ഉള്ളടക്കം
* മുഖലിഖിതം
സുന്നത്തുകളെ പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക
* ജുമുഅ സന്ദേശം
* ജുമുഅ സന്ദേശം
മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
(പ്രസിഡന്‍റ് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
* മആരിഫുല്‍ ഖുര്‍ആന്‍
മുഹമ്മദീ നുബുവ്വത്തിന്‍റെ മഹത്വം, നിഷേധികള്‍ക്ക് മുന്നറിയിപ്പ്, വിശ്വാസികള്‍ക്ക് സുവാര്‍ത്ത
മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി* മആരിഫുല്‍ ഹദീസ്
സൂറത്ത് യാസീൻ
ഇലാ റഹ്മത്തില്ലാഹ്
അല്ലാഹുവിന്‍റെ ഒരു ഉത്തമ ദാസിയുടെ അനുസ്മരണം
മുഖലിഖിതം
മുഖലിഖിതം
സുന്നത്തുകളെ പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക
താങ്കൾ പറയുക: നിങ്ങൾ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കിൽ എന്നെ പിൻപറ്റുക. അല്ലാഹു നിങ്ങളെ സ്‌നേഹിക്കുന്നതും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരുന്നതുമാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും കാരുണ്യവാനുമാണ്. (ആലുഇംറാന്‍ 31) അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) ജീവിതം ഇസ്ലാമിക ശരീഅത്തിന്‍റെ ഒരു പ്രധാന അവലംബം ആയതിനോടൊപ്പം മഹത്തായ അനുകരണീയ മാതൃക കൂടിയാണ്. ഒരു ഭാഗത്ത് പ്രവാചക ജീവിതം ധാരാളം നിയമ മര്യാദകള്‍ പഠിപ്പിക്കുന്നു. മറുഭാഗത്ത് പടച്ചവന് പൊരുത്തമായ ജീവിതത്തിന്‍റെ ഉത്തമ മാതൃക വരച്ചുകാട്ടുകയും ചെയ്യുന്നു. ഈ ജീവിതം വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നതിനനുസരിച്ച് മനസ്സുകളിലും മസ്തിഷ്കങ്ങളിലും പതിയുന്നതും ജീവിതത്തില്‍ നന്മകള്‍ നിറയുന്നതും ഇഹത്തിലും പരത്തിലും വിജയങ്ങള്‍ കരസ്ഥമാകുന്നതുമാണ്. റസൂലുല്ലാഹി (സ)യുടെ വചനങ്ങളും പ്രവര്‍ത്തനങ്ങളും സമ്മതങ്ങളും എല്ലാം ഹദീസെന്ന് പറയപ്പെടുന്നു. ഹദീസ് ഇസ്ലാമിക ശരീഅത്തിന്‍റെ വലിയൊരു സ്തംഭമാണ്. ആകയാല്‍ റസൂലുല്ലാഹി (സ)യുടെ ജീവിതം സംശുദ്ധ മനസ്സോടെ പാരായണം ചെയ്യാനും നമ്മുടെ സദസ്സുകളിലും പ്രഭാഷണങ്ങളിലും സംസാരങ്ങളിലും ചര്‍ച്ച ചെയ്യാനും പ്രവാചക ജീവിതത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനും നാം പരിശ്രമിക്കേണ്ടതാണ്. സമുദായത്തില്‍ വലിയൊരു വിഭാഗം പ്രവാചക ജീവിതം പഠിക്കാത്തതും പഠിക്കുന്നവരില്‍ തന്നെ വലിയൊരു വിഭാഗം പകര്‍ത്താത്തതും വളരെ ദു:ഖകരമായ ഒരു കാര്യമാണ്. നമ്മുടെ അവസ്ഥയിലേക്ക് മാത്രം നോക്കുക. നാം എത്രപേര്‍ പ്രവാചക ജീവിതം പഠിച്ചിട്ടുണ്ട്. എത്രയാളുകള്‍ അതിനെ അനുസരിക്കുകയും അനുകരിക്കുകയും ചെയ്യുന്നുണ്ട്? പ്രവാചക ജീവിതവുമായി ബന്ധപ്പെട്ട രചനകളും പ്രഭാഷണങ്ങളും വളരെ അധികരിച്ചിട്ടുണ്ട്. എന്നാല്‍ അതിന്‍റെ ലക്ഷ്യമായ നമ്മുടെ ജീവിതത്തിലെ മാറ്റം വളരെ പരിമിതമാണെന്ന് മനസ്സിലാക്കുക. രചനകളുടെയും സമ്മേളനങ്ങളുടെയും യഥാര്‍ത്ഥ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെട്ടില്ലെങ്കില്‍ അതുകൊണ്ട് എന്ത് ഫലമാണുള്ളത്? ചിലര്‍ പ്രവാചക ജീവിതത്തിലെ അത്ഭുതങ്ങള്‍ മാത്രം വിവരിച്ച് മതിയാക്കുന്നു. അതനുസരിച്ച് അനുയായികള്‍ക്ക് പ്രവര്‍ത്തിക്കുക പ്രയാസമാണെന്ന് മാത്രമല്ല, പ്രവര്‍ത്തിക്കാന്‍ കല്‍പ്പിക്കപ്പെട്ടിട്ടുമില്ല. പക്ഷേ, പല പ്രഭാഷകരുടെയും പ്രധാന വിഷയം അത്ഭുതങ്ങള്‍ മാത്രമാണ്. റസൂലുല്ലാഹി (സ)യുടെ ജീവിതത്തില്‍ സമൃദ്ധമായി ലഭിക്കുന്ന ഉപദേശങ്ങളും ഉദ്ബോധനങ്ങളും അവര്‍ വിവരിക്കാറില്ല. ശ്രോതാക്കളുടെ അവസ്ഥയും ദു:ഖകരമാണ്. അവര്‍ക്ക് അത്ഭുതങ്ങളും തിളക്കവും രസവുമുള്ള വാചകങ്ങളും കേള്‍ക്കാനാണ് താല്‍പ്പര്യം. എന്നാല്‍ റസൂലുല്ലാഹി (സ)യുടെ ഏറ്റവും വലിയ അത്ഭുതം സമ്പൂര്‍ണ്ണവും സുന്ദരവും സരളവുമായ ജീവിതമാണ്. റസൂലുല്ലാഹി (സ)യുടെ ഏറ്റവും വലിയ തിളക്കവും ഇത് തന്നെയാണ്. റസൂലുല്ലാഹി (സ) ഈ ലോകത്തേക്ക് വരുന്നതിന് മുമ്പുതന്നെ പിതാവും ചെറുപ്പത്തില്‍ തന്നെ മാതാവും യാത്രയാകുന്നു. റസൂലുല്ലാഹി (സ)യുടെ ജീവിതം തുടക്കം മുതല്‍ക്കേ ദു:ഖം നിറഞ്ഞതും ത്യാഗനിര്‍ഭരവുമായിരുന്നു. സ്നേഹനിധിയായ പിതൃവ്യന്‍ കാരുണ്യത്തോടെ വര്‍ത്തിച്ചെങ്കിലും അദ്ദേഹത്തിന്‍റെ പട്ടിണി റസൂലുല്ലാഹി (സ) സഹിച്ചു. അങ്ങനെ അനാഥത്തോടൊപ്പം പട്ടിണിയും ഇരട്ടിത്യാഗമായി. റസൂലുല്ലാഹി (സ) അല്‍പ്പം വലുതായപ്പോള്‍ വല്ലതും സമ്പാദിച്ച് സ്വയം നില്‍ക്കാനും പിതൃവ്യനെയും കുടുംബത്തെയും സഹായിക്കാനും പരിശ്രമിച്ചു. അങ്ങനെ കച്ചവടത്തിലേക്ക് തിരിഞ്ഞു. റസൂലുല്ലാഹി (സ)യുടെ സാമര്‍ത്ഥ്യവും വിശ്വസ്തതയും ഫലിക്കുകയും സാമ്പത്തിക അവസ്ഥ നന്നാവുകയും തദവസരം പിതൃവ്യനെ സഹായിക്കുകയും ഒരു മകന്‍റെ കാര്യം ഏറ്റെടുക്കുകയും ചെയ്തു. ഇതിനിടയില്‍ റസൂലുല്ലാഹി (സ)യുടെ ഉന്നത മാനുഷിക ഗുണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുകയും എല്ലാവരും സ്നേഹിച്ച് ആദരിക്കുകയും റസൂലുല്ലാഹി (സ) എല്ലാവരുടെയും കണ്ണിലെ താരമായി മാറുകയും ചെയ്തു. എന്നാല്‍ പ്രവാചകത്വം ലഭിക്കുകയും വൈജ്ഞാനിക പ്രബോധന സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തപ്പോള്‍ ജനങ്ങളുടെ അവസ്ഥ മാറിമറിഞ്ഞു. അവര്‍ റസൂലുല്ലാഹി (സ)യെ ശത്രുവായി കാണുകയും എതിര്‍ക്കുകയും ചെയ്തു. കുടുംബമായ ഖുറൈശികള്‍ ശത്രുതയില്‍ മുന്‍പന്തിയിലായി. റസൂലുല്ലാഹി (സ) പ്രവാചക പ്രവര്‍ത്തനങ്ങളൊന്നും നടത്താതെ പഴയ ശൈലിയില്‍ തന്നെ കഴിഞ്ഞിരുന്നുവെങ്കില്‍ അവരെല്ലാവരും റസൂലുല്ലാഹി (സ)യെ ശിരസ്സിലേറ്റി നടന്നേനെ. പക്ഷേ, അല്ലാഹു പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കല്‍പ്പിച്ചു. റസൂലുല്ലാഹി (സ) അത് നിര്‍വ്വഹിക്കുകയും ജനങ്ങളുടെ വിശ്വാസവും ആരാധനയും ബന്ധങ്ങളും ഇടപാടുകളും സ്വഭാവങ്ങളും നന്നാക്കാന്‍ പരിശ്രമിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ഏറ്റവും വലിയ ഉപകാരിയെ കഠിന ശത്രുവായി ജനങ്ങള്‍ കാണുകയും അക്രമങ്ങള്‍ നടത്തുകയും ചെയ്തു. റസൂലുല്ലാഹി (സ) വിശ്രമമില്ലാതെ ജനങ്ങളോട് ഗുണകാംഷ പുലര്‍ത്തിക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. മറുഭാഗത്ത് ശത്രുത പ്രളയം പോലെ ഉയര്‍ന്നു. മുമ്പ് ആദരിച്ചിരുന്നവര്‍ അനാദരിച്ചു. പ്രശംസിച്ചവര്‍ നിന്ദിക്കുകയും കല്ലെറിയുകയും പരിഹസിക്കുകയും മാലിന്യം ചാര്‍ത്തുകയും ചെയ്തു. റസൂലുല്ലാഹി (സ) എല്ലാം സഹിച്ചുകൊണ്ട് പ്രബോധന പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് നീങ്ങി. അവരെ എതിര്‍ക്കുകയോ, തിരിച്ചടികള്‍ നല്‍കുകയോ ചെയ്യാതെ സഹനത മുറുകെ പിടിച്ചു. പതിമൂന്ന് വര്‍ഷം ഇപ്രകാരം സഹനതയോടെ കഴിഞ്ഞു. അവസാനം പ്രിയപ്പെട്ട നാടുവിടാനും നിര്‍ബന്ധിതനായി. റസൂലുല്ലാഹി (സ)യും കൂട്ടരും മദീനയിലേക്ക് പലായനം ചെയ്തു. അപ്പോഴും ശത്രുക്കള്‍ അക്രമങ്ങള്‍ തുടര്‍ന്നപ്പോള്‍ അവരെ നേരിടാന്‍ പടച്ചവന്‍ നിര്‍ദ്ദേശിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും അങ്ങനെ റസൂലുല്ലാഹി (സ) ശത്രുക്കളോട് പോരാടുകയും ചെയ്തു. ഈ പോരാട്ടങ്ങള്‍ സത്യത്തിന് വേണ്ടിയും പടച്ചവന്‍റെ തൃപ്തിയെ കരുതിയും പടച്ചവന് പൊരുത്തമായ നിലയിലുമായിരുന്നു. ചുരുക്കത്തില്‍ റസൂലുല്ലാഹി (സ)യുടെ ജീവിതം ത്യാഗത്തിനും മാനവികതയ്ക്കും വിട്ടുവീഴ്ചയ്ക്കും സഹനതയ്ക്കും അടിയുറപ്പിനും ധീരതയ്ക്കും മാന്യതയ്ക്കും മകുടോദാഹരണമാണ്. റസൂലുല്ലാഹി (സ) തീര്‍ച്ചയായും സമുന്നത പ്രവാചകനാണ്. ഇതോടൊപ്പം റസൂലുല്ലാഹി (സ) ഒരു സമ്പൂര്‍ണ്ണ മനുഷ്യനുമാണ്. സല്‍സ്വഭാവം, സ്നേഹം, സഹാനുഭൂതി, മാനവികത, വിനയം, ആതിഥേയത്വം, സാധുസംരക്ഷണം തുടങ്ങിയ മഹല്‍ ഗുണങ്ങള്‍ റസൂലുല്ലാഹി (സ)യില്‍ പ്രകാശിച്ചിരുന്നു. അതെ, റസൂലുല്ലാഹി (സ) ഒരു ഭാഗത്ത് പ്രവാചക സമ്പൂര്‍ണ്ണതകളുടെ പ്രകടനമാണ്. മറുഭാഗത്ത് മാനവിക മേന്മകളുടെ ഉത്തമ രൂപവുമാണ്. നാം റസൂലുല്ലാഹി (സ)യുടെ അനുഗ്രഹീത ജീവിതം ഈ രണ്ട് ഭാഗങ്ങളിലൂടെയും പഠിക്കേണ്ടതാണ്. അങ്ങനെ ഒരു ഭാഗത്ത് പടച്ചവനിലേക്ക് നാം അടുക്കുകയും പരലോകത്തില്‍ വിജയം വരിക്കുകയും ചെയ്യുക. മറുഭാഗത്ത് മാനുഷിക മഹല്‍ ഗുണങ്ങള്‍ ഉണ്ടാക്കിയെടുത്ത് ഇഹലോകത്ത് തന്നെ അന്തസ്സും മഹത്വവും കരസ്ഥമാക്കുക. അല്ലാഹു പ്രവാചക ചര്യകളോട് നമുക്ക് താല്‍പ്പര്യം നല്‍കട്ടെ. അവ പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് ഇരുലോക വിജയം കരസ്ഥമാക്കാന്‍ ഉതവി നല്‍കുകയും ചെയ്യട്ടെ.
