സ്വാതന്ത്ര്യ ദിന പതിപ്പ്

സഫര്‍ 20/1447
ആഗസ്റ്റ് 15/2025

No: 224



 ▪️മുഖലിഖിതം

സ്വാതന്ത്ര്യത്തിന്‍റെ സന്ദേശം

✍🏻 മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി

▪️ജുമുഅ സന്ദേശം
    സ്വാതന്ത്ര്യദിന സന്ദേശം
സ്നേഹ സൗഹൃദ സാഹോദര്യത്തിൻ്റെ വിളക്കുകളാവുക.  

✍🏻 മൗലാനാ മുഹമ്മദ് ഇസ്ഹാഖ് ഖാസിമി


▪️മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുൽ ഹഷ്ര്‍-

അസൂയയും പകയും വർജ്ജിക്കുന്നത് സ്വർഗ്ഗവാസിയുടെ അടയാളം

✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️മആരിഫുല്‍ ഹദീസ്
റസൂലുല്ലാഹി (സ) യുടെ സമുന്നത സ്വഭാവം -7
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി







************




 മുഖലിഖിതം 


സ്വാതന്ത്ര്യത്തിന്‍റെ സന്ദേശം


മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി
(ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ, സെക്രട്ടറി, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)
രാജ്യത്തിൻ്റെ നിലവിലുള്ള അവസ്ഥ വളരെ ദുഃഖകരമാണ്. രാജ്യത്തിൻ്റെ കെട്ടുറപ്പ് തന്നെ ബലഹീനമായി കൊണ്ടിരിക്കുന്നു. ഇത്ര വിശാലമായ രാജ്യത്ത് ഈ ദുരവസ്ഥയെ തിരുത്താൻ പൊതുവിൽ ആരും മുന്നോട്ട് വരുന്നില്ലായെന്നതാണ് ഇതിനെക്കാളും വേദനാജനകമായ കാര്യം. ഇന്നത്തെ ഏക ശക്തി പണമായി മാറിയിരിക്കുന്നു. പണമുണ്ടെങ്കിൽ എന്തും വാങ്ങുകയും വിൽക്കുകയും ചെയ്യാൻ കഴിയും രാജ്യത്തിൻ്റെ അടിസ്ഥാന പ്രശ്നം സത്യസന്ധമായ മനുഷ്യത്വവും മാനവികതയുടെ അടിസ്ഥാന മൂല്യങ്ങളുമാണ്. അതിന് മുകളിൽ മാത്രമെ ശക്തമായ ഒരു സമൂഹം നില നിൽക്കുകയുള്ളൂ. അതിന് കീഴിൽ ഓരോ മനുഷ്യരും സമാധാനത്തോടെ ജീവിക്കുകയും ബലഹീനർ പോലും തലയുയർത്തി നടക്കുകയും ചെയ്യുന്നതാണ്. കാരണം അവർക്ക് പിന്നിൽ മനുഷ്യത്വത്തിൻ്റെ ശക്തിയുണ്ടെന്ന് അവർ മനസ്സിലാക്കുന്നു. അതിൽ സമ്പന്നൻ, ദരിദ്രൻ, ബലഹീനൻ,ശക്തൻ മുതലായ വിവേചനങ്ങൾ ഒന്നുമില്ല. അതെ, മനുഷ്യത്വമാണ് ഈ രാജ്യത്തിൻ്റെ സുരക്ഷയുടെയും ഉയർച്ചയുടെയും അടിസ്ഥാനം. ഇതാണ് സ്വാതന്ത്ര്യ ദിനം നൽകുന്ന പ്രധാനപ്പെട്ട സന്ദേശം. ഈയൊരു സ്വാതന്ത്ര്യം മുഴുവൻ ജനങ്ങൾക്കും ലഭിക്കേണ്ടതായിട്ടുണ്ട്. ഇത് ഈ രാജ്യത്തിൻ്റെ പൂർവ്വികരുടെ മഹത്തായ മൂലധനം കൂടിയാണ്. അവർ രാജ്യത്തെയും രാജ്യ നിവാസികളെയും രാജ്യത്തിൻ്റെയും ജനങ്ങളുടെയും ഓരോ വസ്തുക്കളെയും സ്നേഹിക്കുകയും സഹാനുഭൂതി പുലർത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട സംഭവങ്ങൾ കൊണ്ട് ഈ രാജ്യത്തിൻ്റെ ഓരോ തുണ്ട് ഭൂമിയും സമ്പന്നമാണ്. ഇത്തരമൊരു രാഷ്ട്രത്തിന് വേണ്ടിയാണ് സ്വാതന്ത്ര്യ സമര ഭടന്മാർ ചോരയും നീരും ഒഴുക്കി കഠിനമായ ത്യാഗങ്ങൾ അനുഷ്ഠിച്ചത്. പൂർവ്വികരുടെ ഈ മാർഗ്ഗത്തിൽ നിന്നും അൽപ്പം പോലും തെറ്റാതെ നാം സഞ്ചരിക്കുമെന്ന് തീരുമാനിക്കുക.


സ്വാതന്ത്ര്യ ദിന സന്ദേശം 


✍️ മൗലാനാ സയ്യിദ് അർഷദ് മദനി

(സദ്റുൽ മുദരിസീൻ, ദാറുൽ ഉലൂം ദേവ്ബന്ദ്. പ്രസിഡൻ്റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്. വൈസ് പ്രസിഡൻ്റ്, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്.)

സ്വാതന്ത്ര്യ ദിനം മഹത്തായ ഒരു സന്ദേശം കൂടിയാണ്. ഈ രാജ്യത്തിൻ്റെ മഹത്തായ പാരമ്പര്യം നാനാത്വത്തിൽ ഏകത്വമാണ്. ഈ ഗുണത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ രാജ്യം മുന്നോട്ടു നീങ്ങിയത്. ഇത് നഷ്ടപ്പെട്ടപ്പോൾ രാജ്യം തന്നെ നഷ്ടപ്പെടുകയും അമിത്വത്തിലേക്ക് മറിഞ്ഞു വീഴുകയും രാജ്യ സ്നേഹികളായ സ്വാതന്ത്ര്യ സമര ഭടന്മാർ ഈ യാഥാർത്ഥ്യം ഉൾക്കൊണ്ട് കൊണ്ട് സ്വാതന്ത്ര്യത്തിന് പോരാടിയപ്പോൾ സ്വാതന്ത്ര്യം യാഥാർത്ഥ്യമായി. എന്നാൽ വീണ്ടും വർഗ്ഗീയതയും അക്രമങ്ങളും തലപൊക്കി തുടങ്ങിയിരിക്കുന്നു. പക്ഷേ അക്രമ വർഗ്ഗീയതകൾക്കുള്ള മറുപടി അക്രമവും വർഗ്ഗീയതയുമല്ല. മറിച്ച് സ്നേഹവും സാഹോദര്യവുമാണ്. ഇത്തരുണത്തിൽ സ്നേഹവും സാഹോദര്യവും പഠിക്കുകയും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് മുഴുവൻ സഹോദരി സഹോദരന്മാരോടും അഭ്യർത്ഥിക്കുന്നു. അതിന് വേണ്ടി ചുരുങ്ങിയ പക്ഷം നമ്മുടെ നാട്ടിലും പരിസരത്തും പടച്ചവൻ്റെ അനുഗ്രഹങ്ങളിൽ സന്തോഷിക്കുന്നവരെയും പരീക്ഷണങ്ങളിൽ ദുഃഖിക്കുന്നവരെയും സന്ദർശിക്കുകയും സന്തോഷിക്കുന്നവർക്ക് ആശംസ നേരുകയും ദുഃഖിക്കുന്നവർക്ക് ആശ്വാസം പകരുകയും കഴിയുന്നത്ര സേവന സഹായങ്ങൾ അനുഷ്ടിക്കുകയും ചെയ്യുക. പടച്ചവൻ അനുഗ്രഹിക്കട്ടെ!


ജുമുഅ സന്ദേശം 


സ്വാതന്ത്ര്യദിന സന്ദേശം


സ്നേഹ സൗഹൃദ സാഹോദര്യത്തിൻ്റെ വിളക്കുകളാവുക. 


