ഉള്ളടക്കം

* മുഖലിഖിതം

വഖ്ഫ് എന്നാല്‍ എന്താണ്? 

മൗലാനാ സജ്ജാദ് നുഅ്മാനി

* ജുമുഅ സന്ദേശം 

വഖ്ഫിന്‍റെ മതപരവും നിയമപരവുമായ സ്ഥാനവും 
പുതിയ വഖ്ഫ് ബില്ലിലെ കുഴപ്പങ്ങളും
നമ്മുടെ ഉത്തരവാദിത്വങ്ങളും 

ഡോ: സഊദ് ആലം ഖാസിമി

* മആരിഫുല്‍ ഖുര്‍ആന്‍ 

നിഷേധികള്‍ക്ക് മുന്നറിയിപ്പ്

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

* മആരിഫുല്‍ ഹദീസ്

ഖുർആൻ പാരായണം മനസ്സ് ശുദ്ധമാക്കുന്നു

മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
********************************




മുഖലിഖിതം

വഖ്ഫ് എന്നാല്‍ എന്താണ്? 

മൗലാനാ സജ്ജാദ് നുഅ്മാനി

*****************************

വഖ്ഫിനെ തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ വളരെ ശ്രദ്ധേയമായ ഒരു ലേഖനം. പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

*****************************

പരിശുദ്ധ ഖുര്‍ആനും ഹദീസും പ്രേരിപ്പിച്ചിട്ടുള്ള മുസ്ലിംകളുടെ വ്യക്തി നിയമത്തിലെ പ്രധാന ഭാഗമാണ് വഖ്ഫുകള്‍. സമ്പന്നരും സാധുക്കളുമായ മുന്‍ഗാമികള്‍ വഖ്ഫുകള്‍ ചെയ്യാന്‍ വലിയ ആവേശം പുലര്‍ത്തിയിരുന്നു. വഖ്ഫ് സ്വത്ത് സംരക്ഷിക്കുന്നത് കൊണ്ട് മുസ്ലിംകള്‍ക്ക് മാത്രമല്ല, മുഴുവന്‍ ജനങ്ങള്‍ക്കും ഗുണമുണ്ടാകും എന്നത് ചരിത്രത്തില്‍ സ്ഥിരപ്പെട്ട യാഥാര്‍ത്ഥ്യമാണ്. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കപ്പെടാന്‍ ഇസ്ലാമില്‍ തന്നെ വ്യക്തവും ശക്തവുമായ വ്യവസ്ഥകളുണ്ട്. കൂടാതെ, ലോകമെമ്പാടുമുള്ള അമുസ്ലിം ഭരണകൂടങ്ങളും വഖ്ഫ് സ്വത്ത് സംരക്ഷിക്കാന്‍ ശ്രദ്ധിച്ചിരുന്നു. പ്രത്യേകിച്ച് ഇന്ത്യാ രാജ്യത്ത് വഖ്ഫ് സ്വത്ത് സംരക്ഷിക്കാന്‍ അമുസ്ലിം ഭരണാധികാരികള്‍ പോലും വലിയ താല്പര്യം കാട്ടിയിരുന്നു എന്നത് ചരിത്രപരമായ വസ്തുതയാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത മുസ്ലിം നേതാക്കളെല്ലാവരും മുസ്ലിം വ്യക്തി നിയമവും, പ്രത്യേകിച്ചും വഖ്ഫ് സ്വത്തുക്കളും സംരക്ഷിക്കണമെന്ന് സമരനായകരെ അറിയിക്കുകയും അവര്‍ അത് പല സന്ദര്‍ഭങ്ങളിലും സമ്മതിച്ച് പറയുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര ഇന്ത്യയില്‍ നിലവില്‍ വന്ന ഭരണഘടനയില്‍ എല്ലാ മതസ്ഥരുടെയും സ്വത്തുക്കളെ സംരക്ഷിക്കുന്നതിനെക്കുറിച്ച്  പറയപ്പെട്ടു. 

സ്വാതന്ത്ര്യത്തിന് ശേഷം വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണകൂടം ചര്‍ച്ച ചെയ്തു. 1954ലില്‍ മുസ്ലിം വഖ്ഫ് ആക്ട് പാര്‍ലമെന്‍റില്‍ പാസായി. എന്നാല്‍ വഖ്ഫ് സ്വത്തിന്‍റെ സംരക്ഷണത്തിന്‍റെയും കൈകാര്യത്തിന്‍റെയും വിഷയത്തില്‍ അതിന് ധാരാളം കുറവുകള്‍ ഉണ്ടായിരുന്നു. അതിനെക്കുറിച്ച് മുസ്ലിം പണ്ഡിതരും നിയമജ്ഞരും രാഷ്ട്രീയ നേതാക്കളും ഗവര്‍മെന്‍റിനെ ഉണര്‍ത്തി. അങ്ങിനെ 1959,1964,1969 എന്നീ വര്‍ഷങ്ങളില്‍ വഖ്ഫ് ആക്ടില്‍ ഭേദഗതി വരുത്തി. എന്നിട്ടും അതില്‍ ചില കുറവുകള്‍ ഉണ്ടായിരുന്നു. അവ തിരുത്തുന്നതിന് 1995ല്‍ പുതിയ വഖ്ഫ് ആക്ട് പാസ്സക്കപ്പെട്ടു. അതിലും 2010ലും 2013ലും ചില തിരുത്തലുകള്‍ വരുത്തപ്പെട്ടു. പ്രത്യേകിച്ചും ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ വഖ്ഫ് സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഇതില്‍ പരിഗണിക്കപ്പെട്ടു.  

എന്നാല്‍ നിലവിലെ ഭരണകൂടം പുതിയൊരു ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മുസ്ലിംകള്‍ക്ക് അഭിപ്രായ വ്യത്യാസം മാത്രമല്ല, വലിയ ദുഖം ഉളവാക്കുന്ന ധാരാളം ഭേദഗതികള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പിന്‍റെ അടിസ്ഥാനത്തില്‍ ഈ ബില്‍ ജോയിന്‍റ് പാര്‍ലമെന്‍റ് കമ്മിറ്റിയെ ഏല്‍പ്പിക്കപ്പെട്ടു. അവര്‍ അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തിന് മുമ്പ് അവരുടെ ശുപാര്‍ശ സമര്‍പ്പിക്കുന്നതാണ്. ഈ ബില്‍ അതേപടി പാസ്സാക്കപ്പെട്ടാല്‍ വഖ്ഫ് സ്വത്തുക്കള്‍ മുസ്ലിംകളുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട് പോകുന്നതാണ്. അതുകൊണ്ട് വഖ്ഫിന്‍റെ ലക്ഷ്യവും സ്ഥാനവും വാഖിഫുകളുടെ നിബന്ധനകളും കാര്യകര്‍ത്താക്കളുടെ കടമകളും അപഹര്‍ത്താക്കളുടെ സാധ്യതകളും മുന്നില്‍ വെച്ച് ഈ ബില്‍ പിന്‍വലിക്കണമെന്ന് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡും വിവിധ സംഘടനകളും ആവശ്യപ്പെടുന്നു. 

ഇതിനിടയില്‍ വഖ്ഫിനെക്കുറിച്ച് തെറ്റിദ്ധാരണകള്‍ ഉളവാക്കുന്ന ചില പ്രചാരണങ്ങള്‍ ശക്തമായിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വഖ്ഫിനെക്കുറിച്ച് അറിയാനുള്ള ആഗ്രഹം പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപകമായിരിക്കുന്നു. ഇതിനെ ഒരു സുവര്‍ണ്ണാവസരമായി കണ്ട് പണ്ഡിതരും വിദ്യാര്‍ത്ഥികളും പ്രഭാഷകരും എഴുത്തുകാരും വഖ്ഫിനെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും ശരിയായ വഖ്ഫുകളിലേക്ക് ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട പ്രധാനമായ ചില കാര്യങ്ങള്‍ ഇവിടെ കൊടുക്കുന്നു. 

അളവറ്റ ദയാലുവായ പടച്ചവന്‍ മനുഷ്യനെ സാമൂഹിക ജീവിയായിട്ടാണ് സംവിധാനിച്ചിട്ടുള്ളത്. ഇവിടെ ഓരോരുത്തരും മറ്റുള്ളവര്‍ക്ക് ഗുണപ്പെടേണ്ടതാണ്. അതുകൊണ്ട് തന്നെ പരസ്പരം സേവന സഹായങ്ങള്‍ ചെയ്യുന്ന സ്വഭാവം പണ്ട് മുതല്‍ക്കേ മനുഷ്യര്‍ക്കിടയിലുണ്ട്. എന്നാല്‍ മനുഷ്യനെ ഈ മാര്‍ഗ്ഗത്തില്‍ നിന്നും തെറ്റിക്കാന്‍ പിശാചും മനസ്സും നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്നതിന് തുടക്കം മുതല്‍ക്ക് തന്നെ പ്രവാചകന്മാര്‍ വരുകയും ദാനധര്‍മ്മങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്തു. പ്രത്യേകിച്ചും അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) ഈ വിഷയത്തില്‍ അങ്ങേയറ്റം സരളവും സമ്പൂര്‍ണ്ണവും സുന്ദരവുമായ പ്രബോധന ഉദ്ബോധനങ്ങളാണ് നടത്തിയത്. 