വഖ്ഫ് ഭേദഗതി ബില്ല് എതിര്‍ക്കപ്പെടുന്നത് എന്തുകൊണ്ട്? ഭാഗം-2
മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി(പ്രസിഡന്‍റ് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
ചില പ്രചാരണങ്ങളും തെറ്റിദ്ധാരണകളും
കേന്ദ്രഗവര്‍മെന്‍റ് വഖ്ഫ് ഭേദഗതി ബില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷ കക്ഷികളും മുസ്ലിംകളും മാത്രമല്ല, ജാതിമത ഭേദമന്യേ ധാരാളം സഹോദരങ്ങളും ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നു. എന്നാല്‍ ഇതിനെതിരില്‍ ചില കേന്ദ്രങ്ങളില്‍ നിന്നും തെറ്റായ പ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കലുകളും ശക്തമായത് വളരെ വേദനാജനകമാണ്. പ്രത്യേകിച്ചും വര്‍ഗ്ഗീയ വാദികളുടെ വാദങ്ങള്‍ ഏറ്റുപിടിച്ചുകൊണ്ട് നിക്ഷപക്ഷമതികളെന്ന് ധരിക്കപ്പെടുന്ന ചിലരും രംഗത്തിറങ്ങിയത് അത്ഭുതപ്പെടുത്തുന്നു. അവരുടെ വാദങ്ങളില്‍ ചിലത് ദുഷ്പ്രചാരണങ്ങള്‍ മാത്രമാണ്. ചിലത് തെറ്റിദ്ധാരണകള്‍ മാത്രമാണ്. അവയില്‍ പ്രധാനപ്പെട്ട ചില പ്രചാരണങ്ങളും അതിന്‍റെ നിജസ്ഥിതിയും ചെറിയ നിലയില്‍ താഴെ കൊടുക്കുന്നു. 1. ചിലര്‍ പറയുന്നു: വഖ്ഫ് ബോര്‍ഡിന് ഏത് സ്വത്തിനെക്കുറിച്ചും വഖ്ഫാണെന്ന വാദം ഉന്നയിക്കാന്‍ ഇഷ്ടം നല്‍കപ്പെട്ടിരിക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വഖ്ഫ് ബോര്‍ഡ് ധാരാളം സ്ഥലങ്ങള്‍ വഖ്ഫായി പ്രഖ്യാപിച്ചിരിക്കുന്നു. അങ്ങനെ മുസ്ലിംകള്‍ ഇന്ന് രാജ്യത്തിന്‍റെ ഭൂസ്വത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി കൈയ്യടക്കിയിരിക്കുകയാണ്. വഖ്ഫായിട്ട് ആറ് ലക്ഷം ഏക്കര്‍ സ്ഥലമാണ് മുസ്ലിംകള്‍ നേടിയെടുത്തിട്ടുള്ളത്! ഇതിന്‍റെ യാഥാര്‍ത്ഥ്യം ഇപ്രകാരമാണ്: ഒന്നാമതായി, മുന്‍ കേന്ദ്രഗവര്‍മെന്‍റ് തന്നെ നിയമിച്ച സച്ചര്‍കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വഖ്ഫ് സ്വത്തുക്കള്‍ ആറ് ലക്ഷം ഏക്കര്‍ ഭൂമിയാണ്. പക്ഷേ, ഇത് മൂന്നാം സ്ഥാനത്താണെന്ന വാദം തീര്‍ത്തും തെറ്റാണ്. തമിഴ് നാട്ടില്‍ മാത്രം ഹൈന്ദവ ക്ഷേത്രങ്ങളുടെ ഭൂമി 478000 ഏക്കറാണ്. ആന്ധ്രപ്രദേശില്‍ 468000 ഏക്കറുകളാണ്. ഇത് രണ്ടും കൂടി ചേര്‍ത്താല്‍ തന്നെ 940000 ഏക്കറുകള്‍ വരുന്നതാണ്. രണ്ടാമതായി, വഖ്ഫ് ബോര്‍ഡിന് തോന്നുന്ന സ്ഥലങ്ങളെല്ലാം വഖ്ഫ് ഭൂമിയായി പ്രഖ്യാപിക്കുന്നു എന്ന വാദം ശുദ്ധ അസംബന്ധമാണ്. വഖ്ഫ് ബോര്‍ഡിന്‍റെ പ്രവര്‍ത്തനം രഹസ്യമായ നിലയിലല്ല. വഖ്ഫ് ആക്ടില്‍ അതിന്‍റെ പ്രോസീജര്‍ പരിപൂര്‍ണ്ണമായി വിവരിക്കപ്പെട്ടിട്ടുണ്ട്. അതെ, ഒരു ഭൂമിയുടെ ഉടമയ്ക്ക് മാത്രമേ, വഖ്ഫ് ചെയ്യാന്‍ സാധുക്കുകയുള്ളൂ. അദ്ദേഹം ഉടമാവകാശത്തിന്‍റെ രേഖകള്‍ വഖ്ഫ് ബോര്‍ഡില്‍ സമാഹരിക്കുകയും വേണം. തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് വിമര്‍ശനങ്ങള്‍ രേഖപ്പെടുത്താനുള്ള നോട്ടീസ് പ്രസിദ്ധീകരിക്കപ്പെടുന്നതാണ്. കൂടാതെ, ഗവര്‍മെന്‍റ് ഒരു സര്‍വ്വേ കമ്മീഷണറെ നിയമിക്കുന്നതുമാണ്. അദ്ദേഹം ഭൂമിയെ അളന്ന് നോക്കുകയും വഖ്ഫിനെ ശരി വെക്കുകയും ചെയ്താല്‍ ഈ കാര്യം സംസ്ഥാന ഗസറ്റില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതാണ്. ഈ നോട്ടിഫിക്കേഷന്‍ നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍ക്ക് വേണമെങ്കിലും ട്രിബൂണലില്‍ ഇതിനെ ചോദ്യം ചെയ്യാവുന്നതാണ്. 2. മറ്റു ചിലര്‍ പറയുന്നു: ഗവര്‍മെന്‍റ് ഓരോ പത്ത് വര്‍ഷം കൂടുംതോറും മുഴുവന്‍ വഖ്ഫ് സ്വത്തുക്കളും സര്‍വ്വേ ചെയ്യാറുണ്ട്. ഈ സര്‍വ്വേയുടെ ചിലവുകള്‍ ഗവര്‍മെന്‍റ് പൊതുസ്വത്തില്‍ നിന്നാണ് ചിലവഴിക്കുന്നത്. വഖ്ഫ് പോലുള്ള സ്വത്തിന്‍റെ സര്‍വ്വേചിലവുകള്‍ അതുമായി ബന്ധമില്ലാത്ത പൊതുജനങ്ങളുടെ സമ്പത്തില്‍ നിന്നും മുടക്കുന്നത് തെറ്റാണ്! രാജ്യത്തെ ഏതെങ്കിലും വിഭാഗങ്ങളുടെ ആവശ്യത്തിന് ആ വിഭാഗത്തിന്‍റെ പണം മാത്രമേ ചിലവഴിക്കാവൂ എന്ന് രാജ്യത്ത് ഒരു നിയമവുമില്ല. മാത്രമല്ല, സഹോദര സമുദായങ്ങളുടെ മതപരമായ പരിപാടികള്‍ക്കും യാത്രകള്‍ക്കും മേളകള്‍ക്കും വിശിഷ്യാ കുംഭമേളയില്‍ എത്ര സമ്പത്താണ് പൊതുഖജനാവില്‍ നിന്നും ചിലവഴിക്കപ്പെടുന്നത്. പൊതുഖജനാവ് രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും ടാക്സില്‍ നിന്നും രൂപപ്പെടുന്നതാണ്. രാജ്യത്ത് ടാക്സ് നല്‍കുന്നതില്‍ വലിയൊരു വിഭാഗം മുസ്ലിം വ്യാപാരികളാണെന്ന് ആര്‍ക്കാണ് അറിയാത്തത്. യൂസുഫ് അലി, അസീം പ്രേംജി, ശാഹിദ് ബലൂച് തുടങ്ങിയ വ്യാപാരികളും സിനിമാ ലോകവും കായിക മേഖലയുമായി ബന്ധപ്പെട്ടവരും വലിയ നികുതിയാണ് രാജ്യത്ത് രാജ്യത്ത് അടച്ചുകൊണ്ടിരിക്കുന്നത്. ഇത്തരുണത്തില്‍ മതപരമായ കാര്യമാണെങ്കിലും എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന വഖ്ഫ് സ്വത്തുക്കളുടെ സര്‍വ്വേയ്ക്ക് പൊതുഖജനാവില്‍ നിന്നും ന്യായമായ ചിലവുകള്‍ എടുക്കുന്നതില്‍ യാതൊരു തെറ്റുമില്ല. 3. വേറെ ചിലര്‍ പറയുന്നു: വഖ്ഫ് സ്വത്തില്‍ ഭിന്നത വല്ലതും ഉണ്ടായാല്‍ വഖ്ഫ് ട്രിബൂണല്‍ ഏകപക്ഷീയമായി വിധി നടത്തുകയാണ്. ഇപ്രകാരം ഏകപക്ഷീയമായി വിധി നടത്തി ധാരാളം സ്വത്തുക്കള്‍ വഖ്ഫായി അന്യാധീനപ്പെടുത്തപ്പെട്ടിട്ടുണ്ട്! യഥാര്‍ത്ഥത്തില്‍ വഖ്ഫ് ട്രിബൂണലിന്‍റെ സ്ഥാനം സിവില്‍ കോടതിയുടെ സ്ഥാനം മാത്രമാണ്. അതിന്‍റെ ഉന്നത ഉദ്യോഗസ്ഥന്‍ ജില്ലാ ജഡ്ജിയായിരിക്കും. വഖ്ഫ് സ്വത്തെന്ന് പറയപ്പെടുന്ന ഏതെങ്കിലും ഭൂമി ഒരു വ്യക്തിയോ, സ്ഥാപനമോ, ഗവര്‍മെന്‍റോ കൈയ്യടക്കിയാല്‍ ഇതില്‍ കേസ് നടക്കുന്നതാണ്. കേസില്‍ ഇരുകൂട്ടരും അവരുടെ തെളിവുകള്‍ സമര്‍പ്പിക്കും. അതിന്‍റെ അടിസ്ഥാനത്തില്‍ ട്രിബൂണല്‍ വിധി പറയും. ഈ വിധിയില്‍ ഏതെങ്കിലും വിഭാഗത്തിന് അതൃപ്തിയുണ്ടെങ്കില്‍ അവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്. ഹൈക്കോടതിയുടെ തീരുമാനത്തിലും തൃപ്തി വരാത്തവര്‍ക്ക് സുപ്രീം കോടതി വഴി വിധിയെ ചലഞ്ച് ചെയ്യാവുന്നതാണ്. ആകയാല്‍ വഖ്ഫ് ട്രിബൂണല്‍ വഴി വഖ്ഫ് ബോര്‍ഡ് മറ്റുള്ളവരുടെ സ്വത്തുക്കള്‍ കൈയ്യടക്കുന്നു എന്ന വാദം കളവും അടിസ്ഥാനരഹിതവുമാണ്. കൂടാതെ, വഖ്ഫ് ട്രിബൂണലിന്‍റെ ഘടനയും നാം മനസ്സിലാക്കുക. അതില്‍ രാജ്യ നിയമങ്ങള്‍ അറിയാവുന്ന രണ്ട് വിദഗ്ദരും ഇസ്ലാമിക നിയമങ്ങള്‍ പഠിച്ച ഒരു വിദഗ്ദനും ഉണ്ടായിരിക്കും. വഖ്ഫ് സ്വത്തുക്കളുടെ വിഷയത്തിലുള്ള ഇസ്ലാമിക ശരീഅത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമാണ് ഈ പണ്ഡിതന്‍ കൈകാര്യം ചെയ്യുക. ഉദാഹരണത്തിന് ഒരു ഭൂമിയെക്കുറിച്ച് മസ്ജിദിന് വഖ്ഫ് ചെയ്യപ്പെട്ടതാണെന്ന് വ്യക്തമായാല്‍ അതിന്‍റെ അധികരിച്ച വരുമാനം ഖബ്ര്‍സ്ഥാനിനോ, വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ക്കോ ഉപയോഗിക്കാമോ എന്ന കാര്യം അദ്ദേഹം പറയുന്നതാണ്. മറ്റുവിഷയങ്ങള്‍ രാജ്യ നിയമങ്ങള്‍ അറിയാവുന്നവരാണ് തീരുമാനിക്കുക. ഉദാഹരണത്തിന് വഖ്ഫ് ബോര്‍ഡിനും മുസ്ലിമോ അമുസ്ലമോ ആയ വ്യക്തികള്‍ക്കിടയില്‍ വല്ല ഭിന്നതയും വന്നാല്‍ അത് തീരുമാനിക്കുന്നത് രാജ്യനിയമങ്ങളുടെ വെളിച്ചത്തിലായിരിക്കും. 