ഉള്ളടക്കം

* മുഖലിഖിതം

വിടവാങ്ങല്‍ പ്രഭാഷണം

മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി

* ജുമുഅ സന്ദേശം 

ജാരിയായി നിലനില്‍ക്കുന്ന സ്വദഖ

ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യാ (റ) 

* മആരിഫുല്‍ ഖുര്‍ആന്‍ 

റസൂലുല്ലാഹി (സ)യെ ഉപദ്രവിക്കരുത്, 

വാചകങ്ങള്‍ നന്നാക്കുക

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

* മആരിഫുല്‍ ഹദീസ്

ഖുർആൻ ഓതുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നവർക്കുള്ള പ്രതിഫലം

മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

********************************


മുഖലിഖിതം

വിടവാങ്ങല്‍ പ്രഭാഷണം 

മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി



അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി ﷺ ആദ്യം മക്കയിൽ പ്രബോധനം ആരംഭിച്ചു. സാഹചര്യം വളരെ പ്രതികൂലമായപ്പോൾ മദീനയിലേക്ക് പലായനം ചെയ്തു. എന്നാൽ വർഷങ്ങൾക്ക് ശേഷം മക്കാവിജയം സംഭവിച്ചു. അറേബ്യയിൽ ആകെ ശാന്തി പരക്കുകയും ഇസ്‌ലാം പ്രചരിക്കുകയും ചെയ്തു. ഇസ്‌ലാമിക പ്രബോധനം അറേബ്യയുടെ അതിർത്തി വിട്ട് കടന്ന് അനറബി അധികാരികളിലും അന്നത്തെ വൻ ശക്തികളിലും വരെ ചെന്നത്തി. മറുഭാഗത്ത് റസൂലുല്ലാഹി ﷺയുടെ നിയോഗ ദൗത്യം പൂർണ്ണമായെന്നും പ്രവാചകത്വത്തിന്റെ സൂര്യൻ അസ്തമിക്കാൻ പോകുന്നുവെന്നും റസൂലുല്ലാഹി ﷺയ്ക്ക് അദൃശ്യ സൂചന ലഭിച്ചു. ഇത്തരുണത്തിൽ ഹിജ്‌രി പത്താം വർഷം റസൂലുല്ലാഹി ﷺ ഹജ്ജിന് പുറപ്പെട്ടു. ഇത് ഹജ്ജ് ഫർളായ ശേഷം റസൂലുല്ലാഹി ﷺയുടെ പ്രഥമവും അന്ത്യമവുമായ ഹജ്ജായിരുന്നു. കൂടാതെ ഈ വർഷത്തെ ഹജ്ജ് അതിന്റെ യഥാസമയത്ത് നടക്കാനും സാഹചര്യം ഒരുങ്ങിയിരുന്നു. കാരണം കഴിഞ്ഞുപോയ ജാഹിലിയ്യാ ഘട്ടത്തിൽ ജനങ്ങൾ തീയതികൾ അവരുടെ സൗകര്യത്തിനനുസരിച്ച് മാറ്റിമറിച്ചതിനാൽ ഹജ്ജ് യഥാസമയത്തേക്കാൾ മുന്തുകയോ പിന്തുകയോ ചെയ്തിരുന്നു. ഇത് അറേബ്യയിൽ മുഴുവൻ പരന്നിരുന്ന മുസ്‌ലിംകൾക്ക് മുഴുവൻ റസൂലുല്ലാഹി ﷺയുമായി കണ്ടുമുട്ടാനും കൂട്ടത്തിൽ കഴിയാനുമുള്ള ഒരു അവസാന അവസരം കൂടിയായിരുന്നു. ഈ കാരണത്താൽ സഹാബികളെല്ലാവരും ഈ യാത്രയിൽ പങ്കെടുക്കുകയുണ്ടായി. റസൂലുല്ലാഹി ﷺയും ഈ യാത്രയുടെ പ്രാധാന്യം കണ്ടുകൊണ്ട് വിവിധ സന്ദർഭങ്ങളിലായി പ്രത്യേക പ്രഭാഷണങ്ങളും നടത്തി. ഇതിൽ ഏറ്റവും വിശദമായ പ്രഭാഷണം ദുൽഹജ്ജ് ഒമ്പതിന് അറഫ ദിനം ജബൽ റഹ്മത്തിന്റെ അരികിൽ വെച്ച് ഒട്ടകപ്പുറത്ത് നിന്ന് നടത്തിയ പ്രഭാഷണമാണ്. ഈ സന്ദർഭത്തിൽ ഒരു ലക്ഷത്തോളം സത്യവിശ്വാസികൾ റസൂലുല്ലാഹി ﷺയുടെ ചുറ്റുമുണ്ടായിരുന്നു. റബീഅ ബിൻ ഉമയ്യ (റ) റസൂലുല്ലാഹി ﷺ പറഞ്ഞ കാര്യങ്ങൾ ശബ്ദത്തിൽ ഉച്ചരിച്ച് ജനങ്ങൾക്ക് എത്തിച്ച് കൊടുത്തു. ഇസ്‌ലാമിക ജീവിതത്തിന്റെ സമ്പൂർണ്ണ ചിത്രം വരച്ചുകാട്ടുന്ന ഈ പ്രഭാഷണം പരസ്പര ബന്ധം, പ്രതിക്രിയ നിയമങ്ങൾ, സാമ്പത്തിക വിഷയങ്ങൾ, പടച്ചവന്റെ ഏകത്വം, മാനവ ഐക്യം, അടിമകളുടെയും സ്ത്രീകളുടെയും കടമകളുടെ പ്രാധാന്യം, അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ മുതലായവ പരാമർശിക്കുന്നു. അതെ, ഇസ്‌ലാമിക ജീവിത വ്യവസ്ഥിതിയുടെ അതിസുന്ദരമായ ഒരു ചിത്രീകരണമാണിത്. കടൽ കുടത്തിൽ എന്നതുപോലെ ചുരുങ്ങിയ വാക്കുകളിൽ വിശാലമായ വിഷയങ്ങൾ റസൂലുല്ലാഹി ﷺ ഇതിൽ സമാഹരിച്ചിരിക്കുന്നു. വിവിധ ഹദീസുകളിൽ വന്നിട്ടുള്ള പ്രസ്തുത പ്രഭാഷണം ഇവിടെ പ്രത്യേക ക്രമീകരണത്തിൽ ഉദ്ധരിക്കുന്നു: 
സർവ്വ സ്തുതിയും അല്ലാഹുവിനാകുന്നു. പടച്ചവനെ സ്തുതിയ്ക്കുകയും സഹായം ഇരക്കുകയും പാപമോചനം തേടുകയും പശ്ചാത്തപിയ്ക്കുകയും മനസ്സിന്റെ തിന്മകളും പാപങ്ങളും വർജ്ജിക്കാൻ ഉതവി നൽകണമേ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. പടച്ചവൻ സന്മാർഗ്ഗം കൊടുത്തവനെ ആരും വഴിപിഴപ്പിക്കുന്നതല്ല. പടച്ചവൻ വഴി പിഴപ്പിച്ചവനെ ആരും സന്മാർഗ്ഗത്തിലാക്കുന്നതല്ല. അല്ലാഹു അല്ലാതെ ആരാധനയ്ക്കർഹൻ ആരുമില്ലെന്നും പടച്ചവൻ പങ്കുകാരാരും ഇല്ലാത്തവനാണെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. പടച്ചവന്റെ ദാസന്മാരെ, പടച്ചവനോട് ഭയഭക്തി പുലർത്തണമെന്ന് ഞാൻ നിങ്ങളെ ആത്മാർത്ഥമായി ഉപദേശിക്കുന്നു. പടച്ചവനെ പരിപൂർണ്ണമായി അനുസരിക്കണമെന്ന് ഞാൻ നിങ്ങളോട് ഉണർത്തുന്നു. 
പ്രാരംഭ കാര്യങ്ങൾക്ക് ശേഷം, ജനങ്ങളേ, ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് കേൾക്കുക. അതിലൂടെ നിങ്ങൾക്ക് സുന്ദരമായ ജീവിതം ലഭിയ്ക്കുന്നതാണ്. ഞാൻ നിങ്ങളോട് ചില കാര്യങ്ങൾ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു. കാരണം ഇതിന് ശേഷം ഈ സ്ഥലത്ത് ഞാൻ നിങ്ങളെ കണ്ടുമുട്ടുമോ എന്ന് എനിയ്ക്ക് അറിയില്ല. സഹോദരങ്ങളേ, മസീഹുദ്ദജ്ജാലിനെ (ദീനിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന മഹാനാശത്തെ) നിങ്ങൾ സൂക്ഷിയ്ക്കുക. ഈ ലോകത്ത് വന്ന പ്രവാചകന്മാർ എല്ലാം സമുദായത്തോട് ഇതിനെക്കുറിച്ച് ഉണർത്തിയിട്ടുണ്ട്. നൂഹ് നബി (അ)യും ശേഷമുള്ള നബിമാരും അവരുടെ സമുദായത്തെ ഇതിനെക്കുറിച്ച് ഉണർത്തുകയുണ്ടായി. അവൻ നിങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെട്ടാൽ അവന്റെ കാര്യങ്ങൾ നിങ്ങൾക്ക് അവ്യക്തമാകുന്നതല്ല. അതെ, അവൻ ഒരു കണ്ണ് ഇല്ലാത്തവനാണ്. എന്നാൽ നിങ്ങളുടെ രക്ഷിതാവ് ഏതെങ്കിലും ന്യൂനതയുള്ളവനല്ല. ജനങ്ങളേ, ഇത് ഏത് ദിവസമാണ്? സഹാബത്ത് പറഞ്ഞു: ആദരണീയ ദിവസമാണ്. റസൂലുല്ലാഹി ﷺ ചോദിച്ചു: ഇത് ഏത് നാടാണ്? സഹാബത്ത് പറഞ്ഞു: ആദരണീയമായ നാടാണ്. റസൂലുല്ലാഹി ﷺ ചോദിച്ചു: ഏത് മാസമാണ്? സഹാബത്ത് പറഞ്ഞു: ആദരണീയമായ മാസമാണ്. റസൂലുല്ലാഹി ﷺ അരുളി: ഈ ദിവസത്തിനും മാസത്തിനും നാടിനും ആദരവുള്ളതുപോലെ പടച്ചവനെ കണ്ടുമുട്ടുന്നതുവരെ നിങ്ങളുടെ രക്തവും സമ്പത്തും അഭിമാനവും ആദരണീയമാണ്. അടുത്ത് തന്നെ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ കണ്ടുമുട്ടുന്നതും എന്നെക്കുറിച്ച് നിങ്ങളോട് ചോദിക്കപ്പെടുന്നതുമാണ്. ഞാൻ നിങ്ങൾക്ക് പടച്ചവന്റെ സന്ദേശങ്ങൾ എത്തിച്ച് തന്നില്ലേ? സഹാബത്ത് പറഞ്ഞു: അതെ, എത്തിച്ച് തന്നു. റസൂലുല്ലാഹി ﷺ അരുളി: പടച്ചവനേ, നീ ഇതിന്റെ സാക്ഷിയാകണേ. 
ആരുടെയെങ്കിലും പക്കൽ വല്ലവരുടെയും സൂക്ഷിപ്പ് മുതൽ ഉണ്ടെങ്കിൽ അവകാശികൾക്ക് എത്തിച്ച് കൊടുക്കുക. കടം പൂർണ്ണമായി കൊടുത്ത് വീടുക. ഇരവ് വാങ്ങിയ വസ്തു മടക്കിക്കൊടുക്കുക. പാൽ ഉപയോഗിക്കാൻ അനുമതി നൽകപ്പെട്ട മൃഗം ഉപയോഗത്തിന് ശേഷം ഉടമസ്ഥർക്ക് തിരിച്ച് കൊടുക്കുക. വല്ല ഉത്തരവാദിത്വങ്ങളും ഏറ്റെടുത്താൽ അത് നിർവ്വഹിക്കേണ്ടതാണ്. അറിയുക, ജാഹിലിയ്യാ കാലത്തുള്ള സർവ്വ കാര്യങ്ങളും എന്റെ കാൽക്കീഴിൽ കുഴിച്ച് മൂടുന്നു. എല്ലാ പലിശ ഇടപാടുകളും അസ്ഥിരപ്പെടുത്തുന്നു. എന്നാൽ അടിസ്ഥാന തുക തിരിച്ച് വാങ്ങാവുന്നതാണ്. നിങ്ങൾ ആരോടും അക്രമം ചെയ്യരുത്. നിങ്ങളുടെ മേൽ അക്രമം ഉണ്ടാകാനും അനുവദിക്കരുത്. അല്ലാഹു പലിശ ഇടപാട് നിഷിദ്ധമാക്കിയിരിക്കുന്നു. ഞാൻ അസ്ഥിരപ്പെടുത്തുന്ന പ്രഥമ പലിശ എന്റെ പിതൃവ്യൻ അബ്ബാസുബ്‌നു അബ്ദുൽ മുത്തലിബിന് ലഭിക്കാനുള്ള പലിശയാണ്. ജാഹിലീ യുഗത്തിലെ രക്തങ്ങളും അസാധുവാക്കപ്പെട്ടിരിക്കുന്നു. ഞാൻ ആദ്യമായി അസാധുവാക്കുന്ന രക്തം എന്റെ കുടുംബത്തിലെ ഒരു വ്യക്തിയായ ആമിറുബ്‌നു റബീഅയുടെ രക്തമാണ്. അദ്ദേഹത്തെ ഹുദൈൽ ഗോത്രക്കാർ വധിക്കുകയുണ്ടായി. 
