▪️മുഖലിഖിതം
തഫ്ഹീമെ ശരീഅത്ത് വർക്ക്‌ഷോപ്പ്
✍️മൗലാനാ അസ്അദ് നദ്‌വി
▪️ജുമുഅ സന്ദേശം 
സ്കൂളുകള്‍, ദീനീ മദ്റസകള്‍, മക്തബകള്‍
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
( പ്രസിഡന്‍റ്ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
▪️മആരിഫുല്‍ ഖുര്‍ആന്‍ 
സൂറത്തുയാസീന്‍ അവസാന ഭാഗം
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
▪️മആരിഫുല്‍ ഹദീസ്
 നമസ്കാരത്തിന് ശേഷമുള്ള ദുആ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
▪️ ജീവചരിത്രം
മുഫക്കിറുല്‍ ഇസ്‌ലാം
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി;
ജീവിതവും സന്ദേശവും- 10
✍️ മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ്‍വി
▪️ വാര്‍ത്തകള്‍

******


 മുഖലിഖിതം 

ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്
തഫ്ഹീമെ ശരീഅത്ത് വർക്ക്‌ഷോപ്പ്
ദാറുൽ ഉലൂം ഓച്ചിറ, കേരള 



പ്രമേയങ്ങൾ
പടച്ചവന്റെ അളവറ്റ അനുഗ്രഹത്താൽ 2024 ഡിസംബർ 28-ാം തീയതി കേരളത്തിലെ കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദാറുൽ ഉലൂം ഓച്ചിറയിൽ ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിന്റെയും ദാറുൽ ഉലൂമിന്റെയും ആഭിമുഖ്യത്തിൽ ഇസ്‌ലാമിക ശരീത്തിനെ മനസ്സിലാക്കുക എന്ന ശീർഷകത്തിൽ തഫ്ഹീമെ ശരീഅത്തിന്റെ ഒരു വർക്ക്‌ഷോപ്പ് നടന്നു. ഹൈദരബാദിലെ അൽ മഅ്ഹദുൽ ആലി അൽ ഇസ്‌ലാമിയയുടെ സെക്രട്ടറി മൗലാനാ ഉമർ ആബിദീൻ ഖാസിമിയും ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് തഫ്ഹീമെ ശരീഅത്ത് കമ്മിറ്റി ഓർഗനയ്‌സർ മൗലാനാ അസ്അദ് നദ്‌വിയും ഇതിൽ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും പണ്ഡിതരും നിയമജ്ഞരും വിദ്യാർത്ഥികളും പങ്കെടുത്ത പരിപാടിയിൽ ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് വർക്കിംഗ് കമ്മിറ്റി അംഗം മൗലാനാ മുഹമ്മദ് ഇസ്ഹാഖ് ഖാസിമി അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണകേരള ജംഇയത്ത് ഉലമ ജന:സെക്രട്ടറി അൽഹാജ് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് അംഗങ്ങളായ സൈദ് മുഹമ്മദ് മൗലവി അൽ ഖാസിമി, ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി, ശൈഖ് അൻസാരി നദ്‌വി, ജലാലിയ അബ്ദുൽ കരീം ഹാജി, ഹാഫിസ് അജ്മൽ ഹുസ്‌നി നദ്‌വി മുതലായവർ ആശംസകൾ നേർന്നു. വഖ്ഫ് നിയമങ്ങളുടെ കാലിക പ്രസക്തി, ശരീഅത്ത് നിയമങ്ങളുടെ പ്രാധാന്യം, അനാഥ പൗത്രന്റെ അനന്തരവകാശം, വിവാഹമോചിതയുടെ ജീവനാംശം, സ്ത്രീകളുടെ അനന്തരവകാശം എന്നീ വിഷയങ്ങളിൽ അഞ്ച് സെഷനുകളിലായി ക്ലാസ്സുകൾ അവതരിപ്പിക്കപ്പെട്ടു. സദസ്സിന്റെ അവസാനം അവതരിപ്പിച്ച പ്രമേയങ്ങൾ: 
1. ഇസ്‌ലാമിക ശരീഅത്തിന്റെ വിധിവിലക്കുകൾ സർവ്വകാലങ്ങളുടെയും സ്ഥലങ്ങളുടെയും അവസ്ഥകളുടെയും ആവശ്യങ്ങളോട് യോജിച്ചതാണ്. എന്നിട്ടും ശരീഅത്ത് നിയമങ്ങളെ ശരിയായ നിലയിൽ പഠിക്കാത്തത് കൊണ്ടോ, തെറ്റിദ്ധരിപ്പിക്കലുകളിൽ കുടുങ്ങിയോ പലരും ശരീഅത്ത് നിയമങ്ങളെ വിമർശിക്കുന്നത് ദു:ഖകരമാണ്. ഇതിനുള്ള പ്രധാന പരിഹാരം നാം ഓരോരുത്തരും ശരിയായ നിലയിൽ ശരീഅത്ത് നിയമങ്ങളെ വിശിഷ്യാ മുസ്‌ലിം വ്യക്തി നിയമങ്ങളെ പഠിക്കലും അവയുടെ തത്വങ്ങൾ മനസ്സിലാക്കലും സ്വന്തം ജീവിതത്തിൽ പകർത്തലും മറ്റുള്ളവർക്ക് പ്രചരിപ്പിക്കലുമാണ്. ഈ വിഷയത്തിൽ എല്ലാ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും സത്വരശ്രദ്ധ പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. 
2. വഖ്ഫ് ഇസ്‌ലാമിലെ സമുന്നതമായ ഒരു ആരാധനയാണ്. വഖ്ഫ് സ്വത്തുക്കൾ മുൻഗാമികൾ നമ്മെ ഏൽപ്പിച്ച അമൂല്യമായ സൂക്ഷിപ്പ് സ്വത്താണ്. അതിനെ സംരക്ഷിക്കലും ശരിയായ നിലയിൽ ഉപയോഗിക്കലും നമ്മുടെ പ്രധാന ബാധ്യതയാണ്. ഈ വിഷയത്തിൽ സൂക്ഷ്മതക്കുറവ് സംഭവിക്കുന്നതിനാൽ വലിയ വീഴ്ചകൾ സംഭവിക്കുന്നുണ്ട്. ഇതിനെ തിരുത്താൻ എല്ലാവരും വിശിഷ്യാ വഖ്ഫിന്റെ മേൽനോട്ടം വഹിക്കുന്നവരും സേവകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ ഇതിന്റെ പേര് പറഞ്ഞ് വഖ്ഫ് നിയമങ്ങളെ നിന്ദിക്കുന്നതും പരിഹസിക്കുന്നതും വഖ്ഫിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾക്ക് പോലും വിരുദ്ധമായ നിയമങ്ങൾ കൊണ്ടുവരാൻ പരിശ്രമിക്കുന്നതും തീർത്തും തെറ്റാണ്. ഇന്നത്തെ സാഹചര്യത്തിൽ പ്രത്യേകിച്ചും വഖ്ഫിന്റെ മാനവിക മൂല്യങ്ങളെക്കുറിച്ച് ബാല വിദ്യാഭ്യാസ പാഠശാലകൾ മുതൽ പഠിപ്പിക്കാനും വഖ്ഫിന്റെ സന്ദേശങ്ങൾ മുഴുവൻ ജനങ്ങൾക്കും എത്തിച്ച് കൊടുക്കാനും പരിശ്രമിക്കേണ്ടതാണ്. 
3. ഇസ്‌ലാമിക ശരീഅത്തിന്റെ നിയമങ്ങൾ ശരിയായി മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യണമെന്ന് എല്ലാവരെയും ഉണർത്തുന്നു. ഇന്നുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് കാരണം ശരീഅത്ത് നിയമങ്ങൾ ശരിയായി മനസ്സിലാക്കാതിരിക്കലും പാലിക്കാതിരിക്കലുമാണ്. പ്രത്യേകിച്ചും അനാഥ പൗത്രനെ സഹായിക്കാൻ  ഇസ്‌ലാം കൽപ്പിക്കുകയും മാർഗ്ഗങ്ങൾ കാട്ടിത്തരുകയും ചെയ്യുന്നു. വിവാഹമോചനങ്ങൾ കഴിവിന്റെ ഒഴിവാക്കണമെന്നും എന്നാൽ നിർബന്ധിത സാഹചര്യത്തിൽ വിവാഹ മോചനം നടന്നാൽ ഇദ്ദാകാലത്ത് ചിലവുകൾ നൽകുകയും ഉപഹാരങ്ങൾ കൊടുക്കുകയും പ്രായം കുറഞ്ഞ മക്കളുണ്ടെങ്കിൽ അവരെ വളർത്തുന്നതിനുള്ള ചിലവുകൾ നൽകുകയും തുടർന്ന് മാതാപിതാക്കളും സഹോദരങ്ങളും മക്കളും സമുദായ അംഗങ്ങളും അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുകയും വേണം. പ്രത്യേകിച്ചും വിധവകളെ വിവാഹം കഴിപ്പിക്കണമെന്ന് ഖുർആൻ പ്രേരിപ്പിക്കുന്നു. അതുപോലെ സ്ത്രീകൾക്ക് നീതിയുക്തമായ അനന്തരവകാശം നൽകാനും ഇസ്‌ലാം പഠിപ്പിക്കുന്നു. ഈ കാര്യങ്ങൾ പാലിക്കാൻ സമുദായം മുന്നോട്ട് വരേണ്ടതാണ്. വിശിഷ്യാ വ്യക്തിജീവിതവും കുടുംബ മേഖലയും നന്നാക്കാൻ ഓരോരുത്തരും പരിശ്രമിക്കേണ്ടതാണ്. 
4. പരസ്പര ഐക്യവും യോജിപ്പും സ്‌നേഹാദരവുകളും നിലനിർത്താനും വളർത്താനും പരിശ്രമിക്കുക. വിശിഷ്യാ സമുദായ ഐക്യം ഒരുനിലയ്ക്കും തകരാതെ കാത്ത് സൂക്ഷിക്കുക. ശാഖാപരമായതും സംഘടനാപരമായതുമായ ഭിന്നതകൾ പരസ്യപ്പെടുത്തുകയോ, വലുതാക്കുകയോ ചെയ്യരുത്. കൂടാതെ, അമുസ്‌ലിം സഹോദരങ്ങളുമായും ഉത്തമ ബന്ധം സ്ഥാപിക്കുക. അവർ വിളിച്ചാലും ഇല്ലെങ്കിലും അവരുടെ സുഖ ദു:ഖങ്ങളിൽ പങ്കെടുക്കുക. വിശിഷ്യാ ദു:ഖ സമയത്ത് അനുശോചനം രേഖപ്പെടുത്തുക. 
5. ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് ഇന്ത്യൻ മുസ്‌ലിംകളുടെ എല്ലാവിഭാഗങ്ങളും അടങ്ങിയ ഒരു വേദിയാണ്. വിവിധ പ്രവർത്തനങ്ങൾ നടത്തുന്ന ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിന്റെ മസ്തിഷ്‌കത്തിന്റെ സ്ഥാനം വഹിക്കുന്ന പ്രവർത്തനമാണ് തഫ്ഹീമെ ശരീഅത്ത്. മുസ്‌ലിം വ്യക്തി നിയമങ്ങളുടെ വിശദീകരണങ്ങളും അതിൽ അടങ്ങിയ തത്വങ്ങളും എല്ലാവർക്കും വിശിഷ്യാ നിയമജ്ഞരായ വ്യക്തിത്വങ്ങൾക്ക് എത്തിച്ച് കൊടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതിന് ഇത്തരം പരിപാടികൾ ഓരോ സ്ഥലങ്ങളിലും സംഘടിപ്പിക്കാൻ സംഘടനകളോടും സ്ഥാപനങ്ങളോടും അഭ്യർത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് പ്രസിദ്ധീകരിച്ച രചനകൾ പ്രചരിപ്പിക്കുകയും ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് പണ്ഡിതരുടെ പ്രഭാഷണങ്ങൾ ശ്രവിക്കുകയും ചെയ്യുക. അതിന്റെ വെളിച്ചത്തിൽ പ്രഭാഷകരും എഴുത്തുകാരും ഈ വിഷയങ്ങൾ പ്രചരിപ്പിക്കുക. പ്രത്യേകിച്ചും മസ്ജിദുകളുടെ മിമ്പറുകൾ പടച്ചവൻ നമുക്ക് നൽകിയ അതിലളിതവും അതിശക്തവുമായ മാധ്യമമാണ്. പണ്ഡിത മഹത്തുക്കൾ ഈ വിഷയങ്ങൾ ജനങ്ങൾക്ക് എത്തിച്ച് കൊടുക്കുക. 
അവസാനമായി ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിന്റെ സേവകർ വിശിഷ്യാ ആദരണീയ അദ്ധ്യക്ഷൻ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി, പ്രിയപ്പെട്ട ജന: സെക്രട്ടറി മൗലാനാ ഫസ്‌ലുർറഹീം മുജദ്ദിദി മുതലായവർ നിങ്ങൾക്കെല്ലാവർക്കും നന്ദിയും ആശംസകളും നേരുന്നു. ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിന്റെ എല്ലാ പ്രവർത്തനങ്ങളെയും പിന്തുണയ്ക്കണമെന്നും നന്മയ്ക്കായി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിക്കുന്നു. പടച്ചവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

*************





 ജുമുഅ സന്ദേശം 


All India Muslim Personal Law Board

സ്കൂളുകള്‍, ദീനീ മദ്റസകള്‍, മക്തബകള്‍ 

മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
 

ഏതെങ്കിലും മതത്തെയും ചിന്താപ്രസ്ഥാനത്തെയും സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം ജീവനാഡിയുടെ സ്ഥാനത്തുള്ളതാണ്. ഏതെങ്കിലും സമുദായത്തിന്‍റെ വ്യക്തിത്വം നശിപ്പിക്കണമെങ്കില്‍ അവരുടെ മത സങ്കല്‍പ്പങ്ങളുമായിട്ടുള്ള വൈജ്ഞാനിക ബന്ധം മുറിച്ച് മാറ്റിയാല്‍ മതിയാകുന്നതാണ്. ഇതിലൂടെ ആ സമുദായം അവരുടെ മതത്തില്‍ നിന്നും പരിപൂര്‍ണ്ണമായി അകന്ന് പോകുന്നതാണ്. അതിനുവേണ്ടി അവരുമായി മറ്റ് ശൈലികളില്‍ പോരാട്ടങ്ങളൊന്നും നടത്തേണ്ടിവരുന്നതല്ല. ഓരോ സമുദായത്തെയും ചിന്താമതപരമായി കൊല്ലുന്നതിനുള്ള വിജയകരവും അപകട രഹിതവുമായ പദ്ധതിയാണിത്. 

ഇന്ത്യാ മഹാരാജ്യത്ത് മുസ്ലിംകളോട് ഈ ഒരു ശൈലിയിലും പരിശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ വന്നപ്പോഴും ഇതേ മാര്‍ഗ്ഗം തന്നെ സ്വീകരിച്ചു. പക്ഷേ, പണ്ഡിതന്മാരും നേതാക്കളും ഉണര്‍ന്ന് പരിശ്രമിച്ചതിനാല്‍ അവര്‍ പരാജയപ്പെട്ടു. വില്ല്യം കോളേജ് സ്ഥാപിച്ച ശേഷം ലാര്‍ഡ്മീക്കാലെ ബ്രിട്ടനിലേക്ക് മടങ്ങിപ്പോയപ്പോള്‍ പ്രസ്താവിക്കുകയുണ്ടായി: ഞാന്‍ ഇന്ത്യയില്‍ ഒരു പ്രധാനപ്പെട്ട സ്ഥാപനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. അതുവഴി ഇന്ത്യയില്‍ താമസിക്കുന്നവര്‍ നിറത്തിലും വംശത്തിലും ഇന്ത്യക്കാരാണെങ്കിലും ചിന്താവീക്ഷണങ്ങളില്‍ ബ്രിട്ടീഷുകാരായി മാറുന്നതാണ്! 1813-ല്‍ ബ്രിട്ടന്‍ പാര്‍ലമെന്‍റില്‍ ഇന്ത്യക്കാരെ ക്രിസ്ത്യാനികളാക്കാന്‍ പാതിരിമാര്‍ക്ക് യഥേഷ്ടം ഇന്ത്യയിലേക്ക് പോകാന്‍ അനുവാദമുണ്ടെന്ന ഒരു ബില്‍ പാസാക്കപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മിഷണറിമാരും പ്രബോധക സംഘങ്ങളും വരാന്‍ ആരംഭിച്ചു. 1900 വരെ 42 മിഷണറികള്‍ ഇന്ത്യയില്‍ പാദം ഉറപ്പിക്കുകയുണ്ടായി. ഇതേ സമയം ഫാദര്‍ ആന്‍റ്മീന്‍റ് പരസ്യമായി പ്രഖ്യാപിച്ചു: ഇന്ത്യ മുഴുവനും യാത്രകള്‍ ചെയ്യാനുള്ള സൗകര്യം ഞങ്ങള്‍ ഒരുക്കിയിരിക്കുകയാണ്. ഇനി എല്ലാവരും ക്രിസ്തുമതം സ്വീകരിക്കുക കൂടി ചെയ്താല്‍ ഇന്ത്യ മുഴുവന്‍ ഒരേ ശൈലിയും രീതിയും ഉണ്ടായിത്തീരുന്നതാണ്. (ഉദ്ധരണി: സീറത്ത് മൗലാനാ മുഹമ്മദ് അലി മോംഗേരി- മൗലാനാ മുഹമ്മദുല്‍ ഹസനി). ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ പാതിരിമാരുടെ പരിശ്രമങ്ങള്‍ക്ക് സഹായകരമാകുന്ന ഒരു വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കി. സര്‍ ചാള്‍സ് ഒരിക്കല്‍ പ്രസ്താവിച്ചു: നമ്മുടെ മുന്‍ഗാമികള്‍ കഴിഞ്ഞ കാലം ഒറ്റയടിയ്ക്ക് ക്രിസ്തുമതം സ്വീകരിച്ചതുപോലെ ഇന്ത്യയിലും സര്‍വ്വ ജനങ്ങളും ഒരുമിച്ച് ക്രിസ്തുമതം സ്വീകരിക്കുമെന്ന് എനിയ്ക്ക് ഉറപ്പുണ്ട്. അതിന് ഇന്ത്യ മുഴുവന്‍ പാഠപുസ്തകങ്ങളും വാര്‍ത്താമാധ്യമങ്ങളും പ്രഭാഷണ  സന്ദര്‍ശനങ്ങളും വഴി പരിശ്രമിക്കുക. ക്രിസ്തീയ വിജ്ഞാനങ്ങള്‍ എല്ലാവരിലും പ്രതിഫലിക്കാന്‍ യത്നിക്കുക. (താരീഖു തഅ്ലീം-സയ്യിദ് മഹ്മൂദ്). ഇത് വെറും പ്രസ്താവന മാത്രമായിരുന്നില്ല. പട്ടണങ്ങളിലും ഗ്രാമങ്ങളിലും ക്രൈസ്തവ പാതിരിമാര്‍ ഹൈന്ദവരെയും മുസ്ലിംകളെയും മതം മാറാന്‍ പ്രേരിപ്പിച്ചു. ബ്രിട്ടീഷ് ഗവര്‍മെന്‍റുമായി പരിധിവിട്ട വിട്ടുവീഴ്ചയും മയവും പുലര്‍ത്തിയ സര്‍ സയ്യിദ് ഖാനെപ്പോലുള്ളവര്‍ക്കും ഈ അവസ്ഥ കണ്ട് സഹിക്കാന്‍ സാധിച്ചില്ല. ബഹാവത്തെ ഹിന്ദ് എന്ന രചനയില്‍ അദ്ദേഹം അന്നത്തെ അവസ്ഥകള്‍ക്കെതിരില്‍ പൊട്ടിത്തെറിക്കുന്നുണ്ട്. എന്നാല്‍ അവസരത്തിനൊത്ത് പണ്ഡിതര്‍ ഉണരുകയും നേതാക്കളും പൊതുജനങ്ങളും അവരെ പിന്തുണയ്ക്കുകയും ചെയ്തു. പണ്ഡിതര്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും കറങ്ങിനടക്കുകയും ഈ പരീക്ഷണത്തെക്കുറിച്ച് ഉണര്‍ത്തുകയും ചെയ്തു. പല സ്ഥലങ്ങളിലും ക്രൈസ്തവ മിഷണറികളുമായി സംവാദങ്ങള്‍ നടത്തി. അല്ലാമാ റഹ്മത്തുല്ലാഹ് ഉസ്മാനി, മൗലാനാ സയ്യിദ് മുഹമ്മദ് അലി മോംഗേരി, മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവി മുതലായവര്‍ ഈ കൂട്ടത്തില്‍ പ്രത്യേകം സ്മരണീയമാണ്.

അതെ, ബ്രിട്ടീഷ് യുഗത്തില്‍ ഇംഗ്ലീഷുകാര്‍ പയറ്റിയ അതേ പദ്ധതി തന്നെയാണ് പ്രത്യേകിച്ചും 2014-ന് ശേഷം മുസ്ലിംകള്‍ക്കെതിരില്‍ വര്‍ഗ്ഗീയവാദികള്‍ സ്വീകരിച്ചിരിക്കുന്നത്. മാത്രമല്ല, കൂടുതല്‍ ശക്തിയോടെയും പരസ്യമായ നിലയിലും അവര്‍ ഇത് ചെയ്യുന്നു. പ്രത്യേകിച്ചും വെറുപ്പും ന്യൂനപക്ഷ വിരോധവും അടിസ്ഥാന അജണ്ടയായി അവര്‍ സ്വീകരിച്ചിരിക്കുന്നു. വിദ്യാഭാരതി എന്ന പേരില്‍ പതിമൂവായിരം സ്കൂളുകള്‍ ഇന്ന് രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. 74000 അദ്ധ്യാപകരം 17.50000 വിദ്യാര്‍ത്ഥികളും അവിടെയുണ്ട്. ഇത് കൂടാതെ, സരസ്വതി വിദ്യാമന്ദിര്‍, ശിശു മന്ദിര്‍ എന്നീ പേരുകളിലും ധാരാളം സ്ഥാപനങ്ങളുണ്ട്. 1993-ല്‍ സേവപരിഷത്ത് എന്ന പേരില്‍ ഒരു സംഘടന സ്ഥാപിക്കുകയും അതില്‍ മുന്‍ പട്ടാള ഉദ്യോഗസ്ഥര്‍ വഴിയായി ഏഴ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൈനിക പരിശീലനം നടത്തുകയും ചെയ്യുന്നു. മഹാരാഷ്ട്ര, നാഗ്പൂര്‍, നൈനിത്താള്‍ എന്നിവിടങ്ങളില്‍ ബോര്‍ഡിംഗ് സ്കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്കൂളുകളിലെല്ലാം പഠിപ്പിക്കപ്പെടുന്ന ചരിത്രങ്ങള്‍ മുസ്ലിം വിദ്വേഷം നിറഞ്ഞതാണ്. എന്നാല്‍ ഭരണകൂടത്തിനും ഏജന്‍സികള്‍ക്കും ഈ സ്ഥാപനങ്ങളിലൊന്നും വര്‍ഗ്ഗീയതയുടെയും തീവ്രവാദത്തിന്‍റെയും അംശം പോലും കാണാന്‍ കഴിയുന്നില്ല. മറുഭാഗത്ത് ശാന്തിയുടെയും സമാധാനത്തിന്‍റെയും കേന്ദ്രങ്ങളായ ദീനീ മദ്റസകളില്‍ അവര്‍ തീവ്രവാദം കണ്ടുകൊണ്ടിരിക്കുന്നു. 

2020-ലെ പുതിയ വിദ്യാഭ്യാസ പദ്ധതി അവരുടെ ചിന്താഗതികള്‍ വ്യക്തമായി പ്രകടിപ്പിക്കുന്നു. 2014-ല്‍ അധികാരത്തില്‍ വന്നയുടനെ ഇതിനുവേണ്ടി അവര്‍ ഒരു കമ്മിറ്റിയെ നിശ്ചയിച്ചു. 2016-ല്‍ ഈ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി. പക്ഷേ റിപ്പോര്‍ട്ട് അവരുടെ അശുദ്ധ ലക്ഷ്യങ്ങള്‍ക്ക് യോജിക്കാത്തത് കൊണ്ടായിരിക്കാം, വീണ്ടും ഡോ: കസ്തൂരി രംഗന്‍റെ നേതൃത്വത്തില്‍ 2017-ല്‍ പുതിയ കമ്മിറ്റി നിയമിക്കപ്പെട്ടു. അവര്‍ 2019 മെയ് 31-ന് 468 പേജുകളുള്ള ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിയമം അനുസരിച്ച് ഈ റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ സമര്‍പ്പിക്കുകയും ഇതിന്‍റെ മേല്‍ ചര്‍ച്ച നടത്തുകയും വേണ്ടതായിരുന്നു. പക്ഷേ അങ്ങനെയുണ്ടായില്ല. കേന്ദ്രക്യാബിനറ്റ് പാര്‍ലമെന്‍റ് ചര്‍ച്ചയില്‍ നിന്നും ഒഴിഞ്ഞുമാറി 2020 ജൂലൈ 19-ന് നാഷണല്‍ എജുക്കേഷന്‍ പോളിസിയ്ക്ക് അനുമതി നല്‍കി. എന്നാല്‍ ഇതിനെക്കുറിച്ച് പാര്‍ലമെന്‍റില്‍ ചര്‍ച്ചകളൊന്നും നടക്കാത്തതിനാല്‍ പല സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കപ്പെട്ടട്ടില്ല. അതുകൊണ്ട് തന്നെ ഇതിന്‍റെ പ്രയോജനങ്ങളും നന്മകളും ജനങ്ങള്‍ക്ക് വ്യക്തമായിട്ടുമില്ല. കേന്ദ്ര ഭരണകൂടം ഈ പോളിസിയെ വാനോളം പുകഴ്ത്തുന്നുവെങ്കിലും അതെല്ലാം യാഥാര്‍ത്ഥ്യത്തിന് വിരുദ്ധവും രാജ്യനന്മയ്ക്ക് എതിരും ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുന്നതുമാണ്. 

പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ പ്രധാന വിഷയം ഭാരതീയ വല്‍ക്കരണമാണ്. അവരുടെ അടുക്കല്‍ ഭാരതമെന്നാല്‍ രാജ്യത്തെ പൗരാണിക ഹൈന്ദവ തത്വങ്ങളില്‍ വിശ്വസിക്കുന്ന ചെറിയൊരു വിഭാഗം മാത്രമാണ്. പോളിസിയില്‍ ഭാരതീയ വിജ്ഞാനം, ഭാരതീയ മൂല്യം, ഭാരതീയ സംസ്കാരം, ഭാരതീയ ചരിത്രം, മാതൃഭാഷ എന്നിങ്ങനെയെല്ലാം പ്രയോഗമുണ്ടെങ്കിലും അതിന് കൊടുത്തിരിക്കുന്ന വിവരണങ്ങള്‍ ഹിന്ദുത്വ നിറവും മണവുമുള്ളതാണ്. ഭാരത ചരിത്രം എന്ന പേരില്‍ യാതൊരു ആധികാരികതയുമില്ലാത്ത പൗരാണിക ചരിത്രം കൊടുത്തിരിക്കുന്നു. ഹിന്ദുമതത്തിലെ പൗരാണിക കഥകളെ പാഠ്യപദ്ധതിയില്‍ പെടുത്തുകയും മുസ്ലിം ചരിത്രത്തെ ഒഴിവാക്കുകയും ചെയ്തു. ഭാരതീയ മൂല്യങ്ങളെന്ന പേരില്‍ ഹൈന്ദവ ആചാരങ്ങളെ പാഠ്യപദ്ധതിയില്‍ പെടുത്തി. ഇത് നടപ്പില്‍ വരുത്തിയ ചില സംസ്ഥാനങ്ങള്‍ വേദങ്ങളിലെയും ഗീതയിലെയും വ്യത്യസ്ത വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ പെടുത്തിയിരിക്കുന്നു. മാതൃഭാഷകളെ പ്രോത്സാഹിപ്പിക്കുക എന്ന് പറയുന്നുണ്ടെങ്കിലും രാജ്യത്ത് ഏഴാം സ്ഥാനത്തുള്ള ഉറുദു ഭാഷയെ പുറത്താക്കി മറ്റ് എട്ട് ഭാഷകളെ ഉയര്‍ത്തിക്കാട്ടുന്നു. പ്രീപ്രൈമറി സ്കൂളുകളില്‍ കളിവിനോദങ്ങളെ പാഠ്യപദ്ധതിയില്‍ പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതുകൊണ്ടുള്ള ഉദ്ദേശം ബഹുദൈവരാധനയുമായി ബന്ധപ്പെട്ട പാട്ടുകളും ബചനങ്ങളും ഡാന്‍സുകളുമാണ്. പോളിസിയില്‍ വിദേശ ഭാഷകളെക്കുറിച്ച് പറയുന്നുണ്ട്. അവയുടെ വിവരണത്തില്‍ ഇന്ത്യയില്‍ അപൂര്‍വ്വമായി ഉപയോഗിക്കപ്പെടുന്ന ഭാഷകളുമുണ്ടെങ്കിലും ഇന്ത്യക്കാര്‍ ധാരാളമായി വസിക്കുന്ന അറബ് നാടുകളില്‍ ഉപയോഗിക്കപ്പെടുന്ന അറബി ഭാഷ അതില്‍ ഇല്ല. ചുരുക്കത്തില്‍ പുതിയ വിദ്യാഭ്യാസ പദ്ധതിയെ വിലയിരുത്തിയാല്‍ മൂന്ന് കാര്യങ്ങള്‍ അതില്‍ കാണാന്‍ കഴിയുന്നു. 1. ബഹുദൈവരാധനയുമായി ബന്ധപ്പെട്ട വീക്ഷണങ്ങളും ആചാരങ്ങളും പാഠ്യപദ്ധതിയില്‍ പെടുത്തി. 2. ബ്രാഹ്മണ ചിന്ത അതിസമര്‍ത്ഥമായി മുന്നോട്ട് നീക്കി. 3. മുസ്ലിംകളുടെ ചരിത്രവും ഭാഷയും അവഗണിച്ചു. ഈ മൂന്ന് കാര്യങ്ങളും രാജ്യത്തിന്‍റെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് വിരുദ്ധവും മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അടുത്ത തലമുറയുടെ വിശ്വാസ വീക്ഷണങ്ങള്‍ക്ക് കുഴപ്പമുണ്ടാക്കുന്നതുമാണ്. 

പുതിയ വിദ്യാഭ്യാസ പദ്ധതിയില്‍ രണ്ട് നിലയില്‍ വിദ്യാര്‍ത്ഥികളുടെ ചിന്തകളെ തെറ്റിച്ച് ബഹുദൈവരാധനയുമായി ഇണക്കാനുള്ള പരിശ്രമം നടത്തുന്നു. 1. ഹൈന്ദവ പൗരാണിക കഥകള്‍ അംഗീകൃത യാഥാര്‍ത്ഥ്യങ്ങളെപ്പോലെ കൊച്ച് കുട്ടികളുടെ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുന്നു. വേദങ്ങളുടെ വിവിധ ഭാഗങ്ങളും അതില്‍ പെടുത്തുന്നു. മുമ്പ് പാഠ്യപദ്ധതിയില്‍ ഇതര മത വ്യക്തിത്വങ്ങളുടെ അനുസ്മരണങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ അതും ഒഴിവാക്കി. ഊഹാപോഹങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള പൗരാണിക ചരിത്രങ്ങളെ യഥാര്‍ത്ഥ സംഭവങ്ങളെന്ന ശൈലിയില്‍ പഠിപ്പിക്കുന്നു. ചിരി വരുന്ന കാര്യങ്ങള്‍ക്ക് ശാസ്ത്രീയ സത്യങ്ങളുടെ പരിവേഷം നല്‍കുന്നു. ഗണേഷ് ജിയുടെ വിഗ്രഹത്തെ പ്ലാസ്റ്റിക് സര്‍ജറിയുമായി ബന്ധിപ്പിച്ചതും ഹനുമാന്‍ ജിയുടെ യാത്രയെ ബഹിരാകാശ യാത്രയായി വ്യാഖ്യാനിച്ചതും ഗോ മൂത്രത്തെ സിദ്ധൗഷധവുമായി പ്രഖ്യാപിച്ചതും അതില്‍ പെട്ടതാണ്. 2. സാംസ്കാരിക പരിപാടികളെന്ന പേരില്‍ കുട്ടികളെക്കൊണ്ട് സരസ്വതി വന്ദനം നടത്തിക്കുകയും അതിനെ വിജ്ഞാന ദേവിയായി പരിചയപ്പെടുത്തുകയും ചെയ്യുന്നു. ലക്ഷമി ദേവിയെ ആഹാര ദൈവമായി പരിചയപ്പെടുത്തുകയും അതിനെ പൂജിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ദുര്‍ഗാപൂജ പ്രാധാന്യത്തോടെ നടത്തിക്കുകയും അതിനെ ശക്തിയുടെ ദൈവമായി ചിത്രീകരിക്കുകയും ചെയ്യുന്നു. പരിശുദ്ധ ഖുര്‍ആനില്‍ ഏറ്റവും ശക്തമായും വ്യക്തമായും പറഞ്ഞിരിക്കുന്ന കാര്യം തൗഹീദാണ്. പടച്ചവന്‍റെ അസ്തിത്വം പോലെ തിരുഗുണങ്ങളിലും പങ്കാളികളില്ലായെന്ന് ഖുര്‍ആന്‍ ശക്തിയുക്തം വിവരിക്കുന്നു. 

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹൈന്ദവ ദേവി-ദേവതകളുടെയും മുസ്ലിംകളോട് പോരാടിയ രാജാക്കന്മാരുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. മഹാറാണ പ്രതാപ്, പ്രഥവിരാജ്, ശിവജി മഹാരാജ് തുടങ്ങിയവരുടെ അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും അടങ്ങിയ സംഭവങ്ങളും പ്രചരിപ്പിക്കുന്നു. എന്നാല്‍ ഇവരില്‍ പലരും പരാജയപ്പെട്ടവരാണ്. അവരില്‍ തന്നെ പലരും ഇസ്ലാമിനോടും മുസ്ലിംകളോടും വളരെ നല്ല സമീപനം പുലര്‍ത്തിയവരുമാണ്. ഇതുപോലെ ലോക ചരിത്രത്തില്‍ നിന്നും മുസ്ലിം യുഗത്തെയും ഒഴിവാക്കിയിട്ടുണ്ട്. അത്യാവശ്യമുള്ള സ്ഥലങ്ങളില്‍ പേരുകള്‍ക്ക് മാറ്റം വരുത്തിയിരിക്കുന്നു. ഉദാഹരണത്തിന് യൂറോപ്പിലെ മുസ്ലിം മുന്നേറ്റ കാലഘട്ടത്തിന് ഡാര്‍ക്ക്ഏജ് (ഇരുണ്ടയുഗം) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചുരുക്കത്തില്‍ ഇസ്ലാമിനെയും മുസ്ലിംകളെയും പരിപൂര്‍ണ്ണമായി പാഠ്യപദ്ധതിയില്‍ നിന്നും ഒഴിവാക്കുക മാത്രമല്ല, ഇസ്ലാമിനെതിരായ ധാരാളം കാര്യങ്ങളെ തിരുകികയറ്റാന്‍ അതിസമര്‍ത്ഥമായ പരിശ്രമമാണ് നടത്തിയിരിക്കുന്നത്. 

ഇത് ആരുടെയെങ്കിലും കുറ്റങ്ങള്‍ വെറുതെ പറയാന്‍ വേണ്ടി മാത്രം പറയുന്നതല്ല. ഇത്തരമൊരു സാഹചര്യത്തില്‍ നാം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും ഈ നിഗൂഢ പദ്ധതികളൊന്നും വിജയിക്കുകയില്ലെന്ന് മാത്രമല്ല, അടുത്ത തലമുറയ്ക്ക് മഹത്തായ ഭാവി ലഭ്യമാകുന്നതുമാണ്. അതിന് നാം ചെയ്യേണ്ട കാര്യങ്ങള്‍ താഴെ കൊടുക്കുന്നു: 
1. സഹോദരങ്ങള്‍ സ്ഥാപിച്ച സ്കൂളുകളെ സജീവമാക്കാന്‍ പരിശ്രമിക്കുകയും ആവശ്യമുള്ള സ്ഥലങ്ങളില്‍ ധാരാളമായി സ്കൂളുകള്‍ സ്ഥാപിക്കുകയും ചെയ്യുക. പ്രത്യേകിച്ചും പണ്ഡിതരും മദ്റാസ ഭാരവാഹികളും ദീനീ സംഘടനകളും കാലിക പാഠശാലകള്‍ സ്ഥാപിക്കാന്‍ മുന്നോട്ട് വരിക. ഇതില്‍ എല്ലാവരെയും പ്രവേശനത്തിന് സ്വാഗതം ചെയ്യുക. പാഠ്യനിലവാരം ഉയര്‍ത്താന്‍ പരിശ്രമിക്കുക. ആകര്‍ഷകമായ എന്നാല്‍ ശരീഅത്തിനനുസൃതമായ യൂണിഫോം സ്വീകരിക്കുകയും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യുക. 
2. എന്നാല്‍ സ്കൂളുകള്‍ സ്ഥാപിക്കലും ശരിയായ നിലയില്‍ നടത്തലും എളുപ്പമായ കാര്യമല്ല. അതുകൊണ്ട് ഇത് നടത്താന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ കാലികവും മതപരവുമായ പാണ്ഡിത്യമുള്ളവരുടെ ഒരു കൂട്ടത്തെ തയ്യാറാക്കാന്‍ ഓരോ പ്രദേശങ്ങളിലുമുള്ള പണ്ഡിതരും നേതാക്കളും മുന്നോട്ട് വരേണ്ടതാണ്.  ഈ കൂട്ടം ഗവര്‍മെന്‍റ് സ്ഥാപനങ്ങളിലെ വിഷം നിറഞ്ഞ പാഠങ്ങള്‍ക്ക് ശരിയായ ചികിത്സ നല്‍കേണ്ടതാണ്. കുട്ടികള്‍ക്ക് തൗഹീദ് വിശ്വാസത്തെ ശരിയായി മനസ്സിലാക്കിക്കൊടുക്കുകയും വിഗ്രഹരാധനയുടെ ബുദ്ധിരാഹിത്യം വ്യക്തമാക്കുകയും ചെയ്യേണ്ടതാണ്. ഇതിനുവേണ്ടി ആഴ്ചയില്‍ ഒരു ദിവസം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പഠിപ്പിക്കാന്‍ ഉപയുക്തമായ ഒരു പാഠ്യപദ്ധതി തയ്യാറാക്കേണ്ടതാണ്. 
3. മദ്റസാ ഭാരവാഹികള്‍ അവരുടെ മുറ്റത്ത് തന്നെ ഒരു കോച്ചിംഗ് സെന്‍റര്‍ സ്ഥാപിക്കേണ്ടതാണ്. അവിടെ കുട്ടികള്‍ക്ക് സൗജന്യമായോ, നിസാര ഫീസ് വാങ്ങിയോ ട്യൂഷന് സജ്ജീകരണം ചെയ്യുകയും കുട്ടികളെ പരീക്ഷയ്ക്ക് തയ്യാറാക്കുകയും ചെയ്യണം. എന്‍. ഐ. ഓ. എസ് പോലുള്ള പൊതുവായ പാഠ്യപദ്ധതികളും പഠിപ്പിക്കുകയും നല്ല കോച്ചിംഗുകള്‍ വഴിയായി പരീക്ഷയ്ക്ക് തയ്യാറാക്കുകയും വേണം. 
4. മുസ്ലിം വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് ഇസ്ലാമിക വിജ്ഞാനങ്ങള്‍  പകര്‍ന്ന് കൊടുക്കുകയും അപകര്‍ഷതാ ബോധത്തില്‍ നിന്നും അകപ്പെടുന്നതില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്ന പാഠ്യപദ്ധതികള്‍ തയ്യാറാക്കേണ്ടതാണ്. അതിന് ഏതാനും പ്രാര്‍ത്ഥനാ വാചകങ്ങള്‍ പഠിപ്പിച്ചാല്‍ മതിയാകുന്നതല്ല. തൗഹീദ്, ശിര്‍ക്ക്, രിസാലത്ത്, ഇബാദത്തുകള്‍, സാമൂഹ്യ ജീവിതം, ഇടപാടുകള്‍ മുതലായവയെക്കുറിച്ച് അറിവുകള്‍ നല്‍കണം. പ്രവാചക ചരിത്രത്തെയും ഇസ്ലാമിക ചരിത്രത്തെയും കുറിച്ചുള്ള തെറ്റിദ്ധാരണകളെ ദൂരീകരിക്കണം. ഇന്ത്യന്‍ മുസ്ലിംകള്‍ രാജ്യത്ത് ചെയ്ത സേവനങ്ങള്‍ വ്യക്തമാക്കണം. ബാബര്‍, ഗസ്നവി, ഗോറി, ഔറംഗസീബ്, ടിപ്പുസുല്‍ത്താന്‍ മുതലായവരെക്കുറിച്ച് നടത്തുന്ന തെറ്റായ പ്രചരണങ്ങളുടെ യാഥാര്‍ത്ഥ്യം വ്യക്തമാക്കണം. പടച്ചവന്‍റെ അനുഗ്രഹത്താല്‍ ഇതുമായി ബന്ധപ്പെട്ട ധാരാളം കാര്യങ്ങള്‍ മുന്‍ഗാമികള്‍ തയ്യാറാക്കിയിട്ടുണ്ട്. അവയുടെ വെളിച്ചത്തില്‍ ഏതാനും രചനകള്‍ തയ്യാറാക്കി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടതാണ്. 
5. ഉറുദു ഭാഷ പഠിക്കലും പ്രചരിപ്പിക്കലും കാലഘട്ടത്തിന്‍റെ വലിയൊരു ആവശ്യമാണ്. ഇതിലെ 75 ശതമാനം പദങ്ങളും അറബിയില്‍ നിന്നും ഫാരിസിയില്‍ നിന്നും എടുത്തിട്ടുള്ളതാണ്. ഖുര്‍ആനിക പദങ്ങള്‍ ഇതില്‍ ധാരാളമുണ്ട്. അറബി ഭാഷയ്ക്ക് ശേഷം ഇസ്ലാമിക വിജ്ഞാനങ്ങള്‍ ഉയര്‍ന്ന് നില്‍ക്കുന്നത് ഉറുദു ഭാഷയിലാണ്. അതുകൊണ്ട് ഉറുദു ഭാഷ പഠിപ്പിക്കാനും അതില്‍ സംസാരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
6. ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ സൗകര്യം പോലെ ദീനീ മദ്റസകളിലേക്ക് ക്ഷണിക്കുകയും പരിശുദ്ധ ഖുര്‍ആന്‍ കുറച്ച് ഭാഗമെങ്കിലും മനനം ചെയ്യിക്കാനും ദീനീ കാര്യങ്ങള്‍ പഠിപ്പിക്കാനും ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ചും വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ വെക്കേഷന്‍ സമയങ്ങളെ പ്രയോജനപ്പെടുത്തുകയും അവര്‍ക്ക് സ്നേഹത്തോടെ ശിക്ഷണങ്ങള്‍ നല്‍കുകയും ചെയ്താല്‍ വലിയ നന്മകള്‍ പ്രകടമാകുന്നതാണ്.    

*************




മആരിഫുല്‍ ഖുര്‍ആന്‍ 

സൂറത്തുയാസീന്‍ 
അവസാന ഭാഗം
 
(83 ആയത്തുകള്‍, പദങ്ങള്‍ 739, അക്ഷരങ്ങള്‍ 3090, മക്കാമുകര്‍റമയില്‍ അവതരണം. എന്നാല്‍ 45-ാം ആയത്ത് മദീനമുനവ്വറയില്‍ അവതരിച്ചു. 5 റുകൂഅ്. അവതരണ ക്രമം 41. പാരായണ ക്രമം 36. സൂറത്തുല്‍ജിന്നിന് ശേഷം അവതരണം)

പടച്ചവന്‍റെ അനുഗ്രഹങ്ങള്‍, 
ചില സംശയങ്ങള്‍ക്കുള്ള മറുപടികള്‍ 

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


ആയത്ത് 76-83

فَلَا يَحْزُنكَ قَوْلُهُمْ ۘ إِنَّا نَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ (76) أَوَلَمْ يَرَ الْإِنسَانُ أَنَّا خَلَقْنَاهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ (77) وَضَرَبَ لَنَا مَثَلًا وَنَسِيَ خَلْقَهُ ۖ قَالَ مَن يُحْيِي الْعِظَامَ وَهِيَ رَمِيمٌ (78) قُلْ يُحْيِيهَا الَّذِي أَنشَأَهَا أَوَّلَ مَرَّةٍ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ (79) الَّذِي جَعَلَ لَكُم مِّنَ الشَّجَرِ الْأَخْضَرِ نَارًا فَإِذَا أَنتُم مِّنْهُ تُوقِدُونَ (80) أَوَلَيْسَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ بِقَادِرٍ عَلَىٰ أَن يَخْلُقَ مِثْلَهُم ۚ بَلَىٰ وَهُوَ الْخَلَّاقُ الْعَلِيمُ (81) إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ (82) فَسُبْحَانَ الَّذِي بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَإِلَيْهِ تُرْجَعُونَ (83)

അവരുടെ സംസാരങ്ങള്‍ കേട്ട് താങ്കള്‍ ദു:ഖിക്കരുത്. രഹസ്യമായും പരസ്യമായും അവര്‍ പ്രവര്‍ത്തിക്കുന്നതും പറയുന്നതും തീര്‍ച്ചയായും നാം അറിയുന്നുണ്ട്.(76) മനുഷ്യനെ ഒരു ഇന്ദ്രിയത്തുള്ളിയില്‍ നിന്നും നാം പടച്ചതാണ് എന്ന കാര്യം മനുഷ്യന്‍ ചിന്തിക്കുന്നില്ലേ? ഇപ്പോള്‍ അവന്‍ വ്യക്തമായ ഒരു താര്‍ക്കികനായി മാറിയിരിക്കുന്നു!(77) നമ്മുടെ വിഷയത്തില്‍ അവന്‍ ഒരു അത്ഭുത ഉദാഹരണം പറയുന്നു. അവനെ സൃഷ്ടിച്ച കാര്യം അവന്‍ മറന്നുപോയി. ഈ എല്ലുകള്‍ നുരുമ്പി നശിച്ചതിനു ശേഷം അതില്‍ ആരാണു ജീവന്‍ ഇടുന്നതെന്ന് അവന്‍ ചോദിക്കുന്നു.(78) പറയുക: ആദ്യപ്രാവശ്യം അതിനെ ഉണ്ടാക്കിയവന്‍ തന്നെ അതിന് ജീവന്‍ നല്‍കുന്നതാണ്. അവന്‍ എല്ലാ സൃഷ്ടികളെക്കുറിച്ചും നന്നായി അറിവുള്ളവനാണ്.(79) അവന്‍ ഹരിത വൃക്ഷത്തില്‍ നിന്നും നിങ്ങള്‍ക്ക് തീ ഉണ്ടാക്കിത്തന്നു. അപ്പോള്‍ നിങ്ങള്‍ അതില്‍ നിന്നും തീ കത്തിക്കുന്നു.(80) ആകാശഭൂമികളെ പടച്ചവന്‍ മനുഷ്യരെപ്പോലുള്ളതിനെ പടയ്ക്കാന്‍ കഴിവുള്ളവനല്ലേ? തീര്‍ച്ചയായും കഴിവുള്ളവനാണ്. അല്ലാഹു എല്ലാം സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനുമാണ്.(81) അല്ലാഹു എന്തെങ്കിലും തീരുമാനിക്കുമ്പോള്‍ ഉണ്ടാകൂ എന്ന് പറയുക മാത്രമാണ് അല്ലാഹുവിന്‍റെ കാര്യം. അപ്പോള്‍ അത് ഉണ്ടായിത്തീരും.(82) ആകയാല്‍ അല്ലാഹു പരമപരിശുദ്ധനാണ്. അവന്‍റെ കൈയിലാണ് സകലവസ്തുക്കളുടെയും ആധിപത്യം. നിങ്ങള്‍ എല്ലാവരും അവനിലേക്ക് തന്നെ മടക്കപ്പെടുന്നതാണ്.(83) 

