റജബ് 19/1447
ജനുവരി 09/2025
ലക്കം: 244

 ഉള്ളടക്കം 

▪️മുഖലിഖിതം
സമൂഹം വിലയിരുത്തപ്പെടുന്നതിന്റെ മാനദണ്ഡം 
        ✍️ മൗലാനാ സയ്യിദ് അബുൽ ഹസൻ അലി ഹസനി നദ്‌വി

▪️ജുമുഅ സന്ദേശം 
മുഹമ്മദുർ റസൂലുല്ലാഹി ﷺ യുടെ ബഹുഭാര്യത്വം
        ✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ്  റഹ്‌മാനി

▪️മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുത്തഹ്‌രീം
പടച്ചവനിലേക്ക് നിഷ്‌കളങ്കമായി ഖേദിച്ച് മടങ്ങുക, സത്യവിശ്വാസത്തിന്റെയും നിഷേധത്തിന്റെയും ചില മാതൃകകള്‍ ശ്രദ്ധിക്കുക. 
        ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️കവർ സ്റ്റോറി
സിഹ്‌ർ പോലുള്ള ഉപദ്രവങ്ങൾ മാറാനുള്ള ഖുർആനിക ചികിത്സ.
         ✍️ മൗലാനാ മുഹമ്മദ് അയ്യൂബ് നദ്‌വി

▪️ആരിഫുല്‍ ഹദീസ് 
ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ.
        ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ഗ്രന്ഥ പരിചയം
ഈമാനും നമസ്കാരവും പരസ്പര കടമകളും

🔹🔹🔹🔹🔹🔹🔹





 മുഖലിഖിതം 

സമൂഹം വിലയിരുത്തപ്പെടുന്നതിന്റെ മാനദണ്ഡം

       മനുഷ്യരെ സംബന്ധിച്ചിടത്തോളം രോഗം പ്രകൃതി വിരുദ്ധമായ ഒന്നല്ല. ആരോഗ്യം മദ്ധ്യനിലയിൽ നിന്ന് മാറലും രോഗം പിടികൂടലും മനുഷ്യരിൽ സാധാരണയാണ് എന്നല്ല ഒരു നിലയ്ക്ക് അത് ജീവിതത്തിന്റെ അടയാളവുമാണ്. കല്ലോ വൃക്ഷമോ തെറ്റ് ചെയ്യാറില്ല. മനുഷ്യൻ മാത്രമെ തെറ്റ് ചെയ്യുകയുള്ളു. അതുകൊണ്ട് തെറ്റ് കാണുമ്പോൾ പരിഭ്രമിക്കുകയോ, നിരാശപ്പെടുകയോ ചെയ്യേണ്ടതില്ല. മനുഷ്യരിലെ ഒരു വലിയ വിഭാഗം തെറ്റായ വഴി സ്വീകരിക്കലും തങ്ങളുടെ തരംതാഴ്ന്ന ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിന് പിന്നിൽ ഭ്രാന്തൻമാരാകലും മനുഷ്യവിഭാഗത്തിന് കടുത്ത പരിഭ്രമം ഉണ്ടാക്കേണ്ട ഒരു കാര്യമല്ല. എന്നാൽ പരിഭ്രമ ജനകമായ കാര്യം മറ്റൊന്നാണ്. അതായത് അക്രമനാശങ്ങൾ ഉണ്ടാക്കുന്ന ശക്തികളെ നേരിടുന്നവരും, തങ്ങളുടെ സൗകര്യങ്ങളും അന്തസ്സുകളും (ചിലവേള, സ്ഥാനമാനങ്ങളും അധികാരവും) അപകടപ്പെടുത്തിക്കൊണ്ട് കർമ്മരംഗത്തിറങ്ങുന്നവരും ഉണ്ടാകാതിരിക്കൽ. യഥാർത്ഥത്തിൽ നാം പരിഭ്രമിക്കേണ്ട കാര്യം ഇതു തന്നെയാണ്.

          മാനവ ചരിത്രത്തിൽ ധാരാളം പ്രാവശ്യം സങ്കീർണ്ണ ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ദുരുദ്ദേശങ്ങൾ നിറഞ്ഞ നാശകാരികൾ അക്രമങ്ങൾ അഴിച്ചുവിട്ടിട്ടുണ്ട്. അവ കാരണം മാനവികത അന്ത്യശ്വാസം വലിക്കാൻ തുടങ്ങി. ഉടനടി ചിലകർമ്മ ഭടൻമാർ രംഗത്തിറങ്ങി. അവർ കറുത്ത ശക്തികളെ നേരിട്ടു. അവരുമായി ജീവൻ മരണ പോരാട്ടം നടത്തി. അങ്ങനെ സുന്ദരമായ അവസ്ഥകൾ നിലവിൽ വന്നു.

        ഇന്ന് വരെയും തുടർന്നു വരുന്ന മാനവമൂല്യങ്ങൾ, മനുഷ്യ സവിശേഷതകൾ, വികാരബോധനങ്ങൾ, ഉന്നതലക്ഷ്യങ്ങൾ, ശ്രേഷ്ഠ സ്വഭാവങ്ങൾ, ഇവകളുടെ നിലനില്പിനും പുരോഗതിക്കും വേണ്ടിയുള്ള ആഗ്രഹ പരിശ്രമങ്ങൾ ഇവയെല്ലാം യഥാർത്ഥത്തിൽ ഇക്കൂട്ടരുടെ പരിശ്രമഫലമാണ്. മോശമായ അവസ്ഥകളിൽ അവർ രംഗത്തിറങ്ങി, കാലഘട്ടത്തിന്റെ വെല്ലുവിളി ഏറ്റെടുത്തു. നാശ ങ്ങൾക്കെതിരിൽ ശക്തമായി പോരാടി. ഇവരുടെ ത്യാഗഫലമായിട്ടാണ് മാനവരാശി നിലനിൽക്കുന്നത്. കവികളും സാഹിത്യകാരന്മാരും അവരവരുടെ കാലഘട്ടങ്ങളെക്കുറിച്ച് സാധാരണ പരാതിപ്പെടാറുണ്ട്. പക്ഷെ, ആ കാലത്തിന് ശേഷവും എല്ലാവിധ മാനുഷിക ഗുണങ്ങളും ചിലരിലെങ്കിലും നില നിൽക്കുന്നതായി നമുക്ക് കാണാൻ കഴിയുന്നത് ഉപരിസൂചിത പരിശ്രമശാലികളുടെ പരിശ്രമഫലമാണ്. സ്വന്തം താൽപര്യങ്ങൾ ബലികഴിച്ചും അപകടങ്ങൾ തൃണവൽഗണിച്ചും മാനവികതയുടെ കൃഷിയിടത്തിൽ അവർ ത്യാഗ പരിശ്രമങ്ങളുടെ ജലസേചനം നടത്തി. എല്ലാ കൃഷിയിടങ്ങളിലും വളം ആവശ്യമാണ്. വളമിട്ടാൽ കൃഷിയിടത്തിൽ ഫലങ്ങൾ പ്രത്യക്ഷപ്പെടും ഇപ്രകാരം മാനവികതയുടെ കൃഷിയിടത്തിനും ഒരു വളമുണ്ട്. സങ്കുചിത താൽപര്യങ്ങൾ ബലികഴിക്കൽ ആണത്. ഈ വളമിടാൻ നാം സന്നദ്ധരായാൽ മാനവികതയുടെ കൃഷിയിടത്തിൽ ധാന്യം ഉണ്ടായിത്തീരും. മനുഷ്യർക്ക് ക്ഷേമവും ഐശ്വര്യവുമുണ്ടാകും. മാനവികതയ്ക്ക് പുതുജീവൻ ലഭ്യമാകും. ജീവിക്കാൻ അർഹതയും യോഗ്യതയും ഉണ്ടായിതീരും.

        ജീവിതസൗകര്യങ്ങളുടെ ആധിക്യം, സയൻസ്-ടെക്നോളജികളുടെ പുരോഗതി, വൈജ്ഞാനിക -ശാസ്ത്രീയ- സാഹിത്യ-കാവ്യ മേഖലകളുടെ വളർച്ച, ഇതൊന്നും മാനവികതയെ നില നിർത്തുന്നതല്ല. ധൈര്യവും മനക്കരുത്തും മുറിഞ്ഞ മനസ്സും ഈറനണിഞ്ഞ നയനങ്ങളും പ്രകാശിക്കുന്ന മസ്തിഷ്കവും ഉള്ള വ്യക്തിത്വങ്ങളാണ് മനുഷ്യവംശത്തിന്റെ അടിത്തറ. അവർ അസുഖകരമായ അവസ്ഥകളെ നേരിടും. ആക്ഷേപാധിക്ഷേപങ്ങൾ സഹിക്കും. ചരിത്രഗതി തിരിച്ച് വിടുന്നതിന് ജീവൻ മരണ പോരാട്ടം നടത്തും. ഈ വിഭാഗം ഇല്ലാതായാൽ സമൂഹം മുഴുവൻ അപകടത്തിലേക്ക് മറിഞ്ഞു വീഴുന്നതാണ്. പുറമേ കാണാൻ എത്ര കൊള്ളാമെങ്കിലും ആ സമൂഹം മുഴുവൻ നാശം നിറഞ്ഞതാണ്. നിരവധി രോഗങ്ങൾ ഉള്ള ഒരാൾ തിന്ന് വീർക്കുകയും നല്ല വേഷം ധരിക്കുകയും ചെയ്താൽ കാണുന്നവർ വഞ്ചിതരാകാമെങ്കിലും അയാൾ കടുത്ത രോഗബാധിതൻ തന്നെയാണ്. ഇതുപോലെയാണ്, സമൂഹത്തിന്റെയും അവസ്ഥ. സമൂഹത്തിൽ ചിലപ്പോൾ പ്രകൃതി വിരുദ്ധവും പരിധി വിട്ടതുമായ അവസ്ഥയുണ്ടാകും. പുറം ഭംഗിയായിരിക്കും. മുഖത്ത് രക്തത്തിന്റെ ചലനം കാണാൻ കഴിയും. പക്ഷെ, അകം മുഴുവൻ നാശമായിരിക്കും. എന്നാൽ, ഒരു സമൂഹത്തിന്റെ നൻമയുടെ ഉറവിടം അവരുടെ അകമാണ്. അവരിൽ സഹനതയും സഹാനുഭൂതിയും എത്രമാത്രമാണ്? കൈപ്പേറിയതും കടുത്തതുയുമായ അവസ്ഥകളെ അവർ എത്ര മാത്രം സഹിക്കും. പെട്ടെന്ന് ചൂടായി പൊട്ടിത്തെറിക്കുമോ? അവരിൽ മനുഷ്യത്വത്തിനും മാന്യതയ്ക്കും എത്രമാത്രം സ്ഥാനമുണ്ട്? മനുഷ്യരെ ഏത് കണ്ണുകൊണ്ടാണ് കാണുന്നത്? ഉപകാരത്തെ അവർ വിലമതിക്കുന്നുണ്ടോ? അക്രമത്തോട് അവർക്ക് എത്ര മാത്രം വെറുപ്പുണ്ട്? ഇവകളെ അടിസ്ഥാനപ്പെടുത്തിയാണു ഒരു സമൂഹം വിലയിരുത്തപ്പെടേണ്ടത്.

മൗലാനാ സയ്യിദ് അബുൽ ഹസൻ അലി ഹസനി നദ്‌വി
(മുൻ ചെയർമാൻ, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്)

🔹🔹🔹🔹🔹🔹🔹

ALL INDIA MUSLIM PERSONAL LAW BOARD

ജുമുഅ സന്ദേശം

മുഹമ്മദുർ റസൂലുല്ലാഹി ﷺ യുടെ ബഹുഭാര്യത്വം

✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ്  റഹ്‌മാനി 
         (പ്രസിഡൻ്റ്, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)
                പഴമുള്ള വൃക്ഷങ്ങളിലേക്ക് കല്ലെറിയപ്പെടുമെന്നത് ഒരു സർവ്വകാല യാഥാർത്ഥ്യമാണ്. അന്ത്യപ്രവാചകൻ മുഹമ്മദുർ റസൂലുല്ലാഹി ﷺ യുടെ അനുഗ്രഹീത ദർശനവും അധ്യാപനങ്ങളും മാനവരാശിയിൽ വമ്പിച്ച പരിവർത്തനമുണ്ടാക്കി. കുറഞ്ഞ കാലത്തിനുള്ളിൽ ഇസ്‌ലാം മക്കയിൽ നിന്നും പുറപ്പെട്ട് ഏഷ്യായിലും ആഫ്രിക്കയിലും യൂറോപ്പിലും എന്നല്ല, മുഴുവൻ ലോകത്തും വ്യാപിച്ചു. ഇന്ന് ലോകത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന മതം ഇസ്‌ലാമാണ്. ഇസ്‌ലാമിൻ്റെ ഈ സ്വീകാര്യതയ്ക്ക് അനുസരിച്ച് അസൂയാലുക്കളും വർദ്ധിച്ചു. അവരുടെ പ്രധാന ജോലി അന്ത്യപ്രവാചകൻ മുഹമ്മദുർ റസൂലുല്ലാഹി ﷺക്ക് എതിരിൽ ആരോപണങ്ങൾ പ്രചരിപ്പിക്കലാണ്. യഥാർത്ഥത്തിൽ ഇതിന് തുടക്കം കുറിച്ചത് കുരിശു യുദ്ധത്തിനു ശേഷമുള്ള അസൂയാലുക്കളായിരുന്നു. അവർ ആരോപണങ്ങൾ പടച്ചുണ്ടാക്കുകയും പിൻഗാമികൾ അത് പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ കളവുകൾ കലർത്തി പ്രചരിപ്പിക്കുന്ന ആരോപണം റസൂലുല്ലാഹി ﷺയുടെ ബഹുഭാര്യത്വമാണ്. 

        തീർച്ചയായും റസൂലുല്ലാഹി ﷺ വ്യത്യസ്ത നന്മകളുടെ അടിസ്ഥാനത്തിൽ പല വിവാഹങ്ങളും കഴിച്ചിട്ടുണ്ട്. അതിൽ ഒമ്പത് പേർ വരെ റസൂലുല്ലാഹി ﷺയോടൊപ്പം ഒരേ സമയത്ത് ഉണ്ടായിരുന്നു. ഇസ്‌ലാമിനോട് പുലർത്തുന്നവർ റസൂലുല്ലാഹി ﷺയുടെ ബഹുഭാര്യത്വത്തിന്റെ അടിസ്ഥാനം കാമഭ്രാന്ത് ആയിരുന്നുവെന്ന് പറയുന്നു. എന്നാൽ, ഇത് തീർത്തും തെറ്റാണ്. ഈ വിഷയത്തിൽ മൂന്ന് കാര്യങ്ങളാണ് നാം ശ്രദ്ധിക്കേണ്ടത്: 
1) ഇതര മത നായകർ ഒരു വിവാഹം മാത്രമേ കഴിച്ചിട്ടുള്ളോ?
2) ഒരു വ്യക്തിയുടെ ഉദ്ദേശം കണ്ടെത്തുന്നതിൽ സ്വഭാവവും അവസ്ഥകളും വലിയൊരു അടിസ്ഥാനമാണ്. റസൂലുല്ലാഹി ﷺയുടെ സ്വഭാവവും അവസ്ഥകളും എന്തായിരുന്നു?
3) വിവിധ വിവാഹങ്ങൾ കഴിച്ചതിന്റെ പിന്നിൽ റസൂലുല്ലാഹി ﷺയുടെ ലക്ഷ്യമെന്തായിരുന്നു?
        
            ഇതിലെ ഒന്നാമത്തെ കാര്യം നോക്കുമ്പോൾ, ഇതര മത നേതാക്കൾ റസൂലുല്ലാഹി ﷺയെക്കാൾ കൂടുതൽ വിവാഹം കഴിച്ചവരായിരുന്നു. ഹിന്ദു മതത്തിലെ പ്രധാന വ്യക്തിത്വമായ വാസുദേവന് പതിനാറായിരം പത്നിമാർ ഉണ്ടായിരുന്നു അത്രേ. (മഹാഭാരതം 4:15) ഗീതയിലെ കേന്ദ്ര കഥാപാത്രമായ ശ്രീകൃഷ്ണന് എട്ടു ഭാര്യമാർ ഉണ്ടായിരുന്നു. ശ്രീകൃഷ്ണന്റെ പിതാവിനെ പതിനാറും പ്രസിദ്ധർ ഋഷിവര്യൻ കശ്യപിന് പതിമൂന്നും ഭാര്യമാരുണ്ടായിരുന്നു. ശ്രീരാമ ചന്ദ്രൻ്റെ  പിതാവ് മഹാരാജ ദശരഥന് മൂന്ന് ഭാര്യമാരുണ്ടായിരുന്നു. എന്നാൽ വാൽമീകി രാമായണം പറയുന്നത് അദ്ദേഹത്തിന് മൂന്നൂറ്റി അമ്പത് ഭാര്യമാർ ഉണ്ടായിരുന്നു എന്നാണ്. ഇതു പോലെ പാണ്ഡവർക്ക് രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു. 
        അടുത്തതായി പൗരാണിക മതസ്ഥരായ യഹൂദികളിലേക്ക് നോക്കുക. യഹൂദ മതത്തിൻ്റെ അടിസ്ഥാനമായ എബ്രഹാം പ്രവാചകന് മൂന്നു ഭാര്യമാർ ഉണ്ടായിരുന്നുവെന്ന് ബൈബിൾ പറയുന്നു. (ഉൽപ്പത്തി 11:21) യാക്കോബ് പ്രവാചകന് നാലു ഭാര്യമാർ ഉണ്ടായിരുന്നു അത്രേ. (ഉൽപ്പത്തി 29:30) ദാവീദിന് നാല് ഭാര്യമാരാണ് ഉണ്ടായിരുന്നത്. നൂറെന്നും അഭിപ്രായമുണ്ട്. (ഗിംത്തി 27:8) സോളമൻ പ്രവാചകന് എഴുന്നൂറ് ഭാര്യമാരും മുന്നൂറ് ദാസികളും ഉണ്ടായിരുന്നു. (രാജാക്കന്മാർ 3:11) സാക്ഷാൽ മോശ പ്രവാചകന് നാല് ഭാര്യമാരുണ്ടായിരുന്നു. കൂടാതെ, എണ്ണമറ്റ വിവാഹത്തിന് അനുമതിയും ഉണ്ടായിരുന്നു. (ഒന്നാം രാജക്കന്മാർ 11:3) 
        റസൂലുല്ലാഹി ﷺക്ക് മുമ്പ് അറബികൾക്കിടയിൽ ബഹുഭാര്യത്വത്തിന് യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. ഗൈലാൻ സഖഫി (റ) ഇസ്‌ലാം സ്വീകരിച്ചപ്പോൾ പത്തു ഭാര്യമാർ ഉണ്ടായിരുന്നു. അതിൽ നാല് പേരെ മാത്രം തിരഞ്ഞെടുക്കുകയും ബാക്കിയുള്ളവരെ ഒഴിവാക്കാനും റസൂലുല്ലാഹി ﷺ നിർദ്ദേശിച്ചു. (ഇബ്‌നു ഹിബ്ബാൻ) നൗഫൽ (റ) ഇസ്‌ലാം സ്വീകരിച്ചപ്പോൾ അഞ്ചു ഭാര്യമാർ ഉണ്ടായിരുന്നു. അതിലൊന്നിനെ അദ്ദേഹം ഒഴിവാക്കി. ഹാരിസ് (റ) പറയുന്നു: ഞാൻ ഇസ്‌ലാം സ്വീകരിച്ചപ്പോൾ എനിക്ക് എട്ടു ഭാര്യമാർ ഉണ്ടായിരുന്നു. അതിൽ നാല് പേരെ ഞാൻ തിരഞ്ഞെടുത്തു. (അബൂദാവൂദ്) 
    ചുരുക്കത്തിൽ ലോകത്തുള്ള എല്ലാ മതങ്ങളുടെയും വ്യക്തിത്വങ്ങൾ പ്രത്യേകിച്ചും നേതാക്കൾ ധാരാളം വിവാഹങ്ങൾ കഴിച്ചിട്ടുണ്ട്. ആകയാൽ, മുഹമ്മദുർ റസൂലുല്ലാഹി ﷺയുടെ ബഹുഭാര്യത്വത്തെ ആക്ഷേപിക്കുന്നവർ സ്വന്തം മതത്തെയും മത നായകരെയുമാണ്  വിമർശിക്കുന്നത്. 

