▪️മുഖലിഖിതം 
സ്മൃതിപഥത്തിൽ പ്രിയ ശൈഖുനാ...✍️ ചുനക്കര ആഷിഖ് ഹുസ്നി

▪️മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുൽ ഹദീദ്-7
അനുയായികളുടെ അവസ്ഥകളും പടച്ചവന്റെ ഉപദേശവും
  ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
                   
▪️മആരിഫുല്‍ ഹദീസ്
കിതാബും സുന്നത്തും മുറുകെ പിടിക്കുക, അനാചാരങ്ങള്‍ വര്‍ജിക്കുക. 
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ഇലാ റഹ്‍മത്തില്ലാഹ്...
അൽഉസ്താദ് ശൈഖുൽ ഹദീസ് 
മൗലാനാ മുഹമ്മദ് ഖാസിം ബാഖവി
അനുസ്മരണ ലേഖനങ്ങള്‍




***********************

ഇലാ റഹ്‍മത്തില്ലാഹ്...
അൽഉസ്താദ് ശൈഖുൽ ഹദീസ് 
മൗലാനാ മുഹമ്മദ് ഖാസിം ബാഖവി

ത്യാഗനിർഭരമായ ജീവിതത്തിന്റെ അന്തിമഘട്ടത്തിൽ എളിയ സ്ഥാപനം ദാറുൽഉലൂം ഓച്ചിറക്ക് താങ്ങും തണലും സ്നേഹവും വാൽസല്യവുമായി നിലകൊണ്ട മർഹൂം നീണ്ട കാലഘട്ടം ഈ സ്ഥാപനത്തിന് പകിട്ടായി കാണുമെന്ന് ഞങ്ങളെല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ അല്ലാഹുവിന്റെ തീരുമാനം എല്ലാത്തിനെക്കാളും ഉത്തമമാണ്. അടിമയ്ക്ക് അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നതിൽ തന്നെയാണ് ഖൈർ. കഴിഞ്ഞ വ്യാഴാഴ്ച ദാറുൽ ഉലൂമിൽ പാഠങ്ങളെടുത്ത് വീട്ടിലേക്ക് തിരിച്ച ശൈഖുൽ ഹദീസ് വെള്ളിയാഴ്ച പുലർച്ചെ പടച്ചവന്റെ സമുന്നതമായ റഹ്മത്തിലേക്ക് യാത്രയായി. വിവരമറിഞ്ഞ ദാറുൽ ഉലൂമിന്റെ മണ്ണും തേങ്ങിക്കരഞ്ഞു. ഉസ്താദുമാരും മുതഅല്ലിംകളും അങ്ങേയറ്റം ദുഃഖത്തോടെ ഖുർആൻ ദിക്റുകളിലായി ജനാസ സംസ്കരണത്തിൽ പങ്കെടുത്തു. ഇൻഷാഅല്ലാഹ് അടുത്ത മാസം 4-ാം തീയതി ദാറുൽ ഉലൂമിൽ ശൈഖുൽ ഹദീസിൻ്റെ അനുസ്മരണം നടക്കുകയാണ്. അതിനോടനുബന്ധിച്ച് സന്ദേശത്തിൻ്റെ ഒരു വിശേഷാൽ പതിപ്പ് പ്രസിദ്ധീകരിക്കാൻ ആഗ്രഹമുണ്ട്. അതിനുമുൻപ് മർഹൂമിനെ സ്നേഹിച്ചവർ, സേവിച്ചവർ, ഏതെങ്കിലും നിലയിൽ ബന്ധമുള്ളവർ അവരുടെ കുറിപ്പുകൾ ആധികാരികമായ നിലയിൽ എഴുതി ഞങ്ങൾക്ക് അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രത്യേകിച്ചും മഹാനവർകളുടെ വാക്കുകളും വരികളും ഉണ്ടെങ്കിൽ അത് വിവരിച്ചു കൊണ്ടുള്ള ലേഖനങ്ങൾ വളരെ അമൂല്യവും ജാരിയായ സ്വദഖയുമായിരിക്കും. ജസാകുമുല്ലാഹ്...

മാന്യ അനുവാചകരിൽ എല്ലാ സഹോദരി സഹോദരന്മാരും ആദരണീയ ഉസ്താദിന്റെ മഗ്ഫിറത്തിനും മർഹമത്തിനും സ്ഥാനങ്ങളുടെ സമുന്നതിക്കും വേണ്ടി ദുആ ഇരക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

*****************************


മുഖലിഖിതം 

സ്മൃതിപഥത്തിൽ പ്രിയ ശൈഖുനാ...
ചുനക്കര ആഷിഖ് ഹുസ്നി 

മണ്ണിലേക്ക് മുഖം പൂഴ്ത്തി നിന്നിരുന്ന മീസാൻ കല്ലുകളിൽ നട്ടുച്ച നേരത്ത് ഒരു കുളിർ തെന്നൽ തഴുകി നിന്നു..

പുതിയ അതിഥിയോ, അവരെ അനുഗമിക്കുന്ന സംഘമോ ഇത്രമേൽ ശ്രേഷ്ഠൻ...
ഹാഫിളീങ്ങൾ, ആലിമീങ്ങൾ, മുതഅല്ലിമീങ്ങൾ.. അങ്ങനെ പടച്ചവന് പ്രിയങ്കരരായ എത്രയെത്ര ആളുകൾ..

കത്തിജ്ജ്വലിച്ച ഉച്ചസൂര്യനെ പോലും വിസ്മയിപ്പിച്ച്  നൈനാരുപള്ളിയുടെ ഖബർസ്ഥാനിൽ കണക്കില്ലാതെ പതിഞ്ഞ കണ്ണുനീർ തുള്ളികൾക്ക്‌ ആ നാട് മുൻപൊരിക്കലും സാക്ഷിയായിട്ടുണ്ടാകില്ല..

ത്യാഗങ്ങളുടെ നൗകതുഴഞ്ഞ് , സർവ്വർക്കും നിറപുഞ്ചിരി സമ്മാനിച്ച, ഒരു മനുഷ്യൻ സമുദായ ഹൃദയത്തിലെ വസന്തമായില്ലങ്കിലല്ലേ അത്ഭുതമുള്ളൂ..

ഈ ജനാസ തന്റെതായിരുന്നെങ്കിലെന്ന് അവിടെ കൂടിനിന്ന ഓരോ ആളുകളും ആഗ്രഹിച്ചിരിന്നിട്ടുണ്ടാകില്ലേ..

അതെ, ആഴമേറിയ ജ്ഞാനം കൊണ്ടും,
തതനുസൃതമായ ജീവിത രീതികൊണ്ടും
ഒരു കാലഘട്ടത്തിന്റെ പരിച്ഛേദമായി
മാറിയ ആ മഹാമനീഷി തന്റെ റബ്ബിലേക്ക് യാത്രയായിരിക്കുന്നു..

തന്റെ അടിമ കൊതിച്ച പോലെ, വെള്ളിയാഴ്ച തഹജ്ജുദിന്റെ സമയം തന്നെ അതിനായി തിരഞ്ഞെടുത്ത്..

തന്റെ അടിമ കൊതിച്ച പോലെ ,
ആർക്കും ഒരു ബാധ്യതയായി കിടക്കാതെ..

തന്റെ അടിമ കൊതിച്ച പോലെ, ഇൽമിന്റെ സേവനത്തിൽ, മുതഅല്ലിമായി മാലാഖച്ചിറകിൽ....
 
സ്നേഹനിധിയായ ഉടമ ആ മടക്ക യാത്രയെ മനോഹരമാക്കിയിരിക്കുന്നു..

ഒരു കവിയുടെ വാക്കുകൾ ഓർക്കുകയാണ്..
"വിളക്ക് കൊളുത്തി വെളിച്ചം വന്നു..
വിളക്ക് കെടുത്തി പക്ഷെ, വെളിച്ചം പോയില്ല"
അതെ ആ നന്മകളുടെ പ്രകാശം ഇന്നും പ്രകാശിക്കുന്നു..
ഇനിയും അത് പരക്കുക തന്നെ ചെയ്യും..

ഈ സാധുവിന്റെ ജീവിതത്തിൽ നേട്ടമെന്ന് പറയാൻ പറ്റുന്ന ഏറ്റവും വലിയ കാര്യമായിരുന്നു പഠന കാലയളവിൽ ഏകദേശം നാല് വർഷത്തോളം ശൈഖുനയുടെ ഖാദിമായി കഴിയാൻ സാധിച്ചത്. 

ദാറുൽ ഉലൂമിന്റെ ജീവനാഡിയായ
ശൈഖുന വഫാത്തായിട്ട് ദിനങ്ങൾ കഴിഞ്ഞു പോയിട്ടും വിടപറയാത്ത വസന്തം പോലെ ആ ഓർമ്മകൾ ഞങ്ങളുടെ മസ്തിഷ്കത്തെ പിടിച്ചു നിർത്തുകയാണ്.. 

അവധി ദിവസം വെളുപ്പിനെ ട്രെയിനിൽ ശൈഖുനയെ യാത്രയാക്കാൻ പോകുമ്പോൾ ഇത് ഇരിക്കട്ടെ എന്ന് പറഞ്ഞ് മടക്കിയ ഒരു നോട്ട് വണ്ടിക്കൂലിക്കായി ഉള്ളം കയ്യിൽ  വെച്ച് തരും..

മിച്ചമുള്ളതിൽ നിന്നല്ല,  അവശ്യക്കാരനായിരിക്കെ..,  
ഇല്ലായിമകളിൽ നിന്ന് 
വല്ലായിമകളെ മറന്നു 
എല്ലാം നൽകിയിരുന്നു ആ ദാന ധർമ്മി..

വല്ലാത്ത സ്നേഹമായിരുന്നു എല്ലാ ശിഷ്യരോടും..
പ്രത്യേകിച്ച് ഞങ്ങളുടെ ബാച്ചിനോട്.. വീട്ടിലെ ഓരോ അംഗങ്ങളുടെയും വിശേഷം തിരക്കും അവർക്കായി ദുആ ചെയ്യും.. മാസത്തിൽ സാധാരണയുള്ള ഫോൺ വിളി വിട്ട് പോയാൽ , തിമിരത്തിന്റെ ബുദ്ധിമുട്ട് വകവെക്കാത്ത കണ്ണുമായി ആ മൃദുല കരങ്ങൾ കോണ്ടാക്റ്റ് ലിസ്റ്റിൽ നമ്മെ തേടി അലയുന്നുണ്ടാകും...

കാശിഫുൽ ഉലൂമിലെ തുടക്കം ബാച്ചുകൾ കഴിഞ്ഞാൽ “മീസാൻ” മുതൽ തുടങ്ങി “സ്വഹീഹുൽ ബുഖാരി” യിൽ പൂർത്തിയാക്കുന്ന ബാച്ച് നിങ്ങളുടെതാണെന്ന് ഞങ്ങളുടെ പ്രത്യേകതയായി പറയും..

ബാച്ചിലെ എല്ലാവർക്കും ദാറുൽ ഉലൂം ദയൂബന്ദിൽ ദാഖില കിട്ടിയെന്ന സന്തോഷം നമ്മുടെ മറ്റ് ഉസ്താദന്മാരെ അറിയിച്ചപ്പോൾ, “എങ്ങനെ കിട്ടാതിരിക്കും.? ഖാസിം ഉസ്താദ് നിങ്ങളിലെ ഓരോ വ്യക്തിയുടെയും പേരെടുത്ത് അത്രമാത്രം ദുആ ചെയ്യുന്നുണ്ടായിരുന്നു” എന്നാണ് മറുപടി ലഭിച്ചത്..

വിജ്ഞാനത്തിന്റെ വിശാല ലോകത്തേക്ക് ഞങ്ങളെ കൈ പിടിച്ചു നടത്തിയ ശൈഖുന 
സ്മൃതി പഥത്തിൽ തെളിഞ്ഞു വരുമ്പോൾ ഇത്തരം അനേകം സവിശേഷതകൾ നമ്മളെ തേടിയെത്തും.

പ്രലോഭനങ്ങൾക്ക് കീഴ്പ്പെടുത്താനാവാത്ത, 
പ്രതിസന്ധികൾക്ക് പിന്മാറ്റാനാവാത്ത,
ശൈഖുനയുടെ ധീര നിലപാടുകൾക്കു മുമ്പിൽ, 
ആദർശത്തിലെ കാർക്കശ്യത്തിനു മുമ്പിൽ, ആർക്കാണ് പിടിച്ചു നിൽക്കാൻ കഴിഞ്ഞിട്ടുള്ളത്.

"വലൗ വഹ്ദീ" നെറികേടിന് എതിരിൽ എന്റെ നാവുകൾ ചലിക്കുമെന്ന് വാർദ്ധക്യത്തിൽ പോലും അവിടുന്ന് പറയുമായിരുന്നു.
അതിനി ഇൽമിന്റെ അഹ്‌ലുകാർക്ക് നേർക്ക് ഉണ്ടായതാണെങ്കിൽ മുഖം ചുവക്കുകയും രോഷം കൂടുകയും ചെയ്യും..

മഖ്ദും തങ്ങളുടെ അദ്കിയായിലെ ബൈത്തുകൾ  ആവേശമായിരുന്ന ശൈഖുനയുടെ പല മറുപടികളും 
ഇദ് ലാ ദലീല അലത്ത്വരീഖി ഇലൽ ഇലാഹ്...,  തഖ് വൽ ഇലാഹി മദാറു കുല്ലി സആദത്തിൻ.., തുടങ്ങിയ വരികളിലൂടെയായിരുന്നു നൽകിയിരുന്നത്.

വാർദ്ധക്യത്തിന്റെ അവശതകളിലും സുന്നത്ത് നോമ്പുകളിലും, സ്വലാത്ത്, ബുർദ, സുന്നത്ത് നമസ്കാരങ്ങൾ തുടങ്ങിയ കാര്യങ്ങളിലും അവിടുന്ന് കാണിച്ച നിഷ്ഠ എത്ര മാതൃകപരമായിരുന്നു.

ഇത്രയേറെ പ്രായവും, അതിലേറെ ശിഷ്യ ഗണങ്ങളും ഉണ്ടായിട്ടും തങ്ങളുടെ ഉസ്താദന്മാരോടുള്ള ആദരവിൽ ശൈഖുന ഒരു വിട്ട് വീഴ്ചയും വരുത്തിയതായി ഞങ്ങൾക്കറിയില്ല..

2015 ൽ ഓച്ചിറയിൽ നടന്ന ഫിഖ്ഹ് അക്കാദമി സെമിനാറിൽ തന്റെ ശൈഖുന മർഹൂം ഈസ മമ്പഈ ഉസ്താദ് അവർകളുടെ ഭക്ഷണ, വിശ്രമ കാര്യങ്ങളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത ശൈഖുന തന്റെ അവശതകളെ മറന്ന് ഉസ്താദിനെ കഴിപ്പിക്കാനും ശുശ്രൂശിക്കാനും കാണിച്ച ആവേശം ഒരിക്കലും മറവിക്ക് വിട്ട് കൊടുക്കാൻ കഴിയുന്നതല്ല.

ഓച്ചിറയിലെ അധ്യാപന കാലയളവിൽ പരസ്പരം നിത്യവും കാണുന്ന ബഹുമാന്യ ശൈഖുന, ചേലക്കുളം അബുൽ ബുഷ്‌റ ഉസ്താദ് യാദൃശ്ചികമായി റൂമിലേക്ക് കയറി വന്നപ്പോൾ ഇരുന്ന കസേരയിൽ നിന്ന് ചാടി എഴുന്നേറ്റ് ഒരു കുട്ടിയെ പോലെ സേവിക്കുകയും റൂമിൽ ഉണ്ടായിരുന്ന സാധനങ്ങൾ കൊണ്ട് സൽക്കരിക്കുയും ചെയ്തതൊക്കെ ഞങ്ങളെ എത്രമാത്രം സ്വാധീനിച്ച സംഭവങ്ങളാണ്.
എന്റെ ശൈഖുനയുടെ (ഈസ ഉസ്താദ് ) ഉസ്താദാണെന്നാണ് ഭവ്യത നിറഞ്ഞ പുഞ്ചിരിയോടെ ഞങ്ങളോട് പറഞ്ഞ വാക്യം...

