▪️മുഖലിഖിതം
ഇസ്‌ലാം പ്രചരിച്ചത് വാളിലൂടെയാണോ ഭാഗം - 2
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
സൂറത്തുൽ മുംതഹിന-1
ജുമുഅ സന്ദേശം
ഇസ്‌ലാം പ്രചരിച്ചത് വാളിലൂടെയാണോ
ഭാഗം - 2
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി
റസൂലുല്ലാഹി (സ)യുടെ പ്രബോധന പരിശ്രമങ്ങൾ
* റസൂലുല്ലാഹി (സ)ക്ക് നാൽപ്പതാം വയസ്സിൽ പ്രവാചകത്വം നൽകപ്പെട്ടു. തുടർന്ന് റസൂലുല്ലാഹി (സ) പ്രബോധനം ആരംഭിച്ചു. ഈ പ്രബോധനം പല ഘട്ടങ്ങളിലായിട്ടാണ് മുന്നോട്ടു നീങ്ങിയത്.
ഒന്നാമതായി, ജീവിത സഖി ഹസ്രത്ത് ഖദീജ (റ), അടുത്ത ബന്ധു ഹസ്രത്ത് അലി (റ), ആത്മ സുഹൃത്ത് അബൂബക്ർ സിദ്ദീഖ് (റ), പ്രവാചക അടിമ സൈദ് (റ) എന്നിങ്ങനെ റസൂലുല്ലാഹി (സ)യുടെ അടുത്ത ബന്ധു മിത്രങ്ങൾ ഇസ്‌ലാം സ്വീകരിച്ചു.
രണ്ടാമതായി, പ്രവാചകത്വത്തിൻ്റെ മൂന്നാം വർഷം ...... (ശുഅറാഅ് ) എന്ന ആയത്ത് ഇറങ്ങി. അപ്പോൾ കുടുംബമായ ബനൂ ഹാശിം, ബനുൽ മുത്വലിബ് കുടുംബക്കാരെ വിളിച്ച് സൽക്കരിക്കുകയും ഇസ്‌ലാമിൻ്റെ സന്ദേശം നൽകുകയും. പക്ഷേ ആരും ഇസ്‌ലാം സ്വീകരിച്ചില്ല.
മൂന്നാമതായി, അടുത്ത് തന്നെ ..... (ഹിജ്ർ ) എന്ന ആയത്ത് ഇറങ്ങുകയും പൊതുവായ പ്രബോധനം കൽപ്പിക്കപ്പെടുകയും ചെയ്തു. റസൂലുല്ലാഹി (സ) സഫാ മലയുടെ മുകളിൽ കയറി പ്രഭാതമേ.. എന്ന് ശബ്ദിച്ചു. സുപ്രധാന കാര്യങ്ങൾ അറിയിക്കാൻ മക്കക്കാർ നടത്തിയിരുന്ന ഒരു ശൈലിയാണ്. ഇതനുസരിച്ച് എല്ലാവരും ഒരുമിച്ച് കൂടി. റസൂലുല്ലാഹി (സ) ആദ്യം തന്നെ കുറിച്ച് അവരുടെ അഭിപ്രായം ആരാഞ്ഞു. അവർ പറഞ്ഞു: താങ്കൾ വിശ്വസ്തനും സത്യസന്ധനുമാണ്. തുടർന്ന് ചോദിച്ചു: ഈ പർവ്വത്തിൻ്റെ മറുഭാഗത്ത് നിന്നും ഒരു സൈന്യം നിങ്ങളെ അക്രമിക്കാൻ വരുന്നുവെന്ന് ഞാൻ നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അവർ പറഞ്ഞു: താങ്കൾ സത്യസന്ധനും മലയുടെ മറുഭാഗം കാണുന്ന വ്യക്തിയുമാണ്. അതുകൊണ്ട് ഞങ്ങൾ വിശ്വസിക്കും. തുടർന്ന് റസൂലുല്ലാഹി (സ) ഇസ്‌ലാമിൻ്റെ സന്ദേശം സമർപ്പിച്ചു. നിഷേധിക്കാൻ കഴിയാത്ത നിലയിൽ പ്രവാചക സന്ദേശവും ശൈലിയും ശക്തവും വ്യക്തവുമായിരുന്നെങ്കിലും പരമ്പരാഗതമായി ബഹുദൈവാരാധനയിൽ മുഴുകി കിടന്നിരുന്നതിനാൽ അവർ സ്വീകരിച്ചില്ല. കൂട്ടത്തിൽ പ്രവാചക കുടുംബാംഗം അബൂ ലഹബ് ശകാരിക്കുകയും ചെയ്തു.
നാലാമതായി, ഇതിനിടയിൽ റസൂലുല്ലാഹി (സ) ഒറ്റക്ക് ഒറ്റക്ക് ആളുകളുമായി ബന്ധപ്പെട്ട് പ്രബോധനം നടത്തി. തൽഫലമായി അസ്സാബിഖൂനൽ അവ്വലൂൻ എന്ന് പറയപ്പെടുന്ന മുൻകടന്ന മഹത്തുക്കൾ ഇസ്‌ലാം സ്വീകരിച്ചു. ബിലാൽ (റ), ഖബ്ബാബ് (റ), ഉസ്മാൻ (റ), ഖബ്ബാബ് (റ), അബ്ദുർ റഹ്‌മാൻ (റ) ..... (പേജ് 395) എന്നിവരാണ് അവർ.
അഞ്ചാമതായി, മക്കാ നിഷേധികൾ എതിർപ്പ് ശക്തമാക്കുകയും അപരാധങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തപ്പോൾ വിവിധ സ്ഥലങ്ങളിൽ ഉണ്ടായിരുന്ന പ്രധാന വ്യക്തികൾക്ക് ജിജ്ഞാസ ഉണ്ടാവുകയും അവർ റസൂലുല്ലാഹി (സ)യെ സമീപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും മാത്രമല്ല, കുടുംബത്തിലും നാട്ടിലും പ്രവർത്തിക്കുകയും പലരും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.
1, തുഫൈൽ (റ) : വലിയ കവിയായിരുന്ന ഇദ്ദേഹം ദൗസ് ഗോത്രത്തിൽ പ്രവർത്തിക്കുകയും ഗോത്രം മുഴുവനും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.
2, ളിമാദ് (റ): അസ്ദ് ശനൂഅ ഗോത്രത്തിൽ പ്രവർത്തിക്കുകയും ഗോത്രം മുഴുവനും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.
3, അബൂ ദർറ് ഗിഫാരി (റ): അദ്ദേഹം കാരണമായി ഗിഫാർ ഗോത്രത്തിലെ പകുതി ജനങ്ങൾ ഉടനെയും ബാക്കിയുള്ളവർ പിന്നീടും അവർ കാരണമായി അടുത്തുള്ള അസ്‌ലം ഗോത്രാംഗങ്ങളും ഇസ്‌ലാം സ്വീകരിച്ചു.
ചുരുക്കത്തിൽ അൽപ്പാപ്പമായിട്ടാണെങ്കിലും വിവിധ സ്ഥലങ്ങളിൽ ഇപ്രകാരം ഇസ്‌ലാം പ്രചരിച്ചു. നുബുവ്വത്ത് അഞ്ചാം വർഷം റസൂലുല്ലാഹി (സ)യുടെ അനുമതിയോടെ പതിനഞ്ച് പേരും അടുത്ത വർഷം എൺപത്തി മൂന്ന് പുരുഷന്മാരും പതിനെട്ട് സ്ത്രീകളും ഹബ്ശയിലേക്ക് പലായനം ചെയ്തു. അതിൽ വ്യത്യസ്ത നാട്ടുകാരും കുടുംബക്കാരുമുണ്ടായിരുന്നു.
ആറാമതായി, ഹജ്ജിൻ്റെ സമയത്ത് വിവിധ നാട്ടുകാർ മിനായിൽ സംഗമിക്കുമായിരുന്നു. റസൂലുല്ലാഹി (സ) ഇതിനെ ഇസ്‌ലാമിക പ്രബോധനത്തിന് പ്രയോജനപ്പെടുത്തി. നുബുവ്വത്തിൻ്റെ പത്താം വർഷം മിനായിൽ വെച്ച് മദീനാ നിവാസികളായ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും ഇസ്‌ലാം സ്വീകരിച്ചു. അടുത്ത വർഷം ഇരുവരും കൂട്ടത്തിൽ ആറ് പേരും അതിൻ്റെ അടുത്ത വർഷം എഴുപത്തി മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും മിനായിൽ വന്നു. അവർ റസൂലുല്ലാഹി (സ)യെ മദീനയിലേക്ക് ക്ഷണിച്ചെങ്കിലും റസൂലുല്ലാഹി (സ) അധ്യാപന സംസ്കരണത്തിനായി മിസ്അബ് (റ)നെ അയച്ചു. കൂട്ടത്തിൽ മദീനയിലെ ഔസ്, ഖസ്റജ് ഗോത്രങ്ങളിലെ പന്ത്രണ്ട് പേരെയും ചുമതലയേൽപ്പിച്ചു. ഇവരുടെ പരിശ്രമത്തിലൂടെ മദീനയിൽ ഇസ്‌ലാം വേഗത്തിൽ പ്രചരിക്കുകയും മൂന്ന് കുടുംബങ്ങൾ ഒഴികെ എല്ലാവരും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. (പ്രവാചക ചരിത്രം - ഡോ. ഹമീദുല്ലാഹ്)
ഏഴാമതായി, റസൂലുല്ലാഹി (സ) മദീനയിലേക്ക് പലായനം ചെയ്യാൻ തീരുമാനിച്ചു. തദവസരം ഏതാണ്ട് അഞ്ഞൂറ് പേർ മദീനയിലേക്ക് യാത്രയായി. (കിതാബു സീറ - അഹ്‌മദ് ഗലൂഷ്)
ഇത് കൂടാതെ ചില ഇസ്‌ലാം സ്വീകരിച്ചിരുനെങ്കിലും പ്രകടമാക്കിയിരുന്നില്ല. മറ്റു ചിലർ പ്രകടമാക്കിയിരുന്നെങ്കിലും മക്കയിലെ ബന്ധുക്കൾ പലായനം ചെയ്യാൻ സമ്മതിക്കാതെ അവരെ തടഞ്ഞു വെച്ചു. റസൂലുല്ലാഹി (സ) അവരുടെ മോചനത്തിനായി പ്രത്യേകം പ്രാർത്ഥിക്കാറുണ്ടായിരുന്നു. (ബുഖാരി)
എട്ടാമതായി, മദീനയിലെത്തിയ റസൂലുല്ലാഹി (സ) ഇസ്‌ലാമിക പ്രബോധനത്തിന് രംഗം ശാന്തമായിരിക്കാൻ വേണ്ടി യഹൂദികളുമായി വലിയൊരു സന്ധി നടത്തി. അതെ, സമൂഹത്തിൽ ശാന്തിയും സമാധാനവും സന്തുലിതമല്ലെങ്കിൽ പ്രബോധന സംസ്കരണ പ്രവർത്തനങ്ങൾ എളുപ്പമാകുന്നതല്ല. റസൂലുല്ലാഹി (സ)യുടെ ഈ സന്ധി ഫലപ്രദമാവുകയും ധാരാളം വ്യക്തികളും സംഘങ്ങളും മദീന സന്ദർശിക്കുകയും അവരിൽ പലരും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.
* മുസയ്യിന ഗോത്രത്തിലെ നാന്നൂറ് ആളുകൾ മദീനയിലെത്തി ഇസ്‌ലാം സ്വീകരിച്ചു.
