▪️മുഖലിഖിതം
  പയാമെ ഇന്‍സാനിയത്ത് (മാനവതാ സന്ദേശം) 
പ്രവര്‍ത്തന രീതി
✍️മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി

▪️ജുമുഅ സന്ദേശം 
മസ്ജിദുകളെ സംരക്ഷിക്കാനും സേവിക്കാനും മുസ്‌ലിം സമുദായം സന്നദ്ധരാവുക.
✍️ 
മൗലാനാ ഉമറൈൻ മഹ്ഫൂസ് റഹ്മാനി
▪️മആരിഫുല്‍ ഖുര്‍ആന്‍ 
സൂറത്തുയാസീന്‍ ഭാഗം-5
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️മആരിഫുല്‍ ഹദീസ്
ദുആയുടെ പ്രയോജനങ്ങൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ ജീവചരിത്രം
മുഫക്കിറുല്‍ ഇസ്‌ലാം അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി; ജീവിതവും സന്ദേശവും- 5
✍️ മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി

********************************


മുഖലിഖിതം


 പയാമെ ഇന്‍സാനിയത്ത്
(മാനവതാ സന്ദേശം) 
പ്രവര്‍ത്തന രീതി

മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി

മാനവികതയുടെ ഉന്നത ഗുണങ്ങൾ നമ്മിൽ ഉണ്ടാക്കിയെടുക്കാനും പ്രചരിപ്പിക്കാനും നാം ഓരോരുത്തരും ആഗ്രഹിക്കുകയും അതിനുവേണ്ടി കൂടിയാലോചിക്കുകയും ഇടയ്ക്കിടെ കൂടിയാലോചനകൾ തുടർന്നുകൊണ്ടിരിക്കുകയും ചെയ്താൽ ഈ പ്രവർത്തനത്തിന്റെ വിവിധ രൂപങ്ങളും മര്യാദകളും നമുക്ക് വ്യക്തമാകുന്നതാണ്. അനുഭവങ്ങളിലൂടെ ഈ വിഷയത്തിൽ പ്രയോജനകരമായി മനസ്സിലായ രണ്ട് ലളിതമാർഗ്ഗങ്ങൾ മാത്രം ഇവിടെ വിവരിക്കുന്നു. 
ഒന്ന്, രചനകളുടെ വിതരണം. അല്ലാമാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി പയാമെ ഇൻസാനിയ്യത്തുമായി ബന്ധപ്പെട്ട് നടത്തിയ പ്രഭാഷണങ്ങൾ ചെറു രചനകളാക്കി തയ്യാറാക്കുകയും വ്യാപകമായ നിലയിൽ വിതരണം നടത്തുകയും ചെയ്യുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിയമ പാലകർ, വൈദ്യവുമായി ബന്ധമുള്ളവർ, സേവന പ്രവർത്തകർ, ഓഫീസർമാർ, വ്യാപാരികൾ, രാഷ്ട്രീയക്കാർ, എന്നീ വിഭാഗങ്ങൾക്ക് ഇത് പ്രത്യേകമായി എത്തിച്ചുകൊടുക്കേണ്ടതാണ്. എത്തിച്ചുകൊടുക്കപ്പെടുന്നവരുടെ വിഭാഗത്തിൽപെട്ടവർ തന്നെ അവർക്ക് എത്തിച്ചുകൊടുക്കുന്നതാണ് ഉത്തമം. എത്തിച്ചുകൊടുക്കുന്നവർ ആദ്യം രചന വായിച്ച് നോക്കേണ്ടതാണ്. എന്നാൽ മാത്രമേ വല്ല സംശയങ്ങളും ചോദിച്ചാൽ മറുപടി പറയാൻ സാധിക്കുകയുള്ളൂ. രചനയോടൊപ്പം അഭിപ്രായം രേഖപ്പെടുത്താനുള്ള ഒരു ഫോറവും വെക്കേണ്ടതാണ്. മറ്റൊരിക്കൽ കണ്ടുമുട്ടി ആ ഫോറം വാങ്ങുകയും അവരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്. യാത്രകളിൽ ഈ രചനകൾ കൈയ്യിൽ കരുതാൻ പ്രത്യേകം ശ്രദ്ധിക്കണം. യാത്രക്കിടയിൽ നാം തന്നെ അത് വായിച്ചുകൊണ്ടിരിക്കുക. ഇതിലൂടെ മറ്റുള്ളവർക്ക് മനസ്സിലാക്കാൻ ആഗ്രഹം ജനിക്കുന്നതാണ്. ഈ രചനകൾ കേന്ദ്രത്തിൽ നിന്നും വരുത്തുകയോ സ്വന്തം യൂണിറ്റിന്റെ പേരിൽ പ്രസിദ്ധീകരിക്കുകയോ ചെയ്യാവുന്നതാണ്. 
രണ്ട്, ആശുപത്രികളിലെ സന്ദർശനമാണ് രണ്ടാമത്തെ ലളിതവും ശക്തവുമായ പ്രവർത്തനം. ഇതിന് രണ്ട് രൂപങ്ങൾ ഉണ്ട്. ഒന്നാമതായി സുബ്ഹി നമസ്‌ക്കാരം കഴിഞ്ഞ് കുറച്ച് ചായയും ബിസ്‌ക്കറ്റും എടുത്തുകൊണ്ട് രോഗികളെ സന്ദർശിക്കുകയും അവർക്ക് ആദരവോടെ നൽകുകയും ചെയ്യുക. രണ്ടാമതായി ജലം പോലുള്ള ആവശ്യവസ്തുക്കൾ ശേഖരിക്കുകയും രാവിലെ 11 മണിക്കോ വൈകുന്നേരമോ സംഘമായി ആശുപത്രികളിൽ പോയി ഈരണ്ട് പേർ വീതം ഓരോ ഏരിയകളിൽ സന്ദർശനം നടത്തുക. ഈ രണ്ട് നിലയിലുള്ള സന്ദർശനകളിലും താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. 
ദീനുള്ളവരും ദീൻ കുറഞ്ഞവരുമായ ആളുകളെ ഉൾപ്പെടുത്തി ചെറു സംഘങ്ങൾ ഉണ്ടാക്കേണ്ടതാണ്. ആശുപത്രി അധികൃതരെ (സി എ മോ) ആദ്യമായി കണ്ട് ഈ പ്രവർത്തനത്തെ പരിചയപ്പെടുത്തുകയും അനുവാദം വാങ്ങുകയും ചെയ്യേണ്ടതാണ്. ആദ്യം രോഗികളുടെ ബന്ധുക്കളെ കണ്ട് അവസ്ഥയും ആവശ്യങ്ങളും ചോദിച്ചറിയുക. തുടർന്നവർക്ക് ഈ പ്രവർത്തനത്തിന്റെ ലഘുലേഖ നൽകുക. ശേഷം രോഗിയെ നല്ല നിലയിൽ സമാശ്വസിപ്പിക്കുകയും ആരോഗ്യത്തിനും സൗഖ്യത്തിനും പ്രാർത്ഥിക്കുകയും ചെയ്യുക. രോഗിക്ക് ആശുപത്രിയിൽ വല്ല പ്രശ്‌നങ്ങളും ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ പരിശ്രമിക്കുകയും ചികിത്സയിൽ വല്ല തടസ്സവും ഉണ്ടെങ്കിൽ അത് ദൂരീകരിക്കുക. ഇടയ്ക്കിടെ സന്ദർശനങ്ങൾ തുടരുക. 
ഈ രണ്ട് പ്രവർത്തനങ്ങൾ കൂടാതെ വേറെയും ധാരാളം മാനവിക പ്രവർത്തനങ്ങൾ ഉണ്ട്. സ്‌കൂളുകൾ സന്ദർശിക്കുക, വൃദ്ധസദനങ്ങളിൽ പോവുക, സാധുക്കളെ സഹായിക്കുക, സദസ്സുകൾ സംഘടിപ്പിക്കുക, മെഡിക്കൽ ക്യാമ്പുകൾ നടത്തുക, പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കുക, പ്രസംഗ മത്സരങ്ങൾ നടത്തുക, കരിയർ ഗേഡൻസ് നൽകുക, ജയിലുകൾ സന്ദർശിക്കുക, പൊതുസമ്മേളനങ്ങൽ സംഘടിപ്പിക്കുക, ഡയലോഗുകൾ (അഭിമുഖങ്ങൾ) നടത്തുക, പിന്നാക്ക പ്രദേശങ്ങളെ സമുദ്ധരിക്കുക, അനാഥ അനാഥരെ സംരക്ഷിക്കുക, എന്നിവ അതിൽ  പെട്ടതാണ്.

******************






*****************

All India Muslim Personal Law Board


മസ്ജിദുകളെ സംരക്ഷിക്കാനും സേവിക്കാനും മുസ്‌ലിം സമുദായം സന്നദ്ധരാവുക.

മൗലാനാ ഉമറൈൻ മഹ്ഫൂസ് റഹ്മാനി
സമ്പാ: അബ്ദുർറസ്സാഖ് ഹുസ്നി


 { إِنَّمَا یَعۡمُرُ مَسَـٰجِدَ ٱللَّهِ مَنۡ ءَامَنَ بِٱللَّهِ وَٱلۡیَوۡمِ ٱلۡـَٔاخِرِ وَأَقَامَ ٱلصَّلَوٰةَ وَءَاتَى ٱلزَّكَوٰةَ وَلَمۡ یَخۡشَ إِلَّا ٱللَّهَۖ فَعَسَىٰۤ أُو۟لَـٰۤىِٕكَ أَن یَكُونُوا۟ مِنَ ٱلۡمُهۡتَدِینَ }
[Surah At-Tawbah: 18]

അല്ലാഹുവിന്‍റെ പള്ളികള്‍ പരിപാലിക്കേണ്ടത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയല്ലാതെ ഭയപ്പെടാതിരിക്കുകയും ചെയ്തവര്‍ മാത്രമാണ്‌. എന്നാല്‍ അത്തരക്കാര്‍ സന്‍മാര്‍ഗം പ്രാപിക്കുന്നവരുടെ കൂട്ടത്തിലായേക്കാം.

അനസ്(റ) നിവേദനം: റസൂൽ(സ) അരുളിയതായി ഞാൻ കേട്ടു: അല്ലാഹു പറയുന്നു: ഞാൻ ഭൂനിവാസികളെ ശിക്ഷിക്കാൻ തീരുമാനിച്ചു. എന്റെ ഭവന പരിപാലകരെയും എന്റെ തൃപ്തിക്കായി പരസ്പരം സ്നേഹിക്കുന്നവരെയും അന്ത്യ യാമങ്ങളിൽ എന്നോട് പാപ മോചനമിരക്കുന്നവരെയും കണ്ടപ്പോൾ ഞാൻ ശിക്ഷിക്കുന്നതിൽ നിന്ന് പിന്മാറി. (شعب الإيمان للبيهقي)

മനുഷ്യർക്ക് ലോകത്ത് അവകാശങ്ങൾ ഉള്ളതു പോലെ ഭൂപ്രദേശങ്ങൾക്കും ചില അവകാശങ്ങളുണ്ട്. അതിൽ അല്ലാഹുവിനായി ഭവനം നിർമ്മിക്കപ്പെട്ട ഭൂമിയിൽ കൂടുതൽ ബാധ്യതകളുണ്ട്.
ഭൂമിയിൽ അല്ലാഹുവിന്റെ കാരുണ്യകടാക്ഷങ്ങൾ അധികമായി വർഷിക്കപ്പെടുന്നത് മസ്ജിദുകളിലാണ്.
മസ്ജിദ് എന്നാൽ സുജൂദ് നിർവ്വഹിക്കപ്പെടുന്ന സ്ഥലമെന്നാണ്. മസ്ജിദിൽ നിർവ്വഹിക്കപ്പെടുന്ന ആരാധനയായ നമസ്കാരത്തിലെ പ്രഥമ ഭാഗം സുജൂദാണ്. അക്കാരണത്താലാണ് അവയിലേക്ക് ചേർത്ത് മസ്ജിദ് എന്ന് വിളിക്കപ്പെടുന്നത്.

മുസ്‌ലിം പ്രദേശങ്ങളിലെല്ലാം മസ്ജിദ് ഉണ്ടായിരിക്കൽ അനിവാര്യതയാണ്. അത് നിർമ്മിക്കുന്നതിനായി സമ്പത്തും സമയവും ആരോഗ്യവും മുസ്‌ലിം സമുദായം ചിലവഴിക്കണം.
മസ്ജിദുകൾ എന്നത് വെറും ആരാധനാലയങ്ങൾ മാത്രമല്ല, ഇസ്‌ലാമിക അദ്ധ്യാപനങ്ങളുടെ കേന്ദ്രങ്ങൾ കൂടിയാണവ. ഏകദൈവാരാധനയുടെയും വിശ്വാസത്തിന്റെയും സമത്വത്തിന്റെയും തുല്യതയുടയും പ്രാവർത്തികരൂപം അവിടെ കാണാൻ കഴിയും. ഭരണാധികാരിയും ഭരണീയരും പണ്ഡിതനും പാമരനും സമ്പന്നനും ദരിദ്രനും ഒരേ സ്വഫിൽ വരിവരിയായി നിൽക്കുന്ന രംഗം ലോകത്തെ മറ്റേത് ആരാധനാലയങ്ങളിൽ കാണാൻ സാധിക്കും.
ഇസ്ലാമിന്റെ ഉറച്ച പ്രഖ്യാപനമിതാണ്,   'അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ കറുത്തവന് വെളുത്തവനേക്കാളോ പ്രത്യേകമായ ഒരു സ്ഥാനവുമില്ല. '
ഇതിന്റെ പ്രാവർത്തിക രീതിയാണ് മസ്ജിദുകളിൽ കാണാൻ കഴിയുന്നത്.

വിശ്വാസികൾക്ക് മസ്ജിദുകളിൽ നിന്ന് ദീനീ ആവേശവും സത്യപാതയിൽ അടിയുറച്ച് നിൽക്കാനുള്ള കരുത്തും ലഭിക്കും. ഇസ്ലാമിനും മുസ്ലിമിനുമെതിരെ ഉയരുന്ന തെറ്റിദ്ധാരണകൾക്ക് ആശ്വാസകരമായ മറുപടികളും തെളിവുകളും മസ്ജിദിന്റ മിമ്പറുകളിൽ നിന്ന് കേൾക്കാൻ കഴിയും. അതിന്റെ മിഹ്റാബുകളിൽ നിന്ന് സത്യ- അസത്യങ്ങളെ വേർതിരിച്ച് മനസ്സിലാക്കാൻ സാധിക്കും, അവിടെ നിന്ന് ദീനിന്റെ വിധിവിലക്കുകൾ പഠിക്കാം, സാമൂഹിക ജീവിതത്തിലെ അടിസ്ഥാന പാഠങ്ങൾ കരസ്ഥമാക്കാം. അവിടെ നിന്ന് മുസ്‌ലിം സമൂഹം അശ്രദ്ധയിലായി പോകുന്ന കാര്യങ്ങളിൽ മുന്നറിയിപ്പ് ലഭിക്കും. മസ്ജിദുകൾ ഈമാനിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നീതിയുടെയും സമത്വത്തിന്റെയും സത്യസന്ധതയുടെയും മഹത്വ് ചിന്തകളുടെയും കേന്ദ്രമാണ്. മുസ്‌ലിം സമുദായത്തിന് മാർഗ്ഗദർശനവും ഐശ്വര്യവും മസ്ജിദ് മുഖാന്തരമാണുണ്ടാകുന്നത്.
ആകയാൽ മുസ്‌ലിം സമുദായം അവരുടെ പ്രദേശങ്ങളിൽ മസ്ജിദ് നിർമ്മിക്കാനും അവ ആരാധനകളാൽ സജീവമാക്കാനും ഉറച്ച തീരുമാനമെടുക്കണം. മനസ്സിലാക്കണം, മസ്ജിദുകൾ ഉള്ള പ്രദേശം എല്ലാ നിലയിലും സജീവമായിരിക്കും, അവയില്ലാത്ത പ്രദേശങ്ങൾ എല്ലാ നിലയിലും നിർജീവവുമായിരിക്കും.

മസ്ജിദുകൾ പകർന്ന് നൽകുന്ന ദീനും ഈമാനും സ്വഭാവ മഹിമയും നിറഞ്ഞ പ്രദേശങ്ങളിലെ ജനങ്ങൾ, സുരക്ഷിതരും പരസ്പര സാഹോദര്യത്തോടെ ജീവിക്കുന്നവരുമായിരിക്കും.ഖേദകരമെന്നു പറയട്ടെ, സമാധാനത്തിന്റെ സന്ദേശം പകരുന്ന മസ്ജിദുകളെ തന്നെ വെറുപ്പിന്റെ കേന്ദ്രമായി ചിത്രീകരിക്കപ്പെടുന്നു . ചരിത്ര യാഥാർത്ഥ്യങ്ങളെ അവഗണിച്ചുകൊണ്ട് അവ പിടിച്ചെടുക്കുവാൻ ശ്രമങ്ങൾ നടക്കുന്നു.വർഷങ്ങൾക്കു മുമ്പ് ബാബരിമസ്ജിദിനോട് കാണിച്ച ക്രൂരത നമ്മുടെയെല്ലാം മനസ്സിലെ വേദനയാണ്. ഇപ്പോൾ ഇതാ ഗ്യാൻ വാപി മസ്ജിദും മറ്റുചില മസ്ജിദുകളും പിടിച്ചെടുക്കുവാൻ ശ്രമങ്ങൾ നടക്കുന്നു. കുതന്ത്രങ്ങൾ പ്രചരിപ്പിക്കാൻ സോഷ്യൽ മീഢിയകളെ അവർ സമർത്ഥമായി ഉപയോഗിക്കുന്നു.
1991 ൽ ആരാധനാലയങ്ങളുടെ സംരക്ഷണത്തിനായി നിലവിൽ വന്ന നിയമം വിസ്മരിച്ച് നീതി പീഠം പോലും ഉത്തരവ് പുറപ്പെടുവിക്കുന്നു. 
ഗ്യാൻവാപി മസ്ജിദ് കേസ് വലിയ ചർച്ചയാക്കി സമുദായത്തിനിടയിൽ വർഗ്ഗീയ മുതലെടുപ്പ് നടത്താനാണ് വർഗ്ഗീയ സംഘടിത ശക്തികൾ ശ്രമിക്കുന്നത്.

ഗ്യാൻവാപി മസ്ജിദ് വാരണാസിയിലെ 100 വർഷത്തോളം പഴക്കമുള്ള പുരാതന മസ്ജിദാണ്. ഉത്തർപ്രദേശിലെ പ്രശസ്ത പട്ടണമാണ് കാശി എന്നറിയപ്പെടുന്ന വാരണാസി. ഗ്യാൻ വാ പി എന്ന സ്ഥലത്ത് നിലകൊള്ളുന്നതിനാൽ മസ്ജിദിന് ഗ്യാൻ വാപി മസ്ജിദ് എന്ന് നാമധേയം നൽകപ്പെട്ടു. വർഗ്ഗീയ വാദികൾ ഈ വിഷയത്തിൽ പ്രചരിപ്പിക്കുന്ന നുണ ഇപ്രകാരമാണ്, പ്രശസ്ത മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബ്(റ) ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചത്.

ഈ ആരോപണം ശുദ്ധ നുണയാണെന്ന് ചരിത്ര ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും. ഗ്യാൻ വാപി മസ്ജിദ് നിർമ്മിക്കപ്പെടുന്നത് മുഗൾ ചക്രവർത്തി അക്ബറിന്റെ കാലത്താണ് . ഔറംഗസേബ്(റ) അക്ബറിന്റെ പൗത്രനാണ്. അഥവാ ഔറംഗസേബ്(റ) ഭരിക്കുന്നതിന് ധാരാളം വർഷം മുമ്പ് തന്നെ ഇത് നിർമ്മിക്കപ്പെട്ടതാണ്. ക്ഷേത്രം തകർത്ത് മസ്ജിദ് നിർമ്മിച്ചെന്ന് പറയുന്നത് എത്ര വിഡ് ഢിത്തമാണെന്ന് ഇപ്പോൾ വ്യക്തമായല്ലോ?!

വാസ്തവത്തിൽ കളവിനെ വ്യാപകമായി പ്രചരിപ്പിച്ചു സത്യമാക്കി വരുത്തി തീർക്കാനുള്ള ഒരു നിഗൂഡ പദ്ധതി മാത്രമാണിത്.
മസ്ജിദിന്റെ ഹൗളിൽ ശിവലിംഗം കണ്ടെത്തിയെന്ന് വർഗീയവാദികൾ വ്യാപകമായി പ്രചരിപ്പിച്ചു . എന്നാൽ അത് തെറ്റാണെന്ന് പ്രദേശവാസികളായ അമുസ്ലിം സഹോദരങ്ങൾ തന്നെ സ്ഥിരീകരിച്ചു.

ഇതിൽ ആശങ്കയുണ്ടാക്കുന്ന കാര്യമിതാണ്, കീഴ്കോടതി മറുവിഭാഗത്തിൻറെ വാദം പോലും കേൾക്കാതെയാണ് വിധി നടത്തിയത്. 20 ആളുകൾ കൂടുതൽ നമസ്കരിക്കാൻ പാടില്ല എന്ന് കീഴ്കോടതി വിധിച്ചു. എന്നാൽ സുപ്രീംകോടതി എല്ലാവർക്കും നമസ്കരിക്കാം എന്ന് വിധിച്ചു. അതിനോടൊപ്പം ജലധാര അടച്ചിടാനും ഉത്തരവിട്ടു ..!!

ഇതിന്റെ കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്, മുസ്‌ലിം സമൂഹം കേസ് നല്ല നിലയിൽ മുന്നോട്ട് പോയി നീതി ലഭിക്കാൻ പ്രത്യേകം പ്രാർത്ഥിക്കണം. ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിന്റെ ലീഗൽ സെല്ല് കേസ് ഏറ്റെടുത്ത് നടത്തുകയാണ്.

ഇന്ത്യൻ മുസ്‌ലിംകൾ പ്രത്യേകം മനസ്സിലാക്കണം, ഭരണകൂടത്തിന്റെ ഇത്തരം അപകടകരമായ നീക്കത്തിൽ മൗനം പാലിക്കുന്നത് കടുത്ത തെറ്റാണ്. നമ്മുടെ രാജ്യത്ത് ജനാധിപത്യ ഭരണമാണ്.എല്ലാ മത വിഭാഗങ്ങളെയും പരിഗണിക്കലും അവരുടെ ഇവിടെ മതപരമായ സ്ഥലങ്ങളെ സംരക്ഷിക്കലും ജനാധിപത്യ സർക്കാറിന്റെ കടമയാണ്.ദുഃഖകരമെന്ന് പറയട്ടെ, ഇത്തരം കാര്യങ്ങളിലൊന്നും സർക്കാർ ശ്രദ്ധ ചെലുത്തുന്നതായി കാണുന്നില്ല.
മുസ്ലിം പേഴ്സണൽ ലോ ബോർഡ് ഭരണകൂടത്തോട് ഈ അപകടകരമായ മൗനം വെടിയാനും മുന്നോട്ടു വന്ന് കടമ നിറവേറ്റാനും അക്രമങ്ങളെ അക്രമമായി ആയി കണക്കിലെടുക്കാനും പ്രത്യേകം ഉണർത്തി.രാജ്യത്ത് അത് സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്നും വർഗീയ വാദികളുടെ പ്രവർത്തനങ്ങൾക്ക് തടയിടണമെന്നും പ്രത്യേകം ഓർമിപ്പിച്ചു.

മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് തങ്ങളുടെ നിലപാട് വ്യക്തമാക്കി , 1991 ൽ ആരാധനാലയങ്ങളുടെ സംരക്ഷണത്തിനായി ആയി നിലവിൽവന്ന നിയമത്തെ മാനിച്ചുകൊണ്ട് ഉണ്ട് കീഴ്ക്കോടതികൾ കേസിനെ സ്വീകരിക്കണം. ഗ്യാൻ വാപി മസ്ജിദ്, മധുര ഈദ് ഗാഹ് മസ്ജിദ്, ഖുതുബ് മിനാർ മസ്ജിദ്, മധ്യപ്രദേശിലെ കമാലുദ്ദീൻ മസ്ജിദ് തുടങ്ങിയ മസ്ജിദ് കൊലക്കേസിൽ കീഴ്കോടതി സ്വീകരിച്ച നയം പ്രസ്തുത നിയമത്തിന് എതിരാണ് .

മസ്ജിദ് പരിപാലകർക്കും സേവകർക്കും വേണ്ടി 1991 ൽ ആരാധനാലയങ്ങളുടെ ആരുടെ സംരക്ഷണത്തിനായി നിലവിൽ വന്ന പ്രസ്തുത വിധിയെ ചെറിയ നിലയിൽ വിശദീകരിക്കുകയാണ്.
1947 ആഗസ്റ്റ് 15 ന് ആരാധനാലയങ്ങൾ ഏത് നിലയിലാണോ ഉള്ളത്, അതിൽ മാറ്റം വരുത്താൻ കഴിയില്ല. ആരാധനാലയങ്ങളുടെ പേരിൽ സമുദായങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കാതിരിക്കലായിരുന്നു ഇതിന്റെ ലക്ഷ്യം.
ഏതെങ്കിലും ആരാധനാലയത്തിൽ മാറ്റത്തിരുത്തലുകൾ ശ്രദ്ധയിൽ പെട്ടാൽ, അത് ഏതെങ്കിലും കാലത്ത് നിയമപരമായി മറ്റൊരു വിഭാഗം കൈവശപ്പെടുത്തിയാൽ പോലും അതിനെ യഥാർത്ഥ അവകാശികൾക്ക് തിരിച്ച് കൊടുക്കേണ്ടതാണ്. ഇതിലൂടെ രാജ്യത്ത് വലിയ കലാപങ്ങളും കലഹങ്ങളും ഒഴിവാക്കാൻ സാധിച്ചു.

ഇന്ന് ഗ്യാൻ വാപി മസ്ജിദിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ രാജ്യത്ത മറ്റ് ചില മസ്ജിദുകളുടെ വിഷയത്തിലും ഉന്നയിക്കപ്പെടുന്നു. മുസ്ലിം സമുദായം ആശങ്കയിലാണ്. കാരണം 1991 ൽ നിലവിൽ വന്ന ഈ നിയമം ലംഘിക്കപ്പെടുന്നതിന് അവർ സാക്ഷിയാകുന്നു. 
ഇതിന്റെ വലിയ ഒരു പ്രശ്നം, രാജ്യം  അഭിവൃദ്ധിപ്പെടാതെ പോകുമെന്നതാണ്. രാജ്യനിവാസികൾക്കിടയിലെ സാഹോദര്യമാണ് രാജ്യത്തിന്റെ വളർച്ചയുടെ കാതൽ. പരസ്പര വിദ്വേഷത്തിലൂടെ രാജ്യം നശിക്കുക മാത്രമാണുണ്ടാവുക.

മസ്ജിദുകൾക്കെതിരെ ഇത്തരം കുതന്ത്രങ്ങൾ പ്രയോഗിക്കുന്നത് കൂടാതെ പല രീതിയിൽ കൂടി മുസ്‌ലിം സമുദായത്തെ ലക്ഷ്യം വെക്കപ്പെടുകയാണ്. ഇത്തരമൊരു ദുർഘടമായ അവസ്ഥയിൽ വിവേകവും മനശക്തിയും മുറുകെ പിടിച്ച് മുന്നോട്ട് നീങ്ങുകയെന്നതാണ് മുസ്‌ലിം സമുദായത്തിന്റെ ബാധ്യത. ചരിത്രം പരിശോധിച്ചാൽ ഇത്തരം സാഹചര്യങ്ങളെ മുസ്‌ലിം സമുദായം നേരിട്ടത് ഇപ്രകാരമാണെന്ന് മനസ്സിലാകും. സമുദായത്തിന് ഇതൊന്നും പുതുമയുള്ള കാര്യമല്ല. വിശുദ്ധ ഖുർആൻ തന്നെ ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടിവരുമെന്ന് നമ്മെ ഓർമ്മിപ്പിച്ചിട്ടുണ്ട്.

{ وَلَنَبۡلُوَنَّكُم بِشَیۡءࣲ مِّنَ ٱلۡخَوۡفِ وَٱلۡجُوعِ وَنَقۡصࣲ مِّنَ ٱلۡأَمۡوَ ٰ⁠لِ وَٱلۡأَنفُسِ وَٱلثَّمَرَ ٰ⁠تِۗ وَبَشِّرِ ٱلصَّـٰبِرِینَ }
[Surah Al-Baqarah: 155]

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.

{ ۞ لَتُبۡلَوُنَّ فِیۤ أَمۡوَ ٰ⁠لِكُمۡ وَأَنفُسِكُمۡ وَلَتَسۡمَعُنَّ مِنَ ٱلَّذِینَ أُوتُوا۟ ٱلۡكِتَـٰبَ مِن قَبۡلِكُمۡ وَمِنَ ٱلَّذِینَ أَشۡرَكُوۤا۟ أَذࣰى كَثِیرࣰاۚ وَإِن تَصۡبِرُوا۟ وَتَتَّقُوا۟ فَإِنَّ ذَ ٰ⁠لِكَ مِنۡ عَزۡمِ ٱلۡأُمُورِ }
[Surah Âl-`Imrân: 186]

തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുകളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്‌. നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു.

വിഷമ ഘട്ടങ്ങളിൽ ക്ഷമ മുറുകെ പിടിക്കാൻ ഖുർആൻ ഉപദേശിക്കുന്നു. ക്ഷമ എന്നാൽ 'അല്ലാഹുവിന്റെ സഹായം പ്രതീക്ഷിച്ച് കൊണ്ട് നമ്മുടെ കടമകൾ പൂർത്തീകരിക്കുക എന്നാണ്.'
ഇസ്തിഖാമത്ത് എന്നാൽ അല്ലാഹുവിന്റെ വിധി വിലക്കുകളെ മുറുകെ പിടിക്കുകയും ഈമാൻ കൈകൊള്ളുകയും ചെയ്യലാണ്. 
ഇവ രണ്ടിനും പുറമേ അടിസ്ഥാനപരമായി വേണ്ട കാര്യമാണ് തഖ്‌വ. അഥവാ ഹൃദയത്തിൽ അല്ലാഹുവിനോടുള്ള ഭയഭക്തി ഉണ്ടാക്കിയെടുക്കുക.
തഖ്‌വ നിറഞ്ഞ ഹൃദയത്തിൽ മറ്റ് സകല വിഷമങ്ങളും ഭയങ്ങളും ഇല്ലാതാകും, എത്ര വിഷമ ഘട്ടത്തിലും നാവിലൂടെ സത്യം മാത്രം പുറത്ത് വരും. 
അല്ലാഹു പറയുന്നു:

{ وَإِن تَصۡبِرُوا۟ وَتَتَّقُوا۟ لَا یَضُرُّكُمۡ كَیۡدُهُمۡ شَیۡـًٔاۗ إِنَّ ٱللَّهَ بِمَا یَعۡمَلُونَ مُحِیطࣱ }
[Surah Âl-`Imrân: 120]

നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാവശവും അറിയുന്നവനാകുന്നു.

ഖുർആനിന്റെ വെളിച്ചത്തിൽ മുഴുവ
ൻ മുസ്‌ലിം സമൂഹത്തിനോടും പറയുകയാണ്, നിങ്ങൾ ക്ഷമയും ഇസ്തിഖാമത്തും തഖ്‌വയും മുറുകെ പിടിക്കുക. അല്ലാഹുവിന്റെ വാഗ്ദാനങ്ങളിൽ ഉറച്ച് വിശ്വസിക്കുക. മസ്ജിദുകളെ സംരക്ഷിക്കാനും സേവിക്കാനും സദാ സന്നദ്ധരാവുക. നാം നമ്മുടെ കടമങ്ങൾ പൂർത്തിയാക്കിയാൽ അല്ലാഹു തന്റെ വാഗ്ദാനം പൂർത്തീകരികുമെന്നും പ്രയാസ ഘട്ടങ്ങളിൽ നിന്ന് അവൻ മുക്തി നൽകുമെന്നും മനസ്സിലാക്കുക.

രക്ഷിതാവായ അല്ലാഹു ഇന്ത്യൻ മുസ്‌ലിംകളെ പ്രശ്നങ്ങളിൽ നിന്ന് കാത്ത് രക്ഷിക്കട്ടെ, മസ്ജിദ്- മദാരിസുകൾ , ദീനീ പ്രദേശങ്ങൾ, ദീനീ സംഘങ്ങൾ തുടങിയവയിൽ തങ്ങളുടെ കടമകൾ പൂർത്തീയാക്കാൻ മുസ്‌ലിം സമുദായത്തിന് ഉഥവി നൽകട്ടെ . ആമീൻ.

***********************

മആരിഫുല്‍ ഖുര്‍ആന്‍ 


സൂറത്തുയാസീന്‍ ഭാഗം-5
 
(83 ആയത്തുകള്‍, പദങ്ങള്‍ 739, അക്ഷരങ്ങള്‍ 3090, മക്കാമുകര്‍റമയില്‍ അവതരണം. എന്നാല്‍ 45-ാം ആയത്ത് മദീനമുനവ്വറയില്‍ അവതരിച്ചു. 5 റുകൂഅ്. അവതരണ ക്രമം 41. പാരായണ ക്രമം 36. സൂറത്തുല്‍ജിന്നിന് ശേഷം അവതരണം)

പടച്ചവന്‍റെ ഉന്നത ദൃഷ്ടാന്തങ്ങള്‍ 

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


ആയത്ത് 33-44

 وَآيَةٌ لَّهُمُ الْأَرْضُ الْمَيْتَةُ أَحْيَيْنَاهَا وَأَخْرَجْنَا مِنْهَا حَبًّا فَمِنْهُ يَأْكُلُونَ (33) وَجَعَلْنَا فِيهَا جَنَّاتٍ مِّن نَّخِيلٍ وَأَعْنَابٍ وَفَجَّرْنَا فِيهَا مِنَ الْعُيُونِ (34لِيَأْكُلُوا مِن ثَمَرِهِ وَمَا عَمِلَتْهُ أَيْدِيهِمْ ۖ أَفَلَا يَشْكُرُونَ (35سُبْحَانَ الَّذِي خَلَقَ الْأَزْوَاجَ كُلَّهَا مِمَّا تُنبِتُ الْأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لَا يَعْلَمُونَ (36وَآيَةٌ لَّهُمُ اللَّيْلُ نَسْلَخُ مِنْهُ النَّهَارَ فَإِذَا هُم مُّظْلِمُونَ (37وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ (38وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَالْعُرْجُونِ الْقَدِيمِ (39لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ ۚ وَكُلٌّ فِي فَلَكٍ يَسْبَحُونَ (40وَآيَةٌ لَّهُمْ أَنَّا حَمَلْنَا ذُرِّيَّتَهُمْ فِي الْفُلْكِ الْمَشْحُونِ (41) وَخَلَقْنَا لَهُم مِّن مِّثْلِهِ مَا يَرْكَبُونَ (42وَإِن نَّشَأْ نُغْرِقْهُمْ فَلَا صَرِيخَ لَهُمْ وَلَا هُمْ يُنقَذُونَ (43إِلَّا رَحْمَةً مِّنَّا وَمَتَاعًا إِلَىٰ حِينٍ (44)


നിര്‍ജ്ജീവമായി കിടക്കുന്ന ഭൂമി അവര്‍ക്ക് വലിയ ദൃഷ്ടാന്തമാണ്. അതിനെ നാം സജീവമാക്കുകയും അതില്‍ നിന്നും ധാന്യം പുറപ്പെടുവിക്കുകയും അതില്‍ നിന്നും മനുഷ്യര്‍ ഭക്ഷിക്കുകയും ചെയ്യുന്നു.(33) ഭൂമിയില്‍ ഈത്തപ്പഴത്തിന്‍റെയും മുന്തിരിയുടെയും തോട്ടങ്ങള്‍ നാം തയ്യാറാക്കി. അതിന്‍റെ ഇടയിലൂടെ അരുവികള്‍ നാം ഒഴുക്കി.(34) ഈ തോട്ടങ്ങളിലെ പഴങ്ങള്‍ അവര്‍ ഭക്ഷിക്കുന്നതിനും അവരുടെ കൈകള്‍ ഉണ്ടാക്കുന്ന ആഹാരങ്ങള്‍ കഴിക്കുന്നതിനുമാണ് (ഈ സജ്ജീകരണങ്ങള്‍ ചെയ്തിരിക്കുന്നത്). എന്നിട്ടും അവര്‍ നന്ദി കാണിക്കാത്തത് എന്തുകൊണ്ടാണ്?!(35) ഭൂമി മുളപ്പിക്കുന്ന വസ്തുക്കളില്‍ നിന്നും അവരില്‍ നിന്നും അവര്‍ അറിയാത്ത വസ്തുക്കളില്‍ നിന്നും ഇണകളെ പടച്ച അല്ലാഹു പരമപരിശുദ്ധനാണ്.(36) രാത്രിയും അവര്‍ക്ക് വലിയൊരു ദൃഷ്ടാന്തമാണ്. അതില്‍ നിന്നും പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരെല്ലാവരും ഇരുളിലായിത്തീരുന്നു.(37) സൂര്യന്‍ അതിന്‍റെ സ്ഥിരമായ സ്ഥാനത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രതാപശാലിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവിന്‍റെ പദ്ധതിയാണിത്.(38) ചന്ദ്രന് നാം ഏതാനും സ്ഥാനങ്ങള്‍ നിര്‍ണ്ണയിച്ചിരിക്കുന്നു അവസാനം അത് ഉണങ്ങി വളഞ്ഞ ഈന്തപ്പനക്കുലയുടെ പഴയ തണ്ട് പോലെ ആയിത്തീരുന്നു.(39) സൂര്യന് ചന്ദ്രന്‍റെ അരികിലേക്ക് വരാന്‍ സാധ്യമല്ല. പകലിനെ മറികടക്കാന്‍ രാത്രിക്കും കഴിയില്ല. എല്ലാം ഓരോ സഞ്ചാരപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നു.(40) ആദം സന്തതികളെ നാം ഒരു ഭാരം നിറഞ്ഞ കപ്പലില്‍ യാത്ര ചെയ്യിപ്പിച്ചതും നമ്മുടെ ഒരു ദൃഷ്ടാന്തമാണ്.(41) അവര്‍ക്ക് അത്പോലെ വേറെയും ധാരാളം വാഹനങ്ങള്‍ നാം ഉണ്ടാക്കിയിട്ടുണ്ട്.(42) നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ കടല്‍ യാത്രയ്ക്കിടയില്‍ അവരെ നാം മുക്കിക്കളയുമായിരുന്നു. അപ്പോള്‍ അവരെ സഹായിക്കാന്‍ ആരും ഉണ്ടാകുന്നതല്ല. അവര്‍ രക്ഷിക്കപ്പെടുന്നതുമല്ല.(43) എന്നാല്‍ നമ്മുടെ കാരുണ്യം കൊണ്ട് മാത്രം അവര്‍ സംരക്ഷിക്കപ്പെടുകയും നിശ്ചിത സമയംവരെ ജീവിത സുഖം അനുഭവിക്കാന്‍ ഇളവ് നല്‍കപ്പെടുകയും ചെയ്യുന്നു.(44)

