▪️മുഖലിഖിതം

               പയാമെ ഇന്‍സാനിയത്ത്  (മാനവതാ  സന്ദേശം)

സ്രഷ്ടാവിനോട് ഭയഭക്തി,  സൃഷ്ടികളോട് സ്‌നേഹാദരങ്ങൾ.!

✍️മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‍വി
▪️ജുമുഅ സന്ദേശം 
മസ്ജിദ് പരിചയം ഭാഗം-2
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
( പ്രസിഡന്‍റ്ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
▪️മആരിഫുല്‍ ഖുര്‍ആന്‍ 
സൂറത്തു സ്വാഫ്ഫാത്ത് ഭാഗം-2
മലക്കുകളെക്കൊണ്ട് സത്യം ചെയ്തത് എന്തിനാണ്?
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
▪️മആരിഫുല്‍ ഹദീസ്
വിസര്‍ജ്ജനത്തിന് മുമ്പും മിമ്പുമുള്ള ദുആകള്‍
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

******


 മുഖലിഖിതം 

പയാമെ ഇന്‍സാനിയത്ത് (മാനവതാ സന്ദേശം)



സ്രഷ്ടാവിനോട് ഭയഭക്തി, 
സൃഷ്ടികളോട് സ്‌നേഹാദരങ്ങൾ.!

മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‍വി



ചരിത്രാവലോകനം
മനുഷ്യൻ ഈ ലോകത്ത്, അടുത്ത സമയത്ത് ഉണ്ടായ പുതിയ ജീവിയല്ല. ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യൻ ഇവിടെ വസിക്കുന്നു. അവന്റെ ചരിത്രം നോക്കിയാൽ ഒരുകാര്യം മനസ്സിലാകും. മനുഷ്യചരിത്രം ജലത്തിന്റെ ഉപരിതലം പോലെ സദാ ഒരു നിലയിലായിരുന്നില്ല. അതിൽ ധാരാളം കയറ്റങ്ങളും ഇറക്കങ്ങളും ഉണ്ടായിട്ടുണ്ട്. ചിലയിടങ്ങളിൽ മനുഷ്യൻ ഉയർന്ന് നിൽക്കുമ്പോൾ മറ്റ് ചിലയിടങ്ങളിൽ മനുഷ്യൻ താഴ്ന്ന് കിടക്കുന്നു. ചിലവേള, അത് മനുഷ്യന്റെ ചരിത്രമല്ല, രക്തദാഹികളുടെയും മൃഗങ്ങളുടെയും ചരിത്രമാണെന്ന് തോന്നിപ്പോകും. അത് വായിക്കുന്നവർ, മനുഷ്യരിൽ ഇത്തരം ആളുകളും ഉണ്ടായിട്ടുണ്ടല്ലോ എന്ന് ഓർത്ത് ലജ്ജിക്കുന്നതാണ്. നമ്മെക്കുറിച്ചുള്ള വിലയിരുത്തൽ അടുത്ത തലമുറയായിരിക്കും നടത്തുക. എന്നാൽ കഴിഞ്ഞ് കടന്നവരെക്കുറിച്ച് അവരെങ്ങനെ ഉള്ളവരായിരുന്നു എന്ന് തീരുമാനമെടുക്കുന്നത് ഇന്നുള്ളവരാണ്. കഴിഞ്ഞ കാലത്തെക്കുറിച്ച് പഠിക്കുമ്പോൾ ചില ദുരന്തപൂർണമായ നാളുകൾ നമ്മുടെ ദൃഷ്ടിയിൽപ്പെടും. നമുക്ക് കഴിയുമായിരുന്നെങ്കിൽ ചരിത്രത്തിൽ നിന്നും ആ താളുകൾ നാം കീറിക്കളയുമായിരുന്നു. മക്കളുടെ കൈയ്യിൽ അത് കൊടുക്കുമായിരുന്നില്ല. ചുരുക്കത്തിൽ, ചരിത്രത്തിൽ ദുരന്ത പൂർണമായ ചില ഘട്ടങ്ങൾ കഴിഞ്ഞിട്ടുണ്ട്. ആ ചരിത്രങ്ങൾ വിവരിക്കലല്ല നമ്മുടെ വിഷയം. അവയുടെ അടിവേരുകൾ എന്തായിരുന്നു എന്നാണ് നാം നോക്കേണ്ടത്. സമൂഹം തിന്മയിലേക്ക് ചായുന്നത് വരെ സമൂഹത്തെ വഴിതെറ്റിക്കുക സാധ്യമല്ല. 
ഏതെങ്കിലും ചില വ്യക്തികളെയോ ചിലപ്പോൾ ഒരു വ്യക്തിയെയോ മാത്രം സമൂഹത്തിന്റെ നാശകാരണമായി ചിത്രീകരിക്കലാണ്, സാധാരണ രീതി. ഏതാനും വ്യക്തികൾ ഒരു സമൂഹത്തെ മുഴുവൻ തിന്മയിലേക്ക് തിരിച്ചുവിട്ടുവെന്ന് പൊതുവിൽ പറയപ്പെടാറുണ്ട്. ഈ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. ചരിത്ര പഠനത്തിന്റെ വെളിച്ചത്തിൽ പറയട്ടെ, ഒരു മത്സ്യം കുളത്തെ നാശമാക്കിയാലും, ഒരു വ്യക്തിക്ക് സമൂഹത്തെ നാശമാക്കാൻ കഴിയുന്നതല്ല. നല്ല സമൂഹത്തിൽ ഒരു മോശപ്പെട്ടവന് ജീവിക്കുകപോലും സാധ്യമല്ല. വെള്ളമില്ലാത്ത മത്സ്യം പിടഞ്ഞു മരിക്കുന്നതുപോലെ തിന്മയെ സ്വീകരിക്കാനും പിന്തുണ നൽകാനും തയ്യാറല്ലാത്ത സമൂഹത്തിൽ തിന്മ, പിടച്ച് ശ്വാസംമുട്ടി മരിച്ചുപോകുന്നതാണ്. 
എല്ലാ കാലത്തും നല്ലവരും ദുഷിച്ചവരും ഉണ്ടായിട്ടുണ്ട്. എന്നാൽ, മുഴുവൻ തിന്മകളുടെയും ഉത്തരവാദിത്വം ദുഷിച്ചവരുടെ തലയിൽ മാത്രം വെച്ചു കെട്ടുന്നത് ശരിയല്ല. ദുഷിച്ചവർക്ക് കുറച്ച് സ്വാധീനം ലഭിച്ചെന്ന് വെച്ച് സമൂഹത്തിന്റെ നിയന്ത്രണം പൂർണമായും അവരുടെ കയ്യിലാണെന്നും അവർ വിചാരിക്കുന്നിടത്തേക്കു വളയം തിരിച്ചുവിടുന്നതാണെന്നും ധരിക്കുന്നത് തെറ്റാണ്. മറിച്ച് ഒരു സമൂഹത്തിന്റെ നാശത്തിന്റെ അടിസ്ഥാന കാരണം തന്നെ, പൊതുവായ നാശമാണ്. അവരുടെ അകം നാശമായി. അവരിൽ തിന്മയിലേക്ക് താൽപര്യം ജനിച്ചു. അവർ സ്വാർത്ഥരും സ്വയം പൂജകരുമായി. മനസ്സ് മലിനവും പാപപങ്കിലവുമായവരെ, തടഞ്ഞുനിർത്തുക സാധ്യമല്ല. അവരെ ചങ്ങലയിൽ ബന്ധിപ്പിച്ചാലും പാപത്തിൽ നിന്നും അവർ മാറുന്നതല്ല. 




**********************




***********************************

 ജുമുഅ സന്ദേശം 


All India Muslim Personal Law Board

മസ്ജിദ് പരിചയം ഭാഗം-2 

മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
(പ്രസിഡന്‍റ് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്)