ദുആ ചെയ്യാൻ പഠിപ്പിച്ച ഉസ്താദന്മാർക്ക്‌ നിങ്ങളുടെ രഹസ്യ, പരസ്യ ദുആകളിൽ ഇടമില്ലെങ്കിൽ ആ ദുആ തന്നെ അപൂർണ്ണമാണെന്ന് ശൈഖുനാ തറപ്പിച്ചു പറയുമായിരുന്നു..

ശൈഖുനയുടെ വഫാത്തതിന്റെ വാർത്തയും, മഹത്വവും കേട്ടപ്പോൾ “കഴിഞ്ഞില്ല... ഇങ്ങനെയുള്ള ഉസ്താദ്മാരെ... ഹയാതിൽ കാണാണെന്ന് ”  വിതുമ്പിയ ഒരുപാട് ദീനീ സ്നേഹികളുണ്ട്.

പ്രിയരേ..

വസന്ത വായുവിലും വസൂരി രോഗാണുക്കളെ തിരയാത്ത..
പൂക്കളെ വിസ്മരിച്ച് വേരുകളിൽ ആനന്ദം കണ്ടെത്താത്ത... മുൻവിധികൾക്ക് കൂച്ചു വിലങ്ങിട്ട് എന്നെ പോലുള്ള ബലഹീനരെ ചേർത്തു നിർത്തിയ..
കടിച്ചു കീറാനുള്ള പല്ലുകൾക്കു
മുമ്പിൽ തന്നെയായിരുന്നു 
പുഞ്ചിരിക്കാനുള്ള
ചുണ്ടുകളുമുണ്ടായിരുന്നതെന്ന് കാണിച്ചു തന്ന..

ആ പണ്ഡിത തേജസ്സിനെ ഒന്ന് അടുത്തറിഞ്ഞിരുന്നുവെങ്കിൽ..

കാലം സാക്ഷി..!!
ചരിത്രം സാക്ഷി..!!

ആ നിഷ്കപട സാമീപ്യത്തിനു മുമ്പിൽ നിങ്ങളുടെ കണ്ണ് നിറയും.

ആ നിസ്തുല സ്നേഹത്തിന് മുൻപിൽ നിങ്ങൾ സ്തബ്ധരാകും.

ആ നിഷ്കളങ്ക ഹൃദയത്തിന് മുൻപിൽ നിങ്ങൾ തോറ്റു പോകും.

പ്രിയ ശൈഖുനാ....

വഴിയില്ലാത്ത, വെളിച്ചമില്ലാത്ത 
വിജന ഭൂമിതാണ്ടി കാശിഫുൽ ഉലൂമെന്ന ധാർമ്മിക ദീപത്തിന് തിലജമായി അങ്ങ് മാറിയതും.. 
അവിടെ അങ്ങ് നിർമ്മിച്ച ഉറവകളും ഉലമാക്കളും മറ്റ് കർമ്മങ്ങളും , 
വാർദ്ധക്യത്തിന്റെ വിറങ്ങലിച്ച ശരീരവുമായി ദാറുൽ ഉലൂമിന്റെ വളർച്ചക്ക് അങ്ങ് സമർപ്പിച്ച സേവനങ്ങളും വാർത്തെടുത്ത വെള്ളപ്പട്ടാളവുമൊക്കെ..
നിലക്കാത്ത മുതൽക്കൂട്ടായി എന്നും അങ്ങക്കുണ്ടല്ലോ..

ചിറകടിച്ചുയർന്നിട്ടുണ്ടല്ലോ..
പാപഭാരമേറി
ഒരുപാട് സ്വലാത്തുകൾ അങ്ങയുടെ അദരങ്ങളിൽ നിന്ന് മദീനയുടെ ഹൃദയത്തിലേക്ക്...

കതകടച്ചു കരയുന്നുണ്ട്
കളങ്കമില്ലാത്ത കുറെ കുഞ്ഞിളം കണ്ണുകൾ ഇന്നും 
അങ്ങക്ക്‌ മഗ്ഫിറത്തിനായി...

മനസ്സ് തകർന്ന് കരയുന്നുണ്ട് 
അങ്ങ് ഇരുന്ന മുസല്ലയും, മസ്ജിദിന്റെ മുൻ സ്വഫും അങ്ങയുടെ വേർപാടിൽ.. 

സുഗന്ധം പരത്തി നടക്കുന്നുണ്ട്
പൊള്ളുന്ന ചൂടിൽ ഉരുകിയൊലിച്ച അങ്ങയുടെ ഉടലിൽ നിന്ന് ഈ പാതയിൽ ഇറ്റു വീണ വിയർപ്പ് തുള്ളികളൊക്കെ...

സാന്ത്വനത്തിന്റെ തെളിനീരായ്, സൽപാന്ഥാവിന്റെ തിരിനാളമായ്, ഒരിക്കലും മരിക്കരുതാത്ത ഓർമ്മകളുടെ ഹൃദയവാതിലിൽ പ്രകാശമായി അങ്ങും അങ്ങയുടെ ഓർമ്മകളും ജ്വലിക്കട്ടെ...

ഉന്നതങ്ങളിൽ ഉന്നതമായ സ്വർഗ്ഗീയ സ്ഥാനങ്ങൾ അങ്ങക്കായി പ്രിയപ്പെട്ട റബ്ബ് സമ്മാനിക്കട്ടെ...

*******************************

മആരിഫുല്‍ ഖുര്‍ആന്‍ 

സൂറത്തുൽ ഹദീദ്-7

(29 ആയത്തുകൾ, പദങ്ങൾ 544, അക്ഷരങ്ങൾ 3476, മദീനമുനവ്വറയിൽ അവതരണം.  4 റുകൂഅ്. അവതരണ ക്രമം 94. പാരായണ ക്രമം 57. സൂറത്തുസിൽസാലിന് ശേഷം അവതരണം)

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം

അനുയായികളുടെ അവസ്ഥകളും പടച്ചവന്‍റെ ഉപദേശവും

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


ആയത്ത് 26-29



നൂഹ് നബിയെയും ഇബ്റാഹിം നബിയെയും നാം അയച്ചു. അവരുടെ സന്താനങ്ങളില്‍ പ്രവാചകത്വവും വേദ ഗ്രന്ഥവും നാം നിലനിര്‍ത്തി. അവരില്‍ സന്മാര്‍ഗ്ഗികള്‍ ഉണ്ട്. അവരില്‍ അധികംപേരും അനുസരണയില്ലാത്തവരാണ്.(26) ശേഷം അവരുടെ പിന്നില്‍ നാം നമ്മുടെ ദുതന്മാരെ തുടരെ അയച്ചു. വിശിഷ്യാ, ഈസാ നബിയെ പിറകെ നാം നിയോഗിച്ചു. അദ്ദേഹത്തിന് നാം ഇഞ്ചീല്‍ നല്‍കി. അദ്ദേഹത്തെ പിന്‍പറ്റുന്നവരുടെ മനസ്സില്‍ കൃപയും കാരുണ്യവും നിക്ഷേപിച്ചു. അവര്‍ പുതുതായി ഉണ്ടാക്കിയ സന്യാസത്തെ അവര്‍ സ്വീകരിച്ചു. അതിനെ അവരുടെ മേല്‍ നാം നിയമമാക്കിയിട്ടില്ലായിരുന്നു. എന്നാല്‍ അല്ലാഹുവിന്‍റെ തൃപ്തിയെ കാംക്ഷിച്ചുകൊണ്ടാണ് അവര്‍ അത് സ്വീകരിച്ചത്. പക്ഷേ, അത് പാലിക്കേണ്ടതുപോലെ അവര്‍ പാലിച്ചില്ല. അവരിലെ വിശ്വാസികള്‍ക്ക് അവരുടെ പ്രതിഫലം നാം നല്‍കുന്നതാണ്. അവരില്‍ അധികംപേരും അനുസരണയില്ലാത്തവരാണ്.(27)

ആശയ സംഗ്രഹം
മനുഷ്യരുടെ പരലോക വിജയത്തിന് വേണ്ടി നൂഹ് നബിയെയും ഇബ്റാഹിം നബിയെയും നാം പ്രവാചകനായി നിയോഗിച്ചു. അവരുടെ സന്താനങ്ങളില്‍ പ്രവാചകത്വവും വേദ ഗ്രന്ഥവും നാം നിലനിര്‍ത്തി. അതായത് അദ്ദേഹത്തിന്‍റെ സന്താനങ്ങളില്‍ ചിലരെ പ്രവാചകന്മാരാക്കുകയും ചിലര്‍ക്ക് ഗ്രന്ഥം നല്‍കുകയും ചെയ്തു. എന്നാല്‍ പ്രവാചകന്മാര്‍ ചെന്നെത്തിയ സമുദായങ്ങളില്‍ ചിലര്‍ സന്മാര്‍ഗ്ഗികളായി. അവരില്‍ അധികംപേരും അനുസരണയില്ലാത്തവരായിരുന്നു. മേല്‍ പറയപ്പെട്ട പ്രവാചകന്മാരില്‍ മൂസാ നബി (അ), നൂഹ് നബി (അ), ഇബ്റാഹീം നബി (അ) മുതലായവരെപ്പോലുള്ളവര്‍ പ്രത്യേക ശരീഅത്തും ഗ്രന്ഥവും നല്‍കപ്പെട്ടവരാണ്. സ്വാലിഹ് നബി (അ), ഹൂദ് നബി (അ)യെപ്പോലുള്ളവര്‍ക്ക് ശരീഅത്ത് നല്‍കപ്പെട്ടുവെങ്കിലും വേദ ഗ്രന്ഥം നല്‍കപ്പെടുകയുണ്ടായില്ല. ശേഷം അവരുടെ പിന്നില്‍ നാം നമ്മുടെ ദുതന്മാരെ തുടരെ അയച്ചു. ഉദാഹരണത്തിന് മൂസാ നബി (അ)യ്ക്ക് ശേഷം പ്രത്യേക ശരീഅത്തോ ഗ്രന്ഥമോ നല്‍കപ്പെടാതെ തൗറാത്തിനെ പ്രബോധനം ചെയ്യുന്നതിന് ധാരാളം നബിമാര്‍ വന്നു. വിശിഷ്യാ, ഈസാ നബിയെ പിറകെ പ്രത്യേക ശരീഅത്തുമായി നാം നിയോഗിച്ചു. അദ്ദേഹത്തിന് നാം ഇഞ്ചീല്‍ നല്‍കി. എന്നാല്‍ അദ്ദേഹത്തിന്‍റെ സമുദായം രണ്ട് വിഭാഗമായി. ഒരുകൂട്ടര്‍ വിശ്വസിച്ച് പിന്‍പറ്റുകയും മറ്റൊരു കൂട്ടര്‍ നിഷേധിക്കുകയും ചെയ്തു. അദ്ദേഹത്തെ പിന്‍പറ്റുന്നവരുടെ മനസ്സില്‍ സമുന്നത പരസ്പര കൃപയും കാരുണ്യവും നിക്ഷേപിച്ചു. അവരോട് വിധിവിലക്കുകള്‍ പാലിക്കണമെന്ന് മാത്രമാണ് നാം കല്‍പ്പിച്ചത്. പക്ഷേ, അവരില്‍ ചിലര്‍ അവര്‍ പുതുതായി ഉണ്ടാക്കിയ സന്യാസത്തെ സ്വീകരിച്ചു. അവര്‍ വിവാഹം കഴിക്കാതിരിക്കുകയും ന്യായമായ സുഖങ്ങളും ബന്ധങ്ങളും ഉപേക്ഷിക്കുകയും ചെയ്തു. ഈസാ നബി (അ)യ്ക്ക് ശേഷം ജനങ്ങള്‍ തിന്മയിലേക്ക് തിരിഞ്ഞപ്പോള്‍ അവരില്‍ ചിലര്‍ സത്യസരണിയില്‍ ഉറച്ച് നിന്ന് പ്രബോധനം ചെയ്തിരുന്നു. അവരുടെ ഈ സമീപനം അക്രമികള്‍ക്ക് അരോചകമായി. അവരെ പാപത്തിലേക്ക് നിര്‍ബന്ധന്ധിക്കണമെന്ന് അക്രമികള്‍ ഭരണാധികാരികളോട് അഭ്യര്‍ത്ഥിച്ചു. ഭരണാധികാരികള്‍ നിര്‍ബന്ധിച്ചപ്പോള്‍ ജനങ്ങളില്‍ നിന്നും അകന്ന് മാറി ജീവിക്കാന്‍ ഞങ്ങളെ അനുവദിക്കണമെന്ന് സത്യവാഹകര്‍ അഭ്യര്‍ത്ഥിച്ചു. ഇങ്ങനെയാണ് അവര്‍ സന്യാസത്തെ തെരഞ്ഞെടുത്തത്. പക്ഷേ, അവര്‍ക്ക് അതിനെ അവരുടെ മേല്‍ നാം നിര്‍ബന്ധമാക്കിയിട്ടില്ലായിരുന്നു. എന്നാല്‍ അല്ലാഹുവിന്‍റെ തൃപ്തിയെ കാംക്ഷിച്ചുകൊണ്ടാണ് അവര്‍ അത് സ്വീകരിച്ചത്. പക്ഷേ, അവരില്‍ ഭൂരിഭാഗവും അത് പാലിക്കേണ്ടതുപോലെ അവര്‍ പാലിച്ചില്ല. അതായത് അവര്‍ പടച്ചവന്‍റെ പൊരുത്തത്തെ കരുതിയാണ് സന്യാസമുണ്ടാക്കിയതെങ്കിലും അവര്‍ അതിനെ യഥാര്‍ത്ഥ നിയമങ്ങളെ പാലിക്കുകയുണ്ടായില്ല. അങ്ങനെ സന്യാസികള്‍ രണ്ട് വിഭാഗമായി. യഥാര്‍ത്ഥ നിമയങ്ങള്‍ പാലിക്കുന്നവരും പാലിക്കാത്തവരും. റസൂലുല്ലാഹി (സ) വന്നപ്പോള്‍ തങ്ങളെ വിശ്വസിക്കണമെന്ന ഒരു നിബന്ധനയും അവരോട് പറയപ്പെട്ടിരുന്നു. ഇതര വിധിവിലക്കുകള്‍ പാലിച്ചവര്‍ ഇതും പാലിച്ചു. നിയമങ്ങള്‍ പാലിക്കാത്തവര്‍ ഇത് പാലിച്ചതുമില്ല.  അവരില്‍ റസൂലുല്ലാഹി (സ)യെ വിശ്വസിച്ചവര്‍ക്ക് അവരുടെ വാഗ്ദത്ത പ്രതിഫലം നാം നല്‍കുന്ന0താണ്. അവരില്‍ അധികംപേരും അനുസരണയില്ലാത്തവരാണ്. അവര്‍ റസൂലുല്ലാഹി (സ)യെ വിശ്വസിച്ചില്ല.

