▪️മുഖലിഖിതം

               വഖ്ഫും മാനവികതയും.

✍️മൗലാനാ സയ്യിദ് അബ്ദുല്‍ അലി ഹസനി നദ്‍വി
▪️ജുമുഅ സന്ദേശം 
വഖ്ഫ് എന്നാല്‍ എന്ത് ഭാഗം-2
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
( പ്രസിഡന്‍റ്ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
▪️മആരിഫുല്‍ ഖുര്‍ആന്‍ 
സൂറത്തു സ്വാഫ്ഫാത്ത് ഭാഗം-3
നിഷേധികളുടെ അന്ത്യം
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
▪️മആരിഫുല്‍ ഹദീസ്
നിഷിദ്ധമായ മുതൽ ഭക്ഷിക്കുകയും ധരിക്കുകയും ചെയ്യന്നവരുടെ ദുആ സ്വീകരിക്കപ്പെടുകയില്ല
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️വാര്‍ത്തകള്‍
******


 മുഖലിഖിതം 


    സന്ദേശം

ബഹുമാന്യരേ, ഇന്ത്യന്‍ ഭരണഘടന അനുവദിച്ച മത സ്വാതന്ത്ര്യത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമായ മുസ്ലിം വ്യക്തി നിയമങ്ങളുടെ സംരക്ഷണത്തിനും പ്രചാരണത്തിനും വേണ്ടി നിലവില്‍ വന്ന മഹത്തായ ഒരു കൂട്ടായ്മയും പ്രവര്‍ത്തനവുമാണ് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്. ഈ വ്യക്തി നിയമങ്ങളില്‍പ്പെട്ട ഒന്നാണ് വഖ്ഫ്. ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ, വഖ്ഫിനെ തകര്‍ക്കാനുള്ള നിഗൂഢ പദ്ധതിയുമായിട്ട് കേന്ദ്രഗവര്‍മെന്‍റ് ഇറങ്ങിയിരിക്കുകയാണ്. ഇത്തരുണത്തില്‍ ഏതാനും കാര്യങ്ങള്‍ നാം ഓരോരുത്തരും ചെയ്യേണ്ടതാണ്. 1. ഈ വിഷയത്തില്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണക്കുക. 2. തഫ്ഹീമെ ശരീഅത്ത് (ശരീഅത്തിനെ മനസ്സിലാക്കുക) എന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിച്ച് വഖ്ഫിന്‍റെ നിയമപരവും ഭൗതികവുമായ കാര്യങ്ങള്‍ വിവരിക്കുകയും തെറ്റിദ്ധാരണകള്‍ മാറ്റാന്‍ പരിശ്രമിക്കുകയും ചെയ്യുക. 3. വഖ്ഫ് സ്വത്തുക്കള്‍ നിയമപരമായ നിലയില്‍ സംരക്ഷിക്കാന്‍ പരിശ്രമിക്കുക. 4. വഖ്ഫ് സ്വത്തുക്കള്‍ സര്‍വ്വ ജനങ്ങള്‍ക്കും പ്രയോജനകരമാക്കാന്‍ ശ്രദ്ധിക്കുക. 5. സര്‍വ്വോപരി നമ്മുടെ പ്രവര്‍ത്തനങ്ങള്‍ സ്വീകാര്യമാകാനും പ്രയോജനപ്രദമാകാനും അല്ലാഹുവിനോട് ദുആ ഇരക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ. ഇവിടെ വഖ്ഫും മാനവികതയും എന്ന വിഷയത്തില്‍ ചെറിയൊരു കുറിപ്പ് സമര്‍പ്പിക്കുന്നു. ഇതിനെ കൂടുതല്‍ പഠിക്കാനും പ്രചരിപ്പിക്കാനും അഭ്യര്‍ത്ഥിക്കുന്നു. ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച മുഴുവന്‍ സഹോദരങ്ങള്‍ക്കും വിശിഷ്യാ കേരളത്തിലെ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗങ്ങള്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. അല്ലാഹു എല്ലാവരെയും  അനുഗ്രഹിക്കട്ടെ. ഇതിന് ആതിഥേയത്വം വഹിച്ച ജാമിഅ ഇബ്നു മസ്ഊദിനെ ഉത്തരോത്തരം ഉയര്‍ത്തട്ടെ.

ബിലാല്‍ അബ്ദുല്‍ ഹയ്യ് ഹസനി നദ്വി
(കണ്‍വീനര്‍ തഫ്ഹീമെ ശരീഅത്ത്/ സെക്രട്ടറി ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്, ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമ ലക്നൗ)


വഖ്ഫും മാനവികതയും

മൗലാനാ സയ്യിദ് അബ്ദുല്‍ അലി ഹസനി നദ്വി 
(മെമ്പര്‍ തഫ്ഹീമെ ശരീഅത്ത് കമ്മിറ്റി, ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്)

ഇസ്ലാം സര്‍വ്വ കാലികവും ലോകത്തെ മുഴുവന്‍ ഉള്‍കൊണ്ടതുമായ ദര്‍ശ്ശനമാണ്. ജീവിതത്തിന്‍റെ സര്‍വ്വ മേഖലകളെ കുറിച്ചും വ്യക്തമായ അദ്ധ്യാപനങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇസ്ലാമിക സന്ദേശങ്ങള്‍ ഓരോന്നും കാരുണ്യവും മാനവികതയും സഹാനുഭൂതിയും പരസ്പരം സഹകരണവും സമ്പൂര്‍ണ്ണമായി ഉള്‍കൊണ്ടതാണ്. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസമില്ലാതെ സര്‍വ്വ മനുഷ്യര്‍ക്കും ഉപകാരവും പ്രയോജനവും ഉണ്ടാകുമെന്നത് ഇസ്ലാം ഓരോ സന്ദേശങ്ങളില്‍ കൂടിയും ഉണര്‍ത്തുന്നു. 
പടച്ചവനോടുള്ള അടിമത്വവും ആരാധനയുമാണ്. മാനവ സൃഷ്ടിപ്പിന്‍റെ ലക്ഷ്യം. എന്നാല്‍ ഈ അടിമത്വവും ആരാധനയും ഒരു ചില കാര്യങ്ങളില്‍ മാത്രം ഒതുങ്ങിയതല്ല. സര്‍വ്വ ലോക പരിപാലകനായ പടച്ചവന്‍റെ പൊരുത്തത്തെ കരുതിയും അന്ത്യ പ്രവാചകന്‍ ഇരുലോക നായകന്‍ മുഹമ്മദ് മുസ്തഫാ (സ)യെ അനുകരിച്ച് കൊണ്ടും ചെയ്യുന്ന ഓരോ ചലന നിശ്ചലനങ്ങളും ആരാധനകളും പ്രതിഫലാര്‍ഹവുമാണ്. ഈ ആരാധനകള്‍ വൈവിദ്ധ്യങ്ങള്‍ നിറഞ്ഞതാണ്.നമസ്കാരം നോമ്പ് പോലുള്ള ശാരീരിക ആരാധനകള്‍ ഭയഭക്തിയുടെ പ്രവാഹമാണ്. ഇലാഹീ ദിക്ര്‍ ഖുര്‍ആന്‍ പരായണം പോലെ വാചകരൂപേണയുള്ള ആരാധനകള്‍ അന്തരീക്ഷത്തില്‍  സങ്കീര്‍ത്തനങ്ങള്‍ മുഴക്കുന്നു. സഹനത, ഇലാഹീ അവലംബം, പടച്ചവനോടുള്ള ഭയം, പ്രതീക്ഷ പോലുള്ള ആരാധനകള്‍ മനസ്സിന്‍റെ അകത്തളങ്ങളെ പ്രകാശിപ്പിക്കുകയും പ്രതിഫലനങ്ങള്‍ നേടിത്തരികയും ചെയ്യുന്നു. സക്കാത്ത്, സ്വദഖ, ഹദ്യ പോലുള്ള സാമ്പത്തിക ആരാധനകള്‍ സമുന്നതമായ പ്രതിഫനങ്ങള്‍ ശേഖരമാണ്. ഈ സാമ്പത്തിക ആരാധനകളില്‍ വളരെ ശ്രേഷ്ടമായ ഒന്നാണ് അല്‍ വഖ്ഫു ഫീ സബീലില്ലാഹ്. അതായത് സമ്പത്തിനെ സ്വന്തം ഉടമാവകാശത്തില്‍ നിന്നും മാറ്റി പടച്ചവന്‍റെ പ്രീതിക്ക് വേണ്ടി ജനങ്ങളുടെ പ്രയോജനങ്ങള്‍ക്കായി അല്ലാഹുവിന്‍റെ ഉടമസ്ഥതയില്‍ ഏല്‍പ്പിക്കുക. 
ഇസ്ലാമിക ചരിത്രത്തിലേക്ക് നോക്കിയാല്‍ ആദ്യദിനം മുതല്‍ ഇന്ന് വരെ ഈ സുവര്‍ണ്ണ പരമ്പര യാതൊരു മുടക്കവും കൂടാതെ, നിലനില്‍ക്കുന്നതായി കാണാന്‍ കഴിയും. മാത്രമല്ല, ഓരോ കാലഘട്ടത്തിലും വ്യക്തികളും സമൂഹവും ചെയ്ത വഖ്ഫുകള്‍ വഴി മതപരവും വൈജ്ഞാനികവും, ഭൗതികവും, ആത്മീയവുമായ ധാരാളം സേവനങ്ങള്‍ നടത്തുകയുണ്ടായി.  ഈ അനുഗ്രഹീത ആരാധന ഇലാഹീ കാരുണ്യത്തിന്‍റെ അതി സുന്ദരമായ ഒരു പ്രകടനവും സൃഷ്ടി സേവനത്തിന്‍റെ മഹത്തരമായ ഒരു മാര്‍ഗ്ഗവുമാണ്. വിധവകള്‍, അനാഥര്‍, അഗതികള്‍, സാധുക്കള്‍ മുതലായവരെ സഹായിക്കുന്ന വിവിധ പദ്ധതികള്‍ ഇതിലൂടെ ഉണ്ടായിത്തീര്‍ന്നു. ഇതിന്‍റെ എണ്ണമറ്റ ഉദാഹരണങ്ങള്‍ ഇന്ത്യാ രാജ്യത്തിന്‍റെ ചരിത്രത്തില്‍ തന്നെ കാണാന്‍ കഴിയുന്നതാണ്. പൊതു ജനങ്ങള്‍ക്കുള്ള ആരോഗ്യ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുവഴികള്‍, കിണറുകള്‍, ഇതര ജലസേചന  സൗകര്യങ്ങള്‍, ആഹാര വിതരണ പദ്ധതികള്‍ ഇതെല്ലാം ഈ രാജ്യത്ത് വഖ്ഫ് വഴിയായി ഇന്നും നടന്നുകൊണ്ടിരിക്കുന്നു. സച്ചര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യ മുഴവനും  അറുപത് ലക്ഷം ഏക്കര്‍  വഖ്ഫ്  സ്വത്തുക്കള്‍ പരന്ന് കിടക്കുന്നു. ഇതെല്ലാം ധര്‍മ്മിഷ്ടരായ സഹോദരങ്ങള്‍ വിവിധ സമയങ്ങളിലും സ്ഥലങ്ങളിലും മാനുഷിക നന്മകള്‍ക്ക് വേണ്ടി പടച്ചവന്‍റെ മാര്‍ഗ്ഗത്തില്‍ വഖ്ഫ് ചെയ്തതാണ്. ഒരു പഠനമനുസരിച്ച് പഞ്ചാബിലുള്ള വഖ്ഫ് സ്വത്തുക്കള്‍ മാത്രം ശരിയായ നിലയില്‍ പ്രയോജനപ്പെടുത്തിയാല്‍ ഇന്ത്യയിലുള്ള മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനപ്പെടുകയും ലോകം മുഴുവന്‍ രാജ്യത്തിന്‍റെ യഷസ്സും അന്തസ്സും ഉയരുകയും ചെയ്യുന്നതാണ്. 
വഖ്ഫ് ഇസ്ലാമിന്‍റെ മാനവികതയുടെ മഹത്തായ മാതൃക കൂടിയാണ്. ഖുര്‍ആന്‍ ഹദീസുകളില്‍ ദാന ധര്‍മ്മത്തെ പ്രേരിപ്പിക്കുന്ന മുഴുവന്‍ വചനങ്ങളും വഖ്ഫിനും ബാധകമാണ്.  പരിശുദ്ധ ഖുര്‍ആനില്‍ പറയുന്നു.  നിങ്ങള്‍ക്കിഷ്ടപ്പെട്ടതില്‍ നിന്നും നിങ്ങള്‍ ചിലവഴിക്കുന്നത് വരെ നിങ്ങള്‍ പുണ്യം പ്രാപിക്കുന്നതല്ല. (അലിഇംറാന്‍ ) വഖ്ഫ് ദാനധര്‍മ്മത്തിന്‍റെ ഉന്നത സ്ഥാനത്തുള്ളതാണ്. കാരണം ഇതര ധര്‍മ്മങ്ങള്‍ താത്കാലിക സമയതേക്കുള്ളതാണങ്കില്‍ വഖ്ഫ് കാലാകാലം  പ്രയോജനപ്പെടുന്നതാണ്. ഒരു ഭാഗത്ത് ജനങ്ങള്‍ അതിനെ കാലാകാലം ഉപയോഗിക്കുകയും വഖ്ഫ് ചെയ്ത വ്യക്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. മറുഭാഗത്ത് വഖ്ഫ് ചെയ്ത വ്യക്തിക്ക് കാലാകാലം പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുന്നു. 
വഖ്ഫിന്‍റെ വലിയൊരു ഗുണം വഖ്ഫ് ഇതര ജനങ്ങളിലും പ്രതിഫലനം സൃഷ്ടിച്ചു എന്നതാണ്. ഇന്ന് ഏതാണ്ട് എല്ലാ മതസ്ഥരും വഖ്ഫ് പോലുള്ള മാര്‍ഗ്ഗം സ്വീകരിച്ചിരിക്കുന്നു. ആധുനിക വ്യവഹാരത്തിലുള്ള ട്രസ്റ്റ്പോലുള്ളവ വഖ്ഫില്‍ നിന്നും പകര്‍ത്തപ്പെട്ടതാണ്. എന്നാല്‍ ഇസ്ലാം  പഠിപ്പിക്കുന്ന വഖ്ഫ്  വളരെ വിശാലവും അതി ലളിതവുമാണ്. റസൂലുല്ലാഹി (സ) സ്വന്തം ജീവിത്തിലൂടെ അത് കാണിച്ച് തരികയും അതിന്‍റെ നിയമ മര്യാദകള്‍ പഠിപ്പിക്കുകയും ചെയ്തു. തത്ഫലമായി സഹാബത്ത് ഇതില്‍ മുന്നിട്ടറിങ്ങുകയും ഇന്നുവരെ സമുദായം വഖ്ഫില്‍ മുന്നേറുകയും ചെയ്യുന്നു. ഇത്തരുണത്തില്‍ നാം ചെയ്യേണ്ട പ്രധനാ കര്‍ത്തവ്യം ഇസ്ലാമിന്‍റെ ഈ ആഗോള പദ്ധതിയും നാമും പങ്കാളികളാകുക എന്നതാണ്. പ്രത്യേകിച്ചും നാം ലോകാനുഗ്രഹി (സ) യുടെ അനുയായി ആണ്. നമ്മുടെ പ്രവര്‍ത്തന മേഖല സാമൂഹക സേവനത്തിലും പ്രയോജനത്തിലും അതിഷ്ടതവും സര്‍വ്വ വ്യാപകവുമായിരിക്കണം. ഇതിലൂടെ നമ്മുടെ പ്രയോജനം ഉറക്കുകയും വ്യപകമാവുകയും ചെയ്യുന്നതാണ്. അല്ലാഹു പറയുന്നു: പതയും നുരയും ഉണങ്ങിപ്പോകുന്നതാണ്. ജനങ്ങള്‍ക്ക് പ്രയോജനമുള്ളത് ഭൂമിയില്‍ അവശേഷിക്കുന്നതാണ്.! (റഅ്ദ്)
പ്രസിദ്ധീകരണം. 
ഇസ്ലാഹെ മുആശറ കമ്മിറ്റി, ദാറുല്‍ ഉലൂം ഓച്ചിറ. 9544828178 



