▪️മുഖലിഖിതം

സ്രഷ്ടാവിനോട് ഭയഭക്തി, സൃഷ്ടികളോട് സ്‌നേഹാദരങ്ങൾ.!

✍🏻 അല്ലാമാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി

▪️ജുമുഅ സന്ദേശം
    ജസാഉൽ അഅ്മാൽ-3 

(കർമ്മങ്ങളുടെ ഇഹപര ഫലങ്ങൾ) 

✍🏻 ഹകീമുൽ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ത്ഥാനവി (റ)


▪️മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുൽ ഹഷ്ര്‍-5
അൻസാറുകളുടെ മഹത്വങ്ങൾ
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️മആരിഫുല്‍ ഹദീസ്
റസൂലുല്ലാഹി (സ) യുടെ സമുന്നത സ്വഭാവം -6
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️വാര്‍ത്തകള്‍



************

 മുഖലിഖിതം 

സ്രഷ്ടാവിനോട് ഭയഭക്തി, സൃഷ്ടികളോട് സ്‌നേഹാദരങ്ങൾ.!


അല്ലാമാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി


ചരിത്രാവലോകനം മനുഷ്യൻ ഈ ലോകത്ത്, അടുത്ത സമയത്ത് ഉണ്ടായ പുതിയ ജീവിയല്ല. ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യൻ ഇവിടെ വസിക്കുന്നു. അവന്റെ ചരിത്രം നോക്കിയാൽ ഒരുകാര്യം മനസ്സിലാകും. മനുഷ്യചരിത്രം ജലത്തിന്റെ ഉപരിതലം പോലെ സദാ ഒരു നിലയിലായിരുന്നില്ല. അതിൽ ധാരാളം കയറ്റങ്ങളും ഇറക്കങ്ങളും ഉണ്ടായിട്ടുണ്ട്. ചിലയിടങ്ങളിൽ മനുഷ്യൻ ഉയർന്ന് നിൽക്കുമ്പോൾ മറ്റ് ചിലയിടങ്ങളിൽ മനുഷ്യൻ താഴ്ന്ന് കിടക്കുന്നു. ചിലവേള, അത് മനുഷ്യന്റെ ചരിത്രമല്ല, രക്തദാഹികളുടെയും മൃഗങ്ങളുടെയും ചരിത്രമാണെന്ന് തോന്നിപ്പോകും. അത് വായിക്കുന്നവർ, മനുഷ്യരിൽ ഇത്തരം ആളുകളും ഉണ്ടായിട്ടുണ്ടല്ലോ എന്ന് ഓർത്ത് ലജ്ജിക്കുന്നതാണ്. നമ്മെക്കുറിച്ചുള്ള വിലയിരുത്തൽ അടുത്ത തലമുറയായിരിക്കും നടത്തുക. എന്നാൽ കഴിഞ്ഞ് കടന്നവരെക്കുറിച്ച് അവരെങ്ങനെ ഉള്ളവരായിരുന്നു എന്ന് തീരുമാനമെടുക്കുന്നത് ഇന്നുള്ളവരാണ്. കഴിഞ്ഞ കാലത്തെക്കുറിച്ച് പഠിക്കുമ്പോൾ ചില ദുരന്തപൂർണമായ നാളുകൾ നമ്മുടെ ദൃഷ്ടിയിൽപ്പെടും. നമുക്ക് കഴിയുമായിരുന്നെങ്കിൽ ചരിത്രത്തിൽ നിന്നും ആ താളുകൾ നാം കീറിക്കളയുമായിരുന്നു. മക്കളുടെ കൈയ്യിൽ അത് കൊടുക്കുമായിരുന്നില്ല. ചുരുക്കത്തിൽ, ചരിത്രത്തിൽ ദുരന്ത പൂർണമായ ചില ഘട്ടങ്ങൾ കഴിഞ്ഞിട്ടുണ്ട്. ആ ചരിത്രങ്ങൾ വിവരിക്കലല്ല നമ്മുടെ വിഷയം. അവയുടെ അടിവേരുകൾ എന്തായിരുന്നു എന്നാണ് നാം നോക്കേണ്ടത്. സമൂഹം തിന്മയിലേക്ക് ചായുന്നത് വരെ സമൂഹത്തെ വഴിതെറ്റിക്കുക സാധ്യമല്ല. ഏതെങ്കിലും ചില വ്യക്തികളെയോ ചിലപ്പോൾ ഒരു വ്യക്തിയെയോ മാത്രം സമൂഹത്തിന്റെ നാശകാരണമായി ചിത്രീകരിക്കലാണ്, സാധാരണ രീതി. ഏതാനും വ്യക്തികൾ ഒരു സമൂഹത്തെ മുഴുവൻ തിന്മയിലേക്ക് തിരിച്ചുവിട്ടുവെന്ന് പൊതുവിൽ പറയപ്പെടാറുണ്ട്. ഈ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. ചരിത്ര പഠനത്തിന്റെ വെളിച്ചത്തിൽ പറയട്ടെ, ഒരു മത്സ്യം കുളത്തെ നാശമാക്കിയാലും, ഒരു വ്യക്തിക്ക് സമൂഹത്തെ നാശമാക്കാൻ കഴിയുന്നതല്ല. നല്ല സമൂഹത്തിൽ ഒരു മോശപ്പെട്ടവന് ജീവിക്കുകപോലും സാധ്യമല്ല. വെള്ളമില്ലാത്ത മത്സ്യം പിടഞ്ഞു മരിക്കുന്നതുപോലെ തിന്മയെ സ്വീകരിക്കാനും പിന്തുണ നൽകാനും തയ്യാറല്ലാത്ത സമൂഹത്തിൽ തിന്മ, പിടച്ച് ശ്വാസംമുട്ടി മരിച്ചുപോകുന്നതാണ്. എല്ലാ കാലത്തും നല്ലവരും ദുഷിച്ചവരും ഉണ്ടായിട്ടുണ്ട്. എന്നാൽ, മുഴുവൻ തിന്മകളുടെയും ഉത്തരവാദിത്വം ദുഷിച്ചവരുടെ തലയിൽ മാത്രം വെച്ചു കെട്ടുന്നത് ശരിയല്ല. ദുഷിച്ചവർക്ക് കുറച്ച് സ്വാധീനം ലഭിച്ചെന്ന് വെച്ച് സമൂഹത്തിന്റെ നിയന്ത്രണം പൂർണമായും അവരുടെ കയ്യിലാണെന്നും അവർ വിചാരിക്കുന്നിടത്തേക്കു വളയം തിരിച്ചുവിടുന്നതാണെന്നും ധരിക്കുന്നത് തെറ്റാണ്. മറിച്ച് ഒരു സമൂഹത്തിന്റെ നാശത്തിന്റെ അടിസ്ഥാന കാരണം തന്നെ, പൊതുവായ നാശമാണ്. അവരുടെ അകം നാശമായി. അവരിൽ തിന്മയിലേക്ക് താൽപര്യം ജനിച്ചു. അവർ സ്വാർത്ഥരും സ്വയം പൂജകരുമായി. മനസ്സ് മലിനവും പാപപങ്കിലവുമായവരെ, തടഞ്ഞുനിർത്തുക സാധ്യമല്ല. അവരെ ചങ്ങലയിൽ ബന്ധിപ്പിച്ചാലും പാപത്തിൽ നിന്നും അവർ മാറുന്നതല്ല.


ജുമുഅ സന്ദേശം 


ജസാഉൽ അഅ്മാൽ-3 

(കർമ്മങ്ങളുടെ ഇഹപര ഫലങ്ങൾ) 


 ഹകീമുൽ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ഥാനവി


 പാപത്തിനും പരലോക ശിക്ഷയും ഇടയിലുള്ള ബന്ധം


അറിയുക, നമ്മുടെ ഈ ലോകത്തെ കൂടാതെ വേറെ രണ്ട് ലോകങ്ങൾ കൂടിയുണ്ട്. അതിലൊന്ന് മരണം കഴിഞ്ഞ ഉടനെ നാം പ്രവേശിക്കുന്ന ബർസഖ്, ഖബർ ലോകമാണ്. മറ്റൊന്ന് ഇതിനുശേഷം സംഭവിക്കാനിരിക്കുന്ന പരലോകമാണ്. നമ്മുടെ നന്മ തിന്മകളുടെ യഥാർത്ഥ ഫലം പരലോകത്താണെങ്കിലും അവയുടെ പ്രതിഫലനം ബർസഖീ ലോകത്തും ഉണ്ടാകുന്നതാണ്. നമ്മുടെ ശബ്ദം പിടിച്ചെടുക്കുന്ന ടേപ്പ് റെക്കോർഡറുകൾ ഇന്ന് ധാരാളമായിട്ടുണ്ട്. ആദ്യമായി നമ്മുടെ വായിൽ നിന്നും ഒരു വാചകം പുറപ്പെടുന്നു. രണ്ടാമതായി അത് റെക്കോർഡറിൽ പതിയുന്നു. മൂന്നാമതായി അതിൽ നിന്നും ശബ്ദം പുറത്തേക്ക് വരുന്നു. ഇതിൽ ഒന്നാമത്തേത് ഇഹലോകത്തിന്റെയും രണ്ടാമത്തേത് ബർസഖ് ലോകത്തിന്റെയും മൂന്നാമത്തേത് പരലോകത്തിന്റെയും ഉദാഹരണങ്ങളാണ്. നമ്മുടെ വാചകങ്ങൾ തന്നെയാണ് റെക്കോർഡറിൽ പതിയുന്നതെന്നും അതു തന്നെയാണ് പുറത്തേക്ക് വരുന്നതെന്നും ഉള്ള വിഷയത്തിൽ ആരും സംശയിക്കുന്നതല്ല. ഇപ്രകാരം ബർസഖ് ലോകത്ത് പ്രതിഫലിക്കുന്നതും പരലോകത്ത് പ്രകടമാകുന്നതുമായ എല്ലാ കാര്യങ്ങളും നമ്മുടെ ഇഹലോകത്തുള്ള പ്രവർത്തനങ്ങളാണ് എന്നതിൽ ആരും സംശയിക്കുന്നതല്ല. ഇപ്രകാരം ഇത് ലോകങ്ങളിലും പ്രകടമാകുന്ന പരിണിത ഫലങ്ങളും ഈ ലോകത്തുള്ള നമ്മുടെ പ്രവർത്തനങ്ങളുടെ ഫലം തന്നെയാണ്. ആകയാൽ റെക്കോർഡറിന്റെ മുന്നിൽ വെച്ച് ഓരോരുത്തരും വളരെ സൂക്ഷിച്ചും ശ്രദ്ധിച്ചും മാത്രം സംസാരിക്കുന്നതാണ്. കാരണം സംസാരിക്കുന്നത് എന്തും അതിൽ പതിയുമെന്നും അതിൽ പതിയുന്നതെല്ലാം പുറത്ത് പ്രകടമാകുമെന്നും മനുഷ്യൻ മനസ്സിലാക്കുന്നു. ഇതുപോലെ ഇവിടെ പ്രവർത്തിക്കുകയും പറയുകയും ചെയ്യുന്ന ഓരോ കാര്യങ്ങളും  ഈ ലോകത്തും പ്രകടമാകും എന്ന് ഓർത്തുകൊണ്ട് വളരെ സൂക്ഷ്മതയോടെ സംസാരിക്കാനും പ്രവർത്തിക്കാനും നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും തെറ്റുകളും തിന്മകളും പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതെല്ലാം അതേപടി അവിടെ പ്രകടമാകുന്നതാണ്. അവിടെ യാതൊരുവിധ ദുർവ്യാഖ്യാനങ്ങൾക്കോ തിരുത്തി കുറിക്കലുകൾക്കോ അവസരമുണ്ടാവുന്നതല്ല. ഇക്കാര്യം നന്നായി മനസ്സിലാക്കിയാൽ നമ്മുടെ വാചകങ്ങളും പ്രവർത്തനങ്ങളും തനിയെ ശരിയാവുന്നതാണ്. 

ഇതേ കാര്യം മറ്റൊരു ഉദാഹരണത്തിലൂടെ മനസ്സിലാക്കുക. ഒരു വൃക്ഷത്തിന് മൂന്ന് ഘട്ടങ്ങളുണ്ട്. ഒന്ന്, വിത്തു വിതയ്ക്കുക. രണ്ട്, ചെടി ഭൂമിയിൽ നിന്നും പൊട്ടിമുളയ്ക്കുക. മൂന്ന്, വലുതായി ഫലങ്ങൾ കായ്ക്കുക. ഈ ചെടി മുളച്ചതും ഫലങ്ങൾ പ്രകടമായതും ഒറ്റയ്ക്കല്ല. അതിനുമുമ്പ് വിത്ത് പാകൽ നടന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഈ രണ്ട് ഫലങ്ങൾ പ്രകടമായത്. ഇപ്രകാരം ഇഹലോകത്തെ കർമ്മങ്ങൾ വിത്ത് വിതയ്ക്കുന്നത് പോലെയാണ്. ചെടി മുളയ്ക്കുന്നത് പോലെയാണ് ബർസഖിന്റെ അവസ്ഥ. ഫലം കായ്ക്കുന്നത് പോലെയാണ് പരലോകത്തിന്റെ കാര്യം. ഇഹലോകത്ത് പ്രവർത്തിക്കുന്ന കാര്യങ്ങൾ മാത്രം ഇരുലോകത്തും പ്രകടമാകുന്നതാണ്. അതെ, നെല്ല് വിതച്ച ശേഷം ഗോതമ്പ് പ്രകടമാകുമെന്ന് ആരും പ്രതീക്ഷിക്കുകയില്ല. അതുപോലെ ഇഹലോകത്ത് ദുഷ്‌കർമ്മങ്ങൾ പ്രവർത്തിച്ചുകൊണ്ട് ഇഹലോകത്തിനു ശേഷം സൽഫലങ്ങൾ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. ഇതിലേക്ക് കൂടി സൂചനയെന്നോണം റസൂലുല്ലാഹി (സ) അരുളി: ഇഹലോകം പരലോകത്തേക്കുള്ള കൃഷിസ്ഥലമാണ്. (ഇഹ്‍‍യാ ഉലൂമുദ്ദീൻ)

പലപ്പോഴും വൃക്ഷത്തിനും ഇടയിൽ ബാഹ്യമായി വലിയ യോജിപ്പ് ഒന്നും കാണുകയില്ല. പക്ഷേ രണ്ടിനും ഇടയിൽ ആന്തരികമായ യോജിപ്പുണ്ടെന്നത് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. ഇപ്രകാരം നന്മതിന്മകൾക്കും അവയുടെ രക്ഷാ ശിക്ഷകൾക്കും ഇടയിൽ ആന്തരികമായ വലിയ ബന്ധമുണ്ട്. ഈ ബന്ധം മഹാന്മാരായ നബിമാർ പരിപൂർണ്ണമായി മനസ്സിലാക്കുകയും നമ്മെ ഉണർത്തുകയും ചെയ്തിരിക്കുന്നു. എല്ലാ നന്മതിന്മകളുടെയും അവയുടെ പരലോക ഫലങ്ങളുടെയും ബന്ധമുണ്ടെങ്കിലും ഇവിടെ മാതൃക എന്നോണം ചിലതിന്റെ മാത്രം ബന്ധങ്ങൾ റസൂലുല്ലാഹി (സ) നമുക്ക് മനസ്സിലാക്കി തന്നിരിക്കുന്നു. ഇവിടെ ആദ്യമായി മുഴുവൻ നന്മതിന്മകളുടെയും അവയുടെ ഫലങ്ങളുടെയും ഇടയിലുള്ള ബന്ധം മൊത്തത്തിൽ വലിച്ചെറിയിക്കുന്ന ഏതാനം ആയത്തുകൾ ആദ്യം ശ്രദ്ധിക്കുക:

അല്ലാഹു അറിയിക്കുന്നു: കടുത്ത നിരീക്ഷകൻ അടുത്തില്ലാതെ ഒരു വാചകം പോലും മനുഷ്യൻ മൊഴിയുന്നതല്ല. (ഖാഫ് 18) അപ്പോൾ അണുമണിതൂക്കം നന്മ പ്രവർത്തിച്ചവൻ അതിനെ കാണുന്നതാണ്.(7) അണുമണിതൂക്കം തിന്മ പ്രവർത്തിച്ചവൻ അതും കാണുന്നതാണ്. (സിൽസാൽ 7,8) ഖിയാമത്ത് ദിനം, നീതിയുടെ തുലാസ് നാം സ്ഥാപിക്കുന്നതാണ്. ആരോടും ഒരു അക്രമവും ഉണ്ടാകുന്നതല്ല. നന്മതിന്മകൾ അണുമണിത്തൂക്കമാണെങ്കിലും നാം കൊണ്ടുവരുന്നതാണ്. വിചാരണ നടത്തുന്നവനായി നാം തന്നെ മതി. (അമ്പിയാഅ് 47) കർമ്മപുസ്തകം സമർപ്പിക്കപ്പെടുമ്പോൾ അതിലുള്ള കാര്യങ്ങളെ നോക്കി  ഭയന്നവരായി പാപികളെ താങ്കൾ കാണുന്നതാണ്. അവർ പറയും: ഞങ്ങളുടെ നാശമേ, ഈ പുസ്തകത്തിന് എന്തുപറ്റി? ഇത് ചെറുതും വലതുമായ ഒരു കാര്യത്തേയും എണ്ണിത്തിട്ടപ്പെടുത്താതെ വിട്ടിട്ടില്ലല്ലോ! അവർ പ്രവർത്തിച്ചതെല്ലാം അവിടെ ഹാജരുള്ളതായി അവർ കാണുന്നതാണ്. താങ്കളുടെ രക്ഷിതാവ് ആരോടും അക്രമം കാട്ടുന്നതല്ല. (കഹ്ഫ് 49) ഒരു ദിവസം ഓരോ വ്യക്തിയും പ്രവർത്തിച്ച നന്മകൾ അവരുടെ മുന്നിലുള്ളതായി കാണുന്നതാണ്. ഓരോരുത്തരും പ്രവർത്തിച്ച തിന്മകളെ കുറിച്ച് അവയുടെയും തന്റെയുമിടയിൽ വലിയ ദൂരം ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നുവെന്ന് മോഹിക്കുന്നതാണ്. അല്ലാഹു അവനെക്കുറിച്ച് നിങ്ങളെ ഭയപ്പെടുത്തുന്നു. അല്ലാഹു ദാസന്മാരോട് വലിയ കൃപയുള്ളവനാണ്.(ആലു ഇംറാൻ 30) ഒരു ഉറച്ച വചനംകൊണ്ട് ഇഹത്തിലും പരത്തിലും അല്ലാഹു വിശ്വാസികളെ ഉറപ്പിക്കുന്നതാണ്. അക്രമികളെ അല്ലാഹു വഴികെടുത്തുന്നതാണ്. അല്ലാഹു ഉദ്ദേശിക്കുന്നത് പ്രവർത്തിക്കുന്നു. (ഇബ്‌റാഹീം 27) 

ഇതുപോലെ വേറെയും ധാരാളം ആയത്തുകൾ പരിശുദ്ധ ഖുർആനിലുണ്ട്. അടുത്തതായി ഈ ബന്ധം പ്രത്യേകം വിവരിക്കുന്ന ചില ഹദീസുകൾ ഉദ്ധരിക്കുകയാണ്:

1. സമുറത് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ഓരോ പ്രഭാതങ്ങളിലും കഴിഞ്ഞ രാത്രിയിൽ ആരെങ്കിലും സ്വപ്നങ്ങൾ കേട്ടിട്ടുണ്ടോയെന്ന് ചോദിക്കാറുണ്ടായിരുന്നു. ആരെങ്കിലും സ്വപ്നം പറഞ്ഞാൽ റസൂലുല്ലാഹി (സ) അതിന്റെ വ്യാഖ്യാനം പറഞ്ഞു കൊടുക്കുമായിരുന്നു. ഒരിക്കൽ റസൂലുല്ലാഹി (സ) ഇപ്രകാരം ചോദിച്ചശേഷം അരുളി: ഇന്നലെ രാത്രി ഞാനൊരു സ്വപ്നം കണ്ടു. എന്റെ അരികിൽ രണ്ടുപേർ വന്നു. എന്നെ എഴുന്നേൽപ്പിച്ച ശേഷം നടക്കുകയെന്ന് പറഞ്ഞു. ഞാൻ അവരോടൊപ്പം പോയി. അപ്പോൾ ഒരു വ്യക്തി കിടക്കുന്നതായി കണ്ടു. മറ്റൊരു വ്യക്തി അദ്ദേഹത്തിന്റെ അരികിൽ കല്ലുമായി നിൽക്കുകയും കല്ലുകൊണ്ട് ശക്തമായി തലയിൽ എറിയുകയും ചെയ്യുന്നു.

ഈ ഹദീസിൽ വിവിധ തിന്മകളും അവയുടെ ശിക്ഷകളും വിവരിച്ചിരിക്കുന്നു. അവയ്ക്കിടയിലുള്ള ബന്ധം പെട്ടെന്ന് മനസ്സിലാക്കാൻ കഴിയില്ലെങ്കിലും അല്പം ചിന്തിച്ചാൽ ഗ്രഹിക്കാൻ കഴിയുന്നതാണ്. ഉദാഹരണത്തിന് കളവു പറയുന്നതും വായ കേറുന്നതും തമ്മിലുള്ള ബന്ധം വ്യക്തമാണ്. വ്യഭിചാരത്തിന്റെ സമയത്ത് വികാരത്തിന്റെ അഗ്‌നി ശരീരം മുഴുവനും പരക്കുന്നു. ഇതുപോലെ ശിക്ഷയുടെ തീയും അവരുടെ ശരീരം മുഴുവൻ മൂടുന്നതും തമ്മിലുള്ള ബന്ധം വ്യക്തമാണ്. വ്യഭിചരിക്കുന്ന സമയത്ത് നഗ്‌നത പ്രകടമാകുന്നതും അവർ നഗ്‌നരായി നരകത്തിൽ കിടക്കുന്നതും തമ്മിലുള്ള ബന്ധവും വ്യക്തമാണ്. ഇതേ നിലയിൽ ഓരോ പാപങ്ങളെയും ശിക്ഷകളെയും കുറിച്ച് ചിന്തിക്കുക.

2. ഇബ്‌നു മസ്ഊദ് (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: ...... മആരിഫുൽ ഹദീസ് (ഫാഇസ്) (തിർമിദി)

സമ്പത്തിന്റെ സക്കാത്ത് കൊടുക്കാതിരിക്കുന്നതും പാമ്പായി കഴുത്തിൽ ചുറ്റുന്നതും തമ്മിലുള്ള വളരെ വ്യക്തമാണ്. 

3. ഉമർ (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി:  ആരെങ്കിലും ഒരു വ്യക്തിയെ അഭയം നൽകിയ ശേഷം വധിച്ചു കളഞ്ഞാൽ അദ്ദേഹത്തിന്റെ പിൻഭാഗത്ത് ഒരു കൊടി നാട്ടുകയും ഇത് ഇന്ന വ്യക്തിയോടുള്ള വഞ്ചനയുടെ ഫലമാണെന്ന് വിളിച്ചു പറയുകയും ചെയ്യുന്നതാണ്. (ബുഖാരി) കരാർ ലംഘനം ഖിയാമത്ത് നാളിൽ കൊടിയുടെ രൂപം പ്രാപിക്കുന്നത് അങ്ങേയറ്റം നിന്ദ്യതയ്ക്ക് കാരണമാണ്. 

4. അബൂഹുറയ്റ (റ) വിവരിക്കുന്നു: ഒരു വ്യക്തി   റസൂലുല്ലാഹി (സ)ക്ക് മിദ്അം എന്ന് പേരുള്ള ഒരു അടിമയെ ഉപഹാരമായി നൽകി. അദ്ദേഹം റസൂലുല്ലാഹി (സ)യുടെ സാധനങ്ങൾ ഇറക്കി കൊണ്ടിരിക്കുകയായിരുന്നു. പെടുന്നനെ ഒരു അമ്പ് വന്നു തറച്ച് അദ്ദേഹം രക്തസാക്ഷിയായി. ജനങ്ങൾ പറഞ്ഞു: അദ്ദേഹത്തിന്റെ രക്തസാക്ഷിത്വവും സ്വർഗ്ഗ പ്രവേശനവും വളരെ അനുഗ്രഹീതമാണ്. റസൂലുല്ലാഹി (സ) അരുളി: എന്റെ ആത്മാവ് നിയന്ത്രിക്കുന്ന പടച്ചവനിൽ സത്യം, ഖൈബറിൽ വീതം വെക്കുന്നതിന് മുമ്പ് അദ്ദേഹമെടുത്ത ഒരു പുതപ്പ് അദ്ദേഹത്തിന്റെ ദേഹത്ത് കിടന്നു ആളിക്കത്തി കൊണ്ടിരിക്കുന്നു. ഇത് കേട്ടപ്പോൾ ഒരാൾ ചെരുപ്പിന്റെ ഒന്നോ രണ്ടോ വള്ളികൾ തിരികെ കൊണ്ടുവന്നു കൊടുത്തു. റസൂലുല്ലാഹി (സ) അരുളി: ഇപ്പോൾ ഇത് ചെയ്തിട്ടെന്ത് ഫലം. ഇത് നരകാഗ്‌നിയുടെ ഒന്നോ രണ്ടോ വാറാണ്. (ബുഖാരി, മുസ്ലിം) അതെ, വഞ്ചനയും കളവും നടത്തിക്കൊണ്ടടുത്ത സാധനം ശിക്ഷയുടെ മാധ്യമമായി മാറി. 

5. അല്ലാഹു അറിയിക്കുന്നു: സത്യവിശ്വാസികളേ, അധികരിച്ച ഊഹാപോഹങ്ങൾ നിങ്ങൾ വർജ്ജിക്കുക. ഊഹാപോഹങ്ങളിൽ ചിലത് പാപമാണ്. നിങ്ങൾ കുറ്റങ്ങൾ അന്വേഷിച്ച് നടക്കരുത്. പരസ്പരം പരദൂഷണം പറയുകയും അരുത്. മരിച്ചുപോയ തന്റെ സഹോദരന്റെ ഇറച്ചി ഭക്ഷിക്കുന്നത് നിങ്ങളിലാരെങ്കിലും ഇഷ്ടപ്പെടുമോ? നിങ്ങൾ അതിനെ വെറുക്കുന്നതാണ്. നിങ്ങൾ അല്ലാഹുവിനോട് ഭയഭക്തി പുലർത്തുക. തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണകാട്ടുന്നവനുമാണ്. (ഹുജുറാത്ത് 12)

ഈ ആയത്തിൽ പരദൂഷണം പറയുന്നതിനെ സഹോദരന്റെ ശവം കഴിക്കുന്നതിനോട് ഉപമച്ചിരിക്കുന്നു. പരദൂഷണവും ശവം തീറ്റിയും ഒരുപോലെയുള്ള കാര്യമാണ്. 

6. പണ്ഡിത മഹത്തുക്കൾ പറയുന്നു: ഓരോ ദുസ്വഭാവങ്ങളും ഓരോ മൃഗങ്ങളുടെ പ്രത്യേകതകളാണ്. പ്രസ്തുത ദുസ്വഭാവങ്ങളിൽ മുന്നേറുന്നവർ പ്രസ്തുത മൃഗങ്ങളായി ഗണിക്കപ്പെടുന്നതാണ്. മുൻകാലഘട്ടങ്ങളിൽ വൻ പാപികളായ ആളുകളെ അവയുമായി ബന്ധപ്പെട്ട മൃഗങ്ങളാക്കി കോലം മാറ്റിയിരുന്നു. എന്നാൽ മുഹമ്മദീ സമുദായത്തെ ഈ ലോകത്ത് പ്രസ്തുത ശിക്ഷയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. എന്നാൽ പരലോകത്ത് മുഴുവൻ പാപികൾക്കും അവയുടെ രൂപം നൽകുന്നതാണ്. 

സുഫ്യാൻ ഇബ്‌നു ഉയയ്‌ന (റ) ഈ ആയത്ത് പാരായണം ചെയ്തു. ഭൂമിയിൽ നടക്കുന്ന എല്ലാ ജന്തുക്കളും ചിറകുകൾകൊണ്ട് പറക്കുന്ന മുഴുവൻ പറവകളും നിങ്ങളെപ്പോലുള്ള സമൂഹങ്ങളാണ്. വിധിഗ്രന്ഥത്തിൽ (ലൗഹുൽ മഹ്ഫൂളിൽ) നാം ഒന്നും വിട്ടിട്ടില്ല. ശേഷം അവരുടെ രക്ഷിതാവിങ്കലേക്ക് അവർ ഒരുമിച്ച് കൂട്ടപ്പെടുന്നതാണ്. (ആൻആം 38) തുടർന്ന് പ്രസ്താവിച്ചു: ചിലർ വന്യമൃഗങ്ങളുടെയും ചിലർ പട്ടി, പന്നി, കഴുത മുതലായവയുടെയും സ്വഭാവത്തിൽ ആയിരിക്കും. ചിലർ മയിലിനെ പോലെ മിന്നി മിനുങ്ങി നടക്കുന്നതാണ്. ചിലർ കഴുതയെപ്പോലെ നിന്ദ്യരായിരിക്കും. ചിലർ കോഴിയെ പോലെ മേനി നടിച്ച് നടക്കും. ചിലർ ഒട്ടകത്തെപ്പോലെ പക പുലർത്തും. ചിലർ ഈച്ചയെ പോലെ തിന്മകളിൽ പോയിരിക്കും. ചിലർ കുറുക്കനെ പോലെ കുതന്ത്രക്കാരായിരിക്കും. ഇമാം സഅ്‌ലബി (റ) ഈ ആയത്ത് പാരായണം ചെയ്തു: അന്നേ ദിവസം സൂർ കാഹളത്തിൽ ഊതപ്പെടുന്നതാണ്. അപ്പോൾ നിങ്ങൾ സംഘം സംഘമായി പുറത്തേക്ക് വരും. (നബഅ് 18) തുടർന്ന് പ്രസ്താവിച്ചു: ഖിയാമത്ത് ദിനം ജനങ്ങൾ വ്യത്യസ്ത രൂപങ്ങളിൽ ഹാജരാക്കപ്പെടുന്നതാണ്. മൃഗങ്ങളുടെ സ്വഭാവങ്ങൾ പതിവാക്കിയവർ അതാത് മൃഗങ്ങളുടെ രൂപത്തിൽ ഹാജരാകുന്നതാണ്. 

ചുരുക്കത്തിൽ മനുഷ്യന്റെ കർമ്മങ്ങൾ സൂക്ഷിക്കപ്പെടുന്നതും നാളെ പരലോകത്ത് അത് പ്രകടമാകുന്നതുമാണ്. അല്ലാഹു  അറിയിക്കുന്നു: അപ്പോൾ അണുമണിതൂക്കം നന്മ പ്രവർത്തിച്ചവൻ അതിനെ കാണുന്നതാണ്.(7) അണുമണിതൂക്കം തിന്മ പ്രവർത്തിച്ചവൻ അതും കാണുന്നതാണ്. (സിൽസാൽ 7,8) ആകയാൽ സ്വർഗ്ഗവും നരകവും മനുഷ്യന്റെ മുമ്പിലുള്ള കാര്യങ്ങളാണ്. മനുഷ്യൻ തിരഞ്ഞെടുക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന മാർഗ്ഗത്തിലൂടെ മുന്നേറുന്നതാണ്. റസൂലുല്ലാഹി (സ) അരുളി: നിങ്ങൾ പ്രവർത്തിക്കുക! സൃഷ്ടിക്കപ്പെട്ട കാര്യം ഓരോരുത്തർക്കും എളുപ്പമാക്കപ്പെടുന്നതാണ്. (ബുഖാരി) അല്ലാഹു അറിയിക്കുന്നു: അപ്പോൾ അല്ലാഹുവിനു വേണ്ടി ദാനം നൽകുകയും സൂക്ഷ്മതയോടെ ജീവിക്കുകയും(5) സത്യത്തെ സത്യമായി വിശ്വസിക്കുകയും ചെയ്തവൻ.(6) നാം അവനെ എളുപ്പത്തിലേക്ക് കൊണ്ടുപോകുന്നതാണ്.(7) പിശുക്കും അവഗണനയും കാട്ടിയവൻ.(8) നല്ലകാര്യത്തെ കളവാക്കുകയും ചെയ്തവൻ.(9) അവനെ പ്രയാസത്തിലേക്ക് കൊണ്ടുപോകുന്നതാണ്. (ലൈൽ 5-10) അതെ, ഇവിടെ പ്രവർത്തിക്കുന്ന കാര്യങ്ങൾ ഖബറിലും പരലോകത്തും നമുക്ക് മുന്നിൽ തുറന്നു കാണിക്കപ്പെടുന്നതാണ്. അല്ലാഹു അറിയിക്കുന്നു: നീ ഇതിൽ നിന്നും വലിയ അശ്രദ്ധയിൽ ആയിരുന്നു. നിന്നിൽ നിന്നും നിന്റെ മൂടി നാം ഉയർത്തിയിരിക്കുന്നു. ഇന്ന് നിന്റെ കണ്ണിന് നല്ല കാഴ്ചയുണ്ട്. (ഖാഫ് 22) രക്ഷിതാവേ, ഞങ്ങൾക്ക് ശരിയായ ഗ്രാഹ്യം നൽകണേ.. പാപത്തിന് മുന്നിൽ വച്ച് അതിന്റെ പരിണിതഫലം മുന്നിൽ കാണാനും അങ്ങനെ അതിൽ നിന്നും പിന്മാറാനും ഞങ്ങൾക്ക് ഉതവി നൽകണേ..  


***********


മആരിഫുല്‍ ഖുര്‍ആന്‍ 


സൂറത്തുൽ ഹശ്ർ- (24 ആയത്തുകൾ, പദങ്ങൾ 445, അക്ഷരങ്ങൾ 1913, മദീനമുനവ്വറയിൽ അവതരണം. 3 റുകൂഅ്. അവതരണ ക്രമം 101. പാരായണ ക്രമം 59. സൂറത്തുൽ ബയ്യിനക്ക് ശേഷം അവതരണം)


എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തിൽ ആരംഭം



അൻസാറുകളുടെ മഹത്വങ്ങൾ


✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി



ആയത്ത്  06-10


 وَمَا أَفَاءَ اللَّهُ عَلَىٰ رَسُولِهِ مِنْهُمْ فَمَا أَوْجَفْتُمْ عَلَيْهِ مِنْ خَيْلٍ وَلَا رِكَابٍ وَلَٰكِنَّ اللَّهَ يُسَلِّطُ رُسُلَهُ عَلَىٰ مَن يَشَاءُ ۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ (6مَّا أَفَاءَ اللَّهُ عَلَىٰ رَسُولِهِ مِنْ أَهْلِ الْقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ كَيْ لَا يَكُونَ دُولَةً بَيْنَ الْأَغْنِيَاءِ مِنكُمْ ۚ وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ وَاتَّقُوا اللَّهَ ۖ إِنَّ اللَّهَ شَدِيدُ الْعِقَابِ (7لِلْفُقَرَاءِ الْمُهَاجِرِينَ الَّذِينَ أُخْرِجُوا مِن دِيَارِهِمْ وَأَمْوَالِهِمْ يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا وَيَنصُرُونَ اللَّهَ وَرَسُولَهُ ۚ أُولَٰئِكَ هُمُ الصَّادِقُونَ (8وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِّمَّا أُوتُوا وَيُؤْثِرُونَ عَلَىٰ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِ فَأُولَٰئِكَ هُمُ الْمُفْلِحُونَ (9)

അവരിൽ നിന്നും അല്ലാഹു തന്റെ ദൂതന് നൽകിയ സമ്പത്തിൽ നിങ്ങൾ കുതിരയെയോ ഒട്ടകത്തെയോ ഓടിച്ചിട്ടില്ല. എന്നാൽ അല്ലാഹു ഉദ്ദേശിക്കുന്നവരുടെമേൽ അവന്റെ ദൂതന്മാരെ അവൻ അധികാരിയാക്കുന്നു. അല്ലാഹു സർവ്വതിനും കഴിവുള്ളവനാകുന്നു.(6) ഗ്രാമവാസികളിൽ നിന്നും അല്ലാഹു അവന്റെ ദൂതന് കൊടുത്ത സമ്പത്ത് അല്ലാഹുവിനും റസൂലിനും പ്രവാചക കുടുംബത്തിനും അനാഥർക്കും പട്ടിണി പാവങ്ങൾക്കും യാത്രികർക്കും ഉള്ളതാകുന്നു. സമ്പത്ത് സമ്പന്നർക്കിടയിൽ മാത്രം കറങ്ങുന്നതാകാതിരിക്കാൻ വേണ്ടിയാണിത്. പ്രവാചകൻ നിങ്ങൾക്ക് നൽകുന്നത് നിങ്ങൾ സ്വീകരിക്കുക. പ്രവാചകൻ തടയുന്ന കാര്യത്തിൽ നിന്നും അകന്ന് കഴിയുക. നിങ്ങൾ അല്ലാഹുവിനെ ഭയക്കുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.(7) അല്ലാഹുവിന്റെ ഔദാര്യവും തൃപ്തിയും കാംക്ഷിച്ചുകൊണ്ട് അല്ലാഹുവിനെയും റസൂലിനെയും സഹായിക്കാൻ വേണ്ടി വീടുകളിൽ നിന്നും സമ്പത്തുകളിൽ നിന്നും പുറത്താക്കപ്പെട്ട പട്ടിണിപ്പാവങ്ങളായ മുഹാജിറുകളെ ഈ സ്വത്തിൽ പ്രത്യേകം പരിഗണിക്കുക. അവർ സത്യസന്ധരാണ്.(8) അവർക്ക് മുമ്പ് മദീനയിൽ വീട് ഒരുക്കുകയും ഈമാനിൽ ഉറച്ചുനിൽക്കുകയും ചെയ്തവർ അവരിലേക്ക് ഹിജ്റ ചെയ്തുവന്നവരെ സ്നേഹിക്കുന്നു. മുഹാജിറുകൾക്ക് നൽകപ്പെടുന്നതിന്റെ പേരിൽ ഇവർ ദരിദ്രരായിരുന്നിട്ടുകൂടി ഇവരുടെ മനസ്സിൽ ഒരു ഞെരുക്കവും ഇവർക്ക് അനുഭവപ്പെടുന്നില്ല. ആരെങ്കിലും മനസ്സിന്റെ സ്വാർത്ഥതയിൽ നിന്നും സംരക്ഷിക്കപ്പെട്ടാൽ അവർ വിജയം വരിക്കുന്നവരാണ്.(9) അവർക്ക് ശേഷം വരുന്നവർ ഇപ്രകാരം പറയുന്നതാണ്: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും സത്യവിശ്വാസത്തിൽ ഞങ്ങളെ മുൻകടന്ന ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തു തരേണമേ. ഞങ്ങളുടെ മനസ്സിൽ സത്യവിശ്വാസികളെക്കുറിച്ച് പകവയ്ക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, നീ വലിയ അലിവും കരുണയും ഉള്ളവനാണ്.(10)


വിവരണവും വ്യാഖ്യാനവും


അവർക്ക് മുമ്പ് മദീനയിൽ വീട് ഒരുക്കുകയും ഈമാനിൽ ഉറച്ചുനിൽക്കുകയും ചെയ്തവർ അവരിലേക്ക് ഹിജ്റ ചെയ്തുവന്നവരെ സ്നേഹിക്കുന്നു. മുഹാജിറുകൾക്ക് നൽകപ്പെടുന്നതിന്റെ പേരിൽ ഇവർ ദരിദ്രരായിരുന്നിട്ടുകൂടി ഇവരുടെ മനസ്സിൽ ഒരു ഞെരുക്കവും ഇവർക്ക് അനുഭവപ്പെടുന്നില്ല. ആരെങ്കിലും മനസ്സിന്റെ സ്വാർത്ഥതയിൽ നിന്നും സംരക്ഷിക്കപ്പെട്ടാൽ അവർ വിജയം വരിക്കുന്നവരാണ്.(9) തബവ്വഅ എന്നതിന്റെ അർത്ഥം ഒരുക്കുക എന്നതാണ്. ദാർ (വീട്) എന്നതുകൊണ്ടുള്ള വിവക്ഷ ദാറുൽ ഈമാനായ മദീനാ ത്വയ്യിബയാണ്. * മദീനാ ത്വയ്യിബയുടെ ഒരു പ്രധാന മഹത്വം: ഈ ആയത്തിന്റെ അടിസ്ഥാനത്തിൽ ഇമാം മാലിക് (റ) മദീന ത്വയ്യിബയെ ലോകത്തെ മറ്റ് നാടുകളേക്കാൾ ശ്രേഷ്ടമായി പ്രഖ്യാപിക്കുമായിരുന്നു. അദ്ദേഹം പറയുന്നു: മദീനാ മുനവ്വറയിൽ ഇസ്‌ലാം പരന്നത് ഈമാനിലൂടെയാണ്. (ഖുർതുബി) * ഈ ആയത്തിൽ ഒരു സംശയമുണ്ട്: ഒരുക്കുന്നത് ഏതെങ്കിലും സ്ഥലത്തെയാണ്. ഈമാൻ ഒരുക്കാൻ പറ്റുന്ന സാധനമല്ലല്ലോ? അതുകൊണ്ട് ചില മഹാന്മാർ പറയുന്നു: ഇവിടെ അഖ്‌ലസു എന്ന പദം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. അതായത് ഇവർ ഹിജ്‌റയുടെ ഭവനത്തെ ഒരുക്കുകയും ഈമാനിൽ നിഷ്‌കളങ്കമായി ഉറച്ച് നിൽക്കുകയും ചെയ്തു. * മുഹാജിറുകൾക്ക് മുമ്പ് ഇത് ചെയ്തു എന്നതിന്റെ ആശയം ഇതാണ്: മദീനയിലെ അൻസാറുകൾ ഹിജ്‌റയുടെയും ഈമാനിന്റെയും നാടാകാൻ വിധിക്കപ്പെട്ടിരുന്ന മദീനാ മുനവ്വറയിൽ മുൻകൂട്ടി തന്നെ താമസമാക്കിയിരുന്നു. മുഹാജിറുകൾ ഇവിടേക്ക് വരുന്നതിന് മുമ്പുതന്നെ അവർ സത്യവിശ്വാസം സ്വീകരിച്ച് അതിൽ ഉറച്ച് നിന്നിരുന്നു. * അൻസാറുകളുടെ രണ്ടാമത്തെ ഗുണം, അവരുടെ നാട്ടിലേക്ക് പലായനം ചെയ്ത് വരുന്നവരെ സ്‌നേഹിക്കുന്നു എന്നതാണ്. ഇത് ലോകത്തെ സാധാരണ ജനങ്ങളുടെ ശൈലിയ്ക്ക് വിരുദ്ധമാണ്. നാടും വീടും വിട്ട് വരുന്ന സാധുക്കളായ ജനങ്ങൾക്ക് സ്വന്തം നാട്ടിൽ സ്ഥലവും സൗകര്യവും നൽകാൻ ആരാണ് ഇഷ്ടപ്പെടുക. ലോകം മുഴുവൻ സ്വദേശി, വിദേശി എന്ന വ്യത്യാസം ശക്തമാണ്. എന്നാൽ അൻസാറുകൾ മുഹാജിറുകൾക്ക് സ്വന്തം നാട്ടിൽ സ്ഥലം കൊടുക്കുക മാത്രമല്ല, വീടും സമ്പത്തും പകുത്ത് കൊടുക്കുകയും വളരെയധികം ആദരവോടെ സ്വീകരിക്കുകയും ചെയ്തു. നറുക്ക് ഇടേണ്ടി വരുന്ന നിലയിൽ ഓരോരുത്തരും മുഹാജിറുകളെ അവരുടെ വീട്ടിൽ താമസിപ്പിക്കാൻ റസൂലുല്ലാഹി (സ)യോട് അപേക്ഷിക്കുകയുണ്ടായി. * അവരുടെ മൂന്നാമത്തെ ഗുണം, അവർക്ക് നൽകപ്പെടുന്നതിന്റെ പേരിൽ ഇവരുടെ മനസ്സിൽ യാതൊരു ഞെരുക്കവും അനുഭവപ്പെടുന്നില്ല എന്നതാണ്! ഈ വചനം ബനുന്നളീർ ഗോത്രത്തെ നാടുകടത്തുകയും അവരുടെ സമ്പത്ത് മുസ്‌ലിംകളുടെ കീഴിൽ വരുകയും ചെയ്തപ്പോൾ നടന്ന ഒരു സംഭവുമായി ബന്ധപ്പെട്ടതാണ്. * പ്രസ്തുത സംഭവം ഇപ്രകാരമാണ്: ബനുന്നളീറിന്റെ സ്വത്തുക്കൾ വീതിയ്ക്കാനുള്ള സ്വാതന്ത്ര്യം റസൂലുല്ലാഹി (സ)യ്ക്ക് അല്ലാഹു നൽകിയിരുന്നു. തദവസരം മുഹാജിറുകൾക്ക് സ്വന്തമായി പുരയും പറമ്പും ഇല്ലായിരുന്നു. അവർ അൻസാറുകളുടെ വീടുകളിൽ താമസിക്കുകയും അവരുടെ പറമ്പിൽ ജോലി നോക്കുകയും ചെയ്തിരുന്നു. ബനുന്നളീറിന്റെയും മറ്റും സ്വത്തുക്കൾ ലഭിച്ചപ്പോൾ റസൂലുല്ലാഹി (സ) അൻസാറുകളുടെ നേതാവായ സാബിത്ത് (റ)നെ വിളിച്ച് അൻസാറുകളെ കൂട്ടിക്കൊണ് വരാൻ പറഞ്ഞു. അദ്ദേഹം ചോദിച്ചു: എന്റെ ഗോത്രം ഖസ്‌റജിനെ മാത്രമാണോ,  മുഴുവൻ അൻസാറുകളെയുമാണോ? റസൂലുല്ലാഹി (സ) അരുളി: എല്ലാവരെയും വിളിയ്ക്കുക. അവർ ഒരുമിച്ച് കൂടിയപ്പോൾ റസൂലുല്ലാഹി (സ) ഒരു പ്രഭാഷണം നടത്തി. അതിൽ അല്ലാഹുവിന് സ്തുതി കീർത്തനങ്ങൾ അർപ്പിച്ച ശേഷം അൻസാറുകൾ മുഹാജിറുകളോട് പുലർത്തിയ അനുകമ്പയും ആദരവിനെയും വാഴ്ത്തിപ്പറഞ്ഞു. തുടർന്ന് അരുളി: അല്ലാഹു നിങ്ങൾക്ക് ബനുന്നളീറിന്റെ സമ്പത്ത് നൽകിയിരിക്കുന്നു. നിങ്ങൾക്ക് ഇഷ്ടമെങ്കിൽ ഈ സമ്പത്ത് നിങ്ങൾക്കും മുഹാജിറുകൾക്കും ഇടയിൽ വീതിക്കാം. ഇനി നിങ്ങൾക്ക് ഇഷ്ടമെങ്കിൽ പുരയും പറമ്പും ഒന്നും ഇല്ലാത്ത അവർക്ക് മാത്രമായി ഇത് വീതിക്കാം. അവർ നിങ്ങളുടെ വീടുകളിൽ നിന്നും താമസം മാറ്റി അവിടെ താമസിക്കട്ടെ! * ഇത് കേട്ടപ്പോൾ അൻസാറുകളിലെ രണ്ട് പ്രധാന നേതാക്കളായ സഅദുബ്‌നു ഉബാദ (റ), സഅദുബ്‌നു മുആദ് (റ) ഇരുവരും എഴുന്നേറ്റ് നിന്ന് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അങ്ങ് ഇത് മുഹാജിർ സഹോദരങ്ങൾക്ക് വീതിയ്ക്കുക. എന്നാൽ അവർ അത് കഴിഞ്ഞും ഞങ്ങളുടെ വീട്ടിൽ തന്നെ താമസിക്കട്ടെ. ഇത് കേട്ടപ്പോൾ മുഴുവൻ സദസ്സ്യരും എഴുന്നേറ്റ് ഇതിൽ ഞങ്ങൾ സംതൃപ്തരും സന്തുഷ്ടരുമാണെന്ന് അറിയിച്ചു. തദവസരം റസൂലുല്ലാഹി (സ) അൻസാറുകൾക്കും അവരുടെ മക്കൾക്കും വേണ്ടി പടച്ചവനോട് പ്രാർത്ഥിച്ചു. തുടർന്ന് ഈ സമ്പത്ത് മുഹാജിറുകൾക്കിടയിൽ വീതിച്ചു. അൻസാറുകളിൽ വളരെ ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന സഹ്ൽ (റ), അബൂദുജാന (റ) എന്നിവരെയും അവരുടെ കൂട്ടത്തിൽ കൂട്ടി. യഹൂദികളുടെ നേതാവിന്റെ ഒരു വാൾ സഅദ് (റ)ന് കൊടുത്തു. (മസ്ഹരി). * മുഹാജിറുകൾക്ക് നൽകപ്പെടുന്നതിന്റെ പേരിൽ ഇവർ ദരിദ്രരായിരുന്നിട്ടുകൂടി ഇവരുടെ മനസ്സിൽ ഒരു ഞെരുക്കവും ഇവർക്ക് അനുഭവപ്പെടുന്നില്ല! ഈ ആയത്തിന്റെ ആശയം ഇപ്രകാരമാണ്: സാധന സാമഗ്രികൾ വീതിക്കുമ്പോൾ മുഹാജിറുകൾക്ക് എന്ത് കൊടുത്താലും അൻസാറുകൾ അവർക്ക് അതിൽ യാതൊരു ആവശ്യമില്ലാത്തതുപോലെ സന്തോഷിക്കുന്നു. മുഹാജിറുകൾക്ക് നൽകുന്നതിനെ അവർ അൽപ്പവും മോശമായി കാണുകയോ അതിനെക്കുറിച്ച് പരാതി പറയുകയോ ഒന്നും ചെയ്യുന്നില്ല. ഏതാനും നാളുകൾക്ക് ശേഷം ബഹ്‌റൈൻ വിജയത്തെത്തുടർന്ന് അത് മുഴുവനും അൻസാറുകൾക്ക് നൽകാൻ റസൂലുല്ലാഹി (സ) ഉദ്ദേശിച്ചപ്പോൾ അവർ അത് സ്വീകരിക്കാതെ മുഹാജിറുകൾക്കും ഇതിന്റെ ഓഹരി നൽകണമെന്ന് പറയുകയുണ്ടായി. (ബുഖാരി) 

* അൻസാറുകളുടെ നാലാമത്തെ ഗുണം, അവർക്ക് പട്ടിണിയും ദാരിദ്ര്യവും ഉള്ളതിനോട് കൂടി അവരുടെ ആവശ്യം പൂർത്തീകരിക്കുന്നിന് മുമ്പ് മറ്റുള്ളവരുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും മുൻഗണന നൽകുന്നു എന്നതാണ്. ഇത് അവരുടെ വളരെ ഉന്നതവും സുലഭവുമായ മഹൽ ഗുണമാണ്. ഇതിനെക്കുറിച്ചുള്ള സംഭവങ്ങൾ വിശദീകരിക്കേണ്ട ആവശ്യമില്ലെങ്കിലും ഗുണപാഠത്തിന് വേണ്ടി ഏതാനും സംഭവങ്ങൾ ഉദ്ധരിക്കുന്നു: * അബൂഹുറയ്‌റ (റ) നിവേദനം. ഒരു അൻസാരിയുടെ വീട്ടിൽ രാത്രിയിൽ ഒരു അതിഥി വന്നു. അദ്ദേഹത്തിന്റെ കുഞ്ഞുങ്ങൾക്ക് കഴിക്കാനുള്ള ആഹാരം മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. അദ്ദേഹം ഭാര്യയോട് പറഞ്ഞു: കുഞ്ഞുങ്ങളെ എങ്ങനെയെങ്കിലും ഉറക്കുക. ഞാനും അതിഥിയും കൂടി കഴിക്കാൻ ഇരിക്കാം. ഇടയ്ക്ക് വിളക്ക് നന്നാക്കാൻ വേണ്ടി എന്ന നിലയിൽ വിളക്കെടുത്തുകൊണ്ട് പോവുക. ഞാൻ കഴിക്കുന്നതായി അഭിനയിക്കാം. അങ്ങനെ അതിഥി വയറ് നിറച്ച് ആഹാരം കഴിച്ചു. ഇതിനെക്കുറിച്ചാണ് ഈ ആയത്ത് അവതരിച്ചത്. (തിർമിദി) * അബൂഹുറയ്‌റ (റ) വിവരിക്കുന്നു: ഒരു വ്യക്തി റസൂലുല്ലാഹി (സ)യുടെ ......................(മുസ്‌ലിം) * ഇബ്‌നു ഉമർ (റ) നിവേദനം. ഒരു സഹാബിയ്ക്ക് ആരോ ഒരു ആടിനെ ദാനമായി നൽകി. അദ്ദേഹം തന്നേക്കാളും ആവശ്യവും കുടുംബഭാരവും അയൽവാസിക്കാണെന്ന് മനസ്സിലാക്കി അദ്ദേഹത്തിന് കൊടുത്തു. അദ്ദേഹം ഇതുപോലെ മൂന്നാമനും, മൂന്നാമൻ നാലാമനും നൽകുകയും അങ്ങനെ ഏഴ് വീടുകൾ കറങ്ങി ആദ്യത്തെ വീട്ടിൽ എത്തുകയും ചെയ്തു. ഇതിനെക്കുറിച്ചാണ് ഈ ആയത്ത് അവതരിച്ചത്. (ഹാകിം) ആഇശ (റ) നിവേദനം. ഒരു സാധു അവരോട് വല്ലതും നൽകണമെന്ന് അപേക്ഷിച്ചു. അവരുടെ വീട്ടിൽ ഒരു റൊട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർക്ക് അന്ന് നോമ്പായിരുന്നു. അത് എടുത്ത് കൊടുക്കാൻ പറഞ്ഞപ്പോൾ സേവിക പറഞ്ഞു: ഇത് കൊടുത്താൽ നോമ്പ് തുറക്കാൻ ഒന്നും കാണുകയില്ല. അവർ എന്നാലും കൊടുക്കാൻ പറഞ്ഞു. സേവിക പറയുന്നു: വൈകുന്നേരം ആയപ്പോൾ സാധാരണ ഹദ്‌യ നൽകാത്ത ഒരു വ്യക്തി വളരെ കൂടിയ കുറേ ആഹാരം കൊടുത്തയച്ചു. ആഇശ (റ) സേവികയോട് പറഞ്ഞു: ഒരു പഴയെ റൊട്ടിയേക്കാൾ കൂടിയ ആഹാരം നമുക്ക് കഴിക്കാം. (മുവത്വ) ഇബ്‌നു ഉമർ (റ) ഒരിക്കൽ രോഗിയായി. മുന്തിരി കഴിക്കാനുള്ള ആഗ്രഹത്തിൽ ഒരു ദിർഹമിന് ഒരു കുല മുന്തിരി വാങ്ങിച്ചു. ഉടനെ ഒരു സാധു അവിടെയെത്തി. അദ്ദേഹം ശിഷ്യനോട് അത് സാധുവിന് എടുത്തുകൊടുക്കുക എന്ന് പറഞ്ഞു. മറ്റൊരു ശിഷ്യൻ അദ്ദേഹത്തിന്റെ പിന്നാലെ പോയി അതേ മുന്തിരി വാങ്ങി ഇബ്‌നു ഉമർ (റ)ന് സമർപ്പിച്ചു. വീണ്ടും ഇതേ യാചകൻ വന്നു. ഇബ്‌നു ഉമർ (റ) അതുതന്നെ എടുത്തുകൊടുത്തു. ശിഷ്യൻ രഹസ്യമായി പോയി അത് വാങ്ങിക്കൊണ്ട് വന്നു. യാചകൻ വീണ്ടും വരാൻ ആഗ്രഹിച്ചെങ്കിലും ജനങ്ങൾ തടഞ്ഞു. ഇബ്‌നു ഉമർ (റ) അത് ഭക്ഷിച്ചു. ഇത് പഴയെ മുന്തിരി തന്നെയാണെന്ന് അറിഞ്ഞപ്പോൾ പ്രസ്താവിച്ചു: ഈ കാര്യം ഞാൻ അറിഞ്ഞിരുന്നുവെങ്കിൽ ഇത് ഞാൻ ഭക്ഷിക്കുകയില്ലായിരുന്നു. ഇത് വേറെ മുന്തിരിയാണെന്ന് വിചാരിച്ചുകൊണ്ടാണ് ഞാൻ ഭക്ഷിച്ചത്. (ത്വബ്‌റാനി) * ഉമറുൽ ഫാറൂഖ് (റ) നാനൂറ് ദീനാർ ഒരു സഞ്ചിയിൽ പൊതിഞ്ഞ് അടിമയെ ഏൽപ്പിച്ചുകൊണ്ട് പറഞ്ഞു: ഇത് അബൂഉബൈദ (റ)ക്ക് കൊടുക്കുകയും ഹദ്‌യയാണ്, സ്വീകരിച്ച് ആവശ്യങ്ങൾക്ക് ചിലവഴിക്കുകയെന്ന് പറയുകയും ചെയ്യുക. ശേഷം അദ്ദേഹം അത് എന്ത് ചെയ്യുന്നുവെന്ന് ശ്രദ്ധിക്കുകയും വേണം. അടിമ അപ്രകാരം ചെയ്തു. സഞ്ചി വാങ്ങിയ അബൂഉബൈദ (റ) പറഞ്ഞു: അല്ലാഹു ഉമറിന് ഉത്തമ പ്രതിഫലം നൽകുകയും കരുണ ചൊരിയുകയും ചെയ്യട്ടെ! തുടർന്ന് അവിടെയുണ്ടായിരുന്ന സേവകനോട് അത് മുഴുവനും ഇന്ന ഇന്ന ആളുകൾക്ക് കൊടുക്കുക എന്ന് പറഞ്ഞ് ഏൽപ്പിക്കുകയുണ്ടായി. അടിമ ഈ വിവരം വന്ന് പറഞ്ഞപ്പോൾ ഉമർ (റ വീണ്ടും നാനൂറ് ദീനാർ കൊടുത്ത് മുആദ് (റ)ലേക്ക് അയക്കുകയും അവിടെ നടക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. മുആദ് (റ) ഉമർ (റ)ന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും തുടർന്ന് അവിടെ നിന്നും എഴുന്നേറ്റ് വിവിധ വീടുകളിൽ അത് വിതരണം നടത്തുകയും ചെയ്തു. ഇതുകണ്ടപ്പോൾ ഭാര്യ പറഞ്ഞു: പടച്ചവനിൽ സത്യം, നാം വലിയ പട്ടിണിയിലാണല്ലോ?  നമുക്കും എന്തെങ്കിലും നൽകുക. അപ്പോൾ സഞ്ചിയിൽ രണ്ട് ദീനാർ മാത്രം ഉണ്ടായിരുന്നു. മുആദ് (റ) ഭാര്യക്ക് അത് കൊടുക്കുകയുണ്ടായി. അടിമ വന്ന് വിവരം പറഞ്ഞപ്പോൾ ഉമർ (റ) പറഞ്ഞു: ഇവരെല്ലാവരും ഒരേ സ്വഭാവക്കാരായ സഹോദരങ്ങളാണ്. (ത്വബ്‌റാനി) ഹുദൈഫ അദബി (റ) വിവരിക്കുന്നു: യർമൂക്ക് യുദ്ധത്തിൽ പിതൃവ്യ സഹോദരനെ അന്വേഷിച്ചുകൊണ്ട് രക്തസാക്ഷികൾക്കിടയിലൂടെ ഞാൻ നടന്നു. ജീവിച്ചിരിപ്പുണ്ടെങ്കിൽ വെള്ളം കുടിപ്പിക്കാൻ അൽപ്പം വെള്ളവും ഞാൻ എടുത്തിരുന്നു. ........... (ബൈഹഖി, തഅ്‌ലീം കിതാബ്) ഇത് അൻസാർ മുഹാജിറുകളുടെ ഏതാനും സംഭവങ്ങൾ മാത്രമാണ്. ഇതും ഇതുപോലെയുള്ള സംഭവങ്ങളും ഈ ആയത്ത് അവതരിക്കാനുള്ള പശ്ചാത്തലമായി പറയപ്പെടുന്നുണ്ട്. ഇവകൾക്കിടയിൽ യാതൊരു വൈരുദ്ധ്യവുമില്ല. 

* ഒരു സംശയത്തിന് മറുപടി: റസൂലുല്ലാഹി (സ) സമ്പത്ത് മുഴുവനും ദാനം ചെയ്യുന്നതിനെ എതിർത്തതായി ഒരു ഹദീസിൽ വന്നിട്ടുണ്ട്. ഒരിക്കൽ ഒരു വ്യക്തി റസൂലുല്ലാഹി (സ)യുടെ അരികിൽ അൽപ്പം സ്വർണ്ണം ദാനമായി കൊടുത്തപ്പോൾ റസൂലുല്ലാഹി (സ) അത് തിരിച്ച് കൊടുത്തുകൊണ്ട് അരുളി: നിങ്ങളിൽ ചിലർ സമ്പത്ത് മുഴുവനും ദാനം ചെയ്യുകയും പിന്നീട് ജനങ്ങളോട് യാചിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകാൻ പാടില്ല. (അബൂദാവൂദ്) ഇത്തരുണത്തിൽ മുൻകഴിഞ്ഞ സംഭവങ്ങളിൽ സഹാബികൾ ദാനം ചെയ്തത് ശരിയാണോ എന്ന സംശയത്തിനുള്ള മറുപടി ഇതാണ്: ജനങ്ങളുടെ അവസ്ഥ വ്യത്യസ്തമാണ്. ഓരോരുത്തർക്കും ഒരേ നിയമം ഉണ്ടാകുന്നതല്ല. ദാരിദ്ര്യത്തിൽ ക്ഷമിക്കാൻ കഴിയാത്തവരും ധർമ്മം ചെയ്ത ശേഷം സങ്കടപ്പെടുന്നവരും ശേഷം ജനങ്ങളോട് യാചിച്ച് നടക്കുന്നവരും സമ്പത്ത് മുഴുവനും ധർമ്മം ചെയ്യാൻ പാടില്ല. എന്നാൽ സഹനത മുറുകെ പിടിക്കുകയും ദാരിദ്ര്യത്തിന്റെ പേരിൽ അസ്വസ്ഥമാകാതിരിക്കുകയും ചെയ്യുന്നവർക്ക് ഇപ്രകാരം സമ്പത്ത് മുഴുവനും ദാനം ചെയ്യാവുന്നതാണ്. ഈ മഹത്തുക്കളും അവരുടെ ആശ്രിതരും ഈ വിഭാഗത്തിൽ പെട്ടവരായിരുന്നു. (ഖുർതുബി) 



************




മആരിഫുല്‍ ഹദീസ്


റസൂലുല്ലാഹി (സ) യുടെ സമുന്നത സ്വഭാവം - 5


✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി



126. ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ)ക്ക് രോഗം മൂർച്ഛിക്കുകയും പ്രയാസം കഠിനമാവുകയും ചെയ്തപ്പോൾ എൻ്റെ വീട്ടിൽ തന്നെ താമസിച്ച് കൊണ്ട് ശ്രുശ്രൂഷകൾ നടത്താൻ എല്ലാ പത്‌നിമാരോടും അനുവാദം ചോദിച്ചു. പവിത്ര പത്‌നിമാർ അതിന് അനുമതി നൽകി തൃപ്തിപ്പെട്ടു. അപ്പോൾ റസൂലുല്ലാഹി (സ)യെ രണ്ടു പേർ താങ്ങി എൻ്റെ വീട്ടിലെത്തി. അനുഗ്രഹീത പാദങ്ങൾ ഇഴയുന്നതിനാൽ ഭൂമിയിൽ വര വീണിരുന്നു. താങ്ങിയ ഒരാൾ അബ്ബാസ് ബിൻ അബ്ദിൽ മുത്തലിബും മറ്റൊന്ന് വേറൊരു വ്യക്തിയുമായിരുന്നു. റസൂലുല്ലാഹി (സ) എൻ്റെ വീട്ടിൽ വന്ന ശേഷം ഒരു ദിവസം പ്രയാസം വളരെ കഠിനമായപ്പോൾ ഞങ്ങളോട് പറഞ്ഞു: എൻ്റെ അവസ്ഥ ശാന്തമാകുന്നതിന് കെട്ടഴിച്ചിട്ടില്ലാത്ത ഏഴ് തോൽപാത്രങ്ങളിൽ നിന്നും എൻ്റെ ദേഹത്ത് വെള്ളം ഒഴിക്കുക. ഞാൻ മസ്ജിദിലേക്ക് പോയി ജനങ്ങളോട് വസിയ്യത്തായി ചില അത്യാവശ്യ കാര്യങ്ങൾ പറയാനാഗ്രഹിക്കുന്നു! ഞങ്ങൾ റസൂലുല്ലാഹി (സ)യെ ഹഫ്സ ബീവി (റ) ഒരു വലിയ പാത്രത്തിൽ ഇരുത്തി. ശേഷം നിർദ്ദേശ പ്രകാരം തോൽപാത്രങ്ങളിൽ നിന്നും വെള്ളം ഒഴിക്കാൻ തുടങ്ങി. അൽപ്പം കഴിഞ്ഞ് റസൂലുല്ലാഹി (സ) കാര്യം ചെയ്തുവെന്ന് ആംഗ്യം കാണിച്ചു. റസൂലുല്ലാഹി (സ)ക്ക് അൽപ്പം സമാധാനമായി. അങ്ങനെ റസൂലുല്ലാഹി (സ) മസ്ജിദിലേക്ക് പോവുകയും നമസ്കരിക്കുകയും മനസ്സിലെ പ്രത്യേക ആഗ്രഹപ്രകാരം ചില വസിയ്യത്തുകൾ നടത്തുകയും ചെയ്തു. (ബുഖാരി)


വിവരണം: റസൂലുല്ലാഹി (സ)യുടെ പവിത്ര പത്‌നിമാർക്ക് വേവ്വേറെ മുറികൾ (ചെറിയ വീടുകൾ) ഉണ്ടായിരുന്നു. നീതിയുടെ പ്രേരണപ്രകാരം ഊഴം ഊഴമായി ഓരോ വീട്ടിൽ രാത്രി താമസിച്ചിരുന്നു. ഇതിനിടയിൽ ഹിജ്‌രി പതിനൊന്ന് സഫർ മാസത്തിൽ റസൂലുല്ലാഹി (സ)ക്ക് രോഗം ബാധിച്ചു. അതിൻ്റെ അന്ത്യം വിയോഗത്തിലൂടെ ആയിരുന്നു. ഈ രോഗത്തിൻ്റെ സന്ദർഭത്തിലും റസൂലുല്ലാഹി (സ) ഓരോ ഭാര്യമാരുടെ വീട്ടിലും ഊഴം തെറ്റിക്കാതെ തന്നെ താമസിച്ചിരുന്നു. എന്നാൽ രോഗം കഠിനമായപ്പോൾ ഇപ്രകാരം മാറി മാറി താമസിക്കുന്നത് വളരെ പ്രയാസകരമാവുകയും ഒരു വീട്ടിൽ തന്നെ താമസിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. വിവിധ കാരണങ്ങളാൽ റസൂലുല്ലാഹി (സ)യുടെ മനസ്സിൻ്റെ മുൻഗണന ആഇശ (റ)യുടെ വീടായിരുന്നു. മുകളിൽ കൊടുത്ത ഹദീസിൻ്റെ ബാഹ്യഭാഗം അറിയിക്കുന്നത് റസൂലുല്ലാഹി (സ) നേരിട്ട് പത്‌നിമാരോട് അനുവാദം ചോദിച്ചുവെന്നാണ്. എന്നാൽ ഹാഫിസ് ഇബ്നു ഹജർ (റ) ഈ ഹദീസിൻ്റെ വ്യാഖ്യാനത്തിൽ സ്വാഹീഹായ സനദോടെ ഉദ്ധരിക്കുന്നു: റസൂലുല്ലാഹി (സ)യുടെ ഭാഗത്ത് നിന്നും ഉമ്മഹാത്തുൽ മുഅ്മിനീനോട് അനുമതി മകൾ ഫാത്വിമ (റ) ആയിരുന്നു. (ഫത്ഹുൽ ബാരി) അങ്ങനെ എല്ലാവരുടെയും തൃപ്തിയോടെ റസൂലുല്ലാഹി (സ) ആഇശ (റ)യുടെ മുറിയിലെത്തി. ഇത് വിയോഗത്തിന് കൃത്യം ഒരാഴ്ച്ച മുമ്പുള്ള തിങ്കളാഴ്ച്ചയായിരുന്നു. റസൂലുല്ലാഹി (സ) രോഗത്തിൻ്റെ കാഠിന്യം കാരണം വളരെ ക്ഷീണിതനായിരുന്നു. റസൂലുല്ലാഹി (സ)ക്ക് സ്വയം നടക്കാൻ കഴിഞ്ഞിരുന്നില്ല. റസൂലുല്ലാഹി (സ)യുടെ തൃപ്പാദങ്ങൾ ഭൂമിയിൽ ഇഴയുന്നത് വരെ രണ്ട് ആളുകൾ എടുത്ത് കൊണ്ട് വരികയായിരുന്നു. ആ രണ്ട് പേരിൽ ഒരാൾ അബ്ബാസ് (റ) ആണെന്ന് പറഞ്ഞ ആഇശ (റ) രണ്ടാമത്തെ ആളുടെ പേര് പറഞ്ഞിട്ടില്ല. വ്യാഖ്യാതാക്കൾ പറയുന്നു: അബ്ബാസ് (റ) ഒരു ഭാഗത്ത് നിന്നും നിരന്തരം താങ്ങിയിരുന്നു. മറുഭാഗത്ത് അലിയ്യ് (റ), ഫള്ൽ (റ), ഉസാമ (റ) മുതലായിരുന്നവർ മാറി മാറിയാണ് താങ്ങിയത്. ചുരുക്കത്തിൽ ഇപ്രകാരം റസൂലുല്ലാഹി (സ)യെ ആഇശ (റ)യുടെ മുറിയിൽ കൊണ്ടു വരപ്പെട്ടു. ഈ മുറി തന്നെയായിരുന്നു റസൂലുല്ലാഹി (സ)യുടെ അവസാന വിശ്രമ സ്ഥലമായി തീരുമാനിക്കപ്പെട്ടിരുന്നത്. 


ഈ വീട്ടിൽ വന്നതിന് ശേഷം റസൂലുല്ലാഹി (സ)ക്ക് പ്രയാസം വർദ്ധിച്ചു. അപ്പോൾ റസൂലുല്ലാഹി (സ)യുടെ നിർദ്ദേശപ്രകാരം കുളിപ്പിക്കപ്പെടുകയും ഏഴ് തോൽ പാത്രങ്ങളിലെ ജലം ഒഴിക്കപ്പെടുകയും ചെയ്തു. തുടർന്ന് അവസ്ഥ കുറച്ചു ഭേദമാവുകയും റസൂലുല്ലാഹി (സ) മസ്ജിദിലേക്ക് പോവുകയും നമസ്കരിക്കുകയും സ്വഹാബികളോട് സംസാരിക്കുകയും ചെയ്തു. ഈ സംഭവം റസൂലുല്ലാഹി (സ) അവിടെ വന്ന് മൂന്ന് ദിവസം കഴിഞ്ഞ് വ്യാഴാഴ്ച്ച നടന്നതാണ്. ഇക്കാര്യം മറ്റ് രിവായത്തുകളിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതൊരു ളുഹ്ർ നമസ്കാരമായിരുന്നു. റസൂലുല്ലാഹി (സ) അവസാനമായി ഇമാമത്ത് നിൽക്കുകയും സ്വഹാബാക്കളെ അവസാനമായി സംബോധന നടത്തുകയും ചെയ്തു.


ഈ നമസ്കാരം റസൂലുല്ലാഹി (സ)യുടെ നിർദ്ദേശ പ്രകാരം അബൂബക്കർ സിദ്ദീഖ് (റ)ൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇതിനിടയിൽ റസൂലുല്ലാഹി (സ)ക്ക് ആശ്വാസം അനുഭവപ്പെടുകയും രണ്ടു സ്വഹാബികളെ അവലംബിച്ച് മസ്ജിദിലേക്ക് വരികയും ചെയ്തു. ഇത് കണ്ട അബൂബക്കർ സിദ്ദീഖ് (റ) പിന്നിലേക്ക് നീങ്ങാൻ തുടങ്ങി. റസൂലുല്ലാഹി (സ) അദ്ദേഹത്തോട് അവിടെ തന്നെ നിൽക്കാൻ ആംഗ്യം കാണിക്കുകയും എടുത്ത് കൊണ്ട് വന്നവരോട് ഇമാമിൻ്റെ അടുത്ത് കൊണ്ടുപോയി ഇരുത്താൻ നിർദ്ദേശിക്കുകയും ചെയ്തു. ഇപ്പോൾ റസൂലുല്ലാഹി (സ) ഇരുന്ന് ഇമാമായി നമസ്കരിക്കുകയും അബൂബക്കർ (റ) റസൂലുല്ലാഹി (സ)യെ പിൻപറ്റി നമസ്കരിക്കുകയും ചെയ്തു.


ഇതേ ദിവസം തന്നെയാണ് കഴിഞ്ഞ ഹദീസിൽ പറയപ്പെട്ട ഖിർതാസിൻ്റെ സംഭവം നടന്നത്. ഈ രണ്ട് സംഭവങ്ങളുമായി ബന്ധപ്പെട്ട വ്യത്യസ്ത നിവേദനങ്ങൾ മുന്നിൽ വെക്കുമ്പോൾ സംഭവങ്ങളുടെ ക്രമം ഇപ്രകാരമാണ്. വിയോഗത്തിന് അഞ്ച് ദിവസം മുമ്പ് വ്യാഴാഴ്ച്ച മദ്ധ്യാഹനത്തിന് മുമ്പ് റസൂലുല്ലാഹി (സ)ക്ക് രോഗം കഠിനമായി. അപ്പോൾ വസിയ്യത്ത് എന്നോണം ചില കാര്യങ്ങൾ എഴുതാൻ ഉദ്ദേശിച്ചു. പക്ഷേ പിന്നീട് ഈ ആഗ്രഹം ഉപേക്ഷിച്ചു. ഇതിൻ്റെ വിവരണം കഴിഞ്ഞ ഹദീസിൽ വിവരിച്ചു കഴിഞ്ഞുവെങ്കിലും ചില അത്യാവശ്യ കാര്യങ്ങൾ സ്വഹാബികളാേട് പറയാൻ ആഗ്രഹമുണ്ടായി. അന്ന് അറേബ്യയിൽ പ്രചരിച്ചിരുന്ന ഒരു ചികിത്സ മാർഗ്ഗമായ ഏഴ് തോൽ പാത്രത്തിൽ നിന്നും വെള്ളമൊഴിച്ച് കുളിപ്പിക്കപ്പെട്ടു. അപ്പോൾ റസൂലുല്ലാഹി (സ)ക്ക് ആശ്വാസം അനുഭവപ്പെടുകയും രണ്ടു പേരെ അവലംബിച്ച് മസ്ജിദിലേക്ക് പോവുകയും നമസ്കരിപ്പിക്കുകയും സ്വഹാബികളോട് സംസാരിക്കുകയും ചെയ്തു. ഈ പ്രഭാഷണത്തിൽ അബൂബക്കർ സിദ്ദീഖ് (റ)ൻ്റെ മഹത്വവും സ്ഥാനവും ശക്തിയുക്തം പരാമർശിച്ചു. ഇതിന് മുമ്പ് സിദ്ദീഖ് (റ)നെ ഇമാമായി നിശ്ചയിക്കുകയും ചെയ്തിരുന്നു. ഈ കാര്യങ്ങളെല്ലാം മുമ്പിൽ വെച്ച് നോക്കുമ്പോൾ അന്നേ ദിവസം റസൂലുല്ലാഹി (സ) എഴുതാൻ ഉദ്ദേശിച്ച കാര്യം അബൂബക്കർ (റ)ൻ്റെ ഖിലാഫത്തായിരുന്നു എന്ന കാര്യം വ്യക്തമാണ്. ഇക്കാര്യം റസൂലുല്ലാഹി (സ) എഴുതിച്ചില്ലെങ്കിലും അവസാനത്തെ പ്രഭാഷണത്തിലൂടെ സമുദായത്തെ ഉണർത്തുകയും ചെയ്തു.


************




വാര്‍ത്തകള്‍


* ജംഇയ്യത്ത് ഉലമാ എ ഹിന്ദിന് ഒരു വിജയം കൂടി.

* മുംബൈ ട്രയിന്‍ സ്‌ഫോടന കേസില്‍ മുബൈ ഹൈക്കോടതിയുടെ ഐതിഹാസിക വിധി. 

* പന്ത്രണ്ട് യുവാക്കള്‍ക്ക് 19 വര്‍ഷങ്ങള്‍ക്ക് ശേഷം അന്തസ്സാര്‍ന്ന മോചനം. 

* നിരപരാധികള്‍ക്ക് നീതി ലഭിച്ചെങ്കിലും അവരുടേയും കുടുംബത്തിന്റെയും ജീവിതം തകര്‍ത്ത അക്രമികളില്‍ നീതി നടപ്പാക്കുന്നത് വരെ നീതി അപൂര്‍ണ്ണമായിരിക്കുമെന്ന് മൗലാനാ സയ്യിദ് അര്‍ഷദ് മദനി. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോംബൈയില്‍ നടന്ന ട്രൈയിന്‍ സ്‌ഫോടന കേസില്‍ ബോംബൈ ഹൈക്കോടതിയിലെ രണ്ടംഗ ബഞ്ച് ഐതിഹാസിക വിധി പുറപ്പെടുവിച്ചിരിക്കുന്നു. ആസൂത്രിതമായി കുറ്റമാരോപിക്കപ്പെട്ടു ജയിലില്‍ അടക്കപ്പെട്ട യുവാക്കള്‍ക്ക് പത്തൊന്‍പത് വര്‍ഷത്തിന് ശേഷം നീതി ലഭിച്ചിരിക്കുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന അഞ്ച് പേരുടെ വധ ശിക്ഷ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച കോടതി മറ്റ് ഏഴ് പേര്‍ക്കുള്ള ജീവ പര്യന്ത തടവിനെ ഇല്ലാതാക്കുകയും ചെയ്തു. 

മഹത്തായ നിയമ പോരാട്ടത്തിന് നേതൃത്വം നല്‍കിയ ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദിന്റെ അദ്ധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി വിധിയെ സ്വാഗതം ചെയ്യുകയും ഈ വിധിയിലൂടെ നീതിക്ക് അന്തസ്സ് ലഭിച്ചിരിക്കുകയാണെന്ന് പ്രസ്ഥാവിക്കുകയും ഈ പോരാട്ടത്തിന് സഹായിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു. മൗലാനയുടെ വികാര നിര്‍ഭരവും  ചിന്തനീയവുമായ പ്രസ്ഥാവന  ഇങ്ങനെ തുടരുന്നു: നിരപരാധികളായ സഹോദരങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഇന്ന് ഒരു വലിയ ദിവസമാണ്. 19 വര്‍ഷം പ്രതീക്ഷയുടേയും നിരാശയുടേയും വേദനാജനകമായ ദിനരാത്രങ്ങളിലൂടെയാണ് അവര്‍ കടന്ന് പോയത്. ഈ വിഷയത്തില്‍ വലിയ ത്യാഗം അനുഷ്ടിച്ച ജംഇയ്യത്ത് മഹാരാഷ്ട്രയുടെ ലീഗല്‍ സെല്ലിനെ പ്രത്യേകം അഭിനന്ദിക്കുന്നു. രാപ്പകലുകള്‍ ഒന്നാക്കി അവര്‍ നടത്തിയ ശ്രമങ്ങളിലൂടെയാണ് കളവുകളുടെ മൂട് പടം അഴിക്കപ്പെട്ടത്. മുസ്‌ലിം യുവാക്കളുടെ മേല്‍ ഭീകരവാദം ആരോപിച്ച് തടവിലിട്ട് അവരുടെയും കുടുംബത്തിന്റെയും ജീവിതം തകര്‍ക്കുക എന്നത് ഇവിടെ ചിലരുടെ നിന്ദ്യമായ പരിപാടിയാണ് എന്ന നമ്മുടെ വാദം ഒരിക്കല്‍ കൂടി ശരിയെന്ന് സ്ഥിരപ്പെട്ടിരിക്കുകയാണ്. ഭീകരവാദ ആരോപണത്തിലൂടെ ഇവരെ മാത്രമല്ല മുഴുവന്‍ സമുദായം അവഹേളിക്കപ്പെടുകയാണ്. ആകയാല്‍ അന്വേഷണ ഏജന്‍സികളെയും പോലീസുകാരെയും ചോദ്യം ചെയ്യപ്പെടണമെന്ന ഞങ്ങളുടെ ആവശ്യത്തെ വീണ്ടും ആവര്‍ത്തിക്കുകയാണ്. ഇപ്രകാരം ചെയ്തില്ലങ്കില്‍ ഭീകരവാദത്തിന്റെയും മറ്‌റും പേരില്‍ ധാരാളം നിരപരാധികള്‍ വീണ്ടും വേട്ടയാടപ്പെടുന്നതാണ്. ഇത് രാജ്യത്തിന് ഒട്ടും ഭൂഷണമെല്ലന്ന് ബന്ധപ്പെട്ട എല്ലാവരും മനസ്സിലാക്കേണ്ടതാണ്.  ഈ ദുരവസ്ഥ തിരുത്തപ്പെട്ടില്ലങ്കില്‍ നിയമ പാലകര്‍ക്ക് കളവ് പറയാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കുകയും അവര്‍ തോന്നുന്നത് പോലെ പൗരന്‍മാരെ കുറ്റവാളികളായി പ്രഖ്യാപിക്കുന്നതുമാണ്. പിന്നീട് ഇവര്‍ നിരപരാധികളായി മോചിപ്പിക്കപ്പെട്ടാലും അക്രമികള്‍ക്ക് യാതൊരു നിയന്ത്രണവും ഉണ്ടാകുന്നതല്ല. ഇവിടെ നീണ്ട പത്തൊന്‍പത് വര്‍ഷം പന്ത്രണ്ട് നിരപരാധികളുടേയും കുടുംബങ്ങളുടേയും ജീവിതം  തകര്‍ക്കപ്പെട്ടതിന് ആര് പകരം നല്‍കാനാണ്.  ബഹുമാന്യ കോടതയിയുടെ വിധിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നങ്കിലും ഇവരെ ദ്രോഹിച്ചവര്‍ക്ക് തക്കതായ ശിക്ഷ നല്‍കപ്പെടുന്നത് വരെ നീതി അപൂര്‍ണ്ണമായിരിക്കുമെന്ന് അറിയിക്കുന്നു. ഇവര്‍ക്കെതിരില്‍ കള്ളക്കേസുകള്‍ ഉണ്ടാക്കിയ ആളുകള്‍ക്കൊപ്പം നിലയുറപ്പിക്കുകയും ഇതിന് ആവേശം പകരുകയും ചെയ്ത വാര്‍ത്താ മാധ്യമങ്ങളും കടുത്ത കുറ്റക്കാരാണ്. വല്ല പ്രശ്‌നങ്ങളും ഉണ്ടാകുമ്പോള്‍ ദേശീയ മാധ്യമങ്ങളും വര്‍ഗ്ഗീയത ബാധിച്ച മീഡിയികളും കള്ളകഥകള്‍ മെനഞ്ഞുണ്ടാക്കി  രംഗം കൊഴുപ്പിക്കുന്നു. എന്നാല്‍ ഇതേ മാധ്യമങ്ങള്‍ നിരപരാധികള്‍ ജയില്‍ മോചിതര്‍ ആകുമ്പോള്‍ മാളങ്ങളില്‍ ഒളിക്കുകയും ചെയ്യുന്നു. ഇത് എന്ത് മാധ്യമ ധര്‍മ്മമാണെന്ന് എല്ലാവരും തിരിച്ച് അറിയുക. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ അവസ്ഥ അങ്ങേയറ്റം പ്രയാസകരമാണങ്കിലും ഇന്നല്ലങ്കില്‍ നാളെ അവസ്ഥകള്‍ നന്നാകുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടന്ന് പ്രസ്താവിച്ച ജംഇയ്യത്ത് അദ്ധ്യക്ഷന്‍  രാജ്യത്തിന്റെ ശാന്തിക്കും സമാധാനത്തിനും പരിശ്രമിക്കാന്‍ എല്ലാവരെയും ആഹ്വാനം ചെയ്യുകയും അവസ്ഥകള്‍  നന്നാക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. 



ആശംസകളോടെ, 

ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ് കേരള സംസ്ഥാന കമ്മിറ്റി.

* ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ് 

കേരള  സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി യോഗം 

2025 ജൂലൈ 26 ശനിയാഴ്ച രാവിലെ 10 മണിക്ക് 

ആലപ്പുഴ ജില്ല സംഗമം 

2025 ജൂലൈ 26 ശനിയാഴ്ച രാവിലെ 09 മണിക്ക് 

 ശൈഖുല്‍ ഹിന്ദ് നഗര്‍ 

ദാറുല്‍ ഉലൂം ഓച്ചിറ.





വഖ്ഫ് മാനവ നന്മയ്ക്ക് 

 

 _ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് 

 ആലപ്പുഴ ജില്ലാ സംഗമം 


(ശൈഖുൽ ഹിന്ദ് നഗർ 

ദാറുൽ ഉലൂം, ഓച്ചിറ )


 2025ജുലൈ 26 

 ശനിയാഴ്ച്ച രാവിലെ 

 9 മണിക്ക് 


ബഹുമാന്യരെ,

 അസ്സലാമു അലൈക്കും വ റഹ്‌മത്തുല്ലാഹ് .


ക്ഷേമം ആശംസിക്കുന്നു. ഇന്ത്യാ മഹാരാജ്യത്ത് ശരീഅത്തിൻ്റെ സംരക്ഷത്തിനും സാമൂഹ്യ സേവത്തിനും പരിശ്രമിച്ചു കൊണ്ടിരിക്കുന്ന മഹത്തായ ബഹുജന പ്രസ്ഥാനമാണ് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്. നൂറിൽ പരം വർഷമായി മഹത്തായ സേവനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ജംഇയ്യത്ത് ഇന്ന് ആദരണീയ നായകൻ അമീറുൽ ഹിന്ദ് മൗലാനാ സയ്യിദ് അർഷദ് മദനിയുടെ നേതൃത്വത്തിൽ സുപ്രധാന പ്രവർത്തനങ്ങളുമായി മുന്നോട്ട് നീങ്ങുകയാണ്. അടുത്തകാലത്ത് വഖ്ഫ് ഭേദഗതി നിയമത്തിനെതിരിൽ ജംഇയ്യത്ത് ശക്തമായി നിലകൊണ്ടു. ഇപ്പോഴും സുപ്രീംകോടതി വഴിയും വലിയ പരിശ്രമത്തിലാണ്. അല്ലാഹു വിജയം നൽകുമാറാകട്ടെ! കൂടാതെ പ്രവാചകനെയും കുടുംബത്തെയും ഇസ്‌ലാമിക സ്ഥാപനങ്ങളെയും വ്യക്തിത്വങ്ങളെയും നിന്ദിച്ചു കൊണ്ടുള്ള ഉദയപൂർ ഫയൽസ് എന്ന സിനിമയെ ഹൈക്കോടതിയും സുപ്രീംകോടതിയും വഴി നേരിട്ട് നിരോധനം വാങ്ങി. ആസാമിൽ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്ന ജനങ്ങൾക്ക് വേണ്ടി കോടതി വഴി പോരാടുന്നതിനോടൊപ്പം അവർക്ക് സമ്പത്തും സാധന സാമഗ്രികളും എത്തിച്ചു കൊടുക്കുകയും പുനരധിവാസത്തിന് പരിശ്രമിക്കുകയും ചെയ്യുകയാണ്. ഇത്തരണത്തിൽ ജംഇയ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതിന് ആലപ്പുഴ ജില്ലയിലുള്ള എല്ലാ സഹോദരങ്ങളും ക്ഷണിച്ചുകൊണ്ട് ഈ വരുന്ന ശനിയാഴ്ച്ച വഖ്ഫ് മാനവ നന്മയ്ക്ക് എന്ന സുപ്രധാന വിഷയത്തെ ആസ്പദമാക്കി ഒരു സംഗമം നടത്താൻ ജില്ലാ കമ്മിറ്റി തീരുമാനിച്ച വിവരം സസന്തോഷം  അറിയിക്കുന്നു. ഈ പ്രോഗ്രാമിൽ സ്റ്റേറ്റ് പ്രസിഡൻ്റ് മൗലാനാ pp മുഹമ്മദ് ഇസ്ഹാഖ് ഖാസിമി , ജനറൽ സെക്രട്ടറി VH അലിയാർ ഖാസിമി അടക്കം മുഴുവൻ സ്റ്റേറ്റ് നേതാക്കൻമാരും (ഇൻഷാ അല്ലാഹ്) പങ്കെടുക്കുന്നതാണ്. ഇതിൽ താങ്കളും കൂട്ടുകാരും പങ്കെടുക്കുന്നതിനോടൊപ്പം എല്ലാ സഹോദരങ്ങളെയും പങ്കെടുപ്പിക്കാൻ പരിശ്രമിക്കുകയും ചെയ്യണമെന്ന് വിനയപുരസരം അഭ്യർത്ഥിക്കുന്നു. 


 മുഹമ്മദ് ഖൈസ് അൽ ഹസനി അൽഖാസിമി 

(വർക്കിംഗ് പ്രസിഡൻ്റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ആലപ്പുഴ ജില്ല) 


 ഷറഫുദ്ദീൻ അസ്‌ലമി 

(ജനറൽ സെക്രട്ടറി, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ആലപ്പുഴ ജില്ല)



രചനാ പരിചയം 






എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്റെ തിരുനാമത്തിൽ ആരംഭിക്കുന്നു. സർവ്വസ്തുതിയും സർവ്വലോക പരിപാലകനുതന്നെ. കാരുണ്യവാനും നീതിമാനുമായ പടച്ചവന്റെ വിശിഷ്ഠ അനുഗ്രഹ സമാധാനങ്ങൾ അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി ﷺയുടെമേൽ വർഷിക്കട്ടെ! എല്ലാ പ്രവാചകവര്യരിലും ഉണ്ടാകട്ടെ! അവരെ പിൻപറ്റിയ സുമനസ്സുകളേയും അനുഗ്രഹിക്കട്ടെ! ഇവരെ നല്ലനിലയിൽ പിൻപറ്റാൻ നാം എല്ലാവർക്കും ഉതവി നൽകട്ടെ! 

സർവലോക പരിപാലകനായ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണമറ്റതാണ്. അതിൽ ഏറ്റവും പ്രധാനമായതാണ് പ്രവാചകൻമാരുടെ നിയോഗം. ഇവരിലൂടെ പടച്ചവന്റെ സന്ദേശങ്ങൾ നമുക്ക് ലഭിച്ചു. അവർ അത് പഠിപ്പിക്കുക മാത്രമല്ല, സ്‌നേഹത്തോടെ അതിലേക്ക് ക്ഷണിക്കുകയും കാർമികമായി കാണിച്ച് തരികയും ചെയ്തു. ഈ കാരുണ്യത്തിൽ അന്തിമവും സർവ്വസമ്പൂർണവുമായ വ്യക്തിത്വമാണ് കാരുണ്യത്തിന്റെ തിരുദൂതരായ മുഹമ്മദുർറസൂലുല്ലാഹി ﷺ.

മക്കയിലെ ഫാറാൻ മലനിരകൾക്കിടയിൽ നിന്ന് ഉദയം ചെയ്ത അന്ത്യപ്രവാചകൻ മദീനയിൽ നിന്നും ലോകംമുഴുവൻ പ്രകാശിച്ചു. മുഴുവൻ മാനവികതയ്ക്കും ഇരുലോക വിജയത്തിന്റെ രാജപാത കാട്ടിത്തന്നു. അന്നും ഇന്നും എന്നും പ്രകാശം പൊഴിക്കുന്ന വിളക്കായ മുഹമ്മുർറസൂലുല്ലാഹി ﷺയുടെ സമ്പൂർണവും കാലികപ്രസക്തവുമായ ജീവചരിത്രമാണ് അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് നദ്‌വിയുടെ  'റഹ്ബറേ ഇൻസാനിയ്യത്ത്' (സിറാജൻ മുനീറൻ) എന്ന ഈ മഹൽഗ്രന്ഥം.

പ്രവാചക മഹദ്ച്ചരിതങ്ങൾ ധാരാളം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇനിയും പ്രസിദ്ധീകരിക്കപ്പെടും. എത്രപറഞ്ഞാലും എത്ര എഴുതിയാലും തീരാത്ത ഒരു വിഷയമാണത്. അതെ, അല്ലാഹുവിന്റെ അന്തിമഗ്രന്ഥമായ പരിശുദ്ധ ഖുർആനിന്റെ സമ്പൂർണമായ കാർമ്മിക വിവരണമാണ് പ്രവാചക ചരിതം. എന്നാൽ ഈ മഹൽഗ്രന്ഥത്തിന് ചില പ്രത്യേകതകളുണ്ട്. ഒന്ന് ഇതിന്റെ ലളിതമായ വിവരണ ശൈലിയാണ്. പൊടിപ്പും തൊങ്ങലുമില്ലാതെ ഗൗരവമായ വിഷയങ്ങൾ പോലും ലളിതമായ ശൈലിയിൽ ഇതിൽ വിവരിച്ചിരിക്കുന്നു. അതെ, ഗ്രന്ഥകർത്താവിന്റെ ജീവിതവുമായി ഈ ശൈലിക്ക് വലിയ ബന്ധമുള്ളതിനോടൊപ്പം സഹനത്തിന്റെ ഗുണമായ പ്രകടനരാഹിത്യം ഇതിൽ നിഴലിച്ച് നിൽക്കുന്നു. 

റസൂലുല്ലാഹി ﷺയുടെ ജീവിത യാത്രയിൽ അനിവാര്യമായി വന്ന പോരാട്ടങ്ങളെക്കുറിച്ചുള്ള അവതരണ രീതിയാണ് മറ്റൊരു പ്രത്യേകത. ബദർ യുദ്ധം, ഉഹ്ദ് യുദ്ധം, ഖന്ദഖ് യുദ്ധം.... എന്നിങ്ങനെ വിവിധ യുദ്ധങ്ങളുടെ പേരുകൾ കൊടുത്തുകൊണ്ടുള്ള അധ്യായങ്ങളാണ് മിക്ക പ്രവാചക ചരിത്ര ഗ്രന്ഥങ്ങളിലും കാണപ്പെടുക. യുദ്ധം എന്നത് വലിയൊരു സംഭവമായി കാണപ്പെടുകയും അതിനുള്ളിൽ നിരവധി നന്മകൾ നിറഞ്ഞ പാഠങ്ങൾ ഉണ്ടായിരിക്കുകയും ചെയ്ത പഴയകാലത്ത് ഇത് തീർത്തും ന്യായമായിരുന്നു. എന്നാൽ ഇന്ന് റസൂലുല്ലാഹി ﷺയുടെ തന്നെ പ്രവചനങ്ങൾ അനുസരിച്ച് 'ഫിതൻ' (പ്രശ്‌നങ്ങൾ) നിറഞ്ഞ ഒരു കാലഘട്ടം ആരംഭിച്ചിരിക്കുന്നു. ഇന്ന് യുദ്ധങ്ങൾ അറിയപ്പെടുന്നത് അന്ധമായ കൊലവിളികൾക്കും കൂട്ടക്കൊലകൾക്കുമാണ്. യൂറോപ്പ് വിശിഷ്യ അമേരിക്ക ലോകത്തെ ഒരു വൻശക്തിയായ ശേഷം യുദ്ധത്തിന്റെ പേരുകളിൽ നടത്തിയ മൃഗീയവും പൈശാചികവുമായ കൂട്ടക്കൊലയ്ക്ക് അവർ ഇട്ടിരിക്കുന്ന ഓമനപ്പേരാണ് യുദ്ധം. റസൂലുല്ലാഹി ﷺയുടെ തന്നെ വചനങ്ങളിൽ പറഞ്ഞാൽ എന്തിനാണ് കൊന്നതെന്ന് കൊന്നവർക്കും  എന്തിനാണ് കൊല്ലപ്പെട്ടതെന്ന് കൊല്ലപ്പെട്ടവർക്കും അറിയാത്ത ആധുനിക വർഗീതയതകളുടെയും തീവ്രവാദങ്ങളുടെയും പേക്കൂത്തുകൾക്ക് യുദ്ധമെന്ന് പേരിടുന്നത് മുൻഗാമികളുടെ യുദ്ധങ്ങൾക്ക് അപമാനമാണ്. 

ആധുനിക യുഗത്തിലെ സംശയദുരൂഹതകൾ നിറഞ്ഞ കൂട്ടത്തല്ലുകൾക്ക് പ്രവാചകന്മാരുടെയോ ഉത്തമ പിൻഗാമികളുടെയോ വ്യക്തമായ ലക്ഷ്യത്തിലും സൂക്ഷ്മമായ മാർഗത്തിലും അധിഷ്ഠിതവും നിരവധി ഗുണപാഠങ്ങൾ നിറഞ്ഞതുമായ ത്യാഗ-പരിശ്രമ-പോരാട്ടങ്ങളുമായി ഒരു ബന്ധവുമില്ല. ആകയാൽ റസൂലുല്ലാഹി ﷺനാൽപതാം വയസ്സിൽ മക്കയിൽ പ്രബോധനം ആരംഭിച്ചു. ആദ്യം പ്രീണനങ്ങളിലൂടെ ഈ പ്രബോധനത്തിന് തടയിടാൻ എതിരാളികൾ ശ്രമിച്ചു. ശേഷം മർദ്ദന പീഡനങ്ങൾ ആരംഭിച്ചു. പീഡനം കടുപ്പമായപ്പോൾ ആത്മരക്ഷാർത്ഥം കുറേ സ്വഹാബികൾ എത്യോപ്യയിലേക്ക് പലായനം ചെയ്തു. എന്നിട്ടും പീഡനം തുടർന്നു. ഇടയ്ക്ക് സമ്മർദ്ദതന്ത്രമെന്ന നിലയിൽ അമുസ്‌ലിംകളായ പ്രവാചക കുടുംബക്കാരെയടക്കം മാസങ്ങളോളം ബഹിഷ്‌കരിച്ചു. ത്വാഇഫിൽ പോയി സഹായം ചോദിച്ചപ്പോൾ പരിഹാസവും കല്ലേറുംകൊണ്ട് അവർ നേരിട്ടു. അവസാനം ത്യാഗത്തിന്റെ പാരമ്യം എന്നോണം നാടും വീടും വിട്ട് മദീനയിലേക്ക് പലായനം ചെയ്തു. മദീനയിലും സമാധാനത്തോടെ കഴിയാൻ അനുവദിച്ചില്ല. റസൂലുല്ലാഹി ﷺവളരെ നല്ലനിലയിൽ കഴിയാൻ പരിശ്രമിച്ച മദീനയിലെ യഹൂദികളെ ഇളക്കിവിടലും പ്രശ്‌നങ്ങളുണ്ടാക്കലും തുടർന്നു. ഇവിടെ റസൂലുല്ലാഹി ﷺയ്ക്ക് യുദ്ധത്തിന് അനുമതി നൽകപ്പെടുന്നു. ബദ്‌റിൽ ഉജ്ജ്വല വിജയം ലഭിക്കുന്നു. പ്രതികാരദാഹത്തോടെ ഉഹ്ദിലും ഖന്ദക്കിലും ശത്രുക്കൾ വന്ന് പരാജയപ്പെട്ടു മടങ്ങി. അവസാനം ഹുദൈബിയയിൽ കടുത്ത സന്ധി നടക്കുന്നു. ഇതും ശത്രുക്കൾ പൊളിച്ചതോടെ റസൂലുല്ലാഹി ﷺമക്കയിലേക്ക് മാർച്ച് ചെയ്ത് മക്ക കീഴടക്കുന്നു. ഇടയ്ക്ക് കടുത്ത കരാർ ലംഘനം നടത്തിയ യഹൂദികളെ ശിക്ഷിക്കുന്നു. മക്കയുടെ പരിസരത്ത് പ്രശ്‌നങ്ങളുണ്ടാക്കിയ ഹുനൈനും ത്വാഇഫും കീഴടക്കുന്നു. ഭീഷണിയുയർത്തിയ റോമക്കാരെ നേരിടാൻ തബൂക്കിലേക്ക് പോയി മടങ്ങുന്നു. ഇതാണ് പ്രവാചക യുദ്ധങ്ങളുടെ ചരിത്രം. ഇത് വെറും യുദ്ധമല്ല, നൂറായിരം ഗുണപാഠങ്ങൾ നിറഞ്ഞ പഠന-പരിശീലന യാത്രകൾ കൂടിയാണ്. ആൾനാശം വളരെ കുറവാണ്. സർവ്വോപരി യുദ്ധത്തിൽ പങ്കെടുക്കാത്ത അമുസ്‌ലിംകളുമായി വളരെ ഉന്നത ബന്ധം നിലനിർത്തുകയും ചെയ്തു. എന്നാൽ സാംസ്‌കാരിക സമ്പന്നതകളുടെ വീരവാദങ്ങൾ മുഴക്കുന്നവർ ഓരോ യുദ്ധങ്ങളുടെയും പേരിൽ നടത്തിയ കൂട്ടക്കൊലകൾ ഞെട്ടിക്കുന്നതാണ്. ഇക്കാര്യങ്ങൾ ഈ ഗ്രന്ഥത്തിൽ വളരെ നല്ലനിലയിൽ വിവരിക്കുന്നു. കാര്യമായി പഠിക്കുകയും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ട വിഷയങ്ങളാണ്. അതെ! പ്രവാചക വചനങ്ങളും മാതൃകകളും മുന്നിൽ വെച്ചുകൊണ്ടുള്ള ഒരു ജീവിതമാണ് പ്രശ്‌നകലുഷിതമായ ആധുനിക ലോകത്തിന് ആവശ്യമുള്ളത്. ഇതിലൂടെ പരസ്പരം സ്‌നേഹസമാധാനങ്ങൾ നിറഞ്ഞ ഒരു അവസ്ഥയിലേക്ക് ലോകം മാറുന്നതും പിന്നീട് പരലോകത്തിൽ ഉത്തമവിജയങ്ങൾ ലഭിക്കുന്നതുമാണെന്ന് വിശ്വനായകൻ മുഹമ്മദുർറസൂലുല്ലാഹി ﷺഉണർത്തുന്നു.

ഓരോ സംഭവങ്ങളിൽ നിന്നും സന്ദേശങ്ങൾ പറഞ്ഞുതരുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ മറ്റൊരു പ്രത്യേകത. പ്രഥമ വഹ്‌യിന്റെ കാലികപ്രസക്തി തുടങ്ങിയ ഭാഗങ്ങളിൽ ഇത് മിന്നിത്തിളങ്ങുന്നതാണ്. വഴികാട്ടുന്ന പ്രകാശം നിറഞ്ഞ വിളക്കായ മുഹമ്മദുർറസൂലുല്ലാഹിﷺയുടെ സുപ്രധാന സമ്പാദ്യമാണ് സ്വഹാബാ കിറാം. ഇതര പ്രവാചകവര്യന്മാർ റസൂലുല്ലാഹി ﷺയുടെ വേരാണെങ്കിൽ തിരുവൃക്ഷത്തിൽ നിന്നും മുളച്ച് പാകമായ പഴങ്ങളാണ് സ്വഹാബത്ത്. ഇവരെക്കുറിച്ചുള്ള പരാമർശത്തോടെ ഈ ഗ്രന്ഥം ഉപസംഹരിച്ചത് ഉജ്ജ്വലമായി. സ്വഹാബാ കിറാമിനെ അവഗണിക്കുന്ന പുത്തൻപ്രവണതയ്ക്കുള്ള നിശബ്ദമായ മറുപടി കൂടിയാണിത്. 

ചുരുക്കത്തിൽ മഹത്തായ ഈ രചനയിൽ നിന്നും ഞങ്ങൾക്ക് മനസ്സിലായ ചില കാര്യങ്ങൾ മാത്രമാണിത്. മാന്യഅനുവാചകർ ഗ്രന്ഥത്തിലേക്ക് കടക്കുക, റസൂലുല്ലാഹി ﷺയെ പഠിക്കുക, തിരുജീവിതം പകർത്തുക, ഇത് അമുസ്‌ലിം സഹോദരന്മാരടക്കം കഴിയുന്നവർക്കെല്ലാം എത്തിച്ചുകൊടുക്കുക. 

അല്ലാഹുവിന്റെ ആയിരമായിരം സ്വലാത്ത് സലാമുകൾ വിശ്വനായകൻ മുഹമ്മദുര്‍റസൂലുല്ലാഹി ﷺയുടെ മേലും എല്ലാ നബിമാരുടെ മേലും വർഷിക്കട്ടെ. മുഴുവൻ സ്വഹാബത്ത് ഔലിയാക്കളുടെ മേലും പൊരുത്തവും സ്‌നേഹവും ഉണ്ടാകട്ടെ. വിശിഷ്യ, ഈ അമൂല്യനിധികൾ നമുക്ക് എത്തിച്ചുതന്ന മഹത്തുക്കളെ അനുഗ്രഹിക്കട്ടെ! പ്രത്യേകിച്ച് മഹാനായ ശൈഖുനാ അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ്‌വിക്ക് ഉന്നത പ്രതിഫലങ്ങൾ കനിഞ്ഞരുളട്ടെ! ഈ അനുഗ്രഹീത സരണിയിൽ സഹായിച്ച എല്ലാ സുമനസ്സുകൾക്കും എല്ലാ അനുവാചകർക്കും പടച്ചവന്റെ പ്രത്യേക അനുഗ്രഹമായ പ്രവാചക തിരുമേനി ﷺയുമായി ശരിയായ ബന്ധവും ഇരുലോക വിജയവും നൽകട്ടെ. 





Ph: 7736723639 





ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