▪️ഒരു സുപ്രധാന കത്ത്  

▪️ജുമുഅ സന്ദേശം 
മുസ്ലിംകളുടെ പ്രശ്നങ്ങളും വികാരങ്ങളും മനസ്സിലാക്കൂ!
മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി


▪️മആരിഫുല്‍ ഖുര്‍ആന്‍ 
സൂറത്തുയാസീന്‍ ഭാഗം-8
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️മആരിഫുല്‍ ഹദീസ്
ദുആ സ്വീകരിക്കപ്പെടുന്ന പ്രത്യേക സമയങ്ങൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ ജീവചരിത്രം
മുഫക്കിറുല്‍ ഇസ്‌ലാം അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി; ജീവിതവും സന്ദേശവും-8
✍️ മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ്‌വി
****************



ഒരു സുപ്രധാന കത്ത്


ബഹുമാന്യരെ,

السلام عليكم ورحمة الله وبركاته

ക്ഷേമം നേരുന്നു. ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ ഒരു പ്രധാന പ്രവര്‍ത്തനമാണ് തഫ്ഹീമെ ശരീഅത്ത്. പൊതുവില്‍ തെറ്റിദ്ധരിക്കപ്പെടുന്ന ശരീഅത്ത് നിയമങ്ങളെയും അവയുടെ തത്വങ്ങളെയും കുറിച്ച് പണ്ഡിതരെയും നിയമജ്ഞരെയും ഉണര്‍ത്തുക എന്നതാണ് ഇതിന്‍റെ ഉദ്ദേശം. ഇവർ വഴിയായി ഈ സേവനം കൂടുതൽ നല്ലനിലയിൽ വിവിധ മേഖലകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിലൂടെ ജനങ്ങൾക്ക് ഇസ്‌ലാമിക ശരീഅത്തിന്റെ ഉദ്ദേശ-ലക്ഷ്യങ്ങളും ഗുണ-ഫലങ്ങളും വ്യക്തമാകുന്നതും സമാധാനം കൈവരുന്നതുമാണ്. മറുഭാഗത്ത്, ഇസ്‌ലാമിക ശരീഅത്ത് പരലോക വിജയത്തോടൊപ്പം ഇഹലോക സമാധാനവും പ്രദാനം ചെയ്യുന്നതാണെന്ന് ബോധ്യപ്പെടുകയും ചെയ്യും.
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇതിനുവേണ്ടിയുള്ള വിവിധ ശില്‍പശാലകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി ഒരു ശില്പശാല 2024 ഡിസംബർ 28 ശനിയാഴ്ച്ച 9:00 AM - 06:00 PM ഓച്ചിറ ദാറുൽ ഉലൂമിൽ വെച്ച് നടക്കുകയാണ്.

* ശരീഅത്ത് നിയമം: പ്രാധാന്യവും പ്രയോജനവും
* വഖ്ഫ്: ഇസ്‌ലാമിക സമീപനവും നിലവിലെ വഖഫ് ഭേദഗതി ബില്ലും
* വിവാഹമോചിതയുടെ ജീവനാംശം

തുടങ്ങിയ വിഷയങ്ങളാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി (നാസിം, നദ്‌വത്തുൽ ഉലമാ ലഖ്‌നൗ), മുഫ്തി ഉമർ ആബിദീൻ ഖാസിമി മദനി (നാഇബ് നാസിം, അൽ മഅ്ഹദുൽ ആലി, ഹൈദരാബാദ്), മുഹമ്മദ് അസ്അദ് നദ്‌വി (ഓർഗനൈസർ, തഫ്ഹീമെ ശരീഅത്ത്) തുടങ്ങിയ മഹത്തുക്കൾ പങ്കെടുത്ത് ക്ലാസ്സുകള്‍ നയിക്കുന്ന ഈ ശില്‍പശാലയില്‍ താങ്കൾ പങ്കെടുക്കുകയും മറ്റുള്ളവരെ പങ്കെടുപ്പിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ!


എന്ന്,
     അബ്ദുശ്ശകൂർ ഖാസിമി

*************************





ഓൾ ഇന്ത്യാ ഫിഖ്ഹ് അക്കാദമി- ന്യൂ ഡൽഹി സംഘടിപ്പിക്കുന്ന സുപ്രധാന പഠന സംഗമം ഡിസംബർ 21 -ാം തീയതി വടകരയിൽ നടക്കുന്നു.

ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് ചെയർമാൻ മൗലാനാ ഖാലിദ് സൈഫുല്ലാ റഹ്മാനിയും, മൗലാനാ അതീഖ് അഹ്മദ് ഖാസിമിയും ഇതര പണ്ഡിത മഹത്തുക്കളും നേതൃത്വം നൽകുന്നു.

വിഷയം: 1. ഇസ്‌ലാമിൽ സ്ത്രീകളുടെ സ്ഥാനവും കർതവ്യങ്ങളും
2. വഖഫുമായി ബന്ധപ്പെട്ട ഫിഖ്ഹീ ചർച്ചകൾ


************************




ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിന്റെ പ്രധാന പ്രവർത്തനമായ തഫ്ഹീമേ ശരീഅത്തിന്റെ ഏകദിന ശില്പശാല കേരളത്തിൽ ഡിസംബർ 28 ശനിയാഴ്ച ഓച്ചിറ ദാറുൽ ഉലൂമിൽ.

തഫ്ഹീമെ ശരീഅത്ത് കൺവീനർ മൗലാന സയ്യിദ് ബിലാൽ ഹസനി നദ്‌വിയും, മൗലാന ഉമർ ആബിദീൻ ഖാസിമിയും ഇതര പണ്ഡിതരും നേതൃത്വം നൽകുന്നു.

ഏവർക്കും സ്വാഗതം...


All India Muslim Personal Law Board


മുസ്ലിംകളുടെ പ്രശ്നങ്ങളും വികാരങ്ങളും മനസ്സിലാക്കൂ!

മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി

****************************
മുസ്ലിം സമുദായം നൂറ്റാണ്ടുകളായി ഇന്ത്യാരാജ്യത്ത് താമസിക്കുന്നു. എന്നാല്‍ മുസ്ലിംകള്‍ മനസ്സിലാക്കിക്കൊടുക്കാത്ത കാരണത്താലും പലരും തെറ്റിദ്ധരിക്കുന്നതിനാലും അയല്‍വാസികളായ അമുസ്ലിം സഹോദരങ്ങള്‍ പോലും ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ച് ധാരാളം തെറ്റായ വിചാരങ്ങളും വികാരങ്ങളും പുലര്‍ത്തുന്നവരാണ്. പ്രത്യേകിച്ചും രാഷ്ട്രീയ അവസ്ഥകള്‍ പ്രതികൂലമാകുമ്പോഴും മുസ്ലിംകള്‍ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുമ്പോഴും തെറ്റിദ്ധരിക്കലുകളും തെറ്റിദ്ധരിപ്പിക്കലുകളും വളരെയധികം വര്‍ദ്ധിക്കാറുണ്ട്. 1980-ളില്‍ ശരീഅത്ത് വിവാദം ഉണ്ടായപ്പോഴും ഇതേ അവസ്ഥ തന്നെ സംജാതമായി. ഇത്തരുണത്തില്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ ചെയര്‍മാനായ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി മുസ്ലിം വ്യക്തി നിയമങ്ങളുടെ സംരക്ഷണത്തിന് വേണ്ടി ശക്തമായ നിലയില്‍ പരിശ്രമിച്ചു. എന്നാല്‍ അവസ്ഥകള്‍ പ്രതികൂലമായ ഈ ഒരു സാഹചര്യത്തില്‍ അമുസ്ലിം സഹോദരങ്ങള്‍ മൊത്തത്തില്‍ ഇതിനെ തെറ്റിദ്ധരിക്കുകയും ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന കാര്യം മൗലാനാ മര്‍ഹൂം മനസ്സിലാക്കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ മൗലാനാ മര്‍ഹൂം തന്നെ മുന്‍കൈ എടുത്ത് ഡല്‍ഹിയില്‍ ഡയലോഗിന്‍റെ ഒരു സദസ്സ് സംഘടിപ്പിക്കുകയും അതിലേക്ക് അമുസ്ലിം ചിന്തകരെയും പണ്ഡിതരെയും പത്രപ്രവര്‍ത്തകരെയും ക്ഷണിക്കുകയും ചെയ്തു. അവര്‍ക്ക് മുമ്പാകെ മൗലാനാ മര്‍ഹൂം നടത്തിയ സുപ്രധാന പ്രഭാഷണമാണിത്. ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യേകം പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ട ഈ പ്രഭാഷണത്തിലൂടെ മൗലാനാ മര്‍ഹൂം എല്ലാവരോടും വളരെ സ്നേഹദരങ്ങളോടെ പറയുന്നു: ഇന്ത്യാ മഹാരാജ്യത്ത് പരസ്പരം വിശ്വാസത്തോടെയും ഐക്യത്തോടെയും സന്തോഷകരമായ ജീവിതം നയിക്കുന്നതിന് ഓരോരുത്തരും മറ്റുള്ളവരെ മനസ്സിലാക്കേണ്ടതാണ്. വിശിഷ്യാ മുസ്ലിം സമുദായത്തിന്‍റെ ആവശ്യങ്ങളും വികാരങ്ങളും മനസ്സിലാക്കണമെന്ന് സഹോദര സമുദായങ്ങളോട് സ്നേഹപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു. 

*********************************


ബഹുമാന്യ സഹോദരങ്ങളേ,
ഇന്ത്യാ രാജ്യത്ത് വ്യത്യസ്ഥ മതസ്ഥരായ നാമെല്ലാവരും നൂറ്റാണ്ടുകളായി ഒരുമിച്ച് കഴിയുകയാണ്. പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചെറു പ്രദേശങ്ങളിലും നാം ഒരുമിച്ച് താമസിക്കുന്നു. കമ്പോളങ്ങളിലും കടകളിലും ഇതര കേന്ദ്രങ്ങളിലും പരസ്പരം ബന്ധപ്പെടുന്നു. സ്വാതന്ത്ര്യത്തിനു ശേഷം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും സാമൂഹിക സേവനങ്ങളിലും യാത്രകളിലും വിവിധ പരിപാടികളിലും കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. ഇതിലൂടെ പരസ്പരം അറിയാനും മനസ്സിലാക്കാനും  അവസരം ധാരാളമായി ലഭിക്കുന്നു. പക്ഷെ ലോകാത്ഭുതം എന്നുപറയാം, പരസ്പരമറിയാന്‍ ഇത്രയേറേ അവസരങ്ങളുണ്ടായിട്ടും ഒരോരുത്തരും മറ്റുള്ളവരുടെ വിശ്വാസം, സംസ്കാരം, പ്രത്യേകതകള്‍, മുതലായ കാര്യങ്ങളെ കുറിച്ച് വലിയ സംശയത്തിലും പലപ്പോഴും കടുത്ത തെറ്റിദ്ധാരണകളിലുമാണ് കഴിയുന്നത്. പഴയകാലത്ത് രണ്ട് രാജ്യനിവാസികളുട ഇടയില്‍ കാണപ്പെട്ടിരുന്ന അവസ്ഥ പോലെയാണ് ഇന്നു നമുക്കിടയിലുള്ളത്. ഒരോരുത്തരും മറ്റുള്ളവരെ കുറിച്ച് അത്ഭുതകരവും അര്‍ദ്ധ സത്യങ്ങളുമായ കാര്യങ്ങളാണ് മനസ്സിലാക്കികൊണ്ടിരിക്കുന്നത്.ആരില്‍ നിന്നെങ്കിലും കേട്ടതും,ഊഹിച്ചെടുത്തതും ,സാങ്കല്‍പ്പികവുമായ വീക്ഷണങ്ങളാണ് പലരുടെയും അറിവിന്‍റെ ആധാരം. കൂട്ടത്തില്‍ വെറുപ്പ് പ്രചരിപ്പിക്കുന്ന പ്രഭാഷണങ്ങളും പ്രസിദ്ധീകരണങ്ങളും രാഷ്ട്രീയ പ്രചാരണങ്ങളും വിഷം പുരട്ടപ്പെട്ട ചരിത്ര പാഠപുസ്തകങ്ങളും അടിസ്ഥനമില്ലാത്ത കഥകളും കാരണം ഓരോരുത്തരും മറു വിഭാഗങ്ങളെ കുറിച്ച് തെറ്റിദ്ധാരണകള്‍ മാത്രമല്ല അകല്‍ച്ചയും വെറപ്പും പുലര്‍ത്തുന്നു. ഓരോ വിഭാഗത്തിലെയും തീവ്രനിലപാടുകാരോടല്ല, സംശുദ്ധ മനസ്കരായ സാധാരണക്കാരോട് പോലും മറ്റുള്ളവരുടെ അടിസ്ഥാന വിശ്വാസ ആരാധനാ സംസ്കാരങ്ങളെ കുറിച്ച് ചോദിച്ചാല്‍ ചിലര്‍ അറിവില്ലെന്ന് പറയും. മറ്റ് ചിലരുടെ മറുപടി കേട്ടാല്‍ ചിരി വരുന്നതാണ്. അധികമായി യാത്ര ചെയ്യുകയും വിവിധ തരം ആളുകളോട് ബന്ധപ്പെടുകയും ചെയ്യുന്ന വിനീതന് പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ ഇത് ചിരിക്കേണ്ട കാര്യമല്ല, കരയേണ്ട സ്ഥാനമാണ്. നൂറ്റാണ്ടുകളായി ഒരുമിച്ച് കഴിഞ്ഞിട്ടും ഈ വിഷയങ്ങളെ കുറിച്ച് നാം അറിയാതെ കഴിയുന്നത് അങ്ങേയറ്റം ഖേദകരമാണ്. ഇത് ഏതങ്കിലും ഒരു വിഭാഗത്തിന്‍റെ മാത്രം കുറ്റമല്ല, എല്ലാവരുടെയും കുറ്റമാണ്. പ്രത്യേകിച്ചും മത-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും നാടിനെയും നാട്ടുകാരെയും സ്നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് ഇതില്‍ വലിയ പങ്കുണ്ട്. അതെ, അവര്‍ പരസ്പരം മനസ്സിലാക്കാനും മനസ്സിലാക്കി കൊടുക്കാനും പരിശ്രമിച്ചില്ല. പരിശ്രമിച്ചാല്‍ തന്നെ അത് അപൂര്‍ണ്ണമായിരുന്നു.
വിശ്വാസ സ്നേഹാദരവുകളോടെ, സമാധാനപൂര്‍ണ്ണമായും സഹകരിച്ച് കൊണ്ടും ഒരു നാട്ടില്‍ ജീവിക്കുന്നതിന് ഒരോരുത്തരും മറ്റുള്ളവരെ കുറിച്ച് ശരിയായ നിലയില്‍ അറിഞ്ഞിരിക്കേണ്ടതാണ്.അവരുടെ അടിസ്ഥാന വിശ്വാസങ്ങള്‍ എന്തെല്ലാമാണ്, സംസ്കാര ജീവിത ശൈലികള്‍ എങ്ങിനെയാണ്, എന്തെല്ലാം കാര്യങ്ങളെ അവര്‍ ആദരിക്കുന്നു, അവര്‍ സമാധനത്തോടെ ജീവിക്കുന്നതിന് എന്ത് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടുന്നു, സ്വന്തം ജീവനെയും മക്കളേയുംകാള്‍ അവര്‍ മറ്റ് വല്ലതിനും സ്ഥാനം നല്‍കുന്നുണ്ടോ, അവരോടും അവരെ കുറിച്ചും സംസാരിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നീ കാര്യങ്ങള്‍ ഒരോരുത്തരും മറ്റുള്ളവരെ കുറിച്ച് മനസ്സിലാക്കേണ്ടത് സഹകരണ ജീവിതത്തിന്‍റെ അടിസ്ഥാന തത്വമാണ്. പ്രത്യേകിച്ചും ഇന്ത്യാ മഹാരാജ്യത്ത് ഇത് വളരെ ആവശ്യമാണ്. കാരണം ഇവിടെ പല മതങ്ങളും, സംസ്കാരങ്ങളും സംഗമിച്ചിരിക്കുന്നു. സന്തോഷത്തോടെ ജീവിക്കുകയും മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക എന്ന സുവര്‍ണ്ണ വീക്ഷണമാണ് ഈ രാജ്യത്തിന്‍റെ ഏറ്റവും വലിയ പാരമ്പര്യം. എന്നാല്‍ ഇതിന്‍റെ അടിസ്ഥാനം നാം പരസ്പരം മനസ്സിലാക്കുക എന്നതാണ്. വിദൂരങ്ങളിലുള്ള മതങ്ങളെയും, സംസ്കാരങ്ങളെയും, ഭാഷകളെയും, ജീവിത ശൈലികളെയും, ആഹാര, വസ്ത്രങ്ങളെയും, ഇഷ്ട് വിനോദങ്ങളെ പേലും പഠന വിധയമാക്കാനുള്ള ആവേശം ലോകം മുഴുവന്‍ സജീവമാവുകയും, ഇന്നത വിദ്യഭ്യാസ കേന്ദ്രങ്ങള്‍ അതിന് വേണ്ടി അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ചിലവുകള്‍ നല്‍കി യാത്ര ചെയ്യിക്കുകയും ചെയ്യുന്നു. ഈ കാലത്ത് ഒരു നാട്ടുകാരും ആയല്‍വാസികളും ഒരുമിച്ച് ജീവിക്കുന്നവരുമായ നമ്മുടെ സഹോദരങ്ങളെ കുറിച്ച് മനസ്സിലാക്കാതിരിക്കുന്നത് എത്ര വലിയ തെറ്റാണ്. ?
ഇതിന്‍റെ ദുഷ്ഫലം ഈ രാജ്യത്തുള്ള എല്ലാ വിഭാഗങ്ങള്‍ക്കും പ്രത്യേകിച്ചും നമ്മുടെ മാതൃരാജ്യത്തിനും അത് വഴി മുഴുവന്‍ ലോകത്തിനും സംഭവിച്ച് കൊണ്ടിരിക്കുന്നു. അതെ, വിവിധ വിഭാഗങ്ങള്‍ക്കിടയിലുള്ള അകല്‍ച്ച വര്‍ദ്ധിക്കുന്നു. മസ്തിഷ്കങ്ങളില്‍ സംശയങ്ങളും, മനസ്സുകളില്‍ വെറുപ്പും അധികരിക്കുന്നു. ജീവിതത്തിന്‍റെ സൗന്ദര്യവും പടച്ചവന്‍റെ അമൂല്യ അനുഗ്രഹവുമായ പരസ്പരം പുഞ്ചിരിക്കാനും, സംസാരിക്കാനും, സുഖരസങ്ങളില്‍ കഴിയാനും, മറ്റുള്ളവരുടെ മതവീക്ഷണങ്ങളെ ആദരിക്കാനും കഴിയാത്ത അവസ്ഥ സംജാതമാകുന്നു. തല്‍ഫലമായി ഓരോ വിഭാഗവും അവരുടെ അമൂല്യ സമയവും ശേഷിയും  വെറുതെ പാഴാക്കികൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും തുറന്ന് പറയട്ടെ, മുസ്ലിം സമുദായത്തിന്‍റെ സമുന്നത ശേഷികള്‍ സ്വന്തം പ്രതിരോധത്തിനും, മത സംസ്കാരങ്ങളുടെ സംരക്ഷണത്തിനും വേണ്ടിയുമാണ് ഇന്ന് പ്രധാനമായും ഉപയോഗിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. ഭൂതകാലത്ത് ജീവിതത്തിന്‍റെ വിവിധ മേഖലകളില്‍ പ്രത്യേകിച്ചും രാഷ്ട്രസേവനത്തിന്‍റെയും ജനസഹായത്തിന്‍റെയും മാര്‍ഗ്ഗങ്ങളില്‍ അനശ്വരമായ ചരിത്ര ശേഷിപ്പുകളുള്ള ഈ സമുദായത്തിന് വേണ്ടത് പോലെ മുന്‍ഗാമികളുടെ കര്‍മ്മ മണ്ഡലങ്ങളില്‍ സജീവമാകാന്‍ സാധിക്കുന്നില്ല. കാരണം ഇതിന് അത്യന്താപേക്ഷിതമായ സമാധാനന്തരീക്ഷവും വിശ്വാസ സഹകരണങ്ങളും അവര്‍ക്ക് ലഭിക്കുന്നില്ല. അവരുടെയും മറ്റുള്ളവരുടെയും ഇടയില്‍ സംശയത്തിന്‍റെയും അജ്ഞതയുടെയും നിന്ദ്യതയുടെയും വലിയ മറ വീണ് കിടക്കുന്നു. അതിന്‍റെ പ്രധാന കാരണം 1000 ലേറെ വര്‍ഷങളായി ഒരുമിച്ച് കഴിയുന്ന നാം ശരിയായ നിലയില്‍ പരസ്പരം മനസ്സിലാക്കുകയും അടുക്കുകയും ചെയ്യുന്നില്ല എന്നതാണ്. ഈയൊരു അവസ്ഥക്ക് മാറ്റം വരുത്തണമെന്ന് നിങ്ങളോടും നിങ്ങള്‍ മുഖേന  മറ്റുള്ളവരോടും ആദ്യമായി അഭ്യര്‍ത്ഥിക്കുകയാണ്. അടുത്തതായി നിങ്ങളുടെ അനുവാദത്തോടെ ഇസ്ലാമിന്‍റയും മുസ്ലിംകളുടയും അടിസ്ഥാനപരമായ ചില പ്രത്യേകതകള്‍ ചുരുങ്ങിയ നിലയില്‍ പരാമര്‍ശിക്കുന്നു. അതിനെ അറിയുകയും പരിഗണിക്കുകയും ചെയ്താല്‍ നമ്മുക്കിടയിലുള്ള പല പ്രശ്നങ്ങളും ശരിയായ നിലയില്‍ മനസ്സിലാക്കാനും സാധിക്കുന്നതാണ്.

മുസ്ലിംകളുടെ ഒന്നാമത്തെ പ്രത്യേകത
മുസ്ലിംകളുടെ അടിസ്ഥാനപരമായ ഒന്നാമത്തെ പ്രത്യേകത, നിര്‍ണ്ണിതമായ വിശ്വാസവും ധര്‍മ്മ വീക്ഷണവുമാണ്. ഇതിനെ സാധാരണ മതം എന്ന് പറയപ്പെടാറുണ്ടെങ്കിലും ഈ പദം ശരിയായ ആശയം ഉള്‍കൊള്ളുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല ഈ പദം എല്ലാവരും ഉപയേഗിക്കുന്നതിനാല്‍ അതിന്‍റെ അടിസ്ഥാനത്തില്‍ ഇസ്ലാമിലേക്ക് നോക്കുമ്പോള്‍ പല തെറ്റിദ്ധാരണകളും ഉണ്ടാകാറുമുണ്ട്. കാരണം പല മതങ്ങളും പ്രത്യേക അവസ്ഥകളിലൂടെ കടന്ന് വന്നതിനാല്‍ മതത്തെ ഏതാനും ആരാധനകളിലും ആചാരങ്ങളിലും മാത്രം ചുരുക്കുകയുണ്ടയി. ദൈവത്തിനുള്ളത് ദൈവത്തിനും സീസര്‍ക്കുള്ളത് സീസറിനും കൊടുക്കുക എന്നത് എല്ലാ മതങ്ങളുടെയും പൊതുവായ ശബ്ദമാണ്. എന്നാല്‍ ഇസ്ലാമില്‍ മതത്തിന്‍റെ വിവക്ഷ ഇതിനേക്കാളും വളരെ വിശാലമാണ്. വിശ്വാസ ആരാധനകള്‍ മുതല്‍ കടുംബ-സാമൂഹിക-നാഗരിക കാര്യങ്ങള്‍ വരെ അത് ഉള്‍കൊണ്ടിരിക്കുന്നു. കൂടാതെ ഇസ്ലാം സ്വീകരിച്ചവരെക്കുറിച്ച് പരുശുദ്ധ ഖുര്‍ആനിലും മറ്റും പറയപ്പെട്ടിരിക്കുന്ന നാമം മുസ്ലിം എന്നാണ്. പടച്ചവന്‍റെ ആതിപത്യത്തെ സര്‍വ്വാത്മനാ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്ത് കൊണ്ട് സര്‍വ്വസ്വവും പടച്ചവന് പൊരുത്തമായ വഴിയില്‍ സമര്‍പ്പിക്കുക എന്നതാണ് ഇതിന്‍റെ വിവക്ഷ. യഹൂദ ക്രൈസ്തവരും മറ്റും അവരുടെ നാമങ്ങള്‍ മഹനീയ വ്യക്തിത്വങ്ങളും പ്രദേശങ്ങളുമായി ബന്ധിപ്പിച്ചു. എന്നാല്‍ മുസ്ലിംകള്‍ പ്രവാചകന്‍ മുഹമ്മദ് നബിയോട് അഗാധമായ സ്നേഹാദരവ് പുലര്‍ത്തുന്നുണ്ടെങ്കിലും മുഹമ്മദിയര്‍ എന്ന നാമം സ്വീകരിക്കാന്‍ സന്നദ്ധരായിട്ടില്ല. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ മുഹമ്മദന്‍ ലാ, മുഹമ്മദന്‍ കോളേജ്, മുഹമ്മദന്‍ സ്കൂള്‍ എന്നെല്ലാം പേരുകള്‍ നല്‍കിയെങ്കിലും ഇസ്ലാമിന്‍റെ ആത്മാവ് മനസ്സിലാക്കിയവര്‍ അത് തിരുത്തുകയുണ്ടായി. ചുരുക്കത്തില്‍ ഇസ്ലാമെന്നത് പ്രത്യേകമായ ഒരു വിശ്വാസവും ജീവിതത്തെ സമ്പൂര്‍ണ്ണമായി ഉള്‍കൊള്ളുന്ന ഒരു വീക്ഷണവുമാണ്. സ്വാഭാവികമായും ഈ കാര്യം മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വൈകാരികമായ വിഷയം കൂടിയാണ്. മുസ്ലിംകളുടെ വ്യക്തിപരവും വൈവാഹികവും സാമൂഹികവുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ഈ യാഥാര്‍ത്ഥ്യത്തെ മുന്നില്‍ കാണേണ്ടതാണ്.
നിര്‍ണ്ണിതമായ ഈ വിശ്വാസത്തെയും അതിനനുസരിച്ചുള്ള ജീവിതത്തെയും ഇഹപര വിജയങ്ങളുടെ അടിസ്ഥാനമായി ഇതിന്‍റെ അനിവാര്യ ഫലമെന്നോണം ഈ വിശ്വാസ അധ്യാപനങ്ങളെ സ്വന്തം സന്താന പരമ്പരയിലേക്ക് എത്തിച്ച് കൊടുക്കാനും വിശ്വാസ മത പരമ്പര നിലനിര്‍ത്താനും മുസ്ലിംകള്‍ ആഗ്രഹിക്കുന്നു. ഈ വിശയത്തില്‍ യാതൊരുവിധ തടസ്സങ്ങളും കൈ കടത്തലുകളും അവര്‍ ഇഷ്ട്ടപ്പെടുന്നതല്ല.
സത്യവിശ്വാസികളെ, നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നരകാഗ്നിയില്‍ നിന്നും രക്ഷിക്കുക എന്ന ഖുര്‍ആന്‍ വചനവും, നിങ്ങളെല്ലാവരും നിങ്ങളുടെ കീഴിലുള്ളവരുടെ വിഷയത്തില്‍ ഉത്തരവാദികളാണ് എന്ന നബിവചനവും എപ്പോഴും സമുദായം ഓര്‍ക്കുന്നു. യഥാര്‍ത്ഥ മതസ്നേഹമുള്ളവരുടെ സ്വഭാവവും ആഗ്രഹവും ഇതുതന്നെയാണ്. ഇക്കാരണത്താല്‍ മുസ്ലിംകള്‍ ഏത് സാഹചര്യത്തിലായിരുന്നാലും അവരുടെ അടുത്ത തലമുറയിലേക്ക് ഇസ്ലാമിന്‍റെ വിശ്വാസ സന്ദേശങ്ങള്‍ എത്തിച്ചു കൊടുക്കാനും ആവശ്യാനുസൃതം അത് നിലനിര്‍ത്താനും സംരക്ഷിക്കാനുമുള്ള സ്വാതന്ത്ര്യത്തെ അത്യാവശ്യമായി കാണുന്നു. ഈ സ്വാതന്ത്ര്യം ശരിയായ നിലയില്‍ ഇല്ലാത്ത ഒരവസ്ഥ അവര്‍ക്ക് അസഹനീയമാണ്.
ഇവിടെ ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യ പോലുള്ള വ്യത്യസ്ത മതവീക്ഷണങ്ങളും സംസ്കാരങ്ങളും നിറഞ്ഞ ഒരു രാജ്യത്ത് മത അധ്യാപനങ്ങളുടെ ബാധ്യത ഭരണകൂടം ഏറ്റെടുക്കണമെന്ന് ഞങ്ങള്‍ ഒരിക്കലും പറയുന്നതല്ല, ഞങ്ങളുടെ ആവശ്യം രണ്ടേ രണ്ട് കാര്യങ്ങളാണ്. ഒന്ന് മത വിദ്യാഭ്യാസത്തിനുള്ള സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും സ്വതന്ത്രമായി നടത്താനും അനുവദിക്കുക. അതില്‍ നിയമപരവും ഘടനാപരവുമായ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കുക, സര്‍ക്കാര്‍ വക വിദ്യാഭ്യാസ പാഠ്യ പദ്ധതിക്ക് ഏതെങ്കിലും പ്രത്യേക മതത്തിന്‍റെ നിറമോ മണമോ നല്‍കാതിരിക്കുക. ചുരുങ്ങിയ പക്ഷം ഇസ്ലാമിക വിശ്വാസ വീക്ഷണങ്ങളെ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ നിന്നും പിഴുതുമാറ്റാന്‍ പരിശ്രമിക്കാതിരിക്കുക.
അതുപോലെ ഇസ്ലാമിക നിയമങ്ങളായ ശരീഅത്തിലെ എല്ലാ നിയമങ്ങളും പ്രധാനപ്പെട്ടതാണെങ്കിലും വ്യക്തി നിയമങ്ങളെന്ന പേരില്‍ അറിയപ്പെടുന്ന നിയമങ്ങള്‍ വളരെ പ്രധാന്യം അര്‍ഹിക്കുന്ന കാര്യങ്ങളാണ്. ബ്രിട്ടീഷ് ഭരണകൂടം മുസ്ലിംകളോട് ശത്രുതാപരമായ സമീപനം സ്വീകരിക്കുകയും പല അക്രമങ്ങള്‍ കാട്ടുകയും ചെയ്തെങ്കിലും വ്യക്തി നിയമങ്ങളെ മാനിച്ചു എന്ന കാര്യം ശ്രദ്ധേയമാണ്. വിവാഹം, വിവാഹ മോചനം, അനന്തരവകാശം, വഖ്ഫ് മുതലായ വിഷയങ്ങളില്‍ മുസ്ലിംകള്‍ക്കിടയില്‍ ഭിന്നതകള്‍ ഉണ്ടായാല്‍ ഇസ്ലാമിക നിയമമനുസരിച്ച്  വിധി കല്‍പ്പിക്കേണ്ടതാണെന്ന് അവര്‍ ശരീഅത്ത് ആക്ടിലൂടെ വ്യക്തമാക്കി. അവരുടെ ഈ തീരുമാനം യാഥാര്‍ത്ഥ്യ ബോധത്തോടുകൂടിയുള്ളതായിരുന്നു. കാരണം ഈ നിയമങ്ങളുടെ അടിസ്ഥാന ഭാഗം പരിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. വിശദീകരണം ഹദീസിലും ഫിഖ്ഹിലും വന്നിരിക്കുന്നു. ഈ നിയമങ്ങളില്‍ യാതൊരുവിധ ഭേദഗതികളും പാടില്ലെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു. ഇതില്‍ ഭേദഗതി വരുത്തുന്നത് മതത്തില്‍ കൈകടത്തലാണ്. എന്നാല്‍ പരിശുദ്ധ ഖുര്‍ആനും ഹദീസും വ്യക്തമായി പരാമര്‍ശിക്കാത്ത ഗവേഷണപരമായ കാര്യങ്ങള്‍ ഗവേഷണത്തിന് അര്‍ഹരായ ആളുകള്‍ ഖുര്‍ആന്‍ ഹദീസുകളുടെയും ഏകകണ്ഠമായ അഭിപ്രായങ്ങളുടെയും വെളിച്ചത്തില്‍ ഗവേഷണം നടത്തുകയും മറുപടി കണ്ടെത്തുകയും ചെയ്യുന്നതാണ്.

