▪️മുഖലിഖിതം
ഓള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമി 
വര്‍ക്ക്ഷോപ്പ് പ്രമേയങ്ങള്‍ ..
✍️മൗലാനാ അതീഖ് അഹ്മദ് ഖാസിമി
▪️ജുമുഅ സന്ദേശം 
നീതിയും പരോപകാരവും മുറുകെ പിടിക്കുക 
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
(പ്രസിഡന്‍റ് ജംഇയത്ത് ഉലമാ എ ഹിന്ദ്, വൈസ്പ്രസിഡന്‍റ് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
▪️മആരിഫുല്‍ ഖുര്‍ആന്‍ 
സൂറത്തുയാസീന്‍ ഭാഗം-11
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
▪️മആരിഫുല്‍ ഹദീസ്
നമസ്കാരത്തില്‍ അവസാനത്തെ
 ഇരുത്തത്തിലെ ചില ദുആകള്‍
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
▪️ ജീവചരിത്രം
മുഫക്കിറുല്‍ ഇസ്‌ലാം അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി; ജീവിതവും സന്ദേശവും- 10
✍️ മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ്‍വി
▪️ വാര്‍ത്തകള്‍
****************


മുഖലിഖിതം

ഓള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമി 
വര്‍ക്ക്ഷോപ്പ് പ്രമേയങ്ങള്‍ 

മൗലാനാ അതീഖ് അഹ്മദ് ഖാസിമി
(സെക്രട്ടറി: ഓള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമി)

        അല്ലാഹുവിന്‍റെ അളവറ്റ അനുഗ്രഹത്താല്‍ ഓള്‍ ഇന്ത്യാ ഇസ്ലാമിക് ഫിഖ്ഹ് അക്കാദമിയും വടകരയിലെ മദ്റസ ഉമ്മഹാത്തുല്‍ മുഅ്മിനീനും സഹകരിച്ച് മസ്ജിദുല്‍ അബ്റാറില്‍ 2024 ഡിസംബര്‍ 21,22 തീയതികളില്‍ 'സാമൂഹ്യ നിര്‍മ്മിതിയില്‍ സ്ത്രീകളുടെ പങ്ക്' എന്ന വിഷയത്തില്‍ ഒരു വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുകയുണ്ടായി. ഇതില്‍ 200 ലേറെ പുരുഷന്മാരും സ്ത്രീകളും പങ്കെടുത്തു. ഇവര്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നവരായിരുന്നു. കൂടാതെ ധരാളം പണ്ഡിതന്മാരും ബുദ്ധിജീവികളും ചര്‍ച്ചകളില്‍ സജീവമായി പങ്കുകൊണ്ടു. കേരളീയരായ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിക്കപ്പെട്ടു. കൂടാതെ അക്കാദമിയുടെ പ്രതിനിധികളും പങ്കെടുത്ത് സംസാരിച്ചു. സദസ്സില്‍ നിന്നും വിവിധ ചോദ്യങ്ങള്‍ ലഭിക്കുകയും മറുപടികള്‍ നല്‍കുകയും ചെയ്തു. അവസാനമായി സദസ്യര്‍ക്ക് മുന്‍പാകെ സമര്‍പ്പിക്കപ്പെട്ട സുപ്രധാന പ്രമേയങ്ങള്‍ ഇവിടെ സമര്‍പ്പിക്കുന്നു. അല്ലാഹു മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും തൗഫീഖ് നല്‍കട്ടെ:
1. സര്‍വ്വലോക പരിപാലകനായ അല്ലാഹു മുഴുവന്‍ മനുഷ്യരെയും ഒരു സ്ത്രീയില്‍ നിന്നും പുരുഷനില്‍ നിന്നുമാണ് പടച്ചിരിക്കുന്നത്. ശേഷം പരസ്പരം തിരിച്ചറിയുന്നതിനും സഹകരിക്കുന്നതിനും മനുഷ്യരെ പല കുടുംബങ്ങളായി തിരിച്ചു. പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: അല്ലയോ ജനങ്ങളെ, തീര്‍ച്ചയായും നിങ്ങളെ ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും നാം പടച്ചു. നിങ്ങളെ പല വിഭാഗങ്ങളും ഗോത്രങ്ങളും നാം ആക്കി, നിങ്ങള്‍ പരസ്പരം തിരിച്ചറിയുന്നതിന് വേണ്ടി. (ഹുജുറാത്ത്) ആകയാല്‍ സ്ത്രീജനങ്ങളും മനുഷ്യര്‍ എന്ന നിലയില്‍ പുരുഷന്മാര്‍ക്ക് തുല്യര്‍ തന്നെയാണ്. അവര്‍ മുസ്ലിംകളാകട്ടെ, അമുസ്ലിംകളാകട്ടെ അവരോട് യാതൊരു തരത്തിലുള്ള അനീതികളും മാറ്റിനിര്‍ത്തലുകളും പാടില്ല.
2. മതപരവും കാലികവുമായ വിജ്ഞാനങ്ങള്‍ കരസ്ഥമാക്കാന്‍ സ്ത്രീകളും അര്‍ഹതയുള്ളവരാണ്. എന്നാല്‍ ശരീഅത്തിന്‍റെ നിയമാതിര്‍ത്തികളെ എല്ലാവരും സൂക്ഷിക്കേണ്ടതുണ്ട്. അതിന് ഏറ്റവും അനുയോജ്യം പെണ്‍കുട്ടികള്‍ക്ക് മാത്രമായി സ്ഥാപിക്കപ്പെട്ട പാഠശാലകളില്‍ അവരെ പഠിപ്പിക്കലാണ്. ഇനി അടുത്ത സ്ഥലങ്ങളില്‍ അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലെങ്കില്‍, മിശ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഇരിപ്പിടങ്ങളുള്ള സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതാണ്. വിദൂര വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളെ ഇത്തരുണത്തില്‍ പ്രയോജനപ്പെടുത്തേണ്ടതാണ്.
3. മ്ലേച്ഛതകളും ആട്ടവും പാട്ടും ലൈംഗിക അരാജകത്വങ്ങളും പഠിപ്പിക്കുന്ന, അല്ലെങ്കില്‍ സത്യവിശ്വാസത്തിനെതിരായ നിഷേധവും ബഹുദൈവാരാധനയും പ്രേരിപ്പിക്കുന്ന, അല്ലെങ്കില്‍ ഇസ്ലാമിന്‍റെ സംസ്കാരത്തിന് എതിരായ മറ്റു സംസ്കാരങ്ങളെ തിരഞ്ഞെടുക്കാന്‍ സമ്മര്‍ദ്ധം ചെലുത്തുന്ന സ്കൂളുകളിലും കോളേജുകളിലും നമ്മുടെ ആണ്‍മക്കളെയും പെണ്‍മക്കളെയും അയക്കുന്നതില്‍ നിന്നും സമുദായം അകലം പാലിക്കണം.
4. സ്ത്രീകള്‍ക്കും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സേവനങ്ങളിലും പങ്കെടുക്കാവുന്നതാണ്. എന്നാല്‍ ശരീഅത്ത് നിയമങ്ങളുടെ അതിര്‍ത്തികള്‍ പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതായത് ആണുങ്ങളും പെണ്ണുങ്ങളും പരസ്പരം കൂടിക്കലരുന്ന അവസ്ഥയുണ്ടാകരുത്. ഇസ്ലാമിക വ്യക്തിത്വം സംരക്ഷിക്കുന്ന സാഹചര്യമുണ്ടാകണം. ഈ നിബന്ധനകള്‍ പാലിച്ചുകൊണ്ട് സ്ത്രീകള്‍ക്കും സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. മാത്രമല്ല, അവര്‍ക്ക് ഇത്തരം സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്ഥാപനങ്ങളും സ്ഥാപിക്കാവുന്നതാണ്.
5. ഇസ്ലാമിക ശരീഅത്ത് പഠിപ്പിക്കുന്ന സ്ത്രീകളുടെ എല്ലാ അവകാശങ്ങളും നിര്‍വഹിക്കാന്‍ പുരുഷന്മാരും, പുരുഷന്മാരോടുള്ള കടമകള്‍ പാലിക്കാനും കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനും സ്ത്രീകളും സന്നദ്ധരാകണമെന്ന് ഈ പഠന സദസ്സ് മുഴുവന്‍ സമുദായത്തോടും അഭ്യര്‍ത്ഥിക്കുന്നു.
6. അവസാനമായി, നമ്മില്‍ നിന്നും വിട പറഞ്ഞ മുഴുവന്‍ മഹത്തുക്കള്‍ക്കും വേണ്ടി ദുആ ഇരക്കുന്നു. പ്രത്യേകിച്ച് ഈ സദസ്സ് നടക്കുന്ന സന്ദര്‍ഭത്തില്‍ നമ്മളില്‍നിന്നും അല്ലാഹുവിലേക്ക് യാത്രയായ നമ്മുടെയെല്ലാം മാര്‍ഗദര്‍ശിയും ഗുരുനാഥനുമായ അല്ലാമ ഖമറുദ്ദീന്‍ ഖാസിമി (റഹ്) യുടെ വേര്‍പാടില്‍ അങ്ങേയറ്റം ദുഃഖം രേഖപ്പെടുത്തുന്നു. അല്ലാഹു മഹാനവര്‍കള്‍ക്ക് പരിപൂര്‍ണ്ണ മഗ്ഫിറത്ത് മര്‍ഹമത്തുകളും ഉയര്‍ന്ന ദറജാത്തുകളും നല്‍കി അനുഗ്രഹിക്കട്ടെ.
7. കൃതജ്ഞത: ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി ഇവിടെ ഈ സദസ്സ് സംഘടിപ്പിക്കാന്‍ കാരണക്കാരായ, ഇതില്‍ പങ്കെടുത്ത, ഇതുമായി സഹകരിച്ച, സേവനങ്ങള്‍ ചെയ്ത എല്ലാ സുമനസ്സുകള്‍ക്കും ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങളുടെ സേവനങ്ങളും സഹകരണവും കാരണമായി മനോഹരമായ ഒരു വര്‍ക്ക്ഷോപ്പ് ഇവിടെ നടന്നു. പ്രത്യേകിച്ച് മദ്റസ ഉമ്മഹാത്തുല്‍ മുഅ്മിനീന്‍, മസ്ജിദുല്‍ അബ്റാര്‍ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍, പ്രബന്ധങ്ങള്‍ തയ്യാറാക്കിയവര്‍, വിവിധ സ്ഥലങ്ങളില്‍ നിന്നും യാത്ര ചെയ്തു വന്നവര്‍ എല്ലാവര്‍ക്കും ആത്മാര്‍ത്ഥമായി നന്ദി രേഖപ്പെടുത്തുന്നു. ഇനിയും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രയോജനപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. അല്ലാഹു സ്വീകരിക്കട്ടെ.

🔼🔼🔼🔼🔼🔼🔼🔼🔼🔼🔼🔼



ബഹുമാന്യരെ,


السلام عليكم ورحمة الله وبركاته

ക്ഷേമം നേരുന്നു. ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ ഒരു പ്രധാന പ്രവര്‍ത്തനമാണ് തഫ്ഹീമെ ശരീഅത്ത്. പൊതുവില്‍ തെറ്റിദ്ധരിക്കപ്പെടുന്ന ശരീഅത്ത് നിയമങ്ങളെയും അവയുടെ തത്വങ്ങളെയും കുറിച്ച് പണ്ഡിതരെയും നിയമജ്ഞരെയും ഉണര്‍ത്തുക എന്നതാണ് ഇതിന്‍റെ ഉദ്ദേശം. ഇവർ വഴിയായി ഈ സേവനം കൂടുതൽ നല്ലനിലയിൽ വിവിധ മേഖലകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിലൂടെ ജനങ്ങൾക്ക് ഇസ്‌ലാമിക ശരീഅത്തിന്റെ ഉദ്ദേശ-ലക്ഷ്യങ്ങളും ഗുണ-ഫലങ്ങളും വ്യക്തമാകുന്നതും സമാധാനം കൈവരുന്നതുമാണ്. മറുഭാഗത്ത്, ഇസ്‌ലാമിക ശരീഅത്ത് പരലോക വിജയത്തോടൊപ്പം ഇഹലോക സമാധാനവും പ്രദാനം ചെയ്യുന്നതാണെന്ന് ബോധ്യപ്പെടുകയും ചെയ്യും.
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇതിനുവേണ്ടിയുള്ള വിവിധ ശില്‍പശാലകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി ഒരു ശില്പശാല 2024 ഡിസംബർ 28 ശനിയാഴ്ച്ച 9:00 AM - 06:00 PM ഓച്ചിറ ദാറുൽ ഉലൂമിൽ വെച്ച് നടക്കുകയാണ്.

* ശരീഅത്ത് നിയമം: പ്രാധാന്യവും പ്രയോജനവും
* വഖ്ഫ്: ഇസ്‌ലാമിക സമീപനവും നിലവിലെ വഖഫ് ഭേദഗതി ബില്ലും
* വിവാഹമോചിതയുടെ ജീവനാംശം

തുടങ്ങിയ വിഷയങ്ങളാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്.  മുഫ്തി ഉമർ ആബിദീൻ ഖാസിമി മദനി (നാഇബ് നാസിം, അൽ മഅ്ഹദുൽ ആലി, ഹൈദരാബാദ്), മുഹമ്മദ് അസ്അദ് നദ്‌വി (ഓർഗനൈസർ, തഫ്ഹീമെ ശരീഅത്ത്) തുടങ്ങിയ മഹത്തുക്കൾ പങ്കെടുത്ത് ക്ലാസ്സുകള്‍ നയിക്കുന്ന ഈ ശില്‍പശാലയില്‍ താങ്കൾ പങ്കെടുക്കുകയും മറ്റുള്ളവരെ പങ്കെടുപ്പിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ!


എന്ന്,
          സംഘാടകര്‍

*************************






ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിന്റെ പ്രധാന പ്രവർത്തനമായ തഫ്ഹീമേ ശരീഅത്തിന്റെ ഏകദിന ശില്പശാല കേരളത്തിൽ ഡിസംബർ 28 ശനിയാഴ്ച ഓച്ചിറ ദാറുൽ ഉലൂമിൽ.

തഫ്ഹീമെ ശരീഅത്ത് കൺവീനർ മൗലാന സയ്യിദ് ബിലാൽ ഹസനി നദ്‌വിയും, മൗലാന ഉമർ ആബിദീൻ ഖാസിമിയും ഇതര പണ്ഡിതരും നേതൃത്വം നൽകുന്നു.

ഏവർക്കും സ്വാഗതം...


All India Muslim Personal Law Board


നീതിയും പരോപകാരവും 
മുറുകെ പിടിക്കുക 

മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി

****************************

പടച്ചവന്‍റെ അനുഗ്രഹത്താല്‍ 2024 ഡിസംബര്‍ 21, 22 തീയതികളില്‍ മലബാറിന്‍റെ കേന്ദ്രസ്ഥാനമായ വടകരയില്‍ ഓള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമിയും മദ്റസാ ഉമ്മഹാത്തുല്‍ മുഅ്മിനീനും സഹകരിച്ച് സാമൂഹിക സംസ്കരണത്തില്‍ സ്ത്രീകളുടെ പങ്കെന്ന വിഷയത്തില്‍ മഹത്തായ ഒരു വര്‍ക്ഷോപ്പ് സംഘടിപ്പിച്ചു. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം പണ്ഡിതന്മാരും വിദ്യാര്‍ത്ഥികളും സഹോദരിമാരും പങ്കെടുത്ത ഈ പഠന സംഗമത്തില്‍ ഓള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമിയുടെ ജന:സെക്രട്ടറി മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനിയും അക്കാദമി സെക്രട്ടറി മൗലാനാ അതീഖ് അഹ്മദ് ഖാസിമിയും വിശിഷ്ടാതിഥികളായി. ഇതിന്‍റെ സമാപന സമ്മേളനം ഇസ്ലാഹെ മുആശിറ (സാമൂഹിക സംസ്കരണം) എന്ന ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് സംഘടിപ്പിക്കപ്പെട്ടത്. ഇതില്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ മൗലാനാ റഹ്മാനി നടത്തിയ സുപ്രധാന പ്രഭാഷണം ഈ പ്രാവശ്യത്തെ ജുമുഅ സന്ദേശമായി നല്‍കുകയാണ്. പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും അഭ്യര്‍ത്ഥിക്കുന്നു.-ചീഫ് എഡിറ്റര്‍

 إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَىٰ وَيَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ وَالْبَغْيِ ۚ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ (90)