റസൂലുല്ലാഹി (സ) പഠിപ്പിച്ചു: ദാനധര്‍മ്മങ്ങള്‍ പല വിഭാഗമാണ്. ആരെയും അന്യായമായി ഉപദ്രവിക്കാതിരിക്കുന്നതും മനസ്സാ, വാചാ, കര്‍മ്മണാ സഹായിക്കുന്നതും ദാനമാണ്. പ്രത്യേകിച്ചും പടച്ചവന്‍ കനിഞ്ഞരുളിയ സമ്പത്ത് ആവശ്യക്കാരായ ആളുകള്‍ക്ക് നല്‍കിക്കൊണ്ടുള്ള ദാനധര്‍മ്മങ്ങള്‍ വളരെ മഹത്തരമാണ്. സാമ്പത്തിക ദാനധര്‍മ്മം രണ്ട് ഭാഗമാണ്. 1. പടച്ചവന്‍ നമുക്ക് നല്‍കിയ പണം, ഭൂമി, സാധന സാമഗ്രികള്‍ ഇവയില്‍ ഒരു ഭാഗം സാധുക്കളായ ആളുകള്‍ക്ക് നല്‍കുകയും അവരെ അതിന്‍റെ ഉടമകളാക്കുകയും ചെയ്യുക. ഇത് വളരെ മഹത്തരമായ ദാനമാണ്. ഇതിന് വമ്പിച്ച പ്രതിഫലം ലഭിക്കുന്നതാണ്. ആവശ്യക്കാരായ ആളുകളെ കണ്ടാല്‍ കഴിവിന്‍റെ പരമാവധി സഹായിക്കുക തന്നെ വേണം. തീര്‍ച്ചയായും സകാത്ത് ആവശ്യക്കാരനായ ദരിദ്രനും ഉള്ളത് തികയാത്ത സാധുവിനും സകാത്തിന്‍റെ ഉദ്യോഗസ്ഥര്‍ക്കും (ഇസ്ലാമിലേക്ക്) മനസ്സ് ഇണക്കപ്പെട്ടവര്‍ക്കും അടിമത്തമോചനത്തിനും കടബാധ്യതയുള്ളവര്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലുള്ളവര്‍ക്കും വഴിയാത്രികര്‍ക്കും നല്‍കപ്പെടേണ്ടതാണ്. ഇത് അല്ലാഹുവിങ്കല്‍ നിന്നുമുള്ള നിര്‍ബന്ധ നിയമമാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (തൗബ 60) ഈ ദാനധര്‍മ്മം വളരെ ശ്രേഷ്ടകരമാണെങ്കിലും ഇതിന്‍റെ പരിധി പരിമിതമായിരിക്കും. 2. എന്നാല്‍ ഇതോടൊപ്പം രണ്ടാമത്തെ മറ്റൊരു ദാനധര്‍മ്മമുണ്ട്. അതായത്, നമ്മുടെ സകല വസ്തുവകകളുടെയും ഉടമാധികാരം സര്‍വ്വലോക  പരിപാലകനായ പടച്ചവനാണെങ്കിലും പടച്ചവന്‍ താല്‍ക്കാലികമായ നിലയില്‍ നമ്മെ അതിന്‍റെ ഉടമകളാക്കിയിരിക്കുന്നു. ഇവിടെ നമ്മള്‍ ഒരു സമ്പത്തിനെക്കുറിച്ച് ഇപ്രകാരം മനസ്സുകൊണ്ട് തീരുമാനം എടുത്ത് പറയുക: എന്‍റെ ഈ ഭൂമി അല്ലെങ്കില്‍ ഭവനം അല്ലെങ്കില്‍ തോട്ടം അല്ലെങ്കില്‍ ഇന്ന വസ്തു എന്‍റെ താല്‍ക്കാലിക ഉടമാധികാരത്തില്‍ നിന്നും മാറ്റി മഹോന്നതനായ പടച്ചവന്‍റെ ഉടമാധികാരത്തിലേക്ക് മാറ്റുന്നു. ഇതിന് വഖ്ഫ് എന്ന് പറയപ്പെടുന്നു. പടച്ചവന് അടിമകളുടെ സമ്പത്തുകളൊന്നും ആവശ്യമില്ല. ഇവിടെ പടച്ചവന്‍ വഖ്ഫ് ചെയ്ത വ്യക്തിയോട് പറയുന്നു: ഇത് ഏതെല്ലാം ഭാഗത്താണ് ചിലവഴിക്കേണ്ടതെന്ന് താങ്കള്‍ പറയുക. ഇവിടെ അദ്ദേഹം ആ സ്ഥാനങ്ങള്‍ പറയുന്നു. ഇത് എന്‍റെ കുടുബത്തിന്, ഇന്ന കുടുംബത്തിന്, ഈ നാട്ടുകാര്‍ക്ക്, മുഴുവന്‍ ജനങ്ങള്‍ക്ക്, വിധവകള്‍ക്ക്, അനാഥര്‍ക്ക്, മൃഗങ്ങള്‍ക്ക്, പറവകള്‍ക്ക് എന്നിങ്ങനെ അദ്ദേഹത്തിന് ചിലവഴിക്കേണ്ട സ്ഥാനങ്ങളെക്കുറിച്ച് പറയാവുന്നതാണ്. ഇതില്‍ ഏതെങ്കിലുമൊരു കാര്യം അദ്ദേഹം പറഞ്ഞാല്‍ പ്രസ്തുത സമ്പത്ത് പറയപ്പെട്ട സ്ഥാനത്ത് മാത്രം ചിലവഴിക്കേണ്ടതാണ്. അതിന്‍റെ ഉടമാധികാരം ആര്‍ക്കും ഉണ്ടാകുന്നതല്ല. എന്നാല്‍ ലോകാവസാനം വരെ അല്ലെങ്കില്‍ അത് നിലനില്‍ക്കുന്ന കാലഘട്ടം വരെ അത് പറയപ്പെട്ട ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതും അതിന്‍റെ പ്രതിഫലം വഖ്ഫ് ചെയ്തവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതുമാണ്. 

കാരുണ്യത്തിന്‍റെ തിരുദൂതന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) വഖ്ഫിനെ പ്രേരിപ്പിക്കുക മാത്രമല്ല, ധാരാളം സമ്പത്ത് വഖ്ഫ് ചെയ്യുകയുമുണ്ടായി. മഹാന്മാരായ സഹാബിവര്യന്മാര്‍ ഇതില്‍ മത്സരിച്ച് മുന്നേറി. മുന്‍ഗാമികളായ മഹത്തുക്കളും ഇത് ആവേശത്തോടെ നിര്‍വ്വഹിക്കുകയുണ്ടായി. മുസ്ലിം സമുദായത്തില്‍ ധാരാളം വീഴ്ചകളും തിന്മകളും ഉണ്ടായെങ്കിലും വഖ്ഫ് ചെയ്യുന്ന പരമ്പര എല്ലാ കാലഘട്ടത്തിലും സര്‍വ്വ സ്ഥലങ്ങളിലും സജീവമായിരുന്നു. വഖ്ഫ് ചെയ്യുന്നത് ഭരണാധികാരികളും വലിയ സമ്പന്നരും മാത്രമാണെന്ന ഒരു പ്രചാരണം ഇന്ന് നടക്കുന്നുണ്ട്. അത് ശരിയല്ല. സാധുക്കളായ ജനങ്ങളും അന്നും ഇന്നും വഖ്ഫില്‍ പങ്കെടുക്കുന്നുണ്ട്. അതുപോലെ ഭരണാധികാരികള്‍ പൊതുജനങ്ങളുടെ ധാരാളം ഭൂസ്വത്തുക്കള്‍ വഖ്ഫ് ചെയ്തുവെന്നും മുസ്ലിംകള്‍ മറ്റുള്ളവരുടെ ഭൂമികള്‍ വഖ്ഫിന്‍റെ പേരില്‍ കയ്യേറിയെന്നും ചിലര്‍ വാദിക്കുന്നു. ഇതും അവാസ്തവമാണ്. കാരണം മറ്റുള്ളവരുടെ ഭൂമി കയ്യേറി വഖ്ഫ് ചെയ്യുക സാധ്യമേയല്ല. മറ്റുള്ളവരുടെ ഭൂമി കയ്യേറുന്നതിന് വഖ്ഫ് എന്നല്ല പറയുന്നത്, ഗസ്ബ് (അപഹരണം) എന്നാണ് പറയുന്നത്. ഇസ്ലാമിക ശരീഅത്തില്‍ വഖ്ഫിന്‍റെ മഹത്വം പറഞ്ഞതുപോലെ അപഹരണത്തിന്‍റെ ദൂശ്യങ്ങളും വിവരിക്കപ്പെട്ടിട്ടുണ്ട്. അപഹരിച്ച ഭൂമിയും ഓരോ വസ്തുക്കളും അവകാശികള്‍ക്ക് തിരിച്ച് കൊടുക്കണമെന്നതാണ് ഇസ്ലാമിക നിയമം. 

അതുപോലെ വഖ്ഫ് സ്വത്തുക്കള്‍ മസ്ജിദിനും മദ്റസയ്ക്കും മാത്രമാണ് വഖ്ഫ് ചെയ്യേണ്ടതെന്ന് അമുസ്ലിംകള്‍ മാത്രമല്ല, മുസ്ലിംകളിലും വലിയൊരു വിഭാഗം തെറ്റിദ്ധരിച്ചിട്ടുണ്ട്. തല്‍ഫലമായി അസ്ഥാനത്ത് മസ്ജിദുകളും മദ്റസകളും സ്ഥാപിക്കുന്ന പ്രവണതകളും കാണാന്‍ കഴിയും. തീര്‍ച്ചയായും ആവശ്യമുള്ള സ്ഥലങ്ങളില്‍ മസ്ജിദുകള്‍ നിര്‍മ്മിക്കുന്നതും അതിനുവേണ്ടി ഭൂമി വിട്ടുകൊടുക്കുന്നതും വളരെ ഉന്നതമായ വഖ്ഫാണ്. പക്ഷേ, വഖ്ഫ് ചെയ്യേണ്ടത് അതിന് മാത്രമല്ല, ജനങ്ങള്‍ക്ക് എന്നല്ല സൃഷ്ടികള്‍ക്ക് പ്രയോജനപ്പെടുന്ന സര്‍വ്വ മേഖലകളിലും വഖ്ഫ് ചെയ്യാവുന്നതാണ്. മുന്‍ഗാമികള്‍ ചെയ്തിട്ടുമുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ധാരാളം ആശുപത്രികളും ചികിത്സാ സൗകര്യങ്ങളും ഹോസ്റ്റലുകളും വിദ്യാഭ്യാസ കേന്ദ്രങ്ങളും ഖബ്ര്‍സ്ഥാനങ്ങളും നിലവില്‍ വന്നു. അതെ, സമൂഹത്തിന്‍റെ ആവശ്യ നിര്‍വ്വഹണവും പുരോഗതിയും ഭരണകൂടത്തിന്‍റെ മാത്രം ബാധ്യതയല്ല. അത് സമ്പത്തും ശേഷിയുമുള്ള എല്ലാവരുടേതുമാണെന്നും സമ്പന്നരായ ആളുകള്‍ ഇതിന് മുന്നിട്ടിറങ്ങണമെന്നും മറ്റുള്ളവര്‍ അതിനെ പ്രയോജനപ്പെടുത്താന്‍ സംരക്ഷിക്കാനും പരിശ്രമിക്കണമെന്നും വഖ്ഫ് പഠിപ്പിക്കുന്നു. 

