▪️മുഖലിഖിതം   
ബാംഗ്ലൂര്‍ പ്രഖ്യാപനം

▪️ജുമുഅ സന്ദേശം 
അനുവദനീയ സമ്പത്ത് സമ്പാദിക്കുക
✍️ മൗലാനാ സയ്യിദ് അര്‍ഷദ് മദനി
(പ്രസിഡന്‍റ് ജംഇയത്ത് ഉലമാ എ ഹിന്ദ്, വൈസ്പ്രസിഡന്‍റ് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)

▪️മആരിഫുല്‍ ഖുര്‍ആന്‍ 
സൂറത്തുയാസീന്‍ ഭാഗം-7
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️മആരിഫുല്‍ ഹദീസ്
 ദുആയുടെ അവസാനം ആമീന്‍ പറയുക
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ ജീവചരിത്രം
മുഫക്കിറുല്‍ ഇസ്‌ലാം അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി; ജീവിതവും സന്ദേശവും- 7
✍️ മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി
****************


മുഖലിഖിതം

ബാംഗ്ലൂര്‍ പ്രഖ്യാപനം






ബാംഗ്ലൂരില്‍ കൂടിയ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ 29-ാം അഖിലേന്ത്യാ സമ്മേളനത്തിന്‍റെ സമാപനത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജന:സെക്രട്ടറി മൗലാനാ ഫസ്ലുര്‍റഹീം മുജദ്ദിദി അവതരിപ്പിക്കുകയും രാജ്യത്തിന്‍റെ നാനാഭാഗത്ത് നിന്നും വന്ന പണ്ഡിതരും നേതാക്കളും അടങ്ങുന്ന പ്രതിനിധികള്‍ അംഗീകരിക്കുകയും ചെയ്ത സുപ്രധാന സന്ദേശങ്ങള്‍. വളരെ കാലിക പ്രസക്തമായ ഇതിലെ ഓരോ ഉപദേശങ്ങളും എല്ലാവരും പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.  

1. സത്യസരണയില്‍ അടിയുറച്ച് നില്‍ക്കുക. ബഹുമാനപ്പെട്ട സഹോദരങ്ങളെ, രാജ്യത്തിന്‍റെ നിലവിലുള്ള സാഹചര്യത്തില്‍ ഏറ്റവും ആവശ്യമുള്ള കാര്യം നാം മുസ്ലിംകള്‍ ദീനില്‍ അടിയുറച്ച് നില്‍കണമെന്ന ചിന്താഗതി ഉണ്ടാക്കിയെടുക്കലാണ്. ആകയാല്‍ എന്തല്ലാം പരീക്ഷണങ്ങളെ നേരിടേണ്ടി വന്നാലും സാമ്പത്തിക ഞെരുക്കം സംഭവിച്ചാലും ജീവന്‍ അപകടത്തിലായാലും നിരപരാധികളായ യുവാക്കളെ ജയിലില്‍ അടയ്ക്കപ്പെട്ടാലും എന്തുവില കൊടുത്തും നമ്മുടെയും സന്താന പരമ്പരകളുടെയും ഈമാന്‍ സംരക്ഷിക്കുമെന്ന് ഉറച്ച തീരുമാനം എടുക്കുക. ഇന്ന് വര്‍ഗീയവാദികള്‍ പല വഴികളിലൂടെ മുസ്ലിംകളെ ദീനില്‍ നിന്നും തെറ്റിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഭരണഘടനാപരമായി രാജ്യം സെക്കുലര്‍ ആയിരുന്നിട്ടും പാഠ്യ പദ്ധതിയില്‍ ബഹുദൈവാരാധനയുടെ സങ്കല്പങ്ങള്‍ തിരികി  കയറ്റുന്നു.  സാംസ്കാരിക പരിപാടികള്‍ എന്ന പേരില്‍ ദേവി ദേവന്മാരുടെ  ആരാധനകളെ പ്രേരിപ്പിക്കുന്നു മുസലിം സമുദായവുമായി ബന്ധപ്പെട്ട രാജ്യത്തിന്‍റെ സമുന്നതവും പ്രൗഢോജ്ജ്വലവുമായ  ചരിത്രത്തെ പാഠ്യ പദ്ധതിയില്‍ നിന്നും പുറത്താക്കുന്നു മുസ്ലിം ബന്ധം പ്രകടമാകുന്ന പട്ടണങ്ങളുടെയും വഴികളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ മാറ്റുന്നു. ഒരു ഭാഗത്ത് മുസ്ലിം യുവാക്കള്‍ അമുസ്ലിം യുവതികളെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് ലൗ ജിഹാദ് എന്ന പേരില്‍ പ്രചരിപ്പിക്കുമ്പോള്‍ മറുഭാഗത്ത് മുസ്ലിം  പെണ്‍കുട്ടികളുമായി അമുസ്ലിം യുവാക്കള്‍ ബന്ധപ്പെടുന്നതിന് പരസ്യമായി പ്രോത്സാഹിപ്പിക്കുന്നു. മുസ്ലിംകളെ നുഴഞ്ഞു കയറ്റക്കാര്‍ എന്ന് വിശേഷിപ്പിച്ച് അമുസ്ലിം സഹോദരങ്ങളുടെ ദൃഷ്ടിയില്‍ നിന്ദിക്കുകയും നിസ്സാരപ്പെടുത്തുകയും ചെയ്യുന്നു. ഇതിന്‍റെയെല്ലാം ലക്ഷ്യം മുസ്ലിംകളെ ദീനിന്‍റെയും ശരീരത്തിന്‍റെയും സംസ്കാരത്തിന്‍റെയും ചരിത്രത്തിന്‍റെയും വിഷയത്തില്‍ മുസ്ലിംകളെ അപകര്‍ഷതാബോധത്തില്‍ കുടുക്കലാണ്. ഏതെങ്കിലും സമുദായത്തെ അപകര്‍ഷതാബോധത്തില്‍ അകപ്പെടുത്തിയാല്‍ അവരെ യഥാര്‍ത്ഥ വിശ്വാസ ആദര്‍ശങ്ങളില്‍ നിന്നും തെറ്റിക്കലും മറ്റുള്ളവരുടെ ചിന്താഗതികളില്‍ അകപ്പെടുത്തലും അവയുടെ അടിമകള്‍ ആക്കലും എളുപ്പമാകുന്നതാണ്. ആകയാല്‍ ഓരോ മുസ്ലിംമും ഇസ്തിഖാമത്തിന്‍റെ(അടിയുറപ്പിന്‍റെ)മഹല്‍ ഗുണം ഉണ്ടാക്കിയെടുക്കുക മഹാന്മാരായ നബിമാര്‍ വിശിഷ്യാ അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ)യും സഹാബ മഹത്തുക്കളും കൈകൊണ്ട അചഞ്ചലതയെ ഓര്‍മ്മവെക്കുക സന്താന പരമ്പരകള്‍ക്ക് ഈ പാഠം പകര്‍ന്നു കൊടുക്കുക ഇതുകൂടാതെ ഈ രാജ്യത്ത് നടക്കുന്ന മത സാംസ്കാരിക വ്യതിയാനത്തില്‍ നിന്നും നമ്മെ രക്ഷിക്കുക സാധ്യമല്ലെന്ന് ഓര്‍ക്കുക.
2. ഓരോ മുസ്ലിം പ്രദേശങ്ങളിലും അടിസ്ഥാനപരമായ ദീനീ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കേണ്ടത് ഇന്നത്തെ ഒരു പ്രധാനപ്പെട്ട മതപരമായ കര്‍ത്തവ്യമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സൗകര്യങ്ങള്‍ ചെയ്യേണ്ടതാണ്. ചെറിയ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ വിജ്ഞാനം പകര്‍ന്നു കൊടുക്കേണ്ടതാണ്. അടിസ്ഥാനപരമായ ദീനി വിജ്ഞാനം ഉള്ളതിനോടുകൂടി ഭൗതികമായ മറ്റ് വിദ്യാഭ്യാസങ്ങളിലെല്ലാം മുന്നേറാനും പരിശ്രമിക്കുക. ഐഎഎസ്, ഐപിഎസ്, ഡോക്ടര്‍, എന്‍ജിനീയര്‍, ഉന്നത അധ്യാപകര്‍ എന്നിങ്ങനെ സര്‍വ്വ മേഖലകളിലും മുന്നേറാന്‍ യത്നിക്കുക. അതോടൊപ്പം ഒരു ഉറച്ച വിശ്വാസിയാകാനും ശ്രദ്ധിക്കുക. ബാല വിദ്യാഭ്യാസ പദ്ധതിയില്‍ പരിശുദ്ധ ഖുര്‍ആന്‍ പാരായണം, അത്യാവശ്യ മസ്അലകള്‍, ദിക്ര്‍-ദുആകള്‍ എന്നിവയോടൊപ്പം തൗഹീദ്, രിസാലത്ത്, അന്ത്യപ്രവാചകത്വം സഹാബത്തിന്‍റെ മഹത്വം, അഹല് ബൈത്തിനോടുള്ള  സ്നേഹം, ഖുര്‍ആനിന്‍റെ സത്യത, ഹദീസിന്‍റെ പ്രാധാന്യം, ശിര്‍ക്കിന്‍റെയും നിരീശ്വരവാദത്തിന്‍റെയും ഇതര നിഷേധങ്ങളുടെയും ഖണ്ഡനം, ശരീഅത്ത് നിയമങ്ങളുടെ തത്വങ്ങള്‍ എന്നിവയും മനസ്സിലാക്കി കൊടുക്കുക. കുട്ടികളുടെ മനസ്സ് ഒന്നുമില്ലാത്ത ഫലകവും കടലാസും പോലെയാണ് അതില്‍ എഴുതപ്പെടുന്ന കാര്യങ്ങളെല്ലാം ജീവിതത്തിന്‍റെ അന്ത്യശ്വാസം വരെ  മനസ്സില്‍ പതിഞ്ഞ് കിടക്കുന്നതാണ്. ഇത് നാം ദീനിന് വേണ്ടി ചെയ്യുന്ന സേവനം മാത്രമല്ല അടുത്ത തലമുറയോട് നമുക്കുള്ള കര്‍ത്തവ്യം കൂടെയാണ്. അല്ലാഹു കാക്കട്ടെ, ഇത് ചെയ്തില്ലെങ്കില്‍ നാം അല്ലാഹുവിന്‍റെ അരികില്‍ പാപികളായി വിളിക്കപ്പെടുകയും മറുപടി പറയേണ്ടി വരികയും ചെയ്യുന്നതാണ്.
3. മുസ്ലിം യുവതി യുവാക്കള്‍ക്കും അമുസ്ലിം യുവതി യുവാക്കള്‍ക്കും ഇടയിലുള്ള വിവാഹ-ബന്ധങ്ങളുടെ സംഭവങ്ങള്‍ മുസ്ലിംകളുടെ മനക്കരുത്ത് ചോര്‍ന്നു പോകാനും വര്‍ഗീയവാദികളുടെ മനക്കരുത്ത് ഉയരാനും വേണ്ടി മീഡിയകള്‍' പര്‍വ്വതീകരിച്ച് പറയുന്ന കാര്യങ്ങള്‍ ആണെങ്കിലും ഇത്തരം സംഭവങ്ങള്‍ അങ്ങേയറ്റം വേദനാജനകമാണ്. ഇവ ഒഴിവാക്കാന്‍ ഒരു ഭാഗത്ത് വിവാഹങ്ങളെ ലളിതമാക്കുകയും ധൂര്‍ത്തുകളെ വര്‍ജിക്കുകയും ചെയ്യേണ്ടതാണ്. മറുഭാഗത്ത് യുവതി യുവാക്കള്‍ക്ക് മാനസിക പരിചരണവും അത്യാവശ്യമാണ് അതെ അവരുടെ മനസ്സിലും മസ്തിഷ്കത്തിലും ഒരു കാര്യം ഉറപ്പിക്കുക: സമ്പത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും കാര്യത്തെക്കാളും പ്രധാനപ്പെട്ടതാണ് മതത്തിന്‍റെ കാര്യം. നിഷേധികളുമായിട്ടുള്ള വിവാഹബന്ധം പരലോകത്തില്‍ മഹാനാശ നഷ്ടങ്ങള്‍ക്ക് കാരണമാണ്. ഇഹലോകത്തും ഇത്തരം ആളുകള്‍ അവസാനം ഒറ്റപ്പെട്ടു പോകുന്നതാണ് സമൂഹം അവരെ സ്വീകരിക്കുന്നല്ല. അവരുടെ അടുത്ത തലമുറകള്‍ക്കും ഇതേ നാശങ്ങള്‍ ബാധിക്കുന്നതാണ് ഇത്തരം ബന്ധങ്ങളില്‍ അധികത്തിന്‍റെയും അന്ത്യവും അതി ദയനീയമായിരിക്കുന്നതാണ്. ആകയാല്‍ തെറ്റായ ബന്ധങ്ങളില്‍ നിന്നും നിന്നും അകന്നു കഴിയുക. ദീനിന്‍റെ പ്രാധാന്യം സമ്പത്തിനേക്കാളും വിദ്യാഭ്യാസത്തെകാളും പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഏതെങ്കിലും പെണ്‍കുട്ടി ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുകയും അതെ നിലവാരത്തിലുള്ള ബന്ധം ലഭിക്കാതിരിക്കുകയും ചെയ്താല്‍ താഴ്ന്ന നിലവാരത്തിലുള്ള മുസ്ലിം യുവാക്കളെ വിവാഹം കഴിക്കാന്‍ സന്നദ്ധമാകേണ്ടതാണ്.
4. കോടതികളില്‍ നിന്നും ശരീഅത്ത് നിയമങ്ങള്‍ക്ക് തെറ്റായ വ്യാഖ്യാനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു ഇതിന്‍റെ പ്രധാന കാരണം മുസ്ലിംകള്‍ തന്നെയാണ്. കാരണം കുടുംബവഴക്കളുമായി നാം കോടതികളെ സമീപിക്കുന്നു. ശരീഅത്ത് നിയമങ്ങളില്‍ ഉറച്ച വിശ്വാസമില്ലാത്തവരും അവയുടെ തത്വങ്ങള്‍ ആഴത്തില്‍  മനസ്സിലാക്കാത്തവരുമായ ജഡ്ജിമാര്‍ അവരുടെ വീക്ഷണത്തിന്‍റെ അടിസ്ഥാനത്തില്‍ ഓരോ വിധികള്‍ നടത്തുന്നു. ഇതിന്‍റെ പരിഹാരം നാം മുസ്ലിംകള്‍ കുടുംബ പ്രശ്നങ്ങള്‍ക്ക് ശരീഅത്ത് നിയമങ്ങളെക്കുറിച്ച് ശരിയായ പാണ്ഡിത്യം ഉള്ള പണ്ഡിതരെ സമീപിക്കലാണ്. അതിനുവേണ്ടി ദാറുല്‍ ഖളാഅ്, മഹ്കമ ശറഇയ്യ പോലുള്ള പേരുകളില്‍ പ്രശ്നപരിഹാര  സമിതികളും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അവയെ പ്രയോജനപ്പെടുത്തുക. ഇതിലൂടെ നല്ല നിലയില്‍ ശരീഅത്ത് നിയമങ്ങളെ സംരക്ഷിക്കാനും കോടതികളുടെയും ഭരണകൂടങ്ങളുടെയും കൈകടത്തലുകളില്‍ നിന്നും സൂക്ഷിക്കാനും സാധിക്കുന്നതാണ്. കൂടാതെ കുറഞ്ഞ ചിലവില്‍ കുറഞ്ഞ കാലം കൊണ്ട് നീതിയും ലഭിക്കുന്നതാണ്. നീതിയുടെ മഹത്തായ ഇത്തരം സ്ഥാപനങ്ങളില്ലാത്ത പ്രദേശങ്ങളില്‍ ഇത് സ്ഥാപിക്കാന്‍ പണ്ഡിതരും നേതാക്കളും ബന്ധപ്പെട്ടവരും മുന്നോട്ട് വരേണ്ടതാണ്. അവര്‍ താല്‍പര്യപ്പെടുന്ന പക്ഷം ആള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ ഈ സാമൂഹിക കര്‍ത്തവ്യം നിര്‍വഹിക്കാന്‍ സഹായിക്കുന്നതാണ്.
5 സ്ത്രീകളും പുരുഷന്മാരും മാനവ സമൂഹത്തിന്‍റെ രണ്ട് ഭാഗങ്ങളാണ്. യോഗ്യതകളെ പരിഗണിച്ച് ചില ഉത്തരവാദിത്തങ്ങളില്‍ വ്യത്യാസം ഉണ്ടെങ്കിലും അടിസ്ഥാനപരമായി ഇരുവരുടെയും അവകാശങ്ങള്‍ ഒന്നുതന്നെയാണ്. അല്ലാഹു അറിയിക്കുന്നു: പുരുഷന്മാര്‍ക്ക് സ്ത്രീകളോട് കടമകള്‍ ഉള്ളതുപോലെ സ്ത്രീകള്‍ക്കും പുരുഷന്മാരോട് കടമകള്‍ ഉണ്ട് (ബഖറ) റസൂലുല്ലാഹി (സ) അരുളി: സ്ത്രീകള്‍ പുരുഷന്മാരുടെ ഒരു ഭാഗമാണ് (അബു ദാവൂദ്) പടച്ചവന്‍റെ അനുഗ്രഹത്താല്‍ ഖുര്‍ആന്‍ ഹദീസുകളുടെ പ്രബോധന അധ്യാപനങ്ങള്‍ കാരണം സമുദായത്തില്‍ സ്ത്രീകളുടെ മേലുള്ള അക്രമ സംഭവങ്ങള്‍ ഇതര സമൂഹങ്ങളെകാള്‍ കുറവാണ്. എങ്കിലും നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ വളരെ നിന്ദ്യവുമാണ്. പ്രത്യേകിച്ചും ആവശ്യമില്ലാതെ ത്വലാഖ് ചൊല്ലുന്നതും സ്ത്രീകള്‍ക്ക് അനന്തരവകാശം നിഷേധിക്കുന്നതും അവരുടെ ഓഹരി കയ്യടക്കുന്നതും സമൂഹത്തില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ശരീഅത്ത് നിയമങ്ങള്‍ നിന്ദിക്കപ്പെടാന്‍ കാരണമാവുകയും ചെയ്യുന്നുണ്ട്. ഈ ഭാഗത്ത് നാം പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ആകയാല്‍ മാനവരാശിയുടെ അര്‍ദ്ധ ഭാഗത്തോട് നീതി കാണിക്കുക. മാത്രമല്ല ഉത്തമ പെരുമാറ്റം പുലര്‍ത്തപ്പെടേണ്ടതുമാണ്.
6. വ്യത്യസ്ത മതവിഭാഗങ്ങള്‍ താമസിക്കുന്നഒരു രാജ്യത്താണ് നാം കഴിയുന്നത്. ഇത്തരം ഇടകലര്‍ന്ന സമൂഹത്തില്‍ പ്രത്യേകിച്ചും നാം മുസ്ലിംകള്‍ വിശാലമായ സല്‍ സ്വഭാവത്തിന്‍റെയും സമീപനം സ്വീകരിക്കേണ്ടതാണ് അതിലുമുപരിയായി പരസ്പര ബന്ധങ്ങള്‍ നന്നാക്കാനും പരിശ്രമിക്കേണ്ടതാണ്. നാം കാരുണ്യത്തിന്‍റെ പ്രവാചകന്‍ സമുദായമാണ് എന്നോര്‍ക്കുക. അതുകൊണ്ട് മുഴുവന്‍ മാലോകരും പ്രവാചകന്‍റെ പ്രബോധിത സമുദായമായതിനാല്‍ എല്ലാവരോടും കരുണയും ഔദാര്യവും മാപ്പും വിട്ടുവീഴ്ചയും സല്‍സ്വഭാവവും മാന്യതയും പുലര്‍ത്തേണ്ടത് നമ്മുടെ കടമയാണ്. ഈ വിഷയങ്ങളില്‍ അവര്‍ വീഴ്ച വരുത്തിയാലും നാം ഇത് പാലിക്കാന്‍ ശ്രദ്ധിക്കുക അതെ തീയെ തീ കൊണ്ട് അണയ്ക്കാന്‍  സാധിക്കുന്നതല്ല. തീ അണയ്ക്കാന്‍ ജലം തന്നെ ആവശ്യമാണ്. ആകയാല്‍ ഇവിടെ കത്തിക്കപ്പെടുന്ന വെറുപ്പിന്‍റെ അഗ്നിയെ സ്നേഹത്തിന്‍റെ തേന്‍മഴ കൊണ്ട് അണക്കാന്‍ നാം പരിശ്രമിക്കുക അവസ്ഥ എത്ര മോശമായാലും നാം പ്രബോധകന്മാരാണ് എന്ന കാര്യം മറക്കാതിരിക്കുക. നിലവിലുള്ള സാഹചര്യത്തില്‍ നമ്മുടെ പ്രശ്നങ്ങള്‍ക്കുള്ള പ്രധാന പരിഹാരവും ഇതുതന്നെയാണ്. അക്രമത്തിന് കാര്‍മേഘം എത്ര വലുതാണെങ്കിലും നീതിയുടെയും സ്നേഹത്തിന്‍റെയും സൂര്യന്‍ അതിനെ കീറി മുറിച്ച് പ്രഭ പരത്തുന്നതാണ്
7. ഇപ്പോള്‍ വഖ്ഫുകളുടെ പ്രശ്നം വളരെ പ്രാധാന്യം കൈവരിച്ചിരിക്കുന്നു. നമ്മുടെ മസ്ജിദുകളും സ്ഥാപനങ്ങളും ഖബ്ര്‍സ്ഥാനുകളും യാത്രക്കാരുടെ വിശ്രമകേന്ദ്രങ്ങളും അനാഥാലയങ്ങളും മറ്റുമായി സ്ഥാപിക്കപ്പെട്ട വഖ്ഫിന്‍റെ സമുന്നത സമ്പത്തിന്‍റെ സംരക്ഷണം അപകടത്തിലായിരിക്കുന്നു. ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ഈ വിഷയത്തില്‍വലിയ പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഭരണകൂടം നമ്മുടെ ശബ്ദം കേള്‍ക്കാത്തത് പോലെ ഭാവിക്കുകയാണെങ്കില്‍ പൊതുജനപ്രക്ഷോഭം നടത്താനും ആവശ്യം വന്നാല്‍ നിയമ പോരാട്ടങ്ങള്‍ക്കും ബോര്‍ഡ് സന്നദ്ധമാണ്. എന്നാല്‍ ഈ കാര്യങ്ങള്‍ക്കെല്ലാം നിങ്ങള്‍ മുഴുവന്‍ ആളുകളുടെയും സഹായ സഹകരണങ്ങള്‍ ആവശ്യമാണ് അതുകൂടാതെ ഈ പ്രശ്നം പരിഹരിക്കുക സാധ്യമല്ല. എന്നാല്‍ പ്രാരംഭ കര്‍ത്തവ്യം എന്ന നിലയില്‍ സ്വത്തുക്കളുടെ രേഖകള്‍ എല്ലാം ശരിയാക്കാന്‍ ശ്രദ്ധിക്കുക. ആവശ്യമുള്ള കടലാസുകള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും കരസ്ഥമാക്കുക. തുറന്നു കിടക്കുന്ന ഭൂമികള്‍ക്ക് ചുറ്റും മതില്‍ കെട്ടുക. നാം തന്നെ വഖ്ഫ് സ്വത്തുക്കള്‍ അന്യായമായി കയ്യേറുന്നത് വലിയ അക്രമവും മഹാപാപവും ആണ്. ഖേദകരം എന്ന് പറയട്ടെ മുസ്ലിംകള്‍ തന്നെ മസ്ജിദുകളുടെ  ഭൂമികളിലും സ്ഥാപനങ്ങളിലും മറ്റും അന്യായമായ കയ്യേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത് കടുത്ത പാപം ആയതിനോടൊപ്പം മുഴുവന്‍ സമൂഹത്തോടും ചെയ്യുന്ന അക്രമവും ആണ് പ്രത്യുത ഇതിലൂടെ വര്‍ഗീയവാദികളുടെ മോശമായ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് ശക്തി ലഭിക്കുന്നതുമാണ്
8. ഇന്ത്യ മഹാരാജ്യത്തിന്‍റെ മുഴുവന്‍ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളുടെയും മത സാമൂഹിക വ്യക്തിത്വങ്ങളുടെയും ഈ മഹാ സമ്മേളനം ഇന്ത്യാ ഗവണ്‍മെന്‍റിനോട് പറയുന്നു: നിങ്ങള്‍ ഏതെങ്കിലും ഒരു സമുദായത്തിന്‍റെയോ മതത്തിന്‍റെയോ മാത്രം പ്രതിനിധികളല്ല. മറിച്ച് രാജ്യത്ത് താമസിക്കുന്ന മുഴുവന്‍ പൗരന്മാരുടെയും പ്രതിനിധികളാണ്. ഏതെങ്കിലും പ്രത്യേക മതത്തിന്‍റെയോ സംസ്കാരത്തിന്‍റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ പദ്ധതിക്കനുസരിച്ച് ഭരണം നടത്താന്‍ നിങ്ങള്‍ക്ക് അവകാശമില്ല. മറിച്ച് ജനാധിപത്യത്തെയും ഭരണഘടനയെയും മാനിച്ചും പാലിച്ചും കൊണ്ട് മാത്രം ഓരോ കാര്യങ്ങളും നിര്‍വഹിക്കേണ്ടതാണ്. രാജ്യത്ത്താമസിക്കുന്ന എല്ലാ ജനങ്ങള്‍ക്കും അവകാശങ്ങള്‍ നല്‍കുന്നതായി നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കേണ്ടതാണ്. പക്ഷേ ഖേദകരമെന്ന് പറയട്ടെ, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരാക്കാനുള്ള പരിശ്രമങ്ങള്‍ നിങ്ങള്‍ നടത്തുന്നു. ഇത് ഭരണഘടനയോടുള്ള അവഹേളനമാണ്. ഇതിലൂടെ രാജ്യത്തിന്‍റെ ശാന്തിയും സമാധാനവും അപകടത്തില്‍ പെടുന്നതാണ് ആകയാല്‍ ക്ഷണികമായ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി രാജ്യത്തിന്‍റെ ശാന്തിയും സമാധാനവും ഐക്യവും അപകടത്തില്‍പ്പെടുത്തരുത്.
9. ഈ രാജ്യത്തുള്ള ദീനി  മദ്രസകള്‍ക്ക് പ്രകാശം നിറഞ്ഞ ഒരു പാരമ്പര്യമാണുള്ളത്. സമാധാനം നിറഞ്ഞതും ഉത്തരവാദിത്വബോധമുള്ളതും രാജ്യസ്നേഹം ഉറച്ചവരുമായ പൗരന്മാരെ തയ്യാറാക്കുന്നതില്‍ മദ്രസകള്‍ക്ക് വലിയ പങ്കാണുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമ്പൂര്‍ണ്ണമായി കച്ചവട വല്‍ക്കരിക്കപ്പെട്ട ഒരു സാഹചര്യത്തില്‍ ഈ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ പുതിയ തലമുറയ്ക്ക് സല്‍സ്വഭാവവും മാനവികതയും പഠിപ്പിക്കുന്നു. രാജ്യത്തിന്‍റെ സംരക്ഷണത്തിനും സ്വാതന്ത്ര്യത്തിനും ഈ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുണ്ട് ഇന്നും രാജ്യ നിര്‍മാണത്തിന്‍റെയും പുരോഗതിയുടെ വിജ്ഞാനപ്രചാരണത്തിന്‍റെയും സാമൂഹിക സംസ്കരണത്തിന്‍റെയും മേഖലകളില്‍ ഇവ വലിയ സേവനങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു മദ്രസകള്‍ക്ക് തടസ്സം ഉണ്ടാക്കുന്ന കാര്യങ്ങളില്‍ നിന്നും ഭരണകൂടവും മറ്റു ഉത്തരവാദിത്വപ്പെട്ടവരും അകന്നു കഴിയണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
10. ഫലസ്തീനിലെ സാധുക്കളായ പൗരന്മാരുടെ മേല്‍ ഇസ്രായേല്‍ നടത്തുന്ന അക്രമങ്ങള്‍ അമേരിക്കയും യൂറോപ്പും അതിനു നല്‍കുന്ന പിന്തുണയും അങ്ങേയറ്റം മനുഷ്യത്വരഹിതവും വേദനാജനകമായ കാര്യങ്ങളാണ്. ഇതിലൂടെ പരസ്യമായ നിലയില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പരിഹസിക്കപ്പെടുകയും അക്രമികള്‍ക്ക് അക്രമങ്ങള്‍ കാട്ടാന്‍  പൂര്‍ണസ്വാതന്ത്ര്യം നല്‍കപ്പെടുകയുമാണ്. ഇന്ത്യന്‍ മുസ്ലിംകളിലെ എല്ലാ പ്രസ്ഥാന സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ സമ്മേളനം അക്രമത്തെ ശക്തമായി അപലപിക്കുകയും ഫലസ്തീന്‍ പോരാളികളുടെത്യാഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഈ യുദ്ധം അടിയന്തരമായി നിര്‍ത്താന്‍ ശ്രമിക്കണമെന്ന് ലോക ശക്തികളോട് ആവശ്യപ്പെടുന്നു. ഇസ്രായേലിന്‍റെ യുദ്ധ കുറ്റങ്ങളില്‍ ഇസ്ലാമിക ലോകം വിശിഷ്യാ അറബ് രാജ്യങ്ങള്‍ പുലര്‍ത്തുന്ന നിശബ്ദത പാപത്തില്‍ പങ്കെടുക്കലായി ഞങ്ങള്‍ കാണുന്നു. മനുഷ്യ അവകാശങ്ങളെ എന്നും സംരക്ഷിക്കുകയും അന്താരാഷ്ട്രനിയമങ്ങള്‍ ലംഘിക്കുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്ന പഴയ പാരമ്പര്യം പിന്തുടരണം എന്ന് ഇന്ത്യന്‍ ഭരണകൂടത്തോട് ഈ സമ്മേളനം ആവശ്യപ്പെടുന്നു. ഈ മെയിലുകളും മറ്റ് മാധ്യമങ്ങളും വഴിയായി അമേരിക്കക്കും യൂറോപ്പ്യന്‍ യൂണിയന്‍റെ രാജ്യങ്ങള്‍ക്കും നമ്മുടെ വികാരം എത്തിച്ചു കൊടുക്കാന്‍ നാം മുന്നോട്ടുവരിക. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ ഒരു ഘട്ടത്തില്‍ ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളെ ബഹിഷ്കരിച്ചത് പോലെ ഇസ്രായേല്‍ ഉല്‍പ്പന്നങ്ങളെ ബഹിഷ്കരിക്കാന്‍ നാം തയ്യാറാകേണ്ടതാണ്. കാരണം അക്രമിയെ ആക്രമത്തില്‍ നിന്നും തടയാന്‍ കഴിവില്ലെങ്കില്‍ കഴിവിന്‍റെ പരമാവധി അവര്‍ക്ക് പ്രയാസം ഉണ്ടാക്കാനെങ്കിലും പരിശ്രമിക്കേണ്ടതാണ്.

