സയ്യിദ് ഹസനി അക്കാദമി
ദാറുല്‍ ഉലൂം, ഓച്ചിറ


ബഹുമാന്യരെ, പ്രയോജനപ്രദമായ രചനകളുടെ പ്രസിദ്ധീകരണത്തിനും പ്രചാരണത്തിനും വേണ്ടി ആദരണീയ പ്രബോധകൻ മൗലാനാ സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി സ്ഥാപിച്ച ഒരു കേന്ദ്രമാണ് സയ്യിദ് ഹസനി അക്കാദമി. പടച്ചവന്റെ അനുഗ്രഹത്താൽ ചെറുതും വലുതുമായ ധാരാളം രചനകൾ ഇതിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ ഇതിന്റെ പ്രചാരണം വേണ്ട നിലയിൽ ആയിട്ടില്ല. അതിനുവേണ്ടി ഓരോ മാസവും ഓരോ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ദുൽ ഹജ്ജ് മാസം തിരുവനന്തപുരം ജില്ലയിലാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. സുമനസ്സുകളായ സഹോദരങ്ങൾ വീടുകളിലും ഇതര സ്ഥാപനങ്ങളിലും ചെറിയ ഒരു ലൈബ്രറി സ്ഥാപിച്ച് അക്കാദമിയുടെ രചനകൾ പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരെ പരിചയപ്പെടുത്തുകയും വിവാഹ വേളകളിലും മറ്റും ഉപഹാരം നൽകുകയും ചെയ്താൽ ഇത് വളരെ എളുപ്പമായ നിലയിൽ നടക്കുന്നതാണ്. ബുക്ക് സ്റ്റാളുകളും പർദ്ദ സ്റ്റാളുകളും നടത്തുന്ന സഹോദരങ്ങളെ പ്രേരിപ്പിച്ചാലും ഈ പ്രവർത്തനം പ്രയോജനപ്രദമായി നടക്കുന്നതാണ്. മാന്യ അനുവാചകർ ഈ വഴിയിൽ പരിശ്രമിക്കുകയും നിർമ്മാണാത്മ അഭിപ്രായങ്ങൾ നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.

*******************************************************************************



********************************************************************************


മുഖലിഖിതം

ദഅ് വത്ത് പ്രധാന ദൗത്യമാക്കുക


മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 


11. നാം ജീവിതത്തിൽ ശ്രദ്ധിച്ച് പാലിക്കുന്ന കാര്യങ്ങളിൽ ദഅവത്തിനും  തബ്‌ലീഗിനും പ്രധാന സ്ഥാനം നല്‍കേണ്ടതാണ്. ബഹുമാന്യ നബിമാരുടെ പ്രഥമമായ നിയോഗലക്ഷ്യവും വിശുദ്ധ ഗ്രന്ഥങ്ങളുടെ അവതരണ ഉദ്ദേശ്യവും ഇതാണ്. മുസ്ലിം ഉമ്മത്തിന്റെ പ്രധാന ദൗത്യവും ഇതുതന്നെ. അല്ലാഹു അരുളുന്നു: “നിങ്ങൾ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമുദായമാണ്. നിങ്ങൾ നന്മ ഉപദേശി ക്കുന്നു. തിന്മയിൽ നിന്നും തടയുന്നു. അല്ലാഹുവിൽ വിശ്വസി ക്കുകയും ചെയ്യുന്നു.” മറ്റൊരിടത്ത് അറിയിക്കുന്നു: "ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും നന്മ ഉപദേശിക്കുകയും തിന്മ തടയുകയും ചെയ്യുന്ന ഒരു സംഘം നിങ്ങളിൽ ഉണ്ടായിരിക്കേ ണ്ടതാണ്."

എന്നാൽ, ഇസ്ലലാഹ്‌-ദഅ്‌വത്ത്-തബ്‌ലീഗുകൾക്ക് എന്തെ ങ്കിലും പ്രത്യേക രൂപമോ നിർണിത മൈതാനമോ ഭേദഗതിയും മാറ്റവും പാടില്ലാത്ത കെട്ടിപ്പൂട്ടിയ പദ്ധതിയോ ഇല്ല. എങ്കിലും, നബവീ ശൈലിയോട് സാദൃശ്യമാകുന്നതിനനുസരിച്ച് പ്രവർത്തനം ഉന്നതമാകുന്നതാണ്.

നൂഹ്(അ) വിവരിക്കുന്നു: “ഞാൻ എൻ്റെ സമൂഹത്തെ രാവും പകലും സത്യത്തിലേക്ക് ക്ഷണിച്ചു. ശേഷം, ഞാൻ അവരോട് കാര്യങ്ങൾ രഹസ്യമായും പരസ്യമായും പറഞ്ഞു." റസൂലു ല്ലാഹി(സ)യെ അല്ലാഹു ഉപദേശിക്കുന്നു: “യുക്തി ജ്ഞാനം, സദു പദേശം എന്നിവയിലൂടെ ജനങ്ങളെ രക്ഷിതാവിൻ്റെ പാതയിലേക്ക് ക്ഷണിക്കുക."

ഇപ്രകാരം, സാമൂഹ്യമായും രാഷ്ട്രീയമായും മുസ്‌ലിംകൾ നേരിടുന്ന അവസ്ഥകളെക്കുറിച്ച് ചിന്തിക്കലും നമ്മുടെ ഒരു ദീനീ ബാധ്യതയാണ്. അവരുടെ സന്തോഷ-ദുഃഖങ്ങളിലും, കയ്ക്കു ന്നതും മധുരിക്കുന്നതുമായ സംഭവങ്ങളിലും നാമും പങ്കാളികളാ കണം. നാമെവിടെയായിരുന്നാലും, മുഴുവൻ ഇസ്ലാമിക കുടും ബത്തോടൊപ്പം പ്രതീക്ഷകളിലും അഭിലാഷങ്ങളിലും ബോധങ്ങ ളിലും വികാരങ്ങളിലും സഹകരിക്കണം. റസൂലുല്ലാഹി(സ) അരുളി: “പരസ്പ‌രമുള്ള കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും അനുകമ്പയുടെയും വിഷയത്തിൽ മുസ്‌ലിംകളുടെ ഉപമ ഒരു ശരീരം പോലെയാണ്. ഒരു അവയവത്തിന് വല്ല പ്രയാസവും നേരിട്ടാൽ, മുഴുവൻ അവയവങ്ങളും ഉറക്കമില്ലായ്‌മയിലും പനി യിലും അതിനോട് സഹകരിക്കുന്നു.

മുസ്ലിംകൾ അനുഭവിക്കുന്ന സങ്കീർണവും കൈപ്പേറിയതു മായ പ്രശ്‌നങ്ങൾ നമ്മെ അസ്വസ്ഥമാക്കണം. ദീനിൻറെ പേരിൽ അവർ സഹിച്ച പീഢനങ്ങളും നാശനഷ്ടങ്ങളും നമ്മുടെ ജീവി തത്തിലും പ്രതിഫലിക്കണം. നമ്മുടെ ദീനീരോഷവും ഇസ്ലാ മിക അഭിമാനവും സദാ ഉണർന്നിരിക്കണം. ഇസ്‌ലാമിക സാഹോ ദര്യത്തിൻ്റെ കടമ കഴിയുന്നത് നാം നിർവഹിക്കണം.

ഇപ്രകാരം, അല്ലാഹുവിൻ്റെ വാക്യം ഉയർത്താനും ദീനീല ക്ഷ്യങ്ങൾ നടപ്പിലാക്കാനും ശരീഅത്ത് പ്രയോഗവൽക്കരിക്കാനും ഇവയിലുള്ള തടസ്സങ്ങൾ ദൂരീകരിക്കാനും കഴിവിൻ്റെ പരമാവധി നാം പരിശ്രമിക്കണം. അങ്ങനെ, നമ്മുടെ ഗാംഭീര്യവും പ്രയോജ നവും ഉപകാരവും ഉപദ്രവവും പ്രകടമായിത്തന്നെ ലോകം മന സ്സിലാക്കുന്ന നിലയിൽ നാം ഒരു ശക്തിയായി ഉരുത്തിരിയണം. അവസാനം, അല്ലാഹുവിൻ്റെ ഭൂമിയിൽ നമ്മുടെ പാദങ്ങൾ ഉറ യ്ക്കണം. കുഴപ്പങ്ങളുടെയും നാശങ്ങളുടെയും അടിവേരുകൾ പിഴു തെറിയപ്പെടണം. ഏകനായ അല്ലാഹുവിനെ അനുസരിക്കുന്ന അവസ്ഥ സംജാതമാകണം. അതെ, 'കുഫ്റിൻ്റെ നാശങ്ങൾ അവ ശേഷിക്കാതിരിക്കുകയും അല്ലാഹുവിൻ്റെ ദീൻ മാത്രം നിലനിൽക്കു കയും ചെയ്യുന്നതുവരെ.”

മനസ്സിൽ മയവും വേദനയും ഉണ്ടാക്കുകയും ഇസ്ല‌ാം കൽപ്പി ക്കുന്ന ഭക്തിയുടെയും വിരക്തിയുടെയും ജീവിതം നടപ്പിലാക്കു കയും പരലോകത്ത് പ്രയോജനപ്പെടുന്ന കാര്യങ്ങളുമായി മാത്രം ബന്ധപ്പെടുകയും നീണ്ട നീണ്ട പ്രതീക്ഷ-മോഹങ്ങൾ സൂക്ഷി ക്കുകയും ചെയ്യാൻ അത്യധികം പ്രയോജനകരയായ ഒരു കാര്യ മാണ് അവസാനമായി കുറിക്കാനുള്ളത്. അഥവാ ജീവിതത്തിന്റെ ചുരുക്കത്തെയും ദുൻയാവിൻ്റെ നശ്വരതയെയും മരണത്തിന്റെ സംഭ വ്യതയെയും കുറിച്ചുള്ള ചിന്ത സദാ നിലനിറുത്തുക. റസൂലു ല്ലാഹി(സ) അരുളി: "എല്ലാ രസങ്ങളെയും മുറിച്ചുകളയുന്ന കാര്യത്തെ, അതായത് മരണത്തെക്കുറിച്ച് അധികമായി സ്മരിക്കുക
മരണസ്മ‌രണയ്ക്കായി ദിവസവും കുറച്ച് സമയം ചെലവഴി ക്കേണ്ടതാണ്. കൂട്ടത്തിൽ, നല്ല അന്ത്യത്തെക്കുറിച്ചുള്ള കഠിനമായ ചിന്ത സദാ പുലർത്തുക. കാരണം, കാര്യങ്ങളുടെ പരിഗണന നല്ല അന്ത്യത്തിലാണ്. ദീനിലുള്ള ദൃഢചിത്തതയിലും അല്ലാഹു വിങ്കലുള്ള സമുന്നത സ്ഥാനത്തിലും ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയിലും അത്ഭുതകരമായ ജീവിതത്തിലും പ്രസിദ്ധരായ ഔലിയാ-ആരിഫുകളെല്ലാം നല്ല അന്ത്യത്തെയും ഈമാനിലുള്ള മരണത്തെയും കുറിച്ച് വളരെയധികം ചിന്തിച്ചിരുന്നു. അവരുടെ ചിന്തയുടെ കേന്ദ്രബിന്ദുവും കർണങ്ങളുടെ പ്രധാന പ്രേരകവും ഇതുതന്നെയായിരുന്നു. തങ്ങളുടെ സൽപ്രവർത്തനങ്ങളിലോ ജന ങ്ങളുടെ സദ്ഭാവനകളിലോ അവർ ഒരിക്കലും അഹങ്കരിച്ചില്ല. സ്വന്തം ത്യാഗപരിശ്രമങ്ങളെ അവർ അവലംബിച്ചതുമില്ല. ഈ ഹദീ സിനെ അവർ സദാ അനുസ്മരിച്ചിരുന്നു:

അബൂഹുറയ്റ(റ) നിവേദനം ചെയ്യുന്നു. റസൂലുല്ലാഹി(സ് ല്ലല്ലാഹുഅലൈഹിവസല്ലം) അരുളി: “നിങ്ങളിലാരെയും അവന്റെ പ്രവർത്തനം രക്ഷപ്പെടുത്തുന്നതല്ല.” സഹാബത്ത് ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരെ, അങ്ങയെയും രക്ഷപ്പെടുത്തുകയില്ല യോ?” അപ്പോൾ റസൂലുല്ലാഹി(സ) അരുളി: “അതെ, എന്നെയും എന്റെ കർമം രക്ഷപ്പെടുത്തുന്നതല്ല. അല്ലാഹു, അവൻറെ കരുണ കൊണ്ട് എന്നെ പൊതിഞ്ഞാലൊഴികെ. അതുകൊണ്ട്, ശരിയായ നിലയിൽ പ്രയാണം ചെയ്യുക. അടുത്തടുത്ത് നിൽക്കുക. പ്രഭാത ത്തിലും പ്രദോഷത്തിലും അൽപ്പം രാത്രിയിലും സഞ്ചരിക്കുക. മധ്യമസഞ്ചാരം, മധ്യമസഞ്ചാരം മാത്രം തിരഞ്ഞെടുക്കുക. എന്നാൽ, നിങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതാണ്.”

നല്ല പരിസമാപ്‌തിയെക്കുറിച്ചുള്ള ചിന്തയും ശ്രദ്ധയും ഉണർത്തുന്ന ഈ ഹദീസ്, ഈ രചനയുടെ സുന്ദരസമാപനത്തിന് തീർത്തും ഉപയുക്തമാണ്. അല്ലാഹുവാണ് ശരിയിലേക്കും നന്മ യിലേക്കും നയിക്കുന്നവൻ. എല്ലാവരുടെയും എല്ലാറ്റിന്റെയും മട ക്കവും അവനിലേക്കുതന്നെ.”

                                ( വിശ്വാസം, ആരാധന, സംസ്കരണം)


*******************************************************************************

ജുമുഅ സന്ദേശം

 നന്മ കൽപ്പിക്കുക തിന്മ തടയുക


മൗലാനാ ഉമറൈൻ മഹ്ഫൂസ് റഹ്മാനി
സമ്പാ: അബ്ദുർറസ്സാഖ് ഹുസ്നി


{ كُنتُمۡ خَیۡرَ أُمَّةٍ أُخۡرِجَتۡ لِلنَّاسِ تَأۡمُرُونَ بِٱلۡمَعۡرُوفِ وَتَنۡهَوۡنَ عَنِ ٱلۡمُنكَرِ وَتُؤۡمِنُونَ بِٱللَّهِۗ وَلَوۡ ءَامَنَ أَهۡلُ ٱلۡكِتَـٰبِ لَكَانَ خَیۡرࣰا لَّهُمۚ مِّنۡهُمُ ٱلۡمُؤۡمِنُونَ وَأَكۡثَرُهُمُ ٱلۡفَـٰسِقُونَ }
[Surah Âl-`Imrân: 110]

നിങ്ങൾ ജനങ്ങളുടെ നന്മയ്ക്കായി അയയ്ക്കപ്പെട്ട ഉത്തമ സമുദായമാണ്. നിങ്ങൾ നന്മ ഉപദേശിക്കുകയും തിന്മ തടയു കയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാർ സത്യം വിശ്വസിച്ചാൽ അത് അവർക്ക് നല്ലതാണ്. അവരിൽ സത്യം സ്വീകരിക്കുന്നവരുണ്ട്. അവരിൽ അധികവും അനുസരണയില്ലാത്തവരാണ്.(110)

പടച്ചതമ്പുരാൻ മുസ്‌ലിം സമുദായത്തെ ഉത്തമ സമുദായം എന്ന് വിശേഷിപ്പിച്ചിരിക്കുന്നു.കാരണം അവരുടെ കടമ നന്മ കൽപ്പിക്കലും തിന്മ തടയലുമാണ്. 
നന്മ ഒരു ഗുണമാണ്. അത് മനുഷ്യന് പ്രകൃതിപരമായി മനസ്സിലാകുന്ന കാര്യമാണ്. അതിൽ തന്നെ സഹജീവികളുമായി ബന്ധപ്പെട്ട നന്മകളുണ്ട്.
കുടുംബബന്ധം ചേർക്കൽ, സംസ്കാരം, അദ്ധ്യാപനം, അനാഥ സംരക്ഷണം, ലജ്ജ, ദാനധർമ്മം തുടങ്ങിയ നന്മകൾ .
കൂടാതെ സൃഷ്ടാവുമായി ബന്ധപ്പെട്ടവയുമുണ്ട്. ഈമാൻ,നിസ്കാരം, വ്രതം, സകാത്ത്,ഹജ്ജ് തുടങ്ങിയ നന്മകൾ .
തിന്മ ഇതിന്റെ നേർ വിപരീതമാണ്. മനുഷ്യന് തന്റെ ബുദ്ധി കൊണ്ടും അല്ലാഹുവിന്റെ അറിയിപ്പിലൂടെയും തിന്മയെ മനസ്സിലാക്കാം.
അഹങ്കാരം, പിശുക്ക്, ലജ്ജയില്ലായ്മ, വിവരക്കേട്, കടമകളോട് മുഖം തിരിക്കൽ, കുഴപ്പമുണ്ടാക്കൽ തുടങ്ങിയവ തിന്മകളാണ്.

നന്മ കൽപ്പിക്കുക- തിന്മ തടയുക എന്ന കർമ്മം ഓരോ മുസ്ലിമിനും ബാധകമാണ്. അതോടൊപ്പം ഇത്തരമൊരു ലക്ഷ്യ സാധൂകരണത്തിനായി പ്രത്യേക സംഘങ്ങൾ കാലാതീതമായി ഉയർന്ന് വരേണ്ടതുണ്ട്. അല്ലാഹു പറയുന്നത് നോക്കൂ:
{ وَلۡتَكُن مِّنكُمۡ أُمَّةࣱ یَدۡعُونَ إِلَى ٱلۡخَیۡرِ وَیَأۡمُرُونَ بِٱلۡمَعۡرُوفِ وَیَنۡهَوۡنَ عَنِ ٱلۡمُنكَرِۚ وَأُو۟لَـٰۤىِٕكَ هُمُ ٱلۡمُفۡلِحُونَ }
[Surah Âl-`Imrân: 104]
പുണ്യത്തിലേക്ക് ക്ഷണിക്കുകയും നന്മ കല്പിക്കുകയും തിന്മകൾ തടയുകയും ചെയ്യുന്ന ഒരു സമുദായമായി നിങ്ങൾ മാറുക. അവർ തന്നെയാണ് വിജയികൾ.(104)

മുൻ കഴിഞ്ഞ സമുദായത്തിൽ വേദ ഗ്രന്ഥം നൽകപ്പെട്ട യഹൂദ-നസാറാക്കൾക്ക് ഇത്തരമൊരു ദൗത്യം നൽകപ്പെട്ടിരുന്നു. എന്നാൽ അതിൽ ആലസ്യം കാണിച്ചു.
അവരിൽ ചിലർ തിന്മകളിൽ നിന്നകലം പ്രാപിച്ചുവെങ്കിലും സമുദായത്തിലെ തിന്മകൾ തടയാൻ തയ്യാറായില്ല. അങ്ങനെ അവരെല്ലാം തന്നെ
റബ്ബിന്റെ കോപത്തിന് ഇരയായി.

