കാരുണ്യത്തിന്‍റെ പ്രവാചകന്‍ അരുളി: പടച്ചവന്‍റെ അരികില്‍ അനുവദനീയമായ കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അനിഷ്ടകരമായ കാര്യം വിവാഹ മോചനമാണ്! അതുകൊണ്ട് കഴിവിന്‍റെ പരമാവധി വൈവാഹിക ജീവിതം നിലനിര്‍ത്താന്‍ പരിശ്രമിക്കണമെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. വിവാഹമോചനം അനിവാര്യമായാല്‍ തന്നെ അതിന് മുമ്പ് കാര്യങ്ങള്‍ പരിഹരിക്കാന്‍ പരിശ്രമിക്കണമെന്നും ഖുര്‍ആന്‍ ഉപദേശിക്കുന്നു. എന്നാല്‍ സര്‍വ്വ പരിശ്രമങ്ങള്‍ക്ക് ശേഷവും ഒരുമിച്ചുകൊണ്ടുള്ള ജീവിതം സാധ്യമല്ലാതെ വന്നാല്‍ നല്ലനിലയില്‍ വിട്ടുപിരിയാന്‍ ഒരു മാര്‍ഗ്ഗവും കാട്ടിത്തന്നിരിക്കുന്നു. ഈ മാര്‍ഗ്ഗത്തെ ദുഷ്കരമാക്കിയാല്‍ അത് സ്ത്രീകള്‍ക്ക് തന്നെ പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നതാണ്. ഇത്തരുണത്തില്‍ വിവാഹ മോചിതയായ മുസ്ലിം സ്ത്രീയുടെ ജീവനാംശത്തെക്കുറിച്ച് സുപ്രീംകോടതി നടത്തിയ പുതിയ വിധി ഇസ്ലാമിക ശരീഅത്തിന് വിരുദ്ധമാണ്. എന്നാല്‍ അത്ഭുതകരമായ ഈ വിധി സ്ത്രീകള്‍ക്ക് അനുകൂലമാണെന്ന് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷേ, യഥാര്‍ത്ഥത്തില്‍ ഈ വിധി സ്ത്രീകള്‍ക്ക് പ്രയോജനകരമല്ലെന്ന് മാത്രമല്ല, അവരുടെ ജീവിതം കൂടുതല്‍ ദുഷ്കരമാക്കാന്‍ വഴിയൊരുക്കുന്നതാണ്. കൂടാതെ, ഒരു ബന്ധം അല്‍പ്പം പോലും ഇല്ലാതായിത്തീര്‍ന്നാല്‍ ബന്ധമില്ലാത്തവര്‍ ചിലവിന് കൊടുക്കണമെന്ന് പറയുന്നത് ശരിയാകുമോ? ആകയാല്‍ ഇതര മതസ്ഥര്‍ക്ക് അവരുടെ വ്യക്തി നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ അനുമതി നല്‍കപ്പെട്ടിരിക്കുന്നത് പോലെ 1937-ലെ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് വഴി വ്യക്തി നിയമങ്ങള്‍ അനുസരിച്ചുള്ള ജീവിതത്തിന് മുസ്ലിംകള്‍ക്ക് അവകാശം നല്‍കപ്പെട്ടിട്ടുണ്ട്. കൂടാതെ, ഭരണഘടനയുടെ 25-ാം വകുപ്പ് ഓരോ മതസ്ഥര്‍ക്കും അവരുടെ മതം അനുസരിച്ച് ജീവിക്കാനുള്ള അവകാശവും നല്‍കിയിട്ടുണ്ട്. -ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്
****************************************
വര്‍ഷങ്ങളായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഒരു ചര്‍ച്ചയാണ് വിവാഹമോചിതയുടെ ജീവനാംശം. ശാബാനു കേസിന്‍റെ വിധിയായിരുന്നു ഇതിന് തുടക്കമിട്ടത്. ഇതിനെത്തുടര്‍ന്ന് ശരീഅത്ത് സംരക്ഷിക്കാനുള്ള ചിന്തയും പരിശ്രമവും കൂട്ടത്തില്‍ ശരീഅത്ത് നിയമങ്ങളെ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനുമുള്ള ആഗ്രഹവും സമുദായത്തിലുണ്ടായി എന്നത് സന്തോഷകരമായ ഒരു വസ്തുതയാണ്. തല്‍ഫലമായി പാര്‍ലമെന്‍റില്‍ മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു നിയമം പാസാക്കപ്പെട്ടു. ഇതിലൂടെ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുകയുണ്ടായി. പക്ഷേ, ഖേദകരമെന്ന് പറയട്ടെ, ഈ നിയമത്തെ പല കോടതികളും വ്യാഖ്യാനിക്കുകയും നിയമത്തിന്‍റെ അടിസ്ഥാന ലക്ഷ്യത്തിന് തന്നെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. നിയമത്തെ വ്യാഖ്യാനിക്കുക എന്നതിനുമപ്പുറം പുതിയ നിയമം നിര്‍മ്മിക്കുക എന്നതിലേക്ക് മാറുംവിധം വിധികള്‍ പുറപ്പെടുവിച്ചു. ധാരാളം അമുസ്ലിം സഹോദരങ്ങള്‍ മാത്രമല്ല, മുസ്ലിംകളില്‍ പലരും ഇത്തരം വിധികളുടെ അടിസ്ഥാനത്തില്‍ വിവാഹമോചിതയുടെ ജീവനാംശത്തെ ന്യായവും മനുഷ്യാവകാശവുമായി തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഇസ്ലാമിക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല, ബുദ്ധിപരമായ നിലയിലും ശരിയാവുകയില്ലെന്നാണ് വസ്തുത.
ചിലവ് നിര്‍ബന്ധമാകാനുള്ള ഇസ്ലാമിക തത്വം
ഇസ്ലാമിക വീക്ഷണത്തില്‍ ഒരു വ്യക്തിയുടെ ചിലവ് മറ്റൊരാള്‍ക്ക് നിര്‍ബന്ധമാകാന്‍ പ്രധാനമായും രണ്ട് കാരണങ്ങളില്‍ ഒന്ന് ഉണ്ടായിരിക്കേണ്ടതാണ്. 1. കുടുംബ ബന്ധം. 2. നിയന്ത്രണം.
മാതാപിതാക്കള്‍, ഭാര്യാമക്കള്‍, പിതാമഹന്‍, പിതാമഹി എന്നിവര്‍ക്കും ചില സന്ദര്‍ഭങ്ങളില്‍ ഇതര ബന്ധുക്കള്‍ക്കും കുടുംബ ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ ജീവനാംശം നിര്‍ബന്ധമാകുന്നതാണ്. എന്നാല്‍ കുടുംബ ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ ചിലവ് നിര്‍ബന്ധമാകാന്‍ രണ്ട് നിബന്ധനകളുണ്ട്. 1. ബന്ധുവിന് സ്വയം ചിലവുകള്‍ നടത്താന്‍ കഴിവുണ്ടാകാതിരിക്കുക. 2. ചിലവ് കൊടുക്കുന്ന വ്യക്തി സ്വന്തം ആവശ്യ ചിലവുകള്‍ കഴിച്ചതിന് ശേഷം ചിലവ് കൊടുക്കാന്‍ കഴിവുണ്ടായിരിക്കുക.
നിയന്ത്രണം കൊണ്ടുള്ള ഉദ്ദേശം ഒരു വ്യക്തി കാരണമായി മറ്റൊരാള്‍ സമ്പാദ്യത്തില്‍ നിന്നും തടഞ്ഞ് നിര്‍ത്തപ്പെടുക എന്നതാണ്. ഇത്തരുണത്തില്‍ തടഞ്ഞ് നിര്‍ത്തിയ വ്യക്തിയുടെ മേല്‍ ചിലവ് നിര്‍ബന്ധമാകുന്നതാണ്. ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും ശമ്പളം അധികാരികളുടെ മേല്‍ നിര്‍ബന്ധമാകുന്നത് ഈ നിലയ്ക്കാണ്. ഭാര്യയ്ക്ക് ഭര്‍ത്താവ് ചിലവ് കൊടുക്കുന്നതും ഇതിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണ്. ഭര്‍ത്താവിന്‍റെ വീട് നോക്കുക, കുട്ടികളെ പരിപാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഭാര്യ നിര്‍വ്വഹിക്കുന്നു. അത് കാരണമായി അവര്‍ക്ക് സമ്പാദ്യത്തിന് കഴിയുന്നില്ല. ഈ കാരണത്താല്‍ അവരുടെ ചിലവ് ഭര്‍ത്താവിന്‍റെ മേല്‍ നിര്‍ബന്ധമാകുന്നതാണ്. ഇവിടെ നിയന്ത്രിച്ച് നിര്‍ത്തപ്പെട്ട വ്യക്തി സമ്പന്നനാണെങ്കിലും ദരിദ്ര്യനാണെങ്കിലും അവര്‍ക്ക് ചിലവ് കൊടുക്കല്‍ നിര്‍ബന്ധമാകുന്നതാണ്.
വൈവാഹിക ജീവിതത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതും എന്നാല്‍ ചിലവേള നിര്‍ബന്ധിതമായിത്തീരുകയും ചെയ്യുന്ന ഒന്നാണ് വിവാഹ മോചനം. ഇത് സംഭവിച്ചാല്‍ ഇദ്ദയുടെ പ്രതീക്ഷാ കാലഘട്ടത്തില്‍ ഭര്‍ത്താവ് അവര്‍ക്ക് ചിലവ് കൊടുക്കേണ്ടതാണ്. പക്ഷേ, ഇദ്ദയുടെ കാലഘട്ടം കഴിഞ്ഞാല്‍ അവര്‍ മുന്‍ ഭര്‍ത്താവിന് വേണ്ടി നിയന്ത്രിച്ച് നിര്‍ത്തപ്പെടുന്നവരല്ല. അവര്‍ക്ക് മറ്റൊരു വിവാഹം കഴിക്കാവുന്നതാണ്. ഇസ്ലാമിക നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സമ്പാദ്യ മാര്‍ഗ്ഗങ്ങളും സ്വീകരിക്കാവുന്നതാണ്. ഇതിനുവേണ്ടി മുന്‍ ഭര്‍ത്താവിന്‍റെ അനുമതി ആവശ്യമില്ല. മുന്‍ഭര്‍ത്താവ് ഈ വിഷയത്തില്‍ തടസ്സം സൃഷ്ടിക്കാനും അനുവാദമില്ല. ആകയാല്‍ ഇവിടെ നിയന്ത്രിച്ച് നിര്‍ത്തപ്പെടുക എന്നതിന്‍റെ പേരില്‍ ചിലവ് നിര്‍ബന്ധമാകാന്‍ ഒരു ന്യായവുമില്ല. കൂടാതെ, ത്വലാഖ് സംഭവിച്ച് കഴിഞ്ഞാല്‍ മുന്‍ ഭര്‍ത്താവുമായി അവര്‍ക്ക് യാതൊരുവിധ കുടുംബ ബന്ധവും അവശേഷിക്കുന്നതല്ല. അതെ, വൈവാഹിക ബന്ധം രക്ത ബന്ധത്തെപ്പോലെ ഒരിക്കലും പൊട്ടാന്‍ പാടില്ലാത്ത ബന്ധമല്ല. മറിച്ച് ന്യായമായ വാചകങ്ങള്‍ പറയുന്നതിലൂടെ നിലവില്‍ വരുകയും അവസാനിക്കുകയും ചെയ്യുന്ന ഒരു ബന്ധമാണ്. ഈ കാരണത്താല്‍ വിവാഹ മോചനത്തിന് ശേഷം ഭാര്യഭര്‍ത്താക്കന്മാര്‍ക്ക് വേണ്ടി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല.
മുഹമ്മദുര്‍റസൂലുല്ലാഹി (സ)യ്ക്ക് മുമ്പ് അടിമത്വ സമ്പ്രദായം നിലവിലുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീയുടെ മേല്‍ പുരുഷന്മാര്‍ക്ക് ഉടമാവകാശമുണ്ടെന്ന സങ്കല്‍പ്പം നടമാടിയിരുന്നു. ഇസ്ലാം ഈ സങ്കല്‍പ്പത്തെ ഇല്ലാതാക്കുകയും ഭാര്യഭര്‍ത്താക്കന്മാര്‍ പരസ്പരം ജീവിത യാത്രയിലെ പങ്കാളികളാണെന്നും ഇരുവര്‍ക്കും പരസ്പരം കടമകളുണ്ടെന്നും ശക്തമായി ഉണര്‍ത്തി. എന്നാല്‍ മറ്റ് ചില മതങ്ങളുടെ വീക്ഷണം ഭാര്യ ഭര്‍ത്താവിന്‍റെ ഉടമസ്ഥതയില്‍ പെട്ട വസ്തുവെന്നാണ്. അതുകൊണ്ട് തന്നെ സ്ത്രീ കാലാകാലം ഭര്‍ത്താവിന് കീഴില്‍ നിയന്ത്രിച്ച് നിര്‍ത്തപ്പെടണമെന്നും ഒരിക്കലും വിവാഹ ബന്ധത്തില്‍ നിന്നും മോചിപ്പിക്കാന്‍ പാടില്ലെന്നും അവര്‍ നിരീക്ഷിക്കുന്നു. ഈ കാരണത്താല്‍ അവര്‍ക്കിടയില്‍ സ്ത്രീ വിവാഹമോചിതയാകുന്ന സങ്കല്‍പ്പമോ, അതുമായി ബന്ധപ്പെട്ട നിയമങ്ങളോ ഇല്ല. അതുകൊണ്ട് തന്നെ സഹോദര സമുദായ അംഗങ്ങളില്‍ പെട്ട പലരും ഒരു സ്ത്രീ വിവാഹിതയായാല്‍ പിന്നീട് അവര്‍ക്ക് നിര്‍ബന്ധമാകുന്ന ജീവനാംശത്തില്‍ നിന്നും തടയുന്നത് എങ്ങനെയാണെന്ന് ചോദിക്കാറുണ്ട്. അതെ, ഇസ്ലാമില്‍ വിവാഹമെന്നത് ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയില്‍ അതിശക്തമായ ഒരു കരാറിന്‍റെ അടിസ്ഥാനത്തില്‍ ആരംഭിക്കുന്ന ഒരു പ്രക്രിയയാണ്. ഇതിലൂടെ ഇരുവരും ഇണകളായി മാറുന്നതാണ്. തുടര്‍ന്ന് ഈ ബന്ധം കാലാകാലം നിലനിര്‍ത്തണമെന്ന് ഉപദേശിക്കുകയും അതുമായി ബന്ധപ്പെട്ട നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. എന്നാല്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ ഈ ബന്ധം അവസാനിപ്പിക്കപ്പെട്ടാല്‍ സ്ത്രീയുടെ ജീവിത വിഷയത്തില്‍ അവര്‍ പരിപൂര്‍ണ്ണ സ്വതന്ത്രയായി മാറുന്നതാണ്. ഇത്തരുണത്തില്‍ ഇരുവര്‍ക്കുമിടയില്‍ വൈവാഹിക ബന്ധം തന്നെ അവശേഷിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് ചിലവ് കൊടുക്കല്‍ നിര്‍ബന്ധമാകുന്നത് എന്തടിസ്ഥാനത്തിലാണ്?
സംശുദ്ധമായ ബുദ്ധിയുടെയും സാമൂഹ്യ നന്മകളുടെയും വെളിച്ചത്തില്‍ നോക്കിയാലും വിവാഹ മോചിതയ്ക്ക് കാലാകാലം ചിലവ് കൊടുക്കണമെന്ന വീക്ഷണം തെറ്റാണെന്ന് മനസ്സിലാക്കാന്‍ കഴിയും. ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഇവിടെ കൊടുക്കുന്നു:
1. ഭാര്യയെ വിവാഹമോചനം ചെയ്യുന്നതിലൂടെ ജീവിതകാലം മുഴുവന്‍ ചിലവ് കൊടുക്കേണ്ടി വരുമെന്ന് ഭര്‍ത്താവിന് മനസ്സിലായാല്‍ അദ്ദേഹം വിവാഹമോചനമൊന്നും നടത്താതെ ജീവിതകാലം മുഴുവനും വെറുപ്പും അകല്‍ച്ചയുമായി കഴിയുന്നതാണ്. മാത്രമല്ല, ഈ വെറുപ്പ് വര്‍ദ്ധിച്ച് നിയമ വിരുദ്ധമായി മാര്‍ഗ്ഗങ്ങളിലേക്ക് കടക്കാനും സാധ്യതയുണ്ട്. ഭാര്യയെ വിവാഹമോചനം നടത്തുന്നതിന് പകരം ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നതാണ്. അങ്ങനെ ഇന്ന് പത്രങ്ങളില്‍ കാണപ്പെടുന്ന പല ദുരന്തങ്ങളും അരങ്ങേറുന്നതാണ്. അതുകൊണ്ട് തന്നെ നിയമത്തിന്‍റെ വഴി കൂടുതല്‍ ദുഷ്കരമാക്കാന്‍ പാടില്ല. ദുഷ്കരമാക്കിയാല്‍ ജനങ്ങള്‍ നിയമ വിരുദ്ധമായ മാര്‍ഗ്ഗം സ്വീകരിക്കുന്നതിലേക്ക് തിരിയുന്നതാണ്.
2. വിവാഹ മോചനത്തിന് ശേഷം ചിലവ് നിര്‍ബന്ധമാക്കിയാല്‍ പാശ്ചാത്യ രാജ്യങ്ങളെപ്പോലെ നമ്മുടെ രാജ്യത്തും വിവാഹത്തിന്‍റെ ശതമാനം കുറയുന്നതാണ്. പാശ്ചാത്യ രാജ്യങ്ങള്‍ വിവാഹ മോചനത്തെ അങ്ങേയറ്റം ദുഷ്കരമാക്കുകയും വിവാഹ മോചനത്തിന്‍റെ പേരില്‍ പുരുഷന്‍റെ മേല്‍ ധാരാളം ബാധ്യതകള്‍ ചുമത്തുകയും ചെയ്തപ്പോള്‍ അവിടെ വിവാഹത്തിന്‍റെ തോത് വളരെയധികം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 1960-ലെയും 2010-ലെയും വിവിധ രാജ്യങ്ങളിലെ വിവാഹത്തിന്‍റെ കണക്കും അന്തരവും ശ്രദ്ധിക്കുക. ആസ്ട്രിയ 8.3/4.5, ബല്‍ജിയം 7.9/3.9, ഡന്‍മാര്‍ക്ക് 7.8/5.6, ഫ്രാന്‍സ് 7.0/3.9, ജര്‍മ്മനി 9.5/4.7, ഗ്രീക്ക് 7.7/5.3, ഹോളണ്ട് 7.7/4.5, ഇറ്റലി 7.7/3.6, പോര്‍ച്ചുഗല്‍ 7.8/4.7, സ്പെയിന്‍ 7.8/3.6, സ്വീഡന്‍ 6.7/5.3, ബ്രിട്ടന്‍ 7.5/4.5.
3. കുബുദ്ധികളായ ആളുകള്‍ ഇതിനെയൊരു അവസരമായി മുതലെടുക്കുകയും പലതരം കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നതാണ്. വിവാഹമോചിതരായ ചിലര്‍ പുതിയ ഭര്‍ത്താവിനോടൊപ്പം പരസ്യമായി കോടതിയില്‍ വന്ന് മുന്‍ ഭര്‍ത്താവില്‍ നിന്നും ചിലവ് വാങ്ങുന്നതാണ്. ഇത് സാമൂഹിക നീതിയാണോ? മറ്റുചിലര്‍ മുന്‍ ഭര്‍ത്താവില്‍ നിന്നും ചിലവ് വാങ്ങാനും പ്രതികാരദാഹം ശമിപ്പിക്കാനും വേണ്ടി മാത്രം രണ്ടാം വിവാഹത്തില്‍ നിന്നും അകന്ന് കഴിയുകയും അസാന്മാര്‍ഗ്ഗിക ജീവിതം നയിക്കുകയും ചെയ്യുന്നു.
4. ഒരു വ്യക്തിയുടെ മേല്‍ ചിലവ് നിര്‍ബന്ധമായി പ്രഖ്യാപിക്കുന്നതിന് ന്യായമായ എന്തെങ്കിലും അടിസ്ഥാനം ഉണ്ടായിരിക്കണം. തൊഴിലാളിയ്ക്കും മുതലാളിയ്ക്കും ഇടയില്‍ കൂലിവേലയുടെ ഇടപാട് അവസാനിച്ച് കഴിഞ്ഞാല്‍ മുതലാളിയുടെ മേല്‍ ഒന്നും നിര്‍ബന്ധമാകുന്നതല്ല. ഒരു ഉദ്യോഗസ്ഥന്‍ ഉദ്യോഗം അവസാനിപ്പിച്ചാല്‍ ശമ്പളത്തിന് അര്‍ഹനാകുന്നതല്ല. ഇപ്രകാരം ഒരു പുരുഷനും സ്ത്രീയ്ക്കും ഇടയില്‍ വിവാഹബന്ധം ഇല്ലാതായാല്‍ ജീവിതകാലം മുഴുവന്‍ പുരുഷന്‍ സ്ത്രീയ്ക്ക് ചിലവ് കൊടുത്തുകൊണ്ടിരിക്കണമെന്നത് എന്ത് ന്യായമാണ്? ബന്ധമൊന്നുമില്ലാത്ത ഒരു അന്യപുരുഷനില്‍ നിന്നും ആഹാരം കഴിച്ച് ജീവിക്കാനും തന്നെ വേണ്ടെന്ന് വെച്ച ഒരു പുരുഷനെ അവലംബിച്ച് കഴിയാനും മാന്യതയുള്ള ഏതെങ്കിലും സ്ത്രീകള്‍ തയ്യാറാകുമോ? ആകയാല്‍ ബുദ്ധിയുടെയും സാമൂഹിക നന്മകളുടെയും അടിസ്ഥാനത്തിലും വിവാഹ മോചിതയ്ക്ക് മുന്‍ ഭര്‍ത്താവിന്‍റെ മേല്‍ ചിലവ് നിര്‍ബന്ധമാകുന്നതല്ല.
പ്രശ്നത്തിന്‍റെ പരിഹാരം
പിന്നെ വിവാഹ മോചിതയുടെ ചിലവ് എങ്ങനെ നടക്കുമെന്നത് ഒരു പ്രധാന വിഷയമാണ്. അതെ, ഇസ്ലാം ഇത്തരം സ്ത്രീകളെ അവലംബമൊന്നുമില്ലാതെ ഉപേക്ഷിക്കത്തില്ല. മറിച്ച് ഇവരുടെ വിഷയത്തില്‍ ഇസ്ലാമിക ശരീഅത്ത് പറയുന്ന കാര്യങ്ങള്‍ താഴെ കൊടുക്കുന്നു:
1. ഇസ്ലാമിക വീക്ഷണത്തില്‍ ഒരാളുമായി വിവാഹം നടന്നാലും സ്ത്രീയുടെ കുടുംബവുമായിട്ടുള്ള ബന്ധം അവസാനിക്കുന്നതല്ല. ഈ കാരണത്താല്‍ മാതാപിതാക്കളുടെയും ചിലപ്പോള്‍ സഹോദരന്‍റെയും പിതൃവ്യന്‍റെയും മറ്റും അനന്തരവകാശത്തിന് സ്ത്രീ അര്‍ഹയാകുന്നതാണ്. അതുകൊണ്ട് ഒരു സ്ത്രീ വിവഹമോചനം ചെയ്യപ്പെട്ടാല്‍ അവരുടെ മാതാപിതാക്കളുടെ മേലും അടുത്ത ബന്ധുക്കളുടെ മേലും അവര്‍ക്ക് ചിലവ് കൊടുക്കല്‍ നിര്‍ബന്ധമാകുന്നതാണ്. അതായത്, ആ സ്ത്രീ മരണപ്പെട്ടാല്‍ അവരുടെ അനന്തരവകാശം ലഭിക്കുന്ന ബന്ധുക്കള്‍ ഇപ്പോള്‍ അവര്‍ക്ക് ചിലവ് കൊടുക്കേണ്ടതാണ്.
2. വിവാഹത്തിന്‍റെ സന്ദര്‍ഭത്തില്‍ ലഭിക്കുന്ന മഹ്റിന്‍റെ പണം അവര്‍ക്കുള്ളതാണ്. ഏതെങ്കിലും കച്ചവടത്തില്‍ അത് നിക്ഷേപിച്ച് അവര്‍ക്ക് ജീവിത കാര്യങ്ങള്‍ നീക്കാവുന്നതാണ്.
3. ആദ്യ ഭര്‍ത്താവിന് മക്കളുണ്ടെങ്കില്‍ എട്ട് വയസ്സ് വരെ ആണ്‍മക്കളെയും പ്രായപൂര്‍ത്തിയാകുന്നതുവരെ പെണ്‍മക്കളെയും നോക്കാനുള്ള അവകാശം സ്ത്രീയ്ക്കാണ്. ഈ കാലയളവില്‍ അവരെ പരിപാലിക്കുന്നതിന്‍റെ കൂലി അവര്‍ക്ക് ഭര്‍ത്താവില്‍ നിന്നും വാങ്ങാവുന്നതാണ്. ഇത് അവര്‍ക്ക് ലഭിക്കുന്ന ജീവനാംശമല്ല, മറിച്ച് അവരുടെ അധ്വാനത്തിന്‍റെ കൂലിയാണ്. കുട്ടികളെ പരിപാലിക്കുന്ന സ്ത്രീയുടെ ആഹാര, വസ്ത്ര, പാര്‍പ്പിടങ്ങള്‍ക്ക് ആവശ്യമായ തോതില്‍ അവര്‍ക്ക് ഈ കൂലി നല്‍കേണ്ടതാണ്.
4. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇത്തരം സ്ത്രീകളെ രണ്ടാം വിവാഹത്തിലേക്ക് പ്രവേശിപ്പിക്കണമെന്ന് ഖുര്‍ആനിക കല്‍പ്പനയാണ്. (നൂര്‍ 32) അതുകൊണ്ട് ഇതര പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നത് പോലെ ഇവരുടെ വിവാഹത്തെക്കുറിച്ചും ചിന്തിക്കാനും പരിശ്രമിക്കാനും ശ്രദ്ധിക്കേണ്ടത് മുതിര്‍ന്നവരുടെ നിയമപരമായ ബാധ്യതയാണ്.
ചുരുക്കത്തില്‍ ഇസ്ലാം ഇത്തരം സ്ത്രീകളെ അവലംബമൊന്നുമില്ലാതെ ഒറ്റപ്പെടുത്തിയിട്ടില്ല. അവര്‍ക്ക് ധാരാളം സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷെ നിയമങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവരുടേയും പ്രവര്‍ത്തിക്കാത്തവരുടെ അവസ്ഥയുമായി ബന്ധപ്പെട്ടതാണ്. ഇസ്ലാമിക നിയമങ്ങള്‍ പാലിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ക്കോ അവര്‍ കാരണമായി മറ്റുള്ളവര്‍ക്കോ ഒരു പ്രയാസമോ പ്രശ്നമോ ഉണ്ടാകുന്നതല്ല. ആകയാല്‍ വിവാഹ മോചിതരെ വിവാഹം കഴിപ്പിക്കാന്‍ ശ്രദ്ധിക്കുക. അത്തരം സ്ത്രീകളെ ഒരിക്കലും ശകുനമായി കാണരുത്. പ്രശ്നങ്ങളുടെ എല്ലാം അടിസ്ഥാനം ഇതുതന്നെയാണ്. ഒരു കാലത്ത് അഥിതികള്‍ക്കിടയിലും ഈ പ്രശ്നമുണ്ടായിരുന്നു. റസൂലുല്ലാഹി (സ)ക്ക് ശേഷം അവസ്ഥകള്‍ മാറിമറിഞ്ഞു. ഇന്നും അവര്‍ക്കിടയില്‍ വിവാഹമോചിതയുടെ കാര്യം ഒരു പ്രശ്നമേയല്ല. ന്യായമായ നിലയിലുള്ള വിവാഹ മോചനവും അവിടെ എളുപ്പമാണ്. വിവാഹമോചിതയായ സ്ത്രീകളുടെ രണ്ടാം വിവാഹം എളുപ്പത്തില്‍ നടക്കുന്നതാണ്. ഇദ്ദയുടെ കാലഘട്ടം കഴിഞ്ഞാലുടന്‍ വിവാഹലോചനകള്‍ വന്നു തുടങ്ങും പഴയ കുടുംബങ്ങള്‍ക്കിടയില്‍ യാതൊരു വഴക്കും ഉണ്ടാകുന്നതുമല്ല. നിയമ മര്യാദകള്‍ പാലിക്കാന്‍ ശ്രമിച്ചാല്‍ നമുക്കിടയിലും ഇതേ അവസ്ഥ സംജാതമാകുന്നതാണ്.