▪️മുഖലിഖിതം
കുടുംബ ബന്ധത്തിന്‍റെ അടിസ്ഥാനം സഹകരണമാണ്
✍🏻 അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ്‌വി

▪️ജുമുഅ സന്ദേശം
ഇസ്‌ലാമിക വിശ്വാസങ്ങൾ; ഖുർആൻ ഹദീസിന്റെ വെളിച്ചത്തിൽ
മൗലാന സയ്യിദ് ബിലാൽ ഹസനി നദ്‌വി

▪️മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുൽ ഹഷ്ര്‍-1
നിഷേധികള്‍ പരാജയപ്പെടുന്നതാണ്
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️മആരിഫുല്‍ ഹദീസ്
റസൂലുല്ലാഹി (സ) യുടെ സമുന്നത സ്വഭാവം
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി




 മുഖലിഖിതം 

കുടുംബ ബന്ധത്തിന്‍റെ അടിസ്ഥാനം സഹകരണമാണ്


പഴയ കാലഘട്ടത്തിൽ, കുടുംബബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സഹകരണം. കാരണം ഒരു കുടുംബാംഗങ്ങൾ ഒരിടത്ത് ഒതുങ്ങിയതിനാൽ, അവരുടെ പ്രശ്‌നങ്ങളും ഒരുപോലെയായിരുന്നു. അവർക്കിടയിൽ, വ്യത്യാസങ്ങളില്ലാത്തതിനാൽ ഭിന്നതകളും കുറവായിരുന്നു. എന്നാൽ പിൽക്കാലങ്ങളിൽ സാംസ്‌കാരിക- നാഗരികതകൾ ആധിപത്യം സ്ഥാപിച്ചു. മനുഷ്യന്റെ സാമൂഹ്യഘടനകളിൽ മാറ്റം സംഭവിച്ചു. ജീവിതാവശ്യങ്ങൾക്കായി മനുഷ്യർ പലയിടങ്ങളിൽ പരന്നതിനാൽ, കുടുംബപരമായ സാമൂഹ്യജീവിതം പരിമിതമായ സ്ഥലങ്ങളിൽ ഒതുങ്ങി. ജോലിയുടെയും മറ്റും നാഗരിക ലക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിൽ, പ്രാദേശികമായ സാമൂഹ്യരീതി നിലവിൽ വന്നു. ഈ സാമൂഹ്യക്രമത്തിൽ, വിവിധ കുടുംബക്കാരും വ്യത്യസ്ത വിഭാഗക്കാരും വിഭിന്നമതക്കാരും ഇട കലർന്ന് താമസിക്കാൻ തുടങ്ങി. വിവിധ ഭിന്നതകളുടെ അടിസ്ഥാനത്തിൽ അഭിപ്രായ വ്യത്യാസങ്ങളും പ്രശ്‌നങ്ങളും ഉടലെടുക്കാൻ സാധ്യത വർദ്ധിച്ചു. ഇത്തരുണത്തിൽ, വിവിധ മതങ്ങളുടെയും ഗോത്രങ്ങളുടെയും സംസ്‌കാരങ്ങളുടെയും പേരിൽ പരസ്പരം ബന്ധം തകരാതെ നോക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് ഏറ്റവും പ്രയോജനപ്രദമായ മാർഗമാണ് മാനവികതയുടെ അടിസ്ഥാനത്തിലുള്ള ബന്ധം. മുഴുവൻ മനുഷ്യരും ആദം സന്തതികളാണ്. ഈ അടിസ്ഥാനത്തിൽ പരസ്പരം സഹോദരങ്ങളാണ്. ഒരുമിച്ച് ഒരു നാട്ടിൽ താമസിക്കുന്നതിനാൽ അയൽവാസികളുമാണ്. ഒരാളുടെ മതവും കുടുംബവും ജാതിയും എന്തുമാകട്ടെ അദ്ദേഹം മനുഷ്യനാണെന്ന പരിഗണനയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ നോക്കിക്കാണേണ്ടതാണ്. ഇത്തരം ഒരു സാമൂഹ്യഘടന വളരെ വ്യക്തമായി നിലനിൽക്കുന്ന ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യ.

✍🏻 അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ്‌വി


************



 ജുമുഅ സന്ദേശം 



ഇസ്‌ലാമിക വിശ്വാസങ്ങൾ;
ഖുർആൻ ഹദീസിന്റെ വെളിച്ചത്തിൽ
മൗലാന സയ്യിദ് ബിലാൽ ഹസനി നദ്‌വി
(സെക്രട്ടറി, ഓൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് )

ഈമാൻ എന്നാൽ എന്ത്?
സർവ്വലോക സൃഷ്ടാവായ അല്ലാഹു റസൂലുല്ലാഹി (സ) ലേക്ക് അവതരിപ്പിച്ച സന്ദേശങ്ങളെ അംഗീകരിക്കുകയും അടിയുറച്ച് വിശ്വസിക്കയും ചെയ്യുന്നതിനാണ് ഈമാൻ എന്ന് പറയുന്നത്. അല്ലാഹു അറിയിക്കുന്നു.... (അൽ ബഖറ 285) ഇതേ അദ്ധ്യായത്തിൽ മറ്റൊരിടത്ത് പറഞ്ഞു: നന്മ എന്നാൽ നിങ്ങളുടെ മുഖം കിഴക്കോ പടിഞ്ഞാറോ തിരിക്കുന്നതു മാത്രമല്ല. മറിച്ച് ഏറ്റവും വലിയ നന്മ (ഒരു വ്യക്തിയുടെ ഗുണങ്ങളാണ്.) അദ്ദേഹം അല്ലാഹുവിൽ വിശ്വസിച്ചു. അന്ത്യദിനത്തിലും മലക്കുകളിലും എല്ലാ വേദഗ്രന്ഥത്തിലും മുഴുവൻ നബിമാരിലും വിശ്വസിച്ചു. സമ്പത്തിനോട് സ്നേഹമുണ്ടായിരുന്നിട്ടും ബന്ധുക്കൾക്കും അനാഥർക്കും സാധുക്കൾക്കും യാത്രികർക്കും യാചകർക്കും അടിമ മോചനത്തിനും സമ്പത്ത് കൊടുക്കുന്നു. നമസ്‌കാരം മുറപ്രകാരം നിർവ്വഹിക്കുകയും സകാത്ത് കൊടുത്തുവീടുകയും ചെയ്യുന്നു. ഇത്തരം ആളുകൾ ഏതെങ്കിലും കരാർ ചെയ്താൽ പാലിക്കുന്നവരുമാകുന്നു. ഞെരുക്കത്തിലും രോഗത്തിലും പോരാട്ടത്തിലും സഹനത മുറുകെപ്പിടിക്കുന്നവരുമാകുന്നു. ഇവരാണ് സത്യസന്ധന്മാർ, ഇവരാണ് ഭയഭക്തിയുള്ളവർ. (അൽ ബഖറ 177) സൂറത്തുന്നിസാഇൽ വിശ്വാസകാര്യങ്ങൾ വിവരിച്ച് കൊണ്ട് ഉപദേശിക്കുന്നു: സത്യവിശ്വാസികളെ, അല്ലാഹുവിലും റസൂലിലും റസൂലിന്റെമേൽ ഇറക്കപ്പെട്ട ഗ്രന്ഥത്തിലും അതിന് മുമ്പ് ഇറക്കപ്പെട്ട ഗ്രന്ഥങ്ങളിലും വിശ്വസിക്കുക. ആരെങ്കിലും അല്ലാഹുവിനെയും അവന്റെ മലക്കുകളെയും വേദഗ്രന്ഥങ്ങളെയും ദൂതന്മാരെയും അന്ത്യദിനത്തെയും നിഷേധിച്ചാൽ അവൻ വഴികെട്ട് ഏറെദൂരം പിന്നിട്ടിരിക്കുന്നു. (നിസാഅ് 136)

റസൂലുല്ലാഹി (സ)യോട് ജീബ്രീൽ ഈമാനിനെ കുറിച്ച് ചോദിച്ചപ്പോൾ റസൂലുല്ലാഹി (സ) അരുളി:  അല്ലാഹുവിലും അല്ലാഹുവിന്റെ  മലക്കുകളിലും ഗ്രന്ഥങ്ങളിലും ദൂതൻമാരിലും അന്ത്യദിനത്തിലും നന്മ തിന്മകൾ അല്ലാഹുവിന്റെ തീരുമാനപ്രകാരമാണ് എന്നുള്ളതിലും വിശ്വസിക്കലാണ്.( ബുഖാരി) ഈ ഹദീസിൽ പറയപ്പെട്ട 6 കാര്യങ്ങളെ വിശദമായ നിലയിൽ മനസ്സിലാക്കി വിശ്വസിക്കേണ്ടതാണ്. ഇസ്‌ലാമിൽ വിശ്വാസത്തിന് അടിസ്ഥാന സ്ഥാനമാണുള്ളത്. വിശ്വാസം ശരിയായില്ലെങ്കിൽ മറ്റു വലിയ കാര്യങ്ങളെല്ലാം വിലയില്ലാതായി തീരുന്നതാണ്. അതില്ലാതെ ഒരു വ്യക്തി മുസ്‌ലിം ആകുന്നതുമല്ല. വിശ്വാസകാര്യങ്ങളിൽ അടിസ്ഥാനപരമായത് തൗഹീദ് (പടച്ചവന്റെ ഏകത്വത്തെ കുറിച്ചുള്ള വിശ്വാസം) ആണ്. ഇതര വിശ്വാസങ്ങളെല്ലാം തൗഹീദിന്റെ ശാഖകളാണ്. തൗഹീദ് ശരിയായാൽ മറ്റു വിശ്വാസങ്ങളും എളുപ്പത്തിൽ ശരിയാകുന്നതാണ്.

പിശാച് മനുഷ്യന്റെ തുടക്കം മുതൽക്കെ ഉള്ള ശത്രുവാണ്. മനുഷ്യനെ വഴികെടുത്തുകയും വഴികെടുത്താൻ അങ്ങേയറ്റം പരിശ്രമിക്കുന്നതാണെന്ന് പിശാച് പടച്ചവനോട് അനുമതി ചോദിക്കുകയുണ്ടായി. അല്ലാഹു പറഞ്ഞു: നീ പോയി എല്ലാ കുതന്ത്രങ്ങളും കാട്ടുക. പക്ഷെ എന്റെ വിശിഷ്ട ദാസൻമാരിൽ നിന്റെ ഒരു തന്ത്രവും ഫലിക്കുന്നതല്ല. അന്ന് മുതൽ പിശാച് മനുഷ്യരെ വഴിതെറ്റിക്കാൻ പരിശ്രമം ആരംഭിച്ചു. പടച്ചവനെ ആരാധിക്കുന്നതിൽ നിന്നും പിടിച്ച് മാറ്റാനും ബഹുദൈവാരാധനയിൽ കുടുക്കാനുമാണ് പിശാച് പ്രധാനമായും പരിശ്രമിച്ചത് കാരണം ഇത് ഏറ്റവും വലിയ വഴികേടാണ്. സ്വന്തം സ്രഷ്ടാവിനെ മറക്കുകയും അതിന് തുല്യമായി മറ്റുള്ളവരെ കാണുകയും ചെയ്യുന്നതിലൂടെ മനുഷ്യൻ ശാശ്വതമായ നരക ശിക്ഷയിൽ ചെന്ന് പെടുന്നതാണ്. 

പടച്ചവന്റെ അതി മഹത്തായ അനുഗ്രഹത്താൽ  മനുഷ്യർക്ക് നേരായ മാർഗ്ഗം കാട്ടിക്കൊടുക്കാനും പടച്ചവനെ ആരാധിക്കുന്നതിലേക്ക് ക്ഷണിക്കാനും എല്ലാ കാലത്തും പ്രവാചകൻമാരെ നിയോഗിക്കുകയുണ്ടായി. പടച്ചവനല്ലാതെ ആരാധനക്ക് അർഹൻ ആരുമില്ലാ എന്നതായിരുന്നു അവരെല്ലാവരുടേയും പ്രധാന പ്രബോധനം. ഈ പ്രവാചകൻമാരിൽ ഏറ്റവും അവസാനമായി വന്ന ശ്രേഷ്ഠ പ്രവാചകനാണ് മുഹമ്മദുർറസൂല്ലാഹ് (സ). മുഴുവൻ ലോകത്തിനും ലോകവസാനം വരെ മാർഗ്ഗദർശകനായ  റസൂലുല്ലാഹി (സ) ഈ ലോകത്ത് വന്നപ്പോൾ സ്വന്തം നാടായ മക്കയിൽ പോലും ബഹുദൈവാരാധന പരന്നിരുന്നു. അവർ ഏകനായ പടച്ചവനെ അംഗീകരിച്ചതിനോടൊപ്പം നിരവധി ദേവി ദേവൻമാരെ പടച്ചവനോട് പങ്ക് ചേർക്കുകയും അവരെ ആരാധിക്കുകയും അവർക്ക് നേർച്ചകൾ നേരുകയും ചെയ്തിരുന്നു. റസൂലുല്ലാഹി (സ) അവരെ ഏക ദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കുകയും പടച്ചവനോട് പങ്ക് ചേർക്കുന്നത് ഏറ്റവും വലിയ പാപമാണെന്ന് ഉണർത്തുകയും ചെയ്തു. പരിശുദ്ധ ഖുർആൻ വളരെ വ്യക്തമായി അവരെ അറിയിച്ചു. തീർച്ചയായും അല്ലാഹുവിനോട് പങ്കുചേർക്കുന്നതിനെ അവൻ പൊറുക്കുന്നതല്ല. അല്ലാത്തതിനെ അവൻ ഉദ്ദേശിക്കുന്നവർക്ക് പൊറുത്തുകൊടുക്കുന്നതാണ്. അല്ലാഹുവിനോട് പങ്കുചേർക്കുന്നവൻ വളരെ വിദൂരമായ വഴികേടിൽ ചെന്ന് പതിച്ചിരിക്കുന്നു. (നിസാഅ് 116)

റസൂലുല്ലാഹി (സ) യുടെ നിയോഗത്തിന്റെ അടിസ്ഥാന ലക്ഷ്യം തൗഹീദ് പ്രബോധനമായിരുന്നു. റസൂലുല്ലാഹി (സ)  ഇതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളെ ദൂരീകരിച്ചു. ബഹുദൈവാരധനയുമായി ഒരിക്കലും വിട്ടുവിഴ്ചക്കും തയ്യാറായില്ല. അവർ പറയുന്ന മറ്റ് പല കാര്യങ്ങളും റസൂലുല്ലാഹി (സ)  അംഗീകരിച്ചെങ്കിലും നിങ്ങളുടെ ദൈവങ്ങൾ ആരാധനക്ക് അർഹരാണ് എന്ന് പറയണമെന്ന അവരുടെ ആവശ്യം റസൂലുല്ലാഹി (സ)  അംഗീകരിച്ചില്ല. ജീവിതം മുഴുവനും തൗഹീദിന്റെ യാഥാർത്ഥ്യം റസൂലുല്ലാഹി (സ)  പല നിലയിൽ വിവരിച്ചു. പടച്ചവന്റെയും പടപ്പുകളുടേയും ഇടയിലുള്ള വ്യത്യാസം വ്യക്തമാക്കി. 

