▪️മുഖലിഖിതം
ബാംഗ്ലൂര്‍ പ്രഖ്യാപനം

▪️ജുമുഅ സന്ദേശം 
വഖ്ഫ് ഭേദഗതി ബില്ല്; ശരീഅത്ത് എന്ത് പറയുന്നു?
✍️ മൗലാനാ അനീസുർറഹ്മാൻ ഖാസിമി

▪️മആരിഫുല്‍ ഖുര്‍ആന്‍ 

സൂറത്തുൽ ഹദീദ്-1
ഏതാനും ഇലാഹീ ഗുണവിശേഷണങ്ങൾ
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


▪️മആരിഫുല്‍ ഹദീസ്
തൗബയുടെ സ്വീകാര്യത ഏതുവരെ 
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി


******


 മുഖലിഖിതം 

    പടച്ചവൻ്റെ അപാരമായ അനുഗ്രഹത്താൽ ഒരു റമളാൻ കൂടി ലഭിച്ചു. എന്നാൽ ഫലസ്ത്വീനിലും മറ്റും രക്തവും കണ്ണുനീരും കൂടി കലർന്ന റമളാൻ ആയിരുന്നു. പ്രിയപ്പെട്ട മാതൃ രാജ്യമായ ഇന്ത്യയിലും അവസ്ഥ വളരെ വേദനാജനകമാണ്. നിർദ്ദിഷ്ട വഖ്ഫ് ഭേദഗതി ബില്ലിലൂടെ മുസ്‌ലിം സമുദായത്തിന്റെ അസ്ഥിത്വവും വ്യക്തിത്വവും തകർക്കാൻ ഗൂഢ ശ്രമങ്ങൾ നടക്കുന്നു. ഇത്തരുണത്തിൽ നന്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനോടൊപ്പം കഴിവിൻ്റെ പരമാവധി പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്. വിശിഷ്യാ റമളാനിൻ്റെ അവസാന സന്ദർഭങ്ങളിലും പെരുന്നാൾ സന്ദേശത്തിലും വഖ്ഫിൻ്റെ കാര്യങ്ങളും കൂടാതെ ഇവിടെ കൊടുക്കുന്ന ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് ബാംഗ്ലൂർ പ്രഖ്യാപനവും കഴിയുന്നത്ര പ്രചരിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ബാംഗ്ലൂര്‍ പ്രഖ്യാപനം


    ബാംഗ്ലൂരില്‍ കൂടിയ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ 29-ാം അഖിലേന്ത്യാ സമ്മേളനത്തിന്‍റെ സമാപനത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജന:സെക്രട്ടറി മൗലാനാ ഫസ്ലുര്‍റഹീം മുജദ്ദിദി അവതരിപ്പിക്കുകയും രാജ്യത്തിന്‍റെ നാനാഭാഗത്ത് നിന്നും വന്ന പണ്ഡിതരും നേതാക്കളും അടങ്ങുന്ന പ്രതിനിധികള്‍ അംഗീകരിക്കുകയും ചെയ്ത സുപ്രധാന സന്ദേശങ്ങള്‍. വളരെ കാലിക പ്രസക്തമായ ഇതിലെ ഓരോ ഉപദേശങ്ങളും എല്ലാവരും പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.  

1. സത്യസരണയില്‍ അടിയുറച്ച് നില്‍ക്കുക. ബഹുമാനപ്പെട്ട സഹോദരങ്ങളെ, രാജ്യത്തിന്‍റെ നിലവിലുള്ള സാഹചര്യത്തില്‍ ഏറ്റവും ആവശ്യമുള്ള കാര്യം നാം മുസ്ലിംകള്‍ ദീനില്‍ അടിയുറച്ച് നില്‍കണമെന്ന ചിന്താഗതി ഉണ്ടാക്കിയെടുക്കലാണ്. ആകയാല്‍ എന്തല്ലാം പരീക്ഷണങ്ങളെ നേരിടേണ്ടി വന്നാലും സാമ്പത്തിക ഞെരുക്കം സംഭവിച്ചാലും ജീവന്‍ അപകടത്തിലായാലും നിരപരാധികളായ യുവാക്കളെ ജയിലില്‍ അടയ്ക്കപ്പെട്ടാലും എന്തുവില കൊടുത്തും നമ്മുടെയും സന്താന പരമ്പരകളുടെയും ഈമാന്‍ സംരക്ഷിക്കുമെന്ന് ഉറച്ച തീരുമാനം എടുക്കുക. ഇന്ന് വര്‍ഗീയവാദികള്‍ പല വഴികളിലൂടെ മുസ്ലിംകളെ ദീനില്‍ നിന്നും തെറ്റിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഭരണഘടനാപരമായി രാജ്യം സെക്കുലര്‍ ആയിരുന്നിട്ടും പാഠ്യ പദ്ധതിയില്‍ ബഹുദൈവാരാധനയുടെ സങ്കല്പങ്ങള്‍ തിരികി  കയറ്റുന്നു.  സാംസ്കാരിക പരിപാടികള്‍ എന്ന പേരില്‍ ദേവി ദേവന്മാരുടെ  ആരാധനകളെ പ്രേരിപ്പിക്കുന്നു മുസലിം സമുദായവുമായി ബന്ധപ്പെട്ട രാജ്യത്തിന്‍റെ സമുന്നതവും പ്രൗഢോജ്ജ്വലവുമായ  ചരിത്രത്തെ പാഠ്യ പദ്ധതിയില്‍ നിന്നും പുറത്താക്കുന്നു മുസ്ലിം ബന്ധം പ്രകടമാകുന്ന പട്ടണങ്ങളുടെയും വഴികളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ മാറ്റുന്നു. ഒരു ഭാഗത്ത് മുസ്ലിം യുവാക്കള്‍ അമുസ്ലിം യുവതികളെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് ലൗ ജിഹാദ് എന്ന പേരില്‍ പ്രചരിപ്പിക്കുമ്പോള്‍ മറുഭാഗത്ത് മുസ്ലിം  പെണ്‍കുട്ടികളുമായി അമുസ്ലിം യുവാക്കള്‍ ബന്ധപ്പെടുന്നതിന് പരസ്യമായി പ്രോത്സാഹിപ്പിക്കുന്നു. മുസ്ലിംകളെ നുഴഞ്ഞു കയറ്റക്കാര്‍ എന്ന് വിശേഷിപ്പിച്ച് അമുസ്ലിം സഹോദരങ്ങളുടെ ദൃഷ്ടിയില്‍ നിന്ദിക്കുകയും നിസ്സാരപ്പെടുത്തുകയും ചെയ്യുന്നു. ഇതിന്‍റെയെല്ലാം ലക്ഷ്യം മുസ്ലിംകളെ ദീനിന്‍റെയും ശരീരത്തിന്‍റെയും സംസ്കാരത്തിന്‍റെയും ചരിത്രത്തിന്‍റെയും വിഷയത്തില്‍ മുസ്ലിംകളെ അപകര്‍ഷതാബോധത്തില്‍ കുടുക്കലാണ്. ഏതെങ്കിലും സമുദായത്തെ അപകര്‍ഷതാബോധത്തില്‍ അകപ്പെടുത്തിയാല്‍ അവരെ യഥാര്‍ത്ഥ വിശ്വാസ ആദര്‍ശങ്ങളില്‍ നിന്നും തെറ്റിക്കലും മറ്റുള്ളവരുടെ ചിന്താഗതികളില്‍ അകപ്പെടുത്തലും അവയുടെ അടിമകള്‍ ആക്കലും എളുപ്പമാകുന്നതാണ്. ആകയാല്‍ ഓരോ മുസ്ലിംമും ഇസ്തിഖാമത്തിന്‍റെ(അടിയുറപ്പിന്‍റെ)മഹല്‍ ഗുണം ഉണ്ടാക്കിയെടുക്കുക മഹാന്മാരായ നബിമാര്‍ വിശിഷ്യാ അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ)യും സഹാബ മഹത്തുക്കളും കൈകൊണ്ട അചഞ്ചലതയെ ഓര്‍മ്മവെക്കുക സന്താന പരമ്പരകള്‍ക്ക് ഈ പാഠം പകര്‍ന്നു കൊടുക്കുക ഇതുകൂടാതെ ഈ രാജ്യത്ത് നടക്കുന്ന മത സാംസ്കാരിക വ്യതിയാനത്തില്‍ നിന്നും നമ്മെ രക്ഷിക്കുക സാധ്യമല്ലെന്ന് ഓര്‍ക്കുക.
2. ഓരോ മുസ്ലിം പ്രദേശങ്ങളിലും അടിസ്ഥാനപരമായ ദീനീ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കേണ്ടത് ഇന്നത്തെ ഒരു പ്രധാനപ്പെട്ട മതപരമായ കര്‍ത്തവ്യമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സൗകര്യങ്ങള്‍ ചെയ്യേണ്ടതാണ്. ചെറിയ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ വിജ്ഞാനം പകര്‍ന്നു കൊടുക്കേണ്ടതാണ്. അടിസ്ഥാനപരമായ ദീനി വിജ്ഞാനം ഉള്ളതിനോടുകൂടി ഭൗതികമായ മറ്റ് വിദ്യാഭ്യാസങ്ങളിലെല്ലാം മുന്നേറാനും പരിശ്രമിക്കുക. ഐഎഎസ്, ഐപിഎസ്, ഡോക്ടര്‍, എന്‍ജിനീയര്‍, ഉന്നത അധ്യാപകര്‍ എന്നിങ്ങനെ സര്‍വ്വ മേഖലകളിലും മുന്നേറാന്‍ യത്നിക്കുക. അതോടൊപ്പം ഒരു ഉറച്ച വിശ്വാസിയാകാനും ശ്രദ്ധിക്കുക. ബാല വിദ്യാഭ്യാസ പദ്ധതിയില്‍ പരിശുദ്ധ ഖുര്‍ആന്‍ പാരായണം, അത്യാവശ്യ മസ്അലകള്‍, ദിക്ര്‍-ദുആകള്‍ എന്നിവയോടൊപ്പം തൗഹീദ്, രിസാലത്ത്, അന്ത്യപ്രവാചകത്വം സഹാബത്തിന്‍റെ മഹത്വം, അഹല് ബൈത്തിനോടുള്ള  സ്നേഹം, ഖുര്‍ആനിന്‍റെ സത്യത, ഹദീസിന്‍റെ പ്രാധാന്യം, ശിര്‍ക്കിന്‍റെയും നിരീശ്വരവാദത്തിന്‍റെയും ഇതര നിഷേധങ്ങളുടെയും ഖണ്ഡനം, ശരീഅത്ത് നിയമങ്ങളുടെ തത്വങ്ങള്‍ എന്നിവയും മനസ്സിലാക്കി കൊടുക്കുക. കുട്ടികളുടെ മനസ്സ് ഒന്നുമില്ലാത്ത ഫലകവും കടലാസും പോലെയാണ് അതില്‍ എഴുതപ്പെടുന്ന കാര്യങ്ങളെല്ലാം ജീവിതത്തിന്‍റെ അന്ത്യശ്വാസം വരെ  മനസ്സില്‍ പതിഞ്ഞ് കിടക്കുന്നതാണ്. ഇത് നാം ദീനിന് വേണ്ടി ചെയ്യുന്ന സേവനം മാത്രമല്ല അടുത്ത തലമുറയോട് നമുക്കുള്ള കര്‍ത്തവ്യം കൂടെയാണ്. അല്ലാഹു കാക്കട്ടെ, ഇത് ചെയ്തില്ലെങ്കില്‍ നാം അല്ലാഹുവിന്‍റെ അരികില്‍ പാപികളായി വിളിക്കപ്പെടുകയും മറുപടി പറയേണ്ടി വരികയും ചെയ്യുന്നതാണ്.
3. മുസ്ലിം യുവതി യുവാക്കള്‍ക്കും അമുസ്ലിം യുവതി യുവാക്കള്‍ക്കും ഇടയിലുള്ള വിവാഹ-ബന്ധങ്ങളുടെ സംഭവങ്ങള്‍ മുസ്ലിംകളുടെ മനക്കരുത്ത് ചോര്‍ന്നു പോകാനും വര്‍ഗീയവാദികളുടെ മനക്കരുത്ത് ഉയരാനും വേണ്ടി മീഡിയകള്‍' പര്‍വ്വതീകരിച്ച് പറയുന്ന കാര്യങ്ങള്‍ ആണെങ്കിലും ഇത്തരം സംഭവങ്ങള്‍ അങ്ങേയറ്റം വേദനാജനകമാണ്. ഇവ ഒഴിവാക്കാന്‍ ഒരു ഭാഗത്ത് വിവാഹങ്ങളെ ലളിതമാക്കുകയും ധൂര്‍ത്തുകളെ വര്‍ജിക്കുകയും ചെയ്യേണ്ടതാണ്. മറുഭാഗത്ത് യുവതി യുവാക്കള്‍ക്ക് മാനസിക പരിചരണവും അത്യാവശ്യമാണ് അതെ അവരുടെ മനസ്സിലും മസ്തിഷ്കത്തിലും ഒരു കാര്യം ഉറപ്പിക്കുക: സമ്പത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും കാര്യത്തെക്കാളും പ്രധാനപ്പെട്ടതാണ് മതത്തിന്‍റെ കാര്യം. നിഷേധികളുമായിട്ടുള്ള വിവാഹബന്ധം പരലോകത്തില്‍ മഹാനാശ നഷ്ടങ്ങള്‍ക്ക് കാരണമാണ്. ഇഹലോകത്തും ഇത്തരം ആളുകള്‍ അവസാനം ഒറ്റപ്പെട്ടു പോകുന്നതാണ് സമൂഹം അവരെ സ്വീകരിക്കുന്നല്ല. അവരുടെ അടുത്ത തലമുറകള്‍ക്കും ഇതേ നാശങ്ങള്‍ ബാധിക്കുന്നതാണ് ഇത്തരം ബന്ധങ്ങളില്‍ അധികത്തിന്‍റെയും അന്ത്യവും അതി ദയനീയമായിരിക്കുന്നതാണ്. ആകയാല്‍ തെറ്റായ ബന്ധങ്ങളില്‍ നിന്നും നിന്നും അകന്നു കഴിയുക. ദീനിന്‍റെ പ്രാധാന്യം സമ്പത്തിനേക്കാളും വിദ്യാഭ്യാസത്തെകാളും പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഏതെങ്കിലും പെണ്‍കുട്ടി ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുകയും അതെ നിലവാരത്തിലുള്ള ബന്ധം ലഭിക്കാതിരിക്കുകയും ചെയ്താല്‍ താഴ്ന്ന നിലവാരത്തിലുള്ള മുസ്ലിം യുവാക്കളെ വിവാഹം കഴിക്കാന്‍ സന്നദ്ധമാകേണ്ടതാണ്.

