▪️മുഖലിഖിതം
പയാമെ ഇന്‍സാനിയത്ത്
(മാനവതാ സന്ദേശം)മഹൽഗുണങ്ങൾ
✍️മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ്‍വി
▪️ജുമുഅ സന്ദേശം
മസ്ജിദ് പരിചയം ഭാഗം-1
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
( പ്രസിഡന്‍റ്ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
▪️മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തു സ്വാഫ്ഫാത്ത് ഭാഗം-1
തൗഹീദിന്‍റെ സമര്‍ത്ഥനം
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
▪️മആരിഫുല്‍ ഹദീസ്
തഹജ്ജുദിന് ശേഷമുള്ള
സാരസമ്പൂർണ്ണമായ ഒരു ദുആ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
******
മുഖലിഖിതം
പയാമെ ഇന്‍സാനിയത്ത് (മാനവതാ സന്ദേശം)
മഹൽഗുണങ്ങൾ
മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ്‍വി
ഒന്നാമതായി നമ്മളുടെ മുഴുവൻ പ്രവർത്തനങ്ങളും അല്ലാഹുവിന് പൊരുത്തത്തിനുവേണ്ടിയാണെന്നുള്ള ഉദ്ദേശ ശുദ്ധി (ഇഖ്‌ലാസ്) എപ്പോഴും നിലനിർത്തണം. ഇഖ്‌ലാസ് ഇല്ലെങ്കിൽ പ്രവർത്തനങ്ങളിൽ ജീവൻ ഉണ്ടാകുന്നതല്ല. പരസ്പരമുള്ള പ്രശ്‌നങ്ങളുടെയും വഴക്കുകളുടെയും പ്രധാന കാരണവും ഇഖ്‌ലാസ് ഇല്ലായ്മയാണ്. മുന്നിലാര് പിന്നിലാര് എന്ന ചിന്തകൾ ഉപേക്ഷിച്ച് നാമെല്ലാവരും നന്മയുടെ പ്രവർത്തകരാണെന്നും നന്മയുടെ പ്രവർത്തനങ്ങൾ നല്ല നിലയിൽ നടക്കണമെന്നും ആഗ്രഹിക്കുക.
രണ്ടാമതായി നമ്മുടെ സ്വഭാവങ്ങൾ ഉന്നതമാക്കുക. മാനവികത സന്ദേശിക്കുന്ന നമ്മൾ നമ്മെ തന്നെയാണ് ആദ്യമായി മാനവികത പഠിപ്പിക്കുന്നതെന്ന് ഓർക്കുക.
മൂന്നാമതായി എല്ലാ നന്മകളും പടച്ചവന്റെ ഉദവിയാണ് എന്ന് വിശ്വസിക്കുകയും പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുക. ഞാൻ ചെയ്തു, ഞങ്ങൾ ചെയ്തു എന്നീ വാചകങ്ങൾ അത്യന്തം അപകടകരമാണ്. പയാമെ ഇൻസാനിയ്യത്തിന്റെ ഒരു സമ്മേളനത്തിൽ അല്ലാമാ നദ്‌വി ഉണർത്തി: പലരും ഈ പ്രവർത്തനത്തെ എന്നിലേക്ക് ചേർത്ത് പറയാറുണ്ട്. ഒരിക്കലും ഇത് പാടില്ല. ഇത് പ്രവാചകന്മാരുടെ പ്രവർത്തനമാണ്. അല്ലാഹു നമുക്ക് ഇതിന് ഉദവി നൽകി. ഇക്കാര്യം നിരന്തരം ഓർമ്മ വെച്ചാൽ പ്രവർത്തനങ്ങൾ ശരിയായ നിലയിൽ മുന്നോട്ട് നീങ്ങുന്നതാണ്.
നാലാമതായി ഈ പ്രവർത്തനം വലിയ ചിന്തയോടെയും വേദനയോടെയും നിർവ്വഹിക്കേണ്ടതാണ്. ഈ ഗുണം റസൂലുല്ലാഹി ﷺയുടെ അനന്തര സ്വത്താണ്. ലാഘവത്തത്തോടെയോ കളിതമാശകളായോ ഈ പ്രവർത്തനം നടത്തരുത്.