4. തമിഴ് നാട്ടിലെ തിരിച്ചന്തൂര്‍ ജില്ലയിലെ ഒരു സംഭവം വളരെ പര്‍വ്വതീകരിച്ചുകൊണ്ട് ചിലര്‍ ഇപ്രകാരം പറയുന്നു: ഇവിടെ ഒരു ഗ്രാമത്തില്‍ 1500 വര്‍ഷമായി താമസിക്കുന്നത് മുഴുവനും ഹൈന്ദവരാണ്. ഇവിടെ ഒരു ഹൈന്ദവ ക്ഷേത്രവുമുണ്ട്. എന്നാല്‍ ഇത് വഖ്ഫ് സ്വത്താണെന്നാണ് തമിഴ്നാട് വഖ്ഫ് ബോര്‍ഡ് പറയുന്നത്! വേറെയും പല സ്ഥലങ്ങളെക്കുറിച്ചും ഇതേ രീതിയില്‍ പ്രചണ്ഡമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഒന്നാമതായി, ഇതിനെക്കുറിച്ചുള്ള ചിത്രീകരണം തന്നെ തെറ്റാണ്. തമിഴ്നാട് വഖ്ഫ് ബോര്‍ഡ് പറയുന്നു: ഈ സ്ഥലം 600 വര്‍ഷം മുമ്പ് വഖ്ഫ് ചെയ്യപ്പെട്ട സ്ഥലമാണ്. 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ സ്ഥാപിക്കപ്പെട്ടുവെന്ന് പറയപ്പെടുന്ന ക്ഷേത്രം സ്ഥാപിക്കപ്പെട്ടിട്ട് 100 വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. വഖ്ഫ്ബോര്‍ഡ് ഇത് വഖ്ഫ് ഭൂമിയാണെന്ന് വാദിക്കുന്നത് അവരുടെ പക്കലുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ്. രണ്ടാമതായി, അവിടെയുള്ളവര്‍ ഇറങ്ങിപ്പോകണമെന്നോ മറ്റോ വഖ്ഫ് ബോര്‍ഡോ, മുസ്ലിംകളോ ആവശ്യപ്പെടുന്നില്ല. ഈ കാര്യം ഭരണകൂടത്തെ ഏല്‍പ്പിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ തീരുമാനം എന്താണെങ്കിലും അംഗീകരിക്കുന്നതാണെന്ന് മുസ്ലിംകള്‍ പറയുന്നു. 5. മറ്റൊരു പ്രധാന പ്രചാരണം, രാജ്യത്ത് ഭരണം നടത്തിയിരുന്ന മുസ്ലിം ഭരണാധികാരികള്‍ ധാരാളം ഭൂമി വഖ്ഫായി പ്രഖ്യാപിച്ചു എന്നാണ്. ഒന്നാമതായി, ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് മാത്രം മുന്‍ഗാമികളായ ഭരണാധികളാരും പരിഗണന നല്‍കിയിട്ടില്ല. വര്‍ഗ്ഗീയ വാദികളായ ഭരണാധികാരികള്‍ മാത്രമാണ് ഇപ്രകാരം ചെയ്യുന്നത്. രണ്ടാമതായി, ഇപ്രകാരം അവര്‍ ഭൂമികള്‍ വഖ്ഫായി പ്രഖ്യാപിച്ചുവെങ്കില്‍ ഇന്ത്യന്‍ മുസ്ലിംകളുടെ പക്കല്‍ ധാരാളം വഖ്ഫ് സ്വത്തുക്കള്‍ ഉണ്ടാകുമായിരുന്നു. പക്ഷേ, സ്വത്തിന്‍റെ വിഷയത്തില്‍ മുസ്ലിം സമുദായം വളരെ പിന്നിലാണെന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ സച്ചര്‍ കമ്മിറ്റി കണ്ടെത്തുകയുണ്ടായി. മൂന്നാമതായി, ഭൂമി വഖ്ഫ് ചെയ്യുന്നത് ഭരണാധികാരികളോ, സമ്പന്നരോ മാത്രമല്ല, സാധാരണക്കാരും സാധുക്കളുമായ ആളുകള്‍ പോലും വഖ്ഫ് ചെയ്യാറുണ്ട്. ഉദാഹരണത്തിന് നാം ഓരോരുത്തരുടെയും നാടുകളിലേക്ക് തന്നെ നോക്കുക. ഓരോ നാടുകളിലും മസ്ജിദും മദ്റസയും ഖബ്ര്‍സ്ഥാനുമുണ്ട്. അതില്‍ സാധാരണ നിലയ്ക്ക് എല്ലാവരും പങ്കെടുക്കാറുമുണ്ട്. അതുകൊണ്ട് വഖ്ഫ് ഭൂമികള്‍ ഭരണാധികാരികളും സമ്പന്നരും മാത്രം ദാനം ചെയ്തതല്ല, അവരോടൊപ്പം സാധാരണക്കാരും സ്ത്രീകളും ഈ മേഖലയില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അവസാനമായി എല്ലാ സഹോദരങ്ങളോടുമുള്ള അഭ്യര്‍ത്ഥന വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് നടത്തുന്ന പരിശ്രമങ്ങളെ പിന്തുണയ്ക്കുകയും ഓരോരുത്തരും സാധിക്കുന്ന പരിശ്രമങ്ങള്‍ നടത്തുകയും ചെയ്യുക എന്നതാണ്. കൂടാതെ, വഖ്ഫ് സ്വത്തുക്കളുമായിട്ടുള്ള ബന്ധം നാം നന്നാക്കുകയും വിശിഷ്യാ മസ്ജിദുകള്‍ സജീവമാക്കുകയും ചെയ്യുക. സര്‍വ്വോപരി എല്ലാവിധ നന്മകള്‍ക്കും പടച്ചവനോട് താണുകേണ് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.
*********************************
മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുയാസീന്‍(83 ആയത്തുകള്‍, പദങ്ങള്‍ 739, അക്ഷരങ്ങള്‍ 3090, മക്കാമുകര്‍റമയില്‍ അവതരണം. എന്നാല്‍ 45-ാം ആയത്ത് മദീനമുനവ്വറയില്‍ അവതരിച്ചു. 5 റുകൂഅ്. അവതരണ ക്രമം 41. പാരായണ ക്രമം 36. സൂറത്തുല്‍ജിന്നിന് ശേഷം അവതരണം)എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം
മുഹമ്മദീ നുബുവ്വത്തിന്‍റെ മഹത്വം, നിഷേധികള്‍ക്ക് മുന്നറിയിപ്പ്, വിശ്വാസികള്‍ക്ക് സുവാര്‍ത്ത
മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 1-12
{يس (1) وَالْقُرْآنِ الْحَكِيمِ (2) إِنَّكَ لَمِنَ الْمُرْسَلِينَ (3) عَلَى صِرَاطٍ مُسْتَقِيمٍ (4) تَنْزِيلَ الْعَزِيزِ الرَّحِيمِ (5) لِتُنْذِرَ قَوْمًا مَا أُنْذِرَ آبَاؤُهُمْ فَهُمْ غَافِلُونَ (6) لَقَدْ حَقَّ الْقَوْلُ عَلَى أَكْثَرِهِمْ فَهُمْ لَا يُؤْمِنُونَ (7) إِنَّا جَعَلْنَا فِي أَعْنَاقِهِمْ أَغْلَالًا فَهِيَ إِلَى الْأَذْقَانِ فَهُمْ مُقْمَحُونَ (8) وَجَعَلْنَا مِنْ بَيْنِ أَيْدِيهِمْ سَدًّا وَمِنْ خَلْفِهِمْ سَدًّا فَأَغْشَيْنَاهُمْ فَهُمْ لَا يُبْصِرُونَ (9) وَسَوَاءٌ عَلَيْهِمْ أَأَنْذَرْتَهُمْ أَمْ لَمْ تُنْذِرْهُمْ لَا يُؤْمِنُونَ (10) إِنَّمَا تُنْذِرُ مَنِ اتَّبَعَ الذِّكْرَ وَخَشِيَ الرَّحْمَنَ بِالْغَيْبِ فَبَشِّرْهُ بِمَغْفِرَةٍ وَأَجْرٍ كَرِيمٍ (11) إِنَّا نَحْنُ نُحْيِ الْمَوْتَى وَنَكْتُبُ مَا قَدَّمُوا وَآثَارَهُمْ وَكُلَّ شَيْءٍ أَحْصَيْنَاهُ فِي إِمَامٍ مُبِينٍ} (12)
യാസീന്‍(1) തത്വജ്ഞാനം നിറഞ്ഞ ബലിഷ്ടമായ ഖുര്‍ആന്‍ കൊണ്ടുതന്നെയാണ് സത്യം.(2) നിശ്ചയം, താങ്കള്‍ സന്ദേശം നല്‍കപ്പെട്ട പ്രവാചകന്മാരില്‍പ്പെട്ടവര്‍ തന്നെയാണ്.(3) താങ്കള്‍ നേര്‍മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്നു(4) പ്രതാപശാലിയും ഏറ്റവും വലിയ കരുണ്യവാനുമായ അല്ലാഹുവിന്‍റെ ഭാഗത്തു നിന്നും അവതരിച്ച സന്ദേശമാണിത്(5) ഇതിലൂടെ ഒരു കൂട്ടം ജനങ്ങള്‍ക്ക് സ്നേഹത്തോടെ മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടിയാണ്. അവരുടെ പൂര്‍വ്വപിതാക്കന്‍മാര്‍ക്ക് അടുത്തൊന്നും മുന്നറിയിപ്പ് നല്‍കപ്പെട്ടിട്ടില്ല. അവര്‍ അശ്രദ്ധയില്‍ കഴിയുകയാണ്(6) അവരില്‍ അധികം ആളുകളുടെ മേലും അല്ലാഹുവിന്‍റെ വചനം പുലര്‍ന്നിരിക്കുന്നു. അവര്‍ സത്യവിശ്വാസം സ്വീകരിക്കുന്നതല്ല(7) അവരുടെ പിരടികളില്‍ നാം ചങ്ങലകള്‍ ഇട്ടിരിക്കുന്നു. അത് അവരുടെ താടിയെല്ലുവരെ എത്തിയിരിക്കുന്നു. അങ്ങനെ അവര്‍ തല ഉയര്‍ത്തപ്പെട്ട നിലയില്‍ മുമ്പിലുള്ള ഒന്നും കാണാന്‍ കഴിയാതെ നില്‍ക്കുകയാണ്.(8) നാം അവരുടെ മുമ്പിലും പിന്നിലും തടസ്സങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു. അവര്‍ക്കൊന്നും കാണാന്‍ കഴിയുന്നില്ല.(9) താങ്കള്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കലും മുന്നറിയിപ്പ് നല്‍കാതിരിക്കലും അവരെ സംബന്ധിച്ചിടത്തോളം സമമാണ്. അവര്‍ സത്യം അംഗീകരിക്കുകയില്ല.(10) ഉപദേശത്തെ അനുസരിച്ച് അനുകരിക്കാന്‍ സന്നദ്ധമാകുകയും കരുണയുള്ള പടച്ചവനെ കാണാതെ തന്നെ ഭയക്കുകയും ചെയ്തവര്‍ക്ക് താങ്കളുടെ മുന്നറിയിപ്പ് ഫലപ്പെടുന്നതാണ്. അവര്‍ക്ക് പാപമോചനവും ആദരണീയ പ്രതിഫലവും ലഭിക്കുമെന്ന് സുവാര്‍ത്ത അറിയിക്കുക.(11) നാം തന്നെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്. അവര്‍ പ്രവര്‍ത്തിച്ചതും അവരുടെ പ്രവര്‍ത്തനഫലമായി ഉണ്ടായിത്തീര്‍ന്ന കാര്യങ്ങളും നാം എഴുതുന്നതാണ്. എല്ലാകാര്യവും വ്യക്തമായ ഒരു മൂലഗ്രന്ഥത്തില്‍ നാം രേഖപ്പെടുത്തിയിട്ടുണ്ട്.(12)
