സന്ദേശം 218
മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്
മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. സഹകരണം മനുഷ്യന്റെ പ്രധാന പ്രത്യേകതയാണ്. എന്നാൽ സഹകരണത്തിന്റെ മാനദണ്ഡമാണ് സമൂഹത്തിലെ നന്മ-തിന്മകളുടെ അടിസ്ഥാനം. അത് നന്നാകുന്നതിനനുസരിച്ച് പ്രയോജനപ്രദമായ പരിണിത ഫലങ്ങളും സുന്ദരമായ അവസ്ഥകളും സംജാതമാകുന്നതാണ്. ഇത്തരുണത്തിൽ, സഹകരണത്തിന്റെ വളരെ ഉത്തമമായ ഒരു മാനദണ്ഡമാണ് മാനവികത. റസൂലുല്ലാഹി ﷺ വിടവാങ്ങൽ ഹജ്ജിൽ നടത്തിയ പ്രഭാഷണത്തിൽ പ്രസ്താവിച്ചു: ''നിങ്ങളെല്ലാവരും ആദമിന്റെ സന്തതികളാണ്. വെളുത്തവനും കറുത്തവനും അറബിക്കും അനറബിയ്ക്കും ഇടയിൽ യാതൊരു അന്തരവുമില്ല.'' മുഴുവൻ മനുഷ്യരെയും ഒരുപോലെ കാണാനും ഒരുപോലെ കണ്ട് അവരോട് വർത്തിക്കാനും തങ്ങൾ ഉപദേശിച്ചു.
✍🏻 അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ്‌വി
************
ദീനീ പ്രവർത്തനത്തിന്റെ ഒരു പ്രധാന നിയമം
മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി
അന്ത്യ പ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ) നമ്മോട് കൽപ്പിക്കുകയും നമുക്ക് പഠിപ്പിച്ച് തരികയും ചെയ്ത സന്ദേശങ്ങളെ രണ്ട് ഭാഗങ്ങളായി തിരിക്കാം. ഒന്ന് ചില കാര്യങ്ങളുടെ ആത്മാവും രൂപവും നമുക്ക് പഠിപ്പിച്ച് തരികയുണ്ടായി. ഉദാഹരണത്തിന് നമസ്‌കാരം, ഹജ്ജ്, വുളൂഅ് പോലുള്ള കാര്യങ്ങളുടെ രൂപവും ആത്മാവും റസൂലുല്ലാഹി (സ) മനസ്സിലാക്കിത്തന്നു. ഇവ രണ്ടിനും യാതൊരു മാറ്റവും വരുത്താൻ നമുക്ക് അനുവാദമില്ല. രണ്ട് റസൂലുല്ലാഹി (സ) ചില കാര്യങ്ങളുടെ ആത്മാവ് നമുക്ക് മനസ്സിലാക്കി തന്നെങ്കിലും കാലഘട്ടത്തിന്റെ മാറ്റങ്ങൾ, സമുദായത്തിന്റെ വിശാലത എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിഗണിച്ച് കൊണ്ട് ധാരാളം നന്മകളുടെ അടിസ്ഥാനത്തിൽ അവയുടെ രൂപങ്ങൾ നിജപ്പെടുത്തിയില്ല. ഉദാഹരണത്തിന് അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ജിഹാദ്, അല്ലാഹുവിലേക്കുള്ള ദഅ്‌വത്ത്, ദീനീ വിജ്ഞാനം പ്രചരിപ്പിക്കൽ പോലുള്ള കാര്യങ്ങൾ കഴിവിന്റെ പരമാവധി നടത്തണമെന്ന് കൽപ്പിച്ചു. ഇവയെ പരിപൂർണ്ണമായി ഉപേക്ഷിക്കുന്നത് പാപകരമാണെന്ന് ഉണർത്തി. എന്നാൽ ഇവകൾ ഇങ്ങനെ തന്നെ വേണമെന്ന് ഒരു രൂപം നിജപ്പെടുത്തുകയുണ്ടായില്ല. വസ്ത്രവും മസ്ജിദുകളും ഇതേ ഗണത്തിൽ പെടുന്നതാണ്. പുരുഷൻമാരുടെ വസ്ത്രം ഞെരിയാണിയെക്കാൾ ഉയർന്നിരിക്കണം, മുട്ടിനെക്കാൾ താഴ്ന്നിരിക്കണം, അഹങ്കാരം പാടില്ല, പട്ട് പോലെ നിഷിദ്ധമായത് ആകരുത് എന്നിങ്ങനെ നിബന്ധനകൾ ഉണ്ടങ്കിലും അത് ഇന്ന രൂപത്തിൽ തന്നെയാകണം എന്ന് നിർബന്ധമില്ല. ഇതിൽ സമുദായത്തിന് വലിയ വിശാലതയുണ്ട്. ഇപ്രകാരം മസ്ജിദുകൾ നിർമ്മിക്കുകയും നന്മകളുടെ കേന്ദ്രമാക്കുകയും ചെയ്യണമെന്ന് കൽപ്പനയുണ്ടങ്കിലും ഇന്ന രൂപത്തിലായിരിക്കണമെന്ന് നിബന്ധനയില്ല. അത് കൊണ്ട് തന്നെ ലോകം മുഴുവൻ മസ്ജിദുകൾ പല നിലയിലാണ്. ഇന്ത്യയിൽ മസ്ജിദുകൾക്ക് രണ്ട് മിനാരങ്ങൾ ഉണ്ടായിരിക്കും. മൊറോക്കയിലും അൽജീരയയിലും ഒരു മിനാരം മാത്രമേ ഉള്ളു. ചില സ്ഥലങ്ങളിൽ മിനാരം തന്നെയില്ല. പ്രഥമ മസ്ജിദായ കഅ്ബാ ശരീഫിൽ മിനാരമില്ല.
ഇനി നമ്മുടെ വിഷയമായ ദീനീ പരിശ്രമത്തിലേക്ക് വരിക. ഓരോരുത്തരും അവരവരുടെ കഴിവ് അനുസരിച്ച് ദീനീ സേവന പ്രബോധന പ്രവർത്തനങ്ങൾ നടത്തണമെന്നും നന്മകൾ ഉപദേശിക്കുകയും തിന്മകൾ തടയുകയും വേണമെന്നും പരിശുദ്ധ ഖുർആനും പുണ്യ ഹദീസുകളും ധാരാളമായി ഉണർത്തിയിരിക്കുന്നു. പക്ഷെ അത് ഇന്ന രൂപത്തിലായിരിക്കണമെന്ന് നിജപ്പെടുത്തുകയോ നിർബന്ധിക്കുകയോ ചെയ്തട്ടില്ല. ഒറ്റക്കും കൂട്ടായിട്ടും പ്രഭാഷണത്തിലൂടെയും, രചനകളിലൂടെയും രഹസ്യമായും പരസ്യമായും ഇത് നിർവഹിക്കാവുന്നതാണ്. നൂഹ് നബി (അ) യെ കുറിച്ച് പരിശുദ്ധ ഖുർആൻ ഇക്കാര്യം വിശദമായി വിവരിച്ചിട്ടുണ്ട്: നൂഹ് നബി പറഞ്ഞു: രക്ഷിതാവേ, ഞാൻ എന്റെ സമുദായത്തെ രാവുംപകലും ദഅ്‌വത്ത് ചെയ്തു. പക്ഷേ, എന്റെ ക്ഷണം അവരെ കൂടുതൽ അകറ്റുകയാണുണ്ടായത്. നീ അവർക്ക് പൊറുത്തുകൊടുക്കാൻ വേണ്ടി ഞാൻ അവരെ ക്ഷണിച്ചപ്പോഴെല്ലാം അവരുടെ കാതുകളിൽ അവർ വിരലുകൾ വെയ്ക്കുകയും അവരുടെ വസ്ത്രങ്ങൾ മൂടിപ്പുതയ്ക്കുകയും അവർ ശഠിച്ച് നിൽക്കുകയും അങ്ങേയറ്റം അഹങ്കരിക്കുകയും ചെയ്തു. ശേഷവും ഞാൻ അവരെ ഉറക്കെ ക്ഷണിച്ചു.പിന്നീട് ഞാൻ അവരിൽ പരസ്യമായും രഹസ്യമായും പ്രബോധനം ചെയ്തു.(നൂഹ് 5-9)
ചുരുക്കത്തിൽ ദീനീ പ്രബോധന പ്രവർത്തനങ്ങൽ നടത്തുന്ന ഓരോ ആളുകൾക്കും സംഘങ്ങൾക്കും ഇസ്‌ലാമിക വിധിവിലക്കുകൾക്കുള്ളിൽ നിന്ന് കൊണ്ട് പ്രയോജന പ്രദവും അനുയോജ്യവുമായ ഏതു രൂപവും തിരഞ്ഞെടുക്കാൻ അനുവാദമുണ്ട്. ഇസ്‌ലാമികമായി തെറ്റായ ഒരു കാര്യം അതിൽ ഉണ്ടാകാത്ത പക്ഷം അതിനെ എതിർക്കാൻ ആർക്കും അനുവാദമില്ല. തെറ്റായ കാര്യം കാണപ്പെട്ടാൽ അതിനെ തിരുത്താൻ പരിശ്രമിക്കാവുന്നതാണ്.
ഇക്കാലഘട്ടത്തിൽ ദീനീ പ്രവർത്തനങ്ങൾ നടത്തുന്നവർക്കിടയിൽ പോലും വലിയൊരു അബദ്ധം പ്രചരിച്ച് കൊണ്ടിരിക്കുന്നു. ചിലർ രണ്ട് രൂപങ്ങളെയും കൂട്ടിക്കുഴക്കുമ്പോൾ മറ്റ് ചിലർ ഒന്നാം വിഭാഗത്തിന് രണ്ടിന്റെ സ്ഥാനവും രണ്ടാം വിഭാഗത്തിന് ഒന്നിന്റെ സ്ഥാനവും നൽകുന്നു. ഇത് കാരണം പല പ്രശ്‌നങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ധാരാളം സംഘടനകളിലും സ്ഥാപനങ്ങളിലും പ്രവർത്തനങ്ങളിലും പലതരം വഴക്കുകൾ വർദ്ധിക്കുന്നു. ഈ രണ്ട് വിഭാഗങ്ങളെയും അവയുടെ സ്ഥാനങ്ങളെയും ശരിയായ നിലയിൽ മനസ്സിലാക്കുകയും ഉൾകൊള്ളുകയും ചെയ്താൽ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാൻ സാധിക്കുന്നതാണ്. ഇക്കാര്യം യഥാവിധി അംഗീകരിക്കുന്ന വ്യക്തികൾക്ക് ആത്മാർത്ഥമായ നിലയിൽ ഏതെങ്കിലും ദീനീ പ്രവർത്തനങ്ങളും സ്ഥാപനങ്ങളും നടത്തുന്നവരെ ഒരിക്കലും നിന്ദിക്കാനും തരം താഴ്ത്താനും സാധിക്കുന്നതല്ല.
