ഉള്ളടക്കം


* മുഖലിഖിതം

റബീഉല്‍ അവ്വല്‍ പുഷ്പങ്ങളെ 

എങ്ങനെ വാരിക്കൂട്ടാം

* ജുമുഅ സന്ദേശം 

പ്രവാചക സ്നേഹം യാഥാര്‍ത്ഥ്യമാക്കുക

* മആരിഫുല്‍ ഖുര്‍ആന്‍ 

സ്ത്രീകള്‍ മുഖമക്കന സ്വീകരിക്കുക ഭാഗം-2

* മആരിഫുല്‍ ഹദീസ്

ഖുര്‍ആന്‍ പഠനവും അദ്ധ്യാപനവും വളരെ മഹത്തരം

* റബീഉല്‍ അവ്വല്‍ ഉപഹാരം

 പ്രിയപ്പെട്ട പ്രവാചകന്റെ തിരുഗുണങ്ങൾ

********************************

മുഖലിഖിതം

റബീഉല്‍ അവ്വല്‍ പുഷ്പങ്ങളെ എങ്ങനെ വാരിക്കൂട്ടാം

അല്ലാമാ സഈദുല്‍ അഅ്സമി നദ് വി

(പ്രിന്‍സിപ്പള്‍ ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമ, ലക്നൗ)

അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ)യുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും സര്‍വ്വ കാലങ്ങളിലും സ്ഥലങ്ങളിലുമുള്ള മനുഷ്യര്‍ക്കെല്ലാം അല്ലാഹു ഉത്തമ മാതൃക വെച്ചിട്ടുണ്ട്. റസൂലുല്ലാഹി (സ)യെ ആത്മാര്‍ത്ഥമായി പഠിക്കുംതോറും മനസ്സിന്‍റെ അകത്തളങ്ങളില്‍ റസൂലുല്ലാഹി (സ) മാതൃക പ്രകാശിക്കുകയും അത് ജീവിതത്തില്‍ പ്രകടമാവുകയും ചെയ്യുന്നതാണ്. ഇഹലോകത്ത് ഇതിന്‍റെ ഗുണം ലഭിക്കുന്നതിനോടൊപ്പം ആരും ഒന്നും സഹായത്തിനില്ലാത്ത, സംശുദ്ധ മനസ്സ് മാത്രം പ്രയോജനപ്പെടുന്ന പരലോകത്തും ഇത് വലിയ സമ്പാദ്യമായി മാറുന്നതാണ്. 

റസൂലുല്ലാഹി (സ)യുടെ സ്വഭാവം സമുന്നതമായിരുന്നു. റസൂലുല്ലാഹി (സ) പ്രബോധനം ചെയ്ത മഹത്തായ ജീവിതത്തിന്‍റെ ഏറ്റഴും വലിയ സാക്ഷ്യം റസൂലുല്ലാഹി (സ)യുടെ ജീവിതം തന്നെയാണ്. ഈ ജീവിതം സര്‍വ്വകാലത്തും എല്ലാ സ്ഥലങ്ങളിലുമുള്ള മുഴുവന്‍ മനുഷ്യര്‍ക്കും പ്രയോജനകരമാണ്. പടച്ചവന്‍റെ ഏറ്റവും വലിയ അനുഗ്രഹമായ പ്രവാചക ജീവിതത്തെയും സന്ദേശത്തെയും അല്ലാഹു സരളവും സുന്ദരവും സമ്പൂര്‍ണ്ണവുമാക്കിയിരിക്കുന്നു. ഇത് ലോകാവസാനം വരെയും നിലനില്‍ക്കുന്നതാണ്. ഒരു ഭാഗത്ത് കൂടിയും ഇതില്‍ അസത്യം കടന്നുവരുന്നതല്ല. അതെ, സ്തുത്യര്‍ഹനും തന്ത്രജ്ഞനുമായ പടച്ചവന്‍റെ ഭാഗത്ത് നിന്നും അവതീര്‍ണ്ണമായ സന്ദേശമാണിത്. 

പ്രവാചക ജീവിതവും സന്ദേശവും പഠിക്കലും പകര്‍ത്തും പ്രചരിപ്പിക്കലും എല്ലാവരുടെ മേലും കടമയാണെങ്കിലും മുസ്ലിം സമുദായത്തിന്‍റെ പ്രഥമവും പ്രധാനവുമായ ഒരു ബാധ്യതയാണത്. ഇതിലൂടെ നാം മുഴുവന്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഉത്തമ മാതൃകയായി മാറുന്നതാണ്. 

ഓരോ വര്‍ഷവും റബീഉല്‍ അവ്വല്‍ മാസം കടന്നുവരുമ്പോള്‍ മുസ്ലിം സമുദായം പ്രവാചക വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും അനുകരണത്തിന്‍റെയും പാഠങ്ങള്‍ പുതുക്കേണ്ടതാണ്. പ്രവാചക ജീവിതവും സന്ദേശവും പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് വലിയൊരു പുണ്യകര്‍മ്മമാണ്. ഇമാം ശാഹ് വലിയുല്ലാഹിദ്ദഹ്ലവി (റ) കുറിക്കുന്നു: ഓരോ പ്രദേശത്തും പ്രവാചകനോടൊപ്പം സഹവസിക്കുകയും പ്രവാചക സന്ദേശങ്ങള്‍ പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകള്‍ ഉണ്ടാകേണ്ടത് ലോകത്തിന്‍റെ ആവശ്യമാണ്. എന്നാല്‍ റസൂലുല്ലാഹി (സ) നമ്മടുടെ ഈ ലോകത്ത് ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷേ, പ്രവാചക സന്ദേശങ്ങളും അത് പഠിച്ച് പകര്‍ത്തിയ പണ്ഡിതരും സമൂഹത്തിലുണ്ട്. അതുകൊണ്ട് തന്നെ ദീനീ വിജ്ഞാനങ്ങള്‍ പഠിക്കുക എന്നത് സമുദായത്തിന്‍റെ പൊതുബാധ്യതയാണ്. അല്ലാഹു പറയുന്നു: നിങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ച് അല്ലാഹുവിന്‍റെ പാര്‍ശം മുറുകെപ്പിടിക്കുക. നിങ്ങള്‍ (പല വിഭാഗങ്ങളായി) ഭിന്നിക്കരുത്. നിങ്ങളുടെ മേല്‍ അല്ലാഹു ചെയ്ത അനുഗ്രഹങ്ങള്‍ അനുസ്മരിക്കുക. നിങ്ങള്‍ പരസ്പരം ശത്രുക്കളായിരുന്നപ്പോള്‍ അല്ലാഹു നിങ്ങളുടെ മനസ്സുകള്‍ക്കിടയില്‍ ഇണക്കം നല്‍കി. അങ്ങനെ അല്ലാഹുവിന്‍റെ ഔദാര്യംകൊണ്ട് നിങ്ങള്‍ ഏകോദര സഹോദരങ്ങളായി. നിങ്ങള്‍ നരകത്തിന്‍റെ വക്കില്‍ നില്‍ക്കുകയായിരുന്നു. അല്ലാഹു നിങ്ങളെ അതില്‍ നിന്നും രക്ഷിച്ചു. നിങ്ങള്‍ സന്മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്നതിന് അല്ലാഹു ഇപ്രകാരം അവന്‍റെ വചനങ്ങള്‍ വ്യക്തമായി വിവരിക്കുന്നു. (തൗബ 122) അല്ലാമാ അബുഹയ്യാന്‍ ഉന്‍ദുലുസി (റ) കുറിക്കുന്നു: ഈ ആയത്തിന്‍റെ പ്രധാനപ്പെട്ട സന്ദേശം ദീനീ വിജ്ഞാനങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ഉണ്ടാകണമെന്നാണ്! 

ആകയാല്‍ പ്രവാചക ജീവിതവും സന്ദേശവും പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും കഴിവിന്‍റെ പരമാവധി നാം തയ്യാറാവുക. റബീഉല്‍ അവ്വല്‍ മാസത്തില്‍ ഈ സുവര്‍ണ്ണ പരമ്പരയ്ക്ക് നാം തുടക്കം കുറിക്കുക. റബീഉല്‍ അവ്വല്‍ മാസം പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്ക് മാത്രമുള്ളതല്ല. ശാശ്വതമായ പ്രവാചക മാതൃകകളെ പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും കൂടിയുള്ളതാണ്. ഇപ്രകാരം ചെയ്യുന്നതിലൂടെ നാം റബീഉല്‍ അവ്വല്‍ മാസത്തിലെ പുഷ്പങ്ങളെ വാരിക്കൂട്ടുന്നവരാകുന്നതാണ്.

***************************
**************************

ജുമുഅ സന്ദേശം

All India Muslim Personal Law Board

പ്രവാചക സ്നേഹം യാഥാര്‍ത്ഥ്യമാക്കുക

മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ്വി
(കണ്‍വീനര്‍ തഫ്ഹീമെ ശരീഅത്ത് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണള്‍ ലാ ബോര്‍ഡ്)

അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ)യോട് സത്യവിശ്വാസികള്‍ക്കുള്ള പ്രധാന കടമയാണ് സത്യസന്ധമായ പ്രവാചക സ്നേഹം. ഇത് മനസ്സിന്‍റെ അടിവാരത്തില്‍ നിന്നും ഉദിച്ചുയരുകയും ജീവിതം മുഴുവന്‍ പ്രതിഫലിക്കുകയും ചെയ്യേണ്ടതാണ്. മറ്റ് സര്‍വ്വകാര്യങ്ങളേക്കാളും ഇതിന് മുന്‍ഗണന കൊടുക്കുന്ന അവസ്ഥ സംജാതമാകേണ്ടതാണ്. സത്യവിശ്വാസിയുടെ ഏറ്റവും വലിയ ആഗ്രഹം റസൂലുല്ലാഹി (സ)യ്ക്ക് വേണ്ടി സര്‍വ്വതും സമര്‍പ്പിക്കലാകേണ്ടതുമാണ്. ഈ സ്നേഹം സത്യവിശ്വാസത്തിന്‍റെ അടയാളമാണ്. റസൂലുല്ലാഹി (സ) അരുളി: ഒരു വ്യക്തിയുടെ മാതാപിതാക്കളെയും മക്കളെയും സര്‍വ്വജനങ്ങളെയും കാള്‍ ഞാന്‍ അവന് പ്രിയങ്കരമാകുന്നതുവരെ നിങ്ങളിലാരും സത്യവിശ്വാസിയാകുന്നതല്ല. (ബുഖാരി 15) അല്ലാഹു അറിയിക്കുന്നു: ഈ പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് അവരേക്കാളും ബന്ധമുള്ളവരാണ്. (അഹ്സാബ് 6) 
അതെ, റസൂലുല്ലാഹി (സ) സത്യവിശ്വാസികളോട് വളരെ സ്നേഹവും കൃപയും അലിവുമുള്ളവരായിരുന്നു. അതുകൊണ്ട് സ്വന്തം ശരീരങ്ങളേക്കാള്‍ റസൂലുല്ലാഹി (സ)യ്ക്ക് പ്രാധാന്യം കല്‍പ്പിക്കേണ്ടതാണ്. റസൂലുല്ലാഹി (സ)യുടെ ഓരോ വിധിവിലക്കുകളെയും സ്വന്തം താല്‍പ്പര്യങ്ങളേക്കാള്‍ മാനിക്കുകയും പാലിക്കുയും ചെയ്യേണ്ടതാണ്. ഇപ്രകാരം ചെയ്യാത്തവരുടെ വിശ്വാസം എപ്പോഴും അപകടത്തിലായിരിക്കും. 
അബ്ദുല്ലാഹിബ്നു ഹിഷാം (റ) വിവരിക്കുന്നു: ഞങ്ങള്‍ റസൂലുല്ലാഹി (സ)യോടൊപ്പം യാത്രയിലായിരുന്നു. റസൂലുല്ലാഹി (സ) ഉമറുല്‍ ഫാറൂഖ് (റ)ന്‍റെ കയ്യില്‍ പിടിച്ചിരുന്നു. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ, എന്‍റെ ശരീരം ഒഴിച്ച് മറ്റെല്ലാ വസ്തുക്കളേക്കാളും അങ്ങ് എനിയ്ക്ക് പ്രിയങ്കരനാണ്. റസൂലുല്ലാഹി (സ) അരുളി: താങ്കളുടെ ശരീരത്തേക്കാളും ഞാന്‍ താങ്കള്‍ക്ക് പ്രിയങ്കരനാകുന്നതുവരെ താങ്കളുടെ വിശ്വാസം സമ്പൂര്‍ണ്ണമാകുന്നതല്ല. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: ഇപ്പോള്‍ താങ്കള്‍ എനിയ്ക്ക് എന്‍റെ ശരീരത്തേക്കാളും പ്രിയങ്കരനാണ്. റസൂലുല്ലാഹി (സ) അരുളി: ഉമറേ, ഇപ്പോഴാണ് വിശ്വാസം സമ്പൂര്‍ണ്ണമായത്. 
ഒരിക്കല്‍ റസൂലുല്ലാഹി (സ) എല്ലാവരോടും തബൂക്കിലേക്ക് പുറപ്പെടാന്‍ കല്‍പ്പിച്ചു. കപടവിശ്വാസികള്‍ ദുര്‍ന്യായങ്ങള്‍ പറഞ്ഞ് പിന്മാറി. ചില സഹാബികളും ഈ യാത്രയില്‍ പങ്കെടുത്തില്ല. അപ്പോള്‍ ഈ ആയത്ത് അവതരിച്ചു: റസൂലുല്ലാഹിയെ വിട്ട് മാറിനില്‍ക്കലും റസൂലുല്ലാഹിയേക്കാള്‍ സ്വന്തം കാര്യത്തിന് മുന്‍ഗണന കൊടുക്കലും മദീനക്കാര്‍ക്കും അതിന് ചുറ്റുമുള്ള ഗ്രാമീണര്‍ക്കും യോജിച്ചതല്ല. കാരണം, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ അവര്‍ക്ക് വല്ല ദാഹവും വിശപ്പും ക്ഷീണവും ബാധിക്കുകയും നിഷേധികളെ പ്രകോപിപ്പിക്കുന്ന ഒരു ചുവടു വെയ്ക്കുകയും അവരില്‍ നിന്നും വല്ലതും (ഉപദ്രവം) ഏല്‍ക്കുകയും ചെയ്യുമ്പോഴെല്ലാം അവ ഓരോന്നും ഓരോ സുകൃതങ്ങളായി എഴുതപ്പെടുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സുകൃതവാന്മാരുടെ പ്രതിഫലം പാഴാക്കുന്നതല്ല. (തൗബ 120) സത്യവിശ്വാസികള്‍ സ്വന്തം ശരീരത്തേക്കാളും റസൂലുല്ലാഹി (സ)യെ സ്നേഹിക്കണമെന്നും അവരുടെ താല്‍പ്പര്യ ഇച്ഛകളേക്കാളും കൂടുതലായി റസൂലുല്ലാഹി (സ)യ്ക്ക് മുന്‍ഗണന നല്‍കണമെന്നും ഈ വചനം പഠിപ്പിക്കുന്നു. ഈ വഴിയില്‍ എല്ലാവിധ ത്യാഗങ്ങള്‍ക്കും അവര്‍ സന്നദ്ധരാകേണ്ടതാണ്. സത്യസന്ധമായ സ്നേഹവും ബന്ധവും ഇതിലൂടെയാണ് വ്യക്തമാകുന്നത്. എല്ലാ അവസ്ഥകളിലും റസൂലുല്ലാഹി (സ)യുടെ വിധിവിലക്കുകള്‍ക്ക് ആരെങ്കിലും മുന്‍ഗണന കൊടുത്താല്‍ അവന്‍ സത്യസന്ധനായ പ്രവാചക സ്നേഹിയാണ്. ഇതല്ലാത്ത പക്ഷം അവന്‍റെ സ്നേഹവാദങ്ങളും വാചകങ്ങളും അര്‍ത്ഥമില്ലാത്ത മുദ്രാവാക്യങ്ങള്‍ മാത്രമാണ്. കപടവിശ്വാസികളെക്കുറിച്ച് അല്ലാഹു പറയുന്നു: നിങ്ങളെ തൃപ്തിപ്പെടുത്തുവാന്‍ വേണ്ടി (അങ്ങനെ പറഞ്ഞിട്ടില്ലെന്ന്) അവര്‍ നിങ്ങളോട് ആണയിടും. അവര്‍ സത്യവിശ്വാസികളാണെങ്കില്‍ അല്ലാഹുവിനെയും റസൂലിനെയുമാണ് അവര്‍ തൃപ്തിപ്പെടുത്തേണ്ടത്. (തൗബ 62) അതെ, നാം ലക്ഷ്യമാക്കേണ്ട ഏറ്റവും വലിയ കാര്യം അല്ലാഹുവിന്‍റെയും ദൂതന്‍റെയും തൃപ്തിയാണ്. കാരണം മറ്റെല്ലാവരുടെയും തൃപ്തിയും സന്തോഷവും താല്‍ക്കാലികമാണ്. അല്ലാഹുവിന്‍റെയും ദൂതന്‍റെയും തൃപ്തി ശാശ്വത വിജയത്തിന്‍റെ അടയാളമാണ്. ഈ തൃപ്തി ലഭിക്കാന്‍ ആത്മാര്‍ത്ഥമായ സ്നേഹമുണ്ടാകണം. ഈ സ്നേഹത്തിന്‍റെ ഏറ്റവും വലിയ അടയാളം സ്നേഹിതന്‍റെ കല്‍പ്പനകള്‍ പാലിക്കലും നിരോധനങ്ങള്‍ വര്‍ജ്ജിക്കലും സദാസമയവും അവരുടെ തൃപ്തി തേടലുമാണ്. 
സ്നേഹത്തിന്‍റെ കാരണങ്ങള്‍ 
അല്ലാഹു മനുഷ്യനെ പടച്ചു. മനുഷ്യന് മുന്നില്‍ ധാരാളം ആവശ്യങ്ങളും അത് പൂര്‍ത്തിയാക്കാനുള്ള മാര്‍ഗ്ഗങ്ങളും സജ്ജീകരിച്ചു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു മാധ്യമം കുടുംബ ബന്ധുക്കളാണ്. കുടുംബത്തോടൊപ്പം മനുഷ്യന്‍ ജീവിക്കുകയും സഹകരിച്ച് മുന്നേറുകയും ചെയ്യുന്നു. കുടുംബ ബന്ധത്തിന്‍റെ അടിസ്ഥാനം പടച്ചവന്‍റെ തീരുമാനമാണ്. അതെ, മാതാവ് മാതാവായതും പിതാവ് പിതാവായതും ഓരോ ബന്ധുക്കളും ബന്ധുക്കളായതും പടച്ചവന്‍റെ തീരുമാന പ്രകാരം മാത്രമാണ്. അതുകൊണ്ട് തന്നെ മാതാപിതാക്കളോടും മക്കളോടും ബന്ധുക്കളോടുമുള്ള സ്നേഹം പ്രകൃതിപരമാണ്. എന്നാല്‍ പ്രകൃതിപരമായ ഈ സ്നേഹത്തോടൊപ്പം മറ്റൊരു സ്നേഹം കൂടിയുണ്ട്. അതിന് ബുദ്ധിപരമായ സ്നേഹമെന്ന് പറയപ്പെടുന്നു. അത് ഏറ്റവും ശക്തമായും വ്യക്തമായും പ്രകടമാകുന്നത് സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്‍റെ വിഷയത്തിലും പ്രിയങ്കര പ്രവാചകനായ റസൂലുല്ലാഹി (സ)യുടെ കാര്യത്തിലുമാണ്. 
ഇന്ന് ലോകത്ത് കാണപ്പെടുന്ന എല്ലാവിധ സൗന്ദര്യങ്ങളും സമ്പൂര്‍ണ്ണതകളും അനുഗ്രഹങ്ങളും സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്‍റെ ദാനങ്ങളാണ്. ഉദാഹരണത്തിന് അല്ലാഹു നമുക്ക് നല്‍കിയ ഏറ്റവും സുന്ദരവും സമ്പൂര്‍ണ്ണവുമായ ഒരു അനുഗ്രഹമാണ് ബുദ്ധി. അതില്ലായിരുന്നുവെങ്കില്‍ നമുക്ക് ഒന്നും ചെയ്യയാന്‍ കഴിയുകയില്ലായിരുന്നു. ചുരുക്കത്തില്‍ മനുഷ്യന് ലഭിച്ച എല്ലാവിധ അനുഗ്രങ്ങളും സമ്പൂര്‍ണ്ണതകളും സൗന്ദര്യങ്ങളും മടങ്ങുന്നത് അല്ലാഹുവിലേക്കാണ്. അല്ലാഹു സര്‍വ്വ നന്മകളുടെയും സൗന്ദര്യ സമ്പൂര്‍ണ്ണതകളുടെയും കേന്ദ്രബിന്ദുവും പ്രഭവ സ്ഥാനവുമാണ്. ആകയാല്‍ ഓരോ അനുഗ്രഹങ്ങളും സമ്പൂര്‍ണ്ണതകളും സൗന്ദര്യങ്ങളും കാണുമ്പോള്‍ പടച്ചവനോടുള്ള സ്നേഹാദരവുകള്‍ നാം മനസ്സില്‍ അരക്കിട്ട് ഉറപ്പിക്കേണ്ടതാണ്. 

സമ്പൂര്‍ണ്ണ സൗന്ദര്യം
ഇതുപോലെ കാരുണ്യത്തിന്‍റെ ദൂതനായ റസൂലുല്ലാഹി (സ)യുടെ അനുഗ്രഹീത വ്യക്തിത്വക്കുറിച്ച് പഠിച്ചാല്‍ സ്നേഹാദരവുകളുടെ മാനദണ്ഡങ്ങള്‍ സമ്പൂര്‍ണ്ണമായും സുന്ദരമായും പ്രകാശിക്കുന്നത് കാണാന്‍ കഴിയും. മാലോകരില്‍ ആര്‍ക്കും നല്‍കപ്പെട്ടിട്ടില്ലാത്ത സൗന്ദര്യം റസൂലുല്ലാഹി (സ)യ്ക്ക് നല്‍കപ്പെട്ടിരുന്നു. ലോകം മുഴുവനുമുള്ള സൗന്ദര്യ സൗരഭ്യങ്ങളെല്ലാം ഒരുമിച്ച് കൂട്ടിയാലും റസൂലുല്ലാഹി (സ)യ്ക്ക് അല്ലാഹു കനിഞ്ഞരുളിയ സൗന്ദര്യത്തിന്‍റെ അരികില്‍ പോലും എത്തുന്നതല്ല. ജാബിര്‍ (റ) വിവരിക്കുന്നു: ഒരു ചാന്ദ്രിക രാവില്‍ ഞാന്‍ റസൂലുല്ലാഹി (സ)യെ കണ്ടു. റസൂലുല്ലാഹി (സ)യിലേക്കും ചന്ദ്രനിലേക്കും ഞാന്‍ മാറി മാറി നോക്കി. റസൂലുല്ലാഹി (സ) ചുവന്ന വരെയുള്ള ഒരു വസ്ത്രം ധരിച്ചിരുന്നു. അപ്പോള്‍ റസൂലുല്ലാഹി (സ) ചന്ദ്രനേക്കാളും സുന്ദരനാണെന്ന് എനിയ്ക്ക് വ്യക്തമായി. (തിര്‍മിദി 2811) സഹാബികള്‍ സാക്ഷ്യം വഹിക്കുന്നു: റസൂലുല്ലാഹി (സ)യുടെ വദനം ചന്ദ്രനേക്കാള്‍ സുന്ദരമായിരുന്നു. കാരണം ചന്ദ്രനില്‍ ചില കറുത്ത അടയാളങ്ങളുണ്ട്. തിരുവദനം സര്‍വ്വവിധ ന്യൂനതകളില്‍ നിന്നും പരിശുദ്ധമായിരുന്നു. സഹാബികള്‍ പറയുന്നു: റസൂലുല്ലാഹി (സ)യെക്കാള്‍ സൗന്ദര്യമുള്ളതായി ഒന്നുമില്ല. റസൂലുല്ലാഹി (സ) ചന്ദ്രനേക്കാള്‍ സൗന്ദര്യമുള്ളവനായിരുന്നു. 
വൈജ്ഞാനിക പ്രഭാവം
ലോകം മുഴുവനും നടന്നിട്ടുള്ള സര്‍വ്വവിധ വൈജ്ഞാനിക പുരോഗതിയുടെയും അടിസ്ഥാനം റസൂലുല്ലാഹി (സ) 1400 വര്‍ഷം മുമ്പ് തുടക്കം കുറിച്ച വൈജ്ഞാനിക പ്രവര്‍ത്തനങ്ങളായിരുന്നു. റസൂലുല്ലാഹി (സ) ഈ ലോകത്തേക്ക് വന്ന് ആദ്യമായി മാനവര്‍ക്ക് നല്‍കിയ ദിവ്യബോധനം ഇതായിരുന്നു: എല്ലാം പടച്ച താങ്കളുടെ രക്ഷിതാവിന്‍റെ നാമത്തില്‍ പാരായണം ചെയ്യുക.(1) മനുഷ്യനെ അവന്‍ രക്തക്കട്ടയില്‍ നിന്നും സൃഷ്ടിച്ചു.(2) താങ്കള്‍ പാരായണം ചെയ്യുക. താങ്കളുടെ രക്ഷിതാവ് വലിയ ഔദാര്യവാനാണ്.(3) രക്ഷിതാവ് തൂലികയിലൂടെ പഠിപ്പിച്ചു.(4) മനുഷ്യനെ അറിയാത്തകാര്യങ്ങള്‍ അവന്‍ പഠിപ്പിച്ചു.(5). (അലഖ് 1-5) റസൂലുല്ലാഹി (സ) വൈജ്ഞാനിക-പാരായണ-പഠന-ഗവേഷണങ്ങള്‍ക്ക് പ്രേരണ നല്‍കി. അതിന്‍റെ വെളിച്ചത്തില്‍ മാനവരാശി അജ്ഞതയുടെ ഇരുളുകളില്‍ നിന്നും വിജ്ഞാനത്തിന്‍റെ വെള്ളിവെളിച്ചത്തിലേക്ക് യാത്ര തിരിച്ചു. അതെ, വിജ്ഞാന ഗവേഷണങ്ങളുടെ മുഴുവന്‍ കൈതോടുകളുടെയും ഉത്ഭവം അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ)യുടെ വൈജ്ഞാനിക തടാകമാണ്. 
മാനവ മഹത്വം
വിശ്വനായകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) മാനവരാശിയ്ക്ക് കനിഞ്ഞരുളിയ മഹത്വമാര്‍ന്ന ഉപകാരങ്ങളില്‍ ഒന്ന് മാനവ മഹത്വത്തിന്‍റെ മഹനീയ സന്ദേശമായിരുന്നു. പ്രവാചക നിയോഗത്തിന് മുമ്പ് മനുഷ്യര്‍ പല വിഭാഗങ്ങളായി തിരിച്ച് പോരാട്ടങ്ങളില്‍ മുഴുകിയിരുന്നു. ഗോത്രങ്ങളുടെയും സംഘടനകളുടെയും ശത്രുതകള്‍ മനുഷ്യനെ മൃഗ തുല്യരാക്കിയിരുന്നു. മാനവ മൂല്യങ്ങള്‍ക്കും സല്‍സ്വഭാവങ്ങള്‍ക്കും യാതൊരു വിലയുമില്ലായിരുന്നു. ലോക നേതൃത്വം നല്‍കുന്ന വന്‍ സാമ്രാജ്യങ്ങള്‍ അന്നുണ്ടായിരുന്നെങ്കിലും എല്ലാവരും സ്വഭാവ- സദാചാര തകര്‍ച്ചകളില്‍ അധപതിച്ചു. മനുഷ്യന്‍ പടച്ചവനെ മാത്രമല്ല, സ്വന്തം ശരീരത്തെയും വിസ്മരിച്ചു. മനോച്ഛയുടെ അടിമകളായി തരംതാഴ്ന്നു. അന്ന് സല്‍ക്കാര വേളകളില്‍ ആഹാരം കഴിക്കുമ്പോള്‍ അവര്‍ വിളക്കുകളായി ഉപയോഗിച്ചിരുന്നത് തീ കത്തിക്കപ്പെടുന്ന അടിമകളുടെ ശരീരങ്ങളെയാണ്. ആ സാധുക്കളെ അഗ്നിഗോളം വിഴുങ്ങുമ്പോള്‍ അവര്‍ ആഹാര പാനീയങ്ങള്‍ ഉപേക്ഷിച്ച് ശരീരത്തിനും ആത്മാവിനും ഇടയില്‍ പിടയ്ക്കുന്ന പാപങ്ങളെ നോക്കി രസിച്ചിരുന്നു. ചുരുക്കത്തില്‍ മാനവരാശി അന്ന് വ്യക്തിപരമായും സാമൂഹികമായും അധ:പതിച്ചു. ഇതിനിടയില്‍ സത്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മന്ദമാരുതനായി കടന്നുവന്ന റസൂലുല്ലാഹി (സ) ജനങ്ങളെ സന്മാര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കുകയും സാഹോദര്യ സഹാനുഭൂതികളുടെ ചരടുകളില്‍ ബന്ധിപ്പിക്കുകയും ചെയ്തു. അല്ലാഹു അറിയിക്കുന്നു: നിങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ച് അല്ലാഹുവിന്‍റെ പാര്‍ശം മുറുകെപ്പിടിക്കുക. നിങ്ങള്‍ (പല വിഭാഗങ്ങളായി) ഭിന്നിക്കരുത്. നിങ്ങളുടെ മേല്‍ അല്ലാഹു ചെയ്ത അനുഗ്രഹങ്ങള്‍ അനുസ്മരിക്കുക. നിങ്ങള്‍ പരസ്പരം ശത്രുക്കളായിരുന്നപ്പോള്‍ അല്ലാഹു നിങ്ങളുടെ മനസ്സുകള്‍ക്കിടയില്‍ ഇണക്കം നല്‍കി. അങ്ങനെ അല്ലാഹുവിന്‍റെ ഔദാര്യംകൊണ്ട് നിങ്ങള്‍ ഏകോദര സഹോദരങ്ങളായി. നിങ്ങള്‍ നരകത്തിന്‍റെ വക്കില്‍ നില്‍ക്കുകയായിരുന്നു. അല്ലാഹു നിങ്ങളെ അതില്‍ നിന്നും രക്ഷിച്ചു. നിങ്ങള്‍ സന്മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്നതിന് അല്ലാഹു ഇപ്രകാരം അവന്‍റെ വചനങ്ങള്‍ വ്യക്തമായി വിവരിക്കുന്നു. (ആലുംഇംറാന്‍ 103)
റസൂലുല്ലാഹി (സ)യുടെ പരിശ്രമ പരിശീലന ഫലമായി ഒരു മഹത്തായ സമൂഹം ലോകത്ത് നിലവില്‍ വന്നു. സഹാബികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന അവര്‍ ഓരോരുത്തരും സത്യത്തിന്‍റെയും സദാചാരത്തിന്‍റെയും നീതിയുടെയും ന്യായത്തിന്‍റെയും വക്താക്കളായിരുന്നു. അവര്‍ സന്മാര്‍ഗ്ഗം പ്രാപിക്കുകയും മാനവരാശിയെ സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുകയും ചെയ്തു. അവരെക്കുറിച്ച് അവരില്‍ ഒരാളായ രിബ്ഇയ്യുബ്നു ആമിര്‍ (റ) പരിചയപ്പെടുത്തുന്നു: അല്ലാഹുവിന്‍റെ അടിമകളെ ആരാധിക്കുന്നതില്‍ നിന്നും ഏകനായ അല്ലാഹുവിനെ ആരാധിക്കുന്നതിലേക്കും ഇഹലോകത്തിന്‍റെ ഞെരുക്കത്തില്‍ നിന്നും ഇഹപര ലോകങ്ങളുടെ വിശാലതയിലേക്കും തെറ്റായ ദര്‍ശനങ്ങളുടെ അക്രമങ്ങളില്‍ നിന്നും ഇസ്ലാമിന്‍റെ നീതിയിലേക്കും അല്ലാഹു ഉദ്ദേശിച്ചവരെ ഞങ്ങള്‍ പുറപ്പെടുവിക്കുന്നതിന് അല്ലാഹു ഞങ്ങളെ നിയോഗിച്ചിരിക്കുന്നു. (അല്‍ ബിദായ വന്നിഹായ)
ഇതാണ് അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ)യുടെ ഏതാനും മഹിത മഹത്വങ്ങള്‍. ഇവയെ ശരിയായ നിലയില്‍ മനസ്സിലാക്കുന്നതിലൂടെ പ്രവാചക സ്നേഹം ശക്തമാവുകയും അതുവഴിയായി റസൂലുല്ലാഹി (സ)യെ അനുസരിക്കാനും അനുകരിക്കാനും നാം സന്നദ്ധമാവുകയും ചെയ്യുന്നതാണ്. ആകയാല്‍ റസൂലുല്ലാഹി (സ)യുടെ മഹത്ച്ചരിതവും തിരുഗുണങ്ങളും അധികമായി പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും നാം പരിശ്രമിക്കുക. അതെ, ഇത് തന്നെയാണ് റബീഉല്‍ അവ്വല്‍ വസന്തത്തിലെ പുഷ്പങ്ങളെ വാരിക്കൂട്ടാനുള്ള പ്രധാനപ്പെട്ട മാര്‍ഗ്ഗം. അല്ലാഹു അനുഗ്രഹിക്കട്ടെ. 