*************************

ഓൾ ഇന്ത്യാ ഫിഖ്ഹ് അക്കാദമി- ന്യൂ ഡൽഹി സംഘടിപ്പിക്കുന്ന സുപ്രധാന പഠന സംഗമം ഡിസംബർ 21 -ാം തീയതി വടകരയിൽ നടക്കുന്നു.

ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് ചെയർമാൻ മൗലാനാ ഖാലിദ് സൈഫുല്ലാ റഹ്മാനിയും, മൗലാനാ അതീഖ് അഹ്മദ് ഖാസിമിയും ഇതര പണ്ഡിത മഹത്തുക്കളും നേതൃത്വം നൽകുന്നു.

വിഷയം: 1. ഇസ്‌ലാമിൽ സ്ത്രീകളുടെ സ്ഥാനവും കർതവ്യങ്ങളും
2. വഖഫുമായി ബന്ധപ്പെട്ട ഫിഖ്ഹീ ചർച്ചകൾ

ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിന്റെ പ്രധാന പ്രവർത്തനമായ തഫ്ഹീമേ ശരീഅത്തിന്റെ ഏകദിന ശില്പശാല കേരളത്തിൽ ഡിസംബർ 28 ശനിയാഴ്ച ഓച്ചിറ ദാറുൽ ഉലൂമിൽ.

തഫ്ഹീമെ ശരീഅത്ത് കൺവീനർ മൗലാന സയ്യിദ് ബിലാൽ ഹസനി നദ്‌വിയും, മൗലാന ഉമർ ആബിദീൻ ഖാസിമിയും ഇതര പണ്ഡിതരും നേതൃത്വം നൽകുന്നു.

ഏവർക്കും സ്വാഗതം...



All India Muslim Personal Law Board


അനുവദനീയ സമ്പത്ത് സമ്പാദിക്കുക

മൗലാനാ സയ്യിദ് അര്‍ഷദ് മദനി
(പ്രസിഡന്‍റ് ജംഇയത്ത് ഉലമാ എ ഹിന്ദ്, വൈസ്പ്രസിഡന്‍റ് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)

يَا أَيُّهَا النَّاسُ كُلُوا مِمَّا فِي الْأَرْضِ حَلَالًا طَيِّبًا وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ (168) إِنَّمَا يَأْمُرُكُم بِالسُّوءِ وَالْفَحْشَاءِ وَأَن تَقُولُوا عَلَى اللَّهِ مَا لَا تَعْلَمُونَ (169)
 

ജനങ്ങളേ, ഭൂമിയില്‍ ഉണ്ടാകുന്ന വസ്തുക്കള്‍ നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. അവ അനുവദനീയവും പരിശുദ്ധവുമായിരിക്കണമെന്നുമാത്രം. പിശാചിന്‍റെ പാത നിങ്ങള്‍ പിന്‍പറ്റരുത്. തീര്‍ച്ചയായും പിശാച് നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്.(168) തിന്മയും ലജ്ജാവഹമായ പ്രവര്‍ത്തനങ്ങളും ചെയ്യുവാനും നിങ്ങള്‍ക്ക് വിവരം ലഭിക്കാത്ത കാര്യങ്ങള്‍ അല്ലാഹുവിനെക്കുറിച്ച് പറയുന്നതിനും മാത്രമാണ് അവന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നത്.
(ബഖറ 168-169)

وَكُلُوا مِمَّا رَزَقَكُمُ اللَّهُ حَلَالًا طَيِّبًا ۚ وَاتَّقُوا اللَّهَ الَّذِي أَنتُم بِهِ مُؤْمِنُونَ (88)

 അല്ലാഹു നിങ്ങള്‍ക്ക് അനുവദനീയവും പരിശുദ്ധവുമാകുന്ന നിലയില്‍ നല്‍കിയതില്‍ നിന്നും നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുക. അവനിലാണ് നിങ്ങള്‍ വിശ്വസിക്കുന്നത്. (മാഇദ-88)
ഈ ആയത്തുകളിലൂടെ സര്‍വ്വലോക പരിപാലകനായ അല്ലാഹു ഉണര്‍ത്തുന്നു: ഈ ലോകത്തുള്ള വസ്തുക്കളെ നമ്മുടെ പ്രയോജനത്തിന് വേണ്ടിയാണ് സൃഷ്ടിച്ചിട്ടുള്ളത് അതിനെ ആവിശ്യാനുസൃതം സന്തോഷത്തോടെ ഉപയോഗിക്കാന്‍ അനുവാദമുണ്ട്. അല്ലാഹു നിഷിദ്ധമാക്കിയ വസ്തുക്കളും അനുവദനീയമല്ലാത്ത മാര്‍ഗ്ഗങ്ങളും സ്വീകരിക്കരുതെന്ന് മാത്രം. നിഷിദ്ധമായ വസ്തുക്കള്‍ രണ്ട് വിഭാഗമുണ്ട്. ഒന്ന് അല്ലാഹു സൃഷ്ടിച്ച വസ്തുവാണങ്കിലും എന്തങ്കിലും നന്മയുടെ പേരില്‍ അതിനെ ഉപയോഗിക്കുന്നത് നിഷിദ്ധമാക്കി. ഉദാഹരണത്തിന് പന്നിമാസവും, ഒഴുകുന്ന രക്തവും. പടച്ചവന്‍ സൃഷ്ടിച്ചതാണങ്കിലും അതിനെ ഉപയോഗിക്കാന്‍ നമുക്ക് അനുവാദമില്ല. രണ്ട് വസ്തു അനുവദനീയമായിരുന്നെങ്കിലും മനുഷ്യന്‍റെ പ്രവര്‍ത്തനം കാരണം അത് നിഷിദ്ധമാക്കപ്പെട്ടു. ഉദാഹരണത്തിന് പൈസ അനുവദനീയമായ വസ്തുവാണങ്കിലും അത് ആരില്‍ നിന്നെങ്കിലും അപഹരിക്കുകയോ കൊള്ളയടിക്കുകയോ കളവും വഞ്ചനയും കാട്ടി എടുക്കുകയോ ചെയ്താല്‍ അതിനെ മനുഷ്യന്‍ തന്നെ മനിലമാക്കിയിരിക്കുന്നു. അതിനെ ഉപയോഗിക്കല്‍ നിഷിദ്ധമാണ്. 
ശേഷം അല്ലാഹു ഉപദേശിക്കുന്നു: പിശാച് നിങ്ങളുടെ മനസ്സില്‍ ദുര്‍ബോധനങ്ങള്‍ നടത്തുകയും സമ്പത്തിനോടുള്ള അന്ധമായ സ്നേഹം ഉണ്ടാക്കിയെടുക്കുകയും ദുരന്ത പൂര്‍ണ്ണമായ പരിണിത ഫലത്തെക്കുറിച്ച് അശ്രദ്ധരാക്കുകയും ചെയ്യുന്നതാണ്. എന്നാല്‍ സത്യവിശ്വാസി ഓരോ കാര്യങ്ങളുടെയും മുന്നില്‍ ശരിയും തെറ്റും നോക്കുകയും പരലോകത്തെയും വിചാരണയെയും ഓര്‍ക്കുകയും ചെയ്തുകൊണ്ട് പിശാചിനെ പിന്‍പറ്റാതെ പടച്ചവന്‍റെ വിധിവിലക്കുകള്‍ മാനിക്കുകയും പാലിക്കുകയും ചെയ്യുന്നതാണ്. പിശാച് മനുഷ്യന്‍റെ കഠിന ശത്രുവാണെന്ന് ഓര്‍ക്കുക. മനസ്സുകളില്‍ ദുര്‍ബോധനം നടത്തി തെറ്റിനെ ശരിയായും ശരിയെ തെറ്റായും കാണിക്കാനും പരലോകത്തെ നശിപ്പിക്കാനും പിശാച് നിരന്തരം പരിശ്രമിക്കുന്നു. മനുഷ്യന്‍റെ തകര്‍ച്ചയിലൂടെ അതിയായി സന്തോഷിക്കുന്ന പിശാചിന്‍റെ ദുര്‍ബോധനങ്ങളില്‍ നിന്നും അകന്ന് കഴിയാന്‍ വളരെയധികം പരിശ്രമിക്കുക. അതെ, അനുവദനീയമായ സമ്പത്ത് സമ്പാദിക്കാനും ഉപയോഗിക്കാനും അല്ലാഹു കല്‍പ്പിക്കുന്നു. നിങ്ങള്‍ ഈ കല്‍പ്പനയെ ജീവിത സരണിയായി സ്വീകരിക്കുക. അല്ലാഹുവിന്‍റെ വിധിവിലക്കുകളില്‍ നിന്നും സ്വതന്ത്രരായി നിങ്ങള്‍ ജീവിക്കുന്നു. പടച്ചവന്‍ നിങ്ങളോട് അതിയായ സ്നേഹമുള്ളവനാണ്. പിശാച് നിങ്ങളോട് കഠിന ശത്രുതയും പുലര്‍ത്തുന്നു. ഇത്തരുണത്തില്‍ പടച്ചവന്‍റെ പൊരുത്തത്തിനനുസരിച്ച് ജീവിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അതിലൂടെ നിങ്ങള്‍ ഇരുലോകത്തും വിജയിക്കുന്നതാണ്. പിശാചിനെ അനുസരിക്കുന്നതിലൂടെ ഇരുലോകത്തും പരാജയപ്പെടുന്നതാണ്. 
പരിശുദ്ധ ഖുര്‍ആനില്‍ മറ്റൊരിടത്ത് അല്ലാഹു ഉണര്‍ത്തുന്നു: ദാരിദ്ര്യം ഉണ്ടാകുമെന്ന് പറഞ്ഞ് പിശാച് നിങ്ങളെ ഭയപ്പെടുത്തുന്നു. മോശത്തരം പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹു പാപമോചനവും ഔദാര്യവും നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിശാലതയുള്ളവനും എല്ലാം അറിയുന്നവനുമാണ്. (ബഖറ 268) അതായത്, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ സമ്പത്ത് ചിലവഴിക്കുന്നതില്‍ നിന്നും പിശാച് നിങ്ങളെ ഭയപ്പെടുത്തുന്നു. അങ്ങനെ ചിലവഴിച്ചാല്‍ നിങ്ങളുടെ സമ്പത്ത് ഇല്ലാതായിപ്പോകുമെന്നും നിങ്ങള്‍ ദരിദ്ര്യരരാകുമെന്നും പറഞ്ഞ് വിരട്ടുകയും സമ്പാദിച്ചതെല്ലാം ശേഖരിച്ച് വെക്കാന്‍ പ്രേരിപ്പിക്കുകയും മാതാപിതാക്കള്‍ക്കും ഭാര്യാമക്കള്‍ക്കും പട്ടിണി പാവങ്ങള്‍ക്കും കൊടുത്താല്‍ പണം തീര്‍ന്ന് പോകുമെന്ന് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. പിശാച് നിങ്ങളുടെ ശത്രുവാണെന്നും നിങ്ങളെ അപകടത്തില്‍ പെടുത്താന്‍ വേണ്ടിയാണ് ഇപ്രകാരം ഉപദേശിക്കുന്നതെന്നും നിങ്ങള്‍ മനസ്സിലാക്കുക. മറുഭാഗത്ത് അല്ലാഹു അടിമകളോട് വലിയ കരുണയുള്ളവനാണ്. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ സന്തോഷത്തോട് കൂടി സമ്പത്ത് ചിലവഴിക്കുന്നവര്‍ക്ക് മാപ്പ് കൊടുക്കുകയും ദാനത്തിന് പകരം നല്‍കുകയും ചെയ്യുന്നതാണെന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു. അല്ലാഹുവിന്‍റെ വാഗ്ദാനത്തില്‍ യാതൊരു ലംഘനവും ഉണ്ടാകുന്നതല്ല. 
സഹോദരങ്ങളെ, നിഷിദ്ധമായ സമ്പത്ത് സമ്പാദിക്കുന്നതും ഉപയോഗിക്കുന്നതും കാരണമായി നമ്മുടെ മനസ്സില്‍ നിന്നും പടച്ചവനോടുള്ള ഭയവും പരലോക ചിന്തയും ഇല്ലാതാക്കുന്നതാണ്. തല്‍ഫലമായി ആരാധനകളില്‍ നിന്നും അകലുന്നതും ചെയ്യുന്ന ആരാധനകള്‍ തന്നെ സ്വീകരിക്കാത്ത അവസ്ഥ സംജാതമാവുകയും ചെയ്യുന്നതാണ്. ഇത്തരം ആളുകളുടെ പ്രാര്‍ത്ഥനകള്‍ പോലും സ്വീകരിക്കപ്പെടുന്നതല്ല. റസൂലുല്ലാഹി (സ)യോട് സഅദ് (റ) അഭ്യര്‍ത്ഥിച്ചു: ദുആകള്‍ ഖബൂലാക്കപ്പെടുന്ന ഒരു വ്യക്തിയായി എന്നെ തിരഞ്ഞെടുക്കാന്‍ അങ്ങ് ദുആ ചെയ്യുക. റസൂലുല്ലാഹി (സ) അരുളി: സഅദേ, ഹലാലായ സമ്പത്ത് ഉപയോഗിക്കുക. ദുആ സ്വീകരിക്കപ്പെടുന്ന വ്യക്തിത്വങ്ങളില്‍ പെടുന്നതാണ്. (ത്വബ്റാനി) റസൂലുല്ലാഹി (സ) അരുളി:  എന്‍റെ ആത്മാവ് നിയന്ത്രിക്കുന്ന അല്ലാഹുവില്‍ സത്യം ആരുടെയെങ്കിലും മുന്നില്‍ നിഷിദ്ധമായ ഒരു ഉരുള പ്രവേശിച്ചാല്‍ നാല്‍പ്പത് ദിവസം വരെ അവന്‍റെ ഒരു ആരാധനയും സ്വീകരിക്കപ്പെടുന്നതല്ല. (ത്വബ്റാനി) നിഷിദ്ധമായ സമ്പത്തും പലിശയും കൊണ്ട് വളര്‍ന്ന ശരീരം നരകത്തിലേക്ക് ഏറ്റവും അടുത്തതാണ്. (തിര്‍മിദി) 
നിഷിദ്ധമായ സമ്പത്ത് ആരാധനകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വലിയ തടസ്സമായി മാറുന്നതാണെന്ന് ഈ ഹദീസുകള്‍ അറിയിക്കുന്നു. നിഷിദ്ധമായ സമ്പത്ത് ഉപയോഗിച്ചുകൊണ്ട് ഉണ്ടാകുന്ന ശാരീരിക ശേഷി പാപകരമായ കാര്യങ്ങളില്‍ തന്നെ ചിലവഴിക്കപ്പെടുന്നതാണ്. നിഷിദ്ധമായ സമ്പത്ത് ഉപയോഗിക്കുന്നവന്‍ പടച്ചവനിലേക്ക് കൈ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചാല്‍ പടച്ചവന്‍ അത് സ്വീകരിക്കുകയില്ല. കാരണം അവന്‍റെ ശരീരത്തിന്‍റെ ശേഷിയും സിരകളില്‍ ഒഴുകുന്ന രക്തവും നിഷിദ്ധമാണെന്ന് പടച്ചവന് നന്നായി അറിയാം. 
നിഷിദ്ധമായ സമ്പത്തിന്‍റെ പ്രധാന പ്രേരകം മനുഷ്യന്‍റെ തുറന്ന ശത്രുവായ പിശാചാണ്. മനുഷ്യന്‍ നന്നാകുന്നതും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ടിക്കുന്നതും പാപങ്ങളില്‍ നിന്നും അകന്ന് കഴിയുന്നതും പിശാചിന് വളരെ പ്രയാസകരമാണ്. അതുകൊണ്ട് പലതരം അക്രമങ്ങളിലൂടെ പിശാച് മനുഷ്യനെ തെറ്റിക്കാന്‍ ആഗ്രഹിക്കുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് നിഷിദ്ധമായ സമ്പത്ത്. ആകയാല്‍ പിശാചിന്‍റെ ദുര്‍ബോധനങ്ങളെ ജാഗ്രതയോടെ നേരിടുക. നിങ്ങളെ പരിപൂര്‍ണ്ണമായി നശിപ്പിക്കാന്‍ പ്രതിജ്ഞയെടുത്ത് പരിശ്രമിക്കുന്ന പിശാചിനെക്കുറിച്ച് പരിശുദ്ധ ഖുര്‍ആന്‍ പല സ്ഥലങ്ങളിലും ഉണര്‍ത്തിയിട്ടുണ്ട്. ഒരിടത്ത് പറയുന്നു: അല്ലാഹു പറഞ്ഞു: നീ ഇവിടെ നിന്നും നിന്ദ്യനും നിസാരനുമായി ഇറങ്ങിപ്പോകുക. അവരില്‍ നിന്നും ആരെങ്കിലും നിന്നെ പിന്‍പറ്റിയാല്‍ നിങ്ങളെ എല്ലാവരെയുംകൊണ്ട് നരകത്തെ ഞാന്‍ നിറയ്ക്കുന്നതാണ്.(അഅ്റാഫ് 18) 
റസൂലുല്ലാഹി (സ) അരുളി: പിശാച് പറഞ്ഞു: രക്ഷിതാവേ, ജനങ്ങളുടെ ശരീരത്തില്‍ ആത്മാവുള്ള കാലത്തോളം ഞാന്‍ അവരെ വഴികെടുത്താന്‍ പരിശ്രമിക്കുന്നതാണ്. പടച്ചവന്‍ പറഞ്ഞു: എന്‍റെ അന്തസ്സില്‍ സത്യം അവര്‍ എന്നോട് പാപമോചനം തേടുന്ന കാലത്തോളം ഞാന്‍ അവര്‍ക്ക് പൊറുത്ത് കൊടുക്കുന്നതാണ്. (അഹ്മദ്) ആകയാല്‍ നാം പിശാചിന്‍റെ ദുര്‍ബോധനങ്ങള്‍ സൂക്ഷിക്കുക. 
അനുവദനീയമായ സമ്പത്ത് നാം ഉപയോഗിക്കുന്നതിനോടൊപ്പം മക്കള്‍ക്കും അത് തന്നെ കൊടുക്കാനും നാം ശ്രദ്ധിക്കേണ്ടതാണ്. മുആദ് (റ) പറയുന്നു: റസൂലുല്ലാഹി (സ) എന്നോട് പത്ത് കാര്യങ്ങള്‍ കല്‍പ്പിച്ചു. അതിലൊന്ന് ഇതായിരുന്നു: നല്ല സമ്പത്തില്‍ നിന്നും നിങ്ങളുടെ മക്കള്‍ക്ക് ചിലവഴിക്കുക! അതായത്, നിഷിദ്ധമായ സമ്പത്ത് നിങ്ങളുടെ വയറ്റില്‍ പോകാന്‍ പാടില്ലെന്ന് നിങ്ങള്‍ക്ക് നിര്‍ബന്ധമുള്ളത് പോലെ നിങ്ങളുടെ വീട്ടിലും സന്താന പരമ്പരയിലും നിഷിദ്ധമായ സമ്പത്ത് ഒരിക്കലും കടക്കാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. നിഷിദ്ധമായ സമ്പത്തിലൂടെ സന്താനങ്ങളുടെ ഇസ്ലാമിക ജീവിതം അപകടത്തിലാകുന്നതാണ്. നിഷിദ്ധമായ സമ്പത്ത് വീട്ടില്‍ ഉപയോഗിക്കുന്നത് കാരണം വീട്ടില്‍ ഈമാനിന്‍റെ പ്രകാശം നഷ്ടപ്പെടുന്നതാണ്. 
ചുരുക്കത്തില്‍ ഓരോരുത്തരും ഇരുലോകത്തും സ്വയം രക്ഷപ്പെടുന്നതിനും അടുത്ത തലമുറയെ ദീനില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതിനും ആരാധനകളില്‍ നിഷ്ട കാണിക്കുകയും സന്താന പരമ്പരകളെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുക. അതില്‍ അടിസ്ഥാനപരമായ പങ്ക് വഹിക്കുന്ന അനുവദനീയമായ സമ്പത്ത് സമ്പാദിക്കാനും ഗൗനിക്കുക. നിഷിദ്ധമായ സമ്പത്തില്‍ നിന്നും പ്രധാനമായും ഒഴിഞ്ഞ് നില്‍ക്കുക. നിഷിദ്ധമായ സമ്പത്തിലൂടെ ദുസ്വഭാവങ്ങള്‍ ഉണ്ടാകുന്നതും ശക്തിപ്പെടുന്നതുമാണ്. നന്മകളില്‍ അഭിരുചി കുറയുന്നതും പ്രാര്‍ത്ഥനകള്‍ തള്ളപ്പെടുന്നതും പരലോക ഭയം മനസ്സില്‍ നിന്നും മാറിപ്പോകുന്നതുമാണ്. അനുവദനീയമായ സമ്പത്തിലൂടെ മനസ്സില്‍ പ്രകാശം ഉണ്ടാവുകയും ദുസ്വഭാവങ്ങളോട് വെറുപ്പും സല്‍സ്വഭാവങ്ങളോട് താല്‍പ്പര്യവും ആരാധനകളോട് ഇണക്കവും പാപങ്ങളോട് അകല്‍ച്ചയും ഉണ്ടാകുന്നതാണ്. അല്ലാഹുവിന്‍റെ പ്രയോജനപ്രദമായ അറിവും പരിശുദ്ധമായ ആഹാരവും സ്വീകാര്യമായ സല്‍ക്കര്‍മ്മങ്ങളും ഞങ്ങള്‍ക്ക് അനുഗ്രഹിക്കണേ.

