▪️മുഖലിഖിതം
ചരിത്രാവലോകനം
(കർമ്മങ്ങളുടെ ഇഹപര ഫലങ്ങൾ)
✍🏻 ഹകീമുൽ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ത്ഥാനവി (റ)
അൻസാറുകളുടെ ത്യാഗത്തിന്
മുഹാജിറുകളുടെ പ്രത്യുപകാരം
ചരിത്രാവലോകനം
അല്ലാമാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി
ഞങ്ങളും ഞങ്ങളുടെ ബന്ധുമിത്രങ്ങളും മാത്രമാണ് മനുഷ്യർ. മറ്റെല്ലാവരും ഞങ്ങളുടെ സേവകരാണ് എന്ന് ധരിക്കുന്ന ആളുകൾ എക്കാലവും ലോകത്തുണ്ടായിട്ടുണ്ട്. കോടിക്കണക്കിന് ജനങ്ങൾ ലോകത്ത് വസിക്കുന്നത് അവർ കാണാറുണ്ടെങ്കിലും തങ്ങളുടെ പരിമിതമായ ആളുകളെ മാത്രമേ അവർ മനുഷ്യരായി കാണുകയുള്ളൂ. ഈ ലോകത്ത് തങ്ങളുടെ കുടുംബത്തിൽപ്പെട്ട പത്ത്-ഇരുപത് പേർ മാത്രമേ ജീവിക്കാവൂ എന്നാണ് അവരുടെ ധാരണ. തങ്ങളുടെയും കുടുംബത്തിന്റെയും പ്രശ്‌നങ്ങൾ കാണാൻ അവർക്ക് സൂക്ഷ്മദർശിനി ഉണ്ട്. മറ്റുള്ളവരെ കാണാൻ അവരുടെ കണ്ണ് പോലും തുറക്കില്ല. ചിലർക്ക് രണ്ട് കണ്ണടകൾ കാണും. ഒന്നിലൂടെ സ്വന്തം കാര്യവും മറ്റൊന്നിലൂടെ മറ്റുള്ളവരുടെ കാര്യങ്ങളും അവർ നോക്കുന്നതാണ്. ഒന്നിലൂടെ അവരുടെ ചെറിയ കാര്യങ്ങളെ പർവ്വതവും, മറ്റുള്ളവരുടെ വലിയ കാര്യങ്ങളെ ധാന്യമണിയുമായി അവർ കാണുന്നതാണ്.
ജുമുഅ സന്ദേശം
ജസാഉൽ അഅ്മാൽ-4
(കർമ്മങ്ങളുടെ ഇഹപര ഫലങ്ങൾ)
ഹകീമുൽ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ഥാനവി
നന്മകളും പരലോക ഫലങ്ങളും തമ്മിലുള്ള ബന്ധം
തിന്മകളെപ്പോലെ നന്മകൾക്കും ബർസഖിലും പരലോകത്തും പരിണിതഫലങ്ങൾ ഉണ്ടാകുമെന്ന കാര്യം കഴിഞ്ഞ അധ്യായത്തിന്റെ ആരംഭത്തിൽ വിവരിക്കുകയുണ്ടായി. ഇവിടെ നന്മയുടെ തെളിവുകളെന്ന നിലയിൽ ഏതാനം നിവേദനങ്ങൾ ഉദ്ധരിക്കുകയാണ്.
1. ദിക്‌റുകൾ വൃക്ഷമായി പ്രത്യക്ഷപ്പെടുന്നതാണ്. ഇബ്‌നു മസ്ഊദ് (റ) നിവേദനം: ..... (ദിക്റിന്‍രെ മഹത്വങ്ങള്‍) (തിർമിദി)
2. ബഖറ, ആലു ഇംറാൻ സൂറത്തുകളുടെ ഉദാഹരണം മേഘ കൂട്ടങ്ങൾ അല്ലെങ്കിൽ പക്ഷിക്കൂട്ടങ്ങളെ പോലെയാണ്. ..... (ഫളാഇലെ ഖുർആൻ)
3. ഖുൽ ഹുവല്ലാഹു സൂറത്തിന്റെ ഉദാഹരണം, കൊട്ടാരം പോലെയാണ്. സഈദ് (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: ഖുൽ ഹുവല്ലാഹു സൂറത്ത് പത്ത് പ്രാവശ്യം ഓതുന്നവർക്ക് സ്വർഗ്ഗത്തിൽ ഒരു മാളിക തയ്യാറാക്കപ്പെടുന്നതാണ്. ഇരുപത്തി നാല് പ്രാവശ്യം ഓതിയാൽ രണ്ട് മാളികയും മുപ്പത് പ്രാവശ്യം ഓതിയാൽ മൂന്ന് മാളികയും നിർമ്മിക്കപ്പെടുന്നതാണ്. ഇതു കേട്ടപ്പോൾ ഉമർ (റ) പറഞ്ഞു: ഇങ്ങനെയാണെങ്കിൽ ഞങ്ങൾ ധാരാളം മാളികകൾ പണിയുന്നതാണ്. റസൂലുല്ലാഹി (സ) അരുളി: അല്ലാഹു അതിനേക്കാളും വിശാലതയുള്ളവനാണ്. (ദാരിമി)
4. നിലനിൽക്കുന്ന ദാനധർമ്മത്തിന്റെ ഉദാഹരണം ഒഴുകുന്ന പുഴ പോലെയാണ്. ഉമ്മുൽ അലാഅ് (റ) വിവരിക്കുന്നു: ഉസ്മാൻ ഇബ്‌നു മള്ഊൻ (റ)ന് വേണ്ടി ഒഴുകുന്നൊരു പുഴ ഞാൻ സ്വപ്നത്തിൽ കണ്ടു. ഈ സ്വപ്നത്തെ കുറിച്ച് ചോദിച്ചപ്പോൾ റസൂലുല്ലാഹി (സ) അരുളി: അത് അദ്ദേഹത്തിന്റെ (ജാരിയായ സ്വദഖ പോലെ) നിലനിൽക്കുന്ന സൽക്കർമ്മങ്ങളാണ്.