റസൂലുല്ലാഹി (സ) സ്വന്തം വിഷയത്തിൽ പോലും സൂക്ഷമത പുലർത്തി. ഈസാനബി (അ) യെ ക്രൈസ്തവർ പരിധിവിട്ട് ആദരിക്കുകയും ആരാധിക്കുകയും ചെയ്തത് പോലെ സ്വന്തം സമുദായവും ചെയ്യുമോയെന്ന് ഭയന്ന റസൂലുല്ലാഹി (സ) സമുദായത്തെ ഉണർത്തി. മർയമിന്റെ മകനെ നസ്‌റാണികൾ പരിധിവിട്ട് പുകഴ്ത്തിയത് പോലെ നിങ്ങൾ എന്നെ പരിധിവിട്ട് വാഴ്ത്തരുത്. തീർച്ചയായും ഞാൻ അല്ലാഹുവിന്റെ ദാസനാകുന്നു. ഞാൻ ആല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്ന് നിങ്ങൾ എന്നെക്കുറിച്ച് പറയുക. (ബുഖാരി 3445) വിയോഗത്തിന് മുമ്പ് മൊഴിഞ്ഞ ഒരു വാചകം ഇപ്രകാരമാണ്. യഹൂദ ക്രൈസ്തവരുടെ പ്രവാചകൻമാരുടെ ഖബറിടങ്ങളെ അവർ സുജൂദിന്റെ സ്ഥാനമാക്കിയ കാരണത്താൽ പടച്ചവൻ അവരെ ശപിക്കട്ടെ! (ബുഖാരി 133) 

മക്കാ നിവാസികളുടെ വിശ്വാസങ്ങളും റസൂലുല്ലാഹി (സ)യുടെ പ്രബോധനവും 
റസൂലുല്ലാഹി (സ)യുടെ തൗഹീദ് പ്രബോധനം ശരിയായി ഗ്രഹിക്കുന്നതിന് അന്നത്തെ ജനങ്ങളുടെ വിശ്വാസ ആരാധനകൾ മനസ്സിലാക്കേണ്ടത് അത്യാവശമാണ്. റസൂലുല്ലാഹി (സ) ആഗോള പ്രവാചകരാണെങ്കിലും റസൂലുല്ലാഹി (സ)യുടെ പ്രധമ സംബോധന മക്കാനിവാസികൾ ആയിരിന്നു. റസൂലുല്ലാഹി (സ) അവരെ തൗഹീദിലേക്ക് ക്ഷണിച്ചപ്പോൾ അവർ പറഞ്ഞു: ഞങ്ങൾ യഥാർത്ഥത്തിൽ ആരാധനക്ക് അർഹനായി പടച്ചവനെ തന്നെയാണ് കാണുന്നത്. എന്നാൽ ഞങ്ങൾ മറ്റുള്ളവരെ ആരാധിക്കുന്നത് അവർ ഞങ്ങളെ പടച്ചവനിലേക്ക് അടുപ്പിക്കുന്നതിനാലാണ്. അവരുടെ വാചകം പരിശുദ്ധ ഖുർആൻ ഇപ്രകാരം ഉദ്ധരിക്കുന്നു. അല്ലാഹുവിങ്കലേക്ക് ഞങ്ങളെ അവർ നല്ലനിലയിൽ അടുപ്പിക്കുന്നതിനാണ് ഞങ്ങൾ അവരെ ആരാധിക്കുന്നത്. (സുമർ 3)

അതെ, അവർ അല്ലാഹുവിനെ ആരാധ്യനും പരിപാലകനുമായി കാണുകയും എന്നാൽ കൂട്ടത്തിൽ മറ്റുള്ളവരേയും പങ്ക് ചേർക്കുകയും ചെയ്തിരുന്നുവെന്ന് ഇതലൂടെ മനസ്സിലാകുന്നു. യഥാർത്ഥത്തിൽ ഇതിന്റെ ചരിത്രം അവർക്ക് മുമ്പുള്ള ജനതയുമായി ബന്ധപ്പെട്ടതാണ്. സ്വഹീഹായ ഹദീസുകൾ ഇപ്രകാരം വിവരിക്കുന്നു. നൂഹ് നബി (അ)യുടെ സമുദായത്തിൽ വദ്ദ്,സുവാഅ്,യഊഖ്,നസ്ർ എന്നീ നാമങ്ങളുള്ള  പുണ്യവാളൻമാരായ ചില മഹത്തുക്കൾ ഉണ്ടായിരുന്നു. അവർ മരണപ്പെട്ടപ്പോൾ ജനങ്ങൾ വളരെയഥികം ദുഖിച്ചു. തദവസരം പിശാച് അവരോട് പറഞ്ഞു: ഈ മഹാൻമാർ ഇരുന്ന സ്ഥലങ്ങളിൽ അവരുടെ പ്രതിമകൾ ഉണ്ടാക്കി അവക്ക് അവരുടെ നാമങ്ങൾ വെക്കുക. ഈ ജനങ്ങൾ മരിച്ചപ്പോൾ അടുത്ത തലമുറ ഈ പ്രതിമകളെ ആരാധിക്കാൻ തുടങ്ങി. (ബുഖാരി 492) 

ഇതാണ് വിഗ്രഹാരാധനയുടെ ചരിത്രം ഇതിനോടൊപ്പം സർവ്വ സ്രിഷ്ടികളേയും പടച്ചത് അല്ലാഹു തന്നെയാണെന്നും യഥാർത്ഥ നിയന്ത്രണാധികാരങ്ങൾ പടച്ചവന് തന്നെയാണെന്നും അവർ വിശ്വസിച്ചിരുന്നു.ഖുർആൻ വിവരിക്കുന്നു. ചോദിക്കുക: ഭൂമിയും അതിലുള്ളതും ആർക്കുള്ളതാണ്? നിങ്ങൾക്ക് അറിയുമെങ്കിൽ പറയുക. അവർ പറയും അല്ലാഹുവിനുള്ളതാണ്. ചോദിക്കുക: പിന്നെന്തുകൊണ്ടാണ് നിങ്ങൾ ചിന്തിക്കാത്തത്? ചോദിക്കുക: ഏഴ് ആകാശങ്ങളുടെയും മഹോന്നത അർശിന്റെയും ഉടമസ്ഥനാരാണ്? അവർ പറയും. അല്ലാഹുവിനുള്ളതാണ്.  പിന്നെന്തുകൊണ്ടാണ് നിങ്ങൾ ഭയഭക്തി പുലർത്താത്തത്? ചോദിക്കുക: എല്ലാ വസ്തുക്കളുടെയും അധികാരം ആരുടെ കയ്യിലാണ്? അല്ലാഹു അഭയം നൽകുന്നു. അവനെതിരിൽ ആരും അഭയം നൽകുകയില്ല. നിങ്ങൾക്ക് അറിവുണ്ടെങ്കിൽ ഇത് ആരാണെന്ന് പറയുക. (മുഅ്മിനൂൻ 84-88)

അവരുടെ ഈ വിശ്വാസത്തിന്റെ ഫലമെന്നോണം അവർ എന്തങ്കിലും കടുത്ത പ്രയാസത്തിൽ അകപ്പെടുമ്പോൾ അവർ നിയന്ത്രണം വിട്ട് അല്ലാഹുവിനെ തന്നെ വിളിച്ചിരുന്നു. പിന്നീട് പ്രയാസ പ്രശ്‌നങ്ങൾ മാറുമ്പോൾ മറ്റുള്ളവരെ ആരാധിച്ചിരുന്നു. ഇക്കാര്യം ഖുർആൻ വിവരിച്ചിട്ടുണ്ട്. അല്ലാഹുവാണ് നിങ്ങളെ കരയിലും കടലിലും യാത്രചെയ്യിപ്പിക്കുന്നത്. അങ്ങനെ നിങ്ങൾ കപ്പലിൽ കയറുകയും കപ്പലുകൾ ജനങ്ങളെയും കൊണ്ട് അനുകൂലമായ കാറ്റിന്റെ സഹായത്താൽ സഞ്ചരിക്കുകയും ജനങ്ങൾ സന്തോഷിക്കുകയും ചെയ്യുമ്പോൾ പൊടുന്നനെ ഒരു കൊടുങ്കാറ്റ് കപ്പലിലേക്ക് അടിക്കുകയും നാലുഭാഗത്തു നിന്നും തിരമാലകൾ അവരിലേക്ക് ഉയർന്നുവരികയും അപകട വലയത്തിൽ അകപ്പെട്ടു കഴിഞ്ഞുവെന്ന് അവർ വിചാരിക്കുകയും ചെയ്യുമ്പോൾ ആരാധനയെ അല്ലാഹുവിന് മാത്രം നിഷ്‌കളങ്കമാക്കികൊണ്ട് അവർ അല്ലാഹുവിനെ വിളിച്ച് ഇപ്രകാരം പ്രാർത്ഥിക്കും. നീ ഞങ്ങളെ ഈ അവസ്ഥയിൽ നിന്ന് രക്ഷിച്ചാൽ ഞങ്ങൾ തീർച്ചയായും നന്ദിയുള്ളവരാകുന്നതാണ്.(യൂനുസ് 22) 

അവർ പടച്ചവനെ ഒരുനിലക്ക് പരിപാലകനായി കണ്ടിരുന്നുവെന്നും അതിനോടൊപ്പം മറ്റുള്ളവരെയും ആരാധിക്കുകയും പടച്ചവനിലേക്കുള്ള സാമീപ്യത്തിന്റെ വഴിയായി കാണുകയും ചെയ്തിരുന്നവെന്ന് ഈ ആയത്തുകളിലൂടെ മനസ്സിലാകുന്നു. അവരുടെ ഈ നിലപാടിന് ദൈവികതയിലും ആരാധനയിലുമുള്ള പങ്ക് ചേർക്കൽ എന്ന് പറയപ്പെടുന്നു. പടച്ചവൻ മാത്രമാണ് പരിപാലകനെന്ന് വിശ്വസിക്കുന്നതിനോടൊപ്പം പടച്ചവൻ മാത്രമാണ് ആരാധനക്ക് അർഹനെന്നും പടച്ചവന്റെ പ്രത്യേക ഗുണങ്ങൾ പടച്ചവന് മാത്രമുള്ളതാണെന്നും വിശ്വസിക്കുമ്പോഴാണ് തൗഹീദ് വിശ്വാസം ശരിയാകുന്നത്. ഇവക്ക് യഥാക്രമം റുബൂബിയ്യത്തിന്റെയും ഉലൂഹിയത്തിന്റെയും സ്വിഫാത്തിന്റെയും തൗഹീദുകൾ എന്ന് പറയപ്പെടുന്നു. ഇവ വളരെ പ്രധാനപ്പെട്ട വിശ്വാസങ്ങൾ ആയതിനാൽ ഇവയെക്കുറിച്ചും  ചെറിയ നിലയിൽ വിവരിക്കുകയാണ്.  

ഉലൂഹിയ്യത്തിന്റെ തൗഹീദ് 
ഇതിന് ഇബാദത്തിന്റെ തൗഹീദെന്ന് പറയപ്പെടുന്നു. ആരാധനകളും അവയുടെ എല്ലാ വിഭാഗങ്ങളും പടച്ചവന് മാത്രമേ പാടുള്ളു എന്നതാണ് ഇത് കൊണ്ടുള്ള ഉദ്ദേശം. ദുആ, നേർച്ച, ഖുർബാനി എന്നിവ ആരാധനകളാണ്. സുജൂദ്,റുക്കൂഅ് മുതലായവ ആരാധനയുടെ ഭാഗങ്ങളാണ്. അതെ, അരാധനയുടെ ബാഹ്യവും ആന്തരികവുമായ സർവ്വകാര്യങ്ങളും അല്ലാഹുവിന് മാത്രമേ പാടുള്ളു. നബിമാർക്കും മലക്കുകൾക്കും ഔലിയാക്കൾക്കും ശുഹദാക്കൾക്കും ഒന്നും ചെയ്യാൻ പാടുള്ളതല്ല. പരിശുദ്ധ ഖുർആനിന്റെ തുടക്കത്തിൽ തന്നെ അല്ലാഹു നമ്മെക്കൊണ്ട് പറയിപ്പിക്കുന്നു. അല്ലാഹുവേ, നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോടു മാത്രം ഞങ്ങൾ സഹായം തേടുന്നു(ഫാത്തിഹ 4)

ഖുർആൻ കൽപ്പിക്കുന്നു. താങ്കൾ അല്ലാഹുവിന്റെ ആരാധനയിൽ മുഴുകുകയും അല്ലാഹുവിന്റെ മേൽ ഭരമേൽപ്പിക്കുകയും ചെയ്യുക.(ഹൂദ് 123)(അവൻ) ആകാശ ഭൂമികളെയും അവയ്ക്കിടയിലുള്ളതിനെയും പരിപാലിക്കുന്നവനാണ്. ആകയാൽ അവനെ ആരാധിക്കുകയും അവന്റെ ആരാധനയിൽ നിലയുറപ്പിക്കുകയും ചെയ്യുക. അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളുള്ള ആരെങ്കിലുമുള്ളതായി അറിയാമോ? (മർയം 65)

ഇലാഹ് എന്നാൽ ആരാധനയ്ക്കർഹനെന്നാണ് അർത്ഥം. മക്കയിലെ ബഹുദൈവരാധകർ അല്ലാഹുവിനോടൊപ്പം മറ്റു വ്യക്തികളെയും ശക്തികളെയും ആരാധിച്ചിരുന്നു. അങ്ങനെ അവർ പല ആരാധ്യരെ പടച്ചുണ്ടാക്കി. ആരാധനയ്ക്കർഹൻ ഏകനാണെന്ന സങ്കൽപ്പം പോലും അവരിൽ ഇല്ലാതായി. അതുകൊണ്ടാണ് റസൂലുല്ലാഹി (സ) ഏകനായ രക്ഷിതാവിനെ ആരാധിക്കാൻ പ്രബോധനം ചെയ്തപ്പോൾ അവർ അത്ഭുതപ്പെട്ടുകൊണ്ട് ഇപ്രകാരം ചോദിച്ചത്:പല ദൈവങ്ങളെ അദ്ദേഹം ഒരു ദൈവമാക്കുകയാണോ? തീർച്ചയായും ഇത് അത്ഭുതകരമായ കാര്യംതന്നെ. (സ്വാദ് 5) 

ചുരുക്കത്തിൽ അവർ ഏകനായ പടച്ചവനിൽ വിശ്വസിക്കുകയും പടച്ചവൻ മാത്രമാണ് സ്രഷ്ടാവും ഉടമസ്ഥനുമെന്ന് മനസ്സിലാക്കുകയും ചെയ്തിരുന്നു. എന്നാൽ അതോടൊപ്പം ആരാധനയിൽ മറ്റുള്ളവരെ പങ്ക് ചേർക്കുകയും ആരാധനയ്ക്കർഹൻ പലരാണെന്ന് വാദിക്കുകയും ചെയ്തിരുന്നു. ആരാധനയിലുള്ള ഈ പങ്ക് ചേർക്കൽ കാരണമായിട്ടാണ് അവരെക്കുറിച്ച് ബഹുദൈവരാധകർ എന്ന് പറയപ്പെട്ടത്. അവരോട് റസൂലുല്ലാഹി (സ) അരുളി: നിങ്ങൾ ആരാധനയ്ക്കർഹരായി അല്ലാഹുവിനെ മാത്രം വിശ്വസിക്കുകയും അല്ലാഹുവിനെ മാത്രം ആരാധിക്കുകയും ചെയ്യുക! ജനങ്ങളിൽ ചിലർ അല്ലാഹുവിന് തുല്യരായ ചില പങ്കാളികളെ സ്വീകരിച്ച് അല്ലാഹുവിനെ സ്നേഹിക്കുന്ന പോലെ അവയെ സ്നേഹിക്കുന്നു. എന്നാൽ സത്യവിശ്വാസികൾ അല്ലാഹുവിനെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരാണ്. അക്രമികളായ ആളുകൾ ശിക്ഷ കാണുന്ന സമയത്ത് സർവ്വശക്തിയും അല്ലാഹുവിന് മാത്രമാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും മനസ്സിലാക്കുമ്പോൾ ആ കാഴ്ച എത്ര ഭയങ്കരമായിരിക്കും? (ബഖറ 163) തെളിവൊന്നുമില്ലാതെ അല്ലാഹുവിനോടൊപ്പം മറ്റ് ആരാധ്യരെയും വിളിച്ചുപ്രാർത്ഥിച്ചവന് രക്ഷിതാവിങ്കൽ വിചാരണയുണ്ടായിരിക്കും. തീർച്ചയായും നിഷേധികൾ വിജയിക്കുന്നതല്ല. (മുഅ്മിനൂൻ 117)

അറേബ്യൻ ജനത പടച്ചവനുണ്ടെന്നും ആകാശഭൂമികളെ സ്രഷ്ടിച്ചത് അല്ലാഹു തന്നെയാണെന്നും വിശ്വസിച്ചിരുന്നു. പ്രയാസ സന്ദർഭത്തിൽ പടച്ചവനെ മാത്രം വിളിച്ച് പ്രാർത്ഥിക്കുകയും അല്ലാഹുവിനെ അവരുടെ പരിപാലകനായി കാണുകയും ചെയ്തിരുന്നു. പക്ഷേ, ഇതോടൊപ്പം അവരെ ബഹുദൈവരാധകരായി കണ്ടുകൊണ്ട് റസൂലുല്ലാഹി (സ) ജീവിതകാലം മുഴുവൻ അവരെ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിച്ചു. കാരണം അവർ സർവ്വലോക സ്രഷ്ടാവിനെ അംഗീകരിക്കുന്നതിനോടൊപ്പം ഇടനിലക്കാരിൽ വിശ്വസിക്കുകയും ആരാധനയുടെ ഭാഗങ്ങളായ നേർച്ചകളും മറ്റും നടത്തി അവരെ പടച്ചവനോട് പങ്ക് ചേർക്കുകയും ചെയ്തിരുന്നു. റസൂലുല്ലാഹി (സ) അവരെ ഈ ബഹുദൈവരാധനയിൽ നിന്നും തടയുകയും കലർപ്പറ്റ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഈ ഗ്രന്ഥത്തിന്റെ അവതരണം പ്രതാപിയും അജയ്യനും തന്ത്രജ്ഞനുമായ അല്ലാഹുവിങ്കൽ നിന്നുമാകുന്നു.(1). താങ്കളിലേക്ക് നാം ഈ ഗ്രന്ഥത്തെ സത്യസമേതം ഇറക്കി. ആകയാൽ അല്ലാഹുവിനുവേണ്ടി ആരാധനയെ നിഷ്‌കളങ്കമാക്കിയ നിലയിൽ അവനെ ആരാധിക്കുക. (സുമർ 1-2) 

റസൂലുല്ലാഹി (സ) അവരെ കലർപ്പറ്റ തൗഹീദിലേക്ക് ക്ഷണിച്ചപ്പോൾ അവർ വ്യാഖ്യാനിച്ചു: ഞങ്ങൾ ഇവയെ ആരാധിക്കുന്നത് ഇവ ഞങ്ങളെ പടച്ചവനിലേക്ക് അടുപ്പിക്കുന്നതിന് വേണ്ടിയാണ്. അറിയുക: നിഷ്‌കളങ്കമായ ആരാധന അല്ലാഹുവിന് മാത്രമുള്ളതാണ്. അല്ലാഹുവിനെ വിട്ട് രക്ഷാധികാരികളെ സ്വീകരിച്ചവർ (പറയുന്നു:) ഇവർ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടി മാത്രമാണ് ഞങ്ങൾ ഇവയെ ആരാധിക്കുന്നത്. അവർ ഭിന്നിച്ച കാര്യങ്ങളിൽ അല്ലാഹു അവർക്കിടയിൽ തീരുമാനം പ്രഖ്യാപിക്കുന്നതാണ്. നുണയനും നിഷേധിയുമായ ഒരുവനും അല്ലാഹു സന്മാർഗം നൽകുന്നതല്ല. (സുമർ 3) ഇത്തരം വ്യാഖ്യാനങ്ങൾ നടത്തി ജനങ്ങൾ ബഹുദൈവരാധനയിലേക്ക് വീണുകൊണ്ടിരുന്നു. അതുകൊണ്ടാണ് അല്ലാഹു പറഞ്ഞത്: അല്ലാഹുവിനോട് പങ്കുചേർത്തുകൊണ്ട് മാത്രമേ അവരിലധികം പേരും അല്ലാഹുവിൽ വിശ്വസിക്കുന്നുള്ളൂ. (യൂസുഫ് 106) 

  ഇപ്രകാരം എല്ലാ കാലഘട്ടത്തിലുമുള്ള ബഹുദൈവരാധകർ ഞങ്ങൾ ഏകനായ പടച്ചവനിൽ വിശ്വസിക്കുന്നു എന്ന് വാദിക്കുകയും ഞങ്ങൾ മറ്റുള്ളവരെ പടച്ചവനോട് പങ്ക് ചേർക്കുന്നത് ബഹുദൈവരാധനയല്ലെന്ന് വാദിക്കുകയും മറ്റുള്ളവരെ പടച്ചവനായി കണ്ടാൽ മാത്രമേ ബഹുദൈവരാധന ആവുകയുള്ളൂ എന്ന് വിശദീകരിക്കുകയും ചെയ്യാറുണ്ട്. എന്നാൽ പരിശുദ്ധ ഖുർആനിലെ ഉപരിസൂചിത വചനങ്ങൾ അവരുടെ ഈ വാദത്തെ വ്യക്തമായി ഖണ്ഡിക്കുകയും പടച്ചവനോടൊപ്പം മറ്റുള്ളവരെ പങ്ക് ചേർക്കുന്നത് ബഹുദൈവരാധനയാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. അടുത്തതായി പടച്ചവന് മാത്രം നടത്തേണ്ട ആരാധനയുടെ രൂപങ്ങൾ പടച്ചവൻ അല്ലാത്തവർക്ക് നിർവ്വഹിക്കാൻ പാടില്ലെന്ന വിഷയം ചെറുതായി വിവരിക്കുകയാണ്. 