ഈ പരിപ്രേക്ഷ്യത്തില്‍ മുന്‍ഗാമികളുടെ വഖ്ഫുകളിലേക്ക് നോക്കുമ്പോള്‍ അത്ഭുതകരമായ ധാരാളം സംഭവങ്ങള്‍ കാണാന്‍ കഴിയും. * ഇന്ത്യയില്‍ നിന്നും ഹജ്ജിന് പോയ ഒരു സഹോദരി പടച്ചവന്‍ നല്‍കിയ സമ്പത്ത് കൂടുതല്‍ പ്രയോജനപ്പെടണമെന്ന ആഗ്രഹത്തില്‍ കുറച്ച് പണവുമായി മക്കയിലെത്തുന്നു. ഇത് നിലനില്‍ക്കുന്ന ദാനമായി ആരെങ്കിലും സ്വീകരിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് അവര്‍ ആളുകളെ അന്വേഷിക്കുന്നു. അങ്ങനെ ഇന്ത്യയില്‍ നിന്നുതന്നെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയും അവസാനം പലായനം ചെയ്ത് മക്കയിലെത്തുകയും ചെയ്ത ഏതാനും പണ്ഡിതരെ അവര്‍ കണ്ടെത്തി പ്രസ്തുത തുക അവിടെ ഏല്‍പ്പിക്കുന്നു. അവര്‍ അതുകൊണ്ട് മസ്ജിദുല്‍ ഹറാമിന്‍റെ അടുത്ത് തന്നെ ഒരു പാഠശാല ആരംഭിക്കുന്നു. ഈ പാഠശാലയ്ക്ക് അവരുടെ പേര് വെക്കാന്‍ പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരുന്നിട്ടും അവര്‍ ഇതിന് അല്‍ മദ്റസത്തുസ്സൗലത്തിയ്യ എന്ന് പേര് വെച്ച് സൗലത്ത് ബീഗം എന്ന മഹിളയുടെ നാമം അനുശ്വരമാക്കുന്നു. ഇന്നും മക്കയില്‍ മക്കളില്ലാത്ത ആ സ്ത്രീയ്ക്ക് ആയിരക്കണക്കിന് സല്‍സന്താനങ്ങളെ സമ്മാനിച്ചുകൊണ്ട് വിദ്യാഭ്യാസത്തിന്‍റെ വിളക്കായി സൗലത്തിയ്യ പ്രകാശിക്കുന്നു. * ശാമില്‍ ജനങ്ങള്‍ അധികമായി വഖ്ഫ് ചെയ്തതിനാല്‍ വഖ്ഫ് മന്ത്രാലയം എന്ന ഒരു സമിതി രൂപീകരിക്കുകയും ആരെങ്കിലും വഖ്ഫ് ചെയ്യുന്നെങ്കില്‍ ഈ മന്ത്രാലയവുമായി ബന്ധപ്പെട്ട് മാത്രം ചെയ്യണമെന്നും അല്ലെങ്കില്‍ അസ്ഥാനത്ത് വഖ്ഫുകള്‍ അധികരിക്കുമെന്നും ഭരണകൂടം പ്രഖ്യാപിക്കുന്നു. ഈ മന്ത്രാലയത്തിലേക്ക് ഒരു സ്ത്രീ കടന്നുവരുന്നു. അവര്‍ ഭാരവാഹികളോട് പറയുന്നു: എന്‍റെ ഈ തോട്ടങ്ങള്‍ പടച്ചവന്‍റെ മാര്‍ഗ്ഗത്തില്‍ വഖ്ഫ് ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ എന്ത് ചെയ്യണം? അന്നത്തെ വഖ്ഫ് മന്ത്രിയും ഹദീസ് പണ്ഡിതനുമായ അല്ലാമാ മിസ്സി പറയുന്നു: സഹോദരീ, മനുഷ്യരുടെ എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് വഖ്ഫ് ചെയ്യാന്‍ ഇപ്പോള്‍ ഒരു സാധ്യതയുമില്ല. വിദ്യാഭ്യാസത്തിനും വിധവാ അനാഥകളുടെ സംരക്ഷണത്തിനും ചികിത്സകള്‍ക്കും ഇതര മാനുഷിക ആവശ്യങ്ങള്‍ക്കും ധാരാളം വഖ്ഫുകള്‍ നടന്നുകഴിഞ്ഞു. എന്നാല്‍ സൈബീരിയയില്‍ നിന്നും ശൈത്യകാലത്ത് ധാരാളം പറവകള്‍ ശാമില്‍ വരാറുണ്ട്. ഇവിടെ നാല് മാസം താമസിച്ച് അവ സൈബീരിയയിലേക്ക് മടങ്ങുന്നതാണ്. ഈ പറവകള്‍ക്ക് കൂടിനും ആഹാരത്തിനും വെള്ളത്തിനും മരുന്നിനും ഈ സമ്പത്ത് ചിലവഴിക്കുന്നത് നന്നായിരിക്കും! അവര്‍ സന്തോഷത്തോടെ അദ്ദേഹത്തെ സമ്പത്തേല്‍പ്പിച്ച് മടങ്ങുന്നു. * മറ്റൊരിക്കല്‍ ഇതേ മന്ത്രാലയത്തിലേക്ക് ഒരാള്‍ വന്നപ്പോള്‍ അവര്‍ക്ക് നല്‍കപ്പെട്ട മറുപടി ഇപ്രകാരമാണ്: രാജ്യത്ത് മഴവെള്ളവും മറ്റും ഒഴുകിപ്പോകുന്നതിനുള്ള കനാലുകള്‍ നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടില്‍ ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി. എന്നാല്‍ അടുത്ത മറ്റൊരു നാട്ടില്‍ ഇത് ചിലവഴിക്കുന്നത് നന്നായിരിക്കും! അദ്ദേഹം അതിന് സന്നദ്ധമാകുന്നു. * സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ വഖ്ഫ് ഇന്നും ഈജിപ്തില്‍ പുരാവസ്തുവായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. അതില്‍ സുല്‍ത്താന്‍ അയ്യൂബിയുടെ കാലത്ത് രണ്ട് പാത്തികളിലൂടെ പാലും ധാന്യങ്ങളും ഒഴുക്കപ്പെട്ടിരുന്നു. അവിടെ സുല്‍ത്താന്‍ നടത്തിയിരുന്ന പ്രസ്താവന ഇപ്രകാരമാണ്: ഈ പാലും ധാന്യങ്ങളും സാധുക്കളും ആവശ്യക്കാരുമായ ആളുകള്‍ക്കുള്ളതാണ്. അവരില്‍ ക്രൈസ്തവ സഹോദരിമാര്‍ക്കും അവരില്‍ തന്നെ ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങളുമായി വരുന്നവര്‍ക്കും മുന്‍ഗണന നല്‍കേണ്ടതാണ്! 

ഇതാണ് ഇസ്ലാമിലെ വഖ്ഫിന്‍റെ സുന്ദര രൂപങ്ങള്‍. അതെ, അന്ന് അവര്‍ വഖ്ഫ് സ്വത്തുക്കള്‍ കൊണ്ട് മസ്ജിദുകളും മദ്റസകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ അവിടെ ആരാധനകളും വൈജ്ഞാനിക സംസ്കരണ പ്രബോധന പ്രവര്‍ത്തനങ്ങളും നടത്തുന്നതിനോടൊപ്പം ജാതിമത വ്യത്യാസമില്ലാതെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും ജനസേവനങ്ങളും നടത്തണമെന്നും അവര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇസ്ലാമിന്‍റെയും മുന്‍ഗാമികളായ മുസ്ലിംകളുടെയും ഈ ഉന്നത അവസ്ഥകളിലൂടെയാണ് ഇസ്ലാം ലോകത്ത് പ്രചരിച്ചത്. എന്നാല്‍ ഒരു ഭാഗത്ത് നാം ഇസ്ലാമിനെ ഏതാനും ആരാധനകളിലും വസ്ത്രങ്ങളിലും പരിമിതപ്പെടുത്തി. ആരാധനകളുടെയും വസ്ത്രങ്ങളുടെയും പ്രധാന്യം അല്‍പ്പവും കുറച്ച് കാട്ടുന്നില്ല. പക്ഷേ, ആരാധനകളുടെ എല്ലാം ഒരു ലക്ഷ്യം കൂടിയായ മാനവ സാഹോദര്യത്തെയും സേവന സഹായങ്ങളെയും മറന്നുകൊണ്ടുള്ള ആരാധനാലയങ്ങളും വേഷവിധാനങ്ങളും അര്‍ത്ഥമില്ലാത്തതാണ്. ഇസ്ലാമിനെ ഫത്വകളുടെയും വിരട്ടലുകളുടെയും ആകത്തുകയായിട്ടാണ് നമ്മളില്‍ പലരും മനസ്സിലാക്കിയിരിക്കുന്നത്. പൊതുജനങ്ങളുടെ കാര്യം ഇരിക്കട്ടെ, പണ്ഡിതര്‍ പോലും ഇസ്ലാമിനെ പരിചയപ്പെടുത്തുന്നത് തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കുന്ന രീതിയിലാണെന്ന് ദു:ഖത്തോടെ അനുസ്മരിക്കുകയാണ്. മറുഭാഗത്ത് കഠിനമായ ഇസ്ലാം ശത്രുതയുടെ പേരില്‍ ഒരു കൂട്ടം ആളുകള്‍ ഇസ്ലാമിനെയും മുന്‍ഗാമികളായ മഹത്തുക്കളെയും തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. വഖ്ഫ് മുസ്ലിംകളുടെ ഒരുചില ആരാധനകള്‍ക്കും ആചാരങ്ങള്‍ക്കും മാത്രമുള്ളതാണെന്നും മറ്റുള്ളവരുടെ ധാരാളം സമ്പത്തുകള്‍ വഖ്ഫ് എന്ന പേരില്‍ മുസ്ലിംകള്‍ കൈക്കലാക്കിയെന്നും അവര്‍ പ്രചരിപ്പിക്കുന്നു. ഇത് തീര്‍ത്തും തെറ്റാണ്. ഇസ്ലാം എന്നത് സമ്പൂര്‍ണ്ണവും സമഗ്രവുമായ ഒരു ജീവിത വീക്ഷണമാണ്. അത് ശരിയായ നിലയില്‍ പ്രകടമാകുന്ന ഒരു അദ്ധ്യായമാണ് വഖ്ഫുകള്‍. അന്യരുടെ സമ്പത്ത് അപഹരിച്ചുകൊണ്ടും അക്രമങ്ങള്‍ കാട്ടിക്കൊണ്ടും വഖ്ഫുകള്‍ നടത്താന്‍ കഴിയുന്നതല്ല.   

ചുരുക്കത്തില്‍, ഈ രണ്ട് പ്രവണതകള്‍ക്കുമുള്ള ശരിയായ പരിഹാരം നാം ഓരോരുത്തരും ഇസ്ലാമിനെ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യലാണ്. അല്ലാമാ സയ്യിദ് ഖുതുബിന്‍റെ ഒരു ഗ്രന്ഥമുണ്ട്: ഇസ്ലാം തെറ്റിദ്ധാരണകള്‍ക്കിടയില്‍. (മര്‍ഹൂം സിദ്ദീഖ് ഹസന്‍ സാഹിബ് വിവര്‍ത്തനം ചെയ്ത ഈ ഗ്രന്ഥം കോഴിക്കോട് ഇസ്ലാമിക പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.) ഇതില്‍ അദ്ദേഹം മേല്‍ പറയപ്പെട്ട രണ്ട് കുഴപ്പങ്ങളെ ശക്തമായി ഉണര്‍ത്തുകയും തിരുത്താന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. അതെ, ഇസ്ലാം എന്നാല്‍ അളവറ്റ ദയാലുവായ പടച്ചവന്‍റെ ഭാഗത്ത് നിന്നും അവതീര്‍ണ്ണമായ കാരുണ്യത്തിന്‍റെ മഹത്തായ സന്ദേശങ്ങളാണ്. അത് വിളിച്ചറിയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു അദ്ധ്യായമാണ് വഖ്ഫും മുന്‍ഗാമികളുടെ വഖ്ഫിന്‍റെ രീതികളും. ഇത് നല്ലനിലയില്‍ പഠിക്കാനും പ്രാവര്‍ത്തികമാക്കാനും പ്രചരിപ്പിക്കാനും പറ്റിയ ഒരു സമയം സമാഗതമായിരിക്കുകയാണ്. പടച്ചവന്‍ ഇതിനെ ശരിയായ നിലയില്‍ പ്രയോജനപ്പെടുത്തുന്നതിന് ഉതവി നല്‍കട്ടെ.  