വിവരണവും വ്യാഖ്യാനവും
സൂറത്ത് യാസീനിലെ പ്രധാന വിഷയം അല്ലാഹുവിന്‍റെ അപാരമായ കഴിവും സമുന്നത അനുഗ്രഹങ്ങളും അനുസ്മരിച്ചുകൊണ്ട് പരലോകത്തെ പുനര്‍ജ്ജീവിത വിശ്വാസം സ്ഥിരപ്പെടുത്തലാണ്. ഈ ആയത്തുകളില്‍ അല്ലാഹുവിന്‍റെ ചില ദൃഷ്ടാന്തങ്ങള്‍ വിവരിച്ചിരിക്കുന്നു. ഇവ ഒരു ഭാഗത്ത് പടച്ചവന്‍റെ അപാരമായ അനുഗ്രഹങ്ങള്‍ ചിത്രീകരിക്കുന്നു. മറുഭാഗത്ത് മനുഷ്യരുടെയും പൊതു സൃഷ്ടികളുടെയും മേല്‍ പെയ്തിറങ്ങിക്കൊണ്ടിരിക്കുന്ന പടച്ചവന്‍റെ വിശിഷ്ട അനുഗ്രഹ ഔദാര്യങ്ങളും അവയില്‍ അടങ്ങിയ തത്വങ്ങളും സമര്‍ത്ഥിക്കുന്നു. ആദ്യ ആയത്തില്‍ ഭൂമിയെക്കുറിച്ചാണ് പറയുന്നത്. ഭൂമിയുടെ അവസ്ഥ മനുഷ്യന്‍റെ മുന്നില്‍ സദാകാണപ്പെടുന്നതാണ്. ഉണങ്ങിവരണ്ട ഭൂമിയില്‍ ആകാശത്ത് നിന്നും മഴ വര്‍ഷിക്കുമ്പോള്‍ ഒരുതരം ജീവന്‍ ഉണ്ടായിത്തീരുന്നു. തല്‍ഫലമായി ചെടികളും വൃക്ഷങ്ങളും ഫലങ്ങളും പ്രകടമാകുന്നു. ഈ വൃക്ഷങ്ങളെ നിലനിര്‍ത്താനും വളര്‍ത്താനും ഭൂമിയ്ക്കുള്ളില്‍ ഉറവകളെ സജ്ജീകരിച്ചിരിക്കുന്നു. കാറ്റുകളും മേഘങ്ങളും ഭൂമിയിലെ പലതരം അവസ്ഥകളെയും അനുകൂലമാക്കുകയും തല്‍ഫലമായി മനുഷ്യന്‍ ഭൂമിയില്‍ നിന്നും ഉണ്ടാകുന്ന ഫലങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു. ഇത് മനുഷ്യന്‍ നിരന്തരം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന കാര്യമാണ്. കൂട്ടത്തില്‍ പടച്ചവന്‍ ഒരു കാര്യം ഉണര്‍ത്തുന്നു: ഈ കാര്യങ്ങളെല്ലാം പടച്ചവനാണ് ചെയ്ത് തരുന്നത്. നിങ്ങള്‍ ഇതൊന്നും ചെയ്യുന്നില്ല. 
ഉല്‍പ്പാദനങ്ങളില്‍ മനുഷ്യന് യാതൊരു പങ്കുമില്ല. ഈ തോട്ടങ്ങളിലെ പഴങ്ങള്‍ അവര്‍ ഭക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ സജ്ജീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. അവരുടെ കൈകള്‍ അവ ഉണ്ടാക്കിയിട്ടില്ല. ഉണ്ടാക്കുന്ന ആഹാരങ്ങള്‍ കഴിക്കുന്നതിനുമാണ്. എന്നിട്ടും അവര്‍ നന്ദി കാണിക്കാത്തത് എന്തുകൊണ്ടാണ്?!(35) ഈ ആയത്തിലെ വമാഅമിലത്ഹു എന്നതിന് രണ്ട് രീതിയില്‍ ആശയം പറയപ്പെട്ടിട്ടുണ്ട്. ഒരു കൂട്ടം മുഫസ്സിറുകള്‍ പറയുന്നു: ഈ പഴങ്ങളെ ജനങ്ങളുടെ കരങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. ഇത്തരുണത്തില്‍ ഈ വാചകം അശ്രദ്ധരായ മനുഷ്യനെ ഉണര്‍ത്തുന്നു: നിങ്ങളുടെ ജോലിയിലേക്കും അധ്വാനത്തിലേക്കും നിങ്ങള്‍ നോക്കുക. നിങ്ങള്‍ ഭൂമിയില്‍ വിത്തിടുകയും അതിന്‍റെ മുകളില്‍ വെള്ളം ഒഴിക്കുകയും ഭൂമിയെ മയപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഭൂമിയ്ക്കടിയില്‍ നിന്നും ധാന്യത്തെ പൊട്ടിച്ച് വൃക്ഷത്തെ കൊണ്ടുവന്നതും അതിന് ശിഖരങ്ങള്‍ നല്‍കിയതും തരാതരം പഴങ്ങള്‍ അവയില്‍ ഉണ്ടാക്കിയതും പടച്ചവനാണ്. ഇവയില്‍ നിങ്ങള്‍ക്ക് യാതൊരു പങ്കുമില്ല. ഇവയെല്ലാം സര്‍വ്വശക്തനും സര്‍വ്വജ്ഞനും സമ്പൂര്‍ണ്ണ തന്ത്രജ്ഞനുമായ അല്ലാഹുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. ആകയാല്‍ ഇവയെ പ്രയോജനപ്പെടുത്തുന്ന സമയത്ത് സ്രഷ്ടാവും ഉടമസ്ഥനുമായ പടച്ചവനെ മറക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. സൂറത്ത് വാഖിഅയില്‍ അല്ലാഹു പറയുന്നു: ...... (63-64). ചുരുക്കത്തില്‍ ഈ വൃക്ഷങ്ങളും പഴങ്ങളും ഉണ്ടാക്കിയതില്‍ മനുഷ്യന് യാതൊരു പങ്കുമില്ല. പടച്ചവന്‍റെ ഔദാര്യം കൊണ്ട് ഇതെല്ലാം പടയ്ക്കുകയും മനുഷ്യനെ ഇവയുടെ അധികാരിയാക്കുകയും ഇവയെ പ്രയോജനപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു. 
മനുഷ്യന്‍റെയും മൃഗങ്ങളുടെയും ആഹാരങ്ങള്‍ക്കിടയിലുള്ള വ്യത്യാസം. ഇബ്നു ജരീര്‍ മുതലായ ചില മുഫസ്സിറുകള്‍ ഇതിന് ഇപ്രകാരമാണ് അര്‍ത്ഥം പറഞ്ഞിരിക്കുന്നത്: ജനങ്ങള്‍ ഈ ഫലങ്ങളും ഈ വൃക്ഷങ്ങളില്‍ നിന്ന് മനുഷ്യന്‍റെ കരങ്ങള്‍ കൊണ്ട് അധ്വാനിച്ച വസ്തുക്കളും ഭക്ഷിക്കുന്നതിന് വേണ്ടിയാണ് ഇവകളെ നാം ഉണ്ടാക്കിയിരിക്കുന്നത്! ഉദാഹരണത്തിന് ഒരു ഭാഗത്ത് മനുഷ്യന്‍ പഴങ്ങള്‍ ഭക്ഷിക്കുമ്പോള്‍ മറുഭാഗത്ത് പഴങ്ങളില്‍ നിന്നും മധുര പലഹാരങ്ങളും അച്ചാറുകളും എണ്ണകളും മറ്റും ഉണ്ടാക്കി ഉപയോഗിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ പടച്ചവന്‍ സൃഷ്ടിച്ച പഴങ്ങള്‍ സ്വയം കഴിക്കാനും മനുഷ്യന് സാധിക്കുന്നതിനോടൊപ്പം അതില്‍ നിന്നും രുചികരവും പ്രയോജനപ്രദവുമായ വേറെ ധാരാളം വസ്തുക്കള്‍ ഉണ്ടാക്കാനുള്ള ശേഷി മനുഷ്യന് പടച്ചവന്‍ നല്‍കുകയും ചെയ്തിരിക്കുന്നു. ഈ രൂപത്തില്‍ മനുഷ്യര്‍ക്ക് പഴങ്ങളെ നല്‍കിയത് ഒരു അനുഗ്രഹവും ആ പഴങ്ങളെ ഉപയോഗിച്ച് മറ്റ് വസ്തുക്കളെ ഉണ്ടാക്കാനുള്ള ശേഷി നല്‍കിയത് മറ്റൊരു അനുഗ്രഹവുമാണ്. ഇബ്നു കസീര്‍ (റ) ഈ ആശയം ഉദ്ധരിച്ച ശേഷം ഇതിന് തെളിവായ നിലയില്‍ ഇബ്നു മസ്ഊദ് (റ) ഈ ആയത്ത് പരായണം ചെയ്തിരിക്കുന്നു എന്നും പ്രസ്താവിച്ചിട്ടുണ്ട്. 
ഇതിന്‍റെ വിവരണം ഇപ്രകാരമാണ്: ഇഹലോകത്തുള്ള എല്ലാ ജീവികളും ചെടികളും പഴങ്ങളും ഭക്ഷിക്കുന്നുണ്ട്. ചില മൃഗങ്ങള്‍ മാംസവും മറ്റുചിലത് മണ്ണും ഭക്ഷിക്കുന്നു. പക്ഷേ, എല്ലാ ജന്തുക്കളും ഒറ്റപ്പെട്ട സാധനങ്ങള്‍ മാത്രമാണ് ഭക്ഷിക്കുന്നത്. പുല്ല് തിന്നുന്നവ പുല്ല് മാത്രവും മാംസം ഭക്ഷിക്കുന്നവ മാംസം മാത്രവും ഭക്ഷിക്കുന്നു. ഒരു വസ്തുവിനെ മറ്റൊന്നുമായി കൂട്ടിക്കലര്‍ത്തുകയും ഉപ്പും മുളകും മധുരവും മറ്റും ചേര്‍ത്ത് ആഹാരത്തിന്‍റെ പലവിഭാഗങ്ങള്‍ ഉണ്ടാക്കുകയും ഭക്ഷിക്കുകയും ചെയ്യുന്ന സ്വഭാവം മനുഷ്യന്‍റേത് മാത്രമാണ്. അതുകൊണ്ട് പടച്ചവന്‍ മനുഷ്യന് വ്യത്യസ്ത വസ്തുക്കളെ കൂട്ടിച്ചേര്‍ത്ത് ആഹാരമുണ്ടാക്കാനുള്ള ശേഷി നല്‍കിയിരിക്കുന്നു. മാംസത്തോടൊപ്പം ഉപ്പും മുളകും മസാലയും പഴങ്ങളോടൊപ്പം പഞ്ചാരസയും മറ്റും ചേര്‍ത്ത് വിവിധ ആഹാര-പാനിയങ്ങള്‍ ഉണ്ടാക്കാനുള്ള സാമര്‍ത്ഥ്യം മനുഷ്യന് മാത്രമാണുള്ളത്. പടച്ചവനാണ് ഇത് മനുഷ്യന് പഠിപ്പിച്ച് തന്നിരിക്കുന്നത്. പടച്ചവന്‍റെ സമുന്നതമായ ഈ അനുഗ്രഹങ്ങളും ശക്തിവൈഭവത്തിന്‍റെ ദൃഷ്ടാന്തങ്ങളും അനുസ്മരിച്ച ശേഷം അല്ലാഹു ചോദിക്കുന്നു: ഈ അനുഗ്രഹങ്ങളെല്ലാം കണ്ട ശേഷം നിങ്ങള്‍ നന്ദി കാണിക്കുന്നില്ലേ? 
ഭൂമിയിലെ ഉല്‍പ്പന്നങ്ങളും ഇതര കാര്യങ്ങളും വിവരിച്ച ശേഷം മനുഷ്യനെയും മൃഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പടച്ചവന്‍റെ അപാരമായ ശക്തിവൈഭവം വിളിച്ചറിയിക്കുന്ന മറ്റൊരു ദൃഷ്ടാന്തം വിവരിക്കുന്നു: ഭൂമി മുളപ്പിക്കുന്ന വസ്തുക്കളില്‍ നിന്നും അവരില്‍ നിന്നും അവര്‍ അറിയാത്ത വസ്തുക്കളില്‍ നിന്നും ഇണകളെ പടച്ച അല്ലാഹു പരമപരിശുദ്ധനാണ്.(36) ഈ ആയത്തിലെ അസ്വാജ് എന്നത് സൗജിന്‍റെ ബഹുവചനമാണ്. ഇണ എന്നാണ് ആശയം. ഇണയില്‍ പരസ്പര വിരുദ്ധമായ രണ്ട് കാര്യങ്ങള്‍ കൂടിച്ചേരുന്നതാണ്. അവയില്‍ ഓരോന്നിനും ഇണയെന്ന് പറയപ്പെടും. ഭാര്യ-ഭര്‍ത്താക്കന്മാരില്‍ ഭര്‍ത്താവ് ഭാര്യയുടെയും ഭാര്യ ഭര്‍ത്താവിന്‍റെയും ഇണയാണ്. ഇപ്രകാരം ജീവികളിലും ഇണകളുണ്ട്. ധാരാളം ചെടികളിലും ഇണകളുള്ളതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ഈന്തപ്പനയിലും പപ്പായയിലും ഇണയുണ്ട് എന്ന കാര്യം പ്രസിദ്ധമാണ്. ഇതര ചെടികളിലും ഉണ്ടാകുമെന്ന് തന്നെയാണ് അനുമാനം. ശാസ്ത്രത്തിന്‍റെ പുതിയ കണ്ടുപിടുത്തമനുസരിച്ച് ഫലങ്ങള്‍ ഉള്ള എല്ലാ വൃക്ഷങ്ങളിലും ഇണകളുണ്ട്. ഇത്തരുണത്തില്‍ ഇതര അജയതര വസ്തുക്കളിലും സൃഷ്ടികളിലും ഇണയുണ്ടെന്ന് പറഞ്ഞാല്‍ അത്ഭുതമൊന്നുമില്ല. നിങ്ങള്‍ അറിയാത്ത ധാരാളം വസ്തുക്കളില്‍ ഇണകളെ ഉണ്ടാക്കിയിട്ടുണ്ട് എന്ന് പറഞ്ഞിരിക്കുന്നത് ഇതിലേക്കുള്ള സൂചനയാണ്. പൊതുമുഫസ്സിറുകള്‍ ഈ ആയത്തിലെ അസ്വാജ് എന്നതിന് വിഭാഗങ്ങള്‍ എന്നാണ് ആശയം പറഞ്ഞിട്ടുള്ളത്. കാരണം ആണിനും പെണ്ണിനും ഇണയെന്ന് പറയുന്നത് പോലെ പരസ്പരം വിരുദ്ധമായ വസ്തുക്കള്‍ക്കും ഇണകളെന്ന് പറയാവുന്നതാണ്. തണുപ്പ്, ചൂട്, കടല്‍, കര, ദു:ഖം, സന്തോഷം, രോഗം, ആരോഗ്യം, ശേഷം ഇവ ഓരോന്നിന്‍റെയും ഉയര്‍ന്നതും താഴ്ന്നതും മദ്ധ്യനിലയിലുള്ളതുമായ സ്ഥാനങ്ങള്‍ എന്നിവയെ പരിഗണിച്ചാല്‍ ധാരാളം വിഭാഗങ്ങള്‍ ഉണ്ടായിത്തീരുന്നതാണ്. ഇപ്രകാരം മനുഷ്യന്‍റെയും മൃഗങ്ങളുടെയും നിറവും രൂപവും ഭാഷയും ശൈലിയും പരിഗണിക്കുമ്പോഴും നിരവധി വിഭാഗങ്ങള്‍ പ്രകടമാകുന്നതാണ്. കൂടാതെ, അറിയാത്ത കാര്യങ്ങളില്‍ എന്നതില്‍ ഇന്നുവരെ ജനങ്ങള്‍ കണ്ടെത്തിയിട്ടില്ലാത്ത നൂറായിരം വസ്തുക്കളും പെടുന്നതാണ്. ഭൂമിയുടെയും അരുവികളുടെയും പര്‍വ്വതങ്ങളുടെയും അകത്തളങ്ങളില്‍ എത്ര വിഭാഗം ജീവികളും ചെടികളും അജയതര വസ്തുക്കളും ഉണ്ടെന്ന കാര്യം പടച്ചവന് തന്നെ അറിയാം.  
രാത്രിയും അവര്‍ക്ക് വലിയൊരു ദൃഷ്ടാന്തമാണ്. അതില്‍ നിന്നും പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരെല്ലാവരും ഇരുളിലായിത്തീരുന്നു.(37). ഭൂമിയിലുള്ള സൃഷ്ടികളുടെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ച ശേഷം ആകാശത്തും അന്തരീക്ഷത്തിലുമുള്ള സൃഷ്ടികളെക്കുറിച്ച് വിവരിക്കുന്നു: ഈ ആയത്തിലെ സല്‍ഖ് എന്നതിന്‍റെ ആശയം തോല് ഉരിയുക എന്നതാണ്. ഏതെങ്കിലും ജീവിയുടെ അകത്തുള്ള കാര്യങ്ങള്‍ കാണുന്ന നിലയില്‍ മുകളില്‍ നിന്നും തോലോ മറ്റുവല്ല മൂടിയോ ഉയര്‍ത്തുന്നതിനാണ് സല്‍ഖ് എന്ന് പറയപ്പെടുന്നത്. അല്ലാഹു ഈ ഉദാഹരണത്തിലൂടെ സൂചിപ്പിക്കുന്നു: ഈ ലോകത്തിന്‍റെ അടിസ്ഥാന അവസ്ഥ ഇരുളാണ്. പ്രകാശം താല്‍ക്കാലികമാണ്. നക്ഷത്രങ്ങളിലൂടെയാണ് പ്രകാശം ലഭിക്കുന്നത്. പടച്ചവന്‍ നിര്‍ണ്ണയിച്ച സമയങ്ങളില്‍ ഈ പ്രകാശം ലോകത്തന്‍റെ ഇരുളുകളില്‍ പതിക്കുന്നു. എന്നാല്‍ അത് മുകളില്‍ നിന്നും മാറ്റപ്പെടുമ്പോള്‍ ഇരുട്ട് മാത്രം അവശേഷിക്കുന്നു. ഈ ഇരുട്ടിന്‍റെ അവസ്ഥയ്ക്കാണ് സാധാരണ ഗതിയില്‍ രാത്രി എന്ന് പറയപ്പെടുന്നത്. 
സൂര്യന്‍ അതിന്‍റെ സ്ഥിരമായ സ്ഥാനത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രതാപശാലിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവിന്‍റെ പദ്ധതിയാണിത്.(38) ആയത്തിന്‍റെ ആശയം ഇതാണ്: സൂര്യന്‍ അതിന്‍റെ സ്ഥിരമായ സ്ഥാനത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. മുസ്തഖിര്‍ എന്നതിന് സ്ഥിരപ്പെടുന്ന സ്ഥലമെന്നും സ്ഥിരപ്പെടുന്ന സമയമെന്നും രണ്ട് ആശയങ്ങളുണ്ട്. കൂടാതെ, യാത്രിയുടെ അന്ത്യത്തിനും മുസ്തഖര്‍ എന്ന് പറയപ്പെടാറുണ്ട്. (ഇബ്നു കസീര്‍) ചില മുഫസ്സിറുകള്‍ ഇവിടെ മുസ്തഖര്‍ എന്നതുകൊണ്ട് കാലഘട്ടത്തെ ഉദ്ദേശിക്കണമെന്ന് പറയുന്നു. അതായത്, സൂര്യന്‍ ഒരു ദിവസം അതിന്‍റെ വിവിധ ചലനം പൂര്‍ത്തീകരിച്ച് നില്‍ക്കുന്നതാണ്. അത് ഖിയാമത്ത് നാളാണ്. ഇതനുസരിച്ച് ആയത്തിന്‍റെ ആശയം ഇപ്രകാരമാണ്: സൂര്യന്‍ അതിന്‍റെ ഭ്രമണ പഥത്തില്‍ വളരെ ശക്തമായ ക്രമീകരണങ്ങളോടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അത് ഒരിക്കലും ഒരു നിമിഷത്തിന്‍റെ വ്യത്യാസം പോലും ഉണ്ടാകുന്നതല്ല. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അത് പഴയെ രീതിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഈ സഞ്ചാരം ശാശ്വതമല്ല. ഇത് ചെന്ന് നില്‍ക്കുന്ന ഒരു സ്ഥലമുണ്ട്. അവിടെ എത്തിച്ചേരുമ്പോള്‍ സൂര്യന്‍റെ സഞ്ചാരവും ചലനവും അവസാനിക്കുന്നതാണ്. അതാണ് ഖിയാമത്തിന്‍റെ ദിവസം. ഖതാദ (റ) ഈ വിവരണം പറഞ്ഞിരിക്കുന്നു. (ഇബ്നു കസീര്‍) സൂറത്ത് സുമറിലെ ഒരു ആയത്ത് ഇതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. അല്ലാഹു പറയുന്നു: ........... (സുമര്‍ 5) ഈ ആയത്തില്‍ പറയുന്ന കാര്യവും സൂറത്ത് യാസീനില്‍ പറയപ്പെട്ട കാര്യവും ഏതാണ്ട് ഒന്ന് തന്നെ. അതായത് സൂറത്ത് യാസീനില്‍ ആദ്യം രാപകലുകളുടെ മാറ്റത്തെ ജനങ്ങളുടെ ദൃഷ്ടിയെ പരിഗണിച്ച് ഒരു ഉദാഹരണമെന്നോണം പറയുന്നു: പടച്ചവന്‍ രാത്രിയെ പകലിന്‍റെ മേലും പകലിനെ രാത്രിയുടെ മേലും മൂടുന്നു. അതെ, രാവും പകലും രണ്ട് പുതപ്പുകള്‍ പോലെയാണ്. രാത്രിയുടെ പുതപ്പിനെ പകലിന്‍റെ മേല്‍ ഇടുമ്പോള്‍ രാത്രിയാവുകയും പകലിന്‍റെ പുതപ്പിനെ രാത്രിയുടെ മേല്‍ ഇടുമ്പോള്‍ പകലാവുകയും ചെയ്യുന്നു. ശേഷം പറയുന്നു: സൂര്യനെയും ചന്ദ്രനെയും അല്ലാഹു അനുസരണ നിറഞ്ഞതാക്കിയിരിക്കുന്നു. അവ ഓരോന്നും നിര്‍ണ്ണിത സമയം വരെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതാണ്. അജലും മുസമ്മ എന്ന പദത്തിന്‍റെ അര്‍ത്ഥം നിര്‍ണ്ണിത സമയമെന്നാണ്. ആയത്തിന്‍റെ ആശയം ഇതാണ്: സൂര്യനെയും ചന്ദ്രന്‍റെയും ചലനം കാലകാലത്തേക്കുള്ളതല്ല. ഒരു നിര്‍ണ്ണിത സമയമായ ഖിയാമത്ത് നാ ള്‍ ആകുമ്പോള്‍ അവയുടെ ചലനം നിലയ്ക്കുന്നതാണ്. സൂറത്ത് യാസീനിലെ മുസ്തഖര്‍ എന്ന പദം കൊണ്ടുള്ള വിവക്ഷയും ഈ നിര്‍ണ്ണിത കാലം തന്നെയാണ്. ഈ വിവരണം അനുസരിച്ച് ആയത്തിന്‍റെ ആശയത്തില്‍ യാതൊരു സംശയവുമില്ല. ഗോള ശാസ്ത്ര നിയമങ്ങളുടെ മേല്‍ ഒരു വിമര്‍ശനവുമില്ല. 
എന്നാല്‍ ചില മുഫസ്സിറുകള്‍ ഇതുകൊണ്ടുള്ള ഉദ്ദേശം നിര്‍ണ്ണിത സ്ഥാനമാണെന്ന് പറയുന്നു. അതിന്‍റെ അടിസ്ഥാനം വിവിധ സഹാബികള്‍ നിവേദനം ചെയ്ത താഴെ കൊടുക്കുന്ന ഹദീസാണ്. അബൂദര്‍ (റ) വിവരിക്കുന്നു: ഒരിക്കല്‍ ഞങ്ങള്‍ റസൂലുല്ലാഹി (സ)യോടൊപ്പം സൂര്യാസ്തമന സമയത്ത് മസ്ജിദുലുണ്ടായിരുന്നു. റസൂലുല്ലാഹി (സ) എന്നോട് ചോദിച്ചു: അബൂദര്‍റേ, സൂര്യന്‍ എവിടെയാണ് അസ്തിമിക്കുന്നതെന്ന് അറിയാമോ? ഞാന്‍ പറഞ്ഞു: അല്ലാഹുവും ദൂതനുമാണ് ഏറ്റവും കൂടുതല്‍ അറിയുന്നവര്‍. റസൂലുല്ലാഹി (സ) അരുളി: ഈ സൂര്യന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതാണ്. അങ്ങനെ അര്‍ഷിന്‍റെ അടിയില്‍ എത്തുമ്പോള്‍ അത് സുജൂദ് ചെയ്യുന്നതാണ്. ഈ ആയത്തിലെ മുസ്തഖര്‍ എന്നതുകൊണ്ടുള്ള ഉദ്ദേശം ഇതാണ്. (ബുഖാരി) അബൂഹുറയ്റ (റ) വിവരിക്കുന്നു: ഞാന്‍ ഈ ആയത്തിനെക്കുറിച്ച് റസൂലുല്ലാഹി (സ)യോട് ചോദിച്ചപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: സൂര്യന്‍റെ സ്ഥാനം അര്‍ഷിന്‍റെ താഴ്ഭാഗത്താകുന്നു. ഇബ്നു ഉമര്‍ (റ)ന്‍റെ നിവേദനത്തില്‍ ഇതും കൂടിയുണ്ട്: റസൂലുല്ലാഹി (സ) അരുളി: ദിവസവും സൂര്യന്‍ അല്ലാഹുവിന്‍റെ അര്‍ഷിന്‍റെ കീഴിലെത്തി സുജൂദ് ചെയ്യുകയും അടുത്ത സഞ്ചാരത്തിന് അനുമതി ചോദിക്കുകയും അനുമതി പ്രകാരം യാത്ര പുനരാരംഭിക്കുകയും ചെ യ്യുന്നതാണ്. എന്നാല്‍ ഒരു ദിവസം ഇപ്രകാരം പുതിയ യാത്രയ്ക്ക് അനുമതി നല്‍കപ്പെടുന്നതല്ല. മറിച്ച് വന്ന ഭാഗത്തേക്ക് മടങ്ങാന്‍ കല്‍പ്പനയുണ്ടാകുന്നതാണ്. അതായത് പടിഞ്ഞാറ് ഭാഗത്ത് കൂടി ഭൂമിയുടെ അടിയിലേക്ക് നീങ്ങിയ സൂര്യന്‍ പടിഞ്ഞാറ് ഭാഗത്തേക്ക് മടങ്ങി ഉദിക്കുന്നതാണ്. ഇത് സംഭവിക്കുന്നത് ലോകാവസാനം വളരെ  അടുത്ത് എന്നതിന്‍റെ അടയാളമായിരിക്കും. അപ്പോള്‍ പശ്ചാത്താപത്തിന്‍റെയും പുതിയ വിശ്വാസത്തിന്‍റെയും കവാടം അടയ്ക്കപ്പെടുന്നതാണ്. പാപം ചെയ്യുന്നവന്‍ പാപത്തില്‍ നിന്നും നിഷേധി നിഷേധത്തില്‍ നിന്നും പശ്ചാത്തപിച്ചാല്‍ അത് സ്വീകരിക്കപ്പെടുന്നതല്ല. (ഇബ്നു കസീര്‍) 