        അടുത്തതായി, റസൂലുല്ലാഹി ﷺയുടെ സ്വഭാവ രീതികളിലേക്കും ജീവിതാവസ്ഥകളിലേക്കും നോക്കുക. ഈ വിഷയം മനസ്സിലാക്കുന്നതിന് മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കുക: 
1) ഒരു മനുഷ്യൻ വൈകാരികമായി ഏറ്റവും കൂടുതൽ മുന്നോട്ട് നിൽക്കുന്നത് യുവത്വത്തിലും തുടർന്നുള്ള കാലഘട്ടത്തിലുമാണ്. അമ്പതിന് വയസ്സിനുശേഷം വികാരം താഴേക്ക് വരാൻ തുടങ്ങുന്നതാണ്. അതെ, റസൂലുല്ലാഹി ﷺയുടെ പ്രവാചകത്വം വികാരത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നെങ്കിൽ റസൂലുല്ലാഹി ﷺ യുവത്വത്തിലും തുടർന്നും പല വിവാഹങ്ങൾ കഴിക്കേണ്ടിയിരുന്നു. എന്നാൽ നടന്നത് തിരിച്ചാണ്. ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ റസൂലുല്ലാഹി ﷺ ആദ്യമായി ഹസ്രത്ത് ഖദീജ (റ)യെ വിവാഹം കഴിച്ചു. അമ്പത് വയസ്സുവരെയും അവരുമായി ദാമ്പത്യ ജീവിതം നയിച്ചു. അവരുടെ വിയോഗാനന്തരം കൂട്ടുകാരുടെ നിർബന്ധപ്രകാരം ഹസ്രത്ത് സൗദാ (റ)യെ വിവാഹം കഴിച്ചു. അമ്പത്തിനാലാമത്തെ വയസ്സിലാണ് അടുത്ത വിവാഹം കഴിക്കുന്നത്. അതായത് ഇരുപത്തി അഞ്ചാം വയസ്സ് മുതൽ അമ്പത്തി നാലാം വയസ്സ് വരെ ഒരു ഭാര്യ മാത്രമേ, റസൂലുല്ലാഹി ﷺക്ക് ഉണ്ടായിരുന്നുള്ളൂ. വികാരം നിറഞ്ഞ ആളായിരുന്നുവെങ്കിൽ ഈ സമയത്ത് വേറെയും വിവാഹങ്ങൾ കഴിക്കുമായിരുന്നു.  തുടർന്ന് അമ്പത്തി എട്ട് വയസ്സ് വരെ ഹസ്രത്ത് ആഇശ (റ), ഹസ്രത്ത് ഹഫ്‌സ, ഹസ്രത്ത് സൈനബ് ബിൻത് ഖുസൈമ (റ), ഹസ്രത്ത് ഉമ്മു സലമ (റ) എന്നീ നാലു പേരെ വിവാഹം കഴിച്ചു. അമ്പത്തി ഒമ്പത് അറുപത് വയസ്സുകളിൽ ഹസ്രത്ത് സൈനബ് ബിൻത് ജഹ്ശ് (റ), ഹസ്രത്ത് ജുവൈരിയ (റ), ഹസ്രത്ത് ഉമ്മു ഹബീബ (റ), ഹസ്രത്ത് സഫിയ്യ (റ), ഹസ്രത്ത് മൈമൂന (റ) എന്നീ അഞ്ചു പേരെ കൂടി വിവാഹം കഴിച്ചു. അറുപതാം വയസ്സിനുശേഷം പിന്നീട് പുതിയ  വിവാഹമൊന്നും കഴിച്ചില്ല. അറുപത്തി മൂന്നാം വയസ്സിൽ അല്ലാഹുവിലേക്ക് യാത്രയാവുകയും ചെയ്തു. ചുരുക്കത്തിൽ, യുവത്വത്തിലും തുടർന്നുള്ള  കാലത്തും ഒരു ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം വാർദ്ധക്യകാലത്താണ് വിവാഹം കഴിച്ചത്. റസൂലുല്ലാഹി ﷺ വികാരജീവി ആയിരുന്നെങ്കിൽ അമ്പത്തി മൂന്ന് അല്ലെങ്കിൽ അമ്പത്തി എട്ട് വയസ്സുകൾക്ക് മുമ്പ് തന്നെ ബഹുഭാര്യത്വം സ്വീകരിക്കുമായിരുന്നു. 
2) കാമ വികാരങ്ങൾ വർദ്ധിച്ചവർ കന്യകളെയാണ് തിരഞ്ഞെടുക്കാറുള്ളത്, വിധവകളെയല്ല. എന്നാൽ, റസൂലുല്ലാഹി ﷺ പത്‌നിമാരിൽ ആഇശ (റ)യെ ഒഴിച്ച് എല്ലാവരും വിധവകളായിരുന്നു. അതിൽ തന്നെ ചിലരെ പല വിവാഹങ്ങൾക്ക് ശേഷമാണ് റസൂലുല്ലാഹി ﷺ വിവാഹം ചെയ്തത്. ഉദാഹരണത്തിന് ഹസ്രത്ത് സൈനബ് ബിൻത് ഖുസൈമ (റ)യെ മൂന്ന് വിവാഹങ്ങൾക്ക് ശേഷം നാലാമതാണ് റസൂലുല്ലാഹി ﷺ വിവാഹം ചെയ്തത്. വികാരം വർദ്ധിച്ച ആരെങ്കിലും അതിൻ്റെ പൂർത്തീകരണത്തിന് ഇത്തരം സ്ത്രീകളെ തിരഞ്ഞെടുക്കുമോ?
3) മക്കയിൽ പ്രബോധനം ആരംഭിച്ചപ്പോൾ റസൂലുല്ലാഹി ﷺയുടെ സൽസ്വഭാവവും സന്ദേശങ്ങളുടെ മഹത്വവും മനസ്സിലാക്കി ധാരാളമാളുകൾ സത്യം സ്വീകരിച്ചു. ഇതിൽ അസ്വസ്ഥരായ മക്കാ നേതാക്കൾ റസൂലുല്ലാഹി ﷺയെ സമീപിച്ചു. അവർ റസൂലുല്ലാഹി ﷺക്ക് പല വാഗ്ദാനങ്ങളും നൽകി. അതിലൊന്ന് മക്കയിലെ സുന്ദരിയും ആയിട്ടുള്ള വിവാഹമായിരുന്നു. പക്ഷേ റസൂലുല്ലാഹി ﷺ വിസമ്മതിക്കുകയുണ്ടായി. റസൂലുല്ലാഹി ﷺ വികാരത്തിന് അടിമയായിരുന്നെങ്കിൽ ഒരിക്കലും ഈ വാഗ്‌ദാനം നിരസിക്കുകയായിരുന്നു. 
        ഇതിലെല്ലാം ഉപരി റസൂലുല്ലാഹി ﷺയുടെ പ്രധാന അധ്യാപനം തന്നെ ജീവിത വിശുദ്ധിയാണ്. പുരുഷന്മാരോടും സ്ത്രീകളോടും ഇക്കാര്യം മൊത്തത്തിലും വിവിധ നിയമങ്ങളിലൂടെയും ഉണർത്തിയിരിക്കുന്നു. റസൂലുല്ലാഹി ﷺ തന്നെ വളരെ ശ്രദ്ധയോടെ ഇക്കാര്യം സൂക്ഷിക്കുകയും ചെയ്തിരുന്നു. ഒരിക്കലും അന്യ സ്ത്രീകളെ ഹസ്തദാനം ചെയ്തിട്ടില്ല. പ്രതിജ്ഞ ചെയ്യുമ്പോൾ ഹസ്തദാനം ചെയ്യുന്ന പതിവുണ്ടായിരുന്നു. പക്ഷേ, സ്ത്രീകളെ വാചകരൂപേണയാണ് പ്രതിജ്ഞ ചെയ്തിട്ടുള്ളത്. അന്യസ്ത്രീ പുരുഷന്മാർ ഒറ്റയ്ക്കിരിക്കുന്നതിനെ ശക്തമായി തടഞ്ഞു. മസ്ജിദിൽ നമസ്കരിക്കുമ്പോൾ ആദ്യം പുരുഷന്മാരും ശേഷം കുട്ടികളും അവസാനം സ്ത്രീകളും നിൽക്കാൻ പറഞ്ഞു. മസ്ജിദിൽ നിന്നും പോകുമ്പോൾ ആദ്യം സ്ത്രീകളും അവസാനം പുരുഷന്മാരും പോകണമെന്ന് നിർദ്ദേശിച്ചു. ഇക്കാര്യങ്ങളെല്ലാം റസൂലുല്ലാഹി ﷺയുടെ ബഹുഭാര്യത്വം വികാര സുഖങ്ങളുടെ പേരിലല്ലെന്ന് വ്യക്തമാക്കുന്നു. പിന്നെ ഇതിൻ്റെ പിന്നിൽ ധാരാളം തത്വങ്ങൾ ഉണ്ടായിരുന്നു. അത് ചെറിയ നിലയിൽ വിവരിക്കുന്നു. 

ബഹുഭാര്യത്വത്തിന്റെ തത്വങ്ങൾ

        റസൂലുല്ലാഹി ﷺയുടെ ബഹുഭാര്യത്വം വ്യത്യസ്ത സാമൂഹിക നന്മകൾ മുന്നിൽ കണ്ടുകൊണ്ടായിരുന്നു. പൊതുവായൊരു തത്വം കുടുംബ ജീവിതവുമായി ബന്ധപ്പെട്ട പ്രവാചക അധ്യാപനങ്ങൾ ജനങ്ങൾക്ക് ലഭിക്കലാണ്. മനുഷ്യ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് വൈവാഹിക കുടുംബജീവിതം. ഈ വിഷയത്തിൽ റസൂലുല്ലാഹി ﷺയുടെ മാതൃക ലഭിച്ചതുപോലെ മറ്റാരിൽ നിന്നും സ്ഥിരപ്പെട്ടിട്ടില്ലായെന്നത് ഒരു വസ്തുതയാണ്. ഭാര്യമാരോട് നീതിയും ന്യായവും പുലർത്തണം, എല്ലാവരുടെയും മനസ്സുകൾ പരസ്പരം ഇണക്കാൻ പരിശ്രമിക്കണം, യാത്രയ്ക്ക് പോകുമ്പോൾ ഒരാളെ തന്ത്രപരമായി തിരഞ്ഞെടുക്കണം, ഭാര്യയുടെ മുൻ ബന്ധത്തിലെ മക്കളോട് കരുണ കാട്ടണം, ഇണകൾ പരസ്പരം ഉത്തമമായ നിലയിൽ വർത്തിക്കണം, സ്വകാര്യ ജീവിതം സംശുദ്ധമാക്കണം, രാത്രിയുടെ ഏകാന്തതയിൽ ആരാധനകൾ അനുഷ്ഠിക്കണം, ഞെരുക്കത്തിലും ദാരിദ്ര്യത്തിലും സഹനതയോടെ കഴിയണം, സാമ്പത്തിക ശേഷിയുള്ളപ്പോൾ ധർമ്മിഷ്ഠത പുലർത്തണം, ഭാര്യമാർ കോപിക്കുമ്പോൾ ഭർത്താവ് ക്ഷമിക്കണം, ഭർത്താവിനോട് എതിരെ അഭിപ്രായങ്ങൾ മാന്യമായി പ്രകടിപ്പിക്കാവുന്നതാണ് തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെ വ്യക്തമാകുന്നു. കൂടാതെ, സ്ത്രീകളുടെ അശുദ്ധി പോലുള്ള പ്രധാന വിഷയങ്ങൾ പ്രവാചക പത്നിമാരിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നു. 

അതുപോലെ, പുരുഷന്മാരോടൊപ്പം വൈജ്ഞാനിക പ്രബോധന സംസ്കരണം മേഖലകളിൽ പ്രവർത്തിക്കാമെന്ന മാത്രമല്ല, മത്സര ബുദ്ധിയോടെ മുന്നേറാമെന്നും അവരിലൂടെ വ്യക്തമാകുന്നു. പ്രത്യേകിച്ചും ഉമ്മുൽ മുഅ്മിനീൻ ഹസ്രത്ത് ആഇശ സിദ്ദീഖ (റ) ഖുർആൻ, ഹദീസ്, ഫിഖ്ഹ്, ഫത്‌വകളിൽ വളരെ മുമ്പന്തിയിൽ ആയിരുന്നു. ധാരാളം പ്രഗൽഭ സഹാബികൾ അവരിൽ നിന്നാണ് സംശയനിവാരണം നടത്തിയിരുന്നത്. ഏറ്റവും കൂടുതൽ ഹദീസുകൾ നിവേദനം ചെയ്തവരിൽ ഹസ്രത്ത് ആഇശ (റ) രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. 

             ഇതുകൂടാതെ ഈ  വിവാഹങ്ങളിൽ ധാരാളം രാഷ്ട്രീയ തത്വങ്ങളും അടങ്ങിയിരിക്കുന്നു. വ്യക്തികൾ, കുടുംബങ്ങൾ, ഗോത്രങ്ങൾ, സമുദായങ്ങൾ ഇവയ്ക്കിടയിൽ സുന്ദരബന്ധങ്ങൾ സ്ഥാപിക്കാനും അകൽച്ചയും ശത്രുതയും ഇല്ലാതാക്കാനും ഈ വിവാഹങ്ങളിലൂടെ സാധിച്ചു. നേരത്തെ ഉണ്ടായിരുന്ന സ്നേഹബന്ധങ്ങൾ കൂടുതൽ സുദൃഢമായി. റസൂലുല്ലാഹി ﷺ ആത്മസുഹൃത്തുക്കളായിരുന്ന ഹസ്രത്ത് അബൂബക്ർ (റ), ഹസ്രത്ത് ഉമർ (റ) ഇരുവരുടെയും മക്കളെ വിവാഹം കഴിച്ചു. മറ്റൊരു സുഹൃത്തായ ഹസ്രത്ത് ഉസ്മാൻ (റ)ന് ഒന്നിന് പിറകെ ഒന്നായി രണ്ട് മക്കളെ വിവാഹം കഴിച്ചു കൊടുത്തു. പഴയ സഹായിയുടെ മകനും കുടുംബത്തിലെ പ്രധാന വ്യക്തിയുമായ അലിയ്യ് (റ)ന് ഫാത്തിമ (റ) വിവാഹം ചെയ്തു കൊടുത്തു. ഇങ്ങനെ ഇസ്‌ലാമിലേക്ക് ആദ്യം കടന്നു വരികയും വലിയ സേവനങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവർക്ക് റസൂലുല്ലാഹി ﷺ പ്രത്യുപകാരം ചെയ്തു. 

            മറുഭാഗത്ത്, ശത്രുക്കളും ആയിട്ടുള്ള അകൽച്ച കുറയ്ക്കുന്നതിനും ഇസ്‌ലാമിലേക്ക് അവരെ അടുപ്പിക്കുന്നതിലും ഈ വിവാഹങ്ങൾ വലിയ പങ്കുവഹിച്ചു. പ്രത്യേകിച്ചും അറബികളെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത് വ്യക്തികൾ തമ്മിലുള്ള ബന്ധം മാത്രമല്ല, മുഴുവൻ ഗോത്രവും ആയിട്ടുള്ള ബന്ധമാണ്. 

                ഹിജ്‌രി ഏഴാം വർഷം റസൂലുല്ലാഹി ﷺ അബൂ സുഫ്‌യാൻ്റെ മകൾ ഉമ്മുഹബീബയെ വിവാഹം കഴിച്ചു. അവരും ഭർത്താവും ആദ്യമായി ഇസ്‌ലാം സ്വീകരിച്ചവരിൽ പെടുന്നു. മാത്രമല്ല, അവർ ആദ്യമായി എത്യോപ്യയിലേക്ക് പലായനം ചെയ്തവരിൽ പെടുന്നു. അവിടെ വെച്ച് ഭർത്താവ് മരണപ്പെട്ടു വൈധവ്യത്തിന്റെ ജീവിതം നയിക്കുന്ന മക്കയിലെ പ്രധാനിയുടെ മകളെ റസൂലുല്ലാഹി ﷺ തന്നെ വിവാഹം കഴിക്കണമെന്ന് അവിടുത്തെ രാജാവായ നജ്ജാശി ആഗ്രഹം പ്രകടിപ്പിക്കുകയും റസൂലുല്ലാഹി ﷺ സ്വീകരിക്കുകയും ചെയ്തു. ഇസ്‌ലാമിനോട് കടുത്ത ശത്രുത പുലർത്തിയിരുന്ന അബു സുഫ്‌യാനും കുടുംബവും ഇതിനുശേഷം വളരെയമുള്ളവരായി. പിന്നീട് അദ്ദേഹം റസൂലുല്ലാഹി ﷺക്ക് എതിരിൽ പോരാട്ടത്തിന് വന്നിട്ടില്ല. മക്കാ വിജയത്തിൻ്റെ സന്ദർഭത്തിൽ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. 

                മദീനയിലെ യഹൂദികൾ റസൂലുല്ലാഹി ﷺയോട് കടുത്ത ശത്രുത പുലർത്തിയിരുന്നു. ഓരോ ദിവസവും ഇസ്‌ലാമിനെതിരിൽ വിവിധ ഗൂഢാലോചനകൾ നടത്തിയിരുന്നു. അവരുടെ കരാർ ലംഘനവും ഉപദ്രവവും വർധിച്ചപ്പോൾ റസൂലുല്ലാഹി ﷺ അവരിൽ ചില ഗോത്രങ്ങളെ മദീനയിൽ നിന്നും നാടുകടത്തി. എന്നിട്ടും അവരുടെ ശത്രുതയ്ക്ക് യാതൊരു കുറവും ഉണ്ടായില്ല. അവസാനം ഖൈബറിൽ വെച്ചൊരു പോരാട്ടം നടക്കുകയും അതിലവർ പരാജയപ്പെടുകയും ചെയ്തു. തദവസരം പിടിക്കപ്പെട്ട തടവുകാരിൽ അവരിലെ പ്രധാന വ്യക്തിത്വമായ ഹസ്രത്ത് സ്വഫിയ്യ (റ)യും ഉണ്ടായിരുന്നു. റസൂലുല്ലാഹി ﷺ അവരെ മോചിപ്പിച്ച വിവാഹം ചെയ്തു. ഇതിലൂടെ യഹൂദികളുടെ ശത്രുതയ്ക്ക് കടുപ്പം കുറഞ്ഞു.

                മക്കക്കാരുമായി നടത്തിയ സന്ധിയുടെ അടിസ്ഥാനത്തിൽ ഹിജ്റ ഏഴാം വർഷം ഉംറ നിർവ്വഹിക്കാൻ റസൂലുല്ലാഹി ﷺ മക്കയിലേക്ക് പോയി. അവിടെ മൂന്ന് ദിവസം മാത്രം താമസിക്കാനേ അവർ അനുവദിച്ചുള്ളൂ. എന്നാൽ ഇതിനിടയിൽ റസൂലുല്ലാഹി ﷺയുടെയും സ്വഹാബത്തിന്റെയും വിശ്വാസ ആത്മീയ സ്വഭാവ അവസ്ഥകളിൽ ആകൃഷ്‌ടരായി. ചിലർ ബഹുദൈവാരാധനയിൽ നിന്നും പശ്ചാത്തപിച്ച് ഇസ്‌ലാം സ്വീകരിച്ചു. റസൂലുല്ലാഹി ﷺയുടെ പിതൃവ്യൻ അബ്ബാസ് (റ)ൻ്റെ ഭാര്യാ സഹോദരീയും വിധവയുമായ ഹസ്രത്ത് മൈമൂന (റ) അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അവരെ വിവാഹം കഴിക്കണമെന്ന് അബ്ബാസ് (റ) അപേക്ഷിച്ചു. ഈ വിവാഹം ഐശ്വര്യമുള്ളതും ദൂരവ്യാപക ഫലം ഉളവാക്കുന്നതുമാണെന്ന് മനസ്സിലാക്കിയ റസൂലുല്ലാഹി ﷺ അതിനു തയ്യാറായി. ഈ അനുമാനം ശരിയാണെന്ന് തുടർ സംഭവങ്ങൾ സ്ഥിതികരിക്കുന്നു. ഒരു ഭാഗത്ത്, ഈ വിധവ ആദരണിയയായി. മറുഭാഗത്ത്, അവരുടെ കുടുംബം റസൂലുല്ലാഹി ﷺയോട് അടുത്തു. അവരിൽ പെട്ട ഖാലിദ് (റ), അംറ് ഇബ്‌നുൽ ആസ്വ് (റ), ഉസ്മാൻ ഇബ്‌നു ത്വൽഹ (റ) മുതലായവർ ഇസ്‌ലാം സ്വീകരിച്ചു. ഹസ്രത്ത് മൈമൂന (റ)യുടെ ഒരു സഹോദരിയുടെ ഭർത്താവ് നജ്ദിലെ ഭരണാധികാരിയായിരുന്നു. ഈ വിവാഹം കാരണം അവർ റസൂലുല്ലാഹി ﷺയോട് അടുക്കുകയും മജീദ് മുഴുവൻ ഇസ്‌ലാമിൽ പ്രവേശിക്കുകയും ചെയ്തു. മുമ്പ് പല പ്രാവശ്യം കരാറിലെ നടത്തുകയും എഴുപത് പ്രബോധകന്മാരെ വധിക്കുകയും ചെയ്തവരായിരുന്നു അവർ. 

            ഖന്തഖ് പോരാട്ടത്തിന് ശേഷം ബനുൽ മുസ്‌തലഖ് ഗോത്രം തലവൻ ഹാരിസിൻ്റെ നേതൃത്വത്തിൽ മദീനയിലേക്ക് വരാൻ തയ്യാറെടുക്കുന്നതായി അറിഞ്ഞ റസൂലുല്ലാഹി ﷺ നൂറ് സ്വഹാബികളോടൊപ്പം ബനുൽ മുസ്‌തലഖിലേക്ക് പോയി. അവിടെ മുറൈസീഅ് എന്ന ഒരു ജലശയത്തിനടുത്ത് വെച്ച് അവരുമായി ഒരു പോരാട്ടം നടന്നു. അതുകൊണ്ട് ഈ പോരാട്ടത്തിന് ‘മുസ്‌തലഖ്' എന്നും  ‘മുറൈസീഅ് എന്നും പറയപ്പെടുന്നു. ഈ പോരാട്ടത്തിൽ അവർ പരാജയപ്പെട്ടു. പത്ത് പേർ കൊല്ലപ്പെടുകയും നൂറ് പേർ തറവിൽ പിടിക്കപ്പെടുകയും ചെയ്തു. തടവുകാരിൽ ഹാരിസിനെ മകൾ ഹാരിസിനെ മകൾ ജുവൈരിയയും ഉണ്ടായിരുന്നു. അവരുടെ ഭർത്താവ് മുസാഫിഹ് യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. പിതാവ് ഹാരിസ് യുദ്ധക്കളത്തിൽ നിന്നും ഓടിയൊളിച്ചു. റസൂലുല്ലാഹി ﷺ ഗനീമത്തും തടവുകാരെയും വീതിച്ചപ്പോൾ അവർ സാബിത്ത് (റ)ൻ്റെ ഓഹരിയിൽ വന്നു. ഇത്ര തുക തന്നാൽ മോചിപ്പിക്കാമെന്ന മോചന പത്രം അവർ എഴുതി വാങ്ങി. തുടർന്ന് റസൂലുല്ലാഹി ﷺയുടെ സന്നിധിയിൽ വന്നു. റസൂലുല്ലാഹി ﷺ അവർക്ക് മോചനദ്രവ്യം നൽകുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു. റസൂലുല്ലാഹി ﷺ അവരെ വിവാഹം കഴിച്ച വിവരമറിഞ്ഞ സ്വഹാബികൾ, റസൂലുല്ലാഹി ﷺയുടെ ഭാര്യാ ബന്ധുക്കളെ അടിമകളാക്കി വെക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് എല്ലാവരെയും മോചിപ്പിക്കുകയുണ്ടായി. ഹസ്രത്ത് ആഇശ (റ) പറയുന്നു: “സ്വന്തം കുടുംബത്തിന് ഏറ്റവും വലിയ ഗുണം ചെയ്ത സ്ത്രീയാണ് ജുവൈരിയ. അവർ കാരണമായി അവരുടെ കുടുംബത്തിലെ നൂറ് പേർ അടിമത്വത്തിൽ നിന്നും മോചിപ്പിക്കപ്പെട്ടു.” തുടർന്ന് അവരെല്ലാം  ഇസ്‌ലാമിലേക്ക് അടുക്കുകയും കൊള്ളയിൽ പ്രസിദ്ധരായിരുന്ന ആ ഗോത്രം അതിൽ നിന്നും പിന്മാറുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.

🔹🔹🔹🔹🔹🔹🔹


കവർ സ്റ്റോറി

സിഹ്‌ർ പോലുള്ള ഉപദ്രവങ്ങൾ മാറാനുള്ള ഖുർആനിക ചികിത്സ

✍️ മൗലാനാ മുഹമ്മദ് അയ്യൂബ് നദ്‌വി

പ്രേമവുമായി ബന്ധപ്പെട്ട മാരണം.