രണ്ടാമത്തെ പ്രത്യേകത
മുസ്ലിംകളുടെ അടിസ്ഥാനപരമായ രണ്ടാമത്തെ പ്രത്യേകത പുണ്യപ്രവാചകനോടും പരുശുദ്ധ ഖുര്‍ആനിനോടും മസ്ജിദുകളോടുമുള്ള ബന്ധമാണ്. മുസ്ലിംകളുടെ അരികില്‍ പ്രവാചകന്‍ വലിയൊരു മനുഷ്യനോ ആദരണിയ വ്യക്തിത്വമോ മതനേതാവോ എന്നതിനേക്കാളെല്ലാം വളരെ ഉന്നതനാണ്. പടച്ചവന്‍ കഴിഞ്ഞാല്‍ മഹത്വം പ്രവാചകന് തന്നെയെന്നാണ് മുസ്ലിം വീക്ഷണം. ചില സമുദായങ്ങള്‍ അവരുടെ പ്രവാചകന്മാരെ പരിധിവിട്ട് ആദരിച്ച് ദൈവമാക്കിയത് പോലെ പ്രവാചകനോട് വര്‍ത്തിക്കരുതെന്ന് ഇസ്ലാം ഉണര്‍ത്തുന്നു. അതോടൊപ്പം റസൂലുല്ലാഹി (സ)യെ അതിയായി സ്നേഹിച്ച് ആദരിക്കണമന്ന് കല്‍പ്പിക്കുകയും ചെയ്യുന്നു. ഇന്നും മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷ അംഗങ്ങളും മാതാപിതാക്കളെയും മക്കളെയും  ജീവനെക്കാളും കൂടുതലായി റസൂലുല്ലാഹി (സ)യെ സനേഹിക്കുന്നു.  റസൂലുല്ലാഹി (സ)യുടെ വ്യക്തിത്വത്തെ സംരക്ഷിക്കല്‍ കര്‍ത്തവ്യമായി കാണുന്ന അവര്‍ക്ക്  റസൂലുല്ലാഹി (സ) നിന്ദിക്കപ്പെടുന്നത് അസഹനിയമാണ്. അത്തരം അശുഭകരമായ അവസ്ഥകളില്‍ അവര്‍ നിയന്ത്രണം വിടുകയും ജീവന്‍ ത്യജിക്കാന്‍ തയ്യാറവുകയും ചെയ്യുന്നു. മറുഭാഗത്ത് പ്രവാചക വചനങ്ങള്‍ പഠിപ്പിക്കുകയും, മഹത്ചരിതങ്ങള്‍ രചിക്കുകയും, പ്രവാചക പ്രകീര്‍ത്തനങ്ങള്‍ തയ്യാറാക്കുകയും ചെയ്യുന്ന വിഷയത്തില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ വളരെ മുന്നിലാണ്.
അതുപോലെ പരിശുദ്ധ ഖുര്‍ആനുമായും സമുദായം അഗാധമായി ബന്ധപ്പെട്ടിരിക്കുന്നു. കുറേ വിജ്ഞാനങ്ങളുടെയും സല്‍സ്വഭാവ സഹകരണ ഉപദേശങ്ങളുടെയും സമാഹാരമാണ് എന്ന് മാത്രമല്ല, ഖുര്‍ആനിനെക്കുറിച്ച് മുസ്ലിംകള്‍ വിശ്വസിക്കുന്നത്. പ്രത്യുത അതിന്‍റെ ആദ്യം മുതല്‍ അവസാനം വരെ വചനങ്ങളും ആശയങ്ങളും പടച്ചവന്‍റെ വഹ്യാണെന്നും അതിന്‍റെ ഓരോ അക്ഷരങ്ങളും ഇന്നുവരെയും സുരക്ഷിതമാണെന്നും മുസ്ലിംകള്‍ വിശ്വസിക്കുന്നു. അതിനെ ആദരിക്കുകയും പാരായണം ചെയ്യുകയും ശ്രവിക്കുകയും ചെയ്യുന്നു. ഖുര്‍ആന്‍ മനനം ചെയ്യുന്ന പതിവ് പണ്ട് മുതല്‍ക്കേ  ഉള്ളതാണ്. ഇന്ത്യയില്‍ തന്നെ ലക്ഷക്കണക്കിന് ഹാഫിസുകളുണ്ട്. റമദാന്‍ മാസത്തില്‍ തറാവീഹ് നമസ്കാരത്തില്‍ ആദ്യന്തം അവര്‍ നമസ്കാരത്തില്‍ കാണാതെ പാരായണം ചെയ്യുന്നു. 
ഇപ്രകാരം പടച്ചവന്‍റെ ഭവനങ്ങളായ മസ്ജിദുകളോടും മസ്ജിദുകളുടെ കേന്ദ്രമായ മക്കാ, മദീനാ ഹറമുകളോടും മുസ്ലിം സമുദായം പുലര്‍ത്തുന്ന ബന്ധം വളരെ ശക്തമാണ്. മസ്ജിദുകള്‍ പടച്ചവന്‍റെ ഭവനമാണെന്നും അതിന്‍റെ ഭൂമി ആര്‍ക്കും വാങ്ങാനോ, വില്‍ക്കാനോ സാധിക്കുകയില്ലെന്നും അവര്‍ വിശ്വസിക്കുന്നു. 
ഇവിടെ ഒരു കാര്യം ഓര്‍ക്കുക: മുസ്ലിംകളുടെ അടിസ്ഥാനപരമായ ഈ രണ്ട് പ്രത്യേകതകള്‍ ബുദ്ധിപരമായോ, കാര്‍മ്മികമായോ, സത്യസന്ധമായ രാജ്യ സ്നേഹത്തിനും സേവനത്തിനും ഒരിക്കലും എതിരല്ല. മാത്രമല്ല, ഈ പ്രത്യേകതകള്‍ രാജ്യ സ്നേഹത്തിനും സേവനത്തിനും മുഴുവന്‍ രാജ്യ നിവാസികളുമായിട്ടുള്ള ഉത്തമ ബന്ധത്തിനും പ്രേരിപ്പിക്കുകയും ഉണര്‍ത്തുകയുമാണ് ചെയ്യുന്നത്. ചുരുക്കത്തില്‍ മുസ്ലിംകളുടെ അടിസ്ഥാനപരമായ ഈ രണ്ട് പ്രത്യേകതകള്‍ എല്ലാവരും മനസ്സിലാക്കണമെന്നും ഇതിന് തടസ്സമുണ്ടാക്കുന്ന കാര്യങ്ങളൊന്നും ആരില്‍ നിന്നും ഉണ്ടാകരുതെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് മുസ്ലിംകളുടെ മാത്രം കാര്യമല്ല. ഏതെങ്കിലും സമുദായത്തിന്‍റെ കര്‍മ്മ ശേഷിയും യോഗ്യതകളും രാജ്യത്തിന്‍റെ നന്മകള്‍ക്ക് വേണ്ടി ചിലവഴിക്കപ്പെടുന്നതിന് ആ സമുദായത്തിന്‍റെ വിശ്വാസ വീക്ഷണങ്ങളും മതപരമായ വികാരങ്ങളും ആദരിക്കുകയും അവര്‍ ബഹുമാനിയ്ക്കുന്ന വ്യക്തിത്വങ്ങളെ മാനിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത് പാലിക്കപ്പെട്ടില്ലെങ്കില്‍ വലിയ പ്രശ്നങ്ങള്‍ സംഭവിക്കുന്നതാണ്. 

മുന്‍ഗാമികളുടെ മാതൃക സ്വീകരിക്കുക
മുന്‍ഗാമികളായ മഹത്തുക്കള്‍ ഈ യാഥാര്‍ത്ഥ്യത്തെ പരിപൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിരുന്നു. എല്ലാ കാലഘട്ടത്തിലും മുസ്ലിംകളുടെ ഈ രണ്ട് പ്രത്യേകതകളെ മാനിക്കാനും അവര്‍ ശ്രദ്ധിച്ചിരുന്നു. പ്രത്യേകിച്ചും സ്വാതന്ത്ര്യ സമര സേനാനികള്‍ ഇതില്‍ വളരെ മുന്‍പന്തിയിലായിരുന്നു. ഈ വിഷയത്തില്‍ മഹാത്മാഗാന്ധിയുടെ നിലപാട് വളരെ മഹത്തരമായിരുന്നു. ഖിലാഫത്ത് നഷ്ടവും അതിനെ തുടര്‍ന്നുണ്ടായ ഖിലാഫത്ത് പ്രക്ഷോഭവും മുസ്ലിംകളുടെ മാത്രം കാര്യമായിരുന്നിട്ടും മഹാത്മാഗാന്ധി അതിനെ ശക്തമായി പിന്തുണയ്ക്കുകയും അതിനെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധിപ്പിക്കുകയും ചെയ്തു. തല്‍ഫലമായി മഹാത്മാഗാന്ധി വളരെ ആദരണീയനാവുകയും അദ്ദേഹം വഴിയായി ഹിന്ദു-മുസ്ലിം ഐക്യം ശക്തിപ്പെടുകയും സ്വാതന്ത്ര്യ സമരം വളരെ നല്ലനിലയില്‍ മുന്നോട്ട് നീങ്ങുകയും അവസാനം വിജയം പ്രാപിക്കുകയും ചെയ്തു.   
എന്നാല്‍ ഖേദകരമെന്ന് പറയട്ടെ, സ്വാതന്ത്ര്യ സമര സേനാനികളായ വ്യക്തിത്വങ്ങളുടെ വീക്ഷണത്തിനെതിരായ ഒരു അവസ്ഥയാണ് രാജ്യത്ത് ഇപ്പോള്‍ കാണപ്പെടുന്നത്. ഭരണകൂടവും കോടതിയും പലപ്പോഴും ശരീഅത്ത് നിയമങ്ങളില്‍ കൈകടത്തുകയും തെറ്റായ വ്യാഖ്യാനങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഇസ്ലാമിക ശരീഅത്തിനെ ആരെങ്കിലും ദുരുയോഗപ്പെടുത്തുന്നെങ്കില്‍ അത് അവരുടെ തെറ്റാണ്. അവരെ തിരുത്താന്‍ ഇസ്ലാമിക സമൂഹം തയ്യാറുമാണ്. ഇസ്ലാമിക നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തിരുത്താനുള്ള പരിശ്രമങ്ങളെ സമൂഹം സ്വാഗതം ചെയ്യുന്നതുമാണ്. എന്നാല്‍ ഇതിനെതിരായിട്ടുള്ള നീക്കത്തെ മുസ്ലിംകള്‍ സ്വീകരിക്കുന്നതല്ല. 
രാജ്യത്തിന് ശരിയായ വഴിയെന്താണ്? 
സത്യം പറഞ്ഞാല്‍ നമ്മുടെ രാജ്യത്തിന്‍റെ പുരോഗതിയും അന്തസ്സും അഖണ്ഡതയും നിലനിര്‍ത്താനും സമകാലകി ലോകത്തെ അപകടകരമായ അവസ്ഥയില്‍ നമ്മുടെ രാജ്യത്തിന് മാതൃകാപരമായ മാര്‍ഗ്ഗം കാട്ടിക്കൊടുക്കാനുമുള്ള വഴി സ്വാതന്ത്ര്യ സമര സേനാനികളും രാജ്യ ശില്‍പ്പികളുമായ മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, മൗലാനാ അബുല്‍ കലാം ആസാദ് തുടങ്ങിയവര്‍ കാണിച്ചുതന്ന മാര്‍ഗ്ഗം തന്നെയാണ്. അതായത്, മതേതരത്വത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും പരസ്പരം സ്നേഹ സഹകരണങ്ങളുടെയും മഹത്തായ മാര്‍ഗ്ഗമാണത്. ഇതല്ലാതെയുള്ള മാര്‍ഗ്ഗങ്ങളിലൂടെ താല്‍ക്കാലികമായ വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞാലും രാജ്യത്തിന് നാശകരമാണ്. അതിലൂടെ സ്വാതന്ത്ര്യ സമരത്തിന്‍റെ ഉന്നത ത്യാഗങ്ങളെ നിഷ്ഫലമാക്കുന്നതുമാണ്. കൂടാതെ, പരിഹരിക്കാന്‍ സാധിക്കാത്ത നിലയില്‍ രാജ്യം നാശനഷ്ടങ്ങളില്‍ അകപ്പെടുന്നതാണ്. 

രാജ്യത്തിന്‍റെ മൂന്ന് അപകടങ്ങള്‍  
മാനവ ചരിത്രത്തിന്‍റെ വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഒരുകാര്യം പറയാന്‍ ആഗ്രഹിക്കുന്നു: രണ്ട് അപകടങ്ങള്‍ രാജ്യത്തിന് മഹാനാശമാണ്. അക്രമങ്ങളിലേക്കുള്ള താല്‍പ്പര്യവും മനുഷ്യജീവനും സമ്പത്തിനും അഭിമാനത്തിനും വില കല്‍പ്പിക്കാതിരിക്കലുമാണ് ഒന്നാമത്തെ നാശം. ദു:ഖകരമെന്ന് പറയട്ടെ, വര്‍ഗ്ഗീയ കലാപങ്ങളിലും മറ്റ് വഴക്കുകളിലും ഇത് ധാരാളമായി കാണപ്പെടുന്നു. ഈ ലോകത്തെ പടച്ച് പരിപാലിക്കുന്ന രക്ഷിതാവിന് വളരെ കോപമുണ്ടാക്കുന്ന കാര്യമാണിത്. ഇത് നടമാടുന്ന നാടുകളും നാട്ടുകാരും ഒരിക്കലും രക്ഷപ്പെടുന്നതല്ല. അക്രമ രക്തച്ചൊരിച്ചിലുകളിലൂടെ മഹാസാമ്ര്യാജ്യങ്ങള്‍ തകര്‍ന്ന് തരിപ്പണമായ കാര്യം ചരിത്രം പറഞ്ഞുതരുന്നു. ആകയാല്‍ രാജ്യത്തെ മുഴുവന്‍ നശിപ്പിക്കുന്ന അക്രമവാസനയില്‍ നിന്നും രാജ്യത്തെയും പൗരന്മാരെയും രക്ഷിക്കാന്‍ നാമെല്ലാവരും അടിയന്തരമായി പരിശ്രമിക്കേണ്ടതാണ്. രണ്ടാമത്തെ നാശം, വര്‍ഗ്ഗീയ വാദവും അതിന്‍റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളുമാണ്. ഇതിലൂടെയും താല്‍ക്കാലിക ലാഭങ്ങള്‍ ലഭിച്ചാലും ഇതും നാടിനെ അടിമുടി നശിപ്പിക്കുന്നതാണ്. ഗാന്ധിജി ഈ യാഥാര്‍ത്ഥ്യത്തെ നന്നായി മനസ്സിലാക്കിയിരുന്നു. ആദ്യം ഇതിലൂടെ രാജ്യത്തെ പ്രബല വിഭാഗമായ ഹൈന്ദവരും മുസ്ലിംകളും പരസ്പരം വഴക്കുണ്ടാക്കുന്നതും പിന്നീട് അത് പല വിഭാഗങ്ങളിലേക്ക് കടക്കുന്നതും അവസാനം എതിരാളികളാരെയും കിട്ടാതെ വരുമ്പോള്‍ സ്വന്തം ആളുകളെ തന്നെ നശിപ്പിക്കുകയും സ്വയം നശിക്കുകയും ചെയ്യുന്നതാണ്. 
ഒരു വിഭാഗത്തെ മാത്രം വിമര്‍ശിക്കുക, അവരോട് വ്യക്തിത്വത്തെ കൈയ്യൊഴിയാന്‍ നിരന്തരം ആവശ്യപ്പെടുക, ഉള്ളതും ഇല്ലാത്തതുമായ പഴയെ ചരിത്രങ്ങള്‍ പര്‍വ്വതീകരിച്ച് പ്രശ്നങ്ങളുണ്ടാക്കുക ഇതെല്ലാം രാജ്യത്ത് നിത്യസംഭവങ്ങളായി മാറിയിരിക്കുന്നു. പ്രത്യേകിച്ചും ഏതെങ്കിലും കഥകളുടെ അടിസ്ഥാനത്തില്‍ മസ്ജിദുകളെ ക്ഷേത്രങ്ങളാക്കാന്‍ ചിലര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ അത്യന്തം നാശകരമാണ്. പഴയ ചരിത്രങ്ങള്‍ ഒരിക്കലും പരസ്പരം കണക്ക് പറയാനുള്ളതല്ല. മറിച്ച് പഴയ ചരിത്രത്തിന് കൂടി ആശ്വാസം പകരുന്ന നിലയില്‍ ഈ രാജ്യത്തെ മുന്‍ഗാമികളായ മഹത്തുക്കള്‍ വിശാല മനസ്കതയോടെ പരസ്പരം സ്നേഹിച്ചാദരിച്ച് സഹകരിച്ച് കഴിഞ്ഞതുപോലെ നാം കഴിയേണ്ടതാണ്. ഇപ്രകാരം ചെയ്യാതെ യാത്രകളെല്ലാം പഴയ കാലത്ത് നിന്നും ആരംഭിക്കലും പഴയ കാര്യങ്ങള്‍ക്ക് പകരം വീട്ടലും രാജ്യത്ത് പുതിയ പ്രശ്നങ്ങള്‍ രൂക്ഷമാക്കാന്‍ കാരണമാകും പഴയ കാര്യങ്ങള്‍ പരിഹരിക്കാന്‍ ഇന്നുള്ളവര്‍ക്ക് സമയവുമില്ല, ആവശ്യവുമില്ല. പഴയ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് ജീവിക്കുന്നത് സമയത്തെയും സൗകര്യത്തെയും അസ്ഥാനത്ത് പാഴാക്കലാണ്. രാജ്യത്തിന്‍റെയും രാജ്യ നിവാസികളുടെയും ശേഷി പ്രത്യേകിച്ചും ഭരണകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടവരുടെയും വിദ്യാസമ്പന്നരുടെയും അമൂല്യ ശക്തി നിര്‍മ്മാണാത്മക പ്രവര്‍ത്തനങ്ങള്‍ക്കും ഐക്യത്തിനും അഖണ്ഡതയ്ക്കുമാണ് ചെലവഴിക്കേണ്ടത്. 
രാജ്യത്ത് അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ട നിരവധി പൊതുപ്രശ്നങ്ങളുണ്ട്. ചെറിയ ശ്രദ്ധാ പരിശ്രമങ്ങളിലൂടെ പരിഹരിക്കാന്‍ സാധിക്കുന്ന പ്രസ്തുത പ്രശ്നങ്ങളെ പരിഹരിക്കാന്‍ പറ്റാത്ത ഗുരുതര പ്രശ്നങ്ങളായി വിടരുത്. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് വിജയങ്ങളെയോ, രാഷ്ട്രീയ മുന്നേറ്റങ്ങളെയോ ലക്ഷ്യം വെച്ച് ഇവകളെ അവഗണിക്കുന്നതും അവസാനം ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് എത്തിച്ചേരുന്നതും വലിയ തെറ്റാണ്. രാഷ്ട്രീയ തിരഞ്ഞെടുപ്പ് നന്മകളേക്കാള്‍ മുന്‍ഗണന രാജ്യത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്കും പൊതു നന്മകള്‍ക്കുമാണെന്ന യാഥാര്‍ത്ഥ്യം നാം ശരിയായി ഉള്‍ക്കൊള്ളേണ്ടതാണ്. 
രാഷ്ട്രത്തിന്‍റെ പൊതുനന്മയ്ക്കാണ് മുന്‍ഗണന
ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു മഹത്തായ മാതൃക രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രികൂടിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു കാണിച്ച് തന്നിട്ടുണ്ട്. 1950-ല്‍ കോണ്‍ഗ്രസ്സിന്‍റെ അദ്ധ്യക്ഷപദവി ബാബു പുരുഷോത്തം ദാസ് ലണ്ടന്‍ ഏറ്റെടുക്കുകയുണ്ടായി. അന്ന് വര്‍ഗ്ഗീയ കക്ഷികള്‍ ശക്തി പ്രാപിച്ചുകൊണ്ടിരുന്ന സമയമാണ്. ഗാന്ധിജിയും നെഹ്റുവും മൗലാനാ ആസാദും അടിത്തറയിട്ട സെക്ക്യുലറിസത്തിന്‍റെയും ഹിന്ദു-മുസ്ലിം ഐക്യത്തിന്‍റെയും മാര്‍ഗ്ഗത്തിന് പകരം കോണ്‍ഗ്രസ്സിനെ ഹൈന്ദവ തീവ്രതയിലേക്ക് തിരിച്ചുവിടാന്‍ അദ്ദേഹം പരിശ്രമിച്ചു. ഇത് തിരിച്ചറിഞ്ഞ ജവഹര്‍ലാല്‍ നെഹ്റു ഇതിനെ ശക്തമായി നിരാകരിച്ചു. ഇന്ത്യാ ചരിത്രത്തിലെ വഴിവിളക്കെന്ന് പറയാന്‍ സാധിക്കുന്ന ഒരു പ്രഭാഷണം 1950 സെപ്തംബര്‍ 21-ന് നാസിക്കില്‍ അദ്ദേഹം നടത്തി. അതില്‍ പറഞ്ഞു: തെറ്റാണെന്ന് ഉറപ്പുള്ള ഒരുകാര്യം പൊതുജനങ്ങള്‍ പറയുന്നു എന്നതിന്‍റെ പേരില്‍ മാത്രം അംഗീകരിക്കാന്‍ ഞാന്‍ സന്നദ്ധനല്ല. ഇതില്‍ നിങ്ങള്‍ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ ഞാന്‍ കോണ്‍ഗ്രസ്സില്‍ നിന്നും പുറത്ത് പോയി സ്വന്തം വീക്ഷണം ഒറ്റയ്ക്ക് പ്രചരിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കുന്നതാണ്. നാം പറയുന്നത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുകയില്ലായെന്ന് പറയുന്നത് തന്നെ ഭീരുത്വത്തിന്‍റെ തെളിവാണ്. പൊതുജനങ്ങള്‍ പറയുന്ന കാര്യങ്ങളെയെല്ലാം ജനാധിപത്യം എന്ന് വിശേഷിപ്പിക്കുകയാണെങ്കില്‍ അത്തരം ജനാധിപത്യത്തെ നാം തള്ളിക്കളയുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഏതാനും വോട്ടുകള്‍ ലഭിക്കുന്നതിന് നമ്മുടെ അടിസ്ഥാന വീക്ഷണങ്ങള്‍ ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ്സ് പറയുന്നെങ്കില്‍ അങ്ങനെയുള്ള കോണ്‍ഗ്രസ്സ് മരിച്ച് പോകുന്നതാണ്. എനിയ്ക്ക് അങ്ങനെയുള്ള ശവത്തിന്‍റെ ആവശ്യമില്ല. (ഖൗമി ആവാസ്) 
രാജ്യത്ത് നാം ശ്രദ്ധിക്കുകയും ഗൗരവമായി ചിന്തിക്കുകയും ചെയ്യേണ്ട മറ്റൊരുകാര്യം രാജ്യത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സദാചാര തകര്‍ച്ചയാണ്. രാജ്യത്ത് ചരിത്രത്തില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. സര്‍ക്കാര്‍ റിപ്പോട്ടുകളിലേക്കും രാജ്യത്തിന്‍റെ ബാഹ്യമായ വികസന പുരോഗതികളിലേക്കും നാം നോക്കിയാല്‍ മതിയാവുകയില്ല. കോടതികള്‍, ഓഫീസുകള്‍, ബസ്-റയില്‍വേ സര്‍വ്വീസുകള്‍, പോലീസ് സ്റ്റേഷനുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ സേവന കേന്ദ്രങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളുമായി ബന്ധപ്പെടുന്ന പൊതുജനങ്ങളോട് ചോദിച്ച് നോക്കുക. ഇവിടെ കൈക്കൂലി ഇല്ലാതെ ഒന്നും നടക്കുകയില്ല. പണമുണ്ടെങ്കില്‍ എല്ലാം നടക്കുന്നതാണ്. ഏത് പാപിയെയും മോചിപ്പിക്കാനും എത്ര വലിയ മാന്യനെ കുടുക്കാനും തെറ്റായ വിധി സമ്പാദിക്കാനും സാധിക്കുന്നതാണ്. പണം കൊടുത്താല്‍ വലിയ കലാപങ്ങള്‍ നടത്താനും രാജ്യ രഹസ്യങ്ങള്‍ ചോര്‍ത്താനും സാധിക്കും. മരുന്നുകളിലും ആഹാരങ്ങളിലും മായം കലര്‍ത്തപ്പെടുന്നു. ധാരാളം സൗജന്യങ്ങളും സൗകര്യങ്ങളും ഉണ്ടെങ്കിലും അര്‍ഹതപ്പെട്ടവര്‍ക്ക് അതൊന്നും ലഭിക്കുന്നില്ല. കൈക്കൂലിയുടെ ആധിക്യം കാരണം ഗവര്‍മെന്‍റിന്‍റെ കോടിക്കണക്കിന് രൂപ ദിവസവും പാഴായിക്കൊണ്ടിരിക്കുകയാണ്. ഇതിന്‍റെയെല്ലാം കാരണം പണത്തോടുള്ള സ്നേഹത്തിന്‍റെ ആധിക്യവും പടച്ചവനോടുള്ള ഭയം ഇല്ലാതാകലും മനുഷ്യസ്നേഹം ഇല്ലാതായതും രാജ്യത്തോടുള്ള കൂറ് കുറഞ്ഞ് പോയതുമാണ്. രാജ്യം ബാഹ്യവികനസങ്ങളിലും നിര്‍മ്മാണങ്ങളിലും രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിലും സാക്ഷരതയിലും മറ്റും മുന്നേറുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ രാജ്യം അധ:പതിച്ചുകൊണ്ടിരിക്കുകയാണ്. പൊതുജനങ്ങളുടെ ജീവിതം ദുരിത പൂര്‍ണ്ണമായിക്കൊണ്ടിരിക്കുന്നു. ജനങ്ങള്‍ അടിമത്വ കാലഘട്ടത്തെ ഓര്‍ക്കുകയും അത് മതിയായിരുന്നു എന്ന് ചിന്തിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകുന്നു എന്നത് എത്രമാത്രം ലജ്ജാവഹമായ കാര്യമാണ്. കാരണം അന്ന് ഗവര്‍മെന്‍റ് ഓഫീസുകള്‍ സൂക്ഷ്മതയുള്ളതായിരുന്നു. ട്രൈയിനുകള്‍ കൃത്യസമയത്ത് സഞ്ചരിക്കുമായിരുന്നു. ആശുപത്രികളും മറ്റും സമാധാന കേന്ദ്രങ്ങളായിരുന്നു. വിദ്യാര്‍ത്ഥികള്‍ യോഗ്യതയ്ക്കനുസരിച്ച് വിജയിക്കുകയും ജോലികള്‍ നല്‍കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം കിട്ടാഖനിയായി മാറിയിരിക്കുന്നു. 

