▪️മുഖലിഖിതം
പയാമെ ഇന്‍സാനിയത്ത് (മാനവതാ സന്ദേശം)
✍️മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‍വി
▪️ജുമുഅ സന്ദേശം
വഖ്ഫ് എന്നാല്‍ എന്ത് ഭാഗം-1
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
( പ്രസിഡന്‍റ്ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
▪️മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തു സ്വാഫ്ഫാത്ത് ഭാഗം-3
നിഷേധികള്‍ക്ക് മുന്നറിയിപ്പ്
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
▪️മആരിഫുല്‍ ഹദീസ്
ആഹാരം കഴിപ്പിച്ചവര്‍ക്കും ദുആ ഇരക്കുക
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
******
മുഖലിഖിതം
പയാമെ ഇന്‍സാനിയത്ത് (മാനവതാ സന്ദേശം)
സ്വാർത്ഥനായ മനുഷ്യൻ
മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‍വി
ഞങ്ങളും ഞങ്ങളുടെ ബന്ധുമിത്രങ്ങളും മാത്രമാണ് മനുഷ്യർ. മറ്റെല്ലാവരും ഞങ്ങളുടെ സേവകരാണ് എന്ന് ധരിക്കുന്ന ആളുകൾ എക്കാലവും ലോകത്തുണ്ടായിട്ടുണ്ട്. കോടിക്കണക്കിന് ജനങ്ങൾ ലോകത്ത് വസിക്കുന്നത് അവർ കാണാറുണ്ടെങ്കിലും തങ്ങളുടെ പരിമിതമായ ആളുകളെ മാത്രമേ അവർ മനുഷ്യരായി കാണുകയുള്ളൂ. ഈ ലോകത്ത് തങ്ങളുടെ കുടുംബത്തിൽപ്പെട്ട പത്ത്-ഇരുപത് പേർ മാത്രമേ ജീവിക്കാവൂ എന്നാണ് അവരുടെ ധാരണ. തങ്ങളുടെയും കുടുംബത്തിന്റെയും പ്രശ്‌നങ്ങൾ കാണാൻ അവർക്ക് സൂക്ഷ്മദർശിനി ഉണ്ട്. മറ്റുള്ളവരെ കാണാൻ അവരുടെ കണ്ണ് പോലും തുറക്കില്ല. ചിലർക്ക് രണ്ട് കണ്ണടകൾ കാണും. ഒന്നിലൂടെ സ്വന്തം കാര്യവും മറ്റൊന്നിലൂടെ മറ്റുള്ളവരുടെ കാര്യങ്ങളും അവർ നോക്കുന്നതാണ്. ഒന്നിലൂടെ അവരുടെ ചെറിയ കാര്യങ്ങളെ പർവ്വതവും, മറ്റുള്ളവരുടെ വലിയ കാര്യങ്ങളെ ധാന്യമണിയുമായി അവർ കാണുന്നതാണ്.
**********************
***********************************
ജുമുഅ സന്ദേശം
വഖ്ഫ് എന്നാല്‍ എന്ത്
ഭാഗം-1
മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
(പ്രസിഡന്‍റ് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്)
വഖ്ഫിന്‍റെ ഭാഷാര്‍ത്ഥം നിയന്ത്രിച്ച് നിര്‍ത്തുക എന്നതാണ്. (അല്‍ഖാമൂസ്) ഇതിന്‍റെ നിര്‍വ്വചനം ഇപ്രകാരമാണ്: ഒരു വസ്തുവിന്‍റെ ഉടമാവകാശം നിലനിര്‍ത്തിക്കൊണ്ട് അതിന്‍റെ പ്രയോജനത്തെ ധര്‍മ്മം ചെയ്യുക. (അല്‍ ഫിഖ്ഹുല്‍ ഇസ്ലാമി വ അദില്ലത്തുഹു)
വഖ്ഫ് മുഹമ്മദുര്‍റസൂലുല്ലാഹി (സ)ക്ക് മുമ്പും നടന്നിരുന്നു. അങ്ങനെയാണ് ഇതര മതങ്ങളുടെ ആരാധനാ സ്ഥലങ്ങള്‍ പ്രത്യേകമായ നിലയില്‍ സംരക്ഷിച്ച് പോകുന്നത്. എന്നാല്‍ റസൂലുല്ലാഹി (സ) ഇതിന് വിശാലമായ മേഖല വിവരിക്കുകയും പ്രത്യേക നിയമ രീതികള്‍ പഠിപ്പിക്കുകയും ചെയ്തതിനാല്‍ ഇത് ഇസ്ലാമിന്‍റെ പ്രത്യേക അദ്ധ്യായങ്ങളില്‍ ഒന്നായി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആരാധനകള്‍, വിദ്യാഭ്യാസം, സൃഷ്ടി സേവനം, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഇവയുമായി ബന്ധപ്പെട്ട് ധാരാളം വഖ്ഫ് നിലവില്‍ വന്നു. മുസ്ലിം ഭരണാധികാരികളും സമ്പന്നരും മാത്രമല്ല, പൊതുജനങ്ങളും ഇതില്‍ മുന്നിട്ടിറങ്ങി. ഇതുകണ്ട് ഇതര മത വിഭാഗങ്ങളും ഈ മേഖലയിലേക്ക് ആകൃഷ്ടരാവുകയും അവരും പലവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.
വഖ്ഫുമായി ബന്ധപ്പെട്ട പ്രഥമ നിവേദനം ഇപ്രകാരമാണ്: ഉമര്‍ (റ)ന് ഖൈബറില്‍ കുറച്ച് ഭൂമി ലഭിച്ചപ്പോള്‍ അദ്ദേഹം അതിനെ ഉത്തമ വഴികളില്‍ ചിലവഴിക്കാനുള്ള ഉദ്ദേശത്തോടെ റസൂലുല്ലാഹി (സ)യോട് കൂടിയാലോചിച്ചു. റസൂലുല്ലാഹി (സ) അരുളി: താങ്കള്‍ ഭൂമിയുടെ അടിസ്ഥാനം പിടിച്ചുവെക്കുകയും അതിന്‍റെ പ്രയോജനം ധര്‍മ്മമായി നല്‍കുകയും ചെയ്യുക. ഈ ഭൂമി വില്‍ക്കപ്പെടുകയും വാങ്ങിക്കപ്പെടുകയും ദാനമായി നല്‍കപ്പെടുകയും അനന്തരവകാശമായി കൊടുക്കപ്പെടുകയും ചെയ്യുന്നതല്ല! അങ്ങനെ ഉമര്‍ (റ) ഈ ഭൂമി സാധുക്കള്‍ക്കും ബന്ധുക്കള്‍ക്കും അടിമകള്‍ക്കും യാത്രികര്‍ക്കും അതിഥികള്‍ക്കും വഖ്ഫ് ചെയ്തു. ഇതിന്‍റെ മുതവല്ലി (കാര്യങ്ങള്‍ നോക്കുന്ന വ്യക്തി) ന്യായമായ നിലയില്‍ ഇത് ഉപയോഗിക്കാവുന്നതാണെന്നും സുഹൃത്തുക്കളെ ആഹരിപ്പിക്കാവുന്നതാണെന്നും എന്നാല്‍ സമ്പത്തായി ശേഖരിക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. (ബുഖാരി 1/357)
വഖ്ഫിന്‍റെ മഹത്വങ്ങള്‍ അറിയിക്കുന്ന ധാരാളം ഹദീസുകളുണ്ട്. ഉദാഹരണത്തിന് റസൂലുല്ലാഹി (സ) അരുളി: ഒരു മനുഷ്യന്‍ മരിച്ചാല്‍ അവന്‍റെ കര്‍മ്മങ്ങള്‍ നിലച്ച് പോകുന്നതാണ്. എന്നാല്‍ മൂന്ന് കര്‍മ്മങ്ങളുടെ ഫലം മരണാനന്തരവും ലഭിക്കുന്നതാണ്. 1. നിലനില്‍ക്കുന്ന ദാനം. 2. ശേഷവും പ്രയോജനപ്പെടുത്തപ്പെടുന്ന വിജ്ഞാനം. 3. മരണപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സന്താനം. (മുസ്ലിം 2/41)
ഇതുപോലുള്ള ഹദീസുകളുടെ വെളിച്ചത്തില്‍ വഖ്ഫ് ചെയ്യുന്നത് പ്രിയങ്കര കര്‍മ്മാണ് എന്നതില്‍ പണ്ഡിതലോകം ഏകോപിച്ചിരിക്കുന്നു. (മുഗ്നി 5/349) സഹാബാ മഹത്തുക്കള്‍ ഇതില്‍ വലിയ ആവേശം കാണിച്ചിരുന്നു. ജാബിര്‍ (റ) പ്രസ്താവിക്കുന്നു: സൗകര്യമുള്ള എല്ലാ സഹാബികളും വഖ്ഫ് ചെയ്തിട്ടുണ്ട്. ഹുമൈദി (റ) പറയുന്നു: അബൂബക്ര്‍ സിദ്ദീഖ് (റ) വീട് സന്താങ്ങള്‍ക്ക് വേണ്ടി വഖ്ഫ് ചെയ്തു. ഉമര്‍ (റ) മര്‍വക്കടുത്തുണ്ടായിരുന്ന വീട് വഖ്ഫ് ചെയ്തു. അലിയ്യ് (റ) യംബൂഇലുള്ള ഭൂമിയുലം സുബൈര്‍ (റ) മക്കയിലും മിസ്റിലും മദീനയിലും ഉണ്ടായിരുന്ന വീടുകളും സഅദ് (റ) മദീനയിലെയും ഈജിപ്തിലെയും ഭവനവും വഖ്ഫ് ചെയ്തു. ഉസ്മാന്‍ (റ), അംറ് (റ), ഹകീം (റ), മുതലായ സഹാബികളും വിവിധ ഭൂമികള്‍ വഖ്ഫ് ചെയ്തു. (മുഗ്നി 5/348)
വഖ്ഫ് സ്വത്തിന്‍റെ ഉടമാവകാശം അല്ലാഹുവിലേക്ക് നേരിട്ട് പോകുന്നതാണ്. അതുകൊണ്ട് വഖ്ഫ് ചെയ്ത ശേഷം മടക്കി എടുക്കാന്‍ പാടുള്ളതല്ല. അതില്‍ അനന്തരവകാശവും നടപ്പിലാക്കപ്പെടുന്നതല്ല. ഇമാം അബൂയൂസുഫ് (റ) പറയുന്നത് വഖ്ഫിന്‍റെ വാചകം മൊഴിയുന്നതിലൂടെ തന്നെ വഖ്ഫ് സംഭവിക്കുന്നതാണ്. ഇമാം മുഹമ്മദ് പറയുന്നു: വഖ്ഫിന്‍റെ കാര്യങ്ങള്‍ നോക്കുന്നതിന് ഒരു മുതവല്ലിയെ ഏല്‍പ്പിക്കുന്നതിലൂടെയാണ് വഖ്ഫ് പൂര്‍ണ്ണമാകുന്നത്.