 ✍️ മൗലാനാ മുഹമ്മദ് ഇസ്ഹാഖ് ഖാസിമി

(പ്രസിഡൻ്റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള, വർക്കിംഗ് കമ്മിറ്റി മെമ്പർ, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)


 



أَنزَلَ مِنَ السَّمَاءِ مَاءً فَسَالَتْ أَوْدِيَةٌ بِقَدَرِهَا فَاحْتَمَلَ السَّيْلُ زَبَدًا رَّابِيًا ۚ وَمِمَّا يُوقِدُونَ عَلَيْهِ فِي النَّارِ ابْتِغَاءَ حِلْيَةٍ أَوْ مَتَاعٍ زَبَدٌ مِّثْلُهُ ۚ كَذَٰلِكَ يَضْرِبُ اللَّهُ الْحَقَّ وَالْبَاطِلَ ۚ فَأَمَّا الزَّبَدُ فَيَذْهَبُ جُفَاءً ۖ وَأَمَّا مَا يَنفَعُ النَّاسَ فَيَمْكُثُ فِي الْأَرْضِ ۚ كَذَٰلِكَ يَضْرِبُ اللَّهُ الْأَمْثَالَ. 


ഒരിക്കൽ കൂടി സ്വാതന്ത്ര്യ ദിനം സമാഗതമായിരിക്കുകയാണ്. ഈ ദിനം സന്തോഷത്തോടൊപ്പം മഹത്തായ ചില സന്ദേശങ്ങൾ പഠിക്കുകയും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ട ഒരു ദിനം കൂടിയാണ്. രാജ്യത്തിൻ്റെ അടിമത്വത്തിൻ്റെയും സ്വാതന്ത്ര്യ സമരത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും പ്രധാനപ്പെട്ട സന്ദേശം ജാതിമത ഭേദമന്യേ എല്ലാവരും സ്നേഹത്തിലും സാഹോദര്യത്തിലും സഹകരണത്തിലും കഴിയണമെന്നതാണ്. അതെ, ഈയൊരു മഹൽ ഗുണത്തിൻ്റെ അഭാവം കാരണമായിട്ടാണ് രാജ്യം അടിമത്വത്തിലേക്ക് മറിഞ്ഞ് വീണത്. രാജ്യത്തെ ഭരണാധികാരികളും ഭരണീയരും പരസ്പരം സഹായികളാകേണ്ട ആളുകൾ പോലും ശത്രുക്കളാവുകയും പരസ്പരം കൊല്ലുകയും കൊല്ലിപ്പിക്കുകയും ചെയ്തു. അവസാനം രാജ്യം അടിമത്വത്തിൻ്റെ കരാള ഹസ്തങ്ങളിൽ അകപ്പെട്ടു. തുടർന്ന് ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ ഭരണം ആരംഭിച്ചു. ഈ ഭരണം ഒരു ഭാഗത്ത് രാജ്യനിവാസികളെ പരസ്പരം അകറ്റിയപ്പോൾ മറുഭാഗത്ത് രാജ്യനിവാസികളും പരസ്പരം അകന്നു കഴിഞ്ഞു. ഇതിനിടയിൽ ബ്രിട്ടീഷുകാർ കണക്കില്ലാത്ത അക്രമങ്ങൾ കാട്ടിക്കൂട്ടി. രാജ്യത്തിൻ്റെ ഗുരുതരമായ ഈ അവസ്ഥ തിരിച്ചറിയുകയും അക്രമ അനീതികളിൽ വേദനിക്കുകയും ചെയ്ത രാജ്യസ്നേഹികൾ ഉണർന്ന് എഴുന്നേൽക്കുകയും ആദ്യം സ്വാതന്ത്ര്യത്തിന് വേണ്ടി ഒറ്റക്ക് പരിശ്രമിക്കുകയും തുടർന്ന് എല്ലാവരെയും കൂട്ടി ഇണക്കി സാഹോദര്യത്തോടെ മുന്നോട്ട് നീങ്ങുകയും ചെയ്തു. ഒരു നൂറ്റാണ്ടിലേറെ നീണ്ടു നിന്ന സ്വാതന്ത്ര്യ  സമരത്തിൻ്റെ ഈ വാഹക സംഘം തടവറകളെയും തൂക്കുമരങ്ങളെയും പലപ്പോഴും ചുംബിച്ചു. ഒരു കൂട്ടം മഹത്തുക്കൾ ഈ മാർഗ്ഗത്തിൽ മരിച്ചു വീണപ്പോൾ മറ്റാെരു കൂട്ടർ സ്വാതന്ത്ര്യ സമരത്തിൻെ ഈ വിളക്കുകൾ അണയാതെ പരസ്പരം കൈമാറി കൊണ്ടിരുന്നു. ഗോളിയാർ രാജവംശത്തെ കൂട്ടത്തിൽ കൂട്ടാൻ പരിശ്രമിച്ചു കൊണ്ട് സയ്യിദ് അഹ്‌മദ് ശഹീദും കൂട്ടരും ബാലാ കോട്ടിൽ രക്തസാക്ഷിത്വം വഹിച്ചു. 1857-ൽ ഡൽഹിയിലും ശാംലിയിലും രാജ്യത്തിൻ്റെ വിവിധ കേന്ദ്രങ്ങളിലും അതിശക്തമായ പോരാട്ടങ്ങൾ നടന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി ഉജ്ജ്വലമായ പദ്ധതികൾ ആസൂത്രണം ചെയ്യുകയും മാൾട്ടാ ജയിലിൽ ത്യാഗമനുഷ്ടിക്കുകയും ചെയ്ത ശൈഖുൽ ഹിന്ദ് സ്വാതന്ത്ര്യ സമരത്തിലെ ഒരു സമുന്നത വ്യക്തിത്വമാണ്. പേഷാവാറിലും ജാലിയൻ വാലാ ബാഗിലും രാം പ്രസാദും അഷ്ഫായുല്ലാഹ് ഖാനും ഭഗത്  സിംഗും ചാേര കൊണ്ട് ചരിത്രമെഴുതി. മൗലാനാ മുഹമ്മദ് അലിയുടെയും സുഭാഷ് ചന്ദ്രബോസിൻ്റെയും മറ്റും ഐതിഹാസികമായ ശബ്ദങ്ങൾ രാജ്യത്ത് മാത്രമല്ല, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മുഴങ്ങി. അവസാനം മോഹൻദാസ് കരംചന്ദ് ഗാന്ധി നേതൃത്വമേറ്റെടുത്തു. മാൾട്ടാ ജയിൽ മോചിതനായി ബോംബൈയിൽ കപ്പലിറങ്ങിയ ശൈഖുൽ ഹിന്ദ് മൗലാനാ മഹ്‌മൂദ് ഹസൻ ദേവ്ബന്ദിയെ മോചിപ്പിക്കാൻ ഗാന്ധിജി വന്നിരുന്നു. സ്വാതന്ത്ര്യ സമരത്തിൻ്റെ നേതൃത്വമേറ്റെടുക്കാൻ ഇദ്ദേഹം അനുയോജ്യനാണെന്ന് കണ്ട ശൈഖുൽ ഹിന്ദ് ഗാന്ധിജിയെ സ്വാതന്ത്ര്യ സമരനായകനായി പ്രഖ്യാപിക്കുകയുണ്ടായി. അഹിംസാ സിദ്ധാന്തവും ഹിന്ദു-മുസ്‌ലിം ഐക്യവും ഉയർത്തി പിടിച്ച ഗാന്ധിജിക്ക് പിന്നിൽ നാനാജാതി മതസ്ഥരായ രാജ്യസ്നേഹികളെല്ലാവരും ഒഞ്ഞാരുമിച്ച് അണിനിരന്നു. മൗലാനാ സയ്യിദ് ഹുസൈൻ അഹ്‌മദ് മദനി, ജവഹർലാൽ നെഹ്റു, മൗലാനാ അബുൽ കലാം ആസാദ്, ഡോ. കച്ച്ലു, മുഫ്തി കിഫായത്തുല്ലാഹ് ദഹ്‌ലവി, മദൻ മോഹൻ മാളവ്യ , മൗലാനാ അബ്ദുൽ ബാരി ഫിറങ്കി മഹല്ലി എന്നിങ്ങനെ നാനാജാതി മതസ്ഥരായ നേതാക്കളും പൊതുജനങ്ങളും സഹനതയുടെയും സാഹോദര്യത്തിന്റെയും രാജ്യസ്നേഹത്തിന്റെയും ധർമ്മ ബോധത്തിന്റെയും ഉന്നത ചരിത്രം രചിച്ചു മുന്നോട്ട് നീങ്ങി. ഇവിടെ കേരളത്തിലും ഇത് തന്നെയായിരുന്നു അവസ്ഥ. ആലി മുസ്‌ലിയാർ, കെ. കേളപ്പൻ, ഇ.എം ജോർജ്ജ്,  വാരിയൻ കുന്നത്ത് കുഞ്ഞ് അഹ്‌മദ് ഹാജി, കെ.പി. കേശവമേനോൻ, എം.കെ ജോർജ്ജ്,  വെളിയംകോട് ഉമർ ഖാളി, കുമാർ ജി, വക്കം മൗലവി, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, ടി.വി. തോമസ്, അക്കാമാ ചെറിയാൻ, ഏ.കെ. ഗോപാലൻ, മുഹമ്മദ് അബ്ദുർ റഹ്‌മാൻ സാഹിബ്, ചുങ്കത്ത് ജോസഫ് വർക്കി, എൻ. കുഞ്ഞുരാമൻ, വർഗ്ഗീസ് ചെറിയാൻ, ഉമൈത്താനകത്ത് കുഞ്ഞിക്കാദർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കേരള ജനതയും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി. ഈ നീക്കത്തെ താറുമാറാക്കാൻ ബ്രിട്ടീഷുകാർ പല ശ്രമങ്ങളും നടത്തി. പ്രത്യേകിച്ചും രണ്ടു ഭാഗത്തും വർഗ്ഗീയത ആളിക്കത്തിക്കാൻ കിണഞ്ഞ് ശ്രമിച്ചു. എന്നാൽ ഗാന്ധിയുടെയും മൗലാനാ മദനിയുടെയും നേതൃത്വത്തിൽ രാജ്യസ്നേഹികളായ മഹത്തുകൾ അവരവരുടെ സമുദായത്തെ തന്നെ ശക്തമായി നേരിട്ടു. അവസാനം 1947 ഓഗസ്റ്റ് 15 ഒരു വെള്ളിയാഴ്ച്ച രാവിൽ ഇന്ത്യാ രാജ്യത്ത് സ്വാതന്ത്ര്യത്തിൻ്റെ അരുണൻ ഉദിച്ചുയർന്നു. 


