▪️മുഖലിഖിതം
 മാനവതാ സന്ദേശം
✍️മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി

▪️ജുമുഅ സന്ദേശം 
✍️ 
മൗലാനാ സയ്യിദ് അർഷദ് മദനി
(വൈസ് പ്രസിഡന്റ് ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)

▪️മആരിഫുല്‍ ഖുര്‍ആന്‍ 
സൂറത്തുയാസീന്‍ ഭാഗം-4
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️മആരിഫുല്‍ ഹദീസ്
ദുആ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ ജീവചരിത്രം
മുഫക്കിറുല്‍ ഇസ്‌ലാം അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി; ജീവിതവും സന്ദേശവും- 4
✍️ മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി

********************************


മുഖലിഖിതം


 മാനവതാ സന്ദേശം

മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി



    ഇന്ന് നമ്മുടെ അവസ്ഥയെന്താണെന്ന് ശാന്തമായി ചിന്തിക്കുക. നമ്മുടെ സ്വഭാവം എത്ര ഉന്നതമാണ്. മറ്റുള്ളവരെ ആകർശിക്കുന്ന സ്വഭാവ ഗുണങ്ങളാണോ അകറ്റുന്ന പ്രവണതകളാണോ നമ്മിൽ ഉള്ളത്? വഴക്കുകളും പ്രശ്‌നങ്ങളും കേസുകളും നമ്മളുടെ നിത്യസംഭവമല്ലേ? ചുരുക്കത്തിൽ നമ്മളുടെ സ്വഭാവം നന്നാക്കൽ വലിയ ഒരു ആവശ്യമാണ്. അതിനുള്ള ഒരു പരിശ്രമമാണ് പയാമെ ഇൻസാനിയ്യത്ത്. ഇസ്‌ലാം എത്ര സുന്ദരമാണെങ്കിലും മുസ്‌ലിംകൾ മഹാമോശമാണ് എന്ന ഒരു അഭിപ്രായം മാറി മുസ്‌ലിംകളിൽ ചിലർ മോശമാണെങ്കിലും ഇസ്‌ലാമും ബഹുഭൂരിഭാഗം മുസ്‌ലിംകളും വളരെ ഉന്നത സ്വഭാവത്തിന്റെ വാക്താക്കളാണ് എന്ന ഒരു കാഴ്ച്ചപ്പാട് ഇതിലൂടെ ഉണ്ടാകുന്നതാണ്. 
ഈ പ്രവർത്തനത്തിലൂടെ ധാരാളം തെറ്റിദ്ധാരണകൾ ദൂരീകരിക്കപ്പെടുന്നതാണ്. എത്ര പ്രസംഗിച്ചാലും എഴുതിയാലും തീരാത്ത നിലയിലുള്ള കുറേ തെറ്റിദ്ധാരണകൾ സഹോദരസമുദായങ്ങളുടെ മനസ്സുകളിൽ വേര് ഊന്നിയിട്ടുണ്ട്. അവരുമായി അടുത്ത് നല്ല നിലയിൽ ഇടപെടന്നതിലൂടെ മാത്രമേ ഈ തെറ്റിദ്ധാരണകൾ മാറുകയുള്ളൂ. ലക്‌നൗവിൽ ഒരു മസ്ജിദ് നിർമ്മാണം നടക്കുകയായിരുന്നു. അതിൽ പങ്കെടുത്ത ഹൈന്ദവ സഹോദരൻ അവസാനം എന്നോട് പറഞ്ഞു: ഇന്നാണ് ഒരു തെറ്റിദ്ധാരണ മാറിയത്. മസ്ജിദിന്റെ അടിത്തറയിൽ ഗോ രക്തം ഒഴിക്കുമെന്ന് ഞാൻ കേട്ടിരുന്നു. തുടക്കംമുതൽ ഞാൻ അത് ശ്രദ്ധിച്ചു. ഇല്ലാത്തപ്പോൾ എന്റെ കൂട്ടുകാരെ ഞാൻ നോക്കാൻ ഏൽപ്പിച്ചിരുന്നു. പക്ഷേ അവസാനംവരെ അത് കാണുകയുണ്ടായില്ല! ഇപ്രകാരം ധാരാളം തെറ്റിദ്ധാരണകൾ അവരുടെ മനസ്സുകളിൽ ഉണ്ട്. അല്ലാമാ നദ്‌വി പറയുന്നു: ഹൈന്ദവ കുടുംബത്തിലുള്ള ഒരു കുട്ടിയെ എത്ര വിളിച്ചിട്ടും അരികിലേക്ക് വന്നില്ല. കാരണം തിരക്കിയപ്പോൾ ആദ്യം ലജ്ജ കാരണം ഒന്നും പറഞ്ഞില്ല. ആവർത്തിച്ച് ചോദിച്ചപ്പോൾ അവസാനം പറഞ്ഞു: മുസ്‌ലിംകളുടെ പോക്കറ്റിൽ കത്തിയുണ്ടായിരിക്കും. അവരുടെ അരികിലേക്ക് പോകാൻ പാടില്ല. ചുരുക്കത്തിൽ ഇത്തരം ധാരാളം സംശയങ്ങൾ അവരുടെ മനസ്സുകളിൽ നിറഞ്ഞുനിൽക്കുകയാണ്. അവരുമായിട്ടുള്ള നല്ല ബന്ധം മാത്രമാണ് ഇതിന്റെ പരിഹാരം



***********************

All India Muslim Personal Law Board

ജുമുഅ സന്ദേശം

മൗലാനാ സയ്യിദ് അർഷദ് മദനി
(വൈസ് പ്രസിഡന്റ് ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)


മനുഷ്യ ജീവിതത്തിൻ്റെ വ്യക്തിപരവും സാമൂഹികപരവുമായ പുരോഗതിക്ക് സമാധാനവും ശാന്തിയും പരസ്പര വിശ്വാസവും അത്യാവശ്യമാണ്. ഇതുകൂടാതെ മനുഷ്യ ജീവിതം ഉയരുകയും വളരുകയും ചെയ്യുന്നതല്ല. പ്രസ്തുത പുരോഗതി എന്ന സ്വപ്നം ഒരിക്കലും പൂവണിയുന്നതുമല്ല. ആധുനിക യുഗത്തിൽ ജീവിത സൗകര്യങ്ങളെല്ലാം കൂടുതലാണെങ്കിലും സമാധാനം വളരെ കുറഞ്ഞുപോയിരിക്കുന്നു. അതിൻ്റെ അടിസ്ഥാന കാരണം പരസ്പരം യോജിപ്പിൻ്റെയും വിശ്വാസത്തിൻ്റെയും അഭാവമാണ്. അതെ, പരസ്പര വിശ്വാസത്തിലൂടെയും യോജിപ്പിലൂടെയും  മാത്രമേ ശാന്തിയും സമാധാനവും ഉണ്ടാവുകയുള്ളു. ഇന്ന് ലോകം മുഴുവനും ശാന്തിക്കും സമാധാനത്തിനും വേണ്ടി പലവിധ കൂടിയാലോചനകളും പരിശ്രമങ്ങളും നടക്കുന്നുണ്ട്. പക്ഷേ അതൊന്നും വിജയം കാണാത്തതിൻ്റെ കാരണം പരസ്പര വിശ്വാസവും യോജിപ്പും ഇല്ലാത്തതാണ്. ശാന്തിയും സമാധാനവും വെറും ഭൗതിക നിയമങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഉണ്ടാവുന്നതല്ലെന്ന് നാം ആദ്യമായി മനസ്സിലാക്കുക. മറിച്ച് അതിന് ധാർമിക അടിസ്ഥാനങ്ങൾ അത്യാവശ്യമാണ്. ധാർമിക ഗുണങ്ങൾ ഉൾക്കൊളളുന്നതുവരെ ശരിയായ ശാന്തിയും ഐക്യവും  സംജാതമാവുന്നതല്ല. ധർമ്മത്തിലൂടെ മാത്രമേ യഥാർത്ഥ ശാന്തി ലഭിക്കുകയുള്ളു. 

ലോകത്തെ പടക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പടച്ചവന് പൊരുത്തമായ ധാർമിക ഗുണകൾ ഉണ്ടാക്കിയെടുക്കാൻ നാം പരിശ്രമിക്കേണ്ടതാണ്. സർവ്വലോക പരിപാലകനായ അല്ലാഹു അറിയിക്കുന്നു:
إن الدين عند الله الإسلام 
അല്ലാഹുവിങ്കൽ  സ്വീകാര്യമായ മാർഗം ഇസ്‌ലാമാണ്. 

പരസ്പര സമാധാനത്തിനും വിശ്വാസയോജിപ്പുകൾക്കും ഇസ്‌ലാം വളരെ ലളിതവും ശക്തവുമായ മാർഗങ്ങൾ പറഞ്ഞു തരുന്നുണ്ട്. അതിലൊന്നാണ് ശാന്തിയുടെ വചനമായ സലാമിനെ അധികരിപ്പിക്കുക എന്നത്. സലാം പരസ്പരമുള്ള ഒരു ബാധ്യതയായതിനോടൊപ്പം ശാന്തിയും സമാധാനവും ഉണ്ടാക്കിയെടുക്കാനുള്ള സന്ദേശം കൂടിയാണ്. 

പരസ്പരം ശാന്തിയും സമാധാനവും ഉണ്ടാക്കിയെടുക്കാനുള്ള മറ്റൊരു മാർഗത്തെക്കുറിച്ച് റസൂലുള്ളാഹി ﷺ അരുളി: നാം ആരെയും ഉപദ്രവിക്കാനോ സ്വയം ഉപദ്രവങ്ങളിൽ അകപ്പെടാനോ പാടില്ല. ആശ്ചര്യം ഈ പ്രവാചകവചനം അങ്ങേയറ്റം ആശയ സമ്പുഷ്ടമാണ് ഇതിൽ രണ്ട് വചനങ്ങളാണ് അടങ്ങിയിട്ടുള്ളത് ഒന്ന് മതപരവും ഭൗതികപരവുമായ മുഴുവൻ കാര്യങ്ങളിലും സ്വയം പ്രയാസങ്ങളിലും പ്രശ്നങ്ങളിലും എടുത്തു ചാടരുത്. രണ്ട് ആരെയും പ്രയാസങ്ങളിലും പ്രശ്നങ്ങളിലും അകപ്പെടുത്തുകയും ചെയ്യരുത്. അതായത് മനുഷ്യൻ മർദ്ദകനോ മർദ്ദിതനോ ആകാൻ പാടുള്ളതല്ല. ഇതിലൂടെ സമൂഹത്തിലെ ഓരോ അംഗങ്ങളും സമാധാനം കണ്ടെത്തുകയും അക്രമ അനീതികളിൽ നിന്നും അകന്നു കഴിയുകയും ചെയ്യുന്നതാണ്.ഇതിലൂടെ ശാന്തിയും സമാധാനവും സംജാതമാകുന്നതാണ്. ഒരിക്കൽ റസൂലുല്ലാഹി ﷺ ഉണർത്തി.തന്റെ സഹോദരൻ അക്രമിയാണെങ്കിലും അക്രമിക്കപ്പെട്ടവൻ ആണെങ്കിലും അവനെ സഹായിക്കുക,ശിഷ്യർ ചോദിച്ചു അക്രമിക്കപ്പെട്ടാൽ സഹായിക്കുക എന്നത് മനസ്സിലായി, അക്രമിയെ സഹായിക്കാൻ എന്നാൽ എന്താണ് നബി ﷺ അരുളി അക്രമിയെ അക്രമത്തിൽ നിന്നും പിടിച്ചു മാറ്റുക എന്നുള്ളതാണ് അവനോടുള്ള സഹായം. [ബുഖാരി ]

സ്വന്തം സമാധാനത്തിൽ കഴിയണമെന്നും മറ്റുള്ളവർക്ക് സമാധാനം  നൽകണമെന്നും സ്വയം നാശനഷ്ടങ്ങളിൽ അകപ്പെടാതിരിക്കണമെന്നും മറ്റുള്ളവരെ നാശനഷ്ടത്തിൽ അകപ്പെടുത്താതിരിക്കണമെന്നും ഇസ്‌ലാം ഉണർത്തുന്നു. ഇത് ഉപദേശം മാത്രമല്ല, റസൂലുല്ലാഹി (സ) ജീവിതത്തിലൂടെ കാണിച്ചു തന്ന ഒരു മഹത്തായ മാതൃക കൂടിയാണ്. ഹിജ്റ എട്ടാം വർഷം സഹാബികളോടൊപ്പം റസൂലുല്ലാഹി (സ) മക്ക മുകറമയിൽ പ്രവേശിച്ചു, കഴിഞ്ഞ നാളുകളിൽ ധാരാളം ഉപദ്രവിക്കുകയും പ്രബോധന മാർഗത്തിൽ തടസ്സം സൃഷ്ടിക്കുകയും ചെയ്ത മക്കകാർക്കിടയിൽ റസൂലുല്ലാഹി (സ) അന്ന് പ്രതികാരം നടത്തി കുഴപ്പങ്ങൾ ഉണ്ടാക്കുന്നതിന് പകരം സമാധാനത്തിന്റെ ദൂതനായിട്ട് മാറുകയാണ് ചെയ്തത്. അൻസാരികളുടെ നേതാവും പതാക വാഹകനുമായ സഅദ് ബിൻ ഉബാദ (റ) ഇന്നേ ദിവസം ഘോര യുദ്ധത്തിൻ്റെ ദിവസമാണ്. കഅ്ബയുടെ അരികിൽ പോലും വധം നടക്കുമെന്ന് മുദ്രാവാക്യം വിളിച്ചപ്പോൾ, റസൂലുല്ലാഹി (സ) അദ്ദേഹത്തെ തിരുത്തുകയും ഇന്ന് കാരുണ്യം കര കവിഞ്ഞൊഴുകേണ്ട ദിവസമാണ്, ഇന്ന് കഅ്ബ ശരീഫ് ആദരിക്കപ്പെടുന്ന ദിനം ആണെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് റസൂലുല്ലാഹി എല്ലാവർക്കും മാപ്പ് പ്രഖ്യാപിച്ചു മുമ്പ് അക്രമങ്ങൾ കാണിച്ച ആളുകൾ റസൂലുല്ലാഹി (സ) യുടെ മുന്നിൽ വന്നു നിന്നു. കാരുണ്യത്തിൻ്റെ തിരുദൂതർ (സ) അവരോട് ചോദിച്ചു: ഞാൻ നിങ്ങളോട് എങ്ങനെ പെരുമാറണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? അവർ പറഞ്ഞു: താങ്കൾ ആദരണീയനാണ്, ആദരണീയന്റെ മകനുമാണ്. തങ്ങൾ (സ) അരുളി: ആദരണീയനായ പിതാമഹന്റെയും പിതാവിന്റെയും ആദരണീയ മകൻ കൂടിയായ യൂസഫ് നബി (അ)  സഹോദരങ്ങളോട് പറഞ്ഞ വാക്ക് ഞാൻ നിങ്ങളോടും പറയുന്നു: നിങ്ങൾ പോവുക, നിങ്ങൾ സ്വതന്ത്രരാണ്, നിങ്ങളുടെ മേൽ യാതൊരു കുറ്റാരോപണവുമില്ല. റസൂലുള്ളാഹി (സ) അവരെ ഉണർത്തി: മക്കക്കാരെ,ഞാൻ നിങ്ങളെ സമാധാനത്തിലേക്ക് നയിക്കാൻ വന്നവരാണ്. ഞാൻ പ്രശ്നങ്ങൾ ഉണ്ടാക്കാൻ വന്നതല്ല. നിങ്ങളെ വധിക്കുകയും നിങ്ങളുടെ ഇണകളെ വിധവകൾ ആക്കുകയും നിങ്ങളുടെ മക്കളെ അനാഥരാക്കുകയും ചെയ്യുന്നതല്ല! ഞാനിന്ന് രക്തച്ചൊരിച്ചിലൊന്നും നടത്തുന്നതല്ല മറിച്ച് എൻ്റെ സന്ദേശം സ്നേഹമാണ്. ഞാൻ നിങ്ങൾക്കും അവർക്കും മാപ്പ് നൽകിക്കൊണ്ട് ഇവിടെ എൻ്റെ പ്രവർത്തനം ആരംഭിക്കുന്നു.

ഇതാണ് ഇസ്ലാമിൻറെ സന്ദേശം റസൂലുല്ലാഹി (സ) യും സഹാബത്തും മഹാത്മാക്കളും കാണിച്ചു തന്ന വഴി ഇതു തന്നെയാണ്.
അനാവശ്യമായി കുളിയിലും വുളുഇലും വെള്ളം പാഴാക്കുന്നതിനെ തടയുന്ന ഇസ്‌ലാം, അന്യായമായി ജനങ്ങളുടെ രക്തം ഒഴുക്കാൻ ഒരിക്കലും പറയുന്നതല്ല. മുസ്‌ലിം എന്നതിൻ്റെ അർത്ഥം തന്നെ മറ്റുള്ളവർക്ക് ശാന്തിയും സമാധാനവും പകർന്നു നൽകുന്നവൻ എന്നാണ്. റസൂലുല്ലാഹി (സ) അരുളി: യഥാർത്ഥ വിശ്വാസി മറ്റുള്ളവർ അവരുടെ സമ്പത്തിലും രക്തത്തിലും സമാധാനത്തിൽ കഴിയുന്നവരാണ്. (തിർമിദി)
ചുരുക്കത്തിൽ ഇസ്‌ലാമിന്റെ പ്രധാനപ്പെട്ട സന്ദേശം ശാന്തിയും സമാധാനവും ആണ് മുസ്‌ലിംകൾ വാക്കിലൂടെയും കർമ്മത്തിലൂടെയും ഇത് ലോകത്തിന് കാണിച്ചു കൊടുത്തവരാണ്. ഇന്നുള്ളവർ ഈ കാര്യം പഠിക്കുകയും പകർത്തുകയും പ്രചരിപ്പിക്കുകയും
ചെയ്യാൻ ബാധ്യസ്ഥരാണ്. ഇസ്‌ലാമിലെ ഒരു പ്രധാനപ്പെട്ട അധ്യായമാണ് പോരാട്ടം. പക്ഷേ ഈ പോരാട്ടം പ്രശ്നങ്ങൾ ഉണ്ടാക്കാൻ അല്ല, മറിച്ച് പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ വേണ്ടിയാണ്. ഇതിലും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ധാരാളം നിയമ മര്യാദകൾ വിവരിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു ഈ കാര്യങ്ങൾ മനസ്സിലാക്കാനും ഉൾകൊള്ളാനും നമുക്കെല്ലാവർക്കും ഉതവി നൽകട്ടെ!
************ 


മആരിഫുല്‍ ഖുര്‍ആന്‍ 


സൂറത്തുയാസീന്‍ ഭാഗം-4
 
(83 ആയത്തുകള്‍, പദങ്ങള്‍ 739, അക്ഷരങ്ങള്‍ 3090, മക്കാമുകര്‍റമയില്‍ അവതരണം. എന്നാല്‍ 45-ാം ആയത്ത് മദീനമുനവ്വറയില്‍ അവതരിച്ചു. 5 റുകൂഅ്. അവതരണ ക്രമം 41. പാരായണ ക്രമം 36. സൂറത്തുല്‍ജിന്നിന് ശേഷം അവതരണം)

പടച്ചവന്‍റെ ഉന്നത ദൃഷ്ടാന്തങ്ങള്‍ 

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


ആയത്ത് 33-44

 وَآيَةٌ لَّهُمُ الْأَرْضُ الْمَيْتَةُ أَحْيَيْنَاهَا وَأَخْرَجْنَا مِنْهَا حَبًّا فَمِنْهُ يَأْكُلُونَ (33) وَجَعَلْنَا فِيهَا جَنَّاتٍ مِّن نَّخِيلٍ وَأَعْنَابٍ وَفَجَّرْنَا فِيهَا مِنَ الْعُيُونِ (34لِيَأْكُلُوا مِن ثَمَرِهِ وَمَا عَمِلَتْهُ أَيْدِيهِمْ ۖ أَفَلَا يَشْكُرُونَ (35سُبْحَانَ الَّذِي خَلَقَ الْأَزْوَاجَ كُلَّهَا مِمَّا تُنبِتُ الْأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لَا يَعْلَمُونَ (36وَآيَةٌ لَّهُمُ اللَّيْلُ نَسْلَخُ مِنْهُ النَّهَارَ فَإِذَا هُم مُّظْلِمُونَ (37وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ (38وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَالْعُرْجُونِ الْقَدِيمِ (39لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ ۚ وَكُلٌّ فِي فَلَكٍ يَسْبَحُونَ (40وَآيَةٌ لَّهُمْ أَنَّا حَمَلْنَا ذُرِّيَّتَهُمْ فِي الْفُلْكِ الْمَشْحُونِ (41) وَخَلَقْنَا لَهُم مِّن مِّثْلِهِ مَا يَرْكَبُونَ (42وَإِن نَّشَأْ نُغْرِقْهُمْ فَلَا صَرِيخَ لَهُمْ وَلَا هُمْ يُنقَذُونَ (43إِلَّا رَحْمَةً مِّنَّا وَمَتَاعًا إِلَىٰ حِينٍ (44)


