▪️ സുപ്രധാന രണ്ട് കത്തുകള്‍  

▪️ജുമുഅ സന്ദേശം 
ഇന്നത്തെ സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍
മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
▪️പ്രധാന ലേഖനം 
സ്ത്രീകളെക്കുറിച്ച് ഇസ്‌ലാമിക കവികൾ പറയുന്നത്
✍️ മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി
▪️മആരിഫുല്‍ ഖുര്‍ആന്‍ 
സൂറത്തുയാസീന്‍ ഭാഗം-10
പരലോകത്തെ വിവിധ ചിത്രങ്ങള്‍
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
▪️മആരിഫുല്‍ ഹദീസ്
റസൂലുല്ലാഹി (സ)യുടെ ദുആകൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
▪️ ജീവചരിത്രം
മുഫക്കിറുല്‍ ഇസ്‌ലാം അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി; ജീവിതവും സന്ദേശവും-9
ഹസ്രത്ത് റായ്പൂരിയുമായിട്ടുള്ള ബന്ധം, സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ 
✍️ മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ്‌വി
****************



സുപ്രധാന കത്ത്



*****************************




ബഹുമാന്യരെ,

السلام عليكم ورحمة الله وبركاته

ക്ഷേമം നേരുന്നു. ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ ഒരു പ്രധാന പ്രവര്‍ത്തനമാണ് തഫ്ഹീമെ ശരീഅത്ത്. പൊതുവില്‍ തെറ്റിദ്ധരിക്കപ്പെടുന്ന ശരീഅത്ത് നിയമങ്ങളെയും അവയുടെ തത്വങ്ങളെയും കുറിച്ച് പണ്ഡിതരെയും നിയമജ്ഞരെയും ഉണര്‍ത്തുക എന്നതാണ് ഇതിന്‍റെ ഉദ്ദേശം. ഇവർ വഴിയായി ഈ സേവനം കൂടുതൽ നല്ലനിലയിൽ വിവിധ മേഖലകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിലൂടെ ജനങ്ങൾക്ക് ഇസ്‌ലാമിക ശരീഅത്തിന്റെ ഉദ്ദേശ-ലക്ഷ്യങ്ങളും ഗുണ-ഫലങ്ങളും വ്യക്തമാകുന്നതും സമാധാനം കൈവരുന്നതുമാണ്. മറുഭാഗത്ത്, ഇസ്‌ലാമിക ശരീഅത്ത് പരലോക വിജയത്തോടൊപ്പം ഇഹലോക സമാധാനവും പ്രദാനം ചെയ്യുന്നതാണെന്ന് ബോധ്യപ്പെടുകയും ചെയ്യും.
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇതിനുവേണ്ടിയുള്ള വിവിധ ശില്‍പശാലകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി ഒരു ശില്പശാല 2024 ഡിസംബർ 28 ശനിയാഴ്ച്ച 9:00 AM - 06:00 PM ഓച്ചിറ ദാറുൽ ഉലൂമിൽ വെച്ച് നടക്കുകയാണ്.

* ശരീഅത്ത് നിയമം: പ്രാധാന്യവും പ്രയോജനവും
* വഖ്ഫ്: ഇസ്‌ലാമിക സമീപനവും നിലവിലെ വഖഫ് ഭേദഗതി ബില്ലും
* വിവാഹമോചിതയുടെ ജീവനാംശം

തുടങ്ങിയ വിഷയങ്ങളാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി (നാസിം, നദ്‌വത്തുൽ ഉലമാ ലഖ്‌നൗ), മുഫ്തി ഉമർ ആബിദീൻ ഖാസിമി മദനി (നാഇബ് നാസിം, അൽ മഅ്ഹദുൽ ആലി, ഹൈദരാബാദ്), മുഹമ്മദ് അസ്അദ് നദ്‌വി (ഓർഗനൈസർ, തഫ്ഹീമെ ശരീഅത്ത്) തുടങ്ങിയ മഹത്തുക്കൾ പങ്കെടുത്ത് ക്ലാസ്സുകള്‍ നയിക്കുന്ന ഈ ശില്‍പശാലയില്‍ താങ്കൾ പങ്കെടുക്കുകയും മറ്റുള്ളവരെ പങ്കെടുപ്പിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ!


എന്ന്,
          സംഘാടകര്‍

*************************





ഓൾ ഇന്ത്യാ ഫിഖ്ഹ് അക്കാദമി- ന്യൂ ഡൽഹി സംഘടിപ്പിക്കുന്ന സുപ്രധാന പഠന സംഗമം ഡിസംബർ 21 -ാം തീയതി വടകരയിൽ നടക്കുന്നു.

ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് ചെയർമാൻ മൗലാനാ ഖാലിദ് സൈഫുല്ലാ റഹ്മാനിയും, മൗലാനാ അതീഖ് അഹ്മദ് ഖാസിമിയും ഇതര പണ്ഡിത മഹത്തുക്കളും നേതൃത്വം നൽകുന്നു.

വിഷയം: 1. ഇസ്‌ലാമിൽ സ്ത്രീകളുടെ സ്ഥാനവും കർതവ്യങ്ങളും
2. വഖഫുമായി ബന്ധപ്പെട്ട ഫിഖ്ഹീ ചർച്ചകൾ


************************




ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിന്റെ പ്രധാന പ്രവർത്തനമായ തഫ്ഹീമേ ശരീഅത്തിന്റെ ഏകദിന ശില്പശാല കേരളത്തിൽ ഡിസംബർ 28 ശനിയാഴ്ച ഓച്ചിറ ദാറുൽ ഉലൂമിൽ.

തഫ്ഹീമെ ശരീഅത്ത് കൺവീനർ മൗലാന സയ്യിദ് ബിലാൽ ഹസനി നദ്‌വിയും, മൗലാന ഉമർ ആബിദീൻ ഖാസിമിയും ഇതര പണ്ഡിതരും നേതൃത്വം നൽകുന്നു.

ഏവർക്കും സ്വാഗതം...


All India Muslim Personal Law Board


ഇന്നത്തെ സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട 
ചില പ്രധാന കാര്യങ്ങള്‍ 

മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി

****************************
ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്‍റെ 29-ാം അഖിലേന്ത്യാ സമ്മേളനം ബാംഗ്ലൂരിലെ സബീലുര്‍റഷാദില്‍ 20-24 തീയതികളില്‍ നടന്നു. അതിന്‍റെ ഉദ്ഘാടന സമ്മേളനത്തില്‍ ബോര്‍ഡ് അദ്ധ്യക്ഷന്‍ കൂടിയായ മൗലാനാ റഹ്മാനി നടത്തിയ അദ്ധ്യക്ഷ പ്രസംഗം ഇപ്രാവശ്യത്തെ ജുമുഅ സന്ദേശമായി കൊടുക്കുകയാണ്. -ചീഫ് എഡിറ്റര്‍

സഹോദരങ്ങളേ, ഇന്നത്തെ സാഹചര്യം വളരെ പ്രയാസകരവും സങ്കീര്‍ണ്ണവുമാണ്. രാജ്യത്ത് സമാധാനം സ്ഥാപിക്കാനും മുഴുവന്‍ പൗരന്മാരോടും നീതിയോടെയും സമത്വത്തോടെയും വര്‍ത്തിക്കാനും ഉത്തരവാദിത്വമുള്ള ഭരണകൂടം തന്നെ വെറുപ്പിന്‍റെ രാഷ്ട്രീയം കളിക്കുന്നു എന്നതാണ് ഏറ്റവും വേദനാജനകമായ കാര്യം. പരസ്യമായ നിലയില്‍ ന്യൂനപക്ഷത്തെ അവഹേളിക്കുകയും അന്തസ്സും അഭിമാനവും സമ്പത്തും സ്വത്തും കച്ചവടവുമെല്ലാം തന്നെ ഉന്നംവെച്ച് അവര്‍ നീങ്ങുകയാണ്. രാജ്യത്തിന്‍റെ ആഭ്യന്തര, വിദേശ പോളിസികള്‍ പരസ്യമായിത്തന്നെ പഴയ നീതിയുക്തമായ സരണിയില്‍ നിന്നും മാറിയിരിക്കുന്നു. ഇസ്ലാമിക ശരീഅത്ത്, ദീനീ മദ്റസകള്‍, മസ്ജിദുകള്‍, വഖ്ഫ് സ്വത്തുക്കള്‍ എന്നിങ്ങനെ എല്ലാ വിഷയങ്ങളിലും പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. 
മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ശരീഅത്തിന്‍റെ സംരക്ഷണം അങ്ങേയറ്റം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. രാജ്യത്തിന്‍റെ ഭരണഘടനയില്‍ ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും മതസാംസ്കാരിക അസ്തിത്വങ്ങള്‍ സംരക്ഷിക്കാന്‍ പൂര്‍ണ്ണമായ അവകാശം നല്‍കപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് 1973-ല്‍  സര്‍വ്വവിധ സംഘടനാ വീക്ഷണ വ്യത്യാസങ്ങളില്‍ നിന്നും ഉയര്‍ന്ന് നിന്നുകൊണ്ട് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സല്‍ ലോ ബോര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചത്. മുസ്ലിംകളിലെ എല്ലാ വിഭാഗങ്ങളും പങ്കുചേര്‍ന്നുകൊണ്ടുള്ള ബോര്‍ഡിന്‍റെ പ്രവര്‍ത്തനം അങ്ങേയറ്റം ഐശ്വര്യപൂര്‍ണ്ണവും സമുദായത്തിന്‍റെ അന്തസ്സും ഐക്യവും വിളിച്ചറിയിക്കുന്നതുമാണ്. 
ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് എല്ലാ പ്രവര്‍ത്തനങ്ങളിലും തീരുമാനങ്ങളിലും വിശ്വാസപരമായ ധീരതയും തന്ത്രജ്ഞതയും മുറുകെ പിടിക്കുന്നു എന്ന കാര്യം നാമെല്ലാവരും മനസ്സിലാക്കുക. ഖുര്‍ആനിനും സുന്നത്തിനും എതിരായ ഒരു കാര്യത്തെയും ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗീകരിക്കുന്നതല്ല. ഈ വിഷയത്തില്‍ ഭരണകൂടത്തിന്‍റെ സമ്മര്‍ദ്ധമോ, മീഡിയയുടെ പ്രചാരണങ്ങളോ ഭയക്കുന്നില്ല. എന്നാല്‍ ഇതോടൊപ്പം സര്‍വ്വ പ്രവര്‍ത്തനങ്ങളും നിയമത്തിന്‍റെയും ഭരണഘടനയുടെയും ഉള്ളില്‍ നിന്നുകൊണ്ടാണ് നടത്തിയത്. എല്ലാ പരിശ്രമങ്ങളും പോരാട്ടങ്ങളും ശാന്തമായി നീക്കാന്‍ ശ്രദ്ധിച്ചിട്ടുമുണ്ട്. ഭാവികാലത്തും നാം ഇതേ മാര്‍ഗ്ഗത്തില്‍ ഉറച്ച് നില്‍ക്കുന്നതാണ്. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ നിയമപരമായ പോരാട്ടങ്ങളോടൊപ്പം ആവശ്യം നേരിട്ടാല്‍ പൊതുജന പ്രക്ഷോഭവും ത്യാഗങ്ങളും നടത്താന്‍ നാം സന്നദ്ധമാവുക. പക്ഷേ, ഒരിക്കലും നിയമത്തെ കൈയ്യിലെടുക്കാനോ, പൊതുജന സമാധാനത്തെ അപകടപ്പെടുത്താനോ പാടില്ല. 
ഇന്ന് ലോകത്ത് പാശ്ചാത്യ സംസ്കാരം മത മൂല്യങ്ങളെ തകര്‍ക്കാന്‍ പരിശ്രമിക്കുന്നു. അവരുടെ പരിശ്രമത്തിന് രണ്ട് അടിസ്ഥാനങ്ങളാണുള്ളത്. 1. ബുദ്ധിയുടെ വിധി. അതായത്, ബുദ്ധിയില്‍ നിന്നും വരുന്ന കാര്യങ്ങളെല്ലാം അവര്‍ സ്വീകരിക്കുന്നു. ബുദ്ധി ശരിവെക്കാത്ത കാര്യങ്ങള്‍ മത ഗ്രന്ഥങ്ങളിലുണ്ടെങ്കിലും അവ അംഗീകരിക്കുന്നില്ല. വിവാഹ മോചനത്തിന്‍റെ അവകാശം പുരുഷന്മാര്‍ക്ക് മാത്രം എന്തുകൊണ്ടാണ് നല്‍കിയത്, ബഹുഭാര്യത്വം അക്രമമല്ലേ, മകന് മകളേക്കാള്‍ ഇരട്ടി അനന്തരവകാശം അനീതിയല്ലേ, സ്ത്രീയ്ക്ക് മാത്രം പര്‍ദ്ദ നിര്‍ബന്ധമാക്കിയത് എന്താണ് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഈ വീക്ഷണത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ളതാണ്. 2. വികാര പൂജ. അതായത്, മനുഷ്യന് നന്നായിത്തോന്നുന്ന കാര്യങ്ങളെല്ലാം അവര്‍ പ്രവര്‍ത്തിക്കുന്നു. മനുഷ്യന്‍റെ ഇഷ്ടത്തിന് മുന്നില്‍ തടസ്സം നില്‍ക്കാന്‍ ദൈവിക നിയമത്തിന് അവകാശമില്ലെന്ന് അവര്‍ വാദിക്കുന്നു. അതെ, മനുഷ്യന്‍ ദൈവിക നിയമത്തിന്‍റെ അടിയാകരുതെന്നും സുഖ രസങ്ങളുടെ അടിമയാകണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രകൃതിവിരുദ്ധവും ലജ്ജാവഹവുമായ കാര്യങ്ങള്‍ പാശ്ചാത്യലോകത്ത് നടന്നുകൊണ്ടിരിക്കുന്നു. സ്വവര്‍ഗ്ഗരതി, സ്വവര്‍ഗ്ഗ വിവാഹം, പലിശയ്ക്ക് പ്രേരണ മുതലായ വീക്ഷണങ്ങളുടെ അടിസ്ഥാനം മനുഷ്യന്‍റെ താല്‍പ്പര്യങ്ങള്‍ക്ക് മുന്നില്‍ ഒരു നിയന്ത്രണവും പാടില്ലെന്ന വാദമാണ്. 
പാശ്ചാത്യ സംസ്കാരത്തിന്‍റെ ഈ രണ്ട് അടിസ്ഥാനവും മനുഷ്യന്‍ അദൃശ്യമായ സന്ദേശങ്ങളെയൊന്നും അംഗീകരിക്കാന്‍ പാടില്ലെന്ന വീക്ഷണത്തില്‍ നിന്നും പണിതുയര്‍ത്തപ്പെട്ടതാണ്. അങ്ങനെ ബുദ്ധിയോടും വികാരത്തോടുമുള്ള അടിമത്വം മതത്തെ തള്ളിപ്പറയുന്നതിലേക്ക് മനുഷ്യരെ എത്തിച്ചുകൊണ്ടിരിക്കുന്നു. ലോകത്തുള്ള ഭൂരിഭാഗം മതസ്ഥരും അവരുടെ മതഗ്രന്ഥങ്ങളെയും സന്ദേശങ്ങളെയും ഉപേക്ഷിച്ചുകൊണ്ട് ഈ പാശ്ചാത്യ വീക്ഷണത്തിന് മുന്നില്‍ പരാജയം സമ്മതിച്ചിരിക്കുകയാണ്. നമ്മുടെ രാജ്യത്തുള്ള ഭൂരിപക്ഷം ജനങ്ങളും ഈ വീക്ഷണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. പക്ഷേ, ഇസ്ലാമും മുസ്ലിംകളും ഇത് സ്വീകരിക്കുന്നതല്ല. അല്ലാമാ ഇഖ്ബാല്‍ പറയുന്നു: വളരെ മുന്‍കൂട്ടിത്തന്നെ ജിബ്രീല്‍ (അ) പറഞ്ഞുതന്നു: ബുദ്ധിയുടെ അടിമത്വത്തെ മനസ്സുകൊണ്ട് അംഗീകരിക്കരുതെന്ന്! 
ഇത്തരുണത്തില്‍ ഇസ്ലാമിക ശരീഅത്തിന്‍റെ ഓരോ നിയമങ്ങളും പ്രകൃതി നിയമത്തിന്‍റെ തുലാസില്‍ തൂക്കുകയും അവയില്‍ അടങ്ങിയിരിക്കുന്ന തത്വങ്ങളും നന്മകളും മുസ്ലിംകളുടെയും അമുസ്ലിംകളുടെയും മുന്നില്‍ വിവരിക്കേണ്ടത് കാലഘട്ടത്തിന്‍റെ വലിയ ആവശ്യമാണ്. ഇതിനുവേണ്ടി ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് പ്രത്യേക വിഭാഗം തന്നെ തയ്യാറാക്കി പരിശ്രമിക്കുന്നുണ്ട്. ഇസ്ലാമിക പണ്ഡിതരും നിയമജ്ഞരും ഈ ഭാഗത്ത് ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 
ഇന്ത്യയില്‍ മുസ്ലിംകളുടെ ഈമാനിന്‍റെ സംരക്ഷണത്തിനും ശരീഅത്തിന്‍റെ നിലനില്‍പ്പിനും വ്യത്യസ്ത സംഘടനകളിലെ പണ്ഡിതരും നേതാക്കളും വലിയ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഒരു കാലത്ത് ക്രൈസ്തവ മിഷനറിയുടെ പരിശ്രമത്തെയും ശേഷം ആര്യ സമാജത്തിന്‍റെ നീക്കങ്ങളെയും അവര്‍ നേരിട്ടു. ഹദീസ് നിഷേധ പ്രവണതയെ ഇല്ലായ്മ ചെയ്തു. ഓറിയന്‍റിലിസ്റ്റുകളുടെ വിമര്‍ശനങ്ങള്‍ക്ക് ആധികാരിക മറുപടി നല്‍കി. മദ്റസാ പ്രസ്ഥാനം വഴി സമൂഹത്തെ ദീനുമായി ബന്ധിപ്പിച്ചു. ഇപ്രകാരം ഓരോ കാലഘട്ടത്തിലെയും പ്രശ്നങ്ങളെ ഒറ്റയ്ക്കും കൂട്ടായും നേരിട്ട് പരിഹരിച്ചു. മത വിദ്യാഭ്യാസം, കാലിക വിജ്ഞാനം, സൃഷ്ടി സേവനം, സമുദായ ഐക്യം മുതലായ കാര്യങ്ങള്‍ക്ക് ധാരാളം സംഘടനകളും സ്ഥാപനങ്ങളും നിലവില്‍ വന്നു. ഒരു അളവുവരെ രാഷ്ട്രീയ സേവനവും നടത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഈ പരിശ്രമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ശരീഅത്തിന്‍റെ സംരക്ഷണമാണ്. ഇതിനുവേണ്ടി മുന്‍ഗാമികളായ മഹത്തുക്കള്‍ വലിയ പ്രവര്‍ത്തനങ്ങള്‍ എക്കാലത്തും നടത്തുകയുണ്ടായി. തല്‍ഫലമായിട്ടാണ് 1937-ല്‍ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്റ്റും 1939-ല്‍ ഫസ്ഖ് നിയമവും പാസാക്കപ്പെട്ടത്. പിന്നീട് രാജ്യത്ത് ഭരണഘടന വന്നപ്പോള്‍ അതില്‍ മതസ്വാതന്ത്ര്യവും വിവിധ വിഭാഗങ്ങളുടെ സാംസ്കാരിക സ്വാതന്ത്ര്യവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നടത്താനുമുള്ള അവകാശവും പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. ഖേദകരമെന്ന് പറയാം, ഭരണഘടനയില്‍ മതസ്വാതന്ത്ര്യം വ്യക്തമാക്കപ്പെട്ടിട്ടും ഭരണഘടനാ ശില്‍പ്പികള്‍ നിരവധി ഉറപ്പുകള്‍ നല്‍കിയിട്ടും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അവസ്ഥകള്‍ മോശമാകാന്‍ തുടങ്ങി. 1956-ല്‍ ഹിന്ദുകോഡ് പാസാക്കപ്പെട്ടുകൊണ്ട് ഏകസിവില്‍ കോഡിന്‍റെ പരിശ്രമം ആരംഭിച്ചു. പിന്നീട് വിവാഹ പ്രായം 18 വയസ്സാക്കപ്പെട്ടപ്പോള്‍ അതിനെ സിവില്‍ നിയമത്തിന് പകരം വേറെ നിയമങ്ങളുടെ ഭാഗമാക്കി. സ്പെഷ്യല്‍ മാരേജ് ആക്ട് ഉണ്ടാക്കുകയും മുസ്ലിം സ്ത്രീ പുരുഷന്മാര്‍ക്ക് വ്യക്തി നിയമത്തില്‍ നിന്നും മാറി വിവാഹം കഴിക്കാന്‍ വഴിയൊരുക്കി. 1972-ല്‍ ദത്ത് നിയമത്തില്‍ മുസ്ലിംകളെയും ഉള്‍പ്പെടുത്താനുള്ള പരിശ്രമം ആരംഭിച്ചു. ഈ അവസ്ഥകളില്‍ നിന്നും അപകടം മനസ്സിലാക്കിയ പണ്ഡിത മഹത്തുക്കള്‍ 1963-ല്‍ പാറ്റ്നയിലെ ഇമാറത്തെ ശറഇയ്യയിലും 1972-ല്‍ ദാറുല്‍ ഉലൂം ദേവ്ബന്ദിലും യോഗം കൂടുകയും ഈ വര്‍ഷം തന്നെ ഡിസംബര്‍ ബോംബയില്‍ മുസ്ലിം പേഴ്സണല്‍ ലോ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുകയും അതില്‍ വ്യക്തി നിയമത്തിന്‍റെ സംരക്ഷണത്തിന് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യപ്പെടുകയും 1973 ഏപ്രിലില്‍ ഹൈദരബാദില്‍ കൂടിയ സമ്മേളനത്തില്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് നിലവില്‍ വരുകയും ചെയ്തു. 
അന്ന് മുതല്‍ ഇന്നവരെ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ഇസ്ലാമിക ശരീഅത്തിന്‍റെ സംരക്ഷണത്തിനും ശരീഅത്ത് അനുസരിച്ചുള്ള ജീവിതം സമുദായത്തിന് ഉണ്ടായിത്തീരുന്നതിനും വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്‍റെ പ്രവര്‍ത്തനം തന്നെ പടച്ചവന്‍റെ ഭാഗത്ത് നിന്നുമുള്ള ഒരു വലിയ അത്ഭുതമാണ്. വ്യത്യസ്ത സംഘടനാ വീക്ഷണങ്ങളുള്ളവര്‍ ഒരു സ്ഥലത്ത് ഒരുമിച്ച് കൂടിയിരിക്കുന്നതിനെ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യത്തില്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്‍റെ കീഴില്‍ ശരീഅത്ത് സംരക്ഷണത്തിനുവേണ്ടി ഒരുമിച്ച് കൂടിയിരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡില്‍ ഉന്നത ഇസ്ലാമിക പണ്ഡിതരോടൊപ്പം നിരവധി നിയമജ്ഞരും അണിനിരന്നിരിക്കുന്നു. 
പടച്ചവന്‍റെ അനുഗ്രഹത്താല്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്‍റെ പരിശ്രമം കാരണം മസ്ജിദുകള്‍ പൊതുലക്ഷ്യങ്ങള്‍ക്കുവേണ്ടി അക്വയര്‍ ചെയ്യാനുള്ള നീക്കം ഒഴിവാക്കി. ദത്ത് ബില്‍ പിന്‍വലിച്ചു. വിവാഹമോചിതയുടെ ജീവനാംശവുമായി ബന്ധപ്പെട്ട് വിവാഹമോചിതയായ മുസ്ലിം സ്ത്രീയുടെ അവകാശ സംരക്ഷണം എന്ന നിയമം പാസാക്കപ്പെട്ടു. ഭരണകൂടത്തിന്‍റെ അശ്രദ്ധ കാരണം ഈ നിയമത്തിന്‍റെ ഉദ്ധിഷ്ട  ഫലങ്ങള്‍ നഷ്ടമായെങ്കിലും അത് പരിഹരിക്കാന്‍ പരിശ്രമം തുടരുകയാണ്. 2009-ല്‍ റയ്റ്റു എജുക്കേഷന്‍ ആക്ട് നിലവില്‍ വന്നെങ്കിലും ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്‍റെ പരിശ്രമം കാരണം മദ്റസകളെ അതില്‍ നിന്നും ഒഴിവാക്കപ്പെട്ടു. 2013-ല്‍ താരതമ്യേനെ ഉത്തമമായ വഖ്ഫ് നിയമം പാസാക്കപ്പെട്ടു. ഇന്നത്തെ ഭരണകൂടം അതിനെ തകര്‍ക്കാനുള്ള പരിശ്രമത്തിലാണ്. കൂടാതെ, നമ്മുടെ ആദരണീയ കോടതികള്‍ പലപ്പോഴും നിയമത്തെ വ്യാഖ്യാനിക്കുക എന്ന പരിധിവിട്ട് പുതിയ നിയമം സ്ഥാപിക്കുക എന്ന പ്രവര്‍ത്തനവും പലപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും മുസ്ലിം വ്യക്തി നിയമങ്ങളില്‍ ഇത് പലപ്പോഴും അനുഭവപ്പെടുന്നു. ഈ യാഥാര്‍ത്ഥ്യം രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളും പൂര്‍വ്വ ജഡ്ജിമാരും വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ കൂട്ടത്തില്‍ ഏറ്റവും വേദനാജനകമായ വിധിയാണ് ബാബരി മസ്ജിദിനെക്കുറിച്ച് 2010-ല്‍ അലഹബാദ് ഹൈക്കോടതി നടത്തിയ വിധി. ശേഷം 2019 നവംബര്‍ 19-ന് സുപ്രീംകോടതി അന്തിമവിധി നടത്തുകയും അതില്‍ തെളിവുകള്‍ക്ക് പകരം വിശ്വാസ വീക്ഷണത്തിന് പ്രാധാന്യം കൊടുക്കുകയും ചെയ്തു. മുന്‍ ജഡ്ജിമാര്‍ ഇതിനെ വിമര്‍ശിക്കുകയും ഗ്രാമങ്ങളില്‍ നടക്കുന്ന യോജിപ്പ്, തീരുമാനം പോലെയാണ് ഇതെന്ന് അറിയിക്കുകയും ചെയ്തു. ഇത് കൂടാതെ, മുസ്ലിം വ്യക്തി നിയമത്തിന് എതിരായ വേറെയും പല നീക്കങ്ങളും കോടതികളില്‍ നിന്നും ഉണ്ടാകുന്നുണ്ട്. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്‍റെ ലീഗല്‍ സെല്‍ ഇതിനെ പഠിക്കുകയും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. കൂടാതെ, സമൂഹത്തിന് ഇസ്ലാമിക ശരീഅത്തിനെ പരിചയപ്പെടുത്താനും അതുമായി ബന്ധിപ്പിക്കാനും വിവിധ പ്രവര്‍ത്തനങ്ങളും ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് നടത്തിക്കൊണ്ടിരിക്കുന്നു. 
ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്‍റെ ഏറ്റവും വലിയ ശക്തി സമുദായത്തിന്‍റെ ഐക്യവും പിന്തുണയുമാണ്. ഇതിലൂടെ മാത്രമാണ് മുന്‍കഴിഞ്ഞ കാലങ്ങളില്‍ വലിയ വിജയങ്ങള്‍ വരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇന്നും ഇതുണ്ടെങ്കില്‍ മാത്രമേ, നമുക്ക് വിജയിക്കാന്‍ സാധിക്കുകയുള്ളൂ. മത, രാഷ്ട്രീയ, സംഘടനാ, വീക്ഷണ വ്യത്യാസങ്ങള്‍ ഒരു യാഥാര്‍ത്ഥ്യമാണ്. പക്ഷേ, ഈ അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ നീതിയും മധ്യനിലയും മുറുകെ പിടിക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സര്‍വ്വോപരി ഇസ്ലാമിക ശരീഅത്ത് എല്ലാ സംഘടനാ അഭിപ്രായ വ്യത്യാസത്തേക്കാളും ഉന്നതമാണെന്ന യാഥാര്‍ത്ഥ്യം നാം ഉണരുകയും ചെയ്യുക. ഇതിലൂടെ നമുക്ക് മുന്നില്‍ വഴികള്‍ എളുപ്പമാവുകയും പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മവും സുഖമവും ആവുകയും ചെയ്യുന്നതാണ്. പടച്ചവന്‍ ഇതിന് അനുഗ്രഹവും സഹായവും നല്‍കട്ടെ.        
*******************************

പ്രധാന ലേഖനം


സ്ത്രീകളെക്കുറിച്ച് 
ഇസ്‌ലാമിക കവികൾ പറയുന്നത്


മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി

കവിതകളിലും സാഹിത്യങ്ങളിലും പലപ്പോഴും സ്ത്രീകൾ അങ്ങേയറ്റം നിന്ദിക്കപ്പെട്ടിരുന്നു. ഇന്നും നിന്ദിക്കപ്പെടുന്നുണ്ട്. എന്നാൽ ഇസ്‌ലാമിക സാഹിത്യകാരന്മാരും കവികളും സ്ത്രീകളോട് വലിയ സ്‌നേഹാദരവുകൾ പുലർത്തിയിരുന്നു. അതോടൊപ്പം അവരുടെ സ്ഥാന മഹത്വങ്ങളും കർത്തവ്യങ്ങളും ഉണർത്താനും അവർ പ്രത്യേകം ശ്രദ്ധിച്ചു. ഈ വിഷയത്തിൽ ഡോ: മുഹമ്മദ് ഇഖ്ബാൽ വളരെ മികച്ച് നിൽക്കുന്നു. സ്ത്രീ സമത്വവും സ്ത്രീ സ്വാതന്ത്ര്യവും നഗ്നതാ പ്രദർശനവും വളരെയധികം വർദ്ധിച്ച സ്ഥലത്തും കാലത്തുമാണ് അദ്ദേഹം ജീവിച്ചിരുന്നെങ്കിലും പാശ്ചാത്യ ലോകത്തിന്റെ ഈ വാദം തീർത്തും പൊള്ളയാണെന്നും സ്ത്രീ ജനങ്ങൾ അവരിൽ ആകൃഷ്ടരാകരുതെന്നും ഉദ്‌ബോധിപ്പിച്ചുകൊണ്ട് അദ്ദേഹം പറയുന്നു: സ്ത്രീത്വത്തിന്റെ ശരിയായ നിർവ്വചനവും ജീവിത വിശുദ്ധിയുടെ പ്രാധാന്യവും മാതൃകാരുണ്യത്തിന്റെ മഹത്വവും മനസ്സിലാക്കാത്ത സമൂഹത്തിന്റെ ജീവിതം തകർന്ന് പോകുന്നതാണ്. 
ഇഖ്ബാൽ പറയുന്നു: എന്റെ ഉള്ളിൽ കാണപ്പെടുന്ന സത്യവിശ്വാസത്തിന്റെയും സ്‌നേഹാനുരാഗത്തിന്റെയും തീപ്പൊരി എന്റെ അറിവിന്റെയും കഴിവിന്റെയും പ്രതിഫലനമല്ല. അതെ, എന്റെ പരിശുദ്ധ പ്രകൃതിക്കാരിയായ മാതാവിന്റെ അനുഗ്രഹീത നോട്ടത്തിന്റെ ഫലമാണ്. അദ്ദേഹം വീണ്ടും പറയുന്നു: മാതാവിന്റെ മടിത്തട്ടാണ് ഏറ്റവും ഉയർന്ന പാഠശാല. അവിടെ നിന്നും യാഥാർത്ഥ്യബോധമുള്ള കണ്ണുകളും വേദന നിറഞ്ഞ മനസ്സുകളും ലഭ്യമാകുന്നു. വലിയ സർവ്വകലാശാലകളിൽ ഇത് ലഭിക്കുന്നതല്ല. പടച്ചവൻ ആർക്കെങ്കിലും വിശ്വാസിനിയായ മാതാവിനെ നൽകിയാൽ അത് ഏറ്റവും വലിയ അനുഗ്രഹമാണ്. 
ഇഖ്ബാൽ പെൺകുട്ടികളെ സംബോധന ചെയ്തുകൊണ്ട് പറയുന്നു: ചെറുപ്പക്കാരെ നിങ്ങളിലേക്ക് ആകർഷിക്കാൻ പാശ്ചാത്യ ലോകം പഠിപ്പിക്കുന്ന വിദ്യകൾ യഥാർത്ഥത്തിൽ നിങ്ങൾക്ക് അൽപ്പവും ഇണങ്ങിയതല്ല. യഥാർത്ഥത്തിൽ അത് മാരണക്കാരുടെ കൺകെട്ട് വിദ്യകൾ മാത്രമാണ്. മക്കളെ ഫാഷനെന്ന പേരിൽ പാശ്ചാത്യ ലോകം നിങ്ങളെ പഠിപ്പിക്കുന്ന അണിഞ്ഞൊരുങ്ങലുകൾ നിങ്ങൾക്ക് ആവശ്യമില്ല. നിങ്ങൾക്ക് ഏറ്റവും കൂടുതൽ ആവശ്യം പരിശുദ്ധമായ മനസ്സും കണ്ണുകളുമാണ്. അതിനെ തോൽപ്പിക്കാൻ ഒരു ശക്തിയ്ക്കും സാധിക്കുന്നതല്ല. 
ഇഖ്ബാൽ വീണ്ടും പറയുന്നു: ജനമനസ്സുകൾ കീഴടക്കാൻ സൗന്ദര്യ പ്രകടനത്തിന്റെ ആവശ്യമില്ല. ആധുനിക ലോകത്തിന്റെ പക്കൽ മറ്റുള്ളവരെ കീഴ്‌പ്പെടുത്താൻ ഗുണങ്ങളൊന്നും ഇല്ലാത്തത് കൊണ്ട് സൗന്ദര്യ പ്രകടനത്തെ അവർ പ്രേരിപ്പിക്കുന്നത്. നിങ്ങൾ ചിന്തിക്കുക: സർവ്വ സൗന്ദര്യ പ്രകാശങ്ങളുടെയും കേതാരമായ പടച്ചതമ്പുരാനിൽ നിന്നും നാം എത്രയോ മറകൾക്ക് പിന്നിലാണ്. എന്നിട്ടും ലോകം മുഴുവനും ആ പ്രകാശത്താൽ പ്രകാശിതമായിരിക്കും. ആകയാൽ സ്ത്രീ ജനങ്ങൾ മറയ്ക്കുള്ളിൽ നിന്നുകൊണ്ട് തന്നെ മാനവരാശിയ്ക്ക് മഹൽഗുണങ്ങൾ പകർന്ന് കൊടുക്കാൻ പരിശ്രമിക്കുകയാണ് വേണ്ടത്. അതെ, ഒരു സ്ത്രീയുടെ മനസ്സിൽ ഉന്നത ഗുണങ്ങൾ ഉണ്ടായിത്തീർന്നാൽ അവർ മാനവരാശിയുടെ വലിയ ഉപകാരിയാണ്. പടച്ചവൻ അവരെ സംരക്ഷിക്കുന്നതും മുഴുവൻ മനുഷ്യരും അവരെ ആദരിക്കുന്നതുമാണ്. സംസ്‌കാരങ്ങളും ജനപഥങ്ങളും വളരുകയും തളരുകയും നാഗരികതകൾ കയറ്റിറക്കങ്ങൾക്കിടയിൽ കറങ്ങുകയും ചെയ്യുന്നു. പക്ഷേ, മഹൽഗുണങ്ങളുള്ള സ്ത്രീ മാനവരാശിയ്ക്ക് മുന്നിൽ ഒരിക്കലും വാടാതെ പ്രയോജനം നൽകുന്ന വടവൃക്ഷമാണ്. 
ഡോ: മുഹമ്മദ് ഇഖ്ബാൽ സഹോദരിമാരെ ഉപദേശിക്കുന്നു: നിങ്ങളുടെ ശരിയായ സ്ഥലം പുരുഷന്മാരുടെ ബഹളങ്ങൾക്കിടയിലല്ല. നിങ്ങൾ പുരുഷന്മാരുടെ കൂട്ടത്തിൽ കുഴഞ്ഞ് മറിഞ്ഞ് നീങ്ങുന്നത് നിങ്ങളോട് ചെയ്യുന്ന അക്രമമാണെന്ന് ഓർക്കുക. നിങ്ങളുടെ കർത്തവ്യം ആദരവായ റസൂലിന്റെ കരളിന്റെ കഷണമായ സഹ്‌റാ ബത്തൂലിനെപ്പോലെ ഭർത്താവിന്റെ വീട് അലങ്കരിക്കലും അതിനെ ശ്രദ്ധാകേന്ദ്രമാക്കലും ജനങ്ങളുടെ പ്രയാസങ്ങൾ ദൂരീകരിക്കുകയും സേവന സഹായങ്ങളിൽ മുഴുകുകയും ചെയ്യുന്ന സന്താനങ്ങളെ വളർത്തിയെടുക്കലുമാണ്. അതെ, ഇന്ന് മാനവരാശിയ്ക്ക് ആവശ്യം ഹസൻ-ഹുസൈന്മാരെപ്പോലുള്ള സുന്ദര സന്താനങ്ങളാണ്. അവരെ നിങ്ങളുടെ മടിത്തട്ടിൽ നിന്ന് മാത്രമേ പ്രതീക്ഷിക്കാൻ കഴിയുകയുള്ളൂ. 
മാനവരാശിയുടെ ദുരിത ദിനങ്ങൾ ദൂരീകരിച്ച് സുന്ദര പ്രഭാതം ഉദയം ചെയ്യുന്നതിൽ ഉത്തമ സ്ത്രീകൾക്ക് വലിയ പങ്കുണ്ടെന്ന് ഇഖ്ബാൽ വിശ്വസിക്കുന്നു. അദ്ദേഹം പറയുന്നു: അല്ലാഹു സ്ത്രീകൾക്ക് കൊടുക്കുന്ന അടിയുറച്ച വിശ്വാസവും വേദന നിറഞ്ഞ മനസ്സും ദു:ഖം കലർന്ന ശബ്ദവും പരിശുദ്ധ പ്രകൃതിയും ശരിയാംവിധം ഉപയോഗിച്ചാൽ ഇന്നും അവർക്ക് ജനങ്ങളുടെ മനസ്സിലും മസ്തിഷ്‌കത്തിലും സത്യവിശ്വാസ സൽക്കർമ്മങ്ങളുടെ തീപ്പൊരികൾ ഊതിക്കത്തിക്കാൻ സാധിക്കുന്നതാണ്. സ്ത്രീകൾ ഇസ്‌ലാമിക ചരിത്രത്തിലെ ഒരു സുവർണ്ണ അദ്ധ്യായം എപ്പോഴും മുന്നിൽ കാണേണ്ടതാണ്. മനസ്സ് പരിശുദ്ധയായ ഒരു സ്ത്രീയുടെ ഖുർആൻ പാരായണം കാരണമായി കാലഘട്ടത്തിലെ ഒരു ഉറച്ച മനസ്സിന്റെ ഉടമയുടെ മനസ്സ് അവർ കുരുക്കുകയും സത്യവിശ്വാസത്തിന്റെ പ്രകാശവും ചൂടും നിറയ്ക്കുകയും ചെയ്തു. അതെ, അവരിലൂടെയാണ് സത്യവിശ്വാസത്തിന്റെയും ഉന്നത മന:ക്കരുത്തിന്റെയും ഉജ്ജ്വല വിജയങ്ങളുടെയും നായകനായ ഉമറുൽ ഫാറൂഖ് എന്ന ഒരു യുഗത്തിന് തുടക്കം കുറിക്കപ്പെട്ടത്. ഉമർ (റ) ഊരിയ വാളും പിടിച്ച് ഇസ്‌ലാമിന് അന്ത്യം കുറിക്കാൻ ഇറങ്ങിത്തിരിച്ചതാണ്. വഴിയിൽ അവർ സഹോദരി ഫാത്തിമ ബിൻത് ഖത്താബിന്റെ വീട്ടിൽ കയറി. ഇസ്‌ലാം സ്വീകരിച്ച സഹോദരിയെയും ഭർത്താവിനെയും ശിക്ഷിച്ചുകൊണ്ട് കർമ്മം തുടങ്ങാൻ അദ്ദേഹം ഉദ്ദേശിച്ചു. എന്നാൽ സഹോദരിയുടെ ഖുർആൻ പാരായണത്തിന്റെ ശബ്ദം അദ്ദേഹത്തിന്റെ മനസ്സ് മയപ്പെടുത്തുകയും ഹൃദയത്തിൽ പതിയുകയും ചെയ്തു! ആകയാൽ സ്ത്രീ ജനങ്ങൾ മനസ്സിൽ വേദനയും മന:ക്കരുത്തും ഉണ്ടാക്കിയെടുക്കുകയും വീണ്ടും ലോകത്തിന്റെ പരിവർത്തനത്തിന് പരിശ്രമിക്കുകയും ചെയ്യുക. അദ്ദേഹം സ്ത്രീ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു: പടച്ചവനെ ഓർത്ത് ഞങ്ങളുടെ ദാരിദ്ര്യം നിറഞ്ഞ സായാഹ്നങ്ങളെ പ്രതീക്ഷാ പൂർണ്ണമായ പ്രഭാതമാക്കി മാറ്റാൻ പരിശ്രമിക്കുക. അതുകൊണ്ട് ഒരിക്കൽ കൂടി പരിശുദ്ധ ഖുർആൻ പാരായണം ചെയ്ത് മറ്റുള്ളവരെ കേൾപ്പിക്കുക. നിങ്ങളെപ്പോലുള്ളവരുടെ വേദന നിറഞ്ഞ പാരായണമാണ് ഉമറിനെപ്പോലുള്ളവരുടെ ഭാവി മാറ്റി മറിച്ചതും അതിലൂടെ ലോകത്തിന്റെ അവസ്ഥ നന്നാക്കിയതുമെന്ന് ഓർക്കുക! 



