സന്ദേശം 216
▪️മുഖലിഖിതം
സമ്പൂർണ്ണ സമർപ്പണത്തിന് സന്നദ്ധരാകാം
✍🏻 മൗലാനാ പി.പി. മുഹമ്മദ് ഇസ്ഹാഖ് ഖാസിമി
▪️ഈദുൽ അള്ഹാ സന്ദേശം
നമ്മുടെ പെരുന്നാൾ ഇഖ്‍ലാസ് (ഉദ്ദേശ ശുദ്ധി) ആണ്
▪️മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുൽ മുജാദല-2
പടച്ചവന്റെ വിശാലമായ അറിവ്,
രഹസ്യ സംസാരത്തിന്റെ മര്യാദ,
സഹോദരങ്ങളോടുള്ള കടമ,
പ്രവാചകനോടുള്ള ആദരവ്
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
▪️മആരിഫുല്‍ ഹദീസ്
മുഹമ്മദീ മഹത്വം
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
മുഖലിഖിതം
സമ്പൂർണ്ണ സമർപ്പണത്തിന് സന്നദ്ധരാകാം, ഇബ്റാഹീമി മുഹമ്മദീ സംസ്കാരം പഠിക്കുകയും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യാം
✍🏻 മൗലാനാ പി.പി. മുഹമ്മദ് ഇസ്ഹാഖ് ഖാസിമി
(പ്രസിഡൻ്റ്, ജംഇയത്ത് ഉലമാ ഏ ഹിന്ദ് കേരള, വർക്കിംഗ് കമ്മിറ്റി മെമ്പർ, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്, വൈസ് പ്രസിഡന്റ് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ)
സർവ്വലോക സൃഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെ ഉറ്റ തോഴൻ ഖലീലുല്ലാഹി നബി ഇബ്റാഹിം (അ) മാനവ സമൂഹത്തിന് തന്റെ ത്യാഗനിരതമായ ജീവിതത്തിലൂടെ കൈമാറിയ വിശുദ്ധ അനുഗ്രഹീത പുണ്യ ഹജ്ജിന്റെയും ബലിപെരുന്നാളിന്റെയും സുദിനങ്ങളിൽ നാം ലോകം അനുസ്മരിക്കുക. അല്ലാഹുവിന്റെ തൃപ്തിയുടെ വഴിയിൽ അവനാൽ നൽകപ്പെട്ടതെല്ലാം അവൻ്റെ സന്നിധിയിൽ സമ്പൂർണ്ണമായി സമർപ്പിക്കുക എന്നതത്രേ ആ സന്ദേശം.
ഹസ്രത്ത് ഇബ്റാഹിം (അ) ന്റെ സമ്പൂർണ്ണ സമർപ്പിത ജീവിതമാണ് ഖലീലുല്ലാഹ് എന്ന പദവിയിലേക്ക് മഹാനായ പ്രവാചകൻ ഉയരുവാൻ ഉണ്ടായ കാരണം. അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസത്തിന്റെ പേരിൽ സ്വന്തം പിതാവ് മാത്രമല്ല, സമൂഹം ഒന്നടങ്കം തന്റെ ബദ്ധവൈരികളായി തീർന്നപ്പോഴും, നംറൂദിന്റെ സൈന്യം തീ കുണ്ഡത്തിലേക്ക് എടുത്തെറിഞ്ഞപ്പോഴും അല്ലാഹുവിന്റെ ഖലീൽ കുലുങ്ങിയില്ല. മറുഭാഗത്ത് ആളിക്കത്തുന്ന തീ ജ്വാലയിലേക്ക് എടുത്തെറിയപ്പെട്ടെങ്കിലും മഹാനുഭാവന്റെ ഒരു രോമത്തിനു പോലും പോറലേൽപ്പിക്കാൻ ആ തീ ജ്വാലയ്ക്ക് സാധിച്ചതുമില്ല. അല്ലാഹു തീയോട് കൽപ്പിച്ചു: "തീയേ... നീ ഇബ്റാഹിമിന് തണുപ്പും സമാധാനവും ആയിത്തീരുക."
അഗ്നിപരീക്ഷയിൽ വിജയിച്ച ഇബ്റാഹിം (അ) പരീക്ഷണങ്ങളുടെ നിലയില്ലാകയത്തിലേക്ക് വീണ്ടും എടുത്തറിയപ്പെടുന്ന കാഴ്ചയാണ് ലോകം ദർശിച്ചത്. തൻ്റെ ജന്മദേശമായ ബാബിലോണിൽ നിന്നും പലായനം
ചെയ്ത് കൻആനിൽ എത്തണമെന്ന ഇലാഹിയായ കൽപ്പന, കൻആനിലെ താമസത്തിനിടയിൽ സന്താന സൗഭാഗ്യത്തിന് സാധ്യതയില്ലാത്ത വാർദ്ധക്യത്തിൽ നാഥൻ ഔദാര്യമായി നൽകിയ ഓമന മകൻ ഇസ്മായിലിനെയും സഹധർമ്മിണി ബീവി ഹാജറിനെയും ജനവാസവും കൃഷിയിടങ്ങളും ഇല്ലാത്ത മക്കാ മരുഭൂമിയിൽ മാറ്റി താമസിപ്പിക്കണമെന്ന് നാഥന്റെ അടുത്ത കൽപ്പന, പരീക്ഷണങ്ങളുടെ ഉരുൾ കല്ലുകളിൽ മാറ്റുരക്കപ്പെടുമ്പോഴെല്ലാം ഹൃദയത്തിന്റെ ഉള്ളറയിൽ ഇലാഹിയായ സ്നേഹം ലീഡ് ചെയ്തിരുന്ന ഇബ്റാഹിം (അ) ജീവിതത്തിന്റെ അഭിലാഷങ്ങൾ പൂത്തുലയുന്ന പ്രായത്തിൽ പൊന്നോമന മകനെ നാഥന്റെ തൃപ്തിക്ക് വേണ്ടി അറുക്കപ്പെടണം എന്ന കൽപ്പനയിൽ വിജയിക്കുകയും കറകളഞ്ഞ പത്തര മാറ്റുള്ള തന്റെ ഇലാഹി സ്നേഹം പ്രകടിപ്പിക്കുകയും ചെയ്ത സംഭവം വിശുദ്ധ ഖുർആൻ സവിസ്തരം പ്രതിപാദിക്കുന്നത് നാം ഏവരും അറിയുന്ന യാഥാർത്ഥ്യമാണ്.
ത്യാഗത്തിന്റെ ഇതിഹാസങ്ങൾ രചിച്ച ഹസ്രത്ത് ഇബ്റാഹിം നബി (അ)യുടെ ത്യാഗോജ്ജ്വല ജീവിതം മുസ്‌ലിം ഉമ്മത്തിന് നൽകുന്ന അനശ്വര സന്ദേശം ഇപ്രകാരം സംഗ്രഹിക്കാം: 1, യഖീൻ (അടിയുറച്ച വിശ്വാസം). 2, ഇതാഅത്ത് (സമ്പൂർണ്ണ അനുസരണ). 3, മുജാഹദ (ആത്മാർത്ഥമായ ത്യാഗമനസ്ഥിതി).
ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന അടിപതറാത്ത അല്ലാഹുവിലുള്ള യഖീനാണ് തീ ജ്വാലയെ ഹസ്രത്ത് ഇബ്റാഹിം (അ)ന് തണുപ്പും രക്ഷയുമാക്കി തീർത്തത്. അല്ലാഹുവിന്റെ കൽപ്പനക്ക് മുമ്പിലെ സമ്പൂർണ്ണ സമർപ്പണമാണ് ത്യാഗത്തിന്റെ സന്ദേശം നിറഞ്ഞ മക്കാ മണലാരണ്യത്തിൽ സഹധർമ്മിണിയെയും കൈകുഞ്ഞിനെയും ഏകാന്തതയുടെ തടവറയിലാക്കി കൻആനിലേക്കുള്ള മടങ്ങാൻ ആവേശം നൽകിയത്. വാർദ്ധക്യത്തിൽ അപ്രതീക്ഷിതമായി അല്ലാഹു നൽകിയ ഏക മകൻ. തനിക്ക് ഉപകാരിയും സഹായിയുമായി തീരാവുന്ന പ്രായത്തിൽ അല്ലാഹുവിൻ്റെ കൽപ്പനക്ക് വഴിപ്പെട്ടു കൊണ്ട് മാത്രം സ്വന്തം കൈ കൊണ്ട് അറുക്കാൻ ഹസ്രത്ത് ഇബ്റാഹിം (അ) കാണിച്ച ലോക ചരിത്രത്തിൽ തുല്യതയില്ലാത്ത മുജാഹദ അഥവാ ത്യാഗമനസ്ഥിതിയും, ഹസ്രത്ത് ഇബ്റാഹിം നബി (അ) തൻ്റെ ജീവിതത്തിൽ ഉയർത്തിപ്പിടിച്ച ഉയർന്ന മൂല്യങ്ങളും പിൽക്കാലത്ത് അന്ത്യപ്രവാചകൻ മുഹമ്മദുർ റസൂലുല്ലാഹി ﷺയിലൂടെ പൂർത്തീകരിക്കപ്പെട്ടു. മഹാന്മാരായ സ്വഹാബത്തുൽ കിറാം അവ പഠിക്കുകയും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തതിലൂടെ ലോക ജനതയുടെ മാതൃക പുരുഷന്മാരായി മാറി. അതെ, ഇതിലൂടെ തന്നെയാണ് ആധുനിക വിശ്വാസി സമൂഹത്തിനും വിജയം വരിക്കാൻ സാധിക്കുക.
അല്ലാമ ഇഖ്ബാൽ ലോകത്തോടായി പ്രഖ്യാപിക്കുന്നു:
آج بھی ہو جو ابراہیم کا ایماں پیدا
آگ کر سکتی ہے اندازِ گلستاں پیدا
ഹസ്രത്ത് ഇബ്രാഹിമിന്റെ ഈമാൻ ഇന്നും സമൂഹത്തിൽ സഞ്ചാരമായാൽ തീജ്വാലകളെ ആരാമമായി മാറ്റാൻ ഇന്നും സാധിക്കും!
അല്ലാഹു തആല ഖുർആൻ ശരീഫിൽ ഈ യാഥാർത്ഥ്യം നമ്മെ ഇപ്രകാരം അറിയിക്കുന്നു:
إِن يَنصُرُكُمُ اللَّهُ فَلَا غَالِبَ لَكُمْ وَإِن يَخْذُلْكُمْ فَمَن ذَا الَّذِي يَنصُرُكُم مِّنْ بَعْدِهِ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ
(നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം പരാജയപ്പെടുത്താൻ ആരാലും സാധ്യമല്ല. അവൻ നിങ്ങളെ കൈവിട്ടു കളയുന്ന പക്ഷം അവനല്ലാതെ മറ്റാരാണ് നിങ്ങളെ സഹായിക്കാനുള്ളത്. ആയതിനാൽ സത്യവിശ്വാസികൾ അല്ലാഹുവിനെ തന്നെ ഭരമേൽപ്പിച്ചു കൊള്ളട്ടെ.)
മുസ്‌ലിം ലോകം പൊതുവിലും ഇന്ത്യ മഹാരാജ്യം പ്രത്യേകിച്ചും വിവിധങ്ങളായ അഗ്നി പരീക്ഷണങ്ങളെ നേരിട്ടു കൊണ്ടിരിക്കുന്ന നിർണായകമായ ഘട്ടത്തിലൂടെയാണ് നീങ്ങി ക്കൊണ്ടിരിക്കുന്നത്. ഫലസ്തീനിലെയും ഗസ്സയിലെയും പട്ടിണിപ്പാവങ്ങളുടെ ദീനാരോദനങ്ങൾ ഈമാനുള്ള ഹൃദയങ്ങളിൽ വലിയൊരു നൊമ്പരമായി തന്നെ നിലകൊള്ളുന്നു .സർവ്വശക്തന്റെ തിരുസന്നിധിയിൽ അവരുടെ സന്തോഷ സുദിനങ്ങൾക്ക് വേണ്ടി ദുൽഹജ്ജ് അനുഗ്രഹീത ദിനരാത്രങ്ങൾ നമുക്ക് കൈ ഉയർത്താം. നമ്മളുടെ പ്രാർത്ഥനകളെ നാഥൻ സ്വീകരിക്കുമാറാകട്ടെ. ആമീൻ.