നിര്‍ജ്ജീവമായി കിടക്കുന്ന ഭൂമി അവര്‍ക്ക് വലിയ ദൃഷ്ടാന്തമാണ്. അതിനെ നാം സജീവമാക്കുകയും അതില്‍ നിന്നും ധാന്യം പുറപ്പെടുവിക്കുകയും അതില്‍ നിന്നും മനുഷ്യര്‍ ഭക്ഷിക്കുകയും ചെയ്യുന്നു.(33) ഭൂമിയില്‍ ഈത്തപ്പഴത്തിന്‍റെയും മുന്തിരിയുടെയും തോട്ടങ്ങള്‍ നാം തയ്യാറാക്കി. അതിന്‍റെ ഇടയിലൂടെ അരുവികള്‍ നാം ഒഴുക്കി.(34) ഈ തോട്ടങ്ങളിലെ പഴങ്ങള്‍ അവര്‍ ഭക്ഷിക്കുന്നതിനും അവരുടെ കൈകള്‍ ഉണ്ടാക്കുന്ന ആഹാരങ്ങള്‍ കഴിക്കുന്നതിനുമാണ് (ഈ സജ്ജീകരണങ്ങള്‍ ചെയ്തിരിക്കുന്നത്). എന്നിട്ടും അവര്‍ നന്ദി കാണിക്കാത്തത് എന്തുകൊണ്ടാണ്?!(35) ഭൂമി മുളപ്പിക്കുന്ന വസ്തുക്കളില്‍ നിന്നും അവരില്‍ നിന്നും അവര്‍ അറിയാത്ത വസ്തുക്കളില്‍ നിന്നും ഇണകളെ പടച്ച അല്ലാഹു പരമപരിശുദ്ധനാണ്.(36) രാത്രിയും അവര്‍ക്ക് വലിയൊരു ദൃഷ്ടാന്തമാണ്. അതില്‍ നിന്നും പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരെല്ലാവരും ഇരുളിലായിത്തീരുന്നു.(37) സൂര്യന്‍ അതിന്‍റെ സ്ഥിരമായ സ്ഥാനത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രതാപശാലിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവിന്‍റെ പദ്ധതിയാണിത്.(38) ചന്ദ്രന് നാം ഏതാനും സ്ഥാനങ്ങള്‍ നിര്‍ണ്ണയിച്ചിരിക്കുന്നു അവസാനം അത് ഉണങ്ങി വളഞ്ഞ ഈന്തപ്പനക്കുലയുടെ പഴയ തണ്ട് പോലെ ആയിത്തീരുന്നു.(39) സൂര്യന് ചന്ദ്രന്‍റെ അരികിലേക്ക് വരാന്‍ സാധ്യമല്ല. പകലിനെ മറികടക്കാന്‍ രാത്രിക്കും കഴിയില്ല. എല്ലാം ഓരോ സഞ്ചാരപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നു.(40) ആദം സന്തതികളെ നാം ഒരു ഭാരം നിറഞ്ഞ കപ്പലില്‍ യാത്ര ചെയ്യിപ്പിച്ചതും നമ്മുടെ ഒരു ദൃഷ്ടാന്തമാണ്.(41) അവര്‍ക്ക് അത്പോലെ വേറെയും ധാരാളം വാഹനങ്ങള്‍ നാം ഉണ്ടാക്കിയിട്ടുണ്ട്.(42) നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ കടല്‍ യാത്രയ്ക്കിടയില്‍ അവരെ നാം മുക്കിക്കളയുമായിരുന്നു. അപ്പോള്‍ അവരെ സഹായിക്കാന്‍ ആരും ഉണ്ടാകുന്നതല്ല. അവര്‍ രക്ഷിക്കപ്പെടുന്നതുമല്ല.(43) എന്നാല്‍ നമ്മുടെ കാരുണ്യം കൊണ്ട് മാത്രം അവര്‍ സംരക്ഷിക്കപ്പെടുകയും നിശ്ചിത സമയംവരെ ജീവിത സുഖം അനുഭവിക്കാന്‍ ഇളവ് നല്‍കപ്പെടുകയും ചെയ്യുന്നു.(44)

ആശയ സംഗ്രഹം
നിര്‍ജ്ജീവമായി കിടക്കുന്ന ഭൂമി പടച്ചവന്‍റെ ഏകത്വം വിളിച്ചറിയിക്കുന്ന കഴിവുകളുടെയും അനുഗ്രഹങ്ങളുടെയും തെളിവുകള്‍ എന്ന നിലയില്‍ അവര്‍ക്ക് വലിയ ദൃഷ്ടാന്തമാണ്. അതിനെ നാം മഴയിലൂടെ  സജീവമാക്കുകയും ഭൂമിയില്‍ നിന്നും ധാന്യം പുറപ്പെടുവിക്കുകയും അപ്പോള്‍ അതില്‍ നിന്നും മനുഷ്യര്‍ ഭക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ ഭൂമിയില്‍ ഈത്തപ്പഴത്തിന്‍റെയും മുന്തിരിയുടെയും തോട്ടങ്ങള്‍ നാം തയ്യാറാക്കി. തോട്ടത്തിലെ ജലസേചനത്തിന് അതിന്‍റെ ഇടയിലൂടെ അരുവികളും തോടുകളും നാം ഒഴുക്കി. ഈ തോട്ടങ്ങളിലെ പഴങ്ങളും ധാന്യങ്ങളും അവര്‍ ഭക്ഷിക്കുന്നതിനാണ് നാം ഇപ്രകാരം ചെയ്യുന്നത്. അവ അവരുടെ കൈകള്‍ ഉണ്ടാക്കിയിട്ടില്ല. ധാന്യം വിതച്ചതും ജലസേചനം നടത്തിയതും അവര്‍ തന്നെയാണെങ്കിലും ധാന്യത്തെ പൊട്ടിച്ച് മരം കൊണ്ട് വന്നതും മരത്തില്‍ പഴം ഉല്‍പ്പാദിപ്പിച്ചതും നമ്മുടെ മാത്രം പ്രവര്‍ത്തനമാണ്. ഈ തെളിവുള്‍ കണ്ടിട്ടും അവര്‍ നന്ദി കാണിക്കാത്തത് എന്തുകൊണ്ടാണ്?! ഒന്നാമത്തെ നന്ദി പടച്ചവന്‍റെ അസ്ഥിത്വത്തിലും ഏകത്വത്തിലും വിശ്വസിക്കലാണ്. ഈ തെളിവ് ഭൂമിയുമായി ബന്ധപ്പെട്ട പ്രാപഞ്ചിക ദൃഷ്ടാന്തമാണ്. അടുത്തതായി ശാരീരിക മേഖലയുമായി ബന്ധപ്പെട്ട തെളിവ് വിവരിക്കുന്നു. ഭൂമി മുളപ്പിക്കുന്ന വസ്തുക്കളില്‍ നിന്നും അവരില്‍ നിന്നും അവര്‍ അറിയാത്ത വസ്തുക്കളില്‍ നിന്നും ഇണകളെ പടച്ച അല്ലാഹു പരമപരിശുദ്ധനാണ്. ഇണകള്‍ എന്നതുകൊണ്ടുള്ള ഉദ്ദേശം ഒന്നില്‍ നിന്നും ധാന്യവും മറ്റൊന്നില്‍ നിന്നും പഴവും എന്ന നിലയിലായിരിക്കാം. അല്ലെങ്കില്‍ ഗോതമ്പ്, ബാര്‍ലി, മധുരമുള്ളത്, പുളിയുള്ളത് എന്നിങ്ങനെ പരസ്പരം വിരുദ്ധമായ കാര്യങ്ങളുമായിരിക്കാം. മനുഷ്യരില്‍ നിന്നുള്ള ഇണകള്‍ കൊണ്ടുള്ള ഉദ്ദേശം സ്ത്രീ-പുരുഷന്മാര്‍ തന്നെയാണ്.  അവര്‍ അറിയാത്ത കാര്യങ്ങള്‍ കൊണ്ടുള്ള വിവക്ഷ പൊതുജനങ്ങള്‍ മനസ്സിലാക്കാത്ത മറഞ്ഞ കാര്യങ്ങളാണ്. അവര്‍ ഇണകളെ കാണുന്നില്ലെങ്കിലും അവയില്‍ എല്ലാം ഇണകളുണ്ട്. ചുരുക്കത്തില്‍ ഈ ഇണകളിലൂടെ അല്ലാഹുവിന്‍റെ അതുല്യത വ്യക്തമാകുന്നു. ദാരിയാത്ത് സൂറത്ത് 49-ാം ആയത്തില്‍ ഇതേ കാര്യമാണ് പറയപ്പെട്ടിരിക്കുന്നത്. അടുത്തതായി ആകാശവുമായി ബന്ധപ്പെട്ട ചില ദൃഷ്ടാന്തങ്ങള്‍ വിവരിക്കുന്നു: രാത്രിയുടെ സമയം അവര്‍ക്ക് വലിയൊരു ദൃഷ്ടാന്തമാണ്. ഇരുള്‍ സ്ഥായിയായി ഉള്ളതും പകലിന്‍റെ വെളിച്ചം താല്‍ക്കാലികമായി വരുന്നതുമാണ്. അതായത് ആടിന്‍റെ മാംസത്തെ തോല് മറയ്ക്കുന്നത് പോലെ രാത്രിയെ പകല്‍ മറച്ചിരുന്നു. പിന്നീട് നാം താല്‍ക്കാലികമായ ഈ അവസ്ഥയെ ദൂരീകരിച്ചു. അങ്ങനെ രാത്രിയില്‍ നിന്നും പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ ഒറ്റയടിയ്ക്ക് രാത്രി പ്രകടമാകുകയും അവരെല്ലാവരും ഇരുളിലായിത്തീരുകയും ചെയ്യുന്നു. സൂര്യന്‍ മറ്റൊരു ദൃഷ്ടാന്തമാണ്. അതിന്‍റെ സ്ഥിരമായ സ്ഥാനത്തേക്ക് അത് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. സ്ഥിരമായ സ്ഥാനം കൊണ്ടുള്ള ഉദ്ദേശം ഒന്നുങ്കില്‍ ഒരു വര്‍ഷത്തെ സഞ്ചാര സമയമാകാം, അല്ലെങ്കില്‍ അത് അസ്തമിക്കുന്ന ഒരു ദിവസത്തിന്‍റെ അന്ത്യവുമാകാം. അതിശക്തനായ  പ്രതാപശാലിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവിന്‍റെ പദ്ധതിയാണിത്. അറിവിലൂടെ കാര്യങ്ങളുടെ എല്ലാം നന്മയും തത്വവും മനസ്സിലാക്കുന്നു. കഴിവിലൂടെ കാര്യങ്ങളെല്ലാം നടപ്പിലാക്കുകയും ചെയ്യുന്നു. ചന്ദ്രന്‍ വേറൊരു ദൃഷ്ടാന്തമാണ്. അതിന്‍റെ സഞ്ചാരത്തിന് നാം ഏതാനും സ്ഥാനങ്ങള്‍ നിര്‍ണ്ണയിച്ചിരിക്കുന്നു. ഓരോ ദിവസവും ഓരോ സ്ഥാനങ്ങള്‍ അത് മുറിച്ച് കടന്ന് അവസാനം അത് വളരെ നേര്‍ത്തതാവുകയും ഉണങ്ങി വളഞ്ഞ ഈന്തപ്പനക്കുലയുടെ പഴയ തണ്ട് പോലെ ആയിത്തീരുകയും ചെയ്യുന്നു. അതായത് വളരെ നേര്‍ത്തതും വളഞ്ഞതുമാകുന്നു. പ്രകാശം വളരെ കുറഞ്ഞതിനാല്‍ ഇതിനെ മഞ്ഞയോട് സാദൃശ്യപ്പെടുത്തിയതായിരിക്കാന്‍ സാധ്യതയുണ്ട്. സൂര്യന്‍റെയും ചന്ദ്രന്‍റെയും ചലനവും രാപകലുകളുടെ മാറി മാറി വരലും വളരെ കൃത്യതയുള്ളതാണ്. സൂര്യന്‍ ചന്ദ്രന്‍റെ അരികിലേക്ക് വരാന്‍ സാധ്യമല്ല. അതായത് ചന്ദ്രന്‍ രാത്രി പ്രകാശിച്ച് നില്‍ക്കുന്ന സമയത്ത് സൂര്യന്‍ ഉദിക്കുകയും പ്രകടമാകുകയും ചെയ്യുന്നതല്ല. പകലിനെ മറികടക്കാന്‍ രാത്രിക്കും കഴിയില്ല. പകലിനെയും സൂര്യനെയും മാറ്റി രാത്രി കടന്നുവരുകയും ചന്ദ്രന്‍ പ്രകാശിക്കുകയും ചെയ്യുന്നതല്ല. സൂര്യനും ചന്ദ്രനും എല്ലാം ഓരോന്നും സഞ്ചാരപഥത്തില്‍ കൃത്യമായ കണക്കിനനുസരിച്ച് നീന്തിക്കൊണ്ടിരിക്കുന്നു. ഒന്നും കണക്കില്‍ നിന്നും പുറത്താവുകയോ രാപകലുകളുടെ കണക്കില്‍ കുഴപ്പമുണ്ടാവുകയോ ചെയ്യുന്നതല്ല. അടുത്തതായി ഭൂമിയുമായി ബന്ധപ്പെട്ട ഒരു പ്രത്യേക ദൃഷ്ടാന്തമായ യാത്രയുമായി ബന്ധപ്പെട്ട കാര്യം വിവരിക്കുന്നു. ആദം സന്തതികളെ നാം ഒരു ഭാരം നിറഞ്ഞ കപ്പലില്‍ യാത്ര ചെയ്യിപ്പിച്ചതും നമ്മുടെ ഒരു ദൃഷ്ടാന്തമാണ്. അധികം ജനങ്ങളും കച്ചവടത്തിന് വേണ്ടി യാത്ര ചെയ്യുമായിരുന്നു. ഈ വാചകത്തില്‍ മൂന്ന് അനുഗ്രഹങ്ങളിലേക്ക് സൂചനയുണ്ട്. 1. ഭാരം കാരണമായി വെള്ളത്തില്‍ മുങ്ങാന്‍ സാധ്യതയുള്ള നിറഞ്ഞ കപ്പലിനെ ജലത്തിന് മീതെ സഞ്ചരിപ്പിച്ചു. 2. മനുഷ്യര്‍ക്ക് മക്കളെ നല്‍കി. 3. ഉപജീവന മാര്‍ഗ്ഗങ്ങള്‍ തുറന്ന് കൊടുക്കുകയും വസ്തുക്കള്‍ നല്‍കുകയും ചെയ്തു. അവര്‍ വീട്ടില്‍ ഇരുന്നുകൊണ്ട് മക്കളെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചു. അവര്‍ക്ക് അതുപോലെ കരയിലെ യാത്രയ്ക്ക്  വേറെയും ധാരാളം വാഹനങ്ങള്‍ നാം ഉണ്ടാക്കിയിട്ടുണ്ട്. ഇതുകൊണ്ടുള്ള ഉദ്ദേശം ഒട്ടകവും മറ്റുമാണ്. ഇവയെ കപ്പലിനോട് സാദൃശ്യപ്പെടുത്തിയത് ഇവകള്‍ ഭാരം ചുമക്കാനും ദൂരം മുറിച്ച് കടക്കാനും സൗകര്യപ്പെടുന്നത് കൊണ്ടാണ്. കൂടാതെ അറബികള്‍ ഒട്ടകത്തെക്കുറിച്ച് കരയിലെ കപ്പല്‍ എന്ന പറയാറുണ്ടായിരുന്നു. ശേഷം കപ്പലുമായി ബന്ധപ്പെട്ട് ഒരു മുന്നറിയിപ്പ് നല്‍കുന്നു. നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ കടല്‍ യാത്രയ്ക്കിടയില്‍ അവരെ നാം മുക്കിക്കളയുമായിരുന്നു. അപ്പോള്‍ അവരെ സഹായിക്കാനും മുങ്ങുന്നതില്‍ നിന്നും രക്ഷക്കാനും വ്യാജ ദൈവങ്ങളൊന്നും ഉണ്ടാകുന്നതല്ല. മുങ്ങിയാല്‍ തന്നെ മരണത്തില്‍ നിന്നും അവര്‍ രക്ഷിക്കപ്പെടുന്നതുമല്ല. എന്നാല്‍ നമ്മുടെ കാരുണ്യം കൊണ്ട് മാത്രം അവര്‍ സംരക്ഷിക്കപ്പെടുകയും നിശ്ചിത സമയംവരെ ജീവിത സുഖം അനുഭവിക്കാന്‍ ഇളവ് നല്‍കപ്പെടുകയും ചെയ്യുന്നു.