നീതിപുലര്‍ത്താനും പരോപകാരം ചെയ്യാനും ബന്ധുക്കള്‍ക്ക് കൊടുക്കാനും തീര്‍ച്ചയായും അല്ലാഹു കല്പിക്കുകയും വ്യക്തമായ മ്ലേച്ഛതകളില്‍ നിന്നും പൊതുപാപങ്ങളില്‍ നിന്നും അക്രമത്തില്‍ നിന്നും അവന്‍ തടയുകയും ചെയ്യുന്നു. അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നത് നിങ്ങള്‍ ഉപദേശം ഉള്‍ക്കൊള്ളാനാണ്.
(നഹ്ല്‍ 90) 
പരിശുദ്ധ ഖുര്‍ആനിലെ ഈ വചനം സാധാരണ പണ്ഡിത മഹത്തുക്കള്‍ ഖുതുബയുടെ അവസാനത്തില്‍ പാരായണം ചെയ്യാറുണ്ട്. ഇത് അടുത്ത കാലഘട്ടത്തില്‍ തുടങ്ങിയ കാര്യമല്ല. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമീറുല്‍ മുഅ്മിനീന്‍ ഉമറുബ്നു അബ്ദില്‍ അസീസ് (റ) നിര്‍ദ്ദേശിക്കുകയും തുടക്കം കുറിക്കപ്പെടുകയും ചെയ്തൊരു കാര്യമാണ്. ഇബ്നു മസ്ഊദ് (റ) പറയുന്നു: സന്മാര്‍ഗ്ഗവും നന്മയും പ്രാപിക്കാനാവശ്യമായ വിധിവിലക്കുകള്‍ ഉള്‍ക്കൊണ്ട പരിശുദ്ധ ഖുര്‍ആനിലെ ആശയ സമ്പുഷ്ടമായ ആയത്താണിത്. (മഫാത്തീഹുല്‍ ഗൈബ്) ഈ ആയത്തില്‍ നമ്മുടെ ജീവിത സരണിയായി സ്വീകരിക്കാന്‍ വേണ്ടി അല്ലാഹു മൂന്ന് കാര്യങ്ങള്‍ കല്‍പ്പിക്കുകയും മൂന്ന് കാര്യങ്ങള്‍ തടയുകയും ചെയ്തിരിക്കുന്നു. ഇതില്‍ രണ്ട് കാര്യങ്ങള്‍ മാത്രം ചെറിയ നിലയില്‍ വിവരിക്കുകയാണ്. 
ഒന്നാമതായി കല്‍പ്പിച്ചിരിക്കുന്ന കാര്യം അല്‍ അദ്ല്‍ (നീതി) ആണ്. നീതിയെന്നാല്‍ മറ്റുള്ളവരുടെ അവകാശങ്ങള്‍ പരിപൂര്‍ണ്ണമായി നല്‍കുകയും നമുക്ക് അവകാശപ്പെട്ടത് മാത്രം എടുക്കുകയും ചെയ്യുക എന്നതാണ്. ഏറ്റവും വലിയ നീതി നമ്മുടെ പടച്ചവനും പരിപാലകനുമായ അല്ലാഹുവിനോടുള്ള നീതിയാണ്. അല്ലാഹുവിനെ മാത്രം ആരാധിക്കുക. അല്ലാഹുവിനോട് ഒരു വ്യക്തിയെയും ശക്തിയെയും പങ്ക് ചേര്‍ക്കരുത്. ശേഷം ഇണ, മാതാപിതാക്കള്‍, മക്കള്‍, ബന്ധുക്കള്‍, അയല്‍വാസികള്‍, ആവശ്യക്കാര്‍ എന്നിങ്ങനെ മുഴുവന്‍ ജനങ്ങളോടുമുള്ള കടമകള്‍ പാലിക്കുകയും ആരുടെയും അവകാശങ്ങള്‍ ഹനിക്കാതിരിക്കുകയും ചെയ്യുക.  ഉദാഹരണത്തിന് നമ്മുടെ മാതാപിതാക്കള്‍ ആരെങ്കിലും മരണപ്പെട്ടു. അവരുടെ സമ്പത്ത് വീതിക്കുക എന്നത് പടച്ചവന്‍റെ കല്‍പ്പനയാണ്. ഈ കല്‍പ്പന പാലിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടത് പരിപൂര്‍ണ്ണമായി നല്‍കുകയും നമുക്ക് അവകാശമായത് മാത്രം എടുക്കുക എന്നതാണ് നീതി. ഇതിന് നാം മുന്നിട്ടിറങ്ങുകയും മറ്റുള്ളവര്‍ ഇത് നിര്‍ദ്ദേശിച്ചാല്‍ നാം അനുസരിക്കുകയും ചെയ്യേണ്ടതാണ്. 
നീതിയുടെ വിഷയത്തില്‍ അടുത്തവരും അകന്നവരും സ്നേഹിതരും ശത്രുക്കളും മുസ്ലിംകളും അമുസ്ലിംകളും എല്ലാവരും തുല്യമാണ്. നമ്മുടെയും അയല്‍വാസികളുടെയും ഇടയില്‍ ഒരു മതില്‍ പണിയുന്നു. അതില്‍ അയല്‍വാസിയുടെ സ്ഥലവും അല്‍പ്പവും എടുക്കരുത്. നമ്മുടെ സ്ഥലം മാത്രം എടുക്കുക. റസൂലുല്ലാഹി (സ)യും സഹാബികളും മക്കാമുകര്‍മയില്‍ നിന്നും പലായനം ചെയ്യാന്‍ കാരണക്കാരായ ശത്രുക്കളെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ക്ക് അവരോടുള്ള കോപം അവരോട് അക്രമം കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. (മാഇദ 2) റസൂലുല്ലാഹി (സ) ഇത് പരിപൂര്‍ണ്ണമായി പാലിക്കുകയും ചെയ്തു. റസൂലുല്ലാഹി (സ) ഹിജ്റ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ റസൂലുല്ലാഹി (സ)യെ വധിക്കാന്‍ ശത്രുക്കള്‍ തീരുമാനിച്ചു. അങ്ങനെ റസൂലുല്ലാഹി (സ) രാത്രിയില്‍ വീട്ടില്‍ നിന്നും പുറപ്പെട്ടു. തദവസരം റസൂലുല്ലാഹി (സ)യുടെ കിടക്കയില്‍ പിതൃവ്യ പുത്രനും പില്‍ക്കാലത്ത് മരുമകനുമായ അലിയ്യ് (റ)നെ കിടത്തുകയുണ്ടായി. അപകടത്തിന് സാധ്യതയുള്ള ഈ സ്ഥലത്ത് റസൂലുല്ലാഹി (സ) അദ്ദേഹത്തെ കിടത്തിയത് എന്തിനാണ്? അതെ, റസൂലുല്ലാഹി (സ) ശത്രുക്കളോടും നീതി കാണിക്കാന്‍ വേണ്ടിയാണ് അലിയ്യ് (റ)നെ അവിടെ കിടത്തിയത്. അന്ന് നിഷേധികള്‍ക്ക് റസൂലുല്ലാഹി (സ)യുടെ സന്ദേശത്തോട് കടുത്ത എതിര്‍പ്പായിരുന്നെങ്കിലും വിശ്വസ്തനായി അവര്‍ കണ്ടിരുന്നത് റസൂലുല്ലാഹി (സ)യെ മാത്രമായിരുന്നു. അതുകൊണ്ട് അവരുടെ സമ്പത്ത് സൂക്ഷിക്കാന്‍ അവര്‍ ഏല്‍പ്പിച്ചിരുന്നത് റസൂലുല്ലാഹി (സ)യെയാണ്. ഇത്തരുണത്തില്‍ അവരുടെ സമ്പത്ത് മുഴുവനും അപഹരിച്ചുകൊണ്ട് റസൂലുല്ലാഹി (സ) പലായനം ചെയ്തിരുന്നുവെങ്കില്‍ ഇന്നത്തെ ശൈലിയില്‍ കുറ്റമൊന്നും ആവുകയില്ലായിരുന്നു. കാരണം സ്വന്തം വീടും സമ്പത്തും ഉപേക്ഷിച്ചാണ് റസൂലുല്ലാഹി (സ) പലായനം ചെയ്യുന്നത്. എന്നാല്‍ റസൂലുല്ലാഹി (സ) അവരുടെ വിശ്വാസത്തിന് വില കല്‍പ്പിക്കുകയും അലിയ്യ് (റ)നോട് അടുത്ത ദിവസം സൂക്ഷിപ്പ് മുതല്‍ അവകാശികള്‍ക്ക് എത്തിച്ച് കൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയും അതിനുവേണ്ടി സ്വന്തം വീട്ടില്‍ തന്നെ കിടത്തുകയും ചെയ്തു. 
രണ്ടാമതായി കല്‍പ്പിക്കപ്പെട്ടിരിക്കുന്ന കാര്യം അല്‍ ഇഹ്സാന്‍ ആണ്. ഇഹ്സാന്‍ എന്നാല്‍ കടമകള്‍ തന്നെ കഴിയുന്നത്ര ഭംഗിയായി നിര്‍വ്വഹിക്കുക എന്നതാണ്. ഉദാഹരണത്തിന് നമസ്കാരത്തിന്‍റെ ഫര്‍ളുകളായ നിര്‍ത്തവും റുകൂഉം സുജൂദും ശരിയാംവിധം നിര്‍വ്വഹിക്കുന്നത് നീതിയാണ്. അതിലൂടെ നമസ്കാരം സാധുവാകുന്നതാണ്. എന്നാല്‍ നമസ്കാരത്തില്‍ ഭയഭക്തിയുണ്ടാക്കിയെടുക്കുന്നതും അല്ലാഹു കാണുന്നു എന്ന ബോധം നിലനിര്‍ത്തലും ഇഹ്സാനാണ്. ഇഹ്സാന്‍ ജീവിതത്തിന്‍റെ എല്ലാ മേഖലകളുമായി ബന്ധപ്പെട്ടതാണ്. റസൂലുല്ലാഹി (സ) അരുളി: എല്ലാ വസ്തുക്കളോടും ഉപകാരപൂര്‍വ്വം വര്‍ത്തിക്കണമെന്ന് അല്ലാഹു കല്‍പ്പിക്കുന്നു. എന്തിനേറെ, ഒരു മൃഗത്തെ അറുക്കുന്നെങ്കില്‍ കഴിവിന്‍റെ പരമാവധി വേദന കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. (മുസ്ലിം) മൃഗത്തോടുള്ള ഉപകാരം ഇതാണെങ്കില്‍ മനുഷ്യരോടുള്ള ഉപകാരത്തെപ്പറ്റി എന്ത് പറയാനാണ്? ഇവിടെ അതുമായി ബന്ധപ്പെട്ട ഏതാനും ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക:  നമ്മുടെ മാതാപിതാക്കള്‍ ആരെങ്കിലും മരണപ്പെട്ടു. അവരുടെ സമ്പത്ത് വീതിക്കാനുള്ള സമയമായപ്പോള്‍ ഭൂസ്വത്തിന്‍റെ ഒരു ഭാഗത്ത് റോഡുണ്ട്. മറുഭാഗത്ത് റോഡില്ല. ഇവിടെ വീതിക്കാന്‍ രണ്ട് മാര്‍ഗ്ഗമുണ്ട്. 1. ഭൂമിയുടെ മൂല്യത്തിന്‍റെ വില കണ്ടെത്തി ഭൂമി വീതിക്കുക. ഇത് നീതിയാണ്. 2. കൂടുതല്‍ ഭംഗിയായി നിര്‍വ്വഹിക്കുക. അതായത്, ഒരു സഹോദരന്‍ പറഞ്ഞു: ഭൂമി വില കൊടുത്ത് വാങ്ങിക്കാന്‍ സാധിക്കും. പക്ഷേ, മാതാപിതാക്കളുടെ മക്കളെന്ന കൂടപ്പിറപ്പ് ബന്ധം വില കൊടുത്ത് വാങ്ങിക്കാന്‍ കഴിയില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭാഗം എടുത്തുകൊള്ളുക. മിച്ചം വരുന്നത് ഞാന്‍ എടുക്കാം. ഇതിന് ഇഹ്സാനെന്ന് പറയുന്നു. റസൂലുല്ലാഹി (സ) ഒരു സഹാബിയ്ക്ക് ഒട്ടകം കൊടുക്കാനുണ്ടായിരുന്നു. റസൂലുല്ലാഹി (സ)യുടെ അരികില്‍ ഏതാനും ഒട്ടകങ്ങള്‍ വന്നപ്പോള്‍ അതില്‍ ഒന്ന് അദ്ദേഹത്തിന് കൊടുക്കാന്‍ റസൂലുല്ലാഹി (സ) ഭൃത്യനോട് നിര്‍ദ്ദേശിച്ചു. കൂട്ടത്തില്‍ അരുളി: അദ്ദേഹം നല്‍കിയതിനേക്കാള്‍ മെച്ചമായത് അദ്ദേഹത്തിന് നല്‍കുക. നിങ്ങളില്‍ ഏറ്റവും നല്ലവര്‍ നല്ലനിലയില്‍ ബാധ്യതകള്‍ കൊടുത്ത് വീട്ടുന്നവരാണ്. കടം കൊടുക്കുമ്പോള്‍ കൂടുതല്‍ തിരികെ നല്‍കണമെന്ന് പറയുന്നത് പലിശയാണ്. പക്ഷേ, കടം വാങ്ങിച്ച വ്യക്തി എന്‍റെ അത്യാവശ്യ സമയത്ത് എന്നെ സഹായിച്ചല്ലോ എന്ന് വിചാരിച്ച് കുറച്ച് കൂടുതല്‍ നല്‍കുന്നത് സുന്നത്താണ്. ഉദാഹരണത്തിന് ഒരു സഹോദരന്‍ രണ്ട് ലക്ഷം രൂപ കടം നല്‍കി. അത് തിരികെ കൊടുക്കുമ്പോള്‍ രണ്ട് ലക്ഷം രൂപയും കൂട്ടത്തില്‍ ഇരുപതിനായിരം രൂപയും നല്‍കുകയും നന്ദിയോടെ ഇപ്രകാരം പറയുകയും ചെയ്യുക: രണ്ട് ലക്ഷം രൂപ ഞാന്‍ നിങ്ങള്‍ക്ക് നല്‍കാനുള്ള തുകയാണ്. ഇരുപതിനായിരം രൂപ താങ്കള്‍ക്കുള്ള ഉപഹാരമാണ്. താങ്കള്‍ എന്നെ പ്രയാസ സമയത്ത് സഹായിച്ചു. ഇതില്‍ എനിക്ക് വലിയ നന്ദിയുണ്ട്. ഇത് ഇഹ്സാന്‍ എന്ന് പറയുന്നു.   
ഇഹ്സാനിന്‍റെ ഗുണം മുറുകെ പിടിക്കുന്നതിലൂടെ സമൂഹത്തിലും കുടുംബത്തിലും സന്തോഷവും സമാധാനവും സംജാതമാകുന്നതാണ്. ഭാര്യക്ക് ഒരു വര്‍ഷത്തില്‍ വേനല്‍ക്കാലത്തേക്കും തണുപ്പ് കാലത്തേക്കും സാധാരണ സമയത്തേക്കും ആവശ്യമായ മൂന്ന് വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കണമെന്ന് ഫുഖഹാഅ് പറയുന്നു. ഇതിനിടയില്‍ ഭാര്യ അവരുടെ വീട്ടിലേക്ക് പോകുമ്പോള്‍ ഒരു വസ്ത്രവും കൂടി കിട്ടിയാല്‍ കൊള്ളാമെന്ന് ആഗ്രഹിച്ചു. അല്ലെങ്കില്‍ നാം മനസ്സിലാക്കി. അപ്പോള്‍ അവര്‍ക്ക് ഒരു വസ്ത്രവും കൂടി വാങ്ങിക്കൊടുക്കുന്നത് ഇഹ്സാന്‍ ആണ്. അതുപോലെ ഭര്‍ത്താവ് പകലെല്ലാം ജോലി ചെയ്ത് വൈകുന്നേരം വീട്ടിലേക്ക് കടന്നുവന്നു. അല്‍പ്പം ചായയോ, കഞ്ഞിയോ, ആഹാരമോ കിട്ടിയാല്‍ കൊള്ളാമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ട്. ഇത് മനസ്സിലാക്കിയ ഭാര്യ ഉടനെ അത് തയ്യാറാക്കിക്കൊടുത്തു. ഇത് ഇഹ്സാനാണ്. ഇതിലൂടെ നമ്മുടെ ബന്ധങ്ങള്‍ നന്നായിത്തീരും. എനിയ്ക്ക് ഇന്ന ഇന്ന ആഹാരം ഉണ്ടാക്കിത്തരണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടാലും എനിയ്ക്ക് ആഹാരമൊന്നും ഉണ്ടാക്കിത്തരാന്‍ മനസില്ലായെന്ന് ഭാര്യ പറയുകയും ചെയ്താല്‍ കുടുംബത്തില്‍ വല്ല സമാധാനവും ഉണ്ടാകുമോ? 
റസൂലുല്ലാഹി (സ) മക്കാ വിജയത്തിന്‍റെ സമയത്ത് വന്നപ്പോള്‍ കൂട്ടത്തില്‍ ജീവാര്‍പ്പണം ചെയ്യാന്‍ സന്നദ്ധരായ പതിനായിരം സഹാബികളുണ്ടായിരുന്നു. റസൂലുല്ലാഹി (സ) മദീനയിലേക്ക് പലായനം ചെയ്യുന്ന സമയത്ത് റസൂലുല്ലാഹി (സ)യ്ക്ക് മക്കയില്‍ രണ്ട് വീടുകളുണ്ടായിരുന്നു. 1. മാതാപിതാക്കളുടെ ഭവനം. അവിടെയാണ് റസൂലുല്ലാഹി (സ) ജനിച്ചതും വളര്‍ന്നതും. 2. ഖദീജാ ബീവി (റ)യുടെ ഭവനം. വിവാഹത്തിന് ശേഷം റസൂലുല്ലാഹി (സ) താമസിച്ചത് ഇവിടെയാണ്. മക്കാവിജയം നടന്നപ്പോള്‍ ഈ രണ്ട് വീടുകളുമുണ്ടായിരുന്നു. ഇവിടെ താമസിക്കാന്‍ സഹാബികളില്‍ ചിലര്‍ പറഞ്ഞതുമാണ്. കൂടാതെ, ഇത്തരം വീടുകളോട് വൈകാരികമായ ഒരു ബന്ധവും ഉണ്ടായിരിക്കും. പക്ഷേ, റസൂലുല്ലാഹി (സ) ഇവിടെ താമസിക്കാന്‍ തയ്യാറായില്ല. മറിച്ച് മറ്റൊരിടത്ത് കൂടാരം കെട്ടി താമസിച്ചു. അതെ, റസൂലുല്ലാഹി (സ) സ്വന്തം വീട്ടില്‍ താമസിച്ചാല്‍ മറ്റ് സഹാബികളും ഇതുപോലെ അവരുടെ വീടുകളിലേക്ക് മടങ്ങിവരുകയും അത് വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുമെന്ന് റസൂലുല്ലാഹി (സ) മനസ്സിലാക്കി. എന്നാല്‍ റസൂലുല്ലാഹി (സ) ഇപ്രകാരം ചെയ്തപ്പോള്‍ മുഴുവന്‍ സഹാബികളും ഇതേ മാര്‍ഗ്ഗം സ്വീകരിക്കുകയും തല്‍ഫലമായി അന്ന് മക്കയിലുണ്ടായിരുന്ന മുവായിരത്തി അഞ്ഞൂറ് താമസക്കാരില്‍ ഭൂരിഭാഗം ജനങ്ങളും ഇസ്ലാമില്‍ പ്രവേശിക്കുകയും ചെയ്തു.
വളരെയധികം പ്രതിഫലാര്‍ഹവും പ്രശ്നങ്ങളെല്ലാം പരിഹരിച്ച് സ്നേഹവും സന്തോഷവും സമാധാനവും ഉണ്ടാക്കാന്‍ കാരണവുമായ ഈ ഇഹ്സാനിന്‍റെ ഗുണം ഉണ്ടാക്കിയെടുക്കാന്‍ നാം പരിശ്രമിക്കേണ്ടതാണ്. പ്രത്യേകിച്ചും വൈവാഹിക ജീവിതത്തിന്‍റെ വിജയത്തിന്‍റെ അടിസ്ഥാനം ഈ മഹല്‍ഗുണമാണ്. വൈവാഹിക ജീവിതം മാത്രമല്ല, നിര്‍ബന്ധിത ഘട്ടങ്ങളില്‍ അനിവാര്യമാകുന്ന വിവാഹ മോചനം സുഗമവും സുന്ദരവുമാകാനുള്ള മാര്‍ഗ്ഗവും ഇഹ്സാന്‍ തന്നെയാണ്. പരിശുദ്ധ ഖുര്‍ആനില്‍ വൈവാഹിക ജീവിതവും വിവാഹ മോചനവുമായി ബന്ധപ്പെട്ട ഭാഗത്ത് ഇഹ്സാനിനെക്കുറിച്ച് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ഇന്ന് ഇവിടെ സഹോദരിമാരുടെ ഭാഗത്ത് നിന്നും നല്‍കപ്പെട്ട ഒരു ചോദ്യം ഇപ്രകാരമായിരുന്നു: ഒരു ഭാര്യ അവരുടേതായ കാരണത്താല്‍ ഭര്‍ത്താവില്‍ നിന്നും വിട്ടുപിരിയാനും ഖുല്‍അ് നടത്താനും ആഗ്രഹിക്കുന്നു. പക്ഷേ, ഭര്‍ത്താവ് മഹ്ര്‍ മാത്രമല്ല, കൂടുതല്‍ തുക നല്‍കിയാല്‍ മാത്രമേ ഇതിന് സന്നദ്ധമാകൂ എന്ന് നിര്‍ബന്ധം പിടിക്കുന്നു. ഈ സമയത്ത് ഞാനെന്ത് ചെയ്യണം? ഈ ചോദ്യത്തിനുള്ള മറുപടി യഥാര്‍ത്ഥത്തില്‍ നല്‍കേണ്ടത് നിങ്ങളുടെ വിഷയം ശരിയാംവിധം മനസ്സിലാക്കിയ ഖാസിയാണ്. അതുകൊണ്ട് ഇന്ത്യയില്‍ തന്നെ ഖാസി സമ്പ്രദായം ആദ്യമായി നടപ്പാക്കിയ കേരളത്തില്‍ ദാറുല്‍ ഖളാകള്‍ സ്ഥാപിക്കണമെന്നും നല്ലനിലയില്‍ നടത്തണമെന്നും നിങ്ങളെല്ലാവരോടും വിശിഷ്യാ പണ്ഡിതരോടും പൗരപ്രമുഖരോടും അഭ്യര്‍ത്ഥിക്കുകയാണ്. ഇവിടെ അവരോടും എല്ലാ സഹോദരീ സഹോദരന്മാരോടും പറയാനുള്ള കാര്യം ഇതാണ്: വൈവാഹിക ജീവിതത്തിലെ അടിസ്ഥാനപരമായ ഉപദേശം ഇംസാകുന്‍ ബി മഅ്റൂഫിന്‍ ഔ തസ്രീഹിന്‍ ബി ഇഹ്സാന്‍ എന്നതാണ്. അതായത്, ഒന്നുങ്കില്‍ പരസ്പരം കടമകള്‍ പാലിച്ച് വിട്ടുവിഴ്ചകളിലൂടെയും സ്നേഹ സന്തോഷങ്ങളോടെയും ജീവിക്കുക. അല്ലെങ്കില്‍ മനസ്സാ, വാചാ, കര്‍മ്മണാ ഉപകാരങ്ങള്‍ ചെയ്ത് യാത്രയാക്കുക. അതെ, വിവാഹമോചനം നിര്‍ബന്ധമായിത്തീരുന്ന സന്ദര്‍ഭത്തില്‍ അത് വളരെ മാന്യമായ നിലയിലും പരസ്പരം ഉപകാരങ്ങള്‍ ചെയ്തുകൊണ്ടുമായിരിക്കണം. വിവാഹമോചിതയ്ക്ക് മാന്യമായ ഉപഹാരങ്ങള്‍ വല്ലതും നല്‍കണമെന്ന് ഖുര്‍ആന്‍ പറയുന്നു. ഇത് ഓരോരുത്തരുടെയും കഴിവനുസരിച്ചായിരിക്കും. ഹസന്‍ (റ) ഒരു ഭാര്യയെ വിവാഹമോചനം ചെയ്തപ്പോള്‍ ആയിരം സ്വര്‍ണ്ണനാണയം അവര്‍ക്ക് നല്‍കുകയുണ്ടായി. ഇതുപോലെ ഭാര്യയുടെ ഭാഗത്ത് നിന്നും വിവാഹമോചനത്തിന്‍റെ ആവശ്യമുണ്ടായാല്‍ അവര്‍ പകരമായി മഹ്ര്‍ നല്‍കേണ്ടതാണ്. ഇത് രണ്ടും കൊടുക്കുന്നതും വാങ്ങുന്നതും പരസ്പരം സന്തോഷത്തോടെയായിരിക്കണം. ഇത്രനാളുകള്‍ ഒരുമിച്ച് ജീവിച്ച നാം രണ്ടുപേരും പിരിയുമ്പോള്‍ മനസ്സില്‍ ബുദ്ധിമുട്ടുകളൊന്നും അവശേഷിപ്പിക്കാതെ സന്തോഷത്തില്‍ വിട്ടുപിരിയണമെന്ന് ഇരുവരും ചിന്തിക്കേണ്ടതാണ്. ഇത്തരമൊരുവസ്ഥ സമൂഹത്തിലും കുടുംബത്തിലുമുണ്ടായാല്‍ വളരെയധികം സമാധാനവും സന്തോഷവും അനുഭവപ്പെടുന്നതാണ്. 
ഈ ആയത്തിലെ മൂന്നാമത്തെ കല്‍പ്പന കുടുംബക്കാര്‍ക്ക് ഉപകാരങ്ങളും ദാനധര്‍മ്മങ്ങളും ചെയ്യണമെന്നാണ്. മനുഷ്യന്‍ കൂടുതലായി ബന്ധപ്പെടുന്നതും ധാരാളം പ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളതുമാണ് കുടുംബാധികള്‍. അതുകൊണ്ട് അവരോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് പ്രത്യേകം കല്‍പ്പിക്കുന്നു. പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവിനോടുള്ള കടമകള്‍ പരാമര്‍ശിച്ച ശേഷം സാധാരണയായി മാതാപിതാക്കളെയും ബന്ധുക്കളെയും അനുസ്മരിക്കാറുണ്ട്. ഹദീസുകളിലും ബന്ധുക്കളോടുള്ള കടമകള്‍ ധാരാളമായി പറയപ്പെട്ടിരിക്കുന്നു. ആകയാല്‍ കുടുംബ ബന്ധുക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കാന്‍ നാം ഓരോരുത്തരും പരിശ്രമിക്കേണ്ടതാണ്. 
ഈ ആയത്തില്‍ മൂന്ന് കാര്യങ്ങള്‍ കല്‍പ്പിച്ചതിന് ശേഷം മൂന്ന് കാര്യങ്ങള്‍ തടഞ്ഞിരിക്കുന്നു. തടയപ്പെട്ട മൂന്ന് കാര്യങ്ങളും പാപങ്ങളാണെങ്കിലും അവകള്‍ക്കിടയില്‍ ചെറിയ വ്യത്യാസങ്ങളുണ്ട്. ഒന്നാമത്തേത് ഫഹ്ഷാഅ് ആണ്. അതായത്, പാപങ്ങളാണെങ്കിലും അതില്‍ ലജ്ജയില്ലായ്മയും അടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന് വ്യഭിചാരം. ഇത് പരസ്പരം സമ്മതത്തോടെയാണെങ്കിലും നിര്‍ബന്ധപൂര്‍വ്വമാണെങ്കിലും വലിയ പാപമാണ്. അതുപോലെ സ്വവര്‍ഗ്ഗരതിയും നഗ്നതാ പ്രദര്‍ശനവും മ്ലേച്ഛമായ പ്രസിദ്ധീകരണങ്ങളും ലജ്ജയില്ലായ്മ പ്രേരിപ്പിക്കുന്ന സിനിമകളും പരസ്യങ്ങളും ഡ്രാമകളും സ്വഭാവം മോശമാക്കുന്ന പാട്ടും കൂത്തും എല്ലാം ഇതില്‍ പെടുന്നതാണ്. ഇന്ന് ഇവ വളരെയധികം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അതിന്‍റെ പ്രധാനപ്പെട്ട ഒരു കാരണം ആദ്യം പറഞ്ഞ പരസ്പര ഉപകാരങ്ങള്‍ കുറഞ്ഞ് പോയതാണ്. വിവാഹം ഇന്ന് വലിയൊരു ഭാരമായി. അതുകാരണം മോശമായ ബന്ധങ്ങളും പ്രവര്‍ത്തനങ്ങളും വളരെ എളുപ്പമായിത്തീര്‍ന്നിരിക്കുന്നു. 
രണ്ടാമത്തെ കാര്യം, മുന്‍കര്‍ ആണ്. അതായത് പൊതുവായ പാപങ്ങള്‍. അല്ലാഹുവും ദൂതനും തടഞ്ഞിട്ടുള്ള എല്ലാ പാപങ്ങളും മുന്‍കറാണെങ്കിലും അതില്‍ വന്‍പാപങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. പടച്ചവനോട് പങ്ക് ചേര്‍ക്കുക, മാതാപിതാക്കളെ ദ്രോഹിക്കുക, മാരണവുമായി ബന്ധപ്പെടുക, പലിശ ഇടപാട് നടത്തുക എന്നിങ്ങനെയുള്ള പാപങ്ങള്‍ വന്‍പാപങ്ങളാണ്. ഇത് നമ്മില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒഴിവാക്കാന്‍ പ്രത്യേകം പരിശ്രമിക്കേണ്ടതാണ്. 
മൂന്നാമത്തെ കാര്യം, ബഗിയ്യ് ആണ്. ബഗിയ്യെന്നാല്‍ അക്രമമാണ്. ഏറ്റവും വലിയ അക്രമം പടച്ചവനോട് പങ്ക് ചേര്‍ക്കലാണ്. അല്ലാഹു പറയുന്നു: തീര്‍ച്ചയായും പടച്ചവനോട് പങ്ക് ചേര്‍ക്കുന്നത് വലിയ അക്രമമാണ്. (ലുഖ്മാന്‍) നീതിയ്ക്കെതിരായ സര്‍വ്വ കാര്യങ്ങളും അക്രമങ്ങളാണ്. പരിശുദ്ധ ഖുര്‍ആനില്‍ പടച്ചവനോട് പങ്ക് ചേര്‍ക്കുക എന്ന മഹാപാപത്തിന് ശേഷം ഏറ്റവും ശക്തമായും വ്യക്തമായും തടഞ്ഞിരിക്കുന്ന പാപം അക്രമമാണ്. ഖുര്‍ആന്‍ പാരായണം ചെയ്താല്‍ ധാരാളം സ്ഥലങ്ങളില്‍ ഇപ്രകാരം കാണാന്‍ കഴിയും: തീര്‍ച്ചയായും അല്ലാഹു അക്രമികളെ സന്മാര്‍ഗ്ഗത്തിലാക്കുന്നതല്ല. ചുരുക്കത്തില്‍ ഈ ആയത്ത് ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം സന്മാര്‍ഗ്ഗത്തിന്‍റെ അടിസ്ഥാന സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട വചനമാണ്. വളരെ പ്രധാനപ്പെട്ട നന്മകളും തിന്മകളും ഇതില്‍ പരാമര്‍ശിച്ചിരിക്കുന്നു 
അവസാനമായി പറയട്ടെ, ഇതില്‍ ഉണര്‍ത്തപ്പെട്ട മഹല്‍ഗുണങ്ങള്‍ ഉണ്ടാക്കിയെടുക്കാനും ദുര്‍ഗുണങ്ങള്‍ വര്‍ജ്ജിക്കാനും ഒരു പരിശ്രമം ആവശ്യമാണ്. ആ പരിശ്രമമാണ് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് നടത്തുകയും നിങ്ങള്‍ ഓരോരുരത്തരെയും പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇസ്ലാഹെ മുആശിറ (സാമൂഹിക സംസ്കരണം). ഓരോ പ്രദേശത്തും ഏതാനും പുരുഷന്മാരും സ്ത്രീകളും ഇതിന് തയ്യാറാകേണ്ടതാണ്. പുരുഷന്മാര്‍ പുരുഷന്‍മാര്‍ക്കിടയിലും സ്ത്രീകള്‍ സ്ത്രീകള്‍ക്കിടയിലും പരിശ്രമിക്കുക. നമ്മുടെയും അവരുടെയും വിശ്വാസ കാര്യങ്ങളും ആരാധനാ വിഷയങ്ങളും പരസ്പര ബന്ധങ്ങളും ഇടപാടുകളും സ്വഭാവങ്ങളും നന്നാക്കാന്‍ പരിശ്രമിക്കുക. അല്ലാഹു അതിന് ഉതവി നല്‍കട്ടെ. 

***********************************

മആരിഫുല്‍ ഖുര്‍ആന്‍ 


സൂറത്തുയാസീന്‍ ഭാഗം-11
 
(83 ആയത്തുകള്‍, പദങ്ങള്‍ 739, അക്ഷരങ്ങള്‍ 3090, മക്കാമുകര്‍റമയില്‍ അവതരണം. എന്നാല്‍ 45-ാം ആയത്ത് മദീനമുനവ്വറയില്‍ അവതരിച്ചു. 5 റുകൂഅ്. അവതരണ ക്രമം 41. പാരായണ ക്രമം 36. സൂറത്തുല്‍ജിന്നിന് ശേഷം അവതരണം)

ഖുര്‍ആനിന്‍റെ മഹത്വം 

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


ആയത്ത് 69-75

 وَمَا عَلَّمْنَاهُ الشِّعْرَ وَمَا يَنبَغِي لَهُ ۚ إِنْ هُوَ إِلَّا ذِكْرٌ وَقُرْآنٌ مُّبِينٌ (69) لِّيُنذِرَ مَن كَانَ حَيًّا وَيَحِقَّ الْقَوْلُ عَلَى الْكَافِرِينَ (70)أَوَلَمْ يَرَوْا أَنَّا خَلَقْنَا لَهُم مِّمَّا عَمِلَتْ أَيْدِينَا أَنْعَامًا فَهُمْ لَهَا مَالِكُونَ (71) وَذَلَّلْنَاهَا لَهُمْ فَمِنْهَا رَكُوبُهُمْ وَمِنْهَا يَأْكُلُونَ (72وَلَهُمْ فِيهَا مَنَافِعُ وَمَشَارِبُ ۖ أَفَلَا يَشْكُرُونَ (73وَاتَّخَذُوا مِن دُونِ اللَّهِ آلِهَةً لَّعَلَّهُمْ يُنصَرُونَ (74لَا يَسْتَطِيعُونَ نَصْرَهُمْ وَهُمْ لَهُمْ جُندٌ مُّحْضَرُونَ (75)

നാം പ്രവാചകനെ കവിതകള്‍ പഠിപ്പിച്ചിട്ടില്ല. അത് പ്രവാചകന് യോജിച്ചതുമല്ല. ഇത് ഒരു ഉപദേശവും വ്യക്തമാക്കുന്ന ഖുര്‍ആനുമാണ്.(69) (മനസ്സില്‍) ജീവനുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും നിഷേധികളുടെമേല്‍ പ്രമാണം സ്ഥാപിക്കാനുമാണ് ഈ ഗ്രന്ഥം ഇറക്കപ്പെട്ടത്.(70) നമ്മുടെ ഉന്നത കഴിവുകൊണ്ട് അവര്‍ക്ക് നാല്‍ക്കാലികളെ ഉണ്ടാക്കി കൊടുത്തത് അവര്‍ കാണുന്നില്ലേ?. ഇപ്പോള്‍ അവര്‍ അവയുടെ ഉടമകളായി കഴിയുന്നു.(71) നാം അവയെ മനുഷ്യര്‍ക്ക് കീഴ്പ്പെടുത്തി കൊടുത്തു, അപ്പോള്‍ അതിനെ അവര്‍ വാഹനമായി ഉപയോഗിക്കുന്നു. അതില്‍ നിന്നും അവര്‍ ഭക്ഷിക്കുകയും ചെയ്യുന്നു.(72) അവയില്‍ അവര്‍ക്ക് ധാരാളം പ്രയോജനങ്ങളുണ്ട്. കുടിക്കാന്‍ പാനീയവുമുണ്ട്. എന്നിട്ടും അവര്‍ നന്ദി കാണിക്കാത്തത് എന്തുകൊണ്ടാണ്?(73) അവര്‍ക്ക് സഹായം കിട്ടുമെന്ന് വിചാരിച്ച് അല്ലാഹുവിനെക്കൂടാതെ മറ്റുള്ളവരെ അവര്‍ ആരാധ്യരാക്കിയിരിക്കുന്നു.(74) ഈ ആരാധിക്കപ്പെടുന്നവര്‍ക്ക് ആരാധിക്കുന്നവരെ സഹായിക്കാന്‍ കഴിയുന്നതല്ല. ആരാധിക്കുന്നവരാകട്ടെ ആരാധിക്കപ്പെടുന്നവരുടെ സന്നദ്ധ സൈന്യമായി കഴിയുകയാണ്.(75) 

ആശയ സംഗ്രഹം
പ്രവാചകത്വത്തെ നിഷേധിക്കുന്നവര്‍ നിഷേധത്തിന്‍റെ തെളിവെന്നോണം പ്രവാചകനെക്കുറിച്ച് കവി എന്ന് പറയുന്നുണ്ട്. ഇത് തീര്‍ത്തും അവാസ്തവമാണ്. കാരണം നാം പ്രവാചകനെ കവിതകള്‍ അതായത് സാങ്കല്‍പ്പിക കാര്യങ്ങള്‍ ക്രോഡീകരിക്കുന്നതിന്‍റെ അറിവ് പഠിപ്പിച്ചിട്ടില്ല. അത് പ്രവാചകന് യോജിച്ചതുമല്ല. പ്രവാചകന് നല്‍കപ്പെട്ട ഈ സന്ദേശം ഒരു ഉപദേശവും ദൈവിക ഗ്രന്ഥവുമാണ്. ഇത് പടച്ചവന്‍റെ വിധിവിലക്കുകള്‍ വ്യക്തമാക്കി  തരുന്നതാണ്. ഈ സന്ദേശങ്ങളിലൂടെ മനസ്സില്‍ ജീവനുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും നിഷേധികളുടെമേല്‍ ശിക്ഷയുടെ പ്രമാണം സ്ഥാപിക്കാനുമാണ് ഈ ഗ്രന്ഥം ഇറക്കപ്പെട്ടത്. നമ്മുടെ ഉന്നത കഴിവുകൊണ്ട് അവര്‍ക്ക് നാല്‍ക്കാലികളെ ഉണ്ടാക്കി കൊടുത്തത് അവര്‍ കാണുന്നില്ലേ?. നാം അവര്‍ക്ക് ഉടമാവകാശം നല്‍കിയപ്പോള്‍ അവര്‍ അവയുടെ ഉടമകളായി കഴിയുന്നു. നാം അവയെ മനുഷ്യര്‍ക്ക് കീഴ്പ്പെടുത്തി കൊടുത്തു, അപ്പോള്‍ അവ മനുഷ്യന് പ്രയോജനപ്പെടുന്നു. അതില്‍ ചിലതിനെ അവര്‍ വാഹനമായി ഉപയോഗിക്കുന്നു. മറ്റുചിലതിനെ അവര്‍ ഭക്ഷിക്കുകയും ചെയ്യുന്നു. അവയില്‍ അവര്‍ക്ക് വേറെയും ധാരാളം പ്രയോജനങ്ങളുണ്ട്. ഉദാഹരണത്തിന് അവയുടെ രോമങ്ങളും തോലുകളും എല്ലുകളും മറ്റും വിവിധ രീതികളില്‍ ഉപയോഗിക്കുന്നു. അതില്‍ അവര്‍ക്ക്  കുടിക്കാനുള്ള പാനീയമായ പാലുമുണ്ട്. എന്നിട്ടും അവര്‍ നന്ദി കാണിക്കാത്തത് എന്തുകൊണ്ടാണ്? നന്ദിയുടെ ഏറ്റവും പ്രഥമമായ കാര്യം പടച്ചവന്‍റെ ഏകത്വത്തില്‍ വിശ്വസിക്കലാണ്. എന്നാല്‍ അവര്‍ നന്ദി പുലര്‍ത്തുകയും ഏകദൈവ വിശ്വാസം സ്വീകരിക്കുകയും ചെയ്യുന്നതിന് പകരം നിഷേധവും ബഹുദൈവാരാധനയും തെരഞ്ഞെടുത്തിരിക്കുന്നു. അങ്ങനെ ആരാധിക്കപ്പെടുന്നവരുടെ ഭാഗത്ത് നിന്നും അവര്‍ക്ക് സഹായം കിട്ടുമെന്ന് വിചാരിച്ച് അല്ലാഹുവിനെക്കൂടാതെ മറ്റുള്ളവരെ അവര്‍ ആരാധ്യരാക്കിയിരിക്കുന്നു. എന്നാല്‍ ഈ ആരാധിക്കപ്പെടുന്നവര്‍ക്ക് ആരാധിക്കുന്നവരെ അല്‍പ്പം പോലും സഹായിക്കാന്‍ കഴിയുന്നതല്ല. സഹായിക്കുന്നത് പോകട്ടെ തിരിച്ച് ആരാധിക്കുന്നവരുടെ വിഷയത്തില്‍ എതിര്‍ കക്ഷിയായി മാറുന്നതാണ്. അവര്‍ വിചാരണയുടെ സ്ഥാനത്ത് ഹാജരാക്കപ്പെടുന്നതുമാണ്. അവിടെ വരുമ്പോള്‍ ആരാധിച്ചവരോടുള്ള എതിര്‍പ്പ് അവര്‍ പ്രകടമാക്കുന്നതാണ്. മര്‍യം 82, യൂനുസ് 28  മുതലായ ആയത്തുകളില്‍ ഈ കാര്യം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. 

