▪️മുഖലിഖിതം

വഖ്ഫിൻ്റെ കാരുണ്യ സന്ദേശം പ്രചരിപ്പിക്കുക

▪️ജുമുഅ സന്ദേശം 
വഖ്ഫ്; സ്വത്തിൻ്റെ കാര്യമല്ല! മതത്തിൻ്റെ കാര്യമാണ്
✍️ മൗലാന ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി

▪️മആരിഫുല്‍ ഖുര്‍ആന്‍ 
                                        സൂറത്തുൽ ഹദീദ്-4
ഇഹലോകത്തിന്‍റെ നശ്വരത, പരലോകത്തിലേക്കുള്ള പ്രേരണ
                      ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️മആരിഫുല്‍ ഹദീസ്

വിജ്ഞാനം പഠിക്കുന്നതിന്‍റെയും പഠിപ്പിക്കുന്നതിന്‍റെയും സ്ഥാന മഹത്വങ്ങള്‍ 
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി




മുഖലിഖിതം

വഖ്ഫിൻ്റെ കാരുണ്യ സന്ദേശം പ്രചരിപ്പിക്കുക


മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി
(പ്രസിഡൻ്റ്, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)


> തഹഫുസ്സേ ഔഖാഫ് കാറവാൻ (വഖ്ഫ് സംരക്ഷണ വാഹക സംഘം) ഉദ്ഘാടന സമ്മേളനത്തിൽ ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് ചെയർമാൻ കണ്ണീർ വാർത്തു കൊണ്ടു നടത്തിയ സമാപന പ്രഭാഷണം.

ബഹുമാന്യ സഹോദരങ്ങളെ,

ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിന്റെ ഭാഗത്ത് നിന്നും ചില കാര്യങ്ങൾ വളരെ പ്രധാന്യത്തോടെ നിങ്ങളോട് അറിയിക്കുകയും അഭ്യർത്ഥിക്കുകയും ചെയ്യുകയാണ്. ഇതേ പ്രാധാന്യത്തോടെ നിങ്ങളിത് സ്വീകരിക്കുകയും ഉൾകൊള്ളുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു:

ഒന്നാമത്തെ കാര്യം, ജനങ്ങളെ കൂട്ടത്തിൽ ചേർത്ത് നിർത്തലും എല്ലാവരോടും സ്നേഹ കാരുണ്യങ്ങളോടെ വർത്തിക്കലും നമ്മുടെ നായകൻ മുഹമ്മദുർ റസൂലുല്ലാഹി ﷺ യുടെ പ്രധാന ചര്യയാണ്.

ആദരവായ റസൂലുല്ലാഹി ﷺ ഒരിക്കൽ സ്വഹാബത്തിനിടയിൽ ഇരിക്കുകയായിരുന്നു. ഇതിനിടയിൽ ഒരു ഗ്രാമീണനായ വ്യക്തി വന്നു പറഞ്ഞു: താങ്കളുടെ സമ്പത്തിൽ നിന്നും എനിക്ക് തരിക. ഇത് താങ്കളുടെയോ താങ്കളുടെ പിതാവിൻ്റെയോ സമ്പത്തല്ല! റസൂലുല്ലാഹി ﷺ സഹനത നിറഞ്ഞ വ്യക്തിത്വമായിരുന്നു. ഗ്രാമീണരിൽ വലിയ സംസ്കാരമൊന്നും കാണുകയില്ലെന്നും റസൂലുല്ലാഹി ﷺ ക്ക് അറിവുണ്ടായിരുന്നു. റസൂലുല്ലാഹി ﷺ വീടിനകത്തേക്ക് പോയി അൽപ്പം പണം എടുത്തു കൊണ്ടുവന്നു കൊടുത്തു. പക്ഷേ അദ്ദേഹത്തിന് തൃപ്തിയായില്ല. അധികം സമ്പത്ത് ആഗ്രഹിച്ചിരുന്ന അദ്ദേഹം നൽകപ്പെട്ടത് കുറവാണെന്ന് കണ്ടു പറഞ്ഞു: താങ്കൾ ശരിയായ നിലയിൽ ഉപകാരം ചെയ്തില്ല. റസൂലുല്ലാഹി ﷺ വീണ്ടും അകത്തു പോയി മിച്ചമുള്ളത് എടുത്ത് കൊണ്ടുവന്നു കൊടുത്തു. അദ്ദേഹത്തിൻ്റെ ഈ സ്വഭാവം സ്വഹാബികൾക്ക് വലിയ അസ്വസ്ഥതയുണ്ടാക്കി. ഇത് മനസ്സിലാക്കിയ റസൂലുല്ലാഹി ﷺ സ്വഹാബത്തിനോട് പറഞ്ഞു: ഒരു വ്യക്തിയുടെ ഒട്ടകം വിറളി പിടിച്ചു ഓടാൻ തുടങ്ങി. ഇതു കണ്ട ജനങ്ങൾ അതിനെ പിടികൂടാൻ പിന്നാലെ കൂടി ജനങ്ങളുടെ ഓട്ടത്തിനനുസരിച്ച് ഒട്ടകത്തിനും വെപ്രാളം വർദ്ധിച്ചു. ഈ വിവരമറിഞ്ഞ ഉടമ പെട്ടെന്ന് മുന്നോട്ടു വരികയും ജനങ്ങളോട് മാറി നിൽക്കാൻ പറയുകയും തൻ്റെയും കൈയ്യിലുണ്ടായിരുന്ന കുറഞ്ഞ ആഹാര സാധനങ്ങൾ ഒട്ടകത്തെ കാണിച്ചു വിളിക്കുകയും ചെയ്തു. ഇത് കണ്ട ഉടനെ ഒട്ടകം മടങ്ങിവന്നു അദ്ദേഹത്തിൻ്റെ കൈയ്യിൽ നിന്നും ആഹാരം കഴിക്കാൻ തുടങ്ങി. അദ്ദേഹം ഒട്ടകത്തെ സ്നേഹത്തോടെ തലാേടി കൊണ്ടിരുന്നു. ഇതുപോലെ എൻ്റെ സമുദായത്തിൽ ആരെങ്കിലും വഴി തെറ്റിപ്പോയാൽ അവരെ നേർമാർഗ്ഗത്തിലാക്കാൻ ഞാൻ പരിശ്രമിക്കുന്നതാണ്. 

റസൂലുല്ലാഹി ﷺ ജനങ്ങൾക്ക് മാപ്പു കൊടുക്കുമായിരുന്നു. പാപികളെയും രക്ഷിക്കാൻ പരിശ്രമിച്ചിരുന്നു. ഒരിക്കൽ മദ്യപാനം നടത്തിയ വ്യക്തിയെ കൊണ്ടു വരപ്പെട്ടു. തദവസരം ജനങ്ങൾ അദ്ദേഹത്തെ ശക്തമായി ശകാരിച്ചു. അതിനിടയിൽ ഒരു സ്വഹാബി പറഞ്ഞു: നിങ്ങളുടെ മേൽ പടച്ചവൻ്റെ ശാപമുണ്ടാകട്ടെ! നിങ്ങൾ എത്ര പ്രാവശ്യം ഇപ്രകാരം മദ്യപാനം നടത്തിയിട്ടുണ്ട്. ഉടനെ റസൂലുല്ലാഹി ﷺ അരുളി: നിങ്ങൾ അപ്രകാരം പറയരുത്! നിങ്ങൾ പിശാചിനെ സഹായിക്കാതിരിക്കുക! ഇദ്ദേഹം മദ്യപാനം നടത്തിയെങ്കിലും ഇദ്ദേഹം അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നു. ഇപ്രകാരം പരസ്പരം കരുണയോടെ വർത്തിക്കാനും  ഐക്യത്തോടെ മുമ്പോട്ടു നീങ്ങാനും നാം പരിശ്രമിക്കേണ്ടതാണ്. ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിന്റെ പ്രധാന സന്ദേശം തന്നെ ഐക്യമാണ്. പരസ്പരം അകന്നു കഴിഞ്ഞിരുന്ന സമുദായ നേതൃത്വത്തെയും അംഗങ്ങളെയും ബോർഡ് ഐക്യപ്പെടുത്തുകയും ഒരു വേദിയിൽ ഒരുമിച്ചു കൂട്ടുകയും ചെയ്തു. ഇതു നിലനിർത്താൻ നാം പ്രത്യേകം പരിശ്രമിക്കേണ്ടതാണ്. 

രണ്ടാമത്തെ കാര്യം, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിന്റെ എല്ലാ പ്രവർത്തനങ്ങളും പോരാട്ട പരിശ്രമങ്ങളും നിയമത്തിനുള്ളിൽ നിന്നു കൊണ്ടായിരിക്കണം. സത്യത്തിനും നീതിക്കും വേണ്ടി നാം അങ്ങേയറ്റം പരിശ്രമിക്കുകയും ജീവൻ കൊടുക്കേണ്ടി വന്നാൽ അതിന് സന്നദ്ധമാവുകയും ചെയ്യും. പക്ഷേ ആരുടെയും ജീവനെടുക്കാൻ നാം പരിശ്രമിക്കുന്നതല്ല! 

മൂന്നാമത്തെ കാര്യം, ശരീഅത്തിന്റെ വിഷയങ്ങൾ നാം പഠിക്കുകയും എല്ലാ സഹോദരങ്ങൾക്കും എത്തിച്ചു കൊടുക്കുകയും ചെയ്യുക എന്നുള്ളതാണ്. പ്രത്യേകിച്ച് ഇന്ന് വഖ്ഫിൻ്റെ പ്രശ്നം വന്നിരിക്കുകയാണ്. ഇതിനെ കുറിച്ച് സഹോദര സമുദായംഗങ്ങൾക്ക് ഒന്നുമറിയില്ല എന്നതാണ് വാസ്തവം. നാം ഓരോരുത്തരും കുറഞ്ഞത് അഞ്ച് സഹോദരങ്ങളെ വീതം കണ്ട് ഇതിൻെ കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കാൻ പരിശ്രമിച്ചാൽ അവരുടെ തെറ്റിദ്ധാരണ മാറുന്നതും അവർ കാര്യങ്ങൾ ഗ്രഹിക്കുന്നതുമാണ്. ഇതോടൊപ്പം അവരുമായി സ്നേഹ ബന്ധം സ്ഥാപിക്കുകയും സൗഹൃദപൂർവ്വം വർത്തിക്കുകയും വേണം. അകൽച്ചകളിലൂടെ തെറ്റിദ്ധാരണകൾ ഉണ്ടാവുന്നതാണ്. പരസ്പരം അടുത്ത് ഇടപെഴുകുന്നതിലൂടെ മാത്രം ധാരാളം തെറ്റിദ്ധാരണകൾ മാറുന്നതാണ്. റസൂലുല്ലാഹി ﷺ അമുസ്‌ലിം സഹോദരങ്ങളുടെ രോഗ സന്ദർശനത്തിനും മരണങ്ങളെ തുടർന്നു അനുശോചനത്തിനും പോയിരുന്നു. അവരെ ആഹാരത്തിന് ക്ഷണിക്കുകയും അവരുടെ ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു. ഉമ്മുൽ മുഅ്മിനീൻ മൈമൂന (റ) വിവാഹം കഴിച്ച ശേഷം അതിൻ്റെ സൽക്കാരത്തിന് വേണ്ടി മക്കയിലെ അമുസ്‌ലിംകളെയും ക്ഷണിച്ചു. മക്കയിൽ കടുത്ത ക്ഷാമമുണ്ടായപ്പോൾ റസൂലുല്ലാഹി ﷺ സ്വഹാബികളിൽ നിന്നും പിരിവെടുത്ത് അഞ്ഞൂറ് സ്വർണ്ണ നാണയം അയച്ചു കൊടുക്കുകയും അവരുടെ ബുദ്ധിമുട്ടുകൾ മാറുന്നതിന് പ്രാർത്ഥിക്കുകയും ചെയ്തു. അതെ, ഇസ്‌ലാം കാരുണ്യത്തിൻ്റെ ദർശനമാണ്. ഈ ഒരു വീക്ഷണം നമ്മുടെ രാജ്യത്ത് പ്രചരിപ്പിക്കേണ്ടതിന് നാം കാരുണ്യത്തോടെ ജീവിക്കേണ്ടത് അത്യാവശ്യമാണ്. 

പ്രത്യേകിച്ചും വഖ്ഫിനെ കുറിച്ച് പ്രധാനമന്ത്രിയും കൂട്ടരും വളരെ തെറ്റായ പ്രചാരണങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്. വഖ്ഫ് മാനവ നന്മക്കുള്ള വളരെ ഉന്നതമായൊരു മാർഗ്ഗമാണെന്ന് വാമൊഴിയായും വരമൊഴിയായും പ്രഭാഷണങ്ങളിലൂടെയും എഴുത്തുകളിലൂടെയും സാധിക്കുന്ന നിലയിലെല്ലാം നാം പ്രചാരണങ്ങൾ നടത്തേണ്ടതാണ്. കൂട്ടത്തിൽ വഖ്ഫിനെ ശരിയായ മാർഗ്ഗത്തിലും കൂടുതൽ ജനോപകാര പ്രദമായ നിലയിലും പ്രാവർത്തികമാക്കാൻ ശ്രദ്ധിക്കുകയും വേണം. പടച്ചവൻ നന്മകൾക്ക് ഉതവി നൽകുകയും നമ്മുടെ പ്രവർത്തനങ്ങൾ എളുപ്പമാക്കുകയും സ്വീകരിക്കുകയും ചെയ്യട്ടെ!

**************************************



***********************



ജുമുഅ സന്ദേശം 



ALL INDIA MUSLIM PERSONAL LAW BOARD

വഖ്ഫ്; സ്വത്തിൻ്റെ കാര്യമല്ല! മതത്തിൻ്റെ കാര്യമാണ്.


മൗലാനാ ഫസ്‌ലുർ റഹീം മുജദ്ദിദി
(ജനറൽ സെക്രട്ടറി, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്, റെക്ടർ, ജാമിഅ ഹിദായ, ജയ്പൂർ)

ഹംദ് സ്വലാത്തുകൾക്ക് ശേഷം

ബഹുമാന്യരെ,

ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് വഖ്ഫിൻ്റെ വിഷയത്തിൽ നടത്തുന്ന ഈ പോരാട്ടം പണത്തിൻ്റെയോ പണ്ടത്തിൻ്റെയോ പോരാട്ടമോ,  ഭൂസ്വത്തിന് വേണ്ടിയുള്ള തർക്കമോ അല്ല! ഈ പരിശ്രമങ്ങൾ മൂല്യങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുള്ളതാണ്. നമ്മുടെ മുൻഗാമികൾ ഈ രാജ്യത്തിന് വേണ്ടി ധാരാളം ചോര കൊടുത്തു. നിരവധി ത്യാഗ പരിശ്രമങ്ങൾ നടത്തി. അതെല്ലാം ഈ രാജ്യമാകുന്ന പൂന്തോട്ടം പുഷ്പിക്കാനും വളരാനും ഉയരാനും വേണ്ടിയായിരുന്നു. നമ്മുടെ മുൻഗാമികൾ ഈ രാജ്യത്തിന്റെ നെഞ്ചിൽ നിന്നും അടിമത്വത്തിൻ്റെ ചങ്ങലകൾ പൊട്ടിച്ചെറിയാൻ കഠിനാധ്വാനം നടത്തുകയും അതിലവർ വിജയിക്കുകയും ചെയ്തു. പക്ഷേ ഇന്ന് ഈ രാജ്യത്തിൻ്റെ പൂങ്കാവനം നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. രാജ്യം സ്വതന്ത്ര്യമാന്നെങ്കിലും വലിയൊരു വിഭാഗത്തിന് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്. വിശിഷ്യാ വഖ്ഫിൻ്റെ പുതിയ കരിനിയമം ഉണ്ടാക്കി കൊണ്ട് നമ്മുടെ മസ്ജിദുകളും മദ്റസകളും ഖബർസ്ഥാനുകളും നശിപ്പിക്കാൻ പദ്ധതി ഇട്ടിരിക്കുന്നു. 

ഇത്തരുണത്തിൽ ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് നടത്തുന്ന ഈ പരിശ്രമങ്ങൾ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വേണ്ടിയുള്ളതാണ്. ഈ പോരാട്ടം രാജ്യത്തിൻ്റെ മതേതരത്വം സംരക്ഷിക്കുന്നതിനും ഭരണഘടന കാത്തു സൂക്ഷിക്കുന്നതിനും ഉയർത്തിപ്പിടിക്കുന്നതിനും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും ഭരണഘടന നൽകുന്ന അവകാശങ്ങൾ നിലനിർത്തിനും വേണ്ടിയുള്ളതാണ്. അതെ, ഈ പോരാട്ടം ക്രൈസ്തവരുടെയും ജൈനരുടെയും സിഖുകാരുടെയും മുഴുവൻ മതസ്ഥരുടെയും മത സ്ഥാപനങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണ്. ഇത് സത്യത്തിൻ്റെയും നീതിയുടെയും പോരാട്ടമാണ്. ഈ പോരാട്ടം രാജ്യത്തിൻ്റെയും ജനങ്ങളുടെയും നന്മ ആഗ്രഹിക്കുന്ന നാനാജാതി മതസ്ഥരെ കൂട്ടത്തിൽ കൂട്ടി കൊണ്ടുള്ളതാണ്. 

ഞങ്ങൾ ഭരണകൂടത്തോട് പറയട്ടെ, പുതിയ വഖ്ഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിന് എതിരുമാണ്. ഇത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. മുസ്‌ലിംകളുടെ മതചിഹ്നങ്ങളെ പിടിച്ചു പറിക്കുന്നതും അവരുടെ അവകാശങ്ങളെ ഹനിക്കുന്നതുമാണ്. ഈ നിയമം രാജ്യത്ത് ജനാധിപത്യവും മതേതരത്വവും ഇല്ലാതാക്കും. അതുകൊണ്ട് ഈ നിയമം ഞങ്ങൾ ഒരിക്കലും അംഗീകരിക്കുകയില്ല. ഈ നിയമം സമ്പൂർണ്ണമായി പിൻവലിക്കണമെന്ന് ഞങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു. 

ബഹുമാന്യ സഹോദരങ്ങളെ മൂന്ന് കാര്യങ്ങൾ നിങ്ങൾ ഓരാേരുത്തരോടും പറയുകയാണ്: ഒന്നാമത്തെ കാര്യം, ഈ പുതിയ നിയമത്തിൽ അടങ്ങിയിരിക്കുന്ന അപകടങ്ങൾ നാം മനസ്സിലാക്കുകയും ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്യുക. Waqf By User (പരമ്പരാഗതമായി വഖ്ഫായി ഉപയോഗിക്കുന്ന സ്വത്തുക്കൾ) വഖ്ഫിൽ നിന്നും മാറ്റുക, വഖ്ഫിനോട് ശത്രുത പുലർത്തുന്ന ആളുകളെ വഖ്ഫിൻ്റെ അധികാരികളാക്കുക, പുരാവസ്തുക്കളുടെ പേര് പറഞ്ഞു വഖ്ഫ് സ്വത്തുക്കളെ അപഹരിക്കുക, മുതലായ പല കുഴപ്പങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. (വിവരണത്തിന് സന്ദേശം വഖ്ഫ് പതിപ്പ് വായിക്കുക:  https://sayyidhasaniacademysandesham.blogspot.com/2025/04/blog-post_23.html ) ഈ നിയമം മുഴുവനും മുസ്‌ലിം വിരുദ്ധവും അക്രമപരവുമാണ്. ഈ നിയമം പൂർണ്ണമായി പിൻവലിക്കുന്നത് വരെ നാം പരിശ്രമം തുടരേണ്ടതാണ്. 

ഈ നിയമം ഭൂസ്വത്തിൻ്റെ പ്രശ്നമാണെന്ന് പ്രചരിപ്പിക്കുന്ന ഭരണകൂടത്തോടും അനുയായികളോടും ഞങ്ങൾ പറയട്ടെ, വഖ്ഫിൻ്റെ പ്രശ്നം ഭൂസ്വത്തിൻ്റെ പ്രശ്നമല്ല! ഇത് ഞങ്ങളുടെ മതത്തിൻ്റെയും സംസ്കാരത്തിൻ്റെയും വിശ്വാസത്തിന്റെയും പ്രശ്നമാണ്. ഞങ്ങളുടെ ജീവൻ നിലനിർത്താൻ വേണ്ടി പരിശ്രമിക്കുന്നത് പോലെ ജീവനേക്കാൾ വിലപിടിച്ച മതത്തിൻ്റെ സംരക്ഷണത്തിന് വേണ്ടി ഞങ്ങൾ പോരാടുന്നതാണ്.

വഖ്ഫ് സർവ്വ ശക്തനായ പടച്ചവൻ്റെ ചിഹ്നമാണ്. നമ്മുടെ മസ്ജിദുകളും മദ്റസകളും ഖബർസ്ഥാനുകളുമെല്ലാം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിൻ്റെ സംരക്ഷണത്തിന് വേണ്ടിയുള്ള ത്യാഗപരിശ്രമങ്ങളിൽ നാം തളരുകയാേ നിരാശപ്പെടുകയാേ ചെയ്യരുത്. ശരിയായ നിലയിൽ പരിശ്രമിച്ചു കൊണ്ടിരുന്നാൽ നാം വിജയിക്കുമെന്ന് ഉറപ്പാണ്. 

രണ്ടാമത്തെ കാര്യം, നമ്മുടെ ഈ പോരാട്ടം ഏതെങ്കിലും മതത്തിനോ വിഭാഗത്തിനോ എതിരായിട്ടുള്ളതല്ല! അതുകൊണ്ട് ഈ പോരാട്ടത്തിൽ സഹകരിക്കാൻ മുഴുവൻ ഹൈന്ദവ, ക്രൈസ്തവ, ജൈന, സിഖു സഹോദരങ്ങളെയും ഞങ്ങൾ ആത്മാർത്ഥമായി ക്ഷണിക്കുന്നു. ഞങ്ങളുടെ ഈ പോരാട്ടം അക്രമത്തിനും അനീതിക്കും സ്വേച്ഛാധിപത്യത്തിനും എതിരാണ്. ഇത് മുസ്‌ലിംകളുടെ മാത്രം പോരാട്ടമല്ല! മുഴുവൻ നീതി സ്നേഹികളുടെയും പോരാട്ടമാണ്. ഇന്ന് ഈ കരിനിയമം നടപ്പിലാക്കുന്നതിൽ ഭരണകൂടം വിജയിച്ചാൽ നാളെ മറ്റു മതസ്ഥകരെയും വിഭാഗങ്ങളെയും ലക്ഷ്യമിടുമെന്ന് എല്ലാവരും ഓർക്കുക! കാരണം ഇവിടെ  അക്രമികൾ ആർത്തി പൂണ്ടിരിക്കുകയാണ്. ആർത്തി നിറഞ്ഞ വയർ ഒരിക്കലും നിറയുന്നതല്ല! തീ ആദ്യം അടുത്തുള്ളവരെ വിഴുങ്ങുകയും ശേഷം പരിസരം മുഴുവൻ കത്തിക്കുകയും അവസാനം ഒന്നും കിട്ടാതെ വരുമ്പോൾ സ്വയം തിന്ന് മുടിയുന്നതുമാണ്. അതുകൊണ്ട് ഈ ആർത്തി പൂണ്ടവരുടെ ലക്ഷ്യം രാജ്യത്തെ മുഴുവൻ തിന്ന് തീർക്കലാണ്. അതിന് അവർക്ക് മുന്നിലുള്ള ഏക തടസ്സം മഹത്തായ ഭരണഘടനയാണ്. അതിൻ്റെ ഒരു ഇഷ്ടിക ഇളക്കാൻ അനുവദിച്ചാൽ അതു മുഴുവനും അവർ തകർക്കുമെന്ന് ഓർക്കുക. 

ഇന്ന് ഞങ്ങൾ നാളെ മറ്റുള്ളവർ എന്നതിന്റെ അടയാളം കണ്ടു തുടങ്ങി. രാജ്യത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ ക്രൈസ്തവരും ദേവാലയങ്ങളും അക്രമിക്കപ്പെടുന്നു. ബോംബൈയിൽ നൂറ് വർഷം പഴക്കമുള്ള ജൈന മത കേന്ദ്രം തകർക്കപ്പെട്ടു. ബീഹാറിലെ അതിപുരാതന ബുദ്ധ ക്ഷേത്രം കൈയ്യടക്കപ്പെട്ടു. ആകയാൽ വർഗ്ഗീയതയുടെ ഈ കാറ്റിനെ നാമെല്ലാവരും ഒത്തൊരുമിച്ച് തടഞ്ഞു നിർത്തിയില്ലെങ്കിൽ ഇതെല്ലാവരുടെയും വിളക്കുകളെ അണച്ചു കളയുമെന്ന് ഓർക്കുക! 

മൂന്നാമത്തെ കാര്യം, വഖ്ഫിൻ്റെ കാര്യത്തിലും മുഴുവൻ അക്രമങ്ങളുടെ വിഷയത്തിലും ഭരണകൂടത്തിന്റെ ഏറ്റവും വലിയ അവലംബം അസത്യങ്ങളും അർദ്ധസത്യങ്ങളും പർവതീകരണങ്ങളുമാണ്. കളവിൻ്റെ ഫാക്ടറികളിൽ നിന്നും ലഭിക്കുന്ന കൂമ്പാരങ്ങളിൽ നിന്നും കളവുകൾ വാരിവിതറാൻ ചെറിയ നേതാക്കന്മാർ മുതൽ വലിയ നേതാക്കന്മാർ വരെ മത്സരിക്കുകയാണ്. ഒരു ലജ്ജയുമില്ലാതെ പാർലമെന്റിലും പൊതുസമ്മേളനങ്ങളിലും പറഞ്ഞു കൊണ്ടിരിക്കുന്നു. പ്രധാനമന്ത്രിയുടെയും കൂട്ടരുടെയും ഏറ്റവും വലിയ നുണ ഈ പുതിയ നിയമം പിന്നോക്കകാരായ മുസ്‌ലിംകൾക്ക് വലിയ ഗുണമുണ്ടാക്കുമെന്നാണ്. എന്നാൽ പുതിയ നിയമത്തിൽ പിന്നോക്കകാർക്ക് എന്നല്ല ഒരു മുസ്‌ലിമിനും യാതൊരു ഗുണവുമില്ല.

അവസാനമായി പറയട്ടെ, നാം പരസ്പരം ഐക്യത്തോടെയും സൂക്ഷ്മതയോടെയും നിയമങ്ങൾ പാലിച്ചു കൊണ്ടും മുന്നോട്ടു നീങ്ങുക. നമുക്കിടയിൽ ഭിന്നതയുണ്ടാക്കാനോ നമ്മെ വഴി തെറ്റിക്കാനോ ആർക്കും അവസരം കൊടുക്കാതിരിക്കുക! പടച്ചവൻ അനുഗ്രഹിക്കട്ടെ!

*************************************

മആരിഫുല്‍ ഖുര്‍ആന്‍ 

 

സൂറത്തുൽ ഹദീദ്-4

(29 ആയത്തുകൾ, പദങ്ങൾ 544, അക്ഷരങ്ങൾ 3476, മദീനമുനവ്വറയിൽ അവതരണം.  4 റുകൂഅ്. അവതരണ ക്രമം 94. പാരായണ ക്രമം 57. സൂറത്തുസിൽസാലിന് ശേഷം അവതരണം)

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം

 ഇഹലോകത്തിന്‍റെ നശ്വരത, പരലോകത്തിലേക്കുള്ള പ്രേരണ


മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


ആയത്ത് 20-21

اعْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌ بَيْنَكُمْ وَتَكَاثُرٌ فِي الْأَمْوَالِ وَالْأَوْلَادِ ۖ كَمَثَلِ غَيْثٍ أَعْجَبَ الْكُفَّارَ نَبَاتُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرًّا ثُمَّ يَكُونُ حُطَامًا ۖ وَفِي الْآخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِّنَ اللَّهِ وَرِضْوَانٌ ۚ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ (20) سَابِقُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ السَّمَاءِ وَالْأَرْضِ أُعِدَّتْ لِلَّذِينَ آمَنُوا بِاللَّهِ وَرُسُلِهِ ۚ ذَٰلِكَ فَضْلُ اللَّهِ يُؤْتِيهِ مَن يَشَاءُ ۚ وَاللَّهُ ذُو الْفَضْلِ الْعَظِيمِ (21)
 
നിങ്ങള്‍ അറിയുക: ഭൗതിക ജീവിതം കളിയും തമാശയും ബാഹ്യാലങ്കാരവും പരസ്പരം പൊങ്ങച്ചം കാട്ടലും സമ്പത്തിലും സന്താനത്തിലും പെരുമകാണിക്കലുമാണ്. ഇതിന്‍റെ ഉപമ ഒരു മഴപോലെയാണ്. അതിലൂടെയുണ്ടായ ചെടികള്‍ കര്‍ഷകനെ അത്ഭുതപ്പെടുത്തി. പിന്നീട് അത് ഉണങ്ങി. അപ്പോള്‍ അതിനെ മഞ്ഞ നിറമായി കാണാന്‍ കഴിയും. ശേഷം അത് കച്ചിത്തുരുമ്പായി മാറും. എന്നാല്‍ പരലോകത്തില്‍ കഠിന ശിക്ഷയും അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പൊരുത്തവുമുണ്ട്. ഭൗതിക ജീവിതം വഞ്ചനയുടെ ചരക്ക് മാത്രമാണ്.(20) നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമിയോളം വീതിയുള്ള സ്വര്‍ഗ്ഗത്തിലേക്കും നിങ്ങള്‍ മുന്നേറുക. അല്ലാഹുവിലും അവന്‍റെ ദൂതന്മാരിലും വിശ്വസിക്കുന്നവര്‍ക്ക് അത് ഒരുക്കപ്പെട്ടിരിക്കുന്നു. അത് അല്ലാഹുവിന്‍റെ ഔദാര്യമാണ്. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വലിയ ഔദാര്യമുള്ളവനാണ്.(21) 

ആശയ സംഗ്രഹം
നിങ്ങള്‍ നന്നായി അറിയുക: പരലോകത്തിന് മുന്നല്‍ ഭൗതിക ജീവിതം ഒരിക്കലും മുഴുകിക്കഴിയേണ്ട കാര്യമല്ല. കാരണം ഭൗതിക ജീവിതം കളിയും തമാശയും ബാഹ്യാലങ്കാരവും ശക്തിയിലും സൗന്ദര്യത്തിലും  ഭൗതിക വസ്തുക്കളിലും പരസ്പരം പൊങ്ങച്ചം കാട്ടലും സമ്പത്തിലും സന്താനത്തിലും മറ്റുള്ളവരേക്കാള്‍ ഉന്നതനാണെന്ന് പെരുമകാണിക്കലുമാണ്. അതായത് മനുഷ്യന്‍ ഭൗതിക ജീവിതത്തില്‍ ചെറുപ്പത്തില്‍ കളി തമാശകളില്‍ മുഴുകിക്കഴിയുന്നതാണ്. വാര്‍ദ്ധക്യത്തില്‍ അലങ്കാരത്തിലും പൊങ്ങച്ചത്തിലും മത്സരിക്കും. വാര്‍ദ്ധക്യത്തില്‍ സമ്പത്തിലും സന്താനങ്ങളിലും പെരുമ കാട്ടുകയും ചെയ്യും. ഇതെല്ലാം നശ്വരവും ക്ഷണികവുമാണ്. ഇതിന്‍റെ ഉപമ ഒരു മഴ പെയ്യുന്നതുപോലെയാണ്. അതിലൂടെയുണ്ടായ ചെടികള്‍ കര്‍ഷകനെ അത്ഭുതപ്പെടുത്തി. പിന്നീട് അത് ഉണങ്ങി. അപ്പോള്‍ അതിനെ മഞ്ഞ നിറമായി കാണാന്‍ കഴിയും. ശേഷം അത് കച്ചിത്തുരുമ്പായി മാറും. ഇപ്രകാരം ഭൗതിക ജീവിതം ഏതാനും ദിവസം വസന്തമായിരിക്കും. ശേഷം തകര്‍ച്ചയാണ്. എന്നാല്‍ പരലോകത്തിന്‍റെ അവസ്ഥ  രണ്ടേ രണ്ട് കാര്യങ്ങളാണ്. 1. നിഷേധികള്‍ക്ക് കഠിന ശിക്ഷയും 2. സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പൊരുത്തവുമുണ്ട്. ഇവ ശാശ്വതമായിരിക്കും. ആകയാല്‍ പരലോക ജീവിതമാണ് ശാശ്വതമായിട്ടുള്ളത്. ഭൗതിക ജീവിതം വഞ്ചനയുടെ ചരക്ക് പോലെ നശ്വരവും ക്ഷണികവും മാത്രമാണ്. ആകയാല്‍ നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമിയോളം വീതിയുള്ള സ്വര്‍ഗ്ഗത്തിലേക്കും സത്യവിശ്വാസ സല്‍ക്കര്‍മ്മങ്ങളിലൂടെ നിങ്ങള്‍ മുന്നേറുക. അല്ലാഹുവിലും അവന്‍റെ ദൂതന്മാരിലും വിശ്വസിക്കുന്നവര്‍ക്ക് അത് ഒരുക്കപ്പെട്ടിരിക്കുന്നു. അത് അല്ലാഹുവിന്‍റെ ഔദാര്യമാണ്. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വലിയ ഔദാര്യമുള്ളവനാണ്. അതുകൊണ്ട് ആരും സ്വന്തം കര്‍മ്മങ്ങളില്‍ അഹങ്കരിക്കുകയോ താന്‍ സ്വര്‍ഗ്ഗവാസിയായി കഴിഞ്ഞുവെന്ന് പ്രഖ്യാപിക്കുകയും ചെയ്യരുത്. ഇത് പടച്ചവന്‍റെ ഔദാര്യം മാത്രമാണ്. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍റെ ഔദാര്യം കനിഞ്ഞരുളുന്നു. 

വിവരണവും വ്യാഖ്യാനവും
കനിഞ്ഞ ആയത്തുകളില്‍ സ്വര്‍ഗ്ഗവാസികളുടെയും നരകവാസികളുടെയും അവസ്ഥകള്‍ വിവരിക്കപ്പെട്ടിരുന്നു. സ്വര്‍ഗ്ഗത്തിന്‍റെ അനുഗ്രഹങ്ങളില്‍ നിന്നും അകറ്റപ്പെടുകയും നരകശിക്ഷയില്‍ കുടുങ്ങുകയും ചെയ്യുന്നതിന്‍റെ വലിയ കാരണം ഇഹലോകത്തെ ഭൗതിക സുഖരസങ്ങളില്‍ മുഴുകിക്കഴിയലും പരലോകത്തെ വിസ്മരിക്കലുമാണ്. അതുകൊണ്ട് ഈ ആയത്തുകളില്‍ ഭൗതിക ലോകത്തിന്‍റെ ക്ഷണികവും നശ്വരവുമായ അവസ്ഥകള്‍ വിവരിക്കുകയാണ്: നിങ്ങള്‍ അറിയുക: ഭൗതിക ജീവിതം കളിയും തമാശയും ബാഹ്യാലങ്കാരവും പരസ്പരം പൊങ്ങച്ചം കാട്ടലും സമ്പത്തിലും സന്താനത്തിലും പെരുമകാണിക്കലുമാണ്! * ഈ ആയത്തില്‍ ജനനം മുതല്‍ മരണം വരെയുമുള്ള വ്യത്യസ്ത ഘട്ടങ്ങളും അതില്‍ അടങ്ങിയിരിക്കുന്ന ഭൗതിക അവസ്ഥകളും ക്രമപ്രകാരം വിവരിച്ചിരിക്കുന്നു: ആദ്യം ലഇബ് (കളി) തുടര്‍ന്ന് ലഹ്വ് (തമാശ) ശേഷം സീനത്ത് (അലങ്കാരം) പിന്നീട് തഫാഖുര്‍ (സമ്പത്തിലും സന്താനങ്ങളിലുമുള്ള പെരുമ). * ലഇബ് എന്നാല്‍ കൊച്ച് കുട്ടികളുടെ കളികള്‍ പോലെ പൊതുവായ പ്രയോജനമൊന്നും മുന്നില്‍ ഇല്ലാത്ത കളികളാണ്. ലഹ്വ് എന്നാല്‍ മനസ്സ് സന്തേഷിക്കുന്നതിനും സുഖിച്ച് രസിക്കുന്നതിനും വേണ്ടി നടത്തപ്പെടുന്ന കളികളാണ്. അതിനിടയില്‍ വ്യായാമമോ മറ്റുവല്ല പ്രയോജനമോ ഉണ്ടായിരിക്കുകയും ചെയ്യുന്നതാണ്. വലിയ കുട്ടികളുടെ കളികള്‍ ഇതുപോലെയുള്ളതാണല്ലോ? അമ്പയ്ത്തും നീന്തലും ഹദീസുകളില്‍ പ്രേരിപ്പിക്കപ്പെട്ടിരിക്കുന്നു. അലങ്കാരമെന്നാല്‍ ശരീരത്തിന്‍റെയും വസ്ത്രത്തിന്‍റെയും അലങ്കാരമാണ്. * ഓരോ മനുഷ്യരും ജീവിതത്തില്‍ ഈ ആയത്തില്‍ പറയപ്പെട്ട ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നവരാണ്. ശൈശവത്തില്‍ വെറും കളിമാത്രമായിരിക്കും ജോലി. കൗമാരം മുതല്‍ ഗുണകരമായ കളികള്‍ ആരംഭിക്കുന്നു. ശേഷം ശരീരത്തിന്‍റെയും വസ്ത്രത്തിന്‍റെയും അലങ്കാരത്തില്‍ ശ്രദ്ധ പതിപ്പിക്കുന്നു. അവസാനം സര്‍വ്വ മേന്മകളിലും സമകാലികരെ കവച്ച് വെക്കാന്‍ ആഗ്രഹവും ആവേശവും പുലര്‍ത്തുന്നതാണ്. * മനുഷ്യന്‍റെ ഈ ഘട്ടങ്ങളില്‍ ചിന്തിച്ചാല്‍ ഇതില്‍ ഓരോ ഘട്ടങ്ങളിലും മനുഷ്യന്‍ വളരെ സംതൃപ്തനായി കഴിയുകയും അടുത്ത ഘട്ടത്തില്‍ കഴിഞ്ഞ ഘട്ടത്തിന്‍റെ ന്യൂനത തിരിച്ചറിയുകയും ചെയ്യുന്നുവെന്ന് മനസ്സിലാകുന്നതാണ്. ശൈശവത്തില്‍ ആകെ ലക്ഷ്യമായി കണ്ടിരുന്നത് കളിപ്പാവകളാണ്. അതില്‍ നിന്നും വല്ലതും ആരെങ്കിലും എടുത്ത് മാറ്റിയാല്‍ മുതിര്‍ന്നവരുടെ സമ്പത്തും ഭൂമിയും ബംഗ്ലാവും അപഹരിച്ചാലുള്ളതുപോലെ കുഞ്ഞുങ്ങള്‍ ദു:ഖിച്ചിരുന്നു. എന്നാല്‍ ആ ഘട്ടം മുറിച്ച് കടന്നാല്‍ ഇന്നലെ ജീവിത ലക്ഷ്യമായി കണ്ട കാര്യങ്ങള്‍ ഒന്നുമല്ലായെന്ന് മനസ്സിലാകുന്നതാണ്. ഇതുപോലെ തന്നെയാണ് അടുത്ത ഘട്ടങ്ങളുടെയും അവസ്ഥ. അവസാനം മനുഷ്യന്‍ സമ്പത്തിന്‍റെയും സന്താനങ്ങളുടെയും എണ്ണത്തിലും പെരുപ്പത്തിലും ശ്രദ്ധ ചെലുത്തുകയും സദാസമയവും അതിന്‍റെ ചിന്തയില്‍ കഴിയുകയും ചെയ്യുന്നു. അതിന് മുമ്പുള്ള അവസ്ഥകളെയെല്ലാം നിസ്സാരമായി കാണുന്നതാണ്. ജീവിതത്തിന്‍റെ അവസാന നിമിഷങ്ങള്‍ കഴിച്ച് കൂട്ടുന്ന വയോധികന്‍ പണപ്പെരുപ്പത്തെയും സന്താന ആധിക്യത്തെയും അതിന്‍റെ പേരിലുള്ള പെരുമകളെയും സമുന്നത ലക്ഷ്യമാക്കി കഴിയുന്നതാണ്. ഇവിടെ ഖുര്‍ആന്‍ ഉണര്‍ത്തുന്നു: ഈ അവസ്ഥയും നാളുകള്‍ കഴിയുമ്പോള്‍ ഇല്ലാതാകുന്നതാണ്. അടുത്ത് തന്നെ ബര്‍സഖിന്‍റെ ഘട്ടവും ശേഷം ഖിയാമത്തും വരാനിരിക്കുന്നു. യഥാര്‍ത്ഥ ഘട്ടങ്ങളായ അവയെക്കുറിച്ച് ചിന്തിക്കുക. ക്രമപ്രകാരമുള്ള ഭൗതിക ജീവിതത്തിന്‍റെ നിസ്സാരത വ്യക്തമാക്കിയതിന് ശേഷം പടച്ചവന്‍ അതിന് ഒരു ഉദാഹരണം വിവരിക്കുന്നു: ഇതിന്‍റെ ഉപമ ഒരു മഴപോലെയാണ്. അതിലൂടെയുണ്ടായ ചെടികള്‍ കര്‍ഷകനെ അത്ഭുതപ്പെടുത്തി. പിന്നീട് അത് ഉണങ്ങി. അപ്പോള്‍ അതിനെ മഞ്ഞ നിറമായി കാണാന്‍ കഴിയും. ശേഷം അത് കച്ചിത്തുരുമ്പായി മാറും! * ഗയ്സിന്‍റെ അര്‍ത്ഥം മഴ എന്നാണ്. കുഫ്ഫാര്‍ എന്നതിന്‍റെ പ്രസിദ്ധമായ അര്‍ത്ഥം നിഷേധി എന്നാണെങ്കിലും കര്‍ഷകന്‍ എന്ന അര്‍ത്ഥത്തിലും അത് ഉപയോഗിക്കാറുണ്ട്. ഈ ആയത്തില്‍ ചിലര്‍ പ്രസ്തുത അര്‍ത്ഥമാണ് സ്വീകരിച്ചിരിക്കുന്നത്. അപ്പോള്‍ ആയത്തിന്‍റെ ആശയം ഇതാണ്: മഴയിലൂടെ പലതരം ചെടികള്‍ ഉയരുകയും ഹരിതഭംഗി പടരുകയും ചെയ്യുമ്പോള്‍ കര്‍ഷകന്‍ അതുകണ്ട് സന്തോഷിക്കുന്നതാണ്. ചിലര്‍ ഇവിടെ കുഫ്ഫാര്‍ എന്നതിന് നിഷേധികള്‍ എന്ന അര്‍ത്ഥം തന്നെ പറഞ്ഞിരിക്കുന്നു. എന്നാല്‍ കൃഷിയുടെ ഭംഗി കാണുമ്പോള്‍ സന്തോഷിക്കുന്നത് നിഷേധികളെപ്പോലെ മുസ്ലിംകളും സന്തോഷിക്കാറില്ലേ എന്ന സംശയത്തിനുള്ള മറുപടി ഇതാണ്: സത്യവിശ്വാസിയുടെയും നിഷേധിയുടെയും സന്തോഷങ്ങള്‍ക്കിടയില്‍ വലിയ വ്യത്യാസമുണ്ട്. സത്യവിശ്വാസി സന്തോഷിക്കുമ്പോള്‍ അവന്‍റെ ശ്രദ്ധ പടച്ചവനിലേക്ക് തിരിയുന്നതാണ്. ഇതെല്ലാം പടച്ചവന്‍റെ കഴിവിന്‍റെയും കാരുണ്യത്തിന്‍റെയും പ്രതിഫലനമാണെന്നും ഇത് ജീവിത ലക്ഷ്യമല്ലെന്നും മനസ്സിലാക്കുന്ന വിശ്വാസി പടച്ചവന് നന്ദി രേഖപ്പെടുത്തുകയും പരലോകത്തെക്കുറിച്ച് കൂടുതല്‍ ഉണരുകയും ചെയ്യുന്നു. ഇപ്രകാരമുള്ള സത്യവിശ്വാസി ഭൗതിക ലോകത്തെ വളരെ വലിയ സമ്പത്തുകളില്‍ പോലും നിഷേധിയെപ്പോലെ സന്തോഷിക്കുകയും മതിമറക്കുകയുമില്ല. അതുകൊണ്ടാണ് ഇവിടെ നിഷേധിയുടെ കാര്യം പ്രത്യേകം അനുസ്മരിച്ചത്. * എന്താണെങ്കിലും ഈ ഉദാഹരണത്തിന്‍റെ ചുരുക്കം ഇതാണ്: കൃഷിയിടം ഹരിതാപമാവുകയും തോട്ടങ്ങള്‍ പൂത്തുലയുകയും ചെയ്യുമ്പോള്‍ കാണുന്നവരെല്ലാം പ്രത്യേകിച്ചും നിഷേധികള്‍ വളരെയധികം സന്തോഷിക്കുന്നതാണ്. എന്നാല്‍ കുറച്ച് കഴിയുമ്പോള്‍ അത് ഉണങ്ങാന്‍ തുടങ്ങും. ആദ്യം മഞ്ഞ നിറത്തിലാകും. പിന്നീട് ഉണങ്ങി പൊട്ടിപ്പോകും. ഇതുപോലെയാണ് മനുഷ്യന്‍റെ ഉദാഹരണം. തുടക്കത്തില്‍ വളരെ സുന്ദരനും സുമോഹനനുമായിരിക്കും. ഈ അവസ്ഥയില്‍ ബാല്യം മുതല്‍ യുവത്വം വരെ അവന്‍ സഞ്ചരിക്കുന്നതാണ്. ശേഷം വാര്‍ദ്ധക്യം ആരംഭിക്കും. അതോടെ ശരീരത്തിന്‍റെ സൗന്ദര്യവും ശേഷിയും കുറയാന്‍ തുടങ്ങും. അവസാനം മരിച്ച് മണ്ണില്‍ ചേരുന്നതാണ്! * ഭൗതിക ജീവിതത്തിന്‍റെ ക്ഷണികവും നശ്വരതയും വിവരിച്ച ശേഷം യഥാര്‍ത്ഥ ലക്ഷ്യമായ പരലോക ചിന്തയിലേക്ക് ശ്രദ്ധ തിരിക്കാന്‍ പരലോകത്തെ അവസ്ഥകള്‍ വിവരിക്കുന്നു: എന്നാല്‍ പരലോകത്തില്‍ കഠിന ശിക്ഷയും അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പൊരുത്തവുമുണ്ട്! അതെ പരലോകത്തില്‍ മനുഷ്യന് രണ്ടാല്‍ ഒരവസ്ഥ ഉണ്ടാകുന്നതാണ്. നിഷേധിയാണെങ്കില്‍ കഠിനമായ ശിക്ഷയും സത്യവിശ്വാസിയാണെങ്കില്‍ പടച്ചവന്‍റെ പാപമോചനവും കാരുണ്യവും ലഭിക്കും. * ഇവിടെ ആദ്യം ശിക്ഷയെക്കുറിച്ച് പറഞ്ഞിരിക്കുന്നു. കാരണം ഭൗതിക ജീവിതത്തില്‍ മതിമറക്കുന്നതിന്‍റെ പരിണിത ഫലം കഠിനമായ ശിക്ഷയാണ്. ഇതിന് നേരെ എതിരില്‍ സ്വര്‍ഗ്ഗവാസികള്‍ക്ക് രണ്ട് അനുഗ്രഹങ്ങള്‍ ലഭിക്കുന്നതാണ്. പടച്ചവന്‍റെ മാപ്പും പൊരുത്തവും. അതെ, പടച്ചവന്‍റെ മാപ്പ് തന്നെ വലിയൊരു അനുഗ്രഹമാണ്. അതിലൂടെ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ഇവിടെ അതോടൊപ്പം പടച്ചവന്‍റെ തൃപ്തിയെയും കൂടി പറഞ്ഞിരിക്കുന്നു. സ്വര്‍ഗ്ഗവാസി നരകത്തില്‍ നിന്നും രക്ഷപ്പെടുക മാത്രമല്ല, സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍ പടച്ചവന്‍റെ സംതൃപ്തിയോടെ കാലാകാലം സ്വര്‍ഗ്ഗത്തില്‍ കഴിയുകയും ചെയ്യുന്നതാണ്. * അവസാനമായി ഭൗതിക ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യം ചുരുങ്ങിയ വാക്കുകളില്‍ ഇപ്രകാരം വിവരിക്കുന്നു: ഭൗതിക ജീവിതം വഞ്ചനയുടെ ചരക്ക് മാത്രമാണ്.(20) അതായത് മേല്‍ പറയപ്പെട്ട കാര്യങ്ങളെല്ലാം കാണുകയും മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ ഒരു മനുഷ്യന്‍റെ മനസ്സും മസ്തിഷ്കവും ഇപ്രകാരം വിളിച്ച് പറയുന്നതാണ്: ഭൗതിക ജീവിതം വെറും വഞ്ചന മാത്രമാണ്. നിര്‍ണ്ണായക സമയത്ത് പ്രയോജനപ്പെടുന്ന യഥാര്‍ത്ഥ മൂല്യമല്ല.  
* അടുത്തതായി മനുഷ്യന്‍ ഭൗതിക സുഖ രസങ്ങളില്‍ മുഴുകിക്കഴിയാതെ പാരത്രിക വിജയ മുന്നേറ്റങ്ങള്‍ക്ക് പരിശ്രമിക്കണമെന്ന് ഉപദേശിക്കുന്നു. നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമിയോളം വീതിയുള്ള സ്വര്‍ഗ്ഗത്തിലേക്കും നിങ്ങള്‍ മുന്നേറുക! മുന്നേറുക എന്നതിന്‍റെ ഒരു ആശയം ഇതാണ്: ആയുസ്സ്, ആരോഗ്യം, ശേഷി ഇവകളില്‍ യാതൊരു ഉറപ്പുമില്ല. അതുകൊണ്ട് സല്‍ക്കര്‍മ്മങ്ങളില്‍ അലസതയും മടിയും കാട്ടരുത്. ചിലപ്പോള്‍ രോഗമോ മറ്റുവല്ല തടസ്സമോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചിലവേള മരണം തന്നെ മറയായി വന്നേക്കാം. ആകയാല്‍ ബലഹീനതയും രോഗവും മരണവും വരുന്നതിന് മുമ്പായി സ്വര്‍ഗ്ഗം വരെയും എത്തിച്ചേരാനുള്ള സല്‍ക്കര്‍മ്മങ്ങള്‍ സമ്പാദിക്കുക. മറ്റൊരു ആശയം ഇപ്രകാരമാണ്: നിങ്ങള്‍ സല്‍ക്കര്‍മ്മങ്ങളില്‍ മത്സരിക്കുകയും മറ്റുള്ളവരേക്കാള്‍ മുന്‍കടക്കാന്‍ പരിശ്രമിക്കുകയും ചെയ്യുക. അലിയ്യ് (റ) ഉപദേശിക്കുന്നു: നിങ്ങള്‍ മസ്ജിദില്‍ ആദ്യം എത്തുന്ന ആളും അവസാനം ഇറങ്ങുന്ന ആളും ആകാന്‍ പരിശ്രമിക്കുക. ഇബ്നു മസ്ഊദ് (റ) പറയുന്നു: ജിഹാദിന്‍റെ അണികളില്‍ ഒന്നാമത്തേതില്‍ നില്‍ക്കാന്‍ പരിശ്രമിക്കുക. അനസ് (റ) പറയുന്നു: ജമാഅത്ത് നമസ്കാരത്തില്‍ തക്ബീറുത്തുല്‍ ഇഹ്റാമില്‍ പങ്കെടുക്കാന്‍ ശ്രദ്ധിക്കുക. (റൂഹുല്‍ മആനി) * സ്വര്‍ഗ്ഗത്തിന്‍റെ വീതി ആകാശ-ഭൂമികള്‍ക്ക് തുല്യമാണെന്ന് ആലുഇംറാന്‍ സൂറത്തിലും കഴിഞ്ഞിട്ടുണ്ട്. ആകാശങ്ങള്‍ എന്ന് ബഹുവചനം ഉപയോഗിച്ചിരിക്കുന്നതിന്‍റെ ഉദ്ദേശം ഏഴ് ആകാശങ്ങള്‍ എന്ന് അറിയിക്കാനാണ്. അതായത് ഏഴ് ആകാശങ്ങളെയും ഭൂമിയുടെയും വിശാലത ഒരിടത്ത് ഒരുമിച്ച് കൂട്ടിയാല്‍ സ്വര്‍ഗ്ഗത്തിന്‍റെ വീതി അത്രയും വരുന്നതാണ്. വീതി ഇതാണെങ്കില്‍ നീളം ഇതിനേക്കാളും കൂടുതലായിരിക്കും എന്ന കാര്യം വ്യക്തമാണ്. വീതി എന്ന വാക്ക് അറബിയില്‍ വിശാലതയുടെ അര്‍ത്ഥത്തിലും പറയാറുണ്ട്. ചുരുക്കത്തില്‍ സ്വര്‍ഗ്ഗം സമുന്നതവും അതിവിശാലവുമാണ്. * തുടര്‍ന്ന് അല്ലാഹു അറിയിക്കുന്നു: അല്ലാഹുവിലും അവന്‍റെ ദൂതന്മാരിലും വിശ്വസിക്കുന്നവര്‍ക്ക് അത് ഒരുക്കപ്പെട്ടിരിക്കുന്നു. അത് അല്ലാഹുവിന്‍റെ ഔദാര്യമാണ്. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വലിയ ഔദാര്യമുള്ളവനാണ്.(21) സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങളിലേക്ക് മുന്നേറാനും പരിശ്രമിക്കാനും പറഞ്ഞതില്‍ നിന്നും സ്വര്‍ഗ്ഗത്തിന്‍റെ അനുഗ്രഹങ്ങള്‍ നമ്മുടെ കര്‍മ്മങ്ങളാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. അത് തിരുത്തിക്കൊണ്ട് അല്ലാഹു അറിയിക്കുന്നു: സ്വര്‍ഗ്ഗം കരസ്ഥമാക്കുന്നതിന് നിങ്ങളുടെ കര്‍മ്മങ്ങള്‍ മാത്രം മതിയാകുന്നതല്ല. മനുഷ്യന്‍ ജീവിതം മുഴുവന്‍ നന്മകളില്‍ അധ്വാനിച്ചാലും ഇഹലോകത്ത് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് പോലും പകരമാകുന്നതല്ല. പിന്നെ എങ്ങനെയാണ് നമ്മുടെ സല്‍ക്കര്‍മ്മങ്ങള്‍ സമുന്നതവും ശാശ്വതവുമായ സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍ക്ക് വിലയാവുക. അതെ, സ്വര്‍ഗ്ഗത്തില്‍ കടക്കുന്നവരെല്ലാം പടച്ചവന്‍റെ അനുഗ്രഹവും ഔദാര്യവും കൊണ്ട് മാത്രമാണ് പ്രവേശിക്കുന്നത്. അബൂഹുറയ്റ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: നിങ്ങളില്‍ ആരുടെയും കര്‍മ്മങ്ങള്‍ നിങ്ങളെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്നതല്ല. സഹാബത്ത് ചോദിച്ചു: താങ്കളെയും പ്രവേശിപ്പിക്കുകയില്ലേ? റസൂലുല്ലാഹി (സ) അരുളി: ഞാനും എന്‍റെ കര്‍മ്മങ്ങള്‍ കാരണം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതല്ല. പടച്ചവന്‍റെ അനുഗ്രഹവും ഔദാര്യവും കൊണ്ട് മാത്രമാണ് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നത്. (മസ്ഹരി)


********************************* 


 മആരിഫുല്‍ ഹദീസ് 

 
വിജ്ഞാനം പഠിക്കുന്നതിന്‍റെയും പഠിപ്പിക്കുന്നതിന്‍റെയും സ്ഥാന മഹത്വങ്ങള്‍

 മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

3. അബുദര്‍ദ്ദാഅ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ഒരു ദാസന്‍ ദീനീ വിജ്ഞാനം കരസ്ഥമാക്കുന്നതിന് ഏതെങ്കിലും ഒരു വഴിയിലൂടെ സഞ്ചരിച്ചാല്‍ അല്ലാഹു അതിന് പകരം അദ്ദേഹത്തെ സ്വര്‍ഗ്ഗത്തിലേക്കുള്ള ഏതെങ്കിലും വഴിയില്‍ സഞ്ചരിപ്പിക്കുന്നതാണ്. റസൂലുല്ലാഹി (സ) അരുളി: വിജ്ഞാനം കരസ്ഥമാക്കുന്നവരോടുള്ള ആദരവ് എന്നോണം അല്ലാഹുവിന്‍റെ മലക്കുകള്‍ ചിറകുകള്‍ താഴ്ത്തുന്നതാണ്. വിജ്ഞാനം കരസ്ഥമാക്കുന്നവര്‍ക്ക് വേണ്ടി ആകാശ ഭൂമികളിലെ സകല സൃഷ്ടികളും, എന്തിനേറെ ജലത്തില്‍ കഴിയുന്ന മത്സ്യങ്ങളും അല്ലാഹുവിനോട് പാപമോചനം തേടുന്നതാണ്. ആരാധനകളില്‍ കഴിയുന്ന ഭക്തന്മാരേക്കാള്‍ വിജ്ഞാനം കരസ്ഥമാക്കുന്നവര്‍ക്കുള്ള മഹത്വം ആകാശത്തുള്ള നക്ഷത്രങ്ങളേക്കാള്‍ പതിനാലാം രാവിലെ ചന്ദ്രനുള്ള മഹത്വം പോലെയാണ്. പണ്ഡിതന്മാര്‍ നബിമാരുടെ അനന്തരാവകാശികളാണ്. നബിമാര്‍ സ്വര്‍ണ്ണത്തിന്‍റെയും വെള്ളിയുടെയും നിധികള്‍ വിട്ടിട്ട് പോയിട്ടില്ല. അവര്‍ അനന്തര സ്വത്തായി വിട്ടിട്ട് പോയത് വിജ്ഞാനമാണ്. അപ്പോള്‍ അതിനെ കരസ്ഥമാക്കുന്നവന്‍ വളരെ വലിയ വിജയവും സൗഭാഗ്യവും കരസ്ഥമാക്കിയിരിക്കുന്നു. (അഹ്മദ്, തിര്‍മിദി, അബൂദാവൂദ്, ഇബ്നുമാജ, ദാരിമി)
വിവരണം: നബിമാരുടെ അമൂല്യമായ അനന്തരസ്വത്ത് അടിമകളുടെ മാര്‍ഗ്ഗദര്‍ശനത്തിനുവേണ്ടി അല്ലാഹുവില്‍ നിന്നും അവര്‍ കൊണ്ടുവന്ന വിജ്ഞാനങ്ങളാണ്. തീര്‍ച്ചയായും ഇത് പ്രപഞ്ചത്തിലെ ഏറ്റവും വിലയേറിയ നിധിയാണ്. ഒരിക്കല്‍ അബൂഹുറയ്റ (റ) കമ്പോളത്തിലൂടെ പോയി. ജനങ്ങളെല്ലാവരും അവരുടെ ജോലികളില്‍ മുഴുകിയിരിക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: നിങ്ങള്‍ക്ക് എന്ത് പറ്റി? നിങ്ങള്‍ ഇവിടെ തന്നെ കഴിയുകയാണോ? മസ്ജിദില്‍ റസൂലുല്ലാഹി (സ)യുടെ അനന്തരസ്വത്ത് വീതിക്കപ്പെട്ടുകൊണ്ടിരിക്കുന്നു! ഇത് കേട്ടപ്പോള്‍ ജനങ്ങള്‍ മസ്ജിദിലേക്ക് ഓടി. അവിടെ ഒന്നും കാണാതെ വന്നപ്പോള്‍ അവര്‍ തിരികെവന്ന് പറഞ്ഞു: അവിടെ കുറച്ചുപേര്‍ നമസ്കരിക്കുന്നു. വേറെ കുറച്ച് ആളുകള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നു. മറ്റുചിലര്‍ ഹലാല്‍ ഹറാമുകള്‍ പഠിക്കുന്നു. ഇതല്ലാതെ മറ്റൊന്നും ഞങ്ങള്‍ അവിടെ കണ്ടില്ലല്ലോ? അബൂഹുറയ്റ (റ) പറഞ്ഞു: ഇത് തന്നെയാണ് റസൂലുല്ലാഹി (സ)യുടെ അനന്തരസ്വത്ത്. (ത്വബ്റാനി)
4. അനസ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: വിജ്ഞാന സമ്പാദനത്തിന് വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും പുറപ്പെട്ടവന്‍ മടങ്ങിവരുന്നതുവരെ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ കഴിയുന്നവനാണ്. (തിര്‍മിദി) 
5. അബൂഉമാമ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ജനങ്ങള്‍ക്ക് നന്മ പഠിപ്പിക്കുന്നവരുടെ മേല്‍ അല്ലാഹു അനുഗ്രഹം വര്‍ഷിപ്പിക്കുന്നു. അവരുടെ മേല്‍ അനുഗ്രഹ വര്‍ഷത്തിന് മലക്കുകളും ആകാശ ഭൂമികളിലുള്ളവരും മാളത്തിലുള്ള ഉറമ്പുകളും മത്സ്യങ്ങളും പ്രാര്‍ത്ഥിക്കുന്നു. (തിര്‍മിദി) 
6. അബ്ദുല്ലാഹിബ്നു അംറ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) മസ്ജിദിലുണ്ടായിരുന്ന രണ്ട് സദസ്സുകള്‍ക്ക് അരികിലൂടെ കടന്നുപോയി. തദവസരം അരുളി: ഈ രണ്ട് സദസ്സുകളും നന്മയുടെ അനുഗ്രഹീത സദസ്സുകളാണ്. തുടര്‍ന്ന് ഒരു സദസ്സിലേക്ക് ചൂണ്ടിക്കൊണ്ട് അരുളി: ഇവര്‍ അല്ലാഹുവിനോടുള്ള പ്രാര്‍ത്ഥനകളില്‍ മുഴുകിക്കഴിയുന്നു. അല്ലാഹു ഉദ്ദേശിച്ചാല്‍ അവര്‍ക്ക് നല്‍കുന്നതും ചിലപ്പോള്‍ നല്‍കാതിരിക്കുന്നതുമാണ്. അല്ലാഹു സര്‍വ്വാധികാരിയും സ്വതന്ത്രനുമാണ്. രണ്ടാമത്തെ സദസ്സിനെക്കുറിച്ച് അരുളി: ഇവര്‍ ദീനീ വിജ്ഞാനം കരസ്ഥമാക്കുകയും അറിവില്ലാത്തവരെ പഠിപ്പിക്കുകയും ചെയ്യുന്നു. ഇവരുടെ സ്ഥാനം ഉന്നതമാണ്. ഞാന്‍ അദ്ധ്യാപകനായി നിയോഗിക്കപ്പെട്ടിരിക്കുന്നു. ശേഷം റസൂലുല്ലാഹി (സ) അവരോടൊപ്പം ഇരിക്കുകയുണ്ടായി. (ദാരിമി) 
7. ഹസന്‍ ബസ്വരി (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: വിജ്ഞാനത്തിലൂടെ ഇസ്ലാമിനെ സമ്പൂര്‍ണ്ണമാക്കാന്‍ വേണ്ടി വിജ്ഞാനം തേടുന്ന അവസ്ഥയില്‍ ആര്‍ക്കെങ്കിലും മരണം വരുകയാണെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ അദ്ദേഹത്തിന്‍റെയും നബിമാരുടെയും ഇടയില്‍ ഒരു സ്ഥാനം മാത്രമേ കാണുകയുള്ളൂ. (ദാരിമി) കുറിപ്പ്: ഈ ഹദീസ് നിവേദനം ചെയ്ത ഹസന്‍ ബസ്വരി (റ) താബിഇയാണ്. അദ്ദേഹം റസൂലുല്ലാഹി (സ)യെ കണ്ടിട്ടില്ല. എന്നാല്‍ നിരവധി സഹാബികളെ കാണുകയും ഹദീസുകള്‍ പഠിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഹദീസും ഇനി കൊടുക്കുന്ന ഹദീസും അദ്ദേഹം നേരിട്ട് നിവേദനം ചെയ്തതാണ്. ഇതില്‍ അദ്ദേഹത്തിന് ഹദീസ് പറഞ്ഞുകൊടുത്ത സഹാബിയെ പറഞ്ഞിട്ടില്ല. ഇപ്രകാരമുള്ള ഹദീസുകള്‍ക്ക് മുര്‍സല്‍ എന്ന് പറയുന്നു. 
8. ഹസന്‍ ബസ്വരി (റ) നിവേദനം. ബനൂഇസ്റാഈലിലെ രണ്ട് പേരെക്കുറിച്ച് റസൂലുല്ലാഹി (സ)യോട് ചോദിക്കപ്പെട്ടു. അതില്‍ ഒരാള്‍ ഫര്‍ള് നമസ്കാരത്തിന് ശേഷം ഇരുന്ന് ജനങ്ങള്‍ക്ക് നല്ല കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുകയും ദീനീ വിജ്ഞാനം പഠിപ്പിക്കുകയും ചെയ്തിരുന്നു. മറ്റൊരാള്‍ പകലുകളില്‍ നിരന്തരം നോമ്പ് പിടിക്കുകയും രാത്രിയില്‍ നമസ്കാരങ്ങളില്‍ മുഴുകുകയും ചെയ്തിരുന്നു. ഇവരില്‍ ശ്രേഷ്ടന്‍ ആരാണെന്ന് ചോദിക്കപ്പെട്ടപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: എനിക്ക് നിങ്ങളില്‍ ഏറ്റവും താഴ്ന്ന വ്യക്തിയേക്കാള്‍ മഹത്വമുള്ളത് പോലെ, ഫര്‍ള് നമസ്കാരങ്ങള്‍ നിര്‍വ്വഹിച്ച ശേഷം ജനങ്ങള്‍ക്ക് നന്മയും വിജ്ഞാനവും പഠിപ്പിക്കുന്ന വ്യക്തി പകലുകളില്‍ നോമ്പ് പിടിക്കുകയും രാത്രിയില്‍ നമസ്കാരത്തില്‍ മുഴുകുകയും ചെയ്യുന്ന ഭക്തനേക്കാള്‍ മഹത്വമുള്ള വ്യക്തിയാണ്. (ദാരിമി)
വിവരണം: ഈ രണ്ട് ഹദീസുകളിലും വിജ്ഞാനത്തിനും അത് പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും അത്ഭുതകരമായ അനുഗ്രഹ മഹത്വങ്ങള്‍ വിവരിച്ചിരിക്കുന്നു. ഇതില്‍ സംശയമൊന്നുമില്ല. കാരണം വിജ്ഞാനം പടച്ചവന്‍ അവതരിപ്പിച്ച സന്മാര്‍ഗ്ഗ കിരണങ്ങളാണ്. അത് നമ്മില്‍ എത്തിച്ചേര്‍ന്നത് റസൂലുല്ലാഹി (സ) വഴിയായിട്ടാണ്. റസൂലുല്ലാഹി (സ) യാത്രയായതിന് ശേഷം ഖുര്‍ആന്‍ ഹദീസുകളുടെ രൂപത്തില്‍ റസൂലുല്ലാഹി (സ) വിട്ടിട്ട് പോയ വിജ്ഞാനം റസൂലുല്ലാഹി (സ)യുടെ പ്രവാചകീയമായ സ്ഥാനത്തുള്ളതാകുന്നു. ഇത്തരുണത്തില്‍ ഈ വിജ്ഞാനവുമായി ബന്ധപ്പെട്ടവര്‍ നബിമാര്‍ അല്ലെങ്കിലും നബിമാരുടെ അനന്തരവകാശികളെന്ന നിലയില്‍ നുബുവ്വത്തിന്‍റെ പ്രവര്‍ത്തനങ്ങളെ സംരക്ഷിക്കുകയും നിര്‍വ്വഹിക്കുകയും ചെയ്യുന്നവരാകുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ഇവര്‍ റസൂലുല്ലാഹി (സ)യുടെ സമുന്നത മുന്‍ഗാമികളാകുന്നു. ഇതിലൂടെ അവര്‍ക്ക് ഈ ഹദീസില്‍ പറയപ്പെട്ട ഉന്നതവും അസാധാരണവുമായ മഹത്വങ്ങള്‍ ലഭിക്കുന്നതാണ്. എന്നാല്‍ ഈ വിജ്ഞാന സമ്പാദനവും അദ്ധ്യാപനവും പടച്ചവന്‍റെ പൊരുത്തത്തെയും പരലോക പ്രതിഫലത്തെയും ആഗ്രഹിച്ചുകൊണ്ടായിരിക്കണമെന്ന ഒരു പ്രധാന നിബന്ധന ഇവിടെയുണ്ട്. അല്ലാഹു കാക്കുമാറാകട്ടെ, ഇതെല്ലാം ഭൗതിക താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നാല്‍ ഇതേ കര്‍മ്മങ്ങള്‍ കടുത്ത പാപങ്ങളാണ്. സഹീഹായ ഒരു ഹദീസില്‍ വന്നതുപോലെ അത്തരം ആളുകളുടെ സ്ഥലം നരകമാണ്. അല്ലാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ. 

*********************************

 കത്ത്

 ALL INDIA MUSLIM PERSONAL LAW BOARD

തഹഫ്ഫുസേ ഔഖാഫ് കാറവാൻ
വഖ്ഫ് സംരക്ഷണ വാഹക സംഘം

> ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് ജനറൽ സെക്രട്ടറി മൗലാനാ ഫസ്‌ലുർ റഹീം മുജദ്ദിദി നേതൃത്വം നൽകുന്നു.

ബഹുമാന്യരെ,

മുൻഗാമികളായ മഹത്തുക്കൾ സൂക്ഷിപ്പ് മുതലായി ഏൽപ്പിച്ചതും എല്ലാവർക്കും ഉപകാരപ്പെടുന്നതുമായ വഖ്ഫ് സ്വത്തുക്കൾ അപഹരിക്കാൻ വഖ്ഫ് ഭേദഗതി നിയമം കേന്ദ്ര ഗവൺമെന്റ് കൊണ്ട് വന്നിരിക്കുകയാണ്. ഈ നിയമം ജനങ്ങൾക്കിടയിൽ വിവേചനം കൽപ്പിക്കുന്നതും വഖ്ഫിൽ തടസ്സം ഉണ്ടാക്കുന്നതും വഖ്ഫിൻ്റെ തത്വങ്ങളെ എതിർക്കുന്നതും വഖ്ഫിനെ ബലഹീനമാക്കുന്നതുമാണ്. ഇത്തരുണത്തിൽ ഇതിനെതിരിൽ വിവിധ സമരപരിപാടികൾക്ക് ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് തീരിമാനിച്ചിരിക്കുന്നു. ഇതിൻ്റെ ഭാഗമായി തഹഫുസേ ഔഖാഫ് കാറവാൻ (വഖ്ഫ് സംരക്ഷണ വാഹകസംഘം) എന്ന പേരിൽ ബോർഡ് നേതാക്കൾ രാജ്യം മുഴുവൻ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്.
ഇതിൻ്റെ അടിസ്ഥാനത്തിൽ ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് സെക്രട്ടറി മൗലാനാ ഫസ്‌ലുർ റഹീം മുജദ്ദിദി നദ്‌വി ദക്ഷിണ കേരളത്തിൽ പര്യേടനം നടത്തുന്നു. ഈ വരുന്ന 5-ാം തീയതി കേരളത്തിലെ കൊച്ചിയിൽ എത്തുന്ന മൗലാനാക്ക് വൈകുന്നേരം 5 മണിക്ക് മുവാറ്റുപുഴ പേഴക്കാപ്പിള്ളി ജാമിഅഃ ബദ്‌രിയയിൽ സ്വീകരണം നൽകുന്നതാണ്. അടുത്ത ദിവസം 6-ാം തീയതി രാവിലെ 9 മണിക്ക് ഓച്ചിറ  ദാറുൽ ഉലൂമിൽ സഹോദരി സഹോദരന്മാരെ സംബോധന ചെയ്യുന്നതാണ് . അന്ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം നന്ദാവനം മുസ്‌ലിം അസോസിയേഷൻ ഹാളിൽ നടത്തുന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുന്നതുമാണ്. മൗലാനാ മുജദ്ദിദി, ബോർഡിൻ്റെ സർവ്വ സ്വീകാര്യനായ മുൻ ചെയർമാൻ മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വിയുടെ പ്രധാന ശിഷ്യനും ഉന്നത പണ്ഡിതനും ജയ്പൂരിലെ ജാമിഅത്തുൽ ഹിദായ റക്ടറുമാണ്. കൂടാതെ നൂറ്റാണ്ടുകൾക്കു മുമ്പ് ഇന്ത്യയിൽ തന്നെ ശരീഅത്തിനെതിരിൽ ശക്തമായ നീക്കങ്ങൾ നടന്നപ്പോൾ ശാന്തമായ പ്രവർത്തനങ്ങളിലൂടെ ചരിത്രം തിരുത്തി കുറിച്ച മുജദ്ദിദ് അൽഫ് ഥാനി ശൈഖ് അഹ്‌മദ് സർഹിന്ദിയുടെ ആത്മീയ സരണിയുടെ വക്താവും കൂടിയാണ് . അല്ലാഹു മൗലാനാക്ക് ആഫിയത്തുളള ദീർഘായുസ്സ് നൽകട്ടെ. സാധിക്കുന്ന സഹോദരങ്ങൾ ഈ വാഹകസംഘത്തിൽ പൂർണ്ണമായോ ഭാഗികമായോ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കുറഞ്ഞ പക്ഷം ഈ 3 പരിപാടികളിൽ സൗകര്യമുള്ള സ്ഥലത്ത് പങ്കെടുത്ത് ഈ സന്ദേശത്തിൻ്റെ വാഹകരാകണമെന്ന് താല്പര്യപ്പെടുന്നു. പടച്ചവൻ കാര്യങ്ങൾ എളുപ്പമാക്കുകയും സ്വീകരിക്കുകയും ചെയ്യട്ടെ!

വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വാട്സ്ആപ്പ് നമ്പർ : +919544828178



പ്രത്യേക ഓഫര്‍






Ph: 7736723639


പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി



ഞങ്ങളുടെ കേന്ദ്ര സ്ഥാപനം



ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