര്‍ദ്ദേശം, സ്ത്രീകളുടെ യഥാര്‍ത്ഥ കര്‍മ്മമണ്ഡലം വീടുകളാണെന്നും ആവശ്യത്തിന് വെളിയിലേക്ക് ഇറങ്ങുമ്പോള്‍ ശരീരം പൂര്‍ണ്ണമായി മറയ്ക്കണമെന്നുമായിരുന്നു. ഈ നിര്‍ദ്ദേശം ഹിജ്റ അഞ്ചാം വര്‍ഷമാണ് അവതരിച്ചത്. ഇവിടെ നാം ചര്‍ച്ച ചെയ്യുന്ന ആയത്താണ് ഈ വിഷയത്തില്‍ ആദ്യമായി അവതരിച്ചത്. ഇത് സൈനബ് ബീവി (റ)യുടെ വിവാഹവുമായി ബന്ധപ്പെട്ട് ഇറങ്ങിയ വചനമാണ്. ഈ വിവാഹം നടന്നത് ഹിജ്രി മൂന്ന്, അല്ലെങ്കില്‍ അഞ്ചിലാണെന്ന് ഇബ്നു  ഹജര്‍ (റ), ഇബ്നു അബ്ദില്‍ ബര്‍റ് (റ) ഇരുവരും പറയുന്നു. (ഇസാബ, ഇസ്തിആബ്) ഇബ്നു കസീര്‍ (റ), ഇബ്നു സഅദ് (റ) ഇരുവരും ഹിജ്റ അഞ്ചെന്ന അഭിപ്രായത്തിന് മുന്‍ഗണന നല്‍കുന്നു. ആഇശ (റ)യുടെ ചില നിവേദനങ്ങളും ഇതിനെ ബലപ്പെടുത്തുന്നു. 
ഈ ആയത്തില്‍ മറയില്‍ കഴിയണമെന്ന് സ്ത്രീകളോടും, സ്ത്രീകളില്‍ നിന്നും വല്ലതും ചോദിക്കണമെങ്കില്‍ മറയ്ക്ക് പിന്നില്‍ നിന്നുകൊണ്ട് ചോദിക്കണമെന്ന് പുരുഷന്മാരോടും കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതെ, ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ സ്ത്രീപുരുഷന്മാര്‍ അകന്നുതന്നെയാണ് കഴിയേണ്ടത്. അത്യാവശ്യ സന്ദര്‍ഭത്തില്‍ അവരോട് സംസാരിക്കേണ്ടി വന്നാല്‍ മറയ്ക്ക് പിന്നിലാകേണ്ടതാണ്. 
സ്ത്രീകളുടെ മറയുമായി ബന്ധപ്പെട്ട് ഖുര്‍ആനില്‍ ഏഴ് ആയത്തുകള്‍ അവതരിച്ചിട്ടുണ്ട്. നാല് ആയത്തുകള്‍ അഹ്സാബിലും മൂന്ന് ആയത്തുകള്‍ സൂറത്തുന്നൂറിലും. ഇതില്‍ ഏറ്റവും ആദ്യമായി അവതരിച്ചത് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന ആയത്താണ്. മറ്റ് ആയത്തുകള്‍ ഖുര്‍ആനിന്‍റെ ക്രമമനുസരിച്ച് മുന്‍പുള്ളതാണെങ്കിലും അവതരിച്ചത് ഇതിന് ശേഷമാണ്. ഈ സൂറത്തില്‍ ഈ വിഷയത്തില്‍ അവതരിച്ച ആദ്യത്തെ ആയത്ത് ഇതാണ്: ......... (അഹ്സാബ് 33) ഈ ആയത്തിന് തൊട്ടുമുമ്പുള്ള ആയത്തുകളില്‍ റസൂലുല്ലാഹി (സ)യുടെ പവിത്ര പത്നിമാരോട് ഭൗതിക വിശാലതയോ, ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് റസൂലുല്ലാഹി (സ)യുടെ ഭാര്യയായി കഴിയലോ തിരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ഈ ഭാര്യമാരില്‍ സൈനബ് ബീവി (റ) ഉണ്ടായിരുന്നു. അതുകൊണ്ട് ഈ ആയത്ത് അവതരിക്കുന്നതിന് മുമ്പ് അവരുടെ വിവാഹം നടന്നുവെന്ന് മനസ്സിലാകുന്നു. സൂറത്തുന്നൂറിലെ ആയത്തുകള്‍ ബനുല്‍മുസ്തലഖ് യുദ്ധ യാത്രയില്‍ നടന്ന അപരാധ സംഭവത്തെത്തുടര്‍ന്നാണ് അവതരിച്ചത്. ഈ യാത്ര ഹിജ്റ ആറിലായിരുന്നു. അതുകൊണ്ട് ആ ആയത്തുകളും ഇതിന് ശേഷം തന്നെയാണ് അവതരിച്ചത്. സൂറത്തുന്നൂറിലെ ആയത്തുകളുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ അവിടെ കഴിഞ്ഞിട്ടുണ്ട്. 
സ്ത്രീകള്‍ നഗ്നത മറയ്ക്കുന്നതും ശരീരം മറയ്ക്കുന്നതും രണ്ടാണ്.  പുരുഷന്മാരാകട്ടെ, സ്ത്രീകളാകട്ടെ, നഗ്നതയുടെ ഭാഗങ്ങള്‍ മറയ്ക്കേണ്ടത് നിയമപരവും പ്രകൃതിപരവും ബുദ്ധിപരവുമായ ബാധ്യതയാണ്. ഇതിന് ഔറത്ത് മറയ്ക്കുക എന്ന് പറയപ്പെടുന്നു. സത്യവിശ്വാസം കഴിഞ്ഞാല്‍ നിര്‍ബന്ധമായും പ്രവര്‍ത്തിക്കേണ്ട ബാധ്യത ഔറത്ത് മറയ്ക്കുക എന്നതാണ്. മനുഷ്യ സൃഷ്ടിപ്പിന്‍റെ തുടക്കം മുതല്‍ ഈ ഗുണം മനുഷ്യന്‍ സ്വീകരിച്ചിരുന്നു. എല്ലാ നബിമാരുടെയും ശരീഅത്തുകളില്‍ ഇത് നിര്‍ബന്ധമായിരുന്നു. എന്നല്ല, വിധിവിലക്കുകള്‍ അവതരിക്കുന്നതിന് മുമ്പ് സ്വര്‍ഗ്ഗത്തിലും ഇതുണ്ടായിരുന്നു. ആദം (അ), ഹവ്വാ (അ) ഇരുവരും നിരോധിക്കപ്പെട്ട വൃക്ഷത്തില്‍ നിന്നും ഭക്ഷിച്ചപ്പോള്‍ ഇരുവരുടെയും സ്വര്‍ഗ്ഗീയ വസ്ത്രം അഴിഞ്ഞുപോയി. തദവസരം ആദം (അ) നഗ്നത തുറന്നിടുന്നത് അനുവദനീയമായി കണ്ടില്ല. അങ്ങനെ ഇരുവരും സ്വര്‍ഗ്ഗത്തിലെ ഇലകള്‍ കൊണ്ട് ശരീരം മറച്ചതായി ഖുര്‍ആന്‍ പറയുന്നു. ചുരുക്കത്തില്‍ ആദം (അ) മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ)വരെയുള്ള എല്ലാ നബിമാരുടെയും നിയമ വ്യവസ്ഥിതിയില്‍ ഔറത്ത് മറയ്ക്കല്‍ നിര്‍ബന്ധമായിരുന്നു. ഔറത്ത് എന്തെല്ലാമാണെന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരിക്കാമെങ്കിലും നഗ്നത മറയ്ക്കണമെന്ന അടിസ്ഥാന വിഷയത്തില്‍ എല്ലാ നബിമാരുടെയും വ്യവസ്ഥിതി ഏകോപിച്ചിരിക്കുന്നു. ആരെങ്കിലും കാണുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഇത് സ്ത്രീകളും പുരുഷന്മാരുമായ മുഴുവന്‍ മനുഷ്യരുടെയും കടമയാണ്. അതുകൊണ്ട് തന്നെ ആരെങ്കിലും ഇരുള്‍ നിറഞ്ഞ രാത്രിയില്‍ നഗ്നത മറയ്ക്കാന്‍ വസ്ത്രമുണ്ടായിട്ടും അത് ധരിക്കാതെ നഗ്നനായി നമസ്കരിച്ചാല്‍ അവന്‍റെ നഗ്നത ആരും കണ്ടില്ലെങ്കിലും പ്രസ്തുത നമസ്കാരം സാധു ആവുകയില്ലെന്നതില്‍ എല്ലാവരും ഏകോപിച്ചിരിക്കുന്നു. (ബഹ്റുറാഇഖ്) ഇപ്രകാരം കാണുന്ന മറ്റാരുമില്ലാത്ത സ്ഥലത്തുവെച്ച് ഒരാള്‍ നമസ്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ നഗ്നത തുറന്നാലും നമസ്കാരം അസാധുവാകുന്നതാണ്.
നമസ്കാരത്തിന് പുറത്ത് ജനങ്ങളുടെ മുമ്പില്‍ ഔറത്ത് മറയ്ക്കല്‍ നിര്‍ബന്ധമാണെന്ന വിഷയത്തില്‍ ആര്‍ക്കും ഭിന്നതയില്ല. നോക്കാന്‍ ആരുമില്ലാത്ത ഏകാന്തതയുടെ സ്ഥലങ്ങളിലും നിയമപരമോ പ്രകൃതിതപരമോ ആയ ന്യായമായ കാരണമൊന്നും കൂടാതെ നഗ്നത തുറന്നിരിക്കാന്‍ പാടില്ലെന്നുള്ളതാണ് പ്രബലമായ അഭിപ്രായം. (ബഹ്റുറാഇഖ്) 
ലോകത്തിന്‍റെ ആരംഭം മുതല്‍ എല്ലാ നബിമാരുടെയും നിയമസംഹിത നിര്‍ബന്ധമായും പ്രഖ്യാപിച്ച നഗ്നത മറയ്ക്കുന്നതിനെക്കുറിച്ചുള്ള നിയമമാണ് ഇതുവരെ പറയപ്പെട്ടത്. ഇതില്‍ സ്ത്രീകളും പുരുഷന്മാരും ഏകാന്തതയും പരസ്യവും എല്ലാം സമമാണ്. ജനങ്ങള്‍ക്ക് മുന്നില്‍ നഗ്നത വെളിവാക്കാന്‍ പാടില്ലാത്തതുപോലെ ഏകാന്തതയിലും ആവശ്യമില്ലാതെ നഗ്നത തുറക്കാന്‍ പാടുള്ളതല്ല. 
രണ്ടാമത്തെ വിഷയം, ഹിജാബ് (പര്‍ദ്ദ) ആണ്. അതായത്, സ്ത്രീകള്‍ എല്ലാവരും അന്യപുരുഷന്മാരുടെ മുന്നില്‍ മറ സ്വീകരിക്കേണ്ടതാണ്. അന്യപുരുഷന്മാരുമായി സ്ത്രീകള്‍ മറയൊന്നുമില്ലാതെ കൂടിക്കലരാന്‍ പാടില്ലെന്ന വിഷയത്തില്‍ മുഴുവന്‍ നബിമാരും മഹാത്മാക്കളും മാന്യന്മാരും എല്ലാ കാലത്തും ഏകോപിച്ചിരിക്കുന്നു. ശുഅയ്ബ് നബി (അ)യുടെ രണ്ട് പെണ്‍കുട്ടികളുടെ സംഭവം ഖുര്‍ആനില്‍ വന്നിട്ടുണ്ട്. അവര്‍ ആടുകള്‍ക്ക് വെള്ളം കുടിപ്പിക്കാന്‍ നാട്ടിലെ വലിയ കിണറ്റിനരികില്‍ പോയപ്പോള്‍ അവിടെ പുരുഷന്മാര്‍ മൃഗങ്ങള്‍ക്ക് വെള്ളം കുടിപ്പിക്കുന്ന തിരക്കിലായിരുന്നു. ഖുര്‍ആന്‍ പറയുന്നു: ഇതുകണ്ട പെണ്‍കുട്ടികള്‍ ഒരു ഭാഗത്തേക്ക് മാറിനിന്നു. യാദൃശ്ചികമായി യാത്രക്കിടയില്‍ അവിടെ എത്തിയ മൂസാ നബി (അ) അവര്‍ ഇപ്രകാരം മാറി നില്‍ക്കുന്നത് കണ്ട് കാര്യം തിരക്കി. അപ്പോള്‍ അവര്‍ രണ്ട് കാര്യങ്ങള്‍ പറഞ്ഞു. 1. ഇവിടെ ഇപ്പോള്‍ പുരുഷന്മാരുടെ തിരക്കാണ്. ഇവര്‍ മടങ്ങിപ്പോകുന്നതുവരെ ഞങ്ങള്‍ മൃഗങ്ങള്‍ക്ക് വെള്ളും കുടിപ്പിക്കുന്നതല്ല. 2. ഞങ്ങളുടെ പിതാവ് വൃദ്ധനും ബലഹീനനുമാണ്! മൃഗങ്ങള്‍ക്ക് വെള്ളം കുടിപ്പിക്കാന്‍ ഇറങ്ങുന്നത് സ്ത്രീകളുടെ പതിവല്ലെന്ന് ഇത് അറിയിക്കുന്നു. പക്ഷേ, പിതാവിന്‍റെ ബലഹീനതയും മറ്റ് പുരുഷന്മാരുടെ അഭാവവും കാരണമാണ് ഞങ്ങള്‍ ഇത് ചെയ്യേണ്ടി  വന്നത്. 