അഞ്ചാമതായി ആരാധാനാ കാര്യങ്ങളിൽ വിശിഷ്യാ ജമാഅത്ത് നിസ്‌ക്കാരങ്ങളിലും സുന്നത്ത് നമസ്‌ക്കാരങ്ങളിലും വലിയ ശ്രദ്ധ പുലർത്തേണ്ടതാണ്. സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നവർ ഇതിൽ പലപ്പോഴും അലസത കാട്ടാറുണ്ട്. ഇത് വലിയ നഷ്ടമാണ്. എവിടെപ്പോയാലും ആദ്യം മസ്ജിദ് അന്വേഷിക്കുകയും നമസ്‌ക്കാരത്തിൽ ശ്രദ്ധിക്കുകയും ചെയ്യുക.
ആറാമതായി പ്രകടനങ്ങളും വീരവാദങ്ങളും ഉപേക്ഷിക്കുക. പരസ്പരം പോലും വീരവാദങ്ങൾ നടത്താൻ പാടില്ല. ഗുണപാഠങ്ങൾക്കുവേണ്ടി എന്തെങ്കിലും സംഭവങ്ങളും അനുഭവങ്ങളും വിവരിക്കുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാൽ എപ്പോഴും പെരുമയുടെ പെരുമ്പറ കൊട്ടിക്കൊണ്ടിരിക്കുന്നത് എണ്ണങ്ങളും കണക്കുകളും പറയുന്നതും വാർത്തകൾ പ്രചരിപ്പിക്കുന്നതും ഒരു ഭാഗത്ത് ഇഖ്‌ലാസ് നഷ്ടപ്പെടുത്തുമെങ്കിൽ മറുഭാഗത്ത് പ്രവർത്തനങ്ങൾക്ക് വലിയ തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതാണ്. വിശിഷ്യാ ഈ പ്രവർത്തനങ്ങളുടെ ഫലമായി അല്ലാഹു ആർക്കെങ്കിലും സന്മാർഗ്ഗം നൽകിയാൽ അതിനെ പരസ്യപ്പെടുത്താതിരിക്കാൻ വളരെ ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല അതിന് ഈ പ്രവർത്തനവുമായി ബന്ധമില്ലെന്ന് പറയുന്നതാണ് വളരെ നല്ലത്. അല്ലാമാ നദ്‌വിക്ക് ശേഷം ഈ പ്രവർത്തനത്തെ സജീവമാക്കിയ ജേഷ്ഠസഹോദരൻ മൗലാനാ സയ്യിദ് അബ്ദുല്ലാഹ് ഹസനി ഇപ്രകാരം വിവരിച്ചു: ഒരു വൃക്ഷം വളർന്നാൽ അതിന്റെ ശാഖകൾ പ്രകടമായി നിൽക്കുന്നതും വേരുകൾ ഭൂമിയിൽ മറഞ്ഞിരിക്കുന്നതുമാണ്. വേരുകൾ നന്നായി നിലനിൽക്കുന്ന കാലത്തോളം വൃക്ഷവും നന്നായിരിക്കുന്നതാണ്. ഇപ്രകാരം പയാമെ ഇൻസാനിയ്യത്തിന്റെ പ്രവർത്തനം ശിഖരങ്ങളാണ്. ദഅ്‌വത്ത് (ജനങ്ങൾ സന്മാർഗ്ഗം പ്രാപിക്കണമെന്ന ആഗ്രഹവും അതിനുവേണ്ടിയുള്ള പരിശ്രമങ്ങളും) വേരുകളാണ്. വേരുകൾ ഒരിക്കലും വെളിയിൽ വരാൻ പാടില്ല. അല്ലാഹു ഇക്കാര്യങ്ങൾ നല്ലനിലയിൽ മനസ്സിലാക്കാനും ഉൾക്കൊള്ളാനും ഉദവി നൽകട്ടെ.