* അഷ്ജഅ് ഗോത്രം ആരംഭത്തിൽ കരാർ നടത്തുകയും പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.
* ജുഹൈന ഗോത്രത്തിലെ ആയിരമാളുകൾ വന്ന് ഇസ്‌ലാം സ്വീകരിച്ചു.
* ബദ്ർ തടവുകാരിൽ മിക്കവരും വിവിധ സമയങ്ങളിൽ മുസ്‌ലിമായി.
* തടവുകാരെ മോചിപ്പിക്കാൻ വന്ന ജുബൈർ റസൂലുല്ലാഹി (സ)യുടെ പാരായണം കേട്ട് അതിയായി ആകൃഷ്ടനാകുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.
ഒമ്പതാമതായി, ബദ്ർ, ഉഹ്ദ്, ഖൻതഖ് എന്നിങ്ങനെ പല പോരാട്ടങ്ങളും നടത്തി ഹിജ്റ ആറാം വർഷം കടുത്ത നിബന്ധനകളോടെ സന്ധിക്ക് തയ്യാറാവുകയും ഹുദൈബിയയിൽ വെച്ച് സന്ധി നടത്തുകയും ചെയ്തു. അന്ന് റസൂലുല്ലാഹി (സ)യോടൊപ്പം ആയിരത്തി അഞ്ഞൂറ് സ്വഹാബികൾ മാത്രമാണ് ഉണ്ടായിരുന്നത്. സന്ധിയിലെ നിബന്ധനകൾ കഠിനമായിരുന്നെങ്കിലും പരസ്പര ശത്രുത കുറയുകയും സന്ദർശനങ്ങളും ബന്ധങ്ങളും ആരംഭിക്കുകയും ചെയ്തു. പ്രസിദ്ധ ഹദീസ് പണ്ഡിതനായ ഇമാം സുഹ്‌രി (റ) കുറിക്കുന്നു: സന്ധി നടക്കുകയും രംഗം ശാന്തമാവുകയും ചെയ്തപ്പോൾ അവർ പരസ്പരം കണ്ടുമുട്ടുകയും സംസാരിക്കുകയും കൂട്ടത്തിൽ ഇസ്‌ലാമിനെ കുറിച്ച് പറയുകയും ധാരാളമാളുകൾ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. അതെ, അന്ന് വരെയും ഇസ്‌ലാം സ്വീകരിച്ച ആളുകളെക്കാൾ കൂടുതൽ ആളുകൾ ഈ സമയത്ത് ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. (ത്വബരി)
മറുഭാഗത്ത് റസൂലുല്ലാഹി (സ) വിവിധ ഭരണകൂടങ്ങൾക്ക് പ്രബോധന കത്തുകളെഴുതി. ഇതിനിടയിൽ രണ്ട് വർഷം പൂർത്തിയായപ്പോൾ മക്കക്കാർ സന്ധി പൊളിക്കുകയും റസൂലുല്ലാഹി (സ) മക്കയിലേക്ക് പോവുകയും മക്കാ വിജയം നടക്കുകയും ചെയ്തു. തദവസരം പതിനായിരം സ്വഹാബികൾ കൂട്ടത്തിലുണ്ടായിരുന്നു.
പത്താമതായി, മക്കാ വിജയത്തിൻ്റെ സമയത്തും ഇസ്‌ലാം സ്വീകരിക്കാൻ ആരും നിർബന്ധിക്കപ്പെട്ടില്ല. എന്നാൽ ബഹുദൈവാരാധനയുമായി ബന്ധപ്പെട്ടവരോടൊപ്പം അറബികൾ കഅ്ബയെ അതിയായി ആദരിക്കുകയും സത്യവുമായി ബന്ധപ്പെട്ടവർ ഈ വിശുദ്ധ ഗേഹത്തിൻ്റെ അധികാരികൾ ആവുകയുള്ളൂവെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു. അങ്ങനെ മക്കാ മുസ്‌ലിംകളുടെ കീഴിലാവുകയും കഅ്ബയുടെ മുകളിൽ നിന്നും തൗഹീദിൻ്റെ ശബ്ദം ഉയരുകയും ചെയ്തപ്പോൾ ഇസ്‌ലാം തന്നെയാണ് സത്യമെന്ന് അവർക്കെല്ലാം വ്യക്തമായി. അങ്ങനെ മക്കക്ക് അകത്തും പുറത്തുള്ളവരുമായ ധാരാളമാളുകൾ ഇസ്‌ലാം സ്വീകരിച്ചു. കൂടാതെ നിരവധി സ്വഹാബികൾ ഇസ്‌ലാമിക പ്രബോധനത്തിനും പുതു മുസ്‌ലിംകളുടെ സംസ്കരണത്തിനും വിവിധ നാടുകളിലേക്ക് യാത്ര ചെയ്തിരുന്നു. അതിൻ്റെ പൂർണ്ണ വിവരണം ചരിത്ര ഗ്രന്ഥങ്ങളിൽ ലഭ്യമല്ല. കാരണം പ്രബോധനം ആരാധനാ പോലെയാണ്. ആരാധനാ കാര്യങ്ങൾ പരസ്യപ്പെടാത്തത് പോലെ പ്രബോധന കാര്യങ്ങളും പരസ്യപ്പെടാറില്ല. എങ്കിലും ചരിത്ര ഗ്രന്ഥങ്ങൾ വിവരിക്കുന്ന ചില നാമങ്ങൾ ഇവയാണ്.
* അലി (റ) - ഹമദാൻ ഗോത്രം
* മുഗീറ (റ) - നജ്റാൻ
* വബർ (റ) - പേർഷ്യ
* ഹൈസ (റ) - ഫടക്
* അഹ്‌നഫ് (റ) - സിനം
* ഖാലിദ് (റ) - മക്കാ പരിസരം
* അംറ് (റ) - ഒമാൻ
പതിനൊന്നാമതായി, ചില സ്ഥലങ്ങലളിലേക്ക് റസൂലുല്ലാഹി ﷺ സക്കാത്ത് വാങ്ങാനും മറ്റും ഗവർണായി പ്രത്യേകം ശിക്ഷണം നൽകപ്പെട്ട ചില സ്വഹാബികളെ അയച്ചു. അതിൻ്റെ പിന്നിലെ പ്രധാന ലക്ഷ്യം പ്രബോധനമായിരുന്നു. അത് നിർവ്വഹിക്കുകയും അവർ വഴിയായി വലിയ പ്രദേശങ്ങൾ ഇസ്ലാമിൽ പ്രവേശിക്കുകയു ചെയ്തു.
* മുഹാജിർ (റ) - യമൻ
* സിയാദ് (റ) - ഹളർ മൗത്ത്
* ഖാലിദ് (റ) - യമൻ
* അദിയ്യ് (റ) - ത്വയ്യ്
* അത്വാഅ (റ) - ബഹ്റൈൻ
* അബൂ മൂസാ (റ) - അദ്ൻ
* മുആദ് (റ) - ജുൻദ്
* ജരീർ (റ) - ഹിയർ
പന്ത്രണ്ടാമതായി, ചില ഗ്രോത്ര നേതാക്കൾ റസൂലുല്ലാഹി (സ) യുടെ പ്രബോധ മനസിലാക്കി മദീനയിലേക്ക് വരുകയും ഏതാനും ദിവസം കഴിച്ച് കൂട്ടുകയും റസൂലുല്ലാഹി (സ) യുടെ രാവുകളിലെ അവസ്ഥ മനസിലാക്കുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ശേഷം അവരുടെ പ്രബോധനം വഴിയായി ഗോത്രക്കാരെല്ലാവരും ഇസ്‌ലാം സ്വീകരിച്ചു. അവരിൽ ചിലരുടെയും ഗ്രോത്രങ്ങളുടെയും പേരുകൾ:
* തുഫൈൽ (ദൗസ്)
* ഉർവ (സഖീഫ്)
* ആമിർ (ഹംദാൻ)
* ളിമാം (ബനൂ സഅദ് )
* മുൻഖദ് (ബഹ്റൈൻ )
* സുമാമ (നജ്ദ് )
പതിമൂന്നാമതായി, മക്കാ വിജയം വലിയൊരു സംഭവമായിരുന്നു. അതിനെ തുടർന്ന് ഖുർആൻ പറഞ്ഞത് പോലെ ജനങ്ങൾ കൂട്ടം കൂട്ടമായി ഇസ്‌ലാമിൽ പ്രവേശിച്ചു. മക്കാ വിജയം കഴിഞ്ഞ ഉടനെ ഹജ്ജിൻ്റെ സമയമായി ഹജ്ജിൻ്റെ കേന്ദ്രം കഅബ ശരീഫയാണ്. ഇബ്രാഹീം (അ) തൗഹീദിൻ്റെ കേന്ദ്രമായി കഅബ് ശരീഫയെ പുനർ നിർമ്മിച്ചത് പോലെ റസൂലുല്ലാഹി (സ) ഈ ഹജ്ജിൽ മക്കയെ തൗഹീദിൻ കേന്ദ്രമായി പ്രഖ്യാപിക്കുകയും അടുത്ത വർഷങ്ങളിൽ ബഹുദൈവാരാധകർ ആരും ഹജ്ജ് ചെയ്യൻ പാടില്ലെന്നും പ്രഖ്യാപനം നടത്തുകയും അറേബ്യൻ ഉപഭൂഖണ്ഡത്തെ ഇസ്‌ലാമിൻ്റെ നാടായി വിശേഷിപ്പിക്കുകയു ചെയ്തു. തൽഫലമായി അറബികളിൽ ബഹുഭൂരിഭാഗവും ഇസ്‌ലാം സ്വീകരിച്ചു.
പതിനാലാമതായി, മക്കാ വിജയത്തിന് ശേഷമുള്ള ഒരു വർഷം റസൂലുല്ലാഹി (സ)യുടെ സമക്ഷത്തിൽ 104 സംഘങ്ങൾ വരുകയും വിവിധങ്ങളായ ചോദ്യങ്ങൾ ചോദിച്ച ശേഷം ഇസ്‌ലാം സ്വീകരിക്കുകയു ചെയ്തു. അതിൽ ചില സംഘങ്ങളും അതിലെ അംഗങ്ങളുടെ എണ്ണവു താഴെ കൊടുക്കുന്നു:
* മുസൈന - 400
* ബനൂ അസദ് - 10
* ബനൂ തമീം - 190
* ബനൂ അബസ് - 9
* ബനൂ സുലൈം - 1
* സ്വദാഅ - 400
* അമദാൻ - 120
* നജ്റാൻ - 60
* അസ്ദ് - 19
* ബനൂ ഫസാറ - 19
* ബഹ്റഅ - 13
* നജീം - 13
* അഷ്അരി - 53
* അദ്റ - 12
* ബനൂ കിലാബ് - 13
* അബ്ദുൽ ഖൈസ് - 14
* ത്വയ്യ് - 15
പതിനഞ്ചാമതായി, റസൂലുല്ലാഹി (സ) ആഹാരത്തിനും മറ്റും ക്ഷണിച്ച് വരുന്നവരോടും ഇസ്‌ലാമിൻ്റെ സന്ദേശം വിവരിച്ചത് പോലെ വിദൂരങ്ങളിലേക്ക് കത്തുകൾ വഴിയും മുഹമ്മദീ സന്ദേശം എത്തിച്ച് കൊടുത്തു.