ശുഅയ്ബ് നബി (അ)യുടെ കാലത്തും അദ്ദേഹത്തിന്‍റെ നിയമ സംഹിതയിലും സ്ത്രീകളും പുരുഷന്മാരും കൂടിക്കലര്‍ന്ന് ജോലി ചെയ്യുന്നതും നടക്കുന്നതും അനിഷ്ടകരമായിരുന്നുവെന്നും സ്ത്രീകളുമായി കൂടിക്കലരുന്ന ജോലി സ്ത്രീകളെ ഏല്‍പ്പിക്കാന്‍ പാടില്ലെന്നും എന്നാല്‍ അവര്‍ നിയമപരമായ മറ സ്വീകരിക്കേണ്ട കടമ അന്ന് ഇല്ലായിരുന്നുവെന്നും ഇതില്‍ നിന്നും മനസ്സിലാകുന്നു. ഇസ്ലാമിന്‍റെ ആരംഭ കാലത്തുള്ള അവസ്ഥയില്‍ ഇത് തന്നെയായിരുന്നു. എന്നാല്‍ ഹിജ്രി 3 അല്ലെങ്കില്‍ 4-ല്‍ സ്ത്രീകള്‍ അന്യപുരുഷന്മാരില്‍ നിന്നും മറ സ്വീകരിക്കല്‍ നിര്‍ബന്ധമാക്കപ്പെട്ടു. അതിന്‍റെ വിവരണം പിന്നീട് വരുന്നതാണ്. ചുരുക്കത്തില്‍ സത്ര്‍ (നഗ്നത മറയ്ക്കല്‍) ഹിജാബ് (മറ) സ്വീകരിക്കല്‍ രണ്ടും രണ്ടാണ്. നഗ്നത മറയ്ക്കേണ്ട കടമ എന്നും ഉണ്ടായിരുന്നു. ഹിജാബിന്‍റെ നിയമം ഹിജ്റ അഞ്ചിനാണ് ഇറങ്ങിയത്. സ്ത്രീകളും പുരുഷന്മാരും ഔറത്ത് മറയ്ക്കല്‍ നിര്‍ബന്ധമാണ്. ഹിജാബ് സ്ത്രീകളുടെ മാത്രം കാര്യമാണ്. ജനങ്ങളുടെ മുന്നിലും ഏകാന്തതയിലും ഔറത്ത് മറയ്ക്കല്‍ നിര്‍ബന്ധമാണ്. ഹിജാബ് അന്യ പുരുഷന്മാരുടെ മുന്നില്‍ മാത്രമേ നിര്‍ബന്ധമുള്ളൂ. 
ഈ രണ്ട് വിഷയങ്ങളും കൂടിക്കലര്‍ത്തുന്നതിലൂടെ ധാരാളം നിയമങ്ങളിലും ഖുര്‍ആന്‍ വചനങ്ങളിലും സംശയങ്ങള്‍ ഉണ്ടാകാറുള്ളത് കൊണ്ടാണ് ഈ വിശദീകരണം ഇവിടെ നല്‍കപ്പെട്ടത്. ഉദാഹരണത്തിന് സ്ത്രീകളുടെ മുഖവും മുന്‍കൈകളും ഔറത്തില്‍ പെട്ടതല്ലായെന്ന വിഷയത്തില്‍ പണ്ഡിതര്‍ ഏകോപിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ നമസ്കാരത്തില്‍ മുഖമോ മുന്‍കൈയ്യോ തുറന്നാല്‍ യാതൊരു കുഴപ്പവുമില്ല. അതിലേക്ക് മാപനം ചെയ്തുകൊണ്ട് പാദങ്ങളും നമസ്കാരത്തില്‍ തുറന്നിടാമെന്ന് ഫുഖഹാഅ് പറയുന്നു. എന്നാല്‍ അന്യപുരുഷന്മാരുടെ മുന്നില്‍ മറ സ്വീകരിക്കുമ്പോള്‍ മുഖവും മുന്‍കൈയ്യും തുറന്നിടാമോ എന്ന വിഷയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അതിന്‍റെ വിശദീകരണം സൂറത്തുന്നൂര്‍ 31-ാം ആയത്തിന്‍റെ വിശദീകരണത്തില്‍ വന്നിട്ടുണ്ട്. അതിന്‍റെ രത്നച്ചുരുക്കം അടുത്ത് തന്നെ വരുന്നതാണ്. 
ഇസ്ലാമിക മറയുടെ വിവിധ സ്ഥാനങ്ങളും നിയമങ്ങളും. സ്ത്രീകളുടെ മറയെക്കുറിച്ച് പരിശുദ്ധ ഖുര്‍ആനിലെ ഏഴ് വചനങ്ങളിലും ഹദീസ് ഗ്രന്ഥങ്ങളില്‍ എഴുപത് ഹദീസുകളിലും വിവരിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങളുടെ രത്നച്ചുരുക്കം ഇതാണ്: യഥാര്‍ത്ഥ ഉദ്ദേശം സ്ത്രീകളുടെ ശരീരവും ചലനങ്ങളും പുരുഷന്മാരില്‍ നിന്നും മറഞ്ഞിരിക്കണം. അത് ഒന്നുങ്കില്‍ വീടിന്‍റെ അകത്തോ, കൂടാരങ്ങളിലോ, തൂക്കിയിടപ്പെട്ട മറകള്‍ക്കുള്ളിലോ ആകാവുന്നതാണ്. ഇത് കൂടാതെയുള്ള മറകള്‍ ആവശ്യത്തിന്‍റെ അടിസ്ഥാനത്തിലും ആവശ്യ സമയത്തും ആവശ്യത്തിന്‍റെ അളവിലും മാത്രമായിരിക്കുന്നതാണ്. 
ഇസ്ലാമിക മറയുടെ ഒന്നാമത്തെ സ്ഥാനം സ്ത്രീകള്‍ വീടുകളില്‍ തന്നെ കഴിയുക എന്നതാണ്. എന്നാല്‍ സമ്പൂര്‍ണ്ണ വ്യവസ്ഥിതിയായ ഇസ്ലാം മനുഷ്യരുടെ എല്ലാ ആവശ്യങ്ങളെയും പരിഗണിക്കുന്നു. അതുകൊണ്ട് സ്ത്രീകള്‍ക്ക് വീടുകളില്‍ നിന്നും പുറത്തിറങ്ങേണ്ട ആവശ്യം വരുമെന്നത് വ്യക്തമാണ്. ഇത്തരുണത്തില്‍ മറയുടെ രണ്ടാമത്തെ സ്ഥാനം ഖുര്‍ആന്‍ ഹദീസുകള്‍ ഇപ്രകാരം വിവരിക്കുന്നു: അടിമുടി മൂടുന്ന പുതപ്പോ, വസ്ത്രമോ ധരിച്ചുകൊണ്ട് പുറത്തേക്കിറങ്ങുക. വഴി കാണുന്നതിന് പുതപ്പിന്‍റെ അല്‍പ്പം തുറക്കുകയോ മൂടുന്ന വസ്ത്രത്തില്‍ കണ്ണുകളുടെ ഭാഗത്ത് വലപോലുള്ളത് സ്ഥാപിക്കുകയോ ചെയ്യേണ്ടതാണ്. ഇത് പര്‍ദ്ദയുടെ രണ്ടാം സ്ഥാനമാണ്. ഇതിലും ഫുഖഹാ മഹത്തുക്കള്‍ ഏകോപിച്ചിരിക്കുന്നു. പര്‍ദ്ദയുടെ മൂന്നാമത്തെ ഒരു സ്ഥാനം കൂടിയുണ്ട്. സഹാബാ താബിഉകളും ഫുഖഹാഉം ഭിന്നിച്ചിട്ടുള്ള ഈ സ്ഥാനത്തിന്‍റെ രൂപം ഇപ്രകാരമാണ്: സ്ത്രീകള്‍ ആവശ്യത്തിന് വീടുകളില്‍ നിന്നും ഇറങ്ങുമ്പോള്‍ മുഖവും മുന്‍കൈയ്യും തുറന്നിടുകയും മറ്റ് ഭാഗങ്ങള്‍ മറയ്ക്കുകയും ചെയ്യുക. ഈ മൂന്ന് മറകളുടെ ലഘുവിവരണം താഴെ കൊടുക്കുന്നു. 

