(ثُمَّ جَعَلۡنَـٰكَ عَلَىٰ شَرِیعَةࣲ مِّنَ ٱلۡأَمۡرِ فَٱتَّبِعۡهَا وَلَا تَتَّبِعۡ أَهۡوَاۤءَ ٱلَّذِینَ لَا یَعۡلَمُونَ)
[Surah Al-Jathiya 18]
"ശേഷം മതത്തിന്റെ വിഷയത്തിൽ ഒരു വ്യക്തമായ മാർഗ്ഗത്തിൽ നാം താങ്കളെ ആക്കിയിരിക്കുന്നു. ആകയാൽ അതിനെ താങ്കൾ പിൻപറ്റുക. വിവരമില്ലാത്തവരുടെ തന്നിഷ്ടങ്ങളെ പിൻപറ്റരുത്."
◾എല്ലാ വ്യക്തികളും തങ്ങളുടെ ഇടപെടലുകൾക്കും ഇടപാടുകൾക്കും മാർഗദർശിയായി ഏതെങ്കിലും സംസ്കാരത്തെയോ മാതൃകാ പുരുഷന്മാരെയോ സ്വീകരിക്കാറുണ്ട്. അവരുടെ വീക്ഷണങ്ങളെയും സംസ്കാരങ്ങളെയും ഇവർ പൂർണ്ണമായി പിൻപറ്റുന്നു .
എന്നാൽ ഒരു സത്യവിശ്വാസി തന്റെ ജീവിത ദിശ തിരിച്ചുവിടേണ്ടത് ഇസ്ലാമിക നിയമങ്ങൾക്കനുസൃതമായി മാത്രമാണ്. അഥവാ അല്ലാഹുവിൻറെ കൽപ്പനകൾക്കും തിരുദൂതർ സല്ലല്ലാഹു അലൈഹിവസല്ലമയുടെ ചര്യകൾക്കും അനുസൃതമായി മാത്രമാണ്. കാരണം, ഇസ്ലാമിക ശരീഅത്താണ് ജീവിതവിജയത്തിന് നിദാനം. ആകയാൽ ജീവിതത്തിലെ അഖിലമേഖലകളിലും അല്ലാഹുവിനെയും തിരുദൂതരെയും സച്ചരിതരായ നേതാക്കളെയും പിൻപറ്റേണ്ടത് സത്യവിശ്വാസിയുടെ ബാധ്യതയാണെന്ന് അല്ലാഹു പഠിപ്പിക്കുന്നു.
അഭിപ്രായഭിന്നതകൾ ഉടലെടുക്കുമ്പോൾ അല്ലാഹുവിലേക്കും തിരുദൂതരിലേക്കും മടങ്ങണമെന്ന് അല്ലാഹു സത്യവിശ്വാസികളെ പഠിപ്പിക്കുന്നു.
(یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ أَطِیعُوا۟ ٱللَّهَ وَأَطِیعُوا۟ ٱلرَّسُولَ وَأُو۟لِی ٱلۡأَمۡرِ مِنكُمۡۖ فَإِن تَنَـٰزَعۡتُمۡ فِی شَیۡءࣲ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡیَوۡمِ ٱلۡـَٔاخِرِۚ ذَ ٰلِكَ خَیۡرࣱ وَأَحۡسَنُ تَأۡوِیلًا)
[Surah An-Nisa' 59]
"സത്യവിശ്വാസികളെ, അല്ലാഹുവിനെ അനുസരിക്കുക. റസൂലിനെയും നിങ്ങളിൽ നിന്നുമുള്ള കാര്യ കർത്താക്കളെയും വഴിപ്പെടുക. വല്ല വിഷയത്തിലും നിങ്ങൾ ഭിന്നിച്ചാൽ നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കിൽ അല്ലാഹുവിലേക്കും റസൂലിലേക്കും അതിനെ മടക്കുക. വളരെ ഉത്തമവും നല്ല പരിണിതഫലവും ഇതുതന്നെയാണ്."