ആശയ സംഗ്രഹം യാസീന്‍, ഇതിന്‍റെ ഉദ്ദേശം അല്ലാഹുവിന് തന്നെയറിയാം! തത്വജ്ഞാനം നിറഞ്ഞ ബലിഷ്ടമായ ഖുര്‍ആന്‍ കൊണ്ടുതന്നെയാണ് സത്യം. നിശ്ചയം, താങ്കള്‍ സന്ദേശം നല്‍കപ്പെട്ട പ്രവാചകന്മാരില്‍പ്പെട്ടവര്‍ തന്നെയാണ്. താങ്കള്‍ നേര്‍മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്നു. ആകയാല്‍ താങ്കളെ പിന്‍പറ്റുന്നവരും പടച്ചവന്‍റെ പൊരുത്തത്തില്‍ എത്തിച്ചേരുന്നതാണ്. താങ്കള്‍ പ്രവാചകനല്ലെന്നും പരിശുദ്ധ ഖുര്‍ആന്‍ താങ്കള്‍ പടച്ചുണ്ടാക്കിയതാണെന്നും നിഷേധികള്‍ പറയുന്നത് ശരിയല്ല. പരിശുദ്ധ ഖുര്‍ആന്‍ മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നതിനോടൊപ്പം താങ്കളുടെ പ്രവാചകതത്തിനുള്ള വ്യക്തമായ രേഖ കൂടിയാണ്. കാരണം പ്രതാപശാലിയും ഏറ്റവും വലിയ കരുണ്യവാനുമായ അല്ലാഹുവിന്‍റെ ഭാഗത്തു നിന്നും അവതരിച്ച സന്ദേശമാണിത്. ഇതിലൂടെ ആദ്യമായി ഒരു കൂട്ടം ജനങ്ങള്‍ക്ക് സ്നേഹത്തോടെ മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടിയാണ് താങ്കളെ പ്രവാചകനാക്കപ്പെട്ടത്. അവരുടെ പൂര്‍വ്വപിതാക്കന്‍മാര്‍ക്ക് അടുത്തൊന്നും മുന്നറിയിപ്പ് നല്‍കപ്പെട്ടിട്ടില്ല. അതുകൊണ്ട് അവര്‍ അശ്രദ്ധയില്‍ കഴിയുകയാണ്. അവര്‍ക്കിടയില്‍ മുന്‍കാല പ്രവാചകന്മാരുടെ ചില സന്ദേശങ്ങള്‍ കാണപ്പെട്ടിരുന്നെങ്കിലും പൊതുവില്‍ അവര്‍ അതിനെ അവഗണിച്ചിരുന്നു. അതുകൊണ്ടാണ് അവരെക്കുറിച്ച് ഇപ്രകാരം പറഞ്ഞത്. അതുപോലെ റസൂലുല്ലാഹി (സ) മുഴുവന്‍ ലോകത്തിനും അയക്കപ്പെട്ടതാണെങ്കിലും ആദ്യമായി അറബികളെ പ്രബോധനം ചെയ്തതിനാലാണ് അവരെക്കുറിച്ച് ഇവിടെ പറഞ്ഞത്. എന്നാല്‍ താങ്കള്‍ സത്യ ദൂതനും പരിശുദ്ധ ഖുര്‍ആന്‍ സത്യ ഗ്രന്ഥവുമായിരുന്നിട്ടും അവരില്‍ ഭൂരിഭാഗവും സത്യവിശ്വാസം സ്വീകരിക്കാത്തതില്‍ താങ്കള്‍ ദു:ഖിക്കരുത്. കാരണം അവരില്‍ അധികം ആളുകളുടെ മേലും അവര്‍ സന്മാര്‍ഗ്ഗികള്‍ ആകുകയില്ലായെന്ന അല്ലാഹുവിന്‍റെ വചനം പുലര്‍ന്നിരിക്കുന്നു. ആകയാല്‍ അവര്‍ സത്യവിശ്വാസം സ്വീകരിക്കുന്നതല്ല. ഇത് അവരില്‍ ഭൂരിഭാഗത്തിന്‍റെ അവസ്ഥയാണ്. അവരില്‍ ചിലരുടെ മേല്‍ സന്മാര്‍ഗ്ഗം വിധിക്കപ്പെടുകയും അവര്‍ സന്മാര്‍ഗ്ഗികളാവുകയും ചെയ്യുകയുണ്ടായി. സത്യവിശ്വാസത്തില്‍ നിന്നുമുള്ള അവരുടെ അകല്‍ച്ചയുടെ ഉദാഹരണം അവരുടെ പിരടികളില്‍ നാം ശക്തമായ ചങ്ങലകള്‍ ഇട്ടിരിക്കുന്നത് പോലെയാണ്. അത് അവരുടെ താടിയെല്ലുവരെ എത്തിയിരിക്കുന്നു. അങ്ങനെ അവര്‍ തല ഉയര്‍ത്തപ്പെട്ട നിലയില്‍ മുമ്പിലുള്ള ഒന്നും കാണാന്‍ കഴിയാതെ നില്‍ക്കുകയാണ്. ചങ്ങലകള്‍ തിങ്ങി നിറഞ്ഞ കാരണത്താലോ അതിലുള്ള ആണിപോലുള്ളവയുടെ കാരണത്താലോ അവര്‍ക്ക് മുമ്പിലുള്ളതൊന്നും കാണാന്‍ കഴിയുന്നില്ല. സത്യവിശ്വാസതത്തില്‍ നിന്നും അവര്‍ അകന്ന് കഴിയുന്നതിന്‍റെ ഉദാഹരണം നാം അവരുടെ മുമ്പിലും പിന്നിലും തടസ്സങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് പോലെയാണ്. അങ്ങനെ നാല് ഭാഗത്ത് നിന്നും അവരെ നാം മൂടിയിരിക്കുന്നു. ഇത് കാരണം അവര്‍ക്കൊന്നും കാണാന്‍ കഴിയുന്നില്ല. ഈ രണ്ട് ഉദാഹരണങ്ങളിലൂടെ മനസ്സിലാക്കിത്തരാന്‍ ആഗ്രഹിക്കുന്ന കാര്യം ഇതാണ്: താങ്കള്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കലും മുന്നറിയിപ്പ് നല്‍കാതിരിക്കലും അവരെ സംബന്ധിച്ചിടത്തോളം സമമാണ്. ഒരു അവസ്ഥയിലും അവര്‍ സത്യം അംഗീകരിക്കുകയില്ല. ആകയാല്‍ താങ്കള്‍ അവരില്‍ നിന്നും മുഖം തിരിച്ച് സമാധാനിക്കുക. ഉപദേശത്തെ അനുസരിച്ച് അനുകരിക്കാന്‍ സന്നദ്ധമാകുകയും കരുണയുള്ള പടച്ചവനെ കാണാതെ തന്നെ ഭയക്കുകയും ചെയ്തവര്‍ക്ക് താങ്കളുടെ മുന്നറിയിപ്പ് ഫലപ്പെടുന്നതാണ്. കാരണം ഈ ഭയത്തിലൂടെ സത്യത്തെക്കുറിച്ചുള്ള അന്വേഷണത്തിലൂടെ സത്യം പ്രാപിക്കാനുള്ള സൗഭാഗ്യവും ലഭിക്കുന്നതാണ്. ഇത്തരം ആളുകള്‍ക്ക് പാപമോചനവും നന്മകളുടെ പേരില്‍ ആദരണീയ പ്രതിഫലവും ലഭിക്കുമെന്ന് സുവാര്‍ത്ത അറിയിക്കുക. മറുഭാഗത്ത് അവഗണനയിലും വഴികേടിലും കഴിയുന്നവര്‍ക്ക് പാപമോചനവും പ്രതിഫലവും നഷ്ടപ്പെടുകയും ശിക്ഷ ലഭിക്കുകയും ചെയ്യുന്നതാണ്. ഈ പ്രതിഫല ശിക്ഷകള്‍ ഇഹലോകത്ത് തന്നെ പ്രകടമാകണമെന്ന് നിര്‍ബന്ധമില്ല. മറിച്ച് നാം തന്നെയാണ് ഒരു ദിവസം മരിച്ചവരെ ജീവിപ്പിക്കുന്നത്. അന്ന് ഇതെല്ലാം പ്രകടമാകുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചതും അവരുടെ പ്രവര്‍ത്തനഫലമായി ഉണ്ടായിത്തീര്‍ന്ന കാര്യങ്ങളും നാം തുടര്‍ച്ചയായി എഴുതുന്നതാണ്. പ്രവര്‍ത്തിച്ചു എന്നതുകൊണ്ടുള്ള ഉദ്ദേശം അവര്‍ സ്വയം പ്രവര്‍ത്തിച്ച കാര്യങ്ങളാണ്. പ്രവര്‍ത്തന ഫലം എന്നതുകൊണ്ടുള്ള ഉദ്ദേശം അവരുടെ കാരണത്താല്‍ നടന്നതും മരണാനന്തരം നിലനില്‍ക്കുന്നതുമായ കാര്യങ്ങളാണ്. ഉദാഹരണത്തിന് ഒരാള്‍ ഒരു നന്മ ചെയ്യുകയും അതുകണ്ട് മറ്റുള്ളവര്‍ നന്നാവുകയും ചെയ്തു. അല്ലെങ്കില്‍ ഒരാള്‍ തിന്മ ചെയ്യുകയും അതുകണ്ട് മറ്റുള്ളവര്‍ വഴികെടുകയും ചെയ്തു. ചുരുക്കത്തില്‍ ഇതെല്ലാം രേഖപ്പെടുത്തപ്പെടുന്നതും ഇതിന്‍റെ പേരില്‍ പ്രതിഫല ശിക്ഷകള്‍ നല്‍കപ്പെടുന്നതുമാണ്. നമ്മുടെ അറിവ് വളരെ വിശാലമാണ്. ഇപ്രകാരം എഴുതേണ്ട ആവശ്യമൊന്നും നമുക്കില്ല. ഈ എഴുത്ത് സംഭവത്തിന് ശേഷം നടക്കുന്നതാണ്. എന്നാല്‍ ലോകാവസാനം വരെ നടക്കാനുള്ള എല്ലാകാര്യവും അത് നടക്കുന്നതിന് മുന്‍പ് തന്നെ ലൗഹുല്‍ മഹ്ഫൂള് എന്ന വ്യക്തമായ ഒരു മൂലഗ്രന്ഥത്തില്‍ നാം രേഖപ്പെടുത്തിയിട്ടുണ്ട്. ചില തത്വങ്ങളുടെ പേരിലാണ് ഇപ്രകാരം നാം രേഖപ്പെടുത്തിയിരിക്കുന്നത്. ചുരുക്കത്തില്‍ സംഭവങ്ങള്‍ നടക്കുന്നതിന് മുന്‍പ് തന്നെ അറിവുണ്ടെങ്കില്‍ നടന്ന ശേഷം തീര്‍ച്ചയായും അറിയുന്നതാണ്. അതുകൊണ്ട് ഏതെങ്കിലും കര്‍മ്മങ്ങളില്‍ കളി നടത്താനോ മറച്ചുവെക്കാനോ സാധിക്കുന്നതല്ല. തീര്‍ച്ചയായും ശിക്ഷ ലഭിക്കുന്നതാണ്. ലൗഹുല്‍ മഹ്ഫൂസിനെ വ്യക്തമായ ഗ്രന്ഥമെന്ന് പറഞ്ഞത് കാര്യങ്ങളുടെ വിവരണങ്ങളുടെ അടിസ്ഥാനത്തിലാണ്.
വിവരണവും വ്യാഖ്യാനവും
സൂറത്ത് യാസീനിന്‍റെ മഹത്വങ്ങള്‍: മഅ്ഖലുബ്നു യസാര്‍ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: യാസീന്‍ ഖുര്‍ആനിന്‍റെ ഹൃദയമാണ്. ആരെങ്കിലും പടച്ചവന്‍റെ പൊരുത്തത്തെയും പരലോകമോക്ഷത്തെയും കരുതിക്കൊണ്ട് ഇത് പാരായണം ചെയ്താല്‍ അവന്‍റെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. മരണപ്പെടുന്നവരുടെ മേല്‍ ഇത് നിങ്ങള്‍ പാരായണം ചെയ്യുക. (അഹ്മദ്, അബൂദാവൂദ്, നസാഇ). ഇമാം ഗസ്സാലി (റ) പറയുന്നു: ഈ സൂറത്തില്‍ ഖിയാമത്ത് നാളിന്‍റെയും മഹ്ഷറിന്‍റെയും അവസ്ഥകള്‍ വിശദമായും സാഹിത്യപരമായും വിവരിച്ചിരിക്കുന്നത് കൊണ്ടാണ് ഈ സൂറത്തിന് ഖുര്‍ആനിന്‍റെ ഹൃദയമെന്ന് പറയപ്പെട്ടിരിക്കുന്നത്. പരലോക വിശ്വാസം സത്യവിശ്വാസത്തിന്‍റെ അടിസ്ഥാന കാര്യമാണ്. ഈ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുന്നത്. പരലോക ഭയം മനുഷ്യനെ സല്‍ക്കര്‍മ്മങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും തിന്മകളില്‍ നിന്നും തടയുകയും ചെയ്യുന്നതാണ്. മനുഷ്യശരീരത്തിന്‍റെ ആരോഗ്യം ഹൃദയത്തിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ടതുപോലെ സത്യവിശ്വാസത്തിന്‍റെ സാധുത പരലോക ചിന്തയുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. (റൂഹുല്‍ മആനി). ഈ സൂറത്തിന് യാസീന്‍ എന്ന പേര് പ്രസിദ്ധമാണെങ്കിലും അസീമ (മഹത്തരമായത്) എന്നും ഹദീസില്‍ പേര് വന്നിട്ടുണ്ട്. (കന്‍സുല്‍ ഉമ്മാല്‍). ഒരു ഹദീസില്‍ വന്നിരിക്കുന്നു: തൗറാത്തില്‍ ഈ സൂറത്തിന് നല്‍കപ്പെട്ട നാമം മുഇമ്മ എന്നാണ്. അതായത് ഇത് ഓതുന്നവര്‍ക്ക് ഇരുലോകത്തെയും നന്മകള്‍ വ്യാപകമായി ലഭിക്കുന്നതാണ്. ഇത് പാരായണം ചെയ്യുന്ന വ്യക്തിയെക്കുറിച്ച് ശരീഫ് (മാന്യന്‍) എന്ന് പറയപ്പെട്ടിരിക്കുന്നു. ഈ സൂറത്ത് വലിയ ഗോത്രങ്ങള്‍ക്ക് തുല്യമായ ആളുകള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യുന്നതാണ്. ജാമിഉല്‍ കബീര്‍). ചില നിവേദനങ്ങളില്‍ മുദാഫിഅ എന്നും പേര് വന്നിട്ടുണ്ട്. അതായത് ഇത് പാരായണം ചെയ്യുന്നവരില്‍ നിന്നും നാശനഷ്ടങ്ങളെ ഇത് തടയുന്നതാണ്. ഖാസിയ എന്നും പറയപ്പെട്ടിരിക്കുന്നു. അതായത് ഇതിലൂടെ ആവശ്യങ്ങള്‍ സഫലമാകുന്നതാണ്. (റൂഹുല്‍ മആനി). അബൂദര്‍ (റ) പറയുന്നു: മരണപ്പെട്ടവരുടെ അരികില്‍ യാസീന്‍ പാരായണം ചെയ്യപ്പെട്ടാല്‍ മരണം എളുപ്പമാകുന്നതാണ്. (കന്‍സുല്‍ ഉമ്മാല്‍). ഇബ്നു സുബൈര്‍ (റ) പറയുന്നു: ആവശ്യങ്ങള്‍ക്ക് മുന്നില്‍ യാസീന്‍ സൂറത്തിനെ നിര്‍ത്തിയാല്‍ ആവശ്യങ്ങള്‍ സഫലമാകുന്നതാണ്. (മസ്ഹരി). യഹ്യബ്നു കസീര്‍ (റ) പറയുന്നു: പ്രഭാതത്തില്‍ യാസീന്‍ ഓതുന്നവര്‍ക്ക് പ്രദോശം വരെയും പ്രദോശത്തില്‍ ഓതുന്നവര്‍ക്ക് പ്രഭാതം വരെയും സുഖവും സന്തോഷവും ലഭിക്കുന്നതാണ്. ഇത് അനുഭവിച്ചറിഞ്ഞ ധാരാളം മഹത്തുക്കള്‍ എന്നോട് ഇത് പറയുകയുണ്ടായി. (മസ്ഹരി). യാസീന്‍ എന്ന പദത്തെക്കുറിച്ചുള്ള പ്രസിദ്ധ അഭിപ്രായമാണ് ആശയ സംഗ്രഹത്തില്‍ കൊടുത്തത്. അതായത് ഇത് വെവ്വേറെ ഓതേണ്ട അക്ഷരങ്ങളാണ്. ഇതിനെക്കുറിച്ചുള്ള അറിവ് അല്ലാഹു പൊതു ദാസന്മാര്‍ക്ക് നല്‍കിയിട്ടില്ല. ഇമാം മാലിക് (റ) പറയുന്നു: ഇത് അല്ലാഹുവിന്‍റെ നാമങ്ങളില്‍ പെട്ടതാണ്. ഇബ്നു അബ്ബാസ് (റ)ല്‍ നിന്നും ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഒരു നിവേദനം ഇപ്രകാരമാണ്: ഇത് എത്യോപ്യന്‍ പദമാണ്. അല്ലയോ മനുഷ്യാ എന്നാണിതിന്‍റെ അര്‍ത്ഥം. ഇതുകൊണ്ടുള്ള ഉദ്ദേശം റസൂലുല്ലാഹി (സ)യാണ്. ഇബ്നു ജുബൈര്‍ (റ)ന്‍റെ അഭിപ്രായം, ഇത് റസൂലുല്ലാഹി (സ)യുടെ നാമം ആണെന്നാണ്. (അഹ്കാമുല്‍ ഖുര്‍ആന്‍). അല്ലാമാ ആലൂസി (റ) പറയുന്നു: യാസീന്‍ എന്ന രണ്ട് അക്ഷരങ്ങള്‍ കൊണ്ട് റസൂലുല്ലാഹി (സ)യ്ക്ക് പേര് വെക്കപ്പെട്ടതില്‍ വലിയ രഹസ്യങ്ങളുണ്ട്. (റൂഹുല്‍ മആനി). യാസീന്‍ എന്ന് ആര്‍ക്കെങ്കിലും പേര് വെക്കാമോ? ഇമാം മാലിക് (റ) പറയുന്നു: ഇത് അല്ലാഹുവിന്‍റെ നാമം ആയതിനാലും ഇതിന്‍റെ അര്‍ത്ഥം അറിയാത്തതിനാലും ഇപ്രകാരം ആര്‍ക്കും പേര് വെക്കുന്നത് ശരിയല്ല. സ്രഷ്ടാവ്, അന്നം തരുന്നവന്‍ തുടങ്ങിയ അല്ലാഹുവിന് മാത്രം യോജിച്ച അര്‍ത്ഥം ഇതിനുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ വെറും അക്ഷരങ്ങളിലേക്ക് നോക്കി ഈ പേര് വെക്കാവുന്നതാണ്. കാരണം പരിശുദ്ധ ഖുര്‍ആനില്‍ സൂറത്ത് സ്വാഫ്ഫാത്തില്‍ യാസീന്‍ കുടുംബമെന്ന് പറയപ്പെട്ടിട്ടുണ്ട്. (അഹ്കാമുല്‍ ഖുര്‍ആന്‍). ഇതില്‍ പറയപ്പെട്ടിരിക്കുന്ന ആയത്തിലെ പ്രസിദ്ധ പാരായണം ഇല്‍യാസീന്‍ എന്നാണ് ആലുയാസീനെന്നും പാരായണമുണ്ട്. ഇതിലൂടെ ഒരു കൂട്ടം ജനങ്ങള്‍ക്ക് സ്നേഹത്തോടെ മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടിയാണ്. അവരുടെ പൂര്‍വ്വപിതാക്കന്‍മാര്‍ക്ക് അടുത്തൊന്നും മുന്നറിയിപ്പ് നല്‍കപ്പെട്ടിട്ടില്ല. അവര്‍ അശ്രദ്ധയില്‍ കഴിയുകയാണ്(6). ഇതുകൊണ്ടുള്ള ഉദ്ദേശം അറേബ്യന്‍ ജനതയാണ്. അതായത് ഇവരുടെ പൂര്‍വ്വ പിതാക്കന്മാരില്‍ ദീര്‍ഘനാളുകളായി പ്രവാചകന്മാര്‍ ആരും വന്നിട്ടില്ല. പൂര്‍വ്വപിതാക്കന്മാര്‍ കൊണ്ടുള്ള ഉദ്ദേശം അടുത്ത കാലഘട്ടത്തിലെ പിതാമഹന്മാരാണ്. കാരണം അറബികളുടെ ഏറ്റവും വലിയ പിതാമഹന്‍ ഇബ്റാഹീം നബി(അ)യും മകന്‍ ഇസ്മാഈല്‍ നബി (അ)യും പ്രവാചകന്മാരായിരുന്നു. അവര്‍ക്ക് ശേഷം നൂറ്റാണ്ടുകളോളം അറബികളില്‍ പ്രവാചകന്മാര്‍ ആരും വന്നിട്ടില്ല. എന്നാല്‍ പ്രബോധന ഉദ്ബോധനങ്ങളും മുന്നറിയിപ്പ് സുവാര്‍ത്തകളും പരമ്പരയായി നടന്നിരുന്നു. ഈ കാര്യം ആശയ സംഗ്രഹത്തില്‍ പറഞ്ഞിട്ടുണ്ട്. എല്ലാ സമുദായങ്ങളിലേക്കും മുന്നറിയിപ്പുകാര്‍ വന്നിട്ടുണ്ട് എന്ന ഫാത്വിറിലെ ആയത്തിന്‍റെ പ്രേരണയും ഇത് തന്നെയാണ്. അതായത് പടച്ചവന്‍റെ കാരുണ്യം കാരണം സര്‍വ്വ സമുദായങ്ങളിലേക്കും എല്ലാ കാലത്തും മുഴുവന്‍ സ്ഥലങ്ങളിലും സത്യത്തിന്‍റെ സന്ദേശം എത്തിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ നബിമാരുടെ പിന്‍ഗാമികളിലൂടെ ലഭിക്കുന്ന പ്രബോധനത്തിന് നബിമാരുടെ പ്രബോധനത്തിന്‍റെ ശക്തിയുണ്ടായിരിക്കുകയില്ല എന്ന കാര്യം വ്യക്തമാണ്. അതുകൊണ്ടാണ് ഈ ആയത്തില്‍ അറബികളിലേക്ക് മുന്നറിയിപ്പുകാരാരും വന്നിരുന്നില്ല എന്ന് പറഞ്ഞത്. തല്‍ഫലമായി അറബികള്‍ക്കിടയില്‍ വ്യവസ്ഥാപിതമായ നിലയില്‍ വിദ്യാഭ്യാസങ്ങളൊന്നും നടന്നിരുന്നില്ല. ഉമ്മിയ്യൂന്‍ (നിരക്ഷരര്‍) എന്നാണ് അവരെക്കുറിച്ച് പറയപ്പെട്ടിരുന്നത്. അവരില്‍ അധികം ആളുകളുടെ മേലും അല്ലാഹുവിന്‍റെ വചനം പുലര്‍ന്നിരിക്കുന്നു. അവര്‍ സത്യവിശ്വാസം സ്വീകരിക്കുന്നതല്ല(7) അതായത് അല്ലാഹു സത്യവിശ്വാസത്തിന്‍റെയും നിഷേധത്തിന്‍റെയും സ്വര്‍ഗ്ഗത്തിന്‍റെയും നരകത്തിന്‍റെയും ഇരുവഴികളും മനുഷ്യന് മുന്നില്‍ വെച്ചിരിക്കുന്നു. സത്യവിശ്വാസത്തിന്‍റെ പ്രബോധനത്തിന് വേണ്ടി നബിമാരെയും ഗ്രന്ഥങ്ങളെയും അയച്ചു. കൂട്ടത്തില്‍ നന്മ-തിന്മകളില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ മനുഷ്യന് സ്വാതന്ത്ര്യവും നല്‍കി. ഇത്തരുണത്തില്‍ ശരിയായ നിലയില്‍ ചിന്തിക്കാതെയും പടച്ചവന്‍റെ ദൃഷ്ടാന്തങ്ങള്‍ പഠിക്കാതെയും നബിമാരുടെ പ്രബോധനത്തിന് ചെവി കൊടുക്കാതെയും പടച്ചവന്‍റെ വചനങ്ങളില്‍ ഉറ്റാലോചിക്കാതെയും സ്വന്തം ഇഷ്ട