ഇസ്ലാമിനെയും മുസ്ലിംകളെയും പരിചയപ്പെടുത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട സ്ഥലം പടച്ചവന്‍റെ ഭവനങ്ങളായ മസ്ജിദുകളും പ്രവാചക കേന്ദ്രങ്ങളായ മദ്റസകളുമാണ്. റസൂലുല്ലാഹി (സ)യുടെ സമക്ഷത്തില്‍ ബനൂസഖീഫില്‍ നിന്നുള്ള സംഘം വന്നപ്പോള്‍ റസൂലുല്ലാഹി (സ) അവരെ മസ്ജിദില്‍ താമസിപ്പിച്ചു. അതിലൂടെ മസ്ജിദിന്‍റെ സന്ദേശങ്ങള്‍ അവര്‍ ഗ്രഹിക്കുന്നതിന് കൂടിയാണ് ഇപ്രകാരം ചെയ്തത്. അവര്‍ മസ്ജിദിന്‍റെ പുറത്ത് ഇറങ്ങുകയോ, അവിടെയും ഇവിടെയും പോകുകയോ ചെയ്യരുതെന്ന് അവരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. (അബൂദാവൂദ് 3026)
മുസ്ലിംകളെ സംബന്ധിച്ചിടത്തോളം മസ്ജിദിലേക്ക് പോകുന്നതും അവിടുത്തെ കാര്യങ്ങള്‍ കാണുന്നതും ഒരു സാധാരണ കാര്യമാണ്. അതുകൊണ്ട് തന്നെ മസ്ജിദിന്‍റെ പ്രതിഫലനത്തെക്കുറിച്ചുള്ള ബോധം നമ്മുടെ മനസ്സിലും മസ്തിഷ്കത്തിലും ഉണ്ടാകാറില്ല. എന്നാല്‍ സഹോദര സമുദായ അംഗങ്ങള്‍ നമ്മുടെ മസ്ജിദുകളിലേക്ക് വരുമ്പോള്‍ അവരുടെ മനസ്സുകളില്‍ വലിയ പ്രതിഫലനങ്ങളുണ്ടാകാറുണ്ട്. വിനീതന്‍ സേവനം ചെയ്യുന്ന ഹൈദരബാദിലെ അല്‍ മഅ്ഹദുല്‍ ആലിയയില്‍ കൊറോണ കാലഘട്ടത്തിന് മുമ്പ് തന്നെ ഓരോ പരിപാടികള്‍ക്ക് ഞങ്ങള്‍ അമുസ്ലിം സഹോദരങ്ങളെയും വിളിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഒരു പരിപാടിയിലേക്ക് ഗായത്രി പരിവാറിലെ മത നേതാക്കളെയും അനുയായികളെയുമാണ് വിളിച്ചത്. അവര്‍ വളരെ താല്‍പ്പര്യത്തോടെ വന്നു. മസ്ജിദിനടുത്തുള്ള ചെറിയൊരു പാര്‍ക്കില്‍ അവരെ സല്‍ക്കരിപ്പിക്കുകയും പ്രാദേശിക ഭാഷയില്‍ ഇസ്ലാമിനെ പരിചയപ്പെടുത്തുകയും ചെയ്തു. അവര്‍ വളരെ താല്‍പ്പര്യത്തോടെ ശ്രവിക്കുകയും ഉത്തമ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനിടയില്‍ മഗ്രിബിന്‍റെ സമയമായി. മസ്ജിദില്‍ ബാങ്ക് കൊടുത്തു. ഞങ്ങള്‍ മസ്ജിദിലേക്ക് നീങ്ങിയപ്പോള്‍ അവര്‍ പറഞ്ഞു: ഇന്നുവരെ ഞങ്ങള്‍ ഒരു മസ്ജിദില്‍ പ്രവേശിക്കുകയോ, നമസ്കരിക്കുന്നത് കാണുകയോ ചെയ്തിട്ടില്ല. ഇന്ന് ഞങ്ങള്‍ അവിടെ പ്രവേശിക്കട്ടെ? ഞങ്ങള്‍ പറഞ്ഞു: സന്തോഷത്തോടെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അവരുടെ കൂട്ടത്തില്‍ പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചില മഹിളകളുമുണ്ടായിരുന്നു. അവര്‍ ചോദിച്ചു: മറ്റുള്ളവര്‍ക്ക് അനുവാദമുണ്ടെങ്കിലും ഞങ്ങള്‍ക്ക് അനുവാദമുണ്ടാകില്ലല്ലോ? വിനീതന്‍ പറഞ്ഞു: അങ്ങനെയില്ല. നമ്മുടെ പ്രവാചകന്‍റെ കാലത്ത് സ്ത്രീകളും മസ്ജിദില്‍ വരുകയും നമസ്കരിക്കുകയും ചെയ്യാറുണ്ടായിരുന്നു. സ്ത്രീകളുടെ കര്‍മ്മ മണ്ഡലവും എളുപ്പവും ഈ കാലഘട്ടത്തിലെ സദാചാര തകര്‍ച്ചയും നോക്കിക്കൊണ്ട് സ്ത്രീകളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് സ്ത്രീകള്‍ വീടുകളില്‍ തന്നെ നമസ്കരിക്കണമെന്ന് കല്‍പ്പിക്കപ്പെടുന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് മസ്ജിദില്‍ പ്രവേശിക്കാന്‍ നിരോധനമൊന്നുമില്ല. താങ്കള്‍ മസ്ജിദും നമസ്കാരവും കാണാന്‍ ആഗ്രഹിക്കുന്നെങ്കില്‍ തീര്‍ച്ചയായും വരിക! ഉടനെ വിദ്യാര്‍ത്ഥികളെക്കൊണ്ട് സഫ്ഫുകള്‍ക്ക് പിന്നില്‍ കസേരകള്‍ ഇടുകയും അവരെ അതില്‍ ഇരുത്തുകയും ചെയ്തു. ശബ്ദ സൗന്ദര്യമുള്ള ഒരു വിദ്യാര്‍ത്ഥിയെ ഇമാമത്തിന് നിര്‍ത്തുകയും ചെയ്തു. നമസ്കാരാനന്തരം ഒരു വിദ്യാര്‍ത്ഥി ഇംഗ്ലീഷ് ഭാഷയില്‍ ഫാത്തിഹയുടെ ആശയം പറഞ്ഞു. സുന്നത്ത് നമസ്കാരങ്ങള്‍ക്ക് ശേഷം അവരെ മസ്ജിദിന്‍റെ വിവിധ ഭാഗങ്ങള്‍ കാണിച്ചു. മസ്ജിദില്‍ ഖുര്‍ആനല്ലാത്ത മറ്റൊന്നുമില്ലാത്തതും മസ്ജിദിന്‍റെ വൃത്തിയും വെടിപ്പും കണ്ട് അവര്‍ അത്ഭുതപ്പെടുകയും പരസ്പരം അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ഒരാള്‍ പറഞ്ഞു: ഞങ്ങളുടെ വിചാരം മസ്ജിദിനുള്ളില്‍ ഒരു പ്രത്യേക മുറിയുണ്ടെന്നും അവിടെ ആയുധശേഖരമുണ്ടെന്നുമാണ്. ഇവിടെ അതൊന്നും കണ്ടില്ല. ഞങ്ങള്‍ക്ക് പടച്ചവന്‍റെ ഭവനത്തില്‍ വരാന്‍ അവസരം കിട്ടിയ അന്നേദിവസം വളരെ ഉത്തമമായ ഒരു ദിനം തന്നെയാണ്!
ഇത് പ്രബോധനത്തിന്‍റെ നിശബ്ദവും ലളിതവുമായ മാര്‍ഗ്ഗമാണ്. നമ്മുടെ മസ്ജിദുകളിലേക്ക് അമുസ്ലിം സഹോദരങ്ങള്‍ വിശിഷ്യാ വലിയ മസ്ജിദുകളിലേക്ക് വിനോദ സഞ്ചാരികളായ ആളുകള്‍ പലപ്പോഴും വരാറുണ്ട്. ഈ സമയം അവരെ സ്നേഹാദരങ്ങളോടെ സ്വീകരിക്കാനും അത്യാവശ്യ കാര്യങ്ങള്‍ കാണിച്ച് കൊടുക്കാനും നാം സന്നദ്ധമാകേണ്ടതാണ്. വിനീതന്‍ മലേഷ്യന്‍ പോയപ്പോള്‍ അവിടെയുള്ള വലിയ മസ്ജിദുകളില്‍ ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യപ്പെടുന്നതായി കാണാന്‍ കഴിഞ്ഞു. അവിടെ പരിശീലനം നേടപ്പെട്ട സ്ത്രീകളും പുരുഷന്മാരും അവരെ സ്വീകരിക്കുകയും സേവനങ്ങള്‍ ചെയ്യുകയും ഇസ്ലാമിനെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഇതില്‍ ആകൃഷ്ടരായി ധാരാളം സഹോദരങ്ങള്‍ ഇസ്ലാം സ്വീകരിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. ഇതുപോലെ നമ്മുടെ മസ്ജിദുകളിലും മസ്ജിദ് സന്ദേശം അല്ലെങ്കില്‍ മസ്ജിദ് പരിചയം എന്ന പേരില്‍ ഇടയ്ക്കിടെ അമുസ്ലിം സഹോദരങ്ങളെ വിളിക്കുകയും ബാങ്കിന്‍റെയും ഫാത്തിഹയുടെയും ആശയവും ഇസ്ലാമിലെ തൗഹീദ് വിശ്വാസവും അതിന്‍റെ അടിസ്ഥാനത്തിലുള്ള സമത്വ വീക്ഷണവും മനസ്സിലാക്കിക്കൊടുക്കാനും മസ്ജിദിന്‍റെ വിവിധ ഭാഗങ്ങളും വൃത്തിയും വെടിപ്പും കാണിക്കാനും പരിശ്രമിക്കേണ്ടതാണ്. അവരോട് സ്നേഹത്തോടെ സംസാരിക്കുകയും അവരോട് അഭിപ്രായങ്ങള്‍ പറയാന്‍ അഭ്യര്‍ത്ഥിക്കുകയും ചെറിയ നിലയില്‍ അവരെ സല്‍ക്കരിക്കുകയും ചെയ്യുക. ഇപ്രകാരം നാം ചെയ്താല്‍ പടച്ചവന്‍റെ ഭവനത്തിന്‍റെ ആകര്‍ഷണീയത അവരില്‍ പ്രതിഫലനം സൃഷ്ടിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. 
മസ്ജിദുകളില്‍ അമുസ്ലിംകളെ പ്രവേശിപ്പിക്കുന്നത് ശരിയല്ലെന്ന തെറ്റദ്ധാരണ ചിലരില്‍ ശക്തമാണ്. ഈ ധാരണ എവിടെനിന്ന് വന്നതാണെന്ന് അറിയില്ല. എന്തെങ്കിലും പ്രത്യേക നന്മയുടെ പേരിലോ, മസ്ജിദിന്‍റെ സുരക്ഷയ്ക്കോ, ജാതിമത വ്യത്യാസമില്ലാതെ മുസ്ലിംകളെയും അമുസ്ലിംകളെയും മസ്ജിദില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കാവുന്നതാണ്. പക്ഷേ, മുസ്ലിമല്ലാ എന്നതിന്‍റെ പേരില്‍ മാത്രം ആരെയും മസ്ജിദില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടയാന്‍ പാടില്ല. റസൂലുല്ലാഹി (സ)യുടെ കാലത്ത് അമുസ്ലിംകള്‍ മദീനയില്‍ വരുകയും റസൂലുല്ലാഹി (സ) അവരെ മസ്ജിദില്‍ തന്നെ താമസിപ്പിക്കുകയും മസ്ജിദിന്‍റെ പ്രധാന ഭാഗത്തിരുന്ന് അവരുമായി സംസാരിക്കുകയും ചെയ്തിരുന്നു. ബനൂസഖീഫ് ഗോത്രം ബഹുദൈവരാധകരായിരുന്നു അവര്‍ പ്രവാചക സന്നിധിയില്‍ വന്നപ്പോള്‍ റസൂലുല്ലാഹി (സ) അവരെ സ്വീകരിക്കുകയും മുസ്ലിംകളുടെ നമസ്കാരം കാണുകയും ഖുര്‍ആന്‍ പാരായണം കേള്‍ക്കുകയും ചെയ്യുന്നവിധം മസ്ജിദിന് ഉള്ളില്‍ തന്നെ ചെറുകൂടാരം സ്ഥാപിച്ച് അവരെ താമസിപ്പിക്കുകയും ചെയ്തു. (മുസ്വന്നഫ് അബ്ദുര്‍റസ്സാഖ് 1638) ബനൂസഅദ് ഗോത്രത്തില്‍ നിന്നും വന്ന സംഘത്തെ റസൂലുല്ലാഹി (സ) മസ്ജിദുന്നബവിയില്‍ താമസിപ്പിച്ചു. (ബുഖാരി 63) നജ്റാനില്‍ നിന്നും വന്ന ക്രൈസ്തവ നിവേദക സംഘത്തെ റസൂലുല്ലാഹി (സ) മസ്ജിദുന്നബവിയില്‍ താമസിപ്പിക്കുകയും പല ദിവസങ്ങള്‍ അവര്‍ അവിടെ തങ്ങുകയും ചെയ്തു. (സാദുല്‍ മആദ് 3:549) ബദ്ര്‍ യുദ്ധത്തില്‍ തടവില്‍ പിടിക്കപ്പെട്ട കടുത്ത ശത്രുക്കളെ മസ്ജിദുന്നബവിയിലാണ് താമസിപ്പിച്ചത്. ആ കൂട്ടത്തിലുണ്ടായിരുന്ന ജുബൈറുബ്നു മുത്ഇം (റ) പറയുന്നു: അന്നൊരിക്കല്‍ റസൂലുല്ലാഹി (സ) മഗ്രിബ് നമസ്കാരത്തില്‍ സൂറത്തുത്തൂര്‍ പാരായണം ചെയ്തു. അത് കേട്ടപ്പോള്‍ എന്‍റെ മനസ്സ് പൊട്ടുന്നത് പോലെ അനുഭവപ്പെട്ടു. (ബൈഹഖി 4402) ഉഹ്ദ്, ഖന്തഖ് പോലുള്ള പോരാട്ടങ്ങളില്‍ ശത്രുക്കള്‍ക്ക് നേതൃത്വം നല്‍കിയ അബൂസുഫ്യാന്‍ ഹുദൈബിയ സന്ധിയുടെ വിഷയം സംസാരിക്കുന്നതിന് മദീനയില്‍ വന്നപ്പോള്‍ മസ്ജിദുന്നബവിയില്‍ പ്രവേശിക്കുകയുണ്ടായി. (മുഗ്നി ഇബ്നു ഖുദാമ 8:542) 
ഈ വചനങ്ങളുടെ അടിസ്ഥാനത്തില്‍ അമുസ്ലിം സഹോദരങ്ങള്‍ക്ക് മസ്ജിദുകളില്‍ പ്രവേശിക്കാമെന്ന് ഫുഖഹാഅ് പൊതുവില്‍ അഭിപ്രായപ്പെടുന്നു. ഹനഫി മദ്ഹബില്‍ ഈ വിഷയത്തില്‍ വളരെ വിശാലതയുണ്ടെങ്കിലും ശാഫിഈ, ഹമ്പലി പണ്ഡിതര്‍ പറയുന്നു: മക്കാ ഹറമിലെ മസ്ജിദുകളിലൊഴിച്ച് ഇതര മസ്ജിദുകളില്‍ അമുസ്ലിംകള്‍ പ്രവേശിക്കാവുന്നതാണ്. (റൗദ നവവി 1:296) ഹറമിലെ മസ്ജിദുകളില്‍ പ്രവേശിക്കാന്‍ പാടില്ലായെന്നത് ചില നന്മകളെ മുന്നില്‍ വെച്ചുകൊണ്ടുള്ള തീരുമാനമാണ്. എന്നാല്‍ ഈ നിയമം ഇതര സ്ഥലങ്ങളിലെ മസ്ജിദുകള്‍ക്ക് ഇല്ലായെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിശിഷ്യാ ഈ കാലത്ത് മുസ്ലിംകളെ നിന്ദിക്കുന്നതിന് വേണ്ടി രണ്ട് തെറ്റിദ്ധാരണകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഒന്നാമത്തെ തെറ്റിദ്ധാരണ, മുസ്ലിംകളുടെ പ്രധാനപ്പെട്ട ജോലി എല്ലാ സ്ഥലങ്ങളിലും മസ്ജിദുകള്‍ സ്ഥാപിക്കലാണ്. നിരവധി അമുസ്ലിം ആരാധാനാലയങ്ങളും മുസ്ലിംകള്‍ മസ്ജിദുകളാക്കിയിട്ടുണ്ട്!  ഈ പ്രചാരണം ഇന്ന് പലരും വിശ്വസിച്ചത് പോലെയാണ്. ഇത്തരുണത്തില്‍ ചരിത്രവുമായി ബന്ധമുള്ള പണ്ഡിതന്മാര്‍ ഓരോ പ്രദേശത്തെക്കുറിച്ച് പഠിച്ച് അവിടുത്തെ പൗരാണിക രേഖകള്‍ കരസ്ഥമാക്കുകയും അവയുടെ വെളിച്ചത്തില്‍ യാഥാര്‍ത്ഥ്യം വ്യക്തമാക്കുകയും ചെയ്യേണ്ടതാണ്. അമുസ്ലിംകളുടെ ഒരു സ്ഥലവും സ്ഥാപനവും മുസ്ലിംകള്‍ കൈയ്യടക്കുകയോ, മസ്ജിദുകള്‍ സ്ഥാപിക്കുകയോ ചെയ്തിട്ടില്ല, അങ്ങനെ ചെയ്യാന്‍ അനുവാദവുമില്ല. എവിടെയെല്ലാം മസ്ജിദുകളുണ്ടോ അതെല്ലാം മസ്ജിദുകള്‍ക്ക് വേണ്ടി വാങ്ങുകയോ, മറ്റുള്ളവര്‍ നല്‍കുകയോ ചെയ്ത സ്ഥലങ്ങള്‍ മാത്രമാണ്. ഈ കാര്യം ശരിയായ നിലയില്‍ പഠിക്കുകയും ലഘുലേഖകളും സോഷ്യല്‍ മീഡിയകളും വഴിയായി പ്രചരിപ്പിക്കുകയും ചെയ്യേണ്ടതാണ്. പ്രത്യേകിച്ചും ഓരോ മസ്ജിദുമായി ബന്ധപ്പെട്ടവര്‍ അതാത് മസ്ജിദുകളുടെ ചരിത്രവും രേഖകളും ശേഖരിച്ച് പ്രചരിപ്പിക്കേണ്ടതാണ്.  
രണ്ടാമത്തെ തെറ്റിദ്ധാരണ, മസ്ജിദുകള്‍ ഭീകരവാദ കേന്ദ്രങ്ങളും ആയുധപ്പുരകളും ട്രൈയിനിംഗ് സെന്‍ററുകളുമാണ്. ഈ പ്രചാരണങ്ങളും അമുസ്ലിംകളുടെ മനസ്സുകളില്‍ പതിയുന്നുണ്ടെന്ന കാര്യം നാം അവഗണിച്ച് കൂടാ. ഇതിന്‍റെ പരിഹാരം അവരെ മസ്ജിദുകളിലേക്ക് ക്ഷണിക്കലും മസ്ജിദിനെയും മസ്ജിദ് സന്ദേശങ്ങളെയും പരിചയപ്പെടുത്തലുമാണ്. അമുസ്ലിം സഹോദരങ്ങള്‍ മസ്ജിദുകളിലേക്ക് വരുകയും നമസ്കാരത്തിന്‍റെ രീതി കാണുകയും ബാങ്കിന്‍റെയും ഫാത്തിഹയുടെയും മറ്റും ആശയങ്ങള്‍ മനസ്സിലാക്കുകയും ചെയ്താല്‍ അവരുടെ മനസ്സുകളിലും മസ്തിഷ്കങ്ങളിലും വലിയ മാറ്റമുണ്ടാകുന്നതാണ്. എന്നാല്‍ ഈ പരിപാടികള്‍ക്ക് ഇസ്ലാമിക ദഅ്വത്ത് (പ്രബോധനം) എന്ന പേര് നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കൂടിക്കാഴ്ച എന്നോ, കൂടിപ്പോയാല്‍ മസ്ജിദ് പരിചയമെന്നോ പേര് പറയേണ്ടതാണ്. ഇതിലൂടെ ഇന്നത്തെ ദു:ഖകരമായ അവസ്ഥകള്‍ക്ക് വലിയ മാറ്റമുണ്ടാവുകയും കുറഞ്ഞപക്ഷം അവരുടെ മനസ്സുകള്‍ തീര്‍ച്ചയായും മയപ്പെടുന്നതുമാണ്. 
മസ്ജിദുകളുടെ ഭാരവാഹികളും ഇമാമുമാരും ഈ ഭാഗത്തേക്ക് ശ്രദ്ധ തിരിക്കണമെന്ന് വളരെ സ്നേഹത്തോടെ അഭ്യര്‍ത്ഥിക്കുന്നു. ഈ പ്രവര്‍ത്തനം വളരെ ലളിതവും അപകട രഹിതവുമാണ്. ഈ വിനീതമായ ശബ്ദം വെറും വനരോദനം ആകാതെ എല്ലാവരും ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുന്ന കാര്യമാകട്ടെയെന്ന് പടച്ചവനോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. 