*********

മആരിഫുല്‍ ഹദീസ്

ദുആ

 മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

    റസൂലുല്ലാഹി (സ)ക്ക് അല്ലാഹു കനിഞ്ഞരുളിയ സമ്പൂർണ്ണതകളിലും പ്രത്യേകതകളിലും വിശിഷ്ടമായ ഒന്ന് സമ്പൂർണ്ണ അടിമത്വമാണ്. അടിമത്വമെന്നാൽ എന്താണ്? അല്ലാഹുവിന്റെ സമക്ഷത്തിൽ അങ്ങേയറ്റത്തെ വിനയവും വണക്കവും അടിമത്വവും ആവശ്യവും പരിപൂർണ്ണമായി പ്രകടപ്പിക്കുക. എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം അല്ലാഹുവിനു മാത്രമാണ് എന്ന അടിയുറച്ച വിശ്വാസത്തോടെ അവനോട് താണുകേണ് ഇരക്കുകയും യാചിക്കുകയും ചെയ്യുക. ഇതിന്റെ പേരാണ് അടിമത്വം. ഇത് മനുഷ്യരെ സംബന്ധിച്ചിടത്തോളം ഏറ്റവും സമുന്നത സ്ഥാനമാണ്. തീർച്ചയായും ആദരവായ മുഹമ്മദുർറസൂലുല്ലാഹി (സ) ഈ ഉന്നത ഗുണത്തിന്റെ വിഷയത്തിൽ അല്ലാഹുവിന്റെ എല്ലാ സൃഷ്ടികളേക്കാളും മുൻപന്തിയിലാണ്. അതുകൊണ്ട് തന്നെ റസൂലുല്ലാഹി (സ) സർവ്വ സൃഷ്ടികളിലും സമുന്നതരാണ്. 
ഓരോ വസ്തുവിന്റെയും സമ്പൂർണ്ണതയും ന്യൂനതയും ഗ്രഹിക്കുന്നത് അതിന്റെ ലക്ഷ്യത്തെ പരിഗണിച്ചുകൊണ്ടാണ്. ഉദാഹരണത്തിന്, വേഗതയേറിയ യാത്രയാണ് കുതിരയുടെ ലക്ഷ്യം. ഈ ലക്ഷ്യം മുന്നിൽ വച്ചുകൊണ്ടാണ് ഒരു കുതിരയുടെ മഹത്വവും ന്യൂനതയും പരിഗണിക്കപ്പെടുന്നത്. പാലാണ് പശുവിന്റെയും എരുമയുടെയും ലക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് അതിന്റെ വില നിശ്ചയിക്കപ്പെടുന്നത്. മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യം അല്ലാഹുവിന്റെ അടിമത്വവും അവനെ ആരാധിക്കലുമാണെന്ന് സ്രഷ്ടാവ് തന്നെ പറയുന്നു. (സൂറത്തുദ്ദാരിയാത്ത്) ഇത്തരുണത്തിൽ മനുഷ്യരിൽ ഏറ്റവും ഉന്നതൻ ഈ ലക്ഷ്യത്തിൽ ഏറ്റം മുന്നിലുള്ള വ്യക്തിത്വമാണ്. അതെ, ആദരവായ റസൂലുല്ലാഹി (സ) തന്നെയാണ് ഈ വിഷയത്തിൽ ഏറ്റവും മുൻപന്തിയിലുള്ളത്. ആകയാൽ, റസൂലുല്ലാഹി (സ) തന്നെയാണ് സൃഷ്ടികളിൽ ഏറ്റം ഉത്തമൻ. ഇതുകൊണ്ട് തന്നെ പരിശുദ്ധ ഖുർആനിൽ റസൂലുല്ലാഹി (സ)യുടെ മഹിത മഹത്വങ്ങൾ വിവരിക്കുന്ന സ്ഥലങ്ങളിൽ 'അബ്ദ്' (അടിമ) എന്ന അപരാഭിധാനം പ്രത്യേകം അനുസ്മരിച്ചിരിക്കുന്നു. മിഅ്‌റാജിനെ അനുസ്മരിച്ചു കൊണ്ട് സൂറത്തുൽ ഇസ്‌റാഇൽ പറയുന്നു: ''തന്റെ സമ്പൂർണ്ണ ദാസനെ നിശാപ്രയാണം നടത്തിച്ച അല്ലാഹു പരമ പരിശുദ്ധൻ''. ഈ അത്ഭുത യാത്രയുടെ അന്തിമ ഘട്ടം അനുസ്മരിച്ചു കൊണ്ട് നജ്മിൽ പ്രസ്താവിക്കുന്നു: ''അപ്പോൾ അല്ലാഹു തന്റെ ദാസനിലേക്ക് ചില വിശിഷ്ട കാര്യങ്ങൾ നൽകി''. റസൂലുല്ലാഹി (സ)യുടെ സമുന്നത നിധിയായ പരിശുദ്ധ ഖുർആന്റെ അവതരണത്തെ അനുസ്മരിച്ചു കൊണ്ട് വിവരിക്കുന്നു: ''തന്റെ ദാസന്റെ മേൽ സത്യാസത്യ വിവേചകമായ ഖുർആൻ അവതരിപ്പിച്ച അല്ലാഹു ഐശ്വര്യ പൂർണ്ണനായിരിക്കുന്നു'' (അൽ ഫുർഖാൻ). ''സ്വന്തം അടിമയുടെ മേൽ ഗ്രന്ഥം അവതരിപ്പിച്ച അല്ലാഹുവിനാണ് സർവ്വ സ്തുതിയും'' (അൽ കഹ്ഫ്). 
ചുരുക്കത്തിൽ ദാസൻമാരുടെ സ്ഥാനങ്ങളിൽ ഏറ്റം ഉന്നതമായത് അടിമത്വമാണ്. സയ്യിദുനാ മുഹമ്മദുർറസൂലുല്ലാഹി (സ) ഈ വിശിഷ്ട വിശേഷണത്തിൽ ഏറ്റം മുന്നിലാണ്. ഈ അടിമത്വത്തിന്റെ സത്തയും പ്രത്യേക പ്രകടനവുമാണ് ദുആഅ് (അല്ലാഹുവിനോട് താണുകേണിരക്കൽ). ഒരു വ്യക്തിയുടെ ദുആഅ് യാഥാർത്ഥ്യമാണെങ്കിൽ ദുആ ഇരക്കുന്ന സമയത്ത് അവന്റെ അകവും പുറവും അടിമത്വത്തിൽ മുങ്ങിക്കിടക്കുന്നതാണ്. അതുകൊണ്ട് തന്നെ റസൂലുല്ലാഹി (സ)യുടെ ജീവിതം മുഴുവൻ ദുആയുടെ അവസ്ഥയിലായിരുന്നു. ഓരോ സന്ദർഭത്തിലും റസൂലുല്ലാഹി (സ) നടത്തുകയും ഉമ്മത്തിനെ പഠിപ്പിക്കുകയും ചെയ്ത ദുആക്കൾ റസൂലുല്ലാഹി (സ)യിലൂടെ സമുദായത്തിനു ലഭിച്ച അത്യന്തം അമൂല്യമായ ആത്മീയ ഉപഹാരമാണ്. 
നബവീ ദുആകളിൽ ചിലത് പ്രത്യേക അവസ്ഥകളിലും സമയങ്ങളിലും ലക്ഷ്യങ്ങളിലുമുള്ളതാണ്. എന്നാൽ അധികം ദുആകളും പൊതുവായ നിലയിലുള്ളതാണ്. ഇവകളിലൂടെ ദുആ ഇരക്കാനും അല്ലാഹുവിനോട് ആവശ്യങ്ങൾ അപേക്ഷിക്കാനുമുള്ള വഴി മനസ്സിക്കാൻ സാധിക്കുന്നുവെന്നുള്ളതാണ് ഈ ദുആകളുടെ പ്രധാന ഗുണം. റസൂലുല്ലാഹി (സ)യുടെ പരിശുദ്ധ ആത്മാവിന് അല്ലാഹു തആലായുമായി നിരന്തരവും ആഴം നിറഞ്ഞതുമായ ബന്ധമുണ്ടായിരുന്നു എന്നും ഇവയിലൂടെ മനസ്സിലാക്കാൻ സാധിക്കും. അതെ, തങ്ങളുടെ മനസ്സിൽ അല്ലാഹുവിന്റെ സൗന്ദര്യവും ഗാംഭീര്യവും നിറഞ്ഞു നിന്നിരുന്നു. മുഴുവൻ സൃഷ്ടികൾക്കും യാതൊരു കഴിവുമില്ല എന്നും രാജാധിരാജനായ അല്ലാഹുവിന്റെ അപാരമായ ശക്തിയും കാരുണ്യവും അതിവിശാലമാണ് എന്ന വിശ്വാസം റസൂലുല്ലാഹി (സ)യെ സംബന്ധിച്ചിടത്തോളം അദൃശ്യമായ കാര്യമല്ല, വളരെ പ്രകടമായ വസ്തുതയായിരുന്നു. ഹദീസ് സമാഹാരങ്ങളിൽ റസൂലുല്ലാഹി (സ)യുടെ നൂറുകണക്കിന് ദുആകൾ കാണാൻ കഴിയും. അവയിൽ ചെറിയ ഒരു ചിന്ത ചെലുത്തിയാൽ തന്നെ ഓരോ ദുആകളും ഇലാഹീ മഅ്‌രിഫത്ത് (ജ്ഞാനം) ന്റെ പ്രകടനവും അല്ലാഹുവിനെ കുറിച്ചുള്ള അറിവിന്റെയും വിശ്വാസത്തിന്റെയും ബന്ധത്തിന്റെയും പ്രത്യേക ദൃഷ്ടാന്തവുമാണ്. അതെ, ഓരോ ദുആകളും തങ്ങളുടെ വ്യക്തമായ അമാനുഷികതയാണ്. സല്ലല്ലാഹു അലൈഹി വആലിഹീ വബാറക വസല്ലം.
വിവരവും ബോധവുമുള്ള അമുസ്‌ലിം സഹോദരങ്ങളോട് സംസാരിക്കാൻ അവസരം കിട്ടുമ്പോഴെല്ലാം റസൂലുല്ലാഹി (സ)യുടെ ഏതെങ്കിലും ദുആകൾ അവരെ കേൾപ്പിക്കുന്നത് വിനീതന്റെ പതിവാണ്. മറ്റെല്ലാ കാര്യങ്ങളേക്കാളും ഈ ദുആകളിൽ അവർ ആകൃഷ്ടരാകുകയും റസൂലുല്ലാഹി (സ)യുടെ മഹത്വം സമ്മതിക്കുകയും ചെയ്തതായിട്ടാണ് വിനീതന്റെ അനുഭവം.
ഈ ആമുഖത്തിനു ശേഷം ആദ്യമായി ദുആയ്ക്ക് പ്രേരിപ്പിക്കുകയും ദുആയുടെ ഐശ്വര്യങ്ങൾ വിവരിക്കുകയും മര്യാദകൾ പഠിപ്പിക്കുകയും ചെയ്യുന്ന ഏതാനും ഹദീസുകൾ പാരായണം ചെയ്യുക. ശേഷം തെരഞ്ഞെടുക്കപ്പെട്ട നബവീ ദുആകൾ ഉദ്ധരിക്കുന്നതാണ്.
1. നുഅ്മാനുബ്‌നു ബഷീർ (റ) പറയുന്നു: റസൂലുല്ലാഹി (സ) അരുളി: ദുആ തന്നെ ആരാധനയാണ്. തുടർന്ന് തെളിവെന്നോണം ഈ ആയത്ത് പാരായണം ചെയ്തു. ''നിങ്ങളുടെ രക്ഷിതാവ് അറിയിക്കുന്നു. നിങ്ങളെന്നോട് ദുആ ഇരക്കുക. ഞാൻ സ്വീകരിക്കുന്നതാണ്. എന്നെ ആരാധിക്കുന്നതിൽ നിന്നും അഹന്തയോടെ മുഖം തിരിക്കുന്നവൻ നിന്ദ്യനായി നരകത്തിൽ കടക്കുന്നതാണ്''. (അഹ്മദ്, തിർമിദി)
വിവരണം: ആവശ്യ നിർവ്വഹണങ്ങൾക്ക് വിവിധ രീതികളിൽ പരിശ്രമിക്കുന്നതു പോലുള്ള ഒരു പരിശ്രമമാണ് ദുആയെന്നും സ്വീകരിക്കപ്പെട്ടാൽ പരിശ്രമം വിജയിക്കുകയും സ്വീകരിക്കപ്പെട്ടില്ലെങ്കിൽ പരിശ്രമം പാഴാകുകയും ചെയ്തുവെന്നുമുള്ള ധാരണയെ റസൂലുല്ലാഹി (സ) തിരുത്തുകയാണ്. അതെ, ദുആ ആവശ്യ നിർവ്വഹണത്തിനുള്ള ഒരു മാധ്യമമാണെന്നതു കൂടാതെ മഹത്തായ ഇബാദത്ത് (ആരാധന) കൂടിയാണ്. ഈ അടിസ്ഥാനത്തിൽ, അടിമയുടെ വിശുദ്ധമായ ഒരു കർമ്മമാണ്. ഇതിന്റെ ഫലം ആഖിറത്തിൽ ലഭിക്കുന്നതാണ്. റസൂലുല്ലാഹി (സ) തെളിവായി ഉദ്ധരിച്ച ആയത്തിലൂടെ ഇക്കാര്യം സുതരാം വ്യക്തമാകുന്നതാണ്. 
2. അനസ് (റ) പറയുന്നു: റസൂലുല്ലാഹി (സ) അരുളി: ദുആ ഇബാദത്തിന്റെ മജ്ജയാണ്. (തിർമിദി)
വിവരണം: അല്ലാഹുവിന്റെ സമക്ഷത്തിൽ വിനയ വണക്കങ്ങളും യാചകത്വവും പ്രകടിപ്പിക്കലാണ് ഇബാദത്തിന്റെ യാഥാർത്ഥ്യം. ദുആയുടെ തുടക്കവും ഒടുക്കവും അകവും പുറവും ഇതു തന്നെയാണ്. ആകയാൽ ദുആ ഇബാദത്തിന്റെ മജ്ജയാണെന്നതിൽ ഒരു സംശയവുമില്ല.
3. അബൂഹുറയ്‌റ (റ) പറയുന്നു: റസൂലുല്ലാഹി (സ) അരുളി: അല്ലാഹുവിങ്കൽ ദുആയേക്കാൾ പ്രിയങ്കരമായ മറ്റൊരു കർമ്മവുമില്ല. (തിർമിദി)
വിവരണം: ദുആ ഇബാദത്തിന്റെ മജ്ജയാണെന്നും ഇബാദത്താണ് മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യമെന്നും അറിയുമ്പോൾ, മനുഷ്യന്റെ കർമ്മങ്ങളിൽ ഏറ്റവും ആദരവും മഹത്വവുമുള്ളത് ദുആയ്ക്കാണ് എന്ന കാര്യവും വ്യക്തമാണ്. അല്ലാഹുവിന്റെ അനുഗ്രഹ കാരുണ്യങ്ങൾ വലിച്ചുകൊണ്ടു വരാൻ ഏറ്റവും ശക്തിയുള്ളത് ദുആയ്ക്കാണ്. 
4. ഇബ്‌നു ഉമർ (റ) പറയുന്നു: റസൂലുല്ലാഹി (സ) അരുളി: നിങ്ങളിലാർക്കെങ്കിലും ദുആയുടെ കവാടം തുറക്കപ്പെട്ടാൽ അവന് കാരുണ്യത്തിന്റെ കവാടവും തുറക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിനോട് ഇരക്കപ്പെടുന്ന ആവശ്യങ്ങളിൽ ഏറ്റം പ്രിയങ്കരമായത് ആഫിയത്ത് ആണ്. (തിർമിദി) 
വിവരണം: ഭൗതികവും പാരത്രികവും ബാഹ്യവും ആന്തരികവുമായ സർവ്വവിധ പ്രയാസ-നാശങ്ങളിൽ നിന്നുമുള്ള സുരക്ഷയാണ് ആഫിയത്ത് കൊണ്ടുള്ള വിവക്ഷ. അല്ലാഹുവിനോട് ഇത് ഇരക്കുന്നവൻ അല്ലാഹുവിന്റെ കൃപയും സംരക്ഷണവും കൊണ്ടല്ലാതെ സുരക്ഷിത ജീവിതം സാധ്യമല്ലെന്നും ചെറുതും വലുതുമായ നാശ-നഷ്ടങ്ങളിൽ നിന്നും രക്ഷയില്ലെന്നും തുറന്ന് സമ്മതിക്കുകയാണ്. ചുരുക്കത്തിൽ ഈ ദുആ അടിമയുടെ സമ്പൂർണ്ണ അടിമത്വത്തിന്റെയും അശക്തിയുടെയും യാചകത്വത്തിന്റെയും വ്യക്തമായ പ്രകടനമാണ്. ഇതുതന്നെയാണ് അടിമത്വത്തിന്റെ സമ്പൂർണ്ണത. ആകയാൽ ആഫിയത്തിനെ ഇരക്കുന്നത് അല്ലാഹുവിങ്കൽ ഏറ്റം പ്രിയങ്കരമായി. 
ഹദീസിൽ പറയപ്പെട്ടിരിക്കുന്ന രണ്ടാമത്തെ കാര്യം ദുആയുടെ കവാടം തുറക്കപ്പെടുന്നവന്, അതായത് ദുആയുടെ യാഥാർത്ഥ്യം തിരിച്ചറിയാനും അധികമായി ദുആ ഇരക്കാനും സൗഭാഗ്യം നൽകപ്പെട്ടവന് ഇലാഹീ കാരുണ്യത്തിന്റെ കവാടവും തുറക്കപ്പെടുന്നതാണ്. അതെ, ദുആഅ് എന്നാൽ നാവുകൊണ്ട് ഉരുവിടുന്ന കുറേ വാചകങ്ങളല്ല. വാചകങ്ങളെ കുറിച്ച് കൂടിപ്പോയാൽ ദുആയുടെ പുറംചട്ട എന്നു മാത്രം പറയാം. ദുആഅ് എന്നാൽ മനുഷ്യന്റെ മനസ്സിന്റെയും ആത്മാവിന്റെയും ആഗ്രഹവും തുടിപ്പുമാണ്. ഈ അവസ്ഥ കൈവന്നവരെ കുറിച്ചാണ് ഇവർക്ക് ഇലാഹീ സ്‌നേഹ-കാരുണ്യങ്ങളുടെ കവാടം തുറക്കപ്പെട്ടുവെന്ന് ഹദീസിൽ പറയപ്പെട്ടിരിക്കുന്നത്. അല്ലാഹു നമുക്കും ഈ അവസ്ഥ കനിഞ്ഞരുളട്ടെ.
75. അബൂഹുറയ്‌റ (റ) പറയുന്നു: റസൂലുല്ലാഹി (സ) അരുളി: തന്നോട് ആവശ്യങ്ങൾ ചോദിക്കാത്തവനോട് അല്ലാഹു കോപിഷ്ഠനാകുന്നതാണ്. (തിർമിദി)
വിവരണം: തങ്ങളോട് ആവശ്യങ്ങൾ ചോദിക്കപ്പെടാത്തതിനാൽ അതൃപ്തരാകുന്നവരായി ദുൻയാവിൽ ആരും തന്നെയില്ല. സന്താനങ്ങളുടെ നിരന്തരമായ ആവശ്യങ്ങൾ അവരെ അങ്ങേയറ്റം സ്‌നേഹിക്കുന്ന മാതാപിതാക്കളെയും ചിലപ്പോൾ മടുപ്പിക്കാറുണ്ട്. എന്നാൽ അല്ലാഹുവിന്റെ കാരുണ്യത്തിന്റെയും ഔദാര്യത്തിന്റെയും അനന്തമായ വ്യാപ്തി സൂചിപ്പിച്ചുകൊണ്ട് റസൂലുല്ലാഹി (സ) പറയുന്നു: തന്നോട് ആവശ്യങ്ങൾ ചോദിക്കുന്നവരിൽ അവൻ സംതൃപ്തനും അല്ലാത്തവരിൽ അസംതൃപ്തനുമാണ്. അടിമകളുടെ പ്രവർത്തനങ്ങളിൽ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായത് ദുആയാണെന്ന ഹദീസ് മുമ്പ് വന്നതാണ്.
76. അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) പറയുന്നു: റസൂലുല്ലാഹി (സ) അരുളി: അല്ലാഹുവിന്റെ ഔദാര്യത്തെ ചോദിച്ചുകൊണ്ടിരിക്കുക. കാരണം തന്റെ അടിമ തന്നോട് ആവശ്യങ്ങൾ ചോദിക്കുന്നത് അവൻ ഇഷ്ടപ്പെടുന്നു. അല്ലാഹു പരീക്ഷണങ്ങളും പ്രയാസങ്ങളും നീക്കിത്തരുന്നതിനെ (അല്ലാഹുവിന്റെ ഔദാര്യത്തിൽ ആഗ്രഹിച്ചുകൊണ്ട്) പ്രതീക്ഷിച്ച് കഴിയൽ ഏറ്റവും ശ്രേഷ്ടമായ ഇബാദത്താണ്. (കാരണം അത് അല്ലാഹുവിലേക്ക് വിനയപൂർവ്വമുള്ള മടക്കമാണ്. (തിർമിദി)


***************************

ജീവചരിത്രം

 മുഫക്കിറുല്‍ ഇസ്ലാം 
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ 
അലി നദ് വി ജീവിതവും സന്ദേശവും ഭാഗം-4

മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി 


അദ്ധ്യായം 04
 
നദ്‌വത്തുൽ ഉലമയിലെയും മറ്റും പഠനം: 

 


അറബി പഠനത്തിന്‍റെ ആരംഭം.! 
ഇന്ത്യയില്‍ അക്കാലത്ത് അറബി പഠിച്ചിരുന്നെങ്കിലും ഹദീസിന്‍റെയും ഫിഖ്ഹിന്‍റെയും പ്രധാന കിതാബുകള്‍ മനസ്സിലാക്കാന്‍ വേണ്ടി മാത്രമുള്ള പഠനമായിരുന്നു. അറബിയെക്കാളും ഫാരിസിക്ക് സ്ഥാനം നല്‍കപ്പെട്ടിരുന്നു. എന്നാല്‍ അറബി ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കിയ ഡോ. അബ്ദുല്‍ അലിയ്യ്  ഇന്ത്യയില്‍ ഫാരിസീയുഗം അടുത്ത് തന്നെ അവസാനിക്കുമെന്ന് ഉണര്‍ന്നു. അത് കൊണ്ട് ഫാരിസിക്ക് പകരം മൗലാനായെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ആരംഭിച്ചു. അറബി പഠനത്തിന് മൗലാനായെ നദ്വത്തുല്‍ ഉലമയില്‍ പ്രവേശിപ്പിക്കാനിരുന്നതാണ്. പക്ഷെ, അറബിയില്‍ ആഴത്തില്‍ കാര്യങ്ങള്‍ പഠിച്ച് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കേണ്ടിയിരുന്ന മൗലാനായ്ക്ക് അല്ലാഹുവിന്‍റെ തൗഫീഖ് എന്ന് തന്നെ പറയാം, അറബി ഭാഷയിലെ ഉജ്ജ്വല പണ്ഡിതനായിരുന്ന ശൈഖ് ഖലീല്‍ യമാനിയെ ലഭിക്കുകയും മൗലാനായെ അറബി പഠിക്കാന്‍ അദ്ദേഹത്തെ ഏല്പിക്കുകയും ചെയ്തു. മൗലാനാ താമസിച്ചിരുന്നതിന് അടുത്ത് തന്നെയായിരുന്നു ശൈഖിന്‍റെയും താമസം. ഇവിടെ ഡോ. സാഹിബിന്‍റെ ചില സുഹൃത്തുക്കളും ബന്ധുക്കളും ഈ സമീപനത്തെ വിമര്‍ശിക്കുകയും ഇംഗ്ലീഷ് പഠനത്തില്‍ മുന്നേറുന്ന അലിയെ ഐ.സി.എസ് പഠനത്തിന് തയ്യാറാക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. പക്ഷെ ഡോക്ടര്‍ തന്‍റെ കാഴ്ചപ്പാടില്‍ ഉറച്ച് നിന്നു. അങ്ങനെ മൗലാനാ ശൈഖ് ഖലീലില്‍ നിന്നും അറബി പഠനം ആരംഭിച്ചു.
 
ശൈഖ് ഖലീല്‍ യമാനിയുടെ പ്രത്യേകതകള്‍: 
ഇന്നത്തെ വിദ്യാഭ്യാസ പദ്ധതിയില്‍ ധാരാളം നന്മകള്‍ ഉള്ളതിനോടൊപ്പം അടിസ്ഥാന പരമായ ഒരു കുഴപ്പമുണ്ട്. അതായത്, ഒരു സമയത്ത് തന്നെ വിവിധ വിഷയങ്ങളും ഭാഷകളും ആരംഭിക്കും. ഇത് കാരണം വിദ്യാര്‍ത്ഥിയുടെ മനസ്സിന് അവ മുഴുവനും സ്വീകരിക്കാന്‍ കഴിയാതെ പോകുന്നു. അല്ലാഹു മൗലാനായെ ഈ ആധിക്യത്തിന്‍റെ അവസ്ഥയില്‍ നിന്നും കാത്ത് രക്ഷിച്ചു. ഇതില്‍ ഉസ്താദ് ശൈഖ് ഖലീല്‍ യമാനിക്ക് വലിയ പങ്കുണ്ട്. അദ്ദേഹം രണ്ട് വിഷയങ്ങളും ഭാഷകളും ഓരോ സമയത്ത് പഠിപ്പിക്കുന്നതിനെ എതിര്‍ക്കുക മാത്രമല്ല, ഒരു വിഷയം മാത്രമേ ഒരു സമയത്ത് പഠിപ്പിച്ചിരുന്നുള്ളൂ. 
മൗലാനാ പറയുന്നു: ശൈഖിന്‍റെ കുടുംബവുമായി ഞങ്ങളുടെ കുടുംബത്തിന് പരമ്പരാഗതമായ ബന്ധമുണ്ടായിരുന്നു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് അദ്ദേഹം എന്നെ പഠിപ്പിച്ചത്. 1924-ല്‍ അല്‍ മുത്വാലഅത്തുല്‍ അറബിയ്യ എന്ന ഗ്രന്ഥം പഠിപ്പിച്ച് തുടങ്ങി. ശേഷം മദാരിജുല്‍ ഖിറാഅയും അത്ത്വരീഖത്തുല്‍ മുബ്തകിറയും വായിക്കാന്‍ നിര്‍ദ്ദേശിച്ചു. പാഠങ്ങളില്‍ യാതൊരു ഭാരവും അന്യതയും അനുഭവപ്പെട്ടിരുന്നില്ല. ശൈഖിന്‍റെ രസകരമായ സ്വഭാവവും കാര്‍മ്മിക പരിശീലനങ്ങളും അന്യഭാഷയുടെ അന്യത്വവും ഗ്രന്ഥങ്ങളുടെ ഭാരവും ദൂരീകരിച്ചു. ശേഷം കലീല വദിംന ആരംഭിച്ചു. എന്‍റെ കൂട്ടത്തില്‍ ഒരു സഹപാഠിയുമുണ്ടായിരുന്നു. പകല്‍ മുഴുവനും പുസ്തകത്തില്‍ പരിശ്രമിച്ച് വൈകുന്നേരം സ്വന്തം വാചകത്തില്‍ ശൈഖിനെ കേള്‍പ്പിക്കുക എന്നതായിരുന്നു പാഠ രീതി. ശരിയായ പാരായണം, സ്വര്‍ഫ്-നഹ്വുകളുടെ വിശദീകരണം, ചോദ്യങ്ങള്‍ക്കുള്ള ഉത്തരം, വാചകത്തിന്‍റെ ആശയം ഇതെല്ലാം ഞങ്ങളാണ് പറയേണ്ടിയിരുന്നത്. ഈ ശൈലി ഞങ്ങളുടെ ശേഷിയും ഗ്രന്ഥ പാരായണത്തോടുള്ള താല്പര്യവും വര്‍ദ്ധിച്ചു. കലീല വ ദിംനയ്ക്ക് ശേഷം ഗദ്യ-പദ്യങ്ങളുടെ ഒരു സമാഹാരം ഞങ്ങളെ പഠിപ്പിച്ചു. ഞങ്ങളെ കൊണ്ട് അത് മനനം ചെയ്യിച്ചില്ലെങ്കിലും അതില്‍ പലതും അറിയാതെ തന്നെ ഞങ്ങള്‍ കാണാതെ പഠിക്കുകയുണ്ടായി. ഇത് കഴിഞ്ഞപ്പോള്‍ പരിശുദ്ധ ഖുര്‍ആന്‍ സൂറത്തുസ്സുമര്‍ മുതല്‍ ഞങ്ങളെ പഠിപ്പിക്കാനാരംഭിച്ചു. ഉസ്താദിന് പരിശുദ്ധ ഖുര്‍ആനുമായി വലിയ ബന്ധമായിരുന്നു. പാരായണം ആരംഭിക്കുന്നത് മുതല്‍ കണ്ണുകള്‍ നിറഞ്ഞൊഴുകുമായിരുന്നു. ശബ്ദവും അതി മനോഹരമായിരുന്നു. സുബ്ഹി നമസ്കാരത്തില്‍ വലിയ ഏതെങ്കിലും സൂറത്തുകള്‍ ആരംഭിക്കുകയും വികാര ആധിക്യം കാരണം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരികയും ചെയ്യുമായിരുന്നു. തൗഹീദിന്‍റെ വിഷയത്തില്‍ വളരെ ശുദ്ധവും ശക്തവുമായ നിലപാടായിരുന്നു. അത് കൊണ്ട് കൂടിയായിരിക്കാം ഈ സൂറത്ത് തെരഞ്ഞെടുത്തത്. രണ്ട്-മൂന്ന് സൂറത്ത് കഴിഞ്ഞപ്പോള്‍ സ്വഹീഹ് മുസ്ലിമില്‍ നിന്നും കിതാബുല്‍ മഗാസി പഠിപ്പിക്കാന്‍ തുടങ്ങി. ഇതോടൊപ്പം നഹ്ജുല്‍ ബലാഗ, ഹുമാസ, മഖാമാത്തെ ഹരീരി, ദലാഇലുല്‍ ഇഅ്ജാസ് മുതലായ സാഹിത്യ ഗ്രന്ഥങ്ങളും പഠിപ്പിച്ചു. ദലാഇലുല്‍ ഇഅ്ജാസ് അദ്ദേഹത്തിന്‍റെ പ്രിയങ്കര ഗ്രന്ഥമായിരുന്നു. അദ്ധ്യാപനത്തിന്‍റെ കടമകള്‍ പരിപൂര്‍ണ്ണമായി പാലിച്ചുകൊണ്ട് പഠിപ്പിക്കുമായിരുന്നു. കവിതകള്‍ പഠിപ്പിക്കുമ്പോള്‍ അതിന്‍റെ പശ്ചാത്തലം പൂര്‍ണ്ണമായി ചിത്രീകരിച്ചിരുന്നു. ശൈഖ് ഖലീല്‍ യമാനി സാഹിത്യത്തിന്‍റെ സംശുദ്ധമായ അഭിരുചിയും അദ്ധ്യാപനത്തില്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയും വിദ്യാര്‍ത്ഥികളോട് പിതൃതുല്യമായ സ്നേഹവുമുള്ള വ്യക്തിത്വവുമായിരുന്നു. സ്വന്തം അഭിരുചിയും വീക്ഷണവും വിദ്യാര്‍ത്ഥികളുടെ നെഞ്ചിലേക്ക് ഇറക്കാന്‍ അപാരമായ കഴിവായിരുന്നു. (പുരാനെ ചിറാഗ്). 
പ്രിയ ശിഷ്യനുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധം ശൈഖ് മൗലാനായ്ക്ക് അയച്ച വിവിധ കത്തുകളില്‍ നിന്ന് വ്യക്തമാണ്. ഒരു കത്ത് തുടങ്ങുന്നത് ഇപ്രകാരമാണ്: എന്‍റെ യഥാര്‍ത്ഥ മക്കളെയും സഹോദരനെയുംകാള്‍ എനിക്ക് പ്രിയവും സ്നേഹവുമുള്ളവരേ, താങ്കളുടെ പ്രബോധന പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിവ് കിട്ടി. താങ്കളെ പോലുള്ള ധാരാളം അലിയ്യുമാര്‍ ഉണ്ടാകട്ടെയെന്ന് മനസ്സ് ആഗ്രഹിക്കുന്നു.! മറ്റൊരു കത്തില്‍ എഴുതുന്നു: താങ്കളുടെ കത്ത് വായിച്ചപ്പോള്‍ ജീവിതത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത സന്തോഷം അനുഭവപ്പെട്ടു. മൗലാനായുടെ ഗ്രന്ഥമായ മുഖ്താറാത്ത് പ്രസിദ്ധീകരിച്ച് കണ്ടപ്പോള്‍ അദ്ദേഹം അതിനെ അതിയായി വാഴ്ത്തുകയും അവസാനം ഇപ്രകാരം എഴുതുകയും ചെയ്തു: ഞാന്‍ കുറഞ്ഞ കാര്യം മാത്രമേ ഇവിടെ എഴുതിയിട്ടുള്ളൂ. എന്‍റെ മനസ്സില്‍ ഇതിനെക്കാള്‍ വളരെ കൂടുതല്‍ സ്നേഹം നിറഞ്ഞ് നില്‍ക്കുന്നു.! 

ഉസ്താദിനോടുള്ള സ്നേഹത്തിന്‍റെ സാധാരണ ചിത്രം:
 ഹസ്രത്ത് മൗലാനാ ശൈഖിനോട് അങ്ങേയറ്റം സ്നേഹവും ആദരവും പുലര്‍ത്തിയിരുന്നു. മൗലാനായുടെ ആത്മകഥയില്‍ അല്ലാഹുവിന്‍റെ തൗഫീഖ് എന്ന ശീര്‍ഷകത്തില്‍ ഇതുമായി ബന്ധപ്പെട്ട ചിന്തനീയമായ ഒരു സംഭവം കൊടുത്തിട്ടുണ്ട്. മൗലാനാ കുറിക്കുന്നു: ഉസ്താദിന്‍റെ അരികില്‍ പഠിക്കുന്ന സമയത്ത് ഒരു പരീക്ഷണമുണ്ടായി. കാഴ്ചയില്‍ വളരെ ചെറുതാണെങ്കിലും എന്‍റെ അറബി വിദ്യാഭ്യാസത്തിലും സാഹിത്യ ശേഷികളിലും ഈ സംഭവം നിര്‍ണ്ണായക പങ്ക് വഹിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നെ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ഖലീലുദ്ദീന്‍ സാഹിബുമായി ശൈഖിന് വലിയ ബന്ധമായിരുന്നു. ഒരിക്കല്‍ പാഠം കുറച്ച് കടുപ്പമാണ്, പഠിക്കാന്‍ പ്രയാസമുണ്ട് എന്ന് ഞാന്‍ പറഞ്ഞതും വാതില്‍ അറിയാതെ അല്പം വലിച്ച് അടച്ചതും അദ്ദേഹം ശൈഖിനെ തെറ്റിദ്ധരിപ്പിച്ചു. ശൈഖ് എന്‍റെ സഹോദരനോട് അനുവാദം വാങ്ങി എനിക്ക് അടി തന്നു. അടി എന്‍റെ പ്രവര്‍ത്തിയെക്കാളും വളരെ കൂടിയതായിരുന്നു. ഇക്കാര്യം അദ്ദേഹത്തിന് പിന്നീട് ബോധ്യം വരികയും ക്ഷമാപണം നടത്തുകയും ചെയ്തു. സംഭവം പതുക്കെ റായ്ബരേലിയിലുള്ള മാതാവ് അറിഞ്ഞു. അവര്‍ ഉടനെ എന്നെ വിളിച്ച് വരുത്തി എന്നോട് ചോദിച്ചു: ശൈഖ് നിന്നെ അടിച്ചോ.? അല്ലാഹുവിന്‍റെ തൗഫീഖ് കൊണ്ട് ഞാന്‍ ഉസ്താദിനെ ശക്തമായി പ്രതിരോധിക്കുകയും അദ്ദേഹം ചെയ്തത് തീര്‍ത്തും ന്യായമായിരുന്നു എന്ന് പറയുകയും ചെയ്തു. ഇതില്‍ മാതാവ് സമാധാനിക്കുകയും എന്‍റെ പഠനം തുടരുകയും ചെയ്തു. അറബി ഭാഷയിലുള്ള എന്‍റെ പില്‍ക്കാല സേവനങ്ങളില്‍ ഈ സംഭവം വലിയ പങ്ക് വഹിച്ചിട്ടുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ അക്രമിക്കപ്പെട്ടവനാണെന്നും ഉസ്താദ് പരിധി ലംഘിച്ചയാളാണെന്നും അന്ന് പറഞ്ഞിരുന്നെങ്കില്‍ എന്‍റെ അറബി പഠനം അവിടെ വെച്ച് തന്നെ അവസാനിക്കുമായിരുന്നു. ഇത് എന്‍റെ രക്ഷിതാവിന്‍റെ ഔദാര്യമാണ്. ഞാന്‍ നന്ദി രേഖപ്പെടുത്തുന്നോ അതോ നന്ദികേട് കാട്ടുന്നോ എന്ന് അല്ലാഹു എന്നെ പരീക്ഷിക്കുകയാണ്. (കാറവാന്‍) 
മറ്റ് ചില ഉസ്താദുമാര്‍: 
ശൈഖ് ഖലീലില്‍ നിന്നും അറബി സാഹിത്യം പഠിക്കുന്നതിനോടൊപ്പം നഹ്വ് (അറബി ഗ്രാമറിന്‍റെ ചെറിയ ഗ്രന്ഥങ്ങള്‍) പിതൃവ്യനായ മൗലാനാ സയ്യിദ് അസീസുര്‍റഹ്മാന്‍ സാഹിബില്‍ നിന്നും പഠിക്കുകയുണ്ടായി. അദ്ദേഹം വളരെ പരിശ്രമത്തോടെ പഠിപ്പിക്കുന്ന വ്യക്തിയായിരുന്നു. കൂടാതെ സര്‍ഫ്-നഹ്വുകളുടെ വിഷയത്തില്‍ ഇമാം എന്ന് അറിയപ്പെട്ടിരുന്ന മൗലാനാ സയ്യിദ് ത്വല്‍ഹയില്‍ നിന്നും പഠിക്കാന്‍ അവസരമുണ്ടായി. മൗലാനാ അനുസ്മരിക്കുന്നു: വാചകം വായിക്കുമ്പോള്‍ ഒരു തെറ്റ് പോലും വരാന്‍ സമ്മതിക്കുകയില്ലായിരുന്നു. പഠനത്തോടൊപ്പം ശിക്ഷണവും ചരിത്ര ബോധവും സംസ്കാരവും പരിശീലിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. (കാറവാന്‍). ഇതിനിടയില്‍ മൗലാനാ ഉബൈദുല്ലാഹ് സിന്ധിയുടെ പ്രധാന ശിഷ്യനും ഡോക്ടര്‍ അബ്ദുല്‍ അലി സാഹിബിന്‍റെ സഹപാഠിയുമായ ഖാജാ അബ്ദുല്‍ ഹയ്യ് ഫാറൂഖിയില്‍ നിന്നും പഠിക്കാന്‍ അവസരമുണ്ടായി. ജേഷ്ഠ സഹോദരന്‍റെ ക്ഷണപ്രകാരം അദ്ദേഹം ലക്നൗവില്‍ വന്നതായിരുന്നു. പരിശുദ്ധ ഖുര്‍ആനിലെ അവസാനത്തെ ഏതാനും സൂറത്തുകള്‍ അദ്ദേഹത്തില്‍ നിന്നും പഠിക്കുകയും മൗലാനാ സിന്ധിയുടെ ചിന്താവീക്ഷണങ്ങള്‍ ആദ്യമായി ഗ്രഹിക്കുകയും ചെയ്തു. ഇക്കാരണത്താല്‍ പിന്നീട് മൗലാനാ അഹ്മദ് അലി ലാഹോരിയുടെ ദര്‍സില്‍ പങ്കെടുത്തപ്പോള്‍ യാതൊരുവിധ അന്യതയും അനുഭവപ്പെട്ടില്ല. (കാറവാന്‍).
 
ഉര്‍ദു ഭാഷാ സാഹിത്യ പഠനം: 
അറബി പഠനത്തിന്‍റെ തുടക്കത്തില്‍ തന്നെ ഹസ്രത്ത് മൗലാനാ ഉറുദു ഭാഷയില്‍ സാഹിത്യവും പൂര്‍ണ്ണമായി പഠിക്കുകയും അതിന്‍റെ നിലവാരമുള്ള ഗ്രന്ഥങ്ങള്‍ വായിക്കുകയും ചെയ്തിരുന്നു. മൗലാനാ പറയുന്നു: ഇടയ്ക്കിടെ ദീര്‍ഘിച്ച് പോകുന്ന റായ്ബരേലി താമസത്തില്‍ മൗലാനാ ശിബ്ലിയുടെ അല്‍ ഫാറൂഖ് പൂര്‍ണ്ണമായി പല പ്രാവശ്യം വായിച്ചു. ആദരണീയ പിതൃവ്യന്‍ സയ്യിദ് ത്വല്‍ഹ സാഹിബിന്‍റെ സദസ്സില്‍ ആബേ ഹയാത്ത് എന്ന ഗ്രന്ഥത്തെ ധാരാളമായി അനുസ്മരിക്കുന്നത് കേട്ടു. അങ്ങനെ അതും  കരസ്ഥമാക്കി വായിച്ചു. ഗുല്‍ റഅ്ന എന്ന സാഹിത്യ ഗ്രന്ഥം പിതാവ് എഴുതിയത് ആയിരുന്നതിനാല്‍ വീട്ടിലെ പുസ്തകമായിരുന്നു. അത് പല പ്രാവശ്യം വായിക്കുകയും വിവിധ കവിതകളെയും കവികളെയും കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ യോഗ്യത കൈവരിക്കുകയും ചെയ്തു. എന്‍റെ മാതൃസഹോദരന്‍റെ മകനായ സയ്യിദ് ഹബീബുര്‍റഹ്മാന്‍ ജാമിഅ മില്ലിയ്യയിലാണ് പഠിച്ചിരുന്നത്. അദ്ദേഹത്തിന് ഉറുദു കവിതയില്‍ വലിയ ആവേശമായിരുന്നു. അദ്ദേഹം കുട്ടികളോട് വിവിധ കവിതകളുടെ ആശയം ചോദിക്കുകയും മത്സരങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. മുഅ്മിന്‍, ഗാലിബ്, ദൗഖ്, ആതിശ്, അമീര്‍ മീനായി എന്നിവരുടെ കവിതകളില്‍ അദ്ദേഹത്തിന് വലിയ അവഗാഹമായിരുന്നു. അദ്ദേഹം കാരണമായി കവിതകള്‍ ഗ്രഹിക്കാനുള്ള ശേഷി കൈവന്നു. അദ്ദേഹത്തിന്‍റെ ജേഷ്ഠ സഹോദരന്‍ സയ്യിദ് അബുല്‍ ഖൈര്‍ ബര്‍ഖ് ഉറുദുവിലെ നല്ലൊരു കവിയായിരുന്നു. അന്ന് കവിയരങ്ങുകള്‍ ധാരാളമായി നടന്നിരുന്നു. നമ്മുടെ നാട്ടിലും പല കവിയരങ്ങുകളും നടന്നു. ഇത് കണ്ടപ്പോള്‍ എനിക്കും കുറച്ച് കവിതകള്‍ ഉണ്ടാക്കാന്‍ ആഗ്രഹം ജനിച്ചു. അല്ലാഹു ജേഷ്ഠ സഹോദരനെ അനുഗ്രഹിക്കട്ടെ. അദ്ദേഹം ശക്തമായി തടഞ്ഞതിനാല്‍ ഈ പാഴ്പ്രവര്‍ത്തനം തുടരേണ്ടി വന്നില്ല. ഞങ്ങളുടെ കുടുംബത്തിലെ ചിലരുടെ ലൈബ്രറിയില്‍ മൗലവി മുഹമ്മദ് ഹുസൈന്‍ ആസാദിന്‍റെ സാഹിത്യ ഗ്രന്ഥമുണ്ടായിരുന്നു. ആ ശൈലി പഠിക്കാനും പകര്‍ത്താനും കുറെ താളുകള്‍ എഴുതി കറുപ്പിച്ചതും ഓര്‍മ്മയുണ്ട്. അന്ന് കൈയ്യില്‍ കിട്ടുന്ന ചെറുതും വലുതുമായ എല്ലാം വായിക്കുമായിരുന്നു. മൗലാനാ ശിബ്ലി, മൗലാനാ ഹാലി, രത്നെ നാദ് സര്‍ ശാഹ് എന്നിവരുടെ പുസ്തകങ്ങള്‍ വായിക്കുകയുണ്ടായി. മാതൃ സഹോദരന്‍ സയ്യിദ് ഉബൈദുല്ലാഹ് സാഹിബിന്‍റെ പക്കല്‍ മൗലാനാ ആസാദിന്‍റെ പത്രം അല്‍ ഹിലാലിന്‍റെ പല വര്‍ഷങ്ങളിലെ ഫയലുകള്‍ സൂക്ഷിക്കപ്പെട്ടിരുന്നു. അതും വലിയ താല്പര്യത്തോടെ വായിച്ചു. അദ്ദേഹത്തിന്‍റെ ശക്തമായ ഭാഷയും ശൈലിയും മനസ്സ് പൂര്‍ണ്ണമായി സ്വീകരിച്ചു. ലേഖനം എഴുതാന്‍ ഏറ്റവും ആദ്യമായി പ്രേരണ ലഭിച്ചത് പിതാവിന്‍റെ യാദെ അയ്യാം വായിച്ചിട്ടായിരുന്നു. ചരിത്ര വിവരണത്തോടൊപ്പം പരിശുദ്ധ ഭാഷയും എന്നത് പിതാവിന്‍റെ പ്രത്യേകതയായിരുന്നു. അതിനെ മുന്നില്‍ വെച്ച് കൊണ്ട് സ്പെയിന്‍ എന്ന വിഷയത്തിലാണ് ഏറ്റവും ആദ്യമായി ലേഖനം തയ്യാറാക്കിയത്. ഈ കാലത്തുള്ള ഒരു സംഭവം പ്രത്യേകം സ്മരണീയമാണ്. ലക്നൗവിലെ ശിബ്ലി ബുക് ഡിപ്പോയില്‍ ഖാളി സുലൈമാന്‍ മന്‍സൂര്‍പൂരിയുടെ റഹ്മത്തുന്‍ ലില്‍ ആലമീന്‍ എന്ന ഗ്രന്ഥം വില്‍ക്കപ്പെടുന്നതായി അറിയാന്‍ കഴിഞ്ഞു. ഗ്രന്ഥത്തിന്‍റെ പേര് കേട്ട പാടെ അത് പോസ്റ്റില്‍ അയക്കാനുള്ള അപേക്ഷ അയച്ചു. ഗ്രന്ഥം വന്നപ്പോള്‍ മാതാവിന്‍റെ പക്കല്‍ അത് വാങ്ങാനുള്ള പൈസയില്ലായിരുന്നു. ഞാന്‍ കരയാനാരംഭിച്ചു. ഇത് കണ്ടപ്പോള്‍ മാതാവ് ആരില്‍ നിന്നോ കടം വാങ്ങി വി.പി. യുടെ പൈസ അടച്ചു. ആ ഗ്രന്ഥം അങ്ങേയറ്റത്തെ ആവേശ-വിശ്വാസങ്ങളോടെ വായിക്കാന്‍ തുടങ്ങുകയും അതില്‍ തന്നെ ലയിക്കുകയും ചെയ്തു. പ്രസ്തുത ഗ്രന്ഥം എന്‍റെ മനസ്സിലും മസ്തിഷ്കത്തിലും ഉണ്ടാക്കിയത് പോലെയുള്ള പ്രതിഫലനം മറ്റൊരു ഗ്രന്ഥവും ഉണ്ടാക്കിയിട്ടില്ല. ഗ്രന്ഥകാരന്‍റെ ആത്മാര്‍ത്ഥത, ഈമാനിക ശക്തി, പ്രബോധന പ്രകൃതി, അവതരണ ലാളിത്യം, സംഭവങ്ങളുടെ ശക്തി ഇവ മനസ്സിലും മസ്തിഷ്കത്തിലും കരണ്ട് പോലെ പ്രവഹിച്ചിരുന്നു. ഈ ഗ്രന്ഥത്തെ എന്‍റെ ഉപകാരിയായ ഗ്രന്ഥങ്ങളില്‍ ഒന്നായി കാണുന്നു. (കാറവാന്‍). 

ചില പ്രധാന സംഭവങ്ങള്‍: 
1925 നവംബര്‍ മാസം ഡോക്ടര്‍ അബ്ദുല്‍ അലി പഠനം പൂര്‍ത്തീകരിച്ചു. 1926 ജനുവരി മാസം പിതാവിന്‍റെ പഴയ വൈദ്യശാലയുടെ അരികില്‍ തന്നെ അദ്ദേഹം വൈദ്യശാല ആരംഭിച്ചു. പിതാവിന്‍റെ വിയോഗം സംഭവിച്ച വീടിനടുത്ത് ചെറിയൊരു വീട് വാടകയ്ക്ക് വാങ്ങിച്ചു. അവിടെ താമസമാരംഭിച്ചു. ഈ സമയത്ത് മൗലാനാ ഹോക്കി കളിയുമായി അല്പം ബന്ധപ്പെട്ടിരുന്നു. പക്ഷെ അതില്‍ നിന്നും ഉടനെ പിന്മാറി. മൗലാനാ തന്നെ എഴുതുന്നു: ഇത്തരം കളികളോടുള്ള ആവേശം വിദ്യാഭ്യാസത്തിനും ഏകാഗ്രതയ്ക്കും വലിയ തടസ്സമാണെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. (കാറവാന്‍). 
മൗലാനാ ളഫര്‍ അലി ഖാനിന്‍റെ സമീന്‍ദാര്‍ പത്രവുമായി ഇക്കാലത്ത് മൗലാനാ വളരെ അടുത്തു. മൗലാനാ പറയുന്നു: അതിന്‍റെ സണ്‍ഡേ എഡിഷന് വേണ്ടി ആഴ്ച മുഴുവന്‍ പ്രതീക്ഷയില്‍ കഴിഞ്ഞുകൂടി. അതിന്‍റെ ഒന്നാം പേജില്‍ വരുന്ന മൗലാനാ ളഫറിന്‍റെ കവിതകള്‍ ആനന്ദത്തോടെ ആലപിക്കുകയും അദ്ദേഹത്തിന്‍റെ ഭാഷയുടെ ശൈലിയിലും ശക്തിയിലും സൗന്ദര്യത്തിലും ആകൃഷ്ടനാകുകയും ചെയ്തിരുന്നു. ഇതേ കാലത്ത് മൗലാനാ മുഹമ്മദ് അലിയെയും മൗലാനാ ആസാദിനെയും കാണാനും കേള്‍ക്കാനും കഴിഞ്ഞു. ഇവര്‍ വിവിധ പരിപാടികള്‍ക്കായി ലക്നൗവില്‍ വന്നിരുന്നു.
 
നദ്വത്തുല്‍ ഉലമാ, കാന്‍പൂര്‍ സമ്മേളനം: 
1926 നവംബര്‍ 5-7 തിയതികളില്‍ നദ്വത്തുല്‍ ഉലമയുടെ വാര്‍ഷിക സമ്മേളനം കാന്‍പൂറില്‍ നടന്നു. മൗലാനായുടെ വിദ്യാഭ്യാസ ശിക്ഷണ കാര്യങ്ങളില്‍ ശ്രദ്ധിച്ചിരുന്ന ഡോക്ടര്‍ സാഹിബ് വൈജ്ഞാനിക വ്യക്തിത്വങ്ങളെ സന്ദര്‍ശിക്കാമെന്ന ആഗ്രഹത്തില്‍ മൗലാനയെയും അവിടെ കൂട്ടിക്കൊണ്ട് പോയി. മൂന്ന് ദിവസം രാപകലുകള്‍ ഇവിടെ കഴിച്ച് കൂട്ടി. നദ്വത്തുല്‍ ഉലമയുടെ പഴയ സൈക്രട്ടറിയുടെ മകനും പുതിയ ജോയിന്‍റ് സെക്രട്ടറി ഡോക്ടര്‍ അബ്ദുല്‍ അലി സാഹിബിന്‍റെ സഹോദരനുമാണ് എന്ന നിലയില്‍ എല്ലാവരും മൗലാനയെ കരുണാ-വാത്സല്യങ്ങളോടെ ശ്രദ്ധിക്കുകയുണ്ടായി. ചെറുപ്രായത്തില്‍ തന്നെ അറബിയില്‍ സംസാരിച്ചിരുന്ന കാരണത്താല്‍ സമ്മേളനത്തിലെ അതിഥിയായിരുന്ന മദീനാ മുനവ്വറയില്‍ നിന്നുള്ള കവി ശൈഘ് സഅദുദ്ദീനിന് പലപ്പോഴും മൗലാനാ വഴി പറഞ്ഞ് കൊടുക്കുകയും വിവിധ കാര്യങ്ങള്‍ കാട്ടിക്കൊടുക്കുകയും ചെയ്തിരുന്നു. 12-13 വയസ്സ് മാത്രമുണ്ടായിരുന്ന മൗലാനായെ അന്ന് എല്ലാവരും ശ്രദ്ധിച്ചു. ഡോ. ദാകിര്‍ ഹുസൈന്‍, ഹകീം അജ്മല്‍ ഖാന്‍, മൗലാനാ മുഹമ്മദ് അലി, ജൗഹര്‍ മൗലാനാ ളഫര്‍ അലി ഖാന്‍ മുതലായവര്‍ ഈ സമ്മേളനത്തില്‍ വന്നിരുന്നു. മൗലാനായുടെ പ്രിയങ്കര ഗ്രന്ഥമായ റഹ്മത്തുന്‍ ലില്‍ ആലമീനിന്‍റെ ഗ്രന്ഥ കര്‍ത്താവ് ഖാളി സുലൈമാന്‍ മന്‍സൂര്‍ പൂരിയും ഈ സമ്മേളനത്തില്‍ എത്തിയിരുന്നു. അദ്ദേഹം മൗലാനായെ കണ്ടപ്പോള്‍ പറഞ്ഞു: ഞാന്‍ റഹ്മത്തുന്‍ ലില്‍ ആലമീന്‍ നിങ്ങള്‍ക്ക് അയച്ചിരുന്നു. മൗലാനാ അത് വാങ്ങിയാണ് വായിച്ചതെങ്കിലും അദ്ദേഹത്തിന് മൗലാനായുമായിട്ടുള്ള ബന്ധം ഇതില്‍ നിന്നും വ്യക്തമാണ്.
 
ലക്നൗ യൂണിവേഴ്സിറ്റി: 
ലക്നൗ യൂണിവേഴ്സിറ്റിയില്‍ 1927 ആഗസ്റ്റ് മാസം ശൈഖ് യമനിയുടെ പ്രേരണപ്രകാരം ജേഷ്ഠന്‍ മൗലാനയെ ലക്നൗ യൂണിവേഴ്സിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇത്തരം യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്നതിനോട് ജേഷ്ഠന് എതിര്‍പ്പായിരുന്നെങ്കിലും ശൈഖ് ഇതില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. മൗലാനാ യൂണിവേഴ്സിറ്റിയില്‍ പ്രവേശിച്ചിട്ടും ശൈഖില്‍ നിന്നുള്ള പഠനം നിര്‍ത്തിയില്ല. യൂണിവേഴ്സിറ്റിയിലെ വാര്‍ഷിക പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും നല്ല മാര്‍ക്ക് നേടിയെങ്കിലും ഗ്രാമറുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ പരാജയപ്പെട്ടു. മൗലാനാ പറയുന്നു: ഇതിലൂടെ പരാജയത്തെ മനസ്സിലാക്കാനും സഹിക്കാനും ശേഷിയുണ്ടായി. വീണ്ടും പരിശ്രമിക്കാന്‍ നിര്‍ബന്ധിതനായി. അടുത്ത വര്‍ഷം ഈ വിഷയത്തിലും ഉന്നത വിജയം കരസ്ഥമാക്കുകയും ഗോള്‍ഡ് മെഡല്‍ നല്‍കപ്പെടുകയും ക്യാഷ് അവാര്‍ഡ് ലഭിക്കുകയും ചെയ്തു.
 
ലാഹോറിലേക്ക്: 
മൗലാനാ പരീക്ഷയില്‍ റാങ്ക് വാങ്ങിയ കാര്യം ലാഹോറിലുള്ള മാതൃസഹോദരി അറിഞ്ഞപ്പോള്‍ സന്തോഷം കാരണം അവര്‍ മൗലാനയെ ലാഹോറിലേക്ക് ക്ഷണിച്ചു. 1929 മെയ് അവസാനം മൗലാനാ ലാഹോറിലേക്ക് യാത്ര ചെയ്തു. അന്ന് ഉപഭൂഖണ്ഠത്തിലെ ഏറ്റവും വലിയ സാംസ്കാരിക സാഹിത്യങ്ങളുടെ കേന്ദ്രമായിരുന്നു ലാഹോര്‍. മാതൃസഹോദരീ ഭര്‍ത്താവ് സയ്യിദ് ത്വല്‍ഹ സാഹിബ് പ്രധാനപ്പെട്ട പലരുമായി മൗലാനായെ ബന്ധിപ്പിച്ചു. ഈ യാത്രയില്‍ പ്രഗത്ഭ കവി ഹഫീസ് ജാലന്ദരിയെ കണ്ട് മുട്ടുകയും ചില കവിതകള്‍ നേരില്‍ കേള്‍ക്കുകയും ചെയ്തു. അല്ലാമാ ഇഖ്ബാലിനെയും സന്ദര്‍ശിച്ചു. അദ്ദേഹത്തിന്‍റെ ചന്ദ്രന്‍ എന്ന കവിതയെ അറബിയില്‍ വിവര്‍ത്തനം ചെയ്തത് മൗലാനാ അദ്ദേഹത്തെ കാണിച്ചുകൊടുത്തു. ഈ യാത്രയില്‍ അല്ലാമാ അഹ്മദ് അലി ലാഹോരിയുമായി ബന്ധപ്പെടുകയും അത് ധാരാളം നന്മകള്‍ക്ക് കാരണമാകുകയും ചെയ്തു. 
മൗലാനാ അറബി ഭാഷയോടൊപ്പം ഇംഗ്ലീഷും പഠിച്ചുതുടങ്ങിയിരുന്നു. ഇപ്പോള്‍ മൗലാനായ്ക്ക് മേട്രിക്ക് കൂടി കരസ്ഥമാക്കണമെന്ന് ചിന്തയുണ്ടായി. ശൈഖ് യമനി ഇതിനെ ശക്തമായി പ്രോത്സാഹിപ്പിച്ചു. അറബിയും ഇംഗ്ലീഷും ഒരു പോലെ അറിഞ്ഞാല്‍ മാത്രമേ ശരിയായ നിലയില്‍ ദഅ്വത്ത് നടത്താന്‍ സാധിക്കുകയുള്ളൂ എന്ന് അദ്ധേഹം നിരീക്ഷിച്ചിരുന്നു. മൗലാനാ വിവരിക്കുന്നു: ഈ കാലത്ത് എനിക്ക് ഇംഗ്ലീഷ് പഠിക്കാനുള്ള ആവേശമുണ്ടായി. ഞാന്‍ മെട്രിക്ക് കോഴ്സുമായി ബന്ധപ്പെട്ട പുസ്തകങ്ങളെല്ലാം വാങ്ങിച്ചു. ആദ്യം മുഹമ്മദ് ഫാറൂഖി സാഹിബില്‍ നിന്നും അവ പഠിച്ചു. അദ്ദേഹം ലക്നൗവില്‍ നിന്നും പോയപ്പോള്‍ ഡിക്ഷ്നറിയുടെ സഹായത്താല്‍ സ്വന്തം പഠനം തുടര്‍ന്നു. എന്‍റെ ഈ പരിശ്രമങ്ങളെ കുറിച്ച് ജേഷ്ഠന്‍ വഴി വിവരം ലഭിച്ച മാതാവ് എന്നെ ശക്തമായി ഉപദേശിച്ചുകൊണ്ട് കത്തുകള്‍ അയയ്ക്കാന്‍ തുടങ്ങി. അതില്‍ ഒരു കത്ത് ഇവിടെ ഉദ്ധരിക്കുന്നു: .......................... പ്രിയപ്പെട്ട ഉമ്മ. 

നദ്വത്തുല്‍ ഉലമയില്‍: 
ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയുമായി മൗലാനായ്ക്കുള്ള ബന്ധം പരമ്പരാഗതമായിരുന്നു. മഹാനായ പിതാവും ജേഷ്ഠ സഹോദരനും അതിന്‍റെ വക്താക്കളും പ്രബോധകരുമായിരുന്നു. മൗലാനയും ഈ ചിന്തയിലാണ് വളര്‍ന്നത്. എന്നാല്‍ നദ്വത്തുല്‍ ഉലമയിലെ ഫിഖ്ഹിന്‍റെ പൗരാണിക ഉസ്താദായ മൗലാനാ ശിബ്ലി ജീറാജ്പൂരിയില്‍ നിന്നും ഫിഖ്ഹ് പഠിച്ചുകൊണ്ടാണ് ഔദ്യോഗിക വിദ്യാര്‍ത്ഥി ബന്ധം ആരംഭിക്കുന്നത്. ഇത് 1928 അവസാനങ്ങളിലായിരുന്നു. മൗലാനാ ശിബ്ലിക്ക് ഹസ്രത്ത് മൗലാനായോട് വലിയ കരുണയായിരുന്നു. ഒരിക്കല്‍ പാഠത്തിനിടയില്‍ പറഞ്ഞു: നമ്മുടെ പ്രദേശങ്ങളില്‍ ശിര്‍ക്ക്-ബിദ്അത്തുകള്‍ പേരിന് പോലുമില്ല. ഇതെന്ത് കൊണ്ടാണെന്ന് അറിയാമോ.? നിങ്ങളുടെ കുടുംബത്തിലെ മഹാന്മാരായ ഖാജാ അഹ്മദിന്‍റെയും മൗലാനാ മുഹമ്മദ് അമീനിന്‍റെയും പരിശ്രമ ഫലമാണ്. 

മൗലാനാ ഹൈദറിന്‍റെ ദര്‍സുല്‍ ഹദീസില്‍: 
ഇടയ്ക്ക് ഹസ്രത്ത് മൗലാനാ ലാഹോറിലേക്ക് പോയി. അവിടെ നിന്നും മടങ്ങി വന്ന് 1929-ല്‍ ജൂലൈ മാസം ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയിലെ ശൈഖുല്‍ ഹദീസ് മൗലാനാ ഹൈദര്‍ ഹസന്‍ ഖാന്‍ സാഹിബിന്‍റെ ഹദീസിന്‍റെ ദര്‍സില്‍ പഠനമാരംഭിച്ചു. മൗലാനാ കുറിക്കുന്നു: ബുഖാരി, മുസ്ലിം, അബൂദാവൂദ്, തിര്‍മിദി ഇവയുടെ ഓരോ അക്ഷരങ്ങളും ദാറുല്‍ ഉലൂമില്‍ വെച്ച് മൗലാനായില്‍ നിന്നും ഞാന്‍ പഠിച്ചു. കൂടാതെ ബൈളാവിയുടെ കുറച്ച് ഭാഗങ്ങളും മന്‍ത്വിഖിന്‍റെ ചില പാഠങ്ങളും മൗലാനാ പഠിപ്പിച്ചു. ദാറുല്‍ ഹദീസിലുണ്ടായിരുന്ന മൗലാനായുടെ മുറിയില്‍ മൗലാനായോടൊപ്പമാണ് രണ്ട് വര്‍ഷം രാപകലുകള്‍ കഴിച്ച് കൂട്ടിയത്. ടോങ്കിലെ പഴയ കുടുംബബന്ധം, പിതാവുമായുള്ള പ്രത്യേക ബന്ധം എന്നീ കാരണങ്ങളാല്‍ മൗലാനാ എന്നോട് ഗുരുനാഥനെ പോലെയല്ല, പിതാവിനെ പോലെയാണ് കരുണ ചൊരിഞ്ഞത്. ആഹാരമെല്ലാം ഒരുമിച്ചായിരുന്നു. മൗലാനായുടെ കണക്കുകള്‍ ഞാനാണ് സൂക്ഷിച്ചിരുന്നത്. യാത്രകളും ഒരുമിച്ചായിരുന്നു. ഹദീസ് അദ്ധ്യാപനം മുഹദ്ദിസുകളുടെയും മുഹഖിഖുകളുടെയും ശൈലിയിലായിരുന്നു. മൗലാനയും എന്‍റെ പിതാവും ശൈഖ് ഹുസൈന്‍ അന്‍സാരി യമനിയില്‍ നിന്നും ഹദീസ് പഠിച്ചതിനാല്‍ യമനീ പ്രത്യേകതകള്‍ സ്വീകരിച്ചിരുന്നു. വിദ്യാര്‍ത്ഥികളെ കൊണ്ട് അന്വേഷണ പഠനങ്ങള്‍ നന്നായി നടത്തിച്ചിരുന്നു. ഗ്രന്ഥങ്ങളില്‍ നിന്നും ഉദ്ധരണികള്‍ കണ്ടെത്തലും ജര്‍ഹ്-തഅ്ദീലുകള്‍ സമര്‍ദ്ധിക്കലും മസ്അലകള്‍ കണ്ടെത്തലും വിദ്യാര്‍ത്ഥികളെ ഏല്‍പ്പിച്ചതിനാല്‍ വിദ്യാര്‍ത്ഥികളുടെ ചിന്തയും പഠനവും വിശാലമാകുകയും അനുഭവങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തിരുന്നു. ഹാജി ഇംദാദുല്ലാഹ് മുഹാജിര്‍ മക്കിയുടെ ഖലീഫ കൂടിയായ മൗലാനാ ഹൈദര്‍ ഹസന്‍ നമസ്കാരത്തില്‍ കണ്ണീര്‍ വാര്‍ക്കുകയും പുലര്‍ക്കാലത്ത് നീട്ടി നമസ്കരിക്കുകയും നീണ്ട സുജൂദുകള്‍ പതിവാക്കുകയും ചെയ്തിരുന്നു. ലളിത ജീവിതം, വിദ്യാര്‍ത്ഥികളോട് സമത്വം, എല്ലാ ജോലികളിലും സഹകരണം എന്നിവ പ്രകൃതി സ്വഭാവമായിരുന്നു. എന്‍റെ ഹദീസ് വിദ്യാഭ്യാസം മുഴുവന്‍ മൗലാനയുടെ കാരുണ്യമാണ്. മൗലാനാ നല്ല കൈയ്യക്ഷരമുള്ള ശിഷ്യരെ കൊണ്ട് സനദ് എഴുതിച്ച് ഒപ്പിട്ട് കൊടുക്കുമായിരുന്നു. ഞാനും ഇപ്രകാരം എഴുതിയിട്ടുണ്ട്. എന്നാല്‍ എനിക്ക് സനദ് നല്‍കാന്‍ ഉദ്ദേശിച്ചപ്പോള്‍ മൗലാനായുടെ എഴുത്തിന് വളരെ സമയം പിടിക്കുമായിരുന്നിട്ടും ഏതാണ്ട് ഒരു ദിവസത്തെ അദ്ധ്വാനത്തിലൂടെ സ്വന്തം തൂലിക കൊണ്ട് സനദ് എഴുതി തന്നു. അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും.! (കാറവാന്‍). 
മൗലാനാ മുഹമ്മദ് നാസിം നദ്വി, മൗലാനാ മുഹിബ്ബുല്ലാഹ് നദ്വി, മൗലാനാ ഇംറാന്‍ ഖാന്‍ നദ്വി, മൗലാനാ മുഹമ്മദ് ഉവൈസ് നദ്വി, മൗലാനാ സയ്യിദ് അബൂബക്ര്‍ ഹസനി എന്നിവര്‍ ഈ ദര്‍സിലെ സഹപാഠികളായിരുന്നു. തിര്‍മിദി ശരീഫ് ആരംഭിച്ചപ്പോള്‍ മൗലാനാ സയ്യിദ് ഖുതുബുല്‍ ഖുദാ (റഹ്) ശാഹ് അബ്ദുല്‍ അസീസ് ദഹ്ലവിയില്‍ നിന്നും പകര്‍ത്തിയെഴുതിയ പ്രതിയാണ് മൗലാനാ ഉപയോഗിച്ചത്. ഇതിന്‍റെ ഓരത്ത് ശാഹ് അബ്ദുല്‍ അസീസ് ദഹ്ലവിയുടെ വിവരണക്കുറിപ്പുകള്‍ രേഖപ്പെടുത്തപ്പെട്ടിരുന്നു. മൗലാനായുടെ പിതാവും ജേഷ്ഠനും ഇതുപയോഗിച്ചാണ് പഠനം നടത്തിയത്. കുടുംബത്തില്‍ ഇത് സൂക്ഷിക്കപ്പെട്ടിരുന്നു. തിര്‍മുദിയുടെ ഈ അപൂര്‍വ്വമായ പ്രതി നദ്വത്തുല്‍ ഉലമയുടെ ലൈബ്രറിയില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. 

അല്ലാമാ ഹിലാലിയില്‍ നിന്നും അറബി സാഹിത്യ പൂര്‍ത്തീകരണം: 
1930 സെപ്റ്റംബറില്‍ അറബി സാഹിത്യത്തില്‍ അഗ്രഗണ്യനായ പ്രഗത്ഭ പണ്ഡിതന്‍ അല്ലാമാ തഖിയ്യുദ്ദീന്‍ ഹിലാലി നദ്വത്തുല്‍ ഉലമയില്‍ അദ്ധ്യാപനത്തിനായി വന്നു. ഹസ്രത്ത് മൗലാനാ ഈ അവസരം നന്നായി പ്രയോജനപ്പെടുത്തുകയും ദീവാന്‍ നാബിഗ പ്രത്യേകം പഠിക്കുകയും ശുദൂറുദ്ദഹബിന്‍റെ ക്ലാസ്സില്‍ പങ്കെടുക്കുകയും അദ്ദേഹം രചിച്ച തഫ്സീര്‍ പഠിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ വൈജ്ഞാനിക പ്രവാഹം നിറഞ്ഞ സദസ്സുകളെ മൗലാനാ വളരെയധികം പ്രയോജനപ്പെടുത്തി. ബനാറസ് മുതലായ സ്ഥലങ്ങളിലേക്ക് പോയപ്പോള്‍ സഹയാത്രികനായി മൗലാനയും കൂടി. ഈ യാത്രയില്‍ തുഗ്ഫത്തുല്‍ അഹ്വദിയുടെ ഗ്രന്ഥകര്‍ത്താവ് മൗലാനാ അബ്ദുര്‍റഹ്മാന്‍ മുബാറക് പൂരിയില്‍ നിന്നും ഹദീസിന്‍റെ സനദും ഇജാസത്തും നല്‍കപ്പെടുകയും ചെയ്തു.
 
ഡോക്ടര്‍ സാഹിബിന്‍റെ പ്രത്യേക ശിക്ഷണം: 
മൗലാനയുടെ ജേഷ്ഠ സഹോദരന്‍ മൗലാനാ അബ്ദുല്‍ അലിക്ക് അല്ലാഹു ശിക്ഷണത്തിന്‍റെ അത്ഭുതകരമായ ശേഷി നല്‍കിയിരുന്നു. ശൈഖ് ഖലീല്‍ യമനി, അല്ലാമാ ഹിലാലി മുതലായ ഉജ്ജ്വല വ്യക്തിത്വങ്ങളില്‍ നിന്നും പഠനം നടത്തിയിട്ടും അറബി ഭാഷയില്‍ രചനകള്‍ പരിശീലിക്കുന്നതിന് കൂടുതല്‍ പരിശ്രമം ആവശ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കി. മൗലാനയെ ഈ വിഷയത്തില്‍ കൂടുതല്‍ വളര്‍ത്തിയെടുത്താല്‍ അന്താരാഷ്ട്ര തലത്തില്‍ ദഅ്വത്തിന്‍റെയും തജ്ദീദിന്‍റെയും പ്രവര്‍ത്തനങ്ങള്‍ എളുപ്പമാകുമെന്ന് അദ്ദേഹം മനസ്സിലാക്കി. അതുകൊണ്ട് അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ തന്നെ മൗലാനയെ ലേഖനങ്ങള്‍ എഴുതി പരിശീലിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. മൗലാനായ്ക്ക് 14 വയസ്സുള്ളപ്പോള്‍ മക്കാ മുകര്‍റമയില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന ഉമ്മുല്‍ ഖുറാ മാസികയില്‍ വന്ന ഹാജിമാര്‍ക്കുള്ള നിര്‍ദ്ദേശം തര്‍ജ്ജുമ ചെയ്യാന്‍ അദ്ദേഹം മൗലാനായെ ഏല്പിച്ചു. മൗലാനാ അത് ചെയ്തുകൊടുത്തപ്പോള്‍ പ്രസിദ്ധ പത്രമായ സമീന്‍ദാറില്‍ അത് പ്രസിദ്ധീകരിച്ചു. ലേഖനത്തിന്‍റെ താഴ്ഭാഗത്ത് തയ്യാറാക്കിയത് നദ്വത്തുല്‍ ഉലമയുടെ മുന്‍ റെക്ടറായ മൗലാനാ ഹകീം സയ്യിദ് അബ്ദുല്‍ ഹയ്യ് ഹസനിയുടെ മകന്‍ അബുല്‍ ഹസന്‍ അലി എന്ന് എഴുതുകയുണ്ടായി. തുടര്‍ന്ന് അറബിയില്‍ സയ്യിദ് അഹ്മദ് ശഹീദിനെ കുറിച്ച് ഒരു അനുസ്മരണം തയ്യാറാക്കാന്‍ പറഞ്ഞു. ഇതിലൂടെ അറബി ഭാഷയിലുള്ള കഴിവും സയ്യിദ് അഹ്മദ് ശഹീദിന്‍റെ വ്യക്തിത്വവുമായിട്ടുള്ള ബന്ധവും വളര്‍ത്താന്‍ അദ്ദേഹം ലക്ഷ്യം വെച്ചിരുന്നു. മൗലാനാ വിവരിക്കുന്നു: സയ്യിദ് അഹ്മദ് ശഹീദിന്‍റെ വ്യക്തിത്വവും ജീവിതവും സന്ദേശവുമായി എനിക്ക് ആഴത്തില്‍ ബന്ധമുണ്ടാകണമെന്ന് ജേഷ്ഠന്‍ ആഗ്രഹിച്ചിരുന്നു. ഞങ്ങളുടെ പിതാമഹന്മാരെല്ലാം ഇതുമായി വളരെയധികം ബന്ധപ്പെട്ടവരായിരുന്നു. ആയിടെ അമൃത്സറില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന തൗഹീദ് മാസികയില്‍ ഇന്ത്യയിലെ സമുന്നത മുജദ്ദിദ് എന്ന പേരില്‍ സയ്യിദ് അഹ്മദ് ശഹീദിന്‍റെ ജീവിതവും സന്ദേശവും പുതിയ രീതിയില്‍ അവതരിപ്പിക്കപ്പെടുകയുണ്ടായി. ഈ മാസിക പിതൃസഹോദരന്‍ സയ്യിദ് ഖലീലുദ്ദീന്‍റെ അരികില്‍ വരാറുണ്ടായിരുന്നു. ജേഷ്ഠന്‍ അത് വാങ്ങി എന്നെ ഏല്‍പ്പിച്ച് അറബിയില്‍ വിവര്‍ത്തനം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. അതിന് മുമ്പ് ചരിത്രത്തിലെ ലളിതമായ ഏതാനും രചനകള്‍ വായിക്കാനും അതിലെ പ്രത്യേക പദങ്ങളും ശൈലികളും കുറിച്ചെടുക്കാനും നിര്‍ദ്ദേശിച്ചു. ഈ ലക്ഷ്യത്തില്‍ ഇബ്നുല്‍ അസീറിന്‍റെ അല്‍കാമില്‍ വായിക്കുകയും പല പദങ്ങളും കുറിച്ചെടുക്കുകയും ചെയ്തു. ഇത് കാരണം അത് തര്‍ജ്ജുമ ചെയ്യാന്‍ വലിയ സഹായമുണ്ടായി. അത് തയ്യാറാക്കിയ ശേഷം ശൈഖ് തഖിയ്യുദ്ദീന്‍ ഹിലാലിയെ കാണിച്ചു. അദ്ദേഹം പേരിന് വേണ്ടി ചില തിരുത്തലുകള്‍ വരുത്തിയിട്ട് പറഞ്ഞു: താല്പര്യമുണ്ടെങ്കില്‍ ഇത് അല്ലാമാ റഷീദ് റിദായുടെ അല്‍മനാറില്‍ പ്രസിദ്ധീകരിക്കാന്‍ അയച്ചുകൊടുക്കാം. പക്ഷെ, അദ്ദേഹം ലേഖനം വളരെ സൂക്ഷിച്ച് നോക്കുന്ന ആളാണ്. നന്നായി എഴുതുന്നവരുടെ എഴുത്തുകളില്‍ പോലും തെറ്റ് കണ്ടുപിടിക്കാറുണ്ട്. ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചു. അദ്ദേഹം പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു കത്ത് വെച്ച് കൊണ്ട് എന്‍റെ ലേഖനം അയച്ചുകൊടുത്തു. അല്ലാമാ അത് പ്രസിദ്ധീകരിക്കുക മാത്രമല്ല, ലേഖകന്‍ സമ്മതിച്ചാല്‍ ഒരു ചെറു രചനയായി പ്രസിദ്ധീകരിക്കാവുന്നതാണ് എന്നും അറിയിച്ചു. ഇന്ത്യക്കാരനായ ഒരു വിദ്യാര്‍ത്ഥിക്ക് ഇത് ഏറ്റവും വലിയ അന്തസ്സായിരുന്നു. അല്‍പം നാളുകള്‍ കഴിഞ്ഞപ്പോള്‍ തര്‍ജുമത്തുല്‍ ഇമാമിസ്സയ്യിദ് അഹ്മദബ്നി ഇര്‍ഫാനുശ്ശഹീദ് എന്ന പേരില്‍ ചെറു രചനയുടെ രൂപത്തില്‍ പ്രസിദ്ധീകരിച്ച് അയച്ചുതന്നു. എന്‍റെ സന്തോഷത്തിന് ഒരു അതിരുമില്ലായിരുന്നു. അന്ന് എനിക്ക് പതിനാറ് വയസ്സാണ്. ഇത് എന്‍റെ ആദ്യത്തെ രചനയാണ്. ഇത് ഇന്ത്യയിലല്ല, ഈജിപ്റ്റിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. (കാറവാന്‍). 
ഞങ്ങളുടെ കുടുംബത്തില്‍ തലമുറകളായി ഒരു ഗ്രന്ഥശേഖരം സൂക്ഷിക്കപ്പെട്ടിരുന്നു. കുടുംബത്തിലെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്നതിന് അത് സൂക്ഷിക്കുന്ന ഉത്തരവാദിത്വം ജേഷ്ഠന്‍ എന്നെ ഏല്‍പ്പിച്ചു. അത് വൃത്തിയാക്കുകയും സൂക്ഷിച്ച് വെയ്ക്കുകയും ചെയ്യുന്നതിലൂടെ മുന്‍ഗാമികളുടെ ദീനീ സേവനങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുമെന്ന് മാതാവും പ്രേരിപ്പിച്ചു. അതില്‍ ഇന്ത്യാ ചരിത്രം, മഹാന്മാരുടെ അനുസ്മരണം മുതലായവ ഉണ്ടായിരുന്നതിനാല്‍ അവ ചെറിയ നിലയില്‍ നോക്കുന്നതിലൂടെ തന്നെ ഈ കാര്യങ്ങളുമായി വലിയ ബന്ധവും അടുപ്പവുമുണ്ടായി. ഇതില്‍ നിന്നുമാണ് മൗലാനാ പിന്നീട് വളരെയധികം പ്രയോജനപ്പെടുത്തിയ മുജദ്ദിദ് അല്‍ഫ് ഥാനിയുടെ കത്തുകള്‍ പരിചയപ്പെടുന്നത്. 
ഡോക്ടര്‍ സാഹിബ് നൂതന രീതികളിലൂടെ മൗലാനയെ പഠിപ്പിച്ച് കൊണ്ടിരുന്നു. ഫാളില്‍ അദബ് പരീക്ഷയില്‍ റാങ്ക് നേടിയപ്പോള്‍ ഇരുപത് രൂപ മൗലാനായ്ക്ക് കൊടുത്തിട്ട് പറഞ്ഞു: ഇത് കൊണ്ട് ഉസ്താദുമാര്‍ക്കും സഹപാഠികള്‍ക്കും സല്‍ക്കാരം നടത്തുക. അല്പം കഴിഞ്ഞ് പറഞ്ഞു: ആഹാരത്തിലൂടെ ചെറിയ ഒരു രസം മാത്രമേ ലഭിക്കുകയുള്ളൂ. ഉന്നത പ്രതിഫലവും യഥാര്‍ത്ഥ പ്രയോജനവും ലഭിക്കുന്നതിന് മദീനാ മുനവ്വറയിലെ മദ്റസ ശറഇയ്യക്ക് ഇത് അയച്ചുകൊടുക്കുക. ഇവിടെ സ്മരണീയമായ ഒരു സംഭവം മൗലാനാ വിവരിക്കുന്നു: വീടിനടുത്ത് ഒരു ഡോക്ടറുണ്ടായിരുന്നു. സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതില്‍ അദ്ദേഹത്തിന് അല്പവും സൂക്ഷ്മതയില്ലായിരുന്നു. ചിലര്‍ അദ്ദേഹത്തെ വിമര്‍ശിച്ച് കൊണ്ടിരുന്നപ്പോള്‍ ഞാനും അതില്‍ പങ്കെടുത്തു. ഉടനെ ജേഷ്ഠന്‍ എന്നെ വിലക്കിക്കൊണ്ട് പറഞ്ഞു: ഇത് പരദൂഷണമാണ്. കൂടാതെ നന്ദികേടും കൂടിയാണ്. ചെറുപ്പത്തില്‍ നിനക്ക് കഠിന രോഗം വന്നപ്പോള്‍ അദ്ദേഹമാണ് വളരെ സഹാനുഭൂതിയോടെ നിന്നെ ചികിത്സിച്ചത്. എനിക്ക് തെറ്റിനെ കുറിച്ച് ബോധ്യം വന്നു. (ഹയാത്തെ അബ്ദുല്‍ ഹയ്യ് അനുബന്ധം). 
ഈ സമയത്ത് ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ, അല്ലാമാ ഇബ്നുല്‍ ഖയ്യിം, ഹസ്രത്ത് ശാഹ് വലിയുല്ലാഹിദ്ദഹ്ലവി ഇവരുടെ ഗ്രന്ഥങ്ങളും വായിക്കാന്‍ നിര്‍ദ്ദേശിച്ചു. മൗലാനാ പറയുന്നു: ജേഷ്ഠന്‍റെ നിരന്തരമായ പ്രേരണ കാരണം അത് വായിക്കാനാരംഭിച്ചു. അത് കൊണ്ട് വലിയ പ്രയോജനമുണ്ടായി. കൂടാതെ അറബി പത്രങ്ങള്‍ ധാരാളമായി വരുത്തി വായിച്ചിരുന്നത് എനിക്കും വായിക്കാന്‍ തരികയും പുതിയ വാചകങ്ങളുടെ ആശയം വിശദീകരിക്കുകയും ചെയ്തു. പതുക്കെ പതുക്കെ അത് വേഗതയില്‍ വായിക്കാന്‍ തുടങ്ങി. പത്രങ്ങളില്‍ വാചകങ്ങള്‍ ആവര്‍ത്തിക്കുകയും പല ശൈലികളില്‍ വരികയും ചെയ്തതിനാല്‍ എഴുത്ത് പരിശീലിക്കാന്‍ അത് വലിയ സഹായകമായി. (കാറവാന്‍) 

ആത്മ സംസ്കരണം: 
ആദരണീയ മാതാവിന്‍റെ പരിശ്രമവും പ്രാര്‍ത്ഥനയും കാരണമായി തുടക്കം മുതലേ മൗലാനായുടെ ജീവിതത്തില്‍ ആത്മസംസ്കരണം സ്വാധീനം ചെലുത്തി തുടങ്ങിയിരുന്നു. പ്രായപൂര്‍ത്തിയോട് അടുത്തപ്പോള്‍ അതിന്‍റെ അടയാളങ്ങള്‍ വ്യക്തമായി കണ്ടു തുടങ്ങി. ശേഷം അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ അതില്‍ ശക്തമായ മുന്നേറ്റം ആരംഭിച്ചു. മൗലാനായുടെ കൂട്ടുകാര്‍ പറയുന്നു: ചെറുപ്പം മുതലേ കളി-തമാശകളില്‍ നിന്നും അകന്ന് കഴിഞ്ഞിരുന്നു. സദസ്സില്‍ ആരെങ്കിലും അനാവശ്യ കാര്യം പറഞ്ഞാല്‍ നിശബ്ദനായി എഴുന്നേറ്റ് പോകുമായിരുന്നു. പരിശുദ്ധ ഖുര്‍ആന്‍ പാരായണത്തില്‍ വലിയ ഹരമായിരുന്നു. മസ്ജിദില്‍ ദീര്‍ഘ നേരം കഴിയുകയും നടന്നും ഇരുന്നും ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകുകയും ചെയ്തിരുന്നു. സ്വന്തം നന്മകളെ മറച്ചുവെയ്ക്കുന്ന രീതി തുടക്കം മുതല്‍ സ്വീകരിച്ചിരുന്നു. ജനങ്ങളുടെ അവസ്ഥ നന്നാകുന്നതിനുള്ള ആഗ്രഹം ശക്തമായിരുന്നു. ഇത് വിവിധ പരിശ്രമങ്ങളിലൂടെ പ്രകടമായി. ഒരിക്കല്‍ ഈദ് ഗാഹില്‍ ഒരു പ്രഭാഷണം നടത്തി. ആദ്യത്തെ പ്രഭാഷണമാണെങ്കിലും വലിയ ഒഴുക്കായിരുന്നു. ആത്മാര്‍ത്ഥത ജനങ്ങളില്‍ പ്രതിഫലിക്കുകയും എല്ലാവരും കണ്ണീര്‍ വാര്‍ക്കുകയും ചെയ്തു. ശേഷം ഓര്‍മ്മയില്‍ നിന്നും മൗലാനാ ആ പ്രഭാഷണം കുറിച്ചെടുക്കുകയും മുസ്ലിംകളെ കുറിച്ച് മനസ്സില്‍ ഉയരുന്ന മൂന്ന് ചിന്തകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. കുടുംബത്തിലെ മുതിര്‍ന്നവര്‍ മൗലാനായുടെ ഈ ആഗ്രഹ-ആവേശങ്ങളെ മനസ്സിലാക്കുകയും വിലമതിക്കുകയും ചെയ്തിരുന്നു. 1930-ല്‍ ദാഇറയ്ക്കടുത്തുള്ള നാടായ മൈതാന്‍പൂര്‍ ഗ്രാമത്തില്‍ മൗലാനായുടെ പരിശ്രമ ഫലമായി ഒരു മസ്ജിദ് നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും കുടുംബത്തിലെ പ്രധാന വ്യക്തിത്വം സയ്യിദ് ഖലീല്‍ തറക്കല്ലിടുകയും ചെയ്തു. അന്ന് മൗലാനായ്ക്ക് 16 വയസ്സായിരുന്നു. അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ മസ്ജിദിന്‍റെ പുനര്‍നിര്‍മ്മാണം മൗലാനായുടെ കരങ്ങളാല്‍ ആരംഭിക്കുകയും മദ്റസ സിയാഉല്‍ ഉലൂമിനോട് ചേര്‍ന്ന് വിശാലമായ മസ്ജിദ് സ്ഥാപിക്കപ്പെടുകയും ചെയ്തു. 
1930-ല്‍ ഒരു സംഭവം നടന്നു. അതില്‍ മൗലാനായുടെ ആത്മവിശുദ്ധി കൂടുതല്‍ ശക്തമായി. മൗലാനായുടെ സഹോദരിയുടെ മൂത്ത മകന്‍ സയ്യിദ് മഹ്മൂദ് ഹസന്‍ (മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനിയുടെ ജേഷ്ഠസഹോദരന്‍) കഠിന രോഗിയായി. ഓപ്പറേഷന് വേണ്ടി ലക്നൗ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ടു. മൗലാനാ പ്രധാന സേവകനായിരുന്നു. ഈ സംഭവത്തെ കുറിച്ച് മൗലാനാ കുറിക്കുന്നു: രാവും പകലും ആശുപത്രിയില്‍ കഴിച്ചുകൂട്ടിയിരുന്നു. പ്രത്യേകിച്ചും കൂടെക്കൂടെ പ്രയാസം അനുഭവപ്പെട്ടതിനാല്‍ രാത്രി ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. നഴ്സുമാരെ വിളിക്കാന്‍ പലപ്പോഴും പോകേണ്ടി വന്നു. തദവസരം ആശുപത്രിയില്‍ കണ്ട കാഴ്ചകള്‍ മനുഷ്യന്‍റെ ബലഹീനതയും ആരോഗ്യത്തിന്‍റെ ഉറപ്പില്ലായ്മയും ജീവിതത്തിന്‍റെ ക്ഷണികതയും മനസ്സില്‍ കോറിയിട്ടു. എഴുത്തും വായനയിലും മാത്രം കഴിഞ്ഞിരുന്ന എന്നെ സംബന്ധിച്ചിടത്തോളം ഇത് മനസ്സില്‍ വലിയ പരിവര്‍ത്തനമുണ്ടാക്കി. ഇതിന് ഖുര്‍ആനിക ഭാഷയില്‍ ഇനാബത്ത് എന്ന് പറയപ്പെടുന്നു. വലിയ ത്യാഗവും ഗുണപാഠങ്ങളും നിറഞ്ഞ ആശുപത്രിയിലെ ഈ താമസം ഖാന്‍ഖാഹിലെ താമസത്തിന്‍റെയും മഹാന്മാരുടെ സഹവാസത്തിന്‍റെയും ഗുണം ചെയ്തു. രോഗിയെ സഹായിക്കാന്‍ പോയ സേവകന്‍റെ മനസ്സിലും മസ്തിഷ്കത്തിലും വലിയ മാറ്റമുണ്ടാക്കിയ ഈ ആശുപത്രി എന്നെ സംബന്ധിച്ചിടത്തോളം ഒരു യഥാര്‍ത്ഥ ദാറുശ്ശിഫാ തന്നെ ആയിമാറി. (കാറവാന്‍). ഇതിനോടടുത്ത കാലത്ത് ആദരണീയ മാതാവിനെ കണ്ണിന്‍റെ ഓപ്പറേഷന് ഇതേ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിക്കപ്പെട്ടു. അന്നും പരിപൂര്‍ണ്ണ സേവനം മൗലാനാ തന്നെയായിരുന്നു. ഈ സമയത്താണ് റഹ്മത്തുന്‍ ലില്‍ ആലമീന്‍ പൂര്‍ണ്ണമായി വായിച്ചത്. അത് മനസ്സിലും മസ്തിഷ്കത്തിലും വലിയ മുദ്രകള്‍ പതിപ്പിച്ചു. മൗലാനാ പറയുന്നു: മെഡിക്കല്‍ കോളേജിലെ പ്രഫസര്‍മാരും വിദ്യാര്‍ത്ഥികളും രോഗികളുടെ സേവകന്മാരും എന്നെക്കുറിച്ച് എന്ത് വിചാരിക്കും എന്നൊന്നും ചിന്തിക്കാതെ റഹ്മത്തുന്‍ ലില്‍ആലമീന്‍ തുറന്ന് പിടിച്ച് വഴിയില്‍ ചെറുതായി നടന്നുകൊണ്ട് വായിക്കുകയും ആനന്ദം കൊള്ളുകയും ചെയ്യുമായിരുന്നു. വിശിഷ്യാ മിസ്അബ് ബിന്‍ ഉമൈര്‍ (റ) അനുഗ്രഹീത കൂട്ടുകാരോടൊപ്പം നടത്തിയ പ്രബോധന പ്രവര്‍ത്തനങ്ങള്‍ മനസ്സില്‍ ആഴത്തില്‍ പതിയുകയുണ്ടായി. (കാറവാന്‍). 

ഹസ്രത്ത് മദനിയുമായി അടുപ്പം: 
മൗലാനായും കുടുംബവും ചെറുപ്പത്തില്‍ താമസിച്ചിരുന്ന വീടുമായി കുടുംബത്തിന് വല്ലാത്ത അടുപ്പമായിരുന്നു. പിതാവിന്‍റെ ജീവിതവും വിയോഗവും സംഭവിച്ചത് ആ വീട്ടിലായിരുന്നു. ഇതിനിടയില്‍ ആ വീട് ഒഴിവായി. മൗലാനായുടെ ജേഷ്ഠ സഹോദരന്‍ ഉടനെ ആ വീട് വാടകയ്ക്ക് എടുത്തു. ഈ സമയത്താണ് ജേഷ്ഠന്‍ ഹസ്രത്ത് മൗലാനാ സയ്യിദ് ഹുസൈന്‍ അഹ്മദ് മദനിയെ ബൈഅത്ത് ചെയ്യുന്നത്. ഹസ്രത്ത് മദനിയുമായി ജേഷ്ഠന്‍റെ ബന്ധം ശക്തിപ്പെടുകയും ഹസ്രത്ത് ലക്നൗവില്‍ വരുമ്പോഴെല്ലാം താമസത്തിന് ഈ വീട് തെരഞ്ഞെടുക്കുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തു. മൗലാനാ കുറിക്കുന്നു: 1928-ല്‍ ലക്നൗവില്‍ ആള്‍ പാര്‍ട്ടീസ് കോണ്‍ഫ്രന്‍സ് നടത്താന്‍ തീരുമാനിക്കപ്പെട്ടു. ഇതിന് വേണ്ടി മൗലാനാ ഹുസൈന്‍ അഹ്മദ് മദനി ധാരാളമായി ലക്നൗവില്‍ വരികയും ജേഷ്ഠനോടൊപ്പം താമസിക്കുകയും ചെയ്തിരുന്നു. വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ആളായത് കൊണ്ട് മൗലാനായ്ക്ക് ധാരാളം സേവനം ചെയ്യാന്‍ സാധിച്ചു. മൗലാനായുടെ ആന്തരിക സമ്പൂര്‍ണ്ണതയും ആത്മീയ സ്ഥാനവും മനസ്സിലാക്കാനുള്ള കഴിവ് അന്നില്ലായിരുന്നു. ഇന്നും ആ കഴിവില്ല. എന്നാല്‍ മൗലാനായുടെ വരവോട് കൂടി വീട്ടില്‍ ഒരു പ്രത്യേക പ്രകാശം അനുഭവപ്പെട്ടിരുന്നു. ഇതിന് നൂറാനിയത്ത് എന്ന് പറയാം. ആഹാരം ലളിതമായിരിക്കണമെന്ന് മൗലാനായ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അല്പം കൂടിയ ആഹാരം വെച്ചാല്‍ മൗലാനാ പ്രതിഷേധിക്കുമായിരുന്നു. എന്നാല്‍ ലളിതമായ ഈ ആഹാരത്തിലും അത്ഭുതകരമായ രസവും രുചിയും അനുഭവപ്പെട്ടിരുന്നു. മൗലാനാ എന്നോടും വലിയ വാത്സല്യം പുലര്‍ത്തിയിരുന്നു. എന്നെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മൗലാനാ ജേഷ്ഠനോട് നിര്‍ദ്ദേശിച്ചിരുന്നുവെന്ന് ജേഷ്ഠന്‍റെ സഹധര്‍മ്മിണി പിന്നീട് എന്നോട് പറയുകയുണ്ടായി. വിനീതന്‍ ആദ്യമായി പരിചയപ്പെടുകയും മനസ്സില്‍ ആദരവ് കടക്കുകയും ചെയ്ത ആദ്യത്തെ ആത്മീയ വ്യക്തിത്വമാണ് മൗലാനാ മദനി. പിന്നീട് ഇത് കൂടിക്കൊണ്ടിരുന്നു. ഇന്നുവരെയും അത് നിലനില്‍ക്കുകയും ചെയ്യുന്നു. ഇതിന്‍റെ കാരണം മൗലാനായുടെ പ്രസംഗങ്ങളൊന്നുമല്ല എന്ന് എനിക്ക് ഓര്‍മ്മയുണ്ട്. മൗലാനായുടെ പ്രഭാഷണം വിലയിരുത്താന്‍ അന്നെനിക്ക് കഴിവില്ലായിരുന്നു. അതെ മൗലാനായുടെ അനുഗ്രഹീത വ്യക്തിത്വമാണ് എന്നെ ആകര്‍ഷിച്ചത്. അറിയാതെ തന്നെ മൗലാനായുടെ കാല് പിടിക്കാനും കൈ ചുംബിക്കാനും ഞാന്‍ കൊതിച്ചിരുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ നാളുകള്‍ക്ക് ശേഷം ശിഷ്യത്വത്തിനും സഹവാസത്തിനും സൗഭാഗ്യമുണ്ടായപ്പോള്‍ ഇതില്‍ വര്‍ദ്ധനവും ഉറപ്പുമുണ്ടായി. (കാറവാന്‍). 

മൗലാനാ ലാഹോരിയുടെ അരികില്‍: 
മുമ്പൊരിക്കല്‍ ലാഹോറില്‍ പോയപ്പോള്‍ മൗലാനാ അഹ്മദ് അലി ലാഹോരിയെ കണ്ടതിനെ കുറിച്ച് മുമ്പ് സൂചിപ്പിക്കുകയുണ്ടായി. ഇവിടെ മൗലാനായുടെ തന്നെ വാചകങ്ങളില്‍ അത് വിശദമായി ഉദ്ധരിക്കുകയാണ്. മൗലാനാ കുറിക്കുന്നു: ലാഹോറില്‍ ചെന്നിട്ട് മൗലാനാ അഹ്മദ് അലി ലാഹോരിയെ കാണാതിരിക്കുക സാധ്യമല്ലായിരുന്നു. മൗലാനായെ കുറിച്ച് പണ്ടുമുതലേ കേട്ടിരുന്നു. കൂടാതെ മൗലാനായെ ചെന്ന് കാണണമെന്ന് ജേഷ്ഠന്‍ എന്നോട് കത്തിലൂടെ കല്പിച്ചിരുന്നു. അങ്ങിനെ മെയ് അവസാനത്തില്‍ മൗലാനാ സയ്യിദ് ത്വല്‍ഹ, എന്നെ മൗലാനാ അഹ്മദ് അലിയുടെ അരികില്‍ കൊണ്ടുപോയി. എനിക്ക് അന്ന് 16 വയസ്സ് പ്രായമായിരുന്നു. എന്നെക്കുറിച്ച് രണ്ട് കാര്യങ്ങള്‍ പറഞ്ഞ് പരിചയപ്പെടുത്തപ്പെട്ടു. ഒന്ന്, മഹാനായ പിതാവിന്‍റെ മകനാണ്. രണ്ട്, അറബിയില്‍ സുഗമമായി എഴുതാനും സംസാരിക്കാനും കഴിവുണ്ട്. മൗലാനാ ഞാന്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ സ്നേഹവും കാരുണ്യവും ചൊരിഞ്ഞു. അദ്ദേഹത്തോടുള്ള സ്നേഹത്തിന്‍റെ വിത്ത് എന്‍റെ മനസ്സില്‍ പതിയുകയും മനസ്സ് അത് സ്വീകരിക്കുകയും ചെയ്തു. തദ്ഫലമായി രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ വേനലവധിയില്‍ മൗലാനായുടെ ദര്‍സുല്‍ ഖുര്‍ആനില്‍ പങ്കെടുക്കാന്‍ സാധിച്ചു. അറബി മദ്റസകളിലെ വിദ്യാര്‍ത്ഥികളെ പരിഗണിച്ചുകൊണ്ട് നടത്തപ്പെട്ടിരുന്ന ഈ ദര്‍സ് റമദാന്‍-ശവ്വാല്‍-ദുല്‍ഖഅദ് മാസങ്ങളിലാണ് നടന്നിരുന്നത്. പക്ഷെ മൗലാനാ എനിക്ക് വേണ്ടി കരുണയോടെ പ്രത്യേകം സമയം നിശ്ചയിച്ച് തരികയും ഖുര്‍ആന്‍ ശരീഫ് തുടക്കം മുതല്‍ പഠിപ്പിക്കാനാരംഭിക്കുകയും ചെയ്തു. പക്ഷെ, ഇത് മുമ്പോട്ട് നീക്കാന്‍ കഴിഞ്ഞില്ല. സൂറത്തുല്‍ ബഖറ പകുതിയായപ്പോള്‍ എനിക്ക് ലക്നൗവിലേക്ക് മടങ്ങേണ്ടി വന്നു. പക്ഷെ, ഈ ദര്‍സിന്‍റെ അഭിരുചി ശക്തമായി അനുഭവപ്പെട്ടു. (പുരാനെ ചിറാഗ്). 
അടുത്ത വര്‍ഷം 1931-ല്‍ വീണ്ടും ലാഹോറില്‍ പോകുകയും മൗലാനാ ലാഹോരിയുടെ ഹുജ്ജത്തുല്ലാഹില്‍ ബാലിഗയുടെ ദര്‍സില്‍ പങ്കെടുക്കുകയും ചെയ്തു. ഈ ദര്‍സിനെ കുറിച്ച് മൗലാനാ എഴുതുന്നു: മൗലാനാ ലാഹോരിയുടെ ഈ ദര്‍സില്‍ മൂന്ന് പ്രധാനപ്പെട്ട വിശയങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു: ഒന്ന്, ശിര്‍ക്കിന്‍റെ സര്‍വ്വ വിധ അംശങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും പരിശുദ്ധമായ തൗഹീദ് വിശ്വാസം. ഇതില്‍ മൗലാനാ ഇസ്മാഈല്‍ ശഹീദിന്‍റെ ശൈലി, മൗലാനാ ലാഹോരി സ്വീകരിച്ചിരുന്നു. ഇത് ഞങ്ങളുടെ കുടുംബ വീക്ഷണം കൂടിയായതിനാല്‍ മനസ്സ് ഇതിനെ നന്നായി ആസ്വദിക്കുകയും സ്വീകരിക്കുകയും ചെയ്തു. രണ്ട്, അല്ലാഹുവുമായി അടുത്ത മഹാന്മാരുടെ ഹൃദ്യമായ സംഭവങ്ങള്‍. പ്രത്യേകിച്ചും അദ്ദേഹത്തിന്‍റെ പരമ്പരയില്‍ പെട്ട മഹാന്മാരെ അനുസ്മരിക്കുമ്പോള്‍ ആരോ അദ്ദേഹത്തിന്‍റെ മനസ്സ് കുലുക്കുന്നതായി അനുഭവപ്പെടുകയും ശ്രോദ്ധാക്കളുടെ ഉള്ളിലേക്ക് കരണ്ട് പോലെ പ്രവഹിക്കുകയും ചെയ്തിരുന്നു. മൂന്ന്, ജിഹാദിന്‍റെ ആവേശവും പടച്ചവന് വേണ്ടി കോപിക്കുന്നതിന്‍റെ പ്രാധാന്യവും. (പുരാനെ ചിറാഗ്). മൗലാനാ തുടര്‍ന്നെഴുതുന്നു: മൗലാനാ ലാഹോരിയുടെ അരികില്‍ ഇപ്രാവശ്യം താമസിച്ചിരുന്നതിനാല്‍ കൂടുതല്‍ അടുത്തറിയാന്‍ അവസരമുണ്ടായി. മൗലാനായുടെ ഭൗതിക വിരക്തി, ഭയഭക്തി, സൂക്ഷ്മത മുതലായ ഗുണങ്ങളെ മൗലാനായുടെ സെക്രട്ടറി ഷിഹാബുദ്ദീന്‍ സാഹിബ് വിവരിച്ചതിനേക്കാള്‍ കൂടുതല്‍ എനിക്ക് മൗലാനായില്‍ കാണാന്‍ കഴിഞ്ഞു. തദ്ഫലമായി മൗലാനായെ ബൈഅത്ത് ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ടാവുകയും ഒരു ദിവസം അത് പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷെ, മൗലാനാ പറഞ്ഞു: എന്‍റെ ശൈഖും മുര്‍ശിദുമായ മൗലാനാ ഗുലാം മുഹമ്മദ് ജീവിച്ചിരിപ്പുണ്ട്. ഞാന്‍ കത്തെഴുതിത്തരാം. താങ്കള്‍ അവിടെ പോയി ബൈഅത്ത് ചെയ്യുക. എനിക്ക് അനുസരിക്കാതെ മാര്‍ഗ്ഗമില്ലായിരുന്നു. ജൂണ്‍ മാസമാണെന്ന് തോന്നുന്നു. കടുത്ത വേനല്‍ക്കാലത്ത് ഭാവല്‍പൂരിലെ ദീന്‍പൂര്‍ എന്ന സ്ഥലത്തേക്ക് ഞാന്‍ യാത്രയായി. (പുരാനെ ചിറാഗ്)
 
ഹസ്രത്ത് മൗലാനാ ഗുലാം മുഹമ്മദുമായി ബൈഅത്ത്: 
ചുരുക്കത്തില്‍ 1931 ജൂണ്‍ മാസത്തില്‍ ഒരു ദിവസം കറാച്ചി മെയിലില്‍ യാത്രയായി. കൂട്ടത്തില്‍ സഹപാഠിയായ മുഹമ്മദ് മൂസാ സിന്ദി ഉണ്ടായിരുന്നു. ഞങ്ങള്‍ മഗ്രിബോടടുത്ത് ഖാന്‍പൂരിലെത്തി. അവിടെ നിന്നും പുറപ്പെട്ട് ദീന്‍പൂരിലെത്തി. രാത്രിയില്‍ തന്നെ ഹസ്രത്തിനെ കാണാന്‍ കഴിഞ്ഞു. ഇതുപോലെ പ്രകാശിക്കുന്ന മുഖം എവിടെയും കണ്ടിട്ടില്ല. സംസാരം വളരെ കുറവായിരുന്നു. സംസാരിക്കുന്നത് തന്നെ സിന്ദ് കലര്‍ന്ന ഭാഷയായിരുന്നതിനാല്‍ എനിക്ക് കൂടുതല്‍ മനസ്സിലായിരുന്നില്ല. ദീന്‍പൂര്‍ പേര് പോലെ തന്നെയുള്ള നാടായിരുന്നു. ഖാദിരിയ്യ ത്വരീഖത്തിന്‍റെ ശൈലിയിലുള്ള ശബ്ദത്തിലെ ദിക്ര്‍ നാട്ടിലെ മസ്ജിദിലും ഖാന്‍ഖാഹിലും വീടുകളിലും സദാസമയം മുഴങ്ങിയിരുന്നു. ആരെയെങ്കിലും വിളിക്കുമ്പോഴും വിളിക്ക് ഉത്തരം നല്‍കുമ്പോഴും ദിക്റുകള്‍ മാത്രമാണ് ചൊല്ലിയിരുന്നത്. ഈ ചെറിയ നാട്ടില്‍ മുഴുവനും ഹസ്രത്തിന്‍റെ ബന്ധുക്കള്‍ മാത്രമായിരുന്നു. വീടുകള്‍ വളരെ പഴയതും ചെറുതുമായിരുന്നു. ഒരു സാധാരണ മസ്ജിദിന്‍റെ അടുത്ത് ദിക്ര്‍ ചൊല്ലുന്നവര്‍ക്ക് പഴകിയ ചെറിയ മുറികളുണ്ടായിരുന്നു. ഈന്തപ്പനകള്‍ ഉണ്ടായിരുന്നതിനാല്‍ അറേബ്യന്‍ ഗ്രാമീണത ഓര്‍മ്മ വന്നു. കാലാവസ്ഥയും അതിനോട് യോജിച്ചതായിരുന്നു. ഖാന്‍ഖാഹില്‍ താമസിക്കുന്നവര്‍ക്ക് ഒരു പൊതുഭക്ഷണ ശാലയുണ്ടായിരുന്നു. ജീവന്‍ പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന ആഹാരം മാത്രമാണ് അവിടെ ലഭിച്ചിരുന്നത്. ലക്നൗവില്‍ നിന്നും വന്ന എന്നെ സംബന്ധിച്ചിടത്തോളം ഈ ആഹാരം വലിയ ത്യാഗമായിരുന്നു. കഠിന വേനലായിരുന്നതിനാല്‍ പകല്‍ മുഴുവന്‍ തീ കാറ്റ് ഉയര്‍ന്നിരുന്നു. രാത്രി അല്പം തണുപ്പ് ലഭിച്ചിരുന്നു. 90 വയസ്സ് കഴിഞ്ഞ ഹസ്രത്തിന് മൗലാനാ ലാഹോരിയുടെ കത്ത് വായിച്ച് കേള്‍പ്പിച്ചു. സയ്യിദ് അഹ്മദ് ശഹീദ് വഴി ഹസ്രത്ത് എന്നെ മനസ്സിലാക്കുകയും സില്‍സിലയില്‍ പ്രവേശിപ്പിക്കുകയും ഖല്‍ബിയ്യായ ദിക്ര്‍ ചൊല്ലാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. (പുരാനെ ചിറാഗ്). 
മൗലാനാ ഞങ്ങളുടെ സദസ്സില്‍ സാധാരണ പറയുമായിരുന്നു: ബൈഅത്ത് ചെയ്ത ശേഷം എനിക്ക് ഹസ്രത്തിനെ ഖിദ്മത്ത് ചെയ്യാന്‍ ആഗ്രഹമുണ്ടായി. അന്ന് മുകളില്‍ വലിയ വിശറി തൂക്കിയിട്ടിരുന്നു. അത് കൈകൊണ്ട് വലിച്ച് വിടുമായിരുന്നു. ഞാനും അത് വലിക്കാന്‍ തുടങ്ങി. എന്നാല്‍ അല്പം കഴിഞ്ഞപ്പോള്‍ ഇത് വലിക്കാന്‍ എനിക്ക് ആരോഗ്യമില്ല എന്ന തിരിച്ചറിവുണ്ടായി. പക്ഷെ സേവനം ആരംഭിച്ചത് കൊണ്ട് വിടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഹസ്രത്ത് കഷ്ഫിലൂടെയായിരിക്കാം ഇത് മനസ്സിലാക്കിക്കൊണ്ട് എന്നോട് പറഞ്ഞു: കുടിക്കാന്‍ അല്പം വെള്ളം കൊണ്ട് വരിക. ഞാന്‍ വെള്ളം കൊണ്ടുവന്നു. ഹസ്രത്ത് അതില്‍ നിന്നും അല്പം കുടിച്ച് അല്പം എനിക്ക് നല്‍കി. ഞാന്‍ അത് കുടിച്ചു. അങ്ങനെ നാണക്കേടില്‍ നിന്നും രക്ഷപ്പെട്ടു. 
മൂന്ന്, നാല് ദിവസം താമസിച്ചശേഷം മൗലാനാ മടങ്ങി. നാളുകള്‍ക്ക് ശേഷം ഹസ്രത്ത് മൗലാനാ ദീന്‍പൂരിയുടെ വിയോഗം സംഭവിച്ചു. 1958-ല്‍ മൗലാനാ ഒരിക്കല്‍ കൂടി ദീന്‍പൂരില്‍ വന്ന് ഒരു രാത്രി താമസിച്ചു. മൗലാനാ അഹ്മദ് അലി ലാഹോരിയെ ശൈഖും മുറബ്ബിയുമായി കാണുകയും കത്തിലൂടെ ബന്ധപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. ഈ ബന്ധം വര്‍ദ്ധിക്കുകയും ചെയ്തു. 