പത്രമാധ്യമങ്ങളുടെ ദുരവസ്ഥ
പരസ്പരം സ്നേഹ വിശ്വാസങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിനും വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നതിനും പത്രമാധ്യമങ്ങള്‍ക്കും എഴുത്തുകാര്‍ക്കുമുള്ള പങ്ക് ആരോടും പറയേണ്ടതില്ല. താങ്കളുടെ കാല്‍ക്കീഴില്‍ ആയിരക്കണക്കിന് ജീവനുകള്‍ കിടക്കുന്നു എന്ന് ഒരു കവി ഭരണാധികാരിയോട് പറഞ്ഞ വാക്കില്‍ ചെറിയ ഭേദഗതി വരുത്തി വിനീതന്‍ സാധാരണ പത്രക്കാരോട് ഇപ്രകാരം പറയാറുണ്ട്: നിങ്ങളുടെ തൂലികയ്ക്കടിയില്‍ ആയിരക്കണക്കിന് ജീവനുകള്‍ കിടക്കുന്നു. പത്രക്കാര്‍ അല്‍പ്പം നടക്കേണ്ടതില്ലെന്നോ പതുക്കെ നടക്കണമെന്നോ പറയുന്നില്ല. സൂക്ഷ്മതയോടെ നടക്കണമെന്ന് മാത്രമാണ് പറയാനുള്ളത്. പത്രമാധ്യമങ്ങള്‍ സത്യസന്ധതയുടെയും വിശ്വസ്തതയുടെയും ഒരു ക്യാമറ ആകേണ്ടതുണ്ട്. രൂപം വികൃതമോ സുന്ദരമോ ആണോയെന്ന് നോക്കാതെ യഥാര്‍ത്ഥ രൂപം ജനങ്ങള്‍ക്ക് കാട്ടിക്കൊടുക്കേണ്ടതാണ്. രാജ്യത്ത് നടക്കുന്ന സംഭവങ്ങള്‍, വിത്യസ്ത വിഭാഗങ്ങളുടെ ആവശ്യങ്ങള്‍, വിവിധ സംഘടനകളുടെ പരിപാടികള്‍, അവയില്‍ പറയപ്പെട്ട കാര്യങ്ങള്‍, ജനങ്ങളുടെ പൊതുവായ വികാരങ്ങള്‍ മുതലായവ ഭരണകൂടത്തിനും രാജ്യത്തിനും പൊതുജനങ്ങള്‍ക്കും ശരിയായ നിലയില്‍ എത്തിച്ച് കൊടുക്കേണ്ടതാണ്. നമ്മില്‍ നിന്നും ഒറ്റപ്പെട്ട് കഴിയുന്ന ഒരു കൂട്ടരുടെ എന്തെങ്കിലും സമ്മേളനങ്ങള്‍ നടന്നാല്‍ അതിന്‍റെ വിവരങ്ങളും യഥാര്‍ത്ഥ നിലയില്‍ മാധ്യമങ്ങളില്‍ വരേണ്ടതാണ്. എന്നാല്‍ മാത്രമേ രാജ്യത്ത് ശരിയായ അവസ്ഥ സംജാതമാവുകയുള്ളൂ. ആവശ്യക്കാരുടെ അവസ്ഥകളൊന്നും പരിഗണിക്കാതെ നീങ്ങുന്ന ഒരു രാജ്യത്തിനും രാജ്യനിവാസികള്‍ക്കും ശരിയായ മുന്നേറ്റമോ, പുരോഗതിയോ ഉണ്ടാകുന്നതല്ല. ഇവ ബന്ധപ്പെട്ടവര്‍ക്ക് എത്തിച്ച് കൊടുക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. 
രാജ്യത്തെ പ്രബല ന്യൂനപക്ഷത്തിന്‍റെ പരിപാടികളുടെയും പ്രതിഷേധങ്ങളുടെയും ശരിയായ ചിത്രം ഇന്ത്യന്‍ മാധ്യമങ്ങളില്‍ കാണാന്‍ കഴിയുന്നില്ലായെന്നത് ഞങ്ങളുടെ വലിയൊരു പരാതിയാണ്. സാധാരണ പത്രങ്ങള്‍ വായിക്കുന്നവര്‍ക്കാര്‍ക്കും ഞങ്ങളുടെ ന്യായമായ ആവശ്യങ്ങളോ, ദു:ഖങ്ങളോ മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഇത് ന്യൂനപക്ഷത്തോടുള്ള അനീതി മാത്രമല്ല, രാജ്യത്തിനും ഭരണകൂടത്തിനും ദോഷകരമായ കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി അനുഭവങ്ങള്‍ വിനീതന് തന്നെ ഉണ്ടായേക്കാം. 1972 ഡിസംബറില്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് നിലവില്‍ വന്നപ്പോള്‍ ബോംബയില്‍ വലിയൊരു പൊതുസമ്മേളനം നടന്നു. സൂക്ഷ്മതയോടെ പറഞ്ഞാല്‍ ഒരു ലക്ഷം ആളുകള്‍ അതില്‍ പങ്കെടുത്തിരുന്നു. അതേ ദിവസം ശരീഅത്ത് വിരുദ്ധനായ ഒരു മുസ്ലിം നാമധാരിയുടെ നേതൃത്വത്തില്‍ അംഗുലീപരിമിതമായ ചെറിയൊരു പ്രകടനം നടന്നു. മുസ്ലിംകള്‍ ഇതിനെതിരില്‍ ശബ്ദം ഉയര്‍ത്തിയപ്പോള്‍ പോലീസ് അവരെ രക്ഷിച്ചുകൊണ്ട് പോവുകയായിരുന്നു. എന്നാല്‍ അടുത്ത ദിവസം ബോംബയിലെ പൊതു പത്രങ്ങള്‍ നോക്കിയപ്പോള്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ സമ്മേളനത്തെ വളരെ ലഘൂകരിച്ചും ശരീഅത്ത് വിരുദ്ധരുടെ പ്രകടനത്തെ അനാവശ്യമായി പര്‍വ്വതീകരിച്ചും കൊടുത്തിരിക്കുന്നത് കണ്ടു. അത് കാണുന്നവര്‍ക്കെല്ലാം ശരീഅത്ത് വേണ്ടായെന്ന വാദമാണ് മുസ്ലിംകളില്‍ ഭൂരിപക്ഷത്തിനെന്ന് തോന്നിപ്പോകുമായിരുന്നു. ശേഷം 1985 ഏപ്രില്‍ 7-ന് കല്‍ക്കത്തയില്‍ ബോര്‍ഡിന്‍റെ മറ്റൊരു സമ്മേളനം നടന്നു. അതില്‍ അഞ്ച് ലക്ഷം പേര്‍ പങ്കെടുത്തുവെന്നാണ് സംഘാടകര്‍ പറയുന്നത്. അദ്ധ്യക്ഷത വഹിച്ച വിനീതന് ജനങ്ങളെ മഹാസമുദ്രമായിട്ടാണ് കാണാന്‍ കഴിഞ്ഞത്. അടുത്ത ദിവസം മടക്കയാത്രയില്‍ ഹൗറ സ്റ്റേഷനില്‍ നിന്നും ഇംഗ്ലീഷ് പത്രങ്ങള്‍ വാങ്ങിച്ച് വായിച്ചപ്പോള്‍ ഭൂരിഭാഗത്തിലും ഈ സമ്മേളനത്തെക്കുറിച്ച് ഒരു പരാമര്‍ശവും ഇല്ലായിരുന്നു. ഒരു പത്രത്തില്‍ മാത്രം നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു എന്ന് കൊടുത്തിരിക്കുന്നു! പൊതുജനങ്ങളെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന ഈ പത്രങ്ങള്‍ കാണുന്ന ഭരണകേന്ദ്രങ്ങളും നീതി പീഠങ്ങളും നിയമപാലകരും രാജ്യത്തിന്‍റെ അവസ്ഥ എങ്ങനെ മനസ്സിലാക്കുകയും പരിഹരിക്കുകയും ചെയ്യാനാണ്? 
അതുപോലെ മുസ്ലിം പ്രശ്നങ്ങളുടെ വിഷയങ്ങളില്‍ ദേശീയ, പ്രാദേശിക മാധ്യമങ്ങളെല്ലാം വണ്‍വേ ട്രാഫിക് സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. മുസ്ലിംകളെയും ഇസ്ലാമിക ശരീഅത്തിനെയും എതിര്‍ക്കുകയും നിന്ദിക്കുകയും ചെയ്യുന്ന വാര്‍ത്തകളും ലേഖനങ്ങളും അതില്‍ സമൃദ്ധമായി വന്നുകൊണ്ടിരിക്കുന്നു. മറുഭാഗത്ത് മറ്റുള്ളവരില്‍ നിന്നുണ്ടാകുന്ന വീഴ്ചകളും കുറവുകളും മറച്ച് പിടിക്കുന്നു എന്ന് മാത്രമല്ല, തെറ്റുകളെയും വീഴ്ചകളെയും ന്യായീകരിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ ഇത് ഒരു സമുദായത്തോട് മാത്രം ചെയ്യുന്ന അക്രമമല്ല, മറിച്ച് രാജ്യത്തോടും രാജ്യനിവാസികളോടും പുലര്‍ത്തുന്ന ഗുരുതരമായ വീഴ്ചയാണ്. ഇതും തിരുത്താന്‍ നാം പരിശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 
ബഹുമാന്യരേ, ഇത് പരസ്പരം സ്നേഹാദരവുകളോടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ഡയലോഗിന്‍റെ ഒരു സദസ്സാണ്. രാഷ്ട്രീയമോ, സംഘടനാപരമോ ആയ ഒരു കൂട്ടമല്ല. ഇത്തരുണത്തില്‍ നിങ്ങള്‍ക്ക് മുമ്പാകെ പറയേണ്ട കാര്യങ്ങള്‍ വളച്ച് കെട്ടലുകളൊന്നുമില്ലാതെ പറയുകയുണ്ടായി. നാം എല്ലാവരും ഈ രാജ്യമാകുന്ന കപ്പലില്‍ യാത്ര ചെയ്യുന്നവരാണ്. നാം ഓരോരുത്തരുടെയും ആവശ്യങ്ങള്‍, നാം എല്ലാവരുടെയും ആവശ്യങ്ങളും രാജ്യത്തിന്‍റെ വിഷയങ്ങളുമാണ്. അവ പരിഹരിക്കുന്നതിലൂടെ നമ്മുടെയും രാജ്യത്തിന്‍റെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും എന്ന നിലയിലാണ് വിനീതന്‍ ചില കാര്യങ്ങള്‍ ശക്തമായും വ്യക്തമായും നിങ്ങള്‍ക്ക് മുമ്പാകെ വിവരിച്ചത്. വാചകങ്ങളില്‍ കടുത്ത പ്രയോഗങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ നിങ്ങളോടെല്ലാം ക്ഷമാപണം നടത്തുന്നു. അത് വേദനയുടെ ശക്തി അറിയിക്കാന്‍ വേണ്ടി മാത്രം ഉപയോഗിച്ച വാക്കുകളാണെന്ന് മനസ്സിലാക്കി നിങ്ങളെല്ലാവരും സദയം ക്ഷമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.   


***********************



മആരിഫുല്‍ ഖുര്‍ആന്‍ 


സൂറത്തുയാസീന്‍ ഭാഗം-8
 
(83 ആയത്തുകള്‍, പദങ്ങള്‍ 739, അക്ഷരങ്ങള്‍ 3090, മക്കാമുകര്‍റമയില്‍ അവതരണം. എന്നാല്‍ 45-ാം ആയത്ത് മദീനമുനവ്വറയില്‍ അവതരിച്ചു. 5 റുകൂഅ്. അവതരണ ക്രമം 41. പാരായണ ക്രമം 36. സൂറത്തുല്‍ജിന്നിന് ശേഷം അവതരണം)

നിഷേധികളുടെ ഹൃദയ കാഠിന്യത

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


ആയത്ത് 45-47


നിങ്ങളുടെ മുന്നില്‍ വരാനിരിക്കുന്നതും നിങ്ങളുടെ പിന്നില്‍ കഴിഞ്ഞതുമായതിനെ (ശിക്ഷയെ) നിങ്ങള്‍ സൂക്ഷിക്കുക; നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം എന്ന് അവരോട് പറയപ്പെട്ടാല്‍ (അവരത് അവഗണിക്കുന്നു.(45) അവരുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ ഏതെങ്കിലും ദൃഷ്ടാന്തം അവരുടെ അരികില്‍ വന്നാല്‍ അതില്‍ നിന്നും അവര്‍ മുഖം തിരിച്ചുകളയുന്നു.(46) അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ വിഭവങ്ങളില്‍ നിന്നും (സാധുക്കള്‍ക്കായി) കുറച്ച് ചിലവഴിക്കുക എന്ന് അവരോട് പറയപ്പെട്ടാല്‍ സത്യവിശ്വാസികളോട് നിഷേധികള്‍ ചോദിക്കുന്നതാണ്: അല്ലാഹു ഉദ്ദേശിച്ചാല്‍ അവന്‍ തന്നെ ആഹാരം നല്‍കുമായിരുന്ന ആളുകള്‍ക്ക് ഞങ്ങള്‍ ആഹാരം കൊടുക്കണമോ? നിങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയാകുന്നു!(47)
 
ആശയ സംഗ്രഹം
നിങ്ങളുടെ മുന്നില്‍ ഇഹലോകത്ത് തന്നെ വരാനിരിക്കുന്നതും നിങ്ങളുടെ പിന്നില്‍ പരലോകത്ത് തീര്‍ച്ചയായും വരാനുള്ളതുമായ ശിക്ഷയെ നിങ്ങള്‍ സൂക്ഷിക്കുക എന്ന് നിഷേധികളോട് മുന്നറിയിപ്പ് നല്‍കപ്പെട്ടാല്‍ അവര്‍ ഈ മുന്നറിയിപ്പിനെ അല്‍പ്പം പോലും ഭയക്കുന്നില്ല. അതായത് അല്ലാഹു കപ്പലിലൂടെ നിങ്ങളെ രക്ഷിക്കാന്‍ കഴിവുള്ളവനായതുപോലെ അതിനെ മുക്കി നിങ്ങളെ ശിക്ഷിക്കാനും മറ്റ് ശിക്ഷകള്‍ നല്‍കാനും കഴിവുള്ളവനാണ്. കൂടാതെ, നിഷേധികള്‍ക്ക് പരലോകത്തും കഠിന ശിക്ഷ നല്‍കപ്പെടുന്നതാണ്. ആകയാല്‍ ശിക്ഷയെ ഭയന്ന് സത്യം വിശ്വാസം സ്വീകരിക്കുക. എന്നാല്‍ നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം എന്ന് അവരോട് പറയപ്പെട്ടാല്‍  അവരത് അവഗണിക്കുന്നു. ഇപ്രകാരം അവര്‍ അവഗണിക്കുന്നു എന്ന് മാത്രമല്ല, അവര്‍ വളരെ കടുത്ത മനസ്സുള്ളവരാണ്. അതെ, അവരുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ ഏതെങ്കിലും ദൃഷ്ടാന്തം അവരുടെ അരികില്‍ വന്നാല്‍ ശിക്ഷയുടെ മുന്നറിയിപ്പ് കേട്ട് അവര്‍ നന്നാകാത്തതുപോലെ പ്രതിഫലങ്ങളുടെയും സ്വര്‍ഗ്ഗത്തിന്‍റെയും പ്രേരണ കേട്ടും അവര്‍ നന്നാകാതെ അതില്‍ നിന്നും അവര്‍ മുഖം തിരിച്ചുകളയുന്നു. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ വിഭവങ്ങളില്‍ നിന്നും സാധുക്കള്‍ക്കായി കുറച്ച് ചിലവഴിക്കുക എന്ന് അവരോട് പറയപ്പെടുകും പടച്ചവന്‍റെ അനുഗ്രഹത്തെ ഓര്‍മ്മിക്കപ്പെടുകയും ചെയ്താല്‍ ഈ ഉപദേശം നല്‍കിയ സത്യവിശ്വാസികളോട് നിഷേധികള്‍ പരിഹാസ രൂപേണെ ചോദിക്കുന്നു: അല്ലാഹു ഉദ്ദേശിച്ചാല്‍ അവന്‍ തന്നെ ആഹാരം നല്‍കുമായിരുന്ന ആളുകള്‍ക്ക് ഞങ്ങള്‍ ആഹാരം കൊടുക്കണമോ? നിങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയാകുന്നു!


വിവരണവും വ്യാഖ്യാനവും 
കഴിഞ്ഞ ആയത്തുകളില്‍ ആകാശഭൂമികളിലും മറ്റും അടങ്ങിയിരിക്കുന്ന അല്ലാഹുവിന്‍റെ കഴിവന്‍റെയും തന്ത്രജ്ഞതയുടെയും ദൃഷ്ഠാന്തങ്ങള്‍ വിവരിച്ച് കൊണ്ട് പടച്ചവനെ അറിയാനും ഏകത്വം അംഗീകരിക്കാനും ക്ഷണിക്കുകയുണ്ടായി. അത് സ്വീകരിക്കുന്നതിന് സ്വര്‍ഗ്ഗത്തിന്‍റെ ശ്വാശതമായ അനുഗ്രഹ  സന്ദേശങ്ങള്‍ വാഗ്ദാനം ചെയ്യപ്പെട്ടു. അംഗീകരിക്കാത്തിന്‍റെ പേരില്‍ കഠിന ശിക്ഷ കൊണ്ട് മുന്നറിയിപ്പ് നല്‍കപ്പെട്ടു. ഉപര്വുക്ത ആയത്തുകളിലും ശേഷമുള്ള ആയത്തുകളിലും പരിശുദ്ധ ഖുര്‍ആനിന്‍റെ പ്രഥമ സംബോധിതരായ മക്കാ നിഷേധികളുടെ നിഷേധത്തിന്‍റെ കടുപ്പവും അവരില്‍ മുന്നറിയിപ്പുകളും ഉപദേശങ്ങളും ഫലിക്കാത്തതിന്‍റെ അവസ്ഥകളും വിവരിക്കുകയാണ്.  ഈ വിഷയത്തില്‍ ഇവിടെ നിഷേധികള്‍ മുസ്ലിംകളോട് നടത്തിയ രണ്ട് സംഭാഷണങ്ങള്‍ ഉദ്ധരിച്ചിരിക്കുന്നു. ഒന്നാമത്തെ സംഭാഷണം. നിങ്ങളുടെ മുന്നില്‍ ഇഹലോകത്തോ മരണാനന്തരം പരലോകത്തോ സംഭവിക്കുന്ന ശിക്ഷയെ ഭയപ്പെടുക എന്നും. അതിനെ ഭയപ്പെട്ട് നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ചാല്‍ അത് നിങ്ങള്‍ക്ക് നല്ലതാണെന്നും അവരോട് പറയപ്പെട്ടാല്‍ അവര്‍ ഈ ഉപദേശത്തെ അവഗണിക്കുന്നു. അവര്‍ അവഗണിക്കുന്നു എന്ന കാര്യം ഈ ആയത്തില്‍ പറയപ്പെട്ടിട്ടില്ലങ്കിലും അടുത്ത ആയത്തില്‍ പറയപ്പെട്ടതിനാല്‍ അത് ഇവിടെയും ബാധകമാകുന്നതാണ്.  
അല്ലാഹു ചിലര്‍ക്ക് മറ്റുള്ളവരിലൂടെ ഉപജീവനം നല്‍കുന്നതിന്‍റെ തത്വം രണ്ടാമത്തെ സംഭാഷണം: പടച്ചവന്‍ നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്നും  സാധുക്കളെ സഹായിക്കുകയും വിശന്നവര്‍ക്ക് ആഹാരം കൊടുക്കുകയും ചെയ്യുക. എന്ന് നിഷേധികളോട് സത്യവിശ്വാസികള്‍ ഉപദേശിക്കുമ്പോള്‍ അവര്‍ പരിഹാസത്തോടെ പറയുന്നതാണ്: എല്ലാവര്‍ക്കും ആഹാരം കൊടുക്കുന്നത് പടച്ചവനാണ് എന്നല്ലേ നിങ്ങള്‍ പറഞ്ഞത് അല്ലാഹു അവര്‍ക്ക് കൊടുത്തിട്ടില്ലങ്കില്‍ ഞങ്ങള്‍ കൊടുക്കാന്‍ പറയുന്നത് എന്തിനാണ്. നിങ്ങള്‍ പറയുന്നത് വഴികേടാണ്. നിങ്ങള്‍ ഞങ്ങളെ പടച്ചവനെ പോലെ ഉപജീവനം നല്‍ക്കുന്നവരാക്കുകയാണ്.! എന്നാല്‍ അവര്‍ എല്ലാവര്‍ക്കും ആഹാരം നല്‍ക്കുന്ന അല്ലാഹുവിന്‍റെ തന്ത്രജ്ഞത നിറഞ്ഞ നടപടി ക്രമത്തെ അവര്‍ മനസ്സിലാക്കുന്നില്ല. പ്രസ്തുത നടപടി ക്രമം ഇപ്രകാരമാണ് അല്ലാഹു മനുഷ്യര്‍ക്ക് നേരിട്ട് ആഹാരം നല്‍കുന്നത് പോലെ മറ്റ് ചിലര്‍ വഴിയായും ആഹാരം നല്‍കുന്നതാണ്.  ജീവികളെ പൊതുവായ നിലയിലും വന്യമൃഗങ്ങള്‍ക്കും പറവകള്‍ക്കും പ്രാണികള്‍ക്കും പ്രത്യേകിച്ചും പടച്ചവന്‍ നേരിട്ട് ഉപജീവനം നല്‍കുന്നത് പോലെ തീര്‍ച്ചയായും എല്ലാവര്‍ക്കും നേരിട്ട് ആഹാരം നല്‍കാന്‍ അല്ലാഹുവിന് കഴിവുണ്ട്. മൃഗങ്ങളിലും മറ്റും പണക്കാരനും പാവപ്പെട്ടവനുമില്ല. എല്ലാവരും പടച്ചവന്‍റെ അപാരമായ കഴിവിന്‍റെ പാത്രത്തില്‍ നിന്നും കഴിക്കുന്നു പക്ഷെ മനുഷ്യന്‍റെ ജീവിത വ്യവസ്തി നിലനിര്‍ത്തുന്നതിനും സഹായ സഹകരണത്തിന്‍റ ആത്മാവ് ഉണ്ടാക്കിയെടുക്കുന്നതിനും അല്ലാഹു  ചിലരെ ചിലരുടെ ഉപജീവനത്തിന്‍റെ മാധ്യമമാക്കി. ഇതിലൂടെ ധാനധര്‍മ്മം ചെയ്യുന്നവര്‍ക്ക് പ്രതിഫലം ലഭിക്കുന്നതും ദാന ധര്‍മ്മം നല്‍കപ്പട്ടവര്‍ നന്ദിയോടെ സേവനം ചെയ്ത് ജീവിക്കുന്നതുമാണ്. കൂടാതെ മനുഷ്യരുടെ പരസ്പര സഹായ സഹകരണങ്ങളിലൂടെയാണ് ഈ ലോകത്തെ കാര്യങ്ങളെല്ലാം നിലനില്‍ക്കുന്നത്. ഇവിടെ ഓരോരുത്തരും മറ്റുള്ളവരിലേക്ക് ആവശ്യക്കാരാണ്. സാധുക്കള്‍ക്ക് പണക്കാരുടെ പണവും സമ്പന്നര്‍ക്ക് സാധുക്കളുടെ അധ്വാനവും ആവശ്യമാണ്. ആരും ആരില്‍ നിന്നും ആവശ്യമില്ലാത്തവരല്ല. ചിന്തിച്ച് നോക്കിയാല്‍ ഇതാരുടേയും മേലുള്ള ഉപകാരമല്ലന്നും ഓരോരുത്തരും സ്വന്തം നന്മയുടെ പേരില്‍ മറ്റുള്ളവരെ സഹായിക്കുന്നതാണെന്നും വ്യക്തമാകുന്നതാണ്. ഇവിടെ മറ്റൊരു സംശയമുണ്ട്. നിഷേധികളോട് പടച്ചവന്‍റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുക എന്ന് പറയപ്പെട്ടത് എന്തിനാണ്. ? അവര്‍ക്ക് പടച്ചവനില്‍ വിശ്വാസം ഇല്ലല്ലോ?. ഫുഖഹാക്കള്‍ പറയുന്നത് അനുസരിച്ച് അവര്‍ക്ക് ശാഖാപരമായ നിയമങ്ങള്‍ ബാധകവുമല്ലല്ലോ? ഇതിന്‍റെ മറുപടി വ്യക്തമാണ്. അതായത് അവരോട് പറയപ്പെട്ടത് പടച്ചവന്‍റെ കല്‍പ്പന എന്ന നിലയിലല്ല, മറിച്ച് മാനവ സാഹോദര്യത്തിന്‍റെയും മാന്യതയുടേയും നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്.