വഖ്ഫിന്‍റെ പ്രധാന ഘടകം കാലാകാലത്തേക്ക് വഖ്ഫിനെ അറിയിക്കുന്ന വാചകമാണ്. ഉദാഹരണത്തിന് ഈ വീടിന്‍റെ വാടക എക്കാലവും സാധുക്കളില്‍ ചിലവഴിക്കണമെന്ന് പറയേണ്ടതാണ്. ഇമാം അബൂയൂസുഫ് (റ) പറയുന്നു: ഈ വസ്തു ഇന്ന ലക്ഷ്യത്തിനുവേണ്ടി വഖ്ഫ് ചെയ്യുന്നു എന്ന് പറഞ്ഞാലും വഖ്ഫ് സാധുവാകുന്നതാണ്. (റദ്ദുല്‍ മുഹ്താര്‍) അതുപോലെ നിലനില്‍ക്കുന്ന ദാനം മുതലായ വഖ്ഫിന്‍റെ അര്‍ത്ഥം അറിയിക്കുന്ന വാചകങ്ങള്‍ പറഞ്ഞാലും മതിയാകുന്നതാണ്. (അല്‍ ബഹ്റുര്‍റാഇഖ്) വഖ്ഫിന്‍റെ വാചകം വഖ്ഫ് ചെയ്യുന്ന വ്യക്തി പറഞ്ഞാല്‍ മതിയാകുന്നതാണ്. എന്നാല്‍ ഇന്ന വ്യക്തിക്ക് വഖ്ഫ് ചെയ്യുന്നു എന്ന് പറയുകയാണെങ്കില്‍ അദ്ദേഹം സ്വീകരിക്കലും നിര്‍ബന്ധമാണ്. (അല്‍ ഫിഖ്ഹുല്‍ ഇസ്ലാമി)
വഖ്ഫ് സ്വത്തിന് ചില നിയമങ്ങളുണ്ട്. 1. അതില്‍ നിന്നും ലഭിക്കുന്ന വരുമാനം ഉദാഹരണത്തിന് കാര്‍ഷിക ഉല്‍പ്പന്നം, വീടിന്‍റെ വാടക പോലുള്ളവ നിര്‍ണ്ണിത കാര്യങ്ങളില്‍ നിര്‍ബന്ധമായും ചിലവഴിക്കേണ്ടതാണ്. (റദ്ദുല്‍ മുഹ്താര്‍) 2. വഖ്ഫ് സ്വത്തിന്‍റെ ഉടമാധികാരം അല്ലാഹുവിലേക്ക് എത്തിച്ചേരുന്നതാണ്. ഇമാം അബൂഹനീഫ (റ)യുടെ അഭിപ്രായത്തില്‍ വാഖിഫിന്‍റെ ഉടമാധികാരം അവശേഷിക്കുമെങ്കിലും വഖ്ഫ് സാധുവായാല്‍ അതിനെ വില്‍ക്കലോ, ദാനം ചെയ്യലോ, അനന്തരസ്വത്തായി കൊടുക്കലോ അനുവദനീയമല്ല. (ഫത്താവാ ഹിന്ദിയ്യ)
വഖ്ഫ് സാധുവാകുന്നതിന് ചില നിബന്ധനകളുണ്ട്. അതില്‍ ചിലത് വഖ്ഫ് ചെയ്യുന്ന വ്യക്തിയുമായി ബന്ധപ്പെട്ടതാണ്. മറ്റുചിലത് വസ്തുവുമായി ബന്ധപ്പെട്ടതാണ്. വേറെ ചിലത് ചിലവഴിക്കുന്ന ഭാഗവുമായി ബന്ധപ്പെട്ടതാണ്.
വഖ്ഫ് ചെയ്യുന്ന വ്യക്തിയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ഇവയാണ്: അദ്ദേഹം സാമ്പത്തിക ഇടപാടുകള്‍ക്ക് അനുവാദമുള്ള വ്യക്തിയായിരിക്കണം. അതായത്, ബുദ്ധിമാനും പ്രായപൂര്‍ത്തിയായവനുമായിരിക്കണം. വഖ്ഫ് ചെയ്യുന്ന വസ്തു അദ്ദേഹത്തിന്‍റെ ഉടസ്ഥതയില്‍ പെട്ടതായിരിക്കണം. ബുദ്ധി കുറഞ്ഞ വ്യക്തിയും സാമ്പത്തിക നിരോധനം ഏര്‍പ്പെടുത്തപ്പെട്ട വ്യക്തിയും വഖ്ഫ് ചെയ്യാന്‍ പാടുള്ളതല്ല. മരണരോഗി വഖ്ഫ് ചെയ്താല്‍ മരണാനന്തരം അനന്തരസ്വത്തിന്‍റെ മൂന്നില്‍ ഒന്നില്‍ മാത്രമേ വഖ്ഫ് സാധുവാകുകയുള്ളൂ. മറ്റ് സമ്പത്തില്‍ വഖ്ഫ് സാധുവാകാന്‍ അനന്തരവകാശികളുടെ അനുമതി ആവശ്യമാണ്.
വഖ്ഫ് സ്വത്തുമായി ബന്ധപ്പെട്ട നിബന്ധനകള്‍: 1. ഭൂമിപോലെ എടുത്ത് മാറ്റാന്‍ പറ്റാത്ത വസ്തുവായിരിക്കണം. കാരണം വഖ്ഫിന്‍റെ ഉദ്ദേശം കാലാകാലത്തേക്ക് ദാനം ചെയ്യലാണ്. എടുത്ത് മാറ്റാന്‍ പറ്റുന്ന വസ്തു കാലാകാലം നിലനില്‍ക്കുന്നതല്ല. എന്നാല്‍ എടുത്ത് മാറ്റാന്‍ പറ്റുന്ന വസ്തു, മാറ്റാന്‍ പറ്റാത്ത വസ്തുവിനെ തുടര്‍ന്നുള്ളതാണെങ്കില്‍, ഉദാഹരണത്തിന് ഒരു ഭൂമിയില്‍ കൃഷി മൃഗങ്ങളും ഉപകരണങ്ങളും ഉണ്ടെങ്കില്‍ അവ വഖ്ഫ് ചെയ്യാവുന്നതാണ്. അതുപോലെ സാധാരണ വഖ്ഫ് ചെയ്യപ്പെടുന്ന വസ്തുക്കളും വഖ്ഫ് ചെയ്യാവുന്നതാണ്. ഉദാഹരണത്തിന് വൃക്ഷം, ഖബ്ര്‍ കുഴിക്കുന്ന ആയുധം, മയ്യിത്ത് കട്ടില്‍, മസ്ജിദ്-മദ്റസകളിലേക്കുള്ള ഗ്രന്ഥങ്ങള്‍ ഇവകള്‍ വഖ്ഫ് ചെയ്യാവുന്നതാണ്. (ബദാഇഉസ്സനാഇഅ്) മൃഗവും ആയുധവും വഖ്ഫ് ചെയ്യാന്‍ പാടില്ലെന്ന് ഇമാം അബൂഹനീഫ (റ) പറയുന്നെങ്കിലും ഖാലിദ് (റ) മൃഗങ്ങളെ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ വഖ്ഫ് ചെയ്തു എന്ന ഹദീസ് വചനത്തിന്‍റെ വെളിച്ചത്തില്‍ അതും സാധുവാകുമെന്ന് ഇമാം അബൂയൂസുഫ് (റ) പറയുന്നു. 2. വഖ്ഫ് ചെയ്യുന്ന വസ്തു മൂല്യമുള്ളതായിരിക്കണം. (ദുര്‍റുല്‍ മുഖ്താര്‍) അതായത്, വില്‍ക്കാനും വാങ്ങാനും സാധിക്കുന്ന വിലയുള്ള വസ്തുവായിരിക്കണം. 3. ആ വസ്തു വാഖിഫിന്‍റെ ഉടസ്ഥതയിലുള്ളതായിരിക്കണം. ഒരാള്‍ ഒരു ഭൂമി അപഹരിച്ചു. തുടര്‍ന്ന് അത് വഖ്ഫ് ചെയ്തു. ശേഷം അതിന്‍റെ യഥാര്‍ത്ഥ ഉടമയില്‍ നിന്നും ആ സ്ഥലം വാങ്ങി. പക്ഷേ, വഖ്ഫ് ചെയ്യുന്ന സമയത്ത് ഉടമയായിരുന്നില്ല എന്നതിനാല്‍ വഖ്ഫ് സാധുവാകുന്നതല്ല. (ഫത്താവാ ഹിന്ദിയ്യ) 4. വഖ്ഫ് ചെയ്യുന്ന വസ്തു അറിയപ്പെട്ടതും നിജമായതുമായിരിക്കണം. (ഫത്താവാ ഹിന്ദിയ്യ) ഞാന്‍ എന്‍റെ ഭൂമിയുടെ കുറച്ച് ഭാഗം വഖ്ഫ് ചെയ്തുവെന്ന് പറഞ്ഞാല്‍ വഖ്ഫ് ശരിയാകുന്നതല്ല. നിജപ്പെടുത്തുക എന്നതുകൊണ്ടുള്ള ഉദ്ദേശം ആ സ്ഥലവും അതിന്‍റെ പരിധിയും വ്യക്തമാക്കണമെന്നതാണ്. ഇനി അത് പൊതുവില്‍ അറിയപ്പെട്ടതാണെങ്കില്‍ നിജപ്പെടുത്തേണ്ടതില്ല. 5. ഇമാം മുഹമ്മദ് (റ) പറയുന്നു: വഖ്ഫ് ചെയ്യുന്ന വസ്തു വാഖിഫിന്‍റേത് മാത്രമായിരിക്കണം. പലരുടെയും ഉടമസ്ഥതയിലുള്ള സ്വത്ത് വഖ്ഫ് ചെയ്യാന്‍ പാടുള്ളതല്ല. ഇമാം അബൂയൂസുഫ് (റ) പറയുന്നു: പലരുടെയും ഉടമസ്ഥതയില്‍ പെട്ട സ്വത്തില്‍ നിന്നും ഒരു വ്യക്തി തന്‍റെ ഓഹരി വഖ്ഫ് ചെയ്യാവുന്നതാണ്. ശാഫിഈ മദ്ഹബിന്‍റെ വീക്ഷണവും ഇത് തന്നെയാണ്. (ശര്‍ഹുല്‍ മുഹദ്ദബ്) അതുപോലെ ശാഫിഈ മദ്ഹബില്‍ ഭൂമി, വീട്ടുപകരണങ്ങള്‍, മൃഗങ്ങള്‍, എന്നിവയും വഖ്ഫ് ചെയ്യാവുന്നതാണ്. എന്നാല്‍ താല്‍ക്കാലിക പ്രയോജനം മാത്രമുള്ള, ആഹാരം, സുഗന്ധം പോലുള്ളവ വഖ്ഫ് ചെയ്യാന്‍ പാടുള്ളതല്ല.