**********************






***********************************

 ജുമുഅ സന്ദേശം 


All India Muslim Personal Law Board

വഖ്ഫ് എന്നാല്‍ എന്ത്
ഭാഗം-2
 

മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
(പ്രസിഡന്‍റ് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്)



വഖ്ഫിന്‍റെ മേല്‍നോട്ടം
വഖ്ഫിന്‍റെ മേല്‍നോട്ടത്തിന്‍റെ പ്രഥമ അവകാശി വഖ്ഫ് ചെയ്ത വ്യക്തി (വാഖിഫ്) തന്നെയാണ്. അതുകൊണ്ട് അദ്ദേഹം അത് ഏറ്റെടുത്താല്‍ അത് അനുവദനീയമാണെന്നതില്‍ പണ്ഡിതര്‍ ഏകോപിച്ചിരിക്കുന്നു. ഇനി അദ്ദേഹം ആരെയും ഏല്‍പ്പിച്ചില്ലെങ്കില്‍ അദ്ദേഹത്തെ തന്നെ മുതവല്ലി (മേല്‍നോട്ടക്കാരന്‍) ആയി ഗണിക്കപ്പെടുന്നതാണ്. (ദസൂഖി) അതുപോലെ എന്‍റെ മരണത്തിന് ശേഷം മറ്റൊരാളെ മുതവല്ലിയായി നിശ്ചയിക്കാനും അദ്ദേഹത്തിന് അവകാശമുണ്ട്. (ദുര്‍റുല്‍ മുഖ്താര്‍) തനിക്ക് ശേഷം മക്കളെയും മുതവല്ലിയാക്കി നിശ്ചയിക്കാവുന്നതാണ്. (ഹിന്ദിയ്യാ) ഒന്നില്‍ കൂടുതല്‍ ആളുകളെ ക്രമപ്രകാരവും മുതവല്ലിയാക്കാവുന്നതാണ്. ഉദാഹരണത്തിന് എനിക്ക് ശേഷം സൈദും അദ്ദേഹത്തിന് ശേഷം അംറും മുതവല്ലിയായിരിക്കും എന്ന് പറയാവുന്നതാണ്. (ഹിന്ദിയ്യാ). ഇപ്രകാരം ഒരു വ്യക്തി തന്നെ മുതവല്ലിയാകണമെന്നും നിര്‍ബന്ധമില്ല. ഒന്നില്‍ കൂടുതല്‍ ആളുകള്‍ മുതവല്ലിയാകാവുന്നതാണ്. ഈ രൂപത്തില്‍ അവര്‍ ഒത്തൊരുമിച്ച് വഖ്ഫിന്‍റെ കാര്യങ്ങള്‍ നടത്തേണ്ടതാണ്. (ഹിന്ദിയ്യാ) 
ഇനി ഒരു വാഖിഫ് തനിക്ക് ശേഷം ആരെയും മുതവല്ലിയാക്കാതിരിക്കുകയും അദ്ദേഹത്തിന്‍റെ കാര്യങ്ങള്‍ വസ്വിയ്യ് എന്ന പേരില്‍ ആരെയും ഏല്‍പ്പിക്കാതിരിക്കുകയും ചെയ്താല്‍ വഖ്ഫിന്‍റെ മേല്‍നോട്ടം ഖാസി ഏറ്റെടുക്കുന്നതും അദ്ദേഹം വഖ്ഫിന്‍റെ കാര്യങ്ങള്‍ നോക്കാന്‍ ഖയ്യിം എന്ന പേരില്‍ ഒരാളെ നിശ്ചയിക്കുകയും ചെയ്യുന്നതാണ്. (ഹിന്ദിയ്യാ) 
മുതവല്ലിയാകുന്നതിന് ബുദ്ധിയും പ്രായപൂര്‍ത്തിയും നിബന്ധനയാണ്. പുരുഷനും സ്ത്രീയും അന്ധനും കാഴ്ചയുള്ളവനും മുതവല്ലിയാകാവുന്നതാണ്. മുസ്ലിംമാകണമെന്നും ആരോഗ്യവാന്‍ ആകണമെന്നും നിര്‍ബന്ധമില്ല. (റദ്ദുല്‍ മുഹ്താര്‍) ഇനി പ്രാപൂര്‍ത്തിയാകാത്ത കുട്ടി മുതവല്ലി ആക്കപ്പെട്ടാല്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ മുതവല്ലിയാകുന്നതല്ല. അതുവരെ ഖാസി മറ്റൊരാളെ ഖയ്യിം ആക്കേണ്ടതാണ്. കുട്ടിയുടെ പ്രായപൂര്‍ത്തിക്ക് ശേഷം അദ്ദേഹത്തിലേക്ക് മുതവല്ലി സ്ഥാനം ഏല്‍പ്പിക്കപ്പെടുന്നതാണ്. (ഹിന്ദിയ്യാ) 
മുതവല്ലി വിശ്വസ്തനും ധര്‍മ്മ ബോധമുള്ള വ്യക്തിയുമായിരിക്കണം. വഞ്ചകനായ വ്യക്തിയെ മുതവല്ലിയാക്കരുത്. അവരെ മുതവല്ലി ആക്കുന്നത് പാപവുമാണ്. (റദ്ദ്) ഇപ്രകാരം മുതവല്ലി വഖ്ഫുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ സംരക്ഷണവും ചുമതലകളും നേരിട്ടോ, മറ്റാരെങ്കിലും വഴിയോ നിര്‍വ്വഹിക്കേണ്ടതാണ്. ഇത് കൂടാതെ, വഖ്ഫിന്‍റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതല്ല. (ദുര്‍) സ്ഥാനമാനങ്ങളെക്കുറിച്ചുള്ള ഇസ്ലാമിന്‍റെ അടിസ്ഥാന വീക്ഷണം സ്ഥാനമാനങ്ങള്‍ ചോദിച്ച് വാങ്ങരുതെന്ന് എന്നുള്ളതാണ്. ഇതേകാര്യം വഖ്ഫിന്‍റെ വിഷയത്തിലും ശ്രദ്ധിക്കേണ്ടതാണ്. സ്ഥാനമോഹികള്‍ക്ക് വഖ്ഫിന്‍റെ മേല്‍നോട്ടം നല്‍കാന്‍ പാടില്ല. തെമ്മാടികളെയും വഖ്ഫ് കാര്യങ്ങള്‍ ഏല്‍പ്പിക്കരുത്. (റദ്ദ്) 
മുതവല്ലിയെ നിശ്ചയിക്കുന്നത് ഖാസിയാണെങ്കില്‍ വാഖിഫിന്‍റെ നിബന്ധനകള്‍ ഖാസി പാലിക്കേണ്ടതാണ്. ഉദാഹരണത്തിന്, വാഖിഫ് മക്കളെയും മക്കളുടെ മക്കളെയും മുതവല്ലിയാക്കണമെന്ന് നിബന്ധന വെച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്‍റെ മക്കളില്‍ മുതവല്ലിയാകാന്‍ യോഗ്യതയുള്ള വ്യക്തി ഉണ്ടായിരിക്കേ മറ്റൊരാളെ മുതവല്ലിയാക്കുന്നത് ശരിയല്ല. (ഹിന്ദിയ്യാ) വാഖിഫ് നിബന്ധന പറഞ്ഞാലും ഇല്ലെങ്കിലും വഖ്ഫിന്‍റെ മേല്‍നോട്ടത്തിന് അദ്ദേഹത്തിന്‍റെ കുടുംബത്തിന് മുന്‍ഗണന നല്‍കേണ്ടതാണ്. എന്നാല്‍ കുടുംബത്തില്‍ അതിന് യോഗ്യരായ ആരുമില്ലെങ്കില്‍ മറ്റൊരാളെ മുതവല്ലിയാക്കേണ്ടതാണ്. ശേഷം കുടുംബത്തില്‍ തന്നെ യോഗ്യതയുള്ള വ്യക്തിയുണ്ടായാല്‍ അദ്ദേഹത്തെ മുതവല്ലി ആക്കേണ്ടതാണ്. (ഹിന്ദിയ്യാ) ഒരു വ്യക്തിയെ മുതവല്ലിയാക്കുന്നത് വാഖിഫിന്‍റെ താല്‍പ്പര്യത്തിന് മുന്‍ഗണനയുള്ളത് പോലെ മുതവല്ലിയുടെ ഐശ്ചിക ഗുണങ്ങളുടെ വിഷയത്തിലും വാഖിഫിന്‍റെ ലക്ഷ്യങ്ങളെ പരിഗണിക്കേണ്ടതാണ്. ഉദാഹരണത്തിന്, എന്‍റെ മക്കളില്‍ ഏറ്റവും ശ്രേഷ്ടനായ വ്യക്തി മുതവല്ലിയാകണമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്‍റെ മക്കളില്‍ ശ്രേഷ്ടനായ വ്യക്തിയെ മുതവല്ലിയായി തിരഞ്ഞെടുക്കേണ്ടതാണ്. (ഹിന്ദിയ്യാ) 
മുതവല്ലിയായ വ്യക്തി വഞ്ചന നടത്തുകയോ, വഖ്ഫ് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അശക്തനാണെന്ന് സ്ഥിരപ്പെടുകയോ, മദ്യപാനം പോലുള്ള വന്‍പാപങ്ങളുമായി ബന്ധപ്പെടുകയോ ചെയ്താല്‍ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കേണ്ടത് നിര്‍ബന്ധമാണ്. അദ്ദേഹം വാഖിഫാണെങ്കിലും അദ്ദേഹത്തെ മാറ്റേണ്ടതാണ്. എന്നാല്‍ ഇതിന് ഏതാനും ആളുകള്‍ മുതവല്ലിയുടെ മേല്‍ കുറ്റാരോപണം നടത്തിയാല്‍ മതിയാകുന്നതല്ല. മറിച്ച്  ഈ ആരോപണത്തിന്‍റെ മേല്‍ അനുയോജ്യമായ സാക്ഷ്യവും രേഖയും ഉണ്ടായിരിക്കേണ്ടതാണ്. (ഹിന്ദിയ്യാ) ഇമാം അബൂബക്ര്‍ ഖസ്സാഫ് പറയുന്നു: മുതവല്ലിയെ മാറ്റാതെ തന്നെ മറ്റൊരാളെക്കൂടി മുതവല്ലിയാക്കുകയും ഇപ്രകാരം പങ്കാളിയാക്കുന്നതിലൂടെ പ്രശ്നങ്ങള്‍ കുറയുമെന്ന് വിചാരിക്കുകയും ചെയ്താല്‍ ഖാസി അപ്രകാരം ചെയ്യാവുന്നതാണ്. (റദ്ദ്) ഇനി ഒരു വ്യക്തി പല വഖ്ഫുകളുടെ മുതവല്ലിയായിരിക്കുകയും ഒരു വഖ്ഫില്‍ അയാളുടെ വഞ്ചന സ്ഥിരപ്പെടുകയും ചെയ്താല്‍ ഇതര വഖ്ഫുകളുടെ മുതവല്ലി സ്ഥാനത്ത് നിന്നും അയാളെ നീക്കം ചെയ്യേണ്ടതാണ്. (റദ്ദ്) 