ഇതിന് അഞ്ച് അടയാങ്ങളുണ്ട്:
1, ഭാര്യയോട് പരിധി വിട്ട സ്നേഹം.
2, സംസർഗത്തിന് അധികമായി ആഗ്രഹം. 
3, ഭാര്യയുടെ അരികിൽ നിന്നും മാറാതിരിക്കുക.
4, ഭാര്യയെ സദാ നോക്കി കൊണ്ടിരിക്കുക.
5, ഭാര്യയുടെ അടിമയാവുക.

ഭാര്യ ഭർത്താക്കന്മാർക്കിടയിൽ ഭിന്നത സ്വാഭാവികം ആണ് അത് പെട്ടെന്ന് അവസാനിക്കാറുമുണ്ട്. എന്നാൽ ഭർത്താവിന് തന്നോട് സ്‌നേഹമില്ലെന്ന് ചില സ്ത്രീകൾ വിചാരിക്കും. അങ്ങനെ സ്നേഹം വർധിക്കാൻ വേണ്ടി മരണക്കാരെ കൊണ്ടു മാരണം ചെയ്യിക്കും. മാരണക്കാർ ഭർത്താവ് ധരിച്ച കഴുകാത്ത വസ്ത്രം കൊണ്ടുവരാൻ പറയും. ശേഷം അതിൽ കുറേ കെട്ടുകൾ കെട്ടി ഊതി എവിടെയെങ്കിലും കുഴിച്ചിടും. അല്ലെങ്കിൽ ആഹാരത്തിലെ വെള്ളത്തിലോ മാലിന്യത്തിലോ ഹൈള് രക്തത്തിലോ ഊതി ഭർത്താവിൻറെ ആഹാരത്തിലോ സുഗന്ധത്തിലോ ചേർക്കാൻ നിർദ്ദേശിക്കുന്നതാണ്. പലപ്പോഴും ഈ മാരണം കാരണം ഭർത്താവ് രോഗിയായി നീണ്ട നാൾ കിടപ്പിലാവും. ചിലപ്പോൾ വിഡ്ഢിത്തരം കാരണം സിഹ്ർ തിരിച്ചടിക്കുകയും ഭാര്യ ഭർത്താക്കന്മാർക്കിടയിൽ വെറുപ്പ് ഉണ്ടാവുകയും ചെയ്യും. 

ചില സ്ത്രീകൾ താനല്ലാത്ത മുഴുവൻ സ്ത്രീകളോടും ഭർത്താവിന് വെറുപ്പുണ്ടാകാൻ മാരണം നടത്തും. സൽഫലമായി ഭർത്താവ് സ്വന്തം മാതാവിനെയും സഹോദരിമാരെയും അടുത്ത ബന്ധുക്കളെയും വെറുക്കുന്നതാണ്. ചിലപ്പോൾ ഈ സിഹ്ർ തിരിച്ചടിക്കുകയും അവരോടൊപ്പം ഭാര്യയോടും വെറുപ്പ് ഉണ്ടാകുന്നതുമാണ്. ഒരിടത്ത് ഇപ്രകാരം മാരണം ചെയ്തു ഭർത്താവ് കോപാന്ധനാവുകയും ഭാര്യയെ ത്വലാഖ് ചൊല്ലുകയും ചെയ്തു. സിഹ്ർ ഒഴിവാക്കാൻ മാരണക്കാരന്റെ അടുക്കൽ ചെന്നപ്പോൾ അദ്ദേഹം മരണപ്പെട്ടിരുന്നു. ഇതിനാണ് താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴുന്നു എന്നു പറയുന്നത്. 

ഇത്തരം സിഹ്റുകൾക്ക് പിന്നിൽ ചില പ്രേരകങ്ങൾ ഉണ്ടാവാറുണ്ട്. 
* ഭാര്യ ഭർത്താക്കന്മാർക്കിടയിലെ ഭിന്നത.
* സമ്പന്നനായ ഭർത്താവിന്റെ സമ്പത്തിനോടുള്ള അത്യാഗ്രഹം.
* ഭർത്താവ് വേറെ വിവാഹം ചെയ്യുമോ എന്ന ഭയം.
ഇതെല്ലാം തെറ്റാണ്. ഇത് ന്യായമായും മാറ്റാൻ പരിശ്രമിക്കേണ്ടതാണ്.

ഭർത്താവുമായി സ്നേഹം ഉണ്ടാക്കിയെടുക്കാൻ നന്നായി വസ്ത്രങ്ങൾ ധരിച്ച് അലങ്കരിക്കുക, പ്രസന്നവദനം സ്വീകരിക്കുക, മധുര വാക്കുകൾ പറയുക, സൽ പെരുമാറ്റം സ്വീകരിക്കുക, ഭർത്താവിൻ്റെ സമ്പത്ത് സംരക്ഷിക്കുക, മക്കളെ നല്ല നിലയിൽ വളർത്തുക, ഭർത്താവിന്റെ ന്യായമായ ആഗ്രഹങ്ങൾ നിറവേറ്റുക. ഇതിലൂടെ ഭർത്താവിൻ്റെ സ്നേഹം കരസ്ഥമാകും. 

എന്നാൽ ഇന്ന് കാര്യങ്ങൾ തിരിഞ്ഞിരിക്കുന്നു. സ്ത്രീകൾ വീട്ടിൽ അഴുക്ക് വസ്ത്രങ്ങൾ ധരിക്കുകയും പുറത്തുള്ള മുഴുവൻ പരിപാടികളിലും മണവാട്ടിയെ പോലെ പോവുകയും ചെയ്യുന്നു. ഭർത്താവ് വാങ്ങിത്തന്ന സുന്ദര വസ്ത്രം മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കുന്നു. ചില കല്യാണ വീടുകളിൽ സ്ത്രീകൾ മത്സരിച്ച് ഇത്തരം വസ്ത്രങ്ങൾ ഉപയോഗിക്കുന്ന കാരണത്താൽ ഭർത്താക്കന്മാർക്ക് ഭാര്യമാരെ കണ്ടെത്താൻ തന്നെ പ്രയാസമാകുന്നു. സ്ത്രീകൾ ഏറ്റവും അലങ്കാരമുള്ളതായി കാണാൻ അങ്ങേയറ്റം ആഗ്രഹിക്കുന്നതും അർഹതയുള്ളതും ഭർത്താവിന് ആണെന്ന് മനസ്സിലാക്കുക. ആകയാൽ ഭർത്താവ് പുറത്തേക്ക് പോകുന്ന സമയം നോക്കി വീട്ടുജോലികൾ ചെയ്തു തീർക്കുകയും ഭർത്താവിനെ പ്രതീക്ഷിച്ച് നല്ല വസ്ത്രം ധരിച്ചിരിക്കുകയും ചെയ്യുന്നതും അനുവദനീയമായ മാരണമാണ്. ഇതിലൂടെ ഭർത്താവിൻ്റെ കണ്ണുകൾ നിഷിദ്ധമായ നോട്ടങ്ങളിൽ നിന്നും മാറുന്നതാണ്. അതെ, വയറു നിറഞ്ഞ വ്യക്തി ശേഷം കഴിക്കുന്നതല്ല. നല്ല ആഹാരം ലഭിക്കാത്ത ആളുകൾ അത്തരം ആഹാരങ്ങൾ നോക്കി നടക്കാറുണ്ട്. 

ഇനി ആരെങ്കിലും സ്നേഹത്തിൻ്റെ തെറ്റായ മാറണം ചെയ്തു പോയെങ്കിൽ അതിനുള്ള പരിഹാരം മൻസിൽ ഓതലാണ്. അതിൽ സൂറത്തുൽ ബഖറ 102-ാം ആയത്തിന് സൂറത്തു തഗാബുൻ 14,15,16 ആയത്തുകൾ ഓതേണ്ടതാണ്. ഇത്തരം സിഹ്റുകളിൽ സാധാരണ ജിന്ന് പങ്കാളിയാവാറില്ല. ഇത് ഓതുമ്പോൾ തലയിലോ വയറിലോ വേദന അനുഭവപ്പെടുന്നതാണ്. ചിലപ്പോൾ ഛർദ്ദിക്കുകയും ചെയ്യും. വയർ മാത്രം വേദനിക്കുകയും ഛർദിക്കാതിരിക്കുകയും ചെയ്താൽ യൂനുസ് 81,82; അഅ്റാഫ് 117, 118; ത്വാഹാ 69; ബഖറ 255 എന്നീ ആയത്തുകൾ വെള്ളത്തിൽ ഊതി മുന്നിൽ വച്ച് കുടിപ്പിക്കുക. ഛർദിയിൽ ചുവപ്പോ മഞ്ഞയോ കറുത്തതോ ആയ വല്ല വസ്തുക്കളും പുറപ്പെട്ടാൽ സിഹ്ർ അവസാനിച്ചു. അല്ലെങ്കിൽ സിഹ്ർ അവശേഷിക്കുന്നുണ്ട്. അപ്പോൾ മൂന്ന് ആഴ്ച ഇത് ഓതി വെള്ളം കുടിച്ചു കൊണ്ടിരിക്കുകയും പ്രസ്തുത വെള്ളം കൊണ്ട് കുളിക്കുകയും ചെയ്യുക. സിഹ്ർ അവസാനിക്കുന്നതാണ്. 

ശൈഖ് വഹീദ് കുറിക്കുന്നു: എൻ്റെ അടുക്കൽ ഒരാൾ വന്ന് ഇപ്രകാരം പറഞ്ഞു: ഞാനും ഭാര്യയും നല്ല ബന്ധമായിരുന്നു. ഒരു മാസമായി ഭ്രാന്ത് പിടിച്ചത് പോലുണ്ട്. ഒരു മിനിറ്റ് പോലും ഭാര്യയിൽ നിന്ന് അകന്നു കഴിയാൻ സാധിക്കുന്നില്ല. ജോലിയിൽ കഴിയുമ്പോഴും ഭാര്യയെ പറ്റിയുള്ള ചിന്തയാണ്. ജോലി കഴിഞ്ഞ് എത്തിയാൽ ഭാര്യയെ കാണാൻ തിരക്കാണ്. അതിഥികൾ ആരെങ്കിലുമുണ്ടെങ്കിലും ഇടയ്ക്കിടെ എഴുന്നേറ്റ് പോയി ഭാര്യയെ നോക്കിക്കൊണ്ടിരിക്കുന്നതാണ്. അവൾ എന്നെ പിടിച്ചു വലിക്കുന്നതുപോലുണ്ട്. അവൾ അടുക്കളയിൽ കഴിയുമ്പോഴും എനിക്ക് മാറാൻ കഴിയുന്നില്ല. അവൾ പറയുന്നത് എന്തും എത്രയും പെട്ടെന്ന് ചെയ്തു കൊടുക്കുന്നു! ഞാൻ അദ്ദേഹത്തിന് മൻസിൽ ഓതി വെള്ളത്തിൽ ഊതി കൊടുത്തു. എന്നും രാവിലെ വെറും വയറ്റിൽ കുടിക്കുകയും മൂന്നാഴ്ച ഇതിൽ വെള്ളം ചേർത്ത് കുളിക്കുകയും ചെയ്യാൻ നിർദ്ദേശിച്ചു. ഇക്കാര്യം ഭാര്യയെ അറിയിക്കരുതെന്നും പറഞ്ഞു. മൂന്നാഴ്ചയ്ക്ക് ശേഷം അദ്ദേഹം വന്ന് പറഞ്ഞു: നല്ല മാറ്റമുണ്ട്. പരിപൂർണ്ണമായി മാറിയിട്ടില്ല. ഞാൻ വീണ്ടും വെള്ളം കൊടുത്തു. മൂന്നാഴ്ച ആയപ്പോൾ ബുദ്ധിമുട്ടുകൾ മാറി. 

കൺകെട്ട് 

സമ്പാദ്യം വർദ്ധിപ്പിക്കുന്നതിന് സാമർത്ഥ്യം കാണിക്കുന്നതിനോ മരണക്കാർ കാണിക്കുന്ന ഒരു അഭ്യാസമാണിത്. ഇത് ഇല്ലായ്മ ചെയ്യാൻ താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യുക:
* വുളൂവോടെ ബാങ്ക് കൊടുക്കുക.
* അല്ലെങ്കിൽ ആയത്തുൽ കുർസി ഓതുക.
* അല്ലെങ്കിൽ അഊദു ബില്ലാഹ് പത്ത് പ്രാവശ്യം പറയൽ പോലെ പിശാചിൽ നിന്നും അഭയം തേടുക.
* അല്ലെങ്കിൽ ബിസ്മില്ലാഹ് ധാരാളം പ്രാവശ്യം പാരായണം ചെയ്യുക. 
ഈ കാര്യങ്ങൾ മാരണക്കാരന്റെ ഇരുഭാഗത്തോ നാലുഭാഗത്തോ നിന്ന് ചൊല്ലുന്നത് ഉത്തമമാണ്. 

ഭ്രാന്തിൻ്റെ മാരണം: 

ചില മാരണങ്ങളിലൂടെ മനുഷ്യൻ ഭ്രാന്തനായി തീരുന്നതാണ്. അതിൻ്റെ അടയാളങ്ങൾ:
1) നിയന്ത്രണമില്ലാത്ത പരിധിവിട്ട വിശപ്പ്.
2) തെറ്റ് നിറഞ്ഞ സംസാരം.
3) വളഞ്ഞ നോട്ടം.
4) അടങ്ങിയിരിക്കാതെ കറങ്ങി നടത്തം.
5) ഒരു കാര്യത്തിലും സ്ഥിരതയില്ലായ്മ. 
6) ശ്രദ്ധക്കുറവ് 
7) അറിയിക്കാതെ എവിടെയെങ്കിലും പോവുകയും എവിടെയെങ്കിലും കിടന്നുറങ്ങുകയും ചെയ്യുക. 
മാരണക്കാർ അയക്കുന്ന ജിന്ന് മാരണം ചെയ്യപ്പെട്ടവരുടെ തലച്ചോറിൽ കടക്കുകയും ഓർമ്മയുടെ ഞരമ്പിനെ അമർത്തുകയും ചെയ്യുന്നതിലൂടെയോ മറ്റോ ആണ് ഈ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. ഇതിൻ്റെ ചികിത്സ താഴെ കൊടുക്കുന്നു: 
മൻസിൽ പാരായണം ചെയ്യുക. ജിന്ന് പ്രകടമായാൽ മുമ്പ് പറഞ്ഞ കാര്യങ്ങൾ ചെയ്യുക. പ്രകടമായില്ലെങ്കിൽ മൂന്നുപ്രാവശ്യം പാരായണം ആവർത്തിക്കുക. എന്നിട്ടും പ്രകടമായില്ലെങ്കിൽ മുമ്പ് പറഞ്ഞ സൂറത്തുകളുടെ ഓഡിയോ കേൾക്കുക. ഇത് കേൾക്കുന്ന സമയത്ത് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതാണ്. ചിലപ്പോൾ ജിന്ന് പ്രകടമാവുകയും ചെയ്യും. 15 ദിവസം കഴിയുമ്പോൾ പ്രയാസം കുറയുന്നതാണ്. ഒരുമാസം കഴിഞ്ഞ് മൻസിൽ ഓതി വീണ്ടും ഓതുക. ഒരുമാസം കഴിഞ്ഞിട്ടും കുറവില്ലെങ്കിൽ മൂന്നുമാസം വരെ ഇക്കാര്യം തുടരുക. ചികിത്സയ്ക്കിടയിൽ എല്ലാ പാപങ്ങളിൽ നിന്നും അകറ്റിനിർത്തേണ്ടതാണ്. ടിവി, മ്യൂസിക്ക്, പുകവലി എന്നിവ പൂർണമായും ഉപേക്ഷിക്കുക. നമസ്കാരം കൃത്യമായി നിർവ്വഹിക്കുക. സ്ത്രീയാണെങ്കിൽ അലങ്കാര വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കരുത്. രോഗിക്ക് വയറ്റിൽ വേദനയുണ്ടെങ്കിൽ അപകടകരമായ എന്തോ അകത്തു കടന്നിട്ടുണ്ട്. ഇപ്പോൾ മനസ്സിൽ ഓതി വെള്ളത്തിൽ ഊതി കുടിപ്പിക്കുക. 

ഒരിക്കൽ ഒരു യുവാവ് വന്നു. ഭ്രാന്ത് പിടിച്ചത് പോലുള്ള അവസ്ഥയായിരുന്നു. മൻസിൽ ഓതിയപ്പോൾ മാരണം കാരണം ഭ്രാന്താണെന്ന് മനസ്സിലായി. ഈ ആയത്തുകൾ അടങ്ങിയ ഓഡിയോ കൊടുത്തു കേട്ടുകൊണ്ടിരിക്കാൻ പറയുകയും വെള്ളത്തിൽ ഊതി കുടിക്കാൻ നൽകുകയും ഒരു മാസത്തിനുശേഷം വരാൻ പറയുകയും ചെയ്തു. 20 ദിവസം കഴിഞ്ഞ് ബന്ധുക്കളോടൊപ്പം വരികയും അവസ്ഥകൾ നന്നായി എന്ന് അറിയിക്കുകയും ചെയ്തു. അൽഹംദുലില്ലാഹ്! 

മൗനത്തിൻ്റെ മാരണം: 

ഇതിൻ്റെ അടയാളങ്ങൾ ഇവയാണ്. 
1) ഒറ്റയ്ക്ക് ഇരിക്കാൻ ആഗ്രഹം.
2) എല്ലാവരിൽ നിന്നും അകന്നു മാറുക.
3) സദാ മിണ്ടാതിരിക്കുക.
4) ആളുകളോട് വെറുപ്പ്.
5) മാനസിക വിഭ്രാന്തി.
6) സദാ തലവേദന.
7) ഒരു ജോലിയും ചെയ്യാതെ മിണ്ടാതിരിക്കുക. 
മാരണക്കാർ ഇവരിലേക്ക് ജിന്നിനെ അയക്കുകയും ജിന്ന് അവരുടെ തലയിൽ കയറുകയും അതിലൂടെ ഈ അവസ്ഥകൾ ഉണ്ടാവുകയും ചെയ്യാറുണ്ട്. 

ഇതിനുള്ള ചികിത്സയും മൻസിൽ ഓതലാണ്. മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്യുക. പ്രകടമായി ഇല്ലെങ്കിൽ താഴെ പറയുന്ന സൂറത്തുകളുടെ ഓഡിയോ കേൾപ്പിക്കുക. ഫാത്തിഹ, ബഖറ, ആലു ഇംറാൻ, യാസീൻ, സ്വാഫാത്ത്, ദുഖാൻ, ദാരിയാത്ത്, ഹശ്ർ, മആരിജ്, ഗാഷിയ, സിൽസാൽ, ഖാരിഅ, മുഅവ്വിദത്തൈൻ എന്നീ സൂറത്തുകൾ സുബ്‌ഹി കഴിഞ്ഞും അസ്ർ കഴിഞ്ഞും ഉറങ്ങുന്നതിനു മുമ്പും കേൾക്കുക. രണ്ട് മാസത്തിനുള്ളിൽ ഭേദമാകുന്നതാണ്. രോഗിക്ക് മയക്ക ഗുളികകളൊന്നും കൊടുക്കരുത്. വയറ് വേദനയുണ്ടെങ്കിൽ മൻസിൽ ഓതി വെള്ളത്തിൽ ഊതി കൊടുക്കുക. നിരന്തരം തല വേദന ഉണ്ടെങ്കിൽ ഈ വെള്ളം കൊണ്ട് മൂന്ന് ദിവസത്തിൽ ഒരിക്കൽ കുടിക്കുക. മൻസിൽ ഓതിയ വെള്ളത്തിൽ മറ്റ് വെള്ളം ചേർക്കുകയോ തീയിൽ ചൂടാക്കുകയോ ചെയ്യരുത്. കക്കൂസല്ലാത്ത സ്ഥലത്ത് കുളിക്കേണ്ടതാണ്.  

രോഗത്തിന്റെ സിഹ്‌ർ

​ചിലർ മാരണത്തിലൂടെ മറ്റുള്ളവരെ രോഗികളാക്കാറുണ്ട്. ഇതിന്റെ ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:
* ​ഏതെങ്കിലും അവയവത്തിൽ കടുത്ത വേദന അനുഭവപ്പെടുക.
* ​ഇടയ്ക്കിടെ അവയവങ്ങൾ വളയുക.
* ​ഏതെങ്കിലും അവയവം തളർന്നു പോവുകയോ ശരീരം മുഴുവനും തളരുകയോ ചെയ്യുക.
* ​കണ്ണ്, കാത്, മൂക്ക് എന്നിവയെ രോഗം ബാധിക്കുക.
​സാധാരണ രോഗമാണോ അതോ സിഹ്‌ർ ആണോ എന്നറിയാൻ രോഗിയുടെ മേൽ 'മൻസിൽ' ഓതി ഊതുക. ​ഓതുമ്പോൾ ബോധക്കേടുണ്ടാവുകയോ കൈകാലുകൾക്കോ തലയ്ക്കോ വിറയൽ അനുഭവപ്പെടുകയോ കടുത്ത ശാരീരിക വേദന ഉണ്ടാവുകയോ ചെയ്താൽ അത് സിഹ്‌ർ ആണ്. ​മൻസിൽ മൂന്ന് പ്രാവശ്യം ഓതിയിട്ടും ജിന്ന് പ്രത്യക്ഷപ്പെട്ടില്ലെങ്കിൽ ഓഡിയോ വഴി ഫാത്തിഹ, ആയത്തുൽ കുർസി, ദുഖാൻ, ജിന്ന്, സിൽസാൽ മുതൽ അവസാന സൂറത്തുകൾ വരെയുള്ള ഭാഗങ്ങൾ കേൾപ്പിക്കുക. ​ദിവസവും മൂന്ന് പ്രാവശ്യം പ്രത്യേക സൂറത്തുകൾ ഓതി കരിഞ്ചീരകത്തിൽ ഊതി നെറ്റിയിലും വേദനയുള്ള സ്ഥലങ്ങളിലും പുരട്ടുക. ​രണ്ടുമാസം വരെ ഇപ്രകാരം തുടരുക.
ശൈഖ് വഹീദ് വിവരിക്കുന്നു: 
​സംസാരിക്കാതിരിക്കുകയും ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയും ചെയ്ത ഒരു പെൺകുട്ടിയിൽ മൻസിൽ ഓതിയപ്പോൾ രോഗം ഭേദമായി.

​കടുത്ത തലവേദന അനുഭവപ്പെട്ട മറ്റൊരു സ്ത്രീയിൽ ഫാത്തിഹ ഓതിയപ്പോൾ ജിന്ന് പ്രത്യക്ഷപ്പെടുകയും അത് ഒഴിഞ്ഞുപോയതോടെ തലവേദന മാറുകയും ചെയ്തു.
​ഹൈള് രോഗത്തിന്റെ സിഹ്‌ർ
​മാരണം വഴി ജിന്ന് സ്ത്രീയുടെ ഗർഭാശയത്തിൽ പ്രവേശിച്ചു ഉപദ്രവിക്കുന്നത് കാരണം ഹൈള് പുറപ്പെടുന്ന ദിവസങ്ങളിൽ വ്യത്യാസമുണ്ടാകുന്നു.