**************************************


മആരിഫുല്‍ ഖുര്‍ആന്‍ 

 

സൂറത്തുസ്വാഫ്ഫാത്ത്-2

(182 ആയത്തുകള്‍, പദങ്ങള്‍ 860. അക്ഷരങ്ങള്‍ 3826. മക്കാമുകര്‍റമയില്‍ അവതരണം. 5 റുകൂഅ്. അവതരണ ക്രമം 56. പാരായണ ക്രമം 37. സൂറത്തുല്‍ അന്‍ആമിന് ശേഷം അവതരണം)

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം

മലക്കുകളെക്കൊണ്ട് സത്യം 
ചെയ്തത് എന്തിനാണ്?

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


ആയത്ത് 01-10

ആയത്ത് 1-10  
അണിയണിയായി നില്‍ക്കുന്ന മലക്കുകളെക്കൊണ്ട് സത്യം.(1). തടഞ്ഞ് നിര്‍ത്തുന്ന മലക്കുകളെക്കൊണ്ട് സത്യം (2) പടച്ചവന്‍റെ സന്ദേശം ഓതുന്ന മലക്കുകളെക്കൊണ്ട് സത്യം.(3) തീര്‍ച്ചയായും നിങ്ങളുടെ ആരാധ്യന്‍ ഏകന്‍ തന്നെയാണ്.(4) ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും ഉദയസ്ഥാനങ്ങളുടെയും പരിപാലകനാണ്.(5) ഭൂമിയോട് അടുത്ത ആകാശത്തെ നക്ഷത്രങ്ങളുടെ അലങ്കാരംകൊണ്ട് നാം അലങ്കരിച്ചിരിക്കുന്നു(6) ധിക്കാരിയായ എല്ലാ പിശാചില്‍നിന്നും അതിനെ സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു.(7) സമുന്നത മലക്കുകളുടെ സദസ്സിലേക്ക് ചെവികൊടുത്ത് അവര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നതല്ല. എല്ലാ ഭാഗത്തുനിന്നും അവരെ എറിയപ്പെടുന്നതാണ്.(8) അവരെ വിരട്ടി ഓടിക്കപ്പെടും. അവര്‍ക്ക് നിരന്തര ശിക്ഷയുമുണ്ട്.(9) എന്നാല്‍ എന്തെങ്കിലും കാര്യം റാഞ്ചിയെടുക്കുന്നവനൊഴികെ. പക്ഷെ, തുളച്ച് കയറുന്ന ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്.(10) 

