▪️ജുമുഅ സന്ദേശം
ദുൽഹജ്ജ് 10; ശ്രേഷ്ഠതകളും അമലുകളും
▪️മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുൽ മുജാദല-1
പടച്ചവനോട് പരാതിപ്പെടുന്ന ഒരു ദാസിയുട അവസ്ഥ, 
പടച്ചവൻ അതിന് നൽകിയ ഉത്തമ പരിഹാരവും ധിക്കാരികൾക്കുള്ള കടുത്ത മുന്നറിയിപ്പും
  ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
▪️മആരിഫുല്‍ ഹദീസ്
പ്രവാചക മഹത്വങ്ങൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി





*******************************


 ജുമുഅ സന്ദേശം 

ദുൽഹജ്ജ് 10;
ശ്രേഷ്ഠതകളും അമലുകളും
✍️ മൗലാനാ മുഫ്തി ഇംറാൻ ഖാസിമി
✒️വിവ:- ആഷിഖ് ഹുസ്നി ചുനക്കര

ഈ ദുനിയാവിൽ വസിക്കുന്ന സമസ്ത ജീവജാലങ്ങളിലും സർവ്വ പ്രതാപിയായ അല്ലാഹുവിന്റെ കാരുണ്യം നിരന്തരം വർഷിച്ചു കൊണ്ടിരിക്കുകയാണ്. അല്ലാഹുവിന്റെ കാരുണ്യമില്ലാതെ രാപകലുകളിലെ ഒരു നിമിഷം പോലും കടന്നുപോകുന്നില്ല. എന്നിരുന്നാലും, അല്ലാഹുവിന്റെ കാരുണ്യം വളരെയധികം വർഷിക്കുന്ന ചില പ്രത്യേക ദിവസങ്ങളുണ്ട്. ദുൽഹജ്ജ് മാസത്തിലെ ആദ്യ പത്ത് ദിനരാത്രങ്ങളെ ഇത്തരം മഹത്തരമായ ദിനങ്ങളുടെ കൂട്ടത്തിൽ എണ്ണപ്പെട്ടതാണ്. ആ ദിവസങ്ങളിൽ അല്ലാഹുവിന്റെ കാരുണ്യം അവന്റെ അടിമകളിലേക്ക് കണക്കില്ലാതെ ചൊരിയുന്നതാണ്. ഈ ദിനങ്ങളിൽ സൽകർമങ്ങൾ അനുഷ്ഠിക്കുന്നവർക്ക് അതിന്റെ പ്രതിഫലം പതിന്മടങ്ങായി ലഭിക്കുന്നതാണ്.

▪️ദുൽഹിജ്ജയുടെ ആദ്യ പത്ത് ദിനരാത്രങ്ങളിലെ സൽകർമങ്ങൾ അല്ലാഹുവിങ്കൽ ഏറെ പ്രിയങ്കരമാകുന്നു.

ദുൽഹജ്ജ് മാസം തുടക്കം മുതൽ അടിമ അനുഷ്ഠിക്കുന്ന ആരാധനാ കർമങ്ങൾക്ക് അല്ലാഹുവിന്റെ അടുക്കൽ വളരെയേറെ സ്ഥാനമാണുള്ളത്. ഹള്റത്ത് ഇബ്നു അബ്ബാസ് (റ ) റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ വരുന്നുണ്ട്,
നബി (സ) അരുളി:
സാധാരണ ദിവസങ്ങളിൽ അടിമ ചെയ്യുന്ന സൽകർമ്മങ്ങളേക്കാൾ ഈ പത്ത് ദിനങ്ങളിൽ ചെയ്യുന്ന (നമസ്കാരം, നോമ്പ്, തസ്ബീഹ്, ഖുർആൻ പാരായണം, ദാനധർമ്മം പോലുള്ള) സൽപ്രവർത്തനങ്ങൾ അല്ലാഹുവിങ്കൽ ഏറെ പ്രിയങ്കരമാണ്. (സുനനുത്തിർമിദി: 757 )


▪️ദുൽഹിജ്ജയുടെ പത്ത് പകലുകളിൽ വ്രതമനുഷ്ഠിക്കുന്നതിന്റെ ശ്രേഷ്ഠതകൾ.

ദുൽഹിജ്ജയുടെ ആദ്യ പത്ത് പകലുകളിൽ നോമ്പ് നോൽക്കുന്നതിന്റെ പ്രാധാന്യതയും, ശ്രേഷ്ഠതയും ചൂണ്ടിക്കാണിച്ചു കൊണ്ട്
നബി (ﷺ)അരുളി :
അതിലെ ഓരോ നോമ്പിന്റെയും പ്രതിഫലം ഒരു വർഷത്തെ നോമ്പിന് സമമാണ്.
അതിലെ രാത്രി നമസ്കാരങ്ങൾ ലൈലത്തുൽ ഖദ്റിലെ നമസ്കാരങ്ങൾക്ക് തുല്യമാണ്. (സുനനുത്തിർമിദി: 758 )

ആ ദിനങ്ങളിൽ അല്ലാഹുവിന്റെ കാരുണ്യം അവന്റെ അടിമകളിൽ ചൊരിയുന്നതിന്റെ ആഴമാണ് ഉപരിസൂചിത ഉദ്ധരണികൾ നമ്മെ ഉണർത്തുന്നത്. കേവലം ഒരു രാത്രിയിലെ ആരാധനാ കർമ്മങ്ങൾക്ക് പോലും കണക്കില്ലാത്ത പ്രതിഫലമാണ് അവൻ സമ്മാനിക്കുന്നത്. അതിനാൽ ദുൽഹിജ്ജയുടെ ആദ്യ പത്ത് ദിനരാത്രങ്ങളെ താല്പര്യപൂർവ്വം ആരാധനാ കർമ്മങ്ങളാൽ അലങ്കരിക്കേണ്ടത് നമ്മുക്ക് വളരെ അനിവാര്യമാണ്. അത് മുഖേന നമ്മുടെ കർമ്മങ്ങൾ രേഖപ്പെടുത്തുന്ന ഏടുകളിലെ നന്മയുടെ താളുകൾക്ക് എണ്ണം വർധിപ്പിക്കുവാനും നമ്മുക്ക് സാധിക്കുന്നതാണ്.

▪️ ഈ ദിനാരാത്രങ്ങളിൽ അനുഷ്ഠിക്കേണ്ട നാല് പ്രധാന പ്രവർത്തനങ്ങൾ.

പവിത്രമായ ഈ ദിവസങ്ങളിൽ നിർവഹിക്കേണ്ട ധാരാളം സൽക്കർമ്മങ്ങൾ ഉണ്ടെങ്കിലും, അതിലെ നാല് പ്രവർത്തനങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നതാണ്.

1. നഖം, മുടി, എന്നിവ മുറിക്കാതിരിക്കൽ.
ദുൽഹിജ്ജയുടെ മാസപ്പിറവി കാണുന്നത് മുതൽ ബലികർമ്മം നിർവ്വഹിക്കാൻ ഉദ്ദേശിക്കുന്നവർ നഖം, മുടി, എന്നിവ മുറിക്കാതിരിക്കുകയെന്നത് മുഹമ്മദീ ഉമ്മത്തിന്റെ മേൽ മുസ്തഹബ്ബായി നിശ്ചയിച്ചിട്ടുള്ളതാണ്. തിരുനബി (ﷺ) അരുളി :
ആരെങ്കിലും ബലികർമ്മം നിർവ്വഹിക്കുവാൻ ഉദ്ദേശിക്കുകയും, ദുൽഹിജ്ജയിൽ പ്രവേശിക്കുകയും ചെയ്താൽ അവൻ തന്റെ മുടി, നഖം എന്നിവ മുറിക്കാതിരിക്കട്ടെ. (സ്വഹീഹ് മുസ്‌ലിം :5232)

ബലികർമ്മം നിർവ്വഹിക്കുവാൻ ഉദ്ദേശിക്കുന്നവർ ദുൽഹിജ്ജ തുടങ്ങുന്നത് മുതൽ ബലി കർമ്മം നിർവ്വഹിക്കുന്നത് വരെ മുടി മുറിക്കാതിരിക്കലും, നഖം വെട്ടാതിരിക്കലും മുസ്തഹബ്ബാണ്. ബലിദാനം ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലാത്തവർ നഖം, മുടി എന്നിവ മുറിക്കുന്നതിൽ കുഴപ്പമില്ല. (ഫത്താവാ ദാറുൽ ഉലൂം ദയൂബന്ദ് : 15/521)

ഹാജിമാരുമായി സാദൃശ്യത പുലർത്തൽ.
ബലികർമ്മം നിർവഹിക്കുന്നത് വരെ നഖം, മുടി എന്നിവ മുറിക്കരുതെന്ന കല്പ്പന പലരിലും അത്ഭുതമുളവാക്കിയേക്കാം. എന്നാൽ നിജസ്ഥിതി, നാഥന്റെ വിളിക്ക് ഉത്തരം നൽകി ദുൽഹജ്ജ് മാസത്തിൽ വിശുദ്ധ ഗേഹം സന്ദർശിക്കാനെത്തുന്ന ദാസന്മാർക്ക് നഖം മുറിക്കൽ, മുടി മുറിക്കൽ പോലുള്ള പല കാര്യങ്ങളിലും വിലക്ക് നിശ്ചയിച്ചിട്ടുണ്ട്. (തബ് യീനുൽ ഹഖാഇഖ് : 2/262) ഇത്തരത്തിൽ ഇഹ്റാം ചെയ്ത് ഹജ്ജിനായി പുറപ്പെടാൻ സാധിക്കാത്ത സാധുക്കളിലേക്ക് അല്ലാഹുവിന്റെ കാരുണ്യം കടാക്ഷിക്കുന്നതിനായി,
ദുൽഹിജ്ജയുടെ ആദ്യ സമയങ്ങളിൽ ഹാജിമാർ നഖം, മുടി എന്നിവ വെട്ടാതിരിക്കുന്നത് പോലെ നിങ്ങളും പ്രസ്തുത ദിനരാത്രങ്ങളിൽ നഖം, മുടി, എന്നിവ വെട്ടാതെ അവരോട് സാദൃശ്യമാകാൻ തിരുനബി (ﷺ) അരുളുകയുണ്ടായി. അങ്ങനെ പ്രവർത്തിക്കുന്ന പക്ഷം, ഹാജിമാരിലേക്കുള്ള നാഥന്റെ സ്നേഹകാരുണ്യ നോട്ടങ്ങളിൽ നാമും ഉൾപ്പെടുന്നതാണ്.