​മൻസിൽ ഓതി വെള്ളത്തിൽ ഊതി മൂന്ന് ദിവസം മൂന്ന് പ്രാവശ്യം വീതം കുടിക്കുകയും കുളിക്കുകയും ചെയ്യുക.

​വിവാഹ തടസ്സങ്ങൾ

​ശത്രുത കാരണം മാരണക്കാർ പെൺകുട്ടികളുടെ വിവാഹം നടക്കാതിരിക്കാൻ മാരണം ചെയ്യാറുണ്ട്. ഇതിന്റെ ലക്ഷണങ്ങൾ ഇവയാണ്:
* ​ഇടയ്ക്കിടെയുള്ള തലവേദന.
* ​വൈകുന്നേരം മുതൽ പാതിരാത്രി വരെ നെഞ്ചിൽ ബുദ്ധിമുട്ട് അനുഭവപ്പെടുക.
* ​മറ്റുള്ളവരെ വിരൂപിയായി തോന്നുക.
* ​ചിന്ത കൂടുകയും ഉറക്കം കുറയുകയും ചെയ്യുക.
* ​വയറുവേദനയും അടിവയറ്റിൽ വേദനയും അനുഭവപ്പെടുക.
ഇതിനുള്ള ചികിത്സ താഴെ പറയുന്ന കാര്യങ്ങളാണ്:
* ​മൻസിൽ ഓതുക.
* ​ശരീഅത്ത് അനുസരിച്ചുള്ള വസ്ത്രധാരണവും മറയും സ്വീകരിക്കുക.
* ​അഞ്ചുനേരം നിസ്കരിക്കുകയും ടിവി, മ്യൂസിക് എന്നിവ ഉപേക്ഷിക്കുകയും ചെയ്യുക.
* ​വുളുവോട് കൂടി ആയത്തുൽ കുർസിയും മൂന്ന് 'ഖുൽ' സൂറത്തുകളും ഓതുക.
* ​ദിവസവും ഒരു മണിക്കൂർ മൂന്ന് 'ഖുൽ' സൂറത്തുകൾ ആവർത്തിച്ചു കേൾക്കുക.
* ​മൻസിൽ ഓതിയ വെള്ളത്തിൽ ദിവസവും കുളിക്കുകയും മൂന്ന് ദിവസത്തിലൊരിക്കൽ കുടിക്കുകയും ചെയ്യുക.
* ​സുബ്ഹിക്ക് ശേഷം നാലാം കലിമ 100 പ്രാവശ്യം ചൊല്ലുക. ഇത് ഒരു മാസം തുടരുക.
ശൈഖ് വഹീദ് വിവരിക്കുന്നു:
വിവാഹാലോചനകൾ വരുമ്പോൾ ആദ്യം സന്തോഷത്തോടെ സ്വീകരിക്കുകയും പിന്നീട് പെട്ടെന്ന് നിരാകരിക്കുകയും ചെയ്തിരുന്ന ഒരു പെൺകുട്ടിയെ പരിശോധിച്ചപ്പോൾ, അവളെ സ്നേഹിക്കുന്ന 'ഫാത്തിമ' എന്ന ജിന്ന് സ്വപ്നത്തിൽ വന്ന് ഭീഷണിപ്പെടുത്തി വിവാഹം മുടക്കുന്നതായി കണ്ടെത്തി. ജിന്നിനെ ഉപദേശിച്ചു പുറത്താക്കിയതോടെ പെൺകുട്ടിക്ക് ബോധം തിരിച്ചു കിട്ടി.


വൈവാഹിക ജീവിതത്തിലെ തടസ്സങ്ങൾ.

ചില ഭാര്യ ഭർത്തോക്കന്മാർ ശാരീരിക ബന്ധത്തിന് തയ്യാറെടുപ്പ് നടത്തുമെങ്കിലും കൃത്യ സമയത്ത് ഒന്നും ചെയ്യാൻ കഴിയാതെ വരാറുണ്ട്. ഇത് രണ്ടുപേർക്കുമോ ഒരാൾക്കോ സിഹ്ർ ഉണ്ടായതിന്റെ പേരിലാകാൻ സാധ്യതയുണ്ട്. സ്ത്രീയുടെ രണ്ടു തുടകളും  പരസ്പരം ഒട്ടിപ്പോവുക, അല്പം പോലും ആഗ്രഹമില്ലാതെ മൃതദേഹത്തെ പോലെ കിടക്കുക, ബന്ധപ്പെടുന്ന സമയത്ത് ഇസ്‌തിഹാള പുറപ്പെടുക, കൃത്യ സ്ഥലത്ത് മാംസം തടഞ്ഞിരിക്കുന്നതായി തോന്നുക,  ഇവയാണ് സിഹറിന്റെ അടയാളങ്ങൾ. 

ഇതിനുള്ള ചികിത്സ ആദ്യം മൻസിൽ ഓതലാണ്. ശേഷം ജിന്ന് ഹാജരായാൽ സിഹ്ർ ചെയ്ത വസ്തുക്കൾ കുഴിച്ചിട്ട സ്ഥലം ചോദിക്കുകയും അത് ഇല്ലാതാക്കുകയും ചെയ്യുക. ഇനി പ്രത്യക്ഷപ്പെട്ടില്ലെങ്കിൽ താഴെ കൊടുക്കുന്ന ആയത്തുകൾ പലപ്രാവശ്യം ഓതി വെള്ളത്തിൽ ഊതി കുടിക്കുകയും കുളിക്കുകയും ചെയ്യുക.  

وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَلۡقِ عَصَاكَۖ فَإِذَا هِيَ تَلۡقَفُ مَا يَأۡفِكُونَ ۝ فَوَقَعَ ٱلۡحَقُّ وَبَطَلَ مَا كَانُواْ يَعۡمَلُونَ ۝ فَغُلِبُواْ هُنَالِكَ وَٱنقَلَبُواْ صَٰغِرِينَ ۝ وَأُلۡقِيَ ٱلسَّحَرَةُ سَٰجِدِينَ ۝ قَالُوٓاْ ءَامَنَّا بِرَبِّ ٱلۡعَٰلَمِينَ ۝ رَبِّ مُوسَىٰ وَهَٰرُونَ ۝
(അഅ്റാഫ് 117 - 122)
    فَلَمَّاۤ أَلۡقَوۡا۟ قَالَ مُوسَىٰ مَا جِئۡتُم بِهِ ٱلسِّحۡرُۖ إِنَّ ٱللَّهَ سَیُبۡطِلُهُۥۤ إِنَّ ٱللَّهَ لَا یُصۡلِحُ عَمَلَ ٱلۡمُفۡسِدِین   ۝وَیُحِقُّ ٱللَّهُ ٱلۡحَقَّ بِكَلِمَـٰتِهِۦ وَلَوۡ كَرِهَ ٱلۡمُجۡرِمُونَ
(യൂനുസ് 81,82)
وَأَلۡقِ مَا فِي يَمِينِكَ تَلۡقَفۡ مَا صَنَعُوٓاْۖ إِنَّمَا صَنَعُواْ كَيۡدُ سَٰحِرٖۖ وَلَا يُفۡلِحُ ٱلسَّاحِرُ حَيۡثُ أَتَىٰ
(ത്വാഹാ 69)

മറ്റൊരു രീതി ഇപ്രകാരമാണ്: കുളിക്കാൻ വേണ്ടി ചെറു ചൂടുവെള്ളം തയ്യാറാക്കുക. അതിൽ നിന്നും ഒരു ഗ്ലാസ് വെള്ളമെടുത്ത് മുഅവ്വിദതൈനിയും താഴെപ്പറയുന്ന ദുആകളും ഓതി വെള്ളത്തിൽ ഊതുക. വെള്ളം കുടിക്കുകയും തൊട്ടിയിലെ വെള്ളം കൊണ്ട് കുളിക്കുകയും ചെയ്യുക. ഇപ്രകാരം ഏഴ് ദിവസം ചെയ്യുക. 

എന്നാൽ ചിലർക്ക് ശാരീരിക ബലഹീനത കൊണ്ടും ഇത് സംഭവിക്കാവുന്നതാണ്. അതിന് അതുമായി ബന്ധപ്പെട്ട ചികിത്സകൾ നടത്തേണ്ടതാണ്. അതിൽ ഒരു ചികിത്സ ഇപ്രകാരമാണ്: ഒരു കിലോ തേൻ, 200 ഗ്രാം ചെറുതേൻ ഇവ രണ്ടും എടുത്ത് 7 പ്രാവശ്യം ഫാത്തിഹ, അലം നശ്‌റഹ്, ഫലഖ്, നാസ് ഇവകൾ ഓതുക. രാവിലെ വെറും വയറ്റിലും ഉച്ചക്കും രാത്രിയും ആഹാരത്തിനു മുമ്പും ഓരോ ടീസ്പൂൺ വീതം കഴിക്കുക. 

സന്താന സൗഭാഗ്യത്തിന്:

ഗർഭം ഉണ്ടാവാതിരിക്കാൻ രണ്ട് കാരണങ്ങൾ ഉണ്ടാവാറുണ്ട്. സിഹ്റും  രോഗവും. രോഗമാണെങ്കിൽ വിശ്വസ്തനായ വൈദ്യനോട് ചികിത്സ തേടുക. സിഹ്ർ ആണെങ്കിൽ താഴെപ്പറയുന്ന അടയാളങ്ങൾ ഉണ്ടായിരിക്കും. 
1) നെഞ്ചുവേദന: വിശിഷ്യാ അസർ മുതൽ പാതിരാത്രി വരെ.
2) മാനസിക സംഘർഷം.
3) അടിവയറ്റിൽ വേദന.
4) ഉറക്കമില്ലായ്മ 
5) ദുസ്വപ്നങ്ങൾ

ഇതിനുള്ള ചികിത്സകൾ:
1, ദിവസവും മൂന്നു പ്രാവശ്യം മനസ്സിൽ കേൾക്കുക.
2, ഓതുകയോ കേൾക്കുകയോ ചെയ്യുക. 
3, ഇഷാക്ക് ശേഷം മആരിജ് ഓതുക.
4, ഫാത്തിഹ, ആയത്തുൽ കുർസി, ആമന റസൂൽ, ആലു ഇംറാൻ അവസാന ആയത്തുകൾ, ഫലഖ്, നാസ് ഇവകൾ ഓതി കരിംജീരക എണ്ണയിൽ ഊതുകയും നെഞ്ചിലും നെറ്റിയിലും നട്ടെല്ലിലും ഉറങ്ങുന്നതിനു മുമ്പ് തടവുകയും ചെയ്യുക.
5, വീണ്ടും ഈ ആയത്തുകൾ ഓതി തേനിൽ ഊതുകയും ദിവസവും വെറും വയറ്റിൽ ഒരു ടീസ്പൂൺ സേവിക്കുകയും ചെയ്യുക. ഏതാനും മാസങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകൾ മാറുന്നതാണ്.

ശീഘ്രസ്ഖലനം

​ലൈംഗിക ബന്ധം ആരംഭിച്ച് രണ്ട് മിനിറ്റിനുള്ളിൽ ഇന്ദ്രിയം പുറപ്പെടുന്നതിനെയാണ് ശീഘ്രസ്ഖലനം എന്ന് പറയുന്നത്. ചെറുപ്പകാലത്തെ മോശം ശീലങ്ങളോ സിഹ്റോ ഇതിന് കാരണമാകാം. 

​പരിഹാരങ്ങൾ:

​സുബ്ഹി നിസ്കാരത്തിന് ശേഷം നൂറ് തവണ 'ലാ ഇലാഹ ഇല്ലല്ലാഹു...' എന്ന് തുടങ്ങുന്ന നാലാം കലിമ ചൊല്ലുക.
​ഉറങ്ങുന്നതിന് മുൻപ് സൂറത്തുൽ മുൽക്ക് പാരായണം ചെയ്യുക.
​രാവിലെയും വൈകുന്നേരവും എല്ലാ നിസ്കാരങ്ങൾക്ക് ശേഷവും ആയത്തുൽ കുർസി ഓതുക.
​'അഊദു ബി കലിമാത്തില്ലാഹി തമ്മാത്തി...', 'ബിസ്മില്ലാഹില്ലദി ലാ യദുർറു...' എന്നീ ദുആകൾ പ്രഭാതത്തിലും പ്രദോഷത്തിലും മൂന്ന് മാസത്തോളം ചൊല്ലുക.

​3. വിവാഹ സംബന്ധമായ പ്രശ്നങ്ങൾ
​വിവാഹ സന്ദർഭത്തിൽ ഉണ്ടാകുന്ന ഭയവും മറ്റ് ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാം:
1) വിവാഹത്തിന് രണ്ട് ദിവസം മുൻപ് മുതൽ ഏഴ് അജ്‌വ ഈത്തപ്പഴം കഴിക്കുക.
2) ​എപ്പോഴും വുദുവോട് കൂടി ഇരിക്കാൻ ശ്രമിക്കുക.
3) ​അഞ്ച് നേരത്തെ നിസ്കാരം ജമാഅത്തായി നിർവ്വഹിക്കുകയും തഹജ്ജുദ് നിസ്കരിക്കുകയും ചെയ്യുക.
4) ​ബാത്ത്റൂമിൽ പ്രവേശിക്കുമ്പോഴുള്ള ദിക്ർ ഉൾപ്പെടെയുള്ള വിവിധ ദിക്റുകൾ ശ്രദ്ധിക്കുക.
5) ​വിവാഹത്തിന്റെ ആദ്യ രാത്രിയിൽ പങ്കാളിയുടെ നെറ്റിയിൽ കൈവെച്ച് 'അല്ലാഹുമ്മ ഇന്നീ അസ്അലുക്ക ഖൈറഹാ...' എന്ന് തുടങ്ങുന്ന ദുആ നിർവ്വഹിക്കുക.
6) ​ആദ്യ രാത്രിയിൽ രണ്ട് റകഅത്ത് നിസ്കരിച്ച് ദുആ ചെയ്യുകയും പങ്കാളിക്ക് ഉപദേശങ്ങൾ നൽകുകയും ചെയ്യുക.
7) ​ബന്ധപ്പെടുന്നതിന് മുൻപ് 'ബിസ്മില്ലാഹി അല്ലാഹുമ്മ ജന്നിബ്ന ശ്ശൈത്വാൻ...' എന്ന് ചൊല്ലുക.
8) ​സൽസ്വഭാവികളായ മക്കൾക്കായി 'യാ നാഫിഉ, യാ റഷീദു' എന്നും ലൈംഗിക ശേഷിക്കായി 'അൽ മുഗ്നി' (70 തവണ) എന്നും ചൊല്ലുന്നത് നല്ലതാണ്.

​4. കണ്ണേറ് 
​കണ്ണേറ് എന്നത് ഒരു സത്യമാണെന്നും അത് മനുഷ്യനെ മരണത്തിലേക്കും മൃഗങ്ങളെ നാശത്തിലേക്കും എത്തിക്കാമെന്നും ഹദീസുകളിൽ വ്യക്തമാക്കുന്നു. മനുഷ്യർക്കും ജിന്നുകൾക്കും കണ്ണേറ് ബാധിക്കാം.
​ലക്ഷണങ്ങൾ
​കുട്ടികൾക്ക് അസ്വാഭാവികമായി ഭാരം കൂടുക.
​മലത്തിന് അമിതമായ ദുർഗന്ധം ഉണ്ടാവുക.
​പെട്ടെന്ന് രോഗിയാവുക, പ്രത്യേകിച്ച് പുറത്ത് പോയി വരുമ്പോൾ.
​കുട്ടികൾ അമിതമായി കരയുക, പാൽ കുടിക്കാതിരിക്കുക.
​വിദ്യാർത്ഥികൾക്ക് പഠിച്ച കാര്യങ്ങൾ ഓർമ്മ വരാതിരിക്കുക.
​ശബ്ദം അടയുക, വിറയൽ ഉണ്ടാവുക, എഴുന്നേൽക്കാൻ മടി തോന്നുക.
​ചികിത്സാ രീതികൾ
​കണ്ണേറ് നടത്തിയ വ്യക്തി വുദു ചെയ്ത വെള്ളം കണ്ണേറ് ഏറ്റ വ്യക്തിയുടെ മേൽ ഒഴിക്കുക.
​കണ്ണേറിന്റെ ദുആ മൂന്ന് തവണ ഓതുക.
​ചുവന്ന വസ്ത്രത്തിൽ ഉപ്പുവെച്ച് കണ്ണേറ് ഒഴിപ്പിച്ച് കത്തിച്ച് കളയുക.
​സൂറത്തുൽ സിൽസാൽ, ആയത്തുൽ കുർസി, സൂറത്തുൽ ഖലം (51-ാം സൂക്തം) എന്നിവ ഓതി ഊതുക.
​ഫാത്തിഹ, ആയത്തുൽ കുർസി, ഫലഖ്, നാസ് തുടങ്ങിയവ ഏഴ് തവണ ഓതി വെള്ളത്തിൽ ഊതി കുടിക്കുകയും ആ വെള്ളം കൊണ്ട് കുളിക്കുകയും ചെയ്യുക.

​പ്രതിരോധം: അത്ഭുതകരമായ കാര്യങ്ങൾ കാണുമ്പോൾ 'മാഷാ അല്ലാഹ് ലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്' എന്ന് പറയുക.

ബാധ

​ജിന്നോ പിശാചോ മനുഷ്യനെ നേരിട്ടോ അല്ലാതെയോ ഉപദ്രവിക്കുന്നതിനെയാണ് ബാധ എന്ന് പറയുന്നത്. ഇത് ശരീരത്തിൽ കയറിയോ പുറത്ത് നിന്നോ സംഭവിക്കാം.
​ 
​ജിന്ന് ബാധയ്ക്ക് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്:
* ​ജിന്ന് ഏതെങ്കിലും മനുഷ്യനെ പ്രേമിക്കുക.
* ​മനുഷ്യൻ അറിയാതെ ജിന്നിനെ ഉപദ്രവിക്കുക. ഉദാഹരണത്തിന്: ജിന്നിന് മേൽ ചൂടുവെള്ളം ഒഴിക്കുക, അതിന് മുകളിൽ വീഴുക, മൂത്രമൊഴിക്കുക.
* ​യാതൊരു കാരണവുമില്ലാതെ ജിന്ന് മനുഷ്യനെ ദ്രോഹിക്കുക.

​ബാധ ഉണ്ടാകാൻ സാധ്യതയുള്ള സന്ദർഭങ്ങൾ: ​കടുത്ത ദേഷ്യം, കടുത്ത ഭയം, വികാരം, അശ്രദ്ധ എന്നീ നാല് സന്ദർഭങ്ങളിലാണ് പ്രധാനമായും ജിന്ന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്. ജിന്നുകൾ ചൂടുള്ള കാറ്റിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവരായതിനാൽ ചർമ്മത്തിലെ രോമകൂപങ്ങളിലൂടെയാണ് അവർ ശരീരത്തിൽ കടക്കുന്നത്. ശേഷം അവർ തലച്ചോറിൽ ഇരിക്കുകയും പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. 

ബാധയുടെ ലക്ഷണങ്ങൾ:
1. ​ജിന്ന് ശരീരം മുഴുവൻ വ്യാപിച്ചാൽ ശരീരം അസ്വസ്ഥമാകും.
2. ​ജിന്ന് ഏതെങ്കിലും ഒരു പ്രത്യേക ഭാഗത്ത് ഇരുന്നാൽ അവിടെ ബുദ്ധിമുട്ട് അനുഭവപ്പെടും.
3. ​ദീർഘകാലമായി ശരീരത്തിന് അസ്വസ്ഥത ഉണ്ടാവുക.
4. ​പെട്ടെന്ന് ഭയം അനുഭവപ്പെടുക.


ജിന്ന് ബാധ ചികിത്സിക്കുന്ന വ്യക്തിക്ക് ചില ഗുണങ്ങൾ ഉണ്ടായിരിക്കണം:
​ശരിയായ വിശ്വാസം, ശിർക്കിൽ നിന്നും ബിദ്അത്തുകളിൽ മാറി നിൽക്കുക, ​അല്ലാഹുവിന്റെ വചനങ്ങളിലും ദുആകളിലും ഉറച്ച വിശ്വാസം, ​ജിന്നുകളുടെ അവസ്ഥകളെയും അവരുടെ തന്ത്രങ്ങളെയും കുറിച്ച് അറിവുണ്ടായിരിക്കുക, ​ചികിത്സകൻ വിവാഹിതനായിരിക്കുക, ​അശുദ്ധമായ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും അല്ലാഹുവിന്റെയും റസൂലിന്റെയും കൽപ്പനകൾ പാലിക്കുകയും ചെയ്യുക, നിത്യവും ദിക്റുകളിൽ മുഴുകുക. ​ചികിത്സ ഇഖ്‌ലാസോടെ ആയിരിക്കുക, പ്രതിഫലം ആഗ്രഹിക്കാതിരിക്കുക.

​ചികിത്സയ്ക്ക് മുൻപായി ചില കാര്യങ്ങൾ ശ്രദ്ധിക്കണം:
* ​രോഗിയോട് സ്വപ്നങ്ങളെക്കുറിച്ച് ചോദിച്ചറിയണം, ഏതെങ്കിലും മൃഗത്തെ കാണാറുണ്ടോ, ഉയരത്തിൽ നിന്ന് വീഴുന്നതായി കാണാറുണ്ടോ തുടങ്ങിയവ. രണ്ട് പാമ്പുകളെ സ്വപ്നം കണ്ടാൽ രണ്ട് ജിന്ന് ബാധിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം. കുരിശ് അണിഞ്ഞതായി കണ്ടാൽ അത് ക്രിസ്ത്യൻ ജിന്നായിരിക്കും.
* ​ചികിത്സകനും രോഗിയും വുദു എടുക്കണം.
* ​സ്ത്രീകളെ ചികിത്സിക്കുമ്പോൾ അവർ പരിപൂർണ്ണമായി മറ സ്വീകരിക്കുകയും അവരുടെ കൂടെ മഹറമുകൾ ഉണ്ടായിരിക്കുകയും വേണം.