ഖാസി ഒരാളെ വഖ്ഫിന്‍റെ മുതവല്ലിയാക്കിയാല്‍ ഖാസിക്ക് അയാളെ മാറ്റാനും അവകാശമുണ്ട്. ഇനി വാഖിഫ് ഒരാളെ മുതവല്ലിയാക്കിയാല്‍ അദ്ദേഹത്തിന്‍റെ വന്‍പാപം സ്ഥിരപ്പെടുന്നതുവരെ അദ്ദേഹത്തെ സ്ഥാന ഭ്രഷ്ടനാക്കാന്‍ ഖാസിക്ക് അവകാശം ഉണ്ടാകുന്നതല്ല. ഈ അവസ്ഥയില്‍ അദ്ദേഹത്തെ മാറ്റി മറ്റൊരാളെ മുതവല്ലിയാക്കിയാല്‍ അത് സാധുവാകുകയുമില്ല. (ദുര്‍) 
വന്‍പാപം ചെയ്യുന്ന വ്യക്തിയെ ഭ്രഷ്ടനാക്കേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ ഖാസിയോ, വരണാധികാരിയോ ഭ്രഷ്ടനാക്കുന്നതുവരെ അദ്ദേഹം ഭ്രഷ്ടനാകുന്നതല്ല. (റദ്ദ്) ഇനി മുതവല്ലി രാജി സമര്‍പ്പിച്ചാല്‍ ഖാസി സ്വീകരിച്ച ശേഷം മാത്രമേ അദ്ദേഹം ഉത്തരവാദിത്വത്തില്‍ നിന്നും മാറുകയുള്ളൂ. ഏതെങ്കിലും മുതവല്ലി ഖാസിക്ക് തന്നെ രാജി സമര്‍പ്പിച്ചാല്‍ അനുയോജ്യനായ മറ്റൊരു വ്യക്തിയെ ഖാസി മുതവല്ലിയാക്കേണ്ടതാണ്. 
വാഖിഫ് മുതവല്ലി ആക്കിയ വ്യക്തിയെ ആ സ്ഥാനത്ത് നിന്നും മാറ്റാനും വാഖിഫിന് അധികാരമുണ്ട്. എന്നാല്‍ എനിക്ക് ഇദ്ദേഹത്തെ മാറ്റാന്‍ അവകാശമില്ലായെന്ന് വാഖിഫ് പറഞ്ഞിട്ടുണ്ടെങ്കില്‍ മാറ്റാന്‍ അവകാശമുണ്ടായിരിക്കുന്നതല്ല. (റദ്ദ്) ഇനി മുതവല്ലിയുടെ ബോധം നഷ്ടപ്പെടുകയും ആ അവസ്ഥ ഒരു വര്‍ഷം വരെ നിലനില്‍ക്കുകയും ചെയ്താല്‍ അദ്ദേഹം ആ സ്ഥാനത്ത് നിന്നും മാറുന്നതാണ്. ശേഷം അദ്ദേഹത്തിന്‍റെ ബുദ്ധിപരമായ അവസ്ഥ നന്നായിത്തീര്‍ന്നാല്‍ അദ്ദേഹത്തെ വീണ്ടും മുതവല്ലിയാക്കാവുന്നതാണ്. (ഹിന്ദിയ്യാ)
മുതവല്ലിയുടെ അടിസ്ഥാന കര്‍ത്തവ്യം വഖ്ഫ് സ്വത്തുക്കളെ സംരക്ഷിക്കലും കഴിവിന്‍റെ പരമാവധി വാഖിഫിന്‍റെ ലക്ഷ്യം പൂര്‍ത്തീകരിക്കലുമാണ്. ചില പ്രത്യേക സാഹചര്യങ്ങള്‍ ഒഴിച്ച് വഖ്ഫ് സ്വത്തുക്കള്‍ വില്‍ക്കാന്‍ പാടുള്ളതല്ലെന്നുള്ള കാര്യം മുമ്പ് വിവരിച്ച് കഴിഞ്ഞു. അതുപോലെ കൃഷിഭൂമി മൂന്ന് വര്‍ഷത്തേക്കും വീടുകള്‍   ഒരു വര്‍ഷത്തേക്കും മാത്രമേ വാടകക്ക് കൊടുക്കാന്‍ പാടുള്ളൂ. ഇതിനേക്കാളും കൂടുതല്‍ കാലത്തേക്ക് കൊടുത്താല്‍ വഖ്ഫിന്‍റെ സുരക്ഷിതത്വം അപകടത്തിലാകുന്നതാണെന്ന് ഫുഖഹാഅ് പറയുന്നു. യഥാര്‍ത്ഥത്തില്‍ ഈ വിഷയം വഖ്ഫിന്‍റെ നന്മ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ളതാണ്. നീണ്ടകാലഘട്ടം വാടകക്ക് കൊടുക്കുന്നതിലാണ് വഖ്ഫിന്‍റെ നന്മയെങ്കില്‍ അങ്ങനെയും കുറഞ്ഞ കാലഘട്ടമാണ് അനുയോജ്യമെങ്കില്‍ അങ്ങനെയും കൊടുക്കേണ്ടതാണ്. ഈ കാലത്ത് സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും നിര്‍മ്മാണശാലകള്‍ക്കും വാടകക്ക് കൊടുക്കുന്നത് ഉത്തമമാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. അതില്‍ നിന്നും ന്യായമാ വാടക കൃത്യമായി ലഭിക്കുന്നതാണ്. കൂടാതെ, ഓരോ വര്‍ഷവും വാടക വര്‍ദ്ധിപ്പിക്കപ്പെടുകയും ചെയ്യുന്നതാണ്. കമ്പനികളും സ്ഥാപനങ്ങളും കുറഞ്ഞ കാലത്തേക്ക് വാടകക്കാരാകാന്‍ തയ്യാറാകുന്നതല്ല. ഈ കാരണത്താല്‍ വഖ്ഫിന്‍റെ നന്മയെ പരിഗണിച്ചുകൊണ്ട് നീണ്ടകാലത്തേക്ക് വാടകക്ക് കൊടുക്കാവുന്നതാണ്. (ഹിന്ദിയ്യാ) 
എന്നാല്‍ വാടക മാന്യമായിരിക്കണം എന്നതില്‍ പണ്ഡിതര്‍ക്ക് ഭിന്നതയില്ല. മുതവല്ലി സാധാരണ ലഭിക്കേണ്ട വാടകയേക്കാള്‍ കുറഞ്ഞ വാടകക്ക് ഇടപാട് നടത്തിയാല്‍ അത് പരിഗണിക്കപ്പെടുന്നതല്ല. അവിടെ മറ്റ് സ്ഥലങ്ങള്‍ക്ക് ലഭിക്കുന്ന ന്യായമായ വാടക ഇതിനും കൊടുക്കേണ്ടതാണ്. (ദുര്‍) 
വഖ്ഫ് സ്വത്ത് പണയം വെച്ച് കടം വാങ്ങാന്‍ മുതവല്ലിക്ക് അനുവാദമില്ല. (ഹിന്ദിയ്യാ) ഒരു മുതവല്ലി 
വഖ്ഫ് സ്വത്ത് വില്‍ക്കുകയും ശേഷം സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും മറ്റൊരാള്‍ മുതവല്ലി ആക്കപ്പെടുകയും അദ്ദേഹം വാങ്ങിച്ച വ്യക്തിക്കെതിരില്‍ വാദം ഉന്നയിക്കുകയും ചെയ്താല്‍ ഖാസി ഈ ഇടപാടിനെ സാധുവാക്കേണ്ടതാണ്. (ഹിന്ദിയ്യാ) വഖ്ഫ് ഭൂമി വാടകക്ക് കൊടുക്കുന്നതുപോലെ തന്നെയാണ് പാട്ടത്തിന് കൊടുക്കുന്നത്. അതായത്, ആ പ്രദേശത്ത് സാധാരണ നല്‍കുന്ന ഓഹരി തന്നെ ഇതിനും നല്‍കേണ്ടതാണ്.  ഇനി ആരെങ്കിലും വഖ്ഫ് ഭൂമി അപഹരിച്ച് ഉപയോഗിക്കുകയോ, കൃഷി നടത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഉപയോഗിക്കുകയും കൃഷി നടത്തുകയും ചെയ്ത കാലത്തിന്‍റെ അനുയോജ്യമായ കൂലി നല്‍കേണ്ടതാണ്. (ഹിന്ദിയ്യാ) ഇനി അപഹരിച്ച വ്യക്തി വഖ്ഫിന്‍റെ കുറേഭാഗം നശിപ്പിച്ചാല്‍ അദ്ദേഹത്തില്‍ നിന്നും പരിഹാരം വാങ്ങേണ്ടതും ഈ തുക കൊണ്ട് നശിപ്പിച്ച ഭാഗം നന്നാക്കുകയും ചെയ്യേണ്ടതാണ്. സാധുക്കള്‍ക്ക് ചിലവഴിക്കാന്‍ പാടുള്ളതല്ല. (ദുര്‍) 