*********************************

മആരിഫുല്‍ ഖുര്‍ആന്‍ 

സ്ത്രീകള്‍ മുഖമക്കന സ്വീകരിക്കുക, 
കപട വിശ്വാസികളുടെ ദുര്‍ഗുണങ്ങളില്‍ ജാഗ്രത പുലര്‍ത്തുക ഭാഗം-2 

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


ആയത്ത് 59-62

 يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ۚ ذَٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ اللَّهُ غَفُورًا رَّحِيمًا (59) ۞ لَّئِن لَّمْ يَنتَهِ الْمُنَافِقُونَ وَالَّذِينَ فِي قُلُوبِهِم مَّرَضٌ وَالْمُرْجِفُونَ فِي الْمَدِينَةِ لَنُغْرِيَنَّكَ بِهِمْ ثُمَّ لَا يُجَاوِرُونَكَ فِيهَا إِلَّا قَلِيلًا (60مَّلْعُونِينَ ۖ أَيْنَمَا ثُقِفُوا أُخِذُوا وَقُتِّلُوا تَقْتِيلًا (61سُنَّةَ اللَّهِ فِي الَّذِينَ خَلَوْا مِن قَبْلُ ۖ وَلَن تَجِدَ لِسُنَّةِ اللَّهِ تَبْدِيلًا (62)

പ്രവാചകരെ, താങ്കളുടെ ഇണകളോടും പെണ്‍മക്കളോടും വിശ്വാസികളുടെ സ്ത്രീകളോടും അവരുടെ മൂടുപടങ്ങള്‍ അവര്‍ അല്പം താഴ്ത്തിയിടുക എന്ന് പറയുക. അതിലൂടെ അവരെ പെട്ടെന്ന് തിരിച്ചറിയപ്പെടുന്നതും അവര്‍ ഉപദ്രവിക്കപ്പെടാതിരിക്കുന്നതുമാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും വലിയ കാരുണ്യവാനുമാണ്.(59) കപടവിശ്വാസികളും മനസ്സുകളില്‍ രോഗമുള്ളവരും മദീനയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരും പിന്മാറിയില്ലെങ്കില്‍ നാം താങ്കളെ തീര്‍ച്ചയായും അവരുടെ മേല്‍ അധികാരിയാക്കുന്നതാണ്. ശേഷം അവര്‍ നിങ്ങളോടൊപ്പം മദീനയില്‍ കുറച്ച് മാത്രമേ താമസിക്കുകയുള്ളൂ.(60) അവര്‍ ശപിക്കപ്പെട്ടവരാണ്. അവരെ എവിടെവെച്ച് കാണപ്പെട്ടാലും പിടിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യേണ്ടതാണ്.(61) പൂര്‍വ്വികരുടെ വിഷയത്തില്‍ ഇത് തന്നെയാണ് അല്ലാഹുവിന്‍റെ സമീപനം. അല്ലാഹുവിന്‍റെ സമീപനത്തില്‍ യാതൊരു മാറ്റവും കാണുന്നതല്ല.(62)

വിവരണവും വ്യാഖ്യാനവും
പൊതു മുസ്ലിം പുരുഷന്മാരെയും സ്ത്രീകളെയും ഉപദ്രവിക്കുന്നത് നിഷിദ്ധവും വന്‍ പാപവുമാണെന്നും വിശിഷ്യാ അന്ത്യപ്രവാചകന്‍ റസൂലുല്ലാഹി (സ)യെ ഉപദ്രവിക്കുന്നത് നിഷേധത്തിനും ശാപത്തിനും കാരണമാണെന്നും കഴിഞ്ഞ ആയത്തുകളില്‍ വിവരിക്കപ്പെട്ടു. മുനാഫിഖുകളില്‍ നിന്നും രണ്ടുതരം ഉപദ്രവങ്ങളാണ് റസൂലുല്ലാഹി (സ)യ്ക്കും മുസ്ലിംകള്‍ക്കും ഉണ്ടായിരുന്നത്. ഈ ആയത്തുകളില്‍ ഈ ഉപദ്രവങ്ങള്‍ക്കുള്ള പരിഹാരം നിര്‍ദ്ദേശിക്കുകയാണ്. കൂട്ടത്തില്‍ പിന്നീട് വിവരിക്കുന്ന ഒരു പ്രത്യേക ബന്ധത്തിന്‍റെ പേരില്‍ സ്ത്രീകളുടെ മറയുമായി ബന്ധപ്പെട്ട ചില നിയമങ്ങളും പരാമര്‍ശിക്കുന്നുണ്ട്. മുനാഫിഖുകളില്‍ നിന്നും ഉണ്ടായിരുന്ന ഒന്നാമത്തെ ഉപദ്രവം ഇതാണ്: അവരില്‍ പെട്ട തരംതാഴ്ന്ന ആളുകള്‍ ജോലിയ്ക്കും മറ്റും പുറത്തേക്ക് പോയിരുന്ന അടിമ സ്ത്രീകളെ ഉപദ്രവിക്കുമായിരുന്നു. ചിലപ്പോള്‍ സ്വതന്ത്ര സ്ത്രീകളെയും അടിമ സ്ത്രീകളാണെന്ന് വിചാരിച്ച് ദ്രോഹിച്ചിരുന്നു. ഇത് കാരണം റസൂലുല്ലാഹി (സ)യ്ക്കും മുസ്ലിംകള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകുമായിരുന്നു. രണ്ടാമത്തെ ഉപദ്രവം ഇതാണ്: ഇന്ന സംഘം മദീനയെ അക്രമിക്കാന്‍ പോകുന്നുവെന്നും അവരെല്ലാം തകര്‍ക്കുന്നതാണെന്നും പോലുള്ള വ്യാജ വാര്‍ത്തകള്‍ അവര്‍ ജനങ്ങള്‍ക്കിടയില്‍ പടച്ച് വിട്ട് ഭയപ്പെടുത്തുമായിരുന്നു. ഈ ആയത്തുകളില്‍ ഒന്നാമത്തെ ഉപദ്രവമായ സ്ത്രീകളോടുള്ള പീഢനം ഒഴിവാക്കാന്‍ ലളിതമായ ഒരു മാര്‍ഗ്ഗം പറഞ്ഞ് തരുന്നു. അതായത് സ്വതന്ത്ര സ്ത്രീകളുടെ കുടുംബ മഹിമയും ആള്‍ ബലവും കാരണമായി അവരെ മന:പ്പൂര്‍വ്വം ഉപദ്രവിക്കാന്‍ മുനാഫിഖുകള്‍ ധൈര്യപ്പെടുകയില്ല. അടിമ സ്ത്രീകളാണെന്ന് വിചാരിച്ച് അവരെ ഉപദ്രവിക്കാന്‍ സാധ്യതയുണ്ട്. അവരെ തിരിച്ചറിയുന്ന പക്ഷം മുനാഫിഖുകള്‍ ഉപദ്രവിക്കുന്നതല്ല. അതുകൊണ്ട് അവരെ തിരിച്ചറിയാന്‍ എന്തെങ്കിലും ഒരു പ്രത്യേക അടയാളം നല്‍കുന്നത് നന്നായിരിക്കും. ഇതിലൂടെ കുറഞ്ഞ പക്ഷം സ്വതന്ത്ര സ്ത്രീകള്‍ അവരുടെ ഉപദ്രവങ്ങളില്‍ നിന്നും ഒഴിവാകുന്നതാണ്. അടിമ സ്ത്രീകള്‍ക്ക് വേണ്ടി മറ്റൊരു സൗകര്യവും ചെയ്യുന്നതാണ്. 
മറുഭാഗത്ത് ഇസ്ലാമിക ശരീഅത്ത് സ്വതന്ത്ര സ്ത്രീകള്‍ക്കും അടിമ സ്ത്രീകള്‍ക്കും ഇടയില്‍ മറയുടെ വിഷയത്തില്‍ അത്യാവശ്യത്തെ പരിഗണിച്ച് ഒരു വ്യത്യാസം വെച്ചിട്ടുണ്ട്. അതായത് അടിമ സ്ത്രീകള്‍ മറയ്ക്കേണ്ട സ്ഥലം സ്വതന്ത്ര സ്ത്രീകള്‍ അടുത്ത ബന്ധുക്കളുടെ മുന്നില്‍ മറയ്ക്കേണ്ട സ്ഥലങ്ങളാണ്. മുഖവും മറ്റും അടുത്ത ബന്ധുക്കളുടെ മുന്നില്‍ തുറന്നിടാന്‍ സ്വതന്ത്ര സ്ത്രീകള്‍ക്ക് അനുവാദമുണ്ട്. ഇപ്രകാരം ഉടമയുടെയും അദ്ദേഹത്തിന്‍റെ വീടിന്‍റെയും മറ്റും സേവനങ്ങള്‍ക്കുവേണ്ടി അടിമ സ്ത്രീകള്‍ക്ക് ഇടയ്ക്കിടെ പുറത്തേക്ക് പോകേണ്ടി വരുന്നതാണ്. ഈ സമയത്ത് അവര്‍ക്ക് മുഖവും മുന്‍കൈയ്യും മറ്റും മറയ്ക്കുന്നത് ബുദ്ധിമുട്ടാകും. സ്വതന്ത്ര സ്ത്രീകള്‍ക്ക് പുറത്ത് ഇറങ്ങേണ്ട ആവശ്യം വല്ലപ്പോഴുമേ ഉണ്ടാകാറുള്ളൂ. അവര്‍ക്ക് ശരീരം മുഴുവനും മറയ്ക്കാന്‍ ബുദ്ധിമുട്ടില്ല. അതുകൊണ്ട് സ്വതന്ത്രരോട് കല്‍പ്പിക്കുന്നു: അവര്‍ മറയ്ക്കാന്‍ ഉപയോഗിക്കുന്ന നീളമുള്ള പുതപ്പ് അന്യപുരുഷന്മാരുടെ മുന്നില്‍ മുഖം വെളിവാകാത്ത നിലയില്‍ തലയുടെ ഭാഗത്ത് നിന്നും മുഖത്തേക്ക് താഴ്ത്തി ഇടുക. ഇതിലൂടെ അവരുടെ മറ പൂര്‍ണ്ണമാകുന്നതും അടിമ സത്രീകളില്‍ നിന്നും അവര്‍ വേര്‍തിരിയുന്നതുമാണ്. ഇപ്രകാരം മോശമായ ആളുകളുടെ ഉപദ്രവത്തില്‍ നിന്നും അവര്‍ നിര്‍ഭയരാണ്. അടിമ സ്ത്രീകളുടെ സംരക്ഷണത്തിന്‍റെ സജ്ജീകരണം കപട വിശ്വാസികള്‍ക്കുള്ള കടുത്ത ശിക്ഷയുടെ മുന്നറിയിപ്പാണ്. അല്ലാഹു ഉണര്‍ത്തുന്നു: കപട വിശ്വാസികള്‍ ശല്യത്തില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ പടച്ചവന്‍ ഈ ലോകത്ത് തന്നെ പ്രവാചകനിലൂടെയും സത്യവിശ്വാസികളിലൂടെയും ശക്തമായ ശിക്ഷ നല്‍കുന്നതാണ്! 
ഈ ആയത്തില്‍ സ്വതന്ത്ര സ്ത്രീകള്‍ ശരീരം മറയ്ക്കുമ്പോള്‍, അവരുടെ മൂടുപടങ്ങള്‍ അവര്‍ അല്പം താഴ്ത്തിയിടുക എന്ന് പറഞ്ഞിരിക്കുന്നു. ഇതിലെ യുദ്നീന എന്നത് ഇദ്നാഇല്‍ നിന്നും എടുക്കപ്പെട്ടതാണ്. അതിന്‍റെ അര്‍ത്ഥം അടുപ്പിക്കുക എന്നാണ്. അലൈഹിന്ന എന്നതിന്‍റെ അര്‍ത്ഥം അവരുടെ മേല്‍ എന്നാണ്. ജലാബീബ് ജില്‍ബാബിന്‍റെ ബഹുവചനമാണ്. ഇത് ഒരു പ്രത്യേക തരം പുതപ്പാണ്. അതിന്‍റെ രൂപത്തെക്കുറിച്ച് ഇബ്നു മസ്ഊദ് (റ) പറയുന്നു: സ്ത്രീകള്‍ തട്ടത്തിന് മുകളില്‍ ഇടുന്ന പുതപ്പാണ്. (ഇബ്നു കസീര്‍). ഇബ്നു അബ്ബാസ് (റ) പറയുന്നു: ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുമ്പോള്‍ അവരുടെ ശരീരം മുഴുവന്‍ ഒരു പുതപ്പ് കൊണ്ട് പുതയ്ക്കണമെന്നും വഴി കാണുന്നതിന് ഒരു കണ്ണ് മാത്രം തുറന്നിടണമെന്നും അല്ലാഹു മുസ്ലിം സ്ത്രീകളോട് കല്‍പ്പിക്കുന്നു. (ഇബ്നു കസീര്‍). ഇമാം ഇബ്നു സീരീന്‍ (റ) പറയുന്നു: ഉബൈദ സുലൈമാനി (റ)യോട് ഈ ആയത്തിന്‍റെ ആശയവും ജില്‍ബാബിന്‍റെ രൂപവും ചോദിച്ചപ്പോള്‍ അദ്ദേഹം തലയുടെ മുകളില്‍ നിന്നും ഒരു പുതപ്പ് മുഖത്തേക്കിട്ട് മറയ്ക്കുകയും ഇടത് കണ്ണ് മാത്രം തുറക്കുകയും ചെയ്തുകൊണ്ട് കാര്‍മ്മികമായി ഇത് വിവരിച്ച് തന്നു. (ഇബ്നു കസീര്‍). ഈ ആയത്തിലെ അലൈഹിന്ന എന്ന പദത്തിന്‍റെ വിശദീകരണം പുതപ്പ് തലയുടെ മുകളില്‍ നിന്നും മുഖത്തേക്ക് തൂക്കിയിടലാണെന്ന് ഈ വിവരണത്തില്‍ നിന്നും മനസ്സിലാകുന്നു. സ്ത്രീകള്‍ മുഖം മറയ്ക്കണമെന്നും ഈ ആയത്ത് വ്യക്തമായി അറിയിക്കുന്നു. ഹിജാബിന്‍റെ മുന്‍ കഴിഞ്ഞ ആയത്തിന്‍റെ വിശദീകരണത്തില്‍ പറഞ്ഞ കാര്യത്തിന് ഇതിലൂടെ സമ്പൂര്‍ണ്ണ ബലം ലഭിക്കുന്നു. അതായത് മുഖവും മുന്‍ കൈയ്യും മറയ്ക്കല്‍ നിര്‍ബന്ധമില്ലെങ്കിലും കുഴപ്പത്തെ ഭയപ്പെടുമ്പോള്‍ മറയ്ക്കല്‍ അത്യാവശ്യമാണ്. നിര്‍ബന്ധിത സാഹചര്യങ്ങള്‍ ഇതില്‍ നിന്നും ഒഴിവാണ്. 
കുറിപ്പ്: ഈ ആയത്തില്‍ സ്വതന്ത്ര സ്ത്രീകള്‍ ശരീരം പൂര്‍ണ്ണമായി മറയ്ക്കണമെന്നും അടിമ സ്ത്രീകള്‍ക്കും അത് നിര്‍ബന്ധമില്ലെന്നും പറഞ്ഞതില്‍ നിന്നും ഇസ്ലാം പാതിവൃത്യം സംരക്ഷിക്കുന്ന വിഷയത്തില്‍ ഇരുകൂട്ടര്‍ക്കും ഇടയില്‍ വേര്‍തിരിവ് കല്‍പ്പിക്കുകയും സ്വതന്ത്ര സ്ത്രീകള്‍ക്ക് സുരക്ഷ നിര്‍ദ്ദേശിക്കുകയും അടിമ സ്ത്രീകളെ അതില്‍ നിന്നും ഒഴിവാക്കുകയും ചെയ്തെന്ന് ആരും തെറ്റിദ്ധരിക്കരുത്. യഥാര്‍ത്ഥത്തില്‍ ഈ വേര്‍തിരിവ് പൂവാലന്മാരായ മോശമായ ആളുകള്‍ സ്വയം ഉണ്ടാക്കിയതാണ്. അവര്‍ സ്വതന്ത്ര സ്ത്രീകളെ ഉപദ്രവിക്കാന്‍ ധൈര്യപ്പെടുകയില്ലായിരുന്നു. പക്ഷേ, അടിമ സ്ത്രീകളെ ദ്രോഹിക്കുമായിരുന്നു. ഇസ്ലാമിക ശരീഅത്ത് അവര്‍ പുലര്‍ത്തിയ ഈ വിവേചനത്തെ പ്രയോജനപ്പെടുത്തിക്കൊണ്ട് സ്ത്രീകളിലെ ഭൂരിപക്ഷം വരുന്നവരെ അവര്‍ അംഗീകരിച്ച ശൈലിയിലൂടെ തന്നെ സുരക്ഷിതമാക്കി. ബാക്കി അടിമ സ്ത്രീകളുടെ പാതിവൃത്യത്തിന്‍റെ സുരക്ഷയും ഇസ്ലാം സ്വതന്ത്ര സ്ത്രീകളുടേത് പോലെ തന്നെയാണ് കാണുന്നത്. പക്ഷേ, അതിന് നിയമപരമായ കടുപ്പം കാണിക്കാന്‍ സാധ്യത ഇല്ലായിരുന്നു. അതുകൊണ്ട് ആ വിഷയത്തില്‍ അടുത്ത ആയത്തില്‍ ഇപ്രകാരം ശക്തമായ മുന്നറിയിപ്പ് നല്‍കി. സ്ത്രീകളെ ഉപദ്രവിക്കുന്നതില്‍ നിന്നും പിന്മാറാത്തവര്‍ക്ക് ഒരു നിലയ്ക്കും മാപ്പ് നല്‍കപ്പെടുന്നതല്ല. മറിച്ച് അവരെ എവിടെ വെച്ച് കണ്ടാലും പിടികൂടുകയും വധിക്കുകയും ചെയ്യുന്നതാണ്. ഈ ശക്തമായ താക്കീതിലൂടെ അടിമ സ്ത്രീകളുടെ പാതിവൃത്യവും സ്വതന്ത്ര സ്ത്രീകളെപ്പോലെ സുരക്ഷിതമാക്കി. അല്ലാമാ ഇബ്നു ഹസമും മറ്റും മേല്‍ പറയപ്പെട്ട സംശയത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് ഭൂരിഭാഗം പണ്ഡിതര്‍ക്കും വിരുദ്ധമായി ഒരു വ്യാഖ്യാനം നല്‍കിയിട്ടുണ്ട്. പ്രസ്തുത വ്യാഖ്യാനത്തിന്‍റെ യാതൊരു ആവശ്യവും ഇല്ലെന്ന് മേല്‍ പറയപ്പെട്ട വിവരണത്തിലൂടെ വ്യക്തമാകുന്നതാണ്. ചുരുക്കത്തില്‍ അടിമ സ്ത്രീകളുടെ രക്ഷയ്ക്കും മാര്‍ഗ്ഗമൊന്നും നിര്‍ദ്ദേശിച്ചില്ലെങ്കില്‍ മാത്രമേ സംശയത്തിന് സാധ്യതയുള്ളൂ. 
മുസ്ലിമായതിന് ശേഷം മുര്‍തദ്ദാകുന്നതിനുള്ള ശിക്ഷ കൊലയാണ്. ഈ ആയത്തുകളില്‍ മുനാഫിഖുകളുടെ രണ്ട് ഉപദ്രവങ്ങളെക്കുറിച്ച് പറഞ്ഞതിന് ശേഷം അവര്‍ അതില്‍ നിന്നും പിന്മാറാത്ത രൂപത്തില്‍ അവര്‍ക്ക് വേണ്ടി നിര്‍ദ്ദേശിച്ച ശിക്ഷ ഇപ്രകാരമാണ്: അവര്‍ ശപിക്കപ്പെട്ടവരാണ്. അവരെ എവിടെവെച്ച് കാണപ്പെട്ടാലും പിടിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യേണ്ടതാണ്.(61) അറിയുക: ഈ ശിക്ഷ പൊതുനിഷേധികള്‍ക്ക് ഉള്ളതല്ല. പൊതുനിഷേധികളുടെ വിഷയത്തില്‍ ഇസ്ലാമിക നിയമം ഇതല്ലാ എന്നതിന് ധാരാളം ഖുര്‍ആന്‍-ഹദീസ് വചനങ്ങള്‍ സാക്ഷിയാണ്. മറിച്ച് നിഷേധികളുമായിട്ടുള്ള പോരാട്ടത്തിന്‍റെ സന്ദര്‍ഭത്തില്‍ ഇസ്ലാമിക നിയമം ഇപ്രകാരമാണ്: ആദ്യം അവരില്‍ ഇസ്ലാമിക പ്രബോധനം നടത്തുകയും അവരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നതാണ്. അവര്‍ ഇസ്ലാം സ്വീകരിക്കാത്ത പക്ഷം മുസ്ലിം ഭരണത്തിന്‍റെ കീഴില്‍ ഉത്തരവാദിത്വമുള്ള അമുസ്ലിംകളായി താമസിക്കാന്‍ പറയുന്നതാണ്. ഇത് അവര്‍ സ്വീകരിക്കുന്ന പക്ഷം മുസ്ലിംകളെപ്പോലെ തന്നെ അവരുടെയും ജീവനും സമ്പത്തും അഭിമാനവും സംരക്ഷിക്കാന്‍ ഇസ്ലാമിക ഭരണകൂടത്തിന്‍റെ മേല്‍ നിര്‍ബന്ധമാണ്. ഇതും അംഗീകരിക്കാതെ യുദ്ധത്തിന് തയ്യാറാകുന്നവരോട് യുദ്ധം ചെയ്യുന്നതാണ്.
ഈ ആയത്തില്‍ തടവില്‍ പിടിക്കണമെന്നും വധിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് പൊതുവായ നിഷേധികളെക്കുറിച്ചല്ല. ഇത് മുസ്ലിംകളെന്ന് സ്വയം പരിചയപ്പെടുത്തിയിരുന്ന കപട വിശ്വാസികളെക്കുറിച്ചുള്ള നിര്‍ദ്ദേശമാണ്. ഏതെങ്കിലും മുസ്ലിം ഇസ്ലാമിക നിയമത്തെ പരസ്യമായി നിഷേധിക്കുകയും എതിര്‍ക്കുകയും ചെയ്യുമ്പോള്‍ അവന്‍ മുര്‍തദ്ദ് എന്ന് പറയപ്പെടുന്നു. ഇവരുമായി ഇസ്ലാമിക ശരീഅത്തിന് യാതൊരുവിധ സന്ധിയുമില്ല. ഇവര്‍ പശ്ചാത്തപിച്ച് വന്ന് രണ്ടാമതും മുസ്ലിമാവുകയും ഇസ്ലാമിക നിയമങ്ങള്‍ വാചക-കര്‍മ്മങ്ങളില്‍ അംഗീകരിക്കാത്ത പക്ഷം ഇവര്‍ കൊല്ലപ്പെടുന്നതാണ്. ഈ കാര്യം റസൂലുല്ലാഹി (സ)യുടെ വ്യക്തമായ വചനങ്ങളിലും സഹാബത്തിന്‍റെ കര്‍മ്മങ്ങളിലും വന്നിട്ടുള്ളതാണ്. മുസൈലിമ കദ്ദാബിനെയും സംഘത്തെയും സഹാബികള്‍ ഏകഖണ്ഡമായി എതിര്‍ത്തതും പോരാടിയതും മുസൈലിമയെ കൊന്നതും ഇതിന്‍റെ തെളിവാണ്. അവസാനമായി അല്ലാഹു പറയുന്നു: പൂര്‍വ്വികരുടെ വിഷയത്തില്‍ ഇത് തന്നെയാണ് അല്ലാഹുവിന്‍റെ സമീപനം. അല്ലാഹുവിന്‍റെ സമീപനത്തില്‍ യാതൊരു മാറ്റവും കാണുന്നതല്ല.(62) അതെ, മുന്‍കഴിഞ്ഞ നബിമാരുടെ ശരീഅത്തുകളിലും മുര്‍തദ്ദിന്‍റെ ശിക്ഷ കൊല തന്നെയാണെന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നു. 
ഏതാനും മസ്അലകള്‍:  ഈ ആയത്തുകളില്‍ നിന്നും മനസ്സിലാകുന്ന കാര്യം: ഒന്ന്, സ്ത്രീകള്‍ എന്തെങ്കിലും ആവശ്യത്തിന്‍റെ പേരില്‍ വീടുകളില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോള്‍ നീളമുള്ള പുതപ്പ് കൊണ്ട് ശരീരം മുഴുവന്‍ മറയ്ക്കേണ്ടതാണ്. ഈ പുതപ്പിനെ തലയുടെ മുകളില്‍ നിന്നും മുഖത്തേക്ക് തൂക്കിയിട്ട് മുഖം മറച്ച് നടക്കേണ്ടതാണ്. ഇന്ന് നിലവിലുള്ള ബുര്‍ഖ ഇതിന്‍റെ സ്ഥാനത്തുള്ളതാണ്. രണ്ട്, ആശയക്കുഴപ്പങ്ങളും ഭീതിയും ഉണ്ടാക്കുന്ന വാര്‍ത്തകള്‍ മുസ്ലിംകള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത് നിഷിദ്ധമാണ്. 
*************************

മആരിഫുല്‍ ഹദീസ്

ഖുര്‍ആന്‍ പഠനവും അദ്ധ്യാപനവും വളരെ മഹത്തരം

മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

   
36. ഉസ്മാന്‍ (റ) നിവേദനം. നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ പരിശുദ്ധ ഖുര്‍ആന്‍ പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവനാണ്. (ബുഖാരി)
വിവരണം: പരിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്‍റെ ഭാഷണമായത് കൊണ്ട് ഇതര സംസാരങ്ങളേക്കാള്‍ അതിന് വലിയ മഹത്വമുണ്ട്. ഇത്തരുണത്തില്‍ അതിനെ പഠിക്കുന്നതും പഠിപ്പിക്കുന്നതും മറ്റ് മുഴുവന്‍ സല്‍ക്കര്‍മ്മങ്ങളേക്കാളും ശ്രേഷ്ടവും മഹത്തരവുമാണ്. കൂടാതെ, റസൂലുല്ലാഹി (സ)യുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവാചകീയ ദൗത്യം വഹ്യ് വഴിയായി അല്ലാഹുവിങ്കല്‍ നിന്നും ഖുര്‍ആന്‍ പഠിക്കലും ഗ്രഹിക്കലും ജനങ്ങള്‍ക്ക് എത്തിച്ച് കൊടുക്കലും ജനങ്ങളെ പഠിപ്പിക്കലുമായിരുന്നു. ഈ കാരണത്താല്‍ ലോകാവസാനം വരെ ഖുര്‍ആന്‍ പഠനവും അദ്ധ്യാപനവും ദൗത്യവും ജോലിയുമായി സ്വീകരിച്ചവര്‍ റസൂലുല്ലാഹി (സ)യുടെ പ്രത്യേക പ്രവര്‍ത്തനത്തിന്‍റെ വക്താക്കളും ഉന്നത സേവകരുമാണ്. അവര്‍ക്ക് റസൂലുല്ലാഹി (സ)യോട് പ്രത്യേക ബന്ധമുണ്ട്. ഈ അടിസ്ഥാനത്തിലും ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ ഏറ്റവും ഉന്നതരാണ്. എന്നാല്‍ ഈ ശ്രേഷ്ടത ലഭിക്കുന്നത് ഖുര്‍ആന്‍ പഠനവും അദ്ധ്യാപനവും നിഷ്കളങ്കമായ നിലയിലും അല്ലാഹുവിന് വേണ്ടിയും ആകുമ്പോഴാണ്. ആരെങ്കിലും ഭൗതിക താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്താല്‍ അത് വലിയ ഭാഗ്യക്കേടാണ്. അത്തരം ആളുകളെ ആദ്യമായി നരകത്തിലേക്ക് മുഖം കുത്തപ്പെട്ട നിലയില്‍ എറിയപ്പെടുന്നതാണെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. അല്ലാഹു നാമെല്ലാവരെയും കാത്ത് രക്ഷിക്കട്ടെ.

