▪️മുഖലിഖിതം
മാനുഷിക ബന്ധം
(കർമ്മങ്ങളുടെ ഇഹപര ഫലങ്ങൾ)
✍🏻 ഹകീമുൽ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ഥാനവി
മാനുഷിക ബന്ധം
ഇന്ത്യ, ഹിന്ദുവിന്റെയും മുസ്‌ലിമിന്റെയും സിഖുകാരുടെയും ക്രൈസ്തവരുടെയും എല്ലാവരുടെയും നാടാണ്. ഇവർ എല്ലാവരുടെയും പരിശ്രമ ഫലമായാണ് ഈ നാട് സ്വതന്ത്രമായത്. ഇന്ത്യക്കാരെല്ലാവരും അവരവരുടെ വിശ്വാസ ദർശനങ്ങളിൽ ബന്ധപ്പെട്ടുകൊണ്ട് തന്നെ, മുഴുവൻ ഇന്ത്യക്കാരുടെയും സുരക്ഷയ്ക്കും പുരോഗതിക്കും വേണ്ടി പരിശ്രമിക്കൽ, നമ്മുടെ വലിയ ഒരാവശ്യമായിരുന്നു. മാനുഷിക ബന്ധത്തിന്റെ അടിസ്ഥാനത്തിൽ, സാമൂഹ്യ ജീവിതം സുന്ദരമാക്കാൻ നാം മുന്നിട്ടിറങ്ങേണ്ടിയിരുന്നു. ഇന്ത്യയുടെ ഭരണഘടനയും ഈ വിഷയത്തിൽ വളരെ വ്യക്തവുമാണ്. പക്ഷെ, ഖേദപൂർവ്വം പറയട്ടെ, സ്വാതന്ത്യത്തിന് ശേഷം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കുടുംബ-മത-ജാതി ബന്ധങ്ങളെ കൂടുതലായി പരിഗണിക്കപ്പെട്ടു. ഇക്കാരണത്താൽ, രാഷ്ട്രത്തിന്റെ നന്മയ്ക്ക് കോട്ടം സംഭവിച്ചു. മത വിഭാഗീയതകളുടെ പ്രശ്‌നങ്ങളും സംഘട്ടനങ്ങളും വർദ്ധിച്ചു. മാനുഷിക ബന്ധം ബലഹീനമായി. ഏകാഗ്രതയോടെയുള്ള രാഷ്ട്രീയ മുന്നേറ്റത്തിന് ഇത് വലിയ തടസ്സം സൃഷ്ടിച്ചു. നാമെല്ലാവരും തിരുത്തേണ്ട ഒരു ബലഹീനതയും, ന്യൂനതയുമാണിത്. പക്ഷെ, വലിയ വലിയ ബുദ്ധിജീവികൾ പോലും ഈ വിഷയത്തെ ഗൗരവമായി കണ്ടല്ല. ഓരോരുത്തരും ഏതെങ്കിലും പരിമിതമായ ചിന്തയിൽ തങ്ങളെ തളച്ചിട്ടു. മൗനാലാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി, അടിസ്ഥാനപരമായ മതത്തിന്റെയും വിജ്ഞാനത്തിന്റെയും വക്താവായിരുന്നു. മത വൈജ്ഞാനിക മേഖലകളിൽ വളരെ കൂടുതലായി ബന്ധപ്പെട്ട് കഴിഞ്ഞിരുന്നു. പക്ഷെ, അദ്ദേഹത്തിന് ഉപരിസൂചിത വിഷയത്തിൽ ശക്തമായ ചിന്തയുണ്ടായി. ഓരോരുത്തരും അവനവൻ തിരഞ്ഞെടുത്ത മത തത്വങ്ങളിൽ ഉറച്ച് നിന്നുകൊണ്ട് തന്നെ, മാനുഷിക ബന്ധത്തിന്റെ അടിസ്ഥാനത്തിൽ സഹകരിക്കേണ്ടത് എല്ലാവരുടെയും നന്മയ്ക്ക് ആവശ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കി. ഇസ്‌ലാമികമായി നോക്കുമ്പോൾ ഇത് തിരുനബി മുഹമ്മദുർ റസൂലുല്ലാഹി ﷺയുടെ പ്രധാന അധ്യാപനവുമാണ്. ജാഹിലിയ്യാ കാലഘട്ടത്തിൽ പരസ്പരം പോരടിച്ച് തളർന്ന ഖുറൈശികൾ ഒരിക്കൽ, ഖുറൈശീ പ്രമുഖനായ ഇബ്‌നു ജദ്ആന്റെ വീട്ടിൽ ഒരുമിച്ച് കൂടി ഇപ്രകാരം ഒരു ശപഥം ചെയ്തു: ''മക്കയിലുള്ള മക്കക്കാരും അല്ലാത്തവരുമായ എല്ലാ മർദ്ദിതനും നീതി ലഭിക്കുന്നത് വരെ നാം അദ്ദേഹത്തെ അനുകൂലിച്ച് പോരാടും.'' റസൂലുല്ലാഹി ﷺ ഇതിൽ സജീവമായി പങ്കെടുത്തു. പ്രവാചകത്വലബ്ദിക്കു ശേഷം തങ്ങൾ അരുളി: ''ചുവന്ന ഒട്ടകങ്ങൾ എനിക്കു ലഭിക്കുന്നതിനെക്കാൾ പ്രിയംകരമായ ഒരു ശപഥത്തിൽ ഇബ്‌നു ജദ്ആന്റെ വീട്ടിൽ വെച്ച് ഞാൻ പങ്കെടുത്തു. അത്തരമൊരു ശപഥത്തിന് ഇപ്പോൾ ക്ഷണിക്കപ്പെട്ടാലും ഞാൻ ഉത്തരം നൽകുന്നതാണ്. ചുരുക്കത്തിൽ, മാനുഷിക സ്‌നേഹവും സഹാനുഭൂതിയും ഉണ്ടാക്കിയെടുക്കൽ ഇന്നത്തെ വലിയൊരു ആവശ്യമാണെന്ന് മഹാനവർകൾക്ക് മനസ്സിലായി. അങ്ങിനെ ഇതിനായി ഒരു പ്രവർത്തനം ആരംഭിച്ചു. അതിന്റെ പേരാണ് ''പയാമെ ഇൻസാനിയത്ത്'' മാനവികതയുടെ സന്ദേശം. വിവിധങ്ങളായ മറ്റ് പല തിരക്കുകൾ ഉണ്ടായിരുന്നിട്ടും മൗലാനാ മർഹൂം ഈ വിഷയത്തിനായി ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. നേതാക്കന്മാർക്കും പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർക്കും വിശദമായ കത്തുകളെഴുതി. ഉജ്ജ്വലമായ പ്രഭാഷണങ്ങൾ നടത്തി. അവകളിലെല്ലാം വലിയ വേദനയും ആത്മാർത്ഥതയും നിറഞ്ഞു നിന്നിരുന്നു. അവയിലൂടെ ആയിരങ്ങളുടെ കണ്ണും കാതും മനസ്സും ഉണർന്നു. അവസാനം ആ മനുഷ്യ സ്‌നേഹി നാമെല്ലാവരെയും ദുഃഖത്തിലാഴ്ത്തി നമ്മോട് വിടപറഞ്ഞു. പക്ഷെ, മൗലാനയുടെ മഹത്തായ പ്രവർത്തനം ഇന്നും എന്നും ഈ നാട്ടിൽ ആവശ്യമാണ്. അതിലൂടെ മാത്രമേ സന്തുലിതവും ശാന്തവുമായ അവസ്ഥ ഇവിടെ നിലനിൽക്കുകയുള്ളൂ. എല്ലാവിധ പ്രവർത്തനങ്ങളുടെയും അടിസ്ഥാനപരമായ ഒരു ആവശ്യമാണിത്. നിരവധി നൻമകൾ അവശേഷിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. കേരളത്തിലും ഈ പ്രവർത്തനം വളരെ ആവശ്യമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു പ്രധാന രചനയാണിത്. അല്ലാഹു ഇതിനെ സ്വീകരിക്കുമാറാകട്ടെ! മൗലാനാ മർഹൂമിന്റെ സ്വർഗ്ഗീയ സ്ഥാനങ്ങൾ ഉയർത്തുമാറാകട്ടെ! വിവർത്തകനെയും പ്രസാധകരെയും പ്രചാരകരെയും അനുഗ്രഹിക്കട്ടെ.! നമുക്കേവർക്കും ഉത്തമ ഗുണങ്ങൾ കനിഞ്ഞരുളട്ടെ.! ആമീൻ.
************
ജുമുഅ സന്ദേശം
ജസാഉൽ അഅ്മാൽ
(കർമ്മങ്ങളുടെ ഇഹപര ഫലങ്ങൾ)
ഹകീമുൽ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ഥാനവി
നന്മകളുടെ ഭൗതിക നേട്ടങ്ങൾ
സത്യവിശ്വാസവും സൽക്കർമ്മവും കാരണമായി ഇലോകത്ത് തന്നെ ധാരാളം ഗുണങ്ങളും പ്രയോജനങ്ങളും അനുഗ്രഹങ്ങളും ലഭിക്കുന്നതാണ്. അതിൽ ഏതാനും ഗുണങ്ങൾ ഇവിടെ വിവരിക്കുന്നു.
1. നന്മകളിലൂടെ വിഭവങ്ങൾ അധികരിക്കുന്നതാണ്.
അല്ലാഹു പറയുന്നു: വേദക്കാർ തൗറാത്തും ഇഞ്ചീലും അവരുടെ രക്ഷിതാവിൽ നിന്നും അവരിലേക്ക് അവതീർണ്ണമായ വിധിവിലക്കുകളും ശരിയായ നിലയിൽ പഠിക്കുകയും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്താൽ അവരുടെ മുകളിൽ നിന്നും താഴ്ഭാഗത്തുനിന്നും അവർ ഭക്ഷിക്കുന്നതാണ്. (മാഇദ 66)
2. നന്മകളിലൂടെ പലതരം ഐശ്വര്യങ്ങൾ ഉണ്ടാകും.
അല്ലാഹു പറയുന്നു: അവർ സത്യവിശ്വാസം സ്വീകരിക്കുകയും ഭയഭക്തി പുലർത്തുകയും ചെയ്താൽ ആകാശഭൂമികളിൽ നിന്നും ഐശ്വര്യങ്ങൾ അവരുടെ മേൽ നാം തുറന്നുകൊടുക്കുന്നതാണ്. (അഅ്‌റാഫ് 96)
3. നന്മകളിലൂടെ പലതരം പ്രയാസങ്ങളും പ്രശ്‌നങ്ങളും ദൂരീകരിക്കുന്നതാണ്.
അല്ലാഹു അറിയിക്കുന്നു: ആരെങ്കിലും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിച്ചാൽ അല്ലാഹു അവന് രക്ഷാമാർഗ്ഗം തയ്യാറാക്കി കൊടുക്കുന്നതും അവൻ വിചാരിക്കാത്ത ഭാഗത്തുകൂടി വിഭവങ്ങൾ അവന് നൽകുന്നതുമാണ്. ആരെങ്കിലും അല്ലാഹുവിന്റെ മേൽ ഭരമേൽപ്പിച്ചാൽ അല്ലാഹു അവന് മതിയായവനാണ്. (ത്വലാഖ് 2-3).
4. നന്മകളിലൂടെ ലക്ഷ്യങ്ങൾ എളുപ്പമാകുന്നതും. കാര്യങ്ങൾ സരളമാകുന്നതുമാണ്.
അല്ലാഹു അറിയിക്കുന്നു: ആരെങ്കിലും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിച്ചാൽ അല്ലാഹു അവന് കാര്യങ്ങളിൽ എളുപ്പം നൽകുന്നതാണ്. (ത്വലാഖ് 4)
5. ന്മകളിലൂടെ ജീവിതം സന്തോഷകരമായിത്തീരുന്നതാണ്.
അല്ലാഹു അറിയിക്കുന്നു: ഏതെങ്കിലും പുരുഷനോ സ്ത്രീയോ സത്യവിശ്വാസം സ്വീകരിച്ചുകൊണ്ട് സൽകർമ്മങ്ങൾ അനുഷ്ടിച്ചാൽ അവർക്ക് പരിശുദ്ധമായ ജീവിതം നാം നൽകുന്നതാണ്. (നഹ്ൽ 97).
6. നന്മകളിലൂടെ മഴ വർഷിക്കുന്നതും സമ്പത്ത് അധികരിക്കുന്നതും സന്താനങ്ങൾ ഉണ്ടാകുന്നതും തോട്ടങ്ങൾ സമൃദ്ധമാകുന്നതും നദികൾ പ്രവഹിക്കുന്നതുമാണ്. (നൂഹ് 10-12).
7. നന്മകളിലൂടെ വലിയ പ്രയാസങ്ങളും പ്രശ്‌നങ്ങളും ശത്രുതകളും അല്ലാഹു ഇല്ലാതാക്കുന്നതാണ്. തീർച്ചയായും സത്യവിശ്വാസികളിൽ നിന്നും ശത്രുക്കളെ അല്ലാഹു പ്രതിരോധിക്കുന്നതാണ്. (ഹജ്ജ് 38) അല്ലാഹു സത്യവിശ്വാസികളുടെ സഹായിയാണ്. (ബഖറ 257). താങ്കളുടെ രക്ഷിതാവ് മലക്കുകളിലേക്ക് ഇപ്രകാരം ബോധനം ചെയ്ത സന്ദർഭം: ഞാൻ ഞാൻ നങ്ങളോടൊപ്പമുണ്ട്. ആകയാൽ നിങ്ങൾ സത്യവിശ്വാസികളെ ഉറപ്പിച്ച് നിർത്തുക. (അൻഫാൽ 16). അല്ലാഹുവിനും അവന്റെ ദൂതനും സത്യവിശ്വാസികൾക്കുമാണ് അന്തസ്സുള്ളത്. (മുനാഫിഖൂൻ 8). നിങ്ങളിൽ നിന്ന് സത്യവിശ്വാസം സ്വീകരിച്ചവരെ അല്ലാഹു ഉയർത്തുന്നതാണ്. (മുജാദില 11). സത്യവിശ്വാസം സ്വീകരിക്കുകയും സൽക്കർമ്മം അനുഷ്ടിക്കുകയും ചെയ്തവർക്ക് കാരുണ്യവാനായ അല്ലാഹു സ്‌നേഹം കനിഞ്ഞരുളുന്നതാണ്. പരിശുദ്ധഖുർആൻ സത്യവിശ്വാസികൾക്ക് മാർഗ്ഗദർശനവും ശമനവുമാണ്. (മര്‍യം 96). ഒരു ഹദീസില്‍ വരുന്നു: റസൂലുല്ലാഹി (സ) അരുളി: അല്ലാഹു ഒരു ദാസനെ സ്നേഹിക്കുമ്പോള്‍ മലക്കുകളോടും സ്നേഹിക്കാന്‍ പറയുന്നതും അങ്ങനെ അദ്ദേഹത്തിന് ഭൂമിയില്‍ സ്നേഹം സ്ഥിരപ്പെടുന്നതുമാണ്. (ബുഖാരി) നന്മകള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരിശുദ്ധ ഖുര്‍ആന്‍ സന്മാര്‍ഗ്ഗവും രോഗ ശമനവുമായി മാറുന്നതാണ്. (ഫുസ്സിലത്ത് 44) ഇപ്രകാരം സത്യവിശ്വാസത്തിലൂടെ സര്‍വ്വവിധ അനുഗ്രഹങ്ങളും ലഭ്യമാകുന്നതാണ്.
8. നന്മകളിലൂടെ സാമ്പത്തിക പ്രശ്‌നങ്ങൾ ദൂരീകരിക്കപ്പെടുന്നതും നഷ്ടങ്ങൾക്ക് പകരം ലഭിക്കുന്നതുമാണ്. അല്ലാഹു അറിയിക്കുന്നു: അല്ലയോ നബയേ, താങ്കളുടെ അരികിലുള്ള തടവുകാരോട് ഇപ്രകാരം പറയുക: അല്ലാഹു നിങ്ങളുടെ മനസ്സിൽ നന്മയെ (സത്യവിശ്വാസത്തെ) മനസ്സിലാക്കുകയാണെങ്കിൽ നിങ്ങളിൽ നിന്നും വാങ്ങിക്കപ്പെട്ട പരിഹാര തുകയേക്കാൾ ഉത്തമമായത് നിങ്ങൾക്ക് നൽകുകയും നിങ്ങൾക്ക് പൊറുത്തുതരുന്നതുമാണ്. അല്ലാഹു വളരെ പൊറുത്തുതരുന്നവനും കരുണയുള്ളവനുമാണ്. (അൻഫാൽ 70).
9. നന്മകളിൽ സമ്പത്ത് ചിലവഴിക്കുന്നതിലൂടെ സമ്പത്തിൽ വർദ്ധനവ് ഉണ്ടാകുന്നതാണ്. അല്ലാഹു അറിയിക്കുന്നു: പടച്ചോന്റെ പൊരുത്തം ആഗ്രഹിച്ചുകൊണ്ട് നിങ്ങൾ സകാത്തിൽ നിന്ന് വല്ലതും നൽകിയാൽ അത്തരം ആളുകൾ സമ്പത്തിനെ ഇരട്ടിയാക്കുന്നവരാകുന്നു. (റൂം 39).
10. നന്മകളിലൂടെ മനസ്സിൽ പ്രത്യേകതരം സമാധാനവും സന്തുഷ്ടിയും ഉണ്ടാകുന്നതാണ്. രാജാധികാരത്തേക്കാളും സമുന്നതമായ ഒരു സമാധാനമാണ് ഇവർക്ക് ലഭിക്കുന്നത്. അല്ലാഹു അറിയിക്കുന്നു: അറിയുക: അല്ലാഹുവിന്റെ ധ്യാനം കൊണ്ടാണ് മനസ്സുകൾക്ക് സമാധാനം ഉണ്ടാകുന്നത്. (റഅ്ദ് 28).
11. നന്മകൾ പ്രവർത്തിക്കുന്നവരുടെ നന്മകൾ കാരണം അവരുടെ സന്താനങ്ങൾക്കും പ്രയോജനമുണ്ടാകുന്നതാണ്. ഖിളിർ (അ) ഒരു ഭിത്തി വീഴാൻ പോകുന്ന ഒരു ഭിത്തി നന്നാക്കിയതിന് ശേഷം അതിന്റെ കാരണത്തെ മൂസാ നബി (അ) യോട് ഇപ്രകാരം വിവരിച്ചു: ഈ ഭിത്തിയുടെ പ്രദേശം ഈ നാട്ടിലെ രണ്ട് അനാഥകുട്ടികൾക്ക് ഉള്ളതാണ്. ഇതിന്റെ അരികിൽ അവർക്ക് നിധിയുണ്ടായിരുന്നു. അവരുടെ പിതാവ് സൽക്കർമ്മിയായിരുന്നു. അവർ ഇരുവരും പ്രായപൂർത്തി പ്രാപിക്കുവാനും അവരുടെ നിധിയെ എടുക്കുവാനും താങ്കളുടെ രക്ഷിതാവിന്റെ ഭാഗത്ത് നിന്നുമുള്ള കരുണയായ നിലയിൽ രക്ഷിതാവ് ഉദ്ദേശിക്കുകയുണ്ടായി (കഹ്ഫ് 82)
12. നന്മകളിലൂടെ അദൃശ്യലോകത്ത് നിന്നും സുവാർത്തകൾ ലഭിക്കുന്നതാണ്. അല്ലാഹു അറിയിക്കുന്നു: അറിയുക: തീർച്ചയായും അല്ലാഹുവിന്റെ ഇഷ്ടദാസന്മാർക്ക് യാതൊരു ഭയവും വ്യസനവുമുണ്ടാകുന്നതല്ല. അവർ സത്യവിശ്വാസം സ്വീകരിക്കുകയും ഭയഭക്തി മുറുകെ പിടിക്കുകയും ചെയ്തവരാകുന്നു. അവർക്ക് ഇഹത്തിലും പരത്തിലും സന്തോഷവാർത്തയുണ്ട്.(.യൂനുസ് 62-64). ഈ സന്തോഷവാർത്തയെക്കുറിച്ച് റസൂലുല്ലാഹി (സ) അരുളി: അവർ നേരെ കാണുകയോ അവരെക്കുറിച്ച് നല്ലവർ ദർശിക്കുകയോ ചെയ്യുന്ന സുന്ദര സ്വപ്നങ്ങളാണ്.
13. നന്മകളിലൂടെ മരണനേരം സന്തോഷവാർത്തകൾ ലഭിക്കുന്നതാണ്. അല്ലാഹു അറിയിക്കുന്നു: അല്ലാഹുവാണ് ഞങ്ങളുടെ രക്ഷിതാവ് എന്ന് പറയുകയും പടച്ചവന് പൊരുത്തമായ മാർഗ്ഗത്തിൽ ഉറച്ച് നിൽക്കുകയും ചെയ്തവരുടെ അരികിലേക്ക് മലക്കുകൾ ഇറങ്ങിവരുന്നതും ഇപ്രകാരം സുവാർത്ത അറിയിക്കുന്നതുമാണ്: നിങ്ങൾ ഭയക്കുകയോ വ്യസനിക്കുകയോ ചെയ്യേണ്ടതില്ല. നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വർഗ്ഗം കൊണ്ട് സന്തോഷിച്ച് കൊള്ളുക. ഇഹലോകത്തും പരലോകത്തും നിങ്ങളുടെ ആത്മ സുഹൃത്തുക്കൾ തന്നെയാണ് ഞങ്ങൾ. നിങ്ങൾ നിങ്ങളുടെ മനസ്സിൽ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും സ്വർഗ്ഗത്തിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്. വളരെയധികം പൊറുക്കുന്നവനും കരുണയുള്ളവനുമായ രക്ഷിതാവിന്റെ ഭാഗത്തുനിന്നുമുള്ള സൽക്കാരമാണ് ഇത്. (ഹാമീം സജദ 30-32).