2. അറഫ ദിനം നോമ്പ് നോൽക്കൽ

അറഫ ദിനം , അഥവാ, ദുൽഹജ്ജ് 9. ന് നോമ്പ് പിടിക്കൽ ദുൽഹിജ്ജ മാസത്തിലെ രണ്ടാമത്തെ പ്രധാന പ്രവർത്തനമാണ്. വളരെയേറെ പ്രതിഫലം ലഭിക്കുന്ന ഈ നോമ്പ് ഇസ്‌ലാമിക ശരീഅത്തിൽ സുന്നത്തായി നിശ്ചയിച്ചിട്ടുള്ള കാര്യമാണ്. റസൂലുല്ലാഹി (ﷺ) അരുളുകയുണ്ടായി :
അറഫയുടെ നോമ്പ് കാരണമായി മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ ഒരു വർഷത്തെ പാപങ്ങൾ അല്ലാഹു തആല പൊറുത്തു നൽകുമെന്ന് ഞാൻ അവനിൽ പ്രതീക്ഷ വെക്കുന്നു . ഇപ്രകാരം, ആശൂറാഅ് ദിവസത്തെ നോമ്പ് കാരണമായി മുൻകഴിഞ്ഞ ഒരു വർഷത്തെ പാപങ്ങൾ അല്ലാഹു പൊറുക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. (സ്വഹീഹ് മുസ്‌ലിം :2/ 280)

അറഫ നോമ്പിൽ സൗദി തീയ്യതി പരിഗണനീയമല്ല.
അറഫ ദിനം നോമ്പ് വെക്കുന്നതിന് സഊദി തിയ്യതിയിൽ ദുൽഹജ്ജ്-9, (ഹാജിമാർ അറഫയിൽ പോകുന്ന ദിവസം ) അടിസ്ഥാനമാക്കേണ്ടതില്ല.
നോമ്പ് വെക്കുന്നയാളുടെ നാട്ടിലെ തീയ്യതിയെ പരിഗണിച്ചാണ് നോമ്പ് പിടിക്കേണ്ടത്.
ഏത് ദിവസമാണോ അദ്ദേഹത്തിന്റെ നാട്ടിൽ ദുൽഹിജ്ജ - 9, ആകുന്നത് ആ ദിവസമാണ് അദ്ദേഹം നോമ്പ് പിടിക്കേണ്ടത്. (ബദാഇഉസ്വനാഇഅ് :2 / 579) (കിതാബുനവാസിൽ : 6/329)

3. ബലിപെരുന്നാളിന്റെ തക്ബീർ പറയൽ.

ദുൽഹിജ്ജയിലെ മൂന്നാമത്തെ സുപ്രധാന പ്രവർത്തനമാണ് ബലിപ്പെരുന്നാളിന്റെ തക്ബീർ ചൊല്ലൽ.
അതിന്റെ വാക്കുകൾ ഇപ്രകാരമാണ് :

"الله أكْبَر والله أكْبَر لا إله إلّا الله، والله أكْبر الله أكبر ولِله الحَمد"

(അൽ മുസന്നഫു ലിബ്നി അബീഷൈബ : 4/ 195)

പരുഷന്മാർ ഉയർന്ന ശബ്ദത്തിലും, സ്ത്രീകൾ പതുങ്ങിയ ശബ്ദത്തിലും ഈ തക്ബീർ ചൊല്ലേണ്ടതാണ്.

ആധികാരിക ഉദ്ധരണികളുടെ അടിസ്ഥാനത്തിൽ ബുദ്ധിയും, പ്രായപൂർത്തിയുമെത്തിയ എല്ലാ സ്ത്രീ പുരുഷനും അറഫ ദിനത്തിലെ സുബഹി നമസ്കാരം മുതൽ ദുൽഹിജ്ജ- 13. ന്റെ അസർ നമസ്കാരം വരെ ഒരു തവണയെങ്കിലും ബലിപെരുന്നാളിന്റെ തക്ബീർ പറഞ്ഞിരിക്കൽ (വാജിബ് ) നിർബന്ധമാണ്. (സുനനു ദാറു ഖുത്ത്നി :2/37), (ഫത്താവാ ദാറുൽ ഉലൂം ദയൂബന്ദ് : 5/203)

അയ്യാമുത്തശ്‌രീഖിന്റെ ദിവസങ്ങളിൽ നഷ്ടമായ (ഖളാഅ്) നമസ്കാരങ്ങൾക്ക് തക്ബീർ ചൊല്ലൽ.
അയ്യാമുത്തഷ് രീഖിന്റെ ദിവസങ്ങളിൽ (ദുൽഹിജ്ജ, 11, 12, 13 ) നഷ്ടമായ നമസ്കാരങ്ങൾ അതേ വർഷം അയ്യാമുത്തശ്‌രീഖിന്റെ മറ്റ് ദിനങ്ങളിൽ തന്നെ വീട്ടുകയാണെങ്കിൽ അതിന് ശേഷം തക്ബീർ പറയാവുന്നതാണ്.
എന്നാൽ, ഇത്തരം നമസ്കാരങ്ങളെ അയ്യാമുത്തശ്‌രീഖ്
കഴിഞ്ഞുള്ള മറ്റ് ദിവസങ്ങളിലാണ് നിർവഹിക്കുന്നതെങ്കിൽ നമസ്കാരത്തിന് ശേഷം തക്ബീർ പറയേണ്ടതില്ല.
അതിന് പകരമായി തൗബഃയും, ഇസ്തിഗ്ഫാറും അധികരിപ്പിക്കൽ മതിയാകുന്നതാണ്.
ഇൻശാ അല്ലാഹ്, ഇത് കാരണമായി ബലിപെരുന്നാളിന്റെ തക്ബീർ ഉപേക്ഷിച്ചതിന്റെ പാപത്തെ പടച്ചവൻ പൊറുത്തു തരുന്നതാണ്. (ഫത്താവാ ഹിന്ദിയ്യഃ : 1/152), (ഫത്താവാ ദാറുൽ ഉലൂം ദയൂബന്ദ് :5/207)


4. ബലിദാനം നിർവ്വഹിക്കൽ

അല്ലാഹുവിന്റെ നാമത്തിൽ ബലികർമ്മം നിർവ്വഹിക്കേണ്ടത് ദുൽഹിജ്ജ മാസത്തിലെ മർമ്മപ്രധാനമായ മറ്റൊരു പ്രവർത്തനമാണ്. ബലി കർമ്മം നിർവ്വഹിക്കേണ്ട അയ്യാമുത്തശ്‌രീഖിന്റെ മൂന്ന് ദിവസങ്ങളിൽ (ദുൽഹജ്ജ്, 11, 12, 13 ) ഏതൊരു മുസ്‌ലിമിന്റെ കയ്യിൽ തന്റെ പ്രാഥമിക ആവശ്യങ്ങൾ കഴിഞ്ഞ് കടമില്ലാത്ത നിലയിൽ ബലിക്കുള്ള സമ്പത്ത് (പണം, സ്വർണ്ണം, വെള്ളി, കച്ചവട സാധനങ്ങളുടെയോ രൂപത്തിൽ ) ഉണ്ടാകുന്നെങ്കിൽ.
ശരീഅത്തിന്റെ വീക്ഷണ പ്രകാരം ബലികർമ്മം നിർവ്വഹിക്കൽ അവന്റെ മേൽ നിർബന്ധമാകുന്നതാണ്. ഇനി നിരവധി ആളുകൾ വീട്ടിൽ താമസിക്കുകയും, ബലികർമ്മം നിർവ്വഹിക്കാനുള്ള ശേഷി അവർക്കെല്ലാം ഉണ്ടായിരിക്കുകയും ചെയ്താൽ, അവർ ഓരോരുത്തരും ബലി കൊടുക്കൽ വാജിബാകുന്നു.

വീട്ടിൽ ഓരോരുത്തർക്കും സമ്പത്ത് ഉണ്ടെങ്കിൽ എല്ലാവർക്കും കൂടി ഒരു ആട് മതിയാവുകയില്ല. (ഹിദായ : 2/ 443), (ഫത്താവാ ദാറുൽ ഉലൂം ദയൂബന്ദ് : 56163), (അൽ ബഹ്‌റുർറാഇഖ് :9/318), (സുനനു ഇബ്നു മാജ: 3123)

ബലിദാനത്തിന്റെ ശ്രേഷ്ഠതകൾ.