***************************

മആരിഫുല്‍ ഹദീസ്

 ദുആ സ്വീകരിക്കപ്പെടുന്ന പ്രത്യേക സമയങ്ങൾ

 മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി



ദുആ സ്വീകരിക്കപ്പെടുന്നതിന്റെ അടിസ്ഥാനം ദുആ ഇരക്കുന്ന വ്യക്തിയ്ക്ക് അല്ലാഹുവിനോടുള്ള ബന്ധവും അദ്ദേഹത്തന്റെ ആന്തരിക അവസ്ഥകളുമാണ്. ഈ അവസ്ഥയെക്കുറിച്ച് പരിശുദ്ധ ഖുർആനിൽ ഗതി മുട്ടുക എന്നും താണുകേണ് ഇരക്കുകയെന്നും പറയപ്പെട്ടിരിക്കുന്നു. ഇത് കൂടാതെ, മറ്റുചില സന്ദർഭങ്ങളിലും അല്ലാഹുവിന്റെ കാരുണ്യവും കടാക്ഷവും പ്രത്യേകമായി പ്രതീക്ഷിക്കപ്പെടാവുന്നതാണ്. അതുമായി ബന്ധപ്പെട്ട ഏതാനും ഹദീസുകൾ ശ്രദ്ധിക്കുക:
97. ഇർബാളുബ്‌നു സാരിയ (റ) പറയുന്നു: റസൂലുല്ലാഹി (സ) അരുളി: ഒരു വ്യക്തി ഫർള്വ് നമസ്‌കരിച്ചാൽ (ശേഷം ഹൃദയംഗമായി ചെയ്യുന്ന) ദുആ സ്വീകരിക്കപ്പെടുന്നതാണ്. ഒരാൾ പരിശുദ്ധ ഖുർആൻ പാരായണം ചെയ്താൽ (ശേഷമുള്ള) ദുആ സ്വീകരിക്കപ്പെടുന്നതാണ്. (ത്വബ്‌റാനി).
വിവരണം: വെറും രൂപം മാത്രമാകാതെ ആത്മാവുള്ള നമസ്‌കാരവും ഖുർആൻ പാരായണവും മുഅ്മിനിന്റെ ഇലാഹീ സന്നിധിയിലേക്കുള്ള മിഅ്‌റാജാണ്. അവയുടെ പര്യവസാനത്തിൽ നിർവഹിക്കപ്പെടുന്ന ദുആകൾ അല്ലാഹു തന്റെ കാരുണ്യത്താൽ മുന്നോട്ടും വന്നു സ്വീകരിക്കുവാൻ പര്യാപ്തമാണ്.
98. അനസ് (റ) പറയുന്നു. റസൂലുല്ലാഹി (സ) അരുളി: ബാങ്കിനും ഇഖാമത്തിനുമിടയിൽ ചെയ്യപ്പെടുന്ന ദുആകൾ തള്ളപ്പെടുന്നതല്ല. (തിർമിദി, അബൂദാവൂദ്).
99. അബൂഉമാമ (റ) പറയുന്നു. റസൂലുല്ലാഹി (സ) അരുളി: നാല് സന്ദർഭങ്ങളിൽ ആകാശകവാടങ്ങൾ ഇറക്കപ്പെട്ട് ദുആ സ്വീകരിക്കപ്പെടുന്നതാണ്. (1) അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുമ്പോൾ (2) മഴവർഷിക്കുന്ന സമയം (3) നമസ്‌കാരത്തിന്റെ സമയം (4) കഅ്ബയെ ദർശിക്കുമ്പോൾ (ത്വബ്‌റാനി).
100. റബീഅത്തുബ്‌നു വഖാസ്(റ) പറയുന്നു. റസൂലുല്ലാഹി (സ) അരുളി: മൂന്ന് സമയങ്ങളിലെ ദുആ തള്ളപ്പെടുന്നതല്ല. (1) അല്ലാഹുവല്ലാതെ മറ്റാരും കാണാനില്ലാത്ത വിജനപ്രദേശത്ത് വെച്ച് ഒരു വ്യക്തി നമസ്‌കരിക്കുമ്പോൾ (2) ഒരു വ്യക്തി ജിഹാദിൽ സ്വന്തം കൂട്ടുകാർ പിന്തിരിഞ്ഞോടുമ്പോഴും അടിയുറച്ച് നിൽക്കുന്ന സന്ദർഭം (3) രാത്രിയുടെ അവസാനഭാഗത്ത് (വിരിപ്പിൽ നിന്നും എഴുന്നേറ്റ് നമസ്‌കരിക്കുമ്പോൾ). (മുസ്‌നദ് ഇബ്മൻദ).
101. ജാബിർ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: രാത്രി ഒരു പ്രത്യേക സമയമുണ്ട്. ഏതെങ്കിലും ദാസൻ അല്ലാഹുവിനോട് ഇഹത്തിലെയോ, പരത്തിലെയോ എന്തെങ്കിലും നന്മ അപ്പോൾ ചോദിച്ചാൽ അല്ലാഹു തീർച്ചയായും അത് നൽകുന്നതാണ്. അല്ലാഹുന്റെ ഈ ഔദാര്യം ഏതെങ്കിലും പ്രത്യേക ദിവസത്തിൽ മാത്രമല്ല, എല്ലാ രാത്രിയിലും ഉണ്ടായിരിക്കുന്നതാണ്. (മുസ്‌ലിം) 
വിവരണം: തഹജ്ജുദ് നമസ്‌കാരവുമായി ബന്ധപ്പെട്ട് അബൂഹുറയ്‌റ (റ) നിവേദനം ചെയ്ത ഒരു ഹദീസ് മുമ്പ് കഴിഞ്ഞിട്ടുണ്ട്. റസൂലുല്ലാഹി (സ) അരുളി: രാത്രിയുടെ അവസാനത്തെ മൂന്നിലൊന്നാം ഭാഗത്ത് അല്ലാഹു ഭൂമിയോട് അടുത്ത ആകാശത്തേക്ക് ഇറങ്ങി വരുന്നതും ചോദിക്കാനോ, മാപ്പിരക്കാനോ ആരെങ്കിലും ഉണ്ടെങ്കിൽ നൽകാമെന്ന് അറിയിക്കുന്നതുമാണ്. പ്രസ്തുത ഹദീസിന്റെ വെളിച്ചത്തിൽ ഈ ഹദീസിൽ പറയപ്പെട്ട രാത്രിയിലെ സ്വീകാര്യതയുടെ സമയം അവസാനത്തെ ഭാഗമാണെന്ന് നിജപ്പെടുന്നു.
ചുരുക്കത്തിൽ മേൽ പറയപ്പെട്ട ഹദീസുകളുടെ അടിസ്ഥാനത്തിൽ താഴെ കൊടുക്കുന്ന പ്രത്യേക സമയങ്ങളിലും വിശിഷ്ട സന്ദർഭങ്ങളിലും ദുആ സ്വീകരിക്കപ്പെടുന്നതാണ്: ഫർള് നമസ്‌കാരങ്ങൾക്ക ശേഷം, ഖുർആൻ പൂർത്തീകരണ ശേഷം, ബാങ്കിനും ഇഖാമത്തിനും ഇടയിൽ, യുദ്ധ മൈതാനത്ത് പോരാട്ട സമയത്ത്, മഴ പെയ്യുന്ന സന്ദർഭം, കഅ്ബത്തുല്ലാഹ് ദൃഷ്ടിയിൽ പെടുമ്പോൾ, അല്ലാഹു അല്ലാത്ത ആരും കാണാനില്ലാത്ത വിജന സ്ഥലത്ത് നമസ്‌കരിച്ച ശേഷം, ജിഹാദിന്റെ ഭൂമിയിൽ, ബലഹീനരായ കൂട്ടുകാരും മാറിപ്പോയി ഒറ്റപ്പെടുമ്പോൾ, രാത്രിയുടെ അന്തിമയാമത്തിൽ.
ലൈലത്തുൽ ഖദ്‌റിന്റെ രാത്രിയിലും അറഫാ ദിനത്തിൽ അറഫാ മൈതനിയിലും ജുമുഅ വിശിഷ്ട സമയത്തും നോമ്പ് തുറക്കുന്നേരത്തും ഹജ്ജ്-ജിഹാദ് യാത്രകളിലും രോഗത്തിന്റെയും യാത്രയുടെയും സന്ദർഭങ്ങളിലും ദുആ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണെന്ന് അറിയിച്ച മറ്റുചില ഹദീസുകളിൾ മുമ്പ് യഥാസ്ഥലങ്ങളിൽ വിവരിച്ചിട്ടുണ്ട്. ഇവിടെ ഒരു കാര്യം പ്രത്യേകം ഓർക്കുക: ദുആ ഇരക്കുക എന്നതുകൊണ്ടുള്ള ഉദ്ദേശം ദുആയുടെ വാക്കുകളും രൂപങ്ങളും മാത്രമല്ല, പ്രത്യുത നേരത്തെ പറഞ്ഞതുപോലെ ആത്മാർത്ഥ മനസ്സോടെ ദുആ ഇരക്കലാണ്. അതെ, ഗുണമുള്ള വിത്തിൽ നിന്നും മാത്രമേ മുള പൊട്ടുകയുള്ളൂ! ദുആ സ്വീകരിക്കപ്പെടുമെന്ന് ഇനിവരുന്ന ഹദീസുകളിൽ നിന്നും ഇതേ ആശയം മനസ്സിലാക്കേണ്ടതാണ്. 

ദുആ സ്വീകരിക്കുന്നതിന്റെ രൂപങ്ങൾ    
ദുആ സ്വീകരിക്കുക എന്നാൽ ചോദിക്കുന്ന കാര്യങ്ങൾ ലഭിക്കലാണെന്നും അത് ലഭിച്ചില്ലെങ്കിൽ ദുആ സ്വീകരിക്കപ്പെട്ടിട്ടില്ലെന്നും നിരവധി ആളുകൾ ധരിച്ച് വെച്ചിട്ടുണ്ട്. ഇത് വളരെ വലിയ ഒരു തെറ്റിദ്ധാരണയാണ്. നാം അല്ലാഹുവിന്റെ ദാസന്മാരാണ്. നമ്മുടെ അറിവ് അങ്ങേയറ്റം പരിമിതമാണ്. മാത്രമല്ല, നാം പ്രകൃതിപരമായിത്തന്നെ മഹാ അക്രമിയും വലിയ വിവരം കെട്ടവരുമാണ്. നിരവധി ദാസന്മാർക്ക് സമ്പത്ത് അനുഗ്രഹവും അനവധി അടിമകൾക്ക് അത് പരീക്ഷണവുമാണ്. നിരവധി ദാസന്മാർക്ക് ഭരണാധികാരം ഇലാഹീ സാമിപ്യത്തിന്റെ മാർഗ്ഗവും അനവധി ആളുകൾക്ക് ഭരണാധികാരം പടച്ചവനിൽ നിന്നും അകൽച്ചയ്ക്കും ശാപകോപങ്ങൾക്ക് നിമിത്തവുമാണ്. അതെ, എന്ത് കാര്യമാണ് എനിയ്ക്ക് ഉത്തമമെന്നും ഈ കാര്യം എനിയ്ക്ക് പരീക്ഷണവും വിഷവും ആണോയെന്നും ആർക്കും അറിയില്ല. ഈ കാരണത്താൽ ചിലവേള ദാസൻ അല്ലാഹുവിനോട് ചോദിക്കുന്ന കാര്യം അവന് ഉത്തമമായിരിക്കില്ല. അല്ലെങ്കിൽ അത് അവന് ലഭിക്കുന്നത് അല്ലാഹുവിന്റെ തന്ത്രജ്ഞതയ്ക്ക് എതിരായിരിക്കും. ഈ കാരണത്താൽ ദാസൻ ചോദിക്കുന്നത് എന്തും നൽകുക എന്നത് തന്ത്രജ്ഞനായ അല്ലാഹുവിന്റെ തന്ത്രജ്ഞതയ്ക്ക് എതിരാണ്. മറുഭാഗത്ത് ഒരു ദാസൻ യാചകനെപ്പോലെ അല്ലാഹുവിന്റെ സമക്ഷത്തിൽ കൈവിരിച്ച് ദുആ ചെയ്യുമ്പോൾ അതിനെ കാലിയായി മടക്കാതിരിക്കുക എന്നതും അല്ലാഹുവിന്റെ തന്ത്രജ്ഞതയുടെ പ്രേരണയാണ്. ഈ കാരണത്താൽ അല്ലാഹു ദുആ ചെയ്യുന്ന ഒരു ദാസനെയും ഒന്നും കൊടുക്കാതെ വെറുതെ മടക്കുന്നതല്ല. ചിലപ്പോൾ യോജിച്ചത് നൽകും, മറ്റുചിലപ്പോൾ അതിന് പകരം പരലോകത്ത് ഉന്നത അനുഗ്രഹങ്ങൾ നൽകും. ഇപ്രകാരം അവന്റെ ദുആകൾ പരലോകത്തിലേക്കുള്ള ശേഖരമാകുന്നതാണ്. വേറെ ചിലപ്പോൾ ഒരു കാര്യം ചോദിച്ച ദാസന് സംഭവിക്കാനിരുന്ന ഏതെങ്കിലും നാശനഷ്ടങ്ങൾ ഈ ദുആ കാരണം അല്ലാഹു ദൂരീകരിക്കുന്നതാണ്. ചുരുക്കത്തിൽ ദുആ സ്വീകരിക്കുക എന്നതിന്റെ ആശയം ദുആ പാഴാവുകയില്ലെന്നാണ്. പടച്ചവന്റെ അറിവും തന്ത്രജ്ഞതയും അനുസരിച്ച് മേൽ പറയപ്പെട്ട രൂപങ്ങളിൽ ഏതെങ്കിലും ഒന്ന് തീർച്ചയായും നൽകുന്നതാണ്. റസൂലുല്ലാഹി (സ) വളരെ വ്യക്തമായ നിലയിൽ ഈ കാര്യം വിവരിക്കുന്നത് ശ്രദ്ധിക്കുക. 
102. അബൂസഈദ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: പാപമോ, കുടുംബ വിച്ഛേദനമോ ഇല്ലാത്ത ഒരു കാര്യം ഏതെങ്കിലും സത്യവിശ്വാസി അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ മൂന്നിൽ ഒരു കാര്യം അല്ലാഹു അവന് നൽകുന്നതാണ്. ഒന്നുങ്കിൽ ചോദിച്ച കാര്യം ഉടനടി നൽകുന്നതാണ്. അല്ലെങ്കിൽ ഈ ദുആയെ പരലോകത്തേക്കുള്ള ശേഖരമാക്കുന്നതാണ്. അതും അല്ലെങ്കിൽ വരാനിരിക്കുന്ന നാശനഷ്ടം ഈ ദുആ കാരണം മാറ്റുന്നതാണ്. സഹാബത്ത് ചോദിച്ചു: ദുആയിലൂടെ ഈ സമുന്നത അനുഗ്രഹങ്ങളിൽ ഏതെങ്കിലും ഒന്ന് കിട്ടുമെങ്കിൽ ഞങ്ങൾ വളരെ കൂടുതലായി ദുആ ചെയ്യുന്നതാണ്. റസൂലുല്ലാഹി (സ) അരുളി: അല്ലാഹുവിന്റെ പക്കൽ അതിനേക്കാളും കൂടുതൽ ഉണ്ടായിരിക്കും. (അഹ്മദ്) 
വിവരണം: ഹദീസിന്റെ ആശയം ഇതാണ്: അല്ലാഹുവിന്റെ ഖജനാവ് അറ്റമില്ലാത്തും അനശ്വരവുമാണ്. ഈ ലോകത്തുള്ള മുഴുവൻ മനുഷ്യരും സദാസമയവും അല്ലാഹുവിനോട് വല്ലതും ചോദിക്കുകയും അല്ലാഹു  അത് നൽകിക്കൊണ്ടിരക്കുകയും ചെയ്താലും അല്ലാഹുവിന്റെ ഖജാനവിൽ അൽപ്പം പോലും കുറവുണ്ടാകുന്നതല്ല. ജാബിർ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ഇപ്രകാരം ഇഹലോകത്ത് ധാരാളം ദുആ ചെയ്യുകയും പലതിലും ബാഹ്യമായി ഫലങ്ങളൊന്നും കാണാതിരിക്കുകയും ചെയ്ത വ്യക്തിയ്ക്ക് അല്ലാഹു പരലോകത്ത് ഉന്നത പ്രതിഫലങ്ങൾ നൽകുന്നത് കാണുമ്പോൾ അവൻ പറയുന്നതാണ്: എന്റെ ദുആയിൽ ഒന്നുപോലും ഇഹലോകത്ത് ലഭിക്കാതിരുന്നെങ്കിൽ കൊള്ളാമായിരുന്നു. (മുസ്തദറക്, ഹാകിം)     




******************



ജീവചരിത്രം

 മുഫക്കിറുല്‍ ഇസ്ലാം 
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ 
അലി നദ് വി
ജീവിതവും സന്ദേശവും ഭാഗം-8

മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ്‌വി



 
ഹജ്ജ് യാത്രകളും അറബികള്‍ക്കിടയിലുള്ള പ്രവര്‍ത്തനങ്ങളും 
 
  
 