********************************




********************************

ജുമുഅ സന്ദേശം

All India Muslim Personal Law Board

വഖ്ഫിന്‍റെ മതപരവും നിയമപരവുമായ സ്ഥാനവും 
പുതിയ വഖ്ഫ് ബില്ലിലെ കുഴപ്പങ്ങളും
നമ്മുടെ ഉത്തരവാദിത്വങ്ങളും 
ഡോ: സഊദ് ആലം ഖാസിമി. 
(മെമ്പര്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്, പ്രഫസര്‍ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി)

ഇസ്ലാമിക നിയമത്തിലും മുസ്ലിം സമൂഹത്തിലും വഖ്ഫിന് വലിയ പ്രാധാന്യമാണുള്ളത്. സാധുക്കള്‍, വിധവകള്‍, അനാഥര്‍, നിര്‍ദ്ദനര്‍ മുതലായവര്‍ക്കും ഇതര നന്മകളുടെ വഴികളിലും സമ്പത്ത് ചിലവഴിക്കാന്‍ ഖുര്‍ആന്‍ ധാരാളമായി പ്രേരിപ്പിച്ചിരിക്കുന്നു. മൂസാ നബി നിങ്ങളുടെ അരികില്‍ വളരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ടുവന്നു. എന്നിട്ടും നിങ്ങള്‍ അതിനു ശേഷം അക്രമികളായിക്കൊണ്ട് പശുക്കുട്ടിയെ ആരാധ്യവസ്തുവായി സ്വീകരിച്ചു. (ആലുഇംറാന്‍ 92). നന്മ നിറഞ്ഞവര്‍ സമ്പത്തിനോട് സ്നേഹമുണ്ടായിരുന്നിട്ടും പടച്ചവനോടുള്ള സ്നേഹത്തിന്‍റെ പേരില്‍ ബന്ധുക്കള്‍ക്കും അനാഥര്‍ക്കും പട്ടിണി പാവങ്ങള്‍ക്കും  വഴിയാത്രക്കാര്‍ക്കും യാചകര്‍ക്കും മോചനത്തിനും സമ്പത്ത് നല്‍കുന്നു. (ബഖറ 177) റസൂലുല്ലാഹി (സ) അരുളി: ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ അവന്‍റെ എല്ലാ കര്‍മ്മങ്ങളും നിലയ്ക്കുന്നതാണ്. എന്നാല്‍ മൂന്ന് നന്മകളുടെ പ്രതിഫലം വീണ്ടും അവന് ലഭിച്ചുകൊണ്ടിരിക്കുന്നതാണ്. 1. നിലനില്‍ക്കുന്ന ദാനം. 2. പ്രയോജനകരമായ അറിവ്. 3. അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സന്താനങ്ങള്‍. (മുസ്ലിം) റസൂലുല്ലാഹി (സ) അരുളി: സത്യവിശ്വാസികള്‍ക്ക് മരണാനന്തരവും ചില കര്‍മ്മങ്ങളുടെയും നന്മകളുടെയും പ്രതിഫലം എത്തിച്ചേരുന്നതാണ്. 1. അവന്‍ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വിജ്ഞാനം. 2. അവന്‍ വിട്ടിട്ട് പോയ സല്‍സന്താനം. 3. അവന്‍ പിന്‍ഗാമികള്‍ക്ക് നല്‍കിയ പരിശുദ്ധ ഖുര്‍ആന്‍. 4. അവന്‍ നിര്‍മ്മിച്ച മസ്ജിദ്. 5. യാത്രക്കാര്‍ക്ക് വേണ്ടി തയ്യാറാക്കിയ ഭവനം. 6. അവന്‍ ഒഴുക്കിയ അരുവി. 7. അവന്‍റെ ജീവിതത്തിലും ആരോഗ്യ സമയത്തും അവന്‍റെ സമ്പത്തില്‍ നിന്നും പുറപ്പെടുവിച്ച ദാനം. (ഇബ്നു മാജ) ഇതിന്‍റെ ലളിതവും ശക്തവുമായ മാര്‍ഗ്ഗമാണ് വഖ്ഫ്. സാധാരണ ദാനധര്‍മ്മങ്ങള്‍ അല്‍പ്പ സമയത്തേക്ക് മാത്രമുള്ളതായിരിക്കും. വഖ്ഫിന്‍റെ പ്രയോജനം ഇന്നും എന്നും പ്രയോജനപ്പെടുന്നതാണ്. ആര്‍ക്കെങ്കിലും വല്ലതും ദാനം ചെയ്താല്‍ അവര്‍ അതിന്‍റെ ഉടമകളാകുന്നതാണ്. എന്നാല്‍ വല്ല ഭൂമിയും വഖ്ഫ് ചെയ്താല്‍ വഖ്ഫ് ചെയ്തവരുടെ ഉടമാവകാശത്തില്‍ നിന്നും അത് പുറപ്പെട്ട് അല്ലാഹുവിന്‍റെ അധികാരത്തില്‍ ആയിത്തീരുന്നതാണ്. അത് വഖ്ഫ് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ അത് ചിലവഴിക്കപ്പെടുകയും വ്യക്തകള്‍ക്ക് അതിനെ പ്രയോജനപ്പെടുത്താന്‍ കഴിയുന്നതുമാണ്. പക്ഷേ, ആര്‍ക്കും ആരുടെയും ഉടമാവകാശത്തില്‍ എത്തിച്ചേരുന്നതല്ല. 
ഇസ്ലാമിക ചരിത്രത്തില്‍ ആദ്യമായി വഖ്ഫ് ചെയ്തത് റസൂലുല്ലാഹി (സ) തന്നെയാണ്. അനുഗ്രഹീത മസ്ജിദുന്നബവിയുടെ സ്ഥലം റസൂലുല്ലാഹി (സ) വഖ്ഫ് ചെയ്യുകയുണ്ടായി. തുടര്‍ന്ന് റസൂലുല്ലാഹി (സ)യും സഹാബികളും ധാരാളം വഖ്ഫുകള്‍ നിര്‍വ്വഹിച്ചു. മുഖയ്രീഖ് എന്ന് പേരുള്ള ഒരു യഹൂദ വംശജന്‍ ഉഹ്ദ് യുദ്ധത്തില്‍ റസൂലുല്ലാഹി (സ)യോടൊപ്പം കൂടി ശത്രുക്കളോട് യുദ്ധം ചെയ്തു. അദ്ദേഹം മരണപ്പെടുന്നതിന് മുമ്പ് അദ്ദേഹത്തിന്‍റെ ഏഴ് തോട്ടങ്ങള്‍ റസൂലുല്ലാഹി (സ)യെ ഏല്‍പ്പിച്ചു. റസൂലുല്ലാഹി (സ) ഏഴ് തോട്ടങ്ങളും വഖ്ഫ് ചെയ്തു. (അല്‍ ഇസ്ആഫ്) പ്രവാചകീയ യുഗത്തില്‍ ഔദ്യോഗികമായ നിലയില്‍ ആദ്യമായി വഖ്ഫ് ചെയ്തത് ഉമറുല്‍ ഫാറൂഖ് (റ) ആണ്. അദ്ദേഹത്തിന് ഖൈബറില്‍ ലഭിച്ച വിലയേറിയ ഭൂമി അദ്ദേഹം ദാനം ചെയ്യാന്‍ ഉദ്ദേശിക്കുകയും റസൂലുല്ലാഹി (സ)യോട് അഭിപ്രായം ആരായുകയും ചെയ്തു. റസൂലുല്ലാഹി (സ) അരുളി: താങ്കള്‍ അതിന്‍റെ അടിസ്ഥാനത്തെ അവശേഷിപ്പിക്കുകയും അതിന്‍റെ പ്രയോജനം ദാനം നല്‍കുകയും ചെയ്യുക. അങ്ങനെ ഉമര്‍ (റ) ഖൈബറിലെ ഈ ഭൂമി സാധുക്കള്‍ക്കും ബന്ധുക്കള്‍ക്കും യാത്രികര്‍ക്കും അടിമകള്‍ക്കും അഗതികള്‍ക്കും അടിമത്വ മോചനത്തിനും വഖ്ഫ് ചെയ്തുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: ഇത് വില്‍ക്കപ്പെടുകയോ, ദാനം ചെയ്യപ്പെടുകയോ, അനന്തരവകാശമായി നല്‍കപ്പെടുകയോ ചെയ്യാന്‍ പാടുള്ളതല്ല. (ബുഖാരി) മറ്റൊരു വഖ്ഫ് ഉസ്മാന്‍ (റ) ചെയ്തതായിരുന്നു. മദീനയില്‍ ജലക്ഷാമം ഉണ്ടായപ്പോള്‍ റൂമാ എന്ന് പേരുള്ള ഒരു കിണര്‍ വാങ്ങി എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താന്‍ ദാനം നല്‍കി. (തിര്‍മിദി) വേറൊരു വഖ്ഫ് അലിയ്യ് (റ)ന്‍റേതായിരുന്നു. അബീമീസര്‍ എന്ന തടാകം അലിയ്യ് (റ) ജനങ്ങള്‍ക്ക് വഖ്ഫ് ചെയ്യുകയും മകന്‍ ഹുസൈന്‍ (റ)നെ അതിന്‍റെ മുതവല്ലിയായി പ്രഖ്യാപിക്കുകയും ചെയ്തു. (താരീഖുല്‍ ഔഖാഫ് 94) അബൂബക്ര്‍ സിദ്ദീഖ് (റ) മക്കയിലുണ്ടായിരുന്ന വീട് സ്വന്തം മക്കളുടെ മേല്‍ വഖ്ഫ് ചെയ്തു. (താരീഖ് 80) ഇപ്രകാരം ധാരാളം സഹാബികള്‍ പടച്ചവന്‍റെ പൊരുത്തത്തെ കരുതി അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ വിവിധ നന്മകള്‍ക്കായി വഖ്ഫുകള്‍ ചെയ്തു. അബുദ്ദര്‍ദാഅ് (റ), അബൂത്വല്‍ഹ (റ), അബ്ദുര്‍റഹ്മാനുബ്നു ഔഫ് (റ), ജുബൈര്‍ (റ), സഅദ് (റ), ഹകീം (റ), ഉമ്മുല്‍ മുഅ്മിനീന്‍ ഹഫ്സ (റ), ഖാലിദ് (റ), കഅ്ബ് (റ) മുതലായ സഹാബികളുടെ നാമങ്ങള്‍ ഈ കൂട്ടത്തില്‍ എടുത്ത് പറയേണ്ടതാണ്. 
സഹാബിവര്യന്മാര്‍ക്ക് ശേഷം താബിഉകളും തുടര്‍ന്ന് തബ്ഉത്താബിഉകളും നിരവധി ഭൂമികള്‍ വഖ്ഫ്  ചെയ്തു. ഉമവീ, അബ്ബാസീ ഭരണഘട്ടങ്ങള്‍ വഖ്ഫുകളുടെ വസന്തകാലമായിരുന്നു. മുസ്ലിംകള്‍ ചെന്ന സ്ഥലങ്ങളിലെല്ലാം ധാരാളം വഖ്ഫുകള്‍ നടന്നു. ഇന്ത്യാ മഹാരാജ്യം വഖ്ഫുകളുടെ വലിയൊരു കേന്ദ്രമായി. ഭരണാധികാരികള്‍ മാത്രമല്ല, സമ്പന്നരും സാധുക്കളുമായ ജനങ്ങള്‍ ധാരാളം ഭൂമികളും വസ്തുക്കളും വഖ്ഫുകള്‍ ചെയ്തു. ഈ രാജ്യത്തെ നിരവധി ഭൂസ്വത്തുക്കള്‍, മസ്ജിദുകള്‍, സംസ്കരണ കേന്ദ്രങ്ങള്‍, മദ്റസകള്‍, ഖബ്ര്‍സ്ഥാനുകള്‍ മാത്രമല്ല, ജാതിമത വിത്യാസമില്ലാതെ യാത്രികര്‍ക്കും സാധാരണക്കാര്‍ക്കും പ്രയോജനപ്പെടുന്ന നിരവധി സ്ഥലങ്ങളും കെട്ടിടങ്ങളും ഇവിടെ വഖ്ഫ് ചെയ്യപ്പെട്ടു. ഇന്നും അത് തുടരുന്നു. ഖിയാമത്ത് വരെ തുടരുകയും ചെയ്യുന്നതാണ്. 