സ്ത്രീകളെക്കുറിച്ച് അല്ലാമാ ഇഖ്ബാൽ പറയുന്നത്
എല്ലാ കാലഘട്ടത്തിലുമുള്ള കവികളുടെ ഒരു പ്രധാന പ്രമേയമാണ് സ്ത്രീജനങ്ങൾ. എന്നാൽ പല കവികളും അവരുടെ മാനസിക ദൗർബല്യവും നഗ്നനതയുടെ പ്രത്യേകതകളുമാണ് വിഷയമായി സ്വീകരിച്ചിട്ടുള്ളത്. ഇതിൽ നിന്നും തീർത്തും വിഭിന്നമായി സഞ്ചരിക്കുകയും സ്ത്രീകളുടെ യാഥാർത്ഥ്യവും സ്ഥാന മഹത്വങ്ങളും കർമ്മമണ്ഡലങ്ങളും വ്യക്തവും ശക്തവുമായി അവതരിപ്പിക്കുകയും ചെയ്ത ഒരു മഹാവ്യക്തിത്വമാണ് ഡോ: ഇഖ്ബാൽ. അദ്ദേഹം സ്ത്രീകളോട് ഇസ്‌ലാമിന്റെ പ്രഥമ യുഗങ്ങളെ കണ്ട് പഠിക്കാൻ പ്രേരിപ്പിക്കുന്നു. ഇന്ന് നിലവിലുള്ള പ്രത്യേക പർദ്ദകളൊന്നും അന്ന് ഇല്ലാതിരുന്നിട്ടും സ്ത്രീകളുടെ ലജ്ജാബോധവും ജീവിത വിശുദ്ധിയും ഇന്നത്തേക്കാൾ വളരെ കൂടുതലായിരുന്നു. സ്ത്രീത്വത്തിന്റെ പരിശുദ്ധി സംരക്ഷിച്ചുകൊണ്ട് തന്നെ അവർ ജീവിതത്തിന്റെ സർവ്വമേഖലകളിലും പങ്ക് വഹിച്ചിരുന്നു. 1916-ൽ നടന്ന ട്രിപ്പോളി യുദ്ധത്തിൽ ഫാത്തിമ ബിൻത് അബ്ദില്ലാഹ് എന്ന ഒരു അറേബ്യൻ പെൺകുട്ടി യോദ്ധാക്കൾക്ക് ജലപാനം നടത്തിക്കൊണ്ട് രക്തിസാക്ഷിത്വം വരിച്ചപ്പോൾ ഇഖ്ബാൽ അവരുടെ അവതാനങ്ങൾ വിവരിച്ചുകൊണ്ട് സുദീർഘമായ കാവ്യം രചിച്ചു: 
ഫാത്തിമാ, നീ അനുഗ്രഹീത സമുദായത്തിന്റെ അന്തസ്സാണ്. നിന്റെ ഓരോ അംശങ്ങളും ആദരണീയമാണ്. കടുത്ത മണൽക്കാട്ടിൽ നീ സൗഭാഗ്യം വിരിയിച്ചു. സത്യദീനിന്റെ സേവകർക്ക് ജലപാനം നടത്തി. അതെ, വാളും വടിയും ഇല്ലാതെ നീയും അല്ലാഹുവിന്റെ പാതയിൽ ജിഹാദ് ചെയ്യുകയായിരുന്നു. നീ രക്ത സാക്ഷിത്വത്തെ കൊതിച്ചത് നിന്റെ അപാരമായ ധൈര്യം വിളിച്ചറിയിക്കുന്നു. രക്ഷിതാവേ, ഈ ചാരക്കൂനയിലും ഇത്തരം തീപ്പൊരികളുണ്ടല്ലോ! ഫാത്തിമാ, നിന്നിൽ പടച്ചവന്റെ അനുഗ്രഹങ്ങൾ വർഷിക്കട്ടെ. നിന്റെ നീക്കങ്ങളൊരോന്നും വളരെ ചടുലമാണ്. നിന്റെ മടിത്തട്ടിൽ പുതുജീവനുള്ള ഒരു സമൂഹം വളരുക തന്നെ ചെയ്യും! 
സ്ത്രീകളുടെ പേര് തെറ്റായി ഉപയോഗിച്ച് സാഹിത്യത്തിന്റെ വിശുദ്ധിയും ഔന്നിത്യവും ലക്ഷ്യബോധവും കളഞ്ഞ് കുളിക്കുന്ന കവികളോടും സാഹിത്യകാരന്മാരോടും ഇഖ്ബാലിന് വലിയ പരാതിയുണ്ട്. അതുപോലെ ചിത്രരചന നടത്തുന്നവരും കഥകൾ തയ്യാറാക്കുന്നവരും സ്ത്രീകളുടെ വികാരം ചൂഷണം ചെയ്യുന്നതിനെയും അദ്ദേഹം വിമർശിക്കുന്നു. അദ്ദേഹം അവരോട് പറയുന്നു: യഥാർത്ഥത്തിൽ നിങ്ങൾ സ്ത്രീകളുടെ സമുന്നത സ്ഥാനത്തെ ജനങ്ങളിൽ നിന്നും മറയ്ക്കുകയാണ്! 
ഇഖ്ബാൽ സ്ത്രീ സമൂഹത്തെ ഉപദേശിക്കുന്നു: നിങ്ങൾ സൗന്ദര്യ വർദ്ധനവിലും അണിഞ്ഞൊരുക്കങ്ങളിലും മാത്രം ശ്രദ്ധിക്കുന്നതും സമയം കളയുന്നതും ഒരുതരം നന്ദികേടാണ്. നിങ്ങളിൽ അടങ്ങിയിരിക്കുന്ന സമുന്നത വ്യക്തിത്വത്തെയും വിപ്ലവ ശക്തിയെയും പരിശുദ്ധ നോട്ടത്തെയും പ്രയോജനപ്പെടുത്തി സത്യത്തിന്റെ ഉയർച്ചയ്ക്കും അസത്യത്തിന്റെ വിപാടനത്തിനും പരിശ്രമിക്കുക. 
ഇഖ്ബാൽ പറയുന്നു: മുസ്‌ലിം സ്ത്രീ പരിപൂർണ്ണമായ മറയും ലജ്ജയും മുറുകെ പിടിച്ചുകൊണ്ട് തന്നെ ജീവിതത്തിന്റെ സകല മേഖലകളിലും സമൂഹത്തിന്റെ മുഴുവൻ വിഷയങ്ങളിലും ബന്ധപ്പെടേണ്ടതാണ്. അതിലൂടെ ഉന്നത ഫലങ്ങൾ ഉളവാകുകയും ചെയ്യുന്നതാണ്. മഹോന്നതനായ പടച്ചവൻ മറഞ്ഞതിനോടൊപ്പം അവന്റെ പ്രകാശ കിരണങ്ങൾ പ്രപഞ്ചം മുഴുവൻ പ്രസരിക്കുന്നത് പോലെ മറഞ്ഞ് കഴിയുന്നതിനോടൊപ്പം പരിശ്രമങ്ങൾ നടത്തുന്ന നിങ്ങളുടെ പരിശ്രമങ്ങളുടെ ഫലങ്ങൾ മുഴുവൻ ലോകത്തും പ്രകടമാകുന്നതാണ്. 
അദ്ദേഹം വീണ്ടും പറയുന്നു: ഭൗതിക പ്രവർത്തനങ്ങളും സുഖസൗകര്യങ്ങളും യഥാർത്ഥ മാതാക്കളെ സമാധാനിപ്പിക്കുകയില്ല. സന്താനങ്ങളുടെയും സമൂഹത്തിന്റെയും നന്മകൾ മാത്രമേ അവരെ സമാധാനിപ്പിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ മനുഷ്യരേ, നിങ്ങൾ മാതാക്കളെ വിലമതിക്കുക. അവരിലൂടെ നിങ്ങളുടെ ജീവിതം നന്നായിത്തീരുന്നതാണ്! 
ഇഖ്ബാൽ പറയുന്നു: എന്റെ മുഴുവൻ യോഗ്യതകളുടെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനം ആദരണീയ മാതാവിന്റെ നന്മ നിറഞ്ഞ നോട്ടത്തിന്റെ പരിണിത ഫലമാണ്. അതെ, മാതാവിന്റെ മടിത്തട്ടിൽ നിന്നും ലഭിക്കുന്ന മര്യാദകളും മഹത്വങ്ങളും മറ്റൊരു പാഠശാലയിൽ നിന്നും ലഭിക്കുന്നതല്ല. ലോക ചരിത്രങ്ങളുടെ ഭൂത-വർത്തമാന കാലങ്ങളെല്ലാം മാതാക്കളുടെ തിരുനെറ്റിയിലെ പ്രവാഹത്തിന്റെ പരിണിതികളാണ്. അവരുടെ നെറ്റിത്തടത്തിന്റെ അവസ്ഥകൾക്കനുസരിച്ച് സമൂഹത്തിന്റെ വിധി നടത്തപ്പെടുന്നതാണ്. 
മുസ്‌ലിം സ്ത്രീകളെ അദ്ദേഹം ഉപദേശിക്കുന്നു: നിങ്ങൾ സമുദായത്തിന്റെ ഭാവി ഭാഗദേയം നിർണ്ണയിക്കുക. ദു:ഖദുരന്തങ്ങൾ നിറഞ്ഞ സമുദായത്തിന്റെ സായാഹ്നങ്ങളെ കുളിർക്കാറ്റ് അടിച്ചുവീശുന്ന വസന്തമുള്ള പ്രഭാതമാക്കി മാറ്റുക. അതിനുള്ള പ്രഥമവും പ്രധാനവുമായ പാത വീടുകളിലൂടെ പരിശുദ്ധ ഖുർആനിന്റെ പ്രവാഹം വ്യാപകമാക്കലാണ്. അതെ, ഇസ്‌ലാമിക ചരിത്രത്തിലെ ഒരു സുവർണ്ണ അദ്ധ്യായമായ ഉമറുൽ ഫാറൂഖിനെ അത്യന്തം മോശമായ അവസ്ഥയിൽ നിന്നും സമുന്നത മേഖലയിലേക്ക് മാറ്റിമറിച്ചത് സഹോദരി ഫാത്തിമ ബിൻത് ഖത്താബിന്റെ ഹൃദയ വേദന നിറഞ്ഞ ഖുർആൻ പാരായണമായിരുന്നു! 
ഇഖ്ബാൽ പറയുന്നു: സാമൂഹ്യ കുടുംബ ജീവിതത്തിൽ സ്ത്രീകൾക്ക് കേന്ദ്രസ്ഥാനമാണുള്ളത്. മാതൃത്വ വികാരമാണ് കുടുംബ വ്യവസ്ഥിതിയുടെ അടിസ്ഥാനം. അതുവഴി മനുഷ്യ പരമ്പര തളിർത്ത് പ്രകാശിക്കുന്നു. വീടിന് പുറത്തുള്ള കാര്യങ്ങളിൽ പുരുഷന്മാർക്ക് മുൻഗണനയുള്ളത് പോലെ വീടിനകത്തുള്ള വിഷയങ്ങളിൽ സ്ത്രീകൾക്ക് വിശിഷ്യാ മാതാക്കൾക്ക് വലിയ സ്ഥാനമാണുള്ളത്. കാരണം അവരാണ് തലമുറയെ വളർത്തുകയും വാർത്തെടുക്കുകയും ചെയ്യുന്നത്. ഒരു മനുഷ്യന്റെ പ്രഥമ പാഠശാല സ്ത്രീയുടെ മടിത്തട്ടാണ്. സ്ത്രീയുടെ സംസ്‌കാരവും സ്വഭാവവും ചിന്താവികാരങ്ങളും ഉന്നതമാകുന്നതിനനുസരിച്ച് കുട്ടികളിലും അത് പ്രതിഫലിക്കുന്നതാണ്. സ്ത്രീകളിലൂടെ മാത്രമേ അഭിമാനകരമായ ഒരു തലമുറ വളരുകയും ഉയരുകയും ഉള്ളൂ. 
ഇഖ്ബാലിന്റെ വീക്ഷണത്തിൽ സ്ത്രീയുടെ ഏറ്റവും വലിയ മഹത്വം അവർ മാതാവാണെന്നുള്ളതാണ്. മാതൃത്വത്തിന്റെ കടമകളും മര്യാദകളും (ഹഖെ മാദരി) പാലിക്കാത്ത സമൂഹം അടിത്തറയില്ലാത്തവരും വളർച്ച മുരടിച്ചവരുമാണ്. മാതൃവികാരം ഇല്ലാത്ത കുടുംബങ്ങളിൽ ശാന്തിയും സമാധാനവും തകിടം മറിയുന്നതും കുടുംബത്തിനിടയിൽ ഐക്യ വിശ്വാസങ്ങൾ നഷ്ടപ്പെടുന്നതും അവസാനം ഉന്നത മൂല്യങ്ങളും സ്വഭാവ സവിശേഷതകളും ശ്വാസം മുട്ടി മരിക്കുന്നതുമാണ്. പാശ്ചാത്യ ലോകത്ത് കാണപ്പെടുന്ന സദാചാര തകർച്ചയുടെ അടിസ്ഥാന കാരണം മാതാക്കളുടെ ആദരവും പരിശുദ്ധിയും പാഴാക്കിയതാണ്. സ്ത്രീകൾ വിജ്ഞാന സാഹിത്യങ്ങളുടെ വലിയ സേവനങ്ങളൊന്നും ചെയ്തില്ലെങ്കിലും അവരുടെ മാതൃത്വം തന്നെ അമൂല്യമാണ്. മാതാവിന്റെ മമതയിലൂടെയാണ് പ്രശസ്ത പണ്ഡിതരും നായകരും ഉദയം ചെയ്തത്. സ്ത്രീകൾ ഉപകാരം ചെയ്യാത്ത ഒരു വ്യക്തിയും ലോകത്തില്ല. 
പാശ്ചാത്യ ലോകം പടച്ചുവിട്ട സ്ത്രീസ്വാതന്ത്ര്യ പ്രസ്ഥാനത്തെ ഇഖ്ബാൽ എതിർക്കുന്നു. കാരണം അതിന്റെ ആത്യന്തിക ഫളം സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കലും അവരെ അടിമത്വത്തിൽ തളയ്ക്കലുമാണ്. പ്രസ്തുത പ്രസ്ഥാനത്തിലൂടെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയല്ല, പ്രയാസ പ്രശ്‌നങ്ങൾ കൂടുന്നതാണ്. മാനവരാശിയുടെ ഏറ്റവും വലിയ നഷ്ടം മാതൃവികാരം ഇല്ലാതാകലും മാതാവിന്റെ മമതയുടെ പാരമ്പര്യം ബലഹീനമാകലുമാണ്. അതുകൊണ്ട് തന്നെ സ്ത്രീകളുടെ മഹത്വങ്ങളും പ്രത്യേകതകളും ഇല്ലാതാക്കുന്ന വിജ്ഞാനങ്ങളും പ്രവർത്തനങ്ങളും യഥാർത്ഥത്തിൽ അവരുടെയും മാനവരാശിയുടെയും മരണമാണ്. പാശ്ചാത്യ സംസ്‌കാരം ഇത്തരമൊരു മരണത്തിലേക്കാണ് മാനവരാശിയെ വിളിച്ചുകൊണ്ടിരിക്കുന്നത്. 
ഇഖ്ബാലിന്റെ വീക്ഷണത്തിൽ സ്ത്രീ സ്വാതന്ത്ര്യം, പുരുഷ സ്വാതന്ത്ര്യം പോലുള്ള മുദ്രാവാക്യങ്ങൾക്ക് യാതൊരു അർത്ഥവുമില്ല. മറിച്ച് പുരുഷന്മാരും സ്ത്രീകളും പരസ്പരം ബന്ധപ്പെട്ടവരാണ്. ആത്മത്യാഗ സഹകരണങ്ങളിലൂടെ ഇരുവരും പരസ്പരം ആവശ്യക്കാരാണ്. ജീവിത ഭാരം എടുക്കേണ്ടതും മുന്നോട്ട് നീക്കേണ്ടതും ഇരുവരും ഒത്തരൊമിച്ചാണ്. ഏതെങ്കിലും ഒരു വിഭാഗം ഇതിന് സഹകരിച്ചില്ലെങ്കിൽ ജീവിതം പകുതിയായി പോകുന്നതും സൗന്ദര്യ സൗരഭ്യങ്ങൾ നഷ്ടപ്പെടുന്നതുമാണ്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മുറവിളികൾ കാരണം സ്ത്രീകളുടെയും പുരുഷന്മാരുടെയും ബന്ധം വളരെയധികം അകലുകയും ഗുരുതരമായ കുഴപ്പങ്ങൾ പ്രകടമാകുകയും ചെയ്തിരിക്കുകയാണ്. 
സ്ത്രീകളുടെ മറയെക്കുറിച്ച് അദ്ദേഹം പറയുന്നു: മറ സ്ത്രീകൾക്ക് ഒരു തടസ്സമല്ല. മറയിൽ നിന്നുകൊണ്ട് തന്നെ അനുവദനീയമായ എല്ലാ പ്രവർത്തനങ്ങളും നിർബന്ധ കർത്തവ്യങ്ങളും സ്ത്രീകൾക്ക് നിർവ്വഹിക്കാൻ സാധിക്കുന്നതാണ്. ശരീരം പരിപൂർണ്ണമായി മറയ്ക്കുന്നത് കൊണ്ട് സ്ത്രീകളുടെ ഉന്നത ഗുണങ്ങൾക്കും അപാര സാധ്യതകൾക്കും യാതൊരു തടസ്സവും ഉണ്ടാകുന്നില്ല. സ്ത്രീകൾ മുഖം മറയ്ക്കണമോ എന്നതല്ല യഥാർത്ഥ പ്രശ്‌നം. സ്ത്രീകളും മറ്റുള്ളവരും അവരുടെ വ്യക്തിത്വവും യാഥാർത്ഥ്യവും തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ ആവശ്യം. 
സ്ത്രീകളുടെ പർദ്ദയെ വിശദമായി വിവരിച്ചുകൊണ്ട് ഖൽവത്ത് എന്ന കവിതയിൽ അദ്ദേഹം പറയുന്നു: സ്ത്രീകൾ മറ സ്വീകരിക്കുന്നതിലൂടെ ഏകഗ്രതയോട് കൂടി അവരുടെ ശേഷികളെ തലമുറയുടെ ശിക്ഷണത്തിന് ചിലവഴിക്കാൻ കഴിയുന്നു. അവരുടെ സാധ്യതകളെ തിരിച്ചറിയുകയും സമൂഹത്തിന്റെ ഉപദ്രവങ്ങളിൽ നിന്നും സുരക്ഷിതരായിക്കൊണ്ട് വീടും കുടുംബവും സമൂഹവും നിർമ്മിക്കാനും സാധിക്കുന്നു. വീട്ടിലെ ശാന്തമായ അന്തരീക്ഷത്തിൽ ജീവിത പ്രശ്‌നങ്ങളും സാമൂഹ്യ വിഷയങ്ങളും എളുപ്പത്തിൽ മനസ്സിലാക്കാനും അവരെ ശരിയായ മേഖലകളിൽ ഉപയോഗിക്കാനും പര്യാപ്തമാകുന്നു. 
സ്വർഗ്ഗം മാതൃപാദങ്ങളിലാണെന്ന ഹദീസിനെ ഉദ്ധരിച്ചുകൊണ്ട് ഇഖ്ബാൽ പറയുന്നു: മാതൃത്വം വലിയ കാരുണ്യമാണ്. മാതാവിന് പ്രവാചകന്മാരുമായി വലിയ ബന്ധമുണ്ട്. അവരുടെ കാരുണ്യം പ്രവാചകന്മാരുടെ കാരുണ്യം പോലെയാണ്. അതിലൂടെ ഒരു സമൂഹം വാർത്തെടുക്കപ്പെടുന്നതാണ്. 
ഇഖ്ബാലിന്റെ വീക്ഷണത്തിൽ മഹതിയായ ഫാത്തിമത്തുസ്സഹ്‌റ (റ) ഇസ്‌ലാമിക സമൂഹത്തിലെ മാതാക്കൾക്കുള്ള മാതൃകാ വ്യക്തിത്വമാണ്. ആട്ട് കല്ല് ഉപയോഗിച്ചുകൊണ്ട് അവർ ഖുർആൻ ഓതിയതും വീട്ട് ജോലികളും ഭാരങ്ങളും ചുമന്നുകൊണ്ട് അവർ സഹനതയോടെ നീങ്ങിയതും പിൻപറ്റണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു. മഹതിയുടെ ഈ ഉന്നത മാതൃകയുടെ മടിത്തട്ടിലാണ് ഹസൻ-ഹുസൈനിനെപ്പോലുള്ള സമുന്നത സന്താനങ്ങൾ പിറവിയെടുത്തത്!
സഹോദരിമാരേ, അല്ലാഹു പുരുഷന്മാർക്ക് നൽകാത്ത ധാരാളം സമയങ്ങൾ നിങ്ങൾക്ക് നൽകിയിട്ടുണ്ട്. നിങ്ങൾ വീടുകളിൽ തന്നെ ഇരുന്നുകൊണ്ട് പുലിക്കുട്ടികളെ വാർത്തെടുക്കുക. ഹസൻ ഹുസൈന്മാരെപ്പോലെയുള്ള ഉന്നത സന്താനങ്ങളെ തയ്യാറാക്കുക. കൈകൊണ്ട് ജോലികൾ ചെയ്യുകയും നാവുകൊണ്ട് പടച്ചവന്റെ നാമം സ്മരിക്കുകയും ചെയ്യുക. മുസ്‌ലിം സ്ത്രീയുടെ ജീവിതം എത്ര ഞെരുക്കമായിരുന്നാലും അവരുടെ ജീവിതം സേവനത്തിന്റെയും ത്യാഗത്തിന്റെയും ലാളിത്യത്തിന്റെയും ജീവിതമായിരിക്കും. സർവ്വോപരി സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ജീവിതമായിരിക്കും. അതിന് നിങ്ങൾ പടച്ചവന്റെ നാമവുമായി ബന്ധം ഉണ്ടാക്കിയെടുക്കേണ്ടതാണ്. അല്ലാഹു നമ്മെയും നമ്മുടെ മക്കളെയും അനുഗ്രഹിക്കട്ടെ. പ്രത്യേകിച്ചും സ്ത്രീ ജനങ്ങളെ ഉത്തമ ഗുണങ്ങളുള്ള മാതാക്കളും സഹോദരിമാരും പെൺമക്കളുമാക്കട്ടെ. ഇലാഹീ സ്മരണയുടെയും നന്ദിയുടെയും സൽക്കർമ്മങ്ങളുടെയും അനുസരണയുടെയും വിശുദ്ധിയുടെയും ഗുണങ്ങൾ നൽകട്ടെ.



മആരിഫുല്‍ ഖുര്‍ആന്‍ 


സൂറത്തുയാസീന്‍ ഭാഗം-9
 
(83 ആയത്തുകള്‍, പദങ്ങള്‍ 739, അക്ഷരങ്ങള്‍ 3090, മക്കാമുകര്‍റമയില്‍ അവതരണം. എന്നാല്‍ 45-ാം ആയത്ത് മദീനമുനവ്വറയില്‍ അവതരിച്ചു. 5 റുകൂഅ്. അവതരണ ക്രമം 41. പാരായണ ക്രമം 36. സൂറത്തുല്‍ജിന്നിന് ശേഷം അവതരണം)

പരലോകത്തെ വിവിധ ചിത്രങ്ങള്‍

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


ആയത്ത് 48-68

 وَيَقُولُونَ مَتَىٰ هَٰذَا الْوَعْدُ إِن كُنتُمْ صَادِقِينَ (48) مَا يَنظُرُونَ إِلَّا صَيْحَةً وَاحِدَةً تَأْخُذُهُمْ وَهُمْ يَخِصِّمُونَ (49فَلَا يَسْتَطِيعُونَ تَوْصِيَةً وَلَا إِلَىٰ أَهْلِهِمْ يَرْجِعُونَ (50وَنُفِخَ فِي الصُّورِ فَإِذَا هُم مِّنَ الْأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ (51قَالُوا يَا وَيْلَنَا مَن بَعَثَنَا مِن مَّرْقَدِنَا ۜ ۗ هَٰذَا مَا وَعَدَ الرَّحْمَٰنُ وَصَدَقَ الْمُرْسَلُونَ (52إِن كَانَتْ إِلَّا صَيْحَةً وَاحِدَةً فَإِذَا هُمْ جَمِيعٌ لَّدَيْنَا مُحْضَرُونَ (53فَالْيَوْمَ لَا تُظْلَمُ نَفْسٌ شَيْئًا وَلَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ (54إِنَّ أَصْحَابَ الْجَنَّةِ الْيَوْمَ فِي شُغُلٍ فَاكِهُونَ (55) هُمْ وَأَزْوَاجُهُمْ فِي ظِلَالٍ عَلَى الْأَرَائِكِ مُتَّكِئُونَ (56لَهُمْ فِيهَا فَاكِهَةٌ وَلَهُم مَّا يَدَّعُونَ (57سَلَامٌ قَوْلًا مِّن رَّبٍّ رَّحِيمٍ (58وَامْتَازُوا الْيَوْمَ أَيُّهَا الْمُجْرِمُونَ (59۞ أَلَمْ أَعْهَدْ إِلَيْكُمْ يَا بَنِي آدَمَ أَن لَّا تَعْبُدُوا الشَّيْطَانَ ۖ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ (60وَأَنِ اعْبُدُونِي ۚ هَٰذَا صِرَاطٌ مُّسْتَقِيمٌ (61وَلَقَدْ أَضَلَّ مِنكُمْ جِبِلًّا كَثِيرًا ۖ أَفَلَمْ تَكُونُوا تَعْقِلُونَ (62هَٰذِهِ جَهَنَّمُ الَّتِي كُنتُمْ تُوعَدُونَ (63اصْلَوْهَا الْيَوْمَ بِمَا كُنتُمْ تَكْفُرُونَ (64الْيَوْمَ نَخْتِمُ عَلَىٰ أَفْوَاهِهِمْ وَتُكَلِّمُنَا أَيْدِيهِمْ وَتَشْهَدُ أَرْجُلُهُم بِمَا كَانُوا يَكْسِبُونَ (65وَلَوْ نَشَاءُ لَطَمَسْنَا عَلَىٰ أَعْيُنِهِمْ فَاسْتَبَقُوا الصِّرَاطَ فَأَنَّىٰ يُبْصِرُونَ (66وَلَوْ نَشَاءُ لَمَسَخْنَاهُمْ عَلَىٰ مَكَانَتِهِمْ فَمَا اسْتَطَاعُوا مُضِيًّا وَلَا يَرْجِعُونَ (67وَمَن نُّعَمِّرْهُ نُنَكِّسْهُ فِي الْخَلْقِ ۖ أَفَلَا يَعْقِلُونَ (68)

നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ ഈ വാഗ്ദാനം എപ്പോഴാണ് പൂര്‍ത്തീകരിക്കപ്പെടുക എന്ന് അവര്‍ ചോദിക്കുന്നു.(48) അവര്‍ ഒരു അട്ടഹാസത്തെ മാത്രമാണ് പ്രതീക്ഷിക്കുന്നത്. അവര്‍ പരസ്പരം വഴക്കടിച്ചുകൊണ്ടിരിക്കുമ്പോള്‍ അത് അവരുടെ മേല്‍ പതിക്കുന്നതാണ്.(49) അപ്പോള്‍ അവര്‍ക്ക് ഒരു വസിയ്യത്തും ചെയ്യാന്‍ സാധിക്കുന്നതല്ല. അവരുടെ വീട്ടുകാരിലേക്ക് മടങ്ങാനും കഴിയുന്നതല്ല.(50) സൂര്‍ കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ അവരുടെ ഖബറുകളില്‍ നിന്നും അവര്‍ പുറപ്പെട്ട് അവരുടെ രക്ഷിതാവിലേക്ക് ഓടി വരുന്നതാണ്.(51) അവര്‍ പറയും: ഹാ കഷ്ടം, ഞങ്ങളെ ഖബറുകളില്‍ നിന്നും എഴുന്നേല്‍പ്പിച്ചത് ആരാണ്?. അറിയുക: ഇത് കാരുണ്യവാനായ അല്ലാഹു വാഗ്ദാനം ചെയ്ത കാര്യമാണ്. പ്രവാചകന്മാര്‍ സത്യം പറഞ്ഞിരിക്കുന്നു.(52) അത് ഒരു അട്ടഹാസം മാത്രമായിരിക്കും. അപ്പോള്‍ അവര്‍ എല്ലാവരും നമ്മുടെ അരികില്‍ ഹാജരാക്കപ്പെടുന്നതാണ്.(53) ഇന്നേ ദിവസം ആരുടെമേലും ഒരു അക്രമവും ഉണ്ടാകുന്നതല്ല. നിങ്ങളുടെ കര്‍മ്മങ്ങള്‍ക്കല്ലാതെ പ്രതിഫലം നല്‍കപ്പെടുന്നതുമല്ല.(54) ഇന്നേ ദിവസം തീര്‍ച്ചയായും സ്വര്‍ഗ്ഗവാസികള്‍ അവരുടെ സുഖസന്തോഷങ്ങളില്‍ മുഴുകിക്കഴിയും.(55) അവരും അവരുടെ ഇണകളും സ്വര്‍ഗ്ഗീയ തണലുകളില്‍ കട്ടിലുകളില്‍ ചാരിക്കിടന്ന് വിശ്രമിക്കുന്നതാണ്.(56) അവിടെ അവര്‍ക്ക് പഴങ്ങളുണ്ട്. അവര്‍ ആവശ്യപ്പെടുന്നതും ഉണ്ടായിരിക്കും.(57) ഏറ്റവും വലിയ കാരുണ്യവാനായ പരിപാലകന്‍റെ ഭാഗത്തുനിന്നും സലാം പറയപ്പെടുന്നതുമാണ്.(58) (മറുഭാഗത്ത് മഹാപാപികളോട് പറയപ്പെടും:) പാപികളേ, ഇന്നേ ദിവസം നിങ്ങള്‍ മാറി നില്‍ക്കുക.(59) ആദം സന്തതികളെ, പിശാചിനെ നിങ്ങള്‍ ആരാധിക്കരുതെന്ന് ഞാന്‍ നിങ്ങളോട് കര്‍ശനമായി ഉണര്‍ത്തിയിരുന്നില്ലേ? തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പരസ്യമായ ശത്രുവാണ്.(60) എന്നെ മാത്രം ആരാധിക്കുക. ഇതു മാത്രമാണ് നേരായ മാര്‍ഗ്ഗം എന്നും ഞാന്‍ അറിയിച്ചില്ലേ?(61) പിശാച് നിങ്ങളില്‍ ധാരാളം ആളുകളെ വഴി പിഴപ്പിച്ചു. നിങ്ങള്‍ക്ക് ബുദ്ധി ഇല്ലായിരുന്നോ?(62) നിങ്ങള്‍ മുന്നറിയിപ്പ് നല്‍കപ്പെട്ട നരകം ഇത് തന്നെയാണ്.(63) നിങ്ങളുടെ നിഷേധത്തിന്‍റെ ഫലമായി നിങ്ങള്‍ ഇതില്‍ പ്രവേശിച്ചുകൊള്ളുക.(64) ഇന്നേ ദിവസം നാം അവരുടെ വായകളില്‍ മുദ്ര വെയ്ക്കുന്നതാണ്, അവരുടെ കൈകള്‍ നമ്മോട് സംസാരിക്കുന്നതാണ്, അവരുടെ കാലുകള്‍ അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സാക്ഷി നില്‍ക്കുന്നതാണ്.(65) നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കണ്ണിന്‍റെ കാഴ്ച തന്നെ നാം ഊരിക്കളയുമായിരുന്നു. അപ്പോള്‍ അവര്‍ വഴിയിലൂടെ ഓടാന്‍ ഉദ്ദേശിക്കുമ്പോള്‍ അവര്‍ എങ്ങനെ കാണാനാണ്?(66) നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ സ്ഥലങ്ങളില്‍ വെച്ചുതന്നെ അവരെ കോലം മറിച്ചുകളയുമായിരുന്നു. അപ്പോള്‍ അവര്‍ക്ക് പുറത്തേക്ക് പോകുവാനോ, വീട്ടിലേക്ക് വരുവാനോ സാധിക്കുമായിരുന്നില്ല.(67) നാം ആയുസ്സ് വര്‍ദ്ധിപ്പിച്ചുകൊടുക്കുന്നവരുടെ പ്രകൃതി നാം തലതിരിച്ചുകൊണ്ടുവരുന്നു. ഇക്കാര്യങ്ങള്‍ അവര്‍ മനസ്സിലാക്കുന്നില്ലേ?(68)

ആശയ സംഗ്രഹം
നിങ്ങളുടെ വാദത്തില്‍ നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ പരലോകമുണ്ടെന്ന ഈ വാഗ്ദാനം എപ്പോഴാണ് പൂര്‍ത്തീകരിക്കപ്പെടുക എന്ന് നിഷേധാത്മാക രീതിയില്‍ റസൂലുല്ലാഹി (സ)യോടും റസൂലുല്ലാഹി (സ)യുടെ കൂട്ടുകാരോടും നിഷേധികള്‍ ചോദിക്കുന്നു. അല്ലാഹു പറയുന്നു: നിരന്തരം അവര്‍ ആവശ്യപ്പെടുന്നത് കേട്ടാല്‍ അവര്‍ ഒരു അട്ടഹാസത്തോടെ ആരംഭിക്കുന്ന പരലോകത്തെ തന്നെ പ്രതീക്ഷിക്കുന്നതായി തോന്നിപ്പോകും. എന്നാല്‍ നിഷേധികള്‍ അവരുടെ പതിവനുസരിച്ച് അവരുടെ പ്രശ്നങ്ങളില്‍ പരസ്പരം വഴക്കടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒന്നാം ഊത്തായ ആ അട്ടഹാസം അവരുടെ മേല്‍ പതിക്കുന്നതാണ്. അപ്പോള്‍ അവര്‍ ഉടനടി മരിച്ച് വീഴുന്നതാണ്. അവര്‍ക്ക് ഒരു വസിയ്യത്തും ചെയ്യാന്‍ സാധിക്കുന്നതല്ല. അവരുടെ വീട്ടുകാരിലേക്ക് മടങ്ങാനും കഴിയുന്നതല്ല. മറിച്ച് അവരുടെ അതേ അവസ്ഥയില്‍ അവര്‍ മരിച്ച് വീഴുന്നതാണ്. ശേഷം രണ്ടാമതും സൂര്‍ കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ അവരുടെ ഖബറുകളില്‍ നിന്നും അവര്‍ പുറപ്പെട്ട് അവരുടെ രക്ഷിതാവിലേക്ക് വിചാരണയ്ക്ക് വേണ്ടി ധൃതിയില്‍ വരുന്നതാണ്. അവിടുത്തെ ഭയാനക രംഗങ്ങള്‍ കാണുമ്പോള്‍ അവര്‍ പറയും: ഹാ കഷ്ടം, ഞങ്ങളെ ഖബറുകളില്‍ നിന്നും എഴുന്നേല്‍പ്പിച്ചത് ആരാണ്? ഇപ്പോഴുള്ള അവസ്ഥയേക്കാളും അവിടെ അല്‍പ്പമെങ്കിലും വിശ്രമമുണ്ടായിരുന്നു! മലക്കുകള്‍ ഉടനെ മറുപടി പറയും: അറിയുക: ഇത് കാരുണ്യവാനായ അല്ലാഹു വാഗ്ദാനം ചെയ്ത പരലോകമാണ്. പ്രവാചകന്മാര്‍ സത്യം പറഞ്ഞിരുന്നു. പക്ഷേ, നിങ്ങള്‍ അംഗീകരിച്ചിരുന്നില്ല. അടുത്തതായി അല്ലാഹു അറിയിക്കുന്നു: സൂറിലെ രണ്ടാമത്തെ ഊത്ത് ഒരു വലിയ അട്ടഹാസം തന്നെയായിരിക്കും. അപ്പോള്‍ അവര്‍ എല്ലാവരും നമ്മുടെ അരികില്‍ ഹാജരാക്കപ്പെടുന്നതാണ്. കഴിഞ്ഞ ആയത്തില്‍ അവര്‍ ധൃതിയില്‍ നടക്കുമെന്ന് പറയപ്പെട്ടു. അങ്ങനെ അവര്‍ വിചാരണയുടെ സ്ഥലത്ത് നിര്‍ബന്ധിതരായി എത്തിച്ചേരുന്നതാണ്. ഇന്നേ ദിവസം ആരുടെമേലും ഒരു അക്രമവും ഉണ്ടാകുന്നതല്ല. നിങ്ങള്‍ ഇഹലോകത്ത് പ്രവര്‍ത്തിച്ച നിഷേധങ്ങളുടെയും മറ്റും കര്‍മ്മങ്ങള്‍ക്കല്ലാതെ പ്രതിഫലം നല്‍കപ്പെടുന്നതുമല്ല. ഇത് നരകവാസികളുടെ അവസ്ഥയാണ്. എന്നാല്‍ സ്വര്‍ഗ്ഗവാസികളുടെ അവസ്ഥ ഇപ്രകാരമായിരിക്കും: ഇന്നേ ദിവസം തീര്‍ച്ചയായും അവരുടെ സുഖസന്തോഷങ്ങളില്‍ സ്വര്‍ഗ്ഗവാസികള്‍ മുഴുകിക്കഴിയും. അവരും അവരുടെ ഇണകളും സ്വര്‍ഗ്ഗീയ തണലുകളില്‍ കട്ടിലുകളില്‍ ചാരിക്കിടന്ന് വിശ്രമിക്കുന്നതാണ്. അവിടെ അവര്‍ക്ക് പലതരം പഴങ്ങളുണ്ട്. അവര്‍ ആവശ്യപ്പെടുന്നത് അവര്‍ക്ക് ലഭിക്കുന്നതായിരിക്കും. ഏറ്റവും വലിയ കാരുണ്യവാനായ പരിപാലകന്‍റെ ഭാഗത്തുനിന്നും സലാം പറയപ്പെടുന്നതുമാണ്. അതായത് സ്വര്‍ഗ്ഗവാസികളെ, നിങ്ങള്‍ക്ക് രക്ഷയെന്ന് രക്ഷിതാവ് അവരോട് പറയുന്നതാണ്. (ഇബ്നുമാജ) അടുത്തതായി നരകവാസികളുടെ അവസ്ഥയുടെ അന്ത്യത്തെക്കുറിച്ച് വിവരിക്കുന്നു: മഹാപാപികളോട് വിചാരണയ്ക്ക് ശേഷം പറയപ്പെടും: നിഷേധം പോലുള്ള പാപങ്ങള്‍ പ്രവര്‍ത്തിച്ചവരേ, ഇന്നേ ദിവസം സത്യവിശ്വാസികളില്‍ നിന്നും നിങ്ങള്‍ മാറി നില്‍ക്കുക. കാരണം അവര്‍ സ്വര്‍ഗ്ഗത്തിലേക്കും നിങ്ങള്‍ നരകത്തിലേക്കും പോകേണ്ടവരാണ്. തദവസരം അവരെ ആക്ഷേപിക്കാന്‍ വേണ്ടി പറയപ്പെടും: ആദം സന്തതികളെ, പിശാചിനെ നിങ്ങള്‍ ആരാധിക്കരുതെന്ന് ഞാന്‍ നിങ്ങളോട് കര്‍ശനമായി ഉണര്‍ത്തിയിരുന്നില്ലേ? തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പരസ്യമായ ശത്രുവാണ്. എന്നെ മാത്രം ആരാധിക്കുക, ഇതു മാത്രമാണ് നേരായ മാര്‍ഗ്ഗം എന്നും ഞാന്‍ അറിയിച്ചില്ലേ? പിശാചിന്‍റെ ആരാധനകൊണ്ടുള്ള ഉദ്ദേശം പിശാചിനോടുള്ള നിരുപാധിക അനുസരണയാണ്. പിശാച് നിങ്ങളില്‍ ധാരാളം ആളുകളെ വഴി പിഴപ്പിക്കുകയും അതിന്‍റെ ദുരന്തം ഇഹലോകത്ത് തന്നെ അവര്‍ക്ക് സംഭവിക്കുകയും ചെയ്ത കാര്യങ്ങള്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കപ്പെട്ടിരുന്നില്ലേ? പിശാചിന്‍റെ വഴികേടിലൂടെ നിങ്ങളും ശിക്ഷാര്‍ഹരായിത്തീരുമെന്ന കാര്യം നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കിയില്ലേ? നിഷേധത്തിന്‍റെ പേരില്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെട്ട നരകം ഇത് തന്നെയാണ്. നിങ്ങളുടെ നിഷേധത്തിന്‍റെ ഫലമായി നിങ്ങള്‍ ഇതില്‍ പ്രവേശിച്ചുകൊള്ളുക. അന്നേ ദിവസം നാം അവരുടെ വായകളില്‍ മുദ്ര വെയ്ക്കുന്നതാണ്. അതുകാരണമായി അവര്‍ക്ക് ദുര്‍ന്യായങ്ങള്‍ പറയാന്‍ സാധിക്കുന്നതല്ല.  അവരുടെ കൈകള്‍ നമ്മോട് സംസാരിക്കുന്നതാണ്, അവരുടെ കാലുകള്‍ അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സാക്ഷി നില്‍ക്കുന്നതാണ്. ഇത് പരലോകത്തിലെ അവസ്ഥകളാണ്. നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഇഹലോകത്ത് തന്നെ അവരുടെ നിഷേധത്തിന്‍റെ ശിക്ഷയെന്ന നിലയില്‍ അവരുടെ കണ്ണിന്‍റെ കാഴ്ച  കണ്ണിനെത്തന്നെ നശിപ്പിക്കല്‍ കൊണ്ടോ, കാഴ്ച ഇല്ലാതാക്കിയോ നാം ഊരിക്കളയുമായിരുന്നു. അപ്പോള്‍ അവര്‍ വഴിയിലൂടെ ഓടാന്‍ ഉദ്ദേശിക്കുമ്പോള്‍ അവര്‍ എങ്ങനെ കാണാനാണ്? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഇതിനേക്കാളും കൂടുതലായി ശിക്ഷ നല്‍കുകയും അവരുടെ സ്ഥലങ്ങളില്‍ വെച്ചുതന്നെ അവരെ കോലം മറിച്ചുകളയുകയും അവരുടെ ചലന ശേഷി നഷ്ടപ്പെടുത്തുകയും ചെയ്യുമായിരുന്നു. അപ്പോള്‍ അവര്‍ക്ക് പുറത്തേക്ക് പോകുവാനോ, വീട്ടിലേക്ക് വരുവാനോ സാധിക്കുമായിരുന്നില്ല. അവരുടെ കാഴ്ച നഷ്ടപ്പെടുത്തുന്നതും കോലം മറിയ്ക്കുന്നതും നമുക്ക് അല്‍പ്പവും ബുദ്ധിമുട്ടുള്ള കാര്യമല്ല. മുമ്പ് ചിലര്‍ക്ക് നാം ഈ ശിക്ഷ നല്‍കിയിട്ടുണ്ട്. കൂടാതെ, നമ്മുടെ കഴിവിനെ വിളിച്ചറിയിക്കുന്നു ഒരു കാര്യത്തിലേക്ക് നോക്കുക: നാം ആയുസ്സ് വര്‍ദ്ധിപ്പിച്ചുകൊടുത്ത് വല്ലാത്ത വാര്‍ദ്ധ്യക്യത്തിലാക്കുന്നവരുടെ പ്രകൃതിപരമായ അവസ്ഥ നാം തലതിരിച്ചുവെക്കുന്നതാണ്. പ്രകൃതിപരമായ അവസ്ഥകൊണ്ടുള്ള ഉദ്ദേശം ബുദ്ധിയും ബോധവും കേള്‍വിയും കാഴ്ചയും ദഹന ശക്തിയും നിറവും സൗന്ദര്യവും മറ്റുമാണ്. തലകീഴായി മറിയ്ക്കും എന്നതിന്‍റെ ഉദ്ദേശം അതില്‍ മാറ്റം വരുത്തുകയും ഉന്നത അവസ്ഥയില്‍ നിന്നും താഴ്ന്ന രീതിയിലേക്ക് മാറ്റുകയും ചെയ്യുന്നു എന്നതാണ്. ഇതും കണ്ടിട്ടും അവര്‍ കാര്യം മനസ്സിലാക്കുന്നില്ലേ? അതെ, ഈ മാറ്റത്തിന് കഴിവുള്ളവന്‍ ആ മാറ്റത്തിന് കഴിവുള്ളവനാണ്. എന്നല്ല, രണ്ട് കാര്യവും പടച്ചവന് ഒരുപോലെയാണ്.

വിവരണവും വ്യാഖ്യാനവും 
 അവര്‍ ഒരു അട്ടഹാസത്തെ മാത്രമാണ് പ്രതീക്ഷിക്കുന്നത്. അവര്‍ പരസ്പരം വഴക്കടിച്ചുകൊണ്ടിരിക്കുമ്പോള്‍ അത് അവരുടെ മേല്‍ പതിക്കുന്നതാണ്.(49)  നിങ്ങള്‍ പറയുന്ന ലോകാവസാനം എപ്പോള്‍ ഏത് വര്‍ശം എത്രാം തീയതി വരും എന്ന് പരിഹാസത്തോടെ മുസ്ലിംകളോട് ചോദിക്കുന്ന നിഷേധികള്‍ക്കുള്ള മറുപടിയാണിത്. നിഷേധികള്‍ അപ്രകാരം ചോദിച്ചത് സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം അറിയാന്‍ വേണ്ടി അല്ലായിരുന്നു. മറിച്ച് പരിഹാസ രൂപേണയായിരുന്നു. യാഥാര്‍ത്ഥ്യം അവര്‍ അറിയാന്‍ ആഗ്രഹിച്ചാലും ലോകാവസാനത്തിന്‍റെ വര്‍ഷവും തീയതിയും ആര്‍ക്കും ഉറപ്പായ നിലയില്‍ അറിയിച്ച് കൊടുക്കാതിരിക്കുക എന്നതാണ് സര്‍വ്വലോക പരിപാലകനായ പടച്ചവന്‍റെ തന്ത്രജ്ഞതയുടെ പ്രേരണ. അത്കൊണ്ട് തന്നെ അല്ലാഹു ഇതിനെ നബിമാര്‍ക്ക് പോലും അറിയിച്ച് കൊടുത്തിട്ടില്ല. ആകയാല്‍ അവരുടെ ചോദ്യം യാഥാര്‍ത്ഥ്യം അറിയാന്‍ വേണ്ടിയായിരുന്നാലും പാഴ്ചോദ്യമായിരുന്നു. അത് കൊണ്ട് തന്നെ ഇതിന് മറുപടിയായി ലോകാവസാനത്തിന്‍റെ തീയതി പറയുന്നതിന് പകരം അല്ലാഹു അവരെ ഉണര്‍ത്തുന്നു.: ഉറപ്പായും വരാനിരിക്കുന്ന കാര്യത്തെക്കുറിച്ച് തയ്യാറെടുപ്പ് നടത്തുകയാണ് വേണ്ടത്. അതിന്‍റെ സമയവും തീയതിയും അന്വേഷിച്ച് സമയം പാഴാക്കാതിരിക്കുക. ലോകവസാനത്തിന്‍റെ വാര്‍ത്ത കേട്ട് സത്യവിശ്വാസം സ്വീകരിക്കുകയും പരലോകത്ത് പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയുമായിരുന്നു വേണ്ടിയിരുന്നത്. പക്ഷെ ഇവര്‍ അശ്രദ്ധയില്‍ പരിപൂര്‍ണ്ണമായി കുടുങ്ങിക്കിടക്കുകയാണ്. ഖിയാമത്ത് സംഭവിച്ച ശേഷം തയ്യാറെടുക്കാമെന്നാണ്ണ്. അവര്‍ വിചാരിക്കുന്നത്. അത് കൊണ്ട്  അവര്‍ ലോകാവസാനത്തെ പ്രതീക്ഷിച്ച് കഴിയുകയാണ്. എന്നാല്‍ ലോകവസാനത്തിന്‍റെ അവസ്ഥ വളരെയഥികം ഗൗരവ പൂര്‍ണ്ണമായിരിക്കും. അതെ ഒരു ഭയങ്കര ശബ്ദത്തില്‍ സൂര്‍ കാഹളത്തില്‍ ഊതപ്പെടും. ജനങ്ങള്‍ അവരവരുടെ ജോലികളിലും ക്രയ വിക്രയങ്ങളിലും വഴക്കുകളിലും മുഴുകിക്കിടക്കുന്നതിനിടയില്‍ അത് അവരെ വന്ന് പിടികൂടുന്നതും അവരെല്ലാവരും ആ അവസ്ഥയില്‍ മരിച്ച് വീഴുന്നതുമാണ്.  ഒരു ഹദീസില്‍ വന്നിരിക്കുന്നു: രണ്ടാളുകള്‍ വസ്ത്ര വ്യാപാരത്തില്‍ മുഴുകിയിരിക്കുകയാണ്. തുണി വിരിക്കുന്നതിന്‍റെ ഇടയില്‍ ഖിയാമത്ത് സംഭവിക്കുന്നതാണ്. വസ്ത്രം ചുരുട്ടിവെക്കാന്‍ പോലും സാധിക്കുന്നതല്ല. മറ്റൊരു വ്യക്തി ജലസംഭരണി നന്നാക്കുകയായിരിക്കും. ഇതിനിടയില്‍ ഖിയാമത്ത് സംഭവിക്കുന്നതും മരിച്ച് വീഴുന്നതുമാണ്. (ഖുര്‍ത്വുബി) 
അപ്പോള്‍ അവര്‍ക്ക് ഒരു വസിയ്യത്തും ചെയ്യാന്‍ സാധിക്കുന്നതല്ല. അവരുടെ വീട്ടുകാരിലേക്ക് മടങ്ങാനും കഴിയുന്നതല്ല.(50)  അതായത് അവര്‍ ഒരുമിച്ച് കൂട്ടപ്പെടുന്ന ഈ സന്ദര്‍ഭത്തില്‍ പരസ്പരം എന്തെങ്കിലും വസിയ്യത്ത് ചെയ്യാന്‍ ഇളവ് നല്‍കപ്പെടുന്നതല്ല. വീടുകളുടെ പുറത്ത് കഴിയുന്നവര്‍ വീട്ടിലേക്ക് മടങ്ങാന്‍ പോലും സാവകാശം നല്‍കപ്പെടുന്നതല്ല. അവിടെ വെച്ച് തന്നെ മരണപ്പെടുന്നതാണ്. ഇത് ഒന്നാം ഊത്തുമായി ബന്ധപ്പെട്ട അവസ്ഥകളുടെ വിവരണമാണ്. തദവസരം ആകാശ ഭൂമികളും ലോകം മുഴുവനും തകരുന്നതാണ്.
    സൂര്‍ കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ അവരുടെ ഖബറുകളില്‍ നിന്നും അവര്‍ പുറപ്പെട്ട് അവരുടെ രക്ഷിതാവിലേക്ക് ഓടി വരുന്നതാണ്.(51) ഈ ആയത്തിലെ അജ്ദാസ് എന്നത് ജസദിന്‍റെ ബഹുവചനമാണ്. ഖബ്ര്‍ എന്നാണ് അതിന്‍റെ ആശയം. യന്‍സിലൂന്‍ എന്നത് നസ്ലാനില്‍ നിന്നും എടുക്കപ്പെട്ടതാണ്. ദൃതിയില്‍ നടക്കുക എന്നതാണ് ഇതിന്‍റെ ആശയം. ഇക്കാര്യം മറ്റൊരു ആയത്തില്‍ ഇപ്രകാരം പറയുന്നു... (മആരിജ് 43) അതായത് ജനങ്ങള്‍ അവരുടെ ഖബറുകളില്‍ നിന്നും തിരക്ക് കൂട്ടിക്കൊണ്ട് പുറപ്പെടുന്നതാണ്. സൂറത്തു സുമര്‍ 68ാം ആയത്തില്‍, ജനങ്ങള്‍ ഖബറുകളില്‍ നിന്നും എഴുന്നേറ്റ് നോക്കിക്കൊണ്ട് നില്‍ക്കുന്നതാണ് എന്ന് പറഞ്ഞത് ഇതിന് എതിരല്ല. കാരണം ആരംഭത്തില്‍ അന്തംവിട്ട് നോക്കുന്നതാണ്. തുടര്‍ന്ന് ധൃതിയില്‍ മഹ്ഷറിലേക്ക് ഓടുന്നതാണ്. ഇവരണ്ടിനുമിടയില്‍ ഒരു വൈരുദ്ധ്യവുമില്ല. ജനങ്ങളെയെല്ലാം മലക്കുകള്‍ മഹ്ഷറിലേക്ക് വിളിച്ച് കൊണ്ട് വരുന്നതാണെന്ന് വേറെ ആയത്തുകളില്‍ വന്നിട്ടുണ്ട്. ആകയാല്‍ നിഷേധികള്‍ ഇപ്രകാരം മഹ്ഷറിലേക്ക് വരുന്നത് സ്വന്തം ഇഷ്ടപ്രകാരം അല്ലെന്നും മലക്കുകള്‍ വിളിക്കുന്ന കാരണത്താല്‍ മഹ്ഷറിലേക്ക് ഓടിവരുന്നതാണെന്നും ഇതില്‍ നിന്നും മനസ്സിലാകുന്നു. 
അവര്‍ പറയും: ഹാ കഷ്ടം, ഞങ്ങളെ ഖബറുകളില്‍ നിന്നും എഴുന്നേല്‍പ്പിച്ചത് ആരാണ്?. അറിയുക: ഇത് കാരുണ്യവാനായ അല്ലാഹു വാഗ്ദാനം ചെയ്ത കാര്യമാണ്. പ്രവാചകന്മാര്‍ സത്യം പറഞ്ഞിരിക്കുന്നു.(52) നിഷേധികള്‍ ഖബര്‍ ശിക്ഷകളില്‍ ആയിരിക്കും അവിടെ അവര്‍ക്ക് അല്‍പ്പവും വിശ്രമമുണ്ടായിരിക്കുന്നല്ല. എന്നാല്‍ ഖിയാമത്ത് നാളിലെ ശിക്ഷക്ക് മുന്നില്‍ ഖബര്‍ ശിക്ഷ ഒന്നുമല്ലാത്തത് പോലെ അനുഭവപ്പെടുന്നതാണ്. അങ്ങിനെ അവര്‍ ചോദിക്കും ഞങ്ങളെ ഖബ്റുകളില്‍ നിന്നും ആരാണ് പുറത്താക്കിയത് അവിടത്തന്നെ ആയിരുന്നെങ്കില്‍ നന്നായിരുന്നു. ഇതിന് മറുപടിയായി മലക്കുകള്‍ അല്ലെങ്കില്‍ പൊതു സത്യവിശ്വാസികള്‍ ഇപ്രകാരം പറയുന്നതാണ്: കാരുണ്യവനായ പടച്ചവന്‍ നമ്മളോട് വാഗ്ദാനം ചെയ്യുകയും ദൂതന്‍മാര്‍ സത്യസന്ധമായ നിലയില്‍ വാഗ്ദാനം നല്‍കുകയും ചെയ്ത പരലോകം തന്നെയാണിത്. പക്ഷെ നിങ്ങള്‍ അവ ശ്രദ്ധിച്ചില്ല.! ഇവിടെ പടച്ചവനെ കുറിച്ച് റഹ്മാന്‍ എല്ലാവരോടും കരുണയുള്ളവന്‍ എന്ന് പറഞ്ഞത് ശ്രദ്ധേയമാണ്. അതായത് പടച്ചവന്‍ അവന്‍റെ കരുണകൊണ്ട് ഈ ശിക്ഷയില്‍ നിന്നും രക്ഷപെടാന്‍ നിങ്ങള്‍ക്ക് ധാരാളം കാര്യങ്ങള്‍ ഒരുക്കിത്തന്നിരുന്നു. ഇത് സമാഗതമാകുന്നതിന് മുമ്പ് തന്നെ ഇതിനെക്കുറിച്ചുള്ള വാഗ്ദാനം  വേദഗ്രന്ഥങ്ങളും നബിമാരും വഴിയായി നിങ്ങള്‍ക്ക് എത്തിച്ച് തന്നത് പടച്ചവന്‍റെ കാരുണ്യം കാരണമായിട്ടായിരുന്നു. 
ഇന്നേ ദിവസം തീര്‍ച്ചയായും സ്വര്‍ഗ്ഗവാസികള്‍ അവരുടെ സുഖസന്തോഷങ്ങളില്‍ മുഴുകിക്കഴിയും.(55)  നരകവാസികളുടെ പരിഭ്രമങ്ങളെക്കുറിച്ച് പറഞ്ഞതിന് ശേഷം മഹ്ഷറ വന്‍സഭയില്‍ സ്വര്‍ഗ്ഗവാസികള്‍ അനുഭവിക്കുന്ന ആനന്ദ സന്തോഷങ്ങളെ അല്ലാഹു ചിത്രീകരിക്കുകയാണ്. ഫാക്കിഹൂന്‍ എന്നത് ഫാക്കിഹിന്‍റെ ബഹുവചനമാണ്. സോന്തോഷം നിറഞ്ഞ അവസ്ഥ എന്നാണ് ഇതിന്‍റെ ആശയം. തിരക്കുകള്‍ എന്നത് കൊണ്ടുള്ള  ഉദ്ദേശവും സുഖ സന്തോഷങ്ങളുടെ തിരക്കുകള്‍ തന്നെയാണ്. അതെ, നരകവാസികള്‍ക്ക് സംഭവിക്കുന്ന മുഴുവന്‍ ദുഖ ദുരിതങ്ങളില്‍ നിന്നും ഇവര്‍ മോചിതരായിരിക്കും. തിരക്കുകളില്‍ എന്ന് പറഞ്ഞതിനെക്കുറിച്ച് മറ്റ് ചില മുഫസ്സിറുകള്‍ പറയുന്നു: സ്വര്‍ഗ്ഗത്തില്‍ നിര്‍ബന്ധമോ ഐശ്ചകമോ ആയ ആരാധനകളും സംബാധ്യങ്ങളും ഒന്നുമില്ലാത്തപ്പോള്‍ വെറുതെയിരുന്ന് ബേജാറാകേണ്ടിവരികയില്ലേ എന്ന സംശയത്തെ ദൂരീകരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. അതെ, അവരുടെ സുഖ സന്തോഷങ്ങള്‍ തന്നെ അവര്‍ക്കുള്ള വലിയൊരു ജോലിയായിരിക്കും. അത് കൊണ്ട് വെറുതെയിരുന്ന് ബേജാറാകേണ്ട ഒരു അവസ്ഥയും ഉണ്ടാകുന്നതല്ല. 
അവരും അവരുടെ ഇണകളും സ്വര്‍ഗ്ഗീയ തണലുകളില്‍ കട്ടിലുകളില്‍ ചാരിക്കിടന്ന് വിശ്രമിക്കുന്നതാണ്.(56)  ഇവിടെ പറയപ്പെട്ട ഇണകള്‍ എന്നത് കൊണ്ട് ഇഹലോകത്തെ ഇണകളും സ്വര്‍ഗ്ഗത്തിലെ ഹൂറികളുമാണ് ഉദ്ദേശം.
    അവിടെ അവര്‍ക്ക് പഴങ്ങളുണ്ട്. അവര്‍ ആവശ്യപ്പെടുന്നതും ഉണ്ടായിരിക്കും.(57) യദ്ദഊന്‍ എന്നത് ദഅ്വത്തില്‍ നിന്നും എടുക്കപ്പെട്ടതാണ്. വിളിക്കുക എന്നതാണ് ഇതിന്‍റെ ആശയം അതായത് സ്വര്‍ഗ്ഗവാസികള്‍ ആവിശ്യപ്പെടുകയും വിളിക്കുകയും ചെയ്യുന്ന എല്ലാ അനുഗ്രഹങ്ങളും അവര്‍ക്ക് ലഭിക്കുന്നതാണ്. ആവശ്യപ്പെടുക എന്നതിന് യസ്അലൂന എന്ന പദം ഉപയോഗിക്കാതിരുന്നത് ശ്രദ്ധേയമാണ്. കാരണം യസ്അലൂന എന്നതിന്‍റെ ആശയം ചോദിക്കുക  എന്നതാണെങ്കിലും അതില്‍ കുറച്ച് പ്രയാസവും ത്യാഗവും അടങ്ങിയിട്ടുണ്ട്. സ്വര്‍ഗ്ഗലോകം അതില്‍ നിന്നം മുക്തമാണ്. അവിടെ ആവശ്യമുള്ള സര്‍വ്വ വസ്തുക്കളും സുലഭമായി ലഭിക്കുന്നതാണ്. 
(മറുഭാഗത്ത് മഹാപാപികളോട് പറയപ്പെടും:) പാപികളേ, ഇന്നേ ദിവസം നിങ്ങള്‍ മാറി നില്‍ക്കുക.(59) മഹ്ശര്‍ വന്‍സഭയിലേക്ക് എല്ലാവരെരയും ഖബ്റുകളില്‍ നിന്നും എഴുന്നേല്‍പ്പക്കപ്പെടുമ്പോള്‍ എല്ലാവരും കൂടിക്കുഴഞ്ഞ് നടക്കുന്നതാണ്. അല്ലാഹു ഖുര്‍ആനില്‍ തന്നെ വിവരിക്കുന്നു. ... ഖമര്‍ 7 ഇത് ആദ്യത്തെ അവസ്ഥയാണ്. ശേഷം ഓരോരുത്തരേയും വിശ്വാസ കര്‍മ്മങ്ങള്‍ക്ക് അനുസൃതമായി വേര്‍തിരിക്കപ്പെടുന്നതാണ്. സത്യവിശ്വസാകള്‍ ഒരു ഭാഗത്തും നിഷേധികള്‍ മറ്റൊരു ഭാഗത്തും സത്കര്‍മ്മകാരികള്‍ ഒരു ഭാഗത്തും തെമ്മാടികള്‍ മറ്റൊരുഭാഗത്തും മാറ്റിനിര്‍ത്തപ്പെടുന്നതാണ്. ഇതേ കാര്യം ഖുര്‍ആനില്‍ മറ്റൊരുടത്ത് ഇപ്രകാരം വിവരിക്കുന്നു.(..തക്വീര്‍ 7) ഇതേകാര്യമാണ് ഈ ആയത്തിലും പറയപ്പെട്ടിരിക്കുന്നത്. 
ആദം സന്തതികളെ, പിശാചിനെ നിങ്ങള്‍ ആരാധിക്കരുതെന്ന് ഞാന്‍ നിങ്ങളോട് കര്‍ശനമായി ഉണര്‍ത്തിയിരുന്നില്ലേ? തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പരസ്യമായ ശത്രുവാണ്.(60) ഇത് അല്ലാഹു ഖിയാമത്ത് നാളില്‍ മുഴുവന്‍ മനുഷ്യരോടും മാത്രമല്ല ജിന്നുകളോടും ചോദിക്കുന്ന ഒരു ചോദ്യമാണ്. ഇവിടെ ഒരു സംശയമുണ്ട്: നിഷേധികള്‍ സാധാരണ പിശാചുക്കളെ ആരാധിക്കാറില്ല അവര്‍ വിഗ്രഹങ്ങളെയോ ഇതര വസ്തുക്കളെയെയോ ആണ് ആരാധിക്കാറുള്ളത് പിന്നെങ്ങനയാണ് അവരെക്കുറിച്ച് പിശാചുക്കളെ ആരാധിച്ചു എന്ന് പറഞ്ഞത്.? സംശയനിവാരണം ഇപ്രകാരമാണ്. ആരെയെങ്കിലും നിരുപാധികം സര്‍വ്വകാര്യങ്ങളിലും എല്ലാ അവസ്ഥകളിലും അനുസരിക്കുന്നതിനാണ് ആരാധന എന്ന് പറയുന്നത്. ബഹുദൈവ ആരാധന സര്‍വ്വ സമയങ്ങളിലും പിശാചിന്‍റെ അധ്യാപനങ്ങളെ അനുധാവനം ചെയ്തവരാണ്. അത് കൊണ്ട് അവരെക്കുറിച്ച് പിശാചിനെ ആരാധിച്ചവര്‍ എന്ന് പറയുകയുണ്ടായി. സമ്പത്തിനോടോ ഭാര്യയോടോ ഉള്ള സ്നേഹം കാരണം സമ്പത്ത് വര്‍ദ്ധിക്കാനും ഭാര്യയെ സന്തോഷിപ്പിക്കാനും വേണ്ടി പടച്ചവന്‍റെ ഇഷ്ടം നോക്കാതെ ഓരോ കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തിയെ കുറിച്ച് പണത്തിന്‍റെ അടിമയെന്നും ഭാര്യയുടെ അടിമയെന്നും ഹദീസില്‍ ഉപമിച്ചിട്ടുണ്ട്. (തിര്‍മിദി) ചില സൂഫി വര്യന്‍മാര്‍ സ്വന്തം മനസ്സിനെ കുറിച്ച് വിഗ്രഹം എന്ന് വിശേഷിപ്പിച്ചട്ടുണ്ട്. ഇത് കൊണ്ടുള്ള ഉദ്ദേശം മനസ്സിന്‍റെ ആഗ്രഹങ്ങളെ പിന്‍പറ്റലാണ്.നിഷേധവും ബഹുദൈവാരധനയും അല്ല. ഒരു മഹാന്‍ പറയുന്നു: വിഗ്രഹങ്ങളുടെ (മനസ്സിന്‍റെ) മുന്നില്‍ സുജൂദ് ചെയ്ത് എന്‍റെ നെറ്റിയില്‍ അടയാളം വീണിരിക്കുന്നു. ഞാന്‍ ഇസ്ലാമിനെക്കുറിച്ച് എന്ന് വരെയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്.! 
ഇന്നേ ദിവസം നാം അവരുടെ വായകളില്‍ മുദ്ര വെയ്ക്കുന്നതാണ്, അവരുടെ കൈകള്‍ നമ്മോട് സംസാരിക്കുന്നതാണ്, അവരുടെ കാലുകള്‍ അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സാക്ഷി നില്‍ക്കുന്നതാണ്.(65) മഹ്ശര്‍ വന്‍സഭയില്‍ വിചാരണക്ക് വേണ്ടി ഹാജരാക്കപ്പെടുമ്പോള്‍ ആദ്യം എല്ലാവര്‍ക്കും ഇഷ്ടമുള്ള  ന്യായം പറയാന്‍ അനുമതി നല്‍കപ്പെടുന്നതാണ്. അപ്പോള്‍ ബഹുദൈവാരധകര്‍, ഞങ്ങള്‍ ബഹുദൈവാരാധന നടത്തിയിട്ടില്ലന്ന് ആണയിട്ട് പറയുന്നതാണ്. (.....അന്‍ആം 23) മാത്രമല്ല ചിലര്‍ പറയും മലക്കുകള്‍ ഞങ്ങളുടെ കര്‍മ്മ പുസ്തകത്തില്‍ എഴുതിയിട്ടുള്ള തിന്മകളുമായി യാതൊരു ബന്ധവുമില്ല. ഈ സമയത്ത് അല്ലാഹു അവരുടെ വായകളില്‍ മുദ്രയടിക്കുന്നതും അവര്‍ക്കൊന്നും സംസാരിക്കാന്‍ കഴിയാതാവുന്നതുമാണ്. അതിന് പകരം അവരുടെ കൈകാലുകളെ ഔദ്യോകിക സാക്ഷികളാക്കി സംസാരിക്കാന്‍ ശേഷി നല്‍കപ്പെടുന്നതും അവ മുഴുവന്‍ കര്‍മ്മങ്ങളെ കുറിച്ച് സാക്ഷ്യം വഹിക്കുന്നതാണ്. ഈ ആയത്തില്‍ കൈകാലുകള്‍ എന്ന് മാത്രമേ പറയപ്പെട്ടിട്ടുള്ളു.  ഹാമീം സജദയില്‍ കാതും, കണ്ണും, തൊലിയും സാക്ഷ്യം വഹിക്കുന്നതാണെന്നും സൂറത്തുന്നൂറില്‍ നാവ് സാക്ഷ്യം വഹിക്കുന്നതാണെന്നും വന്നിട്ടുണ്ട്. (ഹമീം സജദ 20.നൂന്‍ 24) വായ സ്വീല് വെച്ചിരക്കെ നാവ് എങ്ങനെ മൊഴിയുന്നതാണെന്ന് സംശയിക്കേണ്ടതില്ല. കാരണം വായ സ്വീല്‍ വെക്കുക എന്നതിന്‍റെ ആശയം സ്വന്തം ഇഷ്ടപ്രകാരം ഒന്നും സംസാരിക്കാന്‍ കഴിയില്ല എന്നാണ്. മറിച്ച് അവരുടെ നാവുകള്‍ അവരുടെ ഇഷ്ടത്തിന് എതിരില്‍ ചലിക്കുന്നതും സാക്ഷ്യം വഹക്കുന്നതുമാണ്. ഈ അവയവങ്ങള്‍ക്ക് സംസാര ശേഷി എങ്ങനെ ലഭിച്ചു എന്നതിനുള്ള മറുപടി ഖുര്‍ആന്‍  തന്നെ നല്‍കുന്നു: സംസാരിക്കുന്ന അവയവങ്ങള്‍ പറയുന്നതാണ്: സംസാരിക്കുന്നവര്‍ക്കെല്ലാം സംസാര ശേഷി നല്‍കിയ അല്ലാഹു നമുക്കും സംസാര ശേഷി നല്‍കിയിരിക്കുന്നു. (ഹാമീം സജദ 21) 
തലതിരിച്ചുകൊണ്ടുവരുന്നു. ഇക്കാര്യങ്ങള്‍ അവര്‍ മനസ്സിലാക്കുന്നില്ലേ?(68) നുഅമ്മിര്‍ എന്നത് തഅ്മീറില്‍ നിന്നും എടുക്കപ്പെട്ടതാണ്. ആയുസ്സ് നീട്ടിക്കൊടുക്കുക എന്നാണ് ആശയം. നുനക്കിസ് എന്നത് തന്‍കീസില്‍ നിന്നും എടുക്കപ്പെട്ടതാണ്. തലകീഴാക്കി നിര്‍ത്തുക എന്നതാണ് അര്‍ത്ഥം.   ഈ ആയത്തില്‍ അല്ലാഹുവിന്‍റെ സംമ്പൂര്‍ണ്ണ കഴിവിന്‍റെയും സമുന്നത തത്വത്തിന്‍റയും ഒരു ദൃഷ്ടാന്തം വിവരിച്ചിരിക്കുകയാണ്. അതായത് മുഴുവന്‍ മനുഷ്യരും ജീവികളും സര്‍വ്വ സമയങ്ങളിലും അല്ലാഹുവിന്‍റെ നിയന്ത്രണത്തിലാണ്. പടച്ചവന്‍റെ അപാരമായ കഴിവിന്‍റെ പ്രകടനങ്ങള്‍ എല്ലാവരിലും നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. നിസാരവും നിര്‍ജ്ജീവവുമായ ഒരു ഇന്ദ്രിയത്തില്‍ നിന്നായിരുന്നു മനുഷ്യന്‍റെ തുടക്കം. തുടര്‍ന്ന് മൂന്ന് ഇരുളുകള്‍ക്കുള്ളില്‍ ഉത്തമ സൃഷ്ടിയായ മനുഷ്യന്‍റെ സൃഷ്ടിപ്പ് നടന്നു. അതിസൂക്ഷ്മമായ പലതരം ഉപകരണങ്ങള്‍ മനുഷ്യ ശരീരത്തില്‍ ഘടിപ്പിക്കപ്പെട്ടു. ശേഷം ആത്മാവ് നിക്ഷേപിച്ച് ജീവനുള്ളതാക്കി. ഒമ്പത് മാസം മാതൃ ഗര്‍ഭത്തിനുള്ളില്‍ വളരുകയും ഒരു സമ്പൂര്‍ണ്ണ മനുഷ്യനായി ഈ ലോകത്തേക്ക് വരുകയും ചെയ്തു. സമ്പൂര്‍ണ്ണനാണെങ്കിലും മനുഷ്യന്‍ തുടര്‍ന്നും സര്‍വ്വ കാര്യങ്ങളിലും ബലഹീനനും ആവശ്യക്കാരനുമായിരുന്നു. പടച്ചവന്‍ അവന്‍റെ പ്രകൃതിക്കനുസൃതമായ ആഹാരങ്ങള്‍ മാതാവിന്‍റെ സ്തനങ്ങളില്‍ തയ്യാറാക്കി. അതിലൂടെ അവന്‍ കൂടുതല്‍ വളര്‍ന്നു. അവിടെ നിന്നും യുവത്വം വരെ പലഘട്ടങ്ങള്‍ പിന്നിട്ടുകൊണ്ട് അവന്‍റെ ശക്തി സമ്പൂര്‍ണ്ണമായി. സര്‍വ്വ എതിരാളികളെയും പരാജയപ്പെടുത്താനുള്ള ശാരീരിക-മാനസിക ശേഷികള്‍ ലഭ്യമായി. എന്നാല്‍ അല്‍പ്പം കഴിഞ്ഞപ്പോള്‍ ഉടമസ്ഥനായ പടച്ചവന്‍റെ തീരുമാന പ്രകാരം സര്‍വ്വ ശക്തികളും അല്‍പ്പാല്‍പ്പമായി കുറയാന്‍ തുടങ്ങി. നിരവധി ഘട്ടങ്ങള്‍ കടന്ന് അവസാനം വാര്‍ദ്ധക്യത്തിന്‍റെ അന്ത്യമ ഘട്ടത്തിലെത്തി. അതെ, വാര്‍ദ്ധക്യം ചെറുപ്പത്തിന്‍റെ ഒരുതരം പുനരാവര്‍ത്തനമാണ്. മുഴുവന്‍ പതിവുകളും ശൈലികളും മാറിമറിഞ്ഞു. മുന്‍പ് പ്രിയങ്കരമായിരുന്ന വസ്തുക്കള്‍ വെറുപ്പുള്ളതായി. കഴിഞ്ഞ നാളുകളിലെ സുഖകരമായ കാര്യങ്ങള്‍ ഇപ്പോള്‍ ദുഷ്കരമായി. ഇതിനെക്കുറിച്ചാണ് ഈ ആയത്തില്‍ തലകീഴായി മറിക്കുന്നതാണെന്ന വാചകം ഉപയോഗിച്ചിരിക്കുന്നത്. ഒരു കവി പറയുന്നു: ആരെങ്കിലും ജീവിച്ചിരുന്നാല്‍ അവന്‍റെ കടുപ്പത്തെയും ശക്തിയെയും കാലഘട്ടം പഴയതാക്കുന്നതാണ്. അവന്‍റെ ഏറ്റവും വിശ്വസ്തനായ രണ്ട് കൂട്ടാളികള്‍ അതായത് കേള്‍വിയും കാഴ്ചയും അവനെ വഞ്ചിച്ച് മാറിപ്പോകുന്നതാണ്! അതെ, ഈ ലോകത്ത് അവന് ഏറ്റവും വിശ്വാസം സ്വന്തം കണ്ണുകള്‍ കൊണ്ട് കാണുകയും കാതുകള്‍ കൊണ്ട് കേള്‍ക്കുകയും ചെയ്ത കാര്യങ്ങളായിരുന്നു. എന്നാല്‍ വാര്‍ദ്ധക്യമായപ്പോള്‍ അവ രണ്ടും ഉറപ്പില്ലാത്തതായി. കേള്‍വി കുറഞ്ഞതിനാല്‍ കാര്യങ്ങള്‍ കേള്‍ക്കാന്‍ ബുദ്ധിമുട്ടുന്നു. കാഴ്ച കുറഞ്ഞതിനാല്‍ എല്ലാം ശരിയായി കാണാനും പ്രയാസമായി. മുത്തുനബി പറയുന്നു: ആരെങ്കിലും ഇഹലോകത്ത് ദീര്‍ഘനാള്‍ ജീവിച്ചിരുന്നാല്‍ ലോകം അവന് മുന്നില്‍ വെച്ചുതന്നെ മാറിമറിയുന്നതാണ്. അങ്ങനെ മുന്‍പ് സത്യമായി കണ്ട കാര്യങ്ങളെല്ലാം കളവായി അനുഭവപ്പെടുന്നതാണ്! 
മനുഷ്യ ജീവിതത്തിലെ ഈ മറിമായങ്ങള്‍ സര്‍വ്വ ശക്തനായ അല്ലാഹുവിന്‍റെ അത്ഭുതകരമായ കഴിവിന്‍റെ പ്രകടനം തന്നെയാണ്. ഇതോടൊപ്പം ഇത് മനുഷ്യന്‍റെ മേലുള്ള അതിമഹത്തായ കാരുണ്യം കൂടിയാണ്. അതെ,  പടച്ചവന്‍ മനുഷ്യരില്‍ നിക്ഷേപിചിട്ടുള്ള സര്‍വ്വ ശേഷികളും പടച്ചവന്‍റെ ഔദ്യോഗിക ഉപകരണങ്ങളാണ്. കൂട്ടത്തില്‍ പടച്ചവന്‍ ഉണര്‍ത്തുന്നു: ഇത് ഒരിക്കലും നിന്‍റെ സമ്പൂര്‍ണ്ണ ഉടമസ്ഥതയില്‍ ഉള്ളതോ ശാശ്വതമോ അല്ല. ഇന്നല്ലെങ്കില്‍ നാളെ നിന്നില്‍ നിന്നും ഇത് തിരിച്ചെടുക്കപ്പെടുന്നതാണ്! ഇത്തരുണത്തില്‍ ഒരു നിര്‍ണ്ണിത സമയത്ത് എല്ലാ ശേഷികളും ഒറ്റയടിയ്ക്ക് തിരിച്ചെടുക്കുകയാണ് വേണ്ടിയിരുന്നത്. പക്ഷേ, ഔദാര്യവാനായ പടച്ചവന്‍ അതിനെ തിരിച്ചെടുക്കാന്‍ പല ഘട്ടങ്ങള്‍ നിശ്ചയിച്ചു. മനുഷ്യന്‍ ഉണരാനും പരലോക യാത്രയ്ക്ക് വേണ്ടി ഒരുങ്ങാനും അല്‍പ്പാല്‍പ്പമായി അവ തിരിച്ചെടുക്കുന്നു.  