വിവരണവും വ്യാഖ്യാനവും
നാം പ്രവാചകനെ കവിതകള്‍ പഠിപ്പിച്ചിട്ടില്ല. അത് പ്രവാചകന് യോജിച്ചതുമല്ല. ഇത് ഒരു ഉപദേശവും വ്യക്തമാക്കുന്ന ഖുര്‍ആനുമാണ്.(69) പ്രവാചകത്വത്തെ നിഷേധിക്കുന്നവരുടെ മനസ്സുകളില്‍ ചിലവേള പരിശുദ്ധ ഖുര്‍ആനിന്‍റെ അമാനുഷികത പ്രതിഫലനം സൃഷ്ടിക്കുമായിരുന്നു. അതുകൊണ്ട് തന്നെ ഖുര്‍ആനിന്‍റെ ശക്തിയും പ്രയോജനവും അവര്‍ക്ക് നിഷേധിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന്‍റെ ന്യായീകരണമെന്നോണം അവര്‍ പരിശുദ്ധ ഖുര്‍ആനിനെ കുറിച്ച് ചിലപ്പോള്‍ മാരണമെന്നും റസൂലുല്ലാഹി ? യെ മാരണക്കാരനെന്നും ആരോപിച്ചിരുന്നു. മറ്റ് ചിലപ്പോള്‍ ഖുര്‍ആന്‍ കവിതയെന്നും പ്രവാചകന്‍ കവിയെന്നും വാദിച്ചിരുന്നു. മാരണത്തിന്‍റെയും കവിതയുടെയും വാക്കുകള്‍ ജനഹൃദയങ്ങളില്‍ പ്രതിഫലനം ഉളവാക്കുന്നത് പോലെയാണ്. ഖുര്‍ആനിന്‍റെ പ്രതിഫലനമെന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണ് അവര്‍ ഇപ്രകാരം ചെയ്തിരുന്നത്. അല്ലാഹു ഈ ആയത്തിലൂടെ അതിന് മറുപടി നല്‍കുന്നു. നാം പ്രവാചകനെ കവിതയൊന്നും പഠിപ്പിച്ചിട്ടില്ല. അത് പ്രവാചകത്വത്തിന് യോജിച്ചതുമല്ല. ആകയാല്‍ പ്രവാചകനെ കുറിച്ച് കവിയെന്ന് പറയുന്നത് അസത്യമാണ്. 
ഇവിടെയൊരു സംശയമുണ്ട്. അറബികള്‍ ജന്മനാ കവികളായിരുന്നു. അവരുടെ സ്ത്രീകളും കുട്ടികളും പോലും കവിതയുമായി ബന്ധപ്പെട്ടവരായിരുന്നു. കവിതയുടെ യാഥാര്‍ഥ്യം അവര്‍ക്ക് നന്നായി അറിയാമായിരുന്നു. പിന്നെ എന്തടിസ്ഥാനത്തിലാണ് ഖുര്‍ആന്‍ കവിതയും പ്രവാചകന്‍ കവിയുമാണെന്ന് അവര്‍ പറഞ്ഞത്. ഖുര്‍ആനിന് കവിതാ ശൈലിയുമായി യാതൊരു ബന്ധവുമില്ല. കവിതയുമായി ബന്ധമില്ലാത്തവര്‍ പോലും ഖുര്‍ആനിനെ കുറിച്ച് കവിതയെന്ന് പറയുകയില്ല. ഇതിനുള്ള മറുപടി ഇതാണ്. കവിതയെന്നാല്‍ യഥാര്‍ഥത്തില്‍ സാങ്കല്‍പ്പിക സൃഷ്ടികള്‍ക്കാണ് പറയപ്പെടുന്നത്. സാങ്കല്‍പ്പിക വിഷയങ്ങള്‍ പദ്യത്തിലായാലും ഗദ്യത്തിലായാലും കവിതയാണ്. പ്രവാചകന്‍ കൊണ്ടു വന്ന വാചകങ്ങള്‍ വെറും സാങ്കല്‍പ്പിക കഥകളും ഭാവനാ വിലാസങ്ങളും മാത്രമാണെന്ന് സമര്‍ഥിക്കലായിരുന്നു അവരുടെ ഉദ്ദേശം. അല്ലെങ്കില്‍ കവിത മനസ്സില്‍ പ്രതിഫലനം സൃഷ്ടിക്കുന്നത് പോലെയാണ് ഖുര്‍ആനിന്‍റെ പ്രതിഫലനമെന് സ്ഥാപിക്കാനാണ് അവര്‍ അപ്രകാരം പറഞ്ഞത്. 
ഇമാം ജസ്സാസ് ഉദ്ധരിക്കുന്നു: റസൂലുല്ലാഹി ? കവിത പറയുമായിരുന്നോ എന്ന് ചോദിക്കപ്പെട്ടപ്പോള്‍ ആഇശ (റ) പ്രസ്താവിച്ചു: റസൂലുല്ലാഹി ? കവിത പാടുമായിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ ഇബ്നു തറഫയുടെ ഒരു വരി കവിത ഉദ്ധരിച്ചു: നീ അറിഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ കാലഘട്ടം നിനക്ക് പറഞ്ഞ് തരുന്നതാണ്. നീ യാതൊരു സജ്ജീകരണം ചെയ്യാത്തവരും നിന്നെ കാര്യങ്ങള്‍ പഠിപ്പിക്കുന്നതാണ്.! റസൂലുല്ലാഹി ? ഈ കവിത ഉദ്ധരിച്ചപ്പോള്‍ അതിലെ വാചകം മാറ്റിയാണ് ഉദ്ധരിച്ചത്. അപ്പോള്‍ അബൂബക്കര്‍ സിദ്ധീഖ് (റ) പറഞ്ഞു : അല്ലാഹുവിന്‍റെ ദൂതരെ, ഈ കവിത ഇപ്രകാരമല്ലല്ലോ? റസൂലുല്ലാഹി ? അരുളി: ഞാന്‍ കവിയല്ല. എനിക്ക് കവിത യോജിച്ചതുമല്ല. (അഹ്കാമുല്‍ ഖുര്‍ആന്‍) 
റസൂലുല്ലാഹി ? കവിതയുണ്ടാക്കുന്നത് പോകട്ടെ മറ്റുള്ളവരുടെ കവിത അതേ പടി ഉദ്ധരിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് ഇതിലൂടെ മനസ്സിലാകുന്നു. ചില നിവേദനങ്ങളില്‍ റസൂലുല്ലാഹി ? ചില കവിതകള്‍ ഉദ്ധരിച്ചതായി വന്നിട്ടുണ്ട്. അത് മനപ്പൂര്‍വ്വം കവിതയായിട്ടല്ല. യാദൃശ്ചികമായ നിലയിലാണ്. യാദൃശ്ചികമായ നിലയില്‍ എന്തെങ്കിലും കാര്യങ്ങള്‍ കവിത പോലെ പറയുന്നതിനെ കുറിച്ച് കവിതയെന്ന് പറയുന്നതല്ല. ധാരാളം തത്വങ്ങളടങ്ങിയ റസൂലുല്ലാഹി ? യുടെ ഈ പ്രത്യേക അവസ്ഥയുടെ അടിസ്ഥാനത്തില്‍ കവിത നിരുപാധികം നിന്ദ്യമാണെന്ന് പറയാന്‍ പാടുള്ളതല്ല. കവിതയുമായി ബന്ധപ്പെട്ട സൂറത്തു ശ്ശൂഅറാഇന്‍റെ അവസാന ഭാഗത്ത് വിവരിക്കപ്പെട്ടിട്ടുണ്ട്. 
    നമ്മുടെ ഉന്നത കഴിവുകൊണ്ട് അവര്‍ക്ക് നാല്‍ക്കാലികളെ ഉണ്ടാക്കി കൊടുത്തത് അവര്‍ കാണുന്നില്ലേ?. ഇപ്പോള്‍ അവര്‍ അവയുടെ ഉടമകളായി കഴിയുന്നു.(71)  ഈ ആയത്തില്‍ നാല്‍ക്കാലികളില്‍ അടങ്ങിയിരിക്കുന്ന മനുഷ്യരുടെ പ്രയോജനങ്ങളും പടച്ചവന്‍റെ അത്ഭുത കഴിവുകളും വിവരിക്കുന്നതിനോടൊപ്പം പടച്ചവന്‍റെ പ്രധാനപ്പെട്ട ഒരു അനുഗ്രഹം കൂടി അനുസ്മരിക്കുകയാണ്. അതെ, നാല്‍ക്കാലികളുടെ സൃഷ്ടിപ്പില്‍ ഒരു മനുഷ്യനും യാതൊരു പങ്കുമില്ല. അതിനെ പരിപൂര്‍ണ്ണമായി സൃഷ്ടിച്ചത് അല്ലാഹുവാണ്. അല്ലാഹു അവയെ സൃഷ്ടിക്കുക മാത്രമല്ല. അവയില്‍ ധാരാളം പ്രയോജനങ്ങള്‍ നിക്ഷേപിക്കുകയും അവയെ പ്രയോജനപ്പെടുത്താന്‍ അനുവദിക്കുകയും ചെയ്തു. കൂടാതെ സ്വയം ഉപയോഗിക്കാനോ വില പ്രയോജനപ്പെടുത്താനോ കഴിയുന്ന നിലയില്‍ അവയുടെ ഉടമാവകാശം കനിഞ്ഞരുളുകയും ചെയ്തു. 
വസ്തുക്കളുടെ അടിസ്ഥാനം പടച്ചവന്‍റെ ദാനമാണ്, മനുഷ്യന്‍റെ അധ്വാന ഫലമല്ല: വസ്തുക്കളെ ഉണ്ടാക്കുന്നതിലും അവയുടെ ഉടമാവകാശത്തിലും സമ്പത്താണോ അധ്വാനമാണോ അടിസ്ഥാനം എന്നൊരു ചര്‍ച്ച ആധുനിക സാമ്പത്തിക വീക്ഷണങ്ങള്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്. മുതളാതിത്വ ജീവിത വ്യവസ്ഥിതിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു : സമ്പത്താണ് അടിസ്ഥാനം. സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് വാദികള്‍ ഉടമാവകാശത്തിന്‍റെ അടിസ്ഥാനം അധ്വാനമാണെന്ന് വാദിക്കുന്നു. ഈ വിഷയത്തില്‍ പരിശുദ്ധ ഖുര്‍ആനിന്‍റെ തീരുമാനം ഇപ്രകാരമാണ്. വസ്തുക്കളുടെ സൃഷ്ടിപ്പിലും ഉടമാവകാശത്തിലും രണ്ടു കൂട്ടര്‍ക്കും യാതൊരു പങ്കുമില്ല. മനുഷ്യന്‍ ഒന്നിനെയും പടച്ചിട്ടില്ല. സൃഷ്ടിപ്പ് നേരിട്ട് നടത്തിയത് പടച്ചവനാണ്. ഒരു വസ്തു പടച്ചവനാണ് അതിന്‍റെ ഉടമയെന്നത് ബുദ്ധിയുടെയും വിധിയാണ്. ഇത്തരുണത്തില്‍ ലോകത്തുള്ള ഓരോ വസ്തുക്കളുടെയും അടിസ്ഥാനപരവും യഥാര്‍ഥവുമായ ഉടമാവകാശം അല്ലാഹുവിനുള്ളതാണ്. പടച്ചവന്‍ ആര്‍ക്കെങ്കിലും ഉടമാവകാശം നല്‍കുന്നതിലൂടെ അവരും ഉടമയായി തീരുന്നതാണ്. ഇപ്രകാരം ആര്‍ക്ക് എന്തിന്‍റെ ഉടമാധികാരം കിട്ടുമെന്ന് അല്ലാഹു പ്രവാചകന്മാരിലൂടെ മനസ്സിലാക്കി തന്നിട്ടുണ്ട്. ഇതിന് വിരുദ്ധമായി ആരും ഒന്നിന്‍റെയും ഉടമയാകുന്നതല്ല. 
നാം അവയെ മനുഷ്യര്‍ക്ക് കീഴ്പ്പെടുത്തി കൊടുത്തു, അപ്പോള്‍ അതിനെ അവര്‍ വാഹനമായി ഉപയോഗിക്കുന്നു. അതില്‍ നിന്നും അവര്‍ ഭക്ഷിക്കുകയും ചെയ്യുന്നു.(72)  ഈ ആയത്തില്‍ പടച്ചവന്‍റെ മറ്റൊരു ഔദാര്യവും അനുഗ്രഹവും വിവരിക്കുകയാണ്. ഒട്ടകം, കുതിര, ആന, കാള മുതലായ ധാരാളം ജീവികള്‍ മനുഷ്യരെക്കാളും വളരെ ശക്തരാണ്. അവയ്ക്ക് മുന്നില്‍ മനുഷ്യന്‍ വളരെ ബലഹീനനാണ്. ഇത്തരുണത്തില്‍ മനുഷ്യര്‍ക്ക് അവയുടെ മേല്‍ ഒരു നിയന്ത്രണവും ഉണ്ടാകാന്‍ സാധ്യതയില്ലായിരുന്നു. പക്ഷേ അവയെ സൃഷ്ടിച്ചതിലൂടെ ഉപകാരം ചെയ്ത അല്ലാഹു ശക്തരായ ആ മൃഗങ്ങളെ മനുഷ്യര്‍ക്ക് കീഴ്പ്പെടുത്തി തന്നുകൊണ്ടും വലിയ കൃപ കാട്ടുകയുണ്ടായി. ഒരു കൊച്ചു കുട്ടി ശക്തനായ കുതിരയുടെ കടിഞ്ഞാണ്‍ പിടിച്ചു നടക്കുകയും അതിന്‍റെ മുതുകില്‍ കയറി ഇരുന്ന് ഇഷ്ടമുള്ളിടത്തേക്ക് യാത്ര ചെയ്യുകയും ചെയ്യുന്നു. ഇതും മനുഷ്യന്‍റെ സാമര്‍ഥ്യമോ കഴിവോ അല്ല. പടച്ചവന്‍റെ ഔദാര്യവും ദാനവുമാണ്.
ഈ ആരാധിക്കപ്പെടുന്നവര്‍ക്ക് ആരാധിക്കുന്നവരെ സഹായിക്കാന്‍ കഴിയുന്നതല്ല. ആരാധിക്കുന്നവരാകട്ടെ ആരാധിക്കപ്പെടുന്നവരുടെ സന്നദ്ധ സൈന്യമായി കഴിയുകയാണ്.(75) ഈ ആയത്തിന്‍റെ ഒരു ആശയം ആശയ സംഗ്രഹത്തില്‍ പറയപ്പെട്ടതുപോലെ ജുന്‍ദ് എന്നതുകൊണ്ടുള്ള ഉദ്ദേശം എതിരാളി എന്നതാണ്. അപ്പോള്‍ ആശയം ഇപ്രകാരമാണ്: ഈ ലോകത്ത് അവര്‍ ആരാധ്യരായി കണ്ട വസ്തുക്കള്‍ തന്നെ ഖിയാമത്ത് ദിനം അവരുടെ എതിരാളികളായി അവര്‍ക്കെതിരില്‍ സാക്ഷ്യം വഹിക്കുന്നതാണ്. ഹസന്‍ (റ), ഖതാദ (റ) ഇരു മഹാന്മാരും ഇതിന് നല്‍കിയ ആശയം ഇപ്രകാരമാണ്: വിഗ്രഹങ്ങള്‍ സഹായിക്കാന്‍ വേണ്ടിയാണ് അവര്‍ വിഗ്രഹങ്ങളെ ദൈവമാക്കിയത്. എന്നാല്‍ അവര്‍ക്ക് സഹായം നല്‍കാന്‍ യാതൊരു കഴിവുമില്ല. മറിച്ച് അവയെ ആരാധിക്കുന്നവര്‍ തന്നെ അവരുടെ സേവകരും പട്ടാളക്കാരുമായി അവരെ സംരക്ഷിക്കുകയും അവരെ എതിര്‍ക്കുന്നവരോട് പോരാടുകയും ചെയ്യുന്നു. (ഖുര്‍തുബി)

***************************

മആരിഫുല്‍ ഹദീസ്

 നമസ്കാരത്തില്‍ അവസാനത്തെ ഇരുത്തത്തിലെ ചില ദുആകള്‍

 മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

109. ആഇശ (റ) പറയുന്നു: റസൂലുല്ലാഹി (സ) നമസ്കാരത്തില്‍ ഇപ്രകാരം ദുആ ഇരക്കുമായിരുന്നു. "അല്ലാഹുവേ ഖബര്‍ ശിക്ഷ, ദജ്ജാലിന്‍റെ ഉപദ്രവം, ജീവിതത്തിന്‍റെയും മരണത്തിന്‍റെയും നാശങ്ങള്‍, പാപങ്ങള്‍, കടം എന്നിവയില്‍ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു". (ബുഖാരി, മുസ് ലിം)
110. ശദ്ദാദിബ്നു അനസ് (റ) പറയുന്നു: നബി (സ) നമസ്കാരത്തില്‍ ഇപ്രകാരം ദുആ ഇരക്കുമായിരുന്നു. അല്ലാഹുവേ ഞാന്‍ നിന്നോട് ദീനിലെ അടിയുറപ്പും സന്‍മാര്‍ഗത്തിലെ ദൃഢതയും ചോദിക്കുന്നു. നിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുവാനും ഇബാദത്തുകള്‍ സുന്ദരമായി നിര്‍വഹിക്കുവാനുമുള്ള സൗഭാഗ്യത്തെയും ചോദിക്കുന്നു. അതോടൊപ്പം സുരക്ഷിതമായ ഹൃദയവും സത്യം പറയുന്ന നാവും ഞാന്‍ ചോദിക്കുന്നു. നിന്‍റെ അറിവിലുള്ള എല്ലാ നന്‍മകളും ,നീ അറിയുന്ന എല്ലാ തിന്‍മകളില്‍ നിന്നുമുള്ള അഭയവും ഞാന്‍ തേടുന്നു. നീ അറിയുന്ന എന്‍റെ എല്ലാ പാപങ്ങളില്‍ നിന്നും ഞാന്‍ പൊറുക്കലിനെ തേടുന്നു. (നസാഈ)
111. ഖൈസുബ്നു അബ്ബാദ് താബിഇ (റ) വിവരിക്കുന്നു: ഒരിക്കല്‍ അമ്മാറുബ്നു യാസിര്‍ (റ) ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിക്കുമ്പോള്‍ വളരെ ചുരുങ്ങിയ നിലയില്‍ നമസ്കാരം നിര്‍വഹിച്ചു. ജനങ്ങള്‍ അതില്‍ അനിഷ്ടം പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹം ചോദിച്ചു. ഞാന്‍ സുജൂദും റുകൂഉം (മറ്റു കര്‍മ്മങ്ങളും) പൂര്‍ണമായി നിര്‍വഹിച്ചല്ലോ? അവര്‍ പറഞ്ഞു: അതെ പക്ഷെ നമസ്കാരം തീര്‍ത്തും ചുരുങ്ങിയെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. അമ്മാര്‍ (റ) പറഞ്ഞു: എന്നാല്‍ ഞാന്‍ നമസ്കാരത്തില്‍ നബിയുടെ ഒരു ദുആ ചെയ്തിട്ടുണ്ട്. "അല്ലാഹുവേ നിന്‍റെ അദൃശ്യജ്ഞാനവും സൃഷ്ടികളുടെ മേലുള്ള പരിപൂര്‍ണ കഴിവും കൊണ്ട് എനിക്ക് ജീവിതം നന്‍മയാകുന്ന കാലത്തോളം എന്നെ നീ ജീവിപ്പിക്കേണമേ. മരണം എനിക്ക് ഉത്തമമായാല്‍ എന്നെ നീ മരിപ്പിക്കേണമേ, അല്ലാഹുവേ രഹസ്യത്തിലും പരസ്യത്തിലും നിന്നെക്കുറിച്ചുള്ള ഭയം, തൃപ്തിയിലും കോപത്തിലും നിഷ്കളങ്കമായ സംസാരം (ദേഷ്യമുണ്ടാകുമ്പോള്‍ നീതിയില്‍ നിന്ന് വ്യതിചലിക്കാതിരിക്കല്‍). എന്നിവ ഞാന്‍ ചോദിക്കുന്നു. അല്ലാഹുവേ ദാരിദ്ര്യത്തിലും സമ്പത്തിലും മിതവ്യയം ,നീ വിധിച്ചതില്‍ തൃപ്തി എന്നീ സത്ഗുണങ്ങള്‍ ഞാന്‍ ചോദിക്കുന്നു. അല്ലാഹുവേ ആഖിറത്തിലെ നിലക്കാത്തതും കണ്‍കുളിര്‍മ നല്‍കുന്നതുമായ അനുഗ്രഹങ്ങള്‍, മരണാനന്തരമുള്ള സുഖ സമാധാന ദായകമായ ജീവിതം, നിന്നെ കാണുമ്പോഴുള്ള ആനന്ദം, നിന്നെ കണ്ടുമുട്ടുവാനുള്ള ആഗ്രഹം എന്നിവ ഉപദ്രവകരവും നാശകരവുമായ യാതോരു അവസ്ഥകളും സംജാതമാക്കാതെ നല്‍കണമെന്നും ഞാന്‍ ചോദിക്കുന്നു. അല്ലാഹുവേ സത്യവിശ്വാസം കൊണ്ട് ഞങ്ങളെ അലങ്കരിക്കേണമേ. സന്‍മാര്‍ഗം സിദ്ധിച്ചവരും സന്‍മാര്‍ഗം കാണിക്കുന്നവരുമാക്കേണമേ". (നസാഈ)
വിവരണം: അല്ലാഹുവിനെ കണ്ടുമുട്ടുവാനുള്ള ആഗ്രഹം വഴികേടിലേക്ക് കൊണ്ടെത്തിക്കരുതെന്നാകാം നബി (സ) അവസാന ഭാഗത്ത് ഉദ്ദേശിച്ചത്. അവസാനത്തെ രണ്ട് ഹദീസുകളിലെ ദുആകള്‍ നമസ്കാരത്തിലെ ഏത് ഭാഗത്താണ് നബി (സ) പാരായണം ചെയ്തതെന്ന് വ്യക്തമായി പറയപ്പെട്ടിട്ടില്ലെങ്കിലും മറ്റു ഹദീസുകളില്‍ നിന്നും അത് അവസാന ഭാഗത്തായിരുന്നുവെന്ന് മനസ്സിലാകുന്നു.
112., ഇബ്നു മസ്ഊദ് (റ) വിവരിക്കുന്നു: അത്തഹിയ്യാത്തിന് ശേഷം ഈ ദുആ ചൊല്ലാന്‍ റസൂലുല്ലാഹി (സ) ഞങ്ങളെ പഠിപ്പിച്ചിരുന്നു. ....................... അല്ലാഹുവേ, നന്മകളില്‍ ഞങ്ങളുടെ മനസ്സുകള്‍ക്ക് യോജിപ്പ് നല്‍കണേ. ഞങ്ങളുടെ പരസ്പര ബന്ധങ്ങള്‍ നന്നാക്കണേ. ഞങ്ങളെ രക്ഷയുടെ വഴിയിലൂടെ സഞ്ചരിപ്പിക്കേണമേ. ഇരുളുകളില്‍ നിന്നും പ്രകാശത്തിലേക്ക് നയിക്കണേ. രഹസ്യമായും പരസ്യമായുമുള്ള എല്ലാ മാലിന്യങ്ങളില്‍ നിന്നും ഞങ്ങളെ വിദൂരത്താക്കണേ. ഞങ്ങളുടെ കാതുകള്‍, കണ്ണുകള്‍, ഇണകള്‍, സന്താനങ്ങള്‍ ഇവയില്‍ ഐശ്വര്യം നല്‍കണേ. ഞങ്ങളുടെ മേല്‍ ഔദാര്യം ചെയ്യണേ. നീ വലിയ ഔദാര്യം ചെയ്യുന്നവനും കാരുണ്യവാനുമാണ്. നിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുകയും അതിന് അര്‍ഹമായി സ്വീകരിക്കുകയും ചെയ്യുന്നവരാക്കണേ. നിന്‍റെ അനുഗ്രഹങ്ങള്‍ ഞങ്ങളുടെ മേല്‍ പൂര്‍ത്തീകരിച്ച് സമൃദ്ധമാക്കിത്തരേണമേ. (അബൂദാവൂദ്)  


******************



ജീവചരിത്രം

 മുഫക്കിറുല്‍ ഇസ്ലാം 
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ 
അലി നദ് വി
ജീവിതവും സന്ദേശവും ഭാഗം-10

മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ്‌വി
 
ജാമിഅ ഇസ്ലാമിയ്യ, റാബിത്വ, പേഴ്സണല്‍ ലാ ബോര്‍ഡ്, വിവിധ യാത്രകള്‍
ഹറമുകളില്‍ പ്രധാനപ്പെട്ട രണ്ട് സംരംഭങ്ങളുടെ തുടക്കം. 
1962-ന്‍റെ തുടക്കത്തില്‍ മദീനാ മുനവ്വറയില്‍ ജാമിഅ ഇസ്ലാമിയ്യ സ്ഥാപിക്കപ്പെട്ടു. ഇതിന്‍റെ സേവനം മൗലാനാ സ്വീകരിക്കണമെന്ന് സഊദ് രാജാവ് നേരിട്ട് കത്തെഴുതുകയും അതിന് വേണ്ടി മൗലാനായെ തയ്യാറാക്കുന്നതിന് ഇന്ത്യയിലെ സഊദി എംബസിയെ ചുമതലപ്പെടുത്തുകയും ചെയ്തു. മൗലാനാ ഇതിന് ഡമാസ്കസ് യൂണിവേഴ്സിറ്റി ഭാരവാഹികള്‍ക്ക് നല്‍കിയ മറുപടി തന്നെ കൊടുത്തു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മൗലാനായെ ജാമിഅ ഇസ്ലാമിയ്യയുടെ കൂടിയാലോചനാ സമിതിയുടെ ഫൗണ്ടര്‍ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. മൗലാനാ ഇത് സസന്തോഷം സ്വീകരിച്ചു. ഇതിന്‍റെ ആദ്യ സമിതിയില്‍ പങ്കെടുക്കുന്നതിന് 1962 മെയ് മാസം ഹിജാസിലേക്ക് യാത്ര തിരിച്ചു. ഈ സന്ദര്‍ഭത്തില്‍ സഊദ് രാജാവിന്‍റെ അദ്ധ്യക്ഷതയില്‍ കൊട്ടാരത്തില്‍ ഒരു ഇസ്ലാമിക കൂടിയാലോചനാ സമ്മേളനം നടന്നു. ഇസ്ലാമിക ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത ഈ സമ്മേളനത്തിലേക്ക് മൗലാനായെയും ക്ഷണിക്കപ്പെട്ടു. ഇവിടെ വെച്ച് റാബിത്വത്തുല്‍ ആലമില്‍ ഇസ്ലാമി (മുസ്ലിം വേള്‍ഡ് ലീഗ്) എന്ന പേരില്‍ ഒരു ആഗോള പ്രസ്ഥാനം നിലവില്‍ വന്നു. മൗലാനായെ ഇതിന്‍റെയും ഫൗണ്ടര്‍ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. ഈ സമ്മേളനത്തിന്‍റെ അദ്ധ്യക്ഷനായിരുന്ന ശൈഖ് മുഹമ്മദ് ബിന്‍ ഇബ്റാഹീം ആലു ശൈഖ് എന്തെങ്കിലും ആവശ്യത്തിന് പോകുമ്പോള്‍ മൗലാനായെയാണ് അദ്ധ്യക്ഷനാക്കിയിരുന്നത്. പക്ഷപാതത്വത്തെക്കാള്‍ ഇസ്ലാമിക സാഹോദര്യത്തിന് മുന്‍ഗണന കൊടുക്കുക എന്ന പ്രബന്ധം ഇതിന്‍റെ ആദ്യ സദസ്സില്‍ മൗലാനാ അവതരിപ്പിച്ചു. ഇത് വളരെ ശ്രദ്ധേയമായിരുന്നു. 
ഇതിനിടയില്‍ ഹജ്ജിന്‍റെ സമയം സമാഗതമായി. ഹജ്ജ് നിര്‍വ്വഹിച്ച ശേഷം മദീനാ മുനവ്വറയിലേക്ക് യാത്രയായി. അവിടെ ജാമിഅ ഇസ്ലാമിയ്യയുടെ കൂടിയാലോചനാ യോഗത്തില്‍ പങ്കെടുത്തു. പ്രബോധനത്തിനും സംസ്കരണത്തിനും ജാമിഅ സ്വീകരിക്കേണ്ട കര്‍മ്മ പദ്ധതി എന്ന പേരില്‍ അതില്‍ ഒരു പ്രബന്ധം അവതരിപ്പിച്ചു. അവിടെ ഉയര്‍ന്ന ഹോട്ടലില്‍ താമസിക്കാന്‍ ഏര്‍പ്പാട് ചെയ്തിരുന്നെങ്കിലും മൗലാനാ സുഹൃത്ത് കൂടിയായ നൂര്‍ വലിയ്യ് സാഹിബിന്‍റെ വീട്ടിലാണ് താമസിച്ചത്. ഈ യാത്രയ്ക്കിടയില്‍ മൗലാനാ അബ്ദുല്ലാഹ് അബ്ബാസ് നദ്വി മൗലാനായ്ക്ക് ഒരു സ്വീകരണ പരിപാടി വെയ്ക്കുകയും അതിലേക്ക് പ്രധാന വ്യക്തിത്വങ്ങളെ ക്ഷണിക്കുകയും ചെയ്തു. മൗലാനാ ഈ സദസ്സില്‍ ശക്തവും വ്യക്തവുമായ നിലയില്‍ അറേബ്യന്‍ ദേശീയതയെ വിമര്‍ശിച്ചു. അറേബ്യന്‍ ദേശീയതയ്ക്കെതിരില്‍ ഒരു വാക്ക് പോലും കേള്‍ക്കാന്‍ യുവാക്കള്‍ തയ്യാറാകാതിരുന്ന ഒരു സന്ദര്‍ഭത്തിലാണ് മൗലാനായുടെ ഈ പ്രഭാഷണം. പക്ഷെ, മനസ്സില്‍ നിന്നും ആത്മാര്‍ത്ഥതയോടെയും ശക്തിയുക്തമായും കാര്യങ്ങള്‍ അവതരിപ്പിച്ചതിനാല്‍ സദസ്സ് മുഴുവന്‍ അത് ഉള്‍ക്കൊണ്ടു. വിശിഷ്യാ, പ്രഗത്ഭ പണ്ഡിതനായ ശൈഖ് മുഹമ്മദ് മഹ്മൂദ് സ്വവ്വാഫ് ഇതിനെ തുറന്ന് സമ്മതിക്കുകയുണ്ടായി. 
സഊദി റേഡിയോയുടെ അപേക്ഷ പ്രകാരം വുഫൂദുല്‍ ഉമ്മത്തി ബൈനയദയ് നബിയ്യിഹാ (സമുദായത്തിലെ വിവിധ സംഘങ്ങള്‍ പ്രവാചക സമക്ഷത്തില്‍) എന്ന വികാര നിര്‍ഭരവും വിശ്വാസ തത്വങ്ങള്‍ നിറഞ്ഞതുമായ പ്രഭാഷണം മൗലാനാ അവതരിപ്പിച്ചു. പല പ്രാവശ്യം സഊദി റേഡിയോയില്‍ ഇത് പുനസംപ്രേക്ഷണം ചെയ്യപ്പെട്ടു. ആള്‍ ഇന്ത്യാ റേഡിയോയിലും ഇതിന്‍റെ ഉറുദു തര്‍ജ്ജുമ പ്രസിദ്ധീകരിക്കുകയുണ്ടായി. വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന ഈ യാത്രയെ തുടര്‍ന്ന് മൗലാനാ എല്ലാ വര്‍ഷവും കുറഞ്ഞത് ഒരു പ്രാവശ്യം ഹറമുകളിലേക്ക് പോകുന്ന സാഹചര്യം സംജാതമായി.  
ജാമിഅ ഇസ്ലാമിയ്യയിലെ പ്രബണ്ഡങ്ങള്‍ 1953-ല്‍ മദീനാ മുനവ്വറയിലെ ജാമിഅ: ഇസ്ലാമിയ്യയില്‍ പ്രബണ്ഡങ്ങള്‍ അവതരിപ്പിക്കാന്‍ മൗലാനായെ ക്ഷണിക്കപ്പെട്ടു. മദീനാ മുനവ്വറയുടെ പ്രത്യേകത മുന്‍നിര്‍ത്തി പ്രവാചകത്വവും പ്രവാചകന്മാരും ഖുര്‍ആനിന്‍റെ വെളിച്ചെത്തില്‍ എന്ന വിഷയം മൗലാനാ തിരഞ്ഞെടുത്തു. സഹയാത്രികനായി മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് നദ്വി കൂട്ടത്തിലുണ്ടായിരുന്നു. ജാമിഅയുടെ വിശാലമായ ഹാളില്‍ ഈ പ്രബണ്ഡങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. അന്ന് ജാമിഅയുടെ വി.സി. കൂടിയായിരുന്ന ശൈഖ് ഇബ്നു ബാസ് ഇതില്‍ താല്‍പര്യത്തോടെ പങ്കെടുക്കുകയും ഓരോ പ്രബണ്ഡങ്ങള്‍ക്കും ശേഷം പ്രശംസാ വാചകങ്ങള്‍ പറയുകയും ചെയ്തിരുന്നു. ഇത് ഗ്രന്ഥ രൂപത്തില്‍ വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മൗലാനായുടെ സുപ്രധാനമായ രചനകളില്‍ ഒന്നാണിത്. 
ഈ യാത്രയില്‍ തന്നെ മൗലാനാ അഞ്ചാമത്തെ ഹജ്ജ് നിര്‍വ്വഹിച്ചു. ഹജ്ജിനിടയില്‍ ഒരു ദിവസം ബൈത്തുല്ലാഹ് ശരീഫിന് മുന്നില്‍ വെച്ച് ഹാജിമാരെ സംബോധന ചെയ്യാന്‍ മൗലാനായെ ക്ഷണിക്കപ്പെട്ടു. മൗലാനാ പറയുന്നു: ഇത് വളരെ അത്ഭുതകരമായൊരു കാഴ്ച്ചയായിരുന്നു. ഒരിക്കലും മനസ്സില്‍ നിന്നും മായുന്നതല്ല. ഹജ്ജിന് രണ്ട് ദിവസം മുമ്പ് ഹാജിമാര്‍ മസ്ജിദുല്‍ ഹറാമില്‍ തിങ്ങി നിറഞ്ഞു നില്‍ക്കുമ്പോള്‍ ബൈത്തുല്ലാഹ് ശരീഫിനെ നോക്കി കൊണ്ട് പ്രഭാഷണം നടത്താന്‍ സൗഭാഗ്യമുണ്ടായി. (കാറവാന്‍) 
അറേബ്യന്‍ നാടുകളില്‍ പാശ്ചാത്യ സംസ്കാര രീതികള്‍ പ്രളയം പോലെ വര്‍ദ്ധിക്കുന്നതിനെയും അതിനെ നിയന്ത്രിക്കുന്നതിനെയും കുറിച്ച് മൗലാനാ തുടക്കം മുതല്‍ക്കേ ചിന്താകുലനായിരുന്നു. ആദ്യ യാത്രയില്‍ തന്നെ സഊദ് രാജാവിനെ കണ്ടപ്പോള്‍ വിശദമായൊരു കുറിപ്പിലൂടെ ഈ കാര്യം അദ്ദേഹത്തെ ഉണര്‍ത്തുകയുണ്ടായി. 1963-ലെ ഈ യാത്രയ്ക്കിടയില്‍ ഈ പ്രശ്നത്തോടൊപ്പം ജമാല്‍ അബ്ദുന്നാസിര്‍ ഇളക്കിവിട്ട മറ്റൊരു പ്രശ്നമായ അറേബ്യന്‍ ദേശീയതയും അതിവേഗതയില്‍ പ്രചരിക്കുന്നത് കണ്ട് മൗലാന കൂടുതല്‍ ചിന്താകുലനായി. വിശിഷ്യാ ഈ പ്രശ്നത്തില്‍ നിന്നും ജനങ്ങളെ തിരിച്ച് വിടാന്‍ സഊദി ഭരണാധികാരികള്‍ കണ്ടെത്തിയ ഒരു മാര്‍ഗ്ഗം പാശ്ചാത്യ സംസ്കാരത്തെ കെട്ടഴിച്ച് വിടുകയും ടെലിവിഷനും മറ്റും വ്യാപകമാക്കുകയും ചെയ്യുക എന്നതായിരുന്നു. ഇത് അവസ്ഥ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. ഇതില്‍ അസ്വസ്ഥനായ മൗലാന മദീനാ മുനവ്വറയിലെ താമസിത്തിനിടയില്‍ തന്നെ അന്നത്തെ രാജകുമാരന്‍ അമീര്‍ ഫൈസലിനെ പ്രത്യേകം സന്ദര്‍ശിക്കുകയുണ്ടായി. ഈ കൂടിക്കാഴ്ചയില്‍ മൗലാന അദ്ദേഹത്തോട് വിഷയങ്ങള്‍ തുറന്ന് പറയുകയും ഗൗരവം ശക്തമായി ഉണര്‍ത്തുകയും ചെയ്തു. അമീര്‍ ഫൈസലും ഈ കാര്യം അംഗീകരിക്കുകയും താനും ഇതില്‍ വലിയ ചിന്താകുലനാണെന്നും ചില പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. തുടര്‍ന്ന് അദ്ദേഹം ഭരണാധികാരിയായപ്പോള്‍ മൗലാന വിവിധ കത്തുകളിലൂടെ അദ്ദേഹത്തെ കാര്യങ്ങള്‍ ഉണര്‍ത്തിക്കൊണ്ടിരിക്കുകയും അദ്ദേഹം മറുപടികള്‍ നല്‍കുകയും ചെയ്തു. കൂടാതെ, വീണ്ടും രണ്ട് പ്രാവശ്യം മൗലാന അദ്ദേഹത്തെ നേരില്‍ കണ്ട് ആശങ്കകള്‍ പങ്കുവെക്കുകയും പ്രധാന നിര്‍ദ്ദേശങ്ങള്‍ കൈമാറുകയും അദ്ദേഹം തുറന്ന മനസ്സോടെ അവകള്‍ കേള്‍ക്കുകയും ചെയ്തു. ആദ്യ കൂടിക്കാഴ്ചയില്‍ മൗലാനായോടൊപ്പം മൗലാന സയ്യിദ് മുഹമ്മദ് റാബിഅ് നദ്വിയും ശേഷമുള്ളതില്‍ മൗലാന സയ്യിദ് വാളിഹ് റഷീദ് നദ്വിയും ഉണ്ടായിരുന്നു. ഈ സന്ദര്‍ശനങ്ങള്‍ക്കായി രാജകൊട്ടാരത്തിലേക്ക് പോയ മൗലാനായുടെ മുമ്പില്‍ ഭൗതിക ആഢംബര അലങ്കാരങ്ങളുടെ ഏറ്റവും വലിയ ചിത്രങ്ങള്‍ പ്രകടമായെങ്കിലും മൗലാന അവയിലേക്ക് നോക്കുക പോലും ചെയ്തില്ല. സംസാരത്തിനിടയില്‍ സൂചനയായിപ്പോലും ഏതെങ്കിലും സ്ഥാപന പ്രസ്താനങ്ങളുടെ കാര്യമോ, അന്ന് സാമ്പത്തികമായി വലിയ പ്രയാസത്തിലായിരുന്ന സ്വന്തം സ്ഥാപനം ദാറുല്‍ ഉലൂമിന്‍റെ വിഷയമോ പറഞ്ഞില്ല. മൗലാനായുടെ ആത്മത്യാഗത്തിന്‍റെയും തുറന്ന സംസാരത്തിന്‍റെയും ഫലമായി മൗലാനായുടെ പ്രബോധന വ്യക്തിത്വം കൂടുതല്‍ ശക്തവും വ്യക്തവുമായി.