അറിയുക: ജാഹിലിയ്യാ കാലഘട്ടത്തിലെ മുഴുവൻ ദുരാചാരങ്ങളും രക്തത്തിന്റെയും സമ്പത്തിന്റെയും ജലത്തിന്റെയും മറ്റും പ്രതികാരങ്ങളും എന്റെ രണ്ട് കാലുകൾക്കടിയിൽ വെച്ച് ഞാൻ അവയെ ദുർബലമാക്കുന്നു. എന്നാൽ പടച്ചവന്റെ ഈ ഭവനത്തിന്റെ മേൽ നോട്ടത്തിന്റെയും തീർത്ഥാടകർക്കുള്ള സേവനത്തിന്റെയും സ്ഥാനം അതിന്റെ ആളുകളെ തന്നെ ഞാൻ ഏൽപ്പിക്കുന്നു. ഇനി ആരെയെങ്കിലും മന:പ്പൂർവ്വം വധിച്ചാൽ പ്രതിക്രിയ നടത്തപ്പെടുന്നതാണ്. വധിക്കാൻ ഉദ്ദേശിക്കാതെ വടികൊണ്ട് അടിയ്ക്കുകയോ മറ്റോ ചെയ്തപ്പോൾ മരണം സംഭവിച്ചാൽ നൂറ് ഒട്ടകം പരിഹാരമായി നൽകേണ്ടതാണ്. ഇതിൽ പരിധിലംഘിക്കുന്നവർ വിവരം കെട്ടവരാണ്. ഞാൻ പടച്ചവന്റെ സന്ദേശം എത്തിച്ച് തന്നില്ലേ? പടച്ചവനേ, ഈ പറയുന്ന കാര്യങ്ങൾക്ക് നീ സാക്ഷിയാകേണമേ. 
ഖുറൈശികളേ, നാളെ വിചാരണ ദിനത്തിൽ നിങ്ങൾ ഭൗതിക ബാധ്യതകളെയും മറ്റ് ജനങ്ങൾ പരലോക ലാഭങ്ങളെയും വഹിച്ചുകൊണ്ടു വരുന്ന അവസ്ഥയുണ്ടാകാതരിക്കട്ടെ. അങ്ങനെ ഉണ്ടായാൽ എന്നെക്കൊണ്ട്  നിങ്ങൾക്ക് ഒരു പ്രയോജനവും ഉണ്ടാകുന്നതല്ല. ഖുറൈശികളേ, ജാഹിലിയ്യാ കാലഘട്ടത്തിലെ വീമ്പ് പറച്ചിലും പിതാക്കന്മാരുടെ പേരുകളിലുള്ള അഹങ്കാര പ്രകടനങ്ങളും ഞാൻ നിങ്ങളിൽ നിന്നും ഇല്ലാതാക്കിയിരിക്കുന്നു. 
ജനങ്ങളേ, നിങ്ങൾ എല്ലാവരുടെയും പടച്ചവൻ ഏകനാണ്. പിതാവും ഒന്നാണ്. നിങ്ങൾ എല്ലാവരും ആദമിന്റെ മക്കളാണ്. ആദം മണ്ണിൽ നിന്നും പടയ്ക്കപ്പെട്ടു. അല്ലാഹു അറിയിക്കുന്നു: അല്ലയോ ജനങ്ങളേ, ഒരു പുരുഷനിൽ നിന്നും സ്ത്രീയിൽ നിന്നും നിങ്ങളെ നാം പടച്ചു. നിങ്ങൾ പരസ്പരം തിരിച്ചറിയുന്നതിന് നിങ്ങളെ ജനതകളും ഗോത്രങ്ങളുമായി നാം വീതിച്ചു. നിങ്ങളിൽ അല്ലാഹുവിങ്കൽ ഏറ്റവും ആദരണീയൻ ഏറ്റവും കൂടുതൽ ഭയഭക്തിയുള്ളവനാണ്. തീർച്ചയായിട്ടും അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (ഹുജുറാത്ത് 13)
അറബിയ്ക്ക് അനറബിയേക്കാളും അനറബിയ്ക്ക് അറബിയേക്കാളും വെളുത്തവന് കറുത്തവനേക്കാളും കറുത്തവന് വെളുത്തവനേക്കാളും യാതൊരു മഹത്വവുമില്ല. എന്നാൽ ഭയഭക്തികൊണ്ട് മാത്രം മഹത്വം ലഭിക്കുന്നതാണ്. കേൾക്കുക: ഞാൻ പടച്ചവന്റെ സന്ദേശം എത്തിച്ച് തന്നില്ലേ? അല്ലാഹുവേ, നീ ഇതിന് സാക്ഷിയാകണേ. 
ഈ ഭൂമിയിൽ എപ്പോഴെങ്കിലും പിശാച് ആരാധിക്കപ്പെടുന്നതിൽ നിന്നും പിശാച് നിരാശപ്പെട്ടിരിക്കുന്നു. എന്നാൽ നിങ്ങൾ നിസ്സാരമായി കാണുന്ന പാപങ്ങളിലൂടെ നിങ്ങൾ അവനെ അനുസരിക്കുമെന്ന് അവന് പ്രതീക്ഷയുണ്ട്. ആകയാൽ പിശാചിൽ നിന്നും ജാഗ്രത പുലർത്തുക. 
ജനങ്ങളേ, മാസത്തെ മാറ്റിമറിയ്ക്കുന്നത് നിഷേധമാണ്. നിഷേധികൾ അതുവഴി വഴി തെറ്റുകയുണ്ടായി. അവർ എണ്ണം തികയ്ക്കുന്നതിന് വേണ്ടി ഒരു മാസത്തെ ചിലപ്പോൾ അനുവദനീയമാക്കുകയും മറ്റൊരു മാസത്തെ നിഷിദ്ധമാക്കുകയും ചെയ്തു. ഒരു വർഷത്തിൽ മുഹർറം മാസത്തെ അനുവദനീയമാക്കുകയും സഫറിനെ നിഷിദ്ധമാക്കുകയും ചെയ്തിരുന്നു. ഇപ്രകാരം മാസങ്ങളെ അവർ കൂട്ടിക്കുഴച്ചു. എന്നാൽ ഇപ്പോൾ കാലഘട്ടം കറങ്ങിത്തിരിഞ്ഞ് അല്ലാഹു ആദ്യം പടച്ച രീതിയിൽ നേരെയായി വന്നിരിക്കുകയാണ്. ഇതിൽ നാല് മാസങ്ങൾ യുദ്ധം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. ദുൽഖഅദ, ദുൽ ഹിജ്ജ, മുഹർറം എന്നീ മാസങ്ങളും ജമാദുൽ ആഖിർ, ശഅബാൻ മാസങ്ങൾക്കിടയിലുള്ള റജബ് മാസവും. ഇത് പണ്ടുമുതൽക്കേയുള്ള മാർഗ്ഗമാണ്. ആകയാൽ നിങ്ങൾ പരസ്പരം അക്രമം കാണിക്കരുത്. കേൾക്കുക: ഞാൻ പടച്ചവന്റെ സന്ദേശം എത്തിച്ച് തന്നില്ലേ? അല്ലാഹുവേ, നീ ഇതിന് സാക്ഷിയാകണേ.
ജനങ്ങളേ, നിങ്ങൾക്ക് നിങ്ങളുടെ സ്ത്രീളോടും അവർക്ക് നിങ്ങളോടും ചില കടമകളുണ്ട്. നിങ്ങളുടെ വിരിപ്പിൽ മറ്റാരെയും ഇരുത്താതിരിക്കലും നിങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ നിങ്ങളുടെ അനുവാദമില്ലാതെ നിങ്ങളുടെ വീട്ടിൽ പ്രവേശിപ്പിക്കാതിരിക്കലും വ്യക്തമായ തിന്മകൾ ചെയ്യാതിരിക്കലും നന്മകളിൽ നിങ്ങളോട് അനുസരണക്കേട് കാട്ടാതിരിക്കലും നിങ്ങളോടുള്ള കടമകളാണ്. അവരിൽ നിന്നും അനുസരണക്കേട് ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ ആദ്യം അവർക്ക് കാര്യം മനസ്സിലാക്കിക്കൊടുക്കുക. ശേഷം കിടപ്പ് സ്ഥാനങ്ങളിൽ മാറിക്കിടക്കുക. പിന്നീട് ബുദ്ധിമുട്ടുണ്ടാക്കാത്ത ശിക്ഷ നൽകുക. ഇതിലൂടെ അവർ തിന്മയിൽ നിന്നും പിന്മാറുകയും നന്മകളിൽ അനുസരിക്കുകയും ചെയ്താൽ അവർക്ക് ഉത്തമമായ നിലയിൽ ആഹാര വസ്ത്രങ്ങൾ നിങ്ങൾ നൽകേണ്ടതാണ്. സ്ത്രീകൾ നിങ്ങൾക്ക് വേണ്ടി ജീവിക്കുന്നവരാണെന്ന് ഓർക്കുക. പടച്ചവൻ അവരെ നിങ്ങളുടെ കരങ്ങളിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചിരിക്കുന്നു. ആകയാൽ സ്ത്രീകളുടെ വിഷയത്തിൽ അല്ലാഹുവിനെ ഭയപ്പെടുക. അവരോട് നല്ലനിലയിൽ വർത്തിക്കണമെന്ന എന്റെ ഉപദേശം സ്വീകരിക്കുക. 
നിങ്ങളുടെ ഉടമസ്ഥതയിലായി കഴിയുന്നവരെ പ്രത്യേകം പരിഗണിക്കുക. നിങ്ങൾ ഭക്ഷിക്കുന്നതും ധരിക്കുന്നതും അവരെയും ഭക്ഷിപ്പിക്കുകയും ധരിപ്പിക്കുകയും ചെയ്യുക. നിങ്ങൾക്ക് മാപ്പാക്കാൻ പറ്റാത്ത കുറ്റങ്ങൾ വല്ലതും ഉണ്ടായാൽ നിങ്ങൾ അവരെ മറ്റാർക്കെങ്കിലും കൈമാറ്റം ചെയ്യുക. പടച്ചവന്റെ ദാസന്മാരെ, നിങ്ങൾ അവരെ നിന്ദ്യമായി ശിക്ഷിക്കരുത്. കേൾക്കുക: ഞാൻ പടച്ചവന്റെ സന്ദേശം എത്തിച്ച് തന്നില്ലേ? അല്ലാഹുവേ, നീ ഇതിന് സാക്ഷിയാകണേ.
ജനങ്ങളേ, നിങ്ങളുടെ നേതൃത്വം പറയുന്നത് കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. അവർ മൂക്ക് മുറിഞ്ഞ കറുത്ത അടിമയാണെങ്കിലും നിങ്ങളുടെ വിഷയത്തിൽ പടച്ചവന്റെ ഗ്രന്ഥം അനുസരിച്ച് വിധിക്കുന്നതുവരെ നിങ്ങൾ അവരെ അനുസരിക്കുക. കേൾക്കുക: ഞാൻ പടച്ചവന്റെ സന്ദേശം എത്തിച്ച് തന്നില്ലേ? അല്ലാഹുവേ, നീ ഇതിന് സാക്ഷിയാകണേ. ഞാൻ നിങ്ങൾക്കിടയിൽ വളരെ വ്യക്തമായ ഒരു കാര്യം വിട്ടിട്ട് പോകുന്നു. നിങ്ങൾ അതിനെ മുറുകെ പിടിക്കുകയാണെങ്കിൽ നിങ്ങൾ ഒരിക്കലും വഴികെടുന്നതല്ല. അത് പടച്ചവന്റെ ഗ്രന്ഥവും പ്രവാചകന്റെ ചര്യയുമാണ്. ഇവ രണ്ടും ജീവിതത്തിൽ പകർത്തുക. 