*********************************************************************************

മആരിഫുല്‍ ഹദീസ്

കലിമത്തുത്വയ്യിബയുടെ മഹത്വം

മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

 
22. ജാബിര്‍ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ഏറ്റവും ശ്രേഷ്ടമായ ദിക്ര്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്നാണ്. (തിര്‍മിദി) 
വിവരണം: ഏറ്റവും ശ്രേഷ്ടമായ വചനങ്ങള്‍ സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍ ആണെന്ന് മുമ്പ് സമുറത്ത് (റ)ന്‍റെ ഹദീസില്‍ പറയപ്പെട്ടു. ഇവിടെ ഈ ഹദീസില്‍ ലാഇലാഹ ഇല്ലല്ലാഹ് അതിശ്രേഷ്ടമാണെന്ന് വന്നിരിക്കുന്നു. അതെ, ലോകത്തുള്ള സര്‍വ്വ വചനങ്ങളേക്കാളും ശ്രേഷ്ടമായത് ഈ നാല് വചനങ്ങളാണ്. അവയില്‍ ഏറ്റവും ശ്രേഷ്ടമായത് ലാഇലാഹ ഇല്ലല്ലാഹ് ആണ്. കാരണം മറ്റ് മൂന്ന് വചനങ്ങളുടെയും ആശയം കൂടി ഈ വചനം ഉള്‍ക്കൊള്ളുന്നുണ്ട്. ആരാധനയ്ക്കര്‍ഹന്‍ അല്ലാഹു മാത്രമാണെന്നും മറ്റാരുമല്ലെന്നും ഒരു ദാസന്‍ പറയുമ്പോള്‍ അല്ലാഹു സര്‍വ്വവിധ ന്യൂനതകളില്‍ നിന്നും പരിശുദ്ധനാണെന്നും എല്ലാത്തരം സമ്പൂര്‍ണ്ണതകളും ഉള്‍ക്കൊണ്ടവനാണെന്നും അതിമഹോന്നതനാണെന്നും അതില്‍ അടങ്ങിയിട്ടുണ്ട്. കാരണം ഈ ഗുണങ്ങള്‍ ഉള്ളവന്‍ മാത്രമേ ആരാധനയ്ക്കര്‍ഹന്‍ ആവുകയുള്ളൂ. കൂടാതെ, ലാഇലാഹ ഇല്ലല്ലാഹ് എന്നുള്ളത് സത്യവിശ്വാസത്തിന്‍റെ വചനം കൂടിയാണ്. എല്ലാ നബിമാരും പ്രഥമമായി പഠിപ്പിച്ചത് ഈ വചനമാണ്. മനസ്സിന്‍റെ ശുദ്ധീകരണത്തിനും ഹൃദയത്തെ സര്‍വ്വ ഭാഗങ്ങളില്‍ നിന്നും അല്ലാഹുവിലേക്ക് മാത്രം തിരിക്കുന്നതിനും ഈ വചനം അധികമായി ചൊല്ലണമെന്ന് എല്ലാ സൂഫിവര്യന്മാരും സംയുക്തമായി പറഞ്ഞിരിക്കുന്നു. അബൂഹുറയ്റ (റ) നിവേദനം. റസൂലുല്ലാഹി (സ) ഒരിക്കല്‍ അരുളി: നിങ്ങളുടെ ഈമാനിനെ നിങ്ങള്‍ പുതുക്കുക. സഹാബത്ത് ചോദിച്ചു: ഞങ്ങളുടെ ഈമാന്‍ എപ്രകാരമാണ് പുതുക്കുക? റസൂലുല്ലാഹി (സ) അരുളി: ലാഇലാഹ ഇല്ലല്ലാഹ് അധികമായി ചൊല്ലുക. (അഹ്മദ്).  
23. അബൂഹുറയ്റ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: നിഷ്കളങ്കമായ മനസ്സോടെ ആരെങ്കിലും ലാഇലാ ഇല്ലല്ലാഹ് പറഞ്ഞാല്‍ അവനുവേണ്ടി ആകാശ കവാടങ്ങള്‍ തുറക്കപ്പെടുന്നതാണ്. അങ്ങനെ അത് അല്ലാഹുവിന്‍റെ അര്‍ഷ് വരെയും എത്തിച്ചേരുന്നതാണ്. അവന്‍ വന്‍പാപങ്ങളില്‍ നിന്നും സുരക്ഷിതരായിരിക്കണമെന്ന് മാത്രം. (തിര്‍മിദി) 
വിവരണം: ഈ ഹദീസില്‍ വിശുദ്ധ കലിമയുടെ ഒരു പ്രത്യേക മഹത്വവും പ്രാധാന്യവും വിവരിച്ചിരിക്കുന്നു. അതായത്, ഒരു വ്യക്തി ഉദ്ദേശ ശുദ്ധിയോടെ ഈ വചനം പറയുകയും അല്ലാഹുവില്‍ നിന്നും അകറ്റുന്ന വന്‍പാപങ്ങള്‍ വര്‍ജ്ജിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തുകൊണ്ട് ഈ കലിമ പറഞ്ഞാല്‍ ഇത് നേര്‍ക്കുനേരെ അല്ലാഹുവിന്‍റെ അര്‍ഷിലേക്ക് എത്തുന്നതും പ്രത്യേകമായ സ്വീകാര്യത നല്‍കപ്പെടുന്നതുമാണ്. ഇമാം തിര്‍മിദി നിവേദനം ചെയ്ത ഒരു ഹദീസ് ഇപ്രകാരമാണ്: ലാഇലാഹ ഇല്ലല്ലാഹ് എന്ന വചനത്തിന്‍റെയും അല്ലാഹുവിന്‍റെയും ഇടയില്‍ യാതൊരു മറയുമില്ല. ഈ വചനം നേരെ അല്ലാഹുവിലേക്ക് എത്തിച്ചേരുന്നതാണ്! 
അതെ, അല്ലാഹുവിന്‍റെ ദിക്റുമായി ബന്ധപ്പെട്ട ഇതര വചനങ്ങള്‍ക്കിടയില്‍ ഈ വിശുദ്ധ വചനത്തിന് പ്രത്യേകമായ മഹത്വവും പ്രാധാന്യവുമുണ്ട്. ശാഹ് വലിയുല്ലാഹ് (റ) കുറിക്കുന്നു: ലാഇലാഹ ഇല്ലല്ലാഹ് എന്ന വചനത്തിന് ധാരാളം പ്രത്യേകതകളുണ്ട്. ഒന്നാമതായി, അത് വ്യക്തമായ ബഹുദൈവാരാധനയെ അവസാനിപ്പിക്കുന്നു. രണ്ടാമതായി, അവ്യക്തമായ ശിര്‍ക്കിനെയും അത് ഇല്ലാതാക്കും. മൂന്നാമതായി, ദാസന്‍റെയും രക്ഷിതാവിനെക്കുറിച്ചുള്ള മഅ്രിഫത്തിന്‍റെയും ഇടയിലുള്ള മറകളെ നിര്‍മ്മലമാക്കി ഇലാഹീ മഅ്രിഫത്തിന്‍റെയും സാമിപ്യത്തിന്‍റെയും വഴി തുറക്കുന്നതാണ്. (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ)
24. അബൂസഈദുല്‍ ഖുദ്രി (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: മൂസാ നബി (അ) പറഞ്ഞു: രക്ഷിതാവേ, നിന്നെ സ്മരിക്കാന്‍ അല്ലെങ്കില്‍ നിന്നോട് പ്രാര്‍ത്ഥിക്കാന്‍ ഒരു വചനം എനിയ്ക്ക് പഠിപ്പിച്ച് തരിക. അല്ലാഹു അറിയിച്ചു: അല്ലയോ മൂസാ, ലാഇലാഹ ഇല്ലല്ലാഹ് പറയുക. മൂസാ നബി (അ) പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഈ വചനം നിന്‍റെ എല്ലാ ദാസന്മാരും പറയുന്നതാണല്ലോ? എനിയ്ക്ക് പ്രത്യേകമായുള്ള ഒരു വചനമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അല്ലാഹു പറഞ്ഞു: അല്ലയോ മൂസാ, ഏഴ് ആകാശങ്ങളും ഞാന്‍ ഒഴിച്ചുള്ള സകല വസ്തുക്കളും ഏഴ് ഭൂമികളും ത്രാസിന്‍റെ ഒരു തട്ടില്‍ വെക്കുകയും ലാഇലാഹ ഇല്ലല്ലാഹ് എന്നത് മറ്റൊരു തട്ടില്‍ വെക്കുകയും ചെയ്താല്‍ ലാഇലാഹ ഇല്ലല്ലാഹ് തട്ടിന് ഭാരം വര്‍ദ്ധിക്കുന്നതാണ്. (ശര്‍ഹുസ്സുന്ന) 
വിവരണം: മൂസാ നബി (അ) അല്ലാഹുവിനോട് പ്രത്യേക സ്നേഹ ബന്ധവും വലിയ അടുപ്പവും പുലര്‍ത്തിയിരുന്നു. ഈ അടിസ്ഥാനത്തില്‍ അദ്ദേഹം അല്ലാഹുവിനോട് പ്രത്യേകമായ എന്തെങ്കിലും വചനം പഠിപ്പിച്ച് തരണമെന്ന് അപേക്ഷിച്ചു. അല്ലാഹു ഏറ്റവും ശ്രേഷ്ടമായ ദിക്റായ ലാഇലാഹ ഇല്ലല്ലാഹ് പറഞ്ഞുകൊടുത്തു. മൂസാ നബി (അ) പറഞ്ഞു: ഏതെങ്കിലും പ്രത്യേക വചനം എനിയ്ക്ക് നല്‍കണമെന്നാണ് എന്‍റെ അപേക്ഷ. ലാഇലാഹ ഇല്ലല്ലാഹ് പൊതുവായ നിലയില്‍ എല്ലാവരും ഉപയോഗിക്കുന്ന കാരണത്താല്‍ അതിന്‍റെ വിലയും മഹത്വവും മനസ്സിലാക്കുന്നതിന് വലിയ മറവുണ്ടായിത്തീര്‍ന്നിരുന്നു. അതുകൊണ്ട് അല്ലാഹു ലാഇലാഹ ഇല്ലല്ലാഹ് എന്ന വചനത്തിന്‍റെ മഹത്വം പറഞ്ഞു കൊടുത്തു. അതെ, ആകാശ ഭൂമികളെയും സകല സൃഷ്ടികളെയുംകാള്‍ വലിയ നിലയും വിലയും ഈ വചനത്തിനുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ വചനം വളരെ മഹത്വമേറിയതാണ്. പക്ഷേ, പടച്ചവന്‍റെ പൊതുവായ കാരുണ്യം കൊണ്ട് അല്ലാഹു പ്രവാചകന്മാരിലൂടെ ഈ സമുന്നത അനുഗ്രഹം സര്‍വ്വ മനുഷ്യര്‍ക്കും പൊതുവായ നിലയില്‍ കനിഞ്ഞരുളി. മഹാന്മാരായ നബിമാര്‍ക്ക് പോലും അല്ലാഹു പ്രത്യേകം പറഞ്ഞുകൊടുത്ത വചനം ലാഇലാഹ ഇല്ലല്ലാഹ് എന്ന വചനമാണ്. ഇപ്പോള്‍ ഈ അനുഗ്രഹം അടിമകളായ നമുക്ക് ലഭിച്ചിരിക്കുന്നു. ഈ വിശുദ്ധ വചനത്തെ നമ്മുടെ നിരന്തര വചനമാക്കലും ഇതിനെ അധികമായി ഒരുവിട്ടുകൊണ്ട് പടച്ചവനോടുള്ള പ്രത്യേക ബന്ധം സ്ഥാപിക്കലുമാണ് ഈ അമൂല്യ അനുഗ്രഹത്തോടുള്ള നന്ദി. 

**********************************************************************************

ലേഖനം

അടുത്ത തലമുറയുടെ ഈമാനിന്റെ വിഷയത്തിൽ 

ജാഗ്രത പുലർത്തുക!

