▪️മുഖലിഖിതം

പ്രവാചകര്‍ മനസ്സുകളില്‍ മാറ്റമുണ്ടാക്കുന്നു
✍🏻 അല്ലാമാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി

▪️മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുൽ മുജാദല-3
പടച്ചവന്റെ വിശാലമായ അറിവ്,
രഹസ്യ സംസാരത്തിന്റെ മര്യാദ, 
സഹോദരങ്ങളോടുള്ള കടമ,
പ്രവാചകനോടുള്ള ആദരവ്
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️മആരിഫുല്‍ ഹദീസ്
മുഹമ്മദുര്‍റസൂലുല്ലാഹ് (സ)
ജനനവും നിയോഗവും
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി






 മുഖലിഖിതം   

പ്രവാചകര്‍ മനസ്സുകളില്‍ മാറ്റമുണ്ടാക്കുന്നു

✍🏻 അല്ലാമാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി


പ്രവാചകർ മനസ്സുകളിൽ മാറ്റമുണ്ടാക്കുന്നു. 
സത്യദൂതന്മാർ പ്രവർത്തനം ആരംഭിക്കുന്നത് മനസ്സിൽ നിന്നുമാണ്. പ്രശ്‌നങ്ങളുടെയെല്ലാം അടിവേര് മനസ്സ് ആണെന്ന് അവർ മനസ്സിലാക്കി. മനസ്സ് നാശമായതിനാൽ അതിനുള്ളിൽ കളവും അക്രമവും വഞ്ചനയും കയറിക്കൂടിയിരിക്കുകയാണെന്നും ദുരാഗ്രഹങ്ങളുടെ പ്രേതം ബാധിച്ചിരി ക്കുകയാണെന്നും മനസ്സിന്റെ പ്രേരണകൾക്കനുസരിച്ചാണ് ശരീരം ചലിക്കുന്നതെന്നും അവർ തിരിച്ചറിഞ്ഞു. മാനവ മനസ്സിനെ കഴുകി ശുദ്ധീകരിക്കലാണ് പ്രഥമവും പ്രധാനവുമായ കർത്തവ്യമെന്ന് അവർ ഗ്രഹിച്ചു. 
അവർ ജനങ്ങളുടെ പട്ടിണിയും പരിവട്ടവും കണ്ടിരുന്നു. അത് കാണുമ്പോൾ അവരുടെ മനം ദുഃഖിച്ചിരുന്നത് പോലെ ലോകത്ത് ആരുടെയും മനസ്സ് ദുഃഖിക്കുന്നതല്ല. ജനങ്ങൾ ദാരിദ്ര്യത്തിൽ കഴിയുമ്പോൾ അവർക്ക് ആഹാരം കഴിക്കൽ ബുദ്ധിമുട്ടായിരുന്നു. പക്ഷെ, യാഥാർത്ഥ്യ ബോധമുള്ളവരായ അവർ ദാരിദ്ര്യത്തെ ഒരു പ്രശ്‌നമാക്കി കാണിച്ച്, അതിന് പിന്നാലെ കൂടിയില്ല. കാരണം ദാരിദ്ര്യം നാശത്തിന്റെ അടിസ്ഥാന കാരണമല്ല. നാശത്തിന്റെ പരിണിതഫലമാണെന്ന് അവർ മനസ്സിലാക്കിയി രുന്നു. ജനങ്ങൾക്ക് വയർ നിറയ്ക്കാൻ ആഹാരം എത്തിച്ചു കൊടുത്താൽ, പ്രശ്‌നത്തിന്റെ താൽക്കാലിക പരിഹാരം മാത്രമേ ആകുകയുള്ളൂ എന്നും, മറ്റുള്ളവരുടെ ക്ഷാമാവസ്ഥ കണ്ടുകൊണ്ടിരിക്കാൻ സാധിക്കാതെ സ്വന്തം ആഹാരം അവർക്കെടുത്തുകൊടുക്കുന്ന മാനസികാവസ്ഥ ജനങ്ങളിൽ ഉണ്ടാ ക്കിയെടുക്കലാണ് പ്രശ്‌നത്തിന്റെ ശാശ്വത പരിഹാരമെന്നും അവർ മനസ്സിലാക്കി. 
ഇന്ന് ദാരിദ്ര്യ നിർമ്മാർജനത്തിന് ജനങ്ങൾ സ്വീകരിക്കുന്ന മാർഗ്ഗം ആഹാരസാധനങ്ങൾ സമാഹരിച്ച് വിതരണം ചെയ്യലാണ്. എന്നാൽ, മനസ്സിൽ മാറ്റമുണ്ടാവാതെ ആഹാരസാധനങ്ങൾ സമാഹരിക്കുകയും വിതരണം നടത്തുകയും ചെയ്താൽ പ്രശ്‌നം തീരുന്നതല്ലെന്ന് ഓർക്കുക. കാരണം മറ്റുള്ളവരുടെ സഞ്ചിയിലെ ആഹാരം സ്വന്തം സഞ്ചിയിലെത്തിക്കാനും സമ്പത്ത് എല്ലാ സ്ഥലങ്ങളിലും നിന്നും കുത്തിയൊലിച്ച് തന്റെ കാൽക്കീഴിലേക്കു വരുത്താനും സാമർത്ഥ്യമുള്ള ജനങ്ങൾ എക്കാലത്തും ഉണ്ടായിട്ടുണ്ട്. കാന്ത സ്വഭാവമുള്ള (ങമഴില)േ സമ്പന്നരും വ്യാപാരികളും ഇന്നും ധാരാളമുണ്ടല്ലോ.? സമ്പത്തുകളെല്ലാം തങ്ങളുടെ വീട്ടിൽ ഒരുമിച്ച് കൂടണമെന്നാണ് അവരുടെ മോഹം. ജനങ്ങളുടെ ചില്ലിക്കാശുകൾ പോലും അവരുടെ സഞ്ചിയിൽ കൊണ്ടിടാൻ നിർബന്ധിതരാക്കുന്ന വലകൾ അവർ വിരിച്ചു കഴിയുകയാണ്. ഇത്തരം ജനങ്ങൾക്കിടയിൽ മനസ്സ് മാറ്റാനാണ് പ്രവാചകന്മാർ മുൻഗണന കൊടുക്കുന്നത്. അവർ മനസ്സുകളിൽ ആത്മത്യാഗത്തിന്റെയും സ്‌നേഹാനുകമ്പ യുടെയും സഹാനുഭൂതിയുടെയും ആത്മാവ് പകർന്നു കൊടുക്കുന്നു. അതിലൂടെ ജനങ്ങൾക്ക് മറ്റുള്ളവരുടെ ജീവിതം സ്വന്തം ജീവിതത്തേക്കാൾ പ്രിയങ്കരമാകും. സ്വന്തം ജീവൻ ത്യജിച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കും. സ്വന്തം മക്കളെ വിശപ്പോടെ ഉറക്കി മറ്റുള്ളവരുടെ വയർ നിറയ്ക്കും. അപകടങ്ങളിലേക്ക് എടുത്ത് ചാടി മറ്റുള്ളവരെ അതിൽ നിന്ന് രക്ഷിക്കും. 

----------------------------



 മആരിഫുല്‍ ഖുര്‍ആന്‍ 

സൂറത്തുൽ മുജാദല


(22 ആയത്തുകൾ, പദങ്ങൾ 473, അക്ഷരങ്ങൾ 1792, മദീനമുനവ്വറയിൽ അവതരണം. 3 റുകൂഅ്. അവതരണ ക്രമം 105. പാരായണ ക്രമം 58. സൂറത്തുൽ മുനാഫിഖൂനിന് ശേഷം അവതരണം)

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തിൽ ആരംഭം 

പടച്ചവന്റെ വിശാലമായ അറിവ്,
രഹസ്യ സംസാരത്തിന്റെ മര്യാദ, 
സഹോദരങ്ങളോടുള്ള കടമ, 
പ്രവാചകനോടുള്ള ആദരവ്

✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


ആയത്ത്  7-13

أَلَمْ تَرَ أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۖ مَا يَكُونُ مِن نَّجْوَىٰ ثَلَاثَةٍ إِلَّا هُوَ رَابِعُهُمْ وَلَا خَمْسَةٍ إِلَّا هُوَ سَادِسُهُمْ وَلَا أَدْنَىٰ مِن ذَٰلِكَ وَلَا أَكْثَرَ إِلَّا هُوَ مَعَهُمْ أَيْنَ مَا كَانُوا ۖ ثُمَّ يُنَبِّئُهُم بِمَا عَمِلُوا يَوْمَ الْقِيَامَةِ ۚ إِنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ (7) أَلَمْ تَرَ إِلَى الَّذِينَ نُهُوا عَنِ النَّجْوَىٰ ثُمَّ يَعُودُونَ لِمَا نُهُوا عَنْهُ وَيَتَنَاجَوْنَ بِالْإِثْمِ وَالْعُدْوَانِ وَمَعْصِيَتِ الرَّسُولِ وَإِذَا جَاءُوكَ حَيَّوْكَ بِمَا لَمْ يُحَيِّكَ بِهِ اللَّهُ وَيَقُولُونَ فِي أَنفُسِهِمْ لَوْلَا يُعَذِّبُنَا اللَّهُ بِمَا نَقُولُ ۚ حَسْبُهُمْ جَهَنَّمُ يَصْلَوْنَهَا ۖ فَبِئْسَ الْمَصِيرُ (8) يَا أَيُّهَا الَّذِينَ آمَنُوا إِذَا تَنَاجَيْتُمْ فَلَا تَتَنَاجَوْا بِالْإِثْمِ وَالْعُدْوَانِ وَمَعْصِيَتِ الرَّسُولِ وَتَنَاجَوْا بِالْبِرِّ وَالتَّقْوَىٰ ۖ وَاتَّقُوا اللَّهَ الَّذِي إِلَيْهِ تُحْشَرُونَ (9) إِنَّمَا النَّجْوَىٰ مِنَ الشَّيْطَانِ لِيَحْزُنَ الَّذِينَ آمَنُوا وَلَيْسَ بِضَارِّهِمْ شَيْئًا إِلَّا بِإِذْنِ اللَّهِ ۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ (10) يَا أَيُّهَا الَّذِينَ آمَنُوا إِذَا قِيلَ لَكُمْ تَفَسَّحُوا فِي الْمَجَالِسِ فَافْسَحُوا يَفْسَحِ اللَّهُ لَكُمْ ۖ وَإِذَا قِيلَ انشُزُوا فَانشُزُوا يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ ۚ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ (11) يَا أَيُّهَا الَّذِينَ آمَنُوا إِذَا نَاجَيْتُمُ الرَّسُولَ فَقَدِّمُوا بَيْنَ يَدَيْ نَجْوَاكُمْ صَدَقَةً ۚ ذَٰلِكَ خَيْرٌ لَّكُمْ وَأَطْهَرُ ۚ فَإِن لَّمْ تَجِدُوا فَإِنَّ اللَّهَ غَفُورٌ رَّحِيمٌ (12) أَأَشْفَقْتُمْ أَن تُقَدِّمُوا بَيْنَ يَدَيْ نَجْوَاكُمْ صَدَقَاتٍ ۚ فَإِذْ لَمْ تَفْعَلُوا وَتَابَ اللَّهُ عَلَيْكُمْ فَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَأَطِيعُوا اللَّهَ وَرَسُولَهُ ۚ وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ (13)


അല്ലാഹു ആകാശഭൂമികളിലെ എല്ലാ കാര്യങ്ങളും അറിയുന്നു എന്നു താങ്കൾ കണ്ടില്ലേ? മൂന്ന് പേരുടെ രഹസ്യസംസാരത്തിൽ നാലാമനായി അല്ലാഹുവുണ്ട്. അഞ്ചുപേരുടെതിൽ ആറാമനായി ഉണ്ട്. അതിനേക്കാളും കുറവോ കൂടുതലോ ആയാലും എവിടെവെച്ച് ആയിരുന്നാലും അവരോടൊപ്പം അവൻ ഉണ്ടാകുന്നതാണ്. ശേഷം ഖിയാമത്ത് ദിനം അവർ പ്രവർത്തിച്ചത് അവൻ അവരെ അറിയിക്കുന്നതാണ്. തീർച്ചയായിട്ടും അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്നവനാകുന്നു.(7) രഹസ്യ സംസാരത്തെക്കുറിച്ച് തടയപ്പെട്ടിട്ടും തടയപ്പെട്ടതിലേക്ക് മടങ്ങുകയും പാപത്തിലും ശത്രുതയിലും പ്രവാചക ധിക്കാരത്തിലും ഗൂഢാലോചന നടത്തുകയും ചെയ്തവരെ താങ്കൾ കാണുന്നില്ലേ? അവർ താങ്കളുടെ അരികിൽ വന്നാൽ അല്ലാഹു താങ്കൾക്ക് സലാം പറഞ്ഞ വാചകമല്ലാത്തതുകൊണ്ട് അഭിവാദ്യം പറയുന്നു. ഞങ്ങൾ പറയുന്നതിന് അല്ലാഹു ശിക്ഷിക്കാത്തത് എന്തുകൊണ്ടാണെന്ന് അവർ മനസ്സിൽ പറയുകയും ചെയ്യുന്നു. അവർക്ക് നരകം മതി. അതിൽ അവർ പ്രവേശിക്കുന്നതാണ്. അത് മോശം വാസസ്ഥലം തന്നെ(8) സത്യവിശ്വാസികളെ, നിങ്ങൾ രഹസ്യം പറയുന്നെങ്കിൽ പാപത്തിലും ശത്രുതയിലും പ്രവാചകധിക്കാരത്തിലും നിങ്ങൾ രഹസ്യം പറയരുത്. നന്മയിലും സൂക്ഷ്മതയിലും നിങ്ങൾ രഹസ്യം പറയുക. അല്ലാഹുവിനെ നിങ്ങൾ ഭയക്കുക. അവനിലേക്കാണ് നിങ്ങൾ ഒരുമിച്ച് കൂട്ടപ്പെടുന്നത്.(9) സത്യവിശ്വാസികളെ ദുഃഖിപ്പിക്കുന്നതിന് പിശാചിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന കാര്യമാണ് ഗൂഢാലോചന. അല്ലാഹുവിന്റെ തീരുമാനം ഇല്ലാതെ അത് വിശ്വാസികൾക്ക് അൽപം പോലും പ്രയാസമുണ്ടാക്കുന്നതല്ല. അല്ലാഹുവിന്റെ മേൽ സത്യവിശ്വാസികൾ ഭരമേല്പിച്ചുകൊള്ളട്ടെ(10) സത്യവിശ്വാസികളെ, സദസ്സുകളിൽ വിശാലത കാണിക്കുക എന്ന് നിങ്ങളോട് പറയപ്പെട്ടാൽ ഒതുങ്ങിയിരിക്കുക. അല്ലാഹു നിങ്ങളോട് വിശാലത കാണിക്കുന്നതാണ്. സദസ്സിൽ നിന്ന് എഴുന്നേൽക്കുക എന്ന് പറയപ്പെട്ടാൽ നിങ്ങൾ എഴുന്നേറ്റു പോകുക. നിങ്ങളിൽ നിന്നും സത്യവിശ്വാസം സ്വീകരിക്കുകയും വിജ്ഞാനം നൽകപ്പെടുകയും ചെയ്തവരുടെ പല സ്ഥാനങ്ങൾ അല്ലാഹു ഉയർത്തുന്നതാണ്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്ന കാര്യങ്ങളെക്കുറിച്ച് സൂക്ഷ്മജ്ഞാനിയാണ്.(11) സത്യവിശ്വാസികളെ, നിങ്ങൾ ദൂതനോട് രഹസ്യം സംസാരിച്ചാൽ അതിന് മുമ്പ് എന്തെങ്കിലും സദഖ നൽകുക. അതാണ് നിങ്ങൾക്ക് ഉത്തമവും പരിശുദ്ധവും. ഇനി (സ്വദഖ ചെയ്യാൻ) നിങ്ങക്കൊന്നും ലഭിച്ചില്ലെങ്കിൽ തീർച്ചയായും അല്ലാഹു വളരെ പൊറുക്കുന്നവനും കരുണയുള്ളവനുമാകുന്നു.(12) നിങ്ങളുടെ രഹസ്യ സംസാരത്തിന് മുമ്പ് ദാനം ചെയ്യാൻ നിങ്ങൾ ഭയക്കുന്നുണ്ടോ? നിങ്ങൾ അത് ചെയ്യാതിരിക്കുകയും അല്ലാഹു നിങ്ങൾക്ക് അത് പൊറുത്തു തരികയും ചെയ്താൽ നിങ്ങൾ നമസ്‌കാരം നിലനിർത്തുകയും സകാത്ത് കൊടുക്കുകയും അല്ലാഹുവിനെയും ദൂതനെയും അനുസരിക്കുകയും ചെയ്യുക. നിങ്ങൾ പ്രവർത്തിക്കുന്ന കാര്യങ്ങളെക്കുറിച്ച് അല്ലാഹു സൂക്ഷ്മജ്ഞാനിയാണ്.(13) 

വിവരണവും വ്യാഖ്യാനവും
ഈ ആയത്തുകൾ ചില പ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ട് അവതരിച്ചതാണ്. അവതരണ പശ്ചാത്തലം എന്ന ശീർഷകത്തിൽ അത് വിവരിച്ചിട്ടുണ്ട്. പക്ഷേ, അവതരണ പശ്ചാത്തലം എന്തായിരുന്നാലും പരിശുദ്ധ ഖുർആനിന്റെ സന്ദേശങ്ങൾ പൊതുവായ നിലയിലുള്ളതാണ്. ഖുർആനിൽ വിശ്വാസം, ആരാധന, ഇടപാടുകൾ,  സാമൂഹ്യ മര്യാദകൾ മുതലായ സർവ്വവിധ നിയമങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഈ ആയത്തുകളിലും പരസ്പര രഹസ്യ സംസാരം, കൂടിയാലോചന, സഹകരണം എന്നീ വിഷയങ്ങളെക്കുറിച്ച് വളരെ പ്രധാനപ്പെട്ട ചില സന്ദേശങ്ങൾ അടങ്ങിയിരിക്കുന്നു. 
രഹസ്യ സംസാരം: * രഹസ്യ സംസാരം സാധാരണയായി ആരോടും പരസ്യമാക്കുകയില്ലെന്ന് വിശ്വാസമുള്ള ആത്മസുഹൃത്തുക്കൾക്കിടയിലാണ് നടക്കാറുള്ളത്. ആരോടെങ്കിലും അക്രമം കാണിക്കുക, ആരെയെങ്കിലും വധിക്കുക, ആരുടെയെങ്കിലും സമ്പത്ത് പിടിച്ചടക്കുക തുടങ്ങിയ പാപങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചാണ് കൂടുതലും രഹസ്യ സംസാരങ്ങളും നടക്കാറുള്ളത്. അല്ലാഹു ഇതിനെക്കുറിച്ച് ഉണർത്തുന്നു: അല്ലാഹു ആകാശഭൂമികളിലെ എല്ലാ കാര്യങ്ങളും അറിയുന്നു എന്നു താങ്കൾ കണ്ടില്ലേ? മൂന്ന് പേരുടെ രഹസ്യസംസാരത്തിൽ നാലാമനായി അല്ലാഹുവുണ്ട്. അഞ്ചുപേരുടെതിൽ ആറാമനായി ഉണ്ട്. അതിനേക്കാളും കുറവോ കൂടുതലോ ആയാലും എവിടെവെച്ച് ആയിരുന്നാലും അവരോടൊപ്പം അവൻ ഉണ്ടാകുന്നതാണ്. ശേഷം ഖിയാമത്ത് ദിനം അവർ പ്രവർത്തിച്ചത് അവൻ അവരെ അറിയിക്കുന്നതാണ്. തീർച്ചയായിട്ടും അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്നവനാകുന്നു.(7) അതെ, അല്ലാഹുവിന്റെ അറിവ് സർവ്വ സൃഷ്ടികളെയും ഉൾക്കൊണ്ടിരിക്കുന്നു. നിങ്ങൾ എവിടെയെങ്കിലും എത്ര മറഞ്ഞിരുന്ന് രഹസ്യാലോചനകൾ നടത്തിയാലും അല്ലാഹുവിന്റെ അറിവും കേൾവിയും കാഴ്ചയും നിങ്ങളുടെ അരികിൽ തന്നെയുണ്ട്. അല്ലാഹു നിങ്ങളുടെ സർവ്വ കാര്യങ്ങളും കേൾക്കുകയും കാണുകയും ചെയ്യുന്നു. ആകയാൽ ഈ സംസാരത്തിൽ നിങ്ങൾ പാപികളാണെങ്കിൽ പടച്ചവന്റെ ശിക്ഷയിൽ നിന്നും രക്ഷപ്പെടില്ലായെന്ന് ഓർക്കുക. വീണ്ടും പറയുന്നു: നിങ്ങൾ എത്ര കൂടുതലോ കുറവോ ആയിരുന്നാലും അല്ലാഹു കൂട്ടത്തിലുണ്ടായിരിക്കുന്നതാണ്. ഉദാഹരണമെന്നോണം മൂന്നുപേരെയും അഞ്ചുപേരെയും എടുത്ത് പറഞ്ഞിരിക്കുന്നു. അതായത് നിങ്ങൾ മൂന്ന് പേരാണെങ്കിൽ നാലാമനായി അല്ലാഹു അവിടെയുണ്ട്. അഞ്ച് പേരാണെങ്കിൽ ആറാമനായി അല്ലാഹു അവിടെയുണ്ട്. ഒരു സംഘത്തിന് വേണ്ടി അല്ലാഹു ഒറ്റയായ എണ്ണത്തെ ഇഷ്ടപ്പെടുന്നത് കൊണ്ടായിരിക്കാം മൂന്ന്, അഞ്ച് അക്കങ്ങളെ പ്രത്യേകം പറഞ്ഞത്.   
കൂടിയാലോചന: രഹസ്യ സംസാരത്തെക്കുറിച്ച് തടയപ്പെട്ടിട്ടും തടയപ്പെട്ടതിലേക്ക് മടങ്ങുകയും പാപത്തിലും ശത്രുതയിലും പ്രവാചക ധിക്കാരത്തിലും ഗൂഢാലോചന നടത്തുകയും ചെയ്തവരെ താങ്കൾ കാണുന്നില്ലേ? അവർ താങ്കളുടെ അരികിൽ വന്നാൽ അല്ലാഹു താങ്കൾക്ക് സലാം പറഞ്ഞ വാചകമല്ലാത്തതുകൊണ്ട് അഭിവാദ്യം പറയുന്നു. ഞങ്ങൾ പറയുന്നതിന് അല്ലാഹു ശിക്ഷിക്കാത്തത് എന്തുകൊണ്ടാണെന്ന് അവർ മനസ്സിൽ പറയുകയും ചെയ്യുന്നു. അവർക്ക് നരകം മതി. അതിൽ അവർ പ്രവേശിക്കുന്നതാണ്. അത് മോശം വാസസ്ഥലം തന്നെ(8) റസൂലുല്ലാഹി (സ)യും യഹൂദികളും പരസ്പരം സന്ധിയിലായിരുന്നപ്പോൾ അവർക്ക് മുസ്‌ലിംകൾക്കെതിരിൽ പരസ്യമായ നിലയിൽ ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ, ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ഹൃദയത്തിൽ നിറഞ്ഞ പക തീർക്കുന്നതിന് അവർ ഒരു മാർഗ്ഗം സ്വീകരിച്ചു: സഹാബികൾ ആരെങ്കിലും അവരുടെ അരികിലൂടെ പോകുമ്പോൾ അവർ ഗൂഢാലോചനകളുടെയും കൂടിയാലോചനകളുടെയും രൂപം അഭിനയിക്കുകയും വരുന്ന മുസ്‌ലിംകളിലേക്ക് ചില സൂചനകൾ നടത്തുകയും അതിലൂടെ അത് അവർക്കെതിരിലുള്ള ഗൂഢാലോചനയാണെന്ന് അവർ മനസ്സിലാക്കുകയും ദു:ഖിക്കുകയും ചെയ്തിരുന്നു. റസൂലുല്ലാഹി (സ) ഇത്തരം കൂടിയാലോചനകളെ തടയുകയുണ്ടായി. ഇതാണ് ഈ ആയത്തിൽ പറയപ്പെട്ടിരിക്കുന്നത്. ഇത് യഹൂദികളെക്കുറിച്ചാണ് ഇറങ്ങിയതെങ്കിലും ഇത് മുസ്‌ലിംകൾക്കും ബാധകമാണ്. മറ്റൊരു സഹോദരന് ബുദ്ധിമുട്ട് ഉണ്ടാകുന്ന നിലയിൽ ആരും പരസ്പരം ഗൂഢാലോചന നടത്താൻ പാടുള്ളതല്ല. 
* ഇബ്‌നു മസ്ഊദ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: നിങ്ങൾ മൂന്ന് പേർ ഒരുമിച്ച് ഉണ്ടെങ്കിൽ ജനങ്ങളുമായി കൂടിക്കലരുന്നത് വരെ രണ്ടുപേർ പ്രത്യേകം രഹസ്യം പറയരുത്. കാരണം അത് മൂന്നാമനെ ദു:ഖിപ്പിക്കുന്നതാണ്. (ബുഖാരി, മുസ്‌ലിം) അതായത് അദ്ദേഹത്തിന് ദേഷ്യവും അന്യതാബോധവും ഉണ്ടാകുന്നതാണ്. ഇവർ രണ്ടുപേരും എന്നെ മറച്ചുകൊണ്ട് എനിക്കെതിരിൽ എന്തോ പറയുകയാണ് എന്ന ചിന്തയും അവർക്ക് ഉണ്ടായേക്കാം. (മസ്ഹരി) * ശേഷം അല്ലാഹു ഉപദേശിക്കുന്നു: സത്യവിശ്വാസികളെ, നിങ്ങൾ രഹസ്യം പറയുന്നെങ്കിൽ പാപത്തിലും ശത്രുതയിലും പ്രവാചകധിക്കാരത്തിലും നിങ്ങൾ രഹസ്യം പറയരുത്. നന്മയിലും സൂക്ഷ്മതയിലും നിങ്ങൾ രഹസ്യം പറയുക. അല്ലാഹുവിനെ നിങ്ങൾ ഭയക്കുക. അവനിലേക്കാണ് നിങ്ങൾ ഒരുമിച്ച് കൂട്ടപ്പെടുന്നത്.(9) കഴിഞ്ഞ ആയത്തിൽ തെറ്റായ കൂടിയാലോചനയെ ഉണർത്തിയതിന് ശേഷം അല്ലാഹു ഈ ആയത്തിൽ മുസ്‌ലിംകളെ ഉണർത്തുന്നു: കൂടിയാലോചനകളും രഹസ്യ സംസാരങ്ങളും നടത്തുമ്പോൾ അല്ലാഹു എല്ലാം അറിയുന്നുണ്ടെന്ന ധ്യാനം നിലനിർത്തുക. ഈ ധ്യാനത്തോടെ സംസാരിക്കുകയും പാപകരമോ അക്രമമോ നിയമ വിരുദ്ധമോ ആയ കാര്യങ്ങൾ കൂടിയാലോചിക്കാതിരിക്കേണ്ടതാണ്. മറിച്ച് എല്ലാ കൂടിയാലോചനകളും നന്മകൾക്ക് വേണ്ടി മാത്രം ആയിരിക്കേണ്ടതാണ്. 
നിഷേധികളുടെ ഉപദ്രവത്തിന് മുന്നിൽ മയം പുലർത്തുകയും മാന്യമായി പ്രതിരോധിക്കുകയും ചെയ്യുക: എട്ടാം ആയത്തിന്റെ ഇടയിൽ അല്ലാഹു മറ്റൊരു പ്രധാനപ്പെട്ട കാര്യം ഉണർത്തുന്നു: യഹൂദികളും മുനാഫിഖുകളും റസൂലുല്ലാഹി (സ)യുടെ സന്നിധിയിൽ വരുമ്പോൾ അസ്സലാമു അലൈക്കും എന്നതിന് പകരം അസ്സാമു അലൈക്കും എന്ന് പറയുമായിരുന്നു. സാമിന്റെ അർത്ഥം മരണമെന്നാണ്. പക്ഷേ, പദങ്ങൾക്കിടയിൽ വലിയ വ്യത്യാസമില്ലാത്തതുകൊണ്ട് മുസ്‌ലിംകൾ ഇത് ശ്രദ്ധിക്കാറില്ലായിരുന്നു. ഒരു ദിവസം ഇപ്രകാരം അവർ പറഞ്ഞപ്പോൾ ആഇശ സിദ്ദീഖ (റ) ഇത് കേൾക്കുകയുണ്ടായി. ഉടനെ അവർ പറഞ്ഞു: നിങ്ങളുടെ മേൽ മരണവും പടച്ചവന്റെ കോപവും ശാപവും ഉണ്ടാകട്ടെ. ഉടനെ റസൂലുല്ലാഹി (സ) അരുളി: ആഇശാ, അല്ലാഹു മ്ലേച്ഛ സംസാരം ഇഷ്ടപ്പെടുന്നില്ല. കടുത്ത വാക്കുകൾ ഉപേക്ഷിക്കുകയും മയം മുറുകെ പിടിക്കുകയും ചെയ്യുക. ആഇശ (റ) ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അവർ താങ്കളെക്കുറിച്ച് പറഞ്ഞത് കേട്ടില്ലേ? റസൂലുല്ലാഹി (സ) അരുളി: ഞാൻ കേട്ടു. അതിന് യുക്തമായ മറുപടി നൽകുകയും ചെയ്തു. ഞാൻ അവരോട് അലൈക്കും എന്ന് പറഞ്ഞു. അതായത് അത് നിങ്ങൾക്ക് തന്നെ ഇരിക്കട്ടെ. അവരുടെ പ്രാർത്ഥന സ്വീകരിക്കപ്പെടുന്നതല്ല. എന്റെ പ്രാർത്ഥന സ്വീകരിക്കപ്പെടുന്നതാണ്. ഇത് അവരുടെ ഗുരുത്വക്കേടിനുള്ള മറുപടിയായി. (മസ്ഹരി)
സദസ്സിന്റെ ചില മര്യാദകൾ: സത്യവിശ്വാസികളെ, സദസ്സുകളിൽ വിശാലത കാണിക്കുക എന്ന് നിങ്ങളോട് പറയപ്പെട്ടാൽ ഒതുങ്ങിയിരിക്കുക. അല്ലാഹു നിങ്ങളോട് വിശാലത കാണിക്കുന്നതാണ്. സദസ്സിൽ നിന്ന് എഴുന്നേൽക്കുക എന്ന് പറയപ്പെട്ടാൽ നിങ്ങൾ എഴുന്നേറ്റു പോകുക. നിങ്ങളിൽ നിന്നും സത്യവിശ്വാസം സ്വീകരിക്കുകയും വിജ്ഞാനം നൽകപ്പെടുകയും ചെയ്തവരുടെ പല സ്ഥാനങ്ങൾ അല്ലാഹു ഉയർത്തുന്നതാണ്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്ന കാര്യങ്ങളെക്കുറിച്ച് സൂക്ഷ്മജ്ഞാനിയാണ്.(11) ഈ ആയത്തിൽ സദസ്സുകളുടെയും സമ്മേളനങ്ങളുടെയും ചില പ്രധാന മര്യാദകൾ വിവരിച്ചിരിക്കുന്നു. 
ഒന്നാമത്തെ മര്യാദ, ഒരു സദസ്സ് എവിടെയെങ്കിലും കൂടുമ്പോൾ മറ്റുള്ളവർക്ക് സ്ഥലം കൊടുക്കാൻ എല്ലാവരും ഒതുങ്ങിയിരിക്കാനും പരിശ്രമിക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നവർക്ക് അല്ലാഹുവും വിശാലത നൽകുന്നതാണെന്ന് വാഗ്ദാനം ചെയ്യുന്നു. ഈ വിശാലത പരലോകത്തും തീർച്ചയായും ഉണ്ടാകുന്നതാണ്. ഇഹലോകത്തും വിശാലത പ്രതീക്ഷിക്കാവുന്നതാണ്.   
രണ്ടാമത്തെ മര്യാദ, സദസ്സിൽ നിന്നും എഴുന്നേൽക്കാൻ പറയപ്പെട്ടാൽ എഴുന്നേൽക്കേണ്ടതാണ്. ഇവിടെ പറയപ്പെട്ടാലെന്ന് അവ്യക്തമായി പറഞ്ഞിരിക്കുന്നു. ആരാണെന്ന് പറയുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ പുതുതായി വരുന്നവർ സദസ്യരിൽ നിന്നും ആരെയും എഴുന്നേൽപ്പിച്ച് ഇരിക്കാൻ പാടില്ലെന്ന് ഹദീസിൽ വന്നിട്ടുണ്ട്.  
ഇബ്‌നു ഉമർ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ആരും സദസ്സിൽ നിന്നും ആരെയെങ്കിലും എഴുന്നേൽപ്പിച്ച് അവരുടെ സ്ഥലത്ത് ഇരിക്കരുത്. മറിച്ച് സദസ്സിൽ വിശാലതയുണ്ടാക്കുകയും നവാഗതർക്ക് ഇടം നൽകുകയും ചെയ്യുക. (മുസ്‌നദ് അഹ്മദ്) ആരെയും അവരുടെ സദസ്സിൽ നിന്നും എഴുന്നേൽപ്പിക്കാൻ നവാഗതകർക്ക് അനുവാദമില്ലെന്ന് ഇതിൽ നിന്നും മനസ്സിലായി. അതുകൊണ്ട് ഈ ആയത്തിലെ ഉദ്ദേശം സദസ്സിന്റെ അദ്ധ്യക്ഷനോ അദ്ദേഹം ഏൽപ്പിച്ച വ്യക്തിയോ ആരോടെങ്കിലും എഴുന്നേൽക്കാൻ പറഞ്ഞാൽ അത് അനുസരിച്ച് കൊണ്ട് എഴുന്നേൽക്കണമെന്നാണ്. ചിലവേള അദ്ധ്യക്ഷന് ആരോടെങ്കിലും ഒറ്റയ്ക്ക് സംസാരിക്കാൻ ഉണ്ടായിരിക്കും. അല്ലെങ്കിൽ പ്രത്യേകം ചില ആളുകളോട് ചില വിഷയങ്ങൾ പറയാനുണ്ടായിരിക്കും. അല്ലെങ്കിൽ നവാഗതരെ ഇരുത്താൻ സദസ്സിൽ നിന്നും ബുദ്ധിമുട്ടൊന്നും ഇല്ലാത്തവരും പിന്നീട് പരിഹരിക്കാൻ സാധിക്കുന്നവരുമായ ആരെയെങ്കിലും എഴുന്നേൽപ്പിക്കേണ്ടിവരും. 
എന്നാൽ ഇത്തരുണത്തിൽ അദ്ധ്യക്ഷനും ഉത്തരവാദിത്വപ്പെട്ടവരും എഴുന്നേൽക്കുന്ന വ്യക്തിയ്ക്ക് നിസ്സാരതയും ഉപദ്രവും ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. * ഈ ആയത്തിന്റെ അവതരണ പശ്ചാത്തലം ഇപ്രകാരമാണ്: റസൂലുല്ലാഹി (സ) മസ്ജിദിന്റെ തിണ്ണയിൽ ഇരിക്കുകയായിരുന്നു. സദസ്സ് നിറഞ്ഞിരുന്നു. ശേഷം ബദ്‌രികളും ആദരണീയരുമായ ചില സഹാബികൾ സദസ്സിലേക്ക് വന്നു. സ്ഥലം ഇല്ലാത്തതിനാൽ അവർ നിൽക്കുകയുണ്ടായി. റസൂലുല്ലാഹി (സ) തദവസരം അൽപ്പം നീങ്ങി ഇരുന്ന് വിശാലതയുണ്ടാക്കാനും അവർക്ക് സ്ഥലം കൊടുക്കാനും സദസ്യരോട് പറഞ്ഞു. ചിലരെ എഴുന്നേൽപ്പിക്കുകയും ചെയ്തു. ഈ എഴുന്നേൽപ്പിക്കപ്പെട്ടവർ എപ്പോഴും അവിടെയുള്ളവരും എഴുന്നേൽക്കുന്നത് വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാത്തവരും ആയിരിക്കും. അല്ലെങ്കിൽ ഒതുങ്ങി ഇരിക്കാൻ പറഞ്ഞിട്ടും പ്രാവർത്തികമാക്കാത്തതിനാൽ അവരെ മര്യാദ പഠിപ്പിക്കാൻ വേണ്ടി സദസ്സിൽ നിന്നും എഴുന്നേൽപ്പിച്ചതുമാകാം. * എന്താണെങ്കിലും ഖുർആനും ഹദീസും പഠിപ്പിക്കുന്ന മര്യാദകൾ ഇവയാണ്: ഒന്ന്, ശേഷം വരുന്നവർക്ക് സ്ഥലം കൊടുക്കാൻ സദസ്സ്യർ ശ്രദ്ധിക്കേണ്ടതാണ്. രണ്ട്, വരുന്നവർ ആരെയും സ്ഥലത്ത് നിന്നും മാറ്റരുത്. മൂന്ന്, അദ്ധ്യക്ഷൻ ആവശ്യമായി കണ്ടാൽ ചിലരെ സദസ്സിൽ നിന്നും എഴുന്നേൽപ്പിക്കാവുന്നതാണ്. ചില ഹദീസുകളിൽ മറ്റൊരു മര്യാദകൂടി പഠിപ്പിക്കുന്നു: നേരത്തെവന്ന് ഇരിക്കുന്നവർക്കിടയിൽ നുഴഞ്ഞ് കയറുന്നതിന് പകരം സദസ്സിന്റെ അരികിൽ ഇരിക്കേണ്ടതാണ്. റസൂലുല്ലാഹി (സ) ഇപ്രകാരം ചെയ്ത വ്യക്തിയെ പ്രശംസിക്കുകയുണ്ടായി. (ബുഖാരി) * ഒരു മസ്അല: രണ്ട് വ്യക്തികൾ അടുത്തിരിക്കുമ്പോൾ അവർക്കിടയിൽ അനുവാദമില്ലാതെ കയറി ഇരിക്കാതിരിക്കുന്നതും സദസ്സിന്റെ മര്യാദകളിൽ പെട്ടതാണ്. ചിലപ്പോൾ അവർ അടുത്തിരിക്കുന്നതിന്റെ പേരിൽ എന്തെങ്കിലും പ്രത്യേക നന്മയുണ്ടായിരിക്കാം. ഉസാമാ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: രണ്ടുപേർ അടുത്തിരിക്കുമ്പോൾ അവരുടെ അനുമതി ഇല്ലാതെ അവർക്കിടയിൽ വിട്ടുപിരിക്കാൻ ആർക്കും അനുവാദമില്ല. (ഇബ്‌നു കസീർ)     
സത്യവിശ്വാസികളെ, നിങ്ങൾ ദൂതനോട് രഹസ്യം സംസാരിച്ചാൽ അതിന് മുമ്പ് എന്തെങ്കിലും സദഖ നൽകുക! റസൂലുല്ലാഹി (സ) രാവും പകലും ജനങ്ങളുടെ സംസ്‌കരണത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളിൽ മുഴുകിക്കഴിഞ്ഞിരുന്നു. പ്രത്യേകിച്ചും പൊതുസദസ്സുകളെ എല്ലാവരും സമൃദ്ധമായി പ്രയോജനപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനിടയിൽ ചിലർ വന്ന് റസൂലുല്ലാഹി (സ)യുമായി ഒറ്റയ്ക്ക് മാറിയിരുന്ന് രഹസ്യം സംസാരിക്കുമായിരുന്നു. ഈ സംസാരം പലപ്പോഴും നീണ്ട് പോകുന്നതിനാൽ മറ്റുള്ളവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാകുമായിരുന്നു. ചില മുനാഫിഖുകൾ ഇതിന് വേണ്ടി മാത്രം റസൂലുല്ലാഹി (സ)യുമായി രഹസ്യം സംസാരിക്കുകയും അതിന്റെ പേരിൽ മന:പ്പൂർവ്വം സമയം ദീർഘിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ, വിവരം കുറഞ്ഞ ചില മുസ്‌ലിംകളും ഇതുപോലെ ദീർഘനേരം രഹസ്യം സംസാരിക്കാൻ തുടങ്ങി. അല്ലാഹു തആല ഈ ഒരു ഭാരം ലഘൂകരിക്കുന്നതിന് വേണ്ടി, രഹസ്യം സംസാരിക്കാൻ ആഗ്രഹിക്കുന്നവർ അതിന് മുമ്പ് സാധുക്കൾക്ക് എന്തെങ്കിലും ദാനം ചെയ്യണമെന്ന് ഈ ആയത്തിലൂടെ ഉപദേശിക്കുകയുണ്ടായി. ഈ ദാനത്തിന്റെ അളവ് എത്രയാണെന്ന് ഖുർആനിൽ പറയപ്പെട്ടിട്ടില്ല. പക്ഷേ, ഈ ആയത്ത് അവതരിച്ചപ്പോൾ ഏറ്റവും ആദ്യമായി അലിയ്യ് (റ) ഇതനുസരിച്ച് പ്രവർത്തിക്കുകയും ഒരു ദീനാർ സ്വദഖ ചെയ്തുകൊണ്ട് റസൂലുല്ലാഹി (സ)യോട് രഹസ്യ സംഭാഷണത്തിന് അനുമതി ചോദിക്കുകയും ചെയ്തു. * ഈ ആയത്തിൽ പറയപ്പെട്ടിരിക്കുന്ന നിയമം പല സഹാബികൾക്കും ദുഷ്‌കരമായിരുന്നതിനാൽ ഈ നിയമം ഉടനടി ദുർബലപ്പെടുത്തപ്പെട്ടു. അലിയ്യ് (റ) പറയുന്നു: പരിശുദ്ധ ഖുർആനിലെ ഈ ആയത്ത് അനുസരിച്ച് ഞാൻ മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. എനിയ്ക്ക് മുമ്പ് ആരും പ്രവർത്തിച്ചിട്ടില്ല. ശേഷവും ആരും പ്രവർത്തിക്കുന്നതല്ല. (മുസ്വന്നഫ് ഇബ്‌നു അബീശൈബ) 
ഈ നിയമം ദുർബലപ്പെടുത്തപ്പെട്ടെങ്കിലും ഇതുകൊണ്ട് ലക്ഷ്യം വെക്കപ്പെട്ട കാര്യം സഫലമാവുകയുണ്ടായി. അതെ, മുസ്‌ലിംകൾ സ്‌നേഹത്തിന്റെ പേരിൽ ഇപ്രകാരം രഹസ്യ സംസാരം നീട്ടുന്ന സ്വഭാവം അവസാനിപ്പിച്ചു. സാധാരണ മുസ്‌ലിംകളിൽ നിന്നും വ്യത്യസ്തമായി നാം വല്ലതും പ്രവർത്തിച്ചാൽ നമ്മുടെ കാപട്യം പരസ്യമാകുമല്ലോ എന്ന് വിചാരിച്ച് മുനാഫിഖുകളും ഇതിൽ നിന്നും പിന്മാറുകയുണ്ടായി. 


************************



 മആരിഫുല്‍ ഹദീസ് 

മുഹമ്മദുര്‍റസൂലുല്ലാഹ് (സ)
ജനനവും നിയോഗവും
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി


102. അബൂ ഉമാമ (റ) നിവേദനം റസൂലുല്ലാഹി (സ) അരുളി: എന്റെ തുടക്കത്തെക്കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞുതരാം. ഞാൻ ഇബ്‌റാഹീം നബി (അ) യുടെ ദുആ (പ്രാർത്ഥന സ്വീകരിക്കപ്പെട്ടു എന്നതിന്റെ അടയാളം) ആണ്. ഞാൻ ഈസാ നബി (അ) ആഗമനത്തെക്കുറിച്ച് സന്തോഷ വാർത്ത അറിയിച്ച പ്രവാചകനാണ്. ഞാൻ എന്റെ മാതാവിന്റെ സ്വപ്നത്തിന്റെ പുലർച്ചെയാണ്. എന്റെ പ്രസവനേരം ഒരു പ്രകാശം പുറപ്പെട്ടതായും അതിലൂടെ സിറിയൻ കൊട്ടാരങ്ങൾ പ്രകാശിച്ചതായും അവർ കണ്ടു. (അഹ്മദ്). 
വിവരണം: പരിശുദ്ധ ഖുർആനിൽ അല്ലാഹു വിവരിക്കുന്നു. അല്ലാഹുവിന്റെ ഖലീലായ ഇബ്‌റാഹീം നബി (അ) മകൻ ഇസ്മാഈൽ നബി (അ)യും കഅ്ബത്തുല്ലാഹി നിർമ്മിച്ചപ്പോൾ ഇപ്രകാരം ദുആ ചെയ്തു. രക്ഷിതാവേ, ഞങ്ങളുടെ പരമ്പരയിൽ അനുസരണാശീലരീയ ഒരു സമുദായത്തെ ഉണ്ടാക്കണെ, നിന്റെ വചനങ്ങൾ ഓതിക്കേൾപ്പിക്കുകയും ഖുർആനും സുന്നത്തും പഠിപ്പിക്കുകയും ശുദ്ധീകരിച്ച് സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു പ്രവചാകനെ അവരിൽ നിയോഗിക്കുകയും ചെയ്യണെ, (ബഖറ 127-128) മറ്റൊരിടത്ത് പറയുന്നു: ഈസാ നബി (അ) യെ പ്രവാചകനാക്കി ബനൂഇസ്‌റാഈലിലേക്ക് അയച്ചപ്പോൾ അദ്ദേഹം അവരോട് പറഞ്ഞു: എനിക്ക് ശേഷം വരാനിരിക്കുന്ന അഹ്മദ് എന്ന്‌പേരുള്ള ഒരു സമുന്നത പ്രവാചകന്റെ നിയോഗത്തെക്കുറിച്ച് സന്തോഷ വാർത്ത അറിയിക്കുക എന്നത് എന്റെ നിയോഗത്തിന്റെ ഒരു പ്രധാന ലക്ഷ്യമാണ്. (സ്വഫ് 6) റസൂലുല്ലാഹി (സ) ഈ ഖുർആൻ വചനങ്ങൾ സൂചിപ്പിച്ചുകൊണ്ട് ഈ ഹദീസിൽ പറയുന്നു ഞാൻ ഇബ്‌റാഹീം നബി (അ) യുടെ പ്രാർത്ഥനയുടെ ഫലമായിട്ടും ഈസാ (അ)യുടെ സുവിശേഷത്തിന്റെ പുലർച്ചയായിട്ടുമാണ് ആഗതനായിട്ടുള്ളത്. എന്റെ പ്രസവ സമയത്ത് എന്റെ മാതാവ് അത്ഭുതകരമായ ഒരു സ്വപ്നം കണ്ടു: ഒരു അസാധാരണമായ പ്രകാശം പ്രത്യക്ഷപ്പെട്ടു. അതിന്റെ പ്രകാശത്തിലൂടെ എന്റെ മാതാവ് ശാം പ്രദേശത്തെ വലിയ കെട്ടിടങ്ങളും കൊട്ടാരങ്ങളും പ്രകാശിക്കുന്നു.! റസൂലുല്ലാഹി (സ)യുടെ മാതാവ് പ്രസവത്തിന് തൊട്ടുമുമ്പ് രാത്രിയിലാണ് ദർശിച്ചത്. അടുത്ത സുപ്രഭാതത്തിൽ റസൂലുല്ലാഹി (സ) ജനിക്കുകയും ചെയ്തു. ശാം പ്രദേശം ആദരണീയ നബിമാരുടെ കർമ്മമണ്ഡലമാണ്. ധാരാളം നബിമാരുടെ കേന്ദ്രമായ ബൈത്തുൽ മുഖദ്ദിസ് അവിടെയാണ് സ്ഥിതിചെയ്യുന്നത്. 
വിനീതൻ ഈ ഹദീസിലെ റുഅ്‌യ എന്ന പദത്തിന് സ്വപ്നം എന്നാണ് ആശയംപറഞ്ഞിട്ടുള്ളത് അതനുസരിച്ചാണ് മേൽപറയപ്പെട്ട വിവരണവും നൽകിയത്. ആദരണീയ മാതാവ് പ്രസവ സമയത്ത് ഉണർവിൽ തന്നെ ഈ പ്രകാശം ദർശിച്ചതായും അതൂലൂടെ ശാമിലെ കെട്ടിടങ്ങൾ കണ്ടതായും ഇതിന് ആശയം പറയപ്പെട്ടിട്ടുണ്ട്. സ്വപ്നത്തിലും അല്ലാതയും രണ്ട് പ്രാവശ്യം ഈ ദർശനം ഉണ്ടായതായി പറയപ്പെടുന്നു. ചുരുക്കത്തിൽ  റസൂലുല്ലാഹി (സ)യുടെ നിയോഗത്തിലൂടെ ശാം പ്രദേശത്തും സത്യത്തിന്റെ പ്രകാശം ചെന്നെത്തുന്നതാണെന്ന് ഈ ദർശ്ശനം വിളിച്ചറിയിച്ചു. അതെ, മുമ്പ് ആയിരക്കണക്കിന് വർഷങ്ങൾ സന്മാർഗ്ഗ കേന്ദ്രമായിരുന്ന ശാം റസൂലുല്ലാഹി (സ)യിലൂടെ വീണ്ടും സന്മാർഗ്ഗ കേന്ദ്രമാവുകയും ലോകവസാനംവരെയും ഈ അവസ്ഥ തുടരുകയും ചെയ്യുന്നതാണ്. 
103. ഖൈസ് ബിൻ മഖ്‌റൂമ (റ) വിവരിക്കുന്നു: ഞാനും റസൂലുല്ലാഹി (സ)യും ആനക്കലഹത്തിന്റെ വർഷമാണ് ജനിച്ചത് (തിർമിദി) വിവരണം: ഫീൽ എന്നതിന്റെ അർത്ഥം ആനയെന്നാണ്. ആനയുടെ വർഷം കൊണ്ടുള്ള ഉദ്ദേശം ഒരിക്കൽ യമനിലെ ക്രൈസ്ഥവ ഭരണാധികാരി അബ്രഹത്ത് കഅ്ബത്തുല്ലാഹി തകർക്കാൻ വലിയ ആനകൾ അടങ്ങുന്ന സൈനവുമായി പുറപ്പെട്ടു. എന്നാൽ മക്കയുടെ അതിർത്ഥിയിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അല്ലാഹു ചെറിയ കുരുവികളുടെ രൂപത്തിൽ അദൃശ്യ ലോകത്ത് നിന്നും സൈന്യത്തെ അയക്കുകയും അവ എറിഞ്ഞ കല്ലുകളാകുന്ന വെടിയുണ്ടകൾ സൈന്യത്തെ തകർത്തുകളയുകയും ചെയ്തു. പരിശുദ്ധ ഖുർആനിലെ ഫീൽ എന്ന സൂറത്തിൽ അല്ലാഹു ഈ സംഭവം വിവരിച്ചിട്ടുണ്ട്. ഈ അസാധാരണ സംഭവത്തെ തുടർന്ന് ഈ വർഷത്തിന് ആനക്കലഹ വർഷം എന്ന് പറയപ്പെട്ടിരുന്നു. ഈ സംഭവത്തിന് അമ്പത് ദിവസം പിന്നിട്ടപ്പോൾ റസൂലുല്ലാഹി (സ)യുടെ അനുഗ്രഹീത ജനനം സംഭവിച്ചു. അല്ലാമാ ഇബ്‌നുൽ ജൗസി (റ)കുറിക്കുന്നു: അത് ഒരു റബീഉൽ അവ്വൽ മാസമായിരുന്നുവെന്നും തിങ്കളാഴ്ച ദിവസമായിരുന്നുവെന്നും പണ്ഡിതർ ഏകോപിക്കുന്നു. ദിവസത്തിന്റെ വിഷയത്തിൽ 2, 8.10,12,17,18 എന്നീ നിവേദനങ്ങളുണ്ട്. അല്ലാമാ ഖസ്തല്ലാനീ കുറിക്കുന്നു: ഭൂരിഭാഗം മുഹദ്ദിസുകളും റബീഉൽ അവ്വൽ 8 എന്നാണ് പറഞ്ഞിരിക്കുന്നത് ഈജിപ്റ്റിലെ ഗോളശാസ്ത്ര വിദഗ്ദൻ മഹ്മൂദ് പാശ റബീഉൽ അവ്വൽ 9 ആണെന്ന് കണക്കുകളിലൂടെ പ്രസ്താവിക്കുന്നു. 
റസൂലുല്ലാഹി (സ) ജനിക്കാനിരുന്ന വർഷം മക്കയിൽ തന്നെ അബ്രഹത്തിന്റെ പട പരാജയപ്പെട്ട് തകർന്നത് തീർച്ചയായും അല്ലാഹുവിന്റെ അപാരമായ കഴിവിന്റെ ദൃഷ്ടാന്തമായിരുന്നു. പണ്ഡിതർ പറയുന്നു: ഇത്: റസൂലുല്ലാഹി (സ)യുടെ ആഗമനത്തിന്റെ ഐശ്വര്യം വിളിച്ചറിയിക്കുന്നതും  റസൂലുല്ലാഹി (സ) യുടെ ജനനത്തിന് മുമ്പ് തന്നെ പ്രകടമായ അമാനുഷികതയുമായിരുന്നു. 


സയ്യിദ് ഹസനി അക്കാദമി രചന


Ph: 7736723639


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