***************************

മആരിഫുല്‍ ഹദീസ്

ദുആയുടെ പ്രയോജനങ്ങൾ 

 മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

    
77. അബ്ദുല്ലാഹിബ്‌നു ഉമർ (റ) പറയുന്നു: റസൂലുല്ലാഹി (സ) അരുളി: സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമായ മുഴുവൻ കാര്യങ്ങളിലും ദുആ പ്രയോജനപ്പെടുന്നതാണ്. അല്ലാഹുവിന്റെ അടിമകളെ, നിങ്ങൾ പ്രാധാന്യപൂർവ്വം ദുആ അനുഷ്ഠിക്കുക. (തിർമിദി, മുസ്‌നദ് അഹ്മദ്)
വിവരണം: സംഭവിച്ചതു മാത്രമല്ല, സംഭവിക്കുവാൻ സാധ്യതയുള്ള പരീക്ഷണങ്ങളും പ്രയാസങ്ങളും അകറ്റുന്നതിനുവേണ്ടി ചെയ്യപ്പെടുന്ന ദുആയും പ്രയോജനപ്പെടുന്നതാണ്. അതിനാൽ പ്രയാസങ്ങൾ നീക്കുന്നതിനുവേണ്ടി അല്ലാഹുവിനോട് നിരന്തരമായി ദുആ ചെയ്തുകൊണ്ടിരിക്കുക. 
78. സൽമാനുൽ ഫാരിസി (റ) പറയുന്നു: റസൂലുല്ലാഹി (സ) അരുളി: നിങ്ങളുടെ രക്ഷിതാവ് അങ്ങേയറ്റം ലജ്ജയും മാന്യതയുമുള്ളവനാണ്. തന്റെ അടിമ തന്നിലേക്ക് കൈകളുയർത്തുമ്പോൾ അതിനെ ശൂന്യമായി മടക്കുവാൻ അവൻ ലജ്ജിക്കുന്നു. (എന്തെങ്കിലും നൽകണമെന്ന് ഉറപ്പായും അവൻ തീരുമാനിക്കുന്നതാണ്). (തിർമിദി, അബൂദാവൂദ്)
79. ജാബിർ (റ) പറയുന്നു: റസൂലുല്ലാഹി (സ) അരുളി: നിങ്ങളെ ശത്രുക്കളിൽ നിന്നും രക്ഷിക്കുന്നതും നിങ്ങളുടെ ജീവിത വിഭവങ്ങളിൽ അഭിവൃദ്ധി ഉണ്ടാക്കുന്നതുമായ ഒരു കാര്യം ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെ? അല്ലാഹുവിനോട് രാവും പകലും ദുആ ഇരക്കലാണ്. കാരണം ദുആ മുഅ്മിനിന്റെ ആയുധമാണ്. (മുസ്‌നദ് അബൂ യഅ്‌ലാ)
വിവരണം: ഭൂമിയിലെയും ആകാശത്തിലെയും ഖജനാവുകൾ അല്ലാഹുവിന്റേതു മാത്രമാണ്. തന്നോട് ചോദിക്കുന്നവർക്കെല്ലാം അതിൽ നിന്നും അവൻ നൽകുന്നതാണ്. തന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നവൻ അല്ലാഹു മാത്രമാണെന്ന ഉറച്ച വിശ്വാസത്തിൽ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും പുറത്തു  വരുന്ന തേട്ടമാണ് യഥാർത്ഥത്തിൽ ദുആ. ഈ ഉറച്ച വിശ്വാസവും തന്റെ കഠിനമായ ആവശ്യങ്ങളെയും പരിപൂർണ്ണമായ നിസ്സഹായാവസ്ഥയെയും സംബന്ധിച്ച ബോധവും കൂടിച്ചേരുമ്പോഴുണ്ടാകുന്ന പ്രത്യേക മാനസികാവസ്ഥയാണ് ദുആയുടെ കാതൽ. ഇതിനാണ് ഖുർആൻ 'ഇള്വ്ത്വിറാർ' എന്ന് പറഞ്ഞിരിക്കുന്നത്. ഇതേ മാനസികാവസ്ഥയോടെ ഒരു വ്യക്തി ശത്രുക്കളുടെ ആക്രമണത്തിൽ നിന്നുള്ള രക്ഷ, മറ്റു ആപത്തുകളിൽ നിന്നുള്ള മോചനം, ജീവിത വിഭവങ്ങളിലെ ഐശ്വര്യം തുടങ്ങിയവയ്ക്കുവേണ്ടി ചെയ്യുന്ന ദുആ സ്വീകരിക്കലാണ് അല്ലാഹുവിന്റെ പതിവ്. പരിപൂർണ്ണ വിശ്വാസത്തിന്റെയും ദുആയുടെ ആത്മാവിന്റെയും ഉയർന്ന സൗഭാഗ്യം കൊണ്ടനുഗ്രഹീതരായ ദാസൻമാരുടെ ഏറ്റവും ഉയർന്ന ആയുധമാണ് ദുആ എന്നതിൽ സംശയമില്ല.
ദുആയുടെ മര്യാദകൾ
റസൂലുല്ലാഹി (സ) പഠിപ്പിച്ചു തന്ന ദുആയുടെ മര്യാദകൾ പാലിച്ചുകൊണ്ട് ദുആ ചെയ്യൽ അത്യന്താപേക്ഷിതമാണ്. അതിലൂടെ ദുആ കൂടുതൽ സ്വീകരിക്കപ്പെടുന്നതും ഫലവത്താകുന്നതുമാണ്.  
80. അബൂഹുറയ്‌റ (റ) പറയുന്നു: റസൂലുല്ലാഹി (സ) അരുളി: സ്വീകരിക്കപ്പെടുമെന്ന ഉറപ്പോടെ നിങ്ങൾ അല്ലാഹുവിനോട് ദുആ ചെയ്യുക. (ദുആയുടെ സമയത്ത്) അശ്രദ്ധ നിറഞ്ഞ ഹൃദയങ്ങളിൽ നിന്നുമുള്ള ദുആ അല്ലാഹു സ്വീകരിക്കുന്നതല്ല. (തിർമിദി) 
വിവരണം: അല്ലാഹുവിന്റെ സ്മരണയോടും അവന്റെ ഔദാര്യത്തിൽ കണ്ണു വച്ചുകൊണ്ടും സ്വീകരിക്കപ്പെടുമെന്ന ഉറപ്പോടെയുമാണ് ദുആ ചെയ്യേണ്ടത്. ചാഞ്ചല്യത്തോടെ ചെയ്യപ്പെടുന്ന ദുആകൾ അതിന്റെ ശരിയായ ആത്മാവ് ഉൾക്കൊള്ളാത്തതാണ്. 
81. അബൂഹുറയ്‌റ (റ) പറയുന്നു: റസൂലുല്ലാഹി (സ) അരുളി: നിങ്ങൾ ദുആ ചെയ്താൽ, നീ ഉദ്ദേശിക്കുന്നെങ്കിൽ എനിക്ക് പൊറുത്തു തരിക, നീ ഉദ്ദേശിക്കുന്നുവെങ്കിൽ എനിക്ക് ജീവിത വിഭവങ്ങൾ നൽകുക എന്നിങ്ങനെ പറയരുത്. മറിച്ച് വളരെ ശക്തമായ നിലയിൽ ചോദിക്കുക. തീർച്ചയായും അവൻ ഉദ്ദേശിക്കുന്നത് മാത്രമാണ് പ്രവർത്തിക്കുന്നത്. അവനെ നിർബന്ധിക്കുന്ന ആരും തന്നെയില്ല. (ബുഖാരി) 
വിവരണം: വളരെ അശക്തനും ആവശ്യക്കാരനുമായ വ്യക്തി വളരെ ശക്തമായി സ്വന്തം ആവശ്യങ്ങൾ ചോദിക്കണം. 'നീ ഉദ്ദേശിക്കുന്നുവെങ്കിൽ ചെയ്യുക' എന്നത് ആവശ്യമില്ലായ്മയെ സൂചിപ്പിക്കുന്നു. ഇത് അടിമത്വത്തിനും ദുആയുടെ ആത്മാവിനും എതിരാണ്. അതിനാൽ സ്വന്തം ആവശ്യം പൂർത്തീകരിച്ചു തരണമെന്നുതന്നെ അല്ലാഹുവിനോട് ആവശ്യപ്പെടുക. 
82. അബൂഹുറയ്‌റ (റ) പറയുന്നു: പ്രയാസ സന്ദർഭങ്ങളിൽ ചെയ്യപ്പെടുന്ന ദുആ അല്ലാഹു സ്വീകരിക്കണമെന്ന് ആഗ്രഹിക്കുന്നവർ സന്തോഷാവസ്ഥയിലും ദുആ അധികരിപ്പിച്ചുകൊള്ളട്ടെ. (തിർമിദി) 
വിവരണം: പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ മാത്രം അല്ലാഹുവിനെ സ്മരിക്കുകയും അവനിലേക്ക് കൈകൾ ഉയർത്തുകയും ചെയ്യുന്നവർക്ക് അല്ലാഹുവിനോട് വളരെ ബലഹീനമായ ബന്ധമാണുള്ളത്. ദുആയ്ക്ക് ചൈതന്യം പകരുന്ന അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള അവലംബം അവർക്ക് നഷ്ടപ്പെടുന്നതാണ്. നേരെ മറിച്ച് ഏതവസ്ഥയിലും അല്ലാഹുവിനോട് ആവശ്യങ്ങൾ ചോദിക്കുന്നവർക്ക് അല്ലാഹുവിനോട് സുശക്തമായ ബന്ധമാണുള്ളത്. അവർ അല്ലാഹുവിന്റെ കാരുണ്യത്തെ ആഗ്രഹിക്കുന്നവരും അതിൽ പ്രതീക്ഷയർപ്പിക്കുന്നവരുമായതിനാൽ ദുആ വളരെ ചൈതന്യവത്തായിരിക്കുകയും ചെയ്യും.
സന്തോഷാവസ്ഥയിൽ അല്ലാഹുവിനോട് ദുആ ചെയ്തുകൊണ്ടിരിക്കുന്നവരുടെ പ്രയാസ സന്ദർഭത്തിലുള്ള ദുആ വളരെ എളുപ്പത്തിൽ സ്വീകരിക്കപ്പെടുമെന്ന് ഈ ഹദീസിൽ പഠിപ്പിക്കുന്നു.
ദുആ സ്വീകരിക്കപ്പെടുന്നതിന് ധൃതി കാണിക്കരുത്
അല്ലാഹുവിന്റെ സന്നിധിയിൽ അടിമ സമർപ്പിക്കുന്ന അപേക്ഷയാണ് ദുആ. അവനാകട്ടെ പരമാധികാരിയും ഏതിനും കഴിവുള്ളവനുമാണ്. അവനുദ്ദേശിച്ചാൽ അടിമയുടെ ദുആ ഉടനടി സ്വീകരിക്കുവാൻ കഴിയും. എന്നാൽ മനുഷ്യരുടെ മുഴുവൻ ആവശ്യങ്ങളും അവൻ കൃത്യമായി പൂർത്തീകരിക്കണമെന്ന് ഇതിനാൽ നിർബന്ധമാകുന്നില്ല. മറിച്ച് ചില സന്ദർഭങ്ങളിൽ ആവശ്യത്തെ എളുപ്പത്തിൽ പൂർത്തീകരിച്ചു നൽകാതിരിക്കലായിരിക്കും അതിന്റെ നന്മ. എന്നാൽ മനുഷ്യൻ പ്രകൃതിപരമായി ധൃതി കാണിക്കുന്നവനായതിനാൽ തന്റെ ആവശ്യം എത്രയും പെട്ടെന്ന് സാധിച്ചു കിട്ടണമെന്ന് ആഗ്രഹിക്കുന്നു. അങ്ങനെ സംഭവിച്ചില്ലെങ്കിൽ നിരാശനായി ദുആ ഉപേക്ഷിക്കുന്നു. യഥാർത്ഥത്തിൽ ദുആയുടെ സ്വീകരാര്യത നഷ്ടപ്പെടുത്തുന്നു. തെറ്റാണത്. അത് ജീവിതത്തിൽ വലിയ നഷ്ടങ്ങൾ ഉണ്ടാക്കുന്നതാണ്. 
83. അബൂഹുറയ്‌റ (റ) പറയുന്നു: റസൂലുല്ലാഹി (സ) അരുളി: ''ഞാൻ ദുആ ചെയ്തിട്ടും സ്വീകരിക്കപ്പെട്ടില്ല'' എന്നു പറഞ്ഞുകൊണ്ട് ധൃതി കാണിക്കാതിരിക്കുന്ന കാലത്തോളം നിങ്ങളിലോരോരുത്തരുടെയും ദുആ സ്വീകരിക്കപ്പെടുന്നതാണ്. (ബുഖാരി, മുസ്‌ലിം) 
വിവരണം: ധൃതിയും നിരാശയും മുഖേന ദുആയുടെ സ്വീകാര്യത നഷ്ടപ്പെടുന്നതാണ്. അതിനാൽ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിച്ചുകൊണ്ട് ഒരു യാചകനെ പോലെ അവനോടു ദുആ ചെയ്തുകൊണ്ടിരിക്കണം. തുടർച്ചയായ ദുആ ആത്മീയ പുരോഗതിക്കും അല്ലാഹുവിന്റെ സാമീപ്യം നേടുന്നതിനും കാരണമാകുന്നതിനാൽ വളരെ നിഷ്‌കളങ്കതയോടെ ചെയ്യപ്പെടുന്ന ദുആ ചില സന്ദർഭങ്ങളിൽ സ്വീകരിക്കപ്പെടാറില്ല. മനുഷ്യൻ ആഗ്രഹിക്കുന്നതു പോലെ വേഗം ദുആ സ്വീകരിക്കപ്പെട്ടാൽ ഈ ഉയർന്ന അനുഗ്രഹത്തിൽ നിന്നും അവൻ തടയപ്പെട്ടു പോകും. 

******************

ജീവചരിത്രം

 മുഫക്കിറുല്‍ ഇസ്ലാം 
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ 
അലി നദ് വി ജീവിതവും സന്ദേശവും ഭാഗം-5

മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി 


അദ്ധ്യായം 05
 
അദ്ധ്യാപനം, രചന, ഇതര പ്രവര്‍ത്തനങ്ങള്‍  

 
നദ്വത്തുല്‍ ഉലമയില്‍: 
ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയുമായി മൗലാനായ്ക്ക് കുടുംബപരമായ ബന്ധമായിരുന്നു. ആദരണീയ പിതാവ് മൗലാനാ അബ്ദുല്‍ ഹയ്യ് ഹസനിയെ നദ്വയുടെ എല്ലാ ഭാരവാഹികളും ഏകകണ്ഠമായി അംഗീകരിച്ചിരുന്നു. ജീവിതാവസാനം വരെ മൗലാനാ ഹസനി നദ്വയുടെ നാസിമായിരുന്നു. വിയോഗത്തിന്‍റെ ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നദ്വയുടെ ഭാരവാഹികള്‍ പ്രിയപ്പെട്ട ജേഷ്ഠ സഹോദരന്‍ ഡോക്ടര്‍ അബ്ദുല്‍ അലിയെ നാസിമായി തെരഞ്ഞെടുത്തു. മൗലാനായുടെ കുടുംബത്തിന് ചിന്താപരമായ നിലയിലും നദ്വയോട് വലിയ യോജിപ്പായിരുന്നു. മൗലാനായുടെ പ്രധാന പഠനങ്ങളുടെ പൂര്‍ത്തീകരണം ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയിലായിരുന്നു. 1931 അവസാനത്തില്‍ അല്ലാമാ തഖിയ്യുദ്ദീന്‍ ഹിലാലിയുടെ കൂട്ടത്തില്‍ അഅ്സംഗഡിലേക്ക് യാത്ര ചെയ്യുകയും അവിടെ ഏതാനും ദിവസം താമസിക്കുകയും ചെയ്തപ്പോള്‍ മൗലാനയ്ക്ക് അവിടെ താമസിച്ച് അല്ലാമാ സയ്യിദ് സുലൈമാന്‍ നദ്വിയുടെ കീഴില്‍ അല്പം വൈജ്ഞാനിക രചനാ സേവനങ്ങള്‍ നടത്താന്‍ ആഗ്രഹമുണ്ടായി. അല്ലാമാ ഹിലാലിയോട് ഇതിനെ കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം പ്രസ്താവിച്ചു: നിങ്ങള്‍ക്ക് ഏറ്റവും ഇണങ്ങിയ സ്ഥലം ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയാണ്. മൗലാനാ പറയുന്നു: ഇതില്‍ അല്ലാഹുവിന്‍റെ വലിയ തന്ത്രജ്ഞത ഉണ്ടായിരുന്നു. എന്നെ അഅ്സംഗഢിലെ ദാറുല്‍ മുസ്വന്നിഫീന്‍ സ്വീകരിച്ചിരുന്നെങ്കില്‍ എന്‍റെ ജീവിതത്തിന്‍റെ ചിത്രം തന്നെ മറ്റൊന്നാകുമായിരുന്നു. എന്‍റെ എളിയ യോഗ്യതകള്‍ മുഴുവന്‍ രചനാ മേഖലയില്‍ മാത്രം ഒതുങ്ങിപ്പോകുമായിരുന്നു. (കാറവാന്‍). 
അഅ്സംഗഢിലെ ഈ താമസത്തിനിടയില്‍ അല്ലാമാ സയ്യിദ് സുലൈമാന്‍ നദ്വിയ്ക്ക് നദ്വത്തുല്‍ ഉലമായില്‍ നിന്നും ഒരു അറബി മാസിക ഇറക്കണമെന്ന ചിന്ത വന്നു. അല്ലാമാ ഹിലാലിയോട് കൂടിയാലോചിച്ച ശേഷം ഇതില്‍ തീരുമാനം എടുത്തു. നദ്വയുടെ ഉന്നത സന്തതിയും വലിയ സാഹിത്യകാരനുമായ മൗലാനാ മസ്ഊദ് ആലം നദ്വിയെ അതിന്‍റെ പത്രാധിപരാക്കപ്പെട്ടു. മൗലാനയെയും പത്രാധിപ സമിതിയില്‍ ഉള്‍പ്പെടുത്തുകയും അതില്‍ ലേഖനങ്ങള്‍ എഴുതാന്‍ ആരംഭിക്കുകയും ചെയ്തു. അക്കാലത്ത് എഴുതിയ ചില ലേഖനങ്ങള്‍ ഇതര അറബി മാസികകളില്‍ പ്രസിദ്ധീകരിക്കപ്പെടുകയും പ്രസിദ്ധ അറബി തൂലികകാരന്മാര്‍ അവയെ ആദരവോടെ കാണുകയും ചെയ്തു. വിശിഷ്യാ, ഉസ്താദ് മുഹിബ്ബുദ്ദീന്‍ ഖത്വീബ് അല്‍ ഫത്ഹ് മാസികയില്‍ മൗലാനായുടെ ലേഖനങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. പ്രവര്‍ത്തനങ്ങള്‍ ഇപ്രകാരം സ്വതന്ത്രമായി നടന്നുകൊണ്ടിരിക്കേ പൊടുന്നനെ ഒരു സംഭവമുണ്ടാകുകയും മൗലാനാ ദാറുല്‍ ഉലൂമിലെ ഉസ്താദായി നിയമിക്കപ്പെടുകയും ചെയ്തു. മൗലാനാ അത് ഇപ്രകാരം വിവരിക്കുന്നു: 
1934 തുടക്കത്തില്‍ ഹിലാലി സാഹിബ് ദാറുല്‍ ഉലൂമില്‍ നിന്നും മാറി ഇറാഖിലേക്ക് പോകുകയും അവിടെ താമസമാക്കുകയും ചെയ്തു. മസ്ഊദ് നദ്വി സാഹിബിന് ഈ വേര്‍പാട് വളരെ അസഹനീയമായി. അദ്ദേഹവും ദാറുല്‍ ഉലൂമില്‍ നിന്നും കുറച്ച് നാള്‍ ലീവെടുത്ത് ഇറാഖിലേക്ക് പോയി ഹിലാലി സാഹിബിനെ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ ആഗ്രഹിച്ചു. ഈ സമയം ഞാന്‍ ലാഹോറില്‍ മൗലാനാ അഹ്മദ് അലി ലാഹോരിയുടെ നിര്‍ദ്ദേശപ്രകാരം ശാഹി മസ്ജിദിലെ ഒരു മുറിയില്‍ താമസിക്കുകയായിരുന്നു. പൊടുന്നനെ 1353 മുഹര്‍റം 07-ന് മസ്ഊദ് സാഹിബ് എഴുതിയ ഒരു കത്ത് എനിക്ക് ലഭിച്ചു. അത് ഇപ്രകാരമായിരുന്നു: ഹിലാലി സാഹിബ് ഇറാഖിലെ സബീറില്‍ താമസം തെരഞ്ഞെടുത്തിരിക്കുകയാണ്. അവിടെ പോയി ഒരു വര്‍ഷം താമസിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്. നാസിം സാഹിബ് സമ്മതിച്ചു.! നാസിം സമ്മതിച്ചപ്പോള്‍ നദ്വയുടെ മാസിക സിയാഇന്‍റെ ഉത്തരവാദിത്വം താങ്കളെ ഏല്‍പ്പിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. അതിന് താങ്കളുടെ അനുമതി മാത്രം മതിയെന്ന് സയ്യിദ് സുലൈമാന്‍ നദ്വി പറഞ്ഞിരിക്കുന്നു. ആകയാല്‍ താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു. അനുകൂല മറുപടി കിട്ടിയാല്‍ എനിക്ക് യാത്രയാകാന്‍ സാധിക്കും. എഴുത്തിന്‍റെയും എഡിറ്റിംഗിന്‍റെയും കാര്യം താങ്കള്‍ നോക്കിയാല്‍ മതി. മറ്റ് കാര്യങ്ങള്‍ വേറെയാരെങ്കിലും ചെയ്തു കൊള്ളും. (കാറവാന്‍). 
മൗലാനാ ഇത് സ്വീകരിച്ചു. പക്ഷെ നിയമപരമായ ചില തടസ്സങ്ങള്‍ കാരണം മൗലാനാ മസ്ഊദ് നദ്വിയ്ക്ക് യാത്രയാകാന്‍ കഴിഞ്ഞില്ല. പക്ഷെ, ഈ സംഭവം കാരണം മൗലാനാ ഔദ്യോഗികമായി നദ്വയില്‍ ബന്ധപ്പെട്ട് തുടങ്ങി. ഈ സമയത്ത് ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയുടെ മസ്ജിദിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മൗലാനാ മസ്ഊദ് അലി നദ്വി അവിടെ താമസിക്കുന്നുണ്ടായിരുന്നു. നദ്വത്തുല്‍ ഉലമയുടെ തഅ്ലീമീ തര്‍ബിയത്തീ കാര്യങ്ങളില്‍ വളരെ ചിന്താകുലനായിരുന്ന അദ്ദേഹം സമര്‍ത്ഥരായ യുവ പണ്ഡിതരെ അദ്ധ്യാപകരായി എടുക്കണമെന്ന് വാദിച്ചിരുന്നു. സിയാഅ് മാസികയുടെ ആവശ്യത്തിന് മൗലാനാ നദ്വയുമായി ബന്ധപ്പെട്ടപ്പോള്‍ മൗലാനായെ അദ്ധ്യാപകനായും തെരഞ്ഞെടുക്കണമെന്ന് അദ്ദേഹം വര്‍ക്കിംഗ് കമ്മിറ്റിയില്‍ ആവശ്യപ്പെട്ടു. സഹോദരനായത് കൊണ്ട് ഡോ.അബ്ദുല്‍ അലി നിശബ്ദത പാലിച്ചു. എന്നാല്‍ അല്ലാമാ സയ്യിദ് സുലൈമാന്‍ നദ്വിയും ഇതര അംഗങ്ങളും ഇതിനെ പിന്തുണച്ചു. അങ്ങനെ 1934 ആഗസ്റ്റ് 01-ന് നദ്വത്തുല്‍ ഉലമായില്‍ തഫ്സീറിന്‍റെയും അദബിന്‍റെയും ഉസ്താദായി മൗലാനാ നിയമിക്കപ്പെട്ടു. 
മൗലാനാ കുറിക്കുന്നു: എന്‍റെ മാതാ-പിതാക്കളുടെ പാരമ്പര്യ പ്രത്യേകതകള്‍, കുടുംബാന്തരീക്ഷം, രചനാ-സാഹിത്യ അഭിരുചി, സയ്യിദ് അഹ്മദ് ശഹീദിന്‍റെ കുടുംബവും സംഘവുമായി ബന്ധപ്പെട്ടത് കാരണമായിട്ടുണ്ടായ മാനസിക ചിന്താ വീക്ഷണം, ദീനീ രോഷം, എല്ലാത്തിനുമുപരിയായി പൗരാണിക നൂതന വിജ്ഞാനങ്ങളെ മാത്രമല്ല, പാശ്ചാത്യ പൗരസ്ത്യ വിജ്ഞാനങ്ങളെയും സമാഹരിച്ച ജേഷ്ഠന്‍ മൗലാനാ ഡോക്ടര്‍ സയ്യിദ് അബ്ദുല്‍ അലിയുടെ പ്രത്യേകമായ പരിചരണം എന്നീ കാരണങ്ങളാല്‍ എനിക്ക് വ്യക്തിപരമായി യോഗ്യതയും മേന്മയും ഇല്ലാതിരുന്നിട്ടും നദ്വത്തുല്‍ ഉലമായുടെ മത-ചിന്താ പ്രകൃതികളും സംസ്കാര രീതികളുമായി പെട്ടെന്ന് ഇണങ്ങിച്ചേരാന്‍ എനിക്ക് സാധിച്ചു. അതുകൊണ്ട് എന്നെ അതുമായി ബന്ധിപ്പിക്കാന്‍ ചിന്താപരമായ പലായനമോ നീണ്ട യാത്രയോ ചെയ്യേണ്ടി വന്നില്ല. വീടിന്‍റെ തന്നെ ഒരു മൂലയില്‍ നിന്നും മാറി മറ്റൊരു മൂലയിലേക്ക് വന്ന പ്രതീതിയാണ് എനിക്കുണ്ടായത്. നദ്വയുടെ അന്തരീക്ഷത്തില്‍ വളരാനും നദ്വയുടെ വിവിധ കാര്യങ്ങള്‍ കാണാനും കേള്‍ക്കാനും സാധിച്ചു എന്നുള്ളതും ഇതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കൂടാതെ എന്‍റെ പ്രധാനപ്പെട്ട രണ്ട് ഗുരുനാഥന്മാരായ ശൈഖ് ഖലീല്‍ യമനിയും മൗലാനാ സയ്യിദ് ത്വല്‍ഹ നദ്വിയും നദ്വയുടെ പ്രധാന വ്യക്തിത്വങ്ങളായിരുന്നു. ഇതോടൊപ്പം നദ്വയുടെ അന്തരീക്ഷത്തില്‍ എനിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും എന്‍റെ പരിമിതമായ യോഗ്യതകളെ പ്രയോജനപ്പെടുത്താനും വളര്‍ത്താനും നദ്വയുടെ അത്രയും അവസരം വേറെ എവിടെയും കിട്ടാന്‍ സാധ്യതയില്ലായിരുന്നു. നദ്വയുടെ നാസിം എന്‍റെ മൂത്ത ജേഷ്ഠനും വിദ്യാഭ്യാസ വിഭാഗം തലവന്‍ പിതാവിന്‍റെ ശിഷ്യനും സഹോദരന്‍റെ പ്രധാന സുഹൃത്തുമായ അല്ലാമാ സയ്യിദ് സുലൈമാന്‍ നദ്വിയും പ്രിന്‍സിപ്പള്‍ എന്‍റെ പ്രിയപ്പെട്ട ഉസ്താദ് മൗലാനാ ഹൈദര്‍ ഹസന്‍ ഖാനും വൈസ് പ്രിന്‍സിപ്പള്‍ എന്‍റെ സഹപാഠി മൗലാനാ ഇംറാന്‍ നദ്വിയും ആയിരുന്നതും എനിക്ക് വളരെ പ്രയോജനകരമായി. ഉസ്താദുമാരില്‍ ഭൂരിഭാഗവും എന്‍റെ സഹപാഠികളോ പഴയ സുഹൃത്തുക്കളോ ആയിരുന്നു. മൗലാനാ മസ്ഊദ് ആലം നദ്വി, ശൈഖ് മുഹമ്മദ് അറബി, മൗലാനാ മുഹമ്മദ് നാസിം നദ്വി, മൗലാനാ അബ്ദുസ്സലാം ഖിദ്വായി നദ്വി, മൗലാനാ അബുല്ലൈസ് ഇസ്ലാഹി നദ്വി, മൗലാനാ ഇദ്രീസ് നദ്വി എന്നിവര്‍ ഇവരില്‍ പ്രധാനികളാണ്. ഇക്കാരണങ്ങളാല്‍ അദ്ധ്യാപക കര്‍ത്തവ്യം പൂര്‍ണ്ണമായി നിര്‍വ്വഹിക്കാനും വിദ്യാര്‍ത്ഥികളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും എന്‍റെ വിനീതമായ അനുഭവങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്താനും യാതൊരു തടസ്സവും ഉണ്ടായില്ല. (കാറവാന്‍).
 
ദാറുല്‍ ഉലൂമിലെ താമസം: 
അദ്ധ്യാപനം ആരംഭിച്ചതിന് ശേഷം അതില്‍ പരിപൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മൗലാനാ ദാറുല്‍ ഉലൂമില്‍ താമസം തുടങ്ങി. മൗലാനാ മസ്ഊദ് ആലം നദ്വിയോടൊപ്പമായിരുന്നു താമസം. അങ്ങനെ ഈ മുറി താമസസ്ഥലം എന്നതിനോടൊപ്പം അല്‍ദിയാഅ് മാസികയുടെ ഓഫീസ് കൂടിയായി. തിര്‍മിദി ശരീഫ് രണ്ടാം പകുതി, പരിശുദ്ധ ഖുര്‍ആനിന്‍റെ ആദ്യത്തെ പത്ത് ജുസ്ഇന്‍റെ തഫ്സീര്‍, അറബി സാഹിത്യത്തിലെ ഹുമാസ, ഖുദ്രിയുടെ ഇസ്ലാമിക ചരിത്രം, പ്രാരംഭ ക്ലാസ്സിലുള്ള അറബി പാഠം എന്നിവയായിരുന്നു പാഠങ്ങള്‍. തഫ്സീറിന്‍റെ പാഠത്തിനുള്ള തയ്യാറെടുപ്പിനെ കുറിച്ച് മൗലാനാ കുറിക്കുന്നു: ലൈബ്രറിയില്‍ നിന്നും കഷ്ഷാഫ്, മആരിബുത്തന്‍സീല്‍, മദാരിക് എന്നീ തഫ്സീറുകള്‍ കൊണ്ടുവന്ന് ഓരോ അക്ഷരങ്ങളും വായിച്ച് തീര്‍ത്തു. തഫ്സീറുല്‍ മനാറും മൗലാനാ ആസാദിന്‍റെ തര്‍ജുമാനുല്‍ ഖുര്‍ആനും വളരെ പ്രയോജനപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ക്ക് റൂഹുല്‍ മആനി ധാരാളം സഹായിച്ചു. താരതമ്യ പഠനങ്ങള്‍ക്ക് മൗലാനാ അബ്ദുല്‍ മാജിദ് ദരിയാബാദിയുമായി കത്തിടപാടുകള്‍ നടത്തുകയും പലപ്പോഴും ദരിയാബാദില്‍ പോയി ചര്‍ച്ച നടത്തുകയും ചെയ്തു. (കാറവാന്‍).

സാഹിത്യ ചിന്താ അഭിരുചികള്‍: 
അന്ന് ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയില്‍ സാഹിത്യത്തിന്‍റെയും ചരിത്രത്തിന്‍റെയും നിഴല്‍ വിരിഞ്ഞ് നിന്നിരുന്നു. അറബി ഭാഷ, സാഹിത്യം, എഴുത്ത്, വായന, ചരിത്ര പാരായണം എന്നിവയുടെ അന്തരീക്ഷം സജീവമായിരുന്നു. ഇതിന് ഏറ്റവും കൂടുതല്‍ പ്രേരകമായത് ദാറുല്‍ ഉലൂമിന്‍റെ യഥാര്‍ത്ഥ സ്ഥാപകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന അല്ലാമാ ശിബ്ലി നുഅ്മാനിയുടെ വ്യക്തിത്വമാണ്. അദ്ദേഹത്തിന്‍റെ ഉപരിസൂചിത ഗുണങ്ങളെ അനുകരിക്കാന്‍ സമര്‍ത്ഥരായ എല്ലാ വിദ്യാര്‍ത്ഥികളും പരിശ്രമിച്ചിരുന്നു. എന്നാല്‍ സന്തോഷകരമായ ഈ അവസ്ഥയോടൊപ്പം മതപരവും പ്രബോധന പരവുമായ അന്തരീക്ഷം ഇല്ലായിരുന്നുവെന്ന ഒരു കുറവും അവിടെ പ്രകടമായി. ദാറുല്‍ ഉലൂമിന്‍റെ പ്രഥമ പ്രബോധകനും സ്ഥാപകനുമായ മൗലാനാ സയ്യിദ് മുഹമ്മദ് അലി മോന്‍ഗേരിയുമായിട്ടുള്ള ബന്ധം ഏതാണ്ട് അവസാനിച്ച് പോയിരുന്നു. ഇതിന്‍റെ ഐശ്വര്യക്കേടും കുഴപ്പങ്ങളും പ്രകടമായിരുന്നു. അല്ലാമാ സയ്യിദ് സുലൈമാന്‍ നദ്വിയും ജേഷ്ഠ സഹോദരന്‍ ഡോക്ടര്‍ സാഹിബും ഇതില്‍ വലിയ ദുഃഖിതരായിരുന്നു. 
മറുഭാഗത്ത് അല്ലാമാ തഖിയ്യുദ്ദീന്‍ ഹിലാലിയുടെ വരവോടെ അറബി ഭാഷയുടെയും സാഹിത്യത്തിന്‍റെയും അഭിരുചിയുണ്ടായിത്തീര്‍ന്നു. അല്‍ദിയാഅ് മാസികയുടെ പ്രവര്‍ത്തനങ്ങള്‍ ഇതില്‍ കൂടുതല്‍ ആവേശം പകര്‍ന്നു. വിദ്യാര്‍ത്ഥികളുമായി കൂടുതല്‍ ബന്ധപ്പെട്ടിരുന്ന യുവ അദ്ധ്യാപകരിലൂടെ ഇത് ശക്തി പ്രാപിച്ചു. ഈജിപ്റ്റിലെ അല്‍ മനാര്‍, അല്‍ ഫത്ഹ്, അര്‍രിസാല, അസ്സഖാഫ മുതലായ മാസികകള്‍ വരാന്‍ തുടങ്ങി. മൗലാനാ കുറിക്കുന്നു: അന്ന് ഞങ്ങളുടെ ചെറിയ മുറി ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു ചെറിയ ദ്വീപായി മാറ്റി.! (കാറവാന്‍). 
ഈ കാലഘട്ടത്തില്‍ നടന്ന ഒരു സംഭവം മൗലാനാ അനുസ്മരിക്കുന്നു: നദ്വത്തുല്‍ ഉലമയിലെ സാഹിത്യ സമാജമായ ജംഇയ്യത്തുല്‍ ഇസ്ലാഹിന്‍റെ കീഴില്‍ ഒരു സാഹിത്യ മത്സരം സംഘടിപ്പിക്കപ്പെട്ടു. ഇസ്ലാമിക ലോകത്തെ ഏറ്റവും ഉയര്‍ന്ന വ്യക്തിത്വം ആരായിരുന്നു എന്നതായിരുന്നു വിഷയം. ചെറുപ്പക്കാരായ പ്രഭാഷകര്‍ എല്ലാവരും വളരെ ആവേശത്തോടെ ഇതില്‍ പങ്കെടുത്തു. ഇസ്ലാമിക ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വത്തെ കണ്ടെത്തി അദ്ദേഹത്തിന്‍റെ തലയില്‍ ഖിലാഫത്തിന്‍റെ തലപ്പാവ് കെട്ടണം എന്ന മട്ടായിരുന്നു എല്ലാവര്‍ക്കും. ഈ മത്സരത്തില്‍ അന്ന് നദ്വയില്‍ വന്നിരുന്ന മഹ്മൂദ് ദിമഷ്ഖി എന്ന പത്രക്കാരനും പങ്കെടുത്തിരുന്നു. മൗലാനാ മസ്ഊദ് നദ്വിയുടെയും എന്‍റെയും അഭിപ്രായം കൂടി ചേര്‍ന്നപ്പോള്‍ അമീര്‍ ശകീബ് അര്‍സലാന്‍റെ തട്ടിന് ഭാരം വന്നു. ആയിടെയാണ് അദ്ദേഹത്തിന്‍റെ ഗ്രന്ഥമായ ഹാളിറുല്‍ ആലമില്‍ ഇസ്ലാമിയും അല്‍ ഫത്ഹിലെ ലേഖനങ്ങളും വായിച്ചത്. ഈ മത്സരത്തിന്‍റെ പ്രതിധ്വനി ഈജിപ്റ്റിലും അലയടിക്കുകയും അമീര്‍ ശകീബ് മൗലാനാ മസ്ഊദിന് കത്തെഴുതുകയും ഞങ്ങള്‍ക്കെല്ലാം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. അതോടൊപ്പം അദ്ദേഹം കത്തില്‍ ഒരു കാര്യം വ്യക്തമായിട്ടെഴുതി. ഈ സ്ഥാനം ആധുനിക യുഗത്തിലെ പ്രധാന പോരാളിയും യോദ്ധാവുമായ ഗാസി അബ്ദുല്‍ കരീം രീഫിയാണ് അര്‍ഹിക്കുന്നത്. പിന്നീട് അമീര്‍ മര്‍ഹൂം അസ്സയ്യിദ് റഷീദ് റിദ, ഔ ഇഖാഉ അര്‍ബഈന സന എന്ന ഗ്രന്ഥത്തില്‍ ഈ പരിപാടിയെ അനുസ്മരിക്കുകയും ചെയ്തു. ഇതിലൂടെ ഞങ്ങളുടെ അന്നത്തെ ചിന്താപരമായ അവസ്ഥയും വായനയുടെ അഭിരുചിയും അനുമാനിക്കാന്‍ സാധിക്കുന്നതാണ്. (പുരാനെ ചിറാഗ്). 
ഈ സാഹിത്യ അഭിരുചിയും ഭാഷയിലുള്ള കഴിവും അന്ന് നദ്വത്തുല്‍ ഉലമയ്ക്ക് സ്വായത്തമായിരുന്നെങ്കിലും അതിനെ പുറത്തേക്ക് പ്രകടിപ്പിക്കാന്‍ അവസരങ്ങള്‍ വളരെ കുറവായിരുന്നു. അതുകൊണ്ട് ഇതൊരു പൊതു പ്രസ്ഥാനമാക്കി മാറ്റേണ്ട ആവശ്യമുണ്ടായിരുന്നു. മൗലാനാ ഇതിനുവേണ്ടിയുള്ള പരിശ്രമവും അദ്ധ്യാപനത്തോടൊപ്പം ആരംഭിക്കുകയുണ്ടായി. 

വിവാഹം: 
ദാറുല്‍ ഉലൂമിലെ അദ്ധ്യാപനം തുടങ്ങി നാളുകള്‍ക്കകം മൗലാനായുടെ വിവാഹം നടന്നു. മൗലാനായുടെ ബന്ധത്തില്‍ തന്നെയുള്ള ശാഹ് സിയാഉന്നബിയുടെ മകന്‍റെ മകളും സിംസിമാമുല്‍ ഇസ്ലാം എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവായ മൗലാനാ സയ്യിദ് അബ്ദുര്‍റസ്സാഖ് കലാമിയുടെ മകളുടെ മകളുമായ സയ്യിദ ത്വയ്യിബുന്നിസാഅ് സാഹിബയായിരുന്നു വധു. മൗലാനാ ഹൈദര്‍ ഹസന്‍ നികാഹ് ഓതി. ജേഷ്ഠന്‍ ശ്രദ്ധയോടെ വലീമ നിര്‍വ്വഹിച്ചു. 

അദ്ധ്യാപനത്തിലെ പരിശ്രമങ്ങള്‍: 
അറബി ഭാഷയും സാഹിത്യവും മൗലാനായുടെ വിശിഷ്ട വിഷയങ്ങളായിരുന്നു. അതുകൊണ്ട് ഈ വിഷയം വളരെ താല്പര്യത്തോടെ പഠിപ്പിച്ചു. മൗലാനാ ആഹാരം പോലെ കുട്ടികളെ പഠിപ്പിച്ചതിനാല്‍ വിദ്യാര്‍ത്ഥികള്‍ വളരെയധികം ഇണങ്ങി. മൗലാനാ പറയുന്നു: പാഠം പഠിപ്പിക്കാനും പഠിക്കാനും നിബന്ധനയായ മഹത്തായൊരു ബന്ധം വിദ്യാര്‍ത്ഥികളുമായി ഉണ്ടായിത്തീര്‍ന്നു. ഉസ്താദ് ഖലീല്‍ യമാനിയില്‍ നിന്നും ലഭിച്ച കലക്കിക്കുടിപ്പിക്കല്‍ ശൈലി എനിക്കും ലഭിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ അറബി പഠിക്കുന്നതിലും ആവര്‍ത്തിച്ച് പാഠമാക്കുന്നതിലും മുഴുകി. ഞങ്ങള്‍ ഇതിന് പുതിയ ശൈലികളും സ്വീകരിച്ചുകൊണ്ടിരുന്നു. (കാറവാന്‍). 
ഉസ്താദ് ഹിലാലിയുടെ ഇളയ സഹോദരന്‍ ശൈഖ് മുഹമ്മദുല്‍ അറബ് അന്ന് ദാറുല്‍ ഉലൂമില്‍ മുദര്‍രിസായിരുന്നു. അദ്ദേഹത്തെ കുറിച്ച് മൗലാനാ പറയുന്നു: അദ്ദേഹം വലിയൊരു സഹായമായിരുന്നു. അറബി ഭാഷ പഠിപ്പിക്കാന്‍ ഡയറക്ട് മെത്തേഡ് ശൈലി സ്വീകരിക്കാന്‍ അദ്ദേഹം പ്രേരിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ ഒരു സംഘത്തെ എന്നെ ഏല്പിക്കപ്പെടുകയും അവരില്‍ വലിയ ഫലം കാണുകയും ചെയ്തു. വിദ്യാര്‍ത്ഥികളെക്കാളും ഫലം അദ്ധ്യാപകര്‍ക്കാണ് ഉണ്ടായത്. അറബി ഭാഷ എളുപ്പത്തില്‍ സംസാരിക്കാനും പ്രസംഗിക്കാനും പരിശീലനം ലഭിച്ചു. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ പിന്നീട് ലഭിച്ച പ്രബോധന-സേവനങ്ങളുടെ അടിസ്ഥാനം ഇതായിരുന്നു. (കാറവാന്‍). 
പാഠ്യ പദ്ധതിയില്‍ ഇല്ലെങ്കിലും അതുമായി ബന്ധപ്പെട്ട രചനകള്‍ വായിക്കാന്‍ മൗലാനാ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചിരുന്നു. ഇടയ്ക്ക് മന്‍ത്വിഖ് പഠിപ്പിച്ചതിനെ കുറിച്ച് മൗലാനാ പറയുന്നു: അതിന്‍റെ ഉദാഹണങ്ങള്‍ ദിവസവും കാണപ്പെടുന്ന കാര്യങ്ങളെ കൊണ്ട് നടത്തുകയുണ്ടായി. രണ്ടാം വര്‍ഷം തന്നെ ആറാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് താരീഖുല്‍ അദബില്‍ അറബി പഠിപ്പിക്കാന്‍ ഏല്പിക്കപ്പട്ടു. അവസാന വര്‍ഷങ്ങളില്‍ നീണ്ടകാലം ബുഖാരി ശരീഫിലെ വഹ്യ്, ഈമാന്‍, ഇല്‍മ് എന്നീ അദ്ധ്യായങ്ങള്‍ പഠിപ്പിച്ചിരുന്നു. മൗലാനാ പറയുന്നു: ഇതില്‍ വലിയ രസാനുഭൂതി അനുഭവപ്പെട്ടിരുന്നു. ഇടയ്ക്ക് ഹുജ്ജത്തുല്ലാഹില്‍ ബാലിഗ പഠിപ്പിക്കുകയുണ്ടായി. 

ഡോ. അംബേദ്കറിന് ഇസ്ലാമിലേക്ക് ദഅ്വത്ത്: 
1935 അവസാനത്തില്‍ ഡോ. അംബേദ്കര്‍ സ്വന്തം സമുദായത്തോടൊപ്പം ശരിയായ മതത്തെ അന്വേഷിക്കുന്നു എന്ന വാര്‍ത്ത ലഭിക്കുകയുണ്ടായി. ജേഷ്ഠ സഹോദരനും അറബ് സാഹിബും പണ്ട് മുതല്‍ക്കേ അമുസ്ലിംകള്‍ക്ക് ഇസ്ലാമിക സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുന്നതില്‍ വലിയ ചിന്തയിലായിരുന്നു. ഈ വിവരം അവര്‍ക്ക് ലഭിച്ചപ്പോള്‍ ബോംബൈയിലേക്ക് പോകാനും അംബേദ്കറിന് ഇസ്ലാമിക ദഅ്വത്ത് എത്തിക്കാനും അവര്‍ മൗലാനായെ ചുമതലപ്പെടുത്തി. 21 വയസ്സ് മാത്രമുണ്ടായിരുന്ന മൗലാനാ നദ്വയില്‍ അദ്ധ്യായനം ആരംഭിച്ചിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. പക്ഷെ, അവരുടെ ചിന്ത-പരിശ്രമങ്ങളില്‍ മൗലാനാ എപ്പോഴും പങ്കാളിയായതിനാല്‍ അവര്‍ മൗലാനായെ തെരഞ്ഞെടുത്തു. ഈ യാത്രയെ കുറിച്ച് മൗലാനാ കുറിക്കുന്നത് കാണുക: 
ആയിടെ ലാഹോറിലേക്കുള്ള യാത്രയല്ലാതെ വലിയ യാത്രയൊന്നും അടുത്ത് ചെയ്തിട്ടില്ലായിരുന്നു. എങ്കിലും മൗലാനാ അബ്ദുല്‍ മാജിദ് ദരിയാബാദിയുടെ വാചകത്തില്‍ യഅ്ജൂജീ നഗരമായ ബോംബൈയിലേക്കുള്ള യാത്രയോടും എനിക്ക് വലിയ താല്പര്യമില്ലായിരുന്നു. മുമ്പ് അവിടെ പോയിട്ടുണ്ടെങ്കിലും ഭിണ്ടി ബസാറിലെ അറബി ബുക് സ്റ്റാള്‍ മാത്രമായിരുന്നു എനിക്ക് പരിചയമുള്ള ഏക സ്ഥലം. എന്‍റെ സഹപ്രവര്‍ത്തകരായ മൗലാനാ അബ്ദുസ്സലാം ഖിദ്വായി ബോംബൈയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഖിലാഫത്ത് പത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു. ഞാന്‍ പോകുന്നതായി അറിഞ്ഞപ്പോള്‍ ആള്‍ ഇന്ത്യാ ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറിയും ഖിലാഫത്ത് ഹൗസിന്‍റെ മേല്‍നോട്ടക്കാരനുമായ മൗലാനാ മുഹമ്മദ് ഇര്‍ഫാനിന് അദ്ദേഹം എന്നെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു കത്തെഴുതി തന്നു. ഭാഗ്യത്തിന് എന്‍റെയൊരു സുഹൃത്ത് മൗലാനാ ഇബ്റാഹീം ഇമാദി അവിടുത്തെ ഉദ്വേഗസ്ഥനുമായിരുന്നു. ബോംബൈയില്‍ എത്തിയ പാടെ നേരെ ഖിലാഫത്ത് ഹൗസിലെത്തി. മൗലാനാ ഇര്‍ഫാന്‍ എന്നെ സ്വീകരിച്ചു. മൗലാനാ ഇമാദി എന്നെ അതിഥിയാക്കി. എന്നാല്‍ ഞാന്‍ വന്ന ലക്ഷ്യം ആരോടെങ്കിലും പറയുമ്പോള്‍ എന്നെ അടിമുടി നോക്കി ആളുകള്‍ ചിരിക്കുമോ എന്ന് എനിക്ക് ഭയമുണ്ടായിരുന്നു. അതുകൊണ്ട് ആരെയും വിവരമറിയിച്ചില്ല. അതി രഹസ്യമായി ഡോ. അംബേദ്കറുടെ വീട് അന്വേഷിച്ചു. അത് ദാദറിലാണെന്ന് അറിഞ്ഞു. ലക്നൗവില്‍ നിന്നും ഞാന്‍ കൂട്ടത്തില്‍ കൊണ്ടുവന്ന പ്രബോധന കൃതികളും എടുത്ത് രാവിലെ ഏഴ് മണിയോടെ അദ്ദേഹത്തിന്‍റെ ബംഗ്ലാവിലെത്തി. അദ്ദേഹം പ്രഭാത സവാരിക്ക് പോയെന്നറിഞ്ഞു. പ്രതീക്ഷാമുറിയില്‍ ധാരാളം ആളുകള്‍ വരിയായി ഇരിപ്പുണ്ടായിരുന്നു. ഈ പ്രധാനികള്‍ക്കിടയില്‍ ചെറിയവനായ എന്നെ അദ്ദേഹം ശ്രദ്ധിക്കുമോ എന്ന് സംശയമുണ്ടായിരുന്നെങ്കില്‍ അല്ലാഹുവിന്‍റെ നാമം ചൊല്ലിക്കൊണ്ട് അവിടെയിരുന്നു. അല്പം കഴിഞ്ഞ് അദ്ദേഹം കടന്നുവന്നു. ഉറച്ച ശരീരം. തിളങ്ങുന്ന നിറം. കൈയ്യില്‍ ഒരു വടിയുമുണ്ട്. ഞങ്ങളെ മൊത്തത്തില്‍ നോക്കിയതിന് ശേഷം എന്നെ ആഗ്യം കാണിച്ച് വരികയെന്ന് പറഞ്ഞു. അദ്ദേഹത്തോടൊപ്പം ഞാന്‍ റീഡിംഗ് റൂമിലെത്തി. ഇരിക്കാന്‍ ആംഗ്യം കാണിച്ചു. മേശപ്പുറത്ത് പിക്താളിന്‍റെ ഖുര്‍ആന്‍ തര്‍ജുമ ഇരിക്കുന്നതും അതില്‍ അടയാളം വെച്ചിരിക്കുന്നതും ഞാന്‍ കണ്ടു. അദ്ദേഹം അത് വായിക്കുന്നുണ്ടെന്ന് മനസ്സിലായി. സംസാരിക്കേണ്ടത് എന്താണെന്ന് ചിന്തയില്‍ രൂപപ്പെടുത്തിയിരുന്നു. എനിക്ക് എന്‍റെ അവസ്ഥയെ കുറിച്ച് ബോധ്യം ഉണ്ടായിരുന്നതിനാല്‍ ഒരു സാധാരണ മുസ്ലിമിന്‍റെയും കലര്‍പ്പറ്റ പ്രബോധകന്‍റെയും സ്ഥാനത്ത് നിന്നുകൊണ്ട് യാതൊരു വിധ രാഷ്ട്രീയ സാമൂഹ്യ പ്രേരണകളും കൂടാതെ സ്പഷ്ടമായി കാര്യങ്ങള്‍ പറയാന്‍ തീരുമാനിച്ചിരുന്നു. സംസാരം ഇപ്രകാരം ആരംഭിച്ചു. ഡോ. സാഹിബ്, അങ്ങയോട് വിവിധ മതങ്ങളുമായി ബന്ധപ്പെട്ട വലിയ ആളുകള്‍ ഉയര്‍ന്ന വിഷയങ്ങള്‍ സംസാരിച്ചുകാണും. എനിക്ക് ഇത്ര മാത്രമേ പറയാനുള്ളൂ. താങ്കളുടെയും താങ്കളുടെ സമുദായത്തിന്‍റെയും യഥാര്‍ത്ഥ രക്ഷ താങ്കള്‍ ആഗ്രഹിക്കുകയും നിഷ്കളങ്കതയോടെ ശരിയായ മതത്തെ അന്വേഷിക്കുകയും ചെയ്യുന്നെങ്കില്‍ താങ്കളെ ഞാന്‍ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നു. ഈ വഴിയില്‍ എന്തെങ്കിലും കൈക്കൂലിയോ ഭൗതിക വസ്തുക്കളോ കാണിച്ച് ഞാന്‍ പ്രേരിപ്പിക്കുന്നില്ല.! സംസാരം മുഴുവനും ഓര്‍മ്മയില്ലെങ്കിലും പറഞ്ഞതിന്‍റെ ആത്മാവ് ഇതുതന്നെയായിരുന്നു. അദ്ദേഹം വളരെ ആദരവോടെ ശ്രദ്ധിച്ച് കേട്ടുകൊണ്ട് പറഞ്ഞു: വളരെ ശ്രദ്ധയും സൂക്ഷ്മതയും ആവശ്യമുള്ള വിഷയമാണ്. ഞാന്‍ പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്നുണ്ട്. അതിന് ശേഷം ഒരു തീരുമാനം എടുക്കുന്നതാണ്.! ഇവിടെ ഒരു കാര്യം കുറിക്കാന്‍ മറന്നുപോയി. യാത്രയാകാന്‍ വണ്ടിയില്‍ കയറുന്ന സമയത്ത് അറബ് സാഹിബ് എന്‍റെ ചെവിയില്‍ ഇപ്രകാരം പറഞ്ഞിരുന്നു: ഞങ്ങളുമായി വിവാഹ ബന്ധത്തിന് ആര് തയ്യാറാകുമെന്ന് ചോദിച്ചാല്‍ ഞങ്ങള്‍ തയ്യാറാണെന്നും പരിശുദ്ധമായ അറബി അന്‍സ്വാരി പരമ്പരയില്‍ പെട്ട ഒരു ബന്ധം താങ്കള്‍ക്ക് നല്‍കാന്‍ സന്നദ്ധമാണെന്ന് പറയുക. എന്‍റെ ഭാഗത്ത് നിന്നും വാക്ക് കൊടുക്കാന്‍ താങ്കള്‍ക്ക് അനുവാദമുണ്ട്.! ഇത് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ഠം ഇടറിയത് എനിക്കോര്‍മ്മയുണ്ട്. ചുരുക്കത്തില്‍ കൂടുതല്‍ സംസാരിക്കേണ്ട ആവശ്യമില്ല എന്ന് കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് ഇംഗ്ലീഷ് രചനകള്‍ സമര്‍പ്പിക്കുകയും തീര്‍ച്ചയായും വായിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. അദ്ദേഹം ആദരവോടെ എന്നെ യാത്രയാക്കി. തുടര്‍ന്ന് നടന്ന സംഭവങ്ങള്‍, സന്മാര്‍ഗ്ഗം നമ്മുടെ ഇഷ്ടപ്രകാരമല്ല, പടച്ചവന്‍റെ ഇഷ്ടപ്രകാരമാണ് എന്നതിന്‍റെ തെളിവാണ്. അദ്ദേഹവും സമുദായവും ബുദ്ധമതം തെരഞ്ഞെടുത്തു. ഇതിലടങ്ങിയ തെറ്റ് അദ്ദേഹത്തിന് പിന്നീട് മനസ്സിലായിക്കാണുമെന്നാണ് തോന്നുന്നത്. കാരണം ഈ മതംമാറ്റം കൊണ്ട് അദ്ദേഹം ഉദ്ദേശിച്ച ഗുണമൊന്നും ഉണ്ടായില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നതായി പി.റ്റി. രാജശേഖരന്‍ എഴുതിയിട്ടുണ്ട്. (കാറവാന്‍).
മൗലാനാ ബോംബൈയില്‍ പത്ത് ദിവസത്തോളം താമസിച്ചു. ഇതിനിടയില്‍ അവിടെ മലേറിയ പടര്‍ന്ന് പിടിക്കാനാരംഭിച്ചു. അതുകൊണ്ട് മറ്റുള്ളവരുടെ അഭിപ്രായപ്രകാരം മൗലാനാ നാട്ടിലേക്ക് മടങ്ങി. മൗലാനാ പറയുന്നു: നാട്ടിലെത്തിയപ്പോള്‍ രണ്ട് വാര്‍ത്തകള്‍ ലഭിച്ചു. ഒന്ന്, വളരെ സന്തോഷകരവും. രണ്ട്, അത്യന്തം ദുഃഖകരവും. പ്രിയപ്പെട്ട മുഹമ്മദുല്‍ ഹസനിയുടെ ജനനമാണ് സന്തോഷവാര്‍ത്ത. ഞാന്‍ ലക്നൗവില്‍ എത്തുന്നതിന് ഏഴ് ദിവസം മുമ്പ് 1935 ഒക്ടോബര്‍ 15-ന് മുഹമ്മദുല്‍ ഹസനി ജനിച്ചു. ദുഃഖവാര്‍ത്ത മാമയുടെ മകനായ സയ്യിദ് മുസ്ത്വഫാ മര്‍ഹൂം പാമ്പ് കടിയേറ്റി പെട്ടെന്ന് മരിച്ചതാണ്. എന്നെക്കാള്‍ നാല് വര്‍ഷം മൂത്തതായിരുന്നു. സ്വന്തം സഹോദരനെ പോലെ ഒരുമിച്ച് കളിച്ചാണ് ഞങ്ങള്‍ വളര്‍ന്നത്. (കാറവാന്‍). 

രണ്ട് പ്രധാന സംഭവങ്ങള്‍: 
1935 ഒക്ടോബറില്‍ അല്ലാമാ സയ്യിദ് സുലൈമാന്‍ നദ്വി കടുത്ത രോഗബാധിതനായി. രോഗ സന്ദര്‍ശനത്തിന് അടുത്തവരെല്ലാം അഅ്സംഗഡിലെ ദാറുല്‍ മുസ്വന്നിഫീനിലെത്തി. ഡോക്ടര്‍ അബ്ദുല്‍ അലി സാഹിബും യാത്ര ചെയ്യുകയും സയ്യിദിനെ പരിശോധിക്കുകയും ചെയ്തു. പരിശോധിച്ച ശേഷം പറഞ്ഞു: സയ്യിദ് സാഹിബ് നിരന്തരം ചിന്തകളിലും പരിശ്രമങ്ങളിലുമാണ്. ഒരിക്കലും വിശ്രമമില്ല. തുടര്‍ന്ന് ഡോക്ടര്‍ സാഹിബ് തമാശയായി പറഞ്ഞു: മൂന്ന് വഴികളാണുള്ളത്. ഒന്നുകില്‍, വിശ്രമം കിട്ടുന്ന വല്ല കളിയും കളിക്കുക. അല്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക. അല്ലെങ്കില്‍ കവിതാ രചന ആരംഭിക്കുക.! അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ രോഗം ഭേദമായി. ശേഷം ലക്നൗവില്‍ വന്നപ്പോള്‍ ഒരു സ്വീകരണ സദസ്സ് സംഘടിപ്പിക്കപ്പെട്ടു. അതില്‍ പട്ടണത്തിലെ പ്രധാനികളെല്ലാം പങ്കെടുത്തിരുന്നു. തദവസരം മൗലാനാ ഒരു ആശംസ ഫലകം തയ്യാറാക്കി സമര്‍പ്പിച്ചു. മൗലാനായുടെ രചനകളില്‍ അപൂര്‍വ്വമായ ഒന്നാണിത്. മൗലാനാ തന്നെ പറയുന്നു: സയ്യിദ് സാഹിബിന്‍റെ പ്രധാനപ്പെട്ട രചനകളുടെ നാമങ്ങളെല്ലാം ഒരു പ്രത്യേക ശൈലിയില്‍ അതില്‍ സൂചിപ്പിക്കാന്‍ ശ്രദ്ധിച്ചിരുന്നു. അല്‍ഹംദുലില്ലാഹ്, അതില്‍ വിജയിക്കുകയും ചെയ്തു. ഈ ആശംസാ ഫലകം ഇന്നും ദാറുല്‍ മുസ്വന്നീഫിനില്‍ ഒരിടത്ത് തൂക്കിയിട്ടിട്ടുണ്ട്. (കാറവാന്‍). 
1936-ല്‍ അലീഗഡില്‍ മുസ്ലിം എജുക്കേഷണല്‍ കോണ്‍ഫ്രന്‍സിന്‍റെ ജൂബിലി ആഘോഷം നടന്നു. നദ്വയുടെ സംഘത്തില്‍ മൗലാനയുമുണ്ടായിരുന്നു. നദ്വയുടെ കൂടി മേല്‍നോട്ടക്കാരനും മഹാനുമായ മൗലാനാ ഹബീബുര്‍റഹ്മാന്‍ ശര്‍വാനിയായിരുന്നു പരിപാടിയുടെ മുഖ്യസംഘാടകന്‍. അലീഗഡിലേക്കുള്ള ആദ്യത്തെ യാത്രയായിരുന്നു. ദീനിയാത്ത് വിഭാഗത്തിന്‍റെ സെക്രട്ടറിയും മൗലാനായുടെ കുടുംബമിത്രവുമായ മൗലാനാ അബൂബക്ര്‍ ഫാറൂഖിയുടെ വീട്ടിലാണ് താമസിച്ചത്. മൗലാനാ കുറിക്കുന്നു: മൗലാനാ ഹബീബുര്‍ റഹ്മാന്‍റെ വീട്ടില്‍ താമസിക്കാത്തതിന്‍റെ പേരില്‍ അദ്ദേഹം സ്നേഹപൂര്‍വ്വം വിമര്‍ശിക്കുകയും അവസാനം കുറച്ചുനേരം അദ്ദേഹത്തിന്‍റെ വീടായ ഹബീബ് മന്‍സിലില്‍ താമസിക്കുകയും ചെയ്തു. (കാറവാന്‍). ഈ സമ്മേളനത്തില്‍ മദ്റസകളുമായി ബന്ധപ്പെട്ട സദസ്സില്‍ മൗലാനാ പങ്കെടുത്ത് സംസാരിച്ചു. പ്രസ്തുത സദസ്സിലെ അദ്ധ്യക്ഷന്‍ മൗലാനാ ഹുസൈന്‍ അഹ്മദ് മദനിയായിരുന്നു. ഈ സദസ്സിനെ കുറിച്ച് കുറിക്കുന്നു: ഈ സദസ്സിന് സ്വാഗതം പറഞ്ഞ മൗലാനാ അബൂബക്ര്‍ സാഹിബിന്‍റെ ഒരു വാചകം ഇന്നും ഓര്‍മ്മയുണ്ട്. അദ്ദേഹം പറഞ്ഞു: ഇന്ന് പണ്ഡിതന്മാര്‍ യുവാക്കളുടെ വസ്ത്രം ഇറങ്ങിക്കിടക്കുന്നതിനെ കുറിച്ച് പരാതി പറയുന്നു. അടുത്ത് തന്നെ നിങ്ങള്‍ അവരുടെ വസ്ത്രം തുറന്ന് കിടക്കുന്നതിനെ കുറിച്ച് പരാതി പറയുന്നതാണ്. അന്ന് പ്രത്യക്ഷപ്പെടാന്‍ ആരംഭിച്ച ഹൈന്ദവ വര്‍ഗ്ഗീയതയിലേക്ക് സൂചിപ്പിച്ചാണ് അദ്ദേഹം ഇത് പറഞ്ഞത്. (കാറവാന്‍).
 
സീറത്ത് സയ്യിദ് അഹ്മദ് ശഹീദിന്‍റെ രചന: 
കുടുംബത്തിലെ പ്രധാന വ്യക്തിത്വങ്ങളുടെ വിശിഷ്ട ഗുണങ്ങള്‍ പരമ്പരകളിലേക്ക് നീങ്ങും എന്നത് ഒരു വസ്തുതയാണ്. മഹാന്മാര്‍ നിറഞ്ഞുനിന്നിരുന്ന ഹസനീ കുടുംബത്തിലെ മഹത്തുക്കള്‍ എല്ലാവരുടെയും മഹനീയ ഗുണങ്ങള്‍ മൗലാനാ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടിരുന്നു. എന്നാല്‍ മൗലാനായുടെ ചിന്തയിലും ജീവിതത്തിലും ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ കുടുംബാംഗം സയ്യിദ് അഹ്മദ് ശഹീദ് ആണ്. മൗലാനായുടെ തജ്ദീദ്-ഇസ്ലാഹുകളുടെ മുഴുവന്‍ പരിശ്രമങ്ങളിലും സയ്യിദ് ശഹീദിന്‍റെ പ്രതിഫലനം ശക്തവും വ്യക്തവുമായി കാണാന്‍ കഴിയും. സയ്യിദ് അഹ്മദ് ശഹീദ് (റഹ്) ഈ കുടുംബത്തില്‍ ജനിച്ചുയര്‍ന്ന് ലോകം മുഴുവനും പ്രകാശിച്ച ഒരു വ്യക്തിത്വമാണ്. കുടുംബത്തില്‍ സയ്യിദിന്‍റെ വിവിധ കാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ച വ്യാപകമായിരുന്നു. ആദരണീയ പിതാവിനും പ്രിയപ്പെട്ട ജേഷ്ഠനും സയ്യിദിനോട് പ്രത്യേക അടുപ്പവും ആദരവുമായിരുന്നു. ഡല്‍ഹിയും പരിസരവും എന്ന യാത്രാ വിവരണത്തില്‍ ഇടയ്ക്കിടെ സയ്യിദിനോടുള്ള ആദരവ് മൗലാനാ അബ്ദുല്‍ ഹയ്യ് പ്രകടിപ്പിച്ചിട്ടുണ്ട്. ജേഷ്ഠനെ കുറിച്ച് മൗലാനാ പറയുന്നു: സ്വഹാബാ കിറാം കഴിഞ്ഞാല്‍ ജേഷ്ഠന്‍ ഏറ്റവും കൂടുതല്‍ ആദരിച്ചിരുന്നത് സയ്യിദിനെയായിരുന്നു.! സയ്യിദിന്‍റെ നാമം ചെറുപ്പം മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയെങ്കിലും ജേഷ്ഠന്‍റെ പരിചരണവും പിതാവിന്‍റെ ഗ്രന്ഥവും സയ്യിദിനോടുള്ള സ്നേഹാദരവുകള്‍ വര്‍ദ്ധിപ്പിച്ചു. മൗലാനാ പറയുന്നു: സയ്യിദിന്‍റെ വ്യക്തിത്വത്തെ എനിക്ക് പ്രഥമമായി വ്യക്തമാക്കി തന്നത് പിതാവിന്‍റെ ഡല്‍ഹിയും പരിസരവും എന്ന യാത്രാ വിവരണമാണ്. (കാറവാന്‍). 
അവസാനം ഒരു അനുഗ്രഹീത സമയം സമാഗതമായി. മൗലാനായുടെ വാചകത്തില്‍ ഇത് പുതിയൊരു യുഗത്തിന്‍റെ തുടക്കമായിരുന്നു. 1936-ലെ വേറൊരു അവധിയില്‍ മൗലാനാ ഹൈദറിന്‍റെ ക്ഷണത്തെ തുടര്‍ന്ന് രാജസ്ഥാനിലെ ടോങ്കിലേക്ക് യാത്ര ചെയ്തു. അവിടെ ധാരാളം ബന്ധുക്കളും താമസിച്ചിരുന്നു. സയ്യിദിന്‍റെ ശഹാദത്തിന് ശേഷം അദ്ദേഹത്തിന്‍റെ അടുത്ത ബന്ധുക്കളും ശേഷിച്ച മുജാഹിദുകളും ഇവിടെയാണ് താമസത്തിന് തെരഞ്ഞെടുത്തത്. മൗലാനാ ടോങ്കിലേക്ക് പോയ സമയത്ത് സയ്യിദിന്‍റെ പൗത്രന്‍ സയ്യിദ് മുഹമ്മദ് ഇസ്മാഈലും മറ്റൊരു മകനായ സയ്യിദ് മുഹമ്മദ് യൂനുസിന്‍റെ മകളും അവിടെയുണ്ടായിരുന്നു. മൗലാനാ ഹൈദറിന്‍റെ വീട്ടില്‍ താമസിച്ചിരുന്ന മൗലാനാ ഇടയ്ക്കിടെ ഇവരുടെ അരികില്‍ പോയിരുന്നു. അവിടെ വെച്ച് മൗലാനായ്ക്ക് സയ്യിദ് അഹ്മദ് ശഹീദിനെ കുറിച്ച് ഏറ്റവും കൂടുതല്‍ ആധികാരികമായി വിവരിക്കുന്ന ബ്രഹത് ഗ്രന്ഥം വഖാഈയേ അഹ്മദീ ലഭിച്ചു. ഇതിന്‍റെ വായന മൗലാനായില്‍ വമ്പിച്ച പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചു. മൗലാനാ ഞങ്ങളോട് ഒരിക്കല്‍ പറഞ്ഞു: ദാറുല്‍ ഉലൂമില്‍ രാത്രി വിളക്ക് കത്തിച്ച് ഇതിന്‍റെ വായനയില്‍ ലയിക്കുമായിരുന്നു. പലപ്പോഴും അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ മന്ദമാരുതന്‍ അടിച്ചുവീശുന്നതായി അനുഭവപ്പെടുകയും കണ്ണുകള്‍ നിറയുകയും അറിയാതെ ദുആയ്ക്ക് കൈ ഉയര്‍ത്തി പോകുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍ നാട്ടിലേക്ക് വരുമ്പോള്‍ ഈ ഗ്രന്ഥം വായിച്ചുകൊണ്ടാണ് വന്നത്. റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി റിക്ഷയില്‍ കയറാന്‍ നേരത്ത് സ്ഥലം ചോദിച്ചപ്പോള്‍ കരച്ചില്‍ കാരണം സ്ഥലം പറയാന്‍ സാധിച്ചില്ല.! 
ടോങ്കിലെ ഈ താമസത്തിനിടയില്‍ സയ്യിദ് അഹ്മദ് ശഹീദിനെ കുറിച്ച് ഒരു ഗ്രന്ഥം തയ്യാറാക്കാന്‍ ആഗ്രഹമുണ്ടാകുകയും അവിടെ വെച്ച് തന്നെ അതിന് തുടക്കം കുറിക്കുകയും ചെയ്തു. മൗലാനാ പറയുന്നു: ഒരു ദിവസം ബനാസ് നദിയുടെ കരയില്‍ നില്‍ക്കുകയായിരുന്നു. സയ്യിദും കൂട്ടരും പലപ്രാവശ്യം വുളൂഅ് ചെയ്ത സ്ഥലമാണിത്. 1936 മെയ് മാസത്തില്‍ ഒരു ദിവസം സൂര്യോദയത്തിന് മുമ്പ് അവിടെയുണ്ടായിരുന്ന ഒരു കല്ലില്‍ ഇരുന്ന് കാലുകള്‍ വെള്ളത്തിലിട്ടുകൊണ്ട് സീറത്ത് സയ്യിദ് അഹ്മദ് ശഹീദിന്‍റെ ആമുഖമെഴുതി. (കാറവാന്‍). സയ്യിദിന്‍റെ ത്യാഗപൂര്‍ണ്ണമായ ജീവിതവും നവോത്ഥാന പരിശ്രമവും ഈ ആമുഖത്തില്‍ സമാഹരിച്ചിട്ടുണ്ട് എന്നിതാണ് വാസ്തവം. ഇവിടെ ഒരു കാര്യം ഓര്‍ക്കുക: ഇത് എഴുതിയ വ്യക്തി തൂലികാ പഠവം തെളിയിച്ച ഗ്രന്ഥകാരനൊന്നുമല്ലായിരുന്നു. രചനാ മേഖലയിലേക്ക് കാലെടുത്ത് വെയ്ക്കുന്ന, 23 വയസ്സ് മാത്രം പ്രായമുള്ള ഒരു യുവാവായിരുന്നു. എന്നാല്‍ ഈ ആമുഖത്തില്‍ അടങ്ങിയിരിക്കുന്ന ആശയങ്ങളിലേക്ക് കണ്ണോടിച്ച് നോക്കുക: 
ഈമാനിക അവസ്ഥകളുടെ ഹൃദ്യമനോഹരമായ കുളിര്‍ക്കാറ്റുകള്‍ ഇസ്ലാമിക ചരിത്രത്തില്‍ പലപ്പോഴും അടിച്ചുവീശിയിട്ടുണ്ട്. എന്നാല്‍ ഈമാന്‍-യഖീനുകളുടെയും ഇഖ്ലാസ്-ലില്ലാഹിയത്തുകളുടെയും വസന്തം സയ്യിദിന്‍റെ കാലഘട്ടത്തില്‍ പൂത്തുലഞ്ഞത് പോലെ നമ്മുടെ അറിവില്‍ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല. അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസം, ശക്തമായ അവലംബം, ജിഹാദിന്‍റെ ആവേശം, മഹത്തായ പ്രതിഫലേച്ഛ, രക്തസാക്ഷിത്വത്തിലുള്ള ആഗ്രഹം, പരലോക ബോധം എന്നിവയുടെ ധാരാളം മാതൃകകള്‍ ഈ ചരിത്രത്തില്‍ കാണാന്‍ കഴിയും. മനുഷ്യ നിര്‍മ്മാണത്തിന്‍റെയും സംസ്കരണത്തിന്‍റെയും പരിവര്‍ത്തനത്തിന്‍റെയും ഇതുപോലുള്ള അത്ഭുതകരമായ സംഭവങ്ങള്‍ ചരിത്രത്തില്‍ വേറെയും ഉണ്ടെങ്കിലും വളരെ കുറവാണ്. (സീറത്ത് സയ്യിദ് അഹ്മദ് ശഹീദ്). 
മൗലാനാ കുറിക്കുന്നു: ഇത് വളരെ അനുഗ്രഹീതമായ തുടക്കമായിരുന്നു. ഇതിലൂടെ എന്‍റെ പുതിയ ഘട്ടം ആരംഭിച്ചു. ഈ തുടക്കം എന്‍റെ ജീവിതത്തിലെ വിപ്ലവകരമായ ഒരു കാര്യമായിരിക്കുമെന്നും ഈ ഗ്രന്ഥം വളരെ സ്വീകാര്യമാകുകയും എന്നെ പരിചയപ്പെടുത്തുകയും മഹാന്മാര്‍ക്കിടയില്‍ മതിപ്പുണ്ടാക്കുകയും ചെയ്യുമെന്നും എനിക്ക് അനുമാനമില്ലായിരുന്നു. വേനലവധിയുടെ അവസാനത്തില്‍ ടോങ്കില്‍ നിന്നും മടങ്ങി. സീറത്ത് സയ്യിദ് അഹ്മദ് ശഹീദ് പൂര്‍ത്തീകരിക്കണമെന്ന ഉറപ്പും ഉപഹാരവും മനസ്സിലേന്തിക്കൊണ്ടാണ് മടങ്ങിയത്. (കാറവാന്‍). അതെ, ചെറുപ്പത്തില്‍ തന്നെ മനസ്സില്‍ പതിഞ്ഞിരുന്ന സയ്യിദ് അഹ്മദ് ശഹീദിനോടുള്ള സ്നേഹാദരങ്ങളുടെ വിത്ത് വളര്‍ന്ന് വടവൃക്ഷമാകുകയായിരുന്നു. ഈ ഗ്രന്ഥത്തില്‍ മൗലാനാ വിവരിച്ച കാര്യങ്ങള്‍ ജീവിതം മുഴുവന്‍ മുറുകെ പിടിക്കാന്‍ ശ്രദ്ധിക്കുകയുണ്ടായി. 