ഇന്നത്തെ സദസ്സിൽ ഇക്കാലഘട്ടത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തിലേക്ക് ഏവരുടെയും ശ്രദ്ധ തിരിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. അഥവാ നമ്മുടെയും നമ്മുടെ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും വരും തലമുറകളുടെയും ദീനിന്റെ സംരക്ഷണം. മതപരിത്യാഗവും ദീനീ വിഷയങ്ങളിൽ തെറ്റിദ്ധാരണകൾ പരത്തലും വ്യാപകമായ ഇക്കാലഘട്ടത്തിൽ, നമ്മുടെയും നമ്മുടെ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും ദീൻ സംരക്ഷിക്കുന്നതിന് വേണ്ടി നാം എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി ചിന്തിക്കേണ്ടതും, ഭൗതികമായ മറ്റു കാര്യങ്ങളെക്കാൾ പ്രാമുഖ്യം നൽകി ഇതിനുവേണ്ടി പരിശ്രമിക്കേണ്ടതും വളരെ അത്യന്താപേക്ഷിതമാണ്. വളരെ ശക്തമായി മതപരിത്യാഗവും നിരീശ്വരവാദവും പ്രചരിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ധാരാളം പെൺകുട്ടികൾ അന്യമതസ്ഥരോടൊപ്പം ഒളിച്ചോടുകയും, യുവാക്കൾ അലഞ്ഞു തിരിയുകയും ചെയ്യുന്നു. സോഷ്യൽ മീഡിയ വഴിയും മറ്റും യുവാക്കളെയും സാധാരണക്കാരെയും ദീനിൽ നിന്നും അകറ്റാനുള്ള പരിശ്രമങ്ങളും തകൃതിയായി നടക്കുന്നു. എന്നാൽ നമ്മൾ ഇത്തരം വിഷയങ്ങളിൽ കടുത്ത അശ്രദ്ധയിലാണ്. നമ്മുടെ വീട്ടിലെ കുട്ടികൾക്ക് ദീൻ പഠിപ്പിക്കുന്നതിനെപ്പറ്റിയോ അവരിൽ ദീനിയായ സംസ്കാരം ഉണ്ടാക്കുന്നതിനെ പറ്റിയോ നമുക്ക് യാതൊരു ചിന്തയുമില്ല! ആകയാൽ ആമുഖമായി ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്; നാം നമ്മുടെ മക്കളുടെ ഭക്ഷണം, വസ്ത്രം, പരിചരണം, താമസം തുടങ്ങിയ കാര്യങ്ങൾക്ക് എത്രത്തോളം പ്രാമുഖ്യം നൽകുന്നുവോ അതിനേക്കാൾ കൂടുതൽ നമ്മുടെ ചിന്ത അവർ മുസ്‌ലിമായി ജീവിക്കുകയും മുസ്‌ലിമായി മരിക്കുകയും ചെയ്യണമെന്ന വിഷയത്തിലായിരിക്കണം. ഇതിന് വേണ്ടി നാം എന്താണ് ചെയ്യേണ്ടത്?

ഈ വിഷയത്തിൽ ഏറ്റവും പ്രഥമമായ നമ്മുടെ ഉത്തരവാദിത്വം ദീനി വിദ്യാഭ്യാസം നൽകലാണ്. അറബിക് കോളേജുകളിലോ മദ്റസകളിലോ ചേർത്ത് നമ്മുടെ മക്കളെ ദീനി വിഷയങ്ങൾ പഠിപ്പിക്കുക. അവർക്ക് പരിശുദ്ധ ഖുർആൻ, ദീനി കാര്യങ്ങൾ, ഭാഷ, അടിസ്ഥാന വിശ്വാസങ്ങൾ തുടങ്ങി അത്യാവശ്യ കാര്യങ്ങൾ പഠിപ്പിക്കണം. അതോടൊപ്പം നമ്മുടെ വീട്ടിൽ ദീനിയായ അന്തരീക്ഷം ഉണ്ടാക്കാൻ പരിശ്രമിക്കുക. ഇന്ന് നമുക്കിടയിൽ ദീനിയായ ജീവിതം നയിക്കുന്ന പലരും വ്യക്തിപരമായി വളരെ സൂക്ഷ്മത പാലിക്കുന്ന ആളായിരിക്കും. സ്വന്തമായി നമസ്കാരങ്ങൾ കൃത്യമായി അനുഷ്ഠിക്കുകയും, മസ്ജിദിൽ പോവുകയും, നമസ്കാര ശേഷം ഖുർആൻ പാരായണം നടത്തുകയും, ദിക്റുകൾ പതിവാക്കുകയും, തസ്ബീഹുകൾ പൂർത്തിയാക്കുകയും, വളരെ ആഗ്രഹത്തോടെ ഇശ്റാഖും ളുഹായും നമസ്കരിക്കുകയുമൊക്കെ ചെയ്യും. എന്നാൽ തന്റെ വീട്ടിൽ ആരെല്ലാം നമസ്കരിച്ചു? വീട്ടിലെ പെണ്ണുങ്ങൾ നമസ്കരിച്ചോ ഇല്ലേ? ആൺകുട്ടികളും പെൺകുട്ടികളും നമസ്കരിച്ചോ? ഇതിലൊന്നും യാതൊരു ചിന്തയുമുണ്ടാവില്ല. അതുകൊണ്ട് നമ്മുടെ വീട്ടിലുള്ളവരെയും ദീനുമായി ബന്ധിപ്പിച്ചു നിർത്തൽ നമ്മുടെ ദീനീ ബാധ്യതയായി മനസ്സിലാക്കി നാം അതിനു വേണ്ടി പരിശ്രമിക്കണം. നമ്മുടെ നമസ്കാരത്തെക്കുറിച്ച് നമുക്ക് എത്രത്തോളം ചിന്തയുണ്ടോ, അത്രത്തോളം നമ്മുടെ വീടിന്റെയുള്ളിൽ ഒരാളും നമസ്കാരം മുടക്കരുതെന്ന ചിന്ത ഉണ്ടാവണം! ഏഴ് വയസ്സായാൽ കുട്ടികളോട് നമസ്കാരം കൊണ്ട് കൽപ്പിക്കുകയും പത്ത് വയസ്സായാൽ നമസ്കാരം നിർവഹിച്ചില്ലായെങ്കിൽ അടിക്കുകയും ചെയ്യണം എന്നത് റസൂലുല്ലാഹി ﷺ യുടെ കൽപ്പനയാണ്. എന്നാൽ ഇന്ന് ഒരു മഹല്ലിൽ പുരുഷന്മാരും സ്ത്രീകളും ആൺകുട്ടികളും പെൺകുട്ടികളും നൂറ് ശതമാനം നമസ്കരിക്കുന്ന, നമസ്കരിക്കുന്ന, പുരുഷന്മാർ ജമാഅത്ത് നമസ്കാരത്തിന് പ്രാമുഖ്യം നൽകുന്ന, എല്ലാവരും തങ്ങളുടെ ജീവിതം സുന്നത്തിനും ശരീഅത്തിനും അനുസൃതമായി നയിക്കുന്ന ഒരു വീടും ഇല്ല എന്നതാണ് യാഥാർത്ഥ്യം. കഴിക്കുമ്പോഴും കുടിക്കുമ്പോഴുമുള്ള സുന്നത്ത് എന്താണ്? ഉറങ്ങുമ്പോഴും എഴുന്നേൽക്കുമ്പോഴുമുള്ള സുന്നത്ത് എന്താണ്? ഇവ കുട്ടികളെ പഠിപ്പിക്കണം. കുട്ടികൾക്ക് അവർ എങ്ങനെയെങ്കിലും കഴിക്കട്ടെ എന്ന് കരുതി ഭക്ഷണം മുന്നിൽ നൽകുകയല്ല വേണ്ടത്. മറിച്ച് നമ്മുടെ മുന്നിൽ പിടിച്ചിരുത്തി അവർക്ക് കഴിക്കുന്നതിന്റെ സുന്നത്തുകൾ പഠിപ്പിച്ചു കൊടുക്കണം; മോനേ, കഴിക്കുന്നതിന്റെ സുന്നത്തായ രീതി ഇങ്ങനെയാണ്: കൈകൾ കഴുകുക, സുപ്ര വിരിക്കുക, ബിസ്മില്ലാഹ് പറഞ്ഞുകൊണ്ട് കഴിക്കാൻ ആരംഭിക്കുക, വലതു കൈകൊണ്ട് ഭക്ഷിക്കുക, അടുത്ത ഭാഗത്ത് നിന്നും ഭക്ഷിക്കുക, ഭക്ഷണം താഴെ പോയാൽ എടുത്തു ശുദ്ധിയാക്കി കഴിക്കുക, ഭക്ഷണ ശേഷം പാത്രം നന്നായി വടിക്കുക, വിരലുകൾ ഉറുഞ്ചുക, ശേഷം കൈകൾ കഴുകുക, ഭക്ഷണ ശേഷമുള്ള ദുആ പറയുക: الحمد لله الذي أطعمنا وسقانا وجعلنا مسلمين ഈ ദുആ പഠിപ്പിക്കണം. ഇപ്രകാരം ഉറങ്ങാൻ പോകുന്ന സന്ദർഭത്തിൽ, ഉറങ്ങുന്നതിന് മുമ്പ് എന്തു ദുആയാണ് പറയേണ്ടതെന്ന് അവർക്ക് പറഞ്ഞു കൊടുക്കണം. എന്തു പറഞ്ഞു കൊണ്ടാണ് ഉറങ്ങേണ്ടത്? ഉറങ്ങി എഴുന്നേൽക്കുമ്പോൾ എന്താണ് പറയേണ്ടത്?