രാജ്യം സ്വതന്ത്ര്യമായി. സമുന്നത സന്താനങ്ങളുടെ നേതൃത്വത്തിൽ ഇന്ത്യ മഹാരാജ്യം പ്രയാണം ആരംഭിച്ചു. സ്വാതന്ത്ര്യ സമരത്തിലെ അതേ വീക്ഷണം തന്നെ അവർ ഉയർത്തിപ്പിടിക്കുകയും ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും പരസ്പര സാഹോദര്യ സഹകരണങ്ങളോടെ മുന്നോട്ട് നീങ്ങണമെന്ന് അവർ നിരന്തരം ആഹ്വാനം ചെയ്തു. പക്ഷേ ഖേദകരമെന്ന് പറയട്ടെ, അന്നുമുതൽ ഇന്നുവരെ ഈ സ്നേഹ സൗഹൃദ സാഹോദര്യത്തെ തകർക്കുന്ന പല ശ്രമങ്ങളും രാജ്യത്ത് ഉണ്ടായി. ആദരണീയ രാഷ്ട്രപിതാവ് ഈ മാർഗ്ഗത്തിൽ രക്തസാക്ഷിയായി. രാജ്യം മുഴുവനും ധാരാളം വർഗീയ കലാപങ്ങൾ ആളിക്കത്തി. സുമനസ്സുകളെയെല്ലാം അതിയായി വേദനിപ്പിച്ച സംഭവങ്ങളാണ് ഇവ. പക്ഷേ രാജ്യത്തിൻ്റെ ആത്മാവും രാജ്യ സ്നേഹികളുടെ മനസ്സും എന്നും സ്നേഹ സൗഹൃദ സാഹോദര്യത്തിനായി കൊതിച്ചു. യഥാർത്ഥത്തിൽ ഈ രാജ്യത്തിൻ്റെ ഭാവിയെ കുറിച്ച് പ്രതീക്ഷ നൽകുന്ന ഏറ്റവും വലിയ ഘടകമാണിത്.


എന്തെങ്കിലും പൊതു പ്രശ്നമാേ ദുരന്തമോ സംഭവിച്ചാൽ രാജ്യ നിവാസികൾ ഉണർന്ന് എഴുന്നേൽക്കുകയും ഒറ്റുക്കെട്ടായി അതിനെ നേരിടുകയും ചെയ്തിരുന്നു. യഥാർത്ഥത്തിൽ ഈ രാജ്യത്ത് ഇന്ന് കാണപ്പെടുന്ന മുഴുവൻ വികസനങ്ങളുടെയും പുരോഗതിയുടെയും അടിസ്ഥാനം മുൻഗാമികളായ രാജ്യ സ്നേഹികളുടെ പരസ്പര സഹകരണവും സാഹോദര്യവുമാണ്.


ഇന്നും രാജ്യത്ത് ധാരാളം പ്രശ്നങ്ങളുണ്ട്. എന്നാൽ രാജ്യത്തിൻ്റെ പ്രഥമവും പ്രധാനവുമായ പ്രശ്നം വർഗ്ഗീയതയാണ്. ഭരണ കർത്താക്കൾ, പത്ര ലേഖകർ, വാർത്താ മാധ്യമങ്ങൾ, ഉദ്യോഗസ്ഥർ, നിയമപാലകർ, നിയമജ്ഞർ, അധ്യാപകർ, എന്നിങ്ങനെ സർവ്വ മേഖലകളുമായി ബന്ധപ്പെട്ടവരിലും വർഗ്ഗീയത കത്തിക്കയറി കൊണ്ടിരിക്കുന്നു. ഇത് വലിയൊരു ദുരന്തത്തിൻ്റെ മരണ മണിയാണ്. അതെ, വർഗ്ഗീയത ആർത്തി പൂണ്ട അഗ്നി ഗോളമാണ്. ഓരോന്ന് ഓരോന്നായി പരിസരത്തെ തിന്ന ശേഷം അത് സ്വയം തിന്ന് തീരുന്നതാണ്. 


രാജ്യത്തിൻ്റെ ഓരോ വിഷയങ്ങളും വരുമ്പോൾ ഒരു കൂട്ടമാളുകളെ മാത്രം പറയുന്നത് വർഗ്ഗീയതയാണ്. ഉദാഹരണത്തിന് ഇന്നത്തെ വിഷയമായ സ്വാതന്ത്ര്യ സമരത്തെ മാത്രമെടുക്കുക. സ്വാതന്ത്ര്യ സമരം നടത്തിയത് മുസ്‌ലിംകൾ മാത്രമാണെന്ന് ഒരു കൂട്ടർ പറയുമ്പോൾ ഹൈന്ദവർ മാത്രമാണ് സ്വാതന്ത്ര്യ സമര പോരാളികളെന്ന് മറ്റൊരു കൂട്ടരും വേറെ ചിലരാണെന്ന് വേറൊരു കൂട്ടരും പറയുന്നു. യഥാർത്ഥത്തിൽ എല്ലാ മതസ്ഥരും സർവ്വ വിഭാഗവും ഒരുമിച്ച് അണിനിരന്ന് പോരാടിയത് കൊണ്ട് മാത്രമാണ് സ്വാതന്ത്ര്യം യാഥാർത്ഥ്യമായത്. ഇന്നും വർഗ്ഗീയതയെ തുരത്താനുള്ള ഏക മാർഗ്ഗം ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഒരു രാജ്യ നിവാസികൾ എന്ന നിലയിൽ ഐക്യപ്പെടുകയും പരസ്പരം സാഹോദര്യത്തോടെ വർത്തിക്കുകയും സ്നേഹ സൗഹൃദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യലാണ്. രാജ്യത്തെ മുഴുവൻ പൗരന്മാരും നമ്മുടെ സഹോദരങ്ങളാണ്. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും എല്ലാവരും നമ്മിലേക്ക് ആവശ്യക്കാരും നാം അവരെല്ലാവരിലേക്കും ആവശ്യക്കാരുമാണ്. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിൻ്റെ അഖിലേന്ത്യാ അധ്യക്ഷൻ ആവർത്തിച്ച് പറയുന്നത് പോലെ നാം എവിടെയായിരുന്നാലും പരസ്പരം സാഹോദര്യത്തോടെ ജീവിക്കുകയും ജാതിമത വ്യത്യാസമില്ലാതെ മറ്റുള്ളവരുടെ സുഖദുഃഖങ്ങളിൽ പങ്കെടുക്കുകയും ആശംസകളും അനുശോചനങ്ങളും പതിവാക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യാപൃതരാവുകയും ചെയ്യുക. മതകാര്യങ്ങളിൽ ഉറച്ചു നിൽക്കുകയും നിഷ്ഠ പുലർത്തുകയും ചെയ്യുന്നതിനോടൊപ്പം എല്ലാ മതങ്ങളും മുഴുവൻ മഹാത്മാക്കളും ഏകോപിച്ച് പറഞ്ഞിട്ടുള്ള പരസ്പര സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശവാഹകരാവുക. 