ദാറുല്‍ ഉലൂമിന്‍റെ സാമ്പത്തിക ഞെരുക്കം: 
ഡോക്ടര്‍ അബ്ദുല്‍ അലി സാഹിബിന്‍റെ പ്രവര്‍ത്തനത്തിന്‍റെ ആദ്യ ഘട്ടത്തില്‍ ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയുടെ സാമ്പത്തിക അവസ്ഥ വളരെ മോശമായിരുന്നു. മൗലാനായ്ക്കും ഇതിനെ കുറിച്ചുള്ള ചിന്തയുണ്ടായി. ഡോക്ടര്‍ സാഹിബിന്‍റെ നിര്‍ദ്ദേശപ്രകാരം മൗലാനായും ദാറുല്‍ ഉലൂമിലെ ചില ഉസ്താദുമാരും റെയില്‍വെ വര്‍ക്ക് ഷോപ്പിന്‍റെ കവാടത്തില്‍ പോയി നില്‍ക്കുകയും ആഴ്ച ശമ്പളം വാങ്ങി വരുന്ന ജനങ്ങളില്‍ നിന്നും സംഭാവന പിരിക്കുകയും ചെയ്തിരുന്നു. ചിലര്‍ നാല് അണയും മറ്റ് ചിലര്‍ എട്ട് അണയും കൊടുക്കുമായിരുന്നു. എന്നിട്ടും രണ്ട്-മൂന്ന് മാസങ്ങളിലെ ശമ്പളങ്ങള്‍ കടമാകുമായിരുന്നു. ഈയൊരു ആവശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ദാറുല്‍ ഉലൂം പ്രിന്‍സിപ്പല്‍ മൗലാനാ ഹൈദര്‍ ഖാന്‍റെ നേതൃത്വത്തില്‍ 1937 മെയ് 01-ന് ഒരു സംഘം മദ്രാസ് ഭാഗത്തേക്ക് യാത്ര ചെയ്തു. ഈ സംഘത്തില്‍ മൗലാനാ നദ്വിയുമുണ്ടായിരുന്നു. ഭോപ്പാലിലും നാഗ്പൂരിലും ഇറങ്ങി പരിശ്രമിച്ച സംഘം അവസാനം മദ്രാസിലെത്തി. നാഗ്പൂരില്‍ അല്പം ആശ്വാസം ലഭിച്ചെങ്കിലും മദ്രാസില്‍ പ്രതീക്ഷിച്ച അത്രയും വിജയം ലഭിച്ചില്ല. അതുകൊണ്ട് കുറഞ്ഞ താമസത്തിന് ശേഷം സംഘം മടങ്ങി. മൗലാനാ കുറിക്കുന്നു: മദ്രാസ് നിവാസികള്‍ക്ക് ഈ സംഘം വരുന്നതായി കൂടുതല്‍ അറിവുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ ഈ സംഘത്തെ കൂടുതല്‍ ശ്രദ്ധിച്ചിരുന്നില്ല. ഖേദകരമെന്ന് പറയട്ടെ, സമുന്നതമായ വിജ്ഞാനവും സത് സ്വഭാവവും സുദീര്‍ഘമായ ഹദീസ് സേവനത്തോടൊപ്പം തസ്വവ്വുഫിന്‍റെ നായകനായ ശൈഖ് ഇംദാദുല്ലാഹ് മുഹാജിര്‍ മക്കിയ്യുടെ ഘലീഫ കൂടിയായ മൗലാനാ ഹൈദര്‍ ഹസന്‍ ഖാനെ പോലുള്ള സമുന്നത പണ്ഡിതനും മുഹദ്ദിസുമായ വ്യക്തിത്വം ഈ പട്ടണത്തില്‍ വന്നതിന്‍റെ പ്രാധാന്യം പോലും അന്ന് അവിടെയുള്ളവര്‍ ഉള്‍ക്കൊണ്ടില്ല.! (കാറവാന്‍). 
മൗലാനാ അഷ്റഫ് അലി ത്ഥാനവിയുടെ സദസ്സുകളില്‍: 
1938 ആഗസ്റ്റ് മാസം ഹകീമുല്‍ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ത്ഥാനവി ചികിത്സാര്‍ത്ഥം ലക്നൗവില്‍ എത്തി. നാല്പത് ദിവസം താമസിച്ചു. ളുഹ്ര്‍-അസ്ര്‍ നമസ്കാരങ്ങള്‍ക്ക് ശേഷം നടന്നിരുന്ന സദസ്സുകളില്‍ ജേഷ്ഠ സഹോദരനോടൊപ്പം മൗലാനായും ക്യത്യനിഷ്ഠയോടെ പങ്കെടുത്തിരുന്നു. മൗലാനാ പറയുന്നു: ഭാഗ്യവശാല്‍ ആ സമയത്ത് മൗലാനാ സഫര്‍ അഹ്മദ് ഉസ്മാനിയുടെ അല്‍ ഖൗലുല്‍ മന്‍സൂര്‍ എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. മൗലാനാ ത്ഥാനവിയുടെ ശ്രദ്ധ മുഴുവന്‍ അതിലായിരുന്നു. അതിലെ ദീര്‍ഘമായ അറബി വാചകങ്ങള്‍ തിരുത്താന്‍ എന്നെ ഏല്പിക്കപ്പെട്ടു. ഇത് മൗലാനായുമായി കൂടുതല്‍ അടുപ്പത്തിന് കാരണമായി. (കാറവാന്‍). ഡിസംബര്‍ 10-)ം തിയതി അസ്ര്‍ കഴിഞ്ഞപ്പോള്‍ താങ്കളുടെ വീട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് മൗലാനാ ത്ഥാനവി ജേഷ്ഠനോടൊപ്പം നടന്നുതുടങ്ങി. വീടിന്‍റെ ഒരു ഭാഗം തന്നെയായിരുന്ന ജേഷ്ഠന്‍റെ വൈദ്യശാലയില്‍ അല്പനേരം ഇരിക്കുകയും മുഴുവന്‍ ദേവ്ബന്ദ് ഉലമാ-മശാഇഖുകളും സയ്യിദ് അഹ്മദ് ശഹീദിനോട് പുലര്‍ത്തിയിരുന്ന ബന്ധം പ്രകടിപ്പിക്കുകയും ചെയ്തു.
 
അല്ലാമാ ഇഖ്ബാലുമായി അഭിമുഖം: 
ആദ്യ ലാഹോര്‍ യാത്രയില്‍ തന്നെ അല്ലാമാ ഇഖ്ബാലിനെ കാണുകയും പരിചയപ്പെടുകയും ചെയ്തിരുന്നു. ശേഷം അല്ലാമായുടെ ബാങ്കെ ദറാ എന്ന കവിതാ സമാഹാരം വായിക്കുകയും ചിലത് വിവര്‍ത്തനം നടത്തുകയും ചെയ്തു. തുടര്‍ന്ന് ഇഖ്ബാലിയാത്തിന്‍റെ വിവിധ സമാഹാരങ്ങള്‍ വായിച്ചപ്പോള്‍ വളരെയധികം പ്രതിഫലനം ഉള്‍ക്കൊള്ളുകയുണ്ടായി. മൗലാനാ പറയുന്നു: അദ്ദേഹത്തിന്‍റെ ഉന്നത മനക്കരുത്തും വിശാലമായ സ്നേഹവും അടിയുറച്ച വിശ്വാസവുമാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ശിച്ചത്. അദ്ദേഹത്തിന്‍റെ കവിതകളില്‍ ഈ മൂന്ന് കാര്യങ്ങള്‍ സമരസപ്പെട്ട് കിടക്കുന്നതായി കാണാന്‍ കഴിയും. ഒരു പക്ഷെ, സമകാലികരില്‍ ആരിലും ഈയൊരു പ്രത്യേകത പ്രകടമല്ല. എന്നെ സംബന്ധിച്ചിടത്തോളം ഈ മൂന്ന് കാര്യങ്ങളുള്ള സാഹിത്യങ്ങള്‍ വളരെ ശക്തിയുള്ളതാണ്. (കാറവാന്‍). ഇഖ്ബാല്‍ കവിതകളില്‍ മൗലാനാ ലയിച്ചിരിക്കുന്ന ഈ കാലത്ത് പഞ്ചാബിലെ ജലന്ധറില്‍ നിന്നും പെണ്‍കുട്ടികളുടെ ഒരു മദ്റസയുടെ പരിപാടിക്ക് ക്ഷണിക്കപ്പെട്ടു. ഇവിടെയെത്തിയ മൗലാനാ ലാഹോറിലേക്ക് പോകുകയും മൗലാനാ അഹ്മദ് അലി ലാഹോരിയെയും ഇതര ബന്ധുക്കളെയും കാണുകയും അല്ലാമാ ഇഖ്ബാലുമായി ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തു. അതിനെ കുറിച്ചുള്ള വിവരണം മൗലാനാ തന്നെ നടത്തുന്നത് കാണുക: 
1356 റമദാന്‍ 16 (1937 നവംബര്‍ 22) ന് മൗലാനാ സയ്യിദ് ത്വല്‍ഹയോടൊപ്പം അല്ലാമാ ഇഖ്ബാലിന്‍റെ സന്നിധിയിലെത്തി. പല മണിക്കൂറുകള്‍ കഴിച്ചുകൂട്ടിയെങ്കിലും സംസാര വിഷയങ്ങള്‍ പൂര്‍ണ്ണമായി ഓര്‍മ്മയില്ല. അല്ലാമാ കഠിന രോഗിയായിരുന്നിട്ടും ധാരാളം സമയം നല്‍കുകയും അവസാനം വരെ പ്രസന്ന വദനനായി ഇരിക്കുകയും ചെയ്തു. പ്രത്യേക സേവകന്‍ അലി ബഖ്ശ് പല പ്രാവശ്യം സദസ്സ് അവസാനിപ്പിക്കാന്‍ പരിശ്രമിച്ചെങ്കിലും അല്ലാമാ ഡോ. അത് അവഗണിച്ചുകൊണ്ട് സംസാരത്തില്‍ മുഴുകി. ഇതിന് ഏതാനും നാളുകള്‍ക്ക് മുമ്പ് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും ഒരു സമൂഹമാണ് എന്ന പ്രസ്താവനയെ അല്ലാമാ ഡോ. എതിര്‍ത്തിരുന്നു. സംസാരത്തിനിടയില്‍ ഈ വിഷയം വരികയും ഞാന്‍ മൗലാനാ മദനിയുടെ ഭാഗത്ത് നിന്നും ന്യായീകരണം നടത്തുകയും ചെയ്തു. ഈ വിഷയത്തില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന അല്ലാമാ ഡോ. ഇത് കേട്ടപ്പോള്‍ തികഞ്ഞ നിശബ്ദത പുലര്‍ത്തി. ഈ സദസ്സിന്‍റെ വിവരണം ഇന്ത്യന്‍ തത്വജ്ഞാനിയുടെ മുന്നില്‍ ഏതാനും മണിക്കൂറുകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. അതിന്‍റെ രത്നച്ചുരുക്കം നുഖൂശെ ഇഖ്ബാല്‍ എന്ന ഗ്രന്ഥത്തില്‍ കൊടുത്തിട്ടുണ്ട്. അവസാനം ഞങ്ങള്‍ തന്നെ യാത്ര ചോദിച്ച് ഇറങ്ങുകയും അല്ലാമയ്ക്ക് വിശ്രമിക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. തുടര്‍ന്ന് അഞ്ച് മാസം കഴിഞ്ഞപ്പോള്‍ 1938 ഏപ്രില്‍ 21 ന് അദ്ദേഹം ദിവംഗതനായി. (കാറവാന്‍). 
1938-ല്‍ മുസ്ലിം എജുക്കേഷണല്‍ കോണ്‍ഫ്രന്‍സിന്‍റെ അടുത്ത സമ്മേളനം പാറ്റ്നയില്‍ നടന്നു. സമ്മേളനത്തിനിടയില്‍ പ്രധാന അതിഥികളെ ഖുദാ ബഖ്ശ് ലൈബ്രറിയില്‍ ക്ഷണിക്കപ്പെടുകയുണ്ടായി. മൗലാനാ മസ്ഊദ് ആലം നദ്വി സംഘടിപ്പിച്ച ഈ സദസ്സില്‍ മൗലാനായും പങ്കെടുത്തു. അവിടെ പ്രധാന ചര്‍ച്ചകള്‍ നടന്നു. ഇതിനിടയില്‍ അസ്റിന് സമയമായി. നമസ്കാരത്തിന് പായ വിരിക്കപ്പെട്ടു. അല്ലാമാ സയ്യിദ് സുലൈമാന്‍ നദ്വി, മൗലാനാ മുനാസിര്‍ അഹ്സന്‍ ഗീലാനി തുടങ്ങിയ പ്രഗത്ഭ വ്യക്തിത്വങ്ങള്‍ ഉണ്ടായിരിക്കേ മൗലാനാ ശര്‍വാനി ഇപ്രകാരം പറഞ്ഞു: സയ്യിദ് അലി ഇമാമത്ത് നില്‍ക്കുക.! ഈ യാത്രയ്ക്ക് ശേഷം സാദിഖ്പൂരിലേക്ക് പോയി. സയ്യിദ് അഹ്മദ് ശഹീദിന്‍റെ ശഹാദത്തിന് ശേഷം അവശേഷിച്ചവരുടെ പ്രധാന കേന്ദ്രമായിരുന്ന ഇവിടെ പോരാളിയായ മൗലാനാ മുഹമ്മദ് യഹ്യയുടെ മകന്‍ മൗലാനാ മുഹമ്മദ് മൂസയെ സന്ദര്‍ശിച്ചു. 

അലീഗഡ് യൂണിവേഴ്സിറ്റിയിലെ താമസം: 
1938-ല്‍ അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ ബി.ഏ. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ദീനിയാത്തിന്‍റെ ഒരു പുസ്തകം ദീനിയാത്ത് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം മൗലാനാ തയ്യാറാക്കിക്കൊടുത്തു. ദീനിയാത്ത് മേധാവി ഇതിനെ ഇഷ്ടപ്പെടുകയും എന്നാല്‍ പരസ്പരം ചര്‍ച്ചകള്‍ ചെയ്ത് എന്തെങ്കിലും കൂട്ടിക്കുറയ്ക്കലുകള്‍ നടത്താനുണ്ടെങ്കില്‍ നടത്തുന്നതിന് വേണ്ടി കുറച്ച് നാളുകള്‍ അവിടെ താമസിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. മൗലാനാ ഇത് സ്വീകരിച്ചു. രണ്ടര മാസം അലീഗഢില്‍ താമസിച്ചു. എന്നും അസ്റിന് ശേഷം മേധാവി മൗലാനാ സുലൈമാന്‍ അഷ്റഫിന്‍റെ കൂട്ടത്തിലിരുന്ന് ചര്‍ച്ചകള്‍ നടത്തിയിരുന്നു. മൗലാനാ കുറിക്കുന്നു: അദ്ദേഹത്തിന്‍റെ ആഴവും പരപ്പുമുള്ള അദ്ധ്യാപക അനുഭവങ്ങള്‍ എനിക്ക് വളരെയധികം പ്രയോജനപ്പെട്ടു. (കാറവാന്‍). 
ഈ ഗ്രന്ഥം തയ്യാറാക്കിയതിന്‍റെ പേരില്‍ യൂണിവേഴ്സിറ്റി മൗലാനായെ ആദരിച്ചു. വിവരമണിഞ്ഞ അല്ലാമാ സയ്യിദ് സുലൈമാന്‍ നദ്വി ആശംസ അറിയിക്കുകയുണ്ടായി. അന്നത്തെ അലീഗഡ് വിദ്യാര്‍ത്ഥികളുടെ അവസ്ഥയെ കുറിച്ച് മൗലാനാ കുറിക്കുന്നു. അന്നത്തെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാസ്കാരിക ബോധവും പണ്ഡിതരോടുള്ള ആദരവും കാണപ്പെട്ടിരുന്നു. എന്നെ കാണുന്ന വിദ്യാര്‍ത്ഥികളെല്ലാം ഇങ്ങോട്ട് വന്ന് സലാം പറഞ്ഞിരുന്നു. (കാറവാന്‍).
 