നാം കുട്ടികൾക്ക് മൊബൈലുകൾ കൊടുക്കാറുണ്ട്. ഗെയിമിന്റെ പേരും പറഞ്ഞു അവർ മൊബൈലുമായി ഇരിക്കും. അതിന്റെ ഉള്ളിൽ എന്തൊക്കെ അപകടം പതിയിരിക്കുന്നുവെന്ന് നമുക്കറിയില്ല. ചിലപ്പോൾ വളരെ മ്ലേച്ഛമായ രീതിയിലുള്ള സ്വഭാവത്തെ ദുശീകരിക്കുന്ന എന്തെങ്കിലും പരിപാടിയാകും മുന്നിൽ വരുന്നത്. കുട്ടികൾ അത് കാണും. അതിലൂടെ അവരുടെ സ്വഭാവം ചീത്തയാകും. അവരുടെ സംസ്കാരം മോശമാകും. അതുകൊണ്ട് ആദ്യമായി പറയാനുള്ളത്, വീടുകളിൽ മൾട്ടിമീഡിയ ഫോണുകൾ ഇല്ലാത്തതാണ് ഏറ്റവും നല്ലത്. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ ആരെങ്കിലും അതിനെ നിയന്ത്രിക്കണം. കുട്ടികൾക്ക് അതിന്റെ ആവശ്യമുണ്ടെങ്കിൽ ശക്തമായ നിരീക്ഷണം വേണം. പ്രത്യേകിച്ചും പെൺകുട്ടികളുടെ വിഷയത്തിൽ ശ്രദ്ധ പുലർത്തണം. മദ്റസകളിലും സ്കൂളുകളിലും പഠിക്കുന്ന പെൺകുട്ടികളുടെ കയ്യിൽ ഒരു കാരണവശാലും മൊബൈൽ നൽകരുത്. കൂട്ടുകാരികളുടെ പേര് പറഞ്ഞ് അവർ ആരോടൊക്കെയാണ് സംസാരിക്കുന്നത്? ആരോടൊക്കെയാണ് ബന്ധം പുലർത്തുന്നത്? വലിയ വലിയ ദീൻ ഉള്ളവരുടെ വീടുകളിൽ പോലും ഇത്തരം കുഴപ്പങ്ങൾ ഉണ്ടാകുന്നു. എന്നല്ല, ചില ആലിമത്തുകളായ പെൺകുട്ടികൾ മറ്റു മതസ്ഥരോടൊപ്പം ഒളിച്ചോടുന്ന അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് അതിനുള്ള വഴികൾ തുറന്നു കൊടുക്കരുത്.

ഇപ്രകാരം വീട്ടിലെ ഓരോ കാര്യങ്ങളും ദീനിയായ അവസ്ഥയിലാകാൻ ശ്രദ്ധിക്കണം. ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത്. വീട്ടിൽ ദീനിൻ്റെ തഅ്ലീം നടക്കണം. കലിമ, നമസ്കാരം തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുകയും പഠിപ്പിക്കുകയും ചെയ്യണം. പരിശുദ്ധ കലിമ, ശഹാദത്ത്, ഉറങ്ങുമ്പോഴുള്ള ദുആ, എഴുന്നേക്കുമ്പോഴുള്ള ദുആ, കഴിക്കുമ്പോഴുള്ള ദുആ, കഴിച്ച ശേഷമുള്ള ദുആ, ബാത്ത്റൂമിൽ കയറുമ്പോഴുള്ള ദുആ, ഇറങ്ങുമ്പോഴള്ള ദുആ തുടങ്ങിയ ദുആകൾ വീട്ടിൽ മക്കളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകത ഇക്കാലഘട്ടത്തിൽ വളരെ കൂടുതലാണ്.

