▪️ജുമുഅ സന്ദേശം 

സമുന്നത ഭൂത കാലത്തേക്ക് മടങ്ങാനുള്ള മാർഗ്ഗം
✍️ മൗലാന ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി

▪️മആരിഫുല്‍ ഖുര്‍ആന്‍ 
                                                        സൂറത്തുൽ ഹദീദ്-6
                                             പ്രവാചക നിയോഗത്തിന്‍റെ ലക്ഷ്യം
                      ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️മആരിഫുല്‍ ഹദീസ്
ഭൗതിക താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി വിജ്ഞാനം പഠിക്കുന്നവരുടെ അന്ത്യം നരകത്തിലായിരിക്കും 
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി







***********************



ജുമുഅ സന്ദേശം 



ALL INDIA MUSLIM PERSONAL LAW BOARD

സമുന്നത ഭൂത കാലത്തേക്ക് മടങ്ങാനുള്ള മാർഗ്ഗം


മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി 
(പ്രസിഡൻ്റ്, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)

മുഹമ്മദുർ റസൂലുല്ലാഹി ﷺയുടെ നിയോഗത്തിന് മുമ്പ് വിവിധ സമുദായങ്ങളിൽ സ്ത്രീകൾക്ക് അനന്തരാവകാശം ലഭിച്ചിരുന്നില്ല. ശത്രുക്കളെ നേരിടുകയും സമുദായത്തെ സംരക്ഷിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ അനന്തര സ്വത്തിന് അർഹതയുള്ളൂവെന്ന് അവർ വാദിച്ചിരുന്നു. ചുരുക്കത്തിൽ ശാരീരിക ശേഷിക്കും പോരാട്ട ശക്തിക്കും വലിയ സ്ഥാനം ഉണ്ടായിരുന്നു. സമുദായത്തിന്റെ ഉയർച്ചയുടെ അടിസ്ഥാനമായി ഇതിനെയാണ് ഗണിക്കപ്പെട്ടിരുന്നത്. ഒരളവ് വരെ പഴയ കാലാവസ്ഥകൾ പരിഗണിക്കുമ്പോൾ ഈ വീക്ഷണം ശരിയുമായിരുന്നു. എന്നാൽ ഇന്ന് അവസ്ഥ മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ന് സമുദായങ്ങളുടെ മുന്നേറ്റത്തിന്റെ ആധാരം പോരാട്ട വീര്യവും ആയുധ ശേഖരവുമല്ല. മറിച്ച് വൈജ്ഞാനിക പ്രവർത്തനങ്ങളും പഠന കേന്ദ്രങ്ങളുമാണ് ഇന്ന് സമുദായങ്ങളുടെ പ്രധാനപ്പെട്ട ശക്തി.

വൈജ്ഞാനിക ചിന്താശേഷികൾ ഇല്ലാത്ത സമുദായം എണ്ണത്തിൽ എത്ര വലുതാണെങ്കിലും അവർ വെറും മൺകൂന പോലെയാണ്. അതിനെ മറ്റുള്ളവർ ചവിട്ടി മറിക്കുകയും നിന്ദിക്കുകയും ചെയ്യുന്നതാണ്. ജപ്പാനും നമ്മുടെ രാജ്യം ഇന്ത്യയും ഇതിന് വ്യക്തമായ ഉദാഹരണങ്ങളാണ്. നാം ഇന്ത്യക്കാർ എണ്ണത്തിൽ ലോകത്തെ രണ്ടാം വൻ ശക്തിയാണ്. രാജ്യത്തിൻ്റെ വിസ്തൃതിയും വളരെ വലുതാണ്. നമുക്കുള്ളത് പോലെയുള്ള പ്രകൃതി വിഭവങ്ങൾ ലോകത്ത് അപൂർവ്വം സ്ഥലങ്ങളിൽ മാത്രമെയുള്ളൂ. എന്നാൽ ജപ്പാൻ എണ്ണത്തിലും വണ്ണത്തിലും പ്രകൃതി വിഭവങ്ങളിലും ഇന്ത്യയുടെ അരികിൽ പോലും എത്തുകയില്ല. പക്ഷേ ഇന്ന് നാം ജപ്പാനിന് മുന്നിൽ യാചകന്മാരെ പോലെയാണ്. ഇത് വിജ്ഞാന ശക്തിയുടെ അത്ഭുതമാണ്. റസൂലുല്ലാഹി (സ) രംഗത്തിറങ്ങിയ ആദ്യ ദിവസം മുതൽ വിജ്ഞാനത്തെ പ്രേരിപ്പിച്ചു തുടങ്ങി. റസൂലുല്ലാഹി (സ) ജനിച്ചു വളർന്ന സമൂഹത്തിൽ സർവ്വവിധ തിന്മകളും ഉണ്ടായിരുന്നു. ബഹുദൈവാരാധന വ്യാപകമായിരുന്നു. കൈയ്യൂകുള്ളവൻ കാര്യക്കാരനായിരുന്നു. ആരുടെയും ജീവനും സ്വത്തും സുരക്ഷിതമായിരുന്നില്ല. ലജ്ജാവഹമായ സർവ കാര്യങ്ങളും അവർക്കിടയിൽ നടമാടിയിരുന്നു. ഈ അവസ്ഥയിൽ പരിശുദ്ധ ഖുർആനിൽ ആദ്യമായി അവതരിക്കേണ്ട സന്ദേശം തൗഹീദിന്റെ സമർത്ഥനമോ നീതിയുടെ വിളംബരമോ ആയിരുന്നു. പക്ഷേ റസൂലുല്ലാഹി (സ)യുടെ മേൽ അവതരിച്ച പ്രഥമ വഹ്‌യിൽ ഇതേക്കുറിച്ച് ഒരു പരാമർശവുമില്ലായിരുന്നു. മറിച്ച് ആദ്യം ഇറങ്ങിയ തിരുവചനങ്ങൾ ഇപ്രകാരമാണ്: ..... (ഫലഖ് 1-5) അതെ, അന്ത്യപ്രവാചകനിലൂടെ പ്രഥമമായി മാനവരാശിക്ക് നൽകപ്പെട്ട സന്ദേശം പാരായണ പഠനങ്ങളും വൈജ്ഞാനിക പ്രവർത്തനങ്ങളുമാണ്. കാരണം വിജ്ഞാനം ഒരു പ്രഭവ കേന്ദ്രമാണ്. അതിൽ നിന്നും സർവ്വ നന്മകളും ഉയർകൊള്ളുന്നു. മുഴുവൻ തിന്മകൾക്കും മരുന്ന് ലഭിക്കുന്നു. അതുകൊണ്ട് തന്നെ ഇമാം മാലിക് (റ) പറയുന്നു: വിജ്ഞാനം ഒരു പ്രകാശമാണ്. 

വിജനമായി ഇരുണ്ട് കിടക്കുന്ന കെട്ടിടത്തിൽ കള്ളനും കൊള്ളക്കാരും പെട്ടെന്ന് കയറുന്നു. അത് പാമ്പ് പോലുള്ള ഉപദ്രവ ജീവികളുടെ കേന്ദ്രമായി മാറുന്നു. ഇവ ഓരോന്നിനെയും പ്രത്യേകം പ്രത്യേകം നേരിടുന്നത് പ്രയാസമാണ് എന്നാൽ അവിടെ വിളക്ക് കത്തിക്കപ്പെടുകയും പ്രകാശം പരത്തുകയും ചെയ്താൽ അവിടെ വരാൻ അക്രമികൾ ധൈര്യപ്പെടുന്നതല്ല. പാമ്പും മറ്റും അതിനെ കേന്ദ്രമാക്കുകയും ഇല്ല. ഇതേ യാഥാർത്ഥ്യത്തിലേക്ക്  റസൂലുല്ലാഹി (സ) സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു സമൂഹത്തിലെ തിന്മകളുടെ അടിസ്ഥാനം അജ്ഞതയാണ്. ഏതെങ്കിലും സമുദായത്തിൽ അറിവിന്റെ പ്രകാശം പരന്നാൽ സമുദായം തനിയെ തന്നെ തിന്മകളിൽ നിന്നും വിദൂരത്താകുന്നതും വിജ്ഞാനത്തിന്റെ പ്രഭ പരക്കുന്നതുമാണ്. റസൂലുല്ലാഹി (സ) വിജ്ഞാനത്തിൽ അതീവ തൽപരനായിരുന്നു. മക്കയിൽ സാഹചര്യം പ്രതികൂലമായിരുന്നിട്ടും ദാറുൽ അർഖം റസൂലുല്ലാഹി (സ)യുടെ വൈജ്ഞാനിക സംസ്കരണ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കി തുടക്കം മുതൽക്ക് തന്നെ റസൂലുല്ലാഹി (സ) കൂട്ടുകാരെ വിദ്യാഭ്യാസത്തിന് പ്രേരിപ്പിച്ചിരുന്നു. മക്കയിൽ നിന്നും എല്ലാം നഷ്ടപ്പെട്ട മദീനയിൽ എത്തിയവരുടെ പക്കൽ ഒന്നുമില്ലായിരുന്നു. റസൂലുല്ലാഹി (സ)ക്ക് പോലും സ്വന്തം വീട് ലഭ്യമായിരുന്നില്ല. റസൂലുല്ലാഹി (സ) അബൂ അയ്യൂബ് (റ) അരികിലാണ് താമസിച്ചിരുന്നത്. പക്ഷേ റസൂലുല്ലാഹി (സ) തനിക്കോ കൂട്ടുകാർക്കോ വേണ്ടി സ്വന്തം വീട് പണിതില്ല. മറിച്ച് ഏറ്റവും ആദ്യമായി മുസ്‌ലിം പൊതുജനങ്ങൾക്ക് പ്രവർത്തന കേന്ദ്രമായി മസ്ജിദുന്നബവി നിർമ്മിച്ചു. ഈ മസ്ജിദിൽ സുഫാ എന്ന പേരിൽ ഒരു ചെറിയ കെട്ട് നിർമ്മിച്ചു. അതിനെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കി. റസൂലുല്ലാഹി (സ) അതിലെ ഗുരുനാഥനും സേവകനുമായിരുന്നു. മുസ്‌ലിംകൾ വീടിന്റെയും മറ്റും സൗകര്യങ്ങളേക്കാൾ ശ്രദ്ധിക്കേണ്ടത് വിജ്ഞാന സൗകര്യങ്ങൾക്ക് ആണെന്ന് ഈ സംഭവം അറിയിക്കുന്നു. അതെ, വിജ്ഞാനത്തിന്റെ വിളക്ക് കത്തിക്കാതെ വീടുകൾ മാത്രം നിർമ്മിക്കുന്ന സമുദായങ്ങൾക്ക് പുരോഗതിയും വളർച്ചയും ഉണ്ടാകുന്നതല്ല. ഈ വിഷയത്തിൽ അവിടെത്തന്നെ അരങ്ങേറിയ സംഭവങ്ങൾ അത്ഭുതകരമാണ്. ബദ്റിൽ എഴുപത് കഠിന ശത്രുക്കൾ തടവിൽ പിടിക്കപ്പെട്ടു. അവരെ നഷ്ടപരിഹാരം വാങ്ങി വിട്ടയക്കപ്പെടാൻ തീരുമാനമായി. അന്ന് മുസ്‌ലിംകളുടെ സാമ്പത്തികാവസ്ഥ വളരെ ഞെരുക്കമായിരുന്നു. ആഹാരമോ വസ്ത്രമോ ഒന്നും ഉണ്ടായിരുന്നില്ല. ഓരോ കുടുംബവും ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്നു. ഇത്തരുണത്തിൽ റസൂലുല്ലാഹി (സ)ക്ക് മക്കകാരിൽ നിന്നും വലിയ തുക നഷ്ട പരിഹാരമെന്നോണം വാങ്ങാമായിരുന്നു. പക്ഷേ റസൂലുല്ലാഹി (സ) ഇതിൻ്റെ പരിഹാര മാർഗ്ഗമായി തീരുമാനിച്ചത് പത്ത് പേർക്ക് എഴുത്തും വായനയും പഠിപ്പിക്കലായിരുന്നു. നാം ദാരിദ്രത്തിൽ കഴിയേണ്ടി വന്നാലും അടുത്ത തലമുറക്ക് വിദ്യാഭ്യാസം നിഷേധിക്കരുത്. കൂടാതെ വിജ്ഞാനം അമുസ്‌ലിംകളിൽ നിന്നും കരസ്ഥമാക്കാമെന്നും ഈ സംഭവം മനസ്സിലാക്കി തരുന്നു. സത്യവിശ്വാസത്തിനും മത മൂല്യങ്ങൾക്കും കുഴപ്പമുണ്ടാകരുതെന്ന് മാത്രം. 

മാനവരാശിക്ക് പ്രയോജനപ്രദമായ ഒരു വിജ്ഞാനത്തോടും ഒരു ഭാഷയാേടും ഇസ്‌ലാമിന് എതിർപ്പില്ല. റസൂലുല്ലാഹി (സ) ചില സ്വഹാബികളോട് അറബി കൂടാതെയുള്ള ഇതര ഭാഷകൾ പഠിക്കാൻ നിർദ്ദേശിച്ചു. റസൂലുല്ലാഹി (സ) അരുളി: എല്ലാ ഭാഷകളും പടച്ചവൻ സൃഷ്ടിച്ചതാണ്. പ്രയോജനകരമായ വിജ്ഞാനം കരസ്ഥമാക്കുന്നത് സമുന്നതമായ ആരാധനയാണ്. വിജ്ഞാന സമ്പാദനം ഓരോ മുസ്‌ലിം സ്ത്രീ പുരുഷന്മാരുടെയും മതപരമായ ബാധ്യതയാണ്. വൈജ്ഞാനിക പ്രവർത്തനങ്ങൾ നില നിൽക്കുന്ന നന്മയാണ്. റസൂലുല്ലാഹി (സ) അരുളി: മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന നന്മകളിൽ ഒന്ന് മരണത്തിന് ശേഷവും പ്രയോജനപ്പെട്ടു കൊണ്ടിരിക്കുന്ന വിജ്ഞാനമാണ്. 

ഖേദകരമെന്ന് പറയട്ടെ, വിജ്ഞാനത്തിന് പ്രഥമവും പ്രധാനവുമായ പരിഗണന നൽകപ്പെട്ട മതവുമായി ബന്ധപ്പെട്ട സമുദായത്തിന്റെ ഇന്നത്തെ പ്രത്യേക  അജ്ഞതയും വിദ്യാഭ്യാസ നിഷേധവുമാണ്. പിന്നോക്കകാരായ സമുദായങ്ങൾ പോലും ഈ വിഷയത്തിൽ മുന്നേറിയിരിക്കുന്നു. ആയിരം വർഷം വരെ ഈ രാജ്യം മുഴുവനും ഭരണം നടത്തിയ ഒരു സമുദായത്തിൻ്റെ അവസ്ഥയാണിത്. ഇന്നും രാജ്യം മുഴുവൻ സമുദായ അംഗങ്ങളുടെ മനോഹരമായ ഇന്നലകളെ വിളിച്ചറിയിക്കുന്ന സ്മാരകങ്ങൾ തല ഉയർത്തി നിൽക്കുന്നു. എന്നാൽ ഈ സ്മാരകങ്ങൾ നിങ്ങൾക്ക് ഭൂതകാലവുമായി വല്ല ബന്ധവുമുണ്ടോ എന്ന് നിരന്തരം വിളിച്ചു ചോദിക്കുന്നു. മുസ്‌ലിം പ്രദേശങ്ങളിൽ പരിപൂർണ്ണമായി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സജീവമാക്കലാണ് ഈ നിന്ദ്യതയിൽ നിന്നും കരകയറാനുള്ള ഏക മാർഗ്ഗം. തിരഞ്ഞെടുപ്പിൻ്റെ സമയത്ത് സ്ഥാനാർത്ഥികൾ വോട്ടിന് അപേക്ഷിക്കുന്നത് പോലെ ഓരോ വീട്ടിലും കയറി ഇറങ്ങി വിദ്യാഭ്യാസത്തിന് പ്രേരണ കൊടുക്കുക. അയൽവാസികളെയും നാട്ടുകാരെയും ഒരു കുടുംബമായി കണ്ടു. മുഴുവൻ ആളുകളെയും കുറിച്ച് അന്വേഷിക്കുകയും വിദ്യാഭ്യാസത്തിന് പ്രേരിപ്പിക്കുകയും ചെയ്യുക. സാമ്പത്തിക ഞെരുക്കത്തിലോ മാനസിക പ്രയാസങ്ങളിലോ കഴിയുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുകയും സൗകര്യങ്ങൾ നൽകുകയും കൗൺസിലിംഗുകൾ നടത്തുകയും ചെയ്യുക. ഓരോ പ്രദേശത്തുമുള്ള സ്കൂളുകളുടെ അവസ്ഥ നന്നാക്കുന്നതിന് പരിശ്രമിക്കുക. സ്കൂൾ ആവശ്യമുള്ള സ്ഥലങ്ങളിൽ സമൂഹ സേവനം ലക്ഷ്യമിട്ട് സ്കൂളുകൾ സ്ഥാപിക്കുക. ബാല വേലകളിൽ കഴിയുന്ന ധാരാളം കുട്ടികളുണ്ട്. അവരുടെ മുഖവും കണ്ണുകളും ബുദ്ധിയും സാമർത്ഥ്യവും വിളിച്ചറിയിക്കുന്നു. പക്ഷേ അവരെ വിദ്യാഭ്യാസത്തിന് ആരും പ്രേരിപ്പിക്കാത്തത് ഖേദകരമാണ്. 

പടച്ചവൻ സമ്പത്തും സ്ഥാനവും നൽകിയവർ മുഴുവൻ സഹാനുഭൂതി ഉണ്ടാക്കിയെടുക്കുക.
 ജനങ്ങളുടെ നിന്ദ്യമായ അവസ്ഥ അവരെ അസ്വസ്ഥമാക്കട്ടെ! വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വക്താക്കൾ കെട്ടിട നിർമ്മാണത്തെക്കാൾ കൂടുതലായി മാനവ നിർമ്മിതിയിൽ ശ്രദ്ധിക്കട്ടെ! പഠിക്കുന്നതും പഠിപ്പിക്കുന്നതും കച്ചവടമല്ലെന്നും ആരാധനയാണെന്നും മനസ്സിലാക്കുക. അതെ, വിദ്യാഭ്യാസവുമായിട്ടാണ് നമ്മുടെ ഭാവി ബന്ധപ്പെട്ടിരിക്കുന്നതെന്ന് സമുദായം മുഴുവനും തിരിച്ചറിയുക. വിദ്യാഭ്യാസം ജീവ നാഡിയാണ്. അത് നഷ്ടപ്പെടുന്ന ഒരു സമുദായത്തിനും അന്തസ്സോടെ ജീവിക്കുക സാധ്യമല്ല.


*************************************

മആരിഫുല്‍ ഖുര്‍ആന്‍ 

 

സൂറത്തുൽ ഹദീദ്-6

(29 ആയത്തുകൾ, പദങ്ങൾ 544, അക്ഷരങ്ങൾ 3476, മദീനമുനവ്വറയിൽ അവതരണം.  4 റുകൂഅ്. അവതരണ ക്രമം 94. പാരായണ ക്രമം 57. സൂറത്തുസിൽസാലിന് ശേഷം അവതരണം)

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം

പ്രവാചക നിയോഗത്തിന്‍റെ ലക്ഷ്യം


മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


ആയത്ത് 25

لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ ۖ وَأَنزَلْنَا الْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَافِعُ لِلنَّاسِ وَلِيَعْلَمَ اللَّهُ مَن يَنصُرُهُ وَرُسُلَهُ بِالْغَيْبِ ۚ إِنَّ اللَّهَ قَوِيٌّ عَزِيزٌ (25)



നമ്മുടെ ദൂതന്മാരെ ദൃഷ്ടാന്തങ്ങളുമായി നാം അയച്ചു. അവരോടൊപ്പം വേദവും, ജനങ്ങള്‍ക്കിടയില്‍ നീതിയുടെ സംസ്ഥാപനത്തിന് തുലാസും അവതരിപ്പിച്ചു. ഇരുമ്പും നാം ഇറക്കി. അതില്‍ യുദ്ധശക്തിയും ജനങ്ങള്‍ക്ക് ഉപകാരവുമുണ്ട്. കാണാതെ തന്നെ അല്ലാഹുവിനെയും റസൂലിനെയും സഹായിക്കുന്നത് ആരാണെന്ന് അല്ലാഹു തിരിച്ചറിയാന്‍ കൂടിയാണ് ഇത് ഇറക്കിയത്. അല്ലാഹു ശക്തിയും പ്രതാപവുമുള്ളവനാണ്.(25) 

ആശയ സംഗ്രഹം
പരലോകത്തിന്‍റെ നന്മയ്ക്ക് വേണ്ടി നമ്മുടെ ദൂതന്മാരെ ദൃഷ്ടാന്തങ്ങളുമായി നാം അയച്ചു. അവരോടൊപ്പം വേദവും വിശിഷ്യാ സൃഷ്ടികളുമായി ബന്ധപ്പെട്ട പ്രധാന കടമയായ നീതി പുലര്‍ത്തണമെന്ന നിര്‍ദ്ദേശവും നാം അവതരിപ്പിച്ചു. ജനങ്ങള്‍ പടച്ചവനോടുള്ള കടമകളും പടപ്പുകളോടുള്ള കടമകളും നിര്‍വ്വഹിച്ച് മധ്യമ മാര്‍ഗ്ഗത്തില്‍ ഉറച്ച് നില്‍ക്കാന്‍ വേണ്ടിയാണ് നാം ഇപ്രകാരം ചെയ്തത്. ഇരുമ്പും നാം ഇറക്കി. അതില്‍ വലിയ ശക്തിയും ജനങ്ങള്‍ക്ക് ഉപകാരവുമുണ്ട്. അത് ഉപയോഗിച്ച് ജനങ്ങള്‍ ഈ ലോകത്തെ കാര്യങ്ങള്‍ സജ്ജീകരിക്കുകയും അക്രമികളെ തടയുകയും ചെയ്യുന്നതാണ്. കാണാതെ തന്നെ അല്ലാഹുവിനെയും റസൂലിനെയും അതായത് ദീനിനെ സഹായിക്കുന്നത് ആരാണെന്ന് അല്ലാഹു തിരിച്ചറിയാന്‍ കൂടിയാണ് ഇത് ഇറക്കിയത്. കാരണം ഇതിലൂടെ പോരാട്ടങ്ങള്‍ നടത്താനും ജനങ്ങളെ സേവിക്കാനും സാധിക്കുന്നു. എന്നാല്‍ പടച്ചവന് ആരുടെയും സഹായം ആവശ്യമില്ല. അല്ലാഹു വലിയ ശക്തിയും പ്രതാപവുമുള്ളവനാണ്. പിന്നെ ഈ കല്‍പ്പനകള്‍ നല്‍കുന്നത് നിങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ്.

വിവരണവും വ്യാഖ്യാനവും
വേദഗ്രന്ഥങ്ങളുടെയും പ്രവാചകന്മാരുടെയും പ്രധാന ലക്ഷ്യം ജനങ്ങള്‍ക്കിടയില്‍ നീതിയും ന്യായവും സ്ഥാപിക്കലാണ്. നമ്മുടെ ദൂതന്മാരെ ദൃഷ്ടാന്തങ്ങളുമായി നാം അയച്ചു. അവരോടൊപ്പം വേദവും, ജനങ്ങള്‍ക്കിടയില്‍ നീതിയുടെ സംസ്ഥാപനത്തിന് തുലാസും അവതരിപ്പിച്ചു. ഇരുമ്പും നാം ഇറക്കി. അതില്‍ യുദ്ധശക്തിയും ജനങ്ങള്‍ക്ക് ഉപകാരവുമുണ്ട്! * ബയ്യിനാത്ത് എന്നതിന്‍റെ ഭാഷാര്‍ത്ഥം വ്യക്തമായ കാര്യങ്ങളെന്നാണ്. അതുകൊണ്ടുള്ള ഉദ്ദേശം വ്യക്തമായ നിയമങ്ങള്‍ എന്നാണ്. ഈ അര്‍ത്ഥമാണ് ആശയ സംഗ്രഹത്തില്‍ കൊടുത്തിരിക്കുന്നത്. പ്രവാചകന്മാരുടെ അമാനുഷിതകളും തെളിവുകളും ആകാന്‍ സാധ്യതയുണ്ട്. (ഇബ്നു കസീര്‍) ബയ്യിനാത്ത് എന്നതിന് ശേഷം ഗ്രന്ഥത്തിന്‍റെ അവതരണത്തെക്കുറിച്ച് പ്രത്യേകം പറഞ്ഞത് ഈ അഭിപ്രായത്തിന് പിന്‍ബലം നല്‍കുന്നു. * ഗ്രന്ഥത്തോടൊപ്പം മീസാനും ഇറക്കിയതായി ഈ ആയത്തില്‍ പറഞ്ഞിരിക്കുന്നു. മീസാന്‍ എന്നാല്‍ വല്ല സാധനങ്ങളും തൂക്കാന്‍ ഉപയോഗിക്കുന്ന ഉപകരണത്തിനാണ് പറയുന്നത്. അതിന് വേണ്ടി സാധാന ഉപയോഗിക്കുന്ന ഉപകരണം ത്രാസാണ്. തൂക്കങ്ങള്‍ക്ക് ത്രാസല്ലാതെ മറ്റ് പലതും ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് പ്രകാശവും കാറ്റും അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വന്നിരിക്കുന്നു. അതും മീസാനിന്‍റെ ആശയത്തില്‍ പെടുന്നതാണ്. * വേദഗ്രന്ഥം ആകാശ ലോകത്ത് നിന്നും മലക്കുകള്‍ വഴി പ്രവാചകന്മാര്‍ക്ക് ഇറക്കപ്പെടുന്ന ഗ്രന്ഥമാണ്. അപ്പോള്‍ ത്രാസ് ഇറക്കി എന്നതിന്‍റെ ആശയം എന്താണ്? ഇമാം ആലൂസിയും മറ്റും പറയുന്നു: ത്രാസ് ഇറക്കി എന്നതുകൊണ്ടുള്ള ഉദ്ദേശം ത്രാസിന്‍റെ ഉപയോഗവും നീതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട വിധിവിലക്കുകളാണ്. (റൂഹുല്‍ മആനി, മസ്ഹരി). ഖുര്‍തുബി (റ) പറയുന്നു: അവതരിപ്പിച്ചത് ഗ്രന്ഥം മാത്രമാണ്. ത്രാസിന്‍റെ കാര്യം അതോടൊപ്പം പറയപ്പെട്ടു എന്ന് മാത്രമേയുള്ളൂ. അതിന്‍റെ ആശയം മറ്റൊന്നായിരിക്കും. അപ്പോള്‍ ആശയം ഇപ്രകാരമാണ്: നാം ഗ്രന്ഥത്തെ ഇറക്കുകയും ത്രാസിനെ സ്ഥാപിക്കുകയും ചെയ്തു. അര്‍റഹ്മാന്‍ ഏഴാം ആയത്ത് ഇതിനെ ബലപ്പെടുത്തുന്നു. അവിടെ ത്രാസിനെ സ്ഥാപിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. * ചില നിവേദനങ്ങളില്‍ വന്നിരിക്കുന്നു: നൂഹ് നബി (അ)യുടെ മേല്‍ ആകാശത്ത് നിന്നും ഒരു യഥാര്‍ത്ഥ ത്രാസ് ഇറക്കപ്പെടുകയും അതില്‍ പൂര്‍ണ്ണമായി തൂക്കുക എന്ന് നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തു. 
* ഗ്രന്ഥം ത്രാസ് എന്നിവയ്ക്ക് ശേഷം മൂന്നാമത്തെ മറ്റൊരു കാര്യവും ഇറക്കപ്പെട്ടതായി ഈ ആയത്തില്‍ പറയുന്നു. അതായത് ഹദീദ് (ഇരുമ്പ്). ഇത് ഇറക്കപ്പെട്ടു എന്നതിന്‍റെ ആശയം ഇത് ഉണ്ടാക്കി എന്നതാണ്. പരിശുദ്ധ ഖുര്‍ആനില്‍ നാല്‍ക്കാലി മൃഗങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇറക്കി എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. (സുമര്‍ 6) അവിടെ അതുകൊണ്ടുള്ള അര്‍ത്ഥം സൃഷ്ടിച്ചു എന്നതാണെന്ന് എല്ലാ പണ്ഡിതരും ഏകോപിച്ചിരിക്കുന്നു. സൃഷ്ടിച്ചു എന്നതിന് പകരം ഇറക്കി എന്ന് പറയാനുള്ള ഒരു പ്രധാന കാരണം ലോകത്ത് ഉണ്ടായതെല്ലാം വളരെ മുമ്പ് തന്നെ ആകാശ ലോകത്ത് ലൗഹുല്‍ മഹ്ഫൂളില്‍ എഴുതപ്പെട്ടിരുന്നു എന്ന് സൂചിപ്പിക്കാനാണ്. (റൂഹുല്‍ മആനി) * ഇരുമ്പ് ഉണ്ടാക്കിത്തന്നതിന് രണ്ട് തത്വങ്ങള്‍ ഈ ആയത്തില്‍ പറയപ്പെട്ടിരിക്കുന്നു. 1. ഇതിലൂടെ ശത്രുക്കള്‍ക്ക് നിര്‍ഭയം ഉണ്ടാകുന്നതാണ്. ധിക്കാരികളെ വിധിവിലക്കുകള്‍ പാലിക്കുന്നവര്‍ ആക്കാന്‍ കഴിയുന്നതാണ്. 2. ഇതില്‍ ജനങ്ങള്‍ക്ക് ധാരാളം പ്രയോജന ഗുണങ്ങള്‍ പടച്ചവന്‍ വെച്ചിരിക്കുന്നു. ലോകത്ത് ഉണ്ടായതും ഉണ്ടാകാനിരിക്കുന്നതുമായ സകല നിര്‍മ്മാണങ്ങളും ഇരുമ്പ് കൊണ്ടുള്ളതാകുന്നു. ഇരുമ്പിന്‍റെ സഹായമില്ലാതെ ഒരു നിര്‍മ്മാണവും നടക്കുന്നതല്ല. 
* രണ്ട് കുറിപ്പുകള്‍: 1. പ്രചാകന്മാരുടെ നിയോഗത്തിന്‍റെയും വേദഗ്രന്ഥങ്ങളുടെ അവതരണത്തിന്‍റെയും ത്രാസ് ഉണ്ടാക്കിത്തന്നതിന്‍റെയും ലക്ഷ്യമായി ഈ ആയത്തില്‍ പറയപ്പെട്ടിരിക്കുന്ന നീതിയുടെ സംസ്ഥാപനമാണ്. മറ്റൊരു വസ്തുവായ ഇരുമ്പ് ഇറക്കാനുണ്ടായ കാരണമൊന്നും പറഞ്ഞിട്ടില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതും നീതിയുടെ പൂര്‍ത്തീകരണത്തിന് വേണ്ടി തന്നെയാണ്. കാരണം നബിമാരും വിശുദ്ധ വേദങ്ങളും നീതിയുടെ സംസ്ഥാപനത്തിന് വേണ്ടി വ്യക്തമായ രേഖകള്‍ വിവരിക്കുകയും അനീതിയുടെ പേരില്‍ ശിക്ഷകൊണ്ട് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ത്രാസ് നീതിയുടെയും അനീതിയുടെയും അളവ് കോലായി ഉപയോഗിക്കപ്പെടുന്നു. എന്നാല്‍ തെളിവുകളും അളവ് കോലുകളും അംഗീകരിക്കാത്ത ചില ആളുകളുണ്ട്. അവനെ സ്വതന്ത്രരായി വിട്ടയച്ചാല്‍ അവര്‍ നീതിയ്ക്ക് വലിയ തടസ്സമായി മാറുന്നതാണ്. അവരെ നിയന്ത്രിക്കാനുള്ളതാണ് ഇരുമ്പുകൊണ്ടുള്ള ആയുധങ്ങള്‍. രാഷ്ട്രീയ നയപരിപാടികളിലൂടെ അവരെ നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോള്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ ആയുധം ഉപയോഗിക്കുന്നതാണ്. 2. അല്ലാഹു ഖുര്‍ആനില്‍ ഇഹലോകത്ത് നീതിയുടെ സംസ്ഥാപനത്തിന് രണ്ട് കാര്യങ്ങള്‍ വളരെ ആവശ്യമാണെന്ന് അറിയിക്കുന്നു. ഗ്രന്ഥവും ത്രാസും. ഗ്രന്ഥത്തിലൂടെ കടമകള്‍ കല്‍പ്പിക്കുകയും പാലിക്കാത്തവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ത്രാസിലൂടെ മറ്റുള്ളവര്‍ക്കുള്ള അവകാശങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നു. ഇവ കൊണ്ടുള്ള ഉദ്ദേശം ജനങ്ങള്‍ക്കിടയില്‍ നീതിയുടെ സംസ്ഥാപനമാണ്. ഇതെല്ലാം കഴിഞ്ഞിട്ടാണ് ഇരുമ്പിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. നീതിയുടെ സംസ്ഥാപനത്തിന് വേണ്ടി ഇരുമ്പ് ഉപയോഗിക്കുന്നത് നിര്‍ബന്ധിത സാഹചര്യത്തില്‍ മാത്രമാണെന്നും ഇരുമ്പ് നീതിയ്ക്ക് വേണ്ടിയുള്ള അടിസ്ഥാനപരമായ മാധ്യമമല്ലെന്നും ഇത് അറിയിക്കുന്നു. അതെ, പടച്ചവന്‍റെ സൃഷ്ടികളെ നന്നാക്കുന്നതും അവര്‍ക്കിടയില്‍ നീതിയും ന്യായവും സ്ഥാപിക്കുന്നതും മാനസിക സംസ്കരണവും പ്രബോധന അദ്ധ്യാപനങ്ങളും കൊണ്ട് മാത്രമാണ്. ഭരണകൂടത്തിന്‍റെ ആയുധ പ്രയോഗവും നിര്‍ബന്ധ ശൈലിയും ഇതിനുള്ള യഥാര്‍ത്ഥ മാര്‍ഗ്ഗമല്ല. മറിച്ച് യഥാര്‍ത്ഥ മാര്‍ഗ്ഗത്തില്‍ നിന്നും തടസ്സം നീക്കാന്‍ നിര്‍ബന്ധിതാവസ്ഥയില്‍ ഉപയോഗിക്കുന്ന മാധ്യമം മാത്രമാണ്. യഥാര്‍ത്ഥ പ്രവര്‍ത്തനം മാനസിക ശിക്ഷണവും പ്രബോധന അദ്ധ്യാപനങ്ങളുമാണ്.
കാണാതെ തന്നെ അല്ലാഹുവിനെയും റസൂലിനെയും സഹായിക്കുന്നത് ആരാണെന്ന് അല്ലാഹു തിരിച്ചറിയാന്‍ കൂടിയാണ് ഇത് ഇറക്കിയത്. അല്ലാഹു ശക്തിയും പ്രതാപവുമുള്ളവനാണ്.(25) അതായത് നാം ഇരുമ്പിനെ ഉണ്ടാക്കിയത് എതിരാളികളെ ഭയപ്പെടുത്താനും ജനങ്ങള്‍ അവരുടെ നിര്‍മ്മാണങ്ങളില്‍ പ്രയോജനപ്പെടുത്താനും ഇരുമ്പുകൊണ്ടുള്ള വസ്തുക്കള്‍ ഉപയോഗിച്ച് അല്ലാഹുവിനെയും റസൂലിനെയും സഹായിക്കുകയും ധര്‍മ്മ സമരം നടത്തുകയും ചെയ്യുന്നത് ആരാണെന്ന് ബാഹ്യമായും നിയമപരമായും അറിയാനും വേണ്ടിയാണ് അല്ലാഹു ഇരുമ്പിനെ ഉണ്ടാക്കിയിരിക്കുന്നത്. ബാഹ്യമായും നിയമപരമായും എന്ന് പറഞ്ഞത് കാര്യങ്ങള്‍ അല്ലാഹുവിന് വ്യക്തിപരമായ നിലയില്‍ മുമ്പ് തന്നെ എല്ലാം അറിയാം എന്നതുകൊണ്ടാണ്. പക്ഷേ, നിയമപരമായ നിലയില്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ അല്ലാഹു കര്‍മ്മ പുസ്തകത്തില്‍ എല്ലാം എഴുതുന്നതാണ്. 

********************************* 


 മആരിഫുല്‍ ഹദീസ് 

 
ഭൗതിക താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി വിജ്ഞാനം പഠിക്കുന്നവരുടെ അന്ത്യം നരകത്തിലായിരിക്കും

 മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

9. അബൂഹുറയ്റ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: അല്ലാഹുവിന്‍റെ തൃപ്തിയെ ലക്ഷ്യം ഇടേണ്ട ദീനീ വിജ്ഞാനത്തെ ആരെങ്കിലും ഭൗതിക സമ്പത്ത് സമ്പാദിക്കുന്നതിന് വേണ്ടി കരസ്ഥമാക്കിയാല്‍ ഖിയാമത്ത് ദിനം സ്വര്‍ഗത്തിന്‍റെ സുഗന്ധത്തില്‍ നിന്നും അവന്‍ തടയപ്പെടുന്നതാണ്. (അഹ്മദ്, അബൂദാവൂദ്, ഇബ്നുമാജ)
10. ഇബ്നു ഉമര്‍ (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും ദീനീ വിജ്ഞാനം പടച്ചവന്‍റെ തൃപ്തിക്ക് വേണ്ടിയല്ലാതെ ഭൗതികമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി കരസ്ഥമാക്കിയാല്‍ അവന്‍ നരകത്തില്‍ അവന്‍റെ വാസസ്ഥലം ഒരുക്കി കൊള്ളട്ടെ! (തിര്‍മിദി)
വിവരണം: അല്ലാഹു ദീനീ വിജ്ഞാനങ്ങള്‍ മഹാന്മാരായ നബിമാരിലൂടെയും അവസാനം അന്ത്യപ്രവാചകന്‍ മുഹമ്മദ് റസൂലുല്ലാഹി (സ) വഴിയായും അന്തിമ ഗ്രന്ഥമായ ഖുര്‍ആനിലൂടെയും അവതരിപ്പിച്ചത് അതിനെ പ്രകാശത്തില്‍ ദാസന്മാര്‍ പടച്ചവന് പൊരുത്തമായ പാതയിലൂടെ സഞ്ചരിച്ച് കാരുണ്യ കേന്ദ്രമായ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരാന്‍ വേണ്ടിയാണ്. ഇത്തരുണത്തില്‍ ഏതെങ്കിലും ഭാഗ്യം കെട്ട വ്യക്തി ഈ വിശുദ്ധ വിജ്ഞാനത്തെ പടച്ചവന്‍റെ പൊരുത്തത്തിനും കാരുണ്യത്തിനും പകരം സ്വന്തം മനോച്ഛകള്‍ പൂര്‍ത്തീകരിക്കാനും ഭൗതിക സമ്പത്ത് സമ്മാനിക്കാനും വേണ്ടി പഠിച്ചാല്‍ അവന്‍ അല്ലാഹു അവതരിപ്പിച്ച ഈ വിശുദ്ധ വിജ്ഞാനത്തോട് വലിയ അക്രമം കാട്ടിയവനാണ്. ഇത്തരം പാപികള്‍ക്ക് വേദനാജനകമായ ശിക്ഷ ലഭിക്കുന്നതാണെന്നും സ്വര്‍ഗ്ഗത്തിന്‍റെ സുഗന്ധം തടയപ്പെടുന്നതാണെന്നും ഈ ഹദീസുകളിലൂടെ റസൂലുല്ലാഹി (സ) മുന്നറിയിപ്പ് നല്‍കുന്നു. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ!

പഠിച്ചതനുസരിച്ച് പ്രവര്‍ത്തിക്കാത്തവരുടെ ഉപമ
11. ജുന്‍ദുബ് (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: ജനങ്ങള്‍ക്ക് നന്മകള്‍ പഠിപ്പിക്കുകയും സ്വന്തം കാര്യം മറന്നു പോവുകയും ചെയ്യുന്ന പണ്ഡിതന്‍ ജനങ്ങള്‍ക്ക് പ്രകാശം നല്‍കുകയും സ്വയം കത്തി തീരുകയും ചെയ്യുന്ന വിളക്ക് പോലെയാണ്. (ത്വബ്റാനി)
12. അബൂഹുറൈറ (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: ഖിയാമത് ദിനം ഏറ്റവും കഠിന ശിക്ഷ നല്‍കപ്പെടുന്നത് പഠിച്ച കാര്യങ്ങള്‍ പ്രയോജനപ്പെട്ടിട്ടില്ലാത്ത പണ്ഡിതനാണ്. അതായത് സ്വന്തം കാര്‍മ്മിക ജീവിതം അറിവിനനുസരിച്ച് ക്രമീകരിക്കാത്ത വ്യക്തിയാണ്. (അബൂദാവൂദ്)
വിവരണം: ചില പാപങ്ങള്‍ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും കടുത്ത പാപവും കഠിന ശിക്ഷക്ക് കാരണമായി കാണുന്ന കാര്യങ്ങളുമാണ്. ഉദാഹരണത്തിന് വ്യഭിചാരം, അന്യായമായ കൊല, ബലാല്‍സംഗം, മോഷണം, കൈക്കൂലി, അനാഥരെയും വിധവകളെയും ദ്രോഹിക്കുക പോലുള്ള അക്രമങ്ങള്‍. എന്നാല്‍ മറ്റു ചില പാപങ്ങള്‍ പൊതുവില്‍ മനുഷ്യന്‍ വലിയ പാപങ്ങളായി കാണാറില്ല. എന്നാല്‍ അവ യഥാര്‍ത്ഥത്തില്‍ വന്‍ പാപങ്ങള്‍ക്ക് തുല്യമായിട്ടോ അതിനേക്കാള്‍ കടുത്ത നിലയിലോ ഗുരുതരമാണ്. ഉദാഹരണത്തിന് നിഷേധവും ബഹുദൈവാരാധനയും വന്‍പാപങ്ങളെക്കാള്‍ വലിയ പാപങ്ങളാണ്. ഇപ്രകാരം പ്രവാചകത്വത്തിന്‍റെ അനന്തര സ്വത്തായ ദീനീ വിജ്ഞാനം ദീനീ വിജ്ഞാനം ഉത്തമ ലക്ഷ്യങ്ങള്‍ക്ക് പകരം ഭൗതിക താല്‍പര്യങ്ങള്‍ക്ക് വേണ്ടി പഠിക്കുന്നതും സമ്പത്ത് സമ്പാദിക്കുന്നതിനുള്ള ജീവിത മാര്‍ഗ്ഗമായി കാണുന്നതും സ്വന്തം ജീവിതത്തെ അതിനനുസരിച്ച് ക്രമീകരിക്കാതിരിക്കുന്നതും പ്രത്യുത അതിനെതിരായി ജീവിക്കുന്നതും ഈ വിഭാഗത്തില്‍ പെട്ടതാണ്. ആദ്യത്തെ വിഭാഗത്തിലെ പാപങ്ങള്‍ സൃഷ്ടികളോടുള്ള അക്രമമായതിനാല്‍ നിഷേധികളും അവയെ പാപമായി കാണാറുണ്ട്. എന്നാല്‍ രണ്ടാമത്തെ വിഭാഗത്തിലെ പാപങ്ങള്‍ പടച്ചവനോടും പ്രവാചകനോടുമുള്ള ധിക്കാരവും വിശുദ്ധ വിജ്ഞാനത്തോടുള്ള അക്രമവുമായതിനാല്‍ അതിന്‍റെ കാഠിന്യത പടച്ചവനോടും പ്രവാചകനോടും വിശുദ്ധ വിജ്ഞാനത്തോടും ആദരവുള്ളവര്‍ക്ക് മാത്രമെ മനസ്സിലാക്കാന്‍ കഴിയൂ. 
തീര്‍ച്ചയായും ദീനീ വിജ്ഞാനത്തെ പടച്ചവന്‍റെ പൊരുത്തത്തിനും പരലോക പ്രതിഫലത്തിനും പകരം ഭൗതിക ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പഠിക്കുന്നതും സമ്പത്ത് സമ്പാദിക്കാനുള്ള മാധ്യമമാക്കുന്നതും അതിനെതിരായി ജീവിക്കുന്നതും നിഷേധവും ബഹുദൈവാരാധനയും കാപട്യവും പോലെ കടുത്ത പാപങ്ങളാണ്. ഇത്തരം പാപങ്ങള്‍ ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തിന്‍റെ സുഗന്ധം പോലും ശ്വസിക്കാന്‍ സാധിക്കുന്നതല്ല. അവര്‍ക്ക് വേദനാജനകമായ നരക ശിക്ഷ ഉണ്ടായിരിക്കുന്നതാണ്. റസൂലുല്ലാഹി (സ)യുടെ ഈ വചനങ്ങളും ഉണര്‍ത്തലുകളും നിരന്തരം മുന്നില്‍ കണ്ടു കൊണ്ടു ജീവിക്കാന്‍ എല്ലാ വിജ്ഞാന വാഹകര്‍ക്കും അല്ലാഹു ഉതവി നല്‍കട്ടെ! 

ഖുര്‍ആനും സുന്നത്തും മുറുകെ പിടിക്കുക.
അന്ത്യപ്രവാചകന്‍ മുഹമ്മുര്‍ റസൂലുല്ലാഹി (സ) ഈ ലോകത്ത് നിന്നും വിട പറഞ്ഞതിന് ശേഷം ഈ ലോകത്ത് സന്മാര്‍ഗ്ഗത്തിന്‍റെ ഉറവിടം റസൂലുല്ലാഹി (സ) കൊണ്ടുവന്ന പരിശുദ്ധ ഖുര്‍ആനും റസൂലുല്ലാഹി (സ)യുടെ സന്ദേശങ്ങളായ സുന്നത്തുമാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ഇതു രണ്ടും റസൂലുല്ലാഹി (സ)യുടെ അനുഗ്രഹീത വ്യക്തിത്വത്തിന്‍റെ സ്ഥാനത്തുള്ളവയാണ്. ഇനി സമുദായത്തിന്‍റെ നന്മയും വിജയവും ബന്ധപ്പെട്ടിരിക്കുന്നത് ഇവയെ പിന്‍പറ്റുന്നതില്‍ മാത്രമാണ്. ഈ കാര്യത്തെ കുറിച്ച് റസൂലുല്ലാഹി (സ) വ്യത്യസ്ത ശൈലികളില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ഉണര്‍ത്തുകയുണ്ടായി. ഒരു ഭാഗത്ത് ഖുര്‍ആനും സുന്നത്തും ശ്രദ്ധയോടെ പഠിക്കാനും പകര്‍ത്താനും പ്രേരിപ്പിച്ചു. മറുഭാഗത്ത് ഇതിന് വിരുദ്ധമായ സര്‍വ്വ കാര്യങ്ങളും പ്രത്യേകിച്ചും അനാചാര അന്ധവിശ്വാസങ്ങള്‍ വര്‍ജ്ജിക്കാനും അവയെ മതമാക്കിയത് കൊണ്ടാണ് ഗതകാല സമുദായങ്ങള്‍ വഴി പിഴച്ചതെന്ന് ഉണര്‍ത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ചില വചനങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നു.


***************************


സയ്യിദ് ഹസനി അക്കാദമി രചന





Ph: 7736723639


പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി



ഞങ്ങളുടെ കേന്ദ്ര സ്ഥാപനം