***********************

മആരിഫുല്‍ ഖുര്‍ആന്‍ 


സൂറത്തുയാസീന്‍ ഭാഗം-7
 
(83 ആയത്തുകള്‍, പദങ്ങള്‍ 739, അക്ഷരങ്ങള്‍ 3090, മക്കാമുകര്‍റമയില്‍ അവതരണം. എന്നാല്‍ 45-ാം ആയത്ത് മദീനമുനവ്വറയില്‍ അവതരിച്ചു. 5 റുകൂഅ്. അവതരണ ക്രമം 41. പാരായണ ക്രമം 36. സൂറത്തുല്‍ജിന്നിന് ശേഷം അവതരണം)

ചന്ദ്രന്‍റെ സ്ഥാനങ്ങള്‍

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


ആയത്ത് 33-44

 وَآيَةٌ لَّهُمُ الْأَرْضُ الْمَيْتَةُ أَحْيَيْنَاهَا وَأَخْرَجْنَا مِنْهَا حَبًّا فَمِنْهُ يَأْكُلُونَ (33) وَجَعَلْنَا فِيهَا جَنَّاتٍ مِّن نَّخِيلٍ وَأَعْنَابٍ وَفَجَّرْنَا فِيهَا مِنَ الْعُيُونِ (34لِيَأْكُلُوا مِن ثَمَرِهِ وَمَا عَمِلَتْهُ أَيْدِيهِمْ ۖ أَفَلَا يَشْكُرُونَ (35سُبْحَانَ الَّذِي خَلَقَ الْأَزْوَاجَ كُلَّهَا مِمَّا تُنبِتُ الْأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لَا يَعْلَمُونَ (36وَآيَةٌ لَّهُمُ اللَّيْلُ نَسْلَخُ مِنْهُ النَّهَارَ فَإِذَا هُم مُّظْلِمُونَ (37وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ (38وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَالْعُرْجُونِ الْقَدِيمِ (39لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ ۚ وَكُلٌّ فِي فَلَكٍ يَسْبَحُونَ (40وَآيَةٌ لَّهُمْ أَنَّا حَمَلْنَا ذُرِّيَّتَهُمْ فِي الْفُلْكِ الْمَشْحُونِ (41) وَخَلَقْنَا لَهُم مِّن مِّثْلِهِ مَا يَرْكَبُونَ (42وَإِن نَّشَأْ نُغْرِقْهُمْ فَلَا صَرِيخَ لَهُمْ وَلَا هُمْ يُنقَذُونَ (43إِلَّا رَحْمَةً مِّنَّا وَمَتَاعًا إِلَىٰ حِينٍ (44)


നിര്‍ജ്ജീവമായി കിടക്കുന്ന ഭൂമി അവര്‍ക്ക് വലിയ ദൃഷ്ടാന്തമാണ്. അതിനെ നാം സജീവമാക്കുകയും അതില്‍ നിന്നും ധാന്യം പുറപ്പെടുവിക്കുകയും അതില്‍ നിന്നും മനുഷ്യര്‍ ഭക്ഷിക്കുകയും ചെയ്യുന്നു.(33) ഭൂമിയില്‍ ഈത്തപ്പഴത്തിന്‍റെയും മുന്തിരിയുടെയും തോട്ടങ്ങള്‍ നാം തയ്യാറാക്കി. അതിന്‍റെ ഇടയിലൂടെ അരുവികള്‍ നാം ഒഴുക്കി.(34) ഈ തോട്ടങ്ങളിലെ പഴങ്ങള്‍ അവര്‍ ഭക്ഷിക്കുന്നതിനും അവരുടെ കൈകള്‍ ഉണ്ടാക്കുന്ന ആഹാരങ്ങള്‍ കഴിക്കുന്നതിനുമാണ് (ഈ സജ്ജീകരണങ്ങള്‍ ചെയ്തിരിക്കുന്നത്). എന്നിട്ടും അവര്‍ നന്ദി കാണിക്കാത്തത് എന്തുകൊണ്ടാണ്?!(35) ഭൂമി മുളപ്പിക്കുന്ന വസ്തുക്കളില്‍ നിന്നും അവരില്‍ നിന്നും അവര്‍ അറിയാത്ത വസ്തുക്കളില്‍ നിന്നും ഇണകളെ പടച്ച അല്ലാഹു പരമപരിശുദ്ധനാണ്.(36) രാത്രിയും അവര്‍ക്ക് വലിയൊരു ദൃഷ്ടാന്തമാണ്. അതില്‍ നിന്നും പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരെല്ലാവരും ഇരുളിലായിത്തീരുന്നു.(37) സൂര്യന്‍ അതിന്‍റെ സ്ഥിരമായ സ്ഥാനത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രതാപശാലിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവിന്‍റെ പദ്ധതിയാണിത്.(38) ചന്ദ്രന് നാം ഏതാനും സ്ഥാനങ്ങള്‍ നിര്‍ണ്ണയിച്ചിരിക്കുന്നു അവസാനം അത് ഉണങ്ങി വളഞ്ഞ ഈന്തപ്പനക്കുലയുടെ പഴയ തണ്ട് പോലെ ആയിത്തീരുന്നു.(39) സൂര്യന് ചന്ദ്രന്‍റെ അരികിലേക്ക് വരാന്‍ സാധ്യമല്ല. പകലിനെ മറികടക്കാന്‍ രാത്രിക്കും കഴിയില്ല. എല്ലാം ഓരോ സഞ്ചാരപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നു.(40) ആദം സന്തതികളെ നാം ഒരു ഭാരം നിറഞ്ഞ കപ്പലില്‍ യാത്ര ചെയ്യിപ്പിച്ചതും നമ്മുടെ ഒരു ദൃഷ്ടാന്തമാണ്.(41) അവര്‍ക്ക് അത്പോലെ വേറെയും ധാരാളം വാഹനങ്ങള്‍ നാം ഉണ്ടാക്കിയിട്ടുണ്ട്.(42) നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ കടല്‍ യാത്രയ്ക്കിടയില്‍ അവരെ നാം മുക്കിക്കളയുമായിരുന്നു. അപ്പോള്‍ അവരെ സഹായിക്കാന്‍ ആരും ഉണ്ടാകുന്നതല്ല. അവര്‍ രക്ഷിക്കപ്പെടുന്നതുമല്ല.(43) എന്നാല്‍ നമ്മുടെ കാരുണ്യം കൊണ്ട് മാത്രം അവര്‍ സംരക്ഷിക്കപ്പെടുകയും നിശ്ചിത സമയംവരെ ജീവിത സുഖം അനുഭവിക്കാന്‍ ഇളവ് നല്‍കപ്പെടുകയും ചെയ്യുന്നു.(44)

വിവരണവും വ്യാഖ്യാനവും
 ചന്ദ്രന് നാം ഏതാനും സ്ഥാനങ്ങള്‍ നിര്‍ണ്ണയിച്ചിരിക്കുന്നു അവസാനം അത് ഉണങ്ങി വളഞ്ഞ ഈന്തപ്പനക്കുലയുടെ പഴയ തണ്ട് പോലെ ആയിത്തീരുന്നു.(39) * ഉര്‍ജൂന്‍ എന്നതിന്‍റെ അര്‍ത്ഥം ഈന്തപ്പന മരത്തിന്‍റെ ഉണങ്ങിയ ശിഖരമാണ്. അത് വളഞ്ഞ് വില്ലുപോലെ ആയിരിക്കുന്നു. * മനാസില്‍ മന്‍സിലിന്‍റെ ബഹുവചനമാണ്. ഇറങ്ങുന്ന സ്ഥലമെന്നാണ് അര്‍ത്ഥം. അല്ലാഹു സൂര്യനും ചന്ദ്രനും സഞ്ചരിക്കാന്‍ പ്രത്യേക പരിധികള്‍ നിശ്ചയിച്ചിരിക്കുന്നു. അവ ഓരോന്നിനും മന്‍സില്‍ എന്ന് പറയപ്പെടുന്നു. ചന്ദ്രന്‍ അതിന്‍റെ ഭ്രമണപഥം ഒരു മാസത്തിലാണ് പൂര്‍ത്തിയാക്കുന്നത്. അതുകൊണ്ട് അതിന് മുപ്പത് അല്ലെങ്കില്‍ ഇരുപത്തി ഒമ്പത് സ്ഥാനങ്ങളുണ്ട്. എന്നാല്‍ ഓരോ മാസവും ചന്ദ്രന്‍ ഒരു ദിവസം മറയാറുണ്ട്. അതുകൊണ്ട് സാധാരണ നിലയില്‍ അതിന് ഇരുപതി എട്ട് സ്ഥാനങ്ങളുണ്ടെന്നാണ് പറയാറുള്ളത്. ഗോളശാസ്ത്രജ്ഞന്മാര്‍ ഈ സ്ഥാനങ്ങള്‍ക്ക് അവയ്ക്ക് നേരെ മുന്നിലുള്ള നക്ഷത്രങ്ങളോട് യോജിച്ച ചില പേരുകള്‍ നല്‍കിയിട്ടുണ്ട്. ഖുര്‍ആന്‍ പ്രസ്തുത നാമങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല. ഖുര്‍ആന്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്നത് ചന്ദ്രന്‍ ഓരോ ദിവസങ്ങളിലും ചില പ്രത്യേക സ്ഥലങ്ങള്‍ മുറിച്ച് കടക്കുമെന്നാണ്. 
സൂറത്ത് യൂനുസില്‍ ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ വിവരിക്കുകയുണ്ടായി. മാന്യഅനുവാചകര്‍ അത് നോക്കാന്‍ താല്‍പ്പര്യപ്പെടുന്നു. അല്ലാഹു അവിടെ ചന്ദ്രനും സൂര്യനും ഇതുപോലെ സ്ഥാനങ്ങളുണ്ടെന്ന് പരാമര്‍ശിച്ചുകൊണ്ട് പറയുന്നു: ........... (യൂനുസ് 5) ചന്ദ്രന്‍റെ സ്ഥാനങ്ങള്‍ നേര്‍ക്കാഴ്ചയിലൂടെയും സൂര്യന്‍റേത് ശാസ്ത്രീയ കണക്കുകളിലൂടെയും മനസ്സിലാകുന്നതാണ്. * ഈ ആയത്തിലെ പഴയ ഈന്തപ്പന ശിഖരം പോലെ എന്നതുകൊണ്ടുള്ള ഉദ്ദേശം മാസത്തിന്‍റെ അവസാനത്തിലുള്ള ചന്ദ്രന്‍റെ അവസ്ഥയാണ്. പതിനാലാം രാവില്‍ പൂര്‍ണ്ണത പ്രാപിക്കുന്ന ചന്ദ്രന്‍ ശേഷം ചെറുതായി സഞ്ചരിക്കുന്നതും അവസാനം ഒരു വില്ലിന്‍റെ രൂപം പ്രാപിക്കുന്നതുമാണ്. അറബികളുടെ അനുഭവം പരിഗണിച്ച് ഈന്തപ്പനയുടെ ശിഖരമെന്ന് പറഞ്ഞുവെന്ന് മാത്രം.   
സൂര്യന് ചന്ദ്രന്‍റെ അരികിലേക്ക് വരാന്‍ സാധ്യമല്ല. പകലിനെ മറികടക്കാന്‍ രാത്രിക്കും കഴിയില്ല. എല്ലാം ഓരോ സഞ്ചാരപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നു.(40) അതായത്, സൂര്യനും ചന്ദ്രനും അതാതിന്‍റെ ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നു. ഈ ആയത്തിലെ ഫലഖ് എന്നതിന്‍റെ അര്‍ത്ഥം ആകാശമെന്നല്ല. ഗോളം സഞ്ചരിക്കുന്ന ഭ്രമണ പഥമാണ്. ഈ ആയത്ത് പോലുള്ളത് സൂറത്തുല്‍ അമ്പിയാഇല്‍ വന്നിട്ടുണ്ട്. ചന്ദ്രനും ഏതെങ്കിലും ആകാശത്തില്‍ സ്ഥിതി ചെയ്യുന്നതല്ലെന്നും ആകാശത്തിന് കീഴിലുള്ള ഒരു പ്രത്യേക സ്ഥലത്ത് ചലിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതില്‍ നിന്നും മനസ്സിലാകുന്നു. പഴയ ബത്ലിമൂസി ശാസ്ത്രം പറഞ്ഞിരുന്നത്, ചന്ദ്രന്‍ ആകാശത്താണെന്നാണ്. ആധുനിക ഗവേഷണങ്ങളും ചന്ദ്രനില്‍ മനുഷ്യന്‍ എത്തിച്ചേര്‍ന്നതും ഖുര്‍ആന്‍ വചനത്തെ ശരിവെക്കുന്നു.
ആദം സന്തതികളെ നാം ഒരു ഭാരം നിറഞ്ഞ കപ്പലില്‍ യാത്ര ചെയ്യിപ്പിച്ചതും നമ്മുടെ ഒരു ദൃഷ്ടാന്തമാണ്.(41) ആദ്യം ഭൂമിയിലുള്ള സൃഷ്ടികളെയും ശേഷം ആകാശത്തുള്ള സൃഷ്ടികളെയും അവയിലുള്ള പടച്ചവന്‍റെ ശക്തിയും തന്ത്രജ്ഞതയും കുറിച്ച് പറയുകയുണ്ടായി. ഈ ആയത്തില്‍ സമുദ്രത്തിലും അതുമായി ബന്ധപ്പെട്ട വസ്തുക്കളിലും കാണപ്പെടുന്ന ദൃഷ്ടാന്തങ്ങളാണ് വിവരിക്കുന്നത്. അല്ലാഹു പറയുന്നു: ഭാരമുള്ള വസ്തുക്കള്‍ നിറഞ്ഞിട്ടും വെള്ളത്തില്‍ മുക്കാതെ ഉപരിതലത്തില്‍ സഞ്ചരിക്കുകയും രാഷ്ട്രങ്ങള്‍ പിന്നിടുകയും ചെയ്യുന്ന കപ്പലുകളെ അല്ലാഹുവാണ് തയ്യാറാക്കിയത്. യാത്ര ചെയ്യുന്നവരില്‍ പിതാക്കന്മാരും ഉണ്ടായിരുന്നിട്ടും മനുഷ്യന്‍റെ മക്കളെ കപ്പലുകളില്‍ യാത്രയാക്കിയെന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. കാരണം മനുഷ്യന്‍റെ ഏറ്റവും വലിയ ഭാരവും ചിന്തയും മക്കളെക്കുറിച്ചായിരിക്കും. പ്രത്യേകിച്ചും അവര്‍ നടക്കാനും ഓടാനും കഴിവില്ലാത്ത അവസ്ഥയിലാണെങ്കില്‍ മനുഷ്യര്‍ അവരെ വളരെയധികം ശ്രദ്ധിക്കുന്നതാണ്. ആയത്തിന്‍റെ ആശയം ഇതാണ്: നിങ്ങളെ മാത്രമല്ല, നിങ്ങളുടെ മക്കളെയും ബലഹീനരായ ആളുകളെയും അവരുടെ സാധന സാമഗ്രികളെയും നാം കപ്പലില്‍ കയറ്റി യാത്ര ചെയ്യിപ്പിക്കുന്നു. 
അവര്‍ക്ക് അത്പോലെ വേറെയും ധാരാളം വാഹനങ്ങള്‍ നാം ഉണ്ടാക്കിയിട്ടുണ്ട്.(42) അതായത് മനുഷ്യന്‍ യാത്ര ചെയ്യുന്നതിന് കപ്പല്‍ മാത്രമല്ല, അതുപോലുള്ള വേറെയും ധാരാളം വാഹനങ്ങള്‍ നാം ഉണ്ടാക്കി. ഇതുകൊണ്ടുള്ള ഉദ്ദേശം പ്രധാനമായും അറബികളുടെ വാഹനമായ ഒട്ടകമാണ്. കാരണം ഇതര ജീവികളേക്കാള്‍ ധാരാളം സാധന സാമഗ്രികള്‍ ഒട്ടകം ചുമക്കാറുണ്ട്. അതുകൊണ്ട് തന്നെ ഒട്ടകത്തിന് കരയിലെ കപ്പല്‍ എന്നും നാമമുണ്ട്. 
ഖുര്‍ആനില്‍ വിമാനത്തെക്കുറിച്ചുള്ള പരാമര്‍ശം: എന്നാല്‍ പരിശുദ്ധ ഖുര്‍ആന്‍ ഇവിടെ ഒട്ടകത്തെയോ, ഏതെങ്കിലും പ്രത്യേക വാഹനത്തെയോ എടുത്ത് പറഞ്ഞിട്ടില്ല. അവ്യക്തമായ നിലയില്‍ വാഹനങ്ങള്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. മനുഷ്യനെയും സാധന സാമഗ്രികളെയും അധികമായി ചുമക്കുകയും ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്യുന്ന എല്ലാ വാഹനങ്ങളും ഇതില്‍ പെടുന്നതാണ്. പ്രത്യേകിച്ചും ഈ കാലഘട്ടത്തിലെ പ്രധാന നിര്‍മ്മിതിയായ വിമാനത്തില്‍ കപ്പല്‍ പോലുള്ള വാഹനം എന്ന പ്രയോഗം വളരെയധികം പുലരുന്നുണ്ട്. അതായത്, വെള്ളത്തിലൂടെ നീങ്ങുന്ന കപ്പല്‍ മുങ്ങാത്തതുപോലെ അന്തരീക്ഷത്തില്‍ പറക്കുന്ന വിമാനവും താഴേക്ക് പതിക്കാറില്ല. അതുപോലുള്ള വാഹനങ്ങള്‍ എന്ന അവ്യക്തമായ പ്രയോഗം ലോകാവസാനം വരെ ഉണ്ടാകാനിരിക്കുന്ന എല്ലാ വാഹനങ്ങളെയും ഉള്‍ക്കൊള്ളുന്നതാകാനും സാധ്യതയുണ്ട്. 


***************************

മആരിഫുല്‍ ഹദീസ്

 ദുആയുടെ അവസാനം ആമീന്‍ പറയുക

 മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി


92. അബൂസൂഹൈര്‍ നുമൈരി (റ) പറയുന്നു: ഞങ്ങള്‍ ഒരു രാത്രി റസൂലുല്ലാഹി (സ)യോടൊപ്പം പുറപ്പെട്ടു. വളരെ നിര്‍ബന്ധപൂര്‍വ്വം ദുആ ചെയ്തുകൊണ്ടിരുന്ന ഒരാളുടെ അരികിലൂടെ കടന്നുപോയപ്പോള്‍ നബി (സ) അദ്ദേഹത്തിന്‍റെ ദുആ ശ്രദ്ധിച്ചുകൊണ്ട് നിന്നു. പിന്നീട് നബി (സ) ഞങ്ങളോടു പറഞ്ഞു: ഇദ്ദേഹം തന്‍റെ ദുആയുടെ അവസാനം ശരിയാക്കുകയും അതില്‍ മുദ്ര വെക്കുയും ചെയ്തിരുന്നുവെങ്കില്‍ അത് ഉറപ്പായും സ്വീകരിക്കപ്പെടുമായിരുന്നു. ഞങ്ങളില്‍ നിന്നും ഒരാള്‍ ചോദിച്ചു: ശരിയായ നിലയില്‍ മുദ്ര വെക്കുന്നതിന്‍റെ രീതി എപ്രകാരമാണ്? റസൂലുല്ലാഹി (സ) പറഞ്ഞു: ആമീന്‍ പറഞ്ഞു കൊണ്ട് ദുആ അവസാനിപ്പിക്കണം. എങ്കില്‍ തന്‍റെ ദുആ സ്വീകാര്യമാക്കുവാന്‍ അദ്ദേഹത്തിനു കഴിയുന്നതാണ്. (അബൂദാവൂദ്) 
വിവരണം: ഹദീസില്‍ പറയപ്പെട്ട 'ഖതമ' എന്ന പദത്തിന് അവസാനിപ്പിക്കുക, മുദ്ര വെക്കുക എന്നീ രണ്ടര്‍ത്ഥങ്ങളുണ്ട്. യഥാര്‍ത്ഥത്തില്‍ ഒരൊറ്റ ആശയത്തെ കുറിച്ചുള്ള രണ്ടു വ്യത്യസ്ത പദപ്രയോഗങ്ങളാണിവ. അതിനാലാണ് തര്‍ജ്ജുമയില്‍ രണ്ടര്‍ത്ഥങ്ങളും ഉള്‍പ്പെടുത്തിയത്. എന്തായാലും ദുആയുടെ അവസാനത്തില്‍ 'ആമീന്‍' എന്നു പറയണമെന്നാണ് ഉദ്ദേശ്യം. 'അല്ലാഹുവേ, എന്‍റെ ദുആ സ്വീകരിക്കണമേ' എന്നാണ് പ്രസ്തുത വാചകത്തിന്‍റെ അര്‍ത്ഥം. 
ചെറിയവരോടും ദുആയ്ക്കുവേണ്ടി വസ്വിയ്യത്ത്
93. ഉമറുബ്നുല്‍ ഖത്താബ് (റ) പറയുന്നു: ഒരിക്കല്‍ റസൂലുല്ലാഹി (സ)യോട് ഞാന്‍ ഉംറ ചെയ്യുന്നതിന് അനുവാദം ചോദിച്ചു. നബി (സ) എനിക്ക് അനുവാദം നല്‍കിക്കൊണ്ട് പറഞ്ഞു: എന്‍റെ കുഞ്ഞു സഹോദരാ, നിങ്ങളുടെ ദുആകളില്‍ നമ്മെയും മറക്കാതെ പങ്കുചേര്‍ക്കുക. ഉമര്‍ (റ) പറയുന്നു: നബി (സ) എന്നെ സംബോധന ചെയ്തുകൊണ്ട് പറഞ്ഞ വാചകത്തിനു പകരം ദുന്‍യാവു മുഴുവന്‍ ലഭിച്ചാലും എന്നെ അത് സന്തോഷിപ്പിക്കുന്നതല്ല. (അബൂദാവൂദ്, തിര്‍മിദി) 
വിവരണം: മുതിര്‍ന്നവര്‍ ചെറിയവരോടും ആവശ്യപ്പെടേണ്ട പ്രധാന കാര്യമാണ് ദുആയെന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാകുന്നു. ദുആ സ്വീകരിക്കപ്പെടുവാന്‍ സാധ്യതയുള്ള പുണ്യ സ്ഥലങ്ങളിലേക്ക് പുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനു പുറപ്പെടുന്നവരോട് പ്രത്യേകിച്ചും ദുആയ്ക്കു വസ്വിയ്യത്ത് ചെയ്യണം.

