ഉള്ളടക്കം
* മുഖലിഖിതം
മൗലാനാ ഫസ്ലുര്‍റഹീം മുജദ്ദിദി
(ജന: സെക്രട്ടറി ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
* ജുമുഅ സന്ദേശം
* ജുമുഅ സന്ദേശം
മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
(പ്രസിഡന്‍റ് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
* മആരിഫുല്‍ ഖുര്‍ആന്‍
മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
* മആരിഫുല്‍ ഹദീസ്
********************************
മുഖലിഖിതം
മുഖലിഖിതം
പ്രശ്ന പരിഹാരത്തിന് ബാഹ്യ പരിശ്രമങ്ങളോടൊപ്പം പടച്ചവനോട് താണുകേണ് ഇരക്കുകയും ചെയ്യുക
മൗലാനാ ഫസ്ലുര്‍റഹീം മുജദ്ദിദി(ജന: സെക്രട്ടറി ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
ബഹുമാന്യ സഹോദരങ്ങളേ, നമ്മുടെ അഭിമാനവും സമ്പത്തുമായി ബന്ധപ്പെട്ട് വലിയൊരു വെല്ലുവിളിയാണ് കേന്ദ്ര ഗവര്‍മെന്‍റ് വഖ്ഫ് ഭേദഗതി ബില്ലിലൂടെ ഉയര്‍ത്തിയത്. പടച്ചവന്‍റെ അനുഗ്രഹത്താല്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഇതിനെ യഥാസമയം ഉണരുകയും ജെപിസിയ്ക്ക് ഒറ്റയ്ക്കും കൂട്ടായും ഇതിനെ എതിര്‍ത്തുകൊണ്ട് ഈ മെയിലുകള്‍ അയക്കാന്‍ ആഹ്വാനം നടത്തുകയും ചെയ്തു. തല്‍ഫലമായി രാജ്യത്തിന്‍റെ നാനാ ഭാഗത്ത് നിന്നും കോടിക്കണക്കിന് സഹോദരീ സഹോദരന്മാരും ധാരാളം സംഘടനകളും സ്ഥാപനങ്ങളും ഈ മെയിലുകള്‍ അയക്കുകയുണ്ടായി. ഇതിനുവേണ്ടി പരിശ്രമിക്കുകയും ഇതില്‍ പങ്കെടുക്കുകയും ചെയ്ത എല്ലാ സഹോദരങ്ങള്‍ക്കും വിശിഷ്യാ ഇമാമുമാര്‍ക്കും നേതാക്കള്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നു. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ പ്രവര്‍ത്തകരും സേവകരും ഈ വിഷയത്തില്‍ പ്രത്യേക ശ്രദ്ധയും താല്‍പ്പര്യവും പുലര്‍ത്തിയത് വളരെയധികം സന്തോഷം പകരുന്നതാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രധാന വ്യക്തികളെയും നേതാക്കളെയും കണ്ടത് ഇതില്‍ പ്രത്യേകം സ്മരണീയമാണ്. വിശിഷ്യാ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് അദ്ധ്യക്ഷന്‍റെ നേതൃത്വത്തില്‍ ഒരു സംഘം ജെപിസി അംഗങ്ങളെ കാണുകയും വിശദമായ നിലയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. കൂടാതെ, 211 പേജ് അടങ്ങുന്ന സുദീര്‍ഘമായ വിയോജനക്കുറിപ്പ് അവര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ച വലിയ പ്രതീക്ഷ നല്‍കുന്നതാണ്. കൂടാതെ, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് നേരിട്ടും വിവിധ സംഘടനകള്‍ അവരവരുടെ ഭാഗത്ത് നിന്നും നിരവധി വഖ്ഫ് സംരക്ഷണ വിശദീകരണ സമ്മേളനങ്ങളും സെമിനാറുകളും നടത്തുന്നതും പ്രഭാഷകന്മാരും ലേഖകരും ഈ കാര്യം പ്രത്യേകം കൈകാര്യം ചെയ്യുന്നതും വളരെയധികം സന്തോഷകരമാണ്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ സഹോഹദരങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതിനോടൊപ്പം ഈ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും അഭ്യര്‍ത്ഥിക്കുകയാണ്. ഇവിടെ ഈ സന്ദര്‍ഭത്തില്‍ സുപ്രധാനമായ രണ്ട് കാര്യങ്ങള്‍ കൂടി മുഴുവന്‍ സഹോദരങ്ങളെയും ഉണര്‍ത്തുകയാണ്. ഒന്നാമതായി, ഇന്നത്തെ സാഹചര്യത്തില്‍ നാമെല്ലാവരും നമ്മുടെ തെറ്റുകളെ തിരുത്തുകയും ജീവിതം നന്നാക്കുകയും ചെയ്യേണ്ടതാണ്. പ്രത്യേകിച്ചും ഇന്നത്തെ പ്രശ്നങ്ങളുടെയും പരീക്ഷണങ്ങളുടെയും പ്രധാനപ്പെട്ട ഒരു കാരണം സമുദായ അംഗങ്ങളുടെ വീഴ്ചകളാണ്. മഹാന്മാരായ മുന്‍ഗാമികളിലൂടെ നമുക്ക് ലഭിച്ച വഖ്ഫ് സ്വത്തുക്കളെ പ്രയോജനപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നതില്‍ നാം വലിയ വീഴ്ച വരുത്തുകയുണ്ടായി. സംരക്ഷണ കാര്യങ്ങള്‍ ഇരിക്കട്ടെ, മസ്ജിദുകളില്‍ വന്ന് നമസ്കരിക്കുന്നതില്‍ പോലും നാം വലിയ വീഴ്ച വരുത്തുകയാണ്. ഈ സങ്കീര്‍ണ്ണ ഘട്ടത്തിലും ജമാഅത്ത് നമസ്കാരം പോകട്ടെ, നമസ്കാരം പോലും ഉപേക്ഷിച്ച് കഴിയുന്ന ധാരാളം സഹോദരീ സഹോദരന്മാരുണ്ട്. നമസ്കാരം ഇസ്ലാമിന്‍റെ സുപ്രധാന സ്തംഭമാണ്. അത് ഉപേക്ഷിക്കുന്നവര്‍ക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. റസൂലുല്ലാഹി (സ) അരുളി: ഒരു മനുഷ്യന്‍റെയും നിഷേധത്തിന്‍റെയും ഇടയിലുള്ള നമസ്കാരമാണ്! അതുകൊണ്ട് മുഴുവന്‍ മുസ്ലിംകളെയും നമസ്കാരക്കാരാക്കാനും നമസ്കാരക്കാരെ ജമാഅത്ത് നമസ്കാരക്കാരാക്കാനും വഖ്ഫ് സ്വത്തുക്കളെ സംരക്ഷിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നവരാക്കാനും നാം ഒത്തൊരുമിച്ച് പരിശ്രമിക്കേണ്ടതാണ്. രണ്ടാമതായി, പ്രയാസ പ്രശ്നങ്ങള്‍ ദൂരീകരിക്കപ്പെടുന്നതിനും അതിനുവേണ്ടി നടത്തപ്പെടുന്ന പരിശ്രമങ്ങള്‍ ഫലവത്താകുന്നതിലും നാം ഓരോരുത്തരും അല്ലാഹുവിനോട് താണുകേണ് പ്രാര്‍ത്ഥിക്കേണ്ടതാണ്. റസൂലുല്ലാഹി (സ)യ്ക്ക് എന്തെങ്കിലും പ്രയാസങ്ങളും പ്രശ്നങ്ങളുമുണ്ടായാല്‍ ഉടനടി നമസ്കാരത്തിലേക്ക് തിരിയുകയും പടച്ചവനോട് വിനയ വണക്കങ്ങള്‍ നടത്തുകയും ചെയ്യുമായിരുന്നു. ഇതിനുവേണ്ടി ഹാജത്ത് നമസ്കാരം എന്ന ഒരു നമസ്കാരം തന്നെ സുന്നത്താക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ പരമ്പരയിലെ മഹാപുരുഷനും ഈ രാജ്യത്ത് ഇതിന് മുമ്പ് വലിയ വെല്ലുവിളികള്‍ ഉയര്‍ന്നപ്പോള്‍ അതിനിടയില്‍ പരിശ്രമിച്ച് മഹത്തായ വിജയം വരിച്ച വ്യക്തിത്വവുമായ മുജദ്ദിദ് അല്‍ഫ്ഥാനി ശൈഖ് അഹ്മദ് സര്‍ഹിന്ദി ഇതിന് വളരെ ലളിതവും എന്നാല്‍ അതിശക്തവുമായ ഒരു മാര്‍ഗ്ഗം ഇപ്രകാരം വിവരിക്കുന്നു: രണ്ട് റക്അത്ത് ഹാജത്ത് നമസ്കരിച്ച് ആദ്യം നൂറ് പ്രാവശ്യം സ്വലാത്ത് ചൊല്ലുക. തുടര്‍ന്ന് ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാഹ് അഞ്ഞൂറ് പ്രാവശ്യവും ശേഷം നൂറ് സ്വലാത്തും ചൊല്ലി അല്ലാഹുവിനോട് ആഗ്രഹങ്ങള്‍ സഫലമാകാനും ദു:ഖങ്ങള്‍ ദൂരീകരിച്ച് തരാനും വളരെ വിനയത്തോടെ ദുആ ചെയ്യുക. ഇന്‍ഷാ അല്ലാഹ് ഇതിന് വലിയ ഫലമുണ്ടാകുന്നതാണ്. ചുരുക്കത്തില്‍ സാഹചര്യം വളരെ സങ്കീര്‍ണ്ണവും പ്രശ്നങ്ങള്‍ അതീവ ഗുരുതരവുമാണ്. ഇത് പരിഹരിക്കപ്പെടുന്നതിന് ഓരോരുത്തരും കഴിവിന്‍റെ പരമാവധി പരിശ്രമിക്കുക. കൂട്ടത്തില്‍ നമ്മുടെയും സമുദായത്തിന്‍റെയും തിന്മകള്‍ തിരുത്താനും നന്മകള്‍ ശരിയാകാനും പ്രത്യേകം ഗൗനിക്കുകയും കാരുണ്യവാനായ പടച്ചവനോട് പരിശ്രമങ്ങള്‍ ഫലവത്താകാന്‍ കാര്യമായി ദുആ ഇരക്കുകയും ചെയ്യുക. അല്ലാഹു അനുഗ്രഹിക്കട്ടെ.
വഖ്ഫ് ഭേദഗതി ബില്ല് എതിര്‍ക്കപ്പെടുന്നത് എന്തുകൊണ്ട്? ഭാഗം-1
മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി(പ്രസിഡന്‍റ് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) പ്രേരിപ്പിച്ച ഒരു പ്രധാന സല്‍ക്കര്‍മ്മമാണ് വഖ്ഫ്. റസൂലുല്ലാഹി (സ) അരുളി: ഒരു മനുഷ്യന്‍ മരണപ്പെടുമ്പോള്‍ അവന്‍റെ കര്‍മ്മങ്ങളുമായിട്ടുള്ള ബന്ധം അവസാനിക്കുന്നതാണ്. എന്നാല്‍ മൂന്ന് കര്‍മ്മങ്ങളുമായിട്ടുള്ള ബന്ധം തുടരുന്നതാണ്. 1. നിലനില്‍ക്കുന്ന ദാനങ്ങള്‍. 2. പ്രയോജനപ്പെടുന്ന അറിവ്. 3. അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സന്താനങ്ങള്‍. (മുസ്ലിം) കിണര്‍ കുഴിച്ച് ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ വഴിയൊരുക്കുക, ബില്‍ഡിംഗ് നിര്‍മ്മിച്ച് ജനങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാന്‍ അനുമതി കൊടുക്കുകയോ, അതിന്‍റെ വരുമാനം സാധുക്കള്‍ക്ക് ചിലവഴിക്കുകയോ ചെയ്യുക, മസ്ജിദ്-മദ്സകള്‍ നിര്‍മ്മിക്കുക മുതലായ കാര്യങ്ങള്‍ നിലനില്‍ക്കുന്ന ദാനമാണ്. ശിഷ്യന്മാരും രചനകളും വിദ്യാഭ്യാസ കേന്ദ്രങ്ങളും തയ്യാറാക്കുന്നത് പ്രയോജനപ്പെടുന്ന അറിവുകളാണ്. സന്താനങ്ങളെ നന്നാക്കാന്‍ പരിശ്രമിക്കുന്നതും അങ്ങനെ അവര്‍ മാതാപിതാക്കള്‍ക്ക് നിരന്തരം ദുആ ചെയ്യുന്ന സാഹചര്യം ഉണ്ടാക്കുന്നതും മൂന്നാമത്തെ കാര്യത്തില്‍ പെടുന്നു. ഈ മൂന്ന് കാര്യങ്ങള്‍ക്കും വഖ്ഫ് എന്ന് പറയാമെങ്കിലും ഒന്നാമത്തെ കാര്യത്തിനാണ് പ്രധാനമായും വഖ്ഫ് എന്ന് പറയുന്നത്. റസൂലുല്ലാഹി (സ) ആണ് സമുദായത്തില്‍ ആദ്യമായി മസ്ജിദിനുവേണ്ടി സ്ഥലം വാങ്ങി വഖ്ഫ് ചെയ്തത്. (ഫത്ഹുല്‍ ബാരി) സഹാബാക്കളില്‍ ഭൂരിഭാഗവും അവരവരുടെ കഴിവിനനുസരിച്ച് വഖ്ഫുകള്‍ ചെയ്തിരുന്നു. ഉസ്മാന്‍ (റ) ശുദ്ധ ജലത്തിന് സൗകര്യം ഒരുക്കി. (ബുഖാരി) ജാബിര്‍ (റ) ഒരു തോട്ടം വഖ്ഫ് ചെയ്തു. എന്നാല്‍ റസൂലുല്ലാഹി (സ) വഖ്ഫിന്‍റെ നിയമ മര്യാദകള്‍ വിവരിച്ച് കൊടുക്കുന്ന നിലയില്‍ ആദ്യമായി വഖ്ഫ് ചെയ്തത് ഉമറുല്‍ ഫാറൂഖ് (റ) ആണ്. ഖൈബറിലെ ഒരു ഭൂമി വഖ്ഫ് ചെയ്തുകൊണ്ട് റസൂലുല്ലാഹി (സ)യുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹം പറഞ്ഞു: ഇതിന്‍റെ വരുമാനം സാധുക്കള്‍ക്കും ബന്ധുക്കള്‍ക്കും യാത്രികര്‍ക്കും അടിമകള്‍ക്കും അതിഥികള്‍ക്കും ഉപയോഗിക്കാവുന്നതാണ്. ഇതിന്‍റെ കാര്യങ്ങള്‍ നോക്കുന്ന വ്യക്തി (മുതവല്ലി)യ്ക്കും ഇതില്‍ നിന്നും ഭക്ഷിക്കാനും സുഹൃത്തുക്കള്‍ക്ക് ഭക്ഷിപ്പിക്കാനും അനുവാദമുണ്ട്. (ബുഖാരി) ഇതിന് ശേഷം സഹാബികളും പിന്‍ഗാമികളും ധാരാളമായി വഖ്ഫ് ചെയ്യുകയും ഫുഖഹാ മഹത്തുക്കള്‍ ഇതിന്‍റെ വിവിധ നിയമങ്ങള്‍ വിശദമായി വിവരിക്കുകയും ചെയ്തു. അങ്ങനെ ലോകത്ത് ധാരാളം മസ്ജിദുകളും മദ്റസകളും അനാഥാലയങ്ങളും സാധുസംരക്ഷണ പദ്ധതികളും വിദ്യാഭ്യാസ കേന്ദ്രങ്ങളും നിലവില്‍ വന്നു. ഇന്ത്യയിലും മുന്‍ഗാമികളായ മഹത്തുക്കള്‍ ധാരാളം വഖ്ഫുകള്‍ ചെയ്യുകയും മുസ്ലിംകളും അമുസ്ലിംകളുമായ ഭരണാധികാരികള്‍ അവയെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയുണ്ടായി. ബ്രിട്ടീഷുകാര്‍ ആദ്യം വഖ്ഫില്‍ കൈകടത്തിയെങ്കിലും പിന്നീട് അവര്‍ പിന്‍വാങ്ങുകയുണ്ടായി. സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലിംകളുടെ ഒരു പ്രധാന ആവശ്യം വഖ്ഫ് സ്വത്തുക്കളെ സംരക്ഷിക്കണം എന്നതായിരുന്നു. സ്വാതന്ത്ര്യ സമര നായകര്‍ ഈ കാര്യം പലഘട്ടങ്ങളിലും സമ്മതിച്ച് പറയുകയും ചെയ്തിട്ടുള്ളതാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്വാതന്ത്ര്യത്തിന് ശേഷം തയ്യാറാക്കപ്പെട്ട ഭരണഘടനയില്‍ ഇതിന് സംരക്ഷണം വാഗ്ദാനം ചെയ്യപ്പെട്ടു. പാര്‍ലമെന്‍റ് വിവിധ ഘട്ടങ്ങളില്‍ ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയും 1995-ല്‍ താരതമ്യേനെ ഭേദപ്പെട്ട ഒരു വഖ്ഫ് ബില്‍ അവതരിപ്പിക്കുകയും അതില്‍ വിവിധ ഭേദഗതികള്‍ വരുത്തി പാസാക്കപ്പെടുകയും ചെയ്തു. എന്നാല്‍ പുതിയ ഗര്‍വമെന്‍റ് ഈ നിയമത്തെ ഭേദഗതി ചെയ്തുകൊണ്ടുള്ള ഒരു ബില്‍ അവതരിപ്പിച്ചിരിക്കുകയാണ്. വഖ്ഫ് സ്വത്തുക്കളെ സംരക്ഷിക്കുന്നതിന് പകരം അവയുടെ സുരക്ഷിതത്വം അപകടപ്പെടുത്താനുള്ള നിഗൂഢമായ ഒരു ഗൂഢാലോചനയാണ് ഈ ഭേദഗതി ബില്ലെന്ന് ഞങ്ങള്‍ ന്യായമായും സംശയിക്കുന്നു. ഒന്നാമതായി, 1995ലെ വഖ്ഫ് നിയമമനുസരിച്ച് നീണ്ട കാലഘട്ടം ഒരു ഭൂസ്വത്ത് മസ്ജിദോ ഖബര്‍സ്ഥാനോ ആയിട്ടോ മതപരമോ മാനുഷികമോ ആയ നന്മക്കായി ഉപയോഗിക്കപ്പെട്ട് വരുന്നതാണെങ്കില്‍ ആ സ്വത്തിനെ വഖ്ഫ് ആയി അംഗീകരിക്കപ്പെടുന്നതാണ്. എന്നാല്‍ പുതിയ നിയമത്തില്‍ ഈ നിയമം എടുത്ത് മാറ്റപ്പെട്ടിരിക്കുന്നു. അതായത് ഏതങ്കിലും ഭൂസ്വത്ത് മസ്ജിദായോ മദ്രസയായോ മഖ്ബറയായോ കബര്‍സ്ഥാനായോ നൂറ്റാണ്ടുകളായി ഉപയോഗിക്കപ്പെടുന്നെങ്കിലും അതിന് നിയമപരമായ രേഖ ഇല്ലാത്ത പക്ഷം സംസ്ഥാന ഭരണകൂടത്തിന് അതിനെ കണ്ടെടുത്ത് ആധിപത്യം ചെലുത്താന്‍ സാധിക്കുന്നതാണ്. ഇത് കാരണമായി മസ്ജിദുകളിലും ഇതര വഖ്ഫ് സ്വത്തുകളിലും വര്‍ഗീയവാദികളുടെ അവകാശവാദങ്ങളും പരസ്പര ഭിന്നതകളും അധികരിക്കുന്നതാണ്. എന്നാല്‍ നിയമപരമായി ഇതര മതവിഭാഗങ്ങളുടെ സ്ഥലങ്ങള്‍ക്ക് ഈ തത്വം അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. അതായത് ഏതെങ്കിലും സ്ഥലമോ കെട്ടിടമോ നാളുകളായി മതപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുന്നെങ്കില്‍ അതിനെ അപ്രകാരമായി അംഗീകരിക്കപ്പെടുന്നതാണ്. രണ്ടാമതായി, കേന്ദ്ര വഖ്ഫ് കൗണ്‍സിലില്‍ അമുസ്ലിം പ്രതിനിധികളെയും അംഗങ്ങളാക്കണമെന്ന് പുതിയ ബില്ലില്‍ പറയുന്നു. കൂടാതെ മുസ്ലിം പ്രതിനിധികളുടെ എണ്ണം വളരെയധികം വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്. പഴയ നിയമനുസരിച്ച് ഒരു അമുസ്ലിം സഹോദരന്‍ മാത്രമാണ് വഖ്ഫ് കൗണ്‍സിലില്‍ അംഗമായി ഉണ്ടായിരുന്നത്. ഇപ്പോള്‍ അമുസ്ലിം അംഗങ്ങളുടെ എണ്ണത്തെയും സ്ഥാനത്തെയും പരിഗണിച്ചുകൊണ്ട് 13 വരെ ആകാമെന്നും 2 പേര്‍ നിര്‍ബന്ധമാണ് എന്നും പുതിയ ബില്ലില്‍ പറയുന്നു. പഴയ നിയമത്തില്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ ഒരു അമുസ്ലിം ചെയര്‍പേഴ്സണ്‍ ആകാമായിരുന്നു. എന്നാല്‍ മറ്റ് അംഗങ്ങളെല്ലാം മുസ്ലിംകള്‍ ആയിരുന്നു. ഈ അംഗങ്ങളെ തിരഞ്ഞെടുപ്പിലൂടെയാണ് ബോര്‍ഡില്‍ അംഗങ്ങളാക്കിയിരുന്നത്. ഇപ്പോള്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ 7 പേര്‍ അമുസ്ലിം അംഗങ്ങള്‍ ആകാവുന്നതാണ്. 2 അമുസ്ലിംകള്‍ നിര്‍ബന്ധമായും ഉണ്ടാവേണ്ടതുമാണ്. കൂടാതെ വഖ്ഫ് ബോര്‍ഡ് തിരഞ്ഞെടുപ്പിലൂടെയല്ല നിലവില്‍ വരുന്നത്. സംസ്ഥാന വഖ്ഫ് ബോര്‍ഡ് അംഗങ്ങളെ ഗവണ്‍മെന്‍റ് നിര്‍ദ്ദേശിക്കുന്നതാണ്. മൂന്നാമതായി, വഖ്ഫ് ബോര്‍ഡിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുസ്ലിം ആയിരിക്കണമെന്ന് മുമ്പ് നിബന്ധന ഉണ്ടായിരുന്നു. ഇപ്പോള്‍ അതിനെയും മാറ്റപ്പെട്ടിരിക്കുന്നു. അതിന് പകരം സംസ്ഥാന ഭരണകൂടത്തിന് ഏതെങ്കിലും അമുസ്ലിംകളെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആക്കാവുന്നതാണ്. ഇതിലേക്ക് വഖ്ഫ് ബോര്‍ഡിന്‍റെ ശുപാര്‍ശ പോലും ആവശ്യമില്ല. ചുരുക്കത്തില്‍ മുസ്ലിംകളുടെ പ്രാതിനിധ്യത്തെ ആസൂത്രണമായി വെട്ടിക്കുറച്ചിരിക്കുന്നു. നിര്‍ബന്ധമായും അമുസ്ലിം എണ്ണം ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും ഈ കാര്യങ്ങള്‍ ഇന്ത്യന്‍ ഭരണഘടനക്ക് തീര്‍ത്തും എതിരാണ്. കാരണം സാമൂഹിക സമാധാനവും പൊതുവായ സല്‍സ്വഭാവവും ആരോഗ്യവും കുഴപ്പത്തിലാകാത്തപക്ഷം ഓരോ മതവിഭാഗങ്ങള്‍ക്കും അതിലെ ഉപവിഭാഗങ്ങള്‍ക്കും മതകാര്യങ്ങള്‍ സ്വയമായി നിര്‍വഹിക്കാനും സ്വത്തുക്കള്‍ ഉടമയിലാക്കാനും അവര്‍ക്ക് അനുവാദം ഉണ്ടായിരിക്കും എന്ന് ഭരണഘടന വ്യക്തമായി പറയുന്നു. എന്നാല്‍ പുതിയ നിയമം അനുസരിച്ച് കര്‍മ്മപരമായി വഖ്ഫ് ബോര്‍ഡ് ഹൈന്ദവ നേതൃത്വത്തിന്‍റെ കീഴിലാകുന്നതാണ്. അവരില്‍ പലര്‍ക്കും ഇസ്ലാമിക നിയമങ്ങളെക്കുറിച്ച് അറിവോ അവയോട് താല്‍പര്യമോ അനുകൂല മനസ്ഥിതിയോ ഉണ്ടായിരിക്കുന്നതല്ല. തീര്‍ച്ചയായും ഇത് വളരെ തന്ത്രപരമായ നിലയില്‍ മുസ്ലിംകളില്‍ നിന്നും വഖ്ഫ് സ്വത്തുക്കള്‍ അപഹരിക്കാന്‍ ഉള്ള ഒരു പരിശ്രമമാണ്. മറുഭാഗത്ത് ഉത്തര്‍പ്രദേശ്, കേരള, കര്‍ണാടക, തമിഴ്നാട്, മുതലായ സംസ്ഥാനങ്ങളില്‍ ഇതര മതവിഭാഗങ്ങളുടെ സ്വത്തുക്കളുടെ നിയന്ത്രണം അവരവര്‍ക്ക് തന്നെയാണ്. ബീഹാറില്‍ ആകട്ടെ ഹൈന്ദവരിലെ വിവിധ വിഭാഗങ്ങള്‍ക്ക് പ്രത്യേക ബോര്‍ഡുകള്‍ തന്നെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പഞ്ചാബിലെ ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ അംഗങ്ങളും നിര്‍ബന്ധമായ സിഖ് വിഭാഗക്കാര്‍ മാത്രമായിരിക്കും. ഈയൊരു സാഹചര്യത്തില്‍ മുസ്ലിംകളുടെ മതപരമായ സമ്പത്തില്‍ മാത്രം അമുസ്ലിം പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുകയും അതിന്‍റെ നേതൃത്വം തന്നെ അവരെ ഏല്‍പ്പിക്കുകയും ചെയ്താല്‍ വഖ്ഫിന്‍റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ബാധ്യത പരിപൂര്‍ണ്ണമായി നിര്‍വഹിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയുമോ? വഖ്ഫ് ഒരു ഇസ്ലാമികമായ ആരാധനയാണ്. വഖ്ഫിന്‍റെ സ്വത്തുക്കള്‍ ഏതെങ്കിലും ഭരണകൂടത്തിന്‍റെ ദാനമല്ല. മുസ്ലിംകളുടെ ദാനമാണ്. അതുകൊണ്ട് അതിന്‍റെ മേല്‍നോട്ടവും നടത്തിപ്പും നിര്‍വഹിക്കുന്നവരും മുസ്ലിംകള്‍ തന്നെയായിരിക്കണം. ഇതിലൂടെ മാത്രമേ അതിന്‍റെ പ്രേരണകള്‍ പൂര്‍ണ്ണമായി നിര്‍വ്വഹിക്കാന്‍ സാധിക്കുകയുള്ളു. പ്രത്യേകിച്ചും ഇന്നത്തെ ഭരണകൂടത്തിന്‍റെ അവസ്ഥകള്‍ വെച്ച് നോക്കുമ്പോള്‍ അമുസ്ലിംകള്‍ വഖ്ഫിന്‍റെ പ്രധാനപ്പെട്ട സ്ഥാനങ്ങളിലേക്ക് വരുന്നത് വലിയ പ്രശ്നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും കാരണമാകുന്നതാണ്. നാലാമതായി, പുതിയ ബില്‍ അനുസരിച്ച് വഖ്ഫ് സ്വത്തുക്കള്‍ വലിയ ഒരളവോളം ഗവണ്‍മെന്‍റ് നിയന്ത്രണത്തിലാകുന്നതാണ്. വഖ്ഫ് ബോര്‍ഡിന്‍റെ അവകാശങ്ങള്‍ വളരെ പരിമിതമാക്കുന്നതുമാണ്. വഖ്ഫ് ബോര്‍ഡിന് വഖ്ഫിന്‍റെ രജിസ്ട്രേഷന്‍റെ അനുമതി പോലും ഉണ്ടാകുന്നതല്ല. രജിസ്ട്രേഷന് ആരെങ്കിലും അപേക്ഷ സമര്‍പ്പിച്ചാല്‍ അതിനെ അവര്‍ കലക്ടര്‍ക്ക് മുമ്പാകെ സമര്‍പ്പിക്കുകയും കലക്ടര്‍ അത് ശെരിയാണോ തെറ്റാണോ എന്ന തീരുമാനം എടുക്കുന്നതുമാണ്. കളക്ടറിന്‍റെ വീക്ഷണത്തില്‍ ആ സമ്പത്ത് പൂര്‍ണ്ണമായോ ഭാഗികമായോ ഭിന്നതയുള്ളതോ സര്‍ക്കാറിന്‍റെതോ ആണെങ്കില്‍ കലക്ടര്‍ അതിനെ വഖ്ഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്യുന്നതല്ല. അതു പോലെ ഏതെങ്കിലും വഖ്ഫ് സ്വത്തുക്കള്‍ ഗവര്‍ണ്‍മെന്‍റിന്‍റെ നിയന്ത്രണത്തിലാണെങ്കില്‍ അതിനെയും വഖ്ഫ് സ്വത്തായി അംഗീകരാണപ്പെടുന്നതല്ല. ചുരുക്കത്തില്‍ ഇത്തരം വിഷയങ്ങളില്‍ കലക്ടറുടെ തീരുമാനം അനുസരിച്ചാണ് പ്രവര്‍ത്തിക്കപ്പെടുന്നത്. ഇനി കലക്ടര്‍ തീരുമാനം ഒന്നും പറഞ്ഞില്ലെങ്കിലും അതിനെ വഖ്ഫ് സ്വത്തായി അംഗീകരിക്കപ്പെടുന്നതല്ല. ഏതെങ്കിലും സ്വത്ത് വഖ്ഫ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണോ എന്ന് തീരുമാനിക്കാന്‍ വഖ്ഫ് ട്രിബൂണലിലുണ്ടായിരുന്ന അവകാശവും ഇല്ലാതാക്കിയിരിക്കുന്നു. ഓഡിറ്ററെ തിരഞ്ഞെടുക്കാനുള്ള അധികാരവും ഭരണകൂടത്തിനായിരിക്കും. ചുരുക്കത്തില്‍ വഖ്ഫിന്‍റെ നിയന്ത്രണവും അതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങളും ഭരണകൂടത്തിന്‍റെ കരങ്ങളിലാകുന്നതാണ്. കലക്ടര്‍ ഭരണകൂടത്തിന്‍റെ പ്രതിനിധി തന്നെയാണ്. ഇത്തരുണത്തില്‍ വഖ്ഫ് ബോര്‍ഡിനും ഭരണകൂടത്തിനും ഇടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അത് വഖ്ഫാണെന്ന് ഏതെങ്കിലും കലക്ടര്‍ തീരുമാനിക്കുമോ? അഞ്ചാമതായി, വഖ്ഫ് ട്രൈബൂണലിനെയും ബലഹീനമാക്കാനും അശക്തമാക്കാനും പുതിയ ബില്ലില്‍ പരിശ്രമമുണ്ടായിട്ടുണ്ട്. അതായത് ഏത് ട്രൈബൂണലിനെ വേണമെങ്കിലും വഖ്ഫ് ട്രൈബൂണലായി നിശ്ചയിക്കാവുന്നതാണ്. അതില്‍ മൂന്നിന് പകരം രണ്ട് അംഗങ്ങളെ കാണുകയുള്ളൂ. ഇസ്ലാമിക നിയമങ്ങളെ കുറിച്ച് അറിവുള്ള ആളായിരിക്കണം എന്ന നിബന്ധനെയും എടുത്ത് മാറ്റിയിരിക്കുന്നു. മറിച്ച് റിട്ടേര്‍ട് ജില്ലാ ജഡ്ജിയെയും ഓഫീസറെയും വഖ്ഫ് ട്രൈബൂണലിനെയും ചെയര്‍മാനാക്കാമെന്ന് പുതിയ ബില്ലില്‍ പറയുന്നു. ചുരുക്കത്തില്‍ ആദ്യമായി വഖ്ഫ് ട്രൈബൂണലിന്‍റെ അവകാശങ്ങള്‍ വെട്ടിക്കുറച്ച് കലക്ടറിന് സര്‍വ്വ സ്വാത്രന്ത്ര്യം നല്‍കിയിരിക്കുന്നു. രണ്ടാമതായി ട്രൈബൂണലിന്‍റെ ഘടനാരൂപവും മാറ്റിയിരിക്കുന്നു. വഖ്ഫ് ഒരു ഇസ്ലാമിക നിയമവുമായി ബന്ധപ്പെട്ട ഒരു കര്‍മമാണ്. അതിന്‍റെ കാര്യങ്ങള്‍ നോക്കുന്നതിന് ഇസ്ലാമിക നിയമങ്ങള്‍ അറിയുന്ന ഒരു അംഗമുണ്ടായിരിക്കണം എന്ന നിബന്ധനയും എടുത്ത് മാറ്റിയിരിക്കുന്നു. ആറാമതായി, പുതിയ ബില്‍ പറയുന്നു: 5 വര്‍ഷമായി ഇസ്ലാമികമായി ജീവിക്കുന്ന വൃക്തിക്ക് മാത്രമേ വഖ്ഫ് ചെയ്യാന്‍ സാധിക്കുകയുള്ളു. ഇതനുസരിച്ച് ഇതല്ലാത്ത ആരെങ്കിലും വല്ലതും വഖ്ഫ് ചെയ്താല്‍ അത് വഖ്ഫായി പരിഗണിക്കപ്പെടുന്നതല്ല. ഒന്നാമതായി അഞ്ച് വര്‍ഷത്തെ നിബന്ധന തന്നെ അര്‍ത്ഥമില്ലാഞ്ഞതാണ്. ഇസ്ലാമിക വീക്ഷണത്തില്‍ ഇന്ന് ഇസ്ലാം സ്വീകരിച്ച വ്യക്തിയും, 50 വര്‍ഷമായി ഇസ്ലാമില്‍ കഴിയുന്ന വ്യക്തിയും ഒരു പോലെയാണ്. ഇരുവര്‍ക്കും ഒരുപോലെ ആരാധനാ കാര്യങ്ങള്‍ നിര്‍വഹിക്കാവുന്നതാണ്. ഒരു വ്യക്തി മുസ്ലിം ആയാലുടന്‍ നമസ്കാരവും നോമ്പും നിര്‍ബന്ധമാകുന്നത് പോലെ അദ്ദേഹത്തിന് വഖ്ഫ് നിര്‍വഹിക്കാനും അവകാശമുണ്ടായിരിക്കുന്നതാണ്. അതുകൊണ്ട് ഈ നിബന്ധന അര്‍ത്ഥമില്ലാത്തതാണ്. രണ്ടാമതായി ഇന്ത്യയിലെ ധാരാളം ഹൈന്ദവ ഭരണാധികാരികളും അമുസ്ലിം സഹോദരങ്ങളും മുസ്ലിംകള്‍ക്കും മസ്ജിദുകള്‍ക്കും ഖബര്‍ സ്ഥാനങ്ങള്‍ക്കും മറ്റും ഭൂമി ദാനം ചെയ്തിട്ടുണ്ട്. ഈ വകുപ്പനുസരിച്ച് ഇവരുടെയെല്ലാം ദാനങ്ങള്‍ വഖ്ഫിന്‍റെ അവസ്ഥയില്‍ നിന്നും മാറുന്നതും പല വഖ്ഫ് സ്വത്തുക്കളും അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് കാരണമാക്കുന്നതുമാണ്. ആകെ ചുരുക്കത്തില്‍ പുതിയ ബില്ലിലെ എല്ലാ വകുപ്പുകളും അല്‍പ്പം മാത്രമുള്ള മുസ്ലിം വഖ്ഫ് സ്വത്തുക്കളെ അന്യാധീനപ്പെടുത്താനും മുസ്ലിംകളില്‍ നിന്നും അതിന്‍റെ അധികാരം എടുത്ത് മാറ്റി ഭരണകൂടത്തിന്‍റെ പിടിമുറുക്കാനുമുള്ള ശ്രമമാണ്. ആകയാല്‍ ഈ പുതിയ ബില്ലിനെ നിക്ഷപക്ഷരായ എല്ലാവരും ശക്തിയുക്തം എതിര്‍ക്കുന്നു.