5. ദീനിന്റെ സാങ്കൽപ്പിക രൂപം വസ്ത്രം പോലെയാണ്. അബൂ സഈദ് (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: ഞാൻ ഉറക്കത്തിൽ ജനങ്ങളെ കാണിക്കപ്പെടുകയുണ്ടായി അവർ കുപ്പായം ധരിച്ചിരുന്നു. ചിലരുടെ കുപ്പായം നെഞ്ച് വരെയും മറ്റു ചിലരുടേത് അതിനേക്കാൾ താഴത്തേക്കും ഇറങ്ങി കിടന്നിരുന്നു. ഉമറിനെ കാണിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ കുപ്പായം ഭൂമിയിൽ ഇഴയുന്നതായി കണ്ടു. സ്വഹാബത്ത് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, താങ്കൾ ഇതിന് എന്ത് വ്യാഖ്യാനം നൽകുന്നു? റസൂലുല്ലാഹി (സ) അരുളി: ദീനി ഗുണങ്ങളാണ് ഇതിന്റെ വിവക്ഷ. (ബുഖാരി)
6. വിജ്ഞാനത്തിന്റെ സാങ്കൽപ്പിക രൂപം പാൽ പോലെയാണ്. ഇബ്‌നു ഉമർ (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: ഉറക്കത്തിൽ എന്റെ അരികിൽ പാലിന്റെ ഒരു പാത്രം കൊണ്ടുവരപ്പെട്ടു. ഞാനത് കുടിച്ചു. അതിന്റെ പ്രതിഫലം എന്റെ നഖത്തിൽ നിന്നും പുറപ്പെടുന്നതായി അനുഭവപ്പെട്ടു. ശേഷം മിച്ചം വന്നത് ഉമറിന് കൊടുത്തു. സ്വഹാബത്ത് ചോദിച്ചു: ഇതിന്റെ വ്യാഖ്യാനമെന്താണ്? റസൂലുല്ലാഹി (സ) അരുളി: വിജ്ഞാനം. (ബുഖാരി)
7. നമസ്‌കാരത്തിന്റെ സാങ്കൽപ്പിക രൂപം പ്രകാശം പോലെയാണ്. അബ്ദുല്ലാഹ് ഇബ്‌നു അംറ് (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും നമസ്‌കാരത്തെ ശ്രദ്ധിച്ചാൽ നമസ്‌കാരം ഖിയാമത് നാളിൽ അവന് പ്രകാശവും പ്രമാണവും രക്ഷാമാർഗ്ഗവുമാകുന്നതാണ്. (അഹ്മദ്)
8. നേർമാർഗ്ഗത്തിന്റെ സാങ്കൽപ്പിക രൂപം സ്വിറാത്ത് പാലം പോലെയാണ്. ഇമാം ഗസ്സാലി (റ) കുറിക്കുന്നു: പരലോകത്തിലെ സ്വിറാത്ത് പാലത്തിൽ വിശ്വസിക്കേണ്ടതാണ്. സ്വിറാത്ത് പാലം മുടി പോലെ നിർമ്മലമാണെന്ന് പറയാറുണ്ടെങ്കിൽ യഥാർത്ഥത്തിൽ അത് മുടിയേക്കാളും നിർമ്മലമാണ്. സ്വീറാത്ത് പാലത്തിന്റെ യഥാർത്ഥ ഉദാഹരണം തണലിന്റെയും വെയിലിന്റെയും ഇടയിലുള്ള വരപോലെയാണ്. ആ വരെയെ കുറിച്ച് തണലിൽ പെട്ടതെന്നോ വെയിലിൽ പെട്ടതെന്നോ പറയാൻ കഴിയില്ല. സ്വിറാത്ത് പാലത്തിന്റെ ഉദാഹരണം ദുൽയാവിലെ സന്മാർഗ്ഗം പോലെയാണ്. സന്മാർഗ്ഗമെന്നാൽ പരസ്പര വിരുദ്ധമായ സ്വഭാവങ്ങളുടെ മദ്ധ്യത്തിലുള്ള അവസ്ഥയാണ്. അതെ ധൂർത്തിന്റെയും പിശുക്കിന്റെയും ഇടയിലുള്ളത് ധർമ്മിഷ്ഠതയാണ്. കോപത്തിന്റെയും ഭീരുത്വത്തിന്റെയും ഇടയിലുള്ളത് ധീരതയാണ്. അഹങ്കാരത്തിന്റെയും നിന്ദ്യതയുടെയും ഇടയിലുള്ളത് വിനയമാണ്. വികാരത്തിന്റെയും നിർവികാരതയുടെയും ഇടയിലുള്ളത് പാതിവ്രത്യമാണ്. ഈ ഉദാഹരണങ്ങളിലെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ രണ്ട് അഗ്രങ്ങളിലുള്ള ഗുണങ്ങളാണ്. രണ്ടിനുമിടയിൽ വളരെ ദൂരമുണ്ട്. ഇവ രണ്ടിന്റെയും മധ്യത്തിലുള്ള അവസ്ഥയാണ് സന്മാർഗ്ഗം. നാളെ പരലോകത്ത് പടച്ചവൻ ഇതുപോലെ നിർമ്മലമായ ഒരു പാലം സ്ഥാപിക്കുകയും അതിൽ കൂടി കടന്നു പോകാൻ എല്ലാവരോടും കൽപ്പിക്കുകയും ചെയ്യുന്നു. അപ്പോൾ ഇഹലോകത്ത് സന്മാർഗ്ഗത്തിൽ ഉറച്ച് നിൽക്കുകയും പരസ്പര വിരുദ്ധമായ തീവ്രതകളിൽ നിന്നും അകന്നു മാറി ഒരു ഭാഗത്തേക്കും ചായാതെ യാത്ര ചെയ്തവർ സ്വിറാത്ത് പാലവും സുഗമമായി കടന്നു പോകുന്നതാണ്. അറിയുക