▪️മുഖലിഖിതം
 മുഫക്കിറുല്‍ ഇസ്ലാമിന്‍രെ ജീവിത ചരിത്രത്തില്‍ നിന്നും
✍️മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി

▪️ജുമുഅ സന്ദേശം 
ജമാഅത്ത് നമസ്കാരം
✍️ ഡോ: സഊദ് ആലം ഖാസിമി
(മെമ്പര്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്, എഡിറ്റര്‍ തഹ്ദീബുല്‍ അഖ്ലാഖ് മാസിക അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി)

▪️മആരിഫുല്‍ ഖുര്‍ആന്‍ 
സൂറത്തുയാസീന്‍ ഭാഗം-3
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️മആരിഫുല്‍ ഹദീസ്
ആലു ഇംറാനിന്‍റെ അവസാന ആയത്തുകളുടെ മഹത്വങ്ങള്‍
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ ജീവചരിത്രം
മുഫക്കിറുല്‍ ഇസ്‌ലാം അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി; ജീവിതവും സന്ദേശവും- 3
✍️ മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി

********************************


മുഖലിഖിതം


 മുഫക്കിറുല്‍ ഇസ്ലാമിന്‍രെ ജീവിത ചരിത്രത്തില്‍ നിന്നും


മൗലാനാ മര്‍ഹൂമിന്‍റെ സാഹിത്യ-പ്രബോധന-രചനാപരമായ തിരക്കുകള്‍ക്കിടയിലും മൗലാനാ മര്‍ഹൂം ഈ രാജ്യത്തിന്‍റെയും രാജ്യനിവാസികളുടെയും അവസ്ഥകള്‍ ശരിയായി ഗ്രഹിക്കുകയും അതിനെക്കുറിച്ച് ചിന്താവിചിന്തനങ്ങള്‍ നടത്തുകയും ഇതിനെ ദീനിന്‍റെ ഒരു ഭാഗമായി കാണുകയും ചെയ്തിരുന്നു. ഈ വിഷയം നിരന്തരം രാഷ്ട്രീയ-മത നേതാക്കളെ ഉണര്‍ത്താന്‍ ശ്രദ്ധിച്ചു. പ്രത്യേകിച്ചും വിത്യസ്ത പ്രധാനമന്ത്രിമാരുടെ ശ്രദ്ധ ക്ഷണിക്കുകയുണ്ടായി. ബാബരി മസ്ജിദിന്‍റെ പ്രശ്നം രൂക്ഷമാവുകയും ഭരണകൂടം ഏകപക്ഷീയമായ ശൈലി സ്വീകരിക്കുകയും തല്‍ഫലമായി ഹൈന്ദവ തീവ്രവാദ പ്രസ്ഥാനങ്ങള്‍ സ്വതന്ത്രമായി രംഗത്തിറങ്ങി പ്രവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ രാജ്യം മുഴുവന്‍ അത് പ്രതിഫലിച്ചു. ഇരുവിഭാഗവും ഇതിനെ അഭിമാന പ്രശ്നമായി ഏറ്റെടുക്കുകയും വികാര പ്രകടനങ്ങള്‍ നടത്തുകയും രാജ്യത്തിന്‍റെ അന്തരീക്ഷം മുഴുവനും വിഷലിപ്തമാവുകയും ചെയ്തു.  ഈ വിഷയം പരിഹരിക്കുന്നതിന് മൗലാനാ മര്‍ഹൂം പ്രധാനമന്ത്രിയടക്കം പലരുമായും ബന്ധപ്പെടുകയും ചര്‍ച്ച നടത്തുകയും പരിഹാരത്തിന്‍റെ മാര്‍ഗ്ഗം കണ്ടെത്താന്‍ പരിശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് വലിയ ഫലം കാണാതെവരുകയും രാജ്യം മുഴുവനും പ്രശ്നങ്ങള്‍ ആരംഭിക്കുകയും ചെയ്തപ്പോള്‍ മൗലാനാ മര്‍ഹൂം പ്രധാനമന്ത്രിയ്ക്കും നേതാക്കള്‍ക്കും നല്‍കിയ ഒരു പ്രധാന സന്ദേശം ഉദ്ധരിച്ചുകൊണ്ട് മുഴുവന്‍ രാജ്യ നിവാസികളോടും ഒരു അഭ്യര്‍ത്ഥന നടത്തി. എങ്ങും എന്നും പ്രസക്തമായ അതിലെ വാചകം ഇപ്രകാരമാണ്: ചരിത്രത്തെ തലതിരിച്ച് നടത്താന്‍ ആരും പരിശ്രമിക്കരുത്. അങ്ങനെ പരിശ്രമിച്ചാല്‍ രാജ്യം മുഴുവന്‍ വലിയ പ്രശ്നങ്ങളിലും നാശനഷ്ടങ്ങളിലും അകപ്പെടുകയും രാജ്യപുരോഗതികള്‍ മുഴുവന്‍ നിലയ്ക്കുകയും ചെയ്യുന്നതാണ്. അതെ, ചരിത്രം ഉറങ്ങിക്കിടക്കുന്ന ഒരു സിംഹമാണ്. അതിനെ ഉണര്‍ത്തുന്നത് വിവേകത്തിന് വിരുദ്ധമാണ്. മറിച്ച് ചരിത്രത്തെ മാറ്റിവെച്ച് പരസ്പരം ചര്‍ച്ചകള്‍ ചെയ്ത് പ്രശ്നം പരിഹരിക്കുകയും നന്മ നിറഞ്ഞ പുതിയൊരു ചരിത്രം രചിക്കാന്‍ സഹകരിച്ച് പരിശ്രമിക്കുകയുമാണ് വേണ്ടത്! ഇത് കൂടാതെ, രാജ്യത്തിന് ഏറ്റവും ആവശ്യമായ പ്രവര്‍ത്തനം പയാമെ ഇന്‍സാനിയത്ത് സജീവമാക്കാന്‍ മൗലാനാ മര്‍ഹൂം കൂട്ടുകാരെ പ്രേരിപ്പിക്കുകയും സ്വയം ഈ പരിശ്രമം സജീവമാക്കുകയും ചെയ്തു. ഈ കൂട്ടത്തില്‍ 1989 നവംബറില്‍ സ്വന്തം നാടായ റായ്ബരേലിയില്‍ നടത്തപ്പെട്ട വിജയകരവും ഐതിഹാസികവുമായ പയാമെ ഇന്‍സാനിയത്ത് കണ്‍വന്‍ഷന്‍ പ്രത്യേകം സ്മരണീയമാണ്. മൗലാനാ മര്‍ഹൂം ഇതില്‍ ശക്തവും വ്യക്തവുമായ ഭാഷയില്‍ മാനവികതയുടെ സന്ദേശം നല്‍കി. മുഖ്യ പ്രഭാഷകനായ മൗലാനാ അബ്ദുല്‍ കരീം പാരീഖിന്‍റെ പ്രഭാഷണവും ഉജ്ജ്വലമായിരുന്നു. ഈ കണ്‍വന്‍ഷന്‍ നാട്ടിലാകെ പ്രതിഫലനം സൃഷ്ടിക്കുകയും മദ്ധ്യമമായ അവസ്ഥയും സമാധാനവും പരക്കുകയും ചെയ്തു. 
1989 ഒക്ടോബര്‍ അവസാനത്തില്‍ ബീഹാറിലെ ഭാഗല്‍പൂരില്‍ ഭയാനകമായ വര്‍ഗ്ഗീയ കലാപം പൊട്ടിപുറപ്പെട്ടു. അതിന്‍റെ നാശനഷ്ടങ്ങള്‍ അങ്ങേയറ്റം ഭയാനകവും ദു:ഖകരവുമായിരുന്നു. ഭരണകൂടവുമായി ബന്ധപ്പെട്ടവര്‍ ഇതിനെ പരിഹരിക്കുകയും മുറിവ് ഉണക്കുകയും ചെയ്യുന്നതിന് പകരം മുറിവില്‍ ഉപ്പ് വിതറുന്ന ജോലിയാണ് ചെയ്തത്. തല്‍ഫലമായി നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയും വിശ്വനാഥ് പ്രതാപ സിംഗിന്‍റെ നേതൃത്വത്തില്‍ ജനതാദള്‍ അധികാരത്തിലേറുകയും ചെയ്തു. മൗലാനാ മര്‍ഹൂം പതിവനുസരിച്ച് വി.പി സിംഗിനും സുദീര്‍ഘമായ ഒരു കത്ത് അയച്ചു. ഭരണമാറ്റത്തില്‍ നിന്നും എല്ലാവരും പാഠം ഉള്‍ക്കൊള്ളുകയും ഭാവിയില്‍ ശരിയായ നിലയില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാവുകയും ചെയ്യണമെന്ന് പരസ്യമായ ഒരു പ്രസ്താവന ഇറക്കുകയും ചെയ്തു. 

(മുഫക്കിറുല്‍ ഇസ്ലാം ജീവിതവും, മൗലാനാ സയ്യിദ് ബില്‍ ഹസനി നദ് വി. ഈ മഹത്തായ ഗ്രന്ഥം സന്ദേശത്തില്‍ ഖണ്ധശയായി പ്രസിദ്ധീകരിച്ച് വരുന്നു. പഠിക്കുക, പകര്‍ത്തുക, പ്രചരിപ്പിക്കുക)

****************


***********

All India Muslim Personal Law Board

ജമാഅത്ത് നമസ്കാരം

ഡോ: സഊദ് ആലം ഖാസിമി
(മെമ്പര്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്, എഡിറ്റര്‍ തഹ്ദീബുല്‍ അഖ്ലാഖ് മാസിക അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി)


സൂര്യന്‍ (മദ്ധ്യാഹ്നത്തില്‍ നിന്നും) നീങ്ങിയതു മുതല്‍ രാത്രി ഇരുള്‍ ശക്തമാകുന്നതുവരെ നമസ്കാരം ശരിയായി നിലനിര്‍ത്തുക. പ്രഭാതത്തില്‍ ഖുര്‍ആന്‍ ഓതിക്കൊണ്ടുള്ള നമസ്കാരവും നിര്‍വ്വഹിക്കുക. തീര്‍ച്ചയായും പ്രഭാത സമയത്തുള്ള ഖുര്‍ആന്‍ പാരായണം സാക്ഷ്യമാക്കപ്പെടുന്നതാണ്.(78) രാത്രിയില്‍ തഹജ്ജുദ് നമസ്കരിക്കുക. ഇത് താങ്കള്‍ക്ക് പ്രത്യേകമായുള്ള പുണ്യകര്‍മ്മമാണ്. അല്ലാഹു താങ്കളെ മഖാമുന്‍ മഹ്മൂദ് എന്ന സ്ഥാനത്ത് നിയോഗിച്ചേക്കാം. (ബനൂഇസ്റാഈല്‍ 78-79)
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹു ഈ ലോകത്തേക്ക് മനുഷ്യനെ അയച്ചത് അല്ലാഹുവിനെ ആരാധിക്കാനും അല്ലാഹുവിന് പൊരുത്തമായ നിലയില്‍ ഈ ലോകത്തെ സജീവമാക്കുവാനും അല്ലാഹുവിന്‍റെ മാര്‍ഗ്ഗ ദര്‍ശനം സ്വീകരിക്കാനും പടച്ചവന്‍റെ വിധിവിലക്കുകള്‍ നടപ്പിലാക്കുവാനുമാണ്. അല്ലാഹു അറിയിക്കുന്നു: 
 وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ (56)