വിവരണവും വ്യാഖ്യാനവും
     നേരത്തെ പറഞ്ഞതുപോലെ, മലക്കുകള്‍ പടച്ചവന്‍റെ പെണ്‍മക്കളാണെന്ന മക്കക്കാരുടെ വാദത്തെ ഖണ്ഡിക്കാന്‍ കൂടിയാണ് ഇവിടെ മലക്കുകളെക്കൊണ്ട് സത്യം ചെയ്തിരിക്കുന്നത്. അതായത് ഇവിടെ പറയപ്പെട്ടിരിക്കുന്ന മലക്കുകളുടെ ഈ ഗുണങ്ങളിലൂടെ അവര്‍ പടച്ചവന്‍റെ സമ്പൂര്‍ണ്ണ അടിമകളാണെന്ന് വ്യക്തമാകുന്നതാണ്. മലക്കുകളുടെ ഈ ഗുണങ്ങളില്‍ ചിന്തിച്ചാല്‍ തന്നെ അവര്‍ പടച്ചവന്‍റെ സന്താനങ്ങള്‍ അല്ലായെന്നും അടിമകള്‍ മാത്രമാണെന്നും വ്യക്തമാകുന്നതാണ്. 
ശപഥവുമായി ബന്ധപ്പെട്ട നിയമങ്ങള്‍. പരിശുദ്ധ ഖുര്‍ആനില്‍ വിശ്വാസത്തിന്‍റെ വിവിധ കാര്യങ്ങള്‍ സമര്‍ത്ഥിക്കുന്നതിന് അല്ലാഹു വിവിധ രീതികളില്‍ സത്യം ചെയ്തിട്ടുണ്ട്. ചിലപ്പോള്‍ പടച്ചവനെ കൊണ്ടും മറ്റുചിലപ്പോള്‍ ചില പടപ്പുകളെക്കൊണ്ടും സത്യം ചെയ്തിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ധാരാളം ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയം ഖുര്‍ആന്‍ വ്യാഖ്യാനത്തിലെ ഒരു അടിസ്ഥാന കാര്യമാണ്. ഹാഫിസ് ഇബ്നു ഖയ്യൂം (റ) തിബ്യാന്‍ എന്ന പേരില്‍ ഇതിനെക്കുറിച്ച് ഒരു രചന തന്നെ തയ്യാറാക്കിയിരിക്കുന്നു. അല്ലാമാ സുയൂഥി (റ) ഇത്ഖാനില്‍ ഇതിനെ വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും അത്യാവശ്യമായ കാര്യങ്ങള്‍ ഇവിടെ കുറിക്കുകയാണ്. 
ഒന്നാമത്തെ ചോദ്യം: അല്ലാഹു ആരെയും ഒന്നിനെയും ആവശ്യമില്ലാത്തവനായിരുന്നിട്ടും ഉറപ്പിന് വേണ്ടി എന്തിനാണ് ഇപ്രകാരം സത്യം ചെയ്യുന്നത്? അബുല്‍ ഖാശിം ഖുശൈരി ഈ ചോദ്യത്തിന് ഇപ്രകാരം മറുപടി നല്‍കുന്നു: അല്ലാഹുവിന് സത്യം ചെയ്യേണ്ട യാതൊരു ആവശ്യവും ഇല്ലായിരുന്നു. പക്ഷേ, അടിമകള്‍ എങ്ങനെയെങ്കിലും സത്യം സ്വീകരിക്കുകയും ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യണം എന്ന കാരുണ്യത്തിന്‍റെ പേരിലാണ് ഇപ്രകാരം സത്യം ചെയ്തിരിക്കുന്നത്. ..... (ദാരിയാത്ത് 22-23). ഈ ആയത്ത് കേട്ടപ്പോള്‍ ഒരു ഗ്രാമീണന്‍ ഇപ്രകാരം പറഞ്ഞു: ഇത്ര മഹോന്നതനായ പടച്ചവനെ സത്യം ചെയ്യുന്നതിന് നിര്‍ബന്ധിതനാക്കുന്ന നിലയില്‍ ദേഷ്യം പിടിപ്പിച്ച കാര്യം എന്താണ്! ചുരുക്കത്തില്‍ ഇഹലോകത്ത് വഴക്കുകളും ഭിന്നതകളും ഇല്ലാതാക്കുന്നതിന് സാക്ഷ്യങ്ങള്‍ ഒന്നും ഫലിക്കാതെ വരുമ്പോള്‍ സത്യം ചെയ്യാറുള്ളത് പോലെ അല്ലാഹുവും സത്യം ചെയ്തിരിക്കുന്നു. അല്ലാഹു മാത്രമാണ് ആരാധനയ്ക്കര്‍ഹനെന്ന് ചില സ്ഥലങ്ങളില്‍ സാക്ഷ്യം വഹിച്ചപ്പോള്‍ മറ്റുചില സ്ഥലങ്ങളില്‍ ഈ കാര്യം ആണയിട്ട് പറഞ്ഞിരിക്കുന്നു. 
രണ്ടാമത്തെ ചോദ്യം: ആണയിടുന്നത് ഉയര്‍ന്ന കാര്യങ്ങളെക്കൊണ്ടല്ലേ? സര്‍വ്വ സമുന്നതനായ അല്ലാഹു എല്ലാ നിലയിലും താഴ്ന്നവരായ സൃഷ്ടികളെക്കൊണ്ട് ആണയിടുന്നത് എന്തിനാണ്? ഇതിനുള്ള മറുപടി ഇതാണ്: അല്ലാഹുവിനേക്കാള്‍ ഉന്നതമായി ഒന്നുമില്ല. അല്ലാഹുവിന്‍റെ ശപഥം സാധാരണ സൃഷ്ടികളുടെ ശപഥം പോലെയുമല്ല. അതുകൊണ്ട് തന്നെ അല്ലാഹു ഏഴ് സ്ഥലങ്ങളില്‍ അവന്‍റെ നാമങ്ങള്‍ കൊണ്ട് ആണയിട്ടിരിക്കുന്നു. മറ്റുചില സ്ഥലങ്ങളില്‍ അല്ലാഹുവിന്‍റെ കര്‍മ്മങ്ങളും ഗുണങ്ങളും കൊണ്ട് സത്യം ചെയ്തിരിക്കുന്നു. വേറെ ചില സ്ഥലങ്ങളില്‍ പടപ്പുകളെക്കൊണ്ട് സത്യം ചെയ്തിരിക്കുന്നു. എന്നാല്‍ ഈ പടപ്പുകള്‍ പടച്ചവനെക്കുറിച്ച് നന്നായി  അറിയിക്കുന്നുണ്ട്. (അത്തിബ്യാന്‍). കൂടാതെ, ശപഥം ചെയ്യാന്‍ ഉപയോഗിക്കപ്പെട്ട നാമങ്ങളില്‍ ചിലതിന്‍റെ മഹത്വം വ്യക്തമാക്കാനും അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നു. ഉദാഹരണത്തിന് ഹിജിര്‍ 72-ാം ആയത്തില്‍ റസൂലുല്ലാഹി (സ)യുടെ ആത്മാവിനെക്കൊണ്ടാണ് സത്യം ചെയ്തിരിക്കുന്നത്. ഇബ്നു അബ്ബാസ് (റ) പറയുന്നു: അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ റസൂലുല്ലാഹി (സ)യുടെ വ്യക്തിത്വക്കാള്‍ ആദരണീയമായ ഒരു സൃഷ്ടിയെയും അല്ലാഹു പടച്ചിട്ടില്ല. അതുകൊണ്ടാണ് പരിശുദ്ധ ഖുര്‍ആനില്‍ മറ്റ് നബിമാരില്‍ നിന്നും വ്യത്യസ്തമായി റസൂലുല്ലാഹി (സ)യുടെ ജീവിതം കൊണ്ട് സത്യം ചെയ്തിരിക്കുന്നത്. ഇപ്രകാരം സൂറത്തുത്തൂറിലെ ആദ്യ ആയത്തില്‍ തൂര്‍സീന പര്‍വ്വതത്തെക്കൊണ്ട് സത്യം ചെയ്തത് അതിന്‍റെ മഹത്വം വ്യക്തമാക്കാനാണ്. മറ്റുചിലപ്പോള്‍ പ്രയോജനം അധികരിച്ച വസ്തുക്കളെക്കൊണ്ടും സത്യം ചെയ്തിട്ടുണ്ട്. സൂറത്ത് തീനില്‍ അത്തിപ്പഴത്തെയും ഒലിവെണ്ണയെയും കൊണ്ട് സത്യം ചെയ്തത് ഇപ്രകാരമാണ്. വേറെ ചിലപ്പോള്‍ അല്ലാഹുവിന്‍റെ അപാരമായ കഴിവിനെ വിളിച്ചറിയിക്കുന്ന സൃഷ്ടികളെക്കൊണ്ടും സത്യം ചെയ്തിരിക്കുന്നു. ഇപ്രകാരം സത്യം ചെയ്യാന്‍ ഉപയോഗിച്ച വസ്തുക്കള്‍ക്കും സത്യം ചെയ്യപ്പെടുന്ന കാര്യങ്ങള്‍ക്കുമിടയില്‍ ഒരു പ്രത്യേക ബന്ധവുമുണ്ടായിരിക്കും. ചെറിയ ചിന്തയിലൂടെ ഇത് വ്യക്തമാകുന്നതാണ്. 
മൂന്നാമത്തെ ചോദ്യം: പടച്ചവനല്ലാത്ത ആരെയെങ്കിലും കൊണ്ട് സത്യം ചെയ്യാന്‍ പാടില്ല എന്നതാണല്ലോ ശരീഅത്ത് നിയമം. എന്നാല്‍ അല്ലാഹു സൃഷ്ടികളെക്കൊണ്ട് സത്യം ചെയ്തതിലൂടെ സൃഷ്ടികള്‍ക്കും അപ്രകാരം ചെയ്യാവുന്നതാണെന്ന് തെളിവില്ലേ? ഇതിന് മറുപടിയായി ഹസന്‍ ബസ്വരി (റ) പറയുന്നു: അല്ലാഹുവിന് ഇഷ്ടമുള്ള സൃഷ്ടികളെക്കൊണ്ട് സത്യം ചെയ്യാന്‍ അവകാശമുണ്ട്. പക്ഷേ, പടച്ചവനല്ലാത്തവര്‍ക്ക് അതിന് അനുവാദമില്ല! അതായത് നാം നമ്മെ അല്ലാഹുവിന്‍റെ മേല്‍ തുലനം ചെയ്യുന്നത് വലിയ തെറ്റാണ്. ശരീഅത്തിലൂടെ ഒരു കാര്യം തടയപ്പെട്ടാല്‍ പടച്ചവന്‍ അത് ചെയ്യുന്നല്ലോ എന്ന് പറഞ്ഞുകൊണ്ട് അത് ചെയ്യാന്‍ വഴി കണ്ടെത്തുന്നത് തെറ്റാണ്! ഈ ലഘു വിവരണത്തിന് ശേഷം ആയത്തുകളുടെ വിവരണം ശ്രദ്ധിക്കുക: ആദ്യത്തെ നാല് ആയത്തുകളില്‍ മലക്കുകളെക്കൊണ്ട് സത്യം ചെയ്ത ശേഷം ആരാധനയ്ക്കര്‍ഹന്‍ ഏകനായ പടച്ചവന്‍ തന്നെയാണെന്ന് പറഞ്ഞിരിക്കുന്നു. മലക്കുകളുടെ ഈ വിശേഷണങ്ങളില്‍ അല്‍പ്പം ചിന്തിച്ചാല്‍ തന്നെ പടച്ചവന്‍റെ ഏകത്വം വ്യക്തമാകുമെങ്കിലും അടുത്ത ആറ് ആയത്തുകളില്‍ വേറെ തെളിവുകള്‍ പ്രത്യേകമായി വിവരിച്ചിരിക്കുന്നു. 
ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും ഉദയസ്ഥാനങ്ങളുടെയും പരിപാലകനാണ്.(5) ഇത്രവലിയ സൃഷ്ടികളെ പടയ്ക്കുകയും പരിപാലിക്കുകയും ചെയ്യുന്നവന്‍ ആരാധനയ്ക്ക് അര്‍ഹനാണ്. ഈ സൃഷ്ടികളെല്ലാം പടച്ചവന്‍റെ ആസ്തിക്യത്തിനും ഏകത്വത്തിനും തെളിവാണ്. ഇവിടെ ഉദയസ്ഥാനങ്ങള്‍ എന്ന് ബഹുവചനം പറഞ്ഞിരിക്കുന്നത് സൂര്യന്‍ ഓരോ ദിവസവും പുതിയ സ്ഥലത്ത് നിന്നും ഉദിക്കുന്ന കാരണത്താലാണ്. 
ഭൂമിയോട് അടുത്ത ആകാശത്തെ നക്ഷത്രങ്ങളുടെ അലങ്കാരംകൊണ്ട് നാം അലങ്കരിച്ചിരിക്കുന്നു(6) നാം ഭൂമിയിലേക്ക് അടുത്ത ആകാശത്തെ നക്ഷത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു എന്നതാണ് ഈ ആയത്തിന്‍റെ ആശയം. നക്ഷത്രങ്ങള്‍ ആകാശത്തനുള്ളിലായിരിക്കണമെന്ന് ഇതുകൊണ്ട് നിര്‍ബന്ധമില്ല. അവ ആകാശത്ത് നിന്നും മാറിയതാണെങ്കിലും ആകാശത്തുള്ളതായി തന്നെ അനുഭവപ്പെടുന്നതും അത് കാരണമായി ആകാശം തിളങ്ങുന്നതായി കാണുകയും ചെയ്യുന്നു. ചുരുക്കത്തില്‍ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം അവ സ്വയം ഉണ്ടായതല്ലെന്നും ആരോ സൃഷ്ടിച്ചതാണെന്നും വിളിച്ചറിയിക്കുന്നു. ഇത്ര മഹോന്നതമായ വസ്തുക്കളെ സൃഷ്ടിച്ചവന് പങ്കുകാരുടെ യാതൊരു ആവശ്യവുമില്ല. ഇവകളുടെ എല്ലാം സ്രഷ്ടാവ് ഏകനായ പടച്ചവനാണ് എന്ന് സ്ഥിരപ്പെട്ട സ്ഥിതിയ്ക്ക് ആ പടച്ചവനല്ലാത്ത മറ്റ് വസ്തുക്കളെ ആരാധിക്കുന്നത് എത്ര വലിയ അക്രമമാണ്! നക്ഷത്രങ്ങള്‍ ആകാശവുമായി മുട്ടിയതാണോ അല്ലെയോ തുടങ്ങിയ ഗോള ശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ച സൂറത്തുല്‍ ഹിജ്റില്‍ കഴിഞ്ഞിട്ടുണ്ട്.  
ധിക്കാരിയായ എല്ലാ പിശാചില്‍നിന്നും അതിനെ സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു.(7) സമുന്നത മലക്കുകളുടെ സദസ്സിലേക്ക് ചെവികൊടുത്ത് അവര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നതല്ല. എല്ലാ ഭാഗത്തുനിന്നും അവരെ എറിയപ്പെടുന്നതാണ്.(8) അവരെ വിരട്ടി ഓടിക്കപ്പെടും. അവര്‍ക്ക് നിരന്തര ശിക്ഷയുമുണ്ട്.(9) എന്നാല്‍ എന്തെങ്കിലും കാര്യം റാഞ്ചിയെടുക്കുന്നവനൊഴികെ. പക്ഷെ, തുളച്ച് കയറുന്ന ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്.(10) നക്ഷത്രങ്ങളെക്കൊണ്ട് അലങ്കാരം കൂടാതെ മറ്റൊരു ഗുണവും കൂടി ഉണ്ടെന്ന് ഈ ആയത്തുകള്‍ വിവരിക്കുന്നു. അതായത് നക്ഷത്രങ്ങളിലൂടെ നാശം നിറഞ്ഞ പിശാചുക്കളെ ഉപരിലോക കാര്യങ്ങള്‍ കേള്‍ക്കുന്നതില്‍ നിന്നും തടയപ്പെടുന്നതാണ്. അവര്‍ അദൃശ്യ കാര്യങ്ങള്‍ കേള്‍ക്കുന്നതിന് ആകാശത്തിനടുത്തേക്ക് പോകാറുണ്ട്. പക്ഷേ, അവര്‍ക്ക് മലക്കുകളുടെ സംസാരങ്ങള്‍ കേള്‍ക്കാന്‍ സാധിക്കുന്നതല്ല. ചിലര്‍ ഏതാനും കാര്യങ്ങള്‍ കേട്ട് ഓടുമ്പോള്‍ അവരെ കത്തുന്ന തീജ്വാല കൊണ്ട് എറിയപ്പെടുന്നതാണ്. അങ്ങനെ അവര്‍ക്ക് അത് ജോത്സ്യന്മാര്‍ക്കും മറ്റും എത്തിച്ച് കൊടുക്കാന്‍ സാധിക്കുന്നതല്ല. ഈ തീജ്വാലയ്ക്ക് ശിഹാബുന്‍ സാഖിബ് എന്ന് പറയപ്പെടുന്നു. ശിഹാബുന്‍ സാഖിബിനെക്കുറിച്ചുള്ള ചെറിയ വിവരണം സൂറത്തുല്‍ ഹിജ്റില്‍ കഴിഞ്ഞിട്ടുണ്ട്. ഇവിടെ അതുമായി  ബന്ധപ്പെട്ട മറ്റൊരു കാര്യം കുറിക്കുകയാണ്.
ശിഹാബുന്‍ സാഖിബ് എന്നാല്‍ ഭൂമിയുള്ള ഒരു വസ്തുവാണെന്നും അത് നീരാവിയോടൊപ്പം ആകാശത്തേക്ക് ഉയരുകയും അവസാനം കത്തി വീഴുകയും ചെയ്യുന്നതാണെന്ന് പഴയ ഗ്രീക്ക് തത്വജ്ഞാനികള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഭൂമിയില്‍ ഉണ്ടാകുന്ന ഒരു കാര്യമല്ലെന്നും ഉപരിലോകത്തുണ്ടാകുന്ന എന്തോ കാര്യമാണെന്നുമാണ് ഖുര്‍ആനിന്‍റെ ബാഹ്യ വചനങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. അതുകൊണ്ട് തന്നെ പഴയ മുഫസ്സിറുകള്‍ ഇപ്രകാരം പറഞ്ഞിരുന്നു: ഗ്രീക്ക് തത്വശാസ്ത്രത്തിന്‍റെ ഈ നിഗമനം വെറും ഭാവന മാത്രമാണ്. അതിന്‍റെ പേരില്‍ ഖുര്‍ആനില്‍ യാതൊരു വിമര്‍ശനവും സാധ്യമല്ല. കൂടാതെ, ഭൂമിയില്‍ നിന്നും ഒരു വസ്തു മുകളിലേക്ക് പോയി ജ്വലിക്കുന്നത് ഖുര്‍ആനിന് എതിരുമല്ല! എന്നാല്‍ ആധുനിക ശാസ്ത്രത്തിന്‍റെ ഗവേഷണങ്ങള്‍ ഈ വിമര്‍ശനത്തെ തന്നെ ഇല്ലാതാക്കിയിരിക്കുന്നു. കാരണം എണ്ണമറ്റ നക്ഷത്രങ്ങളുടെ ചെറു കഷണങ്ങള്‍ ധാരാളമായ നിലയില്‍ അന്തരീക്ഷത്തില്‍ കാണപ്പെടുന്നുണ്ടെന്ന് ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. വലിയ കല്ലുകള്‍ക്ക് തുല്യമായ ഈ നക്ഷത്രങ്ങള്‍ക്ക് അസദിയ്യാ എന്ന് പറയപ്പെടുന്നു. ഇവ സൂര്യന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു. (തഫ്സീറുല്‍ ജവാഹിര്‍ തന്‍താവി). ആധുനിക ശാസ്ത്രത്തിന്‍റെ ഈ കണ്ടുപിടുത്തം പരിശുദ്ധ ഖുര്‍ആനിന്‍റെ പ്രയോഗത്തോട് കൂടുതല്‍ അടുത്തതാണ്. ഇത്തരം തീജ്വാലകള്‍ കൊണ്ട് പിശാചുകളെ എറിയുന്നത് അസഭവ്യമാണെന്ന് വാദിക്കുന്ന ആളുകളെക്കുറിച്ച് തന്‍താവി മര്‍ഹൂം കുറിക്കുന്നത് കാണുക: ഗോളശാസ്ത്രത്തിന് എതിരായ എന്തെങ്കിലും കാര്യങ്ങള്‍ ഖുര്‍ആനിലുണ്ടെന്ന് പറയുന്നത് നമ്മുടെ മുന്‍ഗാമികള്‍ക്കും വലിയ വിഷമമായിരുന്നു. എന്നിട്ടും മുന്‍ഗാമികള്‍ അന്നത്തെ ശാസ്ത്ര വീക്ഷണങ്ങളെ സ്വീകരിക്കാനും ഖുര്‍ആനിനെ ഉപേക്ഷിക്കാനും തയ്യാറായിട്ടില്ല. മറിച്ച് അവര്‍ അന്നത്തെ ശാസ്ത്ര വീക്ഷണത്തെ ഉപേക്ഷിക്കുകയും ഖുര്‍ആനിനെ മുറുകെ പിടിക്കുകയും ചെയ്തു. ഏതാനും നാളുകള്‍ക്ക് ശേഷം പഴയ ഗ്രീക്ക് വീക്ഷണം തെറ്റാണെന്ന് സ്ഥിരപ്പെടുകയുമുണ്ടായി. ഈ നക്ഷത്രങ്ങള്‍ പിശാചുകളെ കരിയ്ക്കുകയും കൊല്ലുകയും ചെയ്യുമെന്ന കാര്യം വിശ്വസിക്കാന്‍ ഇപ്പോള്‍ നമുക്ക് യാതൊരു തടസ്സവുമില്ല. നാം ഖുര്‍ആന്‍ പറഞ്ഞത് അംഗീകരിക്കുകയും ഭാവി കാലത്ത് ശാസ്ത്രം ഇതിനെ ശരിവെക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുക. (ജവാഹിര്‍). 
ആയത്തുകളുടെ ലക്ഷ്യം. ഇവിടെ ആകാശങ്ങളും നക്ഷത്രങ്ങളും ജ്വലിക്കുന്ന നക്ഷത്രവും മറ്റും പറഞ്ഞിരിക്കുന്നതിന്‍റെ ഒന്നാമത്തെ ലക്ഷ്യം തൗഹീദിന്‍റെ സമര്‍ത്ഥനമാണ്. അതായത് ഈ സജ്ജീകരണങ്ങള്‍ എല്ലാം ചെയ്തിരിക്കുന്ന ഏകനും അതിശക്തനുമായ പടച്ചവന്‍ ആരാധനയ്ക്കര്‍ഹനാണ്. രണ്ടാമത്തെ ലക്ഷ്യം പിശാചുക്കളെ ദേവീ-ദേവന്മാരായി കണ്ട് ആരാധനയ്ക്കര്‍ഹരാണെന്ന് വാദിച്ചിരുന്ന ആളുകളുടെ വീക്ഷണത്തെ ഖണ്ഡിക്കലാണ്. അതെ, നിന്ദ്യരും നിസ്സാരന്മാരുമായ അവയ്ക്ക് ആരാധിക്കപ്പെടാന്‍ യാതൊരു അര്‍ഹതയുമില്ല. മൂന്നാമത്തെ ലക്ഷ്യം പരിശുദ്ധ ഖുര്‍ആനിലൂടെ അവതീര്‍ണ്ണമാകുന്ന ബോധനങ്ങള്‍ ജോത്സ്യന്മാരുടെ ജോത്സ്യമാണെന്ന് വാദിച്ചവരെ ഖണ്ഡിക്കലാണ്. അതെ, പരിശുദ്ധ ഖുര്‍ആന്‍ തന്നെ ജോത്സ്യന്മാരെ തള്ളിപ്പറഞ്ഞിരിക്കുന്നു. അവര്‍ക്ക് ഉപരിലോകത്തേക്ക് എത്തിച്ചേരാനും അവിടുത്തെ വാര്‍ത്തകള്‍ കൊണ്ടുവരാനും യാതൊരു സാധ്യതയുമില്ല. ചുരുക്കത്തില്‍ ജോത്സ്യന്‍ തെറ്റാണെങ്കില്‍ ഖുര്‍ആന്‍ ജോത്സ്യമാകുന്നത് എങ്ങനെയാണ്? അങ്ങനെ ഈ ആയത്തുകള്‍ തൗഹീദിന്‍റെയും രിസാലത്തിന്‍റെയും രണ്ട് വിഷയങ്ങളെയും ഉള്‍ക്കൊണ്ടിരിക്കുന്നു. അടുത്ത ആയത്തുകളില്‍ പരലോക വിശ്വാസത്തെ പരാമര്‍ശിക്കുകയാണ്. 