മുതവല്ലി അധ്വാനത്തിന്‍റെ കൂലി വാങ്ങാവുന്നതാണ്. അതിന് രണ്ട് രൂപമുണ്ട്. 1. വാഖിഫ് തന്നെ ഓരോ വര്‍ഷവും ഒരു കൂലി നിശ്ചയിച്ച് കൊടുക്കുക. ഈ രൂപത്തില്‍ മുതവല്ലി സ്വന്തം ശേഷികള്‍ക്ക് അനുസൃതമായി ജോലി ചെയ്യേണ്ടതാണ്. അദ്ദേഹം അത് ചെയ്തില്ലെങ്കില്‍ കൂലി വാങ്ങാന്‍ അര്‍ഹതയുണ്ടാകുന്നതല്ല. ഇനി അദ്ദേഹത്തിന് അന്ധതയോ, മൂകതയോ കാരണം ജോലി ചെയ്യാന്‍ കഴിയാതെ വരുകയും എന്നാല്‍ മറ്റുള്ളവരെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ കഴിവുണ്ടാവുകയും അത് നിര്‍വ്വഹിക്കുകയും ചെയ്താല്‍ നിശ്ചിത കൂലി വാങ്ങാവുന്നതാണ്. ഇനി വാഖിഫ് നിശ്ചയിച്ച കൂലി സാധാരണ കൂലിയേക്കാള്‍ കൂടുതലാണെങ്കിലും അദ്ദേഹത്തിന് വാങ്ങാവുന്നതാണ്. 2. ഖാസി വഖ്ഫിന്‍റെ നന്മകളുടെ അടിസ്ഥാനത്തില്‍ ഒരാളെ കൂലിക്ക് വിളിക്കുകയും കൂലി നിശ്ചയിക്കുകയും ചെയ്യുക. ഉദാഹരണത്തിന് വഖ്ഫിന്‍റെ വരുമാനത്തിന്‍റെ പത്തിലൊന്ന് താങ്കള്‍ ലഭിക്കുമെന്ന് പറയുക. ഇതും അനുവദനീയമാണ്. എന്നാല്‍ ഈ തുക സാധാരണ കൂലിയുടെ അത്രയും ഉണ്ടായിരിക്കണം. (റദ്ദ്) 
ഏതങ്കിലും സ്ഥലം മസ്ജിദ് ആക്കപ്പെട്ടാല്‍ അതായത് നമസ്കാരത്തിന് വേണ്ടി ഒരു സ്ഥലം  പ്രത്യേകമാക്കപ്പെട്ടാല്‍ അത് ഖിയാമത്ത് നാള്‍വരെ മസ്ജിദ് തന്നെ ആയിരിക്കും. എന്നാല്‍ മസ്ജിദിന്‍റെ ആവശ്യത്തിന് ഏതങ്കിലും ഭൂമി വഖ്ഫ് ചെയ്യപ്പെടുകയും അവിടെ ജനവാസം ഇല്ലാതായ കാരണത്താല്‍  മസ്ജിദ് ഉപയോഗ ശൂന്യമാവുകയും ചെയ്താല്‍ മസ്ജിദിന്‍റെ ആവശ്യത്തിന് വേണ്ടി വഖ്ഫ് ചെയ്യപ്പെട്ട ഭൂമിയുടെ വരുമാനം എന്ത് ചെയ്യണം.? ഇന്ന് ചില സ്ഥലങ്ങളില്‍ നേരിടുന്ന ഈ പ്രശ്നം ശരീഅത്തിന്‍റെ പ്രകൃതിയുടേയും അഭിരുചിയുടേയും പരിപ്രേക്ഷ്യത്തിലൂടെ നോക്കുകയാണങ്കില്‍ അടിസ്ഥാന പരമായ രണ്ട് കാര്യങ്ങള്‍ വ്യക്തമാകുന്നതാണ്. ഒന്ന്, കഴിവിന്‍റെ പരമാവധി വഖ്ഫ് സ്വത്തിനെ പ്രയോജനകരമാക്കേണ്ടതാണ്. രണ്ട്, വഖ്ഫിന്‍റെ വരുമാനം ചിലവഴിക്കുന്നതില്‍ കഴിയുന്നത്ര വാഖിഫിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ പരിഗണിക്കേണ്ടതാണ്. ഈ രണ്ട് വിഷയങ്ങള്‍ മുമ്പേ വച്ച് നോക്കുമ്പോള്‍ മനസ്സിലാകുന്ന കാര്യം പ്രസ്തുത വരുമാനം ആ മസ്ജിദിന് അടുത്ത് സ്ഥിതി ചെയ്യുന്ന ആവശ്യമുള്ള മസ്ജിദുകളില്‍ ചിലവഴിക്കണമെന്നാണ്. (ഹിന്ദിയ്യ) 
ഖബര്‍സ്ഥാനിനു വേണ്ടി വഖ്ഫ് ചെയ്യപ്പെട്ട ഭൂമി അതിന് വേണ്ടി മാത്രമേ അതിന് വേണ്ടി മാത്രമേ വഖ്ഫ് ചെയ്യാന്‍ പാടുള്ളു. ഇതിനും വാഖിഫിന്‍റെ ലക്ഷ്യം പരിഗണിക്കേണ്ടതാണ്. വാഖിഫ് പൊതുമുസ്ലിംകള്‍ക്ക് വഖ്ഫ് ചെയ്തതാണങ്കില്‍ എല്ലാ മുസ്ലിംകളെയും അവിടെ ഖബര്‍ അടക്കപ്പെടാവുന്നതാണ്. തന്‍റെ കുടുംബക്കാര്‍ എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ടങ്കില്‍ കുടുംബക്കാരെ മാത്രമെ അടക്കാന്‍ പാടുള്ളു. എന്നാല്‍ ഏതെങ്കിലും ഖബര്‍ സ്ഥാന്‍ ഉപയോഗ ശൂന്യമാകുകയും അതിനനടുത്ത് ജനവാസമില്ലാതാകുകയോ ഖബറടക്കാന്‍ നിയമ തടസ്സം ഉണ്ടാകുകയോ ചെയ്താല്‍ അവിടെ ഖബര്‍ സ്ഥാനിന്‍റെ അവസ്ഥ നോക്കേണ്ടതാണ്. ഖബറുകള്‍ പഴകിയിട്ടുണ്ടങ്കില്‍ അവിടെ അവശേഷിക്കുന്ന എല്ലുകളും മറ്റും ആദരവോടെ മറ്റൊരു സ്ഥലത്ത് ഖബറടക്കേണ്ടതും തുടര്‍ന്ന് ആ സ്ഥലം വിറ്റ് മറ്റൊരു ഖബര്‍ സ്ഥാന്‍ വാങ്ങിക്കാന്‍ ചിലവഴിക്കുകയും ചെയ്യേണ്ടതാണ്. (റദ്ദ്) 
മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുന്നത് പോലെ സ്വന്തം സന്താനങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വഖ്ഫ് ചെയ്യുന്നതില്‍ പ്രതിഫലാര്‍ഹമാണ്. ഇതിന് വഖ്ഫ് അലല്‍ അവ്ലാദ് എന്ന് പറയപ്പെടുന്നു. ഇതിന്‍റ നിയമങ്ങള്‍ ഇവിടെ കൊടുക്കുന്നു. * എന്‍റെ മക്കള്‍ക്ക് ഇന്ന സ്ഥലം വഖ്ഫ് ചെയ്യുന്നു എന്ന് പറഞ്ഞാല്‍ അതില്‍ ആണ്‍പെണ്‍ മക്കളെല്ലാം പെടുന്നതാണ്. തുടക്കം മുതലോ ആരങ്കിലും മരിച്ചത് കാരണമോ ഒരു മകനോ, മകളോ മാത്രം അവശേഷിച്ചാല്‍ അദ്ദേഹം തന്നെ വഖ്ഫിന്‍റെ അവകാശി ആകുന്നതാണ്. നേരിട്ടുള്ള മക്കള്‍ എല്ലാവരും മരണപ്പെട്ടാല്‍ മക്കളുടെ മക്കള്‍ക്ക് ഇതില്‍ അവകാശം ഉണ്ടാകുന്നതല്ല. വഖ്ഫ് സാധുക്കള്‍ക്കുള്ളതായി ത്തീരുന്നതാണ്. ഇനി വഖ്ഫ് ചെയ്യുന്ന സമയത്ത് സ്വന്തം മക്കളാരും ഉണ്ടാകാതിരിക്കുകയും മകന്‍റെ മക്കള്‍ ഉണ്ടാവുകയും ചെയ്താല്‍ അവര്‍ വഖ്ഫിന്‍റെ അവകാശികളാകുന്നതാണ്. എന്‍റെ മക്കള്‍ക്കും അവരുടെ മക്കള്‍ക്കും അവരുടെ മക്കള്‍ക്കും വഖ്ഫ് ചെയ്യുന്നു എന്ന് പറഞ്ഞാല്‍ മൂന്ന് തലമുറയില്‍ വഖ്ഫ് ഒതുങ്ങുന്നതല്ല. പരമ്പര നിലനില്‍ക്കുന്ന കാലമെല്ലാം വഖ്ഫ് അവരില്‍ തുടരുന്നതാണ്. * വഖ്ഫില്‍ ആണ്‍ മക്കള്‍ അല്ലങ്കില്‍ പെണ്‍മക്കള്‍ എന്ന് പറഞ്ഞിട്ടുണ്ടങ്കില്‍ വഖ്ഫ് അവര്‍ക്ക് മാത്രം ആകുന്നതാണ്. * എന്‍റെ പരമ്പര എന്ന് പറഞ്ഞാല്‍ ആണ്‍മക്കളും പെണ്‍മക്കളും അവരുടെ മക്കളും പരമ്പരയായി അവകാശികളാകുന്നതാണ്.* വംശക്കാര്‍ എന്ന് പറഞ്ഞാല്‍ വംശത്തിലെ പ്രഥമ വ്യക്തിയുടെ മുസ്ലിംകളും അമുസ്ലിംകളുമായ പരമ്പര അവകാശികളാകുന്നതാണ്. * കുടുംബക്കാര്‍ എന്ന് പറഞ്ഞാല്‍ കുടുബത്തിലെ പൂര്‍വ്വികരില്‍ ഇസ്ലാം സ്വീകരിച്ച വ്യക്തിയുടെ സന്താനങ്ങള്‍ അവകാശികളാകുന്നതാണ്. * കുടുംബത്തിലെ സാധുക്കള്‍ എന്ന് പറഞ്ഞാല്‍ വരുമാനം വീതിക്കുന്ന സമയത്ത് സക്കാത്ത് വാങ്ങാന്‍ അര്‍ഹത ഉള്ളവര്‍ മാത്രം അവകാശികളാകുന്നതാണ്. * കുടുംബത്തിലെ സുഗൃതവാന്‍മാര്‍ എന്ന് പറഞ്ഞാല്‍ അപരാധം കളവ് പോലുള്ള പാപങ്ങള്‍  പരസ്യമായി ചെയ്യാത്തവര്‍ ഉദ്ദേശിക്കപ്പെടുന്നതാണ്.


