സയ്യിദ് ഹസനി അക്കാദമി
ദാറുല്‍ ഉലൂം, ഓച്ചിറ
ബഹുമാന്യരെ, പ്രയോജനപ്രദമായ രചനകളുടെ പ്രസിദ്ധീകരണത്തിനും പ്രചാരണത്തിനും വേണ്ടി ആദരണീയ പ്രബോധകൻ മൗലാനാ സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി സ്ഥാപിച്ച ഒരു കേന്ദ്രമാണ് സയ്യിദ് ഹസനി അക്കാദമി. പടച്ചവന്റെ അനുഗ്രഹത്താൽ ചെറുതും വലുതുമായ ധാരാളം രചനകൾ ഇതിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ ഇതിന്റെ പ്രചാരണം വേണ്ട നിലയിൽ ആയിട്ടില്ല. അതിനുവേണ്ടി ഓരോ മാസവും ഓരോ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ദുൽ ഹജ്ജ് മാസം തിരുവനന്തപുരം ജില്ലയിലാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. സുമനസ്സുകളായ സഹോദരങ്ങൾ വീടുകളിലും ഇതര സ്ഥാപനങ്ങളിലും ചെറിയ ഒരു ലൈബ്രറി സ്ഥാപിച്ച് അക്കാദമിയുടെ രചനകൾ പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരെ പരിചയപ്പെടുത്തുകയും വിവാഹ വേളകളിലും മറ്റും ഉപഹാരം നൽകുകയും ചെയ്താൽ ഇത് വളരെ എളുപ്പമായ നിലയിൽ നടക്കുന്നതാണ്. ബുക്ക് സ്റ്റാളുകളും പർദ്ദ സ്റ്റാളുകളും നടത്തുന്ന സഹോദരങ്ങളെ പ്രേരിപ്പിച്ചാലും ഈ പ്രവർത്തനം പ്രയോജനപ്രദമായി നടക്കുന്നതാണ്. മാന്യ അനുവാചകർ ഈ വഴിയിൽ പരിശ്രമിക്കുകയും നിർമ്മാണാത്മ അഭിപ്രായങ്ങൾ നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.
*******************************************************************************
മുഖലിഖിതം
ഈമാൻ ഇഹ്‌തിസാബുകളോടെ ചെയ്യപ്പെ ടുന്ന സകല പ്രവർത്തനങ്ങളും പുണ്യമാണ്. അല്ലാഹുവിൻ്റെ പാത യിലുള്ള പരിശ്രമ പോരാട്ടങ്ങൾ, അധികാരം, മേൽ നോട്ടങ്ങൾ, ഭൗതിക അനുഗ്രഹങ്ങൾ ആസ്വദിക്കൽ, അനുവദനീയമായ ആഗ്ര ഹങ്ങൾ പൂർത്തീകരിക്കൽ, ഹലാലായ ജീവിതമാർഗം അന്വേഷി ക്കൽ, ന്യായമായ ഉല്ലാസം നടത്തൽ, വൈവാഹിക ജീവിതസുഖം അനുഭവിക്കൽ ഇവക്കെല്ലാം ഇത് ബാധകമാണ്. ഇതിന് വിരുദ്ധ മായി പടച്ചവന്റെ പൊരുത്തം കാംക്ഷിക്കാത്തതും അവനെയും ആഖിറത്തെയും മറന്നുകൊണ്ടുള്ളതുമായ സകല ഇബാദത്തുക ളും ദീനീ സേവനങ്ങളും, അത് സംസ്‌കാരമോ ഹിജ്റ-ജിഹാദുകളോ ദിക്റ് തബ്‌ലീഗുകളോ ആയിരുന്നാലും ശരി കേവലം ഭൗ തികകാര്യമായി ഗണിക്കപ്പെടുന്നതാണ്. ഈ നിലയിൽ കർമങ്ങൾ അനുഷ്ഠിക്കുന്ന ആബിദ്, ആലിം, മുജാഹിദ്, ദാഇ, മുബല്ലിഗ് മുത ലായവർക്ക് പ്രതിഫലം ലഭിക്കുകയില്ലെന്ന് മാത്രമല്ല അവരുടെ കർമങ്ങൾ അവർക്ക് നാശത്തിനും അല്ലാഹുവിൽ നിന്നുള്ള അകൽച്ചക്കും കാരണമാകുമോ എന്നും ഭയക്കേണ്ടതാണ്.
ദീനിനും ദുൻയാവിനും ഇടയിലുണ്ടായിരുന്ന വിശാലമായ വിടവിനെ നികത്തിയത് റസൂലുല്ലാഹി(സ)യുടെ എണ്ണമറ്റ ഉപ കാരങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. ഇവ രണ്ടിനെയും രണ്ടു മേഖ ലകളിലായി വിഭജിക്കപ്പെട്ടിരുന്നു. രണ്ടും വേർപിരിഞ്ഞു എന്നു മാത്രമല്ല രണ്ടിനുമിടയിൽ ഭയങ്കരമായ ഒരു മറ കിടന്നിരുന്നു. രണ്ടും വിരുദ്ധചേരികളിൽ വേർതിരിഞ്ഞു നിന്നു പോരാടിയിരുന്നു. റസൂ ലുല്ലാഹി(സ) ഏകത്വത്തിന്റെയും ഐക്യത്തിൻ്റെയും പ്രബോധ കനാണ്. തിരുനബി(സ) രണ്ടു വിഭാഗങ്ങളിൽ നിന്നും മാനവരാ ശിയെ പുറത്തേക്കിറക്കി ഈമാൻ-ഇഹ്‌തിസാബുകളുടെ ഐക്യ മുന്നണിയിൽ അണിനിരത്തി. ആശയസമ്പൂർണമായ ഈ ദുആ ജനങ്ങളെ പഠിപ്പിച്ചു: "രക്ഷിതാവേ, ഇഹലോകത്തും പരലോ കത്തും ഞങ്ങൾക്ക് നന്മ കനിഞ്ഞരുളേണമേ! ഞങ്ങളെ നരക ശിക്ഷയിൽ നിന്നും കാത്തുരക്ഷിക്കേണമേ!" അവിടുന്ന് പ്രഖ്യാ പിച്ചു: “എന്റെ നമസ്‌കാരവും ഇതര ആരാധനകളും എന്റെ ജീവി തവും മരണവും എല്ലാം സർവലോക പരിപാലകനായ അല്ലാഹു വിന് വേണ്ടിയാകുന്നു.”
റസൂലുല്ലാഹി(സ) പഠിപ്പിച്ചു: "ഒരു സത്യവിശ്വാസിയുടെ ജീവിതം പരസ്‌പര വിരുദ്ധമായ കാര്യങ്ങളുടെ സമാഹരമല്ല. മറി ച്ച്, എല്ലാ കാര്യങ്ങളിലും ഒരു ഏകത്വമുണ്ട്. അഥവാ, അവയിൽ ഇബാദത്ത്-ഇഹ്‌തിസാബുകളുടെ ആത്മാവ് പരന്നിരിക്കും. അവ യുടെ വഴികാട്ടി അല്ലാഹുവിലുള്ള അനുസരണയുമായിരിക്കാം. ജീവിതത്തിന്റെ സകല മേഖലകളിലും ഈ ഗുണം കാണപ്പെടു ന്നതാണ്. ചുരുക്കത്തിൽ, അല്ലാഹുവിങ്കൽ നിന്നു പ്രീതിയും പ്രതി ഫലവും കരസ്ഥമാക്കാനുള്ള ആഗ്രഹത്തോടെ, നബിമാർ കാണി ച്ചുതന്ന മതൃകയിൽ ചെയ്യുന്ന മുഴുവൻ കർമങ്ങളും നന്മകളുമാ ണ്. ഏകത്വത്തിൻ്റെ ദൂതനായ തിരുനബി(സ) ഭൂമുഖത്തെ മുഴു നവും ഒരാരാധനാലയമാക്കി. പരസ്‌പര വിരുദ്ധമായ മനുഷ്യരെ ഒരേ ലക്ഷ്യത്തിലും മാർഗത്തിലും കൂട്ടിയിണക്കി. ഇസ്ലാമിൽ, ഭൗതികവസ്ത്രം ധരിച്ച സർവസംഗ പരിത്യാഗിയെയും രാജക്കൊ ട്ടാരത്തിലെ ഭൗതിക വിരക്തനെയും വാളും തസ്ബീഹും പിടിച്ചവ രെയും ഇരവുകളിൽ ഇബാദത്തുകളിലും പകലുകളിൽ പോരാട്ട ങ്ങളിലും കഴിയുന്ന വ്യക്തിയെയും കാണാൻ കഴിയും. ഒന്നിനുമി ടയിൽ യോതൊരു വൈരുദ്ധ്യവുമില്ല.
മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി
( വിശ്വാസം, ആരാധന, സംസ്കരണം)
**********************************************************************************
ജുമുഅ സന്ദേശം
ഹജ്ജ്: ഒരു ആത്മീയ പാഠശാല
മൗലാനാ ഉമറൈൻ മഹ്ഫൂസ് റഹ്മാനി
സമ്പാ: അബ്ദുർറസ്സാഖ് ഹുസ്നി
(ٱلۡحَجُّ أَشۡهُرࣱ مَّعۡلُومَـٰتࣱۚ فَمَن فَرَضَ فِیهِنَّ ٱلۡحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِی ٱلۡحَجِّۗ وَمَا تَفۡعَلُوا۟ مِنۡ خَیۡرࣲ یَعۡلَمۡهُ ٱللَّهُۗ وَتَزَوَّدُوا۟ فَإِنَّ خَیۡرَ ٱلزَّادِ ٱلتَّقۡوَىٰۖ وَٱتَّقُونِ یَـٰۤأُو۟لِی ٱلۡأَلۡبَـٰبِ)
[Surah Al-Baqarah 197]
ഹജ്ജ് അറിയപ്പെട്ട ചില മാസങ്ങളാണ്. ഈ മാസത്തിൽ ഹജ്ജ് ചെയ്യാൻ തീരുമാനിച്ചവൻ ഹജ്ജിനിടയിൽ ലജ്ജാവഹമായ കാര്യങ്ങളോ, പാപങ്ങളോ, വഴക്കുകളോ പാടി ല്ല. നിങ്ങൾ എന്തു നന്മകൾ ചെയ്താലും അല്ലാഹു അതിനെ നന്നായി അറിയുന്നുണ്ട്. യാത്രാസാമഗ്രികൾ തയ്യാറാ ക്കിക്കൊണ്ട് യാത്രചെയ്യുക. എന്നാൽ ഏറ്റവും നല്ല യാത്രാസാമഗ്രി ഭയഭക്തി തന്നെയാണ്. ബുദ്ധിയുള്ളവരേ, എന്നോടുള്ള ഭയഭക്തി നിലനിർത്തുക.
وعن أبي هريرة قالَ: سَمِعْتُ رسُولَ اللَّهِ ﷺ يَقولُ: منْ حجَّ فَلَم يرْفُثْ، وَلَم يفْسُقْ، رجَع كَيَومِ ولَدتْهُ أُمُّهُ. متفقٌ عَلَيْهِ.
അബൂഹുറൈറ(റ) നിവേദനം: വല്ലവനും അല്ലാഹുവിന് വേണ്ടി ഹജ്ജ് ചെയ്തു. അവൻ അനാവശ്യം പ്രവർത്തിച്ചില്ല. കുറ്റകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുമില്ല. എങ്കിൽ സ്വമാതാവ് അവനെ പ്രസവിച്ച ദിവസം പോലെ പരിശുദ്ധനായിക്കൊണ്ട് അവൻ തിരിച്ചുവരും എന്ന് നബി(സ) പറയുന്നത് ഞാൻ കേൾക്കുകയുണ്ടായി.
🔹ഹജ്ജിന്റെ വിവക്ഷ രക്ഷിതാവായ അല്ലാഹുവിൻറെ സമക്ഷത്തിൽ ചെന്ന് സമ്പൂർണ്ണമായി കീഴടങ്ങുക എന്നാണ്. ഇതിനാൽ തന്നെ ഹജ്ജിൻറെ സമയത്ത് മനുഷ്യൻ പരിപൂർണ്ണമായി എല്ലാതരം പാപങ്ങളെയും വർജിക്കണം. ആളുകളോട് മോശമായി പെരുമാറുക,അന്യസ്ത്രീകളെ നോക്കുക, സമ്പത്ത് അന്യായമായി കൈവശപ്പെടുത്തുക തുടങ്ങിയ പാപങ്ങളെയെല്ലാം വെടിയണമെന്ന് മാത്രമല്ല, സഹയാത്രികരോട് മാന്യതയോടെയും സ്നേഹത്തിന്റെയും ഭാഷയിൽ പെരുമാറുകയും ചെയ്യണം.
നല്ല സംസാരം മുഖമുദ്ര ആക്കണം.
ചുരുക്കിപ്പറഞ്ഞാൽ,ഹജ്ജ് ആത്മീയ- ശാരീരിക സംസ്കരണത്തിനായി രക്ഷിതാവ് നൽകുന്ന ഒരു അവസരം കൂടിയാണ്.
ഒരു ഹാജി ഈ അവസരത്തെ പൂർണ്ണമായി പ്രയോജനപ്പെടുത്തിയാൽ അവൻറെ ഹജ്ജ് സമ്പൂർണ്ണമാകുന്നതാണ്.എന്നാൽ അവസരത്തെ പ്രയോജനപ്പെടുത്തിയില്ലെങ്കിൽ ഹജ്ജിൻറെ മുഴുവൻ കർമ്മങ്ങളും നിർവഹിക്കുന്നതിനോടൊപ്പം തന്നെ അവൻറെ ഹജ്ജ് അപൂർണ്ണമാകുന്നതാണ്.
🔹ഹാജി താൻ ചെയ്യുന്ന കർമ്മങ്ങളിലൂടെ രക്ഷിതാവിൻറെ തൃപ്തി കരസ്ഥമാക്കുന്നതിനോടൊപ്പം തന്നെ ലോകത്തിന് ധാരാളം സന്ദേശങ്ങളും നൽകുന്നു. ഹാജി മനസ്സാന്നിധ്യത്തോടെ കർമ്മങ്ങൾ ചെയ്താൽ മാലോകരിൽ ഹജ്ജിന്റെ സന്ദേശങ്ങൾ പ്രതിഫലനമുളവാക്കും.
🔹ലബ്ബൈക്ക ഉരുവിട്ടുകൊണ്ട് വിശുദ്ധ കഅബയെ പ്രദക്ഷിണം ചെയ്യുന്ന ഹാജി നൽകുന്ന സന്ദേശമിതാണ്, ലോകത്തെ സകല മനുഷ്യരും തന്റെയോ കുടുംബത്തിന്റെയോ ആവശ്യനിർവഹണത്തിന് വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യായുസ്സ് അവസാനിച്ചാലും അവൻറെ ആവശ്യങ്ങളും ആഗ്രഹങ്ങളും അവസാനിക്കുന്നില്ല.
എന്നാൽ തൻറെ .മുഴുവൻ ആവശ്യങ്ങളെക്കാളും ആഗ്രഹങ്ങളെക്കാളും അല്ലാഹുവിൻറെ തൃപ്തി കരസ്ഥമാക്കുന്ന വഴികൾക്ക് മുൻഗണന നൽകിയാൽ മാത്രമേ യഥാർത്ഥ വിജയവും ആത്മീയ പുരോഗതിയും ലഭ്യമാകൂ.
അതായത് ഒരു ഹാജി കഅ്ബക്ക് ചുറ്റും പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുക മാത്രമല്ല, മറിച്ച് തൻറെ ദീനിന്റെയും ദുനിയാവിന്റെയും വിജയവും ആത്മീയ പുരോഗതിയും കരസ്ഥമാക്കുക കൂടിയാണ്. അതിനാൽ തന്നെ അവൻറെ പ്രാർത്ഥനയ്ക്ക് ശരവേഗം ഉത്തരം നൽകപ്പെടുന്നതാണ് .ഈ സന്ദർഭത്തിൽ പ്രാർത്ഥിക്കുവാനായി നബി സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ച ഒരു പ്രധാന പ്രാർത്ഥനയാണിത് :
اللهم إني أعوذ بك من الشقاق والنفاق ومن سوء الأخلاق ومن كل أمر لا يطاق
അള്ളാഹുവേ പ്രയാസങ്ങളിൽ നിന്നും കപടതയിൽ നിന്നും സ്വഭാവ ദൂഷ്യങ്ങളിൽ നിന്നും താങ്ങാനാവാത്ത മുഴുവൻ കാര്യങ്ങളിൽ നിന്നും നിന്നോട് ഞാൻ അഭയം തേടുന്നു.
🔹സഫാ മർവ്വ കുന്നുകൾക്കിടയിലൂടെ സഅ് യ്നും ഒരു ചരിത്രപരമായ കാരണമുണ്ട്. അല്ലാഹുവിന്റെ എളിയ ദാസി ഹാജർ അലൈഹസ്സലാം എന്ന സ്ത്രീയുടെയും മകൻ ഇസ്മായിൽ അലൈഹിസ്സലാമിന്റെയും ത്യാഗോജ്വലമായ കഥ. തന്റെ പിഞ്ചു മകന് ദാഹജലം അന്വേഷിച്ചു സ്വഫാ-മർവക്കിടയിൽ മഹതി പലതവണ ഓടി . ഫലം നിരാശയായിരുന്നു .ഒടുവിൽ രക്ഷിതാവിന്റെ കാരുണ്യം നീരുറവയായി ഭൂമിക്കടിയിൽ നിന്നും പൊട്ടിയൊലിച്ചു. രക്ഷിതാവ് ഇരുവരുടെയും ജീവിതം സത്യവിശ്വാസികൾക്ക് ഗുണപാഠമാക്കുകയും അവരുടെ സ്മരണാർത്ഥം ഹജ്ജ്/ ഉംറ ക്കായി വരുന്നവർക്ക് സഫാ മർവക്കിടയിൽ സഅ് യ് എന്ന അമൽ നിശ്ചയിച്ചു നൽകുകയും ചെയ്തു.
(۞ إِنَّ ٱلصَّفَا وَٱلۡمَرۡوَةَ مِن شَعَاۤىِٕرِ ٱللَّهِۖ فَمَنۡ حَجَّ ٱلۡبَیۡتَ أَوِ ٱعۡتَمَرَ فَلَا جُنَاحَ عَلَیۡهِ أَن یَطَّوَّفَ بِهِمَاۚ وَمَن تَطَوَّعَ خَیۡرࣰا فَإِنَّ ٱللَّهَ شَاكِرٌ عَلِیمٌ)
[Surah Al-Baqarah 158]
തീർച്ചയായും സഫായും മർവായും അല്ലാഹുവിന്റെ ചിഹ്നങ്ങളിൽപ്പെട്ടതാകു ന്നു. അതിനാൽ അല്ലാഹുവിന്റെ ഭവനത്തിൽ വന്ന് ഹാ ഉംറയോ ചെയ്യുന്നവർ അവ രണ്ടിനും മദ്ധ്യേ സ് ചെയ്യുന്നത് കുറ്റകരമല്ല. ആരെങ്കിലും സ്വയം സന്നദ്ധതയോടെ വല്ല നന്മയും ചെയ്യുന്നെങ്കിൽ അല്ലാഹു അതിനെ വിലമതിക്കുന്നവനും അറി യുന്നവനുമാണ്.(158)
സത്യവിശ്വാസികളോട് അള്ളാഹു സഫ-മർവക്കിടയിലൂടെ ഓടുവാൻ കൽപ്പിച്ചു . ഇതിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്, നീ പിൻപറ്റുന്നത് ഒരു പാവപ്പെട്ട സ്ത്രീയുടെ കാല്പാടുകളെയാണെന്ന കാര്യം ഓർക്കണമെന്നാണ്.
സ്വന്തം ആവശ്യങ്ങൾക്കും കുടുംബത്തിൻറെ ആവശ്യങ്ങൾക്കും ഓടി നടക്കുന്നത് മനുഷ്യരിൽ മാത്രമല്ല,മൃഗങ്ങളിലും കാണാവുന്ന ഗുണമാണ്. എന്നാൽ പാവപ്പെട്ടവരുടെയും ഭവനരഹിതരുടെയും ബുദ്ധിമുട്ടുകളനുഭവിക്കുന്നവരുടെയും ആവശ്യങ്ങൾക്കായി ഓടി നടക്കുന്നത് അല്ലാഹുവിൻറെ പ്രീതിയും സൃഷ്ടികളോടുള്ള കരുണയും കൊണ്ടായിരിക്കും. മനുഷ്യൻ തന്റെ സഹോദരൻറെ ആവശ്യനിർവഹണത്തിനായി പരിശ്രമിക്കുമ്പോൾ അല്ലാഹു അവന്റെ ആവശ്യത്തെ പൂർത്തീകരിച്ചു കൊടുക്കുന്നതാണെന്ന് നബി സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിക്കുന്നു.
من كان في حاجة أخيه كان الله في حاجته.
🔹ഹജ്ജിനെ പ്രധാന അമലാണ് അറഫസംഗമം . സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ നീളുന്ന, തൗബയിലും ഇസ്തിഗ്ഫാറിലും മുഖരിതമായ ഈ കർമ്മത്തിലൂടെ ഹാജിക്ക് ലഭിക്കുന്നത് അനിർവചനീയമായ മാനസികസംതൃപ്തിയാണ്.
അറഫയിലെ മസ്ജിദുന്നമിറയിൽ വച്ച് ഇമാം, നബി സല്ലല്ലാഹു അലൈഹിവസല്ലം തൻറെ ഹജ്ജിൽ ലോകത്തിന് കൈമാറിയ സുപ്രധാന സന്ദേശങ്ങൾ പങ്ക് വെക്കും.ലോകത്ത് മനുഷ്യാവകാശ ലംഘനങ്ങൾ അരങ്ങുവാണ്കൊണ്ടിരുന്ന കാലത്ത് അക്രമിക്കപ്പെട്ടവർക്ക് വേണ്ടിയും അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടിയും നബി സല്ലല്ലാഹു അലൈഹിവസല്ലം ശബ്ദമുയർത്തി :
وعنْ أَبي بكْرةَ أنَّ رسُول اللَّه ﷺ قَالَ في خُطْبتِهِ يوْم النَّحر بِمنىً في حجَّةِ الودَاعِ: إنَّ دِماءَكُم، وأمْوالَكم وأعْراضَكُم حرامٌ عَلَيْكُم كَحُرْمة يومِكُم هَذَا، في شهرِكُمْ هَذَا، في بلَدِكُم هَذَا، ألا هَلْ بلَّغْت متفقٌ عَلَيه.
ജനങ്ങളെ , പവിത്രമായി നിങ്ങൾ കണക്കാക്കുന്ന ഈ മാസത്തെ പോലെ , ഈ പവിത്രമായ അറഫാ ദിനത്തിലെ പോലെ, ഈ വിശുദ്ധ നഗരമായ ഹറമിനെ പോലെ തന്നെ, ഓരോ മനുഷ്യന്റെയും ജീവനും സമ്പത്തും അഭിമാനവും പവിത്രമായി നിങ്ങൾ കണക്കാക്കുക.
ഹാജിമാർ ഈ സന്ദേശവും സ്വീകരിച്ചാണ് എല്ലാ വർഷവും തങ്ങളുടെ നാടുകളിലേക്കും കുടുംബങ്ങളിലേക്കും മടങ്ങിയെത്തുക. ഈ സന്ദേശങ്ങൾ ഹാജിമാരുടെ ഹൃദയങ്ങളിൽ സ്പർശിച്ചുവെങ്കിൽ ആരോടും അക്രമം കാണിക്കുവാനോ ആരെയും വെറുക്കുവാനോ ഹാജി മുതിരില്ല .നേരെമറിച്ച് ഹാജിയുടെ ഭാഗത്തുനിന്നും മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടാവുകയാണെങ്കിൽ അദ്ദേഹം ഹജ്ജിന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയ കാരണത്താൽ ഹജ്ജ് ചെയ്യാത്തവരെ പോലെയായി മാറും.
ഏറ്റവും വലിയ മനുഷ്യാവകാശ വിളംബരം നടന്ന അറഫാ മൈതാനിയിൽ സംഗമിക്കാത്തവനെ പോലെയുമാകും.
🔹അറഫാ സംഗമത്തിനു ശേഷം ഹാജി മുസ്ദലിഫ യിലേക്ക് നീങ്ങുകയാണ് പകലിലെ നീണ്ട ആരാധനകൾക്ക് ശേഷം വിശ്രമിക്കാൻ അതിയായ ആഗ്രഹം ഉണ്ടെങ്കിലും രക്ഷിതാവിൻറെ കൽപ്പനകളെ മാനിച്ചു കൊണ്ടാണ് ഹാജി മുസ്ദലിഫയിലേക്ക് പാദങ്ങൾ ചലിപ്പിക്കുന്നത്.
(لَیۡسَ عَلَیۡكُمۡ جُنَاحٌ أَن تَبۡتَغُوا۟ فَضۡلࣰا مِّن رَّبِّكُمۡۚ فَإِذَاۤ أَفَضۡتُم مِّنۡ عَرَفَـٰتࣲ فَٱذۡكُرُوا۟ ٱللَّهَ عِندَ ٱلۡمَشۡعَرِ ٱلۡحَرَامِۖ وَٱذۡكُرُوهُ كَمَا هَدَىٰكُمۡ وَإِن كُنتُم مِّن قَبۡلِهِۦ لَمِنَ ٱلضَّاۤلِّینَ)
[Surah Al-Baqarah 198]
നിങ്ങളുടെ രക്ഷിതാവിന്റെ ഔദാര്യമായ അനുവദനീയമായ സമ്പാദ്യം തേടുന്നതിൽ നിങ്ങളുടെ മേൽ ഒരു കുഴപ്പവും ഇല്ല. അപ്പോൾ നിങ്ങൾ അറഫയിൽ നിന്നും മടങ്ങുമ്പോൾ മഷ്അറുൽ ഹറാമിന് അരികിൽ വെച്ച് (മുസ്ദലിഫ) അല്ലാഹുവിനെ സ്മരിക്കുക. അല്ലാഹു നിങ്ങൾക്ക് മനസ്സിലാക്കിത്തന്നതു പോലെ അവനെ നിങ്ങൾ ധ്യാനിക്കുക. ഇതിന് മുമ്പ് നിങ്ങൾ വഴിപിഴച്ചവരായിരുന്നു.(198)
മുസ്ദലിഫയുടെ ഇരുളുകളിൽ രക്ഷിതാവിൻറെ സ്മരണയിൽ മുഴുകുവാനായി ശലഭങ്ങളെ പോലെ വിവിധ സ്ഥലങ്ങളിലായി തമ്പടിക്കുന്നു. രക്ഷിതാവിൻറെ സ്മരണയാൽ ഇരുളടഞ്ഞ ഹൃദയങ്ങൾ പോലും അവിടെ പ്രകാശപൂരിതമാകുവാൻ തുടങ്ങും.
🔹പ്രഭാതമാകുമ്പോൾ ഹാജി മുസ്ദലിഫയിൽ നിന്നും മിനായിലേക്ക് നീങ്ങുകയാണ് .
രക്ഷിതാവിൻറെ പ്രീതി പ്രതീക്ഷിച്ചുകൊണ്ട്, സൽകർമ്മങ്ങളിൽ തടസ്സം സൃഷ്ടിക്കുന്ന പിശാചിനെ ഏഴുതവണ കല്ലെറിഞ്ഞ് ഹാജി ആട്ടിയോടിക്കുകയാണ് . അല്ലാഹുവിൻറെ കല്പനപ്രകാരം മകനെ ബലി നൽകുവാൻ മുതിർന്ന ഇബ്രാഹിം(അ)ടെ മനസ്സിൽ സങ്കോചം സൃഷ്ടിക്കുവാൻ ശ്രമിച്ച പിശാചിനെ അവർ ആട്ടിയോടിച്ചതിന്റെ സ്മരണയാണത്. ഹാജി തൻറെ യഥാർത്ഥ ജീവിത ലക്ഷ്യത്തിനായി പരിശ്രമിക്കുമ്പോൾ അവനു മുമ്പിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന പിശാചിന്റെ തന്ത്രങ്ങളെ മനസ്സിലാക്കി അതിനെ പ്രതിരോധിക്കാൻ സാധിച്ചാൽ ജംറയിലെ
കല്ലേറ് ഫലപ്രദമായി.
ഇനി അവന് പൈശാചിക തന്ത്രങ്ങളെ മറികടക്കാൻ സാധിച്ചില്ലെങ്കിൽ അവൻ നിർവഹിച്ചത് വെറുമൊരു ആചാരം മാത്രമാണ് .ഇബ്രാഹീമീ സുന്നത്ത് അവന് നിർവഹിക്കാൻ സാധിച്ചിട്ടില്ല.
🔹ഹജ്ജിന്റെ പ്രധാന ഭാഗമാണ് ബലികർമ്മം. ജംറയിൽ കല്ലെറിഞ്ഞതിന് ശേഷം ഹാജി ബലി കൊടുക്കുകയും മുടി വടിക്കുകയും ചെയ്യുന്നു. ബലികർമ്മം, ഹാജി തൻറെ സമ്പത്തും താൽപര്യങ്ങളും രക്ഷിതാവിന് ബലി നൽകുന്നതിന്റെ പ്രതീകമാണ്.
മുടി വടിക്കുന്നത് അവന്റെ ജീവിതം തന്നെ രക്ഷിതാവിന് വേണ്ടി സമർപ്പിക്കുന്നതിന്റെ പ്രതീകമാണ്.
ബലി കർമത്തിൽ രക്ഷിതാവിന്റെ പ്രീതിയല്ലാതെ മറ്റേതെങ്കിലും ഉദ്ദേശം കടന്നുവന്നാൽ അവൻറെ ബലി മുഖേന അവന് ഒരു പ്രതിഫലവും ലഭിക്കുന്നതല്ല.
🔹ഹാജി തൻറെ ഹജ്ജ് കർമ്മങ്ങൾ ഇതോടെ പൂർത്തിയാക്കിയിരിക്കുന്നു .എന്നാൽ തൻറെ ആത്മീയ സംസ്കരണ പാതയിലെ സഞ്ചാരം തുടർന്നുകൊണ്ടിരിക്കണം.
ഹജ്ജ് കർമ്മങ്ങൾ ബാഹ്യമായി അവസാനിച്ചെങ്കിലും അതിന്റെ സന്ദേശങ്ങൾ അവസാനിപ്പിക്കുവാൻ പാടില്ല.
ഹജ്ജിലൂടെ കരസ്ഥമാക്കിയ സ്നേഹത്തിൻറെയും സഹിഷ്ണുതയുടെയും പാഠങ്ങൾ മനസ്സിലുറപ്പിച്ചു തൻറെ മുന്നോട്ടുള്ള ആത്മീയ പാതക്ക് അവൻ വഴി തെളിയിക്കണം.
🔵 നാഥൻ നാം ഏവർക്കും സ്വീകാര്യമായ ഹജ്ജ് നിർവഹിക്കാനുള്ള ഉതവി നൽകി അനുഗ്രഹിക്കട്ടെ :ആമീൻ.
***********************************************************************************
മആരിഫുല്‍ ഖുര്‍ആന്‍
സത്യവിശ്വാസികളോട് ഉപദേശ സുവാര്‍ത്തകള്‍,
റസൂലുല്ലാഹി (സ)യുടെ മഹിത മഹത്വങ്ങള്‍
മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 41-48
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱذْكُرُوا۟ ٱللَّهَ ذِكْرًۭا كَثِيرًۭا ٤١ وَسَبِّحُوهُ بُكْرَةًۭ وَأَصِيلًا ٤٢ هُوَ ٱلَّذِى يُصَلِّى عَلَيْكُمْ وَمَلَـٰٓئِكَتُهُۥ لِيُخْرِجَكُم مِّنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ ۚ وَكَانَ بِٱلْمُؤْمِنِينَ رَحِيمًۭا ٤٣ تَحِيَّتُهُمْ يَوْمَ يَلْقَوْنَهُۥ سَلَـٰمٌۭ ۚ وَأَعَدَّ لَهُمْ أَجْرًۭا كَرِيمًۭا ٤٤ يَـٰٓأَيُّهَا ٱلنَّبِىُّ إِنَّآ أَرْسَلْنَـٰكَ شَـٰهِدًۭا وَمُبَشِّرًۭا وَنَذِيرًۭا ٤٥ وَدَاعِيًا إِلَى ٱللَّهِ بِإِذْنِهِۦ وَسِرَاجًۭا مُّنِيرًۭا ٤٦ وَبَشِّرِ ٱلْمُؤْمِنِينَ بِأَنَّ لَهُم مِّنَ ٱللَّهِ فَضْلًۭا كَبِيرًۭا ٤٧ وَلَا تُطِعِ ٱلْكَـٰفِرِينَ وَٱلْمُنَـٰفِقِينَ وَدَعْ أَذَىٰهُمْ وَتَوَكَّلْ عَلَى ٱللَّهِ ۚ وَكَفَىٰ بِٱللَّهِ وَكِيلًۭا ٤٨
സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവിനെ വളരെ കൂടുതല്‍ സ്മരിക്കുക.(41) പ്രഭാതത്തിലും പ്രദോഷത്തിലും നിങ്ങള്‍ പടച്ചവന്‍റെ പരിശുദ്ധി പ്രകീര്‍ത്തിക്കുക.(42) നിങ്ങളെ ഇരുളുകളില്‍ നിന്നും പ്രകാശത്തിലേക്ക് കൊണ്ടുവരുന്നതിന് അല്ലാഹു നിങ്ങളുടെമേല്‍ പ്രത്യേക കാരുണ്യം ചൊരിയുന്നു. മലക്കുകളും അതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. അല്ലാഹു വിശ്വാസികളോട് വലിയ കരുണയുള്ളവനാണ്.(43). അവര്‍ അല്ലാഹുവിനെ കണ്ടുമുട്ടുന്ന ദിവസം അവരുടെ അഭിവാദ്യം സലാം ആയിരിക്കും. അല്ലാഹു അവര്‍ക്ക് അന്തസ്സാര്‍ന്ന പ്രതിഫലം തയ്യാറാക്കിവെച്ചിരിക്കുന്നു.(44) പ്രവാചകരേ, സാക്ഷ്യം രേഖപ്പെടുത്തുന്നവരും സുവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരുമായി താങ്കളെ നാം അയച്ചിരിക്കുന്നു.(45) അല്ലാഹുവിന്‍റെ അനുമതി പ്രകാരം അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവരും പ്രകാശം പരത്തുന്ന വിളക്കുമാക്കിയിരിക്കുന്നു.(46) സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്നും വലിയ ഔദാര്യം ഉണ്ടായിരിക്കുന്നതാണെന്ന് താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക.(47)നിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കരുത്. അവരുടെ ഉപദ്രവത്തെ താങ്കള്‍ അവഗണിക്കുക. അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക. ഭരമേല്‍പ്പിക്കപ്പെടാന്‍ അല്ലാഹു തന്നെ മതി.(48)
ആശയ സംഗ്രഹം
സത്യവിശ്വാസികളെ, പടച്ചവന്‍റെ പൊതുവായ അനുഗ്രഹങ്ങളും അന്ത്യപ്രവാചകന്‍റെ നിയോഗത്തിലൂടെ ഉണ്ടായ പ്രത്യേകമായ അനുഗ്രഹങ്ങളും അനുസ്മരിച്ചുകൊണ്ട് അതിനുള്ള നന്ദി ഇപ്രകാരം നിര്‍വ്വഹിക്കുക: നിങ്ങള്‍ അല്ലാഹുവിനെ വളരെ കൂടുതല്‍ സ്മരിക്കുക. എല്ലാ നന്മകളും അല്ലാഹുവിന്‍റെ സ്മരണയാണ്. അല്ലാഹുവിന്‍റെ സ്മരണയിലും അനുസരണയിലും ഉറച്ച് നില്‍ക്കുകയും പ്രഭാതത്തിലും പ്രദോഷത്തിലും സര്‍വ്വ സമയങ്ങളിലും നിങ്ങള്‍ പടച്ചവന്‍റെ പരിശുദ്ധി പ്രകീര്‍ത്തിക്കുകയും ചെയ്യുക. അതായത് മനസ്സാ വാച കര്‍മ്മണാ എല്ലാ സമയങ്ങളിലും വിവിധ നന്മകള്‍ ചെയ്തുകൊണ്ടിരിക്കുക. ചില നിയമങ്ങള്‍ പാലിക്കുകയും മറ്റുള്ളവ പാലിക്കാതിരിക്കുകയും ചെയ്യരുത്. ഇപ്രകാരം ചില ദിനങ്ങളില്‍ വല്ല നന്മയും ചെയ്യുകയും മറ്റുദിവസങ്ങളില്‍ അവ ഉപേക്ഷിക്കുകയും ചെയ്യരുത്. പടച്ചവന്‍ നിങ്ങളുടെ മേല്‍ ധാരാളം ഉപകാരങ്ങള്‍ ചെയ്തത് പോലെ ഇനിയും ചെയ്യുന്നതാണ്. ആകയാല്‍ പടച്ചവനെ സ്മരിക്കലും നന്ദി രേഖപ്പെടുത്തലും നിര്‍ബന്ധമാണ്. അതെ, അല്ലാഹു നിങ്ങളുടെ മേല്‍ വലിയ കരുണയുള്ളവനാണ്. അല്ലാഹു നിങ്ങളുടെമേല്‍ പ്രത്യേക കാരുണ്യം ചൊരിയുന്നു. മലക്കുകളും അതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. പ്രസ്തുത പ്രാര്‍ത്ഥന സൂറത്തുല്‍ മുഅ്മിന്‍ എട്ട്, ഒമ്പത് വചനങ്ങളില്‍ വന്നിട്ടുണ്ട്. നിങ്ങളെ ഈ കാരുണ്യത്തിന്‍റെ ഐശ്വര്യം കാരണം അജ്ഞതയുടെയും വഴികേടിന്‍റെയും ഇരുളുകളില്‍ നിന്നും വിജ്ഞാനത്തിന്‍റെയും സന്മാര്‍ഗ്ഗത്തിന്‍റെയും പ്രകാശത്തിലേക്ക് കൊണ്ടുവരുന്നതിനാണ് അല്ലാഹു ഇപ്രകാരം ചെയ്യുന്നത്. അതായത് അല്ലാഹുവിന്‍റെ കാരുണ്യവും മലക്കുകളുടെ ദുആയും കാരണമായി നിങ്ങള്‍ക്ക് സല്‍ വിജ്ഞാനത്തിലും സന്മാര്‍ഗ്ഗത്തിലും ഉതവിയുണ്ടാവുകയും അതില്‍ സ്ഥിരത ലഭിക്കുകയും അവ നിരന്തരം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. അല്ലാഹു വിശ്വാസികളോട് വലിയ കരുണയുള്ളവനാണ് എന്ന് ഇതില്‍ നിന്നും വ്യക്തമായി. ഈ കാരുണ്യം സത്യവിശ്വാസികള്‍ക്ക് ഇഹലോകത്തുണ്ടാകുന്ന കാര്യമാണ്. എന്നാല്‍ പരലോകത്തും അവരുടെ മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയുന്നതാണ്. അതെ, അവര്‍ അല്ലാഹുവിനെ കണ്ടുമുട്ടുന്ന ദിവസം അവരോടുള്ള അഭിവാദ്യം സലാം ആയിരിക്കും. അല്ലാഹു അവരോട് അസ്സലാമു അലൈക്കും എന്ന് പറയുന്നതാണ്. പടച്ചവന്‍റെ ഭാഗത്ത് നിന്നും സലാം ആരംഭിക്കുന്നത് ആദരവിന്‍റെ അടയാളമാണ്. അല്ലാഹു സലാം പറയുന്നതാണെന്ന് സൂറത്തു യാസീന്‍ 58-ാം വചനത്തില്‍ വന്നിട്ടുണ്ട്. ഹദീസില്‍ വന്നിരിക്കുന്നു: അല്ലാഹു സ്വര്‍ഗ്ഗവാസികളോട് അസ്സലാമു അലൈക്കും എന്ന് പറയുന്നതാണ്. (ഇബ്നു മാജ). പടച്ചവന്‍റെ സലാം ആത്മീയ അനുഗ്രഹവും വലിയ ആദരവുമാണ്. അടുത്തതായി പൊതുവായ ശാരീരിക അനുഗ്രങ്ങളെക്കുറിച്ച് പറയുന്നു: അല്ലാഹു അവര്‍ക്ക് അന്തസ്സാര്‍ന്ന പ്രതിഫലം സ്വര്‍ഗ്ഗത്തില്‍ തയ്യാറാക്കിവെച്ചിരിക്കുന്നു. അവര്‍ സ്വര്‍ഗ്ഗത്തില്‍ ചെല്ലേണ്ട താമസം മാത്രമേയുള്ളൂ. എത്തിയാലുടന്‍ ലഭിക്കുന്നതാണ്. ഇനി റസൂലുല്ലാഹി (സ)യെ സംബോധന ചെയ്തുകൊണ്ട് ചില കാര്യങ്ങള്‍ പറയുന്നു: പ്രവാചകരേ, താങ്കള്‍ ഒരുപിടി മാത്രമുള്ള ഏതാനും ആക്ഷേപകരുടെ വിമര്‍ശനം കേട്ട് ദു:ഖിക്കരുത്. ഈ വിഡ്ഢികള്‍ താങ്കളെ അറിയാതിരിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. നാം സത്യവിശ്വാസികള്‍ക്ക് നല്‍കിയതും നല്‍കുന്നതുമായ മേല്‍ വിവരിച്ച അനുഗ്രഹങ്ങള്‍ താങ്കള്‍ കാരണമായിട്ടാണ് നല്‍കിയിട്ടുള്ളത്. താങ്കളെ നിഷേധിച്ചവര്‍ക്ക് നാം കഠിന ശിക്ഷ നല്‍കുന്നതുമാണ്. ഇതില്‍ നിന്നും താങ്കള്‍ നമ്മുടെ പക്കല്‍ എത്ര പ്രിയങ്കരനും സ്വീകാര്യനുമാണെന്ന് വ്യക്തമായി. അതെ, നാം താങ്കളെ ഒരു മഹത്തായ ദൗത്യവുമായി നിയോഗിച്ചിരിക്കുന്നു. ഖിയാമത്ത് നാളില്‍ താങ്കള്‍ ഔദ്യോഗികമായ സാക്ഷിയായിരിക്കും. താങ്കളുടെ സാക്ഷ്യത്തിന് അനുസരിച്ച് വിധി പ്രഖ്യാപിക്കപ്പെടുന്നതാണ്. പടച്ചവന്‍ അടിമകളുടെ വിഷയത്തില്‍ റസൂലുല്ലാഹി (സ)യെ സാക്ഷിയാക്കുന്നത് വളരെ സമുന്നതമായ ആദരവാണ്. ഇത് ഖിയാമത്ത് ദിനം പ്രകടമാകുന്നതാണ്. ഇഹലോകത്ത് താങ്കളില്‍ നിന്നും പ്രകടമാകുന്ന സമുന്നത വിശേഷണങ്ങള്‍ ഇവയാണ്: അതായത് താങ്കള്‍ സത്യവിശ്വാസികള്‍ക്ക് സുവാര്‍ത്ത അറിയിക്കുന്നവരും നിഷേധികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നവരുമാണ്. അല്ലാഹുവിന്‍റെ അനുമതി പ്രകാരം പൊതുവായ നിലയില്‍ എല്ലാവരെയും അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവരും വ്യക്തിത്വം, ഗുണവിശേഷണങ്ങള്‍, ആരാധനകള്‍, പതിവുകള്‍ മുതലായ പൊതു അവസ്ഥകളില്‍ താങ്കള്‍ അടിമുടി സന്മാര്‍ഗ്ഗ മാതൃകയായതിനാല്‍ പ്രകാശം പരത്തുന്ന വിളക്കിനെപ്പോലെ ആയിരിക്കുന്നു. താങ്കളുടെ സര്‍വ്വ അവസ്ഥകളും പ്രകാശം തേടുന്നവര്‍ക്ക് വഴിവിളക്കാണ്. ചുരുക്കത്തില്‍ ഖിയാമത്ത് നാളില്‍ സത്യവിശ്വാസികളുടെ മേല്‍ ഉണ്ടാകുന്ന എല്ലാ അനുഗ്രഹങ്ങളും താങ്കളുടെ സന്തോഷ വാര്‍ത്തകളുടൈയും മുന്നറിയിപ്പുകളുടെയും പ്രബോധനങ്ങളുടെയും മാര്‍ഗ്ഗ ദര്‍ശനങ്ങളുടെയും ഫലമായിരിക്കും. ആകയാല്‍ താങ്കള്‍ ദു:ഖ വ്യസനങ്ങള്‍ മാറ്റിവെച്ച് ദൗത്യം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുക. അതായത് സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്നും വലിയ ഔദാര്യം ഉണ്ടായിരിക്കുന്നതാണെന്ന് താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക. ഇപ്രകാരം നിഷേധികള്‍ക്കും കപട വിശ്വാസികള്‍ക്കും ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുക. ഈ കാര്യം വേറൊരു ശൈലിയില്‍ അല്ലാഹു വിവരിക്കുന്നു: നിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കരുത്. നിഷേധികളും കപട വിശ്വാസികളും പറയുന്നത് കേട്ട് റസൂലുല്ലാഹി (സ) പ്രബോധനം ഉപേക്ഷിക്കാന്‍ യാതൊരു സാധ്യതയുമില്ലായിരുന്നു. എന്നാല്‍ ജനങ്ങളുടെ ആക്ഷേപം ഭയന്ന് സയ്നബ് ബീവീ (റ)യെ വിവാഹം കഴിക്കുന്നതിലൂടെയുള്ള കാര്‍മ്മിക പ്രബോധനത്തില്‍ മടി കാട്ടാതിരിക്കാനാണ് ഇവിടെ നിഷേധികളും മറ്റും പറയുന്നത് കേള്‍ക്കരുതെന്ന വാചകം ഉപയോഗിച്ചിരിക്കുന്നത്. കാര്‍മ്മിക പ്രബോധനമായ ഈ വിവാഹത്തിന്‍റെ സന്ദര്‍ഭത്തില്‍ വാചകങ്ങളിലൂടെ അവരുടെ ഉപദ്രവം ഉണ്ടായത് പോലെ അവരുടെ ഭാഗത്ത് നിന്നും വല്ല ഉപദ്രവങ്ങളും ഉണ്ടായാല്‍ അതിനെ താങ്കള്‍ അവഗണിക്കുക. അതുകാരണമായി വല്ല ബുദ്ധിമുട്ടുകളും ഉണ്ടാകുമെന്ന് ഭയക്കേണ്ടതില്ല. ഇനി അത്തരം വല്ല ചിന്തകളുമുണ്ടായാല്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക. ഭരമേല്‍പ്പിക്കപ്പെടാന്‍ അല്ലാഹു മതിയായവനാണ്. അല്ലാഹു എല്ലാ ഉപദ്രവങ്ങളില്‍ നിന്നും താങ്കളെ രക്ഷിക്കുന്നതാണ്. പ്രബോധനത്തിന്‍റെ വഴിയില്‍ ബാഹ്യമായി വല്ല ഉപദ്രവങ്ങളും ഉണ്ടായാല്‍ ആന്തരികമായി അതില്‍ വലിയ നന്മകളുണ്ടാകുന്നതാണ്. അതുകൊണ്ട് ബാഹ്യമായ ഉപദ്രവങ്ങള്‍ അല്ലാഹു രക്ഷിക്കുന്നതാണ് എന്ന പ്രസ്താവനയ്ക്കെതിരല്ല.
വിവരണവും വ്യാഖ്യാനവും
കഴിഞ്ഞ ആയത്തുകളില്‍ റസൂലുല്ലാഹി (സ)യെ ആദരിക്കാനും റസൂലുല്ലാഹി (സ)യോടുള്ള ഉപദ്രവത്തില്‍ നിന്നും അകന്ന് കഴിയാനും വേണ്ടി നടത്തപ്പെട്ട ഉപദേശങ്ങള്‍ക്കിടയില്‍ സയ്ദ് (റ), സയ്നബ് (റ) ഇരുവരുടെയും സംഭവവും അതുമായി ബന്ധപ്പെട്ട് റസൂലുല്ലാഹി (സ)യുടെ അന്ത്യപ്രവാചകത്വവും വിവരിക്കപ്പെട്ടു. തുടര്‍ന്നുള്ള ആയത്തുകളിലും റസൂലുല്ലാഹി (സ)യുടെ സമ്പൂര്‍ണ്ണതകളുടെ വിവരണങ്ങളാണ് വരുന്നത്. റസൂലുല്ലാഹി (സ)യുടെ അനുഗ്രഹീത വ്യക്തിത്വം സര്‍വ്വ മുസ്ലിംകള്‍ക്കും അല്ലാഹുവിന്‍റെ വലിയ അനുഗ്രഹമാണെന്ന് സൂചിപ്പിച്ചുകൊണ്ട് അല്ലാഹുവിനെ നന്ദി രേഖപ്പെടുത്താന്‍ വേണ്ടി അല്ലാഹുവിനെ അധികമായി സ്മരിക്കാനും ധ്യാനിക്കാനും ഈ ആയത്തുകളില്‍ കല്‍പ്പിച്ചിരിക്കുന്നു.