{ لُعِنَ ٱلَّذِینَ كَفَرُوا۟ مِنۢ بَنِیۤ إِسۡرَ ٰ⁠ۤءِیلَ عَلَىٰ لِسَانِ دَاوُۥدَ وَعِیسَى ٱبۡنِ مَرۡیَمَۚ ذَ ٰ⁠لِكَ بِمَا عَصَوا۟ وَّكَانُوا۟ یَعۡتَدُونَ }
{ كَانُوا۟ لَا یَتَنَاهَوۡنَ عَن مُّنكَرࣲ فَعَلُوهُۚ لَبِئۡسَ مَا كَانُوا۟ یَفۡعَلُونَ }
[Surah Al-Mâ'idah: 79: 78]
ബനൂഇസ് റഈലിലെ നിഷേധികളെ ദാവൂദ് നബിയുടെയും ഈസബിനു മർയമിന്റെയും നാവിലൂടെ ശപി ക്കപ്പെട്ടു. അത് അവർ പാപങ്ങൾ പ്രവർത്തിക്കുകയും പരിധി ലംഘിക്കുകയും ചെയ്തതിന്റെ പേരിലായിരുന്നു.(78)
അവർ പ്രവർ ത്തിച്ചിരുന്ന തിന്മകളിൽ നിന്നും അവർ പരസ്പരം തടഞ്ഞിരുന്നില്ല. അവരുടെ പ്രവർത്തനം വളരെ മോശമായിപ്പോയി. (79)

ബനൂ ഇസ്റാഈലിനു ശേഷം ഈ വിശേഷകർത്തവ്യം ലഭിച്ചത് ഉമ്മത്തെ മുഹമ്മദിയ്യക്കാണ്. നന്മയെ പ്രോത്സാഹിപ്പിക്കലും തിന്മയെ നിരുത്സാഹപ്പെടുത്തലുമാണ് അവരുടെ കടമ. അല്ലാഹു ഈ സമുദായത്തിന്റെ മഹത്വം വിവരിക്കുന്നു:
{ وَكَذَ ٰ⁠لِكَ جَعَلۡنَـٰكُمۡ أُمَّةࣰ وَسَطࣰا لِّتَكُونُوا۟ شُهَدَاۤءَ عَلَى ٱلنَّاسِ وَیَكُونَ ٱلرَّسُولُ عَلَیۡكُمۡ شَهِیدࣰاۗ }
[Surah Al-Baqarah: 143]
ഇപ്രകാരം നിങ്ങളെ നാം ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങൾ ജനങ്ങൾക്ക് സാക്ഷി കളാകുന്നതിനും റസൂൽ നിങ്ങൾക്ക് സാക്ഷിയാകുന്നതിനും വേണ്ടിയാണ് (ഈ സ്ഥാനം) കനിഞ്ഞരുളിയത്.

ഭരണകൂടം ഒരു ഓഫീസറെ കുറ്റകൃത്യങ്ങൾ തടയാൻ ഒരു നാട്ടിലേക്ക് അയക്കുന്നു. അയാൾ അവിടെച്ചെന്ന് കുറ്റകൃത്യങ്ങൾ തടഞ്ഞില്ലെന്ന് മാത്രമല്ല, അതിൽ പങ്കാളിയാവുകയും ചെയ്തു. ഇതറിയുന്ന ഭരണകൂടം അയാൾക്കെതിരെ നടപടി സ്വീകരിക്കുന്നതാണ്. ഒന്നുകിൽ suspension, അല്ലെങ്കിൽ transfer എങ്കിലും കിട്ടുന്നതാണ്.
ലോകത്ത് ഇത്തരമൊരു കർത്തവ്യത്തിന് നമ്മെ നിയോഗിച്ച അല്ലാഹു നമ്മുടെ തെറ്റുകൾ കണ്ട് മിണ്ടാതിരിക്കുമെന്നാണോ നാം കരുതുന്നത്?!

 عَنْ حُذيفةَ ، عن النَّبيِّ ﷺ قَالَ: والَّذِي نَفْسِي بِيَدِهِ، لَتَأْمُرُنَّ بالْمَعْرُوفِ، ولَتَنْهَوُنَّ عَنِ المُنْكَرِ، أَوْ لَيُوشِكَنَّ اللَّه أَنْ يَبْعَثَ عَلَيْكُمْ عِقَابًا مِنْهُ، ثُمَّ تَدْعُونَهُ فَلا يُسْتَجابُ لَكُمْ رواه الترمذي
 നബി(സ) അരുളി:
അല്ലാഹുവിൽ സത്യം, നിങ്ങൾ നന്മ കൽപ്പിക്കുകയും തിന്മ തടയുകയും ചെയ്യുക. അല്ലാത്ത പക്ഷം അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നതാണ്. ശേഷം നിങ്ങൾ പ്രാർത്ഥിച്ചാൽ അവൻ കേൾക്കുന്നതല്ല.

ചിലർ സ്വയം നന്മകൾ ചെയ്യുകയും തിന്മകളെ അകറ്റി നിർത്തുകയും ചെയ്യും. എന്നാൽ മറ്റുള്ളവരുടെ തെറ്റുകൾ തടയാൻ അവർ മുതിരില്ല.
'ഒരു വ്യക്തി സ്വന്തം കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി, അപരന്റെ ഒരു കാര്യത്തിലും തലയിടരുതെന്ന പാശ്ചാത്ത്യൻ സംസ്കാരം' എന്നോ നമ്മിലും കടന്നു കൂടിയിരിക്കുന്നു. തെറ്റ് കണ്ടാൽ തടയേണ്ടത് ഓരോ മനുഷ്യന്റെയും ബാധ്യതയാണ്. കാരണം അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടത് മുഴുവൻ സമുദായമാണ്.

{ وَٱتَّقُوا۟ فِتۡنَةࣰ لَّا تُصِیبَنَّ ٱلَّذِینَ ظَلَمُوا۟ مِنكُمۡ خَاۤصَّةࣰۖ وَٱعۡلَمُوۤا۟ أَنَّ ٱللَّهَ شَدِیدُ ٱلۡعِقَابِ }
[Surah Al-Anfâl: 25]
നിങ്ങളിൽ അക്രമികളെ മാത്രം ബാധിക്കാത്ത പരീക്ഷണത്തെ നിങ്ങൾ സൂക്ഷിക്കുക. അല്ലാഹു കഠിനശിക്ഷ നൽകുന്നതാണെന്നും മനസ്സിലാക്കുക.

ദീനുള്ളവരിൽ തന്നെ ധാരാളമാളുകൾ കരുതുന്നത്, നമുക്ക് നന്മ ധാരാളമായി കൽപ്പിക്കാം എന്നാൽ തിന്മ തടയേണ്ടതില്ല എന്നാണ്. കാരണം അതിലൂടെ നമ്മുടെ ജീവിതം പ്രയാസത്തിലാകും.
നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക, നന്മ കൽപ്പിക്കേണ്ടത് പോലെ തിന്മ തടയേണ്ടതും ദീൻ തന്നെയാണ്. അവയിൽ ഒന്നിനെ ഒഴിവാക്കി മറ്റൊന്ന് മാത്രം ചെയ്യുന്നത് ദീനിനു എതിരാണ് .
വിശിഷ്യാ തിന്മകൾ തഴച്ചുവളരുന്ന വർത്തമാന കാലത്ത് തിന്മ തടയേണ്ട ആവശ്യകത മറ്റെന്തിനേക്കാളും അധികമാണ്. അത് മുഖേന നിങ്ങൾക്ക് പ്രശ്നങ്ങളുണ്ടാകാം. അതെല്ലാം അമ്പിയാ- സ്വഹാബാ ചര്യയിൽ പെട്ടതാണെന്ന് മനസ്സിലാക്കുക. അതെല്ലാം വലിയ പ്രതിഫലത്തിനും സ്ഥാനത്തിനും കാരണമാണ്.
വിശുദ്ധ ഖുർആനിന്റെ ഉപദേശം കേൾക്കൂ:
{ یَـٰبُنَیَّ أَقِمِ ٱلصَّلَوٰةَ وَأۡمُرۡ بِٱلۡمَعۡرُوفِ وَٱنۡهَ عَنِ ٱلۡمُنكَرِ وَٱصۡبِرۡ عَلَىٰ مَاۤ أَصَابَكَۖ إِنَّ ذَ ٰ⁠لِكَ مِنۡ عَزۡمِ ٱلۡأُمُورِ }
[Surah Luqmân: 17]
എന്റെ മകനേ, നമസ്കാരം മുറപ്രകാരം നിലനിർത്തുക. നന്മ ഉപദേശിക്കുകയും തിന്മ തടയുകയും ചെയ്യുക. നിനക്ക് ബാധിക്കുന്ന ബുദ്ധിമുട്ടുകൾ സഹിക്കുക. തീർച്ചയായും ഇവ മനക്കരുത്തിന്റെ കാര്യങ്ങളാണ്.(17)

തിന്മ തടയേണ്ട രീതി റസൂൽ(സ) പഠിപ്പിക്കുന്നു:
عن أبي سعيد الخدري رضي الله عنه قال: سمعت رسول الله صلى الله عليه وآله وسلم يقول: «من رأى منكم منكراً فليُغيِّره بيده، فإلم يستطع فبلسانه، فإلم يستطع فبقلبه، وذلك أضعف الإيمان».
അബൂ സഈദ് അൽ ഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "നിങ്ങളിൽ ആരെങ്കിലും ഒരു തിന്മ കണ്ടാൽ അവൻ തൻ്റെ കൈ കൊണ്ട് അത് തടയട്ടെ. അതിന് സാധിച്ചില്ലെങ്കിൽ അവൻ്റെ നാവ് കൊണ്ട്. അതിനും സാധിച്ചില്ലെങ്കിൽ അവൻ്റെ ഹൃദയം കൊണ്ട്. അതാകുന്നു ഈമാനിൻ്റെ ഏറ്റവും ദുർബലമായ സ്ഥിതി."

ഭരണകർത്താക്കളിൽ തിന്മ കണ്ടാൽ അതിനെ നിയമപരമായി നേരിടണം. സമുദായത്തിൽ തിന്മ കണ്ടാൽ അതിനെ സാമുദായിക പിൻബലത്തോടെ ശരിപ്പെടുത്തണം. മത വിശ്വാസികളിൽ തിന്മകൾ കണ്ടാൽ അതിനെ ദഅവത്ത് തബ്ലീഗിലൂടെ തിരുത്തണം.
ചുരുക്കത്തിൽ ഇത്തരമൊരു കർത്തവ്യം നിർവ്വഹിക്കേണ്ടത് വിവേക പരമായിരിക്കണം.

അല്ലാഹു നമുക്ക് നന്മ കൽപ്പിക്കാനും തിന്മ തടയാനും , വിശിഷ്യാ സ്വജീവിതത്തിൽ അവ നടപ്പിലാക്കാനും സൗഭാഗ്യം നൽകട്ടെ .ആമീൻ


***********************************************************************************


മആരിഫുല്‍ ഖുര്‍ആന്‍ 


സത്യവിശ്വാസികള്‍ മര്യാദകള്‍ പുലര്‍ത്തുക, 

വിശ്വാസിനികള്‍ മറ സ്വീകരിക്കുക ഭാഗം-2

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

ആയത്ത് 53-55

{يَاأَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتَ النَّبِيِّ إِلَّا أَنْ يُؤْذَنَ لَكُمْ إِلَى طَعَامٍ غَيْرَ نَاظِرِينَ إِنَاهُ وَلَكِنْ إِذَا دُعِيتُمْ فَادْخُلُوا فَإِذَا طَعِمْتُمْ فَانْتَشِرُوا وَلَا مُسْتَأْنِسِينَ لِحَدِيثٍ إِنَّ ذَلِكُمْ كَانَ يُؤْذِي النَّبِيَّ فَيَسْتَحْيِي مِنْكُمْ وَاللَّهُ لَا يَسْتَحْيِي مِنَ الْحَقِّ وَإِذَا سَأَلْتُمُوهُنَّ مَتَاعًا فَاسْأَلُوهُنَّ مِنْ وَرَاءِ حِجَابٍ ذَلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ وَمَا كَانَ لَكُمْ أَنْ تُؤْذُوا رَسُولَ اللَّهِ وَلَا أَنْ تَنْكِحُوا أَزْوَاجَهُ مِنْ بَعْدِهِ أَبَدًا إِنَّ ذَلِكُمْ كَانَ عِنْدَ اللَّهِ عَظِيمًا (53) إِنْ تُبْدُوا شَيْئًا أَوتُخْفُوهُ فَإِنَّ اللَّهَ كَانَ بِكُلِّ شَيْءٍ عَلِيمًا (54) لَا جُنَاحَ عَلَيْهِنَّ فِي آبَائِهِنَّ وَلَا أَبْنَائِهِنَّ وَلَا إِخْوَانِهِنَّ وَلَا أَبْنَاءِ إِخْوَانِهِنَّ وَلَا أَبْنَاءِ أَخَوَاتِهِنَّ وَلَا نِسَائِهِنَّ وَلَا مَا مَلَكَتْ أَيْمَانُهُنَّ وَاتَّقِينَ اللَّهَ إِنَّ اللَّهَ كَانَ عَلَى كُلِّ شَيْءٍ شَهِيدًا}

സത്യവിശ്വാസികളെ, ആഹാരം കഴിക്കുന്നതിന് നിങ്ങള്‍ക്ക് അനുമതി നല്‍കപ്പെട്ടാലല്ലാതെ പ്രവാചക ഭവനങ്ങളില്‍ നിങ്ങള്‍ പ്രവേശിക്കരുത്. (ക്ഷണിക്കപ്പെട്ടാല്‍) ആഹാരം പാചകമാകുന്ന സമയം പ്രതീക്ഷിക്കരുത്. മറിച്ച് നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ പ്രവേശിക്കുക. ആഹാരം കഴിച്ച് കഴിഞ്ഞാല്‍ സംസാരിക്കുന്നതിന് വേണ്ടി ഇരിക്കാതെ പിരിഞ്ഞു പോകുക. തീര്‍ച്ചയായും അത് പ്രവാചകന് ബുദ്ധിമുട്ടുണ്ടാക്കും. പ്രവാചകന് നിങ്ങളോട് ലജ്ജ തോന്നും. അല്ലാഹു സത്യം പറയുന്നതിന് ലജ്ജിക്കുകയില്ല. നിങ്ങള്‍ പ്രവാചക പത്നിമാരോട് വല്ല സാധനങ്ങളും ചോദിച്ചാല്‍ മറയ്ക്കുപിന്നില്‍ നിന്ന് അവരോട് ചോദിക്കുക. നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും പരിശുദ്ധി അതാണ്. റസൂലുല്ലാഹിയെ ഉപദ്രവിക്കാനും റസൂലുല്ലാഹിക്ക് ശേഷം പ്രവാചക പത്നിമാരെ വിവാഹം കഴിക്കാനും നിങ്ങള്‍ക്ക് അനുവാദമില്ല. അത് അല്ലാഹുവിങ്കല്‍ വലിയ ഗൗരവമുള്ള കാര്യമാണ്.(53) നിങ്ങള്‍ വല്ലതും പ്രകടമാക്കിയാലും മറച്ചുവെച്ചാലും തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്നതാണ്.(54) പ്രവാചകപത്നിമാരുടെ പിതാക്കള്‍, ആണ്‍മക്കള്‍, സഹോദരങ്ങള്‍, സഹോദരമക്കള്‍, സഹോദരി മക്കള്‍, അവരുടെ അടുത്ത സ്ത്രീകള്‍, അടിമകള്‍ ഇവരുടെ വിഷയത്തില്‍ മറ സ്വീകരിക്കല്‍ അവരുടെമേല്‍ നിര്‍ബന്ധമില്ല. അവര്‍ അല്ലാഹുവിനെ ഭയന്ന് കഴിയട്ടെ. അല്ലാഹു എല്ലാത്തിനും സാക്ഷിയാണ്.(55)


പര്‍ദ്ദ: മ്ലേച്ഛതകള്‍ ഇല്ലാതാക്കാനുള്ള ഇസ്ലാമിക പദ്ധതി. മോശമായ പ്രവര്‍ത്തനങ്ങള്‍, വ്യഭിചാരം, അതിന്‍റെ ആമുഖ കാര്യങ്ങള്‍ എന്നിവ അങ്ങേയറ്റം നാശകരമായ തിന്മകളാണ്. ഇതിന്‍റെ നാശ ഫലങ്ങള്‍ വ്യക്തികളെ മാത്രമല്ല, കുടുംബങ്ങളെയും ഗോത്രങ്ങളെയും ചിലവേള രാജ്യങ്ങളെ തന്നെ നശിപ്പിക്കുന്നതാണ്. ഇന്ന് ലോകത്ത് നടക്കുന്ന കൊള്ളകളെയും കൊലകളെയും കുറിച്ച് ശരിയായ പഠനം നടത്തിയാല്‍ ഭൂരിഭാഗത്തിന്‍റെയും പിന്നില്‍ സ്ത്രീയോ, വൈകാരിക അവസ്ഥകളോ നിലകൊള്ളുന്നതായി കാണാന്‍ സാധിക്കും. അതുകൊണ്ട് തന്നെയാണ് ലോകാരംഭം മുതല്‍ എല്ലാ സമുദായങ്ങളും മതങ്ങളും പ്രദേശ നിവാസികളും ഇതിന്‍റെ തിന്മയിലും നാശത്തിലും ഏകോപിച്ചിരിക്കുന്നത്. 
എന്നാല്‍ ഈ അന്ത്യമ യുഗത്തില്‍ യൂറോപ്യന്‍ സമൂഹം അവരുടെ മതപരമായ അതിര്‍ത്തികളെയും ശക്തമായ പൗരാണിക പാരമ്പര്യത്തെയെല്ലാം തകര്‍ത്തെറിഞ്ഞ് വ്യഭിചാരത്തെ തിന്മയായി കാണുന്ന അവസ്ഥ പോലും ഇല്ലാതാക്കി. സാമൂഹിക, നാഗരികതകളുടെ മുഴുവന്‍ മേഖലകളും മ്ലേച്ഛതകളിലേക്ക് ക്ഷണിക്കുന്നതാക്കി. അതിന്‍റെ ഫലമെന്നോണം ധാരാളം അക്രമങ്ങള്‍ അരങ്ങേറുകയും ചെയ്തു. ഇതിന്‍റെ പേരില്‍ ബലാല്‍സംഗത്തെയും പരസ്യമായ മ്ലേച്ഛതകളെയും അവര്‍ ശിക്ഷാര്‍ഹമായി പ്രഖ്യാപിച്ചെങ്കിലും അതിന് വലിയ ഫലമൊന്നും ഉണ്ടായിരുന്നില്ല. അതെ, ഒരാള്‍ തീവെക്കാന്‍ വിറകുകള്‍ ഒരുമിച്ച് കൂട്ടുകയും അതില്‍ എണ്ണ കുടഞ്ഞ് തീ വെക്കുകയും ചെയ്തു. തീജ്വാലകള്‍ ഉയര്‍ന്നപ്പോള്‍ അതിനെ നിയന്ത്രിക്കാന്‍ അദ്ദേഹം പരിശ്രമിക്കുന്നു. ഈ പരിശ്രമം കൊണ്ട് എന്ത് ഫലം? അടുപ്പില്‍ മാംസം വെച്ച് തീ കൊളുത്തിയതിന് ശേഷം അത് വേവാതിരിക്കാന്‍ ആഗ്രഹിക്കുന്നത് കൊണ്ട് എന്ത് ഫലം? ഇതുപോലെ മ്ലേച്ഛതകള്‍ക്ക് വഴികള്‍ തുറന്ന് കൊടുത്തതിന് ശേഷം അതിനെ നിയന്ത്രിക്കാന്‍ നിയമങ്ങള്‍ കൊണ്ടുവരുന്നത് യാതൊരു ഗുണവുമില്ല. 
അതുകൊണ്ട് തന്നെ ഇസ്ലാം ഈ കാര്യങ്ങളെ വലിയ പാപങ്ങളും മനുഷ്യര്‍ക്ക് നാശകരമായ പ്രവര്‍ത്തനങ്ങളും ശിക്ഷാര്‍ഹമായ കാര്യങ്ങളുമായി പ്രഖ്യാപിച്ചു. അവയുടെ ആമുഖങ്ങള്‍ക്ക് പോലും നിയന്ത്രണം ഏര്‍പ്പെടുത്തുകയും അവയെയും തടയുകയും ചെയ്തു. അതിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം വ്യഭിചാരത്തില്‍ നിന്നും സംരക്ഷിക്കലായിരുന്നു. ആദ്യമായി എല്ലാവരും ദൃഷ്ടികള്‍ താഴ്ത്തുക എന്ന് നിര്‍ദ്ദേശിച്ചു. സ്ത്രീകളും പുരുഷന്മാരും കൂടിക്കലരുന്നതിനെ തടഞ്ഞു. സ്ത്രീകളുടെ കര്‍മ്മമണ്ഡലം വീടുകളാണെന്നും അവിടെ ഒതുങ്ങിക്കഴിയണമെന്നും ഉപദേശിച്ചു. ആവശ്യങ്ങള്‍ക്ക് വെളിയിലേക്ക് ഇറങ്ങുമ്പോള്‍ മക്കനയോ, പുതപ്പോ കൊണ്ട് ശരീരം മുഴുവനും മറയ്ക്കണമെന്നും വഴിയോരത്ത് കൂടി നടക്കണമെന്നും സുഗന്ധം പരത്താതിരിക്കണമെന്നും ആഭരണങ്ങള്‍ വെളിവാക്കാതിരിക്കണമെന്നും വ്യക്തമാണ്. ഈ നിമയ നിയന്ത്രണങ്ങളെ ലംഘിക്കുകയും അവസാനം മ്ലേച്ഛതകളില്‍ പതിക്കുകയും ചെയ്യുന്നവര്‍ക്ക് മറ്റുള്ളവര്‍ക്ക് കൂടി ഗുണപാഠം നല്‍കുന്ന ശിക്ഷ നടപ്പിലാക്കി. 
യൂറോപ്യന്‍മാരും അവരെ അനുകരിക്കുന്നവരും മ്ലേച്ഛതകളെ ന്യായീകരിക്കുന്നതിന് സ്ത്രീകളുടെ മറ ആരോഗ്യത്തിന് ഹാനികരവും സാമ്പത്തിക ബാധ്യതയും ആണെന്നും മറയില്ലാതെ കഴിയുന്നത് ധാരാളം ഗുണങ്ങളുണ്ടെന്നും വാദിക്കുന്നു. ഇതിനുള്ള വിശദമായ മറുപടിയും നിരവധി പണ്ഡിതര്‍ നല്‍കിയിട്ടുണ്ട്. ഇവിടെ ഇത്രമാത്രം മനസ്സിലാക്കുക: എല്ലാ പാപങ്ങളിലും എന്തെങ്കിലും പ്രയോജനമുണ്ടാകാറുണ്ട്. മോഷണം, കൊള്ള, വഞ്ചന മുതലായവ ഒരു നിലയ്ക്ക് നോക്കുമ്പോള്‍ വളരെ പ്രയോജനകരമാണ്. എന്നാല്‍ നാശകരമായ പരിണിത ഫലങ്ങള്‍ മുന്നില്‍ കാണുന്നവരാരും അവ പ്രയോജനപ്രദമാണെന്ന് പറയാന്‍ ധൈര്യപ്പെടുകയില്ല. ഇപ്രകാരം സ്ത്രീകളുടെ മറ ഉപേക്ഷിക്കുന്നതില്‍ കുറച്ച് സാമ്പത്തിക നന്മകളുണ്ടെങ്കിലും മുഴുവന്‍ നാടിനും നാട്ടുകാര്‍ക്കും ഉണ്ടാക്കുന്ന കുഴപ്പങ്ങളും മുന്നില്‍ വെക്കുമ്പോള്‍ ബുദ്ധിയുള്ളവരാരും അവയെ അനുവദനീയമായി കാണുന്നതല്ല.       