ദേവ്ബന്ദിലെ താമസം: 
1932-ല്‍ ഒരിക്കല്‍ ഹസ്രത്ത് മദനി ലക്നൗവില്‍ വന്നപ്പോള്‍ മൗലാനായുടെ ജേഷ്ഠന്‍ മൗലാനയ്ക്ക് കുറച്ച് പാഠങ്ങളും തര്‍ബിയത്തും നല്‍കണമെന്ന് ഹസ്രത്തിനോട് അപേക്ഷിച്ചു. അതിന് കുറച്ച് നാളുകള്‍ ദേവ്ബന്ദില്‍ വന്ന് താമസിക്കാന്‍ ഹസ്രത്ത് അഭിപ്രായപ്പെട്ടു. അതനുസരിച്ച് റബീഉല്‍ അവ്വല്‍ മാസം ദേവ്ബന്ദിലെത്തി. മൗലാനായെ ഹസ്രത്ത് മദനി സ്വന്തം അതിഥിയായി കൂട്ടത്തില്‍ താമസിപ്പിച്ചു. ഹസ്രത്ത് മദനിയുടെ ദര്‍സുകളില്‍ പങ്കെടുക്കുകയും ഇതര സമയങ്ങളില്‍ ഹസ്രത്തിനോടൊപ്പം തന്നെ കഴിയുകയും ചെയ്തു. പ്രത്യേകിച്ചും പരിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ ചോദിക്കുന്നതിന് പ്രത്യേക സമയം ചോദിക്കുകയും ഒരു വെള്ളിയാഴ്ച അതിനായി നല്‍കുകയും ചെയ്തു. മൗലാനാ പറയുന്നു: അന്ന് ഹസ്രത്ത് മദനിയുടെ ഖുര്‍ആനിക ജ്ഞാനവും ചിന്തയും വ്യക്തമായി. ഹസ്രത്ത് മദനി ആരെയെങ്കിലും ബൈഅത്ത് ചെയ്യാന്‍ വളരെ മടി കാട്ടിയിരുന്നു. പക്ഷെ, ഒരിക്കല്‍ മൗലാനായോട് ബൈഅത്ത് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ചോദിച്ചു: താങ്കള്‍ ആരെയെങ്കിലും ബൈഅത്ത് ചെയ്തിട്ടുണ്ടോ.? മൗലാനാ പറഞ്ഞു: ഞാന്‍ ഹസ്രത്ത് ദീന്‍പൂരിയെ ബൈഅത്ത് ചെയ്തിട്ടുണ്ട്. ഹസ്രത്ത് മദനി പറഞ്ഞു: വളരെ നല്ലത്. എനിക്ക് അദ്ദേഹവും ഇജാസത്ത് നല്‍കിയിട്ടുണ്ട്.! 
മൗലാനാ ദേവ്ബന്ദില്‍ നല്ല നിലയില്‍ നില്‍ക്കുന്നതായി അറിഞ്ഞപ്പോള്‍ ജേഷ്ഠന്‍ കുട്ടികളോടൊപ്പം താമസിക്കാനും പൊതു കാന്‍റീനില്‍ നിന്നും ആഹാരം കഴിക്കാനും നിര്‍ദ്ദേശിച്ചു. ഹസ്രത്ത് മദനി മനസ്സില്ലാ മനസ്സോടെ സമ്മതിച്ചെങ്കിലും രാവിലത്തെ നാശ്ത കൂട്ടത്തിലായിരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഹസ്രത്ത് മദനിയുടെ ദര്‍സ് കൂടാതെ ദാറുല്‍ ഉലൂമിലെ ശൈഖുല്‍ അദബ് മൗലാനാ ഇഅ്സാസ് അലിയുടെ പാഠത്തിലും പങ്കെടുത്തു. മൗലാനാ പറയുന്നു: എനിക്ക് ഈ പാഠം കൊണ്ട് വലിയ പ്രയോജനമുണ്ടായി. മൗലാനാ എന്നോട് വലിയ കരുണ പുലര്‍ത്തി. എന്‍റെ ഗ്രന്ഥം മുഖ്താറാത്ത് മൗലാനയ്ക്ക് കിട്ടിയപ്പോള്‍ സദസ്യരോട് ഉയര്‍ന്ന വാചകത്തില്‍ അതിനെ പരിചയപ്പെടുത്തുകയും പ്രശംസിക്കുകയും ചെയ്തു. (കാറവാന്‍). 
ഈ കാലത്ത് അല്ലാമാ അന്‍വര്‍ശാഹ് കശ്മീരി ഠാബേലില്‍ പഠിപ്പിക്കുകയായിരുന്നു. ഇടയ്ക്ക് ദേവ്ബന്ദില്‍ വന്നു. അല്ലാമയ്ക്ക് പ്രത്യേകം സലാം അറിയിക്കണമെന്ന് ജേഷ്ഠന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് പോയി കാണുകയും അല്ലാമാ തിരിച്ചറിയുകയും വിശേഷങ്ങള്‍ തിരക്കുകയും ചെയ്തു. രണ്ട്, മൂന്ന് പ്രാവശ്യം അസ്റിന് ശേഷമുള്ള മജ്ലിസില്‍ പോയി പങ്കെടുത്തു. ദേവ്ബന്ദിന്‍റെ ഈ താമസത്തിനിടയില്‍ ഖാരി അസ്ഗര്‍ അലി സാഹിബില്‍ നിന്നും ഹഫ്സിന്‍റെ ഖിറാഅത്തും പഠിച്ചു. ശഅ്ബാന്‍ ആയപ്പോള്‍ ദാറുല്‍ ഉലൂമില്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കുകയും കിതാബുകള്‍ അവസാനിക്കുകയും ചെയ്തപ്പോള്‍ മൗലാനാ ലക്നൗവിലേക്ക് മടങ്ങി. ദാറുല്‍ ഉലൂമിലെ താമസത്തെ കുറിച്ച് മൗലാനാ കുറിക്കുന്നു: നാല് മാസം നീണ്ട ദാറുല്‍ ഉലൂം ദേവ്ബന്ദിലെ ഈ താമസത്തില്‍ എന്‍റെ കേന്ദ്രബിന്ദു ഹസ്രത്ത് മദനിയുടെ വ്യക്തിത്വമായിരുന്നു. ഇടയ്ക്കിടെ രാവിലെ എന്നെ കാണുമ്പോള്‍ ഇപ്രകാരം ചോദിച്ചിരുന്നത് എനിക്ക് ഓര്‍മ്മയുണ്ട്: പറയുക, മൗലാനാ അലി മിയാന്‍ സാഹിബ്, ഇന്നത്തെ പത്രത്തില്‍ നിങ്ങള്‍ എന്തെല്ലാം വായിച്ചു.? ഈ ചോദ്യം കാരണം ദിവസം മുഴുവനും മനസ്സ് സന്തോഷിക്കുക മാത്രമല്ല, ലഹരി പിടിച്ച് കഴിയുമായിരുന്നു. (കാറവാന്‍)

ലാഹോറിലേക്കുള്ള അടുത്ത യാത്ര: 
ദേവ്ബന്ദിലെ താമസകാലത്ത് തന്നെ ലാഹോറില്‍ പോയി മൗലാനാ അഹ്മദ് അലിയുടെ ദര്‍സില്‍ പങ്കെടുത്ത് പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ട് ദേവ്ബന്ദില്‍ നിന്നും ലക്നൗവില്‍ വന്നയുടനെ ലാഹോറിലേക്ക് തയ്യാറെടുത്ത് യാത്രയായി. ഇതിനെ കുറിച്ച് മൗലാനാ വിവരിക്കുന്നു: ഹിജ്രി 1351 ശഅ്ബാന്‍ മാസം (1932) ലാഹോറിലേക്ക് പോയി. അവിടെ മദ്റസ ഖാസിമുല്‍ ഉലൂമില്‍ നിയമപരമായ വിദ്യാര്‍ത്ഥിയായി. ഉലമാ ക്ലാസ്സ് എന്ന് പറയപ്പെടുന്ന ഈ ദര്‍സ് അറബി മദ്റസകളില്‍ പാസായവര്‍ക്ക് മാത്രമുള്ളതായിരുന്നു. പരിശുദ്ധ ഖുര്‍ആന്‍ മുഴുവനും ഇവിടെ പഠിപ്പിക്കപ്പെട്ടിരുന്നു. ശഅ്ബാന്‍ അവസാനത്തില്‍ തുടങ്ങി ദുല്‍ഖഅദ പകുതി വരെയും ഇത് നീണ്ട് നിന്നിരുന്നു. ഞാന്‍ അവിടെ എത്തിയപ്പോള്‍ അമ്പതില്‍ പരം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ഭൂരിഭാഗവും ദാറുല്‍ ഉലൂം ദേവ്ബന്ദിലെ ഫാരിഗുകളായിരുന്നു. എന്‍റെ ദര്‍സുല്‍ ഹദീസിലെ സഹപാഠി മൗലാനാ സിബ്ഗത്തുല്ലാഹ് ബഖ്തിയാരിയും അതിലുണ്ടായിരുന്നു. ഈ പാഠം വളരെ ത്യാഗപൂര്‍ണ്ണവും ഓര്‍മ്മ ശക്തി ആവശ്യമുള്ളതുമായിരുന്നു. ഓരോ വിദ്യാര്‍ത്ഥികളും എല്ലാ റുകൂഉകളുടെയും സാരാംശവും അവതരണവും തയ്യാറാക്കണം. ഓരോ പാഠത്തിനും മുമ്പ് കഴിഞ്ഞ പാഠത്തിന്‍റെ പരീക്ഷ നടക്കുമായിരുന്നു. പ്രത്യേകിച്ചും മൗലാനാ ഉബൈദുല്ലാഹ് സിന്ധി ഇതിന് വേണ്ടി തയ്യാറാക്കിയ കുറിപ്പുകള്‍ കാണാതെ പറയേണ്ടി വരുമായിരുന്നു. കുടുംബ പരമായിട്ട് ഓര്‍മ്മ ശക്തി കുറവായതിനോടൊപ്പം ലാഹോറിലെ തണുപ്പും ശരീരത്തിന്‍റെ ബലഹീനതയും അവിടുത്തെ ആഹാരവും എല്ലാംകൂടി വലിയൊരു ത്യാഗമായിരുന്നു. പക്ഷെ, അല്ലാഹു വലിയ സഹായം ചെയ്തു. പാഠങ്ങള്‍ മുന്നോട്ട് നീങ്ങി. ദുല്‍ഖഅദ ആരംഭത്തില്‍ പരീക്ഷ നടന്നു. പേപ്പറുകള്‍ നോക്കുന്നതിന് ഡല്‍ഹിയില്‍ നിന്നും ഖാജാ അബ്ദുല്‍ ഹയ്യ് ഫാറൂഖി വന്നിരുന്നു. യാദൃശ്ചികമെന്നോണം എനിക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചു. സഹപാഠികള്‍ ഇതില്‍ പ്രതിഷേധിക്കുകയും ഖാജാ സാഹിബ് അനീതി കാട്ടിയെന്ന് ആരോപിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് മൗലാനാ അഹ്മദ് അലി ലാഹോരി തന്നെ പേപ്പറുകള്‍ നോക്കുന്നതാണെന്ന് പ്രഖ്യാപിച്ചു. ഭാഗ്യമെന്ന് പറയാം. അദ്ദേഹം പേപ്പറുകള്‍ നോക്കിയപ്പോള്‍ എല്ലാ സഹപാഠികള്‍ക്കും മാര്‍ക്ക് കൂട്ടിക്കൊടുത്തു. നേരത്തെ എഴുപത് മാര്‍ക്ക് കിട്ടിയ എനിക്ക് 98 മാര്‍ക്കും ഒന്നാം റാങ്കും വീണ്ടും കിട്ടി. ദുല്‍ ഖഅദ 15-ന് മൗലാനായുടെ നേതൃത്വത്തിലുള്ള സംഘടനയായ അഞ്ചുമന്‍ ഖുദ്ദാമുദ്ദീനിന്‍റെ കീഴില്‍ സനദ് ദാന സമ്മേളനം നടന്നു. വിശിഷ്ടാതിഥിയായി വന്നത് ഹസ്രത്ത് മദനിയാണ്. ഹസ്രത്തിന്‍റെ അനുഗ്രഹീത കരം കൊണ്ട് സനദ് നല്‍കപ്പെട്ടു. സനദിന്‍റെ അറബി തയ്യാറാക്കിയത് അല്ലാമാ അന്‍വര്‍ശാഹ് കശ്മീരിയായിരുന്നു. താഴ്ഭാഗത്ത് ഹസ്രത്ത് മദനിയുടെയും അല്ലാമാ ശബ്ബീര്‍ അഹ്മദ് ഉസ്മാനിയുടെയും മൗലാനാ അഹ്മദ് അലി ലാഹോരിയുടെയും ഒപ്പുകളുണ്ടായിരുന്നു. (കാറവാന്‍). ഇവിടെ രസകരമായ ഒരു സംഭവം മൗലാനാ വിവരിക്കുകയുണ്ടായി. ഹസ്രത്ത് മദനി സനദ് നല്‍കുകയും 98 മാര്‍ക്ക് ഉണ്ട് എന്ന് കാണുകയും ചെയ്തപ്പോള്‍ ഹസ്രത്തിന്‍റെ പ്രത്യേക ശൈലിയില്‍ ചോദിച്ചു: രണ്ട് മാര്‍ക്ക് കുറഞ്ഞത് എന്ത് കൊണ്ടാണ്.?
 
വീണ്ടും ലാഹോറില്‍: 
1934-ല്‍ അല്ലാമാ ലാഹോരിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം മൗലാനാ വീണ്ടും ലാഹോറിലേക്ക് യാത്ര ചെയ്തു. അല്ലാമയോടൊപ്പം താമസിച്ച് തര്‍ബിയത്തിലായി ഏകാഗ്രതയോടെ ദിക്ര്‍-ശുഗ്ലുകളില്‍ മുഴുകാനായിരുന്നു ഈ യാത്ര. അല്ലാമയുടെ നിര്‍ദ്ദേശപ്രകാരം ശൈഖായ ഹസ്രത്ത് ദീന്‍പൂരിയെ മൗലാനാ ബൈഅത്ത് ചെയ്യുകയും അല്ലാമയുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നെങ്കിലും ഏകാഗ്രതയോടെ സഹവസിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഈ യാത്ര അതിന് വേണ്ടിയായിരുന്നു. ലാഹോറില്‍ മൗലാനായുടെ സ്നേഹനിധിയായ മാതൃ സഹോദരി ഉണ്ടായിരുന്നെങ്കിലും അല്ലാമാ ലാഹോരിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം അവിടുത്തെ ശാഹി മസ്ജിദിലെ ഒരു മുറിയില്‍ മൗലാനാ താമസിച്ചു. ദിക്ര്‍-ശുഗ്ല്‍-നഫ്ല്‍-തിലാവത്ത് എന്നിവ കൂടാതെ മറ്റൊന്നും പാടില്ലെന്ന് അല്ലാമാ നിര്‍ദ്ദേശിച്ചിരുന്നു. ഇപ്രകാരം മൂന്ന് മാസം അവിടെ കഴിച്ചുകൂട്ടി. പകലില്‍ അല്ലാമയുടെ ശിഷ്യനായ ഹാജി അബ്ദുല്‍ വാഹിദിന് ഒരു പാഠം എടുത്ത് കൊടുക്കുമായിരുന്നു. ഇത് ഒഴിച്ചുള്ള സമയമെല്ലാം ദിക്ര്‍-ദുആകളില്‍ മാത്രം കഴിച്ചുകൂട്ടി. പഴയ മസ്ജിദായിരുന്നു. രാത്രി ആരെങ്കിലും വന്നാല്‍ വന്നു എന്ന് മാത്രം. എന്തായാലും വലിയ ത്യാഗമായിരുന്നു. മൗലാനാ ഒരു സംഭവം വിവരിക്കുന്നു: ഒരിക്കല്‍ ബുദ്ധിസ്ഥിരതയില്ലാത്ത ഒരു വ്യക്തി മസ്ജിദില്‍ വന്നുകിടന്നു. ഞാന്‍ രാത്രി എഴുന്നേറ്റപ്പോള്‍ അയാള്‍ പെട്ടെന്ന് എന്നെ അക്രമിക്കുകയും എന്‍റെ കൈ ഒടിഞ്ഞുപോകത്തക്ക നിലയില്‍ പിടിക്കുകയും ചെയ്തു. വലിയ പരിഭ്രമമായി. പിടിച്ച് മാറ്റാന്‍ ആരുമില്ലായിരുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ അദ്ദേഹം സ്വയം വിടുകയും എനിക്ക് രക്ഷ ലഭിക്കുകയും ചെയ്തു. ഗുണപാഠം നിറഞ്ഞ മറ്റൊരു സംഭവം ഇപ്രകാരം വിവരിക്കുന്നു: ഒരിക്കല്‍ രാത്രി എന്തോ ആവശ്യത്തിന് വെളിയിലേക്ക് ഇറങ്ങിയതാണ്. നോക്കിയപ്പോള്‍ പുറത്ത് ഒരു തടിമാടന്‍ കുതിരപ്പുറത്ത് ഇരിക്കുന്നു. എന്നെ കണ്ടപ്പോള്‍ ചോദിച്ചു: മൗലവീ, എവിടെയെങ്കിലും ജിഹാദ് നടക്കുന്നുണ്ടോ.? എന്‍റെ അറിവില്‍ എവിടെയും ജിഹാദ് നടക്കാത്തതിനാല്‍ ഞാന്‍ പറഞ്ഞു: എന്‍റെ അറിവില്‍ ഇപ്പോള്‍ എവിടെയുമില്ല. ഉടനെ അദ്ദേഹം പറഞ്ഞു: എന്‍റെ ഉമ്മുമ്മ എന്നോട് പറയുകയുണ്ടായി: അവരുടെ ഭര്‍ത്താവ് മരണപ്പെടാന്‍ നേരത്ത് കലിമ നാവില്‍ നിന്നും പുറപ്പെടുന്നില്ലായിരുന്നു. സയ്യിദ് അഹ്മദ് ശഹീദിന് എതിരില്‍ പ്രവര്‍ത്തിച്ചതിന്‍റെ ദുഷ്ഫലമാണ് ഇതെന്ന് അദ്ദേഹം പറയുകയുണ്ടായി. അതുകൊണ്ട് ജിഹാദിന്‍റെ വഴിയില്‍ ജീവാര്‍പ്പണം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്.! അല്ലാമാ ലാഹോരിയുടെ നിര്‍ദ്ദേശപ്രകാരം തുടര്‍ച്ചയായി മൂന്ന് മാസം മൗലാനാ വലിയ ത്യാഗങ്ങള്‍ സഹിച്ചുകൊണ്ട് ഈ മസ്ജിദില്‍ കഴിഞ്ഞുകൂടി. ശേഷം ലക്നൗവിലേക്ക് മടങ്ങി. അശ്രദ്ധയുടെ ഉറക്കം ഉണ്ടാകാതിരിക്കുന്നതിന് ഹൗളിന്‍റെ അരികില്‍ കിടന്നുറങ്ങാന്‍ അല്ലാമാ നിര്‍ദ്ദേശിച്ചിരുന്നു. നീണ്ടകാലം വരെ മൗലാനാ മസ്ജിദുകളുടെ ഹൗളിനരികിലാണ് വിശ്രമിച്ചിരുന്നത്.! 

                                *******


പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി





ഞങ്ങളുടെ കേന്ദ്ര സ്ഥാപനം




 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