* ഉമർ സഖരി വഴി യത്യോപ്യൻ രാജാവായ ദിഹ്‌യ വഴി റോമൻ രാജാവായ ഹിർഖലിനും
* അബ്ദുല്ലാഹ് സഹ്മി (റ) വഴി കിസ്റ രാജാവായ ഖുസ്റുവിനും
* ഹാത്തിബ് (റ) വഴി ഈജിപ്റ്റ് രാജാവായ ജൂകൈറഹിനും
* ശുജാഅ (റ) വഴിയായി ഡമാസ്കസ് രാജാവായ ഹാരിസിനും
* സലീത്ത് (റ) വഴിയായി യമാമ ഭരണാധികാരി ഹൗസക്കും
* ബഹ്റൈൻ ഗവർണറായ മുൻദിർ വഴി ...
ഇവരിൽ ചിലർ ഇസ്‌ലാം സ്വീകരിച്ചു. മറ്റു ചിലർ സ്വീകരിച്ചില്ല. റസൂലുല്ലാഹി (സ)യുടെ അനുഗ്രഹീത കാലത്ത് തന്നെ ശാന്തമായിട്ടാണെങ്കിലും വിദൂരങ്ങളിൽ പോലും ഇസ്‌ലാമിക സന്ദേശം എത്തുകയും ജനങ്ങളിൽ വലിയൊരു വിഭാഗം സന്തുഷ്ട മനസ്സോടെ ഇസ്‌ലാം സ്വീകരിച്ചുവെന്നും ഈ വിവരണത്തിൽ നിന്നും മനസ്സിലാവുന്നു. ഇതിൽ വാളിനോ ഏതെങ്കിലും ആയുധത്തിനോ യാതൊരു പങ്കുമില്ല. എവിടെയും ശക്തി ഉപയോഗിക്കുകയോ എന്തെങ്കിലും സമ്മർദ്ദം കാണിക്കുകയോ ചെയ്തിട്ടുമില്ല.
************
മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുൽ മുംതഹിന-1 (13 ആയത്തുകൾ, പദങ്ങൾ 348, അക്ഷരങ്ങൾ 1510, മദീനാ മുനവ്വറയിൽ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 91. പാരായണ ക്രമം 60. സൂറത്തുൽ അഹ്സാബിന് ശേഷം അവതരണം) എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തിൽ ആരംഭം
സത്യത്തിന്‍റെ ശത്രുക്കളോട് സൗഹൃദം പാടില്ല, ഇബ്റാഹീം നബി (അ)യുടെ മാര്‍ഗ്ഗവും മാതൃകയും സ്വീകരിക്കുക
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 01-06
يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا عَدُوِّي وَعَدُوَّكُمْ أَوْلِيَاءَ تُلْقُونَ إِلَيْهِم بِالْمَوَدَّةِ وَقَدْ كَفَرُوا بِمَا جَاءَكُم مِّنَ الْحَقِّ يُخْرِجُونَ الرَّسُولَ وَإِيَّاكُمْ ۙ أَن تُؤْمِنُوا بِاللَّهِ رَبِّكُمْ إِن كُنتُمْ خَرَجْتُمْ جِهَادًا فِي سَبِيلِي وَابْتِغَاءَ مَرْضَاتِي ۚ تُسِرُّونَ إِلَيْهِم بِالْمَوَدَّةِ وَأَنَا أَعْلَمُ بِمَا أَخْفَيْتُمْ وَمَا أَعْلَنتُمْ ۚ وَمَن يَفْعَلْهُ مِنكُمْ فَقَدْ ضَلَّ سَوَاءَ السَّبِيلِ (1) إِن يَثْقَفُوكُمْ يَكُونُوا لَكُمْ أَعْدَاءً وَيَبْسُطُوا إِلَيْكُمْ أَيْدِيَهُمْ وَأَلْسِنَتَهُم بِالسُّوءِ وَوَدُّوا لَوْ تَكْفُرُونَ (2) لَن تَنفَعَكُمْ أَرْحَامُكُمْ وَلَا أَوْلَادُكُمْ ۚ يَوْمَ الْقِيَامَةِ يَفْصِلُ بَيْنَكُمْ ۚ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ (3) قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَآءُ مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ اللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاءُ أَبَدًا حَتَّىٰ تُؤْمِنُوا بِاللَّهِ وَحْدَهُ إِلَّا قَوْلَ إِبْرَاهِيمَ لِأَبِيهِ لَأَسْتَغْفِرَنَّ لَكَ وَمَا أَمْلِكُ لَكَ مِنَ اللَّهِ مِن شَيْءٍ ۖ رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ (4) رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلَّذِينَ كَفَرُوا وَاغْفِرْ لَنَا رَبَّنَا ۖ إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ (5) لَقَدْ كَانَ لَكُمْ فِيهِمْ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ ۚ وَمَن يَتَوَلَّ فَإِنَّ اللَّهَ هُوَ الْغَنِيُّ الْحَمِيدُ (6)
സത്യവിശ്വാസികളേ, എന്‍റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയവരോട് നിങ്ങള്‍ സൗഹൃദം പ്രകടിപ്പിച്ചുകൊണ്ട് ആത്മസുഹൃത്തുക്കളാക്കരുത്. നിങ്ങളുടെ പക്കല്‍ വന്ന സത്യത്തെ അവര്‍ നിഷേധിച്ചിരിക്കുകയാണ്. നിങ്ങളുടെ പരിപാലകനായ അല്ലാഹുവില്‍ വിശ്വസിച്ചതിന്‍റെ പേരില്‍ പ്രവാചകനെയും നിങ്ങളെയും നാട്ടില്‍ നിന്നും അവര്‍ പുറത്താക്കുന്നു. എന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യാനും എന്‍റെ തൃപ്തി കരസ്ഥമാക്കാനും ആഗ്രഹിച്ചുകൊണ്ട് നിങ്ങള്‍ പുറപ്പെട്ടവരാണെങ്കില്‍ (അവരെ നിങ്ങള്‍ ആത്മസുഹൃത്തുക്കളാക്കരുത്)എന്നാല്‍ നിങ്ങളില്‍ ചിലര്‍ അവരോട് രഹസ്യമായി സ്നേഹ ബന്ധം പുലര്‍ത്തുന്നുണ്ട്. നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും ഞാന്‍ അറിയുന്നുണ്ട്. നിങ്ങളില്‍ ആരെങ്കിലും അങ്ങനെ പ്രവര്‍ത്തിച്ചാല്‍ അവന്‍ നേര്‍മാര്‍ഗ്ഗത്തില്‍ നിന്നും തെറ്റിപ്പോയിരിക്കുന്നു.(1) അവര്‍ക്ക് നിങ്ങളുടെ മേല്‍ കഴിവുണ്ടായാല്‍ അവര്‍ നിങ്ങളുടെ ശത്രുവാകും. നിങ്ങളിലേക്ക് അവരുടെ കരങ്ങളും നാവുകളും ബുദ്ധിമുട്ടിക്കാന്‍ വേണ്ടി നീട്ടുകയും നിങ്ങളും നിഷേധിയായാല്‍ കൊള്ളാമെന്ന് അവന്‍ മോഹിക്കുകയും ചെയ്യും.(2) നിങ്ങളുടെ കുടുംബവും സന്താനങ്ങളും ഖിയാമത്ത് ദിനം നിങ്ങള്‍ക്ക് ഒരു ഗുണവും ചെയ്യുന്നതല്ല. അല്ലാഹു നിങ്ങള്‍ക്കിടയില്‍ വിധി പറയും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കാണുന്നവനാകുന്നു.(3) തീര്‍ച്ചയായും ഇബ്റാഹീം നബിയിലും അദ്ദേഹത്തിന്‍റെ കൂട്ടത്തിലുള്ളവരിലും നിങ്ങള്‍ക്ക് വലിയ മാതൃകയുണ്ട്. അവര്‍ സമൂഹത്തോട് പറഞ്ഞ സന്ദര്‍ഭം: ഞങ്ങള്‍ നിങ്ങളില്‍ നിന്നും, അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ ആരാധിക്കുന്ന വസ്തുക്കളില്‍ നിന്നും അകന്ന് കഴിയുകയാണ്. നിങ്ങളെ ഞങ്ങള്‍ നിഷേധിക്കുന്നു. ഏകനായ അല്ലാഹുവില്‍ നിങ്ങള്‍ വിശ്വസിക്കുന്നതുവരെ നമ്മുടെയും നിങ്ങളുടെയും ഇടയില്‍ ശത്രുതയും വിരോധവും എന്നും നിലനില്‍ക്കുന്നതാണ്. എന്നാല്‍ ഞാന്‍ താങ്കള്‍ക്ക് വേണ്ടി പാപമോചനം തേടാം, അല്ലാഹുവിന് മുന്നില്‍ താങ്കള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ എനിക്ക് കഴിയില്ല" എന്ന് ഇബ്റാഹിം നബി തന്‍റെ പിതാവിനോട് പറഞ്ഞ വാക്കില്‍ മാതൃകയില്ല. (ഇബ്റാഹീം നബി പ്രാര്‍ത്ഥിച്ചു:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ നിന്‍റെമേല്‍ ഭരമേല്‍പ്പിക്കുന്നു. നിന്നിലേക്ക് ഞങ്ങള്‍ ഖേദിച്ച് മടങ്ങുന്നു. നിന്നിലേക്കാണ് മടക്കം.(4) ഞങ്ങളുടെ രക്ഷിതാവേ, നിഷേധികള്‍ക്ക് ഞങ്ങളെ നീ പരീക്ഷണമാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് നീ പൊറുത്തു തരേണമേ. നിശ്ചയം, നീ പ്രതാപശാലിയും തന്ത്രജ്ഞനുമാണ്.(5) തീര്‍ച്ചയായും നിങ്ങള്‍ക്ക് അവരില്‍ ഉത്തമമാതൃകയുണ്ട്. അതായത് അല്ലാഹുവിനെയും പരലോകത്തെയും പ്രതീക്ഷിക്കുന്നവര്‍ക്ക്. ആരെങ്കിലും പിന്തിരിഞ്ഞാല്‍, നിശ്ചയം അല്ലാഹു അനാശ്രയനും സ്തുത്യര്‍ഹനുമാണ്.(6)