ഭൂത-മനുഷ്യവിഭാഗങ്ങളെ നാം സൃഷ്ടിച്ചത് എന്നെ ആരാധിക്കാന്‍ വേണ്ടി മാത്രമാണ്. (ദാരിയാത്ത് 56)
അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ അനുസരിച്ചുകൊണ്ടുള്ള ജീവിതം ഒരു ദാസന്‍ നയിക്കുകയാണെങ്കില്‍ അവന്‍റെ ജീവിതം മുഴുവന്‍ ആരാധനയായി മാറുന്നതാണ്. എന്തിനേറെ ആഹാരം, പാനീയം, ഉറക്കം, ഉണരല്‍, വ്യക്തിപരവും സാമൂഹികപരവുമായ ജോലികള്‍ എല്ലാം ആരാധനകളാണ്. എന്നാല്‍ ചില ആരാധനകള്‍ക്ക് അല്ലാഹു പ്രത്യേക രൂപം പഠിപ്പിച്ചിരിക്കുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നമസ്കാരം. നമസ്കാരം മനുഷ്യനില്‍ നന്മകള്‍ വളര്‍ത്തുകയും തിന്മകളില്‍ നിന്നും മനുഷ്യനെ രക്ഷിക്കുകയും ചെയ്യുന്നു. നമസ്കാരം അല്ലാഹുവുമായിട്ടുള്ള അഭിമുഖ സംഭാഷണവും സ്നേഹാനുരാഗങ്ങളുടെ പ്രകടനവുമാണ്. നമസ്കാരം അടിമുടി അടിമത്വത്തിന്‍റെ അടയാളവും പടച്ചവന് മുന്നിലുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണവുമാണ്. ഒരു ദാസന്‍ നമസ്കരിക്കുമ്പോള്‍ പടച്ചവന്‍ സ്നേഹ സന്തോഷങ്ങളോടെ അതിനെ വീക്ഷിക്കുകയും മലക്കുകളെ സാക്ഷി നിര്‍ത്തിക്കൊണ്ട് സ്വീകാര്യത കനിഞ്ഞരുളുകയും ചെയ്യുന്നതാണ്. ഖുദുസിയായ ഒരു ഹദീസില്‍ വരുന്നു: അല്ലാഹു തആല അറിയിക്കുന്നു: 
ഞാന്‍ നമസ്കാരത്തെ എന്‍റെയും അടിമയുടെയും ഇടയില്‍ തുല്യമായി വീതിച്ചിരിക്കുന്നു. അടിമ ചോദിക്കുന്നതെല്ലാം ഞാന്‍ നല്‍കുന്നതാണ്. സര്‍വ്വ സ്തുതിയും സര്‍വ്വലോക പരിപാലകനായ അല്ലാഹുവിനാകുന്നു എന്ന് പറയുമ്പോള്‍ ഞാന്‍ പറയും: എന്‍റെ അടിമ എന്നെ സ്തുതിച്ചിരിക്കുന്നു. ഞാന്‍ എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനും ആണെന്ന് പറയുമ്പോള്‍ ഞാന്‍ പറയും: എന്‍റെ അടിമ എന്നെ വാഴ്ത്തിയിരിക്കുന്നു. ഞാന്‍ പ്രതിഫല ദിവസത്തിന്‍റെ ഉടമസ്ഥനാണെന്ന് പറയുമ്പോള്‍ ഞാന്‍ പറയും: എന്‍റെ അടിമ എന്‍റെ മഹത്വം വാഴ്ത്തുകയും അവന്‍റെ കാര്യം എന്നെ ഏല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവേ, ഞാന്‍ നിന്നെ മാത്രം ആരാധിക്കുകയും നിന്നോട് തന്നെ സഹായം ഇരക്കുകയും ചെയ്യുന്നു എന്ന് പറയുമ്പോള്‍ ഞാന്‍ പറയും: ഇത് എന്‍റെയും അടിമയുടെയും ഇടയിലുള്ള കാര്യമാണ്. അവന്‍ ചോദിക്കുന്നതെന്തും ഞാന്‍ കൊടുക്കുന്നതാണ്. അല്ലാഹുവേ, ഞങ്ങളെ സന്മാര്‍ഗ്ഗത്തിലൂടെ നയിക്കണേ... എന്ന് പറയുമ്പോള്‍ ഞാന്‍ പറയും: ഇത് എന്‍റെ അടിമയ്ക്കുള്ളതാണ്. അവന്‍ ചോദിച്ചത് അവന് ലഭിക്കുന്നതാണ്. (മുസ്ലിം) 
അല്ലാഹുവിന്‍റെ ദിക്ര്‍ മനുഷ്യനെ ഉന്മേഷവനാക്കുന്നതാണ്. മനസ്സ് മരിക്കുന്നതില്‍ നിന്നും സംരക്ഷിക്കുന്നതുമാണ്. ദിക്റിന് പല രൂപങ്ങളുണ്ടെങ്കിലും ഏറ്റവും സമ്പൂര്‍ണ്ണമായ രൂപം നമസ്കാരമാണ്. അതുകൊണ്ട് അല്ലാഹു ദാസനോട് പറയുന്നു: 
 إِنَّنِي أَنَا اللَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي (14)
എന്‍റെ ധ്യാനത്തിന് വേണ്ടി നമസ്കാരം നിലനിര്‍ത്തുക. (താഹ 14) ഒരു ദാസന്‍ നമസ്കരിക്കുമ്പോള്‍ അല്ലാഹുവിന്‍റെ ധ്യാനത്തില്‍ പരിപൂര്‍ണ്ണമായി മുഴുകകയാണ്. മനുഷ്യന്‍റെ നാവും ശരീരവും അകവും പുറവും എല്ലാം ദിക്റില്‍ പങ്കെടുക്കുന്നു അതുകൊണ്ടാണ് റസൂലുല്ലാഹി (സ) നമസ്കാരം സത്യവിശ്വാസിയുടെ മിഅ്റാജ് (അല്ലാഹുവിലേക്കുള്ള ആരോഹണം) എന്ന് പറഞ്ഞത്. 
നമസ്കാരം മിഅ്റാജ് രാത്രിയിലാണ് നിര്‍ബന്ധമാകുന്നത്. ആദ്യം അമ്പത് നമസ്കാരങ്ങളാണ് നിര്‍ബന്ധമാക്കപ്പെട്ടത്. ശേഷം അടിമകളുടെ എളുപ്പത്തിന് ലഘൂകരിക്കുകയും അഞ്ചായി നിജപ്പെടുത്തുകയും ചെയ്തു. മിഅ്റാജില്‍ റസൂലുല്ലാഹി (സ) അല്ലാഹുവുമായി അങ്ങേയറ്റം അടുത്തു. ഇതുപോലെ സത്യവിശ്വാസി നമസ്കരിക്കാന്‍ നില്‍ക്കുമ്പോള്‍ പടച്ചവനിലേക്ക് വളരെയധികം അടുക്കുന്നതാണ്. നമസ്കാരത്തിലെ പാരായണങ്ങളും ദിക്ര്‍ ദുആകളും അല്ലാഹുവുമായിട്ടുള്ള അഭിമുഖ സംസാരമാണ്. റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ ഓരോരുത്തരും നമസ്കരിക്കുമ്പോള്‍ പടച്ചവനുമായി അഭിമുഖ സംഭാഷണം നടത്തുകയാണ്. 
നമസ്കാരത്തിന് രണ്ട് ഭാഗമുണ്ട്. 1. ആത്മാവ്. 2. രൂപം. ആത്മാവാണ് നമസ്കാരത്തിന്‍റെ കാതല്‍. അത് മനസ്സുകൊണ്ടുള്ള വിനയവും വണക്കവും താഴ്മയും എളിമയുമാണ്. അല്ലാഹു അറിയിക്കുന്നു: തീര്‍ച്ചയായും സത്യവിശ്വാസികള്‍ വിജയം വരിച്ചിരിക്കുന്നു. (1) അവര്‍ നമസ്കാരത്തില്‍ ഭയഭക്തിയുള്ളവരാണ്. (മുഅ്മിനൂന്‍ 1-2) 
ദാസന്‍ പടച്ചവന് മുന്നില്‍ നില്‍ക്കുമ്പോള്‍ പടച്ചവന്‍റെ മഹത്വം മനസ്സില്‍ ഉണരുകയും പടച്ചവന്‍റെ മുന്നിലാണ് നില്‍ക്കുന്നതെന്ന വികാരം ഉള്‍ക്കൊള്ളുകയും ചെയ്യേണ്ടതാണ്. നമസ്കാരത്തില്‍ ഭയഭക്തിയില്ലെങ്കില്‍ ബാഹ്യമായി നമസ്കാരം നടക്കുമെങ്കിലും അതിന് ആത്മാവും ശക്തിയും ഉണ്ടായിരിക്കുന്നതല്ല. ഇതോടൊപ്പം നമസ്കാരത്തിന്‍റെ രൂപത്തിലും ശ്രദ്ധിക്കേണ്ടതാണ്. അതായത്, ഫര്‍ളുകളും ശര്‍ത്തുകളും സുന്നത്തുകളും പാലിക്കേണ്ടതാണ്. ഫര്‍ളുകളില്‍ വീഴ്ച വന്നാല്‍ നമസ്കാരം തന്നെയില്ല. സുന്നത്തുകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നമസ്കാരത്തിന്‍റെ ഐശ്വര്യം കുറഞ്ഞ് പോകുന്നതാണ്. ഒരു സഹാബി മസ്ജിദിലേക്ക് വന്നു. അദ്ദേഹം ധൃതിയില്‍ നമസ്കരിച്ചു. ശേഷം പ്രവാചക സന്നിധിയിലെത്തി. റസൂലുല്ലാഹി (സ) അദ്ദേഹത്തോട് പറഞ്ഞു: പോവുക. വീണ്ടും നമസ്കരിക്കുക. നിങ്ങള്‍ നമസ്കരിച്ചിട്ടില്ല. അദ്ദേഹം പോയി നമസ്കരിച്ചു. ശേഷം പ്രവാചക സന്നിധിയിലെത്തി. റസൂലുല്ലാഹി (സ) അദ്ദേഹത്തോട് പറഞ്ഞു: പോവുക. വീണ്ടും നമസ്കരിക്കുക. നിങ്ങള്‍ നമസ്കരിച്ചിട്ടില്ല. അദ്ദേഹം പോയി നമസ്കരിച്ചു. ശേഷം പ്രവാചക സന്നിധിയിലെത്തി. റസൂലുല്ലാഹി (സ) അദ്ദേഹത്തോട് പറഞ്ഞു: പോവുക. വീണ്ടും നമസ്കരിക്കുക. നിങ്ങള്‍ നമസ്കരിച്ചിട്ടില്ല. മൂന്നാമത്തെ പ്രാവശ്യം അദ്ദേഹം ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരേ, എനിയ്ക്ക് നമസ്കാരത്തിന്‍റെ രൂപം മനസ്സിലാക്കിത്തരിക. റസൂലുല്ലാഹി (സ) അരുളി: നന്നായി വുളു ചെയ്യുക. ശേഷം ഖിബ്ലയ്ക്ക് അഭിമുഖമായി നിന്ന് തക്ബീര്‍ ചൊല്ലുക. തുടര്‍ന്ന് ഖുര്‍ആന്‍ ഓതുക. പിന്നീട് റുകൂഅ് ചെയ്യുക. സമാധാനത്തോടെ അത് നിര്‍വ്വഹിക്കുക.   ശേഷം നേരെ നില്‍ക്കുക. സമാധാനത്തോടെ അത് നിര്‍വ്വഹിക്കുക. തുടര്‍ന്ന് സുജൂദ് ചെയ്യുക. സമാധാനത്തോടെ അത് നിര്‍വ്വഹിക്കുക. ശേഷം എഴുന്നേറ്റ് ഇരിക്കുക. സമാധാനത്തോടെ അത് നിര്‍വ്വഹിക്കുക. തുടര്‍ന്ന് സുജൂദ് ചെയ്യുക. സമാധാനത്തോടെ അത് നിര്‍വ്വഹിക്കുക. ശേഷം എഴുന്നേറ്റ് ഇരിക്കുക. (ബുഖാരി) അതെ, നമസ്കാരത്തിന്‍റെ ഫര്‍ളുകള്‍ സമാധാനത്തോടെ നിര്‍വ്വഹിച്ചില്ലെങ്കില്‍ നമസ്കാരം പൂര്‍ണ്ണമാകുന്നതല്ലെന്ന് ഈ ഹദീസ് ഉണര്‍ത്തുന്നു. 
പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ആവര്‍ത്തിച്ച് നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുക എന്ന് ഉപദേശിച്ചിട്ടുണ്ട്. മുറപ്രകാരം നിലനിര്‍ത്തുക എന്നാല്‍ രണ്ട് കാര്യങ്ങളാണ്. 1. നമസ്കാരം യഥാസമയത്ത് നിര്‍വ്വഹിക്കുക. സമയമാകുന്നതിന് മുമ്പ് നമസ്കാരം ഫര്‍ളില്ല. സമയം കഴിഞ്ഞ് നമസ്കരിച്ചാല്‍ നമസ്കാരം ഖളാഅ് ആയിരിക്കും 2. ഫര്‍ള് നമസ്കാരങ്ങള്‍ ഒറ്റയ്ക്ക് നമസ്കരിക്കരുത്. മറിച്ച് ജമാഅത്തായി നമസ്കരിക്കുക. നമസ്കാരം മസ്ജിദില്‍ പോയി ജമാഅത്തായി നമസ്കരിക്കുമ്പോഴാണ് സമ്പൂര്‍ണ്ണായിത്തീരുന്നത്. റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ വീടുകളില്‍ നമസ്കരിക്കുകയും മസ്ജിദിലെ നമസ്കാരം ഉപേക്ഷിക്കുകയും ചെയ്താല്‍ നിങ്ങളുടെ പ്രവാചകന്‍റെ മാര്‍ഗ്ഗത്തെ ഉപേക്ഷിച്ചവരാകുന്നതാണ്. (മുസ്ലിം)
ഫര്‍ള് നമസ്കാരങ്ങള്‍ മസ്ജിദുകളില്‍ നമസ്കരിക്കണമെന്നത് ശരീഅത്തിന്‍റെ പ്രധാനപ്പെട്ട പ്രേരണയാണ്. അല്ലാഹു പറയുന്നു:

إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ (277)

 തീര്‍ച്ചയായും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ടിക്കുകയും നമസ്കാരം മുറപ്രകാരം നിര്‍വ്വഹിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്തവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ പ്രതിഫലം ഉണ്ട്. അവരുടെ മേല്‍ ഭയപ്പാടുണ്ടാകുന്നതല്ല. അവര്‍ വ്യസനിക്കുന്നതുമല്ല. (ബഖറ 277) 
നമസ്കാരം സര്‍വ്വലോക പരിപാലകനായ പടച്ചവനുമായിട്ടുള്ള പ്രഥമവും പ്രധാനവുമായ ബന്ധമാണ്. നാം നമസ്കാരത്തിലും ശ്രദ്ധിക്കുന്നത് പോലെ സന്താനങ്ങളെയും കുടുംബത്തെയും ശരിയായ നിലയില്‍ നമസ്കരിക്കാന്‍ പ്രേരിപ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടതാണ്.  ഇബ്റാഹീം നബി (അ) പടച്ചവനോട് ദുആ ചെയ്തു: 

رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ 

എന്‍റെ രക്ഷിതാവേ, എന്നെ നമസ്കാരം നിലനിര്‍ത്തുന്നവനാക്കേണമേ! എന്‍റെ സന്താനപരമ്പരകളില്‍ നിന്നും നമസ്കാരം നിലനിര്‍ത്തുന്നവരെ ഉണ്ടാക്കേണമേ. ഞങ്ങളുടെ രക്ഷിതാവേ, എന്‍റെ പ്രാര്‍ത്ഥന നീ സ്വീകരിക്കേണമേ. (ഇബ്റാഹീം 40) അല്ലാഹു കല്‍പ്പിക്കുന്നു: 

وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا ۖ لَا نَسْأَلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ ۗ وَالْعَاقِبَةُ لِلتَّقْوَىٰ (132)

താങ്കളുടെ കുടുംബത്തെ നമസ്കാരംകൊണ്ട് കല്പിക്കുക. താങ്കളും അതില്‍ നിഷ്ഠപുലര്‍ത്തുക. താങ്കളോട് നാം ഉപജീവനം ആവശ്യപ്പെടുന്നില്ല. നാമാണ് ഉപജീവനം നല്‍കുന്നത്. അന്തിമ വിജയം ഭയഭക്തിക്കാണ്. (താഹ 132)
നമസ്കാരം സത്യവിശ്വാസത്തിന്‍റെയും നിഷേധത്തിന്‍റെയും ഇടയിലുള്ള പ്രധാന രേഖയാണ്. അല്ലാഹു പറയുന്നു:

مُنِيبِينَ إِلَيْهِ وَاتَّقُوهُ وَأَقِيمُوا الصَّلَاةَ وَلَا تَكُونُوا مِنَ الْمُشْرِكِينَ (31)

 അല്ലാഹുവിലേക്ക് തന്നെ മടങ്ങിയവരായ നിലയില്‍ അല്ലാഹുവിനെ ഭയക്കുകയും നമസ്കാരം നിര്‍വ്വഹിക്കുകയും ചെയ്യുക. നിങ്ങള്‍ ബഹുദൈവാരാധകരില്‍പ്പെടരുത്. (റൂം 31) റസൂലുല്ലാഹി (സ) അരുളി: സത്യവിശ്വാസത്തിന്‍റെയും നിഷേധത്തിന്‍റെയും ഇടയില്‍ നമസ്കാരം ഉപേക്ഷിക്കുക എന്ന കാര്യമാണുള്ളത്. (തിര്‍മിദി)
നാം നമസ്കരിക്കാനും ജമാഅത്തായി നമസ്കരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നമസ്കരിക്കാതിരിക്കുകയും ജമാഅത്തില്‍ ഗൗനിക്കാതിരിക്കുകയും ചെയ്യുന്നത് വലിയ നാശത്തിനും നഷ്ടത്തിനും കാരണമാണ്. അല്ലാഹു അറിയിക്കുന്നു: 

  خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ ۖ وَقَدْ كَانُوا يُدْعَوْنَ إِلَى السُّجُودِ وَهُمْ سَالِمُونَ (43) يَوْمَ يُكْشَفُ عَن سَاقٍ وَيُدْعَوْنَ إِلَى السُّجُودِ فَلَا يَسْتَطِيعُونَ (42)

കാലിന്‍റെ മടമ്പ് തുറക്കപ്പെട്ട് കഠിനമായ അവസ്ഥ സംജാതമാവുകയും സുജൂദ് ചെയ്യാന്‍ അവരെ ക്ഷണിക്കപ്പെടുകയും ചെയ്യുന്ന ദിവസം. എന്നാല്‍ അവര്‍ക്ക് സുജൂദ് ചെയ്യാന്‍ കഴിയുന്നതല്ല(42) അവരുടെ കണ്ണുകള്‍ താഴ്ന്നിരിക്കും. നിന്ദ്യത അവരെ ആവരണം ചെയ്യുന്നതാണ്. അവര്‍ ആരോഗ്യവാന്മാരായിരിക്കവെ അവരെ സുജൂദിലേക്ക് വിളിക്കപ്പെട്ടിരുന്നു. (ഖലം 42-43) അല്ലാഹു കൃത്യമായി നമസ്കരിക്കാനും ജമാഅത്ത് നമസ്കാരത്തില്‍ ശ്രദ്ധിക്കാനും നമുക്കും നമ്മുടെ കുടുംബ മിത്രങ്ങള്‍ക്കും ഉതവി നല്‍കട്ടെ. 

******** 


മആരിഫുല്‍ ഖുര്‍ആന്‍ 


സൂറത്തുയാസീന്‍ ഭാഗം-3
 
(83 ആയത്തുകള്‍, പദങ്ങള്‍ 739, അക്ഷരങ്ങള്‍ 3090, മക്കാമുകര്‍റമയില്‍ അവതരണം. എന്നാല്‍ 45-ാം ആയത്ത് മദീനമുനവ്വറയില്‍ അവതരിച്ചു. 5 റുകൂഅ്. അവതരണ ക്രമം 41. പാരായണ ക്രമം 36. സൂറത്തുല്‍ജിന്നിന് ശേഷം അവതരണം)

പട്ടണത്തിന്‍റെ മൂലയില്‍ നിന്നും വന്ന വ്യക്തിയുടെ സംഭവം. 