14. നന്മകളിലൂടെ ആഗ്രഹങ്ങൾ സഫലമാകുന്നതാണ്. അല്ലാഹു പറയുന്നു: സഹനത മുറുകെപ്പിടിച്ചുകൊണ്ടും നമസ്‌ക്കാരം നിർവ്വഹിച്ചകൊണ്ടും അല്ലാഹുവിനോട് നിങ്ങൾ സഹായം തേടുക. (ബഖറ 45). അബ്ദുല്ലാഹിബ്‌ന് അബീഔഫാ (റ) നിവേദനം റസൂലുല്ലാഹി (സ) അരുളി: ആർക്കെങ്കിലും വല്ല ആവശ്യങ്ങളും വന്നാൽ നല്ല നിലയിൽ വുളൂഅ് ചെയ്ത് രണ്ട് റകഅത്ത് നമസ്‌ക്കരിക്കുകയും അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തുകയും റസൂലുല്ലാഹി (സ) യുടെ മേൽ സ്വലാത്ത് സലാമുകൾ ചൊല്ലുകയും ചെയ്തുകൊണ്ട് ഇപ്രകാരം ദുആ ഇരക്കുക:.......................................... (ഇമാന്‍ നമസ്കാരം 56)
15. നന്മകളിലൂടെ കാര്യങ്ങളിൽ ഉറച്ച തീരുമാനം എടുക്കാൻ സാധിക്കുന്നതാണ്. നന്മയായ പല കാര്യങ്ങളിൽ ഏത് ചെയ്യണമെന്ന് ചിലപ്പോൾ നമുക്ക് സംശയമുണ്ടാകും. മറ്റുചിലപ്പോൾ ഒരു കാര്യത്തെക്കുറിച്ച് അതിന്റെ അന്ത്യം നന്മയാണോ തിന്മയാണോ എന്ന് സംശയമുണ്ടാകും. ഇത്തരുണത്തിൽ ഇസ്തിഖാറ എന്ന പേരിലുള്ള നമസ്‌ക്കാരം നിർവ്വഹിക്കുകയും അല്ലാഹുവിനോട് ദുആ ഇരക്കുകയും ചെയ്താൽ എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായി മനസ്സിലാകുന്നതാണ്. റസൂലുല്ലാഹി (സ) അരുളി: .... (ഇമാന്‍ നമസ്കാരം 55) (ബുഖാരി).
16. നന്മകളിലൂടെ എല്ലാ പ്രശ്‌നങ്ങളും അല്ലാഹു ഏറ്റെടുക്കുകയും ആഗ്രഹങ്ങൾ സഫലമാക്കിത്തരുകയും ചെയ്യുന്നതാണ്. അബൂദർദാഅ് (റ) നിവേദനം റസൂലുല്ലാഹി (സ) അരുളി: അല്ലാഹു അറിയിക്കുന്നു: അല്ലയോ മനുഷ്യാ, പകലിന്റെ ആരംഭത്തിൽ നീ നാല് റകഅത്ത് നമസ്‌ക്കരിക്കുക. പ്രദോശംവരെയുള്ള എല്ലാ കാര്യങ്ങളും ഞാൻ എറ്റെടുക്കുകയും നിർവ്വഹിച്ച് തരുകയും ചെയ്യാം (തിർമിദി).
17. നന്മകളിലൂടെ സമ്പത്തിൽ ഐശ്വര്യം ഉണ്ടാകുന്നതാണ്. ഹകീം ഇബ്‌നുഹിഷാം (റ) നിവേദനം റസൂലുല്ലാഹി (സ) അരുളി: സത്യസന്ധത മുറുകെ പിടിക്കുന്ന കച്ചവടക്കാരനും ഉപഭോക്താവിനും സമ്പത്തിൽ ഐശ്വര്യം ഉണ്ടാകുന്നതാണ്. കളവ് കാട്ടുന്ന ആളുകൾക്ക് ഐശ്വര്യമില്ലായ്മ സംഭവിക്കുന്നതാണ്. (ബുഖാരി, മുസ്‌ലിം).
18. നന്മകളിലൂടെ അധികാരം നിലനിൽക്കുന്നതാണ്. മുആവിയ (റ) നിവേദനം: നബി (സ) അരുളി: ഖുറൈശികൾ നന്മയിൽ അടിയുറച്ച് നിൽക്കുന്ന കാലത്തോളം അധികാരം അവരിൽ നിലനിൽക്കുന്നതും അവരെ എതിർക്കുന്നവരെ അല്ലാഹു കൈ കാര്യം ചെയ്യുന്നതുമാണ്. (ബുഖാരി).
19. നന്മകളിലൂടെ അല്ലാഹുവിന്റെ കോപം നീങ്ങുന്നതും ദുർമരണങ്ങളിൽ നിന്ന് രക്ഷ നേടാൻ കഴിയുന്നതുമാണ്. അനസ് (റ) നിവേദനം റസൂലുല്ലാഹി (സ) അരുളി: ദാനധർമ്മങ്ങൾ രക്ഷിതാവിന്റെ കോപത്തെ ദൂരീകരിക്കുകയും മോശമായ മരണങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതാണ്. (തിർമിദി).
20. നന്മകളിലൂടെ നാശനഷ്ടങ്ങൾ ദൂരികരിക്കപ്പെടുകയും ആയുസ്സിൽ വർദ്ധനവും ഐശ്വര്യവും സംഭവിക്കുകയും ചെയ്യുന്നതാണ്. സൽമാൻ ഫാരിസി (റ) നിവേദനം റസൂലുല്ലാഹി (സ) അരുളി: പ്രാർത്ഥനയിലൂടെ അല്ലാഹുവിന്റെ വിധി പടച്ചവൻ മാറ്റുന്നതാണ്. നന്മകളിലൂടെ ആയുസ്സിൽ വർദ്ധനവുണ്ടാകുന്നതാണ്. (തിർമിദി).
21. നന്മകൾ പ്രവർത്തിക്കുന്നതിലൂടെ എല്ലാ കാര്യങ്ങളും എളുപ്പമാകുന്നതും സഫലമാകുന്നതുമാണ്. അതാഅ് (റ) നിവേദനം റസൂലുല്ലാഹി (സ) അരുളി: ഒരു ദിവസത്തിന്റെ ആരംഭത്തിൽ ആരെങ്കിലും സൂറത്തുൽ യാസീൻ ഓതിയാൽ അവന്റെ ആവശ്യങ്ങളെല്ലാം നിർവ്വഹിക്കപ്പെടുന്നതാണ്. (ദാരിമി).
22. നന്മകളിലൂടെ ദാരിദ്ര്യം ഇല്ലാതാകുന്നതാണ്. ഇബ്‌നു മസ്ഊദ് (റ) നിവേദനം റസൂലുല്ലാഹി (സ) അരുളി: എല്ലാ രാത്രിയിലും സൂറത്തുൽ വാഖിഅ പാരായണം ചെയ്യുന്നവർക്ക് ഒരിക്കലും ദാരിദ്ര്യം ബാദിക്കുന്നതല്ല. (ബൈഹഖി).
23. നന്മകളിലൂടെ കുറഞ്ഞ ആഹാരം ധാരാളം പേർക്ക് മതിയാകുന്നതാണ്. അബൂഹുറയ്‌റ (റ) വിവരിക്കുന്നു: ഒരു വ്യക്തി ധാരാളം ആഹാരം കഴിക്കുമായിരുന്നു. അദ്ദേഹം മുസ്‌ലിമായതിന് ശേഷം ആഹാരം വളരെ കുറച്ച് കഴിക്കാൻ തുടങ്ങി. ഈ കാര്യം റസൂലുല്ലാഹി (സ) യോട് പറയപ്പെട്ടപ്പോൾ അവിടുന്ന് അരുളി: സത്യവിശ്വാസി ഒരു ആമാശയം കൊണ്ടാണ് ആഹാരം കഴിക്കുന്നത്. നിഷേധി ഏഴ് ആമാശയങ്ങൾ കൊണ്ടാണ് ഭക്ഷിക്കുന്നത്. (ബുഖാരി).
24. നന്മകളിലൂടെ രോഗങ്ങളിൽ നിന്നും പകടങ്ങളിൽ നിന്നും രക്ഷ നേടാൻ സാധിക്കുന്നതാണ്. ഉമർ (റ), അബൂഹുറയ്‌റ (റ) ഇരുവരിൽ നിന്നും നിവേദനം റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും വല്ല അപകടത്തിലും പെട്ട ഒരാളെ കാണുമ്പോൾ, ഈ പരീക്ഷണത്തില്‍ നിന്നും എനിക്ക് സൗഖ്യം നല്‍കുകയും ധാരാളം സൃഷ്ടികളേക്കാള്‍ എന്നെ ശ്രേഷ്ടനാക്കുകയും ചെയ്ത അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും എന്ന് പറഞ്ഞാൽ അല്ലാഹു ആ അപകടത്തിൽ നിന്ന് അവനെ സംരക്ഷിക്കുന്നതാണ്. (തിര്‍മിദി)
25. ചിന്താഭാരങ്ങളും കടബാധ്യതകളും നന്മകളിലൂടെ നീങ്ങുന്നതാണ്. അബൂസഈദ് (റ) വിവരിക്കുന്നു: ഒരു വ്യക്തി ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എനിക്ക് ധാരാളം ചിന്താഭാരങ്ങളും കടബാധ്യതകളും ഉണ്ടായിരിക്കുന്നു. റസൂലുല്ലാഹി (സ) അരുളി: ഞാൻ നിനക്ക് ചില വചനങ്ങൾ പഠിപ്പിച്ച് തരാം. അത് പാരായണം ചെയ്യുന്നതിലൂടെ നിന്റെ എല്ലാ ചിന്താഭാരങ്ങളും കടബാധ്യതകളും നീങ്ങിപ്പോകുന്നതാണ്. രാവിലെയും വൈകുന്നേരവും ഇപ്രകാരം ദുആ ഇരക്കുക: ............................ (മുനാജാത്തെ മഖ്ബൂല്‍ 21) (അബൂദാവൂദ്)
26. മാരണം പോലുള്ള അപകടങ്ങളിൽ നിന്നും നന്മകളിലൂടെ രക്ഷ പ്രാപിക്കുന്നതാണ്. കഅ്ബുൽ അഹ്ബാബ് (റ) പ്രസ്താവിക്കുന്നു: ചില വാചകങ്ങൾ ഞാൻ പറഞ്ഞില്ലായിരുന്നുവെങ്കിൽ യഹൂദികൾ എന്നെ കഴുതയാക്കിക്കളയുമായിരുന്നു. ശിഷ്യന്മാർ ചോദിച്ചു: ആ വാചകങ്ങൾ ഏതാണ്? അദ്ദേഹം പറഞ്ഞു: ...............
ചുരുക്കത്തിൽ നന്മകളിലൂടെ ഇഹലോകത്ത് തന്നെ ധാരാളം പ്രയോജനങ്ങളും ഗുണങ്ങളും ഉണ്ടാകുന്നതാണ്. പരിശുദ്ധഖുർആനിലും പുണ്യഹദീസിലും പരിചിന്തനം നടത്തുകയും നന്മകൾ അധികരിപ്പിച്ച് കൊണ്ട് സ്വന്തം അവസ്ഥകളിലേക്ക് ശ്രദ്ധിക്കുകയും ചെയ്താൽ ഇതെല്ലാം വ്യക്തമായി മനസ്സിലാക്കുന്നതാണ്. അല്ലാഹുവിനെ അനുസരിച്ചുകൊണ്ടും റസൂലുല്ലാഹി (സ) യെ പിൻപറ്റിക്കൊണ്ടും ജീവിക്കുന്നവർക്ക് വളരെ സന്തോഷകരമായ ജീവിതം ഈ ലോകത്തുതന്നെ ലഭിക്കുന്നതാണ്. ഒരു പക്ഷേ സമ്പന്നരിലും അധികാരികളിലും അത്തരം അവസ്ഥകൾ കാണാൻ സാധിക്കുന്നതല്ല. അവരുടെ കുറഞ്ഞ സമ്പത്തിൽ വലിയ ഐശ്വര്യം ഉണ്ടാകുന്നതും അവരുടെ മനസ്സിൽ സമ്പൽസമൃദ്ധി നിറയുന്നതും അവരുടെ കാര്യങ്ങൾ എളുപ്പമാകുന്നതും വദനങ്ങൾ പ്രകാശിക്കുന്നതുമാണ്.
അല്ലാഹുവേ, ഞങ്ങൾക്ക് നന്മകൾ അധികരിപ്പിക്കാനും നിന്റെ പൊരുത്തവും സാമിപ്യവും കരസ്ഥമാക്കാനും തൗഫീഖ് നൽകേണമേ.
മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുൽ ഹശ്ർ- (24 ആയത്തുകൾ, പദങ്ങൾ 445, അക്ഷരങ്ങൾ 1913, മദീനമുനവ്വറയിൽ അവതരണം. 3 റുകൂഅ്. അവതരണ ക്രമം 101. പാരായണ ക്രമം 59. സൂറത്തുൽ ബയ്യിനക്ക് ശേഷം അവതരണം)
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തിൽ ആരംഭം
പോരാട്ടമില്ലാതെ ലഭിച്ച ഭൂമി പ്രവാചകനുള്ളതാണ്, റസൂലുല്ലാഹി (സ) അതിൽ സാധുക്കളെ പരിഗണിച്ചു, ഉന്നത സഹാബികളുടെയും ഉത്തമ പിൻഗാമികളുടെയും മഹൽ ഗുണങ്ങൾ
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 06-10
وَمَا أَفَاءَ اللَّهُ عَلَىٰ رَسُولِهِ مِنْهُمْ فَمَا أَوْجَفْتُمْ عَلَيْهِ مِنْ خَيْلٍ وَلَا رِكَابٍ وَلَٰكِنَّ اللَّهَ يُسَلِّطُ رُسُلَهُ عَلَىٰ مَن يَشَاءُ ۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ (6) مَّا أَفَاءَ اللَّهُ عَلَىٰ رَسُولِهِ مِنْ أَهْلِ الْقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ كَيْ لَا يَكُونَ دُولَةً بَيْنَ الْأَغْنِيَاءِ مِنكُمْ ۚ وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ وَاتَّقُوا اللَّهَ ۖ إِنَّ اللَّهَ شَدِيدُ الْعِقَابِ (7) لِلْفُقَرَاءِ الْمُهَاجِرِينَ الَّذِينَ أُخْرِجُوا مِن دِيَارِهِمْ وَأَمْوَالِهِمْ يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا وَيَنصُرُونَ اللَّهَ وَرَسُولَهُ ۚ أُولَٰئِكَ هُمُ الصَّادِقُونَ (8) وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِّمَّا أُوتُوا وَيُؤْثِرُونَ عَلَىٰ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِ فَأُولَٰئِكَ هُمُ الْمُفْلِحُونَ (9)
അവരിൽ നിന്നും അല്ലാഹു തന്റെ ദൂതന് നൽകിയ സമ്പത്തിൽ നിങ്ങൾ കുതിരയെയോ ഒട്ടകത്തെയോ ഓടിച്ചിട്ടില്ല. എന്നാൽ അല്ലാഹു ഉദ്ദേശിക്കുന്നവരുടെമേൽ അവന്റെ ദൂതന്മാരെ അവൻ അധികാരിയാക്കുന്നു. അല്ലാഹു സർവ്വതിനും കഴിവുള്ളവനാകുന്നു.(6) ഗ്രാമവാസികളിൽ നിന്നും അല്ലാഹു അവന്റെ ദൂതന് കൊടുത്ത സമ്പത്ത് അല്ലാഹുവിനും റസൂലിനും പ്രവാചക കുടുംബത്തിനും അനാഥർക്കും പട്ടിണി പാവങ്ങൾക്കും യാത്രികർക്കും ഉള്ളതാകുന്നു. സമ്പത്ത് സമ്പന്നർക്കിടയിൽ മാത്രം കറങ്ങുന്നതാകാതിരിക്കാൻ വേണ്ടിയാണിത്. പ്രവാചകൻ നിങ്ങൾക്ക് നൽകുന്നത് നിങ്ങൾ സ്വീകരിക്കുക. പ്രവാചകൻ തടയുന്ന കാര്യത്തിൽ നിന്നും അകന്ന് കഴിയുക. നിങ്ങൾ അല്ലാഹുവിനെ ഭയക്കുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.(7) അല്ലാഹുവിന്റെ ഔദാര്യവും തൃപ്തിയും കാംക്ഷിച്ചുകൊണ്ട് അല്ലാഹുവിനെയും റസൂലിനെയും സഹായിക്കാൻ വേണ്ടി വീടുകളിൽ നിന്നും സമ്പത്തുകളിൽ നിന്നും പുറത്താക്കപ്പെട്ട പട്ടിണിപ്പാവങ്ങളായ മുഹാജിറുകളെ ഈ സ്വത്തിൽ പ്രത്യേകം പരിഗണിക്കുക. അവർ സത്യസന്ധരാണ്.(8) അവർക്ക് മുമ്പ് മദീനയിൽ വീട് ഒരുക്കുകയും ഈമാനിൽ ഉറച്ചുനിൽക്കുകയും ചെയ്തവർ അവരിലേക്ക് ഹിജ്റ ചെയ്തുവന്നവരെ സ്നേഹിക്കുന്നു. മുഹാജിറുകൾക്ക് നൽകപ്പെടുന്നതിന്റെ പേരിൽ ഇവർ ദരിദ്രരായിരുന്നിട്ടുകൂടി ഇവരുടെ മനസ്സിൽ ഒരു ഞെരുക്കവും ഇവർക്ക് അനുഭവപ്പെടുന്നില്ല. ആരെങ്കിലും മനസ്സിന്റെ സ്വാർത്ഥതയിൽ നിന്നും സംരക്ഷിക്കപ്പെട്ടാൽ അവർ വിജയം വരിക്കുന്നവരാണ്.(9) അവർക്ക് ശേഷം വരുന്നവർ ഇപ്രകാരം പറയുന്നതാണ്: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും സത്യവിശ്വാസത്തിൽ ഞങ്ങളെ മുൻകടന്ന ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തു തരേണമേ. ഞങ്ങളുടെ മനസ്സിൽ സത്യവിശ്വാസികളെക്കുറിച്ച് പകവയ്ക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, നീ വലിയ അലിവും കരുണയും ഉള്ളവനാണ്.(10)
വിവരണവും വ്യാഖ്യാനവും
അല്ലാഹുവിന്റെ ഔദാര്യവും തൃപ്തിയും കാംക്ഷിച്ചുകൊണ്ട് അല്ലാഹുവിനെയും റസൂലിനെയും സഹായിക്കാൻ വേണ്ടി വീടുകളിൽ നിന്നും സമ്പത്തുകളിൽ നിന്നും പുറത്താക്കപ്പെട്ട പട്ടിണിപ്പാവങ്ങളായ മുഹാജിറുകളെ ഈ സ്വത്തിൽ പ്രത്യേകം പരിഗണിക്കുക. അവർ സത്യസന്ധരാണ്.(8) ഈ ആയത്തിൽ സാധുക്കളായ മുഹാജിറുകളെയും അടുത്ത ആയത്തിൽ അൻസാറുകളെയും ശേഷമുള്ള ആയത്തിൽ തുടർന്നുള്ള മഹത്തുക്കളെയും അനുസ്മരിക്കുകയാണ്. ഈ ആയത്തിന്റെ ആശയം ഇതാണ്: കഴിഞ്ഞ ആയത്തിൽ പൊതു അനാഥർക്കും പട്ടിണി പാവങ്ങൾക്കും യാത്രക്കാർക്കും ഫയ്അ് സമ്പത്തിൽ അവകാശമുണ്ടെന്ന് വിവരിക്കപ്പെട്ടു. ഈ ആയത്തിൽ അതിനെ കൂടുതൽ വിശദീകരിച്ചുകൊണ്ട് പറയുന്നു: ഫയ്ഇൽ എല്ലാ സാധുക്കൾക്കും അവകാശമുണ്ടെങ്കിലും ദീനീ സേവനങ്ങളിലും മഹൽ ഗുണങ്ങളിലും മുൻകടന്ന മഹത്തുക്കളെ പ്രത്യേകം പരിഗണിക്കേണ്ടതാണ്.
ദാനധർമ്മങ്ങളിൽ ആവശ്യക്കാരായ സൽക്കർമ്മികളെയും ദീനീ സേവകരെയും മുന്തിക്കുക: ദാനധർമ്മം പ്രത്യേകിച്ചും ഫയ്അ് സമ്പത്ത് പൊതുവായ സാധുക്കളുടെ ആവശ്യ നിർവ്വഹണത്തിനുള്ളതാണെങ്കിലും സൽക്കർമ്മികളും മതബോധമുള്ളവരും വിശിഷ്യാ ദീനീ സേവനങ്ങൾ ചെയ്യുന്ന പണ്ഡിതരും വിദ്യാർത്ഥികളും ഇതിന് കൂടുതൽ അർഹരാണെന്ന് ഇതിൽ നിന്നും മനസ്സിലാകുന്നു. അതുകൊണ്ട് തന്നെ ഇസ്‌ലാമിക ഭരണകൂടങ്ങൾ വിദ്യാഭ്യാസ-പ്രബോധന-സംസ്‌കരണ പ്രവർത്തനങ്ങളിൽ മുഴുകിയ ഉലമാഅ്, മുഫ്തി, ഖാളി മുതലായവർക്ക് ഫയ്അ് സമ്പത്തിൽ നിന്നും കൊടുക്കുന്നത് പതിവാക്കിയിരുന്നു. * ഈ രണ്ട് ആയത്തുകളിൽ സഹാബാ മഹത്തുക്കളിലെ രണ്ട് വിഭാഗത്തെ അനുസ്മരിച്ചിരിക്കുന്നു. 1. മുഹാജിറുകൾ. അവർ ആദ്യമായി ഇസ്‌ലാം സ്വീകരിക്കുകയും വലിയ ത്യാഗങ്ങൾ അനുഷ്ടിക്കുകയും ചെയ്തവരാണ്. ഇസ്‌ലാമിന് വേണ്ടി ധാരാളം ദു:ഖ-ദുരിതങ്ങൾ അനുഭവിച്ച ആ മഹത്തുക്കൾ അവസാനം നാടും വീടും പറമ്പും വസ്തുക്കളും ബന്ധുമിത്രങ്ങളും എല്ലാം ഉപേക്ഷിച്ച് മദീനാ ത്വയ്യിബയിലേക്ക് പലായനം ചെയ്തു. 2. മദീനയിലെ അൻസാറുകളാണ്. അവർ റസൂലുല്ലാഹി (സ)യെയും കൂട്ടത്തിൽ വന്ന മുഹാജിറുകളെയും മദീനയിലേക്ക് ക്ഷണിക്കുകയും സ്വീകരിക്കുകയും ചെയ്തുകൊണ്ട് ലോകത്തിന്റെ എതിർപ്പ് ഏറ്റുവാങ്ങുകയും ചരിത്രത്തിൽ തുല്യതയില്ലാത്ത ആതിഥേയത്വം നൽകുകയും ചെയ്തു. ശേഷമുള്ള ആയത്തിൽ മൂന്നാമത്തെ മറ്റൊരു വിഭാഗത്തെക്കൂടി അനുസ്മരിച്ചിരിക്കുന്നു. ഇവർ സഹാബത്തിന് ശേഷം വന്നവരാണെങ്കിലും അവരുടെ ചുവട്ടടികളെ കഴിവിന്റെ പരമാവധി പിൻപറ്റിയവരാണ്. ഇതിൽ ഖിയാമത്ത് നാളുവരെയും സഹാബത്തിനെ പിൻപറ്റിയ എല്ലാ മഹത്തുക്കളും പെടുന്നതാണ്. അടുത്തതായി ഈ മഹത്തുക്കളുടെ ചില മഹത്വങ്ങൾ ശ്രദ്ധിക്കുക:
മുഹാജിറുകളുടെ മഹത്വങ്ങൾ: മുഹാജിറുകൾ ധാരാളം മഹത്വങ്ങൾ ഉള്ളവരാണ്. അവരുടെ ഒന്നാമത്തെ ഗുണം അല്ലാഹുവിൽ വിശ്വസിക്കുകയും റസൂലുല്ലാഹി (സ)യെ സഹായിക്കുകയും ചെയ്തു എന്നതിന്റെ പേരിൽ ധാരാളം ത്യാഗങ്ങൾ സഹിച്ചു എന്നതാണ്. അവരിൽ ചിലർ വിശപ്പിന്റെ കാഠിന്യം കാരണം വയറുകളിൽ കല്ല് വെച്ച് കെട്ടി. മറ്റുചിലർ തണുപ്പിനെ പ്രതിരോധിക്കാൻ ഒന്നും ഇല്ലാത്തതിനാൽ ഭൂമി കുഴിച്ച് അതിൽ രാത്രി കഴിച്ച് കൂട്ടുമായിരുന്നു. അവസാനം അവർ നാടും വീടും സ്വത്തും കുടുംബവും എല്ലാം വിട്ട് പലായനം ചെയ്യാൻ നിർബന്ധിതരായി. * ഇവിടെ ഒരു പ്രധാനപ്പെട്ട മസ്അലയുണ്ട്. മുസ്‌ലിംകളുടെ സമ്പത്ത് നിഷേധികൾ കൈയ്യടക്കിയാൽ എന്ത് ചെയ്യണം? ഈ ആയത്തിൽ അല്ലാഹു മുഹാജിറുകളെ ഫുഖറാഅ് എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ഫഖീർ എന്നാൽ ഒന്നും ഉമസ്ഥതയിൽ ഇല്ലാത്ത വ്യക്തിയാണ്. എന്നാൽ മുഹാജിറുകളിൽ ഭൂരിഭാഗവും മക്കയിൽ സമ്പത്തും സ്വത്തും ഉള്ളവരായിരുന്നു. ഹിജ്‌റയ്ക്ക് ശേഷവും അവർ ആ സമ്പത്തിന്റെ ഉടമകളായിരുന്നാൽ അവരെക്കുറിച്ച് ഫുഖറാഅ് എന്ന് പറയുന്നത് ശരിയല്ലല്ലോ? ഇവിടെ അവരെക്കുറിച്ച് ഫുഖറാഅ് എന്ന് പറഞ്ഞുകൊണ്ട് ഖുർആൻ സൂചിപ്പിക്കുന്നു: ഹിജ്‌റയ്ക്ക് ശേഷം അവർ മക്കയിൽ വിട്ടിട്ട് വന്ന സമ്പത്തിന്റെ ഉടമാവകാശം അവർക്ക് നഷ്ടപ്പെടുകയുണ്ടായി! ഇമാം അബൂഹനീഫാ (റ), ഇമാം മാലിക് (റ) ഇരുവരും പറയുന്നു: മുസ്‌ലിംകൾ ഒരു നാട്ടിലേക്ക് പലായനം ചെയ്ത് പോവുകയും അവരുടെ സമ്പത്ത് നിഷേധികൾ കൈയ്യടക്കുകയും ചെയ്താൽ മുസ്‌ലിംകളുടെ ഉടമാവകാശം നഷ്ടപ്പെടുന്നതും അതിൽ നിഷേധികളുടെ ക്രയവിക്രയം സാധുവാകുന്നതുമാണ്. ഇതിനെ പിന്തുണയ്ക്കുന്ന ഹദീസുകൾ തഫ്‌സീർ മസ്ഹരിയിൽ ഉദ്ധരിച്ചിട്ടുണ്ട്. മുഹാജിറുകളുടെ രണ്ടാമത്തെ ഗുണം, അവർ ഇസ്‌ലാമിൽ പ്രവേശിച്ചതിന്റെയും പലായനം ചെയ്തതിന്റെയും പിന്നിൽ ഭൗതികമായ യാതൊരു താൽപ്പര്യവും ഇല്ലായിരുന്നു. പടച്ചവന്റെ ഔദാര്യവും പ്രീതിയും മാത്രം ലക്ഷ്യമിട്ട അവർ സമ്പൂർണ്ണ ഉദ്ദേശ ശുദ്ധിയുള്ളവരായിരുന്നു. ഫള്ൽ (ഔദാര്യം) എന്നാൽ ഭൗതിക അനുഗ്രഹങ്ങളും രിള്‌വാൻ (പ്രീതി) എന്നാൽ പരലോക അനുഗ്രഹവുമാണ് ഉദ്ദേശം. അതായത് അവർ പഴയ വീടും പറമ്പുമെല്ലാം ഉപേക്ഷിച്ചു. അവർ ലക്ഷ്യമിട്ടത് ഇസ്‌ലാമിന്റെ തണലിലായി ഇരുലോക അനുഗ്രഹങ്ങൾ ലഭിക്കണമെന്നാണ്. അവരുടെ മൂന്നാമത്തെ ഗുണം, അവർ ഇതെല്ലാം ചെയ്തത് അല്ലാഹുവിനെയും ദൂതനെയും സഹായിക്കാൻ വേണ്ടിയാണ്. അല്ലാഹുവിനെ സഹായിക്കുക എന്നാൽ ദീനിനെ സഹായിക്കലാണ്. അതിൽ അവർ അത്ഭുതകരമായ ത്യാഗങ്ങൾ അനുഷ്ടിക്കുകയുണ്ടായി. നാലാമത്തെ ഗുണം, അവർ വാക്കിലും പ്രവർത്തനത്തിലും സത്യസന്ധനായിരുന്നു എന്നതാണ്. ഇസ്‌ലാമിന്റെ കലിമ ചൊല്ലി അല്ലാഹുവിനോടും ദൂതനോടും അവർ ചെയ്ത കരാറുകൾ അവർ പരിപൂർണ്ണമായി പാലിച്ചു. മുഹാജിറുകളായ സഹാബികളെല്ലാവരും സത്യസന്ധരാണെന്ന് ഈ ആയത്ത് പ്രഖ്യാപിക്കുന്നു. അവരെ കള്ളന്മാരായി മുദ്ര കുത്തുന്നവർ ഈ ആയത്തിനെ നിഷേധിക്കുന്നതിനാൽ മുസ്‌ലിംകളാകുന്നതല്ല. ഈ മഹാന്മാരെ കപടവിശ്വാസികളായി ശിയാക്കൾ ചിത്രീകരിക്കുന്നത് ഈ ആയത്തിനെ പരസ്യമായി കളവാക്കലാണ്. റസൂലുല്ലാഹി (സ) മുഹാജിറുകളിലെ സാധുക്കളെ മുൻനിർത്തി അല്ലാഹുവിനോട് ദുആ ഇരക്കാറുണ്ടായിരുന്നു. (ശർഹുസ്സുന്ന)
************
മആരിഫുല്‍ ഹദീസ്
റസൂലുല്ലാഹി (സ) യുടെ സമുന്നത സ്വഭാവം - 4
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
124. ഇബ്നു അബ്ബാസ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ)യുടെ വിയോഗ സമയം അടുത്താെരു ദിവസം റസൂലുല്ലാഹി (സ)യുടെ അരികിൽ കുറച്ചാളുകൾ ഉണ്ടായിരുന്നു. അതിലൊന്ന് ഉമർ (റ) ആയിരുന്നു. തദവസരം റസൂലുല്ലാഹി (സ) അരുളി: വരിക, ഞാനൊരു ലിഖിതം എഴുതി തരാം. (അതായത് എഴുതിപ്പിച്ച് തരാം) അതിന് ശേഷം നിങ്ങൾ ഒരിക്കലും വഴിപിഴക്കുന്നതല്ല. അപ്പോൾ ഉമർ (റ) ജനങ്ങളോട് പറഞ്ഞു: റസൂലുല്ലാഹി (സ) ഈ സമയം കടുത്ത പ്രയാസത്തിലാണ്. നിങ്ങളുടെ പക്കൽ ഖുർആനുണ്ട്. നിങ്ങളുടെ സന്മാർഗ്ഗത്തിനും ദുർമാർഗ്ഗത്തിൽ നിന്നുമുള്ള സുരക്ഷക്കും അല്ലാഹുവിൻ്റെ ഗ്രന്ഥം നിങ്ങൾക്ക് മതിയാകുന്നതാണ്. അപ്പോൾ അവിടെ ഉണ്ടായിരുന്നവർ ഭിന്നിക്കുകയും പരസ്പരം സംസാരിക്കുകയും ചെയ്തു. ചിലർ ഉമർ (റ) പറഞ്ഞത് പറഞ്ഞു: ഈ ചർച്ചയും ഭിന്നതയും ശബ്ദവും അധികരിച്ചപ്പോൾ റസൂലുല്ലാഹി (സ) അരുളി: നിങ്ങൾ എൻ്റെ അടുത്ത് നിന്നും പോവുക. ഇബ്നു അബ്ബാസ് (റ) വിൽ നിന്നും ഈ ഹദീസ് നിവേദനം ചെയ്യുന്ന ഉബൈദുല്ലാഹ് (റ) പറയുന്നു: ഈ സംഭവം വിവരിച്ചു കൊണ്ട് ഇബ്നു അബ്ബാസ് (റ) പറയുമായിരുന്നു: റസൂലുല്ലാഹി (സ)യുടെയും റസൂലുല്ലാഹി (സ) എഴുതാൻ ആഗ്രഹിച്ച ലിഖിതത്തിൻ്റെയും ഇടയിൽ അവരുടെ ഭിന്നതയും ശബ്ദവും കാരണം മറയിട്ടതാണ് ഏറ്റവും വലിയ നാശം. (ബുഖാരി, മുസ്‌ലിം) ഇതേ ഹദീസ് അൽപ്പം കൂടി വിശദമായി മറ്റൊരു ശിഷ്യൻ സഈദ് ഇബ്നു ജുബൈർ (റ) നിവേദനം ചെയ്തിട്ടുണ്ട്. അതും കൂടി പാരായണം ചെയ്യുക.
125. സഈദ് ഇബ്നു ജുബൈർ (റ) വിവരിക്കുന്നു: ഇബ്നു അബ്ബാസ് (റ) ഒരിക്കൽ പറഞ്ഞു: ഹാ കഷ്ടം! ഒരു വ്യാഴാഴ്ച്ച ദിവസം ഇങ്ങനെയായിരുന്നു. അതെ ആ വ്യാഴാഴ്ച്ച ദിവസം ഇങ്ങനെയായിരുന്നു. ഇത്രയും പറഞ്ഞു കൊണ്ട് അദ്ദേഹം കരയുകയും കണ്ണുനീർ കൊണ്ട് ഭൂമിയിലെ ചരൽ കല്ലുകൾ നനയുകയും ചെയ്തു. ഞാൻ ചോദിച്ചു: താങ്കൾ ഇത്ര ദുഃഖത്തോടെ ഓർക്കുന്ന വ്യാഴാഴ്ച്ച ദിവസം ഏതാണ്? അദ്ദേഹം പറഞ്ഞു: ഒരു വ്യാഴാഴ്ച്ച ദിവസം റസൂലുല്ലാഹി (സ)യുടെ രോഗം അധികരിച്ചു. ആ അവസ്ഥയിൽ തന്നെ റസൂലുല്ലാഹി (സ) അരുളി: എഴുതാൻ ഒരു തോൾ എല്ല് കൊണ്ടു വരിക. ഞാൻ നിങ്ങൾക്ക് ഒരു ലിഖിതം എഴുതി തരാം. അതിന് ശേഷം നിങ്ങൾ ഒരിക്കലും വഴിപിഴക്കുന്നതല്ല. അപ്പോൾ ഈ വിഷയത്തിൽ അവിടെ ഉണ്ടായിരുന്നവർ ഭിന്നിച്ചു. പ്രവാചകൻ്റെ അരികിൽ ഭിന്നതയും തർക്കവും പാടുള്ളതല്ല. ചിലർ പറഞ്ഞു: റസൂലുല്ലാഹി (സ) നമ്മെ വിട്ടു പിരിയുകയാണ്. റസൂലുല്ലാഹി (സ) എന്താണ് പറയുന്നതെന്ന് ചോദിച്ച് നോക്കുക. ശേഷം ജനങ്ങൾ റസൂലുല്ലാഹി (സ)യോട് ഇതിനെ കുറിച്ച് ആവർത്തിച്ച് ചോദിച്ചപ്പോൾ റസൂലുല്ലാഹി (സ) അരുളി: എന്നെ വിടുക, ഞാനിപ്പോൾ മുഴുകിയിരിക്കുന്ന കാര്യം നിങ്ങൾ എന്നെ വിളിക്കുന്ന കാര്യത്തേക്കാൾ ഉത്തമമാണ്. തുടർന്ന് റസൂലുല്ലാഹി (സ) മൂന്ന് കാര്യങ്ങൾ കൽപ്പിച്ചു. ഒന്ന്, ബഹുദൈവാരാധകരെ അറേബ്യയിൽ നിന്നും പുറത്താക്കണം. രണ്ട്, ഭരണകൂട ഗോത്രങ്ങളുടെ ഭാഗത്ത് നിന്നും വരുന്ന സംഘങ്ങളോട് ഞാൻ പെരുമാറിയിരുന്നത് പോലെ നിങ്ങളും വർത്തിക്കുക. സഈദ് (റ) വിൽ നിന്നും ഈ ഹദീസ് നിവേദനം ചെയ്ത സുലൈമാൻ പറയുന്നു: ഒന്നുങ്കിൽ സഈദ് (റ) മൂന്നാമത്തെ കാര്യം പറഞ്ഞില്ല അല്ലെങ്കിൽ ഞാൻ അത് മറന്ന് പോയി. (ബുഖാരി, മുസ്‌ലിം)
വിവരണം: ഇരു നിവേദനങ്ങൾക്കും ഇടയിൽ അടിസ്ഥാനപരമായി വൈരുദ്ധ്യമൊന്നുമില്ല. ഓരോന്നിലും മറ്റുള്ളതിൽ ഇല്ലാത്ത കുറച്ച് കാര്യങ്ങൾ ഉണ്ടെന്ന് മാത്രം. പൂർണ്ണമായ നിലയിൽ സംഭവം ഇങ്ങനെ സംഗ്രഹിക്കാം. റസൂലുല്ലാഹി (സ)യുടെ വിയോഗത്തിന് അഞ്ച് ദിവസം മുമ്പ് വ്യാഴാഴ്ച്ച റസൂലുല്ലാഹി (സ)യുടെ രോഗം കഠിനമായി. പനി അതി ശക്തമാവുകയും പ്രയാസം വളരെ വർദ്ധിക്കുകയും ചെയ്തു. തദവസരം റസൂലുല്ലാഹി (സ)യുടെ അരികിൽ ഉമർ (റ) അടക്കം ഏതാനം സ്വഹാബികളുണ്ടായിരുന്നു. അപ്പോൾ റസൂലുല്ലാഹി (സ) അരുളി: ഒരു കാര്യം എഴുതാൻ തോൾ എല്ലും മഷിയും കൊണ്ട് വരിക! (അന്ന് കടലാസ് വളരെ കുറവായിരുന്നു. അതുകൊണ്ട് ഇതര വസ്തുക്കളിൽ കാര്യങ്ങൾ എഴുതിയിരുന്നു. പ്രത്യേകിച്ചും എല്ലിൽ മരത്തിലും കല്ലിലും എഴുതുന്നത് പോലെ എഴുതാറുണ്ടായിരുന്നു.) ഇതുകേട്ടപ്പോൾ അവിടെയുണ്ടായിരുന്ന ഉമർ (റ) മറ്റുള്ളവരോട് പറഞ്ഞു: റസൂലുല്ലാഹി (സ) ഈ സമയം കടുത്ത പ്രയാസത്തിലാണ്. റസൂലുല്ലാഹി (സ) വഴിയായി നൽകപ്പെട്ട പരിശുദ്ധ ഖുർആൻ നിങ്ങളുടെ പക്കലുണ്ടല്ലോ? നാമെല്ലാവരുടെയും സന്മാർഗ്ഗത്തിനും ദുർമാർഗ്ഗത്തിൽ നിന്നുള്ള രക്ഷക്കും ഖുർആൻ മതിയായതാണെന്ന് ഖുർആൻ തന്നെ പറയുന്നുണ്ട്. അവിടെ ഉണ്ടായിരുന്നവർ ഈ വിഷയത്തിൽ ഭിന്നിച്ചു. ചിലർ എഴുതാനുള്ള സാധനങ്ങൾ കൊണ്ടുവരിക എന്ന് പറഞ്ഞപ്പോൾ മറ്റു ചിലർ ഉമർ (റ) പറഞ്ഞത് പോലെ തന്നെ പറഞ്ഞു. അപ്പോൾ ചിലർ പ്രതികരിച്ചു: റസൂലുല്ലാഹി (സ) വിടപറയാൻ പോവുകയാണെന്ന് തോന്നുന്നു. കാര്യം ചോദിക്കുക. അവർ ഇതിനെ കുറിച്ച് റസൂലുല്ലാഹി (സ)യോട് പല പ്രാവശ്യം ആവർത്തിച്ചു ചോദിച്ചു. അത് കാരണം റസൂലുല്ലാഹി (സ)യുടെ ഇലാഹി ധ്യാനത്തിൻ്റെ പ്രത്യേക അവസ്ഥക്ക് തടസ്സമുണ്ടായി. അതുകൊണ്ട് റസൂലുല്ലാഹി (സ) അരുളി: നിങ്ങൾ എന്നെ വിടുക. ഞാനിപ്പോൾ ഏകനായ പടച്ചവൻ്റെ ഭാഗത്തേക്ക് തിരിഞ്ഞരിക്കുകയാണ്. യാത്രയാകാനുള്ള തയ്യാറെടുപ്പിലുമാണ്. ഇതിനിടയിൽ നിങ്ങൾ എന്നെ നിങ്ങളിലേക്ക് തിരിക്കാൻ പരിശ്രമിക്കുന്നു. എന്നെ വിട്ടേക്കുക. ശേഷം റസൂലുല്ലാഹി (സ) അതേ സദസ്സിൽ തന്നെ മൂന്ന് കാര്യങ്ങൾ കൽപ്പിച്ചു! ഇതാണ് സമ്പൂർണ്ണമായ സംഭവം. ഈ ഹദീസിന് കിർതാസ് ഹദീസ് എന്ന് പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട ചില അത്യാവശ്യ കാര്യങ്ങൾ താഴെ കൊടുക്കുന്നു:
ഒന്ന്, ഈ സംഭവം നടന്നതൊരു വ്യാഴാഴ്ച്ച ദിവസമാണ്. അതിന് ശേഷം തിങ്കളാഴ്ച്ച വരെ അഞ്ച് ദിവസം റസൂലുല്ലാഹി (സ) ജീവിച്ചിരുന്നു. ഈ ദിവസങ്ങളിൽ ഒന്നും റസൂലുല്ലാഹി (സ) ഈ ലിഖിതം എഴുതുകയോ എഴുതാൻ ആഗ്രഹം പ്രകടിപ്പിക്കുകയോ ഉണ്ടായില്ല. ഈ ലിഖിതം എഴുതാൻ അല്ലാഹുവിൻ്റെ ഭാഗത്ത് നിന്നും കൽപ്പനയില്ലായിരുന്നു. റസൂലുല്ലാഹി (സ)യുടെ സ്വന്തമായുള്ള ഒരു ആഗ്രഹം മാത്രമായിരുന്നുവെന്നും ശേഷം റസൂലുല്ലാഹി (സ) എഴുതിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇതു വ്യക്തിമായി അറിയിക്കുന്നു. ഇത് എഴുതിക്കാനുള്ള കൽപ്പന അല്ലാഹുവിൻ്റെ ഭാഗത്ത് നിന്നുമായിരുന്നെങ്കിൽ റസൂലുല്ലാഹി (സ)യുടെ തീരുമാനത്തിൽ മാറ്റമൊന്നും ഉണ്ടാവില്ലായിരുന്നു. അതെ, സമുദായത്തെ വഴികേടിൽ നിന്നും രക്ഷിക്കാൻ ഇത് എഴുതൽ നിർബന്ധമായിരുന്നെങ്കിൽ ഈ അഞ്ച് ദിവസത്തിനുള്ളിൽ റസൂലുല്ലാഹി (സ) നിർബന്ധമായും എഴുതിക്കുമായിരുന്നു. അങ്ങനെ എഴുതിക്കാതിരിക്കുന്നത് റസൂലുല്ലാഹി (സ)യുടെ ദൗത്യത്തിലുള്ള വീഴ്ച്ചയായി പോവുമായിരുന്നു. റസൂലുല്ലാഹി (സ)യുടെ രോഗത്തിൻ്റെ തുടക്ക സന്ദർഭത്തിൽ അബൂബക്കർ സിദ്ദീഖ് (റ)നെ ഖലീഫയാക്കാനുള്ള ലിഖിതം ആഗ്രഹിക്കുകയും ശേഷം അല്ലാഹുവിൻ്റെ നടപടിക്രമവും സത്യവിശ്വാസികളുടെ നിലപാടും ഓർത്തു കൊണ്ട് വേണ്ടെന്ന് വെക്കുകയും ചെയ്ത സംഭവം നേരത്തെ വിവരിക്കുകയുണ്ടായി. ഈ സംഭവവും അതുപോലെ തന്നെയാണ്.
രണ്ട്, ഈ ഹദീസിൽ ശ്രദ്ധിക്കേണ്ട രണ്ടാമത്തെ കാര്യം, റസൂലുല്ലാഹി (സ) കടുത്ത പനിയുടെ സന്ദർഭത്തിൽ എഴുതാനുള്ള സാധനം കൊണ്ടുവരാൻ ആവശ്യപ്പെട്ടപ്പോൾ ഉമർ (റ) റസൂലുല്ലാഹി (സ)യോട് ഒന്നും പറയുകയുണ്ടായില്ല എന്ന കാര്യം ശ്രദ്ധേയമാണ്. മറിച്ച് അവിടെ ഉണ്ടായിരുന്നവരോട് പറഞ്ഞു: റസൂലുല്ലാഹി (സ) കടുത്ത ബുദ്ധിമുട്ടിലും പ്രയാസത്തിലുമാണ്. ഈ സമയത്ത് റസൂലുല്ലാഹി (സ)യോട് എന്തെങ്കിലും എഴുതാൻ പറഞ്ഞു നാം ബുദ്ധിമുട്ടിക്കരുത്. മറുഭാഗത്ത് മാനവരാശിയുടെ സമ്പൂർണ്ണ സന്മാർഗ്ഗത്തിനും ദുർമാർഗ്ഗത്തിൽ നിന്നുള്ള സുരക്ഷക്കും പരിശുദ്ധ ഖുർആൻ മതിയായതാണ് എന്ന കാര്യം പരിശുദ്ധ ഖുർആൻ ഹദീസുകളുടെ വെളിച്ചത്തിൽ വ്യക്തമായി മനസ്സിലായിട്ടുള്ള കാര്യമാണ്. അതെ, അല്ലാഹു അറിയിക്കുന്നു: നാം ഈ ഗ്രന്ഥത്തിൽ ആവശ്യമായതൊന്നും വിട്ടിട്ടില്ല. (അൻആം) പരിശുദ്ധ ഖുർആൻ ആവശ്യമായ സർവ്വ കാര്യങ്ങളും വ്യക്തമാക്കി തരുന്നു. (നഹ്ൽ) കൂടാതെ ഏതാനം ദിവസങ്ങൾക്ക് മുമ്പ് ഹജ്ജത്തുൽ വദാഇൽ അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചു. ഇന്നേ ദിവസം നാം നിങ്ങളുടെ ദീൻ ...... (മാഇദ) മാനവരാശിക്ക് സന്മാർഗ്ഗത്തിന് ആവശ്യമായതെല്ലാം ഖുർആനിലുണ്ടെന്ന് ഇതുപോലുള്ള വചനങ്ങൾ വിളിച്ചറിയിക്കുന്നു. അതുകൊണ്ട് ഈ പ്രയാസ സന്ദർഭത്തിൽ എന്തെങ്കിൽ എഴുതാൻ നാം റസൂലുല്ലാഹി (സ)യെ ബുദ്ധിമുട്ടിക്കരുത്! അതിന് ശേഷം അഞ്ച് ദിവസം ജീവിച്ചിരുന്ന റസൂലുല്ലാഹി (സ) ഈ വിഷയത്തിൽ ഒന്നും എഴുതിക്കാതിരുന്നതിലൂടെ റസൂലുല്ലാഹി (സ) ഉമർ (റ)ൻ്റെ അഭിപ്രായത്തെ ശരിവെക്കുകയുണ്ടായി. തീർച്ചയായും ഈ സംഭവം ഉമർ (റ) മഹത്വം വിളിച്ചറിയിക്കുന്നതാണ്.
മൂന്ന്, റസൂലുല്ലാഹി (സ) എന്താണ് എഴുതാൻ ഉദ്ദേശിച്ചതെന്ന് ഈ ഹദീസുകളിൽ പറയപ്പെട്ടിട്ടില്ല. എന്നാൽ ഈ ഹദീസിനെ വ്യാഖ്യാനിക്കവെ ഹാഫിസ് ഇബ്നു ഹജർ (റ) അലിയ്യ് (റ) വിനോടും റസൂലുല്ലാഹി (സ) ഇപ്രകാരം എഴുതാനുള്ള സമാഗ്രികൾ കൊണ്ടുവരാൻ കൽപ്പിച്ചുവെന്ന നിവേദനം ഉദ്ധരിച്ചിരിക്കുന്നു (മുസ്നദ് അഹ്‌മദ്) അലിയ്യ് (റ) എഴുതാനും വായിക്കാനും അറിവുള്ള ആളായിരുന്നെങ്കിലും എഴുതാനുള്ള സാമഗ്രികൾ കൊണ്ടുവന്നില്ല.
നാല്, ഈ ഹദീസിൽ 'ഹജറ' എന്നൊരു പദമുണ്ട്. ഇത് പറഞ്ഞ വ്യക്തി ഉമർ (റ) അല്ല. മറ്റു ചിലരാണ് പറഞ്ഞിരിക്കുന്നത്. അവർ ആരാണെന്ന് വ്യക്തമാക്കാതെ 'ഖാലൂ' ചിലർ പറഞ്ഞു എന്നാണ് വന്നിട്ടുള്ളത്. ഉമർ (റ)നോട് കടുത്ത വിരോധം പുലർത്തുന്ന ശിയാക്കൾ അദ്ദേഹത്തെ ആക്ഷേപിക്കാൻ വേണ്ടി ഈ പദം പറഞ്ഞത് ഉമർ (റ) ആണെന്നും ഇതിൻ്റെ അർത്ഥം ബോധമില്ലാതെ സംസാരിക്കുക എന്നതാണെന്നും വാദിക്കുന്നു. ഒന്നാമതായി, ഈ പദം ഉപയോഗിച്ചത് ഉമർ (റ) ആയിരുന്നുവെന്നതിന് ആധികാരികമായ ഒരു തെളിവുമില്ല. നിങ്ങളുടെ പക്കൽ ഖുർആനുണ്ടല്ലോ എന്നാണ് ഉമർ (റ) പറഞ്ഞത്. 'ഹജറ' എന്ന പദം പറഞ്ഞത് മറ്റുള്ളവരാണ്. രണ്ടാമതായി ഹജറ എന്ന പദത്തിൻ്റെ അർത്ഥം ബോധമില്ലാതെ സംസാരിക്കുക എന്നതല്ല. ഹദീസിൻ്റെ ആശയത്തിൽ പറഞ്ഞത് പോലെ റസൂലുല്ലാഹി (സ) നമ്മിൽ നിന്നും യാത്രയാകാൻ പോകുന്നു എന്നാണ്. തീർച്ചയായും ഇത് റസൂലുല്ലാഹി (സ)യോടുള്ള സ്നേഹാനുരാഗത്തിൻ്റെ തെളിവ് തന്നെയാണ്.
അഞ്ച്, റസൂലുല്ലാഹി (സ) ഈ ലിഖിതത്തിലൂടെ ഉപദേശിക്കാൻ ഉദ്ദേശിച്ച കാര്യമെന്താണ് എന്നതിനെ കുറിച്ച് ഹദീസ് വ്യാഖ്യാതാക്കൾ പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ട്. എന്നാൽ അതെല്ലാം അനുമാനമാണ് എന്ന കാര്യം വ്യക്തമാണ്. ശിയാക്കൾ പറയുന്നു: റസൂലുല്ലാഹി (സ) ഇതിലൂടെ അലിയ്യ് (റ)ൻ്റെ ഖിലാഫത്ത് എഴുതാനാണ് ഉദ്ദേശിച്ചത്. പക്ഷേ ഉമർ (റ) ഇടപെട്ടത് കൊണ്ട് അത് നടന്നില്ല! എന്നാൽ ഇത് പറയാൻ അവർക്ക് യാതൊരു അർഹതയുമില്ല. കാരണം അവർ തന്നെ വാദിക്കുന്നു: റസൂലുല്ലാഹി (സ) ഹജ്ജത്തുൽ വദാഇൽ നിന്നും മടങ്ങുമ്പോൾ വിയോഗത്തിന് എഴുപത് ദിവസം മുമ്പ് മുഴുവൻ സ്വഹാബികളെയും പ്രത്യേക ഗൗരവത്തിൽ ഒരുമിച്ച് കൂട്ടി പ്രഭാഷണത്തിന് വേണ്ടി വിശിഷ്ടമായി തയ്യാറാക്കപ്പെട്ട മിമ്പറിൽ നിന്ന് കൊണ്ട് അലിയ്യ് (റ)ൻ്റെ ഖിലാഫത്തും ഇമാമത്തും പ്രഖ്യാപിക്കുകയുണ്ടായി. വെറും പ്രഖ്യാപനം മാത്രമല്ല, ജനങ്ങളെ കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിക്കുകയും ചെയ്തു! യഥാർത്ഥത്തിൽ ഇത് പടച്ചുണ്ടാക്കപ്പെട്ട ഒരു കെട്ടുകഥ ആണെങ്കിലും ശിയാക്കൾ ഇതിൻ്റെ വിശ്വസിക്കുന്നു. അവരുടെ ആധികാരിക ഗ്രന്ഥങ്ങളായ അൽജാമിഉൽ കാഫിയിലും ഇഹ്തിജാജ് തബ്‌രിസിയിലും മറ്റും ഇതിൻ്റെ പൂർണ്ണ വിവരണങ്ങളുണ്ട്. ഈ വാദമാണ് അവരുടെ ഇമാമത്ത് വിശ്വാസത്തിൻ്റെയും മുഴുവൻ മതത്തിൻ്റെയും അടിസ്ഥാനം. ചുരുക്കത്തിൽ ഈ പ്രഖ്യാപനം ഇതിന് വേണ്ടി മാത്രമുള്ള മഹാസമ്മേളനത്തിൽ വളരെ ഗംഭീരമായി നടന്നുവെങ്കിൽ വസിയ്യത്ത് എന്നോണം പ്രത്യേകം എന്തെങ്കിലും എഴുതേണ്ട ആവശ്യമുണ്ടായിരുന്നോ?
എന്നാൽ ഈ ഹദീസിൻ്റെ വ്യാഖ്യാനത്തിൽ മറ്റു ചിലർ പറയുന്നു: റസൂലുല്ലാഹി (സ)യുടെ ഇതു കൊണ്ടുള്ള ഉദ്ദേശം അബൂബക്കർ സിദ്ദീഖ് (റ)ൻ്റെ ഖിലാഫത്തിനെ കുറിച്ച് എഴുതലായിരുന്നു. എന്നാൽ അക്കാര്യം അല്ലാഹു തീരുമാനിച്ച് കഴിഞ്ഞുവെന്ന് വ്യക്തമായപ്പോൾ റസൂലുല്ലാഹി (സ) ലിഖിതം എഴുതാനുള്ള ഉദ്ദേശം ഉപേക്ഷിച്ചു. (ഉംദത്തുൽ ഖാരി) ഈ അഭിപ്രായം താബിഈങ്ങളിൽ പെട്ട സുഫ്‌യാൻ ഇബ്നു ഉയൈയ്ന (റ) പറഞ്ഞതായിട്ടാണ് അല്ലാമാ ഐനി (റ) ഇത് ഉദ്ധരിച്ചിരിക്കുന്നത്. സുഫ്‌യാൻ (റ) പണ്ഡിതർ പറഞ്ഞിരിക്കുന്നു എന്നാണ് പറഞ്ഞത്. പണ്ഡിതർ എന്നത് കൊണ്ട് അദ്ദേഹം വിവക്ഷിക്കുന്നത് സ്വഹാബികളുടെ ശിഷ്യന്മാരായ താബിഉകളാണ്. മറുഭാഗത്ത് ഹാഫിസ് ഇബ്നു ഹജർ (റ) മറ്റൊരു അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. ഈ ഹദീസിനെ വിവരിച്ചു കൊണ്ട് അദ്ദേഹം കുറിക്കുന്നു: യഥാർത്ഥത്തിൽ റസൂലുല്ലാഹി (സ) ഒന്നും എഴുതാൻ ഉദ്ദേശമില്ലായിരുന്നു. മറിച്ച് റസൂലുല്ലാഹി (സ)യുടെ ലക്ഷ്യം പരിശുദ്ധ ഖുർആനുമായിട്ടുള്ള സ്വഹാബത്തിൻ്റെ ബന്ധം പരിശോധിക്കലായിരുന്നു. നിങ്ങൾക്ക് അല്ലാഹുവിൻ്റെ ഗ്രന്ഥം മതിയായതാണെന്ന് ഉമർ (റ) പറയുകയും അവിടുയുണ്ടായിരുന്നവർ അതിനെ ശരിവെക്കുകയും ചെയ്തപ്പോൾ റസൂലുല്ലാഹി (സ) സമാധാനമായി.
ആറ്, പരിശുദ്ധ ഖുർആനിൽ ധാരാളം സ്ഥലങ്ങളിൽ അല്ലാഹുവിനെ അനുസരിക്കുക എന്നതിനോടൊപ്പം പ്രവാചകനെയും അനുസരിക്കുകയെന്ന് വന്നിട്ടുണ്ട്. വേറെയും പല ശൈലികളിൽ ഇക്കാര്യം ആവർത്തിച്ചിരിക്കുന്നു. അതുകൊണ്ട് അല്ലാഹുവിൻ്റെ ഗ്രന്ഥം മതി എന്ന വചനത്തിൽ റസൂലുല്ലാഹി (സ)യുടെ ഹദീസും സുന്നത്തും പെടുന്നുണ്ട്. അതുകൊണ്ട് ഈ ഹദീസിൻ്റെ വെളിച്ചത്തിൽ ഖുർആൻ മാത്രം മതി ഹദീസ് വേണ്ടതില്ലെന്ന് പറയാൻ ഒരു ന്യായവുമില്ല.
ഏഴ്, ഈ ഹദീസിൻ്റെ അവസാനത്തെ വാചകം റസൂലുല്ലാഹി (സ) മൂന്ന് കാര്യങ്ങൾ വസിയ്യത്ത് ചെയ്തുവെന്നതാണ്. അതിലൊന്ന്, ബഹുദൈവാരാധകരെ അറേബ്യയിൽ നിന്നും പുറത്താക്കുക! വേറൊരു നിവേദനത്തിൽ യഹൂദ നസ്രാണികളെ പുറത്താക്കുക എന്നും വന്നിട്ടുണ്ട്. ഇത് കൊണ്ടുള്ള ഉദ്ദേശം പൊതുവായ സത്യ നിഷേധികളാണ്. അതായത് അറേബ്യ ഇസ്‌ലാമിൻ്റെ കേന്ദ്രവും കോട്ടയുമായി മാറി. ഇവിടെ മുസ്‌ലിംകൾ മാത്രമെ താമസിക്കാൻ പാടുള്ളൂ! അറേബ്യ എന്നത് കൊണ്ടുള്ള വിവക്ഷ മക്ക, മദീന, യമാമ എന്നിവയാണ്. രണ്ട്, വിവിധ നാടുകളിൽ നിന്നും വരുന്ന വാഹകസംഘങ്ങളെ അമുസ്‌ലിംകളാണെങ്കിലും ശരി ഞാൻ സ്വീകരിച്ചത് പോലെ സ്വീകരിക്കുകയും ആദരവോടെ യാത്രയാക്കുകയും ചെയ്യേണ്ടതാണ്. മൂന്നാമത്തെ കാര്യം നിവേദകൻ പറഞ്ഞിട്ടില്ലെങ്കിലും വ്യാഖ്യാതാക്കൾ വിവിധ സൂചനകളുടെ അടിസ്ഥാനത്തിൽ പറയുന്നു: ഖുർആൻ മുറുകെ പിടിക്കുകയെന്നതാണ്. മറ്റു ചിലർ പറയുന്നു: എൻ്റെ ഖബറിനെ ആരാധ്യ വസ്തുവാക്കരുതെന്നാണ്.
കവര്‍ സ്റ്റോറി
തസവ്വുഫ്: ആത്മ സംസ്‌കരണത്തിന്റെ രാജപാത
ബിസ്മില്ലാഹ്...
സർവ്വലോക പരിപാലകനായ അല്ലാഹുതആല ഇഹപരലോകങ്ങളിലെ വിജയം വെച്ചിരിക്കുന്നത് മഹാന്മാരാരയ നബിമാരിലൂടെ പ്രബോധനം ചെയ്ത ദീനിലാണ്. ദീനെന്നാൽ അടിസ്ഥാനപരമായി മൂന്ന് കാര്യങ്ങളാണ്. ഈമാൻ (അല്ലാഹു വിശ്വസിക്കാൻ കൽപ്പിച്ച കാര്യങ്ങൾ വിശ്വസിക്കുക). ഇസ്‌ലാം (ബാഹ്യമായ ആരാധനാ കാര്യങ്ങൾ അനുഷ്ടിക്കുക). ഇഹ്‌സാൻ (അല്ലാഹു എല്ലാം കാണുന്നുണ്ട് എന്ന ബോധത്തോടെ നന്മകളിൽ മുഴുകുക). ഇവ ഉണ്ടാക്കിയെടുക്കാനും നിലനിർത്താനും വളർത്താനും റസൂലുല്ലാഹി (സ) സ്വീകരിച്ച ഒരു പ്രധാന മാർഗ്ഗമാണ് തസ്‌ക്കിയത്ത് (ആത്മസംസ്‌കരണം). ഇഹ്‌സാൻ എന്ന പേരിൽ പരിശുദ്ധഖുർആനിലും പുണ്യഹദീസിലും ധാരാളമായി വിവരിച്ച ഈ മഹത്തായ മാർഗ്ഗം മഹാന്മാരായ സഹാബാ കിറാമിലൂടെ ഉമ്മത്തിൽ വ്യാപകമായി. പിൽക്കാലത്ത് ഇസ്‌ലാമിലെ പ്രധാനപ്പെട്ട കാര്യങ്ങൾ പ്രത്യേക ശാഖകളായി മഹാന്മാർ കൈകാര്യം ചെയ്തതുപോലെ ഈ മഹത്തായ പ്രവർത്തനത്തെയും പ്രത്യേക പരിഗണനയോടെ നിലനിർത്തുകയുണ്ടായി. തസവ്വുഫ്, ത്വരീഖത്ത് എന്നീ നാമങ്ങളിൽ അറിയപ്പെട്ട ഈ പ്രവർത്തനം മഹാന്മാരായ മുഴുവൻ മുൻഗാമികളുടെയും പ്രധാന പ്രവർത്തനവും ലക്ഷക്കണക്കിന് ദാസന്മാരെ അല്ലാഹുവിന്റെ സമീപസ്ഥനാക്കിയ അനുഭവ സിദ്ധമായ യാഥാർത്ഥ്യവുമാണ്. എന്നാൽ എല്ലാ നന്മകളിലും കുഴപ്പങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ മാർഗ്ഗം വളരെ ഉന്നത ഗുണഫലങ്ങൾ നിറഞ്ഞതിനോടൊപ്പം അതിലളിതവും കൂടിയായതിനാൽ ഇതിലും ധാരാളം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉണ്ടായി. എന്നാൽ എല്ലാ നന്മകളിലെയും കുഴപ്പങ്ങൾ ദൂരീകരിക്കാൻ എല്ലാ കാലത്തും അല്ലാഹു മഹാന്മാരായ മുസ്‌ലിഹുകളെ കാരണക്കാരാക്കിയതുപോലെ ഈ മഹത്തായ മാർഗ്ഗത്തിലും ധാരാളം മുസ്‌ലിഹുകളെ തയ്യാറാക്കുകയും അവരിലൂടെ നെല്ലും പതിരും വ്യക്തമാക്കുകയും ചെയ്തു.
അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹത്താൽ അവസാന കാലത്ത് ഈ പ്രവർത്തനത്തിന്റെ കേന്ദ്രമായത് ഇന്ത്യാ ഉപഭൂഖണ്ഡമാണ്. സഹാബാ കിറാമിലൂടെ ഇസ്‌ലാമിനെ പരിചയപ്പെട്ട ഇന്ത്യാ രാജ്യത്ത് ശൈഖുൽ ഇസ്‌ലാം ഖാജാ മുഈനുദ്ദീൻ ചിശ്തി, ഖാജാ ഖുത്തുബുദ്ദീൻ ബഖ്ത്തിയാർ കാക്കി, ശൈഖ് ഫരീരുദ്ദീൻ ഗഞ്ച്ശകർ, ഹസ്രത്ത് നിസാമുദ്ദീൻ ഔലിയ മുതലയാവരിലൂടെ ഈ പ്രവർത്തനം സജീവമായി. മുജദ്ദിദ് അൽഫ്ഥാനി, ശൈഖ് അഹ്മദ് സർഹിന്ദി, ഹകീമുൽ ഇസ്‌ലാം ശാഹ് വലിയുല്ലാഹി ദഹ്‌ലവി, അമീറുൽ മുഅ്മിനീൻ സയ്യിദ് അഹ്മദ് ശഹീദ് തുടങ്ങിയവരിലൂടെ ഇതിൽ കടന്നുവന്ന അനാചാരങ്ങൾ ദുരീകരിക്കപ്പെട്ടു. ഈ മേഖലയിൽ മഹത്തായ സേവനം അനുഷ്ടിക്കാൻ സൗഭാഗ്യം സിദ്ധിച്ച മഹപുരുഷനാണ് മുഫക്കിറുൽ ഇസ്‌ലാം അല്ലാമാ സയ്യിദ് അബുൽ ഹസൻ അലി ഹസനി നദ്‌വി. ഒരു ഭാഗത്ത് മഹാന്മാരായ പ്രബോധകരും പണ്ഡിതരും ആത്മീയ നായകരും നിറഞ്ഞുനിന്ന കുടുംബാംഗവും തൗഹീദിലും സുന്നത്തിലും ഫിഖ്ഹിലും തസവ്വുഫിലും വ്യക്തവും ശക്തവുമായ നിലപാടുകളുള്ള മഹത്തുക്കളുടെ ശിഷ്യത്വവും മഹാനർക്ക് ലഭിച്ചു. മറുഭാഗത്ത് ഈ ഗുണങ്ങൾ ശരിയാം വിധം ഉൾക്കൊള്ളുകയും ലോകം മുഴുവൻ പ്രചരിപ്പിക്കുകയും ഉത്തമ പിൻഗാമികളെ വാർത്തെടുക്കുകയും ചെയ്തു.
പടച്ചവന്റെ കൃപയാൽ ഈ പ്രവർത്തനം കേരളക്കരയിലും നടക്കുന്നു. അല്ലാമയുടെ പ്രത്യേക നിർദ്ദേശ പ്രകാരം വർഷങ്ങൾക്ക് മുമ്പ് പ്രിയപ്പെട്ട പിൻഗാമിയും ഇസ്‌ലാമിലെ ദഅ്‌വത്തിലെ പൊൻതാരവുമായിരുന്ന മൗലാനാ ശൈഖ് സയ്യിദ് അബ്ദല്ലാഹിൽ ഹസനി നദ്‌വി കേരളത്തിൽ പലപ്രാവശ്യം വരുകയും വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്ത് ഇക്കാര്യം പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്ന് അല്ലാമായുടെ പ്രധാന പിൻഗാമിയായ അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ്‌വിയും ഇതര മഹത്തുക്കളും ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നു. ഇത്തരുണത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട പ്രധാന നിർദ്ദേശങ്ങൾ അടങ്ങിയ ഒരു രചന തയ്യാറാക്കണമെന്ന് പ്രിയ സഹോദരൻ അബ്ദുശ്ശകൂർ ഹസനിയെ വിനീതൻ പ്രേരിപ്പിച്ചു. വിനീതന്റെ തന്നെ വിവിധ രചനകളിൽ നിന്നും തെരഞ്ഞെടുത്ത ഭാഗങ്ങൾ നൽകുകയും കൂട്ടത്തിൽ ഞങ്ങളുടെ സംഘത്തിലെ പ്രധാന അംഗമായ മൗലാനാ സയ്യിദ് മുസ്തഫാ രിഫാഇ നദ്‌വിയുടെ ഒരു ലേഖനവും കൂട്ടിച്ചേർത്ത് പ്രസിദ്ധീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അതാണ് അനുവാചക ഹസ്തങ്ങളിൽ അർപ്പിതമായ ചെറുതെങ്കിലും വളരെ മഹത്തരമായ ഈ രചന. അല്ലാഹു ഇത് സ്വീകരിക്കുകയും ഈ മഹത്തായ പ്രവർത്തനത്തെ ശരിയായ നിലയിൽ ഉൾക്കൊള്ളാനും പ്രചരിപ്പിക്കാനും തൗഫീഖ് നൽകുകയും ചെയ്യട്ടെ !
മഹ്മൂദ് ഹസനി നദ്‌വി
അസ്സാവിയത്തുൽ ഹസനിയ്യ
ദാറുൽ ഉലൂം ഓച്ചിറ
അവതാരിക
അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് നദ്‌വി
ആത്മ സംസ്‌കരണത്തിന്റെ പ്രവർത്തനങ്ങൾ റസൂലുല്ലാഹി (സ) യുടെ കാലഘട്ടം മുതൽ ഉള്ളതാണ്. ഹുദൈബിയയിൽ വെച്ച് റസൂലുല്ലാഹി (സ) സഹാബത്തിനെ ബൈഅത്ത് ചെയ്തതും ശേഷം മദീനയിലേക്ക് പാലായനം ചെയ്തുവന്ന സ്ത്രീകളോട് ആറ് കാര്യങ്ങൾ ഉണർത്തി ബൈഅത്ത് ചെയ്തതുമായ സംഭവങ്ങൾ പരിശുദ്ധഖുർആനിൽ ഫത്ഹ്, മുംതഹിന സൂറത്തുകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.
വിജ്ഞാനങ്ങൾ പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനും അദ്യാപക വിദ്യാർത്ഥി ബന്ധം ആവശ്യമായതുപോലെ ആത്മസംസ്‌കരണത്തിനും അത് നേടിയവരുടെയും ആഗ്രഹിക്കുന്നവരുടെയും ഇടയിൽ ബന്ധം ആവശ്യമാണ്. വിദ്യാർത്ഥികൾ പഠിച്ചുകഴിഞ്ഞാൽ മറ്റുള്ളവരെ പഠിപ്പിക്കാൻ അവരെ ഏൽപ്പിക്കുന്നതുപോലെ ആത്മ സംസ്‌കരണം ആഗ്രഹിക്കുന്ന വ്യക്തി വിശ്വസനീയമായ ഒരു സ്ഥാനം പ്രാപിച്ചാൽ ഗുരുനാഥൻ (ശൈഖ്) അദ്ദേഹത്തിന് ആത്മസംസ്‌കരണ പ്രവർത്തനങ്ങൾ നടത്താൻ അനുവാദം നൽകും. ഇതിന് ഖിലാഫത്ത് എന്ന് പറയപ്പെടുന്നു. റസൂലുല്ലാഹി (സ) മുതൽ ആരംഭിച്ച ഈ പരമ്പര മുറിയാതെ നിലനിൽക്കുന്നു. തുടരുകയും ചെയ്യുന്നതാണ്. ബൈഅത്ത് ചെയ്യുന്ന മഹാത്മാക്കാൾ നൽകുന്ന നിർദ്ദേശങ്ങൾ റസൂലുല്ലാഹി (സ) സഹാബത്തിനോട് ഉണർത്തിയ ഉപദേശങ്ങൾ തന്നെയാണ്. അതായത് അല്ലാഹുവിനോട് ആരെയും പങ്ക് ചേർക്കരുത്, മോഷണം പാടില്ല, വ്യഭിചരിക്കരുത്, സന്താനങ്ങളെ കൊല്ലരുത്, അപരാധം പാടില്ല, അനുസരണക്കേട് കാട്ടരുത്. (മുംതഹിന).
അതെ, ബൈഅത്ത് എന്നാൽ യഥാർത്ഥത്തിൽ പാപങ്ങളിൽ നിന്നും പശ്ചാത്തപിക്കലും നല്ല നിലയിൽ കഴിയാമെന്ന് തീരുമാനം എടുക്കലുമാണ്. റസൂലുല്ലാഹി (സ) ഈ രീതിയിലുള്ള ഈമാനിക ജീവിതത്തിനും അതിനുവേണ്ടിയുള്ള പരിശ്രമങ്ങൾക്കും സഹാബാകിറാമിനെ പ്രേരിപ്പിക്കുകയും അവരുമായി ബൈഅത്ത് നടത്തുകയും ചെയ്യുമായിരുന്നു. ഇതുതന്നെയാണ് ആധികാരിക ശൈഖും ആഗ്രഹമുള്ള ശിഷ്യരോട് നടത്തുന്നത്. ആദ്യം തൗബ ചെയ്തുകൊണ്ട് ഉത്തമ ജീവിതത്തിന് തീരുമാനം എടുക്കും. തുടർന്ന് നിരന്തരം ബന്ധപ്പെട്ട് നന്മകൾ വർദ്ധിപ്പിച്ചുകൊണ്ടിരിക്കും. ഈ ആത്മാർത്ഥമായ ഈ ബന്ധത്തിലൂടെ മാറ്റങ്ങൾ ഉണ്ടാകും എന്നുള്ളതിന് അനുഭവങ്ങൾ സാക്ഷിയാണ്. ഈ ബന്ധത്തിലൂടെ ഈമാനിക ജീവിതത്തിന് അടിത്തറ ഉണ്ടാകുന്നതാണ്. ശേഷം തിന്മകളിൽ നിന്നും അകന്നുനിൽക്കാനും നന്മകളിൽ മുന്നേറാനും സൗഭാഗ്യമുണ്ടാകുന്നതാണ്. അല്ലാഹു ഇതിനെ നല്ല നിലയിൽ മനസ്സിലാക്കാനും ഉൾക്കൊള്ളാനും തൗഫീഖ് നൽകട്ടെ !
തസവ്വുഫ് എന്നാൽ എന്ത്? മഹാന്മാർ വിവരിക്കുന്നു.
ബാഹ്യമായ മാല്യന്യങ്ങൾ ദുരീകരിക്കുകയും ഹൃദയത്തിൽ പരലോക ചിന്ത നിറയ്ക്കുകയും സൃഷ്ടികളുമായുള്ള ബന്ധം കുറയ്ക്കുകയും സൃഷ്ടാവുമായുള്ള ബന്ധം വർധിപ്പിക്കുകയും സ്വർണ്ണത്തിനെയും മണ്ണിനെയും ഒരു പോലെ കാണുകയും ചെയ്യുന്നവനാണ് സൂഫി. (സഹ്ൽ തസ്തരി(റ). തസവ്വുഫിന്റെ അടിസ്ഥാനം നാല് കാര്യങ്ങളിലാണ്: 1. അല്ലാഹുവിനെ സ്‌നേഹിക്കുക. 2. ഖുർആനിക വിധി വിലക്കുകൾ പാലിക്കുക. 3. പരലോക ഭയം വർധിപ്പിക്കുക. 4. ഭൗതിക ചിന്ത കുറയ്ക്കുക. (ദുന്നൂനുൽ മിസ്‌രി(റ).
ഒരാൾ അന്തരീക്ഷത്തിൽ പറക്കുന്നത് കണ്ടാലും അദ്ദേഹത്തിൽ ഈ ഗുണങ്ങളില്ലെങ്കിൽ അയാൾ ദജ്ജാൽ (ആശയക്കുഴപ്പം ഉണ്ടാക്കുന്ന നാശകാരി) ആണ്. 1. ശരീഅത്ത് വിജ്ഞാനം ആവശ്യത്തിന് കരസ്ഥമാക്കുക. 2. ജനങ്ങളോട് സൽസ്വഭാവത്തോടെ വർത്തിക്കുക. 3. ശിഷ്യരെ സംസ്‌കരിക്കുക. 4. സ്വയം ഗുണങ്ങൾ ഉണ്ടാക്കിയെടുക്കുക. 5. ഹലാൽ ഹറാമുകളിൽ ശ്രദ്ധിക്കുക (ബായസീദ് ബിസ്താമി (റ)). അല്ലാഹു അല്ലാത്തവരിൽ നിന്നും മനസ്സ് തിരിക്കലും അല്ലാഹുവിനോടുള്ള ഭയഭക്തി മനസ്സിൽ നിറയ്ക്കലും പരലോക കാര്യങ്ങളിൽ അല്ലാഹുവിനെ ഭരമേൽപ്പിക്കലും സർവ്വ അവസ്ഥകളിലും അല്ലാഹുവിനെ ഭയക്കലും അല്ലാഹുവിനോടുള്ള പ്രതീക്ഷ നിലനിർത്തലുമാണ് തസവ്വുഫ്. (സയ്യിദ് അഹ്മദുൽ കബീർ രിഫാഈ (റ).
ഫിഖ്ഹ് പഠിച്ചങ്കിലും തസവ്വുഫ് പഠിക്കാത്തവൻ തെമ്മാടിയും, തസവ്വുഫ് പഠിച്ചെങ്കിലും ഫിഖ്ഹ് പഠിക്കാത്തവൻ വഴികെട്ടവനും ആയിത്തീരുന്നതാണ്. (ഇമാം മാലിക് (റ).
എനിക്ക് മൂന്ന് കാര്യങ്ങൾ പ്രിയങ്കരമാണ്. പ്രകടന രാഹിത്യം, ജന സേവനം, സൂഫികളുടെ മാർഗം (ഇമാം ശാഫിഈ (റ).
മകനേ, സൂഫികളോട് സഹവസിക്കുക. വിജ്ഞാനം ഇലാഹീ ദാനമാണ്. ഭയഭക്തി, ഭൗതിക വിരക്തി എന്നീ വിഷയങ്ങളിൽ അവർ വളരെ ഉന്നതരാണ്. (ഇമാം അഹ്മദ് (റ).
സൂഫി വര്യന്മാർ അല്ലാഹുവിന്റെ മാർഗത്തിൽ പരിശ്രമിക്കുന്നവരാണ്. അവരുടെ സ്വഭാവം സമുന്നതമാണ്. അവരുടെ പാത നേർവഴിയാണ്. ( ഇമാം ഗസ്സാലി(റ).
പരലോക ചിന്തയിൽ മുഴുകുകയും ശരീര ഇശ്ചകളിൽ നിന്ന് അകലുകയും അല്ലാഹുവിന്റെ ധ്യാനത്തിൽ ലയിക്കുകയും നന്മകൾ ചെയ്യമ്പോൾ സുന്നത്തുകളും മര്യാദകളും പാലിക്കുകയും ചെയ്യുന്നവരാണ് സൂഫികൾ (ഇമാം റാസി(റ).
തസവ്വുഫിന്റെ അടിസ്ഥാന തത്വങ്ങൾ അഞ്ചാണ്. 1. രഹസ്യമായും പരസ്യമായും സൂക്ഷ്മത പുലർത്തുക. 2. വാചക കർമ്മങ്ങളിൽ സുന്നത്തിനെ പിൻപറ്റുക. 3. സൃഷ്ടികളിൽ നിന്നുമുള്ള പ്രതീക്ഷ മുറിയ്ക്കുക. 4. അല്ലാഹു നൽകുന്നതിൽ തൃപ്തിപ്പെടുക. 5. സന്തോഷ സന്താപങ്ങളിൽ അല്ലാഹുവിലേക്ക് തിരിയുക. (ഇമാം നവവി(റ)
സൂഫികൾ അല്ലാഹുവിന്റെ ആളുകളാണ്. അല്ലാഹു അവരിൽ സംതൃപ്തനായിരിക്കുന്നു. അവരെക്കുറിച്ച് പറയുന്നതിലൂടെ അല്ലാഹുവിന്റെ കാരുണ്യം വർഷിക്കുന്നതാണ്. (ഇമാം സുയൂഥി(റ).
സുന്നത്തിനെ അധികരിപ്പിക്കുക, ബിദ്അത്തിനെ വർജ്ജിക്കുക, മനസ്സിന്റെ പ്രേരണയിൽ നിന്നും ഒഴിവാകുക, അല്ലാഹുവിന്റെ വിധിയിൽ സംതൃപിതരാവുക, അല്ലാഹുവിന്റെ സ്‌നേഹം നേടുക എന്നവയാണ് തസവ്വുഫിന്റെ അടിസ്ഥാനം. (ഇമാം സുയൂഥി(റ).
സൂഫികളിൽ പലരും സിദ്ദീഖീ സ്ഥാനം കരസ്ഥമാക്കിയവരാണ്. (ഇബ്‌നു തീമിയ്യ(റ).
സൂഫികൾ മൂന്ന് വിഭാഗമാണ്. 1. പണത്തിന് വേണ്ടി സൂഫി വേഷം ധരിച്ചവർ 2. അനാചാരങ്ങളുമായി ബന്ധപ്പെട്ടവർ. 3 യഥാർത്ഥ സൂഫിവര്യന്മാർ. ഇതിൽ മൂന്നാമത്തേതാണ് സത്യന്തന്ധരായ സൂഫികൾ. ഇവർ ഖുർആൻ, ഹദീസ്, ഫിഖ്ഹുകൾ പഠിക്കുകയും പാലിക്കുകയും ചെയ്യുന്നവരാണ്. ഇവർ ഏറ്റവും വലിയ ജ്ഞാനികളാണ്. (ഇബ്‌നുൽ ഖയ്യിം(റ).
പ്രധാന ഉപദേശങ്ങൾ
മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി
ഏതെങ്കിലും മഹാനെ ബൈഅത്ത് ചെയ്യലും അവരുടെ പരമ്പരയിൽ പ്രവേശിക്കലും ഒന്നും അംഗീകരിക്കാനും പ്രവർത്തിക്കാനും ആവശ്യമില്ലാത്ത ചടങ്ങോ ആചാരമോ അല്ല. വെറും ബറക്കത്ത് (ഐശ്യര്യത്തി) ന് വേണ്ടി ചെയ്യേണ്ട കാര്യമോ പേരും പെരുമയും പ്രകടിപ്പിക്കാൻ പറ്റിയ വിഷയമോ അല്ല. ഇത് ഒരു വാഗ്ദാനവും കരാറും ഈമാനിക ജീവിതത്തിന്റെ തുടക്കവുമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ജീവിതത്തിൽ കുറച്ച് മാറ്റങ്ങൾ വരുത്തുകയും ചിട്ടകൾ പാലിക്കുകയും ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുകയും ചെയ്യേണ്ടതാണ്.
1. ഏറ്റവും ആദ്യമായി ബൈഅത്തിന്റെ ലക്ഷ്യം മനസ്സിലാക്കുക. വിശുദ്ധ വിശ്വാസം പുതുക്കലും, ഇസ്‌ലാമിക കരാറുകളും അല്ലാഹുവിന്റെയും റസൂലിന്റെയും വിധിവിലക്കുകൾക്ക് അനുസൃതമായിട്ടുള്ള ജീവിതം ആരംഭിക്കലും അതിൽ മുന്നേറാൻ തീരുമാനിക്കലും പരിശ്രമിക്കലുമാണ് ഇതുകൊണ്ടുള്ള ഉദ്ദേശം.
2. വിശ്വാസ ആദർശങ്ങൾ നന്നാക്കുകയും ഉറപ്പിക്കുകയും ചെയ്യേണ്ടതാണ്. വിശിഷ്യാ തൗഹീദ് വിശ്വാസം പരിശുദ്ധമാക്കുകയും ദൃഢീകരിക്കുകയും ചെയ്യുക. അല്ലാഹുവല്ലാത്ത ആർക്കും ജീവിപ്പിക്കാനോ മരിപ്പിക്കാനോ രോഗം നൽകാനോ ആരോഗ്യം കനിയാനോ സമ്പത്തും സന്താനങ്ങളും നൽകാനോ കഴിയുന്നതല്ല, എല്ലാ കഴിവുകളും അല്ലാഹുവിന് മാത്രമാണ്, ആർക്കും ഒരു ഉപകാരവും ഉപദ്രവും ചെയ്യാൻ സാധിക്കുന്നതല്ല, സർവ്വഉപകാര ഉപദ്രവങ്ങളുടെയും ഉടമസ്ഥൻ അല്ലാഹു മാത്രമാണ്. അല്ലാഹു അല്ലാത്ത ആരും ആരാധനയ്ക്ക് അർഹൻ അല്ല. അല്ലാഹു അല്ലാത്ത ആരുടെയും മുന്നിൽ സുജൂദ് ചെയ്യുകയോ ആരാധനയുടെ വല്ല രൂപങ്ങളും കാണിക്കുകയോ ചെയ്യാൻ പാടില്ല, ആഗ്രഹങ്ങൾ സഫലമാക്കുന്നതും പ്രയാസങ്ങൾ ദൂരീകരിക്കുന്നതും അല്ലാഹു മാത്രമാണ്, സർവ്വകാര്യങ്ങളും അല്ലാഹുവിനോട് മാത്രം ഇരക്കുക. ( ഈ വിഷയത്തിലുള്ള ആധികാരിക രചനകൾ പാരായണം ചെയ്യുക)
3) സയ്യിദുൽ മുർസലീൻ ഖാത്തിമുൽ നബിയ്യീൻ മുഹമ്മദുർറസൂലുല്ലാഹി (സ) യെ അവസാന നബിയും സൻമാർഗ്ഗ മാധ്യമവും ശഫാഅത്തിന്റെ വഴിയും ഏറ്റവും കൂടുതൽ സ്‌നേഹത്തിനും അനുകരണത്തിനും അർഹനായും വിശ്വസിക്കുക. റസൂലുല്ലാഹി (സ) യുടെ സുന്നത്തുകൾ കൂടുതലായി പകർത്തുക. ജീവിതത്തിലെ മത-ഭൗതികമായ സകലകാര്യങ്ങളും നബവീ മാതൃക അനുസരിച്ചാക്കാൻ പരിശ്രമിക്കുക. റസൂലുല്ലാഹി (സ) യുടെ സീറത്തും (മഹത്ച്ചരിതം) ഹദീസ് സമാഹാരങ്ങളും ആഗ്രഹത്തോടെ പാരായണം ചെയ്യുക.
4) ജീവിതത്തെ ഇസ്‌ലാമിക മൂശയിൽ വാർത്തടുക്കുന്നതിനും ശരിയായ ജീവിത ലക്ഷ്യം മനസ്സിലാക്കുന്നതിനും വിനീതന്റെ ഗ്രന്ഥം തസ്തൂറെ ഹയാത്തും (വിശ്വാസം, കർമ്മം, സ്വഭാവം). ഹകീമുൽ ഉമ്മത്ത് മൗലാനാ അഷ്‌റഫ് അലിത്ഥാനവിയുടെ രചനകളും പ്രഭാഷണങ്ങളും പാരായണം ചെയ്യുക.
5) ഓരോ ഫർള് നമസ്‌ക്കാരങ്ങളും യഥാസമയത്ത് ശ്രദ്ധയോടെയും സുന്നത്തുകൾ പാലിച്ചും നിർവ്വഹിക്കുക. നമസ്‌ക്കാരത്തിലുള്ള അശ്രദ്ധയും അലസതയും ഒന്നുകൊണ്ടും പരിഹരിക്കാൻ സാധിക്കുകയില്ല. നമസ്‌ക്കാരങ്ങൾ ജമാഅത്തായി കഴിവതും മസ്ജിദുകളിൽ തന്നെ നിർവ്വഹിക്കുക. സ്ത്രീകൾ യഥാസമയത്തും നമസ്‌ക്കരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ജോലികൾക്കിടയിൽ പലപ്പോഴും നമസ്‌ക്കാരത്തിന്റെ പ്രധാന സമയം കഴിഞ്ഞുകടക്കാറുണ്ട്.
6) ദീനിയും ദുൻവിയുമായ എല്ലാകാര്യങ്ങളിലും അല്ലാഹുവിന്റെ പൊരുത്തവും പ്രതിഫലവും ലക്ഷ്യം വെക്കാൻ പരിശീലിക്കുക. സ്വഭാവം, ഇടപാടുകൾ, പതിവുകൾ ഇവകളെല്ലാം ശരീഅത്തിനും സുന്നത്തിനും അനുസരിച്ചാക്കിയാൽ ഇതെല്ലാം പുണ്യകർമ്മങ്ങളായി മാറുന്നതാണ്. പ്രകൃതിപരവും സ്വഭാവപരവുമായ ബലഹീനതകളെ ഇല്ലാതാക്കാൻ പരിശ്രമിക്കുക. വിശിഷ്യാ അസൂയ, പക, പരിധിവിട്ട ദേഷ്യം, ദുഷിച്ച നോട്ടം, തെറ്റായ സംസാരം, സമ്പത്തിനോടും സ്ഥാനങ്ങളോടുമുള്ള മോഹം മുതലായ ദുസ്വഭാവങ്ങൾ വർജ്ജിക്കുക.
7) പരിശുദ്ധഖുർആൻ സൗകര്യമായ ഒരു അളവ് നിത്യവും പാരായണം ചെയ്യുക. സുബ്ഹിക്ക് മുമ്പോ ശേഷമോ, മഗ്‌രിബ് - ഇശാകൾക്ക് ശേഷമോ സൗകര്യമുള്ളതും പതിവാക്കാൻ പറ്റുന്നതുമായ ഒരു സമയം ഒഴിവാക്കിയെടുത്ത് ഈ ദിക്‌റുകൾ 100 പ്രാവശ്യം ചൊല്ലുക.: മൂന്നാംകലിമ, (സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ). സ്വലാത്ത്, ഇസ്തിഗ്ഫാർ. ഇത് നിത്യമായി ചൊല്ലേണ്ടതാണ്. കൂടാതെ നൂറ് പ്രാവശ്യം ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് നിർത്തിയും ചെറിയ ശബ്ദത്തിലും ചൊല്ലുക. ഇത് വർദ്ധിപ്പിക്കാനും ചൊല്ലുന്ന രീതി പഠിക്കാനും ആധികാരിക മശാഇഖുകളുമായി ബന്ധപ്പെടുക.
പ്രാരംഭക്കാർക്കുള്ള
അത്യാവശ്യ നിർദേശങ്ങൾ
മൗലാനാ മുഹമ്മദ് മൻസൂർ നുഅ്മാനി
1. ഏറ്റവും ആദ്യമായി വിശ്വാസ ആദർശങ്ങൾ ശരിയാക്കുകയും ഉറപ്പിക്കുകയും ചെയ്യുക. ഇതുകൂടാതെ എത്ര വലിയ നന്മ ചെയ്താലും പാഴായിപ്പോകുന്നതാണ്. ആരാധനയ്ക്ക് അർഹൻ സർവ്വാധികാരിയും അല്ലാഹു മാത്രമാണെന്നും നായകൻ മുഹമ്മദുർറസൂലുല്ലാഹി (സ) മാത്രമാണെന്നും അടിയുറച്ച് വിശ്വസിക്കുക.
2. ദീനിന്റെ അടിസ്ഥാന സന്ദേശങ്ങളും അത്യാവശ്യ വിധിവിലക്കുകളും പഠിക്കാനും മനസ്സിലാക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ഇത് ഫർളുഐൻ(വ്യക്തിപരമായ ബാധ്യത) ആണ്.
3. അല്ലാഹുവിന്റെ വിധിവിലക്കുകൾ പാലിക്കുന്നതിൽ ഇതുവരെയും ഉണ്ടായിപ്പോയ വീഴ്ചകളിലും പാപങ്ങളിലും അശ്രദ്ധകളിലും ഹൃദയഗമായി ഖേദിക്കുകയും പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക.
4. പാപം സൃഷ്ടികളുമായി ബന്ധപ്പെട്ടതാണെങ്കിൽ അല്ലാഹുവിനോട് പാപമോചനം തേടുന്നതിനോടൊപ്പം ബന്ധപ്പെട്ട വ്യക്തിയെക്കൊണ്ട് മാപ്പ് ചെയ്യിക്കലും അവകാശം കൊടുത്തുവീടലും നിർബന്ധമാണ്.
5. അല്ലാഹുവിന്റെ കാരുണ്യവും പൊരുത്തവും കരസ്ഥമാക്കുന്നതിൽ സൽസ്വഭാവത്തിന് വലിയ പങ്കുണ്ട്. പക്ഷേ സ്വഭാവം നന്നാക്കുന്നത് കർമ്മങ്ങൾ നന്നാക്കുന്നതിനേക്കാൾ പ്രയാസകരമാണ്. എന്നാൽ അല്ലാഹു എളുപ്പമാക്കിയവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നതല്ല. അതിനുള്ള ലളിതമായ മാർഗ്ഗം ഇതാണ്: (അലിഫ്) വിനയം, വിട്ടുവീഴ്ച, മയം, സഹനത, കാരുണ്യം, ആത്മസംതൃപ്തി, ത്യാഗമനസ്ഥിതി, ധർമ്മിഷ്ടത, ഗുണകാംഷ മുതലായ സൽസ്വഭാവങ്ങളുടെ പ്രേരണകൾ ഉൾക്കൊണ്ട് മനപ്പൂർവ്വം അവ സ്വീകരിക്കുകയും അതിന് അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക. (ബാ) അഹന്ത, ദേശ്യം, പിശുക്ക്, ദുർമോഹം, അസൂയ, ശത്രുദുരിതത്തിൽ സന്തോഷം, സ്വാർത്ഥത തുടങ്ങിയ കാര്യങ്ങൾക്ക് എതിരായി നിൽക്കാൻ ഉറച്ച തീരുമാനം എടുത്ത് മനക്കരുത്തോടെ നീങ്ങുക. ഇൻഷാ അല്ലാഹ് ഏതാനും ദിവസത്തെ പരിശീലനങ്ങൾകൊണ്ട് സൽസ്വഭാവം പാലിക്കലും ദു:സ്വഭാവം വർജ്ജിക്കലും എളുപ്പമായിത്തീരുന്നതാണ്.
6. അല്ലാഹുവിന്റെ സാമിപ്യത്തിനും ആത്മീയ ഉന്നതിക്കും ഉള്ള ഏറ്റവും വലിയ മാർഗ്ഗമാണ് ഇബാദത്തുകൾ, ആരാധനകൾ. അവ ഓരോന്നും നല്ലനിലയിൽ നിർവ്വഹിക്കാനും ജീവസുറ്റതാക്കാനും പരിശ്രമിക്കുക. വിശിഷ്യാ നിസ്‌ക്കാരത്തെ യഥാർത്ഥ നിസ്‌ക്കാരം തന്നെ ആക്കാൻ ശ്രദ്ധിക്കുക. ഐശ്ചിക ആരാധനകളും പതിവാക്കുക. സുന്നത്ത് നമസ്‌ക്കാരങ്ങളിൽ വിത്‌റിലും തഅജ്ജുദിലും ശ്രദ്ധപുലർത്തുക.
7. അല്ലാഹുവിന്റെ ദിക്ർ, ധ്യാനം പതിവായി നിലനിർത്തുക. (അലിഫ്) പരിശുദ്ധഖുർആൻ ഒന്നോ രണ്ടോ പേജുകളാണെങ്കിലും ശരി ദിവസവും പാരായണം ചെയ്യുക. (ബാ) മൂന്നാം കലിമ, ഇസ്തിഗ്ഫാർ, സ്വലാത്ത് എന്നിവ ദിവസവും നൂറ് പ്രാവശ്യം വീതം ചൊല്ലുക. ആശയം ഓർത്തുകൊണ്ടും ആനന്ദാനുഭൂതിയോടും കൂടി ചൊല്ലുക. ഇത് ചൊല്ലുന്നതിലൂടെ പടച്ചവന്റെ പ്രതിഫലവും പൊരുത്തവും ലഭിക്കുന്നതിനോടൊപ്പം അല്ലാഹുവിന്റെ പരിശുദ്ധ നാമത്തിന്റെ പ്രകാശവും അല്ലാഹുവിനോടുള്ള സ്‌നേഹവും ലഭിക്കണമെന്നും ലക്ഷ്യം വെക്കുക. (താ) എല്ലാ നമസ്‌ക്കാരങ്ങൾക്ക് ശേഷവും ഉറങ്ങുന്ന സമയവും ഫാത്തിമി തസ്ബീഹ്, സുബ്ഹാനല്ലാഹ് 33, അൽഹംദുല്ലില്ലാഹ് 33, അല്ലാഹു അക്ബർ 34 ചൊല്ലുക. ഉറങ്ങുന്നതിന് മുമ്പ് ഇതോടൊപ്പം മൂന്ന് പ്രാവശ്യം ഇസ്തിഗ്ഫാറും കലിമാ ത്വയ്യിബയും ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർറസൂലുല്ലാഹ് ചൊല്ലുക. (സ) ഇതര ജോലികളോടൊപ്പം ഇടയ്ക്കിടെ എന്തെങ്കിലും ദിക്‌റുകൾ ചൊല്ലുന്നത് പതിവാക്കുക. (ജീം) ഇതുകൂടാതെ ഗുരുനാഥൻ പ്രത്യേകം പറഞ്ഞുതന്ന ദിക്‌റും നിഷ്ടയോടെ ചൊല്ലുക.
8. രാത്രി ഇഷാ നമസ്‌ക്കാരത്തിന് ശേഷവും പകൽ ഏതെങ്കിലും സമയമോ ഏകാഗ്രതയോടെ ഇരുന്ന് മരണത്തെക്കുറിച്ച് മുറാഖബ ചെയ്യുക, അതായത് എല്ലാവരും മരണത്തെ രുചിക്കേണ്ടവരാണ് (ആലിഇംറാൻ), മരണത്തിന്റെ വെപ്രാളം അടുത്ത് തന്നെ വരുന്നതാണ്. (ഖാഫ്). നിങ്ങൾ ഉറച്ച കോട്ടയിലായിരുന്നാലും മരണം നിങ്ങളുടെ അരികിൽ എത്തുക തന്നെ ചെയ്യും. (നിസാഅ്). പറയുക: നിങ്ങൾ വിരണ്ടോടുന്ന മരണം തീർച്ചയായും നിങ്ങളെ കണ്ടുമുട്ടുക തന്നെ ചെയ്യും. (ജുമുഅ) എന്നീ ഖുർആൻ വചനങ്ങൾ നന്നായി സങ്കൽപ്പിക്കുകയും ധ്യാനിക്കുകയും ചെയ്യുക.
9. ഓരോ നന്മയും അല്ലാഹുവിലുള്ള വിശ്വാസം ഉറപ്പിക്കുകയും പ്രതിഫലം കാംഷിക്കുകയും ചെയ്തുകൊണ്ട് അനുഷ്ടിക്കുക.
10. ദുആ ചെയ്യുന്നതിൽ പ്രത്യേക ശ്രദ്ധപുലർത്തുക. ഇതിലൂടെ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുന്നതാണ്. (സമയമുണ്ടെങ്കിൽ ഹിസ്ബുൽ അഅ്‌ളം, സ്വീകാര്യമായ പ്രാർത്ഥനകൾ എന്നിവയിൽ ഏതെങ്കിലും ദുആ സമാഹാരത്തിന്റെ ഒരു ദിവസത്തിലുള്ള ഭാഗം പൂർണ്ണമായോ അൽപ്പമെങ്കിലുമോ പാരായണം ചെയ്യാൻ പരിശ്രമിക്കുക.
ആത്മസംസ്‌കരണവും അല്ലാഹുവിന്റെ സാമിപ്യവും ആഗ്രഹിക്കുന്നവർക്ക് ഈ പത്ത് കാര്യങ്ങൾ തന്നെ മതിയാകുന്നതാണ്. എന്നാൽ അധികം ജനങ്ങൾക്കും ഇത്തരം കാര്യങ്ങൾ വെറും ഗ്രന്ഥങ്ങളിൽ വായിച്ചാൽ മാത്രം മതിയാകുന്നല്ല, ഏതെങ്കിലും ജീവനുള്ള ഗ്രന്ഥങ്ങൾ തന്നെ കണ്ടെത്തലും അവരുമായി സഹവസിക്കലും അത്യാവശ്യമാണ്. സൽബുദ്ധിയുള്ളവരെയല്ലാം അംഗീകരിക്കുന്ന ഒരു കാര്യവുമാണിത്. ആകയാൽ ഉത്തമ വ്യക്തിത്വങ്ങളുമായി ബന്ധം സ്ഥാപിക്കാനും സഹവസിക്കാനും പരിശ്രമിക്കുക. അല്ലാഹു ഉതവി നൽകട്ടെ.
ആത്മസംസ്‌കരണത്തിനുള്ള കർമ്മ പദ്ധതി.
ഹകീമുൽ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി
ജോലിയുള്ള പൊതുജനങ്ങൾക്ക്
ആദ്യം അടിസ്ഥാന വിശ്വാസങ്ങളും നിയമങ്ങളും മനസ്സിലാക്കുക. വളരെ ശ്രദ്ധയോടെ അവയിൽ ഉറച്ച് നിൽക്കുക. പുതിയ കാര്യങ്ങൾ വല്ലതും ഉണ്ടായാൽ പണ്ഡിതരോട് ചോദിക്കുക. ശൈഖ് വലിയ പണ്ഡിതനാണെങ്കിൽ അദ്ദേഹത്തോട് ചോദിക്കുന്നതാണ് വളരെ ഉത്തമം. സാധിക്കുമെങ്കിൽ തഹജ്ജുദ് നമസ്‌ക്കരിക്കുക. അല്ലാത്ത പക്ഷം ഇഷാ നമസ്‌ക്കാരത്തിന് ശേഷം കുറച്ച് സുന്നത്തുകൾ നിസ്‌ക്കരിക്കുക.
അഞ്ച് നമസ്‌ക്കാരങ്ങൾക്ക് ശേഷം അല്ലെങ്കിൽ ഏതെങ്കിലും ഒരു നമസ്‌ക്കാരത്തിന് ശേഷം സുബ്ഹാനല്ലാഹ്, ലാഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ നൂറ് പ്രാവശ്യം വീതം ചൊല്ലുക. ഉറങ്ങുന്നതിന് മുമ്പ് ഇസ്തഗ്ഫാർ 100 പ്രാവശ്യം ചൊല്ലുക. നിൽക്കുമ്പോഴും ഇരിക്കുമ്പോഴും എല്ലാ സമയങ്ങളിലും പുണ്യസ്വലാത്ത് അധികമായി ചൊല്ലിക്കൊണ്ടിരിക്കുക. ഇതിന് വുളുവോ പ്രത്യേക എണ്ണമോ നിബന്ധന ഇല്ല. എല്ലാ സമയത്തും തസ്ബീഹ് കൈയ്യിൽ പിടിച്ചുകൊണ്ട് നടക്കരുത്. ഖുർആൻ ഓതാൻ അറിയുമെങ്കിൽ ദിവസവും അൽപ്പനേരം ഖുർആൻ ഓതുക. മഹാന്മാരുടെ ഉപദേശങ്ങൾ ഇടയ്ക്കിടെ കേൾക്കുക. ഈ രചനയുടെ അവസാനത്തിൽ കൊടുത്തിട്ടുള്ള ഉപദേശങ്ങളും കൂടെക്കൂടെ വായിക്കുകയോ കേൾക്കുകയോ ചെയ്യുക. ഉപദേശങ്ങൾ പകർത്താനും പരിശ്രമിക്കുക. സ്വന്തം ഗുരുനാഥന്റെ അരികിലോ അല്ലെങ്കിൽ സൂക്ഷ്മതയുള്ള ഏതെങ്കിലും മഹാന്റെ അരികിലോ പോയിരിക്കുക. എന്നാൽ പോകുമ്പോഴെല്ലാം വല്ല ഹദ്‌യയും കൊണ്ടുപോകണമെന്ന് നിർബന്ധം പിടിക്കുന്നത് പ്രകടനവും ഇഖ്‌ലാസിന് വിരുദ്ധവുമാണ്.
ബാക്കി സമയങ്ങളിൽ ഭാര്യമക്കൾക്കുവേണ്ടി അനുവദനീയമായ സമ്പാദ്യങ്ങളിൽ മുഴുകുക. ഇതും ഇബാദത്താണ്. സ്ത്രീയാണെങ്കിൽ വീട്ടുജോലികളിലും ഭർത്താവിന്റെ സേവനങ്ങളിലും കഴിയുന്നത് മഹത്തരമായ ഇബാദത്താണ്. ഭർത്താവിന്റെ അനുവാദമില്ലാതെ മഹാന്മാരുടെ അടുത്ത് പോലും പോകരുത്. ആർത്തവ ദിവസങ്ങളിലും കൈകാലുകൾ കഴുകി ഖുർആൻ പാരായണം അല്ലാത്ത ദിക്‌റ്, ദുആക്കൾ ചെയ്യേണ്ടതാണ്.
ഒഴിവുള്ള പൊതുജനങ്ങൾക്ക്
ഉപര്യുക്ത കാര്യങ്ങൾ പാലിക്കുന്നതിനോടൊപ്പം അധികമായി താഴെ പറയുന്ന വിഷയങ്ങൾ കൂടി ശ്രദ്ധിക്കുക. സൗകര്യം പോലെ ശൈഖിന്റെ അരികിൽ അധികമായി താമസിക്കുക. എന്നാൽ ആഹാരകാര്യങ്ങൾ സ്വന്തമായി നോക്കേണ്ടതാണ്. അതിന് സാമ്പത്തിക ശേഷിയില്ലെങ്കിൽ വല്ല ജോലിയും ചെയ്യുക, അല്ലെങ്കിൽ കിട്ടുന്നത് കഴിച്ച് സഹനതയോടെ ജീവിക്കുക. ഇനി ശൈഖിന്റെ അരികിൽ താമസിക്കാൻ പറ്റുന്നില്ലെങ്കിൽ നാട്ടിൽ തന്നെ താമസിക്കാവുന്നതാണ്. എന്നാൽ മസ്ജിദിലും സ്വന്തം വീട്ടിലു ഒതുങ്ങിക്കഴിയേണ്ടതാണ്. മതപരമോ ഭൗതികമോ ആയ ആവശ്യങ്ങൾക്കല്ലാതെ ജനങ്ങളുമായി ബന്ധപ്പെടരുത്. ആരെയെങ്കിലും കണ്ടുമുട്ടുമ്പോൾ നാവിനെ വളരെയധികം സൂക്ഷിക്കുക. ഗീബത്ത് പോലുള്ള ശരീഅത്തിന് വിരുദ്ധമായതൊന്നും പറയരുത്.
ജമാഅത്ത് നിസ്‌ക്കാരത്തിൽ വളരെയധികം ശ്രദ്ധിക്കുക. അത്യാവശ്യ വിശ്രമങ്ങൾ കഴിഞ്ഞ് മിച്ചം വരുന്ന സമയങ്ങളിൽ ഖുർആൻ പാരായണം, മുനാജാത്ത്, മഖ്ബൂൽ, ദുആ, സുന്നത്ത് നിസ്‌ക്കാരം, പുണ്യസ്വലാത്ത്, ഇസ്തിഗ്ഫാർ മുതലായവയിൽ മുഴുകുക. വായന അറിയാമെങ്കിൽ ആധികാരിക പണ്ഡിതരോട് ചോദിച്ച് രചനകൾ വാങ്ങി പാരായണം ചെയ്യുക. സംശയമുള്ള സ്ഥലങ്ങളിൽ സ്വന്തം ആശയം തീരുമാനിക്കാതെ ഉറപ്പുള്ള പണ്ഡതരോട് ചോദിക്കുക. നാട്ടിൽ ഇൽമും ദിക്‌റുമായി ബന്ധമുള്ള ആളുകൾ ഉണ്ടെങ്കിൽ അവർക്ക് സേവന സഹായങ്ങൾ ചെയ്യുക. ഇതിലൂടെ മനസ്സിൽ ഐശ്വര്യം ഉണ്ടാകുന്നതും ആത്മ പ്രശംസ ഇല്ലാതാകുന്നതുമാണ്. ഇടയ്ക്കിടെ സുന്നത്ത് നോമ്പുകൾ പിടിക്കുക. സൂഫിവര്യന്മാർ ചെയ്യുന്ന ദിക്‌റുകളും മറ്റും പൊതുജനങ്ങൾ ചെയ്യേണ്ടതില്ല. എന്നാൽ വലിയ ആഗ്രഹവും താൽപ്പര്യവും ഉണ്ടെങ്കിൽ അല്ലാഹ് എന്ന വിശുദ്ധ നാമം മുവായിരം മുതൽ ആറായിരം വരെ ശബ്ദവും ചലനവും ഇല്ലാതെ ചൊല്ലുക. ഇനി സൂക്ഷ്മതയുള്ള പണ്ഡിതന്മാർ വല്ല കാര്യങ്ങളും പറഞ്ഞുതന്നാൽ അതും പാലിക്കുക.
സഹോദന്മാരോടുള്ള ഉപദേശങ്ങൾ
പണ്ഡിതന്മാരുടെ സദസ്സുകളിൽ പങ്കെടുക്കുകയും അവരോട് ദീനീ കാര്യങ്ങൾ ചോദിക്കുകയും ചെയ്യുക. അത്യാവശ്യ രചനകൾ പാരായണം ചെയ്തുകൊണ്ടിരിക്കുക. ഞെരിയാണിയേക്കാൾ താഴേക്ക് ഇറക്കുക പോലെ ദീനിന് വിരുദ്ധമായ വേഷങ്ങൾ ധരിക്കരുത്. താടി വടിക്കുകയും വെട്ടുകയം ചെയ്യരുത്. എന്നാൽ ഒരു പിടിക്ക് ശേഷം വെട്ടാവുന്നതാണ്. സുന്നത്തിന് വിരുദ്ധമായ പരിപാടികളിൽ പങ്കെടുക്കരുത്. പ്രവാചക ജന്മദിനം, ഉറൂസ്, മരണം, കല്യാണം, സൽക്കാരം, ചേലാകർമ്മം, വിവിധ ദിനങ്ങൾ, ഇവകളുമായി ബന്ധപ്പെട്ട എല്ലാ അനാചാരങ്ങളെയും വർജ്ജിക്കണം. സ്വന്തം നടത്തുകയും നടക്കുന്നവയോട് സഹകരിക്കുകയും അരുത്. ഉത്സവങ്ങളിൽ പങ്കെടുക്കാൻ പാടില്ല. കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യരുത്. പടക്കം പൊട്ടിക്കൽ, ചിത്രമുള്ള കളിപ്പാട്ടങ്ങൾ മുതലായ കാര്യങ്ങൾക്ക് പൈസയും കൊടുക്കരുത്. നാവിനെ ഗീബത്ത്, അസഭ്യം പോലുള്ള കാര്യങ്ങളിൽ നിന്നും സൂക്ഷിക്കുക. അഞ്ച് നേര നമസ്‌ക്കാരങ്ങളിൽ വലിയ ശ്രദ്ധ പുലർത്തുക. അന്യസ്ത്രീകളെയും കുട്ടികളെയും മോശമായ നിലയിൽ നോക്കരുത്. ഗാനമേളകൾ ശ്രവിക്കരുത്. പണ്ഡിതരോട് സർവ്വകാര്യങ്ങൾക്കും മന്ത്രവും ചോദിച്ചുകൊണ്ട് നടക്കരുത്. പ്രത്യുത അവരിൽ നിന്നും കഴിയുന്നത്ര ദീൻ പഠിക്കുക. എന്നാൽ വിവിധ കാര്യങ്ങൾക്ക് ദുആ ചെയ്യിക്കുന്നതിന് കുഴപ്പമില്ല. ശൈഖ് എല്ലാം അറിയുന്നതിനാൽ അദ്ദേഹത്തിനോട് ഒന്നും പറയേണ്ടതില്ല എന്ന് വിചാരിക്കരുത്. തസവ്വുഫിന്റെ ചർച്ചകൾ ഉള്ള പുസ്തകങ്ങൾ വായിക്കരുത്. ഖദ്ർ(വിധി) വിശ്വാസത്തെക്കുറിച്ച് ചർച്ച ചെയ്യരുത്. ഗുരുവര്യൻ പറയുന്നത് അനുസരിക്കുക. കൈക്കൂലിയും പലിശയുമായി ബന്ധപ്പെടരുത്. പണയത്തിന്റെ വരുമാനവും പലിശയാണ് അതും വർജ്ജിക്കണം. ദീനിന് വിരുദ്ധമായ സർവ്വവിധ ക്രയവിക്രയങ്ങളും ഉപേക്ഷിക്കുക. നിയമം മനസ്സിലാക്കാതെ സ്വപ്നങ്ങൾ മാത്രം അവലംബിച്ച് കാര്യങ്ങൾ പ്രവർത്തിക്കരുത്. പണ്ഡിതരുടെ അരികിൽ പോയാൽ അവർ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽ തടസ്സമുണ്ടാക്കരുത്. മൂലയിലിരിക്കുക. അവർ ഒഴിവാകുമ്പോൾ അടുത്തേക്ക് പോവുക. ദീനീ പാഠങ്ങൾ മുതലായ രചനകൾ വായിച്ചുകൊണ്ടിരിക്കുക.
സഹോദരിമാരോട്
അല്ലാഹുവിനോട് പങ്കുചേർക്കുന്ന സകല കാര്യങ്ങളെയും സൂക്ഷിക്കുക. കുട്ടികളുടെ ജനനത്തിനും ദീർഘായുസ്സിനും മറ്റും അനാചാരങ്ങൾ കാട്ടരുത്. ശകുനം നോക്കരുത്. മഹാന്മാരുടെ പേരിൽ നേർച്ച നേരാൻ പാടില്ല. പ്രത്യേക ദിവസങ്ങളിലെ ആചാരങ്ങൾ കാട്ടരുത്. മഹാന്മാരോടും ബന്ധുക്കളോടും പോലും മറ സ്വീകരിക്കുക. ശരീഅത്തിന് വിരുദ്ധമായ വസ്ത്രങ്ങൾ ധരിക്കരുത്. എന്നാൽ കാണാൻ അനുവാദമുള്ളവരുടെ മുമ്പിൽ വരുന്നതുകൊണ്ട് കുഴപ്പമില്ല. അന്യരെ ഒളിഞ്ഞുനോക്കരുത്. കല്യാണം, മുടി കളയൽ, ചേലാകർമ്മം, നിശ്ചയം, അച്ചാരം മുതലായ പരിപാടികളിൽ പങ്കെടുക്കരുത്. അതിന്റെ പേരും പറഞ്ഞ് ആരെയും വിളിക്കുകയും ചെയ്യരുത്. കുത്ത് വാക്ക്, ആക്ഷേപം, പരദൂഷണം, വഴക്ക് ഇവയിൽ നിന്നും നാവിനെ സൂക്ഷിക്കുക. ബാങ്ക് കൊടുക്കപ്പെട്ടാൽ ആദ്യ സമയത്തുതന്നെ നമസ്‌ക്കാരത്തിലേക്ക് തിരിയുക. മനസ്സ് വെച്ച് അച്ചടക്കത്തോടെ റുകൂഅ്, സുജൂദുകൾ നല്ലനിലയിൽ ചെയ്തുകൊണ്ട് നിസ്‌ക്കരിക്കുക. ആർത്തവം അവസാനിക്കുന്നത് ശ്രദ്ധിക്കുക. അതിന് ശേഷമുള്ള നിസ്‌ക്കാരം നിർബന്ധമാണ്. നിങ്ങളുടെ പക്കൽ സമ്പത്തുണ്ടെങ്കിൽ സകാത്ത് കൊടുക്കുക. നിങ്ങൾക്കുവേണ്ടി എഴുതപ്പെട്ട ബിഹ്ശ്തി സേവർ പോലുള്ള രചനകൾ വായിക്കുകയോ കേൾക്കുകയോ ചെയ്യുക. ഭർത്താവിനെ അനുസരിക്കുക. ഭർത്താവിന്റെ സമ്പത്തിൽ നിന്നും അദ്ദേഹം അറിയാതെ ചിലവഴിക്കരുത്. ഖുർആൻ ഓതാൻ അറിയാമെങ്കിൽ ദിവസവും ഓതുക. ഗ്രന്ഥങ്ങൾ വായിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഏതെങ്കിലും പണ്ഡിതനോട് ചോദിച്ച ശേഷം വാങ്ങുക. ആചാര ആഘോഷങ്ങളിൽ പങ്കെടുക്കുകയും അവിടെ വിതരണം ചെയ്യപ്പെടുന്ന ആഹാരം കഴിക്കുകയും ചെയ്യരുത്.
ആത്മ സംസ്‌കരണം ആഗ്രഹിക്കുന്നവരോട്
കഴിഞ്ഞ ഉപദേശങ്ങൾ ശ്രദ്ധിക്കുക. എല്ലാ കാര്യങ്ങളും സുന്നത്ത് അനുസരിച്ചാകാൻ പരിശ്രമിക്കുക. അതിലൂടെ മനസ്സിൽ വലിയ പ്രകാശമുണ്ടാകുന്നതാണ്. ദു:ഖങ്ങൾ വല്ലതും സംഭവിച്ചാൽ സഹനത മുറുകെ പിടിക്കുക. പെട്ടെന്നുതന്നെ ആരോടും പറയരുത്. കോപ സമയം വളരെ നിയന്ത്രിക്കുക. താൻ എല്ലാം തികഞ്ഞവൻ ആണെന്ന് വിചാരിക്കരുത്. ഓരോ വാചകങ്ങളും ശരിയാണോ എന്ന് നന്നായി വിലയിരുത്തിയതിന് ശേഷം പറയുക. ഭൗതികമോ മതപരമോ ഗുണമുള്ള കാര്യങ്ങൾ മാത്രം പറയുക. മോശപ്പെട്ടവരുടെ മോശത്തരങ്ങൾ പറയരുത്. മുസ്‌ലിംകളെ നിന്ദ്യരായി കാണരുത്. സ്ഥാനമാനങ്ങൾ ആഗ്രഹിക്കരുത്. മന്ത്രവാദം ജോലിയാക്കരുത്. ദിക്ർ ചൊല്ലുന്നവരുടെ സംഘത്തിൽ കഴിയുക. അതിലൂടെ അടിയുറപ്പും ആഗ്രഹവും വർദ്ധിക്കുന്നതാണ്. ഭൗതിക ബന്ധങ്ങൾ അധികരിപ്പിക്കരുത്. അനാവശ്യമായി സാധനങ്ങൾ ഒരുമിച്ചുകൂട്ടരുത്. കഴിയുന്നത്ര ഏകാന്തതയിൽ കഴിയുക. വളരെ അത്യാവശ്യമില്ലാതെ ജനങ്ങളുമായി ബന്ധപ്പെടരുത്. ബന്ധപ്പെടുമ്പോൾ സൽസ്വഭാവം മുറുകെപ്പിടിക്കുക. ആവശ്യം കഴിഞ്ഞാൽ പെട്ടന്ന് മാറുകയും ചെയ്യുക. വിശിഷ്യാ സമ്പന്നരിൽ നിന്നും വളരെ സൂക്ഷ്മത പുലർത്തുക. അല്ലാഹുമായി അടുത്തവരുടെ സ്‌നേഹം പിടിച്ചുപറ്റാൻ പരിശ്രമിക്കുക. സാധാരണക്കാരോട് ഇടപഴകുക. എന്തെങ്കിലും പ്രത്യേക അവസ്ഥയുണ്ടായാൽ ശൈഖിനെ അറിയിക്കുക. ദിക്‌റിന്റെ അത്ഭുത ഫലങ്ങൾ ശൈഖിനോടല്ലാതെ പറയരുത്. തസവ്വുഫിനെപ്പറ്റി കൂടുതൽ അറിയാൻ ദീനീ പാഠങ്ങൾ എന്ന ഗ്രന്ഥത്തിന്റെ അവസാന ഭാഗം നോക്കുക. അധികം സംസാരിക്കരുത്. തെറ്റ് മനസ്സിലായാൽ ഉടനടി സമ്മതിക്കുക. എല്ലാ സമയത്തും അല്ലാഹുവിനെ അവലംബിക്കുകയും അടിയുറപ്പിന് അപേക്ഷിക്കുകയും ചെയ്യുക.
തസവ്വുഫ് മൗലാനാ നദ്‍വിയുടെ ഒരു പ്രധാന ഗുണം
മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ‍്‍വി
തസ്വവ്വുഫ്-ഇഹ്‌സാനിന്റെ വിഷയത്തിൽ മൗലാനയുടെ കുടുംബത്തിന് തുടക്കം മുതലേ വലിയ ശ്രദ്ധയായിരുന്നു. കുടുംബത്തിലെ പൂർവ്വികനും ദഅ്‌വത്തിന് വേണ്ടി ആദ്യമായി ഇന്ത്യയിലേക്ക് വന്ന വ്യക്തിത്വവുമായ ശൈഖ് സയ്യിദ് ഖുതുബുദ്ദീൻ വലിയ സൂഫിവര്യനും സയ്യിദുനാ അബ്ദുൽ ഖാദിർ ജീലാനിയുടെ സഹോദര പുത്രനും ഖലീഫയുടെ ഖലീഫയുമായിരുന്നു. ശൈഖിന്റെ പരമ്പരയിൽ ധാരാളം മഹാത്മാക്കളുണ്ടായി. സയ്യിദ് അലമുല്ലാഹ്, സയ്യിദ് അഹ്മദ് ശഹീദ് ഇരുവരും ഇതിൽ പ്രധാനികളാണ്. സയ്യിദ് അലമുല്ലാഹ് മുജദ്ദിദ് അൽഫ് ഥാനിയുടെ ഖലീഫയുടെ ഖലീഫയും സുന്നത്തുകൾ പകർത്തുന്നതിൽ ആവേശം പുലർത്തിയ വ്യക്തിത്വവുമായിരുന്നു. സയ്യിദ് അഹ്മദ് ശഹീദ് കാലഘട്ടത്തിലെ മുജദ്ദിദും മുഹമ്മദീയ എന്ന പേരിൽ അറിയപ്പെടുന്ന പുതിയ ഒരു സൂഫീ സരണിയുടെ സ്ഥാപകൻ കൂടിയാണ്. മൗലാനയുടെ മാതാമഹനും പിതാമഹനും വലിയ സൂഫികളായിരുന്നു. പിതാവ് മൗലാനാ അബ്ദുൽ ഹയ്യിന് ധാരാളം മഹാന്മാരുടെ ഇജാസത്ത് ലഭിച്ചിട്ടുണ്ട്. വലിയ മഹാത്മാവും സൂഫിവര്യനുമായ ശാഹ് സിയാഉന്നബിയുടെ മകളായ മാതാവിന് തസ്വവ്വുഫിനോട് വലിയ ആഭിമുഖ്യമായിരുന്നു. അവർ ഇതിന്റെ നിറത്തിലും മണത്തിലുമാണ് മൗലാനയെ വളർത്തിയത്. തസ്വവ്വുഫുമായി ശക്തമായ ബന്ധമുണ്ടായിരുന്ന ജേഷ്ഠ സഹോദരൻ തുടക്കം മുതലേ മൗലാനയുടെ തർബിയത്തിലും തസ്‌കിയത്തിലും ശ്രദ്ധിച്ചിരുന്നു. ഹസ്രത്ത് മദനി, അല്ലാമാ ലാഹോരി, ഹകീമുൽ ഉമ്മത്ത് ത്ഥാനവി എന്നീ മഹാത്മാക്കളുമായി ജേഷ്ഠനാണ് മൗലാനയെ ബന്ധിപ്പിച്ചത്. ഹസ്രത്ത് റായ്പൂരിയും മൗലാനാ മുഹമ്മദ് ഇൽയാസുമായും മൗലാനാ ബന്ധപ്പെട്ടപ്പോൾ ജേഷ്ഠൻ വലിയ സന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്തു.
അല്ലാഹു മൗലാനയ്ക്ക് പ്രത്യേകമായ യോഗ്യതകളും മഹത്വങ്ങളും കനിഞ്ഞരുളിയിരുന്നത് മഹാത്മാക്കളെല്ലാം ആദ്യ കാഴ്ചയിൽ തന്നെ തിരിച്ചറിഞ്ഞു. മജ്മഉൽ കമാലാത്ത് (സമ്പൂർണ്ണതകളുടെ സമ്മേളിതൻ) എന്നാണ് ഹസ്രത്ത് ത്ഥാനവി ആദ്യത്തെ കത്തിൽ സംബോധന ചെയ്തത്. ഹസ്രത്ത് റായ്പൂരി ആദ്യം കണ്ടപ്പോൾ തന്നെ താങ്കളെ പ്രതീക്ഷിച്ച് കഴിയുകയായിരുന്നു എന്ന് പറയുകയും വളരെയധികം ആദരിക്കുകയും ചെയ്തു. അല്ലാമാ അഹ്മദ് അലി ലാഹോരി ഒരു സദസ്സിൽ പറഞ്ഞു: താങ്കളുടെ മാന്യതയും മഹത്വവും ഞാൻ തുറന്ന് സമ്മതിക്കുന്നു.! മൗലാനാ മുഹമ്മദ് ഇൽയാസ് ആദ്യം കണ്ടമാത്രയിൽ ആലിംഗനം ചെയ്യുകയും ദീർഘനേരം ദുആ വചനങ്ങൾ മൊഴിയുകയും ചെയ്തു. ഇതര മഹാത്മാക്കളും ഇതേ രീതിയിൽ തന്നെ മൗലാനയെ ശ്രദ്ധിക്കുകയുണ്ടായി. എന്നാൽ മൗലാനാ ഒരിക്കലും ഇതിന്റെ പേരിൽ അഹങ്കരിക്കാതെ ജീവിതകാലം മുഴുവനും വലിയ ത്യാഗത്തോടെ തസ്വവ്വുഫിന്റെ ദിക്ർ-ദുആകളിൽ കൃത്യനിഷ്ഠ പുലർത്തിക്കൊണ്ടിരുന്നു. കൂടാതെ എല്ലാ മഹാന്മാരുടെയും ഉന്നത ഗുണങ്ങൾ ഉൾക്കൊള്ളാനും ശ്രദ്ധിച്ചു. ഹസ്രത്ത് റായ്പൂരിയുടെ വിനയശീലവും അല്ലാമാ ലാഹോരിയുടെ ദീനീ രോഷവും മൗലാനാ മുഹമ്മദ് ഇൽയാസിന്റെ ഹൃദയവേദനയും ഹസ്രത്ത് മദനിയുടെ ദൃഢചിത്തതയും ശൈഖുൽ ഹദീസ് മൗലാനാ സകരിയ്യയുടെ ഈമാനിക ഉൾക്കാഴ്ചയും ഉൾക്കൊണ്ടതിലൂടെ മൗലാനാ വ്യത്യസ്ത പുഷ്പങ്ങൾ സുഗന്ധം പ്രവഹിക്കുന്ന ഒരു അനുഗ്രഹീത പൂച്ചെട്ടിയായി മാറുകയുണ്ടായി. അത് ലോകം മുഴുവൻ സുഗന്ധം പരത്തുകയും ചെയ്തു.
പൊതുവിൽ പലരും തസ്വവ്വുഫ് എന്ന പേരിനോട് വെറുപ്പ് പുലർത്തിയിരുന്നു. അത്തരക്കാരോട് മൗലാനാ തസ്വവ്വുഫിന്റെ യാഥാർത്ഥ്യം വിശദീകരിച്ച് കൊടുക്കുകയും പേര് പറഞ്ഞില്ലെങ്കിലും ഗുണം ഉൾക്കൊള്ളണമെന്നും തസ്വവ്വുഫ് വളരെയധികം അത്യാവശ്യമായ കാര്യമാണെന്നും ഉണർത്തുകയും ചെയ്തിരുന്നു. മറുഭാഗത്ത് തസ്വവ്വുഫിന്റെ പേരിൽ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന അനാചാരങ്ങളെ ശക്തമായി എതിർക്കുകയും ദീനിന് തന്നെ പേരുദോഷമുണ്ടാക്കുന്ന വ്യാജ ത്വരീഖത്തുകാരെ തുറന്നുകാട്ടുകയും ചെയ്തു. തസ്വവ്വുഫിനെ കുറിച്ച് റബ്ബാനിയ്യ ലാ റഹ്ബാനിയ്യ (തസ്വവ്വുഫ്: ശക്തിയും സൗന്ദര്യവും പ്രസിദ്ധീകരണം -മുഫക്കിറുൽ ഇസ്‌ലാം ഫൗണ്ടേഷൻ) എന്ന ചെറുതെങ്കിലും സുപ്രധാനമായ രചനയിൽ ഇക്കാര്യം മൗലാനാ വ്യക്തമാക്കിയിട്ടുണ്ട്. അതിലെ ചില വാചകങ്ങൾ ഇവിടെ ഉദ്ധരിക്കുന്നു:
തസവ്വുഫിന്റെ പ്രാധാന്യവും വിവരിച്ചുകൊണ്ട് എഴുതുന്നു: ആത്മസംസ്‌കരണത്തിന്റെയും സ്വഭാവ ശുദ്ധീകരണത്തിന്റെയും മേഖല റസൂലുല്ലാഹി (സ)യുടെ ഒരു പ്രധാന പ്രവർത്തനമായിരുന്നു. സഹാബിവര്യന്മാർ ഇതിനെ പരിപൂർണ്ണമായി ഉൾക്കൊള്ളുകയും ചെയ്തു. ഇതേ കാര്യമാണ് പിൽക്കാലത്ത് തസവ്വുഫ് എന്ന പേരിൽ ഒരു പ്രത്യേക വിജ്ഞാന ശാഖയായി രൂപം പ്രാപിച്ചത്. മനസ്സിന്റെയും പിശാചിന്റെയും വഞ്ചനകളെ മനസ്സിലാക്കുക, അവ ചികിത്സിച്ച് നന്നാക്കുക, പടച്ചവനോടുള്ള ബന്ധവും ആത്മീയ ഗുണങ്ങളും ഉണ്ടാക്കിയെടുക്കുക എന്നീ കാര്യങ്ങൾ പ്രവാചക യുഗം മുതൽ നടന്നുവരുന്നതാണ്. പിൽക്കാലത്ത് തസവ്വുഫ് എന്ന് പേര് നൽകപ്പെട്ട ഈ പദ്ധതി സമുദായം സംയുക്തമായ നിലയിൽ തിരഞ്ഞെടുത്ത ഒരു മാർഗ്ഗമാണ്. (റബ്ബാനിയ്യ ലാ റഹ്ബാനിയ്യ) ആത്മസംസ്‌കരണം എന്നാൽ എന്താണ്? റസൂലുല്ലാഹി (സ) അത് എങ്ങനെ പ്രാവർത്തികമാക്കി? അതിലൂടെ എന്തെല്ലാം ഗുണങ്ങളുണ്ടായി എന്നീ കാര്യങ്ങളെ ഇപ്രകാരം വിവരിക്കുന്നു: ആത്മസംസ്‌കരണം എന്നാൽ ഇന്നതാണെന്ന് റസൂലുല്ലാഹി (സ) പറഞ്ഞുകൊടുക്കുക മാത്രമല്ല ചെയ്തത്. മറിച്ച് അതിന്റെ നിറവും മണവും സഹാബികളിൽ സന്നിവേശിപ്പിച്ചു. പരിശുദ്ധ ഖുർആൻ വചനങ്ങൾ അവരുടെ കാതുകളും മസ്തിഷ്‌കങ്ങളും കടന്ന് അവരുടെ മനസ്സുകളിലും ആത്മാവുകളിലും പ്രവേശിക്കുകയും അവരുടെ അവയവങ്ങളിലൂടെ പ്രകടമാവുകയും ചെയ്തു. ഈ കാരണത്താൽ ലോകത്തെ ഏറ്റവും വലിയ ആത്മീയ പരിശീലകൻ റസൂലുല്ലാഹി (സ) ആണ്. സഹാബികളിൽ കാണപ്പെട്ട അത്ഭുതകരമായ ആത്മീയ സ്വഭാവ, ചിന്താ, കാർമ്മിക മാറ്റങ്ങളും ആദ്യകാലത്തെ വിജയങ്ങളുടെ രഹസ്യവും ഇത് തന്നെയായിരുന്നു. ഇസ്‌ലാമിക സമൂഹത്തിൽ ഇന്ന് അനുഭവപ്പെടുന്ന ഏറ്റവും വലിയ കുറവും ഇതുതന്നെയാണ്! (റബ്ബാനിയ്യ) വീണ്ടും കുറിക്കുന്നു: ആത്മസംസ്‌കരണം നടത്തുന്ന മഹാത്മാക്കൾ ഇസ്‌ലാമിക സമൂഹത്തിലെ ഹൃദയമാണ്. അവർ റസൂലുല്ലാഹി (സ)യുടെ പ്രകാശങ്ങൾ മനസ്സുകളിൽ ഏറ്റുവാങ്ങിയവരാണ്. പരിശുദ്ധ ഖുർആൻ, ഹദീസുകളുടെ പഠനം പോലെ തന്നെ ആത്മസംസ്‌കരണവും പ്രവാചകന്മാരുടെ നിയോഗ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിന് അത്യാവശ്യമാണ്. ആഹാരത്തിന് ഉപ്പില്ലാത്തത് പോലെ ആത്മസംസ്‌കരണമില്ലാത്ത വിജ്ഞാനവും ന്യൂനതയുള്ളതാകുന്നതാണ്. (റബ്ബാനിയ്യ)
കൂട്ടത്തിൽ വിശ്വാസവും കർമ്മവും മോശമായ സൂഫിവേഷധാരികളെ മൗലാനാ മർഹൂം ശക്തമായി വിമർശിക്കുകയം ചെയ്യുന്നു. സീറത്ത് സയ്യിദ് അഹ്മദ് ശഹീദിൽ വ്യാജ സൂഫികളെ കുറിച്ചെഴുതുന്നു: ഇവർ സമ്പത്തും സ്ഥാനവും മോഹിക്കുകയും ദീനിനെ വിൽക്കുകയും നിരീക്ഷര വാദവും തെറ്റായ വിശ്വാസ-കർമ്മങ്ങളും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ദീനിൽ തന്നെ തിരിമറി നടത്തുകയും ജനങ്ങളെ വഴി കെടുത്തുകയും സമൂഹത്തിൽ പ്രശ്‌നമുണ്ടാക്കുകയും തസ്വവ്വുഫ് എന്ന പേരിൽ തോന്ന്യവാസങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനാൽ ഇവർ കാരണം നല്ലവരായ ധാരാളം ആളുകൾ തസ്വവ്വുഫിനെ തന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. മറ്റ് ചില സൂഫികൾ മേൽ പറയപ്പെട്ട കുഴപ്പങ്ങളൊന്നും കാട്ടിയില്ലെങ്കിലും തസ്വവ്വുഫിന്റെ യഥാർത്ഥ ലക്ഷ്യവും ആത്മാവും മനസ്സിലാക്കിയില്ല. ലക്ഷ്യവും മാർഗ്ഗവും വേർതിരിച്ചതുമില്ല. ചിലവേള മാധ്യമങ്ങൾക്ക് വലിയ സ്ഥാനം നൽകുകയും ലക്ഷ്യത്തെ അവഗണിക്കുകയും ചെയ്തു. ഇതുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ കടത്തിക്കൂട്ടുകയും അവയെ തസ്വവ്വുഫിന്റെ ആത്മാവും ലക്ഷ്യവുമായി പ്രഖ്യാപിക്കുകയും ചെയ്തു. (സീറത്ത് സയ്യിദ് അഹ്മദ് ശഹീദ്).
മൗലാനാ തസ്വവ്വുഫിനെ ശരിയായ സ്രോതസ്സുകളിൽ നിന്നും പഠിക്കുകയും സ്വന്തം ജീവിതത്തിൽ പകർത്തുകയും തസ്വവ്വുഫിനെ തെറ്റിദ്ധരിച്ച മേഖലകളിൽ പ്രത്യേകം പ്രചരിപ്പിക്കുകയും ചെയ്തു. മൗലാനയുടെ പരിശ്രമങ്ങൾ കാരണം തസ്വവ്വുഫ്, ബൈഅത്ത് എന്നീ പേരുകൾ കേൾക്കുന്നത് പോലും അരോചകമായിരുന്ന ധാരാളം വ്യക്തികൾ യഥാർത്ഥ സൂഫികളായി മാറി. ശൈഖ് മുസ്ത്വഫ സിബാഇയെ പോലെ ധാരാളം അറബി പണ്ഡിതരും തസ്വവ്വുഫുമായി ബന്ധപ്പെട്ടു. യാത്രയിലും നാട്ടിലും വിവിധ പ്രവർത്തനങ്ങൾക്കിടയിലും മൗലാനാ തസ്വവ്വുഫിന്റെ പ്രചാരണവും ലളിതമായ നിലയിൽ നടത്തിയിരുന്നു. ഇത് കാരണം ലോകമെമ്പാടുമുള്ള ധാരാളം ആളുകൾ മൗലാനയെ ബൈഅത്ത് ചെയ്യുകയും തസ്വവ്വുഫിന്റെ സരണിയിലൂടെ സഞ്ചരിക്കുകയും ചെയ്തു. ബൈഅത്ത് ചെയ്യുമ്പോൾ മൗലാനാ പറഞ്ഞുകൊടുത്തിരുന്ന വാചകങ്ങൾ തന്നെ തസ്വവ്വുഫിന്റെ ലക്ഷ്യവും മാർഗ്ഗവും വ്യക്തമാക്കുന്നതായിരുന്നു. അതുകൊണ്ട് ആ വാചകങ്ങൾ അതേപടി ഇവിടെ ഉദ്ധരിക്കുന്നു:
ആദ്യം ബൈഅത്ത് ചെയ്യുന്ന വ്യക്തിയെക്കൊണ്ട് ഇപ്രകാരം പറയിപ്പിക്കുമായിരുന്നു: അല്ലാഹു അല്ലാതെ ഉടമസ്ഥനും ആരാധ്യനുമായി ആരുമില്ല. മുഹമ്മദുർറസൂലുല്ലാഹി (സ) അല്ലാഹുവിന്റെ സത്യസന്ധനായ ദൂതനാകുന്നു. അല്ലാഹുവേ, ഞങ്ങൾ തൗബ ചെയ്യുന്നു. കുഫ്ർ, ശിർക്ക്, ബിദ്അത്ത്, വ്യഭിചാരം, മോഷണം, അന്യരുടെ സമ്പത്ത് ഉപയോക്കുക, ആരുടെയെങ്കിലും മേൽ അപരാധം പറയുക, നമസ്‌കാരം ഉപേക്ഷിക്കുക, കളവ് പറയുക എന്നീ പാപങ്ങളിൽ നിന്നും പ്രത്യേകിച്ചും ജീവിതത്തിൽ ചെയ്തുപോയ മുഴുവൻ പാപങ്ങളിൽ നിന്നും പൊതുവിലും ഞങ്ങൾ തൗബ ചെയ്യുന്നു. അല്ലാഹുവേ, എല്ലാ വിധിവിലക്കുകളും പാലിക്കുമെന്നും റസൂലുല്ലാഹി (സ)യെ പിൻപറ്റുമെന്നും ഞങ്ങൾ കരാർ ചെയ്യുന്നു. അല്ലാഹുവേ, ഞങ്ങളുടെ തൗബയെ സ്വീകരിക്കണേ, പാപങ്ങൾ പൊറുക്കണേ, സൽക്കർമ്മങ്ങൾ ചെയ്യാനും റസൂലുല്ലാഹി (സ)യെ പിൻപറ്റാനും തൗഫീഖ് നൽകണേ!
ഈ വാചകം പറയിപ്പിച്ച ശേഷം വളരെ സുപ്രധാനമായ കാര്യങ്ങൾ അടങ്ങിയ ഒരു ഉപദേശം നടത്തുമായിരുന്നു. നാം അത് മനസ്സിന്റെ കണ്ണുകൊണ്ട് കാണുകയും കാതുകൊണ്ട് കേൾക്കുകയും ചെയ്യുക:
ഏതെങ്കിലും മഹാനെ ബൈഅത്ത് ചെയ്യലും അവരുടെ പരമ്പരയിൽ പ്രവേശിക്കലും ഒന്നും അംഗീകരിക്കാനും പ്രവർത്തിക്കാനും ആവശ്യമില്ലാത്ത ചടങ്ങോ ആചാരമോ അല്ല. വെറും ബറക്കത്ത് (ഐശ്യര്യത്തി) ന് വേണ്ടി ചെയ്യേണ്ട കാര്യമോ പേരും പെരുമയും പ്രകടിപ്പിക്കാൻ പറ്റിയ വിഷയമോ അല്ല. ഇത് ഒരു വാഗ്ദാനവും കരാറും ഈമാനിക ജീവിതത്തിന്റെ തുടക്കവുമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ജീവിതത്തിൽ കുറച്ച് മാറ്റങ്ങൾ വരുത്തുകയും ചിട്ടകൾ പാലിക്കുകയും ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുകയും ചെയ്യേണ്ടതാണ്.
1. ഏറ്റവും ആദ്യമായി ബൈഅത്തിന്റെ ലക്ഷ്യം മനസ്സിലാക്കുക. വിശുദ്ധ വിശ്വാസം പുതുക്കലും, ഇസ്‌ലാമിക കരാറുകളും അല്ലാഹുവിന്റെയും റസൂലിന്റെയും വിധിവിലക്കുകൾക്ക് അനുസൃതമായിട്ടുള്ള ജീവിതം ആരംഭിക്കലും അതിൽ മുന്നേറാൻ തീരുമാനിക്കലും പരിശ്രമിക്കലുമാണ് ഇതുകൊണ്ടുള്ള ഉദ്ദേശം.
2. വിശ്വാസ ആദർശങ്ങൾ നന്നാക്കുകയും ഉറപ്പിക്കുകയും ചെയ്യേണ്ടതാണ്. വിശിഷ്യാ തൗഹീദ് വിശ്വാസം പരിശുദ്ധമാക്കുകയും ദൃഢീകരിക്കുകയും ചെയ്യുക. അല്ലാഹുവല്ലാത്ത ആർക്കും ജീവിപ്പിക്കാനോ മരിപ്പിക്കാനോ രോഗം നൽകാനോ ആരോഗ്യം കനിയാനോ സമ്പത്തും സന്താനങ്ങളും നൽകാനോ കഴിയുന്നതല്ല, എല്ലാ കഴിവുകളും അല്ലാഹുവിന് മാത്രമാണ്, ആർക്കും ഒരു ഉപകാരവും ഉപദ്രവും ചെയ്യാൻ സാധിക്കുന്നതല്ല, സർവ്വഉപകാര ഉപദ്രവങ്ങളുടെയും ഉടമസ്ഥൻ അല്ലാഹു മാത്രമാണ്. അല്ലാഹു അല്ലാത്ത ആരും ആരാധനയ്ക്ക് അർഹൻ അല്ല. അല്ലാഹു അല്ലാത്ത ആരുടെയും മുന്നിൽ സുജൂദ് ചെയ്യുകയോ ആരാധനയുടെ വല്ല രൂപങ്ങളും കാണിക്കുകയോ ചെയ്യാൻ പാടില്ല, ആഗ്രഹങ്ങൾ സഫലമാക്കുന്നതും പ്രയാസങ്ങൾ ദൂരീകരിക്കുന്നതും അല്ലാഹു മാത്രമാണ്, സർവ്വകാര്യങ്ങളും അല്ലാഹുവിനോട് മാത്രം ഇരക്കുക. ( ഈ വിഷയത്തിലുള്ള ആധികാരിക രചനകൾ പാരായണം ചെയ്യുക)
3. സയ്യിദുൽ മുർസലീൻ ഖാത്തിമുൽ നബിയ്യീൻ മുഹമ്മദുർറസൂലുല്ലാഹി (സ) യെ അവസാന നബിയും സൻമാർഗ്ഗ മാധ്യമവും ശഫാഅത്തിന്റെ വഴിയും ഏറ്റവും കൂടുതൽ സ്‌നേഹത്തിനും അനുകരണത്തിനും അർഹനായും വിശ്വസിക്കുക. റസൂലുല്ലാഹി (സ) യുടെ സുന്നത്തുകൾ കൂടുതലായി പകർത്തുക. ജീവിതത്തിലെ മത-ഭൗതികമായ സകലകാര്യങ്ങളും നബവീ മാതൃക അനുസരിച്ചാക്കാൻ പരിശ്രമിക്കുക. റസൂലുല്ലാഹി (സ) യുടെ സീറത്തും (മഹത്ച്ചരിതം) ഹദീസ് സമാഹാരങ്ങളും ആഗ്രഹത്തോടെ പാരായണം ചെയ്യുക.
4. ജീവിതത്തെ ഇസ്‌ലാമിക മൂശയിൽ വാർത്തടുക്കുന്നതിനും ശരിയായ ജീവിത ലക്ഷ്യം മനസ്സിലാക്കുന്നതിനും വിനീതന്റെ ഗ്രന്ഥം തസ്തൂറെ ഹയാത്തും (വിശ്വാസം, കർമ്മം, സ്വഭാവം). ഹകീമുൽ ഉമ്മത്ത് മൗലാനാ അഷ്‌റഫ് അലിത്ഥാനവിയുടെ രചനകളും പ്രഭാഷണങ്ങളും പാരായണം ചെയ്യുക.
5. ഓരോ ഫർള് നമസ്‌ക്കാരങ്ങളും യഥാസമയത്ത് ശ്രദ്ധയോടെയും സുന്നത്തുകൾ പാലിച്ചും നിർവ്വഹിക്കുക. നമസ്‌ക്കാരത്തിലുള്ള അശ്രദ്ധയും അലസതയും ഒന്നുകൊണ്ടും പരിഹരിക്കാൻ സാധിക്കുകയില്ല. നമസ്‌ക്കാരങ്ങൾ ജമാഅത്തായി കഴിവതും മസ്ജിദുകളിൽ തന്നെ നിർവ്വഹിക്കുക. സ്ത്രീകൾ യഥാസമയത്തും നമസ്‌ക്കരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ജോലികൾക്കിടയിൽ പലപ്പോഴും നമസ്‌ക്കാരത്തിന്റെ പ്രധാന സമയം കഴിഞ്ഞുകടക്കാറുണ്ട്.
6. ദീനിയും ദുൻവിയുമായ എല്ലാകാര്യങ്ങളിലും അല്ലാഹുവിന്റെ പൊരുത്തവും പ്രതിഫലവും ലക്ഷ്യം വെക്കാൻ പരിശീലിക്കുക. സ്വഭാവം, ഇടപാടുകൾ, പതിവുകൾ ഇവകളെല്ലാം ശരീഅത്തിനും സുന്നത്തിനും അനുസരിച്ചാക്കിയാൽ ഇതെല്ലാം പുണ്യകർമ്മങ്ങളായി മാറുന്നതാണ്. പ്രകൃതിപരവും സ്വഭാവപരവുമായ ബലഹീനതകളെ ഇല്ലാതാക്കാൻ പരിശ്രമിക്കുക. വിശിഷ്യാ അസൂയ, പക, പരിധിവിട്ട ദേഷ്യം, ദുഷിച്ച നോട്ടം, തെറ്റായ സംസാരം, സമ്പത്തിനോടും സ്ഥാനങ്ങളോടുമുള്ള മോഹം മുതലായ ദുസ്വഭാവങ്ങൾ വർജ്ജിക്കുക.
7. പരിശുദ്ധഖുർആൻ സൗകര്യമായ ഒരു അളവ് നിത്യവും പാരായണം ചെയ്യുക. സുബ്ഹിക്ക് മുമ്പോ ശേഷമോ, മഗ്‌രിബ് - ഇശാകൾക്ക് ശേഷമോ സൗകര്യമുള്ളതും പതിവാക്കാൻ പറ്റുന്നതുമായ ഒരു സമയം ഒഴിവാക്കിയെടുത്ത് ഈ ദിക്‌റുകൾ 100 പ്രാവശ്യം ചൊല്ലുക: മൂന്നാംകലിമ, (സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ). സ്വലാത്ത്, ഇസ്തിഗ്ഫാർ. ഇത് നിത്യമായി ചൊല്ലേണ്ടതാണ്. കൂടാതെ നൂറ് പ്രാവശ്യം ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് നിർത്തിയും ചെറിയ ശബ്ദത്തിലും ചൊല്ലുക. ഇത് വർദ്ധിപ്പിക്കാനും ചൊല്ലുന്ന രീതി പഠിക്കാനും ആധികാരിക മശാഇഖുകളുമായി ബന്ധപ്പെടുക.
ഉടന്‍ പ്രസിദ്ധീകരിക്കുന്ന മുഫക്കിറുല്‍ ഇസ്‍ലാം ജീവ ചരിത്രത്തില്‍ നിന്നും
രചനാ പരിചയം
അന്ത്യപ്രവാചകൻ സയ്യിദുൽ കൗനൈൻ ഖാത്തിമുന്നബിയ്യീൻ സയ്യിദുൽ മുർസലീൻ മുഹമ്മദുർറസൂലുല്ലാഹി (സ)യുടെ പ്രധാന നിയോഗ ലക്ഷ്യം രണ്ട് കാര്യങ്ങളാണ്. ഒന്ന് സൃഷ്ടികൾക്ക് സ്രഷ്ടാവുമായുള്ള ബന്ധം ശരിയാക്കുക. രണ്ട് ഈ ബന്ധം നിരന്തരമാക്കുക. ഇതിന് അല്ലാഹുവിന്റെ കൽപ്പനപ്രകാരം റസൂലുല്ലാഹി (സ) സ്വീകരിച്ച ലളിതവും ശക്തവുമായ ഒരു മാർഗ്ഗമാണ് ദിക്ർ, ദുആകൾ (അല്ലാഹുവിന്റെ ധ്യാനവും പടച്ചവനോടുള്ള പ്രാർത്ഥനയും).
ഒരു ഭാഗത്ത് റസൂലുല്ലാഹി (സ) യുടെ ജീവിതം മുഴവൻ ദ്ക്ർ-ദുആകളായിരുന്നു. പുലർക്കാലത്ത് എഴുന്നേൽക്കുമ്പോൾ, വിസർജ്ജനത്തിന് മുമ്പ്, ശുദ്ധീകരണ സമയത്ത്, ആഹാര-പാനീയ വസ്ത്രധാരണ സന്ദർഭങ്ങളിൽ, വീട്ടിലും നാട്ടിലും യാത്രയിലും ജോലിയിലും എന്നിങ്ങനെ സകല കാര്യങ്ങളിലും ഇത് കാണാൻ കഴിയുന്നതാണ്. നമസ്‌ക്കാരങ്ങൾ ആദ്യന്തം ദിക്ർ-ദുആകളായിരുന്നു. എന്തിനേറെ പ്രബോധന പോരാട്ടങ്ങളിലും ഇത് വലിയ ശക്തിയായിരുന്നു. അധികമായി ഇത് നിർവ്വഹിക്കാനും ഒറ്റക്കും കൂട്ടായും രഹസ്യമായും പരസ്യമായും ഇത് ചെയ്യാനും റസൂലുല്ലാഹി (സ) പ്രേരിപ്പിച്ചു.
തൽഫലമായി നിരന്തരം ദിക്ർ-ദുആകളിൽ വ്യാപൃതരായ ഒരു സമൂഹം നിലവിൽ വന്നു. ഒരു കാലത്ത് പടച്ചവനെപ്പറ്റി പറയപ്പെട്ടാൽ വെറുപ്പ് പ്രകടിപ്പിച്ചിരുന്ന ജനത നിന്നും ഇരുന്നും കിടന്നും പടച്ചവനെ ധ്യാനിക്കുന്നവരായി. തെറ്റ് കുറ്റങ്ങൾ വല്ലതും സംഭവിച്ചാൽ പടച്ചവനെ ഓർത്ത് പശ്ചാത്തപിക്കുമായിരുന്നു. സംസാരം, ആഹാരം, ഉറക്കം, സൃഷ്ടികളുമായിട്ടുള്ള ബന്ധം എന്നിവകളിൽ അവർ മധ്യമ രീതി പുലർത്തിയിരുന്നുവെങ്കിലും ക്രയവിക്രയങ്ങളും ദാമ്പത്യ ജീവിതവും നന്നായി നടത്തിയിരുന്നു. കുടുംബം, ഇണകൾ, സന്താനങ്ങൾ, സഹോദരങ്ങൾ, മനുഷ്യർ, മൃഗങ്ങൾ, പ്രകൃതി വസ്തുക്കൾ ഇവയെല്ലാമായി ഉത്തമ ബന്ധം പുലർത്തിയിരുന്നു. എന്നാൽ അവർ അല്ലാഹുവിന്റെ ധ്യാനം എല്ലാ സന്ദർഭങ്ങളിലും മുറുകെ പിടിച്ചു. ഇതിലൂടെ അവരുടെ അനുവദനീയ പ്രവർത്തനങ്ങളും പുണ്യകർമ്മങ്ങളായി മാറി. അല്ലാഹു എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട് എന്ന ഇഹ്‌സാനീ ഗുണം അവരിൽ ശക്തി പ്രാപിച്ചു.
സഹാബാ കിറാമിന്റെ ഇതര ഗുണങ്ങളായ ഇസ്‌ലാമും ഈമാനും അവർ അടുത്ത തലമുറയ്ക്ക് കൈമാറിയത് പോലെ ഉപര്യുക്ത ഇഹ്‌സാനീ ഗുണവും അവർ വളരെ പ്രാധാന്യത്തോടെ ജനങ്ങളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഈ വഴിയിൽ പ്രത്യേക ശ്രദ്ധയുള്ള ഒരു വലിയ വിഭാഗം സഹാബാ കിറാമിന്റെ കാലം മുതൽ ഇന്നുവരെ നിലനിൽക്കുന്നു. ലോകാവസാനം വരെയും ഉണ്ടായിരിക്കുകയും ചെയ്യും. സൂഫിവര്യന്മാർ എന്ന ഒരു പ്രത്യേക നാമം ഇവർക്ക് നൽകപ്പെട്ടിട്ടുണ്ടെങ്കിലും യഥാർത്ഥത്തിൽ ഇവർ ഉത്തമ മനുഷ്യരാണ്. ഇക്കൂട്ടത്തിൽ പെട്ട ഒരു മഹാപുരുഷനാണ് ഹകീമുൽ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി. ചെറുതും വലുതുമായ ധാരാളം രചനകൾ തയ്യാറാക്കിയ മഹാനവർകളുടെ പ്രധാനപ്പെട്ട രചനാസമാഹാരമാണ് മുനാജാത്ത് മഖ്ബൂൽ. ആദരവായ റസൂലുല്ലാഹി (സ) യുടെ അമൂല്യമായ ദുആക്കളും ദിക്‌റ്, സ്വലാത്തുകളും ആത്മ സംസ്‌കരണത്തിന്റെ വിലയേറിയ ഉപദേശങ്ങളുമാണ് ഇതിന്റെ ഇതിവൃത്തം. അല്ലാഹുവിന്റെ അനുഗ്രഹത്താൽ പ്രിയ ഉസ്താദ് മൗലാനാ അബ്ദുൽ അസീസ് മിഫ്താഹി മർഹൂം നിത്യമായി ഓതുന്നത് കണ്ട് ചെറുപ്പം മുതൽ ഈ ഗ്രന്ഥം പരിചയപ്പെടാനും പ്രയോജനപ്പെടുത്താനുമുള്ള ഭാഗ്യമുണ്ടായി. നബവീ ദുആക്കളുടെ ആശയം മനസ്സിലാക്കാൻ തുടങ്ങിയപ്പോൾ വല്ലാത്ത ആവേശമുണ്ടായി. ഒരു ഭാഗത്ത് റസൂലുല്ലാഹി (സ) യുടെ ആഴമേറിയ അടിമത്വ ചിന്തയുടെ സൗന്ദര്യം ഇവ അനാവരണം ചെയ്യുന്നു. മറുഭാഗത്ത് നമുക്ക് ഇരുലോകത്തും എന്തെല്ലാം കാര്യങ്ങളാണ് ആവശ്യമെന്ന് ഉണർത്തുകയും നിറഞ്ഞ ഖജനാവിന്റെ ഉടമസ്ഥനായ അല്ലാഹുവിനോട് ദുആ ഇരക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഇതിനിടയിൽ ഒരു സഹോദരൻ ഇത് പ്രസിദ്ധീകരിക്കാൻ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്തു. അല്ലാഹു അദ്ദേഹത്തിന് ഉന്നത പ്രതിഫലം നൽകട്ടെ. കൂട്ടുകാരുടെ കൂടി സേവനങ്ങളുടെ അടിസ്ഥാനത്തിൽ ഇത് പ്രസിദ്ധീകരിക്കപ്പെടുകയാണ്. അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ. മുനാജാത്തെ മഖ്ബൂൽ (സ്വീകാര്യമായ പ്രാർത്ഥനകൾ) എന്നാണ് ഇതിന്റെ നാമമെങ്കിലും ഹറമൈൻ ശരീഫൈൻ ഉപഹാരം എന്ന നാമം കൂടി നൽകിയിട്ടുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ആദരണീയ ജ്യേഷ്ടൻ സലീം സാഹിബിനോടൊപ്പം ഹജ്ജ് ചെയ്തപ്പോൾ പല സന്ദർഭങ്ങളിലും ഈ ദുആക്കൾ ചെയ്യാൻ സാധിച്ചു. വിശിഷ്യാ സഫാ മർവക്കിടയിലുള്ള ഏഴ് സഅ്‌യുകളിൽ ഓരോ ദിവസത്തെയും ദുആക്കൾ മലയാളത്തിൽ പറഞ്ഞുകൊടുത്തപ്പോൾ അദ്ദേഹം വിതുമ്പുകയും ഈ പാപിക്ക് വല്ലാത്ത വികാരം അനുഭവപ്പെടുകയും ചെയ്തു. അതെ, ഈ ദുആക്കൾ ഓരോന്നും പാരായണം ചെയ്യുമ്പോൾ രണ്ട് കാര്യങ്ങൾ നാം ഓർക്കുക: ആരാണ് ഈ ദുആക്കൾ പഠിപ്പിച്ചത്? എന്തെല്ലാം കാര്യങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്? അതെ, ഇവ ഓരോന്നും അല്ലാഹുവിന്റെ ഹബീബും മഹ്ബൂബുമായ റസൂലുല്ലാഹി (സ) യുടെ തിരുവചനങ്ങളാണ്. ഇതിൽ റസൂലുല്ലാഹി (സ) ചെയ്തിട്ടുള്ള മുഴുവൻ ദുആക്കളും നമുക്കും അത്യന്തം ആവശ്യമായ കാര്യങ്ങളാണ്. കൂടാതെ, ഈ രചനയുടെ ഭൂരിഭാഗം വിവർത്തനങ്ങളും നടന്നത് വിശുദ്ധ ഹറമുകളിൽ വെച്ചാണ്. പൊതുസഹോദരങ്ങളുടെ എളുപ്പത്തിനുവേണ്ടി ആശയങ്ങളാണ് വിവർത്തനത്തിൽ കൊടുത്തിട്ടുള്ളത്. ബഹുമാന്യ ഹാജിമാരും ഉംറാ നിർവ്വഹിക്കുന്നവരും ഈ രചനയെ പ്രയോജനപ്പെടുത്തിയാൽ വളരെയധികം ഗുണങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാഹു തൗഫീഖ് നൽകട്ടെ.
Ph: 7736723639