*********************************
മആരിഫുല്‍ ഖുര്‍ആന്‍
ഏല്‍പ്പിക്കപ്പെട്ട കാര്യങ്ങളിലും വസ്തുക്കളിലും വിശ്വസ്തത മുറുകെ പിടിക്കുക
മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 72-73
إِنَّا عَرَضْنَا الْأَمَانَةَ عَلَى السَّمَاوَاتِ وَالْأَرْضِ وَالْجِبَالِ فَأَبَيْنَ أَن يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا الْإِنسَانُ ۖ إِنَّهُ كَانَ ظَلُومًا جَهُولًا (72) لِّيُعَذِّبَ اللَّهُ الْمُنَافِقِينَ وَالْمُنَافِقَاتِ وَالْمُشْرِكِينَ وَالْمُشْرِكَاتِ وَيَتُوبَ اللَّهُ عَلَى الْمُؤْمِنِينَ وَالْمُؤْمِنَاتِ ۗ وَكَانَ اللَّهُ غَفُورًا رَّحِيمًا (73)
വിശ്വസ്തതയെ ആകാശഭൂമികളുടെയും പര്‍വതങ്ങളുടെയും മുന്നില്‍ നാം അവതരിപ്പിച്ചു. അപ്പോള്‍ അതിനെ ഏറ്റെടുക്കാന്‍ അവകള്‍ വിസമ്മതിച്ചു. അതില്‍ നിന്നും അവര്‍ ഭയന്നു. എന്നാല്‍ മനുഷ്യന്‍ അത് ഏറ്റെടുത്തു. മനുഷ്യന്‍ വലിയ അക്രമിയും വിവരംകെട്ടവനുമായിരുന്നു(72) തല്‍ഫലമായി കപടവിശ്വാസികളെയും കപടവിശ്വാസിനികളെയും ബഹുദൈവാരാധകരായ പുരുഷന്മാരെയും സ്ത്രീകളെയും അല്ലാഹു ശിക്ഷിക്കുന്നതാണ്. സത്യവിശ്വാസികളിലേക്കും സത്യവിശ്വാസിനികളിലേക്കും അല്ലാഹു കാരുണ്യത്തോടെ തിരിയുന്നതാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണകാട്ടുന്നവനുമാകുന്നു.(73)
ആശയ സംഗ്രഹം വിധിവിലക്കുകളാകുന്ന വിശ്വസ്തതയെ ആകാശഭൂമികളുടെയും പര്‍വതങ്ങളുടെയും മുന്നില്‍ നാം അവതരിപ്പിച്ചു. അതായത് അവയില്‍ ചെറിയ ബോധമുണ്ടാക്കി. പ്രസ്തുത ബോധം ഇപ്പോഴുമുണ്ട്. തുടര്‍ന്ന് അവയോട് വിധിവിലക്കുകള്‍ അനുസരിക്കണമെന്നും അനുസരിച്ചാല്‍ പ്രതിഫലം കിട്ടുമെന്നും അനുസരിക്കാതിരുന്നാല്‍ ശിക്ഷ ലഭിക്കുമെന്നും പറയുകയും ഇത് തെരഞ്ഞെടുക്കാനും തെരഞ്ഞെടുക്കാതിരിക്കാനും ഇഷ്ടം നല്‍കുകയും ചെയ്തു. അപ്പോള്‍ ഭയവും ശിക്ഷയ്ക്കുള്ള സാധ്യതയും മുന്നില്‍ വെച്ച് അതിനെ ഏറ്റെടുക്കാന്‍ അവകള്‍ വിസമ്മതിച്ചു. ഉത്തരവാദിത്വം ഏല്‍ക്കുന്നതില്‍ നിന്നും ഭയന്നു. എന്നാല്‍ ആകാശ-ഭൂമികള്‍ക്കും പര്‍വ്വതങ്ങള്‍ക്കും ശേഷം മനുഷ്യനെ സൃഷ്ടിച്ചുകൊണ്ട് ഇതേ കാര്യം ചോദിച്ചപ്പോള്‍ മനുഷ്യന്‍ അത് ഏറ്റെടുത്തു. കാരണം അല്ലാഹുവിന്‍റെ അറിവില്‍ മനുഷ്യന്‍ പ്രതിനിധിയാണ് എന്ന കാര്യം സ്ഥിരപ്പെട്ടിരുന്നു. ഈ സമര്‍പ്പണം ആലമുല്‍ അവര്‍വാഹ് (ആത്മാവുകളുടെ ലോകത്ത്) നടന്ന കരാറിനേക്കാളും മുന്‍പ് സംഭവിച്ചതാണ്. പ്രസ്തുത കരാര്‍ ഈ ഉത്തരവാദിത്വം ഏറ്റതിന്‍റെ പേരിലുള്ളതായിരുന്നു. കൂടാതെ, ഈ ചോദ്യം ആദം നബി (അ)നെപ്പോലെ ഏതെങ്കിലും പ്രത്യേകം മനുഷ്യരോട് അല്ലായിരുന്നു. മറിച്ച് മൊത്തിത്തിലുള്ളതായാരിന്നു. ആലമുല്‍ അര്‍വാഹിന്‍റെ സംഭവം പോലെ ഈ സംഭവം ഇവിടെ ഉണര്‍ത്തിയതിന്‍റെ ഉദ്ദേശം, നിങ്ങള്‍ ഏറ്റെടുത്ത കാര്യം നിര്‍വ്വഹിക്കണമെന്ന് ഉണര്‍ത്താന്‍ വേണ്ടിയാണ്. ഈ ഉത്തരവാദിത്വത്തില്‍ ജിന്നുകളും പങ്കാളികളായിരുന്നുവെങ്കിലും ഇവിടെ മനുഷ്യന്‍റെ കാര്യം മാത്രം അനുസ്മരിച്ചത്, ഇവിടുത്തെ സംബോധന മനുഷ്യനോട് ആയത് കൊണ്ടാണ്. ചുരുക്കത്തില്‍ മനുഷ്യന്‍ വലിയൊരു ഉത്തരവാദിത്വം ഏറ്റെടുത്തു. എന്നാല്‍ ഏറ്റെടുത്ത ശേഷം ഭൂരിഭാഗം മനുഷ്യരുടെയും അവസ്ഥ ഇപ്രകാരമായിരുന്നു: ഉത്തരവാദിത്വം പാലിക്കുന്നതില്‍ ഭൂരിഭാഗം മനുഷ്യരും വലിയ അക്രമിയും വിവരംകെട്ടവനുമായിരുന്നു. അതായത് കര്‍മ്മത്തിലും വിശ്വാസത്തിലും അവര്‍ വീഴ്ച്ച വരുത്തി. മൊത്തത്തില്‍ ഉത്തരവാദിത്വത്തിന്‍റെ പരിണിത ഫലം അല്ലാഹു വിവരിക്കുന്നു: ഈ ഉത്തരവാദിത്വം നിര്‍വ്വഹിക്കാത്ത കാരണത്താല്‍ കപടവിശ്വാസികളെയും കപടവിശ്വാസിനികളെയും ബഹുദൈവാരാധകരായ പുരുഷന്മാരെയും സ്ത്രീകളെയും അല്ലാഹു ശിക്ഷിക്കുന്നതാണ്. സത്യവിശ്വാസികളിലേക്കും സത്യവിശ്വാസിനികളിലേക്കും അല്ലാഹു കാരുണ്യത്തോടെ തിരിയുന്നതാണ്. ഉത്തരവാദിത്വത്തില്‍ വീഴ്ച്ച വരുത്തിയതിന് ശേഷവും ആരെങ്കിലും സത്യവിശ്വാസികളോടൊപ്പം കൂടിച്ചേര്‍ന്നാല്‍ അല്ലാഹു വളരെ പൊറുക്കുന്നവനും കരുണകാട്ടുന്നവനുമാകുന്നു.
വിവരണവും വ്യാഖ്യാനവും ഈ സൂറത്ത് മുഴുവന്‍ റസൂലുല്ലാഹി (സ)യെ ആദരിക്കാനും അനുസരിക്കാനും പ്രേരിപ്പിച്ച് കൊണ്ടുള്ളതാണ്. ഈ അവസാന ആയത്തുകളില്‍ ഈ അനുസരണയുടെ സമുന്നത സ്ഥാനം വ്യക്തമാക്കുന്നു. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നതിനെക്കുറിച്ച് അമാനത്ത് എന്ന മഹനീയ പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അമാനത്ത് എന്നാല്‍ എന്ത്? ഈ ആയത്തിലെ അമാനത്ത് എന്ന പദത്തിന് സഹാബാ താബിഉകള്‍ അടക്കമുള്ള തഫ്സീര്‍ പണ്ഡിതന്മാര്‍ പല ആശയങ്ങളും പറഞ്ഞിട്ടുണ്ട്. ശരീഅത്ത് കല്‍പ്പനകള്‍, പാതിവൃത്യ സംരക്ഷണം, സമ്പത്തിലുള്ള സൂക്ഷ്മത, ജനാബത്ത് കുളി, നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നിങ്ങനെ പല അഭിപ്രായങ്ങളുമുണ്ട്. ഈ കാരണത്താല്‍ ഭൂരിഭാഗം മുഫസ്സിറുകളും പറയുന്നു: ഇതില്‍ ദീനിന്‍റെ സര്‍വ്വ കര്‍മ്മങ്ങളും വിധിവിലക്കുകളും പെടുന്നതാണ്. (കുര്‍തുബി). ഖാളി സനാഉല്ലാഹ് (റ) പറയുന്നു: അമാനത്ത് എന്നാല്‍ ശരീഅത്തിന്‍റെ സര്‍വ്വ ശാസനകളും വിധിവിലക്കുകളുമാണ്. (മസ്ഹരി). അബൂഹയ്യാന്‍ (റ) കുറിക്കുന്നു: കല്‍പ്പന, നിരോധനം, ദീനീകാര്യങ്ങള്‍, ഭൗതിക നിയമങ്ങള്‍ എന്നിങ്ങനെ ഒരു മനുഷ്യനോട് കല്‍പ്പിക്കപ്പെടുന്ന ശരീഅത്തിന്‍റെ സര്‍വ്വ കാര്യങ്ങള്‍ക്കും അമാനത്ത് എന്ന് പറയപ്പെടുന്നു. (അല്‍ ബഹ്റുല്‍ മുഹീത്ത്). ചുരുക്കത്തില്‍ അമാനത്ത് കൊണ്ടുള്ള ഉദ്ദേശം ശരീഅത്തിന്‍റെ സമ്പൂര്‍ണ്ണ വിധിവിലക്കുകളാണ്. അവ പാലിക്കുന്നത് കൊണ്ട് സ്വര്‍ഗ്ഗം ലഭിക്കുന്നതും പാലിക്കാതിരിക്കുന്നത് കൊണ്ട് നരകത്തില്‍ പോകേണ്ടി വരുന്നതുമാണ്. ചില പണ്ഡിതര്‍ പറയുന്നു: അമാനത്ത് എന്നാല്‍ പടച്ചവന്‍റെ വിധിവിലക്കുകള്‍ പാലിക്കാനുള്ള യോഗ്യതയും ശേഷിയുമാണ്. അത് ബുദ്ധിയും ബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. പടച്ചവന്‍റെ പ്രതിനിധിയാകാനുള്ള യോഗ്യത ഈ ശേഷിയുമായി ബന്ധപ്പെട്ടതാണ്. ഈ ഉന്നത സ്ഥാനം ഇല്ലാത്ത സൃഷ്ടികള്‍ എത്ര ഉന്നതരാണെങ്കിലും പടച്ചവന്‍റെ പ്രതിനിധിയെന്ന സ്ഥാനത്തേക്കാള്‍ ഉയരുന്നതല്ല. അതുകൊണ്ട് തന്നെ പടച്ചവനുമായി വളരെ അടുപ്പമുള്ള മലക്കുകള്‍ പോലും പറയുന്നത് ഞങ്ങള്‍ക്കെല്ലാം ഒരു നിര്‍ണ്ണിത സ്ഥാനമുണ്ട് എന്നതാണ്. (സ്ഫ്ഫാത്ത് 164). അമാനത്തിന്‍റെ ഈ വിവരണത്തില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട് വന്ന സര്‍വ്വ രിവായത്തുകളും പരസ്പരം കൂടിച്ചേരുന്നതായി കാണാന്‍ കഴിയുന്നതാണ്. ഭൂരിഭാഗം മുഫസ്സിറുകളുടെയും അഭിപ്രായങ്ങള്‍ ഇതില്‍ ഏകോപിക്കുന്നതാണ്. ഹുദൈഫ (റ) നിവേദനം. റസൂലുല്ലാഹി (സ) ഞങ്ങളോട് രണ്ട് കാര്യങ്ങള്‍ പറഞ്ഞു: അതില്‍ ഒന്ന് ഞങ്ങള്‍ കണ്ട് കഴിഞ്ഞു. രണ്ടാമത്തേതിനെ ഞങ്ങള്‍ പ്രതീക്ഷിക്കുകയാണ്. ഒന്നാമത്തെ കാര്യം റസൂലുല്ലാഹി (സ) അരുളി: സത്യവിശ്വാസവും വിശ്വസ്ഥതയും സത്യവിശ്വാസികളുടെ മനസ്സുകളില്‍ ഇറങ്ങി. തുടര്‍ന്ന് അവര്‍ ഖുര്‍ആന്‍ പഠിക്കുകയും സുന്നത്തുകള്‍ അനുസരിച്ച് ജീവിക്കുകയും ചെയ്തു. രണ്ടാമത്തെ കാര്യം ഇതാണ്: റസൂലുല്ലാഹി (സ) അരുളി: ഒരു കാലഘട്ടം വരും, അന്ന് മനുഷ്യന്‍ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ അവരുടെ മനസ്സില്‍ നിന്നും വിശ്വസ്ഥത ഊരി മാറ്റപ്പെടുന്നതാണ്. തീക്കനല്‍ കാലില്‍ ഉരുണ്ടാല്‍ തീക്കനല്‍ പോകുമെങ്കിലും അര്‍ത്ഥമില്ലാത്ത അടയാളം അവശേഷിക്കുന്നത് പോലെ അതിന്‍റെ അടയാളം അവശേഷിക്കുന്നതാണ്. എന്തിനേറെ, ജനങ്ങള്‍ പരസ്പരം ഇടപാടുകളും കരാറുകളും നടത്തുമെങ്കിലും വിശ്വസ്ഥത വേണ്ടത് പോലെ ആരും നിര്‍വ്വഹിക്കുന്നതല്ല. ഇന്ന കുടുംബത്തില്‍ വിശ്വസ്ഥനായ ഒരു വ്യക്തിയുണ്ട് എന്ന് പറയുന്ന നിലയില്‍ വിശ്വസ്ഥത കുറയുന്നതാണ്. (ബുഖാരി). ഈ ഹദീസില്‍ അമാനത്തിനെ മനുഷ്യ മനസ്സുമായി ബന്ധപ്പെട്ട ഒരു കാര്യമായി ചിത്രീകരിച്ചിരിക്കുന്നു. ഈ മാനസികാവസ്ഥയാണ് ശരീഅത്തിന്‍റെ കല്‍പ്പനകള്‍ പാലിക്കാനുള്ള യോഗ്യതയും സന്മനസ്സും ഉണ്ടാക്കിത്തരുന്നത്. അബ്ദുല്ലാഹിബ്നു അംറ് (റ) നിവേദനം. നാല് കാര്യങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചാല്‍ ദുന്‍യാവിലെ എന്ത് ലഭിക്കാതിരുന്നാലും നിങ്ങള്‍ക്ക് ദു:ഖമുണ്ടാകുന്നതല്ല. ഒന്ന്, വിശ്വസ്ഥത സംരക്ഷിക്കുക. രണ്ട്, സത്യസന്ധത. മൂന്ന്, സല്‍സ്വഭാവം. നാല്, അനുവദനീയ ആഹാരം. (ഇബ്നു കസീര്‍) അമാനത്തിനെ സമര്‍പ്പിച്ചത് എങ്ങനെയാണ്? അമാനത്തിനെ ആകാശം, ഭൂമി, പര്‍വ്വതം ഇവയുടെ മുമ്പാകെ സമര്‍പ്പിച്ചപ്പോള്‍ വഹിക്കുന്നതില്‍ നിന്നും ഭയന്ന് പിന്മാറിയെന്നും മനുഷ്യന്‍ ഇതിനെ ഏറ്റെടുത്തുവെന്നും ഈ ആയത്തില്‍ പറയുന്നു. ഇവിടെ ഒരു സംശയമുണ്ട്: ആകാശം, ഭൂമി, പര്‍വ്വതം ഇവകളെല്ലാം ജീവനില്ലാത്തതും ബാഹ്യമായി വിവരവും ബോധവും ഇല്ലാത്തതുമാണ്. ഇവയുടെ മുന്നില്‍ സമര്‍പ്പിക്കുകയും ഇവകള്‍ നിരാകരിക്കുകയും ചെയ്യുക എന്നതിന്‍റെ ആശയം എന്താണ്? ചില മഹത്തുക്കള്‍ ഇത് ഉദാഹരണവും ഉപമയുമാണ് എന്ന് പറഞ്ഞിരിക്കുന്നു. പരിശുദ്ധ ഖുര്‍ആന്‍ ഏതെങ്കിലും പര്‍വ്വതത്തിന്‍റെ മേല്‍ ഇറക്കപ്പെട്ടാല്‍ പര്‍വ്വതം അതിന്‍റെ ഭാരം കാരണം അമര്‍ന്നും തകര്‍ന്നും പോകുമെന്ന് സൂറത്തുല്‍ ഹഷ്റില്‍ പറയപ്പെട്ടിട്ടുണ്ട്. (ഹഷ്ര്‍ 21). ഇതും ഒരു സാങ്കല്‍പ്പിക ഉദാഹരണം എന്ന നിലയില്‍ മാത്രമാണ്. ഖുര്‍ആന്‍ അതിന്‍റെ മുകളില്‍ ഇറക്കപ്പെട്ടിട്ടില്ല. ഈ ആയത്തിലെ സമര്‍പ്പണം കൊണ്ടുള്ള ഉദ്ദേശവും ഇപ്രകാരം ഉപമ എന്ന നിലയിലാണെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ഭൂരിഭാഗം പണ്ഡിതരും ഈ അഭിപ്രായം ശരിവെക്കുന്നില്ല. അവര്‍ പറയുന്നു: സൂറത്തുല്‍ ഹഷ്റിലെ ആയത്തില്‍ ലൗ എന്ന് പറഞ്ഞുകൊണ്ട് അത് സാങ്കല്‍പ്പികമാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ ആയത്തില്‍ നാം സമര്‍പ്പിച്ചു എന്ന് പറഞ്ഞുകൊണ്ട് സംഭവത്തെ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. വ്യക്തമായ തെളിവില്ലാതെ ഇതിനെ സാങ്കല്‍പ്പികവും ഉദാഹരണവും എന്ന നിലയില്‍ പറയുന്നത് ശരിയല്ല. ഇവകള്‍ക്ക് അറിവും ബോധവുമില്ല എന്ന് പറയുകയാണെങ്കില്‍ അതും ഖുര്‍ആനിന്‍റെ ഇതര വചനങ്ങള്‍ കൊണ്ട് തള്ളപ്പെടുന്നതാണ്. കാരണം എല്ലാ വസ്തുക്കളും അല്ലാഹുവിനെ സ്തുതി കീര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട് എന്ന് ഖുര്‍ആനില്‍ വ്യക്തമായി വന്നിരിക്കുന്നു. (ബനൂ ഇസ്റാഈല്‍ 44). അല്ലാഹുവിനെ അറിയലും അല്ലാഹുവിനെ സ്രഷ്ടാവും ഉടമസ്ഥനും ഉന്നതനുമായി മനസ്സിലാക്കിക്കൊണ്ട് പ്രകീര്‍ത്തനം ചെയ്യലും അറിവും ബോധവുമില്ലാതെ സാധ്യമല്ല. ആകയാല്‍ അറിവും ബോധവും എല്ലാ വസ്തുക്കളിലും ഉണ്ട് എന്ന് ഇതിലൂടെ വ്യക്തമാകുന്നു. അറിവും ബോധവുമുള്ള വസ്തുക്കളോട് എന്തെങ്കിലും പറയാവുന്നതും അവകള്‍ മറുപടി നല്‍കാവുന്നതുമാണ്. ഈ മറുപടിയും വിവിധ രൂപങ്ങളില്‍ ആകാന്‍ സാധ്യതയുണ്ട്. വാചക അക്ഷരങ്ങളിലൂടെ മറുപടി നല്‍കുന്നതിനും ബുദ്ധിപരമായി യാതൊരു തടസ്സവുമില്ല. കാരണം അല്ലാഹു തല്‍ക്കാലത്തേക്ക് ആകാശം, ഭൂമി, പര്‍വ്വതങ്ങള്‍ മുതലായവയ്ക്ക് സംസാര ശേഷി കൊടുത്തിരിക്കാം. അതുകൊണ്ട് ഭൂരിഭാഗം സമുദായത്തിന്‍റെയും അരികില്‍ ഈ സമര്‍പ്പണം കൊണ്ടുള്ള ഉദ്ദേശം യഥാര്‍ത്ഥ സമര്‍പ്പണവും അവ അശക്തി പ്രകടിപ്പിച്ചതുകൊണ്ടുള്ള വിവക്ഷ, യഥാര്‍ത്ഥത്തിലുള്ള പ്രകടിപ്പിക്കലും തന്നെയാണ്. ഉദാഹരണമോ ഉപമയോ അല്ല. ഈ സമര്‍പ്പണം സ്വാതന്ത്ര്യത്തോട് കൂടിയുള്ളതായിരുന്നു, നിര്‍ബന്ധിത നിലയിലായിരുന്നില്ല. മറ്റൊരു ചോദ്യം ഇതാണ്: അല്ലാഹു ഇവയോട് അമാനത്തിനെ ഏറ്റെടുക്കാന്‍ പറഞ്ഞപ്പോള്‍ ഇവയ്ക്ക് എങ്ങനെ നിരാകരിക്കാന്‍ കഴിഞ്ഞു? പടച്ചവന്‍റെ കല്‍പ്പനയില്‍ നിന്നും മുഖം തിരിക്കുന്നത് സ്വയം തകരലല്ലേ? കൂടാതെ, ആകാശവും ഭൂമിയും പടച്ചവന്‍ പറഞ്ഞ മറ്റൊരു കാര്യം അനുസരിച്ചതായി ഖുര്‍ആനില്‍ തന്നെ വന്നിട്ടുണ്ട്........ (ഹാമീം സജദ 11). ഇതിനുള്ള മറുപടി ഇതാണ്: ഹാമീം സജദയിലെ ആയത്തില്‍ പറഞ്ഞിട്ടുള്ള കല്‍പ്പന അധികാര സ്വരത്തോട് കൂടിയുള്ളതായിരുന്നു. നിങ്ങള്‍ ഇത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അനുസരിക്കല്‍ നിര്‍ബന്ധമാണെന്ന് അതില്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അമാനത്തിന്‍റെ കാര്യത്തില്‍ അത് സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും ഇഷ്ടവും സ്വാതന്ത്ര്യവും നല്‍കിയിരുന്നു. ഇബ്നു അബ്ബാസ് (റ), ഹസന്‍ ബസരി (റ), മുജാഹിദ് (റ) മുതലായ നിരവധി സഹാബാ-താബിഉകള്‍ ഈ സമര്‍പ്പണത്തിന്‍റെ സംഭവം ഇപ്രകാരം വിവരിക്കുന്നു: അല്ലാഹു ആദ്യം ആകാശത്തോടും ശേഷം ഭൂമിയോടും ശേഷം പര്‍വ്വതങ്ങളോടും ഇഷ്ടം നല്‍കിക്കൊണ്ട് പറഞ്ഞു: എന്‍റെ അമാനത്ത് അതായത് വിധിവിലക്കുകള്‍ നിര്‍വ്വഹിക്കാമെന്ന് നിങ്ങള്‍ ഏല്‍ക്കുക. അതിനുവേണ്ടി നിശ്ചയിക്കപ്പെട്ട പ്രതിഫലം നല്‍കപ്പെടുന്നതാണ്. അവ ഓരോന്നും ചോദിച്ചു: ഇതിനുള്ള പ്രതിഫലം എന്താണ്? അല്ലാഹു പറഞ്ഞു: ഇവ പരിപൂര്‍ണ്ണമായി പാലിച്ചാല്‍ ഇതിന്‍റെ പ്രതിഫലവും ഉന്നത ആദരവും ലഭിക്കുന്നതാണ്. പാലിക്കാതിരിക്കുകയോ വീഴ്ച്ച വരുത്തുകയോ ചെയ്താല്‍ ശിക്ഷയും ഉണ്ടാകുന്നതാണ്. ഇത് കേട്ടപ്പോള്‍ അവ ഓരോന്നും പറഞ്ഞു: രക്ഷിതാവേ, ഞങ്ങള്‍ നിന്‍റെ കല്‍പ്പനകള്‍ അനുസരിക്കാന്‍ സന്നദ്ധരാണ്. എന്നാല്‍ ഈ ഭാരം ചുമക്കുന്ന വിഷയത്തില്‍ ഞങ്ങള്‍ അശക്തരാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നു. ഞങ്ങള്‍ക്ക് ഇതിന്‍റെ പ്രതിഫലം ലഭിച്ചില്ലെങ്കിലും ശിക്ഷ സഹിക്കാന്‍ ശേഷിയില്ല. (ഇബ്നു കസീര്‍). ഇബ്നു അബ്ബാസ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ആകാശ ഭൂമികളും മറ്റും മറുപടി പറഞ്ഞ ശേഷം അല്ലാഹു ആദം നബി (അ)യോട് പറഞ്ഞു: നമ്മുടെ അമാനത്ത് ആകാശ ഭൂമികള്‍ക്ക് മുന്‍പാകെ സമര്‍പ്പിച്ചപ്പോള്‍ അവ വഹിക്കാന്‍ അശക്തരാണെന്ന് പറഞ്ഞു. നിങ്ങള്‍ ഇത് വഹിക്കാമോ? ആദം നബി (അ) ചോദിച്ചു: രക്ഷിതാവേ, ഇതിന്‍റെ പേരില്‍ എന്ത് ലഭിക്കും? അല്ലാഹു പറഞ്ഞു: ഇവ പരിപൂര്‍ണ്ണമായി പാലിച്ചാല്‍ ഇതിന്‍റെ പ്രതിഫലവും ഉന്നത ആദരവും ലഭിക്കുന്നതാണ്. പാലിക്കാതിരിക്കുകയോ വീഴ്ച്ച വരുത്തുകയോ ചെയ്താല്‍ ശിക്ഷയും ഉണ്ടാകുന്നതാണ്. ആദം നബി (അ) അല്ലാഹുവിന്‍റെ സാമിപ്യവും പൊരുത്തവും കൂടുതലായി ആഗ്രഹിച്ചുകൊണ്ട് അവ ഏറ്റെടുത്തു. എന്നാല്‍ ളുഹ്ര്‍ മുതല്‍ അസ്ര്‍ വരെയുള്ള സമയം കടക്കുന്നതിന് മുന്‍പ് തന്നെ പിശാച് അവരെ കുഴപ്പത്തില്‍ അകപ്പെടുത്തുകയും അവര്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറക്കപ്പെടുകയും ചെയ്തു. (ഖുര്‍തുബി). ഈ സംഭവം എന്നാണ് നടന്നത്? ഇബ്നു അബ്ബാസ് (റ)ന്‍റെ ഉപര്യുക്ത നിവേദനത്തില്‍ നിന്നും മനസ്സിലാകുന്നത് അമാനത്തിന്‍റെ ഈ സമര്‍പ്പണം ആദം (അ)നെ പടയ്ക്കുന്നതിന് മുന്‍പായിരുന്നു എന്നാണ്. പിന്നീട് ആദം നബി (അ) പടയ്ക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തോട് ആകാശ-ഭൂമികളുടെ സംഭവം പറഞ്ഞുകൊണ്ട് അമാനത്ത് അദ്ദേഹത്തിന് സമര്‍പ്പിക്കുകയും അദ്ദേഹം ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ഈ സംഭവം ആലമുല്‍ അര്‍വാഹില്‍ ആത്മാവുകളെ ഒരുമിച്ച് കൂട്ടി പടച്ചവന്‍ രക്ഷിതാവാണെന്ന് സമ്മതിച്ച കരാറിന്‍റെ സംഭവത്തിന് മുന്‍പാണ് എന്ന് ചില മുഫസ്സിറുകള്‍ പറഞ്ഞിരിക്കുന്നു. ഈ അഭിപ്രായമാണ് കൂടുതല്‍ ആധികാരികമായി മനസ്സിലാകുന്നത്. ഭൂമിയില്‍ പടച്ചവന്‍റെ പ്രതിനിധി ആകുന്നതിന് അമാനത്ത് വഹിക്കാനുള്ള യോഗ്യത ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാഹു തആല ആദം നബി (അ)യെ ഭൂമിയില്‍ പടച്ചവന്‍റെ പ്രതിനിധിയാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പടച്ചവന്‍റെ വിധിവിലക്കുകള്‍ അനുസരിക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ യോഗ്യതയുള്ളവരെ മാത്രമേ ഇപ്രകാരം പടച്ചവന്‍ പ്രതിനിധിയാക്കുകയുള്ളൂ. കാരണം ഭൂമിയില്‍ പടച്ചവന്‍റെ വിധിവിലക്കുകള്‍ നടപ്പിലാക്കുകയും പടച്ചവന്‍റെ സൃഷ്ടികളെ പടച്ചവനെ അനുസരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ്, ഖിലാഫത്ത് എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രാതിനിത്യത്തിന്‍റെ വിവക്ഷ. അതുകൊണ്ട് ആദം നബി (അ) ഇത് ഏറ്റെടുക്കാന്‍ സര്‍വ്വാത്മനാ സന്നദ്ധനായി. (മസ്ഹരി). ശേഷം അല്ലാഹു പറയുന്നു: മനുഷ്യന്‍ വലിയ അക്രമിയും വിവരംകെട്ടവനുമായിരുന്നു(72). ഇവിടുത്തെ അക്രമം കൊണ്ടുള്ള ഉദ്ദേശം സ്വന്തം ആത്മാവിനോടുള്ള അക്രമവും അജ്ഞത കൊണ്ടുള്ള വിവക്ഷ അന്ത്യത്തെക്കുറിച്ചുള്ള അജ്ഞതയും ആണ്. കാരണം മനുഷ്യന്‍റെ കഴിവിനപ്പുറത്തുള്ള ഈ കാര്യത്തെ അന്ത്യത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതെ മനുഷ്യന്‍ ഏറ്റെടുത്ത് അവന്‍റെ ആത്മാവിനോട് കാട്ടിയ അക്രമമായിരുന്നു എന്ന നിലയില്‍ ഈ വാചകം ബാഹ്യമായി മുഴുവന്‍ മനുഷ്യരോടുമുള്ള വിമര്‍ശനമായിട്ടാണ് മനസ്സിലാകുന്നത്. എന്നാല്‍ ഖുര്‍ആനിന്‍റെ മറ്റു വചനങ്ങള്‍ വെച്ച് നോക്കുമ്പോള്‍ കാര്യം ഇങ്ങനെ അല്ല. കാരണം ഇവിടെ മനുഷ്യന്‍ എന്നത് കൊണ്ട് ഉദ്ദേശം ഒന്നുങ്കില്‍ ആദം നബി (അ) ആണ്. അല്ലെങ്കില്‍ മുഴുവന്‍ മനുഷ്യരുമാണ്. ആദം നബി (അ) പാപത്തില്‍ നിന്നും പരിശുദ്ധനായ നബിയാണ്. അദ്ദേഹം ഏറ്റെടുത്ത കാര്യം തീര്‍ച്ചയായും നിര്‍വ്വഹിച്ചു. തല്‍ഫലമായിട്ടാണ് മലക്കുകളെക്കൊണ്ട് സുജൂദ് ചെയ്യിപ്പിക്കുകയും ശേഷം പടച്ചവന്‍റെ പ്രതിനിധിയായ നിലയില്‍ ഭൂമിയിലേക്ക് അയക്കപ്പെടുകയും ചെയ്തത്. പരലോകത്തില്‍ മലക്കുകളേക്കാള്‍ സമുന്നത സ്ഥാനം അല്ലാഹു നല്‍കുന്നതുമാണ്. ഇനി ഇതുകൊണ്ടുള്ള ഉദ്ദേശം മുഴുവന്‍ മനുഷ്യരുമാണെങ്കില്‍ മനുഷ്യര്‍ക്കിടയില്‍ ലക്ഷക്കണക്കിന് നബിമാരും കോടാനുകോടി സ്വാലീഹീന്‍ ഔലിയാക്കളുമുണ്ട്. മലക്കുകള്‍ പോലും അവരെ സ്നേഹാദരങ്ങളോടെ നോക്കുകയുണ്ടായി. അല്ലാഹുവിന്‍റെ അമാനത്തിനും ഖിലാഫത്തിനും അര്‍ഹരാണെന്ന് അവര്‍ ജീവിതത്തിലൂടെ സ്ഥാപിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഇത്തരം മഹത്തുക്കള്‍ ദൗത്യം പൂര്‍ണ്ണമായി നിര്‍വ്വഹിച്ചത് കൊണ്ടാണ് പരിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ മാനവരാശിയെയും ആദരണീയരായി പ്രഖ്യാപിച്ചത്. ..... (ബനൂഇസ്റാഈല്‍ 70). ചുരുക്കത്തില്‍ ആദം (അ)മോ മുഴുവന്‍ മനുഷ്യരോ അക്രമികളിലും വിവരം കെട്ടവരിലും പെട്ടവരല്ല. ഈ കാരണത്താല്‍ മുഫസ്സിറുകള്‍ പറയുന്നു: ഈ വചനം എല്ലാവരെയും കുറിച്ചുള്ളതല്ല. ഭൂരിഭാഗം ജനങ്ങളുടെയും അവസ്ഥ വിവരിച്ച് കൊണ്ടുള്ളതാണ്. അതായത് മനുഷ്യ വംശത്തില്‍ ഭൂരിഭാഗം പേരും അജ്ഞരും അക്രമികളുമാണ്. അവര്‍ കര്‍ത്തവ്യം നിര്‍വ്വഹിക്കാതെ നഷ്ടത്തില്‍ അകപ്പെടുകയുണ്ടായി. ഭൂരിഭാഗം ആളുകളും ഇപ്രകാരം ആയത് കൊണ്ട് പടച്ചവന്‍ ഇതിനെ മുഴുവന്‍ മനുഷ്യരിലേക്ക് ചേര്‍ത്ത് പറഞ്ഞുവെന്ന് മാത്രം. ഇബ്നു അബ്ബാസ് (റ), ഇബ്നു ജുബൈര്‍ (റ), ഹസന്‍ ബസരി (റ) മുതലായ മഹാന്മാര്‍ പറയുന്നു: ഈ ആയത്തില്‍ വിവരം കെട്ടവരെന്നും അക്രമികളെന്നും പറഞ്ഞിരിക്കുന്നത് ശരീഅത്ത് നിയമങ്ങളെ ശരിയായ നിലയില്‍ അനുസരിക്കാതെ കര്‍ത്തവ്യം നിര്‍വ്വഹിക്കാതിരുന്ന ആളുകളാണ്. അതായത് നിഷേധികളും കപട വിശ്വാസികളും വന്‍പാപികളായ മുസ്ലിംകളുമാണ്. (ഖുര്‍തുബി). മറ്റുചിലര്‍ പറയുന്നു: ഇവിടെ വിവരം കെട്ടവരും അക്രമികളും എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത് പാവങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ സ്നേഹത്തോട് കൂടിയുള്ള പ്രയോഗമാണ്. അതായത് ഈ പാവങ്ങള്‍ പടച്ചവനോടുള്ള സ്നേഹത്തിന്‍റെ പേരിലും സാമിപ്യം കരസ്ഥമാക്കാന്‍ വേണ്ടിയും അന്ത്യത്തെക്കുറിച്ചൊന്നും ചിന്തിക്കാതെ ഈ ഉത്തരവാദിത്വം ഏറ്റെടുത്തു. ഇത്തരുണത്തില്‍ ഈ പ്രയോഗം മുഴുവന്‍ മാനവരാശിയെയും കുറിച്ച് ആകാവുന്നതാണ്. മുജദ്ദിദ് അല്‍ഫ്ഥാനി (റ), ശൈഖ് അഹ്മദ് സര്‍ഹിന്ദി (റ)യും സൂഫിവര്യന്മാരായ മഹത്തുക്കളും ഈ അഭിപ്രായം പറഞ്ഞതായി ഖാളി സനാഉല്ലാഹ് കുറിക്കുന്നു. (മസ്ഹരി). തല്‍ഫലമായി കപടവിശ്വാസികളെയും കപടവിശ്വാസിനികളെയും ബഹുദൈവാരാധകരായ പുരുഷന്മാരെയും സ്ത്രീകളെയും അല്ലാഹു ശിക്ഷിക്കുന്നതാണ്. സത്യവിശ്വാസികളിലേക്കും സത്യവിശ്വാസിനികളിലേക്കും അല്ലാഹു കാരുണ്യത്തോടെ തിരിയുന്നതാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണകാട്ടുന്നവനുമാകുന്നു.(73). ഈ ആയത്തിന്‍റെ തുടക്കത്തിലുള്ള ലാം എന്ന അക്ഷരം കാരണം എന്ന അര്‍ത്ഥത്തിലല്ല. മറിച്ച് തല്‍ഫലമായി എന്ന അര്‍ത്ഥത്തിലാണ്. അറബിയില്‍ ഒരു കവിതയുണ്ട്: ജനങ്ങള്‍ പ്രസവിക്കപ്പെട്ടത് മരണത്തിന് വേണ്ടിയും വീടുകള്‍ കെട്ടുന്നത് തകരുന്നതിന് വേണ്ടിയുമാണ്. അതായത് ജനിക്കുന്നവരെല്ലാവരും അവസാനം മരിക്കുന്നതും കെട്ടിടങ്ങളെല്ലാം അന്ത്യത്തില്‍ തകരുന്നതുമാണ്. കൂടാതെ, ഈ ആയത്തിന്‍റെ ബന്ധം മനുഷ്യന്‍ ഉത്തരവാദിത്വം ഏറ്റെടുത്തു എന്ന കഴിഞ്ഞ ആയത്തിലെ പ്രസ്താവനയുമായിട്ടാണ്. ഇത്തരുണത്തില്‍ ഇതിന്‍റെ ആശയം ഇതാണ്: മനുഷ്യന്‍ അമാനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തതിന്‍റെ അന്ത്യം ഇങ്ങനെ ആയിരിക്കും: ഒരു വിഭാഗം നിഷേധികളും കപട വിശ്വാസികളും പടച്ചവന്‍റെ വിധിവിലക്കുകള്‍ ധിക്കരിക്കുകയും കര്‍ത്തവ്യം പാഴാക്കുകയും ചെയ്യുന്നതാണ്. അവര്‍ക്ക് ശിക്ഷ നല്‍കപ്പെടുന്നതാണ്. മറ്റൊരു വിഭാഗം സത്യവിശ്വാസികളുടേതാണ്. അവര്‍ പടച്ചവന്‍റെ വിധിവിലക്കുകള്‍ നിര്‍വ്വഹിക്കുകയും കര്‍ത്തവ്യം പൂര്‍ത്തീകരിക്കുകയും ചെയ്യുന്നതും തല്‍ഫലമായി പടച്ചവന്‍റെ പൊരുത്തത്തിനും കാരുണ്യത്തിനും അര്‍ഹരാകുന്നതുമാണ്. ഈ ആയത്ത് അക്രമികള്‍ക്കും വിവരം കെട്ടവര്‍ക്കും ഭൂരിഭാഗം മുഫസ്സിറുകള്‍ നല്‍കിയ ആശയത്തെ പിന്തുണയ്ക്കുന്നു. അതായത് മനുഷ്യര്‍ എല്ലാവരും അജ്ഞരും വിവരം കെട്ടവരുമല്ല. മറിച്ച് അമാനത്തിനെ പാഴാക്കിയ ആളുകള്‍ മാത്രം അക്രമികളും അജ്ഞരുമാണ്. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ 1392 മുഹര്‍റം 20 ചൊവ്വാഴ്ച്ച ഈ സൂറത്തിന്‍റെ വ്യാഖ്യാനം പൂര്‍ത്തീകരിച്ചു.
*************************
മആരിഫുല്‍ ഹദീസ്
ചില പ്രത്യേക സൂറത്തുകളുടെയും ആയത്തുകളുടെയും ഐശ്വര്യം
മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
ചില ഹദീസുകളിൽ വിശിഷ്ടമായ സൂറത്തുകളുടെയും ആയത്തുകളുടെയും മഹത്വങ്ങളും ഐശ്വര്യങ്ങളും വിവരിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഹദീസിൽ തന്നെ ഖുർആനിന്റെ പൊതു മഹത്വങ്ങൾ വിവരിച്ചതിനോടൊപ്പം ബഖറ, ആലുഇംറാൻ സൂറത്തുകളുടെ ശ്രേഷ്ടതകളും വിവരിക്കപ്പെടുകയുണ്ടായി. ഇപ്രകാരം ഇതര സൂറത്തുകളുടെയും ആയത്തുകളുടെയും മഹത്വങ്ങളും ഗുണങ്ങളും വിവിധ സന്ദർഭങ്ങളിലായി റസൂലുല്ലാഹി (സ) വിവരിച്ചിട്ടുണ്ട്. ഇത്തരം ഏതാനും ഹദീസുകളാണ് ഇവിടെ കൊടുക്കുന്നത്.
സൂറത്തുൽ ഫാത്തിഹ 46. അബൂഹുറയ്‌റ (റ) നിവേദനം: ഉബയ്യ് (റ)നോട് റസൂലുല്ലാഹി (സ) ചോദിച്ചു: ഞാൻ താങ്കൾക്ക് ഒരു സൂറത്ത് പഠിപ്പിച്ച് തരട്ടെ? തൗറാത്തിലും ഇഞ്ചീലിലും സബൂറിലും ഖുർആനിലും അതുപോലുള്ള ഒരു സൂറത്തും അവതരിച്ചിട്ടില്ല. ഉബയ്യ് (റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, പഠിപ്പിച്ച് തരൂ. റസൂലുല്ലാഹി (സ) അരുളി: താങ്കൾ നമസ്‌കാരത്തിൽ എന്താണ് ഓതാറുള്ളത്? ഉബയ്യ് (റ) പറഞ്ഞു: ഖുർആനിന്റെ മാതാവായ സൂറത്തുൽ ഫാത്തിഹ ഞാൻ ഓതാറുണ്ട്. റസൂലുല്ലാഹി (സ) അരുളി: എന്റെ ആത്മാവ് നിയന്ത്രിക്കുന്ന അല്ലാഹുവിൽ സത്യം തൗറാത്തിലും ഇഞ്ചീലിലും സബൂറിലും ഖുർആനിൽ പോലും ഇതുപോലുള്ള സൂറത്ത് അവതീർണ്ണമായിട്ടില്ല. ഇത് ആവർത്തിക്കപ്പെടുന്ന ഏഴ് വചനങ്ങളും എനിയ്ക്ക് നൽകപ്പെട്ട മഹോന്നത ഖുർആനുമാണ്. (തിർമിദി) വിവരണം: പരിശുദ്ധ ഖുർആനിൽ അല്ലാഹു അറിയിക്കുന്നു: ആവർത്തിക്കപ്പെടുന്ന ഏഴ് ആയത്തുകളും മഹത്വമുള്ള ഖുർആനും നാം താങ്കൾക്ക് നൽകിയിരിക്കുന്നു. (ഹിജ്ർ 87) റസൂലുല്ലാഹി (സ) ഈ ഹദീസിൽ ഈ ആയത്തിലേക്ക് സൂചിപ്പിച്ചുകൊണ്ട് അരുളുന്നു: ഈ ആയത്തിൽ പറയപ്പെട്ടിരിക്കുന്നത് സൂറത്തുൽ ഫാത്തിഹയെക്കുറിച്ചാണ്. ഇത് വളരെ മഹത്വമുള്ളതും ഐശ്വര്യം ഏറിയതുമായ സൂറത്താണ്. ഇതിന്റെ സ്ഥാനമുള്ള ഒരു സൂറത്തും മുമ്പ് ഒരു വേദത്തിലും ഇറങ്ങിയിട്ടില്ല. ഖുർആനിൽ പോലും ഈ സ്ഥാനമുള്ള മറ്റൊരു സൂറത്തുമില്ല. ഇത് മുഴുവൻ ഖുർആനിന്റെയും ആശയങ്ങളെ ഉൾക്കൊണ്ടതാകുന്നു. അതുകൊണ്ടാണ് ഇതിന് ഉമ്മുൽ ഖുർആൻ (ഖുർആനിന്റെ മാതാവ്) എന്ന് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ സൂറത്തുകൊണ്ട് ഖുർആൻ പ്രാരംഭം കുറിക്കപ്പെട്ടു. എല്ലാ നമസ്‌കാരത്തിലെയും മുഴുവൻ റക്അത്തുകളിലും ഇത് പാരായണം ചെയ്യേണ്ടതാണ്. അതെ, ഏതെങ്കിലും ദാസൻ സൂറത്തുൽ ഫാത്തിഹ മനനം ചെയ്യുകയും ആത്മാർത്ഥതയോടെ പാരായണം നടത്തുകയും ചെയ്താൽ അവന് അല്ലാഹുവിങ്കൽ നിന്നും വലിയ സമ്പത്തും അനുഗ്രഹവും ലഭിച്ചിരിക്കുകയാണ്. ഈ മഹത്വത്തെയും ഐശ്വര്യത്തെയും ഉൾക്കൊണ്ട് ഇതിനോടുള്ള കടമകൾ നിർവ്വഹിക്കേണ്ടത് അത്യാവശ്യമാണ്.
സൂറത്തുൽ ബഖറ 47. അബൂഹുറയ്‌റ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: എല്ലാ ഓരോ വസ്തുക്കൾക്കും പൂഞ്ഞപോലെ ഉയർന്ന ഭാഗമുണ്ടായിരിക്കുന്നതാണ്. ഖുർആനിന്റെ ഉയർന്ന ഭാഗം സൂറത്തുൽ ബഖറയാണ്. അതിലെ ഒരു ആയത്തായ ആയത്തുൽ കുർസി മുഴുവൻ ഖുർആനിക വചനങ്ങളുടെയും നായകനാണ്. (തിർമിദി) വിവരണം: ഇസ്‌ലാമിന്റെ അടിസ്ഥാന സന്ദേശങ്ങളും വിശ്വാസ വിധിവിലക്കുകളും സൂറത്തു ബഖറപോലെ മറ്റൊരു സൂറത്തിലും വിവരിക്കപ്പെട്ടിട്ടില്ല. ഈ കാരണത്താലാണ് ഇതര സൂറത്തുകളേക്കാളും ഈ സൂറത്തിന് മുൻഗണന നൽകപ്പെട്ടിരിക്കുന്നത്. ഇതേ കാരണത്താൽ തന്നെ ഈ സൂറത്തിന് ഈ ഹദീസിൽ സിനാമുൽ ഖുർആൻ (ഖുർആനിന്റെ പൂഞ്ഞ) എന്ന് നാമകരണം ചെയ്തിരിക്കുന്നു. 48. അബൂഹുറയ്‌റ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: നിങ്ങളുടെ വീടുകളെ ഖബ്‌റടങ്ങളാക്കരുത്. അതായത്, ഖബ്‌റുകളിൽ മരണപ്പെട്ടവർ ദിക്ർ-പാരായണങ്ങൾ നടത്താറില്ല. ഈ കാരണത്താൽ ഖബ്ർസ്ഥാനും ദിക്ർ-പാരായണങ്ങളുടെ ഐശ്വര്യ പ്രകാശങ്ങൾ ഉണ്ടാകാറുമില്ല. ഇപ്രകാരം നിങ്ങളുടെ വീടുകളെ നിങ്ങളാക്കരുത്. മറിച്ച് വീടുകളെ ദിക്ർ-പാരായണങ്ങൾ കൊണ്ട് സജീവമാക്കുക. പ്രത്യേകിച്ചും സൂറത്തുൽ ബഖറ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ പിശാച് വരുന്നതല്ല. (തിർമിദി) വിവരണം: അൽ ബഖറ, ആലുഇംറാൻ സൂറത്തുകളുടെ ചില മഹത്വങ്ങൾ കഴിഞ്ഞ ഹദീസുകളിൽ പറയപ്പെട്ടിട്ടുണ്ട്. ഈ ഹദീസിൽ വളരെ പ്രധാനപ്പെട്ട ഒരു മഹത്വം വിവരിക്കുന്നു. അതെ, ഏതെങ്കിലും വീട്ടിലോ, താമസ സ്ഥലത്തോ ഈ സൂറത്ത് പാരായണം ചെയ്യപ്പെട്ടാൽ പിശാചിന്റെ സർവ്വവിധ ഉപദ്രവ കുഴപ്പങ്ങളിൽ നിന്നും സുരക്ഷിതത്വം ലഭിക്കുന്നതാണ്.
സൂറത്തുൽ കഹ്ഫ് 49. അബൂസഈദ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും വെള്ളിയാഴ്ച ദിവസം സൂറത്തുൽ കഹ്ഫ് പാരായണം ചെയ്താൽ അവനുവേണ്ടി രണ്ട് വെള്ളിയാഴ്ചകൾക്കിടയിൽ പ്രകാശം നൽകപ്പെടുന്നതാണ്. (ബൈഹഖി) വിവരണം: സൂറത്തുൽ കഹ്ഫിനും വെള്ളിയാഴ്ചയ്ക്കുമിടയിൽ ഒരു പ്രത്യേക ബന്ധമുണ്ടെന്ന് ഈ ഹദീസിൽ നിന്നും മനസ്സിലാകുന്നു. ഈ കാരണത്താൽ വെള്ളിയാഴ്ചയിൽ ഈ സൂറത്ത് പാരായണം ചെയ്യണമെന്ന് റസൂലുല്ലാഹി (സ) പ്രത്യേകം പ്രേരിപ്പിച്ചുകൊണ്ട് അരുളി: വെള്ളിയാഴ്ച ദിവസം സൂറത്തുൽ കഹ്ഫ് പാരായണം ചെയ്യുന്നതിലൂടെ മനസ്സിൽ ഒരു പ്രത്യേകതരം പ്രകാശം ഉണ്ടാകുന്നതാണ്. അതിന്റെ പ്രകാശവും ഐശ്വര്യവും അടുത്ത ജുമുഅ വരെയും നിലനിൽക്കുന്നതാണ്. ഈ ഹദീസ് ഹാകിം (റ) മുസ്തദറകിൽ നിവേദനം ചെയ്ത ശേഷം പ്രസ്താവിക്കുന്നു: ഈ ഹദീസിന്റെ പരമ്പര സഹീഹാണ്. ഇമാം മുസ്‌ലിം (റ) നിവേദനം ചെയ്ത മറ്റൊരു ഹദീസിൽ സൂറത്തുൽ കഹ്ഫിന്റെ ആദ്യത്തെ പത്ത് ആയത്തുകൾ പഠിക്കുകയും പാരായണം നടത്തുകയും ചെയ്യുന്നവർ ദജ്ജാലിന്റെ ഫിത്‌നയിൽ നിന്നും സുരക്ഷിതമായിരിക്കുമെന്ന് വന്നിട്ടുണ്ട്. ഹദീസ് വ്യാഖ്യാതാക്കൾ ഇതിനെ വിവരിച്ചുകൊണ്ട് വിവരിക്കുന്നു: സൂറത്തുൽ കഹ്ഫിന്റെ ആമുഖവും തുടർന്ന് വിവരിക്കപ്പെട്ടിരിക്കുന്ന ഗുഹാ വാസികളുടെ സംഭവും സർവ്വവിധ ദജ്ജാലീ ഫിത്‌നകൾക്കും പരിഹാരമാണ്. പ്രസ്തുത ആയത്തുകളിൽ പറയപ്പെട്ടിരിക്കുന്ന സന്ദേശങ്ങൾ ആരുടെയെങ്കിലും മനസ്സിൽ രൂഢമൂലമായാൽ ഒരു പരീക്ഷണത്തിലും പാദം പതറുന്നതല്ല. കൂടാതെ, അല്ലാഹുവിന്റെ ഏതെങ്കിലും ദാസന്മാർ ഈ ആയത്തുകളുടെ ഈ മഹത്വവും ഐശ്വര്യവും മനസ്സിൽ ഉണർന്നുകൊണ്ട് അത് പാരായണം ചെയ്താലും ആശയക്കുഴപ്പങ്ങളുടെ പ്രശ്‌നങ്ങളിൽ നിന്നും സുരക്ഷിതത്വം ലഭിക്കുന്നതാണ്.
*******************
സയ്യിദ് ഹസനി അക്കാദമി
ദാറുല്‍ ഉലൂം, ഓച്ചിറ
ദാറുല്‍ ഉലൂം, ഓച്ചിറ
ബഹുമാന്യരെ, പ്രയോജനപ്രദമായ രചനകളുടെ പ്രസിദ്ധീകരണത്തിനും പ്രചാരണത്തിനും വേണ്ടി ആദരണീയ പ്രബോധകൻ മൗലാനാ സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി സ്ഥാപിച്ച ഒരു കേന്ദ്രമാണ് സയ്യിദ് ഹസനി അക്കാദമി. പടച്ചവന്റെ അനുഗ്രഹത്താൽ ചെറുതും വലുതുമായ ധാരാളം രചനകൾ ഇതിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ ഇതിന്റെ പ്രചാരണം വേണ്ട നിലയിൽ ആയിട്ടില്ല. അതിനുവേണ്ടി ഓരോ മാസവും ഓരോ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ദുൽ ഹജ്ജ് മാസം തിരുവനന്തപുരം ജില്ലയിലാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. സുമനസ്സുകളായ സഹോദരങ്ങൾ വീടുകളിലും ഇതര സ്ഥാപനങ്ങളിലും ചെറിയ ഒരു ലൈബ്രറി സ്ഥാപിച്ച് അക്കാദമിയുടെ രചനകൾ പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരെ പരിചയപ്പെടുത്തുകയും വിവാഹ വേളകളിലും മറ്റും ഉപഹാരം നൽകുകയും ചെയ്താൽ ഇത് വളരെ എളുപ്പമായ നിലയിൽ നടക്കുന്നതാണ്. ബുക്ക് സ്റ്റാളുകളും പർദ്ദ സ്റ്റാളുകളും നടത്തുന്ന സഹോദരങ്ങളെ പ്രേരിപ്പിച്ചാലും ഈ പ്രവർത്തനം പ്രയോജനപ്രദമായി നടക്കുന്നതാണ്. മാന്യ അനുവാചകർ ഈ വഴിയിൽ പരിശ്രമിക്കുകയും നിർമ്മാണാത്മ അഭിപ്രായങ്ങൾ നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.
***********************
ബഹുമാന്യരെ, പ്രയോജനപ്രദമായ രചനകളുടെ പ്രസിദ്ധീകരണത്തിനും പ്രചാരണത്തിനും വേണ്ടി ആദരണീയ പ്രബോധകൻ മൗലാനാ സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി സ്ഥാപിച്ച ഒരു കേന്ദ്രമാണ് സയ്യിദ് ഹസനി അക്കാദമി. പടച്ചവന്റെ അനുഗ്രഹത്താൽ ചെറുതും വലുതുമായ ധാരാളം രചനകൾ ഇതിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ ഇതിന്റെ പ്രചാരണം വേണ്ട നിലയിൽ ആയിട്ടില്ല. അതിനുവേണ്ടി ഓരോ മാസവും ഓരോ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ദുൽ ഹജ്ജ് മാസം തിരുവനന്തപുരം ജില്ലയിലാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. സുമനസ്സുകളായ സഹോദരങ്ങൾ വീടുകളിലും ഇതര സ്ഥാപനങ്ങളിലും ചെറിയ ഒരു ലൈബ്രറി സ്ഥാപിച്ച് അക്കാദമിയുടെ രചനകൾ പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരെ പരിചയപ്പെടുത്തുകയും വിവാഹ വേളകളിലും മറ്റും ഉപഹാരം നൽകുകയും ചെയ്താൽ ഇത് വളരെ എളുപ്പമായ നിലയിൽ നടക്കുന്നതാണ്. ബുക്ക് സ്റ്റാളുകളും പർദ്ദ സ്റ്റാളുകളും നടത്തുന്ന സഹോദരങ്ങളെ പ്രേരിപ്പിച്ചാലും ഈ പ്രവർത്തനം പ്രയോജനപ്രദമായി നടക്കുന്നതാണ്. മാന്യ അനുവാചകർ ഈ വഴിയിൽ പരിശ്രമിക്കുകയും നിർമ്മാണാത്മ അഭിപ്രായങ്ങൾ നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.
***********************
പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...
*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...
*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.
9961717102, 9387290079
*ദർസ് ബുഖാരി ശരീഫ്
-ല്‍ ലഭിക്കാൻ
+91 96339 15717
ക്ലാസുകൾ നയിക്കുന്നത്:
ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി
പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...
*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...
*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.
9961717102, 9387290079
*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ
+91 96339 15717
ക്ലാസുകൾ നയിക്കുന്നത്:
ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി
ഞങ്ങളുടെ കേന്ദ്ര സ്ഥാപനം