വഖ്ഫ് ചെയ്യപ്പെടുന്ന വസ്തുവിന്‍റെ ഉപയോഗസ്ഥാനങ്ങളുമായി ബന്ധപ്പെട്ട നിബന്ധന, ആ സ്ഥാനം വഖ്ഫ് സ്വത്ത് ചിലവഴിക്കപ്പെടാന്‍ യോഗ്യതയുള്ളതായിരിക്കണം എന്നതാണ്. ഉദാഹരണത്തിന്, സൈദ്, ഉമര്‍ എന്നിങ്ങനെ പേര് പറയുക. പണ്ഡിതന്മാര്‍, സാധുക്കള്‍ എന്ന് പറയുക. മസ്ജിദ്, മദ്റസ, വശ്രമ കേന്ദ്രം എന്ന് പറയുക. (അശ്ശര്‍ഹുസഗീര്‍) അതുപോലെ ഈ സ്ഥാനം പ്രതിഫലമുള്ള കാര്യമായിരിക്കണം. പാപകരമായ സ്ഥാനങ്ങളാകരുത്. മദ്യശാല, വിഗ്രഹാലയം പോലുള്ളവക്ക് വഖ്ഫ് ചെയ്യാന്‍ പാടുള്ളതല്ല. അല്ലാമാ ഹസ്കഫി പറയുന്നു: വഖ്ഫിന്‍റെ സ്ഥാനങ്ങള്‍ മൂന്ന് വിഭാഗമാണ്. 1. സാധുക്കള്‍ക്ക് വേണ്ടിയുള്ളത്. 2. ആദ്യം സമ്പന്നര്‍ക്കും ശേഷം സാധുക്കള്‍ക്കും വേണ്ടിയുള്ളത്. ഉദാഹരണത്തിന്, ആദ്യം സ്വന്തം ആളുകള്‍ക്കും ശേഷം സാധുക്കള്‍ക്കും എന്ന പേരില്‍ വഖ്ഫ് ചെയ്യുക. 3. സമ്പന്നരുടെയും സാധുക്കളുടെയും വിത്യാസമില്ലാതെ എല്ലാവര്‍ക്കും വഖ്ഫ് ചെയ്യുക. ഉദാഹരണം, യാത്രികരുടെ വിശ്രമ കേന്ദ്രം, ഖബ്ര്‍സ്ഥാന്‍, റോഡ് മുതലായവ. ഈ മൂന്ന് വിഭാഗവും ശരിയാണ്. എന്നാല്‍ സമ്പര്‍ക്കുവേണ്ടി മാത്രം വഖ്ഫ് ചെയ്യുന്നത് പ്രതിഫലാര്‍ഹമല്ല. (ദുര്‍റുല്‍ മുഹ്താര്‍) ചുരുക്കത്തില്‍ വഖ്ഫ് ചെയ്യപ്പെടുന്ന സ്ഥാനം അറിഞ്ഞിരിക്കേണ്ടതാണ്.
വഖ്ഫിന്‍റെ വാചകവുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ഇവയാണ്: 1. വാചകം ഉടനടി നടപ്പിലാക്കുന്ന നിലയിലുള്ളതായിരിക്കുക. ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളുമായി ബന്ധിപ്പിച്ച് വഖ്ഫ് ചെയ്യരുത്. ഉദാഹരണത്തിന്, സൈദ് വരുമ്പോള്‍ അല്ലെങ്കില്‍ ഒരു വര്‍ഷത്തിന് ശേഷം ഈ സ്ഥലം വഖ്ഫ് ചെയ്യുന്നതാണെന്ന് പറയരുത്. (ദുര്‍റുല്‍ മുഖ്താര്‍). 2. വഖ്ഫ് നിര്‍ണ്ണിത സമയത്തേക്കുവേണ്ടി ആയിരിക്കരുത്. കാലകാലത്തേക്കായിരിക്കണം. ഞാന്‍ ഈ സ്ഥലം ഒരു വര്‍ഷത്തേക്ക് വഖ്ഫ് ചെയ്യുന്നു എന്ന് പറഞ്ഞാല്‍ ശരിയാവുകയില്ല. 3. തിരിച്ചെടുക്കാന്‍ അവകാശമുണ്ടായിരിക്കും എന്ന് നിബന്ധന വെക്കാന്‍ പാടുള്ളതല്ല. ഈ നിബന്ധന പരിഗണിക്കപ്പെടുന്നതുമല്ല. 4. വഖ്ഫിന്‍റെ ലക്ഷ്യത്തിന് ഭംഗം വരുന്ന നിബന്ധനകള്‍ വെക്കരുത്. ഉദാഹരണത്തിന്, ആവശ്യം വന്നാല്‍ ഈ സ്ഥലംവിറ്റ് എന്‍റെ ആവശ്യങ്ങള്‍ക്ക് ചിലവഴിക്കുകയോ, ആര്‍ക്കെങ്കിലും നല്‍കുകയോ ചെയ്യാന്‍ അധികാരമുണ്ടായിരിക്കുന്നതാണെന്ന് പറഞ്ഞാല്‍ വഖ്ഫ് ശരിയാകുന്നതല്ല. മസ്ജിദിനുവേണ്ടി വഖ്ഫ് ചെയ്യപ്പെട്ട ഭൂമിയെക്കുറിച്ച് ഇപ്രകാരം നിബന്ധന പറഞ്ഞാല്‍ നിബന്ധന തന്നെ ശരിയാകുന്നതല്ല. വഖ്ഫ് നിലനില്‍ക്കുന്നതാണ്. (ദുര്‍റുല്‍ മുഖ്താര്‍)
വഖ്ഫ് ചെയ്യുന്ന വ്യക്തി പറയുന്ന ന്യായമായ നിബന്ധനകള്‍ വളരെ പ്രധാനപ്പെട്ടതാണ്. അതിന് വലിയ ആധികാരികതയുണ്ട്. (മുഗ്നി 5/368) ആധികാരികമാണെന്ന് എന്നതുകൊണ്ടുള്ള ആശയം ഖുര്‍ആന്‍ ഹദീസുകളുടെ ഗ്രാഹ്യത്തിന് ആവശ്യമായ നിബന്ധനകള്‍ ഇതിനും നല്‍കപ്പെടുന്നതാണ്. അതുപോലെ ഖുര്‍ആന്‍ ഹദീസുകളുടെ വചനങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കല്‍ നിര്‍ബന്ധമായതുപോലെ വാഖിഫിന്‍റെ നിബന്ധനകളെ മാനിക്കലും പാലിക്കലും നിര്‍ബന്ധമാണ്. വഖ്ഫ് ചെയ്ത വ്യക്തിയുടെ നിബന്ധനക്കെതിരില്‍ ഖാസിയുടെ വിധിപോലും സാധുവാകുന്നതല്ല. (അല്‍അഷ്ബാഹ് വന്നളാഇര്‍)
എന്നാല്‍ വാഖിഫിന്‍റെ എല്ലാ നിബന്ധനകളും ഒരുപോലെയല്ല. നിബന്ധനകള്‍ മൂന്ന് രീതിയിലാണ്. 1. അന്യായമായ നിബന്ധനകള്‍. ഇത് പാലിക്കപ്പെടാന്‍ പാടുള്ളതല്ല. 2. ന്യായമായ നിബന്ധനകള്‍. ഇത് പാലിക്കുക തന്നെ വേണം. 3. ന്യായമായ നിബന്ധനകളാണെങ്കിലും ചിലവേള അത് പാലിക്കാതിരിക്കുന്നതില്‍ വഖ്ഫിന്‍റെ നന്മയുണ്ടായിരിക്കുക. അത്യാവശ്യ സമയത്ത് ഇത്തരം നിബന്ധനകള്‍ക്കെതിരില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. (അല്‍ മദ്ഖലുല്‍ ഫിഖ്ഹി 2/1096) അന്യായമായ നിബന്ധനകള്‍ കൊണ്ടുള്ള ഉദ്ദേശം പാപകരമോ, അനിസ്ലാമിക ആരാധനകളോ ആയി ബന്ധപ്പെട്ട നിബന്ധനകളാണ്.
അത്യാവശ്യ സമയത്ത് വാഖിഫിന്‍റെ നിബന്ധനകള്‍ക്ക് എതിര് പ്രവര്‍ത്തിക്കാവുന്നതാണ് എന്നതിനെക്കുറിച്ച് അല്ലാമാ ഇബ്നു നുജൈം കുറിക്കുന്നു: വഖ്ഫ് ചെയ്യപ്പെട്ട സ്ഥലം ഒരു വര്‍ഷത്തില്‍ കൂടുതല്‍ വാടകക്ക് കൊടുക്കാന്‍ പാടില്ലായെന്ന് വാഖിഫ് നിബന്ധന പറയുകയും അപ്രകാരം ആരും വാടകയ്ക്ക് എടുക്കാന്‍ തയ്യാറാകാതിരിക്കുകയും കൂടുതല്‍ സമയത്തേക്ക് തയ്യാറാവുകയും ചെയ്താല്‍ ഖാസി വഴിയായി ഈ നിബന്ധന മാറ്റിവെക്കാവുന്നതാണ്. വഖ്ഫ് ചെയ്ത വ്യക്തി ഇതിന്‍റെ പൈസ ഉപയോഗിച്ച് ഖബ്റിനരികില്‍ ഖുര്‍ആന്‍ ഓതിക്കണമെന്ന് പറഞ്ഞാല്‍ ഖബ്റിനരികില്‍ ഖുര്‍ആന്‍ ഓതിക്കുക എന്ന നിബന്ധന അസാധു ആകുന്നതാണ്. ഒരു വഖ്ഫ് സ്വത്തിന്‍റെ വരുമാനം ഒരു പ്രത്യേക മസ്ജിദിലെ യാചകര്‍ക്ക് മാത്രം നല്‍കുക എന്ന നിബന്ധന പറഞ്ഞാല്‍ മറ്റ് സ്ഥലങ്ങളിലെ യാചകര്‍ക്കും ആവശ്യക്കാര്‍ക്കും ആ തുക വിനിയോഗിക്കാവുന്നതാണ്. ഓരോ ദിവസവും അവകാശികള്‍ക്ക് റൊട്ടിയും മാംസവും നല്‍കണമെന്ന് നിബന്ധന വെച്ചാല്‍ അതിന് പകരം അതിന്‍റെ തുക വിതരണം ചെയ്യാവുന്നതാണ്. വാഖിഫ് ഇമാമിന് വേണ്ടി നിശ്ചയിച്ച തുക മതിയാകാത്തതാണെങ്കില്‍ ഖാസി വഴി അതിനെ വര്‍ദ്ധിപ്പിക്കാവുന്നതാണ്. വഖ്ഫ് ചെയ്യപ്പെട്ട ഭൂമി മറ്റൊരു ഭൂമിയുമായി പകരമാക്കരുതെന്ന് നിബന്ധന വെക്കുകയും വഖ്ഫിന്‍റെ നന്മ പകരമാക്കുന്നതിലാവുകയും ചെയ്താല്‍ ഖാസി വഴി അത് പകരമാക്കാവുന്നതാണ്. (റദ്ദുല്‍ മുഹ്താര്‍)
എന്നാല്‍ ശരീഅത്തിനും വഖ്ഫിനും അനുയോജ്യമായ നിബന്ധനകളെ മാനിക്കലും പാലിക്കലും നിര്‍ബന്ധമാണ്. അതായത്, വാഖിഫ് നിര്‍ദ്ദേശിച്ച അനുവദനീയ ഭാഗങ്ങളില്‍ മാത്രമേ തുക ചിലവഴിക്കാന്‍ പാടുള്ളൂ. എന്തിനേറെ, അദ്ദേഹം അമുസ്ലിം സാധുക്കള്‍ക്കായി ഏതെങ്കിലും സ്ഥലം വഖ്ഫ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്‍റെ വരുമാനം അവര്‍ക്ക് മാത്രമേ ചിലവഴിക്കാന്‍ പാടുള്ളൂ. (റദ്ദുല്‍ മുഹ്താര്‍) ഇന്ന വ്യക്തി ജീവിതകാലം മുഴുവന്‍ ഈ സമ്പത്ത് ഉപയോഗിക്കാമെന്ന് നിബന്ധന പറഞ്ഞിട്ടുണ്ടെങ്കില്‍ അങ്ങനെതന്നെ ചെയ്യേണ്ടതാണ്. ഞാന്‍ ഈ ഭൂമി അല്ലാഹുവിന് വേണ്ടി വഖ്ഫ് ചെയ്യുന്നു, എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് ഇത് ചിലവഴിക്കുന്നതാണെന്ന് പറയുകയും ചെയ്താല്‍ അതിന്‍റെ വരുമാനം സാധുക്കള്‍ക്കോ, ഹാജിമാര്‍ക്കോ നന്മയുമായി ബന്ധപ്പെട്ട് ആര്‍ക്ക് വേണ്ടമെങ്കിലും ചിലവഴിക്കാവുന്നതാണ്. ഇനി വഖ്ഫ് ചെയ്യപ്പെട്ട സ്ഥാനം കാലക്രമേണ ഇല്ലാതാവുകയാണെങ്കില്‍ ആദ്യം കഴിവിന്‍റെ പരമാവധി അതേഭാഗത്ത് തന്നെ ചിലവഴിക്കാന്‍ പരിശ്രമിക്കേണ്ടതാണ്. ഉദാഹരണം, മസ്ജിദ്, അതിഥി മന്ദിരം, കിണര്‍, തടാകം പോലുള്ളവക്ക് വഖ്ഫ് ചെയ്യപ്പെട്ടത് കഴിയുന്നത്ര അവയില്‍ തന്നെ ചിലവഴിക്കേണ്ടതാണ്. എന്നാല്‍ ആ സ്ഥാനം ഇല്ലാതായാല്‍ സാധുക്കള്‍ക്ക് ചിലവഴിക്കേണ്ടതാണ്. (ദുര്‍റുല്‍ മുഖ്താര്‍)
വഖ്ഫിന്‍റെ ഭൂമി വിറ്റ് മറ്റൊരു ഭൂമി വാങ്ങിക്കാമോ എന്നത് സുപ്രധാനമായ ഒരു വിഷയമാണ്. ആധുനിക യുഗത്തില്‍ ഇത് വലിയ പ്രാധാന്യം കൈവരിച്ചിരിക്കുന്നു. വഖ്ഫ് ചെയ്ത വ്യക്തി തനിക്കോ, മറ്റാര്‍ക്കെങ്കിലുമോ ഇപ്രകാരം ചെയ്യാന്‍ അവകാശമുണ്ടെന്ന് നിബന്ധന വെച്ചാല്‍ അത് സാധുവാകും എന്ന വിഷയത്തില്‍ എല്ലാവരും ഏകോപിച്ചിരിക്കുന്നു. (ബസാസിയ്യ 6/264) എന്നാല്‍ വഖ്ഫില്‍ ഇത് പറയാതിരിക്കുകയോ, മാറ്റിയെടുക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കുകയോ ചെയ്താല്‍ ഇവിടെ രണ്ടവസ്ഥകള്‍ക്ക് സാധ്യതയുണ്ട്. 1. മാറ്റിയെടുക്കാതെ വഖ്ഫ് സ്വത്ത് അല്‍പ്പം പോലും പ്രയോജനപ്പെടാത്ത അവസ്ഥ. ഈ സന്ദര്‍ഭത്തില്‍ ഖാസിയുടെ അനുമതിയോടെ മാറ്റിയെടുക്കാവുന്നതാണ്. 2. ഇപ്പോഴും പ്രയോജനപ്രദമാണെങ്കിലും മാറ്റിയെടുക്കുന്നതിലൂടെ കൂടുതല്‍ ഫലമുണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍ അല്ലാമാ ശാമിയുടെയും മറ്റും അഭിപ്രായം മാറ്റിയെടുക്കാന്‍ പാടില്ലെന്നതാണ്. എന്നാല്‍ മാറ്റിയെടുക്കാവുന്നതാണെന്നും ഒരു അഭിപ്രായമുണ്ട്.
പക്ഷേ, മാറ്റിയെടുക്കുന്നതിന് പണ്ഡിതര്‍ ചില നിബന്ധനകള്‍ പറഞ്ഞിട്ടുണ്ട്. അതില് മൂന്ന് നിബന്ധനകള്‍ ഇന്നത്തെ കാലഘട്ടത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. 1. വഖ്ഫ് ഭൂമി നിസാര വിലക്ക് വില്‍ക്കരുത്. അനുയോജ്യമായ വില വാങ്ങേണ്ടതാണ്. 2. മതബോധവും ഉത്തരവാദിത്വവും ഉള്ളവര്‍ മാത്രമേ ഈ കാര്യം ചെയ്യാന്‍ പാടുള്ളൂ. അതായത്, വിജ്ഞാനവും കര്‍മ്മവും നന്നായവരായിരിക്കണം. 3. ഭൂമിക്കും കെട്ടിടത്തിനും പകരം ഭൂമിയും കെട്ടിടവും തന്നെ വാങ്ങേണ്ടതാണ്. പണം വാങ്ങരുത്. ഇനി പണം വാങ്ങിക്കുകയാണെങ്കില്‍ ഉടനടി മറ്റൊരു ഭൂമി വാങ്ങേണ്ടതാണ്. ഖേദകരമെന്ന് പറയട്ടെ, വഖ്ഫ് ഭൂമി വിറ്റ് ലഭിക്കുന്ന തുകകള്‍ കൂടുതലും പാഴാകുന്നതായിട്ടാണ് അനുഭവം. അതുകൊണ്ട് തന്നെ ഇപ്രകാരം വഖ്ഫ് സ്വത്തുക്കള്‍ മാറ്റി എടുക്കാന്‍ പാടില്ലായെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. (മുഗ്നി 5/368).
**************************************
മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുസ്വാഫ്ഫാത്ത്-3
(182 ആയത്തുകള്‍, പദങ്ങള്‍ 860. അക്ഷരങ്ങള്‍ 3826. മക്കാമുകര്‍റമയില്‍ അവതരണം. 5 റുകൂഅ്. അവതരണ ക്രമം 56. പാരായണ ക്രമം 37. സൂറത്തുല്‍ അന്‍ആമിന് ശേഷം അവതരണം)
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം
നിഷേധികള്‍ക്ക് മുന്നറിയിപ്പ്
മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 11-18
فَاسْتَفْتِهِمْ أَهُمْ أَشَدُّ خَلْقًا أَم مَّنْ خَلَقْنَا ۚ إِنَّا خَلَقْنَاهُم مِّن طِينٍ لَّازِبٍ (11) بَلْ عَجِبْتَ وَيَسْخَرُونَ (12) وَإِذَا ذُكِّرُوا لَا يَذْكُرُونَ (13) وَإِذَا رَأَوْا آيَةً يَسْتَسْخِرُونَ (14) وَقَالُوا إِنْ هَٰذَا إِلَّا سِحْرٌ مُّبِينٌ (15) أَإِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَبْعُوثُونَ (16) أَوَآبَاؤُنَا الْأَوَّلُونَ (17) قُلْ نَعَمْ وَأَنتُمْ دَاخِرُونَ (18)
ആകയാല്‍ അവരോട് ചോദിക്കുക: അവരെയാണോ സൃഷ്ടിക്കാന്‍ ഏറ്റവും കടുപ്പമായത്, അതല്ല നാം പടച്ചവരാണോ? ഒട്ടുന്ന കളിമണ്ണില്‍ നിന്നാണ് നാം മനുഷ്യനെ സൃഷ്ടിച്ചത്.(11) പക്ഷെ, താങ്കള്‍ അത്ഭുതപ്പെടുന്നു. അവര്‍ പരിഹസിക്കുകയും ചെയ്യുന്നു.(12) അവരെ ഉപദേശിക്കപ്പെട്ടാല്‍ അവര്‍ ഉപദേശം സ്വീകരിക്കുന്നില്ല.(13) അവര്‍ ദൃഷ്ടാന്തം വല്ലതും കണ്ടാല്‍ അവര്‍ കളിയാക്കി ചിരിക്കുന്നു.(14) അവര്‍ പറയുന്നു: ഇതൊരു വ്യക്തമായ മാരണം മാത്രമാണ്.(15). ഞങ്ങള്‍ മരിക്കുകയും മണ്ണും അസ്ഥികളും ആവുകയും ചെയ്തതിന് ശേഷം ഞങ്ങള്‍ പുനര്‍ജ്ജീവിക്കപ്പെടുകയോ?(16) ഞങ്ങളുടെ പൂര്‍വ്വപിതാക്കളും?(17) പറയുക: അതെ, നിസ്സാരന്മാരായ നിലയില്‍ (നിങ്ങള്‍ പുനര്‍ജ്ജീവിപ്പിക്കപ്പെടുന്നതാണ്)(18)
ആശയ സംഗ്രഹം
അല്ലാഹു സമുന്നതമായ സൃഷ്ടികളുടെ മേല്‍ പരിപൂര്‍ണ്ണമായി കഴിവുള്ളവനാണെന്നും എല്ലാ വസ്തുക്കളും പടച്ചവന്‍റെ നിയന്ത്രണത്തിലാണെന്നും കഴിഞ്ഞ വചനങ്ങളിലൂടെ വ്യക്തമായി. ആകയാല്‍ പരലോകത്തെ നിഷേധിക്കുന്നവരോട് ചോദിക്കുക: അവരെയാണോ സൃഷ്ടിക്കാന്‍ ഏറ്റവും കടുപ്പമായത്, അതല്ല നാം പടച്ച മേല്‍ പറയപ്പെട്ട സൃഷ്ടികളാണോ? അതെ, മേല്‍ പറയപ്പെട്ട സൃഷ്ടികള്‍ കൂടുതല്‍ കടുപ്പമുള്ളവരാണ്. കാരണം ഒട്ടുന്ന കളിമണ്ണില്‍ നിന്നാണ് നാം മനുഷ്യനെ സൃഷ്ടിച്ചത്. കളിമണ്ണിന് യാതൊരു ശക്തിയോ, കടുപ്പമോ ഇല്ല. അതുപോലെ അതില്‍ നിന്നും ഉണ്ടാക്കപ്പെട്ട മനുഷ്യനും വലിയ ശക്തിയോ, കടുപ്പമോ ഇല്ല. ഇത്തരുണത്തില്‍ ഇത്രമാത്രം ശക്തിയും കടുപ്പവുമുള്ള സൃഷ്ടികളെ ഇല്ലായ്മയില്‍ നിന്നും സൃഷ്ടിക്കാന്‍ കഴിവുള്ളവനായ നാം മനുഷ്യനെപ്പോലെ ബലഹീനനായ സൃഷ്ടിയ്ക്ക് ഒരു പ്രാവശ്യം മരണം കൊടുത്ത് രണ്ടാമത് ജീവിപ്പിക്കാന്‍ കഴിവുള്ളവന്‍ തന്നെയാണ്. എന്നാല്‍ ഇത്ര വ്യക്തമായ തെളിവുകളുണ്ടായിട്ടും നിഷേധികള്‍ പരലോകത്തില്‍ വിശ്വസിക്കുന്നില്ല. മാത്രമല്ല താങ്കള്‍ അവരുടെ നിഷേധം കണ്ട് അത്ഭുതപ്പെടുന്നു. അവര്‍ നിഷേധിക്കുന്നത് കൂടാതെ, പരലോകത്തെ പരിഹസിക്കുകയും ചെയ്യുന്നു. ബുദ്ധിപരമായ തെളിവുകള്‍ ഉദ്ധരിച്ച് അവരെ ഉപദേശിക്കപ്പെട്ടാല്‍ അവര്‍ അത് ഗ്രഹിക്കുന്നില്ല. അവര്‍ താങ്കളുടെ പ്രവാചകത്വം സമര്‍ത്ഥിക്കുന്നതും പരലോക വിശ്വാസത്തെ ഉറപ്പിക്കുന്നതുമായ ദൃഷ്ടാന്തം വല്ലതും കണ്ടാല്‍ അവര്‍ കളിയാക്കി ചിരിക്കുന്നു. അവര്‍ പറയുന്നു: ഇതൊരു വ്യക്തമായ മാരണം മാത്രമാണ്. കാരണം ഇത് അമാനുഷികതയാണെന്ന് അംഗീകരിച്ചാല്‍ താങ്കളുടെ പ്രവാചകത്വം സ്ഥിരപ്പെടുകയും ഞങ്ങള്‍ അത് വിശ്വസിക്കാന്‍ നിര്‍ബന്ധിതരാവുകയും അപ്പോള്‍ താങ്കള്‍ പറയുന്ന പരലോക വിശ്വാസത്തെ അംഗീകരിക്കേണ്ടി വരുകയും ചെയ്യുന്നതാണ്. എന്നാല്‍ ഞങ്ങള്‍ പരലോകത്തില്‍ വിശ്വസിക്കാന്‍ തയ്യാറാല്ല. കാരണം ഞങ്ങള്‍ മരിക്കുകയും മണ്ണും അസ്ഥികളും ആവുകയും ചെയ്തതിന് ശേഷം ഞങ്ങള്‍ വീണ്ടും പുനര്‍ജ്ജീവിക്കപ്പെടുകയോ? ഞങ്ങളുടെ പൂര്‍വ്വപിതാക്കളും ജീവിപ്പിക്കപ്പെടുമോ? താങ്കള്‍ പറയുക: അതെ, തീര്‍ച്ചയായും നിങ്ങള്‍ ജീവിപ്പിക്കപ്പെടുന്നതും നിസ്സാരന്മാരായ നിലയില്‍ നിങ്ങള്‍ വരുന്നതുമാണ്.
വിവരണവും വ്യാഖ്യാനവും
തൗഹീദ് വിശ്വാസം സമര്‍ത്ഥിച്ച ശേഷം ഈ എട്ട് ആയത്തുകളില്‍ പരലോക വിശ്വാസത്തെ വിവരിക്കുകയും അതുമായി ബന്ധപ്പെട്ട ബഹുദൈവരാധനകളുടെ ചില സംശയങ്ങള്‍ മറുപടി പറയുകയും ചെയ്തിരിക്കുന്നു. ആദ്യത്തെ ആയത്തില്‍ മനുഷ്യര്‍ രണ്ടാമത് ജീവിപ്പിക്കപ്പെടുന്നതിനെക്കുറിച്ച് ബുദ്ധിപരമായ ഒരു തെളിവ് വിവരിക്കുന്നു. അതിന്‍റെ ചുരുക്കം ഇപ്രകാരമാണ്: കഴിഞ്ഞ ആയത്തുകളില്‍ വിവരിക്കപ്പെട്ട പ്രപഞ്ചത്തിലെ വലിയ സൃഷ്ടികള്‍ക്ക് മുന്നില്‍ മനുഷ്യന്‍ വളരെ ബലഹീനരായ സൃഷ്ടിയാണ്. ഇത്തരുണത്തില്‍ മലക്കുകള്‍, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, തീജ്വാല എന്നീ സൃഷ്ടികളെ സ്വന്തം കഴിവുകൊണ്ട് പടച്ച അല്ലാഹുവിന് മനുഷ്യനെപ്പോലെ ബലഹീനരായ സൃഷ്ടിയെ മരണത്തിന് ശേഷം ജീവിപ്പിക്കാന്‍ ഒരു പ്രയാസവുമില്ല. നിങ്ങളെ തുടക്കത്തില്‍ ഒട്ടിപ്പിടിക്കുന്ന കളിമണ്ണില്‍ നിന്നും ഉണ്ടാക്കി ആത്മാവ് ഊതിയതുപോലെ നിങ്ങള്‍ മരിച്ച് മണ്ണായ ശേഷം പടച്ചവന്‍ നിങ്ങളെ വീണ്ടും ജീവിപ്പിക്കുന്നതാണ്. ഒട്ടിപ്പിടിക്കുന്ന കളിമണ്ണില്‍ നിന്നും മനുഷ്യനെ പടച്ചു എന്നതുകൊണ്ടുള്ള ഉദ്ദേശം ആദ്യപിതാവായ ആദം നബി (അ)യെ മണ്ണില്‍ നിന്നും പടച്ചു എന്നതാണ്. ഓരോ മനുഷ്യന്‍റെ സൃഷ്ടിപ്പും ഇതുകൊണ്ട് ഉദ്ദേശിക്കാവുന്നതാണ്. കാരണം ചിന്തിച്ച് നോക്കിയാല്‍ മനുഷ്യന്‍റെ അടിസ്ഥാനം വെള്ളം ചേര്‍ന്ന മണ്ണാണ്. അതെ, മനുഷ്യന്‍ ഇന്ദ്രിയത്തില്‍ നിന്നും, ഇന്ദ്രിയം രക്തത്തില്‍ നിന്നും രക്തം ആഹാരത്തില്‍ നിന്നും, ആഹാരം മണ്ണും വെള്ളവും അടങ്ങിയ ഭൂമിയുടെ ഉല്‍പ്പന്നങ്ങളില്‍ നിന്നുമാണുണ്ടായത്.
ഏത് രൂപമാണെങ്കിലും ആദ്യത്തെ ആയത്ത് തൗഹീദ് വിശ്വാസത്തെ രേഖാമൂലം സമര്‍ത്ഥിച്ചുകൊണ്ട് ചോദ്യ രൂപത്തില്‍ അല്ലാഹു പറയുന്നു: മനുഷ്യരായ നിങ്ങളാണോ, മേല്‍ പറയപ്പെട്ട സൃഷ്ടികളാണോ കൂടുതല്‍ ശക്തരായവര്‍? മറുപടി വ്യക്തമാണ്: മേല്‍ പറയപ്പെട്ട സൃഷ്ടികള്‍ തന്നെയാണ് ശക്തരായവര്‍. അതുകൊണ്ട് തന്നെ ഈ മറുപടി നല്‍കുന്നതിന് പകരം ഇതിലേക്ക് സൂചിപ്പിച്ചുകൊണ്ട് അരുളി: നാം മനുഷ്യരെ ഒട്ടിപ്പിടിക്കുന്ന കളിമണ്ണില്‍ നിന്നും പടയ്ക്കുകയുണ്ടായി!
ശേഷമുള്ള അഞ്ച് ആയത്തുകള്‍ പരലോകത്തെക്കുറിച്ചുള്ള തെളിവുകള്‍ കേള്‍ക്കുമ്പോള്‍ ബഹുദൈവരാധകര്‍ നടത്തുന്ന പ്രതികരണത്തിന്‍റെ വിവരമാണ്. ബഹുദൈവരാധകരോട് പരലോകത്തെക്കുറിച്ച് പറയപ്പെടുന്ന തെളിവുകള്‍ രണ്ട് വിഭാഗമാണ്. 1. കഴിഞ്ഞ ആയത്തില്‍ പറയപ്പെട്ടിട്ടുള്ളതുപോലെ ബുദ്ധിപരമായ തെളിവുകള്‍. 2. രേഖാപരമായ തെളിവുകള്‍. അതായത് അവര്‍ക്ക് വിവിധ അമാനുഷികതകള്‍ കാട്ടിക്കൊടുക്കുകയും റസൂലുല്ലാഹി (സ)യുടെ പ്രവാചകത്വം സമര്‍ത്ഥിക്കുകയും ചെയ്തിരുന്നു. റസൂലുല്ലാഹി (സ) അല്ലാഹുവിന്‍റെ ദൂതനാണെന്നും അല്ലാഹുവിന്‍റെ ദൂതന്‍ ഒരിക്കലും കളവ് പറയുകയില്ലെന്നും പ്രവാചകന്‍റെ പക്കല്‍ പടച്ചവന്‍റെ ഭാഗത്ത് നിന്നും സന്ദേശം വരുന്നുണ്ടെന്നും പരലോക വിശ്വാസവും അതിലെ വിവിധ മഹാസംഭവങ്ങള്‍ പ്രസ്തുത സന്ദേശങ്ങളില്‍ പ്രധാനപ്പെട്ടതാണെന്നും അവരോട് പറയപ്പെട്ടിരുന്നു. എന്നാല്‍ ബുദ്ധിപരമായ തെളിവുകള്‍ക്ക് മുന്നില്‍ അവരുടെ പ്രതികരണത്തെക്കുറിച്ച് പറയുന്നു:
പക്ഷെ, താങ്കള്‍ അത്ഭുതപ്പെടുന്നു. അവര്‍ പരിഹസിക്കുകയും ചെയ്യുന്നു.(12) അവരെ ഉപദേശിക്കപ്പെട്ടാല്‍ അവര്‍ ഉപദേശം സ്വീകരിക്കുന്നില്ല.(13) അതായത്, ഇത്ര വ്യക്തമായ തെളിവുകള്‍ മുന്നില്‍ വന്നിട്ടും അവര്‍ അംഗീകരിക്കുന്നില്ലല്ലോ എന്ന് ചിന്തിച്ച് താങ്കള്‍ അത്ഭുതപ്പെടുന്നു. മറുഭാഗത്ത് അവര്‍ നേരെ തിരിച്ച് ഇതിനെ പരിഹസിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്ക് എത്ര മനസ്സിലാക്കിക്കൊടുക്കാന്‍ പരിശ്രമിച്ചാലും അവര്‍ മനസ്സിലാക്കുന്നതല്ല. രേഖാപരമായ തെളിവുകളുടെ വിഷയത്തില്‍ അവരുടെ പ്രതികരണം ഇപ്രകാരമാണ്: അവര്‍ ദൃഷ്ടാന്തം വല്ലതും കണ്ടാല്‍ അവര്‍ കളിയാക്കി ചിരിക്കുന്നു.(14) അതായത് താങ്കളുടെ പ്രവാചകത്വത്തെയും പരലോകത്തിന്‍റെ സംഭവ്യതയെയും വിളിച്ചറിയിക്കുന്ന എന്തെങ്കിലും അമാനുഷികതകള്‍ അവര്‍ കണ്ടാല്‍ പരിഹാസ രൂപേണെ അവര്‍ പറയുന്നു: ഇതൊരു വ്യക്തമായ മാരണം മാത്രമാണ്.(15)
അവരുടെ ഈ പരിഹാസങ്ങള്‍ക്കെല്ലാം അവരുടെ പക്കല്‍ ഒരൊറ്റ തെളിവ് മാത്രമാണുള്ളത്: ഞങ്ങള്‍ മരിക്കുകയും മണ്ണും അസ്ഥികളും ആവുകയും ചെയ്തതിന് ശേഷം ഞങ്ങള്‍ പുനര്‍ജ്ജീവിക്കപ്പെടുകയോ?(16) ഞങ്ങളുടെ പൂര്‍വ്വപിതാക്കളും?(17) അതായത് ഞങ്ങളും പൂര്‍വ്വപിതാക്കന്മാരും മരിച്ച് എല്ലുകളും മണ്ണുകളുമായി മാറിയ ശേഷം ഞങ്ങള്‍ എങ്ങനെ രണ്ടാമത് ജീവിപ്പിക്കപ്പെടാനാണ്? ആകയാല്‍ ഈ വിഷയത്തില്‍ ഞങ്ങള്‍ ബുദ്ധിപരമായ ഒരു തെളിവുകളും ഒരു അമാനുഷികതയും മറ്റൊന്നും സ്വീകരിക്കുന്നതല്ല. അല്ലാഹു അവര്‍ക്ക് മറുപടിയായി ഒരൊറ്റ വാചകം മാത്രം പറയുന്നു: പറയുക: അതെ, നിസ്സാരന്മാരായ നിലയില്‍ (നിങ്ങള്‍ പുനര്‍ജ്ജീവിപ്പിക്കപ്പെടുന്നതാണ്)(18)
നോക്കുക: ഇത് എത്രമാത്രം തന്ത്രജ്ഞത നിറഞ്ഞ മറുപടിയാണ്? ദുര്‍വാശിക്കാരോടുള്ള ശക്തമായ പ്രതികരണമാണെങ്കിലും അല്‍പ്പം ചിന്തിച്ചാല്‍ ഇതില്‍ വലിയ ഒരു തെളിവ് അടങ്ങിയിരിക്കുന്നതായി മനസ്സിലാക്കാന്‍ കഴിയുന്നതാണ്. അതിന്‍റെ വിശദീകരണം ഇമാം റാസി (റ) തഫ്സീറുല്‍ കബീറില്‍ നല്‍കിയിട്ടുണ്ട്. അതിന്‍റെ രത്നച്ചുരുക്കം ഇപ്രകാരമാണ്: മനുഷ്യന്‍ മരിച്ചതിന് ശേഷം ജീവിക്കുക എന്നത് അസാധ്യമായ കാര്യമല്ലെന്ന് ബുദ്ധിപരമായ തെളിവുകളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്. ബുദ്ധിപരമായി സാധ്യതയുള്ള ഒരു സംഭവത്തെക്കുറിച്ച് സത്യസന്ധനായ ഒരു വ്യക്തി വാര്‍ത്ത അറിയിക്കുകയും കൂടി ചെയ്താല്‍ അത് ഉറപ്പായും സംഭവിക്കുന്നതാണ്. ചുരുക്കത്തില്‍ മരണാനന്തര ജീവിതം തെളിവുകളിലൂടെ സാധ്യമാണെന്ന് സ്ഥിരപ്പെട്ട ശേഷം സത്യസന്ധനായ ഒരു പ്രവാചകന്‍ അതിനെക്കുറിച്ച് അത് തീര്‍ച്ചയായും നടക്കുന്നതാണെന്ന് പറയുകയും കൂടി ചെയ്താത് അത് തീര്‍ച്ചയായും നടക്കുക തന്നെ ചെയ്യുന്നതാണ്.
റസൂലുല്ലാഹി (സ)യുടെ അമാനുഷികതയുടെ തെളിവ്: ഈ ആയത്തിലെ ആയത്ത് എന്ന് പദത്തിന്‍റെ ഭാഷാപരമായ അര്‍ത്ഥം അടയാളമെന്നാണ്. ഇവിടെ അതുകൊണ്ടുള്ള വിവക്ഷ അമാനുഷികതകളാണ്. റസൂലുല്ലാഹി (സ)യ്ക്ക് പരിശുദ്ധ ഖുര്‍ആന്‍ കൂടാതെ, മറ്റുചില അമാനുഷികതകളും നല്‍കപ്പെട്ടിരുന്നു എന്നതിന് ഇത് തെളിവാണ്. റസൂലുല്ലാഹി (സ)യുടെ അമാനുഷികതകളെക്കുറിച്ച് പ്രകൃതിപരമായ പ്രതിഭാസമെന്ന് പറയുകയും റസൂലുല്ലാഹി (സ)യ്ക്ക് പരിശുദ്ധ ഖുര്‍ആനല്ലാതെ അമാനുഷികതകള്‍ ഒന്നുമില്ലെന്ന് വാദിക്കുകയും ചെയ്യുന്ന ആളുകളുടെ വാദം ഇത് ഖണ്ഡിക്കുന്നു.
ഈ ആയത്തിലെ ദൃഷ്ടാന്തം കൊണ്ടുള്ള ഉദ്ദേശം അമാനുഷികത അല്ലെന്നും ബുദ്ധിപരമായ തെളിവുകളാണെന്നും മുഅ്ജിസത്ത് നിഷേധികള്‍ പറയുന്നു. പക്ഷേ, അടുത്ത ആയത്തില്‍ ഇതിനെക്കുറിച്ച് വ്യക്തമായ മാരണമെന്ന് അവര്‍ പ്രതികരിക്കുമെന്ന് പറഞ്ഞിരിക്കുന്നു. ബുദ്ധിപരമായ തെളിവുകളെക്കുറിച്ച് മാരണമെന്ന് ബോധമുള്ളവരാരും പറയുകയില്ല. മറിച്ച് അമാനുഷികതകള്‍ കാണുന്നവര്‍ മാത്രമേ ഇപ്രകാരം പറയുകയുള്ളൂ.
ചില അമാനുഷികതയെ നിഷേധിക്കുന്ന മറ്റുചിലര്‍ പറയുന്നു: ഈ ആയത്തിലെ ദൃഷ്ടാന്തം എന്നത് കൊണ്ടുള്ള ഉദ്ദേശം പരിശുദ്ധ ഖുര്‍ആന്‍ വചനങ്ങളാണ്. എന്നാല്‍ അവര്‍ അതിനെ കാണുമ്പോള്‍ എന്ന പ്രയോഗം അവരുടെ ഈ വാദത്തെ ഖണ്ഡിക്കുന്നു. കാരണം ഖുര്‍ആന്‍ വചനങ്ങള്‍ കാണുകയല്ല, കേള്‍ക്കുകയാണ് ചെയ്യുന്നത്. പരിശുദ്ധ ഖുര്‍ആനില്‍ ഖുര്‍ആന്‍ വചനങ്ങളെക്കുറിച്ച് പറഞ്ഞ സ്ഥലങ്ങളില്‍ അവ കാണുന്നതിനെക്കുറിച്ചല്ല, കേള്‍ക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. കൂടാതെ, പരിശുദ്ധ ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ ആയത്ത് എന്ന പദം അമാനുഷികതയ്ക്ക് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് മൂസാ നബി (അ)നോട് ഫിര്‍ഔന്‍ പറഞ്ഞു: ........ (അഅ്റാഫ് 106) ഇതിന് മറുപടിയെന്നോണം മൂസാ നബി (അ) വടി താഴെ ഇടുകയും അത് പാമ്പായി രൂപാന്തരപ്പെടുകയും ചെയ്തു.