***************************

മആരിഫുല്‍ ഹദീസ്

 റസൂലുല്ലാഹി (സ)യുടെ ദുആകൾ

 മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി


ദുആയുടെ ശ്രേഷ്ഠതകളും മര്യാദകളും വിവരിക്കുന്ന ഹദീസുകളാണ് ആമുഖമായി ഇതുവരെ എഴുതപ്പെട്ടത്. ഇനി ദുആയുടെ യഥാർത്ഥ രൂപവും ചൈതന്യവും ഉൾക്കൊണ്ട നബവീ ദുആക്കൾ അനുവാചക സമക്ഷം സമർപ്പിക്കുന്നു. ഇലാഹീ സന്നിധിയിലെ മുനാജാത്തുകളായ പ്രസ്തുത ദുആക്കൾ നബി സല്ലല്ലാഹു അലൈഹി വ സല്ലമയുടെ മഅ്‌രിഫത്തും സ്‌നേഹവും തുടിക്കുന്ന മാനസികാവസ്ഥ നമുക്ക് മനസ്സിലാക്കിത്തരുന്നു. മുഴുവൻ ഹദീസുകളുടേയും സത്ത എന്ന് പറയപ്പെടാവുന്ന ഈ ദുആക്കൾ നബി (സ) ഉമ്മത്തിന് നൽകിയ വലിയൊരു സമ്പാദ്യമാണ്. 
റസൂലുല്ലാഹി (സ)യുടെ ദുആക്കൾ മൂന്ന് വിഭാഗമാണ്. 1. പ്രത്യേക സന്ദർഭങ്ങളുമായി മാത്രം ബന്ധപ്പെട്ടത്. ഉദാഹരണത്തിന് രാവിലെയും വൈകുന്നേരവുമുള്ള ദുആക്കൾ മുതലായവ. 2. പൊതുവായി ചെയ്യപ്പെട്ടിരുന്ന സമ്പൂർണമായ ദുആക്കൾ 3. നബി  (സ) നമസ്‌കാരത്തിലും നമസ്‌കാരാനന്തരവും നിർവഹിച്ചിരുന്നവ. ആദ്യമായി നബി (സ) നമസ്‌കാരത്തിൽ നിർവഹിച്ചിരുന്ന ദുആക്കൾ ഉദ്ധരിക്കുന്നു.

തക്ബീറത്തുൽ ഇഹ്‌റാമിന് ശേഷമുള്ള പ്രാരംഭ പ്രാർത്ഥനകൾ
103. ജാബിർ (റ) പറയുന്നു: നബി (സ) നമസ്‌കാരം ആരംഭിക്കുമ്പോൾ തക്ബീർ ചൊല്ലിയതിന്ന് ശേഷം ഇപ്രകാരം ദുആ ചെയ്യുമായിരുന്നു..................... ''തീർച്ചയായും എന്റെ നമസ്‌കാരവും മറ്റെല്ലാ ആരാധനകളും ജീവിതവും മരണവും സർവലോക പരിപാലകനായ അല്ലാഹുവിനു വേണ്ടിയാകുന്നു. അവന് പങ്കുകാരനായി ആരും തന്നെയില്ല. ഇതാണ് എന്നോട് കൽപിക്കപ്പെട്ടിരിക്കുന്നത്. ഞാൻ ഏറ്റവും ആദ്യം തന്നെ അവനെ അനുസരിക്കുന്നവരിൽ പെട്ടവനാകുന്നു. അല്ലാഹുവേ നീ എന്നെ ഏറ്റവും നല്ല പ്രവർത്തനങ്ങളിലേക്കും സ്വഭാവങ്ങളിലേക്കും വഴി നടത്തേണമേ. ഇത് നിന്നിൽ നിന്നും മാത്രമാണ് ലഭിക്കുന്നത്. മോശമായ പ്രവർത്തനങ്ങൾ, സ്വഭാവങ്ങൾ എന്നിവകളിൽ നിന്നും നീ എന്നെ സംരക്ഷിക്കേണമേ. ഇതും നിനക്ക് മാത്രമാണ് സാധിക്കുന്നത''്. (സുനനു നസാഈ)
വിവരണം: ഈ ദുആയുടെ തുടക്കത്തിൽ നബി (സ) പതിവുപോലെ അല്ലാഹുവിന്റെ ഏകത്വവും അവനോടുള്ള വിധേയത്വവും പ്രഖ്യാപിച്ചതിന്ന് ശേഷം നല്ല പ്രവർത്തനങ്ങൾക്കും സ്വഭാവങ്ങൾക്കുമുള്ള സൗഭാഗ്യവും മോശമായ പ്രവർത്തനങ്ങളിൽ നിന്നുമുള്ള സംരക്ഷണവും ചോദിച്ചിരിക്കുന്നു. യഥാർത്ഥത്തിൽ മനുഷ്യന്റെ വിജയത്തിന്റെ അടിസ്ഥാനവും ഇതു തന്നെയാണ്. 
104. അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) പറയുന്നു. നബി (സ) തഹജ്ജുദിന് വേണ്ടി നിന്നാൽ ഇപ്രകാരം ദുആ ചെയ്തിരുന്നു:............ ''അല്ലാഹുവേ നിനക്കാകുന്നു സർവസ്തുതികളും. നീ തന്നെയാണ് അതിനർഹൻ .നീ ആകാശ ഭൂമികളെയും അതിലുള്ള സർവ വസ്തുക്കളെയും നിലനിർത്തുന്നവനാണ്. നിനക്കാണ് സർവ സ്തുതികളും. ആകാശ ഭൂമികളുടേയും അതിലെ സർവ സ്തുതികളുടേ പ്രകാശവും നീയാണ്.( പ്രപഞ്ചത്തിലെ മുഴുവൻ പ്രകാശ കിരണങ്ങളും നിന്റേതാണ്.) നിനക്കാകുന്നു സർവ സ്തുതികളും ആകാശഭൂമികളുടേയും അതിലെ സർവ വസ്തുക്കളുടേയും അധികാരി നീയാണ്. നിനക്കാകുന്നു സർവ സ്തുതികളും. നീ സത്യം തന്നെ, നിന്റെ വാഗാദാനവും സത്യം തന്നെ. മരണാനന്തരം നിന്നെ കണ്ടു മുട്ടലും നിന്റെ വാക്കുകളും സ്വർഗ നരകങ്ങളും നബിമാരും മുഹമ്മദ് (സ)യും ഖിയാമത്തും സത്യം തന്നെ. അല്ലാഹുവേ ഞാൻ എന്നെ നിനക്ക് സമർപ്പിക്കുന്നു. നിന്നിൽ വിശ്വസിക്കുകയും നിന്നെ ഭരമേൽപിക്കുകയും നിന്നിലേക്ക് തിരിയുകയും സത്യ നിഷേധികളിൽ നിന്നും നിന്റെ സഹായം തേടുകയും നിന്നിൽ നിന്നും വിധി തേടുകയും ചെയ്യുന്നു. അല്ലാഹുവേ ഞാൻ മുമ്പും പിമ്പും, രഹസ്യമായും പരസ്യമായും ചെയ്തിട്ടുള്ള,  എന്നെക്കാൾ നന്നായി നീ അറിയുന്ന എന്റെ എല്ലാ പാപങ്ങളും നീ എനിക്ക് പൊറുത്തു തരേണമേ. നീ ഉദ്ദേശിക്കുന്നവരെ മുമ്പിലും പിമ്പിലുമാക്കുന്നു നീയല്ലാതെ ഒരു ആരാധ്യനില്ല''. (ബുഖാരി, മുസ്‌ലിം)
വിവരണം: റസൂലുല്ലാഹി (സ)യുടെ മഅ്‌രിഫത്തിന്റെ ഉയർന്ന സ്ഥാനവും തങ്ങളുടെ (സ) ഈമാനികാവേശവും ആന്തരികമായ മാനിസാകാവസ്ഥകളും നമുക്ക് അനുഭവിക്കാൻ കഴിയുന്ന ദുആക്കളിലൊന്നാണിത്. 
105. ആഇശ (റ) നിവേദനം. റസൂലുല്ലാഹി (സ) രാത്രി നമസ്‌കാരത്തിന് നിൽക്കുമ്പോൾ ആരംഭത്തിൽ ഇപ്രകാരം ചൊല്ലുമായിരുന്നു: ................. അല്ലാഹുവേ, ജിബ്‌രീൽ, മീകാഈൽ, ഇസ്‌റാഫീൽ ഇവരുടെ രക്ഷിതാവേ, ആകാശഭൂമികൾ പടച്ചവനേ, ദൃശ്യവും അദൃശ്യവും ഒരുപോലെ അറിയുന്നവനേ ജനങ്ങൾ ഭിന്നിച്ച കാര്യങ്ങൾക്കിടയിൽ തീരുമാനം പ്രഖ്യാപിക്കുന്നവൻ നീയാണ്. ജനങ്ങൾ ഭിന്നിച്ച വിഷയങ്ങളിൽ നിന്റെ പ്രത്യേകമായ ഉതവി കൊണ്ട് എന്നെ സന്മാർഗ്ഗത്തിലൂടെ സഞ്ചരിപ്പിക്കേണമേ. നീ ഉദ്ദേശിക്കുന്നവരെ സന്മാർഗ്ഗത്തത്തിലൂടെ സഞ്ചരിപ്പിക്കുന്നു. (മുസ്‌ലിം)
റുകൂഇലെയും സുജൂദിലെയും ദുആക്കൾ
106. ഔഫിബ്‌നു മാലിക് (റ) പറയുന്നു. ഒരിക്കൽ ഞാൻ റസൂലുല്ലാഹി (സ)യോടൊപ്പം നമസ്‌കരിച്ചു. തങ്ങൾ (സ) റുകൂഇൽ സൂറ ബഖറ പാരായണം ചെയ്യുവാനെടുക്കുന്ന സമയം കഴിഞ്ഞു കൂടി ഇപ്രകാരം പറഞ്ഞുകൊണ്ടിരുന്നു. ആധിപത്യത്തിന്റേയും അധികാരത്തിന്റേയും വലിപ്പത്തിന്റെയും മഹത്വത്തിന്റേയും ഉടമസ്ഥനായ അല്ലാഹു പരിശുദ്ധനാകുന്നു. (സുനനു നസാഈ)
വിവരണം: റുകൂഇൽ സുബ്ഹാന റബ്ബിയൽ അളീം എന്നും സുജൂദിൽ സുബ്ഹാന റബ്ബിയൽ അഅ്‌ലാ എന്നും പറയലായിരുന്നു നബി (സ) യുടെ പതിവ്. എന്നാൽ മറ്റുചില സന്ദർഭങ്ങളിൽ നബി (സ) മറ്റ് ചില തസ്ബീഹുകളും ചൊല്ലിയിരുന്നു. നബി (സ) നഫൽ നമസ്‌കാരങ്ങളിൽ വിശിഷ്യാ രാത്രിയിലെ നമസ്‌കാരങ്ങളിൽ ദീർഘ നേരം റുകൂഉം സുജൂദും നിർവഹിച്ചിരുന്നു. ഇവിടെ ഹദീസിൽ പരാമർശിക്കപ്പെട്ടതും നഫൽ നമസ്‌കാരമാണ്. ഈ റുകൂഇലെ നബിയുടെ ഈമാൻ നിറഞ്ഞ മാസികാവസ്ഥയുടേ ഒരു അംശമെങ്കിലും അല്ലാഹു നമുക്ക് നൽകുമാറാകട്ടെ.
107. ആഇശാ (റ) വിവരിക്കുന്നു:. ഒരു രാത്രി ഞാൻ കണ്ണു തുറന്നപ്പോൾ റസൂലുല്ലാഹി (സ) യെ വിരിപ്പിൽ കണ്ടില്ല. ഞാൻ ഇരുളിൽ നബിയെ അന്വേഷിച്ചപ്പോൾ എന്റെ കൈകൾ നബിയുടെ തൃപ്പാദങ്ങൾക്കടിയിൽ സ്പർശിച്ചു. നബി (സ) സുജൂദിൽ തങ്ങളുടെ പാദങ്ങൾ നാട്ടി നിർത്തിയിരിക്കുകയായിരുന്നു. തങ്ങൾ (സ) ഇപ്രകാരം പറയുന്നുണ്ടായിരുന്നു. ''അല്ലാഹുവേ നിന്റെ അതൃപ്തിയിൽ നിന്നും നിന്റെ തൃപ്തിയിലേക്ക് ഞാൻ അഭയം ചോദിക്കുന്നു. നിന്റെ ശിക്ഷയിൽ നിന്നും നിന്റെ മാപ്പിന്റെ അഭയം ചോദിക്കുന്നു. നിന്റെ പിടുത്തത്തിൽ നിന്നും നിന്നോട് തന്നെ അഭയം തേടുന്നു. നിന്നെ പരിപൂർണമായി വാഴ്ത്തുവാൻ ഞാൻ അശക്തനാണ്. നിന്നെക്കുറിച്ച് സ്വയം വിവരിച്ചത് പോലെയാണ് നീ എന്നു മാത്രമാണ് എനിക്ക് പറയുവാൻ കഴിയുക'' (മുസ്‌ലിം)
108. അബൂഹുറയ്‌റ (റ) പറയുന്നു. നബി (സ) ചില സന്ദർഭങ്ങളിൽ ഇപ്രകാരം പറഞ്ഞിരുന്നു. അല്ലാഹുവേ, എന്റെ വലുതും ചെറുതും രഹസ്യവും പരസ്യവുമായ എല്ലാ മുൻ പിൻ പാപങ്ങളും പൊറുക്കേണമേ (മുസ്‌ലിം)

******************



ജീവചരിത്രം

 മുഫക്കിറുല്‍ ഇസ്ലാം 
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ 
അലി നദ് വി
ജീവിതവും സന്ദേശവും ഭാഗം-9

മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ്‌വി



 
ഹസ്രത്ത് റായ്പൂരിയുമായിട്ടുള്ള ബന്ധം, സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ 
 


 
ഹസ്രത്ത് റായ്പൂരിയുടെ ഖിലാഫത്ത്
1939-ല്‍ വിവിധ ദീനീ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയ മൗലാനാ റായ്പൂരിലുള്ള ഹസ്രത്ത് മൗലാനാ അബ്ദുല്‍ ഖാദിര്‍ റായ്പൂരിയുടെ ഖാന്‍ഖാഹിലും എത്തിയിരുന്നു. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഹസ്രത്ത് റായ്പൂരി വളരെ വിശിഷ്ടമായ നിലയില്‍ മൗലാനായോട് ബന്ധപ്പെട്ട വിഷയം മുമ്പ് വിവരിച്ച് കഴിഞ്ഞു. ഹസ്രത്ത് റായ്പൂരിയുടെ മഹത്വം നിറഞ്ഞ ജീവിതം, രാഷ്ട്രീയ ഉള്‍ക്കാഴ്ച, ദീനീ-ദുന്‍യവീ സംഗമം, വിശാല വീക്ഷണം, നന്മ നിറഞ്ഞ മനസ്സ്, പ്രകാശിക്കുന്ന ചിന്ത, യാഥാര്‍ത്ഥ്യ ബോധം എന്നീ ഗുണങ്ങള്‍ വിശിഷ്യാ, വല്ലാത്ത വിനയം മനസ്സിലും മസ്തിഷ്കത്തിലും വലിയ പ്രതിഫലനം സൃഷ്ടിച്ചു. ഇത്തരമൊരു വ്യക്തിത്വത്തില്‍ ഇപ്രകാരമുള്ള വിശേഷണങ്ങള്‍ ഒരുമിച്ച് കൂടല്‍ അസാധാരണമായിരുന്നു. മൗലാനാ വളര്‍ന്നുയര്‍ന്ന മാനസികാവസ്ഥയുമായി ഇതിന് വലിയ സാദൃശ്യതയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഹസ്രത്ത് റായ്പൂരിയുമായി മൗലാനാ വളരെ അടുക്കുകയും ഇണങ്ങിച്ചേരുകയും ചെയ്തു. ഹസ്രത്ത് റായ്പൂരിയുടെ അരികില്‍ തന്‍റെ മാനസിക-ചിന്താ അവസ്ഥകള്‍ക്ക് മൗലാനാ മാര്‍ഗ്ഗ ദര്‍ശനം കണ്ടെത്തി. മറുഭാഗത്ത് ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ (റഹ്) യും ഇതിന് വളരെയധികം പ്രേരണ പകര്‍ന്നുകൊണ്ടിരുന്നു. ഹസ്രത്ത് മൗലാനാ ഇല്‍യാസ് (റഹ്) വിയോഗത്തിന് മുമ്പ് അടുത്തവരോടൊല്ലാം ഹസ്രത്ത് റായ്പൂരിയുമായി ബന്ധപ്പെടാന്‍ പ്രത്യേകം ഉണര്‍ത്തിയിരുന്നു. വിവിധ വിഷയങ്ങളെ കുറിച്ച് ഹസ്രത്ത് റായ്പൂരിയോട് ചോദിച്ചറിയാന്‍ മൗലാനാ മുഹമ്മദ് ഇല്‍യാസ് (റഹ്) മൗലാനായെ ആണ് ഏല്‍പ്പിച്ചത്. അത് കൊണ്ട് തന്നെ മൗലാനാ മുഹമ്മദ് ഇല്‍യാസിന്‍റെ വിയോഗാനന്തരം ഹസ്രത്ത് റായ്പൂരിയുമായിട്ടുള്ള ബന്ധം കൂടുതല്‍ വര്‍ദ്ധിച്ചു. ഹസ്രത്ത് റായ്പൂരിയും ഇതിനെ പ്രത്യേകം പരിഗണിക്കുകയും വലിയ സ്നേഹ-കാരുണ്യങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മൗലാനാ പറയുന്നു: റായ്പൂരില്‍ പോകുമ്പോഴെല്ലാം ഭൗതികതയുടെയും ബുദ്ധിസാമര്‍ത്ഥ്യത്തിന്‍റെയും മഹാ സമുദ്രത്തിനിടയിലുള്ള ഒരു ദ്വീപില്‍ വന്നെത്തിയതായി അനുഭവപ്പെട്ടിരുന്നു. ഇലാഹീ ചിന്താ ധ്യാനങ്ങളല്ലാതെ മറ്റൊരു ജോലിയുമില്ലാത്ത സ്ഥലമാണിത്. ഇവിടെയുള്ള വൃക്ഷങ്ങളുടെ ഇലകള്‍ പോലും അല്ലാഹ്, അല്ലാഹ് എന്ന ദിക്ര്‍ മുഴക്കിക്കൊണ്ടിരിക്കുന്നു. (കാറവാന്‍). 
1947-ല്‍ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ മൗലാനായ്ക്ക് ലാഹോറില്‍ പോകുന്നതും അല്ലാമാ അഹ്മദ് അലി ലാഹോരിയുടെ സമക്ഷത്തില്‍ പോകുന്നതും പ്രയാസകരമായി. ഹസ്രത്ത് റായ്പൂരിയുടെ സ്ഥാന-മഹത്വങ്ങള്‍ മനസ്സിലാക്കുകയും സ്നേഹിച്ചാദരിക്കുകയും ചെയ്തിരുന്ന അല്ലാമാ ലാഹോരിയും മൗലാനായോട് ഹസ്രത്ത് റായ്പൂരിയുടെ അരികില്‍ അധികമായി പോകാന്‍ അഭിപ്രായപ്പെട്ടു. ഇപ്രകാരം ഇരുഭാഗത്ത് നിന്നുമുള്ള ബന്ധങ്ങള്‍ അധികരിച്ചുകൊണ്ടിരുന്നു. ഇരുവരും പരസ്പരം പ്രതീക്ഷിക്കുകയും കണ്ട് മുട്ടിയില്ലെങ്കില്‍ അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയുമുണ്ടായി. മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി വിവരിക്കുന്നു: മൗലാനാ അലീ മിയാന്‍ റായ്പൂരില്‍ പോകുന്നതിനും ഹസ്രത്ത് റായ്പൂരിയുമായി ബന്ധം സ്ഥാപിക്കുന്നതിനും ആദ്യ കാരണക്കാനും ഹസ്രത്ത് റായ്പൂരിയുമായി ആദ്യമായി ബൈഅത്ത് ചെയ്ത വ്യക്തിയും വിനീതനായിരുന്നെങ്കിലും, മൗലാനാ അലീ മിയാന് അല്ലാഹു നല്‍കിയ പ്രത്യേകതകളുടെയും ഇലാഹീ ദാനമായ സ്വീകാര്യതകളുടെയും അടിസ്ഥാനത്തില്‍ ഹസ്രത്ത് റായ്പൂരിയുടെ അരികില്‍ വിനീതനെക്കാളും വലിയ സ്ഥാനവും അടുപ്പവും ഉണ്ടായിത്തീര്‍ന്നു. വിനീതനെ സംബന്ധിച്ചിടത്തോളം ഇത് അങ്ങേയറ്റത്തെ സന്തോഷം ഉണ്ടാക്കിയതിനോടൊപ്പം എപ്പോഴും സന്തോഷകരമായ അസൂയയും ഉളവാക്കുകയുണ്ടായി. ഇത് അല്ലാഹുവിന്‍റെ വലിയ ഔദാര്യമാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. (അവതാരിക, സവാനിഹ് റായ്പൂരി). 
ഈ സ്നേഹ-ബന്ധങ്ങളുടെ ഫലമായി ഹസ്രത്ത് റായ്പൂരി ഏഴ് പ്രാവശ്യം ലക്നൗവില്‍ വരികയുണ്ടായി. ഇതില്‍ രണ്ട് പ്രാവശ്യം മൗലാനായുടെ നാടായ തകിയയിലും എത്തിച്ചേര്‍ന്നു. 1948-ല്‍ നടന്ന രണ്ടാമത്തെ യാത്രയില്‍ ഹസ്രത്ത് റായ്പൂരി (റഹ്) മസ്ജിദില്‍ നിന്നും ഇറങ്ങുന്ന സമയത്ത് മൗലാനായ്ക്ക് നാല് സില്‍സിലകളിലും വിശിഷ്യാ, ഹസ്രത്ത് സയ്യിദ് അഹ്മദ് ശഹീദിന്‍റെ സില്‍സിലയില്‍ ഇജാസത്തും ഖിലാഫത്തും നല്‍കി. തുടര്‍ന്ന് മൗലാനാ സര്‍വ്വ കാര്യങ്ങളിലും ഹസ്രത്ത് റായ്പൂരിയുമായി ബന്ധപ്പെടുകയും കൂടിയാലോചിക്കാന്‍ തുടങ്ങി. ആദ്യ ഹജ്ജിന് ശേഷം അടുത്ത വര്‍ഷം തന്നെ രണ്ടാമതും ഹജ്ജിന് പോകാന്‍ ഒരു പ്രധാന വ്യക്തിത്വം മൗലാനായെ ക്ഷണിക്കുകയുണ്ടായി. ആദ്യ ഹജ്ജിന് ശേഷം ഹറമുകളിലേക്ക് എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകുക സ്വാഭാവികമാണ്. മൗലാനായ്ക്കും ഈ യാത്രയോട് വലിയ താല്‍പ്പര്യമായിരുന്നു. എന്നാല്‍ ഈ സമയത്ത് ഹസ്രത്ത് റായ്പൂരി ഡല്‍ഹിയിലുണ്ടായിരുന്നു. മൗലാനാ ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഹസ്രത്ത് റായ്പൂരി പ്രസ്താവിച്ചു: ഞാന്‍ ഇത് തടഞ്ഞാല്‍ മനസ്സിന് പ്രയാസമൊന്നും ഉണ്ടാകില്ലല്ലോ.? മഹാന്മാരുടെ അരികില്‍ നിര്‍ദ്ദേശം അംഗീകരിക്കലും അനുസരിക്കലും തസ്വവ്വുഫിന്‍റെ അടിസ്ഥാനമാണ്. മൗലാനാ ഇപ്പോള്‍ ഈ മാര്‍ഗ്ഗത്തിലെ യാത്രികന്‍ മാത്രമല്ല, വഴികാട്ടി കൂടിയായിക്കഴിഞ്ഞിരുന്നു. മൗലാനാ പറഞ്ഞു: അങ്ങ് തടഞ്ഞാല്‍, ഇന്‍ശാഅല്ലാഹ് ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നതല്ല. മൗലാനാ പറയുന്നു: ഈ സമയത്ത് ഹസ്രത്ത് റായ്പൂരി എന്‍റെ മുഖത്തേക്ക് നോക്കി. അല്‍ഹംദുലില്ലാഹ്, യാതൊരു ഭാവ വ്യത്യാസവും എന്നിലുണ്ടായില്ല.! 
ഈ സംഭവം കഴിഞ്ഞ് അടുത്ത വര്‍ഷം തന്നെ ഹസ്രത്ത് റായ്പൂരിയോടൊപ്പം മൗലാനാ ഹജ്ജിന് പോയി. ഉന്നത സഹവാസത്തിലുള്ള ഈ യാത്ര മഹാന്മാരുടെ അരികില്‍ വലിയ വിലയുള്ള അനുസരണയുടെ സമ്മാനം കൂടിയായിരുന്നു. ഈ യാത്രയില്‍ മുഴുവന്‍ ഹസ്രത്ത് റായ്പൂരി മൗലാനായോട് മാതൃതുല്യമായ സ്നേഹം പുലര്‍ത്തുകയുണ്ടായി. മൗലാനാ കുറിക്കുന്നു: നമസ്കാര സമയങ്ങളില്‍ ഹസ്രത്ത് റായ്പൂരി ഹറമിലെ ഒരു ഒഴിഞ്ഞ സ്ഥലത്ത് വിനീതനോടൊപ്പം നമസ്കരിക്കുമായിരുന്നു. ആഹാരത്തിന്‍റെ സമയങ്ങളില്‍ പലപ്പോഴും വിനീതന്‍ തബ്ലീഗ് പരിപാടികളിലും പണ്ഡിതരുമായിട്ടുള്ള സംഭാഷണങ്ങളിലും മുഴുകിക്കഴിയുമ്പോള്‍ വിനീതന്‍ വരുന്നത് വരെ ഹസ്രത്ത് റായ്പൂരി കാത്തിരിക്കുമായിരുന്നു. പലപ്പോഴും ഇപ്രകാരം പറയുമായിരുന്നു: അലീ മിയാന്‍, താങ്കള്‍ക്ക് ആഹാരത്തിന്‍റെ ചിന്ത പോലുമില്ലല്ലോ.? താങ്കള്‍ക്ക് ആരോഗ്യ പ്രശ്നമുള്ളത് കൊണ്ട് ഇവിടെ നിന്ന് മാത്രമേ ആഹാരം കഴിക്കാവൂ. താങ്കള്‍ക്ക് വേണ്ടി ആഹാരവുമായി ഞാന്‍ കാത്തിരിക്കുകയായിരുന്നു.! മദീനാ മുനവ്വറയില്‍ എത്തിയപ്പോള്‍ എന്നോട് പറഞ്ഞു; ഇവിടെ എന്‍റെ കൂട്ടത്തില്‍ തന്നെ താമസിക്കുക. യാത്രയുടെ ടിക്കറ്റ് ഹസ്രത്ത് റായ്പൂരിയാണ് എടുത്ത് തന്നത്. 1950 നവംബര്‍ 2 (1370 മുഹര്‍റം 20) ന് ഹസ്രത്ത് റായ്പൂരിയും കൂട്ടരും മടങ്ങി. എനിക്ക് ഹിജാസില്‍ വീണ്ടും താമസിക്കേണ്ടതുണ്ടായിരുന്നു. ഈജിപ്റ്റിലും പോകാന്‍ ഉദ്ദേശമുണ്ടായിരുന്നു. അത് കൊണ്ട് കൂട്ടത്തില്‍ മടങ്ങാന്‍ കഴിഞ്ഞില്ല. എന്നാല്‍ യാത്ര അയയ്ക്കാന്‍ തുറമുഖം വരെ ഞാന്‍ വന്നു. ഹസ്രത്തിന്‍റെ സേവകന്‍ പറയുന്നു: താങ്കളുടെ മുഖം മറയുന്നത് വരെ ഹസ്രത്ത് റായ്പൂരി താങ്കളെ നോക്കിക്കൊണ്ടിരുന്നു. (കാറവാന്‍). 
ഹസ്രത്ത് റായ്പൂരിയുടെ മാനസിക ബന്ധവും സ്നേഹവും അറിയിക്കുന്ന ധാരാളം കത്തുകളുണ്ട്. അതില്‍ ഒരു കത്തിന്‍റെ ഏതാനും വരികള്‍ ഇവിടെ ഉദ്ധരിക്കുന്നു: വിനീതന്‍ അബ്ദുല്‍ ഖാദിര്‍ എഴുതുന്നത്, സയ്യിദീ മൗലായീ ഹസ്രത്ത് അഖ്ദസ് ദാമത്ത് ബറകാത്തുഹും, സലാമിന് ശേഷം. താങ്കള്‍ എന്നെക്കുറിച്ച് സയ്യിദീ മുര്‍ഷിദീ എന്ന് എഴുതുന്നതില്‍ ബുദ്ധിമുട്ടുണ്ട്. വിനീതന്‍ താങ്കളുടെ ഒരു എളിയ സേവകന്‍ മാത്രമാണ്. അല്ലാഹു അങ്ങേയ്ക്ക് ഉന്നത സ്ഥാനം നല്‍കട്ടെ. അങ്ങയുടെ കത്ത് വളരെയധികം പ്രതീക്ഷിക്കാറുണ്ട്. ഇവിടെ ഇടയ്ക്കിടെ വരണമെന്നും അതിയായി ആഗ്രഹിക്കുന്നു....! മറ്റൊരു കത്തില്‍ ശൈഖ് ശംസ് തബ്രേസിനെ കാണാന്‍ ആഗ്രഹിച്ചുകൊണ്ട് മൗലാനാ റൂം എഴുതിയ ഏതാനും വരികള്‍ ഉദ്ദരിച്ച ശേഷം കുറിക്കുന്നു: ഞാന്‍ താങ്കളെ ശൈഖ് തബ്രേസിനെ പോലെ കാണുന്നതിനാലും വന്ന് കാണാനുള്ള ആഗ്രഹത്തിന്‍റെ പേരിലുമാണ് ഈ വരികള്‍ കുറിച്ചത്. (മശാഹീറെ ഉമ്മത്ത്). 