രണ്ട് വലിയ ദു:ഖ സംഭവങ്ങള്‍
1962 മൗലാനായെ സംബന്ധിച്ചിടത്തോളം ദു:ഖ വര്‍ഷം കൂടിയായിരുന്നു. ആറ് മാസത്തെ വ്യത്യാസത്തില്‍ അല്ലാമാ അഹ്മദ് അലി ലാഹോരിയും മൗലാന അബ്ദുല്‍ ഖാദിര്‍ റായ്പൂരിയും അല്ലാഹുവിലേക്ക് യാത്രയായി. ഹസ്രത്ത് റായ്പൂരി കഠിന രോഗാവസ്ഥയിലും മൗലാനായുടെ കാര്യങ്ങള്‍ തിരക്കിയിരുന്നു. ചില സേവകന്മാര്‍ പറയുന്നു: അവസാന സംസാരത്തിലും മൗലാനായുടെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ശിഷ്യരെ ഉണര്‍ത്തുകയുണ്ടായി. അവസാനം 1382 റബീഉല്‍ അവ്വല്‍ 13 (1962)-ല്‍ ഈ അനുഗ്രഹീത വിളക്ക് അണയുകയുണ്ടായി. മൗലാന അവസാന നാളുകളില്‍ ഹസ്രത്തിനോടൊപ്പം കഴിയുകയും അനുഗ്രഹീത ശരീരം നാട്ടിലേക്ക് കൊണ്ടുപോയി ഖബ്റടക്കുന്നതില്‍ പങ്കെടുക്കുകയും ചെയ്തു. 

യൂറോപ്പ് യാത്ര
1963-ല്‍ മൗലാനായുടെ ആദ്യ യൂറോപ്പ് യാത്ര നടന്നു. ഇതിന്‍റെ പ്രധാന പ്രേരകം ജനീവയിലെ ഇസ്ലാമിക് സെന്‍ററിലെ പരിപാടികളായിരുന്നു. അതിന്‍റെ നായകന്‍ ഡോ: സഈദ് റമളാന്‍ മൗലാനായുടെ പഴെയ സ്നേഹിതനായിരുന്നു. അദ്ദേഹത്തിന്‍റെ നിര്‍ബന്ധ പ്രകാരം മൗലാന ഈ യാത്രയ്ക്ക് തയ്യാറായി. സഹയാത്രികനായി മൗലാനായുടെ സ്നേഹിതനും വൈദ്യ പഠനത്തിന് യൂറോപ്പില്‍ നീണ്ട നാളുകള്‍ താമസിച്ച വ്യക്തിത്വവുമായ ഡോ: ഇശ്തിയാഖ് ഹുസൈന്‍ ഖുറൈശിയെ തെരഞ്ഞെടുത്തു. 
ജനീവ കൂടാതെ, ഈ യാത്രയില്‍ യൂറോപ്പിലെ വിവിധ ഭാഗങ്ങളിലും പരിപാടികള്‍ നടന്നു. ഈഡന്‍ബ്രാ യൂണിവേഴ്സിറ്റി, ലണ്ടന്‍ യൂണിവേഴ്സിറ്റി മുതലായ പാഠശാലകളില്‍ മൗലാന അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സംബോധന ചെയ്തു. അന്താരാഷ്ട്ര റേഡിയോ ബി. ബി. സി ലണ്ടന്‍ രണ്ട് പ്രഭാഷണങ്ങള്‍ പ്രക്ഷേപണം ചെയ്തു. ബയ്നശര്‍ഖി വല്‍ ഗര്‍ബ് എന്ന അറബി പ്രഭാഷണത്തിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനം ഇംഗ്ലീഷുകാരനായ ഒരു നവ മുസ്ലിം വലിയ ആവേശത്തോടെ ജനങ്ങളെ വായിച്ച് കേള്‍പ്പിക്കുന്നുണ്ടായിരുന്നു. ഈ യാത്രയ്ക്കിടയില്‍ മൗലാന സ്പെയിനിലും പോവുകയുണ്ടായി. അതിനെക്കുറിച്ച് അനുസ്മരിച്ചുകൊണ്ട് മൗലാന കുറിക്കുന്നു:
ഈ യാത്രയിലെ ഏറ്റവും പ്രിയങ്കരമായ ഭാഗം പ്രിയപ്പെട്ട മര്‍ഹൂം ഉന്‍ദുലുസിന്‍റെ (സ്പെയിന്‍) സന്ദര്‍ശനമായിരുന്നു. മുസ്ലിംകള്‍ നീണ്ടകാലഘട്ടം താമസിച്ചിട്ടും ഇതുപോലെ പേരും അടയാളങ്ങളും നഷ്ടപ്പെട്ട ഒരു രാജ്യവും എനിയ്ക്കറിയില്ല. എന്നാല്‍ അവിടെ പോയപ്പോള്‍ വല്ലാത്ത ഇണക്കവും സ്നേഹവും ഹൃദ്യതയും അനുഭവപ്പെട്ടു. അന്തരീക്ഷം എന്നെ ആലിംഗനം ചെയ്യുന്നതായിട്ട് തോന്നി. ഓരോ മണല്‍ത്തരികളും സ്നേഹ സംഗീതം മുഴക്കുന്നുണ്ടായിരുന്നു. അവിടെ നടത്തിയ നമസ്കാര ദിക്റുകള്‍ക്കിടയില്‍ അത്ഭുതകരമായ അനുഭൂതിയും ഹൃദയ വേദനയും അനുഭവപ്പെട്ടു. അതെ, ഈ യാത്രയിലൂടെ എന്‍റെ മനസ്സിന്‍റെ മുറിവ് കൂടുതല്‍ വലുതാവുകയാണ് ചെയ്തത്. (കാറവാനെ സിന്ദഗി) 
കൂട്ടത്തിലുണ്ടായിരുന്ന ഗൈഡ് വിവിധ സ്ഥലങ്ങള്‍ പരിചയപ്പെടുത്തുമ്പോള്‍ ഇത് പഴെയ അറബികളുടേതായിരുന്നുവെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. ഇത്തരുണത്തില്‍ മൗലാനായുടെ നിയന്ത്രണം നഷ്ടപ്പെട്ടു. മൗലാന പറഞ്ഞു: ഈ വാചകം ഇനി ആവര്‍ത്തിക്കരുത്. എനിയ്ക്ക് വലിയ പ്രയാസമുണ്ടാകുന്നു! അദ്ദേഹം ക്ഷമാപണം നടത്തി. 
ഖുര്‍തുബ (കോര്‍ദോവ) മസ്ജിദില്‍ എത്തിയപ്പോള്‍ മൗലാനായുടെ വികാരത്തിന്‍റെ ഞരമ്പ് വല്ലാതെ പിടച്ചു. ഹൈദരി രക്തം തിളച്ച് മറിഞ്ഞു. മസ്ജിദ് മുഴുവന്‍ ശബ്ദമെത്തുന്ന രീതിയില്‍ നിര്‍മ്മിക്കപ്പെട്ട മിഹ്റാബിലെത്തിയപ്പോള്‍ മൗലാന നിയന്ത്രണം വിട്ട് ഈ ആയത്ത് പാരായണം ചെയ്തു: പറയുക, സത്യം വന്നു. അസത്യം മാഞ്ഞു. അതെ, അസത്യം മാഞ്ഞ് പോകാനുള്ളതാണ്. (ബനൂഇസ്റാഈല്‍) അവിടെ നിരോധിക്കപ്പെട്ടിരുന്നെങ്കിലും മൗലാന രണ്ട് റക്അത്ത് നമസ്കരിച്ചു. പുറത്തേക്ക് ഇറങ്ങിയപ്പോള്‍ അസ്റിന്‍റെ സമയമായിരുന്നു. മൗലാന മസ്ജിദിന്‍റെ തിണ്ണയില്‍ ബാങ്ക് കൊടുത്ത് ജമാഅത്തായി അസ്ര്‍ നമസ്കരിച്ചു.
ഗര്‍നാത്ത (ഗ്രാനഡ) താമസിത്തിനിടയില്‍ ജുമുഅ ദിവസം സമാഗതമായി. മൗലാന അറബി വംശജരായ വിദ്യാര്‍ത്ഥികളെ ഒരുമിച്ച് കൂട്ടി ജുമുഅ നമസ്കരിച്ചു. അതെ, ഇത് ഒരു കാലത്ത് ഔലിയാഇന്‍റെയും ഉലമാഇന്‍റെയും ഭൂമിയായിരുന്ന ഈ മണ്ണില്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ജുമുഅ നമസ്കാരമായിരുന്നു. തുടര്‍ന്ന് അല്ലാഹു വഴി തുറന്നു. അവിടെ നമസ്കാരത്തിനും ജുമുഅ ജമാഅത്തുകള്‍ക്കും അനുമതി ലഭിച്ചു. ഇതിന്‍റെ പിന്നില്‍ മൗലാനായുടെ നിശബ്ദ പ്രവര്‍ത്തനം വലിയൊരു കാരണമായി. പ്രഗത്ഭ പണ്ഡിതന്‍ മൗലാന അബ്ദുല്ലാഹ് മസാഹിരി കുറിക്കുന്നു: ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ മൊറോക്കോയില്‍ പോയി അവിടെ നിന്നും സ്പെയിനിലേക്ക് പോകാന്‍ സാധിച്ചു. ഈ യാത്രക്കിടയില്‍ ഞാന്‍ കൂട്ടുകാരനെ പ്രതീക്ഷിച്ച് നില്‍ക്കുമ്പോള്‍ വഴിയരികില്‍ ചെറിയ ഒരു പുസ്തക ശാല കാണുകയുണ്ടായി. അതില്‍ പത്രങ്ങളും മാസികകളും ലഘു കൃതികളും ഉണ്ടായിരുന്നു. ഞാന്‍ അകത്ത് കയറി അത് നോക്കിക്കൊണ്ട് ഇരിക്കുമ്പോള്‍ അല്‍ ഇസ്ലാമു ഫീ ഹസ്പാനിയ്യ (സ്പെയിനില്‍ ഇസ്ലാം) എന്ന ഒരു കൃതി കണ്ടു. മൊറോക്കോയിലെ ഉന്നത പണ്ഡിതനായ ശൈഖ് കത്താബി ആണ് രചയ്താവ്. ഞാന്‍ അത് വായിക്കാന്‍ തുടങ്ങി: മുസ്ലിംകളും ഇസ്ലാമും സ്പെയിനില്‍ നീണ്ടകാലംڔവളരെ ഉയര്‍ന്ന് നിന്നെങ്കിലും പില്‍കാലത്ത് അവയെല്ലാം തുടച്ച് നീക്കപ്പെടുകയുണ്ടായി. അവിടെ മസ്ജിദുകളോ  കൂട്ടങ്ങളോ ഒന്നും ഇല്ലാതായി എന്നാല്‍ അടുത്ത കാലത്തായി അവിടെ അവസ്ഥകള്‍ക്ക് മാറ്റം വന്ന് തുടങ്ങിയിരിക്കുന്നു. പല മസ്ജിദുകളും നിര്‍മിക്കപ്പെട്ടു. ധാരാളം സംഘടനകളും പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. യുവാക്കള്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. തുടര്‍ന്ന് അദ്ദേഹം കുറിക്കുന്നു: ഈ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും വലിയ പങ്ക് ശൈഖ് അബുല്‍ ഹസന്‍ അലി നദ്വിക്കാണ്! അദ്ദേഹം സ്പെയിനില്‍ വന്നപ്പോള്‍ ഇവിടെ താമസിച്ച് പഠിച്ചിരുന്ന മൊറോക്കോയിലെയും ഇതര നാടുകളിലേയും വിദ്യാര്‍ത്ഥികളെ പ്രത്യേകം പോയി കാണുകയും അവരെ നന്മകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്തു. സ്പെയിനിലെ പട്ടണങ്ങളായ ഖുര്‍ത്വുബ,ഇഷ്ബീലിയ,ഗര്‍ന്നാത്ത,മാട്രിട് എന്നിവിടങ്ങളില്‍ അദ്ദേഹം ഏതാനും ചെറുപ്പക്കാരെ തയ്യാറാക്കി. ഇന്ന് അവര്‍ കാരണമായി ഇവിടെ നല്ല പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നു. ഇതല്ലാം ശൈഖ് നദ്വിയുടെ നിലനില്‍ക്കുന്ന ദാനങ്ങളാണ്! 'ഞങ്ങള്‍ സ്പെയിനിലെത്തി ഗര്‍നാത്തയിലെ ഹംറാഅ് കൊട്ടാരം കാണാന്‍ പോയി അതിന് നേരെ മുന്നില്‍ ഹയ്യുല്‍ ബയാദീന്‍ എന്ന പേരില്‍ അറബികള്‍ താമസിക്കുന്ന ഒരു പ്രദേശമുണ്ട്. അവിടെ മനോഹരമായ ഒരു മസ്ജിദ് നിര്‍മിക്കപ്പെട്ടിരിക്കുന്നു. അതിയായ സന്തോഷം കാരണം ഞങ്ങള്‍ അവിടെ പോയി രണ്ട് റക്അത്ത് നമസ്കരിക്കുകയും ഇതിന് വേണ്ടി പരിശ്രമിക്കുകയും വിശിഷ്യാ അല്ലാമാ നദ്വിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അല്ലാഹു അല്ലാമയുടെ സ്ഥാനങ്ങള്‍ സമുന്നതമാക്കട്ടെ! (സദായെ ദില്‍)
ഈ യാത്രയ്ക്കിടയില്‍ പാശ്ചാത്യ സംസ്കാരത്തിന്‍റെ വിവിധ വീഴ്ചകള്‍ മൗലാന നേരില്‍ കണ്ടു. നാളുകളായി രേഖകളുടെ അടിസ്ഥാനത്തില്‍ വിമര്‍ശിച്ചുകൊണ്ടിരുന്ന കാര്യങ്ങള്‍ക്ക് മൗലാന സാക്ഷിയായി. ഈ കാര്യങ്ങള്‍ വിവരിച്ചുകൊണ്ട് മൗലാന അടുത്ത സുഹൃത്തുക്കള്‍ക്ക് അയച്ച വിവിധ കത്തുകള്‍ മഖാത്തിബ യൂറോപ്പ് എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മൗലാനായുടെ മാസ്റ്റര്‍ പീസ് ഗ്രന്ഥമായ മാദാ ഖസിറല്‍ ആലമിന്‍റെ അനുബന്ധമെന്ന് പറയാന്‍ കഴിയുന്ന അസ്സിറാഉ ബയ്നല്‍ ഫിക്റത്തില്‍ ഇസ്ലാമിയ്യ വല്‍ ഫിക്റത്തില്‍ ഗര്‍ബിയ്യ എന്ന പ്രൗഢ ഗ്രന്ഥത്തിന്‍റെ ആദ്യ ഭാഗങ്ങള്‍ ഈ യാത്രയിലാണ് കുറിച്ചത്. മുസ്ലിം രാജ്യങ്ങളില്‍ നടക്കുന്ന ഇസ്ലാമികതയുടെയും പാശ്ചാത്ത്യ സംസ്കാരത്തിന്‍റെയും ഇടയിലുള്ള പോരാട്ടങ്ങളും അവയുടെ പരിണിത ഫലങ്ങളും ഇതില്‍ സ്വീകരിക്കേണ്ട ശരിയായ നിലപാടും മൗലാന ഇതില്‍ വ്യക്തമാക്കിയിരിക്കുന്നു. ഇത് മുസ്ലിം നാടുകളുടെ എല്ലാം ഒരു പ്രധാനപ്പെട്ട പ്രശ്നമാണ്.
ഈ യാത്ര കഴിഞ്ഞ് അടുത്ത വര്‍ഷം തന്നെ വീണ്ടും ജനീവയിലെ ഇസ്ലാമിക് സെന്‍ററിന്‍റെ ക്ഷണ പ്രകാരം യൂറോപ്പിലേക്കുള്ള രണ്ടാം യാത്ര നടത്തുകയുണ്ടായി. ഇതില്‍ മൗലാന സയ്യിദ് മുഹമ്മദ് റാബിഅ് നദ്വി സഹയാത്രികനായിരുന്നു. ഈ യാത്രയില്‍ ജര്‍മ്മനിയിലേക്കും പോവുകയും അവിടുത്തെ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ പ്രകൃതി വിരുദ്ധവും സേച്ഛാധിപത്യപരവുമായ അവസ്ഥകള്‍ നേരില്‍ കാണുകയും ചെയ്തു. ഇപ്രകാരം ലോകത്തെ രണ്ട് വന്‍ ശക്തികളുടെ ന്യൂനതകള്‍ മൗലാന നേരിട്ട് കണ്ട് മനസ്സിലാക്കി. ഈ യാത്രയില്‍ ലണ്ടനിലെ ഇസ്ലാമിക് സെന്‍ററില്‍ മൗലാന യുവാക്കള്‍ക്കിടയില്‍ സുപ്രധാനമായ ഒരു പ്രഭാഷണം നടത്തുകയും ബര്‍ലിനിലെ എഞ്ചിനീയറിംഗ് യൂണിവേഴ്സിറ്റിയിലും ജര്‍മ്മന്‍ വംശജരോട് സംസാരിക്കുകയും അത് ജര്‍മ്മന്‍ ഭാഷയില്‍ വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തു. മടക്ക യാത്രയില്‍ ഇസ്തംബൂളില്‍ ഒരു ദിവസം താമസിച്ചു. അവിടെയും വലിയൊരു സദസ്സില്‍ വളരെ പ്രധാനപ്പെട്ട ഒരു പ്രഭാഷണം നടത്തി. 
അലഹബാദ് യാത്ര
ഹകീമുല്‍ ഉമ്മത്ത് മൗലാന അഷ്റഫ് അലി ത്ഥാനവി (റ)യുടെ പ്രധാന ശിഷ്യനായ ശൈഖ് വസിയുല്ലാഹ് സാഹിബിനെ 1954-ല്‍ മൗലാന സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തില്‍ അദ്ദേഹം മൗലാനായോട് വലിയ സ്നേഹം പുലര്‍ത്തി. തുടര്‍ന്നും ഈ ബന്ധം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ഒരു കത്തില്‍ അദ്ദേഹം ഇപ്രകാരം എഴുതി: എന്‍റെ അരികില്‍ വന്നുപോകുന്ന പണ്ഡിതന്മാരില്‍ എന്‍റെ മനസ്സ് ഏറ്റവും കൂടുതല്‍ തിരിഞ്ഞിരിക്കുന്നത് താങ്കളിലേക്കാണ്! ഒരു സദസ്സില്‍ മൗലാനായുടെ അഭാവത്തില്‍ യാതൊരു ആമുഖവുമില്ലാതെ പൊടുന്നനെ പറഞ്ഞു: ധാരാളം മഹത്തുക്കളെ കണ്ടിട്ടുണ്ട്. പക്ഷേ, അലീമിയാനെപ്പോലെ പരിശുദ്ധ മനസ്സുള്ള ആരെയും കണ്ടിട്ടില്ല! ഒരിക്കല്‍ മൗലാന സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് എഴുതിയ കത്തിന് മറുപടിയായി ശൈഖ് കുറിച്ചു: രാജാക്കന്മാര്‍ ഇടയ്ക്ക് സാധുക്കളുടെ വീട്ടില്‍ ഇറങ്ങി താമസിക്കാറുണ്ട്. രാജാവായ താങ്കള്‍ എന്‍റെ വീട്ടില്‍ വന്നതിലൂടെ എനിയ്ക്ക് വലിയ അന്തസ്സും അഭിമാനവും കൈവന്നിരിക്കുകയാണ്! 
1964 ജൂണ്‍ 20, 21-ന് അലഹബാദില്‍ ദീനീ തഅ്ലീമി കൗണ്‍സിലിന്‍റെ ഒരു സമ്മേളനം തീരുമാനിക്കപ്പെട്ടു. അതില്‍ പങ്കെടുക്കാന്‍ മൗലാന അലഹബാദിലേക്ക് പുറപ്പെട്ടു. ഇരുപതാം തീയതി രാവിലെ അലഹബാദ് റെയില്‍വേ സ്റ്റേഷനില്‍ മൗലാന എത്തിയപ്പോല്‍ ശൈഖ് പ്രഭാത ഭക്ഷണവുമായി അവിടെ എത്തിയിരുന്നു. തുടര്‍ന്ന് മൗലാന ശൈഖിന്‍റെ വീട്ടിലേക്ക് പോവുകയും സ്വന്തം കൈകൊണ്ട് ആഹാരം വിളമ്പുകയും ചെയ്തു. ഇതിനിടയില്‍ ശൈഖിന് ഒരു അപകടം പറ്റിയെങ്കിലും മൗലാനയ്ക്ക് വിഷമം ഉണ്ടാകാതിരിക്കുന്നതിന് ആരെയും അത് അറിയിക്കുകയുണ്ടായില്ല. രണ്ട് ദിവസവും മൗലാനായുടെയും കൂട്ടരുടെയും താമസവും ഭക്ഷണവും ശൈഖിന്‍റെ വീട്ടിലായിരുന്നു. 1967 നവംബര്‍ 24-ന് ശൈഖിന്‍റെ വിയോഗം സംഭവിച്ചു. മൗലാന ഇതില്‍ ദു:ഖിക്കുകയും അനുശോചനം രേഖപ്പെടുത്താന്‍ അലഹബാദിലേക്ക് പോവുകയും ഖാന്‍ഖാഹില്‍ ഉണ്ടായിരുന്ന ശിഷ്യര്‍ക്ക് മുമ്പാകെ വലിയൊരു പ്രഭാഷണം നടത്തുകയും ചെയ്തു. 

മുസ്ലിം മജ്ലിസ് മുശാവറത്ത്
ആഗോള ഇസ്ലാമിക ചലനങ്ങളുമായി വളരെയധികം ബന്ധപ്പെട്ടിരുന്ന മൗലാന സ്വന്തം രാജ്യത്തിന്‍റെയും സമുദായത്തിന്‍റെയും വിഷയം ഒരിക്കലും മറന്നിരുന്നില്ല. അമുസ്ലിംകള്‍ ഭൂരിപക്ഷമുള്ള ഇന്ത്യാ രാജ്യത്ത് ഇരു കൂട്ടര്‍ക്കുമിടയില്‍ പരസ്പര വിശ്വാസം ശക്തമാവുകയും മുസ്ലിംകള്‍ സ്വഭാവ മൂല്യങ്ങളിലൂടെ മഹത്വം സ്ഥാപിക്കുകയും ചെയ്യുന്നതുവരെ ഈ രാജ്യത്ത് മുസ്ലിം വ്യക്തിത്വവും അസ്ഥിത്വവും നിലനിര്‍ത്തുക ദുഷ്കരമാണെന്ന് മൗലാന വീക്ഷിച്ചിരുന്നു. 1947 മുതല്‍ ഇതിന് വേണ്ടി പരിശ്രമിച്ചിരുന്ന കാര്യം കഴിഞ്ഞ ഭാഗങ്ങളില്‍ വന്നിട്ടുണ്ടല്ലോ. എന്നാല്‍ 1963-ലും 1964-ലും രാജ്യത്ത് വലിയ വര്‍ഗ്ഗീയ കലാപങ്ങള്‍ നടന്നു. അതില്‍ ഏറ്റവും ഭയാനകമായ കലാപം നടന്നത് ജംഷേദ് പൂരിലും റാവഡ്കിലയിലുമായിരുന്നു. രക്ത പങ്കിലമായ ഈ കലാപങ്ങളില്‍ മുവായിരത്തിലേറെ മുസ്ലിംകള്‍ കൊല്ലപ്പെട്ടു. ഇത്തരുണത്തില്‍ മൗലാനായുടെ മനസ്സ് ഇളകി മറിയുകയും ചിന്താവേദനകള്‍ അധികരിക്കുകയും ചെയ്തു. മൗലാന കുറിക്കുന്നു: ഈ സംഭവം എന്‍റെയും സഹപ്രവര്‍ത്തകരുടെയും മനസ്സില്‍ ആഴമേറിയ മുറിവ് ഉളവാക്കി. ഇത്തരം സംഭവങ്ങള്‍ തുടരുകയും ഇതിനെ തടഞ്ഞ് നിര്‍ത്താന്‍ ശരിയായ പരിശ്രമം നടക്കാതിരിക്കുകയും ചെയ്താല്‍ മുസ്ലിംകളുടെ നിലനില്‍പ്പ് തന്നെ ദുഷ്കരമാകുന്നതാണെന്നും അതുകൊണ്ട് പ്രഥമമായ നിലയില്‍ ഇതിലേക്ക് ശ്രദ്ധ തിരിക്കേണ്ടതുണ്ടെന്നും ഞങ്ങള്‍ക്ക് മനസ്സിലായി. (കാറവാനെ സിന്ദഗി) 
ഈ പ്രവര്‍ത്തനത്തില്‍ ഏതാനും അമുസ്ലിം ചിന്തകരെയും പണ്ഡിതരെയും കൂട്ടത്തില്‍ കൂട്ടണമെന്നും അവരെ മുന്നില്‍ നിര്‍ത്തണമെന്നും മൗലാന നിരീക്ഷിച്ചു. ഇതിന് വേണ്ടി ജയപ്രകാശ് നാരായണന്‍, വിനോഭ ഭാവേജി ഇരുവരെയും സന്ദര്‍ശിക്കുന്നതിന് മൗലാന മുഹമ്മദ് മന്‍സൂര്‍ നുഅ്മാനിയോടൊപ്പം ഡല്‍ഹിയിലേക്കും നാഗ്പൂരിലേക്കും യാത്ര ചെയ്തു. പക്ഷേ, ഈ സന്ദര്‍ശനം കൊണ്ട് ഫലമൊന്നും ഉണ്ടായില്ല. ശേഷം കലാപ ബാധിത പ്രദേശങ്ങള്‍ നേരില്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് ഈ സംഭവങ്ങളില്‍ വളരെ വേദനിച്ചിരുന്ന ഡോ: സയ്യിദ് മഹ്മൂദ്, മൗലാന നുഅ്മാനി, മുഫ്തി അതീഖുര്‍റഹ്മാന്‍, മൗലാന അബുല്ലൈസ് ഇസ്ലാഹി (അമീര്‍ ജമാഅത്ത് ഇസ്ലാമി ഹിന്ദ്) എന്നിവരുമായി മൗലാന കൂടിയാലോചിച്ചു. 1964 ആഗസ്റ്റ് 8, 9 തീയതികളില്‍ ലക്നൗവില്‍ അഖിലേന്ത്യ അടിസ്ഥാനത്തില്‍ ഒരു കൂടിയാലോചന സമ്മേളനം വിളിക്കാനും അതില്‍ ഈ വിഷയത്തില്‍ കര്‍മ്മ പദ്ധതി തയ്യാറാക്കാനും തീരുമാനമായി. ഇതിനിടയില്‍ മൗലാനായ്ക്ക് കണ്ണിന്‍റെ ഓപ്പറേഷനുമായി ബന്ധപ്പെട്ട് പെട്ടെന്ന് ബോംബയിലേക്ക് പോകേണ്ടിവന്നു. അവിടെവെച്ച് മൗലാന നുഅ്മാനിയുടെ അഭിപ്രായ പ്രകാരം സമ്മേളനത്തില്‍ വായിക്കേണ്ട വിശദമായൊരു കുറിപ്പ് മൗലാന തയ്യാറാക്കി. ആഗസ്റ്റ് 18-ന് ലക്നൗവില്‍ ഈ സമ്മേളനം നടന്നു. ഇന്ത്യയുടെ എല്ലാ ഭാഗത്ത് നിന്നും പ്രതിനിധികള്‍ ഹാജരായിരുന്നു. ഇതില്‍ വെച്ച് മുസ്ലിം മജ്ലിസ് മുശാവറത്ത് നിലവില്‍ വരുകയും മൗലാനായുടെ നിര്‍ബന്ധ പ്രകാരം ഡോ: സയ്യിദ് മഹ്മൂദ് പ്രഥമ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 
ഓപ്പറേഷന്‍ കാരണം മൗലാന വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ ശക്തമായി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സമുദായത്തെക്കുറിച്ചുള്ള വേദന കണ്ണിന്‍റെ വേദനയേക്കാള്‍ കടുപ്പമായരുന്നതിനാല്‍ കണ്ണിന്‍റെ വേദന സഹിച്ചുകൊണ്ട് തന്നെ കുറിപ്പ് തയ്യാറാക്കുകയും അത് സദസ്സില്‍ വായിക്കപ്പെടുകയും ചെയ്തു. സദസ്സില്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം മൗലാന അധികമൊന്നും സംസാരിച്ചില്ല. എന്നാല്‍ സദസ്സില്‍ ചില പ്രശ്നങ്ങള്‍ ഉടലെടുത്തപ്പോള്‍ മൗലാന ആവേശത്തോടെ ഒരു പ്രഭാഷണം നടത്തുകയുണ്ടായി. അതിന്‍റെ ഫലമായി സദസ്സ് ശാന്തമായി പര്യവസാനിച്ചെങ്കിലും മൗലാനായുടെ കണ്ണിന്‍റെ ബുദ്ധിമുട്ട് കൂടുതല്‍ രൂക്ഷമായി. പക്ഷേ, പ്രധാനപ്പെട്ട വിഷയമായത് കൊണ്ട് മൗലാന അതിനെ പരിഗണിച്ചില്ല. 