ഒരു നിബന്ധനയുമില്ലാത്ത സമുന്നത ആരാധനയായ അല്ലാഹുവിന്‍റെ ദിക്ര്‍ അധികരിപ്പിക്കുക. സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവിനെ വളരെ കൂടുതല്‍ സ്മരിക്കുക.(41) ഇബ്നു അബ്ബാസ് (റ) പ്രസ്താവിക്കുന്നു: അല്ലാഹുവിന്‍റെ ദിക്ര്‍ പോലെ ഒരു നിബന്ധനയുമില്ലാത്ത ഒരു ആരാധനയും അല്ലാഹു ദാസന്മാരുടെ മേല്‍ നിശ്ചയിച്ചിട്ടില്ല. നമസ്കാരം അഞ്ച് നേരമാണ്. ഓരോ നമസ്കാരത്തിനും റക്അത്തുകള്‍ നിജപ്പെടുത്തപ്പെട്ടിരിക്കുന്നു. നോമ്പ് റമളാന്‍ മാസത്തിലാണ്. ഹജ്ജിന് പ്രത്യേക സമയവും സ്ഥലവും കര്‍മ്മങ്ങളുമുണ്ട്. സകാത്ത് വര്‍ഷത്തില്‍ ഒരിക്കലാണ്. എന്നാല്‍ അല്ലാഹുവിന്‍റെ ദിക്റിന് എണ്ണമോ സമയമോ നിറുത്തവും ഇരുത്തവും പോലെ പ്രത്യേക രൂപമോ നിര്‍വ്വഹിക്കപ്പെട്ടിട്ടില്ല. അതിന് ശുദ്ധിയും വുളുവും നിബന്ധനയില്ല. എന്നാല്‍ എല്ലാ സമയങ്ങളിലും അത് അധികരിപ്പിക്കാന്‍ അല്ലാഹു കല്‍പ്പിക്കുന്നു. യാത്രയിലും നാട്ടിലും രോഗത്തിലും ആരോഗ്യത്തിലും കരയിലും കടലിലും രാവും പകലും സര്‍വ്വ അവസ്ഥകളിലും അല്ലാഹുവിനെ ധ്യാനിക്കാന്‍ പ്രേരിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത് ഉപേക്ഷിക്കുന്നതില്‍ ഒരു ന്യായവും സ്വീകാര്യമല്ല. ബുദ്ധിയും ബോധവും നഷ്ടപ്പെട്ടാല്‍ മാത്രമേ ഇതിന്‍റെ ബാധ്യത ഒഴിവാകുകയുള്ളൂ. ഇതല്ലാത്ത ആരാധനകള്‍ രോഗത്തിന്‍റെയും മറ്റും നിര്‍ബന്ധിതാവസ്ഥയില്‍ ചുരുക്കാനും കുറയ്ക്കാനും ചിലപ്പോള്‍ ഒഴിവാക്കാനും ഇളവുകള്‍ നല്‍കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അല്ലാഹുവിന്‍റെ ധ്യാനത്തിന് ഒരു നിബന്ധനയും ഇല്ലാത്തതിനാല്‍ അത് ഉപേക്ഷിക്കുന്നതിനും യാതൊരു ന്യായവും സ്വീകരിക്കപ്പെടുന്നതല്ല. ദിക്റിന്‍റെ മഹത്വങ്ങളും ഐശ്വര്യങ്ങളും ധാരാളമാണ്.
അബുദര്‍ദ്ദാഅ് (റ) നിവേദനം. ............ (ദിക്ര്‍). അബൂഹുറയ്റ (റ) നിവേദനം. റസൂലുല്ലാഹി (സ) ഇപ്രകാരം ദുആ ചെയ്യുന്നത് ഞാന്‍ കേട്ടത് മുതല്‍ അത് ഞാന്‍ ഉപേക്ഷിച്ചിട്ടില്ല. ........... (മുനാജാത്ത്, ഇബ്നു കസീര്‍). അതെ, ഈ ദുആയില്‍ റസൂലുല്ലാഹി (സ) അല്ലാഹുവിനെ അധികമായി ധ്യാനിക്കാനുള്ള സൗഭാഗ്യം പടച്ചവനോട് ചോദിച്ചിരിക്കുന്നു! .......... (ദിക്ര്‍) (ദിക്ര്‍ ഇബ്നു കസീര്‍)............ (ദിക്ര്‍ ഇബ്നു കസീര്‍) .......... (ദിക്ര്‍ അഹ്മദ്).
പ്രഭാതത്തിലും പ്രദോഷത്തിലും നിങ്ങള്‍ പടച്ചവന്‍റെ പരിശുദ്ധി പ്രകീര്‍ത്തിക്കുക.(42) ഈ ആയത്തിലെ പ്രഭാത പ്രദോഷം കൊണ്ടുള്ള ഉദ്ദേശം സര്‍വ്വ സമയങ്ങളാണ്. അല്ലെങ്കില്‍ ഈ രണ്ട് സമയങ്ങളാണ്. ഈ രണ്ട് സമയങ്ങളില്‍ അല്ലാഹുവിനെ സ്മരിക്കാന്‍ പ്രേരിപ്പിക്കപ്പെട്ടിരിക്കുന്നു. അതില്‍ ഐശ്വര്യം കൂടുതലായത് കൊണ്ടാണ് ഈ രണ്ട് സമയങ്ങളെ പ്രത്യേകം പറഞ്ഞിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അല്ലാഹുവിന്‍റെ ദിക്റിന് പ്രത്യേക സമയമോ പരിധിയോ ഇല്ല.
നിങ്ങളെ ഇരുളുകളില്‍ നിന്നും പ്രകാശത്തിലേക്ക് കൊണ്ടുവരുന്നതിന് അല്ലാഹു നിങ്ങളുടെമേല്‍ പ്രത്യേക കാരുണ്യം ചൊരിയുന്നു. മലക്കുകളും അതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. അല്ലാഹു വിശ്വാസികളോട് വലിയ കരുണയുള്ളവനാണ്.(43). നിങ്ങള്‍ അല്ലാഹുവിനെ അധികമായി ധ്യാനിക്കുകയും പ്രഭാത പ്രദോഷങ്ങളില്‍ നിത്യമായി സ്മരിക്കുകയും ചെയ്യുമ്പോള്‍ അതിനെ അല്ലാഹു വളരെയധികം വിലമതിക്കുകയും നിങ്ങളുടെ മേല്‍ അനുഗ്രഹം ചൊരിയുകയും അല്ലാഹുവിന്‍റെ മലക്കുകള്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതാണ്. ഈ ആയത്തില്‍ സ്വലാത്ത് എന്ന വാക്ക് അല്ലാഹുവിന് വേണ്ടിയും മലക്കുകള്‍ക്ക് വേണ്ടിയും ഉപയോഗിച്ചിരിക്കുന്നു. എന്നാല്‍ രണ്ടിന്‍റെയും ആശയം വേറെ വേറെയാണ്. അല്ലാഹുവിന്‍റെ സ്വലാത്ത് എന്നാല്‍ കാരുണ്യം ചൊരിയലാണ്. മലക്കുകളുടെ സ്വലാത്ത് എന്നാല്‍ പടച്ചവന്‍റെ കാരുണ്യം വര്‍ഷിക്കുന്നതിന് പ്രാര്‍ത്ഥിക്കലാണ്. ഇബ്നു അബ്ബാസ് (റ) പറയുന്നു: അല്ലാഹുവിന്‍റെ സ്വലാത്ത് എന്നാല്‍ അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നുള്ള കാരുണ്യമാണ്. മലക്കുകളുടെ സ്വലാത്ത് എന്നാല്‍ പാപമോചനത്തിന് വേണ്ടിയുള്ള ദുആയാണ്.
റസൂലുല്ലാഹി ? യുടെ വിശിഷ്ട ഗുണങ്ങള്‍. പ്രവാചകരേ, സാക്ഷ്യം രേഖപ്പെടുത്തുന്നവരും സുവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരുമായി താങ്കളെ നാം അയച്ചിരിക്കുന്നു.(45) അല്ലാഹുവിന്‍റെ അനുമതി പ്രകാരം അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവരും പ്രകാശം പരത്തുന്ന വിളക്കുമാക്കിയിരിക്കുന്നു.(46) സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്നും വലിയ ഔദാര്യം ഉണ്ടായിരിക്കുന്നതാണെന്ന് താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക.(47)നിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കരുത്. അവരുടെ ഉപദ്രവത്തെ താങ്കള്‍ അവഗണിക്കുക. അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക. ഭരമേല്‍പ്പിക്കപ്പെടാന്‍ അല്ലാഹു തന്നെ മതി.(48) ഇവിടെ അല്ലാഹു വീണ്ടും റസൂലുല്ലാഹി ? യുടെ മഹല്‍ ഗുണങ്ങളിലേക്ക് മടങ്ങി വന്നിരിക്കുന്നു. ഈ ആയത്തുകളില്‍ റസൂലുല്ലാഹി ? യുടെ അഞ്ച് ഗുണവിശേഷണങ്ങള്‍ വിവരിച്ചിരിക്കുന്നു. ശാഹിദ്, മുബശ്ശിര്‍, നദീര്‍, ദാഈ, സിറാജുന്‍ മുനീര്‍. ശാഹിദ് എന്നാല്‍ റസൂലുല്ലാഹി ? ഖിയാമത് ദിനം സമുദായത്തിന് വേണ്ടി സാക്ഷ്യം വഹിക്കുമെന്നതാണ്. ഈ വിഷയത്തില്‍ അബൂസഈദ് (റ) സുദീര്‍ഘമായ ഒരു ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. അതിലെ ചില വാചകങ്ങള്‍ ഇപ്രകാരമാണ്. ഖിയാമത് ദിനം നൂഹ് നബി (അ) യോട് അല്ലാഹു ചോദിക്കും : താങ്കള്‍ നമ്മുടെ സന്ദേശം താങ്കളുടെ സമുദായത്തിന് എത്തിച്ചു കൊടുത്തോ ? നൂഹ് (അ) പറയും : അതെ, എത്തിച്ചു കൊടുത്തു ശേഷം അദ്ദേഹത്തിന്‍റെ സമുദായത്തോട് ചോദിക്കുമ്പോള്‍ അവര്‍ പറയും : ഞങ്ങള്‍ക്ക് സന്ദേശം എത്തിച്ചു തന്നിട്ടില്ല. തദവസരം നൂഹ് നബി (അ) യോട് ചോദിക്കപ്പെടും : സന്ദേശം എത്തിച്ചു കൊടുത്തുവെന്ന വാദത്തിന് താങ്കള്‍ക്ക് സാക്ഷികളാരെങ്കിലും ഉണ്ടോ ? നൂഹ് നബി (അ) പറയും : മുഹമ്മദ് നബി ? യും സമുദായവും സാക്ഷികളാണ്. (ബുഖാരി) ചില നിവേദനങ്ങളിലുണ്ട് മുഹമ്മദീ സമുദായം നൂഹ് നബി (അ) ക്ക് അനുകൂലമായി സാക്ഷ്യം വഹിക്കുമ്പോള്‍ നൂഹ് നബി (അ) സമുദായം ഇപ്രകാരം പറയും : ഇവര്‍ ഞങ്ങളുടെ വിഷയത്തില്‍ എങ്ങനെ സാക്ഷ്യം പറയാനാണ് ? ഇവര്‍ ഞങ്ങളുടെ കാലഘട്ടത്തില്‍ ഉണ്ടായിരുന്നില്ലല്ലാേ ? അന്ന് ഞങ്ങള്‍ ഇല്ലായിരുന്നെങ്കിലും ഇതിനെ കുറിച്ച് റസൂലുല്ലാഹി ? പറഞ്ഞു തന്നിരുന്നു. അതില്‍ ഞങ്ങള്‍ അടിയുറച്ച് വിശ്വസിക്കുന്നു എന്ന് മുഹമ്മദി സമുദായം മറുപടി പറയുന്നതാണ്. ഈ സന്ദര്‍ഭത്തില്‍ റസൂലുല്ലാഹി ? അവരുടെ സാക്ഷ്യത്തെ ശരിവെച്ചു കൊണ്ട് ഞാന്‍ അവര്‍ക്ക് ഇപ്രകാരം അറിയിച്ചുവെന്ന് പറയുന്നതാണ് ! റസൂലുല്ലാഹി ? സമുദായത്തിന്‍റെ മേല്‍ സാക്ഷിയാവുകയെന്നത് റസൂലുല്ലാഹി ? സമുദായത്തിലെ എല്ലാ അംഗംങ്ങളുടെയും നന്മ-തിന്മകളെ കുറിച്ച് സാക്ഷ്യം പറയുന്നതാണെന്ന ആശയത്തിലാകാനും സാധ്യണ്ട്. കാരണം റസൂലുല്ലാഹി ? ക്ക് എല്ലാ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും ചില നിവേദനങ്ങളില്‍ ആഴ്ച്ചയില്‍ ഒരു ദിവസം സമുദായത്തിന്‍റെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടുന്നതാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ റസൂലുല്ലാഹി ? ഖിയാമത് നാളില്‍ സമുദായത്തെ കുറിച്ച് സാക്ഷ്യം രേഖപ്പെടുത്തുന്നതാണ്. (മസ്ഹരി)
മുബശ്ശിര്‍ എന്നതിന്‍റെ അര്‍ത്ഥം സന്തോഷ വാര്‍ത്ത നല്‍കുന്ന വ്യക്തിയെന്നതാണ്. അതായത് ശരീഅത്തനുസരിച്ച് ജീവിക്കുന്ന സമുദായത്തിലെ സദ്വൃത്തന്മാര്‍ക്ക് റസൂലുല്ലാഹി ? സ്വര്‍ഗം കൊണ്ട് സന്തോഷ വാര്‍ത്ത അറിയിക്കുന്നു. നദീറിന്‍റെ അര്‍ത്ഥം മുന്നറിയിപ്പുകാരനെന്നാണ് അതായത് ധിക്കാരികളും അനുസരണ കെട്ടവരുമായവര്‍ക്ക് ശിക്ഷ കൊണ്ട് മുന്നറിയിപ്പ് നല്‍കുന്നു. ദാഈയന്‍ ഇലല്ലാഹ് എന്നതിന്‍റെ ഉദ്ദേശം റസൂലുല്ലാഹി ? അല്ലാഹുവിന്‍റെ ആസ്തിക്യം, ഏകത്വം, ആരാധന, അനുസരണ എന്നിവയിലേക്ക് ക്ഷണിക്കുന്നുവെന്നാണ്. എന്നാല്‍ ഇതിനോട് ബി ഇദ്നിഹി... (അല്ലാഹുവിന്‍റെ അനുമതി പ്രകാരം) എന്ന് ചേര്‍ത്ത് പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. പ്രബോധന പ്രവര്‍ത്തനങ്ങള്‍ വളരെ പ്രയാസകരമാണെന്നും അല്ലാഹുവിന്‍റെ സഹായം കൊണ്ടല്ലാതെ അത് സാധ്യമല്ലെന്നും ഇതറിയിക്കുന്നു. സിറാജിന്‍റെ അര്‍ത്ഥം വിളക്കെന്നും മുനീറിന്‍റെ അര്‍ത്ഥം പ്രകാശിപ്പിക്കുന്നതെന്നുമാണ്. അതായത് റസൂലുല്ലാഹി ? പ്രകാശം നല്‍കുന്ന വിളക്കാണ്. ചില മഹാന്മാര്‍ ഇതു കൊണ്ടുള്ള ഉദ്ദേശം ഖുര്‍ആനാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും വാചകത്തിന്‍റെ ശൈലിയില്‍ നിന്നും മനസ്സിലാകുന്നത് റസൂലുല്ലാഹി ? യുടെ വിശേഷണമാണെന്ന് തന്നെയാണ്. ഖുര്‍ആനിലും, ഹദീസിലും, ഫിഖ്ഹിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന മൗലാനാ സനാഉല്ലാഹ് പാനിപത്തി (റ) എഴുതുന്നു: റസൂലുല്ലാഹി ? യുടെ ദാഈ എന്ന വിശേഷണം റസൂലുല്ലാഹി ? യുടെ ബാഹ്യ രൂപവും വാചകങ്ങളും പരിഗണിച്ചാണ്. പ്രകാശിക്കുന്ന വിളക്കെന്ന വിശേഷണം അനുഗ്രഹീതമായ ഹൃദയത്തെ പരിഗണിച്ചു കൊണ്ടാണ്. അതായത് സൂര്യനിലൂടെ ലോകം മുഴുവന്‍ പ്രകാശം കരസ്ഥമാക്കുന്നത് പോലെ റസൂലുല്ലാഹി ? യുടെ ഹൃദയത്തിന്‍റെ പ്രകാശം കൊണ്ട് സര്‍വ്വ സത്യവിശ്വാസികളുടെയും മനസ്സുകള്‍ പ്രകാശിക്കുന്നതാണ്. അതുകൊണ്ടാണ് റസൂലുല്ലാഹി ? യുടെ സഹവാസത്തിന് സൗഭാഗ്യം സിദ്ധിച്ച സ്വഹാബാ മഹത്തുക്കള്‍ മുഴുവന്‍ സമുദായത്തെക്കാളും ശ്രേഷ്ഠതയും മഹത്വവുമുള്ളവരായത്. കാരണം അവരുടെ ഹൃദയങ്ങള്‍ റസൂലുല്ലാഹി ? യുടെ ഹൃദയത്തില്‍ നിന്നും നേരിട്ട് പ്രയോജനവും പ്രകാശവും കരസ്ഥമാക്കി. ശേഷമുള്ളവരെല്ലാം സ്വഹാബാ മഹത്തുക്കളുടെ മാധ്യമത്തിലൂടെയാണ് അത് കരസ്ഥമാക്കിയത്. (മസ്ഹരി) ഇതിനെ മറ്റൊരു നിലയിലും മനസ്സിലാക്കാവുന്നതാണ്. എല്ലാ നബിമാരും വിശിഷ്യാ റസൂലുല്ലാഹി ? അവരുടെ ഖബറുകളില്‍ പ്രത്യേക രീതിയില്‍ ജീവിച്ചിരിക്കുകയാണ്. അവരുടെ ഈ ജീവിതം സാധാരണക്കാരുടെ ഖബ്ര്‍ ജീവിതത്തെക്കാള്‍ പല മടങ്ങ് മഹത്തരമാണ്. അതിന്‍റെ യാഥാര്‍ഥ്യം അല്ലാഹു മാത്രമെ അറിയൂ. എന്താണെങ്കിലും റസൂലുല്ലാഹി (സ)യുടെ ഈ അനുഗ്രഹീത ജീവിതം കാരണം ലോകാവസാനം വരെയുള്ള സത്യവിശ്വാസികളുടെ മനസ്സുകള്‍ റസൂലുല്ലാഹി (സ)യുടെ തിരുമനസ്സില്‍ നിന്നും പ്രകാശം കരസ്ഥമാക്കി കൊണ്ടിരിക്കുന്നതാണ്. റസൂലുല്ലാഹി ? യോടുള്ള സ്നേഹാദരങ്ങളും പുണ്യ സ്വലാത്തുകളും വര്‍ദ്ധിപ്പിക്കുന്നതിനനുസരിച്ച് ഈ പ്രകാശത്തിന്‍റെ ഓഹരി കരസ്ഥമാക്കാന്‍ കഴിയുന്നതാണ് ! ഇവിടെ റസൂലുല്ലാഹി (സ)യുടെ പ്രകാശത്തെ വിളക്കിന്‍റെ പ്രകാശത്തോട് ഉപമിച്ചിരിക്കുന്നു. എന്നാല്‍ റസൂലുല്ലാഹി (സ)യുടെ ആന്തരിക പ്രകാശം സൂര്യ പ്രകാശത്തെക്കാള്‍ വളരെ ഉന്നതമാണ്. കാരണം സൂര്യപ്രകാശത്തിലൂടെ ഈ ലോകത്തിന്‍റെ ബാഹ്യഭാഗം മാത്രമാണ് പ്രകാശിക്കുന്നത്. പക്ഷേ റസൂലുല്ലാഹി (സ)യുടെ തീരുമനസ്സിന്‍റെ പ്രകാശത്തിലൂടെ ലോകത്തിന്‍റെ ആന്തരികവും സത്യവിശ്വാസികളുടെ മനസ്സുകളും പ്രകാശിക്കുന്നു. ഇത്തരുണത്തില്‍ വിളക്കിലേക്ക് ഉപമിക്കാന്‍ കാരണമിതാണ്. വിളക്കിന്‍റെ പ്രയോജനം നമ്മുടെ ഇഷ്ടപ്രകാരം ഏത് സമയത്തും പ്രയോജനപ്പെടുത്താന്‍ സാധിക്കും. അതിലേക്ക് എത്തിച്ചേരലും ഉപയോഗിക്കലും എളുപ്പമാണ്. എന്നാല്‍ സൂര്യനിലേക്ക് ആര്‍ക്കും എത്താന്‍ കഴിയുന്നതല്ല. അതിന്‍റെ പ്രകാരം സദാസമയം പ്രയോജനപ്പെടുത്താന്‍ കഴിയുന്നതുമല്ല.
റസൂലുല്ലാഹി (സ)യുടെ ഈ തിരുഗുണങ്ങള്‍ പരിശുദ്ധ ഖുര്‍ആനില്‍ വന്നത് പോലെ തൗറാത്തിലും വന്നിട്ടുണ്ട്. അത്വാഅ് ഇബ്നു യസാര്‍ വിവരിക്കുന്നു: ..... (ബുഖാരി, ഹയാത്തുസ്സ്വഹാബ)
*********************************************************************************
മആരിഫുല്‍ ഹദീസ്
ഹജ്ജത്തുല്‍ വദാഅ് അഥവാ
റസൂലുല്ലാഹി (സ)യുടെ വിടവാങ്ങള്‍ ഹജ്ജ്
മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
21. ജാബിര്‍ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) പവിത്ര പത്നിമാരുടെ ഭാഗത്ത് നിന്നും ഒരു മാടിനെ ബലി നല്‍കി. (മുസ്ലിം))
22. അലിയ്യ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ)യുടെ ബലി മൃഗങ്ങളുടെ കാര്യങ്ങള്‍ നോക്കാനും അതിന്‍റെ മാംസവും തോലും ജീനിയും ദാനം കൊടുക്കാനും അറവുകാര്‍ക്ക് കൂലിയെന്നോണം അതില്‍ നിന്നും ഒന്നും കൊടുക്കരുതെന്നും അവര്‍ക്കുള്ള കൂലി സ്വന്തം ഭാഗത്ത് നിന്നും പ്രത്യേകം കൊടുക്കണമെന്നും റസൂലുല്ലാഹി (സ) കല്‍പ്പിച്ചു. (ബുഖാരി, മുസ്ലിം)
23. അനസ് (റ) വിവരിക്കുന്നു. "റസൂലുല്ലാഹി (സ) ദുല്‍ഹിജ്ജ 10 ന് മുസ്ദലിഫയില്‍ നിന്നും മിനായിലെത്തയപ്പോള്‍ ആദ്യം ജംറത്തുല്‍ അഖ്ബയില്‍ പോയി ഏഴ് കല്ലുകള്‍ എറിഞ്ഞു. തുടര്‍ന്ന് താമസ സ്ഥലത്തെത്തി. ശേഷം മൃഗങ്ങളെ ബലിയറുത്തു. പിന്നീട് മുടി വെട്ടുന്ന ആളെ വിളിച്ചു. ആദ്യം ശിരസ്സിന്‍റെ വലതുഭാഗം കാട്ടിക്കൊടുത്തു. അദ്ദേഹം അത് വടിച്ചു. അബൂത്വല്‍ഹ (റ) യെ വിളിച്ച് റസൂലുല്ലാഹി (സ) അവ അദ്ദേഹത്തെ ഏല്‍പ്പിച്ചു. ശേഷം ഇടതുഭാഗം കാട്ടിക്കൊടുത്തു. അതു വടിച്ചപ്പോള്‍ ആ രോമങ്ങളും അബൂത്വല്‍ഹ(റ) യെ ഏല്‍പ്പിക്കുകയും ഇവ ജനങ്ങള്‍ക്കിടയില്‍ വീതിക്കുക എന്ന് കല്പിക്കുകയും ചെയ്തു." (ബുഖാരി, മുസ്ലിം).
വിവരണം: മുടിയെടുക്കല്‍ ജാബിര്‍ (റ) വിന്‍റെ സുദീര്‍ഘമായ ഹദീസില്‍ വിട്ടുപോയ ഒരു കാര്യമാണ്. എന്നാല്‍ ഇത് ഹജ്ജിലെ ഒരു പ്രധാനകര്‍മമാണ്. ഇക്കാര്യം ഈ ഹദീസില്‍ വിവരിച്ചിരിക്കുന്നു. ഈ ഹദീസില്‍ പറയപ്പെട്ടതുപോലെ ആദ്യം വലതും ശേഷം ഇടതും ഭാഗങ്ങള്‍ വടിക്കുന്നതാണ് മുടിയെടുക്കലിന്‍റെ ശരിയായ രൂപം.
അവസാനം പ്രസ്തുത കേശങ്ങള്‍ റസൂലുല്ലാഹി (സ) അബൂത്വല്‍ഹയ്ക്ക് നല്‍കിയതായി വന്നിരിക്കുന്നു.റസൂലുല്ലാഹി (സ)യുടെ വിശിഷ്ട അനുരാഗികളില്‍ പെട്ടവരാണ് അബൂത്വല്‍ഹ (റ). ഉഹ്ദു യുദ്ധത്തില്‍ റസൂലുല്ലാഹി (സ)യെ ശത്രുക്കളില്‍ നിന്നും രക്ഷിക്കാന്‍ സ്വശരീരം കൊണ്ട് അമ്പുകള്‍ ഏറ്റുവാങ്ങി. കൂടാതെ റസൂലുല്ലാഹി (സ)യുടെ വിശ്രമകാര്യങ്ങളും തങ്ങളുടെ അതിരുകള്‍ക്കുള്ള സേവനങ്ങളും താല്പര്യത്തോടെ ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യയും അനസ് (റ) ന്‍റെ മാതാവുമായ ഉമ്മുസുലൈം (റ) യും ഇക്കാര്യങ്ങളില്‍ മുന്‍പന്തിയിലായിരുന്നു. തങ്ങളുടെ തിരുകേശങ്ങള്‍ അദ്ദേഹത്തിന് നല്‍കിയതും അദ്ദേഹത്തിലൂടെ വിതരണം ചെയ്തതും ഈ പ്രത്യേക അടുപ്പത്തിന്‍റെ പേരിലായിരിക്കാം.
അല്ലാഹുമായി അടുത്ത ഇഷ്ടദാസന്മാരും അവരുടെ ശരീരവസ്തുക്കളും ഐശ്വര്യം നിറഞ്ഞതാണെന്നതിന് ഈ ഹദീസ് വ്യക്തമായ തെളിവാണ്.
റസൂലുല്ലാഹി (സ)യുടെ തിരുകേശം എന്ന പേരില്‍ ധാരാളം സ്ഥലം പ്രസിദ്ധമായിട്ടുണ്ട്. അവയില്‍ ആധികാരിക പരമ്പരയും ചരിത്ര സാക്ഷ്യവുമുള്ള കേശങ്ങള്‍ റസൂലുല്ലാഹി (സ)യുടെ തന്നെ ആയിരിക്കുമെന്നാണ് അനുമാനം. അബൂത്വല്‍ഹ (റ) ഒന്നും രണ്ടും കേശങ്ങളായി അവ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തതായി വേറെ നിവേദനങ്ങളിലുണ്ട്. അവരും അവരുടെ പിന്‍ഗാമികളും ആദരവോടെ ഇത് സംരക്ഷിച്ചിരിക്കും എന്നകാര്യം വ്യക്തമാണ്. അവയില്‍ പലതും ഇന്നും സുരക്ഷിതമായിരിക്കും എന്ന കാര്യത്തില്‍ വലിയ അത്ഭുതമില്ല. എന്നാല്‍ പരിഗണനീയമായ പരമ്പരയും ചരിത്രസാക്ഷ്യവുമില്ലാതെ ഏതെങ്കിലും മുടിയെ റസൂലുല്ലാഹി (സ)യുടെ തിരുകേശമായി പ്രഖ്യാപിക്കുന്നതും പ്രചരിപ്പിക്കുന്നതും ഗുരുതരമായ കാര്യവും മഹാപാപവുമാണ്. അതുപോലെ, ഉറപ്പായതോ വ്യാജമായതോ ആയ മുടിയെയും അതിന്‍റെ സന്ദര്‍ശനത്തേയും വ്യാപാരവും വരുമാനമാര്‍ഗവുമാക്കുന്നത് അത്യന്തം നിന്ദ്യമായ പാതകവുമാണ്!
24. ഇബ്നു ഉമര്‍ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ഹജ്ജത്തുല്‍ വദാഇല്‍ പ്രസ്താവിച്ചു: അല്ലാഹുവേ, ഇവിടെവെച്ച് മുടി വടിച്ചവരുടെ മേല്‍ നീ കാരുണ്യം ചൊരിയേണമേ. സദസ്സിലെ ചിലര്‍ പറഞ്ഞു: ഈ പ്രാര്‍ത്ഥന മുടി വെട്ടിയവര്‍ക്കും ചെയ്യൂ. റസൂലുല്ലാഹി (സ) അരുളി: അല്ലാഹുവേ, ഇവിടെവെച്ച് മുടി വടിച്ചവരുടെ മേല്‍ നീ കാരുണ്യം ചൊരിയേണമേ. അവര്‍ വീണ്ടും അപേക്ഷ ആവര്‍ത്തിച്ചപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: അല്ലാഹുവേ, മുടി വെട്ടിയവര്‍ക്കും നീ കാരുണ്യം ചൊരിയേണമേ. (ബുഖാരി, മുസ്ലിം)
വിവരണം: സാധാരണ പതിവിന്‍റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ മുടി വടിക്കുന്നതും വെട്ടുന്നതും പ്രത്യേകം ആരാധനയല്ല. എന്നാല്‍ ഹജ്ജിലും ഉംറയിലും മുടി വടിക്കുന്നതും വെട്ടുന്നതും ദാസന്‍റെ ഭാഗത്ത് നിന്നും അടിമത്വത്തിന്‍റെയും നിസാരതയുടെയും ഒരു പ്രകടനമാണ്. അതുകൊണ്ട് അത് പ്രത്യേക ഇബാദത്തായി മാറുകയും ചെയ്തു. ആകയാല്‍ ഈ ഉദ്ദേശം മുന്നില്‍ കണ്ടുകൊണ്ട് മുടി വടിക്കുകയും വെട്ടുകയും ചെയ്യേണ്ടതാണ്. അടിമത്വത്തിന്‍റെയും നിസാരതയുടെയും അവസ്ഥ കൂടുതലായി മുടി വടിക്കുന്നതിലാണ് കാണപ്പെടുന്നത്. അതുകൊണ്ട് അതുതന്നെയാണ് ശ്രേഷ്ടമായത്. ഈ കാരണത്താല്‍ തന്നെ റസൂലുല്ലാഹി (സ) മുടി വടിച്ചവരെ മുന്തിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചു.
25. അബൂബകറ സഖഫി (റ) നിവേദനം. റസൂലുല്ലാഹി (സ) ഹജ്ജത്തുല്‍ വദാഇന്‍റെ സന്ദര്‍ഭത്തില്‍ ദുല്‍ ഹജ്ജ് 10-ാം തീയതി ഒരു പ്രഭാഷണം നടത്തി. അതില്‍ പ്രസ്താവിച്ചു: കാലഘട്ടം കറങ്ങിത്തിരിഞ്ഞ് ആകാശ ഭൂമികളെ സൃഷ്ടിക്കപ്പെട്ട സമയത്തുണ്ടായിരുന്ന അതിന്‍റെ യഥാര്‍ത്ഥ രൂപത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. ഒരു വര്‍ഷം പന്ത്രണ്ട് മാസമാണ്. അതില്‍ നാല് മാസം പ്രത്യേകം ആദരണീയമാണ്. അതില്‍ മൂന്ന് മാസങ്ങളായ ദുല്‍ ഖഅദ, ദുല്‍ ഹിജ്ജ, മുഹര്‍റം എന്നിവ തുടര്‍ച്ചയായിട്ടുള്ളതാണ്. നാലാമത്തെ മാസം ജമാദുല്‍ ഉഖ്റ, ശഅബാന്‍ എന്നീ മാസങ്ങള്‍ക്കിടയിലുള്ള റജബ് മാസമാണ്. അതിനെ മുളര്‍ ഗോത്രം കൂടുതലായി ആദരിച്ചിരുന്നു. തുടര്‍ന്ന് റസൂലുല്ലാഹി (സ) അരുളി: ഇത് ഏത് മാസമാണെന്ന് പറയുക. ഞങ്ങള്‍ പറഞ്ഞു: അല്ലാഹുവിനും ദൂതനുമാണ് ഏറ്റവും കൂടുതല്‍ അറിവുള്ളത്! റസൂലുല്ലാഹി (സ) അല്‍പ്പനേരം നിശബ്ദത പാലിച്ചു. ഈ മാസത്തിന് മറ്റുവല്ല പേരും റസൂലുല്ലാഹി (സ) പറയുമെന്ന് ഞങ്ങള്‍ വിചാരിച്ച് പോയി. പക്ഷേ, റസൂലുല്ലാഹി (സ) അരുളി: ഇത് ദുല്‍ഹിജ്ജ മാസമല്ലേ? ഞങ്ങള്‍ പറഞ്ഞു: തീര്‍ച്ചയായും ഇത് ദുല്‍ ഹിജ്ജ മാസമാണ്. തുടര്‍ന്ന് അരുളി: ഇത് ഏത് മാസമാണെന്ന് പറയുക. ഞങ്ങള്‍ പറഞ്ഞു: അല്ലാഹുവിനും ദൂതനുമാണ് ഏറ്റവും കൂടുതല്‍ അറിവുള്ളത്! റസൂലുല്ലാഹി (സ) അല്‍പ്പനേരം നിശബ്ദത പാലിച്ചു. ഈ മാസത്തിന് മറ്റുവല്ല പേരും റസൂലുല്ലാഹി (സ) പറയുമെന്ന് ഞങ്ങള്‍ വിചാരിച്ച് പോയി. പക്ഷേ, റസൂലുല്ലാഹി (സ) അരുളി: ഇത് ദുല്‍ഹിജ്ജ മാസമല്ലേ? ഞങ്ങള്‍ പറഞ്ഞു: തീര്‍ച്ചയായും ഇത് ദുല്‍ ഹിജ്ജ മാസമാണ്. ഇത് ഏത് നാടാണെന്ന് പറയുക. ഞങ്ങള്‍ പറഞ്ഞു: അല്ലാഹുവിനും ദൂതനുമാണ് ഏറ്റവും കൂടുതല്‍ അറിവുള്ളത്! റസൂലുല്ലാഹി (സ) അല്‍പ്പനേരം നിശബ്ദത പാലിച്ചു. ഈ നാടിന് മറ്റുവല്ല പേരും റസൂലുല്ലാഹി (സ) പറയുമെന്ന് ഞങ്ങള്‍ വിചാരിച്ച് പോയി. പക്ഷേ, റസൂലുല്ലാഹി (സ) അരുളി: ഇത് ബല്‍ദാ എന്ന പേരിലും അറിയപ്പെടുന്ന മക്കയല്ലേ? ഞങ്ങള്‍ പറഞ്ഞു: തീര്‍ച്ചയായും ഇത് ബല്‍ദയാണ്. തുടര്‍ന്ന് അരുളി: ഇത് ഏത് ദിനമാണെന്ന് പറയുക. ഞങ്ങള്‍ പറഞ്ഞു: അല്ലാഹുവിനും ദൂതനുമാണ് ഏറ്റവും കൂടുതല്‍ അറിവുള്ളത്! റസൂലുല്ലാഹി (സ) അല്‍പ്പനേരം നിശബ്ദത പാലിച്ചു. ഈ ദിവസത്തിന് മറ്റുവല്ല പേരും റസൂലുല്ലാഹി (സ) പറയുമെന്ന് ഞങ്ങള്‍ വിചാരിച്ച് പോയി. പക്ഷേ, റസൂലുല്ലാഹി (സ) അരുളി: ഇത് നഹ്ര്‍ ദിവസമല്ലേ? അതായത് മൃഗബലി നടത്തപ്പെടുന്ന ദുല്‍ ഹിജ്ജ പത്തല്ലേ? ഞങ്ങള്‍ പറഞ്ഞു: തീര്‍ച്ചയായും ഇത് നഹ്ര്‍ ദിനമാണ്. ശേഷം റസൂലുല്ലാഹി (സ) അരുളി: നിങ്ങളുടെ രക്തവും സമ്പത്തും അഭിമാനവും നിഷിദ്ധമാണ്. അതായത്, ആരെയെങ്കിലും അന്യായമായി വധിക്കാനോ, സമ്പത്ത് അപഹരിക്കാനോ, അഭിമാനം തകര്‍ക്കാനോ ആര്‍ക്കും അനുവാദമില്ല. കാലാകാലത്തേക്ക് ഇത് നിങ്ങളുടെ മേല്‍ നിഷിദ്ധമാണ്. ഇന്നത്തെ അനുഗ്രഹീത ദിനത്തില്‍ പ്രത്യേകിച്ചും ഈ നാട്ടിലും ഈ മാസത്തിലും ആരെയെങ്കിലും വധിക്കലും സമ്പത്ത് അപഹരിക്കലും അഭിമാനം തകര്‍ക്കലും നിഷിദ്ധമായത് പോലെ ഈ കാര്യങ്ങള്‍ നിങ്ങളുടെ മേല്‍ സര്‍വ്വ കാലങ്ങളിലും സ്ഥലങ്ങളിലും നിഷിദ്ധമാണ്. തുടര്‍ന്ന് അരുളി: അടുത്ത് തന്നെ മരണാനന്തരം പരലോകത്ത് നിങ്ങളെ രക്ഷിതാവിന്‍റെ മുമ്പില്‍ ഹാജരാക്കപ്പെടുന്നതും നിങ്ങളുടെ കര്‍മ്മങ്ങളെക്കുറിച്ച് നിങ്ങളോട് ചോദിക്കപ്പെടുന്നതുമാണ്. അറിയുക: എനിയ്ക്ക് ശേഷം നിങ്ങള്‍ പരസ്പരം കഴുത്തുകള്‍ വെട്ടുന്ന നിലയില്‍ നിങ്ങള്‍ വഴികെട്ട് പോകരുതെന്ന് ഞാന്‍ നിങ്ങളെ ഉണര്‍ത്തുന്നു. ശേഷം ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ സന്ദേശം എത്തിച്ച് തന്നില്ലേ? എല്ലാവരും പറഞ്ഞു: താങ്കള്‍ പ്രബോധനത്തിന്‍റെ കര്‍ത്തവ്യം നിര്‍വ്വഹിച്ച് കഴിഞ്ഞു. പിന്നീട് റസൂലുല്ലാഹി (സ) അല്ലാഹുവിലേക്ക് തിരിഞ്ഞുകൊണ്ട് മൊഴിഞ്ഞു: അല്ലാഹുവേ നീ സാക്ഷിയാവുക. അവസാനമായി ജനങ്ങളോട് പറഞ്ഞു: ഇവിടെ ഹാജരാവുകയും ഞാന്‍ പറഞ്ഞത് കേള്‍ക്കുകയും ചെയ്തവര്‍ ഇവിടെ ഇല്ലാത്തവര്‍ക്ക് എത്തിച്ച് കൊടുത്ത് കൊള്ളട്ടെ. ധാരാളം ആളുകള്‍ നേരിട്ട് കേട്ട് എത്തിച്ച് തന്നതിനേക്കാള്‍ കാര്യങ്ങള്‍ ഓര്‍മ്മ വെക്കുന്നവരായേക്കാം. അവര്‍ വിജ്ഞാനത്തിനോടുള്ള കടമകള്‍ കൂടുതലായി നിര്‍വ്വഹിക്കുന്നതാണ്. (ബുഖാരി, മുസ്ലിം)
വിവരണം: ഈ നബവീ പ്രഭാഷണത്തിന്‍റെ ആരംഭ ഭാഗത്ത് കാലഘട്ടം കറങ്ങിത്തിരിഞ്ഞ് അതിന്‍റെ യഥാര്‍ത്ഥ രൂപത്തിലെത്തിയിരിക്കുന്നു എന്ന് പറഞ്ഞതിന്‍റെ ആശയം ഇതാണ്: ജാഹിലീ കാലത്ത് അറബികള്‍ സ്വന്തം താല്‍പ്പര്യങ്ങളുടെ പേരില്‍ ഒരു വര്‍ഷത്തില്‍ പതിമൂന്ന് മാസങ്ങളുണ്ടെന്ന് പ്രഖ്യാപിക്കുകയും ഒരു മാസത്തെ ആവര്‍ത്തിച്ച് വന്നതായി കണക്കാക്കുകയും ചെയ്തിരുന്നു. അക്രമങ്ങള്‍ കാട്ടുന്നതിന് അവര്‍ സ്വീകരിച്ചിരുന്ന ഒരു വഴികെട്ട രീതിയാണിത്. തല്‍ഫലമായി മാസങ്ങളുടെ ക്രമീകരണം യാഥാര്‍ത്ഥ്യത്തിന് വിരുദ്ധമായിരുന്നു. ദുല്‍ഹിജ്ജ മാസത്തില്‍ നടക്കേണ്ട ഹജ്ജ് യഥാര്‍ത്ഥത്തില്‍ ദുല്‍ ഹിജ്ജ മാസത്തിലല്ല നടന്നിരുന്നത്. എന്നാല്‍ നൂറ്റാണ്ടുകള്‍ തുടര്‍ന്ന ജാഹിലിയ്യത്തിന്‍റെ ഈ കറങ്ങിത്തിരയലിന് ശേഷം റസൂലുല്ലാഹി (സ) ഹജ്ജ് നിര്‍വ്വഹിച്ച ഈ മാസം യഥാര്‍ത്ഥത്തിലുള്ള ദുല്‍ ഹിജ്ജ മാസത്തിന്‍റെ സമയത്ത് തന്നെയായിരുന്നു. ഇത്തരുണത്തില്‍ റസൂലുല്ലാഹി (സ) അവരെ ഉണര്‍ത്തി: ഇപ്പോള്‍ ഹജ്ജ് നിര്‍വ്വഹിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ദുല്‍ ഹിജ്ജ മാസം പടച്ചവന്‍ ലോകാരംഭം മുതല്‍ നിശ്ചയിച്ച് തന്ന ദുല്‍ ഹിജ്ജ മാസത്തിന്‍റെ സമയത്ത് തന്നെയാണ്. ഇനി മുതല്‍ മാസങ്ങള്‍ ഇതേ ക്രമത്തില്‍ തന്നെ തുടരുന്നതാണ്.
പ്രഭാഷണത്തിന്‍റെ അവസാന ഭാഗത്ത് റസൂലുല്ലാഹി (സ) സമുദായത്തെ അതീവ ഗൗരവത്തില്‍ ഉണര്‍ത്തുന്നു: എനിയ്ക്ക് ശേഷം നിങ്ങള്‍ പരസ്പര വഴക്കുകളിലും പോരാട്ടങ്ങളിലും കലഹങ്ങളിലും മുഴുകരുത്. അങ്ങനെ ചെയ്യുന്നത് അങ്ങേയറ്റത്തെ വഴികേടാണ്! ഈ പ്രഭാഷണത്തിലെ മറ്റുചില നിവേദനങ്ങളില്‍ ദുല്‍ല്ലാലന്‍ (വഴികെട്ടവര്‍) എന്നതിന് പകരം കുഫ്ഫാറന്‍ എന്ന പദമാണ് വന്നിട്ടുള്ളത്. അപ്പോള്‍ ആശയം ഇങ്ങനെയാണ്: പരസ്പരമുള്ള വഴക്കുകളിലും കലഹങ്ങളിലും മുഴുകിക്കഴിയുന്നത് ഇസ്ലാമിന്‍റെ ലക്ഷ്യങ്ങള്‍ക്കും ആത്മാവിനും തീര്‍ത്തും വിരുദ്ധവും നിഷേധികളുടെ സ്വഭാവവുമാണ്. ഇതില്‍ മുഴുകിക്കഴിയുന്നവര്‍ ഇസ്ലാമിന്‍റെ ശരിയായ രീതിയെ ഉപേക്ഷിച്ച് നിഷേധികളുടെ ശൈലി സ്വീകരിച്ചവരാണ്! ഈ മുന്നറിയിപ്പ് റസൂലുല്ലാഹി (സ) വേറെയും പല പ്രഭാഷണങ്ങളില്‍ നടത്തിയിട്ടുണ്ട്. ഈ സമുദായത്തെ വ്യത്യസ്ത വിഭാഗങ്ങളിലായി തിരിച്ച് പരസ്പരം വഴക്കുകളും കുഴപ്പങ്ങളും ഉണ്ടാക്കുന്ന വിഷയത്തില്‍ പിശാച് വളരെയധികം പരിശ്രമിക്കുകയും പലതിലും വിജയിക്കുകയും ചെയ്യുമെന്ന് റസൂലുല്ലാഹി (സ)യ്ക്ക് അല്ലാഹു അറിയിപ്പ് നല്‍കിയത് കൊണ്ടായിരിക്കാം റസൂലുല്ലാഹി (സ) ഈ കാര്യം ആവര്‍ത്തിച്ച് ഉണര്‍ത്തിയത്!
**********************************************************************************
ബാനീ ദാറുല്‍ ഉലൂം ഭാഗം-6
ദാറുൽഉലൂം ദേവ്ബന്ദ്
ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി
പശ്ചാത്തലം
ക്രിസ്താബ്ദം 1957 ലെ വിപ്ലവശ്രമം പരാജയപ്പെട്ടു. ഇന്ത്യയിൽ മുസ്‌ലിംഭരണം അസ്തമിച്ചു. കാലുകൾ ഉറപ്പിച്ച ബ്രിട്ടീഷുകാർ പ്രധാന എതിരാളികളായ മുസ്‌ലിംകളെയും ഇസ്‌ലാമിനെയും ഉന്മൂലനം ചെയ്യാൻ കച്ചകെട്ടി ഇറങ്ങി. ഭ്രഷ്ടരായ രാജകുടംബാംഗങ്ങൾ കൂലിവേലകൾ ചെയ്യാൻ നിർബന്ധിതരായി ഓഫീസ് ഭാഷ ഇംഗ്ലീഷാക്കി മാറ്റി. മുസ്‌ലിംകളെ സർക്കാർ ഉദ്യോഗങ്ങളിൽ നിന്നും പിടിച്ചിറക്കി. നീണ്ട വസ്ത്രവും താടിയുമുള്ള ആരെയെങ്കിലും കൈയ്യിൽ കിട്ടിയാൽ തൂക്കിലേറ്റിയിരുന്നു. ദൽഹിയിൽ മാത്രം അഞ്ഞൂറ് ഉലമാഇനെ തൂക്കിലേറ്റിയതായി എഡ്‌വേർസ് ടൈംസൺ പറയുന്നു. ദൽഹിയിലെ ജാമിഅ് മസ്ജിദ് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ അവിടെ ഉണ്ടായിരുന്ന മുസ്‌ലിംകളെ വധിച്ചു. വീടുകൾ തല്ലിത്തകർത്ത് അബലകളായ സ്ത്രീകളുടെ ചാരിത്ര്യം നശിപ്പിച്ചു. ഇരുപത്തിഏഴായിരം പേർ ദൽഹിയിൽ മാത്രം കൊല്ലപ്പെട്ടു. ഇന്ത്യയിലെ മുസ്‌ലിം കേന്ദ്രങ്ങളിലെല്ലാം ഏതാണ്ട് ഇതേ രംഗങ്ങൾ നടമാടി. ഇന്ത്യയുടെ ഭരണനിയന്ത്രണങ്ങൾ ഏറ്റെടുത്ത ബ്രിട്ടീഷുകാർ മാനുഷിക രീതികളെല്ലാം കാറ്റിൽ പറത്തി. ലാലാ ലജ്പത്‌റായ് എഴുതുന്നു: മുസ്‌ലിം രാജാക്കന്മാർ ഇന്ത്യയെ സ്വന്തം നാടായി കണ്ടിരുന്നു. ഹൈന്ദവരിൽ നിന്നും സ്വരൂപിക്കുന്ന പണം അവർക്ക് വേണ്ടിതന്നെ ചിലവഴിക്കപ്പെട്ടിരുന്നു. ഭരണീയരുടെ ഭാഷയും സംസ്‌കാരവും ഒരളവ് വരെ തിരഞ്ഞെടുക്കാനും അവർ മടിച്ചില്ല. എന്നാൽ ഇതിന് നേരെ വിരുദ്ധമാണ് ബ്രിട്ടീഷ്‌രാജ്.'' (ഗുലാമീ കീഅലാമതേംപുറം: 3). ഭാരിച്ച ടാക്‌സുകൾ ഇന്ത്യക്കാരുടെ മേൽചുമത്തി ഇന്ത്യൻ സമ്പത്ത് പിഴിഞ്ഞെടുത്ത ബ്രിട്ടീഷുകാർ അതുകൊണ്ട് സ്വന്തം ശരീരവും നാടും കൊഴുപ്പിച്ചു. നിർമ്മാണം, തൊഴിൽ, കച്ചവടം, കൃഷി മുതലായ മുഴുവൻ മേഖലകളിലും അവർ പിടിമുറുക്കി ഇന്ത്യൻ ജനതയെ വീർപ്പ്മുട്ടിച്ചു.
ബ്രിട്ടീഷ് ഭരണം വരുന്നതിനു മുമ്പ് ഇന്ത്യ മുഴുവനും മദ്‌റസകളാൽ നിറഞ്ഞുനിന്നിരുന്നു. എന്നാൽ ഭരണകൂടത്തെ പ്രധാനമായും ആശ്രയിച്ചു നിന്നിരുന്ന ഈ വിശുദ്ധ വിളക്കുകൾ ബ്രിട്ടീഷ് ഭരണമുറച്ചതോടെ അണഞ്ഞു. പകരം ബ്രിട്ടീഷുകാർ കൊണ്ടുവന്ന വിദ്യാഭ്യാസവും അതിലൂടെ ഒലിച്ചിറങ്ങിയ പാശ്ചാത്യ സംസ്‌കാരങ്ങളും ഇന്ത്യയിലാകെ പരക്കാൻ തുടങ്ങി. ഇന്ത്യയുടെ ഭരണം കൈയ്യിലൊതുക്കിയ വെള്ളക്കാരുടെ പ്രധാനമോഹം വഴികെട്ട ക്രൈസ്തവതയെ ഇന്ത്യയിൽ നട്ടുപിടിപ്പിക്കലായിരുന്നു. ഇതിനവർ പലതരം മാധ്യമങ്ങൾ ഉപയോഗിച്ചു. പുരോഗമന വിദ്യാഭ്യാസം, ഉന്നതതൊഴിൽ, ചികിത്സാ സഹായം, ദാരിദ്ര്യം പരത്തി ധനസഹായം ചെയ്യൽ, അനാഥ സംരക്ഷണം എന്നിവ അവയിൽ ചിലതാണ്. സർവ്വോപരി, ഭരണകൂടത്തിന്റെ ഒത്താശയോടെ ക്രൈസ്തവ പ്രബോധകർ ഓരോ നാടുകളിലും ചുറ്റിക്കറങ്ങി. അങ്ങിനെ ക്രൈസ്തവത ഇന്ത്യയിൽ തഴച്ചുവളരാൻ തുടങ്ങി. സ്‌ഫോടനാത്കമായ ഈ അന്തരീക്ഷത്തിനിടയിൽ, അവസരംകാത്ത് കഴിഞ്ഞിരുന്ന ബിദ്അത്ത് പ്രചാരകരും രംഗത്തിറങ്ങി. ഇന്ത്യയിൽ മുസ്‌ലിം ഭരണം ക്ഷയിച്ചു തുടങ്ങുന്നത് കണ്ടപാടെ ഹ.ശാഹ്‌വലിയുല്ലാഹിദഹ്‌ലവി (റ) ഇക്കാര്യം പ്രത്യേകിച്ച് ഉണർത്തിയിരുന്നു. ഒരു വാചകം ശ്രദ്ധിക്കുക- ''അല്ലാഹുവിനെ കൂടാതെ പണ്ഡിതരെ ആരാധ്യരായി കാണുകയും യഹുദ-ക്രൈസ്തവരെ പോലെ ഔലിയാഇന്റെ ഖബ്‌റുകളെ സുജൂദ് സ്ഥാനങ്ങളാക്കുകയും ദീനിൽ തിരുമറി നടത്തുകയും ചെയ്യുന്ന മുസ്‌ലിം നാമധാരികളെ നമുക്ക് കാണാൻ കഴിയും കിതാബും സുന്നത്തുമായി യോജിക്കാത്ത കാര്യങ്ങൾ സൂഫികൾ പറഞ്ഞുകൊണ്ടിരിക്കുന്ന വിശിഷ്യാ തൗഹീദിന്റെ വിഷയത്തിൽ ശരീഅത്തിന് യാതൊരുവിലയും അവർ കൽപ്പിക്കുന്നില്ല. യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ ഫുഖഹാഅ് പറഞ്ഞുകൊണ്ടിരിക്കുന്നു....'' (തഫ്ഹീമാതുൽ ഇലാഹിയ്യ. ദാ: 2 പുറം 134) ശാഹ്‌സാഹിബിന് ശേഷം അന്തരീക്ഷം കൂടുതൽ മോശമായെങ്കിലും മഹാനവർകളുടെ പിൻഗാമികൾ ഈ വിഷയത്തിൽ അശ്രാന്തപരിശ്രമങ്ങൾ നടത്തി. എന്നാൽ ആ മഹാന്മാരെയും അവരുടെ സരണിയിലൂടെ സഞ്ചരിക്കുന്നവരെയും വഴിപിഴച്ചവരായി ചിത്രീകരിക്കുകയും കൂട്ടത്തിൽ ബിദ്അത്തുകൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രവണത 1957 ന് ശേഷം ശക്തി പ്രാപിച്ചു. ബരേലിയിലെ ഖുബൂരി ഖുറാഫികളായിരുന്നു ഇതിന്റെ പതാക വാഹകർ. അഹ്‌ലുസ്സുന്നത്ത്‌വൽജമാഅത്തിന്റെ മുഖംമൂടി ധരിച്ചുകൊണ്ട് ഒരു ഭാഗത്ത് ബിദ്അത്തുകൾ പ്രചവരിപ്പിക്കുകയും മറുഭാഗത്ത് സത്യവാഹകരായ പണ്ഡിതമഹത്തുക്കളെ വഴിപിഴച്ചവരായി ചിത്രീകരിക്കുകയും ചെയ്തു. അവരിലൂടെ ഉമ്മത്തിൽ വഴികേട് പടർന്നുകൊണ്ടിരുന്നു. അവർ പടച്ചുവിട്ട അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പ്രതിഫലനങ്ങൾ ഇന്നും അവശേഷിക്കുന്നുണ്ട്.
ഇന്ത്യൻ മുസ്‌ലിംകളുടെ വിഷയത്തിൽ ഇംഗ്ലീഷുകാർ ഏറ്റവും ഭയന്നത് മുസ്‌ലിംകളിലെ ജിഹാദീ വീര്യമാണ്. ഈ വീര്യത്തെ കെടുത്താൻ അവർ തിരഞ്ഞെടുത്ത വ്യക്തിയാണ് മിർസാഗുലാം അഹ്മദ് ഖാദിയാനീ. പിൽക്കാലത്ത് നബിയും മസീഹും മറ്റുമായി രംഗത്തിറങ്ങിയ മിർസഖാദിയാനിയുടെ പ്രധാന സേവനം ജിഹാദീ ആവേശം തണുപ്പിക്കലും ബ്രിട്ടീഷുകാരുടെ അപദാനങ്ങൾ ആലപിക്കലുമായിരുന്നു. ഇതിനിടയിൽ 'പുരോഗമന വാദികൾ' എന്ന പേരിൽ ഒരുകൂട്ടരും രംഗത്തിറങ്ങി. തങ്ങളുടെ 'വലിയ ബുദ്ധികൾ'ക്ക് ദഹിക്കാത്ത ദീനീ അദ്ധ്യാപനങ്ങളെയും സത്യങ്ങളെയും നിഷേധിക്കൽ പതിവാക്കിയ ഇക്കൂട്ടർ മുസ്‌ലിംകൾക്കുള്ളിൽ സംശയത്തിന്റെയും നിഷേധത്തിന്റെയും വിഷവിത്തുകൾ പാകിക്കൊണ്ടിരുന്നു. ചുരുക്കത്തിൽ അത്യന്തം സങ്കീർണ്ണമായ പ്രശ്‌നങ്ങളുടെ സംഗമസ്ഥാനമായി ഇന്ത്യ മാറി. സത്യവാഹകരായ ഉലമാഅ് ഇതുകണ്ട് ചിന്താകുലരായി. ഇക്കൂട്ടത്തിൽപ്പെട്ട ഒരു മഹാനാണ് ശംസുൽഇസ്‌ലാം ഹസ്രത്ത് മൗലാനാ മുഹമ്മദ് ഖാസിം നാനൂത്ഥവി. ഇന്ത്യയിൽ സ്‌പെയിൻ ആവർത്തിക്കുമോ എന്ന് ഹസ്രത്തും കൂട്ടരും ഭയന്നു. അവർക്ക് ശക്തി പകരാൻ ഭരണകൂടമൊന്നും ഉണ്ടായിരുന്നില്ല. ചിലവഴിക്കാൻ പണച്ചാക്കുകളും അവരുടെ പക്കലില്ല. അവർ ജനങ്ങളെ ആകർഷിക്കത്തക്ക സ്ഥാനമാനങ്ങളുടെ വാഹകരുമല്ല. പട്ടിണിപ്പാവങ്ങളായ അവരുടെ മൂലധനം വിശുദ്ധദീനും ഉന്നത വിജ്ഞാനവും ഉറച്ചവിശ്വാസവും കലർപ്പറ്റ ഉദ്ദേശ ശുദ്ധിയുമായിരുന്നു. പ്രശ്‌ന സങ്കീർണമായ ഈ ഘട്ടത്തിൽ ഇസ്‌ലാമിന്റെ സംരക്ഷണത്തിനും മുസ്‌ലിംകളുടെ ശിക്ഷണത്തിനും ഒരു കേന്ദ്രം സ്ഥാപിക്കാൻ അവർ തീരുമാനിച്ചു. അതിന്റെ പരിണിത ഫലമാണ് മഹത്തായ ദാറുൽ ഉലൂം ദേവ്ബന്ദ്.
ദാറുൽഉലൂമിന്റെ സരള-ലളിതമായ ഉത്ഭവത്തെക്കുറിച്ച് മനസ്സിലാക്കിയ പലരും അത് ഒരു പാഠശാല മാത്രമാണെന്ന് ധരിച്ച് വശയായിട്ടുണ്ട്. എന്നാൽ അതിന്റെ സ്ഥാപകരുടെ ലക്ഷ്യങ്ങളും അവരുടെയും പിൻഗാമികളുടെയും പ്രവർത്തനങ്ങളും പരിശോധിച്ചാൽ ഒരു കാര്യം മനസ്സിലാകും; ദാറുൽ ഉലൂം യാദൃശ്ചികമായി പൊട്ടിമുളച്ച ഒരു മദ്‌റസയല്ല. നിരവധി ലക്ഷ്യങ്ങൾക്കായി പൊരുതിയ മുൻഗാമികളായ മഹാന്മാരുടെ തജ്ദീദീ-ജിഹാദി പരിശ്രമങ്ങളുടെ ഒരു കണ്ണിയാണത്. വിശിഷ്യ ശാഹ് വലിയുല്ലാഹി ദഹ്‌ലവി, സയ്യിദ് അഹ്മദ് ശഹീദ് മുതലായ മഹാന്മാരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നടത്തപ്പെട്ട ശാംലി ജിഹാദിന്റെ തുടർച്ചയാണ് ദാറുൽഉലൂം. തുടർന്നുള്ള മുന്നേറ്റങ്ങൾക്കു മുന്നിൽ തഅ്ലീമി (അദ്ധ്യാപന) പുതപ്പ് പുതച്ചിരുന്നുവെന്നുമാത്രം. ഇവിടെ ഈ വിഷയത്തിൽ ചില ഉദ്ധരണികൾ മാത്രം കാണുക:
ദാറുൽഉലൂം സംസ്ഥാപനത്തിന് ശേഷം ദാറുൽഉലൂമിന്റെ ഒരു അനുഭാവി ഹജ്ജിന് മക്കയിലെത്തി ഹ.ഹാജി ഇംദാദുല്ലാ സാഹിബിനെ കണ്ടു. അദ്ദേഹം പറഞ്ഞു: ഹസ്രത്ത്, ദേവ്‌ബന്ദിൽ ഞങ്ങൾ ഒരു മദ്‌റസ സ്ഥാപിച്ചിട്ടുണ്ട്. അതിനുവേണ്ടി ദുആ ഇരന്നാലും. ഉടനെ ഹ.ഹാജി പ്രതിവചിച്ചു: സുബ്ഹാനല്ലാഹ്! ഞങ്ങൾ മദ്‌റസ സ്ഥാപിച്ചുവെന്നു നിങ്ങൾ പറയുകയാണോ? ''അല്ലാഹുവേ, ഇന്ത്യയിൽ ഇസ്‌ലാമിന്റെ നിലനിൽപിനും ഇൽമിന്റെ സംരക്ഷണത്തിനും ഒരു വഴി തുറക്കണേ!'' എന്ന് തഹജ്ജുദ് സമയത്ത് നെറ്റികൾ ഭൂമിയിൽ അമർത്തി നിരവധിയാളുകൾ താണുകേണിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ? പ്രസ്തുത പുലർക്കാല ദുആകളുടെ പരിണിത ഫലമാണ് ഈ മദ്‌റസ.''
ഹ.ശൈഘുൽ ഹിന്ദിന്റെ കാലത്ത്, ദാറുൽഉലൂമിൽ ദീനീ വിദ്യാഭ്യാസം മാത്രം നടന്നാൽ മതി എന്നൊരു അഭിപ്രായം ചിലരിൽ നിന്നും ഉയർന്നു. ദാറുൽഉലൂമിന്റെ വീരസന്തതി ഇതിനെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്.:
''വന്ദ്യ ഉസ്താദ് (ഹ.നാനൂത്തവി) ദർസ്-തദ്‌രീസുകൾക്കു മാത്രമായിട്ടാണോ ഈ മദ്‌റസ സ്ഥാപിച്ചത്? എന്റെ മുന്നിലാണ് മദ്‌റസ സ്ഥാപിക്കപ്പെട്ടത്. ക്രി.1857 ലെ പരാജയത്തിന് പരിഹാരം കാണാൻ വേണ്ടിയാണ് ഈ മദ്‌റസ സ്ഥാപിക്കപ്പെട്ടത് എന്നാണ് എന്റെ അറിവ്. ദർസ്-തദ്‌രീസുകൾ മാത്രം ലക്ഷ്യമായി കാണുന്നവരുടെ വഴിയിൽ ഞാൻ തടസ്സം നിൽക്കുന്നില്ല. എന്നാൽ ദാറുൽഉലൂം സ്ഥാപിക്കുമ്പോൾ ഉസ്താദവർകൾ കണ്ട ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് നീങ്ങാനാണ് എന്റെ തീരുമാനം.''
ഹകീമുൽ ഇസ്‌ലാം മൗലാനാ ഖാരീമുഹമ്മദ് ത്വയ്യിബ് സാഹിബ് (റ) കുറിക്കുന്നു: ദാറുൽ ഉലൂമിന്റെ സംസ്ഥാപനത്തിന് മുന്നിൽ അദ്ധ്യാപനത്തിന്റെ മറയാണുണ്ടായിരുന്നതെങ്കിലും ഇലാഹീ വാക്യത്തിന്റെ ഉയർച്ചയും മുസൽമാന്റെ അന്തസ്സുവളർത്തലും ആഗോളതലത്തിൽ സത്യത്തെ സേവിക്കലുമായിരുന്നു സ്ഥാപകന്റെ ഉള്ളിൽ നിറഞ്ഞു നിന്നിരുന്ന ലക്ഷ്യങ്ങൾ. ഹസ്രത്ത് ഈ ലക്ഷ്യത്തിനായി ജീവിതാന്ത്യംവരെ അക്ഷീണം യത്‌നിക്കുകയുണ്ടായി. ശൈഘുൽ ഹിന്ദിനെപ്പോലുള്ള ഉത്തമശിഷ്യരും ഈ വഴിയിൽ തന്നെ നീങ്ങി. അങ്ങനെതന്നെ നീങ്ങിക്കൊണ്ടിരുന്നു.'' (മുഖദ്ദിമതാരീഘ്ദാറുൽഉലൂം). മഹാനായ സ്ഥാപകൻ തന്റെ നാനോന്മുഖ ലക്ഷ്യങ്ങൾ നടപ്പിൽ വരുത്തിയതിന്റെ ചില തെളിവുകൾ മൗലാനാ ത്വയ്യിബ് (റ) ഉദ്ധരിക്കുന്നു. (1) ഹസ്രത്തവർകൾ ദാറുൽഉലൂമിൽ ദർസ്-തദ്‌രീസുകൾ നടത്തുകയും ഇത്തരം മദ്‌റസകൾ സ്ഥാപിക്കാൻ ഇതര നാട്ടുകാരെ പ്രേരിപ്പിക്കുകയും ചെയ്തു. (2) ദാറുൽഉലൂമിന്റെ ഉത്ഭവസ്ഥാനമായ ഛത്തമസ്ജിദിൽ തസ്‌കിയത്ത് (ആത്മസംസ്‌കരണ) സദസ്സുകൾ സംഘടിപ്പിച്ചിരുന്നു. (3) ദാറുൽഉലൂമിൽ ഒരു ഇസ്‌ലാമിക കോടതി സ്ഥാപിക്കുകയും അതിലൂടെ മുസ്‌ലിം വ്യക്തിനിയമം സംരക്ഷിക്കുകയും അവ നടപ്പിൽവരുത്തുകയും ചെയ്തുകൊണ്ടിരുന്നു. (4) ദാറുൽഉലൂമിന്റെ വളപ്പിനുള്ളിൽ കായികപരിശീലനം ആരംഭിക്കുകയും ദാറുൽഉലൂം ബിരുദധാരികളിൽ യോദ്ധാക്കളുടെ അഭിരുചിയും അർപ്പണമനോഭാവവും വളർത്തിയെടുക്കുകയും ചെയ്തു. (5) ഇസ്‌ലാമിനെതിരിൽ ശത്രുക്കൾ തൊടുത്തുവിടുന്ന സംശയവിമർശനങ്ങൾക്ക് മറുപടി നൽകുന്നതിൽ ഹസ്രത്ത് ജാഗരൂകനായി. ഇതിനായി യാത്രകൾ നടത്തുകയും ശിഷ്യരെ തയ്യാറാക്കുകയും ചെയ്തു (6) മുസ്‌ലിംകളിൽ ശരിയായ വിശ്വാസങ്ങൾ ഉറപ്പിക്കാനും അനിസ്‌ലാമിക വിശ്വാസാചാരങ്ങൾ ഇല്ലാതാക്കാനും പരിശ്രമിച്ചു. (7) ഇസ്‌ലാമിന്റെ സന്ദേശം മുഴുവൻ മനുഷ്യരിലും പ്രചരിപ്പിക്കാൻ ആവശ്യമായ മാധ്യമങ്ങൾ കരസ്ഥമാക്കാനും വിശിഷ്യ ഇംഗ്ലീഷ് ഭാഷ പഠിക്കാനും ഹസ്രത്ത് പ്രേരിപ്പിച്ചു. (8) തൂലികാ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം കൽപ്പിച്ചു. (9) മുസ്‌ലിം ഘിലാഫത്തായ തുർക്കിയോട് സ്‌നേഹാദരവുകൾ പുലർത്തുകയും അവർക്ക് കഴിയുന്ന സേവനങ്ങൾ നടത്തുകയും ചെയ്തു. (10) ഉപരിസൂചിത നാനോന്മുഖ ലക്ഷ്യങ്ങളിൽ സുരക്ഷിതത്വവും ഉറപ്പും വരുത്തുന്നതിനായി സർക്കാർ വക സഹായങ്ങൾ സ്വീകരിക്കാതിരിക്കാൻ നിർദ്ദേശിച്ചു.'' (ഉലമായെ-ദേവ്ബന്ദ് -കാ- മസ്‌ലക്)
ഈ വിഷയത്തിൽ മഹാനവർകൾ എഴുതിയ എട്ടുനിയമങ്ങൾ അത്യന്തം ചിന്തനീയമാണ്. അതിന്റെ സംഗ്രഹം: 1. പിരിവ് അധികരിപ്പിക്കുക, 2. വിദ്യാർത്ഥികളെ വർദ്ധിപ്പിക്കുകയും ആഹാരസജ്ജീകരണങ്ങൾ കൂട്ടുകയും ചെയ്യുക. 3. മുശാവറ (കൂടിയാലോചന) യിലൂടെ മുന്നോട്ട് നീങ്ങുക. 4. അംഗങ്ങളുടെ വിശ്വാസവീക്ഷണങ്ങൾ ഒന്നായിരിക്കുക. 5. അദ്ധ്യായന ഭാഗം പൂർത്തീകരിക്കുക. 6. ഉറച്ച വരുമാന മാർഗ്ഗങ്ങൾ സ്വീകരിക്കാതിരിക്കുക. 7. ഗവൺമെന്റ് സഹായം സ്വീകരിക്കാതിരിക്കുക. 8. നിഷ്‌കളങ്കരുടെ സംഭാവന ഐശ്വര്യമാണെന്നു കരുതുക.'' ഖിലാഫത്ത് പ്രക്ഷോഭത്തിനിടയിൽ ദാറുൽഉലൂമിൽ എത്തിച്ചേർന്ന മൗലനാ മുഹമ്മദ് അലിജൗഹർമർഹൂം, ഹസ്രത്തിന്റെ കൈപ്പടയിലുള്ള ഉപരിസൂചിത വാക്യങ്ങൾ കണ്ടപ്പോൾ കണ്ണുനീർ പൊഴിച്ചുകൊണ്ട് പറഞ്ഞു: ''ബുദ്ധിയുമായി യാതൊരു ബന്ധവുമില്ലാത്ത ഈ തത്വങ്ങൾ ഇൽഹാമീ (അല്ലാഹു മനസ്സിൽ ഉദിപ്പിച്ചത്) മാത്രമാണ്. നിരവധി ഇടിയും തള്ളുംകൊണ്ടതിനു ശേഷം നാം ഇന്നെത്തിച്ചേർന്നിട്ടുള്ള നിഗമനങ്ങളിൽ നൂറുവർഷം മുമ്പുതന്നെ ഹസ്രത്ത് എത്തിച്ചേർന്നിരുന്നു.''
ചുരുക്കത്തിൽ ''ദാറുൽഉലൂം ഒരു പാഠശാല മാത്രമല്ല. അങ്ങനെ അതിനെ കാണുന്നവർ യാഥാർത്ഥ്യം ഗ്രഹിച്ചിട്ടില്ല. അതൊരു പ്രവർത്തന മണ്ഡലവും പ്രബോധന മേഖലയുമാണ്. ഭൂതകാലത്തിന്റെ മാത്രമല്ല,ആധുനിക യുഗത്തിന്റെയും കുഴഞ്ഞുമറിഞ്ഞ പ്രശ്‌നങ്ങൾക്ക് അതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ ഒരു പരിഹാരമാർഗ്ഗം തന്നെ.'' (ഉലമായെദേവബന്ദ്-കാ-മസ്‌ലക്)
പശ്ചാത്തല വിവരണം അല്പം നീണ്ടുപോയി. എങ്കിലും ആവശ്യം ആവശ്യമായ ചില കാര്യങ്ങളാണവ. കാരണം ഉപരിസൂചിത കാര്യങ്ങൾ മുന്നിൽവെച്ചുകൊണ്ട് മുൻഗാമികൾ നീങ്ങിയപ്പോൾ അതിന്റെ മഹത്തായ പരിണിത ഫലങ്ങൾ കഴിഞ്ഞ കാലങ്ങളിൽ പ്രകടമായി. ഇന്നും ആ ആവശ്യങ്ങൾ ശേഷിക്കുന്നുണ്ട്. ഉപരിസൂചിത കാര്യങ്ങളിൽ ചിന്ത ചെലുത്താനും മുൻഗാമികളുടെ ഉത്തമ മാതൃക അനുധാവനും ചെയ്യാനും ഇൽമിന്റെ അഹ്‌ലുകാർക്ക് വിശിഷ്യ ദാറുൽഉലൂമുമായി ബന്ധപ്പെട്ടവർക്ക് അല്ലാഹുതൗഫീഖ് പ്രദാനം ചെയ്യട്ടെ! ആമീൻ. ഇനി ദാറുൽഉലൂമിന്റെ തുടക്കത്തെയും ഹസ്രത്തിന്റെ കാലത്ത് അത് നടത്തിയ മുന്നേറ്റങ്ങളെയും കുറിച്ച് മനസ്സിലാക്കുക.
തുടക്കം
ക്രി.1857 ലെ സംഭവത്തിനു ശേഷം ഹസ്രത്ത് നാനൂത്ഥവി ഇടയ്ക്കിടെ ദേവ്ബന്ദിൽ വന്നിരുന്നു. ദേവ്ബന്ദ് പട്ടണത്തിന്റെ പടിഞ്ഞാറുഭാഗത്ത്, ഇന്നത്തെ ദാറുൽഉലൂമിന്റെ തെക്കുകിഴക്കുമൂലയിൽ ഛത്തമസ്ജിദ് എന്നൊരു പള്ളിയുണ്ട്. പൗരാണിക മുസ്‌ലിംകളുടെ ലാളിത്യവും മനോഹാരിതയും നിറഞ്ഞുനിൽക്കുന്ന ഈ പള്ളിയായിരുന്നു ദേവ്ബന്ദ് താമസക്കാലത്ത് ഹസ്രത്തിന്റെ കേന്ദ്രം. അന്ന് ദേവ്ബന്ദിലുണ്ടായിരുന്ന ചില മഹാന്മാരാണ് മൗലാനാ ദിൽഫിഖാർ അലിയും മൗലാനാ ഫള്‌ലുർ റഹ്മാനും ഹാജി മുഹമ്മദ് ആബിദ്‌സാഹിബും. ഹസ്രത്ത് നാനൂത്ഥവിമായി ഹൃദയംഗമായി ഇവർ വളരെയടുത്തു. കൂടാതെ മൗലാനാ റശീദ് അഹ്മദ് ഗൻഗോഹി, മൗലാനാ മുഹമ്മദ് യഅ്ഖൂബ് നാനൂത്തവി, മൗലാനാ റഫീഉദ്ദീൻ ദേവ്ബന്ദി എന്നീ മഹാന്മാരുമായി ഹസ്രത്ത് മുമ്പുതന്നെ ആത്മബന്ധം പുലർത്തിയിരുന്നു. നിരന്തരമായ കൂടിയാലോചനകള്ക്കു ശേഷം ദേവ്ബന്ദിൽ ഒരു മദ്‌റസ തുടങ്ങാൻ ഇവർ തീരുമാനിച്ചു.
ഹി.1283 ക്രി.1866 ഇന്ത്യൻ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഐശ്വര്യവത്തായ ഒരു വർഷമാണ്. ഈ വർഷത്തിലാണ് ഇന്ത്യൻ മുസ്‌ലിംകളുടെ ആശാകേന്ദ്രമായ ദാറുൽഉലൂം ഉത്തരേന്ത്യയിലെ ഒരു പുരാതന നാടായ ദേവ്ബന്ദിൽ ഉദയം ചെയ്തത്. കുറെ വർഷങ്ങൾക്ക് മുൻപ് ഈ വഴി കടന്നുപോയ മുജാഹിദീൻ സംഘത്തിന്റെ നായകൻ ഹസ്രത്ത് സയ്യിദ് അഹ്മദ് ശഹീദ് ഈ നാട്ടിലെത്തിയപ്പോൾ ഇങ്ങനെ പറഞ്ഞുവത്രെ; ''ഇവിടെ നിന്നും ഇൽമിന്റെ മണം അടിക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നു.''
ബ്രിട്ടീഷ് ഭരണത്തിന് മുൻപ് മദ്‌റസകളുടെ നടത്തിപ്പിന്റെ മേൽനോട്ടം വഹിച്ചിരുന്നത് ഭരണകൂടമാണ്. ബ്രിട്ടീഷുകാർ വന്നതോടെ ആ രീതി ഇല്ലാതായി. കൂടാതെ, വഖ്ഫ് സ്വത്തുക്കളും അവർ കണ്ടുകെട്ടി. ഇത്തരുണത്തിൽ മദ്‌റസാ നടത്തിപ്പിന് ഹസ്രത്തിന്റെ മനസ്സിൽ അല്ലാഹു ഉദിപ്പിച്ച ഒരു പോംവഴിയാണ് പിരിവ് നടത്തി സാധാരണക്കാരിൽ നിന്നും സംഭാവന സ്വരൂപിക്കുക എന്നത്. പിരിവിനെ കുറിച്ച് നിയമാവലിയിലുള്ള ഒരു വാചകം ഇതാണ്- ''സംഭാവനയ്ക്ക് യാതൊരു അളവുമില്ല. മത വിഭാഗങ്ങളുടെ പ്രത്യേകതയുമില്ല.''
അങ്ങനെ ഹിജ്‌രി 1283 മുഹർറം 15 (ക്രി. 1866 മേയ് 30) ബുധനാഴ്ച ഛത്താമസ്ജിദിലെ തുറന്ന പൂമുറ്റത്ത് ഒരു ചെറിയ മാതളവൃക്ഷത്തിന്റെ തണലിൽ യാതൊരുവിധ പരിപാടികളോ കോലാഹലങ്ങളോ ഇല്ലാതെ അത്യന്തം ലളിതമായ നിലയിൽ ഒരു മദ്‌റസ സമാരംഭിച്ചു. ഉന്നത പണ്ഡിതനും മഹാനുമായ മൗലാനാ മുല്ലാ മഹ്മൂദ് (റ) ആയിരുന്നു പ്രഥമ മുദർരിസ്. പിൽക്കാലത്ത് ശൈഖുൽ ഹിന്ദ് എന്ന പേരിൽ ലോകം ആദരിച്ച മൗലാനാ മഹ്മുദുൽ ഹസൻ (റ) ആയിരുന്നു ഒരു മുതഅല്ലിം.
മദ്‌റസയുടെ പ്രഥമ ദിനങ്ങൾ അത്യന്തം ദുരിതപൂർണമായിരുന്നു. പഠനമുറിയോ താമസ സൗകര്യമോ ഒന്നുമില്ല. എന്നാൽ ഈ അവസ്ഥയോടുകൂടി തന്നെ മദ്‌റസ മുന്നേറ്റം തുടങ്ങി. വാർഷിക റിപ്പോർട്ടിലെ ചില വരികൾ ''അൽഹംദുലില്ല, ഹി. 1283 സസന്തോഷം കഴിഞ്ഞുകടന്നു. പക്ഷെ, സഹാരൻപൂർ ജില്ലയിൽ നിന്നുമാത്രമല്ല, പഞ്ചാബ്, കാബൂൾ, ബനാറസ് എന്നിവിടങ്ങളിൽ നിന്നുപോലും മുതഅല്ലിംകളെത്തി. ആഹാര-താമസങ്ങളെല്ലാം സംതൃപ്തമായിരുന്നു. തുടക്കത്തിൽ 21 പേരുണ്ടായിരുന്ന മുതഅല്ലിംകൾ ഇപ്പോൾ 79 പേരായിരിക്കുന്നു. മൗലവി മുഹമ്മദ് യഅ്ഖൂബ് നാനൂത്തവി അടക്കം മുദർരിസുമാർ ഇപ്പോൾ ആറ് പേരായി. ശഅ്ബാൻ മാസം മൗലവി മഹ്താബ്അലി, മൗലവി ദുൽഫിഖാർ അലി എന്നിവരോടൊപ്പം ബഹു.മൗലവി മുഹമ്മദ് ഖാസിം അത്യധികം ശ്രദ്ധാപൂർവ്വം പരീക്ഷ നടത്തി. 27 രൂപ വിലയുള്ള കിതാബുകൾ അവരുടെ ഭാഗത്തു നിന്നും സമ്മാനമായി ഉന്നതവിജയികൾക്ക് നൽകപ്പെടുകയും ചെയ്തു.''
തുടക്കം മുതൽക്കേ ശൂറാ മജ്‌ലിസായിരുന്നു മദ്‌റസാ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. അവരുടെ പേരുകൾ : ഹാജി ആബിദ് ഹുസൈൻ, മൗലാനാ മുഹമ്മദ് ഖാസി, മൗലാനാ മഹ്താബ് അലി, മൗലാനാ ദുൽഫിഖാർ അലി, മൗലാനാ ഫള്‌ലുർറഹ്മാൻ, മുൻശിഫള്‌ലുൽ ഹഖ്, ശൈഘ് നിഹാൽ അഹ്മദ്, മൗലാനാ മുഹമ്മദ് യഅഖൂബ് നാനൂത്ഥവി സദ്‌റുൽ മുദർരിസിനായും വരവ് ചിലവുകളുടെ മറ്റു നിയന്ത്രണത്തിന് ഹാജി ആബിദ് ഹുസൈനും ഓഫീസ് ജോലികൾക്ക് ഹാജി ഫള്‌ല് ഹഖും നിയമിതനായി.
ഹി. 1284-ൽ മുതഅല്ലിംകളുടെ എണ്ണം 120 ആയി ഉയർന്നു. എന്നാൽ രണ്ട് സംഭവങ്ങൾ ഈ വർഷം നടന്നു. ഒന്ന് ദേവ്ബന്ദിലെ പകർച്ചവ്യാധി. ഇതുകാരണം രണ്ടുമാസം അവധിയായിരുന്നുവെങ്കിലും ഉസ്താദുമാരും മുതഅല്ലിംകളും പരിശ്രമിച്ച് നിർണ്ണിത പാഠ്യപദ്ധതി പൂർത്തിയാക്കി. ഹാജി ആബിദ് സാഹിബിന്റെ ഹജ്ജ് യാത്രയായിരുന്നു മറ്റൊന്ന്. അദ്ദേഹത്തിന്റെ സ്ഥാനം വഹിക്കാൻ തീർത്തും യോഗ്യനായ മൗലാനാ റഫീഉദ്ദീനിനെ മദ്‌റസക്ക് ലഭിച്ചത് ആശ്വാസം നൽകി. ഈ വർഷം ഖുർആൻ പാരായണത്തിനും ഫാരിസി പഠനത്തിനും പ്രത്യേകം ക്ലാസ്സുകൾ നിലവിൽ വന്നു. അതിനായി രണ്ട് പുതിയ ഉസ്താദുമാരും നിയമിക്കപ്പെട്ടു. തുടക്കം മുതൽക്കേ മുതഅല്ലിമുകൾക്ക് പഠിക്കാനുള്ള കിതാബുകൾ ദാറുൽഉലൂമിൽ നിന്നും നൽകപ്പെടാറുണ്ടായിരുന്നു. പക്ഷെ, പ്രഥമവർഷം സാമ്പത്തിക ഞെരുക്കം കാരണം പരിസരപ്രദേശത്തുള്ള ആലിമുകളിൽ നിന്നും കിതാബുകൾ ഇരവിന് വാങ്ങിയാണ് മുതഅല്ലിംകൾക്ക് നൽകിയത്. ഈ വർഷം അത് പരിഹൃതമായി. ഇരവുവാങ്ങിയ കിതാബുകൾ ഉടമസ്ഥർക്ക് തീരികെ നൽകപ്പെട്ടു. തദ്‌രീസീ സേവനത്തിന് പ്രാപ്തരായ മുതഅലിംകൾ ദാറുൽ ഉലുമിൽ സജ്ജരായി എന്നതാണ് ഈ വർഷത്തെ മറ്റൊരു പ്രത്യേകത. ആയിടെ ദേവ്ബന്ദിനടുത്ത് സഹാറൻപൂരിൽ ഒരു സ്ഥാപനംകൂടി നിലവിൽ വന്നിരുന്നു. മളാഹിറുൽ ഉലൂം (റ) ദാറുൽഉലൂമിലെ ഈ വർഷത്തെ വിദ്യാർത്ഥി മൗലവി മീർബാസ്ഘാൻ അവിടത്തെ രണ്ടാം മുദർരിസായി അയയ്ക്കപ്പെട്ടു.
ഹി.1285, തുടക്കത്തിൽ ഹ.മൗലാനാ റശീദ് അഹ്മദ് ഗൻഗോഹി ദാറുൽഉലൂം നരീക്ഷണത്തിനെത്തി. മഹാനവർകളുടെ വാക്കുകൾ : ''ഇന്ന്, 1285 സ്വഫർ 30 ന് വിനീതൻ ഈ മദ്‌റസയിലെത്തി. വിവിധ സംഘങ്ങളായി മുതഅല്ലിംകളെ പരിശോധിച്ചു. മദ്‌റസാ ഭാരവാഹികളുടെയും മുദർരിസുമാരുടെയും ത്യാഗവും വിദ്യാർത്ഥികളുടെ പരിശ്രമവും അഭിനന്ദനാർഹമാണ്. ഇതേപരിശ്രമം തുടർന്നാൽ അല്പകാലശേഷം ദീനീഇൽമുകൾ പ്രചരിപ്പിക്കാൻ പ്രാപ്തരായി ഇവർ മാറുമെന്നാണ് വിശ്വാസം.'' ഈ വർഷാവസാനം സമ്മാനദാന ചടങ്ങ് സംഘടിപ്പിക്കപ്പെട്ടു. ഹ.നാനൂത്ഥവിയാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്.
1286-ൽ വിവിധ രോഗങ്ങൾക്കും കടുത്ത ക്ഷാമത്തിനും മദ്‌റസാംഗങ്ങൾ ഇരയായി. എന്നാൽ കടുത്ത ശ്രമത്തിലൂടെ വർഷാവസാനം പാഠ്യപദ്ധതി പൂർത്തിയാക്കി. മുഹ്തമിമായിരുന്ന മൗലാനാ റഫീഉദ്ദീൻ ഈ വർഷം ഹജ്ജിന് പോയി. ഹാജി ആബിദ് രണ്ടാമതും മുഹ്തമിയായി.
1287 ലും കഴിഞ്ഞ വർഷത്തെ രോഗങ്ങളുടെ അവസ്ഥ നിലനിന്നിരുന്നു. അതുകാരണം ഇത്തവണ വാർഷിക പരീക്ഷ നടത്താനായില്ല. റമളാനിന് ശേഷം പുതിയ പ്രവേശനത്തിനുപകരം കഴിഞ്ഞ വർഷം ബാക്കിയായ പാഠ്യഭാഗങ്ങൾ അത്യദ്ധ്വാനത്തിലൂടെ പൂർത്തിയാക്കി. ദുൽഹജ്ജിന് വാർഷിക പരീക്ഷ നടന്നു
1288-ൽ വിദ്യാർത്ഥികൾ വീണ്ടും അധികരിച്ചു. ഛത്താമസ്ജിദിലെ സൗകര്യക്കുറവ് പരിഗണിച്ച് അടുത്തുള്ള അല്പം വലുതായ ഖാളീമസ്ജിദിലേക്ക് വിദ്യാർത്ഥികളെ മാറ്റി. അതും തികയാതെ വന്നപ്പോൾ അതിനടുത്തുള്ള ഒരു വീട് വാടകയ്ക്ക് വാങ്ങി. അന്ന് ദേവ്ബന്ദിലെ ജാമിഅ്മസ്ജിന്റെ നിർമ്മാണം നടന്നിരുന്നു. അതിനുചുറ്റും മുറികൾ നിർമ്മിക്കാൻ തീരുമാനമായി. മസ്ജിദ് പൂർത്തിയായപ്പോൾ ദാറുൽഉലൂം അവിടേയ്ക്ക് മാറ്റപ്പെട്ടു. ജാമിഅ് മസ്ജിദിന്റെ നിർമ്മാണമേൽനോട്ടവും ഹാജി ആബിദായിരുന്നു. ഇത്തരുണത്തിൽ ദാറുൽഉലൂമിന്റെ ഇഹ്തിമാമും അതും ഭാരമായി തീർന്നു. അങ്ങനെ ആയിടെ ഹജ്ജിൽ നിന്നും മടങ്ങിയെത്തിയ മൗലാനാ റഫീഉദ്ദീൻ വീണ്ടും മുഹ്തമിമായി. ദാറുൽഉലൂം സംസ്ഥാപനത്തിന് ശേഷമുള്ള പ്രഥമ സനദ് ദാനം നടന്നത് ഈ വർഷമാണ്. അന്ന് സനദ് നൽകപ്പെട്ട ചിലർ മൗലാനാ അഹ്മദ് ഹസൻ അംറൂഹി, മൗലാനാ ഘലീൽ അഹ്മദ് സഹാറൻപൂരി, മൗലാനാ ഫഘ്‌റുൽഹസൻ ഗൻഗോഹി, മൗലാനാ ഫത്ഹ് മുഹമ്മദ് ത്ഥാനവീ, ദാറുൽഉലൂമിന്റെ ഇൽമുൽ ഹദീസിന്റെ മഹത്വത്തെക്കുറിച്ചറിഞ്ഞ അഞ്ച് ആലിംകളും ഈ വർഷം ദാറുൽഉലൂമിൽ ഹദീസ് പഠനത്തിനെത്തിയിരുന്നു. ഈ വർഷം നിരവധി കിതാബുകൾ ദാറുൽഉലൂമിന് സൗജന്യമായി ലഭിച്ചു. ഹൈന്ദവരായ ചില പ്രസ് ഉടമകളും സൗജന്യമായി നൽകിയവരിൽപ്പെടും എന്നതാണ് ഇത്തവണത്തെ ഒരു പ്രത്യേകത. മദ്‌റസാ റിപ്പോർട്ടിൽ ഇക്കാര്യം പ്രത്യേകം അനുസ്മരിക്കുകയും അവർക്ക് നന്ദിരേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ''ജനാബ് കിഷോർ സാഹിബിന് ഈ മദ്‌റസയിലെ ശൂറാംഗങ്ങൾ അത്യധികം നന്ദി രേഖപ്പെടുത്തുന്നു. അദ്ദേഹം പഴയതുപോലെ നിരവധി അവശ്യഗ്രന്ഥങ്ങൾ മദ്‌റസയ്ക്ക് സംഭാവന ചെയ്തു. തന്റെ പ്രസ്സിൽ വളരെ നല്ല നിലയിൽ അദ്ദേഹം അച്ചടിച്ച ഖാമൂസിന്റെ പ്രതി ഇതിൽ പ്രത്യേകം സമരണീയമാണ്.''
തുടർന്നുള്ള കാലങ്ങളിലും ഇവരുടെ ഈ സംഭാവന തുടർന്നു. അവർ നൽകിയ ഗ്രന്ഥങ്ങളുടെ വിവരണം മാത്രമല്ല, ഹൃദയംഗമായ കൃതജ്ഞതയും റിപ്പോർട്ടിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1294 ലെ റിപ്പോർട്ടിലെ വാചകങ്ങൾ : ''ലഖ്‌നൗവിൽ നിന്നും ഇറങ്ങുന്ന ഔദ് അഘ്ബാറിന്റെ ഉടമ ജനാബ് കിഷോറും ബുടാനയിൽ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന സഫീർ പത്രത്തിന്റെ ഉടമ റാവുസിംഗ് സാഹിബും പ്രത്യേകം കൃതജ്ഞത അർഹിക്കുന്നു. ഹൈന്ദവരായിരുന്നിട്ടും രണ്ടുപേരും തങ്ങളുടെ വിലപ്പെട്ട പത്രങ്ങൾ ഈ മദ്‌റസയിലെ ശൂറാംഗങ്ങൾ, ഹൃദയംഗമായി അവർക്ക് നന്ദിരേഖപ്പെടുത്തുകയും അല്ലാഹു അവരുടെ പത്രങ്ങൾക്കും സ്ഥാപനങ്ങൾക്കും പുരോഗതി പ്രദാനം ചെയ്യുകയും സ്വാതന്ത്ര്യവും ശക്തിയും നിലനിറുത്തുകയും ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.'' ഹാ! ഒരു കാലത്ത് മുസ്‌ലിം ഹിന്ദു ബന്ധത്തിന്റെ സ്ഥിതിയാണ് മേൽ വിവരിച്ചത്. ''സംഭാവനയ്ക്ക് യാതൊരു അളവും നിശ്ചയിക്കപ്പെട്ടിട്ടില്ല. സംഭാവന നൽകുന്നതിൽ ഒരു മതത്തിനും വിഭാഗത്തിനും പ്രത്യേകതയില്ല'' എന്ന സ്ഥാപകന്റെ വാചകത്തിന്റെ ആഴവും അതു നൽകുന്ന അമുസ്‌ലിംകൾക്കുള്ള ഹൃദയംഗമായ നന്ദിയും പ്രാർത്ഥനയും ഒരു ഭാഗത്ത്. സ്‌നേഹാദരങ്ങളോടെ, ഒരു മുസ്‌ലിം സ്ഥാപനത്തിന് സംഭാവനകൾ നൽകുന്ന അമുസ്‌ലിം സഹോദരങ്ങളുടെ നീണ്ട നിര മറുഭാഗത്ത്. ഖാസിമീ യുഗത്തിലെ ദാറുൽഉലൂമിന്റെ റിപ്പോർട്ട് എടുത്ത് നോക്കൂ. മുസ്‌ലിംകളുടെ പേരുകളോടൊപ്പം നിരവധി അമുസ്‌ലിംകളുടെ പേരുകളും സംഭാവന നൽകിയവരുടെ പട്ടികയിൽ കാണാം. തുളസി റാം, റാംസഹായ്, ഹദിത്വാരിലാൽ, ബേജ്‌നാത്, പണ്ഡിറ്റ് ശ്രീരാം, മോതിലാൽ, രാംലാൽ മുതലായവ അവയിൽ ചിലതാണ്. ഇവ കാണുന്ന ഈ സാധു ചിന്തിച്ചു പോകുന്നു: ഇന്ന് അവസ്ഥ എന്താണ്? ഇന്നലെ എന്തായിരുന്നു? സ്‌നേഹ സൗഹൃദ-സാഹോദര്യത്തിന്റെ മന്ദമാരുതൻ പകയുടെയും വിദ്വേഷത്തിന്റെയും തീക്കാറ്റായിമാറിയിരിക്കുന്നു. ചിന്തിക്കാനും തെറ്റുകൾ തിരുത്താനും അല്ലാഹു നമുക്ക് തൗഫീഖരുളട്ടെ!
1290 ൽ അഞ്ച് യുവപണ്ഡിതർക്ക് സനദ് നൽകപ്പെട്ടു. അക്കൂട്ടത്തിൽ ഒരാളാണ് ശൈഘുൽ ഹിന്ദ്. 1290 ദുൽഖഅദ് 19 ജുമുആ ദിവസം ജാമിഅ് മസ്ജിദിൽ വെച്ച് നടത്തപ്പെട്ട സമ്മേളനത്തിലായിരുന്നു സനദ് ദാനം. വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി മഹത്തുക്കളും പൊതുജനങ്ങളും ഇതിൽ പങ്കെടുക്കുകയുണ്ടായി. ജുമുഅ നമസ്‌കാരാനന്തരം ഹ.നാനൂത്തവി സമുജ്ജ്വലമായ ഒരു പ്രഭാഷണം നടത്തി. അതിൽ ദാറുൽഉലൂമിന്റെ സിലബസിനെ സംബന്ധിച്ച് പറഞ്ഞിട്ടുള്ള ഭാഗങ്ങൾ മാത്രം ഇവിടെ ഉദ്ധരിക്കുന്നു. ഇവിടെ ഒരുകാര്യം ആമുഖമായി മനസ്സിലാക്കുക: ആധുനിക വിജ്ഞാനങ്ങളും ലോകഭാഷകളും പഠിക്കുന്നതിന് ഉലമാഅ്-വിശിഷ്യ ദേവ്ബന്ദീ ഉലമാഅ് എതിരാണ് എന്നൊരു പ്രചാരണം ഇന്ന് പരക്കെ നടക്കുന്നുണ്ട്. കുറഞ്ഞപക്ഷം ഹ.നാനൂത്തവിയെ സംബന്ധിച്ചിടത്തോളം പ്രസ്തുത പ്രചാരണം കള്ളമാണ്. എന്നാൽ അവ എങ്ങനെയാണ് പഠിപ്പിക്കേണ്ടത് എന്നതിൽ അവർക്ക് ഒരു പ്രത്യേക കാഴ്ചപ്പാടുണ്ട്. അഥവാ, ദീനീ അറിവുകളുമായി അവയെ കൂട്ടിക്കുഴയ്ക്കരുത്. ദീനീ വിജ്ഞാനങ്ങളിൽ സമ്പൂർണ്ണ അവഗാഹം നേടിയ ശേഷം അവ പഠിക്കുക. ഇതാണ് നാനൂത്ഥവിയുടെ വീക്ഷണം. ഈ വിഷയത്തിൽ മറ്റ് രണ്ട് വീക്ഷണങ്ങൾ കൂടി ഇന്ത്യൻ മുസ്‌ലിംകളിൽ കാണാൻ കഴിയും. ഒന്ന്: ആധുനിക വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഇസ്‌ലാമിക വിദ്യാഭ്യാസത്തിലേക്ക് തിരിയൽ. രണ്ട് : രണ്ടുംകൂടി സമനവ്യിപ്പിക്കൽ. ഒന്നാം വീക്ഷണം അലിഗർ മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ കാഴ്ചപ്പാടാണ്. രണ്ടാമത്തേത് ലഖ്‌നൗ നദ്‌വതുൽ ഉലമയുടെയും. അനുഭവങ്ങളുടെ വെളിച്ചത്തിൽ, ഈ വിഷയത്തിൽ ഏറ്റം ഉത്തമമായ വീക്ഷണം ഹ.നാനൂത്ഥവിയുടേതാണ്. ഇനി വാക്കുകൾ ശ്രദ്ധിക്കുക. (ബ്രായ്ക്കറ്റിൽ കൊടുക്കുന്നത് അല്ലാമാ ഗീലാനിയുടെ വിവരണങ്ങൾ)
''ദാറുൽഉലൂമിലെ സിലബസിൽ നൂതന വിജ്ഞാനങ്ങളും ഭാഷകളും എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ലെന്ന വിഷയത്തിൽ ചില സൂചനകൾ നൽകാനാഗ്രഹിക്കുന്നു. അതിനുള്ള നിരവധി കാരണങ്ങളിൽ പ്രധാന കാരണമിതാണ്. ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ ലക്ഷ്യപ്രാപ്തിക്ക് തടസ്സമായി നിൽക്കുന്ന വിഷയത്തിലേക്കാണ് കൂടുതൽ ശ്രദ്ധപതിപ്പിക്കേണ്ടത്. (ഒരാൾക്ക് ഖദറിന്റെ ഷർട്ടുണ്ട്. മുണ്ട് ഒട്ടും തന്നെയില്ല, ഇത്തരുണത്തിൽ പട്ടിന്റെ ഷർട്ട് ധരിക്കുന്നതിലാണോ മുണ്ട് ഉടുക്കുന്നതിലാണോ ശ്രദ്ധിക്കേണ്ടത്?) ഇസ്‌ലാമിക വിജ്ഞാനങ്ങളുടെ വിഷയത്തിൽ ഗതകാല മുസ്‌ലിം രാജാക്കന്മാരും നേതാക്കളും ശ്രദ്ധിച്ചതിനേക്കാൾ വളരെ കൂടുതൽ ശ്രദ്ധയാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഇന്ന് ഗവൺമെന്റ് ചെലുത്തുന്നത്. എന്നാൽ, ഇസ്‌ലാമിക വിജ്ഞാനങ്ങൾ ഇന്ന് നേരിടുന്നതുപോലെയുള്ള അധഃപതനം മുമ്പൊരിക്കലും നേരിട്ടുകാണുകയില്ല. ഇത്തരുണത്തിൽ, ആധുനിക വിദ്യാഭ്യാസത്തിനുള്ള സ്ഥാപനങ്ങൾ സ്ഥാപിക്കൽ, കരഗതമായ കാര്യത്തെ വീണ്ടും കരസ്ഥമാക്കൽ മാത്രമാണ്. (പട്ട് വസ്ത്രത്തിന്റെ മേൽ വീണ്ടും പട്ടുവസ്ത്രം വാരിക്കൂട്ടുന്നു. നഗ്‌നൻ എന്ന് വിളിക്കപ്പെടാൻ കാരണമായ ഭാഗം മറയ്ക്കുന്നതിനെക്കറിച്ചുള്ള ചിന്തപോലുമില്ല.) ഇക്കാരണത്താൽ ഇസ്‌ലാമിക വിഷയങ്ങളിലേക്കും ആധുനിക വിജ്ഞാനം കരസ്ഥമാക്കാനുള്ള യോഗ്യത ഉറപ്പായും ഉണ്ടാകുന്ന വിഷയങ്ങളിലേക്കും (ബൗദ്ധിക വിജ്ഞാനങ്ങൾ) പ്രത്യേകം ശ്രദ്ധകൊടുക്കൽ ആവശ്യമാണെന്ന് കരുതുന്നു. (മറ്റൊരു വാക്കിൽ ഇസ്‌ലാമിക വിജ്ഞാനം പരിപൂർണ്ണമായും ആധുനിക വിദ്യാഭ്യാസത്തിന്റെ ആമുഖവും ഇവിടെ പഠിപ്പിക്കുന്നുണ്ട്. അടുത്ത വാക്കുകൾ അല്പം ശ്രദ്ധാപൂർവ്വം വായിക്കുക.) ഇവിടുത്തെ പാഠ്യപദ്ധതി പൂർത്തിയാക്കിയശേഷം ഇവിടുത്തെ വിദ്യാർത്ഥികൾ ഗവൺമെന്റ് സ്ഥാപനങ്ങളിൽ പോയി ആധുനികവിദ്യ കരസ്ഥമാക്കിയാൽ അത് അവരുടെ സമ്പൂർണ്ണതയിൽ കൂടുതൽ ഫലം ഉളവാക്കുന്നതാണ്. (എന്നാൽ പിന്നെ രണ്ടുംകൂടി സമന്വയിപ്പിച്ചുകൂടെ, എന്ന ചോദ്യത്തിന് മറുപടി നൽകുന്നു.) ''ഒരേ കാലഘട്ടത്തിൽ നിരവധി വിജ്ഞാനങ്ങൾ കരസ്ഥമാക്കൽ, സർവ്വ വിജ്ഞാനങ്ങളിലും ശേഷി ഉണ്ടാകാതിരിക്കാൻ നിമിത്തമാണ്.'' ആധുനിക വിജ്ഞാനങ്ങൾക്ക് മുസ്‌ലിം പണ്ഡിതർ എതിരാണെന്ന് പ്രചണ്ഡമായ പ്രചാരണം നടത്തുന്നവരും ആധുനിക വിജ്ഞാനങ്ങൾ ശപിക്കപ്പെട്ട വൃക്ഷം ആണെന്ന് വാദിക്കുന്നവരും ഉപരിസൂചിത വാചകങ്ങളിൽ ചിന്തിക്കുക. എത്രമാത്രം ആഴവും ആശയസമ്പൂർണ്ണവുമാണിത്. പ്രയോജനപ്പെടുത്തുന്നവരാരെങ്കിലുമുണ്ടെങ്കിൽ എത്ര നന്നായിരുന്നു.
ഹി. 1291 ൽ ദാറുൽഉലൂം ഒമ്പതാം വർഷത്തിലേക്ക് കടന്നു. ഇന്ത്യക്ക് പുറത്തും ദാറുൽഉലൂമിന്റെ പ്രശസ്തി പരന്നത് ഈ വർഷമാണ്. ഖുസ്തുൻതുനിയ്യയിൽ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന ലോകപ്രശസ്ത മുസ്‌ലിം പത്രം 'അൽജവാഇബ്' ഈ വർഷം മുതൽ വന്നുതുടങ്ങി. ത്ഥാനാഭവനിലെ മദ്‌റസ ദാറുൽഉലൂമിന്റെ കീഴിൽ വന്നതും ശൈഘുൽഹിന്ദ് മൗലാനാ മഹ്മൂദ് ഹസൻ മുദർരിസായി നിയമിക്കപ്പെട്ടതും ഇന്ന് ദാറുൽഉലൂം നിലനിൽക്കുന്ന സ്ഥലം വാങ്ങിയതും ഈ വർഷമാണ്.
തുടക്കം മുതൽക്കേ ദാറുൽഉലൂമിനെ ഗവൺമെന്റ് നിരീക്ഷിച്ചിരുന്നു. ഇടയ്ക്കിടെ ചാരന്മാരെ അവർ അയച്ചിരുന്നു. ഈ വർഷവും 'ജോൺപാമർ' എന്ന ഒരു ഇംഗ്ലീഷ് ചാരനെ അവർഅയച്ചു. അദ്ദേഹത്തിന്റെ ഹൃദ്യമായ റിപ്പോർട്ടിലെ വാക്കുകൾ അന്നത്തെ ദാറുൽഉലൂമിന്റെ ചിത്രം വരച്ചു കാട്ടുന്നുണ്ട്. ചില വാചകങ്ങൾ: ദേവ്ബന്ദിൽ മുസ്‌ലിംകൾ ഗവൺമെന്റിനെതിരിൽ ഒരു മദ്‌റസ ആരംഭിച്ചിട്ടുണ്ട്. നിങ്ങൾ അവിടെപ്പോയി രഹസ്യനിരീക്ഷണങ്ങൾ നടത്തി വരിക എന്ന് ഗവർണ്ണർ എന്നോടു നിർദ്ദേശിച്ചു. അങ്ങനെ ജനുവരി 31 ന് ഞാൻ ദേവ്ബന്ദിലെത്തി. സാധുക്കളും നല്ലവരുമായ നാട്ടുകാരോട് ചോദിച്ച് മദ്‌റസയിലെത്തി. അവിടെ ഒരു മുറിയിൽ കുറേപേർ പായയിൽ വട്ടത്തിലിരിക്കുന്നതുകണ്ടു. നടുക്കിരിക്കുന്ന ചെറുപ്പക്കാരനാണ് ഉസ്താദ് എന്ന് മനസ്സിലായി. അദ്ദേഹം ഫാരിസി പഠിപ്പിക്കുകയാണ്. മുന്നോട്ട് നീങ്ങിയപ്പോൾ സുന്ദരനായ ഒരു വ്യക്തിയിരുന്ന് വലിയ കുട്ടികൾക്ക് 'ഇൽമുൽമുസല്ലസ്' പഠിപ്പിക്കുന്നു. അന്യനായ എന്നിലേക്ക് യാതൊരു ശ്രദ്ധയും അവർ പതിപ്പിച്ചില്ല. ഞാനവരുടെ അടുത്തിരുന്നു. ഡോക്ടർ സ്പിംഗറിൽ നിന്നുപോലും കേൾക്കാത്ത നിയമങ്ങൾ ഞാൻ അവിടെ കേട്ടു. അവിടെ നിന്നും എഴുന്നേറ്റ് അടുത്ത ക്ലാസിലേക്ക് പോയപ്പോൾ ലളിതമായ വസ്ത്രങ്ങൾ ധരിച്ച ഒരുകൂട്ടം മുതഅല്ലിംകളെ ഒരു മൗലവി, ഉഖ്‌ലീദസ് പഠിപ്പിക്കുന്നു. ഉഖ്‌ലീദസിന്റെ ആറാം മഖാലയിലെ രണ്ടാം ശക്ൽ പഠിപ്പിക്കുന്ന അദ്ദേഹത്തിന്റെ ഉഖ്‌ലീദസിന്റെ ആത്മാവ് കയറിയതുപോലെയുണ്ട്. ഇടയ്ക്ക് മൗലവി, കുട്ടികളോട് ദുഷ്‌കരമായ ഒരു ചോദ്യം ചോദിച്ചു. അതുകേട്ട് ഞാൻ വിയർത്തുപോയി. ചില വിദ്യാർത്ഥികൾ ശരിയുത്തരം നൽകി. അവിടെ നിന്നും അടുത്ത ക്ലാസ്സിലേക്ക് ഞാൻ നീങ്ങി. ഹദീസിന്റെ ഏതോ വലിയ ഗ്രന്ഥം അവിടെ പഠിപ്പിക്കുന്ന മൗലവി ചിരിച്ചുകൊണ്ട് പ്രഭാഷണം നടത്തുന്നതു കണ്ടു. തുടർന്ന് ഞാൻ പടിയിലൂടെ മുകളിലേക്ക് കയറി. അവിടെ ഒരു മൂലയിൽ അന്ധരായ രണ്ട് വിദ്യാർത്ഥികൾ ഇരിക്കുന്നത് കണ്ടു. പതുക്കെ പോയി നോക്കിയപ്പോൾ അവർ ഹൈഅത്തിന്റെ പാഠം ആവർത്തിക്കുകയാണ്. അവിടെ പാഠം പറഞ്ഞുകൊടുക്കുന്ന വിദ്യാർത്ഥിയുടെ വിവരണം കേട്ട് ഞാൻ അന്തംവിട്ടു. അവിടെനിന്നും എഴുന്നേറ്റ് അടുത്ത സ്ഥലത്തേക്ക് പോയി. അവിടെ കൊച്ചുകുട്ടികളിരുന്ന് സർഫ്-നഹ്‌വുകളുടെ പാഠം പൂർണ്ണ മര്യാദയോടെ ഉസ്താദിൽ നിന്നും പഠിക്കുന്നു. മറ്റൊരിടത്ത്, ഇതരഇസ്‌ലാമിക വിഷയങ്ങളുടം പാഠം നടക്കുന്നു. ഞാൻ താഴേക്കിറങ്ങി. മദ്‌റസ ഇത്രമാത്രമായിരിക്കുമെന്ന് കരുതി ഈ വിഷയം ഒരാളോട് ചോദിച്ചപ്പോൾ പറഞ്ഞു: ഖുർആൻ ശരീഫ് ഒരിടത്ത് പഠിപ്പിക്കുന്നുണ്ട്. അദ്ദേഹം എന്നെ പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ഒരു അന്ധനായ ഹാഫിളിന്റെ മുമ്പിൽ കുറെ കൊച്ചുകുട്ടികൾ ഇരുന്ന് ഓതുന്നത് കണ്ടു. ഇതിനിടെ, ഒരു കൊച്ചുകുട്ടിയെ പിടിച്ച് ഹാഫിള് നിർദയം അടിച്ചു. കുട്ടി കരഞ്ഞു. ഞാൻ പറഞ്ഞു: ഇത് വലിയ അക്രമമാണ്. അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു: ബാഹ്യമായി ഇത് അക്രമമാണെങ്കിലും യഥാർത്ഥത്തിൽ ഇത് കാരുണ്യമാണ്. ഞാൻ ചോദിച്ചു: ''കഴിഞ്ഞ വർഷം ഇവിടെ ചിലർക്ക് സനദ് നൽകപ്പെട്ടുവെന്ന് പത്രത്തിൽ വായിച്ചല്ലോ? അവരിലാരെങ്കിലും ഇവിടെ ഉണ്ടോ?'' അദ്ദേഹം എന്നെ ഒരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ഒരു ചെറുപ്പക്കാരന് മുന്നിൽ പത്ത്-പന്ത്രണ്ട് വിദ്യാർത്ഥികൾ ഇരിക്കുന്നു. മുന്നിൽ ഒരു തടിച്ച കിതാബും ഓരത്ത് രണ്ട് തോക്കുകളും വെച്ചിട്ടുണ്ട്. ഞാൻ ചോദിച്ചു: ''താങ്കളാണോ കഴിഞ്ഞ വർഷം ബിരുദം നേടിയത്. അദ്ദേഹം: ഉസ്താദ്മാരുടെ ഔദാര്യമാണ്.'' ഞാൻ ചോദിച്ചു: ''ഈ കിതാബ് എന്താണ്?'' അദ്ദേഹം: ''ഒരു അറബി ഗ്രന്ഥമാണ്. തർജജിമ ചെയ്യാൻ ഒരു പ്രസ്സുകാരൻ നൽകിയതാണ്. മൂന്ന് മാസമായി തർജ്ജിമ തുടങ്ങിയിട്ട്. ഒരു മാസത്തിനകം പൂർത്തിയാകും.'' ഞാൻ : ''ഈ തോക്കുകൾ എന്തിനാണ്?'' അദ്ദേഹം: ''എനിക്ക് വേട്ടയിൽ താത്പര്യമാണ്. രാവിലെ ഏഴ് മുതൽ പത്ത് വരെ പഠിപ്പിക്കും. ശേഷം 11 മുതൽ ഒരു മണിവരെ വേട്ടയാടാൻ പോകും. 2 മുതൽ 4 വരെ തർജ്ജിമയിൽ മുഴുകും.'' അവിടെ നിന്നും ഞാൻ ലൈബ്രറിയിലേക്ക് വന്നു. അവിടെ ഗ്രന്ഥം ഇല്ലാത്ത ഒരു വിജ്ഞാനശാഖയുമില്ല. അവിടെയുള്ള വ്യക്തി ഒരു രജിസ്റ്റർ എന്നെ കാണിച്ചു. കുട്ടികളുടെ ഹാജർ പട്ടിക. അത്യന്തം വൃത്തിയായി എഴുതപ്പെട്ടിരിക്കുന്നു. 210 വിദ്യാർത്ഥികളിൽ 208 പേർ ഹാജരുണ്ടായിരുന്നു. ഞാൻ എഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ ഒരാൾ വന്ന് സലാം പറഞ്ഞിരുന്നു. ചോദിച്ചപ്പോൾ മുഹ്തമിം ആണെന് മനസ്സിലായി. മൂന്ന് വലിയ രജിസ്റ്ററുകൾ എന്റെ മുന്നിൽ വെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ''ഈ വർഷത്തെ വരവു ചിലവുകളുടെ കണക്കാണ്. നോക്കിക്കോളൂ.'' ഞാൻ നോക്കി. ഓരോ കാര്യങ്ങളും വളരെ വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. കിതാബുകൾ ചിലത് വായിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സമയക്കുറവിനാൽ ഞാൻ മടങ്ങി. എന്റെ നിരീക്ഷണത്തിന്റെ ചുരുക്കം ഇതാണ്: വിദ്യാസമ്പന്നരും സദ്‌വൃത്തരും സംശുദ്ധ പ്രകൃതിക്കാരുമാണ് ഇവിടെയുള്ളവർ. ഇവിടെ പഠിപ്പിക്കപ്പെടാത്ത പ്രധാനപ്പെട്ട ഒരു വിജ്ഞാന ശാഖയുമില്ല. ആയിരക്കണക്കിന് രൂപമുടക്കി വലിയ കോളേജുകളിൽ പഠിപ്പിക്കപ്പെടുന്ന വിഷയങ്ങൾ ഇവിടെ 40 രൂപയ്ക്ക് മൗലവി ചെയ്യുന്നു. മുസ്‌ലിംകൾക്ക് ഇതിനേക്കാൾ ഉത്തമമായ ഒരു വിദ്യാഭ്യാസ സ്ഥാപനമില്ല. അമുസ്‌ലിംകളും ഇവിടെ പഠിച്ചാൽ പ്രയോജന പ്രദമാണെന്നാണ് എന്റെ അഭിപ്രായം. അന്ധന്മാരുടെ സ്‌കൂളിനെക്കുറിച്ച് കേട്ടിട്ടേയുള്ളൂ. എന്നാൽ അന്ധന്മാർ ഇരുന്ന് ഉഖ്‌ലീദസ് പഠിക്കുന്ത് ഞാൻ കണ്ടു. സർ വില്യംമൂർ ഈ രംഗം കണ്ടിരുന്നെങ്കിൽ, ഇവിടുത്തെ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകുമായിരുന്നു.'' (താരീഘ് ദാറുൽഉലൂം. ഭാ.1, പുറം 178-181)
ഹി. 1292-ൽ ദാറുൽഉലൂം ഒരു ദശകം പൂർത്തീകരിച്ചു. ഈ വർഷവും സനദ് ദാന സമ്മേളനം വിപുലമായി നടത്തപ്പെട്ടു. ഹ.നാനൂത്ഥവിയുടെ ഒരു പ്രധാന പ്രഭാഷണം മൗലാനാ യഅ്ഖൂബ് നാനൂത്ഥവി ഈ സമ്മേളനത്തിൽ വായിച്ചു കേൾപ്പിക്കുകയുണ്ടായി. ചില വരികൾ:
''ഇവിടെ ഭൗതിക വിജ്ഞാനങ്ങൾ പഠിപ്പിക്കപ്പെടുന്നില്ലെന്ന് ചിലർക്ക് പരാതിയുണ്ട്. അതിനുള്ള ഒന്നാമത്തെ മറുപടി ഇതാണ്- രോഗത്തിനാണ് ചികിത്സ വേണ്ടത്. ഇല്ലാത്ത രോഗത്തിന് മരുന്നു കഴിക്കൽ അനാവശ്യമാണ്. മതിലിന്റെ ദ്വാരമാണ് അടയ്‌ക്കേണ്ടത്. ഇതുവരെ വീഴാത്ത ഇഷ്ടികയെക്കുറിച്ചുള്ള ചിന്ത വിവരക്കേടാണ്. ഗവൺമെന്റ് സ്ഥാപനങ്ങൾ പിന്നെ എന്തിനാണ്? അവിടെ ഭൗതിക വിദ്യാഭ്യാസമല്ലാതെ മറ്റെന്താണ് നടക്കുന്നത്? സർക്കാർ സ്ഥാപനങ്ങൾ കുറവായിരുന്നെങ്കിൽ നമുക്കും അതിനു ശ്രമിക്കാമായിരുന്നു. എന്നാൽ പട്ടണങ്ങൾ പോകട്ടെ ഗ്രാമങ്ങളിൽപോലും അവരുടെ സ്ഥാപനങ്ങൾ ഉയർന്നുകഴിഞ്ഞു. ഇത്തരുണത്തിൽ, ഭൗതിക സ്ഥാപനങ്ങൾക്കു വേണ്ടി ശ്രമിക്കലും ദീനീ സ്ഥാപനങ്ങളെ അവഗണിക്കലും ബുദ്ധിയും ദീർഘദൃഷ്ടിയുമല്ല.''
തുടർന്ന് മൗലാനാ അഹ്മദ് അലി മുഹദ്ദിസ് സഹാറൻപൂരി, പഠനം പൂർത്തിയായവരുടെ ശിരസ്സിൽ തലപ്പാവുകൾ കെട്ടി. സനദ് ദാനത്തിന് ശേഷം, സദസ്സ്യർ ഒന്നടങ്കം പള്ളിയിൽ നിന്നും എഴുന്നേറ്റ് ദാറുൽഉലൂം ഇന്ന് നിലനിൽക്കുന്ന സ്ഥലത്തേക്ക് വന്നു. പ്രഥമശില ഹ.സഹാറൻപൂരി വെച്ചു. ഹ.നാനൂത്ഥവി, ഹ. ഗൻഗോഹി, മൗലാനാ മള്ഹർ നാനൂത്ഥവി, മിയാൻജിമുന്നേശാഹ്, ഹാജി ആബിദ് മുതലായവരും ഓരോ കല്ലുകൾ വെച്ചു. ശിലാസ്ഥാപനത്തിനു ശേഷം അത്യന്തം വിനയ-വണക്കങ്ങൾ നടത്തിക്കൊണ്ട് ദാറുൽഉലൂമിന്റെ നിലനിൽപിനും പുരോഗതിക്കും വേണ്ടി ദുആ ഇരന്നു. തദവസരം ഹ.നാനൂത്ഥവി (റ) ഒരു വാക്യം പറഞ്ഞു - ''അല്ലാഹുവിന്റെ മേലുള്ള ആശ്രയവും ഭരമേൽപ്പിക്കലും നിലനിൽക്കുന്ന കാലത്തോളം ഈ മദ്‌റസ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കും.''
അന്നത്തെ മുഹ്തമിയായിരുന്ന മൗലാനാ റഫീഉദ്ദീൻ (റ) ആയിടെ സ്വപ്നത്തിൽ തിരുനബി (സ)യെ കണ്ടു. ഇത് വളരെ ചെറുതാണെന്ന് അരുളിയ തിരുനബി (സ) പുണ്യവടികൊണ്ട് നീളവും വീതിയും കൂടിയ ഒരു വരവരച്ചുകൊണ്ട് ഇതനുസരിച്ച് കെട്ടിടം പണിയാൻ നിർദ്ദേശിച്ചു. പ്രസ്തുത അളവിൽ നിർമ്മിക്കപ്പെട്ട ആ കെട്ടിടം ഇന്ന് 'നൗദറ' എന്നറിയപ്പെടുന്നു. എട്ട് വർഷംകൊണ്ട് നിർമ്മിക്കപ്പെട്ട അതിന്റെ ചിലവ് 23,000 രൂപയാണ്. ആകെ കെട്ടിടത്തിന് രണ്ട് നിലകളുണ്ട്. ഓരോ നിലയിലും ഒമ്പത് വാതിലുകൾ വീതമുണ്ട്. ലാളിത്യത്തോടൊപ്പം മനോഹാരിതയും പ്രസ്തുത കെട്ടിടത്തിൽ നിറഞ്ഞുനിൽക്കുന്നു.
അതിന്റെ മുന്നിലുള്ള മുറ്റം 'മോൽസാരി' എന്ന് ദാറുൽഉലൂമിൽ അറിയപ്പെടുന്നു. അതിൽ രണ്ട് വലിയ വൃക്ഷങ്ങളുണ്ട്. ഹ.നാനൂത്ഥവി വഫാത്തായ ദിനമാണ് അത് വെച്ചുപിടിപ്പിക്കപ്പെട്ടത്. ഈ മുറ്റത്താണ് പ്രസിദ്ധമായ ഐശ്വര്യം നിറഞ്ഞ ഒരു കിണർ ഉള്ളത്. ദാറുൽഉലൂമിൽ വിദ്യാർത്ഥിയായി വന്ന അല്ലാമാ ഗീലാനീ ആ കിണറിനെക്കുറിച്ചെഴുതുന്നു: 'അത്ര രുചികരവും സന്തോഷദായകവും ശുദ്ധിയും തണുപ്പുമുള്ള വെള്ളം അതിന് മുമ്പ് ഞാൻ കുടിച്ചിട്ടില്ല.'' മൗലാനാ റഫീഉദ്ദീൻ (റ) ഒരിക്കൽ ഒരു സ്വപ്നം ദർശിച്ചു. പ്രസ്തുത കിണറ്റിൽ പാൽനിറഞ്ഞു കിടക്കുന്നു. തിരുനബി (സ) ഒരു പാത്രം കൊണ്ട് പാൽ വിതരണം ചെയ്യുന്നു. ചിലരുടെ പാത്രം ചെറുതും ചിലരുടേത് വലുതുമാണ്. എല്ലാവരും നിറഞ്ഞ പാത്രവുമായി മടങ്ങിപ്പോകുന്നു.
1293 ൽ ദാറുൽഉലൂമിൽ ഫത്‌വാ കേന്ദ്രം ആരംഭിക്കപ്പെട്ടു. ദാറുൽഉലൂമുമായി ബന്ധപ്പെട്ട മദ്‌റസകളിൽ ഈ വർഷം ദാറുൽഉലൂമിന്റെ ഭാഗത്തുനിന്നും പരീക്ഷനടത്തപ്പെട്ടു.
വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനം കൊടുക്കുന്ന പതിവ് തുടക്കം മുതൽക്കേ ദാറുൽഉലൂമിൽ ഉണ്ടായിരുന്നു. എന്നാൽ 1294-ൽ സമ്മാനഗ്രന്ഥങ്ങളുടെ തുക തുർക്കിയിലെ മുസ്‌ലിം യോദ്ധാക്കൾക്ക് അയച്ചുകൊടുക്കാൻ തീരുമാനമായി. ഇത് അറിഞ്ഞ വിദ്യാർത്ഥികളും പിരിവ് നടത്തി 60 രൂപ സമാഹരിച്ച് യോദ്ധാക്കൾക്ക് അയച്ചുകൊടുത്തു. മുസ്‌ലിം ഘിലാഫത്തായ തുർക്കിക്കം റഷ്യക്കും ഇടയിൽ അവിടെ യുദ്ധം നടന്നിരുന്നു. ഇതേ വർഷം തന്നെ ദാറുൽഉലൂമിലെ മഹാന്മാർ ഹജ്ജ് നടത്തി. അതിന്റെ വിവരണം പിന്നാലെ വരുന്നതാണ്. ഈ വർഷത്തെ റിപ്പോർട്ടിലെ അത്യന്തം ചിന്തനീയമായ ഒരു പരാമർശം കാണുക: ''ഹൈന്ദവരായ ചില കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്!''
1295 ൽ ദാറുൽഉലൂമിലെ പൂർവ്വകാല വിദ്യാർത്ഥികൾ 'സമറതുത്തർബിയ്യത്ത്' എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു. വിവിധ ജോലികളിൽ ഏർപ്പെട്ട പൂർവ്വ വിദ്യാർത്ഥികൾ തങ്ങളുടെ ഒരു മാസത്തെ വരുമാനത്തിന്റെ നാലിലൊരു ഭാഗമെങ്കിലും വർഷാവർഷം ദാറുൽഉലൂമിൽ നൽകണമെന്നതായിരുന്നു അതിലെ ഒരു ലക്ഷ്യം. (സ്വാതന്ത്ര്യ സമരത്തെ കുറിച്ചുള്ള വിവരണത്തിൽ അതിനെക്കുറിച്ച് പരാമർശിക്കപ്പെട്ടിട്ടുണ്ട്.)
ഇതുവരെ, മദ്‌റസ എന്ന് വിളിക്കപ്പെട്ടുകൊണ്ടിരുന്ന സ്ഥാപനം 1296 മുതൽ ദാറുൽഉലൂം എന്ന് അറിയപ്പെടാൻ തുടങ്ങി. വൈദ്യശാസ്ത്രപഠനം ദാറുൽഉലൂമിൽ തുടങ്ങിയതും ഈ വർഷം തന്നെ.
ഹ.നാനൂത്ഥവിയുടെ ജീവിതകാലത്ത്, ദാറുൽഉലൂം കടന്നുവന്ന പടവുകളാണ് മേൽവിവരിച്ചത്. ചുരുക്കത്തിൽ വലിയുല്ലാഹിയുടെ ദൽഹിയിൽ നിന്നും ഉത്ഭവിച്ച പരിശുദ്ധമായ അരുവി ബാലാകോട്ട, ശാംലി വഴി ദേവ്ബന്ദിലെത്തി. പുതിയ ഭാവത്തിലും ഒഴുകിത്തുടങ്ങി. പക്ഷേ, അതിന്റെ ആത്മാവ് പഴയതു തന്നെയായിരുന്നു. ആണ്, ആയിരിക്കും. ഇൻശാഅല്ലാഹ്. സൗകര്യമുണ്ടായാൽ പരിമളം പരത്തി പ്രവഹിച്ച അതിന്റെ പ്രവാഹത്തെക്കുറിച്ച് അവസാനം അല്പംകൂടി വിവരിക്കുന്നതാണ്.
*******************************************************************************
ഞങ്ങള്‍ ഇപ്പോള്‍ മൊറോക്കോയിലാണ്
മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
മൊറോക്കോ നേതാവ് അല്ലാല്‍ ഫാസിയുടെ അനുസ്മരണ യോഗം
മെയ് പതിനഞ്ചാം തീയതി മൊറോക്കയിലെ രാഷ്ട്രീയ നായകന്‍ കൂടിയായ ഉസ്താദ് അല്ലാല്‍ ഫാസിയുടെ അനുസ്മരണ സമ്മേളനത്തിന്‍റെ സമാപനത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെട്ടു. ളുഹ്ര്‍ നമസ്കാരം സുല്‍ത്താന്‍ മുഹമ്മദുല്‍ ഖാമിസ് മസ്ജിദില്‍ നിര്‍വ്വഹിച്ചു. അവിടെ പ്രായം കുറഞ്ഞ ഒരു വിദ്യാര്‍ത്ഥി എന്നെ കണ്ടപ്പോള്‍ അടുത്തുവന്ന് ചോദിച്ചു: താങ്കള്‍ ഇന്ത്യക്കാരനാണോ? ഞാന്‍ പറഞ്ഞു: താങ്കള്‍ക്ക് ഇന്ത്യ അറിയുമോ? അദ്ദേഹം പറഞ്ഞു: ഇന്ത്യയില്‍ ധാരാളം സഹോദരങ്ങളുണ്ട്. ഞങ്ങള്‍ അവരെ അല്ലാഹുവിന് വേണ്ടി സ്നേഹിക്കുന്നു! മസ്ജിദിന്‍റെ മുറ്റത്ത് ധാരാളം വേറെയും കുട്ടികളുണ്ടായിരുന്നു. ഇന്‍റര്‍വെല്‍ സമയത്ത് നമസ്കരിക്കാന്‍ വന്നതാണെന്ന് തോന്നുന്നു. അവരില്‍ ചിലര്‍ എന്‍റെ അരികില്‍ വന്ന് അവിടെ തടവില്‍ പിടിക്കപ്പെട്ട പ്രബോധനകന്മാരെക്കുറിച്ചുള്ള വേദന അറിയിച്ചു. അവരുടെ തടവിന്‍റെ യഥാര്‍ത്ഥ കാരണം എനിയ്ക്ക് അറിയില്ലായിരുന്നുവെങ്കിലും മുസ്ലിം രാജ്യങ്ങളില്‍ പണ്ഡിതന്മാരോടും പ്രബോധകരോടും പുലര്‍ത്തുന്ന വൈരുദ്ധ്യം നിറഞ്ഞ സമീപനം എനിക്ക് അജ്ഞാതമല്ലായിരുന്നു. അതുകൊണ്ട് ഞാന്‍ അവര്‍ക്ക് മുമ്പാകെ ഈ ആയത്ത് പാരായണം ചെയ്തു: ............. (അന്‍കബൂത്ത് 1-2) തുടര്‍ന്ന് അവരോട് ചോദിച്ചു: എന്‍റെ യാത്രാ വിവരണത്തില്‍ നിങ്ങളെക്കുറിച്ച് ഞാന്‍ എഴുതും. ഉടനെ അവര്‍ പറഞ്ഞു: അങ്ങനെ ചെയ്യരുത്. ഞാന്‍ ചോദിച്ചു: ജയിലില്‍ പോകുമെന്ന് ഭയന്നിട്ടാണോ? അവര്‍ പറഞ്ഞു: അല്ല. പേരും പെരുമയും ഭയന്നിട്ടാണ്! ഞങ്ങള്‍ ഒരുമിച്ച് ളുഹ്ര്‍ നമസ്കരിച്ചു. നമസ്കാരം കഴിഞ്ഞപ്പോള്‍ ഞങ്ങളെക്കുറിച്ച് അറിഞ്ഞ് ഫാസിലില്‍ നിന്നും ഒരു തബ്ലീഗ് പ്രവര്‍ത്തകന്‍ അവിടെ വന്നു. അദ്ദേഹത്തിന്‍റെ പേര് അലിയ്യ് എന്നായിരുന്നു. സംസാരത്തില്‍ കൂടെക്കൂടെ മാശാ അല്ലാഹ് പറഞ്ഞിരുന്നതിനാല്‍ അലി മാശാ അല്ലാഹ് എന്നാണ് അദ്ദേഹത്തെ വിളിക്കപ്പെട്ടിരുന്നത്. അദ്ദേഹം തന്‍റെ കടയിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ നിന്നും വുളൂഅ് പുതുക്കി സമ്മേളന സ്ഥലത്തേക്ക് യാത്രയായി.
സമ്മേളനം ഒരു വലിയ പബ്ലിക് ഹാളിലായിരുന്നു. ജനങ്ങള്‍ നിറഞ്ഞ് പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ അല്ലാല്‍ ഫാസിയെക്കുറിച്ചുള്ള മുദ്രാവാക്യങ്ങള്‍ ഉയന്നുകൊണ്ടിരുന്നു. ആദ്യം അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ചിന്താ അവസ്ഥകളെ പരിചയപ്പെടുത്തുന്ന ഒരു കുറിപ്പ് വായിക്കപ്പെട്ടു. തുടര്‍ന്ന് പ്രഭാഷണത്തിന് വിനീതനെ ക്ഷണിക്കപ്പെട്ടു. അതിന്‍റെ രത്നച്ചുരുക്കം താഴെ കൊടുക്കുന്നു:
മൊറോക്കോ നായന്‍ അല്ലാല്‍ ഫാസി ഈ ലോകത്ത് നിന്നും വിട പറഞ്ഞ ശേഷം ഇവിടെ വന്നു എന്നതില്‍ എനിയ്ക്ക് ദു:ഖമുണ്ട്. അദ്ദേഹത്തിന്‍റെ വിയോഗം ഇവിടെ വലിയൊരു വിടവ് സൃഷ്ടിച്ചതായി മനസ്സിലാകുന്നു. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ മൂന്ന് മേഖലകള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. 1. അദ്ദേഹം കര്‍മ്മ ജീവിതം ആരംഭിച്ചത് ഒരു മത പണ്ഡിതന്‍ എന്ന നിലയിലാണ്. ജാമിഉല്‍ ഖര്‍വീനില്‍ പഠനം നടത്തിയ അദ്ദേഹം അവിടുത്തെ മസ്ജിദിന്‍റെയും മദ്റസയുടെയും പായകളിലിരുന്ന് അറിവ് സമൃദ്ധമായി സമ്പാദിച്ചു. അവസാന സമയം വരെ അദ്ദേഹം വായനയുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെയും സ്വാതന്ത്ര്യ സമരത്തിന്‍റെയും രാജ്യസ്നേഹത്തിന്‍റെയും പോരാട്ട വീരാട്ട വീര്യത്തിന്‍റെയും അടിസ്ഥാനം അദ്ദേഹം കരസ്ഥമാക്കിയ പൗരാണിക വിജ്ഞാനമായിരുന്നു. ഞങ്ങലുടെ ഇന്ത്യയിലും സ്വാതന്ത്ര്യ സമരത്തിന്‍റെ നേതൃത്വം വഹിച്ചവര്‍ വലിയ പണ്ഡിതന്മാരായിരുന്നു. അദ്ദേഹത്തിന്‍റെ രണ്ടാമത്തെ പ്രത്യേകത അദ്ദേഹം പുതിയ രാഷ്ട്രീയ പദ്ധതികളെയും ശാസ്ത്രമേഖലകളെയും ആഴത്തില്‍ പഠനം നടത്തി എന്നതാണ്. അദ്ദേഹം ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും മുഖം തിരിച്ചിരുന്നില്ല. അദ്ദേഹത്തിന്‍റെ വീക്ഷണത്തെക്കുറിച്ച് പാശ്ചാത്യ പണ്ഡിതര്‍ നിരവധി രചനകള്‍ എഴുതിയിരിക്കുന്നു. അദ്ദേഹത്തിന്‍റെ മൂന്നാമത്തെ പ്രത്യേകത, ഇതര അറബ് രാഷ്ട്രങ്ങളിലെ പണ്ഡിതന്മാരില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയിലെ പണ്ഡിതന്മാരെ അദ്ദേഹം നന്നായി മനസ്സിലാക്കിയിരുന്നു. പ്രത്യേകിച്ചും ഹകീമുല്‍ ഇസ്ലാം ശാഹ് വലിയുല്ലാഹി ദഹ്ലവി (റ)യെ പ്രശംസിക്കുകയും അദ്ദേഹത്തിന്‍റെ ഗ്രന്ഥമായ ഹുജ്ജത്തുല്ലാഹില്‍ ബാലിഗയെ വളരെയധികം സ്നേഹിക്കുകയും ചെയ്തിരുന്നു. അല്ലാമാ ഇഖ്ബാലിനെ വളരെയധികം പ്രശംസിക്കുകയും അദ്ദേഹത്തിന്‍റെ കവിതകളുടെ അറബീ വിവര്‍ത്തനം മനനം ചെയ്യുകയും ചെയ്തിരുന്നു! ഈ പ്രഭാഷണം പൊതുവില്‍ പ്രശംസിക്കപ്പെട്ടു. അല്ലാല്‍ ഫാസിയുടെ പ്രധാന ശിഷ്യനായ ഉസ്താദ് അബൂബക്ര്‍ ഖാദിരി ഈ പ്രഭാഷണത്തിലൂടെ അദ്ദേഹത്തിന്‍റെ മഹത്വത്തിന്‍റെ മറ്റുചില ഭാഗങ്ങള്‍ കൂടി വ്യക്തമാക്കപ്പെട്ടുവെന്ന് പറഞ്ഞു.
പ്രഭാഷണം കഴിഞ്ഞ ശേഷം ഇവിടെ നിന്നും നൂറ് മൈല്‍ ദൂരത്തുള്ള മറാക്കിഷിലേക്ക് ഞങ്ങള്‍ യാത്രയായി. മറാക്കിഷിലെ ഒരു പ്രധാന ഹോട്ടലായ ഫന്‍ദുകില്‍ ഖര്‍യയില്‍ ഞങ്ങള്‍ രാത്രി കഴിച്ച് കൂട്ടി.
**********************************************************************************
രചനാ പരിചയം
മുസ് ലിം വ്യക്തി നിയമം
തെറ്റിദ്ധാരണകള്‍ക്ക് മറുപടി
അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
സർവ്വലോക പരിപാലകനായ അല്ലാഹു ഇഹപരവിജയങ്ങൾക്കുവേണ്ടി കനിഞ്ഞരുളിയ ജീവിത ദർശനമാണ് ഇസ്‌ലാമിക ശരീഅത്ത്. ഇതിന്റെ നിയമങ്ങൾ പാലിക്കുന്നതിലൂടെ പരലോകത്തിൽ ഉന്നത വിജയം ലഭിക്കുന്നതിനോടൊപ്പം ഇഹലോകത്തും വലിയ സമാധാനവും ശാന്തിയും സിദ്ധിക്കുന്നതാണ്. ഉദാഹരണത്തിന് ഇസ്‌ലാമിക ശരീഅത്ത് പഠിപ്പിക്കുന്ന കുടുംബ നിയമങ്ങളെത്തന്നെ എടുക്കുക. അത് പാലിക്കാത്ത പ്രദേശങ്ങളിൽ വലിയ പ്രശ്‌നങ്ങളും പ്രയാസങ്ങളും ഉടലെടുത്തിരിക്കുന്നു. ചിലരാകട്ടെ ഇസ്‌ലാമിക ശരീഅത്തിന്റെ പാഠങ്ങൾ തന്നെ പകർത്തുകയും ചെയ്തു. ലോകത്തെ രണ്ട് പ്രധാന മതങ്ങളായ ഹിന്ദുമതവും ക്രിസ്തുമതവും ആദ്യം വിവാഹമോചനത്തെ എതിർക്കുകയും ഇപ്പോൾ സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. ഇപ്രകാരം ഇസ്‌ലാമല്ലാത്ത ഒരു മതത്തിലും സ്ത്രീകൾക്ക് അനന്തരസ്വത്ത് നൽകപ്പെട്ടിരുന്നില്ല. ഇസ്‌ലാമിൽ മാത്രമാണ് ഈ നിയമമുണ്ടായിരുന്നത്. ഇന്ന് എല്ലാ വിഭാഗങ്ങളും ഇത് അംഗീകരിച്ച് കഴിഞ്ഞു. ഇസ്‌ലാമിലെ നിയമങ്ങൾ സരളവും സമ്പൂർണ്ണവും സുന്ദരവുമാണ് എന്നതുതന്നെയാണ് ഇതിന്റെ കാരണം. എന്നിട്ടും സ്വാതന്ത്ര്യത്തിന്റെയും പുരോഗതിയുടെയും പേര് പറഞ്ഞ് പലരും ഇസ്‌ലാമിക ശരീഅത്തിനെ നിന്ദിക്കുകയും ജനങ്ങളെ നാശങ്ങളിലേക്ക് തള്ളിയിടുകയും ചെയ്തുകൊണ്ടിരിക്കുന്നു. അത്യന്തം നാശകരമായ ഈ പ്രവർത്തനം പാശ്ചാത്യലോകമാണ് ആദ്യം ആരംഭിച്ചത്. ഇസ്‌ലാമിക ശരീഅത്തിന് എതിരിൽ ധാരാളം നുണകൾ അവർ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ഇന്ന് ഇപ്പോൾ ഈ പ്രവണത വർദ്ധിച്ചുകൊണ്ടിരിക്കുകയും എന്തിനേറെ നീതിയുടെയും ന്യായത്തിന്റെയും കസേരകളിൽ ഇരിക്കുന്നവരും ഇസ്‌ലാമിക ശരീഅത്തിനെ തെറ്റിദ്ധരിക്കുന്നു. അമുസ്‌ലിം വക്കീലുമാരുടെ കാര്യം ഇരിക്കട്ടെ മുസ്‌ലിം വക്കീലുമാരിലും വലിയ വിഭാഗം ശരീഅത്തിനെക്കുറിച്ച് വലിയ തെറ്റിദ്ധാരണകളിലാണ്.
ഈ അവസ്ഥാ വിശേഷത്തിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, പലർക്കും ഇസ്‌ലാമിക ശരീഅത്തിനെക്കുറിച്ച് ശരിയായ അറിവില്ല. ആരെങ്കിലും സ്ത്രീകളെ ത്വലാഖ് ചൊല്ലിയാൽ അത് മൂന്നായിത്തന്നെ സംഭവിക്കുകയുള്ളൂ, ആരെങ്കിലും മകനെ ധിക്കാരിയെന്ന് വിളിച്ചാൽ അവനിൽ അനന്തരാവകാശം നൽകപ്പെടേണ്ടതില്ല മുതലായ ധാരണകളുടെ അടിസ്ഥാനം ഈ അറിവില്ലായ്മയാണ്. രണ്ടാമത്തെ കാരണം, ചിലർക്ക് നിയമങ്ങൾ അറിയാമെങ്കിലും അതിൽ അടങ്ങിയിരിക്കുന്ന തത്വങ്ങളെക്കുറിച്ച് അറിയില്ല. ഉദാഹരണത്തിന് ചില അവസ്ഥകളിൽ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കുറഞ്ഞ അനന്തരാവകാശം മാത്രമേ ലഭിക്കുകയുള്ളൂ. ഇത് സ്ത്രീകളോടുള്ള വിവേചനമാണെന്ന് പലരും ധരിക്കുന്നു. യഥാർത്ഥത്തിൽ ഇസ്‌ലാമിക ശരീഅത്ത് സാമ്പത്തികമായ മുഴുവൻ ബാധ്യതകളും പുരുഷന്മാരുടെ മേലാണ് ഇട്ടിരിക്കുന്നത്. സ്ത്രീകൾക്ക് സാമ്പത്തികമായി ഒരു ബാധ്യതയും ഇല്ല. ഇത്തരുണത്തിൽ പുരുഷന് ലഭിക്കുന്ന സമ്പത്ത് ചിലവിന്റെ ആവശ്യങ്ങൾക്ക് ഉള്ളതും സ്ത്രീകൾക്ക് നൽകപ്പെടുന്നത് ഉപഹാരവുമാണ്. ഇപ്രകാരം ഇസ്‌ലാം അനുവദിച്ചിട്ടുള്ള ബഹുഭാര്യത്വത്തിന്റെ തത്വങ്ങൾ അറിയാത്ത പലരും അതിനെ സ്ത്രീവിരുദ്ധവും മനുഷ്യത്വ രഹിതവുമാണെന്ന് വാദിക്കുന്നു. എന്നാൽ ഇസ്‌ലാം ഇതിന് വെച്ചിരിക്കുന്ന നീതിയുടെ നിബന്ധനയും ഇതിൽ അടങ്ങിയിരിക്കുന്ന സ്വഭാവപരമായ ഗുണങ്ങളും സ്ത്രീകളോട് തന്നെയുള്ള കാരുണ്യങ്ങളും പലർക്കും അറിയില്ല. ഈ രണ്ട് ആവശ്യങ്ങൾ മുന്നിൽ വെച്ചുകൊണ്ടാണ് ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് തഫ്ഹീമെ ശരീഅത്ത്, ശരീഅത്തിനെ ഗ്രഹിക്കുക എന്ന ഒരു പരിപാടിക്ക് തുടക്കം കുറിച്ചത്. മുസ്‌ലിം അമുസ്‌ലിം പണ്ഡിതരെയും ബുദ്ധിജീവികളെയും വക്കീലുമാരെയും ഒരുമിച്ച് കൂട്ടി ഇസ്‌ലാമിന്റെ കുടുംബ-വ്യക്തിനിയമങ്ങളും അവയുടെ തത്വങ്ങളും വിവരിക്കുന്നതാണ് ഈ പരിപാടി. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇന്ത്യയുടെ വിവിധ കേന്ദ്രസ്ഥലങ്ങളിൽ ഇതിന്റെ വിവിധ പരിപാടികൾ നടക്കുകയുണ്ടായി. ഇതിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളും പ്രഭാഷണങ്ങളും വളരെ പ്രയോജനപ്രദമാണെന്ന് ധാരാളം സഹോദരങ്ങൾ അഭിപ്രായപ്പെട്ടു. അതിൽ ചിലതാണ് ഈ സമാഹാരത്തിലെ ഉള്ളടക്കം. ബാക്കി ഭാഗങ്ങളും അടുത്ത് തന്നെ പ്രസിദ്ധീകരിക്കപ്പെടുന്നതാണ്.
ഇന്ത്യയിലെ പ്രധാന സംസ്ഥാനമായ കേരളത്തിലും ഈ പ്രവർത്തനം വളരെ ആവശ്യമാണ്. ഇതിന് മുമ്പൊരിക്കൽ എറണാകുളത്ത് ഇതിന്റെ പരിപാടി നടക്കുകയുണ്ടായി. ഇപ്പോൾ ദക്ഷിണ കേരളത്തിലെ കൊല്ലം പരവൂരിൽ വർഷങ്ങൾക്ക് മുമ്പ് സഥാപിക്കപ്പെട്ട നൂറാനിയ തഹ്ഫീളുൽ ഖുർആൻ മദ്‌റസയുടെ 16-ാം വാർഷിക പ്രഥമ സനദ് ദാന മഹാസമ്മേളനത്തിനോട് അനുബന്ധിച്ച് തഹ്ഫീമെ ശരീഅത്ത് എന്ന ഒരു സെഷനും വെച്ചുവെന്ന് അറിയാൻ കഴിഞ്ഞു. വിനീതനെ സംഘാടകർ സ്‌നേഹ പൂർവ്വം ക്ഷണിച്ചുവെങ്കിലും അതിയായ ആഗ്രഹമുണ്ടായിരുന്നിട്ടും പങ്കെടുക്കാൻ സാധിച്ചില്ല. എന്നാൽ വിനീതന്റെ ഭാഗത്തുനിന്നും പ്രഗത്ഭ പണ്ഡിതനും ആത്മീയ പ്രബോധകനുമായ മൗലാനാ ശൈഖ് മുസ്ഥഫാ രിഫാഈ നദ്‌വിയും കേരളത്തിലെ ഇതര പണ്ഡിത മഹത്തുക്കളും ഇതിൽ പങ്കെടുക്കുന്നുണ്ട്. കൂട്ടത്തിൽ വിനീതന്റെ ഈ ലേഖന സമാഹാരവും പ്രസിദ്ധീകരിക്കുന്നു എന്നതിൽ അതിയായ സന്തോഷവും നന്ദിയുമുണ്ട്. അല്ലാഹു ഇതിനെ സ്വീകരിക്കുകയും വിവർത്തനം ചെയ്തവരെയും പ്രസിദ്ധീകരിച്ചവരെയും എല്ലാ സേവകരെയും അനുഗ്രഹിക്കുകയും ചെയ്യട്ടെ. ഇത് മഹത്തായ ഒരു മാതൃക കൂടിയാണ്. നമ്മുടെ സ്ഥാപനങ്ങളുടെയെല്ലാം പ്രദാന ലക്ഷ്യം കൂടിയാണ് ഇസ്‌ലാമിക ശരീഅത്തും സംരക്ഷണവും പ്രചാരണവും. ഇതിനുവേണ്ടി പ്രത്യേക സദസ്സുകൾ സംഘടിപ്പിക്കാനും രചനകൾ പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും എല്ലാ സ്ഥാപനങ്ങളും മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാഹു എളുപ്പമാക്കുകയും സ്വീകരിക്കുകയും ചെയ്യട്ടെ.
പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...
നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...
*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.
9961717102, 9387290079
*ദർസ് ബുഖാരി ശരീഫ് വാട്സാപ്പിൽ ലഭിക്കാൻ
+91 96339 15717
ക്ലാസുകൾ നയിക്കുന്നത്:
ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി
ഞങ്ങളുടെ കേന്ദ്ര സ്ഥാപനം