പ്രത്യേക പരിഗണനയോടെ സ്വീകരിക്കപ്പെടുന്ന ദുആകള്‍
അല്ലാഹുവിന്‍റെയടുക്കല്‍ ദുആ സ്വീകരിക്കപ്പെടുന്നതിന്‍റെ മാനദണ്ഡം ദുആ ചെയ്യുന്നവന് അല്ലാഹുവിനോടുള്ള ബന്ധവും അവന്‍റെ വിനയം നിറഞ്ഞ മാനസികാവസ്ഥയുമാണ്. ഇതിനെയാണ് ഖുര്‍ആന്‍ ഇള്ത്വിറാഅ്, ഇബ്തിഹാല്‍ എന്നീ പദങ്ങള്‍ കൊണ്ട് വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ അല്ലാഹുവിന്‍റെ കാരുണ്യവും ഔദാര്യവും വളരെ ശക്തമായ നിലയില്‍ പ്രതീക്ഷിക്കപ്പെടാവുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. റസൂലുല്ലാഹി (സ) അവ നമുക്ക് വ്യക്തമായി അറിയിച്ചുതരുന്ന ഹദീസുകളാണ് താഴെവരുന്നത്.
94. അബുദ്ദര്‍ദാഅ്(റ) ല്‍ നിന്നും നിവേദനം, റസൂലുല്ലാഹി (സ) അരുളി. ഒരു മുസ്ലിം തന്‍റെ സഹോദരന് വേണ്ടി അവന്‍റെ അഭാവത്തില്‍ ചെയ്യുന്ന ദുആ സ്വീകരിക്കപ്പെടുന്നതാണ്. അവന്‍റെയടുക്കല്‍ ഒരു മലക്കിനെ നിശ്ചയിക്കപ്പെടുന്നതും തന്‍റെ സഹോദരന്‍റെ നന്മക്ക് വേണ്ടി ദുആ ഇരക്കുമ്പോഴെല്ലാം പ്രസ്തുത മലക്ക് ആമീന്‍ പറയുകയും 'നിനക്ക് അപ്രകാരം തന്നെ ലഭിക്കട്ടെ' എന്ന് ദുആ ഇരക്കുകയും ചെയ്യുന്നതാണ്. (മുസ്ലിം)
വിവരണം: ഒരു വ്യക്തിയുടെ അഭാവത്തില്‍ അദ്ദേഹത്തിനു വേണ്ടി ചെയ്യപ്പെടുന്ന ദുആയില്‍ ആത്മാര്‍ത്ഥത വളരെ കൂടുതലാണെന്നതാണ് അതിന് പ്രത്യേക പരിഗണന ലഭിക്കുവാനുള്ള കാരണം.
95. അബൂഹുറയ്റ(റ) ല്‍ നിന്നും നിവേദനം. റസൂലുല്ലാഹി (സ) അരുളി: മൂന്ന് ദുആകള്‍ സ്വീകരിക്കപ്പെടുമെന്ന് തീര്‍ച്ചയാണ്. (1) മക്കള്‍ക്ക് വേണ്ടി മാതാപിതാക്കള്‍ ചെയ്യുന്ന ദുആ. (2) യാത്രക്കാരന്‍റെ ദുആ. (3) ആക്രമിക്കപ്പെട്ടവന്‍റെ ദുആ (തിര്‍മിദി, അബൂദാവൂദ്, ഇബ്നുമാജ).
വിവരണം: ഇവ ആത്മാര്‍ത്ഥതയോടെ ഹൃദയത്തില്‍ നിന്നുമുള്ള ദുആകളാണെന്നത് തന്നെയാണ് ഇവയുടെ സ്വീകാര്യതയുടെ രഹസ്യം. മാതാപിതാക്കള്‍ക്ക് മക്കളോടുള്ള ആത്മാര്‍ത്ഥത വളരെ വ്യക്തമാണ്. മര്‍ദ്ദിതന്‍റെയും യാത്രക്കാരന്‍റെയും ഹൃദയങ്ങള്‍ വളരെ അസ്വസ്ഥപൂര്‍ണമായിരിക്കും. ഇത്തരം മാനസികാവസ്ഥ അല്ലാഹുവിന്‍റെ കാരുണ്യത്തെ വളരെ വേഗത്തില്‍ പിടിച്ചെടുക്കുന്നതാണ്.
96. അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) ല്‍ നിന്നും നിവേനദം, റസൂലുല്ലാഹി (സ) അരുളി: അഞ്ച് ദുആകള്‍ സ്വീകരിക്കപ്പെടുന്നവ തന്നെയാണ്. (1)മര്‍ദ്ദിതന്‍ പ്രതികാരമെടുക്കുന്നത് വരെ (2) ഹാജി വീട്ടില്‍ തിരിച്ചെത്തുന്നതുവരെ (3) അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പോരാടുന്ന യോദ്ധാവ് രക്തസാക്ഷിത്വം വരിക്കുന്നതുവരെ (4) രോഗി സുഖം പ്രാപിക്കുന്നത് വരെ (5) ഒരു സഹോദരന്‍ മറ്റൊരു സഹോദരന്‍റെ അഭാവത്തില്‍ ചെയ്യുന്നത്. ഇത്രയും പറഞ്ഞതിന് ശേഷം റസൂലുല്ലാഹി (സ) അരുളി: ഇവയില്‍ ഏറ്റവും വേഗത്തില്‍ സ്വീകരിക്കപ്പെടുന്ന ദുആ ഒരാള്‍ തന്‍റെ സഹോദരന്‍ മുന്നിലില്ലാതിരിക്കെ അവനുവേണ്ടി ചെയ്യുന്ന ദുആയാണ്. (ബൈഹഖി)
വിവരണം: ദുആയുടെ നിബന്ധനകള്‍ പരിപൂര്‍ണമായി ഒത്തുചേരുകയും അത് നിര്‍വഹിക്കുന്നവനില്‍ സ്വീകാര്യതയ്ക്ക് തടസ്സമാകുന്ന യാതൊന്നും ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ സാധാരണ ഗതിയില്‍ ദുആ സ്വീകരിക്കപ്പെടുന്നതാണ്. എന്നാല്‍ ഇലാഹീകാരുണ്യത്തിന്‍റെ സവിശേഷ ശ്രദ്ധ നേടിയെടുക്കുവാന്‍ പര്യാപ്തമായ ചില സാഹചര്യങ്ങളും പ്രവര്‍ത്തനങ്ങളുമുണ്ട്. അത്തരം അഞ്ച് സന്ദര്‍ഭങ്ങളിലെ ദുആകളാണ് ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. മര്‍ദ്ദിതന്‍റെയും കണ്‍മുന്നില്‍ ഇല്ലാത്ത സഹോദരനു വേണ്ടിയുള്ളതുമായ ദുആകള്‍ മുന്‍പുള്ള ഹദീസുകളില്‍ പറയപ്പെട്ടതാണ്. ഹജ്ജ്, ജിഹാദ് എന്നിവ ഇലാഹീ സന്നിധിയിലേക്ക് മനുഷ്യനെ അങ്ങേയറ്റം അടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ്. രോഗം മനുഷ്യനെ പാപങ്ങളില്‍ നിന്നും ശുദ്ധീകരിക്കുവാനും അതുവഴി അല്ലാഹുവിന്‍റെ സാമീപ്യം അസാധാരണമാംവിധം നേടിയെടുക്കുവാനും സഹായിക്കുന്ന മാധ്യമമാണ്. എത്രത്തോളമെന്നാല്‍ രോഗക്കിടക്കയില്‍ കിടന്ന് വിലായത്തിന്‍റെ പദവിയിലേക്ക് ഉയരുവാന്‍ പോലും സാധിക്കുന്നതാണ്. അതിനാല്‍ ഈ സാഹചര്യങ്ങളിലെ ദുആകളും പ്രത്യേക പരിഗണനയോടെ സ്വീകരിക്കപ്പെടുന്നതാണ്.



******************

ജീവചരിത്രം

 മുഫക്കിറുല്‍ ഇസ്ലാം 
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ 
അലി നദ് വി
ജീവിതവും സന്ദേശവും ഭാഗം-7

മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി 


അദ്ധ്യായം-07
 
മൗലാനാ മുഹമ്മദ് ഇല്‍യാസും 
തബ്ലീഗ് പ്രവര്‍ത്തനവും 
 
  
 

മൗലാനാ മുഹമ്മദ് ഇല്‍യാസുമായുള്ള പ്രഥമ കൂടിക്കാഴ്ച. 
മൗലാനായുടെ രണ്ട് സുഹൃത്തുക്കളായ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി, ഹാജി അബ്ദുല്‍  വാഹിദ് എം.എ. എന്നിവരോടൊപ്പം 1940-ന്‍റെ ആരംഭത്തില്‍ ഏതാനും ദീനീ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച കാര്യം കഴിഞ്ഞ അദ്ധ്യായത്തില്‍ വിവരിക്കുകയുണ്ടായല്ലോ. ഈ സംഘം അവസാനമായി ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നു. മൗലാനാ നുഅ്മാനി സഹധര്‍മ്മിണിയുടെ രോഗം കാരണം പെട്ടെന്ന് നാട്ടിലേക്ക് മടങ്ങി. ശേഷിച്ച ഇരുവരും നിസാമുദ്ദീനിലെത്തി. മൗലാനാ മുഹമ്മദ് ഇല്‍യാസ് ഏതോ യാത്രയ്ക്ക് പോയിരിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന മൗലാനാ ഇഹ്തിശാമുല്‍ ഹസന്‍ ഇരുവരെയും മേവാത്തിലേക്ക് അയച്ചു. മേവാത്തില്‍ പോയ വിവരം കഴിഞ്ഞ അദ്ധ്യായത്തില്‍ വന്നിട്ടുണ്ട്. മേവാത്തില്‍ നിന്നും മടങ്ങി വന്ന് ഇരുവരും മൗലാനാ മുഹമ്മദ് ഇല്‍യാസിനെ പ്രതീക്ഷിച്ച് താമസിച്ചു. മൗലാനാ മുഹമ്മദ് ഇല്‍യാസ് വരുന്ന ദിവസം ഹാജി അബ്ദുല്‍ വാഹിദ് ഒരു അമുസ്ലിം സുഹൃത്തിനെ കാണാന്‍ പോകുകയുണ്ടായി. മൗലാനായും കൂട്ടത്തില്‍ പോയി. ഈ സമയം നിസാമുദ്ദീനിലേക്ക് വരാനുള്ള അതിയായ ആഗ്രഹവും വരവും മൗലാനാ മുഹമ്മദ് ഇല്‍യാസുമായിട്ടുള്ള പ്രഥമ കാഴ്ചയില്‍ മൗലാനാ ഇപ്രകാരം വിവരിക്കുന്നു: 
ഹാജി അബ്ദുല്‍ വാഹിദ് സുഹൃത്തിനോടൊപ്പം സംസാരത്തില്‍ ലയിച്ചിരിക്കുകയായിരുന്നു. എന്നാല്‍ എനിക്ക് അവ്യക്തമായ ഒരു അസ്വസ്ഥത അനുഭവപ്പെടുകയും അത് ശക്തമാകുകയും നിസാമുദ്ദീനിലേക്ക് ഇറങ്ങി ഓടണം എന്ന ചിന്തയുണ്ടാകുകയും ചെയ്തു. കൂട്ടത്തില്‍ വര്‍ഷങ്ങള്‍ക്കിടയില്‍ പ്രത്യേക ആത്മീയ അന്തരീക്ഷത്തില്‍ മാത്രം പ്രകടമാകുന്ന ദുആ ഇനാബത്തുകളുടെ ഒരു പ്രത്യേക അവസ്ഥയും സംജാതമായി. എന്‍റെ അവസ്ഥ കണ്ട് അമുസ്ലിം സഹോദരന് പ്രയാസമുണ്ടാകാതിരിക്കാന്‍ ഞാന്‍ എന്നെ വളരെ നിയന്ത്രിച്ചു. ഒരു വിധം സംഭാഷണം അവസാനിപ്പിച്ച് ഞങ്ങള്‍ നിസാമുദ്ദീനിലെത്തി. അല്‍പ്പം കഴിഞ്ഞപ്പോള്‍ മൗലാനാ മുഹമ്മദ് ഇല്‍യാസ് വന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിചയപ്പെടുകയും പ്രതീക്ഷിച്ച് കഴിയുകയും ചെയ്തത് പോലെ വലിയ സ്നേഹാവേശങ്ങളോടെ കണ്ടുമുട്ടി. വിശിഷ്യാ, സീറത്ത് സയ്യിദ് അഹ്മദ് ശഹീദിന്‍റെ ഗ്രന്ഥകര്‍ത്താവും സയ്യിദ് ശഹീദുമായി ബന്ധമുള്ള വ്യക്തിയുമാണെന്ന് അറിഞ്ഞപ്പോള്‍ സ്നേഹവും കാരുണ്യവും വര്‍ദ്ധിച്ചു. മൗലാനായുടെ വല്ലാത്ത കാരുണ്യവും ഹൃദയ ആവേശവുമാണ് ഞങ്ങളെ പ്രഥമമായി ആകര്‍ഷിച്ചത്. ആദ്യ കൂടിക്കാഴ്ച ആയിരുന്നിട്ട് കൂടി യാതൊരു വിധ അന്യത്വവും പ്രകടനവും പ്രത്യേകതയും അനുഭവപ്പെട്ടില്ല. അടുത്ത ദിവസം സുബ്ഹിക്ക് ശേഷമുള്ള സദസ്സില്‍ ഈ കാരുണ്യം കൂടുതല്‍ വര്‍ദ്ധിച്ചതായി കണ്ടു. നദ്വത്തുല്‍ ഉലമായില്‍ നിന്നും ഞാന്‍ എടുത്ത ലീവ് തീരാറായിരുന്നു. യാത്ര ചോദിച്ചപ്പോള്‍ മൗലാനാ മുഹമ്മദ് ഇല്‍യാസ് സുദീര്‍ഘവും വികാര നിര്‍ഭരവുമായ ഒരു ദുആ നടത്തി. അത് മനസ്സും മസ്തിഷ്കവും പിടിച്ച് കുലുക്കുകയും എത്രയും പെട്ടെന്ന് മടങ്ങി വരണം എന്ന തീരുമാനം ഉണ്ടാകുകയും ചെയ്തു. ആദ്യ ദിനങ്ങളിലെ പല സംഭവങ്ങളും ഓര്‍മ്മ വരുന്നു. ഒരിക്കല്‍ മൗലാനാ മുഹമ്മദ് ഇല്‍യാസ് എന്നോട് പറഞ്ഞു: താങ്കളുടെ ഗ്രന്ഥം സീറത്ത് സയ്യിദ് ഞാന്‍ വായിച്ചു. പക്ഷെ, അതിലുള്ളതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ എന്‍റെ കുടുംബത്തിലെ സ്ത്രീകളില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മറ്റൊരിക്കല്‍ മകന്‍ മൗലാനാ മുഹമ്മദ് യൂസുഫിനോടൊപ്പം ഞാന്‍ മസ്ജിദിന്‍റെ മുകളില്‍ ഇരിക്കുകയായിരുന്നു. ഇതിനിടയില്‍ മൗലാനാ മുഹമ്മദ് ഇല്‍യാസ് ഒരു കപ്പ് ചായയുമായി വന്നു. ചായ എന്നെ ഏല്‍പ്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: മൗലാനാ, ഞങ്ങള്‍ ഇപ്പോഴും സയ്യിദ് അഹ്മദ് ശഹീദിന്‍റെ തജ്ദീദ് പരിശ്രമത്തിന്‍റെ തണലിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.! ഞാന്‍ ലക്നൗവിലേക്ക് മടങ്ങിയെങ്കിലും മനസ്സ് നിറയെ മൗലാനാ മുഹമ്മദ് ഇല്‍യാസിനെ കുറിച്ചുള്ള സ്നേഹ ചിന്തകളായിരുന്നു. (കാറവാന്‍). 
മൗലാനാ മുഹമ്മദ് ഇല്‍യാസിന്‍റെ ആകര്‍ഷണീയതയുടെ കാരണങ്ങള്‍ മൗലാനാ ഇപ്രകാരം കുറിക്കുന്നു: മൗലാനാ മുഹമ്മദ് ഇല്‍യാസിനെ കണ്ടുമുട്ടുന്നതിന് മുമ്പ് മക്തൂബാത്തെ ഇമാമെ റബ്ബാനി, ഇസാലത്തുല്‍ കഫാ, സിറാത്തുല്‍ മുസ്തഖീം, മന്‍സിലെ ഇമാമത്ത് എന്നീ ഗ്രന്ഥങ്ങള്‍ എനിക്ക് വായിക്കാന്‍ കഴിഞ്ഞത് മൗലാനായെ കൂടുതല്‍ മനസ്സിലാക്കാന്‍ എനിക്ക് സഹായകമായി. ബുദ്ധി സാമര്‍ത്ഥ്യം, പഠനം, വിശാലമായ അറിവ്, ഒരു പ്രത്യേക സാഹചര്യത്തില്‍ രൂപപ്പെട്ട ചിന്തകള്‍ പോലുള്ളവയുടെ അടിസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞ ഒരു നേതൃത്വത്തിന്‍റെയും ഇബാദത്ത്-ഇനാബത്ത്-ദിക്ര്‍-ദുആ എന്നിവയുടെ ആധിക്യം, പരിശുദ്ധ ഖുര്‍ആനിലുള്ള ആഴമേറിയ ആലോചന, നബി ചരിത്രത്തെ അനുരാഗ പൂര്‍ണ്ണമായ പാരായണം, ആത്മാര്‍ത്ഥമായ അനുകരണം, പടച്ചവന്‍റെ പ്രത്യേക കാരുണ്യം മുതലായവയുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന വന്ന ഒരു വ്യക്തിത്വത്തിന്‍റെയും ഇടയിലുള്ള വ്യത്യാസം എനിക്ക് ഇവിടെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഈ പറഞ്ഞ ഗുണങ്ങളെല്ലാം മൗലാനാ മുഹമ്മദ് ഇല്‍യാസില്‍ കാണാന്‍ സാധിച്ചു. മറുഭാഗത്ത് സയ്യിദ് അഹ്മദ് ശഹീദിനോട് മൗലാനാ മുഹമ്മദ് ഇല്‍യാസിന്‍റെ പരമ്പരയിലെ മഹാന്മാരും മൗലാനയും പുലര്‍ത്തിയ സ്നേഹാദരവുകളുടെ അംശങ്ങള്‍ എന്‍റെ മേലും വര്‍ഷിച്ചു. ഇത്തരം മഹാത്മാക്കളെ നേരില്‍ കാണാത്തവര്‍ക്ക് ഇത് അനുമാനിക്കുക പ്രയാസമായിരിക്കും. (കാറവാന്‍). 

ലക്നൗവില്‍ തബ്ലീഗ് പ്രവര്‍ത്തനത്തിന്‍റെ തുടക്കം: 
മൗലാനാ ലക്നൗവില്‍ എത്തിയ ഉടനെ മൗലാനായ്ക്ക് അടുപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെയും കൂട്ടി തബ്ലീഗ് പ്രവര്‍ത്തനം ആരംഭിച്ചു. നദ്വത്തുല്‍ ഉലമായില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരമുള്ള മുല്ലൂര്‍ എന്ന സ്ഥലത്തേക്ക് വ്യാഴാഴ്ച അത്യാവശ്യ സാധനങ്ങളുമെടുത്ത് മുതഅല്ലിംകളെയും കൂട്ടി നടന്ന് പോകുമായിരുന്നു. അവിടെ നിന്നും പല ജമാഅത്തുകളായി തിരിഞ്ഞ് പരിസര നാടുകളില്‍ പ്രവര്‍ത്തിക്കുമായിരുന്നു. പ്രവര്‍ത്തനത്തിന്‍റെ കാര്‍ഗുസാരികള്‍ മൗലാനാ മുഹമ്മദ് ഇല്‍യാസിന് എഴുതുകയും മൗലാനാ മുഹമ്മദ് ഇല്‍യാസ് വലിയ സ്നേഹാദരങ്ങളോട് മറുപടിയും ആശംസകളും നേരുകയും ചെയ്തിരുന്നു. അതെ, ഇരു കൂട്ടര്‍ക്കും ലക്ഷ്യമിട്ട് നടന്ന നിധി കൈവന്നത് പോലെയായി. ഉന്നത പ്രതീക്ഷയും പ്രത്യാശയുമായ വ്യക്തിത്വം എന്ന് എഴുതിക്കൊണ്ടാണ് മൗലാനാ മുഹമ്മദ് ഇല്‍യാസ് ഒരു കത്ത് ആരംഭിച്ചിരിക്കുന്നത്. ആദരണീയ മാതാവും ജേഷ്ഠ സഹോദരനും ഈ പ്രവര്‍ത്തനങ്ങളെ സന്തോഷത്തോടെ വീക്ഷിക്കുന്നുണ്ട് എന്നറിയിച്ചതിന് മറുപടിയായി മൗലാനാ മുഹമ്മദ് ഇല്‍യാസ് എഴുതി: സമ്പത്തൊന്നും കയ്യിലില്ലാത്ത ഈ സാധുവിന്‍റെ കയ്യില്‍ ഒരു അനുഗ്രഹീത തുണിത്തുമ്പ് വന്ന് വീണതായി എനിക്ക് ഇപ്പോള്‍ അനുഭവപ്പെടുന്നു.! 
ലക്നൗവില്‍ രണ്ട്-മൂന്ന് വര്‍ഷം ഇപ്രകാരം മുതഅല്ലിംകളിലൂടെ പ്രവര്‍ത്തനം നടന്നു. ഇതിലൂടെ മുതഅല്ലിംകളുടെ അവസ്ഥകളില്‍ വമ്പിച്ച മാറ്റം വരികയും ദീനീ ചിന്തയും ജീവിതവും വര്‍ദ്ധിക്കുകയും ലളിത ജീവിതവും ത്യാഗവും പതിവാകുകയും പരസ്പരം നല്ല ബന്ധവും ഉസ്താദുമാരോട് ആദരവും കൂടുകയും പൊതുജനങ്ങള്‍ നന്നാകാനുള്ള പരിശ്രമം നമ്മുടെ പ്രധാന ബാധ്യതയാണെന്ന് ഉണരുകയും ചെയ്തു. മറുഭാഗത്ത് പട്ടണത്തിലെ ജനങ്ങളും ഈ പ്രവര്‍ത്തനങ്ങളെ ശ്രദ്ധിച്ചു. ദീനീ അഭിരുചിയുള്ളവര്‍ ഇതിലേക്ക് അടുത്തു. ചെറിയ സംഘങ്ങളായി നിസാമുദ്ദീനിലേക്ക് പലരും യാത്രകള്‍ ചെയ്തു. നിസാമുദ്ദീനില്‍ പോയവരില്‍ വമ്പിച്ച ദീനീ പുരോഗതി സംജാതമായി. നദ്വത്തുല്‍ ഉലമായിലെ ഉസ്താദുമാരെല്ലാം പ്രവര്‍ത്തനത്തെ സ്നേഹിച്ചു. വിശിഷ്യാ, മൗലാനായുടെ സഹപാഠിയും സഹ അദ്ധ്യാപകനും സഹപ്രവര്‍ത്തകനുമായ മൗലാനാ മുഹമ്മദ് നാസിം നദ്വി വളരെയധികം സഹായിച്ചു. കൂടാതെ മൗലാനാ ഇടയ്ക്കിടെ നിസാമുദ്ദീനിലേക്ക് ധാരാളം യാത്രകള്‍ ചെയ്യുകയും പല ദിവസങ്ങള്‍ അവിടെ കഴിച്ചുകൂട്ടുകയും ചെയ്തു. ഇപ്രകാരമുള്ള ഒരു താമസത്തിനിടയില്‍ ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ കാന്ദലവിയെ കാണുകയും വളരെയധികം അടുക്കുകയും അത് മറ്റൊരു സുവര്‍ണ്ണ അദ്ധ്യായമായി മാറുകയും ചെയ്തു. 