സുജൂദ് (സാഷ്ടാഗം) 
ആരാധനയുടെ വളരെ പ്രധാനപ്പെട്ട ഒരു രൂപമാണ് സുജൂദ്. ഇത് അല്ലാഹുവിന് മാത്രമേ പാടുള്ളൂ. അല്ലാഹു അല്ലാത്ത ആർക്കും സുജൂദ് ചെയ്യാൻ പാടുള്ളതല്ല. അല്ലാഹു ഉണർത്തുന്നു: രാവും പകലും സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽപ്പെട്ടതാണ്. നിങ്ങൾ സൂര്യനും ചന്ദ്രനും സുജൂദ് (സാഷ്ടാംഗം) ചെയ്യരുത്. അവയെ പടച്ചവനായ അല്ലാഹുവിന് നിങ്ങൾ സൂജുദ് ചെയ്യുക. നിങ്ങൾ സൃഷ്ടാവിനെ ആരാധിക്കുന്നവരാണെങ്കിൽ അതാണ് വേണ്ടത്. ( ഹാമീം സജദ 37)  ഖൈസ് (റ) വിവരിക്കുന്നു: ഞാൻ ഖയ്‌റ എന്ന സ്ഥലത്ത് പോയി. അവിടെയുള്ള ജനങ്ങൾ അവരുടെ നേതാവിന് സുജൂദ് ചെയ്യുന്നതായി ഞാൻ കണ്ടു. ശേഷം റസൂലുല്ലാഹി (സ)യുടെ സന്നിധിയിൽ ഹാജരായപ്പോൾ ഞാൻ പറഞ്ഞു: ഞാൻ ഖയ്‌റയിൽ പോയിരുന്നു. അവിടെയുള്ളവർ അവരുടെ നേതാവിന് സുജൂദ് ചെയ്യുന്നതായി ഞാൻ കണ്ടു. താങ്കൾ ഇതിന് വളരെയധികം അർഹനാണല്ലോ? അപ്പോൾ റസൂലുല്ലാഹി (സ) എന്നോട് പറഞ്ഞു: നിങ്ങൾ എന്റെ ഖബ്‌റിനരികിലൂടെ കടന്നുപോയാൽ അതിന് സുജൂദ് ചെയ്യുമോ? ഞാൻ പറഞ്ഞു: ഇല്ല. അപ്പോൾ റസൂലുല്ലാഹി (സ) അരുളി: എങ്കിൽ നിങ്ങൾ അപ്രകാരം എനിയ്ക്ക് സുജൂദും ചെയ്യരുത്. (അബൂദാവൂദ് 2142)

പടച്ചവനല്ലാത്തവർക്ക് സുജൂദ് ചെയ്യാൻ പാടില്ലെങ്കിൽ ആദം നബി (അ)യ്ക്ക് സുജൂദ് ചെയ്യാൻ അല്ലാഹു കൽപ്പിച്ചതും യൂസുഫ് നബി (അ)യ്ക്ക് മുന്നിൽ യഅ്ഖൂബ് നബി (അ)യും മക്കളും സുജൂദ് ചെയ്തതും എന്തിനാണെന്ന് ധാരാളം ആളുകൾ ചോദിക്കാറുണ്ട്. ഇത് ഒരു പൈശാചിക ദുർബോധനം മാത്രമാണ്. കാരണം മഹാന്മാരായ നബിമാരുടെ ശരീഅത്തുകൾക്കിടയിൽ വ്യത്യാസം സംഭവിക്കാറുണ്ട്. മുസ്‌ലിം സമുദായം റസൂലുല്ലാഹി (സ)യുടെ ശരീഅത്തനുസരിച്ച് ജീവിക്കേണ്ടവരാണ്. ആദം നബി (അ)യുടെ ശരീഅത്തിൽ സഹോദരനും സഹോദരിയും വിവാഹം കഴിക്കാൻ അനുവാദമുണ്ടായിരുന്നു. യഅ്ഖൂബ് നബി (അ)യുടെയും യൂസുഫ് നബി (അ)യുടെയും ശരീഅത്തിൽ ചില നിയമങ്ങൾ പ്രത്യേകമായിരുന്നു. അവരുടെ അരികിൽ ആദരവിന് വേണ്ടി സുജൂദ് ചെയ്യാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ആയത്തിലും ഹദീസിലും പറയപ്പെട്ടതുപോലെ ഈ ശരീഅത്തിൽ അല്ലാഹു അല്ലാത്ത ആർക്കും സുജൂദ് ചെയ്യാൻ അനുവാദമില്ല. ഇതര ശരീഅത്തുകളുടെ തെളിവ് പറഞ്ഞ് അതനുസരിച്ച് പ്രവർത്തിക്കുന്നത് വ്യക്തമായ വഴികേടും റസൂലുല്ലാഹി (സ)യോടുള്ള കടമയെ അവഗണിക്കലുമാണ്. 

റസൂലുല്ലാഹി (സ) വിയോഗത്തിന് മൂന്ന് ദിവസം മുമ്പ് പ്രസ്താവിച്ചു: യഹൂദ നസ്രാണികൾ നബിമാരുടെ ഖബ്‌റുകളെ ആരാധനാലയം ആക്കിയതിനാൽ അവരുടെ മേൽ പടച്ചവന്റെ ശാപം ഉണ്ടാകട്ടെ. (ബുഖാരി 1330) റസൂലുല്ലാഹി (സ) അവസാന സമയത്ത് ഇപ്രകാരം പ്രസ്താവിച്ചതും സമുദായ അംഗങ്ങൾ ഇപ്രകാരം റസൂലുല്ലാഹി (സ)യുടെ അനുഗ്രഹീത ഖബ്‌റിനോട് പ്രവർത്തിക്കാതിരിക്കാൻ വേണ്ടിയാണ്. റസൂലുല്ലാഹി (സ)യുടെ അനുഗ്രഹീത ഖബ്‌റിന് മുന്നിൽ സുജൂദ് ചെയ്യാൻ പാടില്ലെങ്കിൽ ഏതെങ്കിലും വലിയ്യിന്റെ ഖബ്‌റിൽ സുജൂദ് ചെയ്യുന്നത് എങ്ങനെ അനുവദനീയമാകാനാണ്? തീർച്ചയായും ഈ പ്രവർത്തനം റസൂലുല്ലാഹി (സ)യുടെ ശാപത്തിന് അർഹവും നിഷിദ്ധവുമാണ്. എന്നാൽ സമുദായത്തിലെ ഒരു വിഭാഗം ഇപ്രകാരം പ്രവർത്തിക്കുകയും അല്ലാഹുവിന്റെയും ദൂതന്റെയും കൽപ്പനയെ ധിക്കരിക്കുകയും ചെയ്തു. 

ഖബ്‌റിടങ്ങളിൽ സുജൂദ് ചെയ്യാൻ പാടില്ലാത്തതുപോലെ ഇതര വസ്തുക്കൾക്ക് മുന്നിലും ജീവിച്ചിരിക്കുന്നവർക്കും സുജൂദ് ചെയ്യാനും പാടില്ല. എന്നാൽ ഇതും ചില പ്രദേശങ്ങളിൽ വ്യാപകമായിക്കൊണ്ടിരിക്കുന്നു. തസവ്വുഫുമായി ബന്ധപ്പെട്ടവരെന്ന് പറയുന്ന ചിലർ അവരുടെ ശൈഖുമാർക്ക് സുജൂദ് ചെയ്യാറുണ്ട്. എന്നാൽ ഈ പ്രവർത്തനം സുജൂദ് ചെയ്യുന്നവരുടെയും ചെയ്യിക്കുന്നവരുടെയും ഈമാൻ നഷ്ടപ്പെടുത്തുന്നതാണെന്ന് ഭയക്കേണ്ടിയിരിക്കുന്നു. കാരണം സുജൂദ് ആരാധനയുമായി ബന്ധപ്പെട്ട ഒരു കർമ്മമാണ്. അത് അല്ലാഹു അല്ലാത്ത ആർക്കെങ്കിലും ചെയ്യുന്നത് അല്ലാഹു അല്ലാത്ത ആരും ആരാധനയ്ക്കർഹനല്ലെന്ന വിശ്വാസത്തിൽ പങ്ക് ചേർക്കലാണ്. റസൂലുല്ലാഹി (സ) ഈ ലോകത്ത് വന്നത് ആരാധനയിലുള്ള ഈ പങ്ക് ചേർക്കലിനെ ഇല്ലാതാക്കാനാണ്. 

ഇപ്രകാരം സുജൂദ് ചെയ്യുന്നത് ആരാധനയ്ക്ക് വേണ്ടിയല്ല, ആദരവിന് വേണ്ടിയാണെന്ന് ചിലർ വ്യാഖ്യാനിക്കാറുണ്ട്. എന്നാൽ റസൂലുല്ലാഹി (സ)യേക്കാളും ആദരവിന് അർഹനായി ആരാണുള്ളത്? പക്ഷേ, റസൂലുല്ലാഹി (സ)യും കഴിഞ്ഞ ഹദീസിൽ പറയപ്പെട്ടതുപോലെ സമുദായത്തെ ഇതിൽ നിന്നും തടയുകയുണ്ടായി. പ്രസ്തുത ഹദീസിൽ പറയപ്പെട്ടിരിക്കുന്ന സജൂദ് ആദരവിന്റെ സുജൂദ് തന്നെയാണ്. അതിൽ നിന്നുപോലും സമുദായം തടയപ്പെട്ടു. ഈ കാരണത്താൽ അല്ലാഹു അല്ലാത്ത ആർക്കും ഒരു നിലയിലും സുജൂദ് ചെയ്യാൻ പാടുള്ളതല്ല. അല്ലാഹു അറിയിക്കുന്നു: തീർച്ചയായും സുജൂദുകൾ എല്ലാം അല്ലാഹുവിനുള്ളതാണ്. നിങ്ങൾ അല്ലാഹുവിനോടൊപ്പം മറ്റാരെയും വിളിക്കരുത്. (ജിന്ന് 18) 

സുജൂദ് കൂടാതെ, ആരുടെയെങ്കിലും മുന്നിൽ നമസ്‌കാരത്തിലേത് പോലെ കൈകെട്ടി നിൽക്കുന്നതും ശരിയല്ല. റസൂലുല്ലാഹി (സ) അരുളി: ജനങ്ങൾ തന്റെ മുന്നിൽ പ്രതിമയെപ്പോലെ നിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ നരകത്തിൽ ഇരിപ്പിടം തയ്യാറാക്കിക്കൊള്ളട്ടെ. (തിർമിദി 2979) സദസ്സിലിരിക്കുമ്പോൾ പ്രത്യേകത കൽപ്പിക്കുന്നത് പോലും റസൂലുല്ലാഹി (സ) ഇഷ്ടപ്പെട്ടിരുന്നില്ല. റസൂലുല്ലാഹി (സ) ഒരു സ്ഥലത്ത് ഇരിക്കുമ്പോൾ ചുറ്റുഭാഗത്ത് അടുത്തിരിക്കാൻ സഹാബികളോട് നിർദ്ദേശിക്കുമായിരുന്നു. 

ദുആ 
ദുആയും തനിച്ച ഇബാദത്തിന്റെ കർമ്മമാണ്. ഇത് അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. അല്ലാഹു അല്ലാത്ത ആരെയും വിളിച്ച് പ്രാർത്ഥിക്കാൻ പാടില്ല. അല്ലാഹു പറയുന്നു: നിങ്ങൾ പടച്ചവനോടൊപ്പം മറ്റാരെയും വിളിച്ച് പ്രാർത്ഥിക്കരുത്. (ജിന്ന് 18) ആവശ്യ സമയങ്ങളിലെല്ലാം പടച്ചവനെ വിളിച്ച് പ്രാർത്ഥിക്കുമെങ്കിലും ചില സന്ദർഭങ്ങളിൽ നബിമാരെയും വലിയ്യുകളെയും വിളിച്ച് പ്രാർത്ഥിക്കുന്നത് ശരിയല്ല. ഇന്ന് പലരും ഖബ്‌റുകൾക്കരികിൽ പോയി ഖബ്‌റാളികളോട് ചിലർ മക്കളെയും മറ്റുചിലർ രോഗ ശമനത്തെയും വേറെ ചിലർ ഇതര ആവശ്യങ്ങളെയും ചോദിക്കുകയും അവർ അതെല്ലാം നിർവ്വഹിച്ച് തരുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ചിലർ റസൂലുല്ലാഹി (സ)യെ ആവശ്യങ്ങൾ നിർവ്വഹിക്കുന്ന വ്യക്തിയായി കണ്ടുകൊണ്ട് റസൂലുല്ലാഹി (സ)യോട് ആവശ്യങ്ങൾ പറയാറുണ്ട്. ഇതും തെറ്റാണ്. അല്ലാഹുവിനോട് മാത്രമേ ദുആ ചെയ്യാൻ പാടുള്ളൂയെന്നും ആവശ്യ സമയമങ്ങളിലെല്ലാം പടച്ചവനെ മാത്രം വിളിക്കേണ്ടതാണെന്നും ഖുർആനിൽ ആവർത്തിച്ച് ഉണർത്തിയിരിക്കുന്നു:അല്ലാഹുവിനെ വിട്ട് നിങ്ങൾക്ക് ഒരു ഉപകാരവും ഉപദ്രവവും ചെയ്യാത്തവരെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കരുത്. ഇനി അങ്ങനെ ചെയ്താൽ താങ്കൾ അക്രമികളിൽ പെട്ടവരായിപ്പോകും. (യൂനുസ് 106) അല്ലാഹു രാത്രിയെ പകലിലും പകലിനെ രാത്രിയിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും കീഴ്പ്പെടുത്തിത്തന്നിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കും. അതാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. എല്ലാ അധികാരവും അവന് മാത്രമാണ്. അല്ലാഹുവിനെ വിട്ട് നിങ്ങൾ ആരാധിക്കുന്നവർ ഒരു ഈത്തപ്പഴക്കുരുവിന്റെപാടയുടെ പോലും ഉടമസ്ഥരല്ല.(13) അവരെ നിങ്ങൾ വിളിച്ചാൽ അവർ നിങ്ങളുടെ വിളി കേൾക്കുന്നതല്ല. ഇനി കേട്ടാൽ തന്നെ നിങ്ങളുടെ അപേക്ഷ പൂർത്തീകരിച്ചു തരുന്നതല്ല. പുനർജ്ജീവിത നാളിൽ നിങ്ങൾ പങ്കാളിയാക്കിയതിനെ അവർ തള്ളിപ്പറയുന്നതാണ്. സൂക്ഷ്മമായ അറിവുള്ള അല്ലാഹുവിനെപ്പോലെ ആരും താങ്കൾക്ക് പറഞ്ഞുതരുന്നതുമല്ല. (ഫാത്വിർ 13-14)

നബിമാരോടും മഹാന്മാരോടും പ്രാർത്ഥിക്കുന്നവരുടെ ആവശ്യങ്ങൾ നിർവ്വഹിച്ച് കൊടുക്കാൻ അവർക്ക് കഴിയുന്നതല്ല. കൂടാതെ, നാളെ പരലോകത്ത് ഇതെല്ലാം ജനങ്ങളുടെ നിർമ്മാണങ്ങളായിരുന്നുവെന്നും ഞങ്ങൾ ഇങ്ങനെ ചെയ്യാൻ കൽപ്പിച്ചിട്ടില്ലായിരുന്നുവെന്നും പറഞ്ഞ് അവർ ഇതിൽ നിന്നും ഒഴിഞ്ഞ് മാറുന്നതാണ്. അല്ലാഹു പറയുന്നു: അല്ലാഹുവിനെ വിട്ട് ലോകാവസാനം വരെ ഉത്തരം നൽകാത്തവരെ വിളിച്ച് പ്രാർത്ഥിക്കുന്നവരേക്കാൾ വഴിപിഴച്ചവൻ ആരാണ്? അവർക്ക് ഇവരുടെ വിളിയെക്കുറിച്ച് ഒരു വിവരുമില്ല. (അഹ്ഖാഫ് 5) 

ചുരുക്കത്തിൽ ദുആ അല്ലാഹു അല്ലാത്ത മറ്റാരോടും പാടില്ല. സർവ്വ കാര്യങ്ങൾക്കും അല്ലാഹുവിനെ മാത്രം വിളിച്ച് താണുകേണ് ഇരക്കേണ്ടതാണ്. റസൂലുല്ലാഹി (സ) അരുളി: നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ സർവ്വ ആവശ്യങ്ങളും അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ടതാണ്. എന്തിനേറെ ചെരുപ്പിന്റെ വാർ പൊട്ടിപ്പോയാൽ അതും അല്ലാഹുവിനോട് ചോദിക്കേണ്ടതാണ്. (അഹ്മദ് 1079) അതെ, മതപരമോ, ഭൗതികമോ ആയ ചെറുതും വലുതുമായ സർവ്വ കാര്യങ്ങളും അല്ലാഹുവിനോട് മാത്രം ഇരക്കേണ്ടതാണ്. അല്ലാഹു അല്ലാത്തവർ അദൃശ്യങ്ങൾ അറിയുമെന്നും അവർ നമ്മുടെ ആവശ്യങ്ങൾ നിർവ്വഹിച്ച് തരുമെന്നും വിശ്വസിക്കുന്നത് കടുത്ത കുറ്റമാണ്. 

