▪️മുഖലിഖിതം
പാശ്ചാത്യരുടെ സമ്മതം - 3
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
സൂറത്തുൽ മുംതഹിന-2
ജുമുഅ സന്ദേശം
പാശ്ചാത്യരുടെ സമ്മതം -3
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി
ഇസ്‌ലാം വാളിലൂടെയല്ല പ്രചരിച്ചതെന്ന യാഥാർത്ഥ്യം ധാരാളം അമുസ്‌ലിം പണ്ഡിതരും ചിന്തകരും വിശിഷ്യാ പാശ്ചാത്യ എഴുത്തുകാരും സമ്മതിച്ചു പറഞ്ഞിട്ടുണ്ട്. ഇവിടെ അതിൽ നിന്നും ചില വാചകങ്ങൾ ഉദ്ധരിക്കുന്നു:
മുഹമ്മദിൻ്റെ സ്വഭാവം സമുന്നതം.
മുഹമ്മദ് ആരെയും ഉപദ്രവിച്ചിട്ടില്ല. ഹസ്തദാനം ചെയ്യുമ്പോൾ മുമ്പിലുള്ള വ്യക്തി സ്വയം കൈ വലിക്കുന്നത് വരെ അദ്ദേഹം കൈ വലിച്ചിരുന്നില്ല. ഏൽക്കുന്ന കാര്യം പരിപൂർണ്ണമായും പാലിക്കുമായിരുന്നു. മധുര ഭാഷിയായിരുന്നു. കാണുന്നവരുടെയെല്ലാം മനസ്സുകളിൽ സ്നേഹാദരവുകൾ നിറഞ്ഞിരുന്നു. അടുത്തു കഴിയുന്നവർ ആത്മ സമർപ്പണം നടത്തിയിരുന്നു. (മുഹമ്മദ്: ബാസ്മർ സ്മിത്ത്)
* മുഹമ്മദ് സമാധാന പ്രിയൻ.
മുഹമ്മദ് രക്ത ചൊരിച്ചിൽ ആഗ്രഹിച്ചിരുന്നില്ല. തടവിൽ പിടിക്കപ്പെടുന്നവർക്ക് മോചന ദ്രവ്യം നൽകാനും ഇസ്‌ലാം സ്വീകരിക്കാനും ഇഷ്ടം നൽകിയിരുന്നു. (ഇതിലെ ഇസ്‌ലാം സ്വീകരണം എന്ന പ്രയോഗം അദ്ദേഹത്തിൻ്റെ തെറ്റിദ്ധാരണയാണ്. മോചന ദ്രവ്യം നൽകാത്തതിൻ്റെ പേരിൽ ഇസ്‌ലാം സ്വീകരിക്കാൻ നിർബന്ധിച്ച ഒരു സംഭവം പോലും ഉദ്ധരിക്കപ്പെട്ടിട്ടില്ല. - റഹ്‌മാനി) ഖുർആൻ പറയുന്നു: മതം സ്വീകരിക്കുന്ന വിഷയത്തിൽ യാതൊരു നിർബന്ധവുമില്ല. ഒന്ന് രണ്ടു സന്ദർഭങ്ങൾ ഒഴികെ എന്നും അദ്ദേഹം ശത്രുക്കളോട് നല്ല നിലയിലാണ് വർത്തിച്ചിട്ടുള്ളത്. (പ്രസ്തുത ഒന്ന് രണ്ട് സന്ദർഭങ്ങളിലെ സമീപനവും നീതിയിൽ നിന്ന് മാറി കൊണ്ടായിരുന്നില്ല. മറിച്ച് തീർത്തും നീതിയുടെയും ന്യായത്തിൻ്റെയും അടിസ്ഥാനത്തിലായിരുന്നു. - റഹ്‌മാനി) പ്രതികാരത്തെ മതത്തിൻ്റെ ഭാഗമാക്കണമെങ്കിൽ അദ്ദേഹത്തിന് ആക്കാമായിരുന്നു. അത് അന്നത്തെ നടപടി ക്രമത്തിന് അനുസൃതവുമായിരുന്നു. പ്രത്യേകിച്ചും ക്രിസ്തീയ മതത്തോട് അത് വളരെ യോജിച്ചതുമാകുമായിരുന്നു. ക്രൈസ്തവർ ബൈത്തുൽ മുഖദ്ദസ് കീഴടക്കിയപ്പോൾ അവിടെ കൂട്ടക്കൊല നടത്തുകയും പട്ടണം പൂർണ്ണമായും തകർക്കുകയും ചെയ്തു. പക്ഷേ സ്വലാഹുദ്ദീൻ അയ്യൂബി ക്രൈസ്തവരിൽ നിന്നും ബൈത്തുൽ മുഖദ്ദസ് തിരിച്ച് പിടിച്ചപ്പോൾ ക്രൈസ്തവരോട് യാതൊരു പ്രതികാരവും ചെയ്തില്ല. മുസ്‌ലിം പോരാളികൾ ഒരിക്കലും ആരോടും പ്രതികാരം ചെയ്തിട്ടില്ല. മറിച്ച്, അവർ പോയ സ്ഥലങ്ങളിലെല്ലാം അനശ്വരമായ സ്മാരകങ്ങൾ സ്ഥാപിക്കുകയും പ്രദേശത്തെ മുഴുവൻ സസ്യശാമളമാക്കി മാറ്റുകയും ചെയ്തു. യൂറോപ്പിൻ്റെ വൈജ്ഞാനിക ശാസ്ത്ര സാങ്കേതിക വെെജ്ഞാനിക മുന്നേറ്റത്തിൻ്റെ അടിസ്ഥാനം മുഹമ്മദിൻ്റെ ശിഷ്യന്മാരുടെ ഉപകാരമാണ്. ഇസ്‌ലാമിക സംസ്കാരം പാരത്മ്യം പ്രാപിച്ച സമയത്ത് യൂറോപ്പ് അജ്ഞതയുടെ ഇരുളുകളിൽ തപ്പുകയായിരുന്നു. മുഹമ്മദും കൂട്ടരും നടത്തിയ യുദ്ധങ്ങളെല്ലാം നിർബന്ധിത സാഹചര്യത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു. അതിൻ്റെ പ്രയോജനങ്ങൾ പിൽക്കാലത്ത് വ്യക്തമായി. എന്താണെങ്കിലും ഭൂമിയിൽ രക്ത ചൊരിച്ചിൽ ലക്ഷ്യമിടുകയും മനുഷ്യൻ്റെ രക്തം കാണുമ്പോൾ സമാധാനമടയുകയും ചെയ്യുന്ന അക്രമികളെ പോലെയായിരുന്നില്ല അദ്ദേഹത്തിൻ്റെ പോരാട്ടമെന്ന് ഉറപ്പാണ്. (ദ മെസഞ്ചർ : ബാഡ്ലേ - 137)
മുഹമ്മദിൻ്റെ മാപ്പ് അനുപമം.
മുഹമ്മദിൻ്റെ വിജയം മതപരമായിരുന്നു. രാഷ്ട്രീയപരമല്ലായിരുന്നു. വ്യക്തിപരമായ പ്രശംസയെ അദ്ദേഹം തള്ളിക്കളഞ്ഞു. രാജകീയമായ ഒരു സ്ഥാന നാമങ്ങളും സ്വീകരിച്ചില്ല. അദ്ദേഹത്തോട് വലിയ അക്രമം കാണിച്ച പാപികളെ പോലെ അദ്ദേഹത്തിന് മുന്നിലെത്തിയപ്പോൾ അദ്ദേഹം ചോദിച്ചു: ഞാൻ എങ്ങനെ നിങ്ങളോട് വർത്തിക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. അവർ പറഞ്ഞു: താങ്കളും താങ്കളുടെ പിതാവും മാന്യനാണ്. ഞങ്ങൾ താങ്കളിൽ നിന്നും കരുണയും മാപ്പും ആഗ്രഹിക്കുന്നു. അപ്പോൾ അദ്ദേഹം പ്രഖ്യാപിച്ചു. നിങ്ങളെല്ലാവരും സ്വതന്ത്രരാണ്. ഞാൻ നിങ്ങൾക്ക് യാതൊരു ശിക്ഷയും നൽകുന്നില്ല. (ദ സരാസെൻസ് : അർതുർ ഗിൽമാൻ - 184)
* മുഹമ്മദ് വിട്ടു വീഴ്ച്ചയുടെ വക്താവ്.
ഫലസ്ത്വീൻ, ഈജിപ്ത്, സിറിയ ഇവിടങ്ങളിൽ മുസ്‌ലിം മുന്നേറ്റം അതിവേഗതയിലായിരുന്നു. സാധാരണ പോരാളികൾ ജനങ്ങളെ നിർബന്ധിച്ച് മതം മാറ്റുന്നത് പോലെ ഇവിടെ നിർബന്ധിത മത പരിവർത്തനം നടന്നിട്ടില്ലായെന്ന കാര്യം ശ്രദ്ധേയമാണ്. മറിച്ച്, ഈ നാട്ടുകാരെല്ലാവരും സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്‌ലാം സ്വീകരിച്ചത്. കാരണം ഇസ്‌ലാമിൻ്റെ പ്രവാചകൻ മുഹമ്മദ് ഒരിക്കലും നിർബന്ധിത മത പരിവർത്തനത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ല. യഹൂദികളും ക്രൈസ്തവരുമായി ബന്ധപ്പെട്ട അദ്ദേഹം ആരെയും നിർബന്ധിച്ച് മതം മാറ്റിയിട്ടുമില്ല. വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയപ്പോൾ യഹൂദികളെ മദീനയിൽ നിന്നും നാടുകടത്തുക മാത്രമാണ് ചെയ്തത്. മറ്റൊരു വാക്കിൽ പറഞ്ഞാൽ യഹൂദികളോടുള്ള എതിർപ്പ് മതപരമായിരുന്നില്ല, രാഷ്ട്രീയപരമായിരുന്നു. യഹൂദികളെ പുറത്താക്കിയെങ്കിലും മദീനയിൽ യഹൂദികൾ അവശേഷിച്ചിരുന്നു. അവരെ മുസ്‌ലിമാക്കാൻ ഒരിക്കലും പരിശ്രമിച്ചിട്ടില്ല. മത സ്വാതന്ത്ര്യം അനുവദിക്കുന്ന നിരവധി വചനങ്ങൾ ഖുർആനിലുണ്ട്. (ദ ലൈഫ് & ടൈംസ് ഓഫ് മുഹമ്മദ് : ജോൺ ബഗോട്ട് ഗ്ലോബൽ - 35)
* ന്യൂനപക്ഷങ്ങൾക്ക് മതസ്വാതന്ത്ര്യം.
ഇസ്‌ലാമിക ഭരണത്തിൽ യഹൂദ ക്രൈസ്തവർക്ക് സമ്പൂർണ്ണ സ്വാതന്ത്ര്യമായിരുന്നു. മത പ്രബോധനത്തിനും അവർക്ക് അനുവാദമുണ്ടായിരുന്നു. എന്നാൽ മുസ്‌ലിംകളുടെ പ്രിയങ്കര വ്യക്തിത്വമായ പ്രവാചകനെതിരിൽ അനാദരവ് കാട്ടാൻ ഒരിക്കലും അനുവദിച്ചിരുന്നില്ല. മുഹമ്മദിൻ്റെയും മതത്തിൻ്റെയും സംസ്കാരത്തിൻ്റെയും അടിസ്ഥാനം ആയുധമായിരുന്നില്ല. പാശ്ചാത്യ ലോകം ഇതിനെതിരിൽ ധാരാളം കള്ളക്കഥകൾ പ്രചരിപ്പിച്ചിട്ടും ഈ സത്യം ഇന്നും സത്യമായി തന്നെ നിലനിൽക്കുന്നു. (മുഹമ്മദ്, എ വെസ്റ്റൺ അറ്റംപ്റ്റ് റ്റു അണ്ടർസ്റ്റാൻ്റ് ഇസ്‌ലാം)
* ഇസ്‌ലാം പോലെ വിശാലതയുള്ള ഒരു മതവുമില്ല.
ഇസ്‌ലാമിനെ പോലെ വിശാല വീക്ഷണവും മത സാഹോദര്യവും പുലർത്തുന്ന മറ്റൊരു മതത്തെയും കാണാൻ സാധിക്കുകയില്ല. ഇസ്‌ലാം ഇതര ജാതി മതസ്ഥർക്ക് വലിയ സ്വാതന്ത്ര്യം നൽകി. മറ്റുള്ളവരുടെ മത വിശ്വാസങ്ങളിൽ കൈകടത്തിയില്ല. എന്നാൽ ചില പ്രത്യേക രൂപങ്ങളിൽ മുസ്‌ലിം ഭരണാധികാരികൾ രാജ്യ നന്മയെ പരിഗണിച്ച് മതങ്ങളെ കൂട്ടിയിണക്കാനും പരിശ്രമിച്ചു. മത സാഹോദര്യം മുസ്‌ലിംകളുടെ പ്രകൃതിയാണ്. ഇവിടെയെങ്കിലും നടന്ന ഒറ്റപ്പെട്ട അക്രമ സംഭവങ്ങളിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കരുത്. മറിച്ച്, ചരിത്രത്തിൻ്റെ താളുകളിൽ നിറഞ്ഞ് കിടക്കുന്ന ഇസ്‌ലാമിൻ്റെ വിശാല വീക്ഷണത്തിലേക്കും മത സ്വാതന്ത്ര്യത്തിലേക്കും നാം ശ്രദ്ധ പതിപ്പിക്കുക. (ദ പ്രീചിംഗ് ഓഫ് ഇസ്‌ലാം: ടി.ഡബ്ലിയു. ആർണൾട്)
* മത പ്രചാരണത്തിന് ഇസ്‌ലാം ആയുധമുപയോഗിച്ചു എന്ന പ്രചാരണം പച്ചക്കള്ളം.