*********



 മആരിഫുല്‍ ഹദീസ് 


 
വിസര്‍ജ്ജനത്തിന് മുമ്പും മിമ്പുമുള്ള ദുആകള്‍
 
 മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

    ആഹാരം, ഉറക്കം എന്നിവ പോലെ മലമൂത്ര വിസര്‍ജ്ജനവും മനുഷ്യ ജീവിതത്തിലെ പ്രധാന ഘടകമാണ്. തീര്‍ച്ചയായും വിസര്‍ജ്ജനത്തിന്‍റെ സമയത്ത് അല്ലാഹുവിന്‍റെ നാമം പറയുന്നതും പ്രാര്‍ത്ഥിക്കുന്നതും മര്യാദകേടാണ്. അതുകൊണ്ട് റസൂലുല്ലാഹി (സ) ഉണര്‍ത്തി: ആരെങ്കിലും മലമൂത്ര വിസര്‍ജ്ജനത്തിന് പോകുമ്പോള്‍ അതുമായി ബന്ധപ്പെടുന്നതിനും മുമ്പും അവിടെ നിന്നും ഇറങ്ങിയതിന് ശേഷവും താഴെ പറയുന്ന ദുആകള്‍ ചൊല്ലേണ്ടതാണ്. 
144. സൈദ്ബുനു അര്‍ഖം (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: മലമൂത്ര വിസര്‍ജ്ജനങ്ങളുടെ സ്ഥാനങ്ങള്‍ പിശാചുക്കളുടെയും ഉപദ്രവകരമായ ജീവികളുടെയും കേന്ദ്രമാണ്. ആകയാല്‍ നിങ്ങള്‍ ആരെങ്കിലും വിസര്‍ജ്ജന സ്ഥാനത്തേക്ക് പോകാന്‍ ഉദ്ദേശിക്കുമ്പോള്‍ ഇങ്ങനെ പറയുക: ................... (അല്ലാഹുവേ, മോശപ്പെട്ട ആണ്‍പെണ്‍ പിശാചുക്കളില്‍ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു.) അബൂദാവൂദ് ഇബ്നു മാജ)
വിവരണം: മാലിന്യം ഇഷ്ടപ്പെടുന്ന പ്രാണികളും മറ്റും മാലിന്യത്തിലേക്ക് വീഴുന്നതുപോലെ മ്ലേച്ഛതയുള്ള പിശാചുക്കളും ഇതര ഉപദ്രവകരമായ സൃഷ്ടികളും മാലിന്യത്തിന്‍റെ സ്ഥാനങ്ങളോട് പ്രത്യേക താല്‍പ്പര്യവും യോജിപ്പും പുലര്‍ത്താറുണ്ട്. അതുകൊണ്ട് റസൂലുല്ലാഹി (സ) ഇത്തരം സ്ഥാനങ്ങളിലേക്ക് ഈ ദുആ ചെയ്യണമെന്ന് പഠിപ്പിച്ചു. റസൂലുല്ലാഹി (സ)യുടെ സേവകന്‍ അനസ് (റ) പറയുന്നു: റസൂലുല്ലാഹി (സ) വിശ്രമ സ്ഥാനത്തേക്ക് പോകുമ്പോള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു: ................... 
145. അനസ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) അരുളി: വിസര്‍ജ്ജന സ്ഥാനത്ത് നിന്നും വെളിയിലേക്ക് വരുമ്പോള്‍ ഇപ്രകാരം പറയുമായിരുന്നു: ........................... എന്നില്‍ നിന്നും ഉപദ്രവകരമായ വസ്തുക്കളെ ദൂരീകരിക്കുകയും എനിയ്ക്ക് സൗഖ്യം നല്‍കുകയും ചെയ്ത അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും. (ഇബ്നുമാജ) 
വിവരണം: അല്ലാഹു കാക്കട്ടെ, മലവും മൂത്രവും പുറപ്പെടാനാകാതെ നിലച്ച് പോവുകയും സാധാരണ വഴിയില്‍ തടസ്സമുണ്ടാവുകയും ചെയ്താല്‍ എത്രവലിയ പ്രയാസമാണുണ്ടാകുന്നത്? ആശുപത്രിയില്‍ എന്തെല്ലാം ചികിത്സകള്‍ ആവശ്യം വരുന്നതാണ്. ഈ കാര്യം ചിന്തിച്ചാല്‍ സാധാരണ വഴികളിലൂടെ മലവും മുത്രവും പുറപ്പെടുന്നത് പടച്ചവന്‍റെ എത്രവലിയ അനുഗ്രഹവും ഔദാര്യവുമാണെന്ന് വ്യക്തമാകുന്നതാണ്. റസൂലുല്ലാഹി (സ) ഈ ചിന്തയുടെ പേരിലാണ് ഈ സന്ദര്‍ഭത്തില്‍ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് ഈ കാര്യം പ്രത്യേകം അനുസ്മരിക്കുന്നു. ....................... സുബ്ഹാനല്ലാഹ്, എത്രമാത്രം സമയോചിതവും ആശയ സമ്പുഷ്ടവുമായ ദുആയാണിത്. 