ആശയ സംഗ്രഹം സത്യവിശ്വാസികളേ, എന്‍റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയവരോട് നിങ്ങള്‍ സൗഹൃദം പ്രകടിപ്പിച്ചുകൊണ്ട് ആത്മസുഹൃത്തുക്കളാക്കരുത്. അതായത്, അവരുമായി ആത്മസൗഹൃദം പുലര്‍ത്തുകയോ, അവരോട് സൗഹൃദം പ്രകടിപ്പിക്കുകയോ ചെയ്യരുത്. നിങ്ങളുടെ പക്കല്‍ വന്ന സത്യസന്ദേശത്തെ അവര്‍ നിഷേധിച്ചിരിക്കുകയാണ്. അതിലൂടെ അവര്‍ പടച്ചവന്‍റെ ശത്രുക്കളാണെന്ന് വ്യകക്തമായി. നിങ്ങളുടെ പരിപാലകനായ അല്ലാഹുവില്‍ വിശ്വസിച്ചതിന്‍റെ പേരില്‍ പ്രവാചകനെയും നിങ്ങളെയും നാട്ടില്‍ നിന്നും അവര്‍ പുറത്താക്കുന്നു. ഇതിലൂടെ അവര്‍ നിങ്ങളുടെയും ശത്രുവാണെന്ന് വ്യക്തമായി. ആകയാല്‍ ഇത്തരം ആളുകളോട് സൗഹൃദം പാടുള്ളതല്ല. എന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യാനും എന്‍റെ തൃപ്തി കരസ്ഥമാക്കാനും ആഗ്രഹിച്ചുകൊണ്ട് നിങ്ങളുടെ വീടുകളില്‍ നിന്നും നിങ്ങള്‍ പുറപ്പെട്ടവരാണെങ്കില്‍ ഇത്തരം നിഷേധികളുമായിട്ടുള്ള സൗഹൃദം പടച്ചവനുമായിട്ടുള്ള ബന്ധത്തിന വിരുദ്ധമാണ്. എന്നാല്‍ നിങ്ങളില്‍ ചിലര്‍ അവരോട് രഹസ്യമായി സ്നേഹ ബന്ധം പുലര്‍ത്തുന്നുണ്ട്. അവരുമായി സുഹൃദ് ബന്ധം പുലര്‍ത്തുന്നത് തന്നെ തെറ്റാണെങ്കില്‍ അവര്‍ക്ക് രഹസ്യ സന്ദേശങ്ങള്‍ കൈമാറുന്നത് വലിയ തെറ്റാണ്. നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും ഞാന്‍ അറിയുന്നുണ്ട്. അതായത്, ഞാന്‍ എല്ലാ രഹസ്യങ്ങളും അറിയുന്നുണ്ടെന്ന യാഥാര്‍ത്ഥ്യവും ഇത്തരം സൗഹൃദത്തെ തടയുന്നുണ്ട്. അടുത്തതായി ഇത്തരം സൗഹൃദത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് പറയുന്നു: നിങ്ങളില്‍ ആരെങ്കിലും അങ്ങനെ പ്രവര്‍ത്തിച്ചാല്‍ അവന്‍ നേര്‍മാര്‍ഗ്ഗത്തില്‍ നിന്നും തെറ്റിപ്പോയിരിക്കുന്നു. ദുര്‍മാര്‍ഗ്ഗികളുടെ അന്ത്യം മോശമാകുമെന്ന് ഓര്‍ക്കുക. അടുത്തതായി അവരുടെ ശത്രുതയെ വിവരിച്ചുകൊണ്ട് പറയുന്നു: അവര്‍ നിങ്ങളുടെ കഠിന ശത്രുക്കളാണ്. അവര്‍ക്ക് നിങ്ങളുടെ മേല്‍ കഴിവുണ്ടായാല്‍ ഉടന്‍ അവര്‍ നിങ്ങളുടെ ശത്രുവായി പ്രഖ്യാപിക്കും. നിങ്ങളിലേക്ക് അവരുടെ കരങ്ങളും നാവുകളും ബുദ്ധിമുട്ടിക്കാന്‍ വേണ്ടി നീട്ടുന്നതാണ്. ഇത് ഭൗതിക നാശമാണ്. നിങ്ങളും നിഷേധിയായാല്‍ കൊള്ളാമെന്ന് അവന്‍ മോഹിക്കുകയും ചെയ്യും. ഇത് മതപരമായ നാശമാണ്. ആകയാല്‍ ഇത്തരം ആളുകളോട് സൗഹൃദം പാടുള്ളതല്ല. ഇനി ഈ സൗഹൃദത്തിന്‍റെ അടിസ്ഥാനം നിങ്ങളുടെ ബന്ധുമിത്രങ്ങള്‍ സുരക്ഷിതരാകണം എന്ന ചിന്തയാണെങ്കില്‍ നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കുക: നിങ്ങളുടെ കുടുംബവും സന്താനങ്ങളും ഖിയാമത്ത് ദിനം നിങ്ങള്‍ക്ക് ഒരു ഗുണവും ചെയ്യുന്നതല്ല. അല്ലാഹു നിങ്ങള്‍ക്കിടയില്‍ വിധി പറയും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം നന്നായി കാണുന്നവനാകുന്നു. ആകയാല്‍ നിങ്ങളുടെ ഓരോ കര്‍മ്മങ്ങള്‍ക്കും ശരിയായ ഫലം പ്രഖ്യാപിക്കുന്നതാണ്. നിങ്ങളുടെ കര്‍മ്മങ്ങള്‍ ശിക്ഷയ്ക്ക് കാരണമാണെങ്കില്‍ പടച്ചവന്‍റെ ശിക്ഷയില്‍ നിന്നും കുടുംബവും സന്താനവും നിങ്ങളെ രക്ഷിക്കുന്നതല്ല. ഇത്തരുണത്തില്‍ അവരെ പരിഗണിച്ചുകൊണ്ട് പടച്ചവന്‍റെ കല്‍പ്പനയ്ക്ക് എതിര് പ്രവര്‍ത്തിക്കുന്നത് വളരെ മോശമാണ്. ഇതുപോലെ തന്നെ പടച്ചവന്‍റെ കല്‍പ്പനയ്ക്ക് മുന്നില്‍ സമ്പത്തും പരിഗണനീയമല്ല. അടുത്തതായി ഈ കല്‍പ്പനയെ കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട് ഇബ്റാഹീം നബി (അ)യുടെ സംഭവം സൂചിപ്പിക്കുന്നു. തീര്‍ച്ചയായും ഇബ്റാഹീം നബിയിലും സത്യവിശ്വാസ സല്‍ക്കര്‍മ്മങ്ങളിലും അദ്ദേഹത്തോടൊപ്പം കഴിഞ്ഞവരിലും നിഷേധികളോട് ആത്മബന്ധം പുലര്‍ത്താന്‍ പാടില്ലെന്നതില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട്. അവര്‍ വിവിധ സന്ദര്‍ഭങ്ങളില്‍ സമൂഹത്തോട് പറഞ്ഞ സന്ദര്‍ഭം: ആദ്യം ഇത് പറഞ്ഞത് ഇബ്റാഹീം നബി (അ) ആണ്. അന്ന് അദ്ദേഹം ഒറ്റയ്ക്കായിരുന്നു. ശേഷം അദ്ദേഹത്തോടൊപ്പം ചേര്‍ന്നവരെല്ലാം വാചക കര്‍മ്മങ്ങളിലൂടെ നിഷേധികളോട് ഈ കാര്യം വ്യക്തമാക്കിക്കൊണ്ടിരുന്നു.അവര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളില്‍ നിന്നും, അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ ആരാധിക്കുന്ന വസ്തുക്കളില്‍ നിന്നും അതായത്, മുഴുവന്‍ തെറ്റായ വിശ്വാസ ആരാധനകളില്‍ നിന്നും അകന്ന് കഴിയുകയാണ്. നിങ്ങളെ ഞങ്ങള്‍ നിഷേധിക്കുന്നു. ഏകനായ അല്ലാഹുവില്‍ നിങ്ങള്‍ വിശ്വസിക്കുന്നതുവരെ നമ്മുടെയും നിങ്ങളുടെയും ഇടയില്‍ ശത്രുതയും വിരോധവും എന്നും നിലനില്‍ക്കുന്നതാണ്! ചുരുക്കത്തില്‍ ഇബ്റാഹം നബിയും അനുയായികളും നിഷേധികളില്‍ നിന്നും പരിപൂര്‍ണ്ണമായി അകന്നുമാറി. എന്നാല്‍ ഞാന്‍ താങ്കള്‍ക്ക് വേണ്ടി പാപമോചനം തേടാം, അല്ലാഹുവിന് മുന്നില്‍ താങ്കള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ എനിക്ക് കഴിയില്ല" എന്ന് ഇബ്റാഹിം നബി തന്‍റെ പിതാവിനോട് പറഞ്ഞ വാക്കില്‍ മാതൃകയില്ല. കാരണം ഇത് ബാഹ്യമായി അവരോടുള്ള സ്നേഹ ബന്ധങ്ങളുടെ പ്രകടനമായിരുന്നു. ചുരുക്കത്തില്‍ ഇബ്റാഹീം നബി (അ) അവരോട് ഇപ്രകാരം ഒരു വാക്ക് പറയുകയുണ്ടായി. അതിന്‍റെ ആശയം എന്താണെങ്കിലും നിങ്ങളില്‍ ചിലര്‍ അതിനെ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. ഇബ്റാഹീം നബി (അ) ഇപ്രകാരം പറഞ്ഞത് അവര്‍ പാപമോചനം തേടാന്‍ അര്‍ഹരായിത്തീരുന്നതിന് വേണ്ടിയാണ്. കൂടാതെ ഈ വാചകം ബന്ധമില്ലായ്മയ്ക്ക് എതിരുമല്ല. പക്ഷേ, ബാഹ്യമായി നോക്കുമ്പോള്‍ ഇതില്‍ തെറ്റിദ്ധാരണയ്ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് ഈ വിഷയത്തില്‍ നിങ്ങള്‍ ഇബ്റാഹീം നബി (അ)യെ മാതൃകയാക്കരുത്. ഇബ്റാഹീം നബി (അ) സമുദായത്തോട് ഇപ്രകാരം പറഞ്ഞിട്ടും അവര്‍ സത്യം ഉള്‍ക്കൊള്ളാന്‍ സന്നദ്ധരായില്ല. അപ്പോള്‍ ഇബ്റാഹീം നബി (അ) അവരുമായിട്ടുള്ള ബന്ധം പരിപൂര്‍ണ്ണമായി ഉപേക്ഷിച്ചു. തുടര്‍ന്ന് ഇബ്റാഹീം നബി (അ) പ്രാര്‍ത്ഥിച്ചു: ഞങ്ങളുടെ രക്ഷിതാവേ, നിഷേധികളുടെ ശത്രുതയുടെയും അക്രമങ്ങളുടെയും വിഷയത്തില്‍ ഞങ്ങള്‍ നിന്‍റെമേല്‍ ഭരമേല്‍പ്പിക്കുന്നു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയും ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്നും ഞങ്ങളെ കാത്ത് രക്ഷിക്കുകയും