ആശയ സംഗ്രഹം
പടച്ചവന്‍റെ ഏകത്വത്തെയും പ്രവാചകന്‍റെ പ്രവാചകത്വത്തെയും വളരെയധികം വ്യക്തമായ നിലയില്‍ വിളിച്ചറിയിക്കുന്ന ഈ തെളിവുകളെയും സന്ദേശങ്ങളെയും എതിര്‍ക്കുന്ന  അവരുടെ സംസാരങ്ങള്‍ കേട്ട് താങ്കള്‍ ദു:ഖിക്കരുത്. കാരണം അവര്‍ ബുദ്ധിയും നീതിയുമുള്ളവരല്ല. ബുദ്ധിയും നീതിയും ഉള്ളവരില്‍ നിന്ന് മാത്രമേ സദുപദേശം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതുള്ളൂ. പിന്നെ എന്തിന് താങ്കള്‍ ഇവരുടെ നിഷേധം കണ്ട് ദു:ഖിക്കണം? അടുത്തതായി, മറ്റൊരു ശൈലിയില്‍ റസൂലുല്ലാഹി (സ)യെ ആശ്വസിപ്പിച്ചുകൊണ്ട് പറയുന്നു:  അവര്‍ മനസ്സില്‍ രഹസ്യമാക്കിവെച്ചതും നാവിലൂടെ പരസ്യമാക്കുന്നതുമായ എല്ലാ കാര്യങ്ങളും തീര്‍ച്ചായും നാം അറിയുന്നുണ്ട്. നിശ്ചിത സമയത്ത് അതിനുള്ള ശിക്ഷ അവര്‍ക്ക് ലഭിക്കുന്നതാണ്. മനുഷ്യനെ ഒരു നിസാരമായ ഇന്ദ്രിയത്തുള്ളിയില്‍ നിന്നും നാം പടച്ചതാണ് എന്ന കാര്യം പരലോകത്തെ നിഷേധിക്കുന്ന മനുഷ്യന്‍ ചിന്തിക്കുന്നില്ലേ? തുടക്കത്തെക്കുറിച്ച് ഓര്‍ക്കുകയും തന്‍റെ നിസാരതയും സ്രഷ്ടാവിന്‍റെ മഹത്വവും മനസ്സിലാക്കുകയും ചെയ്യുന്നവര്‍ വിനയാന്വിതനായി തല താഴ്ത്തുകയും ധിക്കാരങ്ങളില്‍ നിന്നും അകന്ന് മാറുകയും ചെയ്യുന്നതാണ്. അതുപോലെ സ്വന്തം അവസ്ഥയില്‍ ചിന്തിച്ചാല്‍ മരണത്തിന് ശേഷം രണ്ടാമത് ജീവിപ്പിക്കാന്‍ പടച്ചവന് പരിപൂര്‍ണ്ണ കഴിവുണ്ടെന്ന് മനസ്സിലാകുന്നതാണ്. എന്നാല്‍ മനുഷ്യന്‍ അപ്രകാരം ചെയ്യാതെ അവന്‍ വ്യക്തമായ ഒരു താര്‍ക്കികനായി മാറിയിരിക്കുന്നു! അവന്‍റെ തര്‍ക്കം ഇപ്രകാരമാണ്: നമ്മുടെ വിഷയത്തില്‍ അവന്‍ ഒരു അത്ഭുത ഉദാഹരണം പറയുന്നു. പടച്ചവന്‍റെ കഴിവിനെ നിഷേധിക്കുന്നത് കൊണ്ടാണ് ഈ ഉദാഹരണത്തെക്കുറിച്ച് അത്ഭുതമെന്ന് പറഞ്ഞത്. എന്നാല്‍ അവനെ സൃഷ്ടിച്ച കാര്യം അവന്‍ മറന്നുപോയി. അതെ, നിന്ദ്യമായ ഒരു ഇന്ദ്രിത്തില്‍ നിന്നുമാണ് അവനെ ഒരു സമ്പൂര്‍ണ്ണ മനുഷ്യനായി പടച്ചത്. ഈ എല്ലുകള്‍ നുരുമ്പി നശിച്ചതിനു ശേഷം അതില്‍ ആരാണു ജീവന്‍ ഇടുന്നതെന്ന് അവന്‍ ചോദിക്കുന്നു. താങ്കള്‍ മറുപടി പറയുക: ആദ്യപ്രാവശ്യം അതിനെ ഉണ്ടാക്കിയവന്‍ തന്നെ അതിന് ജീവന്‍ നല്‍കുന്നതാണ്. ആദ്യ പ്രാവശ്യം ഉണ്ടാക്കിയപ്പോള്‍ ഈ എല്ലുകള്‍ക്ക്  ജീവിതവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ഇപ്പോള്‍ ജീവിതവുമായി ഒരുതരം ബന്ധമുണ്ടായിക്കഴിഞ്ഞു. ഇനി അതില്‍ ജീവന്‍ നല്‍കാന്‍ എന്ത് പ്രയാസമാണുള്ളത്? അല്ലാഹു എല്ലാ സൃഷ്ടിപ്പുകളെക്കുറിച്ചും നന്നായി അറിവുള്ളവനാണ്. അതായത്, ആരംഭത്തില്‍ എന്തിനെയെങ്കിലും ഉണ്ടാക്കുന്നതും ഉണ്ടായതിനെ ഇല്ലാതാക്കി രണ്ടാമതും ഉണ്ടാക്കുന്നതിനും അറിവും കഴിവുമുള്ളവനാണ്. അവന്‍ ഹരിത വൃക്ഷത്തില്‍ നിന്നും നിങ്ങള്‍ക്ക് തീ ഉണ്ടാക്കിത്തന്നു. അപ്പോള്‍ നിങ്ങള്‍ അതില്‍ നിന്നും തീ കത്തിക്കുന്നു. ആദ്യകാലത്ത് അറേബ്യയില്‍ രണ്ട് വൃക്ഷങ്ങളുണ്ടായിരുന്നു. അവകള്‍ ഉരസിയാണ് ജനങ്ങള്‍ തീ കത്തിച്ചിരുന്നത്. അതെ, ജലാംശമുള്ള വൃക്ഷത്തില്‍ നിന്നും തീയുണ്ടാക്കാന്‍ കഴിവുള്ളവന്‍ ഇതര വസ്തുക്കള്‍ക്ക് ജീവന്‍ പകരാന്‍ പരിപൂര്‍ണ്ണ കഴിവുള്ളവനാണ്.  ആകാശഭൂമികളെ പടച്ചവന്‍ മനുഷ്യരെപ്പോലുള്ളതിനെ രണ്ടാമതും പടയ്ക്കാന്‍ കഴിവുള്ളവനല്ലേ? തീര്‍ച്ചയായും കഴിവുള്ളവനാണ്. അല്ലാഹു എല്ലാം സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനുമാണ്. അല്ലാഹു എന്തിനെയെങ്കിലും ഉണ്ടാക്കാന്‍ തീരുമാനിക്കുമ്പോള്‍ ഉണ്ടാകൂ എന്ന് പറയുക മാത്രമാണ് അല്ലാഹുവിന്‍റെ കാര്യം. അപ്പോള്‍ അത് ഉണ്ടായിത്തീരും. ആകയാല്‍ അല്ലാഹു പരമപരിശുദ്ധനാണ്. അവന്‍റെ കൈയിലാണ് സകലവസ്തുക്കളുടെയും ആധിപത്യം. നിങ്ങള്‍ എല്ലാവരും മരണാനന്തരം അവനിലേക്ക് തന്നെ മടക്കപ്പെടുന്നതാണ്.

വിവരണവും വ്യാഖ്യാനവും
മനുഷ്യനെ ഒരു ഇന്ദ്രിയത്തുള്ളിയില്‍ നിന്നും നാം പടച്ചതാണ് എന്ന കാര്യം മനുഷ്യന്‍ ചിന്തിക്കുന്നില്ലേ? ഇപ്പോള്‍ അവന്‍ വ്യക്തമായ ഒരു താര്‍ക്കികനായി മാറിയിരിക്കുന്നു!(77) ഈ സൂറത്തിന്‍റെ അവസാനത്തെ അഞ്ച് ആയത്തുകള്‍ ഒരു പ്രത്യേക സംഭവുമായി ബന്ധപ്പെട്ട് അവതരിച്ചതാണ്. ഇബ്നു അബ്ബാസ് (റ) പറയുന്നു: ആസിബ്നു വാഇല്‍ അല്ലെങ്കില്‍ ഉബയ്യുബ്നു ഖലഫ് മക്കയിലെ മണല്‍ പ്രദേശത്ത് വെച്ച് ഒരു പഴയ എല്ലിന്‍ കഷണം എടുത്തു. അതിനെ കൈകൊണ്ട് പൊടിച്ച ശേഷം റസൂലുല്ലാഹി (സ)യോട് പറഞ്ഞു: ഈ അവസ്ഥയിലുള്ള എല്ലിനെ അല്ലാഹു രണ്ടാമതും ജീവിപ്പിക്കുമോ? റസൂലുല്ലാഹി (സ) അരുളി: അതെ, അല്ലാഹു അതിന് കഴിവുള്ളവനാണ്. അല്ലാഹു നിന്നെ മരിപ്പിക്കുകയും ശേഷം ജീവിപ്പിക്കുകയും തുടര്‍ന്ന് നിന്നെ നരകത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. (ഇബ്നു കസീര്‍) 
* മനുഷ്യരെക്കുറിച്ച് വ്യക്തമായ താര്‍ക്കികന്‍ എന്ന് പറഞ്ഞത്, നിന്ദ്യമായ ഇന്ദ്രിയത്തില്‍ നിന്നും പടയ്ക്കപ്പെട്ട മനുഷ്യന്‍ പരസ്യമായി പടച്ചവനെ എതിര്‍ക്കുകയും പടച്ചവന്‍റെ ശക്തിയെ നിഷേധിക്കുകയും ചെയ്തതുകൊണ്ടാണ്. 
നമ്മുടെ വിഷയത്തില്‍ അവന്‍ ഒരു അത്ഭുത ഉദാഹരണം പറയുന്നു. അവനെ സൃഷ്ടിച്ച കാര്യം അവന്‍ മറന്നുപോയി! ഉദാരഹണം എന്നതുകൊണ്ടുള്ള ഉദ്ദേശം മേല്‍ പറയപ്പെട്ട സംഭവമാണ്. നുരുമ്പിയ എല്ല് കൈകൊണ്ട് പൊടിച്ചതിന് ശേഷം അതിന് രണ്ടാമത് ജീവന്‍ നല്‍കുന്നതിനെ അവന്‍ അസംഭവ്യമായി കാണുന്നു. * എന്നാല്‍ ഈ ഉദാഹരണം പറയുന്ന സമയത്ത് അവന്‍റെ സ്വന്തം സൃഷ്ടിപ്പിന്‍റെ കാര്യം മറന്നുപോയി. നിന്ദ്യമായ ഒരു തുള്ളി ഇന്ദ്രിയത്തില്‍ നിന്നും പടയ്ക്കപ്പെടുകയും ശേഷം ജീവന്‍ നല്‍കപ്പെടുകയും ചെയ്തവനാണ് മനുഷ്യന്‍. സ്വന്തം യാഥാര്‍ത്ഥ്യത്തെ അവന്‍ മറക്കാതിരുന്നെങ്കില്‍ ഇത്തരം ഉദാഹരണങ്ങള്‍ പറഞ്ഞ് പടച്ചവന്‍റെ കഴിവിനെ നിഷേധിക്കാന്‍ അവന്‍ ധൈര്യപ്പെടുകയില്ലായിരുന്നു. 
അവന്‍ ഹരിത വൃക്ഷത്തില്‍ നിന്നും നിങ്ങള്‍ക്ക് തീ ഉണ്ടാക്കിത്തന്നു. അപ്പോള്‍ നിങ്ങള്‍ അതില്‍ നിന്നും തീ കത്തിക്കുന്നു.(80) അറേബ്യയില്‍ മുര്‍ഖ്, ഗിഫാര്‍ എന്നീ രണ്ട് വൃക്ഷങ്ങളുണ്ടായിരുന്നു. അറബികള്‍ ഇവ രണ്ടില്‍ നിന്നും മിസ്വാക്കിന്‍റെ രൂപത്തില്‍ മുറിച്ചെടുക്കുമായിരുന്നു. ജലാംശം നിറഞ്ഞ് നില്‍ക്കുന്ന ഈ രണ്ട് വൃക്ഷങ്ങളുടെ അംശങ്ങള്‍ പരസ്പരം ഉരസുമ്പോള്‍ തീയുണ്ടാകുമായിരുന്നു. ഹരിത വൃക്ഷത്തില്‍ നിന്നും തീയുണ്ടാക്കി എന്നതുകൊണ്ടുള്ള വിവക്ഷ അതാണ്. (ഖുര്‍തുബി) ഓരോ വൃക്ഷങ്ങളുടെയും തുടക്കം ഹരിത പൂര്‍ണ്ണമായിരിക്കുമെങ്കിലും അവസാനം ഉണങ്ങി തീവെക്കപ്പെടാന്‍ പാകത്തിലാകുന്നതാണ്. ഇതനുസരിച്ച് ഈ ആയത്തിലെ ഉദ്ദേശം എല്ലാ വൃക്ഷങ്ങളുമാണെന്ന് പറയാവുന്നതാണ്. മറ്റൊരിടത്ത് ഇതിനെ സൂചിപ്പിച്ചുകൊണ്ട് പറയുന്നു: ........... (വാഖിഅ 71-74) എന്നാല്‍ ഇവിടുത്തെ ആയത്തില്‍ വൃക്ഷം എന്നതിനോടൊപ്പം ഹരിത വൃക്ഷം എന്ന് കൂടി എടുത്ത് പറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഇവിടുത്തെ ഉദ്ദേശം ഹരിത പൂര്‍ണ്ണമായിട്ടും തീ കത്തിക്കാന്‍ സഹായകരമാകുന്ന വൃക്ഷങ്ങളാണെന്ന് പറയുന്നതാണ് ഉത്തമം. 
അല്ലാഹു എന്തെങ്കിലും തീരുമാനിക്കുമ്പോള്‍ ഉണ്ടാകൂ എന്ന് പറയുക മാത്രമാണ് അല്ലാഹുവിന്‍റെ കാര്യം. അപ്പോള്‍ അത് ഉണ്ടായിത്തീരും.(82) അതായത് അല്ലാഹു എന്തെങ്കിലും ഉണ്ടാക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ മനുഷ്യ നിര്‍മ്മാണത്തെപ്പോലെ ആദ്യം അതിന്‍റെ സാധന സാമഗ്രികള്‍ ഒരുമിച്ച് കൂട്ടുകയും ശേഷം നിര്‍മ്മാതാക്കളെ സംഘടിപ്പിക്കുകയും തുടര്‍ന്ന് കുറേകാലം ജോലി നടത്തുകയും ചെയ്യേണ്ടിവരുന്നതല്ല. മറിച്ച് അല്ലാഹു എന്തെങ്കിലും വസ്തുവിനെ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ ഉണ്ടാകൂ എന്ന് കല്‍പ്പന നല്‍കിയാല്‍ മാത്രം മതിയാകുന്നതാണ്. ഈ കല്‍പ്പനയുണ്ടായാല്‍ ഉടനടി ആ കാര്യം നിലവില്‍ വരുന്നതാണ്. ഇവിടെ ഉടനടി ഉണ്ടാകും എന്നതുകൊണ്ടുള്ള ഉദ്ദേശം സാക്ഷാല്‍ ഉടനടിയല്ല, മറിച്ച് പടച്ചവന്‍റെ തന്ത്രജ്ഞതയ്ക്ക് അനുസൃതമായി ഉണ്ടാകുമെന്നാണ്. അത് ഉടനടി ഉണ്ടാകമെന്നാണെങ്കില്‍ ഉടനടിയും അല്‍പ്പം കഴിഞ്ഞ ഉണ്ടാകണമെന്നാണെങ്കില്‍ അങ്ങനെയും ഉണ്ടാകുന്നതാണ്. ചിലപ്പോള്‍ പതുക്കെ ഉണ്ടാകേണ്ട കാര്യങ്ങളെക്കുറിച്ച് ആദ്യം അല്ലാഹു ഉണ്ടാകൂ എന്ന തീരുമാനം പറയുകയും ശേഷം ഓരോ ഘട്ടത്തിന് അനുസൃതമായി ഓരോ അവസ്ഥകളെക്കുറിച്ച് ഉണ്ടാകൂ എന്ന നിര്‍ദ്ദേശം നല്‍കിക്കൊണ്ടിരിക്കുന്നതുമാണ്. 
അല്ലാഹുവിന്‍റെ അനുഗ്രഹ കാരുണ്യങ്ങളാല്‍ 1392 സഫര്‍ 28 വ്യാഴാഴ്ച ദിവസം ഈ സൂറത്ത് അവസാനിച്ചു. പരിശുദ്ധ ഖുര്‍ആനിന്‍റെ ഏഴ് ഹിസ്ബുകളില്‍ അഞ്ചാമത്തെ ഹിസ്ബ് ഇതോടെ പൂര്‍ത്തിയായിരിക്കുകയാണ്. ആദ്യവസാനങ്ങളിലും രഹസ്യ പരസ്യങ്ങളിലും സര്‍വ്വ സ്തുതിയും അല്ലാഹുവിന് തന്നെയാകുന്നു. 


*********



 മആരിഫുല്‍ ഹദീസ് 

 നമസ്കാരത്തിന് ശേഷമുള്ള ദുആ
 മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

113. സൈദുബ്നു അര്‍ഖം (റ) പറയുന്നു റസൂലുല്ലാഹി (സ) എല്ലാ നമസ്കാരങ്ങള്‍ക്കു ശേഷവും ഇപ്രകാരം ദുആ ഇരക്കുമായിരുന്നു:...................... "ഞങ്ങളുടെയും മറ്റെല്ലാ വസ്തുക്കളുടെയും പരിപാലകനായ അല്ലാഹുവേ! നീ മാത്രമാണ് ഉടമസ്ഥനെന്നും നിനക്ക് പങ്ക് കാരില്ലെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. ഞങ്ങളുടെയും മറ്റെല്ലാ വസ്തുക്കളുടെയും പരിപാലകനായ അല്ലാഹുവേ! തീര്‍ച്ചയായും മുഹമ്മദ് (സ) നിന്‍റെ അടിമയും ദൂതനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. ഞങ്ങളുടെയും മറ്റെല്ലാ വസ്തുക്കളുടെയും പരിപാലകനായ അല്ലാഹുവേ! തീര്‍ച്ചയായും നിന്‍റെ അടിമകള്‍ അടിമത്വ ബന്ധത്താല്‍ പരസ്പരം സഹോദരങ്ങളാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. ഞങ്ങളുടെയും മറ്റെല്ലാ വസ്തുക്കളുടെയും പരിപാലകാനായ അല്ലാഹുവെ എന്നെയും എന്‍റെ ബന്ധുക്കളെയും ദുന്‍യാവിലെയും ആഖിറത്തിലെയും ഓരോ നിമിഷങ്ങളിലും നിന്നോട് ആത്മാര്‍ത്ഥ പുലര്‍ത്തുന്നവര്‍ ആക്കേണമെ! മഹത്വത്തിനും ആദരവിനും ഉടമസ്ഥനായവനെ! എന്‍റെ ദുആ കേള്‍ക്കുകയും സ്വീകരിക്കുകയും ചെയ്യേണമെ! അല്ലാഹുവാണ് ഏറ്റവും വലിയവന്‍. അവന്‍ മഹോന്നതനാണ്. അവന്‍ ആകാശ ഭൂമികളുടെ പ്രകാശമാണ്. അല്ലാഹു ആണ് ഏറ്റവും വലിയവന്‍. അല്ലാഹു ആണ് ഏറ്റവും വലിയവന്‍. അല്ലാഹു എനിക്ക് മതിയായവന്‍ ആണ്. എത്ര നല്ല അവലംബമാണ് അവന്‍. ഏറ്റവും വലിയവന്‍ അല്ലാഹു തന്നെ. ഏറ്റവും വലിയവന്‍ അല്ലാഹു തന്നെ. (സുനനു അബൂദാവൂദ്) 
വിവരണം: ദുആ രണ്ട് വിഭാഗമാണ്. 1. ഇഹപര നന്മകള്‍ ചോദിച്ചും ഉപദ്രവങ്ങളില്‍ നിന്നും കാവല്‍ തേടിക്കൊണ്ടുമുള്ളവ. 2. അല്ലാഹുവിന്‍റെ മഹത്വങ്ങളും അറ്റമില്ലാത്ത ഔദാര്യങ്ങളും അനുസ്മരിച്ച് കൊണ്ട് അവന്‍റെ സാമിപ്യം തേടുന്നവ. ഇവിടെ ഉദ്ധരിക്കപ്പെട്ട രണ്ടാം വിഭാഗത്തില്‍ പെട്ടതാണ്. ഇതിന് മുമ്പ് വിവരിച്ച ധാരാളം ദുആകളുടെ പ്രധാന ഭാഗവും ഇത് തന്നെയാണ്.
114. ബറാഉബ്നു ആസിബ് (റ) പറയുന്നു: നബി (സ) യുടെ പിന്നില്‍ നമസ്കരിക്കുമ്പോള്‍ തങ്ങളുടെ വലതു ഭാഗത്ത് നില്‍ക്കുവാന്‍ ഞങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നു. നബി (സ) നമസ്കാരത്തിന് ശേഷം ഞങ്ങളുടെ ഭാഗത്തേക്ക് തിരിഞ്ഞിരുന്ന് കൊണ്ട് ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു: അല്ലാഹുവേ! നിന്‍റെ അടിമകളെ പുനര്‍ജീവിപ്പിക്കുന്ന ദിവസം നിന്‍റെ ശിക്ഷയില്‍ നിന്നും എന്നെ സംരക്ഷിക്കേണമെ! (സ്വഹീഹു മുസ്ലിം) വിവരണം: നബി (സ) നമസ്കാരത്തിന് ശേഷം വലതു ഭാഗത്തേക്ക് തിരിഞ്ഞിരിക്കുമായിരുന്നു എന്ന് ബറാഉബ്നു ആസിബ് (റ) വിന്‍റെ വിവരണത്തില്‍ നിന്നും മനസ്സിലാകുന്നു എന്നാല്‍ സ്വഹീഹുല്‍ ബുഖാരിയില്‍ സമുറത്ത്ബുനു ജുന്‍ദുബ് (റ) വില്‍ നിന്നും ഉദ്ധരിക്കപ്പെട്ട ഹദീസില്‍ നബി (സ) മഅ്മൂമുകളുടെ നേരെ തിരിഞ്ഞിരിക്കുമായിരുന്നു എന്ന് വന്നിട്ടുണ്ട്. പ്രത്യക്ഷത്തില്‍ ഇവതമ്മില്‍ വൈരുദ്ധ്യം തോന്നാമെങ്കിലും യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്ന് മനസ്സിലാക്കുന്നു. അതായത് നബി (സ) മഅ്മൂമുകളുടെ നേരെ ഇരിക്കുന്നത് വലതുഭാഗത്തോട്ട് അല്‍പം ചരിഞ്ഞായിരുന്നു. 
115. അബൂബക്റ (റ) പറയുന്നു നബി (സ) നമസ്കാരങ്ങള്‍ക്ക് ശേഷം ഇപ്രകാരം പറയുമായിരുന്നു" അല്ലാഹുവെ! സത്യ നിഷേധം, ദാരിദ്ര്യം, ഖബര്‍ ശിക്ഷ എന്നിവയില്‍ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. (തിര്‍മിദി) 
116. അലിയ്യുബ്നു അബീത്വാലിബ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) നമസ്കാരത്തില്‍ നിന്നും സലാം വീട്ടിയ ശേഷം ഇപ്രകാരം ദുആ ചെയ്യുമായിരുന്നു: ................ അല്ലാഹുവേ, ഞാന്‍ മുമ്പ് ചെയ്തതും പിന്നീട് ചെയ്തതും രഹസ്യമാക്കിയതും പരസ്യമാക്കിയതും അമിതമാക്കിയതും എന്നെക്കാള്‍ നിനക്ക് അറിവുള്ളതുമായ എന്‍റെ എല്ലാ പാപങ്ങളും പൊറുത്ത് തരേണമേ. നീ മുന്നിലാക്കുന്നവനും പിന്നിലാക്കുന്നവനുമാണ്. നീ അല്ലാതെ ആരാധനക്കര്‍ഹന്‍ ആരുമില്ല. (അബൂദാവൂദ്)
117. ഉമ്മുസലമ (റ) പറയുന്നു: നബി (സ) ഫജ്ര്‍ നമസ്കാരാനന്തരം ഈ ദുആ പറഞ്ഞിരുന്നു: "അല്ലാഹുവെ! ഞാന്‍ നിന്നോട് പ്രയോജന പ്രദമായ അറിവിനെയും സ്വീകാര്യ യോഗ്യമായ പ്രവര്‍ത്തനങ്ങളെയും പരിശുദ്ധമായ ജീവിത വിഭവങ്ങളെയും ചോദിക്കുന്നു." (റസീന്‍) 
118. മുസ്ലിംബ്നുല്‍ ഹാരിസ് (റ) പറയുന്നു. ഒരിക്കല്‍ നബി (സ) അദ്ദേഹത്തോട് പ്രത്യേക നിലയില്‍ പറഞ്ഞു: മഗ്രിബ് നമസ്കാരാനന്തരം നീ ആരോടെങ്കിലും സംസാരിക്കുന്നതിന് മുമ്പായി ഏഴ് പ്രാവശ്യം ഇപ്രകാരം പറയുക. "അല്ലാഹുമ്മ അജിര്‍നീ മിനന്നാര്‍" (അല്ലാഹുവേ നരക ശിക്ഷയില്‍ നിന്നും നീ എന്നെ സംരക്ഷിക്കേണമെ) എങ്കില്‍ പ്രസ്തുത രാത്രിയില്‍ നീ മരണപ്പെട്ടാല്‍ നിനക്ക് നരകാഗ്നിയില്‍ നിന്നും സംരക്ഷണം ലഭിക്കുന്നതാണ് നീ സുബഹി നമസ്കാരാനന്തരം ഇപ്രകാരം പറഞ്ഞാല്‍ അന്നേ ദിവസം പകല്‍ നീ മരണപ്പെടുകയാണെങ്കില്‍ നരകാഗ്നിയില്‍ നിന്നും നിനക്ക് സംരക്ഷണം ലഭിക്കുന്നതാണ്. (സുനനു അബൂദാവൂദ്) 
119. മുആദ്ബുനു ജബല്‍ (റ) പറയുന്നു: റസൂലുല്ലാഹി (സ) എന്‍റെ കരങ്ങളില്‍ പിടിച്ച് കൊണ്ട് അരുളി: മുആദെ അല്ലാഹുല്‍ സത്യം ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എല്ലാ നമസ്കാരങ്ങള്‍ക്കു ശേഷവും നീ ഇപ്രകാരം പറയണമെന്ന് ഞാന്‍ വസ്വിയ്യത്ത് ചെയ്യുന്നു. "അല്ലാഹുമ്മ അഇന്നീ അലാ ദിക്രിക വ ശുക്രിക വ ഹുസ്നി ഇബാദത്തിക" (അല്ലാഹുവെ നിന്നെ സ്മരിക്കുവാനും നിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുവാനും നിനക്ക് നല്ല നിലയില്‍ ഇബാദത്തുകള്‍ അനുഷ്ടിക്കുവാനും നീ എന്നെ സഹായിക്കേണമെ) (അബൂദാവൂദ്, നസാഈ) 
വിവരണം: വളരെ ചുരുങ്ങിയതും എന്നാല്‍ അങ്ങേയറ്റം പ്രാധാന്യം അര്‍ഹിക്കുന്നതുമായ ദുആയാണിത്. തന്‍റെ സ്നേഹത്തെ മുന്‍ നിര്‍ത്തി ഇത് പതിവാക്കണമെന്ന് മുആദ് (റ) വിനോട് നബി (സ) നിര്‍ബന്ധ പൂര്‍വ്വം കല്‍പിച്ചതില്‍ നിന്നും തന്നെ ഈ ദുആയുടെ പ്രാധാന്യം മനസ്സിലാക്കാം. ഇതിന് മുമ്പുള്ള ഹദീസിലെ ദുആ നബി (സ) മുസ്ലിംബ്നുല്‍ ഹാരിസ് (റ) വിനോട് വളരെ പ്രാധാന്യത്തോടെ കല്‍പിച്ചതാണ്. വളരെ ചുരുങ്ങിയ ഇത്തരം ദുആക്കള്‍ പോലും പതിവാക്കുവാന്‍ സാധിക്കാതിരുന്നത് എത്ര വലിയ ഭാഗ്യക്കേടാണ്.

******


 ജീവചരിത്രം 

മുഫക്കിറുല്‍ ഇസ്ലാം 
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ 
അലി നദ് വി
ജീവിതവും സന്ദേശവും 

മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ്‌വി
 
രോഗം മുതല്‍ വിയോഗം വരെ

രോഗത്തിന്‍റെ കാഠിന്യവും ഹസ്രത്തിന്‍റെ ദൃഢചിത്തതയും 
ഹസ്രത്ത് മൗലാനായുടെ അനാരോഗ്യം വളരെ നാളുകള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിരുനെങ്കിലും അപകടകരമായ രോഗങ്ങളൊന്നും ബാധിച്ചിരുന്നില്ല. യുവത്വത്തിന്‍റെ തുടക്കത്തില്‍ ഉണ്ടായ കഠിനമായ പനിക്ക് ശേഷം ആരോഗ്യമെന്നും ബലഹീനവും ശരീരം ക്ഷീണിച്ചതുമായിരുന്നു. ഇടയ്ക്ക് ചുമ പിടികൂടി പല മരുന്നുകള്‍ കഴിച്ചിട്ടും ഭേദമായില്ല. എന്നാല്‍ ശാമിലെ താമസത്തിനിടയില്‍ കാലാവസ്ഥ വളരെ യോജിച്ചതാവുകയും ചുമ മാറുകയും ചെയ്തു. 1960 ല്‍ ഒരു കടുത്ത രോഗം ബാധിച്ചു. ജേഷ്ടന്‍ ഡോ. അബ്ദുല്‍ അലീം സാഹിബിന്‍റെ മരുന്ന് കാരണം രോഗത്തിന് നല്ല ശമനമുണ്ടായി. വര്‍ഷങ്ങളോളം പ്രസ്തുത ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല. ജേഷ്ടന്‍റെ വിയോഗാനന്തരം പലപ്പോഴും ഈ ബുദ്ധിമുട്ട് ആവര്‍ത്തിച്ചെങ്കിലും മരുന്ന് ആര്‍ക്കുമറിയില്ലായിരുന്നു. 1990 വരെ ഇതിന്‍റെ ബുദ്ധിമുട്ട് ഇടയ്ക്കിടയ്ക്ക് ഉണ്ടാവുകയും പാദം നിലത്ത് കുത്താന്‍ കഴിയാത്ത അവസ്ഥ സംജാതമാവുകയും ചെയ്തിരുന്നു. 1990 ന് ശേഷം ഈ ബുദ്ധിമുട്ട് മാറിയെങ്കിലും മുട്ടിന് കഠിനമായ വേദനയാരംഭിച്ചു. 1960 മുതല്‍ കാഴ്ച്ചക്കുറവ് ആരംഭിച്ചിരുന്നു. അവസാന വര്‍ഷങ്ങളില്‍ ഇത് വളരെയധികം വര്‍ദ്ധിച്ചു. എന്നാല്‍ ഇവകള്‍ക്കിടയിലും യാത്രയുടെ പരമ്പരകള്‍ തുടര്‍ന്നു. 1999 ഫെബ്രുവരി മാസം ദക്ഷിണേന്ത്യയിലേക്ക് നടത്തിയ അവസാന യാത്രയും കഠിനമായ ഈ പ്രയാസങ്ങള്‍ക്കിടയിലായിരുന്നു. യാത്ര കഴിഞ്ഞ് ഏതാനം ദിവസം പിന്നിട്ടപ്പോള്‍ ഹി. 1419 ദുല്‍ഹജ്ജ് 1 (മാര്‍ച്ച് 17) പ്രഭാത സമയത്ത് ശരീരത്തിന്‍റെ വലതു ഭാഗം തളര്‍ന്നു. സംസാരത്തിനും ബുദ്ധിമുട്ടുണ്ടായി. ഹസ്രത്തിന്‍റെ പ്രത്യേക ചികിത്സകന്‍ ഡോ. നസ്ര്‍ അഹ്മദ് സാഹിബ് വന്ന് അടിയന്തര ചികിത്സകള്‍ നടത്തി. വിവിധ ആശുപത്രികളിലെ പ്രധാന ഡോക്ടര്‍മാരും സ്ഥലത്തെത്തി. ഹൃദ്രോഗ വിദഗ്ധന്‍ ഡോ. മന്‍സൂറും വന്നു. ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി ചെക്കപ്പുകള്‍ നടത്തി. ഡോക്ടറുമാര്‍ അവസ്ഥ വളരെ ഗുരുതരമാണെന്ന് അഭിപ്രായപ്പെട്ടു. വര്‍ഷങ്ങളായി ചികിത്സ നടത്തിയിരുന്ന ഡോ. നസ്ര്‍ അഹ്മദും കുടുംബാംഗങ്ങളും സേവകന്മാരും പരിഭ്രമിക്കുകയും കണ്ണീര്‍ വാര്‍ക്കുകയും ചെയ്തു. അവസാനം ഡല്‍ഹിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. കുടുംബാംഗങ്ങള്‍ പ്രത്യേകിച്ചും പ്രിയപ്പെട്ട സഹോദരി പുത്രന്‍ മൗലാനാ മുഹമ്മദ് റാബിഅ് നദ്വി മനസ്സില്ലാമനസ്സോടെ അതിന് തയ്യാറായി. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലേക്ക് വിമാനം തയ്യാറാക്കുകയും ചെയ്തു. രാത്രി 10 മണിക്ക് പോകാന്‍ തീരുമാനിച്ചെങ്കിലും ആരും ഈ വിവരം ഹസ്രത്തിനോട് പറഞ്ഞില്ല. ഡോക്ടര്‍മാര്‍ പറയുന്നത് കേള്‍ക്കുന്ന പതിവുണ്ടെങ്കിലും ഭരണകൂടത്തിന്‍റെ ആനുകൂല്യങ്ങളില്‍ നിന്നും ഹസ്രത്ത് എപ്പോഴും അകന്ന് നിന്നിരുന്നതിനാല്‍ ഇതിന് ഹസ്രത്ത് തയ്യാറാകുമോയെന്ന് എല്ലാവരും ഭയന്നു. ഇതിനിടയില്‍ ഹസ്രത്തിനെ കാണാന്‍ ഒരു പ്രധാന ഉദ്യോഗസ്ഥന്‍ വന്നു. അദ്ദേഹം പറഞ്ഞു : ഡല്‍ഹിയിലേക്ക് പോകാന്‍ വിമാനം ഏര്‍പ്പാടായി. ഉടനെ ഹസ്രത്ത് ചോദിച്ചു: ആരാ പോകുന്നത് ? ഹസ്രത്തിന് വേണ്ടിയാണെന്ന് അറിഞ്ഞപ്പോള്‍ വളരെയധികം അസ്വസ്ഥനായി കൊണ്ട് ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു: ഡല്‍ഹിയിലേക്ക് ആരു പോകാനാണ് ? ഞാന്‍ ഒരിക്കലും ഡല്‍ഹിയിലേക്കില്ല. ഹസ്രത്തിന്‍റെ അസ്വസ്ഥത കണ്ടപ്പോള്‍ ഡോ. നസ്റും മൗലാനാ മുഹമ്മദ് റാബിഉം ഒരുമിച്ച് പറഞ്ഞു : ഡല്‍ഹിയിലേക്ക് പോകേണ്ടതില്ല. ഇതു കേട്ടപ്പോള്‍ ഹസ്രത്ത് സമാധാനിച്ചു. 
അതെ, കഠിനമായ രോഗത്തിനിടയിലും സ്വഹാബത്തിന്‍റെ ഉന്നത ഗുണങ്ങളായ ഈമാനിക ഉള്‍ക്കാഴ്ച്ചയും ഇസ്ലാമിക രോക്ഷവും ഭൗതിക വിരക്തിയും ഹസ്രത്ത് മുറുകെ പിടിച്ചു. ദാറുല്‍ ഉലൂമില്‍ ഹസ്രത്ത് താമസിച്ചിരുന്ന മുറിയില്‍ തന്നെ ചികിത്സയാരംഭിച്ചു. ദിവസങ്ങളോളം ഡോക്ടര്‍മാര്‍ വന്നു കൊണ്ടിരുന്നു. ഡോ. നസ്ര്‍ സ്വയം ഹൃദ്രോഗി ആയിരുന്നിട്ടും ദിവസവും പല പ്രാവശ്യവും വന്നിരുന്നു. മറുഭാഗത്ത് കഠിന രോഗവും ശക്തമായ നിരീക്ഷണവും ഉണ്ടായിട്ടും ഹസ്രത്തിന്‍റെ മനക്കരുത്തില്‍ യാതൊരു മാറ്റവുമില്ലായിരുന്നു. ദിനചര്യകള്‍ പതിവു പോലെ നിര്‍വ്വഹിക്കപ്പെട്ടു. ഒരു ജമാഅത്ത് നിസ്കാരവും തഹജ്ജുദും മുടങ്ങിയില്ല. പതിവു രീതി പോലെ വുളു ശ്രദ്ധിച്ച് നിര്‍വ്വഹിക്കുകയും നിലനിര്‍ത്തുകയും ചെയ്തിരുന്നു. തയമ്മുമും ചെയ്യുന്നതില്‍ നിന്നും ഒഴിഞ്ഞു മാറിയിരുന്നു. മരുന്നു കഴിക്കുന്നത് കൊണ്ട് ഇടയ്ക്കിടെ മൂത്രമൊഴിച്ചിരുന്നെങ്കിലും ഉടനടി വുളൂഅ് ചെയ്തിരുന്നു. ബലഹീനത കാരണം ചെരിഞ്ഞ് കിടക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നെങ്കിലും നമസ്കാരം മുഴുവന്‍ തികഞ്ഞ ഉന്മേഷത്തോടെ റുകൂഅ്, സുജൂദുകള്‍ പൂര്‍ത്തീകരിച്ചു കൊണ്ട് നിര്‍വ്വഹിക്കുമായിരുന്നു. ഗ്ലൂക്കോസും മരുന്നുകളും കയറ്റപ്പെടുമ്പോഴും നമസ്കാരത്തിലും വുളുവിലും ഇതേ ശ്രദ്ധ തുടര്‍ന്നിരുന്നു. 

സ്നേഹിതരുടെ ദുആകളും രോഗത്തിന്‍റെ ശമനവും 

മൗലാനായുടെ രോഗ വിവരം രാജ്യത്തിനകത്തും പുറത്തും കാട്ടുതീ പോലെ പടര്‍ന്നു. വളരെ അടുപ്പമുള്ള പഴയ സുഹൃത്തുക്കളില്‍ പലരും ലഖ്നൗവിലെത്തി. വിശിഷ്യാ പ്രധാന ശിഷ്യരായ മൗലാനാ അബ്ദുല്ലാഹ് അബ്ബാസ് നദ്വിയും ഡോ. നശാത്തും സഊദിയില്‍ നിന്നും വന്നു. ഓരോ ദിവസവും ആഗതരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. മൗലാനായുടെ രോഗത്തിന്‍റെ വാര്‍ത്ത വളരെ വിശാലമായ നിലയില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചത് ഹസ്രത്തിന്‍റെ സ്വീകാര്യതയ്ക്കും സ്നേഹാദരങ്ങള്‍ക്കുമുള്ള തെളിവ് കൂടിയായിരുന്നു. ലോകത്തിന്‍റെ നാലു ഭാഗത്തും ജനങ്ങള്‍ രോഗം ഭേദമാകുന്നതിനും ആരോഗ്യത്തിനും വേണ്ടി അല്ലാഹുവിനോട് കരഞ്ഞു ദുആ ചെയ്തു. മൂന്നാമത്തെ ദിവസം ഹറമിലെ ശൈഖ് സുബയ്യില്‍ പ്രത്യേക കത്തയക്കുകയും അദ്ദേഹവും കൂട്ടുകാരും പുണ്യ ഹറമില്‍ വെച്ച് ദുആ ചെയ്യുന്ന കാര്യം അനുസ്മരിക്കുകയും ചെയ്തു. ഹജ്ജിന്‍റെ പുണ്യ ദിനങ്ങളില്‍ ഹാജിമാരും ഹസ്രത്തിന് വേണ്ടിയുള്ള ദുആകളില്‍ മുഴുകി. വിശിഷ്യാ മൗലാനാ അബ്റാറുല്‍ ഹഖ് സാഹിബ്, ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് യൂനുസ്, മൗലാനാ മുഹമ്മത് ത്വല്‍ഹാ, നിസാമുദ്ദീന്‍ തബ്ലീഗ് മര്‍കസിലെ മഹാന്മാര്‍ മുതലായവര്‍ ഹജ്ജിന് പോയിരുന്നു. മക്കാ മുകര്‍റമയില്‍ വെച്ച് വിവരമറിഞ്ഞ ഈ മഹത്തുക്കള്‍ സദസ്സുകളിലും മറ്റും പ്രത്യേകം ദുആ ചെയ്തു. ലോകമെമ്പാടുമുള്ള മദ്റസകളിലും പ്രത്യേകം ദിക്ര്‍-ദുആകള്‍ നടന്നു. എല്ലാവരും ദുആകളില്‍ ആവര്‍ത്തിച്ച് പറഞ്ഞ വാചകമിപ്രകാരമാണ് :- റഹ്മാനായ റബ്ബേ.. ! ഹസ്രത്ത് മൗലാനാ മുസ്ലിം സമുദായത്തിന്‍റെ അഭിമാനമാണ്. ഹസ്രത്ത് കാരണം ധാരാളം പ്രശ്നങ്ങള്‍ ഒതുങ്ങിക്കൊണ്ടിരിക്കുകയാണ്. ഹസ്രത്തിന് സൗഖ്യമുള്ള ദീര്‍ഘായുസ്സ് കനിഞ്ഞരുളേണമേ..! 
അല്ലാഹു ഈ ദുആക്കള്‍ കേട്ടു ഹസ്രത്തിന്‍റെ രോഗം കുറഞ്ഞു തുടങ്ങി. ഒന്നര മാസത്തിനുള്ളില്‍ ഹസ്രത്ത് സ്വന്തമായി വുളൂഅ് ചെയ്യാനും അല്‍പ്പം നടക്കാനും തുടങ്ങി. നാവിന്‍റെ ബുദ്ധിമുട്ടും കുറഞ്ഞു. ഹസ്രത്ത് ചെറിയ നിലയില്‍ എഴുത്തും പുനരാരംഭിച്ചു. 

ജനങ്ങളുടെ ഒഴുക്ക് 
രോഗ വിവരം അറിഞ്ഞ് രാജ്യത്തിന്‍റെ അകത്തു നിന്നും പുറത്തു നിന്നും രോഗ സന്ദര്‍ശനത്തിന് വരുന്നവരുടെ പരമ്പര ആരംഭിച്ചു. പ്രത്യേകിച്ചും രോഗം കുറഞ്ഞ വിവരം പരസ്യമായപ്പോള്‍ മൗലാനായുടെ അരികിലേക്ക് ജനങ്ങള്‍ ഒഴുകി. അല്ലാഹുവിന്‍റെ സ്വീകാര്യരായ ദാസന്മാരുടെ പ്രത്യേകതയാണിത്. ഹസ്രത്ത് എല്ലാവരെയും സ്നേഹത്തോടെ സ്വീകരിച്ചു. വരുന്ന അതിഥികള്‍ക്കെല്ലാം ആഹാരം കൊടുക്കണമെന്നും അതിന് വേണ്ടി ദാറുല്‍ ഉലൂമില്‍ നിന്നും ഒരു ധാന്യം പോലും എടുക്കരുതെന്നും ഹസ്രത്ത് പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. സന്ദര്‍ശകരായി പൊതുജനങ്ങളും അടുത്തവരും ശിഷ്യന്മാരും നേതാക്കളുമുണ്ടായിരുന്നു. മൗലാനാ അബ്റാറുല്‍ ഹഖ്, മൗലാനാ മര്‍ഗൂബുര്‍ റഹ്മാന്‍ ( മുഹ്തമിം ദാറുല്‍ ഉലൂം ദേവ്ബന്ദ്) മൗലാനാ മുഹമ്മദ് യൂനുസ് ( ശൈഖുല്‍ ഹദീസ് മസാഹിറുല്‍ ഉലൂം) മൗലാനാ ശൈഖ് മുഹമ്മദ് ത്വല്‍ഹാ, മൗലാനാ ശാഹ് വസിയുല്ലാഹ്, മൗലാനാ അസ്അദ് മദനി (ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്), മൗലാനാ സിറാജുല്‍ ഹസന്‍ (ജമാഅത്തെ ഇസ്ലാമി ഹിന്ദ്), പ്രസിദ്ധ സലഫി പ്രഭാഷകന്‍ മൗലാനാ അബ്ദുര്‍ റഊഫ് റഹ്മാനി, മൗലാനാ സയ്യിദ് നിസാമുദ്ദീന്‍ (അമീറേ ശരീഅത്ത്, ബീഹാര്‍) മുതലായവര്‍ ഇക്കൂട്ടത്തില്‍ പ്രത്യേകം സ്മരണീയരാണ്. 
ഗവണ്‍മന്‍റിന്‍റെ ഭാഗത്ത് നിന്നും പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി തന്നെ ദാറുല്‍ ഉലൂമില്‍ മൗലാനായെ സന്ദര്‍ശിക്കാന്‍ വന്നു. കൂട്ടത്തില്‍ ഉത്തര്‍പ്രദേശ് ഗവര്‍ണറും മുഖ്യമന്ത്രിയും ഉണ്ടായിരുന്നു. സംസാരം വളരെ ദുഷ്കരമായിരുന്നിട്ടും ഹസ്രത്ത് ഈ അവസരത്തില്‍ അവരോട് പറഞ്ഞു: രാജ്യത്തിന്‍റെ കാര്യം ആത്മാര്‍ഥമായി ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു. രാജ്യം വലിയ അപകടത്തിലാണ്. തദവസരം ഹസ്രത്തിന്‍റെ പിന്‍ഗാമി മൗലാനാ മുഹമ്മദ് റാബിഅ് നദ്വി അവര്‍ക്കു മുമ്പാകെ ഹസ്രത്തിന്‍റെ തന്നെയൊരു വാചകമുദ്ധരിച്ചു : നാമെല്ലാവരും ഈ രാജ്യമാകുന്ന കപ്പലിലെ യാത്രക്കാരാണ്. വിഡ്ഢികളുടെ പ്രവര്‍ത്തനം കാരണം കപ്പല്‍ മുങ്ങിയാല്‍ മുഴുവന്‍ യാത്രക്കാരും മുങ്ങുന്നതാണ്. അതുകൊണ്ട് രാജ്യത്തെ കുറിച്ച് ചിന്തിക്കുകയും പരിശ്രമിക്കുകയും ചെയ്യേണ്ടത് നാമെല്ലാവരുടെയും ബാധ്യതയാണ് ! 
വേറെയും പല മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും വന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അധ്യക്ഷനും വന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും സംഘങ്ങളെത്തി. മെയ് 18 ന് സഊദി അംബാസിഡര്‍ നാസിറുല്‍ ഉവൈലിയും ഡല്‍ഹി ആസ്ഥാനത്തെ പ്രധാന വ്യക്തിത്വങ്ങളും വന്ന് ഫഹദ് രാജാവിന്‍റെ ക്ഷേമാന്വേഷണം അറിയിച്ചു. ഇറാന്‍ പ്രസിഡന്‍റിന്‍റെ സുന്നിയായ സെക്രട്ടറിയും പ്രധാന ഉദ്യോഗസ്ഥരോടൊപ്പം വന്ന് സന്ദര്‍ശിച്ചു. 

അവസാന പ്രഭാഷണം തബ്ലീഗ് സമ്മേളനത്തില്‍
ഹസ്രത്തിന്‍റെ രോഗാവസ്ഥക്കിടയില്‍ തന്നെ ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയുടെ ഗ്രൗണ്ടില്‍ വളരെ വലിയൊരു തബ്ലീഗ് സമ്മേളനം നടക്കുകയുണ്ടായി. നിസാമുദ്ദീനില്‍ നിന്നുള്ള പ്രധാന വ്യക്തിത്വങ്ങള്‍ അതില്‍ പങ്കെടുത്തിരുന്നു. വിശിഷ്യാ ഹസ്രത്ത് അടുത്ത കാലത്ത് ഖിലാഫത്തും ഇജാസത്തും നല്‍കിയ മൗലാനാ സുബൈറുല്‍ ഹസനും മൗലാനാ മുഹമ്മദ് സഅ്ദും അക്കൂട്ടത്തില്‍ പ്രത്യേകം സ്മരണീയരാണ്. ഇരുവരും ഹസ്രത്തിനോട് വളരെ സ്നേഹാദരപൂര്‍വ്വം ബന്ധപ്പെടുകയും ഹസ്രത്തിന്‍റെ ശ്രദ്ധയും ദുആയും തബ്ലീഗ് പ്രവര്‍ത്തനത്തിന് ഉണ്ടാകണമെന്ന് പല പ്രാവശ്യം അപേക്ഷിക്കുകയും ചെയ്തു. ഇതിനിടയില്‍ ഡോക്ടര്‍മാരുടെ അനുമതിയോടെ അല്‍പ്പനേരം പ്രവര്‍ത്തകരോട് സംസാരിക്കണമെന്ന് ഇരുവരും ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ രണ്ടാം ദിവസം മഗ്രിബ് നമസ്കാരാനന്തരം ഹസ്രത്ത് വേദിയിലെത്തി. പക്ഷേ ചെറിയ സംസാരം എന്ന പ്രതീക്ഷക്ക് വിരുദ്ധമായി തീര്‍ത്തും ഇല്‍ഹാമിയായ ഒരു പ്രോജ്ജ്വല പ്രഭാഷണം തന്നെ ഹസ്രത്ത് നടത്തി. ഹസ്രത്തിന്‍റെ ഈ പ്രഭാഷണം ഞങ്ങളെയെല്ലാവരെയും വല്ലാതെ സന്തോഷിപ്പിക്കുകയും അത്യന്തം അത്ഭുതപ്പെടുത്തുകയും ചെയ്തു. കഠിന രോഗത്തിന് ശേഷമുള്ള പ്രഥമ പ്രഭാഷണം എന്ന നിലയിലാണ് ഞങ്ങള്‍ സന്തോഷിച്ചത്. അത്ഭുതപ്പെടുത്താന്‍ കാരണം ഹസ്രത്തിന് തദവസരം സംസാരിക്കാന്‍ വളരെയധികം ബുദ്ധിമുട്ടുണ്ടായതിനാല്‍ രണ്ട്-മൂന്ന് വാചകങ്ങള്‍ പറഞ്ഞു മടങ്ങുമെന്നാണ് ഞങ്ങളെല്ലാവരും വിചാരിച്ചിരുന്നത്. എന്നാല്‍ അങ്ങേയറ്റം പ്രതിഫലനവും ആവേശവും നിറഞ്ഞ നിലയില്‍ നാല്‍പ്പത് മിനിറ്റ് പ്രഭാഷണം നടത്തി. അല്ലാഹുവിന്‍റെ പ്രത്യേക അനുഗ്രഹത്താല്‍ പ്രധാനപ്പെട്ട വിഷയങ്ങള്‍ വളരെയധികം ഒഴുക്കോടെ ഹസ്രത്ത് സംസാരിച്ചു. ആദ്യം ഹസ്രത്തിന്‍റെ നിര്‍ദേശപ്രകാരം മൗലവി മുആദ് അഹ്മദ് നദ്വി, കാന്തലവി ഈ ആയത്ത് പാരായണം ചെയ്തു. 
അല്ലയോ സത്യവിശ്വാസികളെ.. നിങ്ങള്‍ അല്ലാഹുവിനെ ഭയന്ന് ജീവിച്ചാല്‍ അല്ലാഹു നിങ്ങള്‍ക്ക് ഒരു വിവേചന രേഖ നല്‍കുന്നതും നിങ്ങളുടെ പാപങ്ങള്‍ മാപ്പാക്കുന്നതും പൊറുക്കുന്നതുമാണ്. അല്ലാഹു വലിയ ഔദാര്യമുള്ളവനാണ്.(29) (അന്‍ഫാല്‍ 29) 
ഹസ്രത്ത് (റഹ്) ആദ്യം തഖ്വയെ വിശദീകരിച്ചു കൊണ്ട് പ്രസ്താവിച്ചു : പരിശുദ്ധ ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ ഉണര്‍ത്തപ്പെട്ടിരിക്കുന്നൊരു മഹല്‍ ഗുണമാണിത്. നല്ല നിലയില്‍ നമസ്കരിക്കുന്ന ആളാണ് എന്നത് പോലുള്ള വാചകങ്ങള്‍ പറഞ്ഞ് നാം തഖ്വയുടെ ആശയത്തെ ചുരുക്കി കളയാറുണ്ട്. എന്നാല്‍ വിശ്വാസം,ആരാധനാ, പരസ്പര ബന്ധം, ഇടപാട് , സ്വഭാവം എന്നിങ്ങനെ ജീവിതത്തിന്‍റെ സര്‍വ്വ മേഖലകളിലും, ഉറക്കം ഉണര്‍ന്നത് മുതല്‍ ഉറങ്ങുന്നത് വരെയുള്ള എല്ലാ സമയങ്ങളിലും നിറഞ്ഞു നില്‍ക്കേണ്ടൊരു മഹനീയ അവസ്ഥയാണിത്. സ്വഹാബത്തിലും ഔലിയാഇലും ഇത് കാണപ്പെട്ടിരുന്നു. ശേഷം തഖ്വയുടെ പ്രധാന ഫലമായ ഫുര്‍ഖാനിനെ : തഖ്വയുള്ളവര്‍ക്ക് അല്ലാഹു സത്യാ-അസത്യങ്ങള്‍ മനസ്സിലാക്കി കൊടുക്കുന്നതാണ്. അവരിലൂടെ ജനങ്ങളും സത്യാ-അസത്യങ്ങള്‍ വേര്‍തിരിച്ചു മനസ്സിലാക്കുന്നതാണ്. അവരുടെ വാചകങ്ങളും പ്രവര്‍ത്തനങ്ങളും സര്‍വ്വ അവസ്ഥകളും ജനങ്ങളില്‍ മാറ്റം സൃഷ്ടിക്കുന്നതാണ്. മഹാന്മാരായ മുന്‍ഗാമികളില്‍ ഇതിന് ധാരാളം മാതൃകകളുണ്ടായിരുന്നു. ഇന്ന് ഈ അവസ്ഥ കുറഞ്ഞിരിക്കുകയാണ്. അതിന്‍റെ കാരണം തഖ്വയുടെ കുറവാണ്. ആകയാല്‍ എല്ലാവരും തഖ്വയുണ്ടാക്കി എടുക്കുകയെന്ന് മൗലാനാ ഉണര്‍ത്തി.

കാര്‍വാനേ സിന്‍ദഗീ പൂര്‍ത്തീകരണം.
1983 ല്‍ ഹസ്രത്ത് ആത്മകഥയുടെ പരമ്പരയായ കാര്‍വാനേ സിന്‍ദഗീ യുടെ രചനയാരംഭിച്ചു. ഒന്നാം ഭാഗത്തില്‍ 1966 വരെയുള്ള സംഭവങ്ങള്‍ വിവരിച്ചു. രണ്ടാം ഭാഗത്തില്‍ 1985 വരെയുമുള്ള കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു. ശേഷമുള്ള നാല് ഭാഗങ്ങളില്‍ മൂന്ന് വര്‍ഷങ്ങള്‍ വീതം പരാമര്‍ശിച്ചിരിക്കുന്നു. രോഗത്തിന് മുമ്പ് ഏഴാം ഭാഗം ഏതാണ്ട് പൂര്‍ത്തീകരിച്ചിരുന്നു. രോഗത്തിനിടയില്‍ 100 പേജോളം അതില്‍ കൂട്ടിച്ചേര്‍ത്തു ഗ്രന്ഥം പൂര്‍ത്തീകരിച്ചു. ജൂലൈ മാസം ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ഹസ്രത്തിന്‍റെ അവസാന രചനയായ ഇതിന്‍റെ അവസാനത്തില്‍ അത്ഭുതകരമെന്നോണം ഈ ദുആയാണ് കൊടുത്തിരിക്കുന്നത്. ..... (നംല് 19) 
ഫീ മസീറത്തില്‍ ഹയാത്ത് എന്ന പേരില്‍ ഇതിന്‍റെ അറബി വിവര്‍ത്തനവും ഇറങ്ങിയിട്ടുണ്ട്. അതിന്‍റെ ഒന്നാം ഭാഗത്തില്‍ ശൈഖ് അലി ഥന്‍ത്വാവിയുടെ ശക്തവും വിശദവുമായ അവതാരിക അടങ്ങിയിരിക്കുന്നു. പ്രബോധകനും അധ്യാപകനും ഗ്രന്ഥകര്‍ത്താവും ചരിത്രകാരനും മാത്രമല്ല. കാലഘട്ടത്തിലെ നായകനും പ്രിയങ്കരനുമായ ഒരു വ്യക്തിത്വത്തിന്‍റെ സ്വന്തം ജീവചരിത്ര കുറിപ്പുകളാണിത്. വ്യക്തിപരമായ ജീവിതത്തിലെ സാക്ഷ്യങ്ങള്‍ അനുഭവങ്ങള്‍, അഭിപ്രായങ്ങള്‍ പ്രതികരണങ്ങള്‍ എന്നിവയോടൊപ്പം ഇന്ത്യയിലെയും മുഴുവന്‍ മുസ്ലിം ലോകത്തിലെയും സംഭവങ്ങളെയും പ്രസ്ഥാനങ്ങളെയും വ്യക്തികളെയും കുറിച്ചുള്ള പഠനങ്ങളുടെ രത്നച്ചുരുക്കവും ഇതിലടങ്ങിയിരിക്കുന്നു. ഹൃദ്യയവും ഗുണപാഠം നിറഞ്ഞതുമായ ഈ ആത്മകഥ യഥാര്‍ഥ്യ ബോധമുള്ള ഒരു ചരിത്ര വിവരണം കൂടിയാണ്. ഹിജ്റ 15-ാം നൂറ്റാണ്ടിന്‍റെ ചരിത്രത്തിന്‍റെ ഒരു പ്രധാന അധ്യായം ഇതില്‍ സുരക്ഷിതമായിരിക്കുന്നു. 

ചില പ്രധാന വിയോഗങ്ങള്‍ 
10 മാസം നീണ്ട ഈ രോഗാവസ്ഥകള്‍ക്കിടയില്‍ ഹസ്രത്തിന്‍റെ വളരെയടുത്ത ചില കുടുംബ മിത്രങ്ങള്‍ പടച്ചവന്‍റെ കാരുണ്യത്തിലേക്ക് യാത്രയായി. ഹസ്രത്തിന്‍റെ മകളുടെ സ്ഥാനത്ത് നിന്ന് വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിയിരുന്ന സഹാദേര പുത്രി മൗലാനാ മുഹമ്മദ് സാനി ഹസനിയുടെ സഹധര്‍മിണി അതിലൊന്നാണ്. ആഗസ്റ്റ് 3 ന് അവരുടെ മരണം സംഭവിച്ചപ്പോള്‍ ഹസ്രത്ത് രോഗാവസ്ഥയില്‍ തന്നെ ലഖ്നൗവില്‍ നിന്നും റായ് ബറേലിയിലേക്ക് പോയി ജനാസ നമസ്കാരത്തിന് ഇമാമത്ത് നിന്നു. രണ്ടാമത്തെ ദുഃഖ സംഭവം മൗലാനാ മുഈനുല്ലാഹ് നദ്വിയുടെ വിയോഗമാണ്. ഹസ്രത്തിന്‍റെ പ്രഥമ ശിഷ്യന്മാരില്‍ പെട്ട മൗലാനാ ജീവിത കാലം മുഴുവന്‍ ഹസ്രത്തിന്‍റെ സേവകനായി കഴിഞ്ഞു കൂടി. ഹസ്രത്തിനും മാനസികമായി വലിയ അടുപ്പമായിരുന്നു. ആഗസ്റ്റ് 23 ന് ആയിരുന്നു വിയോഗം. മൂന്നാമത്തെ ദുഃഖ സംഭവം അല്ലാമാ അബ്ദുര്‍ റഷീദ് നുഅ്മാനിയുടെ വിയോഗമാണ്. ഹസ്രത്തിന്‍റെ ഗുരുനാഥന്‍ മൗലാനാ ഹൈദര്‍ ഹസന്‍ ഖാന്‍റെ പ്രധാന ശിഷ്യനും ഉന്നത ഹദീസ് പണ്ഡിതനുമായ മൗലാനാ അവസാന കാലത്ത് ഹസ്രത്തുമായി വളരെയധികം അടുത്തിരുന്നു. ഒരു റമളാന്‍ പൂര്‍ണ്ണമായി ഹസ്രത്തിനോടൊപ്പം ദാഇറ ശാഹ് അലമുല്ലാഹില്‍ കഴിച്ചു കൂട്ടി. 1989 ല്‍ ഹസ്രത്തിന്‍റെ ആഗ്രഹപ്രകാരം 3 പ്രാവശ്യം നദ്വത്തുല്‍ ഉലമയിലും താമസിച്ച് ദര്‍സ് നടത്തി. മൗലാനാ അബ്ദുല്‍ ഹലീം ജോണ്‍പൂരിയുടെ വിയോഗവും ഈ സമയത്താണ് നടന്നത്. മൗലാനാ ജോണ്‍പൂരിയും ഹസ്രത്തുമായി വളരെ അടുപ്പമായിരുന്നു. നദ്വത്തുല്‍ ഉലമയുടെ നിര്‍വ്വാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം അതില്‍ കൃത്യമായി പങ്കെടുത്തിരുന്നു. 
അന്താരാഷ്ട്ര പണ്ഡിതരില്‍ ശൈഖ് അലി ഥന്‍ത്വാവി , അല്ലാമാ ബിന്‍ ബാസ് , ശൈഖ് മുഹമ്മദ് മജ്ദൂബ്, ഉസ്താദ് മുഹമ്മദ് സര്‍ഖാ, എന്നിവരുടെ വിയോഗങ്ങളും ഈ സമയത്താണ് സംഭവിച്ചത്. ഇവരുമായി ഹസ്രത്തിന് അമ്പതോളം വര്‍ഷത്തെ സ്നേഹ ബന്ധമുണ്ടായിരുന്നു. ഇവരെല്ലാവരും ഹസ്രത്തിന്‍റെ പ്രബോധന ചിന്തകളെ ആദരിക്കുന്നവരായിരുന്നു. 

സുല്‍ത്താന്‍ ബ്രൂണായ് അവാര്‍ഡ്.
മൂന്ന് വര്‍ഷം മുമ്പ് മുതല്‍ ബ്രൂണായ് സുല്‍ത്താന്‍റെ ഭാഗത്ത് നിന്നും ഒരു അവാര്‍ഡിന്‍റെ പരമ്പര ആരംഭിച്ചിരുന്നു. ഇസ്ലാമിക വിജ്ഞാനങ്ങളിലെ ഏതെങ്കിലും ശാഖയില്‍ പ്രത്യേകത കൈവരിച്ച ലോകത്തെ ഏതെങ്കിലും പ്രമുഖ വ്യക്തിത്വത്തിന് ഓക്സ്ഫോര്‍ഡിലെ ഇസ്ലാമിക് സെന്‍റര്‍ വഴിയായിട്ടാണ് ഈ അവാര്‍ഡ് നല്‍കപ്പെട്ടിരുന്നത്. 1999 ലെ ഇസ്ലാമിക വ്യക്തിത്വങ്ങളില്‍ ചരിത്ര രചനയുമായി ബന്ധപ്പെട്ടു കൊണ്ട് ഹസ്രത്തിനെയാണവര്‍ ഈ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. പതിവനുസരിച്ച് ഈ പരിപാടി ബ്രൂണയിലാണ് നടക്കേണ്ടിയിരുന്നത്. പക്ഷേ ഹസ്രത്തിന്‍റെ അനാരോഗ്യം പരിഗണിച്ച് അവാര്‍ഡ് ദാന ചടങ്ങ് നദ്വത്തുല്‍ ഉലമയില്‍ നടത്താന്‍ അവര്‍ തീരുമാനിച്ചു. സുല്‍ത്താന്‍ ഹസന്‍ ബല്‍ഖിയ ഇതിന് വേണ്ടി അദ്ദേഹത്തിന്‍റെ പ്രതിനിധിയായി കാബിനറ്റിലെ ഒരു സീനിയര്‍ മന്ത്രിയെ അയച്ചു. അദ്ദേഹം റാബിത്വത്തില്‍ ആലമില്‍ ഇസ്ലാമിയുടെ പ്രധാന അംഗമായിരുന്നു. ഇതിന് വേണ്ടി ജൂലൈ 20 തിയതി തീരുമാനിക്കപ്പെട്ടു. അദ്ദേഹവും അവിടുത്തെ ഒരു പ്രധാന യൂണിവേഴ്സിറ്റിയിലെ വൈസ് ചാന്‍സലര്‍ അടക്കമുള്ള സംഘവും ഡല്‍ഹിയിലെത്തിച്ചേര്‍ന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങളുടെ പേരില്‍ ലഖ്നൗവിലേക്ക് വരാന്‍ അവര്‍ക്കനുമതി ലഭിച്ചില്ല. എന്നാല്‍ ഡല്‍ഹിയിലേക്ക് പോകാനുള്ള ആരോഗ്യാവസ്ഥയും ഹസ്രത്തിനില്ലായിരുന്നു. അതുകൊണ്ട് മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് നദ്വിയെ ഹസ്രത്തിന്‍റെ പകരക്കാരനായി അയച്ചു. ഹയാത്ത് റിജന്‍സിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ അവാര്‍ഡ് ദാനം നടന്നു. മൗലാനാ മുഹമ്മദ് റാബിഅ് നദ്വി വൈകുന്നേരം തന്നെ ലഖ്നൗവില്‍ തിരിച്ചെത്തി. അവാര്‍ഡ് സ്വീകരണത്തിന്‍റെ സാധാരണ ശൈലിക്ക് വിരുദ്ധവും അസാധാരണവുമായ ഒരു സംഭവമായിരുന്നിത്. ഹസ്രത്തിന് അവാര്‍ഡ് സ്വീകരിക്കുന്നതിന് എവിടെയും പോകേണ്ടി വന്നില്ല. അത് ഹസ്രത്തിന്‍റെ അരികിലെത്തിച്ചേര്‍ന്നു. ഇരുപതു ലക്ഷത്തോളം രൂപയുണ്ടായിരുന്ന അവാര്‍ഡ് തുക ലഭിച്ചയുടനെ ഹസ്രത്ത് അത് പതിവനുസരിച്ച് വീതിച്ചു. ഇപ്രാവശ്യം മദ്റസകള്‍ക്കും മക്തബകള്‍ക്കും കൂടാതെ ദീനിന്‍റെ സേവകന്മാര്‍ക്കും ഹസ്രത്തിന്‍റെ ബന്ധുക്കള്‍ക്കും സ്ഥാനങ്ങള്‍ക്കനുസരിച്ച് ഇതില്‍ നിന്നും നല്‍കപ്പെട്ടു. അങ്ങനെ വിയോഗത്തിന് മുമ്പ് തന്നെയത് പൂര്‍ണ്ണമായും വീതിക്കപ്പെടുകയുണ്ടായി. 

ദാറേ അറഫാത്തിലെ അവസാന സന്ദര്‍ശനം.
സെപ്തംബര്‍ 20 ഹസ്രത്ത് റായ് ബറേലിയിലെ പ്രബോധന കേന്ദ്രമായ ദാറേ അറഫാത്തിലെത്തി. അവിടെ വെച്ച് വളരെ വികാര നിര്‍ഭരമായ നിലയില്‍ നാട്ടുകാരെ സംബോധന ചെയ്തു. ദാറുല്‍ ഉലൂമിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളും ഹസ്രത്തിന്‍റെ ഏതാനം ദിവസത്തേക്കുള്ള സഹവാസത്തിന് വേണ്ടി ദാറേ അറഫാത്തില്‍ വന്നിട്ടുണ്ടായിരുന്നു. അവരും ഇതില്‍ പങ്കെടുത്തു. മൂന്നാം ദിവസം ഹസ്രത്തിന്‍റെ പ്രിയപ്പെട്ട സേവകനായിരുന്ന മൗലാനാ മുഹമ്മദ് റിസ്വാന്‍ സാഹിബ് ഒരു വാഹനാപകടത്തില്‍ പെട്ട് ശഹാദത്ത് വരിച്ചു. ഇതറിഞ്ഞയുടനെ ഹസ്രത്ത് ലഖ്നൗവിലേക്ക് മടങ്ങി. മൗലാനായാണ് ജനാസക്ക് ഇമാമത്ത് നിന്നത്. അന്ന് പാതി രാത്രി രണ്ടു മണിക്ക് ഹസ്രത്തിന് കടുത്ത ശ്വാസതടസ്സമുണ്ടായി. ഡോക്ടര്‍മാര്‍ ഉടനടിയെത്തി ചികിത്സിച്ചെങ്കിലും രോഗത്തിന് യാതൊരു കുറവുമുണ്ടായില്ല. മൗലാനായോടൊപ്പം തദവസരം ഏതാനം സേവകരും ബന്ധുക്കളും മാത്രമെ ഉണ്ടായിരുന്നുള്ളൂ. അവരെല്ലാവരും വലിയ ദുഃഖത്തിലായി. വിശിഷ്യാ മൗലാനാ മുഹമ്മദ് റാബിഅ് നദ്വി പടച്ചവനോട് താണുകേണ് ദുആയില്‍ മുഴുകി. അല്ലാഹുവിന്‍റെ തീരുമാനം അല്‍പ്പം പോലും വൈകിയില്ല. ഒരു സാധാരണ ഇഞ്ചക്ഷന്‍ നല്‍കപ്പെട്ടതോടെ അവസ്ഥയ്ക്ക് മാറ്റം വന്നു തുടങ്ങി. സുബഹിയോടെ അവസ്ഥ പൂര്‍ണ്ണമായും ശാന്തമായി. ഹസ്രത്ത് ജമാഅത്തായി സുബഹി നിസ്കരിച്ചു. എല്ലാവരും റഹ്മാനായ റബ്ബിന് നന്ദി രേഖപ്പെടുത്തി. 

മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്‍റെ മുംബൈ സമ്മേളനവും അധ്യക്ഷ പ്രസംഗവും
1999 ഒക്ടോബര്‍ 28-30 തീയതികളില്‍ ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്‍റെ അഖിലേന്ത്യാ സമ്മേളനം ബോംബയില്‍ നടന്നു. അനാരോഗ്യാവസ്ഥ കാരണം ഹസ്രത്ത് അതില്‍ പങ്കെടുത്തില്ല. എങ്കിലും ഹസ്രത്തിന്‍റെ വാക്കുകളില്‍ തൂലിക ശരീരത്തിന്‍റെ പ്രതിനിധിയായി. ഹസ്രത്ത് അതിന് ഉജ്ജ്വലമായൊരു അധ്യക്ഷ പ്രസംഗം തയ്യാറാക്കി. ഇത് ഹസ്രത്തിന്‍റെ അവസാനത്തെ അധ്യക്ഷ പ്രസംഗമായിരുന്നു. അതിലെയൊരു വാചകം ഇവിടെ ഉദ്ധരിക്കുന്നു. ഇത് യഥാര്‍ഥത്തില്‍ ഇന്ത്യന്‍ മുസ്ലിംകളോടുള്ള മൗലാനായുടെ അന്ത്യമ വസിയ്യത്തും മുസ്ലിംകളുടെ ഭാഗത്ത് നിന്നും ഇന്ത്യാ രാജ്യത്തോടുള്ള വ്യക്തമായ പ്രഖ്യാപനവുമാണ്. 
മൗലാനാ പ്രസ്താവിച്ചു : ഞങ്ങള്‍ മുസ്ലിംകള്‍ പരിപൂര്‍ണ്ണ ഉറപ്പോടെ ചിന്തിച്ച് ആലോചിച്ച് തന്നെയാണ് ഈ രാജ്യത്ത് താമസിക്കാന്‍ തീരുമാനിച്ചത്. പടച്ചവന്‍റെ തീരുമാനം കൊണ്ടല്ലാതെ മറ്റൊരു ശക്തിക്കും ഞങ്ങളുടെ ഈ തീരുമാനത്തെ മാറ്റാന്‍ കഴിയുന്നതല്ല. നമ്മുടെ ഈ തീരുമാനം എന്തെങ്കിലും മനക്കരുത്തില്ലായ്മയുടെയോ നിര്‍ബന്ധിത സാഹചര്യത്തിന്‍റെയാേ പേരിലല്ല. ഇത് ചിന്തിച്ച് ആലോചിച്ച ശേഷം എടുത്ത തീരുമാനം തന്നെയാണ്. രണ്ടാമതായി മറ്റൊരു തീരുമാനവും ഞങ്ങളെടുത്തിട്ടുണ്ട്. ഉറപ്പിന്‍റെ വിഷയത്തില്‍ ഈ തീരുമാനവും ഒന്നാമത്തെ തീരുമാനത്തെക്കാള്‍ കുറഞ്ഞതോ അപ്രധാനമോ അല്ല. അതായത് ഞങ്ങള്‍ ഈ രാജ്യത്ത് ഞങ്ങളുടെ പരിപൂര്‍ണ്ണ വിശ്വാസങ്ങളും മത ചിഹ്നങ്ങളും മതനിയമങ്ങളും സംസ്കാര പ്രത്യേകതകളും മുറുകെപ്പിടിച്ചു കൊണ്ട് തന്നെ ജീവിക്കുന്നതാണ്. അവയില്‍ ചെറിയൊരു കാര്യത്തെ പോലും കൈയ്യാഴെിയാന്‍ ഞങ്ങള്‍ സന്നദ്ധമല്ല. 
ഈ രാജ്യത്തിന്‍റെ പൗരന്മാര്‍ എന്ന നിലയില്‍ ഈ രാജ്യത്ത് സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും ജീവിക്കാന്‍ ഞങ്ങള്‍ക്ക് പൂര്‍ണ്ണ അവകാശമുണ്ട് അത് ഈ രാജ്യത്തെ ജനാധിപത്യത്തിന്‍റെയും ഭരണഘടനയുടെയും തീരുമാനം കൂടിയാണ്. എന്നാല്‍ ഞങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരമായ വിശ്വാസ ചിഹ്നങ്ങള്‍, നിയമരീതികള്‍, സംസ്കാര പ്രത്യേകതകള്‍ എന്നിവ ഉപേക്ഷിച്ചു കൊണ്ട് ഈ രാജ്യത്ത് താമസിക്കും എന്ന് ഇതിന് അര്‍ഥവുമില്ല. ഇപ്രകാരം ഇവിടെ താമസിച്ചാല്‍ ഈ സ്വദേശം ഒരു സ്വദേശമാകുന്നതല്ല. മറിച്ച്, സമുദായത്തിന്‍റെ യഥാര്‍ഥ ജീവിത സന്തോഷങ്ങളെ ഇല്ലാതാക്കി ശിക്ഷ മാത്രം നല്‍കുന്ന ഒരു ജയിലറയായി മാറിപ്പോകുന്നതാണ്. ഞങ്ങളുടെ അകവും പുറവും ഇന്ത്യയുടെ മണ്ണില്‍ നിന്നും നിര്‍മ്മിക്കപ്പെട്ടതാണ് ഈ മണ്ണ് ഞങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ടതാണ്. എന്നാല്‍ ഞങ്ങളുടെ മാര്‍ഗ്ഗം ഇബ്റാഹീമീ സരണിയാണ്. മുസ്ലിംകള്‍ ഏത് രാജ്യത്ത് താമസിച്ചാലും, അവരുടെ നാട് എവിടെയായിരുന്നാലും, സംസ്കാരം ഇബ്റാഹീമീ തന്നെയായിരിക്കും ഞങ്ങളിവിടെ ജീവിക്കണമെന്നും അത് അന്തസ്സോടെയായിരിക്കണമെന്നും ഞങ്ങളാഗ്രഹിക്കുന്നു. ഞങ്ങള്‍ ഈ രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരാണ്. ഭരണഘടനാ നിര്‍മ്മാണത്തിലും രാഷ്ട്ര നിര്‍മ്മിതിയിലും പുരോഗതിയിലും ഞങ്ങള്‍ പങ്കാളികളാണ്. അതുകൊണ്ട് ഞങ്ങളിവിടെ രണ്ടാം തരം പൗരന്മാരെ പോലെ ജീവിക്കണമെന്ന പ്രശ്നം പോലും ഉദിക്കുന്നില്ല. സ്വന്തം രാജ്യത്ത് സ്വാതന്ത്ര്യത്തോടു കൂടി ജീവിക്കുകയെന്നത് ഓരാേ വ്യക്തിയുടെയും പ്രകൃതിപരവും മാനുഷികവും നിയമപരവുമായ അവകാശമാണ്. ഈ അവകാശത്തെ ഹനിക്കാന്‍ ശ്രമം നടന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നതാണ്. 

നാഥനെ കാണാനുള്ള മോഹം.
കുറേ നാളുകളായി ഹസ്രത്തില്‍ ഗാഢമായ എന്തോ ചിന്ത പിടികൂടിയിരുന്നു. സംസാരം വളരെ കുറയുകയുണ്ടായി. അസറിന് ശേഷമുള്ള സദസ്സില്‍ അപൂര്‍വ്വമായി മാത്രമെ എന്തെങ്കിലും പറഞ്ഞിരുന്നുള്ളൂ. പടച്ചവനെ കണ്ടുമുട്ടാനുള്ള ആഗ്രഹം വര്‍ദ്ധിച്ചു. അല്ലാഹുമ്മ ലിഖാഅക് (അല്ലാഹുവേ! നിന്നെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നു.) എന്ന് അധികമായി പറയാന്‍ തുടങ്ങി. ജീവിതം മുഴുവന്‍ ഉമ്മത്തിന്‍റെ ചിന്തയിലും സംസ്കരണത്തിലും മാത്രം കഴിഞ്ഞു കൂടിയതിനാല്‍ അല്ലാഹുവേ! നീ സാക്ഷിയാകണേയെന്നും ഇടയ്ക്കിടക്ക് പറഞ്ഞിരുന്നു.
ലജ്ജ നിറഞ്ഞു കവിഞ്ഞിരുന്നതിനാല്‍ മറ്റുള്ളവരെ കൊണ്ട് സേവനം ചെയ്യിപ്പിക്കാന്‍ വളരെ മടിച്ചിരുന്നു. ഒരു ഗ്ലാസ് വെള്ളം വേണമെങ്കില്‍ പോലും മറ്റാരോടും പറഞ്ഞിരുന്നില്ല. അത്തരം കാര്യങ്ങള്‍ മുഴുവന്‍ നാല്‍പ്പത് വര്‍ഷത്തെ സേവകനായ ഹാജി അബ്ദുര്‍ റസാഖ് സാഹിബിനോട് മാത്രം പറഞ്ഞിരുന്നു. എന്നാല്‍ ഇതര സേവകരും സ്നേഹത്തോടെ സേവനങ്ങള്‍ ചെയ്തിരുന്നു. ഹസ്രത്ത് എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും നല്ല നിലയില്‍ അവരോടെല്ലാം വര്‍ത്തിക്കുകയും ചെയ്തിരുന്നു. രോഗ സന്ദര്‍ശനത്തിന് വേണ്ടി പല വിഭാഗം ജനങ്ങള്‍ വന്നിരുന്നു. ഹസ്രത്ത് അവരുടെയെല്ലാം സ്ഥാനത്തിനനുസരിച്ച് അവരെ ആദരിച്ചിരുന്നു. വരുന്നവര്‍ക്കെല്ലാം വല്ലതും കൊടുത്തു വിടാന്‍ ശ്രദ്ധിച്ചിരുന്നു. വിശിഷ്യാ പഴയ പരിചയക്കാര്‍ക്ക് നിര്‍ബന്ധമായി വല്ലതും നല്‍കിയിരുന്നു. ഏതെങ്കിലും മഹാന്മാരോ അവരുമായി ബന്ധമുള്ളവരോ വന്നാല്‍ അവരെ പ്രത്യേകം ആദരിച്ചിരുന്നു. 

റമളാനുല്‍ മുബാറകിലെ ദാറുല്‍ ഉലൂം താമസം.
ഇതിനിടയില്‍ അനുഗ്രഹീത റമളാന്‍ അടുത്തു വന്നു. ഹസ്രത്ത് പതിവനുസരിച്ച് ജന്മനാടായ റായ്ബറേലിയില്‍ തന്നെ റമളാന്‍ കഴിച്ചു കൂട്ടണമെന്നതായിരുന്നു ബന്ധുക്കളുടെ ആഗ്രഹം. എന്നാല്‍ ബലഹീനമായ അവസ്ഥ പരിഗണിച്ചു കൊണ്ട് ലഖ്നൗവില്‍ തന്നെ താമസിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ബന്ധിച്ചു. റമളാന്‍ അവസാനത്തെ പത്ത് റായ് ബറേലിയിലേക്ക് പോകുമെന്ന നിബന്ധനയോടെ ഹസ്രത്ത് ഈ നിര്‍ദേശം സ്വീകരിച്ചു. തുടര്‍ന്ന് റമളാനിന് മൂന്ന് ദിവസം മുമ്പ് ഹസ്രത്ത് റായ്ബറേലിയിലെ തഖ്യയിലെത്തി. ശഅ്ബാന്‍ 29 സുബഹി കഴിഞ്ഞ് അവിടുത്തെ മസ്ജിദിലേക്ക് പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഹസ്രത്തും സേവകരും മസ്ജിദ് ശാഹ് അലമുല്ലാഹിയില്‍ എത്തി. തിണ്ണയില്‍ രണ്ട് റക്അത്ത് തഹിയ്യത്ത് നിസ്കരിച്ചു. ശേഷം മസ്ജിദിനകത്തേക്ക് പോയി പതിവിനു വിരുദ്ധമായി രണ്ട് റക്അത്ത് അവിടെയും നിസ്കരിച്ചു. നമസ്കാരാനന്തരം അല്‍പ്പ നേരം ദുആ ചെയ്തു. ശേഷം ക്ഷീണമുണ്ടായിട്ടും സേവകരുടെ കൈയ്യില്‍ പിടിച്ച് നദിയുടെ അരികിലേക്ക് പോയി. അവിടെ വലത്തേക്കും ഇടത്തേക്കും നോക്കുകയും സയ്യിദ് അഹ്മദ് ശഹീദ് (റഹ്) യുടെ കാലത്തുള്ള പഴയ പടികള്‍ എവിടെയെന്ന് ചോദിക്കുകയും ചെയ്തു. അവിടെ പോകുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് പറഞ്ഞതിനാല്‍ മസ്ജിദിന്‍റെ മുമ്പിലുള്ള ഹദീറ ശാഹ് അലമുല്ലാഹ് (ഹസ്രത്തിന്‍റെ പൂര്‍വ്വികരായ സയ്യിദ് ശാഹ് അലമുല്ലാഹ് മുതല്‍ മാതാപിതാക്കള്‍ വരെയുള്ള മഹാത്മാക്കളുടെ ഖബറിടം) ഭാഗത്തേക്ക് പോയി. ഇവിടെ ദീര്‍ഘനേരം നിന്ന് ഖുര്‍ആനോതുകയും ദുആ ഇരക്കുകയും ചെയ്തു. ഇത് വിടവാങ്ങല്‍ സന്ദര്‍ശനമാണെന്ന് വളരെ വ്യക്തമായിരുന്നു. അന്ന് വൈകുന്നേരം ലഖ്നൗവില്‍ എത്തിച്ചേര്‍ന്നു. 
റമളാനിലെ ഹസ്രത്തിന്‍റെ ദാറുല്‍ ഉലൂമിലെ താമസം കാരണം ലഖ്നൗ മുഴുവനും ജനങ്ങള്‍ക്കിടയില്‍ വലിയ സന്തോഷം പ്രകടമായി. ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയിലേക്ക് പട്ടണത്തില്‍ നിന്നും ആളുകള്‍ ധാരാളമായി വന്നെത്തി. ആദ്യത്തെ രണ്ട് പത്തുകള്‍ ഐശ്വര്യങ്ങള്‍ നിറഞ്ഞ നിലയില്‍ കഴിഞ്ഞു കടന്നു. ഹസ്രത്തും വലിയ സന്തോഷത്തിലായിരുന്നു. റമളാന്‍ ആദ്യ ദിവസം ഹസ്രത്ത് പറഞ്ഞു: റമളാനുല്‍ മുബാറക്കിന്‍റെ വരവ് കൊണ്ട് ഡോക്ടര്‍മാരുടെ മരുന്നുകളെക്കാള്‍ വലിയ പ്രയോജനമുണ്ടാകാറുണ്ട്. മൗലാനാ ബുര്‍ഹാനുദ്ദീന്‍ സാഹിബിനെ പോലെ വളരെയടുത്ത പണ്ഡിതരുടെ പ്രേരണ പ്രകാരം ആദ്യ ദിവസം തറാവീഹ് നമസ്കാരം ഏതാനം റക്അത്തുകള്‍ മാത്രമെ നമസ്കരിച്ചുള്ളൂ. പക്ഷേ അതില്‍ സംതൃപ്തി വരാതെ അടുത്ത ദിവസം മുതല്‍ 20 റക്അത്ത് പൂര്‍ത്തിയായി തന്നെ നമസ്കരിച്ചു. മൗലാനാ മുആദ് അഹ്മദ് ഒരു ജുസ്അ് വീതം ഓതുകയുണ്ടായി. 
താറാവീഹ് നമസ്കാര ശേഷം ഹസ്രത്ത് വളരെ ഉന്മേഷവാനായി കാണുകയും ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തു. കാര്യങ്ങളെല്ലാം വളരെ ഭംഗിയായി നടന്നു. നോമ്പുകളെല്ലാം ഭംഗിയായി പിടിക്കുകയും സുന്നത്ത് നമസ്കാരങ്ങളെല്ലാം ശ്രദ്ധയോടെ നിര്‍വ്വഹിക്കുകയും ചെയ്തു. അസര്‍ കഴിഞ്ഞ് പട്ടണത്തിലുള്ളവര്‍ വരികയും വലിയ സദസ്സ് രൂപപ്പെടുകയും ചെയ്തിരുന്നു. ഹസ്രത്ത് സദസ്സില്‍ ദിക്റുകള്‍ ചൊല്ലി കൊണ്ടിരിക്കുകയും ഇടയ്ക്ക് മാത്രം എന്തെങ്കിലും സംസാരിക്കുകയും ചെയ്തിരുന്നു. താറാവീഹിന് ശേഷവും സദസ്സ് നടക്കുമായിരുന്നു. പ്രകാശ ഐശ്വര്യങ്ങളുടെ ഉജ്ജ്വല പ്രവാഹമായിരുന്നു. ഓരോരുത്തരും അവരവരുടെ മനസ്സ് നിറച്ചു കൊണ്ടിരുന്നു. രണ്ടാമത്തെ പത്ത് അവസാനിക്കാനടുത്തപ്പോള്‍ ഹസ്രത്ത് പറഞ്ഞു: റമളാന്‍ 20 ന് ഇന്‍ശാ അല്ലാഹ് റായ് ബറേലിയിലേക്ക് പോകാം. അവിടെ പതിവ് പോലെ ഇഅ്തികാഫ് ഇരിക്കാം. ഡോക്ടര്‍മാര്‍ പറഞ്ഞു: ഒരാഴ്ച്ചത്തേക്ക് ഞങ്ങളും കൂടെ വരാം. ഹസ്രത്ത് പറഞ്ഞു: എന്താണെങ്കിലും റമളാന്‍ 20-ന് നമുക്ക് പോകാം. ഒരാഴ്ച്ച കഴിഞ്ഞ് നിങ്ങള്‍ മടങ്ങി വന്നു കൊള്ളുക! അതെ ഡോക്ടര്‍മാര്‍ ഹസ്രത്തിനെ മടക്കി കൊണ്ടുവരാന്‍ ആഗ്രഹിച്ച ആ ദിവസമായിരുന്നു ഹസ്രത്തിന്‍റെ പരലോക യാത്രയെന്ന കാര്യം ആരുമറിഞ്ഞില്ല. 
ഇതിനിടയില്‍ ഹസ്രത്തുമായി വളരെ അടുപ്പം പുലര്‍ത്തുകയും ഹസ്രത്തിന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുകയും ചെയ്തിരുന്ന മൗലാനാ സയ്യിദ് സഈദ് മുര്‍തളാ നദ്വി ഹസ്രത്ത് ധാരാളം പ്രഭാഷണങ്ങളില്‍ പാരായണം ചെയ്യുകയും വികാര നിര്‍ഭരമായി വിവരിക്കുകയും ചെയ്തിരുന്ന സൂറത്തുല്‍ ബഖറ 133-ാം ആയത്തിലെ *മാ തഅ്ബുദൂന മിന്‍ ബഅദി ... എന്ന വചനം അതിസുന്ദരമായ ഫ്രൈമില്‍ ആലേഖനം ചെയ്ത് താഴ്ഭാഗത്ത് ഹസ്രത്തിന്‍റെ ഒപ്പോടുകൂടി വലിയൊരു ഫ്രെമിലാക്കി സമര്‍പ്പിച്ചു. ഈ ആയത്തില്‍ അല്ലാഹു യഅ്ഖൂബ് നബി (അ) വിയോഗത്തിന് തൊട്ടു മുമ്പുള്ള അവസ്ഥ ചിത്രീകരിക്കുകയാണ്. മഹാനവര്‍കള്‍ തദവസരം മഹത്തുക്കളായ മക്കളെയെല്ലാം ഒരുമിച്ച് കൂട്ടി അവരോട് ചോദിച്ചു: എനിക്ക് ശേഷം എന്തിനെയാണ് നിങ്ങള്‍ ആരാധിക്കുക. അവര്‍ പറഞ്ഞു: താങ്കളുടെയെല്ലാം പരിപാലകനായ അല്ലാഹുവിനെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുന്നതാണ്. മഹാന്മാരായ നബിമാര്‍ക്ക് മക്കളുടെ ഭാവിയെ കുറിച്ച് ഇത്ര ചിന്തയായിരുന്നുവെങ്കില്‍ നമുക്ക് എത്ര ചിന്ത വേണമെന്ന് ഹസ്രത്ത് ചോദിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ പറഞ്ഞു: ഈ ആയത്ത് നിരന്തരം ഓര്‍ക്കുന്നതിന് വലിയൊരു ഫ്രൈമിലാക്കി എല്ലാവരുടെയും മുന്നില്‍ വെക്കണമെന്ന് ആഗ്രഹമുണ്ട് ! ചുരുക്കത്തില്‍ ഹസ്രത്തിന്‍റെ വിയോഗത്തിന് തൊട്ടു മുമ്പ് അതി മഹത്തായ സന്ദേശം ഈ നിലയില്‍ ഹസ്രത്തിന് സമര്‍പ്പിക്കപ്പെട്ടു. ഹസ്രത്തിന്‍റെ വീട്ടിലും സ്നേഹിതരില്‍ പലരുടെ വീട്ടിലും ഇന്ന് ഈ വചനം ഫ്രൈമില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. 
റമളാന്‍ 20ാം തിയതി ഹസ്രത്ത് ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയെ അവസാനമായി സ്നേഹത്തോടെ നോക്കി വിട പറഞ്ഞു. മുഴുവന്‍ സംഘത്തോടൊപ്പം യാത്രയായി റായ് ബറേലിയിലെ കൊച്ചു ഗ്രാമത്തിന്‍റെ മൂലയായ തകിയ കിലാനിലെത്തി. ഹസ്രത്ത് വന്നതോടെ ഈ കൊച്ചു ഗ്രാമം സമ്മേളന പ്രതീതിയിലായി. ഹസ്രത്തിന്‍റെ സുഖസന്തോഷങ്ങളോട് കൂടിയുള്ള വരവില്‍ എല്ലാവരും അത്യധികം ആഹ്ലാദിച്ചിരുന്നു. 

ദാഇറയിലെ രണ്ട് ദിനങ്ങള്‍. 
റമളാനുല്‍ മുബാറക് 20 ബുധനാഴ്ച്ച ദിവസം ഹസ്രത്ത് റായ് ബറേലിയിലെത്തി. അനുഗ്രഹീത ജീവിതത്തിലെ രണ്ട് ദിവസം ഇവിടെ കഴിച്ചു കൂട്ടി. ശക്തമായ ബലഹീനത ഉണ്ടായിരുന്നെങ്കിലും ആരോഗ്യത്തിന് മറ്റു കുഴപ്പങ്ങളൊന്നും ഉണ്ടായില്ല. ശക്തമായ തണുപ്പ് കാരണം നമസ്കാരങ്ങളും താറാവീഹും താമസ സ്ഥലത്താണ് ജമാഅത്തായി നമസ്കരിച്ചത്. ധര്‍മ്മിഷ്ടത ഹസ്രത്തിന്‍റെ പ്രകൃതി ഗുണമായിരുന്നു. റമളാനില്‍ അത് പലയിരട്ടി വര്‍ദ്ധിക്കുമായിരുന്നു. ഇപ്രാവശ്യം ഇവിടെയെത്തിയ ഉടനെ സേവകരോട് പറഞ്ഞു: 'ആവശ്യക്കാര്‍ക്ക് ആവശ്യമായതെല്ലാം നല്‍കുക. പൈസ ഒന്നും ബാക്കി വെക്കരുത്.' രണ്ട് ദിവസത്തിനുള്ളില്‍ തന്നെ മുഴുവന്‍ സമ്പത്തും കൊടുത്തു തീര്‍ക്കാന്‍ ഹസ്രത്ത് ആഗ്രഹിക്കുന്നതായി വ്യക്തമായി മനസ്സിലായിരുന്നു. ബന്ധുക്കളോടും മിത്രങ്ങളോടും വളരെ നല്ല നിലയിലാണ് വര്‍ത്തിച്ചത്. അനുഗ്രഹീത റമളാനിലെ ആദരവായ റസൂലുല്ലാഹി (സ)യുടെ അവസ്ഥ സ്വഹാബത്ത് വിവരിക്കുന്നു: റസൂലുല്ലാഹി (സ) റമളാനില്‍ അടിച്ചു വീശുന്ന കാറ്റിനെക്കാളും ധര്‍മ്മിഷ്ടനായിരുന്നു. (ബുഖാരി) ഇരുലോക നായകന്‍ റസൂലുല്ലാഹി (സ)യെ അനുകരിച്ച് കൊണ്ട് ഹസ്രത്തും ധര്‍മ്മിഷ്ടതയില്‍ വളരെയധികം മുന്നേറി. 
വ്യാഴാഴ്ച്ച ദിവസം വീടിനകത്തേക്ക് പോയി. കുടുംബത്തിലുള്ള സ്ത്രീ ജനങ്ങളുടെ കൂട്ടത്തില്‍ ധാരാളം നേരം കഴിച്ചു കൂട്ടി. മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് നദ്വിയും കൂട്ടത്തിലുണ്ടായിരുന്നു. അവരോട് പല വിഷയങ്ങളും സംസാരിക്കുയുണ്ടായി. അന്ന് രാത്രി തറാവീഹ് നമസ്കാരം കഴിഞ്ഞുള്ള മജ്ലിസില്‍ വെച്ച് ചോദിച്ചു. മസ്ജിദില്‍ എത്ര പേരുണ്ട്? ഞങ്ങള്‍ പറഞ്ഞു: മസ്ജിദ് ഇഅ്തികാഫുകാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഹസ്രത്ത് പറഞ്ഞു: ഇത് സ്ഥാപകനായ ശാഹ് അലമുല്ലാഹ് അവര്‍കളുടെ ഇഖ്ലാസിന്‍റെ ഫലമാണ്. തുടര്‍ന്ന് പറഞ്ഞു: മുഹമ്മദുല്‍ ഹസനി രചിച്ച തദ്കിറ ശാഹ് അലമുല്ലാഹ് എന്ന ഗ്രന്ഥമുണ്ടെങ്കില്‍ തരിക. അതൊന്ന് കൂടി വായിക്കാനാഗ്രഹിക്കുന്നു. ഈ സദസ്സില്‍ അത്ഭുതകരമായ ഒരു സംഭവം നടന്നു. ഹസ്രത്ത് ചോദിച്ചു : നാളെ റമളാനിന്‍റെ അവസാനത്തെ ജുമുഅ ആയ വിടവാങ്ങല്‍ ജുമുഅയാണോ? ഞങ്ങള്‍ പറഞ്ഞു: അല്ല, ഒരു ജുമുഅ കൂടി ബാക്കിയുണ്ട്. വീണ്ടും ചോദിച്ചു: നാളെ വിടവാങ്ങല്‍ ജുമുഅ ആണല്ലെ? ഞങ്ങള്‍ പറഞ്ഞു: അല്ല, ഒരു ജുമുഅ കൂടിയുണ്ട്. ഇത് കേട്ടപ്പോള്‍ നിശബ്ദനായി. അതെ ഹസ്രത്തിനെ സംബന്ധിച്ചിടത്തോളം വിടവാങ്ങല്‍ ജുമുഅ ആണെന്ന് ആരറിഞ്ഞു. 
ഈ സദസ്സില്‍ ദീനീയ്യായ ധാരാളം കാര്യങ്ങള്‍ പറയപ്പെട്ടു. മഹാന്മാരുടെ അനുസ്മരണത്തോടെ സദസ്സ് അവസാനിച്ചു. അന്ന് മദീനാ മുനവ്വറയില്‍ നിന്നും താരിഖ് ഹസന്‍ സാഹിബ് വന്നിരുന്നു. അദ്ദേഹത്തിന്‍റെ വരവില്‍ ഹസ്രത്ത് വലിയ സന്തോഷം പ്രകടിപ്പിച്ചു. മൗലാനാ നസ്റുല്‍ ഹഫീസ് നദ്വിയും യാത്ര കഴിഞ്ഞ് അന്നെത്തിയിരുന്നു. അതും ഹസ്രത്തിന് വലിയ സന്തോഷമായി. 

ഇലാഹീ കാരുണ്യത്തിലേക്ക്...
ജുമുഅ ദിവസം പുലര്‍ക്കാലമായി. മൂടല്‍ മഞ്ഞ് കാരണം തണുപ്പ് കൂടുതല്‍ ശക്തി പ്രാപിച്ചിരുന്നു. പക്ഷേ ഹസ്രത്ത് പതിവു പോലെ തഹജ്ജുദിന് എഴുന്നേറ്റു. തഹജ്ജുദ് നമസ്കരിച്ച ശേഷം അത്താഴം കഴിച്ചു. സുബ്ഹി ബാങ്ക് കൊടുത്ത ഉടനെ സുന്നത്തുകള്‍ നമസ്കരിച്ച് സുബ്ഹി നമസ്കാരം ജമാഅത്തായി നിര്‍വ്വഹിച്ചു. ശേഷം വിശ്രമിക്കാന്‍ കിടന്നു. എട്ടര മണിയോടടുത്ത് ഉണര്‍ന്ന് വുളൂഅ് ചെയ്ത ശേഷം ളുഹാ നമസ്കരിച്ചു. ശേഷം ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകി. അര മണിക്കൂര്‍ നേരം ഓതിക്കൊണ്ടിരുന്നു. ഇടയ്ക്ക് തിലാവത്തിന്‍റെ സുജൂദും ചെയ്തു. തുടര്‍ന്ന് പതിവ് പോലെ പതിമൂന്ന് പ്രാവശ്യം സൂറത്ത് യാസീന്‍ പാരായണം ചെയ്തു. മഹാന്മാരുടെ നാമങ്ങള്‍ പറഞ്ഞ് ഈസാല്‍ സവാബ് ചെയ്തു. ശേഷം ഹാജി അബ്ദുര്‍ റസാഖിനോട് പറഞ്ഞു: പെട്ടെന്ന് തന്നെ കുളി നിര്‍വ്വഹിക്കാം. ഹാജി സാഹിബ് പറഞ്ഞു: തണുപ്പ് കടുപ്പമാണ്. കുറച്ച് കഴിഞ്ഞ് കുളിക്കാം. ഹസ്രത്ത് പറഞ്ഞു: അധികം പിന്തരുത്. ഇതിനിടയില്‍ സയ്യിദ് ജഅ്ഫര്‍ കടന്നു വന്നു. ഹസ്രത്തുമായി അല്‍പ്പനേരം സംസാരിച്ചിരുന്നു. സംസാരത്തിനിടയില്‍ സയ്യിദ് ജഅ്ഫര്‍ പറഞ്ഞു: ഇവിടെ താങ്കള്‍ വന്നില്ലെങ്കില്‍ യാതൊരു അനക്കവും ഉണ്ടാകാറില്ല. ഹസ്രത്ത് പറഞ്ഞു: ഇല്ല, എനിക്ക് ശേഷവും ഈ പരമ്പര നിലനില്‍ക്കുന്നതാണ്! 
അല്‍പ്പം കഴിഞ്ഞ് പഴയ മുടിവെട്ടുകാരാനായ സ്വാബിര്‍ ഭായ് വന്നു. ഹസ്രത്ത് തലയും താടിയും വൃത്തിയാക്കി. പതിനൊന്നര മണിക്ക് കുളിമുറിയില്‍ പ്രവേശിച്ചു. പ്രവേശിച്ചപ്പോള്‍ ചോദിച്ചു: ഇന്ന് റമളാന്‍ എത്രാം തീയതിയാണ്? ഞങ്ങള്‍ പറഞ്ഞു: റമളാന്‍ 22 ആണ്. ആദ്യം മിസ്വാക്ക് ചെയ്തു. ശേഷം വുളൂഅ് എടുത്തു. പെട്ടെന്ന് കുളിക്കാമെന്ന് ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. കുളി കഴിഞ്ഞ് കടുത്ത തണുപ്പിന്‍റെ കാരണത്താല്‍ കുളിമുറിയില്‍ വെച്ച് തന്നെ വസ്ത്രം മുഴുവന്‍ മാറ്റുകയുണ്ടായി. സേവകന്‍റെ കൈയ്യില്‍ പിടിച്ച് വെളിയിലേക്ക് വന്നപ്പോള്‍ അവരോട് പറഞ്ഞു: നിങ്ങള്‍ ധാരാളം സേവനങ്ങള്‍ ചെയ്യുന്നു. അല്ലാഹു ഉന്നത പ്രതിഫലം നല്‍കട്ടെ. ഹസ്രത്ത് ചോദിച്ചു: ജുമുഅ അല്‍പ്പം പിന്തിക്കാമോ? സേവകര്‍ പറഞ്ഞു: അങ്ങ് സമാധാനത്തോടെ വന്നശേഷം മാത്രമെ ജുമുഅ നടക്കുകയുള്ളൂ. ഹസ്രത്ത് പറഞ്ഞു: അബ്ദുല്ലാഹ് തന്നെ ഇമാമത്ത് നില്‍ക്കണമെന്ന് അബ്ദുല്ലായോട് പറയുക. (ഹസ്രത്തിന്‍റെ സഹോദര പുത്രന്‍ മൗലാനാ സയ്യിദ് മുഹമ്മദുല്‍ ഹസനിയുടെ മൂത്ത മകനും ദാറുല്‍ ഉലൂം ഓച്ചിറ മുതലായ നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനും പ്രഗത്ഭ പ്രബോധകനുമായ മൗലാനാ സയ്യിദ് അബ്ദുല്ലാഹ് ഹസനി നദ്വിയെയാണ് ഉദ്ദേശിക്കുന്നത്.) തകിയ ശാഹ് അലമുല്ലാഹ് മസ്ജിദില്‍ ജുമുഅ പെരുന്നാള്‍ നമസ്കാരങ്ങള്‍ അദ്ദേഹം തന്നെ നിര്‍വ്വഹിക്കണമെന്ന് ഹസ്രത്തിന് നിര്‍ബന്ധമുണ്ടായിരുന്നു.
ശര്‍വ്വാനി ധരിപ്പിച്ചപ്പോള്‍ ഹസ്രത്ത് പറഞ്ഞു: സമയം കുറവാണ്. പെട്ടെന്ന് ഖുര്‍ആന്‍ എടുക്കുക. സൂറത്തുല്‍ കഹ്ഫ് ഓതാനുണ്ട്. ഖുര്‍ആന്‍ വാങ്ങിയപ്പോള്‍ സൂറത്തുല്‍ കഹ്ഫ് ഓതാന്‍ സമയമില്ലായെന്ന് ഹസ്രത്തിന് മനസ്സിലായി. അതുകൊണ്ട് അതിന് പകരം സൂറത്ത് യാസീന്‍ ഓതാനാരംഭിച്ചു. ഹസ്രത്ത് ഖിബ്ലയ്ക്കഭിമുഖമായി കട്ടിലില്‍ ഇരിക്കുകയായിരുന്നു. സൂറത്ത് യാസീന്‍ ഓതാന്‍ തുടങ്ങി അര മിനിറ്റ് ആയിക്കാണും പതുക്കെ ഓതിയിരുന്നത് കൊണ്ട് എവിടെയെത്തിയെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. പക്ഷേ ഹസ്രത്തിന്‍റെ പാരായണ ശൈലി വെച്ചു കൊണ്ട് സദുപദേശം സ്വീകരിക്കുന്നവര്‍ക്ക് പടച്ചവന്‍റെ പൊരുത്തവും സമുന്നത പ്രതിഫലവും അറിയിക്കുന്ന പതിനൊന്നാം ആയത്ത് എത്തിക്കാണുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഞങ്ങള്‍ തലപ്പാവ് മടക്കി ഹസ്രത്തിന്‍റെ ശിരസ്സില്‍ ഇട്ടു കൊണ്ടിരിക്കുകയായിരുന്നു. ഹസ്രത്തിന്‍റെ അനുഗ്രഹീത ശരീരം പിന്‍ഭാഗത്തേക്ക് ചരിഞ്ഞു. ഞങ്ങള്‍ താങ്ങി നേരെ കിടത്തിയപ്പോള്‍ ഹസ്രത്ത് പരലോകത്തെ ദര്‍ശിക്കുന്നതായി ഐശ്വര്യപൂര്‍ണ്ണമായ വദനത്തില്‍ നിന്നും വളരെ വ്യക്തമായി ഞങ്ങള്‍ക്ക് മനസ്സിലായി. ഞങ്ങളെല്ലാവരും അല്‍പ്പം പരിഭ്രമിച്ചപ്പോള്‍ ഹസ്രത്ത് സ്വയം ഖിബ്ലയിലേക്ക് തിരിഞ്ഞു കിടന്നു. ഡോക്ടര്‍ അബ്ദുല്‍ മഅ്ബൂദിനെ ഞങ്ങള്‍ വിളിച്ചു. അത്യാവശ്യ മരുന്നുകളും ഓക്സിജനും മറ്റുമായി അദ്ദേഹം രാവിലെ തന്നെ എത്തിയിരുന്നു. അദ്ദേഹത്തിന്‍റെ സേവനത്തിനുള്ള നന്ദിയെന്നോണം ഹസ്രത്ത് പതിവിനു വിരുദ്ധമായി അദ്ദേഹത്തെ ആലിംഗനം ചെയ്യുകയുമുണ്ടായി. അടുത്ത മുറിയിലുണ്ടായിരുന്ന അദ്ദേഹവും ഡോക്ടര്‍ ഖമറുദ്ധീനും ഉടനടി എത്തിച്ചേര്‍ന്നു. മൗലാനാ മുഹമ്മദ് റാബിഅ്, മൗലാനാ മുഹമ്മദ് വാളിഹ്, മൗലാനാ അബ്ദുല്ലാഹ്, മൗലാനാ മുഹമ്മദ് ഹംസ തുടങ്ങി ഇതര കുടുംബാംഗങ്ങളും എത്തിച്ചേര്‍ന്നു. എല്ലാവരുടെയും മനസ്സുകള്‍ പിടച്ചു. നാവുകള്‍ ദിക്ര്‍-ദുആകളില്‍ മുഴുകി. നയനങ്ങള്‍ നിറഞ്ഞൊഴുകി. വല്ലാത്തൊരു അവസ്ഥ തന്നെയായിരുന്നു. ഡോക്ടര്‍മാര്‍ കഴിവിന്‍റെ പരമാവധി പരിശ്രമിച്ചു. പക്ഷേ ജീവിതം മുഴുവന്‍ കഠിനമായ ത്യാഗപരിശ്രമങ്ങള്‍ നടത്തി ക്ഷീണിച്ച യാത്രികന്‍ ലക്ഷ്യസ്ഥാനത്തെത്തി സുന്ദരമായ ഉറക്കം ആരംഭിച്ചു കഴിഞ്ഞിരുന്നു. സമയം 12 മണിയോടടുത്തു. കുറേ നേരത്തേക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ ഞങ്ങള്‍ പ്രയാസപ്പെട്ടു. എന്നാല്‍ പടച്ചവന്‍റെ അപാരമായ കാരുണ്യം പെയ്തിറങ്ങിയതിനാല്‍ അത്ഭുതകരമായൊരു ശാന്തത അന്തരീക്ഷം മുഴുവന്‍ നിറഞ്ഞു നിന്നു. പടച്ചവന്‍റെ ഭാഗത്ത് നിന്നും അദൃശ്യമായ ഇടപെടലുകളുണ്ടായി. കാര്യങ്ങളെല്ലാം ശരിയായി ചലിച്ചു തുടങ്ങി. ജീവിതം മുഴുവന്‍ ശരീഅത്തിന്‍റെയും സുന്നത്തിന്‍റെയും പ്രചാരണത്തിന് വേണ്ടി കഠിനാധ്വാനം നടത്തിയ മഹാ വ്യക്തിത്വത്തിന്‍റെ അന്ത്യ യാത്ര അതിനനുസരിച്ച നിലയില്‍ തന്നെ ആകണമെന്ന് എല്ലാവരും ഏക സ്വരത്തില്‍ അഭിപ്രായപ്പെട്ടു. പെട്ടെന്ന് തന്നെ കുളിപ്പിച്ച് കഫന്‍ പുടവ ധരിപ്പിക്കാനും ഇശാ നമസ്കാരം കഴിഞ്ഞ് രാത്രി പത്ത് മണിയോടെ നമസ്കാരവും ഖബറടക്കവും നടത്താനും തീരുമാനിക്കപ്പെട്ടു. അതിന്‍റെ സജ്ജീകരണങ്ങളും ആരംഭിച്ചു. 
വിയോഗ വാര്‍ത്ത മുഴുവന്‍ മുസ്ലിം ലോകത്തും അതിവേഗതയില്‍ പരന്നു. ആദ്യം എല്ലാവരും അമ്പരന്നു. ശേഷം പങ്കെടുക്കാന്‍ സാധിക്കുന്നവരെല്ലാം ഉടനടി റായ്ബറേലിയിലേക്ക് യാത്ര തിരിച്ചു. അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ തന്നെ സംഘങ്ങളായ സംഘങ്ങള്‍ വന്നു തുടങ്ങി. വരുന്നവരെല്ലാവരും സന്ദര്‍ശിക്കുകയും മാറിയിരുന്ന് ദിക്ര്‍-ദുആ തിലാവത്തുകളില്‍ മുഴുകുകയും ചെയ്തു. സ്നേഹം നിറഞ്ഞ പലരും നിയന്ത്രണം വിട്ട് കരയുകയുണ്ടായി. വരുന്നവരില്‍ വൃദ്ധരും രോഗികളും ഉണ്ടായിരുന്നു. മനുഷ്യത്വത്തിന്‍റെ ഈ സന്ദേശവാഹകനെ സന്ദര്‍ശിക്കാന്‍ ധാരാളം അമുസ്ലിംകളും യാത്ര ചെയ്ത് വന്നു. വൈകുന്നേരമായപ്പോള്‍ ഈ ചെറിയ ഗ്രാമം ജന മഹാസമുദ്രമായി രുപാന്തരപ്പെട്ടു. ശൈത്യം അതിശക്തമായിരുന്നു. അതു കാരണം ധാരാളം വിമാനങ്ങള്‍ റദ്ദ് ചെയ്യപ്പെട്ടു. ഇതര വാഹനങ്ങളും വളരെ പതുക്കെയാണ് സഞ്ചരിച്ചിരുന്നത്. ഇതും അല്ലാഹുവിന്‍റെ വലിയൊരു അനുഗ്രഹമായിട്ടാണ് മനസ്സിലായത്. അല്ലെങ്കില്‍ ജനങ്ങളുടെ ഭയങ്കരമായ ഒഴുക്ക് കാരണം ധാരാളം അപകടങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടായിരുന്നു. ഒന്നര ലക്ഷം ആളുകള്‍ ഇശാ നമസ്കാരത്തോടെ എത്തിച്ചേര്‍ന്നുവെന്നാണ് സൂക്ഷ്മമായ കണക്ക്. 
വിയോഗം കഴിഞ്ഞയുടനെ ജനങ്ങളുടെ സന്ദര്‍ശനം ആരംഭിച്ചിരുന്നു. മഗ്രിബിന് ശേഷം സന്ദര്‍ശനം അവസാനിപ്പിച്ച് കുളിപ്പിക്കപ്പെട്ടു. കുടുംബത്തിലെ അംഗങ്ങളും അടുത്ത സേവകരുമാണത് നിര്‍വ്വഹിച്ചത്. ഹസ്രത്തിന്‍റെ പിന്‍ഗാമി കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. കഫന്‍ പുടവ ധരിപ്പിക്കപ്പെട്ടതിന് ശേഷം വീണ്ടും സന്ദര്‍ശനം പുനരാരംഭിച്ചു. രാത്രി പത്ത് മണിയോടടുത്ത് അനുഗ്രഹീത ശരീരം അന്ത്യവിശ്രമ സ്ഥാനത്തേക്ക് കൊണ്ടുവരാനാരംഭിച്ചു. കടുത്ത ജനക്കൂട്ടത്തിനിടയില്‍ ഖബറിടം വരെ എങ്ങനെ പോകുമെന്ന് ചിന്തിച്ച് ഞങ്ങള്‍ പരിഭ്രമിച്ചെങ്കിലും അല്ലാഹു വഴിയെളുപ്പമാക്കി എന്നാല്‍ വളരെ കുറഞ്ഞ ദൂരം മാത്രമുള്ള ഈ വഴിദൂരം അര മണിക്കൂര്‍ കൊണ്ടാണ് പിന്നിട്ടത്. ജനാസാ നമസ്കാരത്തിന്‍റെ നേതൃത്വം മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ്വി തന്നെയാണെന്ന് എല്ലാവരും സംയുക്തമായി തീരുമാനിച്ചിരുന്നു. ഹസ്രത്ത് ഏറ്റവും കൂടുതല്‍ സ്നേഹവും വിശ്വാസവും പുലര്‍ത്തിയിരുന്നത് മൗലാനായോടാണ്. മൗലാനാ ജീവിതം മുഴുവനും കഴിച്ചു കൂട്ടിയത് ഹസ്രത്തിന്‍റെ ഇഷ്ടാനുസൃതമാണ്. ഹസ്രത്തിന് മുന്നില്‍ മൗലാനാ സ്വന്തം വ്യക്തിത്വത്തെ തന്നെ മാറ്റിവെച്ചിരുന്നു. ഏതാണ്ട് പത്തര മണിയോടടുത്ത് മൗലാനായുടെ നേതൃത്വത്തില്‍ ജനാസാ നമസ്കാരം നിര്‍വ്വഹിക്കപ്പെട്ടു. തകിയ മുഴുവന്‍ ജനനിബിഢമായിരുന്നു. പരിസര പ്രദേശങ്ങളിലും വെളിച്ചത്തിന്‍റെയും ശബ്ദത്തിന്‍റെയും സൗകര്യം ചെയ്യപ്പെട്ടതിനാല്‍ ആ ഭാഗങ്ങളിലെല്ലാം ജനങ്ങള്‍ നിന്ന് നമസ്കാരത്തില്‍ പങ്കെടുത്തു. റായ്ബറേലി നഗരം വരെ ജനങ്ങള്‍ നമസ്കരിക്കാന്‍ ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. 
ശാഹ് അലമുല്ലായുടെ ഖബര്‍ സ്ഥിതി ചെയ്യുന്ന ഹളീറ എന്ന ചുറ്റു കെട്ടിന്‍റെ പ്രവേശന ഭാഗത്ത് തന്നെ ഹസ്രത്തിന് വേണ്ടി ഖബ്ര്‍ തയ്യാറാക്കപ്പെട്ടിരുന്നു. അവിടെ ഹസ്രത്തിന്‍റെ മാതാപിതാക്കള്‍, സഹാദേരന്‍, രണ്ട് സഹോദരിമാര്‍ തുടങ്ങിയവര്‍ അടക്കപ്പെട്ടിട്ടുണ്ട്. നമസ്കാരാനന്തരം ജനാസ അവിടേയ്ക്ക് എടുക്കപ്പെട്ടു. മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി, മൗലാനാ സയ്യിദ് അബ്ദുല്ലാഹ് ഹസനി വിശിഷ്ട സേവകന്‍ ഹാജി അബ്ദുര്‍റസാഖ്, എഴുത്തുകാരന്‍ മൗലാനാ നിസാര്‍ എന്നിവര്‍ ചേര്‍ന്ന് ഈ അവസാന സേവനവും നിര്‍വ്വഹിച്ചു. അങ്ങനെ ശാഹ് അലമുല്ലാഹ് സാഹിബിലൂടെ ഖബറടക്കം ആരംഭിച്ച ഈ ചുറ്റു കെട്ടില്‍ അവസാനമായി ഹസ്രത്ത് അടക്കം ചെയ്യപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്‍റെ വലിയൊരു ഭാഗത്ത് സന്മാര്‍ഗത്തിന്‍റെ പ്രഭ ചൊരിഞ്ഞ സൂര്യന്‍ ഇവിടെ അസ്തമിച്ചു. അല്ലാഹുവിന്‍റെ ആയിരമായിരം അടിമകള്‍ക്ക് സന്മാര്‍ഗത്തിന് കാരണമായ അതി സുന്ദരമായൊരു അധ്യായത്തിന് ഇവിടെ തിരശ്ശീല വീണു. 

ആഗോള പ്രതികരണം.
ഇസ്ലാമിക ലോകത്താകമാനം വിയോഗ വാര്‍ത്ത പരന്നു. ലോകം മുഴുവന്‍ ദുഃഖത്തോടെ ഈ വാര്‍ത്ത ശ്രവിച്ചു. ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ നിലയില്‍ സര്‍വ്വ വിഭാഗം ജനങ്ങളും സ്നേഹാദരങ്ങളോടെ അനുശോചനം രേഖപ്പെടുത്തി. അന്നേ ദിവസം ജുമുഅ നമസ്കാരം കഴിഞ്ഞയുടനെ തന്നെ ധാരാളം മസ്ജിദുകളില്‍ വിയോഗവാര്‍ത്ത അറിയിക്കപ്പെട്ടു. ഏതാണ്ട് എല്ലാ രാജ്യങ്ങളിലും മറഞ്ഞ നിലയില്‍ മയ്യിത്ത് നമസ്കാരങ്ങള്‍ നടന്നു. വിശിഷ്യാ ഫഹദ് രാജാവിന്‍റെ നിര്‍ദ്ദേശപ്രകാരം മക്കി-മദനി ഇരു ഹറമുകളിലും 27-ാം രാവില്‍ മയ്യിത്ത് നമസ്കാരം നിര്‍വ്വഹിക്കപ്പെട്ടു. സമാഹത്തു ശൈഖ് അബുല്‍ ഹസന്‍ അലി നദ്വിയുടെ മേലുള്ള മയ്യിത്ത് നമസ്കാരം നടക്കുകയാണെന്ന് ഇരു ഹറമുകളിലും അനൗണ്‍സ്മെന്‍റ് ചെയ്യപ്പെട്ടപ്പോള്‍ നമസ്കാരക്കാരെല്ലാം വളരെയധികം വികാരഭരിതരായി. ഈ അനുഗ്രഹീത രാവില്‍ 35 ലക്ഷത്തോളം ജനങ്ങള്‍ ഇരുഹറമുകളിലായി സംഗമിച്ചിരുന്നു. മറഞ്ഞവരുടെ മേലുള്ള മയ്യിത്ത് നമസ്കാരം അതും ഈ രാവില്‍ ഒരു പണ്ഡിതന്‍റെ മേല്‍ നിര്‍വ്വഹിക്കപ്പെട്ടത് ചരിത്രത്തില്‍ തന്നെ അസാധാരണ സംഭവമാണ്. തുടര്‍ന്ന് അനുശോചന സമ്മേളനങ്ങളുടെയും അനുസ്മരണ പരിപാടികളുടെയും ലോകത്തിലെ വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന പത്രമാസികകളുടെ പ്രത്യേക പതിപ്പുകളുടെയും ഒരു പരമ്പര തന്നെ ആരംഭിച്ചു. ഈ വരികള്‍ കുറിക്കുന്ന സമയത്തും അവ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ആരെങ്കിലും അല്ലാഹുവിന് വേണ്ടി വിനയം തിരഞ്ഞെടുത്താല്‍ അല്ലാഹു അവനെ ഉയര്‍ത്തുന്നതാണ് എന്ന തിരുവചനത്തിന്‍റെ ഒരു പുലര്‍ച്ച തന്നെയാണിത്. അതേ ഹസ്രത്ത് ജീവിത കാലം മുഴുവന്‍ വിനയം മുറുകെ പിടിച്ചിരുന്നു. വിനയം ഹസ്രത്തിന്‍റെ പ്രകൃതി രീതിയായി മാറിയിരുന്നു. തല്‍ഫലമായി അല്ലാഹു ജീവിത കാലത്ത് തന്നെ ഹസ്രത്തിനെ ഉയര്‍ത്തി. വിയോഗാനന്തരം ഏതോ കാഹളം ഊതപ്പെട്ടത് പോലെ അനുഭവപ്പെട്ടു. അടുത്തവര്‍ മാത്രമല്ല അകന്നവരും സാധുക്കള്‍ മുതല്‍ രാജാക്കന്മാര്‍ വരെയും ഹസ്രത്തിന്‍റെ മേല്‍ പ്രശംസകള്‍ ചൊരിഞ്ഞു. 
ഹസ്രത്തിന് സൃഷ്ടാവിന്‍റെ പക്കലുള്ള സ്വീകാര്യതയും സൃഷ്ടികള്‍ക്കിടയിലുള്ള സ്നേഹാദരങ്ങളും കാരണം ജനാസാ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ വളരെ ദൂരങ്ങളില്‍ നിന്നും ആളുകള്‍ വന്നു. കൂടാതെ ജനാസയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിഞ്ഞിട്ടും പലരും യാത്ര മാറ്റി വെച്ചില്ല. നിസാമുദ്ദീന്‍ തബ്ലീഗ് മര്‍കസില്‍ നിന്നും മൗലാനാ സുബൈറും, മൗലാനാ സഅ്ദും ഇതര മഹത്തുക്കളും കാലാവസ്ഥ മോശമായതിനാല്‍ വിമാനം ലഭിക്കാന്‍ സാധ്യതയില്ലെന്നറിഞ്ഞിട്ടും എയര്‍പോര്‍ട്ടില്‍ വന്ന് ധാരാളം സമയം കഴിച്ചു കൂട്ടി. മസാഹിറുല്‍ ഉലൂമിലെ ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് യൂനുസ് രോഗിയായിരുന്നിട്ടും വാര്‍ത്ത കേട്ടയുടനെ പുറപ്പെട്ടു. റിസര്‍വേഷന്‍ ഇല്ലാത്തതിനാല്‍ വളരെ കഷ്ടപ്പാട് സഹിച്ചും യാത്ര തുടര്‍ന്നു. ഖബറടക്കം കഴിഞ്ഞ് എത്തുകയും മസ്ജിദില്‍ നസീഹത്തും ദുആയും നിര്‍വ്വഹിക്കുകയും ചെയ്തു. 
നിരവധി അറബ് രാജ്യങ്ങളില്‍ നിന്നും ധാരാളം പണ്ഡിത മഹത്തുക്കള്‍ അനുശോചനത്തിന് വേണ്ടി വന്നു. ഖത്തറിലെ ചീഫ് ജസ്റ്റിസും അല്ലാമാ യൂസുഫുല്‍ ഖറദാവി അടക്കമുള്ള പ്രധാന വ്യക്തിത്വങ്ങളുമടങ്ങുന്ന ഒരു വലിയ സംഘം തന്നെ പ്രത്യേക വിമാനത്തില്‍ എത്തിച്ചേര്‍ന്നു. മറ്റൊരു അന്താരാഷ്ട്ര പണ്ഡിതനായ ഡോ.അബ്ദുല്‍ ബാസിത്ത് ബദ്റും വന്നു. ഇവരില്‍ പലരും മസ്ജിദില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. 
ഹസ്രത്തുമായി പ്രത്യേക ബന്ധമുള്ള സുഹൃത്തുക്കളും ശിഷ്യന്മാരും ദീര്‍ഘയാത്രകള്‍ ചെയ്ത് തകിയയിലെത്തി. മൗലാനാ അബ്ദുല്ലാഹ് അബ്ബാസ് നദ്വി മക്കാ മുകര്‍റമയില്‍ നിന്നും രണ്ടാം ദിവസം തന്നെ വന്നു. അന്ന് തന്നെ കഠിന രോഗിയായിരുന്നിട്ടും മൗലാനാ അബ്ദുല്‍ കരീം പാലീക് എത്തിച്ചേര്‍ന്നു. റമളാന്‍ കഴിഞ്ഞപ്പോള്‍ അനുശോചനത്തിന് വേണ്ടി വരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. രാജ്യത്തിനകത്തുള്ള പ്രധാന വ്യക്തിത്വങ്ങളെല്ലാം വരികയുണ്ടായി. വരാന്‍ സാധിക്കാത്തവര്‍ കത്തുകളിലൂടെ അനുശോചനം രേഖപ്പെടുത്തി. ഇത്തരം കത്തുകള്‍ ആയിരക്കണക്കായിരുന്നു. മഹാത്മാക്കള്‍, രാജാക്കന്മാര്‍ മന്ത്രിമാര്‍, മത-രാഷ്ട്രീയ നേതാക്കള്‍ എന്നിങ്ങനെ എല്ലാവരും കത്തുകള്‍ അയച്ചു. അതില്‍ നിന്നും മക്കാ ഹറമിലെ ഇമാമും ഇരുഹറം മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദില്ലാഹ് സുബൈയില്‍ കുറിച്ച കത്ത് മാത്രം ഇവിടെ ഉദ്ധരിക്കുന്നു:

ഇന്ത്യന്‍ പണ്ഡിതരെ നേതാക്കളെ,
അങ്ങേറ്റത്തെ വേദനയോടെയും മാനസിക ദുഃഖത്തോടെയുമാണ് മഹാനായ പണ്ഡിതനും സമുന്നത പ്രബോധകനുമായ അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വിയുടെ വിയോഗ വാര്‍ത്ത ഞങ്ങള്‍ക്ക് ലഭിച്ചത്. വളരെ വേദനാജനമായ ഈ ആഘാതം സഹിക്കാനുള്ള മനക്കരുത്ത് അല്ലാഹു നാമെല്ലാവര്‍ക്കും നല്‍കട്ടെ. നിങ്ങളെല്ലാവര്‍ക്കും അല്ലാഹു ഉന്നത പ്രതിഫലം നല്‍കുകയും ഈ നഷ്ടം പരിഹരിക്കുകയും ചെയ്യട്ടെ. നിങ്ങള്‍ ദുഃഖിക്കുന്നത് പോലെ ഞങ്ങളും മുഴുവന്‍ മുസ്ലിംലോകവും വലിയ ദുഃഖത്തിലാണ്. അല്ലാമായുടെ വിയോഗം ഒരു കനത്ത ആഘാതവും പ്രയാസത്തില്‍ കഴിയുന്ന ലോക മുസ്ലിംകള്‍ക്ക് വലിയൊരു പരീക്ഷണവുമാണ്. അല്ലാഹുവിലേക്കുള്ള പ്രബോധനത്തിലും പടച്ചവന്‍റെ പാതയിലേക്കുള്ള പോരാട്ടത്തിലും അല്ലാമാ സ്വന്തം നാവും തൂലികയും ശരീരവും ജീവനും അര്‍പ്പണം ചെയ്തിരുന്നു. ഈ മേഖലയില്‍ അദ്ദേഹത്തിന്‍റെ സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുന്നതാണ്. അങ്ങേയറ്റം ദുഃഖകരമായി ഈ സംഭവത്തില്‍ സഹനത മുറുകെ പിടിക്കാന്‍ അല്ലാഹു നാമെല്ലാവര്‍ക്കും ഉതവി നല്‍കട്ടെ ! മുസ്ലിം ലോകത്തുണ്ടായ ഈ വലിയ നഷ്ടത്തെ നികത്തട്ടെ! സഊദി രാജാവായ ഖാദിമുല്‍ ഹറമൈന്‍ ശരീഫൈന്‍ ഫഹദ് ബിന്‍ അബ്ദില്‍ അസീസ് മക്കാ മദീന ഇരു ഹറമുകളിലും ഹി.1420 27ാം രാവില്‍ ഇശാ നമസ്കാരത്തിന് ശേഷം മറഞ്ഞമയ്യിത്ത് നമസ്കാരത്തിന് നിര്‍ദ്ദേശം നല്‍കിയ വിവരം അറിഞ്ഞ് കാണുമല്ലോ? അല്ലാഹു അല്ലാമയെ കാരുണ്യം കൊണ്ട് പൊതിയട്ടെ! സജ്ജനങ്ങളായ ദാസന്മാരില്‍ ഉള്‍പ്പെടുത്തട്ടെ! അബ്റാര്‍, അത്ഖിയാഅ്, ശുഹദാഅ്, സ്വാലിഹീങ്ങളോടൊപ്പം സമുന്നത ഇല്ലിയീനില്‍ സ്ഥാനം നല്‍കട്ടെ! ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍.

മുഹമ്മദ് ബിന്‍ അബ്ദില്ലാഹ് സുബൈയില്‍
(ഹറമൈന്‍ ശരീഫൈന്‍ മേധാവി)
ഇമാം, ഖത്തീബ് മസ്ജിദുല്‍ ഹറാം, മക്കത്തുല്‍ മുകര്‍റമ

**********
 കുറിപ്പ്: മുഫക്കിറുല്‍ ഇസ്‍ലാം മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‍വിയുടെ ജീവചരിത്രം ഖണ്ധശയായി പ്രസിദ്ധീകരിക്കുന്നത് ഈ ലക്കത്തോടെ പൂര്‍ത്തീകരിക്കപ്പെടുകയാണ്. മൗലാനാ മര്‍ഹൂമിന്‍റെ മഹല്‍ഗുണങ്ങളെക്കുറിച്ചുള്ള അടുത്ത അദ്ധ്യായം മുമ്പ് ഇതില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതും ഇടയ്ക്ക് വിട്ടുപോയ ഏതാനും അദ്ധ്യായങ്ങളും ചേര്‍ത്ത് ഗ്രന്ഥം ഉടനടി പ്രസിദ്ധീകരിക്കുന്നതാണ്. ഇതില്‍ അക്ഷര-ആശയ തെറ്റുകള്‍ കണ്ടിട്ടുള്ള സഹോദരങ്ങള്‍ അറിയിച്ച് തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ. (7736723639)

**********


വാര്‍ത്തകള്‍

2024ഡിസംബർ 28 ന് രാവിലെ 9 മണി മുതൽ ഓച്ചിറ ദാറുൽ ഉലൂം അൽ ഇസ്ലാമിയ്യയിൽ ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് നയിച്ച തഫ്ഹീമെ ശരീഅത്ത് ശിൽപശാല & ഇസ്ലാഹെ മുആശറ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

അബ്ദുൽ ശുക്കൂർ മൗലവിയുടെ നേതൃത്വത്തിൽ അജ്മൽ നദ്‌വി അധ്യക്ഷത വഹിച്ച നെമിനാർ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം നടത്തി

ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് മെമ്പറായി പുതുതായി തിരഞ്ഞടുത്ത സയ്യിദ് മുഹമ്മദ് അലി മൗലവിയും പി.പി ഇസ്ഹാഖ് മൗലവിയും മുഖ്യ അതിഥികളായിരുന്നു.

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ മെമ്പർ സയ്യിദ് മുഹമ്മദ് അലി അവർകൾ മുഖ്യ പ്രഭാഷണം നടത്തി. ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിൽ തിരഞ്ഞെടു ത്തതിന് നന്ദി അറിയിച്ച് കൊണ്ട് തുടങ്ങുകയും ശേഷം ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് നിർമ്മാതാവ് ഖാരി ത്വയ്യിബ് മൗലാനയുമായുളള ബന്ധത്തെ വ്യക്തമാക്കി വികാര ഭരിതനായി  സംസാരിക്കുകയും ചെയ്തു. ശേഷം ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് മെമ്പർ പി.പി ഇസ്ഹാഖ് മൗലവി അവർകൾ സംസാരിച്ചു. ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് ചരിത്രവും വർത്തമാനവും അത് പോലെ ഇന്ത്യൻ ഭരണഘടനയുടെ നിർമ്മാണ ത്തെപ്പറ്റിയും വ്യക്തമാക്കി അതിലെ മുസ്‌ലിം സമുദായത്തിന്റെ പങ്കും വ്യക്തമാക്കി
മൗലാനാ അസ്അദ് നദ്‌വിയും ഖാലിദ് സൈഫുള്ള റഹ്മാനിയുടെ മകൻ മൗലാനാ ഉമർ ആബ്ദീനും പങ്കെടുത്തു
സെമിനാറിന്റെ ആദ്യ സെക്ഷൻ മൗലാനാ അസ്അദ് നദ്‌വി അവർകൾ
വഖ്ഫിൻ്റെ  വിഷയത്തിൽ പ്രധാന സദസ്സ് നയിക്കുകയും അബ്ദുൽ ഷുക്കൂർ ഖാസിമി വിവർത്തനം നടത്തുകയും ചെയ്തു. തഫ്ഹീമെ ശരീഅത്തിൻ്റെ പ്രധാന പ്രവർത്തനങ്ങളെ പറ്റി അദ്ദേഹം വിവരിച്ചു. ജനങ്ങളിൽ അവബോധം  ഉണ്ടാക്കുന്നതിനെ പറ്റിയും അഡ്വക്കറ്റ് മാരിൽ ശരീഅത്തിലുള്ള അറിവിൻ്റെ കുറവ് എന്നിവയെ കുറിച്ചെല്ലാം വ്യക്തമാക്കി
പ്രധനമായും ഇസ്‌ലാമിലെ വഖ്ഫ്........ ഇന്ത്യയിലെ വഖ്ഫ് ബിൽഎന്ന ശീർഷകത്തിന് കീഴിലാണ് സംസാരം നടത്തിയത്. അത് പോലെ
തദ്രീസിൻ്റെ മേഖലയിലെ വഖ്ഫിൻ്റെ വിഷയത്തിലെ വീഴ്ച്ചയെ പറ്റിയും
ഹദീസിലെ വഖ്ഫിൻ്റെ പ്രേരണകളെ പറ്റിയുംവഖ്ഫിൻ്റെ പ്രവാചക ചരിത്രത്തെ പറ്റിയും ഖലീഫമാരുടെ ചരിത്രത്തെ പറ്റിയും മറ്റ് സ്വഹാബാക്കളുടെയും താബിഉകളുടെ ചരിത്രത്തെ പറ്റിയും ,വഖ്‌ഫ് എന്നത് പള്ളിയും അനുബന്ധ കാര്യങ്ങൾക്കും വേണ്ടി മാത്രമുള്ളതല്ല മറിച്ച് മുഴുവൻ ജനോപകാര പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടും എന്നതിനെ പറ്റിയും, വഖ്‌ഫിലെ ചില പ്രധാന മസ്അലകളയും നിബന്ധനകളെയും പറ്റിയും ഇന്ത്യയിലെ വഖ്ഫ് സ്വത്തു കളുടെ കണക്കിനെയും ചരിത്രത്തെ പറ്റിയും വഖ്ഫ് ബില്ലിൻ്റെ ചരിത്രത്തെ പറ്റിയും
വഖ്ഫ് സംരക്ഷണത്തിലെ അംഗങ്ങളുടെ വിഷയത്തിലെ പുതിയ ബില്ലിലെ വ്യക്തമായ നീതി പരമല്ലാത്ത പക്ഷപാതിത്വത്തെ പറ്റിയുംവിശദമായി സംസാരിക്കുകയും നിലവിൽ വഖ്ഫിലായുള്ള ജനോപകാരമായ സംരഭങ്ങളെ പറ്റി ചർച്ച ചെയ്യുകയും ചെയ്തു കൊണ്ട് ആദ്യ സെക്ഷൻ അവസാനിപ്പിച്ചു

രണ്ടാമത്തെ സെക്ഷൻ ഖാലിദ് സൈഫുള്ള റഹ്മാനിയുടെ മകൻ മൗലാനാ ഉമർ ആബ്ദീൻ നേതൃത്വം കൊടുത്ത് കൊണ്ട് ഇസ്ലാമിക ശരീഅത്തും  കാലിക നിയമങ്ങളും എന്ന ശീർഷകത്തിൽ ക്ലാസ് നയിക്കുകയും മുഫ്തി താരിഖ് ഖാസിമി വിവർത്തനം നടത്തുകയും ചെയ്തു.കൃത്യമായി ക്രമീകരിച്ച ക്ലാസിൽ ഇസ്ലാമിക ശരീഅത്തും അതല്ലാത്ത നിയമ സംഹിതകളും തമ്മിലുള്ള വ്യത്യാസം, അല്ലാഹു ഇറക്കിയ ഈ ഇസ്ലാമിക ശരീഅത്ത് ഇന്ന് പ്രായോഗികമല്ല എന്ന് പറയുന്നവർക്കുള്ള മറുപടി, നാം ഇതെല്ലാം മനസ്സിലാക്കുന്നതിൻ്റെ ആവശ്യകത, എന്നിവ
1-നിയമ സംഹിത ഉണ്ടാക്കുമ്പോൾ അതിന് പരിതി എവിടം വരെ വിവരിച്ചു. 

അപ്രകാരം തന്നെ മനുഷ്യന് 3 മേഖലകളാണ് സൃഷ്ടാവ് , സ്വവ്യക്തി, ഇതര സൃഷ്ടികൾ ഈ മൂന്ന് മേഖലയിലും പരിപൂർണ്ണ നീതിയുക്തമായ ജീവിത നിയമ സംഹിത വിവരിക്കാൻ ഇസ്‌ലാമിനല്ലാതെ സാധിക്കില്ല എന്നും അവകാശങ്ങളുടെ വിഷയത്തിൽ സമത്വവും ഉത്തരവാധിത്യത്തിൻ്റെ വിഷയത്തിൽ നീതിയുമാണ് ഇസ്‌ലാം അനുദാവനം ചെയ്യുന്നത് എന്ന് വ്യക്തമായ ഉദാഹരങ്ങളിലൂടെ വ്യക്കമാക്കുകയും 'ഇന്ന് നിലവിലുള്ള നിയമസംഹിതകളിൽ ഇസ്ലാം ചെലുത്തിയ സ്വാധീനത്തെ സമത്വം ,വിവാഹം, വിവാഹമോചനം,കോടതീയ വ്യവസ്ഥിതി, വഖ്ഫ് എന്നീ ഉദാഹരണങ്ങൾ നിരത്തി വിശധീകരിക്കുകയും താരതമ്യ പഠനം നടത്തുകയും ചെയ്തു.

ഉച്ചയ്ക്ക് ശേഷം ഉള്ള മൂന്നാം സെക്ഷനിൽ മൗലാന ഇസ്ലാമിക അനന്തരാവകാശ നിയമങ്ങളിലെ ആരോപണങ്ങളും അതിനുള്ള മറുപടികളും യഥാർത്ഥ അനന്തരാവകാശത്തിലെ യുക്തിയെയുംസംബന്ധിച്ച് വിപുലമായ ക്ലാസ് നടത്തുകയും സൽമാൻ നദ്‌വി വിവർത്തനം നടത്തുകയും ചെയ്തു

ശേഷം മൗലാനാഉമർ ആബ്ദിൻ ദൃശ്യാവിഷ്കാരത്തോട് കൂടിയുള്ള അനന്തരാവകാശ നിയമങ്ങളിലെ പുരുഷ സ്ത്രീ സമത്വം അതിൻറെ കാരണങ്ങൾ അതിലെ നീതി അതിലെ യുക്തി പുരുഷനുള്ള കടമകൾ സ്ത്രീകളുടെ ആദരവ് എന്നിവയെപ്പറ്റി എല്ലാം വിശദമായി ചർച്ച നടത്തുകയും സുഹൈൽ മൗലവി വിവർത്തനം നടത്തുകയും ചെയ്തു

അവസാനം അബ്ദുൽ ഷുക്കൂർ ഖാസിമി ഏകദിന സെമിനാറിന്റെ പ്രമേയം പാസാക്കുകയും ചെയ്തു .അതോടൊപ്പം ആസാനേ ഇൻമുൽ കലാം എന്ന ഖാലിദ് സൈഫുള്ള റഹ്മാനിയുടെ ഗ്രന്ഥത്തിൻറെ അബ്ദുൽഷുക്കൂർ ഖാസിമി വിവർത്തനം ചെയ്ത പ്രതി ഖാലിദ് സൈഫുള്ള റഹ്മാനിയുടെ മകൻ ഉമർ ആബിദീൻ ശൈഖ് അൻസാരി അവർകൾക്ക് നൽകി പ്രകാശനം നടത്തുകയും അവസാനം മൗലാന ഉമർ ആ ബ്ദിൻ അവർകളുടെദുആയോടെ സദസ്സ് പിരിയുകയും ചെയ്തു.

********************

വഖ്ഫ് സംരക്ഷണത്തിന് മുന്നിട്ടിറങ്ങുക
ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്

ഓച്ചിറ: വഖ്ഫ് ഇസ്‌ലാമിലെ സമുന്നതമായ ഒരു ആരാധനയാണെന്നും വഖ്ഫ് സ്വത്തുക്കൾ മുൻഗാമികൾ നമ്മെ ഏൽപ്പിച്ച അമൂല്യമായ സൂക്ഷിപ്പ് സ്വത്താണെന്നും അതിനെ സംരക്ഷിക്കലും ശരിയായ നിലയിൽ ഉപയോഗിക്കലും സമുദായത്തിന്റെ പ്രധാന ബാധ്യതയാണെന്നും ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിന്റെ തഫ്ഹീമെ ശരീഅത്ത് സമ്മേളനം ആഹ്വാനം ചെയ്തു. ഓച്ചിറ ദാറുൽ ഉലൂമിലെ മൗലാനാ മുഹമ്മദ് ഈസാ മമ്പഈ നഗറിൽ കൂടിയ ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിന്റെ തഫ്ഹീമെ ശരീഅത്ത് വർക്ക്‌ഷോപ്പിൽ ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് വർക്കിംഗ് കമ്മിറ്റി മെമ്പർ മൗലാനാ ഉമർ ആബിദീൻ ഖാസിമിയും ഓർഗനയ്‌സർ മൗലാനാ അസ്അദ് നദ്‌വിയും വിഷയങ്ങൾ അവതരിപ്പിച്ചു. ദക്ഷിണ കേരള ജംഇയത്ത് ഉലമ ജന: സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് മെമ്പർമാരായ മൗലാനാ മുഹമ്മദ് ഇസ്ഹാഖ് ഖാസിമി, സൈദ് മുഹമ്മദ് ബാഖവി, ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി മുതലായവർ പങ്കെടുത്തു. വഖ്ഫിന്റെ വിഷയത്തിൽ സൂക്ഷ്മതക്കുറവ് സംഭവിക്കുന്നതിനാൽ വലിയ വീഴ്ചകൾ സംഭവിക്കുന്നുണ്ട്. ഇതിനെ തിരുത്താൻ എല്ലാവരും വിശിഷ്യാ വഖ്ഫിന്റെ മേൽനോട്ടം വഹിക്കുന്നവരും സേവകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ ഇതിന്റെ പേര് പറഞ്ഞ് വഖ്ഫ് നിയമങ്ങളെ നിന്ദിക്കുന്നതും പരിഹസിക്കുന്നതും വഖ്ഫിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾക്ക് പോലും വിരുദ്ധമായ നിയമങ്ങൾ കൊണ്ടുവരാൻ പരിശ്രമിക്കുന്നതും തീർത്തും തെറ്റാണ്. വഖ്ഫിന്റെ ചരിത്രം തുറന്ന പുസ്തകമാണ്. അതിലൂടെ ആരാധനാലയങ്ങൾ മാത്രമല്ല, ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. പ്രത്യേകിച്ചും വിദ്യാഭ്യാസ, ചികിത്സാ മേഖലകളിൽ വഖ്ഫ് സ്വത്ത് നടത്തിയ സേവനങ്ങൾ അതുല്യമാണ്. ഇന്നത്തെ സാഹചര്യത്തിൽ പ്രത്യേകിച്ചും വഖ്ഫിന്റെ മാനവിക മൂല്യങ്ങളെക്കുറിച്ച് ബാല വിദ്യാഭ്യാസ പാഠശാലകൾ മുതൽ പഠിപ്പിക്കാനും വഖ്ഫിന്റെ സന്ദേശങ്ങൾ മുഴുവൻ ജനങ്ങൾക്കും എത്തിച്ച് കൊടുക്കാനും പരിശ്രമിക്കേണ്ടതാണെന്നും യോഗം വിലയിരുത്തി.

 
 രചനാ പരിചയം 

പുതിയ പ്രസിദ്ധീരണം!

വഖ്ഫിന്‍റെ ചരിത്രം
അഡ്വ: അഷ്ഫാഖ് അലി സാഹിബ് 

    പരിശുദ്ധ ഖുർആനും ഹദീസും പ്രേരിപ്പിച്ചിട്ടുള്ളതും മുൻഗാമികൾ ത്യാഗത്തോടെ നിർവ്വഹിച്ചിട്ടുളളതുമായ വഖ്ഫിൻ്റെ മാതൃകാപരവും ആവേശം നിറഞ്ഞതുമായ ചരിത്രത്തിന്റെ വിവരണം.

ഫോണ്‍: 7736723639



ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