എന്നാൽ മഹാത്മാക്കളോട് ദുആ ചെയ്യണമെന്ന് അപേക്ഷിക്കാൻ അനുവാദമുണ്ടെന്ന് മാത്രമല്ല, അത് വളരെ നല്ലകാര്യവുമാണ്. എന്നാൽ അപ്പോഴും ഒരു കാര്യം നന്നായി മനസ്സിലാക്കുക: മഹാന്മാർ പടച്ചവന് മുമ്പാകെ താണുകേണ് ഇരക്കുന്നവർ മാത്രമാണ്. അവർ അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരായതിനാൽ അവരിലേക്ക് അല്ലാഹുവിന്റെ വിശിഷ്ട കാരുണ്യം തിരിയുന്നതും അവരുടെ ദുആകൾ കൂടുതലായി സ്വീകരിക്കപ്പെടുന്നതുമാണ്. എന്നാൽ പടച്ചവൻ അവരുടെ ദുആ നിർബന്ധമായും സ്വീകരിക്കുന്നതാണെന്ന് വിശ്വസിക്കാൻ പാടുള്ളതല്ല. ആദരവായ റസൂലുല്ലാഹി (സ)യേക്കാൾ അല്ലാഹുവിങ്കൽ സമീപസ്ഥനായ ആരുമുണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. റസൂലുല്ലാഹി (സ) അബൂത്വാലിബ് സന്മാർഗ്ഗത്തിലാകാൻ അതിയായി ആഗ്രഹിക്കുകയും വളരെയധികം ദുആ ഇരക്കുകയും ചെയ്‌തെങ്കിലും അല്ലാഹുവിന്റെ തീരുമാനം ഉണ്ടാകാത്തതിനാൽ അദ്ദേഹം സത്യവിശ്വാസം സ്വീകരിച്ചില്ല. അതിന്റെ പേരിൽ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു. താങ്കൾ ഇഷ്ടപ്പെടുന്നവർക്ക് താങ്കൾ സന്മാർഗം നൽകുന്നതല്ല. മറിച്ച്, അല്ലാഹു അവൻ ഉദ്ദേശിച്ചവർക്ക് സന്മാർഗം നൽകുന്നതാണ്. സന്മാർഗം സ്വീകരിക്കുന്നവരെ അല്ലാഹുവിന് നന്നായി അറിയാം. (ഖസസ് 56) ചുരുക്കത്തിൽ അല്ലാഹുവിനെ ആരും സമ്മർദ്ധത്തിലാക്കുന്നതല്ല. അല്ലാഹുവിന് ആരുടെയും അപേക്ഷ സ്വീകരിക്കൽ നിർബന്ധമില്ല. അല്ലാഹു പരിപൂർണ്ണ സ്വതന്ത്രനായ അധികാരിയാകുന്നു. ഇഷ്ടമുള്ളവരുടെ പ്രാർത്ഥന സ്വീകരിക്കുകയും ചിലരുടെ പ്രാർത്ഥന സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നു. 

ബലി
മൃഗത്തെ ബലി കൊടുക്കുന്നത് പടച്ചവന് വേണ്ടി മാത്രം ചെയ്യേണ്ടതാണ്. അല്ലാഹു അല്ലാത്ത ആരുടെയെങ്കിലും സാമിപ്യത്തിനും തൃപ്തിക്കും വേണ്ടി ബലി നൽകാൻ പാടുള്ളതല്ല. അല്ലാഹു കൽപ്പിക്കുന്നു: അവന് യാതൊരു പങ്കുകാരുമില്ല. അതാണ് എന്നോട് കല്പിക്കപ്പെട്ടിരിക്കുന്നത്. ഞാൻ പ്രഥമ മുസ്ലിമാണ്. (അൻആം 163) അല്ലാഹു അല്ലാത്തവരുടെ നാമത്തിൽ നേർച്ചനേരുകയും അറുക്കുകയും ചെയ്ത മൃഗങ്ങൾ മാലിന്യമാണെന്ന് ഖുർആൻ അറിയിക്കുന്നു. (അൻആം 145) 

എന്നാൽ ബഹുദൈവരാധനയുമായി ബന്ധപ്പെട്ട ഈ കർമ്മവും ധാരാളം ജനങ്ങളിൽ വ്യാപകമായിരിക്കുന്നു. പലരും മൃഗത്തെ മഹാന്മാരുടെ പേരിൽ നേർച്ചനേർന്ന് വിടുകയും അതിനെ അതിയായി ആദരിക്കുകയും ചെയ്യുന്നു. ഏതെങ്കിലും നബിയുടെ വലിയ്യിന്റെയോ ജിന്നിന്റെയോ സൃഷ്ടിയുടെയോ പേരിൽ മൃഗത്തെ നേർച്ച നേരുന്നത് കടുത്ത കുറ്റമാണ്. അല്ലാഹു അല്ലാത്തവരുടെ നാമത്തിൽ അറുക്കപ്പെടുന്ന മൃഗങ്ങൾ മാലിന്യമാണ്. സൂഫിവര്യനായ മുജദ്ദിദ് അൽഫ്ത്ഥാനി ശൈഖ് സർഹിന്ദി പറയുന്നു: ധാരാളം ആളുകൾ അല്ലാഹുവിന്റെ വലിയ്യിന്റെയും മഹാന്മാരുടെയും പേരിൽ നേർച്ചകൾ നേരുകയും മൃഗങ്ങളെ അവരുടെ ഖബ്‌റുകൾക്കരികിൽ കൊണ്ടുപോയി അറുക്കുകയും ചെയ്യാറുണ്ട്. ഫുഖഹാഅ് ഇതിനെ ബഹുദൈവരാധനയായി പ്രസ്താവിച്ചിരിക്കുന്നു. (മക്തൂബ് 41) അലിയ്യ് (റ) പ്രസ്താവിച്ചു: അല്ലാഹു അല്ലാത്തവർക്ക് വേണ്ടി അറുക്കുന്നവരുടെ മേൽ പടച്ചവന്റെ ശാപം ഉണ്ടാകുന്നതാണ്. 

സ്ഥലങ്ങളോടുള്ള ആദരവ്
കഅ്ബ, അറഫാത്ത്, മുസ്തലിഫ, മിന, സഫാ, മർവാ, മഖാമു ഇബ്‌റാഹീം, മസ്ജിദുൽ ഹറാം, പരിശുദ്ധ ഹറം എന്നിങ്ങനെ അല്ലാഹു ചില സ്ഥലങ്ങളെ ആദരണീയമാക്കിയിട്ടുണ്ട്. ജനമനസ്സുകളിൽ അവിടെ എത്തിച്ചേരാനുള്ള ആഗ്രഹം അല്ലാഹു നിക്ഷേപിച്ചു. അങ്ങനെ ജനങ്ങൾ ദൂരദേശങ്ങളിൽ നിന്നും യാത്ര ചെയ്ത് അവിടെ എത്തുന്നു. ത്വവാഫ് ചെയ്യുകയും ദു:ഖങ്ങളും ആഗ്രഹങ്ങളും പടച്ചവന് മുമ്പാകെ സമർപ്പിക്കുകയും ചിലർ മുൽതസിമിലും മറ്റുചിലർ ഖില്ലയിലും പിടിച്ച് ദുആ ഇരക്കുകയും ചെയ്യുന്നു. വേറെ ചിലർ രാപകലുകളിൽ അവിടെ ഇരുന്ന് പടച്ചവന്റെ ധ്യാനത്തിൽ മുഴുകുന്നു. ചിലർ സഫാ-മർവയ്ക്കിടയിൽ നടക്കുന്നു. പ്രത്യേക ദിനരാത്രങ്ങളിൽ മിന, അറഫാത്ത്, മുസ്തലിഫ ഇവിടെയെല്ലാം പോകുന്നു. ഇതെല്ലാം അല്ലാഹുവിനെ ആദരിക്കുകയും അല്ലാഹുവിനോടുള്ള അടിമത്വം പ്രകടമാക്കുകയും ചെയ്തുകൊണ്ടാണ്. ഇവകൾ ചെയ്യുന്നവരെ അല്ലാഹു തൃപ്തിപ്പെടുന്നതുമാണ്. എന്നാൽ ഇവയല്ലാത്ത മറ്റ് സ്ഥലങ്ങളെ പ്രത്യകമായ നിലയിൽ ആദരിക്കാനോ, ഏതെങ്കിലും ഖബ്‌റിനരകിൽ ഖബ്‌റാളികളുടെ തൃപ്തിക്ക് വേണ്ടി നാൽപ്പത് ദിവസം കഴിച്ച് കൂട്ടാനോ, ഏതെങ്കിലും സ്ഥലത്തെ വിശുദ്ധമായിക്കണ്ട് അവിടേക്ക് യാത്ര ചെയ്യാനോ, നേർച്ച നേരാനോ, ഏതെങ്കിലും സ്ഥലത്തെയോ ഖബ്‌റിനെയോ ത്വവാഫ് ചെയ്യാനോ പാടുള്ളതല്ല. ഏതെങ്കിലും സ്ഥലത്തെ ആദരണീയമായിക്കണ്ട് അവിടുത്തെ വൃക്ഷങ്ങളെ വെട്ടാതിരിക്കുകയോ, പുല്ലുകൾ പറിക്കാതിരിക്കുകകയോ, വേട്ടയാടാതിരിക്കുകയോ ചെയ്യുന്നതും ഇത്തരം കാര്യങ്ങളിലെല്ലാം മതപരവും ഭൗതികവുമായ നന്മകളുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യരുത്. കാരണം ഇത്തരം കാര്യങ്ങൾ പടച്ചവനുമായി മാത്രം ബന്ധപ്പെട്ടതാണ്. അല്ലാഹു അല്ലാത്ത ആരുമായും ഇവയെ ബന്ധിപ്പിക്കാൻ പാടുള്ളതല്ല. 

എന്നാൽ പലരും ഈ വിഷയത്തിലും വലിയ വീഴ്ച വരുത്തുന്നുണ്ട്. ചിലർ ചില വസ്തുക്കളെ നിഷിദ്ധമായി കാണുകയും അതിനോട് വലിയ പ്രതീക്ഷ പുലർത്തുകയും അവയെ പരിധിവിട്ട് ആദരിക്കുകയും ചെയ്യുന്നുണ്ട്. മറ്റുചിലർ മഹാന്മാരുടെ വടിയെയും ഇതര വസ്തുക്കളെയും പരിധിവിട്ട് ആദരിക്കുകയും അവിടേക്ക് നേർച്ചകൾ നേരുകയും യാത്രകൾ ചെയ്യുകയും ശപഥങ്ങൾ നിർവ്വഹിക്കുകയും ചെയ്യുന്നു. ഇതെല്ലാം കടുത്ത കുറ്റമാണ്. അവസാന കാലത്ത് സമുദായത്തിലെ നിരവധി വിഭാഗങ്ങൾ ബഹുദൈവരാധകരുമായി ചേരുകയും വിഗ്രഹരാധനകൾ നടത്തുകയും ചെയ്യുമെന്ന് റസൂലുല്ലാഹി (സ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. (തിർമിദി 238) ഇത്തരം കാര്യങ്ങളിൽ വളരെയധികം സൂക്ഷ്മത പുലർത്തേണ്ടതാണ്. അല്ലാഹുവിന് മാത്രം പാടുള്ള ആദരവുകൾ അല്ലാഹുവിന് മാത്രമേ പാടുള്ളൂ. അവ മറ്റാരോടെങ്കിലും പുലർത്തുന്നത് ആരാധനയിലുള്ള പങ്ക് ചേർക്കലാണ്. ഖേദകരമെന്ന് പറയട്ടെ, സമുദായത്തിലെ വലിയൊരു വിഭാഗം ഇതിൽ കുടുങ്ങിയിരിക്കുന്നു. 

സഹായ അഭ്യർത്ഥന
എല്ലാവിധ സഹായ അഭ്യർത്ഥനകൾ നടത്തുന്നതും അഭയം തേടുന്നതും അല്ലാഹുവിനോട് മാത്രമായിരിക്കും. റസൂലുല്ലാഹി (സ) അരുളി: സഹായ അഭ്യർത്ഥന നടത്തേണ്ടത് എന്നോടല്ല. അല്ലാഹുവിനോടാണ്. (കൻസുൽ ഉമ്മാൽ 29862) പരിശുദ്ധ ഖുർആനിൽ വ്യക്തമായി അറിയിക്കുന്നു: അല്ലാഹു താങ്കൾക്ക് വല്ല ബുദ്ധിമുട്ടും വരുത്തുന്നുവെങ്കിൽ അതിനെ ദൂരീകരിക്കുന്നതിന് അവനല്ലാതെ ആരുമില്ല. ഇനി അല്ലാഹു താങ്കൾക്ക് നന്മ വല്ലതും ഉദ്ദേശിച്ചാൽ അവന്റെ ഔദാര്യം തടയാൻ ആരുമില്ല. തന്റെ ദാസരിൽ താനുദ്ദേശിക്കുന്നവർക്ക് അവന്റെ ഔദാര്യം നൽകുന്നു. അല്ലാഹു വളരെ പൊറുക്കുന്നവനും വലിയ കാരുണ്യവാനുമാണ്. (യൂനുസ് 107) 
ഇസ്തിഗാസ (അഭയം തേടൽ), ഇസ്തിആനത്ത് (സഹായം തേടൽ) ഇത് രണ്ടും അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. അല്ലാഹു അല്ലാത്ത ആരോടും ഇത് നടത്താൻ പാടുള്ളതല്ല. ചിലർ ഞാൻ മഹാന്മാരുടെ അടിമയാണെന്ന് പറയാറുണ്ട്. ചിലർ പറയുന്നു: ഞങ്ങൾ മുഹമ്മദ് നബിയുടെ അടിമകളും അല്ലാഹു മുഹമ്മദ് നബിയുടെ രക്ഷിതാവുമാണ്. ഇത്തരം വാചകങ്ങൾ തെറ്റാണ്. എല്ലാവരും അല്ലാഹുവിന്റെ അടിമളും, അല്ലാഹു എല്ലാവരുടെയും രക്ഷിതാവുമാണ്. റസൂലുല്ലാഹി (സ) പഠിപ്പിച്ചു: ഞാൻ അല്ലാഹുവിന്റെ അടിമയും ദൂതനുമാണ്. നിങ്ങൾ എന്നെക്കുറിച്ച് അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്ന് പറയുക. (ബുഖാരി 3445) അബ്ദുന്നബി, അബ്ദുർറസൂൽ എന്നിങ്ങനെ പ്രവാചകന്റെ അടിമകളെന്നും മഹാന്മാരുടെ അടിമകളെന്നും പേര് വെക്കുന്നതും ശരിയല്ല.

***********


മആരിഫുല്‍ ഖുര്‍ആന്‍ 


സൂറത്തുൽ ഹശ്ർ-1 (24 ആയത്തുകൾ, പദങ്ങൾ 445, അക്ഷരങ്ങൾ 1913, മദീനമുനവ്വറയിൽ അവതരണം. 3 റുകൂഅ്. അവതരണ ക്രമം 101. പാരായണ ക്രമം 59. സൂറത്തുൽ ബയ്യിനക്ക് ശേഷം അവതരണം)


എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തിൽ ആരംഭം



നിഷേധികൾ പരാജയപ്പെടുന്നതാണ്


✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി



ആയത്ത്  01-05


سَبَّحَ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ (1) هُوَ الَّذِي أَخْرَجَ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ مِن دِيَارِهِمْ لِأَوَّلِ الْحَشْرِ ۚ مَا ظَنَنتُمْ أَن يَخْرُجُوا ۖ وَظَنُّوا أَنَّهُم مَّانِعَتُهُمْ حُصُونُهُم مِّنَ اللَّهِ فَأَتَاهُمُ اللَّهُ مِنْ حَيْثُ لَمْ يَحْتَسِبُوا ۖ وَقَذَفَ فِي قُلُوبِهِمُ الرُّعْبَ ۚ يُخْرِبُونَ بُيُوتَهُم بِأَيْدِيهِمْ وَأَيْدِي الْمُؤْمِنِينَ فَاعْتَبِرُوا يَا أُولِي الْأَبْصَارِ (2وَلَوْلَا أَن كَتَبَ  ذَٰلِكَ بِأَنَّهُمْ شَاقُّوا اللَّهَ وَرَسُولَهُ ۖ وَمَن يُشَاقِّ اللَّهَ فَإِنَّ اللَّهَ شَدِيدُ الْعِقَابِ (4) مَا قَطَعْتُم مِّن لِّينَةٍ أَوْ تَرَكْتُمُوهَا قَائِمَةً عَلَىٰ أُصُولِهَا فَبِإِذْنِ اللَّهِ وَلِيُخْزِيَ الْفَاسِقِينَ (5)اللَّهُ عَلَيْهِمُ الْجَلَاءَ لَعَذَّبَهُمْ فِي الدُّنْيَا ۖ وَلَهُمْ فِي الْآخِرَةِ عَذَابُ النَّارِ (3)


ആകാശത്തും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളും അല്ലാഹുവിന്റെ പരിശുദ്ധി പ്രകീർത്തിക്കുന്നു. അല്ലാഹു പ്രതാപശാലിയും തന്ത്രജ്ഞനുമാണ്.(1) അല്ലാഹുവാണ് വേദക്കാരിലെ നിഷേധികളെ ആദ്യപ്രാവശ്യം ഒരുമിച്ചുകൂട്ടി അവരുടെ വീടുകളിൽ നിന്നും പുറത്താക്കിയത്. അവർ പുറത്തുപോകുമെന്ന് നിങ്ങൾ വിചാരിച്ചിരുന്നില്ല. അവരുടെ കോട്ടകൾ അവരെ അല്ലാഹുവിൽ നിന്നും സംരക്ഷിക്കുമെന്ന് അവർ ഊഹിക്കുകയും ചെയ്തു. എന്നാൽ അവർ വിചാരിക്കാത്ത ഭാഗത്തുകൂടി അല്ലാഹു അവരുടെ അരികിലെത്തി. അവരുടെ മനസ്സുകളിൽ ഉൾഭയം ഇട്ടുകൊടുത്തു. അവരുടെ വീടുകളെ അവരുടെ കൈകൾകൊണ്ടും വിശ്വാസികളുടെ കൈകൾകൊണ്ടും അവർ തകർക്കുന്നു. കണ്ണുള്ളവരെ നിങ്ങൾ ഗുണപാഠം ഉൾക്കൊള്ളുക.(2) അല്ലാഹു അവരുടെമേൽ നാടുകടത്തൽ എഴുതിയിരുന്നില്ലെങ്കിൽ ഇഹലോകത്ത് തന്നെ മറ്റ് വല്ല ശിക്ഷയും അവർക്ക് നൽകുമായിരുന്നു. പരലോകത്തിൽ അവർക്ക് നരകശിക്ഷയുണ്ട്.(3) കാരണം അവർ അല്ലാഹുവിനെയും ദൂതനെയും എതിർത്തവരാണ്. അല്ലാഹുവിനെ എതിർക്കുന്നവന് അല്ലാഹു കടുത്ത ശിക്ഷ നൽകുന്നവനാണ്.(4) ഈത്തപ്പന വൃക്ഷത്തിൽ നിന്നും നിങ്ങൾ മുറിച്ചുമാറ്റിയതും വേരുകളിൽ (മുറിക്കാതെ) ഉപേക്ഷിച്ചതും അല്ലാഹുവിന്റെ അനുമതിയോടെയും തെമ്മാടികളെ നിന്ദിക്കുന്നതിനും വേണ്ടിയായിരുന്നു.(5) പരസ്പര ബന്ധവും അവതരണ പശ്ചാത്തലവും: കപട വിശ്വാസികൾ സ്വീകരിച്ച യഹൂദികളുമായിട്ടുള്ള സൗഹൃദത്തെ കഴിഞ്ഞ സൂറത്തിൽ വിമർശിക്കുകയും ഈ സൂറത്തിൽ കപടവിശ്വാസികളുടെ വേരുകളായ യഹൂദികളുടെ ഇരുലോകത്തുമുള്ള ശിക്ഷ വിവരിച്ചിരിക്കുകയാണ്. റസൂലുല്ലാഹി (സ) മദീനയിൽ വന്നപ്പോൾ യഹൂദികളുമായി ഒരു കരാർ നടത്തിയിരുന്നു. യഹൂദികളിൽ വ്യത്യസ്ത ഗോത്രങ്ങളുണ്ടായിരുന്നു. അതിലൊന്നായ ബനൂനളീർ ഗോത്രവും സന്ധിയിൽ പ്രവേശിക്കുകയുണ്ടായി. ഇവർ മദീനയിൽ നിന്നും മൈൽ ദൂരത്തായിട്ടാണ് താമസിച്ചിരുന്നത്. ഒരിക്കൽ അംറുബ്‌നു ഉമയ്യ രണ്ടുപേരെ വധിക്കുകയുണ്ടായി. അതിന്റെ പരിഹാരം എല്ലാവരും കൂടിച്ചേർന്ന് നിർവ്വഹിക്കേണ്ടതായിരുന്നു. റസൂലുല്ലാഹി (സ) മുസ്‌ലിംകളിൽ നിന്നും അതിനുള്ള തുക സമാഹരിച്ചു. തുടർന്ന് സന്ധിയുടെ വ്യവസ്ഥയനുസരിച്ച് യഹൂദികളോടും അതിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടു. ഇതിനുവേണ്ടി റസൂലുല്ലാഹി (സ) അവർ താമസിക്കുന്ന പ്രദേശത്തേക്ക് പോയി. എന്നാൽ ഇത് റസൂലുല്ലാഹി (സ)യെ വകവരുത്താനുള്ള ഒരു അവസരമാണെന്ന് വിചാരിച്ച് അവർ റസൂലുല്ലാഹി (സ)യെ ഒരു സ്ഥലത്ത് ഇരുത്തുകയും ഞങ്ങൾ എല്ലാവരിൽ നിന്നും തുക സമാഹരിക്കാമെന്ന് പറഞ്ഞ് പുറത്തിറങ്ങുകയും ഗൂഢാലോചന നടത്തുകയും ചെയ്തു. റസൂലുല്ലാഹി (സ) ഇരുന്ന സ്ഥലത്തിനടുത്തുള്ള ഭിത്തിയുടെ മുകളിൽ കയറി ഒരു വലിയ കല്ലെടുത്ത് റസൂലുല്ലാഹി (സ)യുടെ മുകളിൽ ഇടാൻ അവർ തീരുമാനിച്ചു. അല്ലാഹു വഹ്‌യ് വഴി അറിയിച്ചതിനെത്തുടർന്ന് റസൂലുല്ലാഹി (സ) അവിടെ നിന്നും എഴുന്നേറ്റ് മടങ്ങിവന്നു. തുടർന്ന് അവർക്ക് ഇപ്രകാരം അറിയിപ്പ് കൊടുത്തു: നിങ്ങൾ കരാർ ലംഘിക്കുകയും സന്ധി പൊളിയ്ക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾക്ക് പത്ത് ദിവസത്തെ ഇളവ് നൽകുന്നു. നിങ്ങൾ ഇഷ്ടമുള്ള സ്ഥലത്തേക്ക് പോവുക. അതിന് ശേഷം ഇവിടെ കാണുന്നവർ കൊല്ലപ്പെടുന്നതാണ്. അവർ അവിടെ നിന്നും പോകാൻ തീരുമാനിച്ചപ്പോൾ മുനാഫിഖ് നേതാവ് അബ്ദുല്ലാഹിബ്‌നു ഉബയ്യ് അവരെ തടഞ്ഞുകൊണ്ട് പറഞ്ഞു: നിങ്ങൾ എവിടെയും പോകേണ്ടതില്ല. എന്റെ കൂട്ടത്തിൽ പതിനായിരം ഭടന്മാരുണ്ട്. അവർ ജീവൻ മരണ പോരാട്ടം നടത്തുന്നവരാണ്. നിങ്ങൾക്ക് യാതൊരു പരിക്കും ഏൽക്കാൻ സമ്മതിക്കുന്നതല്ല. ഇയാളോടൊപ്പം വേറെയും ചില നേതാക്കളും ഇതേ വാചകം പറഞ്ഞതായി ചില നിവേദനങ്ങളിൽ വന്നിരിക്കുന്നു. യഹൂദികൾ മുനാഫിഖുകളുടെ വാചകം വിശ്വസിച്ചുകൊണ്ട് റസൂലുല്ലാഹി (സ)യോട് പറഞ്ഞു: നിങ്ങൾ കഴിയുന്നത് ചെയ്തുകൊള്ളുക. ഞങ്ങൾ ഇവിടെ നിന്നും പോകുന്നതല്ല. റസൂലുല്ലാഹി (സ) അവരിലേക്ക് നീങ്ങി. അവർ കോട്ട വാതിലുകൾ അടച്ചു. കപടവിശ്വാസികൾ കൈയും കെട്ടി ഇരുന്നു. റസൂലുല്ലാഹി (സ) അവരെ ഉപരോധിച്ചു. അവരുടെ ചില വൃക്ഷങ്ങൾ കത്തിക്കുകയും മുറിയ്ക്കുകയും ചെയ്തു. അവസാനം അവർ ഗതിമുട്ടി നാട് വിടാമെന്ന് സമ്മതിച്ചു. റസൂലുല്ലാഹി (സ) അപ്പോഴും അവർക്ക് ഒരു ഇളവ് നൽകിക്കൊണ്ട് പറഞ്ഞു: ആയുധമൊഴിച്ച് നിങ്ങൾക്ക് എന്തും കൊണ്ടുപോകാവുന്നതാണ്. അവർ അവിടെ നിന്നും പുറപ്പെട്ട് കുറേ ആളുകൾ ശാമിലേക്കും കുറേ ആളുകൾ ഖൈബറിലേക്കും പോയി. ആർത്തി കാരണം വീടുകളിലെ വാതിലുകളും ജനലുകളും അവർ പിഴുതുകൊണ്ട് പോയി. ഹിജ്‌റ നാല് റബീഉൽ അവ്വൽ മാസത്തിലാണ് ഇത് നടന്നത്. തുടർന്ന് ഉമർ (റ)ന്റെ കാലത്ത് ഖൈബറിൽ അവർ പ്രശ്‌നമുണ്ടാക്കിയപ്പോൾ അവരെ രണ്ടാമത് ശാമിലേക്ക് നാട് കടത്തുകയുണ്ടായി. ആശയ സംഗ്രഹം ആകാശത്തും ഭൂമിയിലുമുള്ള എല്ലാ സൃഷ്ടികളും അല്ലാഹുവിന്റെ പരിശുദ്ധി പ്രകീർത്തിക്കുന്നു. അല്ലാഹു പ്രതാപശാലിയും തന്ത്രജ്ഞനുമാണ്. പടച്ചവന്റെ പ്രതാപത്തിന്റെയും തന്ത്രജ്ഞതയുടെയും ഒരു സംഭവം ശ്രദ്ധിക്കുക: അല്ലാഹുവാണ് വേദക്കാരിലെ നിഷേധികളായ ബനൂനളീറിനെ ആദ്യപ്രാവശ്യം ഒരുമിച്ചുകൂട്ടി അവരുടെ വീടുകളിൽ നിന്നും പുറത്താക്കിയത്. അത് റസൂലുല്ലാഹി (സ)യുടെ കാലഘട്ടത്തിലായിരുന്നു. ഇതിന് മുമ്പ് അവർക്ക് ഇത്തരം നാടുകടത്തൽ നേരിടേണ്ടി വന്നിട്ടില്ല. ഇത് അവരുടെ ദുഷ്‌ചെയ്തികളുടെ ഫലമായിരുന്നു. രണ്ടാമതും ഇപ്രകാരം അവർ നാട് കടത്തപ്പെടുമെന്ന് ഇതിൽ സൂചനയുണ്ട്. ഉമർ (റ)ന്റെ കാലത്ത് അത് നടക്കുകയും ചെയ്തു. അല്ലയോ മുസ്‌ലിംകളേ, അവരുടെ ശക്തിയും ശേഷിയും കണ്ടപ്പോൾ അവർ എപ്പോഴെങ്കിലും അവരുടെ വീടുകളിൽ നിന്നും പുറത്തുപോകുമെന്ന് നിങ്ങൾ വിചാരിച്ചിരുന്നില്ല. അവരുടെ കോട്ടകൾ അവരെ അല്ലാഹുവിന്റെ പ്രതികാരത്തിൽ നിന്നും സംരക്ഷിക്കുമെന്ന് അവർ ഊഹിക്കുകയും ചെയ്തു. അതായത് അവരുടെ കോട്ടകളുടെ ബലത്തിൽ അവർ വളരെയധികം സമാധാനിച്ചിരുന്നു. പടച്ചവന്റെ അദൃശ്യമായ നിലയിലുള്ള തിരിച്ചടി ഉണ്ടാകുമെന്ന് അവർ വിചാരിച്ചിരുന്നില്ല. ഈ ഗോത്രത്തെ മാത്രമല്ല, മുഴുവൻ യഹൂദികളെയും അവരുടെ കോട്ടകൾ സംരക്ഷിക്കുമെന്ന് അവർ ധരിച്ചിരുന്നു. എന്നാൽ അവർ വിചാരിക്കാത്ത ഭാഗത്തുകൂടി അല്ലാഹുവിന്റെ ശിക്ഷ അവരുടെ അരികിലെത്തി. അവർ നിസ്സാരന്മാരെന്ന് വിചാരിച്ചിരുന്ന മുസ്‌ലിംകളിലൂടെ അവർ പുറത്താക്കപ്പെട്ടു. അവരുടെ മനസ്സുകളിൽ മുസ്‌ലിംകളെക്കുറിച്ചുള്ള ഉൾഭയം ഇട്ടുകൊടുത്തു. ഈ ഉൾഭയം കാരണമായിട്ടാണ് അവർ പുറത്ത് പോകാൻ തയ്യാറായത്. തദവസരം അവരുടെ വീടുകളെ അവരുടെ കൈകൾകൊണ്ടും വിശ്വാസികളുടെ കൈകൾകൊണ്ടും അവർ തകർക്കുന്നു. അതായത് വാതിലും മറ്റും കൊണ്ടുപോകുന്നതിന് അവർ വീടുകൾ പൊളിക്കുന്നു. അവർക്ക് കൂടുതൽ ദു:ഖമുണ്ടാകുന്നതിന് മുസ്‌ലിംകളും അത് പൊളിയ്ക്കുന്നു. മുസ്‌ലിംകൾ പൊളിച്ചതിനെ അവരിലേക്ക് ചേർത്ത് പറഞ്ഞത് അവരുടെ കരാർ ലംഘനവും ദുഷ്പ്രവർത്തനവും അതിന് കാരണമായതിനാലാണ്. കണ്ണുള്ളവരെ ഈ അവസ്ഥ കണ്ട് നിങ്ങൾ ഗുണപാഠം ഉൾക്കൊള്ളുക. പടച്ചവനും പ്രവാചകനും എതിര് കാണിക്കുന്നതുകൊണ്ട് ചിലവേള ഇഹലോകത്ത് തന്നെ വളരെ മോശമായ അവസ്ഥ ഉണ്ടാകുന്നതാണെന്ന് മനസ്സിലാക്കുക. അല്ലാഹു അവരുടെമേൽ നാടുകടത്തൽ എഴുതിയിരുന്നില്ലെങ്കിൽ ഇഹലോകത്ത് തന്നെ മറ്റ് വല്ല ശിക്ഷയും അവർക്ക് നൽകുമായിരുന്നു. അത്തരം ശിക്ഷ ബനൂഖുറൈളയോട് നടപ്പിലാക്കപ്പെടുകയും അവർ കൊല്ലപ്പെടുകയും ചെയ്തു. ഇവർ കൊലയിൽ നിന്നും രക്ഷപ്പെട്ടെങ്കിലും പരലോകത്തിൽ ഇവർക്ക് നരകശിക്ഷയുണ്ട്. കാരണം അവർ അല്ലാഹുവിനെയും ദൂതനെയും എതിർത്തവരാണ്. അല്ലാഹുവിനെയും റസൂലിനെയും എതിർക്കുന്നവന് അല്ലാഹു കടുത്ത ശിക്ഷ നൽകുന്നവനാണ്. ഈ എതിർപ്പ് രണ്ട് രീതിയിലാണ്. ഒന്ന്, അവർ കരാർ ലംഘിച്ചതിനാൽ നാട് കടത്തപ്പെട്ടു. രണ്ട്, സത്യവിശ്വാസം ഉപേക്ഷിച്ചതിനാൽ പരലോകത്ത് ശിക്ഷയുണ്ടാകുന്നതാണ്. അടുത്തതായി യഹൂദികളുടെ ഒരു ആരോപണത്തിനുള്ള മറുപടിയാണ്. മുസ്‌ലിംകൾ അവരുടെ ചില വൃക്ഷങ്ങൾ കത്തിക്കുകയും മുറിയ്ക്കുകയും ചെയ്തത് നാശമുണ്ടാക്കലാണെന്ന് അവർ ആരോപിച്ചിരുന്നു. കൂടാതെ, ഇത് മുറിയ്ക്കുന്നത് അനുവദനീയമാണെങ്കിലും നാളെ നാം തന്നെ ഉപയോഗിക്കുന്നതിനാൽ ഇത് മുറിയ്‌ക്കേണ്ടതില്ലെന്ന് ചില മുസ്‌ലിംകളും വിചാരിച്ചിരുന്നു. ഇതിന് മറുപടിയായി അല്ലാഹു പറയുന്നു: ഈത്തപ്പന വൃക്ഷത്തിൽ നിന്നും നിങ്ങൾ മുറിച്ചുമാറ്റിയതും കത്തിച്ചതും വേരുകളിൽ മുറിക്കാതെ ഉപേക്ഷിച്ചതും അല്ലാഹുവിന്റെ അനുമതിയോടെയും തെമ്മാടികളെ നിന്ദിക്കുന്നതിനും വേണ്ടിയായിരുന്നു. അതായത് രണ്ടിലും നന്മയുണ്ട്. ഉപേക്ഷിച്ചത് മുസ്‌ലിംകൾക്ക് ഉപയോഗിക്കാൻ കഴിയും അതിന്റെ പേരിൽ യഹൂദികൾ അസ്വസ്ഥമാവുകയും ചെയ്യുന്നതാണ്. മുറിയ്ക്കുന്നത് കൊണ്ട് മുസ്‌ലിംകൾക്ക് വിജയം പ്രകടിപ്പിക്കാനും യഹൂദികളെ വിഷമിപ്പിക്കാനും സാധിക്കുന്നതാണ്. അത് രണ്ടും അനുവദനീയമാണ്. ഈ തത്വങ്ങൾ ഉള്ള കാരണത്താൽ അവ ഒന്നിലും കുഴപ്പമില്ല. വിവരണവും വ്യാഖ്യാനവും ഈ സൂറത്തിന്റെ പ്രാധാന്യവും ബനൂനളീറിന്റെ ചരിത്രവും: ഈ സൂറത്ത് മുഴുവനും ബനൂനളീറിന്റെ ഗോത്രത്തിന്റെ സംഭവുമായി ബന്ധപ്പെട്ട് അവതരിച്ചതാണ്. അതുകൊണ്ട് ഇബ്‌നു അബ്ബാസ് (റ) ഈ സൂറത്തിന് ബനൂനളീർ സൂറത്ത് എന്ന് പേര് പറഞ്ഞിരിക്കുന്നു. ഇവർ യഹൂദികളിൽ പെട്ട ഈ ഗോത്രം ഹാറൂൻ നബി (അ)ന്റെ പരമ്പരയിൽ പെട്ടവരായിരുന്നു. ഇവരുടെ പൂർവ്വികർ തൗറാത്ത് പണ്ഡിതരായിരുന്നു. തൗറാത്തിലൂടെ അവർ റസൂലുല്ലാഹി (സ)യുടെ വാർത്തയും തിരുഗുണങ്ങളും യസ്‌രിബ് (മദീന)യിലേക്കുള്ള വരവും മനസ്സിലാക്കിയിരുന്നു. റസൂലുല്ലാഹി (സ)യുടെ വരവിനെ അവർ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. ഇവർ ശാമിൽ നിന്നും വന്നവരായിരുന്നു. ഇവരിൽ തൗറാത്തിന്റെ ധാരാളം പണ്ഡിതന്മാരുണ്ടായിരുന്നു. റസൂലുല്ലാഹി (സ) മദീനയിൽ വന്നപ്പോൾ ഇത് അന്ത്യപ്രവാചകനാണെന്ന് അവർ തിരിച്ചറിഞ്ഞു. പക്ഷേ, അന്ത്യപ്രവാചകൻ അവരുടെ വിഭാഗത്തിൽപ്പെട്ട ആരുങ്കിലുമായിരിക്കുമെന്ന് അവർ വിചാരിച്ചിരുന്നു. അന്ത്യപ്രവാചകൻ അവരുടെ പരമ്പരയിൽ പെടാത്ത ഇസ്മാഈൽ നബി (അ)യുടെ കുടുംബത്തിൽ പെട്ട ആളാണെന്നറിഞ്ഞപ്പോൾ അവർക്ക് അസൂയയായി. അവരിൽ ധാരാളം ആളുകൾ റസൂലുല്ലാഹി (സ)യെ അന്ത്യപ്രവാചകനാണെന്ന് മനസ്സിലാക്കിയിട്ടും അസൂയ കാരണം അവർ സത്യവിശ്വാസം സ്വീകരിച്ചില്ല. ബദ്‌റിലെ അത്ഭുതകരമായ വിജയം അവരെ റസൂലുല്ലാഹി (സ)യിലേക്ക് അൽപ്പം അടുപ്പിച്ചു. പക്ഷേ, ഇത്തരം വിജയങ്ങൾ വിശ്വാസത്തിന്റെ അടിസ്ഥാനമാക്കുന്നത് വളരെ ബലഹീനമായ ശൈലിയാണ്. അതുകൊണ്ട് തന്നെ ഉഹ്ദിൽ ചെറിയ പരാജയം ഉണ്ടായപ്പോൾ അവരുടെ വിശ്വാസത്തിൽ കുലുക്കം സംഭവിക്കുകയും അവർ മക്കാനിഷേധികളുമായി ഗൂഢാലോചന നടത്തുകയും ചെയ്തു. ഇതിന് മുമ്പ് റസൂലുല്ലാഹി (സ) മക്കയിൽ നിന്നും പലായനം ചെയ്ത് മദീനയിലെത്തിയപ്പോൾ തന്ത്രപരമായ രാഷ്ട്രീയ നീക്കമെന്ന നിലയിൽ ആദ്യമായി ചെയ്തത് മദീനയിലും പരിസര പ്രദേശങ്ങളിൽ വസിച്ചിരുന്ന യഹൂദ ഗോത്രങ്ങളുമായിട്ടുള്ള സന്ധിയായിരുന്നു. പരസ്പരം യുദ്ധം ചെയ്യുകയില്ല, മറ്റുള്ളവർക്കെതിരിൽ ആരെയും സഹായിക്കുകയില്ല, ആരെങ്കിലും അക്രമിച്ചാൽ പരസ്പരം സഹായിക്കും മുതലായ കാര്യങ്ങളാണ് ഈ സന്ധിയിലുണ്ടായിരുന്നത്. (ഇബ്‌നു ഹിഷാം) ഈ സന്ധിയിൽ ബനൂനളീർ ഗോത്രമടക്കം എല്ലാ ഗോത്രങ്ങളും പങ്കെടുക്കുകയുണ്ടായി. * ഉഹ്ദ് യുദ്ധം വരെ ഇവർ ബാഹ്യമായി സന്ധി പാലിച്ചുകൊണ്ടിരുന്നു. എന്നാൽ ഉഹ്ദിന് ശേഷം അവർ ചതിയും ഗൂഢാലോചനയും ആരംഭിച്ചു. അതിന്റെ തുടക്കം ഇപ്രകാരമായിരുന്നു: ബനൂനളീർ നേതാവ് കഅ്ബുബ്‌നു അഷ്‌റഫ് ഉഹ്ദിന് ശേഷം ഗോത്രത്തിലെ നാൽപ്പത് പേരോടൊപ്പം മക്കയിലെത്തി. ഇവിടെ അവർ നിഷേധി നേതാക്കളുമായി കണ്ടുമുട്ടുകയും റസൂലുല്ലാഹി (സ)യ്‌ക്കെതിരിൽ യുദ്ധം ചെയ്യാൻ കരാർ നടത്തുകയും ചെയ്തു. കഅ്ബ് നാൽപ്പത് യഹൂദികളോടൊപ്പവും അബൂസുഫ്‌യാൻ നാൽപ്പത് ഖുറൈശികളോടൊപ്പവും മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുകയും കഅ്ബാ ശരീഫയുടെ മൂടുപടത്തിൽ പിടിച്ച് മുസ്‌ലിംകൾക്കെതിരിൽ പരസ്പരം സഹായിക്കുമെന്ന് പറയുകയും ചെയ്തു. ഈ കരാർ കഴിഞ്ഞ് കഅ്ബ് മദീനയിലെത്തിയപ്പോൾ ജിബ്‌രീൽ (അ) റസൂലുല്ലാഹി (സ)യ്ക്ക് മുഴുവൻ സംഭവങ്ങളും വിവരിച്ചുകൊടുത്തു. റസൂലുല്ലാഹി (സ) കഅ്ബിനെ വധിക്കാൻ നിർദ്ദേശിക്കുകയും മുഹമ്മദുബ്‌നു മസ്‌ലമ (റ) വധിക്കുകയും ചെയ്തു. (ബുഖാരി) തുടർന്ന് ബനൂനളീർ ഗോത്രം പല വഞ്ചനകളും ഗൂഢാലോചനകളും നടത്തുകയും അതെല്ലാം റസൂലുല്ലാഹി (സ) അറിയുകയും ചെയ്തുകൊണ്ടിരുന്നു. അതിലൊന്നാണ് അവതരണ പശ്ചാത്തലത്തിൽ വിവരിക്കപ്പെട്ട സംഭവം. അവർ റസൂലുല്ലാഹി (സ)യെ വധിക്കാൻ പദ്ധതിയിട്ടു. അല്ലാഹു വഹ്‌യിലൂടെ അത് അറിയിച്ച് കൊടുത്തില്ലായിരുന്നുവെങ്കിൽ അവർ അതിൽ വിജയിക്കുമായിരുന്നു. ഈ പദ്ധതി പൂർത്തീകരിക്കാൻ തയ്യാറായ ആളുടെ പേര് ഉമറുബ്‌നു ജഹ്ഹാഷ് എന്നായിരുന്നു. റസൂലുല്ലാഹി (സ)യെ അല്ലാഹു സംരക്ഷിച്ചു. അവരുടെ പദ്ധതി പാഴായി. ഒരു ഗുണപാഠം: ഇവിടെ മറ്റൊരു സംഭവം പ്രത്യേകം ശ്രദ്ധേയമാണ്. ബനൂനളീർ നാടുകടത്തപ്പെടാൻ തീരുമാനിച്ചപ്പോൾ അവരെല്ലാവരും നാടുവിടുകയുണ്ടായി. എന്നാൽ അവരിൽ രണ്ടുപേർ ഇസ്‌ലാം സ്വീകരിക്കുകയും സുരക്ഷിതരാവുകയും ചെയ്തു. ഒന്ന്, ഇതേ ഉമറുബ്‌നു ജഹ്ഹാഷും പിതൃവ്യൻ യാമീനുബ്‌നു അംറും. (ഇബ്‌നു കസീർ) * അംറുബ്‌നു ഉമയ്യയുടെ സംഭവം: അംറുബ്‌നു ഉമയ്യ ളംരി രണ്ടുപേരെ വധിച്ച വിഷയം അവതരണ പശ്ചാത്തലത്തിൽ പറയുകയുണ്ടായി. അവരുടെ പരിഹാരത്തിന് റസൂലുല്ലാഹി (സ) പരിശ്രമിച്ചു. ഈ സംഭവം ഇബ്‌നു കസീർ (റ) ഇപ്രകാരം വിവരിക്കുന്നു: മുസ്‌ലിംകൾ മദീനയിലേക്ക് പലായനം ചെയ്തിട്ടും മക്കാനിഷേധികൾ അക്രമങ്ങളും ഗൂഢാലോചനകളും തുടർന്നു. ബിഅ്‌റ് മഊന സംഭവം അതിലൊന്നാണ്: ചില നിഷേധികളും കപടവിശ്വാസികളും മുസ്‌ലിമായി അഭിനയിച്ചുകൊണ്ട് മദീനയിൽ വരുകയും അവരുടെ നാട്ടിൽ ഇസ്‌ലാമിക പ്രബോധന ശിക്ഷണങ്ങൾ നടത്തുന്നതിന് ഒരു സംഘത്തെ അയക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. റസൂലുല്ലാഹി (സ) അതിന് സഹാബികളിലെ എഴുപത് ഖുർആൻ പണ്ഡിതരെ അയക്കുകയുണ്ടായി. പക്ഷേ, ഇതൊരു ചതിയായിരുന്നു. അവർ ഇവരെ വധിക്കാൻ വളയുകയും അതിലവർ വിജയിക്കുകയും ചെയ്തു. എന്നാൽ അംറുബ്‌നു ഉമയ്യ ളംരി (റ) മാത്രം അത്ഭുതകരമായി രക്ഷപ്പെട്ട് അവിടെ നിന്നും മദീനയിലേക്ക് ഓടിവന്നു. സ്വന്തം സഹോദരങ്ങളോടുള്ള ക്രൂരമായ ചതിയും നിന്ദ്യമായ വധവും നേരിൽ കണ്ട അദ്ദേഹത്തിന്റെ മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. മദീനയിലേക്ക് വരുന്ന വഴി യാദൃശ്ചികമായി രണ്ട് നിഷേധികളെ അദ്ദേഹം കാണുകയും ഇരുവരെയും വധിക്കുകയും ചെയ്തു. എന്നാൽ റസൂലുല്ലാഹി (സ) യുദ്ധമില്ലാ കരാർ ചെയ്ത ബനൂആമിർ ഗോത്രത്തിലെ അംഗങ്ങളാണ് ഇരുവരുമെന്ന് പിന്നീട് വ്യക്തമായി. മുസ്‌ലിംകളുടെ കരാറുകൾ ഇന്നത്തെ കരാറുകളെപ്പോലെ തുടക്കം മുതൽ തന്നെ ലംഘനങ്ങൾ നടത്തുന്നതായിരുന്നില്ല. മുസ്‌ലിംകൾ എന്തെങ്കിലും പറയുന്നതും എഴുതുന്നതും പടച്ചവന്റെ കൽപ്പനകൾ പാലിച്ചുകൊണ്ട് മാത്രമായിരുന്നു. റസൂലുല്ലാഹി (സ)യ്ക്ക് ഈ അബദ്ധത്തെക്കുറിച്ച് വിവരം ലഭിച്ചപ്പോൾ ഇസ്‌ലാമിക നിയമം അനുസരിച്ച് ഇരുവരുടെയും ദിയത്ത് (നഷ്ടപരിഹാരം) നൽകാൻ തീരുമാനിച്ചു. ഇതിന് വേണ്ടി മുസ്‌ലിംകളിൽ നിന്നും സാമ്പത്തിക സ്വരൂപണം നടത്തി. സംഖ്യകക്ഷികളായതുകൊണ്ട് യഹൂദികളിൽ നിന്നും സാമ്പത്തിക സ്വരൂപണത്തിന് പോയി. തുടർന്നാണ് ചതിയുടെ സംഭവങ്ങൾ നടന്നത്. (ഇബ്‌നു കസീർ) ഇതിനെത്തുടർന്ന് റസൂലുല്ലാഹി (സ) അവരോട് നാടുവിടാൻ നിർദ്ദേശിച്ചു. ബനൂനളീറിനെ നാടുകടത്തിയ സമയത്ത് പുലർത്തപ്പെട്ട വിശാല മനസ്‌കതയിൽ ആധുനിക രാഷ്ട്രീയക്കാർക്ക് വലിയ ഗുണപാഠമുണ്ട്: മനുഷ്യവകാശ സംരക്ഷണത്തെക്കുറിച്ച് വാചാലമായി സംസാരിക്കുകയും അതിനുവേണ്ടി വലിയ പ്രസ്ഥാനങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്ന ആധുനിക ഭരണാധികാരികളും രാഷ്ട്രീയക്കാരും മനുഷ്യാവകാശത്തിന്റെ കുത്തകക്കാരും ഈ സംഭവത്തിലേക്കൊന്ന് നോക്കുക: ബനൂനളീർ നിരന്തരം ഗുഢാലോചനകളും വഞ്ചനകളും റസൂലുല്ലാഹി (സ)യെ വധിക്കാനുള്ള പദ്ധതികളും നടത്തിക്കൊണ്ടിരിക്കുന്നു. ഇതുപോലുള്ള കാര്യം ഇന്നത്തെ ഏതെങ്കിലും ഭരണാധികാരികൾക്ക് നേരിടേണ്ടി വന്നാൽ അവർ ശത്രുക്കളോട് എന്ത് സമീപനമാണ് സ്വീകരിക്കുക എന്നത് നെഞ്ചിൽ കൈ വെച്ചുകൊണ്ട് ചിന്തിക്കുക. ഈ കാലത്ത് ജീവനുള്ളവരുടെ മേൽ പ്രട്രോൾ ഒഴിച്ച് അവരെ ഇല്ലായ്മ ചെയ്യാൻ വലിയ ഭരണകൂടത്തിന്റെ പോലും ആവശ്യമില്ല. ഏതാനും ഗുണ്ടകളെ ഏൽപ്പിച്ചാൽ ഇതെല്ലാം നാളുകൾക്കകം നിർവ്വഹിച്ച് തരും. ഭരണാധികാരികളുടെ കോപത്തിന്റെ കാര്യങ്ങൾ പറയേണ്ടതില്ല. * എന്നാൽ ഇവിടെ ഭരണാധികാരി അല്ലാഹുവിന്റെ ദൂതനാണ്. വഞ്ചനകളും ചതികളും പാരമ്യം പ്രാപിച്ച സമയത്തുപോലും അവരെ കൂട്ടക്കൊല ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. അവരുടെ സാധന സാമഗ്രികൾ പിടിച്ചെടുക്കാൻ പോലും ഉദ്ദേശിക്കുന്നില്ല. മറിച്ച് അവരോട് പറയുന്നു: 1. നിങ്ങളുടെ സാധന സാമഗ്രികളെല്ലാം എടുത്ത് ഈ നാട് ഒഴിവാക്കിത്തരുക. 2. പത്ത് ദിവസത്തിനകം സാധന സാമഗ്രികൾ എടുത്ത് പതുക്കെ അടുത്ത സ്ഥലക്കേത്ത് പോയാൽ മതി. ഇത് അവർ പാലിക്കാതിരുന്നപ്പോഴാണ് സൈനിക നീക്കം നടത്തേണ്ടി വന്നത്. 3. ഈ സൈനിക നീക്കം കൊലകളോ കോട്ടയ്ക്ക് തീ വെക്കലോ ആയിരുന്നില്ല. കുറച്ച് മരങ്ങൾ കത്തിയ്ക്കുകയും മുറിയ്ക്കുകയും ചെയ്തു. 4. അവരോട് സാധനങ്ങൾ എടുത്ത് കൊള്ളാൻ പറഞ്ഞപ്പോൾ അവർ വീടുകൾ പോലും പൊളിച്ച് അതിന്റെ വാതിലുകളും ജനലുകളും സർവ്വ സാധനങ്ങളും കൊണ്ടുപോകാൻ അനുവദിച്ചു. 5. വളരെയധികം സാധനങ്ങളുമായി യാത്രയായ അവരിലേക്ക് മുസ്‌ലിം സൈന്യം തുറിച്ച് പോലും നോക്കിയില്ല. സമാധാനത്തോടെ മുഴുവൻ സാധനങ്ങളും എടുത്ത് അവർ യാത്രയായി! * റസൂലുല്ലാഹി (സ) ഇതെല്ലാം ചെയ്തത് ശത്രുക്കളോട് പരിപൂർണ്ണമായ പ്രതികാരം നടത്താൻ കഴിവും അധികാരവും ഉണ്ടായിരുന്ന സമയത്താണെന്ന് കൂടി ഓർക്കുക. അതെ, ചതിയും വഞ്ചനയും ഗൂഢാലോചനയും നടത്തിയ ശത്രുക്കളോട് റസൂലുല്ലാഹി (സ) ഇവിടെ പെരുമാറിയത് പോലെ തന്നെയാണ് മക്കാവിജയ സമയത്ത് പഴയ കഠിന ശത്രുക്കളോടും റസൂലുല്ലാഹി (സ) പെരുമാറിയത്! അടുത്തതായി ഈ ആയത്തുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ശ്രദ്ധിക്കുക: അല്ലാഹുവാണ് വേദക്കാരിലെ നിഷേധികളെ ആദ്യപ്രാവശ്യം ഒരുമിച്ചുകൂട്ടി അവരുടെ വീടുകളിൽ നിന്നും പുറത്താക്കിയത്! ഈ ആയത്തിൽ ആദ്യപ്രാവശ്യം എന്നതിന് ഹഷ്ർ എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത്. എഴുന്നേൽക്കുക, നിൽക്കുക എന്നാണ് ഇതിന്റെ അർത്ഥം. ഇത് പറയാനുള്ള കാരണം ആശയ സംഗ്രഹത്തിൽ സൂചിപ്പിച്ച് കഴിഞ്ഞു: പഴയെ കാലത്ത് ഇവരെല്ലാവരും ഒരു സ്ഥലത്താണ് താമസിച്ചിരുന്നത്. ഇവർ ഇപ്രകാരം നാട് കടത്തപ്പെടുന്ന സംഭവം ആദ്യത്തേതാണ്. കൂടാതെ, മക്കയും മദീനയും ഇസ്‌ലാമിന്റെ ഒരു ഉറച്ച കോട്ടയാകുന്നതിന് അവിടെ നിന്നും നിഷേധികളെ മാറ്റേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് പിൽക്കാലത്ത് ഉമർ (റ) ഇവരിൽ നിന്നും ഖൈബറിൽ കുടിയേറിയവരോട് അവിടെ നിന്നും യാത്രയാകാൻ നിർദ്ദേശിച്ചത്. അങ്ങനെ ആദ്യ പ്രാവശ്യം റസൂലുല്ലാഹി (സ)യുടെയും രണ്ടാം പ്രാവശ്യം ഉമറുൽ ഫാറൂഖ് (റ)ന്റെയും കാലങ്ങളിൽ അവർ നാട് കടത്തപ്പെട്ടു. *എന്നാൽ അവർ വിചാരിക്കാത്ത ഭാഗത്തുകൂടി അല്ലാഹു അവരുടെ അരികിലെത്തി! ഇവിടെ അല്ലാഹു വരിക എന്നതിന്റെ ആശയം അല്ലാഹുവിന്റെ കൽപ്പനയും അതുമായി ബന്ധപ്പെട്ട മലക്കുകളും വരലാണ്. * അവരുടെ വീടുകളെ അവരുടെ കൈകൾകൊണ്ടും വിശ്വാസികളുടെ കൈകൾകൊണ്ടും അവർ തകർക്കുന്നു! അവരുടെ വീടുകളെ അവർ തന്നെ തകർത്ത് അവയുടെ വാതിലുകളും മറ്റും അവർ എടുത്ത് കൊണ്ട് പോയി. അതിന് മുമ്പ് അവർ കോട്ടയിൽ ഭദ്രമായിക്കഴിഞ്ഞപ്പോൾ മുസ്‌ലിംകൾ അവരെ സമ്മർദ്ധത്തിലാക്കുന്നതിന് ചില വൃക്ഷങ്ങളും മറ്റും നശിപ്പിക്കുകയുണ്ടായി. * ഈത്തപ്പന വൃക്ഷത്തിൽ നിന്നും നിങ്ങൾ മുറിച്ചുമാറ്റിയതും വേരുകളിൽ (മുറിക്കാതെ) ഉപേക്ഷിച്ചതും അല്ലാഹുവിന്റെ അനുമതിയോടെയും തെമ്മാടികളെ നിന്ദിക്കുന്നതിനും വേണ്ടിയായിരുന്നു.(5) ഈ ആയത്തിലെ ലീന എന്നത് ഈന്തപ്പന ഒഴിച്ചുള്ള എല്ലാ വൃക്ഷങ്ങൾക്കും അല്ലെങ്കിൽ അജ്‌വ ഈത്തപ്പഴം ഒഴിച്ചുള്ള എല്ലാ വൃക്ഷങ്ങൾക്കും പറയുന്ന പദമാണ്. അവർക്ക് ഈന്തപ്പനത്തോട്ടങ്ങളുണ്ടായിരുന്നു. അവർ കോട്ടയിൽ ഒളിച്ചിരുന്നപ്പോൾ ചില സഹാബികൾ അവരെ ദേഷ്യം പിടിപ്പിക്കാനും ഭയപ്പെടുത്താനും വേണ്ടി ചില ഈന്തപ്പനകൾ മുറിയ്ക്കുകയോ കത്തിയ്ക്കുകയോ ചെയ്തു. പടച്ചവന്റെ സഹായം കൊണ്ട് നാം വിജയിച്ചാൽ ഈ തോട്ടങ്ങളെല്ലാം നമുക്ക് ലഭിക്കും എന്നതിനാൽ ഇത് എന്തിന് നശിപ്പിക്കണമെന്ന് ചില സഹാബികൾ ചിന്തിക്കുകയും ഇതിൽ നിന്നും മാറി നിൽക്കുകയും ചെയ്തിരുന്നു. ഇത് പിന്നീട് ചർച്ചയായപ്പോൾ ഇപ്രകാരം ചെയ്തവർ ഞങ്ങൾ പാപികളായോ എന്ന് ചിന്തിച്ച് അസ്വസ്ഥരായി. അപ്പോൾ അല്ലാഹു ഈ ആയത്ത് ഇറക്കുകയും ചെയ്ത കാര്യങ്ങൾ ശരി വെക്കുകയും അവർ ചെയ്തത് പടച്ചവന്റെ അനുമതി പ്രകാരമാണെന്ന് അറിയിക്കുകയും ചെയ്തു. റസൂലുല്ലാഹി (സ)യുടെ കൽപ്പന യഥാർത്ഥത്തിൽ അല്ലാഹുവിന്റെ കൽപ്പന തന്നെയാണ്: ഹദീസ് നിഷേധികൾക്കുള്ള ഉണർത്തൽ. ഈ ആയത്തിൽ വൃക്ഷങ്ങൾ മുറിച്ചതും കത്തിച്ചതും ചിലത് അതേ അവസ്ഥയിൽ ഉപേക്ഷിച്ചതും അല്ലാഹുവിന്റെ അനുമതി പ്രകാരമാണെന്ന് പറഞ്ഞിരിക്കുന്നു. എന്നാൽ പരിശുദ്ധ ഖുർആനിലെ ഒരു ആയത്തിലും ഇതിനെക്കുറിച്ചുള്ള ഒരു കൽപ്പനയും പറയപ്പെട്ടിട്ടില്ല. ഇരുകൂട്ടരും പ്രവർത്തിച്ചത് റസൂലുല്ലാഹി (സ)യുടെ അനുവാദത്തോട് കൂടി മാത്രമായിരുന്നു. പക്ഷേ, റസൂലുല്ലാഹി (സ)യുടെ ഹദീസ് എന്ന് പറയാവുന്ന ഈ അനുമതിയെക്കുറിച്ച് അല്ലാഹുവിന്റെ അനുമതിയെന്ന് പറഞ്ഞതിലൂടെ, റസൂലുല്ലാഹി (സ)യ്ക്ക് നിയമ നിർമ്മാണത്തിനുള്ള അധികാരം അല്ലാഹു നൽകിയിരുന്നു എന്ന് വ്യക്തമാകുന്നു. അതെ, റസൂലുല്ലാഹി (സ) പുറപ്പെടുവിയ്ക്കുന്ന ഓരോ കൽപ്പനകളും അല്ലാഹുവിന്റെ കൽപ്പനകൾ തന്നെയാണ്. ഖുർആനിക വചനങ്ങൾ പാലിക്കുന്നതുപോലെ അവയെ പാലിയ്ക്കൽ നിർബന്ധമാണ്. ഗവേഷണപരമായ ഭിന്നതകളുടെ പേരിൽ ഒരു വിഭാഗവും പാപിയാകുന്നതല്ല: ഈ ആയത്തിൽ നിന്നും മനസ്സിലാക്കേണ്ട രണ്ടാമത്തെ ഒരു അടിസ്ഥാന വിഷയം ഇതാണ്: നിയമപരമായ ഗവേഷണം നടത്താൻ അർഹതയുള്ളവർ ഏതെങ്കിലും വിഷയത്തിൽ ഭിന്നിക്കുകയും ഒരു കൂട്ടർ അതിനെ അനുവദിക്കുകയും മറ്റൊരു കൂട്ടർ അനുവദിക്കാതിരിക്കുകയും ചെയ്താൽ ഇരുകൂട്ടരുടെയും വിധി ശരിയും അനുവദനീയവുമാണ്. അവരിൽ ആരും പാപിയാണെന്ന് പറയാൻ പാടില്ല. ഇപ്രകാരം ഒരുകൂട്ടർ മറ്റൊരു വിഭാഗത്തെ തടയാനും പാടില്ല. കാരണം ഇവിടെ രണ്ട് അഭിപ്രായവും നിയമപരമായി തെറ്റല്ല. തെമ്മാടികളെ നിന്ദിക്കുന്നതിനും വേണ്ടിയായിരുന്നു.(5) അതായത് അവരുടെ വൃക്ഷങ്ങൾ മുറിച്ചതും കത്തിച്ചതും നാശമുണ്ടാക്കലിൽ പെട്ടതല്ല. മറിച്ച് നിഷേധികളെ നിന്ദിക്കാനുള്ള ഉദ്ദേശമുള്ളതിനാൽ അത് പ്രതിഫലാർഹമാണ്. * മസ്അല: യുദ്ധ സന്ദർഭത്തിൽ നിഷേധികളുടെ വീടുകൾ പൊളിയ്ക്കലും വൃക്ഷങ്ങൾ നശിപ്പിക്കലും അനുവദനീയമാണോ അല്ലയോ എന്ന വിഷയത്തിൽ പണ്ഡിതന്മാർ ഭിന്നിച്ചിരിക്കുന്നു. ഇമാമുൽ അഅ്‌ളം അബൂഹനീഫാ (റ) യുദ്ധ സമയത്ത് ഇതെല്ലാം അനുവദനീയമാണെന്ന് പറഞ്ഞിരിക്കുന്നു. എന്നാൽ ഹനഫി മദ്ഹബിലെ ശൈഖ് ഇബ്‌നുൽ ഹുമാം പറയുന്നു: ഇത് കൂടാതെ, നിഷേധികളെ ജയിക്കാൻ വഴിയില്ലാതാവുകയോ മുസ്‌ലിംകൾ പരാജയപ്പെടാൻ സാധ്യതയുണ്ടാവുകയോ ചെയ്യുമ്പോൾ നിഷേധികളുടെ ശക്തിയും ആത്മ വീര്യവും തകർക്കാൻ വേണ്ടിയാണ് ഇതിന് അനുവാദമുള്ളത്.


************




മആരിഫുല്‍ ഹദീസ് 


റസൂലുല്ലാഹി (സ) യുടെ സമുന്നത സ്വഭാവം

✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 


116. ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) നിങ്ങളെ പോലെ ധൃതിയിൽ സംസാരിച്ചിരുന്നില്ല. മറിച്ച്, തിരു വചനങ്ങളുടെ പദങ്ങളെ ആരെങ്കിലും എണ്ണാൻ ഉദ്ദേശിച്ചാൽ എണ്ണാൻ പറ്റുന്ന നിലയിൽ നിർത്തി നിർത്തി സംസാരിക്കുമായിരുന്നു. (ബുഖാരി, മുസ്‌ലിം)


വിവരണം: ശ്രോതാക്കൾ പൂർണ്ണമായും മനസ്സിലാക്കുകയും ഹൃദിസ്ഥമാക്കുകയും ചെയ്യുന്ന നിലയിൽ കാര്യങ്ങൾ നിർത്തി നിർത്തി പറയുന്നതാണ് ഉത്തമ ശൈലി. ഇതേ വിഷയം മറ്റൊരു നിവേദനത്തിൽ ആഇശ (റ) പറഞ്ഞത് ഇപ്രകാരമാണ്: റസൂലുല്ലാഹി (സ) സംസാരിക്കുമ്പോൾ വാചകങ്ങൾ വേവ്വേറെയായി സംസാരിച്ചിരുന്നു. റസൂലുല്ലാഹി (സ)യുടെ അരികിൽ ഇരിക്കുന്നവർ അതിനെ ഹൃദിസ്ഥമാക്കുമായിരുന്നു. (തിർമിദി)


117. ജാബിർ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ദീർഘനേരം മൗനമായിരിക്കുമായിരുന്നു. (ശറഹുസ്സുന്ന)


വിവരണം: അതായത് റസൂലുല്ലാഹി (സ) പ്രബോധന അധ്യാപനങ്ങളുടെ ആവശ്യത്തിനനുസരിച്ച് മാത്രമേ സംസാരിച്ചിരുന്നുള്ളൂ. സംസാരം ആവശ്യമില്ലാത്ത സന്ദർഭങ്ങളിൽ നിശബ്ദത പാലിച്ചിരുന്നു. റസൂലുല്ലാഹി (സ) ഇക്കാര്യം സമുദായത്തെ പഠിപ്പിക്കുകയും ചെയ്തു. റസൂലുല്ലാഹി (സ) അരുളി: അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമുള്ളവർ പ്രതിഫലാർഹമായ നല്ല കാര്യങ്ങൾ സംസാരിച്ചു കൊള്ളട്ടെ, അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ! (മുസ്‌ലിം) ഇത് റസൂലുല്ലാഹി (സ)യുടെ പ്രധാന അധ്യാപനമാണ്.  ഇതനുസരിച്ച് സ്വയം പ്രവർത്തിക്കുകയും ചെയ്തിരുന്നു. അല്ലാഹു നാം ഉമ്മത്തികൾക്കും ഇതനുസരിച്ച് പ്രവർത്തിക്കാൻ സൗഭാഗ്യം നൽകട്ടെ! റസൂലുല്ലാഹി (സ)യുടെ സ്വഭാവങ്ങളുമായി ബന്ധപ്പെട്ട പത്ത് ഹദീസുകൾ മാത്രമാണ് ഇവിടെ കൊടുത്തത്. ഇത് വെറും മാതൃകക്ക് വേണ്ടി മാത്രമുള്ളതാണ്. 



രോഗവും വിയോഗവും 


പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ മിഷ്കാത്തുൽ മസാബീഹിൽ റസൂലുല്ലാഹി (സ)യുടെ മഹത്വങ്ങളെ കുറിച്ചുള്ള ഭാഗത്തിൽ ജനനവും വിയോഗവും മഹൽ ഗുണങ്ങളും വിവരിച്ച ശേഷം വിയോഗത്തെക്കുറിച്ച് പരാമർശിച്ചു കൊണ്ടാണ് അവസാനിപ്പിച്ചിരിക്കുന്നത്. അതിനെ അനുകരിച്ചു കൊണ്ട് ഇവിടെയും റസൂലുല്ലാഹി (സ)യുടെ രോഗത്തെയും വിയോഗത്തെയും കുറിച്ചുള്ള ഏതാനം ഹദീസുകൾ ഉദ്ധരിക്കുകയാണ്. 


റസൂലുല്ലാഹി (സ)യുടെ വിയോഗം ഹിജ്റ പതിനൊന്നാം വർഷം റബീഉൽ അവ്വൽ മാസം തിങ്കളാഴ്ചയായിരുന്നു എന്ന വിഷയത്തിൽ ഹദീസ് പണ്ഡിതർ ഏകോപിച്ചിരിക്കുന്നു. എന്നാൽ തീയതിയുടെ വിഷയത്തിൽ ജനനത്തെ പോലെ ഭിന്നതയുണ്ട്. ചരിത്ര ഗ്രന്ഥങ്ങളിൽ റബീഉൽ അവ്വൽ ഒന്ന്, രണ്ട്, പന്ത്രണ്ട് എന്നീ മൂന്ന് തീയതികൾ വിവരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഇതിൽ പ്രസിദ്ധമായത് പന്ത്രണ്ടാണ്. പക്ഷേ ചില പണ്ഡിതർ വിവിധ രേഖകളുടെ വെളിച്ചത്തിൽ വിവരിക്കുന്നത്,  റബീഉൽ അവ്വൽ ഒന്ന് അല്ലെങ്കിൽ രണ്ട് എന്നീ തിയതികളിലാണ് വിയോഗം സംഭവിച്ചത് എന്നാണ്. 


ഇവിടെ ആദ്യമായി റസൂലുല്ലാഹി (സ) വ്യക്തമായോ സൂചനാപരമായോ സഹാബാ മഹത്തുക്കൾക്ക് വിയോഗം അടുത്തുവെന്ന് വിവരമറിയിച്ച ഏതാനം ഹദീസുകൾ കൊടുക്കുകയാണ്. തുടർന്ന് ചില പ്രധാന സംഭവങ്ങളും അവസാനം തിരുവിയോഗവും വിവരിക്കുന്നതാണ്. അല്ലാഹു ഈ അനുഗ്രഹീത ഹദീസുകൾ ഇതെഴുതുന്ന വിനീതനും മാന്യ അനുവാചകർക്കും സന്മാർഗ്ഗത്തിനും സൗഭാഗ്യത്തിനും കാരണമാക്കട്ടെ! ഇവയുടെ ബർക്കത്ത് കൊണ്ട് സുന്ദരമായ അന്ത്യം കനിഞ്ഞരുട്ടെ! അല്ലാഹുവേ, നിനക്ക് പൊരുത്തമുള്ളവരായ നിലയിൽ ഞങ്ങളെ മരിപ്പിക്കണേ.. ഞങ്ങളെ സുകൃതവാന്മാരോടൊപ്പം ചേർക്കണേ.. 


118. ഉത്ബത് ഇബ്നു ആമിർ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ഉഹ്ദ് ശുഹദാക്കളുടെ മേൽ എട്ടുവർഷത്തിനുശേഷം നമസ്കരിച്ചു. ജീവിച്ചിരിക്കുന്നവർക്കും മരണപ്പെട്ടവർക്കും വിട പറയുന്ന നിലയിലായിരുന്നു ഈ നമസ്കാരം. തുടർന്ന് മസ്ജിദിലേക്ക് വന്ന് മിമ്പറിൽ ഇരുന്ന് സ്വഹാബാ മഹത്തുക്കളെ സംബോധന ചെയ്തുകൊണ്ട് ഇപ്രകാരം അരുളി: ഞാൻ നിങ്ങൾക്കു മുമ്പായി ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നവനും നിങ്ങൾക്ക് വേണ്ടി സാക്ഷ്യം വഹിക്കുന്നവനുമാണ്. നിങ്ങളുമായി കണ്ടുമുട്ടുന്ന സ്ഥലം ഹൗളുൽ കൗസറാണ്. ഞാനിവിടെ നിന്നും ഹൗളുൽ കൗസർ നോക്കിക്കൊണ്ടിരിക്കുന്നു. എനിക്ക് അല്ലാഹുവിൻ്റെ ഭാഗത്തു നിന്നും ഭൂമിയുടെ ഖജനാവിന്റെ താക്കോലുകൾ നൽകപ്പെട്ടിരിക്കുന്നു. നിങ്ങൾ എനിക്ക് ശേഷം ബഹുദൈവാരാധകരാകുമെന്ന് എനിക്ക് ഭയമില്ല. എന്നാൽ എനിക്ക് ശേഷം നിങ്ങളുടെ താല്പര്യം ദുനിയാവിലേക്ക് തിരിയുമോ എന്ന് എനിക്ക് ഭയമുണ്ട്. (ബുഖാരി, മുസ്‌ലിം)


വിവരണം: ഉഹ്ദ് യുദ്ധത്തിൽ ധാരാളം സഹാബികൾ രക്തസാക്ഷികളായിരുന്നു. അതിൽ റസൂലുല്ലാഹി (സ)യുടെ പിതൃവ്യൻ ഹംസ (റ) അവർകളും ഉണ്ടായിരുന്നു. റസൂലുല്ലാഹി (സ) അവരുടെ മേൽ മയ്യിത്ത് നമസ്കരിച്ചിരുന്നില്ല. മയ്യിത്ത് നമസ്കരിക്കാതെയാണ് അവർ ഖബറടക്കപ്പെട്ടത്. എന്നാൽ റസൂലുല്ലാഹി (സ)യുടെ പരലോക യാത്ര അടുത്തതായി അല്ലാഹുവിൻ്റെ ഭാഗത്തുനിന്നും റസൂലുല്ലാഹി (സ)ക്ക് അനുഭവപ്പെട്ടപ്പോൾ ഉഹ്ദ് ശുഹദാക്കളെ ഖബറടക്കപ്പെട്ട സ്ഥലത്തേക്ക് പോയി മയ്യിത്ത് നമസ്കരിച്ചു. ഈ നമസ്കാരം മയ്യിത്ത് നമസ്കാരം തന്നെയായിരുന്നുവെന്ന് സ്വഹീഹുൽ ബുഖാരിയുടെ മറ്റൊരു ഹദീസ് വ്യക്തമാക്കിയിരിക്കുന്നു. തുടർന്ന് ഹദീസ് നിവേദകൻ പറയുന്നു: ഈ നമസ്കാരം റസൂലുല്ലാഹി (സ) വളരെ വികാരത്തോടെയാണ് നിർവഹിച്ചത്. ജീവിച്ചിരിക്കുന്നവരോടും മരണപ്പെട്ടവരോടും യാത്ര ചോദിച്ച് വിടപറയുന്ന രീതിയിലായിരുന്നു. ശേഷം അവിടെ നിന്നും മസ്ജിദിലേക്ക് വന്നു. നമസ്കാരത്തിന്റെ സമയമായി ജനങ്ങൾ ഒരുമിച്ചു കൂടിയത് കൊണ്ടായിരിക്കാം റസൂലുല്ലാഹി (സ) മിമ്പറിൽ ഇരുന്നുകൊണ്ട് ചില സുപ്രധാന വിഷയങ്ങൾ അരുളി: ഒന്ന്, ഞാൻ നിങ്ങൾക്ക് മുമ്പായി പരലോകത്തേക്ക് പോകുന്നവനാണ്. ഒരു യാത്രാസംഘം പോകുമ്പോൾ അറിവും അനുഭവവുമുള്ള ഒരു വ്യക്തി നേരത്തെ യാത്രയായി സംഘം തങ്ങേണ്ട സ്ഥലത്ത് പോയി സൗകര്യങ്ങൾ ചെയ്യുമായിരുന്നു. ഇദ്ദേഹത്തിന് ഫറത്വ് എന്ന് പറയപ്പെടുന്നു. റസൂലുല്ലാഹി (സ) ഈ പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതെ, ഞാൻ നിങ്ങൾക്ക് മുമ്പാകെ പോകുന്നത് നിങ്ങൾക്ക് നന്മയാണെന്ന് റസൂലുല്ലാഹി (സ) ഈ വചനത്തിലൂടെ കൂട്ടുകാരെ സമാശ്വസിപ്പിക്കുന്നു. ശേഷം പ്രസ്താവിച്ചു: നിങ്ങൾ സത്യവിശ്വാസം സ്വീകരിച്ചുവെന്നും എന്നെ പിൻപറ്റിയെന്നും സഹായിച്ചുവെന്നും ഞാൻ നിങ്ങളെക്കുറിച്ച് സാക്ഷ്യം രേഖപ്പെടുത്തുന്നതാണ്. കൗസർ തടാകത്തിനരികിൽ വെച്ച് നാം പരസ്പരം കണ്ടുമുട്ടുന്നതാണ്. ഞാനിപ്പോൾ കൗസർ തടാകം ഇവിടെ നിന്നുകൊണ്ട് കാണുന്നുണ്ട്. അതായത് പടച്ചവൻ മറകൾ മാറ്റി പ്രസ്തുത തടാകത്തെ എനിക്ക് കാണിച്ചുതരുന്നു. 


ശേഷം അരുളി: അല്ലാഹു എനിക്ക് ഭൗതിക ഖജനാവുകളുടെ താക്കോലുകൾ നൽകി. അതായത് എൻ്റെ സമുദായം ഭൗതികമായി ഉയരുകയും വളരുകയും ചെയ്യുന്നതാണ്. (ഈ വചനത്തിന്റെ പുലർച്ച സ്വഹാബാ യുഗത്തിൽ തന്നെ സംഭവിച്ചു.)


പ്രഭാഷണത്തിന്റെ അവസാനം അരുളി: നിങ്ങൾ മുഴുവനും ബഹുദൈവാരാധനയിലേക്ക് മറിഞ്ഞു വീഴുമെന്ന് എനിക്ക് ഭയമില്ല. ആ വിഷയത്തിൽ എനിക്ക് സമാധാനമുണ്ട്. എന്നാൽ നിങ്ങളുടെ ആഗ്രഹവും ആവേശവും ഭൗതിക ആഡംബര സുഖങ്ങളിലേക്ക് തിരിയുമോ എന്ന പേടിയുണ്ട്. ഒരു സത്യവിശ്വാസിയുടെ ആഗ്രഹ താൽപര്യങ്ങൾ പരലോക വിജയവും സ്വർഗ്ഗീയ സുഖങ്ങളുമായിരിക്കണം. അതെ, മത്സരിക്കുന്നവർ മത്സരിക്കേണ്ടത് അതിൽ തന്നെയാണ്.


119. അബൂ സഈദ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ഒരു ദിവസം മിമ്പറിൽ ഇരുന്ന് കൊണ്ട് സ്വഹാബികളോട് പറഞ്ഞു: ഭൗതിക അനുഗ്രഹ അലങ്കാരങ്ങളിൽ നിന്നും അല്ലെങ്കിൽ പരലോകത്ത് പടച്ചവൻ്റെ പക്കലുള്ള അനുഗ്രഹങ്ങളിൽ നിന്നും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ അല്ലാഹു ഒരു ദാസന് അനുമതി നൽകി. ആ ദാസൻ പരലോകത്ത് പടച്ചവൻ്റെ പക്കലുള്ള അനുഗ്രഹങ്ങൾ തിരഞ്ഞെടുത്തു. ഇതു കേട്ടപ്പോൾ അബൂബക്കർ സിദ്ദീഖ് (റ) കരയാൻ തുടങ്ങി. അദ്ദേഹം പറഞ്ഞു: ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും അങ്ങേയ്ക്ക് അർപ്പണം! നിവേദകൾ അബൂ സഈദ് (റ) പറയുന്നു: അബൂബക്കർ (റ)വിൻ്റെ ഈ അവസ്ഥ കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടു കൊണ്ട് പറഞ്ഞു: ഈ വൃദ്ധനിലേക്ക് നോക്കൂ, ഏതോ ഒരു ദാസന് ഭൗതിക പാരിത്രക അനുഗ്രഹങ്ങളിൽ ഏതെങ്കിലും തിരഞ്ഞെടുക്കാൻ അല്ലാഹു ഇഷ്ടം നൽകിയെന്ന് റസൂലുല്ലാഹി (സ) പറയുന്നു. അത് കേട്ടപ്പോൾ ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും അങ്ങേയ്ക്ക് അർപ്പണമെന്ന് പറഞ്ഞു കൊണ്ട് കരയുന്നു. തുടർന്നു അബൂ സഈദ് (റ) പറഞ്ഞു: അടുത്ത് തന്നെ പ്രവാചക വിയോഗം നടന്നപ്പോൾ അല്ലാഹു ഇഷ്ടം നൽകിയ ദാസൻ റസൂലുല്ലാഹി (സ) ആണെന്ന് ഞങ്ങൾക്ക് വ്യക്തമായി. അബൂബക്കർ (റ) അറിവിലും ഗ്രാഹ്യത്തിലും ഞങ്ങളിൽ ഏറ്റവും ഉന്നതനായിരുന്നു. അതുകൊണ്ട് മറ്റുള്ളവർ മനസ്സിലാക്കാത്ത കാര്യം അദ്ദേഹം മനസ്സിലാക്കി. (ബുഖാരി, മുസ്‌ലിം)


വിവരണം: ഈ ഹദീസിൽ പറയപ്പെട്ട സംഭവം എന്നാണ് നടന്നതെന്ന് ഈ നിവേദനത്തിൽ പറയപ്പെട്ടിട്ടില്ല. എന്നാൽ ദാരിമിയിൽ ഈ സംഭവം വിയോഗ രോഗത്തിൻ്റെ ഘട്ടത്തിലാണ് നടത്തെന്ന് വന്നിരിക്കുന്നു. അത് റസൂലുല്ലാഹി (സ)യുടെ അവസാന പ്രഭാഷണമായിരുന്നു. സ്വഹീഹ് മുസ്‌ലിമിൻ്റെ ഒരു നിവേദനത്തിൽ നിന്നും മനസ്സിലാവുന്നത്, ഇത് വിയോഗത്തിന് അഞ്ച് ദിവസം മുമ്പ് വ്യാഴാഴ്ച നടന്ന സംഭവമാണ്. ബുഖാരി, മുസ്‌ലിമിൻ്റെ മറ്റൊരു നിവേദനത്തിൽ ഇപ്രകാരം വന്നിരിക്കുന്നു. റസൂലുല്ലാഹി (സ) ഈ പ്രഭാഷണത്തിൻ്റെ അവസാനത്തിൽ ഇപ്രകാരം അരുളുകയുണ്ടായി: സമ്പത്തിലും സേവന സഹായങ്ങളിലും എന്നോട് ഏറ്റവും നല്ല നിലയിൽ വർത്തിച്ച വ്യക്തി അബൂബക്കറാണ്. എൻ്റെ രക്ഷിതാവല്ലാത്ത ആരെയെങ്കിലും ഞാൻ ആത്മ മിത്രമാക്കുമായിരുന്നെങ്കിൽ അബൂബക്കറിനെ ആത്മ മിത്രമായി സ്വീകരിക്കുമായിരുന്നു. എന്നാൽ ഇസ്‌ലാമിക സാഹോദര്യത്തിൻ്റെ പ്രത്യേക ബന്ധം അബൂബക്കറുമായിട്ടുണ്ട്. തുടർന്ന് അരുളി: മസ്ജിദിലേക്ക് തുറക്കാൻ കഴിയുന്ന എല്ലാ കവാടങ്ങളും അടക്കുക. അബൂബക്കറിൻ്റെ കവാടം മാത്രം നിലനിർത്തുക. (റസൂലുല്ലാഹി (സ) കാലത്ത് ചില സ്വഹാബികളുടെ വീടുകളുടെ വാതിലുകൾ മസ്ജിദു നബിയിലേക്ക് തുറന്നിരുന്നത്. അവർ അതുവഴി മസ്ജിദിലേക്ക് വരാറുണ്ടായിരുന്നു. റസൂലുല്ലാഹി (സ) അതിനെ കുറിച്ച് അരുളി: അബൂബക്കറിൻ്റെ കവാടം ഒഴിച്ച് വേറെ കവാടങ്ങളെല്ലാം അടക്കുക.)


റസൂലുല്ലാഹി (സ) അനുഗ്രഹീത ജീവിതത്തിൻ്റെ അവസാന ഘട്ടത്തിൽ നടത്തിയ ഈ പ്രഭാഷണത്തിൽ പരലോക യാത്രയ്ക്കുള്ള സമയം അടുത്തിരിക്കുന്നുവെന്ന് പ്രസ്താവിച്ചതിനോടൊപ്പം സമുദായത്തിന് അബൂബക്കർ സിദ്ദീഖ് (റ) സമുന്നത സ്ഥാനീയനാണെന്നും വ്യക്തമാക്കിയിരുക്കുന്നു. അദ്ദേഹത്തിൻ്റെ മാത്രം വാതിൽ തുറന്നാൽ മതി എന്ന വചനത്തിൽ എനിക്ക് ശേഷം ഈ മസ്ജിദിന്റെ നേതൃത്വവും അതുവഴി മുഴുവൻ സമുദായത്തിന്റെയും നായകത്വവും അദ്ദേഹത്തിന് ആയിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നു.


*********************




Ph: 7736723639







 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