തിന്മകള്‍ ഇല്ലാതാക്കാന്‍ അവയുടെ കാരണങ്ങള്‍ ഇല്ലാതാക്കുക എന്ന സുവര്‍ണ്ണ നിയമവും അതിലെ മദ്ധ്യമമായ നിലപാടും. വിശ്വാസത്തിന്‍റെ അടിസ്ഥാന വിഷയങ്ങളായ തൗഹീദ്, രിസാലത്ത്, ആഖിറത്ത് മുതലായ കാര്യങ്ങളില്‍ എല്ലാ നബിമാരുടെയും സന്ദേശങ്ങള്‍ സംയുക്തമായതുപോലെ പാപങ്ങള്‍ നിഷിദ്ധമാണെന്ന വിഷയത്തിലും എല്ലാ നബിമാരും ഏകോപിച്ചിരിക്കുന്നു. എന്നാല്‍ ഗതകാല സമുദായങ്ങളില്‍ തിന്മകളുടെ മാധ്യമങ്ങളെ പൊതുവായ നിലയില്‍ നിഷിദ്ധമാക്കിയിട്ടില്ലായിരുന്നു. എന്നാല്‍ മുഹമ്മദീ സന്ദേശം ലോകാവസാനം വരെ നിലനില്‍ക്കുന്നതിനായതിനാല്‍ അതിന്‍റെ സംരക്ഷണത്തില്‍ അല്ലാഹു പ്രത്യേകം ചില കാര്യങ്ങള്‍ ചെയ്തു. പാപകരമായ കാര്യങ്ങള്‍ നിഷിദ്ധമാക്കിയതിനോടൊപ്പം സാധാരണ നിലയില്‍ പാപങ്ങളിലേക്ക് കൊണ്ടെത്തിക്കുന്ന മാധ്യമങ്ങളെയും നിഷിദ്ധമായി പ്രഖ്യാപിച്ചു. ഉദാഹരണത്തിന് മദ്യപാനത്തെ നിഷിദ്ധമാക്കിയതിനോടൊപ്പം മദ്യം ഉണ്ടാക്കുന്നതും വില്‍ക്കുന്നതും വാങ്ങുന്നതും നല്‍കുന്നതും നിഷിദ്ധമാക്കി. പലിശയെ നിഷിദ്ധമാക്കിയത് പോലെ അതുമായി ബന്ധപ്പെട്ട കാര്യങ്ങളെയും നിഷിദ്ധമാക്കി. അതുകൊണ്ട് തന്നെ തെറ്റായ ഇടപാടുകളിലൂടെ കരസ്ഥമാകുന്ന ലാഭം പലിശപ്പണം പോലെ നിഷിദ്ധമാണെന്ന് ഫുഖഹാഅ് പ്രഖ്യാപിച്ചു. വിഗ്രഹാരാധനയും പടച്ചവനോട് പങ്ക് ചേര്‍ക്കലും മഹാപാപമായി പ്രഖ്യാപിച്ചതിനോടൊപ്പം അതിന്‍റെ വഴികളെയും കര്‍ശനമായി നിയന്ത്രിച്ചു. സൂര്യോദയം, അസ്തമയം, മദ്ധ്യാഹ്നം എന്നീ സമയങ്ങളില്‍ ചിലര്‍ സൂര്യനെ ആരാധിക്കുന്നതിനാല്‍ ആ സമയത്ത് നമസ്കരിക്കരിക്കുന്നത് അവരോട് സാദൃശ്യമുണ്ടാക്കലാണെന്നും അപ്പോള്‍ നമസ്കരിക്കരുതെന്നും അറിയിച്ചു. പ്രതിമകളും ചിത്രങ്ങളും വിഗ്രഹരാധനയിലേക്കുള്ള വഴികളായതിനാല്‍ വിഗ്രഹങ്ങളുണ്ടാക്കുന്നതും ചിത്രങ്ങള്‍ തയ്യാറാക്കലും നിഷിദ്ധമാണെന്ന് വിവരിച്ചു. ഇപ്രകാരം ഇസ്ലാം വ്യഭിചാരത്തെ നിഷിദ്ധമാക്കിയപ്പോള്‍ അതിലേക്ക് കൊണ്ടെത്തിക്കുന്ന കാര്യങ്ങളും നിഷിദ്ധമാണെന്ന് അറിയിച്ചു. ഏതെങ്കിലും അന്യ സ്ത്രീയെയോ പുരുഷനെയോ വികാരത്തോടെ നോക്കുന്നത് കണ്ണിന്‍റെയും അവരുടെ സംസാരം കേള്‍ക്കുന്നത് കാതിന്‍റെയും സ്പര്‍ശിക്കുന്നത് കരത്തിന്‍റെയും അതിലേക്ക് നടക്കുന്നത് കാലിന്‍റെയും വ്യഭിചാരമാണെന്ന് സഹീഹായ ഹദീസുകളില്‍ വന്നിരിക്കുന്നു. ഈ കുഴപ്പങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനാണ് ഇസ്ലാം സ്ത്രീകള്‍ക്ക് പര്‍ദ്ദ നിര്‍ബന്ധമാക്കിയത്. 
പക്ഷേ, ഓരോ കാര്യങ്ങളുടെയും കാരണങ്ങളില്‍ ചിലത് അടുത്തതും മറ്റുചിലത് അകന്നതുമാണ്. ഒറ്റയടിയ്ക്ക് ഇതെല്ലാം തടഞ്ഞാല്‍ മനുഷ്യ ജീവിതം ബുദ്ധിമുട്ടിലാവുകയും പ്രവര്‍ത്തിക്കാന്‍ പ്രയാസമുണ്ടാവുകയും ചെയ്യുന്നതാണ്. ഇത് ഇസ്ലാമിക ശരീഅത്തിന്‍റെ പ്രകൃതിയ്ക്ക് വിരുദ്ധമാണ്. പരിശുദ്ധ ഖുര്‍ആന്‍ വളരെ വ്യക്തമായി പ്രഖ്യാപിക്കുന്നു: മതത്തില്‍ നിങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും പടച്ചവന്‍ ഉണ്ടാക്കിയിട്ടില്ല. (ഹജ്ജ്) ഈ കാരണത്താല്‍ തിന്മയിലേക്ക് വഴി കാണിക്കുന്ന കാര്യകാരണങ്ങളുടെ വിഷയത്തില്‍ വളരെ തന്ത്രജ്ഞത നിറഞ്ഞ ഒരു തീരുമാനം ഇസ്ലാം ഇപ്രകാരം എടുത്തിരിക്കുന്നു. സാധാരണ പതിവനുസരിച്ച് ഒരു കാര്യം പ്രവര്‍ത്തിച്ചാല്‍ വലിയ പാപമുണ്ടാകാന്‍ സാധ്യതയുള്ള അടുത്ത കാര്യങ്ങളും പാപങ്ങളാണ്. എന്നാല്‍ സാധാരണ ഗതിയില്‍ ഒരു കാര്യം പ്രവര്‍ത്തിച്ചാല്‍ പാപമുണ്ടാകാന്‍ സാധ്യതയില്ലെങ്കിലും പാപങ്ങള്‍ക്ക് ചെറിയ നിലയില്‍ കാരണമായേക്കാവുന്ന കാര്യങ്ങള്‍ മക്റൂഹ് ആണ്. അപൂര്‍വ്വമായി മാത്രം പാപങ്ങള്‍ക്ക് കാരണമാകുന്ന കാര്യങ്ങള്‍ അനുവദനീയമാണ്. ഒന്നാമത്തേതിനുള്ള ഉദാഹരണം മദ്യവ്യാപാരമാണ്. ഇത് മദ്യപാനത്തിന് വളരെയധികം സാധ്യതയുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ട് മദ്യപാനത്തെ നിഷിദ്ധമാക്കിയതുപോലെ ഇസ്ലാം മദ്യവ്യാപാരത്തെയും നിഷിദ്ധമാക്കി. ഇപ്രകാരം വികാരത്തോടെ സ്ത്രീകളെ സ്പര്‍ശിക്കുന്നത് വ്യഭിചാരമല്ലെങ്കിലും അതിലൂടെ വ്യഭിചാരമുണ്ടാകാന്‍ വളരെയധികം സാധ്യതയുള്ളത് കൊണ്ട് ശരീഅത്ത് അതിനെയും നിഷിദ്ധമാക്കി. രണ്ടാമത്തേതിന്‍റെ ഉദാഹരണം, മദ്യം ഉണ്ടാക്കുന്നു എന്ന് പൊതുവില്‍ അറിയപ്പെടുകയോ ഞാന്‍ മദ്യം ഉണ്ടാക്കന്‍ വേണ്ടിയാണ് മുന്തിരി വാങ്ങുന്നതെന്ന് വ്യക്തമാക്കുകയോ ചെയ്യുന്ന വ്യക്തിയ്ക്ക് മുന്തിരി വില്‍ക്കലാണ്. ഇത് മദ്യവ്യാപാരം പോലെ നിഷിദ്ധമല്ലെങ്കിലും മക്റൂഹാണ്. സിനിമാകോട്ട ഉണ്ടാക്കാനും പലിശയുമായി ബന്ധപ്പെട്ട ബാങ്ക് നടത്താനും ഭൂമി വാടകയ്ക്ക് കൊടുക്കുന്നതും ഇതില്‍ പെട്ടതാണ്. ഇടപാടിന്‍റെ സമയത്ത് ഇത് അനുവദനീയമല്ലാത്ത കാര്യത്തിന് വേണ്ടിയാണ് വാടകയ്ക്ക് എടുക്കുന്നതെന്ന് അറിഞ്ഞാല്‍ അവര്‍ക്ക് വാടകയ്ക്ക് കൊടുക്കുന്നത് കറാഹത്താണ്. മൂന്നാമത്തേതിന്‍റെ ഉദാഹരണം, പൊതുജനങ്ങള്‍ക്ക് മുന്തിരി വില്‍ക്കലാണ്. അതില്‍ നിന്നും അവര്‍ കള്ളുണ്ടാക്കാന്‍ സാധ്യതയുണ്ട്. പക്ഷേ, അവര്‍ അത് പറയുകയോ, അവരെക്കുറിച്ച് അവര്‍ മദ്യം ഉണ്ടാക്കുമെന്ന് നാം അറിയുകയോ ചെയ്തിട്ടില്ല. ഇവര്‍ക്ക് മുന്തിരി വില്‍ക്കാന്‍ അനുവാദമുണ്ട്. കുറിപ്പ്: ഇവിടെ ഒരു കാര്യം ഓര്‍ക്കുക: ഇസ്ലാമിക ശരീഅത്ത് ഒരു കാര്യത്തെ പാപത്തിന്‍റെ അടുത്ത കാരണമായി അറിയിച്ചുകൊണ്ട് നിഷിദ്ധമായി പ്രഖ്യാപിച്ചാല്‍ അത് എല്ലാവര്‍ക്കും ഒരുപോലെ നിഷിദ്ധമാണ്. അതിനെ പാപത്തിന്‍റെ കാരണമാക്കുന്നവരും കാരണമാക്കാത്തവരും അതുമായി ബന്ധപ്പെടുന്നത് നിഷിദ്ധമാണ്. 
ഈ ആമുഖ കാര്യങ്ങള്‍ക്ക് ശേഷം ഇത് മനസ്സിലാക്കുക: സ്ത്രീകളുടെ പര്‍ദ്ദ (മറ)യുടെ നിയമവും ഇപ്രകാരമുള്ള കാരണങ്ങളെ തടയുക എന്ന നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ്. അതെ, മറ ഉപേക്ഷിക്കുന്നത് പാപത്തില്‍ അകപ്പെടാന്‍ കാരണമാണ്. അതുകൊണ്ട് ഇതിലും മേല്‍ പറയപ്പെട്ട മൂന്ന് വിഭാഗങ്ങളുടെ നിയമങ്ങള്‍ വരുന്നതാണ്. ഉദാഹരണത്തിന് ഒരു യുവാവിന്‍റെ മുന്നില്‍ സ്ത്രീകള്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നത് അദ്ദേഹം പാപത്തില്‍ അകപ്പെടാനുള്ള അടുത്ത കാരണമാണ്. കാരണം അധികം ജനങ്ങളുടെയും അവസ്ഥ പരിഗണിക്കുമ്പോള്‍ ഇതിലൂടെ അവര്‍ പാപത്തില്‍ അകപ്പെടാറുണ്ട്. അതുകൊണ്ട് ഇത് വ്യഭിചാരം പോലെ നിഷിദ്ധമാണ്. എന്നാല്‍ പാപങ്ങളില്‍ നിന്നും പരിപൂര്‍ണ്ണമായി മുക്തനായ ഒരു വ്യക്തിയുടെയോ, മനസ്സില്‍ പരിപൂര്‍ണ്ണ നിയന്ത്രണമുണ്ടെന്ന് ഉറപ്പായ ഒരാളുടെ മുന്നിലോ ചികിത്സ പോലുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടി നഗ്നത പ്രകടമാക്കാവുന്നതാണ്. ഇതിന്‍റെ പേരില്‍ ആദ്യം പറഞ്ഞ നിഷിദ്ധതയില്‍ യാതൊരു മാറ്റവും ഉണ്ടാകുന്നതല്ല. അതുപോലെ സമയങ്ങളുടെയും അവസ്ഥകളുടെയും അടിസ്ഥാനത്തിലും ഈ നിയമത്തില്‍ മാറ്റമൊന്നും ഉണ്ടാകുന്നതല്ല. പാപങ്ങള്‍ നിറഞ്ഞ ഇന്നത്തെ കാലഘടത്തിലെ പോലെ ഇസ്ലാമിന്‍റെ പ്രഥമ യുഗത്തിലും ഇത് നിഷിദ്ധമായിരുന്നു. 
മുഖമക്കനയോ വലിയ പുതപ്പോ പുതച്ചുകൊണ്ട് വീടിന് പുറത്തേക്ക് ഇറങ്ങുന്നത് പാപങ്ങള്‍ക്ക് വിദൂര സാധ്യതയുള്ള കാര്യമാണ്. ഇപ്രകാരം ചെയ്യുന്നതിലൂടെ കുഴപ്പത്തിന് സാധ്യതയുണ്ടെങ്കില്‍ ഇത് അനുവദനീയമല്ല. കുഴപ്പത്തിന് സാധ്യതയില്ലാത്ത സ്ഥലത്ത് ഇത് അനുവദനീയവുമാണ്. അതുകൊണ്ട് തന്നെ ഈ നിയമം കാലവും അവസ്ഥയും മാറുന്നതിനനുസരിച്ച് മാറുന്നതാണ്. റസൂലുല്ലാഹി (സ)യുടെ കാലത്ത് ഇപ്രകാരം സ്ത്രീകള്‍ പുറപ്പെടുന്നതിലൂടെ കുഴപ്പങ്ങള്‍ക്ക് സാധ്യതയില്ലായിരുന്നു. അതുകൊണ്ട് സ്ത്രീകള്‍ മുഖമക്കനയും മറ്റും ധരിച്ചുകൊണ്ട് മസ്ജിദില്‍ വരാന്‍ ചില നിബന്ധനകളോടെ അനുമതി നല്‍കപ്പെട്ടു. അവര്‍ മസ്ജിദില്‍ വരുന്നതിനെ തടയുന്നതിനെയും തടയപ്പെട്ടു. എന്നാല്‍ അന്നും പ്രേരിപ്പിക്കപ്പെട്ട കാര്യം സ്ത്രീകള്‍ വീടുകളില്‍ തന്നെ നമസ്കരിക്കണമെന്നാണ്. മസ്ജിദുകളില്‍ വരുന്നതിനേക്കാളും പ്രതിഫലം വീടുകളില്‍ നമസ്കരിക്കലാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ കുഴപ്പങ്ങള്‍ക്ക് സാധ്യതയില്ലാതിരുന്നതിനാല്‍ അതിനെ തടയുകയുണ്ടായില്ല. നഗ്നനത മറച്ചുകൊണ്ടും സ്ത്രീകള്‍ മസ്ജിദുകളില്‍ വരുന്നത് പ്രശ്നങ്ങള്‍ക്ക് കാരണമാണെന്ന് റസൂലുല്ലാഹി (സ)യുടെ വിയോഗത്തിന് ശേഷം സഹാബാ മഹത്തുക്കള്‍ മനസ്സിലാക്കിയപ്പോള്‍ സംയുക്തമായ നിലയില്‍ സ്ത്രീകള്‍ മസ്ജിദിലേക്ക് വരുന്നതിന് അവര്‍ വിലക്കുകയുണ്ടായി. ഇതിനെക്കുറിച്ചാണ് ആഇശ (റ) പറഞ്ഞത്: റസൂലുല്ലാഹി (സ) ഇന്നത്തെ അവസ്ഥ കണ്ടിരുന്നെങ്കില്‍ സ്ത്രീകള്‍ മസ്ജിദുകളില്‍ വരുന്നതില്‍ നിന്നും തടയുമായിരുന്നു! സഹാബിവര്യന്മാരുടെ തീരുമാനം റസൂലുല്ലാഹി (സ)യുടെ തീരുമാനത്തിന് വിരുദ്ധമല്ലെന്നും റസൂലുല്ലാഹി (സ) ആദ്യം അനുവാദം കൊടുത്തത് ചില നിബന്ധനകളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും പ്രസ്തുത നിബന്ധനകള്‍ ഇല്ലാതായപ്പോള്‍ റസൂലുല്ലാഹി (സ)യുടെ തീരുമാന പ്രകാരം തന്നെ സഹാബത്ത് പുതിയ തീരുമാനം എടുത്തതാണെന്ന് ഇതില്‍ നിന്നും മനസ്സിലാകുന്നു. 
സ്ത്രീകളുടെ മറയുടെ നിയമം പരിശുദ്ധ ഖുര്‍ആനിലെ ഏഴ് ആയത്തുകളില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. സൂറത്തുന്നൂറില്‍ മൂന്ന് ആയത്തുകളും അവയുടെ വിവരണം മുമ്പ് കഴിഞ്ഞു. നാല് ആയത്തുകള്‍ സൂറത്തുല്‍ അഹ്സാബിലാണ്. ഒന്ന് മുമ്പ് വിവരിച്ച് കഴിഞ്ഞു. രണ്ടാമത്തേത് ഇപ്പോള്‍ വിവരിച്ചുകൊണ്ടിരിക്കുന്ന ആയത്താണ്. മൂന്നാമത്തേത് അടുത്ത് വരുന്നതാണ്. ഈ ആയത്തുകളില്‍ മറയുടെ സ്ഥാനങ്ങളെ നിജപ്പെടുത്തുകയും അവയുടെ നിയമങ്ങള്‍ വിവരിക്കുകയും ഒഴിവാക്കപ്പെട്ട കാര്യങ്ങള്‍ പരാമര്‍ശിക്കുകയും ചെയ്തിരിക്കുന്നു. ഇപ്രകാരം എഴുപതിലേറെ ഹദീസുകളില്‍ റസൂലുല്ലാഹി (സ) വാചക കര്‍മ്മങ്ങളിലൂടെ മറയുടെ പ്രാധാന്യവും നിയമവും വ്യക്തമാക്കിയിട്ടുണ്ട്. അവ മുഴുവനും കാണുന്നതിന് വിനീതന്‍റെ പ്രത്യേക രചനയായ തഫ്സീലുല്‍ ഖിത്വാബ് ഫീ തഫ്സീരി ആയത്തില്‍ ഹിജാബ് എന്ന രചന കാണുക. അറബി ഭാഷയിലുള്ള പ്രസ്തുത രചന അഹ്കാമുല്‍ ഖുര്‍ആനില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ നിന്നുള്ള ഒരു പ്രധാന ഭാഗം ഇവിടെയും ഉദ്ധരിക്കുകയാണ്.  




*********************************************************************************

മആരിഫുല്‍ ഹദീസ്


ദിക്റിന്‍റെ വചനങ്ങളും 

അവയുടെ മഹത്വ ഐശ്വര്യങ്ങളും

മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി


റസൂലുല്ലാഹി (സ) ദിക്റിനെ അധികരിപ്പിക്കാന്‍ പ്രേരിപ്പിച്ചതുപോലെ അതിന്‍റെ വിശിഷ്ട വചനങ്ങള്‍ പഠിപ്പിച്ച് തരുകയും ചെയ്തിട്ടുണ്ട്. അല്ലാത്തപക്ഷം ശരിയായ അറിവിന്‍റെ അഭാവം കാരണം ധാരാളം ആളുകള്‍ തെറ്റായ നിലയില്‍ ദിക്ര്‍ ചൊല്ലാനും അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്യുന്നതിന് പകരം നിന്ദിക്കാനും സാധ്യതയുണ്ടായിരുന്നു. ഇത്തരുണത്തില്‍ റസൂലുല്ലാഹി (സ) പ്രത്യേകമായ ദിക്റുകള്‍ പഠിപ്പിച്ച് തന്നത് വലിയൊരു അനുഗ്രഹമാണ്. 
റസൂലുല്ലാഹി (സ) പഠിപ്പിച്ചിട്ടുള്ള ദിക്റുകള്‍ പല വിഭാഗമാണ്. 1. അല്ലാഹുവിന്‍റെ പരിശുദ്ധി വിളിച്ചറിയിക്കുകയും അല്ലാഹു എല്ലാ ന്യൂനതകളില്‍ നിന്നും പരമ പരിശുദ്ധനാണെന്ന് പ്രകടമാക്കുകയും ചെയ്യുന്ന സുബ്ഹാനല്ലാഹ് പോലുള്ള വചനങ്ങള്‍. 2. എല്ലാ മഹത്വങ്ങളും ഉപകാരങ്ങളും നല്‍കുന്നവനായ അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്യുന്ന അല്‍ഹംദുലില്ലാഹ് പോലുള്ള വചനങ്ങള്‍. 3. അല്ലാഹുവിന്‍റെ ഏകത്വം പ്രകടമാക്കുന്ന ലാഇലാഹ ഇല്ലല്ലാഹ് പോലുള്ള വചനങ്ങള്‍. 4. അല്ലാഹു ഏറ്റവും ഉന്നതനും മഹോന്നതനുമാണെന്ന് വ്യക്തമാകുന്ന അല്ലാഹു അക്ബര്‍ പോലുള്ള വചനങ്ങള്‍. 5. എല്ലാ കാര്യങ്ങളും ചെയ്യുന്നവനും സര്‍വ്വ വസ്തുക്കളുടെയും ഉടമസ്ഥനുമായ അല്ലാഹുവിനോട് മാത്രം സഹായങ്ങള്‍ തേടുകയും പരിപൂര്‍ണ്ണമായി അവലംബിക്കുകയും ചെയ്യുന്നു എന്ന് അറിയിക്കുന്ന ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ് പോലുള്ള വചനങ്ങള്‍. ഈ വചനങ്ങളുടെ മഹത്വങ്ങള്‍ വിവരിക്കുന്ന ഏതാനും ഹദീസുകള്‍ ഇവിടെ കൊടുക്കുകയാണ്. ഇവകള്‍ വളരെ മഹത്വം നിറഞ്ഞ വചനങ്ങളായതിനോടൊപ്പം ഈ ചെറു വചനങ്ങള്‍ അല്ലാഹുവിന്‍റെ പരിശുദ്ധിയും പുകഴ്ചയും ഏകത്വവും സമുന്നതിയും മഹത്വവും വളരെ ശക്തവും വ്യക്തവുമായ നിലയില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. അതെ, ഈ വചനങ്ങള്‍ അമാനുഷികത നിറഞ്ഞതാണ്. ഇവകള്‍ ആത്മജ്ഞാനത്തിന്‍റെ കവാടങ്ങളുമാണ്. 
14. സമുറത്ത് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: സര്‍വ്വ വചനങ്ങളിലും ശ്രേഷ്ടമായത് നാല് വചനങ്ങളാണ്. സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍ (മുസ്ലിം) ഇതേ ഹദീസിന്‍റെ മറ്റൊരു നിവേദനം ഇപ്രകാരമാണ്: സര്‍വ്വ വചനങ്ങളിലും അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായത് ഈ വചനങ്ങളാണ്! 
15. അബൂഹുറയ്റ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ എന്ന് പറയുന്നത് സൂര്യനുദിക്കുന്ന സര്‍വ്വ വസ്തുക്കളേക്കാളും എനിയ്ക്ക് പ്രിയങ്കരമാണ്. 
വിവരണം: ഈ നാല് വചനങ്ങളുടെ ഹൃസ്വമായ ആശയം ആമുഖ കുറിപ്പില്‍ കൊടുത്ത് കഴിഞ്ഞു. ഇവ അങ്ങേയറ്റം ഹൃസ്വവും ലളിതവുമായതിനോടൊപ്പം അല്ലാഹുവിന്‍റെ മുഴുവന്‍ മഹിത മഹത്വങ്ങളും ഉള്‍ക്കൊണ്ടതുമാണ്. ചില മഹാന്മാര്‍ കുറിക്കുന്നു: അല്ലാഹുവിന്‍റെ വിശുദ്ധ നാമങ്ങളായ അസ്മാഉല്‍ ഹുസ്നയുടെ ഓരോ വചനങ്ങളും ഈ നാല് വചനങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ഉള്‍പ്പെടുന്നതാണ്. ഉദാഹരണത്തിന് അല്‍ ഖുദ്ദൂസ്, അസ്സലാം, അത്വാഹിര്‍ എന്നിങ്ങനെ അല്ലാഹുവിന്‍റെ പരിശുദ്ധി വ്യക്തമാക്കുന്ന നാമങ്ങള്‍ സുബ്ഹാനല്ലാഹിയില്‍ അടങ്ങിയിരിക്കുന്നു. റഹ്മാന്‍, റഹീം, കരീം, അലീം, ഖദീര്‍, സമീഅ്, ബസ്വീര്‍, അസീസ്, ഹകീം എന്നിങ്ങനെ അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണതയും മഹത്വവും വിളിച്ചറിയിക്കുന്ന വചനങ്ങള്‍ അല്‍ഹംദുലില്ലാഹിയില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. വാഹിദ്, അഹദ് പോലെ അല്ലാഹുവിന്‍റെ ഏകത്വത്തെ വിളിച്ച് പറയുന്ന നാമങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹുവില്‍ അടങ്ങിയിരിക്കുന്നു. അലിയ്യ്, അഅ്ല, കബീര്‍, മുതആലി എന്നിങ്ങനെ ഔന്നിത്യം അറിയിക്കുന്ന നാമങ്ങള്‍ അല്ലാഹു അക്ബര്‍ എന്നതില്‍ പ്രവേശിച്ചിരിക്കുന്നു. ചുരുക്കത്തില്‍ ശരിയായ അറിവും ഉണര്‍വ്വും ഉള്‍ക്കൊണ്ട് സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍ എന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ പടച്ചവന്‍റെ സര്‍വ്വ ഗുണങ്ങളും അനുസ്മരിക്കുകയും മനസ്സുകൊണ്ട് സാക്ഷ്യം വഹിക്കുകയും ചെയ്തിരിക്കുകയാണ്. ഈ കാരണത്താല്‍ തന്നെ ഇതിന്‍റെ വിലയും നിലയും മഹത്വവും ഐശ്വര്യവും സൂര്യകിരണങ്ങള്‍ തട്ടുന്ന പ്രപഞ്ചത്തിലെ സര്‍വ്വ വസ്തുക്കളേക്കാളും ഉന്നതമാണ്. സത്യവിശ്വാസം സ്വീകരിക്കാന്‍ സൗഭാഗ്യം ലഭിച്ച മനസ്സുകള്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ യാതൊരു പ്രയാസവുമില്ല. അല്ലാഹു നമുക്ക് സമ്പൂര്‍ണ്ണമായ ഈമാന്‍ നല്‍കി അനുഗ്രഹിക്കട്ടെ. 
16. അനസ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ഇലകള്‍ ഉണങ്ങിയ ഒരു വൃക്ഷത്തിന്‍റെ അരികിലൂടെ കടന്നപ്പോള്‍ റസൂലുല്ലാഹി (സ) കയ്യിലിരുന്ന വടികൊണ്ട് അതിനെ അടിക്കുകയും അതിന്‍റെ ഇലകളെല്ലാം പൊഴിഞ്ഞ് വീഴുകയും ചെയ്തു. എല്ലാവരും ഇത് അത്ഭുതത്തോടെ നോക്കി. അപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍ എന്ന വചനം പറഞ്ഞാല്‍ ഈ വൃക്ഷത്തിന്‍റെ ഇലകള്‍ കൊഴിഞ്ഞത് പോലെ അവന്‍റെ പാപങ്ങള്‍ കൊഴിഞ്ഞ് വീഴുന്നതാണ്. (തിര്‍മിദി) 
വിവരണം: അല്ലാഹു അറിയിക്കുന്നു: നന്മകള്‍ തിന്മകളെ ഇല്ലാതാക്കുന്നതാണ്. (ഹൂദ്) അതെ, നന്മകളുടെ ഐശ്വര്യഫലങ്ങള്‍ കാരണമായി പാപങ്ങള്‍ മായിക്കപ്പെടുന്നതാണ്. വിവിധ ഹദീസുകളില്‍ റസൂലുല്ലാഹി (സ) നമസ്കാരം, നോമ്പ്, സ്വദഖ പോലുള്ള സല്‍ക്കര്‍മ്മങ്ങളെക്കുറിച്ച് ഈ സുവാര്‍ത്ത നല്‍കിയിട്ടുണ്ട്. ഈ ഹദീസില്‍ ഈ നാല് വചനങ്ങളെക്കുറിച്ച് ഇത്തരമൊരു സുവാര്‍ത്ത ഉണങ്ങിയ മരത്തിന്‍റെ ഇലകള്‍ പൊഴിച്ചുകൊണ്ട് റസൂലുല്ലാഹി (സ) വിവരിക്കുകയുണ്ടായി. ഈ യഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് പരിപൂര്‍ണ്ണ വിശ്വാസം ഉണ്ടാക്കിയെടുക്കുകയും ആദരവോടെ ഈ വചനങ്ങള്‍ ഒരുവിട്ട് പടച്ചവനെ സ്മരിക്കുകയും ചെയ്യാന്‍ അല്ലാഹു ഉതവി നല്‍കട്ടെ.   
17. അബൂഹുറയ്റ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: സുബ്ഹാനല്ലാഹി വബിഹംദിഹീ എന്ന് ഒരു ദിവസം ആരെങ്കിലും മൂന്ന് പ്രാവശ്യം ചൊല്ലിയാല്‍ അവന്‍റെ പാപങ്ങള്‍ സമുദ്രത്തിലെ നുരയ്ക്ക് സമാനമാണെങ്കിലും അവകള്‍ പൊറുക്കപ്പെടുന്നതാണ്. (ബുഖാരി, മുസ്ലിം) 
വിവരണം: സുബ്ഹാനല്ലാഹി വബിഹംദിഹീ എന്നതിന്‍റെ ആശയം സുബ്ഹനല്ലാഹി വല്‍ ഹംദുലില്ലാഹി എന്നതിന്‍റെ തന്നെയാണ്. അതായത്, അല്ലാഹുവിന് യോജിക്കാത്ത സര്‍വ്വ കാര്യങ്ങളില്‍ നിന്നും അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുകയും സര്‍വ്വവിധ മഹത്വങ്ങളും ഔന്നിത്യങ്ങളും അല്ലാഹുവിന് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. കഴിഞ്ഞ ഹദീസിലേത് പോലെ ഈ ഹദീസിലും ഈ ചെറുവാചകത്തിന്‍റെ മഹത്വത്തെ വളരെ ഉന്നതമായി വിവരിച്ചിരിക്കുന്നു. അതായത് ആരെങ്കിലും ഈ വചനം ദിവസവും നൂറ് പ്രാവശ്യം ചൊല്ലിയാല്‍ അവന്‍റെ സര്‍വ്വവിധ പാപങ്ങളും പൊറുക്കപ്പെടുന്നതാണ്. പ്രസ്തുത പാപങ്ങള്‍ സമുദ്രത്തിലെ പതയ്ക്ക് തുല്യമായ നിലയില്‍ എത്ര എണ്ണമറ്റതാണെങ്കിലും ശരി. അതെ, ശക്തമായ പ്രകാശം ഇരുട്ടിനെ ഒറ്റയടിയ്ക്ക് ഇല്ലാതാക്കുന്നത് പോലെ ഈ ദിക്റും പാപങ്ങളുടെ മാലിന്യത്തെ പരിപൂര്‍ണ്ണമായി ദൂരീകരിക്കുന്നതാണ്. എന്നാല്‍ ഇത്തരം ഹദീസുകളിലെ പാപങ്ങള്‍ കൊണ്ടുള്ള വിവക്ഷ ചെറുപാപങ്ങളാണെന്ന് ഇതര ഖുര്‍ആന്‍ ഹദീസുകളുടെ വെളിച്ചത്തില്‍ ഇതിന് മുമ്പും മആരിഫുല്‍ ഹദീസില്‍ വിവരിച്ചിട്ടുണ്ട്. അതെ, വന്‍പാപങ്ങള്‍ക്ക് പശ്ചാത്താപവും പരിഹാരവും നിര്‍ബന്ധമാണ്.
18. അബൂദര്‍ (റ) നിവേദനം. റസൂലുല്ലാഹി (സ)യോട് ചോദിക്കപ്പെട്ടു: ഏറ്റവും ശ്രേഷ്ടമായ വചനം ഏതാണ്? റസൂലുല്ലാഹി (സ) അരുളി: അല്ലാഹു മലക്കുകള്‍ക്ക് തിരഞ്ഞെടുത്ത വചനമായ സുബ്ഹാനല്ലാഹി വബിഹംദിഹി. (മുസ്ലിം) 
വിവരണം: സുബ്ഹാനല്ലാഹി വബിഹംദിഹി മലക്കുകളുടെ വിശിഷ്ട ദിക്റാണെന്നും ഏറ്റവും ശ്രേഷ്ടമായ വചനമാണെന്നും ഈ ഹദീസില്‍ നിന്നും മനസ്സിലാകുന്നു. സുബ്ഹാനല്ലാഹി വല്‍ ഹംദുലില്ലാഹി എന്ന വചനം ഏറ്റവും ശ്രേഷ്ടമാണെന്ന് മുന്‍ കഴിഞ്ഞ ഹദീസിലും ലാഇലാഹ ഇല്ലല്ലാഹ് ഏറ്റവും ശ്രേഷ്ടമായ ദിക്റാണെന്നും മറ്റൊരു ഹദീസിലും വന്നിട്ടുണ്ട്. ഈ മൂന്ന് കാര്യങ്ങള്‍ക്കിടയിലും യാതൊരു വൈരുദ്ധ്യവുമില്ല. യഥാര്‍ത്ഥത്തില്‍ ഈ മൂന്ന് വചനങ്ങളും മറ്റ് വചനങ്ങളേക്കാളെല്ലാം അല്ലാഹുവിന് ഏറ്റവും കൂടുതല്‍ പ്രിയങ്കരമാണ്. 
19. അബൂഹുറയ്റ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: സുബ്നഹാനല്ലാഹി വബിഹംദിഹീ സുബ്ഹാനല്ലാഹില്‍ അസീം എന്ന രണ്ട് വചനങ്ങള്‍ നാവില്‍ വളരെ ലഘുവായതും ത്രാസില്‍ വളരെ ഭാരമായതും റഹ്മാനായ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരവുമാണ്. (ബുഖാരി, മുസ്ലിം) 
വിവരണം: ഈ രണ്ട് വചനങ്ങള്‍ നാവിന് വളരെ ലഘുവായതും അല്ലാഹുവിന് വളരെ പ്രിയങ്കരമായതുമാണെന്ന കാര്യം വളരെ വ്യക്തമാണ്. എന്നാല്‍ നന്മയുടെ തട്ടിന് ഭാരം നല്‍കുന്നതാണെന്ന കാര്യം ചിലര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമായേക്കാം. ഭൗതിക വസ്തുക്കളുടെ ഭാരത്തില്‍ കൂടുതലും കുറവും ഉണ്ടാകാറുണ്ട്. അവ ഉപകരണങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നതുമാണ്. മാത്രമല്ല, തണുപ്പിന്‍റെയും ചൂടിന്‍റെയും അളവുകള്‍ പോലും മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ഇപ്രകാരം ഖിയാമത്ത് ദിനം അല്ലാഹുവിന്‍റെ നാമത്തിനും ദിക്റുകള്‍ക്കും ഖുര്‍ആന്‍ പാരായണത്തിനും നമസ്കാരത്തിനും അല്ലാഹുവിനോടുള്ള ഭയത്തിലും ഭക്തയ്ക്കും എല്ലാം തൂക്കമുണ്ടാകുന്നതാണ്. അന്നേദിവസം അത് വ്യക്തമാകുന്നതും ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും പുറത്ത് കൊണ്ടുവരപ്പെടുന്നതുമാണ്. ഇത്തരുണത്തില്‍ ഏറ്റവും ഭാരം ഈ ദിക്റുകള്‍ക്കായിരിക്കും. ഹദീസില്‍ വരുന്നു: അല്ലാഹുവിന്‍റെ നാമത്തിന് മുന്നില്‍ ഒരു വസ്തുവും ഭാരമുള്ളതാകുന്നതല്ല. ഇവിടെ പറയപ്പെട്ട ദിക്റിന്‍റെ ആശയം ഇപ്രകാരമാണ്: അല്ലാഹുവിനെ സ്തുതിക്കുന്നതിനോടൊപ്പം അല്ലാഹുവിന്‍റെ പരിശുദ്ധി വാഴ്ത്തുന്നു. വലിയ മഹത്വമുള്ള അല്ലാഹു പരമപരിശുദ്ധനാണ്!
20. ജുവൈരിയ്യാ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ഒരു ദിവസം രാവിലെ സുബ്ഹി നമസ്കാരാനന്തരം അവരുടെ അരികില്‍ നിന്നും പുറപ്പെട്ടു. അപ്പോള്‍ അവര്‍ അവരുടെ നമസ്കാര സ്ഥലത്ത് ഇരിക്കുകയായിരുന്നു. ശേഷം പൂര്‍വ്വാഹ്ന സമയത്ത് റസൂലുല്ലാഹി (സ) അവിടേക്ക് വന്നപ്പോള്‍ ജുവൈരിയ്യാ (റ) അതേ നിലയില്‍ നിത്യ  ദിക്റുകളില്‍ മുഴുകിയിരിക്കുകയായിരുന്നു. അപ്പോള്‍ റസൂലുല്ലാഹി (സ) ചോദിച്ചു: ഞാന്‍ നിങ്ങളുടെ പക്കല്‍ നിന്നും പോയത് മുതല്‍ ഇതുവരെ ഇതേ രീതിയില്‍ ഇരിക്കുകയായിരുന്നോ? അവര്‍ പറഞ്ഞു: അതെ. റസൂലുല്ലാഹി (സ) അരുളി: ഞാന്‍ ഇവിടെ നിന്നും പോയതിന് ശേഷം നാല് വചനങ്ങള്‍ മൂന്ന് പ്രാവശ്യം ചൊല്ലി. അവയും നിങ്ങള്‍ അതുവരെ ചൊല്ലിയ ദിക്റുകളും നോക്കുകയാണെങ്കില്‍ അവയുടെ ഭാരം വര്‍ദ്ധിക്കുന്നതാണ്. സുബ്നാഹല്ലാഹി വബിഹംദിഹീ അദത ഖില്‍ഖിഹീ...... അല്ലാഹുവിന്‍റെ സൃഷ്ടികളുടെ എണ്ണത്തിനും സമുന്നത അര്‍ഷിന്‍റെ ഭാരത്തിനും അല്ലാഹുവിന്‍റെ തൃപ്തിയ്ക്കനുസരിച്ചും അല്ലാഹുവിന്‍റെ വചനങ്ങളുടെ അളവിനും അല്ലാഹു പരമപരിശുദ്ധനാണ്. (മുസ്ലിം) 
21. സഅദുബ്നു അബീവഖാസ് (റ) റസൂലുല്ലാഹി (സ)യോടൊപ്പം ഒരു സ്ത്രീയുടെ അരികിലെത്തി. അവരുടെ മുന്നില്‍ കുറേ ഈത്തപ്പഴക്കുരുക്കളുണ്ടായിരുന്നു. അവര്‍ അത് ഉപയോഗിച്ച് തസ്ബീഹ് ചൊല്ലുകയായിരുന്നു. അപ്പോള്‍ റസൂലുല്ലാഹി (സ) ചോദിച്ചു: ഇതിനേക്കാളും എളുപ്പമായതും ശ്രേഷ്ടമായതുമായ ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞ് തരട്ടെ? അത് നിങ്ങള്‍ ഇപ്രകാരം പറയലാണ്: സുബ്ഹാനല്ലാഹി അദത മാ ഖലഖ്............. അല്ലാഹു ആകാശത്തെ പടച്ച സൃഷ്ടികളുടെ എണ്ണത്തിനനുസരിച്ച് അല്ലാഹുവിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. അല്ലാഹു ഭൂമിയില്‍ പടച്ച സൃഷ്ടികളുടെ എണ്ണത്തിനനുസരിച്ച് അല്ലാഹുവിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. അല്ലാഹു ആകാശ-ഭൂമികള്‍ക്കിടയില്‍ പടച്ച സൃഷ്ടികളുടെ എണ്ണത്തിനനുസരിച്ച് അല്ലാഹുവിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. അല്ലാഹു കാലാകാലം പടയ്ക്കാനിരിക്കുന്ന സൃഷ്ടികളുടെ എണ്ണത്തിനനുസരിച്ച് അല്ലാഹുവിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. ഇതുപോലെ തന്നെ അല്ലാഹുവിനെ സ്തുതിക്കുകയും അല്ലാഹുവിന്‍റെ ഏകത്വം പറയുകയും അല്ലാഹുവിന്‍റെ ഉതവിയില്ലാതെ ഒന്നുമില്ലെന്ന് പറയുകയും ചെയ്യുന്നു. (തിര്‍മിദി, അബൂദാവൂദ്)
വിവരണം: അധികമായി ദിക്ര്‍ ചൊല്ലുന്നതിലൂടെ ധാരാളം പ്രതിഫലം കരസ്ഥമാക്കാന്‍ പറ്റുന്നത് പോലെ അധികരിച്ച എണ്ണം വിളിച്ചറിയിക്കുന്ന വാചകം ചേര്‍ത്ത് ദിക്ര്‍ ചൊല്ലുന്നതും ഉന്നത പ്രതിഫലം ലഭിക്കാനുള്ള ഒരു ലളിത മാര്‍ഗ്ഗമാണെന്ന് ഈ രണ്ട് ഹദീസുകളില്‍ നിന്നും മനസ്സിലാകുന്നു. ഇവിടെ ഒരു കാര്യം ഓര്‍ക്കുക: റസൂലുല്ലാഹി (സ) നിരവധി ഹദീസുകളിലൂടെ ധാരാളമായി ദിക്ര്‍ ചൊല്ലുന്നതിനെ പ്രേരിപ്പിച്ചിട്ടുണ്ട്. അതിന്‍റെ ഹദീസുകള്‍ കഴിഞ്ഞുപോയി. ഒരു ഹദീസില്‍ നൂറ് പ്രവാശ്യം ചൊല്ലുന്നതിന്‍റെ മഹത്വവും വിവരിക്കപ്പെട്ടു. അതുകൊണ്ട് സഅദ് (റ)ന്‍റെയും അതിന് തൊട്ടുമുമ്പുള്ള ജുവൈരിയ്യാ (റ)യുടെയും ഹദീസുകളുടെ വെളിച്ചത്തില്‍ അധികമായി ദിക്ര്‍ ചൊല്ലേണ്ടതില്ലെന്ന് മനസ്സിലാക്കുന്നത് ശരിയല്ല. രണ്ട് ഹദീസുകളിലൂടെ അധികമായി പ്രതിഫലം കരസ്ഥമാക്കാനുള്ള ഒരു ലളിത മാര്‍ഗ്ഗം റസൂലുല്ലാഹി (സ) പറഞ്ഞുതന്നു എന്ന് മാത്രം. പ്രത്യേകിച്ചും തിരക്കുകള്‍ കാരണം അധികമായി ദിക്ര്‍ ചൊല്ലാന്‍ കഴിയാത്തവര്‍ക്ക് ഈ മാര്‍ഗ്ഗം ഉപയോഗിച്ച് വലിയ പ്രതിഫലം നേടാവുന്നതാണ്. ശാഹ് വലിയുല്ലാഹിദ്ദഹ്ലവി (റ) കുറിക്കുന്നു: മനസ്സും ജീവിതവും ദിക്ര്‍ കൊണ്ട് അലങ്കരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അധികമായി ദിക്ര് ചൊല്ലുന്ന മാര്‍ഗ്ഗം നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. പരലോക പ്രതിഫലം മാത്രം ആഗ്രഹിക്കുന്നവര്‍ ഈ രണ്ട് ഹദീസുകളില്‍ ഉള്ളതുപോലെ ആശയ സമ്പുഷ്ടമായ വചനങ്ങള്‍ ഉപയോഗിച്ച് ദിക്ര്‍ ചൊല്ലേണ്ടതാണ്. (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ) 
പ്രവാചക യുഗത്തില്‍ തസ്ബീഹ് മാല ഉപയോഗിക്കുന്ന പതിവില്ലായിരുന്നുവെന്നും എണ്ണം പിടിക്കുന്നതിന് വേണ്ടി ചില മഹത്തുക്കള്‍ ഈത്തപ്പഴ കുരുവോ, ചരല്‍ കല്ലുകളോ ഉപയോഗിച്ചിരുന്നതായും ഈ ഹദീസില്‍ നിന്നും മനസ്സിലാകുന്നു. റസൂലുല്ലാഹി (സ) അവരെ ഇതില്‍ നിന്നും തടയുകയുണ്ടായില്ല. അവയ്ക്കും തസ്ബീഹ് മാലയ്ക്കും ഇടയില്‍ യാതൊരു വ്യത്യാസവുമില്ലെന്നുള്ള കാര്യം വ്യക്തമാണ്. മാത്രമല്ല, ഈത്തപ്പഴ കുരുവിന്‍റെ പുരോഗതി പ്രാപിച്ച ലളിതമായ മാര്‍ഗ്ഗമാണ് തസ്ബീഹ് മാല. അതുകൊണ്ട് തസ്ബീഹ് മാലയെ ബിദ്അത്തെന്ന് വിശേഷിപ്പിക്കുന്നവര്‍ തീവ്രനിലപാട് സ്വീകരിച്ചവരാണ്. 

**********************************************************************************

ബാനീ ദാറുല്‍ ഉലൂം ഭാഗം-11

രചനകൾ, ഉദ്ധരണികൾ


ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി

 
ഹസ്രത്തവർകളുടെ മഹത്തായ രചനകളാണ് ഇനി ശേഷിക്കുന്ന ഒരു വിഷയം. ആദ്യമായി ഹസ്രത്തവർകളുടെ, വിജ്ഞാനങ്ങളുടെ വ്യാഖ്യാതാവായ ഹസ്രതുൽ ഉസ്താദ് മൗലാനാ സഈദ് അഹ്മദ് പാലൻപൂരിയുടെ സുദീർഘമായ ഒരു വിവരണം ഉദ്ധരിക്കുന്നു. ''പാശ്ചാത്യ വൈജ്ഞാനിക-ചിന്തകൾ ഇന്ത്യയിൽ പരക്കുന്നത് കണ്ട ഹ.നാനൂത്ഥവി ഒരു കാര്യം ഗ്രഹിച്ചു. ഇനി ഇന്ത്യയുടെ ചിന്താരീതിക്ക് മാറ്റം സംഭവിക്കും. വെറും ഉദ്ധരണികൾ മാത്രം ജനങ്ങൾക്ക് മതിയാകുന്നതല്ല, ഒരോ കാര്യങ്ങളുടെയും ഉള്ളിലടങ്ങിയ രഹസ്യ-തത്വജ്ഞാനങ്ങൾ അവർ തേടി തുടങ്ങും. അങ്ങിനെ എല്ലാ കാര്യങ്ങളും ബൗദ്ധികമായി സമർത്ഥിക്കാനുള്ള ശ്രമം ഹസ്രത്ത് ആരംഭിച്ചു. ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഈ പരിവർത്തനത്തെ ഏറ്റവുമാദ്യം ഗ്രഹിച്ചത് മുസ്‌നദുൽ ഹിന്ദ് ശാഹ് വലിയുല്ലാഹി ദഹ്‌ലവിയാണ്. ഇതിനെ മുൻനിർത്തിയാണ് വിശ്വോത്തരഗ്രന്ഥം ഹുജ്ജതുല്ലാഹിൽ ബാലിഗ അദ്ദേഹം രചിച്ചത്. ഹ.ശാഹ്‌സാഹിബിനു ശേഷം ഈ വിഷയത്തിൽ വിലപ്പെട്ട സേവനങ്ങൾ സമർപ്പിച്ച മഹാനാണ് ഹ.നാനൂത്ഥവി. എന്നാൽ ഹ.ശാഹ് സാഹിബിന്റെയും ഹ.നാനൂത്ഥവിയുടെയും രചനകൾക്കിടയിൽ മൂന്ന് വിത്യാസങ്ങളുണ്ട്. 1. ഇൽമുൽകലാം നെഹ: ശാഹ് സാഹിബ് പ്രത്യേകം ചർച്ചാ വിഷയമാക്കിയിട്ടില്ല. പക്ഷെ, ഹ.നാനൂത്ഥവി, അതിനെ മുന്നിൽ വെയ്ക്കുകയും അതിന്റെ നിയമരീതികളെ സവിസ്തരം പ്രതിപാദിക്കുകയും ചെയ്തിട്ടുണ്ട്. 2. ശാഖാപരമായ കാര്യങ്ങളിൽ മുഖ്യമായ കാര്യങ്ങളുടെ മാത്രം തത്വ-രഹസ്യങ്ങളാണ് ഹ.ശാങ് സാഹിബ് പരാമർശിച്ചിട്ടുള്ളത്. എന്നാൽ സാധാരണമെന്ന് മാത്രമല്ല, ബുദ്ധഇപരമായി ന്യായമൊന്നുമില്ലെന്ന് ഫുഖ്ഹാഹ് വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങളെ പോലും അത്യന്തം ലക്ഷ്യസമ്പൂർണ്ണമായും ബൗദ്ധികമായും ഹസ്രത്ത് സമർപ്പിച്ചിട്ടുണ്ട്. 3. ബുദ്ധിപകരമായ നിലയിലാണ് ഹ.ശാഹ് സാഹിബിന്റെ സമർത്ഥനം. പക്ഷേ ബുദ്ധഇപരമായ കാര്യങ്ങളെ പോലും സംഭവ്യമായ നിലയിലാണ് ഹസ്രത്ത് സ്ഥാപിക്കുന്നത്. എന്നാൽ ഇരു മഹാന്മാരുടെയും വിജ്ഞാനങ്ങളിൽ ഒരു കാര്യത്തിൽ ഏകീകരണമുണ്ട്. അവരുടെ വിജ്ഞാനങ്ങളിൽ അധികവും ലദുന്നീ (അല്ലാഹുവിന്റെ ഭാഗത്തുനിന്നും പ്രത്യേകം നൽകപ്പെടുന്നത്) ആണ്. കിതാബിയ്യ (ഇതര ഗ്രന്ഥങ്ങളിലുള്ളത്) വളരെ കുറവാണ്. മുപ്പത്തിയാറ് രചനകളാണ് ഹസ്രത്ത് ലോകത്തിന് സംഭാവന ചെയ്തിട്ടുള്ളത്. ലോകാന്ത്യം വരെ അതിലെ വരികൾ വഴിവിളക്കുകളാണെന്നതിൽ സംശയമില്ല. ഹസ്രത്തിന്റെ രചനകളെ മൂന്നായി തരംതിരിക്കാം. 1. എളുപ്പമായവ. 2. അല്പം കടുപ്പമായവ 3. വളരെ കടുപ്പമായവ. എളുപ്പമായ രചനകൾ 1. ഖിബ്‌ലായെ നുമാ (ഉർദു) വിശുദ്ധ കഅബ അരാധ്യ വസ്തുവല്ല. ഖബ്‌ല മാത്രമാണ് എന്നതാണ് ഇതിലെ വിഷയം. ഇതിന്റെ ആദ്യത്തെ നാലിലൊന്ന് എളുപ്പമായതാണ്. 2. ഹദ്‌യ തുശശീഅ (ഉർദു) ശി ആളുകളുമായുള്ള വിവിധ ഭിന്നതകളെ കുറിച്ചുള്ള നിഷ്പക്ഷമായ ചർച്ചയായ ഈ ഗ്രന്ഥം ഹസ്രത്തിന്റെ രചനകളിൽ ഏറ്റം ലളിതമായതാണ്. 3. തുഹ്ഫയെ ലഹ്മിയ്യ (ഉർദു). മാംസ ഭോജനം, മനുഷ്യ പ്രകൃതിക്ക് അനുസൃതമാണെന്ന സമർത്ഥനം. 4. അജ്‌വിബയെ അർബഈൻ (ഉർദു രണ്ടു ഭാഗങ്ങൾ) ശിഅളുകളുടെ 40 ചോദ്യങ്ങൾക്ക് മറുപടി. 5. ഫൂയുടെ ഖാസിമയ്യ (ഉർദു ഫാരിസി) വിവിധ വിഷയങ്ങളെക്കുറിച്ചുള്ള 15 കത്തുകൾ. 6. ഴാഖി അമൈല ഘുദാശനാസീ (ഉർദു). ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ സമർത്ഥിച്ചുകൊണ്ട് ഹി.1293 ലെ ചാന്ദ്പൂർ സംവാദത്തിൽ ഹസ്രത്ത് നടത്തിയ പ്രഭാഷണം. 7. മുബാഹസ ശാഹ് ജഹാൻപൂർ (ഉർദു). ഉപരിസൂചിത വിഷയത്തിൽ 1295-ലെ സംവാദത്തിൽ ഹസ്രത്ത് നടത്തിയ പ്രഭാഷണം. 8. ലത്വാഇഫെ ഖാസിമിയ്യ (ഫാരിസി). വിവിധ വിഷയങ്ങളിലുള്ള ഒൻപത് കത്തുകൾ. 9. തസ്ഫിയതുൽ അഖാഇദ് (ഉർദു). സർ സയ്യിദിന്റെ കത്തിനുള്ള മറുപടി. 10. ഇൻതിസ്വാറുൽ ഇസ്‌ലാം (ഉറുദു). ഇസ്‌ലാമിനെക്കുറിച്ച് ഉന്നയിക്കപ്പെട്ട 10 ആരോപണങ്ങൾക്ക് മറുപടി. 11. ഹുജ്ജതുൽ ഇസ്‌ലാം. ഇസ്‌ലാമിനെ സമർത്ഥിക്കുന്ന ഈ ഗ്രന്ഥം ഓരോ മുസ്‌ലിമും വായിച്ചിരിക്കേണ്ടതാണ്. 12. ഖസ്വാഇദെഖാസിമി (ഉർദു-ഫാരിസി-അറബി). ഹസ്രത്തിന്റെ കവിതാ സമാഹാരം. 13. മകാതബെ ഖാസിമി (ഫാരിസി) തസ്വവ്വുഫിന്റെ വിഷയത്തിലുള്ള ചില കത്തുകൾ. 14. അൽഅജ് വിബതുൽകാമില്ല (ഉർദു). ഒരു ശിഅയുടെ അഞ്ച് ചോദ്യങ്ങൾക്ക് മറുപടി. 15. ബുഘാരിയുടെ അവസാനത്തെ അഞ്ച് ജുസ്ഇന്റെ അടിക്കുറിപ്പുകൾ. ഈ ഗ്രന്ഥങ്ങളുടെയെല്ലാം ഉള്ളടക്കം അത്യന്തം ഉന്നതമാണെങ്കിലും അവതരണം വളരെ ലളിതമാണ്. സാധാരണ കഴിവുള്ളവർക്കുപോലും ഈ രചനകൾ ഗ്രഹിക്കാൻ കഴിയുന്നതാണ്. അല്പം കടുപ്പമായവ 1. മസാബീഹുത്തറാവീഹ (ഫാരിസി) തറാവീഹിനെക്കുറിച്ചുള്ള ചർച്ചയാണെങ്കിലും ഇടയിൽ അത്ഭുതകരമായ ചില വിഷയങ്ങളും അടങ്ങിയിട്ടുണ്ട്. മൗലാനാ ഇശ്തിയാഖ് അഹ്മദ് ഇതിനെ ഉർദുവിൽ പരിഭാഷപ്പെടുത്തി. അൻവാറുൽ മസാബീഹ്. 2. തഖ്‌രീറെദിൽ പദീർ (ഉർദു) ഇൽമുൽകലആ വിഷയത്തിൽ പഠനാർഹമായ ഗ്രന്ഥം. 3. ജവാബ് തർക്കീ-ബ-തർകീ (ഉർദു). ആര്യസമാജക്കാരുടെ ആരോപണങ്ങൾക്ക് മറുപടി. 4. തഹ്ദീറുന്നാസ്-മിൽ-ഇൻകാരി-അസരിബ്‌നി അബ്ബാസ് (ഉർദു). ഹ. ഇബ്‌നുഅബ്ബാസ് (റ) പറയുന്നു: ഏഴ് ഭൂമികളുണ്ട്. ഏഴിലും നബിമാർ നിയുക്തരായിട്ടുണ്ട്. ഈ വാചകത്തെക്കുറിച്ചുള്ള വിവരണം. കൂട്ടത്തിൽ, ഘത്മുന്നബുവ്വത്തിനെക്കുറിച്ചുള്ള അത്ഭുതകരമായ വിവരണവും. ഹസ്രത്തിന്റെ ജീവിതകാലത്തുതന്നെ ഈ ഗ്രന്ഥത്തെക്കുറിച്ച് ചിലർ വിമർശനമുന്നയിച്ചു. അവർക്കെല്ലാം ഹസ്രത്ത് മറുപടികളും നൽകി. 5. മുനാളറയെ അജീബ (ഉർദു). മൗലാനാ അബ്ദുൽ അസീസ് സാഹിബ് തഹ്ദീറുന്നാസിനെക്കുറിച്ച് ഉന്നയിച്ച 10 വിമർശനങ്ങളും ഹസ്രത്തിന്റെ മറുപടികളുമാണിതിൽ. മൗലാനായുടെ വിമർശനം തർക്കത്തിനു വേണ്ടിയുള്ളതല്ലായിരുന്നു. സത്യം ഗ്രഹിക്കാൻ വേണ്ടിയുള്ളതായിരുന്ന. അങ്ങിനെ, ഹസ്രത്തിന്റെ മറുപടിക്ക് ശേഷം ഹസ്രത്ത് എഴുതിയത് ശരിയാണെന്ന് മൗലാനാ പ്രസ്താവിച്ചു. ഈ ഗ്രന്ഥത്തിലെ ചില വാചകങ്ങളെ കൂട്ടികലർത്തിയാണ് ഹസ്രത്തിനെതിരിൽ മൗലവി അഹ്മദ് രിളാഘാൻ ബരേലവി അന്ധതയുടെ കൊടുങ്കാറ്റ് അഴിച്ചുവിട്ടത്. പക്ഷേ പ്രകാശിപ്പിച്ച വിളക്കിനെ ഊതിക്കെടുത്താൻ ശ്രമിക്കുന്നവന്റെ താടിയായിരിക്കും കത്തിതീരുക. 6. അസ്‌റാറേ ഖുർആനീ (ഫാരിസി) മുഅവ്വദറെതനിയുടെ തഫ്‌സീറടക്കം ഖുർആനിനെ കുറിച്ചുള്ള വിവിധ ചോദ്യങ്ങൾക്ക് മറുപടി. 7. ഇൻതിബാഹുൽ മുഅ്മിനീൻ (ഫാരിസി) മിശ്കാത്തിലെ മനാഖിബുൽ അശറയുടെ മൂന്നാം ഫസ്‌ലിൽ ഹ.അലി (റ) നിവേദനം ചെയ്ത ഹദീസുണ്ട്. അതിന്റെ വിവരണം. 8. ജമാലെ ഖാസിമി (ഉർദു). സമാഉൽമൗതാ, വഹ്ദതുൽ വുജൂദ് ഹയാതുന്നബി (സ) ഇവയെക്കുറിച്ചുള്ള വിവരണമടങ്ങിയ രണ്ട് കത്തുകൾ. 9. തൗസീഖുൽകലാം (ഉർദു). മഅ്മൂം ഫാതിഹ ഓതണോ എന്ന് ചർച്ച 10-19. മകാതിബെ ഖാസിമുൽ ഉലൂം (ഫാരിസി) നാല് ഭാഗങ്ങൾ പ്രസിദ്ധീകൃതമായ ഇതിൽ ഹസ്രത്തിന്റെ പത്ത് കത്തുകളുണ്ട്. ഗ്രന്ഥസമാനമായ ഓരോ കത്തിലേയും വിഷയം. 1. ഫദക് സംഭവം, 2. അമ്മാർ (റ) ന്റെ ഹദീസിന്റെ വ്യാഖ്യാനം. 3. മാ-ഉഹില്ല-ബിഹീ-ലി-ഗൈരില്ലായെക്കുറിച്ചുള്ള പഠനം. 4. പ്രവാചകരുടെ ഇസ്മത്ത്. 5. രണ്ടു ഹദീസുകളിലെ വൈരുദ്ധ്യം ഉയർത്തൽ. 6. നുബുവ്വത്ത്-മുഅജിസത്തുകളെ നിഷേധിക്കുന്നതിന് മറുപടി. 7. ഇന്ത്യയിലെ പലിശ. ഭൂവരുമാനം. ഹുസൈൻ (റ) ന്റെ ശഹാദത്ത്. 9. ശിആക്കളുടെ 'ഇമാമത്ത്' വിശ്വാസം. 10. മൻലം-യഅ്‌രിഫ്-ഇമാമസമാനിഹീ എന്ന ഹദീസിന്റെ വ്യാഖ്യാനം. (2) അൽ ഹല്ലുൾ മഖ്‌സൂം (അറബി) ഉജ്ജ്വലമായ അറബിയിലുള്ള രണ്ട് കത്തുകൾ. വളരെ കടുപ്പമായവ 1. ഖിബ്‌ലയെന്നുമ. ഇതിന്റെ അവസാനത്തെ നാലിൽ മൂന്നുഭാഗം ഏറെ കടുപ്പമാണ്. 2. മകാതീബെഖാസിമുൽ ഉലൂമിലെ അമ്മാർ (റ) വിന്റെ ഹദീസനുള്ള ശർഹും അത്യന്തം ആഴം നിറഞ്ഞതാണ്. 3. ആബെഹയാത്ത് (ഉർദു) ഹസ്രത്തിന്റെ രചനകളിൽ ഏറ്റം കടുപ്പം നിറഞ്ഞതായി ഈ ഗ്രന്ഥത്തെ കണക്കാക്കപ്പെടുന്നു. ഇതിന്റെ വ്യാഖ്യാനസഹിതം പ്രസിദ്ധീകരിക്കേണ്ട ആവശ്യമുണ്ട്. അതിനുള്ള ഭാഗ്യം എനിക്ക് അല്ലാഹുതആലാ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അവൻ എല്ലാറ്റിനും കഴിവുള്ളവനാണ്. (മൗലാനാ പാലൻപൂരി : ശർഹു തൗസീഖിൽ കലാം 19-26). ഹസ്രത്തവർകളുടെ രചനകളെക്കുറഇച്ചുള്ള ഹ്രസ്വമെങ്കിലും സമ്പൂർണ്ണമായ ഒരു വിവരണമാണ് മേലുദ്ധരിച്ചത്. ഇനി അവകളെ കുറിച്ചുള്ള ചില അഭിപ്രായങ്ങൾ കാണുക; ഹസ്രത്തിന്റെ മുർശിദായ ഹാജി ഇംദാദുല്ലാ (റ) യുടെ ഒരു വാചകം മുൻപ് കഴിഞ്ഞിട്ടുണ്ട്. ''മൗലവി സാഹിബിന്റെ രചന-പ്രഭാഷണങ്ങൾ ഗനീമത്തായി കരുതി അവ സൂക്ഷിക്കുക.'' മഹാനായ മൗലാനാ മുഹമ്മദ് യഅ്ഖൂബ് നാനൂത്ഥവി പ്രസ്താവിക്കുന്നു: ''പ്രകൃതിപരമായി തത്വജ്ഞാനം നിറഞ്ഞവയാണ് ഹസ്രത്ത്. അതുകൊണ്ട് ഉദ്ദേശിക്കാതെ തന്നെ അവിടുത്തെ ബുദ്ധിയിൽ ഹിക്മത്തുകൾ ഉദയം ചെയ്തിരുന്നു. ശാഖാപരമായ കാര്യങ്ങളെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ അടിസ്ഥാനപരമായ പ്രശ്‌നങ്ങൾ പ്രതിപാദിക്കുന്നതായി അനുഭവപ്പെട്ടിരുന്നു. അതുപോലെ, ഒരു വിഷയത്തെ പരാമർശിക്കുമ്പോൾ അതുപോലുള്ള നൂറുകണക്കിന് വിഷയങ്ങളെക്കുറിച്ചുള്ള സംശയങ്ങളും ദൂരീകരിച്ചിരുന്നു. അഗാധ പണ്ഡിതനായ അല്ലാമാ ശബ്ബീർ അഹ്മദ് ഉസ്മാനിയുടെ പ്രധാനപ്പെട്ട രചനയാണ് 'അൽ-അഖ്‌ലൂവന്നഖ്ൽ'. അതിൽ അല്ലാമ രേഖപ്പെടുത്തുന്നു- ''സമുന്നതനായ ഒരു വ്യക്തിത്വത്തിന്റെ ഒരു പ്രഭാഷണത്തിലേക്ക് ഇനി തിരിയുകയാണ്. അദ്ദേഹത്തിന്റെ രചനകളിൽ ചിന്താവിചിന്തനങ്ങൾ നടത്തുംതോറും അദ്ദേഹത്തിന് ഇലാഹ് കനിഞ്ഞ ബുദ്ധിശക്തിയും സത്യസന്ധമായ വിവരണം നാം സമ്മതിച്ചുകൊണ്ടിരിക്കും. തന്റെ കാലത്തെ ശൈഘുൽ അക്ബറെന്നും ഇമാം ഗസാലിയെന്നും ശാഹ് വലിയുല്ലാഹിയെന്നും അദ്ദേഹത്തെക്കുറിച്ച് പറഞ്ഞാൽ അധികമാവില്ല. അസാധാരണ രീതിയിൽ അദ്ദേഹം സ്ഥാപിച്ച ഇൽമുൽ കലാമിന്റെ രീതി ഖിയാമത്ത് വരെയും പ്രയോജനപ്രദമാണ്. ആ മഹാനാണ് മൗലാനാ മുഹമ്മദ് ഖാസിം നാനൂത്ഥവി.'' (പുറം.48). ഹ. മൗലാനാ ഖാരി മുഹമ്മദ് ത്വയ്യിബ് (റ) എഴുതുന്നു: ''ഹസ്രത്തിന്റെ രചനയിലെ ആമുഖ കാര്യങ്ങൾ തീർത്തും ബുദ്ധിപരമായിരിക്കും. ഹസ്രത്ത് സമർത്ഥിക്കാൻ ലക്ഷ്യമിട്ടകാര്യം അതിലൂടെ തനിയെ ഉരുത്തിരിഞ്ഞു വരുന്നതാണ്. തികച്ചും രേഖാപരവും ക്രമീകൃതവും മനസ്സിന്റെ ഉള്ളറകളിലേക്കിറങ്ങുന്നതുമാണ് ഹസ്രത്തിന്റെ സമർത്ഥനരീതി. കൂട്ടത്തിൽ ഹസ്രത്ത് വിവരിക്കുന്ന ശാഖോപശാഖകൾ വിഷയത്തിന്റെ എല്ലാ ഭാഗങ്ങളെയും സ്പർശിക്കുക മാത്രമല്ല നിരവധി സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തിരുന്നു.'' (ഹിക്മതെ ഖാസിമിയ്യ: പുറം 23). മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി പ്രസ്താവിക്കുന്നു: ''മൗലാനാ മുഹമ്മദ് ഖാസിം (റ)യുടെ ഗ്രന്ഥങ്ങളിലുള്ള ഒരുക്കും ലാളിത്യവും പദഘടനയും അവയിലെ പ്രതിപാദ്യം ഗഹനമാവുമ്പോഴും ആസ്വാദനം അസുഖകരമാക്കുന്നില്ല.'' (അർഷാദ് വാർഷിക പതിപ്പ് 92, തൊടുപുഴ). മഹാകള്ളനായ മീർസാഗുലാം അഹ്മദ് ഖാദിയാനിയുടെ വാറോലകളെ അവലോകനം ചെയ്തുകൊണ്ട് മൗലാനാ നദ്‌വി എഴുതുന്നു: ''തഖ്‌രീറേദിൽ പദീറിന്റെയും ഹുജ്ജതുൽ ഇസ്‌ലാമിന്റെയും ആബെഹയാതിന്റെയുമൊക്കെ കർത്താവായ മൗലാനാ മുഹമ്മദ് ഖാസിം നാനൂത്ഥവി, ആര്യസമാജക്കാരെ എതിർക്കുന്നതിൽ കാണിച്ച രീതിയുടെ മധുരമോ പ്രമാണങ്ങളുടെ പുതുമയോ മിർസായുടെ പുസ്തകങ്ങളിലില്ല.''(ഖാദിയാനിസം മലയാളം പുറം: 38). ഹസ്രത്ത് അവർകളുടെ രചനകളെക്കുറിച്ച് വേറെയും ഉദ്ധാരണികളുണ്ടെങ്കിലും സമുന്നതരായ മൂന്ന് വ്യക്തിത്വങ്ങളുടെ വാചകങ്ങൾകൊണ്ട് മാത്രം മതിയാക്കുന്നു. ഹസ്രത്ത് അവർകളുടെ വിവിധ രചനകളിൽ നിന്നും ഉദ്ധരണികളാണ് അടുത്ത കർത്തവ്യം. മാന്യ അനുവാചകർ മനസ്സിലാക്കിയതുപോലെ, കഴിഞ്ഞ താളുകളിൽ ഹസ്രത്തിന്റെ വാചകങ്ങൾ ഉദ്ധരിക്കാൻ അവസരം ലഭിച്ച എല്ലാ ഭാഗങ്ങളിലും അവ ഉദ്ധരിച്ചിട്ടുണ്ട്. ഇത്തരുണത്തിൽ പുതുതായി ചില ഉദ്ധരണികൾ ഉദ്ധരിക്കേണ്ട ആവശ്യമില്ല. കൂടാതെ, ഹസ്രത്തിന്റെ വാചകങ്ങൾക്ക് മുൻപോ പിൻപോ എന്തെങ്കിലും വിവരണംകൂടി ഉദ്ധരിക്കൽ അത്യാവശ്യമാണ്. മൗലാനാ ത്വയ്യിബ് (റ) പറയുന്നു: ''ഹസ്രത്തിന്റെ രചനകളെ ഒരു ഉന്നത രാഷ്ട്രത്തേക്ക് ഉപമിക്കാം. ജീവിതത്തിൽ ആവശ്യമായ സർവ്വകാര്യങ്ങളും അവിടെ സമ്മേളിച്ചിട്ടുണ്ട്. പക്ഷെ, ചില പ്രത്യേകതരം ആളുകൾക്കൊഴികെ പൊതുവിൽ ആർക്കും അവിടേക്കുള്ള വഴി അറിയില്ല. ഇപ്രകാരം ഖാസിമി വിജ്ഞാനങ്ങളും ഉന്നത ഖജനാവുകൾ അടങ്ങിയ ഒരു രാഷ്ട്രമാണ്. എന്നാൽ അവിടെ എത്താനുള്ള അടയാളങ്ങളും തലവാചകങ്ങളും അവശ്യ വിവരണങ്ങളും മറ്റും ഇല്ലെങ്കിൽ സാധാരണ ഉലമാ ഇതുപോലും അവ പ്രയോജനപ്പെടുത്തൽ പ്രയാസമാണ്.'' ഇപ്രകാരം വിവരണ സഹിതം അവ ഉദ്ധരിക്കാൻ ഇവിടെ നിർവ്വാഹമില്ല. അതുകൊണ്ട് തെരഞ്ഞെടുത്ത ഏതാനും ചിലത് മാത്രം ഇവിടെ ഉദ്ധരിക്കുന്നു. സൂറഃ ഫളഖ്-നാസ് വ്യാഖ്യാനം ''ഒരു ചെടി ഭൂമിയെ പിളർത്തി പുറത്തേക്ക് വരുമ്പോൾ അതിനെ സംരക്ഷിക്കാൻ അതിന്റെ ഉടമ പരിപൂർണ്ണ ശ്രദ്ധചെലുത്തും. അത് സമ്പൂർണ്ണ നിലയിലെത്തുന്നതുവരെ സകലവിധ അപകടങ്ങളിൽ നിന്നും അതിനെ കാത്തുസൂക്ഷിക്കാൻ അയാൾ വളരെയധികം പരിശ്രമിക്കും. ഇത് പ്രകൃതിപരമായ ഒരു പൊതുനിയമമാണ്. ഉടമസ്ഥൻ ചെടിയുടെ മേൽ സംഭവിക്കാതിരിക്കാൻ ബദ്ധശ്രദ്ധനാകുന്ന അപകടങ്ങൾ എന്തൊക്കെയാണെന്ന് ഇനി ചിന്തിക്കാം. അവ പ്രധാനമായും നാലെണ്ണമാണെന്ന് ചെറിയ വിചിന്തനത്തിലൂടെ മനസ്സിലാകും. 1. ഈ ചെടിയെ ഭക്ഷിക്കാറുള്ള ജന്തുക്കൾ ഇതിനരികിൽ വരാതിരിക്കാൻ പരിശ്രമിക്കൽ 2. ചെടിയുടെ വളർച്ചയ്ക്ക് ആവശ്യമായ ജലം, സൂര്യകിരണം മുതലായ കാര്യങ്ങൾ സജ്ജീകരിക്കൽ 3. ചെടിയുടെ വളർച്ചയെ തടസ്സപ്പെടുത്തുന്ന ആലിപ്പഴവും മറ്റും അതിന്റെമേൽ വീഴാതെ സൂക്ഷിക്കൽ. 4. ഉടമസ്ഥനോട് ശത്രുതയോ അസൂയയോ പുലർത്തുന്നവർ അതിനെ മുറിച്ചുകളയാതിരിക്കാനും പിഴുതെറിയാതിരിക്കാനും ശ്രദ്ധിക്കൽ. ഈ നാല് കാര്യങ്ങൾ ഉടമ ചെയ്തുകഴിഞ്ഞാൽ പിന്നെ ആ ചെടി വളർന്നുവരികയും പൂത്ത് കായ്ക്കുകയും പ്രയോജനം നൽകുകയും ചെയ്യുമെന്ന് അയാൾക്ക് പ്രതീക്ഷിക്കാം. ഇപ്രകാരം, പ്രപഞ്ചത്തിന്റെ യഥാർത്ഥ ഉടമയും പരിപാലകനുമായ അല്ലാഹുതആലായോട് നിലനിൽപിന്റെയും വിശ്വാസത്തിന്റെയും രണ്ടു വൃക്ഷങ്ങളുടെ വിഷയത്തിൽ നാലുതരം അപകടങ്ങളിൽ നിന്നും അഭയം തേടൽ മനുഷ്യന്റെ മേൽ കടമയാണ്. ''അവൻ പടച്ചതിന്റെ എല്ലാവിധ ശല്യങ്ങളിൽ നിന്നും'' എന്നതുകൊണ്ടുള്ള വിവക്ഷ ഒന്നാമത്തെ അപകടമാണ്. സൂര്യൻ അസ്തമിക്കുമ്പോഴും ചന്ദ്രഗ്രഹണമുണ്ടാകുമ്പോഴും സംഭവിക്കുന്ന അപകടങ്ങളാണ് 'ഗാസിഖിൻ-ഇദാ-വഖബ്' കൊണ്ടുള്ള വിവക്ഷ. ഇത് രണ്ടാമത്തെ അപകടമാണല്ലോ? സാഹിറുകളുടെ (മാരണക്കാർ) സിഹ്‌റാണ് 'നഫാസാതി-ഫിൽ-ഉഖദ' കൊണ്ടുള്ള ഉദ്ദേശം. ഒരാളുടെ സാധാരണ പ്രവർത്തനങ്ങളും മുന്നേറ്റങ്ങളും സിഹ്‌റിലൂടെ തടസ്സപ്പെടുമെന്ന് വസ്തുത സിഹ്‌റിനെ അംഗീകരിക്കുന്നവരെല്ലാം സമ്മതിക്കുന്നുണ്ട്. ഇത്തരുണത്തിൽ മൂന്നാമത്തെ അപകടവുമായി ഇതിന് വലിയ സാദൃശ്യമുണ്ട്. ശത്രുവിന്റെ ശത്രുത വർദ്ധിച്ച് തന്റെ നിലനിൽപ്പ് തന്നെ ഇല്ലാത്കുന്നതാഅ ഇനി ഭയക്കേണ്ട ഒരു അപകടം. ഇതാണ് ''ഹാസിദിൻ-ഇദാ-ഹസദ്' കൊണ്ടുള്ള വിവക്ഷ. ഈ നാല് അപകടങ്ങളിൽ നിന്നും ഒരു വ്യക്തി അഭയം പ്രാപിച്ചാൽ പിന്നെ ബാഹ്യമായി മറ്റ് അപകടങ്ങളൊന്നും അവനുണ്ടാകുന്നതല്ല. എന്നാൽ ആന്തരീകമായി ഒരു മഹാ അപകടമുണ്ടാകാൻ സാധ്യതയുണ്ട്. അത് ഒന്നുകിൽ അകത്തുള്ളതിനെയെല്ലാം വലിച്ചെടുത്ത് അവനെ നശിപ്പിക്കും. അല്ലെങ്കിൽ അവന്റെ വളർച്ചയെ തടഞ്ഞു നിറുത്തും. ഇതിൽ നിന്നും അഭയം തേടാനാണ് അടുത്ത സറത്തായ 'അന്നാസ്' പഠിപ്പിക്കുന്നത്. പുറത്ത് പ്രകടമാകാതെ ഉള്ളിൽ തന്നെ ചുറ്റിത്തിരിയുകയും ഈ മാനിക ശക്തിയെ ക്ഷമിപ്പിക്കുകയും ചെയ്യുന്ന അപകടമാണ് 'വസ്വാസ്' രഹസ്യങ്ങളഖിലം അറിയുന്നവനായ അല്ലാഹുവിന്റെ പക്കലല്ലാതെ മറ്റാരുടെ പക്കലും ഇതിന്റെ ചികിത്സയില്ല. വസ്‌വാസിന്റെ പോരാട്ടം ഈമാനുമായിട്ടാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഈമാനിനെ അരക്കിട്ടുറപ്പിക്കുകയും വളർത്തുകയും ചെയ്യുന്ന ശൈലിയിലാണ് ഈ അഭയം തേടൽ തന്നെ. ഈമാനിക വളർച്ചയുടെ ഒന്നാംഘട്ടം അല്ലാഹു റഹ്ഹ് (പരിപാലകൻ) ആണെന്ന വിശ്വാസമാണ്. അല്ലാഹുവിന്റെ സമുന്നതമായ പരിപാലനത്തിലും അളവറ്റ അനുഗ്രഹങ്ങളിലും നോക്കുന്ന ഒരുവന്റെ ഈമാൻ വർദ്ധിച്ചുകൊണ്ടിരിക്കും. രണ്ടാംഘട്ടം, അല്ലാഹുമാലിക് (രാജാധിരാജൻ) ആണെന്ന വിശ്വാസമാണ്. കാരണം, ശാരീരകവും മാനസികവുമായ സർവ്വവിധ പരിപാലനവും നടത്തുവാൻ രാജാധിരാജനേ കഴിയുകയുള്ളൂ. അതുപോലെ ഉപകാരത്തെ വലിച്ചുകൊണ്ടുവരലും ഉപദ്രവത്തെ തടയലുമാണ് പ്രധാന പരിപാലനം. ഇത് ഉന്നതനായ രാജാവിനല്ലാതെ മറ്റാർക്കാണ് കഴിയുക? അടുത്ത ഘട്ടം അല്ലാഹു ഇലാഹ് (ആരാധ്യൻ) ആണെന്ന വിശ്വാസമാണ്. ഒരുത്തന്റെ കല്പനയെ അനുസരിക്കലും അതിനുമുന്നിൽ ആരുടെയും കല്പനയെ അനുസരിക്കാതിരിക്കലുമാണ് ആരാധന്. പരിപൂർണ്ണമായ സ്‌നേഹത്തിന് അർഹതയും സമ്പൂർണ്ണമായ അധികാരവും ഉള്ളവൻ മാത്രമാണ് ഈ ആരാധനയ്ക്കർഹൻ. പരിപാലകനും രാജാധിരാജനുമായ അല്ലാഹുവിന് മാത്രമേ ഈ രണ്ട് ഗുണങ്ങളുള്ളൂ. വല്ലാഹു-അ-അലം-ബി-അസ്‌റാരികലാമിഹി. (തഫ്‌സീറെ ഉസ്മാനീ, പുറം: 792-793) ബിദ്അത്തിന്റെ നിർവ്വചനം സമ്പൂർണ്ണ വൈദ്യനം വിവരമില്ലാത്ത രോഗിക്കുമിടയിൽ ഉള്ളതിനേക്കാൾ വലിയ വിത്യാസം അല്ലാഹു-റസൂലിന്റെയും ഉമ്മത്തുകളുടെയും ഇടയിലുണ്ട്. കഴിഞ്ഞ കാലത്തെയോ തന്റെ കാലത്തെയോ വൈദ്യരുടെ വൈദ്യവിധികളിൽ കൂട്ടിക്കുറിക്കലുകൾ നടത്താൻ വിവരമില്ലാത്ത രോഗിക്ക് അനുവാദമില്ല. അഥവാ നടത്തിയാൽ വൈദ്യൻമാരെല്ലാം അവനെ പുറംതള്ളും. ബന്ധു-മിത്രങ്ങൾ അവനെ പിടിച്ചിരുത്തും. ഇപ്രകാരം ഉമ്മത്തിലെ ഓരോ അംഗത്തിനും അവൻ പണ്ഡിതനോ പാമരനോ സൂഫിയോ പാപിയോ ആരുമായി കൊള്ളട്ടെ- അല്ലാഹുതആലായുടെയും റസൂലുല്ലാഹി (സ)യുടെയും വചനങ്ങളിൽ - അത് വിശ്വാസ പരമോ കാർമ്മികമോ പൊതുനിയമങ്ങളോ ശാഖാപരമായ കാര്യങ്ങളോ ആയിക്കൊള്ളട്ടെ - കൂട്ടിക്കുറക്കലുകൾ നടത്താൻ അനുവാദമില്ല. ഇനി നടത്തിയാൽ അല്ലാഹുവിന്റെയും റസൂലിന്റെയും മുന്നിൽ അവൻ ശക്തനും സൃഷ്ടികളുടെ മുന്നിൽ നിസ്സാരനുമാകുന്നതാണ്. ഇത്തരം കൂട്ടിക്കുറയ്ക്കലുകളുടെ പേരാണ് ബിദ്അത്ത്. വിശ്വാസങ്ങളിലുള്ള കൂട്ടിക്കറക്കലുകൾക്ക് ബിദ്അത്തുകളുടെ തലയെന്നും പൊതുനിയമങ്ങളിലുള്ള കൂട്ടിക്കുറക്കലുകൾക്ക് വലിയ ബിദ്അത്ത് എന്നും ശാഖാപരമായ കാര്യങ്ങളിലുള്ള കൂട്ടിക്കുറക്കലുകൾക്ക് ചെറിയ ബിദ്അത്തുകളെന്നും പറയപ്പെടുന്നു. (ഫുയൂളെ ഖാസിമിയ്യ. പുറം 44-45) വഴികേടിന്റെ കാരണങ്ങൾ വഴികേടിന് രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന്: തെറ്റ് പിണയൽ. രണ്ട്: മനോഛയുടെ ആധിക്യം. തെറ്റ് പിണഞ്ഞവന്റെ തെറ്റ് തിരുത്താനും മനോഛ കീഴടക്കിയവനെ പരലോകത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രേരിപ്പിക്കാനും പരിശ്രമിക്കൽ അവരോട് ഗുണകാംക്ഷ പുലർത്തുന്നവന്റെ കടമയാണ്. ഉദ്ദിഷ്ട സ്ഥാനത്തേക്കുള്ള വഴിതെറ്റി മറ്റൊരു വഴിയിലൂടെ സഞ്ചരിക്കുന്നവനെപോലെയാണ് തെറ്റ് പിണഞ്ഞവന്റെ ഉപമ. ഉദ്ദിഷ്ട സ്ഥാനത്തേക്കുള്ള വഴിയിൽ തന്നെയാണെങ്കിലും എതിർപ്പ് കാരണം ആ വഴിയിലൂടെ സഞ്ചരിക്കാൻ കഴിയാത്തവനെപ്പോലെയാണ് മനോചഛ നിറഞ്ഞവന്റെ ഉപമ. ഇത്തരുണത്തിൽ തെറ്റുപിണഞ്ഞവനാണ് ഏറ്റം കൂടുതൽ സഹതാപത്തിനർഹൻ. കാരണം, ഉദ്ദിഷ്ട സ്ഥാനത്തിന്റെ വഴിയെ വിട്ട് മറ്റൊരു വഴിയിലൂടെ നീങ്ങുന്നവൻ എത്രവേഗതയിൽ സഞ്ചരിക്കുന്നവാണെങ്കിലും അവൻ ഉദ്ദിഷ്ഠ സ്ഥലത്ത് എത്തുകയില്ല. ഇപ്രകാരം, രക്ഷിതാവ് കാണിച്ചുതന്ന സന്മാർഗത്തെ തെറഅറു പിണഞ്ഞ് ഉപേക്ഷിക്കുകയും വേറെവഴി തെരഞ്ഞെടുക്കുകയും ചെയ്തവൻ എത്രവലിയ ഭക്തനാണെങ്കിലും ശറി വിജയം പ്രാപിക്കുകയില്ലതന്നെ. എന്നാൽ വിജയപാതയിൽ തന്നെയാണെങ്കിലും മനോച്ഛയുടെ ആധിക്യം കാരണം അതിലൂടെ സഞ്ചരിക്കാൻ ബുദ്ധിമുട്ടുന്നവർ വീണും ഇരുന്നും ചൂടും തണുപ്പും സഹിച്ചും എന്നെങ്കിലും ഉദ്ദിഷ്ട സ്ഥാനത്ത് (സ്വർഗ്ഗത്തിൽ) എത്തിച്ചേരുന്നതാണ്. ചുരുക്കത്തിൽ, തികഞ്ഞ ഗുണകാംക്ഷയോടെ ഒരു കാര്യം എല്ലാവരോടും പറയുകയാണ്. മുഹമ്മദീ മതമല്ലാതെ വിജയിക്കാൻ മറ്റൊരു മാർഗ്ഗവുമില്ല. (ഹുജ്ജതുൽഇസ്‌ലാം 10,11) രണ്ട് കത്തുകൾ ഒരു വ്യക്തിയുടെ മാനസികാവസ്ഥകൾ മനസ്സിലാക്കാൻ ഏറ്റം പ്രധാനമായൊരു മാധ്യമമാണ് കത്തുകൾ. ഇവിടെ ഹസ്രത്തിന്റെ ചില കത്തുകൾ കൊടുക്കുന്നു: ഹസ്രത്ത് നാനൂത്ഥവിയുമായി വളരെ അടുത്തുകഴിഞ്ഞിരുന്ന മൗലാനാ ളിയാഉൽ ഹഖിന് ഹസ്രത്ത് എഴുതിയ കത്തുകളാണിത്. 1. മാന്യ സഹോദരൻ ശൈഘ് ളിയാഉൽ ഹഖിന്, സലാമിന് ശേഷം. ഇബാദത്തിൽ മനസ്സ് ഇണങ്ങാതിരിക്കൽ ഏതോ പാപത്തിന്റെ ശിക്ഷയാണ്. ഇസ്തിഗ്ഫാറും ലൗഹൗലയും അധികരിപ്പിക്കുക. കടത്തിന്റെ കാര്യം വല്ല ആമിലിനോടും ചോദിക്കുക. ആമിലുമായി ബന്ധപ്പെട്ട കാര്യങ്ങൾ എനിക്കറിയില്ല. എന്നാൽ കടഭാരം ലഘൂകരിക്കാൻ ഒരു കാര്യം പറഞ്ഞുതരാം. ''ഹസ്ബിയല്ലാഹു വനിഅ്മൽവകീൽ എന്നും ലാഹൗലവലാ ഖുവ്വത ഇല്ലാബില്ലാഹി - വലാമൽജ അമിനല്ലാഹി ഇല്ലാഇലൈഹി'' എന്നും 500 പ്രാവശ്യം ചൊല്ലുക. ആദ്യവും അവസാനവും 11 പ്രാവശ്യം പുണ്യസലാത്തും ചൊല്ലുക. ഞാൻ അല്ലാഹുവിന്റെ സന്നിധിയിൽ ഹാജരായി മനസ്സും നാക്കുംകൊണ്ട് അവനോട് അപേക്ഷിക്കുകയാണെന്നും തദവസരം മനസ്സിൽ ധ്യാനിക്കുക. വസ്സലാം. മുഹമ്മദ് ഖാസിം. 2. ..... കുട്ടികൾ കളിക്കുമ്പോൾ ചിലരെ രാജാവും മന്ത്രിയുമാക്കാറുണ്ട്. അതുപോലെ കളിയായിട്ടാണ് നിങ്ങൾ സാക്ഷാൽ മുരീദാകാൻ ഉദ്ദേശിക്കുന്നെങ്കിൽ ഞാൻ അതിന് യോഗ്യനല്ല. എന്നാൽ വളീഫ പറഞ്ഞു: തരാൻ ബുദ്ധിമുട്ടില്ല. നിസ്‌കാരം ജമാഅത്തായി നിർവ്വഹിക്കുക. ഓരോ നമസ്‌കാരത്തിനു ശേഷം ഇഹ്ദിനസ്സ്വിറാത്വൽ മുസ്തഖീം എന്നും ഇശായ്ക്ക് ശേഷം യാ ഹയ്യു യാ ഖയ്യൂം ബിറഹ്മതിക അസതഗീസ് എന്ന് മൂന്ന് പ്രാവശ്യവും ചൊല്ലുക. ഇശായ്ക്ക് ശേഷമുള്ള തസ്ബീഹിന് മുൻപും പിൻപും 11 പ്രാവശ്യം സ്വലാത്തും ചൊല്ലുക. കൂടാതെ കലിമയും സ്വലാത്തും എത്ര വർദ്ധിപ്പിക്കാമോ അത്ര നല്ലതാണ്. ഞാൻ അല്ലാഹുവിന്റെ മുന്നിൽ ഹാജരായി അവരോട് മനസ്സാ വാചാ പറയുകയാണെന്ന ധ്യാനത്തോടെ ചൊല്ലുക. കൊച്ചാപ്പയ്ക്കും കൊച്ചുമ്മയ്ക്കും സഹോദരനും ബഹുമാനപൂർവ്വം സലാം അറിയിക്കുക. മുഹമ്മദ് ഖാസി. നാനൂഥ 10, സഫർ , ഹി. 1293. 3. .... പ്രിയരെ, മറ്റാർക്കെങ്കിലും വഴികാട്ടാനോ വഴികാട്ടികളോ കാട്ടിത്തരാനോ ഞാൻ യോഗ്യനല്ല. എന്നാൽ രണ്ട് നാല് മഹാന്മാരോട് സ്‌നേഹമുണ്ട്. ഒന്ന്, ഹാജി ഇംദാദുല്ലാ സാഹിബ്. രണ്ട്, ശാഹ് അബ്ദുൽഗനീ സാഹിബ്. മൂന്ന്, മൗലവി റശീദ് അഹ്മദ് സാഹിബ്.... ഉപസംഹാരം ഹസ്രത്ത് അവർകളുടെ മുനാജാത്തിലെ ചില വരികൾ ഉദ്ധരിച്ചുകൊണ്ട് ഈ രചന ഉപസംഹരിക്കുകയാണ്. അറുപതിൽപരം ഈരടികൾ അടങ്ങിയ ഈ മുനാജാത്തിൽ, ഹാജി ഇംദാദുല്ലാ മുതൽ റസൂലുല്ലാഹി (സ) വരെയുള്ള പരമ്പരയിലെ മഹാൻമാരുടെയെല്ലാം പുണ്യനാമങ്ങളും വിശേഷണങ്ങളും ഹസ്രത്ത് വിവരിക്കുന്നുണ്ട്. ഇവിടെ അതിൽ നിന്നും 24 ഈരടികളുടെ വിവർത്തനം മാത്രമാണ് കൊടുക്കുന്നത്. പൂർണ്ണരൂപം കാണാനാഗ്രഹിക്കുന്നവർ മുനാജാത്തു മഖ്ബൂൽ നോക്കാൻ അപേക്ഷിക്കുന്നു. ''അല്ലാഹുവേ, ഞാൻ പാപങ്ങളുടെ നദിയിൽ മുങ്ങിക്കിടക്കുന്നവനാണ്. എന്റെ പാപങ്ങൾ നിനക്ക് നന്നായി അറിയാമല്ല? കണക്കറ്റ പാപങ്ങളുടെ ഭാരം ഞാനെന്റെ തലയിൽ ചുമന്നിരിക്കുന്നു. ആയിരമായിരം പ്രാവശ്യം തൗബയെ ഞാൻ പൊളിച്ചിട്ടുണ്ട്. എന്റെ പാപമാണ് എന്റെ ലക്ഷ്യപ്രാപ്തിയുടെ തടസ്സം. എന്റെ ഭാഗ്യദോഷത്തിന്റെ കാരണവും എന്റെ പാപംതന്നെ. നിന്റെ അനുഗ്രഹത്തെ നീ പൊതുവാക്കിയിരിക്കുന്നു. നിന്റെ സാക്ഷാൽ അനുഗ്രഹമായ ഇസ്‌ലാമിലേക്കുള്ള ക്ഷണം ലോകമെങ്ങും വ്യാപിപ്പിച്ചതും നിന്റെ പൊതു അനുഗ്രഹത്തിന്റെ ഭാഗമാണ്. നിന്റെ അനുഗ്രഹത്തിൽ നിന്നും ഞാൻ തടയപ്പെടുന്നത് പിന്നെന്തുകൊണ്ടാണ്? പരമ ദരിദ്രനായ ഞാൻ നിന്റെ സമ്പന്നമായ രാജാധികാരം കണ്ടപ്പോൾ അവിടെ യാചകനായി വന്നിരിക്കുകയാണ്. ഈ ലോകത്തിന്റെ ആത്മാവായവരെ മുൻനിറുത്തി ഞാൻ നിന്നോടിരക്കുന്നു. അവിടുത്തെ റൗളയുടെ മേൽ ഏഴാകാശങ്ങളും അർപ്പിക്കപ്പെട്ടിരിക്കുന്നു. അവിടുന്ന് നിന്റെ മഹ്ബൂബും മത്വ്‌ലൂബുമാണ്. മുഴുവൻ സൃഷ്ടികളിൽ നിന്നും നീ തെരഞ്ഞെടുത്തത് തങ്ങളെയാണ്. ബാക്കി ലോകത്തെ മുഴുവൻ നീ ഞങ്ങൾക്ക് വിട്ടുതന്നു. നബിമാരുടെ മുഴുവൻ പുഷ്പങ്ങളിൽ നിന്നും നീ തെരഞ്ഞെടുത്തത് തങ്ങളെയാണ്. മുഴുവൻ കാർമ്മിക-വൈജ്ഞാനിക സമ്പൂർണ്ണതകൾ തങ്ങൾക്ക് നീ കനിഞ്ഞരുളുകയും ചെയ്തു. നിന്റെ അനുഗ്രഹങ്ങൾ നീ വർഷിക്കുന്നത് തങ്ങളുടെ പേരിലാണ്. ഈ ലോകത്തെ നീ പടച്ചത് തങ്ങൾക്ക് വേണ്ടിയാണ്. റഹ്മതുല്ലിൽ ആലമിനായ, ശഫീഉൽ മുൽമുദ് നിബീനായ, ലോകത്തിന്റെ നായകനായ, സർവ്വലോകത്തെക്കാളും സമുന്നതനായ മുഹമ്മദ് മസുത്ഫാ (സ) യെ മുൻനിർത്തി ഞാൻ നിന്നേടിരക്കുന്നു. നിന്റെ പുണ്യമായ 'ദാത്തി'നെ മുൻനിർത്തി ഞാൻ നിന്നോടിരക്കുന്നു. മുഴുവൻ വസ്തുക്കളുടെയും സത്തയാണ് നിന്റെ ദാത്ത്. എല്ലാവിധ ഉയർച്ചയുടെയും താഴ്ചയുടെയും ഉടമയും നീതന്നെ. അസത്യമായ എല്ലാ കാര്യങ്ങളിൽ നിന്നും എന്റെ മനസ്സിനെ ശുദ്ധിയാക്കേണമേ! എന്നെ നിന്റെ പാതയിൽ ജാഗ്രതയോടെ നിലകൊള്ളുന്നവനാക്കേണമേ! നീ ഒഴിച്ചുള്ളതിന്റെ സ്‌നേഹം എന്റെ ഉള്ളിൽ നിന്നും നീ ദൂരീകരിക്കേണമേ. അവയുമായുള്ള ഇണക്കത്തിൽ നിന്നും നീ എന്നെ പരിശുദ്ധനാക്കേണമേ! നിന്റെ പ്രേമത്തിന്റെ അഗ്‌നി എന്റെ ഉള്ളിൽ നീ കത്തിക്കേണമേ! എന്റെ നാഥാ! നിന്റെ സ്‌നേഹത്തിന്റെ അസ്ത്രത്തെ എന്റെ മനസ്സിലും ജീവനിലും നീ കടത്തേണമേ! നിന്റെ സ്മരണയിൽ എന്റെ മനസ്സിനെ നീ ലയിപ്പിക്കേണമേ! നിന്റെ പ്രീതിക്കനുസൃതമായി എന്നെ നീ മാറ്റേണമേ! ഞാൻ അനർഹനാണ്. പക്ഷേ, എന്റെ നാഥാ, ന്യൂനതകളുടെ മുള്ളുകൾ എന്റെ ഉള്ളിൽ നിന്നും പിഴുത് മാറ്റാൻ നിനക്ക് പൂർണ്ണ കഴിവുണ്ട്. എന്റെ തിന്മയെ നന്മയായി മാറ്റേണമേ! പാപത്തിന്റെ ഇരുളിനെ മാറ്റി പ്രകാശത്തെ കനിയേണമേ! ഇലാഹേ, എന്റെ പാപത്തിലേക്ക് നോക്കുന്ന നീ, നിന്റെ അളവറ്റ കൃപാകാരുണ്യങ്ങളിലേക്കും നോക്കേണമേ! രാജാധിരാജാ, എന്റെ ഭാഗ്യഹീനത തുടങ്ങിയിട്ട് നാളുകളായി. ഇപ്പോൾ വലിയ പ്രതീക്ഷകളും പേറി നിന്റെ സന്നിധിയിൽ ഹാജരായിരിക്കുകയാണ്. എന്റെ നാഥാ, നിന്റെ എല്ലാവിധിയും എനിക്ക് സ്വീകാര്യമാണ്. നിന്റെ സാധുവായ ഈ അടിമയുടെ മേൽ ഔദാര്യത്തിന്റെ ദൃഷ്ടി പതിപ്പിക്കേണമേ!'' കുറിപ്പുകൾ 1. മൗലാനാ യഅ്ഖൂബ് നാനൂത്ഥവി ഇബ്‌നു മൗലാനാ മംലൂക്ക് അലി ജനനം. ഹി. 1249. വഫാത്ത് 1302. 2. ഹ. ഗൻഗോഹി. ജനനം 1244. വഫാത്ത് 1323. വിവരണത്തിന് തദ്കിറതുർറശീദ്. 3. ഹ. സഹാറൻപൂരിയുടെ വിവരണത്തിന്: അൽഅനാഖീ ദുൽആലിയ 4. വിവരണത്തിന് : ദേവ്ബന്ദ് ഉലമാക്കൾ. (മൗലാനാ ഹുസൈൻ കാൻജാരീ). 5. വിവരണത്തിന്: മൗലാനാ ഫള്‌ലെ റഹ്മാൻ മുദാബാദി (മൗലാനാ അബുൽഹസൻ അലി നദ്‌വി). 6. 7. ശീഅകളെക്കുറിച്ചറിയാൻ. ഈറാനീ ഇൻഖിലാബ്-ശീഇയ്യത്ത് (മൗലാനാ മുഹമ്മദലി മൻളൂർനുഅ്മാനീ.) 8. ലഘുവിവരണത്തിന്, ഇന്ത്യൻ മുസ്‌ലിംകളും സ്വാതന്ത്ര്യസമര പ്രസ്ഥാനവും. (ഇ-മൊയ്തു മൗലവി). 9. വിവരണത്തിന്. സീറത്ത് സയ്യിദ്അഹ്മദ് ശഹീദ് (മൗലാനാ നദ്‌വി) 10. എന്നാൽ, സ്വാതന്ത്ര്യസമരത്തിന്റെ നഷ്ടപ്പെട്ട താളുകൾ രചിച്ച സി.ടി. അബ്ദുർറഹീം സാഹിബിനെ പോലുള്ളവരുടെ ശ്രമം ശ്ലാഘനീയമാണ്. 11. വിവരത്തിന് താരീഘെ മളാഹിർ (മൗലാനാ ശാഹിദ്) 12. വിവരണത്തിന്: അൽഅനാഖീദുൽ ഗാലിയ 13. എഡിറ്റിംഗ് മൗലാനാ ഘാലിദ് ഖാസിമി. 14. എന്നാൽ, ഇവരുടെ ഭിന്നത ഇന്നത്തെ ഭ്രാന്തൻ ഭിന്നതകൾ പോലെയല്ലായിരുന്നു. ഇരുകൂട്ടരും പരസ്പര സ്‌നേഹാദരവുകൾ നിലനിർത്തിയിരുന്നു. 15. ''നാനൂത്ഥവി റസൂലുല്ലാഹി (സ)യുടെ അന്ത്യപ്രവാചകത്വം നിഷേധിച്ചു'' എന്നതാണ് മൗലവി രിളാഘാന്റെ കണ്ടുപിടുത്തം. തികച്ചും അപരാധം മാത്രമായ ഈ ആരോപണം ഇന്നും ബരേലവികൾ ആവർത്തിക്കുന്നു. തങ്ങളുടെ ആരോപണത്തിന്റെ കടുപ്പത്തെക്കുറിച്ച് ചിന്തിക്കാത്ത അവരുടെ പ്രചാരണങ്ങളിൽ കുടുങ്ങി, ആയിരക്കണക്കിന് സാധുക്കൾ മഹാൻമാരെ ശപിക്കൽ പുണ്യകർമ്മമായി കാണുന്നു. ഈ അന്ധത എന്നുവരെ...?


***********************************************************************************

രചനാ പരിചയം

രിയാളുല്‍ ഖുര്‍ആന്‍

മൗലാനാ മുഹമ്മദ് യൂനുസ് ഇബ്നു ഉമര്‍ പാലന്‍പൂരി

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ സർവ്വലോക പരിപാലകൻ, മാനവരാശിയുടെ ഇഹപരവിജയങ്ങൾക്ക് വിശുദ്ധവേദങ്ങൾ അവതരിപ്പിച്ചു. അതിൽ അവസാന ഗ്രന്ഥമാണ് അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സല്ലല്ലാഹു അലൈഹി വസല്ലം) യിലൂടെ നമുക്ക് ലഭിച്ച പരിശുദ്ധ ഖുർആൻ. ഇതിൽ വിശ്വസിക്കുകയും ഇതിനെ ആദരിക്കുകയും നല്ല നിലയിൽ പാരായണം ചെയ്യുകയും പഠിക്കുകയും പകർത്തുകയും ചെയ്ത മുൻഗാമികൾ ഇരുലോകത്തും വിജയിച്ചു.
ഫിത്‌നകൾ (പ്രശ്‌നങ്ങൾ) നിറഞ്ഞ കാലഘട്ടമെന്ന് റസൂലുല്ലാഹി ﷺ വിശേഷിപ്പിച്ച ഇന്നത്തെ കാലഘട്ടത്തിലുള്ള പ്രധാന രക്ഷാമാർഗ്ഗവും പരിശുദ്ധ ഖുർആൻ തന്നെയാണ്. മുൻഗാമികളായ മഹത്തുക്കൾ ഖുർആൻ ശരീഫുമായി ബന്ധപ്പെട്ടത് പോലെ നാമും ബന്ധപ്പെടുന്നതിനും പരസ്പരം പ്രേരിപ്പിക്കുന്നതിനുമായി ആരംഭിച്ചിരിക്കുന്ന ഒരു എളിയ പരിശ്രമമാണ് ഓച്ചിറ ദാറുൽ ഉലൂം മദ്‌റസയുമായി ബന്ധപ്പെട്ട് നടക്കുന്ന സയ്യിദ് ഹസനി അക്കാദമി. ഇതിന്റെ വിവിധ പ്രവർത്തനങ്ങളിൽ സുപ്രധാനമായ ഒന്നാണ് പരിശുദ്ധ ഖുർആൻ ആശയപ്രചാരണം. ഇതിനു വേണ്ടി കേരളക്കര സഹിതം ഏതാണ്ട് ലോകം മുഴുവൻ പരിശുദ്ധ ഖുർആൻ വൈകാരികമായി പാരായണം ചെയ്ത് പ്രഭാഷണങ്ങൾ നടത്തിയ മഹാനായ മൗലാനാ മുഹമ്മദ് ഉമർ പാലൻപൂരി മർഹൂമിന്റെ മകൻ മൗലാനാ മുഹമ്മദ് യൂനുസ് പാലൻപൂരി തയ്യാറാക്കിയ ഒരു മഹൽ രചനയാണ് രിയാദുൽ ഖുർആൻ, റബ്ബാനി ദസ്തർഖാൻ (പരിശുദ്ധഖുർആൻ പൂവനം, റബ്ബിന്റെ “ആഹാരവിരി'') എന്ന ഈ ഗ്രന്ഥം. മൗലാനാ അവർകൾ ഇതിന്റെ വിവർത്തനം ഏൽപ്പിക്കുകയും മൗലാനായും കൂട്ടുകാരും നിരന്തരം ദുആ ഇരന്ന് സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തതിനാൽ മാത്രമാണ് ഇത് തയ്യാറായത്. പരിശുദ്ധഖുർആൻ പാരായണവും ആശയ പഠനവും ഒരുമിച്ച് നടക്കുന്നതിന് ഒരു പേജിൽ ഖുർആൻ ശരീഫും അടുത്ത പേജിൽ ആശയവും കൊടുത്തിരിക്കുകയാണ്. ഖുർആൻ മജീദിന്റെ ശൈലിയിൽ തന്നെ വലത്ത് നിന്നും ഇടത്തേക്കാണ് പേജുകൾ സെറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ പ്രചരിച്ച ഹിഫ്‌സ് ഖുർആനിന്റെ ലിപിയാണ് ഈ പതിപ്പിൽ സ്വീകരിച്ചിരിക്കുന്നത്. ഇൻ ഷാ അല്ലാഹ് ഭാവിയിൽ അറബി, മലബാരി ലിപികളിലും പ്രസിദ്ധീകരിക്കപ്പെടുന്നതാണ്. കഴിവിന്റെ പരമാവധി തെറ്റുകൾ ഉണ്ടാകാതിരിക്കുവാൻ ശ്രദ്ധിച്ചിട്ടുണ്ട്. എങ്കിലും അശ്രദ്ധയുള്ള മനുഷ്യരാണ്, വല്ല തെറ്റുകളും കാണുന്ന പക്ഷം ഞങ്ങളെ അറിയിച്ചാൽ സസന്തോഷം പരിഗണിക്കുന്നതാണെന്ന് പ്രത്യേകിച്ചും ഉലമാ മഹത്തുക്കളെ അറിയിച്ചുകൊള്ളുന്നു. 
  പരിശുദ്ധ ഖുർആനുമായി ബന്ധപ്പെട്ട അക്കാദമിയുടെ പ്രഥമവും പ്രധാനവുമായ ഒരു രചനയാണ് ഇതെങ്കിലും പരിശുദ്ധഖുർആൻ ആശയം മനസ്സിലാക്കുന്നതിൽ മാത്രം പഠനം ഒതുക്കാതെ തഫ്‌സീറുകൾ (വ്യാഖ്യാന ഗ്രന്ഥങ്ങൾ) കൂടി പാരായണം ചെയ്യേണ്ടതാണ്. ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് അക്കാദമിയുടെ മേൽനോട്ടക്കാരനായ മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി തയ്യാറാക്കിയ വളരെ ഹൃസ്വമായ വിവരണങ്ങൾ അടങ്ങിയ ഗ്രന്ഥവും ഇതര ചെറിയ തഫ്‌സീർ രചനകളും പ്രസിദ്ധീകരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ, ആമീൻ. 
ഇവിടെ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ മാത്രം മാന്യ അനുവാചകരെ പ്രത്യേകം ഉണർത്തുന്നു: 1. ഇത് പാരായണം ചെയ്യുമ്പോൾ വല്ല സംശയങ്ങളും ഉണ്ടായാൽ അത് പ്രത്യേക ശ്രദ്ധയോടെ കുറിച്ചെടുത്ത് ഉലമാ മഹത്തുക്കളോട് ചോദിച്ച് മനസ്സിലാക്കേണ്ടതാണ്. എളിയ സ്ഥാപനം ദാറുൽ ഉലൂമിലെ ഉസ്താദുമാരും ഇതര പണ്ഡിത സഹോദരങ്ങളും ഇതിന് തയ്യാറായിട്ടുണ്ട്. ഞങ്ങളുമായി ബന്ധപ്പെട്ടാൽ സംശയ നിവാരണത്തിന് അവസരം ഒരുക്കുന്നതാണ്. 2. ഇതോടൊപ്പം പരിശുദ്ധ ഖുർആനിന്റെ മുഖ്യവിവരണമായ അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി ﷺ യുടെ ജീവിതവും സന്ദേശങ്ങളും നിരന്തരം പാരായണം ചെയ്യുക. അത് ഖുർആൻ ശരീഫിന്റെ ഉജ്ജ്വല വിശദീകരണമായതിനോട് കൂടി സർവ്വ സംശയങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ലളിതമായ പരിഹാരം കൂടിയാണ്. ഉദാഹരണത്തിന് ഇരുപത്തിമൂന്ന് വർഷ കാലഘട്ടത്തിലെ പ്രവാചക ജീവിതത്തിൽ ഭൂരിഭാഗവും നിഷേധികളുടെ ഭാഗത്ത് നിന്നുള്ള ഏകപക്ഷീയ അക്രമണങ്ങളായിരുന്നു. റസൂലുല്ലാഹി ﷺ യും സഹാബത്തും നിരന്തരം സഹനത അവലംബിച്ചു. അവസാനം അക്രമം വല്ലാതെ പരിധി വിടുകയും, നിയന്ത്രിച്ചില്ലെങ്കിൽ മാനവരാശിക്ക് ആകമാനം നാശമാവുകയും ചെയ്യും എന്ന അവസ്ഥ വന്നപ്പോൾ  അല്ലാഹു പോരാട്ടത്തിനും യുദ്ധത്തിനും അനുമതി നൽകി. ഈ അനുമതിയുടെ ഖുർആനിക വചനങ്ങളിൽ സർവ്വസമുന്നതനായ പടച്ചവന്റെ കോപത്തിന്റെ ശബ്ദം കേൾക്കാൻ കഴിയും. എന്നാൽ അതോടൊപ്പം തന്നെ സൂക്ഷ്മത മുറുകെ പിടിക്കണം എന്ന ഉണർത്തലുകളും നിരന്തരം നടത്തപ്പെട്ടിട്ടുണ്ട്. റസൂലുല്ലാഹി ﷺ ഈ രണ്ട് കാര്യങ്ങളും പരിപൂർണ്ണമായി ഉൾക്കൊണ്ട് ഇതിന് മഹത്തായ വിശദീകരണം നൽകിയത് പ്രവാചക ചരിത്രത്തിൽ നിന്നും ലളിതമായി  മനസ്സിലാക്കാൻ സാധിക്കും. 
റസൂലുല്ലാഹി ﷺ യുടെ പോരാട്ടങ്ങൾ ഇതിന്റെ അടിസ്ഥാനത്തിൽ ഉള്ളതായിരുന്നു. കൂടാതെ, വലിയ പാഠങ്ങൾ നിറഞ്ഞ യാത്രകളായിരുന്നു. പോരാട്ടങ്ങൾക്ക് ശേഷം ശത്രുക്കളോട് പുലർത്തിയ സമീപനം ലോക ചരിത്രത്തിൽ കാണപ്പെടാത്ത മഹനീയ മാതൃകകളാണ്. ചുരുക്കത്തിൽ പരിശുദ്ധ  ഖുർആനിലെ യുദ്ധങ്ങളെക്കുറിച്ചുള്ള ആയത്തുകളുടെ വിവരണം റസൂലുല്ലാഹി ﷺ യുടെ മഹത് ചരിതത്തിൽ കാണാൻ കഴിയും. ഇതുപോലെ തന്നെയാണ് ഇതര വിഷയങ്ങളും. ആകയാൽ റസൂലുല്ലാഹി ﷺ യുടെ മഹത്തായ ജീവിതവും സന്ദേശവും കൂടുതലായി പഠിക്കുകയും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് ഇരുലോക വിജയം ആഗ്രഹിക്കുന്ന സത്യാന്വേഷിയുടെ പ്രധാന ബാധ്യതയാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഈ വിഷയത്തിൽ അഞ്ചിൽപരം രചനകൾ അക്കാദമി തയ്യാറാക്കിയിട്ടുണ്ട്. ഈ രചനകൾ പാരായണം ചെയ്ത് ക്രിയത്മക നിർദ്ദേശങ്ങൾ നൽകിയും പ്രചാരണം നൽകിയും ഇതിൽ പങ്കാളിയാകാൻ എല്ലാ സഹോദരങ്ങളെയും സ്വാഗതം ചെയ്യുന്നു.
അല്ലാഹു ഇത് തയ്യാറാക്കുകയും പ്രസിദ്ധീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത ആദരണീയ പണ്ഡിതവര്യൻ മൗലാനാ മുഹമ്മദ് യൂനുസ് പാലൻപൂരിയെ വളരെയധികം അനുഗ്രഹിക്കട്ടെ. ഇതിന്റെ പ്രസിദ്ധീകരണത്തിലും പ്രചാരണത്തിലും പങ്കെടുത്ത എല്ലാ മഹത്തുക്കൾക്കും ഉന്നത പ്രതിഫലം നൽകട്ടെ. വിശിഷ്യാ പരിശുദ്ധ ഖുർആനിന്റെ മൂലഭാഗം നൽകി സഹായിച്ച ദീനിയ്യാത്ത് വിജ്ഞാന പ്രചാരണ സംഘത്തെ അനുഗ്രഹിക്കട്ടെ, ആമീൻ.
പരിശുദ്ധ ഖുർആനിന്റെ ആശയത്തോടൊപ്പം ഒഴിവ് വന്ന സ്ഥലങ്ങളിൽ സന്ദേശങ്ങൾ കൊടുത്തിട്ടുണ്ട്. ഓരോ ആയത്തിനും ഓരോ സന്ദേശങ്ങൾ കൊടുക്കുക എന്നതായിരുന്നു ഞങ്ങളുടെ പദ്ധതി. അതിന്റെ അടിസ്ഥാനത്തിൽ അത് പൂർത്തിയാക്കുകയും ചെയ്തതാണ്. എന്നാൽ ഈ രചനയിൽ അവ പൂർണ്ണമായി കൊടുക്കാൻ സാധിച്ചിട്ടില്ല. അത് ഖുർആൻ സന്ദേശങ്ങൾ എന്ന പേരിൽ ചെറിയൊരു കൃതിയായി തയ്യാറാക്കപ്പെട്ടിട്ടുണ്ട്. ആഗ്രഹമുള്ളവർ അക്കാദമിയുമായി ബന്ധപ്പെടാൻ അപേക്ഷിക്കുന്നു. ഈ സന്ദേശങ്ങൾക്ക് പ്രധാനമായും അവലംബിച്ചത് മർഹൂം മൗലാന ഫുദയ്‌ലുർറഹ്മാൻ ഹിലാൽ ഉസ്മാനി തയ്യാറാക്കിയ റൂഹുൽ ഖുർആൻ എന്ന മഹത്തായ ഗ്രന്ഥമാണ്. അതിന്റെ സമ്പൂർണ്ണ വിവർത്തനത്തിന് പ്രിയപ്പെട്ട സഹോദരങ്ങൾ ആരെങ്കിലും തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. വളരെ സ്‌നേഹം പുലർത്തിയ മൗലാന മർഹൂമിനെ അല്ലാഹു അനുഗ്രഹിക്കുകയും ഉന്നത ദർജകൾ കനിഞ്ഞരുളുകയും ചെയ്യട്ടെ.   
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തെ അനുസ്മരിക്കാനും ഉപകാരികൾക്ക് നന്ദി രേഖപ്പെടുത്താനും ഇവിടെ ഒരു കാര്യം കൂടി അനുസ്മരിക്കുന്നു. ഈ രചനയുടെ മൂലഗ്രന്ഥം പോലെ തന്നെ വിവർത്തനത്തിന്റെയും ബഹുഭൂരിഭാഗവും വരികൾ കുറിക്കപ്പെട്ടത് 'മഹ്ബത്വുൽ വഹ്‌യ്' (വിശുദ്ധ വഹ്‌യിന്റെ അവതരണ സ്ഥലം) ആയ ഹറമൈൻ ശരീഫൈനിയിലെ വിവിധ ഭാഗങ്ങളിലാണ്. ഞങ്ങളുടെ നാഥാ! ഞങ്ങളിൽ നിന്നും നീ സ്വീകരിക്കേണമേ! ഞങ്ങളുടെ തെറ്റുകുറ്റങ്ങൾ മാപ്പാക്കേണമേ! പരിശുദ്ധ ഖുർആനിനെ ഞങ്ങളുടെ മനസ്സിന്റെ വസന്തവും കണ്ണിന്റെ പ്രകാശവും ദുഃഖത്തിന്റെ ദൂരീകരണവും ആക്കേണമേ!







***********************************************************************************


പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് വാട്സാപ്പിൽ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി





ഞങ്ങളുടെ കേന്ദ്ര സ്ഥാപനം




ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