ഹദീസ് ഗ്രന്ഥങ്ങളിൽ അനേകം സ്ഥലങ്ങളിലായി ബലിദാനത്തിന്റെ മഹത്വം വിവരിക്കുന്ന നിരവധി ഉദ്ധരണികളും നബി വചനങ്ങളും നമ്മുക്ക് ദർശിക്കാൻ സാധിക്കുന്നതാണ്. ഉമ്മുൽ മുഅ്മിനീൻ ആഇശ (റ ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ കാണാൻ കഴിയും. ആദരാവായ റസൂലുല്ലാഹി (ﷺ) അരുളി: ബലി പെരുന്നാൾ ദിനത്തിൽ അടിമ ചെയ്യുന്ന പ്രവർത്തനങ്ങളിൽ അല്ലാഹുവിങ്കലേക്ക് ഏറ്റവും പ്രിയങ്കരമായത് അവന് വേണ്ടി രക്തമൊഴുക്കലാണ് (ബലിനൽകൽ ).
ബലിനൽകപ്പെടുന്ന മൃഗം ഖിയാമത് നാളിൽ അതിന്റെ കൊമ്പുകളും, രോമങ്ങളും, നഖങ്ങളുമെല്ലാമായി വരുന്നതാണ്.
ബലിമൃഗത്തിന്റെ രക്തം ഭൂമിയിൽ വീഴുന്നതിന് മുമ്പ് തന്നെ അല്ലാഹുവിന്റെ അടുക്കൽ അതിന് സ്ഥാനം നിശ്ചയിക്കപ്പെടുന്നതാണ്.
അതിനാൽ നിങ്ങൾ ആത്മസംതൃപ്തിയോടെ ബലികർമ്മം നിർവ്വഹിക്കുക. (സുനനുത്തിർമിദി :1572)

സൈദ് ബിൻ അർഖം (റ ) പറയുകയുണ്ടായി :
തിരുനബി (ﷺ) യോട് സ്വഹാബാക്കൾ ചോദിച്ചു.
അല്ലാഹുവിന്റെ ദൂതരേ, ബലികർമ്മം എന്നാൽ എന്താണ്? നബി (ﷺ) അരുളി : അത് നിങ്ങളുടെ പിതാവായ ഇബ്രാഹിം നബിയുടെ ചര്യയാണ്. നബിയേ, അതിലൂടെ ഞങ്ങൾക്കെന്താണ് പ്രയോജനം? അവിടുന്ന് അരുളി: അതിന്റെ രോമങ്ങൾക്കനുസരിച്ച് നിങ്ങൾക്ക് നന്മ ലഭിക്കുന്നതാണ്. നബിയേ, അപ്പോൾ ചെമ്മരിയാടാണെങ്കിലോ? നബി (ﷺ)വീണ്ടും പറഞ്ഞു :
ചെമ്മരിയാടിന്റെ എല്ലാ ഓരോ രോമങ്ങൾക്കും പ്രതിഫലം ലഭിക്കുന്നതാണ്. (സുനനു ഇബ്നു മാജ :3127)

തൂലിക മാറ്റുന്നതിന് മുമ്പ്, ദുൽഹജ്ജിന്റെ പവിത്രമായ ദിനരാത്രങ്ങളെ സൽകർമങ്ങളാൽ ധന്യമാക്കാൻ ഈ സാധുക്കൾക്ക് അവസരം നൽകണമെന്നും, നിന്റെ ഭാഗത്ത്‌ നിന്നും കണക്കില്ലാതെ വർഷിക്കുന്ന കാരുണ്യം ലഭിക്കുന്ന സൗഭാഗ്യവാന്മാരിൽ ഈ അടിയാറുകളെയും ഉൾപെടുത്തണമേ എന്നും നാഥനോട്‌ ഹൃദയങ്കമായി പ്രാർത്ഥിക്കുകയാണ്. ആമീൻ..!

************




മആരിഫുല്‍ ഖുര്‍ആന്‍ 

സൂറത്തുൽ മുജാദല


(22 ആയത്തുകൾ, പദങ്ങൾ 473, അക്ഷരങ്ങൾ 1792, മദീനമുനവ്വറയിൽ അവതരണം. 3 റുകൂഅ്. അവതരണ ക്രമം 105. പാരായണ ക്രമം 58. സൂറത്തുൽ മുനാഫിഖൂനിന് ശേഷം അവതരണം)

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തിൽ ആരംഭം 



പടച്ചവനോട് പരാതിപ്പെടുന്ന ഒരു ദാസിയുട അവസ്ഥ, 
പടച്ചവൻ അതിന് നൽകിയ ഉത്തമ പരിഹാരവും ധിക്കാരികൾക്കുള്ള കടുത്ത മുന്നറിയിപ്പും

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


ആയത്ത്  1-6

قَدْ سَمِعَ اللَّهُ قَوْلَ الَّتِي تُجَادِلُكَ فِي زَوْجِهَا وَتَشْتَكِي إِلَى اللَّهِ وَاللَّهُ يَسْمَعُ تَحَاوُرَكُمَا ۚ إِنَّ اللَّهَ سَمِيعٌ بَصِيرٌ (1) الَّذِينَ يُظَاهِرُونَ مِنكُم مِّن نِّسَائِهِم مَّا هُنَّ أُمَّهَاتِهِمْ ۖ إِنْ أُمَّهَاتُهُمْ إِلَّا اللَّائِي وَلَدْنَهُمْ ۚ وَإِنَّهُمْ لَيَقُولُونَ مُنكَرًا مِّنَ الْقَوْلِ وَزُورًا ۚ وَإِنَّ اللَّهَ لَعَفُوٌّ غَفُورٌ (2وَالَّذِينَ يُظَاهِرُونَ مِن نِّسَائِهِمْ ثُمَّ يَعُودُونَ لِمَا قَالُوا فَتَحْرِيرُ رَقَبَةٍ مِّن قَبْلِ أَن يَتَمَاسَّا ۚ ذَٰلِكُمْ تُوعَظُونَ بِهِ ۚ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ (3فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ مِن قَبْلِ أَن يَتَمَاسَّا ۖ فَمَن لَّمْ يَسْتَطِعْ فَإِطْعَامُ سِتِّينَ مِسْكِينًا ۚ ذَٰلِكَ لِتُؤْمِنُوا بِاللَّهِ وَرَسُولِهِ ۚ وَتِلْكَ حُدُودُ اللَّهِ ۗ وَلِلْكَافِرِينَ عَذَابٌ أَلِيمٌ (4إِنَّ الَّذِينَ يُحَادُّونَ اللَّهَ وَرَسُولَهُ كُبِتُوا كَمَا كُبِتَ الَّذِينَ مِن قَبْلِهِمْ ۚ وَقَدْ أَنزَلْنَا آيَاتٍ بَيِّنَاتٍ ۚ وَلِلْكَافِرِينَ عَذَابٌ مُّهِينٌ (5يَوْمَ يَبْعَثُهُمُ اللَّهُ جَمِيعًا فَيُنَبِّئُهُم بِمَا عَمِلُوا ۚ أَحْصَاهُ اللَّهُ وَنَسُوهُ ۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ (6)


തന്റെ ഭർത്താവിന്റെ വിഷയത്തിൽ താങ്കളോട് ആവർത്തിച്ച് സംസാരിക്കുകയും അല്ലാഹുവിനോട് പരാതി പറയുകയും ചെയ്ത സ്ത്രീയുടെ വാചകം അല്ലാഹു കേട്ടിരിക്കുന്നു. നിങ്ങൾ രണ്ട്പേരുടെയും സംസാരം അല്ലാഹു കേൾക്കുന്നതാണ്. തീർച്ചയായിട്ടും അല്ലാഹു എല്ലാം കേൾക്കുന്നവനും കാണുന്നവനുമാണ്.(1) തങ്ങളുടെ ഭാര്യമാരെ ളിഹാർ (നിന്റെ മുതുക് എന്റെ മാതാവിന്റെ മുതുകു പോലെയാണ് എന്ന് പ്രസ്താവന) ചെയ്തവരുടെ ഭാര്യമാർ അവരുടെ മാതാക്കളല്ല. അവരെ പ്രസവിച്ച സ്ത്രീകളാണ് അവരുടെ മാതാക്കൾ. അവർ പറയുന്നത് അന്യായവും കളവുമാണ്. നിശ്ചയം അല്ലാഹു മാപ്പ് തരുന്നവനും പൊറുക്കുന്നവനുമാകുന്നു.(2) തങ്ങളുടെ ഭാര്യമാരെ ളിഹാർ ചെയ്യുകയും അവർ പറഞ്ഞതിൽ നിന്ന് പിന്മാറുകയും ചെയ്തവർ പരസ്പരം സംസർഗ്ഗത്തിന് മുമ്പ് ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്. ഇത് നിങ്ങളോട് ഉപദേശിക്കപ്പെടുന്ന കാര്യമാണ്. അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി അറിയുന്നവനാകുന്നു.(3) അടിമയെ ലഭിക്കാത്തവർ പരസ്പരം സംസർഗ്ഗത്തിന് മുമ്പ് തുടർച്ചയായി രണ്ട് മാസം നോമ്പ് അനുഷ്ഠിക്കണം. അതിന് കഴിയാത്തവർ അറുപത് സാധുക്കൾക്ക് ആഹാരം നൽകണം. ഇത് നിങ്ങൾ അല്ലാഹുവിലും റസൂലിലും ശരിയായ നിലയിൽ വിശ്വസിക്കുന്നതിന് വേണ്ടിയാണ്. ഇത് അല്ലാഹുവിന്റെ നിയമാതിർത്തികളാണ്. നിഷേധിക്കുന്നവർക്ക് വേദനാജനകമായ ശിക്ഷയുണ്ട്.(4) അല്ലാഹുവിനെയും ദൂതനെയും എതിർക്കുന്നവൻ അവർക്ക് മുമ്പുള്ളവർ നിന്ദ്യരായതുപോലെ നിന്ദ്യരാകുന്നതാണ്. നാം സുവ്യക്തമായ വചനങ്ങൾ ഇറക്കിയിരിക്കുന്നു. നിഷേധികൾക്ക് നിന്ദ്യമായ ശിക്ഷയുണ്ട്.(5) അല്ലാഹു അവർ എല്ലാവരെയും പുനർജ്ജീവിപ്പിക്കുകയും അവർ പ്രവർത്തിച്ചത് അറിയിച്ചുകൊടുക്കുകയും ചെയ്യുന്ന ഒരു ദിവസം (ഓർക്കുക.) അല്ലാഹു എല്ലാം എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു. അത് അവർ മറന്നുപോയി. അല്ലാഹു എല്ലാ കാര്യത്തിനും സാക്ഷിയാണ്.(6) 
അവതരണ പശ്ചാത്തലം: ഔസ് (റ) ഒരിക്കൽ ഭാര്യ ഖൗലാ (റ) യോട് പറഞ്ഞു നീ എനിക്ക് എന്റെ മാതാവിന്റെ മുതുക് പോലെയാണ്. അതായത് നിഷിദ്ധമാണ്.! റസൂലുല്ലാഹി (സ) യുടെ നിയോഗത്തിന് മുമ്പ് ജാഹിലി കാലത്ത് ഈ പദം ശാശ്വതമായ വിവാഹ മോചനത്തിന് വേണ്ടിയാണ് ഉപയോഗിക്കപ്പെട്ടിരുന്നത്. ഖൗലാ (റ) ഇതിന്റെ ഇസ്‌ലാമിക നിയമം അറിയാൻ വേണ്ടി റസൂലുല്ലാഹി (സ)യുടെ അടുക്കൽ ഹാജരായി. അത്‌വരെ ഈ വിഷയത്തെ സംമ്മന്തിച്ച് റസൂലുല്ലാഹി (സ) ക്ക് വഹ്‌യ് ഒന്നും അവതരിച്ചിട്ടില്ലായിരുന്നു. അത് കൊണ്ട് റസൂലുല്ലാഹി (സ) അന്നത്തെ പ്രസിദ്ധമായ അഭിപ്രായത്തിന് അനുസരിച്ച് അരുളി: നിങ്ങളുടെ വിവാഹ ബന്ധം മുറിഞ്ഞ് പോയി എന്നാണ് എനിക്ക് മനസ്സിലാകുന്നത്. ഇത് കേട്ടപ്പോൾ അവർ കരഞ്ഞ് കൊണ്ട് പറഞ്ഞു എന്റെ യുവത്വം മുഴുവൻ ഭർത്താവിന്റെ സേവനത്തിനായി കഴിഞ്ഞ് കടന്നു. ഇപ്പോൾ അദ്ദേഹം എന്നോട് ഇങ്ങനയാണ് പെരുമാറുന്നത്. ഞാൻ എവിടെ പോകാനാണ്. എന്റെ മക്കളുടെ കാര്യം എന്താണ് മറ്റൊരു നിവേദനത്തിൽ ഇപ്രകാരം ഉണ്ട് അവർ അല്ലാഹുവിനോട് ഇരന്നു. അല്ലാഹുവേ ഞാൻ നിന്നോട് പരാതി പറയുന്നു. മറ്റൊരു നിവേദനത്തിലുണ്ട് റസൂലുല്ലാഹി (സ) അവരോട് പറഞ്ഞു: ഇതുവരെ ഈ വിഷയത്തിൽ എന്റെ മേൽ വഹ്‌യ് ഒന്നും അവതരിച്ചിട്ടില്ല.! ഈ നിവേദനങ്ങൾക്കിടയൽ വൈരുദ്ധ്യം ഒന്നും ഇല്ല. ഇവയെല്ലാം ശരിയായി ഇരിക്കാവുന്നതാണ്. ചുരുക്കത്തിൽ ഈ സന്ദർഭത്തിൽ ഈ ആയത്തുക്കൾ അവതരിച്ചു. (ഇബ്‌നുകസീർ) അല്ലാഹു ഖൗലാ (റ) വിന്റെ പരാതി സ്വീകരിച്ചതായും അവർക്ക് ആശ്വാസം പകർന്നതായും ഈ സൂറത്തിന്റെ തുടക്കത്തിലെ ആയത്തുകളിൽ നിന്നും മനസ്സിലാകുന്നു. അത് കൊണ്ട് തന്നെ മഹാൻമാരായ സഹാബികൾ അവരെ വളരെയധികം ആദരിക്കുമായിരുന്നു. ഒരിക്കൽ ഉമർ (റ) ഏതാനും കൂട്ടുകാരോടൊപ്പം നടക്കുകയായിരുന്നു. തദവസരം  ഖൗലാ (റ) മുന്നൽ വന്ന് നിന്നും അവർക്ക് എന്തോ പറയാൻ ഉണ്ടായിരുന്നു. ഉമർ (റ) അവിടെ നിൽക്കുകയും അവർ പറഞ്ഞത് ശ്രദ്ധിച് കേൾക്കുകയും ചെയ്തു. അപ്പോൾ ചിലർ പറഞ്ഞു ഈ വൃദ്ധക്ക് വേണ്ടി എല്ലാവരെയും ഇങ്ങനെ നിർത്തിയത് എന്തിനാണ്. ഉമർ (റ) പ്രസ്താവിച്ചു. ഇവർ ആരാണെന്ന് അറിയാമോ  ഇവർ ഭൂമിയിൽ നിന്നും പരാതിപ്പെട്ടത് അല്ലാഹു ഏഴ് ആകാശങ്ങളുടെ ഉന്നതിയിൽ വെച്ച് കേട്ട് മറുപടി നൽകുകയുണ്ടായി. എനിക്ക് ഇവരെ അവഗണിക്കാൻ സാധ്യമല്ല  അവർ രാത്രിവരെ ഇവിടെ നിന്നാലും അവർ പോകുന്നത് വരെ ഞാൻ പോകുന്നതല്ല.

ആശയ സംഗ്രഹം
തന്റെ ഭർത്താവിന്റെ വിഷയത്തിൽ താങ്കളോട് ആവർത്തിച്ച് സംസാരിക്കുകയും അല്ലാഹുവിനോട് ദു:ഖത്തോടെ പരാതി പറയുകയും ചെയ്ത സ്ത്രീയുടെ വാചകം അല്ലാഹു കേട്ടിരിക്കുന്നു. ഭർത്താവ് എന്നെ ളിഹാർ ചെയ്തു. പക്ഷേ, ത്വലാഖിന്റെ വചനം പറഞ്ഞിട്ടില്ല, പിന്നെ എങ്ങനെയാണ് ഇതിലൂടെ നിഷിദ്ധമാകുന്നതെന്ന് അവർ ചോദിച്ചു. കൂട്ടത്തിൽ അല്ലാഹുവേ, നിന്നിലേക്ക് ഞാൻ പരാതി പറയുന്നുവെന്ന് അവർ സങ്കടത്തോടെ പറയുകയും ചെയ്തു. നിങ്ങൾ രണ്ട്പേരുടെയും സംസാരം അല്ലാഹു കേൾക്കുന്നതാണ്. തീർച്ചയായിട്ടും അല്ലാഹു എല്ലാം കേൾക്കുന്നവനും കാണുന്നവനുമാണ് എന്നിരിക്കേ ഈ സംഭവം എങ്ങനെ കേൾക്കാതിരിക്കും? ഇവിടെ അല്ലാഹു കേട്ടു എന്ന് പറഞ്ഞത് പടച്ചവന്റെ കേൾവിയെ സ്ഥിരപ്പെടുത്താൻ വേണ്ടിയല്ല. ആ സ്ത്രീയുടെ പ്രയാസം ദൂരീകരിക്കുകയും അവരുടെ സങ്കടത്തെ സ്വീകരിക്കുകയും ചെയ്തു എന്ന് അറിയിക്കാനാണ്. തങ്ങളുടെ ഭാര്യമാരെ ളിഹാർ (നിന്റെ മുതുക് എന്റെ മാതാവിന്റെ മുതുകു പോലെയാണ് എന്ന് പ്രസ്താവന) ചെയ്തവരുടെ ഭാര്യമാർ അവരുടെ മാതാക്കളല്ല. അവരെ പ്രസവിച്ച സ്ത്രീകളാണ് അവരുടെ മാതാക്കൾ. അതുകൊണ്ട് ഈ വാചകം പറയുന്നതിലൂടെ അവർ മാതാക്കളായി മാറുകയോ കാലാകാലം വിവാഹ ബന്ധം നിഷിദ്ധമാവുകയോ ചെയ്യുന്നതല്ല. ഭാര്യമാരെ മാതാക്കളെന്ന് അവർ പറയുന്നത് അന്യായവും കളവുമാണ്. ഈ കാരണത്താൽ അവരിൽ പാപത്തിന്റെ ഭാരം സംഭവിക്കുന്നതാണ്. എന്നാൽ ഈ പാപത്തിനുള്ള പരിഹാരം ചെയ്യുന്ന പക്ഷം, പാപം മാപ്പാക്കപ്പെടുകയും ചെയ്യും.  നിശ്ചയം അല്ലാഹു മാപ്പ് തരുന്നവനും പൊറുക്കുന്നവനുമാകുന്നു. അടുത്തതായി ഇതിനെ പരിഹരിക്കാനുള്ള ചില മാർഗ്ഗങ്ങൾ വിവരിക്കുന്നു: തങ്ങളുടെ ഭാര്യമാരെ ളിഹാർ ചെയ്യുകയും അവർ പറഞ്ഞ വാക്കിന്റെ പ്രേരണയായ ഭാര്യയെ ഹറാമാക്കുന്നതിൽ നിന്ന് പിന്മാറുകയും പരിഹാരം ചെയ്യാൻ ഉദ്ദേശിക്കുകയും ചെയ്തവർ പരസ്പരം സംസർഗ്ഗത്തിന് മുമ്പ് ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്. ഇത് പരിഹാരത്തിന് വേണ്ടി  നിങ്ങളോട് ഉപദേശിക്കപ്പെടുന്ന കാര്യമാണ്. ഇത് കാരണമായി ഇതിന്റെ പാപം പൊറുക്കപ്പെടുന്നതും ഇനി ഇപ്രകാരം ചെയ്യുന്നതിൽ നിന്നും അകന്ന് കഴിയുന്നതുമാണ്. അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി അറിയുന്നവനാകുന്നു. അതായത് പരിഹാരം ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് അറിയുന്നുണ്ട്. പരിഹാരത്തിന്റെ വിഷയത്തിൽ പറയപ്പെട്ട മൂന്ന്  കാര്യങ്ങളും ഒരുപോലെ ആണെങ്കിലും അടിമത്വ മോചനം ഏറ്റവും ശ്രേഷ്ടകരമായതുകൊണ്ട് അതിനെ മുന്തിക്കുകയുണ്ടായി. അടിമയെ ലഭിക്കാത്തവർ പരസ്പരം സംസർഗ്ഗത്തിന് മുമ്പ് തുടർച്ചയായി രണ്ട് മാസം നോമ്പ് അനുഷ്ഠിക്കണം. അതിന് കഴിയാത്തവർ അറുപത് സാധുക്കൾക്ക് ആഹാരം നൽകണം. ഇപ്രകാരം കാര്യങ്ങൾ പറയുന്നത് ജാഹിലിയ്യാ കാലഘട്ടത്തിലെ ദുരാചാരത്തെ ദൂരീകരിക്കുന്നതിന് വേണ്ടിയാണ്. അതിലേക്ക് സൂചിപ്പിച്ചുകൊണ്ട് പറയുന്നു: ഇത് നിങ്ങൾ അല്ലാഹുവിലും റസൂലിലും ശരിയായ നിലയിൽ വിശ്വസിക്കുന്നതിന് വേണ്ടിയാണ്. അതായത് വിശ്വാസം ശരിയാക്കിക്കൊണ്ട് അല്ലാഹുവിന്റെ വിധിവിലക്കുകൾ പരിപൂർണ്ണമായി പാലിക്കുന്നതിന് വേണ്ടിയാണ്. ഇത് അല്ലാഹുവിന്റെ നിയമാതിർത്തികളാണെന്ന് ഓർക്കുക. ഇതിനെ അംഗീകരിക്കാത്ത നിഷേധികൾക്ക് വേദനാജനകമായ ശിക്ഷയുണ്ട്. ശിക്ഷ ഈ നിയമം പാലിക്കാതിരിക്കുന്നവർക്ക് മാത്രമല്ല, എല്ലാ ധിക്കാരികൾക്കും നൽകപ്പെടുന്നതാണ്. അതെ, അല്ലാഹുവിനെയും ദൂതനെയും ഏതെങ്കിലും വിഷയത്തിൽ എതിർക്കുന്നവൻ അവർക്ക് മുമ്പുള്ളവർ നിന്ദ്യരായതുപോലെ ഈ ലോകത്തും നിന്ദ്യരാകുന്നതാണ്. ഇവർക്ക് എങ്ങനെ ശിക്ഷ നൽകാതിരിക്കാനാണ്? കാരണം നാം സുവ്യക്തമായ വചനങ്ങൾ ഇറക്കിയിരിക്കുന്നു. ഈ വചനങ്ങളുടെ സത്യതയും അമാനുഷികതയും സ്ഥിരപ്പെട്ടതാണ്. ആകയാൽ ഇതിനെ നിഷേധിക്കുന്നവർക്ക് തീർച്ചയായും ശിക്ഷ ലഭിക്കുന്നതാണ്. ഈ ശിക്ഷ ഇഹലോകത്ത് നൽകപ്പെടുന്നതുപോലെ  നിഷേധികൾക്ക് പരലോകത്തും നിന്ദ്യമായ ശിക്ഷയുണ്ടായിരിക്കുന്നതാണ്. അല്ലാഹു അവർ എല്ലാവരെയും പുനർജ്ജീവിപ്പിക്കുകയും അവർ പ്രവർത്തിച്ചത് അറിയിച്ചുകൊടുക്കുകയും ചെയ്യുന്ന ഒരു ദിവസത്തിൽ ഈ ശിക്ഷ നൽകപ്പെടുന്നതാണ്. അല്ലാഹു എല്ലാം എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു. അത് അവർ യാഥാർത്ഥ്യമായോ അശ്രദ്ധയിലൂടെയോ മറന്നുപോയി. അല്ലാഹു എല്ലാ കാര്യത്തിനും സാക്ഷിയാണ്.

വിവരണവും വ്യാഖ്യാനവും
തന്റെ ഭർത്താവിന്റെ വിഷയത്തിൽ താങ്കളോട് ആവർത്തിച്ച് സംസാരിക്കുകയും അല്ലാഹുവിനോട് പരാതി പറയുകയും ചെയ്ത സ്ത്രീയുടെ വാചകം അല്ലാഹു കേട്ടിരിക്കുന്നു. നിങ്ങൾ രണ്ട്പേരുടെയും സംസാരം അല്ലാഹു കേൾക്കുന്നതാണ്. തീർച്ചയായിട്ടും അല്ലാഹു എല്ലാം കേൾക്കുന്നവനും കാണുന്നവനുമാണ്.(1) ഈ ആയത്തുകളുടെ അവതരണ പശ്ചാതലം മുമ്പ് വിവരിച്ച് കഴിഞ്ഞു. ഖൗലാ (റ) യെ ഭർത്താവ് ളിഹാർ ചെയ്യുകയും  അവർ പടച്ചവനോട് പരാതിപ്പെടുകയും ചെയ്തപ്പോൾ അവർക്ക് ആശ്വാസം നൽകിക്കൊണ്ട് അല്ലാഹു ഈ ആയത്തുകൾ അവതരിപ്പിക്കുകയുണ്ടായി. ഈ ആയത്തുക്കളിൽ ളിഹാറിന്റെ നിയമം പറയുക മാത്രമല്ല ചെയ്തിരിക്കുന്നത്. മറിച്ച് അവരെ തുടക്കത്തിൽ തന്നെ ആശ്വസിപ്പിച്ച് കൊണ്ട് അരുളി ഭർത്താവിന്റെ വിഷയത്തിൽ റസൂലുല്ലാഹി (സ) യോട് ആവർത്തിച്ച് സംസാരിച്ച സ്ത്രീയുടെ സംസാരം അല്ലാഹു കേട്ടിരിക്കുന്നു.! 
* മുജാദല എന്നതിന്റെ വാക്കർത്ഥം തർക്കിക്കുക എന്നാണ്. അതായത് ഒരു കാര്യത്തിന് മറുപടി നൽകിയിട്ടും തന്റെ പ്രയാസം അറിയിക്കുന്നതിന് വേണ്ടി പല പ്രാവിശ്യം ആവർത്തിച്ച് പറഞ്ഞ്  ശ്രദ്ധ ക്ഷണിക്കുക. ചില നിവേധനങ്ങളിൽ വന്നിരിക്കുന്നു. നിങ്ങളുടെ വിഷയത്തിൽ അല്ലാഹു നിയമമൊന്നും ഇറക്കിയിട്ടില്ലന്ന് അരുളിയപ്പോൾ അവർ വളരെ ദുഖിച്ചു. തദവസരം അവിചാരിതമായി അവർ പറഞ്ഞു. താങ്കളുടെ മേൽ എല്ലാ വിഷയങ്ങളിലും നിയമങ്ങൾ ഇറങ്ങാറുണ്ടല്ലോ, എന്റെ വിഷയത്തിൽ വഹ്‌യ് ഇറങ്ങാത്തത് എന്ത് കൊണ്ടാണ്. (ഖുർത്വുബി) തുടർന്ന് അവർ അല്ലാഹുവിനോട് താണുകേണ് പ്രാർത്ഥിച്ചു. അപ്പോൾ അല്ലാഹു ഈ ആയത്തുകൾ ആവർത്തിച്ചു. 
* ആയിഷാ സിദ്ദീഖാ (റ) പറയുന്നു: എല്ലാവരുടേയും എല്ലാ നിലയിലുമുള്ള ശബ്ദങ്ങൾ കേൾക്കുന്ന അല്ലാഹു സർവ്വ സമുന്നതും പരമ പരിശുദ്ധനുമാണ്. അവർ റസൂലുല്ലാഹി (സ) യോട് പരാതി പറഞ്ഞപ്പോൾ ഞാൻ അവിട ഉണ്ടായിരുന്നു അവർ റസൂലുല്ലാഹി (സ) യോട് പറഞ്ഞത് ഞാൻ കേൾക്കുകയും ചെയ്തു. പക്ഷെ തുടർന്ന് അവർ പടച്ചവനോട് പ്രാർത്ഥിച്ചത് അടുത്തുണ്ടായിരുന്ന ഞാൻ കേട്ടില്ല. പക്ഷെ അല്ലാഹു അതല്ലാം കേട്ട് വെന്ന് വചനം അവതരിപ്പിക്കുകയുണ്ടായി.(ഇബ്‌നു കസീർ) 
ളിഹാറിന്റെ നിർവചനവും നിയമവും തങ്ങളുടെ ഭാര്യമാരെ ളിഹാർ (നിന്റെ മുതുക് എന്റെ മാതാവിന്റെ മുതുകു പോലെയാണ് എന്ന് പ്രസ്താവന) ചെയ്തവരുടെ ഭാര്യമാർ അവരുടെ മാതാക്കളല്ല. അവരെ പ്രസവിച്ച സ്ത്രീകളാണ് അവരുടെ മാതാക്കൾ. അവർ പറയുന്നത് അന്യായവും കളവുമാണ്. നിശ്ചയം അല്ലാഹു മാപ്പ് തരുന്നവനും പൊറുക്കുന്നവനുമാകുന്നു.(2) ളിഹാർ  എന്നാൽ ഭാര്യയെ പരിപൂർണ്ണമായി വിവാഹ മോചനം നടത്തുന്നതിനാണ് ജാഹിലിയ്യാ കാലഘട്ടത്തിൽ പറയപ്പെട്ടിരുന്നത്. നീ എന്റെ മാതാവിന്റെ മുതുക് പോലെ എന്ന് ഭർത്താവ് ഭാര്യയോട് പറയാറുണ്ടായിരുന്നു. മുത്ക് എന്നത് കൊണ്ട്  അവരുടെ ഗർഭാശയമാണ്  ഉദ്ദേശിക്കപ്പെട്ടിരുന്നത്. (ഖുർതുബി) 
* ഇസ്‌ലാമിക ശരീഅത്തിൽ ളിഹാറിന്റെ നിർവചനം ഇപ്രകാരമാണ്: ഒരാൾ തന്റെ ഭാര്യയെ ശ്വാശ്വതമായി വിവാഹ മോചനം നടത്തുന്നതിന് വേണ്ടി കാണാൻ പാടില്ലാത്ത ഏതങ്കിലും അവയവത്തോട് സാദൃഷ്യപ്പെടുത്തുക. മാതാവിന്റെ മുതുക് ഇതിന്റെ ഒരു ഉദാഹരണമാണ്. ജാഹിലിയ്യാ കാലഘട്ടത്തിൽ ഇത് ത്വലാഖിനെക്കാൾ കഠിനമായ കാര്യമായി ഗണിക്കപ്പെട്ടിരുന്നു. കാരണം ത്വലാഖിന് ശേഷം സ്ത്രീയെ മടക്കി എടുക്കാനോ പുനർ വിവാഹം നടത്താനോ സാധിക്കുന്നതാണ്. എന്നാൽ ജാഹിലിയ്യാ കാലത്ത് ളിഹാറ് നടത്തപ്പെട്ട സ്ത്രീയെ തിരിച്ചെടുക്കാൻ ഒരു നിലക്കും കഴിഞ്ഞിരുന്നില്ല. 
* ഈ ആയത്തുകൾ വഴിയായി ഇസ്‌ലാമിക ശരീഅത്ത് ഈ ആചാരത്തെ രണ്ട് നിലയിൽ തിരുത്തുകയുണ്ടായി. ഒന്നാമതായി ഇത് നിശിദ്ധവും പാപവുമായി പ്രഖ്യാപിച്ചു. ആർക്കെങ്കിലും നിർബന്ധിത സാഹചര്യത്തിൽ ഭാര്യയെ വിവാഹ മോചനം നടത്തണമെങ്കിൽ അതിന് ത്വലാഖിന്റെ വാചകവും മാർഗ്ഗവുമുണ്ട്. അത് തിരഞ്ഞെടുക്കേണ്ടതാണ്. അല്ലാതെ ഇതിന് വേണ്ടി ളിഹാറിന്റെ വാചകവും മാർഗ്ഗവും സ്വീകരിക്കരുത്. കാരണം ഭാര്യയെ മാതാവെന്ന് വിളിക്കുന്നത് പാഴ്‌വാക്കും കളവുമാണ്. അല്ലാഹു തന്നെ പറയുന്നു. ഈ പാഴ് വാചകം കാരണം ഒരിക്കലും ഭാര്യ മാതാവാകുന്നതല്ല. മാതാവെന്നാൽ ജന്മം നൽകിയ സ്ത്രീ മാത്രമാണ്. തീർച്ചയായും ളിഹാറിന്റെ വാചകം ഉപയോഗിക്കുന്നത് കളവും പാപവുമാണ്. രണ്ടാമതായി ഏതങ്കിലും വിവരമില്ലത്ത വ്യക്തിയോ അശ്രദ്ധനോ ഈ വാചകം ഉപയോഗിച്ചാൽ അത് കൊണ്ട് ശ്വാശതമായ വിവാഹ മോചനം നടക്കുന്നതല്ല. എന്നാൽ ഈ വാചകം പറഞ്ഞവരെ വെറുതെ വിടാനും ഭാര്യയുമായി വീണ്ടും ബന്ധപ്പെടാൻ അനുവദിക്കാനും പാടില്ല. മറിച്ച് അവർ ഇതിനെ പരിഹാരം നിർവഹിക്കേണ്ടതാണ്. അതായത് ഭാര്യയുമായി പഴയത് പോലെ കഴിയാൻ ആഗ്രഹമുണ്ടങ്കിൽ നഷ്ട പരിഹാരം നിർവഹിച്ച ശേഷം ഭാര്യയുമായുലളള ജീവിതം പുനരാരംഭിക്കുക. അല്ലാത്ത പക്ഷം നിങ്ങൾക്ക് അവരുമായി ബന്ധപ്പെടാൻ അനുവാദമുണ്ടാകുന്നതല്ല. അല്ലാഹു പറയുന്നു: തങ്ങളുടെ ഭാര്യമാരെ ളിഹാർ ചെയ്യുകയും അവർ പറഞ്ഞതിൽ നിന്ന് പിന്മാറുകയും ചെയ്തവർ പരസ്പരം സംസർഗ്ഗത്തിന് മുമ്പ് ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്. ഇത് നിങ്ങളോട് ഉപദേശിക്കപ്പെടുന്ന കാര്യമാണ്. അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി അറിയുന്നവനാകുന്നു.(3) ഈ ആയത്തിലെ യഊദൂന എന്നതിന്റെ അർത്ഥം  അവരുടെ വാചകത്തിൽ നിന്നും അവർ മടങ്ങിയാൽ എന്നാണ്. ഇബ്‌നു അബ്ബാസ് (റ)  മടങ്ങിയാൽ എന്ന പദത്തിന് ദുഖിച്ചാൽ എന്ന് വിവരണം പറഞ്ഞിരിക്കുന്നു. അതായത് ആരങ്കിലും ഈ വാചകം പറഞ്ഞതിന് ശേഷം അതിൽ ദുഖിക്കുകയും ഭാര്യയുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുകയും ചെയ്താൽ അവർ പരിഹാരം നിർവഹിക്കേണ്ടതാണ്. (മസ്ഹരി). 
പരിഹാരം നിർബന്ധമായിത്തീരുന്നത് ഭാര്യയുമായി ബന്ധപ്പെടാൻ ഉദ്ദേശിക്കുമ്പോഴാണ് എന്ന് ഈ ആയത്തിലൂടെ മനസ്സിലാകുന്നു. പരിഹാരം നിർവ്വഹിക്കാതെ ഭാര്യ അനുവദനീയമാകുന്നതല്ല. ളിഹാർ കാരണം മാത്രം പരിഹാരം നിർബന്ധമാകുന്നതല്ല. മറിച്ച് ളിഹാർ ചെയ്യുന്നത് തന്നെ ഒരു പാപമാണ്. അതിന്റെ പരിഹാരം പശ്ചാത്താപം മാത്രമാണ്. ആയത്തിന്റെ അവസാനമുള്ള അല്ലാഹു മാപ്പ് നൽകുന്നവനും പൊറുക്കുന്നവുമാണ് എന്ന വചനം ഇതിലേക്ക് സൂചിപ്പിക്കുന്നു. ഇക്കാരണത്താൽ ആരെങ്കിലും ളിഹാർ ചെയ്യുകയും ഭാര്യയുമായി ബന്ധപ്പെടാൻ ഉദ്ദേശിക്കാതിരിക്കുകയും ചെയ്താൽ അവന്റെ മേൽ പരിഹാരമൊന്നും നിർബന്ധമാകുന്നതല്ല. എന്നാൽ ഭാര്യയോടുള്ള കടമയിൽ വീഴ്ച വരുത്തുന്നത് നിഷിദ്ധമാണ്. അതുകൊണ്ടുതന്നെ അവർ ആവശ്യപ്പെടുന്നപക്ഷം പരിഹാരം നൽകി ബന്ധപ്പെടുകയോ ത്വലാഖ് ചെയ്ത് സ്വതന്ത്രമാക്കുകയോ ചെയ്യൽ നിർബന്ധമാണ്. ഇക്കാര്യം അദ്ദേഹം ചെയ്തില്ലെങ്കിൽ ഭരണാധികാരിയിലേക്ക് തിരിയുകയും അദ്ദേഹം ഭർത്താവിനെ അതിന്റെ മേൽ നിർബന്ധിക്കുകയും ചെയ്യാവുന്നതാണ്. 
തങ്ങളുടെ ഭാര്യമാരെ ളിഹാർ ചെയ്യുകയും അവർ പറഞ്ഞതിൽ നിന്ന് പിന്മാറുകയും ചെയ്തവർ പരസ്പരം സംസർഗ്ഗത്തിന് മുമ്പ് ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്. ഇത് നിങ്ങളോട് ഉപദേശിക്കപ്പെടുന്ന കാര്യമാണ്. അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി അറിയുന്നവനാകുന്നു.(3) അതായത് ളിഹാറിന്റെ പരിഹാരമെന്നോണം ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്. അതിന് കഴിവില്ലെങ്കിൽ രണ്ട് മാസം തുടർച്ചയായി നോമ്പ് പിടിക്കേണ്ടതാണ്. രോഗമോ ബലഹീനതയോ കാരണം അതിനും കഴിവില്ലെങ്കിൽ അറുപത് മിസ്‌കീന്മാർക്ക് രണ്ട് നേരം വയറ് നിറയെ ആഹാരം കൊടുക്കേണ്ടതാണ്. അറുപത് മിസ്‌ക്കീന്മാർക്ക് ആഹാരത്തിന് പകരം ധാന്യമോ അതിന്റെ വിലയോ നൽകിയാലും മതിയാകുന്നതാണ്. 
* ഒരു ഹദീസിൽ വരുന്നു: ഖൗല (റ) യുടെ കണ്ണുനീരും പരാതിയും കാരണം മേൽപറയപ്പെട്ട ആയത്തുകൾ ആവതരിച്ചപ്പോൾ റസൂലുല്ലാഹി (സ്വ) അവരുടെ ഭർത്താവിനെ വിളിച്ചു. നോക്കിയപ്പോൾ അദ്ദേഹം കാഴ്ച കുറഞ്ഞ ഒരു വൃദ്ധനായിരുന്നു. റസൂലുല്ലാഹി (സ്വ) ഈ ആയത്തുകൾ ഓതിക്കേൾപ്പിച്ചുകൊണ്ട് അടിമയെ മോചിപ്പിക്കാൻ പറഞ്ഞു. അദ്ദേഹം പറഞ്ഞു: എനിക്ക് അതിനുള്ള സാമ്പത്തിക ശേഷിയില്ല. റസൂലുല്ലാഹി (സ്വ) അരുളി: എന്നാൽ രണ്ട് മാസം നോമ്പ് അനുഷ്ടിക്കുക. അദ്ദേഹം പറഞ്ഞു: അല്ലാഹുവിൽ സത്യം, ഒരു ദിവസം ഏതാനും പ്രാവശ്യം ആഹാരം കഴിച്ചില്ലെങ്കിൽ എന്റെ കാഴ്ച പൂർണ്ണമായും നശിച്ചുപോകും. റസൂലുല്ലാഹി (സ്വ) അരുളി: എന്നാൽ അറുപത് മിസ്‌കീന്മാർക്ക് ആഹാരം കൊടുക്കുക. അദ്ദേഹം പറഞ്ഞു: താങ്കൾ നൽകിയാലല്ലാതെ അതിനും എനിക്ക് കഴിവില്ല. റസൂലുല്ലാഹി (സ്വ) യും ചില സ്വഹാബികളും അദ്ദേഹത്തിന് ആഹാരം നൽകുകയും അദ്ദേഹം അത് അറുപത് സാധുക്കൾക്ക് പരിഹാരമായി കൊടുക്കുകയും ചെയ്തു. (ഇബ്‌നു കസീർ) 
അടിമയെ ലഭിക്കാത്തവർ പരസ്പരം സംസർഗ്ഗത്തിന് മുമ്പ് തുടർച്ചയായി രണ്ട് മാസം നോമ്പ് അനുഷ്ഠിക്കണം. അതിന് കഴിയാത്തവർ അറുപത് സാധുക്കൾക്ക് ആഹാരം നൽകണം. ഇത് നിങ്ങൾ അല്ലാഹുവിലും റസൂലിലും ശരിയായ നിലയിൽ വിശ്വസിക്കുന്നതിന് വേണ്ടിയാണ്. ഇത് അല്ലാഹുവിന്റെ നിയമാതിർത്തികളാണ്. നിഷേധിക്കുന്നവർക്ക് നിന്ദതയുണ്ടാക്കുന്ന ശിക്ഷയുണ്ട്.(4) ഈ ആയത്തിൽ പറഞ്ഞിരിക്കുന്ന നിങ്ങൾ വിശ്വസിക്കുന്നതിന് വേണ്ടി എന്നത് കൊണ്ടുള്ള ഉദ്ദേശം, നിങ്ങൾ വിശ്വാസത്തോട് കൂടി നിയമങ്ങൾ പാലിക്കാൻ വേണ്ടി എന്നാണ്. ശേഷം അറിയിക്കുന്നു: ഈ പരിഹാരവും മറ്റും അല്ലാഹു നിശ്ചയിച്ച നിയമാതിർത്തികളാണ്. അതിനെ മുറിച്ച് കടക്കുന്നത് നിഷിദ്ധമാണ്. ഇതിലൂടെ അല്ലാഹു അറിയിക്കുന്നു: വിവാഹം, വിവാഹ മോചനം, ളിഹാർ മുതലായ സർവ്വ കാര്യങ്ങളിലും ജാഹിലീ യുഗത്തിൽ കാണപ്പെട്ടിരുന്ന ദുരാചാരങ്ങളെ ഇസ്‌ലാം ദൂരീകരിക്കുകയും മദ്ധ്യമമായ മാർഗ്ഗം പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾ അതിൽ അടിയുറച്ച് നിൽക്കുക. ഈ നിയമാർത്തികളെ നിഷേധിക്കുന്നവർക്ക് വേദനാജനകമായ ശിക്ഷയുണ്ട്.! കഴിഞ്ഞ ആയത്തിൽ ഇസ്‌ലാമിക നിയമങ്ങൾ പാലിക്കാൻ ഉണർത്തിയെങ്കിൽ ഈ ആയത്തിൽ അതിന് എതിര് പ്രവർത്തിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുന്നു. അതെ, പടച്ചവന്റെ നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഇഹലോകത്ത് നിന്ദ്യതയും പരാജയവും പരലോകത്ത് വേദനാജനകമായ ശിക്ഷയുമുണ്ട്. 
അല്ലാഹു അവർ എല്ലാവരെയും പുനർജ്ജീവിപ്പിക്കുകയും അവർ പ്രവർത്തിച്ചത് അറിയിച്ചുകൊടുക്കുകയും ചെയ്യുന്ന ഒരു ദിവസം (ഓർക്കുക.) അല്ലാഹു എല്ലാം എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു. അത് അവർ മറന്നുപോയി. അല്ലാഹു എല്ലാ കാര്യത്തിനും സാക്ഷിയാണ്.(6) അല്ലാഹു പറയുന്നു: അശ്രദ്ധനും ധിക്കാരിയുമായ മനുഷ്യൻ ഇഹലോകത്ത് പാപങ്ങൾ ചെയ്ത് കൂട്ടുന്നു. അവന് അതിനെ കുറിച്ച് ഓർമ്മ പോലുമില്ല. കാരണം അവൻ പാപത്തെ വലിയൊരു കാര്യമായി കാണുന്നില്ല. എന്നാൽ പടച്ചവൻ എല്ലാം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. പാപി പാപം മറന്നുപോയെങ്കിലും പടച്ചവന് എല്ലാം ഓർമ്മയുണ്ട്. എല്ലാത്തിനെ കുറിച്ചും വിചാരണ നടത്തുന്നതുമാണ്.

************************

 മആരിഫുല്‍ ഹദീസ് 

 
പ്രവാചക മഹത്വങ്ങൾ

 മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി


സർവ്വലോക പരിപാലകനായ അല്ലാഹുവിന്റെ ഭാഗത്തു നിന്നും അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി(സ) യിലേക്കും റസൂലുല്ലാഹി(സ) യിലൂടെ സമുദായത്തിനും ലഭിച്ച ജീവിതത്തിലെ വ്യത്യസ്ഥ  വിഷയങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങളിലൊന്ന് വിവിധ വ്യക്തിത്വങ്ങളുടെ മഹത്വങ്ങളാണ്. ഹദീസിന്റെ എല്ലാ ഗ്രന്ഥങ്ങളിലും അൽ മനാഖിബ് എന്ന പേരിൽ ഒരു ഭാഗമുണ്ട്.വിവിധ വ്യക്തികളെയും വിഭാഗങ്ങളെയും കുറിച്ച് അല്ലാഹു റസൂലുല്ലാഹി(സ)ക്ക് അറിയിച്ച് കൊടുത്ത കാര്യങ്ങളടങ്ങിയ പ്രവാചക വചനങ്ങളാണ് ഈ ഭാഗത്ത് ഉദ്ധരിച്ചിരിക്കുന്നത്. ചില കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഇത് ഹദീസ് വിജ്ഞാനത്തിലെ പ്രധാന അദ്ധ്യായമാണ്. ഇതിൽ സമുദായത്തിന് സന്മാർഗ്ഗം ഗ്രഹിക്കാനുള്ള വലിയ സന്ദേശങ്ങളുമുണ്ട്. അല്ലാഹു റസൂലുല്ലാഹി (സ)ക്ക് റസൂലുല്ലാഹി (സ)യെ കുറിച്ച് തന്നെ അറിയിച്ച് കൊടുക്കുകയും രക്ഷിതാവിന്റെ അനുഗ്രഹങ്ങൾ അനുസ്മരിക്കുക. എന്ന നിർദ്ദേശത്തിന്റെ അടുസ്ഥാനത്തിൽ റസൂലുല്ലാഹി (സ) അനുസ്മരിക്കുകയും ചെയ്ത തിരുവചനങ്ങളാണ് ഇവിടെ ആദ്യമായി കൊടുക്കുന്നത്. തുടർന്ന് റസൂലുല്ലാഹി (സ) യുടെ വെത്യസ്ത പ്രത്യേകതകളും തിരുഗുണങ്ങളും അറിയിക്കുന്ന ഹദീസുകളും ഉദ്ദരിക്കുന്നതാണ്. ആദ്യമായി അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ) യുടെ സമുന്നത സ്ഥാനവും മഹിത മഹത്വങ്ങളും അറിയിക്കുന്ന ഏതാനും വചനങ്ങൾ ശ്രദ്ധിക്കുക. 
96, അബൂഹുറയ്‌റ (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: ഞാൻ ഖിയാമത്ത് ദിനം ആദം സന്തതികൾ എല്ലാവരുടെയും നായകനായിരിക്കും. ഖിയാമത്ത് ദിനം അല്ലാഹുവിന്റെ കൽപ്പന പ്രകാരം ആദ്യമായി എന്റെ ഖബ്ർ തുറക്കപ്പെടുന്നതും ഞാൻ പ്രധമമായി പുറത്തേക്ക് വരുന്നതുമാണ്. അല്ലാഹുവിന്റെ ഭാഗത്ത് നിന്നും ആദ്യമായി ശുപാർശക്ക് അനുമതി നൽകപ്പെടുന്നതും ശുപാർശ ചെയ്യുന്നതും ഞാനായിരിക്കും. ഏറ്റവും ആദ്യമായി ശുപാർശ സ്വീകരിക്കപ്പടുന്നതും എന്റേത് തന്നെ, (മുസ്‌ലിം)
വിവരണം:  റസൂലുല്ലാഹി (സ)യുടെ ഈ വചനത്തിന്റെ ആശയം ഇതാണ്. പടച്ചവൻ എന്റെ മേൽ ഒരു പ്രത്യേക അനുഗ്രഹം ചെയ്തിരിക്കുന്നു. നബിമാർ അടക്കമുള്ള മുഴുവൻ മനുഷ്യരിലും എനിക്ക് സമുന്നത സ്ഥാനം നൽകി. എന്നെ നായക സ്ഥാനത്ത് നിർത്തിയിരിക്കുന്നു. ഖിയാമത്ത് ദിനം ഇത് പൂർണ്ണമായി പ്രകടമാകുന്നതും എല്ലാവരും നേരിൽ കാണുന്നതുമാണ്. അന്നേദിവസം എല്ലാവരും ഖബറുകളിൽ നിന്നും എഴുന്നേൽക്കുമ്പോൾ അല്ലാഹുവിന്റെ അനുമതി പ്രകാരം ഏറ്റവും ആദ്യമായി ഖബർ തുറക്കപ്പെട്ട് വെളിയിലേക്ക് വരുന്നത് ഞാനായിരിക്കും. തുടർന്ന് ശുപാർശയുടെ കാവാടം തുറക്കപ്പെടുന്നതും ആദ്യമായി ഞാൻ ശുപാർശ ചെയ്യുന്നതും പ്രധമമായി എന്റെ ശുപാർശ തന്നെ സ്വീകരിക്കപ്പെടുന്നതാണ്.!! റസൂലുല്ലാഹി (സ) യുടെ മേലുള്ള ഇത്തരം മഹോന്നത അനുഗ്രഹങ്ങൾ റസൂലുല്ലാഹി (സ)തുറന്ന് പറഞ്ഞത് അല്ലാഹുവിന്റെ നിർദേശ പ്രകാരവും സമുദായം റസൂലുല്ലാഹി (സ) യുടെ സ്ഥാന സമുന്നതിയെ മനസ്സിലാക്കാനും സമുദായത്തിന്റെ മനസ്സിൽ സ്‌നേഹാദരവുകളും പിൻപറ്റാനുള്ള പ്രേരണകളും ഉണ്ടായിത്തീരാനും വേണ്ടിയും സമുന്നതനായ പ്രവാചകന്റെ അനുയായി ആക്കിയതിന്റെ പേരിൽ നന്ദിരേഖപ്പെടുത്താനുമാണ്. ചുരുക്കത്തിൽ ഇത്തരം ഹദീസുകളുടെ ലക്ഷ്യം അനുഗ്രഹത്തെ എടുത്ത് പറയുക, നന്ദിരേഖപ്പെടുത്തുക സമുദായത്തെ സന്മാർഗത്തിലേക്ക് നയിക്കുക എന്നിവയാണ്. 
ഇവിടെ ഒരു കാര്യം കൂടി മനസ്സിലാക്കുക. ഇതര പ്രവാചകൻമാരെക്കാൾ എന്നെ മഹത്വപ്പെടുത്തുന്നത് എന്ന് വേറെ ചില ഹദീസുകളിൽ വന്നിട്ടുണ്ട്. പ്രസ്തുത ഹദീസുകൾ ഇവിടെ കൊടുക്കുന്ന ഹദീസുകൾക്ക് വിരുദ്ധമല്ല. ഏതെങ്കിലും ഒരു പ്രവാചകനെ നിന്ദിക്കുകയും നിസാരപ്പെടുത്തുകയും ചെയ്യുന്ന നിലയിൽ റസൂലുല്ലാഹി (സ)യെ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്യരുത് എന്നതാണ് ആ ഹദീസുകളുടെ ആശയം. അത് മര്യാദകേടും വലിയ പാപവുമാണ്. എന്നാൽ അല്ലാഹു പരിശുദ്ധ ഖുർആനിൽ പറയുന്നു. പ്രവാചകൻമാരിൽ ചിലർക്ക് ചിലരെക്കാൾ നാം ശ്രേഷ്ഠത നൽകിയിട്ടുണ്ട്. (അൽ ബഖറ) കൂടാതെ റസൂലുല്ലാഹി (സ) മുഴുവൻ നബിമാരുടെ നായകനും സർവ്വരെക്കാളും സമുന്നതരുമാണെന്ന് ഖുർആനിൽ വിവിധ ഭാഗങ്ങളിൽ ഉണർത്തിയിരിക്കുന്നു. 
97, അബൂ സഈദ് ഖുദ്‌രി (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: ഖിയാമത്ത് ദിനം ഞാൻ മുഴുവൻ ആദം സന്തതികളുടെയും നായകനായിരിക്കും ഇത് പെരുമ പ്രകടിപ്പിക്കാൻ വേണ്ടി ഞാൻ പറയുന്നതല്ല. സ്തുതിയുടെ പതാക അന്നേ ദിവസം എന്റെ കയ്യിലായിരിക്കും. ഇതും പെരുമ പ്രകടിപ്പിക്കാൻ വേണ്ടി ഞാൻ പറയുന്നതല്ല. ആദം നബിയും ശേഷമുള്ള സർവ്വ നബിമാരും അന്നേ ദിവസം എന്റെ കൊടിയുടെ കീഴിലായിരിക്കും. ഇതും പെരുമ പ്രകടിപ്പിക്കാൻ വേണ്ടി ഞാൻ പറയുന്നതല്ല. ആദ്യമായി ഖബർ പിളർന്ന് പുറത്തേക്ക് വരുന്നത് ഞാനായിരിക്കും ഇതും പെരുമ പ്രകടിപ്പിക്കാൻ വേണ്ടി ഞാൻ പറയുന്നതല്ല. മറിച്ച് അല്ലാഹുവിന്റെ കൽപ്പനപ്രകാരവും അനുഗ്രഹത്തെ അനുസ്മരിച്ച് കൊണ്ടും മാത്രം പറയുന്നതാണ്. (തിർമിദി)
വിവരണം:  ഈ ഹദീസിൽ പറയപ്പെട്ടതും മുൻകഴിഞ്ഞ ഹദീസിൽ ഇല്ലാത്തതുമായ ഒരു കാര്യം സ്തുതിയുടെ കൊടിയപ്പറ്റിയുള്ള അനുസ്മരണമാണ്. കൊടി സാധാരണ സേനാ നായകന്റെ കയ്യിലാണ് ഉണ്ടാകാറുള്ളത്. സൈന്യം മുഴുവൻ അതിന് കീഴിലായിരിക്കും. ഇപ്രകാരം ഖിയാമത്ത് ദിനം അല്ലാഹുവിന്റെ ഭാഗത്ത് നിന്നും നായകത്വത്തിന്റെ കൊടി റസൂലുല്ലാഹി (സ)യുടെ കരങ്ങളിൽ ഏൽപ്പിക്കപ്പെടും ആദം നബി (അ) മുതൽ ഈസാ നബി (അ) വരെയുള്ള  സർവ്വ നബിമാരും മുഴുവൻ മനുഷ്യരും ഇതിന്റെ കീഴിലായിരിക്കും ഇപ്രകാരം അല്ലാഹു റസൂലുല്ലാഹി (സ) യുടെ മഹിത മഹത്വം സർവ്വരുടേയും മുന്നൽ പ്രകടമാക്കുന്നതാണ്. റസൂലുല്ലാഹി (സ) ഇതിലെ ഓരോ വാചകത്തോടും ഒപ്പം ഇത് പെരുമ പ്രകടിപ്പിക്കാൻ വേണ്ടി ഞാൻ പറയുന്നതല്ല. എന്ന് അരുളിയത് ശ്രദ്ധേയമാണ്. അതായത് പെരുമ പറയാൻ വേണ്ടി ഞാൻ ഈ കാര്യങ്ങൾ പറയുന്നതല്ല. അല്ലഹുവിന്റെ കൽപ്പന പാലിച്ച് കൊണ്ട് അനുഗ്രഹത്തിന് നന്ദിയെന്നോണവും നിങ്ങൾ കാര്യം ഗ്രഹിക്കുന്നതിനും വേണ്ടിയാണ് ഇത് വിവരിക്കുന്നത്. 
ഖിയാമത്ത് ദിനം റസൂലുല്ലാഹി (സ)യുടെ കരങ്ങളിൽ ഏൽപ്പിക്കപ്പെടുന്ന ഈ സ്തുതിയുടെ കൊടി,റസൂലുല്ലാഹി (സ) യുടെ പ്രധാനപ്പെട്ട ഒരു ഗുണം പടച്ചവനുള്ള സ്തുതികീർത്തനങ്ങളാണെന്നും പടച്ചവന്റെ സമുന്നത സാമിപ്യം കരസ്ഥമാക്കനുള്ള ലളിതവും ശക്തവുമായ മാർഗ്ഗവും അത് തന്നെയാണെന്നും കൂടി അറിയിപ്പുണ്ട്. റസൂലുല്ലാഹി (സ) യുടെ അദ്ധ്യാപനങ്ങളിലേക്ക് നോക്കുക: പടച്ചവനോടുള്ള സ്തുതി കീർത്തനങ്ങൾ സദാസമയവും നിറഞ്ഞ് തുളുമ്പി നിൽക്കുന്നതായി കാണാൻ കഴിയും. ദിനരാത്രങ്ങളിലെ നമസ്‌കാരങ്ങൾ മുഴുവൻ സ്തുതികീർത്തനങ്ങളാണ്. കൂടാതെ നിൽക്കുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പഴും കിടക്കുമ്പോഴും ആഹാര പാനീയ വസ്ത്രങ്ങൾ ഉപയോഗിക്കുമ്പോഴും എന്തിനേറെ തുമ്മിയതിന് ശേഷവും വിസർജന ശുദ്ധീകരണം കഴിഞ്ഞും മുഴുവൻ സമയങ്ങളിലും വിവിധ വചനങ്ങൾ ഉപയോഗിച്ച് കൊണ്ട് റസൂലുല്ലാഹി (സ) പടച്ചവനെ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്തിരുന്നതായി കാണാൻ കഴിയും. തീർച്ചയായും നന്ദിയുടെ ഈ പ്രാവാചകൻ നന്ദിയുടെ കൊടി  പിടിക്കാനും നന്ദിയുടെ പേരിൽ പ്രശംസിക്കപ്പെടാനും തീർത്തും യോഗ്യൻ തന്നെയാണ്. സല്ലല്ലാഹു അലൈഹി വസല്ലം.
98, ഉബയ്യിബിനു കഅ്ബ് (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: ഖിയാമത്ത് ദിനം ഞാൻ മുഴുവൻ നബിമാരുടെയും നായകനും  എല്ലാവരുടെ ഭാഗത്ത് നിന്നും സംസാരിക്കുന്നവരും ശുപാർശ ചെയ്യുന്നവരുമായിരിക്കും. ഇത് ഞാൻ പെരുമ പ്രകടിപ്പിക്കാൻ വേണ്ടി പറയുന്നതല്ല. (തിർമിദി) 
വിവരണം: ഖിയാമത്ത് ദിനം അല്ലാഹുവിന്റെ ഗൗരവവും കടുപ്പവും അസാധാരണമായ നിലയിൽ പ്രകടമാകുന്നതാണ്. തദവസരം അല്ലാഹുവിനോട് എന്തെങ്കിലും പറയാനും ശുപാർശ ചെയ്യാനും എല്ലാവരും ഭയക്കുന്നതാണ്.തദവസരം സൃഷ്ടികളോടുള്ള കാരുണ്യത്തിന്റെ പേരിൽ റസൂലുല്ലാഹി (സ) പടച്ചവന്റെ അനുമതി പ്രകാരം സംസാരിക്കുന്നതും ശുപാർശ ചെയ്യുന്നതും  ശുപാർശ സ്വീകരിക്കപ്പെടുന്നതുമാണ്.  ഇവിടെയും അവസാനം അരുളുന്നു:  ഇത് പറയുന്നത് പെരുമക്കും പൊങ്ങച്ചത്തിനും വേണ്ടിയല്ല. മറിച്ച് അനുഗ്രഹത്തെ അനുസ്മരിക്കാനും നിങ്ങളെ ഉണർത്താനും പടച്ചവന്റെ നിർദ്ദേശം പാലിക്കാനുമാണ്.



സയ്യിദ് ഹസനി അക്കാദമി രചന




Ph: 7736723639


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