ഖുര്‍ആന്‍ വാഹകന്‍ അസൂയാര്‍ഹന്‍  
37. ഇബ്നു ഉമര്‍ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: രണ്ടുപേര്‍ മാത്രമേ അസൂയാര്‍ഹരുള്ളൂ. (അവരെ കാണുമ്പോള്‍ അവരെപ്പോലെ ആകണമെന്ന് ആഗ്രഹമുണ്ടാകുന്നത് തീര്‍ത്തും ന്യായമാണ്.) ഒന്ന്, ഒരാള്‍ക്ക് അല്ലാഹു പരിശുദ്ധ ഖുര്‍ആനിന്‍റെ അനുഗ്രഹം നല്‍കി. അദ്ദേഹം രാപകലുകളുടെ വിവിധ സമയങ്ങളില്‍ അതില്‍ മുഴുകിക്കഴിയുകയാണ്. രണ്ട്, ഒരു വ്യക്തിയ്ക്ക് അല്ലാഹു സമ്പത്ത് നല്‍കി. അദ്ദേഹം രാപകലുകളില്‍ അതിനെ അല്ലാഹുവിന്‍റെ വഴിയില്‍ ചിലവഴിച്ചുകൊണ്ടിരിക്കുന്നു. (ബുഖാരി, മുസ്ലിം) 
വിവരണം: രാപകലുകളില്‍ പരിശുദ്ധ ഖുര്‍ആനില്‍ മുഴുകിക്കഴിയുന്നതിന് വ്യത്യസ്ത രൂപങ്ങളുണ്ട്. 1. അതിനെ പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും മുഴുകുക. 2. നമസ്കാരത്തിന് അകത്തും പുറത്തും അത് പാരായണം ചെയ്തുകൊണ്ടിരിക്കുക. 3. ഖുര്‍ആനിക സന്ദേശങ്ങള്‍ പകര്‍ത്തുന്നതില്‍ ശ്രദ്ധിക്കുക. രാപകലുകളില്‍ അതില്‍ മുഴുകിക്കഴിയുന്നു എന്ന വാചകം ഇതുപോലുള്ള എല്ലാ രൂപങ്ങളെയും ഉള്‍ക്കൊള്ളുന്നുണ്ട്. അതെ, പരിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്‍റെ അതിമഹത്തായ ഒരു അനുഗ്രഹമാണ്. അതിനോടുള്ള നന്ദി അതുമായി ബന്ധപ്പെട്ട് ജീവിതത്തെ കഴിച്ച് കൂട്ടുക എന്നതാണ്. 
ഖുര്‍ആനിനോടുള്ള കടമകള്‍
38. ഉബയ്ദ മുലയ്കി (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: പരിശുദ്ധ ഖുര്‍ആനിന്‍റെ കുടുംബക്കാരെ നിങ്ങള്‍ ഖുര്‍ആനിനെ തലയണയും അവലംബവും ആക്കരുത്. രാവും പകലും അതിനോടുള്ള കടമകള്‍ പാലിച്ചുകൊണ്ട്  പാരായണം ചെയ്തുകൊണ്ടിരിക്കുക. നിങ്ങള്‍ അതിനെ പ്രചരിപ്പിക്കുകയും താല്‍പ്പര്യത്തോടെ ഈണത്തില്‍ ഓതുകയും അതില്‍ ചിന്തിക്കുകയും ചെയ്യുക. കൂട്ടത്തില്‍ നിങ്ങള്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുക. അല്ലാഹുവില്‍ നിന്നും ഇതിന്‍റെ പ്രതിഫലം പ്രതീക്ഷിക്കുക. ഭൗതിക ലോകത്ത് അതിന്‍റെ കൂലിയെക്കുറിച്ച് ചിന്തിക്കരുത്. അല്ലാഹുവിങ്കല്‍ നിന്നും യഥാസമയം അതിനുള്ള ഉന്നത പ്രതിഫലവും പകരവും ലഭിക്കുന്നതാകുന്നു. (ബൈഹഖി)
വിവരണം: പരിശുദ്ധ ഖുര്‍ആനിന്‍റെ അമൂല്യമായ സമ്പത്ത് ലഭിച്ചവര്‍, നമ്മുടെ പക്കല്‍ ഖുര്‍ആനുണ്ടെന്നും നാം ഖുര്‍ആനിന്‍റെ ആളുകളാണെന്നും വിചാരിച്ച് അതിനെ അവലംബമാക്കി അതില്‍ ചാരി ഇരിക്കരുത്. മറിച്ച് പരിശുദ്ധ ഖുര്‍ആനിനോടുള്ള കടമകള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കാന്‍ അവര്‍ ശ്രദ്ധിക്കേണ്ടതാണ്. അതിന് രാവും പകലും അതിനോടുള്ള കടമകള്‍ അനുസരിച്ച് അത് പാരായണം ചെയ്യുകയും അതിന്‍റെ സന്മാര്‍ഗ്ഗ സന്ദേശങ്ങള്‍ ജനങ്ങള്‍ക്ക് എത്തിച്ച് കൊടുക്കുകയും രസാനുഭൂതികളോടെ അത് ഓതിക്കൊണ്ടിരിക്കുകയും അതിന്‍റെ നിയമങ്ങളിലും സന്ദേശങ്ങളിലും ചരിത്രങ്ങളിലും ഉപദേശങ്ങളിലും ചിന്തിക്കുകയും ചെയ്യുക. ഇപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ സമ്പൂര്‍ണ്ണ വിജയം വരിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. അതുപോലെ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും സേവിക്കുകയും ചെയ്യുന്നതിന്‍റെ പ്രതിഫലം അവര്‍ ഇഹലോകത്ത് ലക്ഷ്യം വെക്കരുത്. അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നും യഥാസമയത്ത് അസാധാരണമായ പ്രതിഫലവും പകരവും അവര്‍ക്ക് ലഭിക്കുന്നതാണ്.      

ഖുര്‍ആന്‍ ഉത്ഥാനപതനങ്ങളുടെ ഗ്രന്ഥം
39. ഉമറുബ്നുല്‍ ഖത്താബ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: അല്ലാഹു ഈ ഗ്രന്ഥം (പരിശുദ്ധ ഖുര്‍ആന്‍) വഴിയായി ധാരാളം ജനങ്ങളെ ഉയര്‍ത്തുകയും നിരവധി ജനങ്ങളെ താഴ്ത്തുകയും ചെയ്യുന്നതാണ്. (മുസ്ലിം) 
വിവരണം: പരിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്‍റെ സമുന്നത വിശേഷണവും അടിമകള്‍ക്കുള്ള മഹാസന്ദേശവും കരാര്‍ രേഖയുമാണ്. ഖുര്‍ആനിനോട് ബന്ധവും അനുസരണയും പുലര്‍ത്തുന്നത് അല്ലാഹുവിനോടുള്ള ബന്ധത്തിന്‍റെയും അനുസരണയുടെയും അടയാളമാണ്. ഇപ്രകാരം ഖുര്‍ആനിനെ അവഗണിക്കുകയും ധിക്കരിക്കുകയും ചെയ്യുന്നത് അല്ലാഹുവിനോടുള്ള അവഗണനയും ധിക്കാരവുമാണ്. ഏത് വംശത്തിലും ഭാഷയിലും നിറത്തിലും പെട്ട ആളാണെങ്കിലും പരിശുദ്ധ ഖുര്‍ആനിനെ വഴികാട്ടിയായി പിന്‍പറ്റുകയും അതിനോടുള്ള കടമകള്‍ പാലിക്കുകയും ചെയ്യുന്നവരെ ഇഹത്തിലും പരത്തിലും ഉയര്‍ത്തുന്നതാണെന്ന് അല്ലാഹു ഒരു തീരുമാനം എടുത്തിരിക്കുന്നു. മറുഭാഗത്ത് ഖുര്‍ആനിനെ അവഗണിക്കുകയും ധിക്കരിക്കുകയും ചെയ്യുന്നവര്‍ ആകാശത്തിന്‍റെ ഉന്നതങ്ങളിലേക്ക് ഉയര്‍ന്നാലും അല്ലാഹു താഴ്ത്തുകയും തകര്‍ക്കുകയും ചെയ്യുന്നതാണ്. ഇസ്ലാമിന്‍റെയും മുസ്ലിംകളുടെയും ചരിത്രം മുഴുവന്‍ ഈ ഹദീസിനെ ശരി വെക്കുകയും അല്ലാഹുവിന്‍റെ ഈ തീരുമാനത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഉത്ഥാനപതനങ്ങളുമായി ബന്ധപ്പെട്ട അല്ലാഹുവിന്‍റെ ഈ നിയമം ബന്ധപ്പെട്ടിരിക്കുന്നത് വ്യക്തികളുമായിട്ടല്ല, ജനങ്ങളുമായിട്ടാണെന്ന് ഈ ഹദീസിലെ ജനങ്ങള്‍ എന്ന പദം വിളിച്ചറിയിക്കുന്നു. 

ഖുര്‍ആന്‍ പാരായണത്തിന്‍റെ പ്രതിഫലം 
40. ഇബ്നു മസ്ഊദ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും ഖുര്‍ആനില്‍ നിന്നും ഒരു അക്ഷരം പാരായണം ചെയ്താല്‍ അവന്‍ ഒരു നന്മ കരസ്ഥമാക്കുന്നതാണ്. ഒരു നന്മ അല്ലാഹുവിന്‍റെ ഔദാര്യ നിയമമനുസരിച്ച് പത്ത് നന്മകള്‍ക്ക് തുല്യമാണ്. ഈ കാര്യം കൂടുതല്‍ വ്യക്തമാക്കാന്‍ റസൂലുല്ലാഹി (സ) തുടര്‍ന്ന് അരുളി: ഇതിന്‍റെ ആശയം അലിഫ് ലാം മീം എന്നത് ഒരു അക്ഷരമാണെന്നല്ല. മറിച്ച് അലിഫ് ഒരു അക്ഷരവും ലാം മറ്റൊരു അക്ഷരവും മീം വേറൊരു അക്ഷരവുമാണ്. ഇതനുസരിച്ച് അലിഫ് ലാം മീം എന്ന് ഓതുന്ന വ്യക്തി മുപ്പത് പ്രതിഫലങ്ങള്‍ക്ക് അര്‍ഹനാകുന്നതാണ്. (തിര്‍മിദി, ദാരിമി)
വിവരണം: ഒരു നന്മ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പത്ത് നന്മകള്‍ക്ക് തുല്യമായ പ്രതിഫലം നല്‍കപ്പെടുമെന്നത് അല്ലാഹുവിന്‍റെ ഔദാര്യ നിയമങ്ങളില്‍ ഒന്നാണ്. ഈ കാര്യം പരിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുമുണ്ട്. അല്ലാഹു പറയുന്നു: ................. (അന്‍ആം 160) ഈ ഹദീസിലൂടെ റസൂലുല്ലാഹി (സ) സമുദായത്തിന് ഒരു സന്തോഷ വാര്‍ത്ത് നല്‍കുന്നു. അതെ, ആരെങ്കിലും ഉദ്ദേശ ശുദ്ധിയോടെ ഖുര്‍ആന്‍ ശരീഫ് പാരായണം ചെയ്താല്‍ അറബി അക്ഷരമാലയിലെ ഓരോ അക്ഷരവും പാരായണം ചെയ്യുന്നതിനനുസരിച്ച് പത്ത് പ്രതിഫലം നല്‍കപ്പെടുന്നതാണ്. അതായത്, പത്ത് നന്മകള്‍ക്ക് തുല്യമായ പ്രതിഫലം നല്‍കപ്പെടുന്നതാണ്. ഇതേ ഹദീസ് ബൈഹഖിയില്‍ ഇപ്രകാരം വരുന്നു: ബിസ്മില്ലാഹ് എന്നത് ഒരു അക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. മറിച്ച് ബായും സീനും മീമും ഓരോ അക്ഷരങ്ങളാണ്. അലിഫ് ലാം മീം എന്നത് ഒരു അക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. മറിച്ച് അലിഫ്, ലാം, മീം ഇവ ഓരോന്നും ഓരോ അക്ഷരങ്ങളാണ്! അല്ലാഹു നമുക്ക് ഈ കാര്യങ്ങളില്‍ പരിപൂര്‍ണ്ണ വിശ്വാസവും ബോധ്യവും നല്‍കട്ടെ. ഈ ഹദീസില്‍ ഖുര്‍ആന്‍ പാരായണം നടത്തുന്നവര്‍ക്ക് വലിയ സന്തോഷ വാര്‍ത്തയാണ് അടങ്ങിയിട്ടുള്ളത്. തീര്‍ച്ചയായും അവര്‍ വലിയ മംഗള സന്തോഷങ്ങള്‍ക്ക് അര്‍ഹരമാണ്. 
ഈ ഹദീസില്‍ നിന്നും മനസ്സിലാകുന്ന മറ്റൊരു കാര്യം ഖുര്‍ആന്‍ പാരായണത്തിന്‍റെ പ്രതിഫലം കരസ്ഥമാക്കുന്നതിന് അതിന്‍റെ ആശയങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് പാരായണം ചെയ്യണമെന്ന നിബന്ധന ഇല്ലായെന്നതാണ്. കാരണം ഏതാനും സൂറത്തുകളുടെ ആരംഭത്തിലുള്ള അലിഫ് ലാം മീം പോലുള്ള വചനങ്ങള്‍ ആശയം അറിയപ്പെടാത്ത വചനങ്ങളാണ്. എന്നാല്‍ അവ പാരായണം ചെയ്യുന്നതിലൂടെയും ഉന്നത പ്രതിഫലം നല്‍കപ്പെടുന്നതാണെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. 
***********************

റബീഉല്‍ അവ്വല്‍ ഉപഹാരം
* സുഗന്ധ പുര്‍ണ്ണമായ പ്രവാചക തിരുഗുണങ്ങളെക്കുറിച്ചുള്ള ഒരു സമ്പൂര്‍ണ്ണ രചന

പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും  ചെയ്യുക
 

 شيم
 الحبيب

പ്രിയപ്പെട്ട പ്രവാചകന്റെ തിരുഗുണങ്ങൾ

  

ബിസ്മില്ലാഹ്....
അന്ത്യപ്രവാചകൻ സയ്യിദുൽ കൗനൈൻ ഖാതിമുന്നിബിയ്യീൻ മുഹമ്മദുർറസൂലുല്ലാഹി (സ)യുടെ ജീവിതവും സന്ദേശവും മഹത്തരമായത് പോലെ തിരുഗുണങ്ങളും വിശേഷണങ്ങളും വളരെ സുന്ദരവും സുമോഹനവുമാണ്. മഹാന്മാരായ പണ്ഡിത മഹത്തുക്കൾ ഇതിനെ ശമാഇൽ എന്ന പേരിൽ പ്രത്യേകം രചനകളിലായി സമാഹരിച്ചിട്ടുണ്ട്. ഈ കൂട്ടത്തിൽ വളരെ ഹൃസ്വമെങ്കിലും ആശയ സമ്പുഷ്ടമായ ഒരു രചനയാണ് മുഫ്തി ഇലാഹിബഖ്ശ് കാന്ദലവി രചിച്ച ശിയമുൽ ഹബീബ്. ആദരവായ റസൂലുല്ലാഹി (സ)യുടെ തിരുഗുണങ്ങളും സവിശേഷതകളും ആധികാരികവും സാരസമ്പൂർണ്ണവുമായ നിലയിൽ അനുരാഗ പൂർണ്ണം ഇതിൽ സമാഹരിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ സമുന്നത പണ്ഡിതവര്യനായ ഹകീമുൽ ഉമ്മത്ത് മൗലാനാ അഷ്‌റഫ് അലി ത്ഥാനവി (റ) നശ്‌റുത്തീബ് എന്ന പ്രവാചക പ്രകീർത്ത രചനയിൽ 21-ാം അദ്ധ്യായമായി ഈ രചനയെ സമ്പൂർണ്ണമായി മൊഴിമാറ്റം ചെയ്ത് കൊടുത്തിരിക്കുന്നു. 
ഇന്ത്യമഹാരാജ്യത്ത് നന്മയുടെ സംസ്ഥാപനത്തിന് വലിയ ത്യാഗങ്ങൾ ചെയ്യുകയും അവസാനം ആ മാർഗ്ഗത്തിൽ ശഹാദത്ത് വരിക്കുകയും ചെയ്ത അമീറുൽ മുഅ്മിനീൻ സയ്യിദ് അഹ്മദ് ശഹീദ് (റ)ന്റെ പ്രധാന ശിഷ്യനാണ് ഗ്രന്ഥ കർത്താവ്. ധാരാളം ഗ്രന്ഥങ്ങളുടെ രചയിതാവും മഹാപണ്ഡിതനും സയ്യിദിനേക്കാൾ പ്രായം കൂടിയ വ്യക്തിത്വം ആയിരുന്നിട്ടും സയ്യിദിന്റെ മഹത്വവും സമുന്നത ലക്ഷ്യവും ഉൽകൃഷ്ട മാർഗ്ഗവും മനസ്സിലാക്കിയതിനാൽ ഗ്രന്ഥകർത്താവ് സയ്യിദിന്റെ ശിഷ്യത്വം സ്വീകരിച്ചു. മഹാനരുടെ കുടുംബവും പരമ്പരയും ഇന്ത്യയിലെ ഇൽമിന്റെയും ദിക്‌റിന്റെയും ദഅ്‌വത്തിന്റെയും മഹത്തുക്കളുടെ കേന്ദ്രമാണ്. മഹാനായ ദാഇ മൗലാനാ മുഹമ്മദ് ഇൽയാസ് (റ), ശൈഖുൽ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യാ (റ) തുടങ്ങിയ മഹാത്മാക്കൾ ഈ കുടുംബത്തിലെ താരങ്ങളാണ്. ശൈഖുൽ ഹദീസ് റമദാനിലെ ഇഅ്തികാഫിന്റെ സന്ദർഭത്തിൽ ഈ രചന പാരായണം ചെയ്യാറുണ്ടായിരുന്നു. അല്ലാഹു ഇത് പഠിക്കാനും പകർത്താനും പ്രചരിപ്പിക്കാനും ഉതവി നൽകട്ടെ.  
 
ആമുഖം
അന്ത്യ പ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ)യുടെ തിരുഗുണങ്ങളെയും സവിശേഷതകളെയും കുറിച്ചുള്ള ഒരു ലഘുരചനയാണിത്. അഗാത പണ്ഡിതന്മാർ നിരവധി വാല്യങ്ങളിലായി ഇവകൾ സുദീർഘമായി വിവരിച്ചിട്ടുണ്ട്. എന്നാൽ എല്ലാവർക്കും അവ വായിക്കാനും പഠിക്കാനും സാധിക്കുന്നതല്ല. ഇത്തരുണത്തിൽ അവയുടെ വെളിച്ചത്തിൽ എല്ലാവർക്കും പ്രയോജനപ്രദവും ഹൃദ്യവുമായ ഒരു രചന തയ്യാറാക്കാൻ ആഗ്രഹമുദിച്ചു. നിരവധി രചനകൾ മുന്നിൽ വെച്ച് അത് പൂർത്തിയാക്കുകയും ചെയ്തു. മാന്യഅനുവാചകർ ഇത് ശ്രദ്ധിച്ച് വായിക്കുകയും ഹൃദസ്ഥമാക്കുകയും കഴിവിന്റെ പരമാവധി ഇത് ജീവിതത്തിൽ പകർത്തുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. 
അല്ലാഹുവേ, ഇത് എഴുതിയവർക്കും വായിക്കുന്നവർക്കും കേൾക്കുന്നവർക്കും ഓർമ്മ വെക്കുന്നർക്കും ഉദ്ധരിക്കുന്നവർക്കും രചിച്ച വ്യക്തിയ്ക്കും വിവർത്തനം ചെയ്തവർക്കും പൊറുത്ത് തരേണമേ.  


 
പ്രിയപ്പെട്ട പ്രവാചകന്റെ തിരുഗുണങ്ങൾ

അറബിയും ഹാശിമിയും മക്കിയ്യും മദനിയ്യും വിശ്വനായകനും വിശ്വസ്തനും സത്യം പറഞ്ഞവരും പറയപ്പെട്ടവരുമായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം)യെ ഞങ്ങളിലേക്കയച്ച അല്ലാഹുവിനാണ് സർവ്വ സ്തുതിയും.! റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ പ്രത്യേകമായി സ്‌നേഹിച്ചാദരിച്ച തിരുകുടുംബത്തിലും ആത്മ മിത്രങ്ങളിലും അല്ലാഹുവിൻറെ കരുണാ കടാക്ഷങ്ങൾ വർഷിക്കട്ടെ.! ഈയുള്ളവൻ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ സ്‌നേഹിക്കുന്നവനാണ്. പക്ഷേ തങ്ങളുമായുള്ള ബന്ധം കുറഞ്ഞു പോയിരിക്കുന്നു. തങ്ങളെ കാണാൻ കഴിഞ്ഞിട്ടുമില്ല. ഇത്തരുണത്തിൽ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ തിരുശരീരത്തെയും രൂപലാവണ്യങ്ങളെയും തിരുഗുണങ്ങളെയും വീടിനെയും നാടിനെയും കുറിച്ച് കുറേ കാര്യങ്ങൾ അനുസ്മരിക്കാൻ ആഗ്രഹിക്കുന്നു. ഇതിലൂടെ എന്റെ ബന്ധം സുദൃഢമാകുകയും മനസ്സിന് ആശ്വാസവും ഉന്നത പ്രതിഫലവും നരക ശിക്ഷയിൽ നിന്നും രക്ഷയും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ശഫാഅത്തും അനുവാചകരുടെ ദുആയും ലഭിക്കുമെന്ന് കരുതുകയും ചെയ്യുന്നു. നന്മകളുടെ വലിയ മാധ്യമങ്ങളൊന്നും എൻറെ പക്കലില്ല. പാപത്തിന്റെ വലിയ ഭാരം ഉണ്ട് താനും. ആകയാൽ, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ തിരുഗുണങ്ങൾ അനുസ്മരിക്കുന്നതിന് ആഗ്രഹിക്കുന്നു. അല്ലാഹു സ്വീകരിക്കട്ടെ.! 
       1. റസൂലുല്ലാഹി ﷺ യുടെ തിരുരൂപം: 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ തിരുരൂപവും ഗുണങ്ങളും അധികമായി അനുസ്മരിച്ചിരുന്ന ഹിന്ദുബ്‌നു അബീഹാല (റ) യോട് ഹസൻ (റ) റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ കുറിച്ച് ഓർമ്മ വെക്കാൻ ചില കാര്യങ്ങൾ വിവരിക്കണമെന്ന് അപേക്ഷിച്ചു. അദ്ദേഹം വിവരിച്ചു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) സ്വയം മഹത്തമുള്ളവരും മറ്റുള്ളവരുടെ ദൃഷ്ടിയിൽ മഹോന്നതനുമായിരുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ തിരുവദനം പതിനാലാം രാവിലെ പൂർണ്ണ ചന്ദ്രനെ പോലെ തിളങ്ങിയിരുന്നു.മധ്യമായ ഉയരത്തിൽ നിന്നും അൽപം ഉയരവും ഉയരമുള്ളവരേക്കാൾ അൽപം ഉയരക്കുറവുമുണ്ടായിരുന്നു. തിരുശിരസ്സ് മധ്യമായ നിലയിൽ വലുതായിരുന്നു. ശിരസ്സിലെ രോമങ്ങൾ നീളമുള്ളതിനോടൊപ്പം ചെറുതായി വളഞ്ഞിരുന്നു. കേശം നന്നായി വളർന്നിരിക്കുമ്പോൾ ചെവിച്ചോണയേക്കാളും മുന്നിട്ടിരുന്നു. നിറം തിളക്കമുള്ളതായിരുന്നു. നെറ്റിത്തടം വിശാലമായിരുന്നു. മൂക്ക് അൽപം ഉയർന്നതായിരുന്നു. അതിൽ ഒരു പ്രകാശം തിളങ്ങിയിരുന്നു. ആദ്യം കാണുന്നവർ മൂക്ക്  നീണ്ടതായി ധരിച്ചിരുന്നു. എന്നാൽ ശ്രദ്ധിച്ചു നോക്കിയാൽ അത് നീളമല്ല, പ്രകാശമാണെന്ന് വ്യക്തമാകുമായിരുന്നു. താടി ഇടതൂർന്നതായിരുന്നു.  കവിൾതടങ്ങൾ മൃദുവായതായിരുന്നു. വായ ചെറുതോ വളരെ വലുതോ ആയിരുന്നില്ല. തിരുദന്തങ്ങൾ നേർത്തതും വെളുത്ത് പ്രകാശിക്കുന്നതും ആയിരുന്നു. മുൻപല്ലുകൾക്കിടയിൽ ചെറിയ വിടവുണ്ടായിരുന്നു. അനുഗ്രഹീത കഴുത്ത് സുന്ദരവും നേർത്തതും വൃത്തിയുള്ളതും വെള്ളിപോലെ സുന്ദരവുമായിരുന്നു. 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ എല്ലാ അവയവങ്ങളും മധ്യമവും മാംസനിബിഡവുമായിരുന്നു. ശരീരം ഉറച്ചതും ശക്തവുമായിരുന്നു. വയറും നെഞ്ചും തുല്യമായിരുന്നു. നെഞ്ച് വീതിയേറിയതായിരുന്നു. സന്ധികളുടെ എല്ലുകൾ ശക്തവും വലുതുമായിരുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ശരീരത്തിന് വെളിയിൽ കാണപ്പെട്ടിരുന്ന അവയവങ്ങൾ തന്നെ പ്രകാശഭൂരിതമായിരുന്നു. അപ്പോൾ ശരീരത്തിന് അകത്തുള്ള ഭാഗവും എത്രമാത്രം പ്രഭാപൂർണ്ണമായിരിക്കും. നെഞ്ചു മുതൽ പൊക്കിൾ വരെ രോമത്തിന്റെ ഒരു വരയുണ്ടായിരുന്നു. അതല്ലാതെ നെഞ്ചിലും വയറ്റിലും രോമങ്ങളുണ്ടായിരുന്നില്ല. എന്നാൽ രണ്ട് തോളുകളിലും നെഞ്ചിൻറെ മുകളിലും അൽപം രോമം ഉണ്ടായിരുന്നു. രണ്ട് കൈപ്പത്തികളും പാദങ്ങളും* മാംസം നിറഞ്ഞതും മയമുള്ളതുമായിരുന്നു. കൈകാലുകളിലെ വിരലുകൾ ഒത്ത നീളമുള്ളതായിരുന്നു. ഉള്ളം കാൽ ഉയർന്നതായിരുന്നു. അതായത് നടക്കുമ്പോൾ ഭൂമിയിൽ തട്ടിയിരുന്നില്ല. തൃപ്പാദങ്ങൾ തുല്യമായതും പരിശുദ്ധവുമായിരുന്നു. ജലാംശം അതിൽ തട്ടി നിൽക്കുമായിരുന്നില്ല. ആദരവായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) രൂപത്തിലും സ്വഭാവത്തിലും എല്ലാം മറ്റു നബിമാരേക്കാൾ ഉന്നതനായിരുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ വിജ്ഞാനത്തിലും സഹനതയിലും ആരും തുല്യരല്ല. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നടക്കുമ്പോൾ പാദങ്ങൾ ശക്തിയോടെ ഉയർത്തുകയും മുന്നിലേക്ക് ചെറുതായി കുനിയുകയും പാദങ്ങൾ പതുക്കെ വെക്കുകയും പാദങ്ങൾ അടുപ്പിക്കാതെ വിശാലമായി നടക്കുകയും ചെയ്തിരുന്നു. എവിടേക്കെങ്കിലും തിരിയുമ്പോൾ ശരീരം മുഴുവൻ തിരിച്ചിരുന്നു. ദൃഷ്ടി, മുകൾ ഭാഗത്തേക്കാൾ കൂടുതലായി താഴ്ഭാഗത്തേക്ക് തിരിച്ചിരുന്നു. ലജ്ജയുടെ ആധിക്യം കാരണമായി ആരിലേക്കും ശിരസ്സ് പൂർണ്ണമായി ഉയർത്തി തുറിച്ച് നോക്കുകയില്ലായിരുന്നു. കൂട്ടുകാരെ മുന്നിൽ നടത്തിയിരുന്നു. ആരെയെങ്കിലും കണ്ടുമുട്ടുമ്പോൾ സലാം പറയുന്നതിൽ മുൻകടന്നിരുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) സദാ സമയവും സമുദായത്തിന്റെ ചിന്തയിൽ മുഴുകിയിരുന്നു. നിരന്തരം ദു:ഖിതനായി കാണപ്പെട്ടിരുന്നു. ഒരിക്കലും സമാധാനിക്കുന്നതായി കാണപ്പെട്ടിട്ടില്ല. ആവശ്യമില്ലാതെ സംസാരിക്കുകയില്ലായിരുന്നു. അധിക നേരവും നിശബ്ദമായി കഴിഞ്ഞിരുന്നു. സംസാരത്തിന്റെ ആദ്യന്തം വായ് തുറന്ന് സുവ്യക്തമായ നിലയിലായിരുന്നു. വാചകം കുറഞ്ഞതും ആശയം കൂടിയതുമായ വചനങ്ങൾ അരുളിയിരുന്നു. എല്ലാ വിഷയത്തിലും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ വാചകം അന്തിമമായിരുന്നു. വാക്കുകൾ ആവശ്യത്തേക്കാൾ കൂടുകയോ മനസ്സിലാകാത്ത നിലയിൽ കുറയ്ക്കുകയോ ചെയ്തിരുന്നില്ല. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സ്വഭാവം വളരെ മയമായിരുന്നു. ആരെയും നിന്ദിച്ചിരുന്നില്ല. ചെറിയ അനുഗ്രഹത്തെയും വലുതായി കണ്ടിരുന്നു. ആഹാരത്തെ കുറ്റം പറയുകയോ ആഗ്രഹം പ്രകടിപ്പിക്കുന്ന നിലയിൽ വാഴ്ത്തുകയോ ചെയ്തിരുന്നില്ല. സ്വന്തം കാര്യത്തിന് ഒരിക്കലും ദേഷ്യപ്പെടുകയോ പ്രതികാരം ചെയ്യുകയോ ചെയ്തിട്ടില്ല. എന്നാൽ സത്യസന്ദേശത്തെ ആരെങ്കിലും നിന്ദിച്ചാൽ തങ്ങളുടെ കോപം ആർക്കും തടുക്കാൻ കഴിഞ്ഞിരുന്നില്ല. അത് പൂർണ്ണമായി നിർവ്വഹിക്കപ്പെടുന്നതുവരെ തങ്ങൾ അടങ്ങിയിരിക്കുകയും ചെയ്തിരുന്നില്ല. സംസാരത്തിനിടയിൽ ആംഗ്യം കാണിക്കുമ്പോൾ കൈ മുഴുവനും കൊണ്ട് ആംഗ്യം കാണിച്ചിരുന്നു. വിരലുകൾ കൊണ്ട് ആംഗ്യം കാണിച്ചിരുന്നില്ല. കാരണം വിരലുകൾ കൊണ്ടുള്ള ആംഗ്യം വിനയത്തിന് എതിരാണ്. അല്ലെങ്കിൽ തൗഹീദ് (അല്ലാഹുവിന്റെ ഏകത്വം) സൂചിപ്പിക്കാൻ മാത്രമുള്ളതു കൊണ്ടായിരിക്കാം. ഏതെങ്കിലും കാര്യത്തിൽ അത്ഭുതം പ്രകടിപ്പിക്കുമ്പോൾ കൈ മലർത്തുമായിരുന്നു. സംസാരത്തിനിടയിൽ ചിലപ്പോൾ കൈ ചലിപ്പിച്ചിരുന്നു. ചിലപ്പോൾ ഇടതുകൈയുടെ തള്ള വിരൽ വലതു കൈപ്പത്തിയിൽ അമർത്തിയിരുന്നു. ആരോടെങ്കിലും ദേഷ്യം വരുമ്പോൾ മുഖം തിരിക്കുകയും അവഗണിക്കുകയും ചെയ്യുമായിരുന്നു. നിശബ്ദത പാലിക്കുമ്പോൾ ലജ്ജ കാരണം ദൃഷ്ടി താഴ്ത്തിയിരുന്നു. ചിരിയിൽ അധികവും പുഞ്ചിരിയായിരുന്നു. പുഞ്ചിരി തൂകുമ്പോൾ അനുഗ്രഹീത ദന്തങ്ങൾ ആലിപ്പഴങ്ങൾ പോലെ വെളുത്തു പ്രകാശിച്ചിരുന്നു.

يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 
عَلَي حَبِيبِكَ مَنْ زَاَنْتِ بِهِ الْعُصْرُ
 

2. നബവീ ജീവിത ശൈലി.! 
റസൂലുല്ലാഹി ﷺയെ കുറിച്ച് ജനങ്ങളിൽ ഏറ്റവും കൂടുതൽ അറിയുന്നയാളും അടുത്ത കുടുംബ ബന്ധമുള്ളവനും മനഃശാസ്ത്ര വിദഗ്ദനും ഭാഷാനിപുണനുമായ അലിയ്യ് (റ) അവിടുത്തെ സമുന്നത സ്വഭാവത്തെ ഇപ്രകാരം വർണ്ണിക്കുന്നു: 
റസൂലുല്ലാഹി ﷺപ്രകൃതിപരമായി മോശമായ സംസാരങ്ങളിൽ നിന്നും ലജ്ജാവഹമായ പ്രവർത്തനങ്ങളിൽ നിന്നും അകന്നു കഴിഞ്ഞിരുന്നു. മനപ്പൂർവം മോശമായ പ്രവൃത്തികൾ ചെയ്യുമായിരുന്നില്ല.  അങ്ങാടിയിലൂടെ ആർത്തട്ടഹസിച്ചു നടക്കുന്നവരായിരുന്നില്ല. തിന്മയോട് തിന്മ കൊണ്ട് പ്രതികരിച്ചിരുന്നില്ല. മറിച്ച് അവഗണിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്തിരുന്നു. ജിഹാദിന്റെ സന്ദർഭത്തിലൊഴികെ ഒന്നിനെയും തിരുകരങ്ങൾ കൊണ്ട് അടിച്ചിട്ടില്ല. ഭൃത്യന്മാരെയോ ഭാര്യമാരെയോ മർദ്ദിച്ചിട്ടില്ല. അല്ലാഹുവിന്റെ നിയമങ്ങൾ പിച്ചിച്ചീന്തപ്പെടുമ്പോഴല്ലാതെ അതിക്രമം പ്രവർത്തിച്ചവരോട് പ്രതികാരം ചെയ്തിട്ടില്ല. അല്ലാഹുവിന്റെ കല്പനകൾക്ക് വിരുദ്ധമായ പ്രവൃത്തി കാണുമ്പോൾ ജനങ്ങളിൽ എറ്റവും കൂടുതൽ ദേഷ്യപ്പെടുന്നത് റസൂലുല്ലാഹി ﷺ ആയിരുന്നു. രണ്ടിലൊരു കാര്യം തെരഞ്ഞെടുക്കേണ്ടി വരുമ്പോൾ എറ്റവും എളുപ്പമായതു തെരഞ്ഞെടുക്കും. സ്വന്തം വീട്ടിൽ സാധാരണക്കാരെപ്പോലെ  വസ്ത്രങ്ങൾ വൃത്തിയാക്കുകയും ആടുകളെ കറക്കുകയും മറ്റാവശ്യങ്ങളെല്ലാം സ്വയം നിർവഹിക്കുകയും ചെയ്തിരുന്നു.
അനാവശ്യ കാര്യങ്ങളിൽ നിന്നു നാവിനെ സൂക്ഷിച്ചിരുന്നു. ആവശ്യമുള്ള കാര്യങ്ങൾക്കു വേണ്ടി മാത്രമെ നാക്കിനെ ചലിപ്പിച്ചിരുന്നുള്ളൂ. ഓരോ വിഭാഗത്തിലെയും ശ്രേഷ്ഠരെ ആദരിക്കുകയും തന്റെ വിഭാഗത്തിന്റെ ഉത്തരവാദിത്ത്വമേൽക്കുകയും ചെയ്തിരുന്നു. ജനങ്ങളുടെ ഉപദ്രവങ്ങളിൽ നിന്നു സ്വയം സൂക്ഷ്മത പാലിച്ചിരുന്നു. എന്നാൽ, ആരോടും മുഖം കറുപ്പിച്ചു കാണിക്കുകയോ നല്ല പെരുമാറ്റം ഉപേക്ഷിക്കുകയോ ചെയ്തിരുന്നില്ല.സ്വഹാബികളിൽ ആരെയെങ്കിലും കണ്ടില്ലെങ്കിൽ അന്വേഷിക്കുമായിരുന്നു. ജനങ്ങളിൽ നടക്കുന്ന കാര്യങ്ങൾ അവരോട് അന്വേഷിച്ച് മനസ്സിലാക്കുമായിരുന്നു. നന്മകളെ നന്നായി കാണുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും മോശമായവയെ മോശമായി കാണുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യും. കാര്യങ്ങളിൽ മധ്യമ നിലപാട് സ്വീകരിക്കുമായിരുന്നു. ജനങ്ങൾ അവഗണിക്കുകയും മടി കാണിക്കുകയും ചെയ്യുമോ എന്നു ഭയന്ന് എല്ലാകാര്യങ്ങളിലും അവിടുന്ന് ജാഗ്രത പുലർത്തിയിരുന്നു. ഓരോ അവസ്ഥയ്ക്കും അനുയോജ്യമായ ഒരുക്കങ്ങൾ നടത്തിയിരുന്നു. കാര്യങ്ങൾ തുറന്നു പറയുന്നതിൽ കുറവ് വരുത്തുകയോ കൂട്ടുകയോ ചെയ്തിരുന്നില്ല. തിരുദൂതരോട് ഏറ്റവും കൂടുതൽ അടുപ്പം കരസ്ഥമാക്കിയവർ ജനങ്ങളിലെ ഏറ്റവും ഉത്തമരായ ആളുകളായിരുന്നു. റസൂലിനടുത്ത് ഏറ്റവും കൂടുതൽ ശ്രേഷ്ഠതയും സ്ഥാനവുമുണ്ടായിരുന്നത് കൂടുതൽ നന്മ ചെയ്യുകയും സ്വന്തം സമ്പത്തും ശരീരവും ഉപയോഗിച്ച് ജനങ്ങളുടെ അവസ്ഥ നന്നാക്കാൻ പരിശ്രമിക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്നവർക്കായിരുന്നു. ഇരിക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അല്ലാഹുവിനെ  സ്മരിച്ചിരുന്നു. ആളുകളെ കവച്ചു കടക്കാതെ സദസ്സ് എത്തിനിൽക്കുന്നിടത്ത് ഇരിക്കുകയും അപ്രകാരം ചെയ്യാൻ കല്പിക്കുകയും ചെയ്തു. ഓരോ സദസ്യനും അർഹതയ്ക്കനുസരിച്ച് സ്ഥാനങ്ങൾ നൽകിയിരുന്നു. അവിടുത്തെ സദസ്സിലിരിക്കുന്ന ഒരാൾക്കും തന്നെക്കാൾ ശ്രേഷ്ഠതയുള്ള ആരെങ്കിലും ആ സദസ്സിലുണ്ടെന്ന് തോന്നിയിരുന്നില്ല. ആരെങ്കിലും കൂട്ടത്തിൽ വന്നിരിക്കുകയോ എന്തെങ്കിലും ആവശ്യത്തിനായി പറയുകയോ ബന്ധപ്പെടുകയോ ചെയ്താൽ അദ്ദേഹം സ്വയം പിരിഞ്ഞു പോകുന്നതുവരെ റസൂലുല്ലാഹി ﷺ ക്ഷമയോടെ നിന്നിരുന്നു. എന്തെങ്കിലും ആവശ്യപ്പെട്ടു വരുന്നവരെ അത് നിർവ്വഹിച്ചു കൊടുക്കാതെ മടക്കിയിരുന്നില്ല. എന്തെങ്കിലും കാരണത്താൽ അത് നിർവ്വഹിച്ചു കൊടുക്കാൻ സാധിക്കുന്നില്ലെങ്കിൽ നല്ല വാക്കുകൾ പറഞ്ഞ് മടക്കി അയച്ചിരുന്നു. ജനങ്ങൾക്കു വേണ്ടി തന്റെ മനസ്സ് തുറന്ന് വെക്കുകയും നല്ല സ്വഭാവത്തോടെ അവരോട് പെരുമാറുകയും ചെയ്തിരുന്നു. റസൂലുല്ലാഹി ﷺ അവർക്ക് പിതാവു പോലെയായിരുന്നു. അവർ റസൂലുല്ലാഹി ﷺ യുടെയടുത്ത് അവകാശങ്ങളിൽ തുല്യ പങ്കാളികളായിരുന്നു. റസൂലുല്ലാഹി ﷺയുടെ സദസ്സുകൾ അറിവിന്റെയും ലജ്ജയുടെയും ക്ഷമയുടെയും വിശ്വസ്തതയുടെയും സദസ്സുകളായിരുന്നു. ശബ്ദ കോലാഹലങ്ങളും ആരോപണപ്രത്യാരോപണങ്ങളും ആരുടെയെങ്കിലും ന്യൂനത പരസ്യപ്പെടുത്തലും നിന്ദിക്കലും അവിടെ ഉണ്ടായിരുന്നില്ല. എല്ലാവരും സമന്മാരായിരുന്നു. അല്ലാഹുവിനോടുള്ള ഭയഭക്തിയാണ് ആളുകളെ ശ്രേഷ്ഠരാക്കിയിരുന്നത്. ആ സദസ്സുകളിൽ ജനങ്ങൾ മുതിർന്നവരെ ആദരിക്കുകയും ഇളയവരോട് കരുണകാണിക്കുകയും ചെയ്തിരുന്നു. ആവശ്യക്കാർക്കു മുൻഗണന നല്കിയിരുന്നു. പരദേശികൾക്ക് സംരക്ഷണം കൊടുത്തിരുന്നു''.  
അലിയ്യ് (റ) തുടരുന്നു: ''റസൂലുല്ലാഹി ﷺ സദാ മുഖപ്രസന്നതയുള്ളവരും സൽസ്വഭാവിയുമായിരുന്നു. കഠിനവാക്കുകൾ പറയുന്നവനോ പരുഷ പ്രകൃതിക്കാരനോ ആർത്തട്ടഹസിച്ചു നടക്കുന്നയാളോ ആളുകളെ ആക്ഷേപിക്കുന്നവനോ ലുബ്ധനോ ആയിരുന്നില്ല. ഇഷ്ടമില്ലാത്ത കാര്യങ്ങൾ അവഗണിച്ചിരുന്നു. എന്നാൽ, അതിൽനിന്നു മറ്റുള്ളവരെ നിരാശപ്പെടുത്തുകയുമില്ല. മൂന്നു കാര്യങ്ങളിൽ നിന്നും പൂർണ്ണമായും ഒഴിവായിരുന്നു.  തർക്കം, അഹങ്കാരം, അനാവശ്യ കാര്യങ്ങൾ. ജനങ്ങളെ മൂന്നു കാര്യങ്ങളിൽ നിന്നും ഒഴിവാക്കി. അതായത്, ആരെയും ആക്ഷേപിക്കുകയില്ലായിരുന്നു. ന്യൂനത തേടിപ്പിടിക്കുകയില്ലായിരുന്നു. അവരുടെ രഹസ്യങ്ങൾ അന്വേഷിക്കുകയില്ലായിരുന്നു. പ്രതിഫലം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന വിഷയങ്ങളിലല്ലാതെ റസൂലുല്ലാഹി ﷺ സംസാരിച്ചിരുന്നില്ല. 
തിരുേമനി സംസാരിക്കുമ്പോൾ സദസ്യർ അവരുടെ തലകളിൽ പക്ഷികളിരിക്കുന്നതുപോലെ നിശബ്ദതയോടെയും അച്ചടക്കത്തോടെയും ശ്രദ്ധിച്ചിരുന്നു. സംസാരം നിർത്തുമ്പോൾ എന്തെങ്കിലും പറയുവാനുള്ളവർ അതു പറയും. റസൂലിന്റെ അടുക്കൽ വെച്ച് അവർ തർക്കിച്ചിരുന്നില്ല. സദസ്സിലൊരാൾ സംസാരിക്കുമ്പോൾ അദ്ദേഹം നിർത്തുന്നത് വരെ മറ്റുള്ളവർ സംസാരിച്ചിരുന്നില്ല. എത്ര കൂടുതൽ ആളുകൾ സംസാരിച്ചാലും താൽപര്യപൂർവം തിരുനേി അവരെയെല്ലാം ശ്രദ്ധിച്ചിരുന്നു. അവരുടെ തമാശകളിൽ പങ്കുചേരുകയും അവർ ചിരിക്കുമ്പോൾ അവിടുന്ന് അതുപോലെ ചിരിക്കുകയും അത്ഭുതപ്പെടുമ്പോൾ അത്‌പോലെ അത്ഭുതപ്പെടുകയും ചെയ്തിരുന്നു. പരദേശികളുടെ കഠിന സംസാരങ്ങളും ചോദ്യങ്ങളും ക്ഷമിച്ചിരുന്നു. അവസാനം സ്വഹാബികൾ ഇത്തരക്കാരെ അവരിലേക്ക് വിളിച്ചു റസൂലിൽനിന്നു മാറ്റിനിർത്തിയിരുന്നു. റസൂലുല്ലാഹി ﷺ ഇപ്രകാരം അരുളുമായിരുന്നു: ''ആവശ്യക്കാരാരെയെങ്കിലും കണ്ടാൽ അവരെ  നിങ്ങൾ സഹായിക്കുക.'' അനുയോജ്യമായ അളവിൽ മാത്രമേ പ്രശംസകൾ സ്വീകരിച്ചിരുന്നുള്ളൂ. പരിധിലംഘിക്കുന്നത് വരെ ഒരാളുടെ സംസാരത്തെയും തടഞ്ഞിരുന്നില്ല. അനുവദനീയമല്ലാത്തവ സംസാരിക്കുമ്പോൾ വിലക്കുകയോ സദസ്സിൽ നിന്നെഴുന്നേറ്റു പോവുകയോ ചെയ്തു കൊണ്ട് സംസാരം നിർത്തിക്കുമായിരുന്നു. 
ജനങ്ങളിലേറ്റവും വിശാല ഹൃദയമുള്ളവരും സത്യം മാത്രം സംസാരിക്കുന്നവരും മയമായ പ്രകൃതക്കാരനും ശ്രേഷ്ഠമായ കുടുംബ പാരമ്പര്യമുള്ളവരുമായിരുന്നു റസൂലുല്ലാഹി ﷺ ആദ്യമായി തിരുമേനിയെ കാണുന്നവർ ഗാംഭീര്യം കണ്ട് ഭയന്നുപോകുമായിരുന്നു. എന്നാൽ റസൂലുമായി ഇടപഴകിയാൽ സ്‌നേഹിക്കുമായിരുന്നു. തിരുദൂതരെ വർണിച്ചവരെല്ലാം പറയുന്നു: 'റസൂലിനു മുമ്പും ശേഷവും അവിടുന്നിനു തുല്യനായ ഒരാളെയും ഞാൻ കണ്ടിട്ടില്ല.'
അല്ലാഹു അവന്റെ റസൂലിന് സൗന്ദര്യത്തിന്റെയും സമ്പൂർണ്ണതയുടെയും പുടവ ധരിപ്പിക്കുകയും ഗാംഭീര്യവും സ്‌നേഹവും ഹൃദ്യതയും ചൊരിയുകയും ചെയ്തിരുന്നു. 
ഹിന്ദുബ്‌നു അബീഹാല പറയുന്നു: ''റസൂലുല്ലാഹി ﷺ ഗാംഭീര്യമുള്ളവരും ജനങ്ങളുടെ കണ്ണിൽ ഉന്നതരുമായിരുന്നു. പതിനാലാം രാവിലെ പൂർണ്ണ ചന്ദ്രനെ പ്പോലെ തിരുവദനം തിളങ്ങിയിരുന്നു.'' 

يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 
عَلَي حَبِيبِكَ مَنْ زَاَنْتِ بِهِ الْعُصْرُ

3. തിരുരൂപം: 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ തിരുരൂപത്തെ കുറിച്ച് മഹാന്മാരായ അനസ് (റ), അബൂ ഹുറയ്‌റ (റ), ബറാഇബ്‌നു ആസിബ് (റ), ആഇശ (റ), അബൂ ജുഹ്ഫ (റ) മുതലായ ധാരാളം മഹാന്മാർ വിവരിച്ചിട്ടുണ്ട്. അവയിൽ ചില വചനങ്ങൾ ഇവിടെ കൊടുക്കുന്നു: ജാബിറുബ്‌നു സമുറ (റ) വിവരിക്കുന്നു. ഒരു ചന്ദ്രികരാവ് എന്റെ മുന്നിൽ രണ്ട് പൂർണ്ണചന്ദ്രൻമാരെ ഞാൻ കണ്ടു. ആകാശത്തുള്ള ചന്ദ്രനെയും ഭൂമിയിലുള്ള ചന്ദ്രനെ (റസൂലുല്ലാഹി ﷺ യും ഞാൻ മാറിമാറി നോക്കി. ചുവന്ന വരകളുള്ള വസ്ത്രം ധരിച്ച ഭൂമിയിലെ ചന്ദ്രൻ ആകാശത്തുള്ള ചന്ദ്രനെക്കാൾ അതിസുന്ദരനാെണന്ന് തീരുമാനമെടുക്കാൻ എനിക്ക് കൂടുതൽ സമയമെടുക്കേണ്ടിവന്നില്ല. (തിർമിദി 2811) 
ജാബിർ (റ) തന്നെ പ്രസ്താവിക്കുന്നു. 'പതിവ് പോലെ ഞാനൊരിക്കൽ ളുഹർ നമസ്‌ക്കാരം ജമാഅത്തായി ഹബീബിന്റെ പിന്നിൽ നിന്നു നമസ്‌ക്കരിച്ചു. ശേഷം ഞങ്ങൾ പുറത്തേക്കിറങ്ങിനിന്നു. ഞാനും കൂട്ടത്തിൽ കൂടി. വഴിയരികിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ കവിളുകളിൽ അവിടുന്ന് കരുണയോടെ തടകിക്കൊണ്ടിരുന്നു. ഭാഗ്യത്തിന് കുട്ടിയായിരുന്ന എന്നെയും തങ്ങൾ തടകി. സുഗന്ധ പാത്രത്തിൽ നിന്നും ഉയർത്തിയ കരം പോലെ തിരുകരത്തിന്റെ തണുപ്പും സുഗന്ധവും എനിക്ക് അനുഭവപ്പെട്ടു.' (മുസ്‌ലിം 6052)
അബുജുഹൈഫ (റ) വിവരിക്കുന്നു: ''റസൂലുല്ലാഹി ﷺയുടെ തിരുകരം പിടിച്ച് വിശ്വാസികൾ ഐശ്വര്യത്തിനായി അവരുടെ മുഖങ്ങളിൽ തടവുകയായിരുന്നു. ഞാനും അങ്ങനെ ചെയ്തു. തദവസരം ആലിപ്പഴത്തേക്കാൾ തണുപ്പും കസ്തൂരിയേക്കാൾ സുഗന്ധവും എനിക്കനുഭവപ്പെട്ടു'' (ബുഖാരി 3553).
ഇതാണ് നുബുവ്വത്തിന്റെ പൂർണ്ണ ചന്ദ്രൻ. സൂര്യൻ ഉദിക്കുന്നതായി തങ്ങളെ കണ്ടാൽ അനുഭവെപ്പട്ടിരുന്നു. ദൂരെനിന്നും നോക്കിയാൽ അത്യന്തം സുന്ദരം. അടുത്തുനിന്നു കണ്ടാൽ അത്യാകർഷകം (ദലാഇൽ 1/279) സൗന്ദര്യ-സൗരഭ്യങ്ങളുടെ ഒരു ഗാംഭീര്യരൂപം. അല്ലാഹുവിന്റെ ഉന്നതശേഷിയുടെ ഉത്തമ ഉദാഹരണം. മനുഷ്യൻതന്നെ; പക്ഷെ, മലക്കുകളേക്കാൾ പ്രകാശ പൂരിതവും പരിശുദ്ധവും ആയ വദനം. സൂര്യനേക്കാൾ തിളക്കം നക്ഷത്രക്കൂട്ടങ്ങൾക്കിടയിൽ പൂർണ്ണ ചന്ദ്രൻ. വിശാലമായ നെറ്റിത്തടം രാത്രിയിലെ ഇരുളിലും തിളങ്ങുന്നു. തലയ്ക്കുമീതെ കറുത്ത തലപ്പാവ്. കഴുത്തിലേക്കിറങ്ങിയ കറുത്തതലമുടി. സുറുമയിട്ട നയനങ്ങൾ. മൃദുവായ കവിൾതടം. വലിയ ഇമകൾ. പുഞ്ചിരിതൂകുന്ന ചുണ്ടുകൾ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നു. ചുരുക്കത്തിൽ പ്രപഞ്ചത്തിന്റെ സൗന്ദര്യം മുഴുവൻ ഈ വിശുദ്ധ വദനത്തിൽ സംഗമിച്ചിരിക്കുന്നു. 
മദ്ധ്യമായ ഉയരം വളരെ കൂടുതലുമില്ല കുറവുമില്ല. എങ്കിലും അൽപം നീളം ഉണ്ടായിരുന്നു. ചുവപ്പ് കലർന്ന വെളുപ്പാണ് നിറം. ചുണ്ണാമ്പ്‌പോലെ വെളുപ്പോ ഗോതമ്പുപോലെ തവിട്ടോ അല്ല. എന്നാൽ, യാത്രയുടെ ആധിക്യവും വെയിലിന്റെ ചൂടും കാരണമായി ഗോതമ്പ് നിറമായി തോന്നുമായിരുന്നു. വീർത്തതോ മെലിഞ്ഞതോ അല്ലാത്ത ഒത്ത ശരീരം. നീണ്ട മുടിയിൽ ചെറിയ ചുരുൾ ഉണ്ടായിരുന്നു. അതിൽ എണ്ണയിട്ട് നന്നായി ചീകിയിരുന്നു. തലപ്പാവിനടിയിൽ തൊപ്പി ധരിച്ചിരുന്നു. (അബുദാവൂദ് 4078).
വിശാലമായ തോളുകൾ, മദ്ധ്യമവും ഉയർന്നതും സുന്ദരവുമായ കഴുത്ത്. വെയിലിലും കാറ്റിലും കഴുത്തിന്റെ ഭാഗം സ്വർണ്ണം പൂശപ്പെട്ട വെള്ളിപോലെ തിളങ്ങിയിരുന്നു. മൃദുലമായ കവിൾതടങ്ങളിൽ സന്തോഷ സന്ദർഭങ്ങളിൽ ചെറിയ വരകൾ പ്രകാശിച്ചിരുന്നു. കോപിക്കുമ്പോൾ നയനങ്ങൾ ചുവക്കുകയും നിറ വ്യത്യാസം സംഭവിക്കുകയും ചെയ്തിരുന്നു. ധാടി ഇടതൂർന്നിരുന്നു. മീശകൾ പിതാമഹൻ ഇബ്‌റാഹിം (അ)നെപ്പോലെ വളരെ ചെറുതാക്കിയിരുന്നു. (ബുഖാരി 3545). ഇരുപതോളം രോമങ്ങൾ നരച്ചിരുന്നു. അനുഗ്രഹീത പല്ലുകൾ അത്യന്തം സുന്ദരവും ചെറുതും പ്രകാശിതവും ആയിരുന്നു. പുഞ്ചിരി തൂകുമ്പോൾ ആലിപ്പഴങ്ങൾ പോലെ തിളങ്ങിയിരുന്നു. (ദലാഇൽ 1/303). രണ്ട് മുൻപല്ലുകൾക്കിടയിൽ അൽപം അകൽച്ച ഉണ്ടായിരുന്നു. സംസാരിക്കുമ്പോൾ അതിനിടയിൽ നിന്നും ചെറിയ തിളക്കം പുറപ്പെട്ടിരുന്നു.
വിശാലവും ഒത്തതുമായ നെഞ്ച്. അൽപം ഉയർന്നതായി തോന്നിക്കുന്ന മൂക്ക്. വലുതും സുന്ദരവുമായ വായ. ചെറുതും തിങ്ങിയതും പരസ്പരം ചേരാത്തതുമായ പുരികങ്ങൾ.  അതിനിടയിലെ ഞരമ്പ് കോപസമയത്ത് വീർത്തിരുന്നു. വിശാലവും നീണ്ടതുമായ കൈക്കുഴ. അതിൽ സുന്ദരമായ ചെറിയ രോമങ്ങൾ. മൃദുലമായ തൊലി. നീണ്ട ഹൃദ്യമായ ചെവി. വിശാലവും ഉറച്ചതുമായ തോളുകൾ. വിശാലവും മാംസളവും പട്ടിനെക്കാൾ മയവുമായ കൈപ്പത്തികൾ. ഉപ്പൂറ്റിയിൽ മാംസം കുറഞ്ഞ കാരണത്താൽ അസാധാരണമായ സൗന്ദര്യം. വിശുദ്ധ വയറ്റിലും, നെഞ്ചിലും രോമമില്ല, എന്നാൽ നെഞ്ച് മുതൽ വയറ് വരെ രോമത്തിന്റെ ചെറിയ ഒരു വരയുണ്ട്. ഇപ്രകാരം തോളിലും നെഞ്ചിനുമുകളിലും അൽപം രോമം ഉണ്ട്. ഇരു തോളുകൾക്കിടയിൽ മുട്ടപോലെ ചുവന്ന ഒരു ഇറച്ചി കഷ്ണം ഉണ്ട്. നുബുവ്വത്തിന്റെ സീൽ എന്നപേരിൽ അത് അറിയപ്പെടുന്നു. അതിൽ ഏതാനും രോമങ്ങൾ ഉണ്ട്. 
വലതുകൈയ്യിലെ വിരലിൽ വെള്ളിയുടെ ഒരു മോതിരം ഉണ്ട്. 'മുഹമ്മദുർ റസുലുല്ലാഹ്' എന്ന് മൂന്ന് വരിയിലായി അതിൽ രേഖപ്പെടുത്തിയിരിക്കുന്നു. വിസർജ്ജന സമയം അത് അഴിച്ച് വയ്ക്കും. തൃപ്പാദത്തിൽ രണ്ട് വള്ളികളുള്ള തോലിന്റെ ഒരു ചെരുപ്പുണ്ട്. മുണ്ട് നന്നായി കയറ്റി ഉടുത്തിരുന്നു. വിയർപ്പ് കസ്തൂരിയേക്കാൾ സുഗന്ധപൂർണ്ണം. ഒരു വഴിയിലൂടെ കടന്ന് പോകുമ്പോൾ അവിടെ ദീർഘ നേരം സുഗന്ധം അനുഭവപ്പെട്ടിരുന്നു. 
പിതാമഹന്മാരിൽ ഇബ്‌റാഹിം നബി (അ)നോടും സന്താനങ്ങളിൽ ഹസനിബ്‌നു അലി (റ)വിനോടും ഏറ്റവും കൂടുതൽ സാദൃശ്യം. ഹസ്സാനിബിനു സാബിത്ത് പാടിയത് സത്യം തന്നെ; ''തങ്ങളെപ്പോലെ സുന്ദരനെ ഇന്നുവരെ കണ്ണുകൾ കണ്ടിട്ടില്ല, തങ്ങളെപ്പോലെ സുമോഹനനെ ഒരു മാതാവും പ്രസവിച്ചിട്ടുമില്ല. എല്ലാ ന്യൂനതകളിൽ നിന്നും മുക്തനായി തങ്ങളെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. തങ്ങൾ വിചാരിച്ചതുപോലെ തങ്ങളെ സൃഷ്ടിച്ചതുപോലുണ്ട്''

يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 
عَلَي حَبِيبِكَ مَنْ زَاَنْتِ بِهِ الْعُصْرُ

4. പ്രവാചക സുഗന്ധം: 
അനസ് (റ) പറയുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെക്കാൾ ഉന്നതമായ സുഗന്ധമുള്ള ആരെയും ഒന്നിനെയും ഞാൻ കണ്ടിട്ടില്ല. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഹസ്തദാനം ചെയ്യുമ്പോൾ പകൽ മുഴുവനും കൈകളിൽ സുഗന്ധം അനുഭവപ്പെട്ടിരുന്നു. ഏതെങ്കിലും കുട്ടികളുടെ ശിരസ്സിൽ തടകിയാൽ ഇതര കുട്ടികൾക്കിടയിൽ സുഗന്ധം കാരണം തിരിച്ചറിയപ്പെട്ടിരുന്നു. അനസ് (റ) ന്റെ മാതാവ് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ വിയർപ്പ് തുള്ളികൾ ഒരുമിച്ച് കൂട്ടി. അതിനെ കുറിച്ച് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ചോദിച്ചപ്പോൾ ഞങ്ങൾ ഇത് സുഗന്ധത്തിൽ ചേർക്കാറുണ്ടെന്നും അപ്പോൾ ഇത് സമുന്നത സുഗന്ധമാണെന്നും അവർ പറഞ്ഞു. ജാബിർ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഒരു വഴിയിലൂടെ പോകുമ്പോൾ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ അന്വേഷിക്കുന്നവർ സുഗന്ധം കാരണം ഈ വഴിയിലൂടെ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പോയിട്ടുണ്ടെന്ന് മനസ്സിലാക്കുമായിരുന്നു. ഇസ്ഹാഖ് ബിൻ റാഹവൈഹി (റ) പ്രസ്താവിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സുഗന്ധം, സുഗന്ധം പുരട്ടാതെയുള്ളതായിരുന്നു. ജാബിർ (റ) വിവരിക്കുന്നു. ഞാനൊരിക്കൽ റസൂലുല്ലാഹി ﷺ യുടെ പിന്നിൽ യാത്ര ചെയ്തു. തദവസരം തോൾ ഭാഗത്തുണ്ടായിരുന്ന നുബുവ്വത്തിന്റെ ചിഹ്നം എന്റെ മുഖത്ത് തട്ടി. അതിൽ നിന്നും കസ്തൂരിയുടെ സുഗന്ധം പ്രവഹിക്കുന്നുണ്ടായിരുന്നു.! റസൂലുല്ലാഹി ﷺ വിസർജ്ജനത്തിന് പോകുമ്പോൾ ഭൂമി പിളർന്ന് അവയെ വിഴുങ്ങുമായിരുന്നു. അവിടെ നിന്നും അങ്ങേയറ്റത്തെ സുഗന്ധം ഉയർന്നിരുന്നു. അത് കൊണ്ട് തന്നെ റസൂലുല്ലാഹി ﷺ യുടെ വിസർജ്ജ്യങ്ങൾ പരിശുദ്ധമാണെന്ന് പണ്ഡിതർ പറഞ്ഞിരിക്കുന്നു. മാലിക് ബിൻ സിനാർ (റ) പറയുന്നു. ഉഹ്ദ് ദിനം റസൂലുല്ലാഹി ﷺ യുടെ രക്തം പാനം ചെയ്തു. അപ്പോൾ റസൂലുല്ലാഹി ﷺ അരുളി: ഈ രക്തത്തെ നരകാഗ്നി സ്പർശിക്കുന്നതല്ല. അതായത് ഇത് പാനം ചെയ്ത വ്യക്തി ഒരിക്കലും നരകത്തിൽ പോകുന്നതല്ല. അബ്ദുല്ലാഹിബ്‌നു സുബൈർ (റ) റസൂലുല്ലാഹി ﷺ കൊമ്പ് വെച്ച് പുറത്തെടുത്ത രക്തം കുടിക്കുകയുണ്ടായി. റസൂലുല്ലാഹി ﷺ യുടെ സേവകരായ ബരകത്ത് (റ), ഉമ്മു അയ്മൻ (റ) ഇരുവരും റസൂലുല്ലാഹി ﷺ യുടെ മൂത്രം കുടിക്കുകയുണ്ടായി. ഞങ്ങൾക്ക് മധുരപാനീയം കുടിക്കുന്നത് പോലെ അനുഭവപ്പെട്ടു. 
റസൂലുല്ലാഹി ﷺ ജന്മനാ ചേലാകർമ്മം ചെയ്യപ്പെട്ടവരും പൊക്കിൾക്കൊടി മുറിക്കപ്പെട്ടവരുമായിരുന്നു. സുറുമ ഇടാതെ തന്നെ ഇട്ടത് പോലെ അനുഭവപ്പെട്ടിരുന്നു. മാതാവ് പറയുന്നു: ഞാൻ പ്രസവിച്ചപ്പോൾ കുഞ്ഞിന് യാതൊരു മാലിന്യവുമില്ലാതെ പരിശുദ്ധമായിരുന്നു. റസൂലുല്ലാഹി ﷺ യുടെ ഉറക്കത്തിലൂടെ വുളൂഅ് മുറിഞ്ഞിരുന്നില്ല. അതായത് ഉറക്കത്തിന്റെ സമയത്തും അശുദ്ധി സംഭവിക്കുന്നതിൽ നിന്നും പരിശുദ്ധരായിരുന്നു. 

يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 
عَلَي حَبِيبِكَ مَنْ زَاَنْتِ بِهِ الْعُصْرُ

5. മാനസിക-ശാരീരിക ശേഷികൾ: 
വഹബ് ബിൻ മുനബ്ബഹ് പ്രസ്താവിക്കുന്നു. ധാരാളം ഗ്രന്ഥങ്ങളിൽ ഞാൻ ഇപ്രകാരം വായിച്ചു. റസൂലുല്ലാഹി ﷺ ഏറ്റവും വലിയ ബുദ്ധിമാനായിരുന്നു. റസൂലുല്ലാഹി ﷺ യുടെ അഭിപ്രായം അതിശ്രേഷ്ഠമായിരുന്നു. വെളിച്ചത്തിൽ കാണുന്നത് പോലെ ഇരുളിലും റസൂലുല്ലാഹി ﷺ കാണുമായിരുന്നു. അടുത്തത് കാണുന്നത് പോലെ അകന്നതും കണ്ടിരുന്നു. മുന്നിലുള്ളത് പോലെ പിന്നിലുള്ളതും കണ്ടിരുന്നു. എത്യോപ്യയിലുള്ള നജ്ജാശി രാജാവിന്റെ മൃതദേഹം റസൂലുല്ലാഹി ﷺ ദർശിക്കുകയും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കുകയും ചെയ്തു. ഖുറൈശികൾ വെല്ല് വിളിച്ചപ്പോൾ മക്കാ മുകർറമയിൽ നിന്നും ബൈത്തുൽ മുഖദ്ദസിലേക്ക് നോക്കിക്കൊണ്ട് കാര്യങ്ങൾ വിവരിച്ച് കൊടുത്തു. മദീനാ മുനവ്വറയിൽ മസ്ജിദ് നിർമ്മിച്ചപ്പോൾ കഅ്ബാ ശരീഫയെ കാണുകയുണ്ടായി. റസൂലുല്ലാഹി ﷺ വിവിധ നക്ഷത്രങ്ങളെ കാണുമായിരുന്നു. 
റസൂലുല്ലാഹി ﷺ വലിയ ശക്തിമാനായിരുന്നു. അന്നത്തെ വലിയ മല്ലനായിരുന്ന റുകാനയോട് റസൂലുല്ലാഹി ﷺ സത്യത്തിന്റെ സന്ദേശങ്ങൾ വിവരിച്ചു. ഗുസ്തി നടത്തി മറിച്ചിട്ടാൽ ഇസ്‌ലാം സ്വീകരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. റസൂലുല്ലാഹി ﷺ ഗുസ്തി നടത്തി നിമിഷനേരം കൊണ്ട് റുകാനയെ വീഴ്ത്തി. റസൂലുല്ലാഹി ﷺ പ്രവാചകത്വത്തിന് മുമ്പ് റുകാനയുടെ പിതാവായ മല്ലനെയും പലപ്രാവശ്യം വീഴ്ത്തുകയുണ്ടായി. റസൂലുല്ലാഹി ﷺ വളരെ വേഗതയിൽ നടക്കുമായിരുന്നു. ഭൂമി ചുരുങ്ങുന്നത് പോലെ അനുഭവപ്പെട്ടിരുന്നു. അബൂ ഹുറയ്‌റ (റ) പറയുന്നു: റസൂലുല്ലാഹി ﷺ യൊടൊപ്പം നടക്കുന്നതിന് ഞങ്ങൾ കഷ്ടപ്പെട്ടിരുന്നു. റസൂലുല്ലാഹി ﷺ മനപ്പൂർവ്വം വേഗതയിൽ നടക്കുകയും ചെയ്തിരുന്നില്ല. എന്നിട്ടും ഞങ്ങൾ കൂട്ടത്തിലെത്താൻ കിതയ്ക്കുമായിരുന്നു. റസൂലുല്ലാഹി ﷺ അധികമായി പുഞ്ചിരിച്ചിരുന്നു. തിരിഞ്ഞ് നോക്കുമ്പോൾ കണ്ണ് കൊണ്ട് മാത്രം നോക്കാതെ പൂർണ്ണമായും തിരിഞ്ഞ് നോക്കിയിരുന്നു.

يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 
عَلَي حَبِيبِكَ مَنْ زَاَنْتِ بِهِ الْعُصْرُ

6. ചില പ്രത്യേകതകൾ: 
റസൂലുല്ലാഹി ﷺ ക്ക് ആശയ സമ്പുഷ്ടമായ വചനങ്ങൾ നൽകപ്പെട്ടിരുന്നു. അതിന്റെ വാക്കുകൾ കുറവും ആശയം വിശാലവുമായിരുന്നു. റസൂലുല്ലാഹി ﷺ ക്ക് മുഴുവൻ ഭൂമിയും നമസ്‌കാര സ്ഥലവും ശുദ്ധീകരിക്കാനുള്ള വസ്തുവുമാക്കപ്പെട്ടിരുന്നു. അതായത്, ഭൂമിയിൽ എവിടെയും നമസ്‌കരിക്കുകയും തയമ്മും നടത്തുകയും ചെയ്യാം. ഗനീമത്ത് (യുദ്ധത്തിലൂടെ ലഭിക്കുന്ന സമ്പത്ത്) അനുവദിക്കപ്പെട്ടിരുന്നു. മുൻ സമുദായങ്ങൾക്ക് അനുവദിക്കപ്പെട്ടിരുന്നില്ല. ഏറ്റവും ആദ്യമായി ശുപാർശ ചെയ്യാനുള്ള അധികാരം (ശഫാഅത്തുൽ കുബ്‌റ) റസൂലുല്ലാഹി ﷺ ക്ക് നൽകപ്പെട്ടിരിക്കുന്നു. മഖാമുൻമഹ്മൂദ് എന്ന സമുന്നത സ്ഥാനവും റസൂലുല്ലാഹി ﷺ ക്ക് ഉള്ളതാണ്. റസൂലുല്ലാഹി ﷺ മനുഷ്യരും ജിന്നുകളുമായ സർവ്വരിലേക്കും നബിയായി നിയോഗിക്കപ്പെട്ടിരിക്കുന്നു. 
റസൂലുല്ലാഹി ﷺ അറബി ഭാഷയുടെ വിവിധ ശൈലികൾ മനസ്സിലാക്കിയിരുന്നു. ചിലർ പറയുന്നു: റസൂലുല്ലാഹി ﷺ ക്ക് എല്ലാ ഭാഷകളും അറിയാം. ഉമ്മു സഅദ് (റ) പറയുന്നു, റസൂലുല്ലാഹി ﷺ യുടെ സംസാരം മധുരവും സ്ഫുടവുമായിരുന്നു. ആവശ്യമുള്ളത് വിടുകയോ ആവശ്യമില്ലാത്തത് പറയുകയോ ചെയ്തിരുന്നില്ല. മുത്ത് മണികളെ പോലെ ഓരോ വാചകങ്ങളും അടർന്ന് വീണിരുന്നു. റസൂലുല്ലാഹി ﷺ വളരെ കുറച്ച് മാത്രം ഭക്ഷിക്കുകയും ഉറങ്ങുകയും ചെയ്തിരുന്നുള്ളൂ. ചാരിയിരുന്നും കൂടിയ വിരിപ്പിലിരുന്നും ഭക്ഷിച്ചിരുന്നില്ല. വിനയത്തോടെ ഇരിക്കുമായിരുന്നു. റസൂലുല്ലാഹി ﷺ തന്നെ അരുളി: ഞാൻ അടിമയെപ്പോലെ ഇരിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്നു. കുറഞ്ഞ ഉറക്കത്തിന് സഹായകമായതിനാൽ വലത് ഭാഗത്തേക്ക് ചരിഞ്ഞ് കിടക്കുമായിരുന്നു.

يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 
عَلَي حَبِيبِكَ مَنْ زَاَنْتِ بِهِ الْعُصْرُ
 
7. ചില സ്വഭാവ ഗുണങ്ങൾ: 
ധീരത, ധർമ്മിഷ്ഠത, ഗാംഭീര്യത, വിനയം, വിട്ടുവീഴ്ച, സഹാനുഭൂതി എന്നിങ്ങനെ ധാരാളം സമുന്നത സ്വഭാവങ്ങൾ റസൂലുല്ലാഹി ﷺ യിൽ സമ്മേളിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില നിവേദനങ്ങൾ ശ്രദ്ധിക്കുക: 
റസൂലുല്ലാഹി ﷺ യുടെ മകൾ സൈനബ് (റ)ന്റെ ഒരു മകന് മരണരോഗം ബാധിച്ചു. തങ്ങളെ വിളിച്ചുകൊണ്ടുവരാൻ അവർ ആളെ അയച്ചു. റസൂലുല്ലാഹി ﷺ ആഗതനായി. കൂട്ടത്തിൽ ചില സ്വഹാബികളുമുണ്ടായിരുന്നു. കുഞ്ഞിന്റെ അസ്വസ്ഥത കണ്ട പിതാമഹന്റെ നയനങ്ങൾ നിറഞ്ഞൊഴുകി. സഅദ് (റ) ചോദിച്ചു: അങ്ങ് ഇപ്രകാരം കണ്ണീർ വാർക്കുകയാണോ? റസൂലുല്ലാഹി ﷺ അരുളി: ''ഞാൻ ഒരു മനുഷ്യനാണ്. എന്റെ മനസ്സിലും സ്‌നേഹത്തിന്റെ അംശമുണ്ട്. സ്‌നേഹമില്ലാത്തവൻ എന്ത് മനുഷ്യൻ! ഇത് അല്ലാഹുവിന്റെ കാരുണ്യമാണ്. അല്ലാഹു ഉദ്ദേശിക്കുന്നവരുടെ മനസ്സുകളിൽ അവൻ അത് നിക്ഷേപിക്കുന്നു. മനുഷ്യനോട് കരുണ കാണിക്കുന്നവരോട് അല്ലാഹുവും കരുണ കാണിക്കുന്നു.'' (ബുഖാരി). ഇപ്രകാരം റസൂലുല്ലാഹി ﷺയുടെ മകൻ ഇബ്‌റാഹീം പാൽകുടി പ്രായത്തിൽ മരണപ്പെട്ടു. മകന്റെ അരികിലെത്തിയ റസൂലുല്ലാഹി ﷺ മൊഴിഞ്ഞു: ''എന്റെ നയനങ്ങൾ കണ്ണീർ പൊഴിക്കുന്നു. മനസ്സിൽ ദുഃഖം നിറയുന്നു. പക്ഷെ, എന്റെ രക്ഷിതാവ് തൃപ്തിപ്പെടുന്ന കാര്യം മാത്രമേ ഞാൻ പറയൂ. മോനേ! ഇബ്‌റാഹീമേ! നിന്റെ വേർപാടിൽ ഞങ്ങളെല്ലാവരും ദുഃഖിതരാണ്.'' (ബുഖാരി 1303). അന്നേ ദിവസം സൂര്യഗ്രഹണം ഉണ്ടായി. നബി ﷺയുടെ മകന്റെ വേർപാട് കാരണമായിരിക്കാം ഇത് സംഭവിച്ചതെന്ന് ചിലർക്ക് തോന്നലുണ്ടായി. ഇത് മനസ്സിലാക്കിയ റസൂലുല്ലാഹി ﷺ പ്രസ്താവിച്ചു. ''അറിയുക! സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ തീരുമാനപ്രകാരം സഞ്ചരിക്കുന്നതാകുന്നു. ആരുടെയെങ്കിലും ജനനവും മരണവും കൊണ്ട് അതിന് ഗ്രഹണം ബാധിക്കുന്നില്ല.'' (ബുഖാരി 1043).
 റസൂലുല്ലാഹി ﷺയുടെ പ്രിയപ്പെട്ട പിതൃവ്യ പുത്രൻ ജഅ്ഫർ (റ) എത്യോപ്യയിൽ നിന്ന് ഹിജ്‌റ കഴിഞ്ഞ് മദീനയിൽ മടങ്ങിയെത്തിയപ്പോൾ അദ്ദേഹത്തെ കണ്ട് തങ്ങൾക്ക് വലിയ സന്തോഷമുണ്ടായി. ഇതിനിടയിൽ മുസ്‌ലിംകൾ ഖൈബർ യുദ്ധത്തിൽ വിജയം വരിക്കുകയും ചെയ്തു. ഒരു ഭാഗത്ത് മുസ്‌ലിംകളുടെ സന്തോഷവും മറുഭാഗത്ത് തന്റെ പ്രിയങ്കരനും അല്ലാഹുവിന് വേണ്ടി ത്യാഗം ചെയ്ത ഈമാനിക സഹോദരനുമായ ജഅ്ഫർ (റ) ന്റെ വരവിന്റെ സന്തോഷവും. തദവസരം റസൂലുല്ലാഹി ﷺ അരുളി: ''ഈ രണ്ട് സന്തോഷങ്ങളിൽ ഏത് സന്തോഷമാണ് കൂടുതൽ എന്നെനിക്ക് അറിയില്ല.'' (ഇബ്‌നുഹിശാം 3/359). 
ജാബിർ (റ) വിവരിക്കുന്നു. റസൂലുല്ലാഹി ﷺ അരുളി: ''സമുത്തമ സ്വഭാവങ്ങളും സുന്ദരകർമ്മങ്ങളും പരിപൂർണ്ണമായി പഠിച്ച് പകർത്തി പ്രചരിപ്പിക്കുന്നതിനാണ് അല്ലാഹു എന്നെ നിയോഗിച്ചിരിക്കുന്നത്.''
ആഇശ(റ) യോട് റസൂലുല്ലാഹി ﷺ യുടെ സ്വഭാവത്തെ കുറിച്ച് ചോദിച്ചപ്പോൾ അവർ പ്രസ്താവിച്ചു. ''തങ്ങളുടെ സ്വഭാവം പരിശുദ്ധ ഖുർആൻ ആയിരുന്നു.'' റസൂലുല്ലാഹി ﷺയുടെ സഹനത, വിനയം, വിട്ടുവീഴ്ച, ഹൃദയ വിശാലത മുതലായ ഗുണങ്ങളുടെ സ്ഥാനത്തെ സങ്കൽപ്പിക്കാൻ പോലും ബുദ്ധിമാന്മാരുടെ ബുദ്ധിക്കും കവികളുടെ സങ്കൽപ്പത്തിനും സാധ്യമല്ലെന്നതാണ് വാസ്തവം. ഇവിടെ ചില ഉദാഹരണങ്ങൾ സമർപ്പിക്കുന്നു. മുനാഫികളുടെ നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യിബ്‌നു സലാലിനോട് റസൂലുല്ലാഹി ﷺ അനുവർത്തിച്ച നയം വലിയ ശത്രുക്കളോട് തങ്ങൾ പുലർത്തിയ ഹൃദയ വിശാലതയ്ക്കും പരോപകാരത്തിനും ഒരു മാതൃകയാണ്. റസൂലുല്ലാഹി ﷺയ്‌ക്കെതിരിൽ പരസ്യമായി ശത്രുതയുടെ വാക്കുകൾ ഉപയോഗിക്കുകയും ഗൂഢാലോചനകളിൽ പങ്കെടുക്കുകയും ചെയ്തിരുന്ന അദ്ദേഹത്തെ മരണാനന്തരം ഖബ്‌റിലേക്ക് വെക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ മകനും സമ്പൂർണ്ണ വിശ്വാസിയും പ്രവാചക പ്രേമിയുമായിരുന്ന അബ്ദുല്ലാഹിബ്‌നു അബ്ദുല്ലാഹ് വാപ്പയോട് കരുണകാട്ടണമെന്ന് റസൂലുല്ലാഹി ﷺ യോട് അപേക്ഷിച്ചു. മകന്റെ വിശ്വാസത്തേയും സ്‌നേഹത്തേയും പരിഗണിച്ച് റസൂലുല്ലാഹി ﷺ വലിയ കരുണകാട്ടി. തങ്ങൾ ഖബ്‌റിന്റെ അരികിൽ ചെന്ന് മയ്യിത്തിനെ പുറത്തേക്കെടുക്കാൻ കൽപ്പിക്കുകയും തങ്ങളുടെ ഉമിനീർ അദ്ദേഹത്തിന്റെ മേൽ ഇടുകയും അനുഗ്രഹീത വസ്ത്രം ധരിപ്പിക്കുകയും ചെയ്തു. 
അനസുബ്‌നു മാലിക് (റ) പറയുന്നു: ഞാൻ റസൂലുല്ലാഹി ﷺ യോടൊപ്പം നടക്കുകയായിരുന്നു. കട്ടികൂടിയ വക്കുള്ള ഒരു നജ്‌റാനി പുതപ്പ് തിരുമേനി ധരിച്ചിരുന്നു. ഒരു കാട്ടറബി ആ പുതപ്പിൽ പിടിച്ച് ശക്തിയായി വലിച്ചു. വലിയുടെ ശക്തി കാരണം തിരുദൂതരുടെ തോളിൽ പാടു വീണു. ശേഷം കാട്ടറബി പറഞ്ഞു: ''മുഹമ്മദേ, താങ്കളുടെ കൈവശമുള്ള അല്ലാഹുവിന്റെ സമ്പത്തിൽ നിന്ന് എന്തെങ്കിലും എനിക്ക് തരാൻ കല്പിക്കുക.'' റസൂലുല്ലാഹി അദ്ദേഹത്തെ നോക്കി ചിരിച്ചു. പിന്നീട് അദ്ദേഹത്തിന് എന്തെങ്കിലും നൽകാൻ കല്പിക്കുകയും ചെയ്തു. 
സൈദുബ്‌നു സഅ്‌ന ഇസ്‌ലാം സ്വീകരിക്കുന്നതിനു മുമ്പ് റസൂലിനടുത്തെത്തി. റസൂൽ അദ്ദേഹത്തോടു വാങ്ങിയ കടം തിരിച്ചു ചോദിക്കുകയും റസൂലിന്റെ തോളിൽ കിടന്ന വസ്ത്രത്തിൽ പിടിച്ചു ശക്തിയായി വലിക്കുകയും ഉലക്കുകയും പരുഷമായി പെരുമാറുകയും ചെയ്തു. എന്നിട്ടദ്ദേഹം പറഞ്ഞു: ''നിങ്ങൾ അബ്ദുൽ മുത്തലിബിന്റെ സന്തതികൾ കടം കൊടുത്തു വീട്ടാതെ താമസിപ്പിക്കുന്നവരാണ്.'' അപ്പോൾ ഉമർ (റ) അദ്ദേഹത്തെ വിരട്ടുകയും കഠിനമായി ശകാരിക്കുകയും ചെയ്തു. ഈ സമയമെല്ലാം തിരുമേനി പുഞ്ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ശേഷം ഉമർ (റ) നോട് അവിടുന്നരുളി: ''എന്നോടും അദ്ദേഹത്തോടും നിങ്ങൾ വെവ്വേറെ ശൈലിയിലായിരുന്നു പെരുമാറേണ്ടിയിരുന്നത്. നല്ല രീതിയിൽ കടം കൊടുത്ത് വീട്ടാൻ എന്നോടും നല്ല രീതിയിൽ ആവശ്യപ്പെടാൻ അദ്ദേഹത്തോടും കല്പിക്കണമായിരുന്നു''. അദ്ദേഹത്തിന്റെ മുതൽ കൊടുത്തുവീട്ടാനും ഭയപ്പെടുത്തിയതിനു പകരമായി ഇരുപത് സ്വാഅ് കൂടുതൽ കൊടുക്കാനും ഉമർ(റ)നോട് അവിടുന്ന് കല്പിച്ചു. ഇത് അദ്ദേഹത്തിന്റെ ഇസ്‌ലാമികാശ്ലേഷത്തിനു കാരണമായിത്തീർന്നു.
ആദരവായ റസൂലുല്ലാഹി ﷺ മൂകരായ ജന്തുക്കളോടും മയം കാണിക്കാൻ കൽപ്പിച്ചിരുന്നു. ശദ്ദാദുബ്‌നു ഔസ് (റ) വിവരിക്കുന്നു. റസൂലുല്ലാഹി ﷺ അരുളി: ''അല്ലാഹുതആലാ എല്ലാ വസ്തുക്കളോടും നല്ല നിലയിൽ വർത്തിക്കാനും മയത്തോടെ പെരുമാറാനും കൽപ്പിച്ചിരിക്കുന്നു. ഇനി നിങ്ങൾ മൃഗത്തെ അറുക്കുന്നുവെങ്കിൽ നല്ലനിലയിൽ അറുക്കുക. അതിന്റെ മുമ്പിലല്ലാത്ത സ്ഥലത്ത വെച്ച് കത്തി നല്ലനിലയിൽ മൂർച്ചകൂട്ടുകയും ശേഷം അറുക്കുകയും അങ്ങനെ ആ മൃഗത്തിന് ആശ്വസം നൽകുകയും ചെയ്യുക.'' 
ഇബ്‌നു അബ്ബാസ് (റ) പ്രസ്താവിക്കുന്നു: ''ഒരു വ്യക്തി ആടിനെ അറുക്കാൻ കിടത്തിയതിനു ശേഷം കത്തിക്ക് മൂർച്ചകൂട്ടാൻതുടങ്ങി. ഇതു കണ്ടപ്പോൾ റസൂലുല്ലാഹി ﷺ അരുളി: നിങ്ങൾ ഇതിനെ രണ്ടു പ്രാവശ്യം കൊല്ലുകയാണോ? ഇതിനെ കിടത്തുന്നതിനു മുമ്പ് എന്തുകൊണ്ട് കത്തിക്ക് മൂർച്ച കൂട്ടിയില്ല?''
ഇബ്‌നുമസ്ഊദ് (റ) വിവരിക്കുന്നു: ''ഞങ്ങൾ റസൂലുല്ലാഹി ﷺ യോടൊപ്പം ഒരു യാത്രയിലായിരുന്നു. തിരുമേനി ഒരാവശ്യത്തിനായി അല്പം ദൂരേയ്ക്കു പോയി. ഞങ്ങളൊരു ചെറിയ പക്ഷിയെ കണ്ടു. അതിനോടൊപ്പമുള്ള രണ്ട് കുഞ്ഞുങ്ങളെയും ഞങ്ങളെടുത്തു. ഇതുകണ്ട തള്ളപ്പക്ഷി ചിറകടിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. റസൂൽ തിരിച്ചുവന്നപ്പോൾ ചോദിച്ചു. ''ഇതിന്റെ കുഞ്ഞുങ്ങളെ എടുത്തുമാറ്റി ഇതിനെ പ്രയാസപ്പെടുത്തുന്നത് ആരാണ്? ഇതിന്റെ കുഞ്ഞുങ്ങളെ മടക്കിക്കൊടുക്കുക.'' ഞങ്ങൾ അവിടെ കുറേ ഉറുമ്പുകളെ കണ്ടതിനാൽ തീവച്ചു. അവിടുന്ന് ചോദിച്ചു: ''ആരാണ് അവിടെ തീ വെച്ചത്?'' ഞങ്ങൾ പറഞ്ഞു: ''ഞങ്ങളാണ്.'' റസൂലുല്ലാഹി ﷺ പറഞ്ഞു: ''തീ കൊണ്ട് ശിക്ഷിക്കാനുള്ള അവകാശം തീയുടെ നാഥനു മാത്രമേയുള്ളൂ.
മൃഗങ്ങൾക്കു വെള്ളവും തീറ്റയും കൊടുക്കാൻ നിർദ്ദേശിച്ചു. അവയെ പ്രയാസപ്പെടുത്തരുതെന്നും കൂടുതൽ ഭാരം ചുമപ്പിക്കരുതെന്നും കല്പിച്ചു. അവയ്ക്കു ഗുണം ചെയ്യുന്നതു പ്രതിഫലാർഹവും ഇലാഹീ സാമീപ്യത്തിന് നിമിത്തവുമാണെന്ന് ഉണർത്തുകയും അതിന്റെ മഹത്വങ്ങൾ വിവരിക്കുകയും ചെയ്തു. അബൂ ഹുറയ്‌റ (റ) നിവേദനം- റസൂലുല്ലാഹി ﷺ അരുളി: ''ഒരു വ്യക്തി യാത്ര ചെയ്യുകയായിരുന്നു. വഴിയിൽ കഠിന ദാഹമുണ്ടായി. മുമ്പിൽ ഒരു കിണർ കണ്ടപ്പോൾ അതിലിറങ്ങി വെള്ളം കുടിച്ചു. പുറത്തേക്കു വന്നപ്പോൾ ഒരു നായ ദാഹത്തിന്റെ കാഠിന്യം കൊണ്ട് മാലിന്യം നക്കുന്നതു കണ്ടു. അദ്ദേഹം മനസ്സിൽ പറഞ്ഞു: ''ഞാൻ ദാഹിച്ചു വലഞ്ഞപ്പോഴുണ്ടായ അതേ അവസ്ഥ തന്നെയാണല്ലോ ഇതിനും! അയാൾ കിണറ്റിലിറങ്ങി തോൽചെരിപ്പിൽ വെള്ളം നിറച്ച് പല്ലു കൊണ്ട് അത് കടിച്ചുപിടിച്ചു പുറത്തു വന്ന് നായയെ കുടിപ്പിച്ചു.'' അല്ലാഹു ഈ കർമ്മം സ്വീകരിച്ചു. അദ്ദേഹത്തിന് പൊറുത്തു കൊടുത്തു. ജനങ്ങൾ ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ, ജന്തുക്കളുടെ വിഷയത്തിലും പ്രതിഫലമുണ്ടോ?'' ''പച്ചക്കരളുള്ള ഏത് ജീവിയെയും സഹായിക്കുന്നതിലും പ്രതിഫലമുണ്ട്!

يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 
عَلَي حَبِيبِكَ مَنْ زَاَنْتِ بِهِ الْعُصْرُ

8. പാപ സുരക്ഷിതത്വം 
റസൂലുല്ലാഹി ﷺ ചെറുതും വലുതുമായ സർവ്വവിധ പാപങ്ങളിൽ നിന്നും പരിശുദ്ധരായിരുന്നു. ചെറുപ്പത്തിൽ പോലും ജാഹിലീ കാര്യങ്ങളിൽ നിന്നും വിഗ്രഹങ്ങളിൽ നിന്നും അകന്ന് കഴിഞ്ഞിരുന്നു. ഒരിക്കലും കവിതകളുമായി ബന്ധപ്പെട്ടിട്ടില്ല. റസൂലുല്ലാഹി (സ) വാചകങ്ങളിലും പ്രവര്‍ത്തനങ്ങളിലും അവസ്ഥകളിലും വന്‍പാപങ്ങളില്‍ നിന്നും പരിപൂര്‍ണ്ണമായി അകന്ന് കഴിഞ്ഞിരുന്നു. പ്രബല അഭിപ്രായം അനുസരിച്ച് ചെറുപാപങ്ങളില്‍ നിന്നും പരിശുദ്ധനായിരുന്നു. ആരോടും വാഗ്ദാന ലംഘനം നടത്തുകയോ, അവകാശങ്ങള്‍ ഹനിക്കുകയോ ചെയ്തിട്ടില്ല. മനപ്പൂര്‍വ്വവും മറന്നുകൊണ്ടും ആരോഗ്യത്തിലും രോഗാവസ്ഥയിലും സന്തോഷത്തിലും അതൃപ്തിയിലും സത്യത്തിനെതിരായി എന്തെങ്കിലും പറയുകയോ, പ്രവര്‍ത്തിക്കുകയോ ചെയ്തിരുന്നില്ല. 
 
يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 
عَلَي حَبِيبِكَ مَنْ زَاَنْتِ بِهِ الْعُصْرُ

9. മറ്റുചില മഹല്‍ഗുണങ്ങള്‍ 
റസൂലുല്ലാഹി ﷺ ഇതെല്ലാം ഉള്ളതിനോട് കൂടി അല്ലാഹുവിനെ അധികമായി ഭയക്കുകയും ചെയ്തിരുന്നു. ദിവസവും ധാരാളം പ്രാവശ്യം പാപമോചനം തേടിയിരുന്നു. ജനങ്ങളുടെ ഉപദ്രവങ്ങളെ സഹിച്ചിരുന്നു. തെറ്റ് കുറ്റങ്ങളെ മാപ്പാക്കിയിരുന്നു. ഒന്നും നല്‍കാത്തവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കിയിരുന്നു. അക്രമം ചെയ്യുന്നവരോട് വിട്ടുവീഴ്ച ചെയ്തിരുന്നു. രണ്ടാലൊന്ന് തിരഞ്ഞെടുക്കാൻ പറയപ്പെട്ടാൽ പാപകരമല്ലാത്ത എളുപ്പകാര്യം തിരഞ്ഞെടുക്കുമായിരുന്നു. സ്വന്തം കാര്യത്തിന് വേണ്ടി ആരോടും പ്രതികാരം ചെയ്തിട്ടില്ല. സഅദുബ്‌നു അബീ വഖാസ് (റ)ന്റെ സഹോദരൻ ഉത്ബത്തുന്ബനു അബീവഖാസ് ഉഹ്ദ് ദിവസം റസൂലുല്ലാഹി (സ)യെ കല്ലെറിയുകയും അനുഗ്രഹീത ദന്തം പൊട്ടുകയും വദനത്തിന് മുറിവേൽക്കുകയും ചെയ്തു. അക്രമിക്കെതിരിൽ പ്രാർത്ഥിക്കുക എന്ന് സഹാബികൾ അഭ്യർത്ഥിച്ചപ്പോൾ റസൂലുല്ലാഹി (സ) അരുളി: അല്ലാഹു എന്റെ ജനങ്ങൾക്ക് സന്മാർഗ്ഗം നൽകേണമേ. അവർ അറിവില്ലാത്തവരാണ്! 
റസൂലുല്ലാഹി (സ) ഒരിക്കലും മനുഷ്യരെയോ, മൃഗത്തെയോ അടിച്ചിട്ടില്ല. എന്നാൽ അല്ലാഹുവിന്റെ ജിഹാദ് ചെയ്യുമ്പോൾ അടിച്ചിട്ടുണ്ട്. ഒരു സ്ത്രീയെയും സേവകനെയും പ്രഹരിച്ചിട്ടില്ല. ജാബിർ (റ) പറയുന്നു: റസൂലുല്ലാഹി (സ)യോട് വല്ലതും ചോദിച്ചാൽ അവിടുന്ന് നിരാകരിക്കുമായിരുന്നില്ല. റസൂലുല്ലാഹി (സ)യെക്കുറിച്ച് ഫറസ്ദഖ് പാടിയ കവിത സത്യം തന്നെ. പടച്ചവന്റെ ഏകത്വത്തെ സമർത്ഥിക്കാൻ, അല്ലാഹു അല്ലാതെ ആരാധനയ്ക്കർഹൻ ആരുമില്ലെന്ന് പറയുമ്പോൾ ഇല്ലായെന്ന് പറയലല്ലാതെ മറ്റൊരിക്കലും റസൂലുല്ലാഹി (സ) ഇല്ലായെന്ന് പറഞ്ഞിട്ടില്ല. മറിച്ച് എപ്പോഴും അതെ എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. 
റസൂലുല്ലാഹി (സ) സാധുക്കളുടെ ഭാരം ചുമന്നിരുന്നു. ദരിദ്രർക്ക് സമ്പത്ത് നൽകുകയോ, നൽകാൻ ശുപാർശ നടത്തുകയോ ചെയ്തിരുന്നു. അതിഥികളെ സൽക്കരിച്ചിരുന്നു. ന്യായമായ കാര്യങ്ങളിൽ സഹായിച്ചിരുന്നു. (ബുഖാരി) റസൂലുല്ലാഹി (സ)യുടെ അരികിൽ ഒരിക്കൽ ഒമ്പതിനായിരം ദിർഹം എത്തിച്ചേർന്നു. റസൂലുല്ലാഹി (സ) അത് മുഴുവൻ ആവശ്യക്കാർക്ക് വീതിച്ചു. ശേഷം ഒരാൾ വന്ന് വല്ലതും തരണമെന്ന് പറഞ്ഞപ്പോൾ അരുളി: എന്റെ കയ്യിലുള്ളതെല്ലാം തീർന്നു. പക്ഷേ, എന്റെ പേര് പറഞ്ഞ് താങ്കൾ കുറച്ച് സാധനങ്ങൾ വാങ്ങിക്കൊള്ളുക. എന്റെ അരികിൽ പൈസ വരുമ്പോൾ ഞാൻ കൊടുത്ത് വീട്ടിക്കൊള്ളാം. അടുത്തുണ്ടായിരുന്ന ഉമർ (റ) പറഞ്ഞു: താങ്കളുടെ പക്കൽ ഇല്ലാത്ത സാമ്പത്തിക കാര്യം താങ്കൾ എന്തിനാണ് ഏൽക്കുന്നത്? റസൂലുല്ലാഹി (സ) ഇത് കേട്ടപ്പോൾ അതൃപ്തിയോടെ മുഖം തിരിച്ചു. അപ്പോൾ ഒരു അൻസാരി സഹാബി പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ധാരാളമായി ചിലവഴിക്കുക. അർശിന്റെ ഉടമസ്ഥനിൽ നിന്നും കുറവിനെ ഭയക്കേണ്ടതില്ല. അപ്പോൾ റസൂലുല്ലാഹി (സ) പുഞ്ചിരി തൂകുകയും തിരുവദനം പ്രകാശിക്കുകയും ചെയ്തു. (തിർമിദി) അനസ് (റ) പറയുന്നു: റസൂലുല്ലാഹി (സ) അടുത്ത ദിവസത്തേക്ക് ഒന്നും ശേഖരിച്ച് വെച്ചിരുന്നില്ല. റസൂലുല്ലാഹി (സ) കാറ്റിനേക്കാൾ വലിയ ധർമ്മിഷ്ടനായിരുന്നു.

يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 
عَلَي حَبِيبِكَ مَنْ زَاَنْتِ بِهِ الْعُصْرُ

10. ഉദാത്ത ജീവിത രീതികൾ
ഇബ്‌നു ഉമർ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ)യേക്കാൾ വലിയ ധീരനെയും ശക്തനെയും ധർമ്മിഷ്ടനെയും പ്രിയങ്കരനെയും ഞാൻ കണ്ടിട്ടില്ല. യുദ്ധത്തിൽ ഞങ്ങൾ റസൂലുല്ലാഹി (സ)യുടെ അരികിൽ പോയി അഭയം തേടിയിരുന്നു. ഏറ്റവും വലിയ ധീരൻ പോരാട്ട സമയത്ത് റസൂലുല്ലാഹി (സ)യോടൊപ്പം നിലയുറപ്പിക്കുന്നവനായി. അബൂസഈദ് (റ) പ്രസ്താവിക്കുന്നു: റസൂലുല്ലാഹി (സ) മറയിൽ ഇരിക്കുന്ന കന്യകകളേക്കാൾ ലജ്ജാവഹനായിരുന്നു. അങ്ങേയറ്റം മൃദുല പ്രകൃതനായിരുന്നു. ആരോടും നേരിട്ട് കടുത്ത വാക്കുകൾ പറയാറില്ലായിരുന്നു. ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) പ്രകൃതിപരമായി മന:പ്പൂർവ്വം കടുത്ത നിലയിൽ പെരുമാറിയിരുന്നില്ല. കമ്പോളങ്ങളിൽ മാന്യതയ്ക്ക് വിരുദ്ധമായ വാക്കുകൾ പറഞ്ഞിരുന്നില്ല. തിന്മയെ തിന്മകൊണ്ട് നേരിടാതെ മാപ്പ് നൽകിയിരുന്നു. അബ്ദുല്ലാഹിബ്‌നു അംറ് (റ) പറയുന്നു: അങ്ങേയറ്റം ലജ്ജ നിമിത്തം റസൂലുല്ലാഹി (സ) ആരിലേക്കും തുറിച്ച് നോക്കിയിരുന്നില്ല. വിമർശിക്കുമ്പോൾ സൂചനാപരമായ വാക്കുകൾ ഉപയോഗിക്കുമായിരുന്നു. അലിയ്യ് (റ) പറയുന്നു: റസൂലുല്ലാഹി (സ) വിശാല ഹൃദയനും സത്യസന്ധനും മൃദുല ശൈലിക്കാരനും ഔദാര്യവാനുമായിരുന്നു. നിസാരമായ വസ്തുവാണെങ്കിലും ആഹാരത്തിലേക്ക് ക്ഷണിക്കുന്നവരുടെ ക്ഷണവും  ജനങ്ങളുടെ ഉപഹാരങ്ങളും സ്വീകരിക്കുകയും പകരം കൊടുക്കുകയും ചെയ്തിരുന്നു. മദീനയുടെ അങ്ങേയറ്റത്തുള്ള രോഗികളെപ്പോലും സന്ദർശിച്ചിരുന്നു. ന്യായം പറയുന്നവരുടെ ന്യായം സ്വീകരിച്ചിരുന്നു. ജനങ്ങളോട് മുന്നിട്ട് ചെന്ന് ഹസ്തദാനം ചെയ്തിരുന്നു. ജനങ്ങളിലേക്ക് കാല് നീട്ടി ഇരുന്നിരുന്നില്ല. ആഗതരെ ആദരിച്ചിരുന്നു. അതിഥികൾക്ക് മേൽ വസ്ത്രവും വിരിപ്പും വിരിച്ച് കൊടുത്തിരുന്നു. ആരുടെയും സംസാരത്തെ മുറിച്ചിരുന്നില്ല. സദാസമയവും പുഞ്ചിരി തൂകിയിരുന്നു. വഹ്‌യ് ഇറങ്ങുകയും പ്രഭാഷണം നടത്തുകയും ചെയ്യുമ്പോഴല്ലാതെ ആവേശം പുലർത്തിയിരുന്നില്ല. ദൂതന്മാരെ ആദരിച്ചിരുന്നു. 
റസൂലുല്ലാഹി (സ) ഖിയാമത്ത് ദിനം മുഴുവൻ മനുഷ്യരുടെയും നായകനായിരിക്കും. ഖബ്‌റിൽ നിന്നും ഏറ്റവും ആദ്യം എഴുന്നേൽക്കുന്നത് റസൂലുല്ലാഹി (സ) ആണ്. റസൂലുല്ലാഹി (സ) ആദ്യമായി ശുപാർശ ചെയ്യുകയും ശുപാർശ സ്വീകരിക്കപ്പെടുകയും ചെയ്യുന്നതാണ്. റസൂലുല്ലാഹി (സ) വളരെ വിനയാന്വിതരായിരുന്നു. കഴുതയ്ക്ക് മീതെ യാത്ര ചെയ്യുകയും വാഹനത്തിന് പിന്നിൽ ആളെ ഇരുത്തുകയും ചെയ്തിരുന്നു. സാധുക്കളെ രോഗ സന്ദർശനം നടത്തുകയും ആവശ്യക്കാരെ അടുത്തിരുത്തുകയും വസ്ത്രം സ്വയം വൃത്തിയാക്കുകയും ആടിനെ കറക്കുകയും വസ്ത്രം തയ്ക്കുകയും ചെയ്തിരുന്നു. സ്വന്തം കാര്യങ്ങളെല്ലാം സ്വയം നിർവ്വഹിക്കുകയും വീട്ടുകാരെ സഹായിക്കുകയും വീട് തൂക്കുകയും സേവകരോടൊപ്പം ആഹരിക്കുകയും മാവ് കുഴക്കുകയും കമ്പോളത്തിൽ നിന്നും സാധനങ്ങൾ വാങ്ങിക്കൊണ്ട് വരുകയും ചെയ്തിരുന്നു. എല്ലാവരേക്കാളും ഉപകാരവും നീതിയും പുലർത്തിയിരുന്നു. ബദ്ർ ദിവസം അബൂജഹ്‌ലിനോട് അഖ്‌നസ് ചോദിച്ചു: ഇവിടെ നാം ഇരുവരും മാത്രമേ ഉള്ളൂ. മുഹമ്മദ് സത്യസന്ധനാണോ എന്ന് പറയുക. അബൂജഹ്ൽ പറഞ്ഞു: തീർച്ചയായും മുഹമ്മദ് സത്യസന്ധനാണ്. ഒരിക്കലും കളവ് പറഞ്ഞിട്ടില്ല. 

يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 
عَلَي حَبِيبِكَ مَنْ زَاَنْتِ بِهِ الْعُصْرُ

11. പെരുമാറ്റ രീതികൾ
ഖാരിജ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) സദസ്സിൽ ഏറ്റവും കൂടുതൽ മാന്യത പുലർത്തിയിരുന്നു. അബൂസഈദ് (റ) പറയുന്നു: ഇരിക്കുമ്പോൾ രണ്ട് കാലുകളുടെ മുട്ട് കെട്ടി ഇരിക്കുമായിരുന്നു. ജാബിർ (റ) പറയുന്നു: റസൂലുല്ലാഹി (സ) ഇടയ്ക്ക് ചമ്രം പടിഞ്ഞിരിക്കുമായിരുന്നുവെങ്കിലും അധിക ഇരുത്തവും വിനയത്തോടെ കൂടിയായിരുന്നു. നടക്കുമ്പോൾ സമാധാനത്തോടെ നടക്കുമായിരുന്നു. ഹൃദയത്തിൽ ഞെരുക്കമോ, പ്രകൃതിയിൽ അലസതയോ ഇല്ലായിരുന്നു. ജാബിർ (റ) പ്രസ്താവിക്കുന്നു: റസൂലുല്ലാഹി (സ)യുടെ വാക്കുകൾ വളരെ വ്യക്തമായിരുന്നു. ആശഇ (റ) പറയുന്നു: എണ്ണാൻ ആഗ്രഹിക്കുന്നവർക്ക് എണ്ണാൻ കഴിയുമായിരുന്നു. റസൂലുല്ലാഹി (സ) സുഗന്ധത്തെ ഇഷ്ടപ്പെടുകയും അധികമായി ഉപയോഗിക്കുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ആഹാര പാനീയങ്ങളിൽ ഊതുമായിരുന്നില്ല. വിരലുകളുടെയും കൈകളുടെയും സന്ധികൾ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിച്ചിരുന്നു.

يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 
عَلَي حَبِيبِكَ مَنْ زَاَنْتِ بِهِ الْعُصْرُ

12. ജീവിത ഞെരുക്കം
റസൂലുല്ലാഹി (സ) വിയോഗം വരെ മൂന്ന് ദിവസം തുടർച്ചയായി റൊട്ടികൊണ്ട് വയറ് നിറച്ചിട്ടില്ല. ഹഫ്‌സ (റ) പറയുന്നു: റസൂലുല്ലാഹി (സ)യുടെ വിരിപ്പ് ഒരു ചാക്കായിരുന്നു. ഈന്തപ്പന മടലുകൊണ്ട് ഉണ്ടാക്കപ്പെട്ട കട്ടിലിൽ ചിലപ്പോൾ വിശ്രമിക്കുമായിരുന്നു. തിരുശരീരത്തിൽ അതിന്റെ അടയാളങ്ങൾ കാണപ്പെടുമായിരുന്നു. ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) വയറ് നിറച്ച് ഒരിക്കലും ആഹാരം കഴിച്ചിട്ടില്ല. ആരോടും പരാതി പറഞ്ഞിട്ടുമില്ല. സമ്പന്നതയേക്കാൾ പട്ടിണിയെ ഇഷ്ടപ്പെട്ടിരുന്നു. രാത്രി വിശന്ന് കഴിഞ്ഞിരുന്നു. റസൂലുല്ലാഹി (സ) ആഗ്രഹിച്ചിരുന്നെങ്കിൽ രക്ഷിതാവിനോട് ഭൂലോകത്തുള്ള സമ്പത്തുകളെല്ലാം തേടാമായിരുന്നു. പക്ഷേ, റസൂലുല്ലാഹി (സ) അരുളി: എനിയ്ക്ക് ഭൗതിക സമ്പത്തുമായി എന്ത് ബന്ധം? എന്റെ സമുന്നത സഹോദരങ്ങളായ പ്രവാചക പ്രവീണർ ഇതിനേക്കാളും കടുത്ത അവസ്ഥകളിൽ സഹനത മുറുകെ പിടിച്ചിട്ടുണ്ട്.
 
يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 
عَلَي حَبِيبِكَ مَنْ زَاَنْتِ بِهِ الْعُصْرُ

13. ഭയഭക്തി
റസൂലുല്ലാഹി (സ) അല്ലാഹുവിനെ വളരെയധികം ഭയന്നിരുന്നു. തൃപ്പാദങ്ങൾ നീര് കെട്ടത്തക്ക നിലയിൽ രാത്രികാലങ്ങളിൽ നിന്ന് നിസ്‌കരിച്ചിരുന്നു. ഇതിനെത്തുടർന്ന് അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു: ത്വാഹാ.(1) താങ്കൾ കഷ്ടപ്പെടുന്നതിന് താങ്കളുടെമേൽ നാം ഖുർആൻ അവതരിപ്പിച്ചിട്ടില്ല.(2) എന്നാൽ ഇത് ഭയക്കുന്നവർക്ക് ഉപദേശമായിട്ടാണ് അവതരിപ്പിച്ചത്.(3) (ത്വാഹ 1-3) റസൂലുല്ലാഹി (സ) നമസ്‌കരിക്കുമ്പോൾ തിരു നെഞ്ചിൽ നിന്നും ചീനച്ചട്ടിയുടെ ശബ്ദം ഉയർന്നിരുന്നു. അബ്ദുല്ലാഹിബ്‌നു ശഖീർ (റ) പറയുന്നു: റസൂലുല്ലാഹി (സ) സദാ ദു:ഖിതനായിരുന്നു. പരലോക ചിന്ത കാരണം ഒരിക്കലും സമാധാനപ്പെട്ടിരുന്നില്ല. ദിവസവും നൂറ് അല്ലെങ്കിൽ എഴുപത് പ്രാവശ്യം പാപമോചനം തേടിയിരുന്നു. ഇത് ഒന്നുങ്കിൽ സമുദായത്തെ പഠിപ്പിക്കാനും പ്രേരിപ്പിക്കാനുമാണ്. അല്ലെങ്കിൽ റസൂലുല്ലാഹി (സ) ഓരോ നിമിഷവും അല്ലാഹുവുമായി അടുപ്പം വർദ്ധിക്കുന്നത് കാരണം കഴിഞ്ഞ അവസ്ഥകളെക്കുറിച്ച് പടച്ചവനോട് പാപമോചനം തേടിയതായിരിക്കാം. 

يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 
عَلَي حَبِيبِكَ مَنْ زَاَنْتِ بِهِ الْعُصْرُ

14. മുഹമ്മദീ സൗന്ദര്യം
ഖത്താദ (റ) നിവേദനം. എല്ലാ നബിമാരും സുന്ദര ശബ്ദവും മനോഹര രൂപവും ഉള്ളവരായിരുന്നു. റസൂലുല്ലാഹി (സ) അവരെക്കാളെല്ലാം സൗന്ദര്യവും മനോഹാരിതയും നിറഞ്ഞവരായിരുന്നു. പക്ഷേ, അല്ലാഹു റസൂലുല്ലാഹി (സ)യുടെ സൗന്ദര്യത്തിന് മീതെ ഗാംഭീര്യത്തിന്റെ മറയിട്ടിരുന്നു. 

يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 
عَلَي حَبِيبِكَ مَنْ زَاَنْتِ بِهِ الْعُصْرُ

15. പരിശുദ്ധ പ്രകൃതി
റസൂലുല്ലാഹി (സ) അങ്ങേയറ്റം സഹനശീലനായിരുന്നു. അസഭ്യം പറയുകയോ, മ്ലേച്ഛ വാക്കുകൾ ഉപയോഗിക്കുകയോ, ശപിക്കുകയോ ചെയ്തിരുന്നില്ല. ചെറു യാത്രകളിൽ കഴുതപ്പുറത്ത് സഞ്ചരിച്ചിരുന്നു. ദൂര യാത്രകളിൽ ഒട്ടകങ്ങളും പോരാട്ടങ്ങളിൽ കോവർ കഴുതകളും ഉപയോഗിച്ചിരുന്നു. ആരെങ്കിലും സഹായത്തിന് വിളിച്ചാൽ കുതിരപ്പുറത്ത് പാഞ്ഞിരുന്നു. ശത്രുക്കളോടും മനസ്സ് ഇണക്കുന്നതിന് വിശാലത പുലർത്തിയിരുന്നു. വിവരം കെട്ടവരുടെ അനാഥരവുകൾ സഹിച്ചിരുന്നു. വീട്ടിൽ വരുമ്പോൾ വീട്ടുകാരുടെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു. ശരീരം പൂർണ്ണമായി മറയ്ക്കാൻ ശ്രദ്ധിച്ചിരുന്നു. പ്രസന്നതയും നീതിയും എല്ലാവരോടും പുലർത്തിയിരുന്നു. കോപം പരുതിവിട്ടിരുന്നില്ല. പ്രകടനങ്ങൾ നടത്തുകയോ, തെറ്റായ നോട്ടം നടത്തുകയോ ചെയ്തിരുന്നില്ല. 

يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 
عَلَي حَبِيبِكَ مَنْ زَاَنْتِ بِهِ الْعُصْرُ

16. വേഷവിധാനങ്ങൾ
റസൂലുല്ലാഹി (സ) മക്കാവിജയം നടന്ന ദിവസം മക്കയിലേക്ക് വന്നപ്പോൾ മുടി നന്നായി ചീകി ഇട്ടിരുന്നു. റസൂലുല്ലാഹി (സ) ഇടവിട്ട് എണ്ണ തേച്ച് മുടി ചീകുമായിരുന്നു. തലയുടെ രണ്ട് ഭാഗങ്ങളിൽ ഏതാനും മുടികൾ നരച്ചിരുന്നു. റസൂലുല്ലാഹി (സ) ഇടയ്ക്ക് ഈ രോമങ്ങളിൽ മൈലാഞ്ചി ഇട്ടതിനാൽ അത് ചിലപ്പോൾ ചുമന്നിരുന്നു. ഇബ്‌നു അബ്ബാസ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ഉറങ്ങുന്നതിന് മുമ്പ് രണ്ട് കണ്ണുകളിലും മൂന്ന് പ്രാവശ്യം വീതം സുറുമ ഇട്ടിരുന്നു. 
വെളുത്ത വസ്ത്രം ഇഷ്ടപ്പെട്ടിരുന്നു. യമനി പുതപ്പ് പ്രിയങ്കരമായിരുന്നു. കുറത്ത തലപ്പാവ് ചിലപ്പോൾ ധരിച്ചിരുന്നു. ഒരിക്കൽ തണുപ്പ് കാലത്ത് റോമൻ കോട്ടും ധരിച്ചിട്ടുണ്ട്. യാത്രയിൽ തോലിന്റെ കാലുറ ഉപയോഗിക്കുകയും വുളുവിന്റെ സമയത്ത് അതിൽ തടവുകയും ചെയ്തിരുന്നു. നാട്ടിൽ സാധാരണ ചെരുപ്പ് ധരിച്ചിരുന്നു. അതിൽ മുന്നോട്ടും പിന്നോട്ടും രണ്ട് വള്ളികളുണ്ടായിരുന്നു. രോമങ്ങളില്ലാത്ത തോലുകൊണ്ടുള്ള ചെരുപ്പും ധരിച്ചിട്ടുണ്ട്. റസൂലുല്ലാഹി (സ) വെള്ളിയുടെ മോതിരം ഉണ്ടാക്കുകയും അതിനെ മുദ്രയായി ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ മോതിരം നിരന്തരം ധരിച്ചിരുന്നില്ല. ഈ മോതിരത്തിന്റെ തലയിൽ താഴെ വരിയിൽ മുഹമ്മദ് എന്നും അതിന് മുകളിൽ റസൂല് എന്നും അതിന് മുകളിൽ അല്ലാഹ് എന്നും രേഖപ്പെടുത്തിയിരുന്നു. വലത് കൈയ്യിലാണ് അത് ധരിച്ചിരുന്നത്. വിസർജ്ജന സമയത്ത് അത് ഊരി വെച്ചിരുന്നു. റസൂലുല്ലാഹി (സ) ബനൂഹനീഫാ ഗോത്രത്തിന്റെ രീതിയിൽ നിർമ്മിക്കപ്പെട്ട വാൾ ഉപയോഗിച്ചിരുന്നു. അതിൽ കൈ പിടിക്കുന്ന സ്ഥലം വെള്ളികൊണ്ടുള്ളതായിരുന്നു. ഉഹ്ദിൽ രണ്ട് പടച്ചട്ടകളും മക്കാവിജയ നേരത്ത് പടത്തൊപ്പിയും ധരിക്കുകയുണ്ടായി. തലപ്പാവ് ധരിക്കുമ്പോൾ വാല് രണ്ട് തോളുകൾക്കിടയിൽ ഇടുമായിരുന്നു. റസൂലുല്ലാഹി (സ) ഒരു കറുത്ത തലപ്പാവ് ഉപയോഗിച്ചിരുന്നു, മുണ്ട് മടമ്പിൻകാലിന്റെ മദ്ധ്യം വരെ ഉയർത്തിയിരുന്നു. ഞെരിയാണിയ്ക്ക് മുകളിൽ വരെ താഴ്ത്തി ഉടുക്കാൻ അനുവദിച്ചിരുന്നു. മസ്ജിദിൽ കിടക്കുമ്പോൾ ഒരു കാൽ അടുത്ത കാലിൽ ഉയർത്തി വെച്ചിരുന്നു. അനസ് (റ) പറയുന്നു: ഒരിക്കൽ റസൂലുല്ലാഹി (സ) വിശാലമായൊരു മുണ്ട് കക്ഷത്തിന്റെ അടിയിലൂടെ എടുത്ത് കഴുത്തിൽ കെട്ടി നമസ്‌കരിച്ചു.
 
يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 
عَلَي حَبِيبِكَ مَنْ زَاَنْتِ بِهِ الْعُصْرُ

17. ആഹാര പാനീയങ്ങൾ 
റസൂലുല്ലാഹി (സ) ആഹാരം കഴിക്കുമ്പോൾ മൂന്ന് വിരലുകൾ ഉപയോഗിച്ചിരുന്നു. ആഹാര ശേഷം അത് വൃത്തിയാക്കുകയും ചെയ്തിരുന്നു. തൊലിഗോതമ്പ് കൊണ്ടുള്ള റൊട്ടിയാണ് അധികവും ഭക്ഷിച്ചിരുന്നത്. മേശകളിലും കൂടിയ പാത്രങ്ങളിലും ആഹാരം കഴിച്ചിട്ടില്ല. ആഹാര വിരിയാണ് ഉപയോഗിച്ചിരുന്നത്. റസൂലുല്ലാഹി (സ)യ്ക്കുവേണ്ടി മിനുസമുള്ള ചപ്പാത്തി ഒരിക്കലും പാചകം ചെയ്യപ്പെട്ടിട്ടില്ല. റസൂലുല്ലാഹി (സ) സുർക്ക, മധുര പലഹാരം, തേൻ, ചുരയ്ക്ക ഇവയെ ഇഷ്ടപ്പെട്ടിരുന്നു. കോഴി, ആട്, മാട്, ഒട്ടകം ഇവയുടെ മാംസം ഭക്ഷിച്ചിട്ടുണ്ട്. കറിയിൽ റൊട്ടി മുറിച്ചിട്ട് കഴിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നു. മുളകും മസാലയും ഉപയോഗിച്ചിരുന്നു. ഈത്തപ്പഴവും കാരയ്ക്കയും സിൽഖ്, ഹീസ് എന്നിവയും ഭക്ഷിച്ചിട്ടുണ്ട്. മിച്ചം വരുന്ന ആഹാരം ഇഷ്ടമായിരുന്നു. ആഹാരം കഴിക്കുന്നതിന് മുമ്പും ശേഷവും കൈ കഴുകുന്നത് ഐശ്വര്യത്തിന് കാരണമാണെന്ന് അരുളിയിരുന്നു. കക്കരിയും ഈത്തപ്പഴവും ചേർത്ത് കഴിച്ചിരുന്നു. ചിലപ്പോൾ പപ്പായയും ഈത്തപ്പഴവും ചേർത്ത് കഴിച്ചിരുന്നു. ഒന്നിന്റെ ചൂട് മറ്റൊന്നിന്റെ തണുപ്പ് ഇല്ലാതാക്കുമെന്ന് അരുളിയിരുന്നു. തണുത്തതും മധുരമുള്ളതുമായ പാനീയം പ്രിയങ്കരമായിരുന്നു. ഉണക്ക മുന്തിരിയിട്ട വെള്ളവും പാലും ജലവും പാനം ചെയ്തിരുന്നു. പലക കൊണ്ട് നിർമ്മിക്കപ്പെട്ട ഒരു കോപ്പയിലാണ് ഇതെല്ലാം പാനം ചെയ്തിരുന്നത്. അത് കമ്പികൊണ്ട് ബന്ധിപ്പിച്ചിരുന്നു. പാല് ആഹാരത്തിന്റെയും പാനീയത്തിന്റെയും ഗുണം ചെയ്യുമെന്ന് അരുളിയിരുന്നു. ഇബ്‌നു അബ്ബാസ് (റ) പറയുന്നു: റസൂലുല്ലാഹി (സ) നിന്നുകൊണ്ട് സംസം പാനം ചെയ്തു. അബ്ദുല്ലാഹിബ്‌നു അംറ് (റ) പറയുന്നു: റസൂലുല്ലാഹി (സ) നിന്നും ഇരുന്നും പാനം ചെയ്യുന്നതായി ഞാൻ കണ്ടിട്ടുണ്ട്. പാനത്തിനിടയിൽ പാത്രം മാറ്റി ശ്വാസം വിട്ടിരുന്നു. ഇമാം ബുഖാരി (റ) പറയുന്നു: മൂന്ന് പ്രാവശ്യം ശ്വാസം വിട്ടിരുന്നു. 

يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 
عَلَي حَبِيبِكَ مَنْ زَاَنْتِ بِهِ الْعُصْرُ

18. ഉറക്കവും ഇതര കാര്യങ്ങളും
വലത് കൈപ്പത്തി കവിളിന് താഴെ വെച്ചുകൊണ്ടാണ് കിടന്നിരുന്നത്. ബറാഅ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ഉറങ്ങുമ്പോൾ ശബ്ദം ഉണ്ടാകുമായിരുന്നു. ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ)യുടെ വിരിപ്പ് തോല് കൊണ്ടുള്ളതായിരുന്നു. ഹഫ്‌സ (റ) പറയുന്നു: റസൂലുല്ലാഹി (സ)യുടെ വിരിപ്പ് കമ്പിളിയായിരുന്നു. ഞാൻ അതിനെ രണ്ടായി മടക്കി വിരിച്ച് കൊടുത്തിരുന്നു.
അനസ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) രോഗികളെ സന്ദർശിക്കുമായിരുന്നു. മരണങ്ങളിൽ പങ്കെടുത്തിരുന്നു. കഴുതപ്പുറത്ത് യാത്ര ചെയ്തിരുന്നു. അടിമയുടെ ക്ഷണം സ്വീകരിച്ചിരുന്നു. ബനൂഖുറൈള പോരാട്ട സമയത്ത് റസൂലുല്ലാഹി (സ) ഒരു കോവർ കഴുതപ്പുറത്താണ് യാത്ര ചെയ്തിരുന്നത്. അതിന്റെ മൂക്ക് കയറും വിരുപ്പുമെല്ലാം വളരെ നിസാരമായതായിരുന്നു. അനസ് (റ) വീണ്ടും വിവരിക്കുന്നു: റസൂലുല്ലാഹി (സ) തറയിൽ ഇരിക്കുകയും ആടിനെ കറക്കുകയും ചെയ്തിരുന്നു. ആടിന്റെ ചെറിയ അവയവം ഭക്ഷിക്കാൻ വിളിച്ചാലും ഞാൻ ക്ഷണം സ്വീകരിക്കുമെന്ന് അരുളിയിരുന്നു. റസൂലുല്ലാഹി (സ) വളരെ താഴ്ന്ന ഒട്ടക കട്ടിലിലാണ് ഹജ്ജ് നിർവ്വഹിച്ചത്. അപ്പോൾ റസൂലുല്ലാഹി (സ) അരുളി: അല്ലാഹുവേ, ഈ ഹജ്ജ് ജനങ്ങളെ കാണിക്കാനും കേൾപ്പിക്കാനുമുള്ളത് ആക്കരുതേ. ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ഉപഹാരം സ്വീകരിക്കുകയും പകരം കൊടുക്കുകയും ചെയ്തിരുന്നു. റസൂലുല്ലാഹി (സ) അരുളി: ബിലാൽ കൊണ്ടുത്തരുന്ന കുറഞ്ഞ ആഹാരം ഒഴിച്ച്, കരളുള്ള ഏതെങ്കിലും ജീവി കഴിക്കുന്ന ഒരു ആഹാരവും ഇല്ലാതെ മുപ്പത് രാപകലുകൾ ഞാൻ കഴിഞ്ഞിട്ടുണ്ട്. അനസ് (റ) പറയുന്നു: റസൂലുല്ലാഹി (സ) പ്രഭാതത്തിലും പ്രദോഷത്തിലും ഒരിക്കൽ പോലും മാംസവും റൊട്ടിയും ഭക്ഷിച്ചിട്ടില്ല. ഇല്ലാ അലാ ളഫഫിൻ 
റസൂലുല്ലാഹി (സ) ജനങ്ങളുടെ മനസ്സുകൾ സന്തോഷിപ്പിക്കുന്നത് പലപ്പോഴും തമാശകൾ പറഞ്ഞിട്ടുണ്ട്. റസൂലുല്ലാഹി (സ) അരുളി: ഞാൻ തമാശകൾ പറയാറുണ്ട്. പക്ഷേ, സത്യം മാത്രമേ പറയാറുള്ളൂ. അതെ, ഒരിക്കൽ ഒരു വ്യക്തി യാത്ര ചെയ്യാൻ ഒട്ടകത്തെ ചോദിച്ചപ്പോൾ റസൂലുല്ലാഹി (സ) അരുളി: ഞാൻ നിങ്ങൾക്ക് ഒട്ടക കുട്ടിയെ തരാം. അദ്ദേഹം പറഞ്ഞു: ഒട്ടക കുട്ടിയെക്കൊണ്ട് ഞാൻ എന്ത് ചെയ്യാനാണ്? റസൂലുല്ലാഹി (സ) അരുളി: ലോകത്തുള്ള എല്ലാ ഒട്ടകങ്ങളും മുമ്പ് കുട്ടി തന്നെയായിരുന്നു. മറ്റൊരിക്കൽ ഒരു വൃദ്ധയോട് പറഞ്ഞു: വൃദ്ധന്മാർ സ്വർഗ്ഗത്തിൽ പ്രവേശിക്കാറില്ല. അവർ പരിഭ്രമിച്ചപ്പോൾ റസൂലുല്ലാഹി (സ) അരുളി: സ്വർഗ്ഗത്തിൽ കടക്കുന്നവർ ആരും വൃദ്ധകളായിരിക്കുകയില്ല. യുവത്വത്തിന്റെ അവസ്ഥയിലായിരിക്കും എല്ലാവരും പ്രവേശിക്കുക.
  
يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 
عَلَي حَبِيبِكَ مَنْ زَاَنْتِ بِهِ الْعُصْرُ

19. തിരുവിയോഗം
അനസ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) രോഗിയായപ്പോൾ തിങ്കളാഴ്ച ദിവസം ഞാൻ റസൂലുല്ലാഹി (സ)യെ കണ്ടു. തദവസരം റസൂലുല്ലാഹി (സ) മറ ഉയർത്തുകയുണ്ടായി. അപ്പോൾ തിരുവദനം ഖുർആൻ താളുപോലെ തിളങ്ങുന്നതായി ഞാൻ കണ്ടു. അൽപ്പം കഴിഞ്ഞപ്പോൾ റസൂലുല്ലാഹി (സ)യുടെ വിയോഗം സംഭവിച്ചു. വിയോഗാനന്തരം റസൂലുല്ലാഹി (സ)യുടെ രണ്ട് നയനങ്ങൾക്കിടയിൽ അബൂബക്ർ സിദ്ദീഖ് (റ) ചുംബിച്ചു. അപ്പോൾ സിദ്ദീഖിന്റെ കരങ്ങൾ റസൂലുല്ലാഹി (സ)യുടെ തോളുകളിൽ വെച്ചിരുന്നു. പ്രിയപ്പെട്ട നബിയേ, അല്ലാഹുവിന്റെ പ്രിയങ്കരനേ എന്ന് അദ്ദേഹം പറയുന്നുണ്ടായിരുന്നു. അടുത്ത ദിവസം രാത്രി റസൂലുല്ലാഹി (സ) ഖബ്‌റടക്കപ്പെട്ടു. 

يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 
عَلَي حَبِيبِكَ مَنْ زَاَنْتِ بِهِ الْعُصْرُ

20. ചില പ്രത്യേകതകൾ 
റസൂലുല്ലാഹി (സ) എല്ലാ നബിമാരേക്കാളും ശ്രേഷ്ടനും അന്ത്യപ്രവാചകനുമാണ്. ലോകാവസാനത്തിന് മുമ്പ് ഈസാ നബി (അ) വരുമെങ്കിലും ശരീഅത്ത് നിയമങ്ങളിൽ റസൂലുല്ലാഹി (സ)യെ പിൻപറ്റുന്നതാണ്. 
റസൂലുല്ലാഹി (സ) അരുളി: ഉറക്കത്തിൽ എന്റെ കണ്ണുകൾ ഉറങ്ങാറുണ്ട്. ഹൃദയം ഉറങ്ങാറില്ല. രാത്രി കാലത്ത് എന്റെ രക്ഷിതാവ് എനിയ്ക്ക് ആഹാര പാനീയങ്ങൾ നൽകാറുണ്ട്. ഞാൻ മന:പ്പൂർവ്വം മറക്കാറില്ല. എന്നാൽ നിയമങ്ങൾ മനസ്സിലാക്കിത്തരുന്നതിന് ചിലപ്പോൾ ചിലകാര്യങ്ങൾ മറപ്പിക്കപ്പെടാറുണ്ട്. ഞാൻ മുൻഭാഗത്തുള്ള കാര്യങ്ങൾ കാണുന്നതുപോലെ പിൻഭാഗത്തുള്ള കാര്യങ്ങളും കാണാറുണ്ട്. എന്റെ മനസ്സും എപ്പോഴും ഉണർന്നിരിക്കുന്നു. എന്നിട്ടും ഒരുദിവസം സുബ്ഹി നമസ്‌കാരം ഖളാഅ് ആയത് ഖളാഇന്റെ നിയമം സമുദായത്തെ പഠിപ്പിക്കാനാണ്. 
ഇതര സഹാബികളെപ്പോലെ റസൂലുല്ലാഹി (സ) ധാരാളം ത്യാഗങ്ങൾ സഹിക്കുകയുണ്ടായി. അതിലൂടെ റസൂലുല്ലാഹി (സ)യുടെ പ്രതിഫലം ഇരട്ടിയാക്കപ്പെടുകയും സ്ഥാനം സമുന്നതമാക്കപ്പെടുകയും ചെയ്തു. സാധാരണ ജനങ്ങളെപ്പോലെ റസൂലുല്ലാഹി (സ)യ്ക്ക് രോഗങ്ങളും വേദനകളും ഉണ്ടായിട്ടുണ്ട്. തണുപ്പിന്റെയും ചൂടിന്റെയും പ്രതിഫലനങ്ങളും ഏൽക്കുകയുണ്ടായി. റസൂലുല്ലാഹി (സ)യ്ക്ക് വിശക്കുകയും ദാഹിക്കുകയും ചെയ്തിരുന്നു. ചിലവേളകളിൽ അതൃപ്തി പ്രകടിപ്പിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുകയുണ്ടായി. പലപ്പോഴും റസൂലുല്ലാഹി (സ) പട്ടിണിയിലായിരുന്നു. ക്ഷീണവും വാർദ്ധക്യവും സംഭവിച്ചിട്ടുണ്ട്. വാഹനത്തിൽ നിന്നും വീണ് മുറിവേൽക്കുകയും ഉണ്ടായി. ഉഹ്ദ് യുദ്ധ ദിവസം തിരുവദനത്തിൽ മുറിവേറ്റു. ത്വാഇഫിൽ വെച്ച് തൃപ്പാദങ്ങൾ രക്തിപങ്കിലമായി. റസൂലുല്ലാഹി (സ)യ്ക്ക് വിഷം നൽകപ്പെട്ടു. റസൂലുല്ലാഹി (സ)യുടെ മേൽ മാരണവും ചെയ്യപ്പെട്ടു. റസൂലുല്ലാഹി (സ) രോഗത്തിന് മരുന്ന് കഴിക്കുകയും രക്തം കുത്തി എടുക്കുകയും മന്ത്രങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ധാരാളം ത്യാഗങ്ങൾ സഹിച്ച റസൂലുല്ലാഹി (സ) അവസാനം പരീക്ഷണങ്ങളുടെയും പ്രയാസങ്ങളുടെയും ഈ ലോകത്ത് നിന്നും യാത്രയാവുകയും പടച്ചവന്റെ സമുന്നത സമക്ഷത്തിൽ എത്തിച്ചേരുകയും ചെയ്തു. റസൂലുല്ലാഹി (സ)യെ തകർക്കാനും വധിക്കാനും ശത്രുക്കൾ പല പ്രാവശ്യം പരിശ്രമിച്ചെങ്കിലും അല്ലാഹു സുരക്ഷിതത്വം നൽകുകയുണ്ടായി. ഉഹ്ദ് ദിവസം ബദ്ർ എന്ന വ്യക്തി അനുഗ്രഹീത വദനത്തിലേക്ക് കല്ലെറിയുകയും വദനം പൊട്ടി രക്തം ഒഴുകുകയും ചെയ്തു. റസൂലുല്ലാഹി (സ)യുടെ പടത്തൊപ്പി തുളച്ച് വളയങ്ങൾ ശിരസ്സിൽ തറയ്ക്കുകയുണ്ടായി. റസൂലുല്ലാഹി (സ) സൗർ ഗുഹയിൽ അഭയം തേടുകയും അല്ലാഹു ശത്രുക്കളിൽ നിന്നും മറയിടുകയും ചെയ്തു. ഗൂരിസിന്റെ വാളിനെയും അബൂജഹ്‌ലിന്റെ കല്ലിനെയും സുറാഖയുടെ കുതിരയെയും ലബീദിന്റെ സിഹ്‌റിനെയും യഹൂദി സ്ത്രീയുടെ വിഷയത്തെയും അല്ലാഹു തടയുകയും അവയുടെ നാശത്തിൽ നിന്നും സംരക്ഷിക്കുകയും ചെയ്തു. ഈ സംരക്ഷണത്തിലൂടെ റസൂലുല്ലാഹി (സ)യുടെ മഹത്വം അല്ലാഹു പ്രകടമാക്കി. ഇവയിലൂടെ ഉണ്ടായ പ്രയാസങ്ങളിലൂടെ റസൂലുല്ലാഹി (സ)യുടെ സ്ഥാന മഹത്വങ്ങൾ സമുന്നതമാക്കുകയും ചെയ്തു. കൂടാതെ, റസൂലുല്ലാഹി (സ)യുടെ ഈ അവസ്ഥകളിലേക്ക് ശ്രദ്ധിക്കുന്നവർ വഴികേടിൽ അകപ്പെടുകയുമില്ല. അതായത്, ഇത്തരം പ്രയാസങ്ങളൊന്നും കാണാതെ റസൂലുല്ലാഹി (സ)യുടെ അമാനുഷികതകൾ മാത്രം കണ്ടിരുന്നെങ്കിൽ ഈസാ നബി (അ)യുടെ ഉസൈർ നബി (അ)യുടെയും അത്ഭുതങ്ങൾ കണ്ട് അവരെ ദൈവമാക്കിയതുപോലെ റസൂലുല്ലാഹി (സ)യെയും ചിലർ ദൈവമാക്കുമായിരുന്നു. അതുപോലെ റസൂലുല്ലാഹി (സ)യുടെ ഈ പ്രയാസങ്ങളിൽ സമുദായത്തിലെ ദു:ഖിതർക്കും വലിയ സമാശ്വാസമുണ്ട്. അതെ, ആർക്കെങ്കിലും പ്രയാസങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകുമ്പോൾ റസൂലുല്ലാഹി (സ)യ്ക്കും പ്രയാസ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടല്ലോ അവർ സമാധാനിക്കുന്നതാണ്.

يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 
عَلَي حَبِيبِكَ مَنْ زَاَنْتِ بِهِ الْعُصْرُ


ഉപസംഹാരം
അവസാനമായി ഒരുകാര്യം കൂടി മനസ്സിലാക്കുക: മേൽ പറയപ്പെട്ട പ്രയാസങ്ങളും വേദനകളും റസൂലുല്ലാഹി (സ)യുടെ ഭൗതിക ശരീരത്തിന് മാത്രമായിരുന്നു. റസൂലുല്ലാഹി (സ) ഒരു മനുഷ്യൻ എന്ന നിലയിൽ ഈ വിഷയങ്ങളിൽ എല്ലാ മനുഷ്യരോടും പങ്കാളിയായി. എന്നാൽ റസൂലുല്ലാഹി (സ)യുടെ തിരുഹൃദയം സൃഷ്ടികളിൽ നിന്നും അകന്ന് മാറി സ്രഷ്ടാവിൽ മാത്രം ലയിച്ചതായിരുന്നു. റസൂലുല്ലാഹി (സ) ഓരോ നിമിഷവും പടച്ചവനുമായി ബന്ധപ്പെടുകയും അല്ലാഹുവിന്റെ സാമിപ്യത്തിൽ മുന്നേറുകയും ചെയ്തിരുന്നു. എന്തിനേറെ റസൂലുല്ലാഹി (സ)യുടെ ആഹാര പാനീയങ്ങളും വസത്ര ധാരണവും ചലന നിശ്ചലനങ്ങളും സംസാര നിശബ്ദതകളും എല്ലാം അല്ലാഹുവിന് വേണ്ടി മാത്രവും അല്ലാഹുവിന്റെ കൽപ്പന അനുസരിച്ചത് കൊണ്ടുള്ളതുമായിരുന്നു. റസൂലുല്ലാഹി (സ) സ്വന്തം ഇഷ്ടപ്രകാരം ഒന്നും പറഞ്ഞിരുന്നില്ല. റസൂലുല്ലാഹി (സ)യുടെ മേൽ അല്ലാഹു നൽകുന്ന ബോധനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഓരോ കാര്യങ്ങളും മൊഴിഞ്ഞിരുന്നത്. വരൂ, നമുക്കെല്ലാവർക്കും റസൂലുല്ലാഹി (സ)യുടെ മേൽ സ്വലാത്ത് സലാമുകൾ അധികരിപ്പിക്കാം. അല്ലാഹുവേ, ലോകാവസാനം വരെ റസൂലുല്ലാഹി (സ)യുടെ മേലും തിരുകുടുംബത്തിലും മുഴുവൻ സഹാബികളിലും ഉന്നതമായ സ്വലാത്ത് സലാമുകൾ വർഷിക്കണേ! അവസാനമായി ആദരവായ റസൂലുല്ലാഹി (സ)യുടെ തിരുസമക്ഷത്തിൽ വിനീതൻ തന്നെ സമർപ്പിച്ച ഏതാനും കവിതകൾ കൂടി ഉദ്ധരിക്കുകയാണ്.

فَانْظُرْ لِاَوْصَافِ خَيْرِ الْخَلْقِ فِي مَدَحِي -   كَانَّهَا الْوَشْئُ إِذْ تَزْهُوُ بِهِ الْحِبَرُ
بَرٌّ رَؤُفٌ رَحِيْمٌ زَانَهُ خُلُقٌ             -   مِثْلُ النَسِيمِ فَلَا فَظُّ وَلَا ضَجَرُ
يُلْفَى أَشَدَّ حَيَاءً مِّنْ مُّخَدَّرَةٍ            -   عَذْرَاءَ فِي خِدْرِهَا قَدْ زَانَهَا الْخَفَرُ
فَاقَ النَّبِيِّيْنَ أَخْلَاقاً وَّمُعْجِزَةً           -   وَرُتْبَةُ فَلَهُ التَقْدِيمُ إِنْ حَضَرُوْا
مُكَمَّلُ الْخَلْقِ لَا خَلْقٌ يُشَابِهُهُ           -   لَهُ اعْتَدَالٌ فَلَا طُولٌ وَلاَ قَصْرُ
مُشَرَّبٌ لَوْنُهُ الْمُبْيَضُّ مَنْظَرَهُ           -  بِحُمْرَةٍ وَمُحَيَّاهُ هُوَ الْقَمَرُ
صَلْتُ الْجَبِيُنِ أَزَجُّ الْحَاجِبِيْنِ          -   كَحِيْلِ الْعَيْنِ مِنْ حُسْنِهِ لاَ يَشْبَعُ النَظْرُ
أَسِيْلُ خَدٍّ مَلِيْحُ الثَغْرِ بَاسِمُهُ       -    مُفَلِّجٌ أَبْيَضُ الْأَسْنَانِ مَا الدُّرَر
 أَقْنٰى أَشَمُّ طَوِيْلُ الْجِيْدِ مُشْرِقُهُ     -   مِثْلَ اللُّجَيْنِ الْمُصَفّٰى مَابِهٖ عَكَرُ
ذُوْ لِحْيَةٍ كَثَّةٍ زَانَتْ مَحَاسِنُهُ          -    كَمَا يَزِيْنُ عُيُوْنَ الْغَادَةِ الْحَوَرُ
وَلِمَةٍ تَبْلُغُ الْأُذْنَيْنِ عَاطِرَةٍ           -    كَالْمِسْكِ لَوْنًا وَعَرَفًا حِيْنَ يَنْتَشِرُ
ضَخْمُ الْكَرَادِيْسِ رَحْبُ الصَدْرِ وَاسِعَةٌ      -    تُرَى بِهِ شَعَرَاتٌ خَطَّهَا الْقَدَرُ
شَثْنُ الْأَكُفِّ خَمِيْصُ الْبَطْنِ ذُوْعَكَنٍ     -   مَطْوِيَّةٌ طَالَ مَا يَطْوٰى بِهَا الْحَجَرُ
صَلَّتْ الْجَبِيْنِ أَزَجٌ الْحَاجِبَيْنِ           -    كَحِيْلِ الْعَيْنِ مِنْ حُسْنِهٖ لاَ يَشْبَعُ النَّظْرُ
عَبْلُ الذِّرَاعَيْنِ وَالسَّاقَيْنِ مُمْتَلَا      -  إِزَارُهُ لِنِصْفِ السَاقِ يَتَّزِرُ
سَجِّيَةٌ عِنْدَ مَا يَمْشِي تَمَايِلُهُ           -    تُخَالُ عَنْ صَبَبٍ إِنْ سَارَ يَنْحَدِرُ
يَفُوحُ مِنْ عَرَقٍ مِثْلُ الْجُمَانِ لَهُ      -  شَّّّّذًّا تَظَلُّ الْغَوَانِي مِنْهُ تَعْتَطِرُ
قَضَى وَلَمْ يَكُ يَوْمًا مُدْرِكًا شِيَعًا       -    مِنَ الشَّعِيرِ وَكَانَتْ فَرْشُهُ الْحُصْرُ
هَذا وَقَدْ مُلِّكَ الدُّنْيَا بِاَجْمَعِهَا         -    فَرَدَّهُ الزُّهْدُ عَنْهَا وَهُوَ مُقْتَدِرُ
فَالثَّوْبَ يَرْقَعَهُ وَالشَّاةَ يَحْلِبُهَا         -    وَمَا رُاِيَ لِاَخِي الْاِعْدَامِ يَحْتَقِرُ
وَالْبَيْتَ يَكْنِسُهُ وَالنَّعْلَ يَخْصِفُهَا      -     وَاِنْ دُعِيَ اَسْعَفَ الدّاعِي وَلاَ يَذَرُ
كَانَ الْبُرَاقُ لَهُ وَالْخَيْلُ يَرْكَبُهَا        -    وَالْاِبْلُ اَيْضًا كَذَاكَ الْبَغْلُ وَالْحُمْرُ
مَا عَابَ قَطُّ طَعَامًا احْضَرُوهُ لَهُ          -   ولَا لِسَائِلِهِ اللَّحَّاحِ يَنْتَهِرُ
يَعْفُو وَيَصْفَحُ عَنْ جَانٍ جَنَي كَرَمًا        -      وَيَقْبَلُ الْعُذْرَ مِمَّنْ جَاءَ يَعْتَذِرُ
وَلَيْسَ يَغْضَبُ إِلاَّ أَنْ تُرٰى حُرُمٌ     -   لِلهِ مَنْهُوْكَةٌ  أَوْ هُتِّكَتْ سُتُرُ
مَا أَمَّهُ سَائِلٌ يَرْجُوا نَدَا يَدِهِ        -  إِلَّا انْثَنٰى وَهُوَ مُثْرِى الْكَفِّ مُشْتَهِرُ

 يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 
عَلَي حَبِيبِكَ مَنْ زَاَنْتِ بِهِ الْعُصْرُ
 
* സൃഷ്ടികളിൽ ഉത്തമരായ പ്രവാചകന്റെ തിരുഗുണങ്ങൾ എന്റെ പ്രകീർത്തനങ്ങളിലൂടെ നിങ്ങൾ നോക്കിക്കാണുക. ഒരു വസ്ത്രത്തിന്റെ അലങ്കാരം അതിന്റെ ചിത്രപ്പണികളിലൂടെ വ്യക്തമാകുന്നത് പോലെ എന്റെ ഈ പ്രശംസയിലൂടെ പ്രവാചക ഗുണങ്ങൾ വ്യക്തമാകുന്നതാണ്. 
* അതെ, റസൂലുല്ലാഹി (സ) വലിയ കരുണയുള്ളവരും കൃപയുള്ളവരുമാണ്. റസൂലുല്ലാഹി (സ)യുടെ സ്വഭാവങ്ങൾ തങ്ങൾക്ക് അലങ്കാരമായിരുന്നു. അത് പ്രഭാതത്തിലെ കുളിർക്കാറ്റ് പോലെയാണ്. റസൂലുല്ലാഹി (സ) കടുത്ത ഭാഷിയോ ദുസ്വഭാവിയോ ആയിരുന്നില്ല.
* റസൂലുല്ലാഹി (സ) ലജ്ജയുടെ വിഷയത്തിൽ മറയിലിരിക്കുന്ന കന്യകയേക്കാളും വലിയ ലജ്ജയുള്ളവരായിരുന്നു. അതെ, ലജ്ജ റസൂലുല്ലാഹി (സ)യ്ക്ക് അലങ്കാരമായി. 
* റസൂലുല്ലാഹി (സ) സൽസ്വഭാവത്തിലും അമാനുഷികതയിലും മറ്റ് നബിമാരേക്കാൾ ഉന്നതനായി. റസൂലുല്ലാഹി (സ)യുടെ സ്ഥാനവും സമുന്നതം തന്നെ. എല്ലാവരും ഉള്ളപ്പോൾ റസൂലുല്ലാഹി (സ)യ്ക്കാണ് മുൻഗണന നൽകപ്പെടുക. 
* റസൂലുല്ലാഹി (സ)യുടെ ശാരീരിക രൂപവും സമ്പൂർണ്ണമായിരുന്നു. ആർക്കും അതിനോട് സാദൃശ്യതയില്ല. തിരുശരീരം മദ്ധ്യമമായിരുന്നു. നീളം കൂടുതലോ, കുറവോ ഉണ്ടായിരുന്നില്ല. 
* റസൂലുല്ലാഹി (സ) കാഴ്ചയിൽ ചുവപ്പിലേക്ക് ചാഞ്ഞ വെളുത്തം നിറമുള്ളവരായിരുന്നു. തിരുവദനം ചന്ദ്രനെപ്പോലെയായിരുന്നു. 
* വിശാലമായ നെറ്റിത്തടം, നേർത്ത പിരികം, സുറുമയിട്ട നയനങ്ങൾ. റസൂലുല്ലാഹി (സ)യെ കാണുന്നവർക്കാർക്കും മതിവരുന്നതല്ല. 
* മൃദുലമായ കവിൾത്തടം, പുഞ്ചിരി തൂകുന്ന ദന്തങ്ങൾ, ദന്തങ്ങൾക്കിടയിൽ ചെറിയ വിടവ്, അവ മുഴുവനും പ്രകാശിക്കുന്നു. അവയ്ക്ക് മുന്നിൽ മുത്തുകൾക്ക് ഒരു സ്ഥാനവുമില്ല. 
* ശിരസ്സ് ഉയർന്നിരുന്നു. ദൃഷ്ടി സൂക്ഷ്മമായിരുന്നു. കഴുത്ത് പ്രകാശിച്ചിരുന്നു. പരിശുദ്ധ വെള്ളിപോലെ വൃത്തിയായിരുന്നു. 
* തിങ്ങിയ താടി, അത് റസൂലുല്ലാഹി (സ)യ്ക്ക് അഴക് ഏറ്റിക്കൊടുത്തു. സ്ത്രീകളുടെ കണ്ണിലെ വെളുപ്പും ചുവപ്പും സൗന്ദര്യമാകുന്നതുപോലെ. 
* തലമുടി നീണ്ടിരുന്നു. അത് ചെവിവരെ എത്തിയിരുന്നു. കസ്തൂരി പോലെ സുഗന്ധം പരത്തിയിരുന്നു. 
* സന്തികൾ വലുതായിരുന്നു. നെഞ്ച് വിശാലമായിരുന്നു. അതിനിടയിൽ ഏതാനും രോമങ്ങൾ വരപോലെ കാണപ്പെട്ടിരുന്നു. 
* കൈത്തണ്ടുകൾ ഉറച്ചതും വയർ ഒതുങ്ങിയതും ആയിരുന്നു. പലപ്പോഴും വയർ ശൂന്യമായതിനാൽ കല്ലുവെച്ച് കെട്ടപ്പെട്ടിരുന്നു. 
* ഇരുകരങ്ങളും മടമ്പൻകാലുകളും വലുതായിരുന്നു. മുണ്ട് നന്നായി കയറ്റി ഉടുത്തിരുന്നു.
* നടക്കുമ്പോൾ ചെറുതായി കുനിഞ്ഞിരുന്നു. താഴ്ഭാഗത്തേക്ക് ഇറങ്ങുന്നത് പോലെ അനുഭവപ്പെട്ടിരുന്നു. 
* വിയർപ്പ് കണങ്ങൾ മുത്തുകൾ പോലെയായിരുന്നു. അതിൽ നിന്നും സുഗന്ധം പരന്നിരുന്നു. ജനങ്ങൾ അതിനെ സുഗന്ധമായി ഉപയോഗിച്ചിരുന്നു. 
* റസൂലുല്ലാഹി (സ) ജീവിതത്തിൽ ഒരിക്കലും ഗോതമ്പ് റൊട്ടി വയറ് നിറച്ച് കഴിച്ചിട്ടില്ല. റസൂലുല്ലാഹി (സ)യുടെ കിടക്ക പായയായിരുന്നു. 
* റസൂലുല്ലാഹി (സ) ലോകത്തെ ഏറ്റവും വലിയ ഭരണാധികാരിയാണ്. വലിയ അധികാരം കൈയ്യിലുണ്ടായിരുന്നെങ്കിലും റസൂലുല്ലാഹി (സ) അങ്ങേയറ്റം വിരക്തി പുലർത്തിയിരുന്നു. 
* റസൂലുല്ലാഹി (സ) വസ്ത്രം തുന്നുകയും ആടിനെ കറക്കുകയും ചെയ്തിരുന്നു. സാധുക്കളെ ഒരിക്കലും നിന്ദിച്ചിരുന്നില്ല.
* വീട് വൃത്തിയാക്കിയിരുന്നു. ചെരുപ്പ് നന്നാക്കിയിരുന്നു. ക്ഷണം സ്വീകരിച്ചിരുന്നു. ആരെയും തള്ളിയിരുന്നില്ല.
* റസൂലുല്ലാഹി (സ)യ്ക്ക് ബുറാഖ് വാഹനമായിട്ടുണ്ടായിരുന്നു. കുതിരയിലും ഒട്ടകത്തിലും കോവർ കഴുതയിലും കഴുതപ്പുറത്തും യാത്ര ചെയ്തിട്ടുണ്ട്. 
* പാപികൾക്ക് മാപ്പ് കൊടുത്തിരുന്നു. ന്യായം പറഞ്ഞ് വരുന്നവരുടെ ന്യായം സ്വീകരിച്ചിരുന്നു. 
* ആരോടും കോപിച്ചിരുന്നില്ല. എന്നാൽ പടച്ചവന്റെ ആദരവ് കീറപ്പെടുന്നതായോ, നിഷിദ്ധമായത് പ്രവർത്തിക്കപ്പെടുന്നതായോ കണ്ടാൽ കോപിച്ചിരുന്നു. 
* ചോദിച്ച് വന്നവരാരെയും വെറുതെ മടക്കി വിട്ടിട്ടില്ല. റസൂലുല്ലാഹി (സ) വളരെയധികം ധർമ്മം ചെയ്തിരുന്നു. 
* അല്ലാഹുവേ, ആയിരമായിരം സ്വലാത്ത് സലാമുകൾ ഹബീബായ റസൂലുല്ലാഹി (സ)യുടെ മേൽ എന്നുമെന്നും വർഷിപ്പിക്കേണമേ. 

******************************

ലേഖനം

വഖ്ഫ് വിഷയങ്ങളുമായി ബന്ധപ്പെട്ട ഫിഖ്ഹ് സെമിനാര്‍ പ്രസ്താവന


********************
പരിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും വളരെ പ്രാധാന്യത്തോടെ പഠിപ്പിക്കുകയും മുസ്ലിം സമുദായത്തിലെ സമ്പന്നരും സാധുക്കളുമായ എല്ലാവരും അനുഷ്ഠിക്കുകയും ആദരിക്കുകയും ചെയ്തിട്ടുള്ള ഒരു പ്രധാന സല്‍കര്‍മ്മവും  ആരാധനയും എന്നെന്നും നിലനില്‍ക്കുന്ന ദാനവുമാണ് വഖ്ഫുകള്‍. ഇതിന്‍റെ മഹത്വം കാരണം സഹോദര സമുദായ അംഗങ്ങളും അമുസ്ലിം ഭരണാധികാരികളും ഇതിനെ ആദരിക്കുയും അനുവദിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്നു.
ഇസ്ലാമിലെ അതിമനോഹരവും ജനോപകാരപ്രദവുമായ വഖ്ഫിന്‍റെ വിഷയം എല്ലാ പണ്ഡിതരും പ്രത്യേകം പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്തിട്ടുള്ളതാണ്.  സ്വഭാവികമായും ഇടയ്ക്ക് സംഭവിക്കാറുള്ള പ്രശ്നങ്ങളെ ഖുര്‍ആന്‍ ഹദീസുകളുടെയും ഫുഖഹാ മഹത്തുക്കളുടെയും വചനങ്ങളുടെ വെളിച്ചത്തില്‍ പരിഹരിക്കാനും അവര്‍ പരിശ്രമിച്ചിട്ടുണ്ട്. ഇപ്രകാരം ആധുനിക യുഗത്തില്‍ വഖ്ഫുമായി ബന്ധപ്പെട്ട് ഉണ്ടായ ചില വിഷയങ്ങളെ ഇന്ത്യന്‍ പണ്ഡിത മഹത്തുക്കളുടെ കൂട്ടായ്മയായ ഓള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമി ചര്‍ച്ച ചെയ്യുകയുണ്ടായി. ബോംബയില്‍ കൂടിയ ഫിഖ്ഹ് സെമിനാറിന്‍റെ അവസാനത്തില്‍ എല്ലാവരും സംയുക്തമായി പ്രസിദ്ധീകരിച്ച പ്രസ്താവനയാണ് താഴെ കൊടുക്കുന്നത്. പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
*****************************

1. പുണ്യകരമായ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഭൂമിയോ ഇതരസ്വത്തുക്കളോ പണമോ നീക്കിവെക്കുന്നത് (വഖ്ഫ് ചെയ്യുന്നത്) ഇസ്ലാമിക ദൃഷ്ട്യാ എന്നും നിലനില്‍ക്കുന്ന ദാനധര്‍മ്മമാണ്. ഇസ്ലാമിലത് വലിയ ഒരു പുണ്യകര്‍മ്മമാണ്. ലോകത്തെങ്ങുമുള്ള മുസ്ലിംകള്‍ ഇങ്ങനെ വഖ്ഫ് ചെയ്യുന്നു.
ഇന്ത്യയില്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കും അതിപുരാതനമായ ചരിത്ര പാരമ്പര്യമുണ്ട്. രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും മുസ്ലിംകള്‍ അധിവസിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പുണ്യകരമായ ലക്ഷ്യങ്ങള്‍ക്കു വേണ്ടി മുസ്ലിംകള്‍ ദാനം ചെയ്ത സ്വത്തുക്കള്‍ ഉണ്ട്. വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തവരുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസരിച്ച് കൈകാര്യം ചെയ്യുക, വഖ്ഫ് സ്വത്തുക്കളുടെ ദുര്‍വിനിയോഗവും അന്യാധീനമാവലും തടയുക എന്നിവ ഇന്ത്യന്‍ മുസ്ലിംകളുടെയെന്നപോലെ ഭരണകൂടത്തിന്‍റെയും സുപ്രധാന ചുമതലയാണ്.
2. വഖ്ഫ് സ്വത്തുക്കള്‍ സംബന്ധിച്ച ഇസ്ലാമിന്‍റെ അടിസ്ഥാന വീക്ഷണം അവ കാലാകാലവും വഖ്ഫ് സ്വത്തായിത്തന്നെ നിലനില്‍ക്കണമെന്നും, ഏതവസ്ഥയിലും അത് വില്‍ക്കുവാനോ മാറ്റുവാനോ പാടില്ല എന്നുമാണ്. വഖ്ഫ് സ്വത്തുക്കള്‍ വില്‍ക്കുകകയോ ദാനം ചെയ്യുകയോ അനന്തരമെടുക്കുകയോ ചെയ്യാവുന്നതല്ല എന്നാണ് പ്രവാചകന്‍ പറഞ്ഞത്. വഖ്ഫ് സ്വത്തുക്കള്‍ ഉള്ള അവസ്ഥയില്‍ തന്നെ നിലനിര്‍ത്തി പരിപോഷിപ്പിക്കുകയും അതില്‍ നിന്നുള്ള വരുമാനം ദാതാക്കളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസരിച്ചു മാത്രം ചെലവഴിക്കുകയും ചെയ്യാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. 
3. വഖ്ഫ് ചെയ്യപ്പെട്ട പള്ളികള്‍ക്ക് ഇതര വഖ്ഫ് സ്വത്തുക്കളേക്കാള്‍ പവിത്രതയും ആദരവുമുണ്ട്. അതുകൊണ്ടുതന്നെ, ഒരു കാരണവശാലും അവ വില്‍ക്കുവാനോ സ്ഥലം മാറ്റുവാനോ പാടില്ല. പള്ളി ഉപയോഗശൂന്യമാവുകയും നമസ്കാരം നിര്‍വ്വഹിക്കപ്പെടാതെ വരികയും ചെയ്താല്‍ പോലും പള്ളി നിലനിന്നിരുന്ന സ്ഥലം പള്ളിയായിത്തന്നെ അവശേഷിക്കുകയും അതിന് പള്ളിയുടെ പരിശുദ്ധിയും ആദരവും നിലനില്‍ക്കുകയും ചെയ്യും. അവിടെ പള്ളി പുനര്‍നിര്‍മ്മിക്കുവാനും നമസ്കാരം പുനഃസ്ഥാപിക്കുവാനും മുസ്ലിംകള്‍ ബാധ്യസ്ഥരാണ്. അല്ലാഹു പറയുന്നു: "നിശ്ചയമായും പള്ളികള്‍ അല്ലാഹുവിനുള്ളതാണ്. അതിനാല്‍ അല്ലാഹുവിനോടൊപ്പം മറ്റാരോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്." (ജിന്ന്.18). "അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ മാത്രമായിരിക്കും പള്ളി പരിപാലിക്കുന്നത്." (അത്തൗബ: 18).
4. പള്ളികളില്‍ നമസ്കരിക്കുന്നതില്‍ നിന്ന് ജനങ്ങളെ തടയല്‍ വലിയ അക്രമവും ഗുരുതരമായ കുറ്റവുമാണ്. അല്ലാഹു പറയുന്നു: "അല്ലാഹുവിന്‍റെ പള്ളികളില്‍ അവന്‍റെ നാമം വാഴ്ത്തുന്നതിനെ വിലക്കുകയും ആ ദൈവാലയങ്ങള്‍ തകര്‍ക്കാന്‍ ഒരുമ്പിട്ടിറങ്ങുകയും ചെയ്തവരേക്കാള്‍ വലിയ അക്രമികള്‍ ആരാണ്. " (അല്‍ ബഖറ:14)
ഏതെങ്കിലും പള്ളിയില്‍ നമസ്കരിക്കുന്നതില്‍ നിന്ന് മുസ്ലിംകള്‍ തടയപ്പെടുകയോ അല്ലെങ്കില്‍ ആരെങ്കിലും അന്യായമായി അത് പൊളിച്ചുകളയുകയോ ചെയ്താലും ശരീഅത്ത് പ്രകാരം അത് പള്ളിയായിത്തന്നെ നിലനില്‍ക്കും.  
5. പുരാവസ്ഥുക്കളെന്ന പേരില്‍ ഏതെങ്കിലും പള്ളിയില്‍ നമസ്കരിക്കുന്നതില്‍ നിന്ന് മുസ്ലിംകളെ തടയുന്നത് ശരീഅത്തിന്‍റെ കാഴ്ചപ്പാടില്‍ അക്രമമാണ്. 
6. വിഭജനത്തെ തുടര്‍ന്ന് ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശിന്‍റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന്, ധാരാളം മുസ്ലിംകള്‍ പാകിസ്ഥാനിലേക്ക് പോവുകയുണ്ടായി. അവര്‍ ഉപേക്ഷിച്ചുപോയ പ്രദേശങ്ങളിലെല്ലാം പള്ളികളും മദ്റസകളും സൂഫീമഠങ്ങളും ശവകുടീരങ്ങളും ആശ്രമങ്ങളും വഴിയമ്പലങ്ങളും മറ്റുമായി ധാരാളം വഖ്ഫ് സ്വത്തുക്കളുണ്ട്. അവയുടെ സംരക്ഷണം ആ പ്രദേശങ്ങളില്‍ അവശേഷിച്ചിരിക്കുന്നവരുടെ ബാധ്യതയാണ്. മുസ്ലിംകള്‍ ഒട്ടും അവശേഷിക്കാത്ത പ്രദേശങ്ങളിലെ വഖ്ഫ് സ്വത്തുക്കള്‍ വഖ്ഫ് ബോര്‍ഡ് സംരക്ഷിക്കണം. അയല്‍പ്രദേശങ്ങളില്‍ താമസിക്കുന്ന മുസ്ലിംകളും അവയുടെ സംരക്ഷണത്തിനുത്തരവാദികള്‍ തന്നെയാണ്.
7. മുസ്ലിം ജനവാസമില്ലാത്ത പ്രദേശങ്ങളിലെ വഖ്ഫ് സ്വത്തുക്കള്‍ പുനര്‍ജീവിപ്പിക്കാനും വഖ്ഫ് ചെയ്തവരുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസരിച്ച് നടത്തിക്കൊണ്ടുപോകുവാനും സാധ്യമല്ലാതെ വരികയും അവ അന്യാധീനപ്പെട്ടുപോകുമെന്ന ആശങ്ക നിലനില്‍ക്കുകയും ചെയ്താല്‍, താഴെ പറയുന്ന ഉപാധികളോടെ, അവ വില്‍ക്കുകയും അതിനു പകരം തതുല്യമായത് മറ്റു സ്ഥലങ്ങളില്‍ ഉണ്ടാക്കുകയും ചെയ്യാവുന്നതാണ്.
(എ) പ്രസ്തുത പ്രദേശത്ത് മുസ്ലിംകളാരും ഇപ്പോള്‍ താമസമില്ലെന്നും അടുത്ത കാലത്തൊന്നും അവിടെ മുസ്ലിം ജനവാസത്തിനു സാധ്യതയില്ലെന്നും ഉറപ്പാവുക.
(ബി) വില്പന, വില കുറഞ്ഞു പോയെന്ന ആക്ഷേപമുയരാന്‍ ഇടവരാത്തവിധം, മാര്‍ക്കറ്റ് വിലക്കനുസരിച്ച് തന്നെയാവുക.
(സി) വഖ്ഫ് സ്വത്ത് കൈകാര്യം ചെയ്തിരുന്ന വ്യക്തി (മുതവല്ലി) യോ ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരിയോ തന്‍റെ ബന്ധുക്കളോ തല്‍പരകക്ഷികളോ വഴി അത് വാങ്ങരുത്. അതുപോലെതന്നെ, മുതവല്ലിയോ സര്‍ക്കാര്‍ അധികാരിയോ കടം വീട്ടാനുള്ളവര്‍ക്കും അത് വില്‍ക്കാന്‍ പാടില്ല.
(ഡി) വഖ്ഫ് സ്വത്തുക്കള്‍ വില്‍ക്കുന്നത് തുല്യ വിലക്കുള്ള സ്വത്തുക്കള്‍ക്ക് പകരമായിരിക്കണം; പണത്തിനാവരുത്. നിയമപരമോ പ്രായോഗികമോ ആയ കാരണങ്ങളാല്‍ പണത്തിനു വില്‍ക്കേണ്ടി വന്നാല്‍ എത്രയും വേഗം പകരം സ്വത്ത് വാങ്ങേണ്ടതാണ്.
(ഇ) വഖ്ഫ് സ്വത്ത് മാറ്റക്കച്ചവടമോ വില്‍പനയോ നടത്തുന്നത്, കച്ചവടത്തിന്‍റെ എല്ലാ ഉപാധികളും പൂര്‍ത്തിയായിട്ടുണ്ടെന്ന് ശരീഅത്ത് കോടതി ജഡ്ജിയോ ദൈവഭക്തരായ പണ്ഡിതരും വഖ്ഫ് നിയമങ്ങളില്‍ പരിജ്ഞാനമുള്ളവരും ഉള്‍പ്പെടുന്ന കമ്മറ്റിയോ ഉറപ്പു വരുത്തിയ ശേഷമായിരിക്കണം. വഖ്ഫ് സ്വത്ത് വില്‍ക്കാമെന്നോ മാറ്റക്കച്ചവടം ചെയ്യാമെന്നോ വഖ്ഫ് ബോര്‍ഡോ ബന്ധപ്പെട്ട ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ സമ്മതിച്ചതുകൊണ്ട് മാത്രം മതിയാവുകയില്ല. വഖ്ഫ് കോടതിയുടെ തീരുമാനം, ശരീഅത്ത് പ്രകാരം സ്വീകാര്യമാകണമെങ്കില്‍, ചുരുങ്ങിയത്, പ്രാമാണികരായ മൂന്ന് മുഫ്തികളുടെയെങ്കിലും സമ്മതവും അഭിപ്രായവും അനിവാര്യമാണ്.
കുറിപ്പ്: വില്‍ക്കപ്പെടുന്ന വഖ്ഫ് സ്വത്ത് ഏതെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കു വേണ്ടിയായിരുന്നുവോ അതേ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കു മാത്രമേ പകരം വാങ്ങുന്ന സ്വത്തും ഉപയോഗിക്കാവൂ.
8. (എ) വഖ്ഫ് സ്വത്തില്‍ നിന്നുള്ള വരുമാനം വഖ്ഫ് രേഖകളില്‍ പറഞ്ഞതു പ്രകാരം മാത്രമേ വിനിയോഗിക്കാവൂ. വഖ്ഫ് രേഖകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവിലില്ലെങ്കില്‍ തതുല്യ മാര്‍ഗങ്ങളില്‍ ചെലവഴിക്കണം. വഖ്ഫ് ചെലവുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പരിഗണിക്കാതെ വഖ്ഫ് സ്വത്ത് ഒരിക്കലും കൈകാര്യം ചെയ്യാവുന്നതല്ല.
(ബി) വഖ്ഫ് സ്വത്ത് വില്‍ക്കേണ്ട അനിവാര്യ സാഹചര്യങ്ങളുണ്ടായാല്‍ നിര്‍ബന്ധമായും പകരം സ്വത്ത് വാങ്ങേണ്ടതാണ്.
9. പള്ളിക്ക് വഖ്ഫ് ചെയ്യപ്പെട്ട ഭൂമി പള്ളിയുടെ ആവശ്യം കഴിഞ്ഞും അധികമുണ്ടെങ്കില്‍, മേലില്‍ പള്ളിയുടെ വികസനത്തിന് അത് ആവശ്യമായി വരികയുമില്ലെങ്കില്‍ താഴെ പറയുന്ന ഉപാധികളോടെഅവിടെ മതസ്ഥാപനങ്ങള്‍ ഉണ്ടാക്കാവുന്നതാണ്.
(എ) പള്ളി നിര്‍ജ്ജീവമാവുകയും ഒരു മതപഠനകേന്ദ്രം ഉണ്ടായാല്‍ പള്ളി വീണ്ടും സജീവമാവുകയും ചെയ്യും എന്നുവരിക (ബി) പള്ളിയുടെ ആവശ്യം കഴിഞ്ഞുള്ള ഭൂമി അന്യാധീനപ്പെട്ടുപോകുമെന്നുള്ള ഭയമുണ്ടാകുകയും ഒരു മതപഠന കേന്ദ്രം സ്ഥാപിക്കുന്നതോടെ ആ ഭയം ദൂരീകരിക്കപ്പെടുകയും ചെയ്യുക. (സി) പള്ളി സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മുസ്ലിം കുട്ടികള്‍ക്ക് മതപഠന സൗകര്യമില്ലാതിരിക്കുക. എങ്കില്‍ പള്ളിയുടെ മേലധികാരി (മുതവല്ലി) യുടെ സമ്മതപ്രകാരം അവിടെ മതപഠന കേന്ദ്രം സ്ഥാപിക്കാവുന്നതാണ്. പള്ളിക്കമ്മിറ്റി തന്നെ മദ്റസയും ആരംഭിക്കുന്നതാണ് ഉത്തമം.
10. പള്ളി പരിപാലനത്തിന് വരുമാനമുണ്ടാക്കുന്നതിനു വേണ്ടി വഖ്ഫ് ചെയ്യപ്പെട്ട ഭൂമിയില്‍ മാന്യമായ വാടക ലഭിക്കുന്ന വിധം ഭൗതിക-സാങ്കേതിക സ്ഥാപനങ്ങള്‍ ഉണ്ടാക്കാവുന്നതാണ്. എന്നാല്‍, സ്ഥലത്തിന്‍റെ ഉടമാവകാശം പള്ളിക്കു തന്നെ അവശേഷിക്കുന്ന വിധമുള്ള വാടക ഉടമ്പടികള്‍ മാത്രമേ ഉണ്ടാക്കാവൂ.
11. ഏതെങ്കിലും പള്ളിയുടെ വരുമാനം അതിന്‍റെ ആവശ്യങ്ങളേക്കാള്‍ വളരെ കൂടുതലാവുകയും അത് തുടര്‍ന്നും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണെങ്കില്‍ അടുത്ത ഭാവിയിലൊന്നും പ്രസ്തുത പള്ളിക്ക് ആ പണം ആവശ്യമായി വരികയുമില്ലെങ്കില്‍, ആ പണം മറ്റു പ്രദേശങ്ങളില്‍ പള്ളി പണിയുന്നതിനോ സഹായം ആവശ്യമായ പള്ളികളെ സഹായിക്കുന്നതിനോ ഉപയോഗിക്കേണ്ടതാണ്. പള്ളിയും മദ്റസയുമില്ലാത്ത എത്രയോ പ്രദേശങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. ബാങ്കുവിളി കേള്‍ക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത മുസ്ലിം പ്രദേശങ്ങളുമുണ്ട്. സമ്പന്നമായ പള്ളികളുടെ അധികവരുമാനം ഉപയോഗിച്ച് അത്തരം പ്രദേശങ്ങളില്‍ പള്ളി പണിയേണ്ടതാണ്.
12. പള്ളിക്ക് വഖ്ഫ് ചെയ്യപ്പെട്ട സ്വത്തുക്കളില്‍ നിന്നുള്ള വരുമാനത്തിന്‍റെ മുഖ്യമായ ചെലവ് ഇമാമിന്‍റെയും മുക്രിയുടെയും വേതനങ്ങളാണ്. പള്ളികള്‍ എത്രതന്നെ സമ്പന്നമാണെങ്കിലും ഇമാമുകള്‍ക്കും മുക്രിമാര്‍ക്കും പള്ളിയിലെ ഇതര ജീവനക്കാര്‍ക്കും മെച്ചപ്പെട്ട ശമ്പളം നല്‍കണമെന്ന് സമ്മേളനം പള്ളി ഭാരവാഹികളോട് അഭ്യര്‍ത്ഥിക്കുന്നു.
13. വഖ്ഫ് സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍, ഇപ്പോഴോ അടുത്ത ഭാവിയിലോ ആവശ്യമില്ലാത്ത സമ്പാദ്യം, അതിന്‍റെ സംരക്ഷണം മുതവല്ലിക്ക് പ്രയാസമാകുമെന്നോ അത് മറ്റാരെങ്കിലും കൈവശപ്പെടുത്തുമെന്നോ ഭരണകൂടമോ വ്യക്തികളോ തട്ടിയെടുക്കുമെന്നോ ആശങ്കയുണ്ടാകുന്നപക്ഷം അത് തതുല്യ മാര്‍ഗ്ഗങ്ങളില്‍ വിനിയോഗിക്കേണ്ടതാണ്.
14. മാന്യമായ വരുമാനം കിട്ടിക്കൊണ്ടിരിക്കുന്ന വഖ്ഫ് സ്വത്ത്, കൂടുതല്‍ വരുമാനം കിട്ടുന്ന സ്വത്ത് വാങ്ങുന്നതിനു വേണ്ടി വില്‍ക്കാന്‍ പാടുള്ളതല്ല. കാരണം, അത്തരം ഇടപാടുകളില്‍ വഖ്ഫ് സ്വത്ത് പാഴാകാന്‍ ഇടവരുമോ എന്ന ആശങ്കയ്ക്ക് പഴുത് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, വരുമാനം നന്നേ കുറവാണെങ്കില്‍, ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനം നന്നേ കുറവായതുകൊണ്ട് വഖ്ഫ് സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നതില്‍ കടം വാങ്ങേണ്ടി വരുന്നുമുണ്ടെങ്കില്‍ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നിലവിലുള്ള അവസ്ഥയില്‍ ഒരു വഴിയും കാണുന്നുമില്ലെങ്കില്‍ പ്രസ്തുത സ്വത്ത് വില്‍ക്കുകയും കൂടുതല്‍ വരുമാനം ലഭിക്കുന്നത് വാങ്ങുകയും ചെയ്യുന്നതിന് വിരോധമില്ല. (വില്‍ക്കുന്നതും വാങ്ങുന്നതും ക്രമനമ്പര്‍ 7-ലെ ബി.സി, ഡി ഉപാധികള്‍ പാലിച്ചുകൊണ്ടായിരിക്കണം.) വഖ്ഫ് ചെയ്ത ആള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹത്തിന്‍റെ അനുവാദം നിര്‍ബന്ധമാണ്.
15.വഖ്ഫ് കെട്ടിടത്തിന് അപകടകരമാംവിധം കേടുപാടുകള്‍ സംഭവിക്കുകയും കെട്ടിടത്തിന്‍റെ കേടുപാടുകള്‍ തീര്‍ക്കാന്‍ ബന്ധപ്പെട്ടവരുടെ കൈയ്യില്‍ പണമില്ലാതെ വരികയും അടുത്തൊന്നും ഉണ്ടാകാന്‍ സാധ്യത കാണാതിരിക്കുകയും ചെയ്താല്‍, കെട്ടിടം മുഴുവനോ ഏതാനും മുറികളോ നിശ്ചിത കാലത്തേക്ക് വാടകയ്ക്ക് തരാമെന്ന വ്യവസ്ഥയില്‍ കെട്ടിടം പുതുക്കി പണിയുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് ഏതെങ്കിലും കോണ്‍ട്രാക്ടറെ ഏല്‍പ്പിക്കാവുന്നതാണ്.
16. മഖ്ബറയുടെ സംരക്ഷണത്തിന് ചുറ്റുമതില്‍ കെട്ടാന്‍ സാമ്പത്തിക ശേഷിയില്ലെങ്കില്‍ അവിടെ പീടികമുറികള്‍ ഉണ്ടാക്കാവുന്നതാണ്. എന്നാല്‍, പീടികകളിലേക്കുള്ള വഴി മഖ്ബറയിലൂടെയാവരുത്. അഡ്വാന്‍സ് സംഖ്യകൊണ്ട് പീടിക പണിയാവുന്നതാണ്. പീടികയില്‍ നിന്നുള്ള വരുമാനം മഖ്ബറയുടെ സംരക്ഷണത്തിനു തന്നെ ഉപയോഗിക്കണം.  പ്രത്യക്ഷത്തില്‍ തന്നെ കാണുന്ന ഖബറുകള്‍ക്ക് കേടുപറ്റാത്ത വിധമായിരിക്കണം പീടിക പണിയുന്നത്.
17. വഖ്ഫ് നിയമങ്ങളില്‍ വരുത്തേണ്ട ഭേദഗതികളുടെ ഒരു കരടുരേഖ, മുസ്ലിം വഖ്ഫ് സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ രൂപീകരിച്ച സമിതിക്ക് സമര്‍പ്പിക്കാന്‍ ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി സെക്രട്ടറി ജനറല്‍, മൗലാനാ മുജാഹിദുല്‍ ഇസ്ലാം ഖ്വാസിമിയെ സമ്മേളനം ചുമതലപ്പെടുത്തി.
(പത്താം സമ്മേളനം 1997 ഒക്ടോബര്‍ 24-27 തീയതികളില്‍                ഹജ്ജ് ഹൗസ്,  ബോംബ) 

*******************************

പ്രധാന വാര്‍ത്തകള്‍

ALL INDIA MUSLIM PERSONAL LAW BOARD

02/09/2024

                      

ചില പ്രധാന അറിയിപ്പുകൾ


മൗലാനാ ഫസ്‌ലുർറഹീം മുജദിദ്ദി

(ജന:സെക്രട്ടറി ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലാ ബോർഡ്)


ബഹുമാന്യരേ, 

ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിൻ്റ  കോർ കമ്മിറ്റിയുടെ ഒരു അടിയന്തര ഓൺലൈൻ യോഗം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കൂടുകയുണ്ടായി. വഖ്ഫ് ഭേദഗതി ബില്ലിനെതിരിൽ ഇത് വരെ നടന്ന പ്രവർത്തനങ്ങൾ ഇതിൽ വിലയിരുത്തുകയും ഭാവി പ്രവർത്തനങ്ങളെ കുറിച്ച് ആലോചിക്കുകയും ചെയ്തു. അതിൽ തീരുമാനിച്ച കാര്യങ്ങൾ താഴെ കൊടുക്കുന്നു:

* ബോർഡിൻെറ ഭാഗത്ത് നിന്നും ബില്ലിനെ എതിർന്ന് കൊണ്ട് അഭിപ്രായം രേഖപ്പെടുത്താൻ നൽകപ്പെട്ട ക്യു ആർ കോഡ് വളരെ ലളിതമായ ഒരു പദ്ധതിയാണ്. മസ്ജിദുകൾ, മദ്റസകൾ മുതലായ എല്ലാ സ്ഥലങ്ങളിലും അത് ഒട്ടിക്കുകയും ജനങ്ങൾ അത് വഴി എതിർപ്പ് രേഖപ്പെടുത്തി കൊണ്ടിരിക്കുയും ചെയ്യുന്നു. ഇന്ന് 5 മണി വരെ ഒരുലക്ഷത്തി മുപ്പത്തിയൊന്നായിരം ജനങ്ങൾ അത് ഉപയോഗിച്ച് എതിർപ്പ് രേഖപ്പെടുത്തുകയുണ്ടായി. ഈ കോഡ് തയ്യാറാക്കിയ പ്രഗൽഭ  ബോർഡ് സേവകർ സൈബർ ആക്രമങ്ങളിൽ നിന്നും ഇതിനെ സംരക്ഷിക്കാൻ 24 മണിക്കൂറും ഇതിന്   കാവലും ഇരിക്കുകയാണ്. അത് കൊണ്ട് കാര്യം എളുപ്പമായതിനാലും എണ്ണം സൂക്ഷിക്കാൻ കഴിയുന്നതിനാലും എല്ലാവരും ഇത് തന്നെ ഉപയോഗിക്കണമെന്ന് അഭ്യർത്ഥികുന്നു.

* ഇതിൻ്റെ കാലാവധി നീട്ടാൻ ബോർഡ് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോൾ സമയം 12 തീയതി വരെയാണ് ആകയാൽ  കഴിവിൻറെ പരമാവധി  സഹോദരങ്ങളെ  കൊണ്ട് ഈ QR കോഡ് വഴി എതിർപ്പ് രേഖപ്പെടുന്നുത്തുക. ഇമാമുകളും  പണ്ഡിതന്മാരും നേതാക്കളും സംഘടനാ സാമൂഹ്യ സേവകരും ഈ വിഷയത്തിൽ മുന്നിട്ടിറങ്ങുകയും വിവിധ സ്ഥലങ്ങളിൽ QR കോഡ് ഒട്ടിച്ചും ഹെൽപ് ഡെസ്ക് സ്ഥാപിച്ചും സോഷ്യൽ മീഡിയ ഉപയോഗിച്ചും പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടുക. 

* ബോർഡ് നേതാക്കളും അംഗങ്ങളും ഈ കറുത്ത ബിൽ റദ്ദ് ചെയ്യുന്നതിന് കഴിവിൻ്റെ പരമാവധി പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ത്യാ സഖ്യം, NDA സഖ്യം, ഇതര രാഷ്ട്രീയ കക്ഷികൾ എന്നിവയുടെ നേതാക്കളെ സന്ദർശിച്ചു കൊണ്ടിരിക്കുന്നു . ദിവസവും വിവിധ വിഭാഗങ്ങളിൽ പെട്ട പ്രധാനികളെ കാണുകയും ചെറുതും വലുതുമായ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. പ്രാദേശികമായി ഓരാരുത്തരും ഈ വിഷയത്തിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. പടച്ചവൻ അനുഗ്രഹിക്കട്ടെ!

* വഖ്‌ഫ് ഭേദഗതി ബില്ലിനെതിരെ  ഇ-മെയിൽ അയക്കാനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. 

* Link : https://tinyurl.com/is-no-waqf-amendment

1. മുകളിൽ കാണുന്ന നീല എഴുത്ത് ലിങ്ക് http.... യിൽ ക്ലിക്ക് ചെയ്യുക.

2. ഇംഗ്ലീഷ് ഭാഷാ തെരഞ്ഞെടുക്കുക.

3. G-mail ഓപ്പൺ ചെയ്യുക.

4. അവസാനം താങ്കളുടെ പേര് ചേർക്കുക.

5. Send ബട്ടൺ അമർത്തുക. 

ഇതോടെ ജെ.പി.സി കമ്മിറ്റിയിലേക്ക് നിങ്ങളുടെ ഇമെയിൽ എത്തും. പരമാവധി ഷെയർ ചെയ്യുക വീട്ടിലുള്ള എല്ലാവരെ കൊണ്ടും ചെയ്യിപ്പിക്കുക. കൂട്ടുകാർക്കും അയച്ചുകൊടുക്കുക.


**********************************

സയ്യിദ് ഹസനി അക്കാദമി
ദാറുല്‍ ഉലൂം, ഓച്ചിറ

ബഹുമാന്യരെ, പ്രയോജനപ്രദമായ രചനകളുടെ പ്രസിദ്ധീകരണത്തിനും പ്രചാരണത്തിനും വേണ്ടി ആദരണീയ പ്രബോധകൻ മൗലാനാ സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി സ്ഥാപിച്ച ഒരു കേന്ദ്രമാണ് സയ്യിദ് ഹസനി അക്കാദമി. പടച്ചവന്റെ അനുഗ്രഹത്താൽ ചെറുതും വലുതുമായ ധാരാളം രചനകൾ ഇതിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ ഇതിന്റെ പ്രചാരണം വേണ്ട നിലയിൽ ആയിട്ടില്ല. അതിനുവേണ്ടി ഓരോ മാസവും ഓരോ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ദുൽ ഹജ്ജ് മാസം തിരുവനന്തപുരം ജില്ലയിലാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. സുമനസ്സുകളായ സഹോദരങ്ങൾ വീടുകളിലും ഇതര സ്ഥാപനങ്ങളിലും ചെറിയ ഒരു ലൈബ്രറി സ്ഥാപിച്ച് അക്കാദമിയുടെ രചനകൾ പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരെ പരിചയപ്പെടുത്തുകയും വിവാഹ വേളകളിലും മറ്റും ഉപഹാരം നൽകുകയും ചെയ്താൽ ഇത് വളരെ എളുപ്പമായ നിലയിൽ നടക്കുന്നതാണ്. ബുക്ക് സ്റ്റാളുകളും പർദ്ദ സ്റ്റാളുകളും നടത്തുന്ന സഹോദരങ്ങളെ പ്രേരിപ്പിച്ചാലും ഈ പ്രവർത്തനം പ്രയോജനപ്രദമായി നടക്കുന്നതാണ്. മാന്യ അനുവാചകർ ഈ വഴിയിൽ പരിശ്രമിക്കുകയും നിർമ്മാണാത്മ അഭിപ്രായങ്ങൾ നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.

****************



പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി



ഞങ്ങളുടെ കേന്ദ്ര സ്ഥാപനം




ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