പരിശുദ്ധ ഖുർആൻ പറയുന്നു: 

فأما الزبد فيذهب جفاء وأما ما ينفع الناس فيمكث في الأرض...

(റഅ്ദ് 17)

......


ഇരുൾ ബലഹീനവും ഉപകാര ശൂന്യവുമാണ്. പ്രകാശം ശക്തിയും ഉപകാരപ്രദവുമാണ്. നാം സാഹോദര്യത്തിൻ്റെ വിളക്കുകളാവുക. വിളക്കുകളിൽ നിന്നും വിളക്കുകൾ കത്തട്ടെ! അതെ, ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണമെന്ന് എല്ലാവരും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടപ്പോൾ അതിന് മുന്നിൽ മുട്ടുമടക്കാൻ ബ്രിട്ടീഷുകാർ നിർബന്ധിതരായി. അതെ, രീതിയിൽ സ്വാതന്ത്ര്യത്തിൻ്റെ ജീവാത്മാവായ സാഹോദര്യം വേണമെന്ന് രാജ്യനിവാസികൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടാൽ വർഗ്ഗീയതക്ക് പിടിച്ചു നിൽക്കാൻ സാധിക്കുന്നതല്ല. മഹാനായ പ്രവാചകൻ മുഹമ്മദുർ റസൂലുല്ലാഹി ﷺയുടെ അനുഗ്രഹീതമായ ഒരു പ്രാർത്ഥന ഉദ്ധരിച്ചു കൊണ്ട് ഈ വാക്കുകൾ അവസാനിപ്പിക്കുന്നു. 


اللهم ضع في أرضنا بركتها وزينتها وسكنها 

(അല്ലാഹുവേ, ഞങ്ങളുടെ മണ്ണിൽ ഐശ്വര്യവും അലങ്കാരവും സമാധാനവും സ്ഥിരപ്പെടുത്തണേ..)


***********


മആരിഫുല്‍ ഖുര്‍ആന്‍ 


സൂറത്തുൽ ഹശ്ർ- (24 ആയത്തുകൾ, പദങ്ങൾ 445, അക്ഷരങ്ങൾ 1913, മദീനമുനവ്വറയിൽ അവതരണം. 3 റുകൂഅ്. അവതരണ ക്രമം 101. പാരായണ ക്രമം 59. സൂറത്തുൽ ബയ്യിനക്ക് ശേഷം അവതരണം)


എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തിൽ ആരംഭം



അസൂയയും പകയും വർജ്ജിക്കുന്നത് സ്വർഗ്ഗവാസിയുടെ അടയാളം


✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി



ആയത്ത്  06-10


 وَمَا أَفَاءَ اللَّهُ عَلَىٰ رَسُولِهِ مِنْهُمْ فَمَا أَوْجَفْتُمْ عَلَيْهِ مِنْ خَيْلٍ وَلَا رِكَابٍ وَلَٰكِنَّ اللَّهَ يُسَلِّطُ رُسُلَهُ عَلَىٰ مَن يَشَاءُ ۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ (6مَّا أَفَاءَ اللَّهُ عَلَىٰ رَسُولِهِ مِنْ أَهْلِ الْقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ كَيْ لَا يَكُونَ دُولَةً بَيْنَ الْأَغْنِيَاءِ مِنكُمْ ۚ وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ وَاتَّقُوا اللَّهَ ۖ إِنَّ اللَّهَ شَدِيدُ الْعِقَابِ (7لِلْفُقَرَاءِ الْمُهَاجِرِينَ الَّذِينَ أُخْرِجُوا مِن دِيَارِهِمْ وَأَمْوَالِهِمْ يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا وَيَنصُرُونَ اللَّهَ وَرَسُولَهُ ۚ أُولَٰئِكَ هُمُ الصَّادِقُونَ (8وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِّمَّا أُوتُوا وَيُؤْثِرُونَ عَلَىٰ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِ فَأُولَٰئِكَ هُمُ الْمُفْلِحُونَ (9)

 

അവരിൽ നിന്നും അല്ലാഹു തന്റെ ദൂതന് നൽകിയ സമ്പത്തിൽ നിങ്ങൾ കുതിരയെയോ ഒട്ടകത്തെയോ ഓടിച്ചിട്ടില്ല. എന്നാൽ അല്ലാഹു ഉദ്ദേശിക്കുന്നവരുടെമേൽ അവന്റെ ദൂതന്മാരെ അവൻ അധികാരിയാക്കുന്നു. അല്ലാഹു സർവ്വതിനും കഴിവുള്ളവനാകുന്നു.(6) ഗ്രാമവാസികളിൽ നിന്നും അല്ലാഹു അവന്റെ ദൂതന് കൊടുത്ത സമ്പത്ത് അല്ലാഹുവിനും റസൂലിനും പ്രവാചക കുടുംബത്തിനും അനാഥർക്കും പട്ടിണി പാവങ്ങൾക്കും യാത്രികർക്കും ഉള്ളതാകുന്നു. സമ്പത്ത് സമ്പന്നർക്കിടയിൽ മാത്രം കറങ്ങുന്നതാകാതിരിക്കാൻ വേണ്ടിയാണിത്. പ്രവാചകൻ നിങ്ങൾക്ക് നൽകുന്നത് നിങ്ങൾ സ്വീകരിക്കുക. പ്രവാചകൻ തടയുന്ന കാര്യത്തിൽ നിന്നും അകന്ന് കഴിയുക. നിങ്ങൾ അല്ലാഹുവിനെ ഭയക്കുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.(7) അല്ലാഹുവിന്റെ ഔദാര്യവും തൃപ്തിയും കാംക്ഷിച്ചുകൊണ്ട് അല്ലാഹുവിനെയും റസൂലിനെയും സഹായിക്കാൻ വേണ്ടി വീടുകളിൽ നിന്നും സമ്പത്തുകളിൽ നിന്നും പുറത്താക്കപ്പെട്ട പട്ടിണിപ്പാവങ്ങളായ മുഹാജിറുകളെ ഈ സ്വത്തിൽ പ്രത്യേകം പരിഗണിക്കുക. അവർ സത്യസന്ധരാണ്.(8) അവർക്ക് മുമ്പ് മദീനയിൽ വീട് ഒരുക്കുകയും ഈമാനിൽ ഉറച്ചുനിൽക്കുകയും ചെയ്തവർ അവരിലേക്ക് ഹിജ്റ ചെയ്തുവന്നവരെ സ്നേഹിക്കുന്നു. മുഹാജിറുകൾക്ക് നൽകപ്പെടുന്നതിന്റെ പേരിൽ ഇവർ ദരിദ്രരായിരുന്നിട്ടുകൂടി ഇവരുടെ മനസ്സിൽ ഒരു ഞെരുക്കവും ഇവർക്ക് അനുഭവപ്പെടുന്നില്ല. ആരെങ്കിലും മനസ്സിന്റെ സ്വാർത്ഥതയിൽ നിന്നും സംരക്ഷിക്കപ്പെട്ടാൽ അവർ വിജയം വരിക്കുന്നവരാണ്.(9) അവർക്ക് ശേഷം വരുന്നവർ ഇപ്രകാരം പറയുന്നതാണ്: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും സത്യവിശ്വാസത്തിൽ ഞങ്ങളെ മുൻകടന്ന ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തു തരേണമേ. ഞങ്ങളുടെ മനസ്സിൽ സത്യവിശ്വാസികളെക്കുറിച്ച് പകവയ്ക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, നീ വലിയ അലിവും കരുണയും ഉള്ളവനാണ്.(10)