മൗലാനാ മുഹമ്മദ് ഇല്‍യാസ് നദ്വത്തുല്‍ ഉലമായില്‍. 
ലക്നൗവില്‍ തബ്ലീഗ് പ്രവര്‍ത്തനത്തിന്‍റെ ധാരാളം സത്ഫലങ്ങള്‍ പ്രകടമായി. ഇത്തരുണത്തില്‍ മൗലാനാ മുഹമ്മദ് ഇല്‍യാസ് ലക്നൗവിലേക്ക് വരണം എന്ന് എല്ലാവര്‍ക്കും ആഗ്രഹം ശക്തിപ്പെട്ടു. മൗലാനാ മുഹമ്മദ് ഇല്‍യാസ് ക്ഷണം സ്വീകരിച്ച് മഹത്തായ ഒരു സംഘത്തോടൊപ്പം 1943 ജൂലൈ 18-ന് ലക്നൗവിലെത്തി. നദ്വത്തുല്‍ ഉലമായിലായിരുന്നു താമസം. ഇവരെ സ്വീകരിക്കാന്‍ ഒരു ദിവസം മുമ്പ് തന്നെ അല്ലാമാ സയ്യിദ് സുലൈമാന്‍ നദ്വി എത്തിച്ചേര്‍ന്നിരുന്നു. രണ്ടാം ദിവസം ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യയും മറ്റ് ചില ഉമലാ മശാഇഖുകളും വന്നെത്തി. അങ്ങനെ നാളുകള്‍ക്ക് ശേഷം നദ്വത്തുല്‍ ഉലമായില്‍ ഭൗതിക വിരക്തിയുടെയും സൂക്ഷ്മതയുടെയും വിജ്ഞാന മഹത്വങ്ങളുടെയും പൂങ്കാവനം പൂത്തുലഞ്ഞു. നദ്വത്തുല്‍ ഉലമായുടെ നായകരായ അല്ലാമാ സയ്യിദ് സുലൈമാന്‍ നദ്വിയും ഡോ. അബ്ദുല്‍ അലിയും പ്രവര്‍ത്തനത്തിലേക്ക് വളരെയധികം അടുത്തു. മൗലാനാ മുഹമ്മദ് ഇല്‍യാസ് ഇവരോടെല്ലാം വലിയ സ്നേഹാദരവുകള്‍ പുലര്‍ത്തി. 
മൗലാനാ വിവരിക്കുന്നു: മൗലാനാ മുഹമ്മദ് ഇല്‍യാസ് ഒരു ദിവസം എന്നോട് പറഞ്ഞു: നദ്വത്തുല്‍ ഉലമാ പൂര്‍ണ്ണമായി കാണാന്‍ സാധിക്കുന്ന ഒരു സ്ഥലത്തേക്ക് എന്നെ കൊണ്ടുപോകുക. ഞാന്‍ നദ്വത്തുല്‍ ഉലമയുടെ ആദ്യത്തെ കെട്ടിടത്തിന് മുകളില്‍ കൊണ്ടുപോയി. ഒരു ഭാഗത്ത് ഗോമതി നദിയും മറുഭാഗത്ത് ദാറുല്‍ ഉലൂം മസ്ജിദും ശിബ്ലി ഹോസ്റ്റലും ഇതര കെട്ടിടങ്ങളും കാണാമായിരുന്നു. തദവസരം ഞാനും മൗലാനായും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. മൗലാനാ എന്നോട് പറഞ്ഞു: നദ്വത്തുല്‍ ഉലമയ്ക്ക് വല്ല സേവനവും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്നെ കൊണ്ട് എന്ത് സേവനമാണ് ചെയ്യാന്‍ കഴിയുക.? പടച്ചവന്‍ എന്നെ സഹായിച്ചത് കൊണ്ട് ഉടനെ ഞാന്‍ പറഞ്ഞു: അങ്ങ് മദ്റസ മസാഹിര്‍ ഉലൂമിനോട് പുലര്‍ത്തുന്നത് പോലെ പ്രത്യേക ശ്രദ്ധയും മേല്‍നോട്ടവും നദ്വത്തുല്‍ ഉലമയോടും പുലര്‍ത്തുന്നത് ഏറ്റവും വലിയ സേവനമായിരിക്കും.! മൗലാനാ മുഹമ്മദ് ഇല്‍യാസ് അവിടെ വെച്ച് ദുആ ചെയ്യുകയും താഴേക്ക് വരികയും ചെയ്തു. (കാറവാന്‍). 
മൗലാനാ നദ്വത്തുല്‍ ഉലമായില്‍ ഉണ്ടായിത്തീരാന്‍ ആഗ്രഹിച്ച ദീനിയായ നിറവും മണവും ഉണ്ടായിത്തീരുന്നതില്‍ മൗലാനാ മുഹമ്മദ് ഇല്‍യാസിന്‍റെ ഈ വരവും താമസവും വലിയ പങ്ക് വഹിച്ചു. (മൗലാനാ മുഹമ്മദ് ഇല്‍യാസിന്‍റെ ലക്നൗ യാത്രയുടെ പൂര്‍ണ്ണ വിവരണങ്ങള്‍ക്ക് മൗലാനാ മുഹമ്മദ് ഇല്‍യാസ് ജീവിതവും ദൗത്യവും വായിക്കുക.) അവസാന ദിവസം അല്‍പ്പനേരത്തേക്ക് മൗലാനാ മുഹമ്മദ് ഇല്‍യാസും സംഘവും മൗലാനായുടെ നാടായ തകിയ കിലാനിലേക്ക് യാത്രയായി. അവിടത്തെ മസ്ജിദില്‍ ഇരുന്ന് കുറേ നേരം ഖുര്‍ആന്‍ പാരായണം ചെയ്തു. ശാഹ് അലമുല്ലായുടെ ഖബ്ര്‍ സിയാറത്ത് ചെയ്യുകയും ഉയര്‍ന്ന വാക്കുകള്‍ പറയുകയും ചെയ്തു. അന്ന് തന്നെ കാന്‍പൂരിലേക്ക് തിരിക്കുകയും മൂന്ന് ദിവസം അവിടെ താമസിച്ച് നിസാമുദ്ദീനിലേക്ക് മടങ്ങുകയും ചെയ്തു. 

മൗലാനാ മുഹമ്മദ് ഇല്‍യാസിന്‍റെ പ്രത്യേക ശ്രദ്ധ: 
ഈ കാലയളവില്‍ ഇരുവരും തമ്മില്‍ വളരെയധികം അടുത്തു. മൗലാനാ മുഹമ്മദ് ഇല്‍യാസ്  വലിയ ശ്രദ്ധയും കാരുണ്യവും മാത്രമല്ല ബഹുമാനാദരവുകള്‍ പുലര്‍ത്തുകയുണ്ടായി. ഒരു കത്തില്‍ എഴുതുന്നു: അങ്ങയുടെ അനുഗ്രഹീത കത്ത് കണ്ടപ്പോള്‍ അടഞ്ഞ മനസ്സ് തുറക്കുകയുണ്ടായി. മറ്റൊരു കത്തില്‍ കുറിക്കുന്നു: അങ്ങ് വന്നപ്പോള്‍ എന്‍റെ ശരീരം മുഴുവന്‍ ഉന്മേഷത്തിലായി. അല്ലാഹു അങ്ങയെ കൊണ്ട് ഇരുലോകത്തും പ്രയോജനം നല്‍കട്ടെ.! വേറൊരു കത്തില്‍, സയ്യിദീ വസയ്യിദുല്‍ ആലം എന്നാണ് എഴുതിയിരിക്കുന്നത്.  
മൗലാനായും ഏതാണ്ട് എല്ലാ മാസവും നിസാമുദ്ദീനില്‍ പോകുകയും മൗലാനാ മുഹമ്മദ് ഇല്‍യാസിനോടൊപ്പം യാത്രകളിലും സമ്മേളനങ്ങളിലും പങ്കെടുക്കുകയും ചെയ്തിരുന്നു. തദവസരം മൗലാനായുടെ സാമീപ്യത്തെയും ത്യാഗത്തെയും മൗലാനാ മുഹമ്മദ് ഇല്‍യാസ് വളരെ വിലമതിച്ചിരുന്നു. ഒരിക്കല്‍ പറഞ്ഞു: ഞാന്‍ താങ്കള്‍ക്ക് എങ്ങനെ നന്ദി പറയാനാണ്.? മറ്റൊരിക്കല്‍ പറഞ്ഞു: ഞാന്‍ താങ്കളോട് എന്ത് പറയാനാണ്.? പരിശുദ്ധ ഖുര്‍ആന്‍ താങ്കള്‍ക്ക് ഐശ്വര്യമായിരിക്കട്ടെ.! മേവാത്തിലേക്കുള്ള ഒരു യാത്രയില്‍ മൗലാനായുടെ കട്ടില്‍ സേവകന്മാര്‍ മൗലാനാ മുഹമ്മദ് ഇല്‍യാസിന്‍റെ കട്ടിലിന്‍റെ കാല്‍ഭാഗത്ത് ഇട്ടു. ഇത് കണ്ട മൗലാനാ മുഹമ്മദ് ഇല്‍യാസ് വളരെ ദേഷ്യപ്പെടുകയും സേവകന്മാരോട് നിങ്ങള്‍ക്കിപ്പോഴും ബോധമുണ്ടായിട്ടില്ലേ.? എന്ന് ചോദിക്കുകയും ചെയ്തു. ഒരിക്കല്‍ മൗലാനാ മുഹമ്മദ് ഇല്‍യാസ് ഒരു തോട്ടത്തില്‍ തുണി വിരിച്ച് നമസ്കരിച്ചു. നമസ്കാരാനന്തരം മൗലാനായോട് അടുത്തിരിക്കാന്‍ പറഞ്ഞു. എല്ലാവരും നില്‍ക്കുന്നതിനിടയില്‍ ഇരിക്കാന്‍ മടിച്ചപ്പോള്‍ പറഞ്ഞു: ഇത് ആദരണീയ ഗുരുനാഥന്‍ മൗലാനാ ഖലീല്‍ അഹ്മദ് സഹാറന്‍പൂരിയുടെ വിരിപ്പാണ്. ബര്‍കത്തിന് വേണ്ടി താങ്കളും ഇരിക്കുക. മൗലാനാ ഉടനെ ഇരുന്നു. 
മൗലാനാ മുഹമ്മദ് ഇല്‍യാസിനോടൊപ്പം യാത്ര ചെയ്യുമ്പോഴെല്ലാം മൗലാനാ മുഹമ്മദ് ഇല്‍യാസിന്‍റെ ഭാഗത്ത് നിന്നും പ്രഭാഷണം നടത്തിയിരുന്നത് മൗലാനായാണ്. ഇതിനെ മൗലാനാ മുഹമ്മദ് ഇല്‍യാസ് വളരെ വിലമതിക്കുകയും ചെയ്തിരുന്നു. മൗലാനാ കുറിക്കുന്നു: ഒരിക്കല്‍ ലക്നൗവില്‍ നിന്നും അതിരാവിലെ നിസാമുദ്ദീനിലെത്തി. മൗലാനാ എന്നോട് ഇമാമത്ത് നില്‍ക്കാന്‍ നിര്‍ദ്ദേശിച്ചു. നമസ്കാരാനന്തരം അല്‍പ്പം സംസാരിക്കാന്‍ പറഞ്ഞു. ഞാന്‍ നോക്കിയപ്പോള്‍ ഒന്നാമത്തെ സ്വഫ്ഫില്‍ തന്നെ മുന്‍ രാഷ്ട്രപതി ഡോ. ദാകിര്‍ ഹുസൈന്‍ ഖാനിനെ പോലുള്ള പ്രധാനപ്പെട്ടവര്‍ ഇരിപ്പുണ്ട്. ഞാന്‍ പറഞ്ഞു: എന്‍റെ മനസ്സ് ശൂന്യമാണ്. എന്താണ് പറയേണ്ടതെന്ന് അറിയില്ല. മൗലാനാ പറഞ്ഞു: താങ്കള്‍ പറഞ്ഞ് തുടങ്ങുക. ഞാന്‍ സംസാരിക്കാന്‍ തുടങ്ങി. മൗലാനാ എന്നെ ശ്രദ്ധിക്കുന്നതായും ദുആ ചെയ്യുന്നതായും അനുഭവപ്പെട്ടു. ഉടനെ മനസ്സില്‍ വിഷയങ്ങളുടെ ഒഴുക്ക് ആരംഭിച്ചു. മൗലാനായുടെ കത്തുകളും വചനങ്ങളും മുന്നില്‍ വെച്ചുകൊണ്ട് ഏക് അഹം ദീനീ ദഅ്വത്ത് എന്ന ഒരു രചന ഞാന്‍ തയ്യാറാക്കി. മൗലാനാ അത് ആദ്യന്തം കേള്‍ക്കുകയും ചില സ്ഥലങ്ങളില്‍ വാചകങ്ങളില്‍ ചിലത് മാറ്റം വരുത്തുകയും ധാരാളം ദുആ ഇരക്കുകയും ചെയ്തു. മൗലാനായുടെ ഈ ബന്ധവും വിശ്വാസവും കാരണം മൗലാനാ എന്നെ അടുത്തിരുത്തുകയും സദസ്സുകളില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ മര്‍ക്കസിലെ ഉത്തരവാദിത്വപ്പെട്ടവര്‍ എന്നെ അടുത്തുള്ള ഒരു മസ്ജിദിലെ ഗഷ്തിന് അയയ്ക്കുകയുണ്ടായി. ഇത് അറിഞ്ഞപ്പോള്‍ മൗലാനാ മുഹമ്മദ് ഇല്‍യാസ് പറഞ്ഞു: എന്‍റെ കാര്യങ്ങള്‍ മനസ്സിലാക്കുന്ന ഒരാളേയുള്ളൂ. അദ്ദേഹത്തെയും നിങ്ങള്‍ പുറത്തേക്ക് അയച്ചിരുന്നു. ഇനി ഞാന്‍ ആരോടാണ് സംസാരിക്കുക.? (കാറവാന്‍). 1944 മാര്‍ച്ച് മാസം ജേഷ്ഠ സഹോദരന്‍ ഡോ. അബ്ദുല്‍ അലി നിസാമുദ്ദീനില്‍ വന്നു. ഇതിലും മൗലാനാ വളരെയധികം സന്തോഷിക്കുകയും മടങ്ങിയപ്പോള്‍ വളരെ സ്നേഹത്തോടെ യാത്ര അയയ്ക്കുകയും ചെയ്തു. 

തബ്ലീഗ് പ്രവര്‍ത്തനത്തില്‍ വലിയ താല്‍പര്യം: 
ഒരു ഭാഗത്ത് മൗലാനാ മുഹമ്മദ് ഇല്‍യാസിന്‍റെ ബന്ധം വര്‍ദ്ധിച്ചു. മറുഭാഗത്ത് മൗലാനായ്ക്ക് തബ്ലീഗ് പ്രവര്‍ത്തനത്തില്‍ വലിയ താല്‍പ്പര്യവും ആവേശവും ഉണ്ടായി. അവസാനം നദ്വത്തുല്‍ ഉലമായില്‍ നിന്നും ജോലി അവസാനിപ്പിച്ച് ഇതില്‍ മുഴുകാന്‍ ആഗ്രഹിച്ചു. മൗലാനാ മുഹമ്മദ് ഇല്‍യാസിനോട് ഈ ആഗ്രഹം പറഞ്ഞപ്പോള്‍ പ്രതിവചിച്ചു: ഉത്തമ പകരം തയ്യാറാകുന്നത് വരെ ഒരു ജോലിയും ഉപേക്ഷിക്കാന്‍ നമ്മുടെ മഹാന്മാര്‍ അഭിപ്രായപ്പെടാറില്ല.! വീണ്ടും ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഇതേ മറുപടി തന്നെ പറഞ്ഞു. അടുത്ത ദിവസം സുബ്ഹി നമസ്കാരവും ബയാനും കഴിഞ്ഞപ്പോള്‍ ചോദിച്ചു: താങ്കള്‍ക്ക് നദ്വത്തുല്‍ ഉലമായില്‍ നിന്നും എന്ത് കിട്ടും.? മൗലാനാ പറഞ്ഞു: 50 രൂപ. ഉടനെ ആവേശത്തോടെ പ്രസ്താവിച്ചു: ഇത്തരം ആയിരക്കണക്കിന് 50-കള്‍ താങ്കളുടെ സേവകന്മാര്‍ക്ക് പോലും ലഭിക്കുന്നതാണ്. ഇത്രയും പറഞ്ഞ് നദ്വത്തുല്‍ ഉലമായിലെ ജോലി ഉപേക്ഷിക്കാന്‍ അനുമതി നല്‍കി. 
നദ്വത്തുല്‍ ഉലമായില്‍ നിന്നും ഔദ്വോഗിക ജോലി നിര്‍ത്തുകയും ശമ്പളം വാങ്ങാതിരിക്കുകയും ചെയ്തെങ്കിലും നിരന്തരം നദ്വത്തുല്‍ ഉലമായുമായി ബന്ധപ്പെടുകയും പ്രത്യേക പാഠങ്ങള്‍ പഠിപ്പിക്കുകയും ചെയ്തിരുന്നു. ഇടയ്ക്കിടെ നീണ്ട തബ്ലീഗ് യാത്രകള്‍ ആവേശത്തോടെ നടത്തുകയും ചെയ്തു. എന്നാല്‍ 1943 ഡിസംബര്‍ 01 മുതല്‍ വീണ്ടും ദാറുല്‍ ഉലൂമില്‍ ഉസ്താദ് ആയി പ്രവേശിക്കുകയും അല്ലാമാ സയ്യിദ് സുലൈമാന്‍ നദ്വിയുടെ നിര്‍ബന്ധപ്രകാരം ഒരു വര്‍ഷം ശമ്പളം വാങ്ങുകയും ചെയ്തു. ഇടയ്ക്ക് തബ്ലീഗ് യാത്രകള്‍ നടത്തുമ്പോള്‍ അതനുസരിച്ച് ശമ്പളം കുറപ്പിക്കുമായിരുന്നു. പെഷാവറില്‍ നിന്നും പ്രിന്‍സിപ്പളിന് ഇപ്രകാരം കത്തെഴുതി: ഈയൊരു മാസം മുഴുവന്‍ ഞാന്‍ യാത്രയിലായിരുന്നു. ആകയാല്‍ ഈ മാസത്തെ ശമ്പളം വാങ്ങരുതെന്നാണ് ആഗ്രഹിക്കുന്നത്.! 
തബ്ലീഗ് പ്രവര്‍ത്തനത്തില്‍ മൗലാനാ പൂര്‍ണ്ണമായും മുഴുകി. ഇന്നൊരിടത്ത്, നാളെ വേറൊരിടത്ത് എന്ന നിലയില്‍ യാത്രകളിലായി. ആഹാരം, വസ്ത്രം, വാഹനം ഇതിലൊന്നും യാതൊരു ചിന്തയുമില്ലായിരുന്നു. പതിനഞ്ച് കിലോമീറ്ററുകള്‍ ചെളിയിലും മണലിലും നടക്കുമായിരുന്നു. ഗ്രാമങ്ങളിലെ മസ്ജിദുകളില്‍ താമസിക്കും. അവിടെ വെള്ളം പോലും കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങളുണ്ടായെങ്കിലും മൗലാനാ മുമ്പോട്ട് നീങ്ങി. ഈ യാത്രകള്‍ക്കിടയില്‍ മൗലാനാ പ്രാധാന്യപൂര്‍വ്വം ഓരോ പ്രദേശങ്ങളിലെയും മദ്റസകളില്‍ പോകുമായിരുന്നു. ഇതിലൂടെ മദ്റസകള്‍ക്കിടയിലുള്ള അകല്‍ച്ചകള്‍ മാറി. പ്രത്യേകിച്ചും ദാറുല്‍ ഉലൂം ദേവ്ബന്ദ്, മസാഹിര്‍ ഉലൂം സഹാറന്‍പൂര്‍ മുതലായ പൗരാണിക മദ്റസകള്‍ക്കും നദ്വത്തുല്‍ ഉലമയ്ക്കും ഇടയില്‍ അനുഭവപ്പെട്ടിരുന്ന അന്യത മാറുകയും പരസ്പരം അറിയുകയും അടുക്കുകയും ചെയ്തു. 