ചികിത്സയുടെ രണ്ടാം ഘട്ടത്തിൽ, പുരുഷന്മാരാണെങ്കിൽ ബാധയെ ഒഴിപ്പിക്കണം എന്ന ഉദ്ദേശത്തോടെ തലയിൽ കൈവെച്ച് മനസ്സിൽ പ്രാർത്ഥനകൾ നടത്തേണ്ടതുണ്ട്. ഇതിനെത്തുടർന്ന് ജിന്ന് ഒഴിഞ്ഞുപോവുകയോ അല്ലെങ്കിൽ അവിടെ പ്രത്യക്ഷപ്പെടുകയോ ചെയ്യും. ജിന്ന് ഹാജരായാൽ അതിനോട് സിഹ്‌റിൽ പറയുന്ന ചോദ്യങ്ങൾ ചോദിക്കണം. ചികിത്സയുടെ ഭാഗമായി സൂറത്തുൽ ഫാത്തിഹ, സൂറത്തുൽ ബഖറയിലെ  1-5, 164, 165, 255-257, 285, 286, ആലു ഇംറാൻ എന്നിവ ഓതി ഊതേണ്ടതാണ്. എന്നാൽ ജിന്നിനെ ഒഴിപ്പിക്കാനായി മൃഗങ്ങളെ അറുക്കുകയോ, സ്വർണ്ണാഭരണങ്ങൾ ധരിക്കുകയോ, പുക കൊള്ളിക്കുകയോ അല്ലെങ്കിൽ ശിർക്കുമായി ബന്ധപ്പെട്ട വചനങ്ങൾ ഉപയോഗിക്കുകയോ ചെയ്യുന്നത് നിഷിദ്ധമായ മാർഗ്ഗങ്ങളാണ്.

​ചികിത്സയ്ക്ക് ശേഷമുള്ള സുരക്ഷയ്ക്കായി സുന്നത്തായ ദുആകൾ പതിവാക്കണം. ഉയരത്തിൽ നിന്ന് താഴേക്ക് ഇറങ്ങുമ്പോഴും, ഭൂമിയിൽ ചൂടുവെള്ളം ഒഴിക്കുമ്പോഴും, ഇരുളടഞ്ഞ മുറികളിൽ പ്രവേശിക്കുമ്പോഴും 'ബിസ്മില്ലാഹി' എന്ന് ചൊല്ലാൻ പ്രത്യേകം ശ്രദ്ധിക്കണം. പൂച്ചകളെയോ പട്ടികളെയോ ഉപദ്രവിക്കരുത്. ഒറ്റയ്ക്ക് ഉറങ്ങുന്നത് ഒഴിവാക്കണം, ഇനി ഉറങ്ങുകയാണെങ്കിൽ തന്നെ വുദുവോട് കൂടി ഉറക്കത്തിന്റെ ദിക്റുകൾ ചൊല്ലി വേണം ഉറങ്ങാൻ. മലമൂത്രവിസർജ്ജനം നടത്തുമ്പോൾ മാളങ്ങളിലോ തറയിലോ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. വീട്ടിൽ പാമ്പിനെ കണ്ടാൽ ഉടൻ കൊല്ലരുത്, മറിച്ച് മൂന്ന് ദിവസം അതിന് പോകാൻ സമയം നൽകണം. എന്നാൽ വെളുത്തതോ കറുത്തതോ ആയ പുള്ളികളുള്ള വാല് കുറുകിയ പാമ്പുകളെയും പള്ളിയിൽ കാണുന്ന പാമ്പുകളെയും വധിക്കാവുന്നതാണ്.
​പിശാച് മനുഷ്യനിൽ പ്രവേശിക്കുന്നത് വിവരക്കേട്, ദേഷ്യം, അമിതമായ ലോകസ്നേഹം, അഹങ്കാരം, ആത്മപ്രശംസ തുടങ്ങിയ സ്വഭാവങ്ങളിലൂടെയാണ്. പിശാചിൽ നിന്ന് സംരക്ഷണം ലഭിക്കാൻ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ പ്രീതിക്കായി ചെയ്യുകയും അഞ്ചുനേരം നിസ്കരിക്കുകയും വേണം. വീട്ടിൽ സൂറത്തുൽ ബഖറ പാരായണം ചെയ്യുന്നതും ആയത്തുൽ കുർസി ഓതുന്നതും സംരക്ഷണം നൽകും. അനാവശ്യ സംസാരം, കളവ്, പരദൂഷണം, അസഭ്യം എന്നിവയിൽ നിന്ന് നാവു സൂക്ഷിക്കുകയും പലിശയോ കൈക്കൂലിയോ ഇല്ലാത്ത ഹലാലായ ആഹാരം കഴിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. കൂടാതെ വീടിനുള്ളിൽ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും സുന്നത്തായ പ്രാർത്ഥനകൾ ചൊല്ലുന്നതും സംരക്ഷണത്തിന് സഹായിക്കുന്നു.

നിത്യജീവിതത്തിലെ പെരുമാറ്റച്ചട്ടങ്ങളും ആത്മീയ സംരക്ഷണവും

​ഒരു വിശ്വാസി തന്റെ ജീവിതത്തിൽ ഒരു കാര്യത്തിലും പിശാചിനോട് സാദൃശ്യം പുലർത്താൻ പാടുള്ളതല്ല. ആഹാരപാനീയങ്ങൾ കഴിക്കുന്നതും കൊടുക്കൽ വാങ്ങലുകൾ നടത്തുന്നതും എല്ലായ്പ്പോഴും വലതു കൈകൊണ്ടായിരിക്കണം, ഇടതു കൈ ഇതിനായി ഉപയോഗിക്കരുത്. പകുതി വെയിലിലും പകുതി തണലിലുമായി ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്. ജീവിതത്തിലെ എല്ലാ കാര്യങ്ങളും സമാധാനത്തോടും വിനയത്തോടും കൂടി നിർവ്വഹിക്കുകയും ദുർവ്യയം പൂർണ്ണമായും ഒഴിവാക്കുകയും വേണം. മോശം ഹോട്ടലുകൾക്ക് മുന്നിലോ മദ്യശാലകൾക്ക് മുന്നിലോ ഉള്ള നിൽപ്പ് പോലെ സംശയാസ്പദമായ സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതാണ്. അതുപോലെ തന്നെ അന്യസ്ത്രീകളോടൊപ്പം തനിച്ചാകുന്ന സാഹചര്യങ്ങളും ഒഴിവാക്കണം. എല്ലായ്പ്പോഴും ദിക്ർ ചൊല്ലിക്കൊണ്ടിരിക്കുകയും ഉറങ്ങുന്ന സമയത്തുള്ള പ്രത്യേക പ്രാർത്ഥനകൾ നിർവ്വഹിക്കുകയും വേണം. പാതിരാത്രിയിൽ ഉറക്കമുണർന്നാൽ മൂന്നാം കലിമയും നാലാം കലിമയും ചൊല്ലി പടച്ചവനോട് പാപമോചനം തേടുന്നത് ഉത്തമമാണ്. തഹജ്ജുദ് നമസ്കാരവും എല്ലാ നമസ്കാര ശേഷവുമുള്ള ഫാത്തിമി തസ്ബീഹും ഒരു വിശ്വാസിയുടെ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ടതാണ്.

​പിശാചിന്റെ സ്വഭാവവും അടയാളങ്ങളും

​അശ്രദ്ധരായ മനുഷ്യരുടെ മനസ്സാണ് പിശാചിന്റെ പ്രധാന താമസസ്ഥലം. അവൻ ഒരു ഒന്നാംതരം ധിക്കാരിയും കാപട്യം മുഖമുദ്രയാക്കിയവനുമാണ്. വളഞ്ഞ വഴികളിലൂടെ സഞ്ചരിക്കുന്ന അവന്റെ മൂലധനം വ്യാമോഹങ്ങളാണ്. കമ്പോളങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അവൻ സത്യവിശ്വാസികളെ തന്റെ ശത്രുക്കളായി കാണുന്നു. നിഷിദ്ധമായ മാർഗ്ഗത്തിലൂടെ നേടിയ സമ്പത്താണ് അവന്റെ ആഹാരം. നഗ്നത പ്രദർശിപ്പിക്കുന്നവരോട് അവന് വലിയ താൽപ്പര്യമാണ്. മനുഷ്യർ പാപമോചനം തേടുന്നത് അവനെ അസ്വസ്ഥനാക്കുകയും സുജൂദുകളുടെ ആധിക്യം അവനെ കരയിപ്പിക്കുകയും ചെയ്യുന്നു. ദാരിദ്ര്യം വരുമെന്ന് പേടിപ്പിച്ച് മനുഷ്യരെ തെറ്റായ വഴികളിലേക്ക് നയിക്കാനാണ് അവൻ ശ്രമിക്കുന്നത്. ലൈംഗികമായ പാപങ്ങളാണ് അവന് ഏറ്റവും ഇഷ്ടപ്പെട്ട പ്രവൃത്തി. എങ്കിലും രാവിലെ നൂറു തവണ നാലാം കലിമ ചൊല്ലുന്ന ഒരാളുടെ ശരീരത്തിൽ പ്രവേശിക്കാൻ പിശാചിന് സാധിക്കുകയില്ല.

​വീടുകളിലെ ജിന്ന് ശല്യവും പരിഹാരങ്ങളും

​ചില സമയങ്ങളിൽ വീടുകളിൽ ജിന്നുകളും പിശാചുക്കളും താമസമാക്കാറുണ്ട്. മോശപ്പെട്ട ജിന്നുകൾ മനുഷ്യരെ ഉപദ്രവിക്കാനും ചിലപ്പോൾ മരണത്തിന് വരെ കാരണമാകാനും സാധ്യതയുണ്ട്. വീട്ടിൽ ജിന്ന് ശല്യമുണ്ടെന്ന് ഉറപ്പിക്കാൻ രണ്ടുപേരെ കൂട്ടി വീട്ടിൽ പ്രവേശിച്ച് സുലൈമാൻ നബി (അ) ജിന്നുകളുമായി നടത്തിയ കരാർ ഓർമ്മിപ്പിച്ചുകൊണ്ട് അവരോട് പുറത്തുപോകാൻ ആവശ്യപ്പെടണം. അവരോട് ആരെയും ഉപദ്രവിക്കരുതെന്ന് അല്ലാഹുവിന്റെ നാമത്തിൽ കൽപ്പിക്കുകയും വേണം. ഇപ്രകാരം മൂന്ന് ദിവസം തുടർച്ചയായി ചെയ്യേണ്ടതാണ്. ശല്യം തുടരുകയാണെങ്കിൽ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് ശ്വാസം തട്ടുന്ന രീതിയിൽ ചേർത്തുപിടിച്ച് പ്രത്യേക ദുആ ചൊല്ലി ആ വെള്ളം വീടിന്റെ നാല് മൂലകളിലും തളിക്കണം. ജിന്ന് ശല്യമോ സിഹ്‌റോ (ആഭിചാരം) ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ 40 ദിവസം സൂറത്തുൽ ബഖറ വീട്ടിൽ ഉറക്കെ ഓതുകയോ അതിന്റെ ഓഡിയോ കേൾപ്പിക്കുകയോ ചെയ്യുന്നത് ഫലപ്രദമാണ്.

​ഉപസംഹാരം

​മനുഷ്യൻ ജിന്നുകളേക്കാൾ അന്തസ്സുള്ളവരായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, കാരണം അല്ലാഹു മനുഷ്യരെ ആദരിച്ചിരിക്കുന്നു. ജിന്നുകൾ മനുഷ്യരെ അപേക്ഷിച്ച് ബലഹീനരാണ്, എങ്കിലും മനുഷ്യർക്ക് അവരെ കാണാൻ കഴിയില്ല. മനുഷ്യൻ ജിന്നുകളോട് അഭയം തേടുന്നത് അവരുടെ അഹങ്കാരം വർദ്ധിപ്പിക്കാൻ മാത്രമേ സഹായിക്കൂ. മനുഷ്യരെ സംരക്ഷിക്കുന്നതിനായി അല്ലാഹു 120 മലക്കുകളെ നിശ്ചയിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം ജിന്നുകളുടെ ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെടുക പ്രയാസകരമാകുമായിരുന്നു. ചൂടുവെള്ളം ഒഴിക്കുമ്പോഴോ മൂത്രമൊഴിക്കുമ്പോഴോ അശ്രദ്ധമായി നാം ചെയ്യുന്ന കാര്യങ്ങൾ ജിന്നുകൾക്ക് പരിക്കേൽക്കാൻ കാരണമായാൽ അവർ പ്രതികാരം ചെയ്യാൻ മുതിർന്നേക്കാം. അതിനാൽ എല്ലാ കാര്യങ്ങളിലും പടച്ചവനോട് മാത്രം സഹായം തേടുകയും ഉദ്ദേശ്യങ്ങൾ ശുദ്ധമായിരിക്കുകയും വേണം.
▪️▪️▪️▪️

കുറിപ്പ്
ബഹുമാനപ്പെട്ടവരെ, വളരെ പ്രധാനപ്പെട്ട ഈ രചനയുടെ വിവർത്തനം ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്. ഈ കൃതി ഇത് ആഗ്രഹിക്കുന്ന എല്ലാ സഹോദരീ സഹോദരന്മാരുടെയും കരങ്ങളിൽ എത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
​എന്നാൽ, ഇതിന്റെ പബ്ലിഷിംഗ് അക്കാദമി ഇത് പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും നിലവിൽ വളരെ പിന്നിലായതുകൊണ്ട്, താൽപ്പര്യമുള്ള ഓരോ സഹോദരങ്ങളും ഇതിന്റെ ഏതാനും കോപ്പികൾ വാങ്ങാനുള്ള തീരുമാനം ഞങ്ങളെ അറിയിക്കുകയാണെങ്കിൽ, ഞങ്ങൾ ഇത് പ്രിന്റ് ചെയ്ത് നിങ്ങളുടെ അടുക്കൽ എത്തിക്കുന്നതാണ്.
​ഈ സംരംഭത്തോട് എല്ലാവരും സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. പടച്ചവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ!

​ബന്ധപ്പെടേണ്ട നമ്പർ: +917736723639, +919400714155

🔹🔹🔹🔹🔹

മആരിഫുൽ ഖുര്‍ആന്‍ 

സൂറത്തുത്തഹ്‌രീം

(12 ആയത്തുകള്‍, പദങ്ങള്‍ 247, അക്ഷരങ്ങള്‍ 1060, മദീനാ മുനവ്വറയില്‍ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 107. പാരായണ ക്രമം 66. സൂറത്തുല്‍ ഹുജുറാത്തിന് ശേഷം അവതരണം)

പടച്ചവനിലേക്ക് നിഷ്‌കളങ്കമായി ഖേദിച്ച് മടങ്ങുക, സത്യവിശ്വാസത്തിന്റെയും നിഷേധത്തിന്റെയും ചില മാതൃകകള്‍ ശ്രദ്ധിക്കുക 

✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

ആയത്ത് 08-12

 ﷽ 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം 

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ تُوبُوٓاْ إِلَى ٱللَّهِ تَوۡبَةٗ نَّصُوحًا عَسَىٰ رَبُّكُمۡ أَن يُكَفِّرَ عَنكُمۡ سَيِّـَٔاتِكُمۡ وَيُدۡخِلَكُمۡ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ يَوۡمَ لَا يُخۡزِي ٱللَّهُ ٱلنَّبِيَّ وَٱلَّذِينَ ءَامَنُواْ مَعَهُۥۖ نُورُهُمۡ يَسۡعَىٰ بَيۡنَ أَيۡدِيهِمۡ وَبِأَيۡمَٰنِهِمۡ يَقُولُونَ رَبَّنَآ أَتۡمِمۡ لَنَا نُورَنَا وَٱغۡفِرۡ لَنَآۖ إِنَّكَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ۝ يَٰٓأَيُّهَا ٱلنَّبِيُّ جَٰهِدِ ٱلۡكُفَّارَ وَٱلۡمُنَٰفِقِينَ وَٱغۡلُظۡ عَلَيۡهِمۡۚ وَمَأۡوَىٰهُمۡ جَهَنَّمُۖ وَبِئۡسَ ٱلۡمَصِيرُ ۝ ضَرَبَ ٱللَّهُ مَثَلٗا لِّلَّذِينَ كَفَرُواْ ٱمۡرَأَتَ نُوحٖ وَٱمۡرَأَتَ لُوطٖۖ كَانَتَا تَحۡتَ عَبۡدَيۡنِ مِنۡ عِبَادِنَا صَٰلِحَيۡنِ فَخَانَتَاهُمَا فَلَمۡ يُغۡنِيَا عَنۡهُمَا مِنَ ٱللَّهِ شَيۡـٔٗا وَقِيلَ ٱدۡخُلَا ٱلنَّارَ مَعَ ٱلدَّٰخِلِينَ ۝ وَضَرَبَ ٱللَّهُ مَثَلٗا لِّلَّذِينَ ءَامَنُواْ ٱمۡرَأَتَ فِرۡعَوۡنَ إِذۡ قَالَتۡ رَبِّ ٱبۡنِ لِي عِندَكَ بَيۡتٗا فِي ٱلۡجَنَّةِ وَنَجِّنِي مِن فِرۡعَوۡنَ وَعَمَلِهِۦ وَنَجِّنِي مِنَ ٱلۡقَوۡمِ ٱلظَّٰلِمِينَ ۝ وَمَرۡيَمَ ٱبۡنَتَ عِمۡرَٰنَ ٱلَّتِيٓ أَحۡصَنَتۡ فَرۡجَهَا فَنَفَخۡنَا فِيهِ مِن رُّوحِنَا وَصَدَّقَتۡ بِكَلِمَٰتِ رَبِّهَا وَكُتُبِهِۦ وَكَانَتۡ مِنَ ٱلۡقَٰنِتِينَ۝  

                സത്യവിശ്വാസികളേ, അല്ലാഹുവിലേക്ക് സത്യസന്ധമായി പശ്ചാത്തപിച്ച് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ  പാപങ്ങള്‍ പൊറുത്തുതരികയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന ആരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം. പ്രവാചകരെയും തങ്ങളോടൊപ്പം വിശ്വസിച്ചവരെയും അല്ലാഹു നിന്ദിക്കാത്ത ദിവസം, അവരുടെ മുന്നിലും വലതുഭാഗത്തും പ്രകാശം പരന്നിരിക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്ക് നീ പൂര്‍ത്തീകരിക്കേണമേ. ഞങ്ങള്‍ക്ക് നീ പൊറുത്തു തരേണമേ! നിശ്ചയം നീ സര്‍വ്വകാര്യങ്ങള്‍ക്കും കഴിവുള്ളവനാണ്.(8) പ്രവാചകരേ, സത്യനിഷേധികളോടും കപടവിശ്വാസികളോടും താങ്കള്‍ ജിഹാദ് നടത്തുകയും അവരോട് കടുപ്പത്തില്‍ വര്‍ത്തിക്കുകയും ചെയ്യുക. അവരുടെ അഭയസ്ഥാനം നരകമാണ്. അത് വളരെ മോശമായ മടക്കസ്ഥാനം തന്നെ.(9) നിഷേധികള്‍ക്ക് ഉദാഹരണമായി നൂഹ് നബിയുടെയും ലൂത് നബിയുടെയും ഭാര്യമാരെ അല്ലാഹു വിവരിക്കുന്നു. അവര്‍ ഇരുവരും നമ്മുടെ സദ്വൃത്തരായ രണ്ട് ദാസന്മാരുടെ കീഴിലായിരുന്നു. എന്നാല്‍ ഇരുവരും അവരെ വഞ്ചിച്ചു. ആകയാല്‍ അല്ലാഹുവിന്റെ ശിക്ഷയ്ക്ക് മുന്നില്‍ നബിയോടുള്ള ബാഹ്യബന്ധം അവര്‍ക്ക് ഒരു ഗുണവും ചെയ്തില്ല. അവര്‍ രണ്ടുപേരോടും പറയപ്പെടും: നരകത്തില്‍ കടക്കുന്നവരോടൊപ്പം നിങ്ങള്‍ ഇരുവരും നരകത്തില്‍ പ്രവേശിക്കുക.(10) സത്യവിശ്വാസികള്‍ക്ക് ഉദാഹരണമായി ഫിര്‍ഔനിന്റെ ഭാര്യയെ അല്ലാഹു വിവരിക്കുന്നു. അവര്‍ പറഞ്ഞ സന്ദര്‍ഭം: എന്റെ രക്ഷിതാവേ, എനിക്ക് സ്വര്‍ഗ്ഗത്തില്‍ നിന്റെയരികില്‍ ഒരു ഭവനം പണിതു തരേണമേ. ഫിര്‍ഔനില്‍ നിന്നും അവന്റെ പ്രവൃത്തികളില്‍ നിന്നും അക്രമികളായ ജനതയില്‍ നിന്നും എന്നെ രക്ഷപ്പെടുത്തേണമേ.(11) ഇംറാന്റെ മകള്‍ മര്‍യമിനെയും ഉദാഹരണമായി വിവരിക്കുന്നു. അവര്‍ അവരുടെ ഗുഹ്യസ്ഥാനത്തെ സംരക്ഷിച്ചു. അപ്പോള്‍ അവരില്‍ നമ്മുടെ ഭാഗത്ത് നിന്നും ആത്മാവിനെ നാം ഊതി നിക്ഷേപിച്ചു. അവര്‍ രക്ഷിതാവിന്റെ വചനങ്ങളും ഗ്രന്ഥങ്ങളും ശരിവെക്കുകയും അനുസരണയുള്ളവരില്‍ പെടുകയും ചെയ്തിരുന്നു.(12) 

ആശയ സംഗ്രഹം:

        ഈ ആയത്തുകളില്‍ നരകത്തില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം വിവരിക്കുകയാണ്. അതെ, ഈ മാര്‍ഗ്ഗത്തെ എടുത്ത് കാട്ടി ഭാര്യമക്കളെ നരകത്തില്‍ നിന്നും രക്ഷിക്കാന്‍ പരിശ്രമിക്കുക. പ്രസ്തുത മാര്‍ഗ്ഗം ഇതാണ്: സത്യവിശ്വാസികളേ, അല്ലാഹുവിന് മുന്നില്‍ നിങ്ങള്‍ സത്യസന്ധമായി പശ്ചാത്തപിച്ച് മടങ്ങുക. അതായത്, മനസ്സിലല്‍ പാപത്തെക്കുറിച്ച് പരിപൂര്‍ണ്ണമായ ദു:ഖവും ഭാവിയില്‍ പാപം ചെയ്യുകയില്ലായെന്ന ഉറച്ച തീരുമാനവും പുലര്‍ത്തേണ്ടതാണ്. ഉപേക്ഷിച്ചാല്‍ പാപമുണ്ടാകുന്ന മുഴുവന്‍ മത കല്‍പ്പനകളും പാലിക്കാമെന്നും, ചെയ്താല്‍ പാപമുണ്ടാകുന്ന മുഴുവന്‍ തിന്മകളും ഉപേക്ഷിക്കാമെന്നും ഉറച്ച തീരുമാനം എടുക്കുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പശ്ചാത്താപം കാരണമായി നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും അടിവാരത്തിലൂടെ അരുവികള്‍ ഒഴുകുന്ന ആരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം. പ്രവാചകരെയും തങ്ങളോടൊപ്പം വിശ്വസിച്ചവരെയും അല്ലാഹു നിന്ദിക്കാത്ത ദിവസം, അവരുടെ മുന്നിലും വലതുഭാഗത്തും പ്രകാശം പരന്നിരിക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്ക് നീ പൂര്‍ത്തീകരിക്കുകയും അവസാനം വരെ നിലനിര്‍ത്തുകയും ചെയ്യേണമേ. ഞങ്ങള്‍ക്ക് നീ പൊറുത്തു തരേണമേ! നിശ്ചയം നീ സര്‍വ്വകാര്യങ്ങള്‍ക്കും കഴിവുള്ളവനാണ്. അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാനുള്ള കാരണം ഇതാണ്: മഹ്ഷറില്‍ നിന്നും യാത്രയാക്കപ്പെടുമ്പോള്‍ എല്ലാവര്‍ക്കും ചെറുതും വലുതുമായ പ്രകാശം നല്‍കപ്പെടുന്നതാണ്. എന്നാല്‍ സ്വിറാത്ത് പാലത്തിനടത്ത് എത്തമ്പോള്‍ കപടവിശ്വാസികളുടെ പ്രകാശം അണഞ്ഞ് പോകുന്നതാണ്. അപ്പോള്‍ അവരെപ്പോലെ ഞങ്ങളുടെ പ്രകാശം അണഞ്ഞ് പോകല്ലേയെന്ന് അവര്‍ പ്രാര്‍ത്ഥിക്കുന്നതാണ്. (ദുര്‍റുല്‍ മന്‍സൂര്‍) പ്രവാചകരേ, സത്യനിഷേധികളോടും കപടവിശ്വാസികളോടും താങ്കള്‍ ജിഹാദ് നടത്തുകയും അവരോട് കടുപ്പത്തില്‍ വര്‍ത്തിക്കുകയും ചെയ്യുക. ഇത് അവര്‍ക്ക് ഇഹലോകത്തുള്ള ശിക്ഷയാണ്. പരലോകത്തില്‍ അവരുടെ അഭയസ്ഥാനം നരകമാണ്. അത് വളരെ മോശമായ മടക്കസ്ഥാനം തന്നെ. പരലോകത്ത് ഓരോരുത്തര്‍ക്കും അവരുടെ വിശ്വാസം മാത്രം പ്രയോജനം ചെയ്യുന്നതാണെന്നും അടുത്ത ആരുടെയും വിശ്വാസം നിഷേധികളെ നരക ശിക്ഷയില്‍ നിന്നും രക്ഷിക്കുന്നതല്ലെന്നും ഏതെങ്കിലും സത്യവിശ്വാസിയുടെ ബന്ധു നിഷേധിയാകുന്നത് കൊണ്ട് സത്യവിശ്വാസിയ്ക്ക് യാതൊരു കുഴപ്പവും ഉണ്ടാകുന്നതല്ലെന്നും അറിയിച്ചുകൊണ്ട് അല്ലാഹു പറയുന്നു:  നിഷേധികള്‍ക്ക് ഉദാഹരണത്തിനും ഗുണപാഠത്തിനും നൂഹ് നബിയുടെയും ലൂത് നബിയുടെയും ഭാര്യമാരുടെ അവസ്ഥ അല്ലാഹു വിവരിക്കുന്നു. അവര്‍ ഇരുവരും നമ്മുടെ സദ്വൃത്തരായ രണ്ട് വിശിഷ്ട ദാസന്മാരുടെ കീഴിലായിരുന്നു. എന്നാല്‍ ഇരുവരും അവരോടുള്ള കടമകള്‍ പാഴാക്കി. അതെ, അവര്‍ നബിമാര്‍ ആയിരുന്നത് കൊണ്ട് അവരുടെ മതപരമായ കല്‍പ്പനകള്‍ പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരായിരുന്നു. പക്ഷേ, അവര്‍ അത് പാലിച്ചില്ല. ആകയാല്‍ അല്ലാഹുവിന്റെ ശിക്ഷയ്ക്ക് മുന്നില്‍ നബിയോടുള്ള ബാഹ്യബന്ധം അവര്‍ക്ക് ഒരു ഗുണവും ചെയ്തില്ല. അവര്‍ രണ്ടുപേരും നിഷേധികളായിരുന്ന കാരണത്താല്‍ അവരോട് പറയപ്പെടും: നരകത്തില്‍ കടക്കുന്നവരോടൊപ്പം നിങ്ങള്‍ ഇരുവരും നരകത്തില്‍ പ്രവേശിക്കുക. ഇത് നിഷേധികള്‍ക്ക് ഗുണപാഠം നല്‍കുന്ന സംഭവമാണ്. അടുത്തതായി സത്യവിശ്വാസികളെ സമാശ്വസിപ്പിച്ചുകൊണ്ട് പറയുന്നു: സത്യവിശ്വാസികള്‍ക്ക് ഉദാഹരണമായി ഫിര്‍ഔനിന്റെ ഭാര്യ ആസിയാ ബീവിയുടെ അവസ്ഥ അല്ലാഹു വിവരിക്കുന്നു. അവര്‍ പറഞ്ഞ സന്ദര്‍ഭം: എന്റെ രക്ഷിതാവേ, എനിക്ക് സ്വര്‍ഗ്ഗത്തില്‍ നിന്റെയരികില്‍ ഒരു ഭവനം പണിതു തരേണമേ. ഫിര്‍ഔനിന്റെ ഉപദ്രവത്തില്‍ നിന്നും അവന്റെ നിഷേധ പ്രവൃത്തികളില്‍ നിന്നും അക്രമികളായ ജനതയില്‍ നിന്നും ബാഹ്യമായും ആന്തരികമായും എന്നെ  രക്ഷപ്പെടുത്തേണമേ. ഇംറാന്റെ മകള്‍ മര്‍യമിനെയും ഉദാഹരണമായി വിവരിക്കുന്നു. അവര്‍ അവരുടെ ഗുഹ്യഭാഗത്തെ നിഷിദ്ധമായ കാര്യങ്ങളില്‍ നിന്നും മാത്രമല്ല, അനുവദനീയമായ കാര്യങ്ങളില്‍ നിന്നുപോലും സംരക്ഷിച്ചു. അപ്പോള്‍ അവരില്‍ ജിബ്‌രീല്‍ (അ) വഴി നമ്മുടെ ഭാഗത്ത് നിന്നും ആത്മാവിനെ നാം ഊതി നിക്ഷേപിച്ചു. അവര്‍ മലക്കുകള്‍ വഴി എത്തിച്ചേര്‍ന്ന രക്ഷിതാവിന്റെ വചനങ്ങളും ഗ്രന്ഥങ്ങളും ശരിവെച്ച് വിശ്വാസം ശരിയാക്കുകയും അനുസരണയുള്ളവരില്‍ പെട്ട് കര്‍മ്മങ്ങള്‍ നന്നാക്കുകയും ചെയ്തിരുന്നു.

വിവരണവും വ്യാഖ്യാനവും:

                സത്യവിശ്വാസികളേ, അല്ലാഹുവിലേക്ക് സത്യസന്ധമായി പശ്ചാത്തപിച്ച് മടങ്ങുക! തൗബയുടെ വാക്കര്‍ത്ഥം മടങ്ങുക എന്നതാണ്. അതുകൊണ്ടുള്ള ഉദ്ദേശം പാപത്തില്‍ നിന്നുള്ള മടക്കമാണ്. ഖുര്‍ആന്‍ ഹദീസുകളുടെ സാങ്കേതിക ഭാഷയില്‍ തൗബയെന്നാല്‍ കഴിഞ്ഞുപോയ പാപത്തില്‍ ദു:ഖിക്കലും ഭാവികാലത്ത് അതിനടുത്തേക്ക് പോകാതിരിക്കാന്‍ ഉറച്ച് തീരുമാനിക്കലുമാണ്. നസൂഹാ എന്നതിന് പരിശുദ്ധമാക്കുക എന്നും വസ്ത്രത്തെ നെഞ്ചിലേക്ക് ചേര്‍ക്കുക എന്നും അര്‍ത്ഥമുണ്ട്. അതായത് മറ്റുള്ളവരെ കാണിക്കുക പോലെയുള്ള ചിന്തകളില്‍ നിന്നും പരിശുദ്ധമാക്കുക. അല്ലാഹുവിന്റെ പൊരുത്തത്തെ കരുതിയും ശിക്ഷയെ ഭയന്നും പശ്ചാത്തപിക്കുക. പാപങ്ങള്‍ കാരണം കീറിപ്പോയ സല്‍ക്കര്‍മ്മങ്ങളുടെ വസ്ത്രം തുന്നി ചേര്‍ത്ത് പിടിപ്പിക്കുക. ഹസന്‍ ബസ്വരി (റ) പറയുന്നു: നസൂഹായ തൗബ എന്നാല്‍ കഴിഞ്ഞ കര്‍മ്മങ്ങളില്‍ ദു:ഖിക്കുകയും ഇനി അതിലേക്ക് മടങ്ങുകയില്ലെന്ന് ഉറച്ച തീരുമാനം എടുക്കുകയും ചെയ്യലാണ്. കല്‍ബി പറയുന്നു: നാവുകൊണ്ട് പാപമോചനം തേടുകയും മനസ്സാ സങ്കടപ്പെടുകയും ഭാവിയില്‍ പാപങ്ങളില്‍ നിന്നും അവയവങ്ങളെ സംരക്ഷിക്കുകയും ചെയ്യലാണ്. അലിയ്യ് (റ)നോട് ചോദിക്കപ്പെട്ടു: തൗബ എന്നാല്‍ എന്താണ്? മഹാനവര്‍കള്‍ പറഞ്ഞു: ആറ് കാര്യങ്ങളാണ്. 1. കഴിഞ്ഞുപോയ തിന്മയില്‍ സങ്കടപ്പെടുക. 2. നഷ്ടപ്പെട്ടുപോയ ബാധ്യതകള്‍ നിര്‍വ്വഹിക്കുക. 3. മൂന്ന് ആരുടെയെങ്കിലും സമ്പത്തോ മറ്റോ അപഹരിച്ചെങ്കില്‍ അത് മടക്കിക്കൊടുക്കുക. 4. ആരെയെങ്കിലും കൈയ്യോ നാവോ കൊണ്ട് ഉപദ്രവിച്ച വ്യക്തി അവരോട് മാപ്പ് ചോദിക്കുക. 5. ഭാവിയില്‍ പ്രസ്തുത പാപത്തിന്റെ അടുത്തേക്ക് പോവുകയില്ലെന്ന് ഉറച്ച തീരുമാനം എടുക്കുക. 6. പടച്ചവന് എതിര് പ്രവര്‍ത്തിച്ചിരുന്നതുപോലെ നന്മകള്‍ പ്രവര്‍ത്തിക്കുക. (മസ്ഹരി) അലിയ്യ് (റ) പറഞ്ഞ ഈ നിബന്ധനകള്‍ എല്ലാവരും അംഗീകരിച്ചിട്ടുള്ളതാണ്. ചിലര്‍ ഇത് ഹൃസ്വമായും മറ്റുചിലര്‍ വിശദമായും പറഞ്ഞുവെന്ന് മാത്രം.  
നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ  പാപങ്ങള്‍ പൊറുത്തുതരികയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന ആരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം! ഇവിടെ അസാ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അപ്പോള്‍ ഇതിന്റെ വാക്കര്‍ത്ഥം ചെയ്‌തേക്കാം എന്നാണ്. അതായത് തൗബയും ഇതര കര്‍മ്മങ്ങളൊന്നും പാപമോചനത്തിന്റെയും സ്വര്‍ഗ്ഗത്തിന്റെയും വിലയല്ല. ഇത് ചെയ്താല്‍ നിര്‍ബന്ധമായും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കണമെന്ന് അല്ലാഹുവിന് ബാധ്യതയില്ല. കാരണം നന്മകളുടെ ഫലം ഇഹലോകത്ത് തന്നെ പടച്ചവന്‍ ചെയ്ത ധാരാളം അനുഗ്രഹങ്ങളിലുണ്ട്. അതുകൊണ്ട് അതിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ഗ്ഗം ലഭിക്കണമെന്ന് നിര്‍ബന്ധമില്ല. സ്വര്‍ഗ്ഗം പടച്ചവന്റെ ഔദാര്യവും അനുഗ്രഹവും മാത്രമാണ്. റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ ആരുടെയും കര്‍മ്മങ്ങള്‍ നിങ്ങളെ രക്ഷിക്കുന്നതല്ല. സഹാബത്ത് ചോദിച്ചു: താങ്കളെയും രക്ഷിക്കുകയില്ലേ? റസൂലുല്ലാഹി (സ) അരുളി: എന്നെയും രക്ഷിക്കുകയില്ല. അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവും കൊണ്ട് മാത്രം ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്. (ബുഖാരി)    
നിഷേധികള്‍ക്ക് ഉദാഹരണമായി നൂഹ് നബിയുടെയും ലൂത് നബിയുടെയും ഭാര്യമാരെ അല്ലാഹു വിവരിക്കുന്നു: അവര്‍ ഇരുവരും നമ്മുടെ സദ്വൃത്തരായ രണ്ട് ദാസന്മാരുടെ കീഴിലായിരുന്നു. എന്നാല്‍ ഇരുവരും അവരെ വഞ്ചിച്ചു. ആകയാല്‍ അല്ലാഹുവിന്റെ ശിക്ഷയ്ക്ക് മുന്നില്‍ നബിയോടുള്ള ബാഹ്യബന്ധം അവര്‍ക്ക് ഒരു ഗുണവും ചെയ്തില്ല. അവര്‍ രണ്ടുപേരോടും പറയപ്പെടും: നരകത്തില്‍ കടക്കുന്നവരോടൊപ്പം നിങ്ങള്‍ ഇരുവരും നരകത്തില്‍ പ്രവേശിക്കുക.(10)  ഇവിടെ അല്ലാഹു നാല് സ്ത്രീകളുടെ ഉദാഹരണങ്ങള്‍ വിവരിച്ചിരിക്കുന്നു. ആദ്യത്തെ രണ്ട് സ്ത്രീകള്‍ രണ്ട് പ്രവാചകന്മാരുടെ ഭാര്യമാരാണ്. അവര്‍ മത വിഷയത്തില്‍ ഭര്‍ത്താക്കന്മാരെ എതിര്‍ക്കുകയും നിഷേധികളെ രഹസ്യമായി സഹായിക്കുകയും ചെയ്തു. തല്‍ഫലമായി അവര്‍ നരകത്തിലെത്തുന്നതാണ്. പടച്ചവന്റെ സ്വീകാര്യരായ ദാസന്മാരുടെ ഭാര്യമാരായി എന്നത് അവരെ ശിക്ഷയില്‍ നിന്നും രക്ഷിക്കുന്നതല്ല. ഇതില്‍ ഒന്നാമത്തേത് നൂഹ് നബി (അ)യുടെ ഭാര്യയാണ്. അവരുടെ പേര് ദാഗില എന്നാണ്. രണ്ടാമത്തേത് ലൂത്ത് നബി (അ)യുടെ ഭാര്യയാണ്. അവരുടെ പേര് വാലിഹ എന്നാണ്. (ഖുര്‍തുബി) 
സത്യവിശ്വാസികള്‍ക്ക് ഉദാഹരണമായി ഫിര്‍ഔനിന്റെ ഭാര്യയെ അല്ലാഹു വിവരിക്കുന്നു. അവര്‍ പറഞ്ഞ സന്ദര്‍ഭം: എന്റെ രക്ഷിതാവേ, എനിക്ക് സ്വര്‍ഗ്ഗത്തില്‍ നിന്റെയരികില്‍ ഒരു ഭവനം പണിതു തരേണമേ. ഫിര്‍ഔനില്‍ നിന്നും അവന്റെ പ്രവൃത്തികളില്‍ നിന്നും അക്രമികളായ ജനതയില്‍ നിന്നും എന്നെ രക്ഷപ്പെടുത്തേണമേ.(11) മൂന്നാമത്തെ സ്ത്രീ ഏറ്റവും വലിയ നിഷേധിയും ദൈവികത വാദിച്ചവനുമായ ഫിര്‍ഔനിന്റെ ഭാര്യയാണ്. പക്ഷേ, അവര്‍ മൂസാ നബി (അ)യില്‍ വിശ്വസിച്ചു. അതിന്റെ പേരില്‍ അവര്‍ പീഢിപ്പിക്കപ്പെട്ടെങ്കിലും അല്ലാഹു അവര്‍ക്ക് സ്വര്‍ഗ്ഗീയ സ്ഥാനം ഇവിടെ വെച്ചുതന്നെ കാണിച്ചുകൊടുത്തു. ഭര്‍ത്താവിന്റെ പ്രലോഭന പീഢനങ്ങള്‍ ഈ വഴിയില്‍ ഒരു മറയും സൃഷ്ടിച്ചില്ല. ഇവരുടെ പേര് ആസിയ ബിന്‍ത് മുസാഹിം എന്നാണ്. മൂസാ നബി (അ) മാരണക്കാര്‍ക്കെതിരില്‍ വലിയ വിജയം വരിക്കുകയും മാരണക്കാരെല്ലാം സത്യവിശ്വാസം സ്വീകരിക്കുകയും ചെയ്തപ്പോള്‍ ഇവരും ഈമാന്‍ പ്രകടമാക്കി. ഫിര്‍ഔന്‍ ഇവര്‍ക്ക് കടുത്ത ശിക്ഷ വിധിച്ചു. അവരുടെ കൈകാലുകള്‍ കെട്ടി നെഞ്ചില്‍ കനത്ത കല്ല് എടുത്തുവെച്ചു. എന്നാല്‍ ഈ അവസ്ഥയിലും അവര്‍ പതറാതെ ഈ ആയത്തില്‍ പറയപ്പെട്ട പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരുന്നു. ഒരു നിവേദനത്തില്‍ വന്നിരിക്കുന്നു: ഒരു വലിയ കല്ല് അവരുടെ തലയില്‍ ഇടാന്‍ തീരുമാനിച്ചു. എന്നാല്‍ കല്ല് വന്ന് വീഴുന്നതിന് മുമ്പ് അല്ലാഹു അവരുടെ ആത്മാവിനെ പിടിച്ചു. ജീവനില്ലാത്ത ശരീരത്തിലാണ് കല്ല് പതിച്ചത്. അവര്‍ക്ക് അല്ലാഹു ഈ ലോകത്ത് തന്നെ സ്വര്‍ഗ്ഗം കാണിച്ചുകൊടുത്തു. (മസ്ഹരി) 
ഇംറാന്റെ മകള്‍ മര്‍യമിനെയും ഉദാഹരണമായി വിവരിക്കുന്നു. അവര്‍ അവരുടെ ഗുഹ്യസ്ഥാനത്തെ സംരക്ഷിച്ചു. അപ്പോള്‍ അവരില്‍ നമ്മുടെ ഭാഗത്ത് നിന്നും ആത്മാവിനെ നാം ഊതി നിക്ഷേപിച്ചു. അവര്‍ രക്ഷിതാവിന്റെ വചനങ്ങളും ഗ്രന്ഥങ്ങളും ശരിവെക്കുകയും അനുസരണയുള്ളവരില്‍ പെടുകയും ചെയ്തിരുന്നു.(12) നാലാമത്തേത് ആരുടെയും ഭാര്യ അല്ലായിരുന്ന മര്‍യം (അ) ആണ്. പക്ഷേ, സത്യവിശ്വാസ സല്‍ക്കര്‍മ്മങ്ങളിലൂടെ അവര്‍ ഉയരുകയും ബഹുഭൂരിഭാഗം പണ്ഡിതരുടെയും അഭിപ്രായത്തില്‍ അവര്‍ നബിയല്ലെങ്കിലും നബിമാരുടെ ഉന്നത ഗുണങ്ങളും സ്ഥാനങ്ങളും അല്ലാഹു അവര്‍ക്ക് കനിഞ്ഞരുളുകയും ചെയ്തു. രക്ഷിതാവിന്റെ വചനങ്ങള്‍ എന്നതുകൊണ്ടുള്ള ഉദ്ദേശം അല്ലാഹു നബിമാരുടെ മേല്‍ അവതരിപ്പിച്ച ഏടുകളാണ്. ഗ്രന്ഥങ്ങളെന്നാല്‍ ഇഞ്ചീലും, സബൂറും, തൗറാത്തുമാണ്. * ഖാനിത്തീന്‍ എന്നത് ഖാനിത്തിന്റെ ബഹുവചനമാണ്. ആരാധനകളില്‍ നിരന്തരം കഴിയുന്ന വ്യക്തിയെന്നാണ് അര്‍ത്ഥം. ഇത് മര്‍യം (അ)യുടെ ഗുണമാണ്. അബൂമൂസാ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: പുരുഷന്മാരില്‍ ധാരാളം ആളുകള്‍ സമ്പൂര്‍ണ്ണത പ്രാപിച്ചു. പക്ഷേ, സ്ത്രീകളില്‍ ഫിര്‍ഔനിന്റെ ഭാര്യയായ ആസിയയും ഇംറാന്റെ മകളായ മര്‍യമും മാത്രമാണ് സമ്പൂര്‍ണ്ണത പ്രാപിച്ചത്. (ബുഖാരി, മുസ്‌ലിം) സമ്പൂര്‍ണ്ണതകൊണ്ടുള്ള ഉദ്ദേശം പ്രവാചകത്വത്തിന്റെ സമ്പൂര്‍ണ്ണതകളാണ്. ഇവര്‍ സ്ത്രീകളാണെങ്കിലും ഇവര്‍ക്ക് പ്രസ്തുത അനുഗ്രഹങ്ങളെല്ലാം ലഭ്യമായി. 
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ 1391 റജബ് അവസാനം ഈ സൂറത്ത് അവസാനിച്ചു.
🔹🔹🔹🔹🔹

മആരിഫുല്‍ ഹദീസ് 

ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ.
 