വിവരണവും വ്യാഖ്യാനവും

പിശുക്കും അസൂയയും വളരെ മോശം ദുർഗുണങ്ങളാണ്. പരിശുദ്ധ ഖുർആനിലും ഹദീസിലും ഇത് രണ്ടും ശക്തമായി വിമർശിക്കപ്പെടുകയും ഇവയിൽ നിന്നും രക്ഷപ്പെടുന്നവർക്ക് വലിയ സന്തോഷ വാർത്ത നൽകപ്പെടുകയും ചെയ്തിരിക്കുന്നു. അൻസാറുകൾ ഈ രണ്ട് ദുർഗുണങ്ങളിൽ നിന്നും പരിശുദ്ധരായിരുന്നു. അനസ് (റ) നിവേദനം. ഞങ്ങൾ റസൂലുല്ലാഹി (സ)യോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോൾ റസൂലുല്ലാഹി (സ) അരുളി: ഇപ്പോൾ നിങ്ങളുടെ മുന്നിൽ സ്വർഗ്ഗവാസിയായ ഒരു വ്യക്തി വരുന്നതാണ്. അപ്പോൾ അവിടെ ഒരു അൻസാരി സഹാബി വന്നു. അദ്ദേഹം പുതുതായി വുളു എടുത്തതിരുന്നതിനാൽ അദ്ദേഹത്തിന്റെ താടിയിൽ നിന്നും വെള്ളം ഇറ്റി വീഴുന്നുണ്ടായിരുന്നു. ഇടത് കൈയ്യിൽ ചെരുപ്പുകൾ പിടിച്ചിരുന്നു. രണ്ടാം ദിവസവും മൂന്നാം ദിവസവും ഇതേ സംഭവം നടന്നു. മൂന്നാം ദിവസം സദസ്സ് പിരിഞ്ഞപ്പോൾ അബ്ദുല്ലാഹിബ്‌നു അംറ് (റ) അദ്ദേഹത്തിന്റെ രഹസ്യം അറിയാൻ പിന്നാലെ പോയി. അദ്ദേഹത്തോട് പറഞ്ഞു: ചെറിയൊരു പ്രശ്‌നം ഉണ്ടായതിനാൽ ഞാൻ മൂന്ന് ദിവസം വീട്ടിൽ പോവുകയില്ലെന്ന് ശപഥം ചെയ്തിരിക്കുകയാണ്. താങ്കളുടെ വീട്ടിൽ മൂന്ന് രാത്രികൾ വിശ്രമിക്കാൻ അനുവാദം നൽകിയാൽ കൊള്ളാം. അദ്ദേഹം സമ്മതിച്ചു. അബ്ദുല്ലാഹ് (റ) മൂന്ന് രാത്രികൾ അവിടെ കഴിച്ചുകൂട്ടി. അദ്ദേഹത്തിന്റെ അവസ്ഥകൾ ശ്രദ്ധിച്ചെങ്കിലും പുതിയ കാര്യങ്ങളൊന്നും കണ്ടില്ല. അദ്ദേഹം തഹജ്ജുദിന് എഴുന്നേറ്റതുമില്ല. എന്നാൽ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അൽപ്പം ദിക്‌റുകൾ ചൊല്ലിയിരുന്നു. തുടർന്ന് കിടന്ന് ഉറങ്ങുകയും സുബ്ഹിയ്ക്ക് എഴുന്നേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇടയ്ക്ക് ഉണരുമ്പോഴെല്ലാം അദ്ദേഹം ഉത്തമ വചനങ്ങൾ ഉരുവിട്ടിരുന്നു. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ എന്റെ മനസ്സിൽ അദ്ദേഹത്തിന്റെ അവസ്ഥ വളരെ നിസ്സാരമായി അനുഭവപ്പെട്ടു. അതുകൊണ്ട് ഞാൻ അദ്ദേഹത്തോട് രഹസ്യം തുറന്ന് പറഞ്ഞു: ഞങ്ങളുടെ വീട്ടിൽ വഴക്കൊന്നും ഇല്ലായിരുന്നു. പക്ഷേ, റസൂലുല്ലാഹി (സ) മൂന്ന് ദിവസം നിങ്ങളെക്കുറിച്ച് സ്വർഗ്ഗവാസിയെന്ന് പറയുന്നത് ഞാൻ കേട്ടു. അതുകൊണ്ട് നിങ്ങൾ എന്തെങ്കിലും പ്രത്യേക നന്മകൾ ചെയ്യുന്നുണ്ടോ എന്ന് അറിയാനാണ് ഞാൻ മൂന്ന് ദിവസം ഇവിടെ കഴിച്ച് കൂട്ടിയത്. പക്ഷേ, താങ്കൾ പ്രത്യേകമായി ഒന്നും ചെയ്യുന്നത് ഞാൻ കണ്ടില്ല. പിന്നെ താങ്കളെ ഇത്ര ഉയർന്ന സ്ഥാനത്ത് എത്തിച്ച കാര്യമെന്താണ്? അദ്ദേഹം പറഞ്ഞു: താങ്കൾ കണ്ട കാര്യങ്ങളല്ലാതെ മറ്റൊരു കർമ്മവും ഞാൻ ചെയ്യാറില്ല. ഇതുകേട്ട് ഞാൻ മടങ്ങാൻ ഒരുങ്ങിയപ്പോൾ അദ്ദേഹം എന്നെ മടക്കിവിളിച്ച് പറഞ്ഞു: എന്നാൽ മറ്റൊരു കാര്യമുണ്ട്. എന്റെ മനസ്സിൽ ഒരു സഹോദരനോടും പകയോ വിദ്വോഷമോ ഇല്ല. പടച്ചവൻ എന്തെങ്കിലും നന്മ നൽകിയവരോട് എനിയ്ക്ക് അസൂയയുമില്ല. അബ്ദുല്ലാഹ് (റ) പറഞ്ഞു: ഇത് തന്നെയാണ് താങ്കൾക്ക് ഉന്നത സ്ഥാനം നേടിത്തന്നത്. (ഇബ്‌നു കസീർ) മുഹാജിർ-അൻസാറുകൾക്ക് ശേഷം ഉമ്മത്തിലെ ഉന്നതർ: അവർക്ക് ശേഷം വരുന്നവർ ഇപ്രകാരം പറയുന്നതാണ്: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും സത്യവിശ്വാസത്തിൽ ഞങ്ങളെ മുൻകടന്ന ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തു തരേണമേ. ഞങ്ങളുടെ മനസ്സിൽ സത്യവിശ്വാസികളെക്കുറിച്ച് പകവയ്ക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, നീ വലിയ അലിവും കരുണയും ഉള്ളവനാണ്.(10) ഈ ആയത്തിന്റെ ആശയത്തിൽ സഹാബാ മഹത്തുക്കൾക്ക് ശേഷം ലോകാവസാനംവരെയും വന്ന സത്യവിശ്വാസികൾ എല്ലാവരും പെടുന്നതാണ്. ഈ ആയത്തിൽ പറയപ്പെട്ട മഹൽഗുണങ്ങൾ ഉള്ളവരും ഫയ്അ് സമ്പത്തിന്റെ അവകാശികളാണ്. ഇതുകൊണ്ട് തന്നെ ഉമറുൽ ഫാറൂഖ് (റ) ലോകത്തെ വലിയ രാജ്യങ്ങളായ ഇറാഖ്, ശാം, ഈജിപ്ത് മുതലായവ ജയിച്ചപ്പോൾ അതിന്റെ സമ്പത്ത് പോരാളികൾക്ക് മാത്രമായി വീതിക്കുകയുണ്ടായില്ല. മറിച്ച് വരുന്ന തലമുറകൾക്ക് വേണ്ടി പൊതുവായി വഖ്ഫ് ചെയ്തു. ഇതിന്റെ വരുമാനം ബൈത്തുൽ മാലിലേക്ക് വന്നുകൊണ്ടിരിക്കണമെന്നും ലോകാവസാനം വരെയുള്ള മുസ്‌ലിംകൾ പ്രയോജനപ്പെടുത്തട്ടെ എന്ന് പ്രസ്താവിക്കുകയുണ്ടായി. ചില സഹാബികൾ ആ നാടുകൾ വീതിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഉമർ (റ) ഈ ആയത്ത് ഓതിക്കൊണ്ട് പ്രസ്താവിച്ചു: അടുത്ത തലമുറകളെപ്പറ്റിയുള്ള ചിന്തിയില്ലായിരുന്നുവെങ്കിൽ, റസൂലുല്ലാഹി (സ) ഖൈബർ ഭൂമി വീതിച്ചതുപോലെ ഈ നാടുകളും ഞാൻ പോരാളികൾക്ക് വീതിക്കുമായിരുന്നു. പക്ഷേ, ഇതെല്ലാം നിങ്ങൾക്കിടയിൽ വീതിച്ചാൽ അടുത്ത തലമുറകൾക്ക് വേണ്ടി എന്ത് അവശേഷിക്കാനാണ്? (മുവത്വ) സഹാബാ മഹത്തുക്കളോടുള്ള സ്‌നേഹാദരവുകൾ സത്യത്തിന്റെ മാനദണ്ഡം: ഈ ആയത്തുകളിൽ അല്ലാഹു മുസ്‌ലിം സമുദായത്തെ മൂന്ന് വിഭാഗമായി തിരിച്ചു. മുഹാജിറുകൾ, അൻസാറുകൾ, ബാക്കിയുള്ളവർ. മുഹാജിർ-അൻസാറുകളുടെ വിശിഷ്ട ഗുണങ്ങൾ ആയത്തുകളിൽ വിശദീകരിക്കുകയുണ്ടായി. എന്നാൽ തുടർന്നുള്ള സമുദായത്തിന്റെ വിഷയത്തിൽ ഒരൊറ്റകാര്യം മാത്രമാണ് പറഞ്ഞത്. അതായത് അവർ ഈമാനിൽ മുൻ കടക്കുകയും ഞങ്ങൾ വരെ ഈമാൻ എത്താൻ കാരണക്കാരുമായ മുൻഗാമികൾക്ക് പാപമോചനം തേടുന്നു. ഞങ്ങളുടെ മനസ്സുകളിൽ ആരോടും പകയും വെറുപ്പും ഉണ്ടാകരുതേ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു! * സഹാബാ മഹത്തുക്കൾക്ക് ശേഷം വന്ന മുഴുവൻ മുസ്‌ലിംകളുടെയും ഈമാനും ഇസ്‌ലാമും സ്വീകരിക്കപ്പെടാനും അവർക്ക് രക്ഷ പ്രാപിക്കാനും സഹാബത്തിന്റെ ബഹുമാനാദരവുകൾ മനസ്സുകളിൽ സൂക്ഷിക്കേണ്ടതാണെന്നും അവർക്ക് വേണ്ടി നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരിക്കണമെന്നും ഈ ആയത്ത് പഠിപ്പിക്കുന്നു. ഈ നിബന്ധന ഇല്ലാത്തവർക്ക് മുസ്‌ലിം എന്ന് പറയാൻ അർഹതയില്ല. * മിസ്അബുബ്‌നു സഅദ് (റ) പറയുന്നു: മുസ്‌ലിം ഉമ്മത്ത് മൂന്ന് വിഭാഗമാണ്. അതിൽ രണ്ട് വിഭാഗം കഴിഞ്ഞുപോയി: മുഹാജിറുകളും അൻസാറുകളും. ഇപ്പോൾ ഒരു വിഭാഗം മാത്രം അവശേഷിക്കുന്നു: സഹാബത്തിന്റെ മഹത്വം മനസ്സിലാക്കുകയും അവരെ സ്‌നേഹിച്ച് ആദരിക്കുകയും ചെയ്യുന്നവർ. ആകയാൽ നിങ്ങൾക്ക് സമുദായത്തിൽ സ്ഥാനം ലഭിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഈ മൂന്നാമത്തെ വിഭാഗത്തിൽ പ്രവേശിക്കുക! * ഉസ്മാൻ (റ)ന്റെ രക്ത സാക്ഷിത്വത്തിന് ശേഷം അദ്ദേഹത്തെക്കുറിച്ച് ചോദിച്ച വ്യക്തിയോട് ഹസ്രത്ത് ഹുസൈൻ (റ) തിരിച്ച് ചോദിച്ചു: നിങ്ങൾ മുഹാജിറാണോ? അല്ലെന്ന് പറഞ്ഞപ്പോൾ ചോദിച്ചു: അൻസാരിയാണോ? അല്ലെന്ന് പറഞ്ഞപ്പോൾ പറഞ്ഞു: ഇനി മൂന്നാമത്തെ വിഭാഗം മാത്രമേയുള്ളൂ. നിങ്ങൾ ഉസ്മാൻ (റ)നെക്കുറിച്ച് തെറ്റിദ്ധരിച്ച ആളാണെങ്കിൽ ഈ വിഭാഗത്തിൽ നിന്നും മാറിപ്പോകുന്നതാണ്! * ഖുർതുബി (റ) പറയുന്നു: സഹാബത്തിനോടുള്ള സ്‌നേഹം നമ്മുടെ മേൽ നിർബന്ധമാണെന്ന് ഈ ആയത്ത് ഉണർത്തുന്നു. ഇമാം മാലിക് (റ) പ്രസ്താവിക്കുന്നു: ഏതെങ്കിലും സഹാബിയെ ആക്ഷേപിക്കുകയും മോശമായി പറയുകയും ചെയ്യുന്നവർക്ക് ഫയ്അ് സമ്പത്തിൽ യാതൊരു അവകാശവുമില്ല. ശേഷം ഈ ആയത്ത് പാരായണം ചെയ്തുകൊണ്ട് അരുളി: ഫയ്അ് സമ്പത്തിൽ എല്ലാ മുസ്‌ലിമിനും അവകാശമുണ്ടെങ്കിലും ഇത്തരക്കാരുടെ ഇസ്‌ലാം തന്നെ സംശയാസ്പദമാണ്. * ഇബ്‌നു അബ്ബാസ് (റ) പറയുന്നു: റസൂലുല്ലാഹി (സ)യുടെ സഹാബികൾക്ക് വേണ്ടി പടച്ചവനോട് പാപമോചനം തേടാൻ അല്ലാഹു എല്ലാ മുസ്‌ലിംകളോടും കൽപ്പിച്ചിരിക്കുന്നു. അവർക്കിടയിൽ പ്രശ്‌നങ്ങളും വഴക്കുകളും യുദ്ധങ്ങളും ഉണ്ടാകുമെന്ന് അല്ലാഹുവിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് അവരുടെ പ്രശ്‌നങ്ങളുടെ പേരിൽ ആരെക്കുറിച്ചും മോശമായ വിചാരം പുലർത്തരുത്. (ഖുർതുബി) * ആഇശ (റ) പറയുന്നു: റസൂലുല്ലാഹി (സ) അരുളി: മുൻഗാമികളുടെ മേൽ ആക്ഷേപ ശകാരങ്ങൾ ഉന്നയിക്കുന്നതുവരെ ഈ സമുദായം നശിക്കുന്നതല്ല. * ഇബ്‌നു ഉമർ (റ) പറയുന്നു: ആരെങ്കിലും ഒരു സഹാബിയെ മോശമാക്കുന്നത് കണ്ടാൽ അവരോട് പറയുക: നിങ്ങളിൽ ഏറ്റവും മോശപ്പെട്ടവന്റെ മേൽ പടച്ചവന്റെ ശാപം ഉണ്ടാകട്ടെ. (തിർമിദി) സഹാബികൾ ഏറ്റവും മോശപ്പെട്ടവർ അല്ലായെന്നത് വ്യക്തമായ കാര്യമാണ്. അപ്പോൾ അവരെ മോശമാക്കുന്നവനാണ് ഏറ്റവും വലിയ മോശപ്പെട്ടവർ. ചുരുക്കത്തിൽ സഹാബാ മഹത്തുക്കളിൽ ആരെയെങ്കിലും മോശമാക്കുന്നത് ശപിക്കപ്പെടാൻ കാരണമാണ്. * അവാബ്‌നു ഹൗഷബ് പ്രസ്താവിക്കുന്നു: ഈ സമുദായത്തിലെ സന്മാർഗ്ഗത്തിൽ അടിയുറച്ച് നിന്ന മുൻഗാമികൾ ജനങ്ങളുടെ മനസ്സുകളിൽ സഹാബത്തിനെക്കുറിച്ചുള്ള സ്‌നേഹമുണ്ടാകുന്നതിന് അവരുടെ മഹത്വങ്ങൾ വിവരിക്കാൻ പ്രേരിപ്പിച്ചിരുന്നു. മര്യാദകെട്ടവർ ആകാതിരിക്കാൻ അവർക്കിടയിൽ ഉണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് പറയാതിരിക്കണമെന്നും അവർ ഉണർത്തിയിരുന്നു. (ഖുർതുബി)  


************




മആരിഫുല്‍ ഹദീസ്


റസൂലുല്ലാഹി (സ) യുടെ സമുന്നത സ്വഭാവം - 7


✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി



129. അബൂമൂസ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) രോഗിയാവുകയും തുടർന്ന് രോഗം മൂർച്ഛിക്കുകയും ചെയ്തപ്പോൾ (റസൂലുല്ലാഹി (സ) മസ്ജിദിലേക്ക് വന്ന് ഇമാമത്ത് നിൽക്കാൻ സാധിക്കാത്ത വന്നു. തദവസരം) റസൂലുല്ലാഹി (സ) അരുളി: (ജമാഅത്തായി നമസ്കരിക്കുന്നതിന് മസ്ജിദിൽ എത്തിയ) ജനങ്ങൾക്ക് ഇമാമത്ത് നിൽക്കാൻ എൻ്റെ ഭാഗത്ത് നിന്നും അബൂബക്കറിനോട് നിർദേശിക്കുക. ആഇശ (റ) പറഞ്ഞു: അദ്ദേഹം ന്രിദുല മാനസനാണ്. അദ്ദേഹം നമസ്കരിക്കാൻ താങ്കളുടെ സ്ഥാനത്ത് നിൽക്കുമ്പോൾ (സങ്കടം അധികരിക്കുകയും) നമസ്കരിക്കാൻ കഴിയാതെ വരികയും ചെയ്യുന്നതാണ്. ഇതുകേട്ടപ്പോൾ റസൂലുല്ലാഹി (സ) വീണ്ടും അരുളി: ജനങ്ങൾക്ക് ഇമാമത്ത് നിൽക്കാൻ അബൂബക്കറിനോട് നിർദേശിക്കുക. ആഇശ (റ) വീണ്ടും ആവർത്തിച്ചപ്പോൾ റസൂലുല്ലാഹി (സ) അതേ നിർദ്ദേശം തന്നെ ആവർത്തിച്ചു കൊണ്ടരുളി: നിങ്ങൾ യൂസുഫ് നബി (അ) യെ വശീകരിക്കാൻ പരിശ്രമിച്ച സ്ത്രീകളാണ്. ശേഷം റസൂലുല്ലാഹി (സ)യുടെ ദൂതൻ കൽപ്പനയുമായി അബൂബക്കർ സിദ്ദീഖ് (റ)ൻ്റെ അരികിൽ വരികയും റസൂലുല്ലാഹി (സ)യുടെ ജീവിത കാലത്ത് വിയോഗം വരെ അബൂബക്കർ (റ) ഇമാമായി നമസ്കരിക്കുകയും ചെയ്തു. (ബുഖാരി, മുസ്‌ലിം)


വിവരണം: റസൂലുല്ലാഹി (സ)യുടെ ഈ സംഭവം പല സ്വഹാബികളിൽ നിന്നും ഹൃസ്വമായും വിശദമായും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ബുഖാരിയിൽ തന്നെ വിജ്ഞാനവും മഹത്വവുമുള്ളവരാണ് ഇമാമത്തിന് ഏറ്റവും അർഹൻ എന്ന അധ്യായത്തിന് കീഴിൽ ഇതിൻ്റെ വിവിധ നിവേദനങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. അവയെല്ലാം വെച്ച് നോക്കുമ്പോൾ സംഭവം ഇങ്ങനെ സംഗ്രഹിക്കാം. റസൂലുല്ലാഹി (സ)യുടെ വിയോഗത്തിന് എട്ട് ദിവസം മുമ്പ് ആഇശ (റ)യുടെ വീട്ടിലേക്ക് വന്നതിന് ശേഷം രോഗവും ബലഹീനയും വളരെ അധികരിച്ചിട്ടും ഓരോ നമസ്കാരത്തിനും മസ്ജിദിലേക്ക് വരികയും ഇമാമത്ത് നിൽക്കുകയും ചെയ്തിരുന്നു. ഇപ്രകാരം ഏതാനം ദിവസങ്ങൾ മുന്നോട്ട് നീങ്ങി. ഒരു ദിവസം ഇശാ നിസ്കാരത്തിന് ജനങ്ങൾ മസ്ജിദിൽ ഒരുമിച്ച് കൂടി. പക്ഷേ അബോധാവസ്ഥയിൽ ആയത് കൊണ്ട് റസൂലുല്ലാഹി (സ)ക്ക് വരാൻ സാധിച്ചില്ല. ഇടയ്ക്ക് ബോധം വന്നപ്പോൾ ചോദിച്ചു: ജനങ്ങൾ നമസ്കരിച്ചോ? വീട്ടിലുള്ളവർ പറഞ്ഞു: ജനങ്ങൾ ഇത് വരെ നമസ്കരിച്ചിട്ടില്ല അവർ താങ്കളെ പ്രതീക്ഷിക്കുകയാണ്. റസൂലുല്ലാഹി (സ) കുളിക്കാൻ വെള്ളം തയ്യാറാക്കാൻ നിർദ്ദേശിച്ചു. കുളിക്കുന്നതിലൂടെ രോഗത്തിൻ്റെ കാഠിന്യം കുറയുമെന്നും മസ്ജിദിൽ പോയി നമസ്കരിക്കാൻ കഴിയുമെന്നും റസൂലുല്ലാഹി (സ) വിചാരിച്ചു. അങ്ങനെ വലിയ പാത്രത്തിൽ വെള്ളം വെക്കപ്പെട്ടു. റസൂലുല്ലാഹി (സ) കുളിച്ചു. എന്നാൽ എഴുന്നേറ്റ് പുറപ്പെടാൻ നോക്കിപ്പോൾ അബോധാവസ്ഥ സംഭവിച്ചു. ബോധം വന്നപ്പോൾ പഴയ ചോദ്യോത്തരം ആവർത്തിക്കുകയും വീണ്ടും കുളിച്ചു പുറപ്പെടാൻ ഒരുങ്ങുകയും ചെയ്തു. പക്ഷേ അപ്പോഴും അബോധാവസ്ഥ സംഭിച്ചു. മൂന്നാമതും ഇത് തന്നെ സംഭവിച്ചപ്പോൾ റസൂലുല്ലാഹി (സ) അരുളി: അബൂബക്കറിനോട് ഇമാമത്ത് നിൽക്കാൻ എൻ്റെ ഭാഗത്ത് നിന്നും പറയുക. അപ്പോൾ ആഇശ (റ) പറഞ്ഞു: എൻ്റെ പിതാവ് ലോല ഹൃദയനാണ്. അങ്ങയുടെ സ്ഥാനത്ത് നിൽക്കുമ്പോൾ അദ്ദേഹം വികാരാധീനനാകുകയും നമസ്കരിക്കാൻ കഴിയാതെ വരികയും ചെയ്യുന്നതാണ്. അതുകൊണ്ട് താങ്കൾ ഉമറിനോട് കൽപ്പിക്കുക. അദ്ദേഹം ശക്തനാണ്. പക്ഷേ റസൂലുല്ലാഹി (സ) ഇത് അംഗീകരിച്ചില്ല. വീണ്ടും ആഇശ (റ) പറഞ്ഞപ്പോൾ റസൂലുല്ലാഹി (സ) വിരട്ടുകയും അബൂബക്കറിനോട് പോയി പറയുക എന്ന് അരുളുകയും ചെയ്തു. അങ്ങനെ ബിലാൽ (റ) പോയി അബൂബക്കർ (റ)നോട് കാര്യം പറഞ്ഞു. അബൂബക്കർ (റ) കഴിഞ്ഞ സംഭവങ്ങൾ അറിഞ്ഞിട്ടില്ലായിരുന്നു. അദ്ദേഹം സ്വന്തം മാനസികാവസ്ഥ പരിഗണിച്ചുകൊണ്ട് ഉമർ (റ)നോട് ഇമാമത്ത് നിൽക്കാൻ പറഞ്ഞു. ഉമർ (റ) പറഞ്ഞു: റസൂലുല്ലാഹി (സ) താങ്കളോട് തന്നെയാണ് ഇമാമത്ത് നിൽക്കാൻ പറഞ്ഞത്. അങ്ങനെ അബൂബക്കർ (റ) അന്നുമുതൽ ഇമാമത്ത് നിൽക്കാൻ ആരംഭിച്ചു. ശേഷം ഒരു ദിവസം ളുഹ്ർ നമസ്കാര സമയത്ത് റസൂലുല്ലാഹി (സ) രോഗത്തിന് അൽപ്പം ഭേദം തോന്നിയപ്പോൾ രണ്ടു പേരുടെ സഹായത്തിലായി മസ്ജിദിലേക്ക് വന്നു. തദവസരം അബൂബക്കർ (റ)ൻ്റെ നേതൃത്വത്തിൽ ജമാഅത്ത് ആരംഭിച്ചിരുന്നു. റസൂലുല്ലാഹി (സ) വരുന്നതായി മനസ്സിലാക്കിയ സിദ്ദീഖ് (റ) സ്വഫിലുള്ളവരുടെ കൂട്ടത്തിൽ നിൽക്കാൻ പിന്നിലേക്ക് നീങ്ങി. ഉടനെ റസൂലുല്ലാഹി (സ) അവിടെ തന്നെ നിൽക്കാൻ ആംഗ്യം കാണിക്കുകയും താങ്ങിക്കാെണ്ട് പോയവരോട് സിദ്ദീഖിൻ്റെ അരികിൽ നിർത്താൻ നിർദ്ദേശക്കുകയും ചെയ്തു. അപ്പോൾ റസൂലുല്ലാഹി (സ) യഥാർത്ഥ ഇമാമായി. പക്ഷേ ബലഹീനതയും ക്ഷീണവും കാരണം റസൂലുല്ലാഹി (സ)യുടെ ശബ്ദം പിന്നിലുള്ളവർക്ക് കേൾക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തക്ബീർ പോലുള്ള കാര്യങ്ങൾ അബൂബക്കർ (റ) ഉറക്കെ പറഞ്ഞു. ഇതിനെ കുറിച്ച് ചില നിവേദനങ്ങൾ വന്നിരിക്കുന്നത് ഇപ്രകാരമാണ്: റസൂലുല്ലാഹി (സ)യെ അബൂബക്കർ (റ) അവർകളും അബൂബക്കർ (റ)നെ മറ്റ് നമസ്കാരക്കാരും അനുകരിച്ചു! ഈ നമസ്കാരത്തിന് ശേഷം റസൂലുല്ലാഹി (സ) മിമ്പറിൽ ഇരുന്ന് ഒരു പ്രഭാഷണം നടത്തി. ഇത് റസൂലുല്ലാഹി (സ)യുടെ അവസാന ഭാഷണമായിരുന്നു. 


ഈ സംഭവത്തിൽ അബൂബക്കർ (റ)നെ കുറിച്ച് ലോല ഹൃദയനെന്ന് ആഇശ (റ) പലപ്രാവശ്യം പറയാനുള്ള കാരണം വിവരിച്ചുകൊണ്ട് ആഇശ (റ) പിന്നീട് പറഞ്ഞു: റസൂലുല്ലാഹി (സ)യുടെ ജീവിതകാലത്ത് റസൂലുല്ലാഹി (സ)യുടെ സ്ഥാനത്ത് നിന്ന് നമസ്കരിക്കുന്നവരെ ജനങ്ങൾ തൃപ്തിപ്പെടുകയില്ലെന്ന് ഞാൻ വിചാരിച്ചു! എന്നാൽ റസൂലുല്ലാഹി (സ) അവരുടെ ഈ ചിന്താഗതി മനസ്സിലാക്കി കൊണ്ട് അരുളി: നിങ്ങൾ യൂസഫ് നബിയെ കൊടുക്കാൻ പരിശ്രമിച്ച സ്ത്രീകളെ പോലുള്ളവരാണ്! എന്നാൽ റസൂലുല്ലാഹി (സ) ജീവിതകാലത്ത് തന്നെ അബൂബക്കർ സിദ്ദീഖ് (റ)നെ നമസ്കാരത്തിന്റെ ഇമാമാക്കി കൊണ്ട് സമുന്നത ഇമാമത്തായ നുബുവ്വത്തിന്റെ ഖിലാഫത്തിലേക്ക് അദ്ദേഹത്തെ കൈ പിടിച്ചു നടത്തുകയായിരുന്നുവെന്ന് ആഇശ (റ) മനസ്സിലാക്കിയില്ല. റസൂലുല്ലാഹി (സ) അദ്ദേഹത്തെ ഇമാമാക്കാൻ നിർബന്ധം പിടിച്ചതും ഇതേ കാരണത്താലായിരുന്നു.


************




രചനാ പരിചയം







സർവ്വ ലോക പരിപാലകനും എല്ലാവരോടും കരുണയുള്ളവരും ഏറ്റവും വലിയ കാരുണ്യവാനും നീതിമാനുമായ അല്ലാഹു മാനവരാശിയുടെ ഇഹപര വിജയത്തിനായി കനിഞ്ഞരുളിയ മഹത്തായ ജീവിത ദർശനമാണ് ദീനുൽ ഇസ്‌ലാം. ഇത് പഠിച്ച് പകർത്തി ജീവിക്കുന്നവർക്ക് ഇഹലോകത്ത് സുന്ദര ജീവിതവും പരലോകത്ത് ഉന്നത പ്രതിഫലവും നൽകുന്നതാണെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാൽ, ഇതിനെ നിഷേധിക്കുന്നവർക്ക് ഇഹലോകത്ത് ഞെരുക്കവും പരലോകത്ത് നരക ശിക്ഷയും നൽകപ്പെടുന്നതാണ്. 
ദീൻ എന്നാൽ അടിസ്ഥാനപരമായി അഞ്ച് കാര്യങ്ങളാണ്: 1. വിശുദ്ധമായ വിശ്വാസം. 2. സമുന്നതമായ ആരാധനകൾ. 3. മഹത്തരമായ ബന്ധങ്ങൾ. 4. മാന്യമായ ഇടപാടുകൾ. 5. സമുത്തമ സ്വഭാവങ്ങൾ. സുപ്രധാനമായ ഈ വിഷയങ്ങളെ വളരെ വിശാലമായ നിലയിൽ പരിശുദ്ധ ഖുർആനും പുണ്യ ഹദീസുകളും പഠിപ്പിച്ചിട്ടുണ്ട്. അതിൽ നിന്നുമുള്ള പ്രധാനപ്പെട്ട പാഠങ്ങൾ ലളിതമായ നിലയിൽ ചെറുവാചകങ്ങളിലായി അക്കമിട്ട് വിവരിച്ചിരിക്കുന്ന ഒരു മഹത്തായ ഗ്രന്ഥമാണ്  'തഅ്‌ലീമുദ്ദീൻ' (ദീനീ പാഠങ്ങൾ). ഹകീമുൽ ഉമ്മത്ത് (സമുദായത്തിന്റെ തത്വജ്ഞാനി) എന്ന അപരാഭിനാമത്തിൽ പ്രസിദ്ധനായ അല്ലാമ അഷ്‌റഫ് അലി ത്ഥാനവി (റ)യുടെ ഈ മഹൽരചനയെ ധാരാളം പണ്ഡിത മഹത്തുക്കൾ വാഴ്ത്തിപ്പറയുകയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അല്ലാഹു ഇതിനെ സ്വീകരിക്കട്ടെ!. പഠിക്കാനും പകർത്താനും പ്രചരിപ്പിക്കാനും ഉതവി നൽകട്ടെ! 






Ph: 7736723639 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