പ്രബോധനത്തിൻ്റെ പ്രാരംഭ ദിനങ്ങളിൽ ഏകനായിരുന്നൊരു വ്യക്തി സ്വന്തം സമുദായത്തിനെതിരിൽ വാളുപയോഗിച്ച് എല്ലാവരെയും കീഴടക്കിയെന്നത് ബുദ്ധിക്ക് പോലും യോജിച്ചതല്ല. (മുഹമ്മദ് അൽ മസലുൽ അഅ്ലാ : തോമസ് കാർലൈൽ -21)
* മുഹമ്മദ് ഒരു തീവ്രദവാദിയോ രക്ത ദാഹിയോ ആയിരുന്നില്ല.
ബദ്റിലെ തടവുകാരോട് മുഹമ്മദ് പുലർത്തിയ സമീപനം അദ്ദേഹം തീവ്രവാദിയോ രക്തദാഹിയോ ആയിരുന്നില്ലെന്നതിന് വ്യക്തമായ തെളിവാണ്. കഴിവിൻ്റെ പരമാവധി വഴക്കുകളിൽ നിന്നും യുദ്ധങ്ങളിൽ നിന്നും അകന്ന് കഴിയുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ശൈലി. അറേബ്യ മുഴുവനും അദ്ദേഹത്തിൻ്റെ കാൽക്കീഴിൽ വന്നിട്ടും അദ്ദേഹം ഇസ്‌ലാം സ്വീകരിക്കാൻ ആരെയും നിർബന്ധിക്കുകയുണ്ടായില്ല. മറിച്ച്, എതിരാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയും ആരുടെയും വിശ്വാസ ആചാരങ്ങളിൽ കൈകടത്തരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു. (അറസൂൽ ഫി ഗർബിയത്തിൻ മുൻസിഫ : ലോർഡ് ഹൈഡ്ലി -104)
* മുഹമ്മദ് ജനങ്ങളുടെ മനസ്സുകളെ മാറ്റി മറിച്ച വ്യക്തിത്വം.
സംസാര സ്പുടതയിലും മത ലാളിത്യത്തിലും മുഹമ്മദ് മറ്റുള്ളവരിൽ നിന്നും വ്യതിരിക്തരാണ്. സ്വഭാവം തകർന്ന് കിടന്ന ഒരു സമൂഹത്തെ സൽസ്വഭാവ സമ്പന്നരാക്കി എന്നത് അത്ഭുതം നിറഞ്ഞതും ചരിത്രത്തിലെ അസാധാരണം നിറഞ്ഞതുമായ ഒരു സംഭവം തന്നെയാണ്. (അറസൂൽ ഫി ഗർബിയത്തിൻ മുൻസിഫ : വില്യം മൂർ)
ഇത് പോലെ ധാരാളം പാശ്ചാത്യ പണ്ഡിതർ റസൂലുല്ലാഹി (സ)യുടെ പ്രബോധന പ്രവർത്തനങ്ങളിൽ യാതൊരുവിധ നിർബന്ധവുമില്ലായിരുന്നു എന്നും അതിൻ്റെ വിജയ മുന്നേറ്റങ്ങളുടെ അടിസ്ഥാനം റസൂലുല്ലാഹി (സ)യുടെയും സ്വഹാബത്തിൻ്റെയും സ്വഭാവ മഹിമയായിരുന്നു എന്നും തുറന്നു പറഞ്ഞിട്ടുണ്ട്. ഇത് പോലെ പൗരസ്ത്യ പണ്ഡിതരും വിശിഷ്യാ ഇന്ത്യൻ മഹത്തുക്കളും ഇക്കാര്യം ശക്തവും വ്യക്തവുമായി പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് ഡോ. എൻ.കെ. സിംഗ് ഡൽഹിയിലെ ഇൻ്റർനാഷണൽ സെൻ്റർ ഓഫ് റിലീജിയസ് സ്റ്റഡീസിൻ്റെ ഡയറക്ടറാണ്. ഗ്ലോബൽ വിഷൻ എന്ന പേരിൽ അവിടെ നിന്നുമൊരു ത്രൈമാസിക പ്രസീദ്ധീകരിക്കപ്പെടുന്നുണ്ട്. ഇസ്‌ലാമിക വിഷയങ്ങളെ കുറിച്ച് പഠനം നടത്തിയ അദ്ദേഹം ‘പ്രോഫറ്റ് മുഹമ്മദ് ആൻഡ് ഹിസ് കമ്പാനിയൻസ്' റസൂലുല്ലാഹി (സ)യെ കുറിച്ച് ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വിവിധ ശീർഷകങ്ങൾക്ക് കീഴിൽ കാര്യങ്ങൾ വിവരിക്കുന്ന അദ്ദേഹം ഇസ്‌ലാം നിർബന്ധിത മാർഗ്ഗത്തിലല്ല, സ്വഭാവ സവിശേഷതകളിലൂടെയാണ് പ്രചരിച്ചതെന്ന് ശക്തമായി സമർത്ഥിച്ചിട്ടുണ്ട്. ഇസ്‌ലാമിലെ നീതിയെയും ന്യായത്തെയും വാഴ്ത്തി കൊണ്ട് അദ്ദേഹം കുറിക്കുന്നു: പ്രവാചകൻ മുഹമ്മദിൻ്റെ അവസാനത്തെ പത്ത് വർഷങ്ങളിൽ നടന്ന പോരാട്ടങ്ങളിൽ ആകെ മരണപ്പെട്ടത് ഇരുന്നൂറ്റി അമ്പത് അമുസ്‌ലിംകളാണ്. ഈ പോരാട്ടങ്ങളിലൂടെ പ്രവിശാലമായ അറേബ്യൻ ഭൂമിയിൽ നിന്നും പ്രശ്നങ്ങളെല്ലാം തുടച്ച് നീക്കപ്പെട്ടു. പ്രവാചകൻ വർഗ്ഗീയതയിൽ നിന്ന് അകന്ന് മാറുകയും നീതിയും ന്യായവും ഉത്ഘോഷിക്കുകയും ചെയ്തു. ഇസ്‌ലാമിൻ്റെ നീതിയിൽ വലിയ ഭരണാധികാരിയും പൊതു പൗരനെ പോലെയായിരുന്നു. മുസ്‌ലിം ഭരണാധികാരികൾ അമുസ്‌ലിം പൗരന്മാർക്ക് മത സാംസ്കാരിക വിഷയങ്ങളിൽ പരിപൂർണ്ണ സ്വാതന്ത്ര്യം നൽകുകയുണ്ടായി. (പ്രോഫറ്റ് മുഹമ്മദ് ആൻഡ് ഹിസ് കമ്പാനിയൻസ് - 21)
ഇന്ത്യൻ സാഹിത്യകാരനായ മുൻഷി പ്രേംചന്ദ് എഴുതുന്നു: അറഫാ മലയുടെ മുകളിൽ വെച്ച് പ്രവാചകൻ നടത്തിയ പ്രഭാഷണം പുതു ജീവൻ നിറഞ്ഞ തേൻ മഴയായിരുന്നു. ഈ പ്രഭാഷണത്തിലെ ഓരോ വാക്കുകളിലും നീതിയും ന്യായവും തുടിച്ച് നിൽക്കുന്നു. വളരെ വ്യക്തമായി പറയട്ടെ, പൊതുജനങ്ങൾക്ക് ഇസ്‌ലാം നൽകുന്ന ശക്തി മറ്റൊരു മതവും നൽകുന്നില്ല. നമസ്കാരത്തിൻ്റെ സന്ദർഭത്തിൽ പണക്കാരനും പാവപ്പെട്ടവനും ഒരേ അണിയിൽ നിൽക്കുന്നത് എത്ര വലിയ സന്ദേശമാണ്. (ഇസ്‌ലാമീ തഹ്ദീബ് - 14)