**************************************


മആരിഫുല്‍ ഖുര്‍ആന്‍ 

 സൂറത്തുസ്വാഫ്ഫാത്ത്-3
(182 ആയത്തുകള്‍, പദങ്ങള്‍ 860. അക്ഷരങ്ങള്‍ 3826. മക്കാമുകര്‍റമയില്‍ അവതരണം. 5 റുകൂഅ്. അവതരണ ക്രമം 56. പാരായണ ക്രമം 37. സൂറത്തുല്‍ അന്‍ആമിന് ശേഷം അവതരണം)

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം

നിഷേധികളുടെ അന്ത്യം

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


ആയത്ത് 19-26

അത് ഒരു ഘോരശബ്ദം മാത്രമായിരിക്കും. അപ്പോള്‍ അവര്‍ നോക്കുന്നതാണ്.(19) അവര്‍ പറയും: ഞങ്ങളുടെ നാശമേ, ഇത് പ്രതിഫലത്തിന്‍റെ ദിവസമാണ്.(20) ഇത് നിങ്ങള്‍ കളവാക്കിയിരുന്ന തീരുമാനത്തിന്‍റെ ദിവസമാണ്.(21) അക്രമികളെയും അവരുടെ കൂട്ടുകാരെയും അവര്‍ ആരാധിച്ചിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക.(22) അല്ലാഹുവിനെ വിട്ട് (അവര്‍ ആരാധിച്ചിരുന്നവര്‍). എന്നിട്ട് അവര്‍ക്ക് നിങ്ങള്‍ നരകത്തിലേക്കുള്ള വഴികാണിച്ചു കൊടുക്കുക.(23). നിങ്ങള്‍ അവരെ നിര്‍ത്തുക, അവരോട് ചോദിക്കപ്പെടാനുണ്ട്.(24) നിങ്ങള്‍ക്ക് എന്തുപറ്റി? നിങ്ങള്‍ പരസപരം സഹായിക്കുന്നില്ലല്ലോ?(25) മറിച്ച് ഇന്ന് അവര്‍ വലിയ അനുസരണയുള്ളവരാണ്.(26)
ആശയ സംഗ്രഹം
അതെ, സൂര്‍ കാഹളത്തിലെ രണ്ടാമത്തെ ഊത്ത് ഒരു ഘോരശബ്ദം മാത്രമായിരിക്കും. അപ്പോള്‍ എല്ലാവരും ഒറ്റയടിയ്ക്ക് ജീവനോടെ എഴുന്നേറ്റ് പരസ്പരം നോക്കുന്നതാണ്. അവര്‍ ദു:ഖത്തോടെ പറയും: ഞങ്ങളുടെ നാശമേ, ഇത് പ്രതിഫലത്തിന്‍റെ ദിവസമാണെന്ന് തോന്നുന്നു. തദവസരം മറുപടി നല്‍കപ്പെടും: ഇത് നിങ്ങള്‍ കളവാക്കിയിരുന്ന തീരുമാനത്തിന്‍റെ ദിവസമാണ്. അടുത്തതായി അന്ന് സംഭവിക്കുന്ന ചില സംഭവങ്ങള്‍ വിവരിക്കുന്നു. അന്ന് മലക്കുകളോട് കല്‍പ്പിക്കപ്പെടും: നിഷേധം ആരംഭിക്കുകയും അതില്‍ നേതൃത്വം നല്‍കുകയും ചെയ്ത അക്രമികളെയും അവരെ പിന്‍പറ്റിയ അവരുടെ കൂട്ടുകാരെയും അല്ലാഹുവിനെ വിട്ട് അവര്‍ ആരാധിച്ചിരുന്ന പിശാചുക്കളെയും വിഗ്രഹങ്ങളെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക. എന്നിട്ട് അവര്‍ക്ക് നിങ്ങള്‍ നരകത്തിലേക്കുള്ള വഴികാണിച്ചു കൊടുക്കുക. അതായത്, അവിടേക്ക് കൊണ്ടുപോവുക. ശേഷം കല്‍പ്പിക്കപ്പെടും: ഇപ്പോള്‍ നിങ്ങള്‍ അവരെ അല്‍പ്പനേരത്തേക്ക് നിര്‍ത്തുക, അങ്ങനെ അവരോട് ചോദിക്കപ്പെടുന്നതാണ്: നിങ്ങള്‍ക്ക് എന്തുപറ്റി? ശിക്ഷയുടെ വിധി കേട്ടപ്പോള്‍ നിങ്ങള്‍ പരസപരം സഹായിക്കുന്നില്ലല്ലോ? അതായത്, വലിയ നിഷേധികളും നേതാക്കളും ഇഹലോകത്ത് ജനങ്ങളെ വഴികെടുത്തിയതുപോലെ അവരെ സഹായിക്കാത്തത് എന്താണ്? ഇതേ കേട്ടിട്ടും  അവര്‍ സഹായിക്കുന്നതല്ല. മറിച്ച് ഇന്ന് അവര്‍ എല്ലാവരും വലിയ അനുസരണയുള്ളവരായ നിലയില്‍ നില്‍ക്കുന്നതാണ്.

വിവരണവും വ്യാഖ്യാനവും
പരലോകത്തിന്‍റെ സാധ്യത സമര്‍ത്ഥിച്ചതിന് ശേഷം അല്ലാഹു ഈ ആയത്തുകളില്‍ അന്ന് നടക്കുന്ന ഏതാനും സംഭവങ്ങളും നിഷേധികളുടെയും സത്യവിശ്വാസികളുടെയും അവസ്ഥകള്‍ വിവരിക്കുകയാണ്. ആദ്യം മരണപ്പെട്ടവര്‍ ജീവനോടെ എഴുന്നേല്‍ക്കുന്ന അവസ്ഥ വിവരിച്ചുകൊണ്ട് പറയുന്നു: അത് ഒരു ഘോരശബ്ദം മാത്രമായിരിക്കും. അപ്പോള്‍ അവര്‍ നോക്കുന്നതാണ്.(19) സജ്റ എന്നത് മൃഗങ്ങളെ വിളിക്കാന്‍ ഉപയോഗിക്കുന്ന ശബ്ദത്തിനാണ് പറയുന്നത്. അത് കേള്‍ക്കുമ്പോള്‍ മൃഗങ്ങള്‍ ചാടി എഴുന്നേല്‍ക്കുന്നതാണ്. ഇവിടെ ഇതുകൊണ്ടുള്ള ഉദ്ദേശം ഇസ്റാഫീല്‍ (അ) മരണപ്പെട്ടവരെ ജീവനോടെ എഴുന്നേല്‍പ്പിക്കുന്നതിന് സൂര്‍ കാഹളത്തില്‍ ഊതുന്ന രണ്ടാമത്തെ ഊത്താണ്. അതായത്, മൃഗങ്ങളെ എഴുന്നേല്‍പ്പിച്ച് നടത്താന്‍ ഉപയോഗിക്കുന്നതുപോലെയുള്ള ശബ്ദത്തില്‍ ഈ കാഹളത്തില്‍ നിന്നും ശബ്ദം പുറപ്പെടുവിക്കപ്പെടുന്നതാണ്. (ഖുര്‍തുബി) സൂര്‍ കാഹളത്തില്‍ ഊതാതെ തന്നെ മരണപ്പെട്ടവരെ എഴുന്നേല്‍പ്പിക്കാന്‍ അല്ലാഹുവിന് കഴിവുണ്ടെങ്കിലും ഇപ്രകാരം ചെയ്യുന്നത് മഹ്ഷറയുടെ ദൃശ്യം ഗാംഭീര്യം നിറഞ്ഞ നിലയില്‍ ആക്കുന്നതിനാണ്. (തഫ്സീറുല്‍ മുനീര്‍) ഈ ഊത്തിന്‍റെ ഫലമായി എല്ലാവരും എഴുന്നേറ്റ് നിന്ന് നോക്കുന്നതാണ്. അതായത് ഇഹലോകത്ത് നോക്കാന്‍ കഴിവുള്ളവരായിരുന്നതുപോലെ അവിടെയും നോക്കാന്‍ കഴിവുള്ളവരാകുന്നതാണ്. ചിലര്‍ പറയുന്നു: അന്തംവിട്ട് അന്ധാളിച്ച് പരസ്പരം നോക്കുന്നതാണ്. (ഖുര്‍തുബി)  
അക്രമികളെയും അവരുടെ കൂട്ടുകാരെയും അവര്‍ ആരാധിച്ചിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക.(22)
ഇവിടെ കൂട്ടുകാര്‍ എന്നതിന് അസ്വാജ് എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതിന്‍റെ അര്‍ത്ഥം ഇണകളെന്നാണ്. ഭാര്യഭര്‍ത്താക്കന്മാര്‍ക്കാണ് ഈ പദം അധികമായി ഉപയോഗിക്കാറുള്ളത്. ഈ കാരണത്താല്‍ ചില മുഫസ്സിറുകള്‍ പറയുന്നു: ഇതുകൊണ്ടുള്ള ഉദ്ദേശം ബഹുദൈവരാധന നടത്തിയിരുന്ന ഇണകളാണ്. എന്നാല്‍ ഭൂരിഭാഗം മുഫസ്സിറുകളും പറയുന്നത്, ഇവിടെ ഇണകള്‍ എന്നതുകൊണ്ടുള്ള ഉദ്ദേശം അവരെ പിന്‍പറ്റിയിരുന്ന കൂട്ടുകാരാണ്. ഉമര്‍ (റ) പറയുന്നു: പലിശ തിന്നവരെ പലിശക്കാരോടൊപ്പവും വ്യഭിചാരികളെ വ്യഭിചാരികളോടൊപ്പവും മദ്യപാനികളെ മദ്യപാനികളോടൊപ്പവും ഒരുമിച്ച് കൂട്ടപ്പെടുന്നതാണ്. (റൂഹുല്‍ മആനി) 

അല്ലാഹുവിനെ വിട്ട് അവര്‍ ആരാധിച്ചിരുന്നവരെയും! അതായത് ബഹുദൈവരാധകരോടൊപ്പം അവര്‍ ആരാധിച്ചിരുന്ന വിഗ്രഹങ്ങളെയും പിശാചുക്കളെയും ഒരുമിച്ച് കൂട്ടുന്നതാണ്. അങ്ങനെ അവര്‍ വ്യാജ ദൈവങ്ങളുടെ കഴിവില്ലായ്മ നന്നായി നോക്കിക്കാണുന്നതാണ്. ശേഷം മലക്കുകളോട് കല്‍പ്പിക്കപ്പെടും: അവര്‍ക്ക് നിങ്ങള്‍ നരകത്തിലേക്കുള്ള വഴികാണിച്ചു കൊടുക്കുക!(23) മലക്കുകള്‍ അവരെയും കൊണ്ട് നരകത്തിലേക്ക് നീങ്ങും. സ്വിറാത്ത് പാലത്തിനടുത്ത് എത്തുമ്പോള്‍ അവരോട് കല്‍പ്പിക്കപ്പെടും:  നിങ്ങള്‍ അവരെ നിര്‍ത്തുക, അവരോട് ചോദിക്കപ്പെടാനുണ്ട്.(24) അങ്ങനെ അവിടെവെച്ച് അവരുടെ വിശ്വാസ കര്‍മ്മങ്ങളെക്കുറിച്ച് ചോദിക്കപ്പെടുന്നതാണ്. ഈ വിചാരണയെ സംബന്ധിച്ച് പരിശുദ്ധ ഖുര്‍ആനിലും ഹദീസിലും ധാരാളം വന്നിട്ടുണ്ട്. 



*********

 മആരിഫുല്‍ ഹദീസ് 

 
നിഷിദ്ധമായ മുതൽ ഭക്ഷിക്കുകയും ധരിക്കുകയും ചെയ്യന്നവരുടെ ദുആ സ്വീകരിക്കപ്പെടുകയില്ല
 
 മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി


    84. അബൂഹുറയ്‌റ (റ) പറയുന്നു: റസൂലുല്ലാഹി (സ) അരുളി: ജനങ്ങളേ, അല്ലാഹു പരിശുദ്ധനാണ്. പരിശുദ്ധമായതു മാത്രമേ അവൻ സ്വകീരിക്കൂ. തന്റെ നബിമാരോടു കൽപ്പിച്ച കാര്യങ്ങൾ തന്നെ അവൻ മുഅ്മിനുകളോടും കൽപ്പിച്ചു. അവൻ പറഞ്ഞു: ''റസൂലുകളേ, നിങ്ങൾ പരിശുദ്ധമായവ ഭക്ഷിക്കുകയും സൽകർമ്മങ്ങളെ അനുഷ്ഠിക്കുകയും ചെയ്യുക. നിങ്ങളുടെ പ്രവർത്തനങ്ങൾ ഞാൻ നന്നായി അറിയുന്നവനാണ്''. മുഅ്മിനുകളോട് അവൻ പറഞ്ഞു: ''സത്യവിശ്വാസികളേ, ഞാൻ നിങ്ങൾക്കു കനിഞ്ഞരുളിയവയിൽ നിന്നും പരിശുദ്ധമായതിനെ മാത്രം ഭക്ഷിക്കുക''. (ഹറാമിനെ ഒഴിവാക്കുക.) പിന്നീട് നബി (സ) ഒരു വ്യക്തിയെ അനുസ്മരിച്ചു. അയാൾ ദീർഘ യാത്ര ചെയ്ത് (ഏതെങ്കിലും പവിത്രമായ സ്ഥലത്ത്) മുടികളിൽ അഴുക്കു പിടിച്ച് പാറിപ്പറന്നും വസ്ത്രങ്ങളിൽ പൊടി പുരണ്ടും (എത്തി.) തന്റെ രണ്ട് കൈകളും ആകാശത്തേക്കുയർത്തിക്കൊണ്ട് ദുആ ഇരക്കുന്നു. 'എന്റെ രക്ഷിതാവേ, എന്റെ രക്ഷിതാവേ'. എന്നാൽ അവന്റെ ആഹാരം ഹറാമായ മുതലിൽ നിന്നുമാണ്. അവന്റെ വെള്ളവും ഹറാമായ മുതലിൽ നിന്നുമാണ്. അവന്റെ വസ്ത്രവും ഹറാം തന്നെ. ഹറാമായ മുതലുകൾ കൊണ്ട് അവന്റെ ശരീരം ഊട്ടപ്പെട്ടിരിക്കുന്നു. ഇങ്ങനെയുള്ള വ്യക്തിയുടെ ദുആ എപ്രകാരം സ്വീകരിക്കപ്പെടുവാനാണ്. (മുസ്‌ലിം)
വിവരണം: ഇന്ന് ധാരാളം ദുആ ചെയ്യുന്ന ആളുകളിൽ നിന്നും ഉയരുന്ന ചോദ്യമിതാണ്; ദുആയ്ക്ക് ഉത്തരം നൽകാം എന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കെ എന്തുകൊണ്ട് ഞങ്ങളുടെ ദുആ സ്വീകരിക്കപ്പെടുന്നില്ല. ഈ ഹദീസിൽ അതിനു വ്യക്തമായ ഉത്തരം നൽകപ്പെട്ടിരിക്കുന്നു. ഇന്ന് ദുആ ചെയ്യുന്നവരിൽ എത്രയാളുകളുടെ ആഹാരവും വസ്ത്രവുമെല്ലാം സമ്പൂർണ്ണമായി ഹലാലാണെന്ന് ആലോചിക്കുക. അല്ലാഹു നമ്മുടെ അവസ്ഥകളെ നന്നാക്കട്ടെ.
അനുവദനീയമല്ലാത്ത ദുആകൾ 
മനുഷ്യൻ അക്ഷമയും അറിവില്ലായ്മയും കാരണമായി തനിക്കു തന്നെ നഷ്ടം വരുത്തി വെക്കുന്ന ദുആകൾ ചെയ്തു പോകാറുണ്ട്. ഇത്തരം ദുആകളെ നബി (സ) തടഞ്ഞിരിക്കുന്നു. 
85. ജാബിർ (റ) പറയുന്നു: റസൂലുല്ലാഹി (സ) അരുളി: നിങ്ങൾക്കും നിങ്ങളുടെ സന്താനങ്ങൾക്കും സമ്പത്തുകൾക്കുമെതിരിൽ നിങ്ങൾ ദുആ ചെയ്യരുത്. കാരണം അത് ദുആ സ്വീകരിക്കപ്പെടുന്ന സന്ദർഭങ്ങളിലാണെങ്കിൽ അവൻ നിങ്ങൾക്ക് ഉത്തരം നൽകുന്നതാണ്. (അങ്ങനെ നിങ്ങൾക്കു തന്നെ ആപത്തു വന്നു ചേരുന്നതാണ്.) (മുസ്‌ലിം) 
86. അബൂഹുറയ്‌റ (റ) പറയുന്നു. റസൂലുല്ലാഹി (സ) അരുളി: നിങ്ങൾ മരണത്തെ ആഗ്രഹിക്കരുത്. മരണം പെട്ടെന്നു സംഭവിക്കുന്നതിനായി ദുആ ചെയ്യുകയുമരുത്. കാരണം മരണമെത്തിയാൽ അമലുകളുടെ പരമ്പര മുറിഞ്ഞു പോകുന്നതാണ്. മുഅ്മിനിന്റെ ആയുസ്സ് നീളുന്നതു മുഖേന അവന്റെ നന്മകൾ വർദ്ധിക്കുന്നതാണ്. 
87. അനസ് (റ) പറയുന്നു: റസൂലുല്ലാഹി (സ) അരുളി: നിങ്ങൾ മരണത്തെ ആഗ്രഹിക്കുകയും അതിനു വേണ്ടി ദുആ ചെയ്യുകയും ചെയ്യരുത്. നിർബന്ധിതാവസ്ഥയിൽ ഇപ്രകാരം പറയുക: ''അല്ലാഹുവേ, എനിക്കു ജീവിതം ഉത്തമമായിരിക്കുന്ന കാലത്തോളം എന്നെ നീ ജീവിപ്പിക്കേണമേ! മരണം എനിക്ക് ഉത്തമമായാൽ എന്നെ നീ മരിപ്പിക്കേണമേ!. (നസാഈ) 
വിവരണം: പ്രതിസന്ധികൾ നേരിട്ട് ജീവിതം ബുദ്ധിമുട്ടാകുമ്പോൾ മനുഷ്യൻ മരണത്തെ ആഗ്രഹിച്ചു പോകാറുണ്ട്. എന്നാൽ ജീവിതത്തിൽ എന്തെല്ലാം പ്രയാസങ്ങൾ നേരിട്ട്, ഇടുക്കമുണ്ടായാലും മരണത്തിനുവേണ്ടി ദുആ ചെയ്യരുതെന്ന് ഈ ഹദീസുകൾ പഠിപ്പിക്കുന്നു. അനസ് (റ) ൽ നിന്നും ഇതു വ്യക്തമായി വരുന്നുണ്ട്. ''ജീവിതത്തിൽ ഉണ്ടായ എന്തെങ്കിലും പ്രയാസത്തിന്റെ പേരിൽ നിങ്ങൾ മരണത്തെ ആഗ്രഹിക്കരുത്'' (ബുഖാരി, മുസ്‌ലിം) 
ഇപ്രകാരം തടയപ്പെട്ടതിന്റെ ഒന്നാമത്തെ കാരണം അത് ക്ഷമയ്‌ക്കെതിരാണെന്നതാണ്. ഇതിനേക്കാൾ പ്രധാനപ്പെട്ട രണ്ടാമത്തെ കാരണം ജീവിച്ചിരിക്കുമ്പോൾ തൗബയും ഇസ്തിഗ്ഫാറും മുഖേന ജീവിതം പരിശുദ്ധമാക്കി അല്ലാഹുവിലേക്ക് അടുക്കുവാനുള്ള അവസരം നഷ്ടപ്പെടുത്തലുമാണ്. ഇത് മനുഷ്യന് നഷ്ടമല്ലെങ്കിൽ മറ്റെന്താണ്? 
പക്ഷേ, അല്ലാഹുവിന്റെ ഇഷ്ട ദാസൻമാരുടെ മരണത്തിന്റെ നിശ്ചിത സമയം അടുത്തു വരുമ്പോൾ അല്ലാഹുവിനെ കണ്ടുമുട്ടുവാനുള്ള ആഗ്രഹത്തിന്റെ പേരിൽ മരണത്തിനുള്ള ആഗ്രഹം പ്രകടമാകാറുണ്ട്. പരിശുദ്ധ ഖുർആനിൽ യൂസുഫ് (അ)ന്റെ ദുആ ഇപ്രകാരം ഉദ്ധരിക്കുന്നു: ആകാശ ഭൂമികളെ സൃഷ്ടിച്ചവനേ, ദുൻയാവിലും ആഖിറത്തിലും എന്റെ രക്ഷിതാവ് നീ തന്നെയാണ്. നീ എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും സച്ചരിതരായാ ആളുകളിലേക്ക് ചേർക്കുകയും ചെയ്യേണമേ! റസൂലുല്ലാഹി (സ) അന്ത്യ നിമിഷത്തിൽ ഇപ്രകാരം അരുളി: അല്ലാഹുവേ, ഞാൻ റഫീഖുൽ അഅ്‌ലായെ ആഗ്രഹിക്കുന്നു!


ദുആയുടെ മര്യാദകൾ, സ്വന്തം ആവശ്യങ്ങളെ ആദ്യം ചോദിക്കുക
മറ്റുള്ളവർക്കു വേണ്ടി ദുആ ചെയ്യേണ്ടി വരുന്ന സന്ദർഭങ്ങളിലും സ്വന്തം ആവശ്യങ്ങൾ ആദ്യം സമർപ്പിച്ച ശേഷമാണ് അവർക്കുവേണ്ടി ദുആ ചെയ്യേണ്ടത്. മറ്റുള്ളവർക്കുവേണ്ടി മാത്രം ദുആ ചെയ്യുന്നത് ആവശ്യക്കാരന്റെ ചോദ്യമാകുകയില്ല. മറിച്ച്, അടിമത്വത്തിന് അനുയോജ്യമല്ലാത്ത ശുപാർശയുടെ ശൈലിയാണത്. സ്വന്തം ആവശ്യങ്ങൾക്കു ശേഷം മറ്റുള്ളവരുടെ ആവശ്യം പറയലായിരുന്നു റസൂലുല്ലാഹി (സ)യുടെ രീതി. 
88. ഉബയ്യുബ്‌നു കഅ്ബ് (റ) പറയുന്നു: റസൂലുല്ലാഹി (സ) ആരെയെങ്കിലും സ്മരിക്കുകയും അവർക്കുവേണ്ടി ദുആ ഇരക്കുകയും ചെയ്യുമ്പോൾ ആദ്യം തനിക്കുവേണ്ടി ദുആ ചെയ്തിരുന്നു. (തിർമിദി)

കൈ ഉയർത്തുക
89. അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ)ൽ നിന്നും നിവേദനം: റസൂലുല്ലാഹി (സ) അരുളി: മുൻകൈകളുടെ ഉൾഭാഗം തുറന്നുവച്ചുകൊണ്ട് നിങ്ങൾ ദുആ ചെയ്യുക. അവ കമഴ്ത്തിവച്ച് ദുആ ചെയ്യരുത്. ദുആയ്ക്കു ശേഷം മുൻകൈകൾ കൊണ്ട് മുഖം തടകുകയും ചെയ്യുക. (അബൂദാവൂദ്)
വിവരണം: മറ്റു ചില ഹദീസുകളിൽ റസൂലുല്ലാഹി (സ) ആപത്തുകൾ തടഞ്ഞു നിർത്തപ്പെടുന്നതിനായി ദുആ ഇരക്കുമ്പോൾ മുൻകൈകളുടെ പുറംഭാഗം ആകാശത്തേക്കു തിരിച്ചുവച്ചിരുന്നുവെന്നും നന്മകൾ ചോദിക്കുമ്പോൾ ഭിക്ഷ ചോദിക്കുന്നതു പോലെ കൈകൾ തുറന്നുവച്ചിരുന്നുവെന്നും വന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മുകളിലുദ്ധരിക്കപ്പെട്ട ഹദീസിന്റെ ഉദ്ദേശ്യം, സ്വന്തം ആവശ്യങ്ങൾ ചോദിക്കുമ്പോൾ യാചകനെ പോലെ മുൻകൈകളുടെ ഉൾഭാഗം ഉയർത്തിവക്കണമെന്നും അല്ലാഹു അവയെ കാലിയായി മടക്കുകയില്ല എന്ന ഉദ്ദേശത്തിൽ ദുആയ്ക്കു ശേഷം അവകൊണ്ട് മുഖം തടകണമെന്നുമാണ്. 
90. താബിഇയ്യായ സാഇബുബ്‌നു യസീദ് തന്റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്നു: നബി (സ) ദുആ ചെയ്യുമ്പോൾ കൈകൾ ഉയർത്തിയാൽ അവസാനം അവകൊണ്ട് മുഖം തടകുമായിരുന്നു. (അബൂദാവൂദ്, ബൈഹഖി)
വിവരണം: നബി (സ) ദുആ ചെയ്യുമ്പോൾ കൈകൾ ഉയർത്തുകയും അവസാനം മുഖം തടകുകയും ചെയ്തിരുന്നുവെന്ന് ഏകദേശം മുതവാത്വിറായ നിലയിൽ തന്നെ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. അനസ് (റ)ൽ നിന്നും വന്നിട്ടുള്ള ഒരു ഹദീസിനെ തെറ്റിദ്ധരിച്ച ഒരു വിഭാഗം മാത്രമാണ് ഇതിനെ നിരാകരിക്കുന്നത്. ഇമാം നവവി (റ) ശറഹ് മുഹദ്ദബിൽ ഈ വിഷയത്തിലുള്ള മുപ്പതോളം ഹദീസുകൾ ഉദ്ധരിച്ചുകൊണ്ട് ഇക്കൂട്ടരുടെ തെറ്റിദ്ധാരണയുടെ യാഥാർത്ഥ്യം വിശദീകരിച്ചിട്ടുണ്ട്. 
ദുആയ്ക്കു മുമ്പ് ഹംദും സ്വലാത്തും പറയുക 
91. ഫുളാലത്തുബ്‌നു ഉബൈദ് (റ) പറയുന്നു: ഒരു വ്യക്തി അല്ലാഹുവിനെ സ്തുതിക്കാതെയും നബി (സ)യുടെ മേൽ സ്വലാത്ത് ചൊല്ലാതെയും ദുആ ഇരക്കുന്നതു കേട്ടപ്പോൾ നബി (സ) പറഞ്ഞു: ഇദ്ദേഹം ദുആയിൽ വേഗത കാണിച്ചു. പിന്നീട്, നബി (സ) പ്രസ്തുത വ്യക്തിയെ വിളിച്ചു വരുത്തിക്കൊണ്ട് അദ്ദേഹത്തോടു തന്നെയോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ മറ്റാരോടോ പറഞ്ഞു: നിങ്ങളിലൊരാൾ ദുആ ചെയ്യുകയാണെങ്കിൽ ആദ്യമായി അല്ലാഹുവിനെ സ്തുതിക്കുകയും നബി (സ)യുടെ മേൽ സ്വലാത്ത് ചൊല്ലുകയും ചെയ്യണം. ശേഷം അവൻ ആഗ്രഹമുള്ളത് ദുആ ചെയ്തുകൊള്ളട്ടെ. (തിർമിദി, അബൂദാവൂദ്, നസാഈ)
അവസാനം ആമീൻ പറയുക
92. അബൂസൂഹൈർ നുമൈരി (റ) പറയുന്നു: ഞങ്ങൾ ഒരു രാത്രി റസൂലുല്ലാഹി (സ)യോടൊപ്പം പുറപ്പെട്ടു. വളരെ നിർബന്ധപൂർവ്വം ദുആ ചെയ്തുകൊണ്ടിരുന്ന ഒരാളുടെ അരികിലൂടെ കടന്നുപോയപ്പോൾ നബി (സ) അദ്ദേഹത്തിന്റെ ദുആ ശ്രദ്ധിച്ചുകൊണ്ട് നിന്നു. പിന്നീട് നബി (സ) ഞങ്ങളോടു പറഞ്ഞു: ഇദ്ദേഹം തന്റെ ദുആയുടെ അവസാനം ശരിയാക്കുകയും അതിൽ മുദ്ര വെക്കുയും ചെയ്തിരുന്നുവെങ്കിൽ അത് ഉറപ്പായും സ്വീകരിക്കപ്പെടുമായിരുന്നു. ഞങ്ങളിൽ നിന്നും ഒരാൾ ചോദിച്ചു: ശരിയായ നിലയിൽ മുദ്ര വെക്കുന്നതിന്റെ രീതി എപ്രകാരമാണ്? റസൂലുല്ലാഹി (സ) പറഞ്ഞു: ആമീൻ പറഞ്ഞു കൊണ്ട് ദുആ അവസാനിപ്പിക്കണം. എങ്കിൽ തന്റെ ദുആ സ്വീകാര്യമാക്കുവാൻ അദ്ദേഹത്തിനു കഴിയുന്നതാണ്. (അബൂദാവൂദ്) 
വിവരണം: ഹദീസിൽ പറയപ്പെട്ട 'ഖതമ' എന്ന പദത്തിന് അവസാനിപ്പിക്കുക, മുദ്ര വെക്കുക എന്നീ രണ്ടർത്ഥങ്ങളുണ്ട്. യഥാർത്ഥത്തിൽ ഒരൊറ്റ ആശയത്തെ കുറിച്ചുള്ള രണ്ടു വ്യത്യസ്ത പദപ്രയോഗങ്ങളാണിവ. അതിനാലാണ് തർജ്ജുമയിൽ രണ്ടർത്ഥങ്ങളും ഉൾപ്പെടുത്തിയത്. എന്തായാലും ദുആയുടെ അവസാനത്തിൽ 'ആമീൻ' എന്നു പറയണമെന്നാണ് ഉദ്ദേശ്യം. 'അല്ലാഹുവേ, എന്റെ ദുആ സ്വീകരിക്കണമേ' എന്നാണ് പ്രസ്തുത വാചകത്തിന്റെ അർത്ഥം. 