ചെയ്യേണമേ. സത്യവിശ്വാസത്തിന്‍റെ വിഷയത്തില്‍ നിന്നിലേക്ക് തന്നെ ഞങ്ങള്‍ മടങ്ങുന്നു. നിന്നിലേക്കാണ് എല്ലാവരുടെയും മടക്കമെന്ന് ഞങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു. അതുകൊണ്ട് നിഷേധികളുമായി ബന്ധമില്ലെന്നുള്ള ഞങ്ങളുടെ പ്രഖ്യാപനം നിഷ്കളങ്കമാണ്. അതില്‍ ഭൗതികമായ യാതൊരു താല്‍പ്പര്യവുമില്ല. അത് പൊങ്ങച്ച പ്രകടനവുമല്ല. മറിച്ച് നിന്നോട് ചില കാര്യങ്ങള്‍ അപേക്ഷിക്കുന്നതില്‍ അവസ്ഥ വിവരിച്ചു എന്ന് മാത്രം. ഞങ്ങളുടെ രക്ഷിതാവേ, നിഷേധികള്‍ക്ക് ഞങ്ങളെ നീ പരീക്ഷണമാക്കരുതേ. ഞങ്ങള്‍ അവരില്‍ നിന്നും അകന്ന് മാറിയതിന്‍റെ പേരില്‍ അവര്‍ ഞങ്ങളെ അക്രമിക്കാന്‍ ഇവരുത്തരുതേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് നീ പൊറുത്തു തരേണമേ. നിശ്ചയം, നീ പ്രതാപശാലിയും തന്ത്രജ്ഞനുമാണ്. സര്‍വ്വ കാര്യങ്ങളുടെ മേലും നിനക്ക് പരിപൂര്‍ണ്ണ കഴിവുണ്ട്! തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇബ്റാഹീം നബി (അ)യിലും അനുയായികളിലും ഉത്തമമാതൃകയുണ്ട്. അതായത് അല്ലാഹുവിന്‍റെ മുന്നില്‍ നില്‍ക്കുന്നതിനെയും പരലോകത്ത് ഹാജരാകുന്നതിനെയും വിശ്വസിക്കുന്നവര്‍ ഇബ്റാഹിമീ മാര്‍ഗ്ഗത്തെ പിന്‍പറ്റേണ്ടതാണ്. ഇനി ആരെങ്കിലും ഈ കല്‍പ്പനയില്‍ നിന്നും പിന്തിരിഞ്ഞാല്‍ അതിന്‍റെ നാശം അവന് തന്നെയാണ്. നിശ്ചയം അല്ലാഹു സര്‍വ്വ സമ്പൂര്‍ണ്ണനായ കാരണത്താല്‍ തീര്‍ത്തും അനാശ്രയനും തികഞ്ഞ സ്തുത്യര്‍ഹനുമാണ്. വിവരണവും വ്യാഖ്യാനവും അവതരണ പശ്ചാചത്തലം: ഈ സൂറത്തിന്‍റെ പ്രാരംഭ ഭാഗം ഇസ്ലാമിന്‍റെ ശത്രുക്കളായ നിഷേധികളുമായി സുഹൃത് ബന്ധം സ്ഥാപിക്കുന്നത് നിഷിദ്ധമാണെന്ന് അറിയിക്കുകയും അതില്‍ നിന്നും സത്യവിശ്വാസികളെ തടയുകയും ചെയ്തിരിക്കുന്നു. ഇതിന്‍റെ അവതരണം ഒരു പ്രത്യേക സംഭവുമായി ബന്ധപ്പെട്ടതാണ്. ഖുശൈരി, സഅലബി എന്നീ മഹാന്മാര്‍ വിവരിക്കുന്നു: ബദ്ര്‍ വിജയത്തിന് മുമ്പ് മക്കയില്‍ സാറാ എന്ന പേരുള്ള ഒരു പാട്ടുകാരിയുണ്ടായിരുന്നു. അവര്‍ ആദ്യം മദീനയിലേക്ക് വന്നു. റസൂലുല്ലാഹി (സ) ചോദിച്ചു: നിങ്ങള്‍ മക്കയില്‍ നിന്നും ഹിജ്റത്ത് (പലായനം) ചെയ്ത് വന്നിരിക്കുകയാണോ? അവര്‍ പറഞ്ഞു: അല്ല. റസൂലുല്ലാഹി (സ) ചോദിച്ചു: മുസ്ലിമായി വന്നിരിക്കുകയാണോ? അവര്‍ അതും നിരാകരിച്ചു. പിന്നെന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: നിങ്ങള്‍ മക്കയിലെ ഉന്നത കുടുംബക്കാരായിരുന്നു. നിങ്ങള്‍ മുമ്പ് എന്നെ സഹായിച്ചിരുന്നു. ഇപ്പോള്‍ ഞാന്‍ പട്ടിണിയിലും പ്രയാസത്തിലും അകപ്പെട്ടിരിക്കുന്നതിനാല്‍ താങ്കളില്‍ നിന്നും സഹായം വല്ലതും തേടാനാണ് ഇവിടെ വന്നിരിക്കുന്നത്. റസൂലുല്ലാഹി (സ) ചോദിച്ചു: നിങ്ങള്‍ മക്കയിലെ പേരുടുത്ത ഗായികയാണല്ലോ. നിങ്ങള്‍ക്ക് പണവും മറ്റും നല്‍കിയിരുന്ന ചെറുപ്പക്കാര്‍ എവിടെപ്പോയി? അവര്‍ പറഞ്ഞു: ബദ്ര്‍ സംഭവത്തിന് ശേഷം അവരുടെ പാട്ടിനോടുള്ള ഭ്രമമെല്ലാം അവസാനിച്ചു. അതിന് ശേഷം ആരും എന്നെ പരിപാടികള്‍ക്ക് വിളിക്കാറില്ല. റസൂലുല്ലാഹി (സ) കുടുംബക്കാരോട് അവരെ സഹായിക്കാന്‍ പ്രേരിപ്പിച്ചു. അവര്‍ കുറേ നാണയങ്ങളും ആഹരവും വസ്ത്രവും മറ്റും അവര്‍ക്ക് നല്‍കി അവരെ യാത്ര അയച്ചു. ഇത് ഹുദൈബിയ്യ സന്ധിയിലെ വ്യവസ്ഥിതികള്‍ മക്കാ നിഷേധികള്‍ പൊളിച്ച സന്ദര്‍ഭമായിരുന്നു. റസൂലുല്ലാഹി (സ) മക്കയിലേക്ക് യാത്ര ചെയ്യാന്‍ രഹസ്യമായി തയ്യാറായിരുന്നു. കൂട്ടത്തില്‍ നമ്മുടെ രഹസ്യങ്ങള്‍ മക്കക്കാര്‍ അറിയാതിരിക്കണമെന്നും ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ആദ്യകാലത്ത് ഹിജ്റത്ത് ചെയ്ത ഹാത്വബ്നു അബീ ബല്‍ത്വഅ എന്ന സഹാബിയുണ്ടായിരുന്നു. അദ്ദേഹം യാഥാര്‍ത്ഥത്തില്‍ യമന്‍ നിവാസിയായിരുന്നു. മക്കാമുകര്‍റമയില്‍ വന്ന് താമസമാക്കിയതാണ്. അദ്ദേഹത്തിന് മക്കയില്‍ കുടുംബക്കാര്‍ ആരുമില്ലായിരുന്നു. ഇടയ്ക്ക് അദ്ദേഹം മുസ്ലിമാവുകയും പലായനം ചെയ്ത് മദീനയിലേക്ക് വരുകയും ചെയ്തു. അദ്ദേഹത്തിന്‍റെ വിവാഹ ബന്ധത്തിലുള്ള ഏതാനും ആളുകളും സ്വത്തുക്കളും മക്കയില്‍ തന്നെയുണ്ടായിരുന്നു. റസൂലുല്ലാഹി (സ)യും സഹാബത്തും ഹിജ്റ ചെയ്ത് മദീനയിലേക്ക് വന്നെങ്കിലും മക്കയിലുണ്ടായിരുന്ന മുസ്ലിംകളെ നിഷേധികള്‍ ഉപദ്രവിച്ചിരുന്നു. എന്നാല്‍ കുടുംബ ബന്ധങ്ങള്‍ ഉണ്ടായിരുന്ന മുസ്ലിംകള്‍ക്ക് മക്കയില്‍ ചെറിയ സംരക്ഷണം ലഭിച്ചിരുന്നു. ഇത്തരുണത്തില്‍ തന്‍റെ വിവാഹ ബന്ധുക്കളെയും വസ്തുക്കളെയും സംരക്ഷിക്കാന്‍ മക്കയില്‍ ആരും ഇല്ലല്ലോ എന്ന ചിന്ത ആത്വിബ് (റ)നെ വേട്ടയാടി. അദ്ദേഹം തന്‍റെ കുടുംബത്തിന്‍റെയും സമ്പത്തിന്‍റെയും സംരക്ഷണത്തിന് മക്കക്കാര്‍ക്ക് ഒരു ഉപകാരം ചെയ്യാന്‍ തീരുമാനം എടുത്തു. റസൂലുല്ലാഹി (സ)യ്ക്ക് അല്ലാഹു മക്കാവിജയം നല്‍കുമെന്ന് അദ്ദേഹത്തിന് പരിപൂര്‍ണ്ണ ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് റസൂലുല്ലാഹി (സ)യുടെ ഈ രഹസ്യം അവര്‍ക്ക് എത്തിച്ച് കൊടുക്കല്‍ കൊണ്ട് റസൂലുല്ലാഹി (സ)യ്ക്കോ ഇസ്ലാമിനോ യാതൊരു കുഴപ്പവും ഉണ്ടാവുകയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നു. അതുകൊണ്ട് റസൂലുല്ലാഹി (സ) മക്കയിലേക്ക് വരുന്നുണ്ടെന്ന് എഴുതി ഒരു കത്ത് മക്കയിലേക്ക് കൊടുത്ത് വിടാനും അതുവഴി അദ്ദേഹത്തിന്‍റെ കുടുംബത്തെ സംരക്ഷിക്കാനും അദ്ദേഹം ഉദ്ദേശിച്ചു. അങ്ങനെ അദ്ദേഹം മക്കാനേതാക്കളുടെ പേരില്‍ ഒരു കത്തെഴുതി അവിടേക്ക് പുറപ്പെട്ട സാറ എന്ന സ്ത്രീയെ ഏല്‍പ്പിച്ചു. (ഖുര്‍തുബി, മസ്ഹരി) റസൂലുല്ലാഹി (സ)യ്ക്ക് അല്ലാഹു വഹ്യ് വഴി ഈ സംഭവം അറിയിച്ച് കൊടുത്തു. കൂട്ടത്തില്‍ ആ സ്ത്രീ ഖാഖ് എന്ന തോട്ടത്തിനരികിലുണ്ടെന്നും വിവരം നല്‍കി. അലിയ്യ് (റ) പറയുന്നു: റസൂലുല്ലാഹി (സ) എന്നെയും അബൂമര്‍സദ് (റ), സുബൈര്‍ (റ) എന്നിവരെയും കുതിരയില്‍ കയറി യാത്ര ചെയ്ത് ആ സ്ത്രീയെ അന്വേഷിക്കാന്‍ കല്‍പ്പിക്കുകയും അവരെ ഖാഖ് തോട്ടത്തില്‍ കണ്ടെത്തുന്നതാണെന്ന് അറിയിക്കുകയും ചെയ്തു. അവരോടൊപ്പം ഹാതിബ് മക്കാ നേതാക്കള്‍ക്ക് എഴുതിയ ഒരു കത്തുണ്ടെന്നും ആ കത്ത് വാങ്ങിക്കൊണ്ട് വരണമെന്നും നിര്‍ദ്ദേശിച്ചു. അലിയ്യ് (റ) വിവരിക്കുന്നു: ഞങ്ങള്‍ കല്‍പ്പന പ്രകാരം വേഗതയില്‍ യാത്രയായി. റസൂലുല്ലാഹി (സ) പറഞ്ഞ അതേ സ്ഥലത്ത് തന്നെ ആ സ്ത്രീ ഒരു ഒട്ടകത്തില്‍ യാത്ര ചെയ്യുന്നതായി ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ അവരെ നിര്‍ത്തി ചോദിച്ചു: നിങ്ങളുടെ പക്കലുള്ള കത്ത് തരിക. അവര്‍ പറഞ്ഞു: എന്‍റെ പക്കല്‍ കത്തൊന്നും ഇല്ല. ഞങ്ങള്‍ അവരുടെ ഒട്ടകത്തെ പരിശോധിച്ചെങ്കിലും കത്തൊന്നും കണ്ടില്ല. ഞങ്ങള്‍ മനസ്സില്‍ പറഞ്ഞു: റസൂലുല്ലാഹി (സ)യുടെ അറിയിപ്പ് ഒരിക്കലും കളവാകുകയില്ല. ഇവര്‍ പ്രസ്തുത കത്ത് എവിടെയോ മറച്ച് വെച്ചിട്ടുണ്ട്. അതുകൊണ്ട് ഞങ്ങള്‍ പറഞ്ഞു: ഒന്നുങ്കില്‍ കത്ത് ഞങ്ങളെ ഏല്‍പ്പിക്കുക, അല്ലെങ്കില്‍ ഞങ്ങള്‍ നിന്‍റെ വസ്ത്രത്തിനകത്ത് കത്തുണ്ടോയെന്ന് അന്വേഷിക്കേണ്ടിവരും. രക്ഷ ഇല്ലെന്ന് കണ്ടപ്പോള്‍ അവര്‍ അവരുടെ വസ്ത്രത്തിനുള്ളില്‍ നിന്നും കത്തെടുത്ത് നല്‍കി. ഞങ്ങള്‍ ആ കത്തുമായി റസൂലുല്ലാഹി (സ)യുടെ സന്നിധിയിലെത്തി. സംഭവം കേട്ടെ മാത്രയില്‍ ഉമര്‍ (റ) പറഞ്ഞു: ഹാത്വിബ് അല്ലാഹുവിനെയും ദൂതനെയും മുസ്ലിംകളെയും വഞ്ചിച്ചിരിക്കുന്നു. നമ്മുടെ രഹസ്യം നിഷേധികള്‍ക്ക് എത്തിച്ച് കൊടുത്തു. അതുകൊണ്ട് അദ്ദേഹത്തിന്‍റെ കഴുത്ത് വെട്ടാന്‍ എന്നെ അനുവദിക്കണം. റസൂലുല്ലാഹി (സ) ഹാത്വിബ് (റ)നോട് ചോദിച്ചു: ഈ പ്രവര്‍ത്തനത്തിന് നിങ്ങളെ പ്രേരിപ്പിച്ച കാര്യം എന്താണ്? ഹാത്വിബ് (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ, എന്‍റെ വിശ്വാസത്തില്‍ ഇപ്പോഴും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. സംഭവം ഇതാണ്: എന്‍റെ മക്കളെയും സമ്പത്തിനെയും നിഷേധികള്‍ അക്രമിക്കാതിരിക്കാന്‍ അവര്‍ക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഞാന്‍ ഉദ്ദേശിച്ചു. കാരണം ഞാന്‍ അല്ലാത്ത ഇതര മുഹാജിറുകള്‍ക്ക് അവിടെ കുടുംബക്കാര്‍ ഉള്ളതിനാല്‍ അവരുടെ മക്കളെയും സമ്പത്തിനെയും നിഷേധികള്‍ അക്രമിക്കുന്നതല്ല. ഇത് കേട്ടപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: ഹാത്വിബ് സത്യം പറഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്‍റെ വിഷയത്തില്‍ നന്മയല്ലാത്ത ഒന്നും പറയരുത്. ഈമാനിക രോഷം കാരണം ഉമറുല്‍ ഫാറൂഖ് (റ) വീണ്ടും വധിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: ഹാത്വിബ് ബദ്റില്‍ പങ്കെടുത്ത വ്യക്തിയാണെന്ന് അറിയില്ലേ? ബദ്റില്‍ പങ്കെടുത്തവര്‍ക്കെല്ലാം പാപമോചനവും സ്വര്‍ഗ്ഗവും അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. ഇതുകേട്ടപ്പോള്‍ ഉമര്‍ (റ)ന്‍റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകുകയും അല്ലാഹുവും റസൂലും തന്നെയാണ് യാഥാര്‍ത്ഥ്യം അറിയുന്നതെന്ന് പറയുകയും ചെയ്തു. (ബുഖാരി) ഒരു നിവേദനത്തില്‍ ഇപ്രകാരമുണ്ട്: ഹാത്വിബ് (റ) പറഞ്ഞു: ഞാന്‍ ഇസ്ലാമിനെയോ മുസ്ലിംകളെയോ ഉപദ്രവിക്കാന്‍ വേണ്ടി ഒന്നും ചെയ്തിട്ടില്ല. എന്താണെങ്കിലും റസൂലുല്ലാഹി (സ) മക്കയില്‍ വിജയിക്കുന്നതാണെന്ന് എനിക്ക് ഉറപ്പായിരുന്നു. അവര്‍ ഈ വാര്‍ത്ത അറിഞ്ഞാലും റസൂലുല്ലാഹി (സ)യ്ക്ക് ഒരു കുഴപ്പവും ഉണ്ടാവുകയില്ലെന്ന് എനിക്ക് അറിയാമായിരുന്നു. ചുരുക്കത്തില്‍ ഈ സംഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ സൂറത്തിന്‍റെ ആദ്യ ആയത്തുകള്‍ അവതരിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ശത്രുക്കളോട് യാതൊരുവിധ സുഹൃത് ബന്ധവും പാടില്ലെന്ന് ഈ ആയത്ത് അറിയിക്കുന്നു. സത്യവിശ്വാസികളേ, എന്‍റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയവരോട് നിങ്ങള്‍ സൗഹൃദം പ്രകടിപ്പിച്ചുകൊണ്ട് ആത്മസുഹൃത്തുക്കളാക്കരുത്! നിഷേധികള്‍ക്ക് ഇത്തരം കത്തുകള്‍ എഴുതുകയോ, അവരുമായി സൗഹൃദ ബന്ധം സ്ഥാപിക്കുകയോ ചെയ്യരുതെന്ന് ഈ ആയത്ത് അറിയിക്കുന്നു. എന്നാല്‍ ഈ ആയത്തില്‍ നിഷേധികള്‍ എന്ന് പറയുന്നതിന് പകരം എന്‍റെയും നിങ്ങളുടെയും ശത്രുക്കള്‍ എന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. ഒന്നാമതായി, ഈ കല്‍പ്പനയുടെ പ്രേരകം നിങ്ങളോടും പടച്ചവനോടും അവര്‍ പുലര്‍ത്തുന്ന ശത്രുതയാണെന്ന് ഇത് അറിയിക്കുന്നു. ഇത്തരം ശത്രുക്കളില്‍ നിന്നും ഉപകാരം വല്ലതും പ്രതീക്ഷിക്കുന്നത് വലിയ വഞ്ചനയാണ്. അതുകൊണ്ട് അതില്‍ നിന്നും സൂക്ഷ്മത പുലര്‍ത്തുക. രണ്ടാമതായി, നിഷേധികള്‍ നിഷേധത്തില്‍ ഉറച്ച് നില്‍ക്കുന്ന കാലമെല്ലാം പടച്ചവന്‍റെയും മുസ്ലിംകളുടെയും ശത്രുക്കളാണെന്ന് ഇത് അറിയിക്കുന്നു. ഇത്തരുണത്തില്‍ പടച്ചവനോട് സ്നേഹം ബാധിക്കുന്ന സത്യവിശ്വാസികള്‍ അവരോട് എങ്ങനെ സുഹൃത് ബന്ധം സ്ഥാപിക്കാനാണ്? നിങ്ങളുടെ പക്കല്‍ വന്ന സത്യത്തെ അവര്‍ നിഷേധിച്ചിരിക്കുകയാണ്. നിങ്ങള്‍ നിങ്ങളുടെ പരിപാലകനായ അല്ലാഹുവില്‍ വിശ്വസിച്ചതിന്‍റെ പേരില്‍ പ്രവാചകനെയും നിങ്ങളെയും നാട്ടില്‍ നിന്നും അവര്‍ പുറത്താക്കുന്നു! ഈ വാക്യത്തിലെ സത്യം കൊണ്ടുള്ള ഉദ്ദേശം ഖുര്‍ആന്‍ അല്ലെങ്കില്‍ ഇസ്ലാമാണ്. നിഷേധത്തിന്‍റെ അടിസ്ഥാന കാരണം ശത്രുത ആയതിനോട് കൂടി അവര്‍ നിങ്ങളെയും നിങ്ങളുടെ ദൂതനെയും പ്രിയപ്പെട്ട സ്വദേശത്ത് നിന്നും പുറത്താക്കിയെന്നും ഈ ആയത്ത് അറിയിക്കുന്നു. ഇങ്ങനെ പുറത്താക്കാനുള്ള കാരണം ഭൗതികമായ ഒന്നുമല്ലായിരുന്നു. മറിച്ച് നിങ്ങളുടെ സത്യവിശ്വാസം മാത്രമായിരുന്നു അതിനുള്ള കാരണം. അതായത് നിങ്ങള്‍ സത്യവിശ്വാസികള്‍ ആയിരിക്കുന്ന കാലത്തോളം അവര്‍ നിങ്ങളുടെ ആത്മ സുഹൃത്തുക്കളാകുന്നതല്ല. അവര്‍ക്ക് എന്തെങ്കിലും ഉപകാരം ചെയ്താല്‍ അവര്‍ എന്‍റെ കുടുംബവും സമ്പത്തും സംരക്ഷിക്കുമെന്ന് ഹാത്വിബ് (റ)ന്‍റെ വിചാരം തെറ്റാണ്. കാരണം അവര്‍ നിങ്ങളോട് ശത്രുത പുലര്‍ത്തുന്നത് നിങ്ങളുടെ വിശ്വാസത്തിന്‍റെ പേരിലാണ്. ആകയാല്‍ അവരോട് സുഹൃത് ബന്ധം സ്ഥാപിച്ച് കൊണ്ട് അവരില്‍ നിന്നും വല്ല ഉപകാരവും പ്രതീക്ഷിക്കുന്നത് വഞ്ചന മാത്രമാണ്. എന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യാനും എന്‍റെ തൃപ്തി കരസ്ഥമാക്കാനും ആഗ്രഹിച്ചുകൊണ്ട് നിങ്ങള്‍ പുറപ്പെട്ടവരാണെങ്കില്‍ (അവരെ നിങ്ങള്‍ ആത്മസുഹൃത്തുക്കളാക്കരുത്). അതായത് നിങ്ങള്‍ പലായനം ചെയ്തത് യഥാര്‍ത്ഥത്തില്‍ പടച്ചവന് വേണ്ടി മാത്രവും പടച്ചവന്‍റെ പൊരുത്തത്തെ കരുതിയുമാണെങ്കില്‍ നിങ്ങള്‍ ശത്രുക്കളെക്കുറിച്ച് അവര്‍ നിങ്ങളെ സഹായിക്കുമെന്ന് വിചാരിക്കുന്നത് തീര്‍ത്തും തെറ്റാണ്. എന്നാല്‍ നിങ്ങളില്‍ ചിലര്‍ അവരോട് രഹസ്യമായി സ്നേഹ ബന്ധം പുലര്‍ത്തുന്നുണ്ട്. നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും ഞാന്‍ അറിയുന്നുണ്ട്! അതായത് നിഷേധികളോട് രഹസ്യം ബന്ധം പുലര്‍ത്തുന്നവര്‍ അവരുടെ ഈ രഹസ്യം രഹസ്യമായി തന്നെ ഇരിക്കുമെന്ന് വിചാരിക്കരുത്. അവരുടെ രഹസ്യങ്ങളും പരസ്യങ്ങളും സര്‍വ്വ അവസ്ഥകളും പടച്ചവന് നന്നായിട്ടറിയാം. ഈ സംഭവത്തില്‍ തന്നെ അല്ലാഹു റസൂലുല്ലാഹി (സ)യ്ക്ക് വഹ്യ് വഴിയായി ഈ ഗൂഢാലോചനയെക്കുറിച്ച് അറിയിച്ച് കൊടുത്തു. അവര്‍ക്ക് നിങ്ങളുടെ മേല്‍ കഴിവുണ്ടായാല്‍ അവര്‍ നിങ്ങളുടെ ശത്രുവാകും. നിങ്ങളിലേക്ക് അവരുടെ കരങ്ങളും നാവുകളും ബുദ്ധിമുട്ടിക്കാന്‍ വേണ്ടി നീട്ടുകയും നിങ്ങളും നിഷേധിയായാല്‍ കൊള്ളാമെന്ന് അവന്‍ മോഹിക്കുകയും ചെയ്യും.(2) നിങ്ങളോട് ശത്രുത പുലര്‍ത്തുന്നവര്‍ എന്തെങ്കിലും അവസരം കിട്ടിയാല്‍ നിങ്ങളോട് എന്തെങ്കിലും വിട്ടുവീഴ്ച കാണിക്കുമെന്ന് നിങ്ങള്‍ ധരിക്കരുത്. അവര്‍ നിങ്ങളുടെ മേല്‍ വിജയം കരസ്ഥമാക്കിയാല്‍ അവരുടെ കൈകളും നാവുകളും കൊണ്ട് നിങ്ങളെ അവര്‍ ദ്രോഹിക്കുന്നതാണ്. നിങ്ങളും നിഷേധിയായാല്‍ കൊള്ളാമെന്ന് അവന്‍ മോഹിക്കുകയും ചെയ്യും! അതായത് നിങ്ങള്‍ അവരോട് സുഹൃത് ബന്ധത്തിന് പരിശ്രമിച്ചാലും നിങ്ങളുടെ ഈമാന്‍ കൈയ്യൊഴിഞ്ഞാല്‍ മാത്രമേ അവര്‍ അതിന് തയ്യാറാവുകയുള്ളൂ എന്ന് നിങ്ങള്‍ മനസ്സിലാക്കുക. നിങ്ങള്‍ നിഷേധത്തില്‍ കുടുങ്ങുന്നതുവരെ അവര്‍ നിങ്ങളില്‍ തൃപ്തിപ്പെടുന്നതല്ല. നിങ്ങളുടെ കുടുംബവും സന്താനങ്ങളും ഖിയാമത്ത് ദിനം നിങ്ങള്‍ക്ക് ഒരു ഗുണവും ചെയ്യുന്നതല്ല. അല്ലാഹു നിങ്ങള്‍ക്കിടയില്‍ വിധി പറയും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കാണുന്നവനാകുന്നു.(3) അതായത് ഖിയാമത്ത് നാളില്‍ നിങ്ങളുടെ ബന്ധുക്കളും സന്താനങ്ങളും നിങ്ങള്‍ക്ക് യാതൊരു പ്രയോജനവും ചെയ്യുന്നതല്ല. ഈ ബന്ധങ്ങളെല്ലാം അന്ന് ഇല്ലാതാകുന്നതാണ്. മക്കള്‍ മാതാപിതാക്കളില്‍ നിന്നും മാതാപിതാക്കള്‍ മക്കളില്‍ നിന്നും വിരണ്ടോടുന്നതാണ്. മക്കളോടുള്ള സ്നേഹത്തിന്‍റെ പേരിലാണ് ഹാത്വിബ് (റ) ഇപ്രകാരം ചെയ്തത്. എന്നാല്‍ മോശപ്പെട്ട മക്കള്‍ ഖിയാമത്ത് നാളില്‍ നിങ്ങള്‍ക്ക് യാതൊരു പ്രയോജനവും ചെയ്യുന്നതല്ല. പടച്ചവന്‍ എല്ലാ കാര്യങ്ങളുടെയും രഹസ്യവും അറിയുന്നവനാണ്. തീര്‍ച്ചയായും ഇബ്റാഹീം നബിയിലും അദ്ദേഹത്തിന്‍റെ കൂട്ടത്തിലുള്ളവരിലും നിങ്ങള്‍ക്ക് വലിയ മാതൃകയുണ്ട്. അവര്‍ സമൂഹത്തോട് പറഞ്ഞ സന്ദര്‍ഭം: ഞങ്ങള്‍ നിങ്ങളില്‍ നിന്നും, അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ ആരാധിക്കുന്ന വസ്തുക്കളില്‍ നിന്നും അകന്ന് കഴിയുകയാണ്. നിങ്ങളെ ഞങ്ങള്‍ നിഷേധിക്കുന്നു. ഏകനായ അല്ലാഹുവില്‍ നിങ്ങള്‍ വിശ്വസിക്കുന്നതുവരെ നമ്മുടെയും നിങ്ങളുടെയും ഇടയില്‍ ശത്രുതയും വിരോധവും എന്നും നിലനില്‍ക്കുന്നതാണ്. എന്നാല്‍ ഞാന്‍ താങ്കള്‍ക്ക് വേണ്ടി പാപമോചനം തേടാം, അല്ലാഹുവിന് മുന്നില്‍ താങ്കള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ എനിക്ക് കഴിയില്ല" എന്ന് ഇബ്റാഹിം നബി തന്‍റെ പിതാവിനോട് പറഞ്ഞ വാക്കില്‍ മാതൃകയില്ല. (ഇബ്റാഹീം നബി പ്രാര്‍ത്ഥിച്ചു:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ നിന്‍റെമേല്‍ ഭരമേല്‍പ്പിക്കുന്നു. നിന്നിലേക്ക് ഞങ്ങള്‍ ഖേദിച്ച് മടങ്ങുന്നു. നിന്നിലേക്കാണ് മടക്കം.(4) ഈ ആയത്തില്‍ ശത്രുക്കളായ നിഷേധികളുമായിട്ടുള്ള സുഹൃത് ബന്ധം പാടില്ലന്നുള്ളതിനെ ബലപ്പെടുത്തി ഇബ്റാഹീം നബി (അ)യുടെ സംഭവം അനുസ്മരിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ കുടുംബം മുഴുവന്‍ ബഹുദൈവരാധകരായിരുന്നു. അദ്ദേഹം അവര്‍ക്ക് കാര്യം മനസ്സിലാക്കിക്കൊടുക്കാന്‍ പരിശ്രമിച്ചിട്ടും അവര്‍ സത്യം സ്വീകരിക്കാതിരുന്നപ്പോള്‍ അവരുമായി യാതൊരു ബന്ധവുമില്ലെന്ന് ഇബ്റാഹീം നബി (അ) പ്രഖ്യാപിച്ചു. മാത്രമല്ല, ബഹുദൈവരാധനയില്‍ നിന്നും പിന്മാറാതെ നിലയുറപ്പിക്കുന്ന കാലത്തോളം നമുക്കിടയില്‍ ശത്രുതയുടെ മറയുണ്ടായിരിക്കുമെന്നും അവരെ ഉണര്‍ത്തി. ഒരു സംശയവും മറുപടിയും: ഈ ആയത്തില്‍ ഇബ്റാഹീം നബി (അ)യുടെ ഉത്തമ മാതൃക പിന്‍പറ്റാന്‍ പടച്ചവന്‍ മുസ്ലിംകളോട് കല്‍പ്പിച്ചിരിക്കുന്നു. എന്നാല്‍ ഇബ്റാഹീം നബി (അ) ബഹുദൈവരാധകനായ പിതാവിന് വേണ്ടി പടച്ചവനോട് പാപമോചനം തേടിയതായി സൂറത്ത് തൗബയില്‍ വന്നിട്ടുണ്ടല്ലോ? അതുകൊണ്ട് ബഹുദൈവരാധകരായ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി പാപമോചനത്തിന് പ്രാര്‍ത്ഥിക്കാവുന്നതാണോ? ഈ സംശയത്തിന് മറുപടിയെന്നോണമാണ് അല്ലാഹു പറഞ്ഞത്: എല്ലാ കാര്യങ്ങളിലും ഇബ്റാഹീം നബി (അ)യെ പിന്‍പറ്റേണ്ടതാണെങ്കിലും ബഹുദൈവരാധകരായ മാതാപിതാക്കള്‍ക്ക് വേണ്ടി പാപമോചനം തേടിയ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനത്തെ അനുകരിക്കാന്‍ പാടില്ല. അദ്ദേഹം അപ്രകാരം ചെയ്തത് പിതാവിനോട് അങ്ങനെ ചെയ്യുമെന്ന് വാഗ്ദാനം ചെയ്തതിന്‍റെ പേരിലായിരുന്നു എന്ന് സൂറത്ത് തൗബയില്‍ തന്നെ വിവരിക്കപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ അദ്ദേഹം മനസ്സുകൊണ്ട് സത്യവിശ്വാസം സ്വീകരിച്ചു എന്ന് വിചാരിച്ചതിന്‍റെ അടിസ്ഥാനത്തിലായിരിക്കാം. എന്നാല്‍ അദ്ദേഹം പടച്ചവന്‍റെ ശത്രുവാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം അതില്‍ നിന്നും ഒഴിവാകുകയുണ്ടായി. ചില മുഫസ്സിറുകള്‍ ഈ ആയത്തിന് ഇപ്രകാരം ആശയം പറയുന്നു: ഇബ്റാഹീം നബി (അ) പിതാവിന് വേണ്ടി പാപമോചനം തേടിയത് ഇബ്റാഹീം നബി (അ)യുടെ ഉത്തമ മാതൃകയ്ക്ക് എതിരല്ല. കാരണം പിതാവ് സത്യവിശ്വാസിയായി എന്ന ഭാവനയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം പാപമോചനം തേടിയത്. എന്നാല്‍ യാഥാര്‍ത്ഥ്യം മനസ്സിലായപ്പോള്‍ അത് ഉപേക്ഷിക്കുകയും അദ്ദേഹവുമായി ബന്ധമില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇങ്ങനെ ഈ കാലത്ത് ചെയ്യാനും അനുവാദമുണ്ട്. അതായത് ഏതെങ്കിലും നിഷേധി സത്യവിശ്വാസം സ്വീകരിച്ചതായി നമുക്ക് അനുഭവപ്പെട്ടാല്‍ അവര്‍ക്ക് വേണ്ടി പാപമോചനം തേടുന്നതുകൊണ്ട് കുഴപ്പമില്ല. (ഖുര്‍തുബി)
മആരിഫുല്‍ ഹദീസ്
റസൂലുല്ലാഹി (സ) യുടെ സമുന്നത സ്വഭാവം - 9
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
131. ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ആരോഗ്യ സമയത്ത് പ്രകാരം അരുളിയതായി ഞാൻ കേട്ടിരുന്നു: ഒരു നബി മരണ രോഗത്തിൽ അകപ്പെടുമ്പോൾ ഇഹലോകത്ത് കുറച്ചുനാൾ കൂടി ജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ജീവിക്കാനും പരലോക ജീവിതം തിരഞ്ഞെടുക്കുന്നെങ്കിൽ മരണം വരിക്കാനും ഇഷ്ടം നൽകപ്പെടുന്നതാണ്. ആഇശ (റ) തുടർന്ന് വീണ്ടും പ്രസ്താവിച്ചു: റസൂലുല്ലാഹി (സ)ക്ക് മരണ രോഗത്തിൽ ശ്വാസത്തിന്റെ തടസ്സം സംഭവിച്ചപ്പോൾ ഇപ്രകാരം പറയുകയുണ്ടായി: പടച്ചവനേ, നിന്റെ വിശിഷ്ട അനുഗ്രഹങ്ങൾക്ക് പാത്രി ഭൂതരായ നബിമാർ, സിദ്ദീഖുകൾ ശുഹദാഅ് സ്വാലിഹുകൾ ഇവരുടെ അരികിൽ എന്നെ എത്തിക്കേണമേ..! അപ്പോൾ റസൂലുല്ലാഹി (സ)ക്ക് രണ്ടാൽ ഒന്നു തിരഞ്ഞെടുക്കാൻ ഇഷ്ടം നൽകപ്പെടുകയും റസൂലുല്ലാഹി (സ) പരലോകത്തെ തിരഞ്ഞെടുക്കുകയും ചെയ്തുവെന്ന് എനിക്ക് മനസ്സിലായി. (ബുഖാരി, മുസ്ലിം)
വിവരണം: റസൂലുല്ലാഹി (സ) ഈ ഹദീസിൽ ഉദ്ധരിച്ച വചനം പരിശുദ്ധ ഖുർആൻ സൂറത്ത് നിസാഇലെ 69-ാം ആയത്താണ്. ഈ ആയത്തിൽ അല്ലാഹുവിന്റെ വിശിഷ്ട അനുഗ്രഹങ്ങൾ വർഷിച്ച നാലു വിഭാഗങ്ങളെ അല്ലാഹു അനുസ്മരിച്ചിരിക്കുന്നു: അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നവൻ അല്ലാഹു അനുഗ്രഹിച്ചവരായ നബിമാരുടെയും സ്വിദ്ദീഖുകളു ടെയും ശഹീദുമാരുടെയും സ്വാലിഹുകളുടെയും കൂട്ടത്തിലായിരിക്കും. അവർ വളരെ നല്ല കൂട്ടുകാർ!(69) ഇത് അല്ലാഹുവിങ്കൽ നിന്നുമുള്ള ഒരു അനുഗ്രഹമാണ്. അറിയുന്നവനായി അല്ലാഹു മതി. (നിസാഅ് 69,70)
132. ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) എന്റെ വീട്ടിലാണ് പരലോകത്തിലേക്ക് യാത്രയായതെന്നും എന്റെ ഊഴ ദിവസത്തിലാണ് പരലോകത്തിലേക്ക് യാത്ര തിരിച്ചുതെന്നും അതെന്റെ നെഞ്ചിന്റെയും താടിയെല്ലിന്റെയും ഇടയിൽ ചാരി കിടക്കുമ്പോൾ ആയിരുന്നുവെന്നും റസൂലുല്ലാഹി (സ)യുടെ വിയോഗ നേരം അല്ലാഹു റസൂലുല്ലാഹി (സ)യുടെയും എന്റെയും ഉമിനീരുകൾ ഒരുമിച്ചുകൂട്ടി എന്നതും അല്ലാഹു എന്റെ മേൽ ചെയ്ത വലിയ അനുഗ്രഹങ്ങളാണ്. എന്റെ സഹോദരൻ അബ്ദുറഹ്മാൻ വീട്ടിലേക്ക് വന്നു. അദ്ദേഹത്തിന്റെ കൈയ്യിൽ മിസ്വാക്ക് ഉണ്ടായിരുന്നു. ഞാൻ റസൂലുല്ലാഹി (സ)യെ എന്റെ നെഞ്ചിലേക്ക് ചേർത്തുവെച്ചിരുന്നു. തദവസരം റസൂലുല്ലാഹി (സ) അദ്ദേഹത്തിന്റെ നോക്കുന്നത് ഞാൻ കണ്ടു. റസൂലുല്ലാഹി (സ)ക്ക് ദന്ത ശുചീകരണത്തിന് താല്പര്യമുണ്ടെന്ന് എനിക്കു മനസ്സിലായി. ഞാൻ ചോദിച്ചു: ഞാനത് വാങ്ങി തരട്ടെ! റസൂലുല്ലാഹി (സ) തല കുലുക്കി സമ്മതിച്ചു. ഞാൻ അത് വാങ്ങി ചവച്ച് മയപ്പെടുത്തി കൊടുത്തു. റസൂലുല്ലാഹി (സ) അത് വാങ്ങി പല്ല് തേച്ചു. അങ്ങനെ അവസാന സമയത്ത് റസൂലുല്ലാഹി (സ)യുടെ ഉമിനീർ എന്റെ തൊണ്ടയിലും എന്റെ ഉമിനീർ റസൂലുല്ലാഹി (സ)യുടെ തൊണ്ടയിലും എത്തിച്ചേർന്നു. തദവസരം അവിടെ വെള്ളം നിറച്ച ഒരു പാത്രം ഉണ്ടായിരുന്നു. റസൂലുല്ലാഹി (സ) അതിൽ രണ്ട് കൈകളും ഇട്ട് മുഖം തുടച്ചു കൊണ്ടിരുന്നു. ലാ ഇലാഹ ഇല്ലല്ലാഹ്, അതെ മരണത്തിന് വലിയ കടുപ്പമുണ്ട് എന്ന് പറഞ്ഞുകൊണ്ടിരുന്നു. തുടർന്ന് ഇരുകരങ്ങളും ആകാശത്തേക്ക് ഉയർത്തി കൊണ്ട് പറഞ്ഞു: ഉന്നത കൂട്ടുകാരനിൽ എന്നെ ഉൾപ്പെടുത്തേണമേ! ഈ അവസ്ഥയിൽ ആത്മാവ് പിടിക്കപ്പെട്ടു. റസൂലുല്ലാഹി (സ)യുടെ കരങ്ങൾ താഴ്ഭാഗത്തേക്ക് വന്നു. (ബുഖാരി)
വിവരണം: ഈ ഹദീസിൽ റസൂലുല്ലാഹി (സ)യുടെ ജീവിതത്തിലെ അന്ത്യഘട്ടത്തിൽ ആഇശ (റ)യുടെ മേൽ പ്രത്യേകമായി സംഭവിച്ച അനുഗ്രഹങ്ങൾ വിവരിക്കുകയാണ്. ഒന്ന്, റസൂലുല്ലാഹി (സ) എന്റെ വീട്ടിൽ എന്റെ ഊഴത്തിലാണ് പടച്ചവനിലേക്ക് യാത്രയായത്. അതായത് വിയോഗത്തിന് എട്ട് ദിവസം മുമ്പ് റസൂലുല്ലാഹി (സ) താൽപര്യപ്പെടുകയും പവിത്ര പത്‌നിമാർ അനുവദിക്കുകയും ചെയ്തു കൊണ്ട് എന്റെ വീട്ടിൽ താമസമാക്കിയെങ്കിലും വിയോഗം നടന്ന തിങ്കളാഴ്ച്ച ദിവസം ഊഴമനുസരിച്ച് എന്റെ വീട്ടിൽ താമസിക്കേണ്ട ദിവസമായിരുന്നു. രണ്ട്, റസൂലുല്ലാഹി (സ)യുടെ വിയോഗ നേരത്ത് തിരുശരീരം എന്റെ നെഞ്ചിൽ ചേർന്നിരിക്കുകയും അനുഗ്രഹീത ശിരസ്സ് എന്റെ താടിയെല്ലിൽ സ്പർശിക്കുകയും ചെയ്തിരുന്നു. മൂന്ന്, അവസാന സമയം എന്റെ സഹോദരൻ വീട്ടിലേക്ക് വന്നു. അദ്ദേഹത്തിന്റെ കൈയ്യിൽ മിസ്വാക്ക് ഉണ്ടായിരുന്നു. റസൂലുല്ലാഹി (സ) അതിലേക്ക് സൂക്ഷിച്ച് നോക്കി. അപ്പോൾ റസൂലുല്ലാഹി (സ)ക്ക് മിസ്വാക്ക് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ഞാൻ മനസ്സിലാക്കുകയും അത് വാങ്ങി കൊടുക്കുകയും ചെയ്തു. റസൂലുല്ലാഹി (സ)ക്ക് അതിന്റെ ഉപയോഗം പ്രയാസമായി കണ്ടപ്പോൾ ഞാൻ അത് വാങ്ങി ചവച്ച് മയപ്പെടുത്തി കൊടുത്തു. തുടർന്ന് റസൂലുല്ലാഹി (സ) അതുകൊണ്ട് പല്ലു തേച്ചു. അങ്ങനെ അവസാന സമയം എന്റെയും റസൂലുല്ലാഹി (സ)യുടെയും ഉമിനീരുകൾ ഒരുമിച്ച് കൂടി. തീർച്ചയായും ഇവകൾ ആഇശ (റ)ക്ക് വളരെയധികം സന്തോഷവും അഭിമാനവും പകരുന്ന കാര്യങ്ങൾ തന്നെയാണ്. തുടർന്ന് ആഇശ (റ) റസൂലുല്ലാഹി (സ)യുടെ അന്ത്യ നിമിഷം ചിത്രീകരിക്കുന്നു: റസൂലുല്ലാഹി (സ)യുടെ മുന്നിൽ ഒരു പാത്രത്തിൽ വെള്ളമുണ്ടായിരുന്നു. റസൂലുല്ലാഹി (സ) അതിൽ കൈയ്യിടുകയും മുഖം തടവുകയും ചെയ്തു കൊണ്ടിരുന്നു. തദവസരം പരിശുദ്ധ കലിമ ചൊല്ലി കൊണ്ടരുളി: തീർച്ചയായും മരണത്തിന് കടുപ്പമുണ്ട്. അതെ, സമീപസ്ഥരായ മഹത്തുക്കൾക്ക് ഇത്തരം പ്രയാസങ്ങൾ അവരുടെ സ്ഥാന സമുന്നതിക്ക് കാരണമാകുന്നതാണ്! ആഇശ (റ) വിവരിക്കുന്നു: അപ്പാേൾ റസൂലുല്ലാഹി (സ) കരങ്ങൾ ഉയർത്തുകയും എന്നെ ഉൽകൃഷ്ട കൂട്ടുകാരോടൊപ്പം ചേർക്കണേ എന്ന് മൊഴിയുകയും ചെയ്തു. അതായത് ഈ സമയം റസൂലുല്ലാഹി (സ) നബിമാരുടെയും സിദ്ദീഖുകളുടെയും ശുഹദാഅ് സ്വാലിഹിങ്ങളുടെയും സ്ഥാനമായ സമുന്നത ഇല്ലിയീനിലേക്ക് ശ്രദ്ധ പതിപ്പിച്ച് കൊണ്ട് എന്നെ അവരോടൊപ്പം ആക്കണേ എന്ന് അല്ലാഹുവിനോട് അപേക്ഷിക്കുകയും അനുഗ്രഹീത ആത്മാവ് പിടിക്കപ്പെടുകയും ഉയർന്ന കൈയ്യ് താഴത്തേക്ക് വരികയും ചെയ്തു. ഉന്നത കൂട്ടുകാരെ വിവരിച്ച് കൊണ്ട് പരിശുദ്ധ ഖുർആൻ പറയുന്നു: അവർ ഏറ്റവും നല്ല കൂട്ടാളികളാണ്.
ഹാഫിള് ഇബ്‌നു ഹജർ (റ) ഈ ഹദീസിനെ വിവരിച്ചപ്പോൾ വിയോഗ സമയം റസൂലുല്ലാഹി (സ)യുടെ ശിരസ്സ് അലിയ്യ് (റ)ന്റെ മടിയിലായിരുന്നു എന്നൊരു നിവേദനം ഉദ്ധരിച്ചിട്ടുണ്ട്. തുടർന്ന് എഴുതുന്നു: ഈ നിവേദനങ്ങളുടെയെല്ലാം സനദുകളിൽ ഏതെങ്കിലും ശിയാ നിവേദകരെയും കാണാൻ കഴിയുന്നു. അതുകൊണ്ട് ഈ നിവേദനങ്ങൾ സ്വീകാര്യമല്ല. ശേഷം ഇബ്‌നു ഹജർ (റ) മുഴുവൻ നിവേദന പരമ്പരകളെയും വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. (ഫത്ഹുൽ ബാരി)