വിവരണവും വ്യാഖ്യാനവും
കഴിഞ്ഞ ആയത്തില്‍ ഭൂമിലോകത്ത് സന്മാര്‍ഗ്ഗം പ്രചരിപ്പിക്കുന്നതിനും നീതി സ്ഥാപിക്കുന്നതിനും നബിമാരെ അയക്കുകയും അവരോടൊപ്പം വിശുദ്ധ വേദവും തുലാസും ഇറക്കുകയും ചെയ്തതിനെക്കുറിച്ച് പൊതുവായ നിലയില്‍ അനുസ്മരിക്കുകയുണ്ടായി. ഈ ആയത്തുകളില്‍ അവരില്‍ പ്രധാനപ്പെട്ട ചില നബിമാരെ അനുസ്മരിച്ചിരിക്കുന്നു. ആദ്യത്തെ വ്യക്തിത്വം നൂഹ് നബി (അ) ആണ്. രണ്ടാം ആദം എന്ന പേരില്‍ അറിയപ്പെടുന്ന മഹാനവര്‍കളുടെ പരമ്പരയിലാണ് മഹാപ്രളയത്തിന് ശേഷം മനുഷ്യരെല്ലാം വന്നിട്ടുള്ളത്. രണ്ടാമത്തെ മഹാപുരുഷന്‍ നബിമാരുടെ പിതാമഹനും സൃഷ്ടികളുടെ മാതൃകാ വ്യക്തിത്വവുമായ ഇബ്റാഹീം നബി (അ) ആണ്. ഇരുവരെയും അനുസ്മരിച്ചുകൊണ്ട് പ്രസ്താവിക്കുന്നു: ശേഷം വന്ന നബിമാരും വേദങ്ങളും ഇവരുടെ പരമ്പരയിലായിരുന്നു. അതായത് ഇബ്റാഹീം നബി (അ) ജനിച്ച നൂഹ് നബി (അ)യുടെ പരമ്പരയിലെ ശാഖയിലാണ്. 
ഈ മഹത്തുക്കളെ പ്രത്യേകം സ്മരിച്ച ശേഷം മുഴുവന്‍ നബിമാരെയും അനുസ്മരിച്ചുകൊണ്ട് പറയുന്നു: ശേഷം അവരുടെ പിന്നില്‍ നാം നമ്മുടെ ദുതന്മാരെ തുടരെ അയച്ചു. വിശിഷ്യാ, ഈസാ നബിയെ പിറകെ നാം നിയോഗിച്ചു. അദ്ദേഹത്തിന് നാം ഇഞ്ചീല്‍ നല്‍കി. അദ്ദേഹത്തെ പിന്‍പറ്റുന്നവരുടെ മനസ്സില്‍ കൃപയും കാരുണ്യവും നിക്ഷേപിച്ചു! ഈ ആയത്തില്‍ പ്രത്യേകമായ നിലയില്‍ ബനൂഇസ്റാഈലിലെ അവസാനത്തെ നബിയായ ഈസാ നബി (അ)യെ അനുസ്മരിക്കുകയും തുടര്‍ന്ന് അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ)യെയും തങ്ങളുടെ ശരീഅത്തിനെയും പരാമര്‍ശിക്കുകയും ചെയ്തിരിക്കുന്നു. കൂട്ടത്തില്‍ ഈസാ നബി (അ)യില്‍ വിശ്വസിച്ച വിശിഷ്ട ശിഷ്യന്മാരെക്കുറിച്ച് പറയുന്നു: അവര്‍ ഈസാ നബി (അ)യെ അല്ലെങ്കില്‍ ഇഞ്ചീലിനെ അനുധാവനം ചെയ്തു. അവരുടെ മനസ്സുകളില്‍ നാം അലിവും കാരുണ്യവും നിക്ഷേപിച്ചു. അവര്‍ പരസ്പരം കരുണ പുലര്‍ത്തുകയും മുഴുവന്‍ സൃഷ്ടികളോടും കാരുണ്യത്തോടെ വര്‍ത്തിക്കുകയും ചെയ്തു. * ഇതില്‍ പറയപ്പെട്ടിരിക്കുന്ന റഅ്ഫത്ത്, റഹ്മത്ത് എന്നീ പദങ്ങള്‍ കാരുണ്യത്തിന്‍റെ തതുല്യമായ അര്‍ത്ഥത്തിലുള്ളതാണ്. ചിലര്‍ പറയുന്നു: റഹ്മത്ത് എന്നാല്‍ കാരുണ്യവും റഅ്ഫത്ത് എന്നാല്‍ കടുത്ത കാരുണ്യവുമാണ്. മറ്റുചിലര്‍ പറയുന്നു: ആരോടെങ്കിലും കാരുണ്യം രണ്ട് പ്രേരണകളിലൂടെയാണ് ഉണ്ടാകുന്നത്. 1. ആരെങ്കിലും ബുദ്ധിമുട്ടുമ്പോള്‍ ബുദ്ധിമുട്ട് ദൂരീകരിക്കാന്‍ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നതിനും ബുദ്ധിമുട്ട് ദൂരീകരിക്കുന്നതിനും റഅ്ഫത്തെന്നും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിച്ച് കൊടുക്കുന്നതിന് പ്രയോജനം ചെയ്യുന്നതിനും റഹ്മത്തെന്നും പറയപ്പെടുന്നു. ബുദ്ധിമുട്ട് ദൂരീകരിക്കുന്നത് എല്ലാ നിലയിലും പ്രധാനപ്പെട്ടതായതിനാല്‍ ഈ രണ്ട് പദങ്ങള്‍ പറയപ്പെടുമ്പോള്‍ സാധാരണ ഗതിയില്‍ റഅ്ഫത്തിനെ മുന്തിക്കുന്നതാണ്. * ഇവിടെ ഈസാ നബി (അ)യുടെ ശിഷ്യന്മാരായ ഹവാരിയ്യുകളെക്കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ കാരുണ്യമുള്ളവരാണെന്ന് പറഞ്ഞിരിക്കുന്നു. എന്നാല്‍ സൂറത്ത് ഫത്ഹില്‍ റസൂലുല്ലാഹി (സ)യുടെ ശിഷ്യരായ സഹാബാ മഹത്തുക്കളെക്കുറിച്ച് പറയപ്പെട്ടപ്പോള്‍ അവര്‍ പരസ്പരം കാരുണ്യമുള്ളവരാണെന്നും നിഷേധികളോട് കടുപ്പമുള്ളവരാണെന്നും വിവരിച്ചിരിക്കുന്നു. കാരണം ഈസാ നബി (അ)യുടെ കാലത്ത് നിഷേധികളുമായിട്ടുള്ള പോരാട്ടത്തിന്‍റെ നിയമങ്ങള്‍ അവതരിച്ചിട്ടില്ലായിരുന്നു. അതുകൊണ്ട് നിഷേധികള്‍ക്കെതിരില്‍ കടുപ്പം കാണിക്കേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല. 
സന്യാസത്തിന്‍റെ വിവരണം: അവര്‍ പുതുതായി ഉണ്ടാക്കിയ സന്യാസത്തെ അവര്‍ സ്വീകരിച്ചു. അതിനെ അവരുടെ മേല്‍ നാം നിയമമാക്കിയിട്ടില്ലായിരുന്നു. എന്നാല്‍ അല്ലാഹുവിന്‍റെ തൃപ്തിയെ കാംക്ഷിച്ചുകൊണ്ടാണ് അവര്‍ അത് സ്വീകരിച്ചത്. പക്ഷേ, അത് പാലിക്കേണ്ടതുപോലെ അവര്‍ പാലിച്ചില്ല. അവരിലെ വിശ്വാസികള്‍ക്ക് അവരുടെ പ്രതിഫലം നാം നല്‍കുന്നതാണ്. അവരില്‍ അധികംപേരും അനുസരണയില്ലാത്തവരാണ്.(27) ഈ ആയത്തിലെ റഹ്ബാനിയത്തിന്‍റെ ആശയം സന്യാസമെന്നാണ്. റാഹിബ്, റഹ്ബാന്‍ എന്നിവയുടെ യഥാര്‍ത്ഥ അര്‍ത്ഥം ഭയക്കുന്നവര്‍ എന്നാണ്. ഈസാ നബി (അ)യ്ക്ക് ശേഷം ബനൂഇസ്റാഈലില്‍ തിന്മകള്‍ വ്യാപകമായി. പ്രത്യേകിച്ചും സമ്പന്നരും അധികാരികളും ഇഞ്ചീലിലെ വിധിവിലക്കുകള്‍ പരിപൂര്‍ണ്ണമായും പരസ്യമായും ഉപേക്ഷിച്ചു. അവരില്‍ ചില പണ്ഡിതരും ഭക്തരുമുണ്ടായിരുന്നു. അവര്‍ തിന്മകളില്‍ നിന്നും ജനങ്ങളെ തടഞ്ഞപ്പോള്‍ അവര്‍ കൊല്ലപ്പെടുകയുണ്ടായി. അവരില്‍ അവശേഷിച്ചവര്‍ ഇനി തിന്മ തടയുന്നത് കൊണ്ട് ഗുണമൊന്നും ഇല്ലെന്നും അക്രമത്തെ പ്രതിരോധിക്കാന്‍ കഴിവില്ലെന്നും മനസ്സിലാക്കി. എന്നാല്‍ അവരുടെ കൂട്ടത്തില്‍ കഴിയുന്നത് കൊണ്ട് തങ്ങളുടെയും മതബോധം താറുമാറാകുമെന്ന് മനസ്സിലാക്കിയതിനാല്‍ അവര്‍ ഭൗതിക കാര്യങ്ങളെല്ലാം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അങ്ങനെ അവര്‍ അനുവദനീയമായ സുഖരസങ്ങളെയും വിശ്രമങ്ങളെയും ഉപേക്ഷിക്കുകയും വിവാഹം കഴിക്കാതിരിക്കുകയും പാര്‍പ്പിട ആഹാര കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ വിദൂരത്തുള്ള പര്‍വ്വതങ്ങളില്‍ പോയി ജീവിക്കുകയോ യാത്രകളില്‍ കഴിച്ച് കൂട്ടുകയോ ചെയ്യും. മത നിയമങ്ങള്‍ സ്വതന്ത്രമായ നിലയില്‍ പാലിക്കുന്നതിനാണ് അവര്‍ ഇപ്രകാരം ചെയ്തത്. അവരുടെ ഈ സമീപനം പടച്ചവനോടുള്ള ഭയത്തിന്‍റെ പേരിലായിരുന്നു. ഇത്തരം ആളുകള്‍ക്ക് റാഹിബ്, റഹ്ബാന്‍ എന്ന് പറയപ്പെടാന്‍ തുടങ്ങി. അവരിലേക്ക് ചേര്‍ത്ത് കൊണ്ട് അവരുടെ ഈ മാര്‍ഗ്ഗത്തെ റഹ്ബാനിയത്ത് (സന്യാസം) എന്ന് വിളിക്കപ്പെടുകയും ചെയ്തു. * അവര്‍ ഇപ്രകാരം ചെയ്തത് അവസ്ഥകളില്‍ നിര്‍ബന്ധിതരായും മതത്തെ സംരക്ഷിക്കാനും വേണ്ടിയായിരുന്നതിനാല്‍ അടിസ്ഥാനപരമായി അത് നിന്ദ്യമായ കാര്യമല്ലായിരുന്നു. എന്നാല്‍ അല്ലാഹുവിന് വേണ്ടി ഒരു കാര്യം അവരുടെ മേല്‍ നിര്‍ബന്ധമാക്കിയ ശേഷം അതില്‍ വീഴ്ച വരുത്തുന്നത് വലിയ പാപമാണ്. അത് നേര്‍ച്ചയും ശപഥവും പോലെയാണ്. അടിസ്ഥാനപരമായി ആ കാര്യം ആരുടെയും മേല്‍ നിര്‍ബന്ധമായിരിക്കുകയില്ല. എന്നാല്‍ ആരെങ്കിലും ഒരു കാര്യം തന്‍റെ മേല്‍ നേര്‍ച്ച നേര്‍ന്നുകൊണ്ട് നിഷിദ്ധമാക്കുകയോ നിര്‍ബന്ധമാക്കുകയോ ചെയ്താല്‍ അത് പാലിക്കേണ്ടത് നിയമപരമായ നിര്‍ബന്ധവും അതിന് എതിര് പ്രവര്‍ത്തിക്കുന്നത് പാപവുമാണ്. കൂടാതെ, അവരില്‍ ചിലര്‍ സന്യാസത്തിന്‍റെ പേര് പറഞ്ഞ് ഭൗതിക വസ്തുക്കള്‍ തേടുകയും സുഖാഢംബരങ്ങളില്‍ കഴിയുകയും ചെയ്തു.  കാരണം ഇത്തരം ആളുകളെ ജനങ്ങള്‍ വളരെയധികം ആദരിക്കുകയും ഉപഹാരങ്ങളും കാണിക്കകളും സമര്‍പ്പിക്കുകയും ജനങ്ങള്‍ അവരിലേക്ക് ഒഴുകുകയും ചെയ്യുകയുണ്ടായി. അങ്ങനെ അവരില്‍ പല മോശത്തരങ്ങളും ഉണ്ടായിത്തീര്‍ന്നു. പരിശുദ്ധ ഖുര്‍ആനിലെ ഈ ആയത്തില്‍ ഇത്തരം ആളുകളെ വിമര്‍ശിച്ചുകൊണ്ട് പറയുന്നു: അവര്‍ ഇപ്രകാരം സുഖ വസ്തുക്കളെ ഉപേക്ഷിച്ചത് അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ്. പടച്ചവന്‍ അത് നിര്‍ബന്ധമാക്കിയിട്ടില്ലായിരുന്നു. അവര്‍ സ്വയം നിര്‍ബന്ധമാക്കിയപ്പോള്‍ അത് നിര്‍ബന്ധമായും അവര്‍ പാലിക്കേണ്ടതുമായിരുന്നു. പക്ഷേ, അവര്‍ അത് പാലിക്കാതെ അതിന് എതിര് പ്രവര്‍ത്തിച്ചു. * അവരുടെ ഈ പ്രവര്‍ത്തനം അടിസ്ഥാനപരമായി തെറ്റല്ലായിരുന്നു എന്നതിന് ഈ ഹദീസ് തെളിവാണ്: ഇബ്നു മസ്ഊദ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ഈസാ നബി (അ)യ്ക്ക് ശേഷം ബനൂഇസ്റാഈല്‍ എഴുപത്തി രണ്ട് വിഭാഗങ്ങളായി വിഭജിക്കപ്പെട്ടു. അതില്‍ മൂന്ന് വിഭാഗം മാത്രം പടച്ചവന്‍റെ ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു. ഈ മൂന്ന് വിഭാഗങ്ങളും ഈസാ നബി (അ)യ്ക്ക് ശേഷം അക്രമികളായ ഭരണാധികാരികളെയും സമ്പത്തും ശേഷിയും കാരണം പാപങ്ങളും ധിക്കാരങ്ങളും കാട്ടിയവരെയും തടയുകയും അവര്‍ക്ക് മുന്നില്‍ സത്യത്തിന്‍റെ ശബ്ദം ഉയര്‍ത്തുകയും ഈസാ നബി (അ)യുടെ മാര്‍ഗ്ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ചെയ്തു. ഇവരില്‍ ഒന്നാം വിഭാഗം ശക്തി ഉപയോഗിച്ച് തന്നെ പോരാടി. പക്ഷേ, അവര്‍ പരാജയപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. രണ്ടാവിഭാഗം, പോരാടിയില്ലെങ്കിലും സത്യത്തിന്‍റെ സന്ദേശം എത്തിച്ച് കൊടുക്കാന്‍ നന്നായി പരിശ്രമിച്ചു. ഇവരും കൊല്ലപ്പെട്ടു. ഈ രണ്ട് കൂട്ടരില്‍ ചിലരെ ഈര്‍ച്ച വാളുകള്‍ കൊണ്ട് അറുക്കപ്പെട്ടു. മറ്റുചിലര്‍ ജീവനോടെ കത്തിക്കപ്പെട്ടു. പക്ഷേ, അവര്‍ പടച്ചവന്‍റെ പൊരുത്തത്തെ കരുതി ഈ നാശനഷ്ടങ്ങള്‍ സഹിക്കുകയും രക്ഷ പ്രാപിക്കുകയും ചെയ്തു. മൂന്നാമത്തെ വിഭാഗം, ഇവര്‍ക്ക് ശേഷം എഴുന്നേറ്റ് നിന്നു. എന്നാല്‍ ഇവര്‍ക്ക് പോരാടാനുള്ള ശേഷിയോ ശത്രുക്കള്‍ക്കിടയില്‍ ജീവിച്ചുകൊണ്ട് മത നിയമങ്ങള്‍ പാലിക്കാനുള്ള കഴിവോ ഇല്ലായിരുന്നു. ഈ കാരണത്താല്‍ അവര്‍ കാടുകളിലേക്കും പര്‍വ്വതങ്ങളിലേക്കും നീങ്ങുകയും സന്യാസം സ്വീകരിക്കുകയും ചെയ്തു. ഇവരെക്കുറിച്ചാണ് ഈ ആയത്തില്‍ അനുസ്മരിച്ചിരിക്കുന്നത്. (ഇബ്നു കസീര്‍) ബനൂഇസ്റാഈലില്‍ നിന്നും ആദ്യമാദ്യം സന്യാസം തെരഞ്ഞെടുക്കുകയും പ്രയാസ പ്രശ്നങ്ങള്‍ സഹിക്കുകയും ചെയ്തവരും രക്ഷ പ്രാപിച്ചവരില്‍ പെട്ടവരാണെന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാകുന്നു. * ആയത്തിന്‍റെ ആശയം ഇതാണ്: സന്യാസത്തിന്‍റെ തുടക്കം ഉന്നത ലക്ഷ്യത്തിലായിരുന്നു. അവര്‍ അനുവദനീയമായ ചില കാര്യങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം വേണ്ടെന്ന് വെച്ചത് മോശമായ കാര്യമായിരുന്നില്ല. എന്നാല്‍ അത് മതപരമായ ഒരു നിയമമായിരുന്നില്ല. അവര്‍ സ്വന്തം ഇഷ്ടപ്രകാരം അവരുടെ മേല്‍ നിര്‍ബന്ധമാക്കിയ കാര്യം മാത്രമായിരുന്നു. എന്നാല്‍ അവരില്‍ ചിലര്‍ ഇതിനോടുള്ള കര്‍ത്തവ്യങ്ങള്‍ പാലിക്കാതിരുന്നത് മുതല്‍ അത് തിന്മയാകാന്‍ തുടങ്ങി. ചിലരാണ് ഈ തിന്മകള്‍ ആരംഭിച്ചതെങ്കിലും കൂടുതല്‍ ഇത്തരം ആളുകളായി മാറി. കൂടുതല്‍ ആളുകളുടെ പ്രവര്‍ത്തനം എല്ലാവരുടെയും പ്രവര്‍ത്തനം പോലെയാണ്. ഇതുകൊണ്ടാണ് ഖുര്‍ആന്‍ അവരെക്കുറിച്ച് അവര്‍ സന്യാസത്തിന്‍റെ കര്‍ത്തവ്യം പാലിച്ചില്ലെന്ന് പൊതുവായ നിലയില്‍ പറഞ്ഞത്. * ഈ ആയത്തിലെ ഇബ്തദഊഹാ എന്ന പദം ബിദ്അത്തില്‍ നിന്നും എടുക്കപ്പെട്ടതാണ്. ഇവിടെ അതുകൊണ്ടുള്ള ഉദ്ദേശം അവര്‍ പുതുതായി ഉണ്ടാക്കിയെന്ന ഭാഷാപരമായ അര്‍ത്ഥമാണ്. എല്ലാ പുത്തന്‍കാര്യങ്ങളും വഴികേടാണെന്ന ശരീഅത്തിന്‍റെ സാങ്കേതിക പദമായ ബിദ്അത്തല്ല. * ഈ ആയത്തിന്‍റെ ശൈലിയില്‍ ശ്രദ്ധിച്ചാല്‍ ഈ കാര്യം വ്യക്തമാകുന്നതാണ്. അല്ലാഹു പറയുന്നു: അവരുടെ മനസ്സില്‍ നാം കൃപയും കാരുണ്യവും സന്യാസവും നിക്ഷേപിച്ചു! അതെ, അവരുടെ കൃപയും കാരുണ്യവും നിന്ദ്യമല്ലാത്തതുപോലെ അവര്‍ തെരഞ്ഞെടുത്ത സന്യാസവും നിന്ദ്യമല്ലായിരുന്നു എന്ന് ഈ ആയത്തിന്‍റെ ശൈലി അറിയിക്കുന്നു. അല്ലെങ്കില്‍ കൃപയെയും കാരുണ്യത്തെയും പറഞ്ഞതുപോലെ പടച്ചവന്‍റെ ഔദാര്യമെന്നോണം ഇതിനെ പറയുകയില്ലായിരുന്നു. ഈ കാരണത്താല്‍ തന്നെ പൊതുവായ നിലയില്‍ സന്യാസം നിന്ദ്യമാണെന്ന് പറഞ്ഞവര്‍ക്ക് ഇവിടെ അനാവശ്യമായ വ്യാഖ്യാനങ്ങള്‍ കൊടുക്കേണ്ടി വരുകയും ഈ പദത്തില്‍ കൃപയും കാരുണ്യവുമായി സന്യാസത്തിന് ബന്ധമില്ലെന്ന് പറയുകയും ചെയ്തു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇപ്രകാരം വ്യാഖ്യാനിക്കേണ്ടതില്ല. കാരണം ഖുര്‍ആനില്‍ അവര്‍ ഇപ്രകാരം പടച്ചുണ്ടാക്കിയതിനെ അല്ലാഹു വിമര്‍ശിച്ചിട്ടില്ല. അവര്‍ തെരഞ്ഞെടുത്ത ശേഷം അതിനോടുള്ള കര്‍ത്തവ്യങ്ങള്‍ പാലിക്കാതിരിക്കുന്നതിനെയാണ് വിമര്‍ശിച്ചിട്ടുള്ളത്. ആകയാല്‍ ഇവിടുത്തെ ഇബ്തിദാഅ് എന്നതുകൊണ്ടുള്ള ഉദ്ദേശം അതിന്‍റെ ഭാഷാര്‍ത്ഥമായ പുതുതായി ഉണ്ടാക്കിയെന്ന് മാത്രമാണ്. ശരീഅത്തിന്‍റെ സാങ്കേതിക പദമായ ബിദ്അത്തല്ല. അതായിരുന്നുവെങ്കില്‍ പടച്ചവന്‍ അതിനെ വിമര്‍ശിക്കുമായിരുന്നു. കാരണം സാങ്കേതിക നിലയിലുള്ള അനാചാരങ്ങള്‍ എല്ലാം വഴികേടാണ്. * കൂടാതെ, ഇബ്നു മസ്ഊദ് (റ)ന്‍റെ ഉപര്യുക്ത ഹദീസില്‍ സന്യാസം സ്വീകരിച്ച സംഘത്തെയും രക്ഷപ്പെട്ട സംഘങ്ങളില്‍ എണ്ണിയിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. അപ്പോള്‍ ഇവിടുത്തെ ബിദ്അത്ത് കൊണ്ടുള്ള ഉദ്ദേശം സാങ്കേതിക നിലയിലുള്ള ബിദ്അത്തായിരുന്നുവെങ്കില്‍ അവര്‍ രക്ഷപ്പെട്ടവരില്‍ പെടുകയില്ലായിരുന്നു. മറിച്ച് വഴികെട്ടവരില്‍ പെടുമായിരുന്നു. 
സന്യാസം നിരുപാധികം നിന്ദ്യമാണോ, അല്ലെങ്കില്‍ അതില്‍ വല്ല വിശദീകരണവും ഉണ്ടോ? യഥാര്‍ത്ഥത്തില്‍ സന്യാസം പല വിഭാഗമാണ്. ഒന്ന്, അനുവദനീയമായ എന്തെങ്കിലും കാര്യത്തെ വിശ്വാസത്തിലോ കര്‍മ്മത്തിലോ നിഷിദ്ധമായി പ്രഖ്യാപിക്കുക. ഇത് മതത്തില്‍ തിരിമറി നടത്തലാണ്. ഈ അര്‍ത്ഥം അനുസരിച്ച് സന്യാസം ഖണ്ഡിതമായും നിഷിദ്ധമാണ്. ഇതിനെക്കുറിച്ചാണ് അല്ലാഹു ഉണര്‍ത്തിയത്: ......(മാഇദ 87) ഈ ആയത്തിലെ നിഷിദ്ധമാക്കരുത് എന്ന പ്രയോഗം തന്നെ ഇത് തടയപ്പെടാനുണ്ടായ കാരണം അല്ലാഹു അനുവദിച്ച കാര്യത്തെ വിശ്വാസത്തിലോ കര്‍മ്മത്തിലോ നിഷിദ്ധമാക്കലാണെന്ന് അറിയിക്കുന്നു. ഇത് പടച്ചവന്‍റെ വിധിവിലക്കുകളില്‍ തിരിമറികള്‍ നടത്തലാണ്. * രണ്ട്, അനുവദനീയമായ കാര്യത്തെ നിഷിദ്ധമാക്കി പ്രഖ്യാപിച്ചില്ലെങ്കില്‍ ഭൗതികമായ അല്ലെങ്കില്‍ മതപരമായ എന്തെങ്കിലും ആവശ്യത്തിന്‍റെ പേരില്‍ അതിനെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുക. ഉദാഹരണത്തിന് രോഗത്തെ ഭയന്ന് അനുവദനീയമായ എന്തെങ്കിലും കാര്യത്തെ സൂക്ഷിക്കുക. കളവ്, പരദൂഷണം മുതലായ പാപങ്ങളെ ഭയന്ന് അനുവദനീയ കാര്യമായ ജനങ്ങളുമായിട്ടുള്ള കൂടിച്ചേരലിനെ ഉപേക്ഷിക്കുക. അല്ലെങ്കില്‍ മാനസികമായ ഏതെങ്കിലും ദുസ്വഭാവത്തെ ദൂരീകരിക്കുന്നതിന് വേണ്ടി അനുവദനീയമായ കാര്യത്തെ ഉപേക്ഷിക്കുക. തസവ്വുഫില്‍ പ്രവേശിക്കുന്നവരോട് ആഹാരവും ഉറക്കവും സംസാരവും പരസ്പര ബന്ധവും കുറയ്ക്കണമെന്ന് ഗുരുനാഥന്മാര്‍ പറയുന്നത് ഇതില്‍ പെട്ടതാണ്. ഇത് മനസ്സിനെ മധ്യമ അവസ്ഥയില്‍ കൊണ്ടുവരാനുള്ള ഒരു ത്യാഗ പരിശ്രമമാണ്. മനസ്സ് നിയന്ത്രണത്തില്‍ ആവുകയും നിഷിദ്ധ കാര്യത്തില്‍ എത്തിച്ചേരാന്‍ സാധ്യത ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ഈ നിയന്ത്രണം നീക്കുന്നതാണ്. ഇതൊന്നും സന്യാസമല്ല, മറിച്ച് ദീന്‍ പഠിപ്പിച്ചതും മുന്‍ഗാമികളായ സഹാബാ താബിഉകല്‍ പ്രവര്‍ത്തിച്ച് കാണിച്ചതുമായ കാര്യവുമാണ്. മൂന്ന്, അനുവദനീയ കാര്യത്തെ നിഷിദ്ധമാക്കിയില്ലെങ്കിലും സുന്നത്തില്‍ സ്ഥിരപ്പെട്ട കാര്യത്തെ കൂടുതല്‍ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് ഉപേക്ഷിക്കുക. ഇതും ഒരുതരം തീവ്രതയാണ്. ധാരാളം ഹദീസുകളില്‍ റസൂലുല്ലാഹി (സ) ഇതില്‍ നിന്നും തടഞ്ഞിട്ടുണ്ട്. ഇസ്ലാമില്‍ സന്യാസമില്ലെന്ന പ്രസിദ്ധ വചനത്തിന്‍റെ ആശയം ഇപ്രകാരം കൂടുതല്‍ മഹത്വവും പ്രതിഫലവും ലഭിക്കുമെന്ന് വിചാരിച്ച് സുന്നത്തായ കാര്യങ്ങളെ ഉപേക്ഷിക്കലാണ്. ബനൂഇസ്റാഈലില്‍ ആദ്യമായി സന്യാസം ആരംഭിച്ചത് മതത്തിന്‍റെ സംരക്ഷണത്തിന് വേണ്ടിയായിരുന്നു. അപ്പോള്‍ അത് രണ്ടാം വിഭാഗമായ ഭയഭക്തിയില്‍ പെട്ടതായിരുന്നു. എന്നാല്‍ മതവിഷയങ്ങളില്‍ കൂടുതല്‍ അവര്‍ തീവ്രത കാണിച്ചിരുന്നതിനാല്‍ അവര്‍ ഒന്നാമത്തെ വിഭാഗമായ ഹലാലുകളെ ഹറാമാക്കുന്നതിലേക്ക് നീങ്ങുകയും വലിയ അപകടത്തില്‍ പെടുകയുമുണ്ടായി. അവര്‍ മൂന്നാമത്തെ വിഭാഗത്തില്‍ പെട്ടാലും അവര്‍ പാപിയായിത്തീരുമായിരുന്നു.

************************

 മആരിഫുല്‍ ഹദീസ് 

 
കിതാബും സുന്നത്തും മുറുകെ പിടിക്കുക, 
അനാചാരങ്ങള്‍ വര്‍ജിക്കുക.

 മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

13. ജാബിര്‍ (റ) നിവേദനം: റസൂലുല്ലാഹി (സ) ഖുതുബയില്‍ അരുളി: ഏറ്റവും നല്ല ഭാഷണം പടച്ചവന്‍റെ ഗ്രന്ഥമാണ്. ഏറ്റവും ഉത്തമ സരണി അല്ലാഹുവിന്‍റെ ദൂതരായ മുഹമ്മദ് നബി (സ) യുടെ സരണിയാണ്. ഏറ്റവും മോശമായ കാര്യം മതത്തില്‍ പുത്തന്‍ കാര്യങ്ങള്‍ ഉണ്ടാക്കലാണ്. എല്ലാ പുത്തന്‍ കാര്യങ്ങളും വഴികേടാണ്. (മുസ്ലിം)
വിവരണം: ജാബിര്‍ (റ)ന്‍റെ ഈ ഹദീസ് സ്വഹീഹ് മുസ്ലിമില്‍ ജുമുഅ ഖുതുബയുടെ അധ്യായത്തില്‍ വിവിധ സനദുകള്‍ വഴിയായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ഈ വചനം ജാബിര്‍ (റ), റസൂലുല്ലാഹി (സ)യില്‍ നിന്നും പല പ്രാവശ്യം കേട്ടിട്ടുണ്ടെന്നാണ് വിവിധ നിവേദനങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. 
റസൂലുല്ലാഹി (സ)യുടെ ഇത്തരം വചനകളെ കുറിച്ച് ജവാമിഉല്‍ കലിം എന്ന് പറയപ്പെടും അതായത് ഇവയുടെ വാചകങ്ങള്‍ ചെറുതും ആശയങ്ങള്‍ വിശാലവുമാണ്. ലോകാവസാനം വരെ സന്മാര്‍ഗ്ഗത്തില്‍ അടിയുറച്ചു നില്‍ക്കാനും സര്‍വ്വവിധ വഴികേടുകളില്‍ നിന്നും സുരക്ഷിതമാകാനും പര്യാപ്തമായ പ്രധാന ഉപദേശങ്ങളാണ് ഇതില്‍ പറയപ്പെട്ടിരിക്കുന്നത്. വിശ്വാസം, കര്‍മ്മം, സ്വഭാവം, വിചാരം മുതലായ കാര്യങ്ങളിലെ നന്മകള്‍ കല്‍പ്പിക്കുകയും തിന്മകള്‍ തടയുകയും ചെയ്യുന്നതിന് തീര്‍ച്ചയായും അല്ലാഹുവിന്‍റെ ഗ്രന്ഥവും പ്രവാചകചര്യയും പരിപൂര്‍ണ്ണമായ നിലയില്‍ മതിയായതാണ്. ഇവ രണ്ടും കൈവിട്ടാല്‍ വഴികേടിന്‍റെ കവാടം തുറക്കപ്പെടുന്നതാണ്. അങ്ങനെ അല്ലാഹുവും ദൂതനും മതമാക്കാത്ത കാര്യങ്ങളെ മതത്തിന്‍റെ നിറം നല്‍കി മതത്തില്‍ തിരുകി കയറ്റുകയും പടച്ചവന്‍റെ സാമീപ്യത്തിന്‍റെയും പരലോക വിജയത്തിന്‍റെയും വഴിയായി ഗണിക്കുകയും ചെയ്യുന്നതാണ്. വിശ്വാസ കര്‍മ്മങ്ങളുടെ കൊള്ളക്കാരനായ പിശാചിന്‍റെ ഏറ്റവും അപകടം പിടിച്ച വലയാണിത് ഗതകാല സമുദായങ്ങളെ പ്രധാനമായും ഈ മാര്‍ഗ്ഗത്തിലൂടെയാണ് പിശാച് വഴി കെടുത്തിയത്. വിവിധ സമുദായങ്ങളില്‍ ബഹുദൈവാരാധനയും ക്രൈസ്തവരില്‍ ത്രിയേകത്വവും പുരോഹിതന്മാരുടെ ദൈവികതയുടെയും മറ്റും വഴികേടുകള്‍ ഇതിലൂടെയാണ് ഉണ്ടായി തീര്‍ന്നത്. ഇത്തരം വഴികേടുകള്‍ മുസ്ലിം സമുദായത്തിനും ഇതേ വഴിയിലൂടെ കടന്നു വരാന്‍ സാധ്യതയുണ്ടെന്ന് റസൂലുല്ലാഹി (സ)ക്ക് മനസ്സിലായിരുന്നു. അതുകൊണ്ട് തന്നെ റസൂലുല്ലാഹി ? ഉപദേശ ഉത്ബോധനങ്ങളില്‍ ധാരാളമായി ഉണര്‍ത്തി: അല്ലാഹുവിന്‍റെ ഗ്രന്ഥവും എന്‍റെ ചര്യയെയും നിങ്ങള്‍ പിന്‍പറ്റുക. സത്യവും സന്മാര്‍ഗവും അത് മാത്രമാണ്. നന്മയും വിജയവും അതില്‍ തന്നെയാണ്. അനാചാര അന്ധവിശ്വാസങ്ങളില്‍ നിന്നും സ്വയം അകന്നു നില്‍ക്കുകയും ദീനിനെ സംരക്ഷിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുക. ബിദ്അത്ത് (അനാചാരം) ബാഹ്യമായി എത്ര സുന്ദരവും സുമോഹരവുമാണെങ്കിലും യഥാര്‍ത്ഥത്തിലത് വഴികേടും നാശകരവുമാണ്. ജാബിര്‍ (റ) പറയുന്നു: റസൂലുല്ലാഹി ? ജുമുഅ ഖുതുബകളില്‍ ഇക്കാര്യത്തിന്‍റെ ഗൗരവം ഉണര്‍ത്താന്‍ വേണ്ടി ഇത് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.

*********************


 ഇലാ റഹ്‍മത്തില്ലാഹ്...


മൗലവി മുഹമ്മദ് ഖാസിം ബാഖവി സ്മരിക്കപ്പെടുമ്പോൾ...
✍️കെ. പി അബ്ദുൽ അസീസ് മൗലവി ബാഖവി, ഈരാറ്റുപേട്ട

പ്രായംകൊണ്ട് എന്നെക്കാൾ ഇളയതും പക്വത കൊണ്ട് എന്നെക്കാൾ മൂത്തതുമായ എന്റെ പ്രിയ സഹോദരൻ!! 1965-70 കാലഘട്ടത്തിൽ ഒന്നിച്ചുള്ള ആ പഠനകാല ജീവിതം കളി തമാശകളും ഇണക്കവും പിണക്കവും പരാതികളും പരിഭവങ്ങളും നിറഞ്ഞുനിന്ന ഒരു ജീവിതയാത്രയായിരുന്നു. അന്നും വ്യതിരിക്തനായി ആരെയും അലോസരപ്പെടുത്താതെ കാണുമ്പോൾ ഒരു പുഞ്ചിരി സമ്മാനിച്ചു കടന്നുപോകുന്ന ആ ജൂനിയർ വിദ്യാർത്ഥി, വിമർശകനും സീനിയറുമായ എന്റെ ഹൃത്തടത്തിൽ അന്നും ഇന്നും എന്നും നിഷ്കളങ്കനും വിനയത്തിന്റെ നിറകുടവുമായിരുന്നു. അന്നൊരിക്കൽ മദ്റസ വാർഷികം നടക്കുന്ന ദിവസം. വാർഷിക ദിവസം വൈകിട്ട് അന്നത്തെ മുത്തവല്ലിയും ദഅവത്തിന്റെ വഴിയിൽ മൗലാനായുടെ വലംകയ്യുമായിരുന്ന പി പരീതുബാവാ ഹാജി വിജയം കരസ്ഥമാക്കിയവർക്കുള്ള സമ്മാനപ്പൊതികളുമായി വന്നു കയറുമ്പോൾ ഞങ്ങളിൽ സന്തോഷവും ഉത്കണ്ഠയും സമ്മിശ്രമായി പ്രതിഫലിച്ചിരുന്നു.

ശൈഖുനായുടെയും മുത്തവല്ലിയുടെയും ഉപദേശങ്ങൾക്കുശേഷം സമ്മാനവിതരണം. തലപ്പാവിനുള്ള പുത്തൻ തുണികൾ ആയിരുന്നു അവ. സമ്മാനം ലഭിച്ച കൂട്ടത്തിൽ എൻറെ പ്രിയ സഹോദരൻ ഖാസിം മുസ്ല്യാരും ഉണ്ടായിരുന്നു. (അന്ന് എല്ലാവരെയും മുസ്ല്യാർ എന്നായിരുന്നു വിളിച്ചിരുന്നത്.) പിറ്റേന്ന് രാവിലെ വീട്ടിൽ പോകാനുള്ള തന്ത്രപ്പാടിലും സന്തോഷത്തിലും ആയിരുന്നു എല്ലാവരും. പക്ഷേ എന്റെ സഹോദരൻ മ്ലാനവദനനായിരുന്നു. കാര്യം അന്വേഷിച്ചവർക്ക് കിട്ടിയ മറുപടി, മൂപ്പർക്ക് കിട്ടിയ സമ്മാനം കാണാനില്ല എന്നായിരുന്നു. അന്വേഷണത്തിനൊടുവിൽ അത് കണ്ടുകിട്ടി. അപ്പോഴും പരാതിയോ പരിഭവമോ അദ്ദേഹം പ്രകടിപ്പിച്ചില്ല. ഈ വിനയവും നിഷ്കളങ്ക ഹൃദയവുമാണ് എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് ദീനി സേവനത്തിന്റെ ഉത്തുംഗ രംഗത്ത് പ്രശോഭിക്കുവാനും അതേ നിലയിൽ 'ഇനി ഞാൻ വിടവാങ്ങട്ടെ' എന്ന് വാക്കില്ലാത്ത വിടപറഞ്ഞ് അല്ലാഹുവിന്റെ റഹ്മത്തിലേക്ക് പടികയറി പോകുവാനുമുള്ള അസുലഭ ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചത്. അല്ലാഹു അദ്ദേഹത്തോടൊപ്പം ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടുവാൻ നമുക്കും തൗഫീഖ് ചെയ്യുമാറാകട്ടെ. ആമീൻ യാ അർഹമർറാഹിമീൻ.
▪️▪️▪️▪️▪️▪️▪️▪️


മുഹമ്മദ് ഖാസിം ഉസ്താദ്  [ന:മ] നൻമയുടെ പൂമരം
✍️അബൂ ഹംദ ഷഹീർ മൗലവി അൽ ഖാസിമി ഈരാറ്റുപേട്ട

പണ്ഡിത കൈരളിക്ക് തീരാനഷ്ടം വരുത്തി കൊണ്ടാണ് തൊടുപുഴ മുഹമ്മദ് ഖാസിം ബാഖവി ഉസ്താദ് മെയ്16 വെള്ളിയാഴ്ച സത്യവിശ്വാസി കൊതിക്കുന്ന മരണം പുൽകിക്കൊണ്ട് നമ്മളോട് വിട പറഞ്ഞത്.ഒരു പണ്ഡിതനിലുണ്ടാകേണ്ട സർവ്വ ഗുണങ്ങളും അദ്ദേഹത്തിൽ സമ്മേളിച്ചിരുന്നു. ജീവിതാന്ത്യം വരെയും സൽഗുണങ്ങളുടെ ഒരു സുമോഹന പാത്രമായിരുന്നു മുഹമ്മദ് ഖാസിം ബാഖവി ഉസ്താദ്.

തൊടുപുഴക്ക് അടുത്തുള്ള പെരുമ്പിള്ളി ചിറയിൽ വളരെ സാധാരണ കുടുംബത്തിൽ ജനിച്ച് വളരെയധികം ത്യാഗം ചെയ്തുo കഷ്ടപ്പാടുകൾ സഹിച്ചുമാണ് ഉസ്താദ് ജീവിച്ചു വളർന്നത്. ആ ജീവിതത്തിന് വഴിത്തിരിവായത് മുജാഹിദേ മില്ല ശൈഖുനാ ഈസാ ഉസ്താദ് അവർകളുടെ കീഴിലുള്ള   കാരിക്കോട് മുനവ്വിറുൽ ഇസ് ലാം ദറസ്സിലെ പഠനകാലയളവ് തന്നെയാണ്. ഈ ത്യാഗങ്ങൾക്കിടയിലും അദ്ദേഹം ദീനിനോട് കാണിച്ച പ്രതിബദ്ധി ആർക്കും സംശയലേശമന്യേ  ഒപ്പിയെടുക്കാവുന്ന മഹാഗുണമാണ്.

ജീവിതത്തിന്റെ തുടക്കം മുതൽ തന്നെ മുദരിസ് ആയിട്ടും ഖത്തീബ് ആയിട്ടും സേവനം ആരംഭിച്ചു. സേവന കാലയളവിൽ പലപ്പോഴും ധാരാളം വിട്ടുവീഴ്ചകൾ അദ്ദേഹത്തിന് ചെയ്യേണ്ടി വന്നിട്ടുണ്ട്. തുടർന്ന് പത്തു വർഷക്കാലത്തോളം പ്രവാസജീവിതം നയിക്കുകയും വീണ്ടും ഈ വഴിത്താരയിലേക്ക് തന്നെ അദ്ദേഹം തിരിച്ചു വരികയും ഉസ്താദിൻ്റെ ശിഷ്യനായ അബ്ദു ശുക്കൂർ ഉസ്താദിന്റെ സ്ഥാപനം ഓച്ചിറ ദാറുൽ ഉലൂമിൽ മുദരിസായി പ്രവേശിക്കുകയും ചെയ്തു.

ഉസ്താദ് തികഞ്ഞ ആലിമായതിനോടൊപ്പം തന്നെ നല്ല ഒരു ആബിദും കൂടിയായിരുന്നു. ആഴ്ചയിലെ തിങ്കൾ വ്യാഴം സുന്നത്ത് നോമ്പുകൾ, മാസത്തിൽ അയ്യാമുൽ ബീളിന്റെ നോമ്പുകളും മുറ തെറ്റാതെ അനുഷ്ഠിച്ചു വന്നിരുന്നു.ജമാഅത്ത് നമസ്കാരങ്ങൾക്ക് നാട്ടിലുള്ളപ്പോഴും സ്ഥാപനത്തിൽ ആയിരിക്കുമ്പോഴും നേരത്തെ എത്തലും റവാത്തിബ് സുന്നത്തുകൾ ഉൾപ്പെടെ പൂർണമായും നിസ്കരിക്കലും ആ ജീവിതത്തിന്റെ പതിവ് കാഴ്ചയായിരുന്നു. തണ്ടൻ കാലിന്റെ മധ്യം വരെ കയറ്റിയുടുത്ത മുണ്ടോടുകൂടി അല്ലാതെ ഖാസിം ഉസ്താദിനെ ആർക്കും ദർശിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല.
കഴിഞ്ഞ റമളാനിൽ പരിശുദ്ധമായ ഹറം ശരീഫിൽ ആണ് അദ്ദേഹം ചിലവഴിച്ചതെങ്കിൽ ഈ റമദാൻ മുഴുവനും മുബാറക്കായ ദീനിൻ്റെ പരിശ്രമവുമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലായി അദ്ദേഹം ചെലവഴിച്ചു. രോഗങ്ങൾ അലട്ടുമ്പോഴും അതൊന്നും വകവെക്കാതെ ശരീരം ദീനിൻ്റെ വേണ്ടി അദ്ദേഹം സമർപ്പിക്കുകയായിരുന്നു ഈ ത്യാഗങ്ങളുടെ എല്ലാം ഇടയിലും. വഫാത്തിന്റെ അന്ന് വരേയും ദറസ്സ് എടുക്കാനുള്ള സൗഭാഗ്യം ഉസ്താദിന്റെ വലിയ അഭിലാഷ പൂർത്തീകരണമായിരുന്നു.

കുടുംബത്തിൽ ആയിരിക്കുമ്പോൾ അങ്ങേയറ്റം സ്നേഹനിധിയായ പിതാവായും ഭർത്താവായും കൊച്ചുമക്കളുടെ പ്രിയപ്പെട്ട വല്യുപ്പയായും അദ്ദേഹം കഴിഞ്ഞുപോന്നു. നാട്ടുകാരുടെ ഇടയിൽ സുസ്മേരവദനനായി വിനയം തുളുമ്പുന്ന ആലിമായിരുന്നു . ഉസ്താദ് താമസിക്കുന്ന പ്രദേശത്ത് മസ്ജിദുൽ അഖ്സ എന്ന പേരിൽ അല്ലാഹുവിൻ്റെ ഒരു ഭവനം പണിയുവാൻ ഈയുള്ളവൻ ഒരു അഭിപ്രായവുമായി ആദ്യമായി മുന്നോട്ട് വന്നപ്പോൾ എന്റെ ഉസ്താദായ ശൈഖുനാ സൈദ് മുഹമ്മദ് ഉസ്താദിനോടൊപ്പം ഖാസിം ഉസ്താദ് മുൻ നിരയിൽ ഉണ്ടായിരുന്നു.[ മസ്ജിദുൽ അഖ്സയുടെ
വൈസ്: പ്രസിഡന്റ് കൂടിയാണ് ഖാസിംഉസ്താദ് ].തൻ്റെ ഭാഗത്തുനിന്നും തനിക്ക് ബന്ധമുള്ള ഭാഗത്തുനിന്നും അദ്ദേഹം വിശാലമായി അതിലേക്ക് സംഭാവനകൾ അർപ്പിച്ചു. എവിടെ പിരിവിന് പോയാലും തൻ്റെ പദവി പോലും നോക്കാതെ അല്ലാഹുവിൻ്റെ പള്ളിക്ക് വേണ്ടി ഓടിവരൽ അദ്ദേഹത്തിൽ നിന്നുമുള്ള പതിവ് കാഴ്ചയായിരുന്നു. ദീനിൻ്റെ വഴിത്താരകളിൽ ഈയുള്ളവൻ ഉൾപ്പെടെയുള്ളവർക്ക് നിർലോഭമായ സ്നേഹവും പ്രോത്സാഹനവും ഖാസിം ഉസ്താദ് കരകവിഞ്ഞൊഴുകുന്ന നദി പോലെ നൽകിക്കൊണ്ടിരുന്നു. ചെറുപ്പക്കാരായ ആലിമീങ്ങളോട് പ്രത്യേകമായ സ്നേഹവും താൽപര്യവും അദ്ദേഹം വെച്ച് പുലർത്തിയിരുന്നു.

 തനിക്ക് ഏറെ വേണ്ടപ്പെട്ടവർക്ക് വേണ്ടി പ്രത്യേകം പേരെടുത്ത് പറഞ്ഞ് കണ്ണീരൊഴുക്കി അദ്ദേഹം തഹജ്ജുദിന് ശേഷംദുആ ചെയ്യുമായിരുന്നു എന്ന് ജീവിത പങ്കാളി സുഹ്ദാ ഹജ്ജുമ്മ പലപ്പോഴും പറയുമായിരുന്നു. ജുമുആ നമസ്കാരങ്ങൾ ഉൾപ്പെടെ നേരത്തെ എത്തുകയും പ്രസംഗം ശ്രദ്ധിച്ച് കേൾക്കുകയും ജുമുആ കഴിഞ്ഞ് പ്രസംഗത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ പറഞ്ഞ് ദുആ ചെയ്യുകയും ചെയ്യുമായിരുന്നു. നാവ് ദിഖ്റിനാൽ നനഞ്ഞതായിരുന്നുഎന്നത് അദ്ദേഹത്തിൻ്റെ പ്രധാനപ്പെട്ട ശീലമായിരുന്നു. തന്റെ ഉസ്താദിനോട് അങ്ങേയറ്റം ആദരവും ബഹുമാനവും കാത്ത് സൂക്ഷിച്ചിരുന്നു. ശൈഖുനായുടെ വഫാത്തിന് ശേഷം ആ ബന്ധത്തിന് ഒരു കുറവും വരാതെ ഉസ്താദിന്റെ വീട്ടുകാരുമായി ആ ബന്ധം നിലനിർത്തി. [ശൈഖുനായുടെ ജീവിത കാലത്ത് ശിഷ്യനായ ഖാസിം ഉസ്താദിന്റെ വക ഒരു ഹദിയ കൃത്യമായി തന്റെ ഉസ്താദിന് എത്തിച്ചിരുന്ന ഖാസിം ഉസ്താദ് ശൈഖുനായുടെ വഫാത്തിന് ശേഷം ശൈഖുനായുടെ ഭാര്യയുടെ അടുക്കൽ ആ ഹദിയ എത്തിക്കുമായിരുന്നു.] ശിഷ്യൻമാർ തനിക്ക് നൽകുന്ന ഹദിയ കൾ സ്വാലിഹീങ്ങളെ കണ്ടെത്തി അവർക്ക് നൽകുകയും തന്നവർക്ക് വേണ്ടി ദുആചെയ്യിപ്പിക്കുകയും ചെയ്യുമായിരുന്നു.ജീവിച്ചിരിക്കുന്ന മഹത്തുക്കളുമായി വലിയ ബന്ധം ഉസ്താദ് കാത്തുസൂക്ഷിച്ചിരുന്നു.ഇങ്ങനെ എണ്ണി നോക്കിയാൽ ഒരു പുരുഷായുസ്സ് കൊണ്ട് സമ്മേളിക്കേണ്ട ധാരാളം സൽഗുണങ്ങളുടെ ഒരു മനുഷ്യരൂപത്തിന് ഖാസിം ഉസ്താദ് എന്ന് നമുക്ക് പേരിട്ടു വിളിക്കാം. നമ്മുടെ ഇടയിൽ ജീവിച്ച നൻമയുടെ പൂമരമായിരുന്നു മഹാനവറുകൾ ഇനി അദ്ദേഹം നമ്മളോടൊപ്പമില്ല. ഖാസിംഉസ്താദ് കാണിച്ച് തന്ന നല്ല ഗുണങ്ങൾ നമ്മളുടെ ഇടയിൽ ഉണ്ട് .ആ സത്ഗുണങ്ങൾ നാം നമ്മുടെ ജീവിതത്തിൽ പകർത്തുക..ആ ദുഃഖ സാന്ദ്രമായ വെള്ളിയാഴ്ച ദിവസം ആലിമീങ്ങളുടെയും മുതഅല്ലിമീങ്ങളുടെയും വിശ്വാസികളുടേയുംസജലങ്ങളായ കണ്ണുനീരോടു കൂടിയ ദുആയോടുകൂടി അദ്ദേഹം മറ്റൊരു ലോകത്തിലേക്ക് എത്തിപ്പെട്ടു. പടച്ചവൻ സ്വീകരിക്കട്ടെ .സ്വർഗ്ഗത്തിൽ ഒരുമിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകുമാറാകട്ടെ.ആമീൻ
▪️▪️▪️▪️▪️▪️▪️▪️


ശാന്തരിൽ ധീരൻ

✍️അബൂ അജ് വ ഡോ:ഷഹനാസ് ഖാസിമി, തൊടുപുഴ 
(ജനറൽ സെക്രട്ടറി അസാസുദ്ദഅ് വത്തിൽ ഇസ്‌ലാമിയ്യ, ചേലക്കുളം)


വളരെ അപ്രതീക്ഷിതമായ ഞെട്ടൽ ഉണ്ടാക്കിയ വാർത്തയോട് കൂടിയാണ് കഴിഞ്ഞ വെള്ളിയാഴ്ച പ്രഭാതത്തിൽ ഉറക്കമുണരുന്നത്.ബഹുമാന്യനും നാട്ടുകാരനുമായ മുഹമ്മദ് ഖാസിം ബാഖവി ഉസ്താദ് അവർകളുടെ വിയോഗ വാർത്തയായിരുന്നു അത്.

ഉസ്താദിനെ ആദ്യമായി കാണുന്നത് ഉസ്താദ് പ്രവാസ ജീവിതത്തിൽ ആയിരിക്കുന്ന കാലഘട്ടത്തിൽ നാട്ടിൽ വരുന്ന സമയത്താണ്. ലീവിന് വരുന്ന ദിവസങ്ങളിൽ വെള്ളിയാഴ്ച ദിവസം ക്രീം കളർ ജുബ്ബയും നല്ല വെളുത്ത പോളിസ്റ്റർ മുണ്ടും പൂ വെച്ചുള്ള മനോഹരമായ തലപ്പാവും കെട്ടി ജുമുഅ കൂടുവാൻ വേണ്ടി കാരിക്കോട് നൈനാരു പള്ളിയിൽ ഒരു കുടയും പിടിച്ചുകൊണ്ടുള്ള ഉസ്താദിൻ്റെ വരവ് വളരെ മനോഹരമായിരുന്നു. ഉസ്താദ് ആരാണെന്ന് അറിയില്ല എങ്കിലും ആ വരവ് കണ്ടു ആ മുഖത്തോട്ട് തന്നെ നോക്കി നിന്നിട്ടുണ്ട്. പിന്നീടാണ് ഇത് പ്രിയ സുഹൃത്ത് ഷിബിലി മൗലവിയുടെ പിതാവാണെന്നും ധാരാളം ഉസ്താദുമാരുടെ ആദരണീയനായ ഗുരുനാഥൻ ആണെന്നും ഒക്കെ തിരിച്ചറിയുന്നത്. ഉസ്താദിനെ കണ്ട നാൾ മുതൽ ചിരിച്ച മുഖമല്ലാതെ മറ്റൊന്ന് കണ്ടിട്ടില്ല.നാട്ടുകാരുടെ ഇടയിൽ വലിയ അറിയപ്പെട്ട വ്യക്തി ഒന്നുമായിരുന്നില്ലെങ്കിലും എല്ലാവരോടും വളരെ സ്നേഹത്തോടെയും സൗഹാർദ്ദത്തോടും കൂടിയാണ് മുഹമ്മദ് ഖാസിം ഉസ്താദ് ഇടപെട്ടിരുന്നത്. എപ്പോൾ കണ്ടാലും വിശേഷങ്ങൾ തിരക്കാതെ അദ്ദേഹം പോകുമായിരുന്നില്ല. വളരെ സാധുവായിട്ട് അദ്ദേഹം തന്റെ ജീവിതം നയിച്ചു. വളരെ സാധാരണക്കാരനായ വസ്ത്രം ധരിച്ചു കൊണ്ടായിരുന്നു അദ്ദേഹം നടന്നിരുന്നത്. അദ്ദേഹത്തിന് മുന്തിയ ഇനത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുവാനും മറ്റു സൗകര്യങ്ങൾ ഒക്കെയും പ്രാപ്തമായിട്ടും അതൊക്കെ ഉപേക്ഷിച്ച് യഥാർത്ഥ ഒരു സാഹിദിന്റെ ജീവിതമാണ് നമുക്ക് കാണുവാൻ കഴിയുന്നത്. ഉസ്താദ് നാട്ടിലായിരിക്കുന്ന അവസരങ്ങളിൽ വളരെ നേരത്തെ തന്നെ ജുമുആ നമസ്കാരങ്ങൾക്ക് വരുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.

ഒരിക്കലും ആരോടും കലഹിക്കാത്ത സ്വഭാവമായിരുന്നു ഉസ്താദിന്റേത്. എന്നാൽ ഏതെങ്കിലും അസന്മാർഗിക പ്രവർത്തനങ്ങൾ കണ്ടാൽ മുഖം നോക്കാതെ വർത്തമാനവും പറയുമായിരുന്നു. ദീനിന്റെ വിഷയം പറയുന്നതിൽ ആരോടും അദ്ദേഹം മുഖം നോക്കുമായിരുന്നില്ല. യഥാർത്ഥത്തിൽ അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു അൻഹുവിന്റെ ഒരു വാക്കാണ് ഇവിടെ ഓർമ്മ വരുന്നത്. ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ ദീനിന് ഒരു കുറവോ ? എന്ന തരത്തിലായിരുന്നു ബഹുമാന്യനായ ഉസ്താദിൻ്റെ ജീവിതം. ആരോടും കലഹിക്കുകയില്ലെങ്കിലുംദീനിന്റെ വിഷയത്തിൽ ആരോടും എന്തും അദ്ദേഹം പറയുമായിരുന്നു. അദ്ദേഹത്തിൻ്റെ ഗുരുനാഥനായ മുജാഹിദേ മില്ല ശൈഖുനാ ഈസാ ഉസ്താദിൻ്റെ സ്വഭാവവും കൂടി ആയിരുന്നല്ലോ ഇത്.എന്നാൽ ആദരിക്കേണ്ടവരെ ആദരിക്കുവാൻ ആ മനസ്സ് അല്പം പോലും മടി കാണിച്ചില്ല. ഖാസിം ഉസ്താദിൻ്റെ ഗുരുനാഥൻ ഈസ ഉസ്താദിൻ്റെ ഉസ്താദ് ആയ ശൈഖുനാ സൈനുൽ ഉലമാ ചേലക്കുളം അബുൽ ബുഷ്റ ഉസ്താദുമായി ഒരുമിച്ച് ജോലി ചെയ്യുമ്പോൾ അദ്ദേഹം ഒരു കൊച്ചു കുട്ടിയെ പോലെ മഹാനുഭാവന് ഖിദ്മത്ത് ചെയ്യുന്ന കാഴ്ചകൾ ആ ആദരവിന്റെ മഹാ മനസ്സ് നമ്മെ പഠിപ്പിക്കുകയാണ്.

 പുകഴ്ത്തലുകളിൽ പൊതിഞ്ഞ പട്ടുകൾ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല .തന്നെ ആരെങ്കിലും പുകഴ്ത്തുന്നത്, വാഴ്ത്തുന്നത് അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടാൽ അതെല്ലാം വളരെ നിസ്സാരമായി അദ്ദേഹം തള്ളിക്കളയുമായിരുന്നു. ചില ആളുകളുടെ ഒരു സ്വഭാവമായിരുന്നല്ലോ പലരുടെയും പ്രീതിക്കുവേണ്ടി അവരെ സുഖിപ്പിക്കലും പുകഴ്ത്തലും. ഇത്തരം പുകഴ്ത്തലുകളും സുഖിപ്പിക്കലുകളും വളരെ പെട്ടെന്ന് ഖാസിം ഉസ്താദിന് മനസ്സിലാകുമായിരുന്നു. എത്ര അടുത്ത ആളുകൾ ആണെങ്കിലും എത്ര സ്നേഹം അവരോട് ഉള്ളതാണെങ്കിലും അത്തരം അവരുടെ പ്രവർത്തികൾ തീരെ വില കൊടുക്കാത്ത രൂപത്തിൽ അദ്ദേഹം അതിനെ നിസ്സാരവൽക്കരിക്കുമായിരുന്നു. ഇത് അദ്ദേഹത്തിൻ്റെ ജീവിതത്തിൽ നിന്ന് നാം ഓരോരുത്തരും പഠിക്കേണ്ട വലിയൊരു പാഠമാണ്.

ഉസ്താദ് നടത്തുന്ന നസീഹത്തുകളിൽ എപ്പോഴും പറയുന്ന ഒരു ചരിത്രമാണ് മത്സ്യ കച്ചവടക്കാരനായ അറിയപ്പെടാത്ത ഒരു വലിയുടെ ചരിത്രം. യഥാർത്ഥത്തിൽ ഉസ്താദിൻ്റെ ജീവിതവും ആ സംഭവവും തമ്മിൽ വലിയ ബന്ധമുണ്ട്. അദ്ദേഹം ആരാലും അറിയപ്പെടാതെ എന്നാൽ പടച്ചവനോട് അങ്ങേയറ്റത്തെ തഖ്വായോട് കൂടി ജീവിച്ച മനുഷ്യനാണ്. തന്റെ ദുനിയാവിന്റെ മുഴുവൻ ഇടപാടുകളും അദ്ദേഹം നേരത്തെ തന്നെ ചെയ്തുവച്ചു.ആഖിറം മാത്രമായിരുന്നു പിന്നീട് അദ്ദേഹം ലക്ഷ്യമാക്കിയത്.വിശാലമായ പ്രഗൽഭരായ ശിഷ്യ സമ്പത്തുള്ളപ്പോഴും ഒരിക്കൽപോലും അവരുടെ പേര് പറഞ്ഞുകൊണ്ട് പ്രശസ്തി എടുക്കുവാനോ ഞാൻ അവരുടെ ഉസ്താദ് ആണെന്ന് പറഞ്ഞുകൊണ്ട് ആളാകുവാനോ അദ്ദേഹം നിൽക്കുമായിരുന്നില്ല.ശിഷ്യന്മാർ തൻ്റെ മുകളിലുള്ള സ്ഥാനങ്ങൾ അലങ്കരിക്കുമ്പോഴും അവരോട് സാധാരണ ഒരു ഉസ്താദായി തന്നെയാണ് അദ്ദേഹം വർത്തിച്ചത്. ഒരിക്കലും അവരുടെ ഗുരുനാഥൻ ആണെന്ന അധികാരം അദ്ദേഹം ഉപയോഗിക്കാൻ തയ്യാറായില്ല.

തൻ്റെ ശിഷ്യന്മാർ നൽകുന്ന ഹദിയകൾ പോലും സാധുക്കൾക്കായിട്ട് അദ്ദേഹം മാറ്റിവക്കുമായിരുന്നു. ദുനിയാവിന്റെ ഒന്നും അദ്ദേഹത്തെ ഭരിച്ചില്ല. എന്നാൽ അല്ലാഹു അദ്ദേഹത്തിന് ആവശ്യമായ ദുനിയാവ് നൽകുകയും ചെയ്തു. എല്ലാ വർഷങ്ങളിലും തൻ്റെ ഗുരുനാഥനായ ഈസാ ഉസ്താദിന് ഒരു ഹദിയ അദ്ദേഹം നൽകുമായിരുന്നു. ഗുരുനാഥന്റെ വഫാത്തിന് ശേഷം മരണം വരെയും അദ്ദേഹത്തിൻ്റെ സഹധർമണിക്കായി ത്ത ഹദ് യ നൽകുവാൻ തയ്യാറായത് തന്റെ ഗുരുനാഥനോടും കുടുംബത്തോടും ഉള്ള അങ്ങേയറ്റത്ത് ബന്ധവും കടപ്പാടും  നമ്മെ പഠിപ്പിക്കുകയും സൂചിപ്പിക്കുകയാണ്.

ദീനിന് വേണ്ടി ഓടി നടക്കുവാൻ ആ ശരീരം ആഗ്രഹിച്ചു. തന്റെ ശരീരത്തെ ദീനിന്റെ മാർഗത്തിൽ ആയി ചെലവഴിക്കാനും അദ്ദേഹം കൊതിച്ചു. അദ്ദേഹത്തിൻ്റെ ആഗ്രഹവും ദുആയും പോലെ ദീനിന്റെ മാർഗ്ഗത്തിലായി തന്നെ അവസാനം വരെ കഴിഞ്ഞുകൂടുവാനും സജ്ജനങ്ങളുടെ റൂഹുകൾ പാറിപ്പറക്കുന്ന സുവർണ്ണ സ്വർഗ്ഗത്തിലേക്ക് പോകുവാനും അദ്ദേഹത്തിന് സാധിച്ചു എന്ന് ആ മരണം  നമ്മളോട് പറയാതെ പറയുന്നുണ്ട്.

അവസാനം വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ധാരാളം സ്വാലിഹീങ്ങളും മഹത്തുക്കളും അന്തിയുറങ്ങുന്ന ആയിരങ്ങളും പതിനായിരങ്ങളും പലർക്കും വേണ്ടി ജനാസ നമസ്കരിക്കുവാൻ ഒരുമിച്ചു കൂടിയിട്ടുള്ള ഒരു പുരാതന പള്ളിയുടെ മുറ്റത്ത്  അദ്ദേഹത്തിൻ്റെ മയ്യിത്ത് നമസ്കരിപ്പിക്കുകയും നൂറ്റാണ്ടുകളുടെ പഴക്കമുള്ള സ്വാലിഹീങ്ങളുടെ സ്വാധീനമുള്ള മണ്ണിലേക്ക് ഇറക്കി വക്കുകയും ചെയ്തപ്പോൾ ആ പ്രകൃതിയും കാറ്റും ഇലകളും വിളിച്ചുപറയുന്നുണ്ട് ശാന്തിയടഞ്ഞ ആത്മാവേ റബ്ബിന്റെ തൃപ്തിയിലായി നിത്യതയിലേക്ക് മടങ്ങിക്കൊള്ളുക.

▪️▪️▪️▪️▪️▪️▪️▪️


ഒന്നാം സഫ്ഫിലെ പ്രിയ ഗുരു

✍️ഫർഹാൻ ഹുസ്നി, ചന്ദനത്തോപ്പ്

ഹിഫ്ളിൽ പഠിക്കുന്ന കാലം. ബഹുമാനപ്പെട്ട ഖാസിം ഉസ്‌താദും നൂഹ് ഉസ്‌താദും അടങ്ങുന്ന  സംഘം മദ്റസയുടെ ആവശ്യാനുസരണം  നാട്ടിൽ വരാനിടയായി. എൻ്റെ പ്രിയപ്പെട്ട പിതാവിൻ്റെ ഭക്ഷണസൽക്കാരം മുതലാണ്  ഞങ്ങളുടെ ബന്ധം തുടങ്ങുന്നത്. അന്ന് മുതൽ വാപ്പയും ഖാസിം ഉസ്‌താദും വലിയ അടുപ്പത്തിലായി. ഉസ്‌താദിന് എൻ്റെ പേര് പഠിക്കുന്നതിന് വേണ്ടി എപ്പോ കണ്ടാലും സലാം പറയണമെന്ന് പറഞ്ഞു. ആ ഒരു സലാം പറയലും, തിരിച്ച് 'ഫർഹാനല്ലേ' എന്ന സ്ഥിരം ചോദ്യവുമെല്ലാം ഉസ്‌താദുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ സഹായകമായി. പ്രിയ ഉസ്‌താദിൻ്റെ വിയോഗ വേളയിൽ ആദ്യമായി എൻ്റെ മനസ്സിലേക്ക് വന്നതും ഈ ഒരു കാര്യമാണ്.

ഒന്നാം സഫ്ഫിൻ്റെ വലതു വശത്തെ വിടവ്  നികത്താൻ പ്രിയ ഗുരു ഇനിയില്ല. പകർന്ന് നല്‌കിയ വിജ്ഞാനങ്ങളും വിലപ്പെട്ട ഉപദേശങ്ങളും എന്നെന്നും ബാക്കിയാക്കി അല്ലാഹുവിൻ്റെ റഹ്മത്തിലേക്ക് യാത്രയായി. 

ഉപദേശങ്ങളിലെ സ്ഥിരം ഉപദേശമായിരുന്നു തഖ്‌വ ജീവിതത്തിൽ മുറുകെ പിടിക്കുക എന്നത്. വെറും വാക്ക് കൊണ്ട് മാത്രമായിരുന്നില്ല, മറിച്ച് ജീവിച്ച് കാണിച്ച മഹാനായിരുന്നു പ്രിയ ഖാസിം ഉസ്‌താദ് അവറുകൾ.
▪️▪️▪️▪️▪️▪️▪️▪️


പ്രിയപ്പെട്ട ശൈഖുനാ...

✍️ഖലീലുർറഹ്മാൻ ഹുസ്നി, ചന്ദനത്തോപ്പ്

ത്യാഗനിർഭരമായ ജീവിതശൈലിയിൽ  ഇൽമിന്റെ പാഠങ്ങൾ പഠിച്ച്, ആത്മീയതയുടെ ലോകത്ത് ആയിരക്കണക്കിന് പണ്ഡിത കേസരികൾക്ക് ജന്മം നൽകിയ, തഖ്‌വയും ലാളിത്യവും എന്തെന്ന് ജീവിതം കൊണ്ട് കാണിച്ചു തന്ന, ദീനിന് വേണ്ടി ജീവിതത്തെ മാറ്റിവെച്ച നമ്മുടെ പ്രിയ ശൈഖുനാ...

    ഞെട്ടലോടെയാണ് മരണവാർത്ത കേട്ടത്, മനസ്സിൽ വല്ലാത്ത വിങ്ങലായിരുന്നു , കൂടാതെ അവിടെ എത്താൻ പറ്റാത്തതിൻ്റെ ദുഃഖവും.

    ആയുസ്സ് മുഴുവൻ സമൂഹത്തിന് മാതൃകയായി ജീവിച്ച ഒരു മഹാ വ്യക്തിത്വം, കാണുമ്പോൾ മോനെ എന്നൊരു  വിളിയുണ്ട് ,വിശേഷങ്ങൾ അന്വേഷിക്കും സുഖ വിവരങ്ങൾ ചോദിക്കും, എല്ലാവരോടും കറകളഞ്ഞ ആത്മാർത്ഥമായ സ്നേഹം, തെറ്റ് കണ്ടാൽ തിരുത്തും, നല്ലത് കണ്ടാൽ പ്രോത്സാഹിപ്പിക്കും, അതായിരുന്നു ഉസ്താദിൻറെ ശൈലി.

     വിനീതൻ മദ്റസയിൽ ഇമാമത്ത് നിൽക്കുമ്പോൾ നല്ല നിലയിൽ ഓതുന്നുണ്ട് ഖിറാഅത്ത്  പഠിക്കണം  എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിക്കുമായിരുന്നു.  

    ഒരു വെള്ളിയാഴ്ച ഞങ്ങൾ രണ്ടുപേർ ചേർന്നു ഉസ്താദിൻറെ റൂം വൃത്തിയാക്കി, ജുമാ  കഴിഞ്ഞു വെളിയിൽ ഇട്ടിരുന്ന സാധനങ്ങൾ അകത്തേക്ക് ഇടാനായി ഞങ്ങൾ ചെന്നു, അപ്പോൾ ഉസ്താദ് റൂമിലേക്ക്  വന്നു, ഒരു 100 രൂപ ഞങ്ങളിലേക്ക് നീട്ടി , എന്നിട്ട് പറഞ്ഞു: എനിക്കിപ്പോൾ ഒരാൾ ഹദീയ തന്നതാണ് , ഞങ്ങൾ നിരസിച്ചപ്പോൾ വളരെ നിർബന്ധിച്ച് കയ്യിൽ വച്ച് തന്നു.  
    
    ഒരിക്കൽ ക്ലാസ്സിൽ ഉസ്താദിൻ്റെ  പഠനകാലത്തെ കുറിച്ച് പറഞ്ഞു തന്നു: കഴിയ്ക്കാൻ ഭക്ഷണം ഇല്ല, ഉടുക്കാൻ വസ്ത്രമില്ല, വിശപ്പിന്റെ പേരിൽ  എൻ്റെ ഉസ്താദ് കഴിച്ച മീനിന്റെ മുള്ള് ന തിന്നിട്ടുണ്ട് , ചിലപ്പോൾ കഞ്ഞി ലഭിക്കും പക്ഷേ അതിൽ ചോർ ഉണ്ടാകില്ല, കൈയിട്ടു നോക്കിയാൽ കൈയ്യിൽ എണ്ണാവുന്ന അരികൾ മാത്രമേ അതിൽ കാണു.

    ഇങ്ങനെ കഷ്ട്ടപ്പാടിൻ്റെ ധാരാളം അനുഭവങ്ങൾ പങ്കുവെച്ചു,  കേട്ടിരുന്നപ്പോൾ കണ്ണ് നിറഞ്ഞുപോയി. എന്നിട്ട് പറഞ്ഞു: ഇന്ന് ഇങ്ങനെയുള്ള കഷ്ടപ്പാടുകൾ ഒന്നുമില്ല എല്ലാ സൗകര്യങ്ങളും ഉണ്ട്.

   എനിക്ക് വലിയ കഴിവുകൾ ഒന്നുമില്ല പക്ഷേ കഷ്റ്റപ്പെട്ട്  പരിശ്രമിച്ചതിന്റെ പേരിലാണ് അള്ളാഹു എന്നെ ഈ നിലയിൽ  എത്തിച്ചത് . ആരുടെയും പരിശ്രമിത്തെ അല്ലാഹു പാഴാക്കില്ല.
   
   മക്കളെ...  നിങ്ങൾ അദബ് ഉള്ളവരാകണം പഠിപ്പിക്കുന്ന ഉസ്താദുമാരോടും കിതാബുകളോടും ഡെസ്കിനോടും എല്ലാം അദബ് വേണം, എങ്കിൽ മാത്രമേ അത് പ്രയോജനം ചെയ്യുകയുള്ളു. എന്ന് എപ്പഴും  പറയുമായിരുന്നു.

   ഒരിക്കൽ എനിക്ക് കിതാബിൽ ഒരു സംശയം വന്നു, രാത്രി ഉറക്കത്തിൽ എൻറെ ഉസ്താദ്  സ്വപ്നത്തിൽ വന്ന് ആ സംശയം തിരുത്തി തന്നു എന്ന് ഒരു വേളയിൽ പറയുകയുണ്ടായി.

    മുഴുവൻ സമയവും ദിക്റിലായി അമലുകളിൽ ആയി കഴിയുന്ന ഒരു സ്വഭാവമായിരുന്നു ഉസ്താദിന്റെത്. പാഠം കഴിഞ്ഞാൽ ഉടനെ റൂമിലേക്ക് പോകും പിന്നെ വരാന്തയിലൂടെ കറങ്ങി നടന്ന് ദിക്റ് ചൊല്ലും. എല്ലാ വ്യാഴവും വെള്ളിയും കൃത്യമായി നോമ്പ് വെക്കും, രാത്രികാലങ്ങളിൽ നേരത്തെ എഴുന്നേറ്റ് നിസ്കരിക്കും കരഞ്ഞ് ദുആ ചെയ്യും, 

    വിനീതൻ മദ്രസയിൽ ഉസ്താദ് അവർകളുടെ റൂമിനോട് ചേർന്ന കട്ടിലിൽ ആയിരുന്നു കിടന്നിരുന്നത്, എല്ലാ ദിവസവും രാത്രി 2:30 , 3 മണി സമയമാകുമ്പോൾ  ആ റൂമിൽ നിന്നും ദുആയിന്റെ കരച്ചിൽ കേൾക്കാൻ സാധിക്കും. 

    പ്രായത്തിന്റെ അവശതയും ക്ഷീണവും ഉണ്ടെങ്കിലും ഇതിലൊന്നും യാതൊരുവിധ വീഴ്ച്ചയും വരുത്തുമായിരുന്നില്ല. 

   എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും പാഠത്തിൽ കൃത്യമായി എത്തും, അവസാന സമയങ്ങളിൽ കണ്ണിന് നല്ല നിലയിൽ കാഴ്ചക്കുറവ് അനുഭവപ്പെട്ടു, എന്നാലും വളരെ കഷ്ടപ്പെട്ട് കിതാബുകൾ മുത്താല ചെയ്യും. എന്തുണ്ടെങ്കിലും ഉണ്ടെങ്കിൽ ക്ലാസിൽ നമ്മളോട് പങ്കുവെക്കുമായിരുന്നു.

 ഒരിക്കൽ പറഞ്ഞു : എനിക്ക് എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും വിഷമം ഉണ്ടെങ്കിലും, കിതാബും തുറന്നു നിങ്ങളുമായി ഇങ്ങനെ ഇരിക്കുമ്പോഴാണ് സന്തോഷം ലഭിക്കുന്നത്. 

    എനിക്ക് ഇനി  യാതൊരുവിധ ആഗ്രഹങ്ങളും ഇല്ല,  ഇങ്ങനെ കിതാബുകൾ പഠിച്ചും പഠിപ്പിച്ചും കഴിയണം, അസുഖ ബാധിതനായി കിടന്ന് ആരെയും ബുദ്ധിമുട്ടിക്കാതെ,  സന്തോഷമായി വെള്ളിയാഴ്ച രാവിൽ മരണപ്പെടണം എന്നതാണ് എൻറെ ആഗ്രഹം. ആ ആഗ്രഹം ഉസ്താദിൻറെ വിഷയത്തിൽ അല്ലാഹു ഖബൂലാക്കി. 
 
    അതെ ഈ ദുനിയാവാകുന്ന   കൃഷിയിടത്തിൽ സാധിക്കുന്നതെല്ലാം വിധച്ചും വേണ്ടതെല്ലാം നട്ടിട്ടുമാണ് അല്ലാഹുവിന്റെ ആ ദാസൻ യാത്രയായത്. 

അല്ലാഹു ഉസ്താദവർകളുടെ യഥാർത്ഥ പിൻഗാമികളായി ജീവിക്കാൻ നമുക്ക് തൗഫീഖ് നൽകട്ടെ. ഉസ്താദിന്റെ ബർസഖി ജീവിതം സന്തോഷത്തിൽ ആകട്ടെ. ദറജകൾ ഉയർത്തെട്ടെ... ( ആമീൻ )

▪️▪️▪️▪️▪️▪️▪️▪️


ഉസ്താദ് ഖാസിം ബാഖവി: ഒറ്റയ്ക്ക് വിളിച്ചു സംസാരിച്ച ഹൃദയത്തിന്റെ അധ്യാപകൻ

✍️അൻവർ ഹുസ്നി, തൃശൂർ

മദ്റസയുടെ കാലങ്ങൾ ഒട്ടും മറക്കാൻ കഴിയില്ല. പക്ഷേ അതിൽ ചിലർ ഒരേ സമയം അധ്യാപകനായും പിതാവായും മിത്രമായും ഹൃദയത്തിലും അനന്തമായ ഓർമ്മയിലും ഇടംപിടിക്കും. അങ്ങനെയൊരാൾ ആയിരുന്നു ബഹുമാനപ്പെട്ട ഖാസിം ഉസ്താദ്. എന്റെ ജീവിതത്തിൽ ആത്മാവിനെ തൊട്ടുണർത്തിയിരുന്ന ഒരേയൊരു ഉസ്താദെന്ന് ഞാൻ ഉറപ്പോടെ പറയാം. ഉസ്താദിന് ഒരു പ്രത്യേക സ്വഭാവം ഉണ്ടായിരുന്നു; ആരുമറിയാതെ രഹസ്യമായി സ്വദഖ നല്‍കുക. ആ ദയയുടെ മനസ്സാണ് ഉസ്താദിന്റെ ചിരിയിൽ അവ്യക്തമായി കണ്ടിരുന്നത്. ഉസ്താദ് ക്ലാസ്സിൽ നൽകിയത് അറിവ് മാത്രമല്ല, ജീവിതം നയിക്കാനുള്ള വെളിച്ചവുമാണ്. ഓരോ പാഠത്തിനും പിന്നിൽ ഉസ്താദിന്റെ ആത്മീയമായ പ്രകാശം കണ്ടിരുന്നു. ഒരിക്കലും പരസ്യമായി വിളംബരം ചെയ്യാതെയുള്ള സ്വദഖകൾ, ആരെയും അറിയിക്കാതെ പങ്കുവച്ച സ്നേഹത്താലോടലുകൾ അവയെല്ലാം എന്റെ ഹൃദയത്തിൽ എന്നും നിലനിൽക്കുന്ന അനുഭവങ്ങൾ ആയിരുന്നു.

ഉസ്താദ് വെറും അറബി പാഠങ്ങൾ പഠിപ്പിച്ച അധ്യാപകൻ മാത്രമല്ല, എന്റെ ഉള്ളിലെ ദു:ഖത്തെ വായിച്ച, അതിനോട് നിശബ്ദമായി പ്രതികരിച്ച, ഇടക്ക് ഒറ്റക്ക് കാണുമ്പോൾ അടുത്തേക്ക് വിളിച്ച് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി സമാധാനവും ഇൽമിന്റെ മാർഗ്ഗത്തിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യവും പകർന്ന് നൽകിയ പിതൃതുല്യനായിരുന്നു. എന്റെ മനസ്സിൽ നിറഞ്ഞിരുന്ന കുഴപ്പങ്ങൾ, വിഷമങ്ങൾ ഞാൻ  തുറന്നുപറയുമ്പോൾ ഉസ്താദ് പറയുമായിരുന്നു:
"ഞാൻ പഠിക്കുമ്പോൾ ഒന്നും ഇല്ലായിരുന്നു മോനെ... ഇന്നത്തെ കാലമല്ല അന്ന്. ഭക്ഷണമില്ല. സൗകര്യമില്ല. ഒന്നുമില്ല. ഇന്ന് നിങ്ങൾക്ക് എന്ത് കുറവാടാ കാളത്തോടെ ഉള്ളത്. എല്ലാ സൗകര്യവുമുണ്ട്. എന്റെ ചെറുപ്പത്തിൽ ചിലപ്പോളൊക്കെ ഭക്ഷണമില്ലാതെ ദിവസങ്ങൾ ഞാൻ കടന്ന് പോയിട്ടുണ്ട്. അന്ന് ദറസുകളിൽ ഭക്ഷണം ഉണ്ടാവാറില്ല. അടുത്തുള്ള വീടുകളിൽ പോയിട്ടാണ് മുതഅല്ലിമീങ്ങൾ കഴിക്കാറ്. ചിലപ്പോൾ അതും ഉണ്ടാവാറില്ല. ഭക്ഷണം കഴിക്കാത്തതിൻ്റെ തലവേദന കാരണം പഠിക്കാൻ പറ്റാതെ പോയ ദിവസങ്ങളുമുണ്ട്.

ആ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞുപോയിരുന്നു. എന്റെ വിഷമങ്ങളും ദുഃഖങ്ങളും ഒന്നുമല്ല എന്ന് എനിക്ക് തോന്നിപ്പോയി.

അൽഹംദുലില്ലാഹ് രണ്ട് ആഴ്ച കൂടുമ്പോൾ ഉസ്താദ് മുടി വെട്ടാൻ എന്നെവിളിക്കുമായിരുന്നു.ഞാൻ എത്ര തിരക്കാണെങ്കിലും ഓടി പോയി ഉസ്താദിന് ഖിദ്മത് ചെയ്യുമായിരുന്നു. അപ്പോൾ ഉസ്താദ് എന്നോട് ഒരു കൂട്ടുകാരനോട് സംസാരിക്കുന്നതു പോലെ വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും ഇരിക്കുമായിരുന്നു. ഏകദേശം രണ്ട് രണ്ടര മണിക്കൂറോളം അങ്ങനെ ഇരിക്കും. മുടി വെട്ടി കഴിഞ്ഞാലും ഞാൻ ഡ്രിംമർ കൊണ്ട് വെറുതെ പണിതുകൊണ്ടിരിക്കും. എല്ലാം കഴിഞ്ഞ് പോകാൻ നേരം ഉസ്താദ് 'പോകല്ലേ , ഇപ്പൊ വരാം' എന്നു പറഞ്ഞ് റൂമിൽ പോയി പൈസയും എടുത്ത് എന്റെ അടുത്ത് വരും. ആരും കാണാതെ അത് പോക്കറ്റിൽ വെച്ചിട്ട് പറയും "നീ പോയി ചായ കുടിച്ചോ മോനെ". ഇതായിരുന്നു ആ മനസ്സ്. ഇതുപോലെ മറ്റുകുട്ടികളെയും വിളിച്ച് മറ്റാരും അറിയാതെ സ്വദഖ കൊടുക്കുമായിരുന്നു. എല്ലാവരോടും പറഞ്ഞിരുന്നത്  ആരും അറിയരുതെന്ന് മാത്രമാണ്. അതൊരു പാഠമായിരുന്നു. സത്യത്തിൽ നല്ലത് ചെയ്യുമ്പോൾ അതിനെപ്പറ്റി ആരോടും പറയേണ്ടതില്ല എന്ന് ഉസ്താദ് ജീവിതത്തിലൂടെ പഠിപ്പിച്ചു. ഇന്നത് ഞാൻ എഴുതി പോകുന്നത് ഒരിക്കൽ കൂടി ആ സാമീപ്യം സിദ്ധിക്കാൻ കഴിയില്ലെന്ന വേദനയുടെ നിറവിലാണ്. പക്ഷേ, ഞാൻ ഉസ്താദിൽ നിന്ന് പഠിച്ചത് എനിക്കൊപ്പമുണ്ട്. ഞാൻ ഒരിക്കലും മറക്കില്ല. ആ ചിരി... ആ പാഠങ്ങൾ... ആ സ്നേഹം നിറഞ്ഞ വാക്കുകൾ കൊണ്ട് നിറച്ച സന്ദേശങ്ങൾ...

കാരുണ്യവാനായ നാഥൻ ഉസ്താദിനെ ഏറ്റവും ഉയർന്ന നിലയിൽ സ്വീകരിക്കട്ടെ. ജീവിതത്തിൽ ചെയ്ത നന്മകൾക്ക് സമുന്നത പ്രതിഫലം നൽകട്ടെ.

▪️▪️▪️▪️▪️▪️▪️▪️


എൻ്റെ ബഹുമാന്യ ഗുരുനാഥൻ
✍️ബിലാൽ ഹുസ്നി ആലംകോട്

15-വർഷത്തോളം വിനീതന് തണലേകിയ അനുഗ്രഹീത വ്യക്തിത്വമായിരുന്നു ബഹുമാന്യ ഗുരുനാഥൻ ശൈഖുൽ ഹദീസ് മൗലാനാ ഖാസിം ബാഖവി നവ്വറല്ലാഹു മർഖദഹു.

ഉസ്താദവർകൾ സൃഷ്ടാവിനോടും സൃഷ്ടികളോടുമുള്ള കടമകൾ കടപ്പാടുകൾ പൂർത്തിയാക്കുന്ന വിഷയത്തിൽ വളരെ സൂക്ഷ്മത പുലർത്തിയിരുന്നു. മഹാനുഭാവന് അല്ലാഹുവിൻ്റെ ഭാഗത്തുനിന്നും സഹായങ്ങളോ അനുഗ്രഹങ്ങളോ ലഭിച്ചാൽ ആ വിഷയത്തിൽ വളരെ കൂടുതൽ നന്ദിയെന്നോണം നിസ്കാരത്തിലും സുജൂദിലും ദിക്റിലും ശുക്റിലും അധികമായി കഴിയുമായിരുന്നു. ഇതുപോലെ സൃഷ്ടികളും എന്തെങ്കിലും സഹായങ്ങളോ ഹദ്‌യകളോ കൊടുത്തു കഴിഞ്ഞാൽ വളരെയേറെ ദുആ ചെയ്യുകയും അവരുമായിട്ടുള്ള ബന്ധങ്ങൾ നിലനിർത്താൻ പരിശ്രമിക്കുകയും ചെയ്യുമായിരുന്നു. ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണം എന്ന് ഉത്തമ മാതൃക കാണിച്ചു തന്നു മഹാനവർകൾ. ഉത്തരവാദിത്വബോധം -പ്രത്യേകിച്ചും ദീനിന്റെയും ഇൽമിന്റെയും വിഷയത്തിൽ- വളരെ മികച്ചതായിരുന്നു. സാമ്പത്തിക ഇടപാടുകളിൽ വളരെ സൂക്ഷ്മത പാലിച്ചിരുന്നു.

എന്റെ ഉസ്താദ് മർഹും പറയുമായിരുന്നു: അൽഹംദുലില്ലാ എനിക്ക് കടബാധ്യതകൾ ഒന്നുമില്ല.
അന്തസ്സും അഭിമാനവും കാത്തുസൂക്ഷിച്ചിരുന്നു. കുടുംബത്തെ നോക്കുന്ന വിഷയത്തിലും വലിയ ജാഗ്രതയും സൂക്ഷ്മതയും പുലർത്തിയിരുന്നു. തഖ്‌വയുടെ നിറകുടമായിരുന്നു. നസീഹത്തുകൾ  നടത്തുമ്പോൾ അവസാനം തഖ്‌വ കൊണ്ട് ഉണർത്തുമായിരുന്നു. ഉസ്താദ് അവർകൾ എന്നോട് സംസാരിക്കുമ്പോൾ മർഹും മൂസാ മൗലാനാ, ശൈഖുനാ ഈസാ ഉസ്താദ് -റഹ്മത്തുല്ലാഹി അലൈഹിമാ റഹ്മതൻ വാസിഅ- ഇവരുടെയൊക്കെ ജീവിതശൈലികൾ, സൂക്ഷ്മതകൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വാചാലമാകുമായിരുന്നു. എന്നിട്ട് പറയുമായിരുന്നു: ഇത് എനിക്ക് വേണ്ടിയിട്ടാണ് പറഞ്ഞത്.

ഒരു കാര്യം ഉണർത്തട്ടെ: ബഹുമാന്യ ഉസ്താദ് മർഹൂം ഈ ബന്ധങ്ങൾ നിലനിർത്തിയത് കൊണ്ടും കാത്തുസൂക്ഷിച്ചത് കൊണ്ടും മാത്രമാണ് അല്ലാഹുവുമായിട്ടുള്ള ബന്ധത്തിലും അവന്റെ കല്പനകളിലും സൂക്ഷ്മത പാലിക്കാൻ സാധിച്ചത്. അവസാനം എന്നോട് പറഞ്ഞ വാക്ക് വല്ലാതെ മനസ്സിനെ ആനന്ദം കൊള്ളിക്കുന്നതാണ്: ഹബീബെ, എന്റെ അല്ലാഹു എനിക്ക് എല്ലാ കാര്യങ്ങളും ഞാൻ ചോദിച്ചത് പോലെ നടത്തി തന്നു. ഇനി എനിക്കുള്ള ആഗ്രഹം മരണം നന്നാവണം. ഉസ്താദിന്റെ ആഗ്രഹം പടച്ചവൻ സ്വീകരിച്ചു. അവസാന നാളുകളിൽ അല്ലാഹുവിൻ്റെ ദീനിൻ്റെമാർഗത്തിൽ യാത്ര ചെയ്യാൻ സൗഭാഗ്യം ലഭിച്ചു. ഏറെ വൈകും മുമ്പ് തന്നെ ഉയർന്ന ദീനീ ആവേശത്തോടെ അല്ലാഹുവിലേക്ക് യാത്രയായി. എത്ര രസകരമായ യാത്രയായിരുന്നു അത്! തികച്ചും രാജകീയമായ യാത്ര! അല്ലാഹുവേ, എന്റെ ഉസ്താദിന്റെ ബർസഖിയായ ജീവിതം ആനന്ദമാക്കി കൊടുക്കണേ! ആമീൻ യാ റബ്ബൽ ആലമീൻ.

*****************

വാർത്തകൾ

21/05/2025 Wednesday

പട്ടിണിയും മയക്കുമരുന്നും വിഷാദരോഗവും രജ്യത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ : മൗലാന ജുനൈദ് ഫാറൂഖി

പട്ടിണിയും മയക്കുമരുന്നും മന സമാധാനമില്ലായ്മയും രാജ്യത്ത് വർദ്ധിച്ചു വരികയാണെന്നും കേരളം അതിൻറെ കേന്ദ്രമായി മാറുമോയെന്ന് സംശയിക്കേണ്ടതുണ്ടെന്നും രാജ്യസ്നേഹികൾ അടിയന്തരമായി ഈ വിഷയത്തിൽ ശ്രദ്ധ പതിപ്പിക്കണമെന്നും ഓൾ ഇന്ത്യ പയമെ ഇൻസാനിയ്യത്ത് ഫോറം സെക്രട്ടറി മൗലാന ജുനൈദ് ഫാറൂഖി പ്രസ്താവിച്ചു. ആലുവ കീഴ്മാട് മദ്റസ കാഷിഫുൽ ഉലൂമിൽ നടന്ന മധ്യകേരള പയാമെ ഇൻസാനിയത്ത് സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

അപ്രധാന വിഷയങ്ങളിൽ മാധ്യമങ്ങളും പത്രങ്ങളും രാഷ്ട്രീയ നേതാക്കളും നീണ്ട ചർച്ചകൾ നടത്തുന്നുവെങ്കിലും രാജ്യത്തിൻറെ അടിസ്ഥാന പ്രശ്നമായ ഈ കാര്യങ്ങളിൽ അശ്രദ്ധ തുടരുകയാണ്. ഓരോ ദിവസവും 20 കോടിയിലധികം ജനങ്ങളാണ് ഭക്ഷണം കഴിക്കാതെ കിടന്നുറങ്ങുന്നത്. അതിനേക്കാൾ ഭീകരമാണ് ലഹരിക്ക് അടിമപ്പെട്ടവരുടെ കണക്കുകൾ. 45 കോടിയിലധികം ജനങ്ങൾ ലഹരി ഉപയോഗിക്കാതെ ഉറക്കം വരാത്തവരാണ് ഈ നാട്ടിൽ. അതുപോലെ വിഷാദരോഗത്താൽ ബുദ്ധിമുട്ടുന്ന ആളുകളുടെ എണ്ണവും ആകെ ജനസംഖ്യയുടെ പകുതിയോളം വരെ വരുന്നുണ്ട്. നല്ല ജോലിയും ഉദ്യോഗവും സാമ്പത്തിക സാഹചര്യങ്ങളും ഉണ്ടെങ്കിലും മനസ്സമാധാനം ലഭിക്കാതെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഞങ്ങളുടെ നാടായ മഹാരാഷ്ട്രയിലെ ഒരു മുഖ്യമന്ത്രിയെ വരെ ചികിത്സിച്ചിരുന്ന  അവിടുത്തെ പ്രസിദ്ധനായ ഒരു ഡോക്ടർ, അത്പോലെ ആളുകൾക്ക് മനസ്സമാധാനം നൽകാനായി ഉപദേശം നടത്തിയിരുന്ന ആചാര്യൻ തുടങ്ങി പല പ്രമുഖരും ആത്മഹത്യ ചെയ്ത സംഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഇതുപോലെ എല്ലാ മേഖലകളിലും ആത്മഹത്യകൾ നടക്കുകയാണ്. കേരളത്തിൽ നിന്നും ഇതുപോലെത്തെ ധാരാളം സംഭവങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു.

 ലഹരി ഉപയോഗം വളരെയധികം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. മഹാരാഷ്ട്രയിൽ ഞങ്ങൾ പയാമെ ഇൻസാനിയത്തിന്റെ കീഴിൽ ലഹരി മോചന പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്തിക്കൊണ്ടിരിക്കുന്നു. ജാതി മത ഭേദമന്യേ എല്ലാ വിഭാഗത്തിലും പെട്ട ആളുകൾ ഞങ്ങളുമായി ബന്ധപ്പെടുകയും ലഹരി മോചനം സാധ്യമാക്കുകയും ചെയ്യുന്നു. ഈ ഒരു പ്രവർത്തനം കേരളത്തിലേക്കും വ്യാപിപ്പിക്കാനും ഊർജ്ജിതമായി മാനവിക സന്ദേശം ഉൾക്കൊണ്ട് പ്രവർത്തിക്കാനും നിങ്ങളുടെ സഹകരണം ആവശ്യപ്പെടുകയാണ്. 

ഉസ്താദ് അബ്ദുശ്ശക്കൂർ ഖാസിമി, അബ്ദുസ്സലാം ഹുസ്നി, അൻവർ ഖാസിമി, തബരീസ് നദ്‌വി തുടങ്ങിയവരും വിവിധ നാടുകളിൽ നിന്നുള്ള പയാമെ ഇൻസാനിയത്ത് പ്രവർത്തകരും യോഗത്തിൽ സംഗമിച്ചു.



സയ്യിദ് ഹസനി അക്കാദമി രചന




Ph: 7736723639

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