ഇതു കൂടാതെ നമ്മുടെ പ്രായപൂർത്തിയായ യുവാക്കളിലും മുതിർന്നവരിലും ഇതുവരെ ദീനി വിദ്യാഭ്യാസം നേടാനോ ഖുർആൻ പഠിക്കാനോ അവസരം ലഭിക്കാത്ത പലരുമുണ്ടാകും. അവർ ഒരിക്കലും തങ്ങളുടെ പഠനകാലം കഴിഞ്ഞു എന്ന് ചിന്തിക്കരുത്. മദ്റസകൾ സ്ഥാപിക്കാൻ പരിശ്രമിക്കുന്ന ഉത്തരവാദിത്തപ്പെട്ടവർ മസ്ജിദുകളിൽ അല്ലെങ്കിൽ ഏതെങ്കിലും വീടുകളിൽ മുതിർന്നവർക്കുള്ള അവസരങ്ങളും ഒരുക്കേണ്ടതാണ്. ചെറുപ്പത്തിൽ ഖുർആൻ പഠിച്ചെങ്കിലും ഓതൽ ശരിയാകാത്തവർ, അവരും വന്നിരുന്ന് ഖുർആൻ ശരിയായി പഠിക്കട്ടെ. മുഴുവൻ വീടുകളിലും ഖുർആൻ പാരായണത്തിൻ്റെ അന്തരീക്ഷമുണ്ടാക്കാൻ ഓരോരുത്തരെയും പ്രേരിപ്പിക്കണം. ഇൻഷാഅല്ലാഹ് അതിലൂടെ വീടുകളിൽ റഹ്‌മത്തിന്റെ മാലാഖമാർ പ്രവേശിക്കും, പിശാചിന് കയറിക്കൂടാൻ അവസരം ഇല്ലാതാവുകയും ചെയ്യും. നാം നമ്മുടെ പതിവ് കർമ്മങ്ങളിൽ നിഷ്ഠ പുലർത്തുന്നതോടൊപ്പം അതിനെപ്പറ്റിയുള്ള ചർച്ചകളും പതിവാക്കണം. നമസ്കാരം കൃത്യമായി നിർവഹിക്കുക, ഖുർആൻ പാരായണം ചെയ്യുക, തസ്ബീഹുകൾ പൂർത്തിയാക്കുക, തുടങ്ങിയ കാര്യങ്ങളെ കുറിച്ച് നിരന്തരം ചർച്ച ചെയ്യണം. അതിലൂടെ ഈ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധയുണ്ടാകും. നാട്ടുകാരായ കുട്ടികൾക്ക് പ്രാഥമിക ദീനി പാഠങ്ങൾ പഠിക്കുന്നതിനുള്ള മദ്റസകൾ സ്ഥാപിക്കലാണ് ഇക്കാലഘട്ടത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്വം, എന്ന കാര്യം ഉത്തരവാദിത്തപ്പെട്ടവരെ ഉണർത്താൻ ഈ സന്ദർഭത്തിൽ ഞാൻ ആഗ്രഹിക്കുകയാണ്. ഒരു മസ്ജിദും ഇതിൽ നിന്നും ഒഴിവാകാൻ പാടില്ല. ഒരു കുട്ടിക്കും ദീനീ വിദ്യാഭ്യാസം നിഷേധിക്കപ്പെടാൻ പാടില്ല. ഈ വിഷയത്തിൽ എല്ലാവരുമായി കൂടിയാലോചിക്കുകയും അല്ലാഹു കൂടുതൽ കഴിവും പ്രാപ്തിയും നൽകിയവർ അവരുടെ കഴിവനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക.

ഇന്ന് ഇത്രയും പറഞ്ഞുകൊണ്ട് എൻ്റെ വാക്കുകൾ അവസാനിപ്പിക്കുകയാണ്. അല്ലാഹു നമുക്ക് ബോധവും ചിന്തയും നൽകട്ടെ! നല്ല നിലയിൽ പ്രവർത്തിക്കാനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ! ആമീൻ


***********************************************************************************

രചനാ പരിചയം

ദീനീ പാഠങ്ങൾ

ഹകീമുൽ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി

സർവ്വ ലോക പരിപാലകനും എല്ലാവരോടും കരുണയുള്ളവരും ഏറ്റവും വലിയ കാരുണ്യവാനും നീതിമാനുമായ അല്ലാഹു മാനവരാശിയുടെ ഇഹപര വിജയത്തിനായി കനിഞ്ഞരുളിയ മഹത്തായ ജീവിത ദർശനമാണ് ദീനുൽ ഇസ്‌ലാം. ഇത് പഠിച്ച് പകർത്തി ജീവിക്കുന്നവർക്ക് ഇഹലോകത്ത് സുന്ദര ജീവിതവും പരലോകത്ത് ഉന്നത പ്രതിഫലവും നൽകുന്നതാണെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാൽ, ഇതിനെ നിഷേധിക്കുന്നവർക്ക് ഇഹലോകത്ത് ഞെരുക്കവും പരലോകത്ത് നരക ശിക്ഷയും നൽകപ്പെടുന്നതാണ്. 
ദീൻ എന്നാൽ അടിസ്ഥാനപരമായി അഞ്ച് കാര്യങ്ങളാണ്: 1. വിശുദ്ധമായ വിശ്വാസം. 2. സമുന്നതമായ ആരാധനകൾ. 3. മഹത്തരമായ ബന്ധങ്ങൾ. 4. മാന്യമായ ഇടപാടുകൾ. 5. സമുത്തമ സ്വഭാവങ്ങൾ. സുപ്രധാനമായ ഈ വിഷയങ്ങളെ വളരെ വിശാലമായ നിലയിൽ പരിശുദ്ധ ഖുർആനും പുണ്യ ഹദീസുകളും പഠിപ്പിച്ചിട്ടുണ്ട്. അതിൽ നിന്നുമുള്ള പ്രധാനപ്പെട്ട പാഠങ്ങൾ ലളിതമായ നിലയിൽ ചെറുവാചകങ്ങളിലായി അക്കമിട്ട് വിവരിച്ചിരിക്കുന്ന ഒരു മഹത്തായ ഗ്രന്ഥമാണ്  'തഅ്‌ലീമുദ്ദീൻ' (ദീനീ പാഠങ്ങൾ). ഹകീമുൽ ഉമ്മത്ത് (സമുദായത്തിന്റെ തത്വജ്ഞാനി) എന്ന അപരാഭിനാമത്തിൽ പ്രസിദ്ധനായ അല്ലാമ അഷ്‌റഫ് അലി ത്ഥാനവി (റ)യുടെ ഈ മഹൽരചനയെ ധാരാളം പണ്ഡിത മഹത്തുക്കൾ വാഴ്ത്തിപ്പറയുകയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അല്ലാഹു ഇതിനെ സ്വീകരിക്കട്ടെ!. പഠിക്കാനും പകർത്താനും പ്രചരിപ്പിക്കാനും ഉതവി നൽകട്ടെ! 



***********************************************************************************


പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി



ഞങ്ങളുടെ കേന്ദ്ര സ്ഥാപനം






ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