പരലോകത്തെ കാര്യങ്ങൾ അടിസ്ഥാനങ്ങളൊന്നും ഇല്ലാത്ത കാര്യമല്ല. തോന്നുന്നവരെ നരകത്തിലേക്ക് എറിയുകയും തോന്നുന്നവരെ സ്വർഗ്ഗത്തിലേക്ക് കയറ്റുകയും ചെയ്യുന്ന രീതി പടച്ചവൻ അവിടെ സ്വീകരിക്കുന്നതല്ല. ഉന്നതനായ രക്ഷിതാവിന് എന്തിനും സ്വാതന്ത്ര്യമുണ്ടെങ്കിലും പടച്ചവന്റെ പതിവ് രീതി നീതിയിൽ അധിഷ്ഠിതമാണ്. നന്മക്ക് പ്രതിഫലവും തിന്മക്ക് ശിക്ഷയും നൽകപ്പെടുന്നതാണ്. പരിശുദ്ധ ഖുർആനിൽ അല്ലാഹു ആവർത്തിച്ചു പറയുന്നു: അല്ലാഹു അവരെ അക്രമിക്കുകയായിരുന്നില്ല. ആക്രമികൾ അവരോട് തന്നെ അക്രമം കാട്ടുകയായിരുന്നു. (അൻകബൂത്ത് 40) മറ്റൊരിടത്ത് പറയുന്നു: നിങ്ങളുടെ രക്ഷിതാവിൽ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമിയോളം വീതിയുള്ള സ്വർഗ്ഗത്തിലേക്കും നിങ്ങൾ മുന്നേറുക. അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുന്നവർക്ക് അത് ഒരുക്കപ്പെട്ടിരിക്കുന്നു. അത് അല്ലാഹുവിന്റെ ഔദാര്യമാണ്. അവൻ ഉദ്ദേശിക്കുന്നവർക്ക് അത് നൽകുന്നു. അല്ലാഹു വലിയ ഔദാര്യമുള്ളവനാണ്. (ഹദീദ് 21) ഒരു ഭാഗത്ത് സ്വർഗ്ഗം പടച്ചവന്റെ പരിപൂർണ്ണ അധികാരത്തിൽ പെട്ടതാണ്. മറുഭാഗത്ത് അതിലേക്ക് ഓടിയടുക്കാൻ കൽപ്പിക്കുകയും ചെയ്യുന്നു. അതെ, അല്ലാഹു മനുഷ്യന് കാര്യങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകി. കൂട്ടത്തിൽ നന്മയിലേക്ക് പ്രേരിപ്പിക്കുകയും തിന്മകൾ തടയുകയും ചെയ്തിരിക്കുന്നു. പ്രസ്തുത നന്മകൾ മനുഷ്യന്റെ ഇഷ്ടത്തിൽ പെട്ടതാണ്. അത് തിരഞ്ഞെടുക്കുന്ന പക്ഷം മനുഷ്യൻ സ്വർഗ്ഗത്തിൽ എത്തിച്ചേരുന്നതാണ്.
ഉപസംഹാരം
എല്ലാ നന്മകളും ഇരുലോക വിജയങ്ങൾക്ക് കാരണമാണ്. അതുപോലെ എല്ലാ തിന്മകളും ഇരുലോക നാശനഷ്ടങ്ങൾക്ക് കാരണമാണ്. അതുകൊണ്ട് എല്ലാ നന്മകളും ഉൾകൊള്ളേണ്ടതും എല്ലാ തിന്മകളും വർജ്ജിക്കേണ്ടതും അത്യാവശ്യം തന്നെയാണ് എന്നാൽ ചില നന്മകളും തിന്മകളും അടിസ്ഥാനപരമാണ്. ആ നന്മകളെ പ്രത്യേകം ഉൾകൊള്ളാനും തിന്മകളെ വർജ്ജിക്കാനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഈ നന്മകളിലൂടെ മറ്റു നന്മകളും ഉണ്ടായി തീരുന്നതും ഈ തിന്മകളിലൂടെ ഇതര തിന്മകളും ശക്തി പ്രാപിക്കുന്നതുമാണ്. അതുകൊണ്ട് ഈ രണ്ട് വിഷയങ്ങൾ പ്രത്യേകം പരാമർശിക്കുകയാണ്.
ഇതര നന്മകളും ഉണ്ടായി തീരാൻ കാരണമാകുന്ന സുപ്രധാനമായ ചില നന്മകൾ:
1. ദീനീ വിജ്ഞാനം കരസ്ഥമാക്കുക.
പ്രയോജനപ്രദമായ രചനകളിലൂടെയും പണ്ഡിതരുടെ സഹവാസത്തിലൂടെയും ഇത് സാധിക്കുന്നതാണ്. ഇതിലേറ്റവും പ്രധാനം പണ്ഡിതരുമായിട്ടുള്ള സഹവാസമാണ്. ഗ്രന്ഥ പാരായണത്തിന് ശേഷവും പണ്ഡിതരുമായിട്ടുള്ള സഹവാസം അത്യാവശ്യമാണ്. പണ്ഡിതന്മാരെ കൊണ്ടുള്ള ഉദ്ദേശം അറിവനുസരിച്ച് സ്വയം പ്രവർത്തിക്കുകയും ബാഹ്യവും ആന്തരികവുമായ സൽഗുണങ്ങൾ ഉൾകൊള്ളുകയും സുന്നത്തിനെ പിൻപറ്റാൻ അറിയായ ആഗ്രഹം പുലർത്തുകയും പരസ്പര വിരുദ്ധമായ തീവ്രതകൾ ഉപേക്ഷിച്ച് മദ്ധ്യമ പാതയെ സ്‌നേഹിക്കുകയും സൃഷ്ടികളോട് കരുണ പുലർത്തുകയും ദുർവാശി ഉപേക്ഷിക്കുകയും ചെയ്തവരാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇത്തരം പണ്ഡിതർ ഇന്നും ധാരാളമുണ്ട്. എന്നും ഉണ്ടായിരിക്കുകയും ചെയ്യുന്നതാണ്. റസൂലുല്ലാഹി (സ) വാഗ്ദാനം ചെയ്യുന്നു. എന്റെ സമുദായത്തിലെ ഒരു വിഭാഗം സത്യത്തിന്റെ മേൽ സഹായം സിദ്ധിച്ചവരായി എന്നും നിലകൊള്ളുന്നതാണ്. അവരെ നിന്ദിക്കാൻ പരിശ്രമിക്കുന്നവർ അവർക്ക് യാതൊരു ഉപദ്രവവും ചെയ്യുന്നതല്ല. (തിർമിദി)
ഇത്തരം മഹത്തുക്കളിൽ ഇതു കുറിക്കുന്ന സമയത്ത് ജീവിച്ചിരിക്കുന്ന ചില മഹാത്മാക്കളെ പ്രത്യേകം സൂചിപ്പിക്കുന്നു. ഇവരെ നോക്കി ഇവരെ പോലുള്ളവരെ കണ്ടെത്താൻ സാധിക്കുന്നതാണ്. മക്കാ മുകർറമയിൽ ആദരണീയ ഗുരുവര്യൻ മൗലാനാ ശൈഖ് ഇംദാദുല്ലാഹ്, ഗംഗോഹിൽ മൗലാനാ റഷീദ് അഹ്മദ്, ദേവ്ബന്ദിൽ മൗലാനാ മഹ്മൂദുൽ ഹസൻ എന്നീ മഹാന്മാര്‍ ഈ കൂട്ടത്തില്‍ വളരെ പ്രധാനപ്പെട്ടവരാണ്. ( ഇവര്‍ ഗ്രന്ഥകര്‍ത്താവ് ഈ രചന തയ്യാറാക്കിയ സമയത്ത് ഉണ്ടായിരുന്ന മഹാന്മാരണ്. പക്ഷേ ഇവര്‍ എല്ലാവരും പടച്ചവനിലേക്ക് യാത്രയായി. എന്നാല്‍ പടച്ചവന്‍റെ അനുഗ്രഹത്താല്‍ ഇവരുടെ പരമ്പരയില്‍ ഇവരെപ്പോലുള്ള മഹാത്മാക്കള്‍ ഇന്നും എന്നും ഉണ്ടായിരിക്കുന്നതാണ്.) ഇവരെ പോലുള്ള മഹാത്മാക്കളുടെ സഹവാസവും സേവനവും കഴിയുന്നത്ര കരസ്ഥമാക്കുന്നത് വലിയ സൗഭാഗ്യവും മഹത്തായ അനുഗ്രഹവുമാണ്. ദിവസവും ഇതിന് കഴിയുന്നില്ലെങ്കിൽ ആഴ്ച്ചയിൽ ഒരിക്കലെങ്കിലും അര മണിക്കൂർ നേരം ഈ സഹവാസം സ്വീകരിക്കുക. കുറഞ്ഞ നാളുകൾ കൊണ്ട് ഇതിന്റെ ഐശ്വര്യം സ്വയം കാണുന്നതാണ്.
2. അഞ്ച് നേരത്തെ നമസ്‌കാരം നിഷ്ഠയോടെ കഴിയുന്നത്ര നല്ല നിലയിലും ജമാഅത്തായും നിർവ്വഹിക്കുക. നമസ്‌കാരത്തിലൂടെ പടച്ചവന്റെ സന്നിധിയുമായി ബന്ധമുണ്ടാവുകയും അത് നിലനിൽക്കുകയും ചെയ്യുന്നതാണ്. കൂടാതെ നമസ്‌കാരത്തിന്റെ ഐശ്വര്യം കൊണ്ട് അവസ്ഥ നന്നാകുന്നതാണ്. അല്ലാഹു അറിയിക്കുന്നു: തീർച്ചയായും നമസ്‌കാരം മ്ലേച്ഛതകളും തിന്മകളും തടയുന്നതാണ്. (അൻകബൂത്ത് - 45)
3. ജനങ്ങളോടുള്ള സംസാരവും ബന്ധവും കുറക്കുക. എന്ത് സംസാരിക്കുന്നതെങ്കിലും ചിന്തിച്ച ശേഷം സംസാരിക്കുക.
4. ഇലാഹീ ധ്യാനവും ആത്മവിചാരണയും മുറുകെ പിടിക്കുക. ഇതിന് മുറാഖബ എന്നും മുഹാസഖ എന്നും പറയപ്പെടുന്നു. മുറാഖബ എന്നാൽ എന്റെ എല്ലാ വാചകങ്ങളും പ്രവർത്തനങ്ങളും അവസ്ഥകളും അല്ലാഹു വീക്ഷിക്കുന്നുണ്ട് എന്ന് അധികമായി ഓർക്കലാണ്. മുഹാസബ എന്നാൽ ഏതെങ്കിലും സമയം ഉദാഹരണത്തിന് ഉറങ്ങുന്നതിന് മുമ്പ് ഒറ്റക്ക് ഇരുന്ന് ദിവസം മുഴുവനും ചെയ്ത പ്രവർത്തനങ്ങൾ ഓർക്കുകയും ഈ സമയം എന്റെ വിചാരണ നടക്കുകയാണെന്നും എനിക്ക് മറുപടിയൊന്നും പറയാൻ കഴിയുന്നില്ലെന്നും സങ്കൽപ്പിക്കുകയും ചെയ്യുക.
5. ഇസ്തിഗ്ഫാറും തൗബയും പതിവാക്കുക. അതായത് എന്തെങ്കിലും തെറ്റുകൾ സംഭവിച്ചാൽ അൽപ്പം പോലും പിന്താതെയും സമയ സന്ദർഭങ്ങളെ പ്രതീക്ഷിക്കാതെയും ഉടനടി ഏകാന്തതയിലേക്ക് പോയി സുജൂദിൽ വീണ് ധാരാളമായി പശ്ചാതപിക്കുക. കരച്ചിൽ വന്നാൽ കരയുക. അല്ലാത്ത പക്ഷം വിനായാന്വിതമായ രൂപമെങ്കിലും കാട്ടുക.
ഇതു അഞ്ചു കാര്യങ്ങളായി. ഒന്ന്, അറിവ്, അറിവുള്ളവരോടുള്ള സഹവാസം. രണ്ട്, അഞ്ച് നേര നമസ്‌കാരം. മൂന്ന്, സംസാരം കുറക്കുക. നാല്, ധ്യാനം, വിചാരണ. അഞ്ച്, പശ്ചാതാപം. വളരെ എളുപ്പമായ ഈ അഞ്ച് കാര്യങ്ങളിലൂടെ മുഴുവൻ നന്മകളുടെയും കവാടം തുറന്നു കിട്ടുന്നതാണ്.
അടുത്തതായി വളരെ പ്രധാനപ്പെട്ട ചില പാപങ്ങൾ കുറിക്കുന്നു. ഇവ വർജ്ജിക്കുന്നതിലൂടെ അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഏതാണ്ട് മുഴുവൻ പാപങ്ങളിൽ നിന്നും രക്ഷ ലഭിക്കുന്നതാണ്.
1. പരദൂഷണം: ഇതിലൂടെ ഭൗതികമായും പാരത്രികമായും ഉണ്ടാകുന്ന പലതരം നാശങ്ങൾ എല്ലാവർക്കും വ്യക്തമാണ്. എന്നാൽ ഈ പാപത്തിൽ ഇന്ന് ബഹുഭൂരിഭാഗവും അകപ്പെട്ടിരിക്കുന്നു. ഈ പാപം ഉപേക്ഷിക്കാനുള്ള ലളിതമായ മാർഗ്ഗം വളരെ അത്യാവശ്യമില്ലാതെ ആരുടെയും നന്മയും തിന്മയും പറയാതെയും കേൾക്കാതെയും ഇരിക്കലാണ്. സ്വന്തം അത്യാവശ്യ കാര്യങ്ങളിൽ മുഴുകി കഴിയുക. വല്ലതും പറയണമെങ്കിൽ സ്വന്തം കാര്യം പറയുക. സ്വന്തം കാര്യം തന്നെ വളരെ കൂടുതലാണ്. അതിനിടയിൽ മറ്റുള്ളവരുടെ കാര്യം പറയാൻ പോലും അവസരമില്ല.
2. അക്രമം: സാമ്പത്തികമായോ ശാരീരികമായോ നാവ് കൊണ്ടോ ആരെയും ദ്രോഹിക്കരുത്. കുറഞ്ഞതും കൂടിയതുമായ നിലകളിൽ ആരുടെയും അവകാശങ്ങൾ അപഹരിക്കരുത്. ആരെയും അന്യായമായി ഉപദ്രവിക്കരുത്. ആരെയും നിന്ദിക്കരുത്.
3. അഹങ്കാരം: സ്വയം വലിയവനായി കാണുന്നതും മറ്റുള്ളവരെ നിസ്സാരന്മാരായി മനസ്സിലാക്കുന്നതും അഹങ്കാരമാണ്. പരദൂഷണം, അക്രമം, പക, അസൂയ, കോപം പോലുള്ള പാപങ്ങൾ അഹങ്കാരത്തിൽ നിന്നുമാണ് ഉണ്ടാവുന്നത്. ഇതിലൂടെ വേറെയും ധാരാളം കുഴപ്പങ്ങൾ ഉണ്ടാവുന്നതാണ്.
4. കോപം: കോപിച്ചാൽ ഉറപ്പായും ഖേദിക്കേണ്ടി വരുമെന്നതാണ് അനുഭവം. കാരണം കോപത്തിന്റെ സമയത്ത് ബുദ്ധി മാറി പോകുന്നതാണ്. കോപ സമയത്തുള്ള വാക്കുകളും പ്രവർത്തനങ്ങളും ബുദ്ധിക്ക് വിരുദ്ധമായിരിക്കും. പറയാൻ പാടില്ലാത്തത് വിളിച്ചു പറയുകയും അരുതാത്ത കാര്യങ്ങൾ പ്രകടമാവുകയും ചെയ്യുന്നതാണ്. കോപം തണുത്ത ശേഷം ഒന്നും പരിഹരിക്കാൻ സാധിക്കുന്നതല്ല. ചിലപ്പോൾ ജീവിതകാലം മുഴുവൻ ദുഃഖിക്കേണ്ടി വരുന്നതാണ്.
5. അന്യ സ്ത്രീപുരുഷന്മാരുമായിട്ടുള്ള ബന്ധം: പരസ്പരം കാണലും സന്തോഷിക്കാൻ വേണ്ടി സംസാരിക്കലും ഏകാന്തതയിൽ കഴിയുന്നതും അവരെ സന്തോഷിപ്പിക്കാൻ വേണ്ടി മയമായി സംസാരിക്കുന്നതും അവർക്ക് ഇഷ്ടപ്പെട്ട നിലയിൽ വസ്ത്രം ധരിക്കുന്നതും ഇതിൽ പെടുന്നതാണ്. സത്യം പറയട്ടെ, മോശമായ ബന്ധങ്ങളിലൂടെ ഉണ്ടാവുന്ന കുഴപ്പങ്ങളും നാശനഷ്ടങ്ങളും വിവരണാതീതമാണ്.
6. സംശയാസ്പദമോ നിഷിദ്ധമോ ആയ ആഹാരം: ഇത്തരം ആഹാരത്തിലൂടെ ശാരീരികമായ മാലിന്യങ്ങളും ഇരുളുകളും ഉണ്ടാകുന്നതാണ്. കാരണം, ആഹാരത്തിന്റെ അംശങ്ങൾ ശരീരത്തിന്റെ മുഴുവൻ അവയങ്ങളിലും ഞരമ്പുകളിലും പരക്കുന്നതാണ്. ആകയാൽ ആഹാരത്തിന്റെ അവസ്ഥക്ക് അനുസരിച്ച് അതിന്റെ ഗുണങ്ങൾ ശരീരത്തിൽ ഉണ്ടാകുന്നതും അതിനനുസൃതമായ പ്രവർത്തനങ്ങൾ പ്രകടമാവുന്നതാണ്.
ഈ ആറ് പാപങ്ങളിലൂടെയാണ് ഇതര പാപങ്ങളിൽ അധികവും ഉണ്ടാകുന്നത്. ഇവ ഉപേക്ഷിച്ചാൽ മറ്റു പാപങ്ങളും ഉപേക്ഷിക്കൽ എളുപ്പമാവുന്നതാണ്. മാത്രമല്ല, ഇതര പാപങ്ങൾ തനിയെ ഇല്ലാതാവുന്നതാണ്. അല്ലാഹു നമുക്ക് ഇവകൾ വർജ്ജിക്കാൻ ഉതവി നൽകട്ടെ!
മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുൽ ഹശ്ർ- (24 ആയത്തുകൾ, പദങ്ങൾ 445, അക്ഷരങ്ങൾ 1913, മദീനമുനവ്വറയിൽ അവതരണം. 3 റുകൂഅ്. അവതരണ ക്രമം 101. പാരായണ ക്രമം 59. സൂറത്തുൽ ബയ്യിനക്ക് ശേഷം അവതരണം)
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തിൽ ആരംഭം
അൻസാറുകളുടെ ത്യാഗത്തിന്
മുഹാജിറുകളുടെ പ്രത്യുപകാരം
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 06-10
وَمَا أَفَاءَ اللَّهُ عَلَىٰ رَسُولِهِ مِنْهُمْ فَمَا أَوْجَفْتُمْ عَلَيْهِ مِنْ خَيْلٍ وَلَا رِكَابٍ وَلَٰكِنَّ اللَّهَ يُسَلِّطُ رُسُلَهُ عَلَىٰ مَن يَشَاءُ ۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ (6) مَّا أَفَاءَ اللَّهُ عَلَىٰ رَسُولِهِ مِنْ أَهْلِ الْقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ كَيْ لَا يَكُونَ دُولَةً بَيْنَ الْأَغْنِيَاءِ مِنكُمْ ۚ وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ وَاتَّقُوا اللَّهَ ۖ إِنَّ اللَّهَ شَدِيدُ الْعِقَابِ (7) لِلْفُقَرَاءِ الْمُهَاجِرِينَ الَّذِينَ أُخْرِجُوا مِن دِيَارِهِمْ وَأَمْوَالِهِمْ يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا وَيَنصُرُونَ اللَّهَ وَرَسُولَهُ ۚ أُولَٰئِكَ هُمُ الصَّادِقُونَ (8) وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِّمَّا أُوتُوا وَيُؤْثِرُونَ عَلَىٰ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِ فَأُولَٰئِكَ هُمُ الْمُفْلِحُونَ (9)
അവരിൽ നിന്നും അല്ലാഹു തന്റെ ദൂതന് നൽകിയ സമ്പത്തിൽ നിങ്ങൾ കുതിരയെയോ ഒട്ടകത്തെയോ ഓടിച്ചിട്ടില്ല. എന്നാൽ അല്ലാഹു ഉദ്ദേശിക്കുന്നവരുടെമേൽ അവന്റെ ദൂതന്മാരെ അവൻ അധികാരിയാക്കുന്നു. അല്ലാഹു സർവ്വതിനും കഴിവുള്ളവനാകുന്നു.(6) ഗ്രാമവാസികളിൽ നിന്നും അല്ലാഹു അവന്റെ ദൂതന് കൊടുത്ത സമ്പത്ത് അല്ലാഹുവിനും റസൂലിനും പ്രവാചക കുടുംബത്തിനും അനാഥർക്കും പട്ടിണി പാവങ്ങൾക്കും യാത്രികർക്കും ഉള്ളതാകുന്നു. സമ്പത്ത് സമ്പന്നർക്കിടയിൽ മാത്രം കറങ്ങുന്നതാകാതിരിക്കാൻ വേണ്ടിയാണിത്. പ്രവാചകൻ നിങ്ങൾക്ക് നൽകുന്നത് നിങ്ങൾ സ്വീകരിക്കുക. പ്രവാചകൻ തടയുന്ന കാര്യത്തിൽ നിന്നും അകന്ന് കഴിയുക. നിങ്ങൾ അല്ലാഹുവിനെ ഭയക്കുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.(7) അല്ലാഹുവിന്റെ ഔദാര്യവും തൃപ്തിയും കാംക്ഷിച്ചുകൊണ്ട് അല്ലാഹുവിനെയും റസൂലിനെയും സഹായിക്കാൻ വേണ്ടി വീടുകളിൽ നിന്നും സമ്പത്തുകളിൽ നിന്നും പുറത്താക്കപ്പെട്ട പട്ടിണിപ്പാവങ്ങളായ മുഹാജിറുകളെ ഈ സ്വത്തിൽ പ്രത്യേകം പരിഗണിക്കുക. അവർ സത്യസന്ധരാണ്.(8) അവർക്ക് മുമ്പ് മദീനയിൽ വീട് ഒരുക്കുകയും ഈമാനിൽ ഉറച്ചുനിൽക്കുകയും ചെയ്തവർ അവരിലേക്ക് ഹിജ്റ ചെയ്തുവന്നവരെ സ്നേഹിക്കുന്നു. മുഹാജിറുകൾക്ക് നൽകപ്പെടുന്നതിന്റെ പേരിൽ ഇവർ ദരിദ്രരായിരുന്നിട്ടുകൂടി ഇവരുടെ മനസ്സിൽ ഒരു ഞെരുക്കവും ഇവർക്ക് അനുഭവപ്പെടുന്നില്ല. ആരെങ്കിലും മനസ്സിന്റെ സ്വാർത്ഥതയിൽ നിന്നും സംരക്ഷിക്കപ്പെട്ടാൽ അവർ വിജയം വരിക്കുന്നവരാണ്.(9) അവർക്ക് ശേഷം വരുന്നവർ ഇപ്രകാരം പറയുന്നതാണ്: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും സത്യവിശ്വാസത്തിൽ ഞങ്ങളെ മുൻകടന്ന ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തു തരേണമേ. ഞങ്ങളുടെ മനസ്സിൽ സത്യവിശ്വാസികളെക്കുറിച്ച് പകവയ്ക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, നീ വലിയ അലിവും കരുണയും ഉള്ളവനാണ്.(10)
വിവരണവും വ്യാഖ്യാനവും
ഭൗതിക ലോകത്ത് ഒരു സാമൂഹിക പ്രവർത്തനവും ഏകപക്ഷീയമായ ത്യാഗം കൊണ്ട് മാത്രം നടക്കുന്നതല്ല. ഇരുഭാഗത്ത് നിന്നും സഹകരണം അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ റസൂലുല്ലാഹി (സ) പരസ്പരം ഉപഹാരങ്ങൾ കൈമാറി സ്‌നേഹം വർദ്ധിപ്പിക്കാൻ ഉപദേശിച്ചിരിക്കുന്നു. (മുവത്വ) അതുപോലെ ഉപഹാരങ്ങൾ ഏറ്റ് വാങ്ങുന്നവരോട് തിരിച്ചും പ്രത്യുപകാരം ചെയ്യണമെന്നും ഇനി സാമ്പത്തിക ശേഷിയില്ലെങ്കിൽ പ്രാർത്ഥന കൊണ്ടെങ്കിലും പ്രത്യുപകാരം ചെയ്യണമെന്ന് ഉപദേശിക്കുകയുണ്ടായി. (അഹ്മദ്) യാതൊരു ബോധവും ഇല്ലാതെ മറ്റുള്ളവരുടെ ഉപകാരങ്ങൾ നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്നത് മാന്യതയ്ക്കും സൽസ്വഭാവത്തിനും എതിരാണ്. * മുഹാജിറുകളുടെ വിഷയത്തിൽ അൻസാറുകൾ വലിയ ആത്മത്യാഗം പുലർത്തുകയുണ്ടായി. അവരുടെ പുരകളിലും പറമ്പുകളിലും കൃഷികളിലും കടകളിലും അവരെ പങ്കാളികളാക്കി. എന്നാൽ ഇതേ മുഹാജിറുകൾക്ക് അല്ലാഹു വിശാലത നൽകിയപ്പോൾ അവർ പഴയെ ഉപകാരങ്ങൾക്ക് പ്രത്യുപകാരം ചെയ്യുന്നതിൽ യാതൊരു കുറവും വരുത്തിയില്ല. * അനസ് (റ) വിവരിക്കുന്നു: മുഹാജിറുകൾ മക്കയിൽ നിന്നും വന്നപ്പോൾ അവരുടെ പക്കൽ ഒന്നുമില്ലായിരുന്നു. അൻസാറുകൾ ഭൂസ്വത്തുള്ളവരായിരുന്നു. അൻസാറുകൾ സർവ്വ കാര്യങ്ങളിലും മുഹാജിറുകൾക്ക് ഓഹരി നൽകി. കൃഷിയുടെ പകുതി ഫലങ്ങൾ അവർക്ക് കൊടുത്തു. ഈ കൂട്ടത്തിൽ അനസ് (റ)ന്റെ മാതാവ് ഉമ്മുസുലൈം (റ) ഏതാനും ഇന്തപ്പനകൾ റസൂലുല്ലാഹി (സ)യ്ക്ക് കൊടുക്കുകയുണ്ടായി. റസൂലുല്ലാഹി (സ) അത് ഉസാമാ (റ)ന്റെ മാതാവ് ഉമ്മുഅയ്മൻ (റ)യ്ക്ക് കൊടുത്തു. (മുസ്‌ലിം) * ഇമാം സുഹരി (റ) പറയുന്നു: എന്നോട് അനസ് (റ) പറഞ്ഞു: റസൂലുല്ലാഹി (സ) ഖൈബറിൽ നിന്നും മദീനയിലേക്ക് മടങ്ങി വന്നപ്പോൾ ധാരാളം ഗനീമത്ത് സ്വത്തുക്കൾ കൂട്ടത്തിലുണ്ടായിരുന്നു. ഇത്തരുണത്തിൽ മുഹാജിറുകൾ അൻസാറുകളുടെ മുഴുവൻ ദാനങ്ങളും കണക്കാക്കുകയും പരിപൂർണ്ണമായി തിരിച്ച് കൊടുക്കുകയും ചെയ്തു. റസൂലുല്ലാഹി (സ) എന്റെ മാതാവിന്റെ മരം ഉമ്മുഅയ്മനിൽ നിന്നും വാങ്ങി മാതാവിന് തിരിച്ച് തന്നു. അതിന് പകരം ഉമ്മുഅയ്മനിന് മറ്റൊരു വൃക്ഷം നൽകുകയുണ്ടായി. (മുസ്‌ലിം) അൻസാറുകളുടെ ആത്മത്യാഗവും ഇതര മഹൽഗുണങ്ങളും അനുസ്മരിച്ച ശേഷം അവസാനമായി അല്ലാഹു ഒരു പൊതു തത്വം പറയുന്നു: ആരെങ്കിലും മനസ്സിന്റെ പിശുക്കിൽ നിന്നും രക്ഷപ്പെട്ടാൽ അവർ വലിയ വിജയം വരിച്ചവരാണ്! ശുഹ്ഹ്, ബുഖ്ൽ എന്നീ പദങ്ങളുടെ അർത്ഥം പിശുക്ക് എന്ന് തന്നെയാണ്. ശുഹ്ഹിൽ അൽപ്പം പിശുക്ക് കൂടുതലുണ്ടായിരിക്കും. സകാത്ത്, ഫിത്ർ സകാത്ത് പോലെ അല്ലാഹുവിനോടുള്ള നിർബന്ധ ബാധ്യതകളിലോ കുടുംബത്തിന്റെ ചിലവ്, ഗതി മുട്ടിയർക്കുള്ള സഹായം പോലെ സൃഷ്ടികളോടുള്ള നിർബന്ധ ബാധ്യതകളിലോ പിശുക്ക് കാട്ടുന്നത് കടുത്ത കുറ്റമാണ്. നിർബന്ധ ബാധ്യതകൾക്ക് തടസ്സമായ പിശുക്ക് ഖണ്ഡതമായും ഹറാമാണ്. പുണ്യവും ശ്രേഷ്ടകരവുമായ കാര്യങ്ങളിൽ ചിലവഴിക്കുന്നതിന് തടസ്സം നിൽക്കുന്ന പിശുക്ക് നിന്ദ്യമാണ്. വെറും ആചാരങ്ങളിൽ ചിലവഴിക്കുന്നതിൽ നിന്നും അകന്ന് നിൽക്കുന്നത് ഇസ്‌ലാമികമായി പിശുക്കല്ല.************
മആരിഫുല്‍ ഹദീസ്
റസൂലുല്ലാഹി (സ) യുടെ സമുന്നത സ്വഭാവം - 6
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
127. അനസ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) വഫാത്തായ തിങ്കളാഴ്ച്ച ദിവസം മുസ്‌ലിംകൾ സുബ്ഹി നമസ്കാരം നിർവ്വഹിക്കുകയായിരുന്നു. അബൂബക്കർ സിദ്ദീഖ് (റ) ഇമാമായിരുന്നു. പെടുന്നനെ റസൂലുല്ലാഹി (സ) താമസ സ്ഥലമായ ആഇശ (റ)യുടെ മുറിയുടെ കവാടത്തിലുണ്ടായിരുന്ന മറ മാറ്റുകയും സഫുകളിൽ അണിനിരന്ന് നമസ്കരിക്കുന്നവരിലേക്ക് നോക്കുകയും ചെയ്തു. ഈ ദൃശ്യം കണ്ട് റസൂലുല്ലാഹി (സ) പുഞ്ചിരിച്ചു. തിരുവദനത്തിൽ പുഞ്ചിരിയുടെ അടയാളം പ്രകടമായി. റസൂലുല്ലാഹി (സ)യെ അബൂബക്കർ (റ) കണ്ടപ്പോൾ റസൂലുല്ലാഹി (സ) നമസ്കരിക്കാൻ വരികയാണെന്ന് വിചാരിച്ച് പിന്നോട്ട് സഫിൽ നിൽക്കാൻ തുനിഞ്ഞു. മറുഭാഗത്ത് റസൂലുല്ലാഹി (സ)യുടെ തിരുവദനം ദർശിച്ച സന്തോഷം കാരണം മുസ്‌ലിംകൾ നമസ്കാരത്തിൻ്റെ നിയ്യത്ത് മുറിക്കാൻ ഉദ്ദേശിക്കുന്ന നിലയിലായി. അപ്പോൾ നമസ്കാരം പൂർത്തീകരിക്കുക എന്ന് റസൂലുല്ലാഹി (സ) ആംഗ്യം കാണിക്കുകയും മുറിക്കുള്ളിലേക്ക് പോവുകയും മറ താഴ്ത്തുകയും ചെയ്തു. (ബുഖാരി)
വിവരണം: റസൂലുല്ലാഹി (സ)യുടെ വിയോഗം നടന്ന ദിവസം റസൂലുല്ലാഹി (സ)യുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ്. റസൂലുല്ലാഹി (സ) വാതിലിലെ വിരി ഉയർത്തി നോക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും മുസ്‌ലിംകൾ അതിയായി സന്തോഷിക്കുകയും റസൂലുല്ലാഹി (സ) നമസ്കാരം പൂർത്തീകരിക്കാൻ ആംഗ്യം കാട്ടുകയും ചെയ്തു. ദിവസങ്ങളായി അവിടെ തന്നെ തങ്ങിയിരുന്ന അബൂബക്കർ സിദ്ദീഖ് (റ) ഈ അവസ്ഥ കണ്ടപ്പോൾ സമാധാനപ്പെടുകയും മസ്ജിദുന്നബവിയിൽ നിന്നും വിദൂരത്തായി സ്ഥിതി ചെയ്തിരുന്ന വീട്ടിലേക്ക് പോവുകയും ചെയ്തു. പക്ഷേ പൂർവാഹ്‌ന സമയമായപ്പോൾ റസൂലുല്ലാഹി (സ) അല്ലാഹുവിങ്കലേക്ക് യാത്രയായി.
128. ആഇശ (റ) നിവേദനം: റസൂലുല്ലാഹി (സ)ക്ക് രോഗം വല്ലതും ഉണ്ടാകുമ്പോൾ മുഅവ്വിദാത്ത് (പടച്ചവനോട് അഭയം തേടുന്ന വചനങ്ങൾ) പാരായണം ചെയ്ത് ഊതുകയും ശരീരത്തിൽ കൈ കൊണ്ട് തടവുകയും ചെയ്തിരുന്നു. റസൂലുല്ലാഹി (സ) വിയോഗ രോഗത്തിൽ അകപ്പെട്ടപ്പോൾ (രോഗാധിക്യവും ബലഹീനതയും കാരണമായി ഓതി ഊതാനും ശരീരത്തിൽ തടവാനും ബുദ്ധിമുട്ടായി. തദവസരം) ഞാൻ പ്രസ്തുത വചനങ്ങൾ ഓതുകയും റസൂലുല്ലാഹി (സ)യുടെ തിരുകരം കൊണ്ട് അനുഗ്രഹീത ശരീരം തടവുകയും ചെയ്തിരുന്നു. (ബുഖാരി)
വിവരണം: മുഅവ്വിദാത്ത് കൊണ്ടുള്ള വിവക്ഷ പരിശുദ്ധ ഖുർആനിൻ്റെ അവസാനത്തെ രണ്ട് സൂറത്തുകളായ ഫലഖും നാസുമാണ്. റസൂലുല്ലാഹി (സ) അധികമായി ഈ രണ്ട് സൂറത്തുകൾ ഓതി ഊതുമായിരുന്നു. മആരിഫുൽ ഹദീസ് കഴിഞ്ഞ ഭാഗത്തിൽ ഉദ്ധരിക്കപ്പെട്ട രോഗ നാശ നഷ്ടങ്ങളിൽ നിന്നും അഭയം തേടുന്ന വിവിധ പ്രാർത്ഥനാ വചനങ്ങളാകാനും സാധ്യതയുണ്ട്.
************
രചനാ പരിചയം
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്റെ തിരുനാമത്തിൽ ആരംഭിക്കുന്നു. സർവ്വസ്തുതിയും സർവ്വലോക പരിപാലകനുതന്നെ. കാരുണ്യവാനും നീതിമാനുമായ പടച്ചവന്റെ വിശിഷ്ഠ അനുഗ്രഹ സമാധാനങ്ങൾ അന്ത്യപ്രവാചകൻ
Ph: 7736723639