തീവ്രതയെ എതിര്‍ക്കുന്നു: 
അക്കാലത്ത് മുസ്ലിം ലീഗും ഖാക്ക്സാര്‍ പ്രസ്ഥാനവും വലിയ കടുപ്പം കാട്ടിയിരുന്നു. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിനോടുള്ള എതിര്‍പ്പ് കാരണം ലീഗുകാര്‍ പണ്ഡിതരെ ആക്ഷേപിച്ചിരുന്നു. ഖാക്ക്സാര്‍ പ്രസ്ഥാനം ഇതിനെ കൂടുതല്‍ ആളിക്കത്തിച്ചു. ജനങ്ങളുടെ നാവുകള്‍ക്ക് നിയന്ത്രണമില്ലാതാകുകയും എല്ലാവരും തോന്നിയത് പോലെ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു. ഈ സമയത്ത് ഖാക്ക്സാര്‍ പ്രസ്ഥാനത്തിനെതിരില്‍ മൗലാനാ ശക്തമായ ഒരു ലേഖനം എഴുതുകയും അല്‍ ഫുര്‍ഖാന്‍ മാസികയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. മൗലാനാ കുറിക്കുന്നു: വൈജ്ഞാനിക ശൈലിയില്‍ ഈ പ്രസ്ഥാനത്തെ അതില്‍ വിലയിരുത്തി. ഖവാരിജുകളുടെയും ബാത്വിനിയ്യാക്കളുടെയും ഉദാഹരണം ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു: അടുക്കും ചിട്ടയും ആവേശ പ്രയാണവും ത്യാഗ മനസ്ഥിതിയും കൂടാതെ അധികരിച്ച ആരാധനകള്‍ ഉണ്ടാകുന്നതും ഒരു കൂട്ടം സത്യസംഘമാണ് എന്നതിന് തെളിവല്ല. വിശ്വാസ ശുദ്ധിയും ശരിയായ ലക്ഷ്യവും ശരീഅത്തിനെ പിന്‍പറ്റലുമാണ് സത്യതയുടെ അടിസ്ഥാനം. (കാറവാന്‍). സീറത്ത് സയ്യിദ് അഹ്മദ് ശഹീദിന്‍റെ രചനയിലും ഇക്കാര്യം മുന്നില്‍ വെച്ചിരുന്നു. ഇത്തരം വീക്ഷണങ്ങളില്‍ ആവേശഭരിതരായ ആളുകളെ തിരുത്തുന്നതില്‍ ഈ ഗ്രന്ഥം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 

സീറത്ത് സയ്യിദ് അഹ്മദ് ശഹീദിന്‍റെ സ്വീകാര്യത: 
ടോങ്ക് യാത്രയില്‍ ആരംഭിച്ച സയ്യിദ് അഹ്മദ് ശഹീദിനെ കുറിച്ചുള്ള ജീവചരിത്രം 1938-ല്‍ പൂര്‍ത്തീകരിച്ചു. 39-ല്‍ ഇത് പ്രസിദ്ധീകരിക്കപ്പെട്ടു. അല്ലാമാ സയ്യിദ് സുലൈമാന്‍ നദ്വി ഇതില്‍ മനസ്സ് തുറന്ന് പിടിച്ചുകൊണ്ട് പ്രത്യേക ശൈലിയില്‍ ഒരു അവതാരിക എഴുതി. മൗലാനാ ഹുസൈന്‍ അഹ്മദ് മദനിയുടെയും മൗലാനാ അബ്ദുല്‍ മാജിദ് ദരിയാബാദിയുടെയും ആശംസകളുമുണ്ടായിരുന്നു. 
ഇത് മൗലാനായുടെ പ്രഥമ ഗ്രന്ഥമാണ്. മഹാനായ സയ്യിദ് അഹ്മദ് ശഹീദിന്‍റെ സ്വീകാര്യതയും മൗലാനായുടെ ആത്മാര്‍ത്ഥതയും കാലഘട്ടത്തിന്‍റെ ആവശ്യവും മൂന്നും കൂടി ചേര്‍ന്നപ്പോള്‍ ഈ ഗ്രന്ഥത്തിന് വലിയ സ്വീകാര്യത സിദ്ധിച്ചു. എല്ലാവരും ആദരവോടെ ഇതിനെ കാണുകയും മസ്ജിദുകളിലും മദ്റസകളിലും പാരായണം ചെയ്യപ്പെടുകയും ചെയ്തു. മൗലാനാ പറയുന്നു: അപ്രശസ്തരും നവാഗതനുമായ ഗ്രന്ഥകര്‍ത്താവിന്‍റെ ഭാവനയില്‍ പോലും വന്നിട്ടില്ലാത്ത പ്രശംസകള്‍ നിറഞ്ഞ ധാരാളം കത്തുകള്‍ വന്നു. ഇസ്ലാമിന്‍റെ സര്‍വ്വകാല ശക്തിയില്‍ നിന്നും നിരാശപ്പെട്ട് കമ്മ്യൂണിസത്തിലേക്കും നിരീശ്വര വാദത്തിലേക്കും തിരിഞ്ഞ ധാരാളം യുവാക്കള്‍ക്ക് ഈമാനിക ഉണര്‍വ്വും ദീനീ താല്പര്യവും ഇതിലൂടെ ഉണ്ടായതായി അറിയാന്‍ കഴിഞ്ഞു. (കാറവാന്‍). 
കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മഹാന്മാര്‍ വിശിഷ്യാ, ദാറുല്‍ ഉലൂം ദേവ്ബന്ദുമായി ബന്ധപ്പെട്ട മഹത്തുക്കള്‍ ഇതിനെ ആദരവോടെ സ്വീകരിച്ചു. മൗലാനായെ കൂടുതല്‍ അറിയാനും ശ്രദ്ധിക്കാനും ഇത് വലിയൊരു കാരണമായി. ഹകീമുല്‍ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ത്ഥാനവിക്ക് ഇതിന്‍റെ ഒറു പ്രതി മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി അയച്ചുകൊടുത്തപ്പോള്‍ ഹകീമുല്‍ ഉമ്മത്ത് ഇപ്രകാരം മറുപടിയെഴുതി: ഈ ഉപഹാരത്തിലൂടെ മനസ്സില്‍ സന്തോഷത്തിന്‍റെയും ലജ്ജയുടെയും രണ്ട് അവസ്ഥകള്‍ ഉണ്ടായി. ഈ ഗ്രന്ഥം വായിക്കുമ്പോള്‍ നമ്മുടെ തിന്മകള്‍ മുന്നില്‍ വരുന്നുവെന്നതാണ് ലജ്ജയുടെ കാരണം. നമുക്ക് മനക്കരുത്തോ ദീനീ രോഷമോ ഒന്നുമില്ല. മൃഗങ്ങളെ പോലെ ജീവിക്കുകയാണ്. ഉറക്കവും തീറ്റയുമല്ലാതെ ഒരു ജോലിയുമില്ല. അല്ലാഹു മഹാന്മാരെ പിന്‍പറ്റാന്‍ തൗഫീഖ് നല്‍കട്ടെ.! 
മൗലാനാ കുറിക്കുന്നു: ഇതിനേക്കാളും അത്ഭുതം, ഈ ഗ്രന്ഥം ഇറങ്ങി മൂന്ന് വര്‍ഷത്തിന് ശേഷം 1942-ല്‍ വേനല്‍ക്കാലത്ത് ത്ഥാനാഭവനില്‍ പോയപ്പോള്‍ മൗലാനായുടെ മുമ്പിലുണ്ടായിരുന്ന മേശയില്‍ സീറത്ത് സയ്യിദ് അഹ്മദ് ശഹീദ് ഇരിക്കുന്നത് കണ്ടു.! മൗലാനാ അബ്ദുല്‍ ബാരി നദ്വി ഹൈദരാബാദിലേക്ക് പോകുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന് ഈ ഗ്രന്ഥം നല്‍കി. അദ്ദേഹം ഹൈദരാബാദില്‍ എത്തി ഇപ്രകാരം കത്തെഴുതി: സയ്യിദ് അഹ്മദ് ശഹീദിനെ കുറിച്ചുള്ള താങ്കളുടെ ഗ്രന്ഥം വായിച്ചുകൊണ്ട് യാത്ര കഴിച്ചുകൂട്ടി. സത്യം പറയട്ടെ, ഈമാനില്‍ സമ്പൂര്‍ണ്ണരായ മഹത്തുക്കളുടെ കൂട്ടത്തിലായിരുന്നു യാത്ര.! ഇസ്ലാമും ഈമാനും ഈ മഹാന്മാര്‍ക്ക് മാത്രമുള്ളതായിരുന്നു. നാലാം അദ്ധ്യായം വായിക്കുന്ന എത്ര കഠിന ഹൃദയനും കരഞ്ഞുപോകും. തീര്‍ച്ചയായിട്ടും ജനങ്ങള്‍ക്കിടയില്‍ ഈമാനിനെ സജീവമാക്കുന്നതിന് ഇത്തരം മഹാത്മാക്കളുടെ ജീവചരിത്രം അത്യാവശ്യമാണ്. സംഘടനാ രൂപീകരണത്തെ കൊണ്ട് ഒന്നും നടക്കുന്നതല്ല, ത്യാഗസന്നദ്ധരും ആത്മാര്‍ത്ഥതയുമുള്ള വ്യക്തിത്വങ്ങളെ കൊണ്ട് മാത്രമേ വല്ലതും നടക്കുകയുള്ളൂ, അവര്‍ തന്നെയാണ് ഏറ്റവും വലിയ സംഘടന എന്ന വിശ്വാസം എനിക്ക് ഒന്നും കൂടി ഉറച്ചിരിക്കുകയാണ്.! അല്ലാമാ സയ്യിദ് സുലൈമാന്‍ നദ്വി ഇപ്രകാരം എഴുതി: ഗ്രന്ഥം കിട്ടി. വായിച്ചു. വലിയൊരു ഭാഗം പ്രതിഫലനങ്ങള്‍ നിറഞ്ഞതാണ്. അത് വായിക്കുമ്പോള്‍ കണ്ണ് നനഞ്ഞുപോയി. താങ്കളുടെ വിവരണ ശൈലിയും ഹൃദ്യമാണ്.! (കാറവാന്‍). 

ഒരു പ്രധാന യാത്ര: 
അല്ലാമാ സയ്യിദ് സുലൈമാന്‍ നദ്വിയോട് മൗലാനായുടെ കുടുംബത്തിന് പണ്ടുമുതല്‍ക്കേ വലിയ ബന്ധമായിരുന്നു. സീറത്ത് സയ്യിദ് അഹ്മദ് ശഹീദ് വായിക്കുകയും അവതാരിക എഴുതുകയും ചെയ്തപ്പോള്‍ ഈ ബന്ധം വീണ്ടും വര്‍ദ്ധിച്ചു. അതുകൊണ്ട് തന്നെ കര്‍ണാലിലേക്കുള്ള ഒരു യാത്രയില്‍ അല്ലാമായുടെ സഹയാത്രികനായി മൗലാനായെ തെരഞ്ഞെടുത്തു. ഇതിനെ കുറിച്ച് മൗലാനാ കുറിക്കുന്നു: ഇത് അല്ലാമയോടൊപ്പമുള്ള എന്‍റെ ആദ്യത്തെ യാത്രയായിരുന്നു. ഈ യാത്ര പല നിലയിലും സ്മരണീയവും സുപ്രധാനവുമായിരുന്നു. അല്ലാമയെ പോലുള്ള പണ്ഡിതനും ഗവേഷകനും സാഹിത്യകാരനുമായ ഒരു വ്യക്തിയോടൊപ്പം മത വൈജ്ഞാനിക കേന്ദ്രങ്ങളിലേക്കുള്ള ഈ യാത്രയില്‍ ധാരാളം പൗരാണിക സ്മാരകങ്ങള്‍ സന്ദര്‍ശിക്കുകയും നിരവധി പ്രധാനികളുമായി കൂടിക്കാഴ്ച നടത്തുകയുമുണ്ടായി. (പുരാനെ ചിറാഗ്).
 
അന്നദ്വ മാസികയുടെ പുനരാരംഭം: 
അന്നദ്വ മാസിക രണ്ട് പ്രാവശ്യം ആരംഭിച്ച് നിലച്ച് പോയിരുന്നു. 1940-ല്‍ അല്ലാമാ അത് പുനരാരംഭിക്കാന്‍ വീണ്ടും പരിശ്രമിച്ചു. അങ്ങനെ അതിന്‍റെ പത്രാധിപരായി മൗലാനായെയും മൗലാനാ അബ്ദുസ്സലാം കിദ്വായിയെയും തെരഞ്ഞെടുക്കപ്പെട്ടു. കുറഞ്ഞ കാലം കൊണ്ട് ഈ മാസിക രാജ്യത്തെ നിഷ്പക്ഷവും ഗഹനവും വിജ്ഞാന പ്രദവുമായ വൈജ്ഞാനിക പ്രബോധന മാസികയായി മാറി. ഈ മാസികയില്‍ മൗലാനാ പ്രഗത്ഭ പണ്ഡിതരുടെ ഇഷ്ട ഗ്രന്ഥങ്ങള്‍ എന്ന പേരില്‍ ഒരു പരമ്പര ആരംഭിച്ചു. കൂജയില്‍ സമുദ്രം പോലെ ഈ ലേഖന പരമ്പര വളരെ വിലയേറിയതായിരുന്നു. 1942-ല്‍ വരിക്കാരുടെ കുറവ് കാരണം ഈ മാസിക നിലച്ചു. 1938-ല്‍ മൗലാനാ നാസിം നദ്വി സാഹിത്യത്തിന്‍റെ ഉസ്താദായി നദ്വയിലെത്തി. മൗലാനായുടെ ഈ ആത്മസുഹൃത്തിന്‍റെ വരവ് മൗലാനായ്ക്ക് വലിയ സന്തോഷമുളവാക്കി. 1939-ല്‍ മൗലാനാ ശാഹ് ഹലീം അത്താ ഹദീസിന്‍റെ ഉസ്താദായി വന്നു. മൗലാനാ പറയുന്നു. അദ്ദേഹം മുന്‍ഗാമികളായ ഹദീസ് പണ്ഡിതന്മാരുടെ ഒരു മാതൃകയായിരുന്നു. ഇമാം ഇബ്നു തൈമിയ, ഇബ്നു റജബ്, ഇബ്നു ജൗസി മുതലായവരുടെ രചനകളെ കുറിച്ച് അദ്ദേഹത്തിനുള്ള പാണ്ഡിത്യം ഇന്ത്യയില്‍ മറ്റാര്‍ക്കും കാണുകയില്ല. എന്‍റെ ഗവേഷണ പഠനങ്ങളില്‍ അദ്ദേഹം വലിയ സഹായിയായിരുന്നു.
 
അറബി ഭാഷ ഗ്രന്ഥങ്ങളുടെ ക്രോഡീകരണം: 
പാഠ്യപദ്ധതിയെ കാലഘട്ടത്തിന്‍റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കത്തക്ക നിലയില്‍ തയ്യാറാക്കണമെന്നത് നദ്വത്തുല്‍ ഉലമായുടെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ ആരംഭ കാലത്ത് നദ്വത്തുല്‍ ഉലമാ സഹിച്ച വിവിധങ്ങളായ പ്രയാസ-പ്രശ്നങ്ങള്‍ കാരണം ഈ ഭാഗത്തേക്ക് ശ്രദ്ധ തിരിക്കാന്‍ സാധിച്ചില്ല. നദ്വത്തുല്‍ ഉലമായുടെ ആറാമത്തെ നാസിമായ ഡോക്ടര്‍ അബ്ദുല്‍ അലി സാഹിബ് പൗരാണിക നവ വിജ്ഞാനങ്ങളുടെ സംഗമമായിരുന്നു. ഡോക്ടര്‍ സാഹിബ് ഈ വിഷയത്തില്‍ പരിശ്രമം ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പ് തലവനായ അല്ലാമാ സയ്യിദ് സുലൈമാന്‍ നദ്വി ഇതിന് പൂര്‍ണ്ണ പിന്തുണയും നല്‍കി. അങ്ങനെ ഈജിപ്റ്റില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെട്ട ചില ഗ്രന്ഥങ്ങള്‍ പാഠ്യപദ്ധതിയില്‍ പെടുത്തി. എന്നാല്‍ സ്വഭാവ പരമായ പ്രതിഫലനങ്ങളും ഉളവാക്കുന്ന ചില സാഹിത്യ ഗ്രന്ഥങ്ങള്‍ ആവശ്യമായിരുന്നു. ഈ വിഷയത്തില്‍ മൗലാനാ ചില ഗ്രന്ഥങ്ങള്‍ തയ്യാറാക്കി. 

മുഖ്താറാത്ത്: 
1939-ല്‍ ഡോക്ടര്‍ സാഹിബിന്‍റെ അനുമതിയോടെ മൗലാനാ മുഖ്താറാത്ത് തയ്യാറാക്കി. ഇതില്‍ വ്യത്യസ്ത കാലഘട്ടങ്ങളിലെ അറബി സാഹിത്യങ്ങളില്‍ നിന്നുള്ള ഉത്തമ ഉദ്ധരണികള്‍ സമാഹരിച്ചിരുന്നു. ആദ്യം ഒരു ഭാഗമായി 1942-ല്‍ ഇത് പ്രസിദ്ധീകരിച്ചു. എളുപ്പത്തിന് വേണ്ടി ഇത് രണ്ട് ഭാഗമാക്കപ്പെട്ടു. അല്ലാഹു ഈ ഗ്രന്ഥത്തിന് വലിയ സ്വീകാര്യത നല്‍കി. ഇതിന്‍റെ ധാരാളം പതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അറബ് രാജ്യങ്ങളില്‍ വിശിഷ്യാ, സഊദി അറേബ്യയില്‍ കോളേജ് സിലബസില്‍ ഇതിനെ ഉള്‍പ്പെടുത്തി. ഇതിനെ കുറിച്ച് പ്രസിദ്ധ സാഹിത്യകാരന്‍ ശൈഖ് അലി ത്വന്‍ത്വാവി എഴുതുന്നു: ഒരു സാഹിത്യകാരന്‍റെ അഭിരുചിയുടെ അടയാളം അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പാണ്. ഏതാനും നാളുകള്‍ക്ക് മുമ്പ് അറബി സാഹിത്യം പഠിപ്പിക്കാന്‍ പറ്റിയ ഗ്രന്ഥങ്ങളെ കണ്ടെത്താന്‍ ഞങ്ങള്‍ ഒരു കമ്മിറ്റിയെ എടുത്തു. കമ്മിറ്റി അംഗങ്ങള്‍ വെവ്വേറെ പഠനങ്ങള്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ ഈ വിഷയത്തിലെ സാരസമ്പൂര്‍ണ്ണമായ ഗ്രന്ഥം അബുല്‍ ഹസന്‍ അലി നദ്വിയുടെ മുഖ്താറാത്ത് ആണെന്ന് എല്ലാവരും ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. (കാറവാന്‍).
 
അല്‍ ഖിറാഅത്തുര്‍റാഷിദ, ഖസ്വസുന്നബിയ്യീന്‍: 
മുഖ്താറാത്തിന് ശേഷം അറബി വായന എളുപ്പമാക്കുന്ന രചന തയ്യാറാക്കണം എന്ന് മൗലാനായ്ക്ക് ചിന്ത വന്നു. അതിന് ഈജിപ്റ്റ്യന്‍ രചന ഉണ്ടായിരുന്നെങ്കിലും അവയില്‍ അവതരിപ്പിക്കപ്പെട്ടിരുന്നത് ഈജിപ്റ്റ്യന്‍ സംസ്കാരമാണ്. ഇസ്ലാമിക ആത്മാവും, സ്വഭാവ സന്ദേശങ്ങളും അതില്‍ ഇല്ലായിരുന്നു. അങ്ങനെ മൗലാനാ അല്‍ ഖിറാഅത്തുര്‍റാഷിദ എന്ന പേരില്‍ മൂന്ന് ഭാഗങ്ങള്‍ തയ്യാറാക്കി. ഇതിലെ ഓരോ അദ്ധ്യായങ്ങളിലും എന്തെങ്കിലും ഉപദേശങ്ങള്‍ കാണപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികള്‍ അറിയാതെ തന്നെ അതില്‍ ആകൃഷ്ടരാകുമായിരുന്നു. കൂട്ടത്തില്‍ ഖസ്വസുന്നബിയ്യീന്‍ എന്ന പേരില്‍ നബിമാരുടെ ചരിത്രങ്ങളെ കുറിച്ചുള്ള അനുഗ്രഹീത പരമ്പരയും ആരംഭിച്ചു. ഇതിന്‍റെ മൂന്ന് ഭാഗങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയായെങ്കിലും നാലാം ഭാഗം അല്പം താമസിച്ചാണ് ഇറങ്ങിയത്. ഈ രണ്ട് ഗ്രന്ഥങ്ങളും ദീനീ സ്ഥാപനങ്ങള്‍ സ്വീകരിച്ചു. വിശിഷ്യാ, ഖസ്വസുന്നബിയ്യീന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മൗലാനാ പറയുന്നു: 1943-44 വര്‍ഷങ്ങള്‍ക്കിടയിലാണ് ഖസ്വസുന്നബിയ്യീന്‍ ആരംഭിച്ചത്. നാട്ടില്‍, യാത്രയില്‍, ട്രെയിനില്‍, വെയിറ്റിംഗ് ഷെഡില്‍, ലാഹോറില്‍, നിസാമുദ്ദീനിലെ തിരക്കുകള്‍ക്കിടയില്‍ എന്നിങ്ങനെ വിവിധ സമയങ്ങളിലാണ് ഇതിന്‍റെ രചന നടന്നത്. ഇത് ആരംഭിച്ചപ്പോള്‍ അല്ലാഹു എനിക്ക് വളരെ എളുപ്പമാക്കി. സംസാരിക്കുന്നത് പോലെ സുഗമമായി എഴുതാനും കഴിഞ്ഞു. (കാറവാന്‍). 
മൗലാനാ അബ്ദുല്‍ മാജിദ് ദരിയാബാദി പറയുന്നു: ഖസ്വസുന്നബിയ്യീനിലൂടെ കുട്ടികള്‍ക്ക് ഇസ്ലാമിക വിശ്വാസം ശക്തവും വ്യക്തവുമായി പഠിപ്പിക്കാന്‍ കഴിയുന്നതാണ്.! അറബ് ലോകത്ത് ഇതിന് വലിയ സ്വീകാര്യത ലഭിച്ചു. പാഠശാലകളില്‍ ഇതിനെ ഉള്‍പ്പെടുത്തപ്പെട്ടു. സയ്യിദ് ഖുതുബ് ഇതിന്‍റെ മഹത്വം തുറന്ന് സമ്മതിച്ചുകൊണ്ട് എഴുതുന്നു.
  
മുത്വലഅ-ഖുര്‍ആന്‍. 
നദ്വത്തുല്‍ ഉലമായില്‍ തുടക്കം മുതല്‍ ഖുര്‍ആന്‍ തഫ്സീര്‍ മൗലാനാ പഠിപ്പിച്ചിരുന്നു. 1939-40  വര്‍ഷങ്ങളില്‍ മൗലാനായ്ക്ക് ഒരു ചിന്ത വന്നു. പരിശുദ്ധ ഖുര്‍ആന്‍ പഠനവുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങള്‍ പല വിദ്യാര്‍ത്ഥികള്‍ക്കും അറിയാത്ത കാരണത്താല്‍ ഖുര്‍ആന്‍ പഠനത്തെ അവര്‍ക്ക് പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല. ആകയാല്‍ ഈ വിഷയത്തില്‍ സഹായം നല്‍കുന്ന ചില കാര്യങ്ങള്‍ തയ്യാറാക്കേണ്ടതാണ്. മൗലാനാ ഇതുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ക്രോഡീകരിക്കുകയും അന്നദ്വ മാസികയില്‍ പരമ്പരയായി അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. മുത്വലആ ഖുര്‍ആന്‍ ഉസ്വൂല്‍ വ മബാദീ (ഖുര്‍ആന്‍ പഠനത്തിന്‍റെ അടിസ്ഥാന കാര്യങ്ങള്‍) എന്ന പേരില്‍ ഇത് പിന്നീട് ഉജ്ജ്വലമായി പ്രസിദ്ധീകരിക്കപ്പെട്ടു. ഖുര്‍ആന്‍ പഠനം നടത്തുന്നവര്‍ക്ക് വളരെയധികം പ്രയോജനപ്രദവും ഉള്‍ക്കാഴ്ച നല്‍കുന്നതുമായ ധാരാളം വിഷയങ്ങള്‍ ഇതിലുണ്ട്. 

***************


പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി





ഞങ്ങളുടെ കേന്ദ്ര സ്ഥാപനം






 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