വീട്ടില്‍ പ്രവേശിക്കുമ്പോഴും വീട്ടില്‍ നിന്നും പുറപ്പെടുമ്പോഴും
ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വീടുമായിട്ടുള്ള ബന്ധം അഭേദ്യമാണ്. വീട്ടിലേക്ക് നിരന്തരം കയറുകയും ഇറങ്ങുകയും ചെയ്യുന്നതാണ്. ഇത്തരുണത്തില്‍ പടച്ചവന്‍റെ പ്രത്യേകമായ കാരുണ്യത്തിലേക്കും  സുരക്ഷയിലേക്കും മനുഷ്യന്‍ ആവശ്യക്കാരനാണ്. അതുകൊണ്ട് വീട്ടില്‍ നിന്നും ഓരോ കാര്യങ്ങള്‍ക്കും പുറപ്പെടുമ്പോഴും വീട്ടിലേക്ക് മടങ്ങിവരുമ്പോഴും അല്ലാഹുവിന്‍റെ നാമം പറയാനും പടച്ചവനോട് സഹായം ഇരക്കാനും റസൂലുല്ലാഹി (സ) പഠിപ്പിച്ച വചനങ്ങള്‍ പാരായണം ചെയ്യുക. 
146. അനസ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും വീട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍ ................ (അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ പുറപ്പെടുന്നു. അല്ലാഹുവിന്‍റെ മേല്‍ ഞാന്‍ ഭരമേല്‍പ്പിക്കുന്നു. നന്മ കരസ്ഥമാക്കാനും തിന്മയില്‍ നിന്നും രക്ഷപ്പെടാനും അല്ലാഹുവിന്‍റെ സഹായത്തോട് കൂടി മാത്രമേ സാധിക്കുകയുള്ളൂ.) എന്ന് പറഞ്ഞാല്‍ അദൃശ്യലോകത്ത് നിന്നും ഒരു മലക്ക് അദ്ദേഹത്തോട് പറയുന്നതാണ്: അല്ലാഹുവിന്‍റെ ദാസാ നിന്‍റെ ഈ വാചകം നിനക്ക് മതിയായതാണ്. നിനക്ക് പൂര്‍ണ്ണമായ മാര്‍ഗ്ഗം ദര്‍ശനം ലഭിച്ചിരിക്കുന്നു. നിന്‍റെ സംരക്ഷണം തീരുമാനിക്കപ്പെട്ടു! ഇത്തരുണത്തില്‍ പിശാച് നിരാശപ്പെട്ട് അവനില്‍ നിന്നും അകന്ന് മാറുന്നതാണ്. (തിര്‍മിദി, അബൂദാവൂദ്)
വിവരണം: ഈ ചെറു ഹദീസിന്‍റെ അടിസ്ഥാന സന്ദേശം ഇതാണ്: നാം വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ നാം വളരെ ബലഹീനനാണെന്നും പടച്ചവന്‍റെ സംരക്ഷണവും സഹായവും ആവശ്യമുള്ള ആളാണെന്നും മനസ്സിലാക്കിക്കൊണ്ട് നമ്മെ പടച്ചവന്‍റെ അഭയത്തില്‍ ഏല്‍പ്പിക്കേണ്ടതാണ്. ഇപ്രകാരം ചെയ്താല്‍ അല്ലാഹു നമ്മുടെ സംരക്ഷണം ഏറ്റെടുക്കുകയും പിശാചിന്‍റെ ഉപദ്രവത്തില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നതാണ്.
174. ഉമ്മസലമ (റ) നിവേദനം. റസൂലുല്ലാഹി (സ) വീട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍ ഇപ്രകാരം പറയുമായിരുന്നു: ........................... (അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ പുറപ്പെടുന്നു. അല്ലാഹുവിന്‍റെ മേല്‍ ഞാന്‍ ഭരമേല്‍പ്പിക്കുന്നു. അല്ലാഹുവേ, ഞങ്ങളുടെ പാദങ്ങള്‍ തെറ്റുന്നതില്‍ നിന്നും ഞങ്ങള്‍ വഴിപിഴക്കുന്നതില്‍ നിന്നും മറ്റുള്ളവരോട് അക്രമം കാണിക്കുന്നതില്‍ നിന്നും ആരെങ്കിലും ഞങ്ങളോട് അക്രമം കാണിക്കുന്നതില്‍ നിന്നും ഞങ്ങള്‍ ആരോടെങ്കിലും വിവരക്കേട് കാട്ടുന്നതില്‍ നിന്നും നമ്മോട് ആരെങ്കിലും വിവരക്കേട് കാട്ടുന്നതില്‍ നിന്നും ഞങ്ങള്‍ നിന്നോട് അഭയം തേടുന്നു) (അഹ്മദ്, തിര്‍മിദി, നസാഇ) 
  വിവരണം: മനുഷ്യന്‍ എന്തെങ്കിലും ജോലിയ്ക്കായി വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ വ്യത്യസ്ത ജനങ്ങളും വിഭിന്ന അവസ്ഥകളുമായി ബന്ധപ്പെടേണ്ടി വരുന്നതാണ്. അപ്പോള്‍ അല്ലാഹുവിന്‍റെ ഉതവിയും സഹായവും സംരക്ഷണവും ഉണ്ടായില്ലെങ്കില്‍ വിവരവും ശേഷിയും കുറഞ്ഞ ദാസന്‍ വഴി തെറ്റിപ്പോവുകയും വേണ്ടാത്ത കാര്യങ്ങള്‍ ചെയ്യുകയും മറ്റുള്ളവരുടെ വഴികേടിന് കാരണമാവുകയും വഴക്കും പ്രശ്നങ്ങളും നടക്കാനും സാധ്യതയുണ്ട്. ഇത്തരുണത്തില്‍ റസൂലുല്ലാഹി (സ) പഠിപ്പിച്ചു: വീട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍ പടച്ചവന്‍റെ നാമം പറയുകയും പടച്ചവനിലുള്ള വിശ്വാസവും ബന്ധവും അരക്കിട്ട് ഉറപ്പിക്കുകയും എല്ലാവിധ അപകട നാശനഷ്ടങ്ങളില്‍ നിന്നും അഭയം തേടുകയും ചെയ്യുക. വാചക കര്‍മ്മങ്ങളിലൂടെ ഓരോ ചുവടിലും അല്ലാഹുവിലേക്ക് ആവശ്യക്കാരനാണെന്ന് അറിയിക്കുക. കഴിഞ്ഞ ഹദീസും ഇതേ ലക്ഷ്യത്തില്‍ ചെറിയ ഒരു വചനവും പഠിപ്പിക്കപ്പെട്ടു. ലക്ഷ്യ പൂര്‍ത്തീകരണത്തിന് അതും മതിയായതാണ്.
  148. അബൂമാലികില്‍ അശ്അരീ (റ) പറയുന്നു: റസൂലുല്ലാഹി (സ) അരുളി: ഒരോ വ്യക്തിയും വീട്ടില്‍ പ്രവേശിക്കുമ്പോള്‍ ഇപ്രകാരം പറഞ്ഞുകൊള്ളട്ടെ!......................................... (അല്ലാഹുവേ നന്മയായ പ്രവേശനത്തിനെയും നന്മയായ പുറപ്പെടലിനെയും ഞാന്‍ നിന്നോട് ചോദിക്കുന്നു. അല്ലാഹുവിന്‍റെ നാമത്തില്‍ പ്രവേശിക്കുകയും അവന്‍റെ നാമത്തില്‍ തന്നെ പുറപ്പെടുകയും ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുന്നു). ശേഷം അദ്ദേഹം വീട്ടുകാര്‍ക്ക് സലാം പറയേണ്ടതാണ്. (അബൂദാവൂദ്)
വിവരണം: വീട്ടിലേക്ക് പ്രേവശിക്കുമ്പോഴും പുറപ്പെടുമ്പോഴും അടിമയുടെ മനസ്സ് പടച്ചവനിലേക്ക് തിരിയേണ്ടതാണ്. പടച്ചവന്‍റെ അനുഗ്രഹീത നാമത്തില്‍ നീങ്ങുകയും എല്ലാ നന്മകളും പടച്ചവന്‍റെ നിയന്ത്രണത്തിലാണെന്ന് ഉറപ്പിച്ചുകൊണ്ട് അല്ലാഹുവിനോട് നന്മകള്‍ക്കായി ഇരക്കുകയും ചെയ്യേണ്ടതാണ്. ശേഷം വീട്ടിലെ മുതിര്‍ന്നവര്‍ക്കും താഴ്ന്നവര്‍ക്കും സലാം പറയുക. സലാം അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നും അവര്‍ക്ക് രക്ഷയുണ്ടാകാനുള്ള പ്രാര്‍ത്ഥനയാണ്. 

മസ്ജിദില്‍ പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും
മസ്ജിദ് അല്ലാഹുവിന്‍റെ ഭവനവും ഇലാഹീ ദര്‍ബാറുമാണ്. മസ്ജിദിലേക്ക് വരുന്നത് തന്നെ ഇബാദത്തുകള്‍ വഴിയായി അല്ലാഹുവിന്‍റെ തൃപ്തിയും കാരുണ്യവും കരസ്ഥമാക്കാനാണ്. ഈ കാരണത്താല്‍ ആരും അശ്രദ്ധമായ നിലയില്‍ മസ്ജിദിലേക്ക് കയറാനും അവിടെ നിന്നും ഇറങ്ങാനും പാടില്ലെന്ന് റസൂലുല്ലാഹി (സ) ഉണര്‍ത്തി. പ്രത്യുത കയറുമ്പോഴും ഇറങ്ങുമ്പോഴും നാവിലും മനസ്സിലും അനുയോജ്യമായ ദുആ ഉണ്ടാകേണ്ടത് ഇലാഹീ സമക്ഷത്തില്‍ ഹാജരാകാനുള്ള മര്യാദയാണെന്നും പഠിപ്പിച്ചു. 
149. അബൂഉസൈദ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: നിങ്ങളാരെങ്കിലും മസ്ജിദില്‍ കയറുമ്പോള്‍ പറയുക: .......................(അല്ലാഹുവേ, എനിയ്ക്ക് നിന്‍റെ കാരുണ്യ കവാടം തുറന്ന് തരണേ.) മസ്ജിദില്‍ നിന്നും പുറപ്പെടുമ്പോള്‍ പറയുക: .................. (അല്ലാഹുവേ, ഞാന്‍ നിന്നോട് നിന്‍റെ ഔദാര്യത്തില്‍ നിന്നും അപേക്ഷിക്കുന്നു. 
വിവരണം: റഹ്മത്ത് (കാരുണ്യം) എന്ന പദം വിശാലമായ അര്‍ത്ഥമുള്ളതാണെന്നും ഖുര്‍ആനില്‍ നിന്നും മനസ്സിലാകുന്നു. പ്രവാചകത്വം. പടച്ചവന്‍റെ ഇഷ്ടദാസ്യം, സാമിപ്യം, തൃപ്തി, സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍ മുതലായ ആത്മീയ പാരത്രിക അനുഗ്രഹങ്ങള്‍ക്ക് ഈ പദം പ്രത്യേകം പറയപ്പെടുന്നു. അല്ലാഹു അറിയിക്കുന്നു: നിഷേധികള്‍ ഒരുമിച്ച് കൂട്ടിവെച്ച വസ്തുക്കളേക്കാളും താങ്കളുടെ രക്ഷിതാവിന്‍റെ അനുഗ്രഹം ഉത്തമമാണ്. (സുഖ്റുഫ്) എന്നാല്‍ ഫസ്ല്‍ (ഔദാര്യം) എന്ന പദം ഉപജീവനത്തിന്‍റെ വിശാലതയും സന്തുഷ്ട ജീവിതവും പോലെ പ്രത്യേകമായ നിലയില്‍ ഭൗതിക അനുഗ്രഹങ്ങള്‍ക്കാണ് പറയപ്പെടാറുള്ളത്. അല്ലാഹു അറിയിക്കുന്നു: നിങ്ങള്‍ നമസ്കാരം നിര്‍വ്വഹിച്ച് കഴിഞ്ഞാല്‍ ഭൂമിയില്‍ പരക്കുകയും പടച്ചവന്‍റെ ഔദാര്യം തേടുകയും ചെയ്യുക. (ജുമുഅ) ചുരുക്കത്തില്‍ മസ്ജിദുകള്‍ ആരാധനകളുടെ പ്രത്യേക സ്ഥലമാണ്. അവകള്‍ വഴിയായി ആത്മീയ പാരത്രിക അനുഗ്രഹങ്ങള്‍ ലഭിക്കുന്നു. അതുകൊണ്ട് മസ്ജിദില്‍ കയറുമ്പോള്‍ കാരുണ്യത്തിന്‍റെ കവാടം തുറക്കാനും ഇറങ്ങുമ്പോള്‍ പടച്ചവന്‍റെ ഔദാര്യം ലഭിക്കാനും അപേക്ഷിക്കണമെന്ന് പഠിപ്പിക്കപ്പെട്ടു.