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

166. അബൂ മൂസൽ അശ്അരി (റ) വിവരിക്കുന്നു: ഞാൻ റസൂലുല്ലാഹി ﷺയോടൊപ്പം മദീനയിലെ ഒരു തോട്ടത്തിൽ ആയിരിക്കവേ, ഒരാൾ വന്ന് അകത്തേക്ക് വരാൻ അനുവാദം ചോദിച്ചു. തദവസരം റസൂലുല്ലാഹി ﷺ അരുളി: വാതിൽ തുറന്നു കൊടുക്കുകയും സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കുകയും ചെയ്യുക. വാതിൽ തുറന്നപ്പോൾ അത് അബൂബക്ർ (റ) ആയിരുന്നു. ഞാൻ അദ്ദേഹത്തെ സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിച്ചു. അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു. ശേഷം മറ്റൊരാൾ വന്നു അനുവാദം ചോദിച്ചു. തദവസരം റസൂലുല്ലാഹി ﷺ അരുളി: വാതിൽ തുറക്കുകയും സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കുകയും ചെയ്യുക. വാതിൽ തുറന്നപ്പോൾ അത് ഉമർ (റ) ആയിരുന്നു. ഞാൻ അദ്ദേഹത്തെയും സന്തോഷ വാർത്ത അറിയിച്ചു. അപ്പോൾ അദ്ദേഹവും അല്ലാഹുവിനെ സ്തുതിച്ചു. പിന്നീട് വേറൊരാൾ വന്നു അനുവാദം ചോദിച്ചു. തദവസരം റസൂലുല്ലാഹി ﷺ എന്നോട് അരുളി: വാതിൽ തുറക്കുകയും അദ്ദേഹത്തിന് സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കുകയും കൂടാതെ ചില വലിയ  ബുദ്ധിമുട്ടുകൾക്ക് അദ്ദേഹത്തിന് ഉണ്ടാവുന്നതാണെന്നും പറയുകയും ചെയ്യുക. അത് ഉസ്‌മാൻ (റ) ആയിരുന്നു. റസൂലുല്ലാഹി ﷺ അരുളിയ കാര്യം അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം അല്ലാഹുവിനെ സ്തുതിക്കുകയും അല്ലാഹുവിൻ്റെ സഹായം തേടുന്നു എന്ന് പറയുകയും ചെയ്തു. (ബുഖാരി, മുസ്‌ലിം)

വിവരണം: ഹദീസിൽ ഹാഇഥ് എന്ന പദം കൊണ്ടുള്ള വിവക്ഷ നാലുഭാഗവും മതിൽ കെട്ടിയ തോട്ടമാണ്. അതിലേക്ക് പ്രവേശിക്കാൻ ഒരു വാതിൽ ഉണ്ടാവും. ഈ ഹദീസിൽ പറയുന്ന സംഭവം ഇപ്രകാരമാണ്: റസൂലുല്ലാഹി ﷺ മദീനയിലെ ഒരു തോട്ടത്തിൽ ഇരിക്കുകയായിരുന്നു. തദവസരം അബൂ മൂസൽ അശ്അരി (റ) മാത്രമാണ് തങ്ങളുടെ അടുക്കൽ ഉണ്ടായിരുന്നത്. മറ്റൊരു രിവായത്തിൽ വരുന്നു: റസൂലുല്ലാഹി ﷺ അദ്ദേഹത്തോട് വാതിലിന് അടുക്കൽ കാവൽ നിൽക്കാനും അനുവാദമില്ലാതെ ആരെയും അകത്തേക്ക് വിടരുതെന്നു കൽപ്പിച്ചിരുന്നു. അപ്പോൾ ഒരാൾ വാതിൽ തുറന്നു അകത്തു വരാൻ അനുവാദം ചോദിച്ചു. തദവസരം റസൂലുല്ലാഹി ﷺ അബൂ മൂസൽ അശ്അരി (റ)യോട് വാതിൽ തുറക്കാനും, അദ്ദേഹത്തിന് സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കാനും കൽപ്പിച്ചു. വാതിലിന് പുറത്ത് ആരാണുള്ളത് എന്ന് അബൂ മൂസൽ അശ്അരി (റ)ക്ക് അറിയില്ലായിരുന്നു. വാതിൽ തുറന്നപ്പോഴാണ് അബൂബക്ർ (റ)നെ കണ്ടത്. അന്നേരം ഹദീസിൽ പറയപ്പെട്ടത് പോലെ അദ്ദേഹത്തെ സന്തോഷവാർത്ത അറിയിച്ചു. അദ്ദേഹം അല്ലാഹുവിനെ സ്തുതിക്കുകയുണ്ടായി. പിന്നീട് ഉമർ (റ) അകത്തേക്ക് വരാൻ അനുവാദം ചോദിച്ചു. അപ്പോൾ റസൂലുല്ലാഹി ﷺ അബൂബക്ർ (റ) നോട് പറഞ്ഞതുപോലെ പറയാൻ കൽപ്പിച്ചു. ഇതും ആരാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. വാതിൽ തുറന്നപ്പോൾ ഉമർ (റ) ആണെന്ന് മനസ്സിലായത്. അദ്ദേഹത്തോടും സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കുകയും അദ്ദേഹവും അല്ലാഹുവിനെ സ്തുതിക്കുകയും. ഇതിനുശേഷം മൂന്നാമത്തെ ആൾ അനുവാദം ചോദിച്ചു. അപ്പോൾ റസൂലുല്ലാഹി ﷺ വാതിൽ തുറന്നു കൊടുക്കാനും സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്തയും വലിയ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വരുന്നതാണെന്നും അറിയിച്ചു. അങ്ങനെ വാതിൽ തുറന്നപ്പോൾ ഉസ്മാൻ (റ)നെ കണ്ടു. സ്വർഗ്ഗം കൊണ്ടുള്ള സന്തോഷവാർത്തയും വലിയ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വരുന്നതാണെന്ന്  റസൂലുല്ലാഹി ﷺ അറിയിച്ച കാര്യവും അദ്ദേഹത്തോട് പറഞ്ഞു. തദവസരം അദ്ദേഹം സ്വർഗ്ഗം കൊണ്ടുള്ള സന്തോഷ വാർത്തയുടെ പേരിൽ അല്ലാഹുവിനെ സ്തുതിക്കുകയും അല്ലാഹുവിൻ്റെ സഹായം തേടുന്നു എന്നും പറഞ്ഞു. ഉസ്‌മാൻ (റ)ന് ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചുള്ള വിവരണം ശേഷമുള്ള ഹദീസുകളിൽ വരുന്നതാണ്.

🔹🔹🔹🔹🔹


ഇലാ റഹ്‌മത്തില്ലാഹ്...

ശൈഖുനാ അബൂബക്കർ ഹസ്രത്ത്
        മഹാന്മാരായ ഉലമാ മഹത്തുക്കൾ ഒന്നിനുപുറകെ ഒന്നായി യാത്രയാകുന്ന ദുഃഖകരമായ കാഴ്ചയ്ക്കിടയിൽ, സ്നേഹനിധിയും കരുണാ വാത്സല്യം നിറഞ്ഞ വ്യക്തിത്വവുമായ ആദരണീയ ഉസ്താദ് ശൈഖുനാ അബൂബക്കർ ഹസ്രത്ത് അല്ലാഹുവിൻ്റെ കാരുണ്യത്തിലേക്ക് യാത്രയായി.
       ​ശൈഖുനാ ജാമിഅ നൂരിയയിൽ ആദ്യമായി പാസായ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു. അതോടൊപ്പം തുടക്കം മുതൽക്കെ എല്ലാ വിഭാഗം പണ്ഡിതന്മാരും സഹോദരങ്ങളുമായി സഹകരിച്ചിരുന്ന ഒരു സ്വഭാവക്കാരനായിരുന്നു അദ്ദേഹം. അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിൽ അടിയുറച്ചു നിൽക്കുന്നതിനോടൊപ്പം തന്നെ അതിന്റെ വിവിധ വിഭാഗങ്ങളോോടെല്ലാം സ്നേഹവും ആദരവും പുലർത്തിയിരുന്നു. ​വലിയ കരുണയും അത്ഭുതകരമായ വിനയവുമാണ് ശൈഖുനായെ വ്യത്യസ്തമായി ഉയർത്തുന്നത്.
        ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡൻ്റ്, ജാമിഅ മന്നാനിയയുടെ പ്രിൻസിപ്പൽ ഇത്തരം സ്ഥാനങ്ങൾ ഉയരുംതോറും ഉസ്താദിൻ്റെ വിനയവും സ്നേഹവും വർദ്ധിക്കുന്ന ഒരത്ഭുത കാഴ്ചയാണ് നാം കണ്ടത്. അല്ലാഹു ഉസ്താദിന് പരിപൂർണ്ണ മഗ്ഫിറത്തും മർഹമത്തും നൽകട്ടെ. ഉസ്താദിൻ്റെ വിയോഗത്തിലൂടെ ഉണ്ടായ ശൂന്യത അല്ലാഹു നികത്തട്ടെ. അദ്ദേഹത്തിന്റെ പ്രസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും ജാരിയത്തായ സ്വദഖയായി അല്ലാഹു നിലനിർത്തുകയും വളർത്തുകയും ചെയ്യട്ടെ.
​പ്രത്യേകിച്ച്, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിലേക്ക് ഉത്തമ പിൻഗാമി കൂടിയായ മൗലാനാ അബ്ദുറഹ്‌മാൻ അൽ ഖാസിമി അവർകൾ ഉയർന്നിരിക്കുകയാണ്. അതുപോലെ തന്നെ ജാമിഅ മന്നാനിയയുടെ പ്രിൻസിപ്പലായി പ്രിയപ്പെട്ട ഉസ്താദ് മൗലാനാ സയ്യിദ് മുസ്തഫ ഹസനി ബാഖവി അവർകളും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. തീർച്ചയായും ഈ രണ്ട് മഹത്തുക്കളിലൂടെയും ഈ രണ്ട് സ്ഥാനങ്ങളിലും ഉണ്ടായ ശൂന്യത നികത്തപ്പെടുമെന്നും, സ്ഥാപനങ്ങൾ കൂടുതൽ ഭംഗിയായി മുന്നോട്ടു നീങ്ങുമെന്നും അല്ലാഹുവിൻ്റെ കാരുണ്യത്തിൽ പ്രതീക്ഷിക്കുന്നു.
        ശൈഖുനാ മർഹൂമിനെ പറ്റി പറയുകയാണെങ്കിൽ, അദ്ദേഹം ദിയോബന്ത് ഉലമാക്കളുമായി അഗാധ ബന്ധം നിലനിർത്തുന്നതിനോടൊപ്പം തന്നെ എല്ലാ ജംഇയ്യത്തിൻ്റെ പണ്ഡിതന്മാരുമായും വലിയ ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ശൈഖുനാ അവർകളെ നേരിട്ട് വന്നു കണ്ട്, ധാരാളം സമയം ചെലവഴിച്ച് അടുത്ത സൗഹൃദം സമ്പാദിക്കുകയും ചെയ്ത പ്രിയപ്പെട്ട സഹോദരൻ അബ്ദുൽ അസീസ് സാഹിബ് അദ്ദേഹത്തെ അനുസ്മരിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.

✍️ മൗലാനാ അബ്‌ദുശ്ശകൂർ അൽഖാസിമി
എക്സിക്യൂട്ടീവ് മെമ്പർ, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്
__________________________________

മഹാനായ സൂഫിവര്യൻ നൂറുൽ ഉലമ ശൈഖുനാ കെപി അബൂബക്കർ ഹസ്രത്തിന്റെ  (رَحْمَةُ اللَّهِ عَلَيْهِ)  വിയോഗം മുസ്‌ലിം സമൂഹത്തിന് തീരാ നഷ്‌ടം. 

✍️ അബ്ദുൽ അസീസ് മേക്കുന്നാംകണ്ടി

ജാമിഅ മന്നാനിയ്യയുടെയും , ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെയും നേതൃനായകനായി പ്രവർത്തിച്ചുകൊണ്ടിരിക്കെയാണല്ലോ ശൈഖുനാ കെപി അബൂബക്കർ ഹസ്രത്തവർകൾ അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായത്. 

ദീർഘ കാല ദീനി സേവനത്തിലൂടെ നിരവധി ശിഷ്യഗണങ്ങളെ വാർത്തെടുക്കാൻ ഭാഗ്യം ലഭിച്ച പണ്ഡിതരുടെ ഗുരുവര്യൻ എന്ന നിലയിൽ ഉസ്താദുൽ അസാതീദായും, ദക്ഷിണ കേരളത്തിലെ മുസ്ലിം സമൂഹത്തിന് ദിശാബോധം നൽകിയ നേതാവായും ചരിത്രത്തിൽ അടയാളപ്പെടുത്തിക്കൊണ്ടാണ് ശൈഖുനാ ഹസ്രത്തവർകളുടെ വിയോഗം. 

ലാളിത്യവും , വിനയവും മുഖമുദ്രയാക്കിയ സൂഫിവര്യനായ ശൈഖുനാ അവർകൾ സുന്നത്ത് ജമാഅത്തിൽ അധിഷ്‌ഠിതമായി പ്രവർത്തിക്കുന്ന എല്ലാ പ്രസ്ഥാനക്കാരോടും ഒരേ നിലയിൽ അടുപ്പം പുലർത്തി. 

ഈ ലേഖകന് കൊല്ലം ജില്ലയിൽ മൂന്ന് വർഷം താമസിച്ച് പഠിക്കുന്നതിനിടയിൽ ദക്ഷിണ കേരളത്തിലെ ധാരാളം പണ്ഡിത മഹത്തുക്കളെ നേരിൽ  പരിചയപ്പെടാൻ സാധിച്ചിരുന്നു . അവരൊക്കെതന്നെയും വിനയത്തിന്റെയും എളിമയുടെയും ആൾരൂപങ്ങളായിരുന്നതിനാൽ തന്നെ പ്രത്യേകം അപ്പോയ്ന്റ്മെന്റൊന്നുമില്ലാതെ നേരെ കയറിച്ചെന്ന് കാണാൻ സാധിച്ചിരുന്നു. ആ നിഷ്‍കളങ്കരായ പണ്ഡിതമഹത്തുക്കൾ മുൻപരിചയമില്ലെങ്കിൽ പോലും അതിഥിയായി ചെന്നാൽ നല്ല ആഥിത്യ മര്യാദയോട് കൂടി സ്വീകരിച്ചിരുന്നു. അതിൽ പ്രധാനമായും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ എന്ന മഹത്തായ പ്രസ്ഥാനവുമായി ബന്ധപ്പെട്ടവർ തന്നെയായിരുന്നു, തബ്‌ലീഗ് പ്രവർത്തനവുമായി ബന്ധം വന്നതോട് കൂടി ദയൂബന്ദി ധാരയിൽ നിലകൊള്ളുന്നവരായി അറിയപ്പെട്ടിരുന്ന ഒട്ടനവധി ദക്ഷിണ കേരളത്തിലെ പണ്ഡിതരെ കാണാനും അവരുമായി സംവദിക്കാനും അവസരം ലഭിച്ചിരുന്നു. 

അന്ന് ശൈഖുനാ കെ പി അബൂബക്കർ ഹസ്രത്തിനെ (رَحْمَةُ اللَّهِ عَلَيْهِ)ക്കുറിച്ച് ധാരാളം കേട്ടിരുന്നെങ്കിലും നേരിൽ കാണാൻ അവസരം ഒത്തുവന്നിരുന്നില്ല . 

അതിൽ പ്രധാനമായും ശൈഖുനാ ഹസ്രത്തിന്റെ വിഷയത്തിൽ നമ്മളിൽ കൗതുകമുണർത്തിയ കാര്യമിതാണ് ' ചില തെറ്റിദ്ധാരണയുടെ പേരിൽ കേരളത്തിലെ അഹ്‌ലു സ്സുന്നത്തി വൽ ജമാഅത്തിന്റെ പ്രചാരകരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തബ്‌ലീഗ് ജമാഅത്തിന്റെ ആശയ സ്രോദസ്സായി അറിയപ്പെടുന്ന ദാറുൽ ഉലൂം ദയൂബന്ദിലെ മുൻഗാമികളായ ഹനഫി മാതുരീദി പണ്ഡിത മഹത്തുക്കൾക്കെതിരിൽ ബറേൽവി ധാരയിൽ നിന്നുമുള്ള പണ്ഡിതരുടെ ആരോപണങ്ങളെ അവലംബമാക്കി തബ്‌ലീഗ് ജമാഅത്തിനെതിരിൽ തീരുമാനം കൈക്കൊള്ളുകയും, ഇതിലൂടെ സമസ്തയുടെ പണ്ഡിതരുടെ തന്നെ ഉസ്താദുമാരായ ദയൂബന്ദിലെയും , ബാഖിയാത്തിലെയും പണ്ഡിത മഹത്തുക്കൾ വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുകയും , ജന മദ്ധ്യത്തിൽ പലരും അവരെ നിന്ദിച്ച് സംസാരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി അങ്ങനെയിരിക്കെതന്നെ സമസ്തയുടെ മഹാന്മാരായ പണ്ഡിതരുടെ നേതൃത്വത്തിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട ഇസ്‌ലാമിക കലാലയമായ ജാമിഅ  നൂരിയ്യ അറബിക്‌ കോളേജിലെ പ്രഥമ ബാച്ചിലെ ഫൈസി ബിരുദം നേടാൻ ഭാഗ്യം ലഭിച്ച ശൈഖുനാ കെ പി അബൂബക്കർ ഹസ്രത്ത് അവർകൾ സമസ്തയിലെ മഹാന്മാരായ ഉലമാക്കളെ ആദരിക്കുകയും , ബഹുമാനിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ മഹാന്മാരായ ദയൂബന്ദി ഉലമാക്കളുടെ മഹത്വം മനസ്സിലാക്കി ആ മഹാത്മാക്കളെയും ഒരുപോലെ അംഗീകരിക്കുന്ന ദക്ഷിണയുടെ മുൻഗാമികളുടെ പൊതുവായ നിലപാട് പിൻതുടർന്നു എന്നതാണ് . 

ശംസുൽ ഉലമ മൗലാന ഖുതുബി മുഹമ്മദ് മുസ്‌ലിയാർ (رَحْمَةُ اللَّهِ عَلَيْهِ) വിഖ്യാത കർമ്മ ശാസ്ത്ര ഗ്രന്ഥമായ തുഹ്ഫയിലെ ആദ്യഭാഗം വായിച്ചുകൊടുത്ത് കൊണ്ടാണല്ലോ 1963 മാർച്ച് 18ന് ജാമിഅ നൂരിയ്യ അറബിക്‌ കോളേജ് ഉദ്ഘാടനം നിർവ്വഹിച്ചത്. 

വയോവൃദ്ധനായ ശൈഖുനാ ഖുതുബി തങ്ങളുമായി അന്ന് വളരെ ചെറുപ്പമുള്ള മുതഅല്ലിമായ ശൈഖുനാ ഹസ്രത്ത് അവർകൾ പ്രത്യേകം ബന്ധം സ്ഥാപിച്ചിരുന്നു എന്നത് തന്നെയാകണം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയിൽ ആദ്യ കാലത്ത് തന്നെ മഹാനവർകൾ ചേർന്ന് പ്രവർത്തിച്ചത്. 

ശൈഖുൽ മലൈബാർ മൗലാനാ ചാലിലകത്ത് കുഞ്ഞഹ്മദ് ഹാജി അവർകളുടെ പിൻഗാമി എന്ന് വിശേഷിപ്പിക്കാവുന്ന ശൈഖുനാ ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെയും (رَحْمَةُ اللَّهِ عَلَيْهِ)  , ശൈഖുനാ പറവണ്ണ മുഹ്‌യുദ്ദീൻ കുട്ടി മുസ്ലിയാരുടെയും  (رَحْمَةُ اللَّهِ عَلَيْهِ) ഉപദേശ നിർദ്ദേശങ്ങൾ മാനിച്ച് മൗലാനാ ചാലിലകത്തിന്റെ ദക്ഷിണ കേരളത്തിലെ പ്രധാന ശിഷ്യനായ ശൈഖുനാ പി കെ യൂനുസ് മൗലവി അവർകൾ  (رَحْمَةُ اللَّهِ عَلَيْهِ) റഈസുൽ ഉലമ ശൈഖുനാ എം ശിഹാബുദ്ദീൻ മൗലവി (رَحْمَةُ اللَّهِ عَلَيْهِ) , ശൈഖുനാ കായംകുളം എം ഉമർകുട്ടി മൗലവി  (رَحْمَةُ اللَّهِ عَلَيْهِ) തുടങ്ങിയവരുമായി ആലോചിച്ച് 1955ൽ ലാണല്ലോ തിരു കൊച്ചി ജംഇയ്യതുൽ ഉലമയ്ക്ക് രൂപം നൽകിയത് . ഈ സംഘടനയാണ് പിൽക്കാലത്ത് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നത് . 

ശൈഖുനാ അവർകൾ തന്നെ അയവിറക്കിയിട്ടുള്ള പഠന കാലത്തെ ഒരു മഹനീയമായ ചരിത്ര സംഭവം തന്നെയാകണം ദാറുൽ ഉലൂം ദയൂബന്ദിലെ പണ്ഡിതരോടുള്ള ബഹുമാനവും ആദരവും എന്നും നിലനിർത്താൻ സാധിച്ചത് . 

പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ അഡ്മിഷൻ എടുക്കുന്നതിന് മുൻപ് പരപ്പനങ്ങാടിയിൽ ശൈഖുനാ കോട്ടുമല അബൂബക്കർ മുസ്ലിയാരുടെ  (رَحْمَةُ اللَّهِ عَلَيْهِ) കീഴിൽ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് 1961 ഫെബ്രുവരി 7,8,9 തിയ്യതികളിൽ കക്കാട് വെച്ച് സമസ്തയുടെ ഇരുപത്തിയൊന്നാം സമ്മേളനം നടന്നിരുന്നത് . അന്ന് ആ സമ്മേളനത്തിൽ വിശിഷ്‌ട അതിഥികളായി ദാറുൽ ഉലൂം ദയൂബന്ദ് പ്രിൻസിപ്പാൾ ഹകീമുൽ ഇസ്‌ലാം മൗലാനാ ഖാരി മുഹമ്മദ് ത്വയ്യിബ് സാഹിബും  (رَحْمَةُ اللَّهِ عَلَيْهِ) , മകൻ മൗലാനാ മുഹമ്മദ് സാലിം ഖാസിമിയും  (رَحْمَةُ اللَّهِ عَلَيْهِ) പങ്കെടുത്തിരുന്നു. ദാറുൽ ഉലൂം ദയൂബന്ദിന്റെ സ്ഥാപകൻ ഹുജ്ജത്തുൽ ഇസ്‌ലാം മൗലാന മുഹമ്മദ് ഖാസിം നാനൂത്തവി  (رَحْمَةُ اللَّهِ عَلَيْهِ) യുടെ പൗത്രനാണ് മൗലാന ഖാരി ത്വയ്യിബ് സാഹിബ്. 