പ്രകാരം വഴികേട് തെരഞ്ഞെടുക്കുന്ന ഭാഗ്യഹീനന് അതിന്‍റെ മാര്‍ഗ്ഗം അല്ലാഹു തുറന്ന് കൊടുക്കുന്നതാണ്. നിഷേധത്തില്‍ മുന്നേറുന്നതിന് അനുസരിച്ച് അതിന്‍റെ മാധ്യമങ്ങളും നല്‍കുന്നതാണ്. ഇപ്രകാരം പടച്ചവന്‍ ഇവരോടും വര്‍ത്തിച്ചു. ഇതാണ് ഈ ആയത്തിന്‍റെ ആശയം. അടുത്ത ആയത്തില്‍ ഇവരെക്കുറിച്ച് രണ്ട് ഉദാഹരണങ്ങള്‍ വിവരിക്കുന്നു. ഒന്നാമത്തെ ഉദാഹരണം ഇതാണ്: അവരുടെ കഴുത്തില്‍ വലിയ ചങ്ങലകള്‍ ചുറ്റപ്പെട്ടതിനാല്‍ അവരുടെ മുഖവും കണ്ണുകളും മുകളിലേക്ക് ഉയര്‍ന്നിരിക്കുന്നു. താഴ്ഭാഗത്തുള്ള വഴിയിലേക്ക് നോക്കാന്‍ പോലും സാധിക്കുന്നില്ല. ഇത്തരം അവസ്ഥയില്‍ അവര്‍ കുഴിയില്‍ മറിഞ്ഞുവീഴാന്‍ എല്ലാ സാധ്യതയുമുണ്ട് എന്ന കാര്യം വ്യക്തമാണ്. രണ്ടാമത്തെ ഉദാഹരണം, അവരുടെ ചുറ്റുഭാഗത്തും മതിലുകള്‍ മറ ഇട്ടിരിക്കുന്നു. അതില്‍ അവര്‍ കുടുങ്ങിക്കിടക്കുന്ന കാരണത്താല്‍ പുറത്തുള്ള കാര്യങ്ങളൊന്നും അറിയാന്‍ കഴിയുന്നില്ല. അതെ, നിഷേധികളെ വിവരക്കേടും അഹന്തയും ദുര്‍വാശിയും വലയം ചെയ്തിരിക്കുന്നു. പുറത്തുള്ള സത്യസന്ദേശങ്ങളൊന്നും അവരിലേക്ക് എത്തുന്നില്ല. ഇമാം റാസി (റ) പറയുന്നു: ശരിയായ ചിന്തയില്‍ നിന്നും രണ്ട് കാര്യങ്ങള്‍ തടയുന്നതാണ്. 1. സ്വന്തം അവസ്ഥയിലേക്ക് പോലും നോക്കാതിരിക്കുക. 2. ചുറ്റുഭാഗത്തേക്കും നോക്കാതിരിക്കുക. നിഷേധികളെ ഈ രണ്ട് തടസ്സങ്ങള്‍ സത്യം കണ്ടെത്തുന്നതില്‍ നിന്നും തടയുകയുണ്ടായി. ഒന്നാമത്തെ ഉദാഹരണം ആദ്യത്തെ തടസ്സത്തെക്കുറിച്ചുള്ളതാണ്. അവര്‍ക്ക് തല കുനിച്ച് സ്വന്തം കാര്യങ്ങള്‍ പോലും നോക്കാന്‍ സാധിക്കുന്നില്ല. രണ്ടാമത്തെ ഉദാഹരണം, രണ്ടാമത്തെ തടസ്സത്തെക്കുറിച്ചാണ്. അത് ഉള്ളതുകൊണ്ട് പരിസരത്തേക്കും നോക്കാന്‍ സാധിക്കുന്നില്ല. (റൂഹുല്‍ മആനി). ഈ ആയത്തുകളില്‍ പറയപ്പെട്ടിരിക്കുന്നത് അവരുടെ നിഷേധവും ദുര്‍വാശിയുമാണന്ന് ഭൂരിഭാഗം മുഫസ്സിറുകളും പറഞ്ഞിരിക്കുന്നു. ചില മുഫസ്സിറുകള്‍ ഇത് ഒരു സംഭവത്തിലേക്കുള്ള സൂചനയാണെന്ന് വിവരിക്കുന്നു. അബൂജഹ്ലും മറ്റും റസൂലുല്ലാഹി (സ)യെ വധിക്കുന്നതിനും ഉപദ്രവിക്കുന്നതിനും ഉറച്ച തീരുമാനം എടുത്തുകൊണ്ട് വരികയുണ്ടായി. എന്നാല്‍ അല്ലാഹു അവരുടെ കണ്ണുകളില്‍ മറയിട്ടു. അവര്‍ അശക്തരായി നിരാശപ്പെട്ട് മടങ്ങിപ്പോയി. ഇതുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങള്‍ ഇബ്നു കസീര്‍, റൂഹുല്‍ മആനി, ഖുര്‍തുബി, മസ്ഹരി മുതലായ തഫ്സീര്‍ ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ അതെല്ലാം ബലഹീനമായ നിവേദനങ്ങള്‍ ആയതിനാല്‍ ഈ ആയത്തിന്‍റെ നിര്‍ണ്ണിതമായ വിശദീകരണം എന്ന നിലയില്‍ പറയാന്‍ കഴിയുന്നതല്ല. അവര്‍ പ്രവര്‍ത്തിച്ചതും അവരുടെ പ്രവര്‍ത്തനഫലമായി ഉണ്ടായിത്തീര്‍ന്ന കാര്യങ്ങളും നാം എഴുതുന്നതാണ്. എല്ലാകാര്യവും വ്യക്തമായ ഒരു മൂലഗ്രന്ഥത്തില്‍ നാം രേഖപ്പെടുത്തിയിട്ടുണ്ട്.(12) ഈ ലോകത്ത് പ്രവര്‍ത്തിക്കുന്ന നന്മ-തിന്മകള്‍ കൊണ്ട് മാത്രം കാര്യം തീരുന്നതല്ല. അതിനെല്ലാം പരലോകത്ത് പ്രതിഫലങ്ങളും ശിക്ഷകളും ഉണ്ടാകുന്നതാണ്. സല്‍പ്രവര്‍ത്തനങ്ങള്‍ സ്വര്‍ഗ്ഗത്തിലെ ആരാമങ്ങളും അരുവികളുമാകും. തിന്മകള്‍ നരകത്തിന്‍റെ തീക്കട്ടകളും ആകുന്നതാണ്. ഈ കര്‍മ്മങ്ങള്‍ എഴുതുന്നതിന്‍റെ ലക്ഷ്യം അവ സൂക്ഷിച്ച് വെക്കാന്‍ വേണ്ടയാണ്. കാരണം രേഖപ്പെടുത്തി വെച്ചാല്‍ തെറ്റിനും മറവിയ്ക്കും കൂട്ടാനും കുറയ്ക്കാനും സാധ്യതയുണ്ടാകുന്നതല്ല. കര്‍മ്മങ്ങളെപ്പോലെ കര്‍മ്മ ഫലങ്ങളും എഴുതപ്പെടുന്നതാണ്. ഈ ആയത്തിലെ ആസാര്‍ എന്നതുകൊണ്ടുള്ള ഉദ്ദേശം മനുഷ്യന്‍റെ മരണത്തിന് ശേഷം പ്രകടമാകുകയും നിലനില്‍ക്കുകയും ചെയ്യുന്ന പ്രവര്‍ത്തന ഫലങ്ങളാണ്. ഉദാഹരണം, ആരെങ്കിലും ജനങ്ങള്‍ക്ക് ദീനീവിജ്ഞാനം പകര്‍ന്ന് കൊടുക്കുകയും സന്ദേശം എത്തിച്ച് കൊടുക്കുകയും പ്രയോജനപ്രദമായ ഗ്രന്ഥം രചിയിക്കുകയും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വല്ലതും വഖ്ഫ് നടത്തുകയും ഗുണകരമായ ദാനങ്ങള്‍ വല്ലതും നല്‍കുകയും ചെയ്തു. എന്നാല്‍ ഈ സല്‍പ്രവര്‍ത്തനങ്ങളുടെ ഫലങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം അതെല്ലാം അവന്‍റെ കര്‍മ്മ പുസ്തകത്തില്‍ എഴുതപ്പെടുന്നതാണ്. തിന്മകളുടെ കാര്യം ഇപ്രകാരം തന്നെയാണ്. ഉദാഹരണത്തിന് ആരെങ്കിലും അക്രമപരമായ നിയമങ്ങള്‍ നടപ്പിലാക്കുകയും ജനങ്ങളുടെ സ്വഭാവ കര്‍മ്മങ്ങള്‍ നാശമാക്കുന്ന സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും ജനങ്ങളെ വഴികേടിലേക്ക് ക്ഷണിക്കുകയും ചെയ്താല്‍ ഈ തിന്മകളുടെ ദുഷ്ഫലം പ്രകടമാകുന്ന കാലമെല്ലാം അവന്‍റെ കര്‍മ്മ പുസ്തകത്തില്‍ അവ എഴുതപ്പെടുന്നതാണ്. ഈ ആയത്തിന്‍റെ വിശദീകരണമായി റസൂലുല്ലാഹി (സ) ഈ കാര്യം അറിയിച്ചിട്ടുമുണ്ട്. ജരീര്‍ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും നല്ല മാതൃക വല്ലതും സ്ഥാപിച്ചാല്‍ അവന് അതിന്‍റെയും അവന് ശേഷം അതനുസരിച്ച് പ്രവര്‍ത്തിച്ചവരുടെയും പ്രതിഫലം ലഭിക്കുന്നതാണ്. അവരുടെ പ്രതിഫലത്തില്‍ യാതൊരു കുറവും ഉണ്ടാകുന്നതല്ല. ആരെങ്കിലും ദുശിച്ച മാതൃക വല്ലതും സ്ഥാപിച്ചാല്‍ അവന് അതിന്‍റെയും അവന് ശേഷം അതനുസരിച്ച് പ്രവര്‍ത്തിച്ചവരുടെയും തിന്മ ലഭിക്കുന്നതാണ്. അവരുടെ തിന്മയില്‍ യാതൊരു കുറവും ഉണ്ടാകുന്നതല്ല. ശേഷം റസൂലുല്ലാഹി (സ) ഈ ആയത്ത് പാരായണം ചെയ്തു. (ഇബ്നു കസീര്‍). ആസാര്‍ എന്നതിന് ചുവട്ടടികള്‍ എന്നും അര്‍ത്ഥമുണ്ട്. ഹദീസില്‍ വന്നിരിക്കുന്നു: മനുഷ്യന്‍ നമസ്കാരത്തിന് വേണ്ടി മസ്ജിദിലേക്ക് നടക്കുമ്പോള്‍ ഓരോ ചുവടിന്‍റെയും പേരില്‍ നന്മ എഴുതപ്പെടുന്നതാണ്. (മുസ്ലിം). ഈ ആയത്തിന്‍റെ ഉദ്ദേശം ഇതാണെന്ന് ചില നിവേദനങ്ങളില്‍ നിന്നും മനസ്സിലാകുന്നു. അതെ, നമസ്കാരത്തിന്‍റെ പ്രതിഫലം എഴുതപ്പെടുന്നത് പോലെ നമസ്കാരത്തിലേക്ക് വരാന്‍ വേണ്ടി ഉപയോഗിക്കപ്പെടുന്ന ചുവട്ടടികളും രേഖപ്പെടുത്തപ്പെടുന്നതും ഓരോ ചുവടിനും ഓരോ നന്മ നല്‍കപ്പെടുന്നതുമാണ്. മദീനാ മുനവ്വറയില്‍ മസ്ജിദുന്നബവിയില്‍ നിന്നും ദൂരെ താമസിച്ചിരുന്ന ചിലര്‍ അതിനരികിലേക്ക് വരാന്‍ ഉദ്ദേശിച്ചപ്പോള്‍ റസൂലുല്ലാഹി (സ) തടഞ്ഞ വിവിധ സംഭവങ്ങള്‍ ഇബ്നു കസീര്‍ (റ) നിവേദനം ചെയ്തിട്ടുണ്ട്. അവരോടെല്ലാം റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് തന്നെ താമസിക്കുക. ദൂരെ നിന്നും നിങ്ങള്‍ നടന്നുവരുന്നതിനെ പാഴ് പ്രവര്‍ത്തനമായി കാണരുത്. എത്ര ചുവടുകള്‍ അധികരിക്കുമോ അത്രയും പ്രതിഫലം ലഭിക്കുന്നതാണ്. (മുസ്ലിം). ഈ ഹദീസില്‍ ഒരു സംശയമുണ്ട്: യാസീന്‍ സൂറത്ത് മക്കയിലാണ് അവതരിച്ചത്. ഈ ഹദീസില്‍ പറയുന്ന സംഭവം മദീനാ ത്വയ്യിബയില്‍ നടന്നതാണ്! ഇതിനുള്ള മറുപടി ഇപ്രകാരമാണ്: മനുഷ്യന്‍റെ എല്ലാ ചുവട്ടടികളും രേഖപ്പെടുത്തുന്നതാണെന്ന് ആയത്തില്‍ പറയപ്പെട്ടിരിക്കുന്ന കാര്യം പൊതുവായ നിലയിലുള്ളതാണ്. ഈ ആയത്ത് മക്കയില്‍ തന്നെയാണ് അവതരിച്ചത്. ശേഷം മദീനയില്‍ ഈ സംഭവമുണ്ടായപ്പോള്‍ റസൂലുല്ലാഹി (സ) തെളിവെന്നോണം ഈ ആയത്ത് ഉദ്ധരിച്ചുകൊണ്ട് അരുളി: ഈ ആയത്തില്‍ പറയപ്പെട്ട ചുവട്ടടയാളങ്ങളില്‍ മസ്ജിദിലേക്കുള്ള ചുവടുകളും പെടുന്നതാണ്. ഇതനുസരിച്ച് രണ്ടാഭിപ്രായങ്ങള്‍ക്കും ഇടയിലുള്ള ബാഹ്യമായ വൈരുദ്ധ്യവും ഉയരുന്നതാണ്. (ഇബ്നു കസീര്‍).