സദസ്സ് പിരിയുമ്പോള്‍
മനുഷ്യന്‍ സദസ്സില്‍ കഴിയുമ്പോള്‍ അനുയോജ്യമല്ലാത്ത എന്തെങ്കിലും പറയാനും കേള്‍ക്കാനും തല്‍ഫലമായി പരലോകത്ത് പിടിക്കപ്പെടാനും സാധ്യതയുണ്ട്. ഈ കാരണത്താല്‍ സദസ്സ് പിരിയുമ്പോള്‍ അല്ലാഹുവിനെ സ്തുതിക്കാനും വാഴ്ത്താനും പശ്ചാത്താപ വചനങ്ങള്‍ പറയാനും റസൂലുല്ലാഹി (സ) പഠിപ്പിക്കുകയും അത് സദസ്സിലുണ്ടായ സൂക്ഷ്മതകള്‍ക്ക് പരിഹാരമാണെന്ന് അറിയിക്കുകയും ചെയ്തു. 
150. അബൂഹുറയ്റ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും ഒരു സദസ്സില്‍ ഇരിക്കുകയും അതില്‍ കുറ്റകരമായ അനാവശ്യ കാര്യങ്ങള്‍ സംഭവിക്കുകയും എന്നാല്‍ സദസ്സില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ ഇപ്രകാരം പറയുകയും ചെയ്താല്‍ അല്ലാഹു ആ സദസ്സിലുണ്ടായ എല്ലാ വീഴ്ചകളും മാപ്പാക്കുന്നതാണ്. ............................... (................................) (തിര്‍മിദി) 
151. അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ഒരു സദസ്സില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ ഒരു വചനം മൂന്ന് പ്രാവശ്യം പറഞ്ഞാല്‍ അതില്‍ സംഭവിച്ചുപോയ എല്ലാ പാപങ്ങളും പൊറുക്കുന്നതാണ്. നന്മയുടെയോ, ദിക്റിന്‍റെയോ സദസ്സില്‍ അത് പറഞ്ഞാല്‍, ലിഖിതത്തില്‍ മുദ്രവെക്കപ്പെടുന്നതുപോലെ, അതുവഴി ആ സദസ്സിന് മുദ്രവെക്കപ്പെടുന്നതാണ്: ........................... (....................) (അബൂദാവൂദ്) 
വിവരണം: ഈ വചനം വളരെ ചെറുതെങ്കിലും ആശയ സമ്പൂര്‍ണ്ണമാണ്. ഇതില്‍ അല്ലാഹുവിന്‍റെ  പ്രകീര്‍ത്തനവും സ്തുതിയും ഏകദൈവ വിശ്വാസത്തിന്‍റെ സാക്ഷ്യവും പാപങ്ങളില്‍ നിന്നും പശ്ചാത്താപവും അടങ്ങിയിരിക്കുന്നു. അല്ലാഹുവിന്‍റെ ചില ദാസന്മാര്‍ ഒരു സദസ്സില്‍ തന്നെ വിവിധ ഘട്ടങ്ങളില്‍ ഈ വചനം പറയുന്നതും പ്രസ്തുത സന്ദര്‍ഭത്തില്‍ അവരുടെ മുഖത്തും ശബ്ദത്തിലും പ്രത്യേക ശൈലി അനുഭവപ്പെടുന്നതും അത് മറ്റ് സദസ്യരിലും പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നതും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. തീര്‍ച്ചയായും ഈ വചനം ശക്തമായ ആശയവും ക്രമീകരണവുമുള്ളതാണ്. ആത്മാര്‍ത്ഥതയോടെ ഒരു ദാസന്‍ ഇത് പറഞ്ഞാല്‍ അല്ലാഹുവിന്‍റെ കാരുണ്യ സഹായങ്ങള്‍ അവനിലേക്ക് തിരിയുമെന്നതില്‍ ഒരു സംശയവുമില്ല. ഈ വചനവും റസൂലുല്ലാഹി (സ) നമുക്ക് നല്‍കിയ വിശിഷ്ട ഉപഹാരമാണ്. അല്ലാഹു ഇതിനെ വിലമതിക്കാനും പ്രയോജനപ്പെടുത്താനും ഉതവി നല്‍കട്ടെ. 
152. ഇബ്നു ഉമര്‍ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ഏതെങ്കിലും സദസ്സില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ സദസ്സിലുള്ളവര്‍ക്ക് വേണ്ടി ഈ പ്രാര്‍ത്ഥനകള്‍ നടത്തുമായിരുന്നു: ............................ (മുനാജാത്ത്...............) (തിര്‍മിദി)     
വിവരണം: ഈ ദുആയും റസൂലുല്ലാഹി (സ)യുടെ അങ്ങേയറ്റം സാരസമ്പൂര്‍ണ്ണവും ആശയ ഗംഭീരവുമായ പ്രാര്‍ത്ഥനകളാണ്. സത്യം പറഞ്ഞാല്‍ ഈ ദുആയുടെ നിലയും വിലയും വിവരിക്കാന്‍ വാക്കുകള്‍ പോലും ലഭ്യമല്ല. അല്ലാഹു മുന്‍ഗാമികളായ സഹാബാ മഹത്തുക്കളുടെയും ശേഷം കഴിഞ്ഞുപോയ ഹദീസ് പണ്ഡിതന്മാരുടെയും ഖബ്റുകള്‍ പ്രകാശം കൊണ്ട് നിറയ്ക്കട്ടെ. കാരണം അവര്‍ വളരെ ശ്രദ്ധയോടെ ഈ ദുആകള്‍ മനനം ചെയ്യുകയും ഉമ്മത്തിന് എത്തിച്ച് തരുകയും ചെയ്തു. ഇതിനെ വിലമതിക്കാനും പ്രയോജനപ്പെടുത്താനും നമുക്കും തൗഫീഖ് നല്‍കട്ടെ. 
 
കമ്പോളത്തില്‍ പോകുമ്പോള്‍
ആവശ്യമായ വസ്തുക്കള്‍ വാങ്ങുന്നതിന് മാര്‍ക്കറ്റില്‍ പോകുവാന്‍ മനുഷ്യന്‍ നിര്‍ബന്ധിതനാണ്. അവിടെ ലാഭനഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ മറ്റുസ്ഥലങ്ങളേക്കാളധികം അല്ലാഹുവിനെ വിസ്മരിപ്പിക്കുന്ന സ്ഥലവുമാണത്. അതിനാലാണ് ഹദീസില്‍ സ്ഥലങ്ങളില്‍ ഏറ്റവും മോശമായത് എന്ന് അതിനെക്കുറിച്ച് പറഞ്ഞത്. റസൂലുല്ലാഹി(സ) അത്യാവശ്യകാര്യത്തിന് മാര്‍ക്കറ്റില്‍ പോകേണ്ടി വരുമ്പോള്‍ അല്ലാഹുവിനെ അധികമായി സ്മരിക്കുവാനുംڔദുആ ഇരക്കുവാനും ശ്രദ്ധിച്ചിരുന്നു.
153. ബുറൈദ (റ) പറയുന്നു. നബി(സ) കമ്പോളത്തില്‍ പ്രവേശിക്കുമ്പോള്‍ ഇപ്രകാരം ദുആ ചെയ്യുമായിരുന്നു:................................(അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ കമ്പോളത്തിലേക്ക് പുറപ്പെടുന്നു. അല്ലാഹുവേ, ഈ കമ്പോളത്തിന്‍റെയും അതിലുള്ള വസ്തുകളുടെയും നന്മയെ നിന്നോട് ഞാന്‍ ചോദിക്കുന്നു. ഇതിന്‍റെയും ഇതിലെ വസ്തുകളുടെ തിന്മയില്‍ നിന്നും ഞാന്‍ അഭയം തേടുന്നു. ഇവിടെ നഷ്ടമുണ്ടാക്കുന്ന ഇടപാടില്‍ അകപ്പെടുന്നതില്‍ നിന്നും അഭയം തേടുന്നു.) (ബൈഹഖി)

കമ്പോളത്തില്‍ ദിക്റുകളുടെ അസാധാരണ പ്രതിഫലം
154. ഉമര്‍ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും കമ്പോളത്തില്‍ പ്രവേശിക്കുമ്പോള്‍ ഈ വചനം പറഞ്ഞാല്‍ അവന് ആയിരമായിരം പാപങ്ങള്‍ പൊറുക്കപ്പെടുന്നതും ആയിരമായിരം സ്ഥാനങ്ങള്‍ ഉയര്‍ത്തപ്പെടുന്നതുമാണ്. അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നും അവനുവേണ്ടി സ്വര്‍ഗ്ഗത്തില്‍ ഒരു ഉന്നത മാളിക പണിയപ്പെടുന്നതുമാണ്. ...................... (.............................) (തിര്‍മിദി, ഇബ്നുമാജ)
വിവരണം: തീര്‍ച്ചയായും കമ്പോളം അശ്രദ്ധയുടെയും പാപങ്ങളുടെയും ഇരുളടഞ്ഞ അന്തരീക്ഷവും പിശാചുക്കളുടെ കേന്ദ്രവുമാണ്. എന്നാല്‍ ഏതെങ്കിലും ഉത്തമ ദാസന്‍ അവിടുത്തെ ഇരുള്‍ നിറഞ്ഞതും പൈശാചികവുമായ അന്തരീക്ഷത്തില്‍ നല്ല മനസ്സോടെ ഈ വചനങ്ങള്‍ പറഞ്ഞുകൊണ്ട് അല്ലാഹുവിനെ ധ്യാനിച്ചാല്‍ അല്ലാഹു അവിടുത്തെ ഇരുളുകളെ ദൂരീകരിക്കുന്നതും കണക്കറ്റ അനുഗ്രഹങ്ങള്‍ ചൊരിയുന്നതുമാണ്. ആയിരമായിരം നന്മകള്‍ എഴുതപ്പെടുകയും പാപങ്ങള്‍ പൊറുക്കപ്പെടുകയും സ്വര്‍ഗ്ഗീയ സ്ഥാനങ്ങള്‍ ഉയര്‍ത്തപ്പെടുകയും സ്വര്‍ഗ്ഗത്തില്‍ ഉന്നത ഭവനം പണിയപ്പെടുകയും ചെയ്യുന്നത് പ്രസ്തുത അനുഗ്രങ്ങളുടെ വിവരണമാണ്. കമ്പോളത്തില്‍ പടച്ചവനെയും ഭൗതിക ജീവിതം നശ്വരമാണെന്ന യാഥാര്‍ത്ഥ്യത്തെയും മനുഷ്യന്‍ മറക്കാറുണ്ട്. അവിടെയുള്ള വസ്തുക്കള്‍ മനുഷ്യ മനസ്സുകളെ മാടിവിളിക്കും. ഓരോ വസ്തുക്കള്‍ കാണുമ്പോഴും ഇത് കൊള്ളാമെന്നും സുന്ദരമാണെന്നും ചിന്ത വരുന്നതാണ്. ചില വസ്തുക്കളെ ലാഭകരമായി കാണുകയും ചില ആളുകളെ കണ്ടുമുട്ടുമ്പോള്‍ അവരുമായി ബന്ധം സ്ഥാപിച്ചാല്‍ വലിയ ലാഭമുണ്ടാകുന്നതാണെന്ന് ചിന്തിക്കുകയും ചെയ്യുന്നതാണ്. ഇത്തരം ചിന്തകളും വിചാരങ്ങളും മനുഷ്യന്‍റെ മനസ്സുകളെയും കണ്ണുകളെയും വഴി കെടുത്തുന്നതുമാണ്. റസൂലുല്ലാഹി (സ) ഇതിനുള്ള ചികിത്സയും സുരക്ഷിതത്വവും ഈ വചനത്തിലൂടെ പഠിപ്പിച്ച് തരുന്നു. ഈ വചനത്തിലെ ഓരോ ഭാഗവും വഴികെട്ട ചിന്തകളെയും പൈശാചിക ദുര്‍ബോധനങ്ങളെയും ശക്തമായി പ്രഹരിച്ച് മാറ്റുന്നതാണ്. 
ഒന്നാമതായി അവന്‍ പറയുന്നു: അല്ലാഹു മാത്രമാണ് ആരാധനയ്ക്കര്‍ഹന്‍! അതുകൊണ്ട് മനസ്സാ പ്രതീക്ഷ പുലര്‍ത്തേണ്ടത് അല്ലാഹുവിനോടാണ്. അല്ലാഹുവിനെ മാത്രം ആരാധിക്കുകയും യഥാര്‍ത്ഥ ലക്ഷ്യമായി കാണുകയും ചെയ്യുക. അല്ലാഹു അല്ലാത്ത ഒരു ശക്തിയ്ക്കും ഒരു വ്യക്തിയ്ക്കും ഈ അവകാശത്തില്‍ യാതൊരു പങ്കുമില്ല. രണ്ടാമതായി അവന്‍ പറയുന്നു: സര്‍വ്വ സൃഷ്ടികളുടെയും യഥാര്‍ത്ഥ ഉടമാധികാരം അല്ലാഹുവിന് മാത്രമാണ്. എല്ലാം നിയന്ത്രിക്കുന്നത് അല്ലാഹു തന്നെയാണ്. ആരുടെയും പങ്കാളിത്തമില്ലാതെ അല്ലാഹുവിന്‍റെ തീരുമാന പ്രകാരം മാത്രമാണ് നടക്കുന്നത്. മൂന്നാമതായി സ്തുതികീര്‍ത്തനങ്ങള്‍ക്ക് അര്‍ഹനും അല്ലാഹു തന്നെയാണ്. അല്ലാഹുവിനെ കൂടാതെ, ആകര്‍ഷകമായും  ഉപകാരമായും കാണുന്നതെല്ലാം അല്ലാഹുവിന്‍റെ സൃഷ്ടികള്‍ തന്നെയാണ്. അവയുടെ സൗകര്യ സൗരഭ്യങ്ങളെല്ലാം അല്ലാഹുവിന്‍റെ ദാനമാണ്. നാലാമതായി അല്ലാഹു എന്നും ജീവിച്ചിരിക്കുന്നവനും മരണമില്ലാത്തവനുമാണ്. അല്ലാഹുവിനെ കൂടാതെയുള്ള സര്‍വ്വ വസ്തുക്കളും നശ്വരമാണ്. ഓരോരുത്തരുടെയും ജീവിതവും മരണവും നിലനില്‍പ്പും എല്ലാമെല്ലാം അല്ലാഹുവിന്‍റെ കരങ്ങളിലാണ്. അഞ്ചാമതായി എല്ലാ നന്മകളും മേന്മകളും അല്ലാഹുവിന്‍റെ പക്കലാണ്. അല്ലാഹു അല്ലാത്ത ആരുടെയും നിയന്ത്രണത്തില്‍ ഒന്നും തന്നെയില്ല. ആറാമതായി അല്ലാഹു മാത്രമാണ് സര്‍വ്വശക്തന്‍. എല്ലാ പ്രവര്‍ത്തനങ്ങളും മാറ്റങ്ങളും അല്ലാഹുവിന്‍റെ തീരുമാനപ്രകാരവും ഉതവികൊണ്ടും മാത്രമാണ്. 
കമ്പോളത്തിന്‍റെ അന്തരീക്ഷത്തില്‍ ഈ നിലയില്‍ ഏതെങ്കിലും ദാസന്‍ അല്ലാഹുവിനെ സ്മരിച്ചാല്‍ യഥാര്‍ത്ഥത്തില്‍ അവന്‍ പിശാചിന്‍റെ ഭൂമിയില്‍ പടച്ചവന്‍റെ നാമത്തിന്‍റെ പതാക ഉയര്‍ത്തുകയും വഴികേടിന്‍റെ കൂരിരുട്ടില്‍ സന്മാര്‍ഗ്ഗത്തിന്‍റെ വിളക്ക് കത്തിക്കുകയുമാണ്. അതുകൊണ്ട് തന്നെ ഈ പുണ്യഹദീസില്‍ പറയപ്പെട്ട അസാധാരണമായ അനുഗ്രഹ കാരുണ്യങ്ങള്‍ക്ക് അവന്‍ അര്‍ഹനാണെന്നതില്‍ ഒരു സംശയവുമില്ല. 
ഹദീസിന്‍റെ പദം അല്‍ഫ്, അല്‍ഫ് എന്നാണ്. ഇതിന് പത്ത് ലക്ഷമെന്നും ആയിരമായിരമെന്നും പണ്ഡിതന്മാര്‍ ആശയം പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ ആശയമാണ് കൂടുതല്‍ ശക്തിയുള്ളതായി മനസ്സിലാകുന്നത്. അതെ, ഈ പദം ഒരു നിര്‍ണ്ണിത എണ്ണത്തിന് വേണ്ടിയുള്ളതല്ല. മറിച്ച് അസാധാരണമായ ആധിക്യത്തെ സൂചിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. 
  