വിവിധ യാത്രകള്‍
മൗലാന അടക്കമുള്ള ഒരു സംഘം വിവിധ പ്രദേശങ്ങളില്‍ യാത്ര ചെയ്യണമെന്ന് സമ്മേളനത്തില്‍ തീരുമാനിക്കപ്പെട്ടിരുന്നു. മൗലാന കണ്ണിന്‍റെ ബുദ്ധിമുട്ട് ശ്രദ്ധിക്കാതെ റാഞ്ചി, ജംഷേധ്പൂര്‍ മുതലായ സ്ഥലങ്ങളില്‍ യാത്ര ചെയ്യുകയും മുസ്ലിം അമുസ്ലിം സഹോദരങ്ങളുടെ വലിയ സദസ്സുകളെ സംബോധന നടത്തുകയും ചെയ്തു. 1964 ഡിസംബറില്‍ ഈ സംഘം ഗുജറാത്ത് യാത്ര നടത്തി. 1966 നവംബറില്‍ മൈസൂരില്‍ നിന്നും വലിയൊരു യാത്ര ആരംഭിച്ചു. ഇത് നാലായിരത്തി അഞ്ഞൂറ് മൈലുകള്‍ നീണ്ടതായിരുന്നു. ഇതില്‍ 1500 മൈല്‍ ബസ്സിലാണ് യാത്ര ചെയ്തത്. ധാരാളം പട്ടണങ്ങളില്‍ വലിയ സമ്മേളനങ്ങളെ മൗലാന അഭിസംബോധന ചെയ്തു. അവസാന പരിപാടി ഗുല്‍ബര്‍ഗയിലായിരുന്നു. 
ഓരോ സ്ഥലങ്ങളിലും ജനങ്ങള്‍ ഈ സംഘത്തെ സ്നേഹാദരങ്ങളോടെ സ്വീകരിച്ചു. ഖിലാഫത്ത് പ്രക്ഷോഭത്തിന്‍റെ ഓര്‍മ്മകള്‍ വീണ്ടും ഉയര്‍ന്നു. അടുത്ത കാലത്തായി നഷ്ടപ്പെട്ട് പോകുമോയെന്ന് ഭയന്ന ഹന്ദു-മുസ്ലിം ഐക്യം വീണ്ടും സജീവമായി. മജ്ലിസിന്‍റെ പ്രവര്‍ത്തനം കൊണ്ട് മൗലാന പ്രധാനമായും ലക്ഷ്യം വെച്ചതും ഇത് തന്നെയായിരുന്നു. മുസ്ലിംകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകല്‍ അമുസ്ലിം മനസ്സുകളില്‍ നിന്നും മാറുകയും വിശ്വാസ സ്നേഹങ്ങളുടെ അന്തരീക്ഷം പരക്കുകയും ചെയ്തു. 
ഹിജാസിലേക്ക്
1384 ദുല്‍ഹിജ്ജ 1965 ഏപ്രിലില്‍ റാബിത്വത്തുല്‍ ആലമില്‍ ഇസ്ലമിയയുടെ പ്രഥമ സമ്മേളനം മക്കാമുകര്‍റമയില്‍ നടന്നു. മൗലാന അതില്‍ പങ്കെടുക്കുകയും വിശുദ്ധ നാടിനോട് നാട്ടുകാര്‍ക്കുള്ള കടമകള്‍ എന്ന ശീര്‍ഷകത്തിലുള്ള പ്രബന്ധം മൗലാന ഇതിന് വേണ്ടി ബഹ്റൈന്‍ എയര്‍പോട്ടില്‍ വെച്ച് തയ്യാറാക്കി. കണ്ണിന്‍റെ പ്രയാസം കാരണം ലബ്നാനിലെ ജമാഅത്ത് ഇബാദുര്‍റഹ്മാനിന്‍റെ സ്ഥാപകന്‍ ഉസ്താദ് ഉമര്‍ ദാഊക്ക് ഇത് സമ്മേളനത്തില്‍ പാരായണം ചെയ്തു. തുടര്‍ന്ന് മൗലാന ഹജ്ജ് നിര്‍വ്വഹിച്ചു. ശേഷം മദീനാ ത്വയ്യിബയില്‍ ഹാജരായി. അവിടെ ജാമിഅ ഇസ്ലാമിയ്യയുടെ മജ്ലിസുശ്ശൂറയില്‍ പങ്കെടുത്തു. ഇതിനിടയില്‍ മൗലാന മുഹമ്മദ് യൂസുഫ് കാന്ദലവിയുടെ പെട്ടെന്നുള്ള വിയോഗ വാര്‍ത്ത വന്നെത്തി. മൗലാന ഇതില്‍ വളരെയധികം ദു:ഖിച്ചു. 
ത്യാഗത്തിന്‍റെ ദിനം
കണ്ണിന്‍റെ പ്രയാസം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. പക്ഷേ, മൗലാന സത്യവിശ്വാസത്തിന്‍റെയും ഉറച്ച തീരുമാനത്തിന്‍റെയും അടിസ്ഥാനത്തില്‍ പ്രബോധന യാത്രകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഇപ്രകാരമുള്ള ഒരു യാത്രയ്ക്കിടയില്‍ പടിഞ്ഞാറന്‍ യുപിയില്‍ കടുത്ത വേനല്‍ക്കാലമായിരുന്നു. രാത്രി പരിപാടി കഴിഞ്ഞ് മൗലാന വിശ്രമിച്ചു. തഹജ്ജുദിന് എഴുന്നേറ്റപ്പോള്‍ പല ഓപ്പറേഷനുകളും നടന്ന കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു. സ്വഭാവികമായും വലിയ ദു:ഖമുണ്ടായി. തദവസരം ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ മജ്ലിസുശ്ശൂറ നടക്കാനുണ്ടായിരുന്നു. മൗലാന  അതില്‍ ഒരു ദിവസം മാത്രം പങ്കെടുത്ത് ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യയുടെ നിര്‍ദ്ദേശ പ്രകാരം ഉടനടി ലക്നൗവിലേക്ക് മടങ്ങി. സീതാപൂരിലെ കണ്ണാശുപത്രിയില്‍ പ്രവേശിച്ചു. അവിടെ ഒന്നര മാസം കഴിച്ച് കൂട്ടി. ചെറിയ ആശ്വാസം ലഭിച്ചപ്പോള്‍ വീട്ടിലെത്തി. വീട്ടില്‍ ആറ് മാസം കഴിഞ്ഞ് കൂടിയെങ്കിലും വൈജ്ഞാനിക രചന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഇതിനിടയില്‍ മജ്ലിസ് മുശാവറത്തിന്‍റെ ഒരു പ്രധാന യോഗം അടുത്ത് തന്നെ നടന്നു. മൗലാന അതിലേക്ക് ഒരു പ്രബന്ധം തയ്യാറാക്കി. കടുത്ത ജലദോഷമായതിനാല്‍ ശക്തിയുള്ള മരുന്ന് ഉപയോഗിച്ചു. താല്‍ക്കാലിക ആശ്വാസം ലഭിക്കുകയും പ്രബന്ധം പൂര്‍ത്തിയാവുകയും ചെയ്തെങ്കിലും കണ്ണിന്‍റെ ബുദ്ധിമുട്ട് അതിശക്തമായി. ഡിസംബര്‍ 7-ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ബുദ്ധിമുട്ടിന്‍റെ കാഠിന്യം കാരണം കണ്ട് നില്‍ക്കാന്‍ പോലും പ്രയാസമായിരുന്നു. അഞ്ച് ഓപ്പറേഷനുകള്‍ നടത്തുകയും പല ഇഞ്ചക്ഷനുകള്‍ വെക്കുകയും ചെയ്തു. പക്ഷേ, വലിയ ഫലമൊന്നും ഉണ്ടായില്ല. ഏതാണ്ട് മൂന്ന് പ്രാവശ്യം ഈ അവസ്ഥയില്‍ കഴിഞ്ഞ് കൂടി. ഈ സന്ദര്‍ഭങ്ങളില്‍ മൗലാന പുലര്‍ത്തിയ സഹനതയും മന:ക്കരുത്തും അല്ലാഹുവിന്‍റെ തൗഫീഖ് മാത്രമാണ്. ആദരണീയ മാതാവിന് വിവരങ്ങള്‍ നല്‍കപ്പെടുകയും അവര്‍ നിരന്തരം ദുആയില്‍ മുഴുകുകയും ചെയ്തു. ശൈഖുല്‍ ഹദീസ്, ശൈഖ് വസിയുല്ലാഹ് മുതലായവരും ധാരാളം ദുആ ചെയ്തു. അവസാനം ശൈഖ് വസിയുല്ലാഹ് സാഹിബിന്‍റെ അഭിപ്രായ പ്രകാരം ഫെബ്രുവരി ഇരുപതിന് ലക്നൗവിലേക്ക് മടങ്ങുകയും ഹോമിയോ ചികിത്സ ആരംഭിക്കുകയും ചെയ്തു. പടച്ചവന്‍റെ അനുഗ്രഹത്താല്‍ ഈ ചികിത്സയിലൂടെ ബുദ്ധിമുട്ടുകള്‍ കുറയുകയുണ്ടായി. 
ചില പ്രധാന രചനകള്‍
തുടക്കം മുതല്‍ക്കേ മൗലാനായുടെ ജീവിതം വളരെ ചിട്ടയുള്ളതും തിരക്കുകള്‍ നിറഞ്ഞതുമായിരുന്നു. മൗലാന മര്‍ഹൂം സമയത്തിന്‍റെ വില തിരിച്ചറിയുകയും ശരിയായ നിലയില്‍ ചിലവഴിക്കുകയും ചെയ്തിരുന്നു. രചനയുടെ അഭിരുചി മൗലാനായുടെ പാരമ്പര്യവും അടിസ്ഥാന പ്രവര്‍ത്തനവുമായിരുന്നു. ഇതര പ്രവര്‍ത്തനങ്ങള്‍ ദീനി ആവശ്യമെന്നോണവും സമയത്തിന്‍റെ പ്രേരണയുമായിട്ടാണ് നിര്‍വ്വഹിച്ചിരുന്നത്. അവകള്‍ക്കിടയിലും രചനാ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നിരുന്നു. 
സീതാപൂരിലെ ആശുപത്രി വാസത്തിനിടയില്‍ ഇസ്ലാമിന്‍റെ അടിസ്ഥാന ആരാധനകളായ നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവയുടെ ആത്മാവും തത്വങ്ങളും യാഥാര്‍ത്ഥ്യങ്ങളും ലക്ഷ്യങ്ങളും ശരിയായ നിലയില്‍ വിവരിക്കുന്ന ഒരു ഗ്രന്ഥം തയ്യാറാക്കണമെന്ന ചിന്ത ശക്തമായി. ഈ വിഷയത്തെ യഥാവിധി ഗ്രഹിക്കുന്നതിലും അവതരിപ്പിക്കുന്നതിലും ചിലര്‍ വരുത്തിയ വീഴ്ചകള്‍ മൗലാനായുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അവ വായിക്കുന്നവര്‍ വഴികേടില്‍ അകപ്പെടുമെന്നും ഭൗതിക വീക്ഷണത്തിലൂടെ എല്ലാം നോക്കിക്കാണുന്ന അവസ്ഥ സംജാതമാകുമെന്നും ഇതിലൂടെ ദീനീ കാര്യങ്ങളില്‍ ആശയപരമായ തിരിമറികള്‍ വ്യാപകമാകുമെന്നും മൗലാന ഭയന്നു. മൗലാന കുറിക്കുന്നു: ഈ ചിന്ത മനസ്സിലും മസ്തിഷ്കത്തിലും ശക്തമായി പതിഞ്ഞു. ആശുപത്രിയിലെ രോഗ ശുശ്രൂഷ അവസ്ഥകളും കണ്ണിന്‍റെ ശക്തമായ വേദനയും ഈ ചിന്തയില്‍ നിന്നും എന്നെ പിടിച്ച് മാറ്റാനായില്ല. (കാറവാന്‍) ആശുപത്രിയില്‍ നിന്നും നാട്ടിലെത്തിയ ഉടനെ മൗലാന ആദ്യം ഈ വിഷയത്തിലുള്ള ഉദ്ധരണികള്‍ സമാഹരിച്ചു. തുടര്‍ന്ന് ദാഇറ, ശാഹ് അലമുല്ലാഹിയിലെ അനുഗ്രഹീത മസ്ജിദില്‍ ഇരുന്ന് രചന ആരംഭിച്ചു. മൗലാന പറഞ്ഞുകൊടുക്കുകയും പ്രധാന എഴുത്തുകാരന്‍ മൗലാന നിസാറുല്‍ ഹഖ് എഴുതുകയും ചെയ്തിരുന്നു. മൗലാന കുറിക്കുന്നു: 
മനസ്സിലും മസ്തിഷ്കത്തിലും വിഷയം ശക്തമായി പതിഞ്ഞ് കിടന്നു. മറ്റ് സമയങ്ങളിലും അത് ഒഴിവായില്ല. നാളുകളായി എന്‍റെ രചനയുടെ ഒരു ശൈലിയാണത്. രചന എന്നത് രചനാപരമായ ഒരു ഇഅ്തികാഫായി മാറിയിരിക്കുന്നു. ഗ്രന്ഥത്തിന്‍റെ അവസാന അക്ഷരം പെരുന്നാല്‍ പിറ പോലെ പ്രത്യക്ഷപ്പെടുന്നതുവരെ എനിയ്ക്ക് മാറാന്‍ കഴിയുന്നതല്ല. (കാറവാന്‍) 1966 ഏപ്രില്‍ 18-ന് ഈ രചന ആരംഭിച്ചു. 1967 ഫെബ്രുവരി 13-ന് ഇത് പൂര്‍ത്തീകരിക്കപ്പെട്ടു. അല്‍ അര്‍കാനുല്‍ അര്‍ബഅ എന്ന പേരില്‍ ഇത് അറബിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. സഹോദര പുത്രന്‍ മൗലാന സയ്യിദ് മുഹമ്മദുല്‍ ഹസനി തയ്യാറാക്കിയ ഉറുദു വിവര്‍ത്തനത്തില്‍ ഗ്രന്ഥത്തിന്‍റെ ആത്മാവും ശക്തിയും പൂര്‍ണ്ണമായി പ്രകാശിക്കുന്നുണ്ട്. പണ്ഡിതരും ചിന്തകരും സാഹിത്യകാരന്മാരും വളരെ ആദരവോടെ ഗ്രന്ഥത്തെ സ്വീകരിച്ചു. ശൈഖുല്‍ ഹദീസ് മൗലാന മുഹമ്മദ് സകരിയ്യ പറയുന്നു: ഞാന്‍ യുവാവായിരുന്നെങ്കില്‍ ഈ ഗ്രന്ഥത്തിന്‍റെ പാഠം എടുക്കുമായിരുന്നു! 
മൗലാന പ്രവാചക ജീവിത സന്ദേശങ്ങളെക്കുറിച്ച് വിവിധ പ്രബന്ധങ്ങളും പ്രഭാഷണങ്ങളും തയ്യാറാക്കിയിരുന്നു. അവയുടെ സമാഹരണം കാലഘട്ടത്തിന്‍റെ വലിയൊരു ആവശ്യമായി മൗലാന കണ്ടു. പ്രത്യേകിച്ചും പാശ്ചാത്ത്യ സംസ്കാരത്തിന്‍റെയും തുടര്‍ന്ന് വന്ന അറേബ്യന്‍ ദേശീയതയുടെയും പ്രശ്നങ്ങള്‍ കാരണം അറബികളില്‍ പ്രവാചക വ്യക്തിത്വവുമായിട്ടുള്ള ബന്ധം കുറഞ്ഞതായി മൗലാന തിരിച്ചറിഞ്ഞു. അങ്ങനെ പുതിയ ചില ലേഖനങ്ങളും കൂട്ടിച്ചേര്‍ത്ത് അത്തരീഖു ഇലല്‍ മദീന എന്ന രചന 1965-ല്‍ മദീനയില്‍ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടു. അതിന്‍റെ അവതാരികയില്‍ ശൈഖ് തന്‍ത്ഥാവി കുറിക്കുന്നു: ഈ ഗ്രന്ഥം വായിച്ചപ്പോള്‍ എന്‍റെ മനസ്സില്‍ ആഗ്രഹ ആവേശങ്ങള്‍ ശക്തമായി. പഴയ ഹൃദയ വേദനയും ചൂടും മടങ്ങിവന്നു. സ്നേഹത്തിന്‍റെ മൂല്യത്തില്‍ നിന്നും എന്‍റെ മനസ്സ് പൂര്‍ണ്ണമായി ശൂന്യമായില്ലെന്ന് എനിയ്ക്ക് വ്യക്തമായി. കാലഘട്ടത്തിന്‍റെ പൊടിപടലങ്ങള്‍ അതില്‍ പറ്റിപ്പിടിച്ചിരുന്നു. അതെ, താങ്കളുടെ ഈ ഗ്രന്ഥം ആ പൊടിപടലങ്ങള്‍ തുടച്ച് വൃത്തിയാക്കി. (അത്തരീഖു ഇലല്‍ മദീന) ഇതേ കാലത്ത് തന്നെ ആദരണീയ പിതാവ് മൗലാന അബ്ദുല്‍ ഹയ്യിന്‍റെ ജീവിത ചരിത്രവും തയ്യാറാക്കി. ജേഷ്ട സഹോദരന്‍ മൗലാന ഡോ: അബ്ദുല്‍ അലിയുടെ അവസ്ഥകളും അതില്‍ ചേര്‍ത്തിരുന്നു. 1970-ല്‍ ഇത് പ്രസിദ്ധീകരിക്കപ്പെട്ടു. മൗലാന അബ്ദുല്‍ മാജിദ് ദര്‍യാബാദി ഗ്രന്ഥത്തെ നിരൂപണം ചെയ്തപ്പോള്‍ അവസാനമായി അര്‍ത്ഥവത്തായ ഈ വരി കുറിച്ചു: ഈ ഗ്രന്ഥം രചിച്ച രചയിതാവ് നീണാല്‍ വാഴട്ടെ! 
പിതാവിന്‍റെ രചനകളുടെ പൂര്‍ത്തീകരണം
പിതാവിന്‍റെ ബന്ധുക്കള്‍ക്ക് ഗുണം ചെയ്യുന്നത് ഏറ്റവും വലിയ നന്മയാണെന്ന പ്രവാചക വചനത്തില്‍ പിതാവിന്‍റെ ബന്ധുമിത്രങ്ങളോടൊപ്പം അദ്ദേഹം ജീവനേക്കാള്‍ പ്രിയങ്കരമായിക്കണ്ട അദ്ദേഹത്തിന്‍റെ സ്ഥാപനങ്ങളും രചനകളും കൂടുതല്‍ പ്രാധാന്യത്തോടെ ഉള്‍പ്പെടുന്നതാണ്. മൗലാനായുടെ പിതാവ് മൗലാന അബ്ദുല്‍ ഹയ്യിന്‍റെ വിയോഗം പൊടുന്നനെയായിരുന്നു. അന്ന് മൗലാനായ്ക്ക് പ്രായം വളരെ കുറവായിരുന്നു. ജേഷ്ട സഹോദരന്‍ യാത്രയിലുമായിരുന്നു. പക്ഷേ, അല്ലാഹു നിഷ്കളങ്കരായ വ്യക്തിത്വങ്ങളുടെ സേവന പ്രവര്‍ത്തനങ്ങള്‍ പാഴാക്കുന്നതല്ല. അദ്ദേഹത്തിന്‍റെ പ്രധാന പ്രവര്‍ത്തനം രചനകളായിരുന്നു. അതെല്ലാം അദ്ദേഹം എഴുതി തയ്യാറാക്കി വെച്ചിരുന്നു. പലതും പ്രസിദ്ധീകരിക്കാന്‍ സാധിച്ചില്ല. ജേഷ്ടന്‍ അവ നഷ്ടപ്പെടാതെ ഭദ്രമായി സൂക്ഷിച്ചു. ഇളയ മകനായ മൗലാന അതിനെ പ്രസിദ്ധീകരിക്കാന്‍ പരിശ്രമിക്കുകയുണ്ടായി. അവാരിഫുല്‍ മആരിഫ്, അസ്സഖാഫത്തുല്‍ ഇസ്ലാമിയ്യ ഫില്‍ ഹിന്ദ് എന്നിവ ഡമാസ്കസില്‍ നിന്നും ജന്നത്തുല്‍ മശ്രിഖ് എന്ന ഗ്രന്ഥം അല്‍ ഹിന്ദു ഫില്‍ അഹ്ദില്‍ ഇസ്ലാമി എന്ന പേരില്‍ ഇന്ത്യയിലും പ്രസിദ്ധീകരിക്കപ്പെട്ടു. അവയുടെ ചില ഭാഗങ്ങളില്‍ ചിതലരിച്ചിരുന്നു. മൗലാന അതെല്ലാം പൂര്‍ത്തീകരിച്ചു. പിതാവിന്‍റെ പ്രധാനപ്പെട്ട ഒരു രചനയാണ് നുസ്ഹത്തുല്‍ ഖവാതിര്‍. ഇന്ത്യയിലെ പണ്ഡിതരെപ്പറ്റിയുള്ള അനുസ്മരണങ്ങള്‍ അടങ്ങിയ ഈ ഗ്രന്ഥത്തിന്‍റെ ഏഴ് ഭാഗങ്ങള്‍ ദാഇറത്തുല്‍ മആരിഫ് ഹൈദരബാദില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെട്ടു. എട്ടാം ഭാഗത്ത് മുന്നൂറ് പേരുടെ അനുസ്മരണമുണ്ടായിരുന്നു. ഗ്രന്ഥ കര്‍ത്താവിന്‍റെ വിയോഗം പെട്ടെന്ന് സംഭവിച്ചതിനാല്‍ അവയില്‍ പലതും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലായിരുന്നു. മൗലാന വലിയ ത്യാഗം സഹിച്ച് അവ പൂര്‍ത്തീകരിക്കുകയും പിതാവിന്‍റെ ശൈലിയില്‍ തന്നെ കുറിക്കുകയും ചെയ്തു. എന്നാല്‍ മര്യാദയെന്നോണം മൗലാന കുറിച്ച കാര്യങ്ങള്‍ ബ്രാക്കറ്റിലാണ് കൊടുത്തിരുന്നത്. രചന പൂര്‍ത്തീകരിക്കുമ്പോള്‍ അല്ലാഹുവിന്‍റെ പ്രത്യേക സഹായങ്ങളുമുണ്ടായി. ഉദാഹരണത്തിന് അതില്‍ സ്മരിക്കപ്പെട്ട മൗലാന ഉബൈദുല്ലാഹ് പാഇലി എന്ന പണ്ഡിതന്‍റെ മരണ വര്‍ഷം ലഭിച്ചില്ലായിരുന്നു. അവിചാരിതമായി മൗലാനായുടെ വീട്ടില്‍ ഒരു വ്യക്തി വന്നു. സംസാരത്തിനിടയില്‍ അദ്ദേഹം പറഞ്ഞു: ഇങ്ങോട്ട് വരുന്ന വഴിയില്‍ പഴെയ പുസ്തകങ്ങളുടെ കൂട്ടത്തില്‍ ശഹ്നാ ഹിന്ദ് എന്ന ഒരു പുസ്തകം വില്‍ക്കപ്പെടുന്നത് കണ്ടു. ഞാനത് വാങ്ങിച്ചുകൊണ്ട് വന്നു. മൗലാന നോക്കിയപ്പോള്‍ അതില്‍ മൗലാന ഉബൈദുല്ലാഹ് പാഇലിയുടെ മരണത്തെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരണവും തീയതിയുമുണ്ടായിരുന്നു. 1992-ല്‍ മൗനാന വീണ്ടും ഈ ഗ്രന്ഥം ആദ്യാവസാനം പരിശോധിക്കുകയും തിരുത്തുകയും ചെയ്തു. സ്വന്തം സ്ഥാപനമായ ദാറെ അറഫാത്തില്‍ നിന്നും അല്‍ ഇഅ്ലാം വിമന്‍ ഫീ താരീഖില്‍ ഹിന്ദ് മിനല്‍ അഅ്ലാം എന്ന പേരില്‍ സ്വന്തം ചിലവില്‍ അത് പ്രസിദ്ധീകരിക്കുകയുണ്ടായി. 1999-ല്‍ ഇത് അറബി ലോകത്ത് വീണ്ടും പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. 

അറബ് ദേശീതയുടെ പ്രശ്നം
ഈജ്പ്ത് പ്രസിഡന്‍റ് ജമാല്‍ അബ്ദുന്നാസര്‍ നേതൃത്വം വഹിച്ച അറബ് ദേശീതയുടെ പ്രശ്നം അതീവ ഗുരുതരമായിരുന്നു. ധാരാളം വലിയ ചിന്തകരും എഴുത്തുകാരും അതിന്‍റെ പ്രളയത്തില്‍ ഒഴുകിപ്പോയി. ഫലസ്തീന്‍ യുദ്ധത്തില്‍ ഏഴ് അറബ് രാഷ്ട്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ജമാല്‍ അബ്ദുന്നാസര്‍ വിജയകരമായ നിലയില്‍ നടത്തിയ ചില നീക്കങ്ങള്‍ അദ്ദേഹത്തിന് അറബി യുവാക്കള്‍ക്കിടയില്‍ വലിയ വീരപര്യവേഷം നല്‍കി. യുവാക്കള്‍ മാത്രമല്ല, പത്രലേഖകരും സാഹിത്യകാരന്മാരും അദ്ദേഹത്തിന്‍റെ മഹത്വവും വിശുദ്ധിയും പാടിപ്പുകഴ്ത്താന്‍ തുടങ്ങി. ഇത് വിശ്വാസ കര്‍മ്മങ്ങളില്‍ പോലും പ്രതിഫലനം സൃഷ്ടിച്ചു. 1967-ല്‍ പരാജയപ്പെട്ടിട്ടും അദ്ദേഹത്തിന്‍റെ സ്വീകാര്യതയില്‍ യാതൊരു കുറവും വരുത്താത്ത നിലയില്‍ ഈ ലഹരി ശക്തമായി. ഇതുവഴി മുഹമ്മദുര്‍റസലുല്ലാഹി (സ)യുടെ നായകത്വം, അന്ത്യപ്രവാചകത്വം എന്നീ അടിസ്ഥാന വിശ്വാസങ്ങളും പലരിലും ബലഹീനമായി. ഈ പ്രശ്നം വെറും ഏതെങ്കിലും ദേശത്തിന്‍റെ കാര്യമല്ല, മുഴുവന്‍ അറേബ്യന്‍ നാടുകളിലും അടിസ്ഥാനപരമായ മാറ്റം വരുത്തുന്നതാണെന്നും ഇതുവഴി മത നിരാസവും ഭൗതികതയും വ്യാപകമാകുമെന്നും ഭയപ്പെടേണ്ട അവസ്ഥ സംജാതമായി. 
ഈ അപകടം മൗലാന തിരിച്ചറിയുക മാത്രമല്ല, പ്രഭാഷണ ലേഖനങ്ങളിലൂടെ അതിശക്തമായ നിലയില്‍  ഇതിനെതിരില്‍ പോരാടാന്‍ ആരംഭിച്ചു. മൗലാനായുടെ ഈ വിഷയത്തിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ കണ്ട് പലരും അത്ഭുതപ്പെടുകയും ആശ്ചര്യപ്പെടുകയും ചെയ്തു. എന്നാല്‍ സത്യവിശ്വാസത്തിന്‍റെ അഭിരുചിയും യാഥാര്‍ത്ഥ്യ ബോധവും കൂടാതെ ഇസ്ലാമിക ലോകത്തിന്‍റെ ഹൃദയമെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന അറേബ്യന്‍ മേഖലയുമായിട്ടുള്ള മാനസിക ബന്ധവും കാരണമായി മൗലാന ഈ വഴിയില്‍ ശക്തിയുക്തം പരിശ്രമിച്ചു.  ഇത് അറബ് ലോകത്തിന്‍റെ ഒരു പ്രശ്നമായിരിക്കേ ഒരു അനറബി എന്തിന് ഇതില്‍ ഇടപെടുന്നു എന്ന ചിലരുടെ ചോദ്യത്തിന് മൗലാന നല്‍കിയ മറുപടിയില്‍ ഈ കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. മൗലാന കുറിക്കുന്നു: അറബ് ലോകം എനിയ്ക്ക് അന്യമല്ല. അറബ് ലോകത്തിന്‍റെ കാര്യങ്ങളെ ഞാന്‍ സെക്കന്‍ഡ് ഹാന്‍ഡായി കാണുന്നുമില്ല.  അറബ് നേതാക്കളെയും അറേബ്യന്‍ ജീവിതത്തെയും വിമര്‍ശിക്കുയും അവരുടെ പരാജയ കാരണങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്യുന്ന എന്‍റെ ഇന്നത്തെ രീതി അറബ്-ഇസ്രായേല്‍ യുദ്ധത്തെത്തുടര്‍ന്ന് ആരംഭിച്ചതല്ല. ഈ രംഗത്തേക്ക് അസമയത്ത് അവിചാരിതമായി ഇറങ്ങിയതുമല്ല. മൊറോക്കൊ മുതല്‍ ബാഗ്ദാദ് വരെ പരന്ന് കിടക്കുന്ന അറേബ്യന്‍ ഇസ്ലാമിക ജനതയിലെ ഒരു അംഗമായിട്ടാണ് ഞാന്‍ എന്നെ കാണുന്നത്. അവരുടെ സുഖ-ദു:ഖങ്ങളില്‍ ഞാന്‍ എന്നും പങ്കാളിയാണ്. അവരുടെ ഉയര്‍ച്ചകളും താഴ്ചകളും എന്‍റേത് കൂടിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്‍റെ ചിന്താ വീക്ഷണങ്ങളുടെയും ആഗ്രഹ ആവേശങ്ങളുടെയും കേന്ദ്രവും എന്‍റെ ആത്മാവിന്‍റെ പറവ പറന്നണയുന്ന കൂടും അറേബ്യയുടെ പ്രിയങ്കര ഭൂമിയാണ്. അവിടുത്തെ ഭാഷ, സാഹിത്യം, സംസ്കാരം എന്നിവ എനിക്ക് എന്നും ആവേശമാണ്. താഹാ ഹുസൈന്‍, ഉഖാദ്, അഹ്മദ് അമീന്‍, ഖുര്‍ദ് അലി മുതലായവരെപ്പോലെ എനിയ്ക്കും അറേബ്യന്‍ സാഹിത്യത്തില്‍ അവകാശമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്‍റെ മാതൃദേശം ഇന്ത്യ മഹാരാജ്യമാണ്. ഈ കാര്യം ഞാന്‍ സമ്മതിക്കുക മാത്രമല്ല, ഇതില്‍ അഭിമാനിക്കുക കൂടി ചെയ്യുന്നു. പക്ഷേ, എന്‍റെ ഭാഷാപരമായ മാധ്യമം ഉര്‍ദുവിനേക്കാള്‍ കൂടുതല്‍ അറബിയാണ്. (ആലമെ അറബി കാ അല്‍മിയ  159) മൗലാനായുടെ മേല്‍ നോട്ടത്തില്‍ സഹോദര പുത്രന്‍ മൗലാനാ മുഹമ്മദുല്‍ ഹസനി പ്രസിദ്ധീകരിച്ചിരുന്ന അല്‍ ബഹ്സുല്‍ ഇസ്ലാമി അറബി മാസിക ഈ വിഷയത്തില്‍ മഹത്തായ സേവനം അനുഷ്ടിച്ചു. അറേബ്യന്‍ ദേശീയതയ്ക്കെതിരില്‍ ഈ മാസിക യുദ്ധ പ്രഖ്യാപനം തന്നെ നടത്തി. അത് ഇസ്ലാമിക ലോകം മുഴുവന്‍ മുഴങ്ങിക്കേട്ടു. ഈജിപ്ത് സ്ഥാനപതിയും കാര്യാലയവും ഈ വിഷയത്തില്‍ പലപ്രാവശ്യം ഇന്ത്യാ ഗവര്‍മെന്‍റിനെ പ്രതിഷേധം അറിയിച്ചു. പലപ്പോഴും ഇതിന്‍റെ പേരില്‍ മൗലാനായ്ക്കും സയ്യിദ് മുഹമ്മദുല്‍ ഹസനിയ്ക്കും പ്രശ്നങ്ങള്‍ വല്ലതും ഉണ്ടാകുമോയെന്ന് ശക്തമായ ഭയവും ഉയര്‍ന്നു. ഇടക്കാലത്ത് മൗലാനായുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുകയും വിദേശകാര്യ വകുപ്പ് മൗലാനായോട് വിശദീകരണം തേടുകയും ചെയ്തു. പക്ഷേ, മൗലാനായും കൂട്ടരും സത്യത്തിന്‍റെ ശബ്ദം ഉയര്‍ത്തിക്കൊണ്ടേ ഇരുന്നു. മൗലാന വഴി ഈ വിഷയത്തില്‍ വലിയ സേവനങ്ങള്‍ അനുഷ്ടിക്കുകയും ഈ കാര്യം അറേബ്യന്‍ പണ്ഡിതര്‍ സമ്മതിച്ച് പറയുകയും ചെയ്തു. പ്രസിദ്ധ അറേബ്യന്‍ പോരാളി മുഹമ്മദ് സവാഫ് പറഞ്ഞു: ജമാല്‍ അബ്ദുന്നാസറിന്‍റെ മുഖം മൂടി തുറന്ന് കാണിക്കുന്നതില്‍ അല്‍ ബഹ്സുല്‍ ഇസ്ലാമി നടത്തിയ സേവനം മറ്റെവിടെയും നടന്നിട്ടില്ല. (പുരാനെ ചിറാക് 2/395)

ചില പ്രധാന വിദേശ യാത്രകള്‍
1966 വരെ മൗലാനായുടെ പാസ്പോര്‍ട്ട് ഗവണ്‍മെന്‍റ് തടഞ്ഞ് വെച്ചിരുന്നു. അതുകൊണ്ട് കുറേ നാളുകള്‍ വിദേശ യാത്ര ഒന്നും നടന്നില്ല. 1967-ല്‍ ഇതിന്‍റെ പരമ്പര വീണ്ടും ആരംഭിച്ചു. ഈ വര്‍ഷം ശഅബാന്‍ മാസം നടക്കുന്ന റാബിത്വത്തുല്‍ ആലമില്‍ ഇസ്ലാമിയ്യയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ മൗലാന മുഹമ്മദുല്‍ ഹസനിയോടൊപ്പം മൗലാനാ യോഗത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹിജാസിലെത്തി. ഇതിനിടയില്‍ വലിയൊരു അപകടം നടന്നെങ്കിലും അല്ലാഹു വളരെയധികം കാത്ത് രക്ഷിച്ചു. വിദ്യാഭ്യാസ വകുപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ശൈഖ് മുഹമ്മദ് സവ്വാഫ് സഊദി വിദ്യാഭ്യാസ മന്ത്രി ശൈഖ് ഹസന്‍ അബ്ദുല്ലായുമായി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. മൗലാനായും കൂട്ടുകാരും അതിനുവേണ്ടി ത്വാഇഫിലേക്ക് പോയി. വളരെയധികം സ്നേഹ ബഹുമാനങ്ങളോടെ ഈ കൂടിക്കാഴ്ച നടന്നു. മടക്കയാത്രയില്‍ മൗലാനാ ഉംറയ്ക്ക് ഇഹ്റാം ചെയ്തു. എന്നാല്‍ ട്രൈവര്‍ ഉറങ്ങിപ്പോയതിനാല്‍ വാഹനം തലകീഴായി മറിഞ്ഞു. നാല് വീലുകളും ആകാശത്തേക്ക് ഉയര്‍ന്ന് കിടന്നിരുന്ന വാഹനം കാണുന്നവരാരും അതിലെ യാത്രികര്‍ രക്ഷപ്പെടുമെന്ന് പറയുകയില്ല. പക്ഷേ, അല്ലാഹുവിന്‍റെ അപാരമായ സംരക്ഷണം കാരണം പരിപൂര്‍ണ്ണമായ സംരക്ഷണം ലഭിച്ചു. ചെറിയ മുറിവേറ്റെങ്കിലും മൗലാനായുടെ വുളൂ മുറിയുകയോ കയ്യിലുണ്ടായിരുന്ന തസ്ബീഹ് താഴെ വീഴുകയോ ചെയ്തില്ല. അന്ന് മൗലാനായെ ആശംസിച്ചുകൊണ്ട് മുഫ്തി അമീനുല്‍ ഹുസൈനി പറഞ്ഞത് ഇപ്രകാരമാണ്: യൂനുസ് നബി (അ) മത്സ്യത്തിന്‍റെ വയറ്റില്‍ നിന്നും രക്ഷപ്പെട്ടതുപോലെയാണ് താങ്കള്‍ വാഹനത്തില്‍ നിന്നും രക്ഷപ്പെട്ടത്! 
ഈ യാത്രയില്‍ മക്കാമുകര്‍റമയിലെ നാദില്‍ വഹ്ദ രിയാളിയുടെ നേതാക്കളുടെ ആഗ്രഹ പ്രകാരം സാഹിത്യകാരന്മാരുടെയും പത്രക്കാരുടെയും കോളേജ് അദ്ധ്യാപകരുടെയും വിദ്യാസമ്പന്നരായ യുവാക്കളുടെയും മുന്നില്‍ മൗലാനാ ഒരു പ്രഭാഷണം നടത്തി. ഈ പ്രഭാഷണത്തില്‍ ജമാല്‍ അബ്ദുന്നാസറിന്‍റെ പരാജയ കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയും അറബികള്‍ക്ക് വിജയം വേണമെങ്കില്‍ ഇസ്ലാമിലേക്ക് മടങ്ങുകയും മാതൃകാ ജീവിതം തിരഞ്ഞെടുക്കണമെന്ന് ഉണര്‍ത്തുകയും ചെയ്തു. 
അടുത്ത വര്‍ഷം 1388 ശഅബാന്‍ (1968 നവംബര്‍) മാസം വീണ്ടും ഹിജാസിലേക്ക് യാത്രയായി. ഈ യാത്രയില്‍ മദീനാ മുനവ്വറയിലെ മദ്റസാ ത്വയ്യിബയില്‍ നടന്ന ഒരു യോഗത്തില്‍ മൗലാനായുടെ പ്രിയങ്കര ഉസ്താദ് ശൈഖ് തഖിയുദ്ദീന്‍ ഹിലാലിയും പങ്കെടുത്തിരുന്നു. മടക്ക യാത്രയില്‍ കുവൈറ്റില്‍ ഇറങ്ങുകയും അവിടെയും ജംഇയത്തുല്‍ ഇസ്ലാഹിന്‍റെ ഹാളില്‍ വെച്ച് അറേബ്യന്‍ ദേശീയതയുടെ നാശനഷ്ടങ്ങള്‍ വിവരിക്കുകയും ചെയ്തു. 
1969 ഏപ്രില്‍ മാസം ജാമിഅ ഇസ്ലാമിയ്യ മദീനാ മുനവ്വറയുടെ നിര്‍വ്വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ യാത്രയായി. ഈ യാത്രയില്‍ ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യയും കൂട്ടത്തിലുണ്ടായിരുന്നു. ഇരുവരും ഇരു ഹറമുകളിലും ഒരുമിച്ച് താമസിച്ചു. ശൈഖുല്‍ ഹദീസ് മൗലാനായോട് പ്രത്യേക സ്നേഹം പുലര്‍ത്തുകയും മൗലാനായുടെ വിശ്രമ കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും ചെയ്തു. ഇതേ വര്‍ഷം വീണ്ടും റാബിത്വയുടെ യോഗത്തില്‍ പങ്കെടുക്കുന്നതിന് ഹിജാസിലേക്ക് യാത്രയായി. ഈ യാത്രയില്‍ വീണ്ടും മദീനാ മുനവ്വറയിലെ മദ്റസാ ത്വയ്യിബയില്‍ ഫലസ്ഥീന്‍ ദുരന്തത്തിലെ മൂന്ന് പാഠങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ ഗൗരവമായ പ്രഭാഷണം നടത്തി. ഈ സദസ്സില്‍ റാബിത്വയുടെ പ്രധാന അംഗങ്ങളും ജാമിഅയുടെ ഉസ്താദുമാരും വിദ്യാര്‍ത്ഥികളും മദീനയിലെ പ്രധാനികളും പങ്കെടുത്തിരുന്നു. 
അറേബ്യന്‍ ദേശീയതയ്ക്കെതിരില്‍ മാലാനാ നടത്തിയ നിരന്തരമായ ഈ വിമര്‍ശനങ്ങള്‍ക്ക് ശേഷം അല്‍ ഫത്ഹ് ലില്‍ അറബില്‍ മുസ്ലിമീന്‍ (യഥാര്‍ത്ഥ വിജയം മുസ്ലിംകളായ അറബികള്‍ക്ക് തന്നെ) എന്ന പേരില്‍ വളരെ ശക്തി നിറഞ്ഞ ഒരു കുറിപ്പ് എഴുതി. ഇത് അറബികളുടെ മനസ്സില്‍ നിന്നും നിരാശയുടെ കാര്‍മേഘങ്ങളെ അകറ്റുകയും അവരില്‍ പുതുവിശ്വാസവും ആവേശവും നിറയ്ക്കുകയും ചെയ്തു. ഇത് ഒരു ലഘുലേഖയായി ലോകം മുഴുവന്‍ പ്രചരിക്കുകയും വലിയ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഫലസ്തീന്‍ നേതാവ് മുഫ്തി അമീറുല്‍ ഹുസൈനി അല്‍ ആഖിബത്തു ലില്‍ മുത്തഖീന്‍ എന്ന പേരില്‍ ഇത് പ്രത്യേകം പ്രസിദ്ധീകരിച്ചു. 

സുദീര്‍ഘമായ ഇംഗ്ലണ്ട് യാത്ര
1969-ല്‍ ഏപ്രില്‍ മാസം നടത്തിയ ഹിജാസ് യാത്രയ്ക്കിടയില്‍ മൗലാനായോട് അത്യധികം സ്നേഹം പുലര്‍ത്തിയിരുന്ന മുഫ്തി അമീനുല്‍ ഹുസൈനി നിര്‍ബന്ധിച്ച് ഒരു തുക മൗലാനായെ ഏല്‍പ്പിക്കുകയും അത് ചിലവഴിച്ച് നേത്ര ചികിത്സയ്ക്ക് ഇംഗ്ലണ്ട് യാത്ര നടത്തണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. അദ്ദേഹത്തോടുള്ള ബന്ധവും നിര്‍ബന്ധവും കാരണം ശൈഖുല്‍ ഹദീസിനോട് കൂടിയാലോചിച്ച് മൗലാനാ തുക സ്വീകരിച്ചു. ഇതിനിടയില്‍ ജനീവയില്‍ നിന്നും ഡോക്ടര്‍ സഈദ് റമളാനിന്‍റെ ക്ഷണക്കത്ത് ലഭിച്ചു. അദ്ദേഹം ജനീവയിലുള്ള ഇസ്ലാമിക് സെന്‍ററിന്‍റെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ മൗലാനായെ നിര്‍ബന്ധിച്ചു. അങ്ങനെ മൗലാനാ അവര്‍കള്‍ മൗലാനാ മുഈനുല്ലാഹി സാഹിബിനെയും കൂട്ടി ജൂണ്‍ ആറിന് ജിദ്ദയില്‍ നിന്നും ജനീവയിലേക്ക് യാത്ര തിരിച്ചു. അവിടെ ഏതാനും ദിവസം താമസിച്ച ശേഷം ഇംഗ്ലണ്ടിലേക്ക് യാത്രയായി. അവിടെയുണ്ടായിരുന്ന ഡോക്ടര്‍ ഫരീദി മൗലാനായുടെ ആഗമനത്തെക്കുറിച്ച് അറിഞ്ഞ് താമസം ദീര്‍ഘിപ്പിച്ചു. ഡോക്ടര്‍ മസ്ഹര്‍ അലി വഴി രണ്ട് നിപുണന്മാരായ സര്‍ജനുകളുമായി ബന്ധപ്പെടുകയും ഡോക്ടര്‍ ഫരീദി അവര്‍ക്ക് മുമ്പാകെ മൗലാനായുടെ പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കുകയും ചെയ്തു. അവര്‍ പരിശോധിച്ച ശേഷം ഓപ്പറേഷന്‍ ഫലപ്രദമല്ലായെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ സമാധാനം ലഭിക്കുന്ന മരുന്ന് നല്‍കാമെന്ന് അവര്‍ പറഞ്ഞു. 
ഈ യാത്രയില്‍ ഇംഗ്ലണ്ടില്‍ സുദീര്‍ഘമായ പര്യടനം നടന്നു. നിരവധി സ്ഥലങ്ങളില്‍ പോവുകയും പ്രധാന പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. ബര്‍മ്മിഹാം, മാഞ്ചസ്റ്റര്‍, ബ്ലാക്ക്ബറന്‍, ശീഫ്ഫീള്‍ഡ്, ഡ്യൂസ്ബറി, ലേഡസ്, ഗ്ലാസ്കോ എന്നിവിടങ്ങളില്‍ നടന്ന പരിപാടികള്‍ ശ്രദ്ധേയമായിരുന്നു. അങ്ങനെ ഈ യാത്ര ചികിത്സയേക്കാള്‍ കൂടുതല്‍ പ്രബോധനമയം അധികരിച്ചതായിത്തൃീര്‍ന്നു. 
ഹൈദരബാദ് യാത്ര
1968 ജനുവരി മാസം ഹൈദരബാദ് ജാമിഅ നിസാമിയ്യയിലെ പാഠ്യപദ്ധതി പരിഷ്കാരത്തിന് ഒരു സമിതി രൂപീകരിക്കപ്പെട്ടു. ഉന്നത ഹദീസ് പണ്ഡിതന്‍ അല്ലാമാ ഹബീബുര്‍റഹ്മാന്‍ അഅ്സമി, മൗലാനാ സിബ്ഗത്തുല്ലാഹ് ബഖ്തിയാരി മുതലായ സമുന്നത പണ്ഡിതര്‍ അതില്‍ അംഗങ്ങളായിരുന്നു. മൗലാനായെ അതിന്‍റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. അതില്‍ പങ്കെടുക്കാന്‍ മൗലാനാ ഹൈദരബാദിലേക്ക് യാത്ര തിരിച്ചു. കമ്മിറ്റി കൂടുകയും പ്രധാന നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി സമര്‍പ്പിക്കുകയും ചെയ്തു. 
ഹൈദരബാദില്‍ നിന്നും മടങ്ങിയപ്പോള്‍ ഒരു രാത്രി ഭോപ്പാലില്‍ തങ്ങാന്‍ മൗലാനാ ഉദ്ദേശിച്ചു. ഈ വിവരം ഭോപ്പാലിലുള്ള മൗലാനാ ഇംറാന്‍ ഖാന്‍ സാഹിബിനെ അറിയിച്ചു. എന്നാല്‍ രാത്രി എട്ട് മണിക്ക് എത്തേണ്ട വണ്ടി രാവിലെ മൂന്ന് മണിക്കാണ് എത്തിയത്. ഇതിനെക്കുറിച്ച് മൗലാനാ കുറിക്കുന്നു: വണ്ടി വൈകുന്നത് കൊണ്ട് ഭോപ്പാലില്‍ ഇറങ്ങാനുള്ള തീരുമാനം മാറ്റിക്കാണുമെന്ന് മൗലാനാ ഇംറാന്‍ഖാന്‍ ധരിച്ചിരിക്കുമെന്ന് ഞാന്‍ വിചാരിച്ചു. അങ്ങനെ ഭോപ്പാലില്‍ ഇറങ്ങാതെ യാത്ര തുടരാന്‍ തീരുമാനിച്ചു. ഭോപ്പാലില്‍ എത്തിയപ്പോള്‍ മൗലാനായുടെ ദൂതന്മാര്‍ ആരെങ്കിലും വന്നെങ്കില്‍ കാണാമെന്ന് വിചാരിച്ച് ഞാന്‍ സൂക്ഷ്മതയ്ക്ക് വേണ്ടി എഴുന്നേറ്റിരുന്നു. എന്നാല്‍ ജനാലയുടെ പുറത്ത് മൗലാനായുടെ മകന്‍ നില്‍ക്കുന്നത് കണ്ട് പരിഭ്രമിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു: മൗലാനാ ഇംറാന്‍ വന്നിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു: മൗലാനാ മാത്രമല്ല, മഹാനായ സൂഫിവര്യന്‍ മൗലാനാ യഅ്ഖൂബ് മുജദ്ദിദിയും വന്നിട്ടുണ്ട്. വണ്ടി വൈകിയപ്പോള്‍ ശിഷ്യന്മാര്‍ രണ്ട് പേരോടും വരേണ്ടതില്ലെന്ന് പറഞ്ഞപ്പോള്‍ മൗലാനാ മുജദ്ദിദി പറഞ്ഞു: താല്‍പ്പര്യം ഇല്ലാത്തവര്‍ പോകേണ്ടതില്ല. ഞാന്‍ എന്തായാലും സ്റ്റേഷനിലേക്ക് പോവുകയാണ്! അന്ന് കടുത്ത തണുപ്പുമായിരുന്നു. ഇതിനിടയില്‍ മൗലാനാ മുജദ്ദിദി രണ്ട് സേവകന്മാരുടെ തോളില്‍ പിടിച്ച് വരുന്നത് കണ്ടു. എനിയ്ക്ക് അങ്ങേയറ്റം ലജ്ജയുണ്ടായി. അങ്ങ് എന്തിന് പ്രയാസപ്പെട്ടു എന്ന് ചോദിച്ചപ്പോള്‍ മൗലാനാ മുജദ്ദിദി പറഞ്ഞു: ഇതുപോലെ മനോഹരമായ രാവുകള്‍ അപൂര്‍വ്വമായിട്ടെ ലഭിച്ചിട്ടുള്ളൂ! കൂട്ടത്തില്‍ ധാരാളം ജനങ്ങളും ഉണ്ടായിരുന്നു. മൗലാനാ മുജദ്ദിദി എന്നോട് പുറത്തേക്ക് ഇറങ്ങരുതെന്നും സീറ്റില്‍ തന്നെ ഇരിക്കണമെന്നും ശക്തമായി നിര്‍ദ്ദേശിച്ചു. വണ്ടി യാത്രയാകുന്നതുവരെ ആ മഹാത്മാക്കള്‍ അവിടെ തന്നെ നിന്നു. അല്ലാഹുവേ, ആ പുണ്യപുരുഷന്മാരുടെ സമുന്നത സ്വഭാവവും താഴ്മയും ശിഷ്യരോടുള്ള സ്നേഹവും എത്ര മഹത്തരമാണ്. ഇന്നും ഇത് ഓര്‍ക്കുമ്പോള്‍ എനിയ്ക്ക് അമ്പരപ്പ് അനുഭവപ്പെടാറുണ്ട്. (കാറവാന്‍ 2/54)

മാതാവിന്‍റെ വേര്‍പാട്
1388 ജമാദുല്‍ ആഖര്‍ 6 (1968 ആഗസ്റ്റ് 30-ാം തീയതി) മൗലാനായുടെ ആദരണീയ മാതാവ് 93-ാം വയസ്സില്‍ പടച്ചവന്‍റെ കാരുണ്യത്തിലേക്ക് യാത്രയായി. സദാസമയവും ദിക്ര്‍-ദുആകളില്‍ മാത്രം മുഴുകിയ അനുഗ്രഹീത മനസ്സും നാവും നിശ്ചലമായി. മൗലാനായുടെ സ്വീകാര്യതയ്ക്കും പ്രിയങ്കരതയ്ക്കും നേതൃത്വത്തിനും വേണ്ടി ജീവിതം മുഴുവന്‍ അവര്‍ ദുആ ചെയ്തിരുന്നു. അതിന്‍റെ ചിത്രങ്ങള്‍ കണ്ട് അവരുടെ നയനങ്ങള്‍ കുളിരണിഞ്ഞിരുന്നു. ബാഹ്യവും ആന്തരികവുമായ കൂടുതല്‍ പുരോഗതിയ്ക്ക് അവര്‍ വീണ്ടും ദുആ ചെയ്തിരുന്നു. മൗലാനാ തൂലിക എടുത്തപ്പോള്‍ അവര്‍ നിര്‍ദ്ദേശിച്ചു: എപ്പോള്‍ എഴുത്ത് ആരംഭിക്കുമ്പോഴും ആദ്യം ഇപ്രകാരം ദുആ ചെ യ്യുക: അല്ലാഹുവേ, നിന്‍റെ ഉത്തമ ദാസന്മാര്‍ക്ക് നീ നല്‍കുന്ന ഏറ്റവും ശ്രേഷ്ടമായ കാര്യങ്ങള്‍ നിന്‍റെ ഔദാര്യം കൊണ്ട് എനിയ്ക്ക് നല്‍കണേ! 
അവരുടെ ദുആകളും ഈ ദുആയും എത്രമാത്രം സ്വീകരിക്കപ്പെട്ടു എന്ന് ലോകം ദര്‍ശിക്കുകയുണ്ടായി.  പടച്ചവന്‍ അവരുടെ പരിശ്രമങ്ങളും പരിശീലനങ്ങളും വളരെയധികം സ്വീകരിച്ചു. അവരുടെ ജീവിതം കുടുംബത്തിന് മാത്രമല്ല, മൗലാന വഴിയായി മുഴുവന്‍ ലോകത്തിനും അനുഗ്രഹമായിരുന്നു. ഈ ഗ്രന്ഥത്തിന്‍റെ രണ്ടാം അധ്യായത്തില്‍ അവരുടെ അവസ്ഥകളും ശിക്ഷണ രീതികളും വിശദമായി വിവരിച്ചിട്ടുണ്ട്. ദിവസവും ഇസ്തിഖാറ നമസ്കരിച്ച് ശരിയായ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാനും തെറ്റുകളില്‍ അകപ്പെടാതിരിക്കാനും അവര്‍ ദുആ ചെയ്തിരുന്നു. 
മൗലാനാ കുറിക്കുന്നു: മാതാവിന്‍റെ വേര്‍പാടിന് ശേഷമുള്ള രാത്രി അത്ഭുതകരമായ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും വര്‍ഷിക്കുന്നതായി അനുഭവപ്പെട്ടു. ശാന്തിയുടെ ഒരു കൂടാരം തലകള്‍ക്ക് മുകളില്‍ നില്‍ക്കുന്നതായി തോന്നി. യാതൊരുവിധ പ്രയാസങ്ങളും അസ്വസ്ഥതകളും ഇല്ലായിരുന്നു. പുലര്‍ക്കാലത്ത് ഞാന്‍ എഴുന്നേറ്റപ്പോള്‍ ഉമ്മ സാധാരണ പാടിയിരുന്ന ഒരു കവിത എന്‍റെ നാവില്‍ തത്തിക്കളിച്ചു. അതിന്‍റെ ആശയം ഇപ്രകാരമാണ്: രക്ഷിതാവേ, ഔദാര്യം നിന്‍റെ മഹല്‍ഗുണവും നിന്നോടുള്ള യാചന എന്‍റെ സ്വഭാവുമാണ്. രക്ഷിതാവേ, നിന്‍റെ പടിവാതിക്കലുള്ള സാധുക്കളുടെ നില്‍പ്പ് ഒരിക്കലും നിലയ്ക്കാതിരിക്കട്ടെ. നിന്‍റെ കാരുണ്യം ഞങ്ങളുടെ മേല്‍ നിരന്തരം വര്‍ഷിക്കണേ. അതിലൂടെ ഞങ്ങള്‍ സാധുക്കളുടെ തോട്ടം പൂത്തുലയിക്കണേ. (കാറവാന്‍ 2/49)

ദാറുല്‍ ഉലൂമിലേക്ക് താമസം മാറ്റുന്നു
തബ്ലീഗ് പ്രവര്‍ത്തനത്തിന്‍റെ തിരക്കുകള്‍ കാരണം 1953 മുതല്‍ മൗലാനാ ലക്നൗവിലെ തബ്ലീഗ് മര്‍ക്കസിലാണ് താമസിച്ചിരുന്നത്. രണ്ട് നേരത്തെ ആഹാരം വീട്ടില്‍ നിന്നും അവിടേക്ക് കൊണ്ടുവരുമായിരുന്നു. മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനിയും അടുത്തുള്ള ഒരു വീട്ടില്‍ താമസിച്ചിരുന്നു. ഇരുവരും പ്രബോധന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഹസ്രത്ത് റായ്പൂരിയുടെ പ്രധാന ശിഷ്യനും ഹസ്രത്തിന്‍റെ ജനാസ നമസ്കാരത്തിന് ഇമാമത്ത് നിന്ന വ്യക്തിയുമായ സയ്യിദ് മസ്ഊദ് ഫതഹ്പൂരിയും അവിടെ താമസിക്കുകയും മൗലാനായുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. മര്‍ക്കസ് മസ്ജിദിന്‍റെ സേവകനായ മൗലാനാ മുഹമ്മദ് സലീം പ്രവര്‍ത്തകരായ ഭായ് അബ്ദുസ്സലാം, ഡോ: അഷ്റഫ് അലി നദ്വി മുതലായവര്‍ വലിയ സേവനങ്ങള്‍ ചെയ്തിരുന്നു. മര്‍ക്കസിലെ ഈ താമസത്തിനിടയില്‍ അടുത്ത് തന്നെ താമസിച്ചിരുന്ന ഡോ: മുഹമ്മദ് ആസിഫ് ഖിദ്വായുമായി മൗലാനാ വളരെയധികം അടുത്തു. രോഗ ശയ്യയില്‍ കഴിഞ്ഞിരുന്ന അദ്ദേഹമാണ് മൗലാനായുടെ പ്രധാന ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്തത്. മര്‍ക്കസിലെ താമസം പതിനാറ് വര്‍ഷം തുടര്‍ന്നു. ശേഷം ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയില്‍ അതിഥി മന്ദിരത്തിലേക്ക് താമസം മാറ്റുകയും ലക്നൗവിലെ അവസാന സമയം വരെ അവിടെത്തന്നെ താമസിക്കുകയും ചെയ്തു. 