ജുമുഅ സന്ദേശം
മസ്ജിദ് പരിചയം ഭാഗം-1
മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
(പ്രസിഡന്‍റ് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്)
മസ്ജിദുകള്‍ അല്ലാഹുവിന്‍റെ ഭവനങ്ങളാണ്. ഈ കാര്യം റസൂലുല്ലാഹി (സ) തന്നെ അരുളിയിട്ടുണ്ട്. ഒരു ഹദീസില്‍ വരുന്നു: മസ്ജിദുകള്‍ അല്ലാഹുവിന്‍റെ ഭവനങ്ങളാണ്. സത്യവിശ്വാസികള്‍ അതിന്‍റെ സന്ദര്‍ശകരാണ്. (ദൈലമി 6654, അല്‍ ജാമിഉല്‍ കബീര്‍ 11848) അല്ലാഹുവിന്‍റെ ഭവനങ്ങളാണെന്നതിന്‍റെ ആശയം അവിടെ അല്ലാഹുവിനെ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്നാണ്. കച്ചവടം, വ്യായാമം, കളി, കവി സദസ്സ് മുതലായ ശരീഅത്ത് അനുവദിച്ചതാണെങ്കിലും ഭൗതികമായ കാര്യങ്ങള്‍ മസ്ജിദുകളില്‍ പാടുള്ളതല്ല. റസൂലുല്ലാഹി (സ)യുടെ കാലത്ത് മസ്ജിദുകളില്‍ അടിസ്ഥാനപരമായി രണ്ട് കാര്യങ്ങള്‍ നിര്‍വ്വഹിക്കപ്പെട്ടിരുന്നു: ഇബാദത്തും ദഅ്വത്തും. ഇബാദത്തെന്നാല്‍ നമസ്കാരം, ഇഅ്തികാഫ്, ഖുര്‍ആന്‍ പാരായണം, ദിക്ര്‍, ദുആകള്‍ പോലെ അല്ലാഹുവിന്‍റെ പൊരുത്തത്തെ കരുതി ചെയ്യപ്പെടുന്ന നന്മകളാണ്. ദഅ്വത്തെന്നാല്‍ ജനങ്ങളെ നന്മയിലേക്ക് ക്ഷണിക്കലും സത്യസന്ദേശവുമായി ഇണക്കമുണ്ടാക്കലും നന്മകള്‍ക്ക് പ്രേരിപ്പിക്കലും തിന്മകളില്‍ നിന്നും തടയലുമാണ്. ഈ ദഅ്വത്ത് രണ്ട് വിഭാഗമുണ്ട്. 1. അമുസ്ലിം സഹോദരങ്ങള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തിക്കൊടുക്കുകയും നന്മകളിലേക്ക് ക്ഷണിക്കുകയും ചെയ്യുക. 2. സത്യവിശ്വാസം സ്വീകരിച്ചവരെ സല്‍ക്കര്‍മ്മങ്ങളിലേക്കും സല്‍സ്വഭാവങ്ങളിലേക്കും വിളിക്കുക. റസൂലുല്ലാഹി (സ)യുടെ കാലത്ത് മസ്ജിദുന്നബവിയില്‍ ഇസ്ലാം സ്വീകരിച്ചവര്‍ക്ക് ഇസ്ലാമിക നിയമങ്ങള്‍ പഠിപ്പിക്കുകയും ഖുര്‍ആന്‍ പാരായണം പരിശീലിപ്പിക്കുകയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ജനങ്ങളോടുള്ള കടമകള്‍ പുലര്‍ത്തുകയും പരസ്പര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പരിശ്രമിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ദഅ്വത്തിന്‍റെ വിവിധ രൂപങ്ങളാണ്.
പടച്ചവന്‍റെ അനുഗ്രഹത്താല്‍ സത്യവിശ്വാസികള്‍ക്കിടയിലുള്ള ദഅ്വത്ത