പ്രയാസം അനുഭവിക്കുന്നവരെ കാണുമ്പോള്‍
അല്ലാഹുവിന്‍റെ കഠിന പരീക്ഷണങ്ങള്‍ക്ക് വിധേയരായി വളരെ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ കാണുമ്പോള്‍ അതില്‍ നിന്നും സുരക്ഷിത നാക്കിയതിന് അല്ലാഹുവിനെ സ്തുതിക്കണമെന്ന് റസൂലുല്ലാഹി (സ) പഠിപ്പിച്ചു. തല്‍ഫലമായി പിന്നീടും അല്ലാഹുവിന്‍റെ സുരക്ഷിതത്വം ലഭിക്കുന്നതാണ്.
155. ഉമറുബ്നുല്‍ ഖത്താബ്, അബൂഹുറയ്റ (റ) ഇരുവരും പറയുന്നു: റസൂലുല്ലാഹി (സ) അരുളി: പരീക്ഷിണിതനായ ഒരാളെ കണ്ടാല്‍ ഇപ്രകാരം പറയുക: ............................................... (അല്ലാഹുവിനാകുന്നു സര്‍വ്വസ്തുതിയും നിന്നെ അകപ്പെടുത്തപ്പെട്ട പരീക്ഷണത്തില്‍ നിന്നും അവന്‍ എന്നെ സുരക്ഷിതനാക്കുകയും അവന്‍റെ ധാരാളം സൃഷ്ടികളേക്കാള്‍ എനിക്ക് ശ്രേഷ്ഠത നല്‍കുകയും ചെയ്തു). എങ്കില്‍ അല്ലാഹു പ്രസ്തുത ആപത്തില്‍ നിന്നും സംരക്ഷിക്കുന്നതാണ്. അത് ഏത് പ്രയാസമാണെങ്കിലും ശരി. (തിര്‍മിദി)
വിവരണം: ഇമാം തിര്‍മിദി (റ) ഈ ഹദീസിന് ശേഷം ഇതിന്‍റെ വിവരണമെന്നോണം ഇമാം സൈനുല്‍  ആബിദീന്‍ (റ)ന്‍റെ മകന്‍ ഇമാം ബാഖര്‍ (റ)യില്‍ നിന്നും ഉദ്ധരിക്കുന്നു: രണ്ടുപേരും പറയുന്നു: നാശത്തില്‍ അകപ്പെട്ട ഒരാളെ കാണുമ്പോള്‍ ആദ്യം അല്ലാഹുവിനോട് അതില്‍ നിന്നും അഭയം തേടുകയും ശേഷം ഈ ദുആ ഇരക്കുകയും ചെയ്യേണ്ടത് പ്രയാസത്തില്‍ അകപ്പെട്ട സാധുവായ മനുഷ്യന്‍ കേള്‍ക്കാത്ത നിലയിലായിരിക്കണം. കാരണം അദ്ദേഹം കേള്‍ക്കുകയാണെങ്കില്‍ അദ്ദേഹത്തിന്‍റെ മനസ്സ് വേദനിക്കുന്നതാണ്. അല്ലാഹുവില്‍ നിന്നും പരലോകത്ത് നിന്നും അശ്രദ്ധനായി ഭൗതിക കാര്യങ്ങളില്‍ സദാസമയവും മുഴുകിക്കഴിയുന്ന ആളെക്കാണുമ്പോള്‍ ശിബ്ലി (റ) ഈ ദുആ ചെയ്യാറുണ്ടായിരുന്നു! 

ആഹാര പാനീയങ്ങള്‍ ഉപയോഗിക്കുമ്പോള്‍
ആഹാര പാനീയങ്ങള്‍ മനുഷ്യ ജീവിതത്തിന്‍റെ അഭിവാജ്യ ഘടകമാണ്. റസൂലുല്ലാഹി (സ)ക്ക് എന്തെങ്കിലും ആഹാരപാനീയങ്ങള്‍ ലഭിക്കുമ്പോള്‍ റസൂലുല്ലാഹി (സ) അതിനെ അല്ലാഹുവിന്‍റെ ദാനമാണെന്ന് വിശ്വസിക്കുകയും അല്ലാഹുവിന് സ്തുതി കീര്‍ത്തനങ്ങള്‍ അര്‍പ്പിക്കുകയും മറ്റുള്ളവരെയും അതിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.  
156. അബൂസഈദ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ആഹാരപാനീയങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഇപ്രകാരം പറഞ്ഞിരുന്നു. അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും. അല്ലാഹു നമുക്ക് ആഹാരപാനീയങ്ങള്‍ നല്‍കുകയും നമ്മെ പടച്ചവന് അനുസരളയുള്ളവരാക്കുകയും ചെയ്തു. (അബൂദാവൂദ്, തിര്‍മിദി) 
157. മആദുബ്നു അനസ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും വല്ലതും കഴിക്കുകയും ശേഷം ഇപ്രകാരം പറയുകയും ചെയ്താല്‍ അവന്‍റെ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്........................ (യാതൊരു പരിശ്രമവും ശേഷിയും ഇല്ലാതിരുന്നിട്ടും അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ട് മാത്രം ഈ ആഹാരം എനിയ്ക്ക് നല്‍കുകയും എന്നെ ഭക്ഷിപ്പിക്കുകയും ചെയ്ത അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും.) (തിര്‍മിദി) 
വിവരണം: ചില കര്‍മ്മങ്ങള്‍ ബാഹ്യമായി ചെറുതായിരിക്കും. അല്ലാഹുവിന്‍റെ ദൃഷ്ടിയില്‍ വളരെ വലുതും നന്മതിന്മകളുടെ ത്രാസില്‍ വലിയ ശക്തി പകരുന്നതും അസാധാരണ പരിണിത ഫലങ്ങള്‍ക്ക് കാരണവുമായിരിക്കും. ഈ ഹദീസിലൂടെ റസൂലുല്ലാഹി (സ) അരുളുന്നു: ആഹാരം കഴിച്ച ശേഷം സത്യസന്ധമായ മനസ്സോടെ ഇപ്രകാരം പറയേണ്ടതാണ്: ഈ ആഹാരം എന്‍റെ പരിപാലകനായ രക്ഷിതാവ് എനിയ്ക്ക് നല്‍കിയ അനുഗ്രഹമാണ്. ഇതില്‍ എന്‍റെ ഏതെങ്കിലും സാമര്‍ത്ഥ്യത്തിനോ, അര്‍ഹതയ്ക്കോ യാതൊരു പങ്കുമില്ല. അല്ലാഹുവിന്‍റെ കൃപയും ഔദാര്യവും കാരണമായിട്ടാണ് ഇനിയ്ക്കിത് നല്‍കിയത്. അതുകൊണ്ട് സര്‍വ്വ പ്രകീര്‍ത്തനങ്ങള്‍ക്കും അര്‍ഹന്‍ അല്ലാഹു തന്നെയാണ്! ഇപ്രകാരം പറഞ്ഞാല്‍ അല്ലാഹു ഈ വചനങ്ങളെ വളരെയധികം വിലമതിക്കുകയും മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം പൊറുത്ത് കൊടുക്കുന്നതാണ്. അബൂദാവൂദിന്‍റെ നിവേദനത്തില്‍ മുന്‍പിന്‍ പാപങ്ങളെല്ലാം പൊറുത്ത് കൊടുക്കുന്നതാണെന്ന് വന്നിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്‍റെ പക്കലുള്ളതെല്ലാം അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നുമുള്ള ദാനമാണെന്നും എനിയ്ക്ക് അതില്‍ യാതൊരു അര്‍ഹതയുമില്ലെന്നും ഒരു ദാസന്‍ ഉണരുന്നതും തുറന്ന് പറയുന്നതും അടിമത്വത്തിന്‍റെ കാതലാണ്. ഈ ഗുണത്തെ അല്ലാഹു അത്യധികം വിലമതിക്കുകയും അതുകാരണമായി ജീവിതം കാലം മുഴുവന്‍ ഉണ്ടായിട്ടുള്ള പാപങ്ങള്‍ പൊറുക്കുകയും ചെയ്യുന്നതാണ്. അല്ലാഹു ഈ യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കാനും ഇതില്‍ അടിയുറച്ച് വിശ്വസിക്കാനും ഇത് പാലിക്കാനും നമുക്ക് തൗഫീഖ് നല്‍കട്ടെ! 


രചനാ പരിചയം 

പുതിയ പ്രസിദ്ധീരണം!

ലേഖനങ്ങള്‍ (വഖ്ഫ്)

  






ഫോണ്‍: 7736723639

പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി



ഞങ്ങളുടെ കേന്ദ്ര സ്ഥാപനം





ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