പെഷാവറിലേക്കുള്ള ഐതിഹാസിക യാത്ര. 
പെഷാവറിലെ സീറത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓരോ വര്‍ഷവും പ്രവാചക ചരിത്രവും സന്ദേശവും എന്ന വിഷയത്തില്‍ വലിയ സമ്മേളനം സംഘടിപ്പിക്കപ്പെട്ടിരുന്നു. ഉപഭൂഖണ്ഡത്തിലെ പ്രഗത്ഭ പണ്ഡിത മഹത്തുക്കളാണ് ഇതില്‍ പങ്കെടുത്ത് പ്രഭാഷണങ്ങള്‍ നടത്തിയിരുന്നത്. വിശിഷ്യാ, അല്ലാമാ ശബ്ബീര്‍ അഹ്മദ് ഉസ്മാനിയും ഖാരി മുഹമ്മദ് ത്വയ്യിബ് സാഹിബും മിക്ക വര്‍ഷങ്ങളിലും പങ്കെടുത്തിരുന്നു. 1944 മാര്‍ച്ച് മാസം നടന്ന സമ്മേളനത്തില്‍ നദ്വത്തുല്‍ ഉലമയില്‍ നിന്നും പണ്ഡിതരെ വിളിക്കണമെന്ന് സംഘാടക സമിതി സെക്രട്ടറിയായ ഹാജി അര്‍ഷദ് ആഗ്രഹിച്ചു. ഇതിലേക്ക് മൗലാനായെയും മറ്റൊരു പ്രധാന പണ്ഡിതനായ ഷാഹ് ജഅ്ഫര്‍ നദ്വിയെയും വിളിക്കപ്പെട്ടു. പെഷാവറിന്‍റെ ഭൂമിശാസ്ത്ര പരമായ പ്രത്യേകത കണക്കിലെടുത്ത് മൗലാനായ്ക്ക് ഇതില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടായി. ജേഷ്ഠന്‍ സമ്മതിക്കുകയും ചെയ്തു. മൗലാനാ അവിടേക്ക് പുറപ്പെട്ടു. മൗലാനാ മുഹമ്മദ് ഇല്‍യാസിന്‍റെ രോഗ സമയമായതിനാല്‍ ആദ്യം നിസാമുദ്ദീനിലെത്തി. ദുആയ്ക്ക് അപേക്ഷിച്ചപ്പോള്‍ മൗലാനാ മുഹമ്മദ് ഇല്‍യാസ് ധാരാളം ദുആ ഇരന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു: യഥാര്‍ത്ഥ പ്രവര്‍ത്തനം മറന്നുകളയരുത്.! 
വലിയ സന്തോഷത്തോടെ യാത്ര ചെയ്ത് പെഷാവറില്‍ എത്തി. ഹാജി അര്‍ഷദും കൂട്ടുകാരും സ്വീകരിച്ചു. അസംബ്ലി സ്പീക്കര്‍ മലിക് ഖുദാ ബഖ്ശിന്‍റെ വീട്ടിലായിരുന്നു താമസം. അടുത്ത ദിവസം ആദ്യ സമ്മേളനം നടന്നു. ഇതില്‍ വൈജ്ഞാനിക ശൈലി സ്വീകരിച്ചതിനാല്‍ അവിടെ പങ്കെടുത്തിരുന്ന പൊതു ജനങ്ങള്‍ക്ക് ഇത് കൂടുതല്‍ ഫലപ്പെട്ടില്ല. പ്രദേശ നിവാസികളായ നദ്വി പണ്ഡിതര്‍ ഇക്കാര്യം വളരെ ആദരവോടെ സൂചിപ്പിക്കുകയും ചെയ്തു. മൗലാനാ പറയുന്നു: താമസ സ്ഥലത്ത് എത്തിയപ്പോള്‍ ദിക്ര്‍ - ദുആകളുടെ ഒരു പ്രത്യേക അവസ്ഥ സംജാതമായി. ഈ അവസ്ഥ പലപ്പോഴും ഉണ്ടാകുകയും വലിയ ഫലം കാണുകയും ചെയ്തിട്ടുണ്ട്.! 
അടുത്ത ദിവസം പ്രധാനപ്പെട്ട പൊതു സമ്മേളനമായിരുന്നു. സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കപ്പെട്ടതിനാല്‍ പ്രധാനപ്പെട്ട ഉദ്വോഗസ്ഥര്‍ എല്ലാവരുമെത്തി. പൊതു ജനങ്ങള്‍ കൂട്ടം കൂട്ടമായി ഒഴുകി വന്നു. ഈ സമ്മേളനത്തില്‍ വായിച്ച് കേള്‍പ്പിക്കുന്നതിന് മൗലാനാ ഒരു പ്രബന്ധം തയ്യാറാക്കിയിരുന്നു. പക്ഷെ, ഹാജി അര്‍ഷദ് പറഞ്ഞു: പൊതുജനങ്ങള്‍ക്ക് ഇതിനേക്കാളും പ്രയോജനം, സാധാരണ ശൈലിയില്‍ സംസാരിക്കലാണ്. മൗലാനാ പ്രഭാഷണം ആരംഭിച്ചു. അല്ലാഹുവേ, ഈ ചെറുസംഘം നശിപ്പിക്കപ്പെട്ടാല്‍ പിന്നീട് നീ ആരാധിക്കപ്പെടുകയില്ലെന്ന് ഞാന്‍ ഭയക്കുന്നു എന്ന് റസൂലുല്ലാഹി (സ്വ) ബദ്റില്‍ വെച്ച് നടത്തിയ വികാര നിര്‍ഭരമായ പ്രാര്‍ത്ഥന അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ് പ്രഭാഷണം നടത്തിയത്. പ്രഭാഷണം വലിയ ആവേശവും ഒഴുക്കും നിറഞ്ഞതായിരുന്നു. സദസ്സില്‍ മുഴുവന്‍ അത് വലിയ പ്രതിഫലനം സൃഷ്ടിച്ചു. മൗലാനായുടെ പാണ്ഡിത്യത്തോടൊപ്പം ദിക്ര്‍-ദുആകളുടെ ശക്തിയും കൂടിച്ചേര്‍ന്നപ്പോള്‍ പ്രഭാഷണം എല്ലാവരെയും ഇളക്കി മറിച്ചു. മൗലാനാ തന്നെ പറയുന്നു: വിഷയങ്ങള്‍ എവിടെ നിന്നുമാണ് വരുന്നത്, എന്‍റെ നാവിന് ശക്തി എങ്ങനെ ലഭിച്ചു എന്ന് എനിക്കറിയില്ല. പ്രഭാഷണത്തിന്‍റെ ഒഴുക്കില്‍ എല്ലാവരും ഒഴുകി. സദസ്സ് മുഴുവന്‍ വികാര ഭരിതമായി.! 
പ്രഭാഷണം കഴിഞ്ഞപ്പോള്‍ ധാരാളം യുവാക്കള്‍ എഴുന്നേറ്റ് നിന്ന് എന്താണ് ചെയ്യേണതെന്ന് വിളിച്ചുചോദിച്ചു. മൗലാനാ തബ്ലീഗ് പ്രവര്‍ത്തനത്തിന്‍റെ കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. കൂടാതെ അവിടെയുള്ള ഒരു കോളനിയില്‍ തബ്ലീഗിന്‍റെ ഗഷ്ത്തും നടത്തി. ഇതിലൂടെ വിശാലമായ അതിര്‍ത്തി പ്രദേശത്ത് തബ്ലീഗ് പ്രവര്‍ത്തനത്തിന്‍റെ തുടക്കമായി. പ്രദേശം മുഴുവന്‍ ദീനിയായ വലിയ മാറ്റം സംഭവിച്ചു. ഹാജി അര്‍ഷദ് മൗലാനയുമായി വളരെ അടുത്തു. അടുത്ത മാസം തന്നെ അദ്ദേഹം മൗലാനാ മുഹമ്മദ് ഇല്‍യാസിനെ കാണാനെത്തി. തദവസരം മൗലാനാ പരിചയപ്പെടുത്തിക്കൊണ്ട് എഴുതിയ കത്തിന്‍റെ വാചകം ഇപ്രകാരമാണ്: ഈ കത്തുമായി വരുന്ന അര്‍ഷദ് സാഹിബ് അതിര്‍ത്തി പ്രദേശത്തിലെ റജുലുന്‍ റഷീദ് അല്ല, റജുലുന്‍ അര്‍ഷദ് ആണ്.! അല്ലാഹു അര്‍ഷദ് സാഹിബിന് വലിയ തൗഫീഖ് നല്‍കി. നാട്ടില്‍ മാത്രമല്ല, ഇതര നാടുകളിലും അദ്ദേഹത്തിലൂടെ വലിയ മാറ്റമുണ്ടായി. ജപ്പാനില്‍ ആദ്യമായി ഈ പ്രവര്‍ത്തനം നടത്തിയത് അദ്ദേഹമാണ്. ഇത് കാരണം അവിടെ ധാരാളം ആളുകള്‍ ഇസ്ലാം സ്വീകരിച്ചു. കൂടാതെ ഹിജാസ് മുഖദ്ദസിലും ഇദ്ദേഹത്തിലൂടെയാണ് പ്രധാനമായും തബ്ലീഗ് പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. അദ്ദേഹത്തിന്‍റെ ജീവിതവും പ്രവര്‍ത്തനവും അതിവേഗതയില്‍ മുമ്പോട്ട് നീങ്ങുകയായിരുന്നു. എന്നാല്‍ ഹി: 1382 ശഅ്ബാന്‍ 14-ന് മദീനാ മുനവ്വറയില്‍ നിന്നും മടങ്ങുമ്പോള്‍ ഉണ്ടായ വാഹനാപകടത്തില്‍ അദ്ദേഹം അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്ക് യാത്രയായി. അല്ലാഹു ദറജകള്‍ ഉയര്‍ത്തുമാറാകട്ടെ.! 
    പെഷാവറിലേക്കുള്ള ഈ യാത്രയെ പ്രയോജനപ്പെടുത്തിക്കൊണ്ട് സയ്യിദ് അഹ്മദ് ശഹീദിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മൗലാനായ്ക്ക് ആഗ്രഹമുണ്ടായി. സീറത്ത് സയ്യിദ് അഹ്മദ് ശഹീദിന്‍റെ പുതിയ പതിപ്പില്‍ അതിന്‍റെ വിവരണങ്ങളും ചിത്രങ്ങളും കൊടുക്കാന്‍ മൗലാനാ ആഗ്രഹിച്ചിരുന്നു. ഹാജി അര്‍ഷദ് ഈ വിഷയത്തില്‍ വിദഗ്ധനായ ഒരു വഴികാട്ടിയെ മൗലാനായുടെ കൂട്ടത്തില്‍ അയച്ചു. മൗലാനാ ആദ്യം അക്കോട്ടയിലെത്തി. ഇവിടെയാണ് സയ്യിദ് അഹ്മദ് ശഹീദ് ജിഹാദിന്‍റെ കേന്ദ്രമാക്കിയത്. അവിടെ നിന്നും ശീദുവിലേക്ക് പോയി.തുടര്‍ന്ന് പഞ്ച്താര്‍ മുതലായ സ്ഥലങ്ങളിലുമെത്തി. ഈ യാത്രയില്‍ നടന്ന അത്ഭുതകരമായ ഒരു സംഭവം മൗലാനാ ഇപ്രകാരം വിവരിക്കുന്നു: 
ഞങ്ങള്‍ ഹിണ്ടിലെ മസ്ജിദിലെത്തിയപ്പോള്‍ ചരിത്ര വിവരങ്ങള്‍ അറിയാവുന്ന ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചു. ജനങ്ങള്‍ ഖാദീഖാന്‍റെ കുടുംബത്തില്‍ പെട്ട ഒരു വ്യക്തിയെ വിളിച്ചുകൊണ്ട് വന്നു. അദ്ദേഹം ലാഹോറില്‍ ഒരു റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം ചോദിച്ചു: നിങ്ങള്‍ ലക്നൗവില്‍ നിന്നും ഇത്ര ദൂരം എന്തിന് വേണ്ടിയാണ് വന്നത്.? ഞാന്‍ പറഞ്ഞു: ഇവിടുത്തെ ചരിത്രപരമായ ചില കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹമുണ്ട്. ഉടനെ അദ്ദേഹം പറഞ്ഞു: ലക്നൗവില്‍ അബുല്‍ ഹസന്‍ അലി നദ്വി എന്ന ഒരാള്‍ സീറത്ത് സയ്യിദ് അഹ്മദ് ശഹീദ് എന്ന ഒരു ഗ്രന്ഥം എഴുതിയിട്ടുണ്ട്. അതില്‍ ഞങ്ങളുടെ പിതാമഹനായ ഖാദീഖാനെ കുറിച്ച് തെറ്റിദ്ധാരണ നിറഞ്ഞ ഒരു പരാമര്‍ശം നടത്തിയിട്ടുണ്ട്. ഞാന്‍ വിഷയം മാറ്റി വിട്ടു. അദ്ദേഹം എന്‍റെ പേര് ചോദിച്ചില്ല. ഞാന്‍ പറഞ്ഞതുമില്ല. അദ്ദേഹം എന്നെ അദ്ദേഹത്തിന്‍റെ വീട്ടില്‍ അതിഥിയാക്കി. വൈകുന്നേരം നദി കാണാമെന്ന് പറഞ്ഞ് എന്നെയും കൂട്ടിക്കൊണ്ടുപോയി. ഇതിനിടയില്‍ അദ്ദേഹം ചോദിച്ചു: താങ്കളുടെ പേരെന്താണ്.? ഞാന്‍ പറഞ്ഞു: അലിയ്യ്.! അദ്ദേഹം ചോദിച്ചു: അബുല്‍ ഹസന്‍ അലി അല്ലല്ലോ.? അവിടെയുള്ള പഠാണികള്‍ സദാ തോക്ക് കൂട്ടത്തില്‍ വെയ്ക്കുമായിരുന്നു. ഞാന്‍ വല്ലാത്ത ആശയക്കുഴപ്പത്തിലായി. ഞാന്‍ പറഞ്ഞു: ലക്നൗവില്‍ ധാരാളം ശിയാക്കളുണ്ട്. അവിടെയുള്ള സുന്നികളും അലി, ഹുസൈന്‍ എന്നീ പേരുകള്‍ ധാരാളമായി വെയ്ക്കാറുണ്ട്. അദ്ദേഹം കൂടുതലൊന്നും ചോദിച്ചില്ല. ഞങ്ങള്‍ മഗ്രിബ് നമസ്കരിച്ച് താമസ സ്ഥലത്തെത്തി. രാത്രി അദ്ദേഹം ഞങ്ങളെ വളരെ മാന്യമായി സല്‍ക്കരിച്ചു. പിറ്റേന്ന് രാവിലെ ഞങ്ങള്‍ പുറപ്പെടാന്‍ നേരത്ത് അദ്ദേഹത്തെ കണ്ടില്ല. കൃഷി ചെയ്യാന്‍ പോയിരിക്കുകയാണെന്ന് അറിഞ്ഞു. അദ്ദേഹത്തെ കാണണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം വന്നു. ഇപ്പോള്‍ വിഷയം മറച്ചുവെയ്ക്കുന്നത് ശരിയല്ലെന്ന് മനസ്സിലാക്കിയതിനാല്‍ ഞാന്‍ പറഞ്ഞു: സീറത്ത് സയ്യിദ് അഹ്മദ് ശഹീദിന്‍റെ ഗ്രന്ഥ കര്‍ത്താവായ അബുല്‍ ഹസന്‍ അലി നദ്വി ഞാന്‍ തന്നെയാണ്. അദ്ദേഹം വളരെ മാന്യത പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു: ഇതുവരെ താങ്കളെ അറിയാതെയാണ് ഞങ്ങള്‍ സല്‍ക്കരിച്ചത്. അറിഞ്ഞതിന് ശേഷവും ഞങ്ങള്‍ താങ്കളെ സല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് അല്‍പ്പം കൂടി താങ്കള്‍ ഇവിടെ താമസിക്കണം. അദ്ദേഹം വളരെ ആത്മാര്‍ത്ഥതയോടെയാണ് ഇത് പറഞ്ഞത്. പക്ഷെ, ഞങ്ങള്‍ക്ക് അടുത്ത സ്ഥലത്തേക്ക് പോകേണ്ടതുള്ളത് കൊണ്ട് ഞങ്ങള്‍ അവിടേക്ക് യാത്രയായി. (കാറവാന്‍). 
സയ്യിദ് അഹ്മദ് ശഹീദിന്‍റെ പ്രധാന കേന്ദ്രമായിരുന്ന പഞ്ച്താറിലെത്തിയപ്പോള്‍ മൗലാനായ്ക്ക് അനുഭവപ്പെട്ട മാനസികാവസ്ഥ മൗലാനാ ഇപ്രകാരം വിവരിക്കുന്നു: പഞ്ച്താറിലെത്തിയപ്പോള്‍ മനസ്സില്‍ വല്ലാത്ത പ്രതിഫലനം ഉണ്ടായി. വിശിഷ്യാ, സയ്യിദും കൂട്ടരും വര്‍ഷങ്ങളോളം നമസ്കാരം നിര്‍വ്വഹിച്ച മസ്ജിദില്‍ കടന്നപ്പോള്‍ മനസ്സില്‍ പ്രത്യേക അവസ്ഥ സംജാതമായി. ആ മഹത്തുക്കള്‍ ഈമാനിക ആവേശം കൊണ്ട് ചൂട് പിടിപ്പിച്ച അന്തരീക്ഷത്തിലും കണ്ണുനീര്‍ കൊണ്ട് നന്മകള്‍ നട്ടുപിടിപ്പിച്ച മണ്ണിലും വെച്ച് ദിക്ര്‍ - ദുആകളിലേക്ക് വളരെയധികം ആകര്‍ഷണീയത അനുഭവപ്പെട്ടു. പരിശുദ്ധ ഹറമുകളിലും ജീവിതത്തിന്‍റെ പ്രത്യേക സാഹചര്യങ്ങളിലും മാത്രമേ ഇതുപോലുള്ള അനുഭവം ഉണ്ടാകാറുള്ളൂ. (കാറവാന്‍). മഹാത്മാക്കള്‍ ശഹാദത്ത് വരിച്ച ബാലാകോട്ടിലെത്തിയപ്പോഴുള്ള അവസ്ഥ ഇപ്രകാരം കുറിക്കുന്നു. ഞങ്ങളുടെ പ്രദേശമായ റായ്ബരേലിയില്‍ നിന്നും യാത്രയാരംഭിച്ച അടിയുറച്ച വിശ്വാസത്തിന്‍റെ സമുന്നത മനക്കരുത്തിന്‍റെയും വക്താക്കളായ ഈ വാഹക സംഘത്തിന്‍റെ അന്തിമ സ്ഥാനമാണിത്. ഈ മണ്ണിലെ ഓരോ മണല്‍ത്തരികളും ഞങ്ങള്‍ക്ക് വളരെ പ്രിയംകരമാണ്. ഇവിടെ വരുന്നവര്‍ക്കെല്ലാം മഹാനായ ജാനാജാന്‍റെ വാക്കുകളില്‍ പറയാനുള്ള കാര്യം ഇതാണ്: ഇത് ബുല്‍ബുല്‍ പക്ഷികളുടെ അനുഗ്രഹീത കേന്ദ്രമാണ്. പാദങ്ങള്‍ സൂക്ഷിച്ച് വെയ്ക്കുക, നിന്‍റെ സ്വതന്ത്ര തോട്ടമല്ല.! (കാറവാന്‍). 

യാത്രകളുടെ പരമ്പര. 
പെഷാവറിലെ നീണ്ട യാത്രകള്‍ക്ക് ശേഷം ലാഹോര്‍, പഠാന്‍ കോട്ട് വഴി മൗലാനാ സഹാറന്‍പൂരിലെത്തി. ഇവിടെ വെച്ച് മൗലാനാ മുഹമ്മദ് ഇല്‍യാസിന്‍റെ ഒരു കത്ത് വന്നു. ഹൈദരാബാദ് സിന്ധിലേക്ക് പോകാന്‍ അതില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. നീണ്ട ഒരു യാത്രയില്‍ നിന്നുള്ള മടക്കവും അനാരോഗ്യവും നദ്വത്തുല്‍ ഉലമായില്‍ ഹാജരാകേണ്ട ആവശ്യവും മുന്നില്‍ വെച്ച് നോക്കുമ്പോള്‍ വേറെ ആരെങ്കിലുമായിരുന്നെങ്കില്‍ ഈ യാത്ര നിരസിക്കുമായിരുന്നു. പക്ഷെ, മൗലാനാ മുഹമ്മദ് ഇല്‍യാസിനോടുള്ള അതിയായ സ്നേഹാദരങ്ങളും പ്രവര്‍ത്തനത്തിന്‍റെ പ്രാധാന്യവും മൗലാനായുടെ ശക്തമായ ചിന്തയും കാരണം, മൗലാനാ യാത്രയ്ക്ക് സന്നദ്ധനായി. ഹൈദരാബാദിലെത്തി സമ്മേളനത്തില്‍ പങ്കെടുക്കുകയും സയ്യിദ് അഹ്മദ് ശഹീദുമായി പ്രത്യേക ബന്ധമുള്ള പീര്‍ചണ്ടയിലെ മസ്ജിദില്‍ രണ്ട് ദിവസം താമസിക്കുകയും ചെയ്തു. ഈ മസ്ജിദ് തബ്ലീഗിന്‍റെ കേന്ദ്രവും അല്ലാമാ അഹ്മദ് അലി ലാഹോരിയുടെ ത്വരീഖത്തിന്‍റെ ആസ്ഥാനവുമായിരുന്നു. മൗലാനായുടെ പ്രഭാഷണം കേള്‍ക്കാന്‍ മൗലാനാ ഉബൈദുല്ലാഹ് സിന്ധി വളരെ പ്രായാധിക്യമുണ്ടായിട്ടും ഇവിടെ വരികയുണ്ടായി. സിന്ധിലും കറാച്ചിയിലും ഏതാനും നാളുകള്‍ താമസിച്ച ശേഷം ഡല്‍ഹിയിലെത്തുകയും അവിടെ നിന്നും ലക്നൗവിലേക്ക് മടങ്ങുകയും ചെയ്തു. 

മൗലാനാ മുഹമ്മദ് ഇല്‍സാസ് (റ) ന്‍റെ വിയോഗം. 
ഇതിനിടയില്‍ മൗലാനാ മുഹമ്മദ് ഇല്‍യാസിന്‍റെ രോഗം കഠിനമായി. ഇതറിഞ്ഞ മൗലാനാ നിസാമുദ്ദീനില്‍ നീണ്ട നാളുകള്‍ താമസിക്കാന്‍ 1944 ജൂണില്‍ നിസാമുദ്ദീനിലെത്തി. അവിടെ മൗലാനാ സഫര്‍ അഹ്മദ് ത്ഥാനവി നേരത്തെ വന്നിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഹസ്രത്ത് മൗലാനാ അബ്ദുല്‍ ഖാദിര്‍ റായ്പൂരിയും അവിടെ എത്തിച്ചേര്‍ന്നു. ഇതുവരെ ഹസ്രത്ത് റായ്പൂരിയെ മൗലാനാ ബൈഅത്ത് ചെയ്തിട്ടില്ലായിരുന്നു. കഠിന രോഗത്തിനിടയിലും മൗലാനാ മുഹമ്മദ് ഇല്‍യാസ് (റഹ്) ഇടയ്ക്കിടെ മൗലാനായെ വിളിക്കുകയും വലിയ സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മൗലാനാ പറയുന്നു: ഒരു ദിവസം ചില പ്രത്യേക അവസ്ഥകള്‍ കാരണം എനിക്ക് കുറെ മോശമായ ചിന്തകളുണ്ടായി. പ്രകൃതി വളരെ തണുത്തിരുന്നു. അന്ന് മഗ്രിബ് നമസ്കാരം കഴിഞ്ഞയുടനെ മൗലാനാ മുഹമ്മദ് ഇല്‍യാസ് എന്നെ വിളിച്ചു. കാരുണ്യത്തോടെ തലയില്‍ കൈ വെയ്ക്കുകയും കുറേ നേരം തലമുടി തടകിക്കൊണ്ടിരിക്കുകയും ചെയ്തു. ചുണ്ടനക്കാന്‍ പോലും ബുദ്ധിമുട്ടുള്ള ഈ സമയത്ത് എങ്ങനെയാണെന്നറിയില്ല തലയുയര്‍ത്തി എന്‍റെ നെറ്റിയില്‍ ചുംബിച്ചു. ശേഷം അരുളി: നിങ്ങള്‍ തളര്‍ന്ന് പോയല്ലോ.? നിങ്ങളെ സഹായിക്കാന്‍ ആരുമില്ലല്ലോ.? ഇപ്രകാരമുള്ള വാചകങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. (കാറവാന്‍). 
മൗലാനാ മുഹമ്മദ് ഇല്‍യാസ് (റഹ്) ക്ക് ഹസ്രത്ത് റായ്പൂരിയോട് വലിയ ആദരവായിരുന്നു. ഹസ്രത്തിന്‍റെ സദസ്സുകളില്‍ പങ്കെടുക്കാനും പ്രയോജനപ്പെടുത്താനും ഈ അവസ്ഥയിലും മൗലാനാ മുഹമ്മദ് ഇല്‍യാസ് ഉണര്‍ത്തിക്കൊണ്ടിരുന്നു. മൗലാനാ പറയുന്നു: ഒരിക്കല്‍ മൗലാനാ മുഹമ്മദ് ഇല്‍യാസ് എന്നെ അന്വേഷിച്ചു. അസ്വസ്ഥത കാരണം ഞാന്‍ പുറത്ത് ഒരു വഴിയില്‍ നടക്കുകയായിരുന്നു. മൗലാനാ ഇന്‍ആമുല്‍ ഹസന്‍ എന്നെ കണ്ടുപിടിച്ച് മൗലാനാ മുഹമ്മദ് ഇല്‍യാസിന്‍റെ അരികിലെത്തിച്ചു. എന്‍റെ ചെവി ചുണ്ടിലേക്ക് ചേര്‍ത്ത് പിടിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് പറഞ്ഞു: ജനങ്ങളോട് ദിക്ര്‍ അധികരിപ്പിക്കാനും ഹസ്രത്ത് റായ്പൂരിയുടെ സദസ്സിലിരിക്കാനും പറയുക.! (കാറവാന്‍). ഇത് വിയോഗത്തിന് അഞ്ച് ദിവസം മുമ്പുള്ള സംഭവമാണ്. 1944-ല്‍ ജൂലൈ 12-)ം തീയതി രാത്രി രോഗം വളരെ കഠിനമാകുകയും 13-ന്‍റെ സുബ്ഹി ബാങ്കിന് മുമ്പ് അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. മൗലാനാ പറയുന്നു: ജീവിതത്തില്‍ ഒരിക്കല്‍ പോലും ശാന്തമായിട്ട് ഉറങ്ങിയിട്ടില്ലാത്ത, ജീവിത കാലം മുഴുവന്‍ യാത്രയില്‍ കഴിച്ചുകൂട്ടിയ ഈ പഥികന്‍ ലക്ഷ്യസ്ഥാനത്തെത്തി സുഖകരമായ ഉറക്കമാരംഭിച്ചു.! മൗലാനാ മുഹമ്മദ് ഇല്‍യാസിന്‍റെ വിയോഗം മൗലാനായ്ക്ക് കനത്ത ആഘാതമായിരുന്നു. ഖബ്റടക്കത്തിന് ശേഷം ഏതാനും കൂട്ടുകാരോടൊപ്പം ഹൂമയൂന്‍ ടംപില്‍ വന്ന് ഒഴിഞ്ഞിരുന്നു. ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ വിളിച്ചുവരുത്തി ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്തു. 

മൗലാനാ മുഹമ്മദ് ഇല്‍യാസിന് ശേഷം. 
മൗലാനാ മുഹമ്മദ് ഇല്‍യാസിന്‍റെ ജീവിത കാലത്ത് മൗലാനാ പരിപൂര്‍ണ്ണമായി തബ്ലീഗ് പ്രവര്‍ത്തനത്തില്‍ മുഴുകിയിരുന്നു. മൗലാനാ മുഹമ്മദ് ഇല്‍യാസിന്‍റെ അതിയായ ശ്രദ്ധാ-കാരുണ്യങ്ങള്‍ മൗലാനായ്ക്ക് മറ്റൊരു പ്രവര്‍ത്തനത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. എന്നാല്‍ മൗലാനാ മുഹമ്മദ് ഇല്‍യാസിന്‍റെ വിയോഗാനന്തരം ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായി. ഇതിനെ കുറിച്ചുള്ള ശരിയായ ചിത്രീകരണം ഇമാം ഗസ്സാലിയെ കുറിച്ച് മൗലാനാ തന്നെ കുറിച്ച ഒരു വാചകമാണ്: ഉന്നത മനക്കരുത്ത് മഹാനരുടെ വലിയൊരു പ്രത്യേകതയായിരുന്നു. ഇത് കാരണം ചിന്താ കര്‍മ്മങ്ങളുടെ വിഷയത്തില്‍ സമകാലികരുടെ ഏതെങ്കിലും അവസ്ഥയില്‍ സംതൃപ്തനാകാതെ കൂടുതല്‍ ഉന്നത സ്ഥാനങ്ങളെ തേടിക്കൊണ്ടിരിക്കുമായിരുന്നു. (ഇസ്ലാമിലെ നവോത്ഥാന നായകര്‍ ഭാഗം 01). ഈ വിഷയത്തെ കുറിച്ച് മൗലാനാ ആത്മ കഥയില്‍ കുറിച്ച കാര്യങ്ങള്‍ ഹൃസ്വമായി ഇവിടെ ഉദ്ധരിക്കുകയാണ്: 
മൗലാനാ മുഹമ്മദ് ഇല്‍യാസിന്‍റെ വ്യക്തിത്വത്തോടുള്ള ആഴമേറിയ ബന്ധവും അദ്ദേഹത്തിന്‍റെ ധാര്‍മ്മിക വീക്ഷണത്തിലും ആത്മാര്‍ത്ഥതയിലുമുള്ള സമ്പൂര്‍ണ്ണ വിശ്വാസവും അതിന്‍റെ ആവശ്യകതയിലും പ്രയോജനത്തിലുമുള്ള അടിയുറച്ച ബോധവും കാരണം തബ്ലീഗ് പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുക മാത്രമല്ല, അതിന്‍റെ ഒരു വക്താവായി തന്നെ കഴിഞ്ഞെങ്കിലും എന്‍റെ മനസ്സും മസ്തിഷ്കവും കൂടുതല്‍ പ്രവര്‍ത്തന മണ്ഡലങ്ങളെ ആഗ്രഹിച്ചിരുന്നു എന്നതാണ് വസ്തുത. എനിക്ക് വൈജ്ഞാനിക ചിന്താ മേഖലകളില്‍ ഒരു പശ്ചാത്തലമുണ്ടായിരുന്നു. നവോദ്ധാന പ്രസ്ഥാനങ്ങളെയും നായകരെയും പഠിക്കുക മാത്രമല്ല, അവരെ പരിചയപ്പെടുത്താനും എനിക്ക് അവസരമുണ്ടായി. ഖുര്‍ആനും സുന്നത്തും വ്യക്തമായി പറഞ്ഞ കാര്യങ്ങള്‍ക്കും അല്ലാത്ത കാര്യങ്ങള്‍ക്കുമിടയില്‍ എപ്പോഴും വേര്‍തിരിവ് കല്‍പ്പിച്ചിരുന്നു. ലക്ഷ്യത്തിന്‍റെയും മാര്‍ഗ്ഗത്തിന്‍റെയും അവസ്ഥകള്‍ രണ്ട് രീതിയിലാണ് എന്നും സദാ ബോധ്യമുണ്ടായിരുന്നു. നല്ലതിനേക്കാള്‍ നല്ല കാര്യത്തെ തേടുകയും പ്രയോജനമുള്ളതിനേക്കാള്‍ കൂടുതല്‍ പ്രയോജനമുള്ളതിനെ കണ്ടെത്തുകയും ചെയ്യാന്‍ എപ്പോഴും പരിശ്രമിച്ചിരുന്നു. ദീനീ സേവനത്തിനും പടച്ചവന്‍റെ വചനത്തിന്‍റെ ഉയര്‍ച്ചയ്ക്കും വേണ്ടി നിലവില്‍ വന്ന എല്ലാ പ്രവര്‍ത്തനങ്ങളും പ്രസ്ഥാനങ്ങളും കൂടുതല്‍ പുരോഗതി പ്രാപിച്ച് കൊണ്ടിരിക്കണമെന്നും കാലഘട്ടത്തിന്‍റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ആവശ്യമായ നിലയില്‍ പൂര്‍ത്തീകരിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. അല്ലാത്തപക്ഷം എല്ലാ പ്രസ്ഥാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ജീവന്‍ നഷ്ടപ്പെടുകയും യാഥാസ്ഥിതികത്വം ഉണ്ടായിത്തീരുകയും അവയുടെ പ്രയോജനം പരിമിതമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നതാണ്. ഈ വീക്ഷണങ്ങള്‍ എന്‍റെ പ്രത്യേക അവസ്ഥയുടെയും പഠനത്തിന്‍റെയും ചിന്താരീതിയുടെയും ഫലം കൂടിയായിരുന്നു. ഈ അവസ്ഥ പണ്ട് മുതല്‍ക്കേ എനിക്കുണ്ടായിരുന്നു. മൗലാനാ മുഹമ്മദ് ഇല്‍യാസിന്‍റെ ജീവിത കാലത്ത് ഏകാന്തതയില്‍ ഇഖ്ബാലിന്‍റെ ഈ കവിത ഞാന്‍ പാടുമായിരുന്നു: എന്‍റെ ജീവിതത്തിന്‍റെ രാവുകള്‍ വ്യത്യസ്ത അവസ്ഥകളില്‍ കഴിഞ്ഞുകൊണ്ടിരിക്കുകയാണ്. ചിലപ്പോള്‍ റൂമിയുടെ ആത്മഗീതങ്ങളും മറ്റ് ചിലപ്പോള്‍ റാസിയുടെ ചിന്താ ചര്‍ച്ചകളും.! പക്ഷെ, മൗലാനാ മുഹമ്മദ് ഇല്‍യാസിന്‍റെ ശക്തമായ ബന്ധവും അപാരമായ കാരുണ്യവും പ്രവര്‍ത്തനത്തിന്‍റെ തിരക്കുകളും കാരണം അദ്ദേഹത്തിന്‍റെ ജീവിത കാലം മുഴുവന്‍ എന്‍റെയീ ചിന്ത ഞാന്‍ ഒതുക്കി വെച്ചു. എന്നാല്‍ മര്‍ഹൂമിന്‍റെ വിയോഗാനന്തരം ഇത് കൂടുതല്‍ വ്യക്തമായി പുറത്തേക്ക് വന്നുതുടങ്ങി. പ്രവര്‍ത്തനം ഇന്ത്യ മുഴുവനും ഏതാണ്ട് പരന്നുകഴിഞ്ഞു, ഇതര രാജ്യങ്ങളിലും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്, ആകയാല്‍ പ്രവര്‍ത്തനത്തെ കൂടുതല്‍ ക്രമീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വിജ്ഞാന ചിന്തകളുമായി ബന്ധപ്പെട്ടവരെ സമാധാനിപ്പിക്കുന്നതിനും ആകര്‍ഷിക്കുന്നതിനും തബ്ലീഗ് പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാന തത്വങ്ങളിലും ശാഖകളിലും മാറ്റങ്ങളൊന്നും വരുത്താതെ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തണമെന്നതാണ് ഈ വിഷയത്തില്‍ ആദ്യമായി ഉന്നയിച്ച ഒരു ആവശ്യം. ഇക്കാര്യം മൗലാനാ മുഹമ്മദ് യൂസുഫിനോടും അടുത്തവരോടും പല പ്രാവശ്യം പറഞ്ഞെങ്കിലും അവരുടെ മനസ്സ് ഇതിനോട് യോജിക്കുന്നില്ലെന്നും പിന്തുണയ്ക്കുന്നില്ലെന്നും മനസ്സിലായി. മൗലാനാ മുഹമ്മദ് ഇല്‍യാസിന്‍റെ വിയോഗത്തെ തുടര്‍ന്നുള്ള ആദ്യഘട്ടമായതിനാല്‍ ഇതില്‍ കൂടുതല്‍ സൂക്ഷ്മത വേണമെന്നതായിരിക്കാം ഇതിന് കാരണമെന്ന് വിചാരിച്ചു. എന്നാല്‍ പല പ്രാവശ്യം പറഞ്ഞിട്ടും ഫലമുണ്ടാകാതെ വന്നപ്പോള്‍ പ്രവര്‍ത്തനത്തിന്‍റെ ആത്മാവായ വ്യക്തിത്വത്തിന്‍റെ മനസ്സില്‍ ഒരു കാര്യത്തിന്‍റെ ആവശ്യകത ഉണ്ടാകാത്ത കാലത്തോളം പുറത്ത് നിന്നും അഭിപ്രായം പറയുന്നത് കൊണ്ട് ഗുണമൊന്നുമില്ലെന്ന് മനസ്സിലായി. (കാറവാന്‍). 
എന്നാല്‍ ഇതിന്‍റെ പേരില്‍ മൗലാനായുടെയും മഹാന്മാരുടെയും ഇടയില്‍ യാതൊരു അകല്‍ച്ചയും സംഭവിച്ചിരുന്നില്ല എന്നുകൂടി മനസ്സിലാക്കുക. മാത്രമല്ല, മൗലാനയേയും മൗലാനാ പറയുന്ന കാര്യങ്ങളേയും അവര്‍ വളരെയധികം വിലമതിച്ചിരുന്നു. തബ്ലീഗ് പ്രവര്‍ത്തനത്തിന്‍റെ വിഷയത്തില്‍ മൗലാനാ നടത്തിയ ത്യാഗങ്ങളെ അവര്‍ തുറന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ മൗലാനാ മുഹമ്മദ് ഇല്‍യാസ് തെരഞ്ഞെടുത്ത മാര്‍ഗ്ഗത്തില്‍ തന്നെ സഞ്ചരിക്കണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. പ്രവര്‍ത്തനം വിശാലമായെങ്കിലും ഇതിന്‍റെ മാര്‍ഗ്ഗം വിശാലമാക്കരുതെന്ന് അവര്‍ വീക്ഷിച്ചിരുന്നു. ഇവിടെ ഈ വിശയത്തില്‍ മൗലാനാ മുഹമ്മദ് യൂസുഫ് എഴുതിയ ഒരു കത്തിലെ ചില വാചകങ്ങള്‍ കൊടുക്കുന്നു: ബഹുമാനപ്പെട്ടവരേ, ഹസ്രത്ത് മൗലാനാ മുഹമ്മദ് ഇല്‍യാസ് മര്‍ഹൂമിന്‍റെ കാലത്ത് പൊതുവില്‍ ഈ പ്രവര്‍ത്തനത്തെ എല്ലാവരും നിസ്സാരമായി കണ്ടിരുന്ന കാലത്ത് ഇതിനെ വിലമതിച്ച വ്യക്തിത്വമാണ് താങ്കള്‍. ഈ നിസ്സാരന്‍ ഈ പ്രവര്‍ത്തനത്തില്‍ നിന്നും ഒഴിഞ്ഞ് മാറിയിരുന്ന സമയത്ത് താങ്കള്‍ ഇതില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയുണ്ടായി. പിതാവ് പറയുന്ന സകല കാര്യങ്ങളും താങ്കള്‍ കേള്‍ക്കുകയും പ്രവര്‍ത്തിക്കുകയും ഗ്രഹിക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്നു. ഈ പ്രവര്‍ത്തനത്തില്‍ പരിപൂര്‍ണ്ണമായി ബന്ധപ്പെട്ട് വളരെ വേഗതയില്‍ താങ്കള്‍ സഞ്ചരിച്ചിരുന്നു. അല്ലാഹു താങ്കളുടെ പ്രവര്‍ത്തനത്തില്‍ വലിയ ശക്തി വെച്ചിരുന്നു. ഉപഭൂഖണ്ഡത്തിലെ വിവിധ സ്ഥലങ്ങളിലും അറബ് രാഷ്ട്രങ്ങളിലും താങ്കള്‍ വഴിയായിട്ടാണ് ഈ പ്രവര്‍ത്തനം പ്രചരിച്ചത്. വൈജ്ഞാനിക മേഖല ഇതിനെ പരിചയപ്പെട്ടതും താങ്കള്‍ വഴിയായിത്തന്നെ. പണ്ഡിതര്‍ക്കിടയിലേക്ക് ആദ്യമായി ജമാഅത്തുകളെയും കൊണ്ട് പോയത് താങ്കളാണ്. മൗലാനാ മര്‍ഹൂം താങ്കള്‍ വഴിയായി പണ്ഡിതരുടെ അവസ്ഥകള്‍ മനസ്സിലാക്കുകയും സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്തിരുന്നു. തീര്‍ച്ചയായും ഞങ്ങള്‍ ഇതെല്ലാം വളരെയധികം വിലമതിക്കുന്നുണ്ട്. അല്ലാഹു താങ്കള്‍ക്ക് ഉന്നത പ്രതിഫലം നല്‍കട്ടെ. താങ്കള്‍ ഈ പ്രവര്‍ത്തനത്തോട് വളരെയധികം സഹകരിച്ച വ്യക്തിത്വമാണ്. (ഉദ്ധരണി -മശാഹീറെ ഉമ്മത് കി നസര്‍ മേ 4950). 
ഇത്തരുണത്തില്‍ നിസാമുദ്ദീനിലെ മര്‍ക്കസുമായി ബന്ധപ്പെടുകയും തബ്ലീഗ് പ്രവര്‍ത്തനത്തില്‍ മുഴുകുകയും ചെയ്യുന്നതിനോടൊപ്പം മൗലാനാ നദ്വി സ്വന്തം പ്രവര്‍ത്തന മേഖല വിശാലമാക്കാന്‍ തീരുമാനിച്ചു. 1944 മുതല്‍ 1952-53 വരെ ലക്നൗവിലും പരിസരത്തും വിശാലമായ നിലയില്‍ പ്രവര്‍ത്തിക്കുകയും വലിയ മാറ്റങ്ങള്‍ ഉളവാകുകയും ചെയ്തു. വിശിഷ്യാ, വിജ്ഞാനവും ചിന്തയുമുള്ള വിഭാഗം ഈ പ്രവര്‍ത്തനത്തിലേക്ക് കൂടുതലായി അടുത്തു. മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി ഈ സമയങ്ങളില്‍ മൗലാനായോടൊപ്പം പരിപൂര്‍ണ്ണമായി സഹകരിച്ചുവെന്ന് മാത്രമല്ല, ഇരുവരും ഒത്തൊരുമിച്ച് ബീഹാര്‍, പഞ്ചാബ്, കശ്മീര്‍, അതിര്‍ത്തി പ്രദേശങ്ങള്‍ മുതലായ സ്ഥലങ്ങളില്‍ യാത്ര ചെയ്യുകയും വിജയകരമായ വലിയ സമ്മേളനങ്ങള്‍ നടത്തുകയും ചെയ്തു. മുറാദാബാദ്, ഭോപ്പാല്‍, സൂറത്ത്, ബസ്തി, സീതാപൂര്‍, കാണ്‍പൂര്‍, ലക്നൗ എന്നിവിടങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ മൗലാനാ നദ്വിയും മൗലാനാ നുഅ്മാനിയും നടത്തിയ പ്രഭാഷണങ്ങള്‍ വളരെ ശ്രദ്ധേയമായിരുന്നു. 1945 ജൂലൈ മാസത്തില്‍ കശ്മീരില്‍ പര്യടനം നടത്തി. ഈ യാത്രയ്ക്കിടയില്‍ മൗലാനാ അബുല്‍ കലാം ആസാദുമായി കണ്ടുമുട്ടി. 1946 മെയ് 6,7,8 തിയതികളില്‍ ലക്നൗവിലെ റഹീമാ ബാദില്‍ നടന്ന വിശാലമായ സമ്മേളനത്തില്‍ ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ, ഹസ്രത്ജി മൗലാനാ മുഹമ്മദ് യൂസുഫ്, ഇമാമെ അഹ്ലുസ്സുന്ന മൗലാനാ അബ്ദുശ്ശകൂര്‍ ഫാറൂഖി, ദാറുല്‍ ഉലൂം മുഹ്തമിം മൗലാനാ ഖാരി മുഹമ്മദ് ത്വയ്യിബ് എന്നീ മഹത്തുക്കള്‍ പങ്കെടുത്തു. 
ഈ കാലത്ത് ആഴ്ച തോറുമുള്ള തബ്ലീഗ് സമ്മേളനങ്ങള്‍ വെള്ളിയാഴ്ച രാവില്‍ ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയുടെ മസ്ജിദിലാണ് നടന്നിരുന്നത്. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ജമാഅത്തുകളും പട്ടണത്തില്‍ നിന്നുള്ള സഹോദരങ്ങളും കൂടുതലായി ഇതില്‍ പങ്കെടുത്തിരുന്നു. മഗ്രിബിന് ശേഷം മൗലാനായും മൗലാനാ നുഅ്മാനിയും മാറിമാറി സംസാരിച്ചിരുന്നു. ഇഷാക്ക് ശേഷം വായിക്കാന്‍ മൗലാനാ പ്രത്യേകം തയ്യാറാക്കിയ സീറത്തെ റസൂലെ അക്റം എന്ന ഗ്രന്ഥം വായിച്ച് കേള്‍പ്പിച്ചിരുന്നു. സുബ്ഹി നമസ്കാരാനന്തരം പൊതുവില്‍ മൗലാനാ തന്നെയാണ് സംസാരിച്ചിരുന്നത്. മൗലാനാ തന്നെ വിവരിക്കുന്നു: പുലര്‍ക്കാലത്ത് തഹജ്ജുദ് നമസ്കാരവും ദിക്ര്‍-ദുആകളും കാരണം മസ്ജിദില്‍ അത്ഭുതകരമായ സമാധാനവും പ്രകാശവും അനുഭവപ്പെട്ടിരുന്നു. എല്ലാവരും പരസ്പരം ഖിദ്മത്തുകള്‍ ചെയ്തിരുന്നു. ത്യാഗം, വിനയം, സ്നേഹം മുതലായ ഗുണങ്ങള്‍ പ്രകടമായിരുന്നു. ദാറുല്‍ ഉലൂമിലെ വിദ്യാര്‍ത്ഥികള്‍ക്കും ഈ സമ്മേളനങ്ങള്‍ കാരണം വലിയ ഗുണമുണ്ടായി. അവര്‍ നാടുകളില്‍ പോയി ഈ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. 

രിയാള-മുജാഹദകള്‍. 
മൗലാനായുടെ ജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങളില്‍ കടുത്ത പ്രശ്നങ്ങളും പരീക്ഷണങ്ങളും സംജാതമായി. എന്നാല്‍ രിയാള-മുജാഹദകളില്‍ മുഴുകിയ മൗലാനാ തികഞ്ഞ സഹനതയോടെയും അടിയുറപ്പോടെയും ഈ ഘട്ടങ്ങളെ മുറിച്ച് കടന്നു. ആദരണീയ പിതാവിന്‍റെ വിയോഗ സമയത്ത് മൗലാനായ്ക്ക് ഒമ്പത് വയസ്സായിരുന്നു. തുടര്‍ന്ന് പല വര്‍ഷങ്ങള്‍ വലിയ ഞെരുക്കമായിരുന്നു. ശേഷം അല്ലാഹു ജേഷ്ഠ സഹോദരന് വിശാലത കൊടുത്തു. ജേഷ്ഠന്‍ വിദ്യാഭ്യാസ-ശിക്ഷണങ്ങളില്‍ വളരെ ശ്രദ്ധിച്ചെങ്കിലും ബന്ധുക്കളടക്കം പലരും ആക്ഷേപ-വിമര്‍ശനങ്ങള്‍ ചൊരിഞ്ഞിരുന്നു. മൗലാനാ അതും സഹിച്ചു. ദാറുല്‍ ഉലൂമില്‍ അദ്ധ്യാപനം ആരംഭിച്ചപ്പോഴും പൂര്‍വ്വ പിതാക്കളുടെ ഭൗതിക വിരക്തി മുറുകെ പിടിച്ചു. 40 രൂപയാണ് ശമ്പളം ലഭിച്ചിരുന്നത്. ഏതാനും നാളുകള്‍ക്ക് ശേഷം അതും ഉപേക്ഷിച്ചു. തുടര്‍ന്ന് വലിയ പ്രയാസമായിരുന്നു. പ്രഭാത ഭക്ഷണം ഒന്നും കഴിക്കാനില്ലാത്തതിനാല്‍ ആരും അറിയാതെ പുറത്തേക്ക് പോകുകയും നാശ്തയുടെ സമയം കഴിഞ്ഞ് ക്ലാസ്സില്‍ വന്ന് ഇരിക്കുകയും ചെയ്യുമായിരുന്നു. അന്നത്തെ ഒരു ശിഷ്യന്‍ മൗലാനാ സയ്യിദ് മുഹമ്മദ് ത്വാഹിര്‍ മന്‍സൂര്‍പൂരി സ്വന്തം അനുഭവം ഇപ്രകാരം വിവരിക്കുന്നു: ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് സംശയം തോന്നി. ഞങ്ങള്‍ ഒരു ദിവസം നാശ്ത പാചകം ചെയ്ത് മൗലാനായുടെ അരികിലേത്തി. കഠിനമായ വിശപ്പ് കാരണം മൗലാനായ്ക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു. വളരെയധികം സന്തോഷത്തോടെ ദുആ ഇരക്കുകയും താല്‍പ്പര്യത്തോടെ ഭക്ഷിക്കുകയും ചെയ്തു. (തഅ്മീറെ ഹയാത്ത് മുഫക്കിറുല്‍ ഇസ്ലാം സ്മരണിക). 
ഇതിനിടയില്‍ മൗലാനാ നദ്വത്തുല്‍ ഉലമായില്‍ നിന്നും കുറച്ച് നാളുകള്‍ മാറിത്താമസിച്ചു. ഇതിനെ കുറിച്ച് മൗലാനാ എഴുതുന്നു: 1946 തുടക്കത്തില്‍ നദ്വത്തുല്‍ ഉലമയില്‍ നിന്നും ജോലിയുടെ ബന്ധം അവസാനിപ്പിച്ചുവെങ്കിലും സ്വന്തം ഇഷ്ടപ്രകാരം ചില പാഠങ്ങള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുമായിരുന്നു. ഈ സമയത്ത് ദാറുല്‍ ഉലൂം മസ്ജിദിനടുത്ത് ഒരു ചെറിയ വീടിന്‍റെ നിര്‍മ്മാണം നടന്നിരുന്നു. എനിക്ക് എവിടെന്ന് ചിന്തയുണ്ടായെന്ന് അറിയില്ല, ജേഷ്ഠനോട് അനുവാദം ചോദിച്ച് അവിടെ താമസമാരംഭിച്ചു. മാതാവിനെയും കുടുംബത്തെയും അവിടേക്ക് കൂട്ടിക്കൊണ്ട് വന്നു. സമ്പാദ്യത്തിന് യാതൊരു വഴിയുമില്ലായിരുന്നു. ഈ വര്‍ഷം കഠിനമായ സാമ്പത്തിക ഞെരുക്കത്തില്‍ കഴിച്ചുകൂട്ടി. അമീനാബാദില്‍ നിന്നും നസീറാബാദിലേക്ക് പോകുന്ന വഴിയുടെ അരികില്‍ നിന്ന് പല പ്രാവശ്യം പോക്കറ്റില്‍ നിന്നും വാച്ച് എടുക്കുകയും ഏതെങ്കിലും കടയില്‍ കയറി കുറഞ്ഞ വിലയ്ക്ക് വിറ്റ് ഏതാനും ദിവസം ജീവിത കാര്യങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുകയും കടക്കാര്‍ മോഷണമാണെന്ന് തെറ്റിദ്ധരിക്കുമെന്ന ഭയം കാരണം പിന്മാറുകയും ചെയ്തത് നന്നായി ഓര്‍മ്മയുണ്ട്. കടം വളരെയധികം കൂടി. 1947-ല്‍ രക്തസാക്ഷിയായ കാന്ദലയിലെ സമ്പന്നന്‍ മൗലവി സഹീറുല്‍ ഹസന് കത്തെഴുതി, കുറച്ച് തുക കടം തരണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം വളരെ വേഗത്തില്‍ പണം അയച്ച് തന്നു. ഈ വര്‍ഷം മുഴുവന്‍ വലിയ ഞെരുക്കത്തിലായിരുന്നു. ഈ ഐശ്വര്യമില്ലായ്മ എങ്ങനെയുണ്ടായി എന്ന് എനിക്ക് മനസ്സിലായില്ല. എന്‍റെ മാറിത്താമസത്തിന്‍റെ പേരില്‍ ജേഷ്ഠന്‍ വളരെ ദുഃഖിതനാണെന്ന് ഇടയ്ക്ക് ഞാന്‍ അറിഞ്ഞു. ഞാന്‍ ലക്നൗവിലുള്ളപ്പോള്‍ എന്‍റെ ജീവിത കാലത്ത് മാറിത്താമസിച്ചതില്‍ അദ്ദേഹം വളരെ സങ്കടപ്പെട്ടതായി ഒരാള്‍ പറഞ്ഞു. ഞാന്‍ കരഞ്ഞുകൊണ്ട് ജേഷ്ഠനോട് മാപ്പിരന്നു. ഉടനടി പഴയ വീട്ടിലേക്ക് വന്നു. പിന്നീട് എപ്പോഴെങ്കിലും ഇപ്രകാരം ഞെരുക്കമുണ്ടായതായി ഓര്‍മ്മയില്ല. (കാറവാന്‍). 

ഇരട്ടി പരീക്ഷണങ്ങള്‍. 
ഈ കടുത്ത ഞെരുക്കത്തിനിടയില്‍ ഒരു ഭാഗത്ത് അലീഗഡ് യൂണിവേഴ്സിറ്റിയിലെ ദീനിയാത്ത് വിഭാഗത്തില്‍ നിന്നും മറുഭാഗത്ത് ഹൈദരാബാദ് ഉസ്മാനിയാ യൂണിവേഴ്സിറ്റിയില്‍ നിന്നും ക്ഷണങ്ങള്‍ വന്നു. ഇത് ആദ്യത്തെ പരീക്ഷണത്തെക്കാള്‍ വലുതായിരുന്നു. എന്നാല്‍ അല്ലാഹു ഇതിലും മൗലാനായെ ഉറപ്പിച്ച് നിര്‍ത്തി. ഇവിടെ ഇമാം അഹ്മദ് (റഹ്) ന്‍റെ സംഭവം ഓര്‍മ്മ വരുന്നു. മുഅ്തസിമിന് ശേഷം വാസിഖിന്‍റെ യുഗത്തില്‍ മുഅ്തസിമിന്‍റെ ശൈലിക്ക് നേരെ വിരുദ്ധമായി വാസിഖ് ഇമാമിനോട് വലിയ ബഹുമാനാദരവുകള്‍ പുലര്‍ത്തിയപ്പോള്‍ ഇമാം പറഞ്ഞു: ഈ പരീക്ഷണം പഴയ പരീക്ഷത്തെക്കാള്‍ കഠിനം തന്നെ. മൗലാനാ കുറിക്കുന്നു: താങ്കളുടെ വീട്ടിലെ മദ്റസയില്‍ ശമ്പളം കുറവായതും മറ്റൊരു സ്ഥലത്ത് ശമ്പളം കൂടുതലായതും കൊണ്ടല്ലേ താങ്കള്‍ പുതിയ ജോലി സ്വീകരിച്ചത് എന്ന് ഇഹലോകത്തോ പരലോകത്തോ ആരെങ്കിലും ചോദിച്ചാല്‍ എന്ത് മറുപടി കൊടുക്കും എന്ന ചിന്ത എന്നില്‍ ശക്തമാകുകയും ആ ക്ഷണം നിരസിക്കുകയും ചെയ്തു. (കാറവാന്‍). ഇവിടെ ഒരു കാര്യം ഓര്‍ക്കുക : നദ്വത്തുല്‍ ഉലമായില്‍  നിന്നും മൗലാനായ്ക്ക് അന്ന് നാല്‍പ്പത് രൂപയാണ് ലഭിച്ചിരുന്നത്. അതും മൗലാനാ വേണ്ടെന്ന് വെച്ചു. ഹൈദരാബാദിലെയും അലീഗഡിലേയും ജോലികള്‍ക്ക് യഥാക്രമം നാന്നൂറും എഴുന്നൂറും രൂപയാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. 

ദാഇറയില്‍ ഒരു അനുഗ്രഹീത സംഘം. 
1947-ല്‍ ഫെബ്രുവരി മാസം ഹസ്രത്ത് റായ്പൂരി, ശൈഖുല്‍ ഹദീസ് ഹസ്രത്ജി മൗലാനാ മുഹമ്മദ് യൂസുഫ് എന്നവരും മറ്റ് പ്രധാനപ്പെട്ടവരും അടങ്ങുന്ന ഒരു ജമാഅത്ത് ലക്നൗവില്‍ വന്നു. അവിടെ നിന്നും അവര്‍ മൗലാനായുടെ നാടായ റായ്ബറേലിയിലുമെത്തി. മൗലാനാ എഴുതുന്നു: ഒരു ലോറിയില്‍ എല്ലാവരും റായ്ബരേലിയിലെത്തിച്ചേര്‍ന്നു. നാട്ടുകാരെല്ലാവരും കൂടിച്ചേര്‍ന്ന് മഹാന്മാരെ സ്വീകരിച്ചു. ഒരു രാവും പകലും ഈ അനുഗ്രഹീത സംഘം ഞങ്ങളുടെ നാട്ടില്‍ താമസിച്ചു. വലിയ ആനന്ദവും സന്തോഷവും അനുഭവപ്പെട്ടു. വിനീതന്‍ രാവിലെ ശൈഖുല്‍ ഹദീസിന് വുളൂഅ് എടുക്കാനുള്ള വെള്ളം ഒഴിച്ച് കൊടുത്തപ്പോള്‍ ശൈഖ് ഇടറിയ ശബ്ദത്തില്‍ പറഞ്ഞു: ഇവിടെ നിന്നും പോകാന്‍ മനസ്സ് അനുവദിക്കുന്നില്ല. (ശൈഖുല്‍ ഹദീസ് ജീവചരിത്രം.) 

ഹൈദരാബാദ് യാത്ര 
ആദരണീയ പിതാവ് മൗലാനാ സയ്യിദ് അബ്ദുല്‍ ഹയ്യിന്‍റെ ഉജ്ജ്വല ഗ്രന്ഥം നുസ്ഹത്തുല്‍ ഖവാത്തിര്‍ രണ്ട് ഭാഗങ്ങള്‍ മാത്രമേ ഇത് വരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നുള്ളൂ. പ്രസിദ്ധീകരിക്കപ്പെട്ട ഭാഗങ്ങളുടെ അവസ്ഥയും വളരെ പരിതാപകരമായിരുന്നു. യാദൃശ്ചികമായി പ്രസ്തുത ഭാഗങ്ങള്‍ അന്ന് ഹൈദരാബാദിലുണ്ടായിരുന്ന മൗലാനാ മുനാസിര്‍ അഹ്സന്‍ ഗീലാനി കാണുകയുണ്ടായി. അദ്ദേഹം വളരെ പ്രാധാന്യത്തോടെ മൗലാനായ്ക്ക് കത്തെഴുതുകയും അത് പുനപ്രസിദ്ധീകരിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ ഹൈദരാബാദിലെ ദാഇറത്തുല്‍ മആരിഫ് ഭാരവാഹികളെ ഇതിന് തയ്യാറാക്കുകയും ചെയ്തു. ഇതിന് വേണ്ടി മൗലാനാ ഹൈദരാബാദ് വരെ യാത്ര ചെയ്യാനും ഏതാനും ദിവസം അവിടെ താമസിക്കാനും മൗലാനാ പ്രേരിപ്പിച്ചു. അങ്ങനെ മൗലാനാ ഹൈദരാബാദിലേക്ക് പോകുകയും ഏതാനും മാസം അവിടെ താമസിച്ച് പ്രസ്തുത ഗ്രന്ഥം ദാഇറത്തുല്‍ മആരിഫില്‍ നിന്നും പ്രസിദ്ധീകരിക്കുകയും ചെയ്തു. ഹൈദരാബാദില്‍ മൗലാനാ താമസിച്ചത് മൗലാനാ ഗീലാനിയോടൊപ്പമാണ്. മൗലാനാ ഗീലാനിയെ നാളുകളായി മൗലാനായ്ക്ക് പരിചയമുണ്ടായിരുന്നു. വിദ്യാര്‍ത്ഥി ജീവിതത്തിന്‍റെ അവസാന ഘട്ടത്തില്‍ ഖുര്‍ആന്‍ പഠനത്തിന് വേണ്ടി മൗലാനാ ഗീലാനിയുടെ അരികിലേക്ക് മൗലാനായെ വിടാന്‍ ജേഷ്ഠന്‍ ആഗ്രഹിച്ചിരുന്നു. അത് നടന്നില്ലെങ്കിലും മൗലാനാ 1941 മുതല്‍ മൗലാനാ ഗീലാനിയുമായി കത്തിടപാടുകള്‍ നടത്തിയിരുന്നു. മൗലാനാ ഗീലാനിയുടെ രചനകള്‍ വിശിഷ്യാ, അന്നബിയ്യുല്‍ ഖാതിം, മൗലാനാ വളരെ താല്‍പ്പര്യത്തോടെ വായിച്ചിരുന്നു. മൗലാനാ പറയുന്നു: പ്രവാചക ചരിത്രത്തില്‍ ഞാന്‍ വായിച്ചിട്ടുള്ള ഏറ്റവും പ്രതിഫലനാത്മകമായ ഗ്രന്ഥങ്ങള്‍ റഹ്മത്തുന്‍ ലില്‍ ആലമീനും അന്നബിയ്യുല്‍ ഖാതിമുമാണ്.! 
ഈ യാത്രയിലൂടെ മൗലാനാ ഗീലാനിയുമായി കൂടുതല്‍ അടുക്കുകയും ധാരാളം പ്രയോജനപ്പെടുത്തുകയും ചെയ്തു. മൗലാനാ പറയുന്നു: ഈ യാത്രയിലെ ഏറ്റവും വലിയ ഉപഹാരം മൗലാനാ ഗീലാനിയുടെ വൈജ്ഞാനിക സദസ്സുകളും രസവും അറിവും ഇടകലര്‍ന്ന സഹവാസവുമാണ്. (പുരാനെ ചിറാഗ്). ഈ യാത്രയില്‍ മൗലാനായുടെ സേവകനായി സൂഫി മുഹമ്മദ് ഇഖ്ബാല്‍ മുഹാജിര്‍ മദനി കൂട്ടത്തിലുണ്ടായിരുന്നു. അദ്ദേഹം അന്ന് മൗലാനായുടെ പ്രധാന ആത്മീയ ശിഷ്യനായിരുന്നു. ശേഷം മൗലാനായുടെ അഭിപ്രായ പ്രകാരം തന്നെ ശൈഖുല്‍ ഹദീസുമായി ബന്ധപ്പെടുകയും ഇജാസത്തും ഖിലാഫത്തും കരസ്ഥമാക്കുകയും ചെയ്തു. 

നിസാമുദ്ദീനിലെ റമദാന്‍ 
അല്‍പ്പം കഴിഞ്ഞപ്പോള്‍ റമദാന്‍ മാസം അടുത്തു. മൗലാനാ ഹൈദരാബാദില്‍ നിന്നും ബോംബൈ-ഗുജറാത്ത് വഴി റായ്പൂരിലും സഹാറന്‍പൂരിലുമെത്തി. ഇവിടെയെത്തിയപ്പോള്‍ ശൈഖുല്‍ ഹദീസ് നിസാമുദ്ദീനിലാണെന്ന് അറിഞ്ഞു. രണ്ട് മൂന്ന് ദിവസം ശൈഖിനോടൊപ്പം താമസിക്കാന്‍ നിസാമുദ്ദീനിലെത്തി. മൂന്ന് ദിവസം കഴിഞ്ഞ് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ശൈഖ് കൂട്ടത്തില്‍ നില്‍ക്കാന്‍ നിര്‍ദ്ദേശിച്ചു. അല്‍പ്പ ദിവസം കൂടി നില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും അവസാനം റമദാന്‍ മുഴുവന്‍ നിസാമുദ്ദീനില്‍ കഴിച്ച് കൂട്ടാന്‍ ഉദ്ദേശിച്ചു. ഈ താമസത്തിനിടയില്‍ ശൈഖുല്‍ ഹദീസുമായി വളരെയധികം അടുത്തു. പെരുന്നാള്‍ കഴിഞ്ഞ് ശൈഖുല്‍ ഹദീസ് പതിവനുസരിച്ച് റായ്പൂരിലേക്ക് പോയപ്പോള്‍ മൗലാനായും കൂട്ടത്തില്‍ പോയി. ശൈഖുല്‍ ഹദീസ് വളരെ പ്രാധാന്യത്തോടെ ഹസ്രത്ത് റായ്പൂരിയോട് മൗലാനായെ കുറിച്ച് പറഞ്ഞു. മൗലാനാ കുറിക്കുന്നു: ഹസ്രത്ത് റായ്പൂരിയോട് മുമ്പ് മുതലേ സ്നേഹ-ബഹുമാനങ്ങള്‍ ഉണ്ടായിരുന്നു. ഹസ്രത്തും എന്നോട് വളരെയധികം കരുണയോടെ വര്‍ത്തിച്ചിരുന്നു. എന്നാല്‍ ശൈഖിന്‍റെ സ്നേഹം നിറഞ്ഞ പരിചയപ്പെടുത്തലിന് ശേഷം ഈ ബന്ധം കൂടുതല്‍ ശക്തിപ്പെട്ടു. 

അല്ലാമാ ലാഹോരിയുടെ ഇജാസത്ത് 
അല്ലാമാ അഹ്മദ് അലി ലാഹോരിയുടെ ശൈഖായ ഹസ്രത്ത് ഗുലാം മുഹമ്മദ് ദീന്‍പൂരിയോട് മൗലാനാ മുമ്പ് ബൈഅത്ത് ചെയ്തിരുന്നുവെങ്കിലും തര്‍ബിയത്ത്-സുലൂക്കുകളുടെ ബന്ധം അല്ലാമാ ലാഹോരിയുമായിട്ടായിരുന്നു. വിദ്യാഭ്യാസം, രചന, പ്രബോധനം, മൗലാനാ മുഹമ്മദ് ഇല്‍സാസും ഹസ്രത്ത് റായ്പൂരിയുമായിട്ടുള്ള ബന്ധം ഇതെല്ലാം ഉണ്ടായിരുന്നിട്ടും അല്ലാമാ ലാഹോരിയുമായി ആത്മീയ ബന്ധം നിലനിര്‍ത്താനും വളര്‍ത്താനും മൗലാനാ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1946-ല്‍ അല്ലാമാ ലാഹോരി ഹജ്ജ് യാത്ര നടത്തി. മടങ്ങി വന്നപ്പോള്‍ മൗലാനാ ആശംസ അറിയിച്ചുകൊണ്ട് കത്തെഴുതി. ഇതിനുള്ള മറുപടിയില്‍ ലാഹോരിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. മൗലാനാ ലാഹോറിലെത്തി. ഒരു ദിവസം രഹസ്യമായി വിളിച്ചിരുത്തിക്കൊണ്ട് അല്ലാമ പറഞ്ഞു: മിനയിലെ മസ്ജിദുല്‍ ഖൈഫില്‍ വെച്ച് പ്രത്യേക ദുആയും ഇസ്തിഖാറയും ചെയ്തു. തദ്ഫലമായി ലഭിച്ച അദൃശ്യ സൂചനയുടെ അടിസ്ഥാനത്തില്‍ ഖാദിരിയ്യ പരമ്പരയില്‍ ഇജാസത്തും ഖിലാഫത്തും നല്‍കുകയാണ്.! 
അല്ലാമാ ലാഹോരിയ്ക്ക് മൗലാനായോട് വലിയ സ്നേഹമായിരുന്നു. ഇക്കാര്യം അല്ലാമയുടെ വിവിധ കത്തുകളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ഒരു കത്തില്‍ എഴുതി: എന്‍റെ മനസ്സില്‍ താങ്കളെ കുറിച്ചുള്ള സ്നേഹാദരവുകള്‍ എഴുതാന്‍ സാധിക്കുന്നില്ല. ഹജ്ജിന്‍റെ രാത്രിയില്‍ മസ്ജിദുല്‍ ഖൈഫില്‍ വെച്ച് താങ്കളുടെ സ്ഥാന സമുന്നതിയ്ക്ക് വേണ്ടി അല്ലാഹുവിനോട് ഞാന്‍ ദുആ ചെയ്തു. അല്‍ഹംദുലില്ലാഹ്. ആ ദുആ ഖബൂലായി എന്നാണ് മനസ്സിലാകുന്നത്. മറ്റൊരു കത്തില്‍ കുറിച്ചു: താങ്കള്‍ എന്‍റെയാളാണ്. താങ്കളുടെ മേല്‍ വര്‍ഷിക്കുന്ന അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ എനിക്ക് അഭിമാനകരമാണ്. എന്‍റെ മകന്‍ മൗലവി ഹബീബുല്ലായുടെ പുരോഗതിയെക്കാളും ചില കാരണങ്ങളാല്‍ എന്നെ സന്തോഷിപ്പിക്കുന്നത് താങ്കളുടെ പുരോഗതിയാണ്.! ഒരിക്കല്‍ ഒരു മസ്ജിദില്‍ വെച്ച് അല്ലാമാ ലാഹോരി സംസാരിക്കുകയായിരുന്നു. തദവസരം യാദൃശ്ചികമായി അല്ലാമാ ലാഹോരി പറഞ്ഞു: മൗലവീ അബുല്‍ ഹസന്‍, താങ്കളുടെ മാന്യത ഞാന്‍ അംഗീകരിക്കുന്നു. ഇത് മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു. പഞ്ചാബിലെ ഒരു പണ്ഡിതന്‍ മൗലാനാ അബ്ദുല്‍ മന്നാന്‍ വിവരിക്കുന്നു: ഒരിക്കല്‍ സദസ്സില്‍ വെച്ച് അല്ലാമാ പറഞ്ഞു: എല്ലാവരും മൗലവി അബുല്‍ ഹസന് വേണ്ടി ദുആ ഇരക്കുക.! 
മറുഭാഗത്ത് മൗലാനായ്ക്കും അല്ലാമയോട് വലിയ മാനസിക ബന്ധമായിരുന്നു. അല്ലാമയുടെ കത്തുകളെ കുറിച്ച് മൗലാനാ കുറിക്കുന്നു. അല്ലാമയുടെ കത്ത് വായിക്കുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന പിതൃത്വപരമായ കാരുണ്യവും ശിക്ഷണ പരമായ ശ്രദ്ധയും കാണുമ്പോല്‍ മനസ്സില്‍ വികാരത്തിന്‍റെ വേലിയേറ്റം ഉണ്ടാകാറുണ്ട്. അല്ലാമായുടെ കത്തുകള്‍ ദുഖത്തിന് ആശ്വാസവും ദാഹത്തിന് ശമനവും കഠിനമായ പ്രയാസങ്ങള്‍ക്കിടയില്‍മ മാനസിക ശക്തിയും പകരുന്നതാണ്. (പുരാനേ ചിറാഗ്)

********************


രചനാ പരിചയം

പുതിയ പ്രസിദ്ധീരണം!

പ്രവാചക കഥകള്‍

മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി



    തന്റെ സഹോദരന്റെ മകൻ പ്രയോജനമില്ലാത്ത  കഥാപുസ്തകവുമായി നടക്കുന്നതു കണ്ട മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി അതിലൂടെ സമുദായത്തിന്റെ ചിത്രം ദർശിച്ചു. അങ്ങനെ, ഒരു വിശുദ്ധ രചനാ പരമ്പരയ്ക്കു തുടക്കം കുറിച്ചു, ഖസസുന്നബവിയ്യിൽ; പ്രവാചകന്മാരുടെ കഥയിൽ. ഒന്നു മുതൽ നാല് ഭാഗങ്ങൾ വരെ തെരഞ്ഞെടുക്കപ്പെട്ട ഏതാനും നബിമാരുടെ കഥാ കഥനങ്ങളും അഞ്ചാംഭാഗം അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ)യുടെ ചരിത്രവുമാണ്.
     ഈ ഗ്രന്ഥം രണ്ട് ഭാഗങ്ങളായിട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. ഇതിന്‍റെ ഒന്നാം ഭാഗത്തില്‍ ഇബ്റാഹിം നബി (അ), യൂസുഫ് നബി (അ), നൂഹ് നബി (അ), ഹൂദ് നബി (അ), സ്വാലിഹ് നബി (അ) എന്നീ അഞ്ച് നബിമാരുടെ സംഭവങ്ങള്‍ ഖുര്‍ആനിന്‍റെ വെളിച്ചത്തില്‍ കൊടുത്തിരിക്കുന്നു.
    രണ്ടാം ഭാഗത്തില്‍ ആദ്യം പരിശുദ്ധ ഖുര്‍ആനില്‍ ഏറ്റവും കൂടുതലായി വിവരിച്ചിട്ടുള്ള മൂസാ നബി (അ)നെക്കുറിച്ച് വിവരിക്കുന്നു. ശേഷം ശുഅയ്ബ് നബി (അ), ദാവൂദ് നബി (അ), അയ്യൂബ് നബി (അ), യൂനുസ് നബി (അ), സകരിയ്യാ നബി (അ) എന്നീ നബിമാരെക്കുറിച്ച് ഹൃസ്വമായി വിവരിച്ചതിന് ശേഷം അവസാനമായി ഈസാ നബി (അ)യെക്കുറിച്ച് മധ്യമമായ നിലയില്‍ അനുസ്മരിക്കുന്നു. ഒന്നാം ഭാഗത്തിലെ ഭാഷാ ശൈലി വളരെ ലളിതമാണെങ്കില്‍ അത് പഠിച്ചവര്‍ക്ക് എളുപ്പമാകുന്ന നിലയിലും എന്നാല്‍ രണ്ടാം ഭാഗത്തിലെ ഭാഷ ശൈലി അല്‍പ്പം ഉയര്‍ന്ന നിലയിലുമാണ് രണ്ടാം ഭാഗത്തില്‍ വിവരണങ്ങള്‍ നടത്തിയിട്ടുള്ളത്. പടച്ചവന്‍ ഇത് പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും എല്ലാവര്‍ക്കും ഉതവി നല്‍കട്ടെ.

ഫോണ്‍: 7736723639 







പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി



ഞങ്ങളുടെ കേന്ദ്ര സ്ഥാപനം


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