◾വിശ്വാസികൾ അനുധാവനം ചെയ്യുന്ന ദീനുൽ ഇസ്ലാം ആവശ്യപ്പെടുന്നത് അതിൻറെ മുഴുവൻ വശങ്ങളെയും പരിപൂർണ്ണ അർത്ഥത്തിൽ പിൻപറ്റുവാനാണ് . കുടുംബം, സാമൂഹികം, സാമ്പത്തികം തുടങ്ങി മുഴുവൻ കാര്യങ്ങളിലും ദീനുൽ ഇസ്ലാമിനാണ് മുൻഗണന നൽകേണ്ടതെന്ന് അല്ലാഹു കൽപ്പിക്കുന്നു
(وَأَنَّ هَـٰذَا صِرَ ٰطِی مُسۡتَقِیمࣰا فَٱتَّبِعُوهُۖ وَلَا تَتَّبِعُوا۟ ٱلسُّبُلَ فَتَفَرَّقَ بِكُمۡ عَن سَبِیلِهِۦۚ ذَ ٰلِكُمۡ وَصَّىٰكُم بِهِۦ لَعَلَّكُمۡ تَتَّقُونَ)
[Surah Al-An'am 153]
"ഇതാണ് എന്റെ മാർഗം. ഇത് നേർവഴിയാണ്. ആകയാൽ ഈ വഴിയിലൂടെ സഞ്ചരിക്കുക. മറ്റ് മാർഗങ്ങളിലൂടെ സഞ്ചരിക്കരുത്. അവ നിങ്ങളെ അല്ലാഹുവിന്റെ മാർഗത്തിൽ നിന്നും അകറ്റുന്ന താണ്. നിങ്ങൾ സൂക്ഷ്മതയുള്ളവരാകാൻ അല്ലാഹു നൽകുന്ന കല്പനകളാണിത്."(153)
◾മുസ്ലിംകളുടെ ഐകൃത്തിന്റെയും ഒരുമയുടെയും അടിസ്ഥാനം ഇസ്ലാമിക ശരീഅത്തിനെ അനുധാവനം ചെയ്തു ജീവിക്കലാണ്.
സമുദായം ശരീഅത്തിനെ അനുധാവനം ചെയ്യുന്നതിൽ വിമുഖത കാണിച്ച് തന്നിഷ്ടം ജീവിതം നയിച്ചാൽ അവർ ശിഥിലമാവുകയും നേർവഴിയിൽ നിന്ന് വ്യതിചലിക്കുകയും വലിയ പരീക്ഷണത്തിൽ അകപ്പെടുകയും ചെയ്യുന്നതാണ്.
ഇന്ന് ഇസ്‌ലാമിന്റെ വക്താക്കൾ ജൂത-ക്രൈസ്തവ സംസ്കാരം പുണരാനുള്ള തിരക്കിലാണ്. എന്തിനധികം,ചില ഇസ്ലാമിക ഭരണകൂടങ്ങൾ പോലും അത്തരം സംസ്കാരങ്ങൾ കടം എടുക്കുന്നതായി കാണാം. എന്നാൽ പടച്ച റബ്ബ് മറ്റിതര മത സംസ്കാരത്തെ പിൻപറ്റുന്നതിൽനിന്നും സത്യവിശ്വാസികളെ ശക്തമായി തടഞ്ഞിരിക്കുന്നു. അല്ലാഹു ഉണർത്തുന്നു:
(یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ إِن تُطِیعُوا۟ فَرِیقࣰا مِّنَ ٱلَّذِینَ أُوتُوا۟ ٱلۡكِتَـٰبَ یَرُدُّوكُم بَعۡدَ إِیمَـٰنِكُمۡ كَـٰفِرِینَ)
[Surah Aal-E-Imran 100]
"സത്യവിശ്വാസികളേ, വേദക്കാരിൽപ്പെട്ട ചിലർ പറയുന്നത് നിങ്ങൾ കേട്ടനുസരിക്കുകയാണെങ്കിൽ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവർ നിഷേധികളാക്കിക്കളയുന്നതാണ്.(100)"
◾ഏതെങ്കിലും സമുദായം ന്യൂനപക്ഷമായാൽ അവർ അവരിലെ ഭൂരിപക്ഷത്തിന്റെ വിശ്വാസ-ചിന്താ- കർമ്മങ്ങളെ പിന്തുടരും . അവർക്ക് ലഭിക്കാവുന്ന ഭൗതിക നേട്ടങ്ങളാകും അതിന് കാരണം. എന്നാൽ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്ന യഥാർത്ഥ വിശ്വാസികൾക്ക് ഇത്തരം കാര്യങ്ങൾ അപകടകരവും വഴികേടിലേക്കെത്തിക്കുന്നതുമാണ്. ഭൂരിപക്ഷത്തിനെ അനുധാവനം ചെയ്യുന്നതിൽ നിന്നും സ്വന്തത്തെയും മറ്റിതര സത്യവിശ്വാസികളെയും സംരക്ഷിക്കേണ്ടത് ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ് .
◾പിശാച് മനുഷ്യൻറെ ജൻമ ശത്രുവാണ്. ഓരോ നിമിഷവും അവൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത് മനുഷ്യനെ വഴികെടുത്തുവാൻ മാത്രമാണ്.
എന്നാൽ ഖേദകരമെന്നു പറയട്ടെ, അല്ലാഹുവിനെ ഭയക്കാത്ത ദുർമാർഗികളുടെ രീതികളെ സ്വീകരിക്കുന്നതിലൂടെ പലപ്പോഴും അറിഞ്ഞോ അറിയാതെയോ മനുഷ്യൻ പല നിലയിൽ കൂടി അവന് കീഴ്പ്പെടുകയാണ്. ഇതും പരോക്ഷത്തിൽ പിശാചിനെ അനുധാവനം ചെയ്യലാണ്. അള്ളാഹു മനുഷ്യനോട് പിശാചിൻറെ കുതന്ത്രത്തെപ്പറ്റി ഉണർത്തുകയും അവനെ പിൻപറ്റുന്നതിനെ ശക്തമായ ഭാഷയിൽ വിലക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു കല്പിക്കുന്നു :
(۞ یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ لَا تَتَّبِعُوا۟ خُطُوَ ٰتِ ٱلشَّیۡطَـٰنِۚ وَمَن یَتَّبِعۡ خُطُوَ ٰتِ ٱلشَّیۡطَـٰنِ فَإِنَّهُۥ یَأۡمُرُ بِٱلۡفَحۡشَاۤءِ وَٱلۡمُنكَرِۚ وَلَوۡلَا فَضۡلُ ٱللَّهِ عَلَیۡكُمۡ وَرَحۡمَتُهُۥ مَا زَكَىٰ مِنكُم مِّنۡ أَحَدٍ أَبَدࣰا وَلَـٰكِنَّ ٱللَّهَ یُزَكِّی مَن یَشَاۤءُۗ وَٱللَّهُ سَمِیعٌ عَلِیمࣱ)
[Surah An-Nur 21]
"സത്യവിശ്വാസികളേ, നിങ്ങൾ പിശാചിന്റെ ചുവട്ടടികൾ പിൻപറ്റരുത്. ആരെങ്കിലും പിശാചിനെ പിൻപറ്റിയാൽ പിശാച് മേച്ഛതകളും പാപങ്ങളും കൊണ്ട് കല്പിക്കുന്നതാണ് എന്ന് മനസ്സിലാക്കുക. അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യ വും നിങ്ങളുടെമേൽ ഉണ്ടായിരുന്നില്ലെങ്കിൽ നിങ്ങളിൽ ഒരാൾ പോലും ഒരിക്കലും പരിശുദ്ധി പ്രാപിക്കുയില്ലായിരുന്നു. പക്ഷേ, അല്ലാഹു ഉദ്ദേശിക്കുന്നവരെ അല്ലാഹു പരിശുദ്ധനാക്കുന്നു. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.(21)"
◾മനുഷ്യൻ ഇസ്‌ലാമിക ശരീഅത്ത് അവഗണിക്കുന്നതിന് പ്രധാനകാരണം, അവൻറെ ഇച്ഛകളാണ്. ഇച്ഛകൾക്ക് കടിഞ്ഞാണിടാതെ പോയാൽ അവൻ അതിൻറെ അടിമയായി മാറുന്നു .നാവുകൊണ്ട് ഉണ്ട് നല്ലത് പറഞ്ഞാലും അവൻറെ ഹൃദയം ഇരുണ്ടതും അവൻറെ പ്രവർത്തികൾ ന്യൂനത ഉള്ളതും അവൻറെ വ്യക്തിത്വം പ്രഭയറ്റതുമായിരിക്കും.
◾സൂറത്തുൽ അഅ്റാഫിൽ അല്ലാഹു ഇച്ഛകളെ പിൻപറ്റി, ദുർമാർഗിയായ ഒരു പണ്ഡിതന്റെ കഥ പറയുന്നുണ്ട്.
മഹാനായ മൂസാ അലൈഹിസ്സലാമിന്റെ കാലത്ത് ജീവിച്ചിരുന്ന ബൽആം ബിൻ ബാഊറ വലിയ പണ്ഡിതനും ഭൗതിക പരിത്യാഗിയും പ്രാർത്ഥനയ്ക്ക് അതി വേഗം ഉത്തരം നല്കപ്പെടുന്ന വ്യക്തിയുമായിരുന്നു .
എന്നാൽ അദ്ദേഹം തൻറെ ഇച്ഛകൾക്ക് അടിമപ്പെട്ട് മൂസാ നബി അലൈഹിസലാമിന് എതിരായി പ്രാർത്ഥിച്ചപ്പോൾ അദ്ദേഹത്തിൻറെ വിജ്ഞാനവും അദ്ദേഹം ചെയ്തുകൂട്ടിയ സൽപ്രവർത്തനങ്ങളുമെല്ലാം വൃഥാവിലായി.
നിന്ദ്യനായി,നായക്ക് തുല്യമായി അല്ലാഹു അദ്ദേഹത്തെ ഉപമിക്കുകയും സത്യവിശ്വാസികൾ സൂക്ഷമത കൈ കൊള്ളാൻ ഉപദേശിക്കുകയും ചെയ്തു.
(وَٱتۡلُ عَلَیۡهِمۡ نَبَأَ ٱلَّذِیۤ ءَاتَیۡنَـٰهُ ءَایَـٰتِنَا فَٱنسَلَخَ مِنۡهَا فَأَتۡبَعَهُ ٱلشَّیۡطَـٰنُ فَكَانَ مِنَ ٱلۡغَاوِینَ) (وَلَوۡ شِئۡنَا لَرَفَعۡنَـٰهُ بِهَا وَلَـٰكِنَّهُۥۤ أَخۡلَدَ إِلَى ٱلۡأَرۡضِ وَٱتَّبَعَ هَوَىٰهُۚ فَمَثَلُهُۥ كَمَثَلِ ٱلۡكَلۡبِ إِن تَحۡمِلۡ عَلَیۡهِ یَلۡهَثۡ أَوۡ تَتۡرُكۡهُ یَلۡهَثۚ ذَّ ٰلِكَ مَثَلُ ٱلۡقَوۡمِ ٱلَّذِینَ كَذَّبُوا۟ بِـَٔایَـٰتِنَاۚ فَٱقۡصُصِ ٱلۡقَصَصَ لَعَلَّهُمۡ یَتَفَكَّرُونَ)
[Surah Al-A'raf 175-176]
"നാം നമ്മുടെ വചനങ്ങൾ നൽകിയ വ്യക്തിയുടെ അവസ്ഥ താങ്കൾ അവർക്ക് വിവരിച്ചുകൊടുക്കുക. അവൻ അതിൽ നിന്നും ഒഴി ഞ്ഞുമാറി. തദവസരം പിശാച് അവന്റെ പിന്നിൽ കൂടി. അങ്ങനെ അവൻ വഴികെട്ടവനായി. (175)
"നാം ഉദ്ദേശിച്ചിരുന്നെങ്കിൽ ആ വചനങ്ങൾ കൊണ്ട് അവനെ ഉയർത്തുമായിരുന്നു. എന്നാൽ അവൻ ഭൗതികനാവുകയും മനോച്ഛയെ പിൻപറ്റുകയും ചെയ്തു. അയാളുടെ ഉദാഹരണം നായയെ പോലെയാണ്. അതിനെ അക പ്പോലും വെറുതെവിട്ടാലും അത് നാവുനീട്ടി നടക്കുന്നതാണ്. നമ്മുടെ വചനങ്ങളെ നിഷേധിക്കുന്നവരുടെ
ഉദാഹരണം ഇതുതന്നെയാണ്. അവർ ചിന്തിക്കുന്നതിന് താങ്കൾ ഈ സംഭവങ്ങൾ വിവരിച്ചുകൊടുക്കുക.(176)"
◾അല്ലാഹു ഈ സംഭവത്തിലൂടെ സത്യവിശ്വാസികളെ പഠിപ്പിക്കുന്നത് ഇസ്ലാമിക ശരീഅത്തിന് മറ്റെന്തിനെക്കാളും മുൻഗണന നൽകി ജീവിക്കണമെന്നതാണ്.
◾ഈ സമുദായത്തിനെ അല്ലാഹു ഉത്തമ സമുദായം എന്നാണ് വിശേഷിപ്പിച്ചത്.എന്നാൽ ഇച്ഛകളെ പിൻപറ്റുന്നതിലൂടെ ഉത്തമ സമുദായം, നശിച്ച സമുദായമായി പരിവർത്തിക്കപ്പെടും.
◾നാമാവശേഷമായ ഗതകാല സമൂഹത്തിൻറെ ചരിത്രം പരിശോധിച്ചാൽ നമുക്ക് മനസ്സിലാകുന്നത്, അവർക്കിടയിൽ ആദ്യമായി പൊട്ടിമുളച്ച നാശം ദേഹേച്ഛകൾക്ക് അടിമയാവുക എന്നതായിരുന്നു.
അതിലൂടെ അവർ നേർവഴിയിൽ നിന്നും വ്യതിചലിക്കുകയും ഇലാഹീകല്പനകളെ ലംഘിക്കുകയും ചെയ്തു.
ഇതിനാൽ തന്നെ സമൂഹത്തെ നേരായ പാതയിൽ ഉറപ്പിച്ചു നിർത്താനും ഇച്ഛകൾ അവരെ പിടികൂടുന്നതിൽ നിന്നും സൂക്ഷിക്കാനുമാണ് അള്ളാഹു ദൂതന്മാരെ നിയോഗിച്ചത്.
ദാവൂദ് നബി അലൈഹിസ്സലാമിനോട് അല്ലാഹു പറഞ്ഞു:
(یَـٰدَاوُۥدُ إِنَّا جَعَلۡنَـٰكَ خَلِیفَةࣰ فِی ٱلۡأَرۡضِ فَٱحۡكُم بَیۡنَ ٱلنَّاسِ بِٱلۡحَقِّ وَلَا تَتَّبِعِ ٱلۡهَوَىٰ فَیُضِلَّكَ عَن سَبِیلِ ٱللَّهِۚ إِنَّ ٱلَّذِینَ یَضِلُّونَ عَن سَبِیلِ ٱللَّهِ لَهُمۡ عَذَابࣱ شَدِیدُۢ بِمَا نَسُوا۟ یَوۡمَ ٱلۡحِسَابِ)
[Surah Sad 26]
" ദാവൂദേ, താങ്കളെ നാം ഭൂമിയിൽ പ്രതിനിധിയാ
ക്കിയിരിക്കുന്നു. ആകയാൽ ജനങ്ങൾക്കിടയിൽ നീതിയോടെ വിധിക്കുക. മനോച്ചയെ താങ്കൾ പിൻപറ്റരുത്. അത് താങ്കളെ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്നും തെറ്റിച്ച് കളയുന്നതാണ്. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്നും തെറ്റിപ്പോകുന്നവർ വിചാരണാദിനത്തെ മറന്ന കാരണത്താൽ അവർക്ക് കഠിനമായ ശിക്ഷയുണ്ട്."
◾ഇസ്ലാമിക ശരീഅത്ത് മുറുകെപ്പിടിച്ച് ജീവിക്കലും ഇച്ഛകളെ വെടിയലും ഇക്കാലത്ത് ശ്രമകരമായ കാര്യം തന്നെയാണ്. എന്നാൽ തനിക്ക് ഉണ്ടായേക്കാവുന്ന കഷ്ട-നഷ്ടങ്ങളെ അവഗണിച്ച് അല്ലാഹുവിനെയും തിരുദൂതർ സല്ലല്ലാ ഹംഅലൈഹിവസല്ലമയെയും പിൻപറ്റാൻ തയ്യാറായ സത്യവിശ്വാസികൾക്ക് വലിയ ഉപഹാരമാണ് അല്ലാഹു ഒരുക്കിവച്ചിരിക്കുന്നത്.
അല്ലാഹു അറിയിക്കുന്നു
(یُصۡلِحۡ لَكُمۡ أَعۡمَـٰلَكُمۡ وَیَغۡفِرۡ لَكُمۡ ذُنُوبَكُمۡۗ وَمَن یُطِعِ ٱللَّهَ وَرَسُولَهُۥ فَقَدۡ فَازَ فَوۡزًا عَظِیمًا)
[Surah Al-Ahzab 71]
"അല്ലാഹു നിങ്ങളുടെ കർമ്മങ്ങൾ നന്നാക്കുന്നതും നിങ്ങളുടെ പാപങ്ങൾ പൊറുത്ത് തരുന്നതുമാണ്. അല്ലാഹുവി നെയും ദൂതനെയും അനുസരിക്കുന്നവർ മഹത്തരമായ വിജയം വരിച്ചിരിക്കുന്നു.(71)"
◾അല്ലാഹു നമുക്കേവർക്കും അവനെയും അവൻറെ ദൂതനെയും അനുസരിക്കാനും അനുധാവനം ചെയ്യാനുമുള്ള ഉതവി നൽകി അനുഗ്രഹിക്കട്ടെ . ആമീൻ.