4. കോടതികളില്‍ നിന്നും ശരീഅത്ത് നിയമങ്ങള്‍ക്ക് തെറ്റായ വ്യാഖ്യാനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു ഇതിന്‍റെ പ്രധാന കാരണം മുസ്ലിംകള്‍ തന്നെയാണ്. കാരണം കുടുംബവഴക്കളുമായി നാം കോടതികളെ സമീപിക്കുന്നു. ശരീഅത്ത് നിയമങ്ങളില്‍ ഉറച്ച വിശ്വാസമില്ലാത്തവരും അവയുടെ തത്വങ്ങള്‍ ആഴത്തില്‍  മനസ്സിലാക്കാത്തവരുമായ ജഡ്ജിമാര്‍ അവരുടെ വീക്ഷണത്തിന്‍റെ അടിസ്ഥാനത്തില്‍ ഓരോ വിധികള്‍ നടത്തുന്നു. ഇതിന്‍റെ പരിഹാരം നാം മുസ്ലിംകള്‍ കുടുംബ പ്രശ്നങ്ങള്‍ക്ക് ശരീഅത്ത് നിയമങ്ങളെക്കുറിച്ച് ശരിയായ പാണ്ഡിത്യം ഉള്ള പണ്ഡിതരെ സമീപിക്കലാണ്. അതിനുവേണ്ടി ദാറുല്‍ ഖളാഅ്, മഹ്കമ ശറഇയ്യ പോലുള്ള പേരുകളില്‍ പ്രശ്നപരിഹാര  സമിതികളും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അവയെ പ്രയോജനപ്പെടുത്തുക. ഇതിലൂടെ നല്ല നിലയില്‍ ശരീഅത്ത് നിയമങ്ങളെ സംരക്ഷിക്കാനും കോടതികളുടെയും ഭരണകൂടങ്ങളുടെയും കൈകടത്തലുകളില്‍ നിന്നും സൂക്ഷിക്കാനും സാധിക്കുന്നതാണ്. കൂടാതെ കുറഞ്ഞ ചിലവില്‍ കുറഞ്ഞ കാലം കൊണ്ട് നീതിയും ലഭിക്കുന്നതാണ്. നീതിയുടെ മഹത്തായ ഇത്തരം സ്ഥാപനങ്ങളില്ലാത്ത പ്രദേശങ്ങളില്‍ ഇത് സ്ഥാപിക്കാന്‍ പണ്ഡിതരും നേതാക്കളും ബന്ധപ്പെട്ടവരും മുന്നോട്ട് വരേണ്ടതാണ്. അവര്‍ താല്‍പര്യപ്പെടുന്ന പക്ഷം ആള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ ഈ സാമൂഹിക കര്‍ത്തവ്യം നിര്‍വഹിക്കാന്‍ സഹായിക്കുന്നതാണ്.
5 സ്ത്രീകളും പുരുഷന്മാരും മാനവ സമൂഹത്തിന്‍റെ രണ്ട് ഭാഗങ്ങളാണ്. യോഗ്യതകളെ പരിഗണിച്ച് ചില ഉത്തരവാദിത്തങ്ങളില്‍ വ്യത്യാസം ഉണ്ടെങ്കിലും അടിസ്ഥാനപരമായി ഇരുവരുടെയും അവകാശങ്ങള്‍ ഒന്നുതന്നെയാണ്. അല്ലാഹു അറിയിക്കുന്നു: പുരുഷന്മാര്‍ക്ക് സ്ത്രീകളോട് കടമകള്‍ ഉള്ളതുപോലെ സ്ത്രീകള്‍ക്കും പുരുഷന്മാരോട് കടമകള്‍ ഉണ്ട് (ബഖറ) റസൂലുല്ലാഹി (സ) അരുളി: സ്ത്രീകള്‍ പുരുഷന്മാരുടെ ഒരു ഭാഗമാണ് (അബു ദാവൂദ്) പടച്ചവന്‍റെ അനുഗ്രഹത്താല്‍ ഖുര്‍ആന്‍ ഹദീസുകളുടെ പ്രബോധന അധ്യാപനങ്ങള്‍ കാരണം സമുദായത്തില്‍ സ്ത്രീകളുടെ മേലുള്ള അക്രമ സംഭവങ്ങള്‍ ഇതര സമൂഹങ്ങളെകാള്‍ കുറവാണ്. എങ്കിലും നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ വളരെ നിന്ദ്യവുമാണ്. പ്രത്യേകിച്ചും ആവശ്യമില്ലാതെ ത്വലാഖ് ചൊല്ലുന്നതും സ്ത്രീകള്‍ക്ക് അനന്തരവകാശം നിഷേധിക്കുന്നതും അവരുടെ ഓഹരി കയ്യടക്കുന്നതും സമൂഹത്തില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ശരീഅത്ത് നിയമങ്ങള്‍ നിന്ദിക്കപ്പെടാന്‍ കാരണമാവുകയും ചെയ്യുന്നുണ്ട്. ഈ ഭാഗത്ത് നാം പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ആകയാല്‍ മാനവരാശിയുടെ അര്‍ദ്ധ ഭാഗത്തോട് നീതി കാണിക്കുക. മാത്രമല്ല ഉത്തമ പെരുമാറ്റം പുലര്‍ത്തപ്പെടേണ്ടതുമാണ്.
6. വ്യത്യസ്ത മതവിഭാഗങ്ങള്‍ താമസിക്കുന്നഒരു രാജ്യത്താണ് നാം കഴിയുന്നത്. ഇത്തരം ഇടകലര്‍ന്ന സമൂഹത്തില്‍ പ്രത്യേകിച്ചും നാം മുസ്ലിംകള്‍ വിശാലമായ സല്‍ സ്വഭാവത്തിന്‍റെയും സമീപനം സ്വീകരിക്കേണ്ടതാണ് അതിലുമുപരിയായി പരസ്പര ബന്ധങ്ങള്‍ നന്നാക്കാനും പരിശ്രമിക്കേണ്ടതാണ്. നാം കാരുണ്യത്തിന്‍റെ പ്രവാചകന്‍ സമുദായമാണ് എന്നോര്‍ക്കുക. അതുകൊണ്ട് മുഴുവന്‍ മാലോകരും പ്രവാചകന്‍റെ പ്രബോധിത സമുദായമായതിനാല്‍ എല്ലാവരോടും കരുണയും ഔദാര്യവും മാപ്പും വിട്ടുവീഴ്ചയും സല്‍സ്വഭാവവും മാന്യതയും പുലര്‍ത്തേണ്ടത് നമ്മുടെ കടമയാണ്. ഈ വിഷയങ്ങളില്‍ അവര്‍ വീഴ്ച വരുത്തിയാലും നാം ഇത് പാലിക്കാന്‍ ശ്രദ്ധിക്കുക അതെ തീയെ തീ കൊണ്ട് അണയ്ക്കാന്‍  സാധിക്കുന്നതല്ല. തീ അണയ്ക്കാന്‍ ജലം തന്നെ ആവശ്യമാണ്. ആകയാല്‍ ഇവിടെ കത്തിക്കപ്പെടുന്ന വെറുപ്പിന്‍റെ അഗ്നിയെ സ്നേഹത്തിന്‍റെ തേന്‍മഴ കൊണ്ട് അണക്കാന്‍ നാം പരിശ്രമിക്കുക അവസ്ഥ എത്ര മോശമായാലും നാം പ്രബോധകന്മാരാണ് എന്ന കാര്യം മറക്കാതിരിക്കുക. നിലവിലുള്ള സാഹചര്യത്തില്‍ നമ്മുടെ പ്രശ്നങ്ങള്‍ക്കുള്ള പ്രധാന പരിഹാരവും ഇതുതന്നെയാണ്. അക്രമത്തിന് കാര്‍മേഘം എത്ര വലുതാണെങ്കിലും നീതിയുടെയും സ്നേഹത്തിന്‍റെയും സൂര്യന്‍ അതിനെ കീറി മുറിച്ച് പ്രഭ പരത്തുന്നതാണ്
7. ഇപ്പോള്‍ വഖ്ഫുകളുടെ പ്രശ്നം വളരെ പ്രാധാന്യം കൈവരിച്ചിരിക്കുന്നു. നമ്മുടെ മസ്ജിദുകളും സ്ഥാപനങ്ങളും ഖബ്ര്‍സ്ഥാനുകളും യാത്രക്കാരുടെ വിശ്രമകേന്ദ്രങ്ങളും അനാഥാലയങ്ങളും മറ്റുമായി സ്ഥാപിക്കപ്പെട്ട വഖ്ഫിന്‍റെ സമുന്നത സമ്പത്തിന്‍റെ സംരക്ഷണം അപകടത്തിലായിരിക്കുന്നു. ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ഈ വിഷയത്തില്‍വലിയ പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഭരണകൂടം നമ്മുടെ ശബ്ദം കേള്‍ക്കാത്തത് പോലെ ഭാവിക്കുകയാണെങ്കില്‍ പൊതുജനപ്രക്ഷോഭം നടത്താനും ആവശ്യം വന്നാല്‍ നിയമ പോരാട്ടങ്ങള്‍ക്കും ബോര്‍ഡ് സന്നദ്ധമാണ്. എന്നാല്‍ ഈ കാര്യങ്ങള്‍ക്കെല്ലാം നിങ്ങള്‍ മുഴുവന്‍ ആളുകളുടെയും സഹായ സഹകരണങ്ങള്‍ ആവശ്യമാണ് അതുകൂടാതെ ഈ പ്രശ്നം പരിഹരിക്കുക സാധ്യമല്ല. എന്നാല്‍ പ്രാരംഭ കര്‍ത്തവ്യം എന്ന നിലയില്‍ സ്വത്തുക്കളുടെ രേഖകള്‍ എല്ലാം ശരിയാക്കാന്‍ ശ്രദ്ധിക്കുക. ആവശ്യമുള്ള കടലാസുകള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും കരസ്ഥമാക്കുക. തുറന്നു കിടക്കുന്ന ഭൂമികള്‍ക്ക് ചുറ്റും മതില്‍ കെട്ടുക. നാം തന്നെ വഖ്ഫ് സ്വത്തുക്കള്‍ അന്യായമായി കയ്യേറുന്നത് വലിയ അക്രമവും മഹാപാപവും ആണ്. ഖേദകരം എന്ന് പറയട്ടെ മുസ്ലിംകള്‍ തന്നെ മസ്ജിദുകളുടെ  ഭൂമികളിലും സ്ഥാപനങ്ങളിലും മറ്റും അന്യായമായ കയ്യേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത് കടുത്ത പാപം ആയതിനോടൊപ്പം മുഴുവന്‍ സമൂഹത്തോടും ചെയ്യുന്ന അക്രമവും ആണ് പ്രത്യുത ഇതിലൂടെ വര്‍ഗീയവാദികളുടെ മോശമായ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് ശക്തി ലഭിക്കുന്നതുമാണ്
8. ഇന്ത്യ മഹാരാജ്യത്തിന്‍റെ മുഴുവന്‍ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളുടെയും മത സാമൂഹിക വ്യക്തിത്വങ്ങളുടെയും ഈ മഹാ സമ്മേളനം ഇന്ത്യാ ഗവണ്‍മെന്‍റിനോട് പറയുന്നു: നിങ്ങള്‍ ഏതെങ്കിലും ഒരു സമുദായത്തിന്‍റെയോ മതത്തിന്‍റെയോ മാത്രം പ്രതിനിധികളല്ല. മറിച്ച് രാജ്യത്ത് താമസിക്കുന്ന മുഴുവന്‍ പൗരന്മാരുടെയും പ്രതിനിധികളാണ്. ഏതെങ്കിലും പ്രത്യേക മതത്തിന്‍റെയോ സംസ്കാരത്തിന്‍റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ പദ്ധതിക്കനുസരിച്ച് ഭരണം നടത്താന്‍ നിങ്ങള്‍ക്ക് അവകാശമില്ല. മറിച്ച് ജനാധിപത്യത്തെയും ഭരണഘടനയെയും മാനിച്ചും പാലിച്ചും കൊണ്ട് മാത്രം ഓരോ കാര്യങ്ങളും നിര്‍വഹിക്കേണ്ടതാണ്. രാജ്യത്ത്താമസിക്കുന്ന എല്ലാ ജനങ്ങള്‍ക്കും അവകാശങ്ങള്‍ നല്‍കുന്നതായി നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കേണ്ടതാണ്. പക്ഷേ ഖേദകരമെന്ന് പറയട്ടെ, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരാക്കാനുള്ള പരിശ്രമങ്ങള്‍ നിങ്ങള്‍ നടത്തുന്നു. ഇത് ഭരണഘടനയോടുള്ള അവഹേളനമാണ്. ഇതിലൂടെ രാജ്യത്തിന്‍റെ ശാന്തിയും സമാധാനവും അപകടത്തില്‍ പെടുന്നതാണ് ആകയാല്‍ ക്ഷണികമായ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി രാജ്യത്തിന്‍റെ ശാന്തിയും സമാധാനവും ഐക്യവും അപകടത്തില്‍പ്പെടുത്തരുത്.

9. ഈ രാജ്യത്തുള്ള ദീനി  മദ്രസകള്‍ക്ക് പ്രകാശം നിറഞ്ഞ ഒരു പാരമ്പര്യമാണുള്ളത്. സമാധാനം നിറഞ്ഞതും ഉത്തരവാദിത്വബോധമുള്ളതും രാജ്യസ്നേഹം ഉറച്ചവരുമായ പൗരന്മാരെ തയ്യാറാക്കുന്നതില്‍ മദ്രസകള്‍ക്ക് വലിയ പങ്കാണുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമ്പൂര്‍ണ്ണമായി കച്ചവട വല്‍ക്കരിക്കപ്പെട്ട ഒരു സാഹചര്യത്തില്‍ ഈ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ പുതിയ തലമുറയ്ക്ക് സല്‍സ്വഭാവവും മാനവികതയും പഠിപ്പിക്കുന്നു. രാജ്യത്തിന്‍റെ സംരക്ഷണത്തിനും സ്വാതന്ത്ര്യത്തിനും ഈ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുണ്ട് ഇന്നും രാജ്യ നിര്‍മാണത്തിന്‍റെയും പുരോഗതിയുടെ വിജ്ഞാനപ്രചാരണത്തിന്‍റെയും സാമൂഹിക സംസ്കരണത്തിന്‍റെയും മേഖലകളില്‍ ഇവ വലിയ സേവനങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു മദ്രസകള്‍ക്ക് തടസ്സം ഉണ്ടാക്കുന്ന കാര്യങ്ങളില്‍ നിന്നും ഭരണകൂടവും മറ്റു ഉത്തരവാദിത്വപ്പെട്ടവരും അകന്നു കഴിയണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
10. ഫലസ്തീനിലെ സാധുക്കളായ പൗരന്മാരുടെ മേല്‍ ഇസ്രായേല്‍ നടത്തുന്ന അക്രമങ്ങള്‍ അമേരിക്കയും യൂറോപ്പും അതിനു നല്‍കുന്ന പിന്തുണയും അങ്ങേയറ്റം മനുഷ്യത്വരഹിതവും വേദനാജനകമായ കാര്യങ്ങളാണ്. ഇതിലൂടെ പരസ്യമായ നിലയില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പരിഹസിക്കപ്പെടുകയും അക്രമികള്‍ക്ക് അക്രമങ്ങള്‍ കാട്ടാന്‍  പൂര്‍ണസ്വാതന്ത്ര്യം നല്‍കപ്പെടുകയുമാണ്. ഇന്ത്യന്‍ മുസ്ലിംകളിലെ എല്ലാ പ്രസ്ഥാന സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ സമ്മേളനം അക്രമത്തെ ശക്തമായി അപലപിക്കുകയും ഫലസ്തീന്‍ പോരാളികളുടെത്യാഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഈ യുദ്ധം അടിയന്തരമായി നിര്‍ത്താന്‍ ശ്രമിക്കണമെന്ന് ലോക ശക്തികളോട് ആവശ്യപ്പെടുന്നു. ഇസ്രായേലിന്‍റെ യുദ്ധ കുറ്റങ്ങളില്‍ ഇസ്ലാമിക ലോകം വിശിഷ്യാ അറബ് രാജ്യങ്ങള്‍ പുലര്‍ത്തുന്ന നിശബ്ദത പാപത്തില്‍ പങ്കെടുക്കലായി ഞങ്ങള്‍ കാണുന്നു. മനുഷ്യ അവകാശങ്ങളെ എന്നും സംരക്ഷിക്കുകയും അന്താരാഷ്ട്രനിയമങ്ങള്‍ ലംഘിക്കുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്ന പഴയ പാരമ്പര്യം പിന്തുടരണം എന്ന് ഇന്ത്യന്‍ ഭരണകൂടത്തോട് ഈ സമ്മേളനം ആവശ്യപ്പെടുന്നു. ഈ മെയിലുകളും മറ്റ് മാധ്യമങ്ങളും വഴിയായി അമേരിക്കക്കും യൂറോപ്പ്യന്‍ യൂണിയന്‍റെ രാജ്യങ്ങള്‍ക്കും നമ്മുടെ വികാരം എത്തിച്ചു കൊടുക്കാന്‍ നാം മുന്നോട്ടുവരിക. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ ഒരു ഘട്ടത്തില്‍ ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളെ ബഹിഷ്കരിച്ചത് പോലെ ഇസ്രായേല്‍ ഉല്‍പ്പന്നങ്ങളെ ബഹിഷ്കരിക്കാന്‍ നാം തയ്യാറാകേണ്ടതാണ്. കാരണം അക്രമിയെ ആക്രമത്തില്‍ നിന്നും തടയാന്‍ കഴിവില്ലെങ്കില്‍ കഴിവിന്‍റെ പരമാവധി അവര്‍ക്ക് പ്രയാസം ഉണ്ടാക്കാനെങ്കിലും പരിശ്രമിക്കേണ്ടതാണ്.



**********************



***********************************

 ജുമുഅ സന്ദേശം 


All India Muslim Personal Law Board

 വഖ്ഫ് ഭേദഗതി ബില്ല്; 
ശരീഅത്ത് എന്ത് പറയുന്നു?

മൗലാനാ അനീസുർറഹ്മാൻ ഖാസിമി

(ഉപാദ്ധ്യക്ഷൻ: ആൾ ഇന്ത്യാ മില്ലി കൗൺസിൽ, ചെയർമാൻ: അബുൽ കലാം റിസർച്ച് ഫൗണ്ടേഷൻ, പട്ന)
വിവർത്തനം: ഹാഫിസ് അബ്ദുർറസ്സാഖ് ഹുസ്നി



 ഇസ്‌ലാമിക നിയമം അനുശാസിക്കുന്ന വിശുദ്ധവും മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങൾക്കായി ഒരു വ്യക്തി അല്ലാഹുവിൻ്റെ പേരിൽ സമർപിക്കുന്ന സ്വത്താണ് 'വഖ്ഫ്'. സമർപിക്കുന്ന സ്വത്തിന് 'വഖ്ഫ്' എന്നും സമർപിക്കുന്നയാൾക്ക് 'വാഖിഫ്' എന്നുമാണ് പറയുക. വഖഫ് എന്ന പദത്തിന് അർഥം നിർത്തൽ എന്നാണ്. മുറിഞ്ഞുപോകാതെ എന്നും നിലനില്ക്കുന്ന ദാനം (സ്വദഖതുൻ ജാരിയ) എന്നതാണ് ഇതിൻ്റെ ആശയം. ഇസ്ലാമിൻറെ പ്രത്യേകതകളിൽ ഒന്നാണ് വഖഫ്. പൊതുജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയോ ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് വേണ്ടിയോ ചില കാരുണ്യപ്രവർത്തികൾക്ക് വേണ്ടിയോ, തന്റെ ഉടമസ്ഥതയിലുള്ള വസ്തുവിനെ ദാനമായി കൊടുക്കലാണ് വഖഫ്. വഖഫ് ചെയ്തു കഴിഞ്ഞാൽ ആ സ്വത്തിൽ ഉടമയ്ക്ക് യാതൊരു അധികാരവും ഉണ്ടാകില്ല. സ്വത്തിൻ്റെ ഒരേയൊരു അധികാരി അല്ലാഹു മാത്രമായിത്തീരുന്നതാണ്. വഖഫ് സ്വത്തിന്റെ ഉപയോഗം പൊതുജനങ്ങൾക്ക് അവകാശപ്പെട്ടതായിരിക്കും. 

വഖഫിന്റെ ചരിത്രം വളരെ പുരാതനമാണ്. പ്രവാചകൻ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലമയും അനുചരന്മാരും തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാവര ജംഗമ  വസ്തുക്കൾ വഖഫ് നൽകിയതയി ചരിത്രത്തിൽ കാണാം.  
വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നുണ്ട്: 
 لَن تَنَالُوا۟ ٱلۡبِرَّ حَتَّىٰ تُنفِقُوا۟ مِمَّا تُحِبُّونَۚ وَمَا تُنفِقُوا۟ مِن شَیۡءࣲ فَإِنَّ ٱللَّهَ بِهِۦ عَلِیمࣱ
[Surah Āli-ʿImrān: 92]
നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു.
مَا تُنفِقُوا۟ مِنۡ خَیۡرࣲ فَلِأَنفُسِكُمۡۚ وَمَا تُنفِقُونَ إِلَّا ٱبۡتِغَاۤءَ وَجۡهِ ٱللَّهِۚ وَمَا تُنفِقُوا۟ مِنۡ خَیۡرࣲ یُوَفّ  إِلَیۡكُمۡ وَأَنتُمۡ لَا تُظۡلَمُونَ 
[Surah Al-Baqarah: 272] 
നല്ലതായ എന്തെങ്കിലും നിങ്ങള്‍ ചെലവഴിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ നന്‍മയ്ക്ക് വേണ്ടി തന്നെയാണ്‌. അല്ലാഹുവിന്‍റെ പ്രീതി തേടിക്കൊണ്ട് മാത്രമാണ് നിങ്ങള്‍ ചെലവഴിക്കേണ്ടത്‌. നല്ലതെന്ത് നിങ്ങള്‍ ചെലവഴിച്ചാലും അതിന്നുള്ള പ്രതിഫലം നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്‌. നിങ്ങളോട് ഒട്ടും അനീതി കാണിക്കപ്പെടുകയില്ല.
സ്വഹാബീവര്യനായ അബൂത്വൽഹ അൻസാരി (റ) തനിക്ക് ഏറെ ഇഷ്ടപ്പെട്ട, ഈന്തപ്പഴവും മുന്തിരിയും സമൃദ്ധമായി ലഭിക്കുന്ന  മദീനയിലെ ഒരു വലിയ എസ്റ്റേറ്റ്, അല്ലാഹുവിനെ തൃപ്തിക്കായി വഖഫ് ചെയ്തത്, വഖഫിൻ്റെ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. 
കൃഷിയിടങ്ങൾ, ഭൂസ്വത്തുക്കൾ, സ്ഥാപനങ്ങൾ, വാഹനങ്ങൾ, എന്നിങ്ങനെ  നിത്യപ്രയോജനം നൽകുന്ന എന്ത് കാര്യവും വഖഫ് ചെയ്യാൻ യോഗ്യമാണ്. ദീനുൽ ഇസ്ലാം സത്യവിശ്വാസികളെ അവരുടെ സ്വത്തുക്കളിൽ നിന്ന് ചെറിയ ശതമാനമെങ്കിലും അല്ലാഹുവിൻറെ തൃപ്തിക്കായി വഖഫ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു. മരണപ്പെട്ടു കഴിഞ്ഞാലും നിത്യം പരലോകനന്മ ലഭിക്കാൻ കാരണമാകുന്ന ഇബാദത്താണ് വഖഫ്. ഒരു മുഅ്മിനിന്റെ അന്തസ്സ് വർധിപ്പിക്കാനും വഖ്ഫിലൂടെ സാധിക്കും.  
 ഖുർആൻ പറയുന്നു: 
 ٱلشَّیۡطَـٰنُ یَعِدُكُمُ ٱلۡفَقۡرَ وَیَأۡمُرُكُم بِٱلۡفَحۡشَاۤءِۖ وَٱللَّهُ یَعِدُكُم مَّغۡفِرَةࣰ مِّنۡهُ وَفَضۡلࣰاۗ وَٱللَّهُ وَ ٰ⁠سِعٌ عَلِیمࣱ 
[Surah Al-Baqarah: 268]
പിശാച് ദാരിദ്യത്തെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, നീചവൃത്തികള്‍ക്ക് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ അവന്‍റെ പക്കല്‍ നിന്നുള്ള മാപ്പും അനുഗ്രഹവും നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിശാലമായ (ഔദാര്യം ചൊരിയുന്ന)വനും (എല്ലാം) അറിയുന്നവനുമാകുന്നു.
ധനിക-ദരിദ്ര, ഗുരു-ശിഷ്യ, മുതലാളി-തൊഴിലാളി, സ്ത്രീ-പുരുഷ ഭേദമന്യേ ഏവർക്കും നന്മയുടെ വാതായനങ്ങൾ ഇസ്ലാം മലർക്കെ തുറന്നിട്ടിരിക്കുകയാണ്. ഒരു വ്യക്തി ചെയ്യുന്ന നന്മയുടെ ഗുണങ്ങൾ ജാതിമതഭേദമന്യേ എല്ലാ മനുഷ്യർക്കും എത്തിച്ചേരണമെന്ന് ഇസ്ലാം ആഗ്രഹിക്കുന്നു.

  തിരുനബി മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം അരുളി: 
الخَلْقُ كُلُّهُمْ عِيَالُ اللَّهِ، وَأَحَبُّهُمْ إِلَى اللَّهِ أَنْفَعُهُمْ لِعِيَالِهِ.
സൃഷ്ടികളെല്ലാം അല്ലാഹുവിൻറെ കുടുംബമാണ്, അല്ലാഹുവിൻറെ കുടുംബത്തോട് നന്മ ചെയ്യുന്നവരോടാണ് അല്ലാഹുവിന് കൂടുതൽ പ്രിയം
ചുരുക്കത്തിൽ, എല്ലാ വിഭാഗം ആളുകൾക്കും ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് നന്മകളെ ഇസ്ലാം പരിചയപ്പെടുത്തുന്നത്. സമ്പന്നന് തൻറെ സമ്പത്ത് കൊണ്ടും, ദരിദ്രന് തന്റെ കരങ്ങൾ കൊണ്ടും, പരിശുദ്ധ ഹൃദയംകൊണ്ടും, നാവു കൊണ്ടും, പ്രാവർത്തികമാക്കാൻ സാധിക്കുന്നതാണ് ഇസ്ലാമിലെ നന്മ. സമ്പത്ത് മുഖേന മാത്രമല്ല, ജനങ്ങൾക്ക് പ്രയോജനമാകുന്നതെന്തും നന്മയാണെന്ന് തിരുനബി സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിക്കുന്നു.

عن أبي هريرة رضي الله عنه قال: قال رسول الله ﷺ: كلُّ سُلامَى من الناس عليه صدقة، كل يوم تطلع فيه الشمس: تعدل بين اثنين صدقة، وتعين الرجل في دابته فتحمله عليها أو ترفع له عليها متاعه صدقة، والكلمة الطيبة صدقة، وكل خطوة تمشيها إلى الصلاة صدقة، وتميط الأذى عن الطريق صدقة. 
മനുഷ്യന്റെ ഒരോ സുലാമയിലും (സന്ധികളിലും) ഓരോ ദിവസവും സൂര്യൻ ഉദിക്കുമ്പോൾ സദഖയുണ്ട്: രണ്ടുപേരുടെ ഇടയിൽ നീതി പുലർത്തുന്നത് സദഖയാണ്; ഒരാളുടെ വാഹനത്തിൽ അവനെ കയറാൻ സഹായിക്കുന്നത് അല്ലെങ്കിൽ അവന്റെ ചരക്കുകൾ അതിലേക്ക് ഉയർത്തി നൽകുന്നത് സദഖയാണ്; നല്ല വാക്കുകൾ സദഖയാണ്; നമസ്കാരത്തിലേക്ക് നടക്കുന്ന ഓരോ ചുവടും സദഖയാണ്; വഴിയിൽ നിന്ന് തടസ്സം നീക്കുന്നത് സദഖയാണ്.
നന്മകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് നിത്യമായി നിലനിൽക്കുന്ന നന്മകളാണ്. 
തിരുനബി സല്ലല്ലാഹു അലൈഹിവസല്ലം അരുളി: 
عن أبي قتادة رضي الله عنه، أن رسول الله ﷺ قال: خيرُ ما يخلِّفُ الرَّجلُ من بعدِه ثلاثٌ: ولدٌ صالحٌ يدعو له، وصدقةٌ تجري يبلغه أجرُها، وعلمٌ يُعمَلُ به من بعدِه. 
മരണാനന്തരമായി മനുഷ്യൻ വിട്ടുപോകുന്ന ഏറ്റവും നല്ല മൂന്ന് കാര്യങ്ങൾ: ദുആ ചെയ്യുന്ന സത്പുത്രൻ, നിത്യമായി പ്രതിഫലം ലഭിക്കുന്ന സദഖ (സദഖ ജാരിയ), പകർന്നുനൽകിയ വിജ്ഞാനം.

മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം തനിക്ക് ഏറ്റവും വിലപ്പെട്ട ൈ ഖബർ ഭൂമി 
പാവപ്പെട്ടവർക്കും ആശ്രിതർക്കും വേണ്ടി  വഖഫായി നൽകിയത് മേലുദ്ധരിച്ച ഹദീസിന്റെ ഉന്നത മാതൃകയാണ്.
അബൂബക്കർ സിദ്ദീഖ്, ഉമറുൽ ഫാറൂഖ്, ഉസ്മാൻ, അലി, സുബൈർ, മുആദ് (റ.അ) എന്നിങ്ങനെ ധാരാളം സ്വഹാബി മഹത്തുക്കൾ തങ്ങളുടെ വിശിഷ്ട സ്വത്തുക്കൾ പലതും അല്ലാഹുവിൻറെ മാർഗത്തിൽ വഖഫ് നൽകിയിട്ടുണ്ട്. 
ജാബിർ ബിൻ അബ്ദുല്ല റളിയല്ലാഹു അന്ഹു പറയുന്നു:  എനിക്ക് ചില സഹാബികളെ അറിയാം, അവരുടെ വസ്തുവകകളിൽ നിന്നും നല്ലൊരു ശതമാനം അല്ലാഹുവിൻറെ മാർഗത്തിൽ വഖഫായി നൽകി. ആ സമ്പത്ത് വിൽക്കപ്പെടുകയോ ദാനം നൽകപ്പെടുകയോ അവരുടെ അനന്തര സ്വത്തായി എണ്ണപ്പെടുകയോ ചെയ്തിട്ടില്ല. 
സ്വഹാബികളുടെയും താബിഉകളുടെയും കാലശേഷവും ഇസ്ലാമിക് സമൂഹം തലമുറകളായി രക്ഷിതാവിൻറെ പ്രീതിക്കായി അവരുടെ ഭൂസ്വത്തുക്കൾ, തോട്ടങ്ങൾ, സ്ഥാപനങ്ങൾ എന്നിവയെല്ലാം വഖഫ് ചെയ്തു പോന്നു.

വഖഫുകളിൽ വെച്ച് മുസ്ലിം സമൂഹം ഏറെ പ്രാധാന്യം നൽകിയിരുന്നത് മസ്ജിദിന് വേണ്ടിയുള്ള വഖഫുകൾക്കായിരുന്നു. മസ്ജിദിനോട് ചേർന്ന് ദീനി മദാരിസുകൾക്കും ആശുപത്രികൾക്കും വേണ്ടി വഖ്ഫുകൾ ചെയ്തിരുന്നു. കാരണം ഇസ്ലാമിൻറെ കാഴ്ചപ്പാടിൽ, മസ്ജിദുകൾ ആരാധനയ്ക്ക് വേണ്ടി മാത്രം നിർമ്മിക്കപ്പെടുന്നവയല്ല, മറിച്ച് മാനുഷിക ജീവിതം സുതാര്യമാക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങൾക്കും അവിടെ പരിഗണിക്കപ്പെടുന്നു.

മദാരിസുകളിൽ പഠിതാക്കൾ ഖുർആനും ഹദീസും ഫിഖ്ഫും ഭാഷയും സാഹിത്യവുമെല്ലാം പഠിക്കുന്നതിനോടൊപ്പം തന്നെ, പഠിതാക്കൾക്ക് ആവശ്യമായ ഭക്ഷണവും താമസസൗകര്യവും അവിടെ തയ്യാറാക്കപ്പെടുന്നു. ചിലയിടങ്ങളിൽ പഠനത്തിനോടൊപ്പം കളിക്കാൻ വലിയ മൈതാനങ്ങളും ശാരീരിക ക്ഷമതക്കായി കായിക പരിശീലനങ്ങളും വരെ നടത്തപ്പെടുന്നു.

ആശുപത്രികളിൽ ചികിത്സക്കായി വരുന്ന രോഗികൾക്ക് ആവശ്യമായി വരുന്ന വസ്ത്രങ്ങൾ, ഭക്ഷണം, താമസം തുടങ്ങിയവയെല്ലാം ലഭ്യമായിരുന്നു. ഇവയെല്ലാം ജാതിമതഭേദമന്യേ നാനാജാതി മനുഷ്യർക്കും ഉപയോഗിക്കാൻ സൗകര്യത്തിന് തയ്യാറാക്കപ്പെട്ടിരുന്നു. കൂടാതെ യാത്രക്കാർക്ക് വിശ്രമിക്കാനും രാപാർക്കാനും സത്രങ്ങളും, വഴിയാത്രക്കാർക്ക് ദാഹം അകറ്റാനായി കുടിവെള്ള വിതരണവും വഖഫിൻ്റെ ഭൂമിയിൽ തയ്യാറാക്കപ്പെടുന്നു.
ചിലർ വഖഫ് ഭൂമിയിൽ ദരിദ്രരും നിസ്സഹായരും ആയ പാവങ്ങൾക്ക് വേണ്ടി അനാഥ മന്ദിരങ്ങൾ പണികഴിപ്പിച്ചിരുന്നു. ചിലർ ആവശ്യക്കാർക്ക് നിത്യവും ഭക്ഷണം വിതരണം ചെയ്യുന്ന ഭക്ഷണശാലകൾ പണികഴിപ്പിച്ചു. എല്ലാ വിഭാഗം ആളുകൾക്കും ആവശ്യമായ ഭക്ഷണം അവിടെ ലഭ്യമായിരുന്നു.
ചിലർ വഖഫ് സ്വത്തിന്റെ വരുമാനം മുജാഹിദീങ്ങൾ  (അല്ലാഹുവിൻറെ മാർഗത്തിൽ ധർമ്മസമരം നടത്തുന്നവർക്ക്) വേണ്ടി നൽകിയിരുന്നു. ചിലർ റോഡുകൾ, പാലങ്ങൾ, നടവഴികൾ, എന്നിവ നിർമ്മിക്കാനും നവീകരിക്കാനും വേണ്ടി അവ ഉപയോഗിച്ചിരുന്നു.