ശ്രീ. രാജേന്ദ്ര നാരായണൻ കുറിക്കുന്നു: ഇസ്‌ലാമിലൂടെ ഉണ്ടായ മാറ്റം ചരിത്രത്തിൻ്റെ തന്നെ പുതിയൊരു അധ്യായമാണ്. മുഹമ്മദിൻ്റെ ഏറ്റവും വലിയ വിജയമായ മക്കാ വിജയത്തിൽ കഠിന ദ്രോഹികളായ രണ്ട് മൂന്ന് പേരൊഴിച്ച് വേറെ ആരുടെയും ജീവൻ നഷ്ടപ്പെടുകയുണ്ടായില്ല. കടുത്ത അക്രമം കാട്ടിയ ആളുകളെയെല്ലാം പ്രതികാരം ചെയ്യാതെ വെറുതെ വിട്ടു. ലോക ചരിത്രത്തിൽ ഇത്തരം സന്ദർഭങ്ങളിലെല്ലാം വലിയ കൂട്ടക്കൊലകളാണ് അരങ്ങേറിയിട്ടുള്ളത്. അനാഥനായും വിദ്യാഭ്യാസമില്ലാതെയും വളർന്ന മുഹമ്മദിന് ദൈവിക വിജ്ഞാനം ധാരാളം ലഭിച്ചു. ജനങ്ങളുടെ അക്രമങ്ങൾ സഹിച്ച് അദ്ദേഹം അവർക്ക് വേണ്ടി പ്രാർത്ഥിക്കുമായിരുന്നു. വളരെ നിർബന്ധിത സാഹചര്യത്തിൽ മാത്രമാണ് യുദ്ധങ്ങൾ നടത്തിയത്. യുദ്ധത്തിന് ശേഷവും എല്ലാവർക്കും മാപ്പ് നൽകിയിരുന്നു. (ഇസ്‌ലാം ഏക് ഈശ്വരിയ്യ ജീവൻ വ്യവസ്ഥ - 33)
ഇസ്‌ലാമിനെതിരിൽ നടക്കുന്ന പ്രചാരണങ്ങളിൽ ആകൃഷ്ടനാവുകയും ഇസ്‌ലാമിനെ തെറ്റിദ്ധരിക്കുകയും ഇസ്‌ലാമിക തീവ്രവാദത്തിൻ്റെ ചരിത്രം എന്ന പുസ്തമെഴുതുകയും ചെയ്ത സ്വാമി ലക്ഷ്മി ശങ്കരാചാര്യ പിന്നീട് ചില മുസ്‌ലിംകളുമായി ബന്ധപ്പെടുകയും റസൂലുല്ലാഹി (സ)യെ കുറിച്ച് പഠിക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിൻ്റെ വീക്ഷണത്തിൽ വലിയ പരിവർത്തനമുണ്ടാക്കി. പിന്നീട് ഇസ്‌ലാം ഭീകരതയല്ല എന്ന രചന തയ്യാറാക്കിയ അദ്ദേഹം ഇസ്‌ലാമിലെ പോരാട്ടം അങ്ങേയറ്റം നിർബന്ധിത സാഹചര്യത്തിൽ മാത്രമായിരുന്നുവെന്നും വളരെ മാന്യമായ നിലയിലായിരുന്നുവെന്നും വിവരിക്കുന്നു: ...... (ഇസ്‌ലാം ഭീകരതയല്ല. പ്രസിദ്ധീകരണം : ഐ.പി. എച്ച്)
************
മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുൽ മുംതഹിന-2 (13 ആയത്തുകൾ, പദങ്ങൾ 348, അക്ഷരങ്ങൾ 1510, മദീനാ മുനവ്വറയിൽ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 91. പാരായണ ക്രമം 60. സൂറത്തുൽ അഹ്സാബിന് ശേഷം അവതരണം) എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തിൽ ആരംഭം
ശത്രുതകള്‍ മാറി സമാധാനപരമായ അവസ്ഥ വരാന്‍ പരിശ്രമിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുക, അക്രമികളല്ലാത്ത അമുസ്ലിംകളോട് നല്ലനിലയില്‍ വര്‍ത്തിക്കുക.
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 07-09
۞ عَسَى اللَّهُ أَن يَجْعَلَ بَيْنَكُمْ وَبَيْنَ الَّذِينَ عَادَيْتُم مِّنْهُم مَّوَدَّةً ۚ وَاللَّهُ قَدِيرٌ ۚ وَاللَّهُ غَفُورٌ رَّحِيمٌ (7) لَّا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ (8) إِنَّمَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ قَاتَلُوكُمْ فِي الدِّينِ وَأَخْرَجُوكُم مِّن دِيَارِكُمْ وَظَاهَرُوا عَلَىٰ إِخْرَاجِكُمْ أَن تَوَلَّوْهُمْ ۚ وَمَن يَتَوَلَّهُمْ فَأُولَٰئِكَ هُمُ الظَّالِمُونَ (9)
നിങ്ങളുടെയും അവരില്‍ നിന്നും നിങ്ങള്‍ ശത്രുത പുലര്‍ത്തുന്നവരുടെയും ഇടയില്‍ അല്ലാഹു സ്നേഹം ഉണ്ടാക്കിയേക്കാം. അല്ലാഹു കഴിവുള്ളവനാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണയുള്ളവനുമാണ്.(7) മത വിഷയത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്നും നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്തവരോട് ഉപകാരവും നീതിയും പുലര്‍ത്തുന്നതില്‍ നിന്നും അല്ലാഹു നിങ്ങളെ തടയുന്നില്ല. നിശ്ചയം നീതിമാന്മാരെ അല്ലാഹു ഇഷ്ടപ്പെടുന്നു.(8) മതവിഷയത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്നും നിങ്ങളെ പുറത്താക്കുകയും പുറത്താക്കാന്‍ സഹായിക്കുകയും ചെയ്തവരുമായി ആത്മബന്ധം സ്ഥാപിക്കുന്നതിനെയാണ് അല്ലാഹു തടഞ്ഞിരിക്കുന്നത്. ആരെങ്കിലും അവരോട് ആത്മബന്ധം സ്ഥാപിച്ചാല്‍ അവര്‍ വലിയ അക്രമികളാണ്.(9) ആശയ സംഗ്രഹം കഴിഞ്ഞ ആയത്തുകളില്‍ വിവരിക്കപ്പെട്ട കടുത്ത ശൈലിയുടെ പേരില്‍ ചില മുസ്ലിംകള്‍ക്ക് സ്വഭാവികമായും ദു:ഖമുണ്ടായി. അവരുടെ കുടുംബങ്ങളുമായി ബന്ധമില്ലാതെ കഴിയുന്നത് അവര്‍ക്ക് വിഷമമായിരുന്നു. ഇത്തരുണത്തില്‍ സന്തോഷ വാര്‍ത്ത എന്നോണം പടച്ചവന്‍ ഒരു പ്രവചനം നടത്തുന്നു: നിങ്ങളുടെയും അവരില്‍ നിന്നും നിങ്ങള്‍ ശത്രുത പുലര്‍ത്തുന്നവരുടെയും ഇടയില്‍ അല്ലാഹു സ്നേഹം ഉണ്ടാക്കിയേക്കാം. ഇത് പടച്ചവന്‍റെ ഒരു വാഗ്ദാനം കൂടിയാണ്. അതായത്, അവരില്‍ പലരും സത്യം സ്വീകരിക്കുകയും അങ്ങനെ ശത്രുത ആത്മാര്‍ത്ഥ സ്നേഹമായി മാറുകയും ചെയ്യുന്നതാണ്. ഇത് നടക്കാത്ത കാര്യമാണെന്ന് വിചാരിക്കരുത്. കാരണം അല്ലാഹു വലിയ കഴിവുള്ളവനാണ്. അങ്ങനെ ഏതാനും നാളുകള്‍ക്ക് ശേഷം മക്കാവിജയം സംഭവിക്കുകയും ധാരാളം ജനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. ചുരുക്കത്തില്‍ ആയത്തിന്‍റെ ആശയം ഇതാണ്: നിഷേധികളുമായിട്ടുള്ള ബന്ധവിച്ഛേദനം കാലാകാലത്തേക്കാണെങ്കിലും പടച്ചവന്‍റെ കല്‍പ്പന എന്ന നിലയില്‍ അനുസരിക്കേണ്ടത് തന്നെയാണ്. എന്നാല്‍ ഇവിടെയുള്ള കല്‍പ്പന കുറഞ്ഞ കാലത്തേക്ക് മാത്രമുള്ളതാണ്. കൂടാതെ, അവര്‍ സത്യവിശ്വാസം സ്വീകരിക്കുന്ന കാരണത്താല്‍ പഴയ സൗഹൃദം പൂര്‍വ്വാധികം സുന്ദരമായ നിലയില്‍ മടങ്ങി വരുന്നതുമാണ്. ആകയാല്‍ ഇത് വലിയ കുഴപ്പമൊന്നുമുള്ള കാര്യമല്ല. എന്നാല്‍ ഈ നിയമത്തെ പാലിക്കുന്നതില്‍ നിങ്ങളില്‍ ചിലര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. അവര്‍ അതില്‍ നിന്നും പശ്ചാത്തപിക്കുകയും ചെയ്തു. അല്ലാഹു അവര്‍ക്ക് വളരെ പൊറുക്കുന്നവനും കരുണയുള്ളവനുമാണ്. കഴിഞ്ഞ ആയത്തുകളില്‍ നിഷേധികളോട് ബന്ധം പാടില്ലെന്നതിനെക്കുറിച്ചുള്ള വിവരണമായിരുന്നു. അടുത്ത ആയത്തില്‍ നിഷേധികളെ രണ്ട് വിഭാഗമാക്കുകയും അതില്‍ ഒരു വിഭാഗത്തോട് ഉത്തമമായ നിലയില്‍ വര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു: മത വിഷയത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്നും നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്തവരോട് ഉപകാരവും നീതിയും പുലര്‍ത്തുന്നതില്‍ നിന്നും അല്ലാഹു നിങ്ങളെ തടയുന്നില്ല. ഇത് കൊണ്ടുള്ള ഉദ്ദേശം മുസ്ലിംകളുടെ കീഴില്‍ കഴിയുകയോ, മുസ്ലിംകളുമായി സന്ധിയിലാവുകയോ ചെയ്ത അമുസ്ലിംകളാണ്. അവരോട് സ്നേഹ സൗഹാര്‍ദ്ധ പൂര്‍വ്വം വര്‍ത്തിക്കാവുന്നതാണ്. എന്നാല്‍ നീതിയും ന്യായവും അവരല്ലാത്ത നിഷേധികളോടും മൃഗങ്ങളോടും പോലും നിര്‍ബന്ധമാണ്. അതുകൊണ്ട് ഈ ആയത്തിലെ നീതി എന്നതുകൊണ്ടുള്ള ഉദ്ദേശം ഉപകാര പൂര്‍ണ്ണമായ നീതിയാണ്. നിശ്ചയം നീതിമാന്മാരെ അല്ലാഹു ഇഷ്ടപ്പെടുന്നു. എന്നാല്‍ മതവിഷയത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയോ, യുദ്ധം ചെയ്യാന്‍ തീരുമാനിച്ച് കഴിയുകയോ ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്നും നിങ്ങളെ പുറത്താക്കുകയും ഇനി പുറത്താക്കിയില്ലെങ്കില്‍ തന്നെ പുറത്താക്കാന്‍ സഹായിക്കുകയും ചെയ്തവരുമായി ആത്മബന്ധം സ്ഥാപിക്കുന്നതിനെയാണ് അല്ലാഹു തടഞ്ഞിരിക്കുന്നത്. അവരോട് സ്നേഹ സൗഹാര്‍ദ്ധങ്ങള്‍ പാടുള്ളതല്ല. അവരോട് നിങ്ങള്‍ യുദ്ധാവസ്ഥയില്‍ കഴിയുകയാണ്. ആരെങ്കിലും അവരോട് ആത്മബന്ധം സ്ഥാപിച്ചാല്‍ അവര്‍ വലിയ അക്രമികളാണ്. വിവരണവും വ്യാഖ്യാനവും കഴിഞ്ഞ ആയത്തുകളില്‍ നിഷേധികളോട് സൗഹൃദം സ്ഥാപിക്കുന്നതിനെ ശക്തിയുക്തം തടയുകയുണ്ടായി. സഹാബാ മഹത്തുക്കള്‍ അല്ലാഹുവിന്‍റെയും ദൂതരുടെയും കല്‍പ്പനകള്‍ പാലിക്കുന്ന വിഷയത്തില്‍ സ്വന്തം താല്‍പ്പര്യമോ, കുടുംബ മിത്രങ്ങളുമായിട്ടുള്ള ബന്ധമോ പരിഗണിക്കാറില്ലായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ ഈ നിര്‍ദ്ദേശം ശക്തമായി പാലിക്കാന്‍ ആരംഭിച്ചു. അന്ന് ചില കുടുംബങ്ങളില്‍ പിതാവ് മുസ്ലിം മകന്‍ നിഷേധിയും മകന്‍ മുസ്ലിമും പിതാവ് നിഷേധിയുമായിരുന്നു. അവര്‍ നിഷേധികളുമായിട്ടുള്ള ബന്ധങ്ങളെല്ലാം ഉപേക്ഷിച്ചു. പക്ഷേ, ഇത് അവരുടെ മനസ്സുകള്‍ക്ക് വലിയ ദു:ഖം പകരുകയും ചെയ്തു. ഇത്തരുണത്തില്‍ അല്ലാഹു ഈ പ്രയാസത്തെ അടുത്ത് തന്നെ ദൂരീകരിക്കുന്നതാണെന്ന് അല്ലാഹു ഈ ആയത്തിലൂടെ സന്തോഷ വാര്‍ത്ത അറിയിക്കുന്നു. ഒരു ഹദീസില്‍ വരുന്നു: ആരെങ്കിലും പടച്ചവന്‍റെ തൃപ്തി ആഗ്രഹിച്ചുകൊണ്ട് തനിയ്ക്ക് പ്രിയങ്കരമായ വസ്തുവിനെ ഉപേക്ഷിച്ചാല്‍ ചിലപ്പോള്‍ അല്ലാഹു അതേ വസ്തുവിനെ അനുവദനീയമായ നിലയില്‍ അവന് എത്തിച്ച് കൊടുക്കുന്നതാണ്. മറ്റ് ചിലപ്പോള്‍ അതിനേക്കാളും ഉത്തമമായതിനെ കൊടുക്കുന്നതാണ്! ഈ ആയത്തല്‍ അല്ലാഹു സൂചിപ്പിക്കുന്നു: ഇന്ന് ചിലര്‍ നിഷേധത്തില്‍ കഴിയുകയാണ്. തല്‍ഫലമായി അവര്‍ നിങ്ങളോടും നിങ്ങള്‍ അവരോടും ശത്രുത പുലര്‍ത്തുന്നു. എന്നാല്‍ അല്ലാഹു ഈ ശത്രുതയെ സ്നേഹ സൗഹൃദമാക്കി മാറ്റാന്‍ സാധ്യതയുണ്ട്. അതായത്, അവര്‍ക്ക് സത്യവിശ്വാസത്തിന് സൗഭാഗ്യം നല്‍കി നിങ്ങള്‍ക്കിടയിലുള്ള പരസ്പര ബന്ധം പഴയതിനേക്കാളും ഊഷ്മളവും നിഷ്കളങ്കവുമാക്കുന്നതാണ്. ഈ പ്രവചനത്തിന്‍റെ പുലര്‍ച്ച മക്കാവിജയത്തിന്‍റെ സന്ദര്‍ഭത്തില്‍ സംഭവിച്ചു. കടുത്ത നിഷേധം കാരണമായി കൊല്ലപ്പെട്ട നിഷേധി ഒഴിച്ച് മറ്റെല്ലാവരും ഇസ്ലാം സ്വീകരിച്ചു. (മസ്ഹരി) ജനങ്ങള്‍ സംഘംസംഘമായി അല്ലാഹുവിന്‍റെ ദീനിലേക്ക് പ്രവേശിക്കുന്ന സുന്ദര സന്ദര്‍ഭം സംജാതമായി. അസ്മാഅ് (റ) വിവരിക്കുന്നു: എന്‍റെ മാതാവ് ഹുദൈബിയ്യാ സന്ധിയുടെ ഘട്ടത്തില്‍ മക്കയില്‍ നിന്നും മദീനയിലേക്ക് വന്നു. അവര്‍ കുറച്ച് ഉപഹാരങ്ങളും കൊണ്ടുവന്നിരുന്നു. അസ്മാഅ് (റ) അത് സ്വീകരിച്ചില്ലെന്ന് മാത്രമല്ല, അവരെ വീട്ടില്‍ കയറ്റുന്നതിനെക്കുറിച്ച് സംശയിക്കുകയും ചെയ്തു. അങ്ങനെ അവര്‍ റസൂലുല്ലാഹി (സ)യോട് ചോദിച്ചു: എന്‍റെ മാതാവ് എന്നെ കാണാന്‍ വന്നിരിക്കുന്നു. അവര്‍ നിഷേധിയാണ്. ഞാന്‍ അവരോട് എങ്ങനെ വര്‍ത്തിക്കണം? റസൂലുല്ലാഹി (സ) അരുളി: അവരോട് കുടുംബ ബന്ധം ചേര്‍ക്കുകയും നല്ലനിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. തദവസരം അവതരിച്ചു: മത വിഷയത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്നും നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്തവരോട് ഉപകാരവും നീതിയും പുലര്‍ത്തുന്നതില്‍ നിന്നും അല്ലാഹു നിങ്ങളെ തടയുന്നില്ല. നിശ്ചയം നീതിമാന്മാരെ അല്ലാഹു ഇഷ്ടപ്പെടുന്നു.(8) മറ്റൊരു നിവേദനം ഇപ്രകാരമാണ്: അസ്മാഅ് ബീവി (റ)യുടെ മാതാവിനെ അബൂബക്ര്‍ സിദ്ദീഖ് (റ) ജാഹിലിയ്യാ കാലത്ത് വിവാഹ മോചനം ചെയ്തിരുന്നു. അവരെക്കുറിച്ചാണ് ഈ നിവേദനത്തില്‍ പറഞ്ഞിരിക്കുന്നത്. അസ്മാഅ് ബീവി (റ)യുടെ സഹോദരി ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ (റ) സിദ്ദീഖ് (റ)ന്‍റെ മറ്റൊരു ഭാര്യയായ ഉമ്മുറൂമാന്‍ (റ) അവര്‍കളില്‍ നിന്നുമുള്ളതാണ്. അവര്‍ ഇസ്ലാം സ്വീകരിച്ചു. (ഇബ്നു കസീര്‍). മുസ്ലിംകളുമായി യുദ്ധം ചെയ്യാതിരിക്കുകയും നാട്ടില്‍ നിന്നും പുറത്താക്കുന്നതില്‍ പങ്ക് വഹിക്കാതിരിക്കുകയും ചെയ്യുന്ന നിഷേധികളോട് നീതിയും ന്യായവും ഉപകാരവും പുലര്‍ത്തണമെന്ന് ഈ ആയത്ത് നിര്‍ദ്ദേശിക്കുന്നു. നീതിയും ന്യായവും എല്ലാ നിഷേധികളോടും നിര്‍ബന്ധമാണ്. അതില്‍ കീഴിലുള്ളവര്‍, സന്ധിയിലുള്ളവര്‍, യുദ്ധം ചെയ്യുന്നവര്‍, ശത്രുക്കള്‍ എല്ലാവരും സമമാണ്. മാത്രമല്ല, ഇസ്ലാമില്‍ നീതിയും ന്യായവും മൃഗങ്ങളോട് പോലും നിര്‍ബന്ധമാണ്. അവയുടെ കഴിവില്‍ പെടാത്ത ഭാരം അവയുടെ മേല്‍ ചുമത്താന്‍ പാടില്ല. അവയ്ക്ക് മാന്യമായ ആഹാരവും വിശ്രമവും നല്‍കേണ്ടതാണ്. ഈ ആയത്തിന്‍റെ അടിസ്ഥാന ലക്ഷ്യം അവരോട് ഉപകാരവും ഗുണവും ചെയ്യുക എന്നതാണ്. മസ്അല: സുന്നത്തായ ദാനധര്‍മ്മങ്ങള്‍ കീഴിലുള്ള നിഷേധികള്‍ക്കും സന്ധിയിലുള്ള നിഷേധികള്‍ക്കും നല്‍കണമെന്ന് ഈ ആയത്തിലൂടെ സ്ഥരിപ്പെടുന്നു. യുദ്ധത്തിലുള്ള നിഷേധികള്‍ക്ക് മാത്രമാണ് കൊടുക്കാന്‍ പാടില്ലാത്തത്. മതവിഷയത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്നും നിങ്ങളെ പുറത്താക്കുകയും പുറത്താക്കാന്‍ സഹായിക്കുകയും ചെയ്തവരുമായി ആത്മബന്ധം സ്ഥാപിക്കുന്നതിനെയാണ് അല്ലാഹു തടഞ്ഞിരിക്കുന്നത്. ആരെങ്കിലും അവരോട് ആത്മബന്ധം സ്ഥാപിച്ചാല്‍ അവര്‍ വലിയ അക്രമികളാണ്.(9) മുസ്ലിംകളോട് യുദ്ധം ചെയ്യുകയും അവരെ വീടുകളില്‍ നിന്നും പുറത്താക്കുന്നതില്‍ പങ്ക് വഹിക്കുകയും ചെയ്ത നിഷേധികളെക്കുറിച്ചാണ് ഈ ആയത്ത് വിവരിക്കുന്നത്. അവരോട് ഹൃദയംഗമായ സഹകരണവും സൗഹൃദവും പാടില്ല. എന്നാല്‍ അവരോട് ഉപകാരങ്ങള്‍ ചെയ്യാന്‍ പാടില്ലായെന്ന് ഇതിന് ആശയമില്ല. ഹൃദയംഗമായ സൗഹൃദ സ്നേഹ ബന്ധങ്ങള്‍ പാടില്ലെന്നാണ്. ഇത്തരം സ്നേഹ ബന്ധങ്ങള്‍ അവരോട് മാത്രമല്ല, ഇസ്ലാമുമായി ശരിയായ ബന്ധമില്ലാത്ത ആരോടും പാടുള്ളതല്ല. ഖാളി സനാഉല്ലാഹ് (റ) കുറിക്കുന്നു: യുദ്ധം ചെയ്യുന്ന നിഷേധികളോട് പോലും നീതിയും ന്യായവും നിര്‍ബന്ധമായും പുലര്‍ത്തണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. സുഹൃദ് ബന്ധം മാത്രമാണ് തടയപ്പെട്ടിട്ടുള്ളത്. പരോപകാരം തടയപ്പെട്ടിട്ടില്ല. ഉപകാരപൂര്‍ണ്ണമായ ബന്ധം യുദ്ധം ചെയ്യുന്ന ശത്രുക്ളോടും അനുവദനീയമാണ്. പക്ഷേ, ഈ ഉപകാരപൂര്‍ണ്ണമായ ബന്ധം കൊണ്ട് മറ്റ് മുസ്ലിംകള്‍ക്ക് കുഴപ്പങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. മറ്റ് മുസ്ലിംകള്‍ക്ക് കുഴപ്പങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍ നിഷേധികള്‍ക്ക് ഉപകാരങ്ങള്‍ ചെയ്യാന്‍ പാടില്ല. എന്നാല്‍ നീതിയും ന്യായവും ഏതവസ്ഥയിലും എല്ലാവരോടും നിര്‍ബന്ധമാണ്.
മആരിഫുല്‍ ഹദീസ്
രോഗവും വിയോഗവും
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
133. ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ)യുടെ വിയോഗ വാർത്ത അറിഞ്ഞയുടനെ അബൂബക്ർ (റ) സനഹ് എന്ന സ്ഥലത്തുള്ള വീട്ടിൽ നിന്നും മസ്ജിദുന്നബവിയിലേക്ക് വന്നു. ഒട്ടകത്തെ അതിനടുത്ത് നിർത്തി. മസ്ജിദിലേക്ക് പ്രവേശിച്ചെങ്കിലും അവിടെ ഉണ്ടായിരുന്നവരോട് ഒന്നും സംസാരിക്കാതെ ആഇശ (റ)യുടെ വീട്ടിൽ എത്തി റസൂലുല്ലാഹി (സ)യുടെ അരികിലേക്ക് വന്നു. റസൂലുല്ലാഹി (സ) വരയുള്ള ഒരു യമനീ പുതപ്പ് പുതക്കപ്പെട്ടിരുന്നു. അബൂബക്ർ (റ) അത് മാറ്റി തിരുവദനം തുറന്നു. തുടർന്നു അതിലേക്ക് കുനിഞ്ഞു ചുംബിച്ചു കൊണ്ടരുളി: അങ്ങയുടെ മേൽ എൻ്റെ മാതാപിതാക്കൾ അർപ്പണം. അല്ലാഹുവിൽ സത്യം രണ്ട് മരണങ്ങൾ ഒരുമിച്ച് കൂടുന്നതല്ല. അല്ലാഹു താങ്കൾക്ക് വിധിച്ച മരണം സംഭവിച്ചിരിക്കുന്നു. ഇതേ സംഭവം ഇബ്നു അബ്ബാസ് (റ) ഇപ്രകാരം വിവരിക്കുന്നു: അബൂബക്ർ (റ) ആഇശ (റ)യുടെ വീട്ടിൽ നിന്നും പുറത്തേക്ക് വന്നു. തദവസരം ഉമർ (റ) പ്രത്യേക അവസ്ഥയിൽ ജനങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അബൂബക്ർ (റ) പറഞ്ഞു: ഉമറേ, അവിടെ ഇരിക്കുക. ഇപ്പോൾ സംസാരിക്കുന്ന കാര്യങ്ങൾ സംസാരിക്കാതെ ഇരിക്കുക. എന്നാൽ ഉമർ (റ) പ്രത്യേക അവസ്ഥ കാരണം അത് അംഗീകരിച്ചില്ല. ഉടനെ അബൂബക്ർ (റ) മിമ്പറിന് അരികിലേക്ക് വന്നു. അപ്പോൾ ജനങ്ങൾ എല്ലാവരും ഉമർ (റ)നെ വിട്ട് അബൂബക്ർ (റ)ൻ്റെ സംസാരം കേൾക്കാൻ അദ്ദേഹത്തിൻ്റെ അടുക്കലേക്ക് വന്നു. അബൂബക്ർ (റ) ഹംദ് സ്വലാത്തുകൾ ചൊല്ലി കൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു. നിങ്ങളിൽ ആരെങ്കിലും മുഹമ്മദ് നബിയെ ആരാധിച്ചിരുന്നെങ്കിൽ മുഹമ്മദ് നബി മരണപ്പെട്ടിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെ ആരാധിച്ചിരുന്നെങ്കിൽ അല്ലാഹു എന്നും ജീവിച്ചിരിക്കുന്നവനാണ്. അല്ലാഹു തആലാ അറിയിക്കുന്നു: ...... [ആലു ഇംറാൻ 144] (ബുഖാരി)
വിവരണം: റസൂലുല്ലാഹി (സ)യുടെ വിയോഗം നടന്ന ദിവസം പ്രഭാതത്തിൽ അവസ്ഥ വളരെ സമാധാന പ്രദമായിരുന്നുവെന്ന് മുമ്പ് ഉദ്ധരിച്ച ചില ഹദീസുകളിൽ നിന്നും വ്യക്തമായി. അതുകൊണ്ട് അത്രയും ദിവസം റസൂലുല്ലാഹി (സ)യുടെ അരികിൽ തന്നെയുണ്ടായിരുന്ന അബൂബക്ർ (റ) സമാധാനിക്കുകയും സനഹ് എന്ന സ്ഥലത്തുള്ള വീട്ടിലേക്ക് പോവുകയും ചെയ്തു. ഇതിനിടയിൽ റസൂലുല്ലാഹി (സ)യുടെ വിയോഗം സംഭവിച്ചു. ഇതറിഞ്ഞ ജനങ്ങൾ മസ്ജിദുന്നബവിയിൽ ഒരുമിച്ച് കൂടാൻ തുടങ്ങി. അക്കൂട്ടത്തിൽ ഉമർ (റ) അവർകളുമുണ്ടായിരുന്നു. റസൂലുല്ലാഹി (സ)യുടെ വിയോഗം സംഭവിച്ചുവെന്ന് അംഗീകരിക്കാനല്ല, കേൾക്കാൻ പോലും അദ്ദേഹം സന്നദ്ധനായില്ല. ഒരു നിവേദനത്തിൽ ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ)യുടെ വിയോഗം സംഭവിച്ചപ്പോൾ ഞാൻ ഒരു പുതപ്പ് കൊണ്ട് മൂടി. ഉടനെ ഉമർ (റ), മുഗീറ (റ) ഇരുവരും വന്നു. അവർ അകത്തേക്ക് കടക്കാൻ അനുവാദം ചോദിച്ചു. ഞാൻ മറഞ്ഞു നിന്നു. അവർ അകത്തേക്ക് പ്രവേശിച്ചു. തദവസരം റസൂലുല്ലാഹി (സ)യെ ഉമർ (റ) വിളിച്ചു പറഞ്ഞു: ഇത് ശക്തമായ ഒരു അബോധാവസ്ഥയാണല്ലോ ! ശേഷം ഇരുവരും പുറത്തേക്ക് പോയി. അപ്പോൾ മുഗീറ (റ) പറഞ്ഞു: ഇത് അബോധാവസ്ഥയല്ല, റസൂലുല്ലാഹി (സ)യുടെ വിയോഗം സംഭവിച്ചിരിക്കുന്നു. ഉടനെ അദ്ദേഹത്തെ ശക്തമായി വിരട്ടി കൊണ്ട് ഉമർ (റ) പറഞ്ഞു: ചില കാര്യങ്ങൾ ചെയ്തിട്ടല്ലാതെ റസൂലുല്ലാഹി (സ) ഈ ലോകത്ത് നിന്നും യാത്രയാകുന്നതല്ല. (ഫത്ഹുൽ ബാരി) ചുരുക്കത്തിൽ ഉമർ (റ)ൻ്റെ അവസ്ഥയിതായിരുന്നു. അദ്ദേഹം അതിശക്തമായ നിലയിൽ ജനങ്ങളോട് ഇപ്രകാരം സംസാരിച്ചു കൊണ്ടിരുന്നു. ഇതിനിടയിൽ അബൂബക്ർ (റ) കുതിരപ്പുറത്ത് യാത്ര ചെയ്ത് അവിടെയെത്തി. ആദ്യം മസ്ജിദിലേക്ക് വന്നെങ്കിലും അവിടെ ഉണ്ടായിരുന്നവരോട് ഒന്നും സംസാരിക്കാതെ ആഇശ (റ)യുടെ വീട്ടിലെത്തി. റസൂലുല്ലാഹി (സ)യുടെ തിരുവദനത്തിൽ നിന്നും വസ്ത്രം മാറ്റി, കരഞ്ഞു കൊണ്ട് നെറ്റിയിൽ ചുംബിക്കുകയും മുകളിൽ ഉദ്ധരിച്ച വാചകം പറയുകയും ചെയ്തു. മറ്റൊരു നിവേദനത്തിൽ അതിനോടൊപ്പം ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ പറഞ്ഞതായും വന്നിട്ടുണ്ട്. (ബുഖാരി) ശേഷം അബൂബക്ർ (റ) പുറത്തേക്ക് വന്നു. അവിടെ ഉമർ (റ) സ്വന്തം അഭിപ്രായ പ്രകാരം ജനങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അബൂബക്ർ (റ) ആദ്യം പറഞ്ഞു: താങ്കൾ അവിടെ ഇരിക്കുക, അതായത് ഇപ്പോൾ പറയുന്ന കാര്യങ്ങൾ പറയരുത്. എന്നാൽ അവസ്ഥകൾ ആകെ മാറിയിരുന്ന ഉമർ (റ) അത് അംഗീകരിച്ചില്ല. അപ്പോൾ അബൂബക്ർ (റ) അദ്ദേഹത്തെ വിട്ട് മസ്ജിദിലെ മിമ്പറിലേക്ക് വന്നു. ഇത് കണ്ടപ്പോൾ ജനങ്ങൾ ഉമർ (റ)നെ വിട്ട് അവിടേക്ക് വന്നു. തദവസരം അബൂബക്ർ സിദ്ദീഖ് (റ) മുകളിൽ ഉദ്ധരിച്ച പ്രഭാഷണം നടത്തുകയും ആലു ഇംറാൻ 144-ാം ആയത്ത് ഉദ്ധരിക്കുകയും ചെയ്തു.
അബൂബക്ർ സിദ്ദീഖ് (റ)ൻ്റെ ഈ പ്രഭാഷണവും ഖുർആൻ പാരായണവും ജനങ്ങളുടെ മനസ്സിൽ ശക്തമായി പതിച്ചു. റസൂലുല്ലാഹി (സ)യും വിയോഗം ഒരിക്കൽ സംഭവിക്കേണ്ടതാണെന്നും അത് സംഭവിച്ചു കഴിഞ്ഞുവെന്നും ഇനി നമ്മുടെ ദൗത്യം പ്രവാചക മാർഗ്ഗത്തിൽ ജീവിച്ചു മരിക്കലാണെന്നും അവർക്ക് വ്യക്തമായി. ഇബ്നു അബ്ബാസ് (റ) പറയുന്നു: ഈ ഘട്ടത്തിൽ ഈ ആയത്ത് കേട്ട എല്ലാവരും അതാവർത്തിച്ചു ഓതി കൊണ്ടിരിക്കുകയും സ്വന്തം മനസ്സിനും മറ്റുള്ളവർക്കും സ്വന്തം മനസ്സിനും മറ്റുള്ളവർക്കും റസൂലുല്ലാഹി (സ)യുടെ മാർഗത്തിൽ ഉറച്ചു നിൽക്കാൻ പ്രേരണ പകരുകയും ചെയ്തു. ഉമർ (റ) തന്നെ പറയുന്നു: ഈ ആയത്ത് കേട്ടപ്പോൾ എൻ്റെ തെറ്റ് വ്യക്തമായി. എൻ്റെ പാദം എന്നെ താങ്ങാതെയായി. റസൂലുല്ലാഹി (സ)യുടെ വിയോഗം സംഭവിച്ചുവെന്ന് ഞാനും മനസ്സിലാക്കി.