ജനങ്ങളേ, കേൾക്കുക: ഞാൻ പടച്ചവന്റെ സന്ദേശം എത്തിച്ച് തന്നില്ലേ? അല്ലാഹുവേ, നീ ഇതിന് സാക്ഷിയാകണേ. ശ്രദ്ധിക്കുക: നിങ്ങൾ പരസ്പരം സഹോദരങ്ങളാണ്. സഹോദരന്റെ സമ്പത്ത് സംതൃപ്തിയോടെ നൽകിയാൽ അല്ലാതെ നിങ്ങൾക്ക് അത് അനുവദനീയമാകുന്നതല്ല. നിങ്ങൾ പരസ്പരം ശത്രുത കാട്ടരുത്. അറിയുക: ഭർത്താവിന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ സമ്പത്തിൽ നിന്നും ആരും ദാനം ചെയ്യാൻ പാടുള്ളതല്ല. കേൾക്കുക: ഞാൻ പടച്ചവന്റെ സന്ദേശം എത്തിച്ച് തന്നില്ലേ? അല്ലാഹുവേ, നീ ഇതിന് സാക്ഷിയാകണേ.
അറിയുക: എനിയ്ക്ക് ശേഷം നിങ്ങൾ പരസ്പരം കഴുത്ത് വെട്ടിക്കൊണ്ട് നിഷേധത്തിലേക്ക് തിരിയരുത്. കേൾക്കുക: ഞാൻ പടച്ചവന്റെ സന്ദേശം എത്തിച്ച് തന്നില്ലേ? അല്ലാഹുവേ, നീ ഇതിന് സാക്ഷിയാകണേ.
ജനങ്ങളേ, തീർച്ചയായും അല്ലാഹു ഓരോ അവകാശികൾക്കും അവകാശം നിശ്ചയിച്ചിരിക്കുന്നു. എല്ലാ അനന്തരവകാശികൾക്കും അവരുടെ ഓഹരി തീരുമാനിച്ച് കഴിഞ്ഞു. ആകയാൽ അനന്തരവകാശിയ്ക്ക് വേണ്ടി സമ്പത്ത് വസിയ്യത്ത് ചെയ്യരുത്. മറ്റുള്ളവർക്ക് വസിയ്യത്ത് ചെയ്യാമെങ്കിലും അത് മൂന്നിലൊന്നിനേക്കാൾ കൂടാനും പാടില്ല. 
അറിയുക: വ്യഭിചാരത്തിലൂടെ ഉണ്ടായ കുട്ടി മാതാവിലേക്ക് ചേർക്കപ്പെടുന്നതാണ്. വ്യഭിചാരിയ്ക്ക് ഒന്നും ലഭിക്കുന്നതല്ല. പടച്ചവന്റെ അരികിൽ അവന് വിചാരണയുണ്ടായിരിക്കും. ഓർക്കുക: സ്വന്തം പിതാവിനെ അവഗണിച്ച് മറ്റൊരാളെ പിതാവെന്ന് പറയുകയോ ഉടമയെ തള്ളിപ്പറഞ്ഞ് മറ്റൊരാളെ ഉടമയെന്ന് വാദിക്കുകയോ ചെയ്യുന്നവരുടെ മേൽ പടച്ചവന്റെയും മലക്കുകളുടെയും മുഴുവൻ മനുഷ്യരുടെയും ശാപം ഉണ്ടാകുന്നതാണ്. അല്ലാഹു അവന്റെ നിർബന്ധവും ഐശ്ചികവുമായ ഒരു നന്മയും സ്വീകരിക്കുന്നതല്ല. അറിയുക: ഓരോ പാപവും പാപം ചെയ്തവൻ തന്നെ വഹിക്കുന്നതാണ്. പിതാവിന്റെ പാപം മക്കളുടെയും മക്കളുടെ പാപം പിതാവിന്റെയും മേൽ ചുമത്തപ്പെടുന്നതല്ല. ജനങ്ങളേ, എനിയ്ക്ക് ശേഷം പുതിയൊരു പ്രവാചകൻ വരുന്നതല്ല. നിങ്ങൾക്ക് ശേഷം പുതിയൊരു സമുദായം ഉണ്ടാകുന്നതുമല്ല. എന്റേതല്ലാത്ത സർവ്വ നബിമാരുടെയും പ്രബോധനം അവസാനിച്ചിരിക്കുന്നു. എല്ലാ നബിമാരും അനുയായികളുടെ എണ്ണത്തിൽ സന്തോഷിക്കുന്നതാണ്. നിങ്ങൾ എന്നെ ദു:ഖിപ്പിക്കരുത്. കൗസർ തടാകത്തിന്റെ കവാടത്തിൽ ഞാൻ നിങ്ങളെ പ്രതീക്ഷിക്കുന്നതാണ്. 
കേൾക്കുക: നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുക, അഞ്ച് നേരം നമസ്‌കരിക്കുക, റമളാനിൽ നോമ്പ് അനുഷ്ടിക്കുക, സന്തുഷ്ട മനസ്സോടെ സകാത്ത് കൊടുക്കുക, രക്ഷിതാവിന്റെ വീട്ടിൽ പോയി ഹജ്ജ് നിർവ്വഹിക്കുക, നേതൃത്വത്തെ അനുസരിക്കുക. എന്നാൽ നിങ്ങളുടെ രക്ഷിതാവിന്റെ സ്വർഗ്ഗത്തിൽ നിങ്ങൾ പ്രവേശിക്കുന്നതാണ്. അധികമായി ദാനധർമ്മം ചെയ്യുക. ഈ വർഷത്തിന് ശേഷം നിങ്ങൾ എന്നെ കാണുമോയെന്ന് അറിയുകയില്ല. 
യഥാർത്ഥ മുസ്‌ലിം ആരാണെന്ന് ഞാൻ പറഞ്ഞുതരട്ടെ: സഹോദരങ്ങൾ നാവിൽ നിന്നും കൈയ്യിൽ നിന്നും സുരക്ഷിതരായവരാണ് യഥാർത്ഥ മുസ്‌ലിം! യഥാർത്ഥ മുഅ്മിൻ ആരാണെന്ന് അറിയാമോ? ജനങ്ങൾ അവരുടെ സമ്പത്തിലും ജീവനിലും നിർഭയരായവരാണ് യഥാർത്ഥ മുഅ്മിൻ. യഥാർത്ഥ മുഹാജിർ, അല്ലാഹു നിഷിദ്ധമാക്കിയ തിന്മകൾ വർജ്ജിച്ചവരാണ്. യഥാർത്ഥ മുജാഹിദ് പടച്ചവന് പൊരുത്തമായ കാര്യങ്ങളിൽ സ്വന്തം മനസ്സിനോട് പോരാടുന്നവനാണ്. ഇന്നേ ദിവസത്തേത് പോലെ സർവ്വ ദിവസങ്ങളിലും സഹോദരങ്ങളുടെ എല്ലാമെല്ലാം ആദരണീയമാണ്. സഹോദരങ്ങളുടെ സമ്പത്ത് ഉപയോഗിക്കുന്നതും അവരെ ഉപദ്രവിക്കുന്നതും നിന്ദിക്കുന്നതും അഭിമാനക്ഷതം വരുത്തുന്നതും മുഖത്തടിക്കുന്നതും നിഷിദ്ധമാണ്. 
ഓർക്കുക: എന്നോടും നിങ്ങളോടും നാളെ ചോദ്യമുണ്ടാകും. എന്നെക്കുറിച്ച് ചോദിക്കപ്പെടുമ്പോൾ നിങ്ങൾ എന്ത് പറയും? സഹാബത്ത് പറഞ്ഞു: അല്ലാഹു താങ്കൾക്ക് സമുന്നത പ്രതിഫലം നൽകട്ടെ. താങ്കൾ പടച്ചവന്റെ സർവ്വ സന്ദേശങ്ങളും എത്തിച്ച് തന്നുവെന്നും കർത്തവ്യം നിർവ്വഹിച്ചുവെന്നും ഗുണകാംഷ പുലർത്തിയെന്നും ഞങ്ങൾ സാക്ഷ്യം വഹിക്കുന്നതാണ്. റസൂലുല്ലാഹി ﷺ അരുളി: അല്ലാഹു മാത്രമാണ് ആരാധനയ്ക്ക് അർഹനെന്നും, മുഹമ്മദ് അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്നും, സ്വർഗ്ഗ-നരകങ്ങൾ സത്യമാണെന്നും, ലോകാവസാനം തീർച്ചയായും വരുന്നതാണെന്നും, മരിച്ചവരെയെല്ലാം അല്ലാഹു ജീവിപ്പിക്കുന്നതാണെന്നും നിങ്ങൾ സാക്ഷ്യം വഹിക്കുക. സഹാബത്ത് പറഞ്ഞു: ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു. തദവസരം ചൂണ്ട് വിരൽ ആകാശത്തേക്ക് ഉയർത്തുകയും ജനങ്ങളിലേക്ക് താഴ്ത്തുകയും ചെയ്തുകൊണ്ട് റസൂലുല്ലാഹി ﷺ മൂന്ന് പ്രാവശ്യം അരുളി: അല്ലാഹുവേ, നീ സാക്ഷിയാകണേ!
ജനങ്ങളേ, ഞാൻ കൗസർ തടാകത്തിലേക്ക് ആദ്യമായി എത്തിച്ചേരുന്നതാണ്. ശേഷം നിങ്ങളും അവിടേക്ക് വരുന്നതാണ്. അതിന്റെ വീതി വളരെ കൂടുതലാണ്. അതിന്റെ വെള്ളികൊണ്ടുള്ള പാത്രങ്ങൾ താരങ്ങൾക്ക് തുല്യമാണ്. നിങ്ങൾ എന്റെ അരികിൽ വരുമ്പോൾ ഭാരമുള്ള രണ്ട് കാര്യങ്ങളെക്കുറിച്ച് നിങ്ങളോട് ചോദ്യമുണ്ടാകുന്നതാണ്. അതുകൊണ്ട് എനിയ്ക്ക് ശേഷം അവ രണ്ടിനോടുമുള്ള നിങ്ങളുടെ പെരുമാറ്റം എന്തായിരിക്കുമെന്ന് നിങ്ങൾ ശ്രദ്ധിക്കുക. ഭാരമുള്ള ഒരു കാര്യം അല്ലാഹുവിന്റെ ഗ്രന്ഥമാണ്. അതിന്റെ ഒരറ്റം പടച്ചവന്റെ പക്കലും അടുത്ത അറ്റം നിങ്ങളുടെ അരികിലുമാണ്. ആകയാൽ അതിനെ മുറുകെ പിടിക്കുക. അതിന്റെ മാർഗ്ഗത്തിൽ നിന്നും തെറ്റരുത്. ഭാരമുള്ള മറ്റൊരു കാര്യം എന്റെ കുടുംബമാണ്. അല്ലാഹുവിന്റെ ഗ്രന്ഥവും പ്രവാചക കുടുംബവും എന്റെ കൗസർ തടാകത്തിനരികിൽ എത്തുന്നതുവരെ വിട്ട് പിരിയുന്നതല്ലെന്ന് പടച്ചവൻ എന്നെ അറിയിച്ചിരിക്കുന്നു.
ഇപ്പോൾ ഇവിടെയുള്ളവർ ഈ സന്ദേശങ്ങൾ ഇവിടെ ഇല്ലാത്തവർക്ക് എത്തിച്ച് കൊടുക്കട്ടെ. എത്തിച്ച് കൊടുക്കപ്പെടുന്നവർ നേരിട്ട് കേൾക്കുന്നവരേക്കാൾ കാര്യങ്ങളെ സൂക്ഷിക്കുന്നവരാകാൻ സാധ്യതയുണ്ട്. കേൾക്കുക: ഞാൻ പടച്ചവന്റെ സന്ദേശം എത്തിച്ച് തന്നില്ലേ? അല്ലാഹുവേ, നീ ഇതിന് സാക്ഷിയാകണേ. നിങ്ങളുടെ മേൽ പടച്ചവന്റെ രക്ഷാകാരുണ്യങ്ങൾ വർഷിക്കട്ടെ! 
സമുന്നതവും ആശയ സമ്പുഷ്ടവും വികാര സമ്പൂർണ്ണവുമായ ഒരു പ്രഭാഷണമാണിത്. ഹിജ്‌രി പത്താം വർഷം ദുർഹജ്ജ് ഒമ്പതിന് അറഫാത്തിൽ വെച്ച് റസൂലുല്ലാഹി ﷺ നടത്തിയ ഈ പ്രഭാഷണത്തിൽ വ്യക്തിപരം, സാമൂഹികം, സ്രഷ്ടാവിനോടുള്ള കടമകൾ, സൃഷ്ടികളോടുള്ള ബാധ്യതകൾ എന്നിങ്ങനെ സുപ്രധാന വിഷയങ്ങളെല്ലാം അത്ഭുതകരമായി അടങ്ങിയിരിക്കുന്നു. മുഴുവൻ ജനങ്ങൾക്കും മാർഗ്ഗ ദർശനം നൽകുന്ന ഈ പ്രഭാഷണം സർവ്വ കാലത്തേക്കും പ്രകാശം നൽകുന്ന ഒരു ദീപസ്തഭം തന്നെയാണ്. കൂടാതെ, ഈ പ്രഭാഷണം മനുഷ്യാവകാശങ്ങൾ വിളംബരം ചെയ്യുന്ന സമ്പൂർണ്ണമായ കർമ്മ പദ്ധതി കൂടിയാണ്. മുഴുവൻ മനുഷ്യരുടെയും ജീവനും സമ്പത്തും അഭിമാനവും സുരക്ഷിതമായിരിക്കുമെന്നും സ്ത്രീകളോടും അടിമകളോടും സർവ്വ ജനങ്ങളോടും ഉത്തമമായ നിലയിൽ വർത്തിക്കണമെന്നും ഉണർത്തുന്ന ഈ പ്രഭാഷണം ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവരെല്ലാം പഠിക്കുകയും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടതാണ്.