ചെറിയവരോടും ദുആയ്ക്കുവേണ്ടി വസ്വിയ്യത്ത്
93. ഉമറുബ്‌നുൽ ഖത്താബ് (റ) പറയുന്നു: ഒരിക്കൽ റസൂലുല്ലാഹി (സ)യോട് ഞാൻ ഉംറ ചെയ്യുന്നതിന് അനുവാദം ചോദിച്ചു. നബി (സ) എനിക്ക് അനുവാദം നൽകിക്കൊണ്ട് പറഞ്ഞു: എന്റെ കുഞ്ഞു സഹോദരാ, നിങ്ങളുടെ ദുആകളിൽ നമ്മെയും മറക്കാതെ പങ്കുചേർക്കുക. ഉമർ (റ) പറയുന്നു: നബി (സ) എന്നെ സംബോധന ചെയ്തുകൊണ്ട് പറഞ്ഞ വാചകത്തിനു പകരം ദുൻയാവു മുഴുവൻ ലഭിച്ചാലും എന്നെ അത് സന്തോഷിപ്പിക്കുന്നതല്ല. (അബൂദാവൂദ്, തിർമിദി) 
വിവരണം: മുതിർന്നവർ ചെറിയവരോടും ആവശ്യപ്പെടേണ്ട പ്രധാന കാര്യമാണ് ദുആയെന്ന് ഈ ഹദീസിൽ നിന്നും മനസ്സിലാകുന്നു. ദുആ സ്വീകരിക്കപ്പെടുവാൻ സാധ്യതയുള്ള പുണ്യ സ്ഥലങ്ങളിലേക്ക് പുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിനു പുറപ്പെടുന്നവരോട് പ്രത്യേകിച്ചും ദുആയ്ക്കു വസ്വിയ്യത്ത് ചെയ്യണം.

പ്രത്യേക പരിഗണനയോടെ സ്വീകരിക്കപ്പെടുന്ന ദുആകൾ
അല്ലാഹുവിന്റെയടുക്കൽ ദുആ സ്വീകരിക്കപ്പെടുന്നതിന്റെ മാനദണ്ഡം ദുആ ചെയ്യുന്നവന് അല്ലാഹുവിനോടുള്ള ബന്ധവും അവന്റെ വിനയം നിറഞ്ഞ മാനസികാവസ്ഥയുമാണ്. ഇതിനെയാണ് ഖുർആൻ ഇള്ത്വിറാഅ്, ഇബ്തിഹാൽ എന്നീ പദങ്ങൾ കൊണ്ട് വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ അല്ലാഹുവിന്റെ കാരുണ്യവും ഔദാര്യവും വളരെ ശക്തമായ നിലയിൽ പ്രതീക്ഷിക്കപ്പെടാവുന്ന ചില സന്ദർഭങ്ങളുണ്ട്. റസൂലുല്ലാഹി (സ) അവ നമുക്ക് വ്യക്തമായി അറിയിച്ചുതരുന്ന ഹദീസുകളാണ് താഴെവരുന്നത്.
94. അബുദ്ദർദാഅ്(റ) ൽ നിന്നും നിവേദനം, റസൂലുല്ലാഹി (സ) അരുളി. ഒരു മുസ്‌ലിം തന്റെ സഹോദരന് വേണ്ടി അവന്റെ അഭാവത്തിൽ ചെയ്യുന്ന ദുആ സ്വീകരിക്കപ്പെടുന്നതാണ്. അവന്റെയടുക്കൽ ഒരു മലക്കിനെ നിശ്ചയിക്കപ്പെടുന്നതും തന്റെ സഹോദരന്റെ നന്മക്ക് വേണ്ടി ദുആ ഇരക്കുമ്പോഴെല്ലാം പ്രസ്തുത മലക്ക് ആമീൻ പറയുകയും 'നിനക്ക് അപ്രകാരം തന്നെ ലഭിക്കട്ടെ' എന്ന് ദുആ ഇരക്കുകയും ചെയ്യുന്നതാണ്. (മുസ്‌ലിം)
വിവരണം: ഒരു വ്യക്തിയുടെ അഭാവത്തിൽ അദ്ദേഹത്തിനു വേണ്ടി ചെയ്യപ്പെടുന്ന ദുആയിൽ ആത്മാർത്ഥത വളരെ കൂടുതലാണെന്നതാണ് അതിന് പ്രത്യേക പരിഗണന ലഭിക്കുവാനുള്ള കാരണം.
95. അബൂഹുറയ്‌റ(റ) ൽ നിന്നും നിവേദനം. റസൂലുല്ലാഹി (സ) അരുളി: മൂന്ന് ദുആകൾ സ്വീകരിക്കപ്പെടുമെന്ന് തീർച്ചയാണ്. (1) മക്കൾക്ക് വേണ്ടി മാതാപിതാക്കൾ ചെയ്യുന്ന ദുആ. (2) യാത്രക്കാരന്റെ ദുആ. (3) ആക്രമിക്കപ്പെട്ടവന്റെ ദുആ (തിർമിദി, അബൂദാവൂദ്, ഇബ്‌നുമാജ).
വിവരണം: ഇവ ആത്മാർത്ഥതയോടെ ഹൃദയത്തിൽ നിന്നുമുള്ള ദുആകളാണെന്നത് തന്നെയാണ് ഇവയുടെ സ്വീകാര്യതയുടെ രഹസ്യം. മാതാപിതാക്കൾക്ക് മക്കളോടുള്ള ആത്മാർത്ഥത വളരെ വ്യക്തമാണ്. മർദ്ദിതന്റെയും യാത്രക്കാരന്റെയും ഹൃദയങ്ങൾ വളരെ അസ്വസ്ഥപൂർണമായിരിക്കും. ഇത്തരം മാനസികാവസ്ഥ അല്ലാഹുവിന്റെ കാരുണ്യത്തെ വളരെ വേഗത്തിൽ പിടിച്ചെടുക്കുന്നതാണ്.
96. അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) ൽ നിന്നും നിവേദനം. റസൂലുല്ലാഹി (സ) അരുളി: അഞ്ച് ദുആകൾ സ്വീകരിക്കപ്പെടുന്നവ തന്നെയാണ്. 1. മർദ്ദിതൻ പ്രതികാരമെടുക്കുന്നത് വരെ 2. ഹാജി വീട്ടിൽ തിരിച്ചെത്തുന്നതുവരെ 3. അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്ന യോദ്ധാവ് രക്തസാക്ഷിത്വം വരിക്കുന്നതുവരെ 4. രോഗി സുഖം പ്രാപിക്കുന്നത് വരെ 5. ഒരു സഹോദരൻ മറ്റൊരു സഹോദരന്റെ അഭാവത്തിൽ ചെയ്യുന്നത്. ഇത്രയും പറഞ്ഞതിന് ശേഷം റസൂലുല്ലാഹി (സ) അരുളി: ഇവയിൽ ഏറ്റവും വേഗത്തിൽ സ്വീകരിക്കപ്പെടുന്ന ദുആ ഒരാൾ തന്റെ സഹോദരൻ മുന്നിലില്ലാതിരിക്കെ അവനുവേണ്ടി ചെയ്യുന്ന ദുആയാണ്. (ബൈഹഖി)
വിവരണം: ദുആയുടെ നിബന്ധനകൾ പരിപൂർണമായി ഒത്തുചേരുകയും അത് നിർവഹിക്കുന്നവനിൽ സ്വീകാര്യതയ്ക്ക് തടസ്സമാകുന്ന യാതൊന്നും ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ സാധാരണ ഗതിയിൽ ദുആ സ്വീകരിക്കപ്പെടുന്നതാണ്. എന്നാൽ ഇലാഹീകാരുണ്യത്തിന്റെ സവിശേഷ ശ്രദ്ധ നേടിയെടുക്കുവാൻ പര്യാപ്തമായ ചില സാഹചര്യങ്ങളും പ്രവർത്തനങ്ങളുമുണ്ട്. അത്തരം അഞ്ച് സന്ദർഭങ്ങളിലെ ദുആകളാണ് ഹദീസിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്. മർദ്ദിതന്റെയും കൺമുന്നിൽ ഇല്ലാത്ത സഹോദരനു വേണ്ടിയുള്ളതുമായ ദുആകൾ മുൻപുള്ള ഹദീസുകളിൽ പറയപ്പെട്ടതാണ്. ഹജ്ജ്, ജിഹാദ് എന്നിവ ഇലാഹീ സന്നിധിയിലേക്ക് മനുഷ്യനെ അങ്ങേയറ്റം അടുപ്പിക്കുന്ന പ്രവർത്തനങ്ങളാണ്. രോഗം മനുഷ്യനെ പാപങ്ങളിൽ നിന്നും ശുദ്ധീകരിക്കുവാനും അതുവഴി അല്ലാഹുവിന്റെ സാമീപ്യം അസാധാരണമാംവിധം നേടിയെടുക്കുവാനും സഹായിക്കുന്ന മാധ്യമമാണ്. എത്രത്തോളമെന്നാൽ രോഗക്കിടക്കയിൽ കിടന്ന് വിലായത്തിന്റെ പദവിയിലേക്ക് ഉയരുവാൻ പോലും സാധിക്കുന്നതാണ്. അതിനാൽ ഈ സാഹചര്യങ്ങളിലെ ദുആകളും പ്രത്യേക പരിഗണനയോടെ സ്വീകരിക്കപ്പെടുന്നതാണ്.

**************************************


വാര്‍ത്തകള്‍ 

ALL INDIA MUSLIM PERSONAL LAW BOARD

▫️ വഖ്ഫ് ഭേദഗതി ബില്ലിന്‍റെ വിഷയത്തില്‍ ജെ.പി.സിയുടെ പരിധി ലംഘനം: ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡും മുസ്‌ലിം സംഘടനകളും അഖിലേന്ത്യാ പ്രക്ഷോഭത്തിലേക്ക്...