എന്നാൽ ദീനീ പ്രബോധന പ്രവർത്തനങ്ങളിൽ ചിലത് കൂടുതൽ പ്രയോജനകരമാണെന്ന് ചിലർ അവരവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ സമർത്ഥിക്കാറുണ്ട്. ദീനിന്റെ നിയമങ്ങൾക്കും മുൻഗാമികളുടെ മാതൃകക്കും വിരുദ്ധമല്ലങ്കിൽ അവർക്ക് അതിന് അവകാശമുണ്ട്. പക്ഷെ ഇതിന്റെ പേരിൽ ശരീഅത്ത് നിയമങ്ങൾ പാലിച്ച് കൊണ്ട് ഇതര ശൈലികളിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങളെയും പ്രസ്ഥാനങ്ങളെയും നിന്ദിക്കാനും നിസാരപ്പെടുത്താനും അവർക്ക് അനുവാദമില്ല. ദീനീ സേവന പ്രബോധന പ്രവർത്തനങ്ങളുടെ പ്രവിശാലമായ കവാടങ്ങളെ പരിമിതപ്പെടുത്തുന്നതും ഞെരുക്കുന്നതും കുറ്റകരമാണെന്ന് ഓർക്കുക.
പ്രബോധന പ്രവർത്തനങ്ങൾക്ക് രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന് അതിന്റെ ആത്മാവുമായി ബന്ധപ്പെട്ട കാര്യം. നാമെല്ലാവരും നന്നാവുകയും ഇരു ലോകത്തും വിജയിക്കുകയും ചെയ്യണമെന്ന അതിയായ നിഷ്‌കളങ്ക ആഗ്രഹമാണ് പ്രബോധനത്തിന്റെ ആത്മാവ്. രണ്ട് അതിന്റെ മാർഗ്ഗങ്ങളാണ്. പരിശുദ്ധ ഖുർആൻ, തിരുസുന്നത്ത്, സഹാബാ ജീവിതം എന്നിവയുടെ വെളിച്ചത്തിൽ ഇതിൽ ധാരാളം വിശാലതകൾക്ക് സാധ്യതയുണ്ട്. ഏതെങ്കിലുമൊരു രൂപത്തെ കുറിച്ച് എല്ലാ സ്ഥലങ്ങളിലും ഒരുപോലെ നിർബന്ധം പിടിക്കുന്നത് ശരിയല്ല. ഇസ്‌ലാമിന്റെ ഏറ്റവും വലിയ പ്രത്യേകതയും എന്നാൽ നമ്മെ സംബദ്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ട് പിടിച്ച കാര്യവുമാണ് മധ്യമരീതി. മഹാൻമാരായ നബിമാരിൽ ഈ ഗുണം സമ്പൂർണ്ണമായി കാണപ്പെട്ടിരിന്നു. ദീനീ സേവന പ്രവർത്തനങ്ങളുമായി ബന്ധപ്പെടുന്ന ഓരോരുത്തരും ഇത് ഉണ്ടാക്കിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഓരോ കാലഘട്ടത്തെയും സ്ഥലത്തേയും സാഹചര്യത്തേയും മുന്നിൽ വെച്ച് കൊണ്ട് ഓരോ മഹാൻമാർ പ്രബോധന പ്രവർത്തനങ്ങൾക്ക് ഓരോ രൂപങ്ങൾ കണ്ടെത്തുന്നതാണ്. ഈ രൂപം ആ കാലത്തേക്ക് തീർത്തും അനുയോജ്യമായിരിക്കും എന്നാൽ 50 വർഷങ്ങൾക്ക് ശേഷം അറിവും ബോധവുമുള്ള മറ്റ് ചില മഹത്തുക്കൾ കൂടുതൽ പഠനങ്ങൾക്കും ആലോചനകൾക്കും ശേഷം മറ്റൊരു രൂപം കൊണ്ട് വരുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല. ഇത്തരുണത്തിൽ നമ്മുടെ പഴയ മഹാൻമാർ പറഞ്ഞത് മാത്രമാണ് ശരി എന്ന് പറയുന്നത് വെറും ദുർവാശി മാത്രമാണ്. ചിലരാകട്ടെ കൂടുതൽ തീവ്രത കാട്ടുകയും പഴയ മഹാൻമാരുടെ ശൈലിയിൽ അല്ലാത്തതെല്ലാം അനാവശ്യവും തെറ്റുമാണെന്ന് വാദിക്കാറുമുണ്ട്. ഇത്തരം വാദങ്ങൾ നബി മാരുടെ മധ്യമ രീതിക്ക് വിരുദ്ധവും അത്യന്തം അപകടകരവുമാണ്. ഇത്തരം ചിന്താഗതികളാണ് വിവിധ മതങ്ങളെയും വിഭാഗങ്ങളെയും സ്രിഷ്ടിക്കുന്നത്.
യഥാർത്ഥത്തിൽ ഓരോ മഹാൻമാരും അവരുടെ സാഹചര്യങ്ങളും അവസ്ഥകളും മുന്നിൽ വെച്ച് ദീനീ പ്രബോധനത്തിന് ഒരു മാർഗ്ഗം കണ്ടെത്തുന്നു. അത് പ്രയോജനകരമായി അനുഭവപ്പെടുന്ന കാലങ്ങളിലും സ്ഥലങ്ങളിലും അത് അനുകരിക്കപ്പെടാവുന്നതാണ്. എന്നാൽ മുഴുവൻ കാലത്തും സ്ഥലത്തും അത് മാത്രമേ പാടുള്ളു എന്ന് വാദിക്കുന്നതിലൂടെ പുതിയ ഒരു ആചാരം മാത്രമല്ല അനാചാരം തന്നെ ഉണ്ടാകുന്നതും പലപ്പോഴും അത് പുതയ ഒരു മതമായി രൂപാന്തരപ്പെടുന്നതുമാണ്. ഇത്തരുണത്തിൽ ഇതിനെ തിരുത്താനും ശരിയായ ലക്ഷ്യത്തിലേക്കും മാർഗ്ഗത്തിലേക്കും കൊണ്ട് വരാനും പരിശ്രമിക്കേണ്ടത് റബ്ബാനികളായ പരിഷ്‌കർത്താക്കളുടെ പ്രധാന ബാധ്യതയാണ്. രൂപവും യാഥാർത്ഥ്യവും സുന്നത്തും ബിദ്അത്തും നിർബന്ധവും അനുവദനീയവും തിരിച്ചറിയേണ്ടത് ദീനീ സേവനവുമായി ബന്ധപ്പെട്ടവരുടെ പ്രഥമ ബാധ്യതയാണ്. അതെ, ഇത് തിരിച്ചറിഞ്ഞില്ലങ്കിൽ ദീനിന് പകരം ദീനില്ലായ്മ ഉണ്ടായിത്തീരുന്നതാണ്.
മഹാൻമാരായ നബിമാർ അല്ലാഹുവിന്റെ സഹായത്തോടെ രണ്ട് പ്രവർത്തനങ്ങളാണ് നടത്തിയത്. ഒന്നാമതായി അവർ നിഷേധത്തേയും പാപങ്ങളെയും നേരിട്ടു. രണ്ടാമതായി ജീവനില്ലാത്ത ചടങ്ങുകളെ ഇല്ലാതാക്കി. ഒന്നാമത്തേത് സത്യത്തിന്റെ പുറത്ത് നിന്നുള്ള ശത്രുക്കളാണെങ്കിൽ രണ്ടാമത്തേത് ചിതല് പോലെ അകത്ത് നിന്നും ഉണ്ടാകുന്ന അക്രമങ്ങളാണ്. ഇത് കാരണം വിശ്വാസവും ആരാധനകളും എല്ലാം വെറും ചടങ്ങും ആചരങ്ങളുമായി മാറുന്നതാണ്. പിശാചിന്റെയും മനസ്സിന്റെയും കുതന്ത്രങ്ങളെ തടയാൻ അതിൽ യാതൊരു ശക്തിയും ഉണ്ടാകുന്നതല്ല. ഈ ആചാര രീതികൾ വ്യക്തികൾക്ക് ഉണ്ടാകുന്നത് പോലെ സമൂഹങ്ങൾക്കും സംഘടനകൾക്കും ബാധിക്കുന്നതാണ്. ഇവിടെയാണ് പരിഷ്‌കർത്താക്കളായ മഹത്തുക്കൾ രംഗപ്രവേശനം ചെയ്യുന്നത്. അവർ ആചാരങ്ങളെ ശക്തമായി പ്രഹരിക്കുകയും മനസ്സിലെ മാലിന്യങ്ങൾ ദൂരീകരിക്കുന്നതും സമുദായത്തെ രൂപത്തിൽ നിന്നും യാഥാർത്ഥത്തിലേക്കും ആചാര ചടങ്ങുകളിൽ നിന്നും ഈമാൻ ഇഹ്തിസാബുകളിലേക്കും നയിക്കുന്നതുമാണ്. ഇസ്‌ലാമിലെ നവോത്ഥാന നായകരായ മഹത്തുക്കളെ കുറച്ച് പഠിച്ചാൽ അവരുടെ പ്രധാന പ്രവർത്തനം തന്നെ ഈ രണ്ടാമത്തെ കാര്യമാണെന്ന് മനസ്സിലാക്കാൻ സാധിക്കും. പക്ഷെ നവോത്ഥാന പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ചരിത്രങ്ങളിലെല്ലാം ദുഖകരമായ ഒരു ദുരന്തവും അരങ്ങേറിയിട്ടുണ്ട്. അതെ, ആചാര ചടങ്ങുകളെ ഇല്ലാതാക്കാൻ വേണ്ടി മുന്നിട്ടിറങ്ങിയ മഹാൻമാരുടെ പിൻഗാമികളിൽ പലരും ഇതേ ആചാര ചടങ്ങുകളുടെ വക്താക്കളും പ്രയോക്താക്കളുമായി മാറുകയും അവരിൽ തന്നെ പുതിയൊരു പരിശ്രമത്തിന്റെ ആവശ്യകത സംജാതമാവുകയും ചെയ്തു.!!!
ഇവിടെ അൽപ്പം സൂക്ഷമമായ ഒരു കാര്യം കൂടി നാം മനസ്സിലാക്കുക. നബി (പ്രവാചകൻ) മുജദ്ദിദ് (പരിഷ്‌കർത്താവ് ) ഇരുവർക്കുമിടയിൽ വലിയൊരു അന്തരമുണ്ട്. നബി പറഞ്ഞ കാര്യങ്ങളിൽ ഒരു വിട്ട് വീഴ്ചയും കൂട്ടിക്കുറക്കലും സാധ്യമല്ല. പടച്ചവന്റെ പൊരുത്തവും പരലോക മോക്ഷവും പ്രവാചകൻ കൽപ്പിച്ച കാര്യത്തിൽ മാത്രമാണ്. എന്നാൽ മുജദ്ദിദുകളുടെ കാര്യം അങ്ങനെയല്ല. കാരണം പ്രവാചകൻ അല്ലാഹുവിന്റെ സൂക്ഷമമായ മേൽ നോട്ടത്തിൽ സർവ്വ മേഘലകളെയും സംമ്പൂർണ്ണമായി കൈകാര്യം ചെയ്യുന്ന വ്യക്തിത്വമാണ്. മുജദ്ദിദാകട്ടെ പ്രവാചക മഹചരിതത്തെ മുന്നിൽ വെച്ച് കൊണ്ട് ഒരു ചില കാര്യങ്ങളെ മാത്രം ശ്രദ്ധിക്കുന്നവരാണ്. ഒരു മുജദ്ദിദ് ദീനീ ത്യാഗങ്ങൾ പ്രേരിപ്പിക്കുന്നു. മറ്റൊരു മുജദ്ദിദ് ദാനങ്ങൾ പഠിപ്പിക്കുന്നു. വേറൊരു മുജദ്ദിദ് ബന്ധങ്ങളും ഇടപാടുകളും സ്വഭാവങ്ങളും നന്നാക്കുന്നു. ചുരുക്കത്തിൽ നബിമാരിൽ പരിപൂർണ്ണമായി വിശ്വസിക്കലും നബിയെ മാത്രം പിൻപറ്റലും ഇരുലോക മോക്ഷത്തിന് നിർബന്ധമാണ്. മുജദ്ദിദുകളെ പിൻപറ്റുന്നത് വളരെ നല്ലതാണ് പക്ഷെ മോക്ഷത്തിന്റെ നിബന്ധനയല്ല.
അവസാനമായി ഒരു കാര്യം കൂടി മനസ്സിലാക്കുക. അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ)യുടെ സമുദായം എണ്ണത്തിലും വണ്ണത്തിലും സ്ഥലകാലങ്ങളിലും വളരെ വിശാലതയുള്ള ഒരു ജന സഞ്ചയമാണ്. വിഭാഗങ്ങൾ,ചിന്താ രീതികൾ, അവസ്ഥാ വിശേഷങ്ങൾ തുടങ്ങി പല കാര്യങ്ങളിലും വൈവിദ്യങ്ങൾ നിറഞ്ഞ ഒരു സമുദായമാണിത്. അത് കൊണ്ട് തന്നെ സമുദായത്തിലെ മുഴുവൻ വിഭാഗങ്ങളിലും മാറ്റമുണ്ടാക്കാനും ആവശ്യമായതെല്ലാം നൽകാനും ഞങ്ങൾ മാത്രം മതി എന്ന് ഒരു പ്രസ്ഥാനത്തിനും പ്രവർത്തനത്തിനും വാദിക്കാൻ അവകാശമില്ല. പ്രബോധനത്തിന്റെ മാധ്യമത്തെ മാത്രം എടുക്കുക. ചിലരിൽ പ്രഭാഷണവും മറ്റു ചിലരിൽ രചനകളും വേറേ ചിലരിൽ ഇതര മാധ്യമങ്ങളുമാണ് പ്രയോജനപ്പെടുന്നത്. അത് കൊണ്ട് എല്ലാവരിലും സർവ്വകാലത്തും മുഴുവൻ സാഹചര്യങ്ങളിലും ഒരു മാർഗ്ഗം തന്നെ വിജയിക്കുക സാധ്യമല്ല. ഈ ഒരു യാഥാർത്ഥ്യം മനസ്സിലാക്കുകയും ഉൾകൊള്ളുകയും ചെയ്യാത്തതിന്റെ പേരിലാണ് പലർക്കും വലിയ തെറ്റുകൾ സംഭവിക്കുന്നത്. ധാരാളം പ്രബോധകൻമാരുടെ പ്രവർത്തനങ്ങൾ വളരെയധികം വിലമതിക്കപ്പെടേണ്ടത് തന്നെയാണ്. പ്രവർത്തകരിൽ പലരും വളരയഥികം നിഷ്‌കളങ്കരുമാണ്. പക്ഷെ അവർ ചെയ്യുന്ന പ്രവർത്തനങ്ങളെ മറ്റുള്ളവർ ആദരിക്കുന്നത് കൊണ്ട് മാത്രം അവർ സംതൃപ്തരാവുകയില്ല. എല്ലാവരുടേയും മറ്റ് പ്രവർത്തനങ്ങളെല്ലാം മാറ്റിവെച്ച് അവർ ചെയ്യുന്നത് മാത്രം ചെയ്താൽ മതിയെന്ന് അവർ നിർബന്ധം പിടിക്കുന്നു. എന്നാൽ ഇത് ഇസ്‌ലാമിക പ്രബോധന സേവന പ്രവർത്തനങ്ങളുടെ വിശാലമായ ശൈലിക്ക് തീർത്തും വിരുദ്ധമാണ്. ഓരോരുത്തരും അവരവർക്ക് കഴിയുകയും നന്നായി മനസ്സിലാക്കുകയും ചെയ്തിട്ടുള്ള പ്രവർത്തനത്തിൽ മുഴുകി കഴിയുന്നതിനോടൊപ്പം മറ്റുള്ളവരുടെ പ്രവർത്തിനങ്ങളെ ആദരിക്കുകയും കഴിയുന്നത്ര സഹായിക്കുകയും ചെയ്യുക എന്നതാണ് ഇസ്‌ലാമിന്റെ പാഠം. ഇത് പടച്ചവന്റെ അതി മഹത്തായ ഒരു സജ്ജീകരണം കൂടിയാണ്. ചിലർ ഈ വഴിയിലൂടെയും മറ്റ് ചിലർ ആ വഴിയിലൂടെയും ദീനുമായിട്ട് അടുക്കുന്നു. ആകയാൽ ഓരോരുത്തരും അവരവർക്ക് അനുയോജ്യമായ ദീനീ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുക. നന്മയുടെ ഇതര പ്രവർത്തനങ്ങളെ സേവിക്കുകയും സ്‌നേഹിക്കുകയും ചെയ്യുക. ഇതിലൂടെ നന്മ ചെയ്യുന്നതിനും തിന്മ വർജിക്കുന്നതിനും പരസ്പരം സഹകരിക്കുക. എന്ന മഹത്തായ ഗുണം ഉൾകൊള്ളാൻ സാധിക്കുന്നതാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ.!!!!
*_*_*_*_*_*
മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുൽ മുജാദല-4
നിഷേധികളോട് ആത്മ ബന്ധം പാടില്ല, പിശാചിന്റെ സംഘം പരാജയപ്പെടും, പടച്ചവന്റെ സംഘം വിജയം വരിക്കും
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 14-22
۞ أَلَمْ تَرَ إِلَى ٱلَّذِينَ تَوَلَّوْا۟ قَوْمًا غَضِبَ ٱللَّهُ عَلَيْهِم مَّا هُم مِّنكُمْ وَلَا مِنْهُمْ وَيَحْلِفُونَ عَلَى ٱلْكَذِبِ وَهُمْ يَعْلَمُونَ ١٤ أَعَدَّ ٱللَّهُ لَهُمْ عَذَابًۭا شَدِيدًا ۖ إِنَّهُمْ سَآءَ مَا كَانُوا۟ يَعْمَلُونَ ١٥ ٱتَّخَذُوٓا۟ أَيْمَـٰنَهُمْ جُنَّةًۭ فَصَدُّوا۟ عَن سَبِيلِ ٱللَّهِ فَلَهُمْ عَذَابٌۭ مُّهِينٌۭ ١٦ لَّن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَـٰدُهُم مِّنَ ٱللَّهِ شَيْـًٔا ۚ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ ١٧ يَوْمَ يَبْعَثُهُمُ ٱللَّهُ جَمِيعًۭا فَيَحْلِفُونَ لَهُۥ كَمَا يَحْلِفُونَ لَكُمْ ۖ وَيَحْسَبُونَ أَنَّهُمْ عَلَىٰ شَىْءٍ ۚ أَلَآ إِنَّهُمْ هُمُ ٱلْكَـٰذِبُونَ ١٨ ٱسْتَحْوَذَ عَلَيْهِمُ ٱلشَّيْطَـٰنُ فَأَنسَىٰهُمْ ذِكْرَ ٱللَّهِ ۚ أُو۟لَـٰٓئِكَ حِزْبُ ٱلشَّيْطَـٰنِ ۚ أَلَآ إِنَّ حِزْبَ ٱلشَّيْطَـٰنِ هُمُ ٱلْخَـٰسِرُونَ ١٩ إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّهَ وَرَسُولَهُۥٓ أُو۟لَـٰٓئِكَ فِى ٱلْأَذَلِّينَ ٢٠ كَتَبَ ٱللَّهُ لَأَغْلِبَنَّ أَنَا۠ وَرُسُلِىٓ ۚ إِنَّ ٱللَّهَ قَوِىٌّ عَزِيزٌۭ ٢١ لَّا تَجِدُ قَوْمًۭا يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ يُوَآدُّونَ مَنْ حَآدَّ ٱللَّهَ وَرَسُولَهُۥ وَلَوْ كَانُوٓا۟ ءَابَآءَهُمْ أَوْ أَبْنَآءَهُمْ أَوْ إِخْوَٰنَهُمْ أَوْ عَشِيرَتَهُمْ ۚ أُو۟لَـٰٓئِكَ كَتَبَ فِى قُلُوبِهِمُ ٱلْإِيمَـٰنَ وَأَيَّدَهُم بِرُوحٍۢ مِّنْهُ ۖ وَيُدْخِلُهُمْ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ رَضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ أُو۟لَـٰٓئِكَ حِزْبُ ٱللَّهِ ۚ أَلَآ إِنَّ حِزْبَ ٱللَّهِ هُمُ ٱلْمُفْلِحُونَ ٢٢
അല്ലാഹു കോപിച്ച ഒരു കൂട്ടരുമായി ആത്മബന്ധം സ്ഥാപിച്ച സമൂഹത്തെ താങ്കൾ കണ്ടില്ലേ? അവർ നിങ്ങളിലും അവരിലും പെട്ടവരല്ല. അവർ അറിഞ്ഞുകൊണ്ട് തന്നെ കളവിന്റെമേൽ സത്യം ചെയ്യുന്നു.(14) അല്ലാഹു അവർക്ക് കഠിന ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾ മഹാ മോശംതന്നെ.(15) അവരുടെ ശപഥങ്ങളെ അവർ പരിചയാക്കി അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്നും തടയുന്നു. അവർക്ക് നിന്ദ്യമായ ശിക്ഷയുണ്ട്.(16) തീർച്ചയായും സത്യനിഷേധികളുടെ സമ്പത്തും സന്താനങ്ങളും അല്ലാഹുവിന്റെയടുക്കൽ അവർക്ക് യാതൊരു പ്രയോജനവും ചെയ്യുന്നതല്ല. അവർ നരകത്തിന്റെ ആളുകളാകുന്നു. അവർ അതിൽ ശാശ്വതരായിരിക്കുന്നതാണ്.(17) അല്ലാഹു അവരെ എല്ലാവരെയും പുനർജ്ജീവിപ്പിക്കുന്ന ദിനം അവർ നിങ്ങളോട് സത്യം ചെയ്യുന്നതുപോലെ അല്ലാഹുവിനോടും സത്യം ചെയ്യുന്നതും അവർ രക്ഷപെടുമെന്ന് വിചാരിക്കുന്നതുമാണ്. അറിയുക നിശ്ചയം അവർ തന്നെയാണ് കള്ളന്മാർ.(18) പിശാച് അവരുടെ മേൽ ആധിപത്യം ചെലുത്തുകയും അല്ലാഹുവിന്റെ ഓർമ്മ അവർക്ക് മറപ്പിക്കുകയും ചെയ്തിരിക്കുന്നു. അവർ പിശാചിന്റെ സൈന്യമാണ്. അറിയുക; പിശാചിന്റെ സൈന്യം പരാജയപ്പെടുന്നവരാണ്.(19) അല്ലാഹുവിനെയും റസൂലിനെയും എതിർക്കുന്നവർ തീർച്ചയായും നിന്ദ്യരിൽപെട്ടവരാണ്.(20) ഞാനും എന്റെ ദൂതന്മാരും വിജയിക്കുക തന്നെ ചെയ്യുമെന്ന് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു. നിശ്ചയം അല്ലാഹു ശക്തനും പ്രതാപിയുമാണ്.(21) അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചവർ അല്ലാഹുവിനെയും റസൂലിനെയും എതിർക്കുന്നവരുമായി സുഹൃത് ബന്ധം സ്ഥാപിക്കുന്നതായി താങ്കൾ കാണുന്നതല്ല. എതിർക്കുന്നവർ അവരുടെ മാതാപിതാക്കളും മക്കളും സഹോദരങ്ങളും കുടുംബവും ആയിരുന്നാലും ശരി. അല്ലാഹു അവരുടെ ഹൃദയങ്ങളിൽ ഈമാൻ രേഖപ്പെടുത്തുകയും അല്ലാഹുവിന്റെ ഭാഗത്തുനിന്നുമുള്ള ആത്മാവ് കൊണ്ട് അവർക്ക് ശക്തി നൽകുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകുന്ന ആരാമങ്ങളിൽ അല്ലാഹു അവരെ പ്രവേശിപ്പിക്കുന്നതാണ്. അതിൽ അവർ ശാശ്വതരായിരിക്കും. അല്ലാഹു അവരെ തൃപ്തിപ്പെടുകയും അവർ അല്ലാഹുവിനെ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. അവരാണ് അല്ലാഹുവിന്റെ സൈന്യം. അറിയുക; അല്ലാഹുവിന്റെ സൈന്യം വിജയം വരിക്കുന്നവരാകുന്നു.(22)
ആശയ സംഗ്രഹം
അല്ലാഹു കോപിച്ച ഒരു കൂട്ടരുമായി ആത്മബന്ധം സ്ഥാപിച്ച സമൂഹത്തെ താങ്കൾ കണ്ടില്ലേ? മുനാഫിഖുകൾ യഹൂദികളോടും നിഷേധികളോടും സുഹൃദ് ബന്ധം സ്ഥാപിച്ചിരുന്നു. അതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അവർ സമ്പൂർണ്ണമായ നിലയിൽ നിങ്ങളിലും അവരിലും പെട്ടവരല്ല. ബാഹ്യമായി നിങ്ങളിൽ പെട്ടവരാണെങ്കിലും ആന്തരികമായി നിഷേധികളോടൊപ്പം ചേരുകയും അവർ കളവ് പറയുകയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഞങ്ങൾ മുസ്‌ലിംകളാണെന്ന് കളവിന്റെമേൽ സത്യം ചെയ്യുന്നു. അടുത്തതായി അവർക്ക് അല്ലാഹു മുന്നറിയിപ്പ് നൽകുന്നു: അല്ലാഹു അവർക്ക് കഠിന ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. കാരണം അവരുടെ പ്രവർത്തനങ്ങൾ മഹാ മോശംതന്നെ. അതെ, നിഷേധത്തെയും കാപട്യത്തെയും കാൾ മോശപ്പെട്ട കാര്യം എന്താണുള്ളത്? അവരുടെ തിന്മകളിൽ ഒന്നിതാണ്: അവരുടെ ശപഥങ്ങളെ അവരുടെ രക്ഷയ്ക്കുള്ള പരിചയാക്കി അതിലൂടെ മുസ്‌ലിം ഉപദ്രവങ്ങളിൽ നിന്നും അവർ രക്ഷ നേടുന്നു. അവർ അല്ലാഹുവിന്റെ മാർഗ്ഗമായ സത്യസന്ദേശത്തിൽ നിന്നും തടയുന്നു. ഈ കാരണത്താൽ അവർക്ക് നിന്ദ്യമായ ശിക്ഷയുണ്ട്. അവർ ശിക്ഷയിൽ അകപ്പെട്ട് തുടങ്ങുമ്പോൾ തീർച്ചയായും സത്യനിഷേധികളുടെ സമ്പത്തും സന്താനങ്ങളും അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നും അവർക്ക് യാതൊരു പ്രയോജനവും ചെയ്യുന്നതല്ല. അവർ നരകത്തിന്റെ ആളുകളാകുന്നു. നേരെത്ത പറഞ്ഞ നിന്ദ്യമായ ശിക്ഷ ഈ നരകത്തിൽ തന്നെയാണ്. അവർ അതിൽ ശാശ്വതരായിരിക്കുന്നതാണ്. അടുത്തതായി ആ ശിക്ഷയുടെ സമയത്തെക്കുറിച്ച് പറയുന്നു: അല്ലാഹു അവരെ എല്ലാവരെയും വിവിധ സൃഷ്ടികളോടൊപ്പം പുനർജ്ജീവിപ്പിക്കുന്ന ദിനം അവർ നിങ്ങളോട് സത്യം ചെയ്യുന്നതുപോലെ, ഞങ്ങൾ ബഹുദൈവരാധകർ അല്ലായിരുന്നു എന്ന് അല്ലാഹുവിനോടും സത്യം ചെയ്യുന്നതും ഈ കള്ള സത്യത്തിലൂടെ അവർ രക്ഷപെടുമെന്ന് വിചാരിക്കുന്നതുമാണ്. നന്നായി അറിയുക: പടച്ചവന്റെ മുന്നിൽ കള്ളം പറയാൻ മടിയ്ക്കാത്ത അവർ തന്നെയാണ് കള്ളന്മാർ. അവരുടെ ഈ കളവുകളുടെ കാരണം അടുത്തതായി വിവരിക്കുന്നു: പിശാച് പറയുന്നത് അവർ അനുസരിക്കുന്ന നിലയിൽ അവരുടെ മേൽ പിശാച് പൂർണ്ണ ആധിപത്യം ചെലുത്തുകയും അങ്ങനെ അല്ലാഹുവിന്റെ ഓർമ്മ അവർക്ക് മറപ്പിക്കുകയും ചെയ്തിരിക്കുന്നു. അപ്പോൾ അവർ അല്ലാഹുവിന്റെ വിധിവിലക്കുകൾ മറന്ന് കളഞ്ഞു. അവർ പിശാചിന്റെ സൈന്യമാണ്. അറിയുക: പിശാചിന്റെ സൈന്യം പരാജയപ്പെടുന്നവരാണ്. പരലോകത്തിൽ ഈ പരാജയം തീർച്ചയായും സംഭവിക്കുമെങ്കിലും ചിലപ്പോൾ ദുൻയാവിലും അത് സംഭവിക്കുന്നതാണ്. കാരണം അവർ അല്ലാഹുവിന്റെയും റസൂലിന്റെയും എതിരാളികളാണ്. അല്ലാഹുവിനെയും റസൂലിനെയും എതിർക്കുന്നവർ തീർച്ചയായും അല്ലാഹുവിങ്കൽ നിന്ദ്യരിൽപെട്ടവരാണെന്നത് പടച്ചവന്റെ പൊതു നിയമമാണ്. അടുത്തതായി പറയുന്നു: അല്ലാഹു നിഷേധികൾക്ക് നിന്ദ്യത തീരുമാനിച്ചതുപോലെ അനുസരണയുള്ളവർക്ക് അന്തസ്സും തീരുമാനിച്ചിരിക്കുന്നു. കാരണം അവർ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നവരാണ്. ഞാനും എന്റെ ദൂതന്മാരും വിജയിക്കുക തന്നെ ചെയ്യുമെന്ന് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു. ഈ വിജയമാണ് നേരത്തെ പറഞ്ഞ അന്തസ്സുകൊണ്ടുള്ള വിവക്ഷ. ഇവിടുത്തെ വിജയത്തിന്റെ യഥാർത്ഥ ഉദ്ദേശം നബിമാരുടെ വിജയമാണെങ്കിലും അവരെ പിൻപറ്റുന്നവരും അതിൽ പെടുന്നതാണ്. ഈ കാര്യം മാഇദ 56, മുഅ്മിൻ 51 ആയത്തുകളിൽ പറയപ്പെട്ടിട്ടുണ്ട്. നിശ്ചയം അല്ലാഹു ശക്തനും പ്രതാപിയുമാണ്. അവൻ ഉദ്ദേശിക്കുന്നവരെ വിജയിപ്പിക്കുന്നതാണ്. അടുത്തതായി മുനാഫിഖുകളുടെയും സത്യവിശ്വാസികളുടെയും സൗഹൃദ ബന്ധങ്ങളുടെ വ്യത്യാസം വിവരിക്കുന്നു: അല്ലാഹുവിലും അന്ത്യദിനത്തിലും പരിപൂർണ്ണമായി വിശ്വസിച്ചവർ അല്ലാഹുവിനെയും റസൂലിനെയും എതിർക്കുന്നവരുമായി സുഹൃത് ബന്ധം സ്ഥാപിക്കുന്നതായി താങ്കൾ കാണുന്നതല്ല. എതിർക്കുന്നവർ അവരുടെ മാതാപിതാക്കളും മക്കളും സഹോദരങ്ങളും കുടുംബവും ആയിരുന്നാലും ശരി. അല്ലാഹു അവരുടെ ഹൃദയങ്ങളിൽ ഈമാൻ രേഖപ്പെടുത്തുകയും അല്ലാഹുവിന്റെ ഭാഗത്തുനിന്നുമുള്ള ആത്മാവ് കൊണ്ട് അവർക്ക് ശക്തി നൽകുകയും ചെയ്തിരിക്കുന്നു. ആത്മാവുകൊണ്ടുള്ള ഉദ്ദേശം പടച്ചവന്റെ ഭാഗത്ത് നിന്നുള്ള സന്മാർഗ്ഗത്തിന്റെ പ്രകാശമാണ്. അതായത് അവർ പ്രസ്തുത സന്മാർഗ്ഗം അനുസരിച്ച് ബാഹ്യമായി പ്രവർത്തിക്കുന്നതും ആന്തരികമായി സമാധാനം കരസ്ഥമാക്കുന്നതുമാണ്...... (സുമർ 22) ഈ പ്രകാശത്തിലൂടെ അവരുടെ ആന്തരിക ജീവൻ അധികരിക്കുന്നത് കൊണ്ടാണ് അതിന് ആത്മാവെന്ന് പേര് പറയപ്പെട്ടത്. ഈ സന്മാർഗ്ഗം അവർക്കുള്ള ഭൗതിക അനുഗ്രഹമാണ്. പാരത്രിക അനുഗ്രഹത്തെക്കുറിച്ച് പറയുന്നു: താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകുന്ന ആരാമങ്ങളിൽ അല്ലാഹു അവരെ പ്രവേശിപ്പിക്കുന്നതാണ്. അതിൽ അവർ ശാശ്വതരായിരിക്കും. അല്ലാഹു അവരെ തൃപ്തിപ്പെടുകയും അവർ അല്ലാഹുവിനെ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. അവരാണ് അല്ലാഹുവിന്റെ സൈന്യം. അറിയുക; അല്ലാഹുവിന്റെ സൈന്യം വിജയം വരിക്കുന്നവരാകുന്നു. അതെ, ഇഹലോകത്ത് അവർ സന്മാർഗ്ഗം പ്രാപിച്ചവരും പരലോകത്ത് വിജയം കരസ്ഥമാക്കുന്നവരുമാകുന്നു. ......... (ബഖറ 5)
വിവരണവും വ്യാഖ്യാനവും
അല്ലാഹു കോപിച്ച ഒരു കൂട്ടരുമായി ആത്മബന്ധം സ്ഥാപിച്ച സമൂഹത്തെ താങ്കൾ കണ്ടില്ലേ? പടച്ചവന്റെ ശത്രുക്കളായ നിഷേധികളോട് സുഹൃദ് ബന്ധം സ്ഥാപിക്കുന്ന ആളുകളുടെ ദുരവസ്ഥയിൽ അന്ത്യമ ഫലവും അല്ലാഹു ഈ ആയത്തിൽ പരാമർശിച്ചിരിക്കുന്നു. അതെ, ബുദ്ധിപരമായിട്ടും ഒരു സത്യവിശ്വാസി നിഷേധിയുമായി സുഹൃദ് ബന്ധം സ്ഥാപിക്കാൻ പാടുള്ളതല്ല. കാരണം സത്യവിശ്വാസിയുടെ യഥാർത്ഥ മൂലധനം പടച്ചവനോടുള്ള സ്‌നേഹമാണ്. നിഷേധികൾ പടച്ചവന്റെ ശത്രുക്കളും എതിരാളികളുമാണ്. ആരെയെങ്കിലും സ്‌നേഹിക്കുന്ന വ്യക്തി അവരുടെ ശത്രുക്കളെ സ്‌നേഹിക്കുന്നതല്ല. ഈ കാരണത്താൽ പരിശുദ്ധ ഖുർആനിൽ ധാരാളം സ്ഥലങ്ങളിൽ നിഷേധികളോടുള്ള സ്‌നേഹ ബന്ധത്തെ ശക്തമായി എതിർക്കുകയും അപ്രകാരം സുഹൃത് ബന്ധം സ്ഥാപിക്കുന്നവർക്ക് കടുത്ത മുന്നറിയിപ്പുകൾ നൽകുകയും ചെയ്തിരിക്കുന്നു. എന്നാൽ ഇതുകൊണ്ടുള്ള ഉദ്ദേശം ഹൃദയംഗമായ സുഹൃദ് ബന്ധമാണ്. എന്നാൽ അമുസ്‌ലിംകളോടുള്ള സൽപെരുമാറ്റവും സഹാനുഭൂതിയും ഗുണകാംഷയും ഉപകാരവും സൽസ്വഭാവവും കച്ചവട-സാമ്പത്തിക ഇടപാടുകളും മേൽ പറയപ്പെട്ട സുഹൃത് ബന്ധത്തിൽ പെടുന്നതല്ല. ഈ കാര്യങ്ങളെല്ലാം അവരോട് അനുവദനീയവുമാണ്. റസൂലുല്ലാഹി (സ)യും സഹാബാ മഹത്തുക്കളും ഈ നിലയിലെല്ലാം അവരോട് ബന്ധപ്പെട്ടിരുന്നു എന്നതിന് ധാരാളം സാക്ഷികളുണ്ട്. എന്നാൽ മതപരമായ ജീവിതത്തിന് ഉപദ്രവകരമാവുകയും സത്യവിശ്വാസത്തിനും സൽക്കർമ്മത്തിനും അലസതയുണ്ടാക്കുകയും മറ്റ് മുസ്‌ലിംകൾക്ക് കുഴപ്പമുണ്ടാക്കുകയും ചെയ്യുന്ന നിലയിലുള്ള സുഹൃത് ബന്ധമാണ് ഇവിടുത്തെ സുഹൃത് ബന്ധം കൊണ്ടുള്ള ഉദ്ദേശം. അതുകൊണ്ട് അവരുമായി ബന്ധപ്പെടുമ്പോൾ ഇവ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ വിഷയത്തെക്കുറിച്ചുള്ള പൂർണ്ണമായ വിവരണം ആലുഇംറാൻ 28-ാം ആയത്തിന്റെ വിവരണത്തിൽ വന്നിട്ടുണ്ട്.
അവർ അറിഞ്ഞുകൊണ്ട് തന്നെ കളവിന്റെമേൽ സത്യം ചെയ്യുന്നു.(14) ചില നിവേദനങ്ങളിൽ വരുന്നു: ഈ ആയത്ത് അബ്ദുല്ലാഹിബ്‌നു ഉബയ്യ്, അബ്ദുല്ലാഹിബ്‌നു നബ്തൽ എന്നീ മുനാഫിഖുകളുടെ വിഷയത്തിൽ അവതരിച്ചതാണ്. ഒരിക്കൽ റസൂലുല്ലാഹി (സ) സഹാബത്തിനോടൊപ്പം ഇരിക്കുമ്പോൾ അരുളി: ഇപ്പോൾ നിങ്ങളിലേക്ക് ഒരാൾ വരുന്നതാണ്. അയാളുടെ മനസ്സ് അഹങ്കാരിയും കണ്ണ് പൈശാചികവുമാണ്. അൽപ്പം കഴിഞ്ഞ് അബ്ദുല്ലാഹിബ്‌നു നബ്തൽ അവിടെ വന്നു. തദവസരം റസൂലുല്ലാഹി (സ) ചോദിച്ചു: നിങ്ങളും കൂട്ടുകാരും എന്നെ ചീത്ത വിളിക്കുന്നത് എന്തിനാണ്? അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ആണയിട്ട് കൊണ്ട് പറഞ്ഞു. ശേഷം കൂട്ടുകാരെ വിളിച്ച് ചോദിച്ചപ്പോഴും അവർ ഇതേ ആണയിടൽ ആവർത്തിക്കുകയുണ്ടായി.
നിഷേധികളോട് സത്യവിശ്വാസിയ്ക്ക് ഹൃദയംഗമായ ബന്ധമുണ്ടാകുന്നതല്ല: അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചവർ അല്ലാഹുവിനെയും റസൂലിനെയും എതിർക്കുന്നവരുമായി സുഹൃത് ബന്ധം സ്ഥാപിക്കുന്നതായി താങ്കൾ കാണുന്നതല്ല! നിഷേധികളോട് ഹൃദയംഗമായ സുഹൃത് ബന്ധം സ്ഥാപിക്കുന്നവരുടെ മേൽ പടച്ചവന്റെ ശാപവും കോപവും ഉണ്ടാകുന്നതാണെന്ന് കഴിഞ്ഞ ആയത്തിൽ പറയപ്പെട്ടു. ഇപ്പോൾ അതിന് നേരെ വിരുദ്ധമായ നിലയിൽ നിഷ്‌കളങ്കരായ സത്യവിശ്വാസികളുടെ അവസ്ഥ വിവരിക്കുന്നു: അല്ലാഹുവിന്റെ എതിരാളികൾ മാതാപിതാക്കളോ, മക്കളോ, സഹോദരങ്ങളോ, അടുത്ത ബന്ധുക്കളോ ആയിരുന്നാലും അവരോടൊന്നും സത്യവിശ്വാസികൾ സുഹൃത് ബന്ധം സ്ഥാപിക്കുന്നതല്ല. സഹാബാ മഹത്തുക്കളുടെ അവസ്ഥ ഇത് തന്നെയായിരുന്നു. ഈ പറയപ്പെട്ട ബന്ധുക്കൾ റസൂലുല്ലാഹി (സ)യെ എതിർക്കുകയും നിന്ദിക്കുകയും ചെയ്തപ്പോൾ നിരവധി സഹാബികൾ അവരെ ശിക്ഷിക്കുകയും ചിലരെ വധിക്കുകയും ചെയ്ത സംഭവം ഇവിടെ മുഫസ്സിറുകൾ ഉദ്ധരിച്ചിട്ടുണ്ട്. മുനാഫിഖായ അബ്ദുല്ലാഹിബ്‌നു ഉബയ്യിന്റെ മകൻ അബ്ദുല്ലാഹ് (റ)ന്റെ മുന്നിൽ കപടനായ പിതാവ് റസൂലുല്ലാഹി (സ)യെക്കുറിച്ച് മോശമായ വാചകം പറഞ്ഞപ്പോൾ അദ്ദേഹം പിതാവിനെ കൊല്ലാൻ അനുമതി ചോദിക്കുകയും റസൂലുല്ലാഹി (സ) തടയുകയും ചെയ്തു. അബൂബക്ർ സിദ്ദീഖ് (റ)ന്റെ മുന്നിൽ പിതാവ് അബൂഖുഹാഫ, റസൂലുല്ലാഹി (സ)യെക്കുറിച്ച് മോശമായി സംസാരിച്ചപ്പോൾ സിദ്ദീഖ് (റ)ന് കടുത്ത കോപം വരുകയും പിതാവിനെ അടിക്കുകയും അദ്ദേഹം മറിഞ്ഞ് വീഴുകയും ചെയ്തു. ഇത് അറിഞ്ഞപ്പോൾ റസൂലുല്ലാഹി (സ) ഇനി അങ്ങനെ അടിക്കരുതെന്ന് അരുളുകയുണ്ടായി. അബൂഉബൈദ (റ)ന്റെ പിതാവ് ജർറാഹ് ഉഹ്ദ് യുദ്ധത്തിൽ ശത്രുക്കളോടൊപ്പം കൂടി മുസ്‌ലിംകൾക്കെതിരിൽ പോരാടി. അദ്ദേഹം പല പ്രാവശ്യം അബൂഉബൈദ (റ)യുടെ മുന്നിൽ വരുകയും അബൂഉബൈദ (റ) മാറിപ്പോവുകയും ചെയ്തു. ഇത് പലപ്രാവശ്യം ആരംഭിച്ചപ്പോൾ അദ്ദേഹം പിതാവിനെ വധിക്കുകയുണ്ടായി. ഇതുപോലെ വേറെയും ധാരാളം സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ഈ ആയത്ത് അവതരിച്ചത്. (ഖുർതുബി) * മസ്അല: ഇതേ നിയമം തന്നെയാണ് ദീനിൽ നിന്നും മാറി സഞ്ചരിക്കുന്ന മുസ്‌ലിം നാമധാരികളായ തെമ്മാടികളോടും പുലർത്തേണ്ടതെന്നും നിരവധി ഫുഖഹാഅ് പറഞ്ഞിരിക്കുന്നു. അവരോട് ഒരു മുസ്‌ലിമും മാനസിക സൗഹൃദം പുലർത്താൻ പാടുള്ളതല്ല. ജോലിയുടെയും മറ്റും ആവശ്യാർത്ഥം ഒരുമിച്ച് കഴിയുന്നതും ആവശ്യത്തിന് ബന്ധപ്പെടുന്നതും മറ്റൊരു കാര്യമാണ്. പാപത്തിന്റെ അംശം മനസ്സിൽ ഉള്ളവർ മാത്രമേ തെമ്മാടികളോട് ഹൃദയംഗമായ സൗഹൃദം പുലർത്തുകയുള്ളൂ. ഈ കാരണത്താൽ തന്നെ റസൂലുല്ലാഹി (സ) ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: അല്ലാഹുവേ, ഒരു തെമ്മാടിയ്ക്കും എന്റെ മേൽ ഉപകാരമൊന്നും ഉണ്ടാക്കരുതേ! (കൻസുൽ ഉമ്മാൽ) കാരണം മാന്യനായ മനുഷ്യൻ പ്രകൃതിപരമായിത്തന്നെ ഉപകാരികളോട് സ്‌നേഹം പുലർത്തുന്നതാണ്. തെമ്മാടികളുടെ ഉപകാരം സ്വീകരിക്കുന്നത് അവരുടെ സ്‌നേഹത്തിന് കാരണമാകുന്നതാണ്. അതുകൊണ്ട് റസൂലുല്ലാഹി (സ) അതിൽ നിന്നും അഭയം തേടുകയുണ്ടായി (ഖുർതുബി)
അല്ലാഹു അവരുടെ ഹൃദയങ്ങളിൽ ഈമാൻ രേഖപ്പെടുത്തുകയും അല്ലാഹുവിന്റെ ഭാഗത്തുനിന്നുമുള്ള ആത്മാവ് കൊണ്ട് അവർക്ക് ശക്തി നൽകുകയും ചെയ്തിരിക്കുന്നു! ഇവിടെ റൂഹ് എന്നത് കൊണ്ടുള്ള ഉദ്ദേശം പടച്ചവന്റെ ഭാഗത്ത് നിന്നും സത്യവിശ്വാസിയ്ക്ക് ലഭിക്കുന്ന സന്മാർഗ്ഗത്തിന്റെ പ്രകാശമാണെന്ന് ചില മഹാന്മാർ പറഞ്ഞിരിക്കുന്നു. ഈ പ്രകാശം സൽക്കർമ്മങ്ങൾക്കും മനസ്സമാധാനത്തിനും കാരണമാകുന്നതാണ്. ഈ സമാധാനത്തിലൂടെ വലിയ ശക്തി കൈവരുന്നതാണ്. മറ്റ് ചിലർ പറയുന്നു: അതുകൊണ്ടുള്ള വിവക്ഷ ഖുർആൻ വ്യാഖ്യാനവും ഖുർആനിക രേഖകളുമാണ്. ഇത് തന്നെയാണ് സത്യവിശ്വാസിയുടെ അടിസ്ഥാനപരമായ ശക്തി. (ഖുർതുബി)
അല്ലാഹുവിന്റെ അനുഗ്രഹ കൃപയാൽ 1391 ജമാദുൽ അവ്വൽ തുടക്കം ജുമുഅ ദിവസം സൂറത്ത് മുജാദല അവസാനിച്ചു. അല്ലാഹുവിനാണ് സർവ്വ സ്തുതിയും
************
മആരിഫുല്‍ ഹദീസ്
റസൂലുല്ലാഹി (സ) യുടെ സമുന്നത സ്വഭാവം
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
റസൂലുല്ലാഹി (സ)യുടെ സമുന്നത സ്വഭാവത്തെ കുറിച്ച് സർവ്വലോക സൃഷ്ടാവും പരിപാലകനുമായ അല്ലാഹു പരിശുദ്ധ ഖുർആനിലൂടെ പ്രഖ്യാപിക്കുന്നു: തീർച്ചയായും താങ്കൾ സമുന്നത സ്വഭാവത്തിൻ്റെ മേലാകുന്നു. (ഖലം 5) റസൂലുല്ലാഹി (സ) യുടെ ഉത്തമ സ്വഭാവത്തെ കുറിച്ച് വന്നിട്ടുള്ള ഹദീസുകൾ ഈ ഖുർആനിക വചനത്തിൻ്റെ വിശദീകരണമാണ്. മആരിഫുൽ ഹദീസ് ഒന്നാം ഭാഗത്തിൽ സൽസ്വഭാവം എന്ന ശീർഷകത്തിന് കീഴിൽ ഇതുമായി ബന്ധപ്പെട്ട തിരുവചനങ്ങളും സുപ്രധാന സംഭവങ്ങളും ഉദ്ധരിച്ചിട്ടുണ്ട്. റസൂലുല്ലാഹി (സ) അരുളി: നിങ്ങളിൽ ഏറ്റവും ഉത്തമൻ നിങ്ങളിൽ ഉത്തമ സ്വഭാവിയാണ്. (ബുഖാരി) അധ്യാപന പരിശീലനങ്ങളിലൂടെ സൽസ്വഭാവങ്ങളുടെ ഉന്നതിയിലേക്ക് എല്ലാവരെയും നയിക്കുന്നതിനാണ് ഞാൻ അയക്കപ്പെട്ടിരിക്കുന്നത്. (മുവത്വ)
ഖിയാമത് ദിനം ഒരു സത്യ വിശ്വാസിയുടെ നന്മയുടെ തട്ടിൽ ഏറ്റവും തൂക്കം നൽകുന്നത് സൽസ്വഭാവമായിരിക്കും! (അബൂദാവൂദ്)
റസൂലുല്ലാഹി (സ)യുടെ ജീവിതത്തിൻ്റെ അവസാന സമയത്ത് മുആദ് (റ)നെ ഒരു യാത്രയിലേക്ക് അയച്ചു കൊണ്ടരുളി: താങ്കൾ ജനങ്ങളോട് സൽസ്വഭാവത്തോടെ വർത്തിക്കുക! (മുവത്വ) ഈ ആമുഖത്തിന് ശേഷം റസൂലുല്ലാഹി (സ)യുടെ സൽസ്വഭാവവുമായി ബന്ധപ്പെട്ട് സ്വഹാബി വര്യന്മാർ നടത്തിയിട്ടുള്ള ഏതാനം സാക്ഷ്യങ്ങളും അനുഭവങ്ങളും വായിക്കുക. ജീവിതത്തിൻ്റെ ഈ പ്രധാന മേഖലയിൽ റസൂലുല്ലാഹി (സ)യുടെ ഈ ഉത്തമ മാതൃക അനുധാവനം ചെയ്യാൻ അല്ലാഹു നമുക്ക് ഉതവി നൽകട്ടെ!
107. അനസ് (റ) വിവരിക്കുന്നു: ഞാൻ പത്ത് വർഷം റസൂലുല്ലാഹി (സ)ക്ക് സേവനം ചെയ്തു. റസൂലുല്ലാഹി (സ) ഒരിക്കൽ പോലും എന്നോട് ഛേ എന്ന് പറഞ്ഞിട്ടില്ല. നിങ്ങൾ ഇക്കാര്യം എന്തുകൊണ്ട് ചെയ്തു? എന്തുകൊണ്ട് ചെയ്തില്ല? എന്നും ചോദിച്ചിട്ടില്ല. (ബുഖാരി, മുസ്‌ലിം)
വിവരണം: അറബി ഭാഷയിൽ 'ഉഫ്' (ഛേ) എന്ന വാക്ക് ഏതെങ്കിലും കാര്യത്തിൻ്റെ മേൽ അതൃപ്തിയും കോപവും പ്രകടിപ്പിക്കാൻ വേണ്ടി പറയാറുള്ളതാണ്. റസൂലുല്ലാഹി (സ) മദീനയിലേക്ക് പലായനം ചെയ്തു പോയപ്പോൾ അനസ് (റ)ന് എട്ട്, മറ്റൊരു നിവേദനം അനുസരിച്ച് പത്ത് വയസ്സായിരുന്നു. സത്യവിശ്വാസിനിയും നിഷ്കളങ്കയുമായിരുന്ന മാതാവ് അദ്ദേഹത്തെ റസൂലുല്ലാഹി (സ)യുടെ സേവനത്തിന് വേണ്ടി സമർപ്പിച്ചു. തുടർന്ന് റസൂലുല്ലാഹി (സ)യുടെ വിയോഗം വരെ അതായത് പത്ത് വർഷം വരെ അദ്ദേഹം പ്രവാചക സേവനത്തിൽ മുഴുകി കഴിഞ്ഞു. എന്നാൽ ഈ ഹദീസിലൂടെ അദ്ദേഹം റസൂലുല്ലാഹി (സ)യുടെ സൽസ്വഭാവത്തെയും മയം നിറഞ്ഞ രീതിയെയും അനുഭവത്തിലൂടെ വിവരിക്കുന്നു: പത്ത് വർഷത്തിനിടയിൽ ഒരിക്കൽ പോലും ഛേ എന്ന് പറയുകയോ, എന്തെങ്കിലും കാര്യത്തെ കുറിച്ച് നിങ്ങൾ ഇക്കാര്യം എന്തുകൊണ്ട് ചെയ്തു? എന്തുകൊണ്ട് ചെയ്തില്ല? എന്ന് ചോദിച്ചിട്ടില്ല. അതായത് റസൂലുല്ലാഹി (സ)യുടെ പൊതുവായ പതിവ് മാപ്പും വിട്ടുവീഴ്ച്ചയുമായിരുന്നു. മറ്റൊരു നിവേദനത്തിൽ അനസ് (റ) തന്നെ പറയുന്നു: ഞാൻ റസൂലുല്ലാഹി (സ)ക്ക് പത്ത് വർഷം സേവനം ചെയ്തു. എൻ്റെ കൈകളിലൂടെ സംഭവിച്ച ഒരു നഷ്ടത്തിൻ്റെ പേരിലും റസൂലുല്ലാഹി (സ) എന്നെ ആക്ഷേപിച്ചിട്ടില്ല. വീട്ടുകാർ ആരെങ്കിലും എന്നെ ആക്ഷേപിച്ചാൽ റസൂലുല്ലാഹി (സ) അരുളുമായിരുന്നു: അത് വിട്ടേക്കുക. വിധിക്കപ്പെട്ടത് നടന്നു. (ബൈഹഖി)
ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക, റസൂലുല്ലാഹി (സ)യുടെ ഈ സമീപനം വ്യക്തിപരമായ കാര്യങ്ങളിലായിരുന്നു. അല്ലാഹുവിൻ്റെ കൽപ്പനകളിലും നിയമ നടപടികളും റസൂലുല്ലാഹി (സ) യാതൊരുവിധ വിട്ടു വീഴ്ച്ചയും ചെയ്തിരുന്നില്ല.
108. അനസ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ഒരു യാത്രയിലായിരിക്കവേ ഞാൻ അകമ്പടി സേവിക്കുകയായിരുന്നു. റസൂലുല്ലാഹി (സ) ഒരു നജ്റാനി പുതപ്പ് പുതച്ചിരുന്നു. അതിൻ്റെ അരിക് കട്ടി കൂടിയതായിരുന്നു. യാത്രക്കിടയിൽ ഒരു കാട്ടറബി റസൂലുല്ലാഹി (സ)യുടെ പുതപ്പ് പിടിച്ച് ശക്തമായ വലിക്കുകയും തൽഫലമായി റസൂലുല്ലാഹി (സ) അദ്ദേഹത്തിൻ്റെ നെഞ്ചിൽ വന്ന് മുട്ടുകയും ചെയ്തു. അദ്ദേഹത്തിൻ്റെ വലിയുടെ കടുപ്പം കാരണം പുതപ്പിൻ്റെ അരികിൻ്റെ അടയാളം റസൂലുല്ലാഹി (സ)യുടെ ശരീരത്തിൽ പതിയുകയുണ്ടായി. ശേഷം ആ കാട്ടറബി പറഞ്ഞു: നിങ്ങളുടെ പക്കലുള്ള പടച്ചവൻ്റെ സമ്പത്തിൽ കുറച്ച് എനിക്ക് നൽകാൻ താങ്കൾ കൂട്ടത്തിലുള്ളവരോട് കൽപ്പിക്കുക! റസൂലുല്ലാഹി (സ) അദ്ദേഹത്തിലേക്ക് നോക്കുകയും കോപിക്കുന്നതിന് പകരം പുഞ്ചിരിക്കുകയും അദ്ദേഹത്തിന് ദാനം നൽകാൻ കൽപ്പിക്കുകയും ചെയ്തു. (ബുഖാരി, മുസ്‌ലിം)
വിവരണം: നജ്റാൻ എന്നത് അറേബ്യയിലെ ഒരു പട്ടണമാണ്. അവിടെ ഉണ്ടാക്കുന്ന പുതപ്പുകൾക്ക് നജ്റാനി പുതപ്പുകൾ എന്ന് പറയപ്പെട്ടിരുന്നു. കാട്ടറബി ചോദ്യത്തിൽ സൂചിപ്പിച്ച അല്ലാഹുവിൻ്റെ സമ്പത്ത് കൊണ്ടുള്ള ഉദ്ദേശ്യം സകാത്തോ സദഖയോ ആയിരിക്കും. റസൂലുല്ലാഹി (സ) ബൈത്തുൽ മാലിൽ നിന്നും അർഹരായ ആളുകൾക്ക് കൊടുക്കാറുണ്ടായിരുന്നു. ഹദീസിൻ്റെ ആശയം വിശദീകരണമൊന്നും ആവശ്യമില്ലാത്ത നിലയിൽ വ്യക്തമാണ്. ഈ കാട്ടറബി യാതൊരുവിധ വിവരമോ വിവേകമോ ഇല്ലാത്ത വ്യക്തിയായിരുന്നു. എന്തെങ്കിലും സദുപദേശം സ്വീകരിക്കാനുള്ള യോഗ്യതയും അദ്ദേഹത്തിനില്ലായിരുന്നു. അതുകൊണ്ട് റസൂലുല്ലാഹി (സ) അദ്ദേഹത്തെ ശിക്ഷിക്കുകയോ വിരട്ടുകയോ ചെയ്യുന്നത് പോകട്ടെ, ഉപദേശിക്കുക പോലുമുണ്ടായില്ല. മറിച്ച്, അദ്ദേഹത്തിൻ്റെ അങ്ങേയറ്റം നിന്ദ്യമായ പ്രവർത്തനത്തിന് പുഞ്ചിരിയിലൂടെ മറുപടി നൽകുകയും അദ്ദേഹം ആവശ്യപ്പെട്ട സമ്പത്തിൽ നിന്നും അൽപ്പം നൽകുകയും ചെയ്തു. ഇത്തരം മര്യാദകേടിൻ്റെ അവസരങ്ങളിൽ ആത്മനിയന്ത്രണം കൈ കൊള്ളമെന്നും മാപ്പിൻ്റെയും വിട്ടു വീഴ്ച്ചയുടെയും സമീപനം സ്വീകരിച്ച് മനസ്സുകളെ അടുപ്പിക്കാനും ജയിക്കാനും പരിശ്രമിക്കണമെന്നും അതിലൂടെ അല്ലാഹു അവർക്ക് സന്മാർഗ്ഗം കനിഞ്ഞരുളാനും അവർ തെറ്റുകൾ തിരുത്താനും സാധ്യതയുണ്ടെന്നും ഈ സംഭവം സമുദായത്തെ പഠിപ്പിക്കുന്നു. ഉൾക്കാഴ്ച്ചയുള്ളവരെ സംബന്ധിച്ചടുത്തോളം റസൂലുല്ലാഹി (സ)യുടെ ഇത്തരം സംഭവങ്ങളും അമാനുഷികതകളിൽ പെട്ടതാണ്.
109. ജാബിർ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ)യോട് വല്ലതും ചോദിക്കപ്പെടുമ്പോൾ ഇല്ല എന്ന് പറയുമായിരുന്നില്ല. (ബുഹാരി,മുസ്‌ലിം)
വിവരണം: റസൂലുല്ലാഹി (സ)യോട് വല്ല വസ്തുവും നൽകണമെന്ന് ആരെങ്കിലും അപേക്ഷിച്ചാൽ ഇല്ല എന്ന് പറഞ്ഞുകൊണ്ട് നിരസിക്കുകയില്ലായിരുന്നു. അങ്ങനെ പറയുന്നതിലൂടെ ചോദിക്കുന്നവരുടെ മനസ്സിൽ മുറിവേൽക്കുന്നതാണ്. പ്രസ്തുത വസ്തു ഉണ്ടെങ്കിൽ നൽകുന്നതാണ്. അല്ലാത്തപക്ഷം കാരണം ബോധിപ്പിക്കുകയും ഉത്തമ വാചകം പറയുകയും ചെയ്യുമായിരുന്നു. ചുരുക്കത്തിൽ ചോദിക്കുന്നവരോട് ഇല്ല എന്ന വാക്ക് പറഞ്ഞ് മനസ്സ് മുറിവേൽപ്പിച്ചിരുന്നില്ല. ബാഹ്യമായി നോക്കുമ്പോൾ ഇത് നിസ്സാരമായൊരു കാര്യമാണെന്ന് തോന്നിയേക്കാം. എന്നാൽ യാഥാർത്ഥ്യത്തിൽ ഇതങ്ങേറ്റം അസാധാരണമായ കാര്യമാണ്. ആരെങ്കിലും വല്ലതും ചോദിക്കുമ്പോൾ ഇല്ല എന്ന് പറയാതിരിക്കുന്നത് അങ്ങേയറ്റത്തെ ഔദാര്യത്തിന്റെയും മാന്യതയുടെയും തെളിവാണ്. ഉത്തരം മഹൽഗുണങ്ങളുള്ള വ്യക്തിത്വങ്ങൾ വലിയ ഭാഗ്യവാന്മാരാണ്. അല്ലാഹുവിൻ്റെ ഉത്തമ ദാസന്മാരുടെ സഹവാസം സ്വീകരിച്ച് ഇത്തരം ഗുണങ്ങൾ ഉണ്ടാക്കിയെടുക്കാൻ പരിശ്രമിക്കുന്നവരും വളരെ ഉന്നതരാണ്.
110. അനസ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) സുബഹി നമസ്കാരത്തിൽ നിന്നും വിരമിക്കുമ്പോൾ മദീനയിലെ വീടുകളിൽ ജോലി ചെയ്യുന്ന സേവകന്മാർ അവരുടെ പാത്രവുമായി വരുമായിരുന്നു. റസൂലുല്ലാഹി (സ) അതിൽ കൈവെക്കുകയും അതിലൂടെ രോഗശമനം പോലുള്ള ലക്ഷ്യങ്ങൾ നേടിയെടുക്കുകയും ചെയ്യുന്നതിന് വേണ്ടി അതിൽ വെള്ളമുണ്ടാകുമായിരുന്നു. അപ്പോൾ റസൂലുല്ലാഹി (സ) ഓരോ പാത്രത്തിലും തൃക്കരം വെക്കുമായിരുന്നു. ചിലപ്പോൾ കടുത്ത തണുപ്പിന്റെ കാലമായതിനാൽ പത്രത്തിൽ വളരെ തണുത്ത വെള്ളവുമായി അവർ വരുമായിരുന്നു. റസൂലുല്ലാഹി (സ) യാതൊരു മടിയും കൂടാതെ അതിൽ തൃക്കരം ഇടുമായിരുന്നു. (മുസ്‌ലിം)
വിവരണം: മദീന മുനവ്വറയിലെ പ്രത്യേക കാലാവസ്ഥ അനുസരിച്ച് തണുപ്പ് വളരെ കഠിനമായിരിക്കും. പാത്രങ്ങളിലെ വെള്ളം ഐസ് പോലെ തണുക്കാറുണ്ട്. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ വെള്ളം കൊണ്ടുവരുന്ന സാധുക്കളുടെ മനസ്സുകൾ സന്തോഷിപ്പിക്കുന്നതിന് വേണ്ടി മാത്രം റസൂലുല്ലാഹി (സ) ഐസ് പോലെ തണുത്ത വെള്ളത്തിൽ തൃക്കരം ഇടുകയും സഹിക്കുകയും ചെയ്തിരുന്നു. അനസ് (റ)ൻ്റെ ഈ വിവരണത്തിൽ നിന്നും മനസ്സിലാകുന്നത് റസൂലുല്ലാഹി (സ)യുടെ യാദൃശ്ചികമായ സംഭവമല്ലായിരുന്നു എന്നതാണ്. മറിച്ച്, എല്ലാ സമയത്തും റസൂലുല്ലാഹി (സ) ഈ ത്യാഗം സഹിച്ചിരുന്നു. അല്ലാഹുവിൻ്റെ ഉത്തമ ദാസന്മാരെ കൊണ്ട് ഇപ്രകാരം ചെയ്യിപ്പിക്കാൻ അനുവാദമുണ്ടെന്നും ഈ ഹദീസ് പഠിപ്പിക്കുന്നു. എന്നാൽ വിശ്വാസപരമായ കുഴപ്പങ്ങളും കർമ്മപരമായ പരിധി ലംഘനങ്ങളും ഉണ്ടാകരുതെന്ന് മാത്രം.
111. അബൂ ഹുറൈറ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ)യോട് ചിലർ പറഞ്ഞു: അക്രമികളായ ബഹുദൈവാരാധകർക്ക് എതിരിൽ അങ്ങ് പ്രാർത്ഥിക്കുക. റസൂലുല്ലാഹി (സ) അരുളി: ഞാൻ ശരിക്കുന്നവനായിട്ടല്ല, അനുഗ്രഹമായിട്ടാണ് അയക്കപ്പെട്ടിരിക്കുന്നത്. (മുസ്‌ലിം)
വിവരണം: റസൂലുല്ലാഹി (സ)യുടെ കാലത്ത് നിഷേധികളും ബൈഹുവാരാധകരും റസൂലുല്ലാഹി (സ)യോടും സത്യദീനിനോടും കടുത്ത ശത്രുത പുലർത്തിയിരുന്നു. റസൂലുല്ലാഹി (സ)യെയും സത്യവിശ്വാസികളെയും എല്ലാ നിലയിലും ഉപദ്രവിക്കുകയും ചെയ്തിരുന്നു. അവസാനം പ്രിയപ്പെട്ടതും ആദരണീയവുമായ നാട് മക്കാ മുകർറമയെ ഉപേക്ഷിക്കേണ്ടിയും വന്നു. അതിന് ശേഷവും അവരുടെ അക്രമങ്ങളും ദ്രോഹങ്ങളും തുടർന്നപ്പോൾ ചില സ്വഹാബികൾ അഭ്യർത്ഥിച്ചു: താങ്കൾ ഭാഗ്യം കെട്ട ഈ അക്രമികൾക്ക് എതിരിൽ ശാപ പ്രാർത്ഥന നടത്തുക. മുൻ കഴിഞ്ഞ നിരവധി സമുദായങ്ങളിലെ അക്രമികളുടെ മേൽ നാശം ഇറങ്ങി അവർ നശിപ്പിക്കപ്പെട്ടത് പോലെ ഇവരുടെ മേലും പടച്ചവൻ്റെ ശാപകോപങ്ങൾ ഇറങ്ങി ഇവർ നശിച്ചു പോകട്ടെ! അപ്പോൾ റസൂലുല്ലാഹി (സ) അരുളി: ജനങ്ങൾക്ക് എതിരായി പ്രാർത്ഥിക്കാനും ശപിക്കാനുമല്ല അല്ലാഹു എന്നെ അയച്ചിരിക്കുന്നത്. മുഴുവൻ ലോകത്തിനും കാരുണ്യമായിട്ടാണ്. അല്ലാഹു അറിയിക്കുന്നു: സർവ്വലോകങ്ങൾക്കും കരുണയായിട്ട് മാത്രമാണ് നാം താങ്കളെ അയച്ചിട്ടുള്ളത്. (അമ്പിയാഅ്)
112. ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ഒരിക്കലും ആരെയും അടിച്ചിട്ടില്ല. ഒരു സ്ത്രീയെയും സേവകനെയും അടിച്ചിട്ടില്ല. എന്നാൽ അല്ലാഹുവിൻ്റെ മാർഗ്ഗത്തിലുള്ള പോരാട്ടത്തിനിടയിൽ അടിച്ചിട്ടുണ്ട്. അതുപോലെ ആരിൽ നിന്നെങ്കിലും ഉപദ്രവകരമായ പ്രവർത്തമുണ്ടായാൽ റസൂലുല്ലാഹി (സ) പ്രതികാരം ചെയ്യുകയില്ലായിരുന്നു. മറിച്ച്, വ്യക്തിപരമായ വിഷയങ്ങളിൽ മാപ്പും വീട്ടു വീഴ്ച്ചയും പുലർത്തിയിരുന്നു. എന്നാൽ ആരെങ്കിലും നിഷിദ്ധമായ കാര്യം പ്രവർത്തിച്ചാൽ അല്ലാഹുവിന് വേണ്ടി അതായത് പടച്ചവൻ്റെ കൽപ്പന പാലിക്കാൻ ശിക്ഷിക്കുമായിരുന്നു. (മുസ്‌ലിം)
വിവരണം: ഉമ്മുൽ മുഅ്മിനീൻ ആഇശ (റ) ഈ ഹദീസിൽ രണ്ടു കാര്യങ്ങൾ വിവരിച്ചിരിക്കുന്നു: ഒന്ന്, ആരുടെയെങ്കിലും തെറ്റ് കുറ്റങ്ങളുടെ പേരിൽ കോപാകുലനായി അവരെ അടിക്കുകയില്ല. ഇക്കൂട്ടത്തിൽ സ്ത്രീകളുടെയും സേവകൻ്റെയും കാര്യം പ്രത്യേകം പറഞ്ഞിരിക്കുന്നു. അതായത് സേവകന്മാരിൽ നിന്നും ഭാര്യമാരിൽ നിന്നും തെറ്റുകളുണ്ടാകാൻ കൂടുതൽ സാധ്യതയുണ്ട്. പക്ഷേ റസൂലുല്ലാഹി ﷺ കോപത്തോടെ അവരെയും അടിച്ചിട്ടില്ല. എന്നാൽ അല്ലാഹുവിൻ്റെ മാർഗത്തിലുള്ള പോരാട്ടത്തിൽ പടച്ചവൻ്റെ പൊരുത്തത്തെ കരുതി ശത്രുക്കളെ അടിച്ചിരുന്നു. ബദ്ർ യുദ്ധത്തിൽ മക്കകാരുടെ നേതാവ് ഉബയ്യ് ഇബ്നു ഖലഫ് റസൂലുല്ലാഹി (സ)യുടെ അടിയേറ്റാണ് മരിച്ചത്. ആഇശാ (റ) പറഞ്ഞ രണ്ടാമത്തെ കാര്യമിതാണ്: ഏതെങ്കിലും ഭാഗ്യം കെട്ടവൻ റസൂലുല്ലാഹി (സ)യെ ദ്രോഹിക്കുകയോ മര്യാദകേട് കാണിക്കുകയോ ചെയ്താൽ റസൂലുല്ലാഹി (സ) അവരോട് പ്രതികാരം ചെയ്യുകയില്ലായിരുന്നു. സ്വന്തം വിഷയത്തിൽ സദാ മാപ്പും വീട്ടുവീഴ്ച്ചയും മുറുകെ പിടിച്ചിരുന്നു. എന്നാൽ ആരെങ്കിലും നിഷിദ്ധമായ വല്ല കാര്യങ്ങളും ചെയ്താൽ റസൂലുല്ലാഹി (സ) ശിക്ഷ നൽകുമായിരുന്നു. പക്ഷേ ആ ശിക്ഷയും മനസ്സിൻ്റെ ആഗ്രഹ പ്രകാരമല്ല. അല്ലാഹുവിൻ്റെ പൊരുത്തത്തിന് വേണ്ടി അല്ലാഹുവിൻ്റെ കൽപ്പന പ്രകാരമായിരുന്നു.
113. താബിഇയായ അസ്‌വദ് (റ) വിവരിക്കുന്നു: ആഇശ (റ)യോട് ഞാൻ ചോദിച്ചു: റസൂലുല്ലാഹി (സ) വീടിനകത്ത് ഉണ്ടായിരിക്കുന്ന സമയത്ത് എന്തു ചെയ്യുമായിരുന്നു? ആഇശ (റ) പറഞ്ഞു: വീട്ടുകാരുടെ ജോലികളിൽ പങ്കാളികളായി അവരെ സഹായിക്കുമായിരുന്നു. ശേഷം നമസ്കാരത്തിൻ്റെ സമയമാകുമ്പോൾ എല്ലാം വിട്ട് നമസ്കാരത്തിലേക്ക് പോയിരുന്നു. (ബുഖാരി)
വിവരണം: വീട്ടിലെ ജോലികളിൽ വിട്ടിലുള്ളവരുമായി സഹകരിക്കുന്നതും സഹായിക്കുന്നതും റസൂലുല്ലാഹി (സ)യുടെ ഒരു പതിവായിരുന്നു എന്ന് ഈ ഹദീസിൽ നിന്നും മനസ്സിലാകുന്നു. അതെ, ഇത് റസൂലുല്ലാഹി (സ)യുടെ ഒരു സുന്നത്താണ്. ഇതര സുന്നത്തുകൾ പാലിക്കുന്നതിനോടൊപ്പം ഈ സുന്നത്തും പാലിക്കാൻ അല്ലാഹു നമുക്ക് ഉതവി നൽകട്ടെ! ഈ സുന്നത്തിലൂടെ ഉന്നത പ്രതിഫലത്തോടൊപ്പം അഹങ്കാരം പോലുള്ള ആത്മീയ രോഗങ്ങൾ മാറുന്നതുമാണ്.
114. ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ആവശ്യം വരുമ്പോൾ പൊട്ടിയ ചെരുപ്പ് തുന്നുകയും വസ്ത്രം തയ്ക്കുകയും നിങ്ങൾ ഓരോരുത്തരും വീട്ടിൽ പ്രവർത്തിക്കുന്നത് പോലെ പ്രവർത്തിക്കുകയും ചെയ്യുമായിരുന്നു. അതെ, റസൂലുല്ലാഹി (സ) (മനുഷ്യേതര സൃഷ്ടിയായിരുന്നില്ല. മറിച്ച്) മനുഷ്യരിൽ പെട്ടൊരു വ്യക്തിയായിരുന്നു. (സാധാരണ പ്രവർത്തനങ്ങൾ സ്വയം ചെയ്തിരുന്നു.) റസൂലുല്ലാഹി (സ) സ്വന്തം വസ്ത്രം വൃത്തിയാക്കുകയും സ്വന്തം കാര്യങ്ങൾ സ്വയം നിർവ്വഹിക്കുകയും ചെയ്തിരുന്നു. ത്രിർമിദി)
വിവരണം: ദീനും ദീനി വിജ്ഞാനുമായി ബന്ധപ്പെട്ട പ്രവാചക പിൻഗാമികൾക്ക് ഈ ഹദീസിൽ വലിയ സന്ദേശമുണ്ട്. അല്ലാഹു നമുക്കെല്ലാവർക്കും ഇത് ഉൾക്കൊണ്ട് ജീവിക്കാൻ ഉദവി നൽകട്ടെ.
115 അനസ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ആരെയെങ്കിലും ഹസ്തദാനം ചെയ്യുമ്പോൾ അദ്ദേഹം കൈ പിൻവലിക്കുന്നത് വരെ തിരുകരം പിൻവലിക്കുകയില്ലായിരുന്നു. അദ്ദേഹം മുഖം തിരിക്കുന്നത് വരെ തിരു വദനം തിരിക്കുകയില്ലായിരുന്നു. സദസ്സിലിരിക്കുമ്പോൾ ആരുടെയെങ്കിലും മുന്നിലേക്ക് മുന്തിച്ചാതായി റസൂലുല്ലാഹി (സ) കാണപ്പെട്ടിട്ടില്ല. (തിർമിദി)
വിവരണം: റസൂലുല്ലാഹി (സ)യെ ഹസ്തദാനം ചെയ്യാൻ വരുന്നത് റസൂലുല്ലാഹി (സ)യിൽ വിശ്വസിക്കുകയും ജീവാർപ്പണത്തിന് സന്നദ്ധരായിരുന്ന സ്വഹാബികളായിരിക്കുമെന്ന കാര്യം വ്യക്തമാണ്. അവരോട് പോലും ആദരവ് നിറഞ്ഞ സമീപനം സ്വീകരിച്ചുവെന്ന ഈ നിവേദനം എത്ര അത്ഭുതകരമാണ്. കഷ്ടം റസൂലുല്ലാഹി (സ)യുടെ സമുദായമായ നാം ഓരോരുത്തരും ഈ ഉത്തമ മാതൃക സ്വീകരിക്കുന്നതിൽ എത്ര വലിയ വീഴ്ച്ചയാണ് വരുത്തി കൊണ്ടിരിക്കുന്നത്.
സയ്യിദ് ഹസനി അക്കാദമി രചന