1857-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ അധികാരം ഉറപ്പിച്ചപ്പോള്‍ ധാരാളം വഖ്ഫ് സ്വത്തുക്കളും അവര്‍ കയ്യേറുകയുണ്ടായി. പക്ഷേ, മുസ്ലിംകള്‍ അതിനെതിരില്‍ പ്രതിഷേധിച്ചു. അവസാനം അവര്‍ കയ്യേറിയ സ്ഥലങ്ങള്‍ ഒഴിച്ചുള്ള വഖ്ഫ് സ്ഥലങ്ങള്‍ മുസ്ലിംകളുടേതാണെന്ന് അംഗീകരിക്കുകയും 1863-ല്‍ പാസാക്കിയ ആക്ടിലെ 20-ാം വകുപ്പിന് കീഴില്‍ വഖ്ഫ് സ്വത്തുക്കളുടെ മേല്‍ നോട്ടം മുസ്ലിംകളെ ഏല്‍പ്പിക്കുകയും ചെയ്തു.
സ്വാതന്ത്ര്യത്തിന് ശേഷം വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണകൂടം ചര്‍ച്ച ചെയ്തു. 1954ല്‍ മുസ്ലിം വഖ്ഫ് ആക്ട് പാര്‍ലമെന്‍റില്‍ പാസായി. എന്നാല്‍ വഖ്ഫ് സ്വത്തിന്‍റെ സംരക്ഷണത്തിന്‍റെയും കൈകാര്യത്തിന്‍റെയും വിഷയത്തില്‍ അതിന് ധാരാളം കുറവുകള്‍ ഉണ്ടായിരുന്നു. അതിനെക്കുറിച്ച് മുസ്ലിം പണ്ഡിതരും നിയമജ്ഞരും രാഷ്ട്രീയ നേതാക്കളും ഗവര്‍മെന്‍റിനെ ഉണര്‍ത്തി. അങ്ങിനെ 1959,1964,1969 എന്നീ വര്‍ഷങ്ങളില്‍ വഖ്ഫ് ആക്ടില്‍ ഭേദഗതി വരുത്തി. എന്നിട്ടും അതില്‍ ചില കുറവുകള്‍ ഉണ്ടായിരുന്നു. അവ തിരുത്തുന്നതിന് 1995ല്‍ പുതിയ വഖ്ഫ് ആക്ട് പാസ്സക്കപ്പെട്ടു. അതിലും 2010ലും 2013ലും ചില തിരുത്തലുകള്‍ വരുത്തപ്പെട്ടു. പ്രത്യേകിച്ചും ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ വഖ്ഫ് സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഇതില്‍ പരിഗണിക്കപ്പെട്ടു.  
എന്നാല്‍ നിലവിലെ ഭരണകൂടം പുതിയൊരു ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മുസ്ലിംകള്‍ക്ക് അഭിപ്രായ വ്യത്യാസം മാത്രമല്ല, വലിയ ദുഖം ഉളവാക്കുന്ന ധാരാളം ഭേദഗതികള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പിന്‍റെ അടിസ്ഥാനത്തില്‍ ഈ ബില്‍ ജോയിന്‍റ് പാര്‍ലമെന്‍റ് കമ്മിറ്റിയെ ഏല്‍പ്പിക്കപ്പെട്ടു. അവര്‍ അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തിന് മുമ്പ് അവരുടെ ശുപാര്‍ശ സമര്‍പ്പിക്കുന്നതാണ്. ഈ ബില്‍ അതേപടി പാസ്സാക്കപ്പെട്ടാല്‍ വഖ്ഫ് സ്വത്തുക്കള്‍ മുസ്ലിംകളുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട് പോകുന്നതാണ്. അതുകൊണ്ട് വഖ്ഫിന്‍റെ ലക്ഷ്യവും സ്ഥാനവും വാഖിഫുകളുടെ നിബന്ധനകളും കാര്യകര്‍ത്താക്കളുടെ കടമകളും അപഹര്‍ത്താക്കളുടെ സാധ്യതകളും മുന്നില്‍ വെച്ച് ഈ ബില്‍ പിന്‍വലിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഈ ബില്ലില്‍ പതിയിരിക്കുന്ന ചില പ്രധാന കുഴപ്പങ്ങള്‍ ഇവിടെ ചൂണ്ടിക്കാട്ടുകയാണ്: 
1, ഈ ബില്ലിലെ ഒന്നാം വകുപ്പില്‍ വഖ്ഫ് ആക്ട് എന്ന പഴയ നാമം മാറ്റി വഖ്ഫിന്‍റെ നടത്തിപ്പിന്‍റെയും പുരോഗതിയുടേയും ആക്ട് എന്ന പേര് നിര്‍ദേശിക്കുന്നു. ഈ നീണ്ട പേര് തന്നെ ജനങ്ങളുടെ മനസ്സില്‍ വഖ്ഫിന്‍റെ നിലയും വിലയും ഇല്ലാതാക്കുന്നതാണ്. അതുകൊണ്ട് വഖ്ഫ് ആക്ട് എന്ന പഴയ പേര് മാറ്റരുത് .
2, വകുപ്പ് മൂന്ന് സി യുടെ കീഴില്‍ ഏതങ്കിലും വഖ്ഫ് സ്വത്തിന്‍റെ അവസ്ഥ മാറ്റാനുള്ള അധികാരം ജില്ലാ കലക്ടര്‍ക്ക് നല്‍കുകയും വഖ്ഫ് ഗവര്‍മെന്‍റ് സ്വത്താണന്നും അതനുസരിച്ച് റവന്യൂ റിക്കാര്‍ഡ് ഭേതഗതി ചെയ്യണമെന്നും നിര്‍ദ്ദേശിക്കുന്നു. ശേഷം ഈ സ്വത്തിനെ വഖ്ഫുകളുടെ രജിസ്ട്രലില്‍ നിന്നും മാറ്റാന്‍ സംസ്ഥാന ഭരണകൂടം വഖ്ഫ് ബോര്‍ഡിനോട് നിര്‍ദേശിക്കുമത്രെ. ഇപ്രകാരം ചെയ്യുന്നതിലൂടെ വഖ്ഫ് സ്വത്ത് സമുദായത്തിന്‍റെ കരങ്ങളില്‍ നിന്നും ഗവര്‍മെന്‍റിലേക്ക് നിങ്ങുന്നതാണ്. 
3,  വഖ്ഫ് ആക്ട് 1995ന്‍റെ ഒമ്പതാം വകുപ്പു പറയുന്നു കേന്ദ്ര വഖ്ഫ് കൗണ്‍സിലിംഗ് 14 അംഗങ്ങളുണ്ടായിരിക്കും അവരെല്ലാവരും മുസ്ലിംങ്ങളായിരിക്കണം. എന്നാല്‍ പുതിയ ബില്‍ പറയുന്നു: ഈ മെമ്പറന്‍മാരില്‍ 2 പേര്‍ നിര്‍ബന്ധമായും അമുസ്ലിംങ്ങളായിരിക്കണം.
4, പുതിയ ബില്‍ അനുസരിച്ച് വഖ്ഫിന്‍റെ കേന്ദ്ര വ്യക്തിത്വം ചെയര്‍മാനായിരിക്കും അതുകൂടാതെ മൂന്ന് പാര്‍ലമെന്‍റ് അംഗങ്ങളുമുണ്ടായിരിക്കും അവരും മുസ്ലിംകളായിരിക്കുമെന്ന് നിര്‍ബന്ധമില്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഹൈന്ദവ ഭൂ സ്വത്തുക്കളുടെ സംരക്ഷണവും നിര്‍വഹണവും നടത്തുന്നവര്‍ ഹൈന്ദവര്‍ ആയിരിക്കണം എന്നത് നിര്‍ബന്ധമാണ്. 
5, വഖ്ഫ് ആക്ട് 1995 പറയുന്നത് സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ ഏഴ് മുതല്‍ പതിനാല് വരെ മെമ്പറ് മാര്‍ ഉണ്ടാകണമെന്നാണ്. അവരെല്ലാവരും മുസ്ലിംകള്‍ ആകണമെന്ന് നിര്‍ബന്ധമാണ്. എന്നാല്‍ പുതിയ ബില്ലില്‍ അവര്‍ മുസ്ലിംകളായിരിക്കണം എന്ന നിബന്ധന എടുത്ത് മാറ്റുകയും രണ്ട് മെമ്പര്‍മാര്‍ അമുസ്ലിം ആയിരിക്കല്‍ നിര്‍ബന്ധമാണെന്ന് പറയുകയും ചെയ്യുന്നു. 
6, 1995 ലെ ആക്ട്  അനുസരിച്ച്  മെമ്പറുമാരുടെ നിയമനം ഇലക്ഷന്‍ വഴിയായിരിക്കും. എന്നാല്‍ പുതിയ ബില്‍ പറയുന്നു. മെമ്പര്‍മാരെ ഇലക്ഷന് പകരം സംസ്ഥാന ഭരണകൂടം നിര്‍ദേശിക്കുന്നതാണ്. സംസ്ഥാന ഭരണകൂടങ്ങളുടെ നിയമനം ജനാധിപത്യത്തിലും പൊതുജനതാത്പര്യത്തിലും പലപ്പോഴും എതിരാകുന്നതാണ്. 
7, 1995 ലെ ആക്ട് അനുസരിച്ച് സംസ്ഥാന വഖ്ഫ് ബോര്‍ഡിന് ഒരു ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ഉണ്ടായിരിക്കേണ്ടതാണ്. അദ്ദേഹം മുസ്ലിമായിരിക്കല്‍ നിര്‍ബന്ധമാണ്. സംസ്ഥാന ഗവര്‍മെന്‍റിന്‍റെ ഡപ്യൂട്ടി സെക്രട്ടറിയുടെ യോഗ്യത  അദ്ദേഹത്തിനുണ്ടായിരിക്കേണ്ടതാണ്. . പുതിയ ബില്ലില്‍ ഇവിടയും മുസ്ലിം എന്ന നിബന്ധന എടുത്ത് മാറ്റപ്പെട്ടിരിക്കുന്നു. കൂടാതെ, ചീഫ് സെക്രട്ടറിയുടെ യോഗ്യത ഉണ്ടായിരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നു. മുസ്ലിംകളില്‍ ഈ യോഗ്യതയുള്ള ഓഫീസര്‍മാര്‍ വളരെ കുറവാണ്. 