മുസ്ലിം നാടുകളിലെ പ്രതിനിധികളോട്, 
മൗലാനാ മുഹമ്മദ് ഇല്‍യാസ് (റഹ്) യുടെ വിയോഗാനന്തരം മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബിന്‍റെ നേതൃത്വത്തില്‍ തബ്ലീഗ് പ്രവര്‍ത്തനം മുന്നോട്ട് നീങ്ങി. മൗലാനാ ഈ പ്രവര്‍ത്തനത്തില്‍ ഇതിന്‍റെ പ്രത്യേക ശൈലിയിലും മാര്‍ഗ്ഗത്തിലും ഉറച്ചുനിന്നുകൊണ്ട് തന്നെ വിശാലമായ ചിന്തയും വീക്ഷണവും പുലര്‍ത്തുന്ന വ്യക്തിത്വമായിരുന്നു. 1947 ഏപ്രില്‍ മാസത്തില്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ആതിഥേയത്വത്തില്‍ ഏഷ്യന്‍ കോണ്‍ഫ്രന്‍സ് ഡല്‍ഹിയില്‍ സംഘടിപ്പിക്കപ്പെട്ടു. ഇതില്‍ അറബ് രാഷ്ട്രങ്ങളിലെ പ്രതിനിധികളെയും ക്ഷണിക്കപ്പെട്ടിരുന്നു. മൗലാനാ മുഹമ്മദ് യൂസുഫ് ഇത് ഒരു സുവര്‍ണ്ണാവസരമായി കാണുകയും മൗലാനായോട് ഡല്‍ഹിയിലേക്ക് വരാനും ഇതില്‍ പങ്കെടുക്കുന്ന അറബികളോട് സംസാരിക്കാനും ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. മൗലാനാ സന്നദ്ധമാകുകയും ഇലാ മുമസ്സിലില്‍ ബിലാദില്‍ ഇസ്ലാമിയ്യ എന്ന ശീര്‍ഷകത്തില്‍ ഒരു സുദീര്‍ഘമായ പ്രബന്ധം തയ്യാറാക്കുകയും ചെയ്തു. 1944-ല്‍ പെഷാവറില്‍ നടന്ന സീറത്ത് കോണ്‍ഫ്രന്‍സിലെ പ്രഭാഷണമായിരുന്നു ഇതിലെ അടിസ്ഥാന വിഷയം. ഈ പ്രഭാഷണത്തെ കുറിച്ച് മുമ്പ് വിവരിച്ചുകഴിഞ്ഞു. 
കോണ്‍ഫ്രന്‍സില്‍ അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നും ഏതാനും പ്രതിനിധികള്‍ പങ്കെടുത്തു. ഈജിപ്റ്റില്‍ നിന്നും ഇഖ്വാനുല്‍ മുസ്ലിമൂനിന്‍റെ പ്രതിനിധിയായി വന്ന ശൈഖ് അബ്ദുല്‍ വഹ്ഹാബ് അസ്സാം ഇതില്‍ സ്മരണീയനാണ്. ഒരു വൈകുന്നേരം ഖുറൈശി സാഹിബ് ഇവരെ ചായ സല്‍ക്കാരത്തിന് വിളിച്ചുവെങ്കിലും കുറഞ്ഞ ആളുകള്‍ മാത്രമേ പങ്കെടുത്തുള്ളൂ. അതുകൊണ്ട് പ്രബന്ധം അവതരിപ്പിക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം നടന്ന ഹജ്ജിന്‍റെയും ദഅ്വത്തിന്‍റെയും യാത്രയില്‍ ഇത് വളരെ പ്രയോജനപ്പെട്ടു. 
പ്രഥമ ഹജ്ജും തബ്ലീഗ് പ്രവര്‍ത്തനത്തിന്‍റെ തുടക്കവും. 
ദഅ്വത്തിന്‍റെയും തബ്ലീഗിന്‍റെയും ഉറവിടമായ അനുഗ്രഹീത ഹിജാസില്‍ നിന്ന് തന്നെ തബ്ലീഗ് പ്രവര്‍ത്തനത്തിന്‍റെ ശബ്ദം ഉയരണമെന്നും അവിടുള്ളവര്‍ ഈ പ്രവര്‍ത്തനത്തെ പ്രത്യേകം പരിഗണിക്കണമെന്നും മൗലാനാ മുഹമ്മദ് ഇല്‍യാസിന് വലിയ ചിന്തയായിരുന്നു. മൗലാനാ മുഹമ്മദ് യൂസുഫിനും ഈ ചിന്ത അനന്തരാവകാശമായി ലഭിച്ചു. ഇതിന് വേണ്ടി മൗലാനാ ഉബൈദുല്ലാഹ് ബല്‍യാവിയെ ഹിജാസില്‍ താമസമാക്കി പ്രവര്‍ത്തിക്കാന്‍ യാത്രയാക്കുകയുണ്ടായി. മൗലാനാ ബല്‍യാവി വളരെ ത്യാഗത്തോടെ  അവിടെ പരിശ്രമിക്കുകയും ധാരാളം പൊതുജനങ്ങള്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെടുകയും ചെയ്തെങ്കിലും വിദ്യാസമ്പന്നരിലേക്കും വിജ്ഞാന മേഖലകളിലേക്കും ഇതിന്‍റെ ശബ്ദം എത്തിയിട്ടില്ലായിരുന്നു. ഈ വിഭാഗത്തെ സംബോധന ചെയ്യാന്‍ ആവശ്യമായ ഭാഷയുടെയും ശൈലിയുടെയും അഭാവമായിരുന്നു ഇതിന്‍റെ പ്രധാന കാരണം. മൗലാനാ ബല്‍യാവിതന്നെ ഇത് തിരിച്ചറിയുകയും ഇതിന് പറ്റിയ ആരെയെങ്കിലും ഇവിടേക്ക് അയയ്ക്കണമെന്ന് പലപ്രാവശ്യം അറിയിക്കുകയും ചെയ്തിരുന്നു. അല്ലാഹു മൗലാനായ്ക്ക് കനിഞ്ഞരുളിയ സാഹിത്യ അഭിരുചിയും ഭാഷാ ശക്തിയും ചിന്താ വേദനകളും എല്ലാവര്‍ക്കും നന്നായി അറിയാമായിരുന്നു. വ്യക്തമായ ഭാഷയിലും ശക്തമായി ശൈലിയിലും ഏതാനും മാസം മൗലാനാ തയ്യാറാക്കിയ ഇലാ മുമസ്സലി എന്ന പ്രബന്ധം ഇവര്‍ വായിക്കുകയും ചെയ്തിരുന്നു. നിസാമുദ്ദീനിലെ മര്‍ക്കസില്‍ മൗലാനാ മുഹമ്മദ് യൂസുഫിന്‍റെ മുറിയില്‍ തന്നെയാണ് മൗലാനാ അവിടെ പോകുമ്പോഴെല്ലാം താമസിച്ചിരുന്നത്. അതുകൊണ്ട് ഇതിന് വേണ്ടി മൗലാനായെ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. ശൈഖുല്‍ ഹദീസിന്‍റെ നിര്‍ദ്ദേശപ്രകാരം ഹജ്ജിനും തബ്ലീഗിനുമായി യാത്ര ചെയ്യാന്‍ തീരുമാനിക്കപ്പെട്ടു. മൗലാനാ ആദരണീയ മാതാവിനെയും സഹധര്‍മ്മിണിയെയും കൂട്ടത്തില്‍ കൊണ്ടുപോകാന്‍ ഉദ്ദേശിച്ചു. ഇതറിഞ്ഞ ഇളയ സഹോദരി അമതുല്ലാഹ് തസ്നീം സാഹിബയും സംഘത്തില്‍ ചേര്‍ന്നു. കുടുംബത്തിലെ സ്ത്രീകളുടെ കാര്യങ്ങള്‍ നോക്കുന്നതിനും മൗലാനായുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിയാകുന്നതിനും ഏല്ലാവര്‍ക്കും പ്രിയപ്പെട്ട മൗലാനാ സയ്യിദ് മുഹമ്മദ് ഥാനിയെയും മൗലാനാ കൂട്ടി. 
1947 ജൂണ്‍ 26-ന് ലക്നൗവില്‍ നിന്നും മൗലാനായും കുടുംബവും യാത്ര തിരിച്ചു. ഹിജാസിനോടുള്ള സ്നേഹാദരവുകള്‍ മൗലാനായുടെ കുടുംബത്തിന്‍റെ വലിയൊരു പ്രത്യകതയായിരുന്നു. അവര്‍ കപ്പലില്‍ കയറാന്‍ കറാച്ചിയിലെത്തി. ജൂലൈ 09 (1366 ശഅ്ബാന്‍ 19-ന് കറാച്ചിയില്‍ നിന്നും ജിദ്ദയിലേക്ക് കപ്പലില്‍ യാത്രയായി. പല തരം ബന്ധങ്ങള്‍ സംഗമിച്ച ഈ യാത്രയുടെ അഭിരുചി വിവരണാതീതമാണ്. ജീവിതത്തിലെ പ്രധാന ആഗ്രഹം പൂവണിയുകയാണ്. നീണ്ട സ്വപ്നങ്ങളുടെ പുലര്‍ച്ചയാണ്. മൗലാനാ തന്നെ പറയുന്നു: അമീനാബാദിലൂടെ ലക്നൗ റെയില്‍വേ സ്റ്റേഷനിലൂടെ നീങ്ങുന്ന ഹാജിമാരെ കാണുമ്പോള്‍ ഇങ്ങനെ ഒരു ഭവനം എനിക്കും വരുമോയെന്ന് വികാരത്തോടെ ആലോചിച്ചിരുന്നു. (കാറവാനെ സിന്ദഗി, ഈ യാത്രയുടെ വിവരണം മൗലാനായുടെ പേര് പരാമര്‍ശിക്കാതെ ചുരുങ്ങിയ വാക്കുകളിലും ആഴമേറിയ ആശയങ്ങളിലും ബൈത്തുല്ലാഹിയിലേക്ക് എന്ന രചനയില്‍ മൗലാനാ വിവരിച്ചിട്ടുണ്ട്. ഹാജിമാര്‍ക്ക് വളരെ പ്രയോജനകരമായ ഒരു രചനയാണിത്). 
യാത്രയില്‍ ബലഹീനയായ മാതാവുണ്ട്. കപ്പല്‍ യാത്ര ദീര്‍ഘമേറിയതും ദുഷ്കരവുമായിരുന്നു. പക്ഷെ, അല്ലാഹു വളരെ എളുപ്പവും സൗകര്യവും ചെയ്തു. കൂടാതെ ഈ യാത്രയിലെ പ്രയാസങ്ങള്‍ ഇലാഹീ സ്നേഹികള്‍ക്ക് വലിയ സന്തോഷവും കാരുണ്യവുമാണ്. യാത്രയ്ക്കിടയില്‍ തന്നെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സ്ത്രീകള്‍, സ്ത്രീകള്‍ക്കിടയിലും പരിശ്രമിച്ചു. പത്താം ദിവസം ജിദ്ദയുടെ തുറമുഖം കണ്ടു. ജിദ്ദയിലിറങ്ങിയപ്പോള്‍ വലിയ സന്തോഷ - അനുഭൂതികള്‍ അനുഭവപ്പെട്ടു. മൗലാനാ പറയുന്നു: ജിദ്ദയില്‍ കഅ്ബയോ മസ്ജിദുന്നബവിയോ ഇല്ല. പക്ഷെ, സ്നേഹത്തിന്‍റെ കണ്ണാടിയുടെ കാര്യം അത്ഭുതകരമാണ്. ജിദ്ദയുടെ വഴികളോടും കെട്ടിടങ്ങളോടും സ്നേഹം അനുഭവപ്പെട്ടു. (ബൈത്തുല്ലാഹിയിലേക്ക്). 
ജിദ്ദയിലായിരിക്കവെ, റമദാനുല്‍ മുബാറകിന്‍റെ പിറ കണ്ടു. ഹജ്ജിന് ഏതാനും മാസം അവശേഷിച്ചിരുന്നതിനാല്‍ മദീനാ മുനവ്വറയിലേക്ക് യാത്ര തിരിച്ചു. യാത്രയുടെ അവസ്ഥ മൗലാനാ വ്യംഗ്യമായി വിവരിക്കുന്നു: പുണ്യ സ്വലാത്ത് നാവിലൂടെ ഒഴുകി. മനസ്സില്‍ വികാരത്തിന്‍റെ വേലിയേറ്റമുണ്ടായി. പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍ ഇടയ്ക്കിടെ പാടിക്കൊണ്ടിരുന്നു. ചിലപ്പോള്‍ അറബിയിലും മറ്റ് ചിലപ്പോള്‍ ഇതര ഭാഷകളിലും എന്തെല്ലാമോ പാടിക്കൊണ്ടിരിക്കുന്ന അനറബിയുടെ അവസ്ഥ കണ്ട് അറബി ഡ്രൈവര്‍ ആശ്ചര്യപ്പെട്ടു.! റമദാനിന്‍റെ രാവാണ്. ത്വൈബയിലേക്കുള്ള പാതയാണ്. തണുത്ത കാറ്റ് അടിക്കുന്നു. ചന്ദ്രനെയും ചെറുതായി കണ്ടു. ത്വൈബ അടുത്തുകൊണ്ടിരിക്കുന്നു. കാറ്റിനും വെള്ളത്തിനും വലിയ തണുപ്പുണ്ടായിരുന്നിട്ടും ഹൃദയത്തിന്‍റെ ചൂട് കൂടിക്കൊണ്ടിരുന്നു. (ബൈതുല്ലാഹിയിലേക്ക്)
മദീന മുനവ്വറ എത്തുന്നതിന് മുമ്പുള്ള ബീര്‍ ഉര്‍വ എന്ന സ്ഥലത്ത് വെച്ച് മൗലാനാ വാഹനത്തില്‍ നിന്നും ഇറങ്ങി കാല്‍ നടയായി വാഹനത്തോടൊപ്പം നടന്നു. മസ്ജിദുന്നബവിയുടെ തണലില്‍ തന്നെയുള്ള മദ്റസ ഉലൂമിശ്ശറഇയ്യയിലായിരുന്നു താമസം. ശൈഖുല്‍ ഇസ്ലാം മൗലാനാ ഹുസൈന്‍ അഹ്മദ് മദനിയുടെ സഹോദരന്‍ മൗലാനാ സയ്യിദ് മഹ്മൂദ് അഹ്മദ് വളരെ സ്നേഹത്തോടെ സ്വീകരിച്ചു. താമസത്തിന് സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു. ഒരു രാത്രി ശൈഖുല്‍ ഇസ്ലാം ഹിക്മത്ത് ബേഗിന്‍റെ ലൈബ്രറിയില്‍ അതിന്‍റെ മേല്‍നോട്ടക്കാരനായ ശൈഖ് ഇബ്റാഹീം മൗലാനായോട് ഇന്ന് രാത്രി ഇവിടെ കഴിച്ചുകൂട്ടുക, ഇത് താങ്കളുടെ പിതാമഹന്‍ സയ്യിദ് ഹസന്‍ മുസന്നാ ബിന്‍ സയ്യിദിനാ ഹസന്‍ (റ-അ) ന്‍റെ വീടാണ് എന്ന് പറയുകയുണ്ടായി.! 
റമദാന്‍ മധ്യത്തില്‍ മൗലാനാ രോഗിയായി. വളരെ ബലഹീനത അനുഭവപ്പെട്ടു. മൗലാനാ നുഅ്മാനിക്കുള്ള കത്തില്‍ ഇപ്രകാരം എഴുതി: എന്‍റെ ആരോഗ്യം വളരെ മോശമായി. ചില ദിവസങ്ങളില്‍ മരണം മണത്തു. എന്നാല്‍ സയ്യിദുനാ ഹസന്‍ (റ) ന്‍റെ അരികില്‍ ബഖീഇല്‍ സ്ഥലം കിട്ടുമല്ലോ എന്ന് ഓര്‍ത്ത് വലിയ സമാധാനമുണ്ടായി. (അല്‍ ഫുര്‍ഖാന്‍). അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ശവ്വാല്‍ അവസാനത്തോടെ രോഗം ഭേദമായി. മദീനാ മുനവ്വറയിലെ ഈ താമസം വളരെയധികം വികാരനിര്‍ഭരമായിരുന്നു. 
ദുല്‍ ഖഅദ 20-ന് ഖിറാന്‍ ആയി (ഹജ്ജും ഉംറയും ഒരുമിച്ച് ചെയ്യാന്‍) ചെയ്യാന്‍ നിയ്യത്ത് ചെയ്തുകൊണ്ട് ഇഹ്റാം നിര്‍വ്വഹിച്ച് മക്കാ മുകര്‍റമയിലേക്ക് യാത്രയായി. ബൈതുല്ലാഹിയെ ആദ്യമായി കണ്ടപ്പോഴുള്ള അവസ്ഥ അത്ഭുതകരമായിരുന്നു. പടച്ചവന്‍റെ ഭാഗത്ത് നിന്നുമുള്ള പ്രത്യേക സല്‍ക്കാരം ആവോളം അനുഭവിച്ചു. പിന്നീടൊരിക്കല്‍ ഒരു ശിഷ്യന്‍ മൗലാനായൊടൊപ്പം ഹജ്ജിന് വന്നപ്പോള്‍ മൗലാനാ അദ്ദേഹത്തോട് പറഞ്ഞു: താങ്കള്‍ ആദ്യമായി ബൈതുല്ലാഹിയിലേക്ക് പോകുമ്പോള്‍ എന്നെയും കൂടി കൂട്ടണം. ആദ്യമായി ബൈതുല്ലാഹിയെ കാണുമ്പോള്‍ പടച്ചവന്‍റെ ഭാഗത്ത് നിന്നും പ്രത്യേക സല്‍ക്കാരമുണ്ടാകുന്നതാണ്.! അദ്ദേഹം വിവരിക്കുന്നു. മൗലാനായെയും കൂട്ടി ഞാന്‍ ബൈതുല്ലാഹിയില്‍ ആദ്യമായി എത്തിയപ്പോള്‍ മൗലാനായുടെ അവസ്ഥ അത്ഭുതകരമായിരുന്നു. ഹജറുല്‍ അസ്വദില്‍ ഇസ്തിലാം ചെയ്തുകൊണ്ട് ത്വവാഫ് ആരംഭിച്ചപ്പോള്‍ വികാരഭരിതനായിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: രക്ഷിതാവേ, ഞങ്ങളെയും ഞങ്ങളുടെ മാതാപിതാക്കളെയും നരകത്തില്‍ നിന്നും രക്ഷിക്കണേ.! ഇത് പറഞ്ഞുകൊണ്ട് മൗലാനാ പൊട്ടിക്കരഞ്ഞു. ഇത്തരമൊരു അവസ്ഥ മറ്റൊരിക്കലും കണ്ടിട്ടില്ല. 
താമസം ഹറം ശരീഫിനോട് ചേര്‍ന്ന് തന്നെയുള്ള മദ്റസ ഉസ്മാനിയ്യയിലായിരുന്നു. ഹജ്ജിന്‍റെ കര്‍മ്മങ്ങളെല്ലാം നിര്‍വ്വഹിച്ചു. 1947-ല്‍ ഇന്ത്യാ വിഭജനം നടന്ന സന്ദര്‍ഭമായിരുന്നു. ഇന്ത്യയില്‍ തീ ആളിക്കത്തുകയും കൊള്ളയും കൊലയും ശക്തമാകുകയും രക്തച്ചൊരിച്ചില്‍ നടക്കുകയും ചെയ്തു. 1948 ജനുവരി വരെ മൗലാനാ ഇവിടെ താമസിച്ചു. മടക്കയാത്ര ജേഷ്ഠന്‍റെ നിര്‍ദ്ദേശപ്രകാരം ബോംബൈ വഴിയായിരുന്നു. 
ഹിജാസിന്‍റെ മണ്ണില്‍ ഹിജാസിന്‍റെ സന്ദേശം. 
ഹജ്ജ്-ഉംറ-സിയാറത്തിനോടൊപ്പം ഹിജാസിലുള്ളവര്‍ക്ക് പൊതുവിലും വിദ്യാസമ്പന്നര്‍ക്കും പണ്ഡിത വിഭാഗത്തിനും പ്രത്യേകിച്ചും ദഅ്വത്തിന്‍റെ പ്രാധാന്യം വിവരിക്കലും ഇതിലേക്ക് പ്രേരിപ്പിക്കലും മൗലാനായുടെ യാത്രയുടെ വലിയൊരു ലക്ഷ്യമായിരുന്നു. യാത്രയ്ക്ക് മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ഇലാ മുമസ്സിലെ എന്ന പ്രബന്ധത്തിന്‍റെ ധാരാളം കോപ്പികള്‍ മൗലാനാ കയ്യില്‍ കരുതിയിരുന്നു. ജനങ്ങളുടെ ബുദ്ധിയെ പരിഗണിച്ചുകൊണ്ടും എന്നാല്‍ ശക്തമായും വ്യക്തമായും ഇതില്‍ കാര്യങ്ങള്‍ വിവരിച്ചിരുന്നു. ഇതില്‍ മനസ്സിന്‍റെ വേദനയും ഭാഷയുടെ ഈണവും കൂടിച്ചേര്‍ന്നിരുന്നു. അറബികള്‍ക്കിടയില്‍ ഈയൊരു വിഷയം അന്യമായിരുന്നു. എന്നാല്‍ മൗലാനായുടെ ശൈലീവിശേഷം കാരണം എല്ലാവരും ഇത് സ്വീകരിക്കുകയും ഇതിനെ കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. 
മദീനാ മുനവ്വറയില്‍ വെച്ച് അവിടെയുള്ള പ്രധാന പണ്ഡിതര്‍ക്കും ഹറമിലെ ഇമാമുകള്‍ക്കും നേതാക്കള്‍ക്കും ഈ രചന നല്‍കപ്പെട്ടു. അവര്‍ ഇത് വായിക്കുക മാത്രമല്ല, ഇതിന്‍റെ പ്രബോധകരും പ്രചാരകരുമായി. അന്നത്തെ മസ്ജിദുന്നബവിയിലെ ഒരു പ്രധാന മുദര്‍രിസും പില്‍ക്കാലത്ത് റാബിത്വത്തുല്‍ ആലമില്‍ ഇസ്ലാമിയുടെ ജനറല്‍ സെക്രട്ടറിയുമായ ശൈഖ് അലി അല്‍ ഹറകാന്‍ ഹദീസിന്‍റെ ദര്‍സിനിടയില്‍ മസ്ജിദുന്നബവിയില്‍ വെച്ച് ഈ രചന പൂര്‍ണ്ണമായി വായിച്ച് കേള്‍പ്പിച്ചു. 
മക്കാ മുകര്‍റമയിലെ പ്രധാന പണ്ഡിതരുമായി മൗലാനാ ബന്ധപ്പെട്ടു. ഇമാമുല്‍ ഹറം ശൈഖ് അബ്ദുര്‍റസ്സാഖ് ഹംസ, അല്ലാമാ സയ്യിദ് അലവി മാലികി, ശൈഖ് അമീന്‍, ശൈഖ് ഹസന്‍ മുഷാത്ത് എന്നിവര്‍ ഇതില്‍ പ്രത്യേകം സ്മരണീയരാണ്. ഇവരെല്ലാവരും പ്രബന്ധത്തെ ആദരിച്ചു. എന്നാല്‍ യുവാക്കളായ സാഹിത്യകാരന്മാരും എഴുത്തുകാരും പണ്ഡിത വിഭാഗത്ത് നിന്നും വളരെ അകന്നുകഴിഞ്ഞിരുന്നതിനാല്‍ അവര്‍ക്ക് ഈ സന്ദേശം പ്രത്യേകമായി എത്തിക്കേണ്ടതുണ്ടായിരുന്നു. ഈ യാത്രയില്‍ അതിനുള്ള പ്രവര്‍ത്തനം ആരിഭിച്ചിരുന്നെങ്കിലും അത് കൂടുതല്‍ ശക്തമായി നടന്നത് 1950- ലെ രണ്ടാം ഹിജാസ് യാത്രയിലായിരുന്നു. ആദ്യ യാത്രയും ഹിജാസിലെ മഹാ പണ്ഡിതനായ ശൈഖ് ഉമറുബ്നു ഹസന്‍ ആലു ശൈഖുമായി വലിയ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. ശൈഖ് അന്നത്തെ ചീഫ് ജസ്റ്റിസ് ശൈഖുല്‍ ഇസ്ലാം അബ്ദുല്ലാഹിബ്നു ഹസന്‍റെ സഹോദരനും റിയാദിലെ ഹൈഅത്തുല്‍ അംരിബില്‍ മഅ്റൂഫിന്‍റെ തലവനും അമീര്‍ സഊദിന്‍റെ അടുത്ത വിശ്വസ്ഥനുമായിരുന്നു. ശൈഖ് മൗലാനായുമായി വളരെയധികം അടുത്തു. മൗലാനായുടെ രചനകള്‍ സ്വന്തം വായിക്കുകയും ജനങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. തബ്ലീഗ് പ്രവര്‍ത്തനത്തിന്‍റെ മേല്‍ നോട്ടം തന്നെ അദ്ദേഹം ഏറ്റെടുക്കുകയുണ്ടായി. ശൈഖിന്‍റെ ജീവിത കാലത്ത് തബ്ലീഗ് പ്രവര്‍ത്തനം വളരെ നല്ല നിലയിലാണ് ഹിജാസില്‍ നടന്നത്. 
ശൈഖ് ഉമറുമായി മൗലാനായുടെ ബന്ധം അവസാനം വരെ നിലനിന്നിരുന്നു. മൗലാനാ നാട്ടിലേക്ക് മടങ്ങിയതിന് ശേഷം അദ്ദേഹം മൗലാനായ്ക്ക് എഴുതിയ കത്തില്‍ മൗലാനായോടുള്ള സ്നേഹബഹുമാനങ്ങള്‍ നന്നായി പ്രകാശിക്കുന്നുണ്ട്. അദ്ദേഹം എഴുതി: താങ്കളുടെ രചനകള്‍ കണ്ട് കണ്ണിന് കുളിര്‍മ്മയും മനസ്സിനും മസ്തിഷ്കത്തിനും സന്തോഷവും അനുഭവപ്പെട്ടു. വാചകത്തിന്‍റെ ഒഴുക്കും സൂക്ഷ്മമായ സൂചനകളും ഉത്തമ വചനങ്ങളും സുന്ദര ഘടനയും ഇതുപോലെ എവിടെയും കാണാന്‍ കഴിഞ്ഞിട്ടില്ല. അല്ലാഹു താങ്കള്‍ക്ക് ഇരുലോകത്തും ഉന്നത പ്രതിഫലം നല്‍കുകയും അനുഗ്രഹങ്ങള്‍ കനിയുകയും ചെയ്യട്ടെ.! (റസാഇലുല്‍ അഅ്ലാം). ഈ യാത്രയില്‍ മൗലാനാ മാദാ ഖസിറല്‍ ആലമിന്‍റെ കൈയ്യെഴുത്ത് പ്രതിയും കൊണ്ടുപോയിരുന്നു. ഹറമിലെ ഇമാം അത് കണ്ടപ്പോള്‍ ഏറ്റവും ആദ്യമായി അത് പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി.
 
