ഉള്ളടക്കം
* മുഖലിഖിതം
* ജുമുഅ സന്ദേശം
ലജ്ജയും പാതിവ്രത്യവും മുറുകെ പിടിക്കുക
* ജുമുഅ സന്ദേശം
ലജ്ജയും പാതിവ്രത്യവും മുറുകെ പിടിക്കുക
* മആരിഫുല്‍ ഖുര്‍ആന്‍
സ്ത്രീകള്‍ മുഖമക്കന സ്വീകരിക്കുക
* മആരിഫുല്‍ ഹദീസ്
പരിശുദ്ധ ഖുർആൻ പാരായണം
* കവര്‍ സ്റ്റോറി
വഖ് ഫുമായി ബന്ധപ്പെട്ട ചില പ്രധാന വിഷയങ്ങള്ഓള് ഇന്ത്യാ ഫിഖ്ഹ് അക്കാദമി
* രചനാ പരിചയം
വിശ്വനായകന്‍
മുഖലിഖിതം
ജനങ്ങളെല്ലാവരും നന്നാകണമെന്ന് ആഗ്രഹിക്കുകയും എല്ലാവർക്കും സേവന സഹായങ്ങൾ ചെയ്യുകയും എല്ലാവരെയും നന്മകളിലേക്ക് ആത്മാർത്ഥമായി ക്ഷണിക്കുകയും ചെയ്യുന്നതിലൂടെ വിശ്വാസവും സ്‌നേഹവും ആർജ്ജിക്കാൻ കഴിയുന്നതാണ്. ഇതിലൂടെയാണ് മുൻഗാമികളായ മഹത്തുക്കൾ ജയിച്ച് മുന്നേറിയത്. ഉദാഹരണത്തിന് ഖാജാ മുഈനുദ്ദീൻ ചിശ്തി ഗുണങ്ങൾ മുറുകെ പിടിച്ചപ്പോൾ ജനങ്ങൾ അദ്ദേഹത്തിലേക്ക് അടുക്കുകയും ലക്ഷക്കണക്കിന് ആളുകൾ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.
മാനവികതയുടെ ഈ പ്രവർത്തനം നമ്മുടെ നിലനിൽപ്പിന്റെയും സുരക്ഷിതത്വത്തിന്റെയും നിലനിൽപ്പുകൂടിയാണ്. പരിശുദ്ധഖുർആനിൽ അല്ലാഹു അറിയിക്കുന്നു: പത ഉണങ്ങിപ്പോകും ജനങ്ങൾക്ക് പ്രയോജനപ്രദമാകുന്നത് ഭൂമിയിൽ അവശേഷിക്കുന്നതാണ്. (റഅദ് 17). പരിശുദ്ധഖുർആനിന്റെ ഈ പ്രഖ്യാപനത്തിൽ പടച്ചവൻ ഒരു പൊതുനിയമം അറിയിച്ചിരിക്കുന്നു. പതയും നുരയും നശിച്ചുപോകും. പ്രയോജനപ്രദമായ കാര്യങ്ങൾ അവശേഷിക്കുന്നതാണ്. നാം നാടിനും നാട്ടുകാർക്കും പ്രയോജനമായി മാറുക. ജനങ്ങൾക്ക് സേവന സഹായങ്ങൾ ചെയ്യുക. ഇതിലൂടെ നാം സുരക്ഷിതരായിത്തീരുന്നതാണ്. പലരും അക്രമങ്ങൾ കാട്ടിയിട്ടും ലോകത്ത് നിലനിൽനിക്കുന്നത് ഈ നിയമം പാലിച്ചുകൊണ്ടാണ്. അമേരിക്ക് എന്തെല്ലാം അക്രമങ്ങൾ കാണിക്കുന്നു. പക്ഷേ അതിനോട് കൂടി വിവര സാങ്കേതിക വിദ്യകളിലൂടെയും മറ്റും പലനിലയിൽ ജനങ്ങൾക്ക് ഉപകാരപ്പെടുകയും ചെയ്യുന്നു. അതെ, ഒരു കാലത്ത് മുസ്‌ലിംകൾ ജനങ്ങൾക്ക് ഉപകാരങ്ങൾ ചെയ്തപ്പോൾ അവർക്ക് ഭീഷണികളെ അതിജയിച്ച് നിലനിൽക്കാനും മുന്നേറാനും സാധിച്ചു. പഴയെ ബാഗ്ദാദിലെ ആശുപത്രിയിൽ സൗജന്യചികിത്സകൾ നൽകുന്നതിനോടൊപ്പം രോഗികളെ ആശ്വസിപ്പിക്കാനും അവർക്ക് സേവനങ്ങൾ ചെയ്യാനും ഒരുകൂട്ടമാളുകൾ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.
-മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി(മാനവതാസന്ദേശം: പ്രാധാന്യം, പ്രവർത്തനം, മര്യാദകൾപ്രസാധനം: സയ്യിദ് ഹസനി അക്കാദമി, ഓച്ചിറ)
---------------------------
ലജ്ജയും പാതിവ്രത്യവും മുറുകെ പിടിക്കുക
മൗലാനാ ഉമറൈൻ മഹ്ഫൂസ് റഹ്മാനി സമ്പാദകൻ: അബ്ദുൽ റസാഖ് ഹുസ്നി
(قُل لِّلۡمُؤۡمِنِینَ یَغُضُّوا۟ مِنۡ أَبۡصَـٰرِهِمۡ وَیَحۡفَظُوا۟ فُرُوجَهُمۡۚ ذَ ٰلِكَ أَزۡكَىٰ لَهُمۡۚ إِنَّ ٱللَّهَ خَبِیرُۢ بِمَا یَصۡنَعُونَ)(وَقُل لِّلۡمُؤۡمِنَـٰتِ یَغۡضُضۡنَ مِنۡ أَبۡصَـٰرِهِنَّ وَیَحۡفَظۡنَ فُرُوجَهُنَّ وَلَا یُبۡدِینَ زِینَتَهُنَّ إِلَّا مَا ظَهَرَ مِنۡهَاۖ وَلۡیَضۡرِبۡنَ بِخُمُرِهِنَّ عَلَىٰ جُیُوبِهِنَّۖ وَلَا یُبۡدِینَ زِینَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوۡ ءَابَاۤىِٕهِنَّ أَوۡ ءَابَاۤءِ بُعُولَتِهِنَّ أَوۡ أَبۡنَاۤىِٕهِنَّ أَوۡ أَبۡنَاۤءِ بُعُولَتِهِنَّ أَوۡ إِخۡوَ ٰنِهِنَّ أَوۡ بَنِیۤ إِخۡوَ ٰنِهِنَّ أَوۡ بَنِیۤ أَخَوَ ٰتِهِنَّ أَوۡ نِسَاۤىِٕهِنَّ أَوۡ مَا مَلَكَتۡ أَیۡمَـٰنُهُنَّ أَوِ ٱلتَّـٰبِعِینَ غَیۡرِ أُو۟لِی ٱلۡإِرۡبَةِ مِنَ ٱلرِّجَالِ أَوِ ٱلطِّفۡلِ ٱلَّذِینَ لَمۡ یَظۡهَرُوا۟ عَلَىٰ عَوۡرَ ٰتِ ٱلنِّسَاۤءِۖ وَلَا یَضۡرِبۡنَ بِأَرۡجُلِهِنَّ لِیُعۡلَمَ مَا یُخۡفِینَ مِن زِینَتِهِنَّۚ وَتُوبُوۤا۟ إِلَى ٱللَّهِ جَمِیعًا أَیُّهَ ٱلۡمُؤۡمِنُونَ لَعَلَّكُمۡ تُفۡلِحُونَ)[Surah An-Nur 30- 31]
"സത്യവിശ്വാസികളോട് ദൃഷ്ടികൾ താഴ്ത്താനും ഗുഹ്യസ്ഥാനം സൂക്ഷിക്കാനും പറയുക. അതാണ് അവർക്ക് പരിശുദ്ധി, അവർ ചെയ്യുന്നതെല്ലാം അല്ലാഹു നന്നായി അറിയുന്നുണ്ട്.(30) സത്യവിശ്വാസിനിക ളോട് അവരുടെ അലങ്കാരത്തിൽ നിന്നും വെളിവായിപ്പോകു ന്നത് ഒഴിച്ച് ഒന്നും അവർ വെളിവാക്കരുതെന്ന് പറയുക. അവ രുടെ മുഖമക്കനകൾ നെഞ്ചുവരെ താഴ്ത്തിയിടട്ടെ. അവരുടെ ഭർത്താവ്, പിതാവ്, ഭർതൃപിതാവ്, മക്കൾ, ഭർത്താവിന്റെ മക്കൾ, സഹോദരങ്ങൾ, സഹോദര മക്കൾ, സഹോദരീ മക്കൾ, അടുത്ത സ്ത്രീകൾ, അടിമകൾ, വികാരതാല്പര്യങ്ങളില്ലാത്ത പുരുഷ വേലക്കാർ, സ്ത്രീരഹസ്യങ്ങൾ അറിയാത്ത ആൺകു ട്ടികൾ ഇവരുടെ മുന്നിലല്ലാതെ അവരുടെ സൗന്ദര്യം ഒന്നും വെളിവാക്കരുത്. മറഞ്ഞ അലങ്കാരങ്ങൾ അറിയപ്പെടുന്നതിന് കാലുകൾ ശബ്ദത്തിൽ അടിക്കരുത്. സത്യവിശ്വാസികളേ, വിജയം വരിക്കുന്നതിന് അല്ലാഹുവിലേക്ക് നിങ്ങളെല്ലാവരും പശ്ചാത്തപിച്ച് മടങ്ങുക."(31)
🔸 പാപങ്ങളോടുള്ള ലജ്ജാശീലം മനുഷ്യൻറെ അലങ്കാരമായാണ് ഇസ്ലാം കാണുന്നത്. പാതിവ്രത്യവും ഗുഹൃ ഭാഗങ്ങളെ സൂക്ഷിക്കലും മനുഷ്യർക്ക് അനിവാര്യമാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ഏതെങ്കിലും സമൂഹത്തിലോ വ്യക്തിയിലോ ഈ ഗുണങ്ങൾ ഇല്ലാതായാൽ രക്ഷിതാവിൻറെ കാരുണ്യം അവരിൽ നിന്ന് അകന്നു പോകുന്നതും പിശാച് അവരിൽ ആധിപത്യം ചെലുത്തുന്നതുമാണ്. തത്ഫലമായി രക്ഷിതാവിന്റെ കോപം അവരുടെ മേൽ പതിക്കുന്നതാണ്.
🔸രണ്ടു കാര്യങ്ങൾ മനുഷ്യനെ ഗുരുതരമായ നാശത്തിൽ എത്തിക്കുന്നു,ഒന്ന് ഹറാം ഭക്ഷിക്കുക, രണ്ട് ഹറാം പ്രവർത്തിക്കുക, ഇക്കാരണത്താൽ നബി സല്ലല്ലാഹു അലൈഹിവസല്ലം അരുളി :وَعَنْ سَهْلِ بنِ سعْدٍ قَال: قَالَ رَسُولُ اللَّهِ ﷺ: مَنْ يَضْمَنْ لِي مَا بيْنَ لَحْيَيْهِ وَمَا بيْنَ رِجْلَيْهِ أضْمنْ لهُ الجَنَّة. متفقٌ عليهِ
റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലം അരുളിയതായി സഅ്ദ് പറയുന്നു. ഏതൊരു വ്യക്തി തന്റെ രണ്ട് താടിയെല്ലുകൾക്കിടയിലു ള്ളതിന്റെയും, കാലുകൾക്കിടയിലുള്ളതിന്റെയും ഉത്തരവാദിത്വം ഏൽക്കുന്നുവോ അവന് ഞാൻ സ്വർഗ്ഗം കൊടുക്കാമെന്ന് ഉത്തരവാദിത്വം ഏൽക്കുന്നു.
🔸ലജ്ജയില്ലായ്മയെയും അശ്ലീലതകളെയും ഇസ്ലാം കടുത്ത ഭാഷയിൽ തടയുകയും അവയിൽനിന്നെല്ലാം ഒഴിഞ്ഞുമാറാൻ സത്യവിശ്വാസികളോട് നിർദ്ദേശിക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: (قُلۡ إِنَّمَا حَرَّمَ رَبِّیَ ٱلۡفَوَ ٰحِشَ مَا ظَهَرَ مِنۡهَا وَمَا بَطَنَ وَٱلۡإِثۡمَ وَٱلۡبَغۡیَ بِغَیۡرِ ٱلۡحَقِّ وَأَن تُشۡرِكُوا۟ بِٱللَّهِ مَا لَمۡ یُنَزِّلۡ بِهِۦ سُلۡطَـٰنࣰا وَأَن تَقُولُوا۟ عَلَى ٱللَّهِ مَا لَا تَعۡلَمُونَ)[Surah Al-A'raf 33]
"പറയുക: പരസ്യവും രഹസ്യവുമായ വൃത്തികേ ടുകൾ, പൊതുപാപങ്ങൾ, അന്യായമായ അക്രമം, അല്ലാഹു ഒരു തെളിവും ഇറക്കിയിട്ടില്ലാത്ത വസ്തുക്കളെ അവനോട് പങ്ക് ചേർക്കൽ, നിങ്ങൾക്ക് അറിവില്ലാത്ത കാര്യങ്ങൾ അല്ലാ ഹുവിന്റെ മേൽ കെട്ടിച്ചമച്ച് പറയൽ എന്നീ കാര്യങ്ങളെയാണ് എന്റെ രക്ഷിതാവ് നിഷിദ്ധമാക്കിയത്."(33)
മറ്റൊരിടത്ത് പറയുന്നു:(وَلَا تَقۡرَبُوا۟ ٱلزِّنَىٰۤۖ إِنَّهُۥ كَانَ فَـٰحِشَةࣰ وَسَاۤءَ سَبِیلࣰا)[Surah Al-Isra' 32]
വ്യഭിചാരത്തിലേക്ക് അടുക്കരുത്. അത് ഒരു നീചവൃത്തിയാണ്. ദുഷിച്ച മാർഗവുമാണ്.(32).
വ്യഭിചാരം അങ്ങേയറ്റം നികൃഷ്ടമായ പ്രവർത്തിയാണ്. അതിനാൽ തന്നെ ഗുണപാഠം ഉൾക്കൊള്ളുന്നതിന് അതിൻറെ ശിക്ഷയും ശരീഅത്ത് കടുപ്പമാക്കി.അവിവാഹിതരെ 80 അടി അടിക്കാനും വിവാഹിതരെ കല്ലെറിഞ്ഞു കൊല്ലുവാനും ഇസ്ലാം കൽപ്പിക്കുന്നു. ഇത് വ്യഭിചാരികൾക്ക് ഇഹലോകത്തുള്ള ശിക്ഷയാണെങ്കിൽ പരലോകത്ത് ഇവർക്കായി തയ്യാറാക്കിയ ജഹന്നം എന്ന നരകത്തിലായിരിക്കും ഇവരെ ശിക്ഷിക്കപ്പെടുക. നബിസല്ലല്ലാഹു അലൈഹി വസല്ലം മിഅ്റാജ് യാത്രയിൽ വ്യഭിചാരികൾ അഗ്നിയുടെ കിണറിൽ കിടന്ന് വെന്തുരുകുന്നതായി കണ്ടു.അല്ലാഹു പരലോകത്ത് വ്യഭിചാരികൾക്ക് തയ്യാറാക്കിയ ശിക്ഷ വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരേ പോലെ നൽകപ്പെടും. കാരണം,ശിർക്കിനും അശ്ലീലതകൾക്കും തമ്മിൽ ബന്ധമുണ്ട്.ബഹുദൈവാരാധന ഹൃദയത്തിൻറെ അഴുക്കും അശ്ലീലത അവയവങ്ങൾ കൊണ്ടുള അഴുക്കുമാണ്. നബി സല്ലല്ലാഹു അലൈഹിവസല്ലം അരുളി:
قال صلى الله عليه وسلم في الزاني: لا يزني الزاني حين يزني وهو مؤمن، ولا يشرب الخمر حين يشربها وهو مؤمن، ولا يسرق السارق حين يسرق وهو مؤمن. മുഅ്മിനായ നിലയിൽ ഒരാളും വ്യഭിചരിക്കുകയില്ല. മുഅ്മിനായ നിലയിൽ ഒരാളും കള്ളു കുടിക്കുകയില്ല. മുഅ്മിനായ നിലയിൽ ഒരാളും മോഷ്ടിക്കുകയില്ല.
🔸ഒരു വ്യക്തിയും നേരിട്ട് വ്യഭിചാരവുമായി ബന്ധപ്പെടാറില്ല. ആദ്യഘട്ടത്തിൽ ഹറാമിലേക്ക് നോക്കും. ശേഷം മനസ്സിൽ മോശമായ കാര്യങ്ങൾ ചിന്തിക്കും. അതിനുശേഷം മോശമായ കാര്യങ്ങൾ ഞങ്ങൾ സംസാരിക്കും അതുകഴിഞ്ഞ് അതിനായി തയ്യാറെടുക്കും. അതിനുശേഷമാണ് തൻറെ അഭിമാനത്തെ വിറ്റ് കൊണ്ട് അശ്ലീലതകളിൽ ഏർപ്പെടുന്നത്. ഇതിനാൽ തന്നെ ഇസ്ലാം വ്യഭിചാരത്തെ മാത്രമല്ല തടയുന്നത്, മറിച്ച് അതിലേക്ക് കൊണ്ടെത്തിക്കുന്ന മുഴുവൻ വഴികളെയും അടയ്ക്കുന്നു. അല്ലാഹു പറയുന്നു:(وَلَا تَقۡرَبُوا۟ ٱلزِّنَىٰۤۖ إِنَّهُۥ كَانَ فَـٰحِشَةࣰ وَسَاۤءَ سَبِیلࣰا)[Surah Al-Isra' 32]
വ്യഭിചാരത്തി ലേക്ക് അടുക്കരുത്. അത് ഒരു നീചവൃത്തിയാണ്. ദുഷിച്ച മാർഗവുമാണ്.(32).
നബി സല്ലല്ലാഹു അലൈഹിവസല്ലം അരുളി: قال عليه السلام : " { العينان تزنيان ، وزناهما النظر ، واليدان تزنيان ، وزناهما البطش }; قلت : أخرجه مسلم في " كتاب القدر
കണ്ണുകൾ രണ്ടും വ്യഭിചരിക്കും,അതിൻറെ വ്യഭിചാരം ഹറാമായ നോട്ടമാണ്.കരങ്ങൾ രണ്ടും വ്യഭിചരിക്കും, അതിൻറെ വ്യഭിചാരം അനാവശ്യമായത് എടുക്കലാണ്.
🔸എത്ര ദീർഘദൃഷ്ടിയോടെയാണ് നബി സല്ലല്ലാഹു അലൈഹിവസല്ലം തിൻമകളുടെ പഴുതുകൾ അടയ്ക്കുന്നത്! അശ്ലീലതകളുടെ മുഴുവൻ പഴുതുകളെയും അടക്കുന്നതിനാണ് അല്ലാഹു സത്യവിശ്വാസികളോട് ലജ്ജയും പാതിവ്രത്യവും മുറുകെ പിടിക്കാൻ ആവശ്യപ്പെടുന്നത്. തന്റെ യജമാനത്തിയുടെ കെണിയിൽ അകപ്പെട്ടു പോയപ്പോൾ അല്ലാഹുവിനെ ഭയന്ന് പിന്മാറിയ യൂസഫ് നബി അലൈഹിസ്സലാം എല്ലാ വിശ്വാസികൾക്കും ഉത്തമമാതൃകയാണ്.
🔸അശ്ലീലത കളിൽ നിന്നും ലജ്ജയില്ലായ്മയിൽ നിന്നും മുക്തി നേടുന്നതിന് ഇസ്ലാം ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുന്നു:-➡️ ഒന്ന്, പാപങ്ങളോട് ലജ്ജ കാണിക്കുകയും കണ്ണുകളെ താഴ്ത്തുകയും ചെയ്യുക. ഈ വിധി സ്ത്രീകൾക്കും പുരുഷന്മാർക്കും ബാധകമാണ്. കാരണം അന്യസ്ത്രീയെ അല്ലെങ്കിൽ പുരുഷനെ നോക്കി സുഖം കണ്ടെത്തൽ വലിയ വിപത്തിൽ ചെന്ന് ചാടാനുള്ള കാരണമാണ്. നബി സല്ലല്ലാഹു അലൈഹിവസല്ലം അരുളി:
لا تتبع النظرة النظرة، فإن لك الأولى وليست لك الآخرة" നീ നോട്ടത്തെ ആവർത്തിക്കരുത്. ഒരുതവണ യാദൃശ്ചികമായി നോക്കൽ കുഴപ്പമില്ല എന്നാൽ വീണ്ടും അത് ആവർത്തിക്കരുത്.
➡️ രണ്ട്, അന്യ സ്ത്രീയും പുരുഷനും ഏതെങ്കിലും സ്ഥലത്ത തനിച്ചാകാതിരിക്കുക. കാരണം രണ്ടു പേർക്കിടയിൽ മൂന്നാമനായി പിശാച് കടന്നുവരുന്നതാണ്. അവരുടെ ഹൃദയങ്ങളിൽ അവൻ ദുഷിച്ച ചിന്തകൾ ഇട്ട്കൊടുക്കുകയും അത് അവരെ നാശത്തിലേക്ക് എത്തിക്കുകയും ചെയ്യും. നബി സല്ലല്ലാഹു അലൈഹിവസല്ലം അരുളി:
لا يخلون رجل بامرأة إلا ومعها ذو محرم، متفق على صحته، മഹ്‌റമായ ആളുകളോടൊപ്പമല്ലാതെ ഒരു സ്ത്രീ അന്യ പുരുഷനോടൊപ്പം തനിച്ചാകരുത്.
ഇക്കാലത്ത് പഠന-ഗവേഷണ മേഖലകളിലും ഓഫീസുകളിലും മറ്റും ഇപ്രകാരം അന്യസ്ത്രീ- പുരുഷന്മാർ തനിച്ചാകാറുണ്ട് . ഇതിലൂടെ അശ്ലീലതകളുടെ വാതിലുകൾ തുറക്കപ്പെടാൻ കാരണമാകും. ഇത്തരം കാര്യങ്ങൾ മനുഷ്യസംസ്കാരത്തിന് ചേർന്നതല്ല എന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
➡️ മൂന്ന് , മാന്യമായ വസ്ത്രം ധരിക്കുക. പുരുഷന്മാരും സ്ത്രീകളും ഇത് ശ്രദ്ധിക്കണം. സ്ത്രീകൾ ശരീരവടിവുകൾ എടുത്ത് അറിയിക്കുന്ന വസ്ത്രങ്ങൾ ധരിക്കരുത്. അതിലൂടെ മറ്റുള്ളവരിൽ അനാവശ്യമായ ചിന്തകൾ ഉടലെടുക്കാൻ കാരണമാവുകയും അത് വലിയ കുഴപ്പത്തിലേക്ക് എത്തുകയും ചെയ്യും.നബി സല്ലല്ലാഹു അലൈഹിവസല്ലം അരുളി:ربَّ كاسية في الدنيا عارية يوم القيامةഇഹലോകത്ത് വസ്ത്രം ധരിച്ച ധാരാളമാളുകൾ പരലോകത്ത് നഗ്നരായിരിക്കും.
സൗന്ദര്യം എടുത്ത് അറിയിക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകളെ പറ്റിയാണ് നബിസല്ലല്ലാഹു അലൈഹി വസല്ലം ഇവിടെ സൂചിപ്പിച്ചത്. അവർ പ്രത്യക്ഷത്തിൽ ശരീരം മറച്ചിട്ടുണ്ടെങ്കിലും പരോക്ഷമായി മറയ്ക്കാത്തവരെ പോലെയാണ്. നബി സല്ലല്ലാഹു അലൈഹിവസല്ലം അസ്മാ റളിയള്ളാഹുവിനോട് പറഞ്ഞു : അസ്മാ, ഒരു പെൺകുട്ടിക്ക് പ്രായപൂർത്തിയായാൽ അവളുടെ മുഖവും മുൻകൈയും ഒഴികെ ബാക്കിയെല്ലാ ഭാഗവും നല്ലവണ്ണം മറക്കേണ്ടതാണ്. 🔸ശരീരസൗന്ദര്യം വെളിവാക്കി വസ്ത്രം ധരിക്കുക എന്നത് യൂറോപ്യൻ സംസ്കാരം ആണ് . ഏറ്റവും മികച്ച സംസ്കാരത്തിൻറെ ഉടമകളായ മുസ്ലിമീങ്ങളും ഇതിൽ പെട്ടുപോയിരിക്കുന്നു എന്നതാണ് ഖേദകരം. അതിലടങ്ങിയ വിപത്തുകൾ മനസ്സിലാക്കാതെ അവർ തങ്ങളുടെ പെൺമക്കൾക്ക് അനിസ്ലാമികവസ്ത്രങ്ങൾ ധരിപ്പിക്കുന്നു. ചെറുപ്രായത്തിൽ തന്നെ പെൺകുട്ടികളിൽ ലജ്ജാശീലം ഇല്ലാതായിത്തീരുന്നു. അങ്ങനെ അന്യപുരുഷന്മാരുമായി ഇടകലർന്ന് ജീവിക്കുവാൻ അവർ താല്പര്യപ്പെടുന്നു.ചുറ്റുപാടുകൾ മോശമാകുന്നതിലൂടെ അവരുടെ മനസ്സിലെ ഈമാനിയ്യായ ചിന്തപോലും ഇല്ലാതാകുന്നു.അവർ തന്നിഷ്ടപ്രകാരം ജീവിതം മുന്നോട്ടു നയിക്കുകയും ചെയ്യുന്നു.
➡️ നാല് , സ്വഭവനത്തിൽ സൗന്ദര്യം വെളിവാക്കുക, വീട് വിട്ടിറങ്ങുമ്പോൾ സൗന്ദര്യം വെളിവാക്കാതിരിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ സ്ത്രീകൾക്ക് മനസംതൃപ്തി കൈവരുന്നതും പാപങ്ങളിൽ നിന്ന് അകന്നു നിൽക്കുവാൻ സാധിക്കുന്നതുമാണ്. നബി സല്ലല്ലാഹു അലൈഹിവസല്ലം അരുളി:قال رسول الله صلى الله عليه وسلم: مثل الرافلة في الزينة في غير أهلها كمثل ظلمة يوم القيامة لا نور لها
ഭർത്താവ് അല്ലാത്തവരുടെ മുമ്പിൽ സൗന്ദര്യം വെളിവാക്കുന്ന സ്ത്രീ, പരലോകത്തെ ഇരുൾ പോലെയാണ് .അവൾക്ക് യാതൊരു പ്രകാശവും ഉണ്ടാകില്ല.
🔸എന്നാൽ ഖേദകരമെന്നു പറയട്ടെ , സമുദായത്തിൻറെ സംസ്കാരം ആകെ താറുമാറായിരിക്കുന്നു. സ്വഭവനത്തിൽ അനാകർഷണീയമായ വസ്ത്രം ധരിക്കുകയും വീടിനുപുറത്ത് ഇറങ്ങുമ്പോൾ ആകർഷണീയമായ വസ്ത്രങ്ങളും മറ്റും ധരിക്കുന്നു. ഇതിലൂടെ മറ്റു പുരുഷന്മാരുടെ ഹൃദയങ്ങളിൽ ദുഷ് ചിന്തകൾ ഉണ്ടാകുന്നതാണ്. ഇത്തരമൊരു അവസ്ഥയ്ക്ക് മാറ്റം വരേണ്ടത് കാലഘട്ടത്തിൻറെ ആവശ്യകതയാണ്.
➡️ അഞ്ച്, സ്ത്രീകൾ അവരുടെ നെഞ്ച് നല്ലവണ്ണം മറക്കുക. അല്ലാഹു പറയുന്നു:(یَـٰۤأَیُّهَا ٱلنَّبِیُّ قُل لِّأَزۡوَ ٰجِكَ وَبَنَاتِكَ وَنِسَاۤءِ ٱلۡمُؤۡمِنِینَ یُدۡنِینَ عَلَیۡهِنَّ مِن جَلَـٰبِیبِهِنَّۚ ذَ ٰلِكَ أَدۡنَىٰۤ أَن یُعۡرَفۡنَ فَلَا یُؤۡذَیۡنَۗ وَكَانَ ٱللَّهُ غَفُورࣰا رَّحِیمࣰا)[Surah Al-Ahzab 59]
പ്രവാചകരെ, താങ്കളുടെ ഇണകളോടും പെൺമക്കളോടും വിശ്വാസികളുടെ സ്ത്രീകളോടും പറയുക. അവരുടെ മൂടുപട ങ്ങൾ അവർ അല്പം താഴ്ത്തിയിടുക. അതിലൂടെ അവരെ പെട്ടെന്ന് തിരിച്ചറിയപ്പെടുന്നതും അവർ ഉപദ്രവിക്കപ്പെടാതിരി ക്കുന്നതുമാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും വലിയ കാരുണ്യവാനുമാണ്.(59)
ഇന്ന് സിനിമകളും മറ്റു ടിവി പ്രോഗ്രാമുകളും കാരണമായി ഉന്നത പാരമ്പര്യമുള്ള മുസ്ലിം കുടുംബങ്ങളിൽ പോലും ലജ്ജയും പാതിവ്രത്യവും ഇല്ലാതായിരിയുന്നു.
🔸സുഹൃത്തെ, പ്രധാനമായി ഒരു കാര്യം മനസ്സിലാക്കുക, ഈ ലോകത്ത് നടക്കുന്ന കാര്യങ്ങൾ നമ്മുടെ നിയന്ത്രണങ്ങൾക്ക് അതീതമാണ് . എന്നാൽ നമ്മുടെ ഭവനങ്ങളിലെങ്കിലും കുറഞ്ഞപക്ഷം ദീനിയായ ചുറ്റുപാട് വളർത്തിയെടുക്കുവാൻ നാം ശ്രദ്ധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
🔸രക്ഷിതാവ് നമ്മെ ലജ്ജയുടെയും പാതിവൃത്യത്തിന്റയും വഴിയിലൂടെ നടത്തട്ടെ, ആമീൻ.
***************
മആരിഫുല്‍ ഖുര്‍ആന്‍
സ്ത്രീകള്‍ മുഖമക്കന സ്വീകരിക്കുക,
കപട വിശ്വാസികളുടെ ദുര്‍ഗുണങ്ങളില്‍ ജാഗ്രത പുലര്‍ത്തുക
സ്ത്രീകള്‍ മുഖമക്കന സ്വീകരിക്കുക,
കപട വിശ്വാസികളുടെ ദുര്‍ഗുണങ്ങളില്‍ ജാഗ്രത പുലര്‍ത്തുക
മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 59-62
يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ۚ ذَٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ اللَّهُ غَفُورًا رَّحِيمًا (59) ۞ لَّئِن لَّمْ يَنتَهِ الْمُنَافِقُونَ وَالَّذِينَ فِي قُلُوبِهِم مَّرَضٌ وَالْمُرْجِفُونَ فِي الْمَدِينَةِ لَنُغْرِيَنَّكَ بِهِمْ ثُمَّ لَا يُجَاوِرُونَكَ فِيهَا إِلَّا قَلِيلًا (60) مَّلْعُونِينَ ۖ أَيْنَمَا ثُقِفُوا أُخِذُوا وَقُتِّلُوا تَقْتِيلًا (61) سُنَّةَ اللَّهِ فِي الَّذِينَ خَلَوْا مِن قَبْلُ ۖ وَلَن تَجِدَ لِسُنَّةِ اللَّهِ تَبْدِيلًا (62)
പ്രവാചകരെ, താങ്കളുടെ ഇണകളോടും പെണ്‍മക്കളോടും വിശ്വാസികളുടെ സ്ത്രീകളോടും അവരുടെ മൂടുപടങ്ങള്‍ അവര്‍ അല്പം താഴ്ത്തിയിടുക എന്ന് പറയുക. അതിലൂടെ അവരെ പെട്ടെന്ന് തിരിച്ചറിയപ്പെടുന്നതും അവര്‍ ഉപദ്രവിക്കപ്പെടാതിരിക്കുന്നതുമാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും വലിയ കാരുണ്യവാനുമാണ്.(59) കപടവിശ്വാസികളും മനസ്സുകളില്‍ രോഗമുള്ളവരും മദീനയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരും പിന്മാറിയില്ലെങ്കില്‍ നാം താങ്കളെ തീര്‍ച്ചയായും അവരുടെ മേല്‍ അധികാരിയാക്കുന്നതാണ്. ശേഷം അവര്‍ നിങ്ങളോടൊപ്പം മദീനയില്‍ കുറച്ച് മാത്രമേ താമസിക്കുകയുള്ളൂ.(60) അവര്‍ ശപിക്കപ്പെട്ടവരാണ്. അവരെ എവിടെവെച്ച് കാണപ്പെട്ടാലും പിടിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യേണ്ടതാണ്.(61) പൂര്‍വ്വികരുടെ വിഷയത്തില്‍ ഇത് തന്നെയാണ് അല്ലാഹുവിന്‍റെ സമീപനം. അല്ലാഹുവിന്‍റെ സമീപനത്തില്‍ യാതൊരു മാറ്റവും കാണുന്നതല്ല.(62)
ആശയ സംഗ്രഹം പ്രവാചകരെ, താങ്കളുടെ ഇണകളോടും പെണ്‍മക്കളോടും വിശ്വാസികളുടെ സ്ത്രീകളോടും അവരുടെ പുതപ്പുകള്‍ തലയില്‍ നിന്നും അല്പം താഴ്ത്തി മുഖത്തിന്‍റെ മേല്‍ ഇടുക എന്ന് പറയുക. അതിലൂടെ അവരെ പെട്ടെന്ന് തിരിച്ചറിയപ്പെടുന്നതും അവര്‍ ഉപദ്രവിക്കപ്പെടാതിരിക്കുന്നതുമാണ്. അതായത് എന്തെങ്കിലും ആവശ്യത്തിന് അവര്‍ വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോള്‍ പുതപ്പ് കൊണ്ട് തലയും മുഖവും മറയ്ക്കേണ്ടതാണ്. സൂറത്തുന്നൂര്‍ അറുപതാം ആയത്തിന്‍റെ വ്യാഖ്യാനത്തില്‍ ഇതിന്‍റെ വിവരണം വന്ന് കഴിഞ്ഞിട്ടുണ്ട്. കാരണം അടിമ സ്ത്രീകള്‍ക്ക് തല മറയ്ക്കേണ്ടതില്ല. അവര്‍ നിരന്തരം ജോലിയുമായി ബന്ധപ്പെടുന്നതിനാല്‍ മുഖം മറയ്ക്കാതിരിക്കാനും അനുവാദമുണ്ട്. എന്നാല്‍ സ്വതന്ത്ര സ്ത്രീകള്‍ക്ക് ഇത്തരമൊരു നിര്‍ബന്ധിതാവസ്ഥ ഇല്ല. കൂടാതെ, കുടുംബ മഹിമ കാരണം മോശപ്പെട്ടവര്‍ സ്വതന്ത്ര സ്ത്രീകളെ ഉപദ്രവിക്കാന്‍ മുന്നോട്ട് വരാറില്ല. എന്നാല്‍ അടിമ സ്ത്രീകളെ അവര്‍ ധാരാളമായി ഉപദ്രവിക്കാറുണ്ട്. ചിലവേള അടിമ സ്ത്രീകളാണെന്ന് വിചാരിച്ച് സ്വതന്ത്ര സ്ത്രീകളെയും അവര്‍ ഉപദ്രവിക്കുമായിരുന്നു. അതുകൊണ്ട് ഈ ആയത്തില്‍ സ്വതന്ത്ര സ്ത്രീകളെ അടിമ സ്ത്രീകളില്‍ നിന്നും വേര്‍തിരിക്കുന്നതിനും സ്വതസ്ത്രീകളുടെ തലയും കഴുത്തും മറ്റും മറയില്‍ പെട്ടതായത് കൊണ്ടും റസൂലുല്ലാഹി (സ)യുടെ പത്നിമാരോടും പെണ്‍മക്കളോടും പൊതു മുസ്ലിം സ്ത്രീകളോടും അല്ലാഹു കല്‍പ്പിക്കുന്നു: തല മുതല്‍ മുഖത്തിന്‍റെ താഴ്ഭാഗം വരെ താഴ്ന്ന് കിടക്കുന്ന നീളമുള്ള പുതപ്പ് കൊണ്ട് മറച്ചവരായി മാത്രം പുറത്തേക്ക് ഇറങ്ങുക. ഇതിലൂടെ ശരീഅത്ത് കല്‍പ്പിക്കുന്ന മറയുടെ നിയമം പാലിക്കാനും മോശമായ ആളുകളില്‍ നിന്നും വളരെ എളുപ്പത്തില്‍ രക്ഷ പ്രാപിക്കാനും സാധിക്കുന്നതാണ്. അടിമ സ്ത്രീകളുടെ സുരക്ഷയുടെ കാര്യം അടുത്ത ആയത്തില്‍ വരുന്നതാണ്. തലയും മുഖവും മറയ്ക്കുന്നതില്‍ എന്തെങ്കിലും കുറവോ വീഴ്ച്ചയോ അവിചാരിതമായി സംഭവിച്ചാല്‍ അല്ലാഹു വളരെ പൊറുക്കുന്നവനും വലിയ കാരുണ്യവാനുമാണ്. അല്ലാഹു അവര്‍ക്ക് പൊറുത്ത് കൊടുക്കുന്നതാണ്. അടുത്തതായി അടിമ സ്ത്രീകളെ ഉപദ്രവിക്കുകയും മുസ്ലിംകള്‍ക്കെതിരില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരെക്കുറിച്ച് പറയുന്നു: യഥാര്‍ത്ഥ കപടവിശ്വാസികളും മനസ്സുകളില്‍ വികാര രോഗമുള്ള പൊതുകപടന്മാരും അടിമ സ്ത്രീകളെ ഉപദ്രവിക്കുന്നുണ്ട്. മറ്റുചില കപടന്മാര്‍ മദീനയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് പ്രശ്നമുണ്ടാക്കുന്നവരാണ്. അവരുടെ ഈ ദുഷ് പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ നാം താങ്കളെ ഒരു ദിവസം തീര്‍ച്ചയായും അവരുടെ മേല്‍ അധികാരിയാക്കുന്നതും താങ്കള്‍ അവരെ മദീനയില്‍ നിന്നും പുറത്ത് പോകാന്‍ കല്‍പ്പിക്കുന്നതുമാണ്. ഈ കല്‍പ്പന വന്ന ശേഷം അവര്‍ നിങ്ങളോടൊപ്പം മദീനയില്‍ കുറച്ച് മാത്രമേ താമസിക്കുകയുള്ളൂ. താമസിക്കുന്നതും അവര്‍ ശപിക്കപ്പെട്ട നിലയിലായിരിക്കും. അതായത് മദീനയില്‍ നിന്നും പുറത്ത് പോകാന്‍ ഒരുങ്ങുന്നതിന് അല്‍പ്പ സമയം നല്‍കപ്പെടും. ഈ കുറഞ്ഞ സമയവും അവര്‍ നാല് ഭാഗത്ത് നിന്നും നിന്ദ്യരാകുന്നതാണ്. തുടര്‍ന്ന് അവര്‍ പുറത്താക്കപ്പെടുന്നതാണ്. പുറത്താക്കപ്പെട്ട ശേഷവും അവര്‍ക്ക് സമാധാനം ഉണ്ടാകുന്നതല്ല. മറിച്ച് അവരെ എവിടെവെച്ച് കാണപ്പെട്ടാലും പിടിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യേണ്ടതാണ്. കാരണം അവര്‍ വലിയ പ്രശ്നക്കാരാണ്. ഇത്രയും നാള്‍ കാപട്യത്തിന്‍റെ മറവില്‍ അവര്‍ സുരക്ഷിതരായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ പരസ്യമായി എതിര്‍ത്ത് തുടങ്ങി. അപ്പോള്‍ അവരെ ശിക്ഷിക്കാനുള്ള തടസ്സം ഇല്ലാതാകുന്നതും അവരോട് ശത്രുക്കളോട് വര്‍ത്തിക്കപ്പെടുന്നത് പോലെ പുറത്താക്കലും തടവില്‍ പിടിക്കലും വധിക്കലും അനുവദനീയമാകുന്നതുമാണ്. പുറത്തേക്ക് പോകാന്‍ ഒരു സമയം നിശ്ചയിച്ച് കൊടുക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പ്രസ്തുത സമയം വരെ കരാറിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ നിര്‍ഭയരായിരിക്കും. എന്നാല്‍ സമയം കഴിഞ്ഞാല്‍ അവരെ കാണുന്ന സ്ഥലത്ത് വെച്ച് പിടിക്കാനും വധിക്കാനും അനുവാദമുണ്ട്. ചുരുക്കത്തില്‍ കപടവിശ്വാസികള്‍ക്ക് നല്‍കപ്പെട്ട ഈ മുന്നറിയിപ്പിലൂടെ അടിമ സ്ത്രീകളെ അവര്‍ ഉപദ്രവിക്കുന്നതും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് പ്രശ്നമുണ്ടാക്കുന്നതും ഇല്ലാതായി. ആയത്തിന്‍റെ ആശയം ഇതാണ്: കപടവിശ്വാസികള്‍ പരസ്യമായി ഇസ്ലാമിനെയും മുസ്ലിംകളെയും എതിര്‍ക്കാതെ മറയ്ക്കുള്ളില്‍ മാത്രം കുതന്ത്രങ്ങളുമായി കഴിഞ്ഞാല്‍ അവര്‍ക്ക് ഈ ശിക്ഷ നല്‍കപ്പെടുന്നതല്ല. എന്നാല്‍ അവര്‍ പരസ്യമായി ഉപദ്രവം തുടങ്ങിയാല്‍ പൊതു നിഷേധികളായ എതിരാളികളെപ്പോലെ അവര്‍ക്ക് ശിക്ഷ നല്‍കപ്പെടുന്നതാണ്. പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കുള്ള ശിക്ഷ ഇവരില്‍ മാത്രം പരിമിതമല്ല. ഇവരുടെ പൂര്‍വ്വികരായ നാശകാരികളുടെ വിഷയത്തില്‍ അല്ലാഹുവിന്‍റെ സമീപനം ഇത് തന്നെയായിരുന്നു. അതായത് അവര്‍ക്ക് പ്രകൃതിപരമായ ദുരന്തമോ നബിമാരുടെ ജിഹാദിലൂടെയുള്ള ശിക്ഷയോ നല്‍കപ്പെട്ടു. മുന്‍കാലങ്ങളില്‍ ഇത് നടന്നില്ലായിരുന്നുവെങ്കില്‍ ഇത്തരം ശിക്ഷകളില്‍ അത്ഭുതപ്പെടാമായിരുന്നു. പക്ഷേ, ഇപ്പോള്‍ ആശ്ചര്യപ്പെടേണ്ട യാതൊരു ആവശ്യവുമില്ല. അല്ലാഹുവിന്‍റെ നടപടി ക്രമത്തില്‍ ആര്‍ക്കുവേണ്ടിയും യാതൊരു മാറ്റവും കാണുന്നതല്ല. അല്ലാഹു വല്ലതും തീരുമാനിച്ചാല്‍ അതിനെ ആരും തടയുന്നതല്ല. അല്ലാഹുവിന്‍റെ നടപടി ക്രമം എന്ന പ്രയോഗം അല്ലാഹുവിന്‍റെ തീരുമാനത്തിന് മുന്‍പ് ഒന്നും നടക്കുന്നതല്ല എന്ന് അറിയിക്കുന്നു. അല്ലാഹുവിന്‍റെ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ല എന്നത് അല്ലാഹു ഒരു കാര്യം തീരുമാനിച്ചാല്‍ അതിനെ ഒന്നും തടയുന്നതല്ല എന്നും അറിയിക്കുന്നു.
************
മആരിഫുല്‍ ഹദീസ്
പരിശുദ്ധ ഖുർആൻ പാരായണം
മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
പരിശുദ്ധ ഖുർആൻ പാരായണവും അല്ലാഹുവിന്റെ ദിക്‌റിന്റെ ഒരു വിഭാഗമാണ്. ചില കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഏറ്റവും ശ്രേഷ്ടമായ ദിക്‌റും കൂടിയാണ്. ഒരു ദാസൻ ഇതിൽ മുഴുകുന്നത് അല്ലാഹുവിന് അങ്ങേയറ്റം പ്രിയങ്കരമാണ്. സർവ്വശക്തനായ അല്ലാഹു എല്ലാവിധ സാദൃശ്യ ഉപമകളിൽ നിന്നും ഉന്നതനാണ്. എന്നാൽ ഈ സാധുവായ ദാസൻ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ പറയട്ടെ: വിനീതൻ എഴുതിയ ഒരു രചന ആരെങ്കിലും ശ്രദ്ധാപൂർവ്വം വായിച്ചു എന്ന് അറിഞ്ഞാൽ മനസ്സ് സന്തോഷം കൊണ്ട് നിറയുകയും അദ്ദേഹവുമായി ഒരു പ്രത്യേക ബന്ധം ഉണ്ടായിത്തീരുന്നതുമാണ്. പലപ്പോഴും അടുത്ത ബന്ധുമിത്രങ്ങളോട് പോലും കാണപ്പെടാത്ത അടുപ്പം തന്നെ ഉണ്ടാകാറുണ്ട്. ഇത്തരുണത്തിൽ അല്ലാഹുവിന്റെ ഏതെങ്കിലും ദാസൻ ഖുർആൻ ഓതുന്നതായി അല്ലാഹു കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ അല്ലാഹുവിന് ആ ദാസന്റെ മേൽ എത്രവലിയ സ്‌നേഹമുണ്ടാകുന്നതാണ്. എന്നാൽ അദ്ദേഹം ഏതെങ്കിലും കഠിന പാപത്തിന്റെ പേരിൽ അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്നും തടയപ്പെട്ടവനായാലുള്ള കാര്യം മറ്റൊന്നാണ്. റസൂലുല്ലാഹി (സ) സമുദായത്തെ ഖുർആൻ പാരായണത്തിന്റെ മഹത്വത്തെക്കുറിച്ച് അറിയിക്കാനും അതിനെ പ്രേരിപ്പിക്കാനും വേണ്ടി വിവിധ ശൈലികൾ ഉപയോഗിച്ചിട്ടുണ്ട്. അതിനെ അനുകരിച്ചുകൊണ്ട് ഇവിടെയും വിവിധ ഉപശീർഷകങ്ങളിലായി ഈ കാര്യം വിവരിക്കുകയാണ്. റസൂലുല്ലാഹി (സ)യുടെ ഈ ഉപദേശങ്ങളെ പ്രയോജനപ്പെടുത്താൻ അല്ലാഹു ഉതവി നൽകട്ടെ. ഇത് തന്നെയാണ് ഇവയുടെ ലക്ഷ്യം.
പരിശുദ്ധ ഖുർആനിന്റെ മഹത്വങ്ങൾ പരിശുദ്ധ ഖുർആനിന്റെ അതുല്യമായ മഹത്വത്തിന് അത് അല്ലാഹുവിന്റെ കലാം (ഭാഷണം) ആണ് എന്ന കാര്യം തന്നെ മതിയായതാണ്. കാരണം അല്ലാഹുവിന്റെ ഭാഷണം അല്ലാഹുവിന്റെ യഥാർത്ഥ ഗുണ വിശേഷണമാണ്. ഈ ലോകത്തുള്ള സകല വസ്തുക്കളും എന്തിനേറെ അല്ലാഹുവിന്റെ ഭവനമായ കഅ്ബത്തുല്ലാഹിയും മഹാന്മാരായ നബിമാരുടെ വിശുദ്ധ വ്യക്തിത്വങ്ങളും ഉപരിലോകത്തുള്ള അർഷും കുർസിയ്യും ലൗഹും ഖലമും സ്വർഗ്ഗത്തിന്റെ അനുഗ്രഹങ്ങളും അല്ലാഹുവിന്റെ സമീപസ്ഥരായ മലക്കുകളുമെല്ലാം വലിയ മഹത്വങ്ങൾ ഉള്ളവയാണെങ്കിലും അല്ലാഹുവിന്റെ സൃഷ്ടികളാണ്. എന്നാൽ പരിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയല്ല. അല്ലാഹുവിന്റെ യഥാർത്ഥ ഗുണവും തിരുഅസ്തിത്വവുമായി ബന്ധപ്പെട്ട കാര്യവുമാണ്. അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹത്താൽ അല്ലാഹു ഈ ഭാഷണത്തെ വിശ്വസ്ത ദൂതനായ മുഹമ്മദുർറസൂലുല്ലാഹി (സ) വഴിയായി നമുക്ക് എത്തിച്ച് തരുകയും അതിനെ നമ്മുടെ നാവുകൊണ്ട് പാരായണം ചെയ്യാൻ പറ്റുന്ന നിലയിലും ജീവിതത്തിന്റെ വഴിവിളക്കാക്കിയും എളുപ്പമാക്കിത്തന്നു. മുമ്പൊരിക്കൽ തുവായുടെ അനുഗ്രഹീത മലഞ്ചെരുവിലെ ഐശ്വര്യപൂർണ്ണമായ വൃക്ഷത്തിൽ നിന്നും മൂസാ നബി (അ)യ്ക്ക് അല്ലാഹു വിശുദ്ധ വചനം കേൾപ്പിക്കുകയുണ്ടായി. അല്ലാഹുവിന്റെ വിശുദ്ധ വചനം കേൾപ്പിക്കുന്നതിനുള്ള ഉപകരണമെന്നോണം അല്ലാഹു ഉപയോഗിച്ച ജീവനില്ലാത്ത ആ വൃക്ഷം വളരെ ഭാഗ്യം നിറഞ്ഞതായി. ഇത്തരുണത്തിൽ ആത്മാർത്ഥതയോടെയും സ്‌നേഹാദരങ്ങളോടെയും പരിശുദ്ധ ഖുർആൻ ഓതുന്നവർക്ക് പ്രസ്തുത മൂസവി വൃക്ഷത്തിന്റെ സ്ഥാനം ലഭിക്കുന്നതാണ്. അതെ, അവർ അല്ലാഹുവിന്റെ പരിശുദ്ധ ഭാഷണത്തെ ഉൾക്കൊണ്ട് പ്രക്ഷേപണം ചെയ്യുന്നവരാണ്. ഈ ലോകത്ത് ഇതിനേക്കാൾ വലിയ മഹത്വം സങ്കൽപ്പിക്കുക സാധ്യമേയല്ല. ഈ ചെറു ആമുഖത്തിന് ശേഷം പരിശുദ്ധ ഖുർആനിന്റെ മഹിത മഹത്വങ്ങൾ മനസ്സിലാക്കുന്നതിന് ഏതാനും ഹദീസുകൾ പാരായണം ചെയ്യുക: 34. അബൂസഈദ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: അല്ലാഹു അറിയിക്കുന്നു: ആരെയെങ്കിലും എന്നെ ദിക്ർ ചൊല്ലുന്നതിൽ നിന്നും എന്നോട് ദുആ ചെയ്യുന്നതിൽ നിന്നും പരിശുദ്ധ ഖുർആൻ ജോലിയാക്കിയാൽ ദിക്ർ ചൊല്ലുന്നവർക്ക് ദുആ ചെയ്യുന്നവർക്ക് കൊടുക്കുന്നതിനേക്കാളും ശ്രേഷ്ടമായത് ഞാൻ അവന് നൽകുന്നതാണ്. ഇതര ഭാഷണങ്ങൾക്കിടയിൽ അല്ലാഹുവിന്റെ ഭാഷണത്തിനുള്ള മഹത്വം സൃഷ്ടികൾക്ക് മുന്നിൽ അല്ലാഹുവിന് ഉള്ളതുപോലെയാണ്. (തിർമിദി, ദാരിമി, ബൈഹഖി) വിവരണം: ഏതെങ്കിലും ഹദീസിൽ അല്ലാഹു അറിയിച്ചതായി റസൂലുല്ലാഹി (സ) പറഞ്ഞാൽ അതിന് ഖുദ്‌സിയായ ഹദീസ് എന്ന് പറയപ്പെടുന്നു. ഈ ഹദീസ് ആ വിഭാഗത്തിൽ പെട്ടതാണ്. ഈ ഹദീസിൽ രണ്ട് കാര്യങ്ങൾ വിവരിച്ചിരിക്കുന്നു: 1. ഏതെങ്കിലും ദാസൻ പരിശുദ്ധ ഖുർആനിൽ മുഴുകിക്കഴിയുകയും രാവും പകലും അതിനെ പാരായണം ചെയ്യുന്നതിലും ഹൃദസ്ഥമാക്കുന്നതിലും ചിന്തിക്കുന്നതിലും പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും ആത്മാർത്ഥമായി ബന്ധപ്പെടുകയും സദാസമയവുമുള്ള ഈ ഖുർആനിക ബന്ധം കാരണം അല്ലാഹുവിന്റെ ഇതര ദിക്‌റുകൾക്കോ ദുആകൾക്കോ അവസരം ലഭിക്കാതിരിക്കുകയും ചെയ്താൽ അവൻ നഷ്ടത്തിലാണെന്ന് വിചാരിക്കരുത്. ദിക്ർ ദുആകൾ ചെയ്യുന്നവർക്ക് അല്ലാഹു നൽകുന്ന അനുഗ്രഹങ്ങൾ അവന് ലഭിക്കുകയില്ലെന്നും ധരിക്കരുത്. മറിച്ച് ഇത്തരം ദാസന്മാർക്ക് ദിക്ർ ദുആകൾ ചെയ്യുന്നവർക്ക് നൽകുന്നതിനേക്കാൾ കൂടുതൽ നൽകുന്നതാണ്. 2. അല്ലാഹുവിന് സൃഷ്ടികളേക്കാളുള്ള മഹത്വം പോലെ അല്ലാഹുവിന്റെ ഭാഷണത്തിന് മറ്റ് സംസാരങ്ങളേക്കാൾ മഹത്വവും ശ്രേഷ്ടതയുമുണ്ട്. കാരണം പരിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ ഭാഷണവും പ്രത്യേകമായ ഗുണവുമാണ്. 35. അലിയ്യ് (റ) വിവരിക്കുന്നു: ഒരിക്കൽ റസൂലുല്ലാഹി (സ) അരുളി: അറിയുക: വലിയൊരു പരീക്ഷണം വരുന്നതാണ്. ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അതിന്റെ നാശത്തിൽ നിന്നും രക്ഷപ്പെടാനുള്ള വഴി എന്താണ്? റസൂലുല്ലാഹി (സ) അരുളി: അല്ലാഹുവിന്റെ ഗ്രന്ഥം! അതിൽ നിങ്ങൾക്ക് മുമ്പുള്ള സമുദായങ്ങളുടെ ഗുണപാഠം നിറഞ്ഞ സംഭവങ്ങളുണ്ട്. നിങ്ങൾക്ക് ശേഷമുള്ളവരുടെ വൃത്താന്തങ്ങളുണ്ട്. അതായത്, സ്വഭാവ കർമ്മങ്ങളുടെ പേരിൽ ഇഹത്തിലും പരത്തിലും ഭാവിയിൽ ലഭിക്കാനിരിക്കുന്ന ഫലങ്ങളെക്കുറിച്ച് ഖുർആൻ വിവരിച്ച് തന്നിരിക്കുന്നു. നിങ്ങൾക്കിടയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള തീരുമാനവുമുണ്ട്. സത്യാസത്യങ്ങൾക്കിടയിലുള്ള തീർപ്പുമുണ്ട്. അത് തമാശയോ, പാഴ്‌വാക്കോ അല്ല. ഏതെങ്കിലും അഹങ്കാരി അഹങ്കാരം കാരണം അതിനെ അവഗണിച്ചാൽ അല്ലാഹു അവനെ തകർക്കുന്നതാണ്. ആരെങ്കിലും ഖുർആൻ അല്ലാത്തതിൽ സന്മാർഗ്ഗത്തെ തേടിയാൽ അവന് അല്ലാഹുവിങ്കൽ നിന്നും ദുർമാർഗ്ഗം മാത്രമേ ലഭിക്കുകയുള്ളൂ. പരിശുദ്ധ ഖുർആൻ അല്ലാഹുവുമായി ബന്ധപ്പെടാനുള്ള ശക്തമായ ഉപദേശമാണ്. തത്വജ്ഞാനം നിറഞ്ഞ ഉപദേശവും നേരായ മാർഗ്ഗവുമാണ്. ഖുർആൻ വളരെ വ്യക്തമായ സന്ദേശമാണ്. അതിനെ പിൻപറ്റുന്നതിലൂടെ വീക്ഷണ വിചാരങ്ങളുടെ വളവുകളിൽ നിന്നും സുരക്ഷിതത്വം ലഭിക്കുന്നതാണ്. നാവുകൾ അതിൽ മറിമായം നടത്തുന്നതല്ല. അതായത്, ഗതകാല ഗ്രന്ഥങ്ങളിൽ തിരിമറികൾ നടത്തപ്പെട്ടത് പോലെ പരിശുദ്ധ ഖുർആനിൽ തിരിമറികളൊന്നും നടത്താൻ കഴിയാത്ത നിലയിൽ അല്ലാഹു അതിനെ ലോകാവസാനം വരെ സംരക്ഷിച്ചിരിക്കുന്നു. അറിവുള്ളവർ ഒരിക്കലും അതിന്റെ അറിവുകൊണ്ട് മനസ്സ് നിറയുന്നതല്ല. (അതായത്, പരിശുദ്ധ ഖുർആനിൽ പഠന ഗവേഷണ ചിന്തകളുടെ പരമ്പരകൾ കാലാകാലം നിലനിൽക്കുന്നതാണ്. ഖുർആനിൽ ഗവേഷണം നടത്തി എല്ലാം തൃപ്തിയായെന്നും ഇനി ആരും ഗവേഷണം നടത്തേണ്ടതില്ലെന്നും പറയുന്നതുമല്ല. മറിച്ച് ഖുർആനിൽ പഠനം നടത്തും തോറും അതിന്റെ ആഴവും പരപ്പും കൂടുതൽ വിശാലമാണെന്ന ബോധ്യം ഉണ്ടാകുന്നതാണ്.) പരിശുദ്ധ ഖുർആൻ ധാരാളമായി പാരായണ പഠനങ്ങൾ നടത്തുന്നത് കൊണ്ട് പഴയതാകുന്നതല്ല. (അതായത്, ലോകത്തുള്ള ഇതര പുസ്തകങ്ങളെപ്പോലെ പല പ്രാവശ്യം വായിച്ചാൽ അതിനോട് മടുപ്പുണ്ടാകുന്നതല്ല. മറിച്ച് അതിന്റെ പാരായണ പഠനങ്ങൾ കൂടുന്നതിനനുസരിച്ച് രസാനുഭൂതിയും വർദ്ധിക്കുന്നതാണ്.) ഖുർആനിന്റെ അത്ഭുതങ്ങൾ (അതിന്റെ ആഴമേറിയ ആശയങ്ങളും തത്വങ്ങളും) ഒരിക്കലും അവസാനിക്കുന്നതല്ല. ഖുർആൻ വളരെ മഹത്തരമായ ഗ്രന്ഥമാണ്. അത് കേട്ടപ്പോൾ ജിന്നുകൾ ഇപ്രകാരം വിളിച്ച് പറഞ്ഞു: ഞങ്ങൾ അത്ഭുതകരമായ ഒരു ഖുർആൻ കേട്ടിരിക്കുന്നു. അത് സന്മാർഗ്ഗത്തിലേക്ക് നയിക്കുന്നു. ആകയാൽ ഞങ്ങൾ അതിൽ വിശ്വസിച്ചിരിക്കുന്നു! ഖുർആനിനോട് യോജിച്ച നിലയിൽ സംസാരിക്കുന്നവർ സത്യം പറയുന്നവരാണ്. അതനുസരിച്ച് പ്രവർത്തിക്കുന്നവർ പ്രതിഫലാർഹരാണ്. അതനുസരിച്ച് വിധിക്കുന്നവർ നീതിമാന്മാരാണ്. അതിലേക്ക് ക്ഷണിക്കുന്നവർ സന്മാർഗ്ഗം പ്രാപിക്കുന്നവരാണ്. (തിർമിദി, ദാരിമി) വിവരണം: പരിശുദ്ധ ഖുർആൻ മഹത്വവും ശ്രേഷ്ടതയും വളരെ ആശയ ഗംഭീരമായ നിലയിൽ ഈ ഹദീസ് വിവരിക്കുന്നു. ഇതിൽ വിവരണം ആവശ്യമായ വാചകങ്ങളുടെ വിവരണം വിവർത്തനത്തിൽ തന്നെ കൊടുത്തിട്ടുണ്ട്.
************************
കവര്‍ സ്റ്റോറി
വഖ്ഫുമായി ബന്ധപ്പെട്ട ചില പ്രധാന വിഷയങ്ങള്‍
************************
പരിശുദ്ധ ഖുര്‍ആനും ഹദീസും പ്രേരിപ്പിക്കുകയും മുന്‍ഗാമികളായ മഹത്തുക്കള്‍ താല്‍പ്പര്യത്തോടെ നിര്‍വ്വഹിക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടുള്ള ഒരു മഹത്തായ കര്‍മ്മമാണ് വഖ്ഫ്. നിലനില്‍ക്കുന്ന ഈ ദാനത്തിന്‍റെ പ്രാധാന്യവും സുരക്ഷിതത്വവും പരിഗണിച്ചുകൊണ്ട് തന്നെ ബ്രിട്ടീഷ് ഗവര്‍മെന്‍റ് പോലും വഖ്ഫിനെ മുസ്ലിം വ്യക്തി നിയമത്തില്‍ പെടുത്തുകയുണ്ടായി. രാജ്യത്തിന്‍റെ മഹത്തായ ഭരണഘടന ഇതിനെ ശരിവെക്കുകയും കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തു. ദൗര്‍ഭാഗ്യവശാല്‍ വീണ്ടും ഒരിക്കല്‍ കൂടി വഖ്ഫിന്‍റെ പ്രശ്നം ചില തല്‍പ്പര കക്ഷികള്‍ ഉയര്‍ത്തിക്കൊണ്ട് വന്നിരിക്കുന്നു. രാജ്യത്ത് സങ്കീര്‍ണ്ണവും അടിയന്തര പ്രാധാന്യത്തോടെ പരിഹാരം ആവശ്യവുമായ നിരവധി പ്രശ്നങ്ങളുണ്ടായിട്ടും അതിലേക്കൊന്നും തിരിയാതെ ഈ പ്രശ്നം ഉയര്‍ത്തിക്കൊണ്ട് വന്നവരുടെ ലക്ഷ്യം വളരെ വ്യക്തമാണ്. എങ്കിലും ഈ സന്ദര്‍ഭം മഹത്തായ ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും കാരണമായാല്‍ ഈ പരീക്ഷണം വലിയൊരു വിജയമായി മാറുന്നതാണ്. ഈ മേഖലയില്‍ മഹത്തായ സേവനം കാഴ്ചവെച്ച ഒരു പണ്ധിത കൂട്ടായ്മയാണ് ഓള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമി. ഇതിന്‍റെ പത്താമത് അന്താരാഷ്ട്ര സെമിനാര്‍ വഖ്ഫുകളെക്കുറിച്ചുള്ളതായിരുന്നു. ഫിഖ്ഹ് സെമിനാറിന്‍റെ ശൈലി ഇപ്രകാരമാണ്: ആദ്യം വിശദമായ ചോദ്യാവലി തയ്യാറാക്കി പണ്ധിതന്മാര്‍ക്ക് അയക്കുന്നു. അവര്‍ വലിയ പഠനങ്ങള്‍ നടത്തി മറുപടികള്‍ തയ്യാറാക്കി അയക്കുന്നു. അക്കാദമിയുടെ പണ്ധിതര്‍ അതിനെ വിലയിരുത്തുകയും വിഷയത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു. തുടര്‍ന്ന് വിവിധ ചര്‍ച്ചകള്‍ നടത്തുകയും സംയുക്തമായ ഒരു പ്രസ്താവന തയ്യാറാക്കുകയും ചെയ്യുന്നു. ഇവിടെ ആദ്യമായി അന്താരാഷ്ട്ര പണ്ധിതന്‍ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി വിഷയത്തെക്കുറിച്ച് ആമുഖമായി പറഞ്ഞ ചില കാര്യങ്ങളും തുടര്‍ന്ന് നാല് ചോദ്യങ്ങളെക്കുറിച്ച് ദാറുല്‍ ഉലൂം നദ് വത്തുല്‍ ഉലമയിലെ പ്രഗത്ഭ പണ്ധിതന്‍ മൗലാനാ അതീഖ് അഹ്മദ് ഖാസിമി നടത്തിയ വിശകലനവുമാണ് കൊടുക്കുന്നത്. ഈ വിശകലനത്തില്‍ അക്കാദമിയുടെ ചോദ്യങ്ങളും മറുപടി നല്‍കിയ പണ്ധിതരുടെ അഭിപ്രായങ്ങളും അതിനെക്കുറിച്ചുള്ള വിശകലനവുമാണ് വന്നിട്ടുള്ളത്. എല്ലാ സഹോദരങ്ങളും ഇത് പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്നും വിശിഷ്യാ ഇതില്‍ പറയപ്പെടുന്നത് പോലെ ജില്ലാ അടിസ്ഥാനത്തില്‍ വഖ്ഫ് സമിതികള്‍ രൂപീകരിക്കണമെന്നും താല്‍പ്പര്യപ്പെടുന്നു. പടച്ചവന്‍ അനുഗ്രഹിക്കട്ടെ. - **************************ആമുഖം
മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി(ജന: സെക്രട്ടറി ഓള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമി)
സല്‍പ്രവര്‍ത്തനങ്ങളും ജനസേവനങ്ങളും നടത്താന്‍ പ്രകൃതിപരമായിത്തന്നെ ഒരു ആഗ്രഹം പടച്ചവന്‍ സര്‍വ്വ മനുഷ്യരുടെയും മനസ്സുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. യഥാര്‍ത്ഥ മനുഷ്യത്വം ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന് ആര്‍ക്കെങ്കിലും വല്ല ഗുണവും ചെയ്യാന്‍ സാധിച്ചാല്‍ വലിയ സന്തുഷ്ടി അനുഭവപ്പെടുന്നതാണ്. ഇത് കാരുണ്യവാനായ പടച്ചവന്‍ ക്രമീകരിച്ച പ്രകൃതിയുടെ ശബ്ദമാണ്. റസൂലുല്ലാഹി (സ) അരുളി: മനുഷ്യ ഹൃദയത്തോട് ചേര്‍ന്ന് മലക്കുകളുടെ ഒരു ശക്തിയുണ്ട്. അത് മനുഷ്യനെ നന്മയിലേക്ക് ക്ഷണിക്കുകയും തിന്മയില്‍ നിന്നും തടയുകയും ചെയ്യുന്നു. (അദ്ദുര്‍റുല്‍ മന്‍സൂര്‍) മനുഷ്യന്‍ ഏത് മതം സ്വീകരിച്ചവനാണെങ്കിലും മതനിഷേധിയാണെങ്കിലും ഉപകാരത്തിന്‍റെ ആവേശം അവന്‍റെ മനസ്സില്‍ കാണപ്പെടുന്നതാണ്. ഈ ആവേശത്തിന്‍റെ അടിസ്ഥാനത്തിലാണ് മനുഷ്യന്‍ ജനങ്ങള്‍ക്ക് ഉപകാരങ്ങള്‍ ചെയ്യുന്നത്. അദ്ദേഹം മതബോധമുള്ള വ്യക്തിയാണെങ്കില്‍ ആരാധാനാ കാര്യങ്ങളും കൂടി മുന്നില്‍ കാണുന്നതാണ്. ജനോപകാരം സാധാരണയായി താല്‍ക്കാലികമായിരിക്കും. ഉദാഹരണത്തിന് ആര്‍ക്കെങ്കിലും ആഹാരമോ, വസ്ത്രമോ ആവശ്യം വരുമ്പോള്‍ അവര്‍ക്ക് ആവശ്യമുള്ളത് കൊടുക്കുന്നു. ഇത്തരം സേവനങ്ങളുടെ പ്രയോജനം താല്‍ക്കാലികമായിരിക്കുന്നതാണ്. ഇസ്ലാം ഇതിനെ പ്രേരിപ്പിക്കുന്നതിനോടൊപ്പം ശാശ്വതമായി നിലനില്‍ക്കുന്ന സേവനങ്ങള്‍ക്കും ഒരു കവാടം തുറന്ന് തന്നിരിക്കുന്നു. അതിന് ഹദീസിന്‍റെ ഭാഷ്യത്തില്‍ സ്വദഖത്തുന്‍ ജാരിയ (നിലനില്‍ക്കുന്ന ദാനം) എന്ന് പറയപ്പെടുന്നു. (അബൂദാവൂദ്) ഫിഖ്ഹീന്‍റെ ഭാഷ്യത്തില്‍ ഇതിന് വഖ്ഫ് എന്ന് പറയപ്പെടുന്നു. വല്ല വസ്തുവും വഖ്ഫ് ചെയ്യുന്നതിലൂടെ അതിന്‍റെ ഉടമാവകാശം വാഖിഫ് (വഖ്ഫ് ചെയ്ത വ്യക്തി)-യില്‍ നിന്നും മാറി പടച്ചവന്‍റെ അധികാരത്തില്‍ എത്തിച്ചേരുന്നു. ഇപ്പോള്‍ അതിന് മനുഷ്യാര്‍ക്കാര്‍ക്കും ഉടമാധികാരം ഉണ്ടായിരിക്കുന്നതല്ല. വഖ്ഫ് വ്യത്യസ്തവും വിഭിന്നവുമായ സദുദ്ദേശങ്ങള്‍ക്ക് വേണ്ടി നടത്താവുന്നതാണ്. അതെ, മസ്ജിദ്-മദ്റസകള്‍ക്ക് വഖ്ഫ് ചെയ്യുന്നതുപോലെ രോഗികള്‍ക്കും യാത്രികര്‍ക്കും അഗതികള്‍ക്കും മൃഗങ്ങള്‍ക്കും പറവകള്‍ക്കും വഖ്ഫ് ചെയ്യാവുന്നതാണ്. അതുപോലെ സ്വന്തം മക്കള്‍ക്കും പരമ്പരയ്ക്കും കുടുംബാംഗങ്ങള്‍ക്കും ഇത് സാധുവാകുന്നതാണ്. റസൂലുല്ലാഹി (സ) വിട്ടിട്ട് പോയ മുഴുവന്‍ സമ്പത്തും വഖ്ഫ് ചെയ്തു. ഉമറുല്‍ ഫാറൂഖ് (റ), ഉസ്മാന്‍ ദുന്നൂറയ്ന്‍ (റ) തുടങ്ങി ധാരാളം സഹാബികള്‍ അവരുടെ ഭൂസ്വത്ത് വഖ്ഫ് ചെയ്തു. മുസ്ലിം ഭരണാധികാരികളും സമ്പന്നരും മാത്രമല്ല, പൊതുജനങ്ങളും ധാരാളം വഖ്ഫുകള്‍ ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും ദാരിദ്ര്യത്തിന്‍റെയും ലാളിത്യത്തിന്‍റെയും മാര്‍ഗ്ഗം തെരഞ്ഞെടുത്ത സൂഫിവര്യന്മാര്‍ ഈ വിഷയത്തില്‍ വളരെ മുന്‍പന്തിയിലായിരുന്നു. പറവകള്‍ക്ക് ആഹാരത്തിനായും മൃഗങ്ങളുടെ സേവനത്തിനായും വഖ്ഫ് ചെയ്ത ചരിത്രം വഖ്ഫിന്‍റെ സുന്ദര അദ്ധ്യായങ്ങളാണ്. പല നന്മകളുടെയും വിഷയത്തില്‍ മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യാ മഹാരാജ്യം വഖ്ഫിന്‍റെ കാര്യത്തിലും വളരെ മുന്‍പന്തിയില്‍ തന്നെയാണ്. മുസ്ലിം ഭരണാധികാരികളും സമ്പന്നരും മാത്രമല്ല, പടച്ചവന്‍ അല്‍പ്പം ഭൂമി മാത്രം നല്‍കിയ സാധാരണക്കാരും അതിന്‍റെ ഒരു ഭാഗം വഖ്ഫ് ചെയ്യാന്‍ ശ്രദ്ധിച്ചിരുന്നു. പക്ഷേ, അക്രമികളായ ആളുകളും മാറിമാറി വന്ന ഭരണകൂടങ്ങളിലെ ചില വ്യക്തികളും ഇതില്‍ വലിയ കുഴപ്പങ്ങള്‍ കാട്ടുകയുണ്ടായി. നിഷ്പക്ഷവും വിശ്വസ്തയും മുറുകെ പിടിച്ചുകൊണ്ട് വഖ്ഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യപ്പെടുകയും ആവശ്യ കാര്യങ്ങളില്‍ ചിലവഴിക്കപ്പെടുകയും ചെയ്താല്‍ രാജ്യത്ത് ആരും വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയോ, ജോലി ഇല്ലാതെ കഴിയുകയോ, സാമ്പത്തിക ഞെരുക്കങ്ങളില്‍ അകപ്പെടുകയോ ഇല്ലായെന്നത് ഒരു വസ്തുതയാണ്. ഇന്ന് വഖ്ഫ് സ്വത്തുക്കള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഒരു ഭാഗത്ത് ഭരണകൂടം ഉത്തരവാദിയാണ്. ധാരാളം വഖ്ഫ് സ്വത്തുക്കള്‍ അവര്‍ അന്യായമായി കൈയ്യടക്കിയിരിക്കുന്നു. അതിന്‍റെ വരുമാനം എന്നല്ല, ചെറിയൊരു അംശം പോലും അവകാശികള്‍ക്ക് നല്‍കുന്നില്ല. ചില ഭരണാധികാരികള്‍ വഖ്ഫ് നിയമത്തെ തന്നെ അസാധുവാക്കാന്‍ ആഗ്രഹിക്കുന്നവരാണ്. പൊതു സ്വത്തുക്കള്‍ക്കുള്ള അവകാശങ്ങള്‍ പോലും വഖ്ഫ് സ്വത്തുക്കള്‍ക്ക് നല്‍കുന്നില്ല. അന്യായമായി വഖ്ഫ് സ്വത്തുക്കള്‍ കൈയ്യേറിയവര്‍ക്കെതിരില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ വഖ്ഫ് ബോര്‍ഡുകള്‍ക്ക് അവകാശവും നല്‍കുന്നില്ല. വഖ്ഫ് ബോര്‍ഡുകളുടെ കാര്യം ഇതിനേക്കാള്‍ കഷ്ടമാണ്. ജനങ്ങളുടെ പ്രാതിനിത്യത്തിന് അതില്‍ യാതൊരു സ്ഥാനവുമില്ല. ഭരണകൂടത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാത്രമേ ഓരോ കാര്യങ്ങളും ചെയ്യാന്‍ കഴിയുകയുള്ളൂ. വഖ്ഫ് മുസ്ലിം വ്യക്തി നിയമങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇതിന്‍റെ നിയമപരമായ സംരക്ഷണത്തിന് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. പടച്ചവന്‍ ഈ പരിശ്രമങ്ങളെ ഫലവത്താക്കട്ടെ. വഖ്ഫ് സ്വത്തുക്കള്‍ക്കുണ്ടാകുന്ന രണ്ടാമത്തെ നാശനഷ്ടങ്ങള്‍ മുസ്ലിം സമുദായത്തിന്‍റെ ഭാഗത്ത് നിന്ന് തന്നെയാണ്. അതെ, ഭരണകൂടമാണോ, സമുദായ അംഗങ്ങളാണോ കൂടുതല്‍ അക്രമികള്‍ എന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. കാര്യം വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കാനും പരിപാലിക്കാനും വേണ്ടി മാത്രം ഏല്‍പ്പിക്കപ്പെട്ട മുതവല്ലിമാര്‍ അതിനെ സ്വന്തം സമ്പത്തുപോലെ കൈകാര്യം ചെയ്യുകയും വില്‍ക്കുകയും വാങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്നു. വാടകക്കാര്‍ പതിനായിരം രൂപ വാടക നല്‍കേണ്ട വഖ്ഫ് സ്വത്തുക്കള്‍ക്ക് നൂറ് രൂപ നല്‍കാന്‍ പോലും മടി കാട്ടുന്നു. വഖ്ഫ് സ്വത്തുക്കള്‍ കയ്യേറിയവരെ മാറ്റാന്‍ ആരും തയ്യാറാകുന്നില്ല. കയ്യേറിയവര്‍ സ്വയം മാറിപ്പോകാനും സന്നദ്ധമാകുന്നില്ല. സമുദായം സ്വന്തം അവസ്ഥ നന്നാക്കാന്‍ മുന്നിട്ട് ഇറങ്ങുന്നതുവരെ മറ്റുള്ളവര്‍ നമ്മുടെ അവസ്ഥ നന്നാക്കാന്‍ വരുമെന്നത് വ്യാമോഹം മാത്രമാണ്. വഖ്ഫിന്‍റെ വിഷയത്തില്‍ ഇസ്ലാമിക നിയമങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ചും ചില ഭൂമികള്‍ ഉപയോഗശൂന്യമായിരിക്കുന്നു. മറ്റുചിലത് തിരിച്ച് പിടിക്കാന്‍ പറ്റാത്ത നിലയില്‍ അന്യാധീനപ്പെട്ടിരിക്കുന്നു. വേറെ ചില സ്ഥലങ്ങളില്‍ മുസ്ലിംകള്‍ ആരും തന്നെയില്ല. ഇത്തരമൊരു അവസ്ഥയില്‍ നാം എന്ത് ചെയ്യാനാണ്? ഒരു ഭാഗത്ത് ഫുഖഹാഅ് വഖ്ഫ് സ്വത്തുക്കള്‍ കച്ചവടം ചെയ്യുന്നതിനെ തടഞ്ഞിരിക്കുന്നു. അതിന്‍റെ സദുദ്ദേശം നിഷേധിക്കപ്പെടേണ്ടതല്ല. മറുഭാഗത്ത് വഖ്ഫ് സ്വത്തിന്‍റെ നന്മയ്ക്ക് മുന്‍ഗണന നല്‍കേണ്ടതാണെന്ന കാര്യവും അവഗണിക്കപ്പെടാവുന്നതല്ല. ഏതെങ്കിലും ഒരു വഖ്ഫിന്‍റെ സംരക്ഷണം അത് കൊടുത്ത് പകരം സ്ഥലം വാങ്ങലാണെങ്കില്‍ എന്ത് ചെയ്യണം? ഇപ്രകാരം വഖ്ഫ് ഭൂമിയെ ഡവലപ്പ് ചെയ്യുന്നതും പ്രധാനപ്പെട്ട ഒരു വിഷയമാണ്. ചില രാജ്യങ്ങളില്‍ ഇത് പരീക്ഷിക്കപ്പെടുകയും വഖ്ഫ് സ്വത്തില്‍ അത്ഭുതകരമായ വളര്‍ച്ചയുണ്ടാവുകയും ചെയ്തു. മറ്റൊരു വിഷയം വഖ്ഫില്‍ നിര്‍ണ്ണയിക്കപ്പെട്ട ആളുകളും പ്രയോജനങ്ങളും ലഭ്യമാകാതിരിക്കലാണ്. ഉദാഹരണത്തിന് മസ്ജിദ് ഒഴിച്ചുള്ള വഖ്ഫ് സ്വത്തുക്കളുടെ അടിസ്ഥാന ലക്ഷ്യം സാധുക്കളെ സഹായിക്കലാണ്. പഴയ കാലഘട്ടത്തില്‍ സാധുക്കളെ സഹായിക്കുക എന്നതിന്‍റെ പരിധി വളരെ പരിമിതമായിരുന്നു. അതായത്, ആഹാരവും വസ്ത്രവും കൊടുത്താല്‍ മാത്രം മതിയായിരുന്നു. പക്ഷേ, ഇന്ന് ആഹാര വസ്ത്രങ്ങളേക്കാള്‍ വലിയ ആവശ്യം വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസമില്ലാതെ ഒരു സമുദായത്തിനും അന്തസ്സായ ജീവിതം സാധ്യമല്ല. വിദ്യാഭ്യാസമില്ലാത്ത ജനത എണ്ണത്തില്‍ എത്ര വര്‍ദ്ധിച്ചാലും വെറും മണ്ണിന്‍റെ കൂന മാത്രമാണ്. അതിനെ ജനങ്ങള്‍ ചവിട്ടിത്തേക്കുന്നതാണ്. ഇവിടെ ഒരു കാര്യം കൂടി ശ്രദ്ധിക്കണം: പഴയ കാലത്ത് വിദ്യാഭ്യാസം ഒരു സേവനമായിരുന്നു. പിന്നെ അത് ഒരു കച്ചവടമായി പരിണമിച്ചിരിക്കുന്നു. ഈ കാരണത്താല്‍ സാധു കുട്ടികളുടെ വിദ്യാഭ്യാസവും ജോലിയില്ലാത്ത യുവാക്കളുടെ വെക്കേഷണല്‍ പരിശീലനങ്ങളും സാധുസഹായത്തിന്‍റെ പ്രധാന രൂപങ്ങളാണ്. ആഹാര വസ്ത്രങ്ങളേക്കാളും ഇതിന് വലിയ സ്ഥാനമുണ്ട്. ഈ പശ്ചാത്തലത്തില്‍ 1999-ല്‍ ഓള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമി വഖ്ഫിനെക്കുറിച്ച് മുംബൈ ബൈത്തുല്‍ ഹുജ്ജാജില്‍ വെച്ച് ഒരു അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കുകയുണ്ടായി. അക്കാദമിയുടെ സ്ഥാപകന്‍ മൗലാനാ ഖാസി മുജാഹിദുല്‍ ഇസ്ലാം ഖാസിമി ഇതില്‍ ആദ്യന്തം പങ്കെടുക്കുകയും ചര്‍ച്ചകള്‍ സജീവമാക്കുകയും ചെയ്തു. ഇതില്‍ ആമുഖ പ്രഭാഷണം നടത്തിയ ഖാസി മുജാഹിദുല്‍ ഇസ്ലാം ഖാസിമിയുടെ പ്രഭാഷണവും അക്കാമദി തയ്യാറാക്കിയ ചോദ്യാവലിയ്ക്ക് മറുപടി നല്‍കിയവരുടെ മറുപടികളുടെ രത്നച്ചുരുക്കവും അവസാനം അക്കാദമി തീരുമാനിച്ച കാര്യങ്ങളും അടങ്ങിയ ഒരു രചന തയ്യാറാക്കപ്പെടുകയുണ്ടായി. അതിന്‍റെ മലയാള വിവര്‍ത്തനമാണ് ഇവിടെ കൊടുക്കുന്നത്. നിലവിലുള്ള സാഹചര്യത്തില്‍ വളരെ പ്രസക്തമായ ഈ രചന എല്ലാവരും വിശിഷ്യാ മുന്‍ഗാമികളുടെ ഉത്തമ മാതൃകയായ വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണവും വളര്‍ച്ചയും ആഗ്രഹിക്കുന്നവര്‍ ഇത് വായിക്കണമെന്ന് പ്രത്യേകം താല്‍പ്പര്യപ്പെടുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ. **********************
വഖ്ഫ് നിയമങ്ങളും ചില ആധുനിക പ്രശ്നങ്ങളും
* ഫിഖ്ഹ് അക്കാദമിയുടെ ചോദ്യങ്ങള്‍ * പണ്ധിതരുടെ മറുപടികള്‍ * അക്കാദമിയുടെ വിശകലനംമൗലാനാ അതീഖ് അഹ്മദ് ഖാസിമി
വഖ്ഫുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട വിഷയങ്ങള്‍ പഠിക്കാനും ചര്‍ച്ച ചെയ്യാനും വേണ്ടി ഓള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമി പത്താമത്തെ ഫിഖ്ഹ് സെമിനാര്‍ ബോംബയില്‍ സംഘടിപ്പിച്ചു. ഇതിനുവേണ്ടി ആദ്യം കുറേ ചോദ്യങ്ങള്‍ തയ്യാറാക്കി. രാജ്യത്തിനകത്തും പുറത്തുമുള്ള നാല്‍പ്പതില്‍പരം പണ്ഡിതന്മാര്‍ ചോദ്യത്തില്‍ പെട്ട വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കുകയും പ്രബന്ധങ്ങള്‍ തയ്യാറാക്കുകയും ചെയ്തു. അവയുടെ രത്നച്ചുരുക്കമാണ് ഇവിടെ കൊടുക്കുന്നത്. ഒന്നാമത്തെ ചോദ്യം ഇതായിരുന്നു: പഞ്ചാബ്, ഹരിയാന, ഡല്‍ഹി, യുപി എന്നിങ്ങനെയുള്ള നിരവധി സംസ്ഥാനങ്ങളിലെ നിരവധി വഖ്ഫ് സ്വത്തുക്കള്‍ 1947-ലെ വിഭചനത്തിനോട് അനുബന്ധിച്ച് ഉപയോഗ ശൂന്യമായി. അതിന്‍റെ പരിസരങ്ങളില്‍ മുസ്ലിംകളാരും ഇല്ലാത്തതിനാല്‍ വഖ്ഫ് ഭൂമി ലക്ഷ്യത്തിനനുസരിച്ച് വിനിയോഗിക്കാന്‍ സാധ്യമല്ലാതായി. മസ്ജിദുകള്‍, ഖബ്ര്‍സ്ഥാനുകള്‍, മദ്റസകള്‍, ആത്മ സംസ്കരണ കേന്ദ്രങ്ങള്‍ എന്നിവ ഈ പ്രദേശങ്ങളില്‍ ധാരാളമായിട്ടുണ്ട്. ഇവയില്‍ ഭരണകൂടവും വ്യക്തികളും കയ്യേറുകയാണ്. ഇതുമായി ബന്ധപ്പെട്ട് ചോദിക്കാനുള്ള ഇതാണ്: എ. ഈ വഖ്ഫ് സ്വത്തുക്കള്‍ വില്‍പ്പന നടത്തി വാഖിഫിന്‍റെ ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട് ഉപയോഗപ്രദമായ സ്ഥലത്ത് സമ്പത്ത് വിനിയോഗിക്കാമോ? ബി. ഈ സ്ഥലങ്ങള്‍ ഭരണകൂടത്തെയോ ഏതെങ്കിലും വ്യക്തികളെയോ ഏല്‍പ്പിച്ച് അതിന്‍റെ വരുമാനം ഉപയോഗിച്ച് വഖ്ഫിന്‍റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാമോ? സി. ഇത്തരം വഖ്ഫ് സ്വത്തുക്കള്‍ വില്‍പ്പന നടത്തി വാഖിഫിന്‍റെ ലക്ഷ്യങ്ങള്‍ മാത്രം പരിഗണിക്കാതെ വിദ്യാഭ്യാസം, പൊതുജനക്ഷേമം മുതലായ കാര്യങ്ങള്‍ക്ക് ചിലവഴിക്കാമോ? ഈ ചോദ്യത്തിന്‍റെ ഒന്ന്, രണ്ട് ഭാഗങ്ങളെക്കുറിച്ച് മുഴുവന്‍ പണ്ഡിതരും ഏക സ്വരത്തില്‍ പറയുന്നു: മസ്ജിദുകള്‍ ഒഴിച്ച് ശൂന്യമായിക്കിടക്കുന്ന മുഴുവന്‍ വഖ്ഫ് സ്വത്തുക്കളും ഭാവിയില്‍ ഉപയോഗ ശൂന്യമാകുമെന്നും അന്യാധീനപ്പെടുമെന്നും വ്യക്തമായാല്‍ അത് വില്‍പ്പന നടത്തി. മറ്റൊരു സ്ഥലത്ത് വഖ്ഫുകള്‍ സ്ഥാപിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് മദ്ഹബിന്‍റെ ഇമാമുകളുടെ വ്യക്തമായ വചനങ്ങള്‍ കാണാന്‍ സാധിക്കുന്നതാണ്. ചില പണ്ഡിതര്‍ ഇതിന് അനുമതി നല്‍കിയതിനോടൊപ്പം ഇതിന് ഖാസിയുടെ അനുവാദം വേണമെന്ന വാചകം ഉദ്ധരിക്കുകയും ഇന്ത്യയില്‍ പൊതുവില്‍ ഖാസിമാര്‍ ഇല്ലാത്തതിനാല്‍ എന്ത് ചെയ്യുമെന്നും വഖ്ഫ് ബോര്‍ഡിന്‍റെ അനുമതി ഖാസിയുടെ അനുമതിയായി പരിഗണിക്കുമോ എന്നും ചര്‍ച്ച ചെയ്തിട്ടുണ്ട്. മുഫ്തി ഫുസൈലുര്‍റഹ്മാന്‍ ഉസ്മാനി കുറിക്കുന്നു: വഖ്ഫ് സ്വത്ത് മാറ്റം ചെയ്യാന്‍ ഖാസിയുടെ തീരുമാനം നിര്‍ബന്ധമാണ്. ഇന്ത്യയില്‍ ഇത് എപ്രകാരം നടക്കാനാണ്? ഇത്രയും പ്രധാനമായ വിഷയങ്ങളില്‍ വഖ്ഫ് ബോര്‍ഡിന്‍റെ അംഗങ്ങളുടെയോ, ഓഫീസറന്മാരുടെയോ മാത്രം ഇഷ്ടത്തിന് വിടുന്നത് ശരിയാവുകയില്ല. വഖ്ഫ് ബോര്‍ഡിന്‍റെ അംഗത്വം യോഗ്യത നോക്കിക്കണ്ടല്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും എല്ലാവര്‍ക്കും വ്യക്തമായ കാര്യമാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ക്ക് പണ്ഡിതരും നിയമ വിദഗ്ദ്ധരുമടങ്ങിയ ഒരു വഖ്ഫ് കമ്മിറ്റി ഉണ്ടാക്കണമെന്നും അതിലൂടെ തീരുമാനം എടുക്കണമെന്നും മനസ്സിലാകുന്നു. മുഫ്തി ഉബൈദുല്ലാഹ് അസ്അദി കുറിക്കുന്നു: വഖ്ഫ് മാറ്റത്തിനും മറ്റും ഖാസി നിര്‍ബന്ധമാണെന്നത് പോലെയുള്ള വിഷയങ്ങളില്‍ ഫുഖഹാഅ് വിശാലത നല്‍കിയിട്ടുണ്ട്. മതബോധമുള്ള പണ്ഡിതര്‍ക്കും നേതാക്കള്‍ക്കും ഇത്തരം വിഷയങ്ങളില്‍ ഖാസിയുടെ സ്ഥാനം നല്‍കപ്പെടുന്നതാണ്. ആകയാല്‍ ഇത്തരം വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ സൂക്ഷ്മതയുള്ള പണ്ഡിതരുമായി ബന്ധപ്പെട്ട് നീങ്ങേണ്ടതാണ്. മൗലാനാ അഷ്റഫ് അലി ത്ഥാനവി (റ) ഈ കാര്യം വിവരിച്ചിട്ടുണ്ട്. (ഇംദാദുല്‍ ഫതാവാ 2/637) ചുരുക്കത്തില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ വഖ്ഫ് സ്വത്ത് മാറ്റം ചെയ്യാവുന്നതാണെന്നും ഖാസിയുടെ തീരുമാന പ്രകാരമായിരിക്കണമന്ന വിഷയം ചിന്തനീയമാണ്. നിയമപ്രകാരം ഖാസിമാര്‍ ഉള്ള സ്ഥലങ്ങളില്‍ ഈ പ്രശ്നം ഒരു അളവോളം പരിഹരിക്കപ്പെടുന്നതാണ്. എന്നാല്‍ ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളെയും പോലെ ഖാസിമാര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ മുതവല്ലിമാര്‍ക്ക് മാത്രം തീരുമാനധികാരം കൊടുക്കാന്‍ പാടുള്ളതല്ല. വഖ്ഫ് ബോര്‍ഡിന്‍റെ കാര്യവും വേദനാജനകമാണ്. അതുകൊണ്ട് ഓരോ സംസ്ഥാനത്തും അല്ലെങ്കില്‍ ഓരോ ജില്ലയിലും ഓരോ വഖ്ഫ് കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതാണ്. അതില്‍ വിശാല ചിന്താഗതിക്കാരായ പണ്ഡിതരും മതബോധമുള്ള നിയമവിദഗ്ദ്ധരും അംഗങ്ങളാകണം. അവര്‍ വഖ്ഫ് സ്വത്തുക്കളുടെ അവസ്ഥകള്‍ ശ്രദ്ധിക്കുകയും ആവശ്യമുള്ള സ്ഥലങ്ങളില്‍ പരിപൂര്‍ണ്ണ അന്വേഷണങ്ങള്‍ക്ക് ശേഷം വഖ്ഫ് സ്വത്ത് മാറ്റം ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ എവിടെയെങ്കിലും മസ്ജിദ് നിര്‍മ്മിക്കപ്പെട്ടാല്‍ അത് മാറ്റം ചെയ്യാന്‍ പാടുള്ളതല്ലെന്ന വിഷയത്തില്‍ ഇന്ത്യയിലെ പണ്ഡിതര്‍ ഏകോപിച്ചിരിക്കുന്നു. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഈ വിഷയം സംയുക്തമായ നിലയില്‍ പ്രഖ്യാപിക്കുകയും ഇതുമായി ബന്ധപ്പെട്ട പണ്ഡിതര്‍ വിവിധ ഗ്രന്ഥങ്ങളുടെ ഉദ്ധരണികള്‍ ഉദ്ധരിക്കുകയും ചെയ്തിട്ടുള്ളതാണ്. (ഫത്ഹുല്‍ ഖദീര്‍ 5/446, ഹില്‍യത്തുല്‍ ഉലമാ ലില്‍ ഇമാം ഖഫ്ഫാല്‍ ശാഫിഇ 6/37, അല്‍ മിഅ്യാര്‍ ലി അഹ്മദ് അല്‍ മാലികി) ഹമ്പലീ മദ്ഹബില്‍ യാതൊരു ഉപയോഗവുമില്ലാതെ കിടക്കുന്ന മസ്ജിദുകള്‍ വില്‍പ്പന നടത്താമെന്ന് ഒരു അഭിപ്രായമുണ്ടെങ്കിലും ഹമ്പലീ മദ്ഹബിലെ പ്രബലമായ അഭിപ്രായം മസ്ജിദിന്‍റെ ഭൂമി വില്‍ക്കാന്‍ പാടില്ലെന്നുള്ളത് തന്നെയാണ്. പ്രത്യേകിച്ചും ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ വിഭചനത്തെത്തുടര്‍ന്ന് ജനവാസം ഇല്ലാതായെങ്കിലും പില്‍ക്കാലത്ത് ജനവാസം ഉണ്ടായിത്തീര്‍ന്നു. വിശിഷ്യാ ഇന്ന് അത്തരം സ്ഥലങ്ങളില്‍ ജനവാസം ഉണ്ടാക്കുക എളുപ്പവുമാണ്. ആകയാല്‍ എവിടെയെങ്കിലും മസ്ജിദുകള്‍ ശൂന്യമായി കിടപ്പുണ്ടെങ്കില്‍ അവിടെ ഏതാനും മുസ്ലിം കുടുംബങ്ങളെ കൊണ്ടുവന്ന് താമസിപ്പിക്കാനും മസ്ജിദിനെ സജീവമാക്കാനും ശ്രമിക്കേണ്ടതാണ്. ഒന്നാമത്തെ ചോദ്യത്തിലെ മൂന്നാം ഭാഗം സി. ഇത്തരം വഖ്ഫ് സ്വത്തുക്കള്‍ വില്‍പ്പന നടത്തി വാഖിഫിന്‍റെ ലക്ഷ്യങ്ങള്‍ മാത്രം പരിഗണിക്കാതെ വിദ്യാഭ്യാസം, പൊതുജനക്ഷേമം മുതലായ കാര്യങ്ങള്‍ക്ക് ചിലവഴിക്കാമോ എന്നതാണ്. ഇതിന് മറുപടിയായി ഒരു കൂട്ടം പണ്ഡിതര്‍ പറഞ്ഞത് വാഫിഫിന്‍റെ ലക്ഷ്യങ്ങള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണെന്നാണ്. അത് പാലിക്കാതെ വിദ്യാഭ്യാസ, ജനക്ഷേമ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ പാടുള്ളതല്ല. മറ്റൊരു കൂട്ടര്‍ പറയുന്നത്, ഇത് അനുവദനീയമാണെന്നാണ്. പക്ഷേ, അവരുടെ ഈ അഭിപ്രായത്തിന് വാഖിഫിന്‍റെ ലക്ഷ്യങ്ങള്‍ അല്‍പ്പവും പരിഗണിക്കേണ്ടതില്ലെന്ന് അര്‍ത്ഥവുമില്ല. മുഫ്തി ഉബൈദുല്ലാഹ് അസ്അദി കുറിക്കുന്നു: വഖ്ഫിന്‍റെ യഥാര്‍ത്ഥ ഭാഗം എന്താണെന്ന് മനസ്സിലാക്കുകയും പ്രസ്തുത ഭാഗത്തെ പരിഗണിച്ചുകൊണ്ട് അതിന്‍റെ സമ്പത്ത് ചിലവഴിക്കുകയും ചെയ്യേണ്ട്താണ്. ഉദാഹരണത്തിന് ആരാധനാ കാര്യങ്ങള്‍ക്ക് വേണ്ടി വഖ്ഫ് ചെയ്യപ്പെട്ട സ്ഥലത്ത് ഒന്നും നടക്കുന്നില്ലെങ്കില്‍ അത് ഉപയോഗിച്ച് മദ്റസകളും വിശ്രമ കേന്ദ്രങ്ങളും ആശുപത്രികളും അനാഥാലയങ്ങളും ചെറുതും വലുതുമായ തൊഴില്‍ കേന്ദ്രങ്ങളും സ്ഥാപിക്കാവുന്നതാണ്. കാരണം ഇവിടെ ആരാധനളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുന്നതാണ്. എന്നാല്‍ വെറും ഭൗതിക സ്ഥാപനങ്ങള്‍ മാത്രം സ്ഥാപിക്കുന്നത് ശരിയല്ല. മുഫ്തി മഹ്ബൂബ് അലി വജീഹി കുറിക്കുന്നു: വാഖിഫിന്‍റെ നിബന്ധനകള്‍ ശരീഅത്ത് നിയമങ്ങള്‍ക്ക് തുല്യമാണ്. അതിനെ പരിപൂര്‍ണ്ണമായി പാലിക്കേണ്ടതുമാണ്. എന്നാല്‍ അതിന് അവസരമില്ലാതായി വരുകയോ, അവസരത്തില്‍ ചിലവഴിച്ചിട്ടും സമ്പത്ത് മിച്ചം വരുകയോ ചെയ്താല്‍ വിദ്യാഭ്യാസ, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കേണ്ടതാണ്. നിബന്ധനകളൊന്നും അറിയപ്പെടാത്ത സ്വത്താണെങ്കില്‍ അതിന്‍റെ വരുമാനം ആദ്യം സാധു ജനങ്ങള്‍ക്കും ശേഷം സാമുദായിക ആവശ്യങ്ങള്‍ക്കും ചിലവഴിക്കേണ്ടതാണ്. മുഫ്തി ഫുസൈലുര്‍റഹ്മാന്‍ എഴുതുന്നു: കഴിവിന്‍റെ പരമാവധി വാഖിഫിന്‍റെ ലക്ഷ്യങ്ങള്‍ പാലിക്കേണ്ടതാണ്. എന്നാല്‍ ഖാസിയുടെയോ, വഖ്ഫ് കമ്മിറ്റിയുടെയോ അനുമതിയോടെ ദീനീ നിയമങ്ങള്‍ പാലിക്കപ്പെടുന്ന വിദ്യാഭ്യാസ, സാമൂഹിക സ്ഥാപനങ്ങള്‍ക്ക് ചിലവഴിക്കാവുന്നതാണ്. മൗലാനാ അഖ്ലാഖ് ഖാസിമി എഴുതുന്നു: വാഖിഫിന്‍റെ ലക്ഷ്യങ്ങള്‍ പാലിക്കുക ദുഷ്കരമാകുന്ന സ്ഥലങ്ങളില്‍ തത്തുല്യമായ കാര്യങ്ങള്‍ക്ക് ചിലവഴിക്കാവുന്നതാണ്. മൗലാനാ സഫര്‍ ആലം നദ്വി എഴുതുന്നു: ഖാസിയുടെയോ. മുസ്ലിം സമാജത്തിന്‍റെയോ തീരുമാന പ്രകാരം വിദ്യാഭ്യാസ, സാമൂഹിക സ്ഥാപനങ്ങള്‍ക്ക് ചിലവഴിക്കാവുന്നതാണ്. അബ്ദുല്‍ അലീം ഇസ്ലാഹി പറയുന്നു: ഉപയോഗ ശൂന്യമായിക്കിടക്കുന്ന വഖ്ഫ് സ്വത്തുക്കള്‍ വില്‍ക്കണമെന്ന് സാഹചര്യം പറയുന്നെങ്കില്‍ അത് വില്‍പ്പന നടത്തി വിദ്യാഭ്യാസ, സാമൂഹിക സ്ഥാപനങ്ങള്‍ സ്ഥാപിക്കാവുന്നതാണ്. ചുരുക്കത്തില്‍ ഉപയോഗ ശൂന്യമായ വഖ്ഫ് സ്വത്തുക്കള്‍ വില്‍പ്പന നടത്തി വില ചിലവഴിക്കുമ്പോള്‍ വഖ്ഫിന്‍റെ ലക്ഷ്യങ്ങള്‍ പരിഗണിക്കേണ്ടതാണ്. അതെ, തോന്നുന്നത് പോലെ ഏതെങ്കിലും കാര്യങ്ങള്‍ക്ക് ചിലവഴിക്കാന്‍ പാടുള്ളതല്ല. കൂടാതെ, ഖാസിയും വഖ്ഫ് കമ്മിറ്റിയും ഇതിന് അനുമതി നല്‍കുമ്പോള്‍ വഖ്ഫിന്‍റെ ലക്ഷ്യങ്ങള്‍ പാലിക്കണമെന്നും അങ്ങേയറ്റം നിര്‍ബന്ധിത സാഹചര്യത്തില്‍ മാത്രമേ മറ്റ് കാര്യങ്ങളെക്കുറിച്ച് ആലോചിക്കാന്‍ പാടുള്ളൂ എന്നും വ്യക്തമാക്കേണ്ടതാണ്. രണ്ടാമത്തെ ചോദ്യം ഇതാണ്: ചില സ്ഥലങ്ങളില്‍ മസ്ജിദുകളുടെയും മദ്റസകളുടെയും ഖബ്ര്‍ സ്ഥാനിന്‍റെയും വിശാലമായ വഖ്ഫ് കെട്ടിടങ്ങളും സ്ഥലങ്ങളും ഉണ്ടെങ്കിലും മുസ്ലിംകളുടെ താമസം വളരെ കുറഞ്ഞുപോയി. ഉദാഹരണത്തിന് ഒരു മസ്ജിദിന്‍റെ ചുറ്റ് ഭാഗത്ത് വിശാലമായ ഭൂമിയും വഖ്ഫ് ചെയ്യപ്പെട്ടിട്ടുണ്ട്. വഖ്ഫിന്‍റെ വരുമാനം അവിടുത്തെ ചിലവിനേക്കാള്‍ കൂടുതലാണ്. ഇവിടെ എ. മസ്ജിദിന് വേണ്ടി വഖ്ഫ് ചെയ്യപ്പെട്ട ഭൂമിയുടെ അധിക വരുമാനം കൊണ്ട് മത, കാലിക, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാമോ? ബി. വാഖിഫ് ഭൂമിയും കെട്ടിടങ്ങളും മസ്ജിദിനുവേണ്ടി വഖ്ഫ് ചെയ്തതാണെങ്കിലും അവയുടെ അധികരിച്ച വരുമാനം വിദ്യാഭ്യാസ, സാമൂഹിക ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കാമോ? ഈ ചോദ്യത്തിന് രണ്ട് ഭാഗങ്ങളാണുള്ളത്. ഒന്നാമത്തെ ഭാഗത്തിന് മറുപടിയായി ചില പണ്ഡിതര്‍ പറയുന്നു മസ്ജിദിന്‍റെ അധികരിച്ച ഭൂമിയില്‍ ദിനീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലും സ്ഥാപിക്കാന്‍ പാടുള്ളതല്ല . വാഖിഫിന്‍റെ ലക്ഷ്യങ്ങളും നിബന്ധനകളും പാലിക്കല്‍ നിര്‍ബദ്ധമാണ് എന്നും വഖ്ഫിന്‍റെ മിച്ച വരുന്ന വരുമാനങ്ങള്‍ അത് പോലുള്ള കാര്യങ്ങളില്‍ അതേ വിഭാഗത്തില്‍ തന്നെ ചിലവഴിക്കണം എന്നുമുള്ള ഫുഖഹാഇന്‍റെ വചനങ്ങളാണ് ഇവരുടെ ആധാരം . ഉദാഹരണത്തിന് ത്ഥാനവി (റ) കുറിക്കുന്നു. മദ്റസ മസ്ജിദിന്‍റെ വിഭാഗത്തില്‍ പെട്ടതല്ല. അത് കൊണ്ട് ഏതെങ്കിലും മസ്ജിദിന് മിച്ചം തുക വന്നാല്‍ അടുത്ത മസ്ജിദില്‍ ചിലവഴിക്കേണ്ടതാണ് അതേ നാട്ടിലുള്ള മസ്ജിദില്‍ ആവശ്യമില്ലെങ്കില്‍ അടുത്ത നാട്ടിലെ മസ്ജിദിനെയും ശേഷം വിദൂരത്തുള്ള മസ്ജിദിനെയും പരിഗണിക്കേണ്ടതാണ് (ഇംദാദുല്‍ ഫതാവ) മറ്റൊരു കൂട്ടം പണ്ഡിതര്‍ പറയുന്നു ഒരു മസ്ജിദിന് ഉള്ള ഭൂമിയുടെ വരുമാനം ഇപ്പോള്‍ ആവശ്യമില്ലാതിരിക്കുകയും അടുത്ത ഭാവിയിലൊന്നും ആവശ്യത്തിന് സാധ്യത ഇല്ലാതിരിക്കുകയും ചെയ്താല്‍ പ്രസ്ഥുത വരുമാനം കൊണ്ട് മതപാഠശാലകള്‍ സ്ഥാപിക്കാവുന്നതാണ് . അവരില്‍ പെട്ട മൗലാന സുബൈര്‍ അഹ്മദ് ഖാസിമി കുറിക്കുന്നു:. മസ്ജിദിന്‍റെ നിര്‍മ്മാണ സേവനങ്ങള്‍ക്കും മസ്ജിദിന്‍റെ ലക്ഷ്യങ്ങള്‍ക്കും ഒരേ സ്ഥാനം തന്നെയാനുള്ളത് (ഫതാവാ ഹിന്തിയ്യ - 2/462) മസ്ജിദിന്‍റെ നന്മകളില്‍ മസ്ജിദിന്‍റെ സംരക്ഷണവും അതിന്‍റെ വഖ്ഫ് ഭൂമികളില്‍ കൈയ്യേറ്റ മുണ്ടാകാതിരിക്കാന്‍ പരിശ്രമിക്കലും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മസ്ജിദിന്‍റെ വിപുലീകരണങ്ങളും പെടുന്നതാണ്. ഈ കാര്യങ്ങള്‍ നടക്കാന്‍ ദിനീ വിജ്ഞാനം ആവശ്യമാണ് അത് കൊണ്ട് ദീനീ മദ്റസകളുടെ സ്ഥാപനവും മസ്ജിദിന്‍റെ നന്മയില്‍ പെടുന്നതാണ്. കാരണം മസ്ജിദിന്‍റെ നന്മകളില്‍ പ്രധാന പങ്ക് വഹിക്കുന്ന ഇമാമും മുഅദ്ദിനും സൂക്ഷിപ്പുകാരും ഇതര സേവകന്‍മാരും ഉണ്ടാകാന്‍ മദ്റസകള്‍ ആവശ്യമാണ്. ഇക്കാര്യം മുഫ്തി മഹ്മൂദുല്‍ ഹസന്‍ മുഫ്തി നിസാമുദ്ദിന്‍ എന്നിവര്‍ അവരുടെ ഫത്വാ സമാഹാരങ്ങളില്‍ വിവരിച്ചിട്ടുണ്ട്. വേറാരു വിഭാഗം പറയുന്നു: മസ്ജിദിന്‍റെ മിച്ചം വരുന്ന ഭൂമിയില്‍ മത പാഠശാലയും കാലിക വിദ്യദാസ കേന്ദ്രങ്ങളും സ്ഥാപിക്കാവുന്നതാണ്. ഇതിനെ കുറിച്ച് മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി എഴുതുന്നു: മസ്ജിദിന് വഖ്ഫ് ചെയ്യപ്പെട്ട ഭൂമി വളരെ വിശാലമായിരിക്കുകയും ബാഹ്യമായി നോക്കുമ്പോള്‍ നീണ്ടകാലം വരെ മസ്ജിദ് വലുതാക്കേണ്ട ആവശ്യം ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന ഭൂമിയില്‍ ദീനീ പാഠശാലയും മത നിയമങ്ങള്‍ പാലിച്ചുകൊണ്ട് കാലിക വിദ്യാഭ്യാസ കേന്ദ്രങ്ങളും സ്ഥാപിക്കാവുന്നതാണ്. എന്നാല്‍ ഈ ഭൂമിയുടെ പ്രയോജനം മസ്ജിദിന് ലഭിക്കുന്നതിനും വാഖിഫിന്‍റെ ലക്ഷ്യം പൂര്‍ണ്ണമാകുന്നതിനും ഈ സ്ഥാപനത്തിന്‍റെ വാടക മസ്ജിദിന് നല്‍കേണ്ടതാണ്. മൗലാനാ ഫുസൈല്‍ ഉസ്മാനി കുറിക്കുന്നു: അധികരിച്ച ഭൂമിയുടെ വാടക വാങ്ങി അവിടെ ദീനീ വിദ്യാഭ്യാസത്തിനും മതനിയമങ്ങള്‍ പാലിച്ചുകൊണ്ട് കാലിക വിദ്യാഭ്യാസത്തിനും സൗകര്യം ചെയ്യാവുന്നതാണ്. ഡോ: ഖുദ്റത്തുല്ലാഹ് ബാഖവി എഴുതുന്നു: ഇത്തരം ഭൂമികളില്‍ മത വിദ്യാഭ്യാസത്തിന് സൗകര്യം ചെയ്യാന്‍ പരിശ്രമിക്കേണ്ടതാണ്. അതിന് സാധ്യമായില്ലെങ്കില്‍ കാലിക വിദ്യാഭ്യാസത്തിന്‍റെ സ്ഥാപനവും സ്ഥാപിക്കാവുന്നതാണ്. ഈ ഭൂമിയില്‍ സ്ഥാപനം ഉണ്ടാക്കുകയും അതിന്‍റെ വാടക മസ്ജിദിന് നല്‍കുകയും ചെയ്താല്‍ ഈ വിഷയത്തില്‍ വലിയ അഭിപ്രായ വ്യത്യാസമൊന്നുമില്ല. മൂന്നാമത്തെ അഭിപ്രായം രേഖപ്പെടുത്തിയവരുടെ തെളിവ് പ്രവാചക യുഗത്തിലെ അവസ്ഥയാണ്. അന്ന് മസ്ജിദിനുള്ളില്‍ തന്നെ വിദ്യാഭ്യാസത്തിനും സൗകര്യമുണ്ടായിരുന്നു. സുഫ്ഫയെന്ന പേരില്‍ പ്രസിദ്ധമായ മദ്റസ മസ്ജിദിനുന്നബവിയുടെ മൂലയിലായിരുന്നു. ഇതിനുവേണ്ടി വാഖിഫ് ഈ കാര്യം വ്യക്തമാക്കേണ്ട ആവശ്യവുമില്ല. ഈ ചോദ്യത്തിന്‍റെ രണ്ടാം ഭാഗത്തിന് മറുപടി നല്‍കിയ ഒരു വിഭാഗം പറയുന്നു: മസ്ജിദിന്‍റെ അധികരിച്ച വരുമാനം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാന്‍ പാടുള്ളതല്ല. മറ്റൊരു വിഭാഗം പറയുന്നു: സമീപ ഭാവിയില്‍ മസ്ജിദിന് ആവശ്യമുണ്ടാകാന്‍ സാധ്യതയില്ലെങ്കില്‍ ദീനീ വിദ്യാഭ്യാസത്തിന് ചിലവഴിക്കാവുന്നതാണ്. മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി കുറിക്കുന്നു: മസ്ജിദിന്‍റെ ചിലവ് കഴിഞ്ഞ് മിച്ചം വരുന്ന സമ്പത്ത് മസ്ജിദുകള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ മസ്ജിദുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കേണ്ടതാണ്. പ്രത്യേകിച്ചും ഇന്ത്യയില്‍ ഇന്നും ആയിരക്കണക്കിന് ഗ്രാമങ്ങള്‍ മസ്ജിദിനെ കൊതിക്കുകയാണ്. അവിടെ മസ്ജിദുകള്‍ നിര്‍മ്മിക്കുന്നതും ബാല വിദ്യാഭ്യാസത്തിന്‍റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതും മദ്റസകളും കാലിക വിദ്യാഭ്യാസ കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനേക്കാള്‍ പ്രാധാന്യമുള്ളതാണ്. മൗലാനാ ഫുസൈല്‍ ഉസ്മാനി കുറിക്കുന്നു: മസ്ജിദിന്‍റെ മിച്ചം വരുന്ന സമ്പത്ത്, മത വിദ്യാഭ്യാസവും മത നിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ള കാലിക വിദ്യാഭ്യാസവും ടെക്നിക്കല്‍ വിദ്യാഭ്യാസവും നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് കടമായി നല്‍കാവുന്നതാണ്. ഡോ: സഫറുല്‍ ഇസ്ലാം എഴുതുന്നു: ഖാസിയുടെയോ, മുസ്ലിം സമാജത്തിന്‍റെയോ അനുമതിയോടെ പാഴാകാന്‍ സാധ്യതയുള്ള മിച്ചം വരുന്ന സമ്പത്ത് അടുത്ത സ്ഥലങ്ങളെ പരിഗണിച്ചുകൊണ്ട് അതുപോലുള്ള മാര്‍ഗ്ഗങ്ങളില്‍ ചിലവഴിക്കാവുന്നതാണ്. ഡോ: അബ്ദുല്‍ അസീം ഇസ്ലാഹി പറയുന്നു: മസ്ജിദുകളുടെ മിച്ചം വരുന്ന തുക മറ്റ് മസ്ജിദുകള്‍ക്ക് നല്‍കലാണ് ഉത്തമം. മറ്റ് മസ്ജിദുകള്‍ക്ക് ആവശ്യമില്ലെങ്കില്‍ ഇതര വിദ്യാഭ്യാസ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാവുന്നതാണ്. ജനാബ് ശംസ് പീര്‍സാദയും ഇതേ കാര്യം എഴുതിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ വിഷയം പണ്ട് മുതല്‍ക്കേ അഭിപ്രായ വ്യത്യാസമുള്ള കാര്യമാണ്. ഹകീമുല്‍ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ത്ഥാനവി (റ) മസ്ജിദുകളുടെ ചിലവ് കഴിഞ്ഞ് മിച്ചം വരുന്ന സമ്പത്ത് വിദ്യാഭ്യാസ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കുന്നതിനെ തടഞ്ഞിട്ടുണ്ട്. അത് ഇതര മസ്ജിദുകളില്‍ ചിലവഴിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. മറുഭാഗത്ത് മുഫ്തി കിഫായത്തുല്ലാഹ് (റ) ഈ വിഷയത്തില്‍ വിശദമായ ഒരു ഫത്വ എഴുതിയിട്ടുണ്ട്. അതിന്‍റെ അവസാനം രത്നച്ചുരുക്കമെന്നോണം കുറിക്കുന്നു: ഒരു മസ്ജിദില്‍ ധാരാളം സമ്പത്ത് ഒരുമിച്ച് കൂടുകയും നിലവില്‍ ഇന്നോ, അടുത്ത കാലത്തോ ആവശ്യം വരാതിരിക്കുകയും പ്രസ്തുത സമ്പത്ത് പാഴാകാനോ, അപഹരിക്കാനോ സാധ്യതയുണ്ടായിരിക്കുകയും ചെയ്യുമ്പോള്‍ ഈ തുക മറ്റ് ആവശ്യമുള്ള മസ്ജിദുകളില്‍ ചിലവഴിക്കേണ്ടതാണ്. അതുപോലെ തഫ്സീര്‍, ഹദീസ്, ഫിഖ്ഹ് മുതലായ കാര്യങ്ങള്‍ പഠിപ്പിക്കുന്ന വിജ്ഞാന കേന്ദ്രങ്ങള്‍ക്കും ചിലവഴിക്കാവുന്നതാണ്. (കിഫായത്തുല്‍ മുഫ്തി 7/275) ഈ ഫത്വയില്‍ ഒപ്പ് വെച്ച പണ്ഡിതരില്‍ മുഫ്തി അസീസുര്‍റഹ്മാന്‍ ഉസ്മാനി, അല്ലാമാ അന്‍വര്‍ഷാ കാശ്മീരി, മൗലാനാ ശബീര്‍ അഹ്മദ് ഉസ്മാനി, മൗലാനാ ഇഅ്സാസ് അലി മുതലായ സമുന്നത വ്യക്തിത്വങ്ങളുമുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്. അതുകൊണ്ട് ഈ ഫത്വ ഒരു വ്യക്തിയുടേതല്ല, ഒരു സംഘത്തിന്‍റേതാണ്. മുഫ്തി കിഫായത്തുല്ലാഹ് തന്നെ മറ്റുചില ഫത്വകളില്‍ മസ്ജിദിന്‍റെ മിച്ചം വരുന്ന പണം ഇതര മത, സാമൂഹിക കാര്യങ്ങള്‍ക്ക് ചിലവഴിക്കാവുന്നതാണെന്ന് പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് മദ്റസകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്, അനുവദനീയ വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്, ദീനീ മദ്റസകളുടെ സംസ്ഥാപനം, വായനശാല നിര്‍മ്മാണം, ജയില്‍ വാസികളുടെ കുടുംബ സഹായം മുതലായവ പ്രത്യേകം എടുത്ത് പറഞ്ഞിരിക്കുന്നു. ഇപ്രകാരം അടുത്ത കാലത്ത് കഴിഞ്ഞുപോയ പ്രധാന മുഫ്തിമാരായ മുഫ്തി മഹ്മൂദ് ഗംഗോഹി, മുഫ്തി അബ്ദുര്‍റഹീം രാജ്പൂരി, മുഫ്തി നിസാമുദ്ദീന്‍ സാഹിബ് പോലുള്ളവരും ഇതേ കാര്യം പല ഫത്വകളില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. വിനീതന്‍റെ അഭിപ്രായത്തില്‍ മസ്ജിദുകളില്‍ മിച്ചം വരുന്ന സമ്പത്ത് ആദ്യമായി അതേ മസ്ജിദിന് ആവശ്യമുണ്ടെങ്കില്‍ ചിലവഴിക്കേണ്ടതാണ്. ഉദാഹരണത്തിന് ഒരു മസ്ജിദിന്‍റെ പരിസരത്ത് മുസ്ലിംകള്‍ ഇല്ല. അല്ലെങ്കില്‍ അല്‍പ്പം മാത്രമേയുള്ളൂ. ഈ കാരണത്താല്‍ മസ്ജിദ് വെറുതെ കിടക്കുകയാണ്. ചിലവേള അവിടെ ജമാഅത്ത് നമസ്കാരം പോലും നടക്കാറില്ല. ഇത്തരം മസ്ജിദുകളുടെ ഭൂമിയില്‍ മിച്ചം വന്ന തുക ഉപയോഗിച്ച് ദീനീ മദ്റസകള്‍ സ്ഥാപിക്കേണ്ടതാണ്. അതിലൂടെ ഈ മസ്ജിദുകള്‍ സജീവമാകുകയും ഇതിന്‍റെ ഭൂമിയും സ്വത്തും അന്യാധീനപ്പെടുന്നതില്‍ നിന്നും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നതാണ്. എന്നാല്‍ ഏതെങ്കിലും മസ്ജിദുകള്‍ സദാസമയവും സജീവമായിരിക്കുകയും അതിന്‍റെ സമ്പത്ത് അടുത്തൊന്നും ആവശ്യം വരാത്ത നിലയില്‍ അധികരിച്ചതാവുകയും ഈ സമ്പത്ത് അപഹരിക്കപ്പെടാന്‍ സാധ്യതയുണ്ടായിരിക്കുകയും ചെയ്യുമ്പോള്‍ ഈ സമ്പത്ത് ഇതര മസ്ജിദുകള്‍ നിര്‍മ്മിക്കാനോ, ആവശ്യമുള്ള മസ്ജിദുകളെ സഹായിക്കാനോ നല്‍കേണ്ടതാണ്. ഇന്ത്യാ രാജ്യത്ത് നിരവധി ഗ്രാമങ്ങളില്‍ ഇപ്പോഴും മസ്ജിദുകളുടെയും ബാലപാഠ ശാലകളുടെയും ആവശ്യമുണ്ട്. ആ നാട്ടുകാര്‍ക്ക് ബാങ്ക് അന്യമാണ്. അവരുടെ കുട്ടികള്‍ക്ക് മാത്രമല്ല, പല സഹോദരങ്ങള്‍ക്കും കലിമയുടെയും നമസ്കാരത്തിന്‍റെയും അടിസ്ഥാന കാര്യങ്ങള്‍ പോലും അറിയില്ല. അതുകൊണ്ട് മസ്ജിദുകളുടെ മിച്ചം വരുന്ന ചിലവുകള്‍ കൊണ്ട് ഇത്തരം നാടുകളില്‍ മസ്ജിദുകള്‍ നിര്‍മ്മിക്കുകയും അടിസ്ഥാന വിജ്ഞാനങ്ങള്‍ പഠിപ്പിക്കുന്ന പാഠശാലകള്‍ സ്ഥാപിക്കുകയും ചെയ്യേണ്ടതാണ്. ഇനി നിയമപരമായോ മറ്റോ ഈ തുക മറ്റ് മസ്ജിദുകളില്‍ ചിലവഴിക്കാന്‍ സാധിക്കുകയില്ലെങ്കില്‍ ഇതര മത സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ അത് ചിലവഴിക്കേണ്ടതാണ്. മൂന്നാമത്തെ ചോദ്യം ഇപ്രകാരമാണ്: ധാരാളം വഖ്ഫുകളുടെ വരുമാനം അതിനുവേണ്ടി നിജമാക്കപ്പെട്ട കാര്യങ്ങളേക്കാള്‍ അധികരിച്ചതാകാറുണ്ട്. ചില വഖ്ഫ് സ്വത്തുക്കളുടെ വരുമാനം ഓരോ വര്‍ഷവും വലിയൊരു മൂലധനമായി മാറുന്നു. ഇത് നീണ്ടകാലം സംരക്ഷിക്കുന്നത് തന്നെ വളരെ പ്രയാസകരമായ കാര്യമാണ്. ഭരണകൂടമോ, വഖ്ഫിന്‍റെ വക്താക്കളോ മറ്റോ ഇതില്‍ കൈകടത്താന്‍ സാധ്യതയുമുണ്ട്. ഇത്തരം സമ്പത്തിനെക്കുറിച്ച് രണ്ട് ചോദ്യങ്ങളുണ്ട്. 1. ഈ സമ്പത്ത് അതുപോലുള്ള വഖ്ഫുകളുടെ ആവശ്യത്തിന് ഉപയോഗിക്കാമോ? 2. ഇതര മത വൈജ്ഞാനിക സാമൂഹിക കാര്യങ്ങള്‍ക്കും മസ്ജിദുകള്‍ക്കും മറ്റും ഉപയോഗിക്കാമോ? ഈ ചോദ്യത്തിന്‍റെ ഒന്നാം ഭാഗത്തെക്കുറിച്ച് എല്ലാ പണ്ഡിതരും ഏക സ്വരത്തില്‍ പറയുന്നു: വഖ്ഫ് സ്വത്തുക്കളുടെ മിച്ചവരുമാനം അതുപോലുള്ളവയില്‍ ചിലവഴിക്കാവുന്നതാണ്. ഉദാഹരണത്തിന് മസ്ജിദുകളുടെ മിച്ചം വരുന്ന വരുമാനം മസ്ജിദുകള്‍ക്കും മദ്റസകളുടെ മിച്ചം വരുന്ന വരുമാനം മദ്റസകള്‍ക്കും വിശ്രമ കേന്ദ്രങ്ങളുടെ മിച്ചം വരുമാനം വിശ്രമ കേന്ദ്രങ്ങള്‍ക്കും ചിലവഴിക്കാവുന്നതാണ്. എന്നാല്‍ ചോദ്യത്തിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ച് പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഒരു കൂട്ടര്‍ പറയുന്നു: ഇതര മത വൈജ്ഞാനിക സാമൂഹിക കാര്യങ്ങള്‍ക്ക് ചിലവഴിക്കാന്‍ പാടുള്ളതല്ല. മറ്റുചിലര്‍ പറയുന്നു: അതുപോലുള്ള വഖ്ഫുകള്‍ക്ക് ആവശ്യമില്ലാതിരുന്നാല്‍ ഇതര മത സാമൂഹിക കാര്യങ്ങള്‍ക്ക് ചിലവഴിക്കാവുന്നതാണ്. എന്നാല്‍ അതില്‍ ആവശ്യവും അടുപ്പവും പരിഗണിക്കേണ്ടതാണ്. വേറൊരു കൂട്ടര്‍ പറയുന്നു: വഖ്ഫുകളുടെ മിച്ചം വരുന്ന തുക ഇതര മത സാമൂഹിക വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് ചിലവഴിക്കാവുന്നതാണെങ്കിലും പ്രധാനമായും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കേണ്ടതാണ്.
രചനാ പരിചയം
വിശ്വനായകന്‍
അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ് വി
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്റെ തിരുനാമത്തിൽ ആരംഭിക്കുന്നു. സർവ്വസ്തുതിയും സർവ്വലോക പരിപാലകനുതന്നെ. കാരുണ്യവാനും നീതിമാനുമായ പടച്ചവന്റെ വിശിഷ്ഠ അനുഗ്രഹ സമാധാനങ്ങൾ അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി ﷺയുടെമേൽ വർഷിക്കട്ടെ! എല്ലാ പ്രവാചകവര്യരിലും ഉണ്ടാകട്ടെ! അവരെ പിൻപറ്റിയ സുമനസ്സുകളേയും അനുഗ്രഹിക്കട്ടെ! ഇവരെ നല്ലനിലയിൽ പിൻപറ്റാൻ നാം എല്ലാവർക്കും ഉതവി നൽകട്ടെ! സർവലോക പരിപാലകനായ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണമറ്റതാണ്. അതിൽ ഏറ്റവും പ്രധാനമായതാണ് പ്രവാചകൻമാരുടെ നിയോഗം. ഇവരിലൂടെ പടച്ചവന്റെ സന്ദേശങ്ങൾ നമുക്ക് ലഭിച്ചു. അവർ അത് പഠിപ്പിക്കുക മാത്രമല്ല, സ്‌നേഹത്തോടെ അതിലേക്ക് ക്ഷണിക്കുകയും കാർമികമായി കാണിച്ച് തരികയും ചെയ്തു. ഈ കാരുണ്യത്തിൽ അന്തിമവും സർവ്വസമ്പൂർണവുമായ വ്യക്തിത്വമാണ് കാരുണ്യത്തിന്റെ തിരുദൂതരായ മുഹമ്മദുർറസൂലുല്ലാഹി ﷺ.മക്കയിലെ ഫാറാൻ മലനിരകൾക്കിടയിൽ നിന്ന് ഉദയം ചെയ്ത അന്ത്യപ്രവാചകൻ മദീനയിൽ നിന്നും ലോകംമുഴുവൻ പ്രകാശിച്ചു. മുഴുവൻ മാനവികതയ്ക്കും ഇരുലോക വിജയത്തിന്റെ രാജപാത കാട്ടിത്തന്നു. അന്നും ഇന്നും എന്നും പ്രകാശം പൊഴിക്കുന്ന വിളക്കായ മുഹമ്മുർറസൂലുല്ലാഹി ﷺയുടെ സമ്പൂർണവും കാലികപ്രസക്തവുമായ ജീവചരിത്രമാണ് അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് നദ്‌വിയുടെ 'റഹ്ബറേ ഇൻസാനിയ്യത്ത്' (സിറാജൻ മുനീറൻ) എന്ന ഈ മഹൽഗ്രന്ഥം.പ്രവാചക മഹദ്ച്ചരിതങ്ങൾ ധാരാളം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇനിയും പ്രസിദ്ധീകരിക്കപ്പെടും. എത്രപറഞ്ഞാലും എത്ര എഴുതിയാലും തീരാത്ത ഒരു വിഷയമാണത്. അതെ, അല്ലാഹുവിന്റെ അന്തിമഗ്രന്ഥമായ പരിശുദ്ധ ഖുർആനിന്റെ സമ്പൂർണമായ കാർമ്മിക വിവരണമാണ് പ്രവാചക ചരിതം. എന്നാൽ ഈ മഹൽഗ്രന്ഥത്തിന് ചില പ്രത്യേകതകളുണ്ട്. ഒന്ന് ഇതിന്റെ ലളിതമായ വിവരണ ശൈലിയാണ്. പൊടിപ്പും തൊങ്ങലുമില്ലാതെ ഗൗരവമായ വിഷയങ്ങൾ പോലും ലളിതമായ ശൈലിയിൽ ഇതിൽ വിവരിച്ചിരിക്കുന്നു. അതെ, ഗ്രന്ഥകർത്താവിന്റെ ജീവിതവുമായി ഈ ശൈലിക്ക് വലിയ ബന്ധമുള്ളതിനോടൊപ്പം സഹനത്തിന്റെ ഗുണമായ പ്രകടനരാഹിത്യം ഇതിൽ നിഴലിച്ച് നിൽക്കുന്നു. റസൂലുല്ലാഹി ﷺയുടെ ജീവിത യാത്രയിൽ അനിവാര്യമായി വന്ന പോരാട്ടങ്ങളെക്കുറിച്ചുള്ള അവതരണ രീതിയാണ് മറ്റൊരു പ്രത്യേകത. ബദർ യുദ്ധം, ഉഹ്ദ് യുദ്ധം, ഖന്ദഖ് യുദ്ധം.... എന്നിങ്ങനെ വിവിധ യുദ്ധങ്ങളുടെ പേരുകൾ കൊടുത്തുകൊണ്ടുള്ള അധ്യായങ്ങളാണ് മിക്ക പ്രവാചക ചരിത്ര ഗ്രന്ഥങ്ങളിലും കാണപ്പെടുക. യുദ്ധം എന്നത് വലിയൊരു സംഭവമായി കാണപ്പെടുകയും അതിനുള്ളിൽ നിരവധി നന്മകൾ നിറഞ്ഞ പാഠങ്ങൾ ഉണ്ടായിരിക്കുകയും ചെയ്ത പഴയകാലത്ത് ഇത് തീർത്തും ന്യായമായിരുന്നു. എന്നാൽ ഇന്ന് റസൂലുല്ലാഹി ﷺയുടെ തന്നെ പ്രവചനങ്ങൾ അനുസരിച്ച് 'ഫിതൻ' (പ്രശ്‌നങ്ങൾ) നിറഞ്ഞ ഒരു കാലഘട്ടം ആരംഭിച്ചിരിക്കുന്നു. ഇന്ന് യുദ്ധങ്ങൾ അറിയപ്പെടുന്നത് അന്ധമായ കൊലവിളികൾക്കും കൂട്ടക്കൊലകൾക്കുമാണ്. യൂറോപ്പ് വിശിഷ്യ അമേരിക്ക ലോകത്തെ ഒരു വൻശക്തിയായ ശേഷം യുദ്ധത്തിന്റെ പേരുകളിൽ നടത്തിയ മൃഗീയവും പൈശാചികവുമായ കൂട്ടക്കൊലയ്ക്ക് അവർ ഇട്ടിരിക്കുന്ന ഓമനപ്പേരാണ് യുദ്ധം. റസൂലുല്ലാഹി ﷺയുടെ തന്നെ വചനങ്ങളിൽ പറഞ്ഞാൽ എന്തിനാണ് കൊന്നതെന്ന് കൊന്നവർക്കും എന്തിനാണ് കൊല്ലപ്പെട്ടതെന്ന് കൊല്ലപ്പെട്ടവർക്കും അറിയാത്ത ആധുനിക വർഗീതയതകളുടെയും തീവ്രവാദങ്ങളുടെയും പേക്കൂത്തുകൾക്ക് യുദ്ധമെന്ന് പേരിടുന്നത് മുൻഗാമികളുടെ യുദ്ധങ്ങൾക്ക് അപമാനമാണ്. ആധുനിക യുഗത്തിലെ സംശയദുരൂഹതകൾ നിറഞ്ഞ കൂട്ടത്തല്ലുകൾക്ക് പ്രവാചകന്മാരുടെയോ ഉത്തമ പിൻഗാമികളുടെയോ വ്യക്തമായ ലക്ഷ്യത്തിലും സൂക്ഷ്മമായ മാർഗത്തിലും അധിഷ്ഠിതവും നിരവധി ഗുണപാഠങ്ങൾ നിറഞ്ഞതുമായ ത്യാഗ-പരിശ്രമ-പോരാട്ടങ്ങളുമായി ഒരു ബന്ധവുമില്ല. ആകയാൽ റസൂലുല്ലാഹി ﷺനാൽപതാം വയസ്സിൽ മക്കയിൽ പ്രബോധനം ആരംഭിച്ചു. ആദ്യം പ്രീണനങ്ങളിലൂടെ ഈ പ്രബോധനത്തിന് തടയിടാൻ എതിരാളികൾ ശ്രമിച്ചു. ശേഷം മർദ്ദന പീഡനങ്ങൾ ആരംഭിച്ചു. പീഡനം കടുപ്പമായപ്പോൾ ആത്മരക്ഷാർത്ഥം കുറേ സ്വഹാബികൾ എത്യോപ്യയിലേക്ക് പലായനം ചെയ്തു. എന്നിട്ടും പീഡനം തുടർന്നു. ഇടയ്ക്ക് സമ്മർദ്ദതന്ത്രമെന്ന നിലയിൽ അമുസ്‌ലിംകളായ പ്രവാചക കുടുംബക്കാരെയടക്കം മാസങ്ങളോളം ബഹിഷ്‌കരിച്ചു. ത്വാഇഫിൽ പോയി സഹായം ചോദിച്ചപ്പോൾ പരിഹാസവും കല്ലേറുംകൊണ്ട് അവർ നേരിട്ടു. അവസാനം ത്യാഗത്തിന്റെ പാരമ്യം എന്നോണം നാടും വീടും വിട്ട് മദീനയിലേക്ക് പലായനം ചെയ്തു. മദീനയിലും സമാധാനത്തോടെ കഴിയാൻ അനുവദിച്ചില്ല. റസൂലുല്ലാഹി ﷺവളരെ നല്ലനിലയിൽ കഴിയാൻ പരിശ്രമിച്ച മദീനയിലെ യഹൂദികളെ ഇളക്കിവിടലും പ്രശ്‌നങ്ങളുണ്ടാക്കലും തുടർന്നു. ഇവിടെ റസൂലുല്ലാഹി ﷺയ്ക്ക് യുദ്ധത്തിന് അനുമതി നൽകപ്പെടുന്നു. ബദ്‌റിൽ ഉജ്ജ്വല വിജയം ലഭിക്കുന്നു. പ്രതികാരദാഹത്തോടെ ഉഹ്ദിലും ഖന്ദക്കിലും ശത്രുക്കൾ വന്ന് പരാജയപ്പെട്ടു മടങ്ങി. അവസാനം ഹുദൈബിയയിൽ കടുത്ത സന്ധി നടക്കുന്നു. ഇതും ശത്രുക്കൾ പൊളിച്ചതോടെ റസൂലുല്ലാഹി ﷺമക്കയിലേക്ക് മാർച്ച് ചെയ്ത് മക്ക കീഴടക്കുന്നു. ഇടയ്ക്ക് കടുത്ത കരാർ ലംഘനം നടത്തിയ യഹൂദികളെ ശിക്ഷിക്കുന്നു. മക്കയുടെ പരിസരത്ത് പ്രശ്‌നങ്ങളുണ്ടാക്കിയ ഹുനൈനും ത്വാഇഫും കീഴടക്കുന്നു. ഭീഷണിയുയർത്തിയ റോമക്കാരെ നേരിടാൻ തബൂക്കിലേക്ക് പോയി മടങ്ങുന്നു. ഇതാണ് പ്രവാചക യുദ്ധങ്ങളുടെ ചരിത്രം. ഇത് വെറും യുദ്ധമല്ല, നൂറായിരം ഗുണപാഠങ്ങൾ നിറഞ്ഞ പഠന-പരിശീലന യാത്രകൾ കൂടിയാണ്. ആൾനാശം വളരെ കുറവാണ്. സർവ്വോപരി യുദ്ധത്തിൽ പങ്കെടുക്കാത്ത അമുസ്‌ലിംകളുമായി വളരെ ഉന്നത ബന്ധം നിലനിർത്തുകയും ചെയ്തു. എന്നാൽ സാംസ്‌കാരിക സമ്പന്നതകളുടെ വീരവാദങ്ങൾ മുഴക്കുന്നവർ ഓരോ യുദ്ധങ്ങളുടെയും പേരിൽ നടത്തിയ കൂട്ടക്കൊലകൾ ഞെട്ടിക്കുന്നതാണ്. ഇക്കാര്യങ്ങൾ ഈ ഗ്രന്ഥത്തിൽ വളരെ നല്ലനിലയിൽ വിവരിക്കുന്നു. കാര്യമായി പഠിക്കുകയും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ട വിഷയങ്ങളാണ്. അതെ! പ്രവാചക വചനങ്ങളും മാതൃകകളും മുന്നിൽ വെച്ചുകൊണ്ടുള്ള ഒരു ജീവിതമാണ് പ്രശ്‌നകലുഷിതമായ ആധുനിക ലോകത്തിന് ആവശ്യമുള്ളത്. ഇതിലൂടെ പരസ്പരം സ്‌നേഹസമാധാനങ്ങൾ നിറഞ്ഞ ഒരു അവസ്ഥയിലേക്ക് ലോകം മാറുന്നതും പിന്നീട് പരലോകത്തിൽ ഉത്തമവിജയങ്ങൾ ലഭിക്കുന്നതുമാണെന്ന് വിശ്വനായകൻ മുഹമ്മദുർറസൂലുല്ലാഹി ﷺഉണർത്തുന്നു.ഓരോ സംഭവങ്ങളിൽ നിന്നും സന്ദേശങ്ങൾ പറഞ്ഞുതരുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ മറ്റൊരു പ്രത്യേകത. പ്രഥമ വഹ്‌യിന്റെ കാലികപ്രസക്തി തുടങ്ങിയ ഭാഗങ്ങളിൽ ഇത് മിന്നിത്തിളങ്ങുന്നതാണ്. വഴികാട്ടുന്ന പ്രകാശം നിറഞ്ഞ വിളക്കായ മുഹമ്മദുർറസൂലുല്ലാഹിﷺയുടെ സുപ്രധാന സമ്പാദ്യമാണ് സ്വഹാബാ കിറാം. ഇതര പ്രവാചകവര്യന്മാർ റസൂലുല്ലാഹി ﷺയുടെ വേരാണെങ്കിൽ തിരുവൃക്ഷത്തിൽ നിന്നും മുളച്ച് പാകമായ പഴങ്ങളാണ് സ്വഹാബത്ത്. ഇവരെക്കുറിച്ചുള്ള പരാമർശത്തോടെ ഈ ഗ്രന്ഥം ഉപസംഹരിച്ചത് ഉജ്ജ്വലമായി. സ്വഹാബാ കിറാമിനെ അവഗണിക്കുന്ന പുത്തൻപ്രവണതയ്ക്കുള്ള നിശബ്ദമായ മറുപടി കൂടിയാണിത്. ചുരുക്കത്തിൽ മഹത്തായ ഈ രചനയിൽ നിന്നും ഞങ്ങൾക്ക് മനസ്സിലായ ചില കാര്യങ്ങൾ മാത്രമാണിത്. മാന്യഅനുവാചകർ ഗ്രന്ഥത്തിലേക്ക് കടക്കുക, റസൂലുല്ലാഹി ﷺയെ പഠിക്കുക, തിരുജീവിതം പകർത്തുക, ഇത് അമുസ്‌ലിം സഹോദരന്മാരടക്കം കഴിയുന്നവർക്കെല്ലാം എത്തിച്ചുകൊടുക്കുക. അല്ലാഹുവിന്റെ ആയിരമായിരം സ്വലാത്ത് സലാമുകൾ വിശ്വനായകൻ മുഹമ്മദുര്‍റസൂലുല്ലാഹി ﷺയുടെ മേലും എല്ലാ നബിമാരുടെ മേലും വർഷിക്കട്ടെ. മുഴുവൻ സ്വഹാബത്ത് ഔലിയാക്കളുടെ മേലും പൊരുത്തവും സ്‌നേഹവും ഉണ്ടാകട്ടെ. വിശിഷ്യ, ഈ അമൂല്യനിധികൾ നമുക്ക് എത്തിച്ചുതന്ന മഹത്തുക്കളെ അനുഗ്രഹിക്കട്ടെ! പ്രത്യേകിച്ച് മഹാനായ ശൈഖുനാ അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ്‌വിക്ക് ഉന്നത പ്രതിഫലങ്ങൾ കനിഞ്ഞരുളട്ടെ! ഈ അനുഗ്രഹീത സരണിയിൽ സഹായിച്ച എല്ലാ സുമനസ്സുകൾക്കും എല്ലാ അനുവാചകർക്കും പടച്ചവന്റെ പ്രത്യേക അനുഗ്രഹമായ പ്രവാചക തിരുമേനി ﷺയുമായി ശരിയായ ബന്ധവും ഇരുലോക വിജയവും നൽകട്ടെ. *************************
സയ്യിദ് ഹസനി അക്കാദമി
ദാറുല്‍ ഉലൂം, ഓച്ചിറ
ദാറുല്‍ ഉലൂം, ഓച്ചിറ
ബഹുമാന്യരെ, പ്രയോജനപ്രദമായ രചനകളുടെ പ്രസിദ്ധീകരണത്തിനും പ്രചാരണത്തിനും വേണ്ടി ആദരണീയ പ്രബോധകൻ മൗലാനാ സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി സ്ഥാപിച്ച ഒരു കേന്ദ്രമാണ് സയ്യിദ് ഹസനി അക്കാദമി. പടച്ചവന്റെ അനുഗ്രഹത്താൽ ചെറുതും വലുതുമായ ധാരാളം രചനകൾ ഇതിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ ഇതിന്റെ പ്രചാരണം വേണ്ട നിലയിൽ ആയിട്ടില്ല. അതിനുവേണ്ടി ഓരോ മാസവും ഓരോ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ദുൽ ഹജ്ജ് മാസം തിരുവനന്തപുരം ജില്ലയിലാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. സുമനസ്സുകളായ സഹോദരങ്ങൾ വീടുകളിലും ഇതര സ്ഥാപനങ്ങളിലും ചെറിയ ഒരു ലൈബ്രറി സ്ഥാപിച്ച് അക്കാദമിയുടെ രചനകൾ പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരെ പരിചയപ്പെടുത്തുകയും വിവാഹ വേളകളിലും മറ്റും ഉപഹാരം നൽകുകയും ചെയ്താൽ ഇത് വളരെ എളുപ്പമായ നിലയിൽ നടക്കുന്നതാണ്. ബുക്ക് സ്റ്റാളുകളും പർദ്ദ സ്റ്റാളുകളും നടത്തുന്ന സഹോദരങ്ങളെ പ്രേരിപ്പിച്ചാലും ഈ പ്രവർത്തനം പ്രയോജനപ്രദമായി നടക്കുന്നതാണ്. മാന്യ അനുവാചകർ ഈ വഴിയിൽ പരിശ്രമിക്കുകയും നിർമ്മാണാത്മ അഭിപ്രായങ്ങൾ നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.
****************
ബഹുമാന്യരെ, പ്രയോജനപ്രദമായ രചനകളുടെ പ്രസിദ്ധീകരണത്തിനും പ്രചാരണത്തിനും വേണ്ടി ആദരണീയ പ്രബോധകൻ മൗലാനാ സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി സ്ഥാപിച്ച ഒരു കേന്ദ്രമാണ് സയ്യിദ് ഹസനി അക്കാദമി. പടച്ചവന്റെ അനുഗ്രഹത്താൽ ചെറുതും വലുതുമായ ധാരാളം രചനകൾ ഇതിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ ഇതിന്റെ പ്രചാരണം വേണ്ട നിലയിൽ ആയിട്ടില്ല. അതിനുവേണ്ടി ഓരോ മാസവും ഓരോ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ദുൽ ഹജ്ജ് മാസം തിരുവനന്തപുരം ജില്ലയിലാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. സുമനസ്സുകളായ സഹോദരങ്ങൾ വീടുകളിലും ഇതര സ്ഥാപനങ്ങളിലും ചെറിയ ഒരു ലൈബ്രറി സ്ഥാപിച്ച് അക്കാദമിയുടെ രചനകൾ പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരെ പരിചയപ്പെടുത്തുകയും വിവാഹ വേളകളിലും മറ്റും ഉപഹാരം നൽകുകയും ചെയ്താൽ ഇത് വളരെ എളുപ്പമായ നിലയിൽ നടക്കുന്നതാണ്. ബുക്ക് സ്റ്റാളുകളും പർദ്ദ സ്റ്റാളുകളും നടത്തുന്ന സഹോദരങ്ങളെ പ്രേരിപ്പിച്ചാലും ഈ പ്രവർത്തനം പ്രയോജനപ്രദമായി നടക്കുന്നതാണ്. മാന്യ അനുവാചകർ ഈ വഴിയിൽ പരിശ്രമിക്കുകയും നിർമ്മാണാത്മ അഭിപ്രായങ്ങൾ നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.
****************
പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...
*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...
*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.
9961717102, 9387290079
*ദർസ് ബുഖാരി ശരീഫ്
-ല്‍ ലഭിക്കാൻ
+91 96339 15717
ക്ലാസുകൾ നയിക്കുന്നത്:
ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി
പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...
*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...
*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.
9961717102, 9387290079
*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ
+91 96339 15717
ക്ലാസുകൾ നയിക്കുന്നത്:
ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി