▪️മുഖലിഖിതം

നന്മ-തിന്മകളുടെ ഇരുലോക ഫലങ്ങൾ

▪️ജുമുഅ സന്ദേശം 
പുതിയ വഖ്ഫ് നിയമം പ്രാധാന്യത്തോടെ നിർവ്വഹിക്കേണ്ട ചില കാര്യങ്ങൾ
✍️ മൗലാന ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി
▪️മആരിഫുല്‍ ഖുര്‍ആന്‍ 

                                                സൂറത്തുൽ ഹദീദ്-3
സത്യവിശ്വാസികളുടെയും കപടന്മാരുടെയും മഹ്ഷറിലെ അവസ്ഥകളും അശ്രദ്ധയെക്കുറിച്ചുള്ള ഇലാഹീ പരാതിയും
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️മആരിഫുല്‍ ഹദീസ്

അറിവില്ലാത്തവര്‍ പഠിക്കുക, അറിവുള്ളവര്‍ പഠിപ്പിക്കുക 
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി




മുഖലിഖിതം

നന്മ-തിന്മകളുടെ ഇരുലോക ഫലങ്ങൾ


എല്ലാ നന്മകളും ഇരുലോക വിജയങ്ങൾക്ക് കാരണമാണ്. അതുപോലെ എല്ലാ തിന്മകളും ഇരുലോക നാശനഷ്ടങ്ങൾക്ക് കാരണമാണ്. അതുകൊണ്ട് എല്ലാ നന്മകളും ഉൾകൊള്ളേണ്ടതും എല്ലാ തിന്മകളും വർജ്ജിക്കേണ്ടതും അത്യാവശ്യം തന്നെയാണ് എന്നാൽ ചില നന്മകളും തിന്മകളും അടിസ്ഥാനപരമാണ്. ആ നന്മകളെ പ്രത്യേകം ഉൾകൊള്ളാനും തിന്മകളെ വർജ്ജിക്കാനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഈ നന്മകളിലൂടെ മറ്റു നന്മകളും ഉണ്ടായി തീരുന്നതും ഈ തിന്മകളിലൂടെ ഇതര തിന്മകളും ശക്തി പ്രാപിക്കുന്നതുമാണ്. അതുകൊണ്ട് ഈ രണ്ട് വിഷയങ്ങൾ പ്രത്യേകം പരാമർശിക്കുകയാണ്. 


ഇതര നന്മകളും ഉണ്ടായി തീരാൻ കാരണമാകുന്ന സുപ്രധാനമായ ചില നന്മകൾ:

1. ദീനീ വിജ്ഞാനം കരസ്ഥമാക്കുക.
 പ്രയോജനപ്രദമായ രചനകളിലൂടെയും പണ്ഡിതരുടെ സഹവാസത്തിലൂടെയും ഇത് സാധിക്കുന്നതാണ്. ഇതിലേറ്റവും പ്രധാനം പണ്ഡിതരുമായിട്ടുള്ള സഹവാസമാണ്. ഗ്രന്ഥ പാരായണത്തിന് ശേഷവും പണ്ഡിതരുമായിട്ടുള്ള സഹവാസം അത്യാവശ്യമാണ്. പണ്ഡിതന്മാരെ കൊണ്ടുള്ള ഉദ്ദേശം അറിവനുസരിച്ച് സ്വയം പ്രവർത്തിക്കുകയും ബാഹ്യവും ആന്തരികവുമായ സൽഗുണങ്ങൾ ഉൾകൊള്ളുകയും സുന്നത്തിനെ പിൻപറ്റാൻ അറിയായ ആഗ്രഹം പുലർത്തുകയും പരസ്പര വിരുദ്ധമായ തീവ്രതകൾ ഉപേക്ഷിച്ച് മദ്ധ്യമ പാതയെ സ്നേഹിക്കുകയും സൃഷ്ടികളോട് കരുണ പുലർത്തുകയും ദുർവാശി ഉപേക്ഷിക്കുകയും ചെയ്തവരാണ്. അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ ഇത്തരം പണ്ഡിതർ ഇന്നും ധാരാളമുണ്ട്. എന്നും ഉണ്ടായിരിക്കുകയും ചെയ്യുന്നതാണ്. റസൂലുല്ലാഹി (സ) വാഗ്ദാനം ചെയ്യുന്നു. എൻ്റെ സമുദായത്തിലെ ഒരു വിഭാഗം സത്യത്തിൻ്റെ മേൽ സഹായം സിദ്ധിച്ചവരായി എന്നും നിലകൊള്ളുന്നതാണ്. അവരെ നിന്ദിക്കാൻ പരിശ്രമിക്കുന്നവർ അവർക്ക് യാതൊരു ഉപദ്രവവും ചെയ്യുന്നതല്ല. (തിർമിദി) 

ഇത്തരം മഹത്തുക്കളിൽ ഇതു കുറിക്കുന്ന സമയത്ത് ജീവിച്ചിരിക്കുന്ന ചില മഹാത്മാക്കളെ പ്രത്യേകം സൂചിപ്പിക്കുന്നു. ഇവരെ നോക്കി ഇവരെ പോലുള്ളവരെ കണ്ടെത്താൻ സാധിക്കുന്നതാണ്. മക്കാ മുകർറമയിൽ ആദരണീയ ഗുരുവര്യൻ മൗലാനാ ശൈഖ് ഇംദാദുല്ലാഹ്, ഗംഗോഹിൽ മൗലാനാ റഷീദ് അഹ്‌മദ്, ദേവ്ബന്ദിൽ മൗലാനാ മഹ്‌മൂദുൽ ഹസൻ ....... ഇവരെ പോലുള്ള മഹാത്മാക്കളുടെ സഹവാസവും സേവനവും കഴിയുന്നത്ര കരസ്ഥമാക്കുന്നത് വലിയ സൗഭാഗ്യവും മഹത്തായ അനുഗ്രഹവുമാണ്. ദിവസവും ഇതിന് കഴിയുന്നില്ലെങ്കിൽ ആഴ്ച്ചയിൽ ഒരിക്കലെങ്കിലും അര മണിക്കൂർ നേരം ഈ സഹവാസം സ്വീകരിക്കുക. കുറഞ്ഞ നാളുകൾ കൊണ്ട് ഇതിൻ്റെ ഐശ്വര്യം സ്വയം കാണുന്നതാണ്. 

2. അഞ്ച് നേരത്തെ നമസ്കാരം നിഷ്ഠയോടെ കഴിയുന്നത്ര നല്ല നിലയിലും ജമാഅത്തായും നിർവ്വഹിക്കുക. നമസ്കാരത്തിലൂടെ പടച്ചവൻ്റെ സന്നിധിയുമായി ബന്ധമുണ്ടാവുകയും അത് നിലനിൽക്കുകയും ചെയ്യുന്നതാണ്. കൂടാതെ നമസ്കാരത്തിൻ്റെ ഐശ്വര്യം കൊണ്ട് അവസ്ഥ നന്നാകുന്നതാണ്. അല്ലാഹു അറിയിക്കുന്നു: തീർച്ചയായും നമസ്കാരം മ്ലേച്ഛതകളും തിന്മകളും തടയുന്നതാണ്. (അൻകബൂത്ത് - 45) 

3. ജനങ്ങളോടുള്ള സംസാരവും ബന്ധവും കുറക്കുക. എന്ത് സംസാരിക്കുന്നതെങ്കിലും ചിന്തിച്ച ശേഷം സംസാരിക്കുക. 

4. ഇലാഹീ ധ്യാനവും ആത്മവിചാരണയും മുറുകെ പിടിക്കുക. ഇതിന് മുറാഖബ എന്നും മുഹാസഖ എന്നും പറയപ്പെടുന്നു. മുറാഖബ എന്നാൽ എൻ്റെ എല്ലാ വാചകങ്ങളും പ്രവർത്തനങ്ങളും അവസ്ഥകളും അല്ലാഹു വീക്ഷിക്കുന്നുണ്ട് എന്ന് അധികമായി ഓർക്കലാണ്. മുഹാസബ എന്നാൽ ഏതെങ്കിലും സമയം ഉദാഹരണത്തിന് ഉറങ്ങുന്നതിന് മുമ്പ് ഒറ്റക്ക് ഇരുന്ന് ദിവസം മുഴുവനും ചെയ്ത പ്രവർത്തനങ്ങൾ ഓർക്കുകയും ഈ സമയം എൻ്റെ വിചാരണ നടക്കുകയാണെന്നും എനിക്ക് മറുപടിയൊന്നും പറയാൻ കഴിയുന്നില്ലെന്നും സങ്കൽപ്പിക്കുകയും ചെയ്യുക. 

5. ഇസ്തിഗ്ഫാറും തൗബയും പതിവാക്കുക. അതായത് എന്തെങ്കിലും തെറ്റുകൾ സംഭവിച്ചാൽ അൽപ്പം പോലും പിന്താതെയും സമയ സന്ദർഭങ്ങളെ പ്രതീക്ഷിക്കാതെയും ഉടനടി ഏകാന്തതയിലേക്ക് പോയി സുജൂദിൽ വീണ് ധാരാളമായി പശ്ചാതപിക്കുക. കരച്ചിൽ വന്നാൽ കരയുക. അല്ലാത്ത പക്ഷം വിനായാന്വിതമായ രൂപമെങ്കിലും കാട്ടുക. 

ഇതു അഞ്ചു കാര്യങ്ങളായി. ഒന്ന്, അറിവ്, അറിവുള്ളവരോടുള്ള സഹവാസം. രണ്ട്, അഞ്ച് നേര നമസ്കാരം. മൂന്ന്, സംസാരം കുറക്കുക. നാല്, ധ്യാനം, വിചാരണ. അഞ്ച്, പശ്ചാതാപം. വളരെ എളുപ്പമായ ഈ അഞ്ച് കാര്യങ്ങളിലൂടെ മുഴുവൻ നന്മകളുടെയും കവാടം തുറന്നു കിട്ടുന്നതാണ്. 

അടുത്തതായി വളരെ പ്രധാനപ്പെട്ട ചില പാപങ്ങൾ കുറിക്കുന്നു. ഇവ വർജ്ജിക്കുന്നതിലൂടെ അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ ഏതാണ്ട് മുഴുവൻ പാപങ്ങളിൽ നിന്നും രക്ഷ ലഭിക്കുന്നതാണ്. 

1. പരദൂഷണം: ഇതിലൂടെ ഭൗതികമായും പാരത്രികമായും ഉണ്ടാകുന്ന പലതരം നാശങ്ങൾ എല്ലാവർക്കും വ്യക്തമാണ്. എന്നാൽ ഈ പാപത്തിൽ ഇന്ന് ബഹുഭൂരിഭാഗവും അകപ്പെട്ടിരിക്കുന്നു. ഈ പാപം ഉപേക്ഷിക്കാനുള്ള ലളിതമായ മാർഗ്ഗം വളരെ അത്യാവശ്യമില്ലാതെ ആരുടെയും നന്മയും തിന്മയും പറയാതെയും കേൾക്കാതെയും ഇരിക്കലാണ്. സ്വന്തം അത്യാവശ്യ കാര്യങ്ങളിൽ മുഴുകി കഴിയുക. വല്ലതും പറയണമെങ്കിൽ സ്വന്തം കാര്യം പറയുക. സ്വന്തം കാര്യം തന്നെ വളരെ കൂടുതലാണ്. അതിനിടയിൽ മറ്റുള്ളവരുടെ കാര്യം പറയാൻ പോലും അവസരമില്ല.

2. അക്രമം: സാമ്പത്തികമായോ ശാരീരികമായോ നാവ് കൊണ്ടോ ആരെയും ദ്രോഹിക്കരുത്. കുറഞ്ഞതും കൂടിയതുമായ നിലകളിൽ ആരുടെയും അവകാശങ്ങൾ അപഹരിക്കരുത്. ആരെയും അന്യായമായി ഉപദ്രവിക്കരുത്. ആരെയും നിന്ദിക്കരുത്. 

3. അഹങ്കാരം: സ്വയം വലിയവനായി കാണുന്നതും മറ്റുള്ളവരെ നിസ്സാരന്മാരായി മനസ്സിലാക്കുന്നതും അഹങ്കാരമാണ്. പരദൂഷണം, അക്രമം, പക, അസൂയ, കോപം പോലുള്ള പാപങ്ങൾ അഹങ്കാരത്തിൽ നിന്നുമാണ് ഉണ്ടാവുന്നത്. ഇതിലൂടെ വേറെയും ധാരാളം കുഴപ്പങ്ങൾ ഉണ്ടാവുന്നതാണ്. 

4. കോപം: കോപിച്ചാൽ ഉറപ്പായും ഖേദിക്കേണ്ടി വരുമെന്നതാണ് അനുഭവം. കാരണം കോപത്തിൻ്റെ സമയത്ത് ബുദ്ധി മാറി പോകുന്നതാണ്. കോപ സമയത്തുള്ള വാക്കുകളും പ്രവർത്തനങ്ങളും ബുദ്ധിക്ക് വിരുദ്ധമായിരിക്കും. പറയാൻ പാടില്ലാത്തത് വിളിച്ചു പറയുകയും അരുതാത്ത കാര്യങ്ങൾ പ്രകടമാവുകയും ചെയ്യുന്നതാണ്. കോപം തണുത്ത ശേഷം ഒന്നും പരിഹരിക്കാൻ സാധിക്കുന്നതല്ല. ചിലപ്പോൾ ജീവിതകാലം മുഴുവൻ ദുഃഖിക്കേണ്ടി വരുന്നതാണ്. 

5. അന്യ സ്ത്രീപുരുഷന്മാരുമായിട്ടുള്ള ബന്ധം: പരസ്പരം കാണലും സന്തോഷിക്കാൻ വേണ്ടി സംസാരിക്കലും ഏകാന്തതയിൽ കഴിയുന്നതും അവരെ സന്തോഷിപ്പിക്കാൻ വേണ്ടി മയമായി സംസാരിക്കുന്നതും അവർക്ക് ഇഷ്ടപ്പെട്ട നിലയിൽ വസ്ത്രം ധരിക്കുന്നതും ഇതിൽ പെടുന്നതാണ്. സത്യം പറയട്ടെ, മോശമായ ബന്ധങ്ങളിലൂടെ ഉണ്ടാവുന്ന കുഴപ്പങ്ങളും നാശനഷ്ടങ്ങളും വിവരണാതീതമാണ്. 

6. സംശയാസ്പദമോ നിഷിദ്ധമോ ആയ ആഹാരം: ഇത്തരം ആഹാരത്തിലൂടെ ശാരീരികമായ മാലിന്യങ്ങളും ഇരുളുകളും ഉണ്ടാകുന്നതാണ്. കാരണം, ആഹാരത്തിൻ്റെ അംശങ്ങൾ ശരീരത്തിൻ്റെ മുഴുവൻ അവയങ്ങളിലും ഞരമ്പുകളിലും പരക്കുന്നതാണ്. ആകയാൽ ആഹാരത്തിൻ്റെ അവസ്ഥക്ക് അനുസരിച്ച് അതിൻ്റെ ഗുണങ്ങൾ ശരീരത്തിൽ ഉണ്ടാകുന്നതും അതിനനുസൃതമായ പ്രവർത്തനങ്ങൾ പ്രകടമാവുന്നതാണ്. 

ഈ ആറ് പാപങ്ങളിലൂടെയാണ് ഇതര പാപങ്ങളിൽ അധികവും ഉണ്ടാകുന്നത്. ഇവ ഉപേക്ഷിച്ചാൽ മറ്റു പാപങ്ങളും ഉപേക്ഷിക്കൽ എളുപ്പമാവുന്നതാണ്. മാത്രമല്ല, ഇതര പാപങ്ങൾ തനിയെ ഇല്ലാതാവുന്നതാണ്. അല്ലാഹു നമുക്ക് ഇവകൾ വർജ്ജിക്കാൻ ഉതവി നൽകട്ടെ


****************************************************





ജുമുഅ സന്ദേശം 



ALL INDIA MUSLIM PERSONAL LAW BOARD

പുതിയ വഖ്ഫ് നിയമം പ്രാധാന്യത്തോടെ നിർവ്വഹിക്കേണ്ട ചില കാര്യങ്ങൾ


 മൗലാന ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി
 (പ്രസിഡൻ്റ്, ആൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് )

ഈ സമയത്ത് നമ്മുടെ രാജ്യത്ത് വർഗ്ഗീയ വാദവും വെറുപ്പിൻ്റെ രാഷ്ട്രീയം പയറ്റുന്നവരുമായ ആളുകളുടെ ഭരണമാണ് നടക്കുന്നത്. മുസ്‌ലിംകളെ ദ്രോഹിക്കലും മുസ്‌ലിം വ്യക്തിത്വത്തെ അക്രമിക്കലും മുസ്‌ലിംകളെ ഒതുക്കലും ഈ ഭരണകൂടത്തിൻ്റെ പ്രത്യേക പദ്ധതിയാണ്. നമ്മുടെ രാജ്യത്ത് മുമ്പും ഈ അവസ്ഥ ഉണ്ടായിരുന്നുവെങ്കിലും 2014 ന് ശേഷം ഇതിൻ്റെ വേഗത വളരെയധികം വർദ്ധിച്ചിരിക്കുകയാണ്. മുമ്പ് അക്രമങ്ങൾ കാട്ടുന്നവരെ അക്രമികളായി ഗണിക്കപെട്ടിരിന്നു. എന്നാലിപ്പോൾ അക്രമികൾ തന്നെ അധികാരികളായിരിക്കുന്നതിനാൽ അവർ ആരെ ഭയക്കാനാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ ആദ്യം വിവാഹ മോചനം പ്രശ്നമാക്കി. ശേഷം CAA നിയമം കൊണ്ടുവന്നു. ചില സംസ്ഥാനങ്ങൾ ഏക സിവിൽകോഡ് പ്രഖ്യാപിച്ചു. കേന്ദ്രവും അതിന് വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. മസ്ജിദുകളിലും മദ്രസകളിലും നിരന്തരം അക്രമണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ഇപ്പോൾ ഇതിനെല്ലാം വേഗത കൂട്ടാൻ സാധ്യതയുള്ള വഖ്ഫ് ഭേദഗതി നിയമവുമായി മുന്നിട്ട് ഇറങ്ങിയിരിക്കുന്നു. എന്താണെങ്കിലും രാജ്യത്ത് അങ്ങേയറ്റം അപകടകരവും സങ്കീർണ്ണവുമായ ഒരു അവസ്ഥാ വിശേഷമാണ് സംജാതമായിരിക്കുന്നത്. എന്നാൽ അവസ്ഥ നന്നാകുന്നതിന് സർവ്വ ശക്തനായ പടച്ചവനോട് പ്രാർത്ഥിക്കുകയും  ശരിയായ ലക്ഷ്യത്തിലും മാർഗ്ഗത്തിലും പരിശ്രമിക്കുകയും ചെയ്താൽ തീർച്ചയായും അവസ്ഥകൾക്ക് മാറ്റമുണ്ടാകുന്നതാണ്. ഇത്തരുണത്തിൽ ഇതുമായി ബന്ധപ്പെട്ട ചില സുപ്രധാന കാര്യങ്ങൾ ഇവിടെ കൊടുക്കുകയാണ്. 

ആദ്യമായി ഈ വിഷയത്തിൻ്റെ ഗൗരവം മനസ്സിലാക്കുക. സാമൂഹിക, സംഘടന, രാഷ്ട്രീയ, സാംസ്കാരിക, മത, വിദ്യാഭ്യാസ എന്നിങ്ങനെ എന്ത് പ്രവർത്തനം ചെയ്താലും അതിന് ഒരു കേന്ദ്രവും കേന്ദ്രത്തിന് ഭൂമിയും കെട്ടിടവും അത്യാവശ്യമാണ്. ഇസ്‌ലാമിൽ ഈ കാര്യങ്ങളെല്ലാം അടങ്ങിയിരിക്കുന്നു. നമസ്കാരത്തിന് മസ്ജിദുകൾ, വിദ്യാഭ്യാസത്തിന് പാഠശാലകൾ, അനാഥ സംരക്ഷണത്തിന് അനാഥ കേന്ദ്രങ്ങൾ, യാത്രികർക്ക് വിശ്രമ കേന്ദ്രങ്ങൾ, മയ്യിത്ത് സംസ്കരണത്തിന് ഖബർസ്ഥാനുകൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് കൃഷിഭൂമികൾ  എന്നിങ്ങനെ വിവിധ കാര്യങ്ങൾക്കും ഭൂമി ആവശ്യമാണ്. ഇതുപോലെ ഇസ്‌ലാമിക അസ്ഥിത്വവും വ്യക്തിത്വവും നിലനിർത്താനും സത്യവിശ്വാസത്തെ സംരക്ഷിക്കാനും പ്രബോധന സംസ്കരണ പ്രവർത്തനങ്ങൾ നടത്താനും ഭൂമി അത്യാവശ്യമാണ്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മുൻഗാമികളായ മഹത്തുക്കൾ ധാരാളം സ്ഥലങ്ങൾ വഖ്ഫ് ചെയ്യുകയും നമ്മോടും വഖ്ഫ് ചെയ്യാനും വഖ്ഫ് സ്വത്തുക്കളെ സംരക്ഷിക്കാനും പറയുന്നത്. ഇത്തരുണത്തിൽ ഇതിന് വലിയ തടസ്സം സൃഷ്ടിക്കാനാണ് ഈ നിയമം തയ്യാറാക്കുകയും പാർലമെൻ്റിലൂടെ പാസാക്കുകയും ചെയ്തിട്ടുള്ളത്. ഇനി നാം എന്ത് ചെയ്യണം എന്നതുമായി ബന്ധപ്പെട്ട് ചില നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു: 

1. ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് സമുദായത്തിലെ വിവിധ സംഘടനാ പ്രതിനിധികളുമായി ബന്ധപ്പെട്ട് തുടക്ക ദിവസം മുതൽ ഈ വിഷയത്തിൽ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യം ഈ നിയമം അവതരിപ്പിക്കാതിരിക്കാൻ പരിശ്രമിച്ചു. ജെ.പി.സി. ക്ക് കോടിക്കണക്കിന് ഇമെയിലുകൾ അയച്ചു. ജെ.പി.സി. യോഗങ്ങളിൽ ഓരോ സ്ഥലങ്ങളിലുമുള്ള വ്യക്തികളെ ബന്ധിപ്പിച്ചു. പ്രതിപക്ഷ കക്ഷികളെ കൊണ്ട് പാർലമെന്റിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തി. മനുഷ്യാവകാശ പ്രസ്ഥാനത്തിൻ്റെ പ്രതിനിധികളെ കൂട്ടത്തിൽ കൂട്ടി. ന്യൂനപക്ഷ പ്രതിനിധികളെ കണ്ട് ഭരണകൂടത്തിൻ്റെ അവിശുദ്ധ ലക്ഷ്യങ്ങൾ വിശദീകരിച്ചു. ഡൽഹിയിലും ഇതര പ്രധാന പട്ടണങ്ങളിലും വലിയ സമ്മേളനങ്ങൾ നടത്തി. ജുമുഅ സന്ദേശങ്ങൾ വഴി വഖ്ഫിനെ കുറിച്ചുള്ള കാര്യങ്ങൾ ഓരോ വീടുകളിലും എത്തിച്ചു. മുസ്‌ലിം പ്രശ്നങ്ങളെ അവഗണിക്കുന്ന ദേശീയ മാധ്യമങ്ങൾ പോലും ഇത് വിഷയമാക്കാൻ നിർബന്ധിതരായി. സ്ത്രീ ജനങ്ങളും ഇതിൽ താൽപര്യത്തോടെ പങ്കെടുത്തു. ഇപ്പോൾ ഇത് നിയമമാക്കിയ സന്ദർഭത്തിലും ബോർഡ് പരിശ്രമ പാതയിൽ തന്നെയാണ്. ഈ നിയമത്തെ എന്ത് വില കൊടുത്തും പിൻവലിപ്പിക്കുന്നതിന് വേണ്ടി ഒരു ഭാഗത്ത് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നു. മറുഭാഗത്ത് പ്രതിഷേധങ്ങളുടെ വളരെ ലളിതവും ശക്തവുമായ ഒരു കർമ്മ പദ്ധതി സമുദായത്തിന് മുമ്പാകെ സമർപ്പിക്കുകയും അതിൻ്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരിക്കുന്നു. മുസ്‌ലിം പേഴ്സണൽ ബോർഡിൻ്റെ ഈ തീരുമാനത്തെ എല്ലാവരും ഏക സ്വരത്തിൽ സ്വീകരിക്കുകയും ഇതിൽ നൽകപ്പെട്ടിരിക്കുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. മുന്നോട്ടു നീങ്ങാൻ പറയുമ്പോൾ മുന്നോട്ടു നീങ്ങുകയും നിൽക്കാൻ പറയുന്ന സ്ഥലത്ത് നിൽക്കുകയും ചെയ്തു കൊണ്ട് ശക്തവും സമാധാന പൂർണ്ണവുമായ പ്രതിഷേധങ്ങൾ തുടരുക. സമുദായത്തെ വഴി തെറ്റിപ്പിക്കാൻ തൽപ്പര കക്ഷികൾ പലവിധത്തിലും പരിശ്രമിക്കും എന്ന കാര്യം നാം മറക്കരുത്. സമുദായത്തിനിടയിൽ ഭിന്നതയുണ്ടാക്കാനും മത സംഘടനകളെയും നേതൃത്വങ്ങളെയും വിലയില്ലാത്തവരായി കാണിക്കാനും അവരെ കുറിച്ച് തെറ്റിദ്ധാരണകൾ പടർത്താനും അവർ ശ്രമിക്കുന്നതാണ്. മറ്റു ചിലർ രാജ്യത്തോടും സമുദായത്തോടുമുള്ള സ്നേഹം പ്രകടിപ്പിച്ചു കൊണ്ടും കുഴപ്പങ്ങൾ ഉണ്ടാക്കുന്നതാണ്. ഇത്തരം നാശകാരികളിൽ നിന്നും തികഞ്ഞ ജാഗ്രതയും അകൽച്ചയും പുലർത്തുക. 

2. പടച്ചവൻ്റെ അനുഗ്രഹത്താൽ വിശാലമായ ധാരാളം വഖ്ഫ് സ്വത്തുക്കൾ ഉണ്ടായിരുന്നു. എന്നാൽ അതിൽ ധാരാളം സ്ഥലങ്ങൾ നഷ്ടപ്പെട്ടു. ഇപ്പോൾ കൂടുതൽ നഷ്ടപ്പെടുമോ എന്ന ആശങ്ക ശക്തമായിരിക്കുകയാണ്. അതുകൊണ്ട് അവശേഷിക്കുന്ന വഖ്ഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ പ്രത്യേകം പരിശ്രമിക്കേണ്ടതാണ്. തുറന്നു കിടക്കുന്ന വഖ്ഫ് ഭൂമികൾ ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുക. ധാരാളം ഖബ്ർസ്ഥാനുകളും ഈദു ഗാഹുകളും മസ്ജിദുകളുടെ ചുറ്റുഭാഗത്തുള്ള സ്ഥലങ്ങളും മസ്ജിദ്, മദ്റസകളുടെ നന്മകൾക്ക് വേണ്ടി വഖ്ഫ് ചെയ്യപ്പെട്ട കൃഷി ഭൂമികളും തോട്ടങ്ങളും തുറന്നു കിടക്കുന്ന അവസ്ഥയിലാണ്. നിരവധി മസ്ജിദുകളും ഭൂമികളും ശൂന്യമായി കിടപ്പുണ്ട്. ഇവകൾ മതിൽ കെട്ടി സൂക്ഷിക്കുകയും പണ്ഡിതരുമായി കൂടിയാലോചനകൾ നടത്തി ന്യായമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുക. ഉപയോഗത്തിലുള്ള സ്ഥലങ്ങൾ സംരക്ഷിക്കാൻ എളുപ്പമാണ്. ശൂന്യമായി കിടക്കുന്നവ സംരക്ഷിക്കുക പ്രയാസമാണ്. അതുകൊണ്ട് തന്നെ ഇത്തരം സ്ഥലങ്ങളും സ്ഥാപനങ്ങളും മസ്ജിദുകളും സജീവമാക്കുന്നതിന് കൂടുതൽ പ്രതിഫലമുണ്ടെന്ന് പണ്ഡിതർ പറയുന്നു. 

3. രജിസ്റ്റർ ചെയ്യാത്തതും ഗവൺമെൻ്റ് പിടിച്ചെടുക്കാൻ സാധ്യതയുള്ളതുമായ പഴയതും പുതിയതുമായ വഖ്ഫ് സ്വത്തുക്കൾ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യുക. ഇതിന് വേണ്ടി നിയമജ്ഞരുമായി കൂടിയാലോചിക്കുകയും പണം ചിലവഴിക്കേണ്ടി വന്നാൽ എല്ലാവരുമായി ബന്ധപ്പെട്ട് അത് പൂർത്തീകരിക്കുകയും ചെയ്യുക. അടിയന്തര പ്രാധാന്യത്തോടെ നിർവഹിക്കേണ്ട ഒരു കാര്യമാണിത് അല്ലാത്ത പക്ഷം ധാരാളം വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. 

4. മുൻകാലത്ത് വഖ്ഫിൻ്റെ കാര്യങ്ങൾ നോക്കുന്ന ആളുകളിൽ ഭയഭക്തിയില്ലാത്ത പലരും ഉണ്ടായിരുന്നു. അവർ തെറ്റായ കാര്യങ്ങൾ ചെയ്യാനും നിഷിദ്ധമായ സമ്പത്ത് ഉപയോഗിക്കാനും മടി കാട്ടിയിരുന്നില്ല. വഖ്ഫ് ബോർഡിലെ തന്നെ ചിലയാളുകൾ കൈകൂലി വാങ്ങിച്ചും ഇതര സമ്മർദ്ദങ്ങൾക്ക് വഴങ്ങിയും വഖ്ഫിൻ്റെ കേസുകളിൽ മനപ്പൂർവ്വം തോൽക്കുകയും പണത്തിന് വേണ്ടി സമുദായത്തിൻ്റെ വിലയേറിയ സ്വത്തുക്കൾ അപഹർത്താക്കൾക്ക് നൽകുകയും ചെയ്തിരുന്നു. ഇതെല്ലാം വളരെ ശക്തമായ വഖ്ഫിൻ്റെ നിയമങ്ങൾ ഉള്ളതിനോടു കൂട്ടിയാണ് നടന്നിരുന്നത്. എന്നാൽ പുതിയ നിയമം ഈ വിഷയത്തിൽ കൂടുതൽ അക്രമങ്ങൾക്കുള്ള വഴികൾ തുറന്നു കൊടുത്തിരിക്കുകയാണ്. അതുകൊണ്ട് മദ്റസകളും മസ്ജിദുകളും സേവന കേന്ദ്രങ്ങളും അനാഥാലയങ്ങളും ഖബർസ്ഥാനുകളും കമ്മിറ്റികളുടെ ട്രസ്റ്റ് ആക്കണമെന്ന് ഉപദേശിക്കുന്നു. ട്രസ്റ്റിൻ്റെ രൂപത്തിൽ കൂടുതൽ സംരക്ഷണം ലഭിക്കുന്നതാണ്. ട്രസ്റ്റിൻ്റെ നിയമങ്ങൾ വിശാലവുമാണ്. ആവശ്യത്തിനനുസരിച്ച് ജോലികൾ വീതിക്കാനും ചിലവുകൾ നിർണ്ണയിക്കാനും സാധിക്കും. ഓരോ വർഷവും കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിനാൽ തിരിമറികൾക്ക് സാധ്യത കുറയുന്നതാണ്. ചുരുക്കത്തിൽ ഇത്തരം വിഷയങ്ങളിൽ നിയമ വിദഗ്ദ്ധരുമായി കൂടിയാലോചന നടത്തുകയും പ്രയോജനപ്രദമായ മാർഗ്ഗം സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. സൊസൈറ്റി ആക്ടിന് കീഴിൽ രജിസ്റ്റർ ചെയ്യുന്നതിൽ കൈകടത്തുലകൾക്ക് സാധ്യതയുണ്ട്. അതുപോലെ വഖ്ഫിൻ്റെ പുതിയ നിയമത്തിൽ വഖ്ഫ് സ്വത്തുക്കളുടെ സുരക്ഷിതത്വം അപകടത്തിൽ ആയിരിക്കുകയാണ്.  എന്താണെങ്കിലും ഇതൊരു നിയമപരമായ വിഷയമാണ്. ഇത്തരം കാര്യങ്ങളിൽ നിയമജ്ഞരുമായി ആലോചിക്കുകയും പ്രാദേശിക അവസ്ഥകൾ പരിഗണിക്കുകയും ചെയ്തു കൊണ്ട് മാത്രമെ എന്തെങ്കിലും മാർഗ്ഗങ്ങൾ സ്വീകരിക്കാൻ പാടുള്ളൂ. 

5. ഏതെങ്കിലും ഒരു വിഭാഗം പടച്ചവൻ്റെ വിധി വിലക്കുകൾ ലംഘിക്കുകയും അനുഗ്രഹങ്ങൾക്ക് നന്ദികേട് കാട്ടുകയും ചെയ്താൽ ഈ ലോകത്ത് തന്നെ അല്ലാഹു ആ അനുഗ്രഹത്തെ പിൻവലിച്ചു കൊണ്ട് ശിക്ഷിക്കാറുണ്ട്. വഖ്ഫിൻ്റെ പ്രശ്നം അതിൽ പെട്ടതാണോയെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഒരു ഭാഗത്ത് ഭരണകൂടവും മറ്റും ധാരാളം വഖ്ഫ് സ്വത്തുക്കൾ അന്യാധീനക്കപ്പെടുത്തിയപ്പോൾ മറുഭാഗത്ത് മുസ്‌ലിം സമുദായത്തിൽ പെട്ട ധാരാളം ആളുകളും അന്യായമായ നിലയിൽ വഖ്‌ഫ് സ്വത്തുക്കൾ കൈയ്യേറിയിരിക്കുകയാണ്. ചിലർ സമ്പൂർണ്ണമായി അത് കയ്യടക്കുകയും സ്വന്തം സ്വത്ത് പോലെ അത് ഉപയോഗിക്കുകയും ചെയ്യുന്നു. മറ്റു ചിലർ വഖ്‌ഫ് സ്വത്ത് വാടകയ്ക്ക് എടുത്തിരിക്കുന്നു. പരിസരത്ത് അമ്പതിനായിരം വാടക നൽകുമ്പോൾ ഇവിടെ കൊടുക്കുന്നത് നൂറ്റി അമ്പത് രൂപയാണ്. വേറെ ചിലർ കുറഞ്ഞ വാടകയ്ക്ക് എടുത്ത് കൂടിയ വാടകയ്ക്ക് മറിച്ച് നൽകി ഇരുപത്തി അയ്യായിരം രൂപ വാങ്ങിയിട്ട് വഖ്ഫ് ബോർഡിന് നൂറ് രൂപ നൽകുകയും ചെയ്യുന്നു. അന്യായമായ ഈ കൈയ്യേറ്റവും നിഷിദ്ധ സമ്പത്തിന്റെ ഉപയോഗവും കാരണം പടച്ചവൻ ഈ അനുഗ്രഹത്തെ നമുക്ക് തടയുകയാണോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു. ദർഗകളുടെ ഭൂമികൾ അവിടെ കൈകാര്യം ചെയ്യുന്നവർ 
കുറഞ്ഞ വിലക്ക് വിൽക്കാറുണ്ട്. ജനങ്ങൾ അവരെ ആദരിക്കുന്നതിനാൽ അവരുടെ ഈ പ്രവർത്തനത്തെ കുറിച്ച് ആരും ചോദിക്കാറില്ല. 
പുതിയ നിയമം കൊണ്ട് വന്ന ഗവൺമെൻ്റ്, ഇവരുടെ ഈ വീഴ്ചകൾ പ്രചാരണ മാധ്യമമാക്കുകയും ഇത് കാരണമായിട്ടാണ് പുതിയ നിയമം കൊണ്ട് വന്നതെന്ന് വ്യാഖ്യാനിക്കുകയും ചെയ്യുന്നു. വ്യക്തികളുടെ തെറ്റിൻ്റെ പേരിൽ സമുദായത്തെ ഒന്നടങ്കം ശിക്ഷിക്കുന്നതും വ്യക്തി നിയമത്തിൽ തന്നെ കൈകടത്തുകയും ചെയ്യുന്നതും തെറ്റാണ്. ഇത്തരം തെറ്റുകൾ എല്ലാ സമുദായത്തിലുമുണ്ട്. തെറ്റിൻ്റെ പേരിൽ തെറ്റുകാരെയാണ് ശിക്ഷിക്കേണ്ടത്. എന്താണെങ്കിലും ഇന്നത്തെ പ്രശ്നങ്ങൾക്ക് പിന്നിൽ നമ്മുടെ തെറ്റുകളും വലിയൊരു കാരണമാണ്. ആകയാൽ വഖ്ഫ് സ്വത്തുക്കളെ മോഷ്ടിക്കുന്ന പാപത്തിൽ കുടുങ്ങിയ മുസ്‌ലിംകൾ ഈ മഹാപാപത്തിൽ നിന്നും പശ്ചാത്തപിക്കുക. നിഷിദ്ധമായ സമ്പത്തിൽ നിന്നും സ്വയം രക്ഷപ്പെടുകയും മക്കളെ രക്ഷിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.

 റസൂലുല്ലാഹി ﷺ അരുളി. ആരെങ്കിലും ഒരു ചാൺ ഭൂമി അന്യായമായി അപഹരിച്ചാൽ ഖിയാമത്ത് ദിനം ആ ഭൂമി മുതൽ ഏഴാം ഭൂമിയുടെ അവസാനം വരെയും വളയം ആക്കപ്പെട്ട് അവൻ്റെ കഴുത്തിൽ ചാർത്തപ്പെടുന്നതാണ്. (ബുഖാരി)
ഇത് ഒരു വ്യക്തിയുടെ ഭൂമി അവഹരിക്കുന്നതിൻ്റെ കാര്യമാണെങ്കിൽ നൂറ് കണക്കിനല്ല ആയിരക്കണക്കിന് ആളുകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ഭൂമി അപഹരിക്കുന്നത് എത്ര വലിയ കുറ്റമായിരിക്കും. ചുരുക്കത്തിൽ വഖ്ഫ് സ്വത്തുക്കളുടെ വിഷയം വളരെ ഗുരുതരമായ പ്രശ്നമാണ്. ഇപ്പോൾ അതിൻ്റെ ഗുരുതരാവസ്ഥ വളരെ രൂക്ഷത പ്രാപിച്ചിരിക്കുന്നു. ഇത് പരിഹരിക്കുന്നതിന് വലിയ തന്ത്രജ്ഞതയും ആഴമേറിയ ചിന്തയും ശക്തമായ മനക്കരുത്തും മദ്ധ്യമമായ ശൈലിയും മുറുകെ പിടിച്ച് പരിശ്രമിക്കേണ്ടതാണ്. അല്ലാഹു ഈ പ്രയാസകരമായ അവസ്ഥയിൽ നമ്മെ സഹായിക്കുകയും തികഞ്ഞ തന്ത്രജ്ഞതയോടെയും വിവേകത്തോടെയും മുന്നോട് നീങ്ങാൻ ഉതവി നൽകുകയും ചെയ്യട്ടെ!

*************************************

മആരിഫുല്‍ ഖുര്‍ആന്‍ 

 

സൂറത്തുൽ ഹദീദ്-3

(29 ആയത്തുകൾ, പദങ്ങൾ 544, അക്ഷരങ്ങൾ 3476, മദീനമുനവ്വറയിൽ അവതരണം.  4 റുകൂഅ്. അവതരണ ക്രമം 94. പാരായണ ക്രമം 57. സൂറത്തുസിൽസാലിന് ശേഷം അവതരണം)

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം

 സത്യവിശ്വാസികളുടെയും കപടന്മാരുടെയും മഹ്ഷറിലെ അവസ്ഥകളും 
അശ്രദ്ധയെക്കുറിച്ചുള്ള ഇലാഹീ പരാതിയും


മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


ആയത്ത് 12-19

يَوْمَ تَرَى الْمُؤْمِنِينَ وَالْمُؤْمِنَاتِ يَسْعَىٰ نُورُهُم بَيْنَ أَيْدِيهِمْ وَبِأَيْمَانِهِم بُشْرَاكُمُ الْيَوْمَ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ ذَٰلِكَ هُوَ الْفَوْزُ الْعَظِيمُ (12) يَوْمَ يَقُولُ الْمُنَافِقُونَ وَالْمُنَافِقَاتُ لِلَّذِينَ آمَنُوا انظُرُونَا نَقْتَبِسْ مِن نُّورِكُمْ قِيلَ ارْجِعُوا وَرَاءَكُمْ فَالْتَمِسُوا نُورًا فَضُرِبَ بَيْنَهُم بِسُورٍ لَّهُ بَابٌ بَاطِنُهُ فِيهِ الرَّحْمَةُ وَظَاهِرُهُ مِن قِبَلِهِ الْعَذَابُ (13يُنَادُونَهُمْ أَلَمْ نَكُن مَّعَكُمْ ۖ قَالُوا بَلَىٰ وَلَٰكِنَّكُمْ فَتَنتُمْ أَنفُسَكُمْ وَتَرَبَّصْتُمْ وَارْتَبْتُمْ وَغَرَّتْكُمُ الْأَمَانِيُّ حَتَّىٰ جَاءَ أَمْرُ اللَّهِ وَغَرَّكُم بِاللَّهِ الْغَرُورُ (14فَالْيَوْمَ لَا يُؤْخَذُ مِنكُمْ فِدْيَةٌ وَلَا مِنَ الَّذِينَ كَفَرُوا ۚ مَأْوَاكُمُ النَّارُ ۖ هِيَ مَوْلَاكُمْ ۖ وَبِئْسَ الْمَصِيرُ (15۞ أَلَمْ يَأْنِ لِلَّذِينَ آمَنُوا أَن تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّهِ وَمَا نَزَلَ مِنَ الْحَقِّ وَلَا يَكُونُوا كَالَّذِينَ أُوتُوا الْكِتَابَ مِن قَبْلُ فَطَالَ عَلَيْهِمُ الْأَمَدُ فَقَسَتْ قُلُوبُهُمْ ۖ وَكَثِيرٌ مِّنْهُمْ فَاسِقُونَ (16اعْلَمُوا أَنَّ اللَّهَ يُحْيِي الْأَرْضَ بَعْدَ مَوْتِهَا ۚ قَدْ بَيَّنَّا لَكُمُ الْآيَاتِ لَعَلَّكُمْ تَعْقِلُونَ (17إِنَّ الْمُصَّدِّقِينَ وَالْمُصَّدِّقَاتِ وَأَقْرَضُوا اللَّهَ قَرْضًا حَسَنًا يُضَاعَفُ لَهُمْ وَلَهُمْ أَجْرٌ كَرِيمٌ (18وَالَّذِينَ آمَنُوا بِاللَّهِ وَرُسُلِهِ أُولَٰئِكَ هُمُ الصِّدِّيقُونَ ۖ وَالشُّهَدَاءُ عِندَ رَبِّهِمْ لَهُمْ أَجْرُهُمْ وَنُورُهُمْ ۖ وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُولَٰئِكَ أَصْحَابُ الْجَحِيمِ (19)


സത്യവിശ്വാസികളുടെയും വിശ്വാസിനികളുടെയും മുന്നിലും വലതും പ്രകാശം പരക്കുന്നതായി താങ്കള്‍ കാണുന്ന ദിവസം. ഇന്നേ ദിവസം നിങ്ങള്‍ക്ക് സന്തോഷ വാര്‍ത്തയുണ്ട്. അതായത് താഴ്ഭാഗത്ത് കൂടി അരുവികളൊഴുകുന്ന ആരാമങ്ങള്‍. അതില്‍ അവര്‍ ശാശ്വതരായിരിക്കും. അത് തന്നെയാണ് വമ്പിച്ച വിജയം.(12) കപടവിശ്വാസികളും കപടവിശ്വാസിനികളും വിശ്വാസികളോട് പറയുന്ന ദിവസം: 'നിങ്ങളുടെ പ്രകാശത്തെ പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ അവസരം നല്‍കൂ.' അവരോട് പറയപ്പെടും: നിങ്ങള്‍ പിന്നിലേക്ക് മടങ്ങി പ്രകാശത്തെ അന്വേഷിക്കുക. അവര്‍ക്കിടയില്‍ വാതിലുള്ള ഒരു ഭിത്തി സ്ഥാപിക്കപ്പെടും. അതിന്‍റെ അകത്ത് കാരുണ്യവും പുറത്ത് അവന്‍റെ ഭാഗത്തു നിന്നുമുള്ള ശിക്ഷയുമായിരിക്കും.(13) കപടവിശ്വാസികള്‍, സത്യവിശ്വാസികളെ വിളിച്ച് ചോദിക്കും: ഞങ്ങള്‍ നിങ്ങളുടെ കൂട്ടത്തിലായിരുന്നില്ലേ? അവര്‍ പറയും: അതെ. പക്ഷേ നിങ്ങള്‍ തന്നെ നിങ്ങളെ കുഴപ്പത്തില്‍ ചാടിച്ചു. നിങ്ങള്‍ നാശത്തിന്‍റെ വഴികള്‍ നോക്കിക്കൊണ്ടിരിക്കുകയും സത്യത്തില്‍ സംശയിക്കുകയും ചെയ്തുകൊണ്ടിരുന്നു. അല്ലാഹുവിന്‍റെ തീരുമാനം വരുന്നതുവരെ നിങ്ങളുടെ വ്യാമോഹങ്ങള്‍ നിങ്ങളെ വഞ്ചിച്ചു. അല്ലാഹുവിന്‍റെ വിഷയത്തില്‍ ചതിയനായ പിശാച് നിങ്ങളെ ചതിക്കുകയും ചെയ്തു.(14) ഇന്നേ ദിവസം നിങ്ങളില്‍ നിന്നും നിഷേധികളില്‍ നിന്നും പ്രായശ്ചിത്തമൊന്നും സ്വീകരിക്കപ്പെടുന്നതല്ല. നിങ്ങളുടെ സ്ഥാനം നരകമാണ്. അതാണ് നിങ്ങളുടെ സഹവാസ കേന്ദ്രം. അത് മോശമായ മടക്കസ്ഥലമാണ്.(15) സത്യവിശ്വാസികളുടെ മനസ്സുകള്‍ അല്ലാഹുവിന്‍റെ ഉപദേശത്തിലേക്കും അല്ലാഹു അവതരിപ്പിച്ച സത്യസന്ദേശത്തിലേക്കും മയപ്പെട്ട് തിരിയാന്‍ സമയമായില്ലേ? മുമ്പ് വേദം നല്‍കപ്പെട്ടവരെപ്പോലെ സത്യവിശ്വാസികള്‍ ആകരുത്. അവരുടെ മേല്‍ കാലഘട്ടം നീണ്ടപ്പോള്‍ അവരുടെ മനസ്സ് കഠിനമായി. അവരില്‍ അധികംപേരും അനുസരണകെട്ടവരാകുന്നു.(16) നിങ്ങള്‍ അറിയുക: അല്ലാഹു ഭൂമിയെ അത് മരിച്ച ശേഷം ജീവിപ്പിക്കുന്നു. നിങ്ങള്‍ ഗ്രഹിക്കുന്നതിന് ദൃഷ്ടാന്തങ്ങള്‍ നാം നിങ്ങള്‍ക്ക് വ്യക്തമാക്കിതരുന്നു.(17) തീര്‍ച്ചയായും ധര്‍മ്മം ചെയ്യുന്ന പുരുഷന്മാര്‍, സ്ത്രീകര്‍, അല്ലാഹുവിന് നല്ല കടം കൊടുക്കുന്നവര്‍, അവര്‍ക്ക് പ്രതിഫലം ഇരട്ടിയാക്കപ്പെടുന്നതാണ്. അവര്‍ക്ക് അന്തസ്സാര്‍ന്ന പ്രതിഫലവുമുണ്ട്.(18) അല്ലാഹുവിലും അവന്‍റെ ദൂതന്മാരിലും വിശ്വസിച്ചവര്‍ അവരുടെ രക്ഷിതാവിങ്കല്‍ സിദ്ദീഖുകള്‍, ശുഹദാക്കള്‍ (മുതലായവരുടെ സ്ഥാനത്ത്) ആയിരിക്കും. അവര്‍ക്ക് അവരുടെ കൂലിയും അവരുടെ പ്രകാശവുമുണ്ട്. അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കളവാക്കുകയും ചെയ്തവര്‍ നരകവാസികളാണ്.(19)

ആശയ സംഗ്രഹം
സത്യവിശ്വാസികളുടെയും വിശ്വാസിനികളുടെയും മുന്നിലും വലതും പ്രകാശം പരക്കുന്നതായി താങ്കള്‍ കാണുന്ന ദിവസത്തെ ഓര്‍ക്കുക. ഈ പ്രകാശം സ്വിറാത്ത് പാലം കടക്കുന്നതിന് സഹായകമാകുന്നതാണ്. വേറൊരു നിവേദനത്തില്‍ ഈ പ്രകാശം അവരുടെ ഇടത് ഭാഗത്തും ഉണ്ടാകുമെന്ന് വന്നിട്ടുണ്ട്. (ഹാകിം) പിന്നെ ഈ ആയത്തില്‍ വലത് ഭാഗത്തെ പ്രത്യേകം പറഞ്ഞത് പ്രസ്തുത പ്രകാശം കൂടുതല്‍ ശക്തിയുള്ളത് കൊണ്ടായിരിക്കാം. കൂടാതെ, അവരുടെ വലത് കൈയ്യില്‍ ഗ്രന്ഥം നല്‍കപ്പെട്ട് വലത് ഭാഗത്തേക്ക് അവരെ ആനയിക്കപ്പെടുന്നതുമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുന്‍ഭാഗത്ത് പ്രകാശം ഉണ്ടായിരിക്കുക എന്നത് പൊതുപതിവാണ്. തദവസരം അവരോട് പറയപ്പെടും: ഇന്നേ ദിവസം നിങ്ങള്‍ക്ക് സന്തോഷ വാര്‍ത്തയുണ്ട്. അതായത് താഴ്ഭാഗത്ത് കൂടി അരുവികളൊഴുകുന്ന ആരാമങ്ങളുണ്ട്. അതില്‍ അവര്‍ ശാശ്വതരായിരിക്കും. അത് തന്നെയാണ് വമ്പിച്ച വിജയം. ഈ കാര്യം അവരോട് അപ്പോള്‍ പറയപ്പെടുന്നത് വാര്‍ത്ത എന്ന നിലയിലാണ്. ഇത് പറയുന്നവര്‍ ഒന്നുങ്കില്‍ മലക്കുകളായിരിക്കും, അല്ലെങ്കില്‍ അല്ലാഹു തആല നേരിട്ടായിരിക്കും. കപടവിശ്വാസികളും കപടവിശ്വാസിനികളും വിശ്വാസികളോട്  അന്നേ ദിവസം പറയുന്നതാണ്: നിങ്ങളുടെ പ്രകാശത്തെ പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ അവസരം നല്‍കൂ! സത്യവിശ്വാസികള്‍ അവരുടെ വിശ്വാസ കര്‍മ്മങ്ങള്‍ കാരണം പ്രകാശത്തിന്‍റെ അകമ്പടിയില്‍ നീങ്ങുകയും കപടവിശ്വാസികള്‍ പിന്നില്‍ കടുത്ത ഇരുട്ടില്‍ അകപ്പെടുകയും ചെയ്യുന്ന സമയത്താണ് ഇപ്രകാരം പറയുന്നത്. തദവസരം കപടവിശ്വാസികളുടെ പക്കല്‍ ഒന്നുങ്കില്‍ അല്‍പ്പം പോലും പ്രകാശം കാണുകയില്ല. അല്ലെങ്കില്‍ ഒരു നിവേദനം അനുസരിച്ച് അല്‍പ്പനേരത്തേക്ക് കുറഞ്ഞ പ്രകാശം കാണുകയും പിന്നീട് അത് അണഞ്ഞ് പോവുകയും ചെയ്യുന്നതാണ്. (ത്വബ്റാനി) ചെറിയ പ്രകാശം നല്‍കപ്പെടുന്നത് ഭൗതിക ലോകത്ത് അവര്‍ ബാഹ്യമായി സത്യവിശ്വാസികളോടൊപ്പം കഴിഞ്ഞ കാരണത്താലാണ്. പക്ഷേ, മനസ്സുകൊണ്ട് അവര്‍ അകന്നവരായിരുന്നു. ആകയാല്‍ ആദ്യം അവരുടെ പ്രവര്‍ത്തനങ്ങളെ പരിഗണിച്ച് ചെറിയ പ്രകാശം നല്‍കപ്പെട്ടു. ശേഷം മനസ്സിലേക്ക് നോക്കി പ്രകാശം കെടുത്തിക്കളയുന്നതാണ്. കൂടാതെ ആദ്യം പ്രകാശം നല്‍കുകയും ശേഷം അത് കെടുത്തിക്കളയുകയും ചെയ്യുന്നത് അവരുടെ വഞ്ചനയ്ക്കുള്ള തിരിച്ചടി കൂടിയാണ്. ചുരുക്കത്തില്‍ അവര്‍ വിശ്വാസികളോട് അല്‍പ്പം നില്‍ക്കണമെന്ന് അപേക്ഷിക്കും. അപ്പോള്‍ അവരോട് പറയപ്പെടും: നിങ്ങള്‍ പിന്നിലേക്ക് മടങ്ങി അവിടെ പ്രകാശത്തെ അന്വേഷിക്കുക! ഇപ്രകാരം പറയുന്നത് ഒന്നുങ്കില്‍ മലക്കുകളായിരിക്കും അല്ലെങ്കില്‍ സത്യവിശ്വാസികളായിരിക്കും. പിന്നില്‍ പോയി അന്വേഷിക്കുക എന്നതുകൊണ്ടുള്ള ഉദ്ദേശം സ്വിറാത്ത് പാലത്തില്‍ പ്രവേശിക്കുന്ന സ്ഥലമാണെന്ന് ഒരു നിവേദനത്തില്‍ വന്നിരിക്കുന്നു. (ദുര്‍റുല്‍ മന്‍സൂര്‍) അതായത് അവിടെ വെച്ചാണ് പ്രകാശം വീതിക്കപ്പെടുന്നത്. അങ്ങനെ അവര്‍ അവിടേക്ക് പോകുന്നതാണ്.  പക്ഷേ, അവിടെ ഒന്നും കാണാന്‍ കഴിയുന്നതല്ല. ശേഷം അവര്‍ തിരിച്ച് വരുന്നതാണ്. പക്ഷേ, അവര്‍ക്ക് സത്യവിശ്വാസികളുടെ അരികിലേക്ക് വരാന്‍ കഴിയുന്നതല്ല. മറിച്ച് ഇരുവിഭാഗങ്ങള്‍ക്കിടയില്‍ വാതിലുള്ള ഒരു ഭിത്തി സ്ഥാപിക്കപ്പെടും. അതിന്‍റെ അകത്ത് കാരുണ്യവും പുറത്ത് അവന്‍റെ ഭാഗത്തു നിന്നുമുള്ള ശിക്ഷയുമായിരിക്കും. ഈ ഭിത്തി കൊണ്ടുള്ള ഉദ്ദേശം അഅ്റാഫാണെന്ന് ഒരു നിവേദനത്തില്‍ വന്നിരിക്കുന്നു. കാരുണ്യമുള്ള ഭാഗത്ത് സത്യവിശ്വാസികളും മറുഭാഗത്ത് നിഷേധികളുമായിരിക്കും. കാരുണ്യം കൊണ്ടുള്ള ഉദ്ദേശം സ്വര്‍ഗ്ഗവും ശിക്ഷകൊണ്ടുള്ള ഉദ്ദേശം നരകവുമാണ്. ഇടയ്ക്ക് കവാടം സ്ഥാപിക്കപ്പെട്ടിരിക്കുന്നത് പരസ്പരം സംസാരിക്കാനാണ്. അല്ലെങ്കില്‍ ഇതുവഴി സ്വര്‍ഗ്ഗത്തിലേക്ക് പോകാന്‍ വേണ്ടിയാണ്. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരണം സൂറത്തുല്‍ അഅ്റാഫില്‍ കഴിഞ്ഞിട്ടുണ്ട്. (അഅ്റാഫ് 46) ചുരുക്കത്തില്‍ ഇരു കൂട്ടര്‍ക്കുമിടയില്‍ ഭിത്തി മറയിടുന്നതും കപടവിശ്വാസികള്‍ ഇരുട്ടില്‍ അകപ്പെടുന്നതുമാണ്. അപ്പോള്‍ കപടവിശ്വാസികള്‍, സത്യവിശ്വാസികളെ വിളിച്ച് ചോദിക്കും: ഞങ്ങള്‍ ഇഹലോകത്ത് നിങ്ങളുടെ കൂട്ടത്തിലായിരുന്നില്ലേ? പല നന്മകളിലും നമ്മള്‍ പങ്കാളികളായിരുന്നല്ലേ? ഇപ്പോഴും ആ സഹകരണം തുടരേണ്ടതല്ലേ? അവര്‍ പറയും: അതെ. പക്ഷേ അതുകൊണ്ട് യാതൊരു ഗുണവുമില്ല. കാരണം നിങ്ങള്‍ ബാഹ്യമായി മാത്രമാണ് അതെല്ലാം ചെയ്തത്. നിങ്ങളുടെ ആന്തരിക അവസ്ഥ ഇപ്രകാരമായിരുന്നു: നിങ്ങള്‍ തന്നെ നിങ്ങളെ കുഴപ്പത്തില്‍ ചാടിച്ചു. അതായത് നിങ്ങള്‍ പ്രവാചകനോടും കൂട്ടരോടും ശത്രുത പുലര്‍ത്തി.  നിങ്ങള്‍ അവരുടെമേല്‍ നാശനഷ്ടങ്ങള്‍ പ്രതീക്ഷിക്കുകയും ഇസ്ലാമിന്‍റെ സത്യത്തില്‍ സംശയിക്കുകയും ചെയ്തുകൊണ്ടിരുന്നു. അല്ലാഹുവിന്‍റെ തീരുമാനം വരുന്നതുവരെ നിങ്ങളുടെ വ്യാമോഹങ്ങള്‍ നിങ്ങളെ വഞ്ചിച്ചു. വ്യാമോഹം കൊണ്ടുള്ള ഉദ്ദേശം ഇസ്ലാം തകരുമെന്നും ഞങ്ങള്‍ ജയിക്കുമെന്ന ചിന്തയുമാണ്. പടച്ചവന്‍റെ തീരുമാനം കൊണ്ടുള്ള വിവക്ഷ മരണമാണ്. അതായത് ജീവിതം മുഴുവന്‍ നിഷേധങ്ങളില്‍ കടിച്ച് തൂങ്ങുകയും പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തു. അല്ലാഹുവിന്‍റെ വിഷയത്തില്‍ ചതിയനായ പിശാച് നിങ്ങളെ ചതിക്കുകയും ചെയ്തു. അതായത് അല്ലാഹു നിങ്ങളെ പിടികൂടുകയില്ലെന്ന് നിങ്ങള്‍ വിചാരിച്ചു. ചുരുക്കത്തില്‍ ഈ നിഷേധ സ്വഭാവങ്ങള്‍ കാരണം നിങ്ങള്‍ ഇന്ന് ഞങ്ങളുടെ കൂട്ടത്തില്‍ കൂടി രക്ഷപ്പെടുന്നതല്ല. ഇന്നേ ദിവസം നിങ്ങളില്‍ നിന്നും നിഷേധികളില്‍ നിന്നും പ്രായശ്ചിത്തമൊന്നും സ്വീകരിക്കപ്പെടുന്നതല്ല. ഒന്നാമതായി പകരം നല്‍കാന്‍ നിങ്ങളുടെ പക്കല്‍ ഒന്നും തന്നെയില്ല. ഇനി സാങ്കല്‍പ്പികമായി ഉണ്ടായാല്‍ തന്നെ അത് സ്വീകരിക്കപ്പെടുന്നതല്ല. ഇത് പ്രതിഫല സ്ഥാനമാണ്, കര്‍മ്മത്തിന്‍റെ സ്ഥലമല്ല. നിങ്ങളുടെ സ്ഥാനം നരകമാണ്. അതാണ് നിങ്ങളുടെ ശാശ്വതമായ സഹവാസ കേന്ദ്രം. അത് മോശമായ മടക്കസ്ഥലമാണ്. ഈ വാചകം പറയുന്നത് ഒന്നുങ്കില്‍ സത്യവിശ്വാസികളായിരിക്കും. അല്ലെങ്കില്‍ അല്ലാഹുവായിരിക്കും. അടുത്ത ആയത്തില്‍ സത്യവിശ്വാസികളോട് സത്യവിശ്വാസത്തെ സമ്പൂര്‍ണ്ണമാക്കാന്‍ കല്‍പ്പിക്കുന്നു: അടിസ്ഥാന നന്മകളില്‍ വീഴ്ച വരുത്തുന്ന പാപികളായ  സത്യവിശ്വാസികളുടെ മനസ്സുകള്‍ അല്ലാഹുവിന്‍റെ ഉപദേശത്തിലേക്കും അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നും അവതരിപ്പിച്ച സത്യസന്ദേശത്തിലേക്കും മയപ്പെട്ട് തിരിയാന്‍ സമയമായില്ലേ? അതായത് പാപികളായ വിശ്വാസികള്‍ പാപം ഉപേക്ഷിക്കാനും നന്മകള്‍ ചെയ്യാനും മനസ്സുകൊണ്ട് ഉറച്ച തീരുമാനം എടുക്കുക. മുമ്പ് വേദം നല്‍കപ്പെട്ടവരെപ്പോലെ സത്യവിശ്വാസികള്‍ ആകരുത്. അതായത് പശ്ചാത്താപത്തെ പിന്തിക്കരുത്. അവര്‍ വേദഗ്രന്ഥത്തില്‍ പറയപ്പെട്ടതിന് വിരുദ്ധമായി പാപങ്ങളില്‍ മുഴുകി. അങ്ങനെ പാപങ്ങളുടെ അവസ്ഥയില്‍ അവരുടെ മേല്‍ കാലഘട്ടം നീളുകയും പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തപ്പോള്‍ അവരുടെ മനസ്സ് കൂടുതല്‍ കഠിനമായി.  യാതൊരുവിധ ദു:ഖങ്ങളും ഉണ്ടായല്ല. അവസാനം ഈ ഹൃദയ കാഠിന്യത കാരണം അവരില്‍ അധികംപേരും ഇന്ന് നിഷേധികളായി. കാരണം പാപത്തിന്‍റെ മേല്‍ ഉറച്ച് നില്‍ക്കുന്നതും അവരെ നന്നായി കാണുന്നതും പ്രവാചകനോട് ശത്രുത പുലര്‍ത്തുന്നതും നിഷേധത്തിന് കാരണമാണ്. ചുരുക്കം ഇതാണ്: സത്യവിശ്വാസികള്‍ എത്രയും പെട്ടെന്ന് പശ്ചാത്തപിക്കുക. കാരണം ചിലപ്പോള്‍ പിന്നീട് പശ്ചാത്തപിക്കാന്‍ കഴിയാതെ വരുന്നതും ചിലവേള നിഷേധത്തിലേക്ക് എത്തിച്ചേരുന്നതുമാണ്. അടുത്തതായി പറയുന്നു: പാപങ്ങള്‍ കാരണം മനസ്സ് മോശമായെന്നും ഇനി തൗബ ചെയ്തിട്ട് കാര്യമില്ലെന്നും വിചാരിച്ച് തൗബയില്‍ നിന്നും മാറി നില്‍ക്കരുത്. മറിച്ച് നിങ്ങള്‍ അറിയുക: അല്ലാഹു ഭൂമിയെ അത് മരിച്ച ശേഷം വീണ്ടും ജീവിപ്പിക്കുന്നു. ഇപ്രകാരം പശ്ചാത്താപത്തിലൂടെ പടച്ചവന്‍റെ കാരുണ്യം ഉണ്ടാകുന്നതും അത് മരിച്ച മനസ്സിനെ സജീവമാക്കുന്നതും നന്നാക്കുന്നതുമാണ്. ആകയാല്‍ നിരാശപ്പെടാന്‍ പാടല്ല. കാരണം നിങ്ങള്‍ ഗ്രഹിക്കുന്നതിന് മാതൃകകള്‍ നാം നിങ്ങള്‍ക്ക് വ്യക്തമാക്കിതരുന്നു. മരിച്ച ഭൂമി സജീവമാക്കുന്നത് പ്രസ്തുത മാതൃകകളില്‍ പെട്ടതാണ്. അടുത്തതായി ദാനധര്‍മ്മത്തിന്‍റെ മഹത്വം പറയുന്നു:   തീര്‍ച്ചയായും ധര്‍മ്മം ചെയ്യുന്ന പുരുഷന്മാര്‍, സ്ത്രീകള്‍, അല്ലാഹുവിന് ഉദ്ദേശ ശുദ്ധിയോടെ കടം കൊടുക്കുന്നവര്‍, അവര്‍ക്ക് പ്രതിഫലം ഇരട്ടിയാക്കപ്പെടുന്നതിനോടൊപ്പം അവര്‍ക്ക് അന്തസ്സാര്‍ന്ന കൂലിയുമുണ്ട്. ഇതിന്‍റെ വിവരണം മുമ്പ് കഴിഞ്ഞിട്ടുണ്ട്. അടുത്തതായി സത്യവിശ്വാസത്തിന്‍റെ മഹത്വം വിവരിക്കുന്നു. അല്ലാഹുവിലും അവന്‍റെ ദൂതന്മാരിലും പൂര്‍ണ്ണമായി വിശ്വസിക്കുകയും സമ്പൂര്‍ണ്ണമായി അനുസരിക്കുകയും ചെയ്തവര്‍ അവരുടെ രക്ഷിതാവിങ്കല്‍ സിദ്ദീഖുകള്‍, ശുഹദാക്കള്‍ മുതലായവരുടെ സ്ഥാനത്തായിരിക്കും. അതായത് സമ്പൂര്‍ണ്ണരുടെ സ്ഥാനം അവര്‍ക്ക് നല്‍കപ്പെടുന്നതാണ്. ശുഹദാക്കള്‍ അവരുടെ ജീവന്‍ പടച്ചവന്‍റെ മാര്‍ഗ്ഗത്തില്‍ സമര്‍പ്പിച്ചവരാണ്. പക്ഷേ, അത് മനുഷ്യന്‍റെ തീരുമാനത്തില്‍ പെട്ട കാര്യം അല്ലാത്തതുകൊണ്ട് ഇവര്‍ നന്മകള്‍ സമ്പൂര്‍ണ്ണമായി പ്രവര്‍ത്തിച്ചതിനാല്‍ അവരുടെ സ്ഥാനം നല്‍കപ്പെടുകയുണ്ടായി. അവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ അവരുടെ പ്രത്യേക കൂലിയും സ്വിറാത്ത് പാലത്തില്‍ വിശിഷ്ട പ്രകാശവുമുണ്ട്. അവസാനമായി നിഷേധികളെക്കുറിച്ച് പറയുന്നു: അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കളവാക്കുകയും ചെയ്തവര്‍ നരകവാസികളാണ്.

വിവരണം വ്യാഖ്യാനവും
സത്യവിശ്വാസികളുടെയും വിശ്വാസിനികളുടെയും മുന്നിലും വലതും പ്രകാശം പരക്കുന്നതായി താങ്കള്‍ കാണുന്ന ദിവസം! ഈ ദിവസം കൊണ്ടുള്ള ഉദ്ദേശം ഖിയാമത്ത് ദിനമാണ്. സ്വിറാത്ത് പാലത്തില്‍ കടക്കുന്നതിന് മുമ്പ് ഇവര്‍ക്ക് പ്രകാശം നല്‍കപ്പെടുന്നതാണ്. അബൂഉമാമ (റ) ഡമാസ്കസില്‍ ഒരു ജനാസയില്‍ പങ്കെടുത്തു. അതില്‍ നിന്നും വിരമിച്ച ശേഷം ഒരു പ്രഭാഷണം നടത്തി. അതില്‍ മരണം, ഖബ്ര്‍, ഹഷ്ര്‍ എന്നിവയുടെ അവസ്ഥകള്‍ വിവരിക്കുകയുണ്ടായി. അതിലെ ഏതാനും വാചകങ്ങള്‍ ഇപ്രകാരമാണ്: ശേഷം നിങ്ങള്‍ ഖബ്റില്‍ നിന്നും മഹ്ഷറിലേക്ക് നീക്കപ്പെടുന്നതാണ്. മഹ്ഷര്‍ പല ഘട്ടങ്ങളായിരിക്കും. ഒന്നാം ഘട്ടത്തില്‍ പടച്ചവന്‍റെ കല്‍പ്പന പ്രകാരം കുറേ മുഖങ്ങള്‍ പ്രകാശിപ്പിക്കപ്പെടുന്നതും കുറേ മുഖങ്ങള്‍ കറുപ്പിക്കപ്പെടുന്നതുമാണ്. രണ്ടാം ഘട്ടത്തില്‍ മഹ്ഷറില്‍ ഒരുമിച്ച് കൂടിയ സത്യവിശ്വാസികളും നിഷേധികളുമായ എല്ലാവരുടെയും മേല്‍ ഒരു കടുത്ത ഇരുള്‍ പരക്കുന്നതാണ്. അപ്പോള്‍ ആര്‍ക്കും ഒന്നും കാണാന്‍ കഴിയുന്നതല്ല. തുടര്‍ന്ന് ഓരോ സത്യവിശ്വാസിയ്ക്കും ഒരു പ്രകാശം നല്‍കപ്പെടുന്നതാണ്. മറ്റൊരു നിവേദനത്തില്‍ വന്നിരിക്കുന്നു: സത്യവിശ്വാസിയ്ക്ക് സല്‍ക്കര്‍മ്മങ്ങള്‍ക്ക് അനുസൃതമായ പ്രകാശം നല്‍കപ്പെടും. ചിലരുടെ പ്രകാശം പര്‍വ്വതത്തിനും മറ്റുചിലരുടേത് ഈന്തപ്പനയ്ക്കും വേറെ ചിലരുടേത് ഒരാളുടെ പൊക്കത്തിനും അനുസരിച്ചായിരിക്കും. ഏറ്റവും പ്രകാശം കുറഞ്ഞ വ്യക്തിയുടെ വിരല്‍ മാത്രം പ്രകാശിക്കുന്നതാണ്. അതുതന്നെ ഇടയ്ക്ക് പ്രകാശിക്കുന്നതും ഇടയ്ക്ക് അണയുന്നതുമാണ്. തുടര്‍ന്ന് അബൂഉമാമ (റ) പ്രസ്താവിച്ചു: കപട വിശ്വാസികള്‍ക്കും നിഷേധികള്‍ക്കും യാതൊരു പ്രകാശവും നല്‍കപ്പെടുന്നതല്ല. അതിനെക്കുറിച്ച് ഖുര്‍ആന്‍ ഇപ്രകാരം പറയുന്നു: ............ (നൂര്‍ 40) സത്യവിശ്വാസിയ്ക്ക് നല്‍കപ്പെടുന്ന പ്രകാശം ഇഹലോകത്തെ പ്രകാശം പോലെ പരിസരത്തുള്ളവര്‍ക്കും പ്രയോജനപ്പെടുത്താന്‍ പറ്റുന്ന നിലയിലായിരിക്കുകയില്ല. മറിച്ച് ഒരു അന്ധനായ വ്യക്തി പ്രകാശത്തെ കാണാത്തതുപോലെ നിഷേധിയും തെമ്മാടിയും സത്യവിശ്വാസികളുടെ പ്രകാശം കാണുന്നതല്ല. (ഇബ്നു കസീര്‍) മഹ്ഷര്‍ വന്‍ സഭയിലെ കഠിനമായ ഇരുളിന് ശേഷം സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ക്ക് പ്രകാശം നല്‍കപ്പെടുമ്പോള്‍ പ്രസ്തുത പ്രകാശത്തില്‍ നിന്നും നിഷേധികളും കപടവിശ്വാസികളും തടയപ്പെടുന്നതാണെന്ന് ഈ നിവേദനത്തില്‍ നിന്നും മനസ്സിലാകുന്നു. എന്നാല്‍ ഇബ്നു അബ്ബാസ് (റ)ല്‍ നിന്നും ത്വബ്റാനി ഉദ്ധരിച്ച ഒരു നിവേദനത്തില്‍ കപടവിശ്വാസിയ്ക്കും പ്രകാശം നല്‍കപ്പെടുന്നതാണെന്നും സ്വിറാത്ത് പാലത്തില്‍ എത്തുമ്പോള്‍ പ്രസ്തുത പ്രകാശം അണയ്ക്കപ്പെടുന്നതാണെന്നും വന്നിരിക്കുന്നു. (ത്വബ്റാനി) മുനാഫിഖുകള്‍ക്കും ആരംഭത്തില്‍ പ്രകാശം നല്‍കപ്പെടുമെങ്കിലും സ്വിറാത്ത് പാലത്തില്‍ എത്തുമ്പോള്‍ അത് ഒഴിവാക്കപ്പെടുന്നതാണെന്ന് ഈ നിവേദനത്തില്‍ നിന്നും മനസ്സിലാകുന്നു. ചുരുക്കത്തില്‍ ആരംഭത്തില്‍ അവര്‍ക്ക് നല്‍കപ്പെട്ടിട്ടില്ലെങ്കിലും അല്‍പ്പം നല്‍കപ്പെട്ടാലും അവര്‍ സ്വിറാത്ത് പാലത്തില്‍ വെച്ച് സത്യവിശ്വാസികളോട് അപേക്ഷിക്കും: അല്‍പ്പം നില്‍ക്കുക. ഞങ്ങള്‍ നിങ്ങളുടെ പ്രകാശത്തെ അല്‍പ്പം പ്രയോജനപ്പെടുത്താന്‍ അനുവദിക്കുക. കാരണം ഞങ്ങള്‍ ഇഹലോകത്ത് നമസ്കാരം, സകാത്ത്, ഹജ്ജ് പോലുള്ള കാര്യങ്ങളില്‍ നിങ്ങളോടൊപ്പം പങ്കാളികളായിരുന്നു! ഇത്തരുണത്തില്‍ അവരുടെ അപേക്ഷയ്ക്കുള്ള മറുപടി നിരാകരണത്തിന്‍റെ രൂപത്തില്‍ നല്‍കപ്പെടുന്നതാണ്. അതിന്‍റെ വിവരണം ശേഷം വരുന്നുണ്ട്. 
മുനാഫിഖുകള്‍ക്ക് അനുയോജ്യമായ അവസ്ഥ അവര്‍ക്ക് ആദ്യം അല്‍പ്പം പ്രകാശം നല്‍കപ്പെട്ട ശേഷം പ്രകാശത്തെ പിന്‍വലിക്കലാണ്. കാരണം അവര്‍ ഇഹലോകത്തെ അല്ലാഹുവിനെയും ദൂതനെയും വഞ്ചിക്കാന്‍ പരിശ്രമിച്ചവരാണ്. അല്ലാഹു പറയുന്നു: കപടവിശ്വാസികള്‍ പടച്ചവനെ വഞ്ചിക്കാന്‍ പരിശ്രമിക്കുന്നു. അല്ലാഹു അതേ രൂപത്തില്‍ അവര്‍ക് തിരിച്ചടി നല്‍കുകയും ചെയ്യുന്നു. (നിസാഅ് 142) ഇമാം ബഗവി (റ) പറയുന്നു: അതേ രൂപത്തില്‍ തിരിച്ചടി നല്‍കും എന്നതുകൊണ്ടുള്ള ഉദ്ദേശം ആരംഭത്തില്‍ പ്രകാശം നല്‍കപ്പെടുകയും അത് വളരെയധികം അത്യാവശ്യമാകുന്ന സമയത്ത് അത് ദൂരീകരിക്കപ്പെടുകയും ചെയ്യലാണ്. (മആലിമുത്തന്‍സീല്‍) ഈ ഭയാനക സമയത്ത് സത്യവിശ്വാസികള്‍ അവരില്‍ നിന്നും ഇതുവരെ പ്രകാശം ദൂരീകരിക്കപ്പെടുമോ എന്ന് വല്ലാതെ ഭയക്കുന്നതും അല്ലാഹുവിനോട് അവസാനം വരെ പ്രകാശം നിലനിര്‍ത്താന്‍ അപേക്ഷിക്കുന്നതുമാണ്.  ഇതിനെക്കുറിച്ച് അല്ലാഹു പറയുന്നു: ......... (തഹ്രീം 8) ജാബിര്‍ (റ) പറയുന്നു: ആരംഭത്തില്‍ കപടവിശ്വാസികള്‍ക്കും നിഷേധികള്‍ക്കും പ്രകാശം നല്‍കപ്പെടുന്നതും സ്വിറാത്ത് പാലത്തില്‍ എത്തുമ്പോള്‍ കപടവിശ്വാസികളുടെ പ്രകാശം പിന്‍വലിക്കപ്പെടുന്നതുമാണ്. (മുസ്ലിം) രണ്ട് തരത്തിലുള്ള നിവേദനങ്ങളെ സംയോജിപ്പിച്ചുകൊണ്ട് ഖാളി സനാഉല്ലാഹ് (റ) പറയുന്നു: റസൂലുല്ലാഹി (സ)യുടെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന യഥാര്‍ത്ഥ കപടവിശ്വാസികള്‍ക്ക് നിഷേധിയെപ്പോലെ യാതൊരു പ്രകാശവും ലഭിക്കുന്നതല്ല. എന്നാല്‍ റസൂലുല്ലാഹി (സ)യ്ക്ക് ശേഷമുള്ള കപടവിശ്വാസികളെക്കുറിച്ചാണ് ആരംഭത്തില്‍ പ്രകാശം നല്‍കപ്പെടുകയും പിന്നീട് മാറ്റപ്പെടുകയും ചെയ്യുമെന്ന് പറഞ്ഞിട്ടുള്ളത്. കാരണം റസൂലുല്ലാഹി (സ)യുടെ വിയോഗത്തോടെ വഹ്യ് അവസാനിച്ചതിനാല്‍ പിന്നീടുള്ള ആരെക്കുറിച്ചും മനസ്സാ വിശ്വസിക്കാത്ത മുനാഫിഖാണെന്ന് പറയാന്‍ പാടുള്ളതല്ല. ആരുടെ മനസ്സില്‍ ഈമാനുണ്ടെന്നും ആരുടെ ഇമാനില്ലെന്നും ഇപ്പോള്‍ അല്ലാഹുവിനെ മാത്രമേ അറിയൂ. അതുകൊണ്ട് ഈ വിഭാഗത്തില്‍ ആരെങ്കിലും യഥാര്‍ത്ഥ കപടവിശ്വാസികള്‍ ആയിരുന്നാല്‍ അവര്‍ക്ക് ആരംഭത്തില്‍ പ്രകാശം നല്‍കപ്പെടുന്നതും പിന്നീട് അത് മാറ്റപ്പെടുന്നതുമാണ്. പരിശുദ്ധ ഖുര്‍ആനിലും ഹദീസിലും തിരിമറികള്‍ നടത്തുകയും ആശയങ്ങളില്‍ മറിമായങ്ങള്‍ ചെയ്ത് സ്വന്തം താല്‍പ്പര്യത്തിനനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്യുന്നവര്‍ ഇത്തരം കപടവിശ്വാസികളില്‍ പെട്ടവരാണ്. അല്ലാഹു നമ്മെ അതില്‍ നിന്നും കാത്ത് രക്ഷിക്കട്ടെ. (മസ്ഹരി) 
മഹ്ഷര്‍ വന്‍ സഭയിലെ പ്രകാശത്തിന്‍റെയും ഇരുളിന്‍റെയും കാരണങ്ങള്‍: ഖാളി (റ) ഇതേ സ്ഥലത്ത് പരിശുദ്ധ ഖുര്‍ആന്‍, ഹദീസുകളില്‍ നിന്നും മഹ്ഷര്‍ മഹാസഭയിലെ പ്രകാശത്തിന്‍റെയും ഇരുളിന്‍റെയും കാരണങ്ങള്‍ വിവരിച്ചിട്ടുണ്ട്. ഇതര വൈജ്ഞാനിക ചര്‍ച്ചകളേക്കാള്‍ ഇതിന് വലിയ പ്രാധാന്യം ഉള്ളതിനാല്‍ ചെറിയ നിലയില്‍ ഇത് വിവരിക്കുകയാണ്. അല്ലാഹു നമുക്ക് സമുന്നത പ്രകാശം കനിഞ്ഞരുളട്ടെ! 1. അനസ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ഇരുള്‍ മുറ്റിയ രാവുകളില്‍ മസ്ജിലേക്ക് പോകുന്നവര്‍ക്ക് ഖിയാമത്ത് നാളില്‍ സമ്പൂര്‍ണ്ണ പ്രകാശം ലഭിക്കുന്നതാണെന്ന് സന്തോഷ വാര്‍ത്ത അറിയിക്കുക. (ഇബ്നു മാജ) ഈ ഹദീസ് മറ്റുപല സഹാബികളില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. 2. ഇബ്നു ഉമര്‍ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും അഞ്ച് നേരെ നമസ്കാരത്തില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ അതായത് അവയുടെ യഥാസമയങ്ങളില്‍ നിയമ മര്യാദകള്‍ പാലിച്ചുകൊണ്ട് നിര്‍വ്വഹിച്ചാല്‍ പ്രസ്തുത നമസ്കാരങ്ങള്‍ ഖിയാമത്ത് ദിനം പ്രകാശവും പ്രമാണവും രക്ഷയും ആകുന്നതാണ്. ആരെങ്കിലും നമസ്കാരത്തെ ശ്രദ്ധിച്ചില്ലെങ്കില്‍ അവന് ഒരു പ്രകാശവും പ്രമാണവും രക്ഷയും ഉണ്ടായിരിക്കുന്നതല്ല. അവന്‍ ഖിയാമത്ത് ദിനം ഖാറൂന്‍, ഹാമാന്‍, ഫിര്‍ഔന്‍ എന്നിവരോടൊപ്പമായിരിക്കും. (അഹ്മദ്) 3. അബൂസഈദ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ................   
കപടവിശ്വാസികളും കപടവിശ്വാസിനികളും വിശ്വാസികളോട് പറയുന്ന ദിവസം: നിങ്ങളുടെ പ്രകാശത്തെ പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ അവസരം നല്‍കൂ. അവരോട് പറയപ്പെടും: നിങ്ങള്‍ പിന്നിലേക്ക് മടങ്ങി പ്രകാശത്തെ അന്വേഷിക്കുക. അവര്‍ക്കിടയില്‍ വാതിലുള്ള ഒരു ഭിത്തി സ്ഥാപിക്കപ്പെടും. അതിന്‍റെ അകത്ത് കാരുണ്യവും പുറത്ത് അവന്‍റെ ഭാഗത്തു നിന്നുമുള്ള ശിക്ഷയുമായിരിക്കും.(13) കപടവിശ്വാസികള്‍ പ്രകാശത്തിന് അപേക്ഷിക്കുമ്പോള്‍ അവരോട് മടങ്ങിപ്പോവുക എന്ന് പറയുന്നത് ഒന്നുങ്കില്‍ സത്യവിശ്വാസികളായിരിക്കും അല്ലെങ്കില്‍ മലക്കുകളായിരിക്കും. * ഇബ്നു സൈദ് (റ) പറയുന്നു: ഇരുകൂട്ടര്‍ക്കും ഇടയില്‍ സ്ഥാപിക്കപ്പെടുന്ന മറ അഅ്റാഫ് എന്ന മറയായിരിക്കും. (റൂഹുല്‍ മആനി) ചില മുഫസ്സിറുകള്‍ മറ്റൊരു മറയാണെന്ന് പറഞ്ഞിരിക്കുന്നു. * ഈ മറയില്‍ വാതില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത് ഒന്നുങ്കില്‍ ഇരു കൂട്ടരും പരസ്പരം സംസാരിക്കുന്നതിനാണ്. അല്ലെങ്കില്‍ സത്യവിശ്വാസികള്‍ അതിലൂടെ കടന്നുപോകുന്നതിനാണ്. അവര്‍ കടന്ന് പോതിന് ശേഷം അത് അടയ്ക്കപ്പെടുന്നതാണ്. * ഈ പ്രകാശത്തെക്കുറിച്ച് പറയപ്പെടുമ്പോള്‍ നിഷേധികളുടെ കാര്യം പരാമര്‍ശിക്കപ്പെട്ടിട്ടില്ല. കാരണം അവര്‍ക്ക് യാതൊരു പ്രകാശത്തിനും സാധ്യതയില്ല. കപടവിശ്വാസികളുടെ പ്രകാശത്തെക്കുറിച്ച് രണ്ട് അഭിപ്രായങ്ങളുണ്ട്. 1. ആരംഭത്തില്‍ തന്നെ പ്രകാശം ലഭിക്കാത്തവര്‍. 2. ആരംഭത്തില്‍ ലഭിച്ച ശേഷം സ്വിറാത്ത് പാലത്തിന്‍റെ അരികില്‍ വെച്ച് അണയ്ക്കപ്പെടുന്നതാണ്. * സ്വിറാത്ത് പാലത്തിലൂടെ നരകത്തെ മുറിച്ച് കടക്കാന്‍ സാധിക്കുന്നത് സത്യവിശ്വാസികള്‍ക്ക് മാത്രമാണെന്ന് ഈ വിവരണത്തിലൂടെ വ്യക്തമാകുന്നു. നിഷേധികള്‍ ബഹുദൈവരാധകരും സ്വിറാത്ത് പാലത്തല്‍ കടക്കുന്നതേ അല്ല. അവരെ നേരെ നരകത്തിലേക്ക് അയക്കപ്പെടുന്നതാണ്. സത്യവിശ്വാസികള്‍ കപടവിശ്വാസികളെ സ്വിറാത്ത് പാലത്തിലെ അരികില്‍ വെച്ച് നരകത്തിലേക്ക് തള്ളപ്പെടും. പാപികളായ സത്യവിശ്വാസികള്‍ പാലത്തിന് ഇടയില്‍ വെച്ച് നരകത്തിലേക്ക് പതിക്കുന്നതും പാപങ്ങള്‍ക്ക് അനുസൃതമായി നരകത്തില്‍ കഴിയുന്നതുമാണ്. സല്‍ക്കര്‍മ്മികളായ സത്യവിശ്വാസികള്‍ സുരക്ഷിതരായി പാലം മുറിച്ച് കടന്ന് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്. 
സത്യവിശ്വാസികളുടെ മനസ്സുകള്‍ അല്ലാഹുവിന്‍റെ ഉപദേശത്തിലേക്കും അല്ലാഹു അവതരിപ്പിച്ച സത്യസന്ദേശത്തിലേക്കും മയപ്പെട്ട് തിരിയാന്‍ സമയമായില്ലേ? മുമ്പ് വേദം നല്‍കപ്പെട്ടവരെപ്പോലെ സത്യവിശ്വാസികള്‍ ആകരുത്. അവരുടെ മേല്‍ കാലഘട്ടം നീണ്ടപ്പോള്‍ അവരുടെ മനസ്സ് കഠിനമായി. അവരില്‍ അധികംപേരും അനുസരണകെട്ടവരാകുന്നു.(16) * മനസ്സുകള്‍ മയപ്പെടുക എന്നതുകൊണ്ടുള്ള ഉദ്ദേശം, നിഷ്കളങ്കമായ മനസ്സോടെ ഉപദേശങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യലാണ്. (ഇബ്നു കസീര്‍) * ഖുര്‍ആനിനോടുള്ള ഭയഭക്തി അതിന്‍റെ വിധിവിലക്കുകള്‍ പരിപൂര്‍ണ്ണമായി പാലിക്കാന്‍ സന്നദ്ധമാവുകയും അലസതയും ബലഹീനതയും ഉപേക്ഷിക്കുകയും ചെയ്യലാണ്. (റൂഹുല്‍ മാആനി) * ഇബ്നു അബ്ബാസ് (റ) പറയുന്നു: ചില സത്യവിശ്വാസികളുടെ മനസ്സുകളില്‍ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ ചെറിയ മടിയും അലസതയും ഉണ്ടാകുന്നതാണ്. അവരുടെ വിഷയത്തിലാണ് ഈ ആയത്ത് അവതരിച്ചത്. (ഇബ്നു കസീര്‍) ഇമാം അഅ്മഷ് (റ) പറയുന്നു: സഹാബികള്‍ മദീനാ മുനവ്വറയില്‍ എത്തിയതിന് ശേഷം അവര്‍ക്ക് അല്‍പ്പം ജീവിത സൗകര്യം ലഭിച്ചപ്പോള്‍ ചിലര്‍ നന്മകളില്‍ അലസത പുലര്‍ത്താന്‍ ആരംഭിച്ചു. അപ്പോഴാണ് ഈ ആയത്ത് അവതരിച്ചത്. (റൂഹുല്‍ മആനി) ഇബ്നു അബ്ബാസ് (റ) പറയുന്നു: ഖുര്‍ആന്‍ അവതരണം ആരംഭിച്ച് പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് ഈ ആയത്ത് അവതരിച്ചത്. (ഇബ്നു ഇബീഹാതിം) ഇബ്നു മസ്ഊദ് (റ) പറയുന്നു: ഞങ്ങള്‍ മുസ്ലിമായി നാല് വര്‍ഷം പിന്നിട്ടപ്പോള്‍ ഈ ആയത്തിലൂടെ ഞങ്ങള്‍ ഉണര്‍ത്തപ്പെട്ടു. (മുസ്ലിം) ചുരുക്കത്തില്‍ സമ്പൂര്‍ണ്ണമായ ഭയഭക്തിയും സല്‍ക്കര്‍മ്മങ്ങളില്‍ താല്‍പ്പര്യവും പുലര്‍ത്തണമെന്നും മനസ്സിന്‍റെ ഭക്തിയാണ് സര്‍വ്വ സല്‍ക്കര്‍മ്മങ്ങളുടെ അടിസ്ഥാനമെന്നും ഈ ആയത്ത് അറിയിക്കുന്നു. ശദ്ദാദ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ജനങ്ങളില്‍ നിന്നും ഏറ്റവും ആദ്യമായി ഉയര്‍ത്തപ്പെടുന്നത് ഭയഭക്തിയായിരിക്കും. (തിര്‍മിദി) 
എല്ലാ സത്യവിശ്വാസിയും സിദ്ദീഖുകളും ശുഹദാക്കളുമാണോ? അല്ലാഹുവിലും അവന്‍റെ ദൂതന്മാരിലും വിശ്വസിച്ചവര്‍ അവരുടെ രക്ഷിതാവിങ്കല്‍ സിദ്ദീഖുകള്‍, ശുഹദാക്കള്‍ (മുതലായവരുടെ സ്ഥാനത്ത്) ആയിരിക്കും. അവര്‍ക്ക് അവരുടെ കൂലിയും അവരുടെ പ്രകാശവുമുണ്ട്. അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കളവാക്കുകയും ചെയ്തവര്‍ നരകവാസികളാണ്.(19) ഓരോ സത്യവിശ്വാസിക്കും സിദ്ദീഖെന്നും ശഹീദെന്നും പറയാമെന്ന് ഈ ആയത്തിലൂടെ മനസ്സിലാകുന്നു. ഖതാദ (റ), അംറുബ്നു മൈമൂന്‍ (റ) ഇരുവരും ഈ ആയത്തിന്‍റെ അടിസ്ഥാനത്തില്‍ പറയുന്നു: അല്ലാഹുവിലും റസൂലിലും വിശ്വസിച്ചവരെല്ലാം സിദ്ദീഖും ശഹീദുമാണ്. ബറാഅ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: എന്‍റെ സമുദായത്തിലെ സത്യവിശ്വാസികള്‍ എല്ലാവരും ശഹീദുകളാണ്. തുടര്‍ന്ന് റസൂലുല്ലാഹി (സ) ഈ ആയത്ത് പാരായണം ചെയ്തു. അബൂഹുറയ്റ (റ) ഒരിക്കല്‍ മുന്നിലുണ്ടായിരുന്ന കൂട്ടുകാരോട് പറഞ്ഞു: നിങ്ങള്‍ എല്ലാവരും സിദ്ദീഖും ശഹീദുമാണ്.  അവര്‍ അത്ഭുതത്തോടെ ചോദിച്ചു: താങ്കള്‍ എന്താണ് പറയുന്നത്? അബൂഹുറയ്റ (റ) പറഞ്ഞു: ഞാന്‍ പറഞ്ഞതില്‍ നിങ്ങള്‍ക്ക് വിശ്വാസം വരുന്നില്ലെങ്കില്‍ ഈ ആയത്ത് പാരായണം ചെയ്യുക. (ഇബ്നുഅബീഹാതിം) * എന്നാല്‍ എല്ലാ സത്യവിശ്വാസികളും ശഹീദും സിദ്ദീഖുമല്ലെന്നും ഉന്നത വിശ്വാസികള്‍ക്ക് മാത്രമേ അതിന്‍റെ സ്ഥാനം ലഭിക്കുകയുള്ളൂ എന്നുമാണ് ഖുര്‍ആനിന്‍റെ ഇതര ആയത്തുകളും ഹദീസുകളും മുന്നില്‍ വെക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഒരിടത്ത് അല്ലാഹു പറയുന്നു: ......... (നിസാഅ് 69) ഈ ആയത്തില്‍ സത്യവിശ്വാസികളെ മൂന്ന് വിഭാഗമായി തിരിച്ചിരിക്കുന്നു. ഈ മൂന്ന് വിഭാഗത്തിനുമിടയില്‍ വ്യത്യാസമുണ്ടാകുമെന്ന കാര്യം വ്യക്തമാണ്. അല്ലെങ്കില്‍ മൂന്ന് വിഭാഗത്തെയും പ്രത്യേകം പറയേണ്ട ആവശ്യമില്ലായിരുന്നു. സിദ്ദീഖുകളും ശുഹദാക്കളും സത്യവിശ്വാസികളിലെ സമുന്നത വിഭാഗവും ഉന്നത ഗുണങ്ങള്‍ ഉള്ളവരുമാണ്. പിന്നെ ഈ ആയത്തില്‍ ഇപ്രകാരം പറഞ്ഞത് എല്ലാ സത്യവിശ്വാസികളും ഒരു നിലയ്ക്ക് സിദ്ദീഖുകളും ശുഹദാക്കളുമാണെന്നും അവരിലേക്ക് ചേരുന്നവരുമാണെന്നും അറിയിക്കാനാണ്. * അല്ലാമാ അലൂസി (റ) പറയുന്നു: ഈ ആയത്തിലെ സത്യവിശ്വാസികള്‍ എന്നതുകൊണ്ടുള്ള വിവക്ഷ സമ്പൂര്‍ണ്ണ വിശ്വാസം പുലര്‍ത്തുകയും നന്മകളില്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുന്നവരാണ്. വികാരങ്ങളിലും അശ്രദ്ധയിലും ആണ്ട് കിടക്കുന്ന വിശ്വാസികള്‍ സിദ്ദീഖും ശഹീദുമല്ല. ഒരു ഹദീസില്‍ നിന്നും ഈ കാര്യം കൂടുതല്‍ വ്യക്തമാകുന്നതാണ്. റസൂലുല്ലാഹി (സ) അരുളി: അധികമായി ശപിക്കുന്നവര്‍ ശുഹദാക്കളില്‍ പെടുന്നതല്ല.    ഉമറുല്‍ ഫാറൂഖ് (റ) ഒരിക്കല്‍ ജനങ്ങളോട് ചോദിച്ചു: നിങ്ങള്‍ക്ക് എന്ത് പറ്റി? ജനങ്ങളുടെ അഭിമാനത്തിന് ഭംഗം വരുത്തുമ്പോള്‍ നിങ്ങള്‍ എന്തുകൊണ്ടാണ് തടയാത്തത്? അവര്‍ പറഞ്ഞു: ഞങ്ങള്‍ അവരുടെ അസഭ്യം ഭയക്കുന്നു. ഞങ്ങള്‍ അവരെ തടഞ്ഞാല്‍ അവര്‍ ഞങ്ങളുടെ അഭിമാനത്തെ അക്രമിക്കുന്നതാണ്. ഉമര്‍ (റ) പറഞ്ഞു: ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ ശുഹദാക്കളാകുന്നതല്ല. (മുസന്നഫ് അബ്ദുര്‍റസാഖ്) അതായത് മതപരമായ കല്‍പ്പനകള്‍ പാലിക്കാതെ അക്രമികളോട് അഴകുഴമ്പന്‍ സമീപനം സ്വീകരിക്കുന്നവര്‍ നാളെ ഖിയാമത്ത് നാളില്‍ സത്യത്തിന്‍റെ സാക്ഷികളാകുന്നതല്ല. അന്ന് പ്രവാചകന്മാര്‍ സമുദായത്തെക്കുറിച്ച് സാക്ഷിയാകുന്നതാണ്. (റൂഹുല്‍ മആനി) ഖാളി സനാഉല്ലാഹ് (റ) പറയുന്നു: ഈ ആയത്തിലെ സത്യവിശ്വാസികള്‍ എന്നതുകൊണ്ടുള്ള വിവക്ഷ റസൂലുല്ലാഹി (സ)യുടെ കാലത്ത് സത്യവിശ്വാസം സ്വീകരിക്കുകയും റസൂലുല്ലാഹി (സ)യുടെ സഹവാസത്തില്‍ കഴിയുകയും ചെയ്തവരാണ്. (മസ്ഹരി) പ്രത്യേകിച്ചും ഇവര്‍ തന്നെയാണ് എന്ന ആയത്തിലെ പ്രയോഗം ഇതുകൊണ്ടുള്ള ഉദ്ദേശം സഹാബാ മഹത്തുക്കളാണെന്ന് അറിയിക്കുന്നു. മുജദ്ദിദ് അല്‍ഫ്ഥാനി (റ) പറയുന്നു: സഹാബാ മഹത്തുക്കളെല്ലാവരും റസൂലുല്ലാഹി (സ)യുടെ സമ്പൂര്‍ണ്ണത ഉള്‍ക്കൊണ്ടവരായിരുന്നു. റസൂലുല്ലാഹി (സ)യെ സത്യവിശ്വാസത്തോടെ ഒരു പ്രാവശ്യമെങ്കിലും നോക്കിയവര്‍ സമുന്നത സ്ഥാനം പ്രാപിച്ചവരാണ്. 


********************************* 



 മആരിഫുല്‍ ഹദീസ് 

 
അറിവില്ലാത്തവര്‍ പഠിക്കുക, അറിവുള്ളവര്‍ പഠിപ്പിക്കുക

 മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി



2. പ്രസിദ്ധ സഹാബി അബ്ദുര്‍റഹ്മാനുബ്നു അബ്സാ ഖുസാഇ (റ)ന്‍റെ പിതാവ് അബ്സ ഖുസാഇ (റ)  വിവരിക്കുന്നു: ഒരിക്കല്‍ റസൂലുല്ലാഹി (സ) മിമ്പറില്‍ നിന്നുകൊണ്ട് ഒരു പ്രഭാഷണം നടത്തി. ഉത്തരവാദിത്വങ്ങള്‍ ശരിയായ നിലയില്‍ നിര്‍വ്വഹിക്കുന്ന ജനങ്ങളെ അതില്‍ പ്രശംസിച്ചു. തുടര്‍ന്ന് മറ്റുചിലരെ വിമര്‍ശിച്ചുകൊണ്ട് ഇപ്രകാരം അരുളി: അറിവുള്ളവര്‍ അറിവില്ലാത്തവരായ അയല്‍വാസികള്‍ക്ക് കാര്യങ്ങള്‍ പഠിപ്പിച്ച് കൊടുക്കുകയും ഉപദേശിക്കുകയും നന്മ കല്‍പ്പിക്കുകയും തിന്മ തടയാതിരിക്കുകയും ചെയ്യുന്നത് വളരെ മോശമാണ്. അറിവില്ലാത്തവര്‍ അറിവുള്ള അയല്‍വാസികളില്‍ നിന്നും വിജ്ഞാനങ്ങള്‍ പഠിക്കാതിരിക്കുകയും ഉപദേശങ്ങള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നത് വളരെ മോശം തന്നെ. ശേഷം റസൂലുല്ലാഹി (സ) ഉണര്‍ത്തി: അറിവുള്ളവര്‍ അറിവില്ലാത്ത അയല്‍വാസികള്‍ക്ക് നിര്‍ബന്ധമായും പഠിപ്പിച്ച് കൊടുക്കുകയും അവരില്‍ ദീനീ ഗ്രാഹ്യം ഉണ്ടാക്കിയെടുക്കാന്‍ പരിശ്രമിക്കുകയും അവരെ ഉപദേശിക്കാനും നന്മ കല്‍പ്പിക്കാനും തിന്മ തടയാനും ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്. ഇപ്രകാരം അത്യാവശ്യ അറിവുകള്‍ ഇല്ലാത്തവര്‍ അറിവുള്ള അയല്‍വാസികളില്‍ നിന്നും അറിവ് പഠിക്കുകയും ദീനീ ഗ്രാഹ്യം ഉണ്ടാക്കുകയും ഉപദേശങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടതാണ്. ഇരുകൂട്ടരും ഇത് അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഈ ലോകത്ത് തന്നെ അവര്‍ക്ക് ശിക്ഷ നല്‍കുന്നതാണ്. ഇത്രയും അരുളിയ ശേഷം റസൂലുല്ലാഹി (സ) മിമ്പറില്‍ നിന്നും ഇറങ്ങി വീട്ടിലേക്ക് പോയി. റസൂലുല്ലാഹി (സ) ശിക്ഷ നല്‍കുമെന്ന് ആരെക്കുറിച്ചാണ് പറഞ്ഞതെന്ന വിഷയത്തില്‍ സഹാബികള്‍ പരസ്പരം ചര്‍ച്ച ചെയ്തു. ചിലര്‍ പറഞ്ഞു: റസൂലുല്ലാഹി (സ) അബൂമൂസാ അഷ്അരിയുടെ ഗോത്രമായ അഷ്അരികളെക്കുറിച്ചാണ് പറഞ്ഞത്. അവര്‍ ആവശ്യമായ അറിവുള്ളവരാണെങ്കിലും അവരുടെ പരിസരങ്ങളിലുള്ളവര്‍ യാതൊരു അറിവും ഇല്ലാതെ കഴിയുന്നവരാണ്. ഈ സംസാരം ശ്രവിച്ച അഷ്അരി ഗോത്രക്കാര്‍ റസൂലുല്ലാഹി (സ)യെ സമീപിച്ച് പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ, അങ്ങ് ചിലരെ വാഴ്ത്തിപ്പറഞ്ഞതായും ഞങ്ങളെ വിമര്‍ശിച്ചതായും ഞങ്ങള്‍ അറിഞ്ഞല്ലോ, ഞങ്ങളുടെ തെറ്റ് എന്താണ്? റസൂലുല്ലാഹി (സ) അരുളി: അത്യാവശ്യമായ അറിവുള്ളവര്‍ അറിവില്ലാത്ത അയല്‍വാസികള്‍ക്ക് പഠിപ്പിക്കുകയും ദീനീ ഗ്രാഹ്യം ഉണ്ടായെടുക്കുകയും നന്മ ഉപദേശിക്കുകയും തിന്മ തടയുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണ്, അറിവില്ലാത്തവര്‍ അറിവുള്ളവരില്‍ നിന്നും പഠിക്കുകയും ഉപദേശം സ്വീകരിക്കുകയും ചെയ്യേണ്ടതും ബാധ്യതയാണ്,  ഇത് ചെയ്തില്ലെങ്കില്‍ ഞാന്‍ ഇഹലോകത്ത് തന്നെ ശിക്ഷ നല്‍കുന്നതാണ് എന്ന മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. അഷ്അരികള്‍ ചോദിച്ചു: മറ്റുള്ളവര്‍ ചെയ്യുന്ന പാപത്തിന്‍റെ ശിക്ഷ ഞങ്ങള്‍ക്ക് ചുമക്കേണ്ടി വരുമോ? റസൂലുല്ലാഹി (സ) കഴിഞ്ഞ വചനം തന്നെ ആവര്‍ത്തിച്ച് പറഞ്ഞു. അഷ്അരികള്‍ വീണ്ടും ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ റസൂലുല്ലാഹി (സ) അതേ മറുപടി തന്നെ ആവര്‍ത്തിച്ചു. അപ്പോള്‍ അഷ്അരികള്‍ പറഞ്ഞു: അങ്ങ് ഞങ്ങള്‍ക്ക് ഒരു വര്‍ഷത്തെ ഇളവ് നല്‍കണം. റസൂലുല്ലാഹി (സ) അവര്‍ക്ക് ഇളവ് നല്‍കുകയും അയല്‍വാസികളെ ഉപദേശിക്കാനും പഠിപ്പിക്കാനും നിര്‍ദ്ദേശിക്കുകയും ചെയ്തു. ശേഷം സൂറത്തുല്‍ മാഇദയിലെ ഈ ആയത്തുകള്‍ പാരായണം ചെയ്തു: ബനൂഇസ്റഈലിലെ നിഷേധികളെ ദാവൂദ് നബിയുടെയും ഈസബിനു മര്‍യമിന്‍റെയും നാവിലൂടെ ശപിക്കപ്പെട്ടു. അത് അവര്‍ പാപങ്ങള്‍ പ്രവര്‍ത്തിക്കുകയും പരിധി ലംഘിക്കുകയും ചെയ്തതിന്‍റെ പേരിലായിരുന്നു. അവര്‍ പ്രവര്‍ത്തിച്ചിരുന്ന തിന്മകളില്‍ നിന്നും അവര്‍ പരസ്പരം തടഞ്ഞിരുന്നില്ല. അവരുടെ പ്രവര്‍ത്തനം വളരെ മോശമായിപ്പോയി! (മാഇദ 78-79) (മുസ്നദ് ഇബ്നു റാഹവൈഹി, സഹീഹ് ഇബ്നുസകന്‍, മുസ്നദ് ഇബ്നുമന്‍ദ, ത്വബ്റാനി)
വിവരണം: അത്യാവശ്യ വിവരണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഹദീസിന്‍റെ ആശയം മുകളില്‍ കുറിച്ചിട്ടുള്ളത്. അടിസ്ഥാനപരമായ ദീനീ ശിക്ഷണങ്ങളും ശീലനങ്ങളും റസൂലുല്ലാഹി (സ) പൊതുവായി നടത്തുകയും അതിന് സഹാബത്തിനെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നതായി ഈ ഹദീസിലൂടെ മനസ്സിലാകുന്നു. പരിസര പ്രദേശത്തുള്ള അറിവില്ലാത്തവരെ അല്ലാഹുവിന്‍റെ പൊരുത്തത്തെ കരുതി ഉപദേശിക്കുകയും ദീനീ വിജ്ഞാനങ്ങള്‍ പഠിപ്പിച്ച് കൊടുക്കുകയും ഈ പ്രവര്‍ത്തനത്തെ ഒരു ബാധ്യതയായി കാണുകയും ചെയ്യേണ്ടത് അത്യാവശ്യ അറിവുള്ളവരുടെ കര്‍ത്തവ്യമാണെന്നും മറുഭാഗത്ത് അറിവുള്ളവരുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും അവരില്‍ നിന്നും അറിവ് പഠിക്കുകയും ചെയ്യേണ്ടത് അറിവില്ലാത്തവരുടെയും കടമയാണെന്നും ഇത് നിര്‍വ്വഹിക്കാത്ത പക്ഷം ഇരുകൂട്ടര്‍ക്കും ശിക്ഷ നല്‍കപ്പെടുന്നതാണെന്നും ഇത് ഉണര്‍ത്തുന്നു. യഥാര്‍ത്ഥത്തില്‍ ഇത് റസൂലുല്ലാഹി (സ) ദീനിയായ ശിക്ഷണ ശീലനങ്ങള്‍ക്ക് സ്ഥാപിച്ച പൊതുവായ ഒരു കര്‍മ്മ പദ്ധതിയായിരുന്നു. ഇതിലൂടെ പാഠശാലകളും പുസ്തകങ്ങളും എഴുത്തും വായനയും ഒന്നും കൂടാതെ സമൂഹത്തിലെ ഓരോ വ്യക്തിക്കും അവരവരുടെ പരിശ്രമത്തിനും യോഗ്യതയ്ക്കും അനുസൃതമായ വിജ്ഞാനം കരസ്ഥമാക്കാന്‍ കഴിയുമായിരുന്നു. ആദരണീയ സഹാബത്തിലും താബിഉകളിലും ഭൂരിഭാഗവും ഈ മാര്‍ഗ്ഗത്തിലൂടെയാണ് വിജ്ഞാനം കരസ്ഥമാക്കിയത്. ഈ വഴിയിലൂടെയുള്ള വിജ്ഞാന സമ്പദാനം നമ്മുടെ ഇന്നത്തെ വിദ്യാഭ്യാസ പദ്ധതികളേക്കാള്‍ കൂടുതല്‍ ശക്തിയും ഉറപ്പുള്ളതുമായിരുന്നു. പില്‍ക്കാലത്ത് പ്രചരിപ്പിക്കുകയും വ്യാപിക്കുകയും ചെയ്ത മുഴുവന്‍ വിജ്ഞാനങ്ങളും യഥാര്‍ത്ഥത്തില്‍ അവയുടെ ബാക്കിപത്രം മാത്രമാണ്. എന്നാല്‍ ഖേദകരമെന്ന് പറയട്ടെ: സമുദായത്തില്‍ പൊതുവായ നിലയില്‍ വിജ്ഞാന-ഉത്ബോധനങ്ങള്‍ പകര്‍ന്ന് കൊടുക്കുന്ന ഈ പദ്ധതി ശരിയായ നിലയില്‍ മുസ്ലിംകള്‍ എല്ലാവരും നടപ്പിലാക്കുകയുണ്ടായില്ല. നടപ്പിലാക്കിയിരുന്നുവെങ്കില്‍ അത്യാവശ്യ അറിവുകള്‍ ഇല്ലാത്ത ഒരു വ്യക്തി പോലും സമുദായത്തില്‍ ഉണ്ടാകുമായിരുന്നില്ല. അത്യാവശ്യ അറിവുകള്‍ അവിചാരിതമായ നിലയില്‍ തന്നെ ഓരോരുത്തരും പഠിച്ചിരുന്നു എന്നതാണ് പൊതുവായ ഈ പദ്ധതിയുടെ പരിണിത ഫലം. 
ഹദീസിന്‍റെ അവസാനത്തില്‍ അഷ്അരി സംഘം റസൂലുല്ലാഹി (സ)യോട് ഒരു വര്‍ഷത്തെ കാലാവധി ചോദിച്ച് അവരുടെ നാട്ടിലേക്ക് മടങ്ങിയത് ശ്രദ്ധേയമാണ്. അത്യവശ്യ കാര്യങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും ഒരു വര്‍ഷം മതി എന്ന് ഇത് വ്യക്തമാക്കുന്നു. അതെ,  ഇന്നും ഏതെങ്കിലും നാട്ടുകാര്‍ മുസ്ലിം പൊതുജനങ്ങള്‍ക്ക് ഇപ്രകാരം കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ വ്യവസ്ഥാപിതമായ നിലയില്‍ പരിശ്രമിച്ചാല്‍ സമുദായത്തിലെ എല്ലാവിഭാഗത്തിലും ഈമാനിയ്യായ ജീവിതവും അത്യാവശ്യമായ അറിവുകളും ഉണ്ടായിത്തീരുന്നതാണ്. 
അവസാനമായി റസൂലുല്ലാഹി (സ) സൂറത്തുല്‍ മാഇദയിലെ രണ്ട് ആയത്തുകള്‍ പാരായണം ചെയ്തു. പരസ്പരം നന്മ ഉപദേശിക്കുകയും തിന്മ തടയുകയും ഉത്തമ അവസ്ഥ ഉണ്ടാകുന്നതിന് ചിന്താ പരിശ്രമങ്ങള്‍ നടത്തുകയും ചെയ്തില്ലാ എന്ന കാരണത്താല്‍ ബനൂഇസ്റാഈലിലെ സമുന്നതരായ രണ്ട് നബിമാര്‍ ശപിച്ചു എന്നതാണ് ഈ ആയത്തുകളുടെ ആശയം. അതായത് ഈ പ്രവര്‍ത്തനം നടത്താതിരിക്കുന്നതിലൂടെ മഹാന്മാരായ നബിമാരുടെ ശാപങ്ങള്‍ക്ക് ഇരയാകുന്നതാണ്. റസൂലുല്ലാഹി (സ) ഈ പ്രവര്‍ത്തനം നടത്താത്ത പക്ഷം ശിക്ഷ നല്‍കുമെന്ന് അറിയിച്ചതും ഈ ആയത്തുകള്‍ അവസാനമായി ഓതിയതും ഈ പ്രവര്‍ത്തനത്തിന്‍റെ പ്രാധാന്യം ശക്തിയുക്തം ഉണര്‍ത്തുന്നു. 



************************************


രചനാ പരിചയം 

റമദാന്‍ ഓഫര്‍






Ph: 7736723639


പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി



ഞങ്ങളുടെ കേന്ദ്ര സ്ഥാപനം


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