8, പുതിയ ബില്‍ 34വകുപ്പ് പറയുന്നു: ഏതങ്കിലും വഖ്ഫ് സ്വത്ത് പുതിയ നിയമം നടപ്പിലാക്കപ്പെച്ചതിന് ശേഷം ആറ് മാസത്തിനുള്ളില്‍ പുതുതായി രജിസ്ട്രര്‍ ചെയ്തിട്ടില്ലങ്കില്‍  ആ വഖ്ഫിന്‍റെ  അവകാശം സ്ഥിരപ്പെടുത്തുന്നതിന് കേസുപോലും നടത്താന്‍ സാധിക്കുന്നതല്ല. ഈ നിയമം വഖ്ഫ് സ്വത്തുക്കള്‍ക്ക് എത്ര വലിയ ഭീഷണിയാണ്. 
9, പുതയി ബില്‍ അനുസരിച്ച് വഖ്ഫ് ചെയ്യുന്ന വ്യക്തി  കുറഞ്ഞത് അഞ്ച് വര്‍ഷം മുമ്പ് മുസ്ലിമായ വ്യക്തിയായിരിക്കണം.! ഈ നിയമം വഖ്ഫിന് മാത്രമല്ല മാനവികതക്കും ഇന്ത്യന്‍ ഭരണഘടനക്കും വിരുദ്ധമാണ്. മുസ്ലിംകളെ പഴയതുമായി തിരിക്കുന്നത് തന്നെ അര്‍ത്ഥ ശൂന്യമാണ്. 
10, പുതിയ നിയമത്തില്‍ വഖ്ഫ് സര്‍വേക്കും അഡീഷണല്‍ സര്‍വ്വേക്കും കമ്മീഷ്ണറുടേയും അസിസ്ററന്‍റ് കമ്മീഷ്ണറുടേയും സ്ഥാനം ഇല്ലാതാക്കുകയും അതിനെ ജില്ലാ കലക്ടറുടെ അധികാരത്തില്‍ പെടുത്തുകയും ചെയ്തിരിക്കുന്നു. കലക്ടര്‍ സംസ്ഥാന നിയമങ്ങള്‍ക്കനുസരിച്ച് സര്‍വെ നിര്‍വഹിക്കുന്നതാണ്. കൂടാതെ സര്‍വ്വയുടെ കാലാവതി നിര്‍ത്തലാണക്കണമെന്നും ഇതില്‍ നിര്‍ദേശമുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ വഖ്ഫിന്‍റെ സംരക്ഷണത്തിന് എതിരാണ്. 
11, 1995 വഖ്ഫ് ആക്ട് 4/31 പറയുന്നു: വഖ്ഫ് സ്വത്തിന്‍റെ വിഷയത്തിലുള്ള ഭിന്നതകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്നത് ട്രിബ്യൂണലായിരിക്കും. ഇതിന്‍റെ തീരുമാനം അന്തിമവുമായിരിക്കും. എന്നാല്‍ പുതിയ നിയമത്തില്‍ ഇതില്ലാതാക്കണം എന്ന നിര്‍ദ്ദേശമാണ് ഉള്ളത്. ഇതിലൂടെ വഖ്ഫ് സ്വത്തിന്‍റെ സംരക്ഷണം പ്രയാസകരമാകുന്നതും അന്യായമായ കൈകടത്തല്‍ തുടരുന്നതുമാണ്. 
12, വഖ്ഫ് ആക്ട് 1995ലെ  61/എ യില്‍ പറയുന്നു: വഖ്ഫ് ബോര്‍ഡിന്‍റെ നിര്‍ദ്ദേശം പാലിച്ചില്ലങ്കില്‍ മുത്തവല്ലി ഫൈന്‍ അടക്കേണ്ടതാണ്. പുതിയ ബില്ലില്‍ ഇതൊഴുവാക്കിയിരിക്കുന്നു. ഇതിലൂടെ സൂക്ഷമതയുടെ അവസ്ഥ ഇല്ലാതാകുന്നതാണ്. 
13, 1995 വഖ്ഫ് ആക്ട് 104ല്‍ വകുപ്പനുസരിച്ച് അമുസ്ലിംകള്‍ക്കും വഖ്ഫില്‍ പങ്കെടുക്കാവുന്നതാണ്. എന്നാല്‍ ഇത് അവസാനിപ്പിക്കണമെന്ന് പുതിയ നിയമം പറയുന്നു: 
14, 1955 വഖ്ഫ് ആക്ട് 107ല്‍ പറയുന്നു: വഖ്ഫ് സ്വത്തുക്കള്‍ ലിമിറ്റേഷന്‍ ആക്ടില്‍ നിന്നും ഒഴിവാണ്. ഇത് കാരണം വഖ്ഫ് സ്വത്തുക്കളില്‍ പഴയതും പുതിയതുമായ എല്ലാവിധ കൈ കടത്തലുകളും ഇല്ലാതാകുന്നതുമാണ്. എന്നാല്‍ പുതിയ ബില്ലില്‍ ഇതും എടുത്ത് കളഞ്ഞിരിക്കുന്നു. 
15, 1995 വഖ്ഫ് ആക്ട് 108ല്‍ പറയുന്നു: മറ്റ് നിയമങ്ങള്‍ വഖ്ഫ് നിയമങ്ങള്‍ക്ക് എതിരായാല്‍ വഖ്ഫ് നിയമങ്ങള്‍ നടപ്പിലാകുന്നതാണ്. എന്നാല്‍ പുതിയ ബില്‍ ഇതിനെയും എടുത്ത് കളഞ്ഞിരിക്കുന്നു.
ചുരുക്കത്തില്‍ പുതയ ബില്ലിലെ പല വ്യവസ്ഥകളും വഖ്ഫിന്‍റെ ലക്ഷ്യത്തിനും സംരക്ഷണത്തിനും എതിരാണ് അതുകൊണ്ട് സംയുക്ത പാര്‍ലമെന്‍റ് കമ്മിറ്റിയും ഭരണകൂടം തന്നെയും നിക്ഷ്പക്ഷമായി ഈ ബില്ലിനെ കുറിച്ച് ആലോചിക്കേണ്ടതാണ്. പ്രത്യുത വഖ്ഫ് സ്വത്തുക്കളില്‍ അന്യായമായ കൈകടത്തലുകള്‍ അവസാനിപ്പിക്കുന്ന നിയമത്തിന് ശക്തി പകരാന്‍ ശ്രമിക്കേണ്ടതാണ്. കള്ളത്തരങ്ങളേയും കൊള്ളയടിയേയും അവസാനിപ്പിക്കാന്‍ നിയമം കൊണ്ട് വരികയാണ് വേണ്ടത്. വഖ്ഫ് സ്വത്തുക്കളെ മുസ്ലിംകളില്‍ നിന്നും എടുത്ത് മാറ്റാനല്ല ശ്രമിക്കേണ്ടത്. 
എന്തായാലും പുതയ ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു: തത്ഫലമായി  ജോയിന്‍റ് പാര്‍ലമെന്‍റ് കമ്മിറ്റിയെ അത് ഏല്‍പ്പിക്കപ്പെട്ടു.  പൊതുജനങ്ങള്‍, പ്രമുഖ വ്യക്തിത്വങ്ങള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ മുതലായവരില്‍ നിന്നും ഈ കമ്മിറ്റി അഭിപ്രായം തേടിയിരിക്കുകയാണ്. ഇതിന് അവര്‍ 15 ദിവസമാണ് നല്‍കിയത്. അതില്‍ ഏഴ് ദിവസം കഴിഞ്ഞ് കടന്നു. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഇതര മുസ്ലിം സംഘടനകളുരടെ സഹകരണത്തോടെ ജെ പി സി ക്ക് വിശാലമായ നിലയില്‍ എതിര് അഭിപ്രായം രേഖപ്പെടുത്താനുള്ള ലളിതമായ ഒരു മാര്‍ഗ്ഗം തുറന്നിരിക്കുകയാണ്.  ബോര്‍ഡ് സമര്‍പ്പിക്കുന്ന ക്യൂ ആര്‍ കോഡോ ലിങ്കോ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ എല്ലാവരുടെയും എതിര്  അഭിപ്രായം ജെ പി സി ക്ക് എത്തിക്കാന്‍ കഴിയുന്നതാണ്. ഇതുവഴി നാം എല്ലാവരും ജെ പി സി ക്ക് എതിര് അഭിപ്രായം രേഖപ്പെടുത്തല്‍ പ്രധാനപ്പെട്ട ബാധ്യതയാണ്.  പടച്ചവന്‍റെ അനുഗ്രഹത്താല്‍ ഇതുവഴി പല ലക്ഷം ഈ മെയിലുകള്‍ അയക്കപ്പെട്ടുകഴിഞ്ഞു: എന്നാല്‍ ഇനിയും ധാരാളം ഈ മെയിലുകള്‍ അയക്കേണ്ടതായിട്ടുണ്ട്. മസ്ജിദിന്‍റെ മുന്നിലും മറ്റും ഒട്ടിക്കപ്പെട്ടിട്ടുള്ള അല്ലങ്കില്‍ സോഷ്യല്‍ മീഡിയയില്‍ സമൃദ്ധമായി ലഭിക്കുന്ന  ക്യൂ ആര്‍ കോഡോ ലിങ്കോ ഉപയോഗിച്ച് മുഴുവന്‍ സഹോദരി സഹോദരന്‍മാരും എതര് അഭിപ്രായം രേഖപ്പെടുത്താന്‍ മുന്നോട്ട് വരിക. 
ജനാധിപത്യക്രമത്തില്‍ ജനങ്ങളുടെ ഉയരുന്ന കരങ്ങള്‍ക്ക് വലിയ വിലയുണ്ട് താഴ്ന്ന് കിടക്കുന്ന കൈകള്‍ക്ക് യാതൊരു വിലയുമില്ല. ആകയാല്‍ സര്‍വ്വ ശേഷിയും ഉപയോഗിച്ച് ജെ പി സി ക്ക്  എതിര് അഭിപ്രായം അയക്കുക. പുതിയ വഖ്ഫ് ഭേതഗതി ബില്‍ ഞങ്ങള്‍ ഒരിക്കലും അംഗീകരിക്കുകയില്ലന്നും പൂര്‍ണ്ണമായും തള്ളികളയുന്നുവെന്നും ഗവര്‍മെന്‍റിനെ അറിയിക്കുക. അക്രമ പരമായ ഈ കരിനിയമം ഞങ്ങള്‍ സ്വകരിക്കുകയില്ലന്നും വഖ്ഫ് സ്വത്തിന് ബലഹീനത ഉണ്ടാക്കുകയും വഖ്ഫ് സ്വത്തിന്‍റെ സംരക്ഷണം അപകടപ്പെടുകയും ചെയ്യുന്ന നിലയില്‍  1995ലെ വഖ്ഫ് ആക്ടില്‍ യാതൊരു ഭേതഗതിയും വരുത്തരുതെന്നും നാം ഉറക്കെ പ്രഖ്യാപിക്കുക. 
പണ്ഡിതരും സേവന സന്നദ്ധരായ യുവാക്കളും മുന്നോട്ട് വന്ന് ഓരോ ആളുകളേയും സന്ദര്‍ശിച്ച്  അവരെക്കൊണ്ട്  എത്രയും പെട്ടന്ന് ഈ മെയില്‍ അയപ്പിക്കണമെന്ന് പ്രത്യേകം ഉണര്‍ത്തുകയാണ്. ഇതുകൂടാതെ അടുത്ത ദിവസങ്ങളില്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് വേറെയും ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്. നാമെല്ലാവരും അവ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യേണ്ടത് നമ്മുടെ മതപരവും സാമൂഹ്യവുമായ കര്‍ത്തവ്യമാണ്. ഒറ്റക്കെട്ടായി നേതൃത്വത്തിന് പിന്നില്‍ നാം അണിനിരക്കുക. അല്ലാഹു എല്ലാവിധ ദുഷ്കരമായ അവസ്ഥകളില്‍ നിന്നും നമ്മെയും മുഴുവന്‍ ജനങ്ങളേയും കാത്ത് രക്ഷിക്കട്ടെ! വലിയ സഹായവും അനുഗ്രഹവും കനിഞ്ഞരുളട്ടെ. ! 

*********************************


മആരിഫുല്‍ ഖുര്‍ആന്‍ 

നിഷേധികള്‍ക്ക് മുന്നറിയിപ്പ്

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


ആയത്ത് 63-68

يَسْأَلُكَ النَّاسُ عَنِ السَّاعَةِ ۖ قُلْ إِنَّمَا عِلْمُهَا عِندَ اللَّهِ ۚ وَمَا يُدْرِيكَ لَعَلَّ السَّاعَةَ تَكُونُ قَرِيبًا (63) إِنَّ اللَّهَ لَعَنَ الْكَافِرِينَ وَأَعَدَّ لَهُمْ سَعِيرًا (64خَالِدِينَ فِيهَا أَبَدًا ۖ لَّا يَجِدُونَ وَلِيًّا وَلَا نَصِيرًا (65يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّهَ وَأَطَعْنَا الرَّسُولَا (66وَقَالُوا رَبَّنَا إِنَّا أَطَعْنَا سَادَتَنَا وَكُبَرَاءَنَا فَأَضَلُّونَا السَّبِيلَا (67رَبَّنَا آتِهِمْ ضِعْفَيْنِ مِنَ الْعَذَابِ وَالْعَنْهُمْ لَعْنًا كَبِيرًا (68)


അവര്‍ താങ്കളോട് ലോകാവസാനത്തെക്കുറിച്ച് ചോദിക്കുന്നു. പറയുക, അതിന്‍റെ അറിവ് അല്ലാഹുവിന്‍റെ പക്കലാണ്. താങ്കള്‍ക്ക് അതിനെക്കുറിച്ച് എന്തറിവാണുള്ളത്? ലോകാവസാനം അടുത്തുതന്നെ ഉണ്ടായേക്കാം.(63) തീര്‍ച്ചയായും അല്ലാഹു നിഷേധികളെ ശപിച്ചിരിക്കുന്നു. അവര്‍ക്ക് ആളിക്കത്തുന്ന നരകം തയ്യാറാക്കുകയും ചെയ്തിരിക്കുന്നു.(64) അവര്‍ അതില്‍ കാലാകാലം കഴിയുന്നതാണ്. അവര്‍ ഒരു സംരക്ഷകനെയും സഹായിയെയും കണ്ടെത്തുന്നതല്ല.(65) അന്നേ ദിവസം അവര്‍ നരകത്തിലേക്ക് മുഖംകുത്തപ്പെട്ടവരായി എറിയപ്പെടുന്നതാണ്. അവര്‍ പറയും ഹാ കഷ്ടം! ഞങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു!(66) അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ നേതാക്കളും വലിയവരും പറഞ്ഞത് ഞങ്ങള്‍ അനുസരിക്കുകയും അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്.(67) ഞങ്ങളുടെ രക്ഷിതാവേ, നീ അവര്‍ക്ക് ഇരട്ടിശിക്ഷ നല്‍കേണമേ. വളരെ കടുത്ത നിലയില്‍ അവരെ ശപിക്കേണമേ!(68)

ആശയ സംഗ്രഹം
നിഷേധികള്‍ താങ്കളോട് ലോകാവസാനത്തെക്കുറിച്ച് നിഷേധത്മകമായി അത് എന്നാണ് സംഭവിക്കുന്നതെന്ന് ചോദിക്കുന്നു. അതിന് മറുപടിയായി താങ്കള്‍ പറയുക: അതിന്‍റെ സമയത്തെക്കുറിച്ചുള്ള അറിവ് അല്ലാഹുവിന്‍റെ പക്കലാണ്. അത് എപ്പോഴാണെന്ന് അതിനെക്കുറിച്ച് താങ്കള്‍ക്ക് എന്തറിവാണുള്ളത്? എന്നാല്‍ എല്ലാവരും ഇത്രമാത്രം മനസ്സിലാക്കുക: ലോകാവസാനം അടുത്തുതന്നെ ഉണ്ടായേക്കാം. കാരണം സമയം ആര്‍ക്കും അറിയാത്തത് കൊണ്ട് അടുത്ത് തന്നെ സംഭവിക്കാനുള്ള സാധ്യതയെ അവഗണിക്കാന്‍ പാടില്ല. അതുകൊണ്ട് എല്ലാവരും അന്ത്യത്തെക്കുറിച്ച് ഭയക്കുകയും അതിന് വേണ്ടി ഒരുങ്ങുകയും നിഷേധത്മക ചോദ്യ പരിഹാസങ്ങളില്‍ നിന്നും അകന്ന് കഴിയുകയും ചെയ്യുക. ലോകാവസാനം അടുത്ത് തന്നെ സംഭവിച്ചേക്കാം എന്ന് പറയാനുള്ള കാരണം ഓരോ ദിവസം കഴിയും തോറും അത് അടുത്ത് കൊണ്ടിരിക്കുകയാണ്. വരുന്നതെല്ലാം അടുത്തുകൊണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കലാണ് ബുദ്ധി. ഖിയാമത്തിന്‍റെ ഭയാനക സംഭവങ്ങള്‍ക്ക് മുന്നില്‍ മുഴുവന്‍ ലോകത്തിന്‍റെയും ആയുസ്സ് കുറഞ്ഞതായി അനുഭവപ്പെടാനും സാധ്യതയുണ്ട്. അന്ന് ആയിരക്കണക്കിനുള്ള വര്‍ഷങ്ങള്‍ അടങ്ങിയ ഭൗതിക ലോകത്തിന്‍റെ സമയം ഏതാനും ദിവസങ്ങള്‍ക്ക് തുല്യമായി അനുഭവപ്പെടുന്നതാണ്. തീര്‍ച്ചയായും അല്ലാഹു നിഷേധികളെ കാരുണ്യത്തില്‍ നിന്നും ദൂരത്താക്കിയിരിക്കുന്നു. അവര്‍ക്ക് ആളിക്കത്തുന്ന നരകം തയ്യാറാക്കുകയും ചെയ്തിരിക്കുന്നു. അവര്‍ അതില്‍ കാലാകാലം കഴിയുന്നതാണ്. അവര്‍ ഒരു സംരക്ഷകനെയും സഹായിയെയും കണ്ടെത്തുന്നതുമല്ല. അന്നേ ദിവസം അവര്‍ നരകത്തിലേക്ക് മുഖംകുത്തപ്പെട്ടവരായി എറിയപ്പെടുന്നതാണ്. അതായത് മുഖം കുത്തി വലിച്ചിഴക്കപ്പെടുന്നതാണ്. തദവസരം  അവര്‍ അങ്ങേയറ്റത്തെ ദു:ഖത്തോടെ പറയും: ഹാ കഷ്ടം! ഞങ്ങള്‍ ഇഹലോകത്ത് അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ചിരുന്നുവെങ്കില്‍ ഇന്ന് ഈ നാശത്തില്‍ കുടുങ്ങുകയില്ലായിരുന്നു. ഈ ദു:ഖത്തോടൊപ്പം വഴികെടുത്തിയവരുടെ മേല്‍ അവര്‍ക്ക് കഠിന കോപവും വരുന്നതാണ്. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ നേതാക്കളും ഭരണാധികാരികളും ഏതെങ്കിലും നിലയില്‍ അനുസരിക്കേണ്ടി വരുന്ന വലിയവരും പറഞ്ഞത് ഞങ്ങള്‍ അനുസരിക്കുകയും അങ്ങനെ അവര്‍ ഞങ്ങളെ നേര്‍മാര്‍ഗ്ഗത്തില്‍ നിന്നും വഴിതെറ്റിക്കുകയുമാണുണ്ടായത്.  ഞങ്ങളുടെ രക്ഷിതാവേ, നീ അവര്‍ക്ക് ഇരട്ടിശിക്ഷ നല്‍കേണമേ. വളരെ കടുത്ത നിലയില്‍ അവരെ ശപിക്കേണമേ! ഇതേ വിഷയം സൂറത്തുല്‍ അഅ്റാഫ് 38, 39 ആയത്തുകളിലും വന്നിട്ടുണ്ട്.

വിവരണവും വ്യാഖ്യാനവും
കഴിഞ്ഞ ആയത്തുകളില്‍ അല്ലാഹുവിനും റസൂലിനും എതിര് പ്രവര്‍ത്തിക്കുന്നവര്‍ ഇരുലോകത്തും ശപിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതുമാണെന്ന് മുന്നറിയിപ്പ് നല്‍കപ്പെടുകയുണ്ടായി. നിഷേധികളുടെ ധാരാളം വിഭാഗങ്ങള്‍ ലോകാവസാനത്തെയും പരലോകത്തെയും തന്നെ നിഷേധിക്കുന്നവരായിരുന്നു. നിഷേധത്തിന്‍റെ കാരണത്താല്‍ പരിഹസിക്കാന്‍ വേണ്ടി ഖിയാമത്ത് എന്നാണ് ഉണ്ടാകുന്നതെന്ന് ചോദിക്കുമായിരുന്നു. ഇതിനുള്ള മറുപടിയില്‍ പരലോകത്തിലെ ചില ചിത്രങ്ങളുമാണ് ഈ ആയത്തുകളില്‍ വിവരിക്കപ്പെട്ടിരിക്കുന്നത്. 

*************************

മആരിഫുല്‍ ഹദീസ്

ഖുർആൻ പാരായണം 

മനസ്സ് ശുദ്ധമാക്കുന്നു

മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

   
41. ഇബ്‌നു ഉമർ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: വെള്ളം വീഴുമ്പോൾ ഇരുമ്പിന് തുരുമ്പ് പിടിക്കുന്നത് പോലെ ഹൃദയങ്ങൾക്ക് തുരുമ്പ് പിടിക്കുന്നതാണ്. ചോദിക്കപ്പെട്ടു: അതിനെ ദൂരീകരിക്കാൻ എന്ത് ചെയ്യണം? റസൂലുല്ലാഹി (സ) അരുളി: മരണ സ്മരണ അധികരിപ്പിക്കുകയും ഖുർആൻ പാരായണം നിർവ്വഹിക്കുകയും ചെയ്യുക. (ബൈഹഖി)
വിവരണം: അല്ലാഹുവിൽ നിന്നും പരലോകത്ത് നിന്നും അശ്രദ്ധനായി കഴിയുക എന്നതാണ് ഹൃദയങ്ങൾക്ക് തുരുമ്പ് പിടിക്കും എന്നതിന്റെ ആശയം. ഇത് ചെറുതും വലുതുമായ എല്ലാ പാപങ്ങളുടെയും അടിസ്ഥാനമാണ്. തീർച്ചയായും ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ശക്തവും വ്യക്തവുമായ മാർഗ്ഗം ഇതാണ്: മരണത്തെ അധികമായി സ്മരിക്കുകയും അതിനെ ഓർക്കുകയും ധ്യാനിക്കുകയും ചെയ്യുക. പരിശുദ്ധ ഖുർആനിന്റെ മഹത്വവും അല്ലാഹുവുമായിട്ടുള്ള അതിന്റെ ബന്ധവും ഓർത്തുകൊണ്ട് ആത്മാർത്ഥതയോടെ അത് പാരായണം നടത്തുകയും ചെയ്യുക. പടച്ചവന്റെ ഉതവികൊണ്ട് ചിന്തയോടെ ഖുർആൻ പാരായണം ചെയ്യാൻ അവസരം ലഭിച്ചവരുടെ മനസ്സിൽ നിന്നും മാലിന്യങ്ങൾ മാറുന്നതും പ്രകാശം നിറയുന്നതുമാണ്. അല്ലാഹു നമുക്ക് ഉതവി നൽകട്ടെ. 
ഹസ്രത്ത് ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി (റ) മഹൽ ഗുണമായ ഇഹ്‌സാൻ ഉണ്ടാക്കിയെടുക്കാനുള്ള ഒരു വഴി ഖുർആൻ പാരായണമാണെന്ന് വിവരിച്ചുകൊണ്ട് കുറിക്കുന്നു: പരിശുദ്ധ ഖുർആൻ പാരായണത്തിന്റെ ആത്മാവ് താഴെ പറയുന്ന കാര്യങ്ങളാണ്: പരിശുദ്ധ ഖുർആൻ അങ്ങേയറ്റം സ്‌നേഹാദരവുകളോടെയും താൽപ്പര്യ ആവേശങ്ങളോടെയും അല്ലാഹുവിന്റെ ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് പാരായണം ചെയ്യുക. അതിന്റെ ഉപദേശങ്ങൾ ശ്രദ്ധിക്കുകയും ഉൾക്കൊള്ളാൻ പരിശ്രമിക്കുകയും ചെയ്യുക. അതിന്റെ വിധിവിലക്കുകൾ അനുസരിക്കാനും അനുകരിക്കാനും ഉറച്ച തീരുമാനം എടുക്കുക. സംഭവങ്ങളിൽ നിന്നും ഉദാഹരണങ്ങളിൽ നിന്നും ഗുണപാഠം ഉൾക്കൊള്ളുക: അല്ലാഹുവിന്റെ തിരുഗുണങ്ങൾ പരാമർശിക്കപ്പെടുമ്പോൾ സുബ്ഹാനല്ലാഹ് എന്ന് പറയുക. സ്വർഗ്ഗത്തെയും അല്ലാഹുവിന്റെ കാരുണ്യത്തെയും വിവരിക്കുമ്പോൾ അല്ലാഹുവിന്റെ ഔദാര്യവും സ്വർഗ്ഗവും കാരുണ്യവും അപേക്ഷിക്കുക. നരകത്തിന്റെയും ഇലാഹീ കോപത്തിന്റെയും കാര്യങ്ങൾ പറയപ്പെടുമ്പോൾ പടച്ചവനോട് അഭയം തേടുക! (ഹുജ്ജത്തുല്ലാഹിൽ ബാലിഗ) തീർച്ചയായും ഈ കാര്യങ്ങൾ പാലിച്ചുകൊണ്ട് പരിശുദ്ധ ഖുർആൻ പാരായണം ചെയ്താൽ മനസ്സ് വളരെയധികം പരിശുദ്ധമാകും എന്നതിൽ യാതൊരു സംശയവുമില്ല. ആർക്കെങ്കിലും ഈ കാര്യങ്ങൾ കഴിയുന്നത്ര പാലിച്ച് ഖുർആൻ പാരായണം ചെയ്യാൻ സാധിക്കുക എന്നത് തന്നെ അല്ലാഹുവിന്റെ വിശിഷ്ട അനുഗ്രഹമാണ്. അല്ലാഹു അവന്റെ ഔദാര്യം കൊണ്ട് ഈ ഗുണങ്ങൾ അൽപ്പമെങ്കിലും നമുക്ക് നൽകി അനുഗ്രഹിക്കട്ടെ.
 

ഖുർആൻ നിപുണന്റെ സ്ഥാനം 
42. ആശഇ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: പരിശുദ്ധ ഖുർആനിൽ നൈപുണ്യം കരസ്ഥമാക്കുകയും അത് കാരണമായി ഖുർആൻ കണ്ടോ, കാണാതെയോ നല്ലനിലയിൽ ബുദ്ധിമുട്ടൊന്നുമില്ലാതെ പാരായണം നടത്തുകയും ചെയ്യുന്നവൻ ആദരണീയരും അനുസരണയുള്ളവരുമായ മലക്കുകളുടെ കൂട്ടത്തിലായിരിക്കും. ഖുർആനിൽ നൈപുണ്യം ഇല്ലാത്തതിനാൽ പ്രയാസപ്പെട്ട് പാരായണം ചെയ്യുന്നവർക്ക് പാരായണത്തിന്റെയും പ്രയാസത്തിന്റെയും ഇരട്ടി പ്രതിഫലം ലഭിക്കുന്നതാണ്. (ബുഖാരി, മുസ്‌ലിം) 
വിവരണം: ഈ ഹദീസിലെ സഫറത്ത് എന്ന പദത്തിന് ഭൂരിഭാഗം മഹാന്മാരും വഹ്‌യുമായി വരുന്ന മലക്കുകളെന്ന് ആശയം പറഞ്ഞിരിക്കുന്നു. ചിലർ പറയുന്നു: ഇതുകൊണ്ടുള്ള ഉദ്ദേശം അമ്പിയാഅ്-മുർസലീങ്ങളാണ്. ഹദീസിന്റെ വാചകങ്ങൾ വെച്ച് നോക്കുമ്പോൾ ഈ രണ്ട് ആശയങ്ങളും പറയാവുന്നതാണ്. ഹദീസിന്റെ ആശയം ഇതാണ്: അല്ലാഹുവിന്റെ ഏതെങ്കിലും ദാസൻ പരിശുദ്ധ ഖുർആനിനെ അല്ലാഹുവിന്റെ ഭാഷണമാണെന്ന് ഉറച്ച് വിശ്വസിക്കുകയും അതിൽ താൽപ്പര്യം പുലർത്തുകയും അധികമായി പാരായണം നടത്തുകയും ഈ ശ്രദ്ധ കാരണത്താൽ പരിശുദ്ധ ഖുർആനുമായി പ്രത്യേക ബന്ധവും ശേഷിയും കരസ്ഥമാക്കുകയും ചെയ്തവക്ക് നബിമാരുടെ അല്ലെങ്കിൽ മലക്കുകളുടെ സാമിപ്യം സിദ്ധിക്കുന്നതാണ്. കഴിവിന്റെ കുറവ് കാരണമായി പരിശുദ്ധ ഖുർആൻ ഒഴുക്കോടെ ഓതാൻ കഴിയാതിരിക്കുകയും പ്രയാസത്തോടെ നിർത്തി നിർത്തി ഓതുകയും അതിനോടൊപ്പം പടച്ചവന്റെ പ്രതിഫല അനുഗ്രഹങ്ങളിൽ പ്രതീക്ഷയും പുലർത്തുകയും ചെയ്യുന്ന സത്യവിശ്വാസികളായ ദാസന്മാർക്ക് പാരായണത്തിന്റെ പ്രതിഫലം കൂടാതെ, പ്രയാസത്തിന്റെയും പ്രതിഫലം അനുഭവപ്പെടുന്നതാണ്. അതായത്, അവരുടെ പ്രയാസകരമായ അവസ്ഥയുടെ പേരിൽ അവർ മനസ്സ് തകർന്ന് മാറിക്കളയരുതെന്ന് അല്ലാഹു ആഗ്രഹിക്കുന്നു. 

                                               *************************


സയ്യിദ് ഹസനി അക്കാദമി
ദാറുല്‍ ഉലൂം, ഓച്ചിറ

ബഹുമാന്യരെ, പ്രയോജനപ്രദമായ രചനകളുടെ പ്രസിദ്ധീകരണത്തിനും പ്രചാരണത്തിനും വേണ്ടി ആദരണീയ പ്രബോധകൻ മൗലാനാ സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി സ്ഥാപിച്ച ഒരു കേന്ദ്രമാണ് സയ്യിദ് ഹസനി അക്കാദമി. പടച്ചവന്റെ അനുഗ്രഹത്താൽ ചെറുതും വലുതുമായ ധാരാളം രചനകൾ ഇതിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ ഇതിന്റെ പ്രചാരണം വേണ്ട നിലയിൽ ആയിട്ടില്ല. അതിനുവേണ്ടി ഓരോ മാസവും ഓരോ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ദുൽ ഹജ്ജ് മാസം തിരുവനന്തപുരം ജില്ലയിലാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. സുമനസ്സുകളായ സഹോദരങ്ങൾ വീടുകളിലും ഇതര സ്ഥാപനങ്ങളിലും ചെറിയ ഒരു ലൈബ്രറി സ്ഥാപിച്ച് അക്കാദമിയുടെ രചനകൾ പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരെ പരിചയപ്പെടുത്തുകയും വിവാഹ വേളകളിലും മറ്റും ഉപഹാരം നൽകുകയും ചെയ്താൽ ഇത് വളരെ എളുപ്പമായ നിലയിൽ നടക്കുന്നതാണ്. ബുക്ക് സ്റ്റാളുകളും പർദ്ദ സ്റ്റാളുകളും നടത്തുന്ന സഹോദരങ്ങളെ പ്രേരിപ്പിച്ചാലും ഈ പ്രവർത്തനം പ്രയോജനപ്രദമായി നടക്കുന്നതാണ്. മാന്യ അനുവാചകർ ഈ വഴിയിൽ പരിശ്രമിക്കുകയും നിർമ്മാണാത്മ അഭിപ്രായങ്ങൾ നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.

***********************



പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി



ഞങ്ങളുടെ കേന്ദ്ര സ്ഥാപനം

 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