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


ആയത്ത് 13-32

وَاضْرِبْ لَهُم مَّثَلًا أَصْحَابَ الْقَرْيَةِ إِذْ جَاءَهَا الْمُرْسَلُونَ (13) إِذْ أَرْسَلْنَا إِلَيْهِمُ اثْنَيْنِ فَكَذَّبُوهُمَا فَعَزَّزْنَا بِثَالِثٍ فَقَالُوا إِنَّا إِلَيْكُم مُّرْسَلُونَ (14) قَالُوا مَا أَنتُمْ إِلَّا بَشَرٌ مِّثْلُنَا وَمَا أَنزَلَ الرَّحْمَٰنُ مِن شَيْءٍ إِنْ أَنتُمْ إِلَّا تَكْذِبُونَ (15) قَالُوا رَبُّنَا يَعْلَمُ إِنَّا إِلَيْكُمْ لَمُرْسَلُونَ (16) وَمَا عَلَيْنَا إِلَّا الْبَلَاغُ الْمُبِينُ (17) قَالُوا إِنَّا تَطَيَّرْنَا بِكُمْ ۖ لَئِن لَّمْ تَنتَهُوا لَنَرْجُمَنَّكُمْ وَلَيَمَسَّنَّكُم مِّنَّا عَذَابٌ أَلِيمٌ (18) قَالُوا طَائِرُكُم مَّعَكُمْ ۚ أَئِن ذُكِّرْتُم ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ (19) وَجَاءَ مِنْ أَقْصَى الْمَدِينَةِ رَجُلٌ يَسْعَىٰ قَالَ يَا قَوْمِ اتَّبِعُوا الْمُرْسَلِينَ (20) اتَّبِعُوا مَن لَّا يَسْأَلُكُمْ أَجْرًا وَهُم مُّهْتَدُونَ (21) وَمَا لِيَ لَا أَعْبُدُ الَّذِي فَطَرَنِي وَإِلَيْهِ تُرْجَعُونَ (22) أَأَتَّخِذُ مِن دُونِهِ آلِهَةً إِن يُرِدْنِ الرَّحْمَٰنُ بِضُرٍّ لَّا تُغْنِ عَنِّي شَفَاعَتُهُمْ شَيْئًا وَلَا يُنقِذُونِ (23) إِنِّي إِذًا لَّفِي ضَلَالٍ مُّبِينٍ (24) إِنِّي آمَنتُ بِرَبِّكُمْ فَاسْمَعُونِ (25) قِيلَ ادْخُلِ الْجَنَّةَ ۖ قَالَ يَا لَيْتَ قَوْمِي يَعْلَمُونَ (26) بِمَا غَفَرَ لِي رَبِّي وَجَعَلَنِي مِنَ الْمُكْرَمِينَ (27) ۞ وَمَا أَنزَلْنَا عَلَىٰ قَوْمِهِ مِن بَعْدِهِ مِن جُندٍ مِّنَ السَّمَاءِ وَمَا كُنَّا مُنزِلِينَ (28) إِن كَانَتْ إِلَّا صَيْحَةً وَاحِدَةً فَإِذَا هُمْ خَامِدُونَ (29) يَا حَسْرَةً عَلَى الْعِبَادِ ۚ مَا يَأْتِيهِم مِّن رَّسُولٍ إِلَّا كَانُوا بِهِ يَسْتَهْزِئُونَ (30) أَلَمْ يَرَوْا كَمْ أَهْلَكْنَا قَبْلَهُم مِّنَ الْقُرُونِ أَنَّهُمْ إِلَيْهِمْ لَا يَرْجِعُونَ (31) وَإِن كُلٌّ لَّمَّا جَمِيعٌ لَّدَيْنَا مُحْضَرُونَ (32)

താങ്കള്‍ അവര്‍ക്ക് ഒരു നാട്ടുകാരുടെ അവസ്ഥ വിവരിച്ചു കൊടുക്കുക. അവരുടെ അരികില്‍ ഞാന്‍ അയച്ച ദൂതന്‍മാര്‍ വന്നപ്പോള്‍.(13) അവരിലേക്ക് നാം രണ്ട് പ്രബോധകന്മാരെ അയച്ച സന്ദര്‍ഭം. എന്നാല്‍ ആ രണ്ടുപേരെയും അവര്‍ നിഷേധിച്ചു. അപ്പോള്‍ മൂന്നാമത്തെ ഒരു പ്രബോധകനിലൂടെ നാം അവര്‍ക്ക് ശക്തിനല്‍കി. അവര്‍ ആ നാട്ടുകാരോട് പറഞ്ഞു: ഞങ്ങള്‍ നിങ്ങളിലേക്ക് അയക്കപ്പെട്ട ദൂതന്മാരാണ്.(14) നാട്ടുകാര്‍ പറഞ്ഞു: നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള സാധാരണ മനുഷ്യരാണ്. കരുണയുള്ള പടച്ചവന്‍ ഒന്നും ഇറക്കിയിട്ടില്ല. നിങ്ങള്‍ കളവു മാത്രമാണ് പറയുന്നത്.(15) അവര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളിലേക്ക് അയക്കപ്പെട്ടവരാണെന്ന് നമ്മുടെ രക്ഷിതാവ് നന്നായി അറിയുന്നുണ്ട്.(16) വ്യക്തമായ നിലയില്‍ സന്ദേശം എത്തിച്ചുതരല്‍ മാത്രമാണ് ഞങ്ങളുടെ ഉത്തരവാദിത്വം.(17) നാട്ടുകാര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളെ ശകുനമായി കാണുന്നു. നിങ്ങള്‍ (ഈ പ്രവര്‍ത്തനത്തില്‍ നിന്നും) പിന്‍മാറിയില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കല്ല് കൊണ്ട് എറിയുന്നതാണ്. ഞങ്ങളുടെ ഭാഗത്തുനിന്നും നിങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ ലഭിക്കുന്നതുമാണ്.(18) ദൂതന്മാര്‍ പറഞ്ഞു: ശകുനങ്ങളെല്ലാം നിങ്ങളുടെ കൂട്ടത്തില്‍ തന്നെയാണ്. നിങ്ങളോട് ഉപദേശിക്കപ്പെടുമ്പോള്‍ ഇങ്ങനെ പ്രതികരിക്കുകയാണോ? നിങ്ങള്‍ പരിധിവിട്ട ഒരു കൂട്ടര്‍ തന്നെയാണ്.(19) ഇതിനിടയില്‍ പട്ടണത്തിന്‍റെ മൂലയില്‍ നിന്നും ഒരു വ്യക്തി ഓടി വന്നു. അദ്ദേഹം സമൂഹത്തോട് പറഞ്ഞു: 'എന്‍റെ സമൂഹമേ, ഈ ദൂതന്മാരെ നിങ്ങള്‍ അനുസരിച്ച് അനുകരിക്കുക.'(20)  നിങ്ങളോട് കൂലിയൊന്നും ചോദിക്കാത്ത ഇവരെ നിങ്ങള്‍ പിന്‍പറ്റുക. ഇവര്‍ സന്മാര്‍ഗ്ഗം പ്രാപിച്ചവരാണ്.(21) എന്നെ പടച്ച് പരിപാലിക്കുന്ന അല്ലാഹുവിനെ ആരാധിക്കാതിരിക്കാന്‍ എനിക്ക് ഒരു ന്യായവുമില്ല. നിങ്ങള്‍ എല്ലാവരും അവനിലേക്ക് മടക്കപ്പെടുന്നതാണ്.(22) അല്ലാഹുവിനെവിട്ട് മറ്റുള്ളവരെ ഞാന്‍ ദൈവങ്ങളായി സ്വീകരിക്കണമെന്നോ? കാരുണ്യവാനായ അല്ലാഹു ബുദ്ധിമുട്ട് വല്ലതും തീരുമാനിച്ചാല്‍ അവരുടെ ശുപാര്‍ശ എനിക്ക് ഒരു ഗുണവും ചെയ്യുന്നതല്ല, അവര്‍ എന്നെ രക്ഷിക്കുന്നതുമല്ല.(23) അങ്ങനെ ചെയ്താല്‍ ഞാന്‍ വ്യക്തമായ വഴികേടില്‍ ആയിപ്പോകും.(24) നിങ്ങളെ പടച്ച് പരിപാലിക്കുന്നവനില്‍ ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കുക. (എന്നാല്‍ അവര്‍ ഈ ഉപദേശം സ്വീകരിക്കാതെ നിഷ്കളങ്കനായ ആ ദാസനെ വധിക്കുകയുണ്ടായി)(25) അല്ലാഹുവില്‍ നിന്നും അദ്ദേഹത്തോട് പറയപ്പെട്ടു: നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. അദ്ദേഹം പറഞ്ഞു: എന്‍റെ സമൂഹം അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!(26)  എന്‍റെ രക്ഷിതാവ് എനിക്ക് പൊറുത്തു തന്നതും എന്നെ ആദരണീയരില്‍ പെടുത്തിയതും (അവര്‍ മനസ്സിലാക്കി ഇനിയെങ്കിലും സത്യം സ്വീകരിച്ചാല്‍ കൊള്ളാമായിരുന്നു!)(27) അദ്ദേഹത്തിന് ശേഷം ആ സമുദായത്തിന്‍റെ മേല്‍ ആകാശത്ത് നിന്നും സൈന്യങ്ങളൊന്നും നാം ഇറക്കിയില്ല. നാം അങ്ങനെ ഇറക്കുന്നവനുമല്ല.(28) ഒരു ഭയാനകമായ അട്ടഹാസം മാത്രമുണ്ടായി. അപ്പോള്‍ അതാ അവര്‍ എല്ലാവരും മരിച്ച് വീണുകിടക്കുന്നു.(29) ദാസന്‍മാരുടെ കാര്യം വളരെ ഖേദകരം തന്നെ! അവരുടെ അരികില്‍ വന്ന എല്ലാ പ്രവാചകന്മാരെയും അവര്‍ പരിഹസിക്കുന്നു!(30) അവര്‍ക്ക് മുമ്പ് എത്രയോ തലമുറകളെയാണ് നാം നശിപ്പിച്ചതെന്ന് അവര്‍ നോക്കുന്നില്ലേ? അവരാരും ഇവരിലേക്ക് മടങ്ങിവരുന്നതല്ല.(31) എന്നാല്‍ (അവരും ഇവരും) എല്ലാവരും നമ്മുടെ അരികില്‍ പരലോകത്ത് ഹാജരാകുന്നതുമാണ്.(32)


വിവരണവും വ്യാഖ്യാനവും
         പരിശുദ്ധ ഖുര്‍ആന്‍ ഇവിടെയും കാര്യം അവ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്‍റെ പേരോ അവസ്ഥയോ വിവരിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ പേര് ഹബീബ് എന്നാണെന്ന് ഇബ്നു ഇസ്ഹാഖ് ഉദ്ധരിക്കുന്നു. അദ്ദേഹത്തിന്‍റെ ജോലിയെക്കുറിച്ച് പല അഭിപ്രായങ്ങളും ഉണ്ടെങ്കിലും പ്രസിദ്ധമായ അഭിപ്രായം ആശാരിയായിരുന്നു എന്നാണ്. (ഇബ്നു കസീര്‍). ഈ ഭാഗത്ത് മുഫസ്സിറുകള്‍ ഉദ്ധരിച്ചിട്ടുള്ള ചരിത്ര നിവേദനങ്ങളുടെ രത്നച്ചുരുക്കം ഇതാണ്: ഇദ്ദേഹം ആദ്യം വിഗ്രഹാരാധകനായിരുന്നു. ദൂതന്മാര്‍ ഈ നാട്ടില്‍ വന്നപ്പോള്‍ ആദ്യമായി ഇദ്ദേഹം അവരെ കണ്ടുമുട്ടി. അവരുടെ അദ്ധ്യാപനങ്ങള്‍ കേള്‍ക്കുകയും ചില നിവേദനങ്ങള്‍ അനുസരിച്ച് അവരുടെ മുഅ്ജിസത്ത് അല്ലെങ്കില്‍ കറാമത്ത് കാണുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന്‍റെ മനസ്സില്‍ സത്യവിശ്വാസം ഉദിച്ചു. വിഗ്രഹരാധനയില്‍ നിന്നും പശ്ചാത്തപിച്ച് സത്യവിശ്വാസം സ്വീകരിക്കുകയും ഏതോ ഗുഹയിലോ മറ്റോ പോയി ആരാധനയില്‍ മുഴുകുകയും ചെയ്തു. എന്നാല്‍ നാട്ടുകാര്‍ ദൂതന്മാരുടെ സന്ദേശം കളവാക്കുകയും അവരെ ഉപദ്രവിക്കുകയും വധ ഭീഷണി മുഴക്കുകയും ചെയ്യുന്നതായി അറിഞ്ഞപ്പോള്‍ അദ്ദേഹം സമുദായത്തോടുള്ള ഗുണകാംഷയില്‍ ദൂതന്മാരോടുള്ള സഹാനുഭൂതിയും കൂടിച്ചേര്‍ന്ന വികാരത്തോടെ ധൃതിപിടിച്ച് സമൂഹത്തിന്‍റെ അരികിലേക്ക് വരുകയും ദൂതന്മാരെ പിന്‍പറ്റാന്‍ ഉപദേശിക്കുകയും ചെയ്തു. അവസാനം താന്‍ സത്യവിശ്വാസിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു: നിങ്ങളെ പടച്ച് പരിപാലിക്കുന്നവനില്‍ ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കുക.(25). അദ്ദേഹം ഇത് പറഞ്ഞത് സ്വന്തം സമുദായത്തോടായിരിക്കാം. അദ്ദേഹം അല്ലാഹു തന്‍റെ രക്ഷിതാവാണെന്ന് പറഞ്ഞത് അവര്‍ അംഗീകരിക്കാത്തതാണെങ്കിലും യാഥാര്‍ത്ഥ്യം വ്യക്തമാക്കാന്‍ വേണ്ടിയാണ്. അല്ലെങ്കില്‍ ഈ സംബോധന ദൂതന്മാരോടായിരിക്കാം. നിങ്ങള്‍ കേള്‍ക്കുക എന്ന് പറഞ്ഞത്, നിങ്ങള്‍ ഇത് കേട്ട് അല്ലാഹുവിന് മുന്നില്‍ എന്‍റെ സത്യവിശ്വാസത്തിന്‍റെ സാക്ഷികളാവുക എന്ന അര്‍ത്ഥത്തിലാണ്. 
അല്ലാഹുവില്‍ നിന്നും അദ്ദേഹത്തോട് പറയപ്പെട്ടു: നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. അദ്ദേഹം പറഞ്ഞു: എന്‍റെ സമൂഹം അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!(26) എന്‍റെ രക്ഷിതാവ് എനിക്ക് പൊറുത്തു തന്നതും എന്നെ ആദരണീയരില്‍ പെടുത്തിയതും (അവര്‍ മനസ്സിലാക്കി ഇനിയെങ്കിലും സത്യം സ്വീകരിച്ചാല്‍ കൊള്ളാമായിരുന്നു!)(27) അതായത് പട്ടണത്തിന്‍റെ മൂലയില്‍ നിന്നും വന്ന സത്യവിശ്വാസിയായ വ്യക്തിയോട് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക എന്ന് പറയപ്പെട്ടു. ഈ സംബോധന ഏതെങ്കിലും മലക്കുകള്‍ വഴിയായിട്ടായിരിക്കും എന്ന കാര്യം വ്യക്തമാണ്. സ്വര്‍ഗ്ഗപ്രവേശനം മഹ്ഷറിനും വിചാരണയ്ക്കും ശേഷം നടക്കുന്നതാണെങ്കിലും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക എന്ന സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ടത് അദ്ദേഹം സ്വര്‍ഗ്ഗത്തില്‍ തീര്‍ച്ചയായും പ്രവേശിക്കും എന്ന് അറിയിക്കാനാണ്. (ഖുര്‍തുബി). ചിലപ്പോള്‍ അദ്ദേഹത്തിന് ആ സമയത്ത് തന്നെ സ്വര്‍ഗ്ഗം കാണിക്കപ്പെട്ടിരിക്കാം. കൂടാതെ, ബര്‍സഖീ ലോകത്ത് സ്വര്‍ഗ്ഗവാസികള്‍ക്ക് സ്വര്‍ഗ്ഗത്തിന്‍റെ പഴങ്ങളും പുഷ്പങ്ങളും സുഖ-സന്തോഷങ്ങളും ലഭിക്കാറുണ്ട്. ആകയാല്‍ അദ്ദേഹം ബര്‍സഖീ ലോകത്ത് എത്തിയതും ഒരു നിലയ്ക്ക് സ്വര്‍ഗ്ഗത്തില്‍ എത്തിയത് പോലെ തന്നെയാണ്. സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുക എന്ന ഈ ഖുര്‍ആനിക വചനം അദ്ദേഹം രക്തസാക്ഷിയാക്കപ്പെട്ടു എന്നും അറിയിക്കുന്നു. കാരണം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതും സ്വര്‍ഗ്ഗത്തിന്‍റെ അടയാളങ്ങള്‍ കാണുന്നതും മരണത്തിന് ശേഷമാണ്. 
ഇബ്നു അബ്ബാസ് (റ), മുഖാത്തില്‍ (റ), മുജാഹിദ് (റ) മുതലായ തഫ്സീറിന്‍റെ ഇമാമുകളില്‍ നിന്നുള്ള ചരിത്ര നിവേദനങ്ങള്‍ ഇപ്രകാരമാണ്: ഇദ്ദേഹം ഹബീബ് ബിന്‍ ഇസ്മാഈല്‍ നജ്ജാര്‍ എന്ന വ്യക്തിയായിരുന്നു. റസൂലുല്ലാഹി (സ)യുടെ നിയോഗത്തിന് അറുന്നൂറ് വര്‍ഷം മുന്‍പ് റസൂലുല്ലാഹി (സ)യില്‍ വിശ്വസിച്ച ഒരു വ്യക്തിയാണ്. മറ്റൊരു വ്യക്തി റസൂലുല്ലാഹി (സ)യെക്കുറിച്ചുള്ള സന്തോഷ വാര്‍ത്ത മുന്‍ വേദങ്ങളില്‍ നിന്നും വായിച്ച് മുന്‍പ് തന്നെ വിശ്വസിച്ച തുബ്ബഅ് ഒന്നാമനാണ്. വേറൊരു വ്യക്തി, റസൂലുല്ലാഹി (സ)യുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പ് റസൂലുല്ലാഹി (സ)യില്‍ വിശ്വസിച്ച വറഖത്തുബ്നു നൗഫലാണ്. റസൂലുല്ലാഹി (സ)യുടെ നിയോഗത്തിന് മുന്‍പ് തന്നെ ഇവര്‍ റസൂലുല്ലാഹി (സ)യില്‍ വിശ്വസിച്ചു എന്നത് റസൂലുല്ലാഹി (സ)യുടെ മാത്രം പ്രത്യേകതയാണ്. മറ്റൊരു പ്രവാചകനിലും ഇപ്രകാരം സംഭവിച്ചിട്ടില്ല. 
വഹബുബ്നു മുനബ്ബഹ് (റ) പറയുന്നു: ഇദ്ദേഹം കുഷ്ഠ രോഗിയായിരുന്നു. ജനങ്ങളില്‍ നിന്നും അകന്ന് പട്ടണത്തിന്‍റെ കവാടത്തിനരികില്‍ താമസിച്ചിരുന്നു. ഈ രോഗത്തില്‍ നിന്നും മുക്തി നല്‍കേണമേ എന്ന് എഴുപപത് വര്‍ഷം അദ്ദേഹം വ്യാജ ദൈവങ്ങളോട് പ്രാര്‍ത്ഥിച്ചിരുന്നു. ഇതിനിടയില്‍ ഈ ദൂതന്മാര്‍ അന്തോക്യ പട്ടണത്തിലേക്ക് കടന്നുവന്നു. യാദൃശ്ചികമായി ഏറ്റവും ആദ്യം കണ്ടുമുട്ടിയത് ഇദ്ദേഹത്തെയാണ്. വിഗ്രഹാരാധനയില്‍ നിന്നും അകന്ന് മാറാനും ഏകനായ പടച്ചവനെ ആരാധിക്കാനും അവര്‍ പ്രബോധനം ചെയ്തു. അദ്ദേഹം ചോദിച്ചു: നിങ്ങളുടെ പ്രബോധനം സത്യമാണെന്നതിന് നിങ്ങളുടെ പക്കല്‍ വല്ല തെളിവുമുണ്ടോ? അവര്‍ പറഞ്ഞു: ഉണ്ട്. എന്നാല്‍ എന്‍റെ ഈ രോഗം മാറ്റാന്‍ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: താങ്കളെ ആരോഗ്യവാനാക്കാന്‍ ഞങ്ങള്‍ പടച്ചവനോട് പ്രാര്‍ത്ഥിക്കാം. പടച്ചവന്‍ താങ്കള്‍ക്ക് ആരോഗ്യം തരുന്നതാണ്. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ എന്തൊരു അത്ഭുതമാണ് പറയുന്നത്? എഴുപത് വര്‍ഷമായി വിവിധ ദൈവങ്ങളോട് ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടും യാതൊരു ഫലവുമില്ല. ഇത്തരുണത്തില്‍ ഒരു ദിവസം കൊണ്ട് നിങ്ങളുടെ രക്ഷിതാവ് എന്‍റെ രോഗം എങ്ങനെ മാറ്റിത്തരാനാണ്? അവര്‍ പറഞ്ഞു: നമ്മുടെ രക്ഷിതാവ് സര്‍വ്വതിനും കഴിവുള്ളവനാണ്. നിങ്ങള്‍ ദൈവമായി കണ്ടുകൊണ്ടിരിക്കുന്ന വസ്തുക്കള്‍ക്ക് യാതൊരു യാഥാര്‍ത്ഥ്യവുമില്ല. ആര്‍ക്കെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിവില്ല. ഇതുകേട്ട് അദ്ദേഹം സത്യവിശ്വാസം സ്വീകരിച്ചു. ആ മഹാത്മാക്കള്‍ അദ്ദേഹത്തിന് വേണ്ടി പടച്ചവനോട് പ്രാര്‍ത്ഥിച്ചു. രോഗത്തിന്‍റെ യാതൊരു അടയാളവും ഇല്ലാത്ത നിലയില്‍ അല്ലാഹു അദ്ദേഹത്തിന്‍റെ രോഗം മാറ്റിക്കൊടുത്തു. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ വിശ്വാസം കൂടുതല്‍ ശക്തമായി. ഓരോ ദിവസവും  സമ്പാദിക്കുന്ന സമ്പത്തിന്‍റെ പകുതി പടച്ചവന്‍റെ പാതയില്‍ ചിലവഴിക്കുന്നതാണെന്ന് അദ്ദേഹം കരാര്‍ ചെയ്തു. ശേഷം പട്ടണത്തിലെ ജനങ്ങള്‍ ദൂതന്മാരെ ഉപദ്രവിക്കുന്ന വാര്‍ത്ത ലഭിച്ചപ്പോള്‍ ഇദ്ദേഹം ഓടി വരുകയും സമുദായത്തിന് കാര്യം മനസ്സിലാക്കിക്കൊടുക്കുകയും സ്വന്തം വിശ്വാസം പ്രഖ്യാപിക്കുകയും ചെയ്തു. തദവസരം സമുദായം മുഴുവന്‍ അദ്ദേഹത്തിന്‍റെ ശത്രുക്കളായി. എല്ലാവരും അദ്ദേഹത്തെ അക്രമിച്ചു. ഇബ്നു മസ്ഊദ് (റ) പറയുന്നു: ജനങ്ങള്‍ എല്ലാവരും ചേര്‍ന്ന് വടികൊണ്ട് അടിച്ചും കാല്‍ കൊണ്ട് ചവിട്ടിയും അദ്ദേഹത്തെ രക്ത സാക്ഷിയാക്കി. കല്ലെറിഞ്ഞാണ് കൊന്നതെന്ന് ചില നിവേദനങ്ങളില്‍ വന്നിരിക്കുന്നു. ഈ സമയത്തും അദ്ദേഹം ഇപ്രകാരം പറഞ്ഞുകൊണ്ടിരുന്നു: എന്‍റെ രക്ഷിതാവേ, എന്‍റെ സമുദായത്തിന് സന്മാര്‍ഗ്ഗം നല്‍കണേ! അവര്‍ മൂന്ന് ദൂതന്മാരെയും വധിച്ചുവെന്നും ചില നിവേദനങ്ങളില്‍ വന്നിട്ടുണ്ടെങ്കിലും അവയ്ക്ക് വലിയ ആധികാരികതയില്ല. അവര്‍ വധിക്കപ്പെട്ടിട്ടില്ലായെന്നാണ് ബാഹ്യമായി മനസ്സിലാകുന്നത്. 
അദ്ദേഹം പറഞ്ഞു: എന്‍റെ സമൂഹം അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!(26)  എന്‍റെ രക്ഷിതാവ് എനിക്ക് പൊറുത്തു തന്നതും എന്നെ ആദരണീയരില്‍ പെടുത്തിയതും (അവര്‍ മനസ്സിലാക്കി ഇനിയെങ്കിലും സത്യം സ്വീകരിച്ചാല്‍ കൊള്ളാമായിരുന്നു!)(27) അല്ലാഹുവിന്‍റെ പാതയില്‍ ധീരതയോടെ നിലയുറപ്പിക്കുകയും രക്തസാക്ഷിയാവുകയും ചെയ്ത ഈ മഹാപുരുഷനെ അല്ലാഹു അത്യധികം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു. അദ്ദേഹത്തോട് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ കല്‍പ്പിക്കപ്പെട്ടു. ഇത്ര വലിയ ആദരവും സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങളും കണ്ടപ്പോള്‍ വീണ്ടും അദ്ദേഹത്തിന് സമുദായത്തെ ഓര്‍മ്മ വന്നു. പ്രവാചകന്മാരില്‍ വിശ്വസിച്ചതിന്‍റെ കാരണത്താല്‍ എനിയ്ക്ക് ഇത്രവലിയ സ്നേഹാദരങ്ങളും ശാശ്വത അനുഗ്രഹങ്ങളും ലഭിച്ച കാര്യം എന്‍റെ സമുദായം അറിഞ്ഞിരുന്നെങ്കില്‍ അവരും സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു എന്ന അദ്ദേഹത്തിന്‍റെ മനോഗതമാണ് ഈ ആയത്തുകളില്‍ അല്ലാഹു വിവരിച്ചിരിക്കുന്നത്.

പ്രവാചകീയ പ്രബോധനത്തിന്‍റെ ശൈലിയും പ്രബോധകന്മാര്‍ക്കുള്ള പ്രധാന ഉപദേശവും. 

ആ നാട്ടിലേക്ക് അയക്കപ്പെട്ട മൂന്ന് ദൂതന്മാര്‍ നിഷേധികളോട് നടത്തിയ സംഭാഷണങ്ങളും അവരുടെ കടുത്ത കയ്പ്പേറിയ പ്രതികരണങ്ങളും ഭീഷണികളും ഇതിനിടയില്‍ സത്യവിശ്വാസം സ്വീകരിച്ച ഹബീബുന്നജ്ജാര്‍ നടത്തിയ സദുപദേശങ്ങളും നാം ആവര്‍ത്തിച്ച് പാരായണം ചെയ്യുക. മത പ്രബോധനത്തിന്‍റെയും സംസ്കരണത്തിന്‍റെയും സേവനങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഇതില്‍ വലിയ പാഠങ്ങളുണ്ട്. ആദ്യമായി നോക്കുക: സദുപദേശം നടത്തിയ ദൂതന്മാരോട് നാട്ടുകാര്‍ മൂന്ന് കാര്യങ്ങളാണ് പറഞ്ഞത്. 1. നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള മനുഷ്യരാണ്. നിങ്ങള്‍ പറയുന്നത് ഞങ്ങള്‍ എന്തിന് കേള്‍ക്കണം? 2. പടച്ചവന്‍ ആരുടെ മേലും ഒരു സന്ദേശവും ഗ്രന്ഥവും ഇറക്കിയിട്ടില്ല. 3. നിങ്ങള്‍ വ്യക്തമായ കളവാണ് പറയുന്നത്! നാം ഒന്ന് ചിന്തിക്കുക: തീര്‍ത്തും നിഷ്കളങ്കമായ സദുപദേശത്തിന് നല്‍കപ്പെട്ട പ്രകോപനപരമായ ഈ പ്രതികരണത്തിന് എന്ത് മറുപടിയാണ് നല്‍കേണ്ടത്? പക്ഷേ, ആ മഹത്തുക്കള്‍ പറഞ്ഞത് ഇത്രമാത്രമാണ്: ഞങ്ങള്‍ നിങ്ങളിലേക്ക് അയക്കപ്പെട്ട ദൂതന്മാരാണെന്ന് ഞങ്ങളുടെ രക്ഷിതാവിനറിയാം. ഞങ്ങളുടെ കര്‍ത്തവ്യം പടച്ചവന്‍റെ സന്ദേശം വ്യക്തമായി എത്തിച്ച് തരലാണ്. ഞങ്ങള്‍ അത് നിര്‍വ്വഹിച്ച് കഴിഞ്ഞു. ഇനി അംഗീകരിക്കലും അംഗീകരിക്കാതിരിക്കലും നിങ്ങളുടെ കാര്യമാണ്!! നോക്കൂ, ഈ വാചകത്തിന്‍റെയും പ്രകോപനപരമായ അവരുടെ വാചകങ്ങളുടെയും ഇടയില്‍ വല്ല യോജിപ്പുമുണ്ടോ? അവരുടെ കടുത്ത പ്രതികരണത്തിന് ഇവര്‍ എത്രമാത്രം കാരുണ്യം നിറഞ്ഞ മറുപടിയാണ് നല്‍കിയത്? 
ശേഷം അവര്‍ തുടര്‍ന്ന് പറഞ്ഞു: നിങ്ങള്‍ ശകുനം പിടിച്ച ആളുകളാണ്. നിങ്ങള്‍ കാരണം ഞങ്ങള്‍ നാശനഷ്ടങ്ങളില്‍ കുടുങ്ങിയിരിക്കുന്നു! ശകുനം പിടിച്ചവര്‍ നിങ്ങളാണ്, നിങ്ങളുടെ ദുഷ്കര്‍മ്മങ്ങളുടെ നാശം നിങ്ങളുടെ പിരടിയില്‍ പതിഞ്ഞിരിക്കുന്നു എന്നായിരുന്നു ഇതിന് മറുപടി പറയേണ്ടിയിരുന്നത്. പക്ഷേ, അവര്‍ ശകുനം പിടിച്ചവരാണെന്ന് വ്യക്തമാക്കാതെ അവര്‍ ഇതിന് ഹൃസ്വമായ മറുപടി ഇപ്രകാരം നല്‍കി: നിങ്ങളുടെ ശകുനം നിങ്ങളോടൊപ്പം തന്നെയുണ്ട്! ഇത് കഴിഞ്ഞ് വീണ്ടും കാരുണ്യത്തോടെ അവര്‍ ചോദിച്ചു: ഞങ്ങള്‍ നിങ്ങള്‍ക്ക് എന്ത് നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്? ഞങ്ങള്‍ നിങ്ങള്‍ക്ക് ഗുണകാംഷയോടെ ഉപദേശം നല്‍കുക മാത്രമല്ലേ ചെയ്തത്? അവസാനം അവര്‍ പറഞ്ഞ ഏറ്റവും കടുപ്പമുള്ള വാചകം ഇത്രമാത്രമാണ്: നിങ്ങള്‍ പരിധിലംഘിക്കുന്നവരാണ്. അതായത് വിഷയത്തെ കുഴച്ച് മറിക്കുന്നവരാണ്. 
ഇതാണ് ദൂതന്മാരുടെ സംസാരം. അടുത്തതായി അവരുടെ പ്രബോധനത്തിലൂടെ സത്യവിശ്വാസം സ്വീകരിച്ച പൊതുമുസ്ലിമിന്‍റെ വാചകങ്ങള്‍ ശ്രദ്ധിക്കുക: അദ്ദേഹം ആദ്യം സമുദായത്തോട് രണ്ട് കാര്യങ്ങള്‍ പറഞ്ഞ് പ്രവാചകന്മാരെ അംഗീകരിക്കാന്‍ ആഹ്വാനം ചെയ്തു. 1. നിങ്ങള്‍ അല്‍പ്പം ചിന്തിക്കുക. ഈ മഹത്തുക്കള്‍ ദൂര സ്ഥലങ്ങളില്‍ നിന്നും യാത്ര ചെയ്ത് നിങ്ങളെ ഉപദേശിക്കാന്‍ വന്നവരാണ്. ഇവര്‍ യാത്രയുടെ കഷ്ടപ്പാടുകള്‍ സഹിച്ചു. ഇവര്‍ നിങ്ങളില്‍ നിന്നും സമ്പത്തൊന്നും ചോദിക്കുന്നില്ല! അതായത് ഈ മഹത്തുക്കള്‍ നിഷ്കളങ്കരാണെന്നും ഇവരുടെ ഉപദേശങ്ങള്‍ ശ്രദ്ധിക്കണമെന്നും ഈ വാചകം അവരെ പ്രേരിപ്പിക്കുന്നു. 2. ഇവര്‍ പറയുന്നത് ബുദ്ധിപരവും നീതിയുക്തവും സന്മാര്‍ഗ്ഗവുമാണ്! ഇതിന് ശേഷം അദ്ദേഹം സമുദായത്തിന്‍റെ തെറ്റും വഴികേടും ചൂണ്ടിക്കാട്ടുന്നു: നിങ്ങളെ സൃഷ്ടിച്ച സര്‍വ്വ ശക്തനെ ഉപേക്ഷിച്ച് നിങ്ങള്‍ തന്നെ കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങളെ ആഗ്രഹങ്ങള്‍ സഫലമാക്കുന്ന ദൈവമായി കാണുന്നത് എത്ര വലിയ തെറ്റാണ്. ഇവകള്‍ നിങ്ങളുടെ ഒരു ആവശ്യവും നിര്‍വ്വഹിച്ച് തരുന്നതല്ല. പടച്ചവനോട് ശുപാര്‍ശ ചെയ്ത് പടച്ചവനെക്കൊണ്ട് നിങ്ങളുടെ കാര്യങ്ങള്‍ ചെയ്യിക്കാന്‍ ഇവയ്ക്ക് യാതൊരു സ്ഥാനവുമില്ല! 
ഇവിടെയും ഹബീബുന്നജ്ജാര്‍ ഈ വാചകങ്ങള്‍ അവരിലേക്ക് ചേര്‍ത്ത് പറയുന്നതിന് പകരം, ഞാന്‍ ഇങ്ങനെ ചെയ്താല്‍ വലിയ വഴികേടായിപ്പോകും എന്നും മറ്റും സ്വന്തം വ്യക്തിത്വത്തിലേക്ക് ചേര്‍ത്ത് പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. അതെ, ഇതും എതിരാളികളെ പ്രകോപിതരാക്കാതിരിക്കാനും അവര്‍ ശാന്തമായി മനസ്സുകൊണ്ട് ചിന്തിക്കാനും വേണ്ടിയുള്ള ഒരു തന്ത്രജ്ഞതയാണ്. ശേഷം ഈ കാരുണ്യം അവരില്‍ അല്‍പ്പവും ഫലമുണ്ടാക്കാതിരിക്കുകയും അവര്‍ അദ്ദേഹത്തെ വധിക്കുന്നതിലേക്ക് നീങ്ങുകയും ചെയ്തപ്പോഴും അദ്ദേഹത്തിന്‍റെ നാവില്‍ നിന്നും ശാപ പ്രാര്‍ത്ഥനകളൊന്നും ഉണ്ടായില്ല. മറിച്ച് രക്ഷിതാവേ, എന്‍റെ സമുദായത്തിന് സന്മാര്‍ഗ്ഗം നല്‍കണേ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ജീവ ത്യാഗം നടത്തിയത്. ഇതിനേക്കാളും അത്ഭുതകരമായ കാര്യം സമുദായത്തിന്‍റെ ക്രൂരമായ അക്രമങ്ങള്‍ സഹിച്ച് രക്ത സാക്ഷിയായ ഈ വ്യക്തി പടച്ചവന്‍റെ ഭാഗത്ത് നിന്നുള്ള സ്നേഹാദരങ്ങളും സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങളും കണ്ടപ്പോള്‍ ആ സമയത്തും സ്വന്തം സമുദായത്തെ ഓര്‍ത്തു എന്നതാണ്. അവരോട് അപ്പോഴും അങ്ങേയറ്റത്തെ ഗുണകാംഷയും സഹാനുഭൂതിയും മുറുകെ പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ഹാ, കഷ്ടം, എനിയ്ക്ക് ലഭിച്ച സ്നേഹാദരങ്ങള്‍ എന്‍റെ സമുദായം മനസ്സിലാക്കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു? അത് കാരണം അവരും വഴികേടുകളില്‍ നിന്നും പിന്മാറി ഈ അനുഗ്രഹങ്ങളില്‍ പങ്കാളികളാകുമായിരുന്നല്ലോ! സുബ്ഹാനല്ലാഹ്, ജനങ്ങളുടെ ക്രൂരമായ അക്രമങ്ങള്‍ ഉണ്ടായിട്ടും ഈ മഹാത്മാക്കളുടെ മജ്ജയിലും മാംസത്തിലും സൃഷ്ടികളോടുള്ള ഗുണകാംഷ അലിഞ്ഞ് ചേര്‍ന്നിരുന്നു. ഇത്തരം ഗുണങ്ങളിലൂടെയാണ് ഒരു സമുദായത്തില്‍ പരിവര്‍ത്തനമുണ്ടാകുന്നത്. ഇവരിലൂടെ മലക്കുകള്‍ പോലും അസൂയപ്പെടുന്ന നിലയില്‍ ജനങ്ങള്‍ നിഷേധ-വഴികേടുകളില്‍ നിന്നും മാറി സന്മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്നതാണ്. ദു:ഖകരമെന്ന് പറയട്ടെ: ഈ കാലഘട്ടത്തില്‍ പ്രബോധന-സംസ്കരണങ്ങളുടെ മഹത്തായ സേവനങ്ങള്‍ ചെയ്യുന്ന വ്യക്തിത്വങ്ങള്‍ പൊതുവായ നിലയില്‍ ഈ പ്രവാചകീയ മാതൃകകളെ ഉപേക്ഷിച്ചിരിക്കുന്നു. തല്‍ഫലമായി അവരുടെ പ്രബോധന സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഫലം കാണാതെ പോകുന്നു. പ്രഭാഷണങ്ങളില്‍ കോപാന്ധതകളുടെ പ്രകടനവും എതിരാളികളെ കൂടുതല്‍ ദുര്‍വാശിയിലേക്കും നിഷേധത്തിലേക്കും തള്ളിവിടുന്ന പരിഹാസത്തിന്‍റെ പെരുമഴയും വലിയ സാമര്‍ത്ഥ്യവുമായിട്ടാണ് പലരും കാണുന്നത്! അല്ലാഹുവേ, നിന്‍റെ ദൂതന്മാരുടെ മഹനീയ മാതൃക പിന്‍പറ്റാനും നിനക്ക് ഇഷ്ടവും പൊരുത്തവുമായ കാര്യങ്ങള്‍ ചെയ്യാനും ഞങ്ങള്‍ക്ക് ഉതവി നല്‍കണേ!!   
അദ്ദേഹത്തിന് ശേഷം ആ സമുദായത്തിന്‍റെ മേല്‍ ആകാശത്ത് നിന്നും സൈന്യങ്ങളൊന്നും നാം ഇറക്കിയില്ല. നാം അങ്ങനെ ഇറക്കുന്നവനുമല്ല.(28) ഒരു ഭയാനകമായ അട്ടഹാസം മാത്രമുണ്ടായി. അപ്പോള്‍ അതാ അവര്‍ എല്ലാവരും മരിച്ച് വീണുകിടക്കുന്നു.(29) ദൂതന്മാരെ കളവാക്കുകയും ഹബീബുന്നജ്ജാറിനെ അടിച്ച് കൊല്ലുകയും ചെയ്ത സമുദായത്തിന്‍റെ മേല്‍ ഇറങ്ങിയ ശിക്ഷയെക്കുറിച്ചാണ് ഈ ആയത്തുകളില്‍ പറയപ്പെട്ടിരിക്കുന്നത്. ആമുഖമായി അല്ലാഹു പറയുന്നു: ആ സമൂഹത്തെ ശിക്ഷിക്കാന്‍ ആകാശത്ത് നിന്നും മലക്കുകളുടെ സൈന്യത്തെ നമുക്ക് അയക്കേണ്ടി വന്നില്ല. ഇപ്രകാരം മലക്കുകളെ അയക്കുന്നത് നമ്മുടെ പതിവുമല്ല. കാരണം ഒരു മലക്ക് തന്നെ വലിയ ശക്തിയുള്ള സമുദായങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ളവരാണ്. പിന്നെ മലക്കുകളുടെ സൈന്യത്തെ അയക്കേണ്ട എന്താവശ്യമാണുള്ളത്? ശേഷം അവരുടെ മേല്‍ ഇറങ്ങിയ ശിക്ഷയെക്കുറിച്ച് പറയുന്നു: നടന്നത് ഇത്രമാത്രമാണ്: ഒരു മലക്ക് ശക്തമായ ഒരു അട്ടഹാസം മുഴക്കി. അതില്‍ അവരെല്ലാവരും മരിച്ച് വീണു. ഒരു നിവേദനത്തില്‍ വന്നിരിക്കുന്നു: ജിബ്രീല്‍ (അ) പട്ടണത്തിന്‍റെ കവാടത്തില്‍ പിടിച്ച് ഭയാനകമായ ഒരു ശബ്ദം ഉയര്‍ത്തി. അതിന്‍റെ ആഘാതം ആര്‍ക്കും സഹിക്കാന്‍ കഴിയാതെ എല്ലാവരും മരിച്ചുവീണു. അവരുടെ കൂട്ട മരണത്തിന് ഖാമിദൂന്‍ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഖുമൂദ് എന്നാല്‍ തീ അണയുന്നതിനാണ് പറയപ്പെടുന്നത്. ജീവികളുടെ ജീവന്‍ നിലനില്‍ക്കുന്നത് ഒരു പ്രത്യേക ചൂടിലൂടെയാണ്. ഈ ചൂട് അവസാനിക്കുന്നതിനാണ് മരണമെന്ന് പറയുന്നത്. അതെ, അവരുടെ ജീവന്‍ അണഞ്ഞ് അവര്‍ തണുത്ത് മരിച്ച് വീണു. 

*********

മആരിഫുല്‍ ഹദീസ്

ആലു ഇംറാനിന്‍റെ അവസാന ആയത്തുകളുടെ മഹത്വങ്ങള്‍
   
മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

    
70. ഉസ്മനിബ്നു അഫ്ഫാന്‍ (റ) നിവേദനം : റസൂലുല്ലാഹി (സ) അരുളി: രാത്രിയില്‍ ആരെങ്കിലും ആലി ഇംറാന്‍ സൂറത്തിന്‍റെ അവസാന ആയത്തുകള്‍ പാരായണം ചെയ്താല്‍ രാത്രി മുഴുവനും നമസ്കരിച്ച പ്രതിഫലം  അവന് എഴുതപ്പെടുന്നതാണ്. (ദാരിമി) 

വിവരണം: ആലുഇംറാന്‍ അവസാനത്തെ ആയത്തുകള്‍ എന്നത് കൊണ്ടുള്ള വിവക്ഷ, ഇന്ന ഫീ ഖല്‍ക്കിസ്സമാവാത്തി  മുതല്‍ അവസാനം വരെയുള്ള ആയത്താണ്. റസൂലുല്ലാഹി (സ) രാത്രി സമയത്ത് തഹജ്ജുദിന് എഴുന്നേല്‍ക്കുമ്പോള്‍ ഉളുവെടുക്കുന്നതിന് മുമ്പായി തന്നെ ഈ ആയത്തുകള്‍ പാരായണം ചെയ്തിരുന്നതായി സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ട്. ആലുഇംറാന്‍ ഈ അവസാന ആയത്തുകളും സൂറത്തുല്‍ ബഖറയുടെ അവസാന ആയത്തുകളെപ്പോലെ അത്യന്തം ആശയ സമ്പുഷ്ടമാണ്. കൂടാതെ, വളരെ സമുന്നതമായ ഏതാനും പ്രാര്‍ത്ഥനകളും ഈ ആയത്തുകളിലുണ്ട്. അതുകൊണ്ടായിരിക്കാം ഈ ആയത്തുകള്‍ക്ക് വലിയ മഹത്വം നല്‍കപ്പെട്ടിരിക്കുന്നത്. പ്രപഞ്ച സൃഷ്ടിപ്പില്‍ ചിന്തിക്കുകയും സര്‍വ്വ അവസ്ഥകളിലും അല്ലാഹുവിനെ ധ്യാനിക്കുകയും ചെയ്യുന്നവര്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുമത്രേ:
................. (ആലുഇംറാന്‍ 191-194)
ഉസ്മാന്‍ (റ) പറയുന്നു: ആരെങ്കിലും രാത്രിയില്‍ ഈ ആയത്തുകള്‍ പാരായണം ചെയ്താല്‍ രാത്രി മുഴുവനും സുന്നത്ത് നമസ്കരിച്ച പ്രതിഫലം എഴുതപ്പെടുന്നതാണ്! ഉസ്മാന്‍ (റ) ഇപ്രകാരം പ്രസ്താവിച്ചത് റസൂലുല്ലാഹി (സ)യില്‍ നിന്നും കേട്ടതിന്‍റെ അടിസ്ഥാനത്തില്‍ തന്നെയായിരിക്കും. റസൂലുല്ലാഹി (സ)യില്‍ നിന്നും കേള്‍ക്കാത്ത ഒരു കാര്യവും സഹാബികള്‍ സ്വന്തം ഭാഗത്ത് നിന്നും പറയുകയില്ലായിരുന്നു. 
കുറിപ്പ്: കുറഞ്ഞ കര്‍മ്മങ്ങള്‍ക്ക് സമുന്നത പ്രതിഫലം നല്‍കപ്പെടുന്ന ധാരാളം കാര്യങ്ങള്‍ റസൂലുല്ലാഹി (സ) സമുദായത്തിന് പറഞ്ഞ് തന്നത് ഈ സമുദായത്തിന്‍റെ മേല്‍ അല്ലാഹു ചെയ്ത വിശിഷ്ട അനുഗ്രഹങ്ങളില്‍ ഒന്നാണ്. അതെ, പ്രത്യേക അവസ്ഥകള്‍ കാരണം വലിയ കര്‍മ്മങ്ങളൊന്നും ചെയ്യാന്‍ കഴിയാത്തവര്‍ ഈ ചെറു കര്‍മ്മങ്ങളിലൂടെ തന്നെ അല്ലാഹുവിന്‍റെ വിശിഷ്ട അനുഗ്രഹങ്ങള്‍ക്ക് പാത്രീഭൂതരായി തീരുന്നതാണ്. പ്രത്യേക സൂറത്തുകളുടെയും ആയത്തുകളുടെയും മഹത്വങ്ങള്‍ വിവരിക്കപ്പെട്ടിട്ടുള്ള മേല്‍ പറയപ്പെട്ട ഹദീസുകള്‍ ഈ സുവര്‍ണ്ണ പരമ്പരയില്‍ പെട്ടതാണ്. ഈ ഹദിസുകളുടെയെല്ലാം ആശയം ഇതാണ്: പ്രത്യേക അവസ്ഥകള്‍ കാരണം പരിശുദ്ധ ഖുര്‍ആന്‍ ധാരാളമായി ഓതാന്‍ കഴിയാത്തവര്‍ ഈ പ്രത്യേക സൂറത്തുകളും ആയത്തുകളും ഓതി അല്ലാഹുവിന്‍റെ വിശിഷ്ട അനുഗ്രഹങ്ങള്‍ക്ക് പാത്രീഭൂതരാകാന്‍ പരിശ്രമിക്കേണ്ടതാണ്. ആകയാല്‍ ഈ ഹദീസുകളില്‍ ഉറച്ച് വിശ്വസിച്ചുകൊണ്ട് ഈ സൂറത്തുകളും ആയത്തുകളും പ്രത്യേക ശ്രദ്ധയോടെ പാരായണം ചെയ്യാന്‍ നാം ഓരോരുത്തരും പരിശ്രമിക്കുക. അതിലൂടെ അല്ലാഹുവിന്‍റെ വിശിഷ്ട അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും നമുക്കും ലഭിക്കുന്നതാണ്. ഇതെങ്കിലും ചെയ്യാത്തവര്‍ തുടര്‍ച്ചയായും വലിയ ഭാഗ്യം കെട്ടവര്‍ തന്നെയാണ്. 
*****************************
ഇവിടെ ഇതുവരെ എഴുപത് ഹദീസുകള്‍ നല്‍കപ്പെട്ടു. ഇതെല്ലാം അല്ലാഹുവിന്‍റെ ദിക്റിനെയും ഖുര്‍ആന്‍ പാരായണത്തെയും കുറിച്ചുള്ളതാണ്. അടുത്തതായി ദുആ, പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട ഹദീസുകള്‍ സമര്‍പ്പിക്കുകയാണ്. ദുആയുടെ മഹത്വം, പ്രധാന്യം, മര്യാദകള്‍ എന്നിവയെക്കൂടാതെ റസൂലുല്ലാഹി (സ) സമുദായത്തിന് നല്‍കിയ ഉന്നത ഉപഹാരമായ വിശിഷ്ട ദുആകളുടെ വചനങ്ങളും ഇവിടെ കൊടുക്കുന്നതാണ്. അവസാനമായി ഇസ്തിഗ്ഫാറും പുണ്യസ്വലാത്തുമായി ബന്ധപ്പെട്ട ഹദീസുകളും ഉദ്ധരിക്കുന്നതാണ്.
 

ജീവചരിത്രം

 മുഫക്കിറുല്‍ ഇസ്ലാം 
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ 
അലി നദ് വി ജീവിതവും സന്ദേശവും ഭാഗം-3

മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി 


അദ്ധ്യായം 03
 
ജനനം, പഠനം.!

 
ദാഇറ ശാഹ് അലമുല്ലാഹ് : 
ഉത്തരേന്ത്യയിലെ പ്രധാന പട്ടണമായ ലക്നൗവില്‍ നിന്നും 80 കിലോമീറ്റര്‍ ദൂരെയുള്ള റായ്ബരേലി പട്ടണത്തിന്‍റെ കിഴക്ക് ഭാഗത്ത് രണ്ട് കിലോമീറ്റര്‍ അകലെയായി സിയ്യ് നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു ഗ്രാമമാണ് ദാഇറ ശാഹ് അലമുല്ലാഹ്. ഈ ഗ്രാമം സജീവമാക്കിയ സയ്യിദ് ശാഹ് അലമുല്ലാഹ് (റഹ്) ലേക്ക് ചേര്‍ത്താണ് ഈ നാമം വന്നത്. തകിയ്യ എന്നും കിലാന്‍ എന്നും ഇതിന് പേരുണ്ട്. 400 വര്‍ഷത്തിലേറെയായി ഈ ഗ്രാമത്തില്‍ ശാഹ് അലമുല്ലാഹ് (റഹ്) യുടെ കുടുംബം താമസിക്കുന്നു. ഈ ഗ്രാമത്തില്‍ ധാരാളം പണ്ഡിതരും മഹത്തുക്കളും ജനിച്ചുയര്‍ന്നു. ഇത്തരം കുടുംബം മറ്റ് സ്ഥലങ്ങളില്‍ അപൂര്‍വ്വമാണ്. ഇതിന്‍റെ ചെറിയ വിവരണം കഴിഞ്ഞ അദ്ധ്യായത്തില്‍ വിവരിക്കുകയുണ്ടായി. 
മേല്‍ പറയപ്പെട്ട ശാഹ് അലമുല്ലാഹ് സാഹിബിന്‍റെ പിതൃസഹോദരന്‍ ശാഹ് ഹിദായത്തുല്ലാഹ് സാഹിബിന്‍റെ പരമ്പരയിലാണ് ഹസ്രത്ത് മൗലാനാ അബുല്‍ ഹസന്‍ അലി നദ്വി ജനിച്ചത്. ശാഹ് ഹിദായത്തുല്ലാഹ് ഷാഹ്ജഹാന്‍ ചക്രവര്‍ത്തിയുടെ കാലത്ത് മതകാര്യങ്ങളുടെ തലവനായിരുന്നു. ഇദ്ദേഹം നസ്വീറാബാദ് എന്ന നാട്ടിലാണ് താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്‍റെ പരമ്പരയില്‍ പെട്ട മൗലാനാ അബ്ദുല്‍ അലി ഈ നാട്ടുകാരനും സയ്യിദ് അഹ്മദ് ശഹീദിന്‍റെ പ്രധാന ശിഷ്യനുമായ മൗലാനാ മുഹമ്മദ് ത്വാഹിറിന്‍റെ രണ്ട് പെണ്‍മക്കളെ ഒരാളുടെ മരണത്തിന് ശേഷം മറ്റൊരാള്‍ എന്ന നിലയില്‍ വിവാഹം കഴിച്ചു. തുടര്‍ന്ന് അദ്ദേഹം ഇവിടേക്ക് താമസം മാറ്റി.
 
ജനനം: 
1332 മുഹര്‍റമുല്‍ ഹറാം 6 (1913 ഡിസംബര്‍ 5) ന് ഈ കുടുംബത്തില്‍ ലോകം മുഴുവന്‍ പ്രകാശിച്ച ഒരു കുഞ്ഞ് ജനിച്ചു. ഏഴാം ദിവസം അഖീഖയുടെ സുന്നത്ത് നിര്‍വ്വഹിക്കപ്പെട്ടു. ഹസ്രത്ത് അലിയ്യ് (റ) ന്‍റെ തിരുനാമവുമായി ബന്ധപ്പെടുത്തി അബുല്‍ ഹസന്‍ അലി എന്ന് നാമകരണം ചെയ്യപ്പെട്ടു.
 
ബാല്യകാലം: 
കുഞ്ഞിന് രണ്ട് വയസ്സ് ആയപ്പോള്‍ 1915-ല്‍ ദാഇറയില്‍ അതി ഭയങ്കരമായ പ്രളയം സംഭവിച്ചു. മിക്ക വര്‍ഷങ്ങളിലും പ്രളയമുണ്ടാകുമെങ്കിലും ഇത് കഴിഞ്ഞതിനെയെല്ലാം കവച്ചുവെച്ചു. ഈ പ്രളയത്തില്‍ മൗലാനായുടെ ഭവനവും തകര്‍ന്ന് പോയി. അത് പുതുക്കി പണിയുന്നത് വരെ മാതൃസഹോദരന്‍റെ വീട്ടിലാണ് താമസിച്ചത്. അദ്ദേഹം വളരെ വിശാല ഹൃദയനും മൗലാനായോട് കരുണയുള്ളവനുമായിരുന്നു. ഈ കാലഘട്ടത്തില്‍ മൗലാനായുടെ മാതാവിന്‍റെ പ്രേരണ പ്രകാരം കുടുംബത്തിലെ ധാരാളം സ്ത്രീകള്‍ ഖുര്‍ആന്‍ മനനം ചെയ്തിരുന്നു. ഫിറങ്കിമഹല്‍ പണ്ഡിതരുടെ ഫത്വ പ്രകാരം മാതാവ് സ്ത്രീകള്‍ക്ക് ഇമാമത്ത് നിന്ന് തറാവീഹ് നമസ്കരിക്കുമായിരുന്നു. മൗലാനാ പറയുന്നു: മാതാവിന്‍റെ മധുരമനോഹരമായ പാരായണം എനിക്ക് നല്ല ഓര്‍മ്മയുണ്ട്. പലപ്പോഴും വാതിലിനടുത്ത് നിന്ന് ശ്രദ്ധിച്ച് കേള്‍ക്കുമായിരുന്നു. മഴ പെയ്യുന്നത് പോലെ അനുഭവപ്പെട്ടിരുന്നു. അക്ഷര ശുദ്ധിയോടൊപ്പം ഒഴുക്കും ഹൃദയ വേദനയും പ്രകാശത്തിന്‍റെ മേല്‍ പ്രകാശമായി മാറിയിരുന്നു. (കാറവാനെ സിന്ദഗി). 
കുടുംബത്തിലെ അന്നത്തെ പ്രകൃതി രീതികള്‍ അനുമാനിക്കാന്‍ കഴിയുന്ന ചില സംഭവങ്ങള്‍ കൂടി മൗലാനായില്‍ നിന്ന് തന്നെ ഉദ്ധരിക്കുന്നു. മൗലാനാ പറയുന്നു: അന്ന് ഇംഗ്ലീഷ് ഭരണവും സംസ്കാരവും പാരമ്യം പ്രാപിച്ചിരുന്നു. ഇംഗ്ലീഷുകാരുമായി ബന്ധപ്പെട്ട സകല കാര്യങ്ങളെയും വലിയ ബഹുമാനാദരവുകളോടെ വീക്ഷിക്കപ്പെട്ടിരുന്നു. ഇതിന്‍റെ പരിണിത ഫലങ്ങള്‍ ഞങ്ങളുടെ കുടുംബത്തിലും അനുഭവപ്പെട്ട് തുടങ്ങി. വിശിഷ്യാ, സയ്യിദ് ശാഹ് സിയാഉന്നബിയുടെ വിയോഗത്തിന് ശേഷം കുടുംബം മുഴുവന്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലേക്ക് തിരിഞ്ഞു. വിനീതന്‍റെ പിതൃ സഹോദരപുത്രനായ സയ്യിദ് മുഹമ്മദ് അഹ്മദ് ഇംഗ്ലണ്ടില്‍ പഠനം നടത്തി ബാരിസ്റ്ററായി തിരിച്ചെത്തി. അദ്ദേഹം വന്നപ്പോള്‍ ഈ ചെറിയ നാടും ചെറു കുടുംബവും പരിസര പ്രദേശങ്ങള്‍ മുഴുവന്‍ ഇളക്കി മറിച്ച് വലിയ സ്വീകരണം നല്‍കി. (കാറവാനെ സിന്ദഗി). ഇതിന് മുമ്പ് മാതൃസഹോദരന്‍റെ മറ്റൊരു മകന്‍ സയ്യിദ് സിറാജുന്നബി ന്യൂയോര്‍ക്കില്‍ പഠനം നടത്തി വന്നപ്പോള്‍ സയ്യിദ് സിയാഉന്നബിയുടെ പ്രതിഫലനം കാരണം വലിയ സ്വീകരണമൊന്നും ഉണ്ടായില്ല. എന്നാല്‍ ഇതെല്ലാമുണ്ടായിട്ടും കുടുംബത്തില്‍ വിശ്വാസത്തിന്‍റെ വിഷയത്തില്‍ അടിയുറപ്പും നമസ്കാരം പോലുള്ള കാര്യങ്ങളില്‍ കൃത്യനിഷ്ഠയും കാണപ്പെട്ടിരുന്നു. 
മറ്റൊരു സംഭവം മൗലാനാ ഇപ്രകാരം വിവരിക്കുന്നു: കുടുംബം മുഴുവന്‍ സയ്യിദ് അഹ്മദ് ശഹീദിന്‍റെ വ്യക്തിത്വത്തെയും പ്രവര്‍ത്തനത്തെയും അങ്ങേയറ്റം ആദരിച്ചിരുന്നു. സയ്യിദുമായി ബന്ധമുള്ളവരെയും ബഹുമാനിച്ചിരുന്നു. സയ്യിദിന്‍റെ ശഹാദത്തിന് ശേഷം കുടുംബത്തിലെ ഒരു വിഭാഗം രാജസ്ഥാനിലെ ടോങ്കില്‍ താമസമാക്കിയിരുന്നു. 1921-ലെ ഖിലാഫത്ത് പ്രക്ഷോഭത്തെ തുടര്‍ന്ന് അവരെ നാട് കടത്തപ്പെട്ടു. തദവസരം ദാഇറയിലുണ്ടായിരുന്നവര്‍ അവരെ കൂട്ടിക്കൊണ്ട് വന്ന് തകിയ്യയില്‍ താമസിപ്പിച്ചു. തദവസരം പിതാവ് മൗലാനാ അബ്ദുല്‍ ഹയ്യ് അവരോട് പറഞ്ഞു: നിങ്ങള്‍ എന്‍റെ വീട്ടില്‍ താമസിക്കുന്നത് എന്നോട് ചെയ്യുന്ന വലിയ ഉപകാരമായിരിക്കും.! (കാറവാന്‍). 
അനുവദനീയമായ ഭക്ഷണത്തിന്‍റെ വിഷയത്തില്‍ ഈ കുടുംബം എന്നും വലിയ ശ്രദ്ധ പുലര്‍ത്തിയിരുന്നു. പ്രത്യേകിച്ചും മൗലാനാ അബ്ദുല്‍ ഹയ്യിന് സംശയാസ്പദമായ ഒന്നും വീട്ടില്‍ കയറ്റരുതെന്ന് വലിയ നിര്‍ബന്ധമുണ്ടായിരുന്നു. ഇത് കുടുംബത്തിലാകെ വലിയ പ്രതിഫലനം സൃഷ്ടിച്ചു. വീട്ടിലെ ജോലിക്ക് വരുന്നവര്‍ പോലും ഇക്കാര്യം സൂക്ഷിക്കുന്ന അവസ്ഥ സംജാതമായി. ഒരിക്കല്‍ മൗലാനാ ഒരു വേലക്കാരിയോടൊപ്പം ഖാലിസ്ഹാട്ട് എന്ന സ്ഥലത്തുള്ള കുടുംബക്കാരുടെ വീട്ടിലേക്ക് പോകുകയായിരുന്നു. വഴിയില്‍ ഒരു മഖ്ബറയ്ക്കരുകില്‍ കുറേ സാധുക്കളിരുന്ന് ആഹാരം കഴിക്കുന്നുണ്ടായിരുന്നു. വേലക്കാരിയും അത് മേടിച്ച് കഴിക്കാന്‍ തുടങ്ങി. മൗലാനാ പറയുന്നു: മൂന്ന്-നാല് വയസ്സ് മാത്രമുള്ള എന്‍റെയും വായില്‍ വെള്ളം വന്നു. അത് കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അവര്‍ പറഞ്ഞു: പൊന്ന് മോനേ, ഇത് നിങ്ങളുടെ കുടുംബക്കാര്‍ കഴിക്കുന്ന ആഹാരമല്ല.! (കാറവാന്‍). 
ഈ കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി എന്നും താഴ്ന്നതായിരുന്നു. ഇംഗ്ലണ്ടിലും അമേരിക്കയിലും പോയി ചിലര്‍ വലിയ ഡിഗ്രികള്‍ എടുത്തെങ്കിലും അത് കൊണ്ട് വലിയ പ്രയോജനമൊന്നും ഉണ്ടായില്ല. അല്പം ഭൂമിയുണ്ടായിരുന്നെങ്കിലും അതിനും വരുമാനം കുറവായിരുന്നു. അവസാനം കുടുംബത്തിലുള്ള മുതിര്‍ന്നവരെല്ലാവരും കൂടി ഒരു കൂട്ടുകച്ചവടം നടത്തി. അതില്‍ നിന്നും അല്പം വരുമാനം ലഭിച്ചു. മൗലാനാ പറയുന്നു: അതിന്‍റെ ലാഭത്തില്‍ നിന്നും ഞാന്‍ ഒരു എയര്‍ഗണ്ണും ഒരു വാച്ചും വാങ്ങി.! എന്നാല്‍ കുറെ കഴിഞ്ഞ് ഈ കച്ചവടവും അവസാനിപ്പിച്ചു. (കാറവാന്‍). 
നദ്വത്തുല്‍ ഉലമയുമായും വൈദ്യശാലയുമായും ബന്ധമുള്ളത് കൊണ്ട് പിതാവ് അധികവും താമസിച്ചിരുന്നത് ലക്നൗവിലാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മാതാവും മൗലാനായും ലക്നൗവില്‍ താമസമാക്കി. ഇടയ്ക്ക് നാട്ടില്‍ വന്നിരുന്നു. ചിലപ്പോള്‍ ഫതഹ്പൂരിലും മറ്റുമുള്ള ബന്ധുക്കളുടെ വീടുകളിലേക്കും പോയിരുന്നു. ഇതിനിടയില്‍ ഖിലാഫത്ത് പ്രക്ഷോഭം ആരംഭിച്ചു. രാജ്യം മുഴുവന്‍ ഇത് പ്രകമ്പനം കൊണ്ടു. ഇത് മൗലാനായുടെ ചെറുപ്പകാലമായിരുന്നെങ്കിലും അതിനെ കുറിച്ച് നല്ല ഓര്‍മ്മയോട് കൂടി കുറിക്കുന്നത് കാണുക: നാട്ടില്‍ നിന്നും ഇംഗ്ലീഷ് ഭരണം പിഴുതെറിയപ്പെട്ടതായും അലീ സഹോദരന്മാരും ഗാന്ധിജിയും ഭരണം ആരംഭിച്ചതായും അനുഭവപ്പെട്ടിരുന്നു. ഒരു ദിവസം എന്തോ ആവശ്യത്തിന് വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ പട്ടണം മുഴുവന്‍ ആളനക്കമില്ലാതെ ശൂന്യമായി കിടക്കുന്നു. ഞാന്‍ അമീനുദ്ദൗല പാര്‍ക്കിലേക്ക് പോയപ്പോള്‍ അവിടെ ബ്രിട്ടീഷുകാരുടെ തുണികള്‍ കൂട്ടമായി ഇട്ട് കത്തിക്കപ്പെടുന്നത് കണ്ടു. ഈ പ്രക്ഷോഭത്തിനിടയില്‍ ലക്നൗവില്‍ വെച്ച് മൗലാനാ മുഹമ്മദ് അലിയെയും ഗാന്ധിജിയെയും കാണുകയുണ്ടായി. എന്‍റെ ഒരു അടുത്ത ബന്ധു സയ്യിദ് ഹബീബുര്‍റഹ്മാന്‍ ഹൈസ്കൂളില്‍ പഠിച്ചിരുന്നു. നിസ്സഹകരണവുമായി ബന്ധപ്പെട്ട് അദ്ദേഹം ഇംഗ്ലീഷ് സ്കൂള്‍ ഉപേക്ഷിച്ച് പൊതു സ്കൂളില്‍ പ്രവേശിച്ചു. ജനങ്ങള്‍ക്ക് നല്‍കപ്പെട്ടിരുന്ന ബ്രിട്ടീഷുകാരുടെ നാമങ്ങള്‍ എഴുതിയ ആദരവിന്‍റെ പത്രങ്ങളെ ജനങ്ങള്‍ ചവിട്ടി മെതിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ആയിരക്കണക്കിന് ആളുകള്‍ ഇംഗ്ലീഷ് വസ്ത്രം മാത്രമല്ല, ഇംഗ്ലീഷ് ശൈലികളെല്ലാം ഉപേക്ഷിച്ച് ദേശീയ വസ്ത്രവും ഇന്ത്യന്‍ ശൈലിയും സ്വീകരിക്കുകയുണ്ടായി. എല്ലാവരുടെയും ജീവിതത്തില്‍ വമ്പിച്ച മാറ്റമുണ്ടായി. ഞങ്ങളുടെ കുടുംബം മുഴുവന്‍ ഖിലാഫത്ത് പ്രക്ഷോഭത്തോട് സഹകരിച്ചിരുന്നു. ഇത് കുടുംബത്തിന്‍റെ പൗരാണിക പാരമ്പര്യത്തിനും പോരാട്ട വീര്യത്തിനും തീര്‍ത്തും യോജിച്ചതുമായിരുന്നു. ആദരണീയ പിതാവ് തീര്‍ത്തും നിശബ്ദനും ഏകാന്തവാസം തെരഞ്ഞെടുത്ത് കഴിയുന്നയാളുമായിരുന്നെങ്കിലും ഖിലാഫത്ത് പ്രക്ഷോഭം അദ്ദേഹത്തിനും ചലനം സൃഷ്ടിച്ചു. ഖിലാഫത്ത് പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ട് അദ്ദേഹം പ്രസിദ്ധീകരിച്ച നോട്ടീസ് ചെറുപ്പത്തില്‍ കണ്ടത് ഓര്‍മ്മയുണ്ട്. നദ്വത്തുല്‍ ഉലമയ്ക്ക് അന്ന് വരെ ലഭിച്ചിരുന്ന ഗവണ്‍മെന്‍റ് ഗ്രാന്‍റ് ഈയൊരു പ്രക്ഷോഭത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം അവസാനിപ്പിച്ചു. മൗലാനാ മുഹമ്മദ് അലി മര്‍ഹൂമിന്‍റെ മാതാവ് ആദരണീയ ബീഉമ്മ പ്രക്ഷോഭ യാത്രയ്ക്കിടയില്‍ റായ്ബരേലിയില്‍ വന്നപ്പോള്‍ ഇദ്ദയില്‍ ഇരിക്കുകയായിരുന്ന മാതാവിനെ കണ്ട് അനുശോചനം അറിയിക്കാന്‍ തകിയ്യയിലേക്ക് വരികയുണ്ടായി. ഞങ്ങളുടെ കുടുംബത്തിലെ മഹാത്മാക്കള്‍ ബീഉമ്മയെ ഒരു കട്ടിലില്‍ ഇരുത്തി അവര്‍ തന്നെ ചുമന്ന് കൊണ്ട് ഞങ്ങളുടെ വീട്ടിലേക്ക് വന്ന രംഗം ഇന്നും കണ്‍മുന്നിലുണ്ട്. (കാറവാന്‍). 

വിദ്യാഭ്യാസത്തിന്‍റെ തുടക്കം: 
മൗലാനായ്ക്ക് നാല് വയസ്സായപ്പോള്‍ റായ്ബരേലിയില്‍ വെച്ച് വിദ്യാഭ്യാസം തുടങ്ങി. മൗലാനാ അബ്ദുല്‍ ഹയ്യിന്‍റെ പിതൃസഹോദരീ പുത്രനും നദ്വത്തുല്‍ ഉലമായിലെ പ്രധാന ഉസ്താദും ദീനീ രോഷം നിറഞ്ഞ വ്യക്തിയുമായിരുന്ന മൗലാനാ അസീസുര്‍റഹ്മാനാണ് ബിസ്മില്ലാഹ് പറഞ്ഞുകൊടുത്തത്. അദ്ദേഹം മൗലാനാ ഹുസൈന്‍ അഹ്മദ് മദനിയുടെ ശിഷ്യനും നിരന്തരം ദിക്റില്‍ മുഴുകിയ വ്യക്തിയുമായിരുന്നു. പഠനം തുടക്കം കുറിച്ച ശേഷം തുടര്‍ പഠനത്തിന് അന്ന് താമസിച്ചിരുന്ന ലക്നൗവിലേക്ക് വന്നു. വീടിനടുത്തുള്ള നവാസി മസ്ജിദിലെ മക്തബില്‍ പഠിക്കാന്‍ തുടങ്ങി. അതിന്‍റെ മുഅദ്ദിനും ഇമാമുമായ ഹാഫിസ് മുഹമ്മദ് സഈദ് ആയിരുന്നു അദ്ധ്യാപകന്‍. ആദ്യം അക്ഷരങ്ങള്‍ പഠിച്ച് നോക്കി ഓതുകയും തുടര്‍ന്ന് ഹിഫ്സും ഉറുദുവിന്‍റെ പ്രാരംഭ പാഠങ്ങളും ആരംഭിക്കുകയും ചെയ്തു. ഏഴാം വയസ്സില്‍ ഹിഫ്സ് പൂര്‍ത്തീകരിച്ചു. അതിന്‍റെ സന്തോഷത്തില്‍ പിതാവ് ചെറിയൊരു സല്‍ക്കാരവും നടത്തി. 

തുടര്‍ വിദ്യാഭ്യാസം: 
തുടര്‍ന്ന് നദ്വത്തുല്‍ ഉലമായിലെ പ്രധാന ഉസ്താദായിരുന്ന മൗലാനാ അസീസുര്‍റഹ്മാന്‍ സാഹിബിനരുകില്‍ ഉറുദു രചനകള്‍ പഠിക്കാന്‍ ആരംഭിച്ചു. അത് അത്യാവശ്യത്തിന് പഠിച്ച ശേഷം കുടുംബത്തിലെ രീതിയ്ക്കനുസരിച്ച് ഫാരിസി പഠിക്കാന്‍ തുടങ്ങി. കൂട്ടത്തില്‍ പിതാവ് രചിച്ച തഅ്ലീമുല്‍ ഇസ്ലാം, നൂറുല്‍ ഈമാന്‍ എന്നീ രചനകളും പഠിക്കുകയും എഴുത്ത് പരിശീലിക്കുകയും ചെയ്തു. ഈ പ്രായം പൊതുവില്‍ കളികളുടേതാണ്. കുട്ടികള്‍ക്ക് ഈ സമയത്ത് ഗ്രന്ഥങ്ങളോട് വലിയ വിരക്തിയായിരിക്കും. പക്ഷെ, മൗലാനായ്ക്ക് ഗ്രന്ഥങ്ങളോട് വലിയ താല്പര്യമായിരുന്നു. ഇതില്‍ കുടുംബത്തിലെ അന്തരീക്ഷത്തിന് വലിയ പങ്കുണ്ട്. മൗലാനാ കുറിക്കുന്നു: 
ഞങ്ങളുടെ കുടുംബം പണ്ഡിതരുടെയും രചയിതാക്കളുടേതുമായിരുന്നു. പിതാവ് പ്രധാന ഗ്രന്ഥകാരനായിരുന്നു. പരമ്പരയുടെ പ്രതിഫലനവും മാതാപിതാക്കളുടെ സ്വാധീനവും മക്കളില്‍ വളരെ ശക്തമായിരിക്കും. ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും പരമ്പരയായി അത് കാണപ്പെടുന്നതാണ്. പൂര്‍വ്വികരുടെ പ്രതിഫലനവും പിതാവിന്‍റെ അഭിരുചിയും കാരണം ഞങ്ങളുടെ വീട്ടില്‍ ഗ്രന്ഥങ്ങളുടെ അന്തരീക്ഷം നിറഞ്ഞ് നിന്നിരുന്നു. ഗ്രന്ഥവായന അഭിരുചിയെക്കാള്‍ കൂടുതലായി രോഗം പോലെ ശക്തി പ്രാപിച്ചിരുന്നു. പ്രിന്‍റ് ചെയ്യപ്പെട്ട എന്ത് കണ്ടാലും വായിക്കാതെ വിടുകയില്ലായിരുന്നു. അന്നത്തെ പതിവനുസരിച്ച് കുടുംബത്തിലെ മുതിര്‍ന്നവര്‍ എനിക്കും സഹോദരിമാര്‍ക്കും നാണയത്തുട്ടുകള്‍ നല്‍കുമായിരുന്നു. ഞങ്ങള്‍ അത് കൊടുത്ത് ഏതെങ്കിലും പുസ്തകം വാങ്ങുമായിരുന്നു. ഈ വിഷയത്തില്‍ എന്‍റെ ഹൃദ്യമായ ഒരു സംഭവം പറയട്ടെ, എന്‍റെ പക്കല്‍ ഈ നിലയില്‍ രണ്ടണ വന്നുചേര്‍ന്നു. പുസ്തകം പുസ്തകശാലയിലാണ് കിട്ടുന്നതെന്നും ഓരോ സാധനങ്ങള്‍ക്കും പ്രത്യേകം കടകളുണ്ടെന്നും എനിക്ക് അറിയില്ലായിരുന്നു. അമീനാബാദില്‍ സോളമന്‍ കമ്പനിയെന്ന ഒരു മരുന്ന് കടയുണ്ടായിരുന്നു. ഞാന്‍ അവിടെ പോയി രണ്ടണ നീട്ടിയിട്ട് പറഞ്ഞു: ഒരു പുസ്തകം തരിക. ഏതോ പാവപ്പെട്ട കുട്ടി അറിയാതെ വന്നിരിക്കുകയാണെന്ന് കടക്കാരന് മനസ്സിലായി. മരുന്ന് കടയില്‍ പുസ്തകം എങ്ങിനെ കിട്ടാനാണ്.? അദ്ദേഹം ഉറുദുവിലുള്ള മരുന്നുകളുടെ കാറ്റലോഗ് തന്നുകൊണ്ട് പൈസയും മടക്കിത്തന്നു. എന്‍റെ സന്തോഷത്തിന് അതിരില്ലായിരുന്നു. പുസ്തകവും പൈസയും രണ്ടും കിട്ടിയല്ലോ. വീട്ടില്‍ വന്ന് എന്‍റെ പുസ്തകങ്ങളുടെ അലമാരിയെ അത് കൊണ്ട് അലങ്കരിച്ചു. പിതാവ് ഉപയോഗിച്ച് മാറ്റി വെച്ച ഒരു കുഞ്ഞ് അലമാരി എന്‍റെ ഗ്രന്ഥാലയമാക്കി ഞാന്‍ മാറ്റിയിരുന്നു. ഇത് തന്നെയായിരുന്നു എന്‍റെ രണ്ട് സഹോദരിമാരുടെയും അവസ്ഥ. പുസ്തകമില്ലാതെ അവര്‍ക്ക് ഒരു സമാധാനവും ലഭിച്ചിരുന്നില്ല. ഈ നാളുകളില്‍ ഒരു പുസ്തകക്കച്ചവടക്കാരന്‍ ഞങ്ങളുടെ ഇടവഴിയില്‍ വരികയും നൂര്‍നാമ, ഹലീമ ദായികി കഹാനി, മുഅ്ജിസ ആലുന്നബി, മീലാദ് നാമ മുതലായ പേരുകള്‍ ഉറക്കെ വിളിച്ച് പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ രൂപം ഇന്നും കണ്‍മുമ്പിലുണ്ട്. അദ്ദേഹം പുസ്തകങ്ങളിലെ കവിതകള്‍ ഉറക്കെ പാടിയിരുന്നു. സഹോദരിമാര്‍ അദ്ദേഹത്തിന്‍റെ ശബ്ദം കേള്‍ക്കുന്ന മാത്രയില്‍ അനിയനോട് പുസ്തകങ്ങള്‍ വാങ്ങിവരുക എന്ന് നിര്‍ദ്ദേശിക്കുകയും അനിയന്‍ ഓടിപ്പോയി പുസ്തകം മേടിച്ചുകൊണ്ട് വരികയും ചെയ്തിരുന്നു. ഞങ്ങളുടെ കുടുംബം വിശ്വാസ-ആദര്‍ശങ്ങളുടെ വിശയത്തില്‍ സയ്യിദ് അഹ്മദ് ശഹീദിനെയും ശാഹ് ഇസ്മാഈല്‍ ശഹീദിനെയും ശക്തമായി പിന്‍പറ്റിയിരുന്നു. അടിസ്ഥാനമില്ലാത്തതും ആധികാരികമല്ലാത്തതും വിശ്വാസത്തില്‍ കുഴപ്പം വരുത്തുന്നതുമായ ഒന്നിനും വീട്ടില്‍ പ്രവേശനമില്ലായിരുന്നു. ഈ വിഷയത്തില്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ കടുപ്പം കാട്ടിയിരുന്നു. അത് കൊണ്ട് മുഅ്ജിസ ആലുന്നബി പോലുള്ള കിതാബുകള്‍ വാങ്ങിയിരുന്നില്ല. എന്നാല്‍ പ്രവാചക ചരിത്രം, മഹാന്മാരുടെ സംഭവങ്ങള്‍, ഉപദ്രവകരമല്ലാത്ത കഥകളും കവിതകളും വാങ്ങുകയും വാങ്ങിയാലുടന്‍ ഈണത്തില്‍ രസിച്ച് വായിക്കാന്‍ ആരംഭിക്കുകയും ചെയ്യുമായിരുന്നു. വായിച്ച് തീരുന്നത് വരെ ആര്‍ക്കും ഒരു സമാധാനവുമില്ലായിരുന്നു. അന്ന് കേട്ട ഹലീമാ ബീവി (റ) യുടെ സംഭവം ഇന്നും കല്ലില്‍ കൊത്തിയത് പോലെ ഓര്‍മ്മയുണ്ട്. അതിലെ ചില കവിതകളുടെ ആശയം ഇപ്രകാരമാണ്: ഹലീമയെന്ന ഒരു പാല്‍ക്കാരിയുണ്ടായിരുന്നു. വീട്ടിലിരുന്ന് അവര്‍ വലിയ നിധി സമ്പാദിച്ചു. തന്‍റെ കയ്യില്‍ കിട്ടിയത് വലിയ നിധിയാണെന്ന് ആദ്യം അവര്‍ക്ക് അറിയില്ലായിരുന്നു. അതെ, നൂറുല്ലാഹിയെ എടുത്ത് കൊണ്ടാണ് അവര്‍ വന്നത്. ലോക ചക്രവര്‍ത്തിയെ ചുമന്ന് കൊണ്ടാണ് അവര്‍ വന്നത്. ഇരുലോക നായകനെ ലഭിച്ചവര്‍ക്ക് എത്ര വലിയ ഭാഗ്യമാണ് കൈവന്നിരിക്കുന്നത്.! അതി ലളിതമായ ഈ കവിത രചിച്ചവരുടെ പേരൊന്നും ഓര്‍മ്മയില്ലെങ്കിലും ഇത് മനസ്സില്‍ ആദ്യമായി പതിഞ്ഞ നബവീ സ്നേഹത്തിന്‍റെ പ്രാരംഭ വിത്തായിരുന്നു. പില്‍ക്കാലത്ത് സീറത്ത് ഇബ്നുഹിഷാമില്‍ ഹലീമാ ബീവി (റ) യില്‍ നിന്നും ഉദ്ധരിച്ച നിവേദനം പൂര്‍ണ്ണമായി വായിച്ചപ്പോള്‍ ബാല്യകാല സ്മരണകള്‍ മനസ്സില്‍ തിരയടിച്ചുയര്‍ന്നു. ഹായ്, ബാല്യകാലം എത്രയോ അനുഗ്രഹീതമാണ്. ബാല്യകാലത്തിന്‍റെ മേല്‍ പടച്ചവന്‍റെ ആയിരം കരുണ വര്‍ഷിക്കട്ടെ.! 
പുസ്തകം വാങ്ങുന്ന സ്വഭാവം ഈ പുസ്തക കച്ചവടക്കാരനില്‍ നിന്ന് മാത്രമായിരുന്നില്ല. ഞങ്ങളുടെ അടുത്തുള്ള ഒരു ഗ്രന്ഥാലയമായ സിദ്ദീഖ് ബുക്ക് ഡിപ്പോയിലേക്ക് എന്നെ വീട്ടിലുള്ളവര്‍ ഇടയ്ക്കിടയ്ക്ക് വിടുകയും ഓരോ പുസ്തകങ്ങള്‍ വാങ്ങിക്കുകയും ചെയ്തിരുന്നു. ഗദ്യ-പദ്യ രൂപേണയുള്ള ഈ പുസ്തകങ്ങളുടെ വായന എല്ലാവരും സംയുക്തമായിട്ടായിരുന്നു. അക്കാലത്തെ പതിവനുസരിച്ച് പ്രവാചക ചരിത്രം ഒരു ഹരമായി മാറുകയും നിരന്തരം അതുമായി ബന്ധപ്പെട്ടത് വായിക്കുകയും ചെയ്തു. വായന കൂടിയപ്പോള്‍ എനിക്ക് പ്രസംഗിക്കാന്‍ ആഗ്രഹമായി. സമപ്രായക്കാരായ കുട്ടികളെ പോയി വിളിച്ചു. ഒരു സഹോദരി ചെറിയ ഒരു തലപ്പാവ് കെട്ടിത്തന്നു. എനിക്ക് വയസ്സ് എട്ടോ ഒമ്പതോ ആണ്. അതില്‍ ഒരു പുസ്തകമെടുത്ത് നീട്ടി വായന ആരംഭിച്ചു. സാമര്‍ത്ഥ്യം കൂടിയപ്പോള്‍ റസൂലുല്ലാഹി (സ്വ) യുടെ പിതാമഹന്‍ അബ്ദുല്‍ മുത്വലിബിനെ അബ്ദുല്‍ മത്ലബ് എന്നാണ് വായിച്ച് വിട്ടത്. പിതാവ് നിശബ്ദനായി മറയില്‍ നിന്ന് ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. തീര്‍ച്ചയായും ഈ രംഗം കണ്ട് അദ്ദേഹത്തിന്‍റെ മനസ്സ് അത്യധികം ആനന്ദിച്ച് കാണും. പ്രവാചക പ്രേമത്തിന്‍റെ വലിയ ഒരു നിധി നല്‍കപ്പെട്ടിരുന്ന അദ്ദേഹത്തിന്‍റെ രചനകളില്‍ നബവീ സ്നേഹത്തിന്‍റെ സുഗന്ധം അടിച്ച് വീശുന്നുണ്ട്. അദ്ദേഹത്തിന്‍റെ ചെറുപ്രായക്കാരനായ മകനും പ്രവാചക സ്മരണയില്‍ ലയിച്ച് കഴിയുന്നത് അദ്ദേഹത്തിന് വലിയ സന്തോഷം നല്‍കിക്കാണും.! ഇത് കൂടാതെ പ്രവാചക പ്രകീര്‍ത്തനങ്ങളുടെ വിവിധ കവിതകള്‍ ഞങ്ങളെല്ലാവരും മല്‍സരിച്ച് പാടിയിരുന്നു. 
പിതാവിന്‍റെ കൂട്ടത്തില്‍ ചെറുപ്പത്തില്‍ നടത്തിയ യാത്രകളുടെയും സ്മരണകള്‍ മൗലാനാ അയവിറക്കുന്നുണ്ട്. പിതാവിന്‍റെ ചില ബന്ധുമിത്രങ്ങള്‍ താമസിച്ചിരുന്ന ഹന്‍സുവയിലേക്ക് പിതാവിനോടൊപ്പം പോകുമ്പോള്‍ ജനങ്ങള്‍ മൗലാനായോടും വഅള് നടത്താന്‍ അപേക്ഷിക്കുകയും പിതാവ് വൈദ്യനായതിനാല്‍ ചിലര്‍ ചികിത്സാ കാര്യങ്ങളും മൗലാനായോട് ചോദിക്കുകയും ചെയ്തിരുന്നു. മൗലാനാ കുറിക്കുന്നു: വഅള് നടത്താന്‍ പറഞ്ഞാല്‍ വാപ്പയില്‍ നിന്നും കേട്ട അല്ലയോ സത്യവിശ്വാസികളേ, നിങ്ങളെയും നിങ്ങളുടെ കുടംബത്തെയും നരകത്തില്‍ നിന്നും രക്ഷിക്കുക എന്ന ആയത്ത് ഓതി ചെറുപ്രസംഗം നടത്തുമായിരുന്നു. രോഗകാര്യങ്ങള്‍ പറയുന്നവരോട് പിതാവില്‍ നിന്നും കേട്ടിട്ടുള്ള വിവിധ യൂനാനി മരുന്നുകളും പറഞ്ഞുകൊടുത്തിരുന്നു. (കാറവാന്‍). അതെ, ഇന്ന് പിതാവിന്‍റെ പ്രസംഗം ഉദ്ധരിക്കുന്ന മകന്‍ നാളെ ലോകോത്തര പ്രഭാഷകനായി മാറുമെന്നും അല്ലാഹുവിന്‍റെ ആയിരമായിരം അടിമകള്‍ക്ക് കൃത്യമായ രോഗം കണ്ടെത്തി ശരിയായ മരുന്ന് നിര്‍ദ്ദേശിക്കുന്ന ഉജ്ജ്വല വൈദ്യനും ആകുമെന്നും അന്ന് ആരും അറിഞ്ഞിരുന്നില്ല.! 

പിതാവിന്‍റെ കാരുണ്യം: 
ഹസ്രത്ത് മൗലാനാ പിതാവിന്‍റെ തണല്‍ കുറഞ്ഞ കാലം മാത്രമേ അനുഭവിച്ചിട്ടുള്ളൂ. മൗലാനായ്ക്ക് പത്ത് വയസ്സ് ആകുന്നതിന് മുമ്പ് പിതാവിന്‍റെ വിയോഗം സംഭവിച്ചു. പക്ഷെ, ഈ കുറഞ്ഞ സമയത്തും പിതാവിന്‍റെ കാരുണ്യം മൗലാനാ ആവോളം അനുഭവിച്ചു. അതില്‍ ചില കാര്യങ്ങള്‍ മൗലാനാ തന്നെ വിവരിക്കുന്നത് ശ്രദ്ധിക്കുക: ആദരണീയ പിതാവിന്‍റെ പ്രധാന ജോലി രചനയായിരുന്നു. വൈദ്യത്തിന്‍റെയും നദ്വയിലെയും അത്യാവശ്യ ജോലികള്‍ കഴിഞ്ഞാല്‍ അവശേഷിക്കുന്ന സമയം മുഴുവന്‍ നുസ്ഹത്തുല്‍ ഖവാതിറിന്‍റെ രചനയില്‍ മുഴുകുമായിരുന്നു. വീടിന്‍റെ മുകളില്‍ കിഴക്ക് ഭാഗത്തേക്കുള്ള റോഡിലേക്ക് തിരിഞ്ഞ് ചെറിയ ഒരു മുറിയുണ്ടായിരുന്നു. അവിടെയിരുന്നാണ് പിതാവ് രചനകള്‍ നടത്തിയിരുന്നത്. എനിക്ക് പ്രായം കുറവായിരുന്നെങ്കിലും പിതാവിനോടൊപ്പം ഭക്ഷണം കഴിക്കാന്‍ വലിയ താല്പര്യമായിരുന്നു. ദീര്‍ഘനേരം അതിന് വേണ്ടി കാത്തിരിക്കുമായിരുന്നു. പിതാവ് വളരെ കുറഞ്ഞ ഭക്ഷണമാണ് കഴിച്ചിരുന്നത്. പുറത്ത് നിന്നും അതിഥികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ കൂടിയ ആഹാരങ്ങള്‍ കഴിപ്പിക്കുമായിരുന്നു. അന്ന് ഞങ്ങള്‍ക്ക് വലിയ ഉത്സവമായിരിക്കും. മാതാവ് പാചക കലയില്‍ അതി വിദഗ്ധയായിരുന്നു. പിതാവ് ആരെയെങ്കിലും ചികിത്സിക്കാന്‍ പോകുമ്പോള്‍ കൂട്ടത്തില്‍ പോകാനുള്ള ആഗ്രഹം അക്കാലത്ത് എനിക്ക് ശക്തമായി. നദ്വയുടെ ആവശ്യത്തിന് വേണ്ടി പിതാവ് എവിടെയെങ്കിലും പോകുമ്പോള്‍ ഞാനും ഉടുപ്പിട്ട് കൂട്ടത്തില്‍ ഇറങ്ങുമായിരുന്നു. പിതാവ് സാധുവായിരുന്നത് കൊണ്ട് കരുണയോടെ എന്നെയും കൂട്ടത്തില്‍ ഇരുത്തുമായിരുന്നു. ഒന്ന്-രണ്ട് പ്രാവശ്യം പിതാവ് എന്‍റെ തൊപ്പി നേരെയിട്ട് തന്നത് ഓര്‍മ്മയുണ്ട്. കൂടാതെ പിതാവ് ആത്മസുഹൃത്തുക്കളുടെ വീടുകളിലേക്ക് പോകുമ്പോള്‍ എന്നെയും കൊണ്ട് പോയിരുന്നു. പ്രസ്തുത വീടുകളിലെ പുഷ്പങ്ങള്‍ കണ്ട് വളരെയധികം സന്തോഷിച്ചിരുന്നു. അതുപോലെ വര്‍ഷത്തിലൊരിക്കല്‍ നദ്വത്തുല്‍ ഉലമായില്‍ നടന്നിരുന്ന സീറത്തുന്നബി സമ്മേളനത്തിലും പങ്കെടുത്തതും അതില്‍ വിവിധ പണ്ഡിതര്‍ വന്നതും ഓര്‍മ്മയുണ്ട്. പിതാവിനോടൊപ്പം വലിയൊരു മഹാനായ സയ്യിദ് നജ്മുദ്ദീന്‍ എന്ന മഹാനെ കാണാന്‍ ഫതഹ്പൂരിലേക്ക് പോകുകയുണ്ടായി. തദവസരം അദ്ദേഹം ഞങ്ങള്‍ക്ക് മധുരം നല്‍കാന്‍ ഒരാളെ ഏല്‍പ്പിച്ചു. മധുരം ഏതോ അത്ഭുത സ്ഥലത്താണ് ഉണ്ടായിരുന്നത്. പ്രസ്തുത സ്ഥലം ആഗ്രഹത്തോട് കൂടി അന്വേഷിച്ച് നടന്നതും ഓര്‍മ്മയുണ്ട്. അന്വേഷണത്തില്‍ വിജയിച്ചോ എന്ന കാര്യം ഓര്‍മ്മയില്ല. എങ്കിലും ഒരു മഹാപുരുഷനെ കണ്ടതില്‍ വലിയ സന്തോഷമുണ്ട്. ചെറുപ്പത്തില്‍ വിനീതന്‍ മിക്കവാറും രോഗിയായിരുന്നു. മാതാവ് അടുത്തുള്ള ഒരു വലിയ മഹാന്‍ സയ്യിദ് ഐനുല്‍ ഖുളാത്ത് മുജദ്ദിദിയുടെ അരികിലേക്ക് വെള്ളം കൊടുത്തുവിട്ട് മന്ത്രിക്കുമായിരുന്നു. അദ്ദേഹം മന്ത്രിച്ച ധാരാളം വെള്ളം കുടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതിന്‍റെ ബര്‍കത്തിന്‍റെ അംശമെങ്കിലും ഉള്ളില്‍ ചെന്നിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 
പിതാവ് നിരന്തരം വായനയും എഴുത്തും ആയതിനാല്‍ ധാരാളം ഗ്രന്ഥങ്ങള്‍ വാങ്ങിക്കുകയും പലരും പിതാവിലേക്ക് രചനകള്‍ അയയ്ക്കുകയും ചെയ്തിരുന്നു. പിതാവ് വായനയ്ക്ക് ശേഷം മാറ്റി വെച്ചിരുന്ന ചെറിയ രചനകള്‍ തെരഞ്ഞെടുത്ത് ഒരു അലമാരയില്‍ വെച്ചിരുന്നു. അലമാരയുടെ മുകളില്‍ കുതുബ്ഖാന അബുല്‍ ഹസന്‍ അലി എന്നും എഴുതിയിരുന്നു.! ഒരിക്കല്‍ എന്തോ ആവശ്യത്തിന് കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ പിതാവിന്‍റെ സഹായിയായ മൗലവി അബ്ദുല്‍ ഗഫൂര്‍ നദ്വി അവിടെ വന്നു. പിതാവ് എഴുതി പൂര്‍ത്തിയാക്കിയ ഗുല്‍ റഅ്ന എന്ന ഗ്രന്ഥം അദ്ദേഹത്തെ ഏല്‍പ്പിച്ച് കൊണ്ട് മൗലാനാ സയ്യിദ് സുലൈമാന്‍ നദ്വിക്ക് അഅ്സംഗഡിലേക്ക് അത് അയച്ച് കൊടുക്കാന്‍ പറഞ്ഞു. തദവസരം എന്നോട് പറഞ്ഞു: കരച്ചില്‍ നിര്‍ത്തിയാല്‍ ഈ ഗ്രന്ഥത്തില്‍ നിന്‍റെ പേര് ഞാന്‍ പ്രസിദ്ധീകരിക്കുന്നതാണ്. അല്ലാഹുവിന്‍റെ അത്ഭുതം നോക്കൂ, അദ്ദേഹത്തിന്‍റെ വിയോഗം കഴിഞ്ഞ് 60 വര്‍ഷം പിന്നിട്ടപ്പോള്‍ അതിന്‍റെ അഞ്ചാമത്തെ പതിപ്പ് അടുത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പതിപ്പില്‍ സുദീര്‍ഘമായ മുഖവുര എഴുതാനുള്ള അവസരം വിനീതന് ലഭിച്ചിരിക്കുന്നു.! പിതാവിന്‍റെ അടുത്ത സുഹൃത്തുക്കള്‍ ആരെങ്കിലും വൈദ്യശാലയില്‍ വരുമ്പോള്‍ അവര്‍ പറഞ്ഞത് കൊണ്ടോ അല്ലാതെയോ പിതാവ് എന്നെ വിളിപ്പിക്കുമായിരുന്നു. ഇക്കൂട്ടത്തില്‍ മൗലാനാ ഫള്ലുര്‍റഹ്മാന്‍ മുറാദാബാദിയിലെ പരമ്പരയിലെ പ്രധാനപ്പെട്ട പ്രവാചക പ്രേമി മൗലാനാ തജമ്മുല്‍ ഹുസൈന്‍ വന്നപ്പോള്‍ എന്നെ വിളിച്ച് അദ്ദേഹം സ്വന്തം കൈപ്പടയില്‍ എഴുതിയ ഖുര്‍ആന്‍ ശരീഫ് എനിക്ക് നല്‍കി. ഇന്ന് വരെയും എന്‍റെ സ്വകാര്യ ഗ്രന്ഥ ശേഖരത്തില്‍ അത് അലങ്കാരമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. (കാറവാന്‍).
 
പിതാവിന്‍റെ വിയോഗം: 
1341 ജമാദുല്‍ ആഖര്‍ 15 വെള്ളിയാഴ്ച ചെറിയ ഒരു രോഗത്തിന് ശേഷം പിതാവിന്‍റെ വിയോഗം സംഭവിച്ചു. അവസാന സമയത്തുള്ള സേവനങ്ങള്‍ ചെയ്യാന്‍ മൗലാനായ്ക്ക് അവസരമുണ്ടായി. മൗലാനാ പറയുന്നു: ആരും നിര്‍ദ്ദേശിക്കാതെ തന്നെ വിനീതന്‍ പിതാവിന്‍റെ കാലുകള്‍ തടകാന്‍ ആരംഭിച്ചു. (കാറവാന്‍). അല്പം മുമ്പ് പിതാവ് അല്പം ഓറഞ്ചുകള്‍ മേടിക്കുകയും അലിയ്യിന് കൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. വിയോഗ നേരം ജേഷ്ഠ സഹോദരന്‍ മൗലാനാ ഡോ. സയ്യിദ് അബ്ദുല്‍ അലി ആയിരക്കണക്കിന് മൈലുകള്‍ ദൂരെ മദ്രാസിലായിരുന്നു. മടക്ക യാത്രയില്‍ ബോംബൈയില്‍ വെച്ചാണ് അദ്ദേഹം വിവരമറിഞ്ഞത്. ദാഇറയില്‍ വന്നപ്പോള്‍ നേരെ ഖബ്റിലേക്ക് പോയി. ഞാനും കൂട്ടത്തിലുണ്ടായിരുന്നു. ഖബ്റിന്‍റെ അരികിലെത്തിയപ്പോള്‍ പൊട്ടിക്കരഞ്ഞുപോയി. ആ നിമിഷം മുതല്‍ അദ്ദേഹത്തില്‍ വലിയൊരു മാറ്റം അനുഭവപ്പെട്ടു. ഇത്രയും നാള്‍ സദാസമയവും പഠനത്തില്‍ മുഴുകുകയും വീട്ട് കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്തിരുന്ന അദ്ദേഹം ഇപ്പോള്‍ ഞങ്ങള്‍ ഇളയ സഹോദരനും സഹോദരിമാര്‍ക്കും ആദരണീയ പിതാവിന്‍റെ സൗഭാഗ്യവാനായ മൂത്ത മകനും വലിയ സേവനകനുമായി മാറി. അദ്ദേഹത്തില്‍ പിതാവിന്‍റെ പ്രിയം മാത്രമല്ല, മാതാവിന്‍റെ മമതയും ഞങ്ങള്‍ക്ക് അനുഭവപ്പെട്ടു. (കാറവാന്‍).
 
മാതാവിന്‍റെ ശിക്ഷണം: 
പിതാവിന്‍റെ വിയോഗത്തെ തുടര്‍ന്ന് മൗലാനായുടെ താമസം മാതാവിനോടൊപ്പം ദാഇറയിലായിരുന്നു. ഇവിടെ ഒന്നര വര്‍ഷം താമസിച്ചു. ഫാരിസിയിലെ പാഠങ്ങളും കണക്കും കയ്യെഴുത്തും ഇവിടെയുള്ള പണ്ഡിതരില്‍ നിന്നും പഠിച്ചു. എന്നാല്‍ പ്രധാന ശിക്ഷണം മാതാവിന്‍റേത് തന്നെയായിരുന്നു. മൗലാനാ പറയുന്നു: ..................... എന്‍റെ പ്രിയപ്പെട്ട ഉമ്മ. 
ലക്നൗവിലേക്ക്: 
ഇതിനിടയില്‍ അല്ലാമാ അബ്ദുല്‍ ഹയ്യ് ഹസനിയുടെ അടുത്ത സുഹൃത്തായ നവാബ് നൂറുല്‍ ഹസനിന്‍റെ ഭാര്യയും മക്കളും ലക്നൗവിലുള്ള അവരുടെ ഒരു വീട്ടില്‍ താമസിക്കാന്‍ മൗലാനായുടെ ഉമ്മയെയും സഹോദരനെയും നിര്‍ബന്ധിച്ചു. ആദ്യം മൗലാനായുടെ ജേഷ്ഠന്‍ അവിടെ താമസിച്ച് പഠനം തുടര്‍ന്നു. തുടര്‍ന്ന് മൗലാനായുടെ പഠന പുരോഗതിക്ക് മൗലാനായെയും അവിടെ കൊണ്ടുവന്ന് താമസിപ്പിച്ചു. ഏതാണ്ട് രണ്ട് വര്‍ഷം ഇവിടെ താമസിച്ചതിനെ കുറിച്ച് മൗലാനാ പറയുന്നു: വലിയ സൗകര്യമുള്ള ഈ കെട്ടിടത്തില്‍ താമസിച്ചപ്പോള്‍ സമ്പത്തിനോടും സുഖ സൗകര്യങ്ങളോടുമുള്ള ആഗ്രഹങ്ങളെല്ലാം അവസാനിച്ചു. (കാറവാന്‍). 

***************


സയ്യിദ് ഹസനി അക്കാദമി
ദാറുല്‍ ഉലൂം, ഓച്ചിറ
ബഹുമാന്യരെ, പ്രയോജനപ്രദമായ രചനകളുടെ പ്രസിദ്ധീകരണത്തിനും പ്രചാരണത്തിനും വേണ്ടി ആദരണീയ പ്രബോധകൻ മൗലാനാ സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി സ്ഥാപിച്ച ഒരു കേന്ദ്രമാണ് സയ്യിദ് ഹസനി അക്കാദമി. പടച്ചവന്റെ അനുഗ്രഹത്താൽ ചെറുതും വലുതുമായ ധാരാളം രചനകൾ ഇതിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ ഇതിന്റെ പ്രചാരണം വേണ്ട നിലയിൽ ആയിട്ടില്ല. അതിനുവേണ്ടി ഓരോ മാസവും ഓരോ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. റബീഉല്‍ ആഖര്‍ മാസം കൊല്ലം ജില്ലയിലാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. സുമനസ്സുകളായ സഹോദരങ്ങൾ വീടുകളിലും ഇതര സ്ഥാപനങ്ങളിലും ചെറിയ ഒരു ലൈബ്രറി സ്ഥാപിച്ച് അക്കാദമിയുടെ രചനകൾ പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരെ പരിചയപ്പെടുത്തുകയും വിവാഹ വേളകളിലും മറ്റും ഉപഹാരം നൽകുകയും ചെയ്താൽ ഇത് വളരെ എളുപ്പമായ നിലയിൽ നടക്കുന്നതാണ്. ബുക്ക് സ്റ്റാളുകളും പർദ്ദ സ്റ്റാളുകളും നടത്തുന്ന സഹോദരങ്ങളെ പ്രേരിപ്പിച്ചാലും ഈ പ്രവർത്തനം പ്രയോജനപ്രദമായി നടക്കുന്നതാണ്. മാന്യ അനുവാചകർ ഈ വഴിയിൽ പരിശ്രമിക്കുകയും നിർമ്മാണാത്മ അഭിപ്രായങ്ങൾ നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ. 

*******


പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി





ഞങ്ങളുടെ കേന്ദ്ര സ്ഥാപനം


 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