സമാപന സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ മൗലാന ഖാരി ത്വയ്യിബ് സാഹിബും , ഉത്ഘാടകൻ മൗലാന ഖുതുബി മുഹമ്മദ് മുസ്ലിയാരുമായിരുന്നു. 
അന്ന് മൗലാനാ ഖാരി ത്വയ്യിബ് സാഹിബിന്റെ ഉറുദു പ്രസംഗം മദ്ഹബിന്റെ ആവശ്യകതയെ ഊന്നിക്കൊണ്ടായിരുന്നു. ആ പ്രസംഗം പരിഭാഷപ്പെടുത്തിയത് പിൽക്കാലത്ത് ശൈഖുനാ കെപി ഹസ്രത്തിന്റെ ജാമിഅ നൂരിയ്യയിലെ ഗുരുവര്യനായ ശംസുൽ ഉലമ ഇകെ അബൂബക്കർ മുസ്ലിയാരായിരുന്നു (رَحْمَةُ اللَّهِ عَلَيْهِ) . അതുപോലെ മൗലാന സാലിം ഖാസിമിയുടെ പ്രസംഗം കെകെ അബൂബക്കർ ഹസ്‌റത്തായിരുന്നു  (رَحْمَةُ اللَّهِ عَلَيْهِ) പരിഭാഷപ്പെടുത്തിയിരുന്നത്. 

വിദ്യാർത്ഥി ജീവിതത്തിനിടയിൽ മഹാന്മാർ സമ്മേളിച്ച ഈ സമ്മേളനത്തിൽ സംബന്ധിക്കാൻ സാധിച്ചത്  ശൈഖുനാ കെപി ഹസ്രത്തവർകൾ ജീവിതത്തിൽ ലഭിച്ച വലിയ ഭാഗ്യമായി കണ്ടിരുന്നു. ഈയൊരു സമ്മേളനം ഒരു തുടക്കം മാത്രമായിരുന്നുവെങ്കിൽ കേരളീയ ദയൂബന്ദി പണ്ഡിതനായ ശൈഖ് മുഹമ്മദ് സ്വാലിഹ് മുഹമ്മദ് നൂഹ്  മൗലാനയെ (رَحْمَةُ اللَّهِ عَلَيْهِ) പ്പോലെയുള്ള പണ്ഡിതതറവാട്ടിലെ കാരണവന്മാർ ദക്ഷിണയിൽ തന്റെ മുൻഗാമികളായും, മറ്റു പ്രമുഖ ദയൂബന്ദി പണ്ഡിതർ തന്റെ സഹപ്രവർത്തകരായും പ്രവർത്തിച്ചു എന്നത്കൊണ്ടു തന്നെ ദയൂബന്ദി ഉലമാക്കളെ സംബന്ധിച്ച് കൃത്യമായ ബോധ്യം ശൈഖുനാ കെപി അബൂബക്കർ ഹസ്രത്ത് അവർകൾക്കുണ്ടായിരുന്നു. 

മാത്രമല്ല പ്രമുഖ ദയൂബന്ദി പണ്ഡിതനായ അലിമിയാൻ എന്ന് അറിയപ്പെടുന്ന മുഫക്കിറുൽ ഇസ്‌ലാം മൗലാന സയ്യിദ് അബുൽ ഹസൻ അലി നദ്‌വി (رَحْمَةُ اللَّهِ عَلَيْهِ) ദർസ് ഉത്‌ഘാടനവുമായി ബന്ധപ്പെട്ട് 1980ൽ ജാമിഅ മന്നാനിയ്യയിൽ തന്റെ കരങ്ങളാൽ ശിലാഫലകം സ്ഥാപിച്ചിട്ടുണ്ട്. അവിടുത്തെ പ്രിൻസിപ്പലായിരുന്നല്ലോ ശൈഖുനാ ഹസ്രത്ത് അവർകൾ 

അങ്ങനെ ശൈഖുന ഹസ്രത്തവർകളെ ആദ്യമായും , അവസാനമായും എന്ന നിലയിൽ ജീവിതത്തിൽ ഒരേയൊരു പ്രാവശ്യം നേരിൽ കാണാൻ അവസരം ലഭിച്ചത് മംഗലാപുരം PA കോളേജിൽ പഠിച്ചുകൊണ്ടിരിക്കെ അവധി സമയത്ത് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട തബ്‌ലീഗ് യാത്രയിലാണ്. അന്ന് നമ്മുടെ ജമാഅത്ത് വർക്കലയിലായിരുന്നു പ്രവർത്തിച്ചുകൊണ്ടിരുന്നത്. അങ്ങനെ ഒരു ദിവസം ജാമിഅ മന്നാനിയ്യയിൽ അവിടുത്തെ പണ്ഡിതരെ കാണാൻ മശൂറയിൽ തീരുമാനമായി. മന്നാനിയ്യയിൽ പോവുക അവിടുത്തെ പണ്ഡിതരെ പ്രത്യേകിച്ചും ഹസ്രത്തവർകളെ കാണുക എന്നത് മനസ്സിൽ അടങ്ങാത്ത ആഗ്രഹം സൂക്ഷിച്ചിരിക്കുകയായിരുന്നു. അങ്ങനെ മശൂറയിൽ സാധാരണ അമീർ തീരുമാനിക്കുന്നവർക്കേ ഖുസൂസി മുലാകാത്തിന് അവസരമുണ്ടാവുകയുള്ളു . അത് ആർക്കുമാവാം. എന്നാൽ അന്ന് ഉള്ളിലുള്ള ആഗ്രഹം പ്രകടിപ്പിച്ചത് കൊണ്ട് അമീറിന്റെ തീരുമാനപ്രകാരം തന്നെ വിനീതന് മന്നാനിയ്യയിൽ പോവാൻ അവസരമുണ്ടായി. 

അങ്ങനെ തൂവെള്ള വസ്ത്രധാരികളായ ഏതാനും പണ്ഡിതരുടെ നടുവിൽ ഹസ്രത്ത് അവർകളെ മന്നാനിയ്യയുടെ മുറ്റത്ത് ആദ്യമായി ദർശിച്ചു. നൂറുൽ ഉലമ എന്ന സ്ഥാനപ്പേര് പോലെ ഈമാൻ സ്ഫുരിക്കുന്ന മുഖം , ചെറു പുഞ്ചിരി , മുസാഫഹാത്ത് ചെയ്തു സലാം പറഞ്ഞു . മംഗലാപുരത്ത് നിന്നും വർക്കലയിൽ വന്ന ജമാഅത്താണെന്ന് വിവരം പറഞ്ഞു . ഹസ്രത്തിന്റെ പൊരുത്തവും , ഉപദേശവും ചോദിച്ചു . പൊരുത്തത്തോട് കൂടി ഹസ്രത്തിന്റെ നസീഹത്ത് ഇങ്ങനെയായിരുന്നു "തബ്‌ലീഗ് പ്രവർത്തനം നല്ലത് തന്നെയാണ് , എന്നാൽ ഈ പ്രവർത്തനത്തിനോടൊപ്പം കുടുംബവും നോക്കണം . ചിലർ കുടുംബമൊന്നും നോക്കാതെയങ്ങ് പോവുന്നതായി അറിയുന്നുണ്ട് . അത് ശരിയല്ല . ദീനി പ്രവർത്തനവും , കുടുംബവും ഒന്നിച്ച് പോവണം." 

ഹസ്രത്തിനോട് ശൈഖ് ഹസൻ ഹസ്രത്തിനെക്കുറിച്ച് പഠനം നടത്തുന്ന കാര്യം പങ്ക് വെക്കാൻ സാധിച്ചു, അതിൽ അദ്ദേഹം പ്രത്യേകം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് ഹസ്രത്ത് അവർകൾ കൂടെയുള്ളവരുമായി എവിടെയോ പോകാൻ ഇറങ്ങിയിരിക്കുന്നതിനാൽ കൂടുതൽ സമയം ചിലവഴിക്കാൻ സാധിച്ചില്ലെങ്കിലും, ആ കുറഞ്ഞ നിമിഷങ്ങൾ ജീവിതത്തിൽ ലഭിച്ച സൗഭാഗ്യങ്ങളിൽ ഒന്നായിരുന്നു.

മഹാന്മാരായ പണ്ഡിതരൊക്കെ ഇഹലോകം വിട്ടുപോയിക്കൊണ്ടിരിക്കുകയാണ്. അവർക്ക് പകരം വെക്കാൻ ഇനിയാരുണ്ട് എന്നതാണ് മനസ്സിനെ അലട്ടുന്ന ചോദ്യം. ദക്ഷിണയ്ക്ക് നേതൃത്വം നൽകാൻ നല്ല പകരക്കാരെ അല്ലാഹു പ്രദാനം ചെയ്യട്ടെ. അല്ലാഹു ശൈഖുനാ ഹസ്രത്തവർകൾക്ക് സ്വർഗ്ഗത്തിൽ ഉന്നത പദവികൾ നൽകി അനുഗ്രഹിക്കട്ടെ, ശൈഖുനായുടെ ബറക്കത്ത്‌ കൊണ്ട് നമ്മെയും ഇരു ലോക വിജയികളിൽ അല്ലാഹു ഉൾപ്പെടുത്തുമാറാകട്ടെ! ആമീൻ..
___________________________________

സ്വർഗ്ഗത്തിലേക്ക് പറന്നുപോയ നാല് പേരെക്കുറിച്ച്; ഒപ്പം, നമ്മെപ്പറ്റിയും !

✍️  എം.എം. അക്ബർ സാഹിബ്

         "എന്റെ രണ്ട് മക്കൾ മരണപ്പെട്ടിരിക്കുന്നു;  മരിച്ചവരെക്കുറിച്ച് ഞങ്ങളുടെ മനസ്സിന് ആശ്വാസം നൽകുന്ന വല്ല വചനങ്ങളും  അല്ലാഹുവിന്റെ ദൂതനിൽ  നിന്ന് താങ്കൾക്ക് പറഞ്ഞുതരാനുണ്ടോ?" അബൂഹുറൈറ(റ)യോട് അബൂ ഹസൻ(റ) ചോദിച്ചു. 
"അതെ, ആ കൊച്ചു മക്കൾ സ്വർഗത്തിലെ ദആമീസ് ആണ്.  തങ്ങളുടെ  മാതാപിതാക്കളെ കണ്ടുമുട്ടിയാൽ, ഞാൻ ഇപ്പോൾ നിങ്ങളുടെ വസ്ത്രത്തിന്റെ അറ്റത്ത് പിടിച്ചിരിക്കുന്നത് പോലെ മക്കൾ അവരുടെ വസ്ത്രത്തിലോ കൈയിലോ പിടിക്കും. അല്ലാഹു അവരെയും അവരുടെ  മാതാപിതാക്കളെയും സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നത് വരെ അവർ  ആ പിടി വിടുകയില്ല." (സ്വഹീഹു മുസ്ലിം)

       സഹോദരങ്ങളായ മലപ്പുറം കിഴിശ്ശേരി പുളിയക്കോട് മലയൻ അബ്ദുൽ ലത്തീഫിനോടും വടകര കുന്നുമ്മകരയിലെ റുക്സാനയോടും  കൂടിയുള്ളതാണ് പ്രവാചകന്റെ(സ) ഈ സന്തോഷ വാർത്ത; അബുദാബിയിൽ വെച്ചുണ്ടായ ദാരുണമായ അപകടത്തിൽ മരണപ്പെട്ട കുട്ടികളുടെ മാതാപിതാക്കൾ! നിങ്ങളുടെ കരളിന്റെ കഷ്ണങ്ങളായ നാല് പേരെയാണ് അല്ലാഹു തിരിച്ചു വിളിച്ചിരിക്കുന്നത്. അഷാസ് (14), അമ്മാർ (12), അസം (7), അയാഷ് (5) എന്നീ ആൺകുട്ടികളെ; കൂടെ അവരെ പരിചരിച്ചിരുന്ന  ബുഷ്റയെയും.  വല്ലാത്തൊരു പരീക്ഷണമാണിത്. ക്ഷമിക്കുക; സഹിക്കുക; സ്വർഗ്ഗത്തിൽ നിങ്ങളെ സ്വീകരിക്കാൻ മക്കൾ നാല് പേരെയും അല്ലാഹു നേരെത്തെ വിളിച്ചുവെന്ന് കരുതിയാൽ മതി. തിരിച്ചു പോകാനുള്ളവരാണ് നമ്മളെല്ലാം; അവർ കുറച്ച് നേരത്തെ പോയി.  അവിടെയെത്തുമ്പോൾ തുണികളുടെ അറ്റത്തും കൈവിരലുകളിലും  പിടിച്ച് നിങ്ങളെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കണമെന്ന് റബ്ബിനോട് വാശി പിടിക്കാൻ ഒന്നല്ല, നാല് പേർ. ദുനിയാവിലെ ഉൾക്കൊള്ളാനാവാത്ത നഷ്ടം സഹിക്കുകയും ക്ഷമിക്കുകയും ചെയ്തതിനുള്ള സർവ്വ ശക്തന്റെ മഹാപ്രതിഫലം! അത് പ്രതീക്ഷിക്കുക; ആ അനുഗ്രഹത്തിനായി  പ്രാർത്ഥിക്കുക !! 

ഇന്ന്, 6-1-2026 ചൊവ്വാഴ്ച അസർ നമസ്കാരശേഷം  ദുബായ് സോനാപൂരിലെ ശുഹദാ മസ്ജിദിൽ വെച്ച് ആയിരങ്ങൾ  നാല് മക്കൾക്കും വേണ്ടി നമസ്കരിച്ചു;  അതിന്നടുത്ത് തന്നെ അവരുടെ കബറടക്കവും നടന്നു; നാല് പേരുടെയും ഖബറിടങ്ങൾക്ക് മുകളിൽ മണ്ണിട്ട് അവരുടെ ഉപ്പയും കൂടെയുള്ളവരുമെല്ലാം തിരിച്ചു വന്നപ്പോഴേക്ക് അവർ ആകാശലോകത്ത് സ്വർഗ്ഗത്തിലെ  ദആമീസായി പാറിക്കളിക്കാൻ തുടങ്ങിയിരിക്കും. ചിത്രശലഭങ്ങളെന്നോ കൊച്ചു പക്ഷികളെന്നോ പരിഭാഷപ്പെടുത്താവുന്ന പദമാണ് ദആമീസ്. ദൈവസാന്നിധ്യത്തിൽ പാറിക്കളിക്കുന്ന അവർ  ഭാഗ്യവാന്മാർ; രക്തസാക്ഷികളെപ്പോലെ നേർക്കുനേരെ സ്വർഗ്ഗത്തിലെത്താൻ ഭാഗ്യം ലഭിച്ചവർ ! അതിനേക്കാൾ വലിയ ഭാഗ്യമെന്താണ് !? 

അവരുടെ മാതാപിതാക്കൾക്കുമിതാ സന്തോഷവാർത്ത! “മൂന്ന് കുട്ടികൾ ബാല്യത്തിൽ മരണപ്പെട്ട ഒരു മുസ്ലിമിനെയും അല്ലാഹു അവരോടുള്ള കാരുണ്യത്താൽ സ്വർഗത്തിൽ പ്രവേശിപ്പിക്കാതിരിക്കുകയില്ല.”; “മൂന്ന് കുട്ടികൾ മരണപ്പെട്ട ഏതൊരു സ്ത്രീക്കും  നരകത്തിൽ നിന്നുള്ള പരിചയായിരിക്കും മക്കൾ.” നാവ് കൊണ്ട് ഒരിക്കലും പൊഴി പറഞ്ഞിട്ടില്ലാത്ത മുഹമ്മദ് നബി(സ)യിൽ നിന്നുള്ളതാണീ സദ്‌വാർത്തകൾ; ഖുർആൻ കിഴിച്ചാൽ ഏറ്റവുമധികം സ്വീകാര്യമായ ഗ്രൻഥം, സ്വഹീഹുൽ ബുഖാരിയിലുള്ളതാണീ നിവേദനങ്ങൾ. മക്കളുടെ വിരഹത്താൽ ദുഃഖിക്കുകയും ഒപ്പം ക്ഷമിക്കുകയും ചെയ്യുന്നവർക്ക് ആശ്വാസമേകുന്ന മൊഴിമുത്തുകൾ.  

ഇന്നലെ, സുഹൃത്തുക്കൾ ഹസ്സൻകുട്ടിക്കയോടും നിയാസിനോടും നൗഫലിനോടും ഷാനുവിനോടും റഹ്‌മാനോടുമൊപ്പം അബുദാബിയിലെ ആശുപത്രിയിലെത്തി ലത്തീഫ്ക്കാനെയും റുക്‌സാനത്തയെയും സന്ദർശിച്ച് മടങ്ങുമ്പോൾ ആലോചിക്കുകയായിരുന്നു; എത്ര കാലം കഴിഞ്ഞാണ് ഈ ‌ ആഘാതത്തിൽ നിന്ന് ഒന്ന് കര കയറുകയെന്ന്. മറിയത്തിന്റെ വിയോഗം സൃഷ്ടിച്ച പതിനാറ് കൊല്ലങ്ങൾക്ക് മുമ്പത്തെ ആഘാതത്തിൽ നിന്ന് ഞങ്ങളിപ്പോഴും മുക്തമായിട്ടില്ല; മൂന്ന് വയസ്സെത്തുന്നതിന് മുമ്പ് ഞങ്ങളെപ്പിരിഞ്ഞ അവളോടൊപ്പം ജനിച്ചവരെ കാണുമ്പോൾ ഇപ്പോഴും ഹൃദയം നീറും; കണ്ണുകൾ നിറയും; അപ്പോഴെല്ലാം ഓർമ്മ വരാറുള്ള ഒരു സംഭാഷണമുണ്ട്; അബൂ മൂസൽ അശ്അരിയിൽ നിന്ന് ഇമാം തിർമിദി  ഹസനായ സനദോടെ നിവേദനം ചെയ്ത അല്ലാഹുവും മലക്കുകളും തമ്മിലുള്ള സംഭാഷണം: അതിങ്ങനെയാണ് “ഒഒരാളുടെ  കുഞ്ഞ് മരണപ്പെട്ടാൽ അല്ലാഹു തന്റെ മലക്കുകളോട് ചോദിക്കും: ‘നിങ്ങൾ എന്റെ ദാസന്റെ കുഞ്ഞിന്റെ ജീവൻ എടുത്തോ?’ അവർ പറയും: ‘അതെ.’ വീണ്ടും അല്ലാഹു ചോദിക്കും: ‘നിങ്ങൾ അവന്റെ കരളിന്റെ കഷ്ണമായ കുഞ്ഞിനെ എടുത്തോ?’ അവർ പറയും: ‘അതെ.’ അല്ലാഹു ചോദിക്കും: ‘എന്റെ ദാസൻ എന്താണ് പറഞ്ഞത്?’ അവർ പറയും: ‘അവൻ നിന്നെ പുകഴ്ത്തി, ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ (ഞങ്ങൾ അല്ലാഹുവിനുള്ളതാണ്, അവനിലേക്കാണ് മടക്കം) എന്ന് പറഞ്ഞു.’ അപ്പോൾ അല്ലാഹു പറയും: ’എന്റെ ദാസന് സ്വർഗത്തിൽ ഒരു വീട് പണിയുകയും അതിന് ‘ബൈതുൽ ഹംദ്’ (സ്തുതിയുടെ വീട്) എന്ന് പേരിടുകയും ചെയ്യുക.” 

ലത്തീഫ്ക്കാനെയും റുക്‌സാനത്തയെയും വിശ്വാസികൾക്ക് ആശ്വസിപ്പിക്കാനുള്ളത് അതുതന്നെ:”ക്ഷമിച്ച് കാത്തിരിക്കുക; നിങ്ങൾക്കായി സ്വർഗ്ഗത്തിൽ ‘ബൈത്തുൽ ഹംദ്’ തയ്യാറായിക്കൊണ്ടിരിക്കുന്നു!  അവിടെ വെച്ച് അഷാസിനോടും  അമ്മാറിനോടും  അസമിനോടും അയാഷിനോടും അവരുടെ സഹോദരിയോടുമൊപ്പം നിങ്ങൾക്ക് ഉല്ലസിക്കാം; ഒരിക്കലും അവസാനിക്കാത്ത ഉല്ലാസം: അതിന്ന് അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ. 

ഒപ്പം സഹജീവികളോട്: ഇത്തരം വാർത്തകൾ നമുക്കെല്ലാമുള്ള മുന്നറിയിപ്പാണ്; തിരിച്ചുപോകാൻ ഒരുങ്ങിയിരിക്കണമെന്ന മുന്നറിയിപ്പ് ! നമ്മുടെ കണക്കുകൂട്ടലുകളും ആസൂത്രണങ്ങളുമെല്ലാം പിഴക്കുന്ന ദിവസത്തെക്കുറിച്ച മുന്നറിയിപ്പ്. മരണാനന്തരജീവിതത്തിന് വേണ്ടി ഒരുങ്ങാനായി പല്ലുകൾ  പൊഴിയാൻ കാത്തിരിക്കേണ്ടവനല്ല വിശ്വാസി; ഏത് സമയത്താണെങ്കിലും ചിരിച്ചുകൊണ്ട് മരണത്തെ സ്വാഗതം ചെയ്യാൻ കഴിയേണ്ടവനാണവൻ. മക്കളുടെയും പേരമക്കളുടെയും മയ്യിത്ത് കട്ടിലുകൾ ചുമക്കേണ്ടി വന്നവർ നമുക്കിടയിലുണ്ട്. എന്റെ മറിയയെപ്പറ്റി ഞങ്ങൾക്ക് എന്തെന്ത് സ്വപ്നങ്ങളായിരുന്നുവെന്നോ ! നാല് ആൺകുട്ടികൾക്ക് ശേഷമുണ്ടായ മകൾ; ഞാൻ നിക്കാഹ് കഴിച്ചുകൊടുക്കേണ്ട ആദ്യത്തെയാൾ; ഒരൊറ്റ നിമിഷം കൊണ്ട് എല്ലാ ആസൂത്രണങ്ങളും കാറ്റിൽ പറന്നു; ഇഹലോകത്തെ സ്വപ്നങ്ങളെല്ലാം പൊഴിഞ്ഞു;  അതാണവസ്ഥ.. ജീവിതാസ്വാദനത്തിന്  വേണ്ടിയുള്ള നെട്ടോട്ടത്തിനിടയിൽ മരണത്തെ മറക്കാതിരിക്കുക; മരണം ഒരു വാതിലാണ്; ആ വാതിൽ നമുക്ക് മുമ്പിൽ എപ്പോഴും തുറക്കപ്പെടാം. അതിനപ്പുറത്തുള്ളതാണ് ജീവിതം; യഥാർത്ഥ ജീവിതം; ശാശ്വതമായ ജീവിതം. ഖുർആൻ പറഞ്ഞതാണ് ശരി “ അറിയുക: ഇഹലോകജീവിതം കളിയും വിനോദവും അലങ്കാരവും പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്‌- ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തുന്നു; പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ അന്ത്യനാളിൽ കഠിനശിക്ഷയും അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്‌. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല.” (57: 20)


🔹🔹🔹🔹🔹

ഗ്രന്ഥ പരിചയം


📓 ഈമാനും നമസ്കാരവും പരസ്പര കടമകളും
    

✍️ മൗലാനാ മുഹമ്മദ് അയ്യൂബ് നദ്‌വി

₹ 70/-


🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.

📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇

🔹🔹🔹🔹🔹

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