സഊദി ഭരണാധികാരിയ്ക്ക് ഒരു ചരിത്ര കത്ത്: 
ഹിജാസില്‍ മൗലാനാ പല മാസങ്ങള്‍ താമസിച്ചു. സഊദി ഗവണ്‍മെന്‍റിന്‍റെ ഭരണം ആദ്യമായി ഉറച്ച സമയമായിരുന്നു അത്. ഇന്നത്തെത് പോലെ സമ്പത്തിന്‍റെ ആധിക്യം അന്ന് ഇല്ലായിരുന്നു. അതിന്‍റെ അടയാളങ്ങള്‍ പ്രകടമായി തുടങ്ങുകയും പാശ്ചാത്യ സംസ്കാരവും നാഗരികതയും ചിറക് വിരിക്കാന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനെ ഇപ്പോള്‍ തന്നെ നിയന്ത്രിക്കുകയും ഈ ഭരണം സ്ഥാപിക്കാന്‍ കാരണമായ അടിസ്ഥാനതത്വം ഉറപ്പിക്കുകയും ചെയ്തില്ലെങ്കില്‍ ഈ ഭരണം യൂറോപ്പിന്‍റെ കളിപ്പാട്ടമാകുമെന്ന് മൗലാനാ ആഴത്തില്‍ മനസ്സിലാക്കി. ഈ അപകടം തിരിച്ചറിഞ്ഞ മൗലാനാ അന്നത്തെ കിരീടാവകാശി അമീര്‍ സഊദിന് ഐതിഹാസികമായ ഒരു കത്തെഴുതി. ഈ കത്തില്‍ ഭരണകൂടത്തിന്‍റെ സജ്ജീകരണങ്ങളെ പ്രശംസിച്ചതിനോടൊപ്പം മൗലാനാ മുന്നില്‍ കണ്ട അപകടങ്ങള്‍ തുറന്ന് തന്നെ സൂചിപ്പിക്കുകയും ചെയ്തു. മൗലാനാ ഈ കത്ത് മക്കാ മുകര്‍മയിലെ താമസത്തിന്‍റെ അവസാന ദിവസമാണ് എഴുതിത്തുടങ്ങിയത്. ജിദ്ദയിലേക്കുള്ള വഴിയിലും കപ്പല്‍ പ്രതീക്ഷിച്ചുകൊണ്ടുള്ള താമസത്തിനിടയിലും കത്ത് പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് ഈ കത്ത് മൗലാനാ ബല്‍യാവിയെ ഏല്‍പ്പിക്കുകയും അമീര്‍ സഊദിന് എത്തിക്കാന്‍ ശൈഖ് ഉമറിന്‍റെ കൈകളിലെത്തിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ശൈഖ് ഈ കത്ത് സ്വീകരിച്ച് അമീര്‍ സഊദിന് എത്തിച്ചുകൊടുത്തു. ഈ കത്ത് ചെറിയ ഭേദഗതികളോടെ ബൈനല്‍ ജിബായത്തി വല്‍ ഹിദായ (ഭരണം, ധന സമാഹരണത്തിനുള്ളതല്ല, സന്മാര്‍ഗ്ഗത്തിന്‍റെ പ്രചാരണത്തിനുള്ളതാണ്) എന്ന പേരില്‍ ഒരു ലഘുകൃതിയായി പ്രസിദ്ധീകരിച്ചു. ഇലല്‍ ഇസ്ലാമി മിന്‍ ജദീദ് എന്ന സമാഹാരത്തില്‍ പിന്നീട് ഉള്‍പ്പെടുത്തുകയും ചെയ്തു. 
അറബികള്‍ക്കിടയില്‍ ദഅ്വത്തിന്‍റെ ചിന്തയും ആവേശവും ഉണ്ടാക്കാനുള്ള പരിശ്രമം. 
ഹിജാസിലെ താമസത്തിനിടയില്‍ അവിടെ അന്തരീക്ഷത്തില്‍ വട്ടമിട്ട് പറന്നുകൊണ്ടിരുന്ന അപകടങ്ങളെ മൗലാനാ മനസ്സിലാക്കി. വളരെ കുറഞ്ഞ ആളുകള്‍ മാത്രമേ അത് ശ്രദ്ധിച്ചിരുന്നുള്ളൂ. എന്നാല്‍ മൗലാനായുടെ ഉണര്‍ന്ന മനസ്സിന് അവ കാരണം വലിയ മുറിവുണ്ടായി. മുഴുവന്‍ ലോകത്തിനും സന്ദേശം നല്‍കുകയും മുസ്ലിംകളുടെ കേന്ദ്ര നഗരമായി കഴിയുകയും ചെയ്യേണ്ട നാട്, മറ്റുള്ളവരുടെ അധികാരത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പാശ്ചാത്യ സംസ്കാരവും നാഗരികതയും അവിടെ പിടിമുറുക്കി തുടങ്ങിയിരിക്കുന്നു. ലോകത്തിന് നേതൃത്വം നല്‍കുകയും വഴി നടത്തുകയും ചെയ്യേണ്ട ജനത, മറ്റ് സമുദായങ്ങള്‍ക്ക് മുമ്പില്‍ കൈ നീട്ടിക്കൊണ്ടിരിക്കുന്നു. 
1948 ജനുവരിയില്‍ മൗലാനാ ഇന്ത്യയിലേക്ക് തിരിച്ചുവന്നെങ്കിലും അറബികള്‍ മറന്നുപോയ പാഠം അവരെ ഉണര്‍ത്തണമെന്നും അവരുടെ സ്ഥാനവും സന്ദേശവും മനസ്സിലാക്കി കൊടുക്കണമെന്നുമുള്ള ചിന്ത മനസ്സിലും മസ്തിഷ്കത്തിലും ആഴ്ന്നിറങ്ങിയിരുന്നു. ഇത് കാലഘട്ടത്തിന്‍റെ വലിയൊരു ആവശ്യവും സമുദായത്തിന്‍റെ നവോത്ഥാനവുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനവുമാണെന്ന് മൗലാനാ തിരിച്ചറിഞ്ഞു. അന്ന്  ഇറാഖിലുണ്ടായിരുന്ന പ്രിയ സുഹൃത്തായ മൗലാനാ മസ്ഊദ് ആലം നദ്വിക്ക് അന്ന് അയച്ച ഒരു കത്തില്‍ നിന്നും മൗലാനായുടെ ആഴവും പരപ്പുമുള്ള ചിന്ത ഗ്രഹിക്കാവുന്നതാണ്. അതില്‍  മൗലാനാ കുറിച്ചു: ദീനിന്‍റെ സംസ്ഥാപനത്തില്‍ വലിയൊരു വീഴ്ചയും വരുത്തരുത്. പ്രമാണം പരിപൂര്‍ണ്ണമായി നിര്‍വ്വഹിച്ചുകൊടുക്കുക. രാവും പകലും ഒന്നാക്കുകയും മനസ്സും ശരീരവും ഇളക്കുകയും രക്തവും കണ്ണീരും യൂഫ്രട്ടീസ്-ടൈഗ്രീസുകളെക്കാള്‍ ഒഴുക്കുകയും ചെയ്യുക. ഓരോ സഹോദങ്ങളുടെയും ഉടുപ്പില്‍ പിടിച്ച് ഇപ്രകാരം പറയുക: അറേബ്യന്‍ മലക്കാട്ടില്‍ വഴി തെറ്റ് നടക്കുന്നവരേ, നിങ്ങള്‍ മാനവരാശിയുടെ അന്തസ്സാണെന്നും ഇബ്റാഹീമീ-മുഹമ്മദീ പ്രതീക്ഷകളാണെന്നും തിരിച്ചറിയുക. സയ്യിദുനാ ഉമറുല്‍ ഫാറൂഖിന്‍റെ പുലര്‍ക്കാല നിശ്വാസങ്ങള്‍, മുസന്നാ ബിന്‍ ഹാരിസയുടെ രക്ത കണങ്ങള്‍. അബൂ ഉബൈദ് സഖഫിയുടെ നിന്ദ്യത ഏറ്റ് വാങ്ങല്‍, സഅദ് ബിന്‍ അബീ വഖാസിന്‍റെ വിജ്ഞാന-വിവേകങ്ങള്‍, അലിയ്യുല്‍ മുര്‍തദായുടെ ഹൃദയ വേദനകള്‍, പ്രവാചക പൗത്രന്മാരുടെ കരളിന്‍റെ പിടപ്പുകള്‍, പ്രവാചക കുടുംബത്തിന്‍റെ രക്തത്തുള്ളികള്‍, അബൂ ഹനീഫയുടെ ചിന്താ വിശാലത, അഹ്മദ് ബിന്‍ ഹംബലിന്‍റെ പതറാത്ത പാദം, ഇബ്നുല്‍ ജൗസിയുടെ സുന്നത്തിന്‍റെ ആവേശം, ശൈഖ് ജീലാനിയുടെ ഹൃദയ വേദന ഇതെല്ലാം എവിടെ പോയി.? ഈ മഹാന്മാരുടെ പിന്‍ഗാമികളായ നിങ്ങള്‍ വഴികേടിന്‍റെ നായകരുടെ പാതയിലെ പൊടിപടലങ്ങളാകുകയാണ്. ഇറാഖിന്‍റെ ശ്മശാന ഭൂമിയില്‍ താങ്കള്‍ ഒരു സൂര്‍ കാഹളം ഊതുകയും മരിച്ച മനസ്സുകളെ സജീവമാക്കുകയും ചെയ്യുക.! (കാറവാനെ സിന്ദഗി) 
മൗലാനാ ഇന്ത്യയില്‍ നിന്നുകൊണ്ട് തന്നെ ഈ പരിശ്രമം ആരംഭിച്ചു. ഇത് മൗലാനായുടെ മുഴുവന്‍ നവോത്ഥാന സംരംഭങ്ങളുടെയും കേന്ദ്ര ബിന്ദുവായി. ഇതിലൂടെ ആഗോള തലത്തില്‍ തന്നെ വലിയ ഒരു ഉണര്‍വ്വ് സംഭവിച്ചു. ഇസ്ലാമിക ലോകത്ത് വ്യാപകമായിരുന്ന നിഷ്ക്രിയത്വത്തിന് ഇളക്കമുണ്ടായി. ശൈഖ് നദ്വിയുടെ വാക്കുകളും ആഹ്വാനങ്ങളും ഏറ്റ് പിടിച്ച ഒരു മഹത്തായ വാഹക സംഘം രൂപപ്പെട്ടു. ഹിജാസില്‍ മൗലാനാ പരിചയപ്പെട്ടിരുന്ന പണ്ഡിതരുമായി നിരന്തരം കത്തിടപാടുകള്‍ നടത്തി. അവരും മൗലാനായുടെ ചിന്താ-പ്രബോധനങ്ങള്‍ കാലത്തിന്‍റെ ആവശ്യമാണെന്ന് മനസ്സിലാക്കുകയും ആദരവോടെ കാണുകയും ചെയ്തു. എന്നാല്‍ ഈ കത്തിടപാടുകളെക്കള്‍ കൂടുതല്‍ ശക്തമായ ഒരു നീക്കം തന്നെ ഇതിന് ആവശ്യമാണെന്ന് മൗലാനാ മനസ്സിലാക്കി. അങ്ങനെ ജേഷ്ഠ സഹോദരന്‍ ഡോ. അബ്ദുല്‍ അലിയുമായി കൂടിയാലോചിച്ച് രണ്ട് യുവാക്കളായ നദ്വി പണ്ഡിതന്മാര്‍ ദീര്‍ഘ നാളുകള്‍ ഹിജാസില്‍ താമസിച്ച് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് തീരുമാനിച്ചു. നദ്വത്തുല്‍ ഉലമയുടെ മുന്‍ സെക്രട്ടറിയായ മൗലാനാ മുഈനുല്ലാഹ് നദ്വിയെയും മൗലാനായുടെ പ്രഥമ ശിഷ്യന്മാരില്‍ ഒരാളായ അബ്ദുര്‍റഷീദ് നദ്വിയെയും ഇതിന് വേണ്ടി തെരഞ്ഞെടുത്തു. ഇരുവരും ഹിജാസിലേക്ക് യാത്രയായി. വളരെ നല്ല നിലയില്‍ പരിശ്രമങ്ങള്‍ നടത്തി. മൗലാനായുടെയും അവിടത്തെയും പണ്ഡിത പ്രബോധകന്മാര്‍ക്കും ഇടയില്‍ ഉണ്ടായിരുന്ന ബന്ധം ഇതിലൂടെ കൂടുതല്‍ ശക്തിപ്പെടുകയും വ്യാപിക്കുകയും ചെയ്തു. 
രണ്ടാം ഹജ്ജ് യാത്ര. 
ആദ്യത്തെ ഹജ്ജ് കഴിഞ്ഞ് മൂന്നാം വര്‍ഷമായപ്പോള്‍ മൗലാനായ്ക്ക് വീണ്ടും ഹജ്ജിന് അവസരമുണ്ടായി. ഇതിനിടയില്‍ നടന്ന സംഭവങ്ങള്‍ മറ്റൊരു അദ്ധ്യായത്തില്‍ വിവരിക്കുന്നതാണ്. മുകളിലുള്ള വിഷയവുമായി ബന്ധപ്പെട്ട് ഈ യാത്രയെ കുറിച്ച് പറയുന്നതാണ് ഉചിതമെന്ന് മനസ്സിലാക്കുന്നു. ആദ്യത്തെ യാത്രയിലൂടെ ആരംഭിക്കുകയും രണ്ട് മഹത്തുക്കളുടെ പ്രവര്‍ത്തനങ്ങളിലൂടെ ശക്തിപ്പെടുകയും ചെയ്ത ബന്ധങ്ങളുടെ പൂര്‍ത്തീകരണമായിരുന്നു ഈ യാത്ര. 
1949-ല്‍ ഒരു മാന്യ വ്യക്തിത്വം മൗലാനായെ ഹജ്ജ് യാത്രയ്ക്ക് ക്ഷണിക്കുകയുണ്ടായി. മൗലാനാ ഇക്കാര്യം ഹസ്രത്ത് റായ്പൂരിയോട് പറഞ്ഞപ്പോള്‍ ഹസ്രത്ത് തടയുകയും അടുത്ത വര്‍ഷം 1950-ല്‍ ഹസ്രത്തിനോടൊപ്പം വരാന്‍ പറയുകയും ചെയ്തു. എന്നാല്‍ മൗലാനാ അന്ന് വലിയ ഞെരുക്കത്തിലായിരുന്നു. ഹജ്ജ് യാത്ര എന്നല്ല, നാട്ടിലെ ജീവിതവും ദുഷ്കരമായിരുന്നു. എന്നാല്‍ ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ, മൗലാനായുടെ യാത്രയ്ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. മൗലാനാ പോകുന്നതറിഞ്ഞ് അടുത്ത ശിഷ്യന്മാരും ബന്ധുക്കളുമായ നാല് പേര്‍ സ്വന്തം ചെലവുകള്‍ വഹിക്കാമെന്ന് പറഞ്ഞ് യാത്രയ്ക്ക് സന്നദ്ധരായി. ഹജ്ജിന് ശേഷം അവിടെ നേരത്തെയുണ്ടായിരുന്ന രണ്ട് മഹത്തുക്കളോടൊപ്പം ചേര്‍ന്ന് കുറേ നാളുകള്‍ പ്രവര്‍ത്തിക്കണമെന്ന് ഇവര്‍ ആഗ്രഹിച്ചിരുന്നു. മൗലാനായുടെ സഹോദരീ പുത്രന്‍ മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് നദ്വി, നദ്വത്തുല്‍ ഉലമായുടെ മുന്‍ വിദ്യാഭ്യാസ തലവനായ മൗലാനാ അബ്ദുല്ലാഹ് അബ്ബാസ് നദ്വി, നദ്വത്തുല്‍ ഉലമാ മുന്‍ സെക്രട്ടറി മൗലാനാ സയ്യിദ് മുഹമ്മദ് ത്വാഹിര്‍ മന്‍സൂര്‍പൂരി, മൗലാനായുടെ സ്നേഹിതനായിരുന്ന ഡോ. സയ്യിദ് രിസ്വാന്‍ അലി എന്നിവരായിരുന്നു നാല് പേര്‍. 
1950 സെപ്റ്റംബര്‍ 4 1369 ദുല്‍ ഖഅദ 20-ന് ബോംബൈയില്‍ നിന്നും കപ്പല്‍ യാത്ര ആരംഭിച്ചു. ആദ്യ ഹജ്ജിന് ശേഷം പ്രസിദ്ധീകരിക്കപ്പെട്ട മൗലാനായുടെ രചനകളുടെ പല കോപ്പികള്‍ കൂട്ടത്തില്‍ കരുതിയിരുന്നു. കപ്പല്‍ ഇടക്ക് പതിവിന് വിരുദ്ധമായി മക്ല എന്ന സ്ഥലത്ത് നിര്‍ത്തിയപ്പോള്‍ അവിടെയുള്ള ഖാദിക്കും പ്രധാന പണ്ഡിതര്‍ക്കും മൗലാനാ ഈ രചനകള്‍ കൊടുത്തുവിട്ടു. കപ്പല്‍ അവിടെ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ അവര്‍ അത് സ്വീകരിച്ചതായും നന്ദി അറിയിച്ചുകൊണ്ടുമുള്ള കത്ത് അവരുടെ സീലുകള്‍ പതിപ്പിക്കപ്പെട്ട നിലയില്‍ ലഭിക്കുകയുണ്ടായി. ദുല്‍ ഹജ്ജ് 3-ന് കപ്പല്‍ ജിദ്ദ തുറമുഖത്ത് നങ്കൂരമിട്ടു. ഹാജി അബ്ദുല്‍ ഖാദിര്‍ നൂര്‍ വലിയ്യ് വാഹനവുമായി അവിടെ വന്നിരുന്നു. അവിടെ നിന്നും എല്ലാവരെയും അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി. പക്ഷെ, ഹസ്രത്ത് റായ്പൂരി ഹുജ്ജാജ് മന്‍സിലില്‍ ഇറങ്ങി. അടുത്ത ദിവസം എല്ലാവരും മക്കാ മുകര്‍റമയിലേക്ക് തിരിച്ചു. മദ്റസ സൗലത്തിയ്യയില്‍ സാധനങ്ങള്‍ വെച്ച് ത്വവാഫും സഅ്യും നിര്‍വ്വഹിച്ചു. 
ദുല്‍ ഹജ്ജ് 8-ന് മിനയിലെത്തി. 9-ന് അറഫയില്‍ വെച്ച് ഒരു അത്ഭുത സംഭവമുണ്ടായി. മൗലാനാ പറയുന്നു: തൗബ-ഇനാബത്തുകളുടെ പ്രധാനപ്പെട്ട സമയത്ത് എനിക്ക് കുറച്ച് അശ്രദ്ധ അനുഭവപ്പെട്ടു. അത് ദൂരീകരിക്കുന്നതിനും പരിഹരിക്കുന്നതിനും അല്ലാഹു അത്ഭുതകരമായ ഒരു സജ്ജീകരണം ചെയ്തു. പൊടുന്നനെ അന്തരീക്ഷം മാറി. ശക്തമായ കാറ്റ് അടിക്കാന്‍ തുടങ്ങി. മേഘങ്ങള്‍ ഉരുണ്ടുകൂടി. കൂടാരങ്ങള്‍ കുലുങ്ങി വീഴുന്ന നിലയില്‍ മഴ ആരംഭിച്ചു. എല്ലാവരും നിലവിളി തുടങ്ങി. പടച്ചവനിലേക്ക് വിനയത്തോടെ മടങ്ങി. കണ്ണുകള്‍ നിറഞ്ഞൊഴുകി. മനസ്സുകള്‍ ഭയവിഹ്വലമായി. മണിക്കൂറുകള്‍ അറഫയില്‍ നിന്നാലുണ്ടാകാത്ത മാനസികാവസ്ഥ നിമിഷങ്ങള്‍ കൊണ്ടുണ്ടായി. അല്‍പ്പം കഴിഞ്ഞപ്പോള്‍ അന്തരീക്ഷം ശാന്തമായി. അതെ, ധാരാളം ദീനീ പ്രസ്ഥാനങ്ങളും പ്രഭാഷകരും സംഘടിതമായി പരിശ്രമിച്ചിട്ടും ഉണ്ടാകാത്ത മാനസിക മാറ്റം അല്‍പ്പനേരത്തെ കാറ്റും മഴയും കാരണം ഉണ്ടായി. താങ്കളുടെ രക്ഷിതാവിന്‍റെ സൈന്യത്തെ രക്ഷിതാവിന് മാത്രമേ അറിയൂ. (സവാനിഹ് ഹസ്രത്ത് റായ്പൂരി). 
1370 മുഹര്‍റം 01-ന് മദീനാ മുനവ്വറയിലേക്ക് യാത്രയായി. ഇരുപത് ദിവസം മദ്റസത്തുശ്ശര്‍ഇയ്യയില്‍ താമസിച്ചു. മുഹര്‍റം ഇരുപതിന് ഹസ്രത്ത് റായ്പൂരിയും സേവകരും മടങ്ങിയെങ്കിലും മൗലാനായും കൂട്ടരും അറബികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ താമസം തുടര്‍ന്നു. ഹസ്രത്ത് റായ്പൂരിയെ യാത്ര അയക്കുന്നതിന് മൗലാനാ കപ്പല്‍ തുറമുഖം വരെ വരികയുണ്ടായി. ഹസ്രത്തിന്‍റെ പ്രത്യേക സേവകന്‍ ഫസ്ലുര്‍റഹ്മാന്‍ സാഹിബ് പറയുന്നു: മൗലാനായുടെ രൂപം മറയുന്നത് വരെ ഹസ്രത്ത് റായ്പൂരി മൗലാനായെ നോക്കിക്കൊണ്ടിരുന്നു.! ഈ യാത്രയില്‍ പ്രകടമായ ഇരുവരുടെയും പരസ്പര ബന്ധവും സ്നേഹവും യഥാസ്ഥാനത്ത് വരുന്നതാണ്. 
അനുഗ്രഹീത ദിനം. 
ഈ യാത്രയില്‍ മക്കാ മുകര്‍റമയിലായിരുന്നപ്പോള്‍ ഒരു സംഭവമുണ്ടായി. മൗലാനായുടെ വാക്കുകളില്‍ അതിന് മുമ്പോ ശേഷമോ ഉണ്ടായിട്ടില്ലാത്ത വലിയ ഒരു ആദരവ് നടന്ന ദിവസമായിരുന്നു അത്. മൗലാനായുടെ പ്രബോധന-സംസ്കരണ-നവോത്ഥാന പരിശ്രമങ്ങള്‍ ശക്തമാകുകയും അവയുടെ ഫലങ്ങള്‍ പ്രകടമാകുകയും ചെയ്യുന്നതിന് മുമ്പാണ് ഈ സംഭവമെന്നത് സ്മരണീയമാണ്. അതെ, മൗലാനായുടെ സ്വീകാര്യതയുടെയും മുന്നേറ്റത്തിന്‍റെയും ഒരു സുന്ദര സമാരംഭമായിരുന്നു ഈ സംഭവം. അത് ഇപ്രകാരമാണ്: ഒരു ദിവസം കഅ്ബാ ശരീഫയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ മൗലാനായെ നേരിട്ട് വിളിച്ചിട്ട് പറഞ്ഞു: താങ്കളും കൂട്ടത്തിലുള്ളവരും കഅ്ബാ ശരീഫയില്‍ പ്രവേശിച്ചുകൊള്ളുക. മൗലാനാ പറയുന്നു: വിനീതന്‍ കഅ്ബാ ശരീഫയുടെ കവാടത്തില്‍ നില്‍ക്കുകയുണ്ടായി. ആംഗ്യം കാണിക്കുന്നവരെല്ലാം അകത്തേക്ക് കയറാന്‍ ശൈബി സാഹിബ് പറഞ്ഞുകൊണ്ടിരുന്നു. ഹസ്രത്ത് റായ്പൂരിയും മുഴുവന്‍ സംഘവും അകത്ത് പ്രവേശിച്ചു. എന്നാല്‍ ചിലര്‍ക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല. അടുത്ത ദിവസം മൗലാനാ ശൈബി സാഹിബിനെ കണ്ട് അപേക്ഷിച്ചു: സൗകര്യപ്പെടുമെങ്കില്‍ ചിലര്‍ക്ക് കൂടി അവസരം കൊടുത്താല്‍ നന്നായിരുന്നു. ശൈബി സാഹിബ് ഹറമിന്‍റെ പോലീസിനെ വിളിച്ച് ഏര്‍പ്പാട് ചെയ്തു. മൗലാനായോടൊപ്പം ഹസ്രത്ത് റായ്പൂരിയും രണ്ടാമതും കഅ്ബാ ശരീഫയില്‍ പ്രവേശിച്ചു. ഇന്നും മൗലാനാ ആംഗ്യം കാണിക്കുന്നവരെയെല്ലാം പോലീസ് അകത്തേക്ക് കടത്തി വിടുകയുണ്ടായി.! 
യഥാര്‍ത്ഥത്തില്‍ ഇത് അത്ഭുതകരമായ ഒരു ആദരവ് തന്നെയായിരുന്നു. പക്ഷെ, മൗലാനായുടെ പ്രകൃതിപരമായ വിനയത്തിന്‍റെയും മാന്യതയുടെയും സ്വന്തം അവസ്ഥ മറച്ച് വെക്കലിന്‍റെയും മറ്റൊരു മഹാത്ഭുതം കൂടി നാം കാണുക: ആത്മ കഥയില്‍ മൗലാനാ ഈ സംഭവം അനുസ്മരിച്ചപ്പോള്‍ ഇതിന്‍റെ മഹത്വം മുഴുവനും ഹസ്രത്ത് റായ്പൂരിയിലേക്ക് ചേര്‍ത്താണ് പറഞ്ഞത്. മൗലാനാ കുറിക്കുന്നു: ഈ സംഭവത്തെ ഹസ്രത്ത് റായ്പൂരിയുടെ ഒരു കറാമത്ത് ആയിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്.! (കാറവാന്‍). 

വിദ്യാ സമ്പന്നരില്‍ മാറ്റം
ഹിജാസിലെ കഴിഞ്ഞ താമസത്തിനിടയില്‍ മൗലാനാ വീക്ഷിച്ച അപകടങ്ങള്‍ യാഥാര്‍ത്ഥ്യമായി പുലര്‍ന്ന് തുടങ്ങിയിരുന്നു. പാശ്ചാത്യ സംസ്കാരം അറബ് രാഷ്ട്രങ്ങളില്‍ പ്രതിഫലനം സൃഷ്ടിക്കുക മാത്രമല്ല, ഇസ്ലാമിക സംസ്കാരത്തെ തന്നെ ബലഹീനമാക്കാന്‍ തുടങ്ങിയിരുന്നു. ജേഷ്ഠ സഹോദരന് എഴുതിയ ഒരു കത്തില്‍ മൗലാനാ കുറിക്കുന്നു: 1947-ല്‍ ആദ്യ പ്രാവശ്യം ഇവിടെ വന്നതിന്‍റെയും ഇപ്പോള്‍ 50-ല്‍ വന്നതിന്‍റെയും ഇടയില്‍ വ്യക്തമായ വ്യത്യാസങ്ങള്‍ കാണാന്‍ കഴിയുന്നു. കമ്പോളം മുതല്‍ ജനങ്ങളുടെ മസ്തിഷ്കങ്ങള്‍ വരെ പാശ്ചാത്യ സംസ്കാരവും ചിന്താശൈലിയും സാമ്പത്തിക രീതിയും പിടി മുറുക്കിയിരിക്കുന്നു. ജിദ്ദയില്‍ ഇറങ്ങിയപ്പോള്‍ തന്നെ അവസ്ഥകളില്‍ വലിയ മാറ്റം അനുഭവപ്പെട്ടു. സുന്ദര അറബി വേഷങ്ങള്‍ക്കുള്ളില്‍ കറ കളഞ്ഞ പാശ്ചാത്യ മനസ്സുകളും മസ്തിഷ്കങ്ങളുമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. സര്‍വ്വ കാര്യങ്ങളും ഭൗതിക കാഴ്ചപ്പാടിലൂടെയാണ് ഇവിടെ എല്ലാവരും നോക്കുന്നത്. സമ്പത്ത് വാരിക്കൂട്ടാനുള്ള ആഗ്രഹം എല്ലാവര്‍ക്കും വര്‍ദ്ധിച്ചിരിക്കുന്നു. മുസ്ലിം ലോകത്തിന്‍റെ ഖിബ്ല മക്കാ മുകര്‍റമയാണെങ്കിലും ഇസ്ലാമിക കേന്ദ്രത്തിന്‍റെ ഖിബ്ല അമേരിക്കയാണോ എന്ന് സംശയമുണ്ടാകുന്നു. (കാറവാന്‍). 
ഈ അവസ്ഥാ വിശേഷം ഇസ്ലാമിക ചിന്തകളുള്ള എല്ലാവരെയും അസ്വസ്ഥമാക്കുന്നതായിരുന്നു. മൗലാനായുടെ ചിന്ത വളരെയധികം വര്‍ദ്ധിച്ചു. സാഹിത്യകാരന്മാര്‍, എഴുത്തുകാര്‍, വിദ്യസമ്പന്നര്‍ മുതലായ ഉന്നത വിഭാഗങ്ങളെ ഇക്കാര്യങ്ങള്‍ ഉണര്‍ത്തണമെന്ന ആഗ്രഹം ശക്തമായി. ഇത് വരെ ഈ വിഭാഗങ്ങളുമായി ബന്ധപ്പെടാന്‍ ഒരു വഴിയും തുറന്നിരുന്നില്ല. ഇതിന് ഇടനിലക്കാരനായി ഒരു ഉത്തമ വ്യക്തിത്വത്തെ മൗലാനാ തേടിക്കൊണ്ടിരുന്നു. ഇതിന് വേണ്ടി മൗലാനാ ഒരിക്കല്‍ ഗവണ്‍മെന്‍റ് പ്രസ്സിന്‍റെ ഉപാദ്ധ്യക്ഷനായ ഹാഫിസ് സയ്യിദ് മഹ്മൂദിനെ കാണാന്‍ പോയി. അദ്ദേഹത്തോട് കാര്യം പറഞ്ഞപ്പോള്‍ ഇതിന് പറ്റിയ ആളെ പരിചയപ്പെടുത്താമെന്ന് പറഞ്ഞ് ശൈഖ് അഹ്മദ് അബ്ദുല്‍ ഗഫൂര്‍ അത്താറിനെ പരിചയപ്പെടുത്തി. ഇദ്ദേഹം ഹിജാസിലെ പ്രധാന തൂലികാ കാരനും വൈജ്ഞാനിക പഠന അഭിരുചി പുലര്‍ത്തുന്ന വ്യക്തിയുമായിരുന്നു. അദ്ദേഹം അവിടുത്തെ പ്രധാന പരിപാടികള്‍ നടക്കുന്ന ബുസ്താനുല്‍ ബുഖാരി എന്ന ഹാളില്‍ ഒരു ഉച്ച ഭക്ഷണം സംഘടിപ്പിക്കുകയും അതിലേക്ക് പ്രധാന സാഹിത്യകാരന്മാരെയും തൂലികാ സുഹൃത്തുക്കളെയും റേഡിയോ-പത്രങ്ങളുമായി ബന്ധമുള്ളവരെ ക്ഷണിക്കുകയും ചെയ്തു. ശൈഖ് സഈദ് ആമൂദി, ശൈഖ് അബ്ദുല്‍ ഖുദ്ദൂസ് അന്‍സ്വാരി, സയ്യിദ് അലി ഹസന്‍, സയ്യിദ് മുഹ്സിന്‍ ബാറൂം, ശൈഖ് ഹുസൈന്‍ അറബ് എന്നിവര്‍ ഇതില്‍ പ്രത്യേകം സ്മരണീയരാണ്. ആഹാരത്തോടൊപ്പം നടന്ന സദസ്സില്‍ ഇവര്‍ മൗലാനായുടെ സാഹിത്യ സാംസ്കാരിക നിലവാരം പരിശോധിക്കുന്നതിന് വ്യത്യസ്ത ചോദ്യങ്ങള്‍ ഉന്നയിച്ചു. മൗലാനാ ഈ വിഷയത്തില്‍ അവര്‍ക്ക് സമാധാനപൂര്‍ണ്ണമായ മറുപടി നല്‍കി. അവരില്‍ ഇത് നല്ല പ്രതികരണം ഉളവാക്കുകയും അവര്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ശൈഖ് അഹ്മദ് മൗലാനായെ ശൈഖ് മുഹമ്മദ് സുറൂര്‍ സബ്ബാനിന്‍റെ അരികിലേക്ക് കൊണ്ടുപോകുകയും മൗലാനായെ പരിചയപ്പെടുത്തുകയും റേഡിയോയില്‍ പ്രഭാഷണത്തിന് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശൈഖ് സബ്ബാന്‍ സന്തോഷത്തോടെ സ്വീകരിച്ചു. അറേബ്യയും ലോകവും തമ്മിലുള്ള ബന്ധം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്താന്‍ പറഞ്ഞു. മൗലാനാ രണ്ട് പ്രഭാഷണങ്ങള്‍ നടത്തി. അറേബ്യന്‍ ഉപഭൂഖണ്ഡത്തോട് ലോകത്തിനുള്ള പരാതി, അറേബ്യന്‍ ഉപഭൂഖണ്ഡത്തിന് ലോകത്തിന് നല്‍കാനുള്ള സന്ദേശം എന്നിവയായിരുന്നു വിഷയങ്ങള്‍. ഈ പ്രഭാഷണങ്ങള്‍ അവിടെയുള്ള വിദ്യസമ്പന്നരില്‍ വലിയ പ്രതിഫലനം സൃഷ്ടിച്ചു. അവര്‍ക്ക് മൗലാനായുടെ വ്യക്തിത്വത്തോടും സന്ദേശ-ചിന്തകളോടും താല്‍പ്പര്യം മാത്രമല്ല, ആദരവും ആവേശവുമുണ്ടായി. ചിന്താ-വീക്ഷണങ്ങളുടെ ഉറപ്പ്, അവയുടെ സന്തുലിതത്വം, നൂതന അറബി ശൈലിയിലുള്ള പ്രഭാഷണം, വാചകശൈലികളുടെ ശക്തി എന്നിവ കൂടാതെ മൗലാനായുടെ വിരക്തിയും ധന്യതയും വിനയവും ആത്മാര്‍ത്ഥതയും അവരെ ഹഠാദാകര്‍ഷിച്ചു. ഈ പ്രഭാഷണങ്ങളുടെ പേരില്‍ ശൈഖ് സബ്ബാന്‍ മൗലാനായ്ക്ക് പ്രത്യേക പാരിതോഷികം നല്‍കാന്‍ ആഗ്രഹിച്ചെങ്കിലും മൗലാനാ സ്നേഹപൂര്‍വ്വം സ്വീകരിക്കാന്‍ വിസമ്മതിച്ചു. ഈ പ്രഭാഷണങ്ങള്‍ക്ക് മുമ്പ് ശൈഖ് അഹ്മദ് അബ്ദുല്‍ ഗഫൂര്‍ അത്താര്‍, മൗലാനായെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു പ്രഭാഷണം നടത്തി. അതില്‍ മൗലാനായെ കുറിച്ചുള്ള ആദരവുകള്‍ വളരെ വ്യക്തമായ നിലയില്‍ അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. മൗലാനായുടെ പ്രധാന ഗ്രന്ഥം മാദാ ഖസിറല്‍ ആലം പ്രസിദ്ധീകരിക്കപ്പെടുന്നതിന് മുമ്പുള്ള സംഭവമാണിതെന്ന് ഓര്‍ക്കുക. ഇവിടെ അതിന്‍റെ ഏതാനും ഉദ്ധരണികള്‍ കൊടുക്കുന്നു: ശൈഖ് അത്താര്‍ പറഞ്ഞു: 
മാന്യ ശ്രോദ്ധാക്കള്‍ക്ക് മുന്നില്‍ ആധുനിക യുഗത്തിലെ ഒരു സമുന്നത വ്യക്തിത്വത്തെ ഞങ്ങള്‍ അവതരിപ്പിക്കുകയാണ്. ഇസ്ലാമിക ലോകത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു മാതൃകാ വ്യക്തിത്വമാണ്. മുന്‍ഗാമികളുടെ ഉത്കൃഷ്ട ഗുണങ്ങളും ആധുനിക കാലത്തിന് ആവശ്യമായ പ്രത്യേകതകളും ഇദ്ദേഹത്തില്‍ സമ്മേളിച്ചിരിക്കുന്നു. ഇത്തരം ആളുകളെ അപൂര്‍വ്വമായി മാത്രമേ ലഭിക്കുകയുള്ളൂ എന്ന് മനസ്സിലാക്കുക. ഇദ്ദേഹത്തിന്‍റെ മനസ്സില്‍ മാനവികതയോടുള്ള സ്നേഹം നിറഞ്ഞ് നില്‍ക്കുന്നു. ഇദ്ദേഹത്തിന്‍റെ ജീവിതം പടച്ചവന്‍റെ മാര്‍ഗ്ഗത്തില്‍ സര്‍വ്വസ്വവും സമര്‍പ്പിക്കുകയും അങ്ങേയറ്റത്തെ സഹനത മുറുകെ പിടിക്കുകയും പെരുമകളില്‍ നിന്നും അകന്ന് കഴിയുകയും ചെയ്ത സച്ചരിതരായ മുന്‍ഗാമികളെ ഓര്‍മ്മിപ്പിക്കുന്നു. ഇദ്ദേഹം അറിവിനോടുള്ള കടമ ഉണര്‍ന്നിരിക്കുന്നു. രാഷ്ട്രീയ ഭിന്നതകളെ കുറിച്ച് നല്ല വിവരമുണ്ട്. ലക്ഷ്യങ്ങള്‍ക്കും മാര്‍ഗ്ഗങ്ങള്‍ക്കും ഇടയിലുള്ള അന്തരങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ജനതകളുടെ ഉത്ഥാന-പതനങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കുകയും ചരിത്രത്തിന്‍റെ കണ്ണാടിയിലൂടെ കാര്യങ്ങള്‍ വീക്ഷിക്കുകയും ചെയ്യുന്നു. ആധുനിക പ്രശ്നങ്ങളെ കുറിച്ച് അറിയുകയും അതിന്‍റെ പരിഹാരം ശരിയായ നിലയില്‍ മനസ്സിലാക്കുകയും അത് ശക്തമായി അവതരിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ് ഇദ്ദേഹത്തിന്‍റെ വലിയൊരു പ്രത്യേകത. ചരിത്രപരമായ രേഖകളുടെ വെളിച്ചത്തില്‍ ലോകത്തെ മുഴുവന്‍ പ്രശ്നങ്ങളുടെയും ഏക പരിഹാരം ഇസ്ലാം മാത്രമാണെന്ന് ഇദ്ദേഹം നിരീക്ഷിക്കുന്നു. പക്ഷപാതങ്ങളില്‍ നിന്നും അകന്ന് മാറി, ആത്മാര്‍ത്ഥതയോടെ വ്യക്തവും ശക്തവുമായി കാര്യങ്ങള്‍ പറയുന്ന ഇദ്ദേഹം മത നേതാക്കളോട് ആദരവ് പുലര്‍ത്തുകയും സംസാരത്തിന്‍റെ കടമകള്‍ പാലിക്കുകയും ചെയ്യുന്നു. വാക്കും പ്രവര്‍ത്തനവും പരസ്പരം യോജിച്ച ഇദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങളുടെ പ്രകാശങ്ങളിലൂടെ ഇരുളുകള്‍ മാറുമെന്ന് നമുക്ക് വലിയ പ്രതീക്ഷയുണ്ട്. (മശാഹീറെ ഉമ്മത് കെ നസ്ര്‍ മെ). 
ഈ യാത്രയില്‍ ശൈഖ് അബ്ദുല്ലാഹില്‍ മസ്റൂഅ്, അദ്ദേഹത്തിന്‍റെ ചരിത്ര പരമായ രജിസ്റ്ററില്‍ മൗലാനായെ കൊണ്ട് എഴുതിക്കുകയുണ്ടായി. മക്കയിലെ യുവാക്കളോട് എന്ന ശീര്‍ഷകത്തില്‍ അദ്ദേഹം മക്കയില്‍ വരുന്ന പ്രധാന വ്യക്തികളെ കൊണ്ട് എഴുതിക്കുകയും അത് പ്രാധാന്യത്തോടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അതില്‍ മൗലാനാ കുറിച്ച വരികള്‍ ഇന്നും പ്രസക്തമാണ്. മൗലാനാ കുറിച്ചു: ലോകം മുഴുവനുമുള്ള അറബികള്‍ ഒരു മൈതാനത്ത് ഒരുമിച്ച് കൂടുകയും എനിക്ക് അവരോട് സംസാരിക്കാന്‍ അവസരം ലഭിക്കുകയും ചെയ്താല്‍ ഞാന്‍ അവരോട് വളരെ വിനയത്തില്‍ എന്നാല്‍ അങ്ങേയറ്റം വ്യക്തമായും ഇപ്രകാരം പറയുന്നതാണ്: ആദരണീയരെ, നിങ്ങളുടെ ജീവിതത്തിന്‍റെ ഉറവിടവും നിങ്ങളുടെ ശക്തിയും നിങ്ങളുടെ സിരകളില്‍ സഞ്ചരിക്കുന്ന രക്തവും സയ്യിദുനാ മുഹമ്മദുര്‍റസൂലുല്ലാഹ് (സ്വ) കൊണ്ടുവന്ന ഇസ്ലാമാണ്. നിങ്ങളുടെ ലോകത്തേക്കുള്ള ആഗമനത്തിന്‍റെ സുപ്രഭാതവും നിങ്ങളെ കുറിച്ച് ലോകം അറിഞ്ഞതും ഇതിലൂടെ മാത്രമാണ്. ആദരവായ റസൂലുല്ലാഹി (സ്വ) യുടെ അനുഗ്രഹീത വ്യക്തിത്വത്തിലൂടെയാണ് നിങ്ങള്‍ക്ക് ഔന്നിത്യം ലഭിച്ചത്. പ്രസ്തുത അനുഗ്രഹീത നാമത്തിലൂടെയാണ് നിങ്ങളുടെ ജീവനാഡിക്ക് സ്പന്ദനവും ഹൃദയത്തില്‍ ചൂടും നിലനില്‍ക്കുന്നത്. നിങ്ങളുടെ മാത്രമല്ല, മുഴുവന്‍ മാലോകരുടെയും സര്‍വ്വ വിധ നന്മകളും റസൂലുല്ലാഹി (സ്വ) യുടെ ദാനമാണ്. നന്നായി കേള്‍ക്കുക: ആ പ്രവാചകന്‍റെ ജീവിതത്തിലൂടെ മാത്രമാണ് നിങ്ങള്‍ക്ക് ഇന്നും അന്തസ്സുള്ളത്. ആ ദൂതനുമായി ബന്ധപ്പെടുന്നതില്‍ മാത്രമാണ് നിങ്ങളുടെ ഏറ്റവും വലിയ ഗുണം നിലകൊള്ളുന്നത്. അല്ലാഹു കാക്കട്ടെ, ആ വിശുദ്ധ വ്യക്തിത്വത്തില്‍ നിന്നും അറബികളുടെ ബന്ധം മുറിയുകയോ ബലഹീനമാകുകയോ ചെയ്താല്‍ അറബികള്‍ ജലമില്ലാത്ത പുഴ പോലെ ആയിപ്പോകുന്നതാണ്. സയ്യിദുനാ മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വ) യെ ഏകനായകനും വഴികാട്ടിയുമായി അംഗീകരിക്കുകയും മുന്‍ഗാമികള്‍ ഇസ്ലാമിന്‍റെ സന്ദേശവുമായി ലോകത്ത് ഇറങ്ങിത്തിരിച്ചത് പോലെ നിങ്ങളും ഇറങ്ങിത്തിരിക്കുകയും ചെയ്യുന്നതില്‍ മാത്രമാണ് നിങ്ങളുടെ പുരോഗതിയുള്ളത്. അതെ, ഇസ്ലാമിന്‍റെ പ്രബോധനത്തെ ഏറ്റവും വലിയ സമ്പത്തായി മനസ്സിലാക്കുക. വിവരക്കേട് കാരണം അക്രമങ്ങള്‍ കാട്ടിക്കൂട്ടുന്ന യൂറോപ്പിന്‍റെ ചങ്ങലക്കെട്ടുകളില്‍ നിന്നും അക്രമിക്കപ്പെടുന്ന മാനവരാശിയെ മോചിപ്പിക്കാന്‍ പരിശ്രമിക്കുക. അറബികളെ, നിങ്ങള്‍ എഴുന്നേല്‍ക്കുക. സംസ്കാര-സത്സ്വഭാവങ്ങളുടെ ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഭിത്തിയെ നേരെ നിര്‍ത്തുക. അസമാധാനങ്ങളില്‍ നിന്നും മാനവരാശിയെ രക്ഷിച്ച് സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സരണിയിലൂടെ സഞ്ചരിപ്പിക്കുക. ഇത് നിങ്ങളുടെ കടമ കൂടിയാണെന്ന് മനസ്സിലാക്കുക. ഈ കടമയെ കുറിച്ച് നിങ്ങളോട് ചോദിക്കപ്പെടുന്നതാണ്. നാളെ പടച്ചവനോട് എന്ത് മറുപടി പറയുമെന്ന് ചിന്തിച്ചുകൊള്ളുക. (മീറെ കാറവാന്‍) 