ചിലർ തങ്ങളുടെ വിശാലമായ ഭൂമി ശ്മശാനങ്ങൾക്ക് വേണ്ടി വഖഫ് ചെയ്തിരുന്നു. ചിലർ സമൂഹത്തിലെ രക്ഷിതാക്കളില്ലാത്ത കുട്ടികൾ, രോഗികൾ, അന്ധന്മാർ, എന്നിവരുടെ ആവശ്യ പൂർത്തീകരണത്തിന് വേണ്ടി ഉപയോഗിച്ചിരുന്നു. അവിടെ അവർക്ക് മികച്ച ഭക്ഷണവും വസ്ത്രവും അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള മാർഗങ്ങളും തയ്യാറാക്കപ്പെട്ടിരുന്നു. ചിലർ അനാഥമായ മയ്യത്തുകളുടെ സംസ്കാര ചടങ്ങിനു വേണ്ടി വഖഫ് സ്വത്ത് മാറ്റിവെച്ചിരുന്നു. ചിലർ വിവാഹപ്രായമെത്തിയ സ്ത്രീ-പുരുഷന്മാരുടെ വൈവാഹിക ആവശ്യത്തിനായി വഖഫ്  സ്വത്ത് മാറ്റിവെച്ചിരുന്നു. ചിലർ പക്ഷി മൃഗലതാദികളുടെ ഭക്ഷണ-പരിചരണത്തിനായി വഖഫ് സ്വത്ത് ഉപയോഗിച്ചിരുന്നു. ചിലർ കൈക്കുഞ്ഞുങ്ങളുള്ള മാതാക്കളുടെ ജീവിത ചെലവിനായി വഖഫ് സ്വത്ത് നീക്കി വെച്ചിരുന്നു.

ചുരുക്കത്തിൽ, ഓരോ കാലത്തും മനുഷ്യർക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ള കാര്യങ്ങൾക്ക് വേണ്ടി വഖഫ് സമ്പത്ത് ചെലവഴിക്കലാണ് വഖഫിൻ്റെ ശരിയായ ഉപയോഗ രീതി.

ആകയാൽ, പ്രവാചകന്റെയും സഹാബത്തിന്റെയും പാത പിന്തുടരാൻ ആഗ്രഹിക്കുന്ന സത്യവിശ്വാസികൾ തങ്ങളുടെ സമ്പത്തിന്റെ കുറഞ്ഞ ഒരു ഭാഗമെങ്കിലും വഖഫ് ചെയ്യാനും പുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനും ശ്രമിക്കണം.

വിശിഷ്യാ വർത്തമാനകാലത്ത്, രോഗികളെ ചികിത്സിക്കാനും വിവാഹപ്രായമെത്തിയ പെൺകുട്ടികളുടെ വിവാഹ നടത്തിപ്പിനായും അശരണരായ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും ദീനീ പ്രബോധനത്തിലും ദീനി ഗ്രന്ഥങ്ങൾ പ്രചരിപ്പിക്കാനും മറ്റും വഖഫിനെ ഉപയോഗപ്പെടുത്തുന്നതാണ് ഏറ്റവും ശരിയായ വഖഫിൻ്റെ ഉപയോഗം.
റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളി:
عن أبي هريرة رضي الله عنه قال: قال رسول الله ﷺ: والله في عون العبد ما كان العبد في عون أخيه. 
ഒരു അടിമ സ്വന്തം സഹോദരനെ സഹായിച്ചുകൊണ്ടിരിക്കുന്ന കാലത്തോളം അല്ലാഹു അവനെയും സഹായിച്ചുകൊണ്ടിരിക്കും.

വഖഫ് സ്വീകാര്യയോഗ്യമാകാൻ ശരീഅത്ത് ചില നിബന്ധനകൾ വെച്ചിട്ടുണ്ട്.  ഈ നിബന്ധനകൾ പാലിക്കാത്തിടത്തോളം വഖഫ് സ്വീകാര്യപ്രദമാവില്ല. അവ താഴെ ചേർക്കുന്നു: 
1) വഖഫ് ഭൂമി ഉടമസ്ഥന്റെ പൂർണ്ണ ഉടമസ്ഥതയിൽ ആയിരിക്കണം. മറ്റൊരാൾക്ക് യാതൊരു തരത്തിലുള്ള ഉടമസ്ഥാവകാശം അതിൽ ആരോപിക്കാൻ ഇടയുണ്ടാകരുത്.  പാവപ്പെട്ടവർക്കും ആവശ്യക്കാർക്കും വേണ്ടിയായിരിക്കണം വഖഫ് ചെയ്യേണ്ടത്.
2) വഖഫ് എന്ന പദം വ്യക്തമായി പറഞ്ഞുകൊണ്ടായിരിക്കണം വഖഫ് ചെയ്യേണ്ടത്. ഭാവിയിൽ ഉടമസ്ഥന് തിരിച്ചെടുക്കാൻ സാധ്യതയുള്ള പദപ്രയോഗങ്ങൾ വഖഫിൻ്റെ വേളയിൽ ഉപയോഗിക്കാൻ പാടില്ല.
3) വഖഫ് ചെയ്യേണ്ടത് അല്ലാഹുവിൻറെ തൃപ്തിക്ക് മാത്രമായിരിക്കണം. വഖഫ് ചെയ്യുന്ന വ്യക്തി പ്രായപൂർത്തിയും ബുദ്ധിയുള്ളവനായിരിക്കണം.
4) മരണാസന്നനായി കിടക്കുമ്പോൾ വഖഫ് ചെയ്യാൻ പാടില്ല. വഖഫ് കാരണമായി അനന്തരാവകാശിക്ക് അനന്തര സ്വത്ത് തടയപ്പെടാനും പാടില്ല. അങ്ങനെ സംഭവിച്ചാൽ വഖഫ് ശരിയാവുകയില്ല.
5) വഖഫ് ചെയ്യപ്പെട്ട വസ്തു ഉപകാരമുള്ളതായിരിക്കണം. 
6) വഖഫ് ചെയ്യുന്നത് എല്ലാ കാലത്തേക്കും വേണ്ടി ആയിരിക്കണം. ഒരു നിശ്ചിതകാലത്തേക്ക് വേണ്ടി ഒരിക്കലും  വഖഫ് ശരിയാവുകയില്ല.
7) വഖഫ് ചെയ്യപ്പെട്ട വസ്തു, വാഖിഫിന്റെ താല്പര്യപ്രകാരമാണ് ഉപയോഗിക്കപ്പെടേണ്ടത്.
8) മുതവല്ലി (വഖഫ് സംരക്ഷിക്കാൻ ഉത്തരവാദിത്വം ഏൽപ്പിക്കപ്പെട്ട വ്യക്തി) ഏതെങ്കിലും തരത്തിൽ തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കോ മറ്റോ വഖഫ് സ്വത്തിനെ ദുരുപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് നീക്കം ചെയ്യേണ്ടതാണ്.
 
വഖ്ഫ് സംബന്ധമായ ഇത്തരം ഇസ്ലാമിക നിബന്ധനകളുടെ പശ്ചാത്തലത്തിൽ, നമുക്ക് ആധുനിക വഖ്ഫ് ഭേദഗതി ബില്ലിനെ വിലയിരുത്തേണ്ടതുണ്ട്. അതിൽ പ്രയോജനകരമായ കാര്യങ്ങൾ അംഗീകരിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല. എന്നാൽ, ശരീഅ നിയമങ്ങൾക്ക് വിരുദ്ധമായവ, അല്ലെങ്കിൽ വഖ്ഫിന്റെ പ്രധാന ഉദ്ദേശ്യം തന്നെ ഇല്ലാതാക്കുന്നവക്ക് വിരുദ്ധമായി ജനാധിപത്യവും നിയമപരവുമായ നിലയിൽ പ്രതിഷേധിക്കുക എന്നത് നമ്മുടെ നിയമപരമായും ജനാധിപത്യപരമായും ഉള്ള അവകാശമാണ്.
പാർലമെന്റിൽ അവതരിപ്പിച്ച മുസ്ലിം വഖ്ഫ് ഭേദഗതി ബിൽ 2024-ൽ ഉൾപ്പെട്ട ചില വ്യവസ്ഥകൾ അത്യന്തം ആക്ഷേപാർഹമാണ്, കാരണം അവ ശരീഅത്ത് നിയമങ്ങൾക്ക് വിരുദ്ധവും, വഖ്ഫ് ആസ്തികൾക്ക് അപകടകരവുമാണ്.

കേന്ദ്ര സർക്കാരിന്റെ ഉദ്ദേശം നിഷ്പക്ഷമല്ല എന്നത് വ്യക്തമാണ്. അവർ ഇത്തരം ഭേദഗതി ബില്ല് മുഖേന മുസ്‌ലിംകളുടെ വഖ്ഫ് ആസ്തികളിൽ നിയന്ത്രണം നേടാനും, അതിലൂടെ വലിയ കുത്തക കമ്പനികൾക്കും അതിസമ്പന്നർക്കും ഒരു ചൂഷണവാതിൽ തുറക്കാനും ശ്രമിക്കുകയാണ്.

ഇത് നിയമമായി അംഗീകരിക്കപ്പെട്ടാൽ, വഖ്ഫ് സ്വത്തുക്കളിൽ കൈയേറ്റം നടത്തിയവർക്ക് അവ നിയമവിധേയമായി സ്വന്തമാക്കാനുള്ള ഒരു അവസരം ലഭിക്കും. ഇതിൽ ചില സംസ്ഥാന സർക്കാരുകളും, ചില കുത്തക കമ്പനികളും, വ്യക്തിഗതമായി സ്വത്ത് കൈവശപ്പെടുത്താൻ ആഗ്രഹിക്കുന്നവർ വരെ ഉൾപ്പെട്ടിരിക്കുന്നു. ഇത് വഖ്ഫ് സ്വത്തുക്കളുടെ ഉദ്ദേശ്യത്തെയും അവയുടെ സംരക്ഷണത്തെയും തകർക്കാൻ ഇടയാക്കും.
ഈ പുതിയ ബില്ലിലെ ഏറ്റവും ആക്ഷേപാർഹമായ മാറ്റം, വഖ്ഫിന്റെ നിർവചനത്തിലും അതിന്റെ സംരക്ഷണ രീതികളിലുമുള്ള ഭേദഗതിയാണ്. വഖ്ഫ് അനുവദിക്കാനുള്ള പുതിയ നിബന്ധനയായി, വഖ്ഫ് ചെയ്യുന്ന വ്യക്തി കുറഞ്ഞത് അഞ്ച് വർഷമായി മുസ്ലിം ആയിരിക്കണമെന്ന വ്യവസ്ഥ ഈ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നു.ഇത് നടപ്പിലാക്കിയാൽ, ഒരു വ്യക്തി യുവാവായ ഉടനെ സ്വത്തുക്കൾ വഖ്ഫ് ചെയ്യാൻ ആഗ്രഹിച്ചാലും, ഇസ്‌ലാം സ്വീകരിച്ച ശേഷം ഉടൻ വഖ്ഫ് ചെയ്യാൻ ആഗ്രഹിച്ചാലും, ഈ നിയമപ്രകാരം അതിന് അവകാശമില്ല. ഇത് ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങൾക്കും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന അവകാശങ്ങൾക്കും എതിരെയുള്ള വ്യക്തമായ ലംഘനമാണ്.

ഈ ഭേദഗതിയുടെ മറ്റൊരു അപകടം: ഇന്ന് നമുക്ക് ലഭ്യമായ വഖ്ഫ് സ്വത്തുക്കളിൽ പലതും നൂറുകണക്കിന് വർഷം പഴക്കമുള്ളവയാണ്. എന്നാൽ സർക്കാറിൻ്റെ ഈ നിയമം ഉപയോഗിച്ച് പഴയ വഖ്ഫ് ആസ്തികൾ പരിശോധിക്കാൻ തുടങ്ങിയാൽ, വാഖിഫ് വിശ്വാസം സ്വീകരിച്ച വർഷം, വഖ്ഫ് ചെയ്തത് എത്ര കാലത്തിന് ശേഷം ആയിരുന്നു തുടങ്ങിയവ പരിശോധിച്ച്, നിരവധി വഖ്ഫുകളെ അസാധുവാക്കാൻ സാധ്യതയുണ്ട്.

ഉദാഹരണത്തിന്, മുഗൾ ഭരണ കാലത്ത് ഒരാളുടെ സ്വത്ത് വഖ്ഫ് ചെയ്തതായി കരുതുക. എന്നാൽ അദ്ദേഹം വഖ്ഫ് ചെയ്യുമ്പോൾ എത്ര വർഷം മുമ്പ് ഇസ്‌ലാം സ്വീകരിച്ചിരുന്നു? അതിനുശേഷം എത്ര വർഷം കഴിയുമ്പോഴാണ് വഖ്ഫ് ചെയ്തത്? എന്നിങ്ങനെ പരിശോധിച്ച് നൂറുകണക്കിന് വഖ്ഫ് ആസ്തികളെ അസാധുവാക്കാൻ സർക്കാർ ശ്രമിച്ചേക്കാം.

ഇതിന്റെ വലിയൊരു അപകടം, ഭാവിയിൽ പുതു മുസ്ലിമീങ്ങൾ വഖ്ഫ് ചെയ്യാൻ ആഗ്രഹിച്ചാൽ അവർക്ക് ഈ നിയമം തടസ്സമാകും. അതുപോലെ വിശ്വാസികളുടെ ക്ഷേമത്തിനായി ഒരു അന്യമതസ്ഥൻ വഖ്ഫ് ചെയ്യാൻ ആഗ്രഹിച്ചാലും അവർക്കും അതിനു സാധിക്കാതെ വരും.

ഏതൊരു അന്യമതസ്ഥനും സൽപ്രവർത്തനത്തിനായി വഖ്ഫ് ചെയ്യാൻ കഴിയും എന്നത് ഇന്ത്യൻ നിയമത്തിലും ശരീഅത്തിലും വ്യക്തമാണ്, അതിന്റെ നിയമപരമായ സ്ഥാനം ഒരു മുസ്ലിം വഖ്ഫിനേതു തുല്യമാണ്. എന്നാൽ ഈ ഭേദഗതി അത് പോലും അപ്രസക്തമാക്കാൻ ശ്രമിക്കുകയാണ്.
ഈ ബില്ലിൽ ഒരു പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട് – വാചിക (oral) വഖ്ഫ് അംഗീകരിക്കില്ല. എന്നാൽ ശരീഅത്ത് നിയമപ്രകാരം വാക്കാലുള്ള വഖ്ഫ് പ്രാമാണികമാണ്, ഇത് ഏറെ കാലമായി അംഗീകൃതമായുള്ള രീതിയുമാണ്.

ഇതിന്റെ ഫലമായി, ഏതാനും തലമുറകൾക്കുമുമ്പ് വാചിക വഖ്ഫ് ചെയ്തെങ്കിലും, രേഖയില്ലെങ്കിൽ, സർക്കാറിന് ആ സ്വത്തുകൾ കൈവശപ്പെടുത്താനുള്ള അധികാരം ലഭിക്കും. ഇത് നൂറുകണക്കിന് വഖ്ഫ് സ്വത്തുക്കളെ സർക്കാർ നിയന്ത്രണത്തിലാക്കാനുള്ള വഴിയൊരുക്കും.