റസൂലുല്ലാഹി (സ)യോട് ശത്രുക്കള്‍ അമാനുഷികത ചോദിച്ചപ്പോള്‍ റസൂലുല്ലാഹി (സ) അമാനുഷികതകള്‍ കാണിക്കാതിരുന്നു എന്ന് അറിയിക്കുന്ന ആയത്തുകള്‍ ഇതിന് എതിരല്ല. കാരണം റസൂലുല്ലാഹി (സ) നിഷേധികള്‍ക്ക് ധാരാളം അമാനുഷികതകള്‍ കാട്ടിയിരുന്നു. എന്നാല്‍ ഓരോ പ്രാവശ്യവും അവര്‍ ഇത് അംഗീകരിക്കാതെ പുതിയ അമാനുഷികതകള്‍ ആവശ്യപ്പെട്ടിരുന്നു. അതിന് മറുപടിയെന്നോണമാണ് അമാനുഷികതകള്‍ കാണിക്കുന്നതിനെ വിസമ്മതിച്ചത്. അതുകൊണ്ട് തന്നെ അല്ലാഹുവിന്‍റെ പ്രവാചകന്‍ അല്ലാഹുവിന്‍റെ കല്‍പ്പന പ്രകാരം ആദ്യം അമാനുഷികതകള്‍ കാട്ടുന്നതാണ്. എന്നിട്ടും അംഗീകരിക്കാതെ പുതിയ അമാനുഷികതയെ ചോദിക്കുമ്പോള്‍ അമാനുഷികത കാട്ടിക്കൊടുക്കുന്നത് പ്രവാചകന്‍റെ മഹത്വത്തിനും അല്ലാഹുവിന്‍റെ ശൈലിയ്ക്കും എതിരാണ്.
ഒരു സമുദായം ഏതെങ്കിലും പ്രത്യേക അമാനുഷികതകളെ ആവശ്യപ്പെടുകയും അല്ലാഹു അത് അവര്‍ക്ക് കാണിച്ച് കൊടുക്കുകയും എന്നിട്ടും അവര്‍ വിശ്വസിക്കാതിരിക്കുകയും ചെയ്താല്‍ അവരെ പൊതുവായ ശിക്ഷയിലൂടെ നശിപ്പിക്കുമെന്നതാണ് അല്ലാഹുവിന്‍റെ നടപടി ക്രമം. എന്നാല്‍ മുഹമ്മദീ സമുദായം ഖിയാമത്ത് നാള്‍ വരെയും നിലനില്‍ക്കണമെന്നും പൊതുവായ ശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും അല്ലാഹു തീരുമാനിച്ചതിനാല്‍ അവര്‍ ആവശ്യപ്പെട്ട അമാനുഷികത അല്ലാഹു നല്‍കുകയുണ്ടായില്ല.
*********
മആരിഫുല്‍ ഹദീസ്
ആഹാരം കഴിപ്പിച്ചവര്‍ക്കും ദുആ ഇരക്കുക
മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
158. ജാബിര്‍ (റ) വിവരിക്കുന്നു: അബുല്‍ ഹൈത്തം (റ) ആഹാരം തയ്യാറാക്കുകയും റസൂലുല്ലാഹി (സ)യെയും സഹാബികളെയും ക്ഷണിക്കുകയും ചെയ്തു. അവര്‍ ആഹാരം കഴിച്ച് കഴിഞ്ഞപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: നിങ്ങളുടെ കൂട്ടുകാരന് പകരം വല്ലതും നല്‍കുക. അവര്‍ ചോദിച്ചു: ഞങ്ങള്‍ എന്ത് പകരം കൊടുക്കാനാണ്? റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ ഏതെങ്കിലും സഹോദരന്‍റെ വീട്ടില്‍ പോവുകയും അവിടെവെച്ച് ആഹാരം കഴിക്കുകയും ചെയ്താല്‍ അദ്ദേഹത്തിന് നന്മയ്ക്കും ഐശ്വര്യത്തിനും ദുആ ഇരക്കേണ്ടതാണ്. ഇതുതന്നെയാണ് അദ്ദേഹത്തിന് കൊടുക്കന്ന പകരം. (അബൂദാവൂദ്)
159. അനസ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) സഅദ് (റ)ന്‍റെ അരികില്‍ പോയി. അദ്ദേഹം റൊട്ടിയും ഒലിവെണ്ണയും സമര്‍പ്പിച്ചു. റസൂലുല്ലാഹി (സ) അത് ഭക്ഷിച്ച ശേഷം ഇപ്രകാരം പറഞ്ഞു:..........................( നിങ്ങളുടെ അരികില്‍ നോമ്പുകാര്‍ നോമ്പ് തുറക്കട്ടെ. നിങ്ങളുടെ ആഹാരം പുണ്യവാളന്മാര്‍ കഴിക്കട്ടെ. അല്ലാഹുവിന്‍റെ മലക്കുകള്‍ നിങ്ങള്‍ക്കുവേണ്ടി ദുആ ഇരക്കട്ടെ.) (അബൂദാവൂദ്)
160. അബ്ദുല്ലാഹിബ്നു ബുസ്ര്‍ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) എന്‍റെ പിതാവിന്‍റെ അതിഥിയായി വന്നു. എന്‍റെ പിതാവ് റസൂലുല്ലാഹി (സ)യുടെ സമക്ഷത്തില്‍ ആഹാരവും പായസവും സമര്‍പ്പിച്ചു. റസൂലുല്ലാഹി (സ) അത് ഭക്ഷിച്ചു. ആഹാരം കഴിച്ചതിന് ശേഷം ഈത്തപ്പഴം കൊണ്ടുവരപ്പെട്ടു. റസൂലുല്ലാഹി (സ) അത് കഴിക്കുകയും ചൂണ്ടുവിരലും മധ്യവിരലും കൊണ്ട് അതിന്‍റെ കുരു എടുത്ത് മാറ്റിവെക്കുകയും ചെയ്തു. ശേഷം പാനീയം നല്‍കപ്പെട്ടപ്പോള്‍ അത് പാനം ചെയ്തു. തുടര്‍ന്ന് റസൂലുല്ലാഹി (സ) യാത്രയായപ്പോള്‍ പിതാവ് റസൂലുല്ലാഹി (സ)യുടെ വാഹനത്തിന്‍റെ കടിഞ്ഞാണ്‍ പിടിച്ചുകൊണ്ട് ഞങ്ങള്‍ക്കുവേണ്ടി ദുആ ചെയ്യുകയെന്ന് അപേക്ഷിച്ചു. ഉടനെ റസൂലുല്ലാഹി (സ) ഇപ്രകാരം ദുആ ചെയ്തു: അല്ലാഹുവേ, നീ ഇവര്‍ക്ക് നല്‍കിയിട്ടുള്ള ആഹാര വസ്തുക്കളില്‍ ഐശ്വര്യം ചൊരിയുകയും ഇവര്‍ക്ക് മാപ്പും കാരുണ്യവും കനിഞ്ഞരുളുകും ചെയ്യണേ. (മുസ്ലിം)
വിവരണം: ആഹാരപാനീയങ്ങള്‍ക്ക് ശേഷം അല്ലാഹുവിനെ സ്തുതിക്കുന്നതുപോലെ അതിന് കാരണക്കാരായ ആളുകള്‍ക്കും ദുആ ഇരക്കണമെന്ന് ഈ ഹദീസുകളില്‍ നിന്നും മനസ്സിലാകുന്നു. ഇവിടെ റസൂലുല്ലാഹി (സ) രണ്ട് സഹാബികള്‍ക്ക് രണ്ട് രീതിയില്‍ ദുആ ചെയ്തത് ശ്രദ്ധേയമാണ്. അത് ഇരുവരുടെയും സ്ഥാനങ്ങള്‍ നോക്കിക്കണ്ട് കൂടിയാണ്. സഅദ് (റ) ആദ്യകാല സഹാബിയും ഒന്നാം നിരയില്‍ നിലയുറപ്പിച്ച വ്യക്തിയുമാണ്. അതുകൊണ്ട് റസൂലുല്ലാഹി (സ) അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് കൂടുതല്‍ അതിഥികള്‍ വരുന്നതിനും അനുഗ്രഹമുണ്ടാകുന്നതിനും ദുആ ചെയ്തു. ബുസ്ര്‍ (റ) പുതിയ സഹാബിയായിരുന്നു. അദ്ദേഹത്തിന് യോജിച്ച കാര്യം അനുഗ്രഹ ഐശ്വര്യങ്ങളും പാപമോചനവും കാരുണ്യവുമായിരുന്നു. റസൂലുല്ലാഹി (സ) അദ്ദേഹത്തിന് ആ ദുആയും ചെയ്തു.
പുതു വസ്ത്രം ധരിക്കുമ്പോള്‍
വസ്ത്രവും അല്ലാഹുവിന്‍റെ വലിയൊരു അനുഗ്രഹമാണ്. ആഹാരപാനീയങ്ങള്‍ പോലെ വസ്ത്രവും മനുഷ്യന്‍റെ അടിസ്ഥാന ആവശ്യമാണ്. അതുകൊണ്ട് റസൂലുല്ലാഹി (സ) ഉപദേശിച്ചു: ആര്‍ക്കെങ്കിലും അല്ലാഹു പുതിയൊരു വസ്ത്രം നല്‍കുകയും അവന്‍ അത് ധരിക്കുകയും ചെയ്യുമ്പോള്‍ അല്ലാഹുവിന്‍റെ ഉപകാരത്തെ മനസ്സുകൊണ്ട് ധ്യാനിക്കുകയും അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തുകയും കൂട്ടത്തില്‍ പഴയ വസ്ത്രം ആവശ്യക്കാര്‍ക്ക് നല്‍കുകയും ചെയ്യേണ്ടതാണ്. ഇപ്രകാരം ആരെങ്കിലും ചെയ്താല്‍ അല്ലാഹു ജീവിതത്തിലും മരണാനന്തരവും സുരക്ഷിതത്വവും അനുഗ്രഹങ്ങളും നല്‍കുന്നതാണ്.
161. ഉമര്‍ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും പുതുവസ്ത്രം ധരിക്കുമ്പോള്‍ ഇപ്രകാരം പറയുകയും ശേഷം പഴയ വസ്ത്രത്തെ ദാനമായി കൊടുക്കുകയും ചെയ്താല്‍ അവന്‍ ജീവിത കാലത്തും മരണാനന്തരവും അല്ലാഹുവിന്‍റെ സംരക്ഷണയിലും മേല്‍ നോട്ടത്തിലും ആകുന്നതാണ്. ....................(സര്‍വ്വസ്തുതിയും. എന്‍റെ ന്യൂനത മറയ്ക്കുകയും ജീവിതത്തില്‍ അലങ്കാരമായി മാറുകയും ചെയ്യുന്ന വസ്ത്രം എന്നെ ധരിപ്പിച്ച അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും.) (അഹ്മദ്, തിര്‍മിദി, ഇബ്നുമാജ)
കണ്ണാടി നോക്കുമ്പോള്‍
162. അനസ് (റ) നിവേദനം. റസൂലുല്ലാഹി (സ) കണ്ണാടിയില്‍ നോക്കുമ്പോള്‍ ഇപ്രകാരം പറയുമായിരുന്നു: .............. (അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും. അല്ലാഹു എന്‍റെ ശരീരത്തെ സന്തുലിതമാക്കി. എനിയ്ക്ക് ഉത്തമ രൂപം നല്‍കി. നിരവധി ദാസന്മാര്‍ക്ക് ലഭിക്കാത്ത സൗന്ദര്യം എനിയ്ക്ക് കനിഞ്ഞരുളി) (ബസ്സാര്‍)
വിവരണം: ഇതര ധാരാളം ദുആകളെപ്പോലെ ഈ ദുആഇന്‍റെയും ആത്മാവ് ദാസന്‍ അവനില്‍ കാണപ്പെടന്ന എല്ലാവിധ സൗന്ദര്യ മേന്മകളെയും അല്ലാഹുവിന്‍റെ ദാനമായി കണ്ട് അല്ലാഹുവിന് നന്ദി രേഖപ്പെടുത്തണമെന്നതാണ്. ഇതിലൂടെ അല്ലാഹുവിനോടുള്ള സ്നേഹത്തിന്‍റെയും അടിമത്വത്തിന്‍റെയും അവസ്ഥകള്‍ക്ക് വര്‍ദ്ധനവുണ്ടാകുന്നതും അഹങ്കാരം പോലുള്ള നാശകരമായ രോഗങ്ങളില്‍ നിന്നും രക്ഷ ലഭിക്കുന്നതുമാണ്.
വിവാഹവുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനകള്‍
വൈവാഹിക ജീവിതം മനുഷ്യ ജീവിതത്തിന്‍റെ അഭിവാജ്യ ഘടകങ്ങളില്‍ ഒന്നാണ്. ബാഹ്യമായി അതിന്‍റെ ബന്ധം മനുഷ്യന്‍റെ വെറും മാനസിക താല്‍പ്പര്യവുമായിട്ടാണ്. അതുകൊണ്ട് തന്നെ അതിന്‍റെ സന്ദര്‍ഭത്തില്‍ പടച്ചവനെ മറക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ സന്ദര്‍ഭത്തിലും നിങ്ങളുടെ നോട്ടം പടച്ചവനിലേക്ക് തിരിഞ്ഞിരിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ നന്മകളും പടച്ചവന്‍റെ തീരുമാന പ്രകാരമാണെന്ന് ഉറച്ച് വിശ്വസിച്ചുകൊണ്ട് ദുആകള്‍ നടത്തണമെന്നും റസൂലുല്ലാഹി (സ) സമുദായത്തെ ഉണര്‍ത്തി. അങ്ങനെ റസൂലൂല്ലാഹി (സ) ജീവിതത്തിന്‍റെ ഈ മേഖലയ്ക്കും പടച്ചവനോടുള്ള ഭയത്തിന്‍റെയും ഭക്തിയുടെയും നിറവും മണവും നല്‍കുകയുണ്ടായി.
163. അബ്ദുല്ലാഹിബ്നു അംറ് (റ) നിവേദനം. റസൂലൂല്ലാഹി (സ) അരുളി: നിങ്ങള്‍ ആരെങ്കിലും ഒരു സ്ത്രീയെ വിവാഹം കഴിക്കുകയോ, ഒരു സേവകനെ വാങ്ങുകയോ ചെയ്താല്‍ ഇപ്രകാരം ദുആ ചെയ്യുക:............................... (അല്ലാഹുവേ, ഇവരുടെ പ്രകൃതിയിലുള്ള നന്മകള്‍ ഞാന്‍ നിന്നോട് ചോദിക്കുന്നു. ഇവരുടെ പ്രകൃതിയിലുള്ള തിന്മയില്‍ നിന്നും അഭയം തേടുകയും ചെയ്യുന്നു.) (അബൂദാവൂദ്, ഇബ്നുമാജ)
164. അബൂഹുറയ്റ (റ) നിവേദനം. റസൂലൂല്ലാഹി (സ) അരുളി: ആരെങ്കിലും വിവാഹം കഴിച്ചാല്‍ അദ്ദേഹത്തിന് ഐശ്വര്യം നേര്‍ന്നുകൊണ്ട് ഇപ്രകാരം പ്രാര്‍ത്ഥിക്കേണ്ടതാണ്: ............................(ഇഹത്തിലെയും പരത്തിലെയും സര്‍വ്വവിധ കാര്യങ്ങളിലും അല്ലാഹു നിങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ ഐശ്വര്യവും യോജിപ്പും സഹകരണവും നല്‍കുകയും പിശാചിന്‍റെ യാതൊരുവിധ നാശങ്ങളും പ്രതിഫലിപ്പിക്കാതിരിക്കുകയും ചെയ്യട്ടെ.) (അഹ്മദ്, തിര്‍മിദി, അബൂദാവൂദ്, ഇബ്നുമാജ)
165. ഇബ്നു അബ്ബാസ് (റ) നിവേദനം. റസൂലൂല്ലാഹി (സ) അരുളി: നിങ്ങളില്‍ ആരെങ്കിലും ഇണയെ സമീപിക്കുന്ന സമയം ഇപ്രകാരം ദുആ ചെയ്താല്‍ ......................................(അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ ഇവിടെ പ്രവേശിക്കുന്നു. അല്ലാഹുവേ, പിശാചിന്‍റെ ഉപദ്രവത്തില്‍ ഞങ്ങളെ രക്ഷിക്കണേ. ഞങ്ങള്‍ക്ക് നല്‍കുന്ന സന്താനങ്ങളെയും രക്ഷിക്കണേ.) ഇപ്രകാരം പ്രാര്‍ത്ഥിച്ച ശേഷം സംസര്‍ഗ്ഗം നടത്തുകയും അതിലൂടെ സന്താനം വിധിക്കപ്പെടുകയും ചെയ്താല്‍ പിശാച് ഒരിക്കലും ആ കുഞ്ഞിനെ ഉപദ്രവിക്കുന്നതല്ല. സദാസമയവും പിശാചില്‍ നിന്നും സുരക്ഷിതത്വം നല്‍കപ്പെടുന്നതാണ്. (ബുഖാരി, മുസ്ലിം)
വിവരണം: ശൈഖ് അബ്ദുല്‍ ഹഖ് മുഹദ്ദിസ് ദഹ്ലവി (റ) ഈ ഹദീസിനെ വിവരിച്ചുകൊണ്ട് കുറിക്കുന്നു: സംസര്‍ഗ്ഗത്തിന് മുമ്പ് ആരെങ്കിലും ഇപ്രകാരം ദുആ ചെയ്യാതിരിക്കുകയും പടച്ചവനെ പരിപൂര്‍ണ്ണമായി മറന്നുകൊണ്ട് മൃഗങ്ങളെപ്പോലെ സ്വന്തം മനസ്സിന്‍റെ താല്‍പ്പര്യം പൂര്‍ത്തീകരിക്കുകയും ചെയ്താല്‍ അതിലൂടെയുണ്ടാകുന്ന സന്താനങ്ങള്‍ പിശാചിന്‍റെ ഉപദ്രവങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതല്ല! തുടര്‍ന്ന് കുറിക്കുന്നു: ഈ കാലഘട്ടത്തില്‍ ജനിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ അവസ്ഥകളും സ്വഭാവ രീതികളും പൊതുവായ നിലയില്‍ നാശമാകുന്നതിന്‍റെ പ്രധാനപ്പെട്ട കാരണം ഇത് തന്നെയാണ്. (അശിഅത്തുലംആത്ത്) റസൂലൂല്ലാഹി (സ)യുടെ ഈ സുപ്രധാന ഉപദേശത്തെ വിലമതിക്കാനും പ്രയോജനപ്പെടുത്താനും അല്ലാഹു നമുക്ക് പരിപൂര്‍ണ്ണമായി ഉതവി നല്‍കട്ടെ.
*******************************************
സനദ് ദാന മഹാസമ്മേളനം
ജാമിഅ ഫൗസിയ ഈരാറ്റുപേട്ടയിൽ
2025 ജനുവരി 23, 24, 25 തീയതികളിൽ
* ശൈഖുനാ മൗലാനാ മുഹമ്മദ് ഈസാ മമ്പഇ അനുസ്മരണം * 70 ഹാഫിളുകളുടെ ഖത്മുൽ ഖുർആൻ * മാനവസൗഹാർദ്ദ സംഗമം. * വനിതാ സമ്മേളനം. * സനദ് ദാന സമ്മേളനം. * സാമൂഹിക സംസ്‌കരണ സംഗമം.
ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ അമരക്കാരനും ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലാ ബോർഡ് സെക്രട്ടറിയുമായ മൗലാനാ സയ്യിദ് ബിലാൽ ഹസനിയും തഫ്ഹീമെ ശരീഅത്ത്, പയാമെ ഇൻസാനിയത്ത് അഖിലേന്ത്യാ കൺവീനർ മൗലാനാ ജുനൈദ് ഫാറൂഖി നദ്‌വിയും ഇതര മത, രാഷ്ട്രീയ, സാമൂഹിക വ്യക്തിത്വങ്ങളും പങ്കെടുക്കുന്നു.
*************************************
വഖ്ഫും മാനവികതയും
തഫ്ഹീമെ ശരീഅത്ത് സംഗമം
2025 ജനുവരി 26 രാവിലെ ഒമ്പത് മണിക്ക്
തൊടുപുഴ ജാമിഅ ഇബ്‌നു മസ്ഊദിൽ
ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ അമരക്കാരനും ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലാ ബോർഡ് സെക്രട്ടറിയുമായ മൗലാനാ സയ്യിദ് ബിലാൽ ഹസനിയും തഫ്ഹീമെ ശരീഅത്ത്, പയാമെ ഇൻസാനിയത്ത് അഖിലേന്ത്യാ കൺവീനർ മൗലാനാ ജുനൈദ് ഫാറൂഖി നദ്‌വിയും ഇതര പണ്ഡിത വ്യക്തിത്വങ്ങളും പങ്കെടുക്കുന്നു. ഈ മഹനീയ സദസ്സിൽ ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിന്റെ പുതിയ അംഗങ്ങളായ മൗലാനാ മുഹമ്മ് ഇസ്ഹാഖ് ഖാസിമി, ഉസ്താദ് സൈദ് മുഹമ്മദ് ഖാസിമി, ഹാഫിസ് മുസ്സമ്മിൽ കൗസരി മുതലായവർക്ക് സ്വീകരണവും നൽകപ്പെടുന്നു.
രചനാ പരിചയം
പുതിയ പ്രസിദ്ധീരണം!
ലേഖനങ്ങള്‍ (വഖ്ഫ്)
ഫോണ്‍: 7736723639
പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...
*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...
*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.
9961717102, 9387290079
*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ
+91 96339 15717
ക്ലാസുകൾ നയിക്കുന്നത്:
ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി
ഞങ്ങളുടെ കേന്ദ്ര സ്ഥാപനം
പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...
*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...
*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.
9961717102, 9387290079
*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ
+91 96339 15717
ക്ലാസുകൾ നയിക്കുന്നത്:
ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി
ഞങ്ങളുടെ കേന്ദ്ര സ്ഥാപനം