രാജ്യത്ത് അകത്തുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍.  
മൗലാനായുടെ ആദ്യത്തെ ഹിജാസ് യാത്ര നടക്കുന്നത് 1947-ലാണ്. ഈ സമയത്താണ് ഇന്ത്യാ വിഭജനം സംഭവിച്ചത്. ഇന്ത്യാ വിഭജനം രാജ്യത്തെ മൊത്തം പിടിച്ച് കുലുക്കുകയും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ മുസ്ലികള്‍ക്ക് ഇതിന്‍റെ പേരില്‍ വലിയ ആക്ഷേപ-അധിക്ഷേപങ്ങള്‍ സഹിക്കേണ്ടി വന്നു. നാളുകളോളം നിരാശയുടെ അന്തരീക്ഷമായിരുന്നു. ചിലര്‍ സാമുദായിക അസ്ഥിത്വത്തെയും സാംസ്കാരിക വ്യക്തിത്വത്തേയും പരിഹസിച്ചു. മറ്റ് ചിലര്‍ ഹിന്ദി ഭാഷ സ്വീകരിക്കാനും ഹൈന്ദവതയില്‍ കൂടിച്ചേരാനും അഭിപ്രായപ്പെട്ടു. മൗലാനാ യാത്ര കഴിഞ്ഞ് വന്ന് ഈ അവസ്ഥകള്‍ നേരില്‍ കണ്ടപ്പോള്‍ മനസ്സിന് വലിയ ആഘാതമുണ്ടായി. ഇത് തീര്‍ത്തും പ്രകൃതി വിരുദ്ധമായ ഒരു അവസ്ഥാ വിശേഷമാണെന്നും ഇത് തിരുത്താന്‍ പരിശ്രമിച്ചില്ലെങ്കില്‍ മുസ്ലിംകളുടെ വ്യക്തിത്വം തന്നെ നഷ്ടപ്പെടുമെന്നും മൗലാനാ മനസ്സിലാക്കി. ഇതിന് വേണ്ടി മൗലാനാ ആദ്യം ഏതാനും ലേഖനങ്ങള്‍ എഴുതി. തുടര്‍ന്ന് വ്യത്യസ്ത വിഭാഗങ്ങള്‍ പെട്ട ചിന്തയും വിവരമുള്ള വ്യക്തിത്വങ്ങളെ ഒരുമിച്ച് കൂട്ടി മനസ്സിന്‍റെ വേദനകളെ തുറന്ന് വെയ്ക്കാന്‍ തീരുമാനിച്ചു. 
1948 ആഗസ്റ്റ് 26 (1367 ശവ്വാല്‍ 20) ന് നദ്വത്തുല്‍ ഉലമായില്‍ ഒരു കൂടിയാലോചനാ സമ്മേളനം നടന്നു. ധാരാളം പണ്ഡിതരും ചിന്തകരും പങ്കെടുത്ത ഈ സമ്മേളനത്തില്‍ വഴിയടയാളം (നിഷാനെ റാഹ്) എന്ന് പേരില്‍ അത്യന്തം ചിന്തനീയവും പ്രതിഫലനാത്മകവുമായ ഒരു പ്രബന്ധം മൗലാനാ അവതരിപ്പിച്ചു. അതില്‍ ഗതകാല ചരിത്രങ്ങളുടെ വെളിച്ചത്തില്‍ നിലവിലുള്ള പ്രശ്നങ്ങളുടെ പരിഹാരം വിവരിക്കുകയും ആവേശം പകരുകയും ചെയ്തു. സമുദായത്തിനിടയിലുള്ള പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോടൊപ്പം അമുസ്ലിംകളെയും പങ്കെടുപ്പിച്ച് കൊണ്ടുള്ള സമ്മേളനങ്ങളില്‍ സംയുക്തമായ സന്ദേശങ്ങള്‍ കൈമാറുക, പ്രാദേശിക ഭാഷകളില്‍ രചനകള്‍ തയ്യാറാക്കുക, സ്വതന്ത്ര പാഠ ശാലകള്‍ സ്ഥാപിക്കുക എന്നീ കാര്യങ്ങളാണ് പ്രധാനമായും ഇതില്‍ ഊന്നിപ്പറഞ്ഞത്. സദസ്യര്‍ ഇത് വളരെയധികം ശ്രദ്ധിച്ചു. വിശിഷ്യാ പ്രസിദ്ധ കവി ജഗര്‍ മുറാദാബാദി അടുത്ത സദസ്സില്‍ ഇത് വീണ്ടും വായിക്കാന്‍ ആവശ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്തു. 
ഉപരിസൂചിത കൂടിയാലോചന സമ്മേളനത്തില്‍ തീരുമാനിക്കപ്പെട്ട കാര്യങ്ങളില്‍ ഒന്നായ മുസ്ലിംകളെയും അമുസ്ലിംകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രഭാഷണങ്ങളുടെ പ്രവര്‍ത്തനം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1951-ല്‍ ആരംഭിച്ചു. മറ്റൊരു തീരുമാനമായ സ്വതന്ത്ര പാഠശാലകളുടെ നിര്‍മ്മാണവും ചില കേന്ദ്രങ്ങള്‍ പരിമിതമായ നിലയില്‍ നടത്തുകയുണ്ടായി. എന്നാല്‍ പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷിലുമുള്ള രചനകളുടെ കാര്യം അല്‍പ്പവും നടന്നില്ല. അതുകൊണ്ട് ഇതിനെക്കുറിച്ച് വീണ്ടും ആലോചന നടന്നു. വിവിധ രചനകള്‍ ഹിന്ദി-ഇംഗ്ലീഷ് ഭാഷകളില്‍ വിവര്‍ത്തനം ചെയ്യാന്‍ മൗലവി ആബിദ് അലിയും മസ്ഹറുദ്ദീന്‍ സിദ്ദീഖിയും മുമ്പോട്ട് വന്നു. ഏതാനും രചനകള്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. പക്ഷേ, ഇതിന്‍റെ പ്രചാരണം അല്‍പ്പവും നടന്നില്ല. അവസാനം പ്രഗത്ഭ പണ്ഡിതനായ മൗലാനാ ഇസ്ഹാഖ് സിന്ദേനവി അതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഒരു വര്‍ഷം ഈ കാര്യം അദ്ദേഹം നിര്‍വ്വഹിച്ചു. പക്ഷേ, സഹായികളെ കിട്ടാത്തതിനാല്‍ ഈ പ്രവര്‍ത്തനവും നിലച്ചു. നാളുകള്‍ക്ക് ശേഷം മജ്ലിസ് തഹ്ഖീഖാത്ത് വ നശ്രിയാത്ത് ഇസ്ലാം സ്ഥാപിക്കപ്പെടുകയും പയാമെ ഇന്‍സാനിയത്തിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തപ്പോള്‍ മൗലാനായുടെ നേതൃത്വത്തില്‍ ഈ കാര്യം വളരെ നില്ലനിലയില്‍ നടക്കുകയും വലിയ പ്രസിദ്ധിയും സ്വീകാര്യതയും ലഭിക്കുകയും ചെയ്തു. 
1947-50 ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ധാരാളം തബ്ലീഗ് സമ്മേളനങ്ങള്‍ നടക്കുകയും അതില്‍ മൗലാനാ മുഖ്യപ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. 1949 ഡിസംബര്‍ ആറിന് നടന്ന ഒരു സമ്മേളനത്തില്‍ രൂപവും യാഥാര്‍ത്ഥ്യവും എന്ന പേരില്‍ മൗലാനാ ഒരു പ്രഭാഷണം നടത്തി. ഇതിന്‍റെ അറബി വിവര്‍ത്തനം സഹോദര പുത്രന്‍ മൗലാനാ സയ്യിദ് മുഹമ്മദുല്‍ ഹസനി നിര്‍വ്വഹിച്ചു. അന്ന് അദ്ദേഹത്തിന് പതിമൂന്ന് വയസ്സായിരുന്നു. പക്ഷേ, അല്ലാഹു അദ്ദേഹത്തിന് നല്‍കിയ പ്രത്യേകമായ ശേഷി കാരണം ഈ വിവര്‍ത്തനം വളരെ ഉജ്ജ്വലമായി. അറേബ്യന്‍ നാടുകളില്‍ ഇത് വളരെയധികം പ്രചരിച്ചു. ധാരാളം അറബി പണ്ഡിതര്‍ ഇത് മനനം ചെയ്യുന്ന അവസ്ഥയും ഉണ്ടായി.

നദ്വത്തുല്‍ ഉലമാ നേതൃത്വത്തിലേക്ക്.
മൗലാനായുടെ പ്രസിദ്ധിയും സ്വീകാര്യതയും വിദേശങ്ങളിലും പ്രചരിച്ചു. വിശിഷ്യാ അറബി ലോകത്ത് മൗലാനായുടെ ചിന്താ സന്ദേശങ്ങള്‍ വളരെയധികം ആദരണിയമായി മാറി. ഇത്തരുണത്തില്‍ മൗലാനായെ പ്രയോജനപ്പെടുത്താനും മൗലാനായുടെ നേതൃത്വം സ്വീകരിക്കാനും ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമ തീരുമാനിച്ചു. 1948-ല്‍ കൂടിയ നിര്‍വ്വാഹക സമിതി മൗലാനായെ അതില്‍ അംഗമായി തെരഞ്ഞെടുത്തു. 1949-ല്‍ അല്ലാമാ സയ്യിദ് സുലൈമാന്‍ നദ്വിയുടെ പ്രേരണ പ്രകാരം മൗലാനായെ വിദ്യാഭ്യാസ വകുപ്പിന്‍റെ ഉപാദ്ധ്യക്ഷനാക്കപ്പെട്ടു. അല്ലാമാ നദ്വിയ്ക്ക് മൗലാനായുമായി വലിയ ബന്ധമായിരുന്നു. വിശിഷ്യാ സീറത്ത് സയ്യിദ് അഹ്മദ് ശഹീദിനെ അല്ലാമാ വലിയ പ്രതീക്ഷയോടെ കണ്ടിരുന്നു. അല്ലാമയാണ് അതിന്‍റെ അവതാരിക കുറിച്ചത്. മുസ്ലിംകളുടെ സന്മാര്‍ഗ്ഗത്തിനും അടിയുറപ്പിനും കാരണമാകുന്ന ഗ്രന്ഥമാണിതെന്ന് അല്ലാമാ അഭിപ്രായപ്പെട്ടിരുന്നു. 1950-ല്‍ മൗലാനാ പാക്കിസ്ഥാനിലേക്ക് യാത്രയായി. 1953-ല്‍ അവിടെവെച്ച് തന്നെ വിയോഗം സംഭവിക്കുകയും ചെയ്തു. അല്ലാമായുടെ വിയോഗാനന്തരം മൗലാനായെ വിദ്യാഭ്യാസ വകുപ്പ് അദ്ധ്യക്ഷനായി സംയുക്തമായ നിലയില്‍ തെരഞ്ഞെടുക്കപ്പെട്ടു. അല്ലാമയുടെ വിയോഗം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ നദ്വത്തുല്‍ ഉലമയില്‍ അല്ലാമയുടെ ജീവിത കര്‍മ്മങ്ങളെക്കുറിച്ച് മൗലാനയുടെ നേതൃത്തില്‍ ഒരു സെമിനാര്‍ നടത്തപ്പെട്ടു. അതിന്‍റെ അദ്ധ്യക്ഷനായി ക്ഷണിക്കപ്പെട്ട മൗലാനാ മുനാസിര്‍ അഹ്സന്‍ ഗീലാനി കടുത്ത രോഗാവസ്ഥയിലും ഇതില്‍ പങ്കെടുക്കുകയും അദ്ധ്യക്ഷത വഹിക്കുകയും സീറത്തുന്നബി ആറാം ഭാഗത്തെക്കുറിച്ച് സുദീര്‍ഘവും സുന്ദരവുമായ ഒരു പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു. 

സംയുക്ത സമ്മേളനങ്ങള്‍
ഹസ്രത്ത് മൗലാനായും മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനിയും തബ്ലീഗ് പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. ഇതിനിടയില്‍ വിദ്യാസമ്പന്നരായ അമുസ്ലിം സഹോദരങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സംയുക്ത സമ്മേളനങ്ങള്‍ നടത്തേണ്ടതിന്‍റെ ആവശ്യകത ഇരുവരും ഉണരുകയും പരസ്പരം കൂടിയാലോചിക്കുകയും പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു. മൗലാന പറയുന്നു: ഈ ജോലി വളരെ സൂക്ഷ്മത ആവശ്യമുള്ളതായിരുന്നു. പ്രഭാഷണം ശേഷിയോടൊപ്പം സദസ്യരുടെ മാനസികാവസ്ഥ പരിഗണിക്കുകയും കാര്യങ്ങള്‍ ശരിയായ നിലയില്‍ അവതരിപ്പിക്കുകയും വേണമായിരുന്നു. ചെറിയ സൂക്ഷ്മതക്കുറവുണ്ടായാല്‍ സര്‍വ്വമത സത്യവാദത്തിലേക്ക് വഴി തുറക്കപ്പെടാന്‍ സാധ്യതയും ഉണ്ടായിരുന്നു. അതുകൊണ്ട് ഈ പ്രഭാഷണങ്ങള്‍ ഞങ്ങള്‍ രണ്ടുപേരില്‍ ഒരാള്‍ മാത്രം നടത്തിയാല്‍ മതി എന്ന് ഞങ്ങള്‍ തീരുമാനിച്ചു. കൂടുതലും വിനീതനാണ് ഇതിന്‍റെ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നത്. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഇത് വളരെയധികം വിജയകരമായി. എന്‍റെ ഈജിപ്ത് യാത്രയ്ക്ക് ശേഷം ലക്നൗവിലെ തബ്ലീഗ് മര്‍ക്കസിന്‍റെ കീഴില്‍ അമീനുദ്ദൗല പാര്‍ക്കില്‍ ആദ്യമായി ഒരു സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. ഖിലാഫത്ത് പ്രക്ഷോഭം മുതല്‍ പ്രധാനപ്പെട്ട രാഷ്ട്രീയ സമ്മേളനങ്ങളെല്ലാം ഇവിടെയാണ് നടന്നത്. ഗാന്ധിജി, മോത്തിലാല്‍ നഹ്റു, മൗലാനാ മുഹമ്മദ് അലി, ജവഹര്‍ ലാല്‍ നഹ്റു എന്നിവര്‍ പ്രഭാഷണം നടത്തിയ ഒരു സ്ഥലം കൂടിയാണത്. ഇവിടെയാണ് ഈ സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. ധാരാളം മുസ്ലിം അമുസ്ലിം സഹോദരങ്ങള്‍ ഇതില്‍ പങ്കെടുത്തു. പടച്ചവനെ ആരാധിക്കണോ, മനോച്ഛയെ പൂജിക്കണമോ എന്ന വിഷയത്തില്‍ വിനീതന്‍ അവിടെ ഒരു പ്രഭാഷണം നടത്തി. ജനങ്ങള്‍ ധാരാളമായി തടിച്ച് കൂടി. നഹ്റുവിന്‍റെ പ്രഭാഷണത്തില്‍ പങ്കെടുത്തവരേക്കാള്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നുവെന്ന് പലരും പറഞ്ഞു. പടച്ചവന്‍റെ അനുഗ്രഹത്താല്‍ മനസ്സില്‍ വിഷയങ്ങള്‍ ഉദിക്കുകയും നാവിലൂടെ ആവേശത്തോടെ ഒഴുകുകയും ചെയ്തു. ജനങ്ങള്‍ അതീവ ശ്രദ്ധയോടെ അത് ശ്രവിച്ചു. അടുത്ത് തന്നെ ഉണ്ടായിരുന്ന റിക്ഷാ സ്റ്റാന്‍റിലെ റിക്ഷക്കാര്‍ ആളുകളെ എടുക്കാന്‍ വിസമ്മതിച്ചുകൊണ്ട് പ്രഭാഷണം ശ്രവിക്കുന്നതില്‍ മുഴുകി. എന്നാല്‍ എനിയ്ക്ക് ഏറ്റവും കൂടുതല്‍ സന്തോഷം പകര്‍ന്നത് എന്‍റെ ജേഷ്ഠ സഹോദരന്‍ അടുത്തുണ്ടായിരുന്ന ഒരു കെട്ടിടത്തില്‍ ഇരുന്ന് പ്രഭാഷണം മുഴുവനും ശ്രവിച്ചതാണ്. അതെ, അദ്ദേഹത്തിന്‍റെ പരിശ്രമത്തിന്‍റെയും ശിക്ഷണത്തിന്‍റെയും പേരില്‍ അദ്ദേഹം ഇതുകേട്ട് സന്തോഷിക്കുകയും സമാധാനിക്കുകയും ചെയ്തിരിക്കും എന്നതില്‍ ഒരു സംശയവുമില്ല. (കാറവാന്‍). 
തുടര്‍ന്ന് ഇത് ഒരു പരമ്പരയായി മുന്നോട്ട് നീങ്ങി. വിവിധ സ്ഥലങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വിജയകരമായ ധാരാളം സമ്മേളനങ്ങള്‍ നടന്നു. പില്‍ക്കാലത്ത് ഇതുതന്നെ പയാമെ ഇന്‍സാനിയത്ത് എന്ന പേരില്‍ ഒരു പ്രവര്‍ത്തനത്തിന്‍റെ രൂപം പ്രാപിച്ചു. ഈ പ്രവര്‍ത്തനം രാജ്യം മുഴുവന്‍ അന്തരീക്ഷത്തെ സമാധാനപരമാക്കുന്നതില്‍ വഹിച്ച പങ്ക് അനിഷേധ്യമാണ്. 

ദാറുല്‍ ഉലൂം ദേവ്ബന്ദിലെ ഒരു പ്രഭാഷണം
ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ സജ്ജാദ് ലൈബ്രറി എന്ന പേരില്‍ ബീഹാര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ ഒരു സമാജം നടത്തിയിരുന്നു. അതില്‍ മൗലാനായുമായി ബന്ധമുള്ള ചില വിദ്യാര്‍ത്ഥികള്‍ പരിശീലനം നടത്തിയിരുന്നു. ആ കൂട്ടത്തില്‍ അന്ന് ദാറുല്‍ ഉലൂം വിദ്യാര്‍ത്ഥിയായിരുന്ന ഖാളി മുജാഹിദുല്‍ ഇസ്ലാം ഖാസിമി പ്രത്യേകം സ്മരണീയനാണ്. മൗലാനായെ ഒരു പ്രഭാഷണം നടത്തുന്നതിന് ദാറുല്‍ ഉലൂമിലേക്ക് ക്ഷണിച്ചു. അതിന് ശുപാര്‍ശ ചെയ്യുന്നതിന് അവര്‍ മൗലാനാ സയ്യിദ് ഹുസൈന്‍ അഹ്മദ് മദനിയോടും മൗലാനാ ഇഅ്സാസ് അലിയോടും അപേക്ഷിച്ചു. അവര്‍ സന്തോഷത്തോടെ അത് എഴുതിക്കൊടുത്തു. മൗലാനായ്ക്ക് വളരെ സന്തോഷം പകര്‍ന്ന പ്രസ്തുത കത്തുകള്‍ അതേപടി ഇവിടെയും കൊടുക്കുന്നു: 
പ്രിയപ്പെട്ട മൗലാനാ അബുല്‍ ഹസന്, സലാമിന് ശേഷം, ദാറുല്‍ ഉലൂം വിദ്യാര്‍ത്ഥികളുടെ സമാജമായ സജ്ജാദ് ലൈബ്രറിയുടെ പ്രവര്‍ത്തകര്‍ താങ്കളുടെ വിലയേറിയ ഒരു പ്രഭാഷണം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. അവരുടെ ആഗ്രഹം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു! മുന്‍ഗാമികളുടെ ഗുണങ്ങളൊന്നുമില്ലാത്ത  ഹുസൈന്‍ അഹ്മദ് ഗുഫിറ ലഹു 1373 ജമാദുല്‍ അവ്വല്‍ 20 
സമുന്നത ഗുരുനാഥന്‍ പറഞ്ഞതുതന്നെ ഞാനും പറയുന്നു: ഇഅ്സാസ് അലി അംറോഹി!
ഇതിനെത്തുടര്‍ന്ന് മൗലാനാ ദേവ്ബന്ദിലേക്ക് പോയി. നുബുവത്തിന്‍റെ വിദ്യാര്‍ത്ഥികളുടെ സ്ഥാനവും ധര്‍മ്മവും എന്ന ശീര്‍ഷകത്തില്‍ ഒരു പ്രബന്ധം അവതരിപ്പിച്ചു. മൗലാനായുടെ ഉജ്ജ്വല രചനകളിലൊന്നായ അതിലെ ഒരു വാചകം ഇപ്രകാരമാണ്: ലോകത്തുള്ള സര്‍വ്വ സ്ഥാപനങ്ങള്‍ക്കും കേന്ദ്രങ്ങള്‍ക്കും വ്യക്തികള്‍ക്കും വിശ്രമവും അവധികളുമുണ്ടാകാറുണ്ട്. എന്നാല്‍ മദ്റസയ്ക്ക് ഒരിക്കലും അവധിയില്ല. ലോകത്തെ സര്‍വ്വ യാത്രികര്‍ക്കും വിശ്രമമുണ്ട്. പക്ഷേ, ഈ മാര്‍ഗ്ഗത്തിലെ യാത്രികന് വിശ്രമം നിഷിദ്ധമാണ്. മനുഷ്യ ജീവിതം എവിടെയെങ്കിലും അടങ്ങി ഒതുങ്ങി കിടക്കുന്നതായിരുന്നെങ്കില്‍ മദ്റസകള്‍ക്കും അല്‍പ്പം അവധി കൊടുക്കാമായിരുന്നു. പക്ഷേ, മനുഷ്യ ജീവിതം ചലനാത്മകവും നിരന്തരം സജീവവുമാണ്. ഇത്തരുണത്തില്‍ അതിന്‍റെ ശരിയായ ചാലക ശക്തിയായ മദ്റസയ്ക്ക് എങ്ങനെ നിഷ്ക്രിയമാകാന്‍ സാധിക്കും? മദ്റസയുടെ ജോലി മനുഷ്യന്‍റെ ഓരോ ചുവടുകളെയും ശ്രദ്ധിക്കലും മാറി വരുന്ന അവസ്ഥകളെ ഗൗനിക്കലും പുതിയ പ്രശ്നങ്ങളെ നേരിടലും തെറ്റിപ്പോകുന്ന പാദങ്ങളെ നേര്‍വഴിയില്‍ പിടിച്ച് നിര്‍ത്തലും ആടിക്കളിക്കുന്നവരെ സന്മാര്‍ഗ്ഗത്തില്‍ ഉറപ്പിക്കലുമാണ്. ഇങ്ങനെയുള്ള മദ്റസ മനുഷ്യ ജീവിതത്തില്‍ നിന്നും പിന്നിലേക്ക് മാറുകയോ ക്ഷീണിച്ച് ഇരിക്കുകയോ നിഷ്ക്രിയമായി കഴിയുകയോ ചെയ്താല്‍ മനുഷ്യ ജീവിതത്തിന് കൂട്ടാളിയാകാനും നേര്‍വഴി കാട്ടാനും ആരാണുള്ളത്? പടച്ചവന്‍റെ വചനങ്ങളും മുഹമ്മദീ സന്ദേശങ്ങളും കേള്‍പ്പിക്കാന്‍ വേറെ ആരാണുള്ളത്? മദ്റസകളുടെ നിര്‍ജ്ജീവാസ്ഥയും നേതൃത്വത്തില്‍ നിന്നുള്ള പിന്മാറ്റവും ഒതുങ്ങിക്കഴിയലും ആത്മഹത്യയ്ക്ക് തുല്യമാണ്. മദ്റസകളെക്കുറിച്ചുള്ള ഇത്തരം സങ്കല്‍പ്പം മാനവരാശിയോടുള്ള അക്രമം കൂടിയാണ്. തിരിച്ചറിവുള്ള ആരും മദ്റസകളെക്കുറിച്ച് ഇപ്രകാരം ഒരു സങ്കല്‍പ്പം ഒരിക്കലും പുലര്‍ത്തുന്നതല്ല. (കാറവാന്‍)
1954-ല്‍ മാര്‍ച്ച് മാസം ഈ സമ്മേളനം നടന്നു. ദാറുല്‍ ഉലൂം വിദ്യാര്‍ത്ഥികള്‍ തടിച്ച് കൂടി വലിയ ആവേശത്തോടെ ഇത് ശ്രവിച്ചു. തുടര്‍ന്ന് മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനിയുടെ ആമുഖത്തോടെ ഈ പ്രബന്ധം അല്‍ ഫുര്‍ഖാന്‍ മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. മൗലാനായുടെ പ്രധാന സഹകാരി കൂടിയായ മൗലാന നുഅ്മാനി ആമുഖത്തില്‍ കുറിച്ച ചില വാക്കുകള്‍ ശ്രദ്ധിക്കുക: ഇത് ഒരു ഗ്രന്ഥമല്ല. ഒരു പ്രബന്ധം മാത്രമാണ്. എന്നാല്‍ ഒരു മടിയും കൂടാതെ പറയട്ടെ: വിനീതനെ സംബന്ധിച്ചിടത്തോളം ആയിരക്കണക്കിന് പുറങ്ങളുള്ള ഗ്രന്ഥത്തേക്കാളും ഇത് വിലയേറിയതാണ്. ഇതില്‍ വാചകങ്ങളുടെ കസര്‍ത്തുകളല്ല. മറിച്ച് മനസ്സിന്‍റെ വേദനയും കാലഘട്ടത്തിന്‍റെ സന്ദേശവുമാണ്. ഇതില്‍ പറയപ്പെട്ട കാര്യങ്ങള്‍ക്ക് പ്രബന്ധകാരന്‍റെ ജീവിതം തന്നെ സാക്ഷിയാണ്. വിനീതന് വലിയ പ്രായമൊന്നുമില്ലെങ്കിലും ഉള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ പറയട്ടെ: പ്രബന്ധ കര്‍ത്താവിന് അല്ലാഹു ശക്തമായ ചിന്തയും പ്രകാശിക്കുന്ന മനസ്സും ദീനീ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് പ്രവാചകന്മാരുടെ യഥാര്‍ത്ഥ പിന്‍ഗാമികളുടെ അടിയുറച്ച വിശ്വാസവും മാറ്റങ്ങള്‍ നിറഞ്ഞ ലോകത്തിന്‍റെ അവസ്ഥകളെയും ആവശ്യങ്ങളെയും കുറിച്ചുള്ള അറിവും നല്‍കപ്പെട്ടിരിക്കുന്നു. (അല്‍ ഫുര്‍ഖാന്‍). 
രണ്ട് പാക്കിസ്ഥാന്‍ യാത്രകള്‍
1954-ലെ റമളാന്‍ മാസം പാക്കിസ്ഥാനില്‍ കഴിച്ചുകൂട്ടാന്‍ ഹസ്രത്ത് റായ്പൂരി തീരുമാനിച്ചു. മൗലാനയും കൂട്ടത്തില്‍ യാത്രയായി. അനുഗ്രഹീത മാസം മുഴുവന്‍ ഹസ്രത്തിന്‍റെ പ്രത്യേക സാമിപ്യവും സ്നേഹവും അനുഭവിച്ചു. ഈ യാത്രയില്‍ ലാഹോറിലും കുറച്ച് നാള്‍ താമസിക്കുകയും അല്ലാമാ അഹ്മദ് അലി ലാഹോരിയുടെ സന്നിധിയില്‍ ഹാജരാവുകയും ചെയ്തു. മഹാനവര്‍കളും വളരെ സ്നേഹത്തോടെ സ്വീകരിക്കുകയുണ്ടായി. 
രണ്ടാമത്തെ യാത്ര അടുത്ത വര്‍ഷം മൗലാന സയ്യിദ് മുഹമ്മദ് സാനിയോടൊപ്പമായിരുന്നു. ഈ യാത്രയില്‍ പെശാവര്‍ വരെ പോവുകയുണ്ടായി. ഈ യാത്രയ്ക്കിടയില്‍ ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയിലെ ശൈഖുല്‍ ഹദീസ് മൗലാനാ ശാഹ് ഹലീംഅതായുടെ വിയോഗവാര്‍ത്ത ലഭിക്കുകയുണ്ടായി. മറുഭാഗത്ത് നദ്വത്തുല്‍ ഉലമയിലെ അറബി മുഖപത്രമായ അല്‍ ബഹ്സുല്‍ ഇസ്ലാമിയയുടെ പ്രസിദ്ധീകരണം ആരംഭിച്ചതും ഈ യാത്രക്കിടയിലാണ്. അതിന്‍റെ പ്രഥമ കോപ്പി യാത്രക്കിടയില്‍ തന്നെ മൗലാനയ്ക്ക് ലഭിച്ചു. ഈ യാത്രയില്‍ സലഫി പണ്ഡിതനായ മൗലാന അതാഉല്ലാഹ് ഹലീം സാഹിബ് മൗലാനയെ ജാമിഅ സലഫിയയില്‍ സ്വീകരിക്കുകയും ആദരിച്ചുകൊണ്ട് ഒരു അനുമോദന പത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. 
താരീഖ് ദഅ്വത്ത് വ അസീമത്ത്, ഇസ്ലാമിലെ നവോത്ഥാന നായകര്‍ 
ദീനീ ആവേശം പുലര്‍ത്തുന്ന വിദ്യാസമ്പന്നരായ ചില പ്രസ്ഥാനങ്ങളും വ്യക്തികളും ഇസ്ലാമിന്‍റെയും മുസ്ലിംകളുടെയും നവോത്ഥാന ചരിത്രത്തില്‍ വലിയ വിള്ളലുണ്ടായിട്ടുണ്ടെന്നും തുടര്‍ച്ച നഷ്ടപ്പെട്ട നിലയില്‍ ധാരാളം കാലഘട്ടം കഴിഞ്ഞിട്ടുണ്ടെന്നും തെറ്റിദ്ധരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അപകര്‍ഷതാ ബോധത്തില്‍ നിന്നും ഉടലെടുത്ത ഈ ചിന്താഗതി ഇസ്ലാമിക ചരിത്രത്തെക്കുറിച്ച് ശരിയായ അറിവില്ലായ്മയുടെ ഫലമായിരുന്നു. ഇത്തരുണത്തില്‍ തെറ്റിദ്ധാരണകള്‍ ദൂരീകരിക്കപ്പെടുകയും ഇസ്ലാമിന്‍റെ യാഥാര്‍ത്ഥ്യത്തെ സമര്‍ത്ഥിക്കുകയും ഇസ്ലാമിലെ നവോത്ഥാന സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ശൃംഖലയും പരമ്പരയും   പുതിയ ഭാഷയില്‍ ക്രോഡീകരിക്കാന്‍ മൗലാന തീരുമാനിച്ചു. ഇതിന് ആസ്പദമായ ഒരു സംഭവം നടന്നു. ഒരിക്കല്‍ ഹസ്രത്ത് റായ്പൂരിയുടെ കൂട്ടത്തില്‍ മൗലാന രാവിലെ നടക്കാന്‍ ഇറങ്ങി. കൂട്ടത്തില്‍ ഒരു അമുസ്ലിം സഹോദരനുമുണ്ടായിരുന്നു. നടത്തത്തിനിടയില്‍ ഹസ്രത്ത് പറഞ്ഞു: ഓരോ കാലഘട്ടത്തിലും ആവശ്യമായ വ്യക്തികളെ അല്ലാഹു തയ്യാറാക്കുന്നത് ഇസ്ലാമിന്‍റെ സത്യതയ്ക്കുള്ള ഒരു തെളിവാണ്. എവിടെയെങ്കിലും ഒരു പ്രശ്നം തല പൊക്കിയാല്‍ അതിനെ ഇല്ലാതാക്കുന്നതിന് ഒരു വ്യക്തിത്വത്തെ അല്ലാഹു എഴുന്നേല്‍പ്പിച്ച് നിര്‍ത്തുന്നതാണ്! മൗലാന പറയുന്നു: ഹസ്രത്തിന്‍റെ ഈ ചെറുവാചകം കേട്ടപ്പോള്‍ എന്‍റെ മനസ്സിലേക്ക് ചരിത്രപരവും വൈജ്ഞാനികവുമായ ഒരു കൂമ്പാരത്തിന്‍റെ പ്രളയമുണ്ടായി. ഈ വിഷയത്തില്‍ വിശദമായ ഒരു രചന തയ്യാറാക്കാന്‍ ആഗ്രഹം ഉദിച്ചു. (കാറവാന്‍). 
ഇതിനിടയില്‍ ലക്നൗവിലെ തബ്ലീഗ് മര്‍ക്കസില്‍ ഇസ്ലാമിക നവോത്ഥാന സംസ്കരണങ്ങളുടെ ചരിത്രവും അതിലെ സുപ്രധാന വ്യക്തിത്വങ്ങളും എന്ന വിഷയത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഒരു പഠന പ്രഭാഷണം മൗലാന നടത്തി. ഒരു തബ്ലീഗ് പ്രവര്‍ത്തകനായ അബ്ദുസ്സമദ് സാഹിബ് ഈ പ്രഭാഷണം പൂര്‍ണ്ണമായി എഴുതി എടുത്തു. മൗലാന അതിനെ പരിഷ്കരിച്ച് ഗ്രന്ഥ രൂപത്തിലാക്കി. അങ്ങനെ താരീഖ് ദഅ്വത്ത് വ അസീമത്ത് (ഇസ്ലാമിലെ നവോത്ഥാന നായകര്‍) എന്ന ഗ്രന്ഥ പരമ്പരയുടെ ഒന്നാം ഭാഗം തയ്യാറായി. ഇതിന്‍റെ രചനയുമായി ബന്ധപ്പെട്ട ആവേശത്തെക്കുറിച്ച് മൗലാന തന്നെ കുറിക്കുന്നു: എന്‍റെ ബലഹീനതയും മടിയും നിറഞ്ഞ പ്രകൃതിയ്ക്ക് വിരുദ്ധമായി ഈ വിഷയം എന്‍റെ മനസ്സിനെയും മസ്തിഷ്കത്തെയും പരിപൂര്‍ണ്ണമായി കീഴ്പ്പെടുത്തി. ഹസ്രത്ത് റായ്പൂരിയുടെ താമസ സ്ഥലത്ത് വെച്ചുതന്നെ ഹസ്രത്തുമായി ബന്ധപ്പെട്ട അത്യാവശ്യ സന്ദര്‍ശനങ്ങള്‍ കഴിഞ്ഞ് ഒറ്റയ്ക്ക് മുറിയില്‍ പോയി രചനയില്‍ മുഴുകി. ഹസ്രത്തിന്‍റെ അരികില്‍ കൂടുതല്‍ ഇരിക്കാത്തത് ഹസ്രത്തിന് ബുദ്ധിമുട്ടാകുമോ എന്ന് പലപ്പോഴും ചിന്തയുണ്ടായെങ്കിലും ഈ പ്രവര്‍ത്തനം പൂര്‍ത്തിയായാല്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഹസ്രത്തായിരിക്കും എന്ന കാര്യം മനസ്സിന് സമാധാനം പകര്‍ന്നു. (കാറവാന്‍)
1954 ഒക്ടോബറില്‍ ഇതിന്‍റെ ഒന്നാം ഭാഗം അഅ്സംഗഡിലെ ദാറുല്‍ മുസന്നിഫീന്‍ പ്രസിദ്ധീകരിച്ചു. ജനങ്ങള്‍ വളരെ ആദരവോടെ ഈ രചനയെ ഏറ്റുവാങ്ങി. ഏറ്റവും കൂടുതല്‍ സന്തോഷം പ്രകടിപ്പിച്ചത് ഹസ്രത്ത് റായ്പൂരിയാണ്. പല കത്തുകള്‍ അയച്ച് ഹസ്രത്ത് ഇതിനെ വാഴ്ത്തിപ്പറഞ്ഞു. ഇവിടെ ഏതാനും കത്തുകളുടെ ഉദ്ധരിണികള്‍ കൊടുക്കുന്നു: * വിനീതന്‍ താങ്കളുടെ ഗ്രന്ഥം താരീഖ് ദഅ്വത്ത് കേട്ടുകൊണ്ടിരിക്കുകയാണ്. പടച്ചവന്‍റെ അനുഗ്രഹത്താല്‍ വളരെ നല്ല ഗ്രന്ഥമാണ്. അല്ലാഹു താങ്കള്‍ക്ക് ഉന്നത പ്രതിഫലം നല്‍കട്ടെ. വളരെ ത്യാഗം ചെയ്താണ് താങ്കള്‍ ഇത് തയ്യാറാക്കിയത്. തീര്‍ച്ചയായും ഇത് താങ്കളുടെ വലിയൊരു സേവനം തന്നെയാണ്. അല്ലാഹു ഇതിനെ സ്വീകരിക്കട്ടെ. * താങ്കളുടെ ഗ്രന്ഥം മൂന്നാം പ്രാവശ്യം കേട്ടുകൊണ്ടിരിക്കുകയാണ്. എത്ര കേട്ടിട്ടും മതിവരുന്നില്ല. * ഇതിന്‍റെ രണ്ടാം ഭാഗം എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു!
ഉപഭൂഖണ്ഡത്തിലെ ധാരാളം പണ്ഡിതര്‍ ഇതിന് വാഴ്ത്തിപ്പറഞ്ഞു. വിശിഷ്യാ ഇസ്ലാമിക ലോകത്ത് തന്നെ ഈ വിഷയത്തെക്കുറിച്ച് എഴുതാന്‍ അര്‍ഹതയുണ്ടായിരുന്ന വ്യക്തിത്വം മൗലാന സയ്യിദ് മുനാസിര്‍ അഹ്സന്‍ ഗീലാനി ഇതിനെ വളരെയധികം പ്രശംസിച്ചു. അദ്ദേഹം കുറിച്ചു: താരീഖ് ദഅ്വത്ത് ലഭിച്ചപ്പോള്‍ കളഞ്ഞുപോയ അമൂല്യനിധി തിരിച്ച് ലഭിച്ചതുപോലെ അനുഭവപ്പെട്ടു. പലപ്രാവശ്യം വായിച്ചിട്ടും മതിവരുന്നേയില്ല. എന്‍റെ എത്ര സ്വപ്നങ്ങളാണ് താങ്കളിലൂടെ പൂവണിഞ്ഞതെന്ന് അല്ലാഹുവിന് തന്നെ അറിയാം! 
1956-ല്‍ ഇതിന്‍റെ രണ്ടാം ഭാഗം ദാറുല്‍ മുസന്നിഫീന്‍ തന്നെ പ്രസിദ്ധീകരിച്ചു. മൂന്നാം ഭാഗം ഇന്ത്യയുമായി ബന്ധപ്പെട്ട മഹാത്മാക്കളെക്കുറിച്ചായിരുന്നു. എന്നാല്‍ അത് പൂര്‍ത്തീകരിക്കാന്‍ അല്‍പ്പം താമസം നേരിട്ടു. ഇതില്‍ ഹസ്രത്ത് റായ്പൂരിയുടെ പ്രിയങ്കര വ്യക്തിത്വം ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയയുടെ അനുസ്മരണവും ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ഹസ്രത്ത് പ്രേരണ വര്‍ദ്ധിപ്പിക്കുകയുണ്ടായി. 1961-ല്‍ ഈ ഭാഗം പൂര്‍ത്തീകരിക്കപ്പെട്ടു. മൗലാന ഇതിന്‍റെ കോപ്പിയുമായി ഹസ്രത്ത് റായ്പൂരിയുടെ അരികിലെത്തി. ഏറ്റുവാങ്ങിയ ഉടനെ അത് വായിക്കാന്‍ ആവശ്യപ്പെട്ടു. ളുഹ്ര്‍ മുതല്‍ മഗ്രിബ് വരെ വായന തുടര്‍ന്നു. ഗ്രന്ഥം പൂര്‍ത്തിയാകുന്നതുവരെ ഇതുമാത്രമാണ് വായിക്കപ്പെട്ടത്. 
മുജദ്ദിദ് അല്‍ഫ്ത്ഥാനിയെക്കുറിച്ചുള്ള നാലാം ഭാഗം 18 വര്‍ഷങ്ങള്‍ക്ക് ശേഷം 1980-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ ഹസ്രത്ത് ശാഹ് വലിയുല്ലാഹിദ്ദഹ്ലവിയെക്കുറിച്ചുള്ള അഞ്ചാം ഭാഗവും പൂര്‍ത്തിയായി. ഇതിന്‍റെ തന്നെ മറ്റൊരു ഭാഗമെന്ന് വിശേഷിപ്പിക്കാമെന്ന് സയ്യിദ് അഹ്മദ് ശഹീദിന്‍റെ ജീവിചരിത്രം മുമ്പ് തന്നെ എഴുതപ്പെട്ടിരുന്നു. കൂടാതെ, മൗലാന ഫസ്ലുര്‍റഹ്മാന്‍ മുറാദാബാദി, മൗലാന മുഹമ്മദ് ഇല്‍യാസ്, ഹസ്രത്ത് അബ്ദുര്‍ ഖാദിര്‍ റായ്പൂരി, ശൈഖുല്‍ മൗലാന മുഹമ്മദ് സകരിയ എന്നിവരെക്കുറിച്ചും പ്രത്യേക രചനകള്‍ തയ്യാറാക്കുകയുണ്ടായി. ഇപ്രകാരം ഹിജ്റ 15-ാം നൂറ്റാണ്ടുവരെയുള്ള പ്രബോധന സംസ്കരണ ചരിത്രം മൗലാനയുടെ തൂലികയിലൂടെ തയ്യാറാക്കപ്പെട്ടു.