1995-ലെ വഖ്ഫ് ആക്ട് പ്രകാരം, വാചിക വഖ്ഫ് നിയമപരമായ അംഗീകൃത രീതിയാണ്. എന്നാൽ ഈ പുതിയ ഭേദഗതി അതിനെ അസാധുവാക്കാൻ ശ്രമിക്കുന്നു, അതിലൂടെ മുസ്ലിം സമുദായത്തിന്റെ നിരവധി വഖ്ഫ് ആസ്തികളെ സർക്കാർ സ്വന്തം അധികാരത്തിലാക്കാനുള്ള ദ്വാരമായി ഉപയോഗിക്കാൻ ശ്രമിക്കുകയാണ്.
ഇതേപോലെ, ഈ ബില്ലിൽ മറ്റൊരു വ്യവസ്ഥ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു – വാചികമായി (oral) നിയമിച്ച മുഥവല്ലിയെ (വഖ്ഫ് പരിപാലകൻ) അംഗീകരിക്കില്ല. എന്നാൽ ശരീഅത്ത് പ്രകാരം, വാചികമായി നിയമിച്ച മുഥവല്ലിക്കു പ്രാമാണികതയുണ്ടെന്നത് വ്യക്തമാണ്.

ഇതിൽ ഏറ്റവും വലിയ ആശങ്ക ഉയർത്തുന്ന കാര്യം, വഖ്ഫ് ആസ്തികളിൽ നിന്നുള്ള വരുമാനം ഇനി കേന്ദ്രസർക്കാരിന്റെ താൽപര്യത്തിനനുസൃതമായി വിനിയോഗിക്കപ്പെടും എന്നതാണ്. വിധവകൾക്കും അനാഥർക്കും ദരിദ്രർക്കും സഹായം നൽകും എന്ന പേരിലാണ് ഇതിനെ ന്യായീകരിക്കുന്നത്, പക്ഷേ ഇതിലൂടെ വഖ്ഫ് ആസ്തികളുടെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കാനാണ് ശ്രമം.

1995-ലെ വഖ്ഫ് ആക്ട് പ്രകാരം, വഖ്ഫ് വരുമാനം, വഖ്ഫ് ചെയ്ത വ്യക്തിയുടെ (വാഖിഫ്) ഉദ്ദേശ്യത്തിന് അനുസരിച്ച് മതപരമായ കാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കണം, ഇത് ശരീഅത്ത് അനുസൃതമായ നിയമമാണ്.

പക്ഷേ, പുതിയ ഭേദഗതി പ്രകാരം, വഖ്ഫ് വരുമാനത്തിന്റെ നിയന്ത്രണം കേന്ദ്രസർക്കാരിന്റെ കൈകളിലേക്ക് മാറും. ഇതിലൂടെ, വാഖിഫ്‌ന്റെ ഉദ്ദേശ്യത്തിനുപകരം, കേന്ദ്രസർക്കാരിന്റെ തീരുമാനപ്രകാരം മാത്രമേ ഈ വരുമാനം ചെലവഴിക്കാൻ കഴിയൂ.

ഇത് വഖ്ഫ് സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തെയും അതിന്റെ യഥാർത്ഥ ഉദ്ദേശ്യത്തെയും നേരിട്ട് ബാധിക്കുന്നതോടൊപ്പം, ശരീഅത്തിലും നിലവിലെ നിയമങ്ങളിലും പറയുന്ന വഖ്ഫ് തത്വങ്ങൾക്കെതിരെ വരുന്ന മാറ്റമാണ്.
സാമ്പത്തികവും മതപരവുമായ ആവശ്യങ്ങൾക്കായി സ്ഥാപിതമായ വഖ്ഫിന്റെ ഉദ്ദേശ്യം തകർക്കാൻ സഹായിക്കുന്ന വ്യവസ്ഥകൾ ഈ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സർക്കാർ വിവിധ തന്ത്രങ്ങൾ ഉപയോഗിച്ച് മുസ്ലിംകളുടെ വഖ്ഫ് ആസ്തികൾ കൈവശപ്പെടുത്തുകയോ, അവയ്ക്ക് മേൽ അന്യരുടെ നിയന്ത്രണം അനുവദിക്കുകയോ ചെയ്യാനാണ് ശ്രമം.

ഈ ബിൽ കൊണ്ടുവന്നതിന്റെ യഥാർത്ഥ ലക്ഷ്യം, മുസ്ലിംകളെ ധാർമ്മികമായും സാമ്പത്തികമായും തളർത്തുന്നതിനോടൊപ്പം, വഖ്ഫ് ആസ്തികളുടെ സംരക്ഷണം ദുര്‍ബലമാക്കുകയും, അവയെ അനധികൃതമായി കൈവശപ്പെടുത്താനുള്ള മാർഗം തുറക്കുകയും ചെയ്യുന്നതാണ്.
ഈ ബില്ലിൽ മറ്റൊരു വിവാദകരമായ വ്യവസ്ഥ വഖ്ഫ് ആസ്തികളുടെ കമ്മിറ്റികൾ രൂപീകരിക്കുമ്പോൾ, അതിൽ നിർബന്ധമായും രണ്ടു അന്യമതസ്ഥരെ ഉൾപ്പെടുത്തണമെന്നുള്ളതാണ്. അതുപോലെ, കേന്ദ്ര വഖ്ഫ് കൗൺസിലിൽ ഏഴു അന്യമതസ്ഥരെ അംഗങ്ങളാക്കാനാണ് നിർദ്ദേശം.

1995-ലെ വഖ്ഫ് ആക്ടിൽ ഇത്തരത്തിൽ ഒരു വ്യവസ്ഥയില്ല. അതായത്, ഒരു അന്യമതസ്ഥന് വഖ്ഫ് കമ്മിറ്റി അംഗമാകാൻ വിലക്കില്ലെങ്കിലും, അത് നിർബന്ധമാക്കുന്നത് തികച്ചും അവിവേകപരമാണ്.

അതേസമയം, ഹിന്ദു ക്ഷേത്രങ്ങളുടെ ആസ്തികളെ കുറിച്ചുള്ള നിയമം വ്യത്യസ്തമാണ്. അവയുടെ ഭരണസമിതിയിൽ ഒരുവൻ ഹിന്ദുവായിരിക്കണമെന്ന നിബന്ധന നിലവിലുണ്ട്, ഒരു അന്യമതസ്ഥന് അവയിൽ അംഗമാകാനോ നേതൃത്വം നൽകാനോ കഴിയില്ല.

അപ്പോൾ, മുസ്ലിം സമുദായം തങ്ങളുടെ വഖ്ഫ് ആസ്തികളുടെ പരിപാലനത്തിന് അന്യമതസ്ഥരെ കമ്മിറ്റിയിലോ അദ്ധ്യക്ഷനായി ചുമതലയിലോ ഉൾപ്പെടുത്താൻ നിർബന്ധിതരാകുന്നത് വ്യക്തമായ നീതിനിഷേധമാണ്. ഇത് ഒരു മതക്കാർക്ക് തങ്ങളുടെ ആരാധനാസ്ഥലങ്ങൾക്കും ആസ്തികൾക്കും സ്വയം നിയന്ത്രണം നിലനിർത്താൻ ഉള്ള അവകാശത്തെ നിഷേധിക്കുന്നതിനോടു തുല്യമാണ്.
ഈ ബില്ലിൽ ഏറ്റവും ആശങ്കാജനകമായ കാര്യങ്ങളിൽ ഒന്നാണ് വഖ്ഫ് ട്രിബ്യൂണലിന്റെ അധികാരങ്ങൾ ഇല്ലാതാക്കുക എന്നത്.

മുമ്പ്, ഒരു വഖ്ഫ് സ്വത്ത് സർവേയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടാൽ, അതിനെതിരെ വഖ്ഫ് ട്രിബ്യൂണലിൽ അപ്പീൽ നൽകാൻ കഴിയുമായിരുന്നു. ട്രിബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും, എന്നാൽ ഹൈക്കോടതിക്ക് അവലോകനം നടത്താനുള്ള അധികാരം ഉണ്ടായിരിക്കും.

പക്ഷേ, പുതിയ ബില്ല് ഈ സംരക്ഷണം പൂർണ്ണമായും ഇല്ലാതാക്കി. ഇതിന്റെ പകരം, എല്ലാ അധികാരവും ജില്ലാ കളക്ടർക്ക് കൈമാറി. ഒരു കളക്ടർ ഏതെങ്കിലും സ്വത്തിനെ വഖ്ഫ് ആസ്തിയായി അംഗീകരിക്കാതിരുന്നാൽ, അത് ഇനി വഖ്ഫ് ആസ്തിയല്ലെന്ന് കണക്കാക്കും. അതിനുമേൽ, ഈ തീരുമാനം എതിർക്കാനോ, ട്രിബ്യൂണലിൽ അപ്പീൽ നൽകാനോ അവസരമില്ല.

അതായത്, നീതിന്യായത്തിനായുള്ള വഴികൾ കൂടുതൽ സങ്കീർണമാക്കുകയും, വഖ്ഫ് സ്വത്തുക്കൾ കൈവശപ്പെടുത്താനുള്ള നിയന്ത്രണം സർക്കാരിനും കളക്ടർമാർക്കും നൽകുകയും ചെയ്യുന്ന ഒരു വ്യവസ്ഥയാണ് ഈ ബില്ല് കൊണ്ട് വരുന്നത്. ഇത് വഖ്ഫ് ആസ്തികളുടെ പരിരക്ഷയെ ദുർബലമാക്കുകയും, നിയമനീതി നേടാനുള്ള സാഹചര്യം നിഷേധിക്കുകയും ചെയ്യുന്നു.

2025-ലെ നിർദ്ദേശിച്ച വഖ്ഫ് ബില്ലിൽ മറ്റൊരു അപകടകരമായ വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നു. അതനുസരിച്ച്, വഖ്ഫ് ബോർഡിന്, ഏതെങ്കിലും സ്വത്ത് അനധികൃതമായി കൈവശം വെച്ചാൽ അതിനെതിരെ നിയമനടപടി സ്വീകരിക്കാൻ 12 വർഷത്തിനുള്ളിൽ മാത്രമാണ് അവകാശം ഉണ്ടായിരിക്കുക. ഒരു വ്യക്തി 12 വർഷം അല്ലെങ്കിൽ അതിലധികം കാലം ഒരു വഖ്ഫ് സ്വത്തിനെ അനധികൃതമായി കൈവശം വച്ചാൽ, വഖ്ഫ് ബോർഡിന് അതിനെതിരായ കേസ് ഫയൽ ചെയ്യാനാകില്ല.

ഒരു വ്യക്തിക്ക് അനധികൃതമായി കൈവശം വച്ച സ്വത്ത് നിയമപരമായി സ്വന്തമാക്കാനുള്ള വഴിയൊരുക്കുന്ന അപൂർവമായ, അനീതിപരമായ നിയമമാണ് ഇത്. ഒരു സ്വത്ത് നീണ്ടകാലം കൈവശം വെച്ചു എന്നത് കൊണ്ട് മാത്രമല്ല,  അതിന്റെ നിയമബദ്ധമായ ഉടമസ്ഥാവകാശം നിശ്ചയിക്കപ്പെടുക.

സർക്കാരിന്റെ ഭൂമികളെ സംബന്ധിച്ചിടത്തോളം, അത് എത്ര വർഷം ആരുടെയെങ്കിലും കൈവശമുണ്ടായിരുന്നാലും, സർക്കാരിന് ആ ഭൂമി ആവശ്യമെങ്കിൽ ഏത് സമയത്തും തിരികെ പിടിക്കാനുള്ള അവകാശമുണ്ട്.

അപ്പോൾ, വഖ്ഫ് സ്വത്തുകളുടെ കാര്യത്തിൽ മാത്രം 12 വർഷത്തെ പരിധി ഏർപ്പെടുത്തുന്നത് യുക്തിരഹിതവും വിവേചനപരവുമാണ്. 1995-ലെ വഖ്ഫ് ആക്ടിൽ ഈ 12 വർഷത്തെ പരിധി ഉണ്ടായിരുന്നില്ല. പുതിയ ഭേദഗതി, അനധികൃതമായി വഖ്ഫ് സ്വത്തുകൾ കൈവശം വച്ചിരിക്കുന്നവർക്കുള്ള സംരക്ഷണമാകുകയും, വഖ്ഫ് ബോർഡിന്റെ അവകാശങ്ങളെ ദുർബലമാക്കുകയും ചെയ്യുകയാണ്.

ഇത് വഖ്ഫ് ആസ്തികൾ കൈവശപ്പെടുത്താനുള്ള ഒരു തന്ത്രപരമായ നീക്കമാണ്. നിലവിലെ രൂപത്തിൽ, ഈ ബിൽ ശരീഅത്ത് നിയമത്തെയും വഖ്ഫ് സംബന്ധിച്ച ഇസ്ലാമിക നിയമങ്ങളെയും മാത്രമല്ല, ഇന്ത്യയിലെ മൗലികാവകാശങ്ങളെയും വ്യക്തമായി ലംഘിക്കുന്നു.

ആകയാൽ, ഈ ബില്ലിനെ ശക്തമായി എതിർക്കേണ്ടത് അനിവാര്യമാണ്. കേന്ദ്ര സർക്കാർ ഈ ബിൽ പാസാക്കാൻ തന്നെ ആലോചിക്കാതെ പിൻവലിക്കാൻ നിർബന്ധിതമാകുന്ന അവസ്ഥയിൽ പ്രതിഷേധം ശക്തമായിരിക്കണം.


********************************

മആരിഫുല്‍ ഖുര്‍ആന്‍ 

 

സൂറത്തുൽ ഹദീദ്-1

(29 ആയത്തുകൾ, പദങ്ങൾ 544, അക്ഷരങ്ങൾ 3476, മദീനമുനവ്വറയിൽ അവതരണം.  4 റുകൂഅ്. അവതരണ ക്രമം 94. പാരായണ ക്രമം 57. സൂറത്തുസിൽസാലിന് ശേഷം അവതരണം)

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം

ഏതാനും ഇലാഹീ ഗുണവിശേഷണങ്ങൾ


മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


ആയത്ത് 1-6

سَبَّحَ لِلَّهِ مَا فِي السَّمَاوَاتِ وَالْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ (1) لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۖ يُحْيِي وَيُمِيتُ ۖ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ (2هُوَ الْأَوَّلُ وَالْآخِرُ وَالظَّاهِرُ وَالْبَاطِنُ ۖ وَهُوَ بِكُلِّ شَيْءٍ عَلِيمٌ (3هُوَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ۚ يَعْلَمُ مَا يَلِجُ فِي الْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ السَّمَاءِ وَمَا يَعْرُجُ فِيهَا ۖ وَهُوَ مَعَكُمْ أَيْنَ مَا كُنتُمْ ۚ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ (4) لَّهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ وَإِلَى اللَّهِ تُرْجَعُ الْأُمُورُ (5يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ ۚ وَهُوَ عَلِيمٌ بِذَاتِ الصُّدُورِ (6)


ആശാശ ഭൂമികളിലുള്ള സകല വസ്തുക്കളും അല്ലാഹുവിന്റെ പരിശുദ്ധി പ്രകീർത്തിക്കുന്നു. അല്ലാഹു പ്രതാപശാലിയും തന്ത്രജ്ഞനുമാണ്.(1) അല്ലാഹുവിനാണ് ആകാശഭൂമികളുടെ അധികാരം. അല്ലാഹു ജീവിപ്പിക്കുന്നു മരിപ്പിക്കുന്നു. അല്ലാഹു സർവ്വതിനും കഴിവുള്ളവനാണ്.(2) അല്ലാഹു ആദിയും അന്ത്യനും പ്രത്യക്ഷനും പരോക്ഷനുമാണ്. അല്ലാഹു എല്ലാം അറിയുന്നവനാണ്.(3) അല്ലാഹുവാണ് ആറു ദിവസങ്ങളിലായി ആകാശഭൂമികളെ സൃഷ്ടിച്ചവൻ. പിന്നീട് അർശിൽ ആസനസ്ഥനായി. ഭൂമിയിൽ പ്രവേശിക്കുന്നതും അതിൽ നിന്ന് പുറപ്പെടുന്നതും ആകാശത്തു നിന്ന് ഇറങ്ങുന്നതും അതിലേക്ക് കയറുന്നതും അല്ലാഹു അറിയുന്നു. നിങ്ങൾ എവിടെയാണെങ്കിലും അല്ലാഹു നിങ്ങളോടൊപ്പമുണ്ട്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കാണുന്നവനാണ്.(4) അല്ലാഹുവിനാണ് ആകാശഭൂമികളുടെ അധികാരം. അല്ലാഹുവിലേക്കാണ് എല്ലാ കാര്യങ്ങളും മടക്കപ്പെടുന്നത്.(5) അല്ലാഹു രാത്രിയെ പകലിൽ പ്രവേശിപ്പിക്കുന്നു. പകലിനെ രാത്രിയിൽ പ്രവേശിപ്പിക്കുന്നു. അല്ലാഹു മനസ്സിൽ മറഞ്ഞകാര്യങ്ങൾ അറിയുന്നവനാണ്.(6) 

ആശയ സംഗ്രഹം
ആശാശ ഭൂമികളിലുള്ള സകല സൃഷ്ടികളും വാചകത്തിലൂടെയോ അവസ്ഥയിലൂടെയോ അല്ലാഹുവിന്റെ പരിശുദ്ധി പ്രകീർത്തിക്കുന്നു. അല്ലാഹു പ്രതാപശാലിയും തന്ത്രജ്ഞനുമാണ്. അല്ലാഹുവിനാണ് ആകാശഭൂമികളുടെ അധികാരം. അവൻ ജീവിപ്പിക്കുന്നു, അവൻ തന്നെ മരിപ്പിക്കുന്നു. അവൻ സർവ്വതിനും കഴിവുള്ളവനാണ്. അവൻ എല്ലാ സൃഷ്ടികളേക്കാളും മുമ്പുള്ളവനും എല്ലാ സൃഷ്ടികളുടെയും നാശത്തിന് ശേഷവും അവശേഷിക്കുന്നവനുമാണ്. അതായത് അല്ലാഹുവിന് മുമ്പ് ഇല്ലായ്മ ഉണ്ടാവുകയോ ഇനി ഏതെങ്കിലും നിലയിൽ ഇല്ലായ്മ ഉണ്ടാവുകയോ ചെയ്യുന്നതല്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ അല്ലാഹു അങ്ങേയറ്റം പ്രത്യക്ഷനും അസ്ഥിത്വത്തിന്റെ അടിസ്ഥാനത്തിൽ വളരെയധികം മറഞ്ഞവനുമാണ്. അതായത് അല്ലാഹുവിനെ ആർക്കും ഇവിടെവെച്ച് കാണുക സാധ്യമല്ല. ചുരുക്കത്തിൽ സൃഷ്ടികൾക്ക് ഒരു നിലയിൽ അല്ലാഹുവിനെ നന്നായി അറിയുമെങ്കിലും മറ്റൊരു നിലയിൽ അറിവില്ലാത്തതുമാണ്. എന്നാൽ അല്ലാഹു എല്ലാം നന്നായി അറിയുന്നവനാണ്. അവനാണ് ആറു ദിവസങ്ങളിലായി ആകാശഭൂമികളെ സൃഷ്ടിച്ചവൻ. പിന്നീട് അർശിൽ അവന് യോജിച്ച നിലയിൽ ആസനസ്ഥനായി. ഭൂമിയിൽ പ്രവേശിക്കുന്ന മഴ പോലുള്ളതും അതിൽ നിന്ന് പുറപ്പെടുന്ന ചെടികൾ പോലുള്ളതും ആകാശത്തു  നിന്ന് ഇറങ്ങുന്നതും അതിലേക്ക് കയറുന്നതും അവൻ അറിയുന്നു. ഉദാഹരണത്തിന് മലക്കുകൾ ആകാശത്ത് നിന്നും ഇറങ്ങുകയും അവിടേക്ക് കയറുകയും ചെയ്യുന്നു. പടച്ചവന്റെ വിധികളും കൽപ്പനകളും ആകാശത്ത് നിന്നും ഇറങ്ങുന്നു. ദാസന്മാരുടെ കർമ്മങ്ങൾ ആകാശത്തേക്ക് കയറിപ്പോകുന്നു. പടച്ചവന് ഈ കാര്യങ്ങളെക്കുറിച്ച് അറിവുള്ളതുപോലെ നിങ്ങളുടെ അവസ്ഥകളെക്കുറിച്ചും അറിവുണ്ട്. അതെ, നിങ്ങൾ എവിടെയാണെങ്കിലും അല്ലാഹുവിന്റെ അറിവ് നിങ്ങളോടൊപ്പമുണ്ട്. അതായത് നിങ്ങൾക്ക് ഒരിടത്തും പടച്ചവനിൽ നിന്നും മറയാൻ സാധിക്കുന്നതല്ല. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കാണുന്നവനാണ്. അല്ലാഹുവിനാണ് ആകാശഭൂമികളുടെ അധികാരം. അല്ലാഹുവിലേക്കാണ് എല്ലാ കാര്യങ്ങളും മടക്കപ്പെടുന്നത്. അതായത് ഖിയാമത്ത് നാളിൽ പടച്ചവന് മുമ്പാകെ സർവ്വരുടെയും വിശ്വാസ കർമ്മങ്ങൾ വിചാരണയ്ക്കായി പടച്ചവന് മുന്നിൽ സമർപ്പിക്കപ്പെടുന്നതാണ്. ഇതിലൂടെ പടച്ചവന്റെ ഏകത്വവും പരലോകവും സ്ഥിരപ്പെട്ടു. അവൻ രാത്രിയുടെ ചില ഭാഗങ്ങൾ പകലിൽ പ്രവേശിപ്പിക്കുന്നു. അങ്ങനെ പകൽ വലുതായിത്തീരുന്നു. ഇപ്രകാരം പകലിന്റെ ചില ഭാഗങ്ങൾ രാത്രിയിൽ പ്രവേശിപ്പിക്കുന്നു. അതിലൂടെ രാത്രി വലുതാകുന്നു. അല്ലാഹു ഇത്ര ശക്തിയുള്ളവനായതിനോട് കൂടി വലിയ അറിവുള്ളവനുമാണ്. അവൻ മനസ്സിൽ മറഞ്ഞകാര്യങ്ങൾ പോലും അറിയുന്നവനാണ്.

വിവരണവും വ്യാഖ്യാനവും
ഈ സൂറത്തിന്റെ ചില പ്രത്യേകതകൾ: ഈ സൂറത്ത് മുതലുള്ള അഞ്ച് സൂറത്തുകളുടെ ആരംഭത്തിൽ സബ്ബഹ എന്ന വചനം വന്നിട്ടുള്ളതിനാൽ ഇവയ്ക്ക് മുസബ്ബിഹാത്ത് എന്ന് ഹദീസുകളിൽ പറയപ്പെട്ടിരിക്കുന്നു. ഹദീദ്, ഹഷ്ർ, സ്വഫ്ഫ്, ജുമുഅ, തഗാബുൻ എന്നിവയാണ് ഈ സൂറത്തുകൾ. ഇർബാദ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ സൂറത്തുകൾ പാരായണം ചെയ്യുമായിരുന്നു. അതിലെ ഒരു ആയത്ത് ആയിരം ആയത്തുകളേക്കാൾ ശ്രേഷ്ടമാണ്. (അബൂദാവൂദ്, തിർമിദി). ഈ ആയത്ത് സൂറത്തുൽ ഹദീദിലെ മൂന്നാമത്തെ ആയത്താണെന്ന് ഇബ്‌നു കസീർ (റ) പറയുന്നു. ഈ അഞ്ച് സൂറത്തുകളിൽ ഹദീദ്, ഹഷ്ർ, സ്വഫ്ഫ് എന്നീ സൂറത്തുകളിൽ സബ്ബഹ എന്ന ഭൂതകാല ക്രിയയും ജുമുഅയിലും തഗാബുനിലും യുസബ്ബിഹു എന്ന ഭാവിക്രിയയുമാണ് വന്നിട്ടുള്ളത്. അതായത് അല്ലാഹുവിന്റെ പരിശുദ്ധിയുടെ പ്രകീർത്തനം എല്ലാ കാലത്തും  സർവ്വ സ്ഥലങ്ങളിലും ഭൂത വർത്തമാന ഭാവി കാലങ്ങളിലും നിലനിൽക്കേണ്ടതാണ്. (മസ്ഹരി) 
പൈശാചിക ദുർബോധനത്തിനുള്ള ചികിത്സ: ഇബ്‌നു അബ്ബാസ് (റ) പറയുന്നു: അല്ലാഹുവിനെയും സത്യദീനിനെയും കുറിച്ച് നിങ്ങളുടെ മനസ്സിൽ വല്ല പൈശാചിക ദുർബോധനവും ഉണ്ടായാൽ ഈ സൂറത്തിലെ മൂന്നാമത്തെ ആയത്ത് നിശബ്ദമായി പാരായണം ചെയ്യുക. (ഇബ്‌നു കസീർ) * ഈ ആയത്തിലെ നാമങ്ങളുടെ വിഷയത്തിൽ പണ്ഡിതർക്ക് പല അഭിപ്രായങ്ങളും ഉണ്ടെങ്കിലും അവയ്ക്കിടയിൽ വൈരുദ്ധ്യങ്ങളൊന്നുമില്ല. എല്ലാ അഭിപ്രായങ്ങളും പരസ്പരം യോജിച്ചത് തന്നെയാണ്. അവ്വൽ എന്നതിന്റെ ആശയത്തിൽ എല്ലാവരും ഏതാണ്ട്  ഏകോപിച്ചിരിക്കുന്നു. അതായത് അല്ലാഹു എല്ലാ സൃഷ്ടികളേക്കാളും മുമ്പുള്ളവനാണ്. കാരണം എല്ലാ സൃഷ്ടികളും പടച്ചവൻ സൃഷ്ടിച്ചതാണ്. അതുകൊണ്ട് പടച്ചവൻ ആദ്യത്തേവനായി. * ആഖിർ എന്നതിനെക്കുറിച്ച് ചിലർ പറയുന്നു: എല്ലാ വസ്തുക്കളും നശിച്ചതിന് ശേഷവും അവശേഷിക്കുന്നവൻ. അല്ലാഹു പറയുന്നു: എല്ലാം നശിക്കുന്നതാണ്. അല്ലാഹു മാത്രം അവശേഷിക്കുന്നതാണ്. (ഖസസ് 88) സൃഷ്ടികളുടെ നാശം എന്നത് പൊതു അർത്ഥത്തിലുള്ളതാണ്. ചില സൃഷ്ടികൾ നശിക്കുന്നതല്ലെങ്കിലും നാശത്തിന് സാധ്യതയുള്ളതിനാൽ അതിനെക്കുറിച്ച് നശിക്കുന്നതെന്ന് പറയപ്പെടുന്നതാണ്. ഉദാഹരണത്തിന് സ്വർഗ്ഗ-നരകങ്ങളിൽ പ്രവേശിക്കുന്ന നല്ലവരും ചീത്തവരുമായ മനുഷ്യർക്ക് നാശമുണ്ടാകുന്നതല്ല. പക്ഷേ, അവർ നശിക്കുകയില്ലെങ്കിലും നാശത്തിന് സാധ്യതയുള്ളവരാണ്. എന്നാൽ ഒരു നിലയ്ക്കും സർവ്വ ആശയങ്ങളിലും പടച്ചവൻ ഇല്ലാതാവുകയോ ഇല്ലാതാകാൻ സാധ്യത ഉണ്ടാവുകയോ ചെയ്യുന്നതല്ല. ഇമാം ഗസ്സാലി (റ) പറയുന്നു: അല്ലാഹു അന്ത്യൻ എന്നത് അറിവിന്റെ അടിസ്ഥാനത്തിലാണ്. അതായത് മനുഷ്യൻ അറിവിൽ എത്ര പുരോഗതി പ്രാപിച്ചാലും അതിന്റെയെല്ലാം അവസാനത്തെ പരിധി അല്ലാഹുവിന്റെ അറിവായിരിക്കും. (റൂഹുൽ മആനി). * ളാഹിർ എന്നാൽ സർവ്വ വസ്തുക്കളേക്കാളും അല്ലാഹുവിന്റെ അസ്ഥിത്വം ഉന്നതമായിരിക്കുന്നു എന്നാണ്. പ്രകടമാകുക എന്നത് ഉണ്ടാവുക എന്നതിന്റെ ശാഖയാണ്. അല്ലാഹു എല്ലാ വസ്തുക്കളേക്കാളും മുന്തിയവനാണെങ്കിൽ അല്ലാഹു സർവ്വ വസ്തുക്കളേക്കാളും പ്രകടമായവനുമാണ്. പടച്ചവന്റെ ശേഷിയുടെയും തന്ത്രജ്ഞതയുടെയും അവസ്ഥകൾ ലോകത്തെ ഓരോ വസ്തുക്കളിലും വ്യക്തമാണ്. * ബാത്തിൽ എന്നത് അല്ലാഹുവിന്റെ അസ്ഥിത്വത്തിന്റെ യാഥാർത്ഥ്യത്തെ പരിഗണിച്ചുകൊണ്ടാണ്. പടച്ചവന്റെ യാഥാർത്ഥ്യത്തിലേക്ക് ആരുടെയും ബുദ്ധി എത്തിച്ചേരുന്നതല്ല. ഊഹാപോഹങ്ങളിൽ നിന്നെല്ലാം ഉന്നതനായവനേ, ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്ന സൃഷ്ടികളേക്കാളെല്ലാം മഹോന്നതനായവനേ, ഞങ്ങളുടെ വിജ്ഞാന ചർച്ചകളേക്കാളെല്ലാം മഹത്വമുള്ളവനേ, നിനക്ക് തുല്യനായി ആരും തന്നെയില്ല!  
* നിങ്ങൾ എവിടെയാണെങ്കിലും അല്ലാഹു നിങ്ങളോടൊപ്പമുണ്ട്! അല്ലാഹു കൂട്ടത്തിലുണ്ട് എന്നതിന്റെ യാഥാർത്ഥ്യവും രൂപവും മനുഷ്യർക്ക് അറിയില്ലെങ്കിലും അല്ലാഹു കൂട്ടത്തിലുണ്ടെന്ന കാര്യം വ്യക്തമാണ്. കാരണം പടച്ചവന്റെ തീരുമാനം ഇല്ലാതെ മനുഷ്യനോ മനുഷ്യനിൽ നിന്നും ഒരു കാര്യമോ ഉണ്ടാകുന്നതല്ല. പടച്ചവന്റെ അറിവും കഴിവും സർവ്വ അവസ്ഥകളെയും മുഴുവൻ മനുഷ്യരെയും മൂടി നിൽക്കുന്നതാണ്.   



********************************* 



 മആരിഫുല്‍ ഹദീസ് 

 
തൗബയുടെ സ്വീകാര്യത ഏതുവരെ?

 മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി



277. അബ്ദുല്ലാഹിബ്നു ഉമര്‍ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: അടിമയുടെ റൂഹ് തൊണ്ടയില്‍ എത്തുന്നത് വരെ അല്ലാഹു അവന്‍റെ തൗബ സ്വീകരിക്കുന്നതാണ്. (തിര്‍മിദി, ഇബ്നു മാജ)
വിവരണം: മരണ സമയത്ത് ആത്മാവ് ശരീരത്തില്‍ നിന്നും പുറപ്പെടുമ്പോള്‍ ശ്വാസനാളത്തില്‍ നിന്നും ഒരു തരം ശബ്ദം പുറപ്പെടുന്നതാണ്. അറബിയില്‍ ഇതിന് 'ഗര്‍ഗറ' എന്ന് പറയുന്നു. ഇത് മരണം ഉറപ്പായി എന്നതിന്‍റെ അവസാന അടയാളമാണ്. ഇതിന് ശേഷം ജീവിതത്തില്‍ യാതൊരു പ്രതീക്ഷയും ഉണ്ടാകുന്നതല്ല. മനുഷ്യന്‍ ഈ അവസ്ഥയില്‍ എത്തുന്നതിനു മുമ്പ് വരെ അല്ലാഹു അവന്‍റെ പശ്ചാത്താപത്തെ സ്വീകരിക്കുന്നതാണെന്ന് ഉപരിസൂചിത ഹദീസ് അറിയിക്കുന്നു. ഈ ഘട്ടമെത്തുന്നതോടെ മനുഷ്യന്‍റെ ഭൗതിക ലോകത്തോടുള്ള ബന്ധം മുറിയുന്നതും പരലോക ജീവിതത്തിലേക്കുള്ള പ്രയാണം ആരംഭിക്കുന്നതുമാണ്. അതോടെ പശ്ചാത്താപവും സ്വീകാര്യ യോഗ്യമല്ലാതായിത്തീരുന്നതാണ്. അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ ഇത് വ്യക്തമാക്കുന്നു: പാപങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും അവസാനം മരണം സമീപത്തെത്തുന്നതോടെ ഞാനിപ്പോള്‍ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവരുടെ പശ്ചാത്താപം സ്വീകരിക്കപ്പെടുന്നതല്ല.(നിസാഅ്) മരണം എപ്പോള്‍ എത്തുമെന്നറിയില്ല അതിനാല്‍ കഴിയുന്നത്ര വേഗത്തില്‍ പശ്ചാത്തപിച്ചു മടങ്ങുക. ഇതാണ് ഉപരിസൂചിത ഖുര്‍ആനിക വചനത്തിന്‍റെയും ഹദീസിന്‍റെയും സന്ദേശം.

ഇസ്തിഗ്ഫാര്‍ മരണമടഞ്ഞവര്‍ക്ക് ഏറ്റവും ഉത്തമ സമ്മാനം.
278. അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ഖബ്റില്‍ മറമാടപ്പെട്ടവരുടെ ഉപമ സമുദ്രത്തില്‍ മുങ്ങി സഹായത്തിന് അലറിവിളിക്കുന്നവരെപോലെയാണ്. ഖബ്ര്‍ വാസി തന്‍റെ പിതാവ്, മാതാവ്, സഹോദരന്‍, സുഹൃത്ത് മുതലായ ബന്ധുക്കളില്‍ നിന്നും തനിക്ക് വേണ്ടിയുള്ള ദുആ പ്രതീക്ഷിച്ച് കഴിയുന്നു.  ഇപ്രകാരമുള്ള ദുആ എത്തിക്കഴിഞ്ഞാല്‍ അതവന് ദുന്‍യാവും അതിലുള്ള സര്‍വ്വവസ്തുക്കളേക്കാളും പ്രിയങ്കരമായിരിക്കും.  ജീവിച്ചിരിക്കുന്നവരുടെ ദുആ മുഖേന ഖബ്റിലുള്ളവര്‍ക്ക് പര്‍വ്വത സമാനമായ പ്രതിഫലം രേഖപ്പെടുത്തുന്നതാണ്. ജീവിച്ചിരിക്കുന്നവര്‍ക്ക് മരണപ്പെട്ടവര്‍ക്ക് നല്‍കുവാന്‍ കഴിയുന്ന സമ്മാനം അവര്‍ക്ക് വേണ്ടി പാപമോചനം തേടലാണ്. (ബൈഹഖി)
വിവരണം:
279 അബൂഹുറയ്റ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: അല്ലാഹു സ്വര്‍ഗ്ഗത്തില്‍ സുകൃതവാനായ ഒരു ദാസന്‍റെ പദവി ഒറ്റയടിക്ക് ഉയര്‍ത്തുമ്പോള്‍ അദ്ദേഹം ചോദിക്കും. എന്‍റെ രക്ഷിതാവേ! എന്‍റെ സ്ഥാനം ഇത്ര ഉയര്‍ന്നത് എപ്രകാരമാണ്? അല്ലാഹു മറുപടി പറയും. നിന്‍റെ സന്താനം നിനക്ക് വേണ്ടി പാപമോചനം തേടിയ കാരണത്താല്‍. (മുസ്നദ് അഹ്മദ്)
വിവരണം: ഈ ഹദീസില്‍ സന്താനങ്ങളെ പരാമര്‍ശിച്ചത് ഉദാഹരണ രൂപത്തിലാണ്. യഥാര്‍ത്ഥത്തില്‍ സന്താനങ്ങളുടെ മാത്രമല്ല മറ്റു മുഅ്മിനുകളുടെ ദുആയ്ക്കും ഇപ്രകാരം ഫലമുണ്ടാകുന്നതാണ്. മാതാപിതാക്കളുടെ ജീവിത കാലത്ത് അവരെ അനുസരിക്കലും അവര്‍ക്ക് സേവനം ചെയ്യലും നിര്‍ബന്ധമായത് പോലെ മരണ ശേഷം അവര്‍ക്ക് വേണ്ടി ദുആ ഇരക്കലും സന്താനങ്ങളുടെ മേല്‍ ബാധ്യതയാണ്. തങ്ങളില്‍ നിന്നും വിടപറഞ്ഞ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ദുആ ചെയ്തു കൊണ്ടിരിക്കുവാന്‍ ബന്ധുക്കളോട് ഈ രണ്ട് ഹദീസുകളിലും പ്രേരണ നല്‍കപ്പെട്ടിരിക്കുന്നു. ചില വേള ഇത്തരം ദുആ കൊണ്ട് ദുആ  ചെയ്യപ്പെട്ടവര്‍ക്ക് എന്തു ലഭിച്ചുവെന്ന് അല്ലാഹു തന്‍റെ ചില ദാസന്മാര്‍ക്ക് വെളിപ്പെടുത്തി കൊടുക്കുന്നതുമാണ്.
അല്ലാഹു നമുക്ക് ഈ യാഥാര്‍ത്ഥ്യങ്ങളിലുള്ള ഉറച്ച വിശ്വാസം നല്‍കുമാറാകട്ടെ.


സത്യവിശ്വാസികള്‍ക്കു വേണ്ടി പാപമോചനം തേടുക
അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ നബി (സ) യോട് കല്‍പ്പിച്ചിരിക്കുന്നു: "നബിയേ അങ്ങേയ്ക്ക് വേണ്ടിയും എല്ലാ സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസി നികള്‍ക്ക് വേണ്ടിയും അങ്ങ് പാപമോചനം തേടുക" (സൂറ: മുഹമ്മദ്) അല്ലാഹുവിന്‍റെ ഈ കല്‍പന നബി (സ) യുടെ സമുദായത്തില്‍പ്പെട്ട നമുക്കും ബാധകമാണ്. ഇത് പാലിക്കാന്‍ നബി (സ) നമ്മെ വളയരെയധികം പ്രേരിപ്പിക്കുകയും ഇതിന്‍റെ മഹത്വങ്ങള്‍ വിവരിക്കുകയും ചെയ്തിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട രണ്ട് ഹദീസുകള്‍ ചുവടെ ചേര്‍ക്കുന്നു.
280. ഉബാദത്തുബ്നുസ്സ്വാമിത് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ഒരാള്‍ സത്യ വിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും വേണ്ടി പാപമോചനം തേടിയാല്‍ അവരില്‍ ഓരോരുത്തര്‍ക്കും പകരം അവന് ഓരോ നന്മ വീതം രേഖപ്പെടുത്തപ്പെടുന്നതാണ്. (ത്വബ്റാനി)
വിവരണം: മുഅ്മിനായ പുരുഷനോ സ്ത്രീക്കോ വേണ്ടി അല്ലാഹുവിനോട് പാപമോചനം തേടുന്നത് അവര്‍ക്ക് ചെയ്യുന്ന വലിയ ഉപകാരവും സേവനവുമാണെന്നുള്ളത് വളരെ വ്യക്തമാണ്. അപ്പോള്‍ പൊതുവില്‍ മുഅ്മിനുകള്‍ക്കും, മുഅ്മിനത്തുകള്‍ക്കും വേണ്ടി അല്ലാഹുവിനോട് പാപമോചനം തേടുന്ന വ്യക്തി മുന്‍ഗാമികളും പിന്‍ഗാമികളും ജീവിച്ചിരിക്കുന്നവരും മരണമടഞ്ഞവരുമായ എല്ലാ ഈമാനുള്ളവര്‍ക്കും ഉപകാരം ചെയ്തവനാകുന്നതാണ്. ഈ വ്യക്തി ദുആ ചെയ്ത ഓരോ മുഅ്മിനിനും പകരം ഓരോ നന്മ അവന് ലഭിക്കുമെന്ന് ഹദീസ് അറിയിക്കുന്നു. സുബ്ഹാനല്ലാഹ്, എണ്ണമറ്റ നന്മകള്‍ സമ്പാദിക്കുവാനുള്ള എത്ര ലളിതമായ മാര്‍ഗമാണിത്! ഇതിനു വേണ്ടി ഉപയോഗിക്കാവുന്ന ഏറ്റവും നല്ല പദങ്ങള്‍ പരിശുദ്ധ ഖുര്‍ആനില്‍ ഉദ്ധരിക്കപ്പെട്ട ഇബ്റാഹീം നബി (അ) ന്‍റെ ദുആയാണ്: ഞങ്ങളുടെ രക്ഷിതാവേ വിചാരണയുടെ ദിവസം എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്തു തരേണമേ! (ഇബ്റാഹീം: 41)
281. അബുദ്ദര്‍ദാഅ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: സത്യവിശ്വാസികളായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി എല്ലാ ദിവസവും ഇരുപത്തിയേഴ് പ്രാവശ്യം പാപമോചനം തേടുന്ന വ്യക്തി അല്ലാഹുവിന്‍റെയടുക്കല്‍ സ്വീകരിക്ക പ്പെടുന്ന ഉത്തമ ദാസന്മാരില്‍ ഉള്‍പ്പെടുന്നതും അദ്ദേഹത്തിന്‍റെ ബറക്കത്ത് മുഖേന ദുന്‍യാവിലുള്ളവര്‍ക്ക് ജീവിത വിഭങ്ങള്‍ ലഭിക്കുന്നതുമാണ്. (ത്വബ്റാനി)
വിവരണം: തന്‍റെ അടിമകള്‍ക്ക് സേവനം ചെയ്യുകയും അവരുടെ നന്മ ആഗ്രഹിക്കുകയും അവര്‍ക്ക് ഉപകാരം ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവരെ അല്ലാഹു വളരെയേറെ ഇഷ്ടപ്പെടുന്നു. ഹദീസില്‍ വരുന്നു: സൃഷ്ടികള്‍ അല്ലാഹുവിന്‍റെ കൂട്ടുകുടുംബമാണ്. അല്ലാഹുവിന് ജനങ്ങളില്‍ ഏറ്റവും പ്രിയങ്കരന്‍ തന്‍റെ കുടുംബത്തിന് കൂടുതല്‍ ഉപകാരം ചെയ്യുന്നവനാണ്. (കന്‍സുല്‍ ഉമ്മാല്‍)
ആഹാരം, വസ്ത്രം മുതലായ ജീവിതാവശ്യങ്ങള്‍ തയ്യാറാക്കിക്കൊടുത്ത് ജീവിതത്തില്‍ സുഖവും സന്തോഷവും പകരുന്നത് ദുന്‍യാവില്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാവുന്ന ഉപകാരങ്ങളാണ്. ഇതേ നിലയില്‍ അല്ലാഹുവിന്‍റെ അടിമകള്‍ക്ക് വേണ്ടി പാപമോചനത്തിനായി ദുആ ചെയ്യുന്നത് പാരത്രികമായ നിലയിലുള്ള വലിയ സേവനവും നന്മയുമാണ്. ഈ ഉപകാരത്തിന്‍റെ യഥാര്‍ത്ഥ വിലയും വലിപ്പവും മനസ്സിലാകണമെങ്കില്‍ പരലോകത്ത് നമ്മുടെ ദുആ മുഖേന ജനങ്ങള്‍ക്ക് ലഭിച്ച ഫലങ്ങള്‍ കണ്‍മുന്നില്‍ വരിക തന്നെ ചെയ്യണം. ചുരുക്കത്തില്‍ മുഅ്മിനുകള്‍ക്ക് വേണ്ടി രാത്രിയും പകലും നിഷ്കളങ്കതയോടെ പാപമോചനം തേടുന്ന ആളുകള്‍ ഉമ്മത്തിന്‍റെ വലിയ ഉപകാരികളും അല്ലാഹുവിന് വളരെ പ്രിയപ്പെട്ടവരുമാണ്. അവരുടെ ദുആ സ്വീകരിക്കപ്പെടുന്നതും അവരുടെ സാന്നിധ്യം ഐശ്വര്യ ദായകമായിത്തീരുന്നതുമാണ്. പക്ഷേ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ദുന്‍യാവില്‍ പൊതുവായ നിലയില്‍ മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും സേവനം ചെയ്യല്‍ പ്രതിഫലാര്‍ഹമായ നന്മയാണ്. എന്നാല്‍ അല്ലാഹുവിനോട് പാപമോചനത്തിനും സ്വര്‍ഗത്തിനും വേണ്ടിയുള്ള ദുആ എന്ന മഹത്തരമായ നന്മ ഈമാനുള്ളവര്‍ക്ക് വേണ്ടി മാത്രമേ ചെയ്യാവൂ. കാരണം കുഫ്റും ശിര്‍ക്കും പ്രവര്‍ത്തിക്കുന്നവര്‍ അതില്‍ നിന്നും പശ്ചാത്തപിക്കാത്തിടത്തോളം മാപ്പിനും, സ്വര്‍ഗത്തിനും അര്‍ഹരല്ല. അവര്‍ക്ക് ഹിദായത്ത് ലഭിക്കാനുള്ള ദുആയാണ് അവര്‍ക്കുള്ള ഏറ്റവും വലിയ സേവനം.
നിഷ്കളങ്കമായ പശ്ചാത്താപത്തിലൂടെ വന്‍ പാപങ്ങളും പൊറുക്കപ്പെടുന്നതാണ്
അല്ലാഹുവിന്‍റെ കൃപയും കാരുണ്യവും വളരെ വിശാലമാണ്. തല്‍ഫലമായി പശ്ചാത്താപത്തിലൂടെ വലിയ പാപങ്ങളും അല്ലാഹു പൊറുക്കുന്നതാണ്. എന്നാല്‍ പടച്ചവന്‍ അതിശക്തനും അതീവ ഗൗരവമുള്ളവനുമാണ്. അല്ലാഹു ഇപ്രകാരം വര്‍ത്തിക്കുന്നത് പാപങ്ങള്‍ ചെയ്ത ശേഷം പശ്ചാത്തപിക്കാതിരിക്കുകയും വിനയം കാട്ടാതിരിക്കുകയും പാപത്തില്‍ തന്നെ അടിയുറച്ച് നിന്ന് ഈ ലോകത്ത് നിന്നും യാത്രയാവുകയും ചെയ്യുന്നവരോടാണ്. എത്ര വലിയ പാപിയാണെങ്കിലും ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുന്നവര്‍ക്ക് അല്ലാഹു പൊറുത്ത് കൊടുക്കുക തന്നെ ചെയ്യുന്നതാണ്. ഈ കാര്യം വിവരിക്കുന്ന  അത്ഭുതകരമായ ഒരു ഹദീസ് ശ്രദ്ധിക്കുക:  
282. അബൂസഈദ് (റ) ഖുദ്രി (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ക്ക് മുമ്പുള്ള ഒരു വ്യക്തി അല്ലാഹുവിന്‍റെ 99 അടിമകളെ വധിക്കുകയുണ്ടായി. ശേഷം അദ്ദേഹത്തിന്‍റെ മനസ്സില്‍ ദു:ഖമുണ്ടാവുകയും പരലോകത്തെക്കുറിച്ച് ചിന്ത ശക്തമാവുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം ജനങ്ങളോട് ചോദിച്ചു: ഈ പ്രദേശത്തുള്ള ഏറ്റവും വലിയ പണ്ഡിതനാരാണ്? (അദ്ദേഹത്തിന്‍റെ അരികില്‍ പോയി എന്‍റെ മാപ്പിനുള്ള പരിഹാരം കണ്ടെത്താമായിരുന്നു.) ജനങ്ങള്‍ ഒരു സന്യാസിയെ കാണിച്ച് കൊടുത്തു. അദ്ദേഹം സന്യാസിയുടെ അരികിലേക്ക് പോയി. അദ്ദേഹത്തിന്‍റെ അരികില്‍ ചെന്ന് പറഞ്ഞു: ഞാന്‍ 99 പേരെ വധിച്ച ഭാഗ്യഹീനനാണ്. എന്‍റെ പശ്ചാത്താപം സ്വീകരിക്കപ്പെടുമോ? സന്യാസി പറഞ്ഞു: ഒരിക്കലുമില്ല. ഇത് കേട്ടപ്പോള്‍ 99 പേരെ വധിച്ച കൊലയാളി ആ സന്യാസിയെയും വധിച്ച് എണ്ണം നൂറ് തികച്ചു. (എന്നാല്‍ പിന്നെയും അദ്ദേഹത്തിന് ചിന്ത ശക്തമായി). ശേഷം അദ്ദേഹം ജനങ്ങളോട് വലിയ ഒരു പണ്ഡിതനെക്കുറിച്ച് ചോദിച്ചു. ജനങ്ങള്‍ ഒരു പണ്ഡിതനെ കാണിച്ചുകൊടുത്തു. അദ്ദേഹത്തിനരികിലെത്തി ഘാതകന്‍ പറഞ്ഞു: ഞാന്‍ നൂറ് പേരെ വധിച്ചു. ഇത്രവലിയ പാപിയുടെ പശ്ചാത്താപം സ്വീകരിക്കപ്പെടുമോ? പണ്ഡിതന്‍ പറഞ്ഞു: അതെ, (ഇങ്ങനെയുള്ളവരുടെയും പശ്ചാത്താപം സ്വീകരിക്കപ്പെടുന്നതാണ്.) മനുഷ്യന്‍റെയും പശ്ചാത്താപത്തിന്‍റെയും ഇടയില്‍ മറയിടാന്‍ ആരുമില്ല. (തൗബ സ്വീകരിക്കുന്നതില്‍ നിന്നും തടയാന്‍ ആരുമില്ല. പണ്ഡിതന്‍ പറഞ്ഞു: എന്‍റെ അഭിപ്രായത്തില്‍) നീ ഇന്ന നാട്ടിലേക്ക് പോവുക. അവിടെ നന്മകളില്‍ മുഴുകിക്കഴിയുന്ന കുറേ ആളുകളുണ്ട്. നീ അവരോടൊപ്പം കൂടി നന്മകളില്‍ നിരതനാവുക. (ആ നാട്ടില്‍ പടച്ചവന്‍റെ കാരുണ്യം ഇറങ്ങുന്നതാണ്.) ആ നാട്ടില്‍ നിന്നും നിന്‍റെ നാട്ടിലേക്ക് നീ മടങ്ങിവരാന്‍ പാടില്ല. നിന്‍റെ നാട്ടില്‍ തിന്മകള്‍ വ്യാപകമായിരിക്കുന്നു. അങ്ങനെ അദ്ദേഹം ആ നാട്ടിലേക്ക് യാത്രയായി. പകുതി ദൂരം മുറിച്ച് കടന്നപ്പോള്‍ പെട്ടെന്ന് അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചു. തദവസരം അദ്ദേഹത്തിന്‍റെ അരികിലേക്ക് വന്ന കാരുണ്യത്തിന്‍റെ മലക്കുകളും ശിക്ഷയുടെ മലക്കുകളും പരസ്പരം ഭിന്നിച്ചു. കാരുണ്യത്തിന്‍റെ മലക്കുകള്‍ പറഞ്ഞു: ഇദ്ദേഹം പശ്ചാത്തപിച്ച് വന്നതാണ്. സത്യസന്ധമായ മനസ്സോടെ പടച്ചവനിലേക്ക് തിരിഞ്ഞിരിക്കുന്നു. (അതുകൊണ്ട് ഇദ്ദേഹം കാരുണ്യത്തിന് അര്‍ഹനാണ്). ശിക്ഷയുടെ മലക്കുകള്‍ പറഞ്ഞു: ഇദ്ദേഹം ഒരിക്കലും ഒരു നന്മയും ചെയ്തിട്ടില്ല. (നൂറ് പേരെ കൊല്ലുകയും ചെയ്തു. ഇദ്ദേഹം കഠിന ശിക്ഷയ്ക്ക് അര്‍ഹനാണ്.) ഈ സമയത്ത്  (അല്ലാഹുവിന്‍റെ അനുമതി പ്രകാരം) മറ്റൊരു മലക്ക് അവിടെ മനുഷ്യ രൂപത്തില്‍ ഹാജരായി. ഇരു വിഭാഗം മലക്കുകളും അദ്ദേഹത്തെ മധ്യസ്ഥനായി അംഗീകരിച്ചു. അദ്ദേഹം തീരുമാനം ഇപ്രകാരം പറഞ്ഞു: രണ്ട് നാടുകളുടെയും ഇടയിലുള്ള ദൂരം അളക്കുക. (അതായത്, നാശകാരികളുടെ നാടും ഇദ്ദേഹവും തമ്മിലുള്ള ദൂരവും നല്ലവരുടെ നാടും ഇദ്ദേഹം തമ്മിലുള്ള ദൂരവും അളക്കുക.) ഇദ്ദേഹം അടുത്ത നാട്ടിലെ ആളായി ഗണിക്കുക. അങ്ങനെ അളക്കപ്പെട്ടപ്പോള്‍ ഇദ്ദേഹം നല്ലവരുടെ നാട്ടിലേക്ക് അല്‍പ്പം അടുത്തതായി കാണപ്പെട്ടു. അങ്ങനെ കാരുണ്യത്തിന്‍റെ മലക്കുകള്‍ അദ്ദേഹത്തിന്‍റെ കാര്യം ഏറ്റെടുത്തു. (ബുഖാരി, മുസ്ലിം)
വിവരണം: ഈ ഹദീസ് ഒറ്റപ്പെട്ട ഒരു സംഭവത്തിന്‍റെ ചിത്രീകരണമല്ല. മറിച്ച് ഈ സംഭവത്തിലൂടെ റസൂലുല്ലാഹി (സ) അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ വിശാലതയും സമ്പൂര്‍ണ്ണതയും വിശദീകരിക്കുകയാണ്. ഈ സംഭവത്തിന്‍റെ സന്ദേശം ഇതാണ്: മഹാപാപികളും സത്യസന്ധമായ മനസ്സോടെ പശ്ചാത്തപിക്കുകയും ശിഷ്ട ജീവിതം നന്മയുള്ളതാക്കാന്‍ തീരുമാനിക്കുകയും ചെയ്താല്‍ അല്ലാഹു അവര്‍ക്കും പൊറുത്ത് കൊടുക്കുന്നതാണ്. അത്തരം ആളുകളെ കരുണാവാരിധിയായ രക്ഷിതാവിന്‍റെ കാരുണ്യം സ്വീകരിക്കുന്നതാണ്. പശ്ചാത്താപത്തിന് ശേഷം അവരുടെ മരണം ഉടനടി സംഭവിക്കുകയും നന്മയൊന്നും ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്താലും അവര്‍ അനുഗ്രഹീതരാകുന്നതാണ്. 
ഈ ഹദീസുമായി ബന്ധപ്പെട്ട് വൈജ്ഞാനികമായ ഒരു സംശയമുണ്ട്. അതായത്, അന്യായമായ വധം സൃഷ്ടികളോടുള്ള കടമയുമായി ബന്ധപ്പെട്ട കാര്യം കൂടിയാണ്. കൊലയാളി ആരെയെങ്കിലും അന്യായമായി വധിച്ചാല്‍ അയാള്‍ പടച്ചവന് എതിര് പ്രവര്‍ത്തിക്കുന്നതിനോടൊപ്പം കൊല്ലപ്പെട്ട വ്യക്തിയുടെ മേലും അദ്ദേഹത്തിന്‍റെ ഭാര്യമക്കളുടെ മേലും വലിയ അക്രമമാണ് കാണിച്ചിട്ടുള്ളത്. ഇത്തരം അക്രമങ്ങള്‍ പടച്ചവനോട് പശ്ചാത്തപിക്കുന്നത് കൊണ്ട് മാത്രം മാപ്പാക്കപ്പെടുന്നതല്ല. അക്രമിക്കപ്പെട്ടവരുടെ മാപ്പും അത്യാശ്യമാണ്. ഹദീസ് വ്യാഖ്യാതാക്കള്‍ ഈ സംശയത്തിന് നല്‍കിയ ഏറ്റവും ഉചിതമായ മറുപടി ഇപ്രകാരമാണ്: അതെ, നിയമം മേല്‍ പറഞ്ഞത് തന്നെയാണ്. എന്നാല്‍ അക്രമിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് മറ്റ് ചില രൂപങ്ങളും കൂടിയുണ്ട്. അതായത്, അക്രമിക്കപ്പെട്ടവര്‍ക്ക് അല്ലാഹു പരലോകത്തില്‍ അവന്‍റെ പ്രത്യേക കാരുണ്യത്തില്‍ നിന്നും ഉന്നത നിധികള്‍ നല്‍കി അവരെ തൃപ്തിപ്പെടുത്തലും ഇതില്‍ പെട്ടതാണ്.  ഈ ഹദീസ് നൂറ് കൊല നടത്തിയ ദാസന്‍ വധിച്ച എല്ലാ വ്യക്തികള്‍ക്കും അവര്‍ തൃപ്തിപ്പെടുന്ന നിലയില്‍ അല്ലാഹു അനുഗ്രഹങ്ങള്‍ നല്‍കുന്നതും കൊലയാളിയായ വ്യക്തി പടച്ചവന്‍റെ കരുണ കൊണ്ട് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതുമാണ്.    

നിഷേധികള്‍ക്കും പ്രതീക്ഷ പകരുന്ന കാരുണ്യം
283. സൗബാന്‍ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: പരിശുദ്ധ ഖുര്‍ആനിലെ ഒരു ആയത്തിനു പകരം മുഴുവന്‍ ദുന്‍യാവും (അതിലെ എല്ലാ അനുഗ്രഹങ്ങളും) ലഭിച്ചാലും എനിക്കത് സന്തുഷ്ടി നല്‍കുകയില്ല. പ്രസ്തുത ആയത്ത്: "(പാപം ചെയ്യുക മുഖേന) സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും" അപ്പോള്‍ ഒരു വ്യക്തി ചോദിച്ചു: ഇത് ശിര്‍ക്ക് പ്രവര്‍ത്തിച്ചവര്‍ക്കും ബാധകമാണോ? നബി (സ)ആദ്യം മൗനം പാലിച്ചു: തുടര്‍ന്ന് മൂന്ന് പ്രാവശ്യം പറഞ്ഞു: ഇത് മുശ്രിക്കുകള്‍ക്കും ബാധകമാണ്. (അഹ്മദ്)
വിവരണം: ഹദീസില്‍ ഉദ്ധരിക്കപ്പെട്ട ആയത്ത് സൂറത്തു സുമറിലേതാണ്. അല്ലാഹു എല്ലാതരം പാപികളെയും സംബോധന ചെയ്തു കൊണ്ട് തന്‍റെ കാരുണ്യത്തെക്കുറിച്ച് നല്‍കുന്ന സന്ദേശത്തിന്‍റെ പൂര്‍ത്തീകരണം തുടര്‍ന്നുള്ള ആയത്തുകളില്‍ ഇപ്രകാരം വരുന്നു "നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിന് മുമ്പെ നിങ്ങള്‍ രക്ഷിതാവിലേക്ക് താഴ്മയോടെ മടങ്ങുകയും അവന് കീഴ്പ്പെടുകയും ചെയ്യുക. അത് വന്നതിന് ശേഷം നിങ്ങളെ സഹായിക്കപ്പെടുന്നതല്ല. നിങ്ങള്‍ ഓര്‍ക്കാതിരിക്കെ പെട്ടെന്ന് ശിക്ഷ വന്നെത്തുന്നതിനു മുമ്പായി, നിങ്ങളുടെ രക്ഷിതാവില്‍ നിന്നും നിങ്ങള്‍ക്ക് അവതരിക്കപ്പെട്ടതില്‍ ഏറ്റവും ഉത്തമമായതിനെ പിന്‍പറ്റുകയും ചെയ്യുക" (സുമര്‍)
അല്ലാഹുവിന്‍റെ കാരുണ്യം അതിവിശാലമാണെന്നും കൊടും പാതകികള്‍ക്കും പാപികള്‍ക്കും വേണ്ടി പോലും അത് കൊട്ടിയടക്കപ്പെടുകയില്ലെന്നും ഈ ആയത്തുകള്‍ പഠിപ്പിക്കുന്നു. എന്നാല്‍ ശിക്ഷയോ മരണമോ വന്നെത്തുന്നതിനു മുമ്പായി പശ്ചാത്തപിച്ച് അല്ലാഹുവിന് പൊരുത്തമായ മാര്‍ഗത്തിലേക്ക് നീങ്ങണമെന്ന് മാത്രം. ഇത് സത്യ നിഷേധികള്‍ക്കും ബഹുദൈവാരാധകര്‍ക്കും കൂടിയുള്ള സന്ദേശമാണ്.
മുഴുവന്‍ ലോകത്തിനും കാരുണ്യമായ നബി (സ) ക്ക് അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ സന്ദേശം സന്തോഷമല്ലാതെ മറ്റെന്തു നല്‍കാനാണ്! തന്‍റെ അതിരില്ലാത്ത സന്തോഷം നബി (സ) ഈ ഹദീസില്‍ പ്രകടിപ്പിച്ചിരിക്കുന്നു. ഇതിനോടൊപ്പം തന്നെ അവന്‍റെ കോപവും പ്രതികാരവും പരിപൂര്‍ണ്ണമാണെന്ന് നാം മനസ്സിലാക്കണം. സത്യ നിഷേധവും പാപവും പ്രവര്‍ത്തിച്ചതിന് ശേഷവും അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങാത്തവരെയാണ് അത് പിടികൂടുക.

ഇസ്തിഗ്ഫാറിന്‍റെ പ്രത്യേക വാചകങ്ങള്‍
തൗബയുടെയും ഇസ്തിഗ്ഫാറിന്‍റെയും സ്വീകാര ്യതയുടെ അടിസ്ഥാന വശം അത് നിര്‍വ്വഹിക്കു ന്നയാളുടെ മാനസികാവസ്ഥയാണ്. നിഷ്കളങ്കമായി ചെയ്യപ്പെടുന്ന തൗബ ഏത് ഭാഷയിലായാലും അല്ലാഹുവിന്‍റെയടുക്കല്‍ അംഗീകരിക്കപ്പെടും. എങ്കിലും റസൂലുല്ലാഹി (സ) തൗബയുടെ ചില പ്രത്യേക വചനങ്ങളും അവയുടെ ശ്രേഷ്ഠതകളും വിവരിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ചില ഹദീസുകളാണ് ഇനി വിവരിക്കുന്നത്.
284. നബി (സ) അടിമത്വ മോചനം നടത്തിയ ബിലാല്‍ ബ്നു യസാര്‍ പറയുന്നു."എന്‍റെ പിതാവ് സ്വപിതാവില്‍നിന്നും ഉദ്ധരിച്ചു: റസൂലുല്ലാഹി (സ) ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു:  (.................................) (ഏക ആരാധ്യനും എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുവിനോട് ഞാന്‍ പൊറുക്കലിനെ തേടുകയും അവനിലേക്ക് പശ്ചാതപിച്ച് മടങ്ങുകയും ചെയ്യുന്നു)
ഈ വചനങ്ങള്‍ പറഞ്ഞ് കൊണ്ട് ഒരുവന്‍ പശ്ചാതപിച്ചാല്‍ അവന് പരിപൂര്‍ണ്ണമായി പാപമോചനം ലഭിക്കുന്നതാണ്. അവന്‍ യുദ്ധ ഭൂമിയില്‍ നിന്നും പിന്തിരിഞ്ഞോടിയാലും ശരി. (തിര്‍മിദി. അബൂദാവൂദ്) വിവരണം: യുദ്ധ ഭൂമിയില്‍ നിന്നും പിന്തിരിഞ്ഞോ ടുന്നത് വന്‍ പാപമാണ്. എന്നാല്‍ ഇത് പോലുള്ള വന്‍പാപങ്ങളും ഈ വചനങ്ങള്‍ വഴി അല്ലാഹു പൊറുക്കുമെന്ന് നബി (സ) അറിയിച്ചിരിക്കുന്നു. വഹ്യിന്‍റെ അടിസ്ഥാനത്തി ലല്ലാതെ നബി (സ)ക്ക് ഇത് പറയാന്‍ സാധിക്കുകയില്ല. അതിനാല്‍ ഇത് അല്ലാഹു പഠിപ്പിച്ച വചനങ്ങളാണന്ന് വ്യക്തമാകുന്നു. എന്നാല്‍ ഇസ്തിഗ്ഫാര്‍ എന്നത് വാചകങ്ങളുടെ പേരല്ലെന്നും അല്ലാഹു അംഗീകരിക്കുന്നത് ഹൃദയത്തില്‍ നിന്നും ഉല്‍ഭവിക്കുന്ന ഇസ്തിഗ്ഫാറാ ണെന്നും ഓര്‍മ്മ വെയ്ക്കേണ്ടതാണ്.




രചനാ പരിചയം 

റമദാന്‍ ഓഫര്‍






Ph: 7736723639


പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി



ഞങ്ങളുടെ കേന്ദ്ര സ്ഥാപനം


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