ന്യൂഡല്‍ഹി:  വഖ്ഫ് സ്വത്ത് കളിപ്പാട്ടമാക്കാന്‍ ഭരണകൂടത്തെ ഒരിക്കലും അനുവദിക്കുകയില്ലന്ന് ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡും എല്ലാ മുസ്‌ലിം സംഘടനകളും പല പ്രാവശ്യം വ്യക്തമാക്കിയിട്ടുള്ളതാണ്. വഖ്ഫ് ഭേദഗതി ബില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിട്ടുള്ളതുമാണ്. എന്നാല്‍ ഇതിനെക്കുറിച്ച് പഠിക്കാന്‍ ഇറങ്ങിയ ജോയിന്‍റ് പാര്‍ലമെന്‍റ് കമ്മിറ്റി പാര്‍ലമെന്‍റ് മര്യാദകള്‍ അല്‍പ്പം പോലും പാലിച്ചിട്ടില്ല. ജനാധിപത്യ മൂല്യങ്ങളെ അവഗണിച്ചു കൊണ്ടാണ് അവര്‍ നീങ്ങിയത്. ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡും  മുസ്‌ലിം സംഘടനകളും ഈ ബില്ലിനെ കുറിച്ച് രേഖാമൂലവും നേരിട്ടും ജെ.പി.സിയെ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുള്ളതാണ്. കൂടാതെ കോടിക്കണക്കിന് മുസ്‌ലിംകള്‍ ഇ-മെയില്‍ അയച്ച് ഈ ബില്ലിനോടുള്ള എതിര്‍ പ്രകടമാക്കുകയും ചെയ്തു. ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡ് വഴിയായി മൂന്നുകോടി അരുപത്തി ആറ് ലക്ഷം ഇ-മെയിലുകള്‍ അയച്ചു. ഇതര മുസ്‌ലിം സംഘടനകളുടെ ശ്രമഫലമായും കോടിക്കണക്കിന് ഇ-മെയിലുകള്‍ അയക്കപ്പെട്ടു. ഇതിന്‍റെ രേഖകള്‍ ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്‍റെ പക്കലുണ്ട്. ഇപ്രകാരം അടുത്ത നടന്ന ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്‍റെ ബാംഗ്ലൂര്‍ സമ്മേളനത്തില്‍ മുഴുവന്‍ മുസ്‌ലിം സംഘടനകളും സംയുക്തമായ നിലയില്‍ ഇതിനെതിരില്‍ പ്രസ്താവന ഇറക്കുകയും ചെയ്തു.

 ഭരണകൂടം മുസ്‌ലിം സമുദായത്തിന്‍റെ ക്ഷമ പരിശോധിക്കരുതെന്ന് ഞങ്ങള്‍ വ്യക്തമായി ഉണര്‍ത്തുകയാണ്. രാജ്യത്തെ ജനാധിപത്യത്തിന് പകരം ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം ശക്തമായിരിക്കുന്നു. ന്യൂനപക്ഷങ്ങളുടെ സ്വത്തുക്കള്‍ കൈയ്യടക്കാനുള്ള ശ്രമം അക്രമമാണ്. നീതിയെ സ്നേഹിക്കുന്ന ആരും ഇത് അംഗീകരിക്കുകയില്ല. ബി.ജെ.പി. യുടെ സഖ്യകക്ഷികള്‍ അവരുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കാതെ ബി.ജെ.പി. യുടെ വര്‍ഗ്ഗീയ അജണ്ടയോട് ചേര്‍ന്ന് നില്‍ക്കുന്നതില്‍ ഞങ്ങള്‍ക്ക് ദുഖമുണ്ട്. ഈ ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കപ്പെട്ടാല്‍ സംയുക്തമായി ഇതിനെ ശക്തമായ നിലയില്‍ എതിര്‍ക്കണമെന്ന് എല്ലാ സെക്കുലര്‍ പാര്‍ട്ടിയോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ ഭേതഗതി ബില്‍ പിന്‍വലിക്കുകയും പഴയ നിയമം നിലനിര്‍ത്തുകയും ചെയ്യണമെന്ന് ഞങ്ങള്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം മുസ്‌ലിംകള്‍ക്ക് പൊതുജന പ്രക്ഷോഭമല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളൊന്നും അവശേഷിക്കുന്നതല്ല. ഇതിനെ തുടര്‍ന്ന് സംജാതമാകുന്ന അവസ്ഥകള്‍ക്ക് ഉത്തരവാദി ഭരണകൂടം മാത്രമായിരിക്കും. ആകയാല്‍ വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിന് ജനാധിപത്യപരവും ഭരണഘടനാപരവുമായ എല്ലാവിധ മാര്‍ഗ്ഗങ്ങളും ഞങ്ങള്‍ സ്വീകരിക്കുന്നതാണ്. ഇതിന് വേണ്ടി അഖിലേന്ത്യാ തലത്തില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നതാണ്. ഈ വഴിയില്‍ ജയിലുകളില്‍ പോകേണ്ടി വന്നാല്‍ അതിനെയും ഞങ്ങള്‍ സഹിക്കുന്നതാണ്. 

മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി
പ്രസിഡന്‍റ്, ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡ്

മൗലാനാ സയ്യിദ് അര്‍ഷദ് മദനി 
വൈസ് പ്രസിഡന്‍റ്, ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡ്;
പ്രസിഡന്‍റ് ജംഇയ്യത്ത് ഉലമാ എ ഹിന്ദ്. 

മൗലാനാ ഉബൈദുല്ലാഹ് അഅ്സമി (എക്സ് എം.പി)
വൈസ് പ്രസിഡന്‍റ്, ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡ്

മൗലാനാ അസ്ഹര്‍ അലി ഇമാം മഹ്ദി സലഫി
വൈസ് പ്രസിഡന്‍റ്, ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡ്

സയ്യിദ് സആദുത്തുല്ലാഹ് ഹുസൈനി. 
വൈസ് പ്രസിഡന്‍റ്, ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡ്

മൗലാനാ മുഹമ്മദലി മുഹ്സിന്‍ നഖ്‌വി
വൈസ് പ്രസിഡന്‍റ്, ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡ്

മൗലാനാ ഫസ്ലുറഹീം മുജദ്ദിദി 
ജനറല്‍ സെക്രട്ടറി, ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡ്

മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ്‌വി
സെക്രട്ടറി, ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡ്

മൗലാനാ ഉംറൈന്‍ മഹ്ഫൂസ് റഹ്‌മാനി
സെക്രട്ടറി, ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡ്

മൗലാനാ സയ്യിദ് യാസീന്‍ അലി ബദായൂനി
സെക്രട്ടറി, ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡ്

മൗലാനാ സയ്യിദ് മഹ്മൂദ് അസ്അദ് മദനി 
പ്രസിഡന്‍റ്, ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദ് 

ഡോക്ടര്‍ ഖാസിം റസൂല്‍ ഇല്‍യാസ് 
വക്താവ്, ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്

അഡ്വ, യൂസുഫ് ഹാത്വിം മുചാല 
കണ്‍വീനര്‍, ലീഗല്‍ സെല്‍


സാമൂഹിക സംസ്കരണ പ്രവർത്തനങ്ങൾ സജീവമാക്കുക. 
ഓൾ ഇന്ത്യ മുസ്‌ലിം പെഴ്സണൽ ലോ ബോർഡ്.

സമൂഹത്തിൽ നിന്നും തിന്മകൾ ഇല്ലാതാകുന്നതിനും നന്മകൾ പ്രജരിപ്പിക്കുന്നതിനും ഓരോ വ്യക്തികളും, കൂട്ടങ്ങളും സാമൂഹിക സംസ്കരണ പ്രപർത്തനങ്ങൾ സജീവമാക്കണമെന്ന് ഓൾ ഇന്ത്യ മുസ്ലിം പെഴ്സണൽ ലോ ബോർഡ് പ്രതിനിധിയും നദ്വത്തുൽ ഉലമയുടെ വക്താവുമായ മൗലാനാ സയ്യിദ് അബ്ദുൽ അലി ഹസനി നദ്‌വി പ്രസ്താവിച്ചു. ഈരാറ്റുപേട്ട ഫൗസിയ അറബിക് കോളേജ് ക്യാമ്പസ്സിൽ സംഘടിപ്പിക്കപ്പെട്ട ബിരുദ സമർപ്പണ സമ്മേളനത്തിലും ഓൾ ഇന്ത്യ മുസ്ലിം പെഴ്സണൽ ലോ ബോർഡിൻറെ  പ്രധാന പരിപാടിയായ ഇസ്ലാഹേ മുആശറ സംഗമത്തിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പടച്ചവനെ ആരാധിക്കുകയും, പ്രവാചകനെ പിൻപറ്റുകയും പരസ്പരമുള്ള കടമകൾ പാലിക്കുകയും പാപങ്ങൾ വർജിക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ സംസ്കരണം സാധ്യമാകുന്നത്. എന്നാൽ ഈ പ്രവർത്തനങ്ങൾ ശരിയായ നിലയിൽ നടക്കാത്തതിനാൽ ലഹരി ഉപയോഗവും വർഗ്ഗീയ അകൽച്ചകളും കുടുംബ ശൈഥികവും വർദിച്ച് കൊണ്ടിരിക്കുന്നു. ഇതെല്ലാം നാടിൻ്റെയും നാട്ടുകാരുടെയും പരാജയം കൂടിയാണ് വിളിച്ചറിയിക്കുന്നത്. വിദ്യാർത്ഥികളിൽ പോലും ലഹരി ഉപയോഗം, മത നിരസവും, ദൈവ നിഷേധവും വർദ്ധിക്കുന്നത്  എല്ലാവരും അതീവ ഗൗരവത്തിൽ കാണേണ്ടതാണ്. സാഹോദര്യത്തിൻ്റെ സന്ദേശ വാഹകരായ രാഷ്ട്രീയ മത നേതാക്കൾ വർഗ്ഗീയതക്ക് കുഴലൂത്ത് നടത്തുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. സമൂഹത്തിൻ്റെ അടിത്തറയായ കുടുംബ ബന്ധങ്ങൾ നിസ്സാരമായി തകർക്കപ്പെട്ട് കൊണ്ടിരിക്കുന്നു. ഇത്തരം അപകടകരമായ അവസ്ഥകൾക്ക് മാറ്റം ഉണ്ടാക്കുന്നതിന് വ്യക്തികളും സംഗങ്ങളും സംഘടനകളും സ്ഥാപനങ്ങളും  സമുദായങ്ങളും പരസ്പരം സഹകരിച്ച് സംസ്കരണ പ്രവത്തനങ്ങൾ നടത്തേണ്ടതാണ്. ഈ വഴിയിലുള്ള ഒരു പ്രധാന പ്രവർത്തനമാണ് ഓൾ ഇന്ത്യ മുസ്‌ലിം പെഴ്സണൽ ലോ ബോർഡ് വധൂവരന്മാർ വായിച്ച് മനസ്സിലാക്കി സംയുക്ത പ്രസ്താനം നൽകുന്നതിന് തയ്യാറാക്കിയിട്ടുള്ള നിക്കാഹ് നാമ. എല്ലാ വധൂവരന്മാർക്കും ഇത് എത്തിച്ചു കൊടുക്കുവാനും  ഒപ്പുകൾ ശേഖരിക്കുവാനും, ബന്ധപ്പെട്ടവർക്ക് എത്തിച്ച് കൊടുക്കുവാനും ശ്രദ്ധിക്കണമെന്നും,അത് പ്രകാശനം നടത്തി വിതരണം ചെയ്ത് കൊണ്ട് അദ്ദേഹം അഭ്യർത്ഥിച്ചു. ചടങ്ങിൽ ..... അദ്യക്ഷ്യത വഹിച്ചു.... ഓൾ ഇന്ത്യ മുസ്‌ലിം പെഴ്സണൽ ലോ ബോസ് മെമ്പറന്മാരായ മൗലാനാ മുഹമ്മദ് ഇസ്ഹാഖ് ഖാസിമി അബ്ദുൽ ശക്കൂർ ഖാസിമി മുതലായവർ ആശംസ നേർന്നു.


രചനാ പരിചയം 

പുതിയ പ്രസിദ്ധീരണം!

ലേഖനങ്ങള്‍ (വഖ്ഫ്)

  





                                   ഫോണ്‍: 7736723639

പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി



ഞങ്ങളുടെ കേന്ദ്ര സ്ഥാപനം




ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