പയാമെ ഇന്‍സാനിയത്ത് പ്രവര്‍ത്തനം
1947-ല്‍ രാജ്യം സ്വതന്ത്രമായെങ്കിലും രാജ്യനിവാസികളുടെ സ്വഭാവവും മനുഷ്യത്വവും മൂല്യങ്ങളും അധ:പതിക്കാന്‍ ആരംഭിച്ചു. രാജ്യം സ്വതന്ത്രമായെങ്കിലും മനസ്സുകള്‍ ഇപ്പോഴും അടിമത്വത്തില്‍ തന്നെയാണെന്ന് ഇത് വിളിച്ചറിയിച്ചു. ഈ അടിമത്വം ബ്രിട്ടന്‍റെയോ, ഏതെങ്കിലും വിദേശ ശക്തികളുടെയോ ആയിരുന്നില്ല. ആര്‍ത്തിയുടെയും സമ്പത്തിന്‍റെയും ശക്തിയുടെയും അന്തസ്സിന്‍റെയും അധികാരത്തിന്‍റെയും ഇടുങ്ങിയ വീക്ഷണത്തിന്‍റെയും കുടുസ്സായ മനസ്സിന്‍റെയും അടിമത്വമായിരുന്നു. പ്രവിശ്യാലമായ രാജ്യത്ത് മനുഷ്യത്വമുള്ളവര്‍ കുറഞ്ഞുകൊണ്ടിരുന്നു. രാജ്യത്തിന്‍റെ ഏറ്റവും വലിയ ഭീഷണിയായ ഈ കാര്യത്തെ ഉണരുകയും ഇതിനെ ഉണര്‍ത്തുകയും ചെയ്യുന്നവര്‍ എവിടെയും കാണപ്പെട്ടില്ല. 
മൗലാനായുടെ വിശാലവും വേദന നിറഞ്ഞതുമായ മനസ്സില്‍ രാജ്യം സ്വതന്ത്രമായ ഉടനെ ഇതിനെ തിരിച്ചറിഞ്ഞു. ഈ അവസ്ഥ തുടരുകയാണെങ്കില്‍ രാജ്യവും രാജ്യനിവാസികളും മസ്ജിദ് മദ്റസകളും ഇതര പാഠശാലകളും ഗ്രന്ഥാലയങ്ങളും അവശേഷിക്കുകയില്ലെന്ന ചിന്ത മൗലാനായ്ക്ക് ശക്തമായി. അതെ, രാജ്യം ഒരു കപ്പലാണ്. ഇത് മുങ്ങിയാല്‍ ഇതിലുള്ള സകല മനുഷ്യരും സര്‍വ്വ സ്ഥാപനങ്ങളും മുങ്ങുന്നതാണ്. അതുകൊണ്ട് മാനവികതയുടെ പ്രവര്‍ത്തനം ഈ രാജ്യത്ത് അത്യാവശ്യമാണ്! അങ്ങേയറ്റം ആവശ്യയമായ ഈ പ്രവര്‍ത്തനത്തിന് ഭൂരിപക്ഷത്തിലെ വ്യക്തിത്വങ്ങള്‍ മുന്നോട്ട് വന്നില്ലെങ്കില്‍ ന്യൂനപക്ഷം തന്നെ മുന്നോട്ട് വന്ന് ഈ കുറവ് പരിഹരിക്കേണ്ടതാണെന്ന് മൗലാനാ വീക്ഷിച്ചു. കൂടാതെ, ഈ രാജ്യത്തുള്ള മുസ്ലിംകള്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള മാര്‍ഗ്ഗം അവരുടെ പ്രയോജനത്തെ സ്ഥാപിക്കുകയും നാളുകളായി ഈ രാജ്യത്ത് അനുഭവപ്പെടുന്ന മാനവികതയുടെ ശൂന്യതയെ നികത്തുകയും ചെയ്യലാണെന്ന് മൗലാനാ വീക്ഷിച്ചു. 
ഈ ആവശ്യത്തെ മുന്നില്‍ കണ്ടുകൊണ്ട് സ്വാതന്ത്ര്യം കഴിഞ്ഞയുടന്‍ തന്നെ മൗലാനാ രാജ്യത്തെ സ്വഭാവ സദാചാര തകര്‍ച്ചയെക്കുറിച്ച് അസ്വസ്ഥത പ്രകടിപ്പിക്കാനും പ്രഭാഷണങ്ങള്‍ നടത്താനും ലേഖലങ്ങള്‍ എഴുതാനും ആരംഭിച്ചു. എന്നാല്‍ ഇതിന്‍റെ ഔദ്യോഗിക തുടക്കം 1954-ല്‍ ആയിരുന്നു. ലക്നൗവിലെ ഗംഗാപ്രസാദ് മെമ്മോറിയല്‍ ഹാളില്‍ ഇതുമായി ബന്ധപ്പെട്ട പ്രൗഢമായൊരു പ്രഭാഷണം മൗലാനാ നടത്തി. തുടര്‍ന്ന് തബ്ലീഗ് പ്രവര്‍ത്തനത്തിനോടൊപ്പം മാനവികതയുടെ പ്രവര്‍ത്തനവും മൗലാനാ നടത്തിക്കൊണ്ടിരുന്നു. ശേഷം 1974-ല്‍ അലഹബാദില്‍ വെച്ച് പയാമെ ഇന്‍സാനിയത്ത് (മെസ്സേജ് ഓഫ് ഹ്യുമാനിറ്റി) എന്ന പേരില്‍ ഇതിനെ ഒരു പ്രത്യേക പ്രവര്‍ത്തനമാക്കി. തുടര്‍ന്ന് രാജ്യത്തെ വിവിധ പട്ടണങ്ങളില്‍ ഇതിന്‍റെ പരിപാടികള്‍ നടന്നു. പടച്ചവന്‍റെ അനുഗ്രഹത്താല്‍ ഇന്നും ഈ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു. 
ഈ പ്രവര്‍ത്തനത്തില്‍ ധാരാളം വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. അതില്‍ മൗലാനാ ഇസ്ഹാഖ് ജലീസ് നദ്വിയുടെ നാമം പ്രത്യേകം സ്മരണീയമാണ്. അല്ലാഹു വലിയ ശേഷി നല്‍കിയിരുന്ന അദ്ദേഹം ഈ പ്രവര്‍ത്തനത്തിന് വേണ്ടി സമയം ഒഴിഞ്ഞ് വെക്കുകയും മൗലാനായ്ക്ക് വലിയ ശക്തി പകരുകയും ചെയ്തു. മറ്റൊരു വ്യക്തിത്വം വിനീതന്‍റെ ആദരണീയ പിതാവ് കൂടിയായ മൗലാനാ സയ്യിദ് മുഹമ്മദുല്‍ ഹസനിയായിരുന്നു. ഇരുവരും ഈ പ്രവര്‍ത്തനത്തെ ശക്തമായി മുന്നോട്ട് നീക്കി. ഇരുവരും കൂടിയാണ് പയാമെ ഇന്‍സാനിയത്തിന്‍റെ താഴെ കൊടുക്കുന്ന പ്രതിജ്ഞാ പത്രം തയ്യാറാക്കിയത്:
സമുന്നതനും ഉടമസ്ഥനുമായ സ്രഷ്ടാവിന്‍റെ നാമത്തില്‍ ഞാന്‍ ഇപ്രകാരം പ്രതിജ്ഞ ചെയ്യുന്നു: 1. ഞാന്‍ വിദ്യാര്‍ത്ഥിയാണെങ്കില്‍ എന്‍റെ ലക്ഷ്യം വൈജ്ഞാനിക പുരോഗതിയും സാമൂഹിക നന്മയും മാനവികതയുടെ സേവനവും ആയിരിക്കും. ഭാവിയില്‍ രാജ്യത്തിന്‍റെ നേതൃത്വം ഏറ്റെടുക്കാന്‍ യോഗ്യതയുള്ള ഒരു ഉത്തമ പൗരനായിത്തീരുന്നതാണ്. ഞാന്‍ അക്രമവും നിയമലംഘനവും സൂക്ഷിച്ചുകൊണ്ട് എന്‍റെ ആയുസ്സും യുവത്വവും അറിവും യോഗ്യതയും ജനസേവനത്തിന് ചിലവഴിക്കുന്നതാണ്. 2. ഞാന്‍ ഒരു ജോലിക്കാരനാണെങ്കില്‍ എന്‍റെ തത്വം അധ്വാനവും വിശ്വസ്തതയും പൊതുജനങ്ങളുടെ സേവനവുമായിരിക്കും. കൈക്കൂലി, സ്വജനപക്ഷപാതിത്വം, ജോലിയില്‍ അലസത, വിശ്വാസ വഞ്ചന മുതലായ കാര്യങ്ങളില്‍ നിന്നും അകന്ന് കഴിയുന്നതാണ്. 3. ഞാന്‍ ഒരു വ്യാപ്യാരിയാണെങ്കില്‍ പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, അന്യായലാഭം, പൊതുജനങ്ങളുടെ സാമ്പത്തിക ഉന്മൂലനം പോലുള്ളവ സൂക്ഷിക്കുന്നതാണ്. 4. ഞാന്‍ ഒരു അദ്ധ്യാപകനോ, പത്രപ്രവര്‍ത്തകനോ, സാഹിത്യകാരനോ, കവിയോ ആണെങ്കില്‍ മനുഷ്യര്‍ക്കിടയില്‍ സ്നേഹ-വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന ചിന്താവീക്ഷണങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും ആ വഴിയില്‍ എന്‍റെ ശേഷി ചിലവഴിക്കുകയും ചെയ്യുന്നതാണ്. മനസ്സിന്‍റെയും സാഹചര്യത്തിന്‍റെയും തെറ്റായ പ്രേരണകള്‍, വൈകാരിക പ്രകടനങ്ങള്‍, പരസ്പര വെറുപ്പ്, വ്യക്തിഹത്യ, മാനവ വിരോധം, സംഹാര ശൈലി എന്നിവയില്‍ നിന്നും അകലം പാലിക്കുന്നതാണ്. 5. എന്നെ ഏല്‍പ്പിക്കപ്പെട്ട കാര്യം എന്തെങ്കിലും സ്ഥാനമാണെങ്കില്‍ അതിന്‍റെ പരിധിയില്‍ നില്‍ക്കാനും കര്‍ത്തവ്യം നീതിയോടെ നിര്‍വ്വഹിക്കാനും അവകാശികള്‍ക്ക് അവകാശം നല്‍കാനും ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നതാണ്. 6. ഞാന്‍ സമൂഹത്തിലെ ഏത് വിഭാഗവുമായി ബന്ധപ്പെട്ട ആളാണെങ്കിലും ഈ രാജ്യത്തെ സ്വദേശമായി കണ്ടുകൊണ്ട് ഇവിടെയുള്ള ഓരോ പൗരനോടും സ്നേഹവും സഹാനുഭൂതിയും സഹകരണവും സാഹോദര്യവും പുലര്‍ത്തുന്നതാണ്. 7. ഈ രാജ്യത്തെ സ്വഭാവത്തകര്‍ച്ച, മാനവ അധ:പതനം എന്നിവയില്‍ നിന്നും രക്ഷിക്കുന്നതിന് അഖിലേന്ത്യാ പയാമെ ഇന്‍സാനിയത്ത് ഫോറം നടത്തുന്ന പ്രവര്‍ത്തനങ്ങളും പദ്ധതികളുമായി പരിപൂര്‍ണ്ണ താല്‍പ്പര്യം പുലര്‍ത്തുകയും കഴിവിന്‍റെ പരമാവധി സഹകരിക്കുകയും ചെയ്യുന്നതാണ്!
മൗലാനായും കൂട്ടരും ഈ സന്ദേശവുമായി ഉത്തര്‍പ്രദേശിലെ വിവിധ നാടുകളില്‍ രാജ്യത്തെ വ്യത്യസ്ത സംസ്ഥാനങ്ങളിലും യാത്രകള്‍ നടത്തുകയും ഒറ്റയ്ക്കും കൂട്ടായും പ്രധാനികളോടും പൊതുജനങ്ങളോടും സംവദിക്കുകയും ചെയ്തു. 1975 മെയ് 22-ല്‍ ലക്നൗവില്‍ തന്നെ നടന്ന സമ്മേളനത്തില്‍ ആയിരക്കണക്കിന് മുസ്ലിം അമുസ്ലിം വിദ്യാസമ്പന്നര്‍ പങ്കെടുത്തു. ഈ വീടിന്‍റെ വിളക്കിലൂടെ തന്നെ വീടിന് തീ പിടിക്കരുത് എന്ന ശീര്‍ഷകത്തില്‍ മൗലാനാ അവിടെ നടത്തിയ പ്രഭാഷണം മലയാളം സഹിതം വിവിധ ഭാഷകളില്‍ പല പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെട്ടു. ഈ വിഷയത്തില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ മൗലാനാ നടത്തിയ പ്രഭാഷണങ്ങളുടെ ശീര്‍ഷകങ്ങള്‍ തന്നെ പ്രവര്‍ത്തനത്തിന്‍റെ സന്ദേശം വ്യക്തവും ശക്തവുമായി അറിയിക്കുന്നുണ്ട്. അവയില്‍ ചിലത് ഇപ്രകാരമാണ്: ............................................................(ലഘുലേഖനങ്ങളുടെ നാമങ്ങള്‍ കൊടുക്കുക)
ഈ പ്രവര്‍ത്തനം രാജ്യത്ത് വലിയ പ്രതിഫലനം ഉണ്ടാക്കി. അമുസ്ലിം ബുദ്ധിജീവികളുടെ മനസ്സുകളില്‍ മുസ്ലിംകളെക്കുറിച്ച് വലിയ ആദരവ് സൃഷ്ടിച്ചു. മുസ്ലിംകള്‍ക്കും സ്വതന്ത്രമായ നിലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായി. രാജ്യത്തെ നിലവിലുള്ള സങ്കീര്‍ണ്ണമായ അവസ്ഥകളില്‍ ഈ പ്രവര്‍ത്തനത്തിന്‍റെ ആവശ്യകത വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതിന്‍റെ പ്രയോജനത്തെക്കുറിച്ച് പലരും സംശയം പ്രകടിപ്പിച്ചിരുന്ന ഒരു സാഹചര്യത്തിലാണ് മൗലാനാ ഇത് തുടങ്ങിയതെങ്കിലും ഇത് ഇന്നത്തെ ഏറ്റവും വലിയ ഒരു ആവശ്യമായി മാറിയിരിക്കുന്നു എന്നതില്‍ ചിന്തയും ബോധവുമുള്ള ആരും സംശയിക്കുകയില്ല. 
ഹതോറ, നാഗൂര്‍ യാത്ര
വിദ്യാര്‍ത്ഥി കാലത്ത് തന്നെ മൗലാനായുമായി സ്നേഹ ബന്ധം സ്ഥാപിച്ചിരുന്ന മൗലാനാ ഖാരി സിദ്ദീഖ് ബാന്ദവി 1975 മാര്‍ച്ചില്‍ മൗലാനായെ ഹതോറയിലേക്ക് ക്ഷണിച്ചു. അലി സാഹിബിന്‍റെ പ്രിയങ്കര കൂട്ടുകാരനായ മൗലാനാ മുഹമ്മദ് ഥാനി ഹസനിയോടൊപ്പം മൗലാനാ ഹതോറയിലേക്ക് യാത്ര ചെയ്തു. മൗലാനായുടെ ഈ യാത്ര മൗലാനാ ഥാനി ഹസനി ഗ്രന്ഥ രൂപത്തില്‍ തയ്യാറാക്കിയത് ഞങ്ങളുടെ വീട്ടിലെ ഗ്രന്ഥ ശേഖരത്തില്‍ ഇന്നും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അതില്‍ മൗലാനാ വിവിധ സദസ്സുകളില്‍ പ്രഭാഷണങ്ങളും വ്യക്തികളോട് നടത്തിയ ഉദ്ബോധനങ്ങളും മൗലാനാ ബാന്ദവിയുടെ സല്‍സ്വഭാവത്തിന്‍റെ അവസ്ഥകളും വിവരിച്ചിട്ടുണ്ട്. ഈ യാത്രയ്ക്കിടയില്‍ മൗലാനായുടെ പിതാമഹനായ മീര്‍ അബ്ദുല്‍ അലി ഖബ്റടങ്ങിയ നാഗൂര്‍ എന്ന നാട്ടിലേക്കും മൗലാനാ പോയി. അവിടെ ഒരു മസ്ജിദ് നിര്‍മ്മിച്ച് കഴിഞ്ഞിരുന്ന മീര്‍ സാഹിബ് അവിടെത്തന്നെ ഖബ്റടങ്ങുകയുണ്ടായി. ഈ യാത്രയ്ക്കിടയില്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ നടന്ന കലാപങ്ങളെക്കുറിച്ച് മൗലാനായ്ക്ക് വിവരം ലഭിക്കുകയും മനസ്സിന് ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. 

കിഴക്കന്‍ പാക്കിസ്ഥാനിലെ ഭാഷാ പ്രക്ഷോഭം
1971 ഡിസംബറില്‍ ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധം നടന്നു. അതിന്‍റെ ഫലമെന്നോണം പാക്കിസ്ഥാന്‍ വിഭജിക്കപ്പെടുകയും ബംഗ്ലാദേശ് നിലവില്‍ വരുകയും ചെയ്തു. തദവസരം അവിടെ അരങ്ങേറിയ ഭാഷാ തീവ്രവാദം അക്രമത്തിലേക്ക് തിരിഞ്ഞു. ഇതെല്ലാം പഴയ ജാഹിലിയ്യത്തിന്‍റെ ഉല്‍പ്പന്നമായിരുന്നു. ജാഹിലിയ്യത്തിന് ഇസ്ലാമിക രാജ്യത്തില്‍ യാതൊരു സാധ്യതയുമില്ല. മൗലാനായുടെ മനസ്സ് ഇതിന്‍റെ വേദന കാരണം വളരെയധികം അസ്വസ്ഥമായി. 1972 മെയ് 23-ന് കല്‍ക്കത്തയില്‍ നടന്ന ഒരു സമ്മേളനത്തില്‍ ഈ അക്രമത്തിനെതിരില്‍ മൗലാനാ ആഞ്ഞടിക്കുകയും കടുത്ത ഭാഷയില്‍ ഈ ജാഹിലിയ്യത്തിനെ വിമര്‍ശിക്കുകയും ചെയ്തു. ഭാഷാ-സംസ്കാരങ്ങളുടെ അജ്ഞതയുടെ ദുരന്തവും അതില്‍ നിന്നുള്ള പാഠവും എന്ന പേരില്‍ ഇത് പ്രസിദ്ധീകരിക്കപ്പെട്ടു. 
ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് 
ഇന്ത്യയില്‍ മുസ്ലിംകളുടെ സാമൂഹിക വ്യക്തിത്വത്തിന്‍റെ സംരക്ഷണവും നിലനില്‍പ്പും പലപ്പോഴും അപകടത്തിലായിരുന്നു. ഇന്ത്യന്‍ ഭരണകൂടവും നാമധാരികളായ ചില മുസ്ലിംകളും കൂടിച്ചേര്‍ന്ന് ഇന്ത്യയിലെ മുഴുവന്‍ മതസ്ഥര്‍ക്കും ഒരു സംയുക്ത കുടുംബ നിയമം ഉണ്ടാക്കണമെന്ന വാദം ഇതിനിടയില്‍ ശക്തിപ്പെട്ടു. 1970-കളില്‍ ഇത് വലിയൊരു ഭീഷണിയായി ഉയര്‍ന്നുവന്നു. ബീഹാര്‍-ഒറീസാ അമീറെ ശരീഅത്ത് മൗലാനാ മിന്നത്തുല്ലാഹ് റഹ്മാനിയാണ് ഇതിന്‍റെ അപകടം ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയത്. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന ഫലമായി വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പിന്തുണയോടെ 1972 ഡിസംബര്‍ 27-28 തീയതികളില്‍ ബോംബയില്‍ പേഴ്സണല്‍ ലോ കണ്‍വന്‍ഷന്‍ നടന്നു. മൗലാനാ അന്ന് ഹിജാസ് യാത്രയിലായിരുന്നു. ഹജ്ജിന്‍റെ സമയം അടുക്കുകയും ചെയ്തിരുന്നു. പക്ഷേ, വിഷയത്തിന്‍റെ ഗൗരവം മുന്നില്‍ കാണുകയും ഇവിടെയുള്ള നേതാക്കള്‍ നിര്‍ബന്ധിക്കുകയും ചെയ്തപ്പോള്‍ ഇന്ത്യയിലേക്ക് വന്ന് ഈ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. ഈ കണ്‍വന്‍ഷനില്‍ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് നിലവില്‍ വരുകയും ഖാരി മുഹമ്മദ് ത്വയ്യിബ് സാഹിബ് അദ്ധ്യക്ഷനായും മൗലാനാ മിന്നത്തുല്ലാഹ് റഹ്മാനി ജന:സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 

അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി പ്രശ്നം
അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി മുന്‍ഗാമികളിലൂടെ സമുദായത്തിന് ലഭിച്ച ഒരു സൂക്ഷിപ്പ് മുതലാണെന്ന് മൗലാനാ നിരന്തരം ഉണര്‍ത്തിയിരുന്നു. 1972 ജൂണ്‍ മാസം ലോക്സഭയില്‍ അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയെക്കുറിച്ചുള്ള ഭേദഗതി നിയമം പാസാക്കപ്പെടുകയും അതിന്‍റെ സ്വാതന്ത്ര്യം അപകടത്തിലാവുകയും ചെയ്തു. ഇത്തരുണത്തില്‍ അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ സേവകര്‍ ഇതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ മാര്‍ച്ച് 10, 11 തീയതികളില്‍ ഒരു കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. മൗലാനായുടെ പ്രത്യേക ചിന്ത കാരണം ഇതിന്‍റെ ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെട്ടു. മൗലാനാ ഉദ്ഘാടന പ്രസംഗത്തില്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ അനുഭവങ്ങളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഗവര്‍മെന്‍റ് സ്വന്തം നിയന്ത്രണത്തിലാക്കുന്നത് അപകടകരമാണെന്ന് വളരെ വ്യക്തമായ ഭാഷയില്‍ ഉണര്‍ത്തി. മൗലാനാ പ്രസ്താവിച്ചു: അടുത്ത തലമുറയുടെ ചിന്തയും സ്വഭാവവും വ്യക്തിത്വവും ശൈലിയും രൂപീകരിക്കുകയും ജീവിതത്തിലേക്ക് വെളിച്ചം പകരുകയും ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ കരുണയും മന:സാക്ഷിയുമില്ലാത്ത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും തിരഞ്ഞെടുപ്പ് വിജയത്തിനും ഉപയോഗിക്കുന്നത് രാഷ്ട്രീയ നേതാക്കളും ഭരണകൂടവും മാനവരാശിയോട് ചെയ്യുന്ന കടുത്ത അപരാധമാണെന്ന് ചരിത്രം വിളിച്ചറിയിക്കുന്നു. (കാറവാനെ സിന്ദഗി) 

അഫ്ഗാന്‍, ഇറാന്‍ യാത്രകള്‍
1973 ജൂണ്‍ നാല് മുതല്‍ ആഗസ്റ്റ് ഇരുപത് വരെ റാബിത്വത്തുല്‍ ആലമില്‍ ഇസ്ലാമിയയുടെ ആഭിമുഖ്യത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പണ്ഡിതന്മാരുടെ യാത്രകള്‍ നടക്കുകയുണ്ടായി. ഇതില്‍ അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ലബനാന്‍, ജോര്‍ദാന്‍, ശാം, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കുള്ള സംഘത്തിലെ നായകത്വം മൗലാനായ്ക്കായിരുന്നു. സൗദി അറേബ്യയിലെ മുന്‍ ശൂറാ കൗണ്‍സില്‍ അംഗം ഉസ്താദ് അഹ്മദ് മുഹമ്മദ് ജമാല്‍, മൗലാനാ അബ്ദുല്ലാഹ് അബ്ബാസ് നദ്വി എന്നിവര്‍ സഹയാത്രികരായിരുന്നു. നഖ്റസ് (ഴീൗേ) രോഗം മൗലാനായ്ക്ക് കഠിനമായ സമയമായിരുന്നു അത്. 1960-ല്‍ ഈ രോഗം ആദ്യമായി വന്നപ്പോള്‍ ജേഷ്ടന്‍ കൊടുത്ത ഒരു മരുന്ന് കഴിച്ച് ആശ്വാസം വന്നതാണ്. വീണ്ടും ഈ രോഗം വന്നപ്പോള്‍ പഴയ മരുന്നിന്‍റെ പേര് മൗലാനായ്ക്ക് ഓര്‍മ്മയില്ലായിരുന്നു. എങ്കിലും മൗലാന മര്‍ഹൂം യാത്രയ്ക്ക് തയ്യാറായി. മൗലാനായുടെ വാക്കുകളില്‍ ഫര്‍ള് (ഉത്തരവാദിത്വബോധം)നെക്കുറിച്ചുള്ള ചിന്ത മര്‍ള് (രോഗം)നെക്കുറിച്ചുള്ള ചിന്തയെ കീഴ്പ്പെടുത്തി! (കാറവാന്‍ 2/141)
ആദ്യമായി സംഘം സന്ദര്‍ശിച്ചത് അഫ്ഗാനിസ്ഥാനാണ്. ഇവിടെ ഒരാഴ്ചയോളം താമസിച്ചു. ഇത് ഈ രാജ്യത്തേക്കുള്ള മൗലാനായുടെ ആദ്യ യാത്രയായിരുന്നു. മൗലാനാ കുറിയ്ക്കുന്നു: ഈ യാത്രയില്‍ ഏറ്റവും കൂടുതല്‍ ആവേശം നിലനിന്നത് അഫ്ഗാനിസ്ഥാനിലാണ്. അവിടെ കാണപ്പെട്ട ദീനീ അവസ്ഥകളാണ് ഇതിന് കാരണമെന്ന് തോന്നുന്നു. (കാറവാന്‍ 2/149) എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം അവിടെ വിപ്ലവം നടക്കുകയും കമ്മ്യൂണിസ്റ്റ് ഭരണം ആരംഭിക്കുകയും ചെയ്തു. മൗലാനാ വിപ്ലവത്തിന് മുമ്പ് തന്നെ ഈ അപകടത്തെ തിരിച്ചറിഞ്ഞിരുന്നു. യാത്രക്കുറിപ്പില്‍ സര്‍ദാര്‍ മുഹമ്മദ് ദാവൂദ് ഖാനിനെ സംബന്ധിച്ച് മൗലാനാ കുറിച്ച വാക്കുകള്‍ പിന്നീട് സത്യമായി പുലര്‍ന്നു. 
അഫ്ഗാനിസ്ഥാനിലെ വിവിധ സ്ഥലങ്ങളില്‍ ധാരാളം പരിപാടികള്‍ നടന്നു. 1973 ജൂണ്‍ 7-ന് കാബൂളില്‍ നടന്ന അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും വിദ്യാസമ്പന്നരുടെയും സദസ്സും സൗദി മന്ത്രാലയം സംഘടിപ്പിച്ച സ്വീകരണവും ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു. അഫ്ഗാനിസ്ഥാനില്‍ കാബൂള്‍, ഗസ്നി എന്നീ രണ്ട് സ്ഥലങ്ങളില്‍ മാത്രമേ സംഘം യാത്ര ചെയ്തുള്ളൂ. ഗസ്നിയില്‍ ഹകീം സനാഇ, സുല്‍ത്താന്‍ മഹ്മൂദ് ഗസ്നവി എന്നിവരുടെ ഖബ്റുകള്‍ സന്ദര്‍ശിച്ചു. മഹ്മൂദ് ഗസ്നവിയുടെ ഖബ്ര്‍ സന്ദര്‍ശനത്തെക്കുറിച്ച് മൗലാന എഴുതുന്നു: ഞങ്ങള്‍ രാജാവിന്‍റെ ഖബ്റിന് മുന്നില്‍ അത്ഭുതത്തോടെ നിലകൊണ്ടു. ഒരിക്കല്‍ അഫ്ഗാനിലെയും ഇന്ത്യയിലെയും രാജാക്കന്മാരുടെ ഉറക്കം കെടുത്തിയ ഗാംഭീര്യം നിറഞ്ഞ ഒരു പുലി ഇന്ന് ഇവിടെ ശാന്തമായി ഉറങ്ങുകയാണ്. അതെ, രാജാക്കന്മാരുടെ ആഢ്യതകളും അവയുടെ അന്ത്യങ്ങളും കുട്ടികളുടെ കളിയും സ്റ്റേജിലെ നാടകവും പോലെ മാത്രമാണ്. (കാറവാന്‍ 2/153)
അഫ്ഗാനിലെ യാത്രയില്‍ ആദ്യന്ത്യം മുന്‍ അഫ്ഗാന്‍ പ്രധാനമന്ത്രിയായ പ്രഫ: അബ്ദുര്‍റസൂല്‍ സയ്യാഫ് പങ്കെടുത്തിരുന്നു. മുന്‍ പ്രസിഡന്‍റ് ശൈഖ് സിബ്ഗത്തുല്ലാഹ് മുജദ്ദിദിയും മൗലാനായോട് വലിയ സ്നേഹാദരവുകള്‍ പുലര്‍ത്തി. 
ഈ യാത്രയിലെ രണ്ടാം സ്ഥാനം ഇറാനായിരുന്നു. ഇവിടെ പത്ത് ദിവസം താമസിച്ചു. തഹ്റാന്‍, ഖും, മശ്ഹദ്, ഇസ്ഫഹാന്‍, ത്വൂസ്, ശീറാസ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും മന്ത്രിമാരും പണ്ഡിതന്മാരുമായി ചര്‍ച്ച നടത്തുകയും മത, ചരിത്ര സ്ഥലങ്ങള്‍ കാണുകയും ചെയ്തു. ഇമാം ഗസ്സാലി, ശൈഖ് സഅദി, ഹാഫിസ് ശീറാസി, ഇമാം അലി രിസാ, ഖലീഫാ ഹാറുന്‍ റഷീദ് മുതലായവരുടെ ഖബ്റുകളും സന്ദര്‍ശിച്ചു. 
മൗലാനാ ലക്നൗവില്‍ താമസിച്ചിരുന്നതിനാല്‍ ശിയാക്കളുടെ വിശിഷ്യാ ശിയാ ഇസ്നാ അഷരി വിഭാഗത്തിന്‍റെ വിശ്വാസ വീക്ഷണങ്ങള്‍ നന്നായി മനസ്സിലാക്കിയിരുന്നു. നബവീ വ്യക്തിത്വത്തെ അവഗണിച്ചുകൊണ്ട് അഹ്ലുബൈത്തിന് അമിത സ്ഥാനം നല്‍കുന്നതിനെ മൗലാനാ തിരിച്ചറിഞ്ഞിരുന്നു. ആയത്തുല്ലാഹ് മിര്‍സാ മുഹമ്മദ് ഖലീല്‍ കംറഇ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തപ്പോള്‍ മൗലാനാ വളരെ വ്യക്തമായി പറഞ്ഞു: മുഹമ്മദുര്‍റസൂലുല്ലാഹി (സ)യുടെ പ്രവാചകത്വം ഒരു പുതുയുഗത്തിന്‍റെ ആരംഭമായിരുന്നു. അതിന് ശേഷം മനുഷ്യര്‍ക്ക് ലഭിച്ച എല്ലാ നന്മകള്‍ക്കും കാരണക്കാരന്‍ റസൂലുല്ലാഹി (സ) മാത്രമാണ്. എന്തിനേറെ അമീറുല്‍ മുഅ്മിനീന്‍ അലിയ്യുബ്നു അബീത്വാലിബ് (റ)ന് ലഭിച്ച സ്ഥാനങ്ങളെല്ലാം മുഹമ്മദുര്‍റസൂലുല്ലാഹി (സ) വഴി മാത്രമാണ്. (കാറവാന്‍ 2/156) ഇവിടെ ഒരു കാര്യം ഓര്‍ക്കുക: മൗലാനായുടെ ഈ യാത്ര ഇറാന്‍ വിപ്ലവത്തിന് എട്ട് വര്‍ഷം മുമ്പായിരുന്നു. അന്ന് ബാഹ്യമായി ഈ വിപ്ലവത്തിന് യാതൊരു സാധ്യതയും കാണപ്പെട്ടിരുന്നില്ല. 
ജൂണ്‍ 21-ന് ഈ സംഘം മക്കാമുകര്‍റമയിലേക്ക് മടങ്ങി. അവിടെ അഞ്ച് ദിവസത്തെ താമസത്തിന് ശേഷം ജൂലൈ 29-ന് ബൈറൂത്തിലേക്ക് യാത്രയായി. ഈ യാത്രയില്‍ മൗലാനായുടെ സഹയാത്രികനായി മൗലാനാ അബ്ദുല്ലാഹ് അബ്ബാസ് നദ്വിയ്ക്ക് പകരം മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ്വി തിരഞ്ഞെടുക്കപ്പെട്ടു. 

ലബനാനില്‍
ലബനാനില്‍ ബൈറൂത്ത് കൂടാതെ തറാബിലസ്, സയര്‍, സൈദ എന്നിവിടങ്ങള്‍ സംഘം സന്ദര്‍ശിച്ചു. ലബനാനിലെ ദാറുല്‍ ഇഫ്താഇല്‍ മുഫ്തി ലബനാന്‍ ശൈഖ് ഹസന്‍ ഖാലിദ് സ്വീകരിച്ചു. മുഫ്തി അമീനുല്‍ ഹുസൈനിയയെക്കൂടാതെ പ്രധാനമന്ത്രിയും മുന്‍ പ്രധാനമന്ത്രിയും ഇതര മന്ത്രിമാരും നേതാക്കളും അതില്‍ പങ്കെടുത്തു. മുസ്ലിം സമുദായത്തിന്‍റെ കര്‍ത്തവ്യം എന്ന പേരില്‍ അവിടെ മൗലാന ശക്തമായ ഒരു പ്രഭാഷണം നടത്തുകയും പണ്ഡിതരുടെയും നേതാക്കളുടെയും കര്‍ത്തവ്യം ഉണര്‍ത്തുകയും ചെയ്തു. 

അത്ഭുത സംഭവം
ആഗസ്റ്റ് 3-ാം തീയതി ഡമാസ്കസിലെത്തി. ഇത് ശാമിലേക്കുള്ള മൗലാനായുടെ നാലാമത്തെ യാത്രയായിരുന്നു. അന്ന് അവിടെ പട്ടാള വിപ്ലവം നടന്ന സമയമായിരുന്നു. അവിടെ ഏതാനും ദിവസം താമസിക്കുകയും പഴയ സുഹൃത്തുക്കളെയും മറ്റും സന്ദര്‍ശിക്കുകയും ചെയ്യലായിരുന്നു പരിപാടി. ഹിംസ്, ഹമാത്ത്, ഹലബ് എന്നിവിടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. ഞായറാഴ്ച സൗദി വിദേശ മന്ത്രാലയത്തിന്‍റെ ഭാഗത്ത് നിന്നും സ്വീകരണവും വെച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച നേരം വെളുക്കുന്നതിന് മുമ്പ് സി. ഐ. ടി. ഓഫീസറന്മാര്‍ സംഘത്തെ സമീപിച്ച് രാത്രി തന്നെ യാത്രയാകാന്‍ നിര്‍ദ്ദേശിക്കുകയും ലബനാനിന്‍റെ അതിര്‍ത്തിയിലേക്ക് വാഹനത്തില്‍ കൊണ്ടുപോവുകയും ചെയ്തു. അടുത്ത ദിവസം റേഡിയോയിലും പത്രങ്ങളിലും ഈ വാര്‍ത്ത പരക്കുകയും ശാം അധികൃതര്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തു. 
ബഗ്ദാദില്‍
ആഗസ്റ്റ് 7-ാം തീയതി സംഘം ബഗ്ദാദിലെത്തി. അവിടെയും വിപ്ലവം നടന്ന സമയമായിരുന്നു. ഇറാഖ് ഭരണകൂടം അതിഥികളായി സ്വീകരിച്ചിരുന്നെങ്കിലും കടുത്ത നിരീക്ഷണമായിരുന്നു. ജുമുഅ നമസ്കാരത്തിന് ജാമിഅത്തുശ്ശുഹദാഅ് എന്ന മസ്ജിദാണ് ഭരണകൂടം തിരഞ്ഞെടുത്തത്. ഇത് ബഗ്ദാദില്‍ നിന്നും വളരെ ദൂരത്തായിരുന്നു. ജനങ്ങള്‍ അധികം പങ്കെടുക്കാതിരിക്കാനാണ് അവര്‍ ഇപ്രകാരം ചെയ്തതെങ്കിലും വിവരം അറിഞ്ഞ് ധാരാളം ജനങ്ങള്‍ അവിടെ കൂടുകയും മൗലാനായോട് പ്രഭാഷണത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. നിങ്ങളുടെ അന്തസ്സ് അടങ്ങിയിരിക്കുന്ന ഒരു ഗ്രന്ഥം അല്ലാഹു നിങ്ങളിലേക്ക് അവതരിപ്പിച്ചിരിക്കുന്നു എന്ന ആയത്തിനെ അധികരിച്ചുകൊണ്ട് മൗലാന മര്‍ഹൂം അവിടെ ഉജ്ജ്വലമായ ഒരു പ്രഭാഷണം നടത്തി. പ്രഭാഷണാനന്തരം ജനങ്ങള്‍ ഹസ്തദാനത്തിനും ആലിംഗനത്തിനും തിരക്ക് കൂട്ടി. ഒരു സുഹൃത്ത് പറഞ്ഞു: ഇവിടെ അവസ്ഥ ശാന്തമായിരുന്നെങ്കില്‍ ബഗ്ദാദ് മുഴുവനും ഇവിടെ ഒരുമിച്ച് കൂടുമായിരുന്നു! ഇമാം അബൂഹനീഫാ, ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി എന്നിവരുടെ മഖ്ബറകളും സന്ദര്‍ശിച്ചു.

യാത്രയുടെ അവസാന ഘട്ടം
ഈ യാത്രയുടെ അവസാന ഘട്ടം ജോര്‍ദാനായിരുന്നു. ആഗസ്റ്റ് 13-ന് സംഘം അമ്മാനിലെത്തി. 15-ാം തീയതി ഹുസൈന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹം വളരെ ആദരവോടെ സ്വീകരിക്കുകയും ബഹുമാനത്തോടെ കൂട്ടത്തില്‍ വന്ന് യാത്ര അയക്കുകയും ചെയ്തു. എന്നാല്‍ അവിടുത്തെ സദസ്സില്‍ മൗലാനാ വളരെ ധീരതയോടെ ഇപ്രകാരം പ്രസ്താവിച്ചു: അടുത്ത തലമുറയുടെ വിഷയത്തില്‍ പടച്ചവനെ ഭയക്കുക. അവര്‍ക്ക് കൂടി ആദരണീയമായ സ്ഥലങ്ങളെ നിങ്ങള്‍ സംരക്ഷിക്കുകയും സുന്ദരമായ ഭൂതകാലത്തിന്‍റെ പാരമ്പര്യം അവര്‍ക്ക്  കൈമാറുകയും ചെയ്താല്‍ അവര്‍ നിങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതാണ്. വിശുദ്ധ സ്ഥലങ്ങളെ നിങ്ങള്‍ സംരക്ഷിക്കാതിരിക്കുകയും നിന്ദ്യതയുടെ പാരമ്പര്യം അവര്‍ക്ക് കൈമാറുകയും ചെയ്താല്‍ അവര്‍ നാളെ നിങ്ങളെക്കുറിച്ച് പടച്ചവനോട് പരാതി പറയുന്നതാണ്. (കാറവാന്‍ 2/166) 
ജോര്‍ദാനില്‍ വിവിധ സ്ഥലങ്ങളില്‍ മൗലാനാ സന്ദര്‍ശിക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. പുരാവസ്തു ഗവേഷകരുടെ നിഗമനം അനുസരിച്ച് അസ്ഹാബുല്‍ കഹ്ഫിന്‍റെ ഗുഹയെന്ന് പറയപ്പെടുന്ന സ്ഥലവും മുഅ്ത്താ ശുഹദാക്കളുടെ ഖബ്റടങ്ങളും സന്ദര്‍ശിച്ചു. ഈ യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം  സൗദി അതിര്‍ത്തിയില്‍ പട്ടാള ക്യാമ്പ് സന്ദര്‍ശിക്കാന്‍ ലഭിച്ച ക്ഷണവും മൗലാനാ അത് സന്ദര്‍ശിച്ചുകൊണ്ട് നടത്തിയ പ്രഭാഷണവുമാണ്. അതിനെക്കുറിച്ച് മൗലാനാ തന്നെ പറയുന്നു: 
എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സംഭവവും മനസ്സില്‍ ആഴത്തില്‍ പതിയുകയും ചെയ്ത ഒരു കാഴ്ചയും 1973 ആഗസ്റ്റ് 19-ന് നടന്ന ഒരു സംഭവമാണ്. സൗദി അതിര്‍ത്തിയിലെ പട്ടാള ക്യാമ്പ് സന്ദര്‍ശിക്കാനും അതിര്‍ത്തി സംരക്ഷണത്തില്‍ മുഴുകിയവരെ സംബോധന ചെയ്യാനും ലഭിച്ച അവസരമാണ്. അണിയണിയായി നിന്ന സായുധരായ യുവാക്കള്‍ ഇസ്ലാമിക ശൈലിയില്‍ ഞങ്ങള്‍ക്ക് സലാം പറഞ്ഞപ്പോള്‍ മനസ്സിലാകെ സത്യവിശ്വാസത്തിന്‍റെയും സന്തുഷ്ടിയുടെയും തിരമാലകള്‍ അലയടിച്ചുയര്‍ന്നു. ഇതിന് മുമ്പ് ഒരിക്കലും ഉണ്ടാകാത്ത പ്രത്യേക വികാരം അവിടെ അനുഭവപ്പെട്ടു. കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ പ്രവഹിക്കുകയും നാവുകൊണ്ട് സംസാരിക്കുന്നതിന് പകരം ഹൃദയം കൊണ്ട് അവരോട് സംവദിക്കുകയും ചെയ്തു. (കാറവാന്‍ 2/166)
ഈ സുദീര്‍ഘ യാത്രയുടെ യാത്രാവിവരണം മിനഹ്രി കാബൂള്‍ ഇലാ നഹ്രി യര്‍മൂക്ക് എന്ന പേരില്‍ മൗലാനാ തയ്യാറാക്കി. ഇതിന്‍റെ വിവര്‍ത്തനവും വളരെ സ്വീകാര്യമായി. പ്രഗത്ഭ നിരൂപകനായ പ്രഫ: റഷീദ് അഹ്മദ് സിദ്ദീഖിയെപ്പോലുള്ളവര്‍ ഗ്രന്ഥത്തെ വളരെയധികം വാഴ്ത്തുകയും അടുത്തവരോട് അത് വായിക്കാന്‍ അഭിപ്രായപ്പെടുകയും റേഷനിംങ്ങോട് കൂടി പ്രത്യേക അളവില്‍ വായിക്കേണ്ട വിശിഷ്ട രചനയാണെന്ന് ഉണര്‍ത്തുകയും ചെയ്തിരുന്നു.

ഗള്‍ഫിലേക്കുള്ള രണ്ട് യാത്രകള്‍
1974 ജനുവരില്‍ റാബിത്വയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ വീണ്ടും യാത്ര ചെയ്തു. ഇത്തവണയും ഹജ്ജ് നിര്‍വ്വഹിച്ചു. മടക്ക യാത്രയില്‍ ഷാര്‍ജാ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ഖാസിമിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഷാര്‍ജാ, ദുബൈ, അബൂദബി ഇവിടങ്ങളില്‍ പരിപാടികള്‍ നടന്നു. പ്രിയ ശിഷ്യരായ മൗലാനാ സയ്യിദ് വാളിഹ് റഷീദ് നദ്വിയും മൗലാനാ സഈദുല്‍ അഅ്സമിയും കൂട്ടത്തിലുണ്ടായിരുന്നു. ഈ യാത്രയില്‍ പ്രധാനപ്പെട്ട രണ്ട് പ്രഭാഷണങ്ങള്‍ നടന്നു. ഒന്ന്, മസ്ജിദ് അലിയ്യുബ്നു അബീത്വാലിബില്‍ മുസ്ലിംകള്‍ക്കും ഇസ്ലാമിനും ഇടയിലുള്ള വിടവ് എന്ന ശീര്‍ഷകത്തില്‍ നടത്തി. മറ്റൊന്ന് ദുബൈ പബ്ലിക് ലൈബ്രറിയില്‍ അറബികള്‍ ചരിത്രത്തില്‍ പ്രവേശിച്ചത് എപ്രകാരമാണ് എന്ന തലവാചകത്തിലും നടത്തി. ഈ രണ്ട് പ്രഭാഷണങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. 
1976-ല്‍ ഈ രണ്ട് സഹയാത്രികരോടൊപ്പം വീണ്ടും ഗള്‍ഫിലേക്ക് യാത്ര ചെയ്തു. അബൂദാബിയിലെ ദീവാനുല്‍ അമീരിയില്‍ ഡിസംബര്‍ 23-ന് നടത്തിയ പ്രഭാഷണം ശ്രദ്ധേയമായിരുന്നു. ഉണര്‍വ്വുള്ള ഒരു വിശ്വാസി ആധുനിക നാഗരികതകളെ എങ്ങനെ നോക്കുന്നു എന്നതായിരുന്ന വിഷയം. 
ഫൈസല്‍ രാജാവിന്‍റെ രക്തസാക്ഷിത്വം 
സൗദി ഭരണാധികാരി മലിക് ഫൈസല്‍ മര്‍ഹൂം രാജകുമാരനായിരിക്കവേ തന്നെ മൗലാനായുമായി വലിയ അടുപ്പം കാട്ടിയിരുന്നു. മൗലാനായുടെ ചില പ്രധാന രചനകള്‍ അദ്ദേഹം വായിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ദീനീ രോഷത്തിലും ഉള്‍ക്കാഴ്ചയിലും മൗലാനായും അദ്ദേഹത്തോട് വലിയ സ്നേഹം പുലര്‍ത്തിയിരുന്നു. വിവിധ കൂടിക്കാഴ്ചകളിലും കത്തുകളിലൂടെയും മൗലാനാ അദ്ദേഹത്തിന് മുന്നില്‍ ശരിയായ ഇസ്ലാമിക ഭരണത്തെക്കുറിച്ച് സംസാരിക്കുകയും ആഗോള തലത്തില്‍ ഇസ്ലാമിക ഉണര്‍വ്വുണ്ടാക്കാന്‍ പരിശ്രമിക്കാന്‍ പ്രേരിപ്പിക്കുകയും ഹറമൈന്‍ ശരീഫൈനിയുടെ ഭരണാധികാരി എന്ന നിലയില്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കണമെന്ന് ഉണര്‍ത്തുകയും ചെയ്തിരുന്നു. മൗലാനാ അദ്ദേഹത്തിന്‍റെ വിഷയത്തില്‍ വലിയ പ്രതീക്ഷകള്‍ പുലര്‍ത്തിയിരുന്നു. പക്ഷേ, 1975 മാര്‍ച്ച് 25-ന് അദ്ദേഹത്തെ പൊടുന്നനെ രക്തസാക്ഷിയാക്കപ്പെട്ടു. ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ അടുത്ത ബന്ധുക്കളുടെ വേര്‍പാടില്‍ വേദനിക്കുന്നതിനേക്കാള്‍ കൂടുതലായി മൗലാനാ ദു:ഖിക്കുകയുണ്ടായി. 

****************

വാര്‍ത്തകള്‍

ഡിസംബർ 21,22(ശനി, ഞായർ)തീയതികളിൽ 'സമൂഹനിർമിതിയിൽ സ്ത്രീകളുടെ പങ്കും ഉത്തരവാദിത്വവും' വിഷയത്തിൽ ഓൾ ഇന്ത്യാ ഫിഖ്ഹ് അക്കാദമി(IFA) മദ്റസ ഉമ്മഹാതുൽ മുഅ്മിനീനുമായി  ചേർന്ന് സംയുക്തമായി വടകര മസ്ജിദുൽ അബ്റാറിൽ സംഘടിപ്പിച്ച ദ്വിദിന വർക്ക്ഷോപ്പ് വിഷയ പ്രാധാന്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു. 
  അഞ്ച് സെഷനുകളിലായി നടന്ന വർക്ക് ഷോപിൽ അക്കാദമി ജനറൽ സെക്രട്ടറി ഫഖീഹുൽ അസ്വ് ർ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി, വിദ്യാഭ്യാസകാര്യ സെക്രട്ടറി മൗലാനാ അതീഖ് അഹ്‌മദ് ഖാസിമി ബസ്‌തവി, സെക്രട്ടറി സഫ്ദർ അലി നദ്‌വി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
  ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഉസ്താദ് സൽമാൻ ഹുസ്‌നി അധ്യക്ഷത വഹിച്ച ഒന്നാം സെഷനിൽ 'വിവിധ ദേശ സംസ്കാരങ്ങളിലെ സ്ത്രീകളുടെ സാമൂഹ്യജീവിതം: താരതമ്യ പഠനം' വിഷയത്തിൽ ഉസ്താദ് ശുകൂർ സുൽത്വാൻ, 'സ്ത്രീകളുടെ സാമൂഹ്യ പ്രവർത്തനങ്ങളും സേവനങ്ങളും ഇസ്‌ലാമിക ചരിത്രത്തിൽ' വിഷയത്തിൽ ഉസ്താദ് അബ്ദുർ റഹീം ഹസനി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.പ്രീ -ഇസ്‌ലാമിക് കാലത്ത് സ്ത്രീ നേരിട്ട അവഗണനകളെയും ഇസ്‌ലാം സ്ത്രീക്ക് നൽകിയ സ്വാതന്ത്ര്യത്തെയും നാൾവഴികൾ തിരിച്ച് പരിചയപ്പെടുത്തുന്നതായിരുന്നു  ഉസ്താദ് ശുകൂർ നദ്‌വിയുടെ പ്രബന്ധമെങ്കിൽ ഇസ്‌ലാമിക ചരിത്രത്തിലെ മഹിള രത്നങ്ങളായിരുന്നു ഉസ്താദ് അബ്ദുർ റഹീം ഹസനിയുടെ പ്രബന്ധത്തിൻ്റെ ഉള്ളടക്കം. 
  വൈകിട്ട് നാലു മുതൽ രാത്രി എട്ട് മണി വരെ നടന്ന രണ്ടാം സെഷനിൽ "സ്ത്രീകളുടെ അവകാശ- ഉത്തരവാദിത്തങ്ങൾ ഇസ്ലാമിലും ഇതര സംസ്കാരങ്ങളിലും" വിഷയത്തെ അധികരിച്ച് നടന്ന ചർച്ചയിൽ ഉസ്താദ് മുഫ്തി ആബിദ് കൗസരി, ഉസ്താദ് മുഫ്തി അൻവർ കൗസരി എന്നിവർ പ്രബന്ധാവതരണങ്ങൾ നടത്തി. 
  സ്ത്രീയുടെ ശാരീരിക ദൗർബല്യം മുതലെടുത്ത് അവരുടെ അവകാശങ്ങൾ  നിഷേധിച്ച പൂർവകാല മത-സംസ്കാരങ്ങളിൽ നിന്ന് വിഭിന്നമായി സ്ത്രീ ശാക്തീകരണത്തിന് അടിത്തറ പാകുകയായിരുന്നു ഇസ്‌ലാം എന്ന് "സ്ത്രീകളുടെ അവകാശങ്ങൾ: ഇസ്‌ലാമിലും ഇതര മത സംസ്കാരങ്ങളിലും" എന്ന പ്രമേയത്തിൽ പ്രബന്ധം അവതരിപ്പിച്ച ഉസ്താദ് ആബിദ് കൗസരി അഭിപ്രായപ്പെട്ടു.വിശുദ്ധ ഖുർആനിന്റെ മൗലിക ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു സ്ത്രീശാക്തീകരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്ത്രീ വിഷയത്തിൽ ഇസ്‌ലാം അവതരിപ്പിച്ചതൊക്കയും തികച്ചും വസ്തു നിഷ്ഠ (Objective) മാണെന്നും എതിർ വിരുദ്ധ വിമർശനങ്ങൾ വെറും പൊള്ള (subjective) യാണെന്നും "സ്ത്രീകളുടെ ഉത്തരവാദിത്തങ്ങൾ: ഇസ്‌ലാമിലും ഇതര മത സംസ്കാരങ്ങളിലും" വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച ഉസ്താദ് അൻവർ കൗസരി അഭിപ്രായപ്പെട്ടു. പ്രബന്ധാവരണങ്ങൾക്ക് ശേഷം നടന്ന ചർച്ചയിൽ പ്രസ്തുത വിഷയങ്ങൾക്ക് ആധുനിക ഉദാഹരണങ്ങൾ നിരത്തി അഭിപ്രായം പറഞ്ഞ ദാറുൽ ഉലൂം ഓച്ചിറയിലെ ' വിശിഷ്ട വിദ്യാർഥി' അഡ്വ. മുസ്ത്വഫാ സാഹിബിൻ്റെ അഭിപ്രായം ശ്രദ്ധേയമായി.
  മഗ്‌രിബിനു ശേഷം സദസ്സിനെ അഭിമുഖീകരിച്ച ഉസ്താദ് മുഫ്തി അമീൻ മാഹി ആധുനിക പരിസരത്തെ മുസ്‌ലിം സ്ത്രീയുടെ പ്രവർത്തന സാധ്യതകളെ കുറിച്ച് സംവദിച്ചു. ആധുനിക കാലത്ത് ഒരു മുസ്‌ലിം സ്ത്രീക്ക് ശർഇൻ്റെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് എങ്ങനെയാണ് ലോകത്തെ സ്വാധീനിക്കാൻ കഴിയുകയെന്ന് നിരവധി പ്രായോഗിക ഉദാഹരണങ്ങൾ നിരത്തി സമർഥിച്ച അദ്ദേഹം, സ്ത്രീവിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അശ്രദ്ധ മൂലം സ്ത്രീവിരുദ്ധ (Misogyny) പരാമർശങ്ങൾ വന്നുപോകാതെ സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
  മൗലാനാ അതീഖ് അഹ്‌മദ് ഖാസിമി(ദാ: ബ)യുടെ അനുഗ്രഹ പ്രഭാഷണത്തോടെയാണ് ആദ്യ ദിനത്തിന് അവസാനമായത്.നിലവിലെ നിയമങ്ങളിൽ പ്രായോഗികവൽകരിക്കാൻ കഴിയുന്നവ തെരഞ്ഞെടുക്കുന്നതിനാണ് IFA ഊന്നൽ നൽകുന്നതെന്ന് അക്കാദമിയുടെ പ്രവർത്തന ലക്ഷ്യം വിശദീകരിക്കവേ മൗലാനാ പ്രസ്താവിക്കുകയുണ്ടായി.
‌  രണ്ടാം ദിനമായ ഞായറാഴ്ച രാവിലെ 6:30 - 8:30 ആയിരുന്നു ആദ്യ സെഷൻ. ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ് കേരള വൈസ് പ്രസിഡൻ്റും പത്തനംതിട്ട കശാഫുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്‌ലുമായ ഉസ്താദ് അബ്ദുൽ ഗഫ്ഫാർ കൗസരി ഉദ്ഘാടനം ചെയ്ത് ആരംഭിച്ച സദസ്സിൽ 'സ്ത്രീ വിദ്യാഭ്യാസം' ആയിരുന്നു ചർച്ചാ പ്രമേയം. 'സ്ത്രീകളുടെ മത - ഭൗതിക വിദ്യാഭ്യാസം' വിഷയത്തിൽ ഉസ്താദ് അബ്ദുർ റഊഫ് നജ്മിയും ഇസ്‌ലാമിക വനിതാ സ്ഥാപനങ്ങളിൽ നിന്ന് ബിരുദധാരികളായി ഇറങ്ങുന്ന വിദ്യാർഥിനികൾക്ക് സമൂഹത്തിൽ നിർവഹിക്കാനാകുന്ന സേവനങ്ങളെ സംബന്ധിച്ച് ഉസ്താദ് അർശദ് ഹുസ്നിയും പ്രബന്ധങ്ങൾ വായിച്ചു.സ്ത്രീ വിദ്യാഭ്യാസത്തിൻ്റെ ഫർദ് ഐൻ,ഫർദ് കിഫായ എന്നീ വശങ്ങളെ ആസ്പദിച്ചായിരുന്നു ഉസ്താദ് അബ്ദുർ റഊഫ് നജ്മിയുടെ പ്രബന്ധം. മുസ്ലിം സ്ത്രീയെ കാറ്റഗറി തിരിച്ച് വിഷയം അവതരിപ്പിച്ച ഉസ്താദ് അർശദ് ഹുസ്നി സദസ്സിൻ്റെ മികച്ച പ്രതികരണം നേടി.
‌നാശ്തക്ക് ശേഷം നടന്ന അടുത്ത സെഷനിൽ ഉസ്താദ് ത്വാരിഖ് ഹസനി അക്കാദമി സ്ഥാപിതമായതു മുതൽ ചർച്ചക്കെടുത്തിട്ടുള്ള സ്ത്രീ സംബന്ധമായ മസ്അലകളിലെ അക്കാദമിയുടെ തീരുമാനങ്ങൾ വായിച്ചു കേൾപ്പിച്ചു. മുൻസെഷനുകളിൽ ഉന്നയിക്കപ്പെട്ട നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു ഇത്.തുടർന്ന്, ഒരു മസ്അലയിൽ അക്കാദമി തീരുമാനമെടുക്കുന്നതിൻ്റെ രീതിശാസ്ത്രം കൂടി വിശദമായി പറഞ്ഞ ശേഷമാണ് ഉസ്താദ് ത്വാരിഖ് ഹസനി അവതരണം അവസാനിപ്പിച്ചത്. ഇതോടെ,ഫിഖ്ഹ് അക്കാദമിയുടെ സേവന വൈപുല്യത്തിൽ അമ്പരന്ന് പോയി സദസ്യർ.ശേഷം,'വിവാഹവും വിവാഹമോചനവും' വിഷയത്തെ അധികരിച്ച് ഉസ്താദ് ഖാദി മുഹ്സിൻ ഹസനി പ്രബന്ധം അവതരിപ്പിച്ചു.തുടർന്ന്, അല്ലാമ: ഖമറുദ്ദീൻ ഗോരഖ്പൂരി(റഹ്) യെ അനുസ്മരിച്ചു. അല്ലാമ: യുടെ ഖലീഫമാരിൽ പ്രധാനിയായ ഉസ്താദ് അബ്ദു ശകൂർ ഹസനി അനുസ്മരണ പ്രഭാഷണം നടത്തുകയും ഉസ്താദ് ശരീഫ് കൗസരി ദുആ ചെയ്യുകയും ചെയ്തു.ഹൃദയസ്പർശിയായ ദുആ അവസാനിച്ചപ്പോഴേക്ക് തലമുറകളെ പുണ്യഹദീസിലൂടെ പ്രചോദിപ്പിച്ച തങ്ങളുടെ പിതൃസ്ഥാനീയനായ ഗുരുവര്യനെയോർത്ത് പലരുടെയും കണ്ണുകൾ നിറഞ്ഞുതുളുമ്പിയിരുന്നു.ളുഹ്ർ വരെ നീണ്ടുനിന്ന സെഷൻ്റെ അവസാനം വിശിഷ്ടാതിഥികളായി പങ്കെടുത്ത ശാന്തപുരം ദഅവ ഫാക്കൽറ്റി ഡീൻ ഡോ. ഇൽയാസ് മൗലവി, മുൻ പാളയം ഇമാം ഡോ. യൂസുഫ് നദ്‌വി, ഡോ.അബ്ദുന്നസ്വീർ
‌അസ്ഹരി എന്നിവർ സംസാരിച്ചു.
  ഉച്ചക്ക് ശേഷം അവസാന സെഷനിൽ നടന്ന പൊതുചർച്ചയിൽ IFA ജനറൽ സെക്രട്ടറി മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി ഹ്രസ്വമായി സംസാരിക്കുകയും മുന്നിൽ വന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു.
  അസറിന് ശേഷം ഉസ്താദ് മുഫ്തി അമീൻ മാഹിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതു സമ്മേളനം മസ്ജിദുൽ അബ്റാറിലെ ഉസ്താദ് ഉസ്താദ് അനസ് നദ്‌വിയുടെ ഖിറാഅതോടെ ആരംഭിച്ചു. ജംഇയ്യത് ഉലമാ എ ഹിന്ദ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഉസ്താദ് ശരീഫ് കൗസരിയായിരുന്നു ഉദ്ഘാടനം.കാലത്തിൻ്റെ കോലത്തിനൊത്ത് ഇസ്‌ലാമിനെ ഭേദഗതി ചെയ്യുന്നതിന് പകരം തഖ്‌വക്ക് മുൻഗണന നൽകുകയാണ് വേണ്ടതെന്ന് ഉസ്താദ് ആവശ്യപ്പെട്ടു.മദ്റസ: ഉമ്മഹാതുൽ മുഅ്മിനീൻ ചെയർമാൻ ഉസ്താദ് നസീം അഹ്‌മദ് നദ്‌വി ഖാസിമി ആശംസ നേർന്നു.തുടർന്ന് സംസാരിച്ച മൗലാനാ അതീഖ് ബസ്തവി കേരളവുമായുള്ള ബന്ധത്തെ പറ്റി വാചാലനായി. "നിരവധി തവണ കേരളത്തിൽ വന്നിട്ടുണ്ട്. എങ്കിലും,തീരപ്രദേശത്ത് ഇതാദ്യമാണ്. ഇത്തവണ ശെയ്ഖ് സൈനുദ്ദീൻ മഖ്ദൂമിൻ്റെ മസാർ സന്ദർശിക്കാൻ കഴിഞ്ഞു. അതിൽ ഞാൻ ഏറെ സന്തോഷവാനാണ്."-മൗലാനാ ആവേശപൂർവം കേരള അനുഭവം അനുസ്മരിച്ചു. ഒടുവിലായി അബ്റാർ പിന്നിട്ട നാൾവഴികൾ പങ്കുവെച്ച അധ്യക്ഷൻ രണ്ടുദിനം കർമ്മോത്സുകരായി ഓടിച്ചാടി നടന്ന 'കുട്ടിപ്പട്ടാള' ത്തെയും അഹോരാത്രം പരിപാടിയുടെ വിജയത്തിനായി ഭഗീരഥ പ്രയത്നം നടത്തിയ ഉസ്താദുമാരെയും കമ്മിറ്റി അംഗങ്ങളെയും മുക്തകണ്ഠം പ്രശംസിക്കാനും മറന്നില്ല. മഗ്‌രിബിനു ശേഷം മൗലാനാ റഹ്‌മാനിയുടെ ദുആയോടു കൂടിയാണ് ഒരുപാട് ഓർമകളും അനുഭവങ്ങളും അറിവുകളും പകർന്നു കിട്ടിയ പഠനശിബിരത്തിന്  വിരാമമായത്....

                                        തയ്യാറാക്കിയത്: സ്വഫ്‍വാന്‍ ഹസനി

രചനാ പരിചയം

പുതിയ പ്രസിദ്ധീരണം!

പ്രവാചക കഥകള്‍

മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി



    തന്റെ സഹോദരന്റെ മകൻ പ്രയോജനമില്ലാത്ത  കഥാപുസ്തകവുമായി നടക്കുന്നതു കണ്ട മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി അതിലൂടെ സമുദായത്തിന്റെ ചിത്രം ദർശിച്ചു. അങ്ങനെ, ഒരു വിശുദ്ധ രചനാ പരമ്പരയ്ക്കു തുടക്കം കുറിച്ചു, ഖസസുന്നബവിയ്യിൽ; പ്രവാചകന്മാരുടെ കഥയിൽ. ഒന്നു മുതൽ നാല് ഭാഗങ്ങൾ വരെ തെരഞ്ഞെടുക്കപ്പെട്ട ഏതാനും നബിമാരുടെ കഥാ കഥനങ്ങളും അഞ്ചാംഭാഗം അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ)യുടെ ചരിത്രവുമാണ്.
     ഈ ഗ്രന്ഥം രണ്ട് ഭാഗങ്ങളായിട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. ഇതിന്‍റെ ഒന്നാം ഭാഗത്തില്‍ ഇബ്റാഹിം നബി (അ), യൂസുഫ് നബി (അ), നൂഹ് നബി (അ), ഹൂദ് നബി (അ), സ്വാലിഹ് നബി (അ) എന്നീ അഞ്ച് നബിമാരുടെ സംഭവങ്ങള്‍ ഖുര്‍ആനിന്‍റെ വെളിച്ചത്തില്‍ കൊടുത്തിരിക്കുന്നു.
    രണ്ടാം ഭാഗത്തില്‍ ആദ്യം പരിശുദ്ധ ഖുര്‍ആനില്‍ ഏറ്റവും കൂടുതലായി വിവരിച്ചിട്ടുള്ള മൂസാ നബി (അ)നെക്കുറിച്ച് വിവരിക്കുന്നു. ശേഷം ശുഅയ്ബ് നബി (അ), ദാവൂദ് നബി (അ), അയ്യൂബ് നബി (അ), യൂനുസ് നബി (അ), സകരിയ്യാ നബി (അ) എന്നീ നബിമാരെക്കുറിച്ച് ഹൃസ്വമായി വിവരിച്ചതിന് ശേഷം അവസാനമായി ഈസാ നബി (അ)യെക്കുറിച്ച് മധ്യമമായ നിലയില്‍ അനുസ്മരിക്കുന്നു. ഒന്നാം ഭാഗത്തിലെ ഭാഷാ ശൈലി വളരെ ലളിതമാണെങ്കില്‍ അത് പഠിച്ചവര്‍ക്ക് എളുപ്പമാകുന്ന നിലയിലും എന്നാല്‍ രണ്ടാം ഭാഗത്തിലെ ഭാഷ ശൈലി അല്‍പ്പം ഉയര്‍ന്ന നിലയിലുമാണ് രണ്ടാം ഭാഗത്തില്‍ വിവരണങ്ങള്‍ നടത്തിയിട്ടുള്ളത്. പടച്ചവന്‍ ഇത് പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും എല്ലാവര്‍ക്കും ഉതവി നല്‍കട്ടെ.

ഫോണ്‍: 7736723639 






പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി



ഞങ്ങളുടെ കേന്ദ്ര സ്ഥാപനം



ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