▪️മുഖലിഖിതം
പ്രയോജനകരമായ ബന്ധം
മാനുഷിക ബന്ധമാണ്
(കർമ്മങ്ങളുടെ ഇഹപര ഫലങ്ങൾ)
✍🏻 ഹകീമുൽ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ഥാനവി
പ്രയോജനകരമായ ബന്ധം
മാനുഷിക ബന്ധമാണ്
ഇവിടെ വിവിധ മതങ്ങളും വിഭാഗങ്ങളുമുണ്ട്. ഇവിടെ ഏറ്റവും ആവശ്യവും പ്രയോജനകരവുമായ ബന്ധം, മാനുഷികബന്ധം തന്നെയാണ്. ഈയൊരു ബന്ധത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തിന് ഏകാഗ്രതയോടും നിർമ്മാണാത്മക ശൈലിയിലും പുരോഗമിക്കാനും അപകട- നാശങ്ങളിൽ നിന്നും സുരക്ഷിതമായിരിക്കാനും സാധിക്കുകയുള്ളൂ. ഈയൊരു ബന്ധത്തെ തകർക്കാതിരുന്നാൽ മറ്റ് ബന്ധങ്ങൾ തകരാതെ തന്നെ പരസ്പര സഹകരണം സാധ്യമാകുന്നതാണ്. എന്നാൽ ഈ ബന്ധം തകർത്ത് കളഞ്ഞാൽ, രാജ്യത്ത് മറ്റെന്ത് പുരോഗമന പ്രവർത്തനങ്ങൾ നടന്നാലും യാതൊരു ഗുണവുമുണ്ടാകുന്നതല്ല. നാമൊന്ന് സങ്കൽപ്പിക്കുക. ഒരു വീട് ചെറ്റക്കുടിലാണ്. സൗകര്യങ്ങൾ കുറവാണ്. പക്ഷെ, അംഗങ്ങൾക്കിടയിൽ സഹകരണമുണ്ട്. മറ്റൊരു വീട് വിശാലമാണ്. സൗകര്യങ്ങൾ കൂടിക്കൊണ്ടിരിക്കുന്നു. പക്ഷെ, അംഗങ്ങൾക്കിടയിൽ സഹകരണമില്ല. ഇതിൽ ഒന്നാമത്തെ ഭവനം ഇഹലോകത്തെ സ്വർഗ്ഗവും രണ്ടാമത്തെ ഭവനം നരകവുമാണ്.
************
ജുമുഅ സന്ദേശം
ജസാഉൽ അഅ്മാൽ
(കർമ്മങ്ങളുടെ ഇഹപര ഫലങ്ങൾ)
ഹകീമുൽ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ഥാനവി
സർവ്വലോക പരിപാലകനായ അല്ലാഹു നന്മകൾ പ്രവർത്തിക്കുന്നതിനും തിന്മകളിൽ നിന്നും അകന്ന് കഴിയുന്നതിനുമാണ് മനുഷ്യനെ ഈ ലോകത്തേക്ക് അയച്ചിരിക്കുന്നത്. ഇവയുടെ യഥാർത്ഥ ഫലങ്ങൾ നാളെ പരലോകത്താണെങ്കിലും ഇഹലോകത്തും നന്മ തിന്മകൾക്ക് നിരവധി ഫലങ്ങൾ പ്രകടമാകാറുണ്ട്. ഇക്കാര്യം ഖുർആനിലും ഹദീസിലും വിശദമായി വിവരിച്ചിരിക്കുന്നു. ഖുർആനിലും ഹദീസിലും വിവിധ സ്ഥലങ്ങളിലായി പരന്നു കിടക്കുന്ന ഈ വിഷയങ്ങൾ ഹൃസ്വമായ നിലയിൽ സമാഹരിച്ചിരിക്കുന്ന അതി സുന്ദരമായ രചനയാണ് മൗലാനാ അഷ്റഫ് അലി ഥാനവി (റ) തയ്യാറാക്കിയ ജസാഉൽ അഅ്മാൽ. ഈ ഗ്രന്ഥത്തിൻ്റെ പ്രാധാന്യം കണ്ടു കൊണ്ട് ഇത് കൂടിയിരുന്ന് പാരായണം ചെയ്യണമെന്ന് മഹാത്മാക്കൾ അഭിപ്രായപ്പെടുന്നു. ഗ്രന്ഥത്തിൻ്റെയും വിഷയത്തിൻ്റെയും പ്രാധാന്യം കണക്കിലെടുത്ത് ഏതാനം ആഴ്ചകൾ പ്രസ്തുത രചന ഖണ്ഡശയായി പ്രസിദ്ധീകരിക്കുകയാണ്. പടച്ചവൻ അനുഗ്രഹിക്കട്ടെ!
മുഖവുര
നന്മ തിന്മകൾ കാരണം പരലോകത്ത് രക്ഷാ ശിക്ഷകൾ ഉണ്ടാകുന്നത് കൂടാതെ ഇഹലോകത്തും അത് സംഭവിക്കുന്നതാണെന്ന കാര്യം വ്യത്യസ്ത ശൈലികളിൽ വിവരിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ നന്മ തിന്മകളെ നിബന്ധനയും രക്ഷാ ശിക്ഷകളെ പരിണിത ഫലവുമായി പ്രഖ്യാപിച്ചിരിക്കുന്നു. ഒരു സ്ഥലത്ത് ബനൂ ഇസ്റാഈലിലെ പാപികളെ കുറിച്ച് പറയുന്നു: ..... (അഅ്റാഫ് 166) പടച്ചവൻ നിരോധിച്ച കാര്യങ്ങൾ പ്രവർത്തിച്ചത് കൊണ്ടാണ് ഈ ശിക്ഷ ലഭിച്ചതെന്ന് ഈ ആയത്തിൽ നിന്നും വ്യക്തമായി മനസ്സിലാവുന്നു. മറ്റൊരു സ്ഥലത്ത് ഫിർഔൻ കൂട്ടരെ കുറിച്ച് അറിയിക്കുന്നു: ...... (സുഖ്റുഫ് 55) അല്ലാഹുവിനെ കോപിപ്പിക്കുന്നതിലൂടെ അല്ലാഹുവിൻ്റെ ശിക്ഷയുണ്ടാകുന്നതാണെന്ന് ഇതിൽ നിന്നും വ്യക്തമായി മനസ്സിലാവുന്നു. പരിശുദ്ധ ഖുർആനിൽ വേറൊരു സ്ഥലത്ത് സത്യവിശ്വാസികളോട് പറയുന്നു: ....... (അൻഫാൽ 29). ഒരിടത്ത് പറയുന്നു: ...... (ജിന്ന് 16) വേറൊരിടത്ത് നിഷേധികളെ കുറിച്ച് പറയുന്നു: ..... (തൗബ 11) പരിശുദ്ധ ഖുർആനിൽ ചില സ്ഥലങ്ങളിൽ ശിക്ഷകളുടെ കാരണം പാപങ്ങളായിരുന്നു എന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. അതിന് വേണ്ടി 'ബാ' എന്ന അക്ഷരം ഉപയോഗിച്ചിരിക്കുന്നു. നിഷേധികളുടെ ഭൗതിക പരാജയം വിവരിച്ചു കൊണ്ട് പറയുന്നു: .... (ആലു ഇംറാൻ 182) .... (തൗബ 80) ചിലയിടങ്ങളിൽ 'ഫാ' എന്ന അക്ഷരം ഉപയോഗിച്ചിരിക്കുന്നു: ...... (ഹാഖ 10) ...... (മുഅ്മിനൂൻ 48) മറ്റ് ചിലയിടങ്ങളിൽ ലൗലാ എന്ന പദം ഉപയോഗിച്ചിരിക്കുന്നു: ..... (സ്വാഫാത്ത് 143, 144) അതെ, അല്ലാഹുവിൻ്റെ തസ്ബീഹ് കാരണമായി രക്ഷ ലഭിച്ചുവെന്ന് ഈ ആയത്ത് അറിയിക്കുന്നു. വേറെ ചിലയിടങ്ങളിൽ ലൗ എന്ന പദം ഉപയോഗിച്ചിരിക്കുന്നു: ..... (നിസാഅ് 66) ചുരുക്കത്തിൽ മനുഷ്യൻ്റെ കർമ്മങ്ങൾക്ക് ഇഹലോകത്തും വലിയ ഫലങ്ങൾ ഉണ്ടാകുമെന്ന് ഈ വചനങ്ങളെല്ലാം വ്യക്തമായി അറിയിക്കുന്നു. അധ്യായം 1 തിന്മകളുടെ ഭൗതിക നാശങ്ങൾ തിന്മകൾ കൊണ്ട് ഇഹലോകത്ത് തന്നെ എണ്ണിയാൽ തീരാത്ത ധാരാളം നാശ നഷ്ടങ്ങൾ ഉണ്ടാകുന്നതാണെന്ന് ഖുർആനും ഹദീസും വിവരിച്ചിട്ടുണ്ട്. ഇവിടെ ആദ്യം മൊത്തത്തിൽ നാശ നഷ്ടങ്ങൾ ഉണ്ടാകുന്നതായി അറിയിക്കുന്ന വചനങ്ങളും ശേഷം വിശദമായി വിവരിക്കുന്ന വചനങ്ങളും ക്രമപ്രകാരം ഉദ്ധരിക്കുകയാണ്. ധിക്കാരികൾക്ക് ഇഹലോകത്ത് സംഭവിച്ച നാശ നഷ്ടങ്ങളുടെ ചരിത്ര കഥകൾ പരിശുദ്ധ ഖുർആൻ ധാരാളമായി ഉദ്ധരിച്ചിട്ടുണ്ട്. * ആകാശ ലോകത്ത് അന്തസ്സോടെ കഴിഞ്ഞിരുന്ന ഇബ്‌ലീസ് ഭൂമിയിലേക്ക് തള്ളപ്പെടാനുള്ള കാരണമെന്താണ്? അതെ, പാപം തന്നെ അതുകാരണമായി ഇബ്‌ലീസ് ശപിക്കപ്പെടുകയും കോലം മറിക്കപ്പെടുകയും അകം നാശമാവുകയും കാരുണ്യത്തിൻ്റെ സ്ഥാനത്ത് ശപിക്കപ്പെടുകയും പടച്ചവനുമായിട്ടുള്ള അടുപ്പത്തിന് പകരം അകൽച്ചയുണ്ടാവുകയും പടച്ചവനെ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്യുന്നതിന് പകരം നിഷേധവും ബഹുദൈവാരാധനയും കളവും മ്ലേച്ഛതയും ജോലിയാക്കുകയും ചെയ്തു. * നൂഹ് നബി (അ)യുടെ കാലഘട്ടത്തിൽ ഭൂമുഖത്തുണ്ടായിരുന്ന എല്ലാവരെയും പ്രളയത്തിൽ മുക്കി കൊല്ലപ്പെടാനുണ്ടായ കാരണമെന്താണ്? * ആദ് സമൂഹത്തിൻ്റെ മേൽ ശക്തമായ കൊടുങ്കാറ്റ് അടിക്കുകയും അവരെ ഭൂമിയിൽ മലർത്തി അടിക്കുകയും ചെയ്തതിൻ്റെ കാരണമെന്താണ്? * സമൂദ് വിഭാഗത്തിൻ്റെ മേൽ അട്ടഹാസം ഉയരുകയും അതിലൂടെ അവർ നെഞ്ച് പൊട്ടി നശിക്കുകയും ചെയ്തതിൻ്റെ കാരണമെന്താണ്? * ലൂത്വ് നബി (അ)യുടെ നാടുകൾ ആകാശ ഭാഗത്തേക്ക് ഉയർത്തപ്പെടുകയും തലകീഴായി മറിക്കപ്പെടുകയും കല്ല് മഴ വർഷിക്കുകയും ചെയ്യാനുണ്ടായ കാരണമെന്താണ്? * സുഹൈബ് നബി (അ)യുടെ സമുദായത്തിലേക്ക് തണലിൻ്റെ രൂപത്തിൽ ശിക്ഷ വരികയും അവരുടെ മേൽ തീ തുപ്പുകയും ചെയ്യാനുണ്ടായ കാരണമെന്താണ്? * ഫിർഔനും കൂട്ടരെ ചെങ്കടലിൽ മുക്കി കൊല്ലപ്പെടാനുള്ള കാരണമെന്താണ്? * ഖാറൂനിനെ ഭൂമിയിൽ കൊട്ടാരവും സ്ഥലവും സഹിതം ആഴ്ത്തപ്പെടാനുള്ള കാരണമെന്താണ്? * ഇസ്റാഈൽ സന്തതികളുടെ മേൽ ശക്തരായ ശത്രുക്കളെ അടിച്ചേൽപ്പിക്കപ്പെടുകയും അവർ വീടുകളും മറ്റും തകർക്കുകയും ചെയ്യാനുണ്ടായ കാരണമെന്താണ്? വീണ്ടും കൊല, തടവ്, പലായനം, അക്രമം എന്നിങ്ങനെ പലതരം നാശ നഷ്ടങ്ങളിൽ അവർ കുടുങ്ങാനുണ്ടായ കാരണമെന്താണ്? അതെ, ഇതിനെല്ലാം ഒരാെറ്റ കാരണമാണുള്ളത്: പാപം. പരിശുദ്ധ ഖുർആൻ ഈ സംഭവങ്ങൾ ആവർത്തിച്ചു വിവരിച്ചിട്ടുണ്ട്. ഒരിടത്ത് ഈ സംഭവങ്ങൾ പരാമർശിച്ച ശേഷം അങ്ങേയറ്റം ചുരുങ്ങിയ നിലയിൽ അതിൻ്റെ കാരണം അല്ലാഹു വിവരിക്കുന്നു: അല്ലാഹു അവരാരെയും അക്രമിക്കുകയുണ്ടായില്ല. അവർ തന്നെ അവരെ അക്രമിക്കുകയായിരുന്നു. (അൻകബൂത്ത് 40) അതെ, പാപങ്ങൾ കാരണം ഈ ലോകത്ത് തന്നെ വലിയ നാശ നഷ്ടങ്ങൾ ഉണ്ടാകുന്നതാണെന്ന് ഈ സംഭവങ്ങളിലൂടെ പരിശുദ്ധ ഖുർആൻ ആവർത്തിച്ചു അറിയിക്കുന്നു. ഇമാം അഹ്‌മദ് (റ) വിവരിക്കുന്നു: സൈപ്രസ് വിജയം വരിച്ചപ്പോൾ അബു ദർദ്ദാഅ് (റ) ഒറ്റക്കിരുന്ന് കരയുന്നതായി കണ്ട ജുബൈർ ബിൻ നളീർ (റ) ചോദിച്ചു: അല്ലാഹു ഇസ്‌ലാമിന് മുസ്‌ലിംകൾക്കും വലിയ അന്തസ്സ് നൽകിയ ഈ അനുഗ്രഹീത ദിവസം അങ്ങ് കരയുന്നത് എന്തിനാണ്? അദ്ദേഹം പറഞ്ഞു: കഷ്ടം! നിങ്ങൾ കാര്യം മനസ്സിലാക്കുന്നില്ലല്ലോ! ഒരു സമൂഹം പടച്ചവൻ്റെ വിധി വിലക്കുകൾ പാഴാക്കുമ്പോൾ അവർ നിന്ദ്യരും നിസ്സാരരുമായി മാറുന്നതാണ്. നോക്കൂ, ഈ നാട്ടിലെ പഴയ സമൂഹം വലിയ അധികാരവും അന്തസ്സുമുള്ളവരായിരുന്നു. പക്ഷേ പടച്ചവൻ്റെ വിധി വിലക്കുകളെ ഉപേക്ഷിച്ചപ്പോൾ നിങ്ങൾ കാണുന്നത് പോലെ അവർ തകരുകയുണ്ടായി. (സിയറു അഅ്ലാമിന്നുബലാഅ്) റസൂലുല്ലാഹി ﷺ അരുളി: ഒരു വ്യക്തി തിരഞ്ഞെടുക്കുന്ന പാപം കാരണമായി ഇദ്ദേഹത്തിന് ഉപജീവനം നിഷേധിക്കപ്പെടുന്നതാണ്. ഇബ്നു ഉമർ (റ) വിവരിക്കുന്നു: ഞങ്ങൾ പത്തു പേർ റസൂലുല്ലാഹി ﷺയുടെ സന്നിധിയിലായിരിക്കേ റസൂലുല്ലാഹി ﷺ ഞങ്ങളിലേക്ക് തിരിഞ്ഞു കൊണ്ടു പറഞ്ഞു: അഞ്ച് കാര്യങ്ങളുണ്ട്. നിങ്ങൾ അത് കാണുന്നതിൽ നിന്നും അഭയം തേടി കൊണ്ട് ഞാൻ അതിനെ വിവരിക്കുകയാണ്: ഒരു സമൂഹം ലജ്ജാവഹമായ കാര്യങ്ങൾ പരസ്യമായി ചെയ്യാൻ തുടങ്ങുമ്പോൾ അവർ പകർച്ചവ്യാധികളിൽ കുടുങ്ങുന്നതും മുൻഗാമികൾ കണ്ടിട്ടില്ലാത്ത രോഗങ്ങളിൽ അകപ്പെടുന്നതുമാണ്. ഒരു സമൂഹം അളവ് തൂക്കങ്ങളിൽ കുറവ് വരുത്തുമ്പോൾ ക്ഷാമവും ഞെരുക്കവും ഭരണകൂടത്തിൻ്റെ അക്രമവുമുണ്ടാകുന്നതാണ്. ഒരു സമൂഹം സകാത്തിനെ നിരാകരിച്ചാൽ മഴ അവർക്ക് തടയപ്പെടുന്നതാണ്. നാൽകാലി മൃഗങ്ങൾ ഇല്ലായിരുന്നുവെങ്കിൽ അൽപ്പം പോലും മഴ നൽകപ്പെടുകയില്ലായിരുന്നു. ഒരു സമൂഹം കരാർ ലംഘനം നടത്തിയതാൽ അല്ലാഹു അവരുടെ മേൽ ശത്രുക്കളെ അധികാരികളാക്കിയാൽ അവർ സമ്പത്ത് മുഴുവനും പിടിച്ചെടുക്കുന്നതാണ്. (ഇബ്നുമാജ) ഭൂകമ്പത്തിന് കാരണമെന്താണെന്ന് ഒരു വ്യക്തി ചോദിച്ചപ്പോൾ ആഇശ (റ) പ്രസ്താവിച്ചു: ജനങ്ങൾ വ്യഭിചാരം അനുവദനീയമായ കാര്യം പോലെ പരസ്യമായി നടത്തുകയും മദ്യപാനം നിർവ്വഹിക്കുകയും വാദ്യ ഉപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്യുമ്പോൾ അല്ലാഹുവിന് രോക്ഷം വരികയും ഭൂമിയോട് കുലുങ്ങാൻ കൽപ്പിക്കുകയും ചെയ്യുന്നതാണ്. (ഇബ്നു അബി ദുൻയാ) ഉമർ ബിൻ അബ്ദുൽ അസീസ് (റ) എല്ലാ നാടുകളിലേക്കും ഇപ്രകാരമൊരു കത്ത് അയക്കുകയുണ്ടായി. ഇപ്പോൾ ചില സ്ഥലങ്ങളിൽ ഉണ്ടായിട്ടുള്ള ഭൂമി കുലുക്കം പടച്ചവൻ്റെ കോപത്തിൻ്റെ അടയാളമാണ്. അതുകൊണ്ട് ഇന്ന ദിവസം എല്ലാവരും ഒരു പൊതു സ്ഥലത്തേക്ക് വന്ന് പടച്ചവന് മുമ്പാകെ വിനയ വണക്കങ്ങൾ നടത്തുക. സമ്പത്തുള്ളവർ അൽപ്പം ദാനം ചെയ്യുക. അല്ലാഹു അറിയിക്കുന്നു: ദാന ധർമ്മത്തിലൂടെ വിശുദ്ധി പ്രാപിക്കുകയും രക്ഷിതാവിൻ്റെ നാമം സ്മരിക്കുകയും നമസ്കരിക്കുകയും ചെയ്യുന്നവർ വിജയം വരിച്ചിരിക്കുന്നു. (അഅ്ലാ 14, 15) ആദം നബി (അ) പറഞ്ഞത് പോലെ പറയുക: .... (അഅ്റാഫ് 23) നൂഹ് നബി (അ) പറഞ്ഞത് പോലെയും പറയുക: ..... (ഹൂദ് 47 പകുതി) യൂനുസ് നബി (അ) പറഞ്ഞത് പോലെയും പറയുക: ...... (അമ്പിയാഅ് 87 പകുതി) റസൂലുല്ലാഹി ﷺ അല്ലാഹു ദാസന്മാരോട് പ്രതികാരം ചെയ്യാൻ ഉദ്ദേശിക്കുമ്പോൾ അധികമായി കുഞ്ഞുങ്ങൾ മരിക്കുകയും സ്ത്രീകൾ ഗർഭം ധരിക്കാതിരിക്കുകയും ചെയ്യുന്നതാണ്. മാലിക് ബിൻ ദീനാർ (റ) പറയുന്നു: ഒരു തത്വജ്ഞാന ഗ്രന്ഥത്തിൽ ഇപ്രകാരം വന്നിരിക്കുന്നു: അല്ലാഹു അറിയിക്കുന്നു: ഞാൻ അല്ലാഹുവാണ്. രാജാധിരാജനുമാണ്. അധികാരികളുടെ മനസ്സ് എൻ്റെ കൈയ്യിലാണ്. ആരെങ്കിലും എന്നെ അനുസരിച്ചാൽ അധികാരികളുടെ മനസ്സിൽ അവരോട് കരുണ ഉണ്ടാക്കുന്നതാണ്. ആരെങ്കിലും എന്നോട് ധിക്കാരം കാണിച്ചാൽ ഞാൻ അധികാരികളുടെ മനസ്സിൽ അവരോട് കോപം ഉണ്ടാക്കുന്നതാണ്. ആകയാൽ അധികാരികളെ വിമർശിക്കുന്നത് ജോലിയാക്കാതെ ഇരിക്കുക. എന്നിലേക്ക് മടങ്ങുക. ഞാൻ അവരുടെ മനസ്സ് നിങ്ങളോട് മയമുള്ളതാക്കുന്നതാണ്. (ഇബ്നു അബി ദുൻയാ) ഇമാം അഹ്‌മദ് ഉദ്ധരിക്കുന്നു: അല്ലാഹു ബനീ ഇസ്റാഈലിനോട് പറഞ്ഞു: എന്നോട് അനുസരണ കാട്ടിയാൽ ഞാൻ സംതൃപ്തനാകുന്നതാണ്. ഞാൻ സംതൃപ്തനാകുമ്പോൾ ഐശ്വര്യം ചൊരിയുന്നതാണ്. എൻ്റെ ഐശ്വര്യത്തിന് യാതാെരു അറ്റവുമില്ല. എന്നെ അനുസരിച്ചില്ലെങ്കിൽ ഞാൻ കോപിക്കുകയും ശപിക്കുകയും ചെയ്യുന്നതാണ്. എൻ്റെ ശാപം ഏഴ് തലമുറ വരെ പ്രതിഫലിക്കുന്നതാണ്. (സുഹ്ദ്) ഹസ്രത്ത് മുആവിയ (റ)ക്ക് ഹസ്രത്ത് ആഇശ (റ) ഇപ്രകാരം കത്തെഴുതി: "ഒരു ദാസൻ പടച്ചവനോട് അനുസരണക്കേട് കാട്ടുമ്പോൾ മുമ്പ് പ്രശംസിച്ചിരുന്നവർ നിന്ദിക്കാൻ തുടങ്ങുന്നതാണ്." (മുസ്നദുൽ ഹുമൈദി) ഇതുപോലെ പാപങ്ങളുടെ ഭൗതിക നാശ നഷ്ടങ്ങൾ പൊതുവായ നിലയിൽ വിവരിക്കുന്ന ധാരാളം വചനങ്ങളുണ്ട്. അടുത്തതായി പാപങ്ങളുടെ പേരിലുണ്ടാകുന്ന ഭൗതികമായ ചില പ്രത്യേക നാശ നഷ്ടങ്ങൾ അക്കമിട്ട് താഴെ കൊടുക്കുകയാണ്: 1. പാപങ്ങള്‍ കാരണമായി പ്രയോജനപ്രദമായ വിജ്ഞാനം ഇല്ലാതാകും. വിജ്ഞാനം ഒരു ആന്തരിക പ്രകാശമാണ്. പാപം കാരണം പ്രസ്തുത പ്രകാശം അണഞ്ഞുപോകുന്നതാണ്. ഇമാം ശാഫിഈ (റ) യെ ഇമാം മാലിക് (റ) ഉപദേശിച്ചു: അല്ലാഹു താങ്കളുടെ മനസ്സില്‍ ഒരു പ്രകാശം നിക്ഷേപിച്ചിരിക്കുന്നതായി ഞാന്‍ കാണുന്നു. ആകയാല്‍ പാപത്തിന്റെ ഇരുട്ടുകൊണ്ട് അതിനെ കെടുത്താതിരിക്കുക. 2. പാപം കാരണം ജീവിത വിഭവങ്ങളില്‍ കുറവ് സംഭവിക്കുന്നതാണ്. ഇക്കാര്യം ഹദീസില്‍ വന്നിട്ടുണ്ട്. 3. കരുണാവാരിധിയായ അല്ലാഹുവില്‍ നിന്നും അകല്‍ച്ച സംഭവിക്കുന്നതാണ്. ചെറിയ അഭിരുചിയുള്ളവര്‍ക്ക് പോലും മനസ്സിലാകുന്ന ഒരു കാര്യമാണിത്. മനസ്സിന്റെ മുഷിപ്പിനെക്കുറിച്ച് പരാതി പറഞ്ഞ ഒരു വ്യക്തിയോട് ഒരു മഹാന്‍ ഉണര്‍ത്തി '' നിന്റെ പാപം നിന്നെ മുഷിപ്പില്‍ കൊണ്ടിട്ടിരിക്കുകയാണ്. അത് മാറണമെങ്കില്‍ പാപത്തെ ഉപേക്ഷിക്കുക. 4. പാപം ചെയ്യുന്നതിലൂടെ ജനങ്ങളില്‍ നിന്നും അകല്‍ച്ചയുണ്ടാകുന്നതാണ്. വിശിഷ്യാ സജ്ജനങ്ങളോട് അടുക്കാനും അവരുമായി സഹവസിക്കാനും മനസ്സ് അനുവദിക്കുന്നതല്ല. പ്രത്യുത അവരില്‍ അകലുന്നതും ധാരാളം നന്മകള്‍ നഷ്ടപ്പെടുന്നതുമാണ്. ഒരു മഹാന്‍ പറയുന്നു: എന്നില്‍ നിന്നും വല്ല പാപവും ഉണ്ടായാല്‍ അതിന്റെ ഫലം എന്റെ ഭാര്യയുടെ മുഖത്തും പ്രകടമാകുന്നതാണ്. അവള്‍ അനുസരണയില്‍ കുറവ് വരുത്തുന്നതാണ്. 5. പാപിയുടെ പ്രവര്‍ത്തനങ്ങളില്‍ പലതരം പ്രയാസങ്ങള്‍ വരുന്നതാണ്. അതെ, തഖ്‌വ (ഭയഭക്തി) യിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമ്പോള്‍ തഖ്‌വയില്ലായ്മയിലൂടെ പരിഹാരമാര്‍ഗ്ഗങ്ങള്‍ അടയുന്നതാണ്. 6. പാപിയുടെ മനസ്സില്‍ ഇരുള്‍ അടയുന്നതാണ്. ഇത് കൂടുന്നതിനനുസരിച്ച് വിവരക്കേടും ദുര്‍മാര്‍ഗ്ഗവും അനാചാരവും വര്‍ദ്ധിക്കുന്നതും നശിക്കുന്നതുമാണ്. ഈ ഇരുളിന്റെ പ്രതിഫലനം ആദ്യം കണ്ണിലും തുടര്‍ന്ന മുഖത്തും പ്രകടകമാകുന്നതാണ്. പാപി എത്ര സുന്ദരനാണെങ്കിലും അവന്റെ മുഖം ഇരുണ്ടതായിരിക്കും. ഇബ്‌നുഅബ്ബാസ് (റ) പ്രസ്താവിക്കുന്നു: ന്മയിലൂടെ മുഖം തിളങ്ങുന്നതും മനസ്സ് പ്രകാശിക്കുന്നതും ഉപജീവനത്തില്‍ ഐശ്വര്യമുണ്ടാകുന്നതും ശരീരത്തില്‍ ശക്തി വര്‍ദ്ധിക്കുന്നതും ജനമനസ്സുകളില്‍ സ്‌നേഹമുണ്ടാകുന്നതുമാണ്. പാപം കാരണം മുഖം വിരൂപമാകുന്നതും മനസ്സ് ഇരുളാകുന്നതും ശരീരത്തിന് അലസതയും ഉപജീവനത്തില്‍ ഞെരുക്കവും ജനമനസ്സുകളില്‍ കോപവും ഉണ്ടാകുന്നതാണ്. 7. പാപങ്ങളിലൂടെ ഹൃദയവും ശരീരവും ബലഹീനമാകും. ഹൃദയം ബലഹീനമായാല്‍ ശരീരവും ബലഹീനമാകും. നന്മകളോടുള്ള താല്‍പ്പര്യം നഷ്ടപ്പെട്ട് ഹൃദയം നിര്‍ജ്ജീവമാകും. ഹൃദയം ബലഹീനമായാല്‍ ശരീരവും ബലഹീനമാകും. പേര്‍ഷ്യന്‍, റോമന്‍ സൈന്യങ്ങള്‍ വലിയ ശക്തന്മാരായിരന്നുവെങ്കിലും സഹാബാകിറാമിനെതിരില്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. 8. പാപം കാരണം നന്മകള്‍ക്കുള്ള സൗഭാഗ്യം നഷ്ടപ്പെടും. ഇന്ന് ഒരു നന്മ, നാളെ മറ്റൊരു നന്മ എന്നിങ്ങനെ ഓരോ നന്മകള്‍ ഇല്ലാതാകും. രുചികരമായ ഒരുപിടി ആഹാരത്തിലൂടെ രോഗം ബാധിച്ചതിനാല്‍ ആയിരക്കണക്കിന് രുചികരമായ ആഹാരങ്ങള്‍ നഷ്ടപ്പെടുത്തുന്നതുപോലെയാണ്. 9. പാപങ്ങളിലൂടെ ആയുസ്സ് കുറയുന്നതും ഐശ്വര്യം ഇല്ലാതാകുന്നതുമാണ്. നന്മയിലൂടെ ആയുസ്സ് വര്‍ദ്ധിക്കുമെന്ന് സഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇത്തരുണത്തില്‍ പാപത്തിലൂടെ ആയുസ്സ് കുറയുമെന്ന കാര്യവും വ്യക്തമാണ്. ആയുസ്സ് നിശ്ചയിക്കപ്പെട്ടിരുന്നതിനാല്‍ അത് കുറയുകയും കൂടുകയും ചെയ്യുന്നതെങ്ങനെയെന്ന് ആരും സംശയിക്കേണ്ടതില്ല. ഇതില്‍ സംശയിക്കുകയാണെങ്കില്‍ സമ്പന്നതയിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും രോഗത്തിലുമെല്ലാം ഇതുപോലെ സംശയിക്കേണ്ടിവരും. എന്നാല്‍ ഇവകളില്‍ ആരും സംശയിക്കാറില്ലകാര്യകാരണങ്ങളുമായി ഇവകളെ ബന്ധപ്പെടുത്തപ്പെട്ടിരിക്കുന്നുവെന്ന് വിശ്വസിച്ചുകൊണ്ട് എല്ലാവരും തങ്ങളുടെ ആരോഗ്യത്തിന് പരിശ്രമിക്കുന്നു. ഇതേനിലയില്‍ ആയുസ്സും കാര്യകാരണങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നുവെന്ന് മനസ്സിലാക്കുക. 10. ഒരു പാപം മറ്റൊന്നിലേക്കും അത് വേറൊന്നിലേക്കും നയിക്കും. ഇപ്രകാരം പാപങ്ങള്‍ പെരുകയും പാപത്തില്‍ മുങ്ങുകയും ചെയ്യുന്നതാണ്. ഇതുപോലെ പാപങ്ങള്‍ ചെയ്ത് അവ പതിവാകുന്നതും അതിനെ ഉപേക്ഷിക്കുന്നത് ദുഷ്‌കരമാകുന്നതുമാണ്. പിന്നെ ചെയ്യാതിരുന്നാല്‍ ബുദ്ധിമുട്ടാകും. രസമൊന്നുമില്ലാത്ത പാപം നിര്‍ബന്ധിതനായി ചെയ്യേണ്ടിവരും. 11. പാപങ്ങള്‍ കാരണം പശ്ചാത്താപത്തിന് ആഗ്രഹിമില്ലാതാകുന്നതും അവസാനം പശ്ചാത്താപത്തിന് ഭാഗ്യം ലഭിക്കാതെ മരണപ്പെടുന്നതുമാണ്. 12. ഒരു പാപാം ഏതാനും ദിവസം ചെയ്താല്‍ ആരും കണ്ടുകൊള്ളട്ടെ എന്ന ധൈര്യമുണ്ടാകുന്നതും അഹങ്കാരത്തോടെ അതിനെക്കുറിച്ച് പറയുന്നതുമാണ്. ഇത്തരം വ്യക്തി മാപ്പില്‍ നിന്നും അകന്നുകൊണ്ടിരിക്കുന്നതാണ്. റസൂലുല്ലാഹി (സ) അരുളി: എന്റെ സമുദായത്തില്‍ അഹങ്കാരത്തോടെ പരസ്യമായി പാപം ചെയ്യുന്നവന്‍ ഒഴിച്ചുള്ളവര്‍ക്കെല്ലാം പൊറുത്തുകൊടുക്കപ്പെടുന്നതാണ്. രാത്രിയില്‍ ചെയ്ത പാപങ്ങള്‍ അല്ലാഹു മറച്ചുവെച്ചിട്ടും പകലാകുമ്പോള്‍ ഞാന്‍ ഇന്നലെ രാത്രി ഇങ്ങനെയെല്ലാം ചെയ്തുവെന്ന് പറഞ്ഞ് രക്ഷിതാവിന്റെ മറ കീറുന്നത് അതില്‍ പെട്ടതാണ്. ചിലപ്പോള്‍ ഈ ദു:സ്വഭാവം നിഷേധത്തില്‍ കൊണ്ടെത്തിക്കുന്നതാണ്. ഒരു മഹാന്‍ പറയുന്നു: നിങ്ങള്‍ പാപത്തെ മാത്രമാണ് പേടിക്കുന്നത്. ഞാന്‍ ഭയക്കുന്നത് നിഷേധത്തെയാണ്. 13. പാപി ശപിക്കപ്പെട്ടവരുടെ പിന്‍ഗാമികളാകുന്നതാണ്. ഉദാഹരണത്തിന് പൊങ്ങച്ചം ആദ് സമൂഹത്തിന്റെയും നാശം ഫിര്‍ഔനിന്റെയും സമ്പാദ്യത്തിലെ കൃത്രിമം മദ്‌യന്‍ നിവാസികളുടെയും സ്വവര്‍സംഭോഗം ലൂത്വ് നബി (അ) ന്റെ പാപാകളായ സമുദായത്തിന്റെയും അനന്തരവകാശമാണ്. ഇബ്‌നുഉമര്‍ (റ) നിവേദനം, റസൂലുല്ലാഹി (സ) അരുളി: ഒരു കൂട്ടരോട് സാദൃശ്യനാകുന്നവന്‍ അവര്‍ പെട്ടവരാണ്. (അഹ്മദ്). 14. പാപം ആവര്‍ത്തിക്കുന്നതിലൂടെ പാപി അല്ലാഹുവിങ്കല്‍ നിന്ദ്യനാകുന്നതാണ്. അവന്‍ സൃഷ്ടികള്‍ക്കിടയിലും നിസാരനാകുന്നതാണ്. അല്ലാഹു നിന്ദിച്ചവനെ ആദരിക്കാന്‍ ആരുമില്ല (ഹജ്ജ്). അവന്റെ അക്രമം ഭയന്ന് ജനങ്ങള്‍ അവനെ ആദരിച്ചാലും അവരുടെ മനസ്സില്‍ അവന് ആദരവ് കാണില്ല. 15. പാപത്തിന്റെ നാശം പാപിക്ക് വാദിക്കുന്നതുപോലെ ഇതര സൃഷ്ടികള്‍ക്കും ബാധിക്കുന്നതാണ്. അവലെല്ലാവരും പാപിയെ ശപിക്കുന്നതാണ്. പാപത്തിന്റെ ശിക്ഷ കൂടാതെയാണ് ഈ ശാപം. മുജാഹിദ് (റ) പ്രസ്താവിക്കുന്നു: പാപം കാരണം ക്ഷാമം സംഭവിക്കുന്നതും മൃഗങ്ങള്‍ പാപികളെ ശപിക്കുന്നതുമാണ്. 16. പാപം പ്രവർത്തിക്കുന്നതിലൂടെ ബുദ്ധി മോശമാകുന്നതും നാശമാകുന്നതുമാണ്. ബുദ്ധി ഒരു പ്രകാശമാണ്. പാപത്തിലൂടെ അതിൽ കുറവ് സംഭവിക്കുന്നതാണ്. മാത്രമല്ല, പാപം പ്രവർത്തിക്കുന്നത് തന്നെ ബുദ്ധി കുറവിൻ്റെ അടയാളമാണ്. കാരണം ബുദ്ധിയുള്ളവരുടെ മുന്നിൽ പാപങ്ങൾ വരുമ്പോൾ ഇപ്രകാരം ചിന്തിക്കുന്നതാണ്. ഞാൻ പടച്ചവൻ്റെ അടിമയും നിയന്ത്രണത്തിലുള്ളവനുമാണ്. പടച്ചവൻ എന്നെ കാണുന്നുണ്ട്. സാക്ഷികളായി മലക്കുകളുമുണ്ട്. ഈ പാപം പടച്ചവൻ തടഞ്ഞിട്ടുള്ളതാണ്. സത്യവിശ്വാസവും മരണവും നരകവും പാപത്തെ തടയുന്നു. പാപത്തിന് അനുസരിച്ച് ജീവിത സുഖം കുറയുകയും ഭൗതിക പാരത്രിക പ്രയോജനങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്നതാണ്! ഇപ്രകാരം ചിന്തിക്കുന്ന ആരെങ്കിലും പാപങ്ങൾ ചെയ്യുമോ? 17. പാപത്തിൻ്റെ വലിയൊരു നാശം പാപിയായ മനുഷ്യൻ റസൂലുല്ലാഹി ﷺയുടെ ശാപത്തിന് ഇരയാകുന്നതാണ്. റസൂലുല്ലാഹി ﷺ ധാരാളം പാപങ്ങളെ എടുത്ത് പറഞ്ഞ് ശപിച്ചിട്ടുണ്ട്. അതിൽ ചില പാപങ്ങൾ താഴെ കൊടുക്കുന്നു. ഇതിനേക്കാളും വലിയ പാപങ്ങൾക്കും ഈ ശാപം ബാധകമാവുന്നതാണ്. * പച്ച കുത്തുകയും മുടിയെ ചേർക്കുകയും ചെയ്യുന്ന സ്ത്രീകളെ റസൂലുല്ലാഹി ﷺ ശപിച്ചിരിക്കുന്നു. (ബുഖാരി, മുസ്‌ലിം) * പലിശ വാങ്ങുന്നവരെയും കൊടുക്കുന്നവരെയും എഴുതുന്നവരെയും സാക്ഷി നിൽക്കുന്നവരെയും റസൂലുല്ലാഹി ﷺ ശപിച്ചിരിക്കുന്നു. (മുസ്‌ലിം) * വിവാഹമോചനം നടത്തപ്പെട്ട സ്ത്രീയെ വീണ്ടും വിവാഹമോചനം ചെയ്യണമെന്ന നിബന്ധനയോടെ വിവാഹം കഴിക്കുന്ന വ്യക്തിയെയും റസൂലുല്ലാഹി ﷺ ശപിച്ചു. ( അബൂദാവൂദ്) * കള്ള് കുടിക്കുകയും കുടിപ്പിക്കുകയും കള്ള് തയ്യാറാക്കുകയും തയ്യാറാക്കിപ്പിക്കുകയും വിൽക്കുകയും വാങ്ങുകയും അതിൻ്റെ വില ഉപയോഗിക്കുകയും അത് ചുമക്കുകയും ചുമട് എടുപ്പിക്കുന്നവരെയും റസൂലുല്ലാഹി ﷺ ശപിച്ചു. (അബൂ ദാവൂദ്) * പിതാവിനെ ശപിക്കുന്നവനെ റസൂലുല്ലാഹി ﷺ ശപിച്ചു. (മുസ്തദ്റഖ് ഹാകിം) * ജീവയെ അടയാളമാക്കുന്ന വ്യക്തിയെയും റസൂലുല്ലാഹി ﷺ ശപിച്ചു. (മുസ്‌ലിം) * സ്ത്രീകളോട് സാദൃശ്യത സ്വീകരിക്കുന്ന പുരുഷന്മാരെയും പുരുഷന്മാരുടെ കോലം സ്വീകരിക്കുന്ന സ്ത്രീകളെയും റസൂലുല്ലാഹി ﷺ ശപിച്ചു. (ഇബ്നുമാജ) * അല്ലാഹു തആലാ അല്ലാത്തവരുടെ പേരിൽ അറുക്കുന്നവരെയും റസൂലുല്ലാഹി ﷺ ശപിച്ചു. (മുസ്‌ലിം) * ദീനിൽ പുതിയ കാര്യം കൊണ്ടുവരുന്ന വ്യക്തിയെയും അത്തരക്കാർക്ക് അഭയം നൽകുന്നവരെയും റസൂലുല്ലാഹി ﷺ ശപിച്ചു. (ബുഖാരി) * രൂപം ഉണ്ടാക്കുന്നവരെയും റസൂലുല്ലാഹി ﷺ ശപിച്ചു. (ബുഖാരി) * സ്വവർഗ്ഗരതി നടത്തുന്നവരെ റസൂലുല്ലാഹി ﷺ ശപിച്ചു. (നസാഈ) * മൃഗങ്ങളെ ഭോഗിക്കുന്നവരെ റസൂലുല്ലാഹി ﷺ ശപിച്ചു. (നസാഈ) * മൃഗങ്ങളുടെ മുഖത്ത് മുറിവേൽപ്പിച്ച് പാട് ഉണ്ടാക്കുന്നവരെ റസൂലുല്ലാഹി ﷺ ശപിച്ചു. (മുസ്‌ലിം) * സഹോദരനെ ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നവനെ റസൂലുല്ലാഹി ﷺ ശപിച്ചു. (തിർമിദി) * ഖബ്റുകളിലേക്ക് പോകുന്ന സ്ത്രീകളെയും ഖബ്റുകളിൽ സുജൂദ് ചെയ്യുന്നവരെയും വിളക്ക് കത്തിക്കുന്നവരെയും റസൂലുല്ലാഹി ﷺ ശപിച്ചു. (അബൂദാവൂദ്) ഇതുപോലെ ധാരാളം തിന്മകളുടെ പേരിൽ ശാപമുണ്ടായിട്ടുണ്ട്. ആപത്തിൻ്റെ പേരിൽ ഇതല്ലാത്ത മറ്റു കുഴപ്പങ്ങളൊന്നും ഇല്ലെങ്കിലും ഇത് തന്നെ എത്ര വലിയ കുഴപ്പമാണ്. അതെ, അല്ലാഹുവിൻ്റെയും ദൂതരുടെയും ശാപത്തിന് ഇരയാകുന്നത് എത്ര വലിയ നാശവും നഷ്ടവുമാണ്. 18. പാപങ്ങൾ ചെയ്യുന്നതിലൂടെ മലക്കുകളുടെ അനുകൂലമായ ദുആകളും ശുപാർശകളും നഷ്ടപ്പെടുന്നതാണ്. പരിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു: ..... (ഗാഫിർ 7,8) പാപങ്ങളിൽ നിന്നും പശ്ചാതപിക്കുകയും നേർമാർഗ്ഗത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന സത്യവിശ്വാസികൾക്ക് വേണ്ടി അല്ലാഹുവുമായി വളരെ അടുത്ത മലക്കുകൾ വിലയേറിയ ദുആകൾ ചെയ്യുന്നതാണെന്ന് ഈ ആയത്തുകളിൽ നിന്നും മനസ്സിലാവുന്നു. എന്നാൽ പാപങ്ങളിൽ മുഴുകി കഴിയുന്നവർക്ക് ഈ അമൂല്യ നിധി നഷ്ടമാകുന്നതാണ്. 19. പാപങ്ങൾ കാരണം പലതരം നാശങ്ങളും നഷ്ടങ്ങളും ഈ ലോകത്ത് ഉണ്ടാകുന്നതാണ്. ശുദ്ധജലവും വായുവും ധാന്യങ്ങളും ഫലങ്ങളും കുറയുന്നതാണ്. അല്ലാഹു പറയുന്നു: .... (റൂം 41) ഇമാം അഹ്‌മദ് (റ) ഒരു ഹദീസ് വിവരിച്ചു കൊണ്ട് ഇപ്രകാരം പറയുന്നു: ബനൂ ഉമയ്യയുടെ ഒരു ഖജനാവിൽ ഈത്തപ്പഴ കുരുവിൻ്റെ വലിപ്പമുള്ള ഗോതമ്പ് മണികൾ ഞാൻ കാണുകയുണ്ടായി. ഇത് നീതിയുടെ പേരിൽ ഉണ്ടായതാണെന്ന് അതിൻ്റെ ചാക്കിന് മുകളിൽ എഴുതപ്പെട്ടിരുന്നു. (അഹ്‌മദ്) പഴയ കാലത്ത് തിന്മകൾ കുറവും നന്മകൾ അധികവുമായിരുന്നത് കൊണ്ട് സാധന സാമഗ്രികളിൽ വലിയ ഐശ്വര്യം കാണപ്പെട്ടു. ഇന്ന് പാപങ്ങൾ കാരണം ഐശ്വര്യം വളരെ കുറഞ്ഞിരിക്കുകയാണ്. ഇതെല്ലാം നമ്മുടെ പാപങ്ങളുടെ ഫലമാണ്. ലോകാവസാനത്തിന് മുമ്പ് ഈസാ നബി (അ) വീണ്ടും വരുമ്പോൾ നന്മകൾ അധികരിക്കുകയും പാപങ്ങൾ കുറയുകയും ചെയ്യുന്നതും വലിയ ഐശ്വര്യങ്ങൾ പ്രകടമാകുന്നതുമാണ്. സ്വഹീഹായ ഹദീസിൽ വരുന്നു: ഒരു മാതളം ഒരു വലിയ സംഘത്തിന് മതിയാകുന്നതാണ്. അതിൻ്റെ തണലിൽ ഒരു സംഘം ഇരിക്കുന്നതുമാണ്. അതിൻ്റെ ഒരു മണി ഒരോട്ടകം ചുമക്കുന്നത്ര ഭാരമുള്ളതായിരിക്കും. (മുസ്‌ലിം) 20. പാപങ്ങളിലൂടെ ലജ്ജയില്ലാതാകുന്നതാണ്. ലജ്ജയില്ലാതായാൽ മനുഷ്യൻ തോന്നുതെല്ലാം ചെയ്യുകയും അവൻ്റെ പരിഗണന നഷ്ടപ്പെടുകയും ചെയ്യുന്നതാണ്. 21. പാപങ്ങൾ കാരണം അല്ലാഹുവിൻ്റെ മഹത്വം മനസ്സിൽ ഇല്ലാതാവുന്നതാണ്. അതെ, പടച്ചവൻ്റെ മഹത്വം മനസ്സിലുണ്ടെങ്കിൽ പടച്ചവനെതിരായ എന്തെങ്കിലും കാര്യം ചെയ്യാൻ സാധിക്കുമോ? ആരുടെയെങ്കിൽ മനസ്സിൽ പടച്ചവൻ്റെ മഹത്വം ഇല്ലാതായാൽ അല്ലാഹുവിൻ്റെ ദൃഷ്ടിയിൽ അവൻ്റെ അന്തസ്സ് നഷ്ടപ്പെടുന്നതും തുടർന്ന് ജനങ്ങളുടെ ദൃഷ്ടിയിൽ അവൻ നിന്ദ്യനായി തീരുന്നതുമാണ്. 22. പാപങ്ങൾ കാരണം അനുഗ്രഹങ്ങൾ നഷ്ടപ്പെടുന്നതും പ്രയാസങ്ങളും നാശങ്ങളും അധികരിക്കുന്നതുമാണ്. അലി (റ) പറയുന്നു: പാപങ്ങളുടെ പേരിൽ മാത്രമാണ് നാശങ്ങൾ ഉണ്ടാകുന്നത്. തൗബ കൊണ്ട് മാത്രമാണ് പരീക്ഷണങ്ങൾ വിദൂരമാകുന്നത്. (അൽജവാബുൽ കാഫി) അല്ലാഹു പറയുന്നു: ... (ശൂറ 30) ..... (അൻഫാൻ 53) അതെ, പാപങ്ങൾ കാരണം അനുഗ്രഹങ്ങൾ ഇല്ലാതാവുന്നതാണ്. പാപികളായ ആളുകൾ വലിയ സുഖ രസങ്ങളിൽ കഴിയുന്നല്ലോ എന്ന് ഇവിടെ സംശയിക്കേണ്ടതില്ല. കാരണം ഇതിന് ഇസ്തിദ്റാജ് (താൽക്കാലിക സുഖം) എന്ന് പറയപ്പെടുന്നു. ഇത് കൂടുതൽ അപകടകരമാണ്. കാരണം കുറഞ്ഞ നാളുകൾക്ക് ശേഷം മുഴുവൻ നാശങ്ങളും കൂടി സംഭവിക്കുന്നതാണ്. ഇന്ന് പാഠം പഠിക്കാത്ത വിദ്യാർത്ഥികളെ ചിലപ്പോൾ അധ്യാപകൻ ശിക്ഷിക്കാറില്ല എന്നാൽ എല്ലാം കൂട്ടിച്ചേർത്ത് പരീക്ഷയുടെ സമയത്ത് നൽകുന്നതാണ്. 23. പാപങ്ങൾ കാരണം പ്രശംസയുടെ പേരുകൾ നഷ്ടപ്പെട്ട് നിന്ദ്യതയുടെ പേരുകൾ വീഴുന്നതാണ്. ഉദാഹരണത്തിന് നന്മ നിറഞ്ഞവർക്ക് വിശ്വസി, ഗുണമുള്ളവൻ, അനുസരണയുള്ളവൻ, വിനയാന്വിതൻ, പടച്ചവൻ്റെ മിത്രം, ഭയഭക്തൻ, നന്മക്ക് പരിശ്രമിക്കുന്നവൻ, ആരാധന അധികരിച്ചവൻ, പടച്ചവനെ ഭയക്കുന്നവൻ, ഖേദിച്ചു മടങ്ങുന്നവൻ, പരിശുദ്ധൻ, സംതൃപ്തൻ, റുകൂഅ് സുജൂദുകൾ അധികരിപ്പിച്ചവൻ, സത്യസന്ധൻ, സഹനശീലൻ, ധർമ്മിഷ്ഠൻ മുതലായ നാമങ്ങൾ ലഭിക്കുന്നതാണ്. എന്നാൽ നന്മകൾ വർജ്ജിച്ച് തിന്മകളിൽ മുഴുകുമ്പോൾ പേരുകൾ മോശമാകുന്നതാണ്. തെമ്മാടി, ദുർമാർഗ്ഗി, പാപി, ധിക്കാരി, നാശകാരി, മ്ലേച്ഛൻ, ശപ്തൻ, വ്യഭിചാരി, മോഷ്ടാവ്, കൊലയാളി, കള്ളൻ, വഞ്ചകൻ, അഹങ്കാരി, അക്രമി, വിവരംകെട്ടവൻ മുതലായ പേരുകൾ വീഴുന്നതാണ്. 24. പാപം കാരണം പിശാചുക്കൾ അധികാരിയാവുന്നതാണ്. അതെ നന്മകൾ ഒരു ഇലാഹി കോട്ടയാണ്. അതിലൂടെ ശത്രുക്കളിൽ നിന്നും സുരക്ഷിതനാകുന്നതാണ്. എന്നാൽ ആ കോട്ടയിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതോടെ ശത്രുക്കൾ വലയം ചെയ്യുന്നതും അവർ ഉദേശിക്കുന്നത് പോലെ തിരിച്ചു വിടുന്നതുമാണ്. അവസാനം മനസ്സാ വാചാ കർമ്മണാ അടിമുടി അവരെ പാപത്തിൽ മുക്കുന്നതാണ്. 25. പാപങ്ങൾ കാരണം മനസ്സിൻ്റെ സമാധാനം നഷ്ടപ്പെടുകയും അസ്വസ്ഥത ശക്തമാകുന്നതും ആരെങ്കിലും അറിഞ്ഞോ?, അന്തസ്സ് ഇല്ലാതാകുമോ?, തിരിച്ചടി ഉണ്ടാകുമോ എന്ന ഭയം നിരന്തരം വേട്ടയാടുന്നതുമാണ്. അല്ലാഹു പറയുന്നു: ....... (ത്വാഹാ 124) 26. പാപങ്ങൾ അധികരിക്കുന്നതിലൂടെ മനസ്സിൽ പാപങ്ങൾ ഉറയ്ക്കുന്നതും മരണ നേരം അത് പ്രകടമാകുന്നതും കലിമ പറയാൻ സാധിക്കാതെ വരുന്നതുമാണ്. അതെ, ജീവിത കാലഘട്ടത്തിൽ മനുഷ്യൻ നിരന്തരം ബന്ധപ്പെട്ട കാര്യങ്ങൾ ജീവിതാവസാനത്തിലും മുന്നോട്ട് വരുന്നതാണ്. ഇക്കാര്യം വിളിച്ചറിയിക്കുന്ന ധാരാളം സംഭവങ്ങളുണ്ട്. രാവും പകലും കച്ചവടത്തിൽ കഴിഞ്ഞിരുന്ന ഒരു വ്യക്തിക്ക് മരണം ആസന്നമായപ്പോൾ അടുത്തുള്ളവർ കലിമ പറഞ്ഞു കൊടുത്തു. പക്ഷേ അദ്ദേഹം ഈ വസ്ത്രം നല്ലതാണ്, ആ വസ്ത്രം കൊള്ളാം എന്നിങ്ങനെ പറഞ്ഞു കൊണ്ടിരുന്നു. യാചന തൊഴിലാക്കിയ ഒരു വ്യക്തി മരണ നേരം, പടച്ചവനെ ഓർത്ത് എനിക്ക് പൈസ വല്ലതും തരൂ എന്ന് പറഞ്ഞു കൊണ്ടിരുന്നു. വേറെ ചിലർക്ക് മരണ നേരം കലിമ ചൊല്ലി കൊടുക്കപ്പെട്ടപ്പോൾ ഹാ കഷ്ടം! എനിക്ക് പറയാൻ സാധിക്കുന്നില്ലല്ലോ എന്ന് പറഞ്ഞു വിലപിക്കുകയുണ്ടായി. അല്ലാഹു നാമെല്ലാവരെയും കാത്തു രക്ഷിക്കട്ടെ! 27. പാപത്തിൻ്റെ മറ്റൊരു കുഴപ്പം പടച്ചവൻ്റെ കാരുണ്യത്തിൽ നിന്നും നിരാശനാകുന്നു എന്നതാണ്. അങ്ങനെ പശ്ചാതപിക്കാതിരിക്കുകയും ആ അവസ്ഥയിൽ മരിക്കുകയും ചെയ്യുന്നതാണ്. ഇത്തരം ഒരു വ്യക്തിക്ക് മരണനേരത്ത് കലിമ ചൊല്ലി കൊടുക്കപ്പെട്ടപ്പോൾ പറഞ്ഞു: ഈ കലിമ കൊണ്ട് എനിക്ക് ഒരു ഗുണവുമുണ്ടായിട്ടില്ല. സർവ്വ പാപങ്ങളും ചെയ്ത ഞാൻ ഒരു നന്മയും ചെയ്തിട്ടില്ല. അവസാനം കലിമ ചൊല്ലാതെ ഈ ലോകത്ത് നിന്നും യാത്രയായി. മറ്റൊരു വ്യക്തിക്ക് കലിമ പറഞ്ഞ് കൊടുക്കപ്പെട്ടപ്പോൾ ഒരിക്കലും നിസ്‌കരിക്കാത്ത എനിക്ക് ഇത് കൊണ്ട് എന്ത് ഗുണം എന്ന് ചോദിച്ചു മരണപ്പെട്ടു. ചിലർ മരണ നേരത്തും പാപങ്ങളുമായി ബന്ധപ്പെട്ട് യാത്രയായി. ചുരുക്കത്തിൽ പാപങ്ങളിലൂടെ ഈ ലോകത്ത് തന്നെ ധാരാളം നാശനഷ്ടങ്ങൾ സംഭവിക്കുന്നതാണ്. അതിൽ ചില കാര്യങ്ങൾ മാത്രമാണ് ഇവിടെ വിവരിക്കപ്പെട്ടത്. ഇതു കൂടാതെ ആന്തരികവും ബാഹ്യയുമായ വേറെയും ധാരാളം നാശനഷ്ടങ്ങളുണ്ട്. പരിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നതിലൂടെയും ആത്മാർത്ഥമായി പരിചിന്തനം നടത്തുന്നതിലൂടെയും അവ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ഇതു കൂടാതെ പരലോകത്തിൽ സംഭവിക്കാനിരിക്കുന്ന നാശനഷ്ടങ്ങൾ ഇത് കൂടാതെയുള്ളതാണ്. അവസാന അധ്യായത്തിൽ അതും ഹൃസ്വമായി വിവരിക്കുന്നതാണ്. ചെറുതും വ്യാജവുമായ ഭൗതിക ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടി നാശനഷ്ടങ്ങളുടെയും പ്രയാസ പ്രശ്നങ്ങളുടെയും ഇത്ര വലിയ പർവ്വതം തലയേറ്റാൻ ആരെങ്കിലും തയ്യാറാകുമോ? ഭൗതികമായ കാര്യങ്ങളിൽ ചെറിയ നാശനഷ്ടങ്ങൾ പോലും അനുവദിക്കാത്ത നാം എങ്ങനെയാണ് പാപങ്ങളുടെ പേരിൽ ഇത്ര വലിയ നാശനഷ്ടങ്ങൾ സഹിക്കാൻ സന്നദ്ധമാകുന്നത്? അല്ലാഹു നാമെല്ലാവരെയും മുഴുവൻ പാപങ്ങളിൽ നിന്നും കാത്തു രക്ഷിക്കട്ടെ!
************
മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുൽ ഹശ്ർ-2 (24 ആയത്തുകൾ, പദങ്ങൾ 445, അക്ഷരങ്ങൾ 1913, മദീനമുനവ്വറയിൽ അവതരണം. 3 റുകൂഅ്. അവതരണ ക്രമം 101. പാരായണ ക്രമം 59. സൂറത്തുൽ ബയ്യിനക്ക് ശേഷം അവതരണം)
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തിൽ ആരംഭം
പോരാട്ടമില്ലാതെ ലഭിച്ച ഭൂമി പ്രവാചകനുള്ളതാണ്, റസൂലുല്ലാഹി (സ) അതിൽ സാധുക്കളെ പരിഗണിച്ചു, ഉന്നത സഹാബികളുടെയും ഉത്തമ പിൻഗാമികളുടെയും മഹൽ ഗുണങ്ങൾ
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 06-10
وَمَا أَفَاءَ اللَّهُ عَلَىٰ رَسُولِهِ مِنْهُمْ فَمَا أَوْجَفْتُمْ عَلَيْهِ مِنْ خَيْلٍ وَلَا رِكَابٍ وَلَٰكِنَّ اللَّهَ يُسَلِّطُ رُسُلَهُ عَلَىٰ مَن يَشَاءُ ۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ (6) مَّا أَفَاءَ اللَّهُ عَلَىٰ رَسُولِهِ مِنْ أَهْلِ الْقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ كَيْ لَا يَكُونَ دُولَةً بَيْنَ الْأَغْنِيَاءِ مِنكُمْ ۚ وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ وَاتَّقُوا اللَّهَ ۖ إِنَّ اللَّهَ شَدِيدُ الْعِقَابِ (7) لِلْفُقَرَاءِ الْمُهَاجِرِينَ الَّذِينَ أُخْرِجُوا مِن دِيَارِهِمْ وَأَمْوَالِهِمْ يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا وَيَنصُرُونَ اللَّهَ وَرَسُولَهُ ۚ أُولَٰئِكَ هُمُ الصَّادِقُونَ (8) وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِّمَّا أُوتُوا وَيُؤْثِرُونَ عَلَىٰ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِ فَأُولَٰئِكَ هُمُ الْمُفْلِحُونَ (9)
അവരിൽ നിന്നും അല്ലാഹു തന്റെ ദൂതന് നൽകിയ സമ്പത്തിൽ നിങ്ങൾ കുതിരയെയോ ഒട്ടകത്തെയോ ഓടിച്ചിട്ടില്ല. എന്നാൽ അല്ലാഹു ഉദ്ദേശിക്കുന്നവരുടെമേൽ അവന്റെ ദൂതന്മാരെ അവൻ അധികാരിയാക്കുന്നു. അല്ലാഹു സർവ്വതിനും കഴിവുള്ളവനാകുന്നു.(6) ഗ്രാമവാസികളിൽ നിന്നും അല്ലാഹു അവന്റെ ദൂതന് കൊടുത്ത സമ്പത്ത് അല്ലാഹുവിനും റസൂലിനും പ്രവാചക കുടുംബത്തിനും അനാഥർക്കും പട്ടിണി പാവങ്ങൾക്കും യാത്രികർക്കും ഉള്ളതാകുന്നു. സമ്പത്ത് സമ്പന്നർക്കിടയിൽ മാത്രം കറങ്ങുന്നതാകാതിരിക്കാൻ വേണ്ടിയാണിത്. പ്രവാചകൻ നിങ്ങൾക്ക് നൽകുന്നത് നിങ്ങൾ സ്വീകരിക്കുക. പ്രവാചകൻ തടയുന്ന കാര്യത്തിൽ നിന്നും അകന്ന് കഴിയുക. നിങ്ങൾ അല്ലാഹുവിനെ ഭയക്കുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.(7) അല്ലാഹുവിന്റെ ഔദാര്യവും തൃപ്തിയും കാംക്ഷിച്ചുകൊണ്ട് അല്ലാഹുവിനെയും റസൂലിനെയും സഹായിക്കാൻ വേണ്ടി വീടുകളിൽ നിന്നും സമ്പത്തുകളിൽ നിന്നും പുറത്താക്കപ്പെട്ട പട്ടിണിപ്പാവങ്ങളായ മുഹാജിറുകളെ ഈ സ്വത്തിൽ പ്രത്യേകം പരിഗണിക്കുക. അവർ സത്യസന്ധരാണ്.(8) അവർക്ക് മുമ്പ് മദീനയിൽ വീട് ഒരുക്കുകയും ഈമാനിൽ ഉറച്ചുനിൽക്കുകയും ചെയ്തവർ അവരിലേക്ക് ഹിജ്റ ചെയ്തുവന്നവരെ സ്നേഹിക്കുന്നു. മുഹാജിറുകൾക്ക് നൽകപ്പെടുന്നതിന്റെ പേരിൽ ഇവർ ദരിദ്രരായിരുന്നിട്ടുകൂടി ഇവരുടെ മനസ്സിൽ ഒരു ഞെരുക്കവും ഇവർക്ക് അനുഭവപ്പെടുന്നില്ല. ആരെങ്കിലും മനസ്സിന്റെ സ്വാർത്ഥതയിൽ നിന്നും സംരക്ഷിക്കപ്പെട്ടാൽ അവർ വിജയം വരിക്കുന്നവരാണ്.(9) അവർക്ക് ശേഷം വരുന്നവർ ഇപ്രകാരം പറയുന്നതാണ്: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും സത്യവിശ്വാസത്തിൽ ഞങ്ങളെ മുൻകടന്ന ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തു തരേണമേ. ഞങ്ങളുടെ മനസ്സിൽ സത്യവിശ്വാസികളെക്കുറിച്ച് പകവയ്ക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, നീ വലിയ അലിവും കരുണയും ഉള്ളവനാണ്.(10) ആശയ സംഗ്രഹം ബനൂനളിർ ഗോത്രത്തിൽ പെട്ടവരോട് സ്വീകരിക്കപ്പെട്ട സമീപനമാണ് മുകളിൽ വിവരിച്ചത്. അടുത്തതായി അവരുടെ സമ്പത്തിനോട് സമീപിയ്‌ക്കേണ്ട കാര്യം വിവരിക്കുന്നു: അവരിൽ നിന്നും അല്ലാഹു തന്റെ ദൂതന് നൽകിയ സമ്പത്തിൽ നിങ്ങൾക്ക് യാതൊരു പ്രയാസവും അനുഭവിക്കേണ്ടി വന്നിട്ടില്ല. അതെ, അത് കരസ്ഥമാക്കുന്നതിന് കുതിരയെയോ ഒട്ടകത്തെയോ നിങ്ങൾ ഓടിച്ച് യാത്ര ചെയ്യേണ്ടി വന്നിട്ടില്ല. കാരണം അത് മദീനയിൽ നിന്നും മൂന്ന് മൈൽ മാത്രം ദൂരത്തുള്ള സ്ഥലമാണ്. അവിടെ പേരിന് മാത്രം ചെറിയ ഒരു പോരാട്ടം നടന്നതേയുള്ളൂ. അതുകൊണ്ട് പ്രസ്തുത സമ്പത്ത് ഗനീമത്ത് സ്വത്ത് പോലെ വീതിക്കാനോ ഉടമയാക്കാനോ നിങ്ങൾക്ക് അർഹതയില്ല. എന്നാൽ അല്ലാഹു ഉദ്ദേശിക്കുന്ന ശത്രുക്കളുടെമേൽ അവന്റെ ദൂതന്മാരെ അവൻ അധികാരിയാക്കുന്നു. അതായത് അവരുടെ മനസ്സിൽ ഉൾഭയം ഇട്ട് കൊടുക്കുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്യുന്നു. അതിനുവേണ്ടി നിങ്ങൾക്ക് ബുദ്ധിമുട്ടൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല. ഇപ്രകാരം അല്ലാഹു ഉന്നത ദൂതനായ മുഹമ്മദ് നബി (സ)യെ ബനുനളീർ സമ്പത്തിന്റെ മേൽ അധികാരിയാക്കി. പ്രസ്തുത സമ്പത്തിൽ നിങ്ങൾക്ക് യാതൊരു അധികാരവുമില്ല. അതിന്റെ പൂർണ്ണമായ അധികാരം റസൂലുല്ലാഹി (സ)യ്ക്ക് മാത്രമാണ്. അല്ലാഹു സർവ്വതിനും കഴിവുള്ളവനാകുന്നു. അവൻ ഉദ്ദേശിക്കുമ്പോൾ ശത്രുക്കളെ പരാജയപ്പെടുത്തുകയും പ്രവാചകന് അധികാരം നൽകുകയും ചെയ്യുന്നു. ആകയാൽ ബനുന്നളീറിന്റെയും ഇതര ഗ്രാമവാസികളുടെയും പക്കൽ നിന്നും അല്ലാഹു അവന്റെ ദൂതന് കൊടുത്ത ഫദക്, ഖൈബർ പോലുള്ള സമ്പത്തിൽ നിങ്ങൾക്ക് യാതൊരുവിധ ഉടമാവകാശവുമില്ല. മറിച്ച് അത് അല്ലാഹുവിനുള്ളതാകുന്നു. അല്ലാഹു ഇഷ്ടപ്പെടുന്നതുപോലെ അതിൽ വിധി പറയുന്നു. അതുപോലെ റസൂലിനുമുള്ളതാണ്. അല്ലാഹു ഈ സമ്പത്തിൽ ഉടമയെപ്പോലെ കൈകാര്യം ചെയ്യാൻ റസൂലിന് അനുവാദം നൽകിയിരിക്കുന്നു. കൂടാതെ, പ്രവാചക കുടുംബത്തിനും അനാഥർക്കും പട്ടിണി പാവങ്ങൾക്കും യാത്രികർക്കും അതിൽ അവകാശമുണ്ട്. റസൂലുല്ലാഹി (സ)യുടെ തീരുമാനത്തിന് അനുസരിച്ച് ഇവർക്ക് അതിൽ നിന്നും നൽകപ്പെടുന്നതാണ്. ഇവരെ പ്രത്യേകം പറഞ്ഞിരിക്കുന്നത് കൊണ്ട് ഇവർക്ക് മാത്രമേ കൊടുക്കാവൂ എന്ന് അർത്ഥമില്ല. പ്രത്യേകിച്ചും ജിഹാദിൽ പങ്കെടുത്തവർക്കും റസൂലുല്ലാഹി (സ) നൽകാൻ ആഗ്രഹിക്കുന്ന മറ്റ് ആവശ്യക്കാർക്കും ഇത് കൊടുക്കാവുന്നതാണ്. ജിഹാദിൽ പങ്കെടുക്കാതെ തന്നെ മേൽ പറയപ്പെട്ടവർക്ക് ഇതിൽ നിന്നും നൽകാമെങ്കിൽ ജിഹാദിൽ പങ്കെടുത്തവർക്ക് തീർച്ചയായും നൽകാവുന്നതാണ്. സമ്പത്ത് സമ്പന്നർക്കിടയിൽ മാത്രം കറങ്ങുന്നതാകാതിരിക്കാൻ വേണ്ടിയാണ് ഈ നിയമം വിവരിച്ചത്. ജാഹിലിയ്യാ കാലത്ത് യുദ്ധ മുതലുകളെല്ലാം അധികാരികൾ മാത്രം എടുക്കുമായിരുന്നു. പട്ടിണി പാവങ്ങൾക്ക് ഒന്നും ലഭിച്ചിരുന്നില്ല. അതുകൊണ്ട് അല്ലാഹു ഈ സമ്പത്ത് മറ്റുള്ളവർക്കും നൽകാമെന്ന് അറിയിക്കുകയുണ്ടായി. റസൂലുല്ലാഹി (സ)യുടെ വാക്കുകൾക്ക് ഇത്രയും സ്ഥാനമുള്ളതിനാൽ പ്രവാചകൻ നിങ്ങൾക്ക് നൽകുന്നത് നിങ്ങൾ സ്വീകരിക്കുക. പ്രവാചകൻ തടയുന്ന കാര്യത്തിൽ നിന്നും അകന്ന് കഴിയുക. നിങ്ങൾ അല്ലാഹുവിനെ ഭയക്കുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു. യുദ്ധമില്ലാതെ ലഭിച്ച സമ്പത്തിൽ എല്ലാ സാധുക്കൾക്കും അവകാശമുണ്ടെങ്കിലും, അല്ലാഹുവിന്റെ ഔദാര്യമായ സ്വർഗ്ഗവും തൃപ്തിയും മാത്രം കാംക്ഷിച്ചുകൊണ്ട് അല്ലാഹുവിനെയും റസൂലിനെയും സഹായിക്കാൻ വേണ്ടി വീടുകളിൽ നിന്നും സമ്പത്തുകളിൽ നിന്നും അക്രമപരമായി പുറത്താക്കപ്പെട്ട പട്ടിണിപ്പാവങ്ങളായ മുഹാജിറുകളെ ഈ സ്വത്തിൽ പ്രത്യേകം പരിഗണിക്കുക. അവർ സത്യവിശ്വാസത്തിന്റെ വിഷയത്തിൽ സത്യസന്ധരാണ്. അവർക്ക് മുമ്പ് മദീനയിൽ വീട് ഒരുക്കുകയും ഈമാനിൽ ഉറച്ചുനിൽക്കുകയും ചെയ്ത അൻസാറുകൾ അവരിലേക്ക് ഹിജ്റ ചെയ്തുവന്നവരെ സ്നേഹിക്കുന്നു. ഇതുകൊണ്ടുള്ള ഉദ്ദേശം അൻസാരി സഹാബികളാണ്. അവർക്ക് മുമ്പ് മദീനയിൽ വീട് ഒരുക്കുകയും ഈമാനിൽ ഉറച്ച് നിൽക്കുകയും ചെയ്തവരെന്ന് അൻസാറുകളെക്കുറിച്ച് പറഞ്ഞത് അവർ മദീനാ നിവാസികൾ ആയതിനാലും മുഹാജിറുകൾ വരുന്നതിന് മുമ്പ് ഇസ്‌ലാം സ്വീകരിച്ചതിനാലുമാണ്. മുഹാജിറുകൾക്ക് ഗനീമത്ത് സ്വത്തിൽ നിന്നും മറ്റും നൽകപ്പെടുന്നതിന്റെ പേരിൽ ഇവർ ദരിദ്രരായിരുന്നിട്ടു കൂടി ഇവരുടെ മനസ്സിൽ ഒരു ഞെരുക്കവും ഇവർക്ക് അനുഭവപ്പെടുന്നില്ല. മറിച്ച് ഇവർ അവരെ സ്‌നേഹിച്ചാദരിക്കുകയും ആഹാരത്തിലും മറ്റും അവർക്ക് മുൻഗണന നൽകുകയും ചെയ്തിരുന്നു. ആരെങ്കിലും മനസ്സിന്റെ സ്വാർത്ഥതയിൽ നിന്നും സംരക്ഷിക്കപ്പെട്ടാൽ അവർ വിജയം വരിക്കുന്നവരാണ്. ഇപ്രകാരം ഇവർ ദുരാഗ്രഹങ്ങളിൽ നിന്നും മറ്റും പരിശുദ്ധരായതിനാൽ വിജയികളാണ്. അവർക്ക് ശേഷം വരുന്നവർ ഇപ്രകാരം പറയുന്നതാണ്: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും സത്യവിശ്വാസത്തിൽ ഞങ്ങളെ മുൻകടന്ന ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തു തരേണമേ. ഞങ്ങളുടെ മനസ്സിൽ സത്യവിശ്വാസികളെക്കുറിച്ച് പകവയ്ക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, നീ വലിയ അലിവും കരുണയും ഉള്ളവനാണ്. വിവരണവും വ്യാഖ്യാനവും അവരിൽ നിന്നും അല്ലാഹു തന്റെ ദൂതന് നൽകിയ സമ്പത്തിൽ നിങ്ങൾ കുതിരയെയോ ഒട്ടകത്തെയോ ഓടിച്ചിട്ടില്ല! അഫാഅ എന്നത് ഫയ്ഇൽ നിന്നും എടുക്കപ്പെട്ടതാണ്. മടങ്ങുക എന്നാണ് അർത്ഥം. അതുകൊണ്ട് തന്നെ മദ്ധ്യാഹ്നത്തിന് ശേഷം കിഴക്ക് ഭാഗത്തേക്ക് മടങ്ങുന്ന നിഴലിന് ഫയ്അ് എന്ന് പറയപ്പെടുന്നു. മുസ്‌ലിംകളോട് യുദ്ധം ചെയ്യുന്ന നിഷേധികളുടെ സമ്പത്ത് അവരുടെ അക്രമം കാരണം ഇസ്‌ലാമിക ഗവർമെന്റ് ഏറ്റെടുക്കുന്നതും അവരുടെ ഉടമാവകാശത്തിൽ നിന്നും പുറപ്പെട്ട് യഥാർത്ഥ ഉടമസ്ഥനായ അല്ലാഹുവിലേക്ക് മടങ്ങുകയും ചെയ്യുന്നതാണ്. അതുകൊണ്ടാണ് ഇതിന് ഫയ്അ് എന്ന് പേര് പറയപ്പെട്ടത്. ഇതനുസരിച്ച് ശത്രുക്കളിൽ നിന്നും ലഭിയ്ക്കുന്ന എല്ലാ സമ്പത്തിനും ഫയ്അ് എന്നാണ് പറയേണ്ടതെങ്കിലും യുദ്ധത്തിലൂടെ ലഭിച്ചതിന് ഗനീമത്തെന്നും യുദ്ധമില്ലാതെ ലഭിച്ചതിന് ഫയ്അ് എന്നും പറയപ്പെടുന്നു. ആയത്തിന്റെ ആശയം ഇതാണ്: യുദ്ധമില്ലാതെ കരസ്ഥമായ ശത്രുക്കളുടെ സമ്പത്ത് ഗനീമത്ത് സമ്പത്ത് വീതിക്കുന്നതുപോലെ യോദ്ധാക്കൾക്കിടയിൽ വീതിയ്ക്കപ്പെടുന്നതല്ല. മറിച്ച് ഇതിന്റെ പൂർണ്ണമായ അധികാരം റസൂലുല്ലാഹി (സ)യ്ക്കായിരിക്കും. റസൂലുല്ലാഹി (സ) ഉദ്ദേശിക്കുന്നവർക്ക് നൽകുകയോ കൈയ്യിൽ തന്നെ വെക്കുകയോ ചെയ്യുന്നതാണ്. * അടുത്ത ആയത്തിൽ ഈ സമ്പത്ത് വീതിയ്ക്കപ്പെടേണ്ട ചില പ്രത്യേക വിഭാഗങ്ങളെ വിവരിച്ചിരിക്കുന്നു. അതായത് റസൂലുല്ലാഹി (സ)യ്ക്ക് ഈ സമ്പത്ത് ഇഷ്ടമുള്ളവർക്ക് കൊടുക്കാമെങ്കിലും അവർ ഈ വിഭാഗത്തിൽ ഏതെങ്കിലും ഒന്നിൽ പെട്ടവരായിരിക്കും. ഗ്രാമവാസികളിൽ നിന്നും അല്ലാഹു അവന്റെ ദൂതന് കൊടുത്ത സമ്പത്ത് അല്ലാഹുവിനും റസൂലിനും പ്രവാചക കുടുംബത്തിനും അനാഥർക്കും പട്ടിണി പാവങ്ങൾക്കും യാത്രികർക്കും ഉള്ളതാകുന്നു! ഈ ആയത്തിലെ ഗ്രാമീണർ എന്നതുകൊണ്ടുള്ള ഉദ്ദേശം ബനുന്നളീർ ഗോത്രവും അവരെപ്പോലെ വലിയ യുദ്ധമൊന്നും നടക്കാതെ കീഴടങ്ങിയ മറ്റ് ഗോത്രങ്ങളുമാണ്. * ഫയ്അ് എന്നാൽ യുദ്ധമില്ലാതെ ലഭിച്ച ശത്രുക്കളുടെ സമ്പത്തിനാണ് പറയപ്പെടുന്നതെന്ന് നേരത്തെ വിവരിക്കുകയുണ്ടായി. അതുപോലെ ശത്രുക്കൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സമ്പത്തിനും അവരുടെ തൃപ്തിയോടെ അവർ നൽകുന്ന നികുതികൾക്കും ഫയ്അ് എന്ന് പറയപ്പെടുന്നതാണ്. ഇതിന്റെ വിവരണം സൂറത്തുൽ അൻഫാലിന്റെ ആരംഭത്തിലും 41-ാം ആയത്തിന്റെ വിവരണത്തിലും കൊടുത്തിട്ടുണ്ട്. * ഈ ആയത്തിൽ ഈ സമ്പത്ത് വീതിയ്ക്കപ്പെടേണ്ട വിഭാഗങ്ങളെ പറഞ്ഞിരിക്കുന്നു. സൂറത്തുൽ അൻഫാലിൽ ഗനീമത്ത് വീതിയ്ക്കുന്നതുമായി ബന്ധപ്പെട്ട് പറയപ്പെട്ട വിഭാഗങ്ങളും ഇതുതന്നെയാണ്. 1. അല്ലാഹു. 2. റസൂൽ. 3. പ്രവാചക കുടുംബം. 4. അനാഥർ. 5. സാധുക്കൾ. 6. യാത്രികർ. * ഇതിൽ അല്ലാഹുവിന്റെ നാമം പറയപ്പെട്ടിരിക്കുന്നത് ഈ സമ്പത്ത് ഐശ്വര്യപൂർണ്ണമായ സമ്പത്താണെന്ന് അറിയിക്കാൻ വേണ്ടി മാത്രമാണ്. കാരണം ഇഹത്തിലെയും പരത്തിലെയും സർവ്വ സമ്പത്തുകളുടെയും മുഴുവൻ സൃഷ്ടികളുടെയും യഥാർത്ഥ ഉടമസ്ഥൻ അല്ലാഹു മാത്രമാണ്. എന്നാൽ ഈ സമ്പത്ത് അല്ലാഹുവിനുള്ളതാണെന്ന് പറഞ്ഞതിലൂടെ ഈ സമ്പത്ത് അനുവദനീയവും പരിശുദ്ധവും മഹത്വമുള്ളതും ആയിരിക്കുന്നു എന്ന് അല്ലാഹു അറിയിക്കുകയാണെന്ന് ഹസൻ ബസ്വരി (റ), ഖതാദ (റ), ഇബ്‌റാഹീം നഖഇ (റ) മുതലായവർ പറഞ്ഞിരിക്കുന്നു. (മസ്ഹരി) * കൂടാതെ മുസ്‌ലിംകളിൽ നിന്നും ലഭിയ്ക്കുന്ന സകാത്തിന്റെ സമ്പത്ത് പ്രവാചകന്മാർക്ക് അനുവദനീയമല്ലാതിരിക്കേ നിഷേധികളിൽ നിന്നും ലഭിച്ച സമ്പത്ത് റസൂലുല്ലാഹി (സ)യ്ക്ക് എങ്ങനെ അനുവദനീയമാകാനാണെന്ന സംശയം ദൂരീകരിക്കാൻ കൂടിയാണ് അല്ലാഹുവിന്റെ നാമം ഇവിടെ പറയപ്പെട്ടിരിക്കുന്നത്. അതായത് എല്ലാ വസ്തുക്കളുടെയും ഉടമസ്ഥൻ അല്ലാഹുവാണ്. അല്ലാഹു അവന്റെ ഔദാര്യം കൊണ്ട് ഒരു പ്രത്യേക നിയമത്തിന്റെ കീഴിൽ മനുഷ്യർക്ക് ഉടമാവകാശം നൽകുന്നു. എന്നാൽ ജനങ്ങളിൽ ചിലർ പടച്ചവനെ വെല്ലുവിളിയ്ക്കുന്നവരാണ്. ഇവരെ നേർമാർഗ്ഗത്തിലേക്ക് കൊണ്ടുവരുന്നതിന് പടച്ചവൻ പ്രവാചകന്മാരെ നിയോഗിച്ചു. അവർ പറയുന്നത് അനുസരിക്കാത്തവർ നിർണ്ണിതമായ നികുതി നൽകി പ്രവാചകന്റെ കീഴിൽ ജീവിയ്ക്കാവുന്നതാണ്. എന്നിട്ടും എതിർക്കുന്നവരോട് യുദ്ധം ചെയ്യപ്പെടുന്നതും അവരുടെ സമ്പത്ത് പിടിച്ചെടുക്കപ്പെടുന്നതുമാണ്. ഇപ്രകാരം യുദ്ധത്തിലൂടെ പിടിച്ചെടുക്കപ്പെടുന്ന സമ്പത്ത് ആരുടെയും ഉടമാവകാശത്തിലേക്ക് വരാതെ നേർക്കുനേരെ അല്ലാഹുവിന്റെ ഉടമസ്ഥതയിലേക്ക് മടങ്ങുന്നതാണ്. ശേഷം അല്ലാഹു അത് ചിലർക്ക് നൽകുന്നതാണ്. അപ്പോൾ ആ സമ്പത്ത് അവർക്ക് തീർത്തും അനുവദനീയവും പരിശുദ്ധവുമായിരിക്കും. ചുരുക്കത്തിൽ അല്ലാഹുവിന്റെ നാമം ഇവിടെ പറയപ്പെട്ടതിലൂടെ ഈ സമ്പത്ത് മുഴുവൻ അല്ലാഹുവിന്റേതാണെന്നും മറ്റാരുടേതുമല്ലെന്നും വ്യക്തമാകുന്നു. * ഇപ്പോൾ ഇതിന്റെ അവകാശികൾ അഞ്ചുപേരായി. 1. റസൂൽ. 2. ബന്ധുക്കൾ. 3. അനാഥർ. 4. സാധുക്കൾ. 5. യാത്രികർ. ഇവർ തന്നെയാണ് ഗനീമത്തിന്റെയും അവകാശികൾ. എന്നാൽ ഫയ്ഇന്റെയും ഗനീമത്തിന്റെയും നിയമം ഇപ്രകാരമാണ്: ഈ സമ്പത്ത് മുഴുവനും റസൂലുല്ലാഹി (സ)യും റസൂലുല്ലാഹി (സ)യ്ക്ക് ശേഷം ഖലീഫമാരും പൂർണ്ണമായി ഏറ്റെടുക്കുന്നതാണ്. അവർ ഉദ്ദേശിച്ചാൽ ഈ സമ്പത്ത് മുഴുവൻ ആർക്കും കൊടുക്കാതെ പൊതു നന്മയ്ക്ക് വേണ്ടി ബൈത്തുൽ മാലിലേക്ക് മാറ്റി വെക്കാവുന്നതാണ്. അല്ലെങ്കിൽ വീതിയ്ക്കാവുന്നതാണ്. പക്ഷേ, വീതിയ്ക്കുമ്പോൾ ഈ അഞ്ച് വിഭാഗങ്ങൾക്കുള്ളിൽ ഒതുങ്ങി നിൽക്കേണ്ടതാണ്. (ഖുർതുബി) * റസൂലുല്ലാഹി (സ)യുടെ കാലത്ത് റസൂലുല്ലാഹി (സ)യും ഖലീഫമാരുടെ യുഗങ്ങളിൽ അവരും ന്യായമായി കാണുന്ന സ്ഥലങ്ങളിൽ ചിലവഴിക്കുമായിരുന്നു. * റസൂലുല്ലാഹി (സ)യ്ക്ക് പറയപ്പെട്ട ഓഹരി റസൂലുല്ലാഹി (സ)യുടെ വിയോഗത്തോടെ അവസാനിക്കുകയുണ്ടായി. പ്രവാചക കുടുംബത്തിന് ഓഹരി നൽകുന്നതിന് രണ്ട് കാരണങ്ങളാണ് ഉള്ളത്. 1. ഇസ്‌ലാമിക പ്രവർത്തനങ്ങളിൽ അവർ റസൂലുല്ലാഹി (സ)യെ സഹായിച്ചിരുന്നു. 2. അവർക്ക് സകാത്ത് നിഷിദ്ധമായിരുന്നു. ആകയാൽ അവർക്ക് അതിന് പകരം ഫയ്അ് നൽകപ്പെടുകയുണ്ടായി. റസൂലുല്ലാഹി (സ)യുടെ വിയോഗത്തോടെ റസൂലുല്ലാഹി (സ)യെ സഹായിക്കുന്നു എന്ന കാര്യം ഇല്ലാതായതിനാൽ അവർക്ക് അവരുടെ ഈ ഓഹരിയും ഇല്ലാതായി. പക്ഷേ, അവരിൽ പെട്ട സാധുക്കൾക്ക് സാധുക്കളുടെ ഓഹരിയിൽ നിന്നും മുൻഗണനാ ക്രമത്തോടെ നൽകപ്പെടുന്നതാണ്. (ഹിദായ) സമ്പത്ത് സമ്പന്നർക്കിടയിൽ മാത്രം കറങ്ങുന്നതാകാതിരിക്കാൻ വേണ്ടിയാണിത്! ദൂലത്ത് എന്നതിന്റെ അർത്ഥം പരസ്പരം ക്രയവിക്രയം നടത്തപ്പെടുന്ന സമ്പത്തെന്നാണ്. അതായത് ഫയ്അ് സമ്പത്തിന് ഏതാനും അവകാശികളെ നിശ്ചയിച്ചത് നിങ്ങളുടെ സമ്പത്ത് സമ്പന്നർക്കിടയിൽ മാത്രം കറങ്ങാതിരിക്കാൻ വേണ്ടിയാണ്. ജാഹിലിയ്യാ കാലത്ത് ഭരണാധികാരികൾ മുഴുവൻ സമ്പത്തിന്റെയും ഉടമകളാകുമായിരുന്നു. സാധുക്കൾക്ക് അതിൽ ഒരു ഓഹരിയും നൽകപ്പെട്ടിരുന്നില്ല. സമ്പത്ത് ശേഖരണത്തിൽ ഇസ്‌ലാമിക നിയമങ്ങളുടെ നിയന്ത്രണം: പടച്ചവൻ സർവ്വലോക പരിപാലകനാണ്. മാനുഷിക ആവശ്യങ്ങൾ എന്ന നിലയിൽ മുഴുവൻ മനുഷ്യരും ഒരുപോലെയാണ്. ഇതിൽ സത്യവിശ്വാസി, നിഷേധി എന്ന വിവേചനം പോലും ഇല്ല. കുടുംബം, വിഭാഗം, സമ്പന്നൻ, ദരിദ്ര്യൻ മുതലായ ഒരു വ്യത്യാസവുമില്ല. പടച്ചവൻ ഭൗതിക വിഭവങ്ങളിൽ പെട്ട അടിസ്ഥാന വസ്തുക്കളുടെ വിതരണം പടച്ചവന്റെ കൈയ്യിൽ തന്നെ വെക്കുകയും എല്ലാ വിഭാഗത്തിനും പ്രദേശക്കാർക്കും ജനങ്ങൾക്കും ഒരുപോലെ അനുഭവിക്കാൻ അവസരം നൽകുകയും ചെയ്തു. അവ തന്റേത് മാത്രമെന്ന് അവകാശപ്പെടാൻ ആർക്കും സാധിക്കുന്നതല്ല. വായു, അന്തരീക്ഷം, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങളുടെ പ്രകാശം, മേഘം, മഴ ഇവകളെ കൂടാതെ മനുഷ്യ ജീവിതം സാധ്യമല്ല. അല്ലാഹു ഇവയുടെ നിയന്ത്രണം പൂർണ്ണമായും ഏറ്റെടുക്കുകയും എല്ലാവർക്കും പൊതുവായി വിതരണം നടത്തുകയും ചെയ്തു. ഒരു ഭരണാധികാരിയ്ക്കും ഇവയിൽ പ്രത്യേക നിയന്ത്രണം സാധ്യമല്ല. * എന്നാൽ ഭൂമിയിൽ നിന്നും പുറപ്പെടുന്ന ജലവും ആഹാര വസ്തുക്കളും മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളാണ്. പർവ്വതങ്ങളിലും കാടുകളിലും പ്രകൃതിപരമായ ജല സ്രോതസ്സുകളിലും ഉള്ള വസ്തുക്കൾ ഒഴിച്ച് മറ്റ് ജനങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും പടച്ചവൻ മനുഷ്യർക്ക് ഉടമാവകാശം നൽകിയിട്ടുണ്ട്. ഇതിൽ ചിലർ അന്യായമായി ഉടമാവകാശം ഉറപ്പിക്കുമെങ്കിലും അവർക്കും സാധുക്കളെ അത്യാവശ്യമായതിനാൽ അവ സാധുക്കൾക്ക് കൊടുക്കാൻ അവർ നിർബന്ധിതരാകുന്നതാണ്. * മൂന്നാമത്തെ വിഭാഗം, സ്വർണ്ണം, വെള്ളി, പൈസ പോലുള്ള പ്രകൃതിപരമായ ആവശ്യങ്ങളിൽ പെടാത്ത വസ്തുക്കളാണ്. അല്ലാഹു ഇവയെ അത്യാവശ്യ വസ്തുക്കളെ കരസ്ഥമാക്കാനുള്ള മാധ്യമമാക്കിയിരിക്കുന്നു. ഇവ ലഭിക്കുന്നവർ ഇവയുടെ ഉടമകളാകുന്നതാണ്. എന്നാൽ ഇവ വിവിധ രീതികളിൽ മറ്റുള്ളവരിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതുമാണ്. ഇപ്രകാരം ഇവ കറങ്ങിക്കൊണ്ടിരിക്കുന്നതിനാൽ മുഴുവൻ മനുഷ്യർക്കും ഇവ പ്രയോജനപ്പെടുകയും വിശപ്പ് മാറാനും നഗ്നത മറയ്ക്കാനും എല്ലാവരും ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാൽ ചിലർ ഈ സമ്പത്ത് സ്വന്തം കൈയ്യിൽ മാത്രം വെച്ചുകൊണ്ടിരിക്കുകയും മറ്റാർക്കും കൊടുക്കാതിരിക്കുകയും ചെയ്യുന്നതാണ്. ഇവരുടെ പിശുക്കും ആർത്തിയും പൂർത്തീകരിക്കുന്നതിന് ഇവർ പഴയതും പുതിയതുമായ പല മാർഗ്ഗങ്ങൾ സ്വീകരിച്ച് സമ്പത്ത് അവരിൽ മാത്രം ചുരുക്കിക്കൂട്ടാൻ പരിശ്രമിക്കുന്നു. അങ്ങനെ പലപ്പോഴും ഈ സമ്പത്ത് പണക്കാരുടെ കൈകളിൽ മാത്രം ഒതുങ്ങുകയും സാധുക്കൾ അതിൽ നിന്നും തടയപ്പെടുകയും ചെയ്യുന്നു. ഇതിന്റെ തിരിച്ചടിയെന്നോണം ലോകത്ത് കമ്മ്യൂണിസത്തിന്റെയും സോഷ്യലിസത്തിന്റെയും ബുദ്ധിരഹിതമായ വീക്ഷണങ്ങൾ ഉദയം ചെയ്യുകയുണ്ടായി. ഇസ്‌ലാമിക നിയമം ഒരു ഭാഗത്ത് മനുഷ്യരുടെ വ്യക്തിപരമായ ഉടമാവകാശത്തെ ആദരിക്കുന്നു. ഒരു വ്യക്തിയുടെ സമ്പത്തിനെ അദ്ദേഹത്തിന്റെ ജീവനെപ്പോലെയും ജീവനെ ബൈത്തുല്ലാഹിയ്ക്ക് തുല്യമായും ആദരവ് കൽപ്പിക്കുന്നു. അവയിൽ ആരെങ്കിലും അന്യായമായി കൈകടത്തുന്നതിനെ ശക്തമായി തടയുന്നു. മറുഭാഗത്ത് അന്യായമായ നിലയിൽ സമ്പത്തെടുക്കുന്നവരുടെ കരം ഛേദിക്കുകയും പാഠം പഠിപ്പിക്കുകയും മറ്റുള്ളവരെ ഉണർത്തുകയും ചെയ്യുന്നു. കൂട്ടത്തിൽ പ്രകൃതിപരമായി ലഭിയ്ക്കുന്ന വസ്തുക്കളുടെ മേൽ ഏതെങ്കിലും വ്യക്തിയോ വിഭാഗമോ ആധിപത്യം ചെലുത്തുകയും പൊതുജനങ്ങളെ തടയുകയും ചെയ്യാൻ സാധ്യതയുള്ള സർവ്വ കവാടങ്ങളും അടയ്ക്കുകയും ചെയ്തിരിക്കുന്നു. * നിലവിലുള്ള സമ്പാദ്യമാർഗ്ഗങ്ങളായ പലിശയും ലോട്ടറിയും ചൂതാട്ടവും വഴി സമ്പത്ത് ഏതാനും ആളുകളുടെ വൃത്തത്തിൽ ഒതുങ്ങിച്ചേരുന്നതാണ്. അതുകൊണ്ട് ഇസ്‌ലാം ഇവയെല്ലാം ശക്തമായി നിരോധിക്കുകയും ഇതുമായി ബന്ധപ്പെട്ട കച്ചവടങ്ങളുടെയും വാടകകളുടെയും മറ്റും വേര് അറുക്കുകയും ചെയ്തു. കൂടാതെ, അനുവദനീയമായ വഴികളിലൂടെ ഒരു വ്യക്തിയുടെ അരികിൽ ഒരുമിച്ച് കൂടിയ സമ്പത്തിലും സകാത്ത്, ഉഷ്ർ (കാർഷിക വിളകളുടെ പത്തിലൊന്ന് ദാനം ചെയ്യുക), ഫിത്ർ സകാത്ത്, കഫ്ഫാറത്ത് (പാപ പരിഹാരം) തുടങ്ങിയ പേരുകളിൽ സാധുക്കൾക്ക് അവകാശം നിശ്ചയിക്കുകയുണ്ടായി. ഇവകളെല്ലാം നിർവ്വഹിക്കാൻ കൽപ്പിച്ചതിനോടൊപ്പം മനുഷ്യൻ മരണപ്പെടുന്ന സമയത്ത് തെകയ്യിലുള്ള സമ്പത്ത് പ്രത്യേക തത്വങ്ങളുടെ അടിസ്ഥാനത്തിൽ അന്തരാവകാശമായി വീതിക്കാൻ നിർദ്ദേശിച്ചു. അനന്തരാവകാശ നിയമത്തിൽ അടുത്തടുത്ത ബന്ധുക്കളെയാണ് പരിഗണിച്ചിരിക്കുന്നത്. അതും സാധുക്കൾക്ക് വീതിക്കപ്പെടണമെന്ന് കൽപ്പിക്കപ്പെട്ടിരുന്നുവെങ്കിൽ മനുഷ്യൻ മരണത്തിന് മുമ്പ് തന്നെ സ്ഥാനത്തും അസ്ഥാനത്തും ചിലവഴിച്ച് പാഴാക്കി കളയുമായിരുന്നു. ചുരുക്കത്തിൽ ഇതാണ് സമ്പാദ്യത്തിന്റെ സാധാരണ വഴികളിലൂടെ സമ്പത്ത് ഒരിടത്ത് മാത്രം ഒരുമിച്ച് കൂടാതിരിക്കാൻ ഇസ്ലാം നിർദ്ദേശിച്ച കാര്യങ്ങൾ. ഇത് കൂടാതെ സമ്പത്ത് കരസ്ഥമാക്കുകയും വിതരണം നടത്തുകയും ചെയ്യാനുള്ള മറ്റൊരു മാർഗ്ഗം ജിഹാദാണ്. ഇതിലൂടെ ലഭിക്കുന്ന സമ്പത്ത് വളരെ സൂക്ഷമമായി വീതിക്കപ്പെടേണ്ടതാണെന്ന് സൂറത്തുൽ അൻഫാലിലും ഈ സൂറത്തിലും അല്ലാഹു വിവരിച്ചിരിക്കുന്നു. ഇസ്ലാമിന്റെ ഇത്ര മാത്രം നീതിയുക്തമായ സാമ്പത്തിക വ്യവസ്ഥിതിയെ ഉപേക്ഷിച്ച് പുതിയ ഇസങ്ങളുടെ പിന്നാലെ പാഞ്ഞ് ലോക സമാധാനത്തെ തന്നെ തകർക്കുന്നവർ എത്ര വലിയ വിഡ്ഢികളാണ്? പ്രവാചകൻ നിങ്ങൾക്ക് നൽകുന്നത് നിങ്ങൾ സ്വീകരിക്കുക. പ്രവാചകൻ തടയുന്ന കാര്യത്തിൽ നിന്നും അകന്ന് കഴിയുക. നിങ്ങൾ അല്ലാഹുവിനെ ഭയക്കുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.(7) ഈ വചനം ഫൈഅ് സമ്പത്തിന്റെ വിതരണത്തെ കുറിച്ചുള്ളതാണ്. ഇത്തരുണത്തിൽ ഇതിന്റെ ആശയമിതാണ്. ഫൈഅ് സമ്പത്തിൽ അല്ലാഹു അവകാശിയുടെ വിഭാഗങ്ങൾ വിവരിച്ചിട്ടുണ്ടെങ്കിലും ഇത് ആർക്ക്, എത്ര കൊടുക്കണമെന്ന് തീരുമാനിക്കുന്നത് റസൂലുല്ലാഹി (സ) യാണ്. അതുകൊണ്ട് റസൂലുല്ലാഹി (സ) തരുന്നതും സംതൃപ്തരാകാനും തരാത്തതിനെ കുറിച്ച് ചിന്തയിൽ അകപ്പെടാതിരിക്കാനും സത്യവിശ്വാസികൾ ശ്രദ്ധിക്കേണ്ടതാണ്. അവസാനമായി ഉണർത്തുന്നു. പടച്ചവനോട് ഭയഭക്തി പുലർത്തുക. ഈ വിഷയിൽ തെറ്റുകളോ തിരുമറികളോ നടത്തി കൂടുതൽ പണം കരസ്ഥമാക്കിയാൽ അല്ലാഹു കഠിനമായി ശിക്ഷിക്കുന്നതാണ്. റസൂലുല്ലാഹി (സ) യുടെ കൽപ്പന ഖുർആൻ കൽപ്പന പോലെ അനുസരിക്കൽ നിർബന്ധമാണ്. ഈ വചനം ഫൈഇനെ കുറിച്ച് അവതരിച്ചതാണെങ്കിലും ആശയം പൊതുവായ നിലയിലുള്ളതാണ്. ഫൈഇന്റേത് മാത്രമല്ല, റസൂലുല്ലാഹി (സ) യുടെ സർവ്വ വിധി വിലക്കുകൾക്കും ഇത് ബാധകമാണ്. അതുകൊണ്ട് പൊതുവായ ശൈലിയിൽ ഇതിന്റെ ആശയം ഇപ്രകാരമാണ്. റസൂലുല്ലാഹി (സ) ആരോടെങ്കിലും എന്തെങ്കിലും കൽപ്പിക്കുകയോ സമ്പത്തോ മറ്റുവല്ല വസ്തുക്കളോ നൽകുകയോ ചെയ്താൽ അതിനെ സ്വീകരിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യേണ്ടതാണ്. റസൂലുല്ലാഹി (സ) വല്ലതും തടഞ്ഞാൽ അതിൽ നിന്നും മാറി നിൽക്കാനും ശ്രദ്ധിക്കേണ്ടതാണ്. * നിരവധി സഹാബികൾ ഈ വചനത്തിന് ഈ പൊതുവായ ആശയം മനസ്സിലാക്കുകയും ഈ ആയത്തിന്റെ അടിസ്ഥാനത്തിൽ റസൂലുല്ലാഹി (സ)യുടെ ഓരോ കൽപ്പനകളെയും ഖുർആനിന്റെ കൽപ്പനയായും അനുസരണം നിർബന്ധമായും കാണുകയുണ്ടായി. * ഇമാം ഖുർതുബി (റ) പറയുന്നു: ഈ ആയത്തിലെ അതാ എന്ന പദം നഹാ എന്നതിന് വിപരീതമായിട്ടാണ് വന്നിരിക്കുന്നത്. അതുകൊണ്ട് അതാ എന്നതിന്റെ അർത്ഥം അമറ (കൽപ്പിച്ചു) എന്നതാണ്. (ഖുർതുബി) അമറ എന്നതിന് പകരം അതാ എന്ന് പറയാൻ കാരണം ഈ വചനം ഫയ്അ് സമ്പത്ത് വിതരണവുമായി ബന്ധപ്പെട്ട് വന്നതിനാലാണ്. * ഇബ്‌നു മസ്ഊദ് (റ) ഒരു വ്യക്തി ഇഹ്‌റാമിന്റെ അവസ്ഥയിൽ തുന്നിയ വസ്ത്രം ധരിച്ചിരിക്കുന്നതായി കണ്ടപ്പോൾ അത് അഴിക്കാൻ കൽപ്പിച്ചു. അദ്ദേഹം ചോദിച്ചു: തുന്നിയ വസ്ത്രം ധരിക്കാൻ പാടില്ലായെന്ന് ഖുർആനിൽ ഉണ്ടോ? ഇബ്‌നു മസ്ഊദ് (റ) പറഞ്ഞു: ഉണ്ട്. ഞാൻ പറഞ്ഞുതരാം. തുടർന്ന് ഈ ആയത്ത് പാരായണം ചെയ്തു. ഇമാം ശാഫിഈ (റ) ഒരിക്കൽ ജനങ്ങളോട് പറഞ്ഞു: നിങ്ങൾ എന്ത് ചോദിച്ചാലും ഞാൻ ഖുർആനിൽ നിന്നും മറുപടി നൽകാം. അവർ ചോദിച്ചു: കടന്നലിനെ ഇഹ്‌റാമിലുള്ള വ്യക്തി വധിക്കുന്നതിന്റെ പരിഹാരം എന്താണ്? ഇമാം ശാഫിഈ (റ) ഈ ആയത്ത് ഓതുകയും ഹദീസിൽ നിന്നും ഇതിന്റെ നിയമം വിവരിക്കുകയും ചെയ്തു. (ഖുർതുബി)
************
മആരിഫുല്‍ ഹദീസ്
റസൂലുല്ലാഹി (സ) യുടെ സമുന്നത സ്വഭാവം - 3
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
120. ആയിശാ (റ) നിവേദനം: റസൂലുല്ലാഹി (സ) അവസാന രോഗത്തിന്റെ സന്ദര്‍ഭത്തില്‍ പ്രസതാവിച്ചു: പ്രവാചകന്‍മാരുടെ ഖബ്‌റുകളെ സുജൂദിന്റെ സ്ഥാനമാക്കിയ യഹൂദ നസ്‌റാണികളുടെ മേല്‍ പടച്ചവന്റെ ശാപമുണ്ടാകട്ടെ! തുടര്‍ന്ന് ആയിശാ (റ) പറഞ്ഞു: റസൂലുല്ലാഹി (സ) ഇപ്രകാരം അരുളിയിരുന്നില്ലങ്കില്‍ റസൂലുല്ലാഹി (സ) യുടെ അനുഗ്രഹീത ഖബ്ര്‍ തുറന്ന് കാണിക്കുമായിരുന്നു. പക്ഷെ മറ്റുള്ളവര്‍ പ്രവചാകന്‍മാരുടെ ഖബറിടങ്ങളെ സുജൂദിന്റെ സ്ഥാനമാക്കിയത് പോലെ അനുഗ്രഹീത ഖബ്‌റും സുജൂദിന്റെ സ്ഥാനമാക്കപ്പെടുമോ എന്ന് ഭയമുണ്ടായിരുന്നു. (ബുഖാരി,മുസ്ലിം)
വിവരണം: തിരുവിയോഗത്തിന് അഞ്ച് ദിവസം മുമ്പ് നടത്തിയ പ്രഭാഷണത്തിലാണ് റസൂലുല്ലാഹി (സ) ഇപ്രകാരം അരുളിയതെന്ന് ചില നിവേദനങ്ങളില്‍ നിന്നും മനസ്സിലാകുന്നു. മറ്റ് ചില നിവേദനങ്ങളില്‍ നിന്നും മനസ്സിലാകുന്നത് റസൂലുല്ലാഹി (സ) മരണാസന്നനായിരുന്ന സമയത്ത് ഇത് അരുളി എന്നാണ്. അതെ, റസൂലുല്ലാഹി (സ)ക്ക് ഈ വിഷയത്തില്‍ വലിയ ചിന്ത ഉണ്ടായിരുന്നു. അതുകൊണ്ട് റസൂലുല്ലാഹി (സ) ഇക്കാര്യം ആവര്‍ത്തിച്ച് ഉണര്‍ത്തുകയുണ്ടായി. സമുദായം ബഹുദൈവാരധനയില്‍ മൊത്തത്തില്‍ അകപ്പെടുകയില്ലന്ന് റസൂലുല്ലാഹി (സ) സമാധാനിക്കുകയും അക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നെങ്കിലും സ്‌നേഹത്തിന്റെയും ആദരവിന്റെയും തന്ത്രം കാണിച്ച് പിശാച് ജനങ്ങളെ അപകടത്തില്‍ കുടുക്കുമോ എന്ന് റസൂലുല്ലാഹി (സ)ക്ക് വലിയ ഭയമുണ്ടായിരുന്നു. അതുകൊണ്ട് ഇക്കാര്യം ആവര്‍ത്തിച്ച് ഉണര്‍ത്തുകയുണ്ടായി.
121, ആയിശാ (റ) നിവേദനം: റസൂലുല്ലാഹി (സ) അവസാന രോഗത്തിന്റെ സന്ദേര്‍ഭത്തില്‍ എന്നോട് പറ്ഞ്ഞു: എനിക്ക് വേണ്ടി നിന്റെ പിതാവായ അബൂബക്കറിനേയും സഹോദരനേയും വിളിക്കുക. ഞാന്‍ അവര്‍ക്ക് ഒരു വിഹിതം എഴുതിക്കൊടുക്കാന്‍ ആഗ്രഹിക്കുന്നു. കാരണം, അദ്ദേഹത്തെക്കാളും ഞാന്‍ ആണ് ഇതില്‍ കൂടുതല്‍ അര്‍ഹനനെന്ന് ആരെങ്കിലും പറയുമെന്ന് എനിക്ക് ഭയമുണ്ട്. എന്നാല്‍ അല്ലാഹുവും സത്യവിശ്വാസികളും അബൂബക്കറിനെ അല്ലാതെ മറ്റാരെയും സ്വീകരിക്കുന്നതല്ല. (മുസ്‌ലിം)
വിവരണം: അല്ലാഹു എന്നെ ഏല്‍പ്പിച്ച ദൗത്യത്തിന് എനിക്ക് ശേഷം നേതൃത്വം നല്‍കുന്നതിന് അബൂബക്കര്‍ (റ) നെ നാമ നിര്‍ദ്ദേശം ചെയ്യണമെന്നും ഈ വിഷയത്തില്‍ വസിയ്യത്ത് എഴുതണമെന്നും അവസാന രോഗത്തിന്റെ സന്ദര്‍ഭത്തില്‍ റസൂലുല്ലാഹി (സ)ക്ക് ചിന്തയുണ്ടായി. അങ്ങിനെ അദ്ദേഹത്തെയും മകനേയും വിളിക്കാനും ഒരു ലിഖിതം എഴുതി ഏല്‍പ്പിക്കാനും ഉദ്ദേശിച്ചു. കാരണം മറ്റാരങ്കിലും ഇതിന് അര്‍ഹനാണെന്ന് വാദിക്കുകയും സമുദായത്തിനിടയില്‍ ഭിന്നത ഉണ്ടായിത്തീരുമെന്ന് റസൂലുല്ലാഹി (സ) ഭയന്നു. പക്ഷെ, പിന്നീട് ഇത് ആവശ്യമില്ലായെന്ന് റസൂലുല്ലാഹി (സ)ക്ക് മനസ്സിലായി. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സത്യവിശ്വാസികള്‍ അബൂബക്കറിനെയല്ലാതെ സ്വീകരിക്കുകയില്ലന്ന് റസൂലുല്ലാഹി (സ)ക്ക് മനസ്സിലായി.! സ്വഹീഹുല്‍ ബുഖാരിയുടെ ഒരു രിവായത്തില്‍ ഈ സംഭവം തിരുവിയോഗത്തിന് ഒരു ദിവസം മുമ്പ് നടന്നതാണെന്ന് വന്നിരിക്കുന്നു.
122, ആയിശാ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) അവസാന രോഗത്തിന്റെ സന്ദേര്‍ഭത്തില്‍ ഒരു ദിവസം ഫാത്വിമ (റ) നെ വിളിച്ചുവരുത്തുകയും രഹസ്യമായ നിലയില്‍ എന്തോ പറയുകയും ചെയ്തു. അപ്പോള്‍ അവര്‍ കരയാന്‍ തുടങ്ങി, ശേഷം വീണ്ടും വിളിക്കുകയും എന്തോ രഹസ്യം പറയുകയും ചെയ്തു. അപ്പോള്‍ അവര്‍ പുഞ്ചിരി തൂകി. ഞാന്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഫാത്വിമ (റ) പറഞ്ഞു: ആദ്യം രഹസ്യം പറഞ്ഞ കാര്യം ഈ ലോകത്തില്‍ തന്നെ റസൂലുല്ലാഹി (സ) യുടെ വിയോഗം സംഭവിക്കും എന്നതായിരുന്നു. അപ്പോള്‍ ദുഖം കാരണം ഞാന്‍ കരഞ്ഞു. എന്നാല്‍ രണ്ടാമത് രഹസ്യം പറഞ്ഞത് കുടുംബത്തില്‍ നിന്നും റസൂലുല്ലാഹി (സ)യെ ആദ്യമായി കണ്ടുമുട്ടുന്നത് ഞാന്‍ ആയിരിക്കും എന്നാണ്. അപ്പോള്‍ എനിക്ക് സന്തോഷമുണ്ടാവുകയും ഞാന്‍ ചിരിക്കുകയും ചെയ്തു. (ബുഖാരി)
വിവരണം: മറ്റൊരു നിവേദനത്തില്‍ ആയിശാ (റ) ആദ്യം ചോദിച്ചപ്പോള്‍ ഫാത്വിമ (റ) കാര്യം വിവരിക്കാന്‍ വിസമ്മതിച്ചതായും റസൂലുല്ലാഹി (സ)യുടെ രഹസ്യം ഞാന്‍ പരസ്യമാക്കുകയില്ല എന്ന് പറഞ്ഞതായും വന്നിരിക്കുന്നു. പിന്നീട് വിയോഗാനന്തരം ആയിശാ(റ) ഇക്കാര്യം ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഫാതിമാ (റ) പറഞ്ഞുകൊടുക്കുകയുണ്ടായി. കാരണം രഹസ്യം മറച്ച് വെക്കേണ്ട സമയം അന്ന് കഴിഞ്ഞിരുന്നു. ചുരുക്കത്തില്‍ റസൂലുല്ലാഹി (സ) അരുളിയ കാര്യം അതുപോലെ സംഭവിച്ചു. റസൂലുല്ലാഹി (സ)യുടെ രോഗത്തെ തുടര്‍ന്ന് റസൂലുല്ലാഹി (സ) അല്ലാഹുവിലേക്ക് യാത്രയായി. ആറ് മാസം മാത്രം കഴിഞ്ഞപ്പോള്‍ ഫാത്വിമ (റ)യും ഇഹലോക വാസം വെടിഞ്ഞു. തീര്‍ച്ചയായും ഈ പ്രവചനം റസൂലുല്ലാഹി (സ)യുടെ പ്രവാചകത്വത്തിന്റെ തെളിവാണ്.
123, ഇബ്‌നു അബ്ബാസ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ)യുടെ വിയോഗരോഗത്തിന്റെ സന്ദര്‍ഭത്തില്‍ ഒരു ദിവസം അലിയ്യ് (റ) പ്രവാചക ഭവനത്തില്‍ നിന്നും പുറത്തേക്ക് വന്നും തദവസരം റസൂലുല്ലാഹി (സ)യുടെ വിശേഷം ജനങ്ങള്‍ തിരക്കുകയും നല്ല അവസ്ഥയിലാണ് രോഗം ഭേതമുണ്ട് എന്ന് അലിയ്യ് (റ) പറയുകയും ചെയ്തു. അപ്പോള്‍ പിതൃവ്യന്‍ അബ്ബാസ് (റ) അലിയ്യ് (റ) ന്റെ കയ്യില്‍ പിടിച്ചുകൊണ്ട് പറഞ്ഞു: അല്ലാഹുവില്‍ സത്യം മൂന്ന് ദിവസം കഴിയുമ്പോള്‍ നിങ്ങളെ മറ്റുള്ളവര്‍ ഭരിക്കുന്ന അവസ്ഥ സംജാദമാകുന്നതാണ്. ഈ ലോകത്തില്‍ റസൂലുല്ലാഹി (സ)യുടെ വിയോഗം സംഭവിക്കുമെന്നാണ് എനിക്ക് മനസ്സിലാകുന്നത്. കാരണം മരണ നേരം അടുക്കുമ്പോള്‍ അബ്ദുല്‍ മുത്തലിബിന്റെ മക്കള്‍ക്കും ഉണ്ടാകുന്ന മുഖഭാവം എനിക്ക് അറിയാം (ഈ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ റസൂലുല്ലാഹി (സ)യുടെ മുഖം കണ്ടപ്പോള്‍ വിയോഗം അടുത്തുവെന്നു ഞാന്‍ മനസ്സിലാക്കുന്നു.)അതുകൊണ്ട് എന്നോടൊപ്പം വരിക. റസൂലുല്ലാഹി (സ)ക്ക് ശേഷം ഉത്തരാധികാരം ആര്‍ക്കാണെന്ന് നമുക്ക് ചോദിക്കാം നമ്മുടെ കുടുംബക്കാര്‍ക്ക് ആണങ്കില്‍ അത് മനസ്സിലാക്കി വെക്കാമല്ലോ. മറ്റാര്‍ക്കങ്കിലുമാണങ്കില്‍ അതും മനസ്സിലാക്കുകയും അവരോട് നമ്മെക്കുറിച്ച് റസൂലുല്ലാഹി (സ) വസിയ്യത്തുകള്‍ നടത്തുകയും ചെയ്യുന്നതാണ്. അപ്പോള്‍ അലിയ്യ് (റ) പ്രസ്താവിച്ചു: നാം റസൂലുല്ലാഹി (സ)യോട് അധികാരം ചോദിക്കുകയും തങ്ങള്‍ അത് ഏല്‍പ്പിക്കാതിരിക്കുകയും ചെയ്താല്‍ അല്ലാഹുവില്‍ സത്യം ജനങ്ങള്‍ ഒരിക്കലും നമ്മെ അധികാരം ആക്കുന്നതല്ല. അതുകൊണ്ട് അല്ലാഹുവില്‍ സത്യം ഞാന്‍ റസൂലുല്ലാഹി (സ)യോട് അധികാരം ചോദിക്കുന്നതല്ല. (ബുഖാരി)
ഇലാ റഹ്‌മത്തില്ലാഹ്
രചനാ പരിചയം
സർവ്വശക്തനായ അല്ലാഹുവിനാണ് സർവ്വ സ്തുതിയും. മാനവരാശിയുടെ മാർഗ്ഗദർശനത്തിന് അല്ലാഹു പ്രവാചകന്മാരുടെ പരമ്പരക്ക് തുടക്കം കുറിച്ചു. അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ) യിലൂടെ പ്രവാചകത്വത്തെ സമ്പൂർണ്ണമാക്കുകയും പരിസമാപ്തി കുറിക്കുകയും ചെയ്തു. അല്ലാഹുവിന്റെ ആയിരമായിരും സലാത്ത് സലാമുകൾ മുഴുവൻ നബിമാരുടെ മേലും വർഷിക്കട്ടെ. വിശിഷ്യാ അന്ത്യപ്രവാചകൻ റസൂലുല്ലാഹി (സ) യെ അല്ലാഹു സലാത്ത് സലാമുകൾ കൊണ്ട് പൊതിയട്ടെ. യാ റബ്ബി സ്വല്ലി വസില്ലം ദാഇമൻ അബദാ. അലാ ഹബീബിക്ക... റസൂലുല്ലാഹി (സ) യുടെ ഭാഗമായി സഹാബാ മഹത്തുക്കളെ അല്ലാഹു തെരഞ്ഞെടുത്തു. അവരുടെ ജീവിതവും മാതൃകാമനോഹരമാക്കി. റസൂലുല്ലാഹി (സ) യെയും സഹാബാ കിറാമിനെയും പിൻപറ്റിയവർ വിജയികളാണ്. ഈ മഹത്തായ പരമ്പരയെ വിശദീകരിച്ചുകൊണ്ട് താരിഖ് ഇസ്‌ലാഹ് വ തർബിയ്യത്ത് എന്ന പരമ്പര തയ്യാറാക്കിത്തുടങ്ങി. അതിൽ പ്രവാചക പുഷ്പങ്ങളും മാതൃക മഹത്തുക്കളുമായ ഹസനൈൻ ഹസ്രത്ത് ഹസൻ (റ), ഹസ്രത്ത് ഹുസൈൻ (റ) എന്നിവരെക്കുറിച്ചുള്ള ഭാഗം മലയാളത്തിൽ പ്രത്യേകമായി പ്രസിദ്ധീകരിക്കുകയാണ്. അല്ലാഹു ഇത് സ്വീകരിക്കുകയും പ്രയോജനകരമാക്കുകയും ചെയ്യട്ടെ. എളിയ ലേഖകനോടപ്പം വിവർത്തകനെയും സഹായികളെയും അനുഗ്രഹിക്കുകയും മഹാന്മാരെ സ്‌നേഹിക്കാനും പിൻപറ്റാനും തൗഫീഖ് നൽകുകയും ചെയ്യട്ടെ.
Ph: 7736723639