ജംഇയ്യത്തുൽ ഉലമ ഹിന്ദിൻ്റെ ആദരണീയനായ അധ്യക്ഷനും ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിന്റെ ഉപാധ്യക്ഷനും ദേശീയ-അന്തർദേശീയ വേദികളിലെ പ്രധാന വ്യക്തിത്വവുമായ ഹസ്രത്ത് മൗലാന സയ്യിദ് അർഷദ് മദനി ഭാരതത്തിന്റെ വർത്തമാനകാല സാഹചര്യങ്ങൾ മനസ്സിലാക്കി കൊണ്ട് 2025 മെയ് 3,4 തീയതികളിൽ ഡൽഹിയിൽ നടന്ന അഖിലേന്ത്യാ തർബിയത്തി ക്യാമ്പിന്റെ സമാപനത്തിൽ നടന്ന പ്രൗഢമായ പത്രസമ്മേളനത്തിൽ ഇന്ത്യയിലെ പ്രമുഖ പത്ര പ്രവർത്തകർക്ക് മുമ്പിൽ ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി: "എൻ്റെ 85 വർഷത്തെ ജീവിതത്തിൽ രാജ്യം ഇപ്പോൾ കടന്നു പോകുന്ന തരത്തിലുള്ള മോശം സാഹചര്യം ഞാൻ കണ്ടിട്ടില്ല." ഏറെ വൈകാരികമായി ആണ് മൗലാന ഇക്കാര്യം പറഞ്ഞത്. മൗലാന അവർകൾ തുറന്നു പറഞ്ഞു: "ഇന്ന് രാജ്യത്തിന്റെ ഭരണാധികാരികളുടെ സിംഹാസനത്തിന്റെ അടിസ്ഥാനശില തന്നെ വെറുപ്പുകൊണ്ട് നിർമ്മിച്ചതാണ്. അവരുടെ പ്രത്യയ ശാസ്ത്രം തന്നെ വെറുപ്പ് സൃഷ്ടിക്കുക, മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കുക, അതുവഴി എളുപ്പത്തിൽ ഭരണം നേടുക എന്നതാണ്. ജനങ്ങളുടെ സമാധാനവും സ്വസ്ഥതയും ഉറപ്പാക്കുന്ന ഒരു കാര്യവും ചെയ്യാൻ ഗവൺമെന്റിന് ഉദ്ദേശമില്ല എന്നതാണ് നിർഭാഗ്യകരമായ സത്യം. ജനങ്ങൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, അവരുടെ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക, പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ ഭരണകൂടത്തിന്റെ പ്രാഥമിക കർത്തവ്യങ്ങൾ നിർവ്വഹിക്കാൻ പോലും അവർ സന്നദ്ധരല്ല. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ മുസ്‌ലിം സമുദായം മാത്രമല്ല, മറ്റ് സമുദായങ്ങൾ പോലും പ്രയാസങ്ങളും ദുരിതങ്ങളിലും ആണെന്നുള്ള സത്യം നമുക്ക് വിസ്മരിക്കാവുന്നതല്ല."
മൗലാനാ അവർകൾ തുടർന്നു: "ഐക്യം, സ്നേഹം, ഒരുമ എന്നിവയിലൂടെയാണ് ഒരു രാഷ്ട്രം പുരോഗമിക്കുന്നത്. അതിനാൽ രാജ്യത്തിന് വേണ്ടത് സ്നേഹത്തിന്റെ ഭരണമാണ്, വെറുപ്പിന്റെ അല്ല. വെറുപ്പിന്റേത് രാഷ്ട്രീയം രാജ്യത്തിന് ഗുരുതരമായി ഭീഷണിയാണ്. നമ്മുടെ രാജ്യത്ത് പടർന്നു കൊണ്ടിരിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ അപകടം തിരിച്ചറിഞ്ഞില്ലെങ്കിൽ മുസ്‌ലിം സമുദായത്തിന് മാത്രമല്ല, ഈ നാട്ടിലെ ഓരോ പൗരനും സ്വതന്ത്ര്യമായി ശ്വസിക്കാൻ പോലും സാധ്യമല്ലാത്ത സാഹചര്യം ഇന്ത്യ മഹാരാജ്യത്ത് സംജാതമാകുമെന്ന് എല്ലാവരും ഓർക്കുക."
ഇന്ത്യാ മഹാരാജ്യം തുടക്കം മുതൽ ആദരിച്ച വഖ്ഫ് നിയമത്തെ ഭേദഗതി ചെയ്തു കൊണ്ടുള്ള കേന്ദ്ര ഗവൺമെൻ്റിൻ്റെ പുതിയ വഖ്ഫ് നിയമത്തെ കുറിച്ച് പത്രപ്രതിനിധികൾ ചോദ്യം ഉയർത്തിയപ്പോൾ മൗലാനാ അവർകൾ പറഞ്ഞു: വഖ്ഫ് നിയമത്തിലെ ഭേദഗതികൾ മതത്തിലുള്ള ഇടപെടലായി ഞങ്ങൾ കണക്കാക്കുന്നു. അതിൽ മാറ്റങ്ങളും പഴയ വ്യവസ്ഥകൾ നിർത്തലാക്കിയ രീതിയും സർക്കാർ നമ്മുടെ വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാൻ ഉദ്ദേശിക്കുന്നുവെന്ന് നാം മനസ്സിലാക്കുന്നു. പുതിയ വഖ്ഫ് നിയമമായി ബന്ധപ്പെട്ട് സമാധാനമായി പ്രതിഷേധങ്ങൾ രാജ്യത്ത് നടക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രതിഷേധങ്ങൾ സമാധാനപരം ആയിരിക്കണമെന്നും നിയമം കയ്യിലെടുക്കുന്ന നിലയിൽവഴിവിട്ട നീക്കങ്ങൾ ഉണ്ടാകരുതെന്നും സമുദായത്തെ ഉണർത്തുന്നു.
വഖ്ഫ് ബില്ല് അവതരിപ്പിച്ചപ്പോഴും ശേഷം അത് വഖ്ഫ് ആക്ടായി മാറ്റിയപ്പോഴും ഇന്ത്യയിലെ പരമോന്നത നീതിപീഠം സുപ്രീംകോടതിയുടെ പടിവാതിൽക്കൽ എത്തിയപ്പോഴും പ്രഗൽഭരായ കപിൽ സിബിലിനെ പോലെയുള്ള അഭിഭാഷകരെ അണിനിരത്തി നീതിക്കും ഇന്ത്യൻ ഭരണഘടനയുടെ സുരക്ഷിതത്വത്തിനും വേണ്ടി വീറോടെ വാദിച്ച രംഗങ്ങളും നാം നന്ദിയോടെ ഓർക്കുക! വിശദമായ വാദഗതികൾ സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള ബെഞ്ച് കേട്ടതിനു ശേഷം വിധി പറയാൻ മാറ്റി വെച്ചിരിക്കുന്ന ഈ സന്ദർഭത്തിൽ ദുൽഹജ്ജിന്റെ അനുഗ്രഹീതമായ ഈ ദിനരാത്രങ്ങളിൽ സർവ്വശക്തന്റെ തിരുസന്നിധിയിൽ നമുക്ക് കൈകൾ ഉയർത്താം. ഇന്ത്യ മഹാരാജ്യത്തിലെ കോടിക്കണക്കിന് വഖ്ഫ് സ്വത്തുകൾ സുരക്ഷിതമായി അവശേഷിക്കുന്നതിനുള്ള അനുകൂല വിധികൾ ലഭിച്ച് നാഥൻ ധർമ്മത്തിൻ്റെ സുരക്ഷിതമാക്കി തീർക്കുമാറാകട്ടെ... ആമീൻ
ഇന്ത്യയിലെ വർത്തമാനകാല സാഹചര്യത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് യോഗി സർക്കാർ ഉൾപ്പെടെയുള്ളവരുടെ മദ്റസ പ്രസ്ഥാനങ്ങൾക്ക് എതിരിലുള്ള കരുനീക്കങ്ങൾ. 2025 ജൂൺ 1 ഞായറാഴ്ച അഅ്സംഗഡിലെ ഈദ്ഘാഹ് മൈതാനത്ത് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് മദ്‌റസ സംരക്ഷണ കൺവെൻഷൻ സംഘടിപ്പിക്കുകയുണ്ടായി. കൺവെൻഷൻ മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ട് മൗലാന സയ്യിദ് അർഷദ് മദനി മദ്റസകളെ ഭീകരവാദ കേന്ദ്രങ്ങൾ ആണെന്ന അബദ്ധജടിലമായ വിമർശനങ്ങൾ ഉന്നയിക്കുന്നവരോട് പതിനായിരങ്ങൾ തിങ്ങി നിറയുന്ന സദസിനെ അഭിമുഖീകരിക്കുകയും തൻ്റെ വന്ദ്യ പിതാവ് മൗലാനാ സയ്യിദ് ഹുസൈൻ മദനി (റ) യുടെ പൂർവ്വകാല ധൈര്യത്തെ സംഭരിക്കുകയും ചെയ്ത് കൊണ്ട് സധൈര്യം പ്രഖ്യാപിക്കുകയുണ്ടായി: "ഈ രാജ്യത്ത് മദ്റസകൾ അഥവാ ഇസ്‌ലാമിക വിജ്ഞാന പാഠശാലകൾ എന്തിന് എന്ന് ചോദിക്കുന്നവരോട് പറയട്ടെ, ബ്രിട്ടീഷുകാർ കച്ചവടത്തിന് വന്നവരല്ലെന്നും ഈ രാജ്യത്തിന്റെ ഗുണകാംക്ഷികളും അല്ലെന്നും അവർ നിങ്ങളെ അടിമകളാക്കിയിരിക്കുകയാണെന്നും ഹിന്ദുവും മുസ്‌ലിമും മുഴുവൻ രാജ്യനിവാസികളും അടിമകളാക്കപ്പെട്ടിരിക്കുന്നു ഈ അടിമ ചങ്ങല പൊട്ടിച്ചെറിയാൻ ബ്രിട്ടീഷ് അധിനിവേശത്തോട് പോരാടുന്നത് ധർമ്മസമരമാണെന്നുമുള്ള രാജ്യത്തിന്റെ ഗതി മാറ്റി നിർണയിച്ച വിപ്ലവാഹ്വാനം ഇവിടെ ആദ്യമായി ഉയർന്ന് കേട്ടത് കേട്ടത് ഡൽഹിയിലെ ജാമിഅ റഹീമിയ എന്ന മദ്രസ അഥവാ മതപാഠശാലയിൽ നിന്നാണ്. മദ്റസയുടെ സന്തതിയായ ഞങ്ങളുടെ നേതാവ് മൗലാന ശാഹ് അബ്ദുൽ അസീസ് ദഹ്‌ലവി (റ) ആണ് ആ ഫത്‌വ പുറപ്പെടുവിച്ചത്!"
ദുൽഹജ്ജിന്റെ പവിത്ര ആദ്യ പത്ത് രാത്രികൾ നമ്മളോട് വിട പറയാൻ ഒരുങ്ങുന്നു. നമ്മുടെ പ്രാർത്ഥനകൾ സർവ്വശക്തൻ സ്വീകരിക്കുന്ന അറഫാ സുദിനവും ജുമുആ സുദിനവും ഈ വെള്ളിയാഴ്ച്ച നമ്മളിലേക്ക് വന്നണയുന്നു. ഖലീലുല്ലാഹി നബി ഇബ്രാഹിം (അ) ദബീഹുല്ലാഹി നബി ഇസ്മാഈൽ (അ) ഇരുവരുടെയും ത്യാഗസ്മരണങ്ങൾ ഉണർത്തി ഈദുൽ അള്ഹയുടെ സുദിനവും നമ്മിലേക്ക് വന്നണയുന്നു.നമ്മുടെ പ്രാർത്ഥന സ്വീകരിക്കപ്പെടുന്ന വിലപ്പെട്ട മുഹൂർത്തങ്ങളാണ് ഇവയെല്ലാം. അറഫാ ദിനം സുന്നത്ത് നോമ്പ് അനുഷ്ഠിച്ചും സാധിക്കുന്നവരെല്ലാം ഈദുൽ അള്ഹാ സുദിനത്തിൽ ഏറ്റവും ശ്രേഷ്ഠമായ ബലികർമ്മം നിർവഹിച്ചും നമുക്കും കുടുംബത്തിനും മഹല്ലിനും സംസ്ഥാനത്തിനും രാജ്യത്തിനും ലോകത്തിനും വേണ്ടി ദുആ ചെയ്യാം. അതുപോലെ മഹാനായ അമീറുൽ മൗലാനാ സയ്യിദ് അർഷദ് മദനി അവർകളുടെയും ഇതര നേതാക്കന്മാരുടെയും നാമോരോരുത്തരുടെയും ഇസ്സത്തോടെ ആഫിയത്തോടെയുള്ള ദീർഘായുസ്സിനും ഹുസ്നുൽ ഖാത്തിമത്തിനും വേണ്ടിയും പ്രാർത്ഥിക്കാം. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിനും രാജ്യത്ത് നന്മ പ്രചരിപ്പിക്കുന്നതിനും നിർണായക പങ്കു വഹിച്ച മുഴുവൻ സംഘടനകളുടെ ഉത്തമ ഭാവിക്ക് വേണ്ടിയും പടച്ചവനോട് ദുആ ചെയ്യാം. നാഥൻ നമ്മുടെ പ്രാർത്ഥനകൾ സ്വീകരിക്കുമാറാകട്ടെ!
ഖലീലുല്ലാഹി ഇബ്രാഹിം (അ) ജീവിതത്തിന്റെ മുഖമുദ്രയായി സ്വീകരിച്ച അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം,അല്ലാഹുവിന്റെ കല്പനകൾക്കു മുന്നിലുള്ള ഇത്വാഅത്ത് (സമ്പൂർണ്ണ സമർപ്പണം), അല്ലാഹുവിൻ്റെ വഴിയിൽ നേരിടേണ്ടിവരുന്ന ഉന്നതമായ ത്യാഗങ്ങൾ മുഖമുദ്രയായി സ്വീകരിച്ച് ഇഹപര വിജയികളിൽ ഉൾപ്പെടുന്ന സൗഭാഗ്യവാന്മാരുടെ കൂട്ടത്തിൽ നാമേവരെയും മുഴുവൻ സഹോദരി സഹോദരന്മാരെയും സർവ്വശക്തർ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ! ആമീൻ
**********************
ഈദുൽ അള്ഹാ സന്ദേശം
നമ്മുടെ പെരുന്നാൾ ഇഖ്‍ലാസ് (ഉദ്ദേശ ശുദ്ധി) ആണ്
✍️ സമ്പാദകൻ : ഹാഫിസ് മുഹമ്മദ് ഇസ്ഹാഖ് നദ്‌വി
(ഖത്തീബ്, അജ്മാൻ ഈദ് ഗാഹ്, യു.എ.ഇ)
اللّه أكبر أللّه أكبر أللّه أكبر ولله الحمد
അല്ലാഹു അത്യധികം മഹോന്നതനാണ്. സർവ്വ സ്തുതിയും അല്ലാഹുവിനാണ്. പ്രഭാത പ്രദോഷങ്ങളിലെ സ്തുതി കീർത്തനങ്ങൾ അല്ലാഹുവിന് തന്നെ. ആരാധനക്കർഹൻ അല്ലാഹു മാത്രം. നിഷ്കളങ്കമായ നിലയിൽ നാം അല്ലാഹുവിനെ മാത്രം ആരാധിക്കുന്നു. നമ്മുടെ നായകൻ മുഹമ്മദ് റസൂലുല്ലാഹി ﷺ നിഷ്കളങ്കതയുടെ പര്യായമാണ്.
صلى الله عليه وعلى آله وصحبه والتابعين
ബഹുമാന്യരെ,
എന്നോടും നിങ്ങളോടും അല്ലാഹുവിനോട് ഭയഭക്തി വെക്കാനും അല്ലാഹുവിനെ നിരന്തരം അനുസരിച്ച് ജീവിക്കാനും മുഴുവൻ നന്മകളിലും ഇഖ്ലാസ് മുറുകെ പിടിക്കാനും ആത്മാർത്ഥമായി ഉപദേശിക്കുന്നു. ജനങ്ങളേ, നിങ്ങളെയും നിങ്ങൾക്കു മുമ്പുള്ളവരെയും സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുക. നിങ്ങൾ ഭയഭക്തരാകുന്നതാണ്. (ബഖറ -21)
പെരുന്നാൾ ആഘോഷിക്കാൻ സൗഭാഗ്യം സിദ്ധിച്ചവരേ...
ഐശ്വര്യങ്ങളും നന്മകളും നിറഞ്ഞ ഈ പെരുന്നാൾ എല്ലാവർക്കും അനുഗ്രഹമാകട്ടെ! പടച്ചവന്റെ അനുഗ്രഹ ഔദാര്യങ്ങൾ വർഷിക്കാൻ കാരണമാകട്ടെ! നമുക്കും നമ്മുടെ സമുന്നത നേതൃത്വത്തിനും കൂടുതൽ പെരുന്നാളുകൾ ആഘോഷിക്കാൻ ഉതവി നൽകട്ടെ! നമ്മുടെ നാട്ടിലും നാട്ടുകാരിലും സ്നേഹ സന്തോഷങ്ങൾ നിലനിർത്തട്ടെ! അല്ലാഹുവിന്റെ ഔദാര്യത്തിന്റെ പേരിൽ അല്ലാഹുവിനെ നാം സ്തുതിക്കുക. പടച്ചവന്റെ പൊരുത്തത്തെ കരുതി ആരാധനകൾ നിഷ്കളങ്കളായി അനുഷ്ഠിക്കുക. ഇത് മുൻഗാമികളോട് ഉള്ള അല്ലാഹുവിൻ്റെ കല്പനയാണ്: അവരോട് കല്പിക്കപ്പെട്ട കാര്യങ്ങൾ ഇത്രമാത്രമാണ്: ഏകാഗ്രതയോടെ ആരാധനകളെ പരിശുദ്ധമാക്കിയ നിലയിൽ അല്ലാഹുവിനെ ആരാധിക്കുക. നമസ്‌കാരം നിലനിർത്തുക. സകാത്ത് കൊടുക്കുക. ഇത് തന്നെയാണ് നേരായമതം. (ബയ്യിന -5)
اللّه أكبر أللّه أكبر أللّه....
ബഹുമാന്യരെ,
ഇഖ്ലാസ് (ഉദ്ദേശ ശുദ്ധി) സമുന്നതമായ സത്യവിശ്വാസത്തിന്റെ ഉന്നത ഗുണവും രാജ്യവുമായ ബന്ധപ്പെട്ട മഹത്തായ മൂല്യവും പെരുന്നാളിന്റെ മഹത്തായ സന്ദേശവും ഹജ്ജിന്റെ മുഴുവൻ മേഖലകളിലും പ്രകാശിച്ചു നിൽക്കുന്ന ദർശനവുമാണ്. ആകയാൽ നാം കർമ്മങ്ങൾ നന്നാക്കുകയും സ്വർണ്ണത്തെ മാലിന്യങ്ങളിൽ നിന്നും, ജലത്തെ കലർപ്പുകളിൽ നിന്നും ശുദ്ധീകരിക്കുന്നത് പോലെ ജീവിതത്തിൻ്റെ സർവ്വ മേഖലകളും ഉദ്ദേശ ശുദ്ധി ഉണ്ടാക്കിയെടുക്കുകയും നിലനിർത്തുകയും ചെയ്യുക.
ഏറ്റവും ഉയർന്ന ഉദ്ദേശ ശുദ്ധി പടച്ചവന്റെ പൊരുത്തത്തെ കരുതി മാത്രം എല്ലാം ചെയ്യുക എന്നതാണ്. ഇത് മുഴുവൻ നന്മകളുടെയും അടിസ്ഥാനവും പടച്ചവൻ്റെ സാമീപ്യത്തിന്റെ മാനദണ്ഡവുമാണ്. വാചക കർമ്മങ്ങളിലും ഉദ്ദേശ ലക്ഷ്യങ്ങളിലും നിഷ്കളങ്കത ഉണ്ടായി തീർന്നാൽ അവ ഉന്നതമാകുന്നതാണ്. ആകയാൽ ആരാധനകൾ പടച്ചവന് നിഷ്കളങ്കമാക്കിയ നിലയിൽ പടച്ചവനെ ആരാധിക്കുക. നന്നായി അറിയുക, നിഷ്കളങ്കമായ ആരാധന അല്ലാഹുവിന് മാത്രമാണ്. (സുമർ -2,3)
അതെ, ഉദ്ദേശ ശുദ്ധി അടിമയുടെയും ഉടമയുടെയും ഇടയിലുള്ള കരാറാണ്. വിശ്വാസി സദാ മുറുകെ പിടിക്കുന്ന ചിഹ്നവുമാണ്. കവി പറയുന്നു: ഇലാഹി അൻത മഖ്സൂദി..... (രക്ഷിതാവേ എന്റെ ലക്ഷ്യം നീ മാത്രമാണ്. എന്നോട് തൃപ്തിക്ക് കാരണമാകുന്ന സ്വീകാര്യത എനിക്ക് നൽകേണമേ...)
നിഷ്കളങ്കരായ സഹോദരങ്ങളെ, ഉദ്ദേശ ശുദ്ധി മുഴുവൻ ആരാധനകളുടെയും മജ്ജയും വിലയേറിയ അടിസ്ഥാനവുമാണ്. അതിൽ നിന്നാണ് സൽസ്വഭാവ മഹൽഗുണങ്ങൾ പ്രവഹിക്കുന്നത്. ഉദ്ദേശശുദ്ധി മുഴുവൻ അവകാശങ്ങളെയും കർത്തവ്യങ്ങളെയും സംരക്ഷിക്കുന്ന കാവൽക്കാരനുമാണ്. ഏറ്റവും ആഴമുള്ള ഉദ്ദേശ ശുദ്ധി സ്വദേശത്തിനു വേണ്ടിയുള്ള സദുദ്ദേശമാണ്.
ആരെങ്കിലും സത്യസന്ധമായ നിലയിൽ സ്വരാജ്യത്തെ സ്നേഹിച്ചാൽ അവൻ്റെ സേവനങ്ങളിൽ അവൻ വീഴ്ച വരുത്തുന്നതല്ല. രാജ്യത്തിൻ്റെ സൽപേര് കാത്തു സൂക്ഷിക്കുകയും, രാജ്യ നിയമങ്ങൾ പാലിക്കുകയും, സംസ്കാരം ഉയർത്തിപ്പിടിക്കുകയും, മൂല്യങ്ങളിൽ സന്തോഷിക്കുകയും, പാരമ്പര്യത്തിൽ അഭിമാനിക്കുകയും, രാജ്യത്തിന് ത്യാഗം ചെയ്യുകയും, രാജ്യം മുഴുവൻ നന്മ പ്രചരിപ്പിക്കുകയും, രാജ്യത്തിൻ്റെ ഉന്നതിക്ക് വിലപിടിച്ച സർവ്വസവും ചിലവഴിക്കുകയും ഓരോ മണൽ തരികളെയും സംരക്ഷിക്കുകയും രാജ്യത്തിന്റെ മഹത്വങ്ങൾ കാത്തുസൂക്ഷിക്കുകയും രഹസ്യമായും പരസ്യമായും രാജ്യ നന്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നതാണ്. ഇബ്‌റാഹീം നബി പറഞ്ഞ സന്ദർഭം. എന്റെ രക്ഷിതാവേ, ഈ നാടിനെ നിർഭയത്വം നിറഞ്ഞതാക്കേണമേ. എന്നെയും എന്റെ മക്കളെയും വിഗ്രഹാരാധനയിൽ നിന്നും കാക്കേണമേ. (ഇബ്റാഹിം - 35)
അവന്റെ മനസ്സിൽ ഈ രാഷ്ട്ര ഗീതം നിരന്തരം മുഴങ്ങി കൊണ്ടിരിക്കും. ഉദ്ദേശ ശുദ്ധിയോടെ പ്രവർത്തിക്കാം... ഉദ്ദേശ ശുദ്ധിയോടെ പ്രവർത്തിക്കാം... നാം എവിടെയായിരുന്നാലും ഉദ്ദേശ ശുദ്ധി മുറുകെപ്പിടിക്കാം...
സത്യവിശ്വാസികളെ, അല്ലാഹുവിനെ അനുസരിക്കുക. ദൂതനെയും നേതൃത്വത്തെയും അനുസരിക്കുക. തീർച്ചയായും അല്ലാഹുവിങ്കൽ ഈസാ നബിയുടെ ഉദാഹരണം ആദമിന്റെ ഉദാഹരണം പോലെയാണ്. അല്ലാഹു അദ്ദേഹത്തെ മണ്ണിൽ നിന്നും പടച്ചു, ശേഷം അദ്ദേഹത്തോട് ആകൂ എന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം ഉണ്ടായിത്തീർന്നു. (നിസാഅ് - 59)
അല്ലഹു അക്ബർ , അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്
പെരുന്നാൾ ആഘോഷിക്കുന്ന സഹോദരങ്ങളെ,
ഉദ്ദേശശുദ്ധിയുടെ സമുന്നതമായ മറ്റൊരു രൂപം കുടുംബത്തോടും സമൂഹത്തോടും ആത്മാർത്ഥത പുലർത്തുക എന്നതാണ്. അതിലൂടെ മാതാപിതാക്കളോട് ഗുണം ചെയ്യുന്ന സന്താനങ്ങളും, കുടുംബ ബന്ധം നിലനിർത്തുന്ന ബന്ധുക്കളും ഇണയോടും സന്താനങ്ങളോടും ഗുണം ചെയ്യുന്ന ഗൃഹനാഥനും ഉണ്ടാകുന്നതാണ്.
ഓരോരുത്തരും ഉത്തരവാദിത്വം ഏറ്റെടുക്കുകയും ഔദാര്യം വ്യാപകമാക്കുകയും പടച്ചവന്റെ പ്രതിഫലം കാംക്ഷിച്ച് നന്മകൾ പ്രവർത്തിക്കുകയും ചെയ്യുന്നതാണ്. റസൂലുല്ലാഹി ﷺ അരുളി: ഒരു വിശ്വാസി കുടുംബത്തിന്റെ മേൽ വല്ലതും ചിലവഴിക്കുമ്പോൾ ഉദ്ദേശം ശുദ്ധമാക്കുകയുമാണെങ്കിൽ അവന് ദാനധർമ്മത്തിൻ്റെ കൂലി ലഭിക്കുന്നതാണ്. (ബുഖാരി, മുസ്‌ലിം)
ആകയാൽ, നാം ഓരോരുത്തരും കുടുംബത്തിന്റെ വിഷയത്തിൽ ആത്മാർത്ഥതയുള്ളവരാകുക. അതിലൂടെ അതിന്റെ ഗുണങ്ങൾ സമൂഹത്തിൽ മുഴുവനും വ്യാപകമാകുന്നതാണ്. അങ്ങനെ നമ്മുടെ സമൂഹം ഒറ്റ ശരീരം പോലെ പരസ്പരം സഹകരിക്കുകയും സഹായിക്കുകയും ചെയ്യുന്നതാണ്. വിശിഷ്യാ പെരുന്നാളിൽ ബന്ധങ്ങൾ പുതുക്കുകയും പരസ്പരം സന്ദർശിക്കുകയും സ്നേഹ സന്ദേശങ്ങൾ പ്രകടിപ്പിക്കുകയും ആഹ്ലാദ സന്തോഷം കുടുംബങ്ങൾക്കും അയൽവാസികൾക്കും ബന്ധുക്കൾക്കും പരത്തുകയും ചെയ്യുന്നതാണ്. ആകയാൽ, നമുക്ക് ഈ ബലിപെരുന്നാളിനെ മുഴുവൻ സമൂഹത്തോടും രാജ്യത്തോടും ഉദ്ദേശ ശുദ്ധി പുലർത്തുന്നതാക്കാം. അതെ, ഈ രാജ്യം മഹത്വത്തിൻ്റെ ശിലകളിൽ സ്ഥാപിക്കപ്പെട്ടതാണ്. നന്മകൾക്ക് പിന്നാലെ നന്മകൾ നിറഞ്ഞ പ്രദേശമാണ്. ഇവിടെ നന്മയുടെ വൃക്ഷങ്ങൾ നിരന്തരം ഫലങ്ങൾ നൽകി കൊണ്ടിരിക്കുന്നു. ആകയാൽ എല്ലാ നിലയിലും ഉദ്ദേശ ശുദ്ധി മുറുകെ പിടിക്കുക. ആരാധനകളിൽ ഉദ്ദേശശുദ്ധി സ്വീകാര്യതയുടെ അടിസ്ഥാനമാണ്. രാജ്യത്തോടുള്ള ഉദ്ദേശ ശുദ്ധി കൂറും സ്നേഹവുമാണ്. കുടുംബത്തോടുള്ള ഉദ്ദേശ ശുദ്ധി കരുണയും ആദരവുമാണ്.
വിജ്ഞാനത്തിനോടുള്ള ഉദ്ദേശ ശുദ്ധി വൈജ്ഞാനിക മുന്നേറ്റമാണ്.
കർമ്മങ്ങളിലെ ഉദ്ദേശ ശുദ്ധി സൂക്ഷ്മതയും ശ്രദ്ധയുമാണ്. വിദ്യാഭ്യാസ സംസ്കരണങ്ങളിലുള്ള ഉദ്ദേശ ശുദ്ധി കൃപയും ശരിയായ നിലപാടുമാണ്. ധർമ്മത്തിലെ ഉദ്ദേശശുദ്ധി ശാശ്വത സ്മരണയാണ്.
ഉദ്ദേശ ശുദ്ധിയോടെയുള്ള കുറഞ്ഞ സമ്പത്ത് ദാനം ചെയ്യുന്നത് ആയിരക്കണക്കിനു ഇരട്ടി സമ്പത്ത് ദാനം ചെയ്യുന്നതിനേക്കാൾ മഹത്തരമാണ്. ആത്മാർത്ഥതയുള്ള ചെറിയ കർമ്മങ്ങൾ ആത്മാർത്ഥതയില്ലാത്ത വലിയ കർമ്മങ്ങളെക്കാൾ മഹത്വമേറിയതാണ്. സർവ്വശക്തനായ അല്ലാഹു നമുക്ക് സദുദ്ദേശവും നിഷ്കളങ്കമായ കർമ്മവും ചൊരിയട്ടെ! നമ്മുടെ നാട്ടിൽ ശാന്തിയും സമാധാനവും ഐശ്വര്യവും പുരോഗതിയും കനിയട്ടെ! സമൂഹത്തിൽ ഐക്യവും സമാധാനവും നൽകട്ടെ!
അവസാനമായി റസൂലുല്ലാഹി ﷺയുടെ മേൽ സ്വലാത്ത് സലാമുകൾ ചെല്ലുന്നു. സഹാബാക്കളുടെയും മുൻഗാമികളായ മഹാന്മാരുടെയും നന്മയ്ക്കായി പ്രാർത്ഥിക്കുന്നു. വിശിഷ്യാ ഈ രാഷ്ട്രത്തിൻ്റെ നായകൻ ശൈഖ് മുഹമ്മദ് ബിൻ സായിദിനും ഇമാറാത്തിലെ മറ്റ് നായകന്മാർക്കും വിശ്വസ്തനായ പിൻഗാമിക്കും എല്ലാവർക്കും പടച്ചവന്റെ തൃപ്തികരമായ ജീവിതത്തിനായി പ്രാർത്ഥിക്കുന്നു.
പ്രത്യേകിച്ച് ശൈഖ് സായിദിനെയും റാഷിദിനെയും മുഴുവൻ നായകരെയും ശൈഖ് ഖലീഫ ബിൻ സായിദിനെയും അല്ലാഹു കരുണ കൊണ്ട് പൊതിയട്ടെ! അല്ലാഹു അവരെയെല്ലാം സമുന്നത സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കട്ടെ!
രക്തസാക്ഷികളെ പടച്ചവൻ അനുഗ്രഹിക്കട്ടെ!
ഒരിക്കൽ കൂടി എല്ലാവർക്കും അനുഗ്രഹീതമായ പെരുന്നാൾ ആശംസകൾ!
വർഷം മുഴുവൻ ഈ സൗഭാഗ്യത്തിന് കഴിയാൻ പടച്ചവൻ ഉദവി നൽകട്ടെ!
----------------------------
മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുൽ മുജാദല
(22 ആയത്തുകൾ, പദങ്ങൾ 473, അക്ഷരങ്ങൾ 1792, മദീനമുനവ്വറയിൽ അവതരണം. 3 റുകൂഅ്. അവതരണ ക്രമം 105. പാരായണ ക്രമം 58. സൂറത്തുൽ മുനാഫിഖൂനിന് ശേഷം അവതരണം)
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തിൽ ആരംഭം
പടച്ചവന്റെ വിശാലമായ അറിവ്,
രഹസ്യ സംസാരത്തിന്റെ മര്യാദ,
സഹോദരങ്ങളോടുള്ള കടമ,
പ്രവാചകനോടുള്ള ആദരവ്
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 7-13
أَلَمْ تَرَ أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۖ مَا يَكُونُ مِن نَّجْوَىٰ ثَلَاثَةٍ إِلَّا هُوَ رَابِعُهُمْ وَلَا خَمْسَةٍ إِلَّا هُوَ سَادِسُهُمْ وَلَا أَدْنَىٰ مِن ذَٰلِكَ وَلَا أَكْثَرَ إِلَّا هُوَ مَعَهُمْ أَيْنَ مَا كَانُوا ۖ ثُمَّ يُنَبِّئُهُم بِمَا عَمِلُوا يَوْمَ الْقِيَامَةِ ۚ إِنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ (7) أَلَمْ تَرَ إِلَى الَّذِينَ نُهُوا عَنِ النَّجْوَىٰ ثُمَّ يَعُودُونَ لِمَا نُهُوا عَنْهُ وَيَتَنَاجَوْنَ بِالْإِثْمِ وَالْعُدْوَانِ وَمَعْصِيَتِ الرَّسُولِ وَإِذَا جَاءُوكَ حَيَّوْكَ بِمَا لَمْ يُحَيِّكَ بِهِ اللَّهُ وَيَقُولُونَ فِي أَنفُسِهِمْ لَوْلَا يُعَذِّبُنَا اللَّهُ بِمَا نَقُولُ ۚ حَسْبُهُمْ جَهَنَّمُ يَصْلَوْنَهَا ۖ فَبِئْسَ الْمَصِيرُ (8) يَا أَيُّهَا الَّذِينَ آمَنُوا إِذَا تَنَاجَيْتُمْ فَلَا تَتَنَاجَوْا بِالْإِثْمِ وَالْعُدْوَانِ وَمَعْصِيَتِ الرَّسُولِ وَتَنَاجَوْا بِالْبِرِّ وَالتَّقْوَىٰ ۖ وَاتَّقُوا اللَّهَ الَّذِي إِلَيْهِ تُحْشَرُونَ (9) إِنَّمَا النَّجْوَىٰ مِنَ الشَّيْطَانِ لِيَحْزُنَ الَّذِينَ آمَنُوا وَلَيْسَ بِضَارِّهِمْ شَيْئًا إِلَّا بِإِذْنِ اللَّهِ ۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ (10) يَا أَيُّهَا الَّذِينَ آمَنُوا إِذَا قِيلَ لَكُمْ تَفَسَّحُوا فِي الْمَجَالِسِ فَافْسَحُوا يَفْسَحِ اللَّهُ لَكُمْ ۖ وَإِذَا قِيلَ انشُزُوا فَانشُزُوا يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ ۚ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ (11) يَا أَيُّهَا الَّذِينَ آمَنُوا إِذَا نَاجَيْتُمُ الرَّسُولَ فَقَدِّمُوا بَيْنَ يَدَيْ نَجْوَاكُمْ صَدَقَةً ۚ ذَٰلِكَ خَيْرٌ لَّكُمْ وَأَطْهَرُ ۚ فَإِن لَّمْ تَجِدُوا فَإِنَّ اللَّهَ غَفُورٌ رَّحِيمٌ (12) أَأَشْفَقْتُمْ أَن تُقَدِّمُوا بَيْنَ يَدَيْ نَجْوَاكُمْ صَدَقَاتٍ ۚ فَإِذْ لَمْ تَفْعَلُوا وَتَابَ اللَّهُ عَلَيْكُمْ فَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَأَطِيعُوا اللَّهَ وَرَسُولَهُ ۚ وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ (13)
അല്ലാഹു ആകാശഭൂമികളിലെ എല്ലാ കാര്യങ്ങളും അറിയുന്നു എന്നു താങ്കൾ കണ്ടില്ലേ? മൂന്ന് പേരുടെ രഹസ്യസംസാരത്തിൽ നാലാമനായി അല്ലാഹുവുണ്ട്. അഞ്ചുപേരുടെതിൽ ആറാമനായി ഉണ്ട്. അതിനേക്കാളും കുറവോ കൂടുതലോ ആയാലും എവിടെവെച്ച് ആയിരുന്നാലും അവരോടൊപ്പം അവൻ ഉണ്ടാകുന്നതാണ്. ശേഷം ഖിയാമത്ത് ദിനം അവർ പ്രവർത്തിച്ചത് അവൻ അവരെ അറിയിക്കുന്നതാണ്. തീർച്ചയായിട്ടും അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്നവനാകുന്നു.(7) രഹസ്യ സംസാരത്തെക്കുറിച്ച് തടയപ്പെട്ടിട്ടും തടയപ്പെട്ടതിലേക്ക് മടങ്ങുകയും പാപത്തിലും ശത്രുതയിലും പ്രവാചക ധിക്കാരത്തിലും ഗൂഢാലോചന നടത്തുകയും ചെയ്തവരെ താങ്കൾ കാണുന്നില്ലേ? അവർ താങ്കളുടെ അരികിൽ വന്നാൽ അല്ലാഹു താങ്കൾക്ക് സലാം പറഞ്ഞ വാചകമല്ലാത്തതുകൊണ്ട് അഭിവാദ്യം പറയുന്നു. ഞങ്ങൾ പറയുന്നതിന് അല്ലാഹു ശിക്ഷിക്കാത്തത് എന്തുകൊണ്ടാണെന്ന് അവർ മനസ്സിൽ പറയുകയും ചെയ്യുന്നു. അവർക്ക് നരകം മതി. അതിൽ അവർ പ്രവേശിക്കുന്നതാണ്. അത് മോശം വാസസ്ഥലം തന്നെ(8) സത്യവിശ്വാസികളെ, നിങ്ങൾ രഹസ്യം പറയുന്നെങ്കിൽ പാപത്തിലും ശത്രുതയിലും പ്രവാചകധിക്കാരത്തിലും നിങ്ങൾ രഹസ്യം പറയരുത്. നന്മയിലും സൂക്ഷ്മതയിലും നിങ്ങൾ രഹസ്യം പറയുക. അല്ലാഹുവിനെ നിങ്ങൾ ഭയക്കുക. അവനിലേക്കാണ് നിങ്ങൾ ഒരുമിച്ച് കൂട്ടപ്പെടുന്നത്.(9) സത്യവിശ്വാസികളെ ദുഃഖിപ്പിക്കുന്നതിന് പിശാചിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന കാര്യമാണ് ഗൂഢാലോചന. അല്ലാഹുവിന്റെ തീരുമാനം ഇല്ലാതെ അത് വിശ്വാസികൾക്ക് അൽപം പോലും പ്രയാസമുണ്ടാക്കുന്നതല്ല. അല്ലാഹുവിന്റെ മേൽ സത്യവിശ്വാസികൾ ഭരമേല്പിച്ചുകൊള്ളട്ടെ(10) സത്യവിശ്വാസികളെ, സദസ്സുകളിൽ വിശാലത കാണിക്കുക എന്ന് നിങ്ങളോട് പറയപ്പെട്ടാൽ ഒതുങ്ങിയിരിക്കുക. അല്ലാഹു നിങ്ങളോട് വിശാലത കാണിക്കുന്നതാണ്. സദസ്സിൽ നിന്ന് എഴുന്നേൽക്കുക എന്ന് പറയപ്പെട്ടാൽ നിങ്ങൾ എഴുന്നേറ്റു പോകുക. നിങ്ങളിൽ നിന്നും സത്യവിശ്വാസം സ്വീകരിക്കുകയും വിജ്ഞാനം നൽകപ്പെടുകയും ചെയ്തവരുടെ പല സ്ഥാനങ്ങൾ അല്ലാഹു ഉയർത്തുന്നതാണ്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്ന കാര്യങ്ങളെക്കുറിച്ച് സൂക്ഷ്മജ്ഞാനിയാണ്.(11) സത്യവിശ്വാസികളെ, നിങ്ങൾ ദൂതനോട് രഹസ്യം സംസാരിച്ചാൽ അതിന് മുമ്പ് എന്തെങ്കിലും സദഖ നൽകുക. അതാണ് നിങ്ങൾക്ക് ഉത്തമവും പരിശുദ്ധവും. ഇനി (സ്വദഖ ചെയ്യാൻ) നിങ്ങക്കൊന്നും ലഭിച്ചില്ലെങ്കിൽ തീർച്ചയായും അല്ലാഹു വളരെ പൊറുക്കുന്നവനും കരുണയുള്ളവനുമാകുന്നു.(12) നിങ്ങളുടെ രഹസ്യ സംസാരത്തിന് മുമ്പ് ദാനം ചെയ്യാൻ നിങ്ങൾ ഭയക്കുന്നുണ്ടോ? നിങ്ങൾ അത് ചെയ്യാതിരിക്കുകയും അല്ലാഹു നിങ്ങൾക്ക് അത് പൊറുത്തു തരികയും ചെയ്താൽ നിങ്ങൾ നമസ്‌കാരം നിലനിർത്തുകയും സകാത്ത് കൊടുക്കുകയും അല്ലാഹുവിനെയും ദൂതനെയും അനുസരിക്കുകയും ചെയ്യുക. നിങ്ങൾ പ്രവർത്തിക്കുന്ന കാര്യങ്ങളെക്കുറിച്ച് അല്ലാഹു സൂക്ഷ്മജ്ഞാനിയാണ്.(13)
അവതരണ പശ്ചാത്തലം: ഈ ആയത്തിലൂടെ അവതരണ പശ്ചാത്തലവുമായി ബന്ധപ്പെട്ട് ഏതാനും സംഭവങ്ങൾ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. 1. യഹൂദികളും മുസ്‌ലിംകളും പരസ്പരം സന്ധിയിലായിരുന്നു. എന്നാൽ യഹൂദികൾ മുസ്‌ലിംകളെ കാണുമ്പോൾ ഭയപ്പെടുത്താൻ വേണ്ടി പരസ്പരം രഹസ്യങ്ങൾ സംസാരിക്കുമായിരുന്നു. ഇത് കാണുന്ന മുസ്‌ലിംകൾ തങ്ങൾക്കെതിരിൽ അവർ ഗൂഢാലോചന നടത്തുകയാണെന്ന് വിചാരിച്ചു. റസൂലുല്ലാഹി (സ) ഇതിൽ നിന്നും യഹൂദികളെ തടഞ്ഞെങ്കിലും അവർ പിന്മാറിയില്ല. ഇതുമായി ബന്ധപ്പെട്ടാണ് ഏഴാം ആയത്ത് ആയത്ത് അവതരിച്ചത്. 2. ഇതുപോലെ കപടവിശ്വാസികളും പരസ്പരം രഹസ്യം പറഞ്ഞിരുന്നു. ഇവരെക്കുറിച്ചാണ് 9-10 ആയത്തുകൾ അവതരിച്ചത്. 3. യഹൂദികൾ റസൂലുല്ലാഹി (സ)യെ കാണുമ്പോൾ ഗുരുത്വക്കേട് കാരണം അസ്സാമു അലൈക്കും (നിങ്ങൾക്ക് മരണം ഉണ്ടാകട്ടെ) എന്ന് പറയുമായിരുന്നു. 4. മുനാഫിഖുകളും ഇപ്രകാരം പറയുമായിരുന്നു. ഈ വിഷയത്തിൽ എട്ടാം ആയത്ത് അവതരിച്ചു. 5. ഒരിക്കൽ റസൂലുല്ലാഹി (സ) മസ്ജിദിന്റെ തിണ്ണയിൽ ഇരിക്കുകയായിരുന്നു. അവിടെ നിരവധി സഹാബികൾ കൂടിയിരുന്നു. തദവസരം ബദ്‌രികളായ ഏതാനും സഹാബികളെത്തി. അവർക്ക് ഇരിക്കാൻ സ്ഥലം കിട്ടിയില്ല. സദസ്സിലുള്ളവർ ചേർന്ന് ഇരുന്നതുമില്ല. ഇത് കണ്ടപ്പോൾ റസൂലുല്ലാഹി (സ) സഹോദരന് വേണ്ടി സൗകര്യം ചെയ്ത് കൊടുക്കുന്നവരെ അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് പറയുകയും ചിലരെ എഴുന്നേൽപ്പിക്കുകയും അവിടെ ബദ്‌രികളെ ഇരുത്തുകയും ചെയ്തു. ഇത് മുനാഫിഖുകൾ വിഷയമാക്കുകയും ഇത് എന്ത് നീതിയാണെന്ന് ചോദിക്കുകയും ചെയ്തു. ഇതിനെക്കുറിച്ചാണ് പതിനൊന്നാം ആയത്ത് അവതരിച്ചത്. അതായത് റസൂലുല്ലാഹി (സ) ആദ്യം സൗകര്യം ചെയ്ത് കൊടുക്കാൻ പറഞ്ഞപ്പോൾ ചിലർ സൗകര്യം ചെയ്ത് കൊടുത്തു. ചിലർ സൗകര്യം ചെയ്തില്ല. ഇവരെ വിദ്യാർത്ഥികളെ ശിക്ഷിക്കുന്നതുപോലെ റസൂലുല്ലാഹി (സ) ഉണർത്താൻ വേണ്ടി എഴുന്നേൽപ്പിച്ചു. ഇതിനെയാണ് മുനാഫിഖുകൾ വലിയ വിഷയമാക്കിയത്. 6. ചില സമ്പന്നർ റസൂലുല്ലാഹി (സ)യുടെ സമക്ഷത്തിൽ ഹാജരായി ദീർഘനേരം രഹസ്യം പറയുന്നതിനാൽ മറ്റുള്ളവർക്ക് റസൂലുല്ലാഹി (സ)യെ കൂടുതൽ പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. റസൂലുല്ലാഹി (സ)യ്ക്ക് ഇത് ബുദ്ധിമുട്ടായി. ഇതിനെക്കുറിച്ചാണ് പന്ത്രണ്ടാം ആയത്ത് അവതരിച്ചത്. സൈദുബ്‌നു അസ്‌ലം (റ) വിവരിക്കുന്നു: യഹൂദികളും മുനാഫിഖുകളും അനാവശ്യമായി റസൂലുല്ലാഹി (സ)യോട് രഹസ്യം പറഞ്ഞിരുന്നു. ഇത് എന്തെങ്കിലും കുഴപ്പത്തിന് വേണ്ടിയാണോ എന്ന് ചിന്തിച്ചുകൊണ്ട് ഇത് കാണുന്ന മുസ്‌ലിംകൾ അസ്വസ്ഥരായിരുന്നു. ഇതിനെ ആദ്യം തടയപ്പെട്ടു. എന്നിട്ടും അവർ പിന്മാറാതിരുന്നപ്പോൾ ഏഴാം ആയത്ത് അവതരിച്ചു. കാരണം അവർ ദാനധർമ്മത്തിൽ നിന്നും അകന്ന് മാറിയിരുന്നു. 7. രഹസ്യ സംസാരത്തിന് മുമ്പ് ദാനം ചെയ്യണം എന്ന് പറയപ്പെട്ടപ്പോൾ ധാരാളം ആളുകൾ അത്യാവശ്യം പറയുന്നതിൽ നിന്നുപോലും പിന്മാറി. അപ്പോൾ എട്ടാമത്തെ ആയത്ത് അവതരിച്ചു. ഹകീമുൽ ഉമ്മത്ത് പറയുന്നു: ദാനധർമ്മത്തിനുള്ള ഇളവ് ഏഴാം ആയത്തിലും നൽകപ്പെട്ടിരുന്നു. എന്നാൽ ചിലർ വളരെ ദരിദ്ര്യർ അല്ലെങ്കിലും സമ്പന്നരുമായിരുന്നില്ല. ഇവർക്ക് ഇപ്രകാരമുള്ള ദാനം ബുദ്ധിമുട്ടായി.
ആശയ സംഗ്രഹം
അല്ലാഹു ആകാശഭൂമികളിലെ രഹസ്യ സംസാരം അടക്കമുള്ള എല്ലാ കാര്യങ്ങളും അറിയുന്നു എന്നു താങ്കൾ കണ്ടില്ലേ? ഇവിടുത്തെ സംബോധന റസൂലുല്ലാഹി (സ) ആണെങ്കിലും അതിന്റെ ഉദ്ദേശം നിരോധിക്കപ്പെട്ട രഹസ്യ സംസാരത്തിൽ നിന്നും പിന്മാറാത്തവരെ കേൾപ്പിക്കലാണ്. മൂന്ന് പേരുടെ രഹസ്യസംസാരത്തിൽ നാലാമനായി അല്ലാഹുവുണ്ട്. അഞ്ചുപേരുടെതിൽ ആറാമനായി ഉണ്ട്. അതിനേക്കാളും കുറവോ കൂടുതലോ ആയാലും എവിടെവെച്ച് ആയിരുന്നാലും അവരോടൊപ്പം അവൻ ഉണ്ടാകുന്നതാണ്. ശേഷം ഖിയാമത്ത് ദിനം അവർ പ്രവർത്തിച്ചത് അവൻ അവരെ അറിയിക്കുന്നതാണ്. തീർച്ചയായിട്ടും അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്നവനാകുന്നു. ഇവിടെ വരെ പറയപ്പെട്ടത് അടുത്ത് പറയാൻ പോകുന്ന കാര്യങ്ങളുടെ ആമുഖമെന്നോണമാണ്. അതായത് അല്ലാഹു എല്ലാം അറിയുകയും തിന്മകൾക്ക് ശിക്ഷ നൽകുകയും ചെയ്യുമെന്ന കാര്യം സത്യവിശ്വാസികളെ ഉപദ്രവിക്കാൻ വേണ്ടി രഹസ്യ സംഭാഷണങ്ങൾ നടത്തുന്നവർ ഭയക്കുന്നില്ല. അടുത്തതായി ഇതിന്റെ വിവരണങ്ങൾ പറയുന്നു: രഹസ്യ സംസാരത്തെക്കുറിച്ച് തടയപ്പെട്ടിട്ടും തടയപ്പെട്ടതിലേക്ക് മടങ്ങുകയും പാപത്തിലും ശത്രുതയിലും പ്രവാചക ധിക്കാരത്തിലും ഗൂഢാലോചന നടത്തുകയും ചെയ്തവരെ താങ്കൾ കാണുന്നില്ലേ? അതായത് നിരോധിക്കപ്പെട്ട രഹസ്യ സംസാരങ്ങൾ നടത്തുന്നത് തന്നെ പാപമാണ്. കൂടാതെ, സത്യവിശ്വാസികളെ വേദനിപ്പിക്കുന്നതിനാൽ അക്രമവുമാണ്. റസൂലുല്ലാഹി (സ) നിരോധിച്ചിട്ടും ചെയ്യുന്നതിനാൽ പ്രവാചകനോടുള്ള ധിക്കാരവുമാണ്. അവർ താങ്കളുടെ അരികിൽ വന്നാൽ അല്ലാഹു താങ്കൾക്ക് സലാം പറഞ്ഞ വാചകമല്ലാത്തതുകൊണ്ട് അഭിവാദ്യം പറയുന്നു. അല്ലാഹു താങ്കൾക്ക് അഭിവാദ്യം നേർന്നിട്ടുള്ളത് സലാം എന്ന പദം കൊണ്ടാണ്. (സ്വഫ്ഫാത്ത്, നംല്, അഹ്‌സാബ്) എന്നാൽ അവർ അസ്സാമു (മരണം) എന്നാണ് അതിന് പകരം പറയുന്നത്. ഇദ്ദേഹം പ്രവാചകനാണെങ്കിൽ ഞങ്ങൾ പറയുന്ന മര്യാദകേടിന്റെ പേരിൽ ഉടനടി അല്ലാഹു ശിക്ഷിക്കാത്തത് എന്തുകൊണ്ടാണെന്ന് അവർ മനസ്സിൽ പറയുകയും ചെയ്യുന്നു. എന്നാൽ ചില തത്വങ്ങളുടെ പേരിൽ ഉടനടി അവർക്ക് ശിക്ഷ നൽകാത്തതാണ്. ഇതിന്റെ പേരിൽ ശിക്ഷ ഒരിക്കലും വരുകയില്ല എന്നർത്ഥമില്ല. അവർക്ക് ശിക്ഷയായി നരകം മതി. അതിൽ അവർ പ്രവേശിക്കുന്നതാണ്. അത് മോശം വാസസ്ഥലം തന്നെ. അടുത്തതായി കപടവിശ്വാസികളോട് സാദൃശ്യമാകരുതെന്ന് ഉണർത്തിക്കൊണ്ട് സത്യവിശ്വാസികളോട് കൂട്ടത്തിൽ കപടവിശ്വാസികളോടും പറയുന്നു: സത്യവിശ്വാസികളെ, നിങ്ങൾ യഥാർത്ഥ വിശ്വാസികളാണെങ്കിൽ വിശ്വാസത്തിന്റെ പ്രേരണ അനുസരിച്ച് പ്രവർത്തിക്കുക. നിങ്ങൾ എന്തെങ്കിലും അത്യാവശ്യത്തിന് രഹസ്യം പറയുന്നെങ്കിൽ പാപത്തിലും അക്രമത്തിലും പ്രവാചക ധിക്കാരത്തിലും നിങ്ങൾ രഹസ്യം പറയരുത്. നന്മയിലും സൂക്ഷ്മതയിലും നിങ്ങൾ രഹസ്യം പറയുക. നന്മ അക്രമത്തിന് എതിരാണ്. ഇതുകൊണ്ടുള്ള ഉദ്ദേശം മറ്റുള്ളവർക്ക് ഉപകാരം ചെയ്യലാണ്. ഭയഭക്തി പാപത്തിനും പ്രവാചക ധിക്കാരത്തിനും എതിരാണ്. അല്ലാഹുവിനെ നിങ്ങൾ ഭയക്കുക. അവനിലേക്കാണ് നിങ്ങൾ ഒരുമിച്ച് കൂട്ടപ്പെടുന്നത്. സത്യവിശ്വാസികളെ ദുഃഖിപ്പിക്കുന്നതിന് പിശാചിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന കാര്യമാണ് ഗൂഢാലോചന. എന്നാൽ അതിന്റെ പേരിൽ സത്യവിശ്വാസികൾ സങ്കടപ്പെടേണ്ടതില്ല. കാരണം അല്ലാഹുവിന്റെ തീരുമാനം ഇല്ലാതെ പിശാച് വിശ്വാസികൾക്ക് അൽപം പോലും പ്രയാസമുണ്ടാക്കുന്നതല്ല. അതായത് സാങ്കൽപ്പികമായി പിശാച് പ്രശ്‌നം ഉണ്ടാക്കിയതിന്റെ പേരിൽ ചിലർ നിങ്ങൾക്കെതിരിൽ വല്ല പദ്ധതികളും ആസൂത്രണം ചെയ്താൽ അപ്പോഴും പടച്ചവന്റെ മുൻകടന്ന തീരുമാന പ്രകാരം നിങ്ങൾക്ക് യാതൊരു കുഴപ്പവും ഉണ്ടാകുന്നതല്ല. പിന്നെ എന്തിന് നിങ്ങൾ ദു:ഖത്തിൽ അകപ്പെടണം? അല്ലാഹുവിന്റെ മേൽ സത്യവിശ്വാസികൾ സർവ്വ കാര്യങ്ങളിലും ഭരമേല്പിച്ചുകൊള്ളട്ടെ. അടുത്തതായി ഏതാനും പ്രധാനപ്പെട്ട മര്യാദകൾ പഠിപ്പിക്കുന്നു: സത്യവിശ്വാസികളെ, സദസ്സുകളിൽ മറ്റുള്ളവർക്ക് കൂടി ഇരിക്കാൻ കഴിയുന്ന നിലയിൽ വിശാലത കാണിക്കുക എന്ന് നിങ്ങളോട് പ്രവാചകന്റെയോ നേതാക്കളുടെയോ അനുസരിക്കപ്പെടേണ്ടവരുടെയോ ഭാഗത്ത് നിന്നും പറയപ്പെട്ടാൽ ഒതുങ്ങിയിരിക്കുകയും മറ്റുള്ളവർക്ക് സ്ഥലം കൊടുക്കുകയും ചെയ്യുക. അല്ലാഹു നിങ്ങളോട് സ്വർഗ്ഗത്തിൽ വിശാലത കാണിക്കുന്നതാണ്. സദസ്സിൽ നിന്നും എന്തെങ്കിലും ആവശ്യത്തിന്റെ പേരിൽ എഴുന്നേൽക്കുക എന്ന് പറയപ്പെട്ടാൽ നിങ്ങൾ എഴുന്നേൽക്കുക. ഇങ്ങനെ പറയപ്പെടുന്നതിന്റെ ലക്ഷ്യം വരുന്നവർക്ക് സ്ഥലം കൊടുക്കാനോ ആരെങ്കിലുമായി അത്യാവശ്യ കാര്യം കൂടിയാലോചിക്കേണ്ടത് കൊണ്ടോ, വിശ്രമം, ആരാധന പോലുള്ള കാര്യങ്ങൾക്ക് വേണ്ടിയോ ആകാവുന്നതാണ്. ചുരുക്കത്തിൽ സദസ്സിലെ അദ്ധ്യക്ഷൻ എഴുന്നേൽക്കാൻ പറഞ്ഞാൽ നിങ്ങൾ എഴുന്നേൽക്കേണ്ടതാണ്. ഈ നിയമം റസൂലുല്ലാഹി (സ)യുടെ സദസ്സ് ഒഴികെയുള്ളതിനും ബാധകമാണ്. ചുരുക്കത്തിൽ സദസ്സിലെ അദ്ധ്യക്ഷന് ആവശ്യ ഘട്ടത്തിൽ ആരെയെങ്കിലും എഴുന്നേൽപ്പിക്കാനും മാറ്റി ഇരുത്താനും അനുവാദമുണ്ട്. എന്നാൽ വരുന്നവർ ഒരാളെ എഴുന്നേൽപ്പിച്ച് അദ്ദേഹത്തിന്റെ സ്ഥലത്ത് ഇരിക്കരുതെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. ചുരുക്കത്തിൽ അദ്ധ്യക്ഷൻ എഴുന്നേൽക്കാൻ നിർദ്ദേശിച്ചാൽ നിങ്ങൾ എഴുന്നേറ്റ് കൊടുക്കുക. ഈ അനുസരണയുടെ പേരിൽ നിങ്ങളിൽ നിന്നും സത്യവിശ്വാസം സ്വീകരിച്ചവർക്കും അവരിലും വിശിഷ്യമായി വിജ്ഞാനം നൽകപ്പെടുകയും ചെയ്തവരുടെ പാരത്രിക സ്ഥാനങ്ങൾ അല്ലാഹു ഉയർത്തുന്നതാണ്. അതായത് ഈ കൽപ്പന പാലിക്കുന്നവർ മൂന്ന് വിഭാഗമാണ്. ഒന്ന്, ഭൗതിക നന്മകൾക്ക് വേണ്ടി ഇത് അംഗീകരിക്കുന്ന കപടവിശ്വാസികൾ. നിങ്ങളിൽ നിന്നും എന്ന് പ്രത്യേകം പറഞ്ഞതിലൂടെ അവർ ഈ വാഗ്ദാനത്തിൽ നിന്നും പുറത്തായി. രണ്ട്, വിജ്ഞാനം കുറവായ സത്യവിശ്വാസികൾ. ഇവർക്ക് ഉന്നത സ്ഥാനം നൽകപ്പെടുന്നതാണ്. മൂന്ന്, വിജ്ഞാനമുള്ള വിശ്വാസികൾ. ഇവർക്ക് വിജ്ഞാനം ഉള്ളതിനാൽ ഇവർ കൂടുതൽ ഭയഭക്തിയോടെ നന്മകൾ ചെയ്യുന്നതാണ്. അതിലൂടെ ഇവരുടെ പ്രതിഫലവും സ്ഥാനവും വർദ്ധിക്കുന്നതാണ്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്ന കാര്യങ്ങളെക്കുറിച്ച് പൂർണ്ണമായി അറിവുള്ളവനാണ്. സത്യവിശ്വാസത്തോടെ പ്രവർത്തിക്കുന്നവരും വിശ്വാസമില്ലാതെ പ്രവർത്തിക്കുന്നവരും ആത്മാർത്ഥ കുറഞ്ഞവരും കൂടിയവരും ആരെല്ലാമാണെന്ന് അല്ലാവിന് നന്നായിട്ടറിയാം. അടുത്തതായി റസൂലുല്ലാഹി (സ)യുമായി ബന്ധപ്പെട്ട ഒരു മര്യാദ വിവരിക്കുന്നു: സത്യവിശ്വാസികളെ, നിങ്ങൾ റസൂലിനോട് രഹസ്യം സംസാരിക്കാൻ ഉദ്ദേശിച്ചാൽ അതിന് മുമ്പ് എന്തെങ്കിലും സദഖ സാധുക്കൾക്ക് നൽകുക. അതിന്റെ അളവ് ഈ ആയത്തിൽ പറയപ്പെട്ടിട്ടില്ല. ഹദീസുകളിൽ പല അളവുകൾ വന്നിരിക്കുന്നു. അതിൽ നിന്നും ഇത് നിർണ്ണിതമല്ലെന്നാണ് മനസ്സിലാകുന്നത്. പക്ഷേ, പരിഗണിനീയമായ വല്ലതുമായിരിക്കും. നിങ്ങൾക്ക് പ്രതിഫലത്തിൽ ഉത്തമവും പാപങ്ങളിൽ നിന്നും പരിശുദ്ധിയുടെ മാർഗ്ഗവും അതാണ്. നന്മകൾ പാപങ്ങൾക്ക് പരിഹാരമാണ്. കൂടാതെ, ദാനധർമ്മം സാധുക്കൾക്ക് പ്രയോജനകരവുമാണ്. ഈ കാര്യം സ്വദഖയെന്ന പദത്തിൽ നിന്നും വ്യക്തമാകുന്നു. കാരണം സ്വദഖ സാധുക്കൾക്കാണ് കൊടുക്കേണ്ടത്. ഈ നിയമത്തിലൂടെ കപടവിശ്വാസികൾ റസൂലുല്ലാഹി (സ)യോട് രഹസ്യം പറയുന്നതിൽ നിന്നും റസൂലുല്ലാഹി (സ) മോചിതനാവുകയും ചെയ്യുന്നതാണ്. അവരുടെ ഉദ്ദേശം റസൂലുല്ലാഹി (സ)യുമായി രഹസ്യ സംഭാഷണം നടത്തലല്ലായിരുന്നു. ഇത്തരുണത്തിൽ അതിന് വേണ്ടി സമ്പത്ത് ചിലവഴിക്കുക അവർക്ക് വളരെ പ്രയാസകരമായിരുന്നു. അടുത്തതായി പറയുന്നു: ഈ നിയമം കഴിവുള്ള സന്ദർഭത്തിലാണ്. നിങ്ങളുടെ പക്കൽ ഇനി സ്വദഖ ചെയ്യാൻ നിങ്ങക്കൊന്നും ലഭിക്കാതിരിക്കുകയും അങ്ങനെ നിങ്ങൾ ധർമ്മം ചെയ്യാതെ രഹസ്യ സംഭാഷണം നടത്തുകയും ചെയ്താൽ തീർച്ചയായും അല്ലാഹു വളരെ പൊറുക്കുന്നവനും കരുണയുള്ളവനുമാകുന്നു. അല്ലാഹു നിങ്ങൾക്ക് പൊറുത്ത് തരുന്നതുമാണ്. ഇതിൽ നിന്നും ഈ ദാനം നിർബന്ധമായിരുന്നുവെന്നും സാധുക്കൾക്ക് മാത്രം ബാധകമല്ലായിരുന്നുവെന്നും ഇതിൽ നിന്നും മനസ്സിലാകുന്നു. അടുത്തതായി ഈ ഇളവിനെക്കുറിച്ച് പറയുന്നു: നിങ്ങളുടെ രഹസ്യ സംസാരത്തിന് മുമ്പ് ദാനം ചെയ്യാൻ നിങ്ങൾ ഭയക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾ ദാനം കൊടുക്കേണ്ടതില്ല. നിങ്ങൾ അത് ചെയ്യാതിരിക്കുകയും അല്ലാഹു നിങ്ങൾക്ക് അത് പൊറുത്തു തരികയും ചെയ്യുകയും അങ്ങനെ ആ നിയമം ദുർബലപ്പെടുത്തുകയും ചെയ്താൽ നിങ്ങൾ ഇതര ആരാധനകളിൽ ശ്രദ്ധ പതിപ്പിക്കുക. പ്രത്യേകിച്ചും നമസ്‌കാരം നിലനിർത്തുകയും സകാത്ത് കൊടുക്കുകയും അല്ലാഹുവിനെയും ദൂതനെയും അനുസരിക്കുകയും ചെയ്യുക. അതായത് ഈ നിയമം ദുർബലപ്പെടുത്തപ്പെട്ടതിനാൽ ഇനി നിങ്ങൾക്കുള്ള സമാധാന രക്ഷകളുടെ മാർഗ്ഗം അവശേഷിക്കുന്ന നന്മകളിൽ അടിയുറച്ച് നിൽക്കലാണ്. നിങ്ങൾ പ്രവർത്തിക്കുന്ന കാര്യങ്ങളെയും അവയുടെ ബാഹ്യവും ആന്തരികവുമായ അവസ്ഥകളെയും കുറിച്ച് അല്ലാഹു പുർണ്ണ അറിവുള്ളവനാണ്.
************************
മആരിഫുല്‍ ഹദീസ്
മുഹമ്മദീ മഹത്വം
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
99. ഇബ്‌നു അബ്ബാസ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) യുടെ ഏതാനും സഹാബികൾ ഒരിടത്തിരുന്ന് സംസാരിക്കുകയായിരുന്നു. ഇതിനിടയിൽ റസൂലുല്ലാഹി (സ) അവരിലേക്ക് കടന്ന് വന്നു. അവർ ഇപ്രകാരം സംസാരിക്കുന്നത് റസൂലുല്ലാഹി (സ) കേട്ടു. ഒരാൾ പറഞ്ഞു: അല്ലാഹു ഇബ്‌റാഹീം നബിയെ ആത്മ മിത്രമാക്കി. മറ്റൊരാൾ പറഞ്ഞു: അല്ലാഹു മൂസാ നബിയോട് സംഭാഷണം നടത്തി വേറൊരാൾ പറഞ്ഞു: ഈസാ നബിയെ അല്ലാഹുവിന്റെ വചനവും ആത്മാവുമായി പരിചയപ്പെടുത്തി. ഒരാൾ പറഞ്ഞു: ആദം നബിയെ അല്ലാഹു തിരിഞ്ഞെടുത്തു.(നേരിട്ട് പടക്കുകയും മലക്കുകളെ കൊണ്ട് സുജൂദ് ചെയ്യിക്കുകയും ചെയ്തു.അത്ഭുതവും ആദരവും കലർന്ന നിലയിൽ അവർ ഇപ്രകാരം സംസാരിച്ച് കൊണ്ടിരിന്നു.) തദവസരം അവരിലേക്ക് കടന്നുവന്ന റസൂലുല്ലാഹി (സ) അരുളി: ഞാൻ നിങ്ങൾ സംസാരിച്ചതും അത്ഭുതപ്പെട്ടതും കേട്ടു. തീർച്ചയായും ഇബ്‌റാഹീം നബി അല്ലാഹുവിന്റെ തോഴനും മൂസാനബി അല്ലഹുവുമായി സംസാരിച്ചവരും ഈസാ നബി അല്ലാഹുവിന്റെ ആത്മാവും വചനവും ആദം നബി അല്ലാഹുവിനാൽ ആദരണീയരുമാണ്. ഇതെല്ലാം ശരി തന്നെ പക്ഷെ നിങ്ങൾ അറിയണം ഞാൻ അല്ലാഹുവിന്റെ ഹബീബ്, പ്രിയംങ്കരനാണ്.ഇത് പെരുമ പ്രകടിപ്പിക്കാൻ വേണ്ടി ഞാൻ പറയുന്നതല്ല. സ്തുതിയുടെ പതാക അന്നേ ദിവസം എന്റെ കയ്യിലായിരിക്കും. ഇതും പെരുമ പ്രകടിപ്പിക്കാൻ വേണ്ടി ഞാൻ പറയുന്നതല്ല. ആദം നബിയും ശേഷമുള്ള സർവ്വ നബിമാരും അന്നേ ദിവസം എന്റെ കൊടിയുടെ കീഴിലായിരിക്കും. ഇതും പെരുമ പ്രകടിപ്പിക്കാൻ വേണ്ടി ഞാൻ പറയുന്നതല്ല. ഞാൻ ആദ്യത്തെ ശുപാർശകനും ആദ്യമായി ശുപാർശ സ്വീകരിക്കപ്പെടുന്നവനുമാണ്. ആദ്യമായി ഞാനാണ് സ്വർഗ്ഗം തുറക്കുന്നതിന് അതിന്റെ വളയം കുലുക്കുന്നവൻ എനിക്ക് വേണ്ടി അത് തുറക്കപ്പെടുന്നതും ഞാൻ അതിൽ ആദ്യം പ്രവേശിക്കുന്നതുമാണ്. എന്റെ കൂട്ടത്തിൽ പട്ടിണിപാവങ്ങളായ സത്യവിശ്വാസികൾ ഉണ്ടായിരിക്കും. ഇതും പെരുമ പ്രകടിപ്പിക്കാൻ വേണ്ടി ഞാൻ പറയുന്നതല്ല. മുൻഗാമികളിലും പിൻഗാമികളിലും അല്ലാഹുവിങ്കൽ ഏറ്റവും കൂടുതൽ ആദരണീയർ ഞാൻ തന്നെ ഇതും പെരുമ പ്രകടിപ്പിക്കാൻ വേണ്ടി ഞാൻ പറയുന്നതല്ല. (തിർമിദി,ദാരിമി)
വിവരണം: റസൂലുല്ലാഹി (സ) യുടെ അനുഗ്രഹീത പ്രതിനിധിയും പൊതു സ്വഭാവവും വിനയമായിരുന്നു. സ്വന്തം വാഴ്ത്തുകയോ പുകഴ്ത്തുകയോ ചെയ്യില്ലായിരുന്നു. എന്നാൽ, താങ്കളുടെ രക്ഷിതാവിന്റെ അനുഗ്രഹങ്ങൾ വിവരിക്കുക എന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യഘട്ടത്തിൽ അല്ലാഹു റസൂലുല്ലാഹി (സ) യെ അനുഗ്രഹിച്ച് ആദരിച്ച കാര്യങ്ങൾ അരുളുമായിരുന്നു. ഇബ്‌നു അബ്ബാസ് (റ) ന്റെ ഈ ഹദീസും ഇതുപോലുള്ള ഹദീസുകളും ഈ വിഭാഗത്തിൽ പെട്ടതാണ്. ഇവിടെ സഹാബികൾ പ്രമുഖ നബിമാരിൽ ചിലരെക്കുറിച്ച് പറഞ്ഞ മഹിത മഹത്വങ്ങൾ യാഥാർത്ഥ്യവും റസൂലുല്ലാഹി (സ) തന്നെ അവരെ പഠിപ്പിച്ച കാര്യവുമായിരുന്നു. എന്നാൽ ഇത് വിവരിച്ച സഹാബാ കിറാം അവസാനം റസൂലുല്ലാഹി (സ) യെ പരാമർശിക്കാതിരുന്നപ്പോൾ റസൂലുല്ലാഹി (സ) യുടെ സ്ഥാന സമുന്നതിയെക്കുറിച്ച് അവർ ശരിയായി മനസ്സിലാക്കിയിട്ടില്ലെന്ന് വ്യക്തമായി. ഇത്തരുണത്തിൽആ കാര്യം അവരെ ഉണർത്തൽ ആവശ്യമായി വന്നു. അങ്ങനെ റസൂലുല്ലാഹി (സ) അരുളി: പ്രമുഖ പ്രവാചക വര്യന്മാരെക്കുറിച്ച് നിങ്ങൾ പറഞ്ഞതെല്ലാം ശരി തന്നെയാണ്. പക്ഷേ, പടച്ചവന്റെ ഭാഗത്തുനിന്നും വിശിഷ്ടമായ ഒരു അനുഗ്രഹമെന്നോണം ഏറ്റവും സമുന്നത സ്ഥാനമായ മഹ്ബൂബിയത്ത് (പ്രിയങ്കരത) എനിക്ക് നൽകപ്പെട്ടിരിക്കുന്നു. ഞാൻ അല്ലാഹുവിന്റെ പ്രിയങ്കരനാണ്! തുടർന്ന് റസൂലുല്ലാഹി (സ) നാളെ പരലോകത്ത് പ്രകടമാകുന്ന വിശിഷ്ടമായ മറ്റുചില അനുഗ്രഹങ്ങൾ അനുസ്മരിച്ചു. അവയിൽ ഹംദ് കൊടിയുടെയും പ്രഥമ ശുപാർശയുടെയും കാര്യം മുമ്പ് വിവരിക്കപ്പെട്ട് കഴിഞ്ഞു. അതിന് ശേഷം ഉണർത്തിയ ഒരു വിശിഷ്ട അനുഗ്രഹം സ്വർഗ്ഗീയ കവാടത്തിലെ വളയം ആദ്യമായി കുലുക്കുന്നത് റസൂലുല്ലാഹി (സ) ആയിരിക്കും. ഉടനെ സ്വർഗ്ഗീയ കവാടം തുറക്കപ്പെടുന്നതും ആദ്യമായി റസൂലുല്ലാഹി (സ) അതിൽ കടക്കുന്നതുമാണ്. അവസാനമായി അരുളി: ഞാൻ മുൻഗാമികളിലും പിൻഗാമികളിലും ഏറ്റവും കൂടുതൽ ആദരണിയൻ ഞാനാണ്. എനിക്കുള്ള അന്തസ്സും ആദരവും മറ്റാർക്കും നൽകപ്പെട്ടിട്ടില്ല. ഇതിൽ ഓരോ കാര്യങ്ങളോടൊപ്പം ഇത് പെരുമ പ്രകടിപ്പിക്കാൻ വേണ്ടി ഞാൻ പറയുന്നതല്ല എന്ന് പറഞ്ഞിരിക്കുന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അതെ, അല്ലാഹുവിന്റെ അനുഗ്രഹ ഔദാര്യങ്ങളെക്കുറിച്ചുള്ള ഈ അനുസ്മരണം പൊങ്ങച്ച പ്രകടനത്തിനുവേണ്ടിയുള്ളതല്ല. അല്ലാഹുവിന്റെ കൽപ്പന പ്രകാരം അനുഗ്രഹങ്ങളെ അനുസ്മരിക്കുന്നതിനും നന്ദി രേഖപ്പെടുത്തുതിനും നിങ്ങളെ അറിയിക്കുന്നതിനുമാണ്. നിങ്ങളും ഇതിന് നന്ദി രേഖപ്പെടുത്തുക. കാരണം ഇത് നിങ്ങൾക്കും അഭിമാനകരവും ആശ്വാസകരവുമാണ്.
100. ജാബിർ (റ) നിവേദനം റസൂലുല്ലാഹി (സ) അരുളി: ഞാൻ ഖിയാമത്ത് നാളിൽ പ്രവാചകന്മാരുടെ നായകനായിരിക്കും. ഇത് പെരുമ പ്രകടിപ്പിക്കാൻ വേണ്ടി ഞാൻ പറയുന്നതല്ല. ഞാൻ അന്ത്യപ്രവാചകനാണ്. ഇത് പെരുമ പ്രകടിപ്പിക്കാൻ വേണ്ടി ഞാൻ പറയുന്നതല്ല. ഞാൻ ആദ്യം ശുപാർശ ചെയ്യുന്നവനും ആദ്യമായി ശുപാർശ സ്വീകരിക്കപ്പെടുന്നവനുമാണ്. ഇത് പെരുമ പ്രകടിപ്പിക്കാൻ വേണ്ടി ഞാൻ പറയുന്നതല്ല. (ദാരിമി).
വിവരണം: ആദരവായ റസൂലുല്ലാഹി (സ) ഈ ലോകത്ത് എല്ലാ നബിമാർക്കും അവസാനമായി വന്നവരും എന്നാൽ ഖിയാമത്ത് നാളിൽ എല്ലാ നബിമാരുടെയും നായകനും ആയിരിക്കുമെന്ന് ഈ ഹദീസിലൂടെ മനസ്സിലാകുന്നു.
101. അബൂഹുറയ്‌റ (റ) നിവേദനം റസൂലുല്ലാഹി (സ) അരുളി: എന്റെയും എനിക്ക് മുമ്പുള്ള നബിമാരുടെയും ഉദാഹരണം ഒരു കൊട്ടാരം പോലെയാണ്. അതിന്റെ നിർമ്മാണം അതിസുന്ദരമാണെങ്കിലും ഒരു ഇഷ്ടികയുടെ സ്ഥലം അതിൽ നിന്നും ഉപേക്ഷിക്കപ്പെട്ടിരുന്നു. കാഴ്ച്ചക്കാർ ഇപ്പഴും ചുറ്റിക്കറങ്ങി കാണുകയും അതിന്റെ സൗന്ദര്യത്തിൽ സന്തോഷം പ്രകടിപ്പിച്ചു. എന്നാൽ ഒരു ഇഷ്ടികയുടെ സ്ഥലം ശൂന്യമായി കിടക്കുന്നത് കണ്ട് അവർ അത്ഭുതപ്പെട്ടു. റസൂലുല്ലാഹി (സ) അരുളി: ഞാൻ ആ ശൂന്യമായ സ്ഥലത്തെ നിറച്ചു. എന്നിലൂടെ ആ കൊട്ടാരം പൂർത്തീകരിക്കപ്പെട്ടു. എന്നിലൂടെ പ്രവാചകത്വത്തിനും പൂർണ്ണതയും പരിസമാപ്തിയും കുറിക്കപ്പെട്ടിരിക്കുന്നു. (ബുഖാരി, മുസ്‌ലിം)
വിവരണം: പരിശുദ്ധ ഖുർആനിലും ധാരാളം ഹദീസുകളിലും റസൂലുല്ലാഹി (സ) അന്ത്യപ്രവാചകനാണെന്ന് വന്നിട്ടുണ്ട്. അതെ, ലോകാവസാനം വരെയുള്ള മുഴുവൻ മാനവരാശിക്കും റസൂലുല്ലാഹി (സ) പ്രവാചകനാണ് എന്നത് റസൂലുല്ലാഹി (സ) യുടെ മേലുള്ള അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹമാണ്. ഈ ഹദീസിൽ റസൂലുല്ലാഹി (സ) പ്രവാചകത്വ പരിസമാപ്തിയുടെ ഉത്ഭവും രൂപവും യാഥാർത്ഥ്യവും വളരെ ലളിതമായ ഒരു ഉദാഹരണത്തിലൂടെ ഈ ഹദീസിൽ വിവരിച്ചിരിക്കുന്നു. അതായത് റസൂലുല്ലാഹി (സ) ക്ക് മുമ്പ് ആഗതരായ ആയിരക്കണക്കിന് പ്രവാചകന്മാരുടെ ത്യാഗ പരിശ്രമങ്ങളിലൂടെ പ്രവാചത്വത്തിന്റെ കൊട്ടാരം നിർമ്മിക്കപ്പെടുകയും പൂർണ്ണതയിലേക്ക് എത്തിച്ചേരുകയും ചെയ്തു. ആകെ, ഒരു ഇഷ്ടികയുടെ സ്ഥലം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. റസൂലുല്ലാഹി (സ) യുടെ ആഗമനത്തോടെ അതും പൂർത്തീകരിക്കപ്പെട്ടു. ഇപ്പോൾ പ്രവാചക കൊട്ടാരം സർവ്വ സമ്പൂർണ്ണമാണ്. പുതിയ ഒരു പ്രവാചകന്റെ ആഗമനത്തിന്റെ യാതൊരു ആവശ്യവും അവസരവുമില്ല. അങ്ങനെ അല്ലാഹു പ്രവാചകത്വത്തിന്റെ കവാടം അടയ്ക്കുകയും മുഹമ്മദുർറസൂലുല്ലാഹി (സ) അന്ത്യപ്രവാചകനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സല്ലല്ലാഹു അലൈഹി വ ആലിഹി വസഹ്ബിഹി വ ബാറക്ക വസല്ലം.
*********
മതപാഠശാലകൾ ഞങ്ങളുടെ മതമാണ്, ഭൗതിക കാര്യമല്ല.
✍🏻 മൗലാനാ സയ്യിദ് അർഷദ് മദനി
(പ്രസിഡന്റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്)
* മദ്റസകൾ ഞങ്ങളുടെ ചിഹ്നങ്ങൾ, അത് ഇല്ലാതാക്കാൻ ഞങ്ങൾ സമ്മതിക്കുകയില്ല.
* മദ്റസകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ആത്മാർത്ഥമായി കൂടിയാലോചിക്കുകയും കർമ്മ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുക.
* മദ്റസകൾ വെറും പാഠശാലകൾ മാത്രമല്ല. പഠിപ്പിക്കുന്നതിലും പഠിക്കലിലും മാത്രം മദ്റസയുടെ പ്രവർത്തനം പരിമിത പെടുത്തരുത്. രാജ്യത്തിനും രാജ്യ നിവാസികൾക്കും സേവനം അനുഷ്ഠിക്കുന്നതിന് യുവ തലമുറയെ സജ്ജമാക്കലാണ്. മദ്റസയുടെ പ്രധാന ലക്ഷ്യം.
* മദ്റസയുടെ വക്താക്കൾ എല്ലാ കാലത്തും ഈ കർത്തവ്യം നിർവഹിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാർ വഞ്ചന എന്ന് പേര് വെച്ച പ്രഥമ സ്വാതന്ത്ര്യ സമരത്തിൽ മുപ്പത്തി രണ്ടായിരം പണ്ഡിതർ കൊല്ലപ്പെട്ടിട്ടുണ്ട്.
* തുടർന്നും പരിശ്രമ പോരാട്ടങ്ങൾ നടത്തി. അങ്ങനെ നൂറ്റിയമ്പത് വർഷം നീണ്ടു നിന്ന ത്യാഗ പരിശ്രമങ്ങളിലൂടെയാണ് ഇന്ത്യ സ്വാതന്ത്ര്യമായത്.
* വിശിഷ്യാ ദാറുൽ ഉലൂം ദേവ്ബന്ദിൻ്റെ സ്ഥാപന ലക്ഷ്യം തന്നെ സ്വാതന്ത്ര്യ പോരാളികളെ തയ്യാറാക്കലായിരുന്നു.
* മദ്റസകളെ ഭീകരവാദ കേന്ദ്രങ്ങളായി മുദ്രകുത്തുന്നവർക്ക് മദ്റസകളെ കുറിച്ച് യാതൊരു അറിവുമില്ല.
* ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ആസാം, ഹരിയാന എന്നിവടങ്ങളിൽ മസ്ജിദുകൾക്കും മദ്റസകൾക്ക് എതിരിലുള്ള നീക്കങ്ങൾ ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള വിവേചനം മാത്രമാണ്.
* ഇന്ത്യൻ ഭരണഘടന ഓരോ പൗരനും ഒരുപോലുള്ള അവകാശങ്ങൾ നൽകിയിരിക്കെ ജനാധിപത്യ മതേതര രാഷ്ട്രത്തിൽ ഈ വിവേചനവും അനീതിയും വലിയ അക്രമവുമല്ലേ!
* ഈ രാജ്യം ഒരു സെക്കുലർ രാഷ്ട്രമാണ്. ആകയാൽ മതത്തിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും പ്രത്യേക വിഭാഗത്തോട് അനീതിയും അക്രമവും പാടുള്ളതല്ല. പക്ഷേ ഖേദകരമെന്ന് പറയട്ടെ, ഇവിടെ പരസ്യമായ നിലയിൽ തന്നെ ഒരു പ്രത്യേക വിഭാഗത്തിനെതിരിൽ നടപടികൾ സ്വീകരിക്കപ്പെടുന്നു.
* അവസ്ഥകൾ എത്ര സങ്കീർണ്ണമാണെങ്കിലും നാം നിരാശപ്പെടേണ്ടതില്ല. പ്രത്യുത ഇത്തരം അവസ്ഥകളെ പതറാത്ത പാദവും ചിതറാത്ത ചിത്രവും കൊണ്ട് നേരിടുക.
* ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ഈ രാജ്യത്ത് സാഹോദര്യവും സമാധാനവും നിലനിർത്താൻ പരിശ്രമിക്കുന്നതിനോടൊപ്പം സർവ്വവിധ അക്രമ അനീതി വിവേചനങ്ങൾക്ക് എതിരിലും നിരന്തരം പരിശ്രമിച്ചിട്ടുണ്ട്. ഇനിയും ശക്തമായ നിലയിൽ പരിശ്രമിച്ചു കൊണ്ടിരിക്കുന്നതാണ്.
* നമ്മുടെ പോരാട്ടം പൊതുജനങ്ങളോടല്ല, ഭരണകൂടത്തിന്റെ അക്രമങ്ങളോടാണ്. മദ്റസകൾ ഞങ്ങളുടെ ജീവനാഡിയാണ്. മദ്റസകൾക്ക് എതിരിൽ അപരാധങ്ങൾ പ്രചരിപ്പിച്ചും അക്രമങ്ങൾ കാട്ടിയും ഈ ജീവനാഡിയെയും മുറിച്ചുമാറ്റാൻ ചിലർ പരിശോധനകൾ ആരംഭിച്ചിരിക്കുന്നു.
* നിയമവിരുദ്ധമെന്ന് പറഞ്ഞ് മദ്റസകൾക്കെതിരെ നടപടി സ്വീകരിക്കുന്നത് സുപ്രീംകോടതി വിധിയെ നിന്ദിക്കുന്നതിന് തുല്യമാണ്.
* ജനാധിപത്യവും നിയമവാഴ്ചയും നിലനിൽക്കുന്നതിനും മദ്റസകൾ സംരക്ഷിക്കുന്നതിനും നിയമപരവും ജനാധിപത്യപരവുമായ പോരാട്ടം തുടരുന്നതാണ്.
* ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് മദ്റസകൾക്ക് ഒപ്പമാണ്. മദ്റസകൾക്ക് വേണ്ടി നിയമപരമായ സഹായങ്ങൾ ചെയ്തു കൊണ്ടിരുക്കുന്നതാണ്.
* മസ്ജിദുകളും മദ്റസകളും നിർമ്മിക്കുമ്പോൾ നിയമപരമായ കാര്യങ്ങൾ പാലിക്കണമെന്ന് എല്ലാവരെയും ഉണർത്തുന്നു.
* മനപ്പൂർവ്വം സൃഷ്ടിക്കപ്പെടുന്ന അവസ്ഥകൾ കണ്ട് ആരും പരിഭ്രമിക്കുകയോ നിരാശപ്പെടുകയോ ചെയ്യേണ്ടതില്ല. പ്രാർത്ഥനാ പരിശ്രമങ്ങളോടെ നാം മുമ്പോട്ട് നീങ്ങുക.
ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്, ന്യൂഡൽഹി
സയ്യിദ് ഹസനി അക്കാദമി രചന