ഈജിപ്റ്റിലേക്ക്, 
ഹിജാസിലെ സംസ്കാര-നാഗരികതകളെയും വിചാര-വീക്ഷണങ്ങളെയും സാഹിത്യചിന്തകളെയും നയിക്കുന്നത് ഈജിപ്റ്റാണെന്ന് മൗലാനാ മനസ്സിലാക്കി. പാശ്ചാത്യ ലോകം ഈജിപ്റ്റ് വഴിയാണ് ഇതെല്ലാം കടത്തി വിടുന്നതെന്ന് തിരിച്ചറിഞ്ഞു. ഈ വിഷയത്തില്‍ ഈജിപ്റ്റ് കേന്ദ്ര സ്ഥാനത്താണെന്നും അറേബ്യന്‍ ലോകത്ത് എന്തെങ്കിലും ചിന്തയെ പരത്താനും പടര്‍ത്താനും പരിവര്‍ത്തനങ്ങളുണ്ടാക്കാനും ഈജിപ്റ്റ് വഴി മാത്രമേ സാധിക്കുകയുള്ളൂ എന്നും ഗ്രഹിച്ച മൗലാനാ ഈജിപ്റ്റിലേക്ക് പോകാന്‍ തീരുമാനിച്ചു. പക്ഷെ, അവിടേക്ക് പോകാന്‍ യാതൊരു ശേഷിയുമില്ലായിരുന്നു. എന്നാല്‍ വിവരമറിഞ്ഞ ജേഷ്ഠനും, ശൈഖുല്‍ ഹദീസും, ചില അടുത്ത സഹകാരികളും അതിന് ഏര്‍പ്പാട് ചെയ്തു. 
1370 റബീഉല്‍ ആഖിര്‍ 12 (1951 ജനുവരി 20-ന്) മൗലാനാ മുഈനുല്ലാഹ് നദ്വി, മൗലാനാ അബ്ദുര്‍റഷീദ് നദ്വി എന്നീ രണ്ട് കൂട്ടുകാരോടൊപ്പം മൗലാനാ ഈജിപ്റ്റിലേക്ക് കപ്പലില്‍ യാത്ര തിരിച്ചു. അന്നത്തെ ഈജിപ്റ്റ് സാംസ്കാരിക സാഹിത്യ മേഖലകളില്‍ വളരെ ഉന്നത സ്ഥാനത്തായിരുന്നു. ഉന്നത വിവേകശാലികളും പഴയതും പുതിയതുമായ വിജ്ഞാന ശൈലികള്‍ പരിശീലിച്ചവരും അവിടെ നിറഞ്ഞുനിന്നിരുന്നു. ഈജിപ്റ്റില്‍ സാഹിത്യകാരന്മാരെ അനുകരിക്കുന്നതിനെ അറേബ്യന്‍ യുവത അഭിമാനമായി കണ്ടിരുന്നു. ശൈഖുല്‍ അസ്ഹര്‍ അബ്ദുല്‍ മജീദ് സലീം, ശൈഖ് മഹ്മൂദ് ശല്‍തൂത്ത്, മുഹദ്ദിസ് മുഹമ്മദ് ശാക്കിര്‍ മുതലായ പണ്ഡിതരും ഡോ. അഹ്മദ് അമീന്‍, അബ്ബാസ് ഉക്കാള്, അഹ്മദ് ഹസന്‍ സയ്യാത്ത് പോലുള്ള സാഹിത്യകാരന്മാരും മുഫ്തി അമീനുല്‍ ഹുസൈനി, അമീര്‍ അബ്ദുല്‍ കരീം എന്നീ നേതാക്കന്മാരും വളരെ പ്രസിദ്ധരായിരുന്നു. അല്‍ ഇഖ്വാനുല്‍ മുസ്ലിമൂന്‍ പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനം വളരെ ശക്തമായിരുന്നു. മൗലാനാ പറയുന്നു; വിജ്ഞാന സാഹിത്യത്തിലും ഇസ്ലാമിക ചിന്തയിലും, സ്വതന്ത്ര രാഷ്ട്രീയത്തിലും സ്വഭാവ മേഖലയിലും, വിമര്‍ശന ധൈര്യത്തിലും വലിയ മറയിടുകയും പൊടിപടലങ്ങള്‍ ഉയര്‍ത്തുകയും ചെയ്ത നാസര്‍ യുഗത്തിന്‍റെ പ്രതിഫലനങ്ങള്‍ അന്ന് വരെ അവിടെ പ്രത്യക്ഷപ്പെട്ടിരുന്നില്ല. (കാറവാന്‍). 
മൗലാനാ കൈറോയില്‍ എത്തിയപ്പോള്‍ അവിടെ മുമ്പ് തന്നെയുണ്ടായിരുന്ന മൗലാനാ ഉബൈദുല്ലാഹ് ബല്‍യാവിയും സംഘത്തോടൊപ്പം ചേര്‍ന്നു. ഏതാനും ദിവസം ബര്‍ലുമാന്‍ ഹോട്ടലില്‍ താമസിച്ചു. പിന്നീട് ഒരു സംഘടനയുടെ ഓഫീസിന് മുകളിലുള്ള കെട്ടിടത്തില്‍ താമസിച്ചു. ഹിജാസില്‍ വ്യത്യസ്ത വിഭാഗങ്ങളുമായി പ്രത്യേകിച്ചും വിദ്യാസമ്പന്നരുമായും പരിചയപ്പെടാനുള്ള മാര്‍ഗ്ഗം തുറന്ന് കിട്ടിയത് പോലെ കൈറോയിലെ തിരക്കും ബഹളവും നിറഞ്ഞ പട്ടണത്തില്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് ഒരു വഴി ആവശ്യമായിരുന്നു. അല്ലാഹു അദൃശ്യമായ നിലയില്‍ അതിനുള്ള ഒരു വഴി തുറന്നു. മൗലാനാ ഇവിടെ എത്തുന്നതിന് തൊട്ടുമുമ്പ് മാദാഖസിറല്‍ ആലം പ്രസിദ്ധീകരിക്കപ്പെടുകയും ജനങ്ങള്‍ അത് സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്രകാരം ഈ ഗ്രന്ഥം പരിചയത്തിന്‍റെ വലിയൊരു മാധ്യമമായി മാറി. മറുഭാഗത്ത് ചില പ്രധാന സദസ്സുകളിലും സംഘടനാ ഓഫീസുകളിലും പ്രഭാഷണം നടത്താനും ആരംഭിച്ചു. ഇതിലൂടെ ജനങ്ങള്‍ അടുത്തുതുടങ്ങി. പ്രധാന സാഹിത്യകാരന്മാരും പണ്ഡിതരും വിദ്യാസമ്പന്നരും ഇവരിലേക്ക് തിരിഞ്ഞു. ഇതിനിടയില്‍ ജംഇയ്യാത്തുശ്ശുബ്ബാനുല്‍ മുസ്ലിമീന്‍ പ്രസിഡന്‍റ് ലിവാഅ് സ്വാലിഹ് ഹര്‍ബ് മൗലാനായെ ആദരിച്ച് ഒരു സദസ്സ് സംഘടിപ്പിക്കുകയും പ്രധാന വ്യക്തിത്വങ്ങളെ അതിലേക്ക് ക്ഷണിക്കുകയും ചെയ്തു. അമീര്‍ അബ്ദുല്‍ കരീം രീഫീ, ഖസലൈന്‍ മുഹമ്മദ് മഖ്ലൂഫ്, ജംഇയ്യത്ത് ഉലമാ അസ്ഹറിന്‍റെ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ശിര്‍ബീനീ എന്നിവര്‍ ഇതില്‍ പ്രധാനികളാണ്. എല്ലാവരും മൗലാനായുടെ പ്രഭാഷണം ശ്രദ്ധിച്ച് കേട്ടു. തുടര്‍ന്ന് അഞ്ച് മാസത്തെ താമസത്തിനിടയില്‍ എല്ലാ പ്രധാന സ്ഥാപനങ്ങളിലും സംഘടനകള്‍ക്കിടയിലും കേന്ദ്രങ്ങളിലും മൗലാനായുടെ പ്രഭാഷണങ്ങള്‍ നടന്നു. അവിടുത്തെ ആദരണീയ സ്ഥാപനങ്ങളായ ദാറുല്‍ ഉലൂം, കൈറോ യൂണിവേഴ്സിറ്റി, ജാമിഉല്‍ അസ്ഹര്‍ മുതല്‍ എല്ലാ സ്ഥാപനങ്ങളും മൗലാനായെയും കൂട്ടരെയും സ്വീകരിച്ചു. മുഴുവന്‍ സ്ഥലങ്ങളിലും മൗലാനാ തന്‍റെ ചിന്തയും സന്ദേശവും പ്രത്യേക ശൈലിയില്‍ അവതരിപ്പിച്ചു. ഈജിപ്റ്റിലെ ഗ്രാമങ്ങളിലേക്കും ഇവര്‍ പോയി. ഇഖ്വാനുല്‍ മുസ്ലിമൂന്‍റെ വക്താവായ ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയുടെ കൂട്ടത്തില്‍ നിരവധി നാടുകളിലേക്ക് മൗലാനാ യാത്ര ചെയ്തു. 
പ്രഭാഷണങ്ങളെ കൂടാതെ പ്രധാന വ്യക്തിത്വങ്ങളുമായി കൂടിക്കാഴ്ചകളും നടന്നു. ഇതും മൗലാനാ നല്ല നിലയില്‍ പ്രയോജനപ്പെടുത്തി. ഡോ. അഹ്മദ് അമീനിനെ പല പ്രാവശ്യം കണ്ടു. അദ്ദേഹത്തിന്‍റെ രചനകള്‍ പ്രയോജനപ്പെടുത്തിയതായി അറിയിച്ചതിനോടൊപ്പം വീഴ്ചകള്‍ ഉണര്‍ത്താനും മറന്നില്ല. ശൈഖുല്‍ അസ്ഹര്‍ അബ്ദുല്‍ മജീദ് സലീമിനെ കാണുകയും അസ്ഹറിനെ കുറിച്ച് പ്രധാന നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അത് ശ്രദ്ധിച്ച് കേട്ട അദ്ദേഹം അവ എഴുതി തയ്യയാറാക്കി ശൈഖ് അഹ്മദ് ശല്‍ത്തൂത്തിനെ ഏല്‍പ്പിക്കാന്‍ അപേക്ഷിച്ചു. മൗലാനാ അപ്രകാരം തന്നെ ചെയ്തു. അസ്ഹറിലെ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ടു. പ്രത്യേകിച്ചും കുല്ലിയ്യത്തുശ്ശര്‍ഇയ്യയിലെ വിദ്യാര്‍ത്ഥികള്‍ വളരെ സ്നേഹാദരങ്ങള്‍ പുലര്‍ത്തി. പല പ്രാവശ്യം അവര്‍ക്ക് മുമ്പാകെ പ്രഭാഷണം നടത്തി. അവരില്‍ സമര്‍ത്ഥരായ പലരും മൗലാനായെ താമസ സ്ഥലത്ത് വന്ന് ബന്ധപ്പെടുകയും ചെയ്തു. അന്നത്തെ അസ്ഹറിലെ കുല്ലിയ്യത്തുശ്ശരീഅയിലെ വിദ്യാര്‍ത്ഥി ആയിരുന്ന ശൈഖ് യൂസുഫുല്‍ ഖര്‍ദാവി ഇതില്‍ പ്രത്യേകം സ്മരണീയമാണ്. 
മൗലാനാ അവിടെ ഏറ്റവും കൂടുതല്‍ ബന്ധപ്പെട്ട പ്രസ്ഥാനം ഇഖ്വാനുല്‍ മുസ്ലിമൂന്‍ ആണ്. അതിന്‍റെ ഭാരവാഹികളും വളരെ സ്നേഹാദരങ്ങള്‍ പുലര്‍ത്തി. അവരുടെ പ്രധാന സദസ്സുകളിലേക്ക് മൗലാനായെ വിളിച്ചു. മൗലാനാ ഈ അവസരങ്ങളെ ഉപയോഗപ്പെടുത്തി അവരുടെ നന്മകളെ തുറന്ന് സമ്മതിക്കുന്നതോടൊപ്പം വീഴ്ചകളെ ഉണര്‍ത്താനും ശ്രദ്ധിച്ചു. പ്രസ്ഥാനത്തിന്‍റെ ഉത്തരവാദിത്വപ്പെട്ടവര്‍ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. പ്രധാനപ്പെട്ട ഒരു പ്രഭാഷണത്തിന് ശേഷം അതില്‍ പങ്കെടുത്ത ഒരു പ്രമുഖ വ്യക്തിത്വം ഇപ്രകാരം പറഞ്ഞു: ശൈഖ് നദ്വി സംസാരിച്ചപ്പോള്‍, ശൈഖ് ഹസനുല്‍ ബന്ന നമ്മെ അഭിമുഖീകരിക്കുന്നത് പോലെ അനുഭവപ്പെട്ടു. ഉരീദു അന്‍ അതഹദ്ദസ ഇലല്‍ ഇഖ്വാന്‍ എന്ന പേരില്‍ ഈ പ്രഭാഷണം ഇഖ്വാന്‍ തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതിന്‍റെ ആദ്യത്തെ പതിപ്പില്‍ ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയും രണ്ടാം പതിപ്പില്‍ മുര്‍ശിദുല്‍ ആം ആയ ഉസ്താദ് ഹസന്‍ ഹുദൈബിയുമാണ് അവതാരികകള്‍ എഴുതിയത്. 
ഈജിപ്റ്റിലെ താമസത്തിനിടയില്‍ മൗലാനാ വിവിധ രചനകള്‍ തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. അതില്‍ ഇസ്മഈ യാ മിസ്ര്‍ പ്രത്യക സ്ഥാനം പുലര്‍ത്തുന്നു. മൗലാനാ അതില്‍ ഈജിപ്റ്റിന്‍റെ മേന്മകള്‍ വിവരിച്ചുകൊണ്ട് ഈജിപ്റ്റുകാരുടെ ഉത്തരവാദിത്വങ്ങള്‍ ഉണര്‍ത്തിയിരിക്കുന്നു. ഇത് ആദ്യം അവിടുത്തെ പ്രധാന മാസികയായ അര്‍രിസാലയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഉടനെ തന്നെ പ്രത്യേക രചനയായി ഇറക്കുകയും ജനങ്ങള്‍ താല്‍പ്പര്യത്തോടെ സ്വീകരിക്കുകയും ചെയ്തു. ഇത് കൂടാതെ മൂന്ന് കൃതികളും പ്രസിദ്ധീകരിക്കപ്പെട്ടു. ഒന്ന്, സഊദി റേഡിയോയില്‍ നടത്തിയ പ്രഭാഷണങ്ങള്‍. രണ്ട്, ശാഇറുല്‍ ഇസ്ലാം അദ്ദക്തൂര്‍ മുഹമ്മദ് ഇഖ്ബാല്‍. മൂന്ന്, അല്‍ മദ്ദു വല്‍ ജസ്റു ഫീ താറീഖില്‍ ഇസ്ലാം (ഇസ്ലാമിക ചരിത്രത്തിലെ ഉത്ഥാന-പതനങ്ങള്‍). വൈജ്ഞാനിക സാഹിത്യ മേഖലയില്‍ ഇവ സ്വാഗതം ചെയ്യപ്പെട്ടു. ചുരുക്കത്തില്‍ അപരിചിതത്വത്തോടെ ഈജിപ്റ്റില്‍ കാല് കുത്തിയ ഈ വാഹക സംഘത്തിന്‍റെ ശബ്ദം ഈജിപ്റ്റ് മുഴുവനും മുഴങ്ങുന്ന നിലയില്‍ ഇവര്‍ അവിടെ നിന്നും യാത്ര തിരിച്ചു. 

സുഡാനിലേക്ക്... 
ഈജിപ്റ്റില്‍ നിന്നും ഈ സംഘം സുഡാനിലെത്തി. അവിടത്തെ പ്രധാന വ്യക്തിത്വങ്ങളുമായി വിശദമായ കൂടിക്കാഴ്ചകള്‍ നടത്തുകയും നാട്ടില്‍ ദഅ്വത്ത് നടത്തുന്നതിനോടൊപ്പം പരിസര നാടുകളില്‍ വിശിഷ്യാ, ആഫ്രിക്കയില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. സുഡാനിലെ മത ആത്മീയ നേതാവ് സയ്യിദ് മുര്‍ഗീനീ പിന്നീട് സുഡാനിലെ പ്രധാനമന്ത്രിയായ ഉസ്താദ് ഇസ്മാഈല്‍ ബെക്ക്, ജംഇയ്യ തബ്ശീര്‍ ഇസ്ലാമിയുടെ സെക്രട്ടറി സൗഖി അസദ് കേന്ദ്ര മസ്ജിദിലെ ഇമാം ശൈഖ് മുഹമ്മദ് ഇവദ്, ജംഇയ്യത്തുശ്ശുബ്ബാനുല്‍ മുസ്ലിമീന്‍റെ പ്രസിഡന്‍റ് മൂസാ സുലൈമാന്‍ എന്നിവര്‍ ഇക്കൂട്ടത്തില്‍ പ്രത്യേകം സ്മരണീയരാണ്. 
ജേഷ്ഠന്‍ ഡോ. അബ്ദുല്‍ അലി ഇസ്ലാമിക ലോകത്തെ കുറിച്ച് വിശാലമായ നിലയില്‍ മനസ്സിലാക്കുകയും ആഴത്തില്‍ ചിന്തിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ മനസ്സ് ഇസ്ലാമിക ദഅ്വത്തിന്‍റെയും മുന്നേറ്റത്തിന്‍റെയും അത്യാഗ്രഹം നിറഞ്ഞതായിരുന്നു. മൗലാനാ പറയുന്നു: ജേഷ്ഠന്‍ ലക്നൗവില്‍ ഇരുന്ന് എനിക്ക് നിരന്തരം കത്തുകള്‍ എഴുതിക്കൊണ്ടിരുന്നു. ഈജിപ്റ്റിന്‍റെ നേതൃത്വപരമായ പ്രാധാന്യവും ആഫ്രിക്കയിലെ വിശാലമായ മൈതാനവും എന്നെ ആവര്‍ത്തിച്ചുണര്‍ത്തി. ഈജിപ്റ്റിലെ മത ബോധമുള്ള ജനങ്ങളെ ആഫ്രിക്കയിലെ ഇസ്ലാമിക പ്രചാരണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാക്കണമെന്ന് എന്നോട് ഉപദേശിച്ചു. അതില്‍ വികാരപൂര്‍ണ്ണമായ ഒരു കത്ത് ശ്രദ്ധിക്കുക: 
ആഫ്രിക്കയില്‍ അല്ലാഹു ഇസ്ലാമിന്‍റെ പ്രകാശം നിറയ്ക്കട്ടെയെന്ന് നിങ്ങളെ അതിന്‍റെ കാരണക്കാരാക്കി സ്വീകരിക്കുകയും ഉന്നത പ്രതിഫലം നല്‍കുകയും ചെയ്യട്ടെയെന്ന് ആത്മാര്‍ത്ഥമായി ദുആ ചെയ്യുന്നു. ഇന്ത്യ പോലെ പൗരാണിക നാഗരികതകളുമായി ബന്ധപ്പെട്ട രാജ്യങ്ങളിലെ ജനങ്ങള്‍ സത്യം സ്വീകരിക്കാന്‍ വലിയ മടി കാണിക്കാറുണ്ട്. എന്നാല്‍ ആഫ്രിക്കയില്‍ ഈജിപ്റ്റ് ഒഴിച്ചുള്ള സര്‍വ്വ സ്ഥലങ്ങളും ഒരു നാഗരികതയുമായും ബന്ധമില്ലാത്ത പ്രദേശങ്ങളാണ്. അതായത് ആഫ്രിക്കന്‍ വന്‍ കര മുഴുവനും ശൂന്യമായ പലകയാണ്. ജാഹിലീ അറബികളെയും ബര്‍ബറുകളെയും, തുര്‍ക്കികളെയും പോലെ സത്യം സ്വീകരിക്കാന്‍ യോഗ്യതയും സാധ്യതയുമുള്ളവരാണ്. നിങ്ങളുടെ ത്യാഗപരിശ്രമങ്ങളെ അല്ലാഹു സ്വീകരിക്കുകയും ആഫ്രിക്കയുടെ മനസ്സിനെ തുറക്കുകയും ചെയ്യട്ടെ.! ഈജിപ്റ്റ് ആഫ്രിക്കയുടെ കവാടമാണ്. ഈജിപ്റ്റുകാര്‍ ഈ ഉത്തരവാദിത്വം ഉണരുകയും കഴിയുന്ന സാധ്യതകളെല്ലാം ഉപയോഗിച്ച് പരിശ്രമിക്കുകയും ചെയ്യണമെന്ന് അവരെ ഉണര്‍ത്തുക. പ്രത്യേകിച്ചും ആഫ്രിക്കന്‍ വന്‍ കരയില്‍ നിന്നും ഹാജിമാരില്‍ ബഹുഭൂരിഭാഗവും ഈജിപ്റ്റ് വഴിയാണ് കാല്‍നടയായി യാത്ര ചെയ്യുന്നത്. അവരെയും ദീനീ പരിശ്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുക. അവരുടെ നാടുകളിലും പരിസരങ്ങളിലുള്ള അമുസ്ലിം പ്രദേശങ്ങളിലും പ്രബോധനത്തിന് തയ്യാറാകുന്ന പക്ഷം, ഇന്‍ശാഅല്ലാഹ്, ആഫ്രിക്കന്‍ വന്‍കര മുഴുവന്‍ ഇസ്ലാമിന്‍റെ പ്രകാശം പരക്കുന്നതാണ്.! (ഹയാത്തെ അബ്ദുല്‍ ഹയ്യ്) 

ശാമില്‍ 
സുഡാനില്‍ നിന്നും കൈറോ വഴി ശാമിലേക്ക് യാത്രയായി. റമദാന്‍ 9-ന് ഡമാസ്കസ് ഭൂമിയില്‍ കാല് കുത്തി. ഇവിടെയെത്തിയപ്പോള്‍ മൗലാനായ്ക്ക് വലിയ ഇളക്കം അനുഭവപ്പെട്ടു. സ്നേഹാദരവുകളുടെ വികാരങ്ങള്‍ ഇളകി മറിഞ്ഞു. സ്വഹാബാ കിറാം ധാരാളം അന്തിയുറങ്ങുന്ന സ്ഥലമാണ്. നിരവധി ഔലിയാ-ഉലമാക്കള്‍ ജനിക്കുകയും വളരുകയും പ്രവര്‍ത്തിക്കുകയും ചെയ്ത പ്രദേശമാണ്. മൗലാനായുടെ ബാല്യകാലത്ത് വാഖിദിയുടെ ഫുതൂഹുശ്ശാമിന്‍റെ ഉറുദു കാവ്യ വിവര്‍ത്തനമായ സിംസാമുല്‍ ഇസ്ലാം വീടുകളില്‍ പാരായണം ചെയ്യാറുണ്ടായിരുന്നു. അതുകൊണ്ട് സ്വന്തം നാട്ടിലെ പട്ടണങ്ങളും ഗ്രാമങ്ങളും ഓര്‍മ്മയുള്ളത് പോലെ ഇവിടുത്തെയും പട്ടണ-ഗ്രാമങ്ങള്‍ മൗലാനായ്ക്ക് ഓര്‍മ്മയുണ്ടായിരുന്നു. 
ഡമാസ്കസിലെത്തി, ഏതാനും ദിവസം ഖസ്റുല്‍ ഉന്‍ദുലുസില്‍ താമസിച്ചു. ശേഷം ശൈഖ് മഹ്മൂദ് ഹാഫിസിന്‍റെ നിര്‍ബന്ധപ്രകാരം അദ്ദേഹത്തിന്‍റെ ഭാര്യാപിതാവ് ശൈഖ് അബ്ദുല്‍ വഹ്ഹാബ് ഇസ്ലാഹിയുടെ ആതിഥേയത്വം സ്വീകരിച്ചു. അദ്ദേഹം പട്ടണത്തിലെ പ്രധാന ഇമാമും ആദരണീയ വ്യക്തിത്വവുമായിരുന്നു. അവിടെ വെച്ച് ഒരു ദിവസം രസകരമായ ഒരു സംഭവമുണ്ടായി. രാവിലെ സുബ്ഹ് കഴിഞ്ഞ് നടക്കുന്ന പതിവ് മൗലാനാ സ്വീകരിച്ചിരുന്നു. മൗലാനാ നടത്തം കഴിഞ്ഞ് തിരിച്ച് വന്നപ്പോള്‍ ശൈഖ് അബ്ദുല്‍ വഹ്ഹാബ് പുറത്തെവിടെയോ പോയിരിക്കുകയായിരുന്നു. അദ്ദേഹം വരാന്‍ അല്‍പ്പം വൈകിയപ്പോള്‍ മൗലാനാ സ്വയം നാശ്ത തയ്യാറാക്കാന്‍ ഉദ്യമിച്ചു. പക്ഷെ, അതിനെ കുറിച്ച് അറിയാത്തതിനാല്‍ വിഷമിച്ചു. മൗലാനാ പറയുന്നു: മുട്ട പുഴുങ്ങാനോ ചായ കാച്ചാനോ സാധിക്കാതെ കുഴഞ്ഞു അല്‍പ്പം കഴിഞ്ഞ് ശൈഖ് വന്നപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രത്യേക ശൈലിയില്‍ ഇപ്രകാരം പറഞ്ഞു: സയ്യിദേ, താങ്കളെ ഇതിന് വേണ്ടിയല്ല പടയ്ക്കപ്പെട്ടത്.! 
ശാമില്‍ നാല്‍പ്പത്തിയെട്ട് ദിവസം താമസിച്ചു. ഇതില്‍ ഇരുപത്തിനാല് ദിവസവും ഡമാസ്കസിലായിരുന്നു. മൗലാനാ ഇവിടെ നല്ല നിലയില്‍ പരിശ്രമിച്ചു. ഹിജാസിലെയും മിസ്റിലെയും പ്രവര്‍ത്തനങ്ങള്‍ കാരണം ഇവിടെ പ്രവര്‍ത്തിക്കാന്‍ വളരെ എളുപ്പമുണ്ടായി. സിറിയയുടെ വിവിധ വിഭാഗങ്ങള്‍ മൗലാനായുടെ ജീവിതവും സന്ദേശവും നേരത്തെ മനസ്സിലാക്കിയിരുന്നു. അല്ലാമാ ബഹ്ജത്തുല്‍ ബൈത്താര്‍, ശൈഖ് അബുല്‍ ഖൈര്‍ മൈദാനി, ശൈഖ് അഹ്മദ് ദഖര്‍, ഡോ. മുസ്ത്വഫാ സിബാഈ, അല്ലാമാ മുഹമ്മദ് കുര്‍ദ് അലി, ശൈഖ് അബ്ദുല്‍ ഖാദിര്‍ മഗ്രിബി, അല്ലാമാ ശാമിയുടെ പൗത്രനും ശാമിലെ മുഫ്തിയുമായ ഡോ. അബുല്‍ യസീര്‍ ആബിദീന്‍ എന്നിവര്‍ മൗലാനാ അന്ന് ബന്ധപ്പെട്ട പ്രധാന വ്യക്തിത്വങ്ങളാണ്. 
യുവ പണ്ഡിതരില്‍ നിന്നും സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബാനിയുമായി വളരെയധികം അടുത്തു. ഡമാസ്കസിലെ താമസകാലം മുഴുവന്‍ അദ്ദേഹം മൗലാനായുടെ സഹായിയും വഴികാട്ടിയുമായി കൂട്ടത്തില്‍ തന്നെ കഴിഞ്ഞു. മൗലാനാ മത വൈജ്ഞാനിക സാഹിത്യ കേന്ദ്രങ്ങളിലെല്ലാം പോയി. പാര്‍ലമെന്‍റിലെ ഒരു പ്രധാന സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു. റമദാനിന്‍റെ അവസാന ദിവസങ്ങള്‍ ബൈത്തുല്‍ മുഖദ്ദസില്‍ കഴിച്ചുകൂട്ടുന്നതിന് ഫലസ്തീനിലേക്ക് പോയി. പെരുന്നാള്‍ നമസ്കാരവും അവിടെ തന്നെയാണ് നമസ്കരിച്ചത്. ശൈഖ് സാദിഖ് മുജദ്ദിദിയുടെ ക്ഷണപ്രകാരം അദ്ദേഹത്തിന്‍റെ വീട്ടിലായിരുന്നു താമസം. പെരുന്നാളിന് ശേഷം രണ്ട് ദിവസത്തേക്ക് അല്‍ ഖലീലിലേക്കും പോയി. ഇത് കൂടാതെ വേറെ ധാരാളം സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തു. ഹിംസ്, ഹമാത്ത്, ഹലബ് എന്നീ നഗരങ്ങള്‍ പ്രത്യേകം സ്മരണീയമാണ്. 
ബൈത്തുല്‍ മുഖദ്ദസില്‍ നിന്നും മടങ്ങിയപ്പോള്‍ ജോര്‍ദാനിലെ അബ്ദുല്ലാഹ് രാജാവുമായി കണ്ടുമുട്ടി. ശൈഖ് സ്വാദിഖ് മുജദ്ദിദ് വഴി മൗലാനായുടെ യാത്രയെ കുറിച്ച് രാജാവ് അറിഞ്ഞിരുന്നു. മൗലാനാ അദ്ദേഹത്തോട് ദഅ്വത്ത് ശൈലിയില്‍ തുറന്ന് സംസാരിച്ചു. അമ്മാനിലെ താമസത്തിനിടയില്‍ മൂന്ന് ദിവസം കഴിഞ്ഞ് രാജാവ് വീണ്ടും മൗലാനായെ ഉച്ച ഭക്ഷണത്തിന് ക്ഷണിച്ചു. മൗലാനാ ആദ്യത്തെ കൂടിക്കാഴ്ചയില്‍ കൊടുത്ത മാദാ ഖസിറല്‍ ആലം ഈ ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം വായിച്ച് കഴിഞ്ഞിരുന്നു. ഗ്രന്ഥം വലിയ പ്രതിഫലനമുളവാക്കിയതായി അദ്ദേഹം പറഞ്ഞു. മൗലാനാ ചെറിയ രചനകളും അദ്ദേഹത്തിന് കൊടുക്കുകയും മസ്ജിദുല്‍ അഖ്സയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും ഫലസ്തീന്‍ അഭയാര്‍ത്ഥികളെ സഹായിക്കണമെന്നും ഉണര്‍ത്തുകയും ചെയ്തു. അത്ഭുതകരമെന്ന് പറയട്ടെ, അടുത്ത ജുമുഅയില്‍ അദ്ദേഹം മസ്ജിദുല്‍ അഖ്സയിലേക്ക് പോകുകയും അവിടെ വെച്ച് രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. 
ശാമിലെ താമസത്തിനിടയില്‍ 1951 ജൂലൈ 23-ന് ഡമാസ്കസ് യൂണിവേഴ്സിറ്റിയിലെ വിശാലമായ ഹാളില്‍ ഒത്തുകൂടിയ ചിന്തകന്മാരുടെ പ്രൗഢമായ ഒരു സദസ്സില്‍ ബൈത്തുല്‍ മുഖദ്ദസിലേക്കുള്ള യാത്രയ്ക്കിടയില്‍ മൗലാനാ തയ്യാറാക്കിയ ഫലസ്തീനിനെ കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചു. യൂണിവേഴ്സിറ്റിയിലെ ക്രൈസ്തവനായ വൈസ് ചാന്‍സലര്‍ ഉസ്താദ് സുറൈഖ് ആണ് അധ്യക്ഷം വഹിച്ചത്. അല്ലാമാ ബഹ്ജത്ത് ബൈത്താര്‍, ശൈഖ് ദഖര്‍, ഉസ്താദ് സഈദ് അഫ്ഗാനി, പാര്‍ലമെന്‍റ് സ്പീക്കര്‍ ഡോ. മഅ്റൂഫ്, പ്രസിദ്ധ കവി ഡോ. ഉമര്‍ ബഹാഅ് അമീരി മുതലായവര്‍ സദസ്സിലുണ്ടായിരുന്നു. ആരംഭത്തില്‍ അല്ലാമാ ബഹ്ജത്ത് മൗലാനായെ പരിചയപ്പെടുത്തി. അവതരണ ശേഷം ഡോ. മുസ്ത്വഫാ സിബാഈ അവലോകനം നടത്തുകയും വിഷയങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. ഇതുകൂടാതെ വേറെയും പല കേന്ദ്ര സ്ഥലങ്ങളില്‍ മൗലാനാ പ്രഭാഷണം നടത്തി. ഡമാസ്കസ് യൂണിവേഴ്സിറ്റിയിലെ മസ്ജിദ് ഭാരവാഹികളുടെ നിര്‍ബന്ധപ്രകാരം അവിടെ ജുമുഅ ഖുതുബ നടത്തി. ഹിംസിലെ ഇഖ്വാന്‍ കേന്ദ്രത്തില്‍ ജൂലൈ 29-ന് വികാര നിര്‍ഭരമായ ഒരു പ്രസംഗം നടത്തി. ശാമിലെ താമസത്തിനിടയില്‍ അവിടെ അടങ്ങിയിട്ടുള്ള നിരവധി സ്വഹാബിവര്യന്മാരുടെയും ഉലമാ-മശാഇഖുകളുടെയും ഖബ്റുകള്‍ സിയാറത്ത് ചെയ്തു. 
1951 ആഗസ്റ്റ് 12-ന് ഡമാസ്കസില്‍ നിന്നും മദീനാ മുനവ്വറയിലേക്ക് മടങ്ങി. ഇവിടെ ഒരു കാര്യം പ്രത്യേകം സ്മരണീയമാണ്: മധ്യപൂര്‍വ്വ ഏഷ്യയിലെ ഈ സുദീര്‍ഘമായ യാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ മൗലാനായുടെ സന്ദേശം അവിടെ മുഴുവന്‍ മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. പക്ഷെ, അല്ലാഹുവിന്‍റെ ഈ ദാസന്‍ തികഞ്ഞ വിരക്തിയും ധന്യതയും മുറുകെ പിടിച്ചിരുന്നു. മദീനയിലെത്തിയപ്പോള്‍ ആവശ്യത്തിനുള്ള പൈസ പോലും കയ്യിലില്ലായിരുന്നു. മൗലാനായുടെ സഹോദരീ പുത്രന്‍ മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് നദ്വിയാണ് ഒരു സ്ഥലത്ത് നിന്നും കടം വാങ്ങിക്കൊടുത്തത്.! മൗലാനാ പറയുന്നു: ഏതാനും ദിവസം മദീനാ ത്വയ്യിബയില്‍ താമസിച്ച ശേഷം ഞങ്ങള്‍ മക്കാ മുകര്‍റമയിലെത്തി. ഇത് ഞങ്ങളുടെ നിഹായത്തുല്‍ മത്വാഫ് (പര്യടനത്തിന്‍റെ അവസാന സ്ഥാനം) ആയിരുന്നു. (കാറവാന്‍) 
മക്കാ മുകര്‍റമയില്‍ അഞ്ച് മാസം കൂടി താമസിച്ചു. ഇതിനിടയില്‍ മൗലാനാ മൂന്നാമത്തെ ഹജ്ജും നിര്‍വ്വഹിക്കുകയും പഴയ ബന്ധങ്ങള്‍ പുതുക്കുകയും ചെയ്തു. ഇപ്രാവശ്യം മൗലാനാ സഊദി റേഡിയോയില്‍ വിദ്യാഭ്യാസ പദ്ധതി എന്ന പേരില്‍ രണ്ട് പ്രഭാഷണങ്ങള്‍ നടത്തി. അന്നത്തെ ഏക പത്രമായ അല്‍ ബിലാദുസ്സഊദിയയില്‍ അത് പ്രസിദ്ധീകരിക്കപ്പെട്ടു. ശേഷം ഹറമിലെ ഇമാം ശൈഖ് അബ്ദുല്‍ മുഹൈമീന്‍ സ്വന്തം ചിലവില്‍ അത് കൃതിയായി പ്രസിദ്ധീകരിച്ചു. ഇടയ്ക്ക് ശൈഖ് സുറൂര്‍ സബ്ബാനിന്‍റെ ക്ഷണപ്രകാരം ത്വാഇഫിലേക്ക് സ്മരണീയമായ ഒരു യാത്രയും നടത്തി. അതില്‍ ത്വാഇഫ് അമീറിന്‍റെ ക്ഷണത്തില്‍ പങ്കെടുക്കുകയും അദ്ദേഹത്തിന് മുമ്പാകെ ദഅ്വത്ത് കാര്യങ്ങള്‍ വിവരിക്കുകയും ചെയ്തു. മക്കാ മുകര്‍റമയില്‍ വെച്ച് വാദി ഫാത്വിമയിലേക്കും ഒരു തബ്ലീഗ് യാത്ര നടത്തി. അവിടെയുണ്ടായിരുന്ന വിദ്യാസമ്പന്നര്‍ക്കും സാഹിത്യകാരന്മാര്‍ക്കും മുന്നില്‍ മൗലാനാ സന്ദേശം വിവരിച്ചു. 
പതിനാല് മാസം നീണ്ട് നിന്ന സുദീര്‍ഘവും സുന്ദരവുമായ ഈ യാത്ര 1951 ഒക്ടോബറില്‍ അവസാനിച്ച് മൗലാനാ ഇന്ത്യയിലെത്തി. (മൗലാനായുടെ ഈ യാത്രയെ കുറിച്ചുള്ള പൂര്‍ണ്ണ വിവരണം ലളിതമായ അറബിയില്‍ മുദക്കിറാത്ത് സാഇഹിന്‍ ഫിശ്ശര്‍ഖില്‍ അറബി എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. യാത്രാ വിവരണത്തിന്‍റെയും അറബി സാഹിത്യത്തിന്‍റെയും ഉത്തമ മാതൃകയാണ് ഈ രചന. ശര്‍ഖേ ഔസത് കി ഡയറി എന്ന പേരില്‍ ഉര്‍ദുവിലും ഇത് ഇറങ്ങുകയുണ്ടായി). 
നീണ്ട യാത്ര കഴിഞ്ഞ് ലക്നൗവില്‍ എത്തിയ മൗലാനായെ സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ ധാരാളം ആളുകള്‍ കൂടിയിരുന്നു. അവരുടെ നിര്‍ബന്ധ പ്രകാരം മൗലാനാ സ്റ്റേഷന് അടുത്തുള്ള മസ്ജിദില്‍ ചെറിയൊരു യാത്രാവിവരണം നടത്തി. അതില്‍ അങ്ങേയറ്റത്തെ വേദനയോടെ ഈ കവിതകള്‍ ഉദ്ധരിച്ചു: 
ഈജിപ്റ്റിലും ഫലസ്തീനിലും പഴയ ബാങ്കൊലികള്‍ എനിക്ക് കേള്‍ക്കാനായില്ല. അതെ, പര്‍വ്വത നിരകളെ വിറ കൊള്ളിച്ച മുന്‍ഗാമികളുടെ ബാങ്കൊലികള്‍.! മുമ്പൊരിക്കല്‍ ഭൂമിയുടെ ആത്മാവിനെ വികാര ഭരിതമാക്കിയിരുന്ന സുജൂദുകളെ ഇന്നത്തെ മിമ്പര്‍-മിഹ്റാബുകള്‍ കാത്ത് കൊതിച്ച് കഴിയുകയാണ്.!! 

മൗലാനാ മദനിയുടെ ഒരു ഉന്നത ലിഖിതം
മൗലാനായുടെ ഈ മുന്നേറ്റ പുരോഗതികള്‍ കാരണം ആദരണീയ ജേഷ്ഠന്‍ ഡോ. സയ്യിദ് അബ്ദുല്‍ അലിയുടെ നയനങ്ങള്‍ അങ്ങേയറ്റം കുളിരണിഞ്ഞിരുന്നു. ഇതില്‍ കൂടുതല്‍ വര്‍ദ്ധനവ് ഉണ്ടാകാന്‍ അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. ഈ വിഷയത്തില്‍ അദ്ദേഹം ഹസ്രത്ത് മൗലാനാ സയ്യിദ് ഹുസൈന്‍ അഹ്മദ് മദനിക്ക് ദുആ അപേക്ഷിച്ചുകൊണ്ട് ഒരു കത്തെഴുതി. അതില്‍ ഇപ്രകാരം കുറിച്ചിരുന്നു: മഹാനായ സയ്യിദ് അഹ്മദ് ശഹീദിനെ കൊണ്ട് തജ്ദീദ്-ഇസ്ലാഹിന്‍റെ പ്രവര്‍ത്തനം അല്ലാഹു ചെയ്യിച്ചത് പോലെ, എന്നല്ല അതിനേക്കാളും ഉന്നതമായ നിലയില്‍ അല്ലാഹു അലിയെ കൊണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ അങ്ങ് ദുആ ചെയ്യണം.! ഇതിന് മറുപടിയായി ഹസ്രത്ത് മദനി ഒരു കത്തെഴുതി. ചരിത്രപരമായ ഒരു അമാനത്ത് എന്ന നിലയില്‍ അത് ഇവിടെ ഉദ്ധരിക്കുകയാണ്: 
ആദരണീയരെ, അല്ലാഹു അനുഗ്രഹിക്കട്ടെ. സലാമിന് ശേഷം, അനുഗ്രഹീത കത്ത് കിട്ടി. വലിയ സന്തോഷമായി. മൗലവി അലി മിയാന്‍ സാഹിബിന്‍റെ വാര്‍ത്തകള്‍ റഈസുത്തബ്ലീഗ് മൗലാനാ മുഹമ്മദ് യൂസുഫും മറ്റുള്ളവരും വഴിയായി അറിയുന്നുണ്ട്. എന്നാല്‍ താങ്കളുടെ കത്തിലൂടെ കൂടുതല്‍ അറിയാനും സന്തോഷിക്കാനും കഴിഞ്ഞു. കരീമായ അല്ലാഹു അദ്ദേഹത്തെ നന്മകളുടെ താക്കോലും തിന്മകളുടെ പൂട്ടുമാക്കട്ടെ. സയ്യിദ് അഹ്മദ് ശഹീദിന്‍റെ മില്ലത്ത് ഇസ്ലാമിയയുടെ തജ്ദീദുമായി ബന്ധപ്പെട്ട സമുന്നത സേവനങ്ങളുടെ പതാകവാഹകനാക്കി ഉത്കൃഷ്ട അനുഗ്രഹങ്ങള്‍ സമൃദ്ധമായി നല്‍കട്ടെ. വസ്സലാം. 
മുന്‍ഗാമികളുടെ ഗുണങ്ങള്‍ ഇല്ലാത്തവന്‍ 
ഹുസൈന്‍ അഹ്മദ് ഗുഫിറ ലഹു. 
(1370 റബീഉല്‍ അവ്വല്‍ 15) 




രചനാ പരിചയം

പുതിയ പ്രസിദ്ധീരണം!

പ്രവാചക കഥകള്‍

മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി



    തന്റെ സഹോദരന്റെ മകൻ പ്രയോജനമില്ലാത്ത  കഥാപുസ്തകവുമായി നടക്കുന്നതു കണ്ട മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി അതിലൂടെ സമുദായത്തിന്റെ ചിത്രം ദർശിച്ചു. അങ്ങനെ, ഒരു വിശുദ്ധ രചനാ പരമ്പരയ്ക്കു തുടക്കം കുറിച്ചു, ഖസസുന്നബവിയ്യിൽ; പ്രവാചകന്മാരുടെ കഥയിൽ. ഒന്നു മുതൽ നാല് ഭാഗങ്ങൾ വരെ തെരഞ്ഞെടുക്കപ്പെട്ട ഏതാനും നബിമാരുടെ കഥാ കഥനങ്ങളും അഞ്ചാംഭാഗം അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ)യുടെ ചരിത്രവുമാണ്.
     ഈ ഗ്രന്ഥം രണ്ട് ഭാഗങ്ങളായിട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. ഇതിന്‍റെ ഒന്നാം ഭാഗത്തില്‍ ഇബ്റാഹിം നബി (അ), യൂസുഫ് നബി (അ), നൂഹ് നബി (അ), ഹൂദ് നബി (അ), സ്വാലിഹ് നബി (അ) എന്നീ അഞ്ച് നബിമാരുടെ സംഭവങ്ങള്‍ ഖുര്‍ആനിന്‍റെ വെളിച്ചത്തില്‍ കൊടുത്തിരിക്കുന്നു.
    രണ്ടാം ഭാഗത്തില്‍ ആദ്യം പരിശുദ്ധ ഖുര്‍ആനില്‍ ഏറ്റവും കൂടുതലായി വിവരിച്ചിട്ടുള്ള മൂസാ നബി (അ)നെക്കുറിച്ച് വിവരിക്കുന്നു. ശേഷം ശുഅയ്ബ് നബി (അ), ദാവൂദ് നബി (അ), അയ്യൂബ് നബി (അ), യൂനുസ് നബി (അ), സകരിയ്യാ നബി (അ) എന്നീ നബിമാരെക്കുറിച്ച് ഹൃസ്വമായി വിവരിച്ചതിന് ശേഷം അവസാനമായി ഈസാ നബി (അ)യെക്കുറിച്ച് മധ്യമമായ നിലയില്‍ അനുസ്മരിക്കുന്നു. ഒന്നാം ഭാഗത്തിലെ ഭാഷാ ശൈലി വളരെ ലളിതമാണെങ്കില്‍ അത് പഠിച്ചവര്‍ക്ക് എളുപ്പമാകുന്ന നിലയിലും എന്നാല്‍ രണ്ടാം ഭാഗത്തിലെ ഭാഷ ശൈലി അല്‍പ്പം ഉയര്‍ന്ന നിലയിലുമാണ് രണ്ടാം ഭാഗത്തില്‍ വിവരണങ്ങള്‍ നടത്തിയിട്ടുള്ളത്. പടച്ചവന്‍ ഇത് പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും എല്ലാവര്‍ക്കും ഉതവി നല്‍കട്ടെ.

ഫോണ്‍: 7736723639 






പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി



ഞങ്ങളുടെ കേന്ദ്ര സ്ഥാപനം






 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