*************************
മആരിഫുല്‍ ഹദീസ്
സൂറത്ത് യാസീൻ
മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
50. മഅ്ഖലുബ്‌നു യസാർ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും പടച്ചവന്റെ പൊരുത്തത്തെ ലക്ഷ്യമിട്ടുകൊണ്ട് സൂറത്ത് യാസീൻ ഓതിയാൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്. ആകയാൽ നിങ്ങൾ മരണപ്പെടുന്നവരുടെ അരികിൽ ഇത് പാരായണം ചെയ്യുക. (ബൈഹഖി) വിവരണം: മരണപ്പെടുന്നവരുട അരികിൽ ഈ സൂറത്ത് പാരായണം ചെയ്യുക എന്നതിന്റെ ബാഹ്യമായ ആശയം മരണാസന്നന്റെ അരികിൽ അവസാന നിമിഷങ്ങളിൽ ഈ സൂറത്ത് ഓതുക എന്നതാണ്. അധികം പണ്ഡിതരും ഇത് തന്നെയാണ് പറഞ്ഞിട്ടുള്ളത്. സമുദായത്തിലെ അറിവുള്ളവർ ഈ കാര്യം ശ്രദ്ധയോടെ നിർവ്വഹിക്കാറുമുണ്ട്. എന്നാൽ മരണപ്പെട്ടവരുടെ പാപമോചനത്തിന് വേണ്ടി അവരുടെ ഖബ്‌റിനരികിൽ ഈ സൂറത്ത് ഓതുക എന്ന ആശയവും ഇതിനുണ്ട്. 51. അതാഅ് ഇബ്‌നു അബീറബാഹ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും പകലിന്റെ പ്രാരംഭ ഭാഗത്ത് സൂറത്ത് യാസീൻ ഓതിയാൽ അല്ലാഹു അദ്ദേഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്നതാണ്. (ദാരിമി)
സൂറത്തുൽ വാഖിഅ 52. ഇബ്‌നു മസ്ഊദ് (റ) നിവേദനം റസൂലുല്ലാഹി (സ) അരുളി ആരെങ്കിലും എല്ലാ രാത്രിയിലും സൂറത്തുൽ വാഖിഅ പാരായണം ചെയ്താൽ അവന് ഒരിക്കലും ദാരിദ്ര്യം ബാധിക്കുന്നതല്ല. നിവേദകൻ പറയുന്നു: ഇബ്‌നു മസ്ഊദ് (റ) എല്ലാ രാത്രിയിലും ഇത് പാരായണം ചെയ്യാൻ പെൺമക്കളോട് കൽപ്പിക്കുമായിരുന്നു. (ബൈഹഖി)
സൂറത്തുൽ മുൽക്ക് 53. അബൂഹുറൈറാ (റ) നിവേദനം റസൂലുല്ലാഹി (സ) അരുളി: പരിശുദ്ധ ഖുർആനിൽ 30 ആയത്തുകളുള്ള ഒരു സൂറത്തുണ്ട് അല്ലാഹുവിന്റെ ഒരു ദാസന് വേണ്ടി അത് അല്ലാഹുവിനോട് ശുപാർഷ ചെയ്യുകയും അവസാനം അദ്ദേഹത്തിന് മാപ്പ് നൽകപ്പെടുകയും ചെയ്യും അത് തബാറക്കല്ലദീ സൂറത്താണ്. (തിർമിദി, അബൂദാവൂദ് നാസഈ, ഇബ്‌നുമാജാ) അലിഫ് ലാം മീം സജദ. 54, ജാബിർ (റ) വിവരിക്കുന്നു: അലിഫ് ലാം മീം തൻസീൽ, തബാറക്കല്ലദീ എന്നീ സൂറത്തുകൾ പാരായണം ചെയ്യുന്നത് വരെ റസൂലുല്ലാഹി (സ) ഉറങ്ങില്ലായിരുന്നു. അതായത് രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ രണ്ട് സൂറത്തുകളും പതിവായി ഓതിയിരുന്നു. (അഹ്മദ്, തിർമിദി, ദാരിമി)
സൂറത്തുൽ അഅ്‌ലാ 55, അലി (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) സബ്ബിഹ്‌സ്മ എന്ന സൂറത്തിനെ സ്‌നേഹിച്ചിരുന്നു. (അഹ്മദ്) വിവരണം: റസൂലുല്ലാഹി (സ) ജുമുആ പെരുന്നാൾ നമസ്‌കാരങ്ങളിൽ അധികവും ഈ രണ്ട് സൂറത്തുകൾ ഓതുമായിരുന്നു എന്ന കാര്യം നമസ്‌കാരത്തെക്കുറിച്ചുള്ള ഗ്രന്ഥത്തിൽ വന്നിട്ടുണ്ട്. ഇവിടെ അതിന്റെ കാരണം ഉന്നയിച്ചിരിക്കുന്നു. ഈ സൂറത്തിലെ പ്രത്യേക സന്ദേശങ്ങളേയും പരിഗണിച്ചുകൊണ്ട് റസൂലുല്ലാഹി (സ)ക്ക് ഈ സൂറത്തിനോട് കൂടുതൽ പ്രിയമായിരുന്നു. സൂറത്തുത്തകാസുർ 56, ഇബ്‌നു ഉമർ (റ) നിവേദനം റസൂലുല്ലാഹി (സ) ഒരിക്കൽ അരുളി: നിങ്ങൾക്ക് ദിവസവും ആയിരം ആയത്തുകൾ ഓതാൻ കഴിയില്ലേ? സഹാബാക്കൾ ചോദിച്ചു: ഞങ്ങളിൽ ആർക്കാണ് അതിന് കഴിയുക? അതായത് അത് ഞങ്ങളുടെ കഴിവിന് അപ്പുറമാണ്. റസൂലുല്ലാഹി (സ) അരുളി: അൽഹാക്കുമുത്തകാസുർ എന്ന സൂറത്ത് ഓതാൻ നിങ്ങൾക്ക് കഴിയില്ലേ.? (ബൈഹഖി) വിവരണം: പരിശുദ്ധ ഖുർആനിലെ ചില സൂറത്തുകൾ വളരെ ചെറുതാണെങ്കിലും അതിന്റെ ആശയങ്ങളും സന്ദേശങ്ങളും വെച്ച് നോക്കുമ്പോൾ നൂറ് കണക്കിനോ, ആയിരക്കണക്കിനോ ആയത്തുകൾക്ക് തുല്യമാണ്. അതിലൊന്നാണ് സൂറത്തുത്തകാസുർ. ഈ സൂറത്തിൽ ഭൗതിക പ്രേമത്തെയും പരലോക വിസ്മൃതിയെയും ശക്തമായി പ്രഹരിച്ചിരിക്കുന്നു. പരലോക വിചാരണയെയും നരക ശിക്ഷയെയും അതിഗൗരവമായ നിലയിൽ ഉണർത്തിയിരിക്കുന്നു. അത് ഓതുകയോ, കേൾക്കുകയോ ചെയ്യുന്നവരുടെ മനസ്സ് തീർത്തും മരിച്ചിട്ടില്ലെങ്കിൽ അതിലൂടെ ചിന്തയും ഉണർവ്വും ഉണ്ടായിത്തീരുന്നതാണ്. റസൂലുല്ലാഹി (സ) ഇത് ഉദ്ദേശിച്ചായിരിക്കാം ഇതിന്റെ പാരായണം ആയിരം ആയത്തുകളുടെ പാരായണത്തിന് തുല്യമാണെന്ന് അരുളിയത്. അടുത്ത് കൊടുക്കുന്ന ചില ഹദീസുകളിൽ ഇതുപോലുള്ള ചില ചെറിയ സൂറത്തുകളെക്കുറിച്ച് ഖുർആനിന്റെ പകുതിയെന്നും മൂന്നിലൊന്നെന്നും പറയപ്പെട്ടിട്ടുള്ളതിനെയും ഇതേ നിലയിൽ മനസ്സിലാക്കേണ്ടതാണ്. ഇതിന്റെ പാരായണത്തിന്റെ പ്രതിഫലവും ഇതേ നിലയിൽ അധികരിച്ചിരിക്കാൻ വലിയ സാധ്യതയുണ്ട്. അതെ, അല്ലാഹുവിന്റെ ഖജനാവ് നമ്മുടെ വിചാരങ്ങളേക്കാളും വളരെ വിശാലമാണ്.
**********************
ഇലാഹ് റഹ്മത്തില്ലാഹ്
അല്ലാഹുവിന്‍റെ ഒരു ദാസിയുടെ അനുസ്മരണം
ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
അല്ലാഹു നമ്മില്‍ നിന്നും യാത്രയായ മുഴുവന്‍ മര്‍ഹൂമുകള്‍ക്കും മഗ്ഫിറത്ത് മര്‍ഹമത്തുകള്‍ കനിഞ്ഞരുളട്ടെ! ജീവിച്ചിരിക്കുന്നവര്‍ക്ക് അല്ലാഹുവിന്‍റെ പൊരുത്തത്തിലായി ദീര്‍ഘായുസ്സും സൗഖ്യവും സമാധാനവും നല്‍കട്ടെ.! 1990 കളില്‍ തിരുവനന്തപുരവുമായി ബന്ധപ്പെട്ടപ്പോള്‍ വലിയ സേവനങ്ങള്‍ ചെയ്യുകയും സ്നേഹം നല്‍കുകയും ചെയ്ത ഒരു വ്യക്തിയാണ് വിനീതന്‍റെ ആലപ്പുഴ കോയാസ് കുടുംബാഗം കൂടിയായ ജനാബ് പി. എച്ച് കുഞ്ഞ് മുഹമ്മദ് സാഹിബ്. കിടക്കാന്‍ മസ്ജിദില്‍ സൗകര്യം ഇല്ലാത്തതിനാല്‍ മര്‍ഹൂം നിര്‍ബന്ധിച്ച് എന്നെ വീട്ടില്‍ കൊണ്ട് പോകുകയും അത്താഴം കഴിപ്പിച്ച് മസ്ജിദില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഭര്‍ത്താവും ഭാര്യയും വലിയ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ കഴിയുന്നവരാണങ്കിലും വീടിന്‍റെ ആഹാരത്തിന്‍റെയും വസ്ത്രത്തിന്‍റെയും മറ്റും ലാളിത്യം വല്ലാതെ ആകര്‍ശിച്ചു. ഇപ്പോള്‍ മര്‍ഹൂമിന്‍റെ സഹധര്‍മ്മിണി സുബൈദാ ഹജ്ജുമ്മ അല്ലാഹുവിലേക്ക് യാത്രയായി. ഇതിനെത്തുടര്‍ന്ന് മാതാവിനെക്കുറിച്ച് വല്ല കാര്യങ്ങളും പറഞ്ഞ് തരണമെന്ന് മകനും ഞങ്ങളുടെ ആത്മ സുഹൃത്തുമായ അഫ്സല്‍ സാഹിബിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം വൈകാരികമായും കണ്ണീര്‍ വാര്‍ത്തുകൊണ്ടും ചില കാര്യങ്ങള്‍ പറഞ്ഞു. പടച്ചവന്‍റെ ഇതര ദാസന്‍മാര്‍ക്കും പ്രയോജനപ്രദമായതിനാല്‍ അതിന്‍റെ സംഗ്രഹം ഇവിടെ കൊടുക്കുന്നു. ആദരണീയ മാതാവ് 1940 ല്‍ ചങ്ങനാശ്ശേരിയില്‍ അഹ്മദ് കണ്ണ് ഖദീജീ ബീവി ദമ്പതികളുടെ മകളായി ജനിച്ചു. കുടുംബം വിദ്യാഭ്യാസത്തോടൊപ്പം ദീനീ കാര്യങ്ങളിലും ശ്രദ്ധ പുലര്‍ത്തിയിരുന്നു. പിതാമഹന്‍ നമസ്കാരത്തില്‍ ശ്രദ്ധിക്കുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചന്ദനക്കുടങ്ങള്‍ പോലെയുള്ള അനാചാരങ്ങളെ എതിര്‍ക്കുകയും ചെയ്തിരുന്നു. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും മാതാവിന് ഉന്നത വിദ്യാഭ്യാസം നല്‍കി. കൂട്ടത്തില്‍ ദീനീ വിദ്യാഭ്യാസം നല്‍കാനും മാതാവ് ശ്രദ്ധിച്ചു. അല്‍പ്പം കഴിഞ്ഞ് കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കി വിദ്യാഭ്യാസ കാര്യങ്ങളുടെ ചിലവ് പരിഹരിച്ചു. തുടര്‍ന്ന് തിരുവനന്തരപുരത്തെത്തി സെക്രട്ടറിയേറ്റില്‍ ജോലി ലഭിച്ചു. ശേഷം ആദരണീയ പിതാവ് മര്‍ഹൂം കുഞ്ഞ് മുഹമ്മദ് സാഹിബുമായി വിവാഹം നടന്നു. വിവാഹത്തിന് ശേഷം ഇരുവരും സഹകരിച്ച് ജോലി കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനോടൊപ്പം ദീനിന്‍റെ വിവിധ പരിശ്രമങ്ങളില്‍ സജീവമായി. ഇന്നത്തെ തമ്പാനൂര്‍ ജുമാ മസ്ജിദില്‍ സ്ത്രീകള്‍ക്ക് നമസ്കരിക്കാന്‍ സൗകര്യം ചെയ്യുകയും എല്ലാ ആഴ്ചയും അവിടെപ്പോയി മഹദി അത് വൃത്തിയാക്കുകയും സ്ത്രീകള്‍ക്ക് നമസ്കാരക്കുപ്പായവും മറ്റും തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതിനിടിയല്‍ വിമന്‍സ് മുസ്ലിം അസോസിയേഷന്‍ എന്ന സ്ത്രീകളുമായി ബന്ധപ്പെട്ട സംഘടനയില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചു. അനാഥ സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. പാളയം ജുമാ മസ്ജിദിലും സ്ത്രീകളുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതിലും വലിയ പങ്ക് വഹിച്ചു. അന്ന് പര്‍ദ്ദ സമ്പ്രാദായം വളരെ കുറവായിരുന്നു. ഇതിനിടയില്‍ പര്‍ദ്ദയണിഞ്ഞ് സെക്രട്ടറിയേറ്റില്‍ പോയിരുന്ന ആദ്യത്തെ വ്യക്തിയാണ് മര്‍ഹൂമ. ഇതിന്‍റെ പേരില്‍ പലരും ആക്ഷേപിച്ചെങ്കിലും അല്ലാഹുവിന്‍റെ ദാസി സഹനതയോടെ മുന്നോട്ട് നീങ്ങുക മാത്രമല്ല, മറ്റ് സ്ത്രീകളെ ഇതിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. സെക്രട്ടറിയേറ്റില്‍ ഉന്നത ജോലി അനുഷ്ടിച്ചിരുന്ന മഹതി കൈക്കൂലിയില്‍ നിന്നും പരിപൂര്‍ണ്ണമായി അകന്ന് കഴിഞ്ഞിരുന്നു. പല സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അംഗമാവുകയും അതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ജോലികളില്‍ നിന്നും വിരമിച്ച ശേഷം വിശ്രമത്തില്‍ കഴിയാതെ നിരന്തരം നന്മകളുടെ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞിരുന്നു. ഇതിനിടയില്‍ മൂന്ന് പ്രാവശ്യം പരിശുദ്ധമായ ഹജ്ജിന് സൗഭാഗ്യമുണ്ടായി. ഹറമിലേക്കുള്ള യാത്ര സദാ ആഗ്രഹിച്ചിരുന്നു. പരിശുദ്ധ ഖുര്‍ആനിനോട് വലിയ അനുരാഗമായിരുന്നു. സ്വയം ഓതുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. വിശിഷ്യാ മക്കളെ കണ്ടാല്‍ ഓതാല്‍ പ്രേരിപ്പിച്ചിരുന്നു. ആയത്തുല്‍ കുര്‍സി മുതലായ ആയത്തുകളോട് അനുരാഗമായിരുന്നു. ദീനീ സ്ഥാപനങ്ങളോട് വലിയ താത്പര്യമായിരുന്നു. ഓച്ചിറ ദാറുല്‍ ഉലൂമില്‍ തുടക്കം മുതല്‍ അവര്‍ നിത്യമായി സാധിക്കുന്ന സേവനങ്ങള്‍ ചെയ്തിരുന്നു. അല്ലാഹു പരിപൂര്‍ണ്ണമായും സ്വീകരിക്കട്ടെ.! അല്ലാഹുവിന്‍റെ ഈ ദാസിയ്ക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യുന്നതിനോടൊപ്പം ഈ ഗുണങ്ങള്‍ നാമും ഉണ്ടാക്കിയെടുക്കുന്നതിനാണ് ഈ കാര്യങ്ങള്‍ ഇവിടെ കുറിച്ചത്. അല്ലാഹു ഇത് സ്വീകരിക്കട്ടെ. മര്‍ഹൂമയ്ക്ക് പരിപൂര്‍ണ്ണ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ. അവരുടെയും ഭര്‍ത്താവ് കുഞ്ഞ് മുഹമ്മദ് സാഹിബിന്‍റെയും ഉന്നത സ്മരണങ്ങളും മാതൃകകളും കുടുംബത്തിലും പ്രദേശത്തും നിലനിര്‍ത്തട്ടെ.
അല്ലാഹുവിന്റെ ഒരു ദാസിയുടെ അനുസ്മരണം
ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
*******************
സയ്യിദ് ഹസനി അക്കാദമി
ദാറുല്‍ ഉലൂം, ഓച്ചിറ
ദാറുല്‍ ഉലൂം, ഓച്ചിറ
ബഹുമാന്യരെ, പ്രയോജനപ്രദമായ രചനകളുടെ പ്രസിദ്ധീകരണത്തിനും പ്രചാരണത്തിനും വേണ്ടി ആദരണീയ പ്രബോധകൻ മൗലാനാ സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി സ്ഥാപിച്ച ഒരു കേന്ദ്രമാണ് സയ്യിദ് ഹസനി അക്കാദമി. പടച്ചവന്റെ അനുഗ്രഹത്താൽ ചെറുതും വലുതുമായ ധാരാളം രചനകൾ ഇതിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ ഇതിന്റെ പ്രചാരണം വേണ്ട നിലയിൽ ആയിട്ടില്ല. അതിനുവേണ്ടി ഓരോ മാസവും ഓരോ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ദുൽ ഹജ്ജ് മാസം തിരുവനന്തപുരം ജില്ലയിലാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. സുമനസ്സുകളായ സഹോദരങ്ങൾ വീടുകളിലും ഇതര സ്ഥാപനങ്ങളിലും ചെറിയ ഒരു ലൈബ്രറി സ്ഥാപിച്ച് അക്കാദമിയുടെ രചനകൾ പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരെ പരിചയപ്പെടുത്തുകയും വിവാഹ വേളകളിലും മറ്റും ഉപഹാരം നൽകുകയും ചെയ്താൽ ഇത് വളരെ എളുപ്പമായ നിലയിൽ നടക്കുന്നതാണ്. ബുക്ക് സ്റ്റാളുകളും പർദ്ദ സ്റ്റാളുകളും നടത്തുന്ന സഹോദരങ്ങളെ പ്രേരിപ്പിച്ചാലും ഈ പ്രവർത്തനം പ്രയോജനപ്രദമായി നടക്കുന്നതാണ്. മാന്യ അനുവാചകർ ഈ വഴിയിൽ പരിശ്രമിക്കുകയും നിർമ്മാണാത്മ അഭിപ്രായങ്ങൾ നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.
***********************
ബഹുമാന്യരെ, പ്രയോജനപ്രദമായ രചനകളുടെ പ്രസിദ്ധീകരണത്തിനും പ്രചാരണത്തിനും വേണ്ടി ആദരണീയ പ്രബോധകൻ മൗലാനാ സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി സ്ഥാപിച്ച ഒരു കേന്ദ്രമാണ് സയ്യിദ് ഹസനി അക്കാദമി. പടച്ചവന്റെ അനുഗ്രഹത്താൽ ചെറുതും വലുതുമായ ധാരാളം രചനകൾ ഇതിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ ഇതിന്റെ പ്രചാരണം വേണ്ട നിലയിൽ ആയിട്ടില്ല. അതിനുവേണ്ടി ഓരോ മാസവും ഓരോ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ദുൽ ഹജ്ജ് മാസം തിരുവനന്തപുരം ജില്ലയിലാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. സുമനസ്സുകളായ സഹോദരങ്ങൾ വീടുകളിലും ഇതര സ്ഥാപനങ്ങളിലും ചെറിയ ഒരു ലൈബ്രറി സ്ഥാപിച്ച് അക്കാദമിയുടെ രചനകൾ പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരെ പരിചയപ്പെടുത്തുകയും വിവാഹ വേളകളിലും മറ്റും ഉപഹാരം നൽകുകയും ചെയ്താൽ ഇത് വളരെ എളുപ്പമായ നിലയിൽ നടക്കുന്നതാണ്. ബുക്ക് സ്റ്റാളുകളും പർദ്ദ സ്റ്റാളുകളും നടത്തുന്ന സഹോദരങ്ങളെ പ്രേരിപ്പിച്ചാലും ഈ പ്രവർത്തനം പ്രയോജനപ്രദമായി നടക്കുന്നതാണ്. മാന്യ അനുവാചകർ ഈ വഴിയിൽ പരിശ്രമിക്കുകയും നിർമ്മാണാത്മ അഭിപ്രായങ്ങൾ നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.
***********************
പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...
*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...
*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.
9961717102, 9387290079
*ദർസ് ബുഖാരി ശരീഫ്
-ല്‍ ലഭിക്കാൻ
+91 96339 15717
ക്ലാസുകൾ നയിക്കുന്നത്:
ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി
പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...
*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...
*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.
9961717102, 9387290079
*ദർസ് ബുഖാരി ശരീഫ്
-ല്‍ ലഭിക്കാൻ
+91 96339 15717
ക്ലാസുകൾ നയിക്കുന്നത്:
ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി


