ഉള്ളടക്കം
⭕ മുഖലിഖിതം
വഖഫ് സംരക്ഷണ പ്രവർത്തനത്തിൽ പങ്കാളികളാകുക
⭕ എന്ത് വില കൊടുത്തും വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുക!
✍🏻 മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
⭕ വഖ്ഫ് ഭേദഗതി ബില്ല് എതിര്‍ക്കപ്പെടുന്നത് എന്തുകൊണ്ട്?
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
⭕ വഖ്ഫ് ഭേദഗതി ബില്ലിലെ പ്രധാന കുഴപ്പങ്ങൾ
✍🏻 ഡോ: സഊദ് ആലം ഖാസിമി
⭕ വഖഫ് കാരുണ്യമാണ്; കിരാതമല്ല
✍🏻 ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി
ബഹുമാന്യരെ,
സത്യാസത്യങ്ങൾക്കിടയിലുള്ള പോരാട്ടം ലോകത്തിന്റെ ആരംഭം മുതൽ ആരംഭിച്ച ഒരു പ്രക്രിയയാണ്. സത്യത്തിന്റെ വാഹകസംഘം ശരിയായ ലക്ഷ്യത്തിലും ശൈലിയിലും പരിശ്രമിക്കുകയും പടച്ചവനോട് താണുകേണ് പ്രാർത്ഥിക്കുകയും ചെയ്താൽ പടച്ചവൻ ഉന്നത വിജയം നൽകുന്നതാണ്. "എന്നാല്‍ നാം സത്യത്തെ എടുത്ത് അസത്യത്തിന്‍റെ നേര്‍ക്ക് എറിയുന്നു. അങ്ങനെ അസത്യത്തെ അത് തകര്‍ത്തു കളയുന്നു. അതോടെ അസത്യം നാശമടയുകയായി." (അൻബിയാഅ് 18)
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ അവൻ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നതാണ്. (മുഹമ്മദ് 7)
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളായിരിക്കുക. മര്‍യമിന്‍റെ മകന്‍ ഈസാ അല്ലാഹുവിങ്കലേക്കുള്ള മാര്‍ഗത്തില്‍ എന്‍റെ സഹായികളായി ആരുണ്ട് എന്ന് ഹവാരികളോട് ചോദിച്ചതു പോലെ. ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാകുന്നു. അപ്പോള്‍ ഇസ്റാഈല്‍ സന്തതികളില്‍ പെട്ട ഒരു വിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം അവിശ്വസിക്കുകയും ചെയ്തു. എന്നിട്ട് വിശ്വസിച്ചവര്‍ക്ക് അവരുടെ ശത്രുവിനെതിരില്‍ നാം പിന്‍ബലം നല്‍കുകയും അങ്ങനെ അവന്‍ മികവുറ്റവരായിത്തീരുകയും ചെയ്തു. (സ്വഫ് 14)
അല്ലാഹു നിങ്ങളെ സഹായിച്ചാൽ നിങ്ങളെ ആരും പരാജയപ്പെടുത്തുന്നതല്ല. അവൻ നിങ്ങളെ നിന്ദ്യരാക്കിയാൽ അല്ലാഹുവിന് ശേഷം നിങ്ങളെ സഹായിക്കാൻ ആരാണുള്ളത്? വിശ്വാസികൾ അല്ലാഹുവിന്റെ മേൽ ഭരമേല്പിക്കട്ടെ. (ആലുഇംറാൻ 160)
ഇന്ത്യാ മഹാരാജ്യത്തും ഈ പോരാട്ടം പണ്ടുമുതൽക്കേ തുടങ്ങിയതാണെങ്കിലും ഇപ്പോൾ അത് വളരെ നിർണായകമായ ഒരു ഘട്ടത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്. പ്രത്യേകിച്ച് ബ്രിട്ടീഷുകാർ പോലും മുസ്‌ലിം വ്യക്തി നിയമത്തിൽ പെടുത്തി അംഗീകരിക്കുകയും തുടർന്ന് രാജ്യം സ്വതന്ത്രമായതിനുശേഷം നിലവിൽ വന്ന ഭരണഘടന മൗലികാവകാശങ്ങളിൽ പെടുത്തി മത സ്വാതന്ത്ര്യം നൽകുകയും ചെയ്തതുമായ ഒരു വിഷയമാണ് വഖ്ഫ്. എന്നാൽ ഇന്ന് ഈ വഖ്ഫിനെ കിരാതമായി ചിത്രീകരിച്ചുകൊണ്ട് ഇതിനെ തകിടം മറിക്കുന്ന കടുത്ത നിയമവുമായി കേന്ദ്ര ഗവൺമെന്റ് വന്നിരിക്കുകയാണ്.
ഇത്തരുണത്തിൽ പടച്ചവനെ ഭരമേൽപ്പിച്ചു കൊണ്ട് സൂക്ഷ്മതയോടെ വഖ്ഫിനെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താൻ ഇന്ത്യൻ മുസ്‌ലിംകളിലെ മുഴുവൻ സംഘടനകളിലെയും കൂട്ടായ്മയായ ആൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് തീരുമാനിച്ചിരിക്കുന്നു. അതിൻ്റെ തീരുമാനമാണ് താഴെ കുറിപ്പിൽ കൊടുത്തിട്ടുള്ളത്. ഇതിൽ നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും ആദ്യത്തെ കാര്യം, ഈ വരുന്ന വെള്ളിയാഴ്ച മുതൽ അടുത്ത വെള്ളിയാഴ്ച വരെയുള്ള വഖ്ഫ് സംരക്ഷണ വാരാചരണമാണ്. അതിൻ്റെ മാർഗ്ഗരേഖകൾ ഇതിൽ വിവരിച്ചിട്ടുണ്ട്. അതനുസരിച്ച് ഓരോരുത്തരും അവരവരുടെ മഹല്ലുകളിൽ ഈ കാര്യം ഉണരുകയും ഉണർത്തുകയും ചെയ്ത് ഇതിന്റെ പ്രവർത്തനങ്ങൾ നിർവ്വഹിക്കാനും നിങ്ങൾ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ആൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിനോ അതിന്റെ കേരളത്തിലെ സേവകന്മാർക്കോ കൃത്യമായി എത്തിച്ചു നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. സർവ്വോപരി, പേഴ്സണൽ ലോ ബോർഡിന്റെ ഒരുമാസം മുമ്പുള്ള നിർദ്ദേശം പാലിച്ചുകൊണ്ട് ഈ വിഷയത്തിൽ നാമെല്ലാവരും പടച്ച തമ്പുരാനോട് അകമഴിഞ്ഞ് താണുകേണ് ദുആ ഇരക്കുകയും നാസിലത്തിന്റെ ഖുനൂത്ത് ഓതുകയും ഹാജത്ത് നമസ്കരിക്കുകയും സദഖകൾ നൽകുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
പടച്ചവൻ എളുപ്പമാക്കുകയും വിജയം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ.
ജുമുഅ സന്ദേശം
ALL INDIA MUSLIM PERSONAL LAW BOARD
വഖഫ് നിയമം 2025 എന്ത് കൊണ്ട് സ്വീകാര്യമല്ല?
മൗലാന ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി
(പ്രസിഡൻ്റ്, ആൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് )
മുസ്‌ലിംകൾക്ക് മാത്രമല്ല രാജ്യം മുഴുവനുമുള്ള നീതി സ്നേഹികളുടെയും മതേതര ശക്തികളുടെയും എതിർപ്പുണ്ടായിട്ടും അധികാര ലഹരിയിൽ മതിമറക്കുകയും വെറുപ്പിൻ്റെ രാഷ്ട്രീയം പരത്തുകയും ചെയ്യുന്ന ഭരണകൂടം വഖഫ് ഭേദഗതി ബിൽ പാസാക്കി. രാഷ്ട്രപതിയുടെ ഒപ്പിന് ശേഷം ഇത് നിയമമാക്കുകയും ചെയതു. ഈ നിയമം മുഴുവനും മുസ്‌ലിം വിരുദ്ധവും ഭരണഘടനാ വിരുദ്ധവും അക്രമവും അനീതിയുമാണങ്കിലും ഇതിലെ വളരെ വ്യക്തമായ ചില നീതികേടുകളെ നാം ഓരോരുത്തരും മനസ്സിലാക്കുയും ജനങ്ങൾക്ക് മനസ്സിലാക്കി കെടുക്കുകയും ചെയ്യണം.
1) വഖഫ് സ്വത്തുക്കൾ അപഹരിക്കാനുള്ള ശ്രമം.
ഈ നിയമത്തിന്റെ ഒന്നാമത്തെ കുഴപ്പം അമൂല്യമായ വഖഫ് സ്വത്തുക്കളെ അപഹരിക്കാനും സർക്കാറിൻ്റെ സഹായത്തോടെ നശിപ്പിക്കാനും വഴിയൊരുക്കുന്നു എന്നതാണ്. ഇത് പല രീതിയിലാണ് :
(A) പഴയ വഖഫ് നിയമത്തിൽ നീണ്ട കാലം ഏതെങ്കിലും സ്ഥലം മസ്ജിദ്, ഖബർസ്ഥാൻ മുതലായ നന്മകൾക്ക് വേണ്ടി ഉപയോഗിക്കപ്പെട്ട് വരുന്നെങ്കിൽ അതിനെ വഖഫായി ഗണിക്കപ്പെട്ടിരുന്നു. ഇതിന് Waqf By User എന്ന് പറയപ്പെടുന്നു. എന്നാൽ പുതിയ ബില്ലിൽ ഇത് പൂർണ്ണമായി ഒഴിവാക്കിയിരുന്നു. എന്നാൽ മുസ്‌ലിംകൾ ഇതിനെ ശക്തമായി എതിർത്തപ്പോൾ ചില NDA ഘടകകക്ഷികളുടെ അഭിപ്രായ പ്രകാരം ഇതിൽ ഭേദഗതി വരുത്തുകയുണ്ടായി. എന്നാൽ ഇത്തരം വഖ്ഫുകളിൽ തർക്കം ഉണ്ടായാൽ അത് വഖഫായി അംഗീകരിക്കപ്പെടുന്നതല്ല എന്ന് പറഞ്ഞിരിക്കുന്നു. ഇതും വഖഫ് സ്വത്തുക്കൾ അപഹരിക്കാനുള്ള ഒരു ശ്രമമാണ്. പ്രത്രേകിച്ചും രാജ്യത്തെ വർഗ്ഗീയ വാദികൾ മസ്ജിദുകളും മഖ്ബറകളും ഈദ് ഗാഹുകളും മറ്റും അവരുടെ മത സ്ഥാനങ്ങളാണെന്ന ആവശ്യം ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്. ഇതിൻ്റെ തുടക്കം ബാബരി മസ്ജിദിൽ നിന്നുമായിരുന്നു. അവിടെ രാത്രിയുടെ ഇരുട്ടിൽ ശ്രീരാമന്റെ വിഗ്രഹം കൊണ്ട് വന്ന് വെച്ച് ശ്രീ രാമൻ പ്രകടമായി എന്ന് വാദിച്ചു. തുടർന്ന് നടന്ന സംഭവങ്ങൾ ലോകം കണ്ടതാണ്. ശേഷം ഗ്യാൻവാപി മസ്ജിദിലെ വുദൂ ഖാനയിൽ ശിവലിംഗം പ്രകടമായി എന്ന് വാദിച്ചു. VHP ഇപ്രകാരം 3000 മസ്ജിദുകളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇപ്പോൾ അതിൻ്റെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. പുതിയ നിയമത്തിലൂടെ ഈ പ്രശ്നം എത്ര അധികരിക്കും എന്ന് ആലോചിക്കുക.
(B) പഴേ വഖ്ഫ് നിയമത്തിൽ വഖ്ഫ് സ്വത്തുക്കളെ ലിമിറ്റേഷൻ ആക്ടിൽ നിന്നും ഒഴിവാക്കിയിരുന്നു. ഈ ആക്റ്റ് കൊണ്ടുള്ള വിവക്ഷ 12 വർഷം ആരെങ്കിലും ഒരു സ്ഥലം ഉപയോഗിച്ചാൽ അത് അദ്ദേഹത്തിനുള്ളതായി മാറും എന്നതാണ്. എന്നാൽ വഖഫ് സ്വത്തുക്കൾക്ക് ഈ നിയമം ബാധകമാകാത്തതിനാൽ പഴയ വഖഫ് അപഹരണങ്ങളെ ഒഴിവാക്കാൻ സാധിക്കുമായിരുന്നു. എന്നാൽ പുതിയ നിയമത്തിൽ ഇത് ഒഴിവാക്കിയിരിക്കുന്നു. ഇതിലൂടെ പഴയ അപഹരണങ്ങൾ തുടരുന്നതാണ്.
(C) ഇന്ത്യയയിലെ മുൻ കഴിഞ്ഞ ഭരണകർത്താക്കളും സമ്പന്നരും പൊതുജനങ്ങളും മതം നോക്കാതെ അന്നും ഇന്നും ഇതര മതസ്ഥരെ സഹായിച്ചിട്ടുണ്ട്. അമുസ്‌ലിം മത സ്ഥാപനങ്ങളെ മുസ്‌ലിംകൾ സഹായിച്ചത് പോലെ ധാരാളം അമുസ്‌ലിം സുമനസ്സുകൾ വഖ്ഫുകളിലും പങ്കെടുത്തിട്ടുണ്ട്. എന്നാൽ പുതിയ നിയമത്തിൽ അമുസ്‌ലിംകളുടെ വഖഫുകളെ ഒഴിവാക്കിയിരിക്കുന്നു. ഇതു വഴി പഴയ ധാരാളം വഖഫുകൾ ഗവൺമെന്റ് കൈയ്യടക്കാൻ സാധ്യതയുണ്ട്.
2) ഈ നിയമം പരിപൂർണ്ണമായ നിലയിൽ മുസ്‌ലിംകളുടെയും അമുസ്‌ലിംകളുടെയും ഇടയിൽ വിവേചനം കൽപ്പിക്കുന്നതാണ്.
(A) വർഷങ്ങളായി ഉപയോഗത്തിലുള്ള സ്ഥലം അതാത് ആളുകൾക്ക് ഉള്ളതാണെന്ന നിയമം ഹൈന്ദവർക്കും സിഖുകാർക്കും ബുദ്ധർക്കും ഇതര മതസ്ഥർക്കും ഇന്നും അംഗീകരിപ്പെട്ടിരിക്കുന്നു. എന്നാൽ മുസ്ലിം വഖ്ഫ് സ്വത്തുക്കളുടെ വിഷയത്തിൽ മാത്രം മേൽ പറഞ്ഞത് പോലെ ഈ നിയമം അവസാനിപ്പിക്കാൻ പരിശ്രമിക്കുന്നു.
(B) ലിമിറ്റേഷൻ ആക്ടിൽ നിന്നും ഹൈന്ദവരെയും സിഖുകാരെയും ക്രൈസ്തവരെയും ഇന്നും ഒഴിവാക്കിയിരിക്കുന്നു. പക്ഷേ മുസ്‌ലിം വഖ്ഫ് സ്വത്തുക്കളെ മാത്രം ഇതിൽ നിന്നും ഒഴിവാക്കിയിട്ടില്ല.
(C) ഹൈന്ദവ വഖ്ഫായ ഹിന്ദു എൻഡോവ്മെൻ്റിൻ്റെ എല്ലാ അംഗങ്ങളും ഹൈന്ദവരാണ്. അവർ ഹൈന്ദവർ ആയിരിക്കണമെന്ന് ഉത്തർ പ്രദേശ്, കർണ്ണാടക, തമിഴ്നാട്, കേരളം, മുതലായ സ്ഥലങ്ങളിൽ നിയമപരമായി തന്നെ പറയപ്പെട്ടിരിക്കുന്നു. ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അംഗങ്ങൾ സിഖുകാരായിരിക്കണം എന്നതും നിർബന്ധമാണ്. എന്നാൽ പുതിയ വഖ്ഫ് നിയമത്തിൽ വഖ്ഫ് സമിതിയിൽ രണ്ട് അമുസ്‌ലിംകൾ നിർബന്ധമാണ്. വഖ്ഫ് ബോർഡിൻ്റെ ചീഫ് എക്സിക്യൂട്ടീവ് മുസ്‌ലിമായിരിക്കണം എന്ന പഴയ നിയമവും മാറ്റി. മുമ്പ് വഖ്ഫ് ബോർഡിൻ്റെ ശുപാർശ പ്രകാരമാണ് ചീഫിനെ നിയമിക്കപ്പെട്ടിരുന്നത്. ഇനി അദ്ദേഹത്തെ ഗവൺമെന്റ് നിയമിക്കുന്നതാണ്. കേന്ദ്ര വഖ്ഫ് കൗൺസിലിൽ മുമ്പ് ഒരു അമുസ്‌ലിം മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അത് പതിമൂന്നാക്കി ഉയർത്തിയിരിക്കുന്നു.
3) വഖ്ഫിൽ തടസ്സമുണ്ടാക്കുന്നു.
പുതിയ നിയമം അനുസരിച്ച് വഖ്ഫിൽ പലതരം തടസ്സങ്ങളും ഉണ്ടാക്കുന്നു. നേരത്തെ പറഞ്ഞത് പോലെ അമുസ്‌ലിം വഖ്ഫ് ചെയ്യാൻ പാടുള്ളതല്ല. അഞ്ച് വർഷമായി ഇസ്‌ലാമിക ജീവിതം നയിക്കാത്ത പുതു മുസ്‌ലിമും വഖ്ഫ് ചെയ്യാൻ പാടുള്ളതല്ല.
4) വഖ്ഫ് തത്വങ്ങളെ എതിർക്കുന്നു.
ഇസ്‌ലാമിക വീക്ഷണത്തിൽ ഒരു സ്ഥലത്തിൻ്റെ ഉടമക്ക് അനുവദിനീയമായ എല്ലാ വ്യവഹാരങ്ങളും നടത്താൻ അവകാശമുണ്ട്. പ്രത്യേകിച്ചും മക്കളോടും കുടുംബത്തോടും സൽപെരുമാറ്റം പ്രതിഫലാർഹമായ കാര്യമാണ്. ഇതിൻ്റെ അടിസ്ഥാത്തിലാണ് സന്താനങ്ങളുടെ പേരിൽ വഖ്ഫ് ചെയ്യാം എന്ന് നിയമം വന്നിട്ടുള്ളത്.
റസൂലുല്ലാഹി (സ) അബൂബക്കർ സിദീഖ് (റ) ഉമറുൽ ഫാറൂഖ് (റ) അലിയ്യ് (റ) മുതലായവർ ഇപ്രകാരം വഖ്ഫ് ചെയ്തിട്ടുണ്ട്. അതായത് ഒരു സ്ഥലം ഇവർക്ക് ഉപയോഗിക്കാവുന്നതാണ്. ആർക്കും അതിൽ ഉടമാവകാശം ഉണ്ടാകുന്നല്ല പുതിയ നിയമത്തിൽ ഈ നിയമവും മാറ്റപ്പെട്ടിരിക്കുന്നു.
5) വഖ്ഫിനെ ബലഹീനമാക്കാനുള്ള പരിശ്രമങ്ങൾ.
മുമ്പ് വഖ്ഫ് നിയമങ്ങൾക്കും ഇതര നിയമങ്ങളുമായി ഭിന്നത ഉണ്ടായാൽ വഖ്ഫ് നിയമത്തിന് മുൻഗണന നൽകപ്പെടുമായിരുന്നു. ഇപ്പോൾ ഈ നിയമം എടുത്ത് മാറ്റപ്പെട്ടു.
6) അസത്യ പ്രചാരണം.
ഈ വിഷയത്തിൽ ഏറ്റവും വേദനാജനകമായ കാര്യം ഭരണകൂടവും അവരുടെ പാർട്ടിയും നടത്തുന്ന അസത്യ പ്രചാരണങ്ങളാണ്. ആ പ്രചാരണത്തിൽ അവർ സർവ്വലോക റെക്കോർഡ് തന്നെ സ്ഥാപിച്ചിരിക്കുകയാണ്. കളവുകൾ പടച്ചുണ്ടാക്കി പ്രചരിപ്പിക്കുകയും വ്യാജ വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുന്നതിന് അവാർഡ് വല്ലതും നൽകപ്പെടുമെങ്കിൽ അത് പ്രധാന മന്ത്രിക്കോ ആഭ്യന്തര മന്ത്രിക്കോ ന്യൂനപക്ഷകാര്യ മന്ത്രിക്കോ നൽകേണ്ടതാണ്. വഖ്ഫിനെ കുറിച്ച് പലതരം കളവുകൾ പടച്ചുണ്ടാക്കലും രാജ്യത്തെ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കലും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ പരത്തലും ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പടിയാക്കി ക്രൂരമായി ആക്രമിക്കലുമാണ് അവരുടെ പ്രധാനപ്പെട്ട ജോലി. അവർ പ്രചരിപ്പിക്കുന്ന ചില അപവാദങ്ങൾ മാത്രം ഇവിടെ കൊടുക്കുന്നു:
1. വഖ്ഫ് ബോര്‍ഡിന് ഏത് സ്വത്തിനെ കുറിച്ചും വഖ്ഫാണെന്ന വാദം ഉന്നയിക്കാന്‍ ഇഷ്ടം നല്‍കപ്പെട്ടിരിക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വഖ്ഫ് ബോര്‍ഡ് ധാരാളം സ്ഥലങ്ങള്‍ വഖ്ഫായി പ്രഖ്യാപിച്ചിരിക്കുന്നു. അങ്ങനെ മുസ്ലിംകള്‍ ഇന്ന് രാജ്യത്തിന്‍റെ ഭൂസ്വത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി കൈയ്യടക്കിയിരിക്കുകയാണ്. വഖ്ഫായിട്ട് ആറ് ലക്ഷം ഏക്കര്‍ സ്ഥലമാണ് മുസ്ലിംകള്‍ നേടിയെടുത്തിട്ടുള്ളത്!
ഇതിന്‍റെ യാഥാര്‍ത്ഥ്യം ഇപ്രകാരമാണ്: ഒന്നാമതായി, മുന്‍ കേന്ദ്രഗവര്‍മെന്‍റ് തന്നെ നിയമിച്ച സച്ചര്‍കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വഖ്ഫ് സ്വത്തുക്കള്‍ ആറ് ലക്ഷം ഏക്കര്‍ ഭൂമിയാണ്. പക്ഷേ, ഇത് മൂന്നാം സ്ഥാനത്താണെന്ന വാദം തീര്‍ത്തും തെറ്റാണ്. തമിഴ് നാട്ടില്‍ മാത്രം ഹൈന്ദവ ക്ഷേത്രങ്ങളുടെ ഭൂമി 478000 ഏക്കറാണ്. ആന്ധ്രപ്രദേശില്‍ 468000 ഏക്കറുകളാണ്. ഇത് രണ്ടും കൂടി ചേര്‍ത്താല്‍ തന്നെ 940000 ഏക്കറുകള്‍ വരുന്നതാണ്. രണ്ടാമതായി, വഖ്ഫ് ബോര്‍ഡിന് തോന്നുന്ന സ്ഥലങ്ങളെല്ലാം വഖ്ഫ് ഭൂമിയായി പ്രഖ്യാപിക്കുന്നു എന്ന വാദം ശുദ്ധ അസംബന്ധമാണ്. വഖ്ഫ് ബോര്‍ഡിന്‍റെ പ്രവര്‍ത്തനം രഹസ്യമായ നിലയിലല്ല. വഖ്ഫ് ആക്ടില്‍ അതിന്‍റെ പ്രോസീജര്‍ പരിപൂര്‍ണ്ണമായി വിവരിക്കപ്പെട്ടിട്ടുണ്ട്. അതെ, ഒരു ഭൂമിയുടെ ഉടമയ്ക്ക് മാത്രമേ, വഖ്ഫ് ചെയ്യാന്‍ സാധുക്കുകയുള്ളൂ. അദ്ദേഹം ഉടമാവകാശത്തിന്‍റെ രേഖകള്‍ വഖ്ഫ് ബോര്‍ഡില്‍ സമാഹരിക്കുകയും വേണം. തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് വിമര്‍ശനങ്ങള്‍ രേഖപ്പെടുത്താനുള്ള നോട്ടീസ് പ്രസിദ്ധീകരിക്കപ്പെടുന്നതാണ്. കൂടാതെ, ഗവര്‍മെന്‍റ് ഒരു സര്‍വ്വേ കമ്മീഷണറെ നിയമിക്കുന്നതുമാണ്. അദ്ദേഹം ഭൂമിയെ അളന്ന് നോക്കുകയും വഖ്ഫിനെ ശരി വെക്കുകയും ചെയ്താല്‍ ഈ കാര്യം സംസ്ഥാന ഗസറ്റില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതാണ്. ഈ നോട്ടിഫിക്കേഷന്‍ നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍ക്ക് വേണമെങ്കിലും ട്രിബൂണലില്‍ ഇതിനെ ചോദ്യം ചെയ്യാവുന്നതാണ്.
2. വഖ്ഫ് സ്വത്തില്‍ ഭിന്നത വല്ലതും ഉണ്ടായാല്‍ വഖ്ഫ് ട്രൈബൂണല്‍ ഏകപക്ഷീയമായി വിധി നടത്തുകയാണ്. ഇപ്രകാരം ഏകപക്ഷീയമായി വിധി നടത്തി ധാരാളം സ്വത്തുക്കള്‍ വഖ്ഫായി അന്യാധീനപ്പെടുത്തപ്പെട്ടിട്ടുണ്ട്!
യഥാര്‍ത്ഥത്തില്‍ വഖ്ഫ് ട്രൈബൂണലിന്‍റെ സ്ഥാനം സിവില്‍ കോടതിയുടെ സ്ഥാനം മാത്രമാണ്. അതിന്‍റെ ഉന്നത ഉദ്യോഗസ്ഥന്‍ ജില്ലാ ജഡ്ജിയായിരിക്കും. വഖ്ഫ് സ്വത്തെന്ന് പറയപ്പെടുന്ന ഏതെങ്കിലും ഭൂമി ഒരു വ്യക്തിയോ, സ്ഥാപനമോ, ഗവര്‍മെന്‍റോ കൈയ്യടക്കിയാല്‍ ഇതില്‍ കേസ് നടക്കുന്നതാണ്. കേസില്‍ ഇരുകൂട്ടരും അവരുടെ തെളിവുകള്‍ സമര്‍പ്പിക്കും. അതിന്‍റെ അടിസ്ഥാനത്തില്‍ ട്രിബൂണല്‍ വിധി പറയും. ഈ വിധിയില്‍ ഏതെങ്കിലും വിഭാഗത്തിന് അതൃപ്തിയുണ്ടെങ്കില്‍ അവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്. ഹൈക്കോടതിയുടെ തീരുമാനത്തിലും തൃപ്തി വരാത്തവര്‍ക്ക് സുപ്രീം കോടതി വഴി വിധിയെ ചലഞ്ച് ചെയ്യാവുന്നതാണ്. ആകയാല്‍ വഖ്ഫ് ട്രൈബൂണല്‍ വഴി വഖ്ഫ് ബോര്‍ഡ് മറ്റുള്ളവരുടെ സ്വത്തുക്കള്‍ കൈയ്യടക്കുന്നു എന്ന വാദം കളവും അടിസ്ഥാനരഹിതവുമാണ്. കൂടാതെ, വഖ്ഫ് ട്രൈബൂണലിന്‍റെ ഘടനയും നാം മനസ്സിലാക്കുക. അതില്‍ രാജ്യ നിയമങ്ങള്‍ അറിയാവുന്ന രണ്ട് വിദഗ്ദരും ഇസ്ലാമിക നിയമങ്ങള്‍ പഠിച്ച ഒരു വിദഗ്ദനും ഉണ്ടായിരിക്കും. വഖ്ഫ് സ്വത്തുക്കളുടെ വിഷയത്തിലുള്ള ഇസ്‌ലാമിക ശരീഅത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമാണ് ഈ പണ്ഡിതന്‍ കൈകാര്യം ചെയ്യുക. ഉദാഹരണത്തിന് ഒരു ഭൂമിയെക്കുറിച്ച് മസ്ജിദിന് വഖ്ഫ് ചെയ്യപ്പെട്ടതാണെന്ന് വ്യക്തമായാല്‍ അതിന്‍റെ അധികരിച്ച വരുമാനം ഖബ്ര്‍സ്ഥാനിനോ, വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ക്കോ ഉപയോഗിക്കാമോ എന്ന കാര്യം അദ്ദേഹം പറയുന്നതാണ്. മറ്റുവിഷയങ്ങള്‍ രാജ്യ നിയമങ്ങള്‍ അറിയാവുന്നവരാണ് തീരുമാനിക്കുക. ഉദാഹരണത്തിന് വഖ്ഫ് ബോര്‍ഡിനും മുസ്‌ലിമോ അമുസ്‌ലിമോ ആയ വ്യക്തികള്‍ക്കിടയില്‍ വല്ല ഭിന്നതയും വന്നാല്‍ അത് തീരുമാനിക്കുന്നത് രാജ്യ നിയമങ്ങളുടെ വെളിച്ചത്തിലായിരിക്കും.
3. ഗവൺമെന്‍റ് ഓരോ പത്ത് വര്‍ഷം കൂടുംതോറും മുഴുവന്‍ വഖ്ഫ് സ്വത്തുക്കളും സര്‍വ്വേ ചെയ്യാറുണ്ട്. ഈ സര്‍വ്വേയുടെ ചിലവുകള്‍ ഗവര്‍മെന്‍റ് പൊതുസ്വത്തില്‍ നിന്നാണ് ചിലവഴിക്കുന്നത്. വഖ്ഫ് പോലുള്ള സ്വത്തിന്‍റെ സര്‍വ്വേചിലവുകള്‍ അതുമായി ബന്ധമില്ലാത്ത പൊതുജനങ്ങളുടെ സമ്പത്തില്‍ നിന്നും മുടക്കുന്നത് തെറ്റാണ്!
രാജ്യത്തെ ഏതെങ്കിലും വിഭാഗങ്ങളുടെ ആവശ്യത്തിന് ആ വിഭാഗത്തിന്‍റെ പണം മാത്രമേ ചിലവഴിക്കാവൂ എന്ന് രാജ്യത്ത് ഒരു നിയമവുമില്ല. മാത്രമല്ല, സഹോദര സമുദായങ്ങളുടെ മതപരമായ പരിപാടികള്‍ക്കും യാത്രകള്‍ക്കും മേളകള്‍ക്കും വിശിഷ്യാ കുംഭമേളയില്‍ എത്ര സമ്പത്താണ് പൊതുഖജനാവില്‍ നിന്നും ചിലവഴിക്കപ്പെടുന്നത്. പൊതുഖജനാവ് രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും ടാക്സില്‍ നിന്നും രൂപപ്പെടുന്നതാണ്. രാജ്യത്ത് ടാക്സ് നല്‍കുന്നതില്‍ വലിയൊരു വിഭാഗം മുസ്‌ലിം വ്യാപാരികളാണെന്ന് ആര്‍ക്കാണ് അറിയാത്തത്. യൂസുഫ് അലി, അസീം പ്രേംജി, ശാഹിദ് ബലൂച് തുടങ്ങിയ വ്യാപാരികളും സിനിമാ ലോകവും കായിക മേഖലയുമായി ബന്ധപ്പെട്ടവരും വലിയ നികുതിയാണ് രാജ്യത്ത് അടച്ചുകൊണ്ടിരിക്കുന്നത്. ഇത്തരുണത്തില്‍ മതപരമായ കാര്യമാണെങ്കിലും എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന വഖ്ഫ് സ്വത്തുക്കളുടെ സര്‍വ്വേയ്ക്ക് പൊതുഖജനാവില്‍ നിന്നും ന്യായമായ ചിലവുകള്‍ എടുക്കുന്നതില്‍ യാതൊരു തെറ്റുമില്ല.
4. തമിഴ് നാട്ടിലെ തിരിച്ചന്തൂര്‍ ജില്ലയിലെ ഒരു സംഭവം വളരെ പര്‍വ്വതീകരിച്ചുകൊണ്ട് ചിലര്‍ ഇപ്രകാരം പറയുന്നു: ഇവിടെ ഒരു ഗ്രാമത്തില്‍ 1500 വര്‍ഷമായി താമസിക്കുന്നത് മുഴുവനും ഹൈന്ദവരാണ്. ഇവിടെ ഒരു ഹൈന്ദവ ക്ഷേത്രവുമുണ്ട്. എന്നാല്‍ ഇത് വഖ്ഫ് സ്വത്താണെന്നാണ് തമിഴ്നാട് വഖ്ഫ് ബോര്‍ഡ് പറയുന്നത്! വേറെയും പല സ്ഥലങ്ങളെക്കുറിച്ചും ഇതേ രീതിയില്‍ പ്രചണ്ഡമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.
ഒന്നാമതായി, ഇതിനെക്കുറിച്ചുള്ള ചിത്രീകരണം തന്നെ തെറ്റാണ്. തമിഴ്നാട് വഖ്ഫ് ബോര്‍ഡ് പറയുന്നു: ഈ സ്ഥലം 600 വര്‍ഷം മുമ്പ് വഖ്ഫ് ചെയ്യപ്പെട്ട സ്ഥലമാണ്. 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ സ്ഥാപിക്കപ്പെട്ടുവെന്ന് പറയപ്പെടുന്ന ക്ഷേത്രം സ്ഥാപിക്കപ്പെട്ടിട്ട് 100 വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. വഖ്ഫ് ബോര്‍ഡ് ഇത് വഖ്ഫ് ഭൂമിയാണെന്ന് വാദിക്കുന്നത് അവരുടെ പക്കലുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ്. രണ്ടാമതായി, അവിടെയുള്ളവര്‍ ഇറങ്ങിപ്പോകണമെന്നോ മറ്റോ വഖ്ഫ് ബോര്‍ഡോ, മുസ്‌ലിംകളോ ആവശ്യപ്പെടുന്നില്ല. ഈ കാര്യം ഭരണകൂടത്തെ ഏല്‍പ്പിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ തീരുമാനം എന്താണെങ്കിലും അംഗീകരിക്കുന്നതാണെന്ന് മുസ്‌ലിംകള്‍ പറയുന്നു.
5. രാജ്യത്ത് ഭരണം നടത്തിയിരുന്ന മുസ്‌ലിം ഭരണാധികാരികള്‍ ധാരാളം ഭൂമി വഖ്ഫായി പ്രഖ്യാപിച്ചു എന്നാണ് മറ്റൊരു ആരോപണം.
ഒന്നാമതായി, ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് മാത്രം മുന്‍ഗാമികളായ ഭരണാധികളാരും പരിഗണന നല്‍കിയിട്ടില്ല. വര്‍ഗ്ഗീയ വാദികളായ ഭരണാധികാരികള്‍ മാത്രമാണ് ഇപ്രകാരം ചെയ്യുന്നത്. രണ്ടാമതായി, ഇപ്രകാരം അവര്‍ ഭൂമികള്‍ വഖ്ഫായി പ്രഖ്യാപിച്ചുവെങ്കില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ പക്കല്‍ ധാരാളം വഖ്ഫ് സ്വത്തുക്കള്‍ ഉണ്ടാകുമായിരുന്നു. പക്ഷേ, സ്വത്തിന്‍റെ വിഷയത്തില്‍ മുസ്ലിം സമുദായം വളരെ പിന്നിലാണെന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ സച്ചാര്‍ കമ്മിറ്റി കണ്ടെത്തുകയുണ്ടായി. മൂന്നാമതായി, ഭൂമി വഖ്ഫ് ചെയ്യുന്നത് ഭരണാധികാരികളോ, സമ്പന്നരോ മാത്രമല്ല, സാധാരണക്കാരും സാധുക്കളുമായ ആളുകള്‍ പോലും വഖ്ഫ് ചെയ്യാറുണ്ട്. ഉദാഹരണത്തിന് നാം ഓരോരുത്തരുടെയും നാടുകളിലേക്ക് തന്നെ നോക്കുക. ഓരോ നാടുകളിലും മസ്ജിദും മദ്റസയും ഖബ്ര്‍സ്ഥാനുമുണ്ട്. അതില്‍ സാധാരണ നിലക്ക് എല്ലാവരും പങ്കെടുക്കാറുമുണ്ട്. അതുകൊണ്ട് വഖ്ഫ് ഭൂമികള്‍ ഭരണാധികാരികളും സമ്പന്നരും മാത്രം ദാനം ചെയ്തതല്ല, അവരോടൊപ്പം സാധാരണക്കാരും സ്ത്രീകളും ഈ മേഖലയില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ചുരുക്കത്തിൽ ഇതെല്ലാം ഇസ്‌ലാമിനെയും വഖ്ഫിനെയും തെറ്റിദ്ധരിപ്പിക്കാനും ജനങ്ങൾക്ക് ഇടയിൽ ഭിന്നത ഉണ്ടാക്കാനും വേണ്ടി നടത്തുന്ന പ്രചണ്ഡ പ്രചാരണങ്ങൾ മാത്രമാണ്. ഇത്തരം പ്രചാരണങ്ങൾ രാജ്യത്തിനും രാജ്യ നിവാസികൾക്കും തന്നെ ഹാനികരമാണ്. ഈ പ്രചാരണങ്ങളിൽ കുടുങ്ങാതെ ഇരിക്കാൻ എല്ലാവരും തികഞ്ഞ ജാഗ്രത പുലർത്തുക.
അവസാനമായി എല്ലാ സഹോദരങ്ങളോടുമുള്ള അഭ്യര്‍ത്ഥന വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലാേ ബോര്‍ഡ് നടത്തുന്ന പരിശ്രമങ്ങളെ പിന്തുണയ്ക്കുകയും ഓരോരുത്തരും സാധിക്കുന്ന പരിശ്രമങ്ങള്‍ നടത്തുകയും ചെയ്യുക എന്നതാണ്. കൂടാതെ, വഖ്ഫ് സ്വത്തുക്കളുമായിട്ടുള്ള ബന്ധം നാം നന്നാക്കുകയും വിശിഷ്യാ മസ്ജിദുകള്‍ സജീവമാക്കുകയും ചെയ്യുക. സര്‍വ്വോപരി എല്ലാവിധ നന്മകള്‍ക്കും പടച്ചവനോട് താണുകേണ് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. പടച്ചവന്‍ അനുഗ്രഹിക്കട്ടെ !
മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുൽ ഹദീദ്-2
(29 ആയത്തുകൾ, പദങ്ങൾ 544, അക്ഷരങ്ങൾ 3476, മദീനമുനവ്വറയിൽ അവതരണം. 4 റുകൂഅ്. അവതരണ ക്രമം 94. പാരായണ ക്രമം 57. സൂറത്തുസിൽസാലിന് ശേഷം അവതരണം)
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം
സത്യവിശ്വാസം, അനുസരണ, ദാനധര്‍മ്മം
(29 ആയത്തുകൾ, പദങ്ങൾ 544, അക്ഷരങ്ങൾ 3476, മദീനമുനവ്വറയിൽ അവതരണം. 4 റുകൂഅ്. അവതരണ ക്രമം 94. പാരായണ ക്രമം 57. സൂറത്തുസിൽസാലിന് ശേഷം അവതരണം)
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം
സത്യവിശ്വാസം, അനുസരണ, ദാനധര്‍മ്മം
മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 7-11
(7) وَمَا لَكُمْ لَا تُؤْمِنُونَ بِاللَّهِ ۙ وَالرَّسُولُ يَدْعُوكُمْ لِتُؤْمِنُوا بِرَبِّكُمْ وَقَدْ أَخَذَ مِيثَاقَكُمْ إِن كُنتُم مُّؤْمِنِينَ (8) هُوَ الَّذِي يُنَزِّلُ عَلَىٰ عَبْدِهِ آيَاتٍ بَيِّنَاتٍ لِّيُخْرِجَكُم مِّنَ الظُّلُمَاتِ إِلَى النُّورِ ۚ وَإِنَّ اللَّهَ بِكُمْ لَرَءُوفٌ رَّحِيمٌ (9) وَمَا لَكُمْ أَلَّا تُنفِقُوا فِي سَبِيلِ اللَّهِ وَلِلَّهِ مِيرَاثُ السَّمَاوَاتِ وَالْأَرْضِ ۚ لَا يَسْتَوِي مِنكُم مَّنْ أَنفَقَ مِن قَبْلِ الْفَتْحِ وَقَاتَلَ ۚ أُولَٰئِكَ أَعْظَمُ دَرَجَةً مِّنَ الَّذِينَ أَنفَقُوا مِن بَعْدُ وَقَاتَلُوا ۚ وَكُلًّا وَعَدَ اللَّهُ الْحُسْنَىٰ ۚ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ (10) مَّن ذَا الَّذِي يُقْرِضُ اللَّهَ قَرْضًا حَسَنًا فَيُضَاعِفَهُ لَهُ وَلَهُ أَجْرٌ كَرِيمٌ (11)
അല്ലാഹുവിലും അവന്‍റെ ദൂതരിലും നിങ്ങള്‍ വിശ്വസിക്കുക. ഏതൊരു സ്വത്തില്‍ അല്ലാഹു നിങ്ങളെ ഏല്‍പ്പിച്ചോ അതില്‍ നിന്നും നിങ്ങള്‍ ചിലവഴിക്കുക. നിങ്ങളില്‍ നിന്നും വിശ്വസിക്കുകയും ചിലവഴിക്കുകയും ചെയ്യുന്നവര്‍ക്ക് വലിയ പ്രതിഫലമുണ്ട്.(7) അല്ലാഹുവില്‍ വിശ്വസിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് എന്തുപറ്റി? നിങ്ങളുടെ പരിപാലകനില്‍ വിശ്വസിക്കാന്‍ ദൂതന്‍ നിങ്ങളെ വിളിക്കുന്നു. അല്ലാഹു നിങ്ങളില്‍ നിന്ന് കരാര്‍ വാങ്ങുകയും ചെയ്തിട്ടുണ്ട്. നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍ (അല്ലാഹുവില്‍ വിശ്വസിക്കുക.)(8) ഇരുളുകളില്‍ നിന്നും പ്രകാശത്തിലേക്ക് നിങ്ങളെ നയിക്കാന്‍ അല്ലാഹുവാണ് അവന്‍റെ ദാസന്‍റെ മേല്‍ സുവ്യക്തമായ വചനങ്ങള്‍ അവതരിപ്പിച്ചത്. അല്ലാഹു നിങ്ങളോട് വലിയ കൃപയും കരുണയുമുള്ളവനാണ്.(9) അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് എന്തുപറ്റി? ആകാശഭൂമികളുടെ സ്വത്ത് മുഴുവന്‍ അല്ലാഹുവിന് മാത്രമായിത്തീരാനുള്ളതാണ്. നിങ്ങളില്‍ നിന്നും മക്കാ വിജയത്തിന് മുമ്പ് ചിലവഴിക്കുകയും പോരാടുകയും ചെയ്തവരും മറ്റുള്ളവരും സമമാകുന്നതല്ല. ശേഷം ചിലവഴിക്കുകയും പോരാടുകയും ചെയ്തവരേക്കാള്‍ അവര്‍ സ്ഥാനം സമുന്നതമായവരാണ്. അല്ലാഹു എല്ലാവര്‍ക്കും ഉത്തമപ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. അല്ലാഹു നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂക്ഷ്മമായി അറിയുന്നവനാകുന്നു.(10) അല്ലാഹുവിന് നല്ല കടം കൊടുക്കാന്‍ ആരാണുള്ളത്. അപ്പോള്‍ അവന് അത് ഇരട്ടിയാക്കി നല്‍കുന്നതാണ്. അവന് മാന്യമായ പ്രതിഫലവും ഉണ്ട്.(11)
ആശയ സംഗ്രഹം
അല്ലാഹുവിലും അവന്‍റെ ദൂതരിലും നിങ്ങള്‍ വിശ്വസിക്കുക. ഏതൊരു സ്വത്തില്‍ അല്ലാഹു നിങ്ങളെ ഏല്‍പ്പിച്ചോ അതില്‍ നിന്നും നിങ്ങള്‍ ചിലവഴിക്കുക. അതായത് ഈ സമ്പത്ത് നിങ്ങള്‍ക്ക് മുമ്പ് മറ്റൊരു കൂട്ടരുടെ കരങ്ങളിലായിരുന്നു. നിങ്ങള്‍ക്ക് ശേഷം വേറൊരു വിഭാഗത്തിന്‍റെ കരങ്ങളില്‍ എത്തുന്നതാണ്. സമ്പത്ത് ഒരിക്കലും ഒരിടത്ത് തന്നെ തങ്ങി നില്‍ക്കുന്നതല്ല. അതുകൊണ്ട് അതിനെ ശരിയായ വഴിയില്‍ ചിലവഴിക്കാതെ കെട്ടിപ്പിടിച്ച് കഴിയാന്‍ പരിശ്രമിക്കുന്നത് വിഡ്ഢിത്തരമാണ്. ആകയാല്‍ പടച്ചവന്‍റെ കല്‍പ്പന പ്രകാരം നിങ്ങളില്‍ നിന്നും വിശ്വസിക്കുകയും പടച്ചവന്‍റെ പാതയില്‍ ചിലവഴിക്കുകയും ചെയ്യുന്നവര്‍ക്ക് വലിയ പ്രതിഫലമുണ്ട്. സത്യവിശ്വാസം സ്വീകരിക്കാത്തവരോട് ചോദിക്കട്ടെ: അല്ലാഹുവിലും ദൂതനിലും വിശ്വസിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് എന്തുപറ്റി? എന്നാല്‍ ഈ വിശ്വാസത്തിന്‍റെ പ്രേരകങ്ങള്‍ നിങ്ങളുടെ മുമ്പിലുണ്ട്. ഒന്നാമതായി നിങ്ങളുടെ പരിപാലകനില്‍ വിശ്വസിക്കുക എന്ന് തെളിവുകളിലൂടെ പ്രവാചകത്വം സ്ഥിരപ്പെട്ട ദൂതന്‍ നിങ്ങളെ വിളിക്കുന്നു. രണ്ടാമതായി അല്ലാഹുവാണ് നിങ്ങളുടെ രക്ഷിതാവെന്ന് അല്ലാഹു തന്നെ നിങ്ങളില്‍ നിന്ന് കരാര്‍ വാങ്ങുകയും ചെയ്തിട്ടുണ്ട്. ഈ കരാറിന്‍റെ അടയാളം ഇന്നും നിങ്ങളുടെ പ്രകൃതിയില്‍ അവശേഷിക്കുന്നുണ്ട്. കൂടാതെ, പ്രവാചകന്മാര്‍ നിങ്ങളെ അത് ഉണര്‍ത്തുകയും ചെയ്തു. ഈ കാര്യം സൂറത്തുല്‍ അഅ്റാഫ് 172-ാം വചനത്തില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. ആകയാല്‍ നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍ ഈ കാര്യങ്ങള്‍ തന്നെ മതിയായതാണ്. വിശ്വസിക്കാന്‍ സന്നദ്ധരല്ലാത്തവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല. ........ (ജാസിയ 6). അടുത്തതായി പ്രവാചകത്വത്തെ വിവരിച്ചുകൊണ്ട് പറയുന്നു: അജ്ഞതയുടെ ഇരുളുകളില്‍ നിന്നും സത്യവിശ്വാസത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും പ്രകാശത്തിലേക്ക് നിങ്ങളെ നയിക്കാന്‍ അല്ലാഹുവാണ് അവന്‍റെ വിശിഷ്ട ദാസന്‍റെ മേല്‍ സുവ്യക്തമായ വചനങ്ങള്‍ അവതരിപ്പിച്ചത്. ശക്തമായ ഇരുളുകളില്‍ നിന്നും നിങ്ങളുടെ മോചനത്തിനുള്ള മാര്‍ഗ്ഗം സജ്ജീകരിച്ച അല്ലാഹു നിങ്ങളോട് വലിയ കൃപയും കരുണയുമുള്ളവനാണ്. അടുത്തതായി പടച്ചവന്‍റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കാതിരിക്കുന്നതിനെക്കുറിച്ച് ചോദിക്കുന്നു: അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് എന്തുപറ്റി? ആകാശഭൂമികളുടെ സ്വത്ത് മുഴുവന്‍ അല്ലാഹുവിന് മാത്രമായിത്തീരാനുള്ളതാണെന്നത് ദാനധര്‍മ്മത്തെ ശക്തമായി പ്രേരിപ്പിക്കുന്നു ഒരു യാഥാര്‍ത്ഥ്യമാണ്. കാരണം എല്ലാവരും മരിയ്ക്കും, പടച്ചവന്‍ മാത്രം അവശേഷിക്കും. എല്ലാവരും സമ്പത്ത് ഉപേക്ഷിക്കേണ്ടവരാണെങ്കില്‍ സന്തോഷത്തോടെ ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ മഹത്തരമായി മറ്റെന്താണുള്ളത്? അതിലൂടെ ഉന്നതമായ പകരം പരലോകത്ത് ലഭിക്കുന്നതാണല്ലോ. അടുത്തതായി ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നവരുടെ സ്ഥാന വ്യത്യാസങ്ങള്‍ വിവരിക്കുന്നു: ദാനധര്‍മ്മങ്ങള്‍ ചെയ്യുന്ന എല്ലാവര്‍ക്കും പ്രതിഫലം ലഭിക്കുമെങ്കിലും അതില്‍ ചില സ്ഥാന വ്യത്യാസങ്ങളുണ്ട്. നിങ്ങളില്‍ നിന്നും മക്കാ വിജയത്തിന് മുമ്പ് പടച്ചവന്‍റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുകയും പോരാടുകയും ചെയ്തവരും മക്കാ വിജയത്തിന് ശേഷം ധര്‍മ്മം ചെയ്യുകയും പോരാടുകയും ചെയ്ത മറ്റുള്ളവരും സമമാകുന്നതല്ല. ശേഷം ചിലവഴിക്കുകയും പോരാടുകയും ചെയ്തവരേക്കാള്‍ അവര്‍ സ്ഥാനം സമുന്നതമായവരാണ്. അല്ലാഹു എല്ലാവര്‍ക്കും ഉത്തമ പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. അല്ലാഹു നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂക്ഷ്മമായി അറിയുന്നവനാകുന്നു. അതുകൊണ്ട് ഇരു കൂട്ടര്‍ക്കും ഇരു സമയങ്ങള്‍ക്കനുസരിച്ചുള്ള പ്രതിഫലം നല്‍കുന്നതാണ്. അവസാനമായി എല്ലാവരെയും ദാനത്തിന് പ്രേരിപ്പിച്ചുകൊണ്ട് പറയുന്നു: അല്ലാഹുവിന് ആത്മാര്‍ത്ഥതയോടെ നല്ല കടം കൊടുക്കാന്‍ ആരാണുള്ളത്. അപ്പോള്‍ അവന് അത് ഇരട്ടിയാക്കി നല്‍കുന്നതാണ്. ഇരട്ടിയാക്കി നല്‍കുന്നതിനോടൊപ്പം അവന് മാന്യമായ പ്രതിഫലവും ഉണ്ട്. ഇരട്ടിയാക്കുന്നു എന്നതില്‍ പ്രതിഫലത്തിന്‍റെ അളവ് വലുതായിരിക്കുമെന്നും മാന്യമായ എന്നതില്‍ പ്രതിഫലം ഉന്നതമായിരിക്കുമെന്നും സൂചനയുണ്ട്.
വിവരണവും വ്യാഖ്യാനവും
അല്ലാഹുവില്‍ വിശ്വസിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് എന്തുപറ്റി? നിങ്ങളുടെ പരിപാലകനില്‍ വിശ്വസിക്കാന്‍ ദൂതന്‍ നിങ്ങളെ വിളിക്കുന്നു. അല്ലാഹു നിങ്ങളില്‍ നിന്ന് കരാര്‍ വാങ്ങുകയും ചെയ്തിട്ടുണ്ട്. നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍ (8) * ഈ ആയത്തിലെ കരാര്‍ വാങ്ങി എന്നതുകൊണ്ടുള്ള ഉദ്ദേശം ആലമുല്‍ അര്‍വാഹിലെ സംഭവമാകാന്‍ സാധ്യതയുണ്ട്. അല്ലാഹു ഈ ലോകത്തെ സൃഷ്ടിക്കുന്നതിന് മുമ്പ് ആലമുല്‍ അര്‍വാഹില്‍ മുഴുവന്‍ മനുഷ്യരുടെയും ആത്മാവുകളെ ഒരുമിച്ച് കൂട്ടുകയും അല്ലാഹുവാണ് പരിപാലകനെന്ന സമ്മതത്തിന്‍റെ കരാര്‍ വാങ്ങുകയും ചെയ്തു. പരിശുദ്ധ ഖുര്‍ആന്‍ അഅ്റാഫ് 122-ാം വചനത്തില്‍ ഇത് വിവരിക്കപ്പെട്ടിട്ടുണ്ട്. ഈ കരാര്‍ കൊണ്ടുള്ള ഉദ്ദേശം ഗതകാല നബിമാരെല്ലാവരും അവരുടെ സമൂഹങ്ങളോട് അന്ത്യപ്രവാചകനില്‍ വിശ്വസിക്കണമെന്നും സഹായിക്കണമെന്നും ഉപദേശിച്ചുകൊണ്ട് നടത്തിയ ഉദ്ബോധനം ആകാനും സാധ്യതയുണ്ട്. ആലുഇംറാന്‍ 81-ാം ആയത്തില്‍ ഇത് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. * നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍ എന്ന് ഈ ആയത്തില്‍ പറഞ്ഞതിനെക്കുറിച്ച് ഒരു സംശയമുണ്ടായേക്കാം: സത്യവിശ്വാസികള്‍ അല്ലായെന്ന് കഴിഞ്ഞ ആയത്തില്‍ സൂചിപ്പിക്കപ്പെട്ടതിനാല്‍ ഇവിടെ നിഷേധികളോടാണ് സംസാരം നടക്കുന്നത്. നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍ എന്ന് അവരോട് പറയുന്നത് എന്തിനാണ്? ഇതിനുള്ള മറുപടി ഇതാണ്: ബഹുദൈവരാധകരും പടച്ചവനില്‍ വിശ്വസിക്കുന്നു എന്ന് വാദിക്കുന്നവരാണ്. പടച്ചവനോട് ശുപാര്‍ശ ചെയ്യും എന്ന ആഗ്രഹത്തിലാണ് ഞങ്ങള്‍ വിഗ്രഹരാധന നടത്തുന്നതെന്ന അവരുടെ വാദം ഖുര്‍ആന്‍ ഉദ്ധരിച്ചിട്ടുണ്ട്. (സുമര്‍ 3) ഇത്തരുണത്തില്‍ ഈ ആയത്തിന്‍റെ ആശയം ഇപ്രകാരമാണ്: പടച്ചവനില്‍ വിശ്വസിക്കുന്നു എന്ന് വാദിക്കുന്ന നിങ്ങളുടെ വാദം സത്യസന്ധമാണെങ്കില്‍ സത്യവിശ്വാസത്തിന്‍റെ ശരിയും പരിഗണിനീയവുമായ രൂപം തെരഞ്ഞെടുക്കുക. അതെ, അതിന്‍റെ ശരിയായ രീതി പടച്ചവനില്‍ വിശ്വസിക്കുന്നതിനോടൊപ്പം പ്രവാചകനിലും വിശ്വസിക്കലാണ്.
ആകാശഭൂമികളുടെ സ്വത്ത് മുഴുവന്‍ അല്ലാഹുവിന് മാത്രമായിത്തീരാനുള്ളതാണ്! * മീറാസ് എന്നാല്‍ കഴിഞ്ഞ ഉടമസ്ഥന്‍റെ മരണത്തിന് ശേഷം ജീവിച്ചിരിക്കുന്ന അനന്തരവകാശികള്‍ക്ക് ലഭിക്കുന്ന സമ്പത്താണ്. മരണപ്പെടുന്ന വ്യക്തി ആഗ്രഹിച്ചാലും ഇല്ലെങ്കിലും നിര്‍ബന്ധമായും അനന്തരവകാശികള്‍ക്ക് അത് ലഭിക്കുന്നതാണ്. ഇവിടെ മനുഷ്യന്‍റെ സമ്പത്ത് മരണാനന്തരം പടച്ചവന്‍ ഏറ്റെടുക്കുമെന്നതിന് മീറാസ് എന്ന പദം ഉപയോഗിച്ചതിന്‍റെ തത്വമിതാണ്: നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങള്‍ ഇന്ന് ഉടമകളാണെന്ന് വിചാരിക്കുന്ന സമ്പത്തെല്ലാം പടച്ചവന്‍റെ പ്രത്യേകമായ ഉടമാവകാശത്തിലേക്ക് നീങ്ങുന്നതാണ്. സര്‍വ്വ വസ്തുക്കളുടെയും ഉടമാധികാരി മുമ്പു മുതലേ അല്ലാഹു തന്നെ ആയിരുന്നെങ്കിലും പടച്ചവന്‍റെ ഔദാര്യം കൊണ്ട് കുറച്ച് വസ്തുക്കളുടെ ഉടമാധികാരം ബാഹ്യമായി നിങ്ങള്‍ക്കും നല്‍കി. ഇപ്പോള്‍ ബാഹ്യമായ പ്രസ്തുത ഉടമാധികാരവും അവശേഷിക്കുന്നില്ല. മറിച്ച് യാഥാര്‍ത്ഥ്യവും ബാഹ്യവുമായ സര്‍വ്വ അധികാരങ്ങളും അല്ലാഹുവിന് മാത്രമായിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ക്ക് ബാഹ്യമായ ഉടമാധികാരം ഉള്ള സമയത്ത് നിങ്ങള്‍ പടച്ചവന്‍റെ പേരില്‍ വല്ലതും ചിലവഴിച്ചാല്‍ അതിന്‍റെ പകരം പരലോകത്ത് നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. അതെ, അല്ലാഹുവിന്‍റെ പാതയില്‍ ദാനം ചെയ്യുന്ന വസ്തുക്കളുടെ ഉടമാധികാരം നിങ്ങള്‍ക്ക് ശാശ്വതമായിരിക്കുന്നതാണ്. ആഇശ (റ) വിവരിക്കുന്നു: ഒരിക്കല്‍ ഞങ്ങള്‍ ഒരു ആടിനെ അറുത്തു. അല്‍പ്പം മാത്രം ഞങ്ങള്‍ എടുത്ത് ബാക്കിയുള്ളതെല്ലാം ദാനം ചെയ്തു. റസൂലുല്ലാഹി (സ) ചോദിച്ചു: ആടിന്‍റെ മാംസം വീതിച്ചതിന് ശേഷം എന്തെങ്കിലും അവശേഷിക്കുന്നുണ്ടോ? ഞാന്‍ പറഞ്ഞു: ഒരു കാലിന്‍റെ ഭാഗം അവശേഷിക്കുന്നുണ്ട്. റസൂലുല്ലാഹി (സ) അരുളി: പ്രസ്തുത കാലിന്‍റെ ഭാഗം ഒഴിച്ചുള്ള സര്‍വ്വ ഭാഗങ്ങളും അവശേഷിക്കുന്നു. (തിര്‍മിദി) കാരണം പടച്ചവന്‍റെ മാര്‍ഗ്ഗത്തില്‍ ദാനം ചെയ്ത ഭാഗങ്ങളെല്ലാം അല്ലാഹുവിങ്കല്‍ നിങ്ങള്‍ക്ക് വേണ്ടി അവശേഷിക്കുന്നതാണ്. നിങ്ങള്‍ ഭക്ഷിക്കാന്‍ വേണ്ടി മാറ്റിവെച്ച ചെറിയ ഭാഗത്തിന് പരലോകത്തില്‍ പ്രതിഫലമൊന്നും ഇല്ലാത്തതിനാല്‍ അത് ഇവിടെത്തന്നെ അവശേഷിക്കുന്നതാണ്. (മസ്ഹരി)
പടച്ചവന്‍റെ മാര്‍ഗ്ഗത്തില്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചതിന് ശേഷം അടുത്ത ആയത്തില്‍ അല്ലാഹു ഉണര്‍ത്തുന്നു: പടച്ചവന്‍റെ മാര്‍ഗ്ഗത്തില്‍ എന്ത് വസ്തുവും ഏത് സമയത്ത് ചിലവഴിച്ചാലും നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്നതാണ്. എന്നാല്‍ ഉദ്ദേശ ശുദ്ധിയുടെയും ഉത്തമ സമയത്ത് ചിലവഴിക്കുന്നതിന്‍റെയും അടിസ്ഥാനത്തില്‍ പ്രതിഫലത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നതാണ്. നിങ്ങളില്‍ നിന്നും മക്കാ വിജയത്തിന് മുമ്പ് ചിലവഴിക്കുകയും പോരാടുകയും ചെയ്തവരും മറ്റുള്ളവരും സമമാകുന്നതല്ല. ശേഷം ചിലവഴിക്കുകയും പോരാടുകയും ചെയ്തവരേക്കാള്‍ അവര്‍ സ്ഥാനം സമുന്നതമായവരാണ്. അല്ലാഹു എല്ലാവര്‍ക്കും ഉത്തമപ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. അല്ലാഹു നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂക്ഷ്മമായി അറിയുന്നവനാകുന്നു.(10) അതായത് പടച്ചവന്‍റെ പാതയില്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ രണ്ട് വിഭാഗമാണ്. ഒന്ന്, മക്കാവിജയത്തിന് മുമ്പ് സത്യവിശ്വാസം സ്വീകരിക്കുകയും ദാനധര്‍മ്മങ്ങള്‍ നല്‍കുകയും ചെയ്തവര്‍. രണ്ട്, മക്കാവിജയത്തിന് ശേഷം സത്യവിശ്വാസം സ്വീകരിക്കുകയും ദാനധര്‍മ്മങ്ങള്‍ നല്‍കുകയും ചെയ്തവര്‍. ഈ രണ്ട് വിഭാഗവും പടച്ചവന്‍റെ പക്കല്‍ തുല്യരല്ല. പ്രതിഫല സ്ഥാനങ്ങളില്‍ ഇവര്‍ക്കിടയില്‍ ഏറ്റുക്കുറച്ചിലുകളുണ്ട്. മക്കാവിജയത്തിന് മുമ്പ് സത്യവിശ്വാസം സ്വീകരിക്കുകയും ദാനധര്‍മ്മങ്ങള്‍ നടത്തുകയും ചെയ്തവരുടെ പ്രതിഫലവും സ്ഥാനവും ശേഷമുള്ളവരേക്കാള്‍ ഉന്നതമാണ്.
സഹാബ മഹത്തുക്കളുടെ സ്ഥാനം നിര്‍ണ്ണയിക്കാന്‍ മക്കാവിജയത്തെ മാനദണ്ഡമാക്കിയതിന്‍റെ തത്വം: ഈ ആയത്തില്‍ അല്ലാഹു സഹാബികള്‍ രണ്ട് വിഭാഗമാണെന്ന് പ്രസ്താവിച്ചിരിക്കുന്നു. ഒന്ന്, മക്കാവിജയത്തിന് മുമ്പ് ഇസ്ലാം സ്വീകരിക്കുകയും സേവനങ്ങള്‍ അനുഷ്ടിക്കുകയും ചെയ്തവര്‍. രണ്ട്, മക്കാവിജയത്തിന് ശേഷം സേവനങ്ങള്‍ ചെയ്തവര്‍. ഒന്നാം വിഭാഗത്തിന്‍റെ സ്ഥാനം രണ്ടാം വിഭാഗത്തേക്കാള്‍ ഉന്നതമാണെന്ന് ഈ ആയത്തില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. മക്കാവിജയത്തെ ഇതിന്‍റെ മാനദണ്ഡമാക്കാനുള്ള വലിയൊരു തത്വം ഇതാണ്: മക്കാവിജയത്തിന് മുമ്പുള്ള വിവിധ രാഷ്ട്രീയ അവസ്ഥകളും ബാഹ്യമായ കാരണങ്ങളും വെച്ച് നോക്കുമ്പോള്‍ മുസ്ലിംകളുടെയും ഇസ്ലാമിന്‍റെയും ഉത്ഥാനപതനങ്ങള്‍ നിരന്തരം മാറിമാറി വന്നിരുന്നു. ഇതര നിരവധി പ്രസ്ഥാനങ്ങളെപ്പോലെ ഇതും തകര്‍ന്ന് പോകുമെന്ന് പലരും വിചാരിച്ചിരുന്നു. തകര്‍ന്ന് പോകാന്‍ സാധ്യതയുള്ള പ്രസ്ഥാന-സ്ഥാപനങ്ങളില്‍ സമര്‍ത്ഥരായ ആരും പങ്കാളികളാകാറില്ല. അവര്‍ അതിന്‍റെ മുന്നോട്ടുള്ള നീക്കത്തെ ശ്രദ്ധിക്കുന്നതാണ്. വിജയത്തിന് സാധ്യതയുള്ളതായി കണ്ടാല്‍ അവര്‍ അതില്‍ പങ്കാളികളാകും. മറ്റുചിലര്‍ ഇതിനെ സത്യമായി തന്നെ കാണുമെങ്കിലും ശത്രുക്കളുടെ ഉപദ്രവങ്ങളെ ഭയന്ന് സ്വന്തം ബലഹീനതയെ നോക്കിയും അവര്‍ അതില്‍ പങ്കാളികളാകാന്‍ ധൈര്യപ്പെടുകയില്ല. എന്നാല്‍ മന:ക്കരുത്തുള്ളവര്‍ സത്യം തിരിച്ചറിഞ്ഞാല്‍ വിജയ-പരാജയങ്ങളിലേക്ക് നോക്കാതെ അതിനെ സ്വീകരിക്കാന്‍ സന്നദ്ധരാകുന്നതാണ്. മക്കാവിജയത്തിന് മുമ്പ് ഇസ്ലാം സ്വീകരിച്ചവരുടെ മുന്നില്‍ മുസ്ലിംകളുടെ ബലഹീനതയും ശത്രുക്കളുടെ ഉപദ്രവങ്ങളും നിറഞ്ഞ് നിന്നിരുന്നു. പ്രത്യേകിച്ചും ആദ്യകാലങ്ങളില്‍ ഇസ്ലാം സ്വീകരിക്കുന്നത് സ്വന്തം ജീവനും സമ്പത്തും പണയം വെക്കുന്നതിന് തുല്യമായിരുന്നു. ഇത്തരമൊരു അവസ്ഥയില്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി റസൂലുല്ലാഹി (സ)യെ സേവിച്ചത് അവരുടെ വിശ്വാസത്തിന്‍റെ കരുത്തും ഉദ്ദേശ ശുദ്ധിയുടെ മഹത്വവും കൊണ്ട് മാത്രമായിരുന്നു. തുടര്‍ന്ന് അവസ്ഥ അല്‍പ്പാല്‍പ്പമായി മാറി. മുസ്ലിംകള്‍ക്ക് ശക്തി ലഭിച്ചു. അവസാനം മക്കാവിജയത്തോടെ മുഴുവന്‍ അറേബ്യയിലും ഇസ്ലാമിക ഭരണം നിലവില്‍ വന്നു. ജനങ്ങള്‍ കൂട്ടം കൂട്ടമായി ഇസ്ലാമില്‍ പ്രവേശിക്കുന്ന സുന്ദരമായ അവസ്ഥ സംജാതമായി. ഇത്തരുണത്തില്‍ ഇസ്ലാമിന്‍റെ സത്യതയില്‍ ഉറച്ച വിശ്വാസം ഉണ്ടായിരുന്നിട്ടും സ്വന്തം ബലഹീനതയും മുസ്ലിം ശത്രുക്കളുടെ ഉപദ്രവവും കാരണമായി ഇസ്ലാമിനെ പരസ്യപ്പെടുത്താന്‍ മടിച്ചവര്‍ക്കും തടസ്സം നീങ്ങി. അങ്ങനെ അവരും ഇസ്ലാമിലേക്ക് പ്രവേശിക്കുകയും നന്മകളില്‍ മുന്നേറുകയും ചെയ്തു. പരിശുദ്ധ ഖുര്‍ആനിലെ ഈ ആയത്ത് അവരെയും ആദരിക്കുകയും അവര്‍ക്കും പടച്ചവന്‍റെ പൊരുത്തവും കാരുണ്യവും വാഗ്ദാനം നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതോടൊപ്പം തന്നെ വിശ്വാസ ശക്തിയും ഉന്നത മന:ക്കരുത്തും കാരണം അപകടങ്ങളെയും അക്രമങ്ങളെയും തൃണവല്‍ക്കരിച്ചുകൊണ്ട് ഇസ്ലാമിനെ പ്രഖ്യാപിക്കുകയും സേവനങ്ങള്‍ അനുഷ്ടിക്കുകയും ചെയ്തവരുടെ സ്ഥാനം ഇവരേക്കാള്‍ ഉന്നതമാണെന്ന് അറിയിക്കുകയും ചെയ്തു. ചുരുക്കത്തില്‍ വിശ്വാസത്തിന്‍റെ ശക്തിയുടെയും ഉന്നത മന:ക്കരുത്തിന്‍റെയും വിഷയത്തില്‍ മക്കാവിജയത്തിന് മുമ്പുള്ളവരും ശേഷമുള്ളവരും സമമല്ലെന്ന് ഈ ആയത്ത് അറിയിക്കുന്നു.
സര്‍വ്വ സഹാബികള്‍ക്കും പൊരുത്തത്തിന്‍റെയും കാരുണ്യത്തിന്‍റെയും സുവാര്‍ത്ത, സഹാബത്ത് സമുദായത്തിലെ സമുന്നത വിഭാഗം: മക്കാവിജയത്തിന്‍റെ അടിസ്ഥാനത്തില്‍ സഹാബാ മഹത്തുക്കളില്‍ ഒരു വിഭാഗം കൂടുതല്‍ മഹത്വങ്ങള്‍ ഉള്ളവരാണെന്ന് ഈ ആയത്ത് വിളിച്ചറിയിക്കുന്നതെങ്കിലും ഇതിന്‍റെ അവസാനത്തില്‍ അല്ലാഹു അറിയിക്കുന്നു: ഈ സ്ഥാന വ്യത്യാസങ്ങള്‍ ഉള്ളതിനോടൊപ്പം അല്ലാഹു അവര്‍ക്ക് സുന്ദര പ്രതിഫലമായ സ്വര്‍ഗ്ഗവും പൊരുത്തവും വാഗ്ദാനം ചെയ്തിരിക്കുന്നു! ഈ വാഗ്ദാനം മക്കാവിജയത്തിന് മുമ്പും ശേഷവുമായി അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ സമ്പത്തും ശരീരവും ചിലവഴിച്ച എല്ലാ സഹാബികള്‍ക്കും ബാധകമാണ്. ഇതില്‍ ഏതാണ്ട് എല്ലാ സഹാബികളും ഉള്‍പ്പെടുന്നതാണ്. കാരണം ഇസ്ലാം സ്വീകരിച്ച ശേഷം അവരെല്ലാവരും തന്നെ ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും പോരാട്ട പരിശ്രമങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് പരിശുദ്ധ ഖുര്‍ആനിന്‍റെ കാരുണ്യ പൊരുത്തങ്ങളുടെ വാഗ്ദാനം മുഴുവന്‍ സഹാബികള്‍ക്കും ബാധകമാണ്. ഇബ്നു ഹസം (റ) പ്രസ്താവിക്കുന്നു: ഈ ആയത്തിനെ സൂറത്തുല്‍ അമ്പിയാഇലെ മറ്റൊരു ആയത്തുമായി ബന്ധിപ്പിക്കേണ്ടതാണ്. അതില്‍ അല്ലാഹു പറയുന്നു:.......... (അമ്പിയാഅ് 101-102) * അല്ലാഹു മുഴുവന്‍ സഹാബികള്‍ക്കും ഹുസ്ന വാഗ്ദാനം ചെയ്തിരിക്കുന്നു എന്ന ഈ ആയത്തിലെ പ്രയോഗം സര്‍വ്വ സഹാബികളും നരകത്തില്‍ നിന്നും വളരെ വിദൂരമാക്കപ്പെട്ടവരാണെന്ന് വിളിച്ചറിയിക്കുന്നു. (അല്‍ മഹല്ലി ഇബ്നു ഹസം) ഇതിന്‍റെ ആശയം ഇതാണ്: സഹാബാക്കളില്‍ മുന്‍ഗാമികളും പിന്‍ഗാമികളുമായ ആരില്‍ നിന്നെങ്കിലും ജീവിത കാലത്ത് വല്ല പാപവും ഉണ്ടായാല്‍ അവര്‍ അതില്‍ ഉറച്ച് നില്‍ക്കാതെ പശ്ചാത്തപിക്കുന്നതാണ്. അല്ലെങ്കില്‍ റസൂലുല്ലാഹി (സ)യുടെ സഹവാസ സേവനങ്ങള്‍ കാരണമായി പടച്ചവന്‍ അവര്‍ക്ക് പൊറുത്ത് കൊടുക്കുന്നതാണ്. അവര്‍ മുഴുവന്‍ പാപങ്ങളില്‍ നിന്നും പരിശുദ്ധരായ നിലയില്‍ മാത്രമേ ഈ ലോകത്ത് നിന്നും യാത്രയാവുകയുള്ളൂ. എന്നാല്‍ ചില സഹാബികള്‍ക്ക് മരണത്തിന് ശേഷം ശിക്ഷയുണ്ടായതായി ചില ഹദീസുകളില്‍ വന്നിട്ടുണ്ട്. അതുകൊണ്ടുള്ള ഉദ്ദേശം പരലോകത്തിലെയോ നരകത്തിലെയോ ശിക്ഷയല്ല. ബര്‍സഖിലെ ശിക്ഷയാണ്. ചില സഹാബികളില്‍ നിന്നും എന്തെങ്കിലും പാപങ്ങള്‍ ഉണ്ടായപ്പോള്‍ പശ്ചാത്തപിക്കാന്‍ കഴിയാതെ അവര്‍ മരണപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട്. അവര്‍ ഖബ്ര്‍ ശിക്ഷയിലൂടെ പരിശുദ്ധരാക്കപ്പെടുന്നതാണ്.
സഹാബത്തിന്‍റെ മഹത്വം ഖുര്‍ആന്‍ ഹദീസുകളിലൂടെയാണ് മനസ്സിലാക്കേണ്ടത്. ചരിത്ര നിവേദനങ്ങളിലൂടെയല്ല: ചുരുക്കത്തില്‍ മഹാന്മാരായ സഹാബത്ത് സാധാരണ സമുദായ അംഗങ്ങളെപ്പോലെയല്ല. റസൂലുല്ലാഹി (സ)യുടെയും പൊതു സമുദായത്തിന്‍റെയും ഇടയില്‍ അല്ലാഹു സ്വീകരിച്ച ഒരു മാധ്യമമാണ്. പരിശുദ്ധ ഖുര്‍ആനും അതിന്‍റെ ആശയങ്ങളും പ്രവാചക അദ്ധ്യാപനങ്ങളും അവരിലൂടെ മാത്രമാണ് സമുദായത്തിന് ലഭിച്ചത്. അതുകൊണ്ട് ഇസ്ലാമില്‍ അവര്‍ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. ചരിത്ര ഗ്രന്ഥങ്ങളിലെ ഉണക്കയും പച്ചയുമായ നിവേദനങ്ങളിലൂടെ അവരെ മനസ്സിലാക്കാന്‍ കഴിയുന്നതല്ല. പരിശുദ്ധ ഖുര്‍ആനിലുടെയും പുണ്യ ഹദീസുകളിലൂടെയുമാണ് അവ മനസ്സിലാക്കേണ്ടത്. അവരില്‍ നിന്നും എന്തെങ്കിലും തെറ്റുകള്‍ ഉണ്ടായാല്‍ തന്നെ അവയില്‍ ഭൂരിഭാഗവും ഗവേഷണഫലമായിരുന്നു. അവ പാപങ്ങളല്ല. മറിച്ച് അവയ്ക്ക് പ്രതിഫലം ലഭിക്കുന്നതാണെന്ന് സഹീഹായ ഹദീസുകളില്‍ വന്നിരിക്കുന്നു. ഇനി യഥാര്‍ത്ഥത്തില്‍ എന്തെങ്കിലും തെറ്റുകള്‍ വന്നാല്‍ തന്നെ അവരുടെ ജീവിതകാലം മുഴുവനുമുള്ള നന്മകള്‍ക്കും പ്രവാചക സേവന സഹായങ്ങള്‍ക്കും മുന്നില്‍ അവ ഒന്നുമല്ല. കൂടാതെ, അവരുടെ ഭയഭക്തി വളരെ ശക്തമായതിനാല്‍ നിസ്സാര പാപങ്ങളുടെ പേരില്‍ പോലും അവര്‍ ഭയന്ന് വിറയ്ക്കുകയും ഉടനടി പശ്ചാത്തപിക്കുകയും സ്വയം ശിക്ഷ ഏറ്റുവാങ്ങാന്‍ സന്നദ്ധരാവുകയും ചെയ്തിരുന്നു. അവരില്‍ ചിലര്‍ മസ്ജിദുന്നബവിയുടെ തൂണില്‍ സ്വയം ബന്ധനസ്ഥാനാവുകയും പശ്ചാത്താപം സ്വീകരിക്കപ്പെട്ടതായി അറിയിപ്പ് ഉണ്ടാകുന്നതുവരെ അവിടെ തന്നെ നില്‍ക്കുകയും ചെയ്തു. (ബൈഹഖി) അവരില്‍ ഭൂരിഭാഗത്തിന്‍റെയും നന്മകള്‍ തന്നെ അവരുടെ തെറ്റ് കുറ്റങ്ങള്‍ക്ക് പരിഹാരമായിരുന്നു. സര്‍വ്വോപരി അല്ലാഹു തആല അവരുടെ പാപമോചനം ഈ ആയത്തിലും ഇതര ആയത്തുകളിലും പ്രഖ്യാപിച്ചിരിക്കുന്നു. വെറും പാപമോചനം മാത്രമല്ല, സ്വര്‍ഗ്ഗത്തിലെ സമുന്നത അനുഗ്രഹമായ പടച്ചവന്‍റെ പ്രീതിയും തൃപ്തിയും അവര്‍ക്ക് വാഗ്ദാനം നല്‍കുകയും ചെയ്തു. (തൗബ 100) ഈ കാരണത്താല്‍ അവരുടെ പരസ്പര പ്രശ്നങ്ങളുടെ പേരില്‍ അവരില്‍ ആരെയെങ്കിലും ആക്ഷേപിക്കുന്നതും നിന്ദിക്കുന്നതും തീര്‍ത്തും നിഷിദ്ധവും റസൂലുല്ലാഹി (സ)യുടെ അറിയിപ്പനുസരിച്ച് ശാപത്തിന് കാരണവും സ്വന്തം വിശ്വാസത്തെ അപകടപ്പെടുത്തലുമാണ്. സത്യവും കളവും ശക്തവും ബലഹീനവുമായ ചരിത്ര നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ ചില സഹാബികളെ വിമര്‍ശിക്കുന്നത് ഇന്ന് ചിലര്‍ പതിവാക്കിയിരിക്കുന്നു. ഒന്നാമതായി അവരുടെ വിമര്‍ശനത്തിന്‍റെ അടിസ്ഥാനമായ ചരിത്ര നിവേദനങ്ങള്‍ തന്നെ അടിസ്ഥാനം ഇല്ലാത്തതാണ്. ഇനി അതിന് അല്‍പ്പമെങ്കിലും സ്ഥാനമുണ്ടെന്ന് അംഗീകരിച്ചാല്‍ തന്നെ പരിശുദ്ധ ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും വ്യക്തമായ വചനങ്ങള്‍ക്ക് മുന്നില്‍ അവയ്ക്ക് യാതൊരു സ്ഥാനവുമില്ല. അവരെല്ലാവരും പാപങ്ങള്‍ പൊറുക്കപ്പെട്ടവരാണെന്ന് ഖുര്‍ആനും ഹദീസും അറിയിക്കുന്നു.
സഹാബത്തിനെക്കുറിച്ച് ഉമ്മത്തിന്‍റെ ഏകഖണ്ഡമായ വിശ്വാസം ഇപ്രകാരമാണ്: മുഴുവന്‍ സഹാബത്തിനെയും സ്നേഹിച്ച് ആദരിക്കലും വാഴ്ത്തിപ്പറയലും നിര്‍ബന്ധമാണ്. അവര്‍ക്കിടയില്‍ ഉണ്ടായ ഭിന്നതകളുടെയും പ്രശ്നങ്ങളുടെയും വിഷയത്തില്‍ നിശബ്ദത പുലര്‍ത്തേണ്ടതാണ്. ആരെയും വിമര്‍ശിക്കാന്‍ പാടില്ല. ഇസ്ലാമിക വിശ്വാസവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങളില്‍ ഈ ഏകഖണ്ഡമായ വിശ്വാസത്തെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഇമാം അഹ്മദ് (റ) പ്രസ്താവിക്കുന്നു: സഹാബത്തിന്‍റെ എന്തെങ്കിലും കുറ്റങ്ങള്‍ പറയാനും അവരുടെ ന്യൂനതകള്‍ പറഞ്ഞ് ആക്ഷേപിക്കാനും ആര്‍ക്കും അനുവാദമില്ല. അപ്രകാരം പ്രവര്‍ത്തിക്കുന്നവരെ ശിക്ഷ നല്‍കേണ്ടതാണ്. (ശര്‍ഹുല്‍ അഖീദ അല്‍ വാസിത്തിയ്യ) സഹാബത്തിന്‍റെ മഹത്വങ്ങള്‍ വ്യക്തമാക്കുന്ന നിരവധി ആയത്തുകളും ഹദീസുകളും ഉദ്ധരിച്ച ശേഷം ശൈഖ് ഇബ്നുതൈമിയ്യ (റ) കുറിക്കുന്നു: ഈ വിഷയത്തില്‍ സഹാബാ താബിഈങ്ങളുടെയും ഉലമാ ഫുഖഹാക്കളുടെയും മുഴുവന്‍ അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്‍റെയും യാതൊരു ഭിന്നതയും ഇല്ല. എല്ലാവരും ഏകോപിച്ച് പറയുന്നു: സഹാബാ മഹത്തുക്കളെ നിര്‍ബന്ധമായും വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്യുക. അവര്‍ക്ക് വേണ്ടി പടച്ചവനോട് പാപമോചനം തേടുക. അവരെ പടച്ചവന്‍റെ കാരുണ്യവുമായി ബന്ധിപ്പിച്ച് പറയുക. അവരുടെ വിഷയത്തില്‍ മര്യാദകേട് കാണിക്കുന്നവര്‍ക്ക് ശിക്ഷ നല്‍കുക. (അസ്സാരിമുല്‍ മസ്ലൂല്‍) മറ്റൊരിടത്ത് കുറിക്കുന്നു: സ്വഹാബത്തിനിടയില്‍ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളില്‍ ഇടപെടാതെ അഹ്ലുസ്സുന്നത്ത് മാറിനില്‍ക്കുന്നു. അതുമായി ബന്ധപ്പെട്ട പല നിവേദനങ്ങളും കളവാണ്. ചിലതില്‍ കൂട്ടിക്കുറക്കലുകള്‍ നടത്തപ്പെട്ടിരിക്കുന്നു. മറ്റുചിലത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതുമാണ്. അവരുടെ ഗവേഷണത്തില്‍ ഒന്നുകില്‍ അവര്‍ ശരിയെത്തിച്ച് ഇരട്ടി പ്രതിഫലം കരസ്ഥമാക്കി. അല്ലെങ്കില്‍ തെറ്റു പറ്റി ഒരു പ്രതിഫലം ലഭിച്ചവരായി. സ്വഹാബികളെല്ലാം സകല പാപങ്ങളില്‍ നിന്നും മുക്തരാണെന്ന വിശ്വാസം അഹ്ലുസ്സുന്നക്ക് ഇല്ല. അവരില്‍ തെറ്റു കുറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, അവര്‍ മുന്‍കടന്ന നന്മകളുടെയും മഹത്വങ്ങളുടെയും പേരില്‍ അവര്‍ക്കു പൊറുത്തു കൊടുക്കപ്പെടുന്നതാണ്. ഇക്കാരണത്താല്‍, അവര്‍ വല്ല പാപവും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ ഒന്നുകില്‍ പശ്ചാത്തപിക്കുന്നവരാണ്. അല്ലെങ്കില്‍ അവരുടെ ഉന്നത നന്മകള്‍ കാരണം പൊറുത്തു കൊടുക്കപ്പെടുന്നതാണ്. അല്ലെങ്കില്‍ അവര്‍ക്ക് ഏറ്റവും അര്‍ഹതപ്പെട്ട പ്രവാചക ശഫാഅത്തിനാല്‍ അവര്‍ക്കു മാപ്പാക്കപ്പെടുന്നതാണ്. അല്ലെങ്കില്‍ ഇഹലോകത്തെ പ്രയാസ പരീക്ഷണങ്ങളാല്‍ മാപ്പരുളപ്പെടുന്നതാണ്. (അല്‍ അഖീദത്തുല്‍ വാസിത്തിയ്യ) ഇതുമായ ബന്ധപ്പെട്ട മറ്റൊരു വിവരണം സൂറത്തുല്‍ ഫത്ഹ് 29-ാം ആയത്തിന്‍റെ കീഴില്‍ കഴിഞ്ഞിട്ടുണ്ട്. കൂടാതെ, സഹാബത്തിന്‍റെ നീതി, അവര്‍ക്കിടയിലുണ്ടായ പ്രശ്നങ്ങളിലെ നിലപാട്, ചരിത്ര നിവേദനങ്ങളുടെ സ്ഥാനം എന്നീ വിഷയങ്ങളെക്കുറിച്ച് മഖാമെ സഹാബ എന്ന രചനയില്‍ വിശദമായി വിവരിക്കുകയും ചെയ്തിട്ടുണ്ട്.
*********************************
മആരിഫുല്‍ ഹദീസ്
വിജ്ഞാനം
മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
ജനങ്ങളുടെ മര്‍ഗ്ഗദര്‍ശനത്തിനുവേണ്ടി സര്‍വ്വലോക പരിപാലകനായ അല്ലാഹുവില്‍ നിന്നും മഹാന്മാരായ നബിമാരിലൂടെ എത്തിച്ചേര്‍ന്ന സന്ദേശങ്ങള്‍ക്കാണ് ഖുര്‍ആന്‍ ഹദീസുകളുടെ വെളിച്ചത്തില്‍ വിജ്ഞാനം എന്ന് പറയപ്പെടുന്നത്. അല്ലാഹുവിന്‍റെ ഒരു ദൂതനില്‍ വിശ്വസിച്ച വ്യക്തിയുടെ പ്രഥമ ബാധ്യത എനിയ്ക്ക് വേണ്ടി ഈ ദൂതന്‍ കൊണ്ടുവന്ന സന്ദേശങ്ങള്‍ എന്തെല്ലാമാണെന്നും ഏതെല്ലാം കാര്യങ്ങള്‍ ഞാന്‍ ചെയ്യണമെന്നും എന്തെല്ലാം ഉപേക്ഷിക്കണമെന്നും മനസ്സിലാക്കലാണ്. ഇസ്ലാമിന്‍റെ അടിസ്ഥാനം തന്നെ ഈ വിജ്ഞാനത്തിന്‍റെ മേലാണ്. ആകയാല്‍ ഇത്തരം കാര്യങ്ങള്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും സത്യവിശ്വാസത്തിന് ശേഷം പ്രധാനപ്പെട്ട ബാധ്യതയാണ്.
ഈ അദ്ധ്യാപനം വാമൊഴിയായും നേരില്‍ കണ്ടുകൊണ്ടും ആകാവുന്നതാണ്. കൂടാതെ, എഴുത്തിലൂടെയും വായനയിലൂടെയും അറിവുകള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാവുന്നതുമാണ്. റസൂലുല്ലാഹി (സ)യുടെ തിരുയുഗത്തിലും അതിനോട് അടുത്ത കാലങ്ങളിലും ദീനീ വിജ്ഞാനങ്ങള്‍ പഠിപ്പിക്കപ്പെട്ടതും പഠിച്ചതും ഈ നിലയിലാണ്. റസൂലുല്ലാഹി (സ)യില്‍ നിന്നും നേരിട്ട് കേള്‍ക്കുകയോ കാണുകയോ പ്രധാന സഹാബികളില്‍ നിന്നും മനസ്സിലാക്കുകയോ ചെയ്തുകൊണ്ടായിരുന്നു ആദരണീയ സഹാബത്ത് വിജ്ഞാനം കരസ്ഥമാക്കിയിരുന്നത്. സഹാബാ മഹത്തുക്കളുടെ സഹവാസത്തിലൂടെയാണ് താബിഉകള്‍ വിജ്ഞാനം കരസ്ഥമാക്കിയിരുന്നത്. എന്നാല്‍ പില്‍ക്കാലത്ത് കൂടുതലായി ദീനീ വിജ്ഞാനങ്ങള്‍ പഠിച്ചതും പഠിപ്പിക്കപ്പെട്ടതും എഴുത്ത്-വായനകളിലൂടെയാണ്. ഇന്നും ഈ മാര്‍ഗ്ഗം തന്നെയാണ് സജീവമായി നിലനില്‍ക്കുന്നത്.
ആവശ്യാനുസൃതം ദീനീ വിജ്ഞാനം കരസ്ഥമാക്കേണ്ടത് റസൂലുല്ലാഹി (സ)യില്‍ വിശ്വസിച്ച ഓരോ വ്യക്തിയുടെയും വ്യക്തിപരമായ ബാധ്യതയാണെന്ന് റസൂലുല്ലാഹി (സ) ഉണര്‍ത്തിയിരിക്കുന്നു. വിജ്ഞാനം കരസ്ഥമാക്കുന്നതിന് വേണ്ടി ത്യാഗ പരിശ്രമങ്ങള്‍ നടത്തുന്നത് അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലുള്ള ജിഹാദും ഇലാഹീ സാമിപ്യത്തിനുള്ള വിശിഷ്ട മാര്‍ഗ്ഗവുമായി ഉണര്‍ത്തുകയുണ്ടായി. ഈ വിഷയത്തില്‍ അശ്രദ്ധയും അവഗണനയും പുലര്‍ത്തുന്നത് ശിക്ഷാര്‍ഹമായ പാപമാണെന്നും അറിയിച്ചു. ദീനീ വിജ്ഞാനം നബിമാരുടെ വിശിഷ്യാ അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ)യുടെ അനുഗ്രഹീതമായ അനന്തരസ്വത്താണ്. പ്രപഞ്ചത്തിലെ അമുല്യമായ സമ്പത്താണ്. ഇതിനെ കരസ്ഥമാക്കുകയും ഇതിനോടുള്ള കടമകള്‍ നിര്‍വ്വഹിക്കുകയും ചെയ്തവര്‍ നബിമാരുടെ അനന്തരവകാശികളാണ്. ആകാശത്തെ മലക്കുകള്‍ മുതല്‍ ഭൂമിയിലെ ഉറുമ്പുകളും സമുദ്രത്തിലെ മത്സ്യങ്ങളും വരെ സര്‍വ്വ സൃഷ്ടികളും അവരോട് സ്നേഹം പുലര്‍ത്തുകയും അവരുടെ നന്മയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. എന്നാല്‍ പടച്ചവന്‍റെ പ്രകൃതി ദര്‍ശനവും നബിമാരുടെ വിശുദ്ധ അനന്തരസ്വത്തുമായി ഈ വിജ്ഞാനത്തെ തെറ്റായ ലക്ഷ്യത്തിലും മാര്‍ഗ്ഗത്തിലും ചിലവഴിക്കുന്നവര്‍ കടുത്ത കുറ്റവാളികളും പടച്ചവന്‍റെ ശാപകോപങ്ങള്‍ക്ക് അര്‍ഹരുമാണ്. നമ്മുടെ മനസ്സിന്‍റെ ഉപദ്രവങ്ങളില്‍ നിന്നും ദുഷ്പ്രവര്‍ത്തനങ്ങളില്‍ നിന്നും അല്ലാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ. ചെറിയ ഈ ആമുഖത്തിന് ശേഷം വിജ്ഞാനം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരെക്കുറിച്ച് റസൂലുല്ലാഹി (സ) അരുളിയ തിരുവചനങ്ങള്‍ പാരായണം ചെയ്യുക.
അവശ്യമായ വിജ്ഞാന സമ്പാദനം ഓരോ മുസ്ലിമിന്‍റെയും ബാധ്യത
അനസ് (റ) നിവേദനം റസൂലുല്ലാഹി (സ) അരുളി: വിജ്ഞാനം കരസ്ഥമാക്കേണ്ടത് ഓരോ മുസ്ലിമിന്‍റെയും ബാധ്യതയാണ്. (ബൈഹഖി, ശുഅബുല്‍ ഈമാന്‍) ഇതേ ഹദീസ് ഇബ്നു അബ്ബാസ് (റ)ല്‍ നിന്നും ത്വബ്റാനി മുഅ്ജമിലും അബൂമസ്ഊദ് (റ) അബൂസഈദ് (റ) ഇരുവരില്‍ നിന്നും ഔസഫിലും ഹുസൈന്‍ (റ)യില്‍ നിന്നും മുഅ്ജം സഗീറിലും ഉദ്ധരിച്ചിരിക്കുന്നു. ഈ ഹദീസിന്‍റെ വചനങ്ങള്‍ പൊതുജനങ്ങള്‍ക്ക് പോലും അറിയാവുന്ന നിലയില്‍ പ്രസിദ്ധമാണെങ്കിലും മുഹദ്ദിസുകളുടെ സാങ്കേതിക ഭാഷ്യത്തില്‍ ഇതിന്‍റെ ഒരു പരമ്പരയില്‍ സഹീഹ് അല്ല എന്നുള്ളത് അത്ഭുതകരമായ കാര്യമാണ്. അതുകൊണ്ട് തന്നെ ഈ ഹദീസ് ളഈഫാണെന്നതില്‍ മുഹദ്ദിസുകള്‍ ഏകോപിച്ചിരിക്കുന്നു. എന്നാല്‍ ഇമാം സുയൂഥി (റഹ്) പ്രസ്താവിച്ചിരിക്കുന്നു: ബലഹീനമാണെങ്കിലും അമ്പതോളം പരമ്പരയിലൂടെ ഈ ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. ഈ പരമ്പരയുടെ ആധിക്യം കാരണം ഈ ഹദീസ് സഹീഹ് തന്നെയാണ്. ഹാഫിസ് സഖാവി (റഹ്) പ്രസ്താവിക്കുന്നു: ആദ്യന്തം സഹീഹായ ഒരു സനദിലൂടെ ഈ ഹദീസ് ഇബ്നു ഷാഹീന്‍ നിവേദനം ചെയ്തിട്ടുണ്ട്.)
വിവരണം: മുസ്ലിമെന്നാല്‍ ഇസ്ലാമിനെ മാര്‍ഗ്ഗമായി സ്വീകരിക്കുകയും ഇസ്ലാമിക അദ്ധ്യാപനങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്ത വ്യക്തിയാണ്. ഇസ്ലാമിനെക്കുറിച്ച് അത്യാവശ്യമായ വിജ്ഞാനങ്ങള്‍ കരസ്ഥമാക്കിയാല്‍ മാത്രമേ ഇത് സാധിക്കുകയുള്ളൂ. ഇത്തരുണത്തില്‍ ആവശ്യാനുസൃതം അറിവ് കരസ്ഥമാക്കാന്‍ പരിശ്രമിക്കേണ്ടത് ഓരോ സത്യവിശ്വാസിയുടെയും പ്രഥമ ബാധ്യതയാണ്. ഇതുതന്നെയാണ് ഈ ഹദീസിന്‍റെ സന്ദേശം. മുമ്പ് സൂചിപ്പിച്ചതുപോലെ ഇത് വാമൊഴിയായും സഹവാസത്തിലൂടെയും കരസ്ഥമാക്കാവുന്നതാണ്. ഇതിനുവേണ്ടി ഇതര വിജ്ഞാന മാധ്യമങ്ങളും ഉപയോഗിക്കാവുന്നതാണ്. ഇവിടെ ഒരു കാര്യം പ്രത്യേകം ഉണരുക: എല്ലാ മുസ്ലിംകളും മഹാപണ്ഡിതരും ഉജ്ജ്വല വാഗ്മിയും ആകണമെന്ന് ഇത്തരം ഹദീസുകള്‍ക്ക് ആശയമില്ല. ഓരോരുത്തര്‍ക്കും ഇസ്ലാമിക ജീവിതം പാലിക്കുന്നതിന് ആവശ്യമായ വിജ്ഞാനം കരസ്ഥമാക്കല്‍ നിര്‍ബന്ധമാണ് എന്നതുമാത്രമാണ് ഇവയുടെ ആശയം. മുസ്ലിം എന്നതില്‍ മുസ്ലിംകളായ പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടും എന്ന കാര്യം പ്രത്യകം സ്മരണീയമാണ്.
Ph: 7736723639
പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...
*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...
*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.
9961717102, 9387290079
*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ
+91 96339 15717
ക്ലാസുകൾ നയിക്കുന്നത്:
ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി
ഞങ്ങളുടെ കേന്ദ്ര സ്ഥാപനം
പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...
*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...
*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.
9961717102, 9387290079
*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ
+91 96339 15717
ക്ലാസുകൾ നയിക്കുന്നത്:
ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി
ഞങ്ങളുടെ കേന്ദ്ര സ്ഥാപനം