ഡമാസ്കസ് യൂണിവേഴ്സിറ്റിയിലെ പ്രബന്ധങ്ങള്‍
1951-ല്‍ ഈജിപ്റ്റ്, സിറിയ യാത്രകള്‍ നടത്തിയപ്പോള്‍ അവിടെയുള്ള വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ മൗലാനായ്ക്ക് വലിയ സ്വീകാര്യത ലഭിക്കുകയുണ്ടായി. മൗലാനാ തിരിച്ച് വന്നിട്ടും അവിടെ ധാരാളം വ്യക്തിത്വങ്ങള്‍ മൗലാനായുടെ വിവിധ രചനകളും പ്രഭാഷണങ്ങളും നിരന്തരം ശ്രദ്ധിക്കാന്‍ തുടങ്ങി. അവരില്‍ പലരും മൗലാനായെ പലപ്പോഴും അവിടേക്ക് ക്ഷണിക്കുകയും ചെയ്തു. മൗലാനായ്ക്കും അവിടെ പോകണമെന്നും തന്‍റെ ഏറ്റവും വലിയ നിധിയായ വിജ്ഞാന ചിന്തകള്‍ പ്രചരിപ്പിക്കണമെന്നും വലിയ ആഗ്രഹമായിരുന്നു. പക്ഷെ നാല് വര്‍ഷം വരെ അതിന് അവസരമുണ്ടായില്ല. നാലാം വര്‍ഷം ഒരു സാഹചര്യം ഒരുങ്ങി വന്നു. സിറിയയിലെ ഡമാസ്കസ് യൂണിവേഴ്സിറ്റിയില്‍ ശരീഅത്ത് വിഭാഗം രൂപീകരിക്കാന്‍ തീരുമാനമായി. അതിന്‍റെ ചെയര്‍മാന്‍ ഡോ. മുസ്ത്വഫാ സിബാഈ മൗലാനായോട് വലിയ ബന്ധം പുലര്‍ത്തിയിരുന്നു. മൗലാനാ രണ്ട് വര്‍ഷം കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ഈ വിഭാഗത്തിലെ പ്രധാന അദ്ധ്യാപകനായി വരണമെന്ന് അദ്ദേഹം അപേക്ഷിച്ചു. ഇതിലൂടെ വലിയ സാമ്പത്തിക ലാഭം ലഭിക്കുന്നതിനോടൊപ്പം അറബ് ലോകം മുഴുവന്‍ മൗലാനായുടെ ചിന്തകളും സന്ദേശങ്ങളും പ്രചരിക്കുകയും ചെയ്യുമെന്നും അദ്ദേഹം ഉണര്‍ത്തി. മൗലാനാ തയ്യാറായില്ലെങ്കിലും രണ്ട്-മൂന്ന് മാസങ്ങള്‍ക്ക് മാത്രമായി അവിടെ വരാനും ഏതെങ്കിലും പ്രത്യേക വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കാനും തയ്യാറാണെന്നും അറിയിച്ചു. ഈ വിവരമറിഞ്ഞ അല്ലാമാ അഹ്മദ് അലി ലാഹോരി വളരെ സ്നേഹത്തോടെ ഇപ്രകാരം കത്തെഴുതി: അല്ലാഹുവിന്‍റെ പരിശുദ്ധ നാമത്തില്‍ പടച്ചവനോടുള്ള ബന്ധത്തിന്‍റെയും പടപ്പുകളോട് ബന്ധമില്ലായ്മയുടെയും വലിയ ശക്തി അടങ്ങിയിട്ടുണ്ട്. പ്രസ്തുത നാമം അധികമായി സ്മരിക്കുന്നതിന്‍റെ ഫലമാണ് ഇതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതെ, ദീനിന്‍റെ നന്മയെ കരുതിക്കൊണ്ട് വലിയ സാമ്പത്തിക ലാഭം വേണ്ടെന്ന് വെച്ചത് ഈ നാമത്തിന്‍റെ ആയിരക്കണക്കിന് ഐശ്വര്യങ്ങളില്‍ ഒന്നാണ്. അല്ലാഹു എല്ലാ ഐശ്വര്യങ്ങളും സമൃദ്ധമായി കനിഞ്ഞരുളട്ടെ.! 
മൗലാനാ ഈ വിഷയത്തില്‍ ഹസ്രത്ത് റായ്പൂരിയുമായും ബന്ധപ്പെട്ടു. ഹസ്രത്തും സസന്തോഷം അനുവാദം കൊടുത്തു. മൗലാനായുടെ വിവിധ സുഹൃത്തുക്കളും പ്രധാന വ്യക്തിത്വങ്ങളും ഇതില്‍ ആശംസകള്‍ അറിയിച്ചു. മൗലാനാ സയ്യിദ് മുനാസിര്‍ അഹ്സന്‍ ഗീലാനി എഴുതി: അല്‍ ജംഇയ്യ, മദീനാ എന്നീ പത്രങ്ങളില്‍ താങ്കളുടെ ചരിത്രപരമായ യാത്രയെ കുറിച്ച് അറിയാന്‍ സാധിച്ചു. താങ്കള്‍, അല്ലാമാ സ്വഫിയ്യുദ്ദീന്‍ ഹിന്ദിക്ക് ശേഷം വിജ്ഞാന കേന്ദ്രമായ ഡമാസ്കസില്‍ പഠിപ്പിക്കാന്‍ പോകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ്. അല്ലാമാ ഹിന്ദിയാകട്ടെ, സ്വന്തം താല്‍പര്യപ്രകാരമാണ് പോയതെങ്കില്‍ താങ്കളെ അവിടെയുള്ള പ്രധാനപ്പെട്ടവര്‍ ക്ഷണിച്ചുകൊണ്ട് പോകുകയാണ്. രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.! ഈ പ്രത്യേകത താങ്കളുടെ വ്യക്തിത്വത്തില്‍ മാത്രം പരിമിതമല്ല. മുഴുവന്‍ ഇന്ത്യന്‍ പണ്ഡിതര്‍ക്കും ഇത് വലിയ അഭിമാനമാണ്. അല്ലാഹു താങ്കളെ പോലെയുള്ളവരെ വര്‍ദ്ധിപ്പിക്കുമാറാകട്ടെ.! ആദരണീയ ജേഷ്ഠനും കുടുംബത്തിലെ മുതിര്‍ന്നവര്‍ക്കും അനുമോദനം അറിയിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം എനിക്ക് വാക്കുകളില്‍ വിവരിക്കാന്‍ കഴിയുന്നില്ല.! 
ഇസ്ലാമിലെ ചിന്താ-പ്രബോധന സാരഥികള്‍ എന്ന വിഷയം മൗലാനാ പ്രബന്ധത്തിനായി തെരഞ്ഞെടുത്തു. മഹത്തായ പാരമ്പര്യങ്ങളുള്ള അറേബ്യന്‍ പ്രദേശത്ത് ഇസ്ലാമിക ചിന്താ-പ്രബോധനങ്ങളുടെ പുത്തന്‍ ഉണര്‍വ്വും പരിവര്‍ത്തനവുമുണ്ടാകണമെന്ന് മൗലാനാ ലക്ഷ്യമിട്ടു. 1956-ല്‍ ഏപ്രില്‍ മാസത്തില്‍ മൗലാനാ ഡമാസ്കസിലേക്ക് യാത്ര തിരിച്ചു. ഡോ. സിബാഇയും പ്രധാന വ്യക്തിത്വങ്ങളും മൗലാനായെ സ്വീകരിച്ചു. ആദ്യം യര്‍മൂക്ക് ഹോട്ടലില്‍ ഏതാനും ദിവസം താമസിച്ചു. ശേഷം ശൈഖ് അബ്ദുല്‍ വഹ്ഹാബ് സ്വലാഹിയുടെ വീട്ടില്‍ താമസമാക്കി. 
മൗലാനാ ആകെ എട്ട് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. യൂണിവേഴ്സിറ്റിയിലെ പ്രധാന ഹാളിലായിരുന്നു പരിപാടി. ഹാള്‍ മുഴുവനും നിറയുക മാത്രമല്ല, വലിയൊരു കൂട്ടം നിന്നും ശ്രവിക്കുന്നുണ്ടായിരുന്നു. ഉസ്താദ് മുഹമ്മദുല്‍ മുബാറക്, ഉസ്താദ് മുഹമ്മദ് സര്‍ഖാഅ്, ഡോ. മഅ്റൂഫ്, അല്ലാമാ ബഹ്ജത്തുല്‍ ബൈത്താര്‍ മുതലായ ജാമിഅയിലെ പ്രധാന ഉസ്താദുമാരും ഡമാസ്കസിലെ പ്രഗത്ഭ പണ്ഡിതന്മാരും അതിഥികളായി വന്നിരുന്നു. ഇവരെല്ലാവരും കൃത്യനിഷ്ഠയോടെ പ്രബന്ധം ശ്രദ്ധിച്ചു. ഇതിനിടയില്‍ റമദാന്‍ ആരംഭിച്ചു. സാധാരണ എല്ലാവരും വിശ്രമിക്കുന്ന സമയമായ എട്ട് മണിക്കാണ് സദസ്സ് ആരംഭിച്ചിരുന്നത്. എന്നാല്‍ സദസ്സിന്‍റെ തിളക്കത്തില്‍ യാതൊരു കുറവുമുണ്ടായില്ല. 
അവസാന പ്രബന്ധത്തിന് മുമ്പുള്ള ദിവസം വൈസ് ചാന്‍സലര്‍ ഡോ. അഹ്മദ് സമ്മാന്‍ മൗലാനായെ ആദരിച്ചുകൊണ്ട് ഒരു സല്‍ക്കാരം നടത്തി. പട്ടണത്തിലെ പ്രമുഖരും യൂണിവേഴ്സിറ്റിയിലെ ഉസ്താദുമാരെയും കൂടാതെ അന്ന് അവിടെ താമസിച്ചിരുന്ന അല്‍ജീരിയന്‍ പോരാളി അല്ലാമാ മുഹമ്മദ് ബഷീര്‍ ഇബ്റാഹീമിയും അതില്‍ പങ്കെടുത്തു. അക്കാലത്ത് മൗലാനായുടെ ആത്മ സുഹൃത്തായിരുന്ന ഡോ. സഈദ് റമദാനും അന്ന് ഡമാസ്കസിലുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ഭവനത്തില്‍ മൗലാനാ നിത്യവും സന്ദര്‍ശിക്കുകയും ദിവസവും പണ്ഡിതരുടെ സംഗമം അവിടെ നടക്കുകയും ചെയ്തിരുന്നു. 
ഈ താമസത്തിനിടയില്‍ അവിടുത്തെ വലിയൊരു സൂഫിവര്യനും ശൈഖ് ഇബ്നു അറബിയുടെ വിജ്ഞാനങ്ങളില്‍ അവഗാഹം നേടിയ വ്യക്തിത്വവുമായ ശൈഖ് ഹാറൂന്‍ അസ്ല്‍ ഹജ്ജാറിനെ കുറിച്ച് ചിലര്‍ മൗലാനായോട് പറഞ്ഞു. ഒരു ദിവസം മൗലാനാ അദ്ദേഹത്തിന്‍റെ സദസ്സില്‍ പോയി. അദ്ദേഹത്തിന് മൗലാനായെ കുറിച്ച് ഒരു അറിവുമില്ലായിരുന്നു. പക്ഷെ, കണ്ട മാത്രയില്‍ എഴുന്നേറ്റ് നിന്ന് സ്വീകരിക്കുകയും അടുത്ത് ഇരുത്തുകയും ചെയ്തു. അവിടുത്തെ സദസ്സിന്‍റെ അവസ്ഥ അത്ഭുതകരമായിരുന്നു. ശൈഖിന് മുമ്പില്‍ സദസ്യര്‍ പരസ്പരം സംസാരിച്ചുകൊണ്ടിരിക്കുന്നു. സദസ്സ് കഴിയാറായപ്പോള്‍ മൗലാനാ കുറച്ച് സംസാരിക്കട്ടെയെന്ന് ചിലര്‍ പറഞ്ഞു. മൗലാനാ തന്ത്രപരമായി അവരുടെ തെറ്റ് തിരുത്തുകയും ശൈഖിന്‍റെ സംസാരങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കണമെന്ന് ഉണര്‍ത്തുകയും ചെയ്തു. ഇത് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്‍റെ കൂടി മനസ്സിന്‍റെ ശബ്ദമായിരുന്നു. അദ്ദേഹത്തിന് നേരിട്ട് പറയാന്‍ കഴിഞ്ഞിട്ടില്ലാത്ത കാര്യം അല്ലാഹു മൗലാനായിലൂടെ പറയിപ്പിച്ചു. അതിന് ശേഷം അദ്ദേഹം മൗലാനായോട് വലിയ സ്നേഹം പുലര്‍ത്തുകയും മൗലാനായെ കാണാന്‍ വരികയും ചെയ്തു. മൗലാനാ പറയുന്നു: അദ്ദേഹവുമായി പല പ്രാവശ്യം ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം പടച്ചവനുമായി വലിയ അടുപ്പമുള്ള വ്യക്തിയാണെന്ന് എനിക്ക് മനസ്സിലായി. ശൈഖുല്‍ അക്ബറിന്‍റെ റൂഹുല്‍ ഖുദുസ് എന്ന രചന എനിക്ക് ആവശ്യമുണ്ടായിരുന്നു. അദ്ദേഹം അത് എനിക്ക് ഹദ്യയായി നല്‍കി. അതിന്‍റെ മുകളില്‍ പേരെഴുതുക എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അബുല്‍ ഹസന്‍ അലി നദ്വി എന്നെഴുതി. ശേഷം ഉടനെ തലയുയര്‍ത്തിക്കൊണ്ട് പറഞ്ഞു: നിങ്ങള്‍ ഹസനീ കുടുംബത്തിലെ അംഗമല്ലേ.? ഞാന്‍ പറഞ്ഞു: അപ്രകാരം ഇന്ത്യയില്‍ പലരും പറയുന്നുണ്ട്. ശൈഖ് പറഞ്ഞു: അതിന്‍റെ സുഗന്ധം താങ്കളില്‍ അനുഭവപ്പെടുന്നുണ്ട്. (കാറവാന്‍). മൗലാനാ കാരണമായി അവിടുത്തെ ഇതര പണ്ഡിതരും ശൈഖുമായി അടുത്തു. പ്രത്യേകിച്ചും ഡോ. സിബാഈ അദ്ദേഹത്തിന്‍റെ ശിഷ്വത്വം സ്വീകരിക്കുകയും വസ്വിയ്യത്ത് പ്രകാരം ശൈഖിന്‍റെ അടുത്ത് തന്നെ ഖബ്റടക്കപ്പെടുകയും ചെയ്തു. 
ഡമാസ്കസ് റേഡിയോയിലും മൗലാനാ രണ്ട് പ്രഭാഷണങ്ങള്‍ നടത്തി. ഇസ്മഈ യാ സൂരിയാ എന്ന പ്രഭാഷണത്തില്‍ സിറിയയുടെ പഴയ കാര്യങ്ങള്‍ ഉണര്‍ത്തിക്കൊണ്ട് ഇന്നുള്ളവര്‍ പാരമ്പര്യം നില നിര്‍ത്തണമെന്നും കൂടുതല്‍ വളര്‍ത്തണമെന്നും ആഹ്വാനം ചെയ്തു. മുഹമ്മദ് ഇഖ്ബാല്‍ പ്രവാചക നഗരിയില്‍ എന്ന പ്രഭാഷണത്തില്‍ അനറബിയായ ഒരു വ്യക്തിയ്ക്ക് റസൂലുല്ലാഹി (സ്വ) യോട് ഉണ്ടായ ബന്ധത്തെ ചിത്രീകരിച്ചു.
 
ലബനാന്‍-തുര്‍ക്കി യാത്രകള്‍. 
സിറിയയിലെ താമസത്തെ പ്രയോജനപ്പെടുത്തിക്കൊണ്ട് മൗലാനാ ലബനാനിലേക്ക് പോയി. ലബനാനിലെ പ്രധാന പണ്ഡിതരെയും നേതാക്കളെയും മുഖ്യമായ ദീനീ കേന്ദ്രങ്ങളെയും സ്ഥാപനങ്ങളെയും സന്ദര്‍ശിച്ചു. ട്രിപ്പോളിയിലെ മര്‍ക്കസുല്‍ മൗലവിയ്യ (മൗലാനാ റൂമിയുമായി ബന്ധപ്പെട്ട സ്ഥാപനം), മദ്റസ ഇബ്നു ഖല്‍ദൂന്‍, മദ്റസത്തുല്‍ ഗസ്സാലി എന്നീ സ്ഥാപനങ്ങളില്‍ യുവാക്കളുടെ സദസ്സുകളെ സംബോധന ചെയ്തു. കലിയ്യത്തുല്‍ മലിക്ക് സഊദില്‍ നടന്ന പ്രധാന വ്യക്തിത്വങ്ങളുടെ യോഗത്തില്‍ മൗലാനാ പ്രസ്താവിച്ചു: സമുദായങ്ങള്‍ നാഗരികതയുടെ അടിസ്ഥാനത്തില്‍ ജീവിക്കുന്നതല്ല, സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ജീവിക്കുന്നത്. സമുദായത്തില്‍ ആത്മാവ് അവശേഷിക്കുകയും പ്രത്യേകതകളെ നില നിര്‍ത്തുകയും ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.! 
ലബനാനില്‍ നിന്നും തുര്‍ക്കിയിലേക്ക് പോകാനിരുന്നതാണെങ്കിലും ഇടയ്ക്ക് വീണ്ടും സിറിയയിലേക്ക് വരികയും ഹലബിലെ ഇഖ്വാന്‍ കേന്ദ്രത്തില്‍ ഒരു പ്രഭാഷണം നടത്തുകയും ചെയ്തു. ഈമാന്‍ പുതുക്കുന്നതിന്‍റെ ആവശ്യകത എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ അറേബ്യന്‍ ദേശീയതയെ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ശ്രോദ്ധാക്കള്‍ അവരുടെ തെറ്റ് സമ്മതിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇതില്‍ അവരുടെ യാഥാര്‍ത്ഥ്യ ബോധവും മൗലാനായുടെ ആത്മാര്‍ത്ഥതയും വലിയൊരു ഘടകമായി. മൗലാനാ പറയുന്നു: പ്രഭാഷണം അവസാനിച്ചപ്പോള്‍ ശ്രോദ്ധാക്കള്‍ പുഴ പോലെ ഒഴുകി വരികയും വല്ലാത്ത സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു. വിമര്‍ശിക്കപ്പെടുന്ന സമയത്ത് അവയെ മനസ്സ് തുറന്ന് സ്വീകരിക്കുകയെന്നത് മറ്റെവിടെയും കാണാന്‍ കഴിയാത്ത അറബികളുടെ ഒരു മഹത്ഗുണം തന്നെയാണ്. (കാറവാന്‍). 
ഹലബില്‍ നിന്നും മൗലാനാ തുര്‍ക്കിയിലേക്ക് പോയി. അവിടെ നടന്ന വലിയൊരു പരീക്ഷണം തുര്‍ക്കിയില്‍ ഏതാനും ദിനങ്ങള്‍ എന്ന യാത്രാ വിവരണത്തില്‍ വിശദമായും, ആത്മകഥയില്‍ ചുരുക്കിയും മൗലാനാ വിവരിച്ചിട്ടുണ്ട്. ഇവിടെ ആത്മ കഥയുടെ വാക്കുകള്‍ ഉദ്ധരിക്കുന്നു: ഹലബില്‍ നിന്നും ട്രൈയിന്‍ വഴി തുര്‍ക്കിയിലേക്ക് യാത്ര ചെയ്തു. തുര്‍ക്കിയിലെ രണ്ടാഴ്ച താമസത്തിനിടയില്‍ ഇസ്തംബൂള്‍, അങ്കാറ, മൗലാനാ റൂമിയുടെ നാടായ ഖുവൈനിയ എന്നിവ സന്ദര്‍ശിച്ചു. ഇസ്തംബൂളില്‍ എത്തിയപ്പോള്‍ ആതിഥേയര്‍ സ്റ്റേഷനില്‍ എത്താത്തതിനാല്‍ വളരെ പരിഭ്രമ ജനകമായ അവസ്ഥകളുണ്ടായി. അത് പോലൊരു അവസ്ഥ മറ്റൊരിക്കലുമുണ്ടായിട്ടില്ല. എന്നാല്‍ അല്ലാഹുവിന്‍റെ സഹായത്താല്‍ അവസാനം എന്നെ വിട്ടയയ്ക്കുകയും വലിയ സ്നേഹവും സല്‍ക്കാരവും നല്‍കുകയും ചെയ്തു. തുര്‍ക്കിയില്‍ രക്ത സാക്ഷികളുടെ ചോര മണക്കുന്ന മണ്ണ്, ഇസ്ലാമിക ചരിത്രത്തില്‍ ഈ നാട്ടുകാര്‍ നടത്തിയ സേവനങ്ങള്‍, ഇസ്ലാമിക കേന്ദ്രങ്ങളുടെ സംരക്ഷണം, ക്രൈസ്തവ യൂറോപ്പിന്‍റെ ഇടയിലുള്ള അവരുടെ അടിയുറപ്പ്, വിശുദ്ധ നാടുകള്‍ക്കും അറേബ്യന്‍ രാജ്യങ്ങള്‍ക്കും നല്‍കിയ പിന്തുണ എന്നിവ നന്നായി ഓര്‍മ്മയില്‍ തെളിഞ്ഞു. ശേഷം അത്താ തുര്‍ക്ക് മുസ്ലിംകളുടെയും അറബികളുടെയും മുഴുവന്‍ അംശങ്ങളും തുടച്ച് നീക്കാന്‍ നടത്തിയ കുത്സിത ശ്രമങ്ങളും അറബി ഭാഷയെ നിരോധിച്ചതിലൂടെ ഇസ്ലാമിക സംസ്കാരത്തില്‍ നിന്നും ജനങ്ങളെ തള്ളി മാറ്റിയതും വ്യക്തമായി. (കാറവാന്‍). 
തുര്‍ക്കിയില്‍ നിന്നും വീണ്ടും ഡമാസ്കസിലേക്ക് വന്നു. അവിടെ ഡോ. സഈദ് റമദാന്‍ ബൂത്തിയുടെ നേതൃത്വത്തില്‍ ഭരണകൂടത്തിന്‍റെ പിന്തുണയോടെ ഒരു അന്താരാഷ്ട്രാ ഇസ്ലാമിക സമ്മേളനം നടന്നു. മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി, മൗലാനാ സയ്യിദ് അബുല്‍ അഅ്ലാ മൗദൂദി, മൗലാനാ ളഫര്‍ അഹ്മദ് അന്‍സാരി എന്നിവര്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും അതില്‍ പങ്കെടുത്തു. ഇന്തോനേഷ്യന്‍ മുന്‍ പ്രധാനമന്ത്രി ഡോ. നാസിര്‍ അദ്ധ്യക്ഷനും മൗലാനായും മൗലാനാ മൗദൂദിയും ഉപാദ്ധ്യക്ഷന്മാരുമായിരുന്നു. ഫലസ്തീന്‍ പ്രശ്നത്തിന് ഇസ്ലാമിക ഉണര്‍വ്വുമായുള്ള ബന്ധം എന്ന വിഷയത്തില്‍ മൗലാനാ അവതരിപ്പിച്ച പ്രബന്ധം വളരെ ശ്രദ്ദേയമായി. ധൃതി പിടിച്ച് തയ്യാറാക്കിയ ഈ പ്രബന്ധം സമ്മേളനത്തിന്‍റെ തന്നെ പ്രധാന സന്ദേശമായി വിലയിരുത്തപ്പെട്ടു. ചുരുക്കത്തില്‍ സിറിയയിലെ ഈ മൂന്ന് മാസം വളരെ സന്തോഷകരമായിരുന്നു. മൗലാനാ പറയുന്നു: 
ഇത് എന്‍റെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ നാളുകളായിരുന്നു. ഹറമൈന്‍ ശരീഫൈന്‍ ഒഴിച്ച് വേറെ എവിടെയും ഇത് പോലെ സന്തോഷം ലഭിച്ചിട്ടില്ല. മാനസിക സംതൃപ്തി, ശാരീരിക ആരോഗ്യം, സുന്ദര അന്തരീക്ഷം, സ്നേഹിതരുടെ ചുറ്റുവട്ടം, ഇതെല്ലാം കൂടാതെ ആദരണീയ സ്വഹാബത്തിന്‍റെയും മഹാന്മാരായ ഔലിയാഇന്‍റെയും ഖബ്റിടങ്ങളും ഇസ്ലാമിക മുന്നേറ്റങ്ങളുടെ കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന നാടും കൂടിയായപ്പോള്‍ വല്ലാത്ത അനുഭൂതിയും ഐശ്വര്യവും അനുഭവപ്പെട്ടു. (കാറവാന്‍). മൗലാനായ്ക്ക് നിരന്തരം അനുഭവപ്പെട്ടിരുന്ന പഴയ രോഗമായ കടുത്ത ചുമ ഈ സമയത്ത് ഉണ്ടാകാതിരുന്നതും നാളുകള്‍ക്ക് ശേഷം ഓര്‍മ്മ വന്നതും ഈ യാത്രയുടെ മറ്റൊരു പ്രത്യേകതയാണ്. ഈ യാത്രയിലെ മറ്റൊരു ഗുണം ഡമാസ്കസിലെ സമുന്നത പ്രസിദ്ധീകരണാലയം അല്‍ മജ്മഉല്‍ ഇല്‍മിയുമായി മൗലാനാ ബന്ധപ്പെടുകയും ആദരണീയ പിതാവ് അല്ലാമാ സയ്യിദ് അബ്ദുല്‍ ഹയ്യ് ഹസനിയുടെ ഗവേഷണ ഗ്രന്ഥമായ അസ്സഖാഫത്തുല്‍ ഇസ്ലാമിയ്യ ഫില്‍ ഹിന്ദ് എന്ന രചന അവര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു എന്നതാണ്.
 
ബഗ്ദാദ്-കറാച്ചി. 
സിറിയയില്‍ നിന്നുള്ള മടക്കം ബഗ്ദാദ്-കറാച്ചി വഴിയായിരുന്നു. ബഗ്ദാദില്‍ മൂന്ന് ദിവസം താമസിച്ചു. തദവസരം സല്‍മാനുല്‍ ഫാരിസി (റ), സയ്യിദ് മൂസാ ഖാസിം (റഹ്), ഇമാം അബൂ ഹനീഫ (റഹ്), മഅ്റൂഫ് കര്‍ഖി (റഹ്) മുതലായ മഹത്തുക്കളുടെ ഖബ്റുകള്‍ സിയാറത്ത് ചെയ്തു. വിശിഷ്യാ, കുടുംബ പരവും ആത്മീയവുമായ ബന്ധമുള്ളതിനാല്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (റഹ്) യുടെ ഖബ്റിടത്തില്‍ വലിയ ആകര്‍ഷണീയത അനുഭവപ്പെടുകയും സ്നേഹാദരവുകളുടെ പ്രത്യേക അവസ്ഥ സംജാതമാകുകയും ചെയ്തു. ബഗ്ദാദില്‍ വെച്ച് പ്രിയപ്പെട്ട ഗുരുനാഥന്‍ ശൈഖ് തഖിയ്യുദ്ദീന്‍ ഹിലാലിയെയും സന്ദര്‍ശിച്ചു. ശൈഖ് വലിയ കരുണയും സ്നേഹവും പുലര്‍ത്തി. മൗലാനായുടെ ആഗമനത്തെ പ്രയോജനപ്പെടുത്തിക്കൊണ്ട് ഇഖ്വാനുല്‍ മുസ്ലിമൂന്‍ ഒരു സദസ്സ് സംഘടിപ്പിച്ചു. സത്യവിശ്വാസത്തിന്‍റെയും സത്സ്വഭാവത്തിന്‍റെയും കുറവാണ് ഇന്നത്തെ പ്രധാന പ്രശ്നം എന്ന ശീര്‍ഷകത്തില്‍ അവിടെ മൗലാനാ ഒരു പ്രഭാഷണം നടത്തി. 
ബഗ്ദാദില്‍ നിന്നും കറാച്ചിയിലെത്തി. ഇവിടെയും മൂന്ന് ദിവസം താമസിച്ചു. മൗലാനാ കുറിക്കുന്നു: കറാച്ചിയില്‍ വെച്ച് ആദരണീയ ഗുരുവര്യന്‍ ഉസ്താദ് ഖലീല്‍ അറബിനെ സന്ദര്‍ശിച്ചതിലൂടെ കണ്ണിന് കുളിര്‍മ്മയും മനസ്സിന് സന്തുഷ്ടുയുമുണ്ടായി. അദ്ദേഹം സ്വന്തം മകനെ പോലെ സ്നേഹിച്ചിരുന്ന അനര്‍ഹനായ ഈ ശിഷ്യനോട് പുലര്‍ത്തിയ സ്നേഹാദരവുകള്‍ അത്ഭുതകരമായിരുന്നു. അതെ, ഡമാസ്കസ് യൂണിവേഴ്സിറ്റിയുടെ ക്ഷണവും വിനീതന്‍റെ ഇതര പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥമായ അദ്ധ്യാപന-ശിക്ഷണങ്ങളുടെ ഫലമായി കണ്ടിരിക്കാം. (കാറവാന്‍). കറാച്ചിയില്‍ വെച്ച് സിറിയന്‍ അംബാസഡറായ ഉസ്താദ് ജവാദുല്‍ മുറാബിത്ത് മൗലാനായെ ആദരിച്ചുകൊണ്ട് എംബസിയില്‍ ഒരു പരിപാടി സംഘടിപ്പിച്ചു. അതില്‍ അല്ലാമാ മുഹമ്മദ് യൂസുഫ് ബിന്നൂരിയും മാഹിറുല്‍ ഖാദിരിയും പ്രധാനമായും പങ്കെടുത്തു. മാഹിറുല്‍ ഖാദിരി തുടര്‍ന്നുള്ള ദിനങ്ങളില്‍ മൗലാനായുടെ താമസ സ്ഥലത്തും വരികയുണ്ടായി.
 
ബുഖാരി ശരീഫിന്‍റെ ദറസ്. 
ഡമാസ്കസില്‍ നിന്നും മടങ്ങിയ ശേഷം മൗലാനാ നദ്വത്തുല്‍ ഉലമായില്‍ അദ്ധ്യാപനത്തില്‍ പ്രവേശിച്ചു. ഏതാനും നാളുകള്‍ക്ക് മുമ്പ് നദ്വത്തുല്‍ ഉലമയിലെ ശൈഖുല്‍ ഹദീസ് മൗലാനാ ശാഹ് ഹലീം അത്വാ സാഹിബിന്‍റെ വിയോഗം സംഭവിച്ചിരുന്നു. അതുകൊണ്ട് ഇപ്രാവശ്യം മൗലാനാ ബുഖാരി ശരീഫിന്‍റെ ദറസ് ഏറ്റെടുത്തു. നദ്വത്തുല്‍ ഉലമായിലെ മുന്‍ ശൈഖുല്‍ ഹദീസ് മൗലാനാ നാസിര്‍ അലി നദ്വി ഈ സമയത്താണ് മൗലാനായില്‍ നിന്നും ബുഖാരി ശരീഫ് പഠിച്ചത്. ഇതിന്‍റെ അദ്ധ്യാപനത്തിനിടയില്‍ കണ്ണിന്‍റെ രോഗം കഠിനമായി. അതുകൊണ്ട് ഈ പാഠം തുടരാന്‍ കഴിഞ്ഞില്ല. ഓപ്പറേഷന്‍ നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും മൗലാനാ ഒഴിഞ്ഞ് മാറുകയും അന്ന് മുതല്‍ എഴുതുന്നതിന് പകരം പറഞ്ഞുകൊടുത്ത് എഴുതിക്കാന്‍ ആരംഭിക്കുകയും ചെയ്തു. അവസാനം വരെ ഇത് തുടര്‍ന്നു. 

ഖാദിയാനിസം: 
1957 ഡിസംബറില്‍ മൗലാനാ ബറാറിലേക്ക് ഒരു യാത്ര നടത്തി. അവിടെ തബ്ലീഗ് സമ്മേളനത്തോടൊപ്പം പയാമെ ഇന്‍സാനിയത്തിന്‍റെ വിജയകരമായ ഏതാനും സദസ്സുകളും നടന്നു. ഇതേ സമയത്ത് പഞ്ചാബ് യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇസ്ലാമിന്‍റെ വിഷയവുമായി ബന്ധപ്പെട്ട് ഒരു കൊളോക്കിയം സംഘടിപ്പിക്കപ്പെട്ടു. മൗലാനാക്കും ഇതിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും ബറാര്‍ യാത്ര കാരണം പങ്കെടുക്കാന്‍ സാധിച്ചില്ല. ഇതില്‍ പങ്കെടുത്ത അറബി അതിഥികള്‍ ഖാദിയാനിസത്തെ കുറിച്ച് മനസ്സിലാക്കാന്‍ ആഗ്രഹിച്ചെങ്കിലും അറബിയില്‍ ഗ്രന്ഥമൊന്നുമില്ലാത്തതിനാല്‍ സംഘാടകര്‍ക്ക് അവരുടെ ആവശ്യം പൂര്‍ണ്ണമായി നിര്‍വ്വഹിക്കാന്‍ കഴിഞ്ഞില്ല. ഈ വിവരമറിഞ്ഞ ഹസ്രത്ത് റായ്പൂരി പറഞ്ഞു: അലീ മിയാന്‍ വന്നാല്‍ നിര്‍ബന്ധിച്ച് ഈ വിഷയത്തില്‍ ഒരു ഗ്രന്ഥം തയ്യാറാക്കുന്നതാണ്.! മൗലാനാ ദഅ്വത്ത് യാത്രകള്‍ കഴിഞ്ഞ് ഹസ്രത്തിന്‍റെ അരികിലെത്തിയപ്പോള്‍ ഇവിടെ തന്നെ താമസിച്ച് ഒരു ഗ്രന്ഥം തയ്യാറാക്കണമെന്ന് നിര്‍ദ്ദേശിച്ചു. മൗലാനാ പറയുന്നു: ഈ വിഷയവുമായി എനിക്ക് വലിയ ബന്ധമില്ലായിരുന്നു. അതുകൊണ്ട് തലയില്‍ മലയെടുത്ത് വെച്ച പ്രതീതിയുണ്ടായി. ഞാന്‍ ബുദ്ധിമുട്ട് പറഞ്ഞപ്പോള്‍ ഹസ്രത്ത് പറഞ്ഞു: താങ്കള്‍ അത്യാവശ്യ കാര്യങ്ങള്‍ കുറിക്കുക. അല്ലാമാ യൂസുഫ് ബിന്നൂരി അത് പൂര്‍ത്തിയാക്കിക്കൊള്ളും. പക്ഷെ, ഹസ്രത്തിന്‍റെ മാനസിക ശ്രദ്ധയുടെ ഫലമായിരിക്കാം, എന്‍റെ മനസ്സ് മാറുകയും അത് പൂര്‍ത്തീകരിക്കാന്‍ തയ്യാറാകുകയും ചെയ്തു. അന്ന് ഹസ്രത്ത് താമസിച്ചിരുന്ന സൂഫി അബ്ദുല്‍ ഹമീദ് സാഹിബിന്‍റെ വീട്ടിലെ ഒരു മുറിയില്‍ ഒരു മാസം വൈജ്ഞാനിക രചനാ ഉപവാസമായിരുന്നു. ലോകത്തെ ഒരു കാര്യവും അറിയാതെ ഞാന്‍ രചനയില്‍ മുഴുകി. മിര്‍സയുടെ പുസ്തകങ്ങള്‍ വായിക്കുകയും വിവിധ ഭാഗങ്ങള്‍ അടയാളപ്പെടുത്തുകയും ചെയ്തുകൊണ്ട് രചന തുടര്‍ന്നു. ദിവസവും എഴുതുന്ന ഭാഗങ്ങള്‍ ഹസ്രത്ത് കേള്‍ക്കുകയും വലിയ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇരുപത്തി അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഗ്രന്ഥം തയ്യാറായി. (കാറവാന്‍). 
അടുത്ത വര്‍ഷം ഹാജരായപ്പോള്‍ ഉറുദുവില്‍ അത് തര്‍ജ്ജമ ചെയ്യുവാന്‍ നിര്‍ദ്ദേശിച്ചു. കുറഞ്ഞ ദിവസത്തിനുള്ളില്‍ അതും പൂര്‍ത്തിയായി. അല്ലാഹു ഈ രചനയ്ക്ക് വലിയ സ്വീകാര്യത നല്‍കി. അറബി-ഉറുദു--ഇംഗ്ലീഷ് മുതലായ അന്താരാഷ്ടാ ഭാഷകളെ കൂടാതെ മലയാളം പോലെയുള്ള പ്രാദേശിക ഭാഷകളിലും ഇതിന്‍റെ പല എഡിഷനുകളും ഇറങ്ങി. ഉറുദുവില്‍ തയ്യാറാക്കപ്പെട്ട ഗ്രന്ഥം മൗലാനാ അന്നത്തെ ഖാദിയാനീ നേതാവ് മിര്‍സാ താഹിറിന് അയക്കുകയുണ്ടായി. തുഹ്ഫത്തുനദ്വയ്ക്കുള്ള മറുപടി പിന്തിപ്പോയതില്‍ ക്ഷമിക്കണം എന്ന് അതില്‍ എഴുതിയിരുന്നു. ഗുലാം അഹ്മദ് ഖാദിയാനി നദ്വത്തുല്‍ ഉലമയ്ക്കെതിരില്‍ തുഹ്ഫത്തുന്നദ്വ എന്ന ഒരു പുസ്തകം എഴുതിയിരുന്നു. അതിലേക്കാണ് ഇതിന്‍റെ സൂചന. ഇവിടെ രസകരമായ ഒരു സംഭവം കൂടി അനുസ്മരിക്കട്ടെ. ഹസ്രത്ത് റായ്പൂരിയുടെ സദസ്സില്‍ ഈ രചന ഒരിക്കല്‍ വായിക്കപ്പെടുമ്പോള്‍ ഖത്മുന്നുബുവ്വത്ത് പോരാളിയായ മൗലാനാ അത്വാഉല്ലാഹ് ബുഖാരിയുണ്ടായിരുന്നു. അതില്‍ ഇടയ്ക്കിടെ മിര്‍സാ സാഹിബ് എന്ന പ്രയോഗം ആവര്‍ത്തിക്കുന്നത് കേട്ട് മൗലാനാ ബുഖാരി അസ്വസ്ഥത പ്രകടിപ്പിച്ചു. ഇത് താങ്കള്‍ക്ക് വേണ്ടി എഴുതപ്പെട്ട ഗ്രന്ഥമല്ല എന്ന് അദ്ദേഹത്തിന്‍റെ ചെവിയില്‍ പറഞ്ഞപ്പോള്‍ അദ്ദേഹം നിശബ്ദനായി. 
ഈ യാത്ര കഴിഞ്ഞ് മടങ്ങി വന്നപ്പോള്‍ ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന സീറത്തുന്നബി മഹാ സമ്മേളനത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് വന്നു. മൗലാനാ ഈ ക്ഷണം സ്വീകരിച്ചുകൊണ്ട് ഹൈദരാബാദിലേക്ക് പോയി. ഇവിടെയും പല പരിപാടികളും നടന്നു. സിക്കന്തറാബാദിലെ ജാമിഅ് മസ്ജിദില്‍ നടന്ന മഹാ സമ്മേളനത്തില്‍ മൗലാനാ ഉജ്ജ്വലമായ പ്രഭാഷണം നടത്തി. 

മജ്ലിസ് തഹ്ഖീഖാത്ത് വനഷ്രിയാത്ത് ഇസ്ലാം. 
1958-ല്‍ അന്താരാഷ്ട്രാ മാസികയായ അല്‍ മുസ്ലിമൂന്‍ ഡമാസ്കസിന്‍റെ എഡിറ്റര്‍ ഡോ. സഈദ് റമദാന്‍ ഡോക്ടറേറ്റ് കരസ്ഥമാക്കുന്നതിന് ജര്‍മ്മനിയിലേക്ക് പോയി. അദ്ദേഹത്തിന്‍റെ ആവശ്യ പ്രകാരം ഏതാനും മാസങ്ങള്‍ മൗലാനായാണ് അതിന്‍റെ എഡിറ്റോറിയലുകള്‍ തയ്യാറാക്കിയത്. രിദ്ദത്തുല്‍ വലാ അബാബക്രില്‍ ലഹാ (വലിയ മതം മാറ്റം നടക്കുന്നു, ശ്രദ്ധിക്കാന്‍ ആരുമില്ലല്ലോ.?) എന്ന രചന അതിന്‍റെ രണ്ട് ലക്കങ്ങളിലെ എഡിറ്റോറിയലുകളാണ്. ഇത്തരുണത്തില്‍ വിശ്വാസപരവും സാംസ്കാരികവുമായ മതംമാറ്റവും സ്വഭാവ-ചിന്തകളിലെ ശൈഥില്യവും നേരിടുന്നതിന് ഒരു പഠന കേന്ദ്രം സ്ഥാപിക്കണമെന്ന് മൗലാനായ്ക്ക് ചിന്ത ശക്തമായി. അങ്ങനെ 1959 മെയ് മാസത്തില്‍ നദ്വത്തുല്‍ ഉലമായുടെ കീഴില്‍ മജ്ലിസ് തഹ്ഖീഖാത്ത് വനഷ്രായാത്ത് ഇസ്ലാം എന്ന കേന്ദ്രം സ്ഥാപിക്കപ്പെട്ടു. മൗലാനാ അതിന്‍റെ പ്രഥമ അദ്ധ്യക്ഷനായിരുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഈ മജ്ലിസില്‍ നിന്നും വലിയ ദീനീ വൈജ്ഞാനിക സേവനങ്ങള്‍ ധാരാളമായി നടന്നു. ഇതില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെട്ട രചനകള്‍ ലോകത്തിന്‍റെ നാനാ ഭാഗത്ത് എത്തുക മാത്രമല്ല, വലിയ പ്രതിഫലനങ്ങള്‍ക്കും കാരണമായി. 

അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റി.
രാജ്യത്തിന് അകത്തോ പുറത്തോ, സമുദായങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വല്ല പ്രശ്നവും സംഭവിച്ചാല്‍ മൗലാനായുടെ ഉണര്‍ന്ന മനസ്സ് അതിലേക്ക് തിരിയുകയും സന്തുലിതമായ ചിന്താ-പ്രവര്‍ത്തനങ്ങളിലൂടെ അതിനെ പരിഹരിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുമായിരുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ് അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റി. അതിന്‍റെ വിദ്യാഭ്യാസ പദ്ധതി, വീക്ഷണ ശൈലി മുതലായവയോട് മൗലാനായ്ക്ക് പൂര്‍ണ്ണമായ യോജിപ്പില്ലായിരുന്നുവെങ്കിലും ഇതിനെ സമുദായത്തിന്‍റെ അമൂല്യ നിധിശേഖരമായി മൗലാനാ കണ്ടിരുന്നു. അതിന്‍റെ ന്യൂനപക്ഷ പദവിക്കോ അടിസ്ഥാന ലക്ഷ്യങ്ങള്‍ക്കോ നേരെ വെല്ലുവിളികള്‍ ഉണ്ടായപ്പോഴെല്ലാം മൗലാനാ അതിനെതിരില്‍ പ്രതികരിച്ചു. കൂടാതെ ഓരോ കാലഘട്ടത്തിലും അതിന്‍റെ സാരഥികളുമായി ബന്ധപ്പെടാനും അവരെ ശരിയായ കാര്യങ്ങള്‍ ഉണര്‍ത്താനും മൗലാനാ എപ്പോഴും ശ്രദ്ധിച്ചിരുന്നു. വിശിഷ്യാ, ബദ്റുദ്ദീന്‍ ത്വയ്യിബ്ജി അതിന്‍റെ നേതൃത്വം ഏറ്റെടുത്ത സന്ദര്‍ഭത്തില്‍ മൗലാനാ കാര്യമായി പരിശ്രമിക്കുകയും അദ്ദേഹവും അതിനെ വിലമതിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തു. പ്രഫസര്‍ നഫീസ് ഇതുമായി ബന്ധപ്പെട്ട് കുറിച്ച ലേഖനത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കും അതിന്‍റെ നേതൃത്വത്തിനും വലിയ പാഠങ്ങളുണ്ട്. അതിലെ ചില വാചകങ്ങള്‍ ഇവിടെയും ഉദ്ധരിക്കുകയാണ്: 
അലീഗഡ് യൂണിവേഴ്സിറ്റി ദീനിയാത്ത് വിഭാഗം സംഘടിപ്പിച്ച ഒരു സെമിനാറിലേക്ക് മൗലാനാ അലീമിയാന്‍ ക്ഷണിക്കപ്പെട്ടു. മൗലാനാ ക്ഷണം സ്വീകരിച്ച് അലീഗഡിലെത്തി. 1959 ഡിസംബര്‍ 19-ന് യൂണിയന്‍ ഹാളില്‍ നുബുവ്വത്തിന്‍റെ പ്രവര്‍ത്തനം എന്ന വിഷയത്തില്‍ മൗലാനാ ഒരു പ്രബന്ധം അവതരിപ്പിച്ചു. തുടര്‍ന്ന് യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്‍റ്സ് യൂണിയന്‍ മൗലാനായെ അതിന്‍റെ ആജീവനാന്ത മെമ്പറാക്കി. തുടര്‍ന്ന് മൗലാനാ യൂണിവേഴ്സിറ്റിയുടെ അവസ്ഥകള്‍ വിശദമായി മനസ്സിലാക്കുകയും അതില്‍ വളരെ അസ്വസ്ഥനാകുകയും ചെയ്തു. ഇത് കേണല്‍ ഹുസൈന്‍ സൈദി വി.സി. ആയിട്ടുള്ള കാലഘട്ടമായിരുന്നു. തുടര്‍ന്ന് ബദ്റുദ്ദീന്‍ ത്വയ്യിബ്ജി വി.സി. ആയി നിയമിക്കപ്പെട്ടു. ഇദ്ദേഹവും നെഹ്റുവും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും ഇദ്ദേഹവും ചില പ്രേരണകള്‍ക്ക് വശംവദനായി മുസ്ലിം യൂണിവേഴ്സിറ്റിയുടെ മുസ്ലിം എന്ന പേര് മാറ്റാന്‍ പരിശ്രമിച്ചു. ഇത്തരുണത്തില്‍ മൗലാനായ്ക്ക് അദ്ദേഹവുമായി സംസാരിക്കാന്‍ വലിയ ആഗ്രഹമുണ്ടായെങ്കിലും ആദ്യം അവസരമൊന്നും ലഭിച്ചില്ല. എന്നാല്‍ അത്ഭുതകരമായ നിലയില്‍ അദ്ദേഹത്തിന് മൗലാനായെ പരിചയമില്ലാതിരുന്നിട്ടും അതിനുള്ള ഒരു അവസരം ഒരുങ്ങി വന്നു. സംഭവം ഇങ്ങനെയാണ്: ഈജിപ്റ്റിലെ ഭരണാധികാരി ജമാല്‍ അബ്ദുന്നാസിര്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്ന അറേബ്യന്‍ ദേശീയതയ്ക്കെതിരില്‍ മൗലാനാ ശക്തമായ തൂലികാ യുദ്ധം നടത്തിയിരുന്നു. ഇത് കാരണമായി ഈജിപ്റ്റില്‍ മാത്രമല്ല, അറേബ്യന്‍ രാജ്യങ്ങളിലെല്ലാം ദേശീയ വാദത്തിന് കനത്ത പ്രഹരമേല്‍ക്കുകയുണ്ടായി. അബ്ദുന്നാസിറും നെഹ്റുവും തമ്മില്‍ വലിയ ബന്ധമായിരുന്നു. അദ്ദേഹം നെഹ്റുവുമായി ബന്ധപ്പെടുകയും മൗലാനായുടെ നീക്കത്തിന് തടയിടണമെന്ന് അപേക്ഷിക്കുകയും ചെയ്തു. നെഹ്റു ത്വയ്യിബ്ജി വഴി മൗലാനായെ വശീകരിക്കാന്‍ ആഗ്രഹിച്ചു. അങ്ങനെ മൗലാനായെ കാണാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. ഡല്‍ഹിയില്‍ വെച്ച് ഇരുവരും കണ്ട് മുട്ടി. ത്വയ്യിബ്ജി അറബ് ദേശീയത ഒരു നാഷണലിസം മാത്രമാണെന്നും അത് വളരെ നല്ലതാണെന്നും അതില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്കും വലിയ ഗുണമുണ്ടെന്നും പറഞ്ഞു. മൗലാനാ പ്രതികരിച്ചു: നാഷണലിസമെന്നാല്‍ നെഹ്റു പറയുന്നതെല്ലാം പിന്തുണയ്ക്കലല്ല. മറിച്ച് അദ്ദേഹം വല്ല തെറ്റും പറഞ്ഞാല്‍ അതിനെ തിരുത്തുക മാത്രമല്ല, മുന്നിട്ടിറങ്ങി അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തലാണ് യഥാര്‍ത്ഥ നാഷണലിസം. ഇത് തന്നെയാണ് വിനീതന്‍ അറബികള്‍ക്കിടയില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഈ വിഷയത്തില്‍ നെഹ്റുവിനെ സഹായിക്കാന്‍ എനിക്ക് പ്രയാസമുണ്ട്.! ഇത് കേട്ടപ്പോള്‍ ത്വയ്യിബ്ജി ദേഷ്യപ്പെട്ടില്ലെന്ന് മാത്രമല്ല, മൗലാനായുടെ സംസാരത്തില്‍ വളരെയധികം ആകൃഷ്ടനാകുകയും ചെയ്തു. നെഹ്റുവിന്‍റെ താല്‍പ്പര്യത്തിനെതിരില്‍ ഒരു മൗലവി ഇത്ര ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം വിചാരിച്ചിരുന്നില്ല. ഈ സമയം മൗലാനാ അലീഗഡ് യൂണിവേഴ്സിറ്റിയെ കുറിച്ചുള്ള ഒരു കുറിപ്പ് കൂട്ടത്തില്‍ കരുതിയിരുന്നു. അവസരം നോക്കി മൗലാനാ ഇത് അദ്ദേഹത്തെ ഏല്‍പ്പിച്ചു. അദ്ദേഹത്തിന്‍റെ സ്ഥാനത്തിന്‍റെ ഉത്തരവാദിത്വങ്ങളും സങ്കീര്‍ണ്ണതകളും അതില്‍ വിശദമായി വിവരിച്ചിരുന്നു. ത്വയ്യിബ്ജി അത് വളരെയധികം ശ്രദ്ധിക്കുക മാത്രമല്ല, അദ്ദേഹം സ്ഥാനമേറ്റെടുത്ത ശേഷം ഒക്ടോബര്‍ 17-ന് സര്‍ സയ്യിദ് ദിനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ ഈ കത്തില്‍ എഴുതപ്പെട്ട കാര്യങ്ങള്‍ അതേപടി ഉദ്ധരിക്കുകയുണ്ടായി. ഈ കത്തിനെ കുറിച്ച് അറിയാമായിരുന്ന മൗലാനായുടെ സുഹൃത്തുക്കള്‍ അത് കേട്ട് അത്ഭുതപ്പെട്ടുപോയി. കാരണം മൗലാനാ കുറിച്ചിരുന്ന കാര്യങ്ങള്‍ അക്ഷരത്തിന്‍റെ വ്യത്യാസം പോലുമില്ലാതെയാണ് അദ്ദേഹം അവിടെ പറഞ്ഞത്. ത്വയ്യിബ്ജിയുടെ കാലത്ത് യൂണിവേഴ്സിറ്റിയില്‍ കമ്മ്യൂണിസ്റ്റ് ചിന്ത ബലഹീനമാകുകയും നാട്ടുകാരുടെ കൈകടത്തലുകള്‍ കുറയുകയും ചെയ്തു. ത്വയ്യിബ്ജിയും മുസ്ലിം പ്രശ്നങ്ങള്‍ പരസ്യമായി പറയാന്‍ തുടങ്ങി. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചു. ത്വയ്യിബ്ജിയുടെ കാലം മുഴുവന്‍ അദ്ദേഹം ദീനീ ശൈലി മുറുകെ പിടിച്ചു. ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച രഹസ്യ ശക്തി മൗലാനാ അലീമിയാന്‍ ആയിരുന്നു. (അഫ്കാര്‍ വ ആസാര്‍).
 
ബര്‍മ്മ യാത്ര. 
നദ്വത്തുല്‍ ഉലമായുടെ സാമ്പത്തിക അവസ്ഥ വളരെ ബലഹീനമായിരുന്നു. വിഭജനത്തിന് ശേഷം അത് കൂടുതല്‍ ദുഷ്കരമായി. ഇതിനിടയില്‍ ബര്‍മ്മയിലെ റങ്കൂണിലൂണ്ടായിരുന്ന ചില ആത്മ സുഹൃത്തുക്കള്‍ മൗലാനായെ അവിടേക്ക് ക്ഷണിച്ചു. മൗലാനായുടെ വരവിലൂടെ അവിടെ ദീനീ ചലനമുണ്ടാകുമെന്നും അവര്‍ ദാറുല്‍ ഉലൂമിന് വേണ്ടി പരിശ്രമിച്ച് സഹായമെത്തിക്കാമെന്നും അവര്‍ പറഞ്ഞു. അങ്ങനെ മൗലാനാ മുഈനുല്ലാഹ് നദ്വിയോടൊപ്പം 1960 ഡിസംബറില്‍ മൗലാനാ റങ്കൂണിലെത്തി. അവിടെയുള്ളവര്‍ മൗലാനായെ ആവേശത്തോടെ എതിരേറ്റു. വിവിധ സ്ഥലങ്ങളില്‍ നിരവധി പ്രഭാഷണങ്ങള്‍ നടന്നു. ഇന്ന് കാണപ്പെടുന്ന സമ്പന്നതയും സുഭിക്ഷാവസ്ഥയും ദീനിന്‍റെ പരിശ്രമം ഇല്ലാത്ത പക്ഷം, നിലനില്‍ക്കുന്നതല്ലെന്ന് മൗലാനാ ഈമാനിന്‍റെ ഉള്‍ക്കാഴ്ച കൊണ്ട് ഗ്രഹിക്കുകയും അത് തുറന്ന് പറയുകയും ചെയ്തു. മൗലാനാ പറഞ്ഞു: ഇന്ന് ഇവിടെ നിങ്ങളില്‍ സാമ്പത്തികമായി വളരെ നല്ല അവസ്ഥയാണ് കാണപ്പെടുന്നത്. എന്നാല്‍ ഇത് നിലനിര്‍ത്താനുള്ള ഏക മാര്‍ഗ്ഗം ഇവിടുത്തെ പ്രാദേശിക ഭാഷ പഠിക്കലും അമുസ്ലിംകള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തലും ഇബ്റാഹീമീ-മുഹമ്മദീ സംസ്കാരം മുറുകെ പിടിക്കലും മാത്രമാണ്. അല്ലാത്ത പക്ഷം, ഇന്ന് കാണപ്പെടുന്ന സര്‍വ്വ സമ്പന്നതയും പരിപൂര്‍ണ്ണമായി ഇല്ലാതാകുന്നതാണ്.! (മൗലാനായുടെ ഈ പ്രഭാഷണങ്ങള്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്കും ബാധകമാണ്. ഉണരുക എന്ന പേരില്‍ അതിലെ ചില പ്രഭാഷണങ്ങള്‍ മലയാളത്തിലും ഇറങ്ങിയിട്ടുണ്ട്.) അല്ലാഹുവിന്‍റെ തീരുമാനം, മൗലാനാ മടങ്ങി ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവിടെ വിപ്ലവം നടക്കുകയും വലിയ ദുരന്തങ്ങള്‍ അരങ്ങേറുകയും ചെയ്തു. ഈ യാത്രയിലൂടെ നദ്വയ്ക്ക് സാമ്പത്തിക സഹായം വളരെ കുറച്ച് മാത്രമേ ഉണ്ടായുള്ളൂ. ലഭിച്ച പണം തന്നെ വിപ്ലവം കാരണം നദ്വയില്‍ എത്തിയില്ല. പക്ഷെ, ബര്‍മ്മക്കാര്‍ക്ക് ഈ യാത്ര വളരെ ഗുണം ചെയ്തു. ധാരാളം ആളുകളില്‍ വലിയ മാറ്റമുണ്ടാകുകയും അതിന്‍റെ ഫലം ഇന്നും നില നില്‍ക്കുകയും ചെയ്യുന്നു. 

ദീനീ തഅ്ലീമീ കൗണ്‍സില്‍ 
സമുദായത്തെ കുറിച്ച് മൗലാനാ സദാ ചിന്തിച്ചിരുന്നു. വിശിഷ്യാ, വിഭജനത്തിന് ശേഷം ഇന്ത്യന്‍ മുസ്ലിംകളുടെ വിശ്വാസവും വ്യക്തിത്വവും നിലനിര്‍ത്തുന്നതിന് നേരെ വലിയ വെല്ലുവിളികള്‍ ഉയര്‍ന്നു. ഇതിനുള്ള പ്രധാന പരിഹാരം സ്വതന്ത്ര മദ്റസകളും ദീനിന്‍റെ അടിസ്ഥാന കാര്യങ്ങള്‍ പഠിപ്പിക്കുന്ന മക്തബുകളുമാണെന്ന് മനസ്സിലാക്കിയ മൗലാനാ, ഈ വിഷയത്തില്‍ ചിന്താ-പരിശ്രമങ്ങള്‍ നടത്തി. മൗലാനാ നുഅ്മാനിയോടൊപ്പം ഖാസി അദീല്‍ അബ്ബാസിയെയും സഫര്‍ അഹ്മദ് സിദ്ദീഖിയെയും കൂട്ടിക്കൊണ്ട് ഇതിന്‍റെ പ്രവര്‍ത്തനമാരംഭിച്ചു. 1959 ഡിസംബര്‍ 30,31 ജനുവരി 01 തിയതികളില്‍ ഉത്തര്‍പ്രദേശിലെ ബസ്തിയില്‍ ഇതിനെ കുറിച്ചുള്ള വിശാലമായ ഒരു കൂടിയാലോചനാ സമ്മേളനം മൗലാനായുടെ അദ്ധ്യക്ഷതയില്‍ നടന്നു. അവിടെ വെച്ച് ഇത്തരം സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നതിനും ദീനീ തഅ്ലീമീ കൗണ്‍സില്‍ എന്ന പ്രസ്ഥാനം രൂപീകരിക്കപ്പെട്ടു. അതിന്‍റെ പ്രഥമ അദ്ധ്യക്ഷനും മൗലാനാ തന്നെയായിരുന്നു. തുടക്കമെന്നോണം പ്രവിശാലമായ ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ മക്തബുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഈ വിഷയത്തില്‍ പരിശ്രമിക്കുന്നതിന് മദ്റസകളെയും ഇതര സംസ്ഥാനങ്ങളിലുള്ളവരെയും പ്രേരിപ്പിക്കപ്പെട്ടു. കൗണ്‍സിലിന്‍റെ യോഗങ്ങളില്‍ വളരെ വികാര ഭരിതവും ചിന്തനീയും പഠനാര്‍ഹവുമായ പ്രഭാഷണങ്ങളാണ് മൗലാനാ നടത്തിയിട്ടുള്ളത്.
 
ഇന്ത്യന്‍ മുസ്ലിംകളുടെ സത്യസാക്ഷ്യം. 
വിശിഷ്യാ, 1961 ജൂണ്‍ 4-5 തീയതികളില്‍ ലക്നൗ ദാറുല്‍ ഉലൂം നദ്വതുല്‍ ഉലമയില്‍ ദീനീ തഅ്ലീമീ കൗണ്‍സിലിന്‍റെ ഒരു സുപ്രധാന സമ്മേളനം അര്‍ദ്ധ രാത്രി കഴിഞ്ഞ് അവസാനിച്ചപ്പോള്‍ മൗലാനാ നടത്തിയ വികാരോജ്ജ്വലമായ പ്രസംഗം. ഓരോ മുസ്ലിമും പഠിച്ച് പകര്‍ത്തുകയും മുറുകെ പിടിക്കുകയും മറ്റുള്ളവരോട് വളരെ വ്യക്തമായി പ്രഖ്യാപിക്കുകയും ചെയ്യേണ്ട ഒരു സന്ദേശമാണ്. അതുകൊണ്ട് ഇത് അല്‍പ്പം സുദീര്‍ഘമാണെങ്കിലും ഇവിടെ അതേപടി ഉദ്ധരിക്കുകയാണ്. യഥാര്‍ത്ഥ കണ്ണുകളും കാതുകളും മനസ്സുകളും ഇത് കേള്‍ക്കുമ്പോള്‍ തുറക്കും എന്നതില്‍ യാതൊരു സംശയവുമില്ല. 

ബഹുമാന്യരെ, 
ഈ സമ്മേളനത്തിന്‍റെ സമാപന സദസ്സിലാണ് നാം ഇപ്പോള്‍ പങ്കെടുക്കുന്നത്. ഇത്തരുണത്തില്‍, നിങ്ങളുടെ നാടുകളിലേയ്ക്കും കേന്ദ്രങ്ങളിലേയ്ക്കും യാത്രയാകാനിരിക്കുന്ന നിങ്ങള്‍ ഒരു പ്രധാന സന്ദേശവും വഹിച്ചുകൊണ്ട് പോകാന്‍ അപേക്ഷിക്കുന്നു. അല്ലാഹുവിനോട് നടത്തുന്ന ഈ കരാറിനെ സ്വീകരിക്കാതെ നിങ്ങള്‍ ഇവിടെ നിന്നും എഴുന്നേല്‍ക്കരുത്. കാരണം ഈ സത്യസാക്ഷ്യവുമായി   ബന്ധപ്പെട്ടാണ് നമ്മുടെ ഭാവി നില കൊള്ളുന്നത്. 
ഒന്നാമതായി നാം പ്രഖ്യാപിക്കുന്ന സത്യ സാക്ഷ്യം ഇതാണ്; ഇന്ത്യ നമ്മുടെ ജന്മ നാടാണ്. മാതൃ രാജ്യമാണ്. നാം ഇവിടെ ഇന്ത്യക്കാരായി തന്നെ ജീവിക്കും. നമുക്ക് ഈ രാജ്യത്തുള്ള അവകാശം ഈ രാജ്യത്തെ ഏറ്റവും വലുതും പഴയതുമായ ഒരു വ്യക്തിയുടെ അവകാശത്തേക്കാള്‍ അല്‍പവും കുറവല്ല. ഈ രാജ്യത്തെ ഏറ്റവും വലിയ ഒരു വ്യക്തിക്കും അത് ഇന്ത്യന്‍  രാഷ്ട്രപതിയോ, പ്രധാനമന്ത്രിയോ ആരുമാകട്ടെ, അയാള്‍ക്ക് നമ്മളെക്കാള്‍ കൂടുതല്‍ അവകാശമുണ്ടെന്ന് വാദിക്കാന്‍ യാതൊരു അര്‍ഹതയുമില്ല. ഈ രാജ്യം നമ്മുടെ രാഷ്ട്രമാണ്. ഇതിന്‍റെ ഭരണഘടനയെ നാം സംരക്ഷിക്കും. അതില്‍ വല്ല വഞ്ചനയോ, ഗൂഢാലോചനയോ നടത്താന്‍ നാം ആരെയും അനുവദിക്കില്ല. വിശാലവും സുന്ദരവുമായിട്ടുള്ള ഈ രാജ്യത്തിന്‍റെ ഓരോ മണല്‍ തരിയിലും നമ്മുടെ നിത്യ സ്മാരകങ്ങള്‍ നിലനില്‍ക്കുന്നു. നമ്മുടെ സുമോഹനങ്ങളായ കാലഘട്ടത്തെയും അപൂര്‍വ്വമായ    സംഭാവനകളെയും മഹത്തരമായ കഴിവുകളെയും അവ സമ്മതിച്ചുപറയുന്നുണ്ട്. ഈ രാജ്യത്തിന്‍റെ ക്ഷേമത്തിലും പുരോഗതിയിലും അലങ്കാരത്തിലും നാം വഹിച്ച പങ്ക് മറ്റെല്ലാ വിഭാഗങ്ങളെക്കാളും    ഉന്നതമാണ്. നമ്മുടെ കാലഘട്ടത്തില്‍ ഈ രാജ്യത്തിന് പുതിയൊരു ജന്മം ലഭിച്ചു. രാജ്യം സാംസ്കാരിക - നാഗരികതകളുടെ പാരമ്യം പ്രാപിച്ചു. ഞങ്ങളെ കൊണ്ട് ഇന്ത്യക്ക് ലഭിച്ച സംഭാവനകളും          നേട്ടങ്ങളും മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഞങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യയുടെ അവസ്ഥയെക്കുറിച്ച് പഠിക്കുക. ശേഷം മുസ്ലിം ഭരണകാലത്തുള്ള അവസ്ഥകളും ഇന്നത്തെ സാഹചര്യങ്ങളും             ഗ്രഹിക്കുക. തുടര്‍ന്ന് ഇവകളെ താരതമ്യം ചെയ്യുക. ഈ രാജ്യം നമ്മുടെ കൂടാണ്. ഇവിടെ നിന്നും പറന്ന് പോകും. നാം ഇവിടെതന്നെ തിരികെ വന്നണയുകയും ചെയ്യും. 
ഒരു പക്ഷിക്ക് അത് ജനിച്ചുവളര്‍ന്ന തോട്ടത്തിലും കൂട്ടിലും ചില അവകാശങ്ങളുണ്ട്. അവിടെയുള്ള അരുവികളും വൃക്ഷങ്ങളും അത് പ്രയോജനപ്പെടുത്തും. പുഷ്പങ്ങളിലും ഫലങ്ങളിലും ഗാനം         ആലപിക്കും. ഇഷ്ടമുള്ള ശിഖരങ്ങളില്‍ ഇരിക്കും. വിശ്രമിക്കും.     സര്‍വ്വ സ്വാതന്ത്ര്യത്തോടെയും യാതൊരു ഭയ-ഭീതികളില്ലാതെയും അന്തരീക്ഷത്തില്‍ അവ പറന്ന് നടക്കും. ഇത് പോലെ നമുക്ക് ഈ രാജ്യത്ത് വ്യക്തമായ അവകാശങ്ങളുണ്ട്. നാം ഈ നാട്ടുകാരാണെന്നുള്ളത് ഒരു പരമാര്‍ത്ഥമാണ്. ഇവിടെ നമുക്കര്‍ഹതപ്പെട്ട ദേശീയ അവകാശങ്ങള്‍ ആരാലും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ല. ഇതാണ് നമ്മുടെ വിശ്വാസം. വളരെ സ്പഷ്ടമായ നിലയില്‍ നാം ഇതില്‍ ഉറച്ച് നില്‍ക്കുന്നു. ഇത് പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു    സംശയമോ, ഭയമോ ഇല്ല. നാം ഇന്ത്യന്‍ പൗരന്മാരാണ്. ഈ നാട്ടുകാരെപ്പോലെ നാം ഇവിടെ ജീവിക്കും. ഈ നാടിന്‍റെ പുരോഗതിയ്ക്കും പദ്ധതികളുടെ പൂര്‍ത്തീകരണത്തിനും രാഷ്ട്രത്തിന്‍റെ വളര്‍ച്ചയ്ക്കും പരിപൂര്‍ണ്ണ ആഗ്രഹാവേശങ്ങളോടെ നാം പരിശ്രമിക്കും. ഈ       രാജ്യത്തിന്‍റെ അന്തസ്സും മഹത്വവും ഭരണഘടനയുടെ ആത്മാവും സംരക്ഷിക്കാന്‍ നാം പോരാടും. മറ്റെല്ലാ ഇന്ത്യക്കാരും പിന്‍മാറിയാലും ശരി, നാം നമ്മുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കും. നാം ഈ നാടിന്‍റെ നന്മ നിറഞ്ഞ സന്താനങ്ങളും മാന്യരായ സമുദായവും വാഗ്ദത്ത പാലകരായ പൗരന്മാരുമാണ്. ഇത് നമ്മുടെ ബലവത്തായ ഒരു കരാറാണ്. 
നമ്മുടെ രണ്ടാമത്തെ സത്യസാക്ഷ്യം ഇതാണ്: നാം മുസ്ലിംകളാണ്. മുസ്ലിം വ്യക്തിത്വവും സാമൂഹ്യ സ്വഭാവങ്ങളും മത ചിഹ്നങ്ങളും ഇസ്ലാമിക സംസ്കാരങ്ങളും സാമുദായിക     പ്രത്യേകതകളും പരിപൂര്‍ണ്ണമായി മുറുകെ പിടിച്ച് നാം ഈ നാട്ടില്‍ ജീവിക്കുന്നതാണ്. ഏതെങ്കിലും ഒരു ചിഹ്നത്തെയോ, ചിഹ്നത്തിന്‍റെ ഒരു അംശത്തെ പോലും നാം ഉപേക്ഷിക്കുന്നതല്ല. ഈ               വ്യക്തിത്വവും സംസ്കാരവും പ്രത്യേകതകളും ഒഴിവാക്കിയുള്ള ഒരു ജീവിതം നമുക്ക് നിഷിദ്ധമാണ്. അത്തരമൊരു ജീവിതത്തില്‍ യാതൊരു വിധമായ രസമോ ഇല്ല തന്നെ.! നമ്മുടെ വിശ്വാസാചാരസംസ്കാരങ്ങള്‍ നമ്മുടെ സന്താനങ്ങള്‍ക്കും അടുത്ത തലമുറകള്‍ക്കും പഠിപ്പിക്കാനും പകര്‍ന്ന് കൊടുക്കാനും കഴിയാത്ത ഒരു ജീവിതം മുസ്ലിംകളുടെ ജീവിതമല്ല. സ്വതന്ത്രന്മാരുടെ ജീവിതമല്ല. മറിച്ച് അത് മൃഗങ്ങളുടെ ജീവിതമാണ്. തനിക്ക് ആവശ്യമായ അന്ന-പാനീയങ്ങള്‍ ലഭിക്കുകയും ശത്രുക്കളില്‍ നിന്നും              സംരക്ഷിക്കപ്പെടുകയും സുഖഭോഗങ്ങള്‍ക്ക് സ്വാതന്ത്ര്യം            നല്‍കപ്പെടുകയും ചെയ്താല്‍ പട്ടിയുടെ ജീവിതം പൂര്‍ത്തിയായി. തീറ്റയും ആലയത്തില്‍ സുരക്ഷയും ലഭിച്ച് കഴിഞ്ഞാല്‍ കാളയുടെ ജീവിതം ധന്യമായി. അവയുടെ മക്കള്‍ക്ക് പ്രത്ര്യേകമായ ശൈലിയില്‍ ശിക്ഷണ ശീലങ്ങള്‍ നല്‍കുന്നതിനെയും വിശ്വാസാനുഷ്ഠാനങ്ങള്‍ പഠിപ്പിക്കുന്നതിനെയും കുറിച്ച് അവയ്ക്ക് യാതൊരു ചിന്തയുമില്ല. അതിനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ അത് ദുഃഖിക്കുകയോ വേദനിക്കുകയോ അസ്വസ്ഥമാകുകയോ ചെയ്യുന്നതല്ല. എന്നാല്‍    മനുഷ്യന്‍റെ അവസ്ഥ ഇതില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ്. കുറെ ആഹാരങ്ങളും ജീവിതാവശ്യങ്ങളും നല്‍കപ്പെട്ടത് കൊണ്ടോ ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കപ്പെട്ടത് കൊണ്ടോ മനുഷ്യന്‍ സംതൃപ്തനാകുകയില്ല. താന്‍ ശരിയെന്ന് വിശ്വസിക്കുന്ന വിശ്വാസ-കര്‍മ്മങ്ങളും സ്വഭാവ-സംസ്കാരങ്ങളും സ്വതന്ത്രമായി മുറുകെ    പിടിക്കാനും അവ സന്താനങ്ങള്‍ക്ക് പകര്‍ന്ന് കൊടുക്കാനും അവന്‍ ആഗ്രഹിക്കുന്നു. താന്‍ തെരഞ്ഞെടുത്ത മാര്‍ഗ്ഗത്തില്‍ തന്നെ തന്‍റെ കരളിന്‍റെ കഷണങ്ങളും സഞ്ചരിക്കുന്നത് കാണാന്‍ കൊതിക്കുന്നു. തന്‍റെ സന്താനങ്ങള്‍ തന്‍റെ ആദര്‍ശ-സംസ്കാരങ്ങളില്‍ നിന്നും മാറി പോകുന്നത് അവന് അസഹ്യമാണ്. ആകയാല്‍ സ്വതന്ത്രന്മാരായി മാന്യന്മാരായി അതെ, അല്ലാഹു മനുഷ്യത്വം നല്‍കി ആദരിച്ച         മനുഷ്യരെ പോലെ ഇവിടെ ജീവിക്കുമെന്ന് നാം അല്ലാഹുവിനോട് കരാര്‍ ചെയ്യുക. തരംതാഴ്ന്ന ജന്തുക്കളുടെയോ, കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെടുന്ന പട്ടികളുടെയോ ജീവിതം നാം ജീവിക്കുകയില്ല.   ആഹാര-പാനീയങ്ങളും ശാരീരിക സുഖ-സന്തോഷങ്ങളും മാത്രം നല്‍കുന്ന സ്വാതന്ത്ര്യം കൊണ്ട് നാം തൃപ്തിപ്പെടുകയില്ല. ഈ     ജീവിത ശൈലിയെയും ചിന്താസരണിയെയും ഇത്തരം സ്വാതന്ത്ര്യത്തെയും ദേശീയതയെയും നാം പരിപൂര്‍ണ്ണമായി തള്ളിക്കളയുന്നു. 
പ്രിയപ്പെട്ടവരെ, നമ്മുടെ ഈ രാജ്യത്ത് അധഃസ്ഥിതരായ ഒരു ജന വിഭാഗമുണ്ട്. അവര്‍ ഈ നാടിന്‍റെ മക്കളായിരുന്നെങ്കിലും ഈ നാട്ടിലേക്ക് കടന്ന് വന്നവര്‍ അവരെ അടിമകളാക്കി. മര്‍ദ്ദന-പീഢന-നിന്ദ്യതകളില്‍ കഴിയാന്‍ അവരെ നിര്‍ബന്ധിതരാക്കി. അവരെ    തൊടുന്നത് മാലിന്യവും സഹവസിക്കുന്നത് ആക്ഷേപാര്‍ഹവുമാക്കി. മധ്യേഷ്യയില്‍ നിന്നും ചിലര്‍ ഈ രാജ്യത്ത് കടന്ന് വന്ന് ആധിപത്യം കയ്യിലാക്കിയപ്പോള്‍ ഇവര്‍ ചെയ്ത ഒരു തെറ്റിന്‍റെ ഫലമാണ് ഇന്ന് ഇവര്‍ അനുഭവിക്കുന്നത്. അതെ, അന്തസ്സാര്‍ന്ന മരണത്തെക്കാള്‍ നിന്ദ്യത നിറഞ്ഞ ജീവിതം അവര്‍ തെരഞ്ഞെടുത്തു. സമുദായങ്ങളുടെ ചില തെറ്റുകളുടെ പേരില്‍ നൂറ്റാണ്ടുകളോളം സമുദായാംഗങ്ങള്‍ ശിക്ഷിക്കപ്പെടും. ഈ തെറ്റ് നാം ആവര്‍ത്തിക്കാതിരിക്കുക. നാം ഇന്ത്യയില്‍ മാന്യവും ആദരണീയവുമായ ജീവിതം മാത്രമേ ജീവിക്കുകയുള്ളൂ. പട്ടികളുടെ ജീവിതവും അധഃസ്ഥിതരുടെ ജീവിതവും നമുക്ക് ആവശ്യമില്ല. അടിമകളുടെ ജീവിതം നാം ജീവിക്കുകയില്ല. 
നാം ഈ നാടിന്‍റെ മക്കളാണ്. മറ്റുള്ളവര്‍ക്കുള്ള എല്ലാ അവകാശങ്ങളും അര്‍ഹതകളും നമുക്കുമുണ്ട്. നാം ഈ നാടിന്‍റെ ശില്‍പികളും സംസ്കാരത്തിന്‍റെ സ്ഥാപകരില്‍ പെട്ടവരുമാണ്. നമുക്കിവിടെ     മഹിതമായ ഒരു സ്ഥാനമുണ്ട്. പ്രകൃതിപരവും നിയമാനുസൃതവുമായ ഈ അവകാശത്തെ നമ്മില്‍ നിന്നും തട്ടിത്തെറിപ്പിക്കാന്‍ ലോക   ശക്തികളില്‍ ആര്‍ക്കും സാധ്യമല്ല. അടിമത്വത്തിന്‍റെയും             സാമ്രാജ്യത്വത്തിന്‍റെയും കാലഘട്ടം കഴിഞ്ഞു. ഒരു സമുദായത്തിനും മറ്റൊരു സമുദായത്തെ അടിമകളാക്കുവാനോ ഒരു സംസ്കാരത്തിനും മറ്റൊരു സംസ്കാരത്തിന്‍റെ കഥ കഴിക്കുവാനോ ഒരു ഭാഷയും മറ്റൊരു ഭാഷയെ ഇല്ലാതാക്കുവാനോ അവകാശമില്ല. ലോകം ഇന്നൊരു കുടുംബമായി മാറിക്കഴിഞ്ഞു. ഒരു രാജ്യത്തും പ്രദേശത്തും നടക്കുന്ന അക്രമ-മര്‍ദ്ദനങ്ങള്‍ ഇന്ന് രഹസ്യമാക്കാന്‍ കഴിയുന്നതല്ല. ആഗോള മനസ്സാക്ഷി ഇന്ന് ഉണര്‍ന്നിരിക്കുന്നു.     ആഫ്രിക്കയിലോ അമേരിക്കയിലോ കറുത്ത വര്‍ഗ്ഗക്കാരാരെങ്കിലും ആക്രമിക്കപ്പെട്ടാല്‍ ആഗോള മനസ്സാക്ഷിയും ലോകാഭിപ്രായവും ഉണര്‍ന്നിരിക്കും. നാം മുസ്ലിംകള്‍ പ്രത്യേകിച്ചും ഭൂമുഖം മുഴുവന്‍ പരന്ന് കിടക്കുന്ന ഒരു ആഗോള കുടുംബമാണ്. ഇസ്ലാമിക      വിശ്വാസങ്ങളും തത്വസംഹിതകളും സാഹോദര്യവും നമ്മെ            പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ലോകം മുഴുവന്‍ നമുക്ക്       സഹോദരങ്ങളുണ്ട്. നമ്മുടെ വേദന അവരുടെയും വേദനയാണ്. 
അത് കൊണ്ട് വളരെ വ്യക്തമായി പ്രഖ്യാപിക്കട്ടെ; മുഴുവന്‍    അക്രമ-അനീതികള്‍ക്കെതിരിലും, ഭരണഘടനയിലും മനുഷ്യാവകാശത്തിലും തിരിമറികള്‍ നടത്തുന്നതിനെതിരിലും നാം ശക്തമായി പോരാടും. മാനവ കുലത്തെ പൊതുവിലും, ഈ രാജ്യത്തെ        പ്രത്യേകിച്ചും സേവിക്കാന്‍ നാം ഉപയോഗിച്ച നമ്മുടെ മഹത്തരമായ ശേഷികള്‍ നമ്മില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. നമ്മുടെ ബുദ്ധിയിലും സ്വഭാവങ്ങളിലും നാം പാപ്പരായിട്ടില്ല. ഭൂമുഖത്ത് കോരിച്ചൊരിഞ്ഞ് പെയ്ത നമ്മുടെ മേഘം വറ്റിയിട്ടില്ല. ജലവും ക്ഷേമവും കൊണ്ട് ഇന്നും അത് സമ്പന്നമാണ്. 
സഹോദരങ്ങളെ, അല്ലാഹുവിന്‍റെ കാരുണ്യം വര്‍ഷിക്കുകയും പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെടുകയും മനസ്സുകള്‍ ശുദ്ധമായിരിക്കുകയും ചെയ്യുന്ന രാവിന്‍റെ അവസാന ഘട്ടത്തില്‍ പരിപൂര്‍ണ്ണ     നിഷ്കളങ്കതയോടെ നാം കരാര്‍ ചെയ്യുക: നാം ഈ രാഷ്ട്രത്തില്‍ നമ്മുടെയും വരാനിരിക്കുന്ന തലമുറകളുടെയും ഇസ്ലാമിയത്തോട് കൂടി തന്നെ ജീവിക്കുന്നതാണ്. ഈ വഴിയില്‍ വിലപിടിച്ചതും    വിലകുറഞ്ഞതുമായ സര്‍വ്വവും നാം ചിലവഴിക്കും. സന്തോഷങ്ങളും ദുഃഖങ്ങളും ഏറ്റു വാങ്ങും. അവസാനം പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു അനുസ്മരിച്ച രണ്ട് വിഭാഗത്തില്‍ ഒന്നില്‍ നാം          ഉള്‍പ്പെടുമാറാകട്ടെ.! 
സത്യവിശ്വാസികളില്‍ ഒരു കൂട്ടം ആളുകള്‍, അവര്‍ അല്ലാഹുവിനോട് ചെയ്ത കരാറിനെ സത്യസന്ധമായി പൂര്‍ത്തീകരിച്ചിരിക്കുന്നു. അവരില്‍ ചിലര്‍ അവരുടെ ഊഴം നിര്‍വ്വഹിച്ചു കഴിഞ്ഞു. ചിലരാകട്ടെ, അവരുടെ ഊഴം പ്രതീക്ഷിക്കുകയാണ്. കരാറില്‍ അവര്‍ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല. (അഹ്സാബ്) 
കേരള യാത്രയും ജേഷ്ഠ സഹോദരന്‍റെ വിയോഗവും.
1961 ഫെബ്രുവരിയില്‍ കേരളത്തിലെ കോഴിക്കോട് നദ്വത്തുല്‍ മുജാഹിദീന്‍റെ സംസ്ഥാന സമ്മേളനം നടന്നു. ഭാരവാഹികളുടെയും മറ്റും ക്ഷണപ്രകാരം മൗലാനാ അതില്‍ പങ്കെടുക്കുകയും ഇബ്റാഹീമീ മില്ലത്തും ഇസ്ലാമിക സംസ്കാരവും എന്ന പേരില്‍ ഒരു പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു. പ്രബന്ധാവതരണത്തിന് ശേഷം മൗലാനാ സദസ്യര്‍ക്ക് പ്രധാനപ്പെട്ട ഒരു സന്ദേശം നല്‍കി: അനാവശ്യ വിഷയങ്ങളില്‍ തര്‍ക്കങ്ങളും വഴക്കുകളും നടത്തരുത്. പ്രത്യേകിച്ചും മദ്ഹബുകള്‍ അനുസരിച്ച് ജീവിക്കുന്ന വിഷയത്തില്‍ തര്‍ക്കങ്ങളുണ്ടാക്കരുത്. നാല് മദ്ഹബുകളും സത്യമാണ്, അതിലേത് അനുസരിച്ച് ജീവിച്ചാലും വിജയം ലഭിക്കുന്നതാണ്. (വിവരണത്തിന് മൂസക്കോയ പാലാട്ട് തയ്യാറാക്കിയ ചന്ദ്രിക റിപ്പോര്‍ട്ട് കാണുക). കേരളത്തില്‍ നിന്നും മടങ്ങി വന്നതിന് ശേഷം മൗലാനാ വിവിധ സ്ഥലങ്ങളില്‍ യാത്ര നടത്തി. മെയ് മാസം സഹാറന്‍പൂരിലേക്കും റായ്പൂരിലേക്കും പോയി. ഈ യാത്രയ്ക്കിടയില്‍ ആദരണീയ ജേഷ്ഠ സഹോദരന്‍ ഡോ. അബ്ദുല്‍ അലി സാഹിബിന്‍റെ വിയോഗം സംഭവിച്ചു. ഡോ. സാഹിബ് മര്‍ഹൂം മൗലാനായുടെ ഒരു ജേഷ്ഠന്‍ മാത്രമായിരുന്നില്ല, പിതാവിന്‍റെ സ്ഥാനീയനും പ്രധാന വഴികാട്ടിയുമായിരുന്നു. അദ്ദേഹത്തിന്‍റെ തന്ത്രപരമായ ശിക്ഷണത്തിന്‍റെ തണലിലാണ് മൗലാനാ വളര്‍ന്നത്. ഇതിന്‍റെ സ്വാധീനം അവസാനം വരെ മൗലാനായിലും മൗലാനായുടെ പ്രവര്‍ത്തനങ്ങളിലും രചനകളിലും കാണപ്പെടുന്നുണ്ട്. അത്യന്തം ദുഃഖകരമായ ഈ സംഭവം മൗലാനാ കണ്ണീര്‍ വാര്‍ത്ത് കൊണ്ട് കാറവാനെ സിന്ദഗിയില്‍ ഇപ്രകാരം കുറിക്കുന്നു: 
1961 മെയ് ഏഴിന് ജേഷ്ഠ സഹോദരന്‍റെ വിയോഗം സംഭവിച്ചു. ഇത് എന്‍റെ ഓര്‍മ്മയുള്ള ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമാണ്. എന്‍റെ ചെറുപ്രായത്തില്‍ യാത്രയായ പിതാവിന്‍റെ വിയോഗത്തിലും അനുഭവപ്പെടാത്ത അനാഥത്വമാണ് എനിക്ക് ഈ സമയത്ത് ഉണ്ടായത്. സഹാറന്‍പൂര്‍-യാത്രയ്ക്കിടയില്‍ ഈ സംഭവം നടന്നതിനാല്‍ എനിക്ക് ജനാസയിലും തദ്ഫീനിലും പങ്കെടുക്കാന്‍ സാധിച്ചില്ല എന്നത് ദുഃഖം കൂടുതല്‍ വര്‍ദ്ധിപ്പിച്ചു. ജേഷ്ഠന് രോഗം കൂടുതലാണെന്ന സന്ദേശം ലഭിച്ച് ആദ്യ ട്രൈനില്‍ തന്നെ ലക്നൗവിലേക്ക് തിരിച്ചു. ഈ യാത്രയില്‍ അനുഭവിച്ച മാനസിക വ്യഥ മറ്റൊരിക്കലും നല്‍കല്ലേയെന്ന് ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു. സംഭവം നടന്നുകഴിഞ്ഞുവെന്ന് എന്‍റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു. തദ്ഫലമായി എനിക്ക് തന്നെ വല്ലതും സംഭവിച്ചുപൊകുമെന്ന ഭയമുണ്ടായി. ലക്നൗവില്‍ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ വന്ന കൂട്ടുകാര്‍ ഒന്നും പറയാതെ എന്നോട് റായ്ബരേലിയിലേക്കാണ് പോകേണ്ടത് എന്ന് പറഞ്ഞു. എനിക്ക് കാര്യം മനസ്സിലായി. പുറത്ത് സിദ്ദീഖ് ഹസന്‍ സാഹിബിന്‍റെ കാര്‍ കിടപ്പുണ്ടായിരുന്നു. റായ്ബരേലിയില്‍ എത്തിയപ്പോള്‍ ഖബ്റടക്കം കഴിഞ്ഞു മൂന്ന് മണിക്കൂര്‍ ആയിരുന്നു. പിടിച്ച് വെച്ചിരുന്ന ആത്മനിയന്ത്രണം മുഴുവന്‍ പ്രിയപ്പെട്ട മുഹമ്മദുല്‍ ഹസനിയെ കണ്ടപ്പോള്‍ കൈവിട്ട് പോയി. ഇതേ രീതിയിലുള്ള സംഭവം പിതാവിന്‍റെ വിയോഗ സമയത്ത് ജേഷ്ഠനുമുണ്ടായിരുന്നു. അന്ന് ജേഷ്ഠന്‍ മദ്രാസിലായിരുന്നു. ഞങ്ങളുടെ കുടുംബത്തില്‍ ഇത് പോലെ വേറെയും സംഭവങ്ങളുണ്ടായിട്ടുണ്ട്. (കാറവാന്‍).
 
മൗലാനാ നദ്വയുടെ സെക്രട്ടറിയാകുന്നു.
ഡോ. സാഹിബ് മര്‍ഹൂമിന്‍റെ വിയോഗാനന്തരം 1961 ജൂണ്‍ 18-ന് കൂടിയ നിര്‍വ്വാഹക സമിതിയോഗം ഏകകണ്ഠമായി മൗലാനായെ നദ്വയുടെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇത്തരുണത്തില്‍ മൗലാനാ  നദ്വത്തുല്‍ ഉലമായുടെ സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിച്ചു. നദ്വത്തുല്‍ ഉലമായുടെ സാമ്പത്തികാവസ്ഥ നാളുകളായി വളരെ ബലഹീനമായിരുന്നു. ബര്‍മയില്‍ നിന്നും അയച്ച സമ്പത്ത് ലഭിച്ചതുമില്ല. ഇത് അറിഞ്ഞ കുവൈത്തിലെ ചില സഹോദരങ്ങള്‍ മൗലാനായെ അവിടേക്ക് ക്ഷണിച്ചു. എന്നാല്‍ അറബ് രാജ്യങ്ങളിലേക്ക് ദഅ്വത്തിന് വേണ്ടി മാത്രം പോയിട്ടുള്ള മൗലാനാ ഇതിന് തയ്യാറായില്ല. പക്ഷെ, അവര്‍ പറഞ്ഞു: മൗലാനാ ഇവിടെ വന്ന് ദഅ്വത്ത് കാര്യങ്ങള്‍ മാത്രം നടത്തിയാല്‍ മതി. സാമ്പത്തിക വിഷയങ്ങള്‍ ഞങ്ങള്‍ നോക്കുന്നതാണ്. അങ്ങനെ ദഅ്വത്തിന് ലഭിച്ച് ഈ അവസരം വിനിയോഗിക്കാന്‍ മൗലാനാ തീരുമാനിച്ചു. 

കുവൈറ്റ് യാത്ര. 
1962 ജനുവരി 24-ന് മൗലാനാ മുഈനുല്ലാഹ് നദ്വി, മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് നദ്വി ഇരുവരോടുമൊപ്പം മൗലാനാ കുവൈറ്റിലെത്തി. ആതിഥേയന്‍ ഡോ. അബ്ദുല്‍ ലത്വീഫും ഇതര അറബ് സഹോദരങ്ങളും സ്വീകരിച്ചു. കുവൈറ്റില്‍ വെച്ച് മൗലാനാ വിവിധ പ്രഭാഷണങ്ങള്‍ നടത്തി. അതില്‍ പ്രധാനപ്പെട്ടത് അവിടത്തെ ജാമിഅ് മസ്ജിദില്‍ വെച്ച് നടത്തിയതാണ്. ഈമാനിന്‍റെ ശക്തിയും തന്ത്രജ്ഞതയുടെ സൗന്ദര്യവും ഒത്തിണങ്ങിയ ഈ പ്രഭാഷണം മുഴുവന്‍ സദസ്സിനെയും ഇളക്കി മറിച്ചു. സദസ്യര്‍ ഉറക്കെ തക്ബീര്‍ വിളിച്ചു. പ്രഭാഷണത്തിനിടയില്‍ ഒരു വ്യക്തി ബോധരഹിതനായി വീണു. ഇത്തരം സംഭവങ്ങള്‍ ധാരാളമായി നടന്നിട്ടുള്ള ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ പ്രഭാഷണ സദസ്സുകള്‍ എല്ലാവരും ഓര്‍ത്തു. 
മറ്റൊരു ദിവസം കുവൈറ്റ് റേഡിയോയില്‍ ഇസ്മഈ യാ സഹ്റത്തസ്സഹ്റാഅ് മണല്‍ക്കാട്ടിലെ പുഷ്പമേ കേള്‍ക്കുക എന്ന ശീര്‍ഷകത്തില്‍ ഒരു പ്രഭാഷണം നടത്തി. അതില്‍ കുവൈറ്റിന്‍റെ മഹത്വം അനുസ്മരിക്കുകയും കുവൈറ്റികളുടെ ഉത്തരവാദിത്വം ഉണര്‍ത്തുകയും ചെയ്തു. കൂടാതെ കുവൈറ്റ് ഭരണാധികാരിക്ക് വിശദമായ ഒരു കത്ത് തയ്യാറാക്കി സമര്‍പ്പിച്ചു. നാടിന്‍റെ പുരോഗതിക്ക് പരിശ്രമിക്കണമെന്നും ജനങ്ങളുടെ ഐക്യത്തില്‍ ശ്രദ്ധിക്കണമെന്നും നേതൃത്വത്തിന്‍റെ സങ്കീര്‍ണ്ണതകള്‍ മനസ്സിലാക്കി നീങ്ങണമെന്നും അതില്‍ ഉണര്‍ത്തി. അമുസ്ലിംകളെ സ്വീകരിക്കുകയും വിവിധ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുകയും ചെയ്യുന്നത് വളരെ നല്ലതാണെങ്കിലും അനിസ്ലാമിക ആരാധനാലയങ്ങള്‍ വളരുന്നത് അപകടകരമാണെന്നും സൂചിപ്പിച്ചു. മൂന്ന് ആഴ്ച നീണ്ട് നിന്ന വിജയകരമായ കുവൈറ്റ് സന്ദര്‍ശനത്തിന് ശേഷം റമദാന്‍ മദ്ധ്യത്തോടെ നാട്ടില്‍ തിരിച്ചെത്തി. യാത്രയില്‍ ലഭിച്ച സ്നേഹാദരങ്ങള്‍ ഹസ്രത്ത് റായ്പൂരിയുടെ ദുആയുടെ ഫലമാണെന്ന് മൗലാനാ പതിവ് വിനയമനുസരിച്ച് കൂട്ടുകാരെ അറിയിച്ചത് വളരെയധികം അനുകരണീയം തന്നെയായിരുന്നു.  



രചനാ പരിചയം

പുതിയ പ്രസിദ്ധീരണം!

പ്രവാചക കഥകള്‍

മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി



    തന്റെ സഹോദരന്റെ മകൻ പ്രയോജനമില്ലാത്ത  കഥാപുസ്തകവുമായി നടക്കുന്നതു കണ്ട മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി അതിലൂടെ സമുദായത്തിന്റെ ചിത്രം ദർശിച്ചു. അങ്ങനെ, ഒരു വിശുദ്ധ രചനാ പരമ്പരയ്ക്കു തുടക്കം കുറിച്ചു, ഖസസുന്നബവിയ്യിൽ; പ്രവാചകന്മാരുടെ കഥയിൽ. ഒന്നു മുതൽ നാല് ഭാഗങ്ങൾ വരെ തെരഞ്ഞെടുക്കപ്പെട്ട ഏതാനും നബിമാരുടെ കഥാ കഥനങ്ങളും അഞ്ചാംഭാഗം അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ)യുടെ ചരിത്രവുമാണ്.
     ഈ ഗ്രന്ഥം രണ്ട് ഭാഗങ്ങളായിട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. ഇതിന്‍റെ ഒന്നാം ഭാഗത്തില്‍ ഇബ്റാഹിം നബി (അ), യൂസുഫ് നബി (അ), നൂഹ് നബി (അ), ഹൂദ് നബി (അ), സ്വാലിഹ് നബി (അ) എന്നീ അഞ്ച് നബിമാരുടെ സംഭവങ്ങള്‍ ഖുര്‍ആനിന്‍റെ വെളിച്ചത്തില്‍ കൊടുത്തിരിക്കുന്നു.
    രണ്ടാം ഭാഗത്തില്‍ ആദ്യം പരിശുദ്ധ ഖുര്‍ആനില്‍ ഏറ്റവും കൂടുതലായി വിവരിച്ചിട്ടുള്ള മൂസാ നബി (അ)നെക്കുറിച്ച് വിവരിക്കുന്നു. ശേഷം ശുഅയ്ബ് നബി (അ), ദാവൂദ് നബി (അ), അയ്യൂബ് നബി (അ), യൂനുസ് നബി (അ), സകരിയ്യാ നബി (അ) എന്നീ നബിമാരെക്കുറിച്ച് ഹൃസ്വമായി വിവരിച്ചതിന് ശേഷം അവസാനമായി ഈസാ നബി (അ)യെക്കുറിച്ച് മധ്യമമായ നിലയില്‍ അനുസ്മരിക്കുന്നു. ഒന്നാം ഭാഗത്തിലെ ഭാഷാ ശൈലി വളരെ ലളിതമാണെങ്കില്‍ അത് പഠിച്ചവര്‍ക്ക് എളുപ്പമാകുന്ന നിലയിലും എന്നാല്‍ രണ്ടാം ഭാഗത്തിലെ ഭാഷ ശൈലി അല്‍പ്പം ഉയര്‍ന്ന നിലയിലുമാണ് രണ്ടാം ഭാഗത്തില്‍ വിവരണങ്ങള്‍ നടത്തിയിട്ടുള്ളത്. പടച്ചവന്‍ ഇത് പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും എല്ലാവര്‍ക്കും ഉതവി നല്‍കട്ടെ.

ഫോണ്‍: 7736723639 






പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി



ഞങ്ങളുടെ കേന്ദ്ര സ്ഥാപനം




ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