(മുഹമ്മദ് നബി എന്ന രചനയില്‍ നിന്നും)



                                    *******************************



ജുമുഅ സന്ദേശം

All India Muslim Personal Law Board

ജാരിയായി നിലനില്‍ക്കുന്ന സ്വദഖ 

ശൈഖുല്‍ ഹദീസ് അല്‍ ഹാഫിള്
മൗലാനാ മുഹമ്മദ് സകരിയ്യാ (റ)

١٩) عَنْ أَبِي هُرَيْرَةَ هُ قَالَ قَالَ رَسُولُ اللَّهِ لا إِذَا مَاتَ الْإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلَّا مِنْ ثَلَاثَةٍ إِلَّا مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ - رواه مسلم كذا في المشكوة قلت و أبو داود والنسائي وغيرهما


റസൂലുല്ലാഹി അരുളിയിരിക്കുന്നു: “മനുഷ്യൻ മരണപ്പെട്ടു പോയാൽ മൂന്ന് അമലുകളൊഴിച്ചുള്ള അവന്റെ അമലുകളുടെ സവാബ് അവസാനിച്ചു പേകുന്നതാണ്. (മൂന്നു കാര്യങ്ങളുടെ സവാബ് മരണത്തിനു ശേഷവും കിട്ടിക്കൊണ്ടിരിക്കുന്നതാണ്). ഒന്നാമത്തേത് ജാരിയായ സ്വദഖ: (പ്രയോജനം കിട്ടിക്കൊണ്ടിരിക്കു ന്ന സ്വദഖ:), രണ്ടാമത്തേത് ജനങ്ങൾക്ക് പ്രയോജനം കിട്ടിക്കൊണ്ടി രിക്കുന്ന അറിവ്, മൂന്നാമത്തേത് അവനുവേണ്ടി ദുആ ചെയ്തു കൊ ണ്ടിരിക്കുന്ന സ്വാലിഹായ മക്കൾ” (ഈ ഹദീസ് അബൂഹുറൈറ അവർകളിൽ നിന്നും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. (മുസ്ലിം).

വിവരണം: അല്ലാഹു ജല്ലഷഅനുഹുവിൻ്റെ എത്ര വലിയ നന്മയും കരുണയും അനുഗ്രഹവുമാണിത്? മനുഷ്യൻ മരിച്ചതി നുശേഷം അവൻ്റെ അമലുകളുടെ സമയം തീർന്നുപോവുകയും അവൻ അമൽ ചെയ്യുന്നതിന് കഴിയാത്തവനായി ഖബറിൽ ഉറ ക്കത്തിലാവുകയും ചെയ്യുമ്പോഴും അവന്റെ സൽപ്രവർത്തികൾ അധികരിച്ചുകൊണ്ടിരിക്കണമെന്ന് ആശിക്കുകയാണെങ്കിൽ, അതിനുള്ള മാർഗ്ഗത്തെയും അല്ലാഹുതആല അവന്റെ ഔദാര്യം കൊണ്ട് ഉണ്ടാക്കിയിരിക്കുന്നു. റസൂലുല്ലാഹി അതിൽ നിന്നും മൂന്നു കാര്യങ്ങളെ ഈ ഹദീസിൽ പറഞ്ഞിരിക്കുന്നു. ഒന്ന് ജാരിയായ സ്വദഖയാണ്. അതായത് പ്രയോജനം അവശേഷിച്ചു കൊണ്ടിരിക്കുന്ന വസ്തുക്കൾ സ്വദഖഃ ചെയ്യുക. ഉദാഹരണമായി ജനങ്ങൾ നമസ്‌കരിച്ചുകൊണ്ടിരിക്കുന്ന പള്ളി നിർമ്മിക്കുക. അതിൽ ജനങ്ങൾ നമസ്ക്‌കരിച്ചു കൊണ്ടിരിക്കുമ്പോഴെല്ലാം അതിന്റെ സവാബ് അവന് യാതൊന്നും ചെയ്യാതെ തന്നെ കിട്ടി ക്കൊണ്ടിരിക്കുന്നതാണ്. ഇതേ നിലയിൽ മുസാഫിർ ഖാനയോ ദീനിയായ പ്രവർത്തനത്തിനു വേണ്ടിയുള്ള കെട്ടിടമോ ഉണ്ടാക്കി വഖഫ് ചെയ്യുക. അതുകൊണ്ട് മുസ്ലലിംകൾക്കോ അല്ലെങ്കിൽ ദീനിയ്യായ പ്രവർത്തനങ്ങൾക്കോ പ്രയോജനം സിദ്ധിച്ചു കൊണ്ടിരി ക്കുന്നതാണ്. അപ്പോൾ അവന് ആ പ്രയോജനത്തിൻ്റെ സവാബും കിട്ടിക്കൊണ്ടിരിക്കുന്നതാണ്. അതുപോലെ പൊതുജനങ്ങളുടെ ഉപയോഗത്തിനു വേണ്ടി കിണർ ഉണ്ടാക്കുകയാണെങ്കിൽ അതിൽ നിന്നും ജനങ്ങൾ വെള്ളം കുടിക്കുകയും വുളൂഅ് മുതലായ കാര്യ ങ്ങൾ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോഴെല്ലാം അവന് മരണത്തിനു ശേഷവും അതിന്റെ സവാബ് കിട്ടിക്കൊണ്ടിരിക്കു ന്നതാണ്.

ഒരു ഹദീസിൽ റസൂലുല്ലാഹി അരുളിയിരിക്കുന്നു: “മനു ഷ്യന്റെ മരണത്തിനു ശേഷവും അവന് സവാബ് കിട്ടിക്കൊണ്ടി രിക്കുന്ന വസ്തുക്കൾ: ആർക്കെങ്കിലും പഠിപ്പിക്കുകയും പ്രചരിപ്പി ക്കുകയും ചെയ്തതായ ഇൽമ്, അവൻ വിട്ടിട്ടു പോയ സ്വാലിഹായ സന്താനങ്ങൾ, അവൻ അനന്തരാവകാശമായി വിട്ടിട്ടുപോയ ഖുർആൻ ശരീഫ്, അവൻ നിർമ്മിച്ച പള്ളി, മുസാഫിർ ഖാന, അവൻ ഒഴുക്കിയ തോട്, അവൻ്റെ മരണാനന്തരവും തുടർന്ന് സവാബ് കിട്ടിക്കൊണ്ടിരിക്കത്തക്ക രീതിയിൽ ആരോഗ്യത്തോടെ ജീവിതകാലത്ത് ചെയ്ത ധർമ്മം എന്നിവകളാണ്”(മിഷ്കാത്ത്).

“സവാബു കിട്ടിക്കൊണ്ടിരിക്കുന്ന' എന്ന് പറഞ്ഞതിന്റെ ഉദ്ദേശം, വഖ്ഫ് ചെയ്യുക പോലെയുള്ള ജാരിയായ സ്വദഖയാണ്. 'ഇൽമ് പ്രചരിപ്പിക്കുക' എന്ന് പറഞ്ഞതിന്റെ ഉദ്ദേശം മദ്റസക്ക് പണം കൊടുക്കുക, അല്ലെങ്കിൽ ദീനിയായ വല്ല കിതാബുകളും രചിക്കുക, അല്ലെങ്കിൽ അതു പഠിക്കുന്നവർക്ക് കിതാബ് വാങ്ങി ക്കൊടുക്കുക, അല്ലെങ്കിൽ പള്ളികളിലും മദ്റസകളിലും ഖുർആൻ ശരീഫോ മറ്റ് കിതാബുകളോ വഖ്ഫ് ചെയ്യുക എന്നിവകളാണ്.

മറ്റൊരു ഹദീസിൽ ഇപ്രകാരം വന്നിരിക്കുന്നു: "മനുഷ്യന്റെ മരണാനന്തരം ഏഴു വസ്തുക്കളുടെ സവാബ് അവന് കിട്ടിക്കൊ ണ്ടിരിക്കുന്നതാണ്. അതായത് (1) ആർക്കെങ്കിലും ഇൽമ് പഠി പ്പിക്കുകയോ (2) വല്ല തോടും ഒഴുക്കുകയോ (3) കിണർ ഉണ്ടാ ക്കുകയോ (4) വല്ല മരങ്ങളും വച്ചു പിടിപ്പിക്കുകയോ (5) പള്ളി ഉണ്ടാക്കുകയോ (6) പരിശുദ്ധ ഖുർആൻ അനന്തരമായി വിട്ടിട്ടു പോവുകയോ (7) അവനുവേണ്ടി ദുആ ചെയ്തുകൊണ്ടിരിക്കുന്ന സന്തതികളെ വിട്ടിട്ടു പോവുകയോ ചെയ്യുക” (തർഗീബ്).

ഈ സാധനങ്ങളെല്ലാം അവനുതന്നെ മുഴുവും സ്വന്തമായിരി ക്കണമെന്ന് നിർബന്ധമില്ല. മറിച്ച് ഈ വസ്തുക്കളിലേതെങ്കിലു മൊന്നിൽ അവന് അൽപമായ പങ്കുണ്ടായിരുന്നാലും അവന്റെ ഓഹരിക്കനുസരിച്ച് അതിന്റെ സവാബിൽ നിന്നും ഓഹരി ലഭിച്ചു കൊണ്ടിരിക്കുന്നതാണ്. മേൽ പറയപ്പെട്ട ഹദീസിലുള്ള രണ്ടാമത്തെ കാര്യം ജനങ്ങൾക്ക് പ്രയോജനം കിട്ടിക്കൊണ്ടിരി ക്കുന്ന ദീനിയായ ഇൽമാണ്. ഉദാഹരണത്തിന് ഒരു മദ്റസ യിൽ ഏതെങ്കിലും കിതാബ് വഖ്‌ഫ് ചെയ്യുകയാണെങ്കിൽ ആ കിതാബ് അവശേഷിക്കുമ്പോഴെല്ലാം അതുകൊണ്ട് ജന ങ്ങൾക്ക് പ്രയോജനം സിദ്ധിച്ചു കൊണ്ടിരിക്കുന്നതാണ്. അതിന്റെ സവാബ് അവന് വെറുതെ കിട്ടിക്കൊണ്ടിരിക്കുകയും ചെയ്യും. ഇതുപോലെ പഠിക്കുന്ന ഒരുവനെ അവൻ്റെ ചെലവിൽ ഖുർആൻ ഹാഫിളാക്കുകയോ ആലിമാക്കുകയോ ചെയ്താൽ അവൻ ഇൽമ് കൊണ്ടും ഹിഫ്ള് കൊണ്ടും പ്രയോജനമുണ്ടായിക്കൊണ്ടിരിക്കു മ്പോഴെല്ലാം ആ മനുഷ്യന് അതിൻ്റെ സവാബ് കിട്ടിക്കൊണ്ടിരി ക്കുന്നതാണ്. ആ ഹാഫിളും ആലിമും ജീവിച്ചിരുന്നാലും ശരി, ഇല്ലെങ്കിലും ശരി. ഉദാഹരണമായി ഒരു മനുഷ്യനെ ഹാഫിളാക്കി. അവൻ പത്തിരുപത് കുട്ടികൾക്ക് ഖുർആൻ ശരീഫ് പഠിപ്പിച്ച തിനു ശേഷം മരണപ്പെട്ടു. എന്നാലും ആ കുട്ടികൾ ഖുർആൻ ശരീഫ് ഓതിക്കൊണ്ടിരിക്കുകയും പഠിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോഴെല്ലാം ആ ഹാഫിളിനു പ്രത്യേകം സവാബ് കിട്ടി ക്കൊണ്ടിരിക്കുകയും ആ ഹാഫിളിനെ ഉണ്ടാക്കിയവന് വേറെയും സവാബ് ലഭിച്ചു കൊണ്ടിരിക്കുന്നതുമാണ്. ഇപ്രകാരം ആ പഠിച്ച കുട്ടികളുടെ പരമ്പര ഖിയാമത്ത് നാൾ വരെയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെങ്കിലും ആദ്യത്തെ ഹാഫിളിനെ ഉണ്ടാക്കിയവന് താനെ സവാബ് കിട്ടിക്കൊണ്ടിരി ക്കുന്നതാണ്. ആ ആളുകൾ അയാൾക്ക് സവാബ് എത്തിച്ചാലും ശരി, ഇല്ലെങ്കിലും ശരി. ഇതേ രീതി തന്നെയാണ് ആരെയെ ങ്കിലും ആലിമാക്കിയാലും ഉള്ളത്. അതായത് അവൻ നേരിട്ടോ മറ്റുള്ളവർ മുഖേനയോ അവന്റെ ഇൽമ് കൊണ്ട് ജനങ്ങൾക്ക് പ്രയോജനം സിദ്ധിച്ചു കൊണ്ടിരിക്കുമ്പോഴെല്ലാം ആദ്യത്തെ ആലിമിനെ ഉണ്ടാക്കിയവന് അതിന്റെയെല്ലാം സവാബ് ലഭിച്ചു കൊണ്ടിരിക്കുന്നതാണ്. ആദ്യം പറഞ്ഞ കാര്യം ഇവിടെയും ബാധ കമാവുന്നതാണ്. അതായത് പൂർണ്ണമായും ഒരു ഹാഫിളിനെയോ പൂർണ്ണമായും ഒരു ആലിമിനെയോ അവൻ തനിയെത്തന്നെ ഉണ്ടാക്കണമെന്ന് നിർബന്ധമില്ല. ഏതെങ്കിലും ഒരു ഹാഫിളിന് ഹിഫ്ള് ചെയ്യുന്നതിന് അവന്റെ പക്കൽ നിന്നും സഹായമുണ്ടാ വുകയോ, ഒരു ആലിമിന് ഇൽമു പഠിക്കുന്നതിന് അവനിൽ നിന്നും സഹായമുണ്ടാവുകയോ ചെയ്താലും ആ സഹായത്തിന്റെ കണക്കനുസരിച്ച് സവാബിൻ്റെ പരമ്പര ഖിയാമത്ത് വരെയും അവന് ഉണ്ടായിക്കൊണ്ടിരിക്കുന്നതാണ്.

ശാരീരികവും ധനപരവുമായ പരിശ്രമങ്ങൾ ദീനിയായ ഇൽമിന്റെ പ്രചരണത്തിനും ദീനിൻ്റെ നിലനിൽപ്പിനും അതിൻ്റെ സംരക്ഷണത്തിനും ചെലവഴിച്ചു കൊണ്ടിരിക്കുന്നവർ എത്രയോ വലിയ ഭാഗ്യവാന്മാരാണ്. ഈ ദുൻയവിയായ ജീവിതം സ്വപ്ന ത്തേക്കാൾ കൂടുതലല്ല. എപ്പോഴാണ് ഈ ലോകത്ത് നിന്നും പെട്ടെന്ന് പോകേണ്ടി വരുന്നതെന്ന് ആർക്ക് അറിയാൻ കഴിയും? എത്രമാത്രം സമ്പാദ്യം തനിക്കുവേണ്ടി വിട്ടിട്ടു പോകുമോ, അതു മാത്രമാണ് പ്രയോജനകരമായിത്തീരുന്നത്. ഏറ്റവും അടുത്ത ബന്ധുമിത്രാദികളും മറ്റും രണ്ടു നാലു ദിവസം കരഞ്ഞു ഓർമ്മിച്ചിട്ട് അവരവരുടെ ജോലികളിൽ ഏർപ്പെട്ട് മറന്നുപോകും. മനുഷ്യൻ അവൻ്റെ ജീവിതകാലത്ത് തനിക്കു വേണ്ടി ഒരിക്കലും നശിക്കാത്ത ബാങ്കിൽ സൂക്ഷിച്ചുവച്ചത് മാത്രമാണ് അവനു വേണ്ടി പ്രയോജ നപ്പെടുന്നത്. അത് പൂർണ്ണമായും സുരക്ഷിതമായിരിക്കുന്നതും ഖിയാമത്ത് വരെയും ലഭിച്ചു കൊണ്ടിരിക്കുന്നതുമാണ്.

ഹദീസിൽ പറയപ്പെട്ടിരിക്കുന്ന മൂന്നാമത്തെ സംഗതി മരണ ത്തിനു ശേഷവും അവനുവേണ്ടി നല്ല ദുആ ചെയ്തുകൊണ്ടിരി ക്കുന്ന സ്വാലിഹായ സന്താനങ്ങളാണ്. ഒന്നാമതായി മക്കളെ സ്വാലിഹീങ്ങളാക്കുകയെന്നത് തന്നെ ജാരിയായ സ്വദഖയാണ്. അവരിൽ നിന്നും ആരെങ്കിലും സൽപ്രവർത്തി ചെയ്തുകൊണ്ടി രിക്കുമ്പോഴെല്ലാം അവന് അതിൻ്റെ സവാബ് കിട്ടിക്കൊണ്ടിരിക്കുന്നതാണ്. സ്വാലിഹായ സന്തതികളാണെങ്കിൽ അവർ ദുആ ചെയ്തുകൊണ്ടിരിക്കുന്നതുമാണ്. അങ്ങിനെ ആ സ്വാലിഹായ സന്തതികൾ മാതാപിതാക്കൾക്കുവേണ്ടി ദുആ ചെയ്തുകൊണ്ടി രുന്നാൽ മാതാപിതാക്കൾക്ക് അത് പ്രത്യേകമായ ഒരു സമ്പാദ്യമാണ്.
        ഈ പരിശുദ്ധ ഹദീസിൽ മൂന്ന് കാര്യങ്ങൾ പറഞ്ഞിട്ടുള്ളത് അവ ഏറ്റവും പ്രധാനപ്പെട്ടതായതുകൊണ്ടാണ്. ഇവ കൂടാതെ വേറെയും ചില കാര്യങ്ങളെക്കുറിച്ച് അതിന്റെ പ്രതിഫലം സദാ കിട്ടിക്കൊണ്ടിരിക്കുന്നതാണ് എന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. അനേകം ഹദീസുകളിൽ താഴെ പറയുന്ന ആശയം വന്നിട്ടുണ്ട്: ഒരു മനുഷ്യൻ ഏതെങ്കിലും ഒരു നല്ല മാർഗ്ഗം നടപ്പിൽ വരുത്തു കയാണെങ്കിൽ അവന് തന്റെ പ്രവർത്തിയുടെ സവാബു ലഭിക്കു ന്നതാണ്. ആരെല്ലാം അതിനെ പിൻപറ്റി പ്രവർത്തിക്കുന്നുവോ, അവരുടെ അമലിന് കിട്ടുന്നത്രയും സവാബും അവന് ലഭിക്കുന്ന താണ്. എന്നാൽ പ്രവർത്തിക്കുന്നവർക്ക് അവരുടെ സവാബിൽ യാതൊരു കുറവും സംഭവിക്കുന്നതല്ല. ഒരു മനുഷ്യൻ ഏതെങ്കിലും ഒരു ചീത്ത മാർഗ്ഗം നടപ്പിലാക്കുകയാണെങ്കിൽ അവൻ അത് പ്രവ ർത്തിച്ചതിന്റെ കുറ്റവും അവനുണ്ടായിരിക്കും. ആരെല്ലാം അതിനെ പിൻപറ്റി പ്രവർത്തിക്കുന്നുവോ, അവരുടെ പ്രവർത്തിക്ക് കിട്ടുന്ന അത്രയും കുറ്റവും അവന് ഉണ്ടായിരിക്കുന്നതാണ്. എന്നാൽ പ്രവർത്തിച്ചവരുടെ കുറ്റത്തിന് യാതൊരു കുറവും സംഭവിക്കുതല്ല. ഇതേ രീതിയിൽ മറ്റൊരു ഹദീസിൽ ഇപ്രകാരം വന്നിരിക്കുന്നു: "എല്ലാ മനുഷ്യരുടെയും അമലിന്റെ സവാബ് മരിച്ചതിനു ശേഷം അവസാനിച്ചു പോകുന്നതാണ്; എന്നാൽ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ അതിർത്തി സംരക്ഷണം നടത്തിക്കൊണ്ടിരിക്കുന്നവരുടെ സവാബ് ഖിയാമത്ത് നാൾ വരെയും വർദ്ധിച്ചു കൊണ്ടിരിക്കുന്ന താണ്” (മിഷ്കാത്ത്).

ഇതുകൂടാതെ ഹദീസുകളിൽ വേറെയും ചില അമലുകളെക്കു റിച്ച് പറഞ്ഞിട്ടുണ്ട്. ഉദാഹരണമായി, വല്ല മരവും വച്ചുപിടിപ്പിക്കുക അല്ലെങ്കിൽ തോട് ഒഴുക്കുക മുതലായവ അല്ലാമാ സുയൂഥി ഇതെല്ലാം ഒരുമിച്ചുകൂട്ടി പതിനൊന്നാണെന്നു കാണിച്ചിരിക്കുന്നു. ഇവിടെ ഇബ്നു അമാദ് അവർകൾ ഇത് പതിമൂന്നാണെന്ന് എണ്ണിപ്പറഞ്ഞിരിക്കുന്നു. എന്നാൽ ഇവയിലധികവും ഈ ഹദീസിൽ പറയപ്പെട്ട മൂന്നെണ്ണത്തിൽ ഉൾപ്പെട്ടു പോകുന്നതാണ്. ഉദാഹര ണമായി മരം വച്ചു പിടിപ്പിക്കുക, തോട് ഒഴുക്കുക എന്നിവകൾ ജാരിയായ സ്വദഖായിൽ ഉൾപ്പെടുന്നതാണ് (ഔൻ).)

*********************************


മആരിഫുല്‍ ഖുര്‍ആന്‍ 

റസൂലുല്ലാഹി (സ)യെ ഉപദ്രവിക്കരുത്, 

വാചകങ്ങള്‍ നന്നാക്കുക

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


ആയത്ത് 69-71

 يَا أَيُّهَا الَّذِينَ آمَنُوا لَا تَكُونُوا كَالَّذِينَ آذَوْا مُوسَىٰ فَبَرَّأَهُ اللَّهُ مِمَّا قَالُوا ۚ وَكَانَ عِندَ اللَّهِ وَجِيهًا (69) يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدًا (70يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا (71)



സത്യവിശ്വാസികളേ, മൂസാ നബിയെ ഉപദ്രവിച്ചവരെ പോലെ നിങ്ങളാകരുത്. അവര്‍ പറഞ്ഞ അപരാധത്തില്‍ നിന്നും അല്ലാഹു മൂസാ നബിയെ മുക്തനാക്കി. അദ്ദേഹം അല്ലാഹുവിങ്കല്‍ ആദരണീയനായിരുന്നു.(69) സത്യവിശ്വാസികളേ, അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുക. സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക.(70) അല്ലാഹു നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കുന്നതും നിങ്ങളുടെ പാപങ്ങള്‍ പൊറുത്ത് തരുന്നതുമാണ്. അല്ലാഹുവിനെയും ദൂതനെയും അനുസരിക്കുന്നവര്‍ മഹത്തരമായ വിജയം വരിച്ചിരിക്കുന്നു.(71)

ആശയ സംഗ്രഹം
സത്യവിശ്വാസികളേ, മൂസാ നബിയുടെ മേല്‍ അപരാധം കെട്ടിച്ചമച്ചുകൊണ്ട് ഉപദ്രവിച്ചവരെ പോലെ നിങ്ങളാകരുത്. അവര്‍ പറഞ്ഞ അപരാധത്തില്‍ നിന്നും അല്ലാഹു മൂസാ നബിയെ മുക്തനാക്കി. അതായത് അദ്ദേഹത്തിന് യാതൊരു കുഴപ്പവും ഉണ്ടായില്ല. പക്ഷേ, അപരാധം പറഞ്ഞവര്‍ വലിയ കള്ളന്മാരും ശിക്ഷയ്ക്ക് അര്‍ഹരായും സ്ഥിരപ്പെട്ടു. മൂസാ നബി അല്ലാഹുവിങ്കല്‍ ആദരണീയ പ്രവാചകനായിരുന്ന. ഈ കാരണത്താല്‍ അല്ലാഹു അദ്ദേഹത്തിന്‍റെ നിരപരാധിത്വം പ്രകടമാക്കി. ഇപ്രകാരം ഇതര നബിമാരുടെയും നിരപരാധിത്വം അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. ആയത്തിന്‍റെ ആശയം ഇപ്രകാരമാണ്: റസൂലുല്ലാഹി (സ)യ്ക്ക് എതിര് പ്രവര്‍ത്തിച്ചുകൊണ്ട് നിങ്ങള്‍ റസൂലുല്ലാഹി (സ)യെ ഉപദ്രവിക്കരുത്. കാരണം റസൂലുല്ലാഹി (സ)യെ എതിര്‍ക്കുന്നത് അല്ലാഹുവിനെ എതിര്‍ക്കലാണ്. നിങ്ങള്‍ റസൂലുല്ലാഹി (സ)യെ എതിര്‍ക്കുന്ന പക്ഷം നിങ്ങള്‍ക്ക് തന്നെ നാശമുണ്ടാക്കുന്നതാണ്.  ആകയാല്‍ എല്ലാ കാര്യങ്ങളിലും നിങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക. പ്രത്യേകിച്ചും അടുത്ത് ഉപദേശം പാലിക്കുക. സത്യവിശ്വാസികളേ, അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുകയും എല്ലാ വിധിവിലക്കുകളും പാലിക്കുകയും ചെയ്യുക. വിശിഷ്യാ സംസാരിക്കുമ്പോള്‍ ഭയഭക്തി പ്രത്യേകം മുറുകെ പിടിക്കുകയും സംസാരിക്കുമ്പോള്‍ സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. നീതിയും മദ്ധ്യമ രീതിയും കൈവിടരുത്. ഇതിന്‍റെ ഫലമായി അല്ലാഹു നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കി സ്വീകരിക്കുന്നതും നിങ്ങളുടെ പാപങ്ങള്‍ പൊറുത്ത് തരുന്നതുമാണ്. സല്‍ക്കര്‍മ്മങ്ങളിലൂടെ ചില പാപങ്ങള്‍ പൊറുക്കുന്നതാണ്. ഭയഭക്തിയുടെയും സല്‍ വാചകത്തിന്‍റെയും ഫലമായി ഉണ്ടാകുന്ന തൗബകാരണമായും മറ്റ് പാപങ്ങള്‍ പൊറുക്കപ്പെടും. അനുസരണയും നന്മയും വലിയ മഹല്‍ ഗുണങ്ങളാണ്. അല്ലാഹുവിനെയും ദൂതനെയും അനുസരിക്കുന്നവര്‍ മഹത്തരമായ വിജയം വരിക്കുന്നതാണ്.

വിവരണവും വ്യാഖ്യാനവും
ഇതിന് മുമ്പുള്ള ആയത്തുകളില്‍ അല്ലാഹുവിനെയും റസൂലിനെയും ഉപദ്രവിക്കുന്നതിലെ നാശവും അപകടവും വിവരിച്ചിരുന്നു. ഈ ആയത്തില്‍ പ്രത്യേകമായി മുസ്ലിംകളോട് അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കാനും അനുസരണക്കേടിനെ ഉപേക്ഷിക്കാനും ഉണര്‍ത്തുകയാണ്. കാരണം അനുസരണക്കേട് ഉപദ്രവത്തിന് കാരണമാണ്. ഇതില്‍ ആദ്യത്തെ ആയത്തില്‍ മൂസ നബി (അ) യെ ഉപദ്രവിച്ച സമുദായത്തിന്‍റെ അവസ്ഥ ഉണര്‍ത്തി കൊണ്ട് നിങ്ങള്‍ ഇപ്രകാരം ചെയ്യരുതെന്ന് മുസ്ലിംകളെ ഉപദേശിക്കുകയാണ്. മുസ്ലിംകളില്‍ നിന്നും ഉപദ്രവകരമായ എന്തെങ്കിലും ഉണ്ടായെന്ന് ഇതിന് അര്‍ത്ഥമില്ല. മറിച്ച് മുന്‍കൂറായ സൂക്ഷ്മത എന്ന നിലയില്‍ അവരുടൈ അവസ്ഥ ഉണര്‍ത്തിക്കൊണ്ട് അല്ലാഹു ഉപദേശിച്ചതാണ്. എന്നാല്‍ ഒരു സഹാബി റസൂലുല്ലാഹി (സ)യോട് ഒരു തെറ്റായ വാചകം പറഞ്ഞപ്പോള്‍ റസൂലുല്ലാഹി (സ)യ്ക്ക് ഉപദ്രവമുണ്ടായതായി ഒരു സംഭവം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, പ്രസ്തുത വാചകം അദ്ദേഹം പറഞ്ഞത് അശ്രദ്ധമായ നിലയിലാണ്. കാരണം മന:പ്പൂര്‍വ്വം സഹാബികള്‍ റസൂലുല്ലാഹി (സ)യെ വേദനിപ്പിക്കാന്‍ യാതൊരു സാധ്യതയുമില്ല. എന്നാല്‍ മുനാഫിഖുകള്‍ മന:പ്പൂര്‍വ്വം വേദനിപ്പിക്കാന്‍ പലതും പറഞ്ഞിട്ടുണ്ട്.
ഈ ആയത്തിന്‍റെ വിവരണമെന്നോണം മൂസാ നബി (അ) യുടെ സംഭവം വിവരിച്ചു കൊണ്ട് റസൂലുല്ലാഹി ? ഇപ്രകാരം അരുളി: മൂസാ നബി (അ) വളരെ ലജ്ജാശീലനായിരുന്നു. ശരീരം എപ്പാഴേും മരിച്ചിരുന്നു. കുളിക്കാനുദ്ദേശിക്കുമ്പോള്‍ മറക്കുള്ളില്‍ കുളിച്ചിരുന്നു. പുരുഷന്മാര്‍ നഗ്നരായി ജനങ്ങള്‍ക്ക് മുമ്പില്‍ നിന്നു കുളിക്കലായിരുന്നു ബനൂ ഇസ്റാഈലിലെ പതിവ് ഇത്തരുണത്തില്‍ അവര്‍ പറഞ്ഞു: മൂസാ നബി (അ) ആരുടെ മുന്നില്‍ നിന്ന് കുളിക്കാത്തത് ശരീരത്തില്‍ എന്തോ ന്യൂനതയുള്ളത് കൊണ്ടാണ്. ഒന്നുങ്കില്‍ അദ്ദേഹത്തിന് വെള്ളപ്പാണ്ട് ഉണ്ട് അല്ലെങ്കില്‍ മണിവീക്കമുണ്ട്. മൂസാ നബി (അ) ഇത്തരം ന്യൂനതകളില്‍ നിന്ന് പരിശുദ്ധനാണെന്ന കാര്യം പരസ്യമാക്കാന്‍ അല്ലാഹു ഉദ്ദേശിച്ചു. ഒരു ദിവസം മൂസാ നബി (അ) ഒറ്റയ്ക്ക് കുളിക്കാന്‍ നിന്നപ്പോള്‍ വസ്ത്രം ഊരി ഒരു കല്ലിന്‍റെ മുകളില്‍ വെച്ചു. കുളിച്ച് കഴിഞ്ഞ് വസ്ത്രമെടുക്കാന്‍ തുനിഞ്ഞപ്പോള്‍ അല്ലാഹുവിന്‍റെ കല്‍പ്പന പ്രകാരം കല്ല് ഓടാന്‍ തുടങ്ങി. മൂസാ നബി (അ) വടിയെടുത്ത് അതിന്‍റെ പിന്നാലെ ഓടി. കല്ലേ.. എന്‍റെ വസ്ത്രം തരികയെന്ന് ആവര്‍ത്തിച്ചു വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാല്‍ കല്ല് ഓടിക്കൊണ്ടിരിക്കുകയും അവസാനം ബനൂ ഇസ്റാഈലിന്‍റെ ഒരു സംഘത്തില്‍ പോയി നില്‍ക്കുകയും ചെയ്തു. തദവസരം അവര്‍ മൂസാ നബി (അ) യെ അടിമുടി നോക്കിയപ്പോള്‍ സുരക്ഷിതനും സുന്ദരനുമായി കണ്ടു. പറയപ്പെട്ടൊരു ന്യൂനതയും ഇല്ലായിരുന്നു. ഇപ്രകാരം മൂസാ നബി (അ) യുടെ പരിശുദ്ധി പടച്ചവന്‍ എല്ലാവരുടെ മുന്നിലും പരസ്യപ്പെടുത്തി. കല്ല് അവിടെ വന്ന് നിന്നിരുന്നു. മൂസാ നബി (അ) അതില്‍ നിന്നും വസ്ത്രമെടുത്തു ധരിച്ചു. തുടര്‍ന്ന് കല്ലിനെ വടികൊണ്ട് അടിക്കാന്‍ തുടങ്ങി. തുടര്‍ന്ന് റസൂലുല്ലാഹി ? അരുളി: മൂസാ നബി (അ) യുടെ അടി കാരണം കല്ലില്‍ നാല്, അഞ്ച് പാടുകളുണ്ടായി. തുടര്‍ന്ന് അല്ലാഹു പറയുന്നു:റസൂലുല്ലാഹി ? അരുളി: ഈ ആയത്തിന്‍റെ ആശയം ഇത് തന്നെയാണ്. (ബുഖാരി) അതായത് ഈ ആയത്തില്‍ പറയപ്പെട്ട മൂസാ നബി (അ) യുടെ ഉപദ്രവം കൊണ്ടുള്ള ഉദ്ദേശം ഈ സംഭവമാണ്. ചില സ്വഹാബികള്‍ മറ്റൊരു സംഭവം ഉദ്ധരിച്ചിട്ടുണ്ട്. അതും ഈ വിഷയത്തോട് ചേര്‍ത്ത് പറയാമെങ്കിലും പ്രസിദ്ധമായത് മേല്‍ പറയപ്പെട്ട സംഭവം തന്നെയാണ്.
വജീഹ് (അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവന്‍) എന്നതിന്‍റെ ആശയം അല്ലാഹു ദുആ സ്വീകരിക്കുമെന്നും ആഗ്രഹങ്ങള്‍ തള്ളി കളയുകയില്ലെന്നുമാണ്. അതെ മൂസാ നബി (അ) ദുആ ചെയ്താല്‍ സ്വീകരിക്കപ്പെടുന്ന വ്യക്തിയാണെന്ന് ഖുര്‍ആനിലെ വിവിധ സംഭവങ്ങള്‍ അറിയിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും അത്ഭുതകരമായ സംഭവം ഹാറൂന്‍ (അ) നെ നബിയാക്കാനുള്ള അപേക്ഷയും അല്ലാഹു അത് സ്വീകരിച്ചതുമാണ്. എന്നാല്‍ നുബുവ്വത്തിന്‍റെ സ്ഥാനം ആരുടെയും ശുപാര്‍ശയുടെ പേരില്‍ നല്‍കപ്പെടുന്നത് അല്ലല്ലോ ?
വെറുക്കപ്പെടുന്ന ശാരീരിക ന്യൂനതകളില്‍ നിന്നും നബിമാരെ അല്ലാഹു പരിശുദ്ധമാക്കുന്നതാണ്. ഈ സംഭവത്തില്‍ സമുദായത്തിന്‍റെ ആക്ഷേപത്തില്‍ നിന്നും മൂസാ നബി (അ)യെ പരിശുദ്ധമായി പ്രഖ്യാപിക്കുന്നതിന് അമാനുഷികമായ നിലയില്‍ കല്ലിനെ ഓടിച്ചതും മൂസാ നബി (അ) നിര്‍ബന്ധിതനായി ജനങ്ങള്‍ക്ക് മുന്നില്‍ വിവസ്ത്രനായി കൊണ്ടെത്തിച്ചതും വലിയൊരു ലക്ഷ്യത്തിന്‍റെ അടിസ്ഥാനത്തിലാണ്. അതെ, അല്ലാഹു എല്ലാ നബിമാരുടെയും ശരീരങ്ങളെ വെറുക്കപ്പെടുന്ന ന്യൂനതകളില്‍ നിന്നും പരിശുദ്ധമാക്കി വെക്കുന്നതാണ്. ഈ കാര്യം ഹദീസില്‍ വന്നിട്ടുമുണ്ട്. എല്ലാ നബിമാരും ഉന്നത കുടുംബത്തിലാണ് ജനിക്കുന്നത്. കാരണം താഴ്ന്ന കുടുംബത്തിലുള്ളവരുടെ സംസാരം കേള്‍ക്കാന്‍ ജനങ്ങള്‍ സാധാരണ നിലയില്‍ മടി കാണിക്കുന്നതാണ്. ഇപ്രകാരം നബിമാര്‍ക്ക് ശാരീരികമായ ന്യൂനതകളും ഉണ്ടായിരിക്കുന്നതല്ല. ഒരു നബിയും അന്ധനോ ബധിരനോ ഊമയോ കൈകാലുകള്‍ ഇല്ലാത്തവരായോ വന്നട്ടില്ല. അയ്യൂബ് നബി (അ)യുടെ സംഭവം ഇതിന് എതിരല്ല. പരീക്ഷണത്തിന് വേണ്ടി ഏതാനും നാളുകള്‍ നീണ്ട് നിന്ന ഒരു പ്രത്യേക പ്രയാസം നല്‍കപ്പെടുകയും അത് പിന്നീട് മാറുകയും ചെയ്തു.  
സത്യവിശ്വാസികളേ, അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുക. സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക.(70) അല്ലാഹു നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കുന്നതും നിങ്ങളുടെ പാപങ്ങള്‍ പൊറുത്ത് തരുന്നതുമാണ്. അല്ലാഹുവിനെയും ദൂതനെയും അനുസരിക്കുന്നവര്‍ മഹത്തരമായ വിജയം വരിച്ചിരിക്കുന്നു.(71) ഈ ആയത്തിലെ  ഖൗലുന്‍ സദീദ് എന്നതിന് ചിലര്‍ സത്യമെന്നും ചിലര്‍ നേരായതെന്നും ചിലര്‍ ശരിയായതെന്നും പറഞ്ഞിരിക്കുന്നു. ഇബ്നു കസീര്‍ (റ) പറയുന്നു: ഈ അഭിപ്രായങ്ങളെല്ലാം ശരിയാണ്. അതായത് പരിശുദ്ധ ഖുര്‍ആന്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്ന സദീദ് എന്ന പദം ഈ ആശയങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതാണ്. ഈ കാരണത്താല്‍ കാശിഫി (റ) പറയുന്നു: സദീദായ വാചകം എന്നാല്‍ കളവ് കലരാത്ത സത്യമാണ്, തെറ്റിന് സാധ്യതയില്ലാത്ത ശരിയാണ്. കളി തമാശകള്‍ അല്ലാത്ത നേര്‍വാക്യമാണ്. മുറിവേല്‍പ്പിക്കാത്ത മയമായ സംസാരമാണ്. (റൂഹുല്‍ ബയാന്‍). 
നാവ് നന്നാകുന്നത് കര്‍മ്മങ്ങള്‍ നന്നാകാനുള്ള ശക്തമായ മാര്‍ഗ്ഗമാണ്. ഈ ആയത്തില്‍ അല്ലാഹു ആദ്യമായി എല്ലാ വിശ്വാസികളോടും കല്‍പ്പിക്കുന്നു: നിങ്ങള്‍ തഖ്വ (ഭയഭക്തി) തെരഞ്ഞെടുക്കുക. തഖ്വ എന്നാല്‍ അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ പരിപൂര്‍ണ്ണമായി അനുസരിക്കലാണ്. അതായത് കല്‍പ്പനകളെല്ലാം പാലിക്കുക, സര്‍വ്വ നിരോധനങ്ങളും വര്‍ജ്ജിക്കുക. ഈ കാര്യം അത്ര എളുപ്പമല്ലെന്നത് വളരെ വ്യക്തമാണ്. അതുകൊണ്ട് ഭയഭക്തി പുലര്‍ത്തുക എന്നതിന് ശേഷം സംസാരം നേരെ ആക്കുക എന്ന ഉപദേശം നല്‍കിയിരിക്കുന്നു. സംസാരം നന്നാക്കുക എന്നത് തഖ്വയുടെ ഒരു ഭാഗം തന്നെയാണെങ്കിലും വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. അതായത് നാവിനെ നിയന്ത്രിക്കുകയാണെങ്കില്‍ മറ്റ് അവയവങ്ങളില്‍ എല്ലാം ഭയഭക്തിയും സൂക്ഷ്മതയും തനിയെ ഉണ്ടാകുന്നതാണ്. ഈ കാര്യം അടുത്ത വചനത്തില്‍ പറയുന്നുമുണ്ട്. നിങ്ങള്‍ നാവിനെ തെറ്റുകളില്‍ നിന്നും തടയുകയും സംസാരം ശരിയാക്കി ശീലിക്കുകയും ചെയ്താല്‍ അല്ലാഹു നിങ്ങളുടെ എല്ലാ കര്‍മ്മങ്ങളും നന്നാക്കുന്നതും ശരിയാക്കുന്നതുമാണ്. കൂടാതെ, നിങ്ങളുടെ പാപങ്ങള്‍ പൊറുത്ത് തരുന്നതുമാണ് എന്നും കൂടി പറഞ്ഞിരിക്കുന്നു. അതായത് നാവിനെ നിയന്ത്രിക്കുകയും നേരായ സംസാരം ശീലിക്കുകയും ചെയ്താല്‍ അല്ലാഹു മറ്റ് കര്‍മ്മങ്ങളെ ശരിയാക്കുന്നതും ഉണ്ടായിപ്പോയ വീഴ്ചകള്‍ മാപ്പാക്കുന്നതുമാണ്. 
ഖുര്‍ആന്‍ നിയമങ്ങള്‍ പറയുമ്പോള്‍ അവ എളുപ്പമാക്കാനുള്ള വഴിയും പറഞ്ഞ് തരുന്നു. പരിശുദ്ധ ഖുര്‍ആനിന്‍റെ പൊതു ശൈലിയില്‍ പരിചിന്തനം നടത്തുമ്പോള്‍ മനസ്സിലാകുന്ന പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. പാലിക്കാന്‍ കുറച്ച് പ്രയാസകരമായ ഒരു കല്‍പ്പന എവിടെയെങ്കിലും നല്‍കപ്പെട്ടാല്‍ അതോടൊപ്പം അത് എളുപ്പമാക്കാനുള്ള മാര്‍ഗ്ഗവും പറഞ്ഞ് തരുന്നതാണ്. ദീനിന്‍റെ രത്നച്ചുരുക്കം തഖ്വയാണ്. എന്നാല്‍ അത് പരിപൂര്‍ണ്ണമായി പാലിക്കുക വളരെ പ്രയാസകരമാണ്. അതുകൊണ്ട് തന്നെ എവിടെയെങ്കിലും ഈ കല്‍പ്പന വന്നിട്ടുണ്ടെങ്കില്‍ അതിന് മുന്‍പോ ശേഷമോ ഒരു മാര്‍ഗ്ഗം അല്ലാഹു വിവരിക്കുന്നതാണ്. അത് തെരഞ്ഞെടുക്കുന്നതിലൂടെ തഖ്വയുടെ മറ്റ് കടകങ്ങളും അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നും എളുപ്പമാക്കപ്പെടുന്നതാണ്. ഇവിടെ നോക്കൂ: അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുക എന്ന് പറഞ്ഞതിന് ശേഷം നേരായ വാക്ക് പറയുക എന്ന് ഉപദേശിക്കുന്നു. ഇതിന് മുന്‍പ് മൂസാ നബി (അ)യെ ചിലര്‍ ഉപദ്രവിച്ചത് പോലെ നിങ്ങളും ആകരുത് എന്നും ഉണര്‍ത്തുന്നു. അതായത് പടച്ചവന്‍റെ ഇഷ്ട ദാസന്മാരെ ഉപദ്രവിക്കുന്നത് തഖ്വയുടെ മാര്‍ഗ്ഗത്തില്‍ വലിയ തടസ്സമാണ്. ആകയാല്‍ ആ സ്വഭാവം വര്‍ജ്ജിക്കുക. തഖ്വ എളുപ്പമായിത്തീരുന്നതാണ്. ഇതുപോലെ സൂറത്തുത്തൗബയില്‍ അല്ലാഹു പറയുന്നു: ........... (തൗബ 119). ഈ ആയത്തില്‍ തഖ്വ ഉണ്ടാക്കിയെടുക്കാനുള്ള എളുപ്പ മാര്‍ഗ്ഗമായി വാചകത്തിലും കര്‍മ്മത്തിലും സത്യസന്ധത പുലര്‍ത്തുന്ന അല്ലാഹുവിന്‍റെ ഇഷ്ട ദാസന്മാരുമായി സഹവസിക്കുക എന്ന് പറഞ്ഞിരിക്കുന്നു. വേറൊരു ആയത്തില്‍ പറയുന്നു: ....... (ഹഷ്ര്‍ 18). അതെ, പരലോകത്തെക്കുറിച്ചുള്ള ചിന്ത ഭയഭക്തിയുടെ സര്‍വ്വ കാര്യങ്ങളും എളുപ്പമാക്കിത്തരുന്നതാണ്.
നാവും സംസാരവും നന്നാക്കിയാല്‍ ദീനിന്‍റെയും ദുന്‍യാവിന്‍റെയും സര്‍വ്വ കാര്യങ്ങളും നന്നാകുന്നതാണ്. ഷാഹ് അബ്ദുല്‍ ഖാദിര്‍ ദഹ്ലവി (റ) ഈ ആയത്തിന്‍റെ കീഴില്‍ ഇപ്രകാരം കുറിക്കുന്നു: ഈ ആയത്തില്‍ സംസാരം നന്നാക്കിയാല്‍ കര്‍മ്മങ്ങള്‍ നന്നാകുന്നതാണെന്ന് അല്ലാഹു അറിയിക്കുന്നു. ഈ കര്‍മ്മങ്ങള്‍ ഭൗതിക കര്‍മ്മങ്ങള്‍ മാത്രമല്ല, ദീനിയ്യായ കര്‍മ്മങ്ങളും പെടുന്നതാണ്. അതായത് ഒരിക്കലും കളവ് പറയരുത്, സൂക്ഷിച്ച് ആലോചിച്ച് മാത്രം സംസാരിക്കുക, വഞ്ചനാപരമായ വാക്കുകള്‍ പറയരുത്, ആരുടെയും മനസ്സുകള്‍ കീറിമുറിക്കരുത്. ഇതുവഴിയായി പരലോകത്തിന്‍റെ കര്‍മ്മങ്ങളും നന്നാകുന്നതാണ്.  

*************************

മആരിഫുല്‍ ഹദീസ്

ഖുർആൻ ഓതുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നവർക്കുള്ള പ്രതിഫലം

മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

43. മുആദുൽ ജുഹ്‌നി (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ഖുർആൻ പാരായണം ചെയ്യുകയും അതിലുള്ളതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരുടെ മാതാപിതാക്കൾക്ക് ഖിയാമത്ത് ദിനം സമുന്നതമായൊരു കിരീടം ധരിപ്പിക്കപ്പെടുന്നതാണ്. അതിന്റെ പ്രകാശം ആകാശത്ത് നിന്നും ഇറങ്ങി നിങ്ങളുടെ വീടിനകത്തെത്തിയ സൂര്യന്റെ പ്രകാശത്തേക്കാൾ സുന്ദരമായിരിക്കും. തുടർന്ന് റസൂലുല്ലാഹി (സ) അരുളി: ഇത്തരുണത്തിൽ അതനുസരിച്ച് പ്രവർത്തിച്ചവരെപ്പറ്റി നിങ്ങൾ എന്ത് വിചാരിക്കുന്നു? (അഹ്മദ്, അബൂദാവൂദ്)
വിവരണം: ആശയം ഇതാണ്: ഖുർആൻ ഓതുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരുടെ മാതാപിതാക്കൾക്ക് സൂര്യന്റെ പ്രകാശത്തേക്കാൾ സുന്ദരമായ കിരീടം ധരിപ്പിക്കപ്പെടുമെങ്കിൽ ഖുർആൻ പഠിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തവർക്ക് അല്ലാഹുവിങ്കൽ നിന്നും എന്ത് ലഭിക്കുമെന്ന് നിങ്ങൾ അനുമാനിച്ചുകൊള്ളുക. 

ഖിയാമത്ത് ദിനം ഖുർആൻ ശുപാർശ നടത്തുന്നതാണ് 
44. അബൂഉമാമ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: നിങ്ങൾ ഖുർആൻ ഓതിക്കൊണ്ടിരിക്കുക. ഖിയാമത്ത് ദിനം അത് അതിന്റെ വക്താക്കൾക്ക് വേണ്ടി അത് ശുപാർശകനായി വരുന്നതാണ്. വിശിഷ്യാ സഹ്‌റാവൈൻ എന്ന പേരിൽ അറിയപ്പെടുന്ന സുപ്രധാന സൂറത്തുകളായ അൽ ബഖറയും ആലുഇംറാനും ഓതിക്കൊണ്ടിരിക്കുക. അത് ഖിയാമത്ത് നാളിൽ ഓതിയവർക്ക് വേണ്ടി തണലായി വരുന്നതാണ്. മേഘത്തിന്റെ രണ്ട് കഷണങ്ങൾ പോലെ, അല്ലെങ്കിൽ വരിവരിയായി പറക്കുന്ന പറവകളുടെ ചിറകുകൾ പോലെ ആയിരിക്കുന്നതാണ്. ഈ രണ്ട് സൂറത്തുകളും ഓതിയവരുടെ ഭാഗത്ത് നിന്നും അത് പ്രതിരോധിക്കുന്നതാണ്. സൂറത്തുൽ ബഖറ ഓതുക. അതിനെ കരസ്ഥമാക്കുന്നത് വലിയ ഐശ്വര്യമാണ്. അതിനെ ഉപേക്ഷിക്കുന്നത് വലിയ നഷ്ടമാണ്. അസത്യത്തിന്റെ വക്താക്കൾ അതിനെ നേരിടുന്നതല്ല. (മുസ്‌ലിം).
വിവരണം: ഈ ഹദീസിലൂടെ റസൂലുല്ലാഹി (സ) പരിശുദ്ധ ഖുർആൻ അതിന്റെ അസ്ഹാബിന് വേണ്ടി ഇലാഹീ സമക്ഷത്തിൽ ശുപാർശ ചെയ്യുന്നതാണെന്ന് അറിയിച്ചുകൊണ്ട് പരിശുദ്ധ ഖുർആൻ പാരായണത്തെ പ്രേരിപ്പിച്ചിരിക്കുകയാണ്. അസ്ഹാബുൽ ഖുർആൻ എന്നാൽ പരിശുദ്ധ ഖുർആനിൽ വിശ്വസിക്കുകയും അതുമായിട്ടുള്ള ബന്ധം പടച്ചവന്റെ തൃപ്തിയ്ക്കും കാരുണ്യത്തിനും കാരണമായി മനസ്സിലാക്കുകയും ചെയ്തുകൊണ്ട് പരിശുദ്ധ ഖുർആനിൽ നിരന്തരം മുഴുകിക്കഴിയുന്ന വ്യക്തികളാണ്. ഇതിന് പല രൂപങ്ങളുമുണ്ട്. ഉദാഹരണത്തിന് പരിശുദ്ധ ഖുർആൻ അധികമായി പാരായണം ചെയ്യുക. അതിൽ ചിന്താവിചിന്തനങ്ങൾ നടത്തുക. അതിന്റെ നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ പരിശ്രമിക്കുക. അതിന്റെ വിജ്ഞാന സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ത്യാഗം ചെയ്യുക. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന എല്ലാവർക്കും അനുകൂലമായി ഖുർആൻ സാക്ഷ്യം വഹിക്കുന്നതാണ്. എന്നാൽ ഇതെല്ലാം പടച്ചവന്റെ പൊരുത്തവും പ്രതിഫലവും ആഗ്രഹിച്ചുകൊണ്ടായിരിക്കണം എന്ന് നിബന്ധനയുണ്ട്. 
ഖുർആൻ പാരായണ പഠനങ്ങളെ പൊതുവായി പ്രേരിപ്പിച്ചതിന് ശേഷം റസൂലുല്ലാഹി (സ) ഈ ഹദീസിൽ ബഖറ, ആലുഇംറാൻ സൂറത്തുകളുടെ പാരായണത്തെ പ്രത്യേകം പ്രോത്സാഹിപ്പിച്ചുകൊണ്ട് അരുളി: കഠിന ചൂടുള്ള ഖിയാമത്ത് നാളിൽ ഓരോരുത്തരും തണലിലേക്ക് അങ്ങേയറ്റം ആവശ്യക്കാരായിരിക്കുന്നതാണ്. തദവസരം ഈ രണ്ട് സൂറത്തുകൾ മേഘം പോലെ, അല്ലെങ്കിൽ തണലുള്ള വസ്തുക്കൾ പോലെ, അല്ലെങ്കിൽ പറവകളുടെ ചിറകുകളെപ്പോലെ ഇതുമായി ബന്ധപ്പെട്ടവർക്ക് തണൽ വിരിച്ച് കൊടുക്കുന്നതും അവരുടെ ഭാഗത്ത് നിന്നും പടച്ചവനോട് സാക്ഷ്യം രേഖപ്പെടുത്തുന്നതുമാണ്. അവസാനമായി സൂറത്തുൽ ബഖറയെക്കുറിച്ച് പ്രത്യേകം ഉണർത്തി: ഇത് പഠിക്കുന്നതിലും പാരായണം ചെയ്യുന്നതിലും വലിയ ഐശ്വര്യമുണ്ട്. ഇതിൽ നിന്നും അകന്ന് കഴിയുന്നത് വലിയ നഷ്ടമാണ്. അസത്യത്തിന്റെ വക്താക്കൾക്ക് അതിനെ നേരിടാൻ ശേഷിയില്ല! ഈ ഹദീസിന്റെ ചില നിവേദനകന്മാർ പറയുന്നു: അവസാനത്തെ വചനം കൊണ്ടുള്ള ഉദ്ദേശം മാരണക്കാരാണ്. അതായത്, ഈ സൂറത്തിന്റെ പാരായണം പതിവാക്കുന്നവരുടെ മേൽ ഒരു മാരണക്കാരന്റെയും മാരണം ഫലിക്കുന്നതല്ല. സൂറത്തുൽ ബഖറയ്ക്ക് ഇത്തരമൊരു ശക്തിയും പ്രത്യേകതയുമുണ്ടെന്ന് മറ്റൊരു ഹദീസിൽ സൂചനയുമുണ്ട്. അബൂഹുറയ്‌റ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: സൂറത്തുൽ ബഖറ പാരായണം ചെയ്യുന്ന വീട്ടിൽ നിന്നും പിശാച് ഓടിപ്പോകാൻ നിർബന്ധിതനാകുന്നതാണ്. (മുസ്‌ലിം)  ചില വ്യാഖ്യാതാക്കൾ പറയുന്ന മറ്റൊരു വിവരണം ഇപ്രകാരമാണ്: അസത്യത്തിന്റെ വക്താക്കൾക്ക് സൂറത്തുൽ ബഖറയുടെ ഐശ്വര്യങ്ങൾ കരസ്ഥമാക്കാൻ സാധിക്കുന്നതല്ല. അല്ലാഹു അവരുടെ മേൽ ഇതിന്റെ ഐശ്വര്യത്തിന്റെ കവാടം അടച്ചിരിക്കുന്നു.  
45. നവാസ് ഇബ്‌നു സംആൻ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: പരിശുദ്ധ ഖുർആനിനെയും അതനുസരിച്ച് പ്രവർത്തിച്ചിരുന്ന അതിന്റെ ബന്ധുക്കളെയും കൊണ്ടുവരപ്പെടുന്നതാണ്. ഖുർആനിന്റെ പ്രഥമ സൂറത്തുകളായ ബഖറയും ആലുഇംറാനും മേഘത്തിന്റെ രണ്ട് കഷണങ്ങൾ പോലെ അല്ലെങ്കിൽ ഇടയിലൂടെ പ്രകാശിക്കുന്ന കറുത്ത നിറത്തിലുള്ള രണ്ട് തണലുകളെപ്പോലെ അല്ലെങ്കിൽ അണിഅ ണിയായി നിൽക്കുന്ന പക്ഷികളുടെ രണ്ട് കൂട്ടങ്ങളെപ്പോലെ അവരുടെ മുന്നിൽ നിൽക്കുന്നതാണ്. അതുമായി ബന്ധപ്പെട്ടവർക്ക് വേണ്ടി അത് ശുപാർശയും വാദവും നടത്തുന്നതാണ്. (മുസ്‌ലിം)
വിവരണം: ഈ ഹദീസിന്റെ ആശയം ഏതാണ്ട് കഴിഞ്ഞ ഹദീസിന്റേത് പോലെ തന്നെയാണ്. നാം ഒന്ന് ചിന്തിക്കുക: ഖിയാമത്ത് നാളിൽ മഹ്ഷർ വൻ സഭയിൽ എത്ര ഭയാനക അവസ്ഥയായിരിക്കും? ഇതിനിടയിൽ പരിശുദ്ധ ഖുർആനുമായിട്ടുള്ള പ്രത്യേക ബന്ധത്തിൽ കഴിഞ്ഞവർ അതിന്റെ ഐശ്വര്യം കാരണമായി ഈ ഭയാനക അവസ്ഥയ്ക്കിടയിൽ വലിയ അന്തസ്സോടെയും സമാധാനത്തോടെയും വരുന്നതാണ്. കാരണം പരിശുദ്ധ ഖുർആൻ അവരുടെ ശുപാർശകനായി അവരോടൊപ്പം ഉണ്ടാകുന്നതാണ്. ഖുർആനിലെ പ്രഥമവും പ്രധാനപ്പെട്ടതുമായ രണ്ട് അനുഗ്രഹീത സൂറത്തുകൾ ബഖറയും ആലുഇംറാനും അതിന്റെ പ്രകാശ ഐശ്വര്യങ്ങളോടെ അവരുടെ ശിരസ്സുകൾക്ക് മീതെ തണൽ വിരിച്ച് നിൽക്കുന്നതാണ്. ഈ ഹദീസുകൾ അറിഞ്ഞിട്ടും ഈ സൗഭാഗ്യം കരസ്ഥമാക്കുന്നതിൽ വീഴ്ച വരുത്തുന്നവർ തീർച്ചയായും വലിയ ഭാഗ്യഹീനർ തന്നെയാണ്. 

സയ്യിദ് ഹസനി അക്കാദമി
ദാറുല്‍ ഉലൂം, ഓച്ചിറ

ബഹുമാന്യരെ, പ്രയോജനപ്രദമായ രചനകളുടെ പ്രസിദ്ധീകരണത്തിനും പ്രചാരണത്തിനും വേണ്ടി ആദരണീയ പ്രബോധകൻ മൗലാനാ സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി സ്ഥാപിച്ച ഒരു കേന്ദ്രമാണ് സയ്യിദ് ഹസനി അക്കാദമി. പടച്ചവന്റെ അനുഗ്രഹത്താൽ ചെറുതും വലുതുമായ ധാരാളം രചനകൾ ഇതിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ ഇതിന്റെ പ്രചാരണം വേണ്ട നിലയിൽ ആയിട്ടില്ല. അതിനുവേണ്ടി ഓരോ മാസവും ഓരോ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ദുൽ ഹജ്ജ് മാസം തിരുവനന്തപുരം ജില്ലയിലാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. സുമനസ്സുകളായ സഹോദരങ്ങൾ വീടുകളിലും ഇതര സ്ഥാപനങ്ങളിലും ചെറിയ ഒരു ലൈബ്രറി സ്ഥാപിച്ച് അക്കാദമിയുടെ രചനകൾ പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരെ പരിചയപ്പെടുത്തുകയും വിവാഹ വേളകളിലും മറ്റും ഉപഹാരം നൽകുകയും ചെയ്താൽ ഇത് വളരെ എളുപ്പമായ നിലയിൽ നടക്കുന്നതാണ്. ബുക്ക് സ്റ്റാളുകളും പർദ്ദ സ്റ്റാളുകളും നടത്തുന്ന സഹോദരങ്ങളെ പ്രേരിപ്പിച്ചാലും ഈ പ്രവർത്തനം പ്രയോജനപ്രദമായി നടക്കുന്നതാണ്. മാന്യ അനുവാചകർ ഈ വഴിയിൽ പരിശ്രമിക്കുകയും നിർമ്മാണാത്മ അഭിപ്രായങ്ങൾ നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.

***********************



പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി



ഞങ്ങളുടെ കേന്ദ്ര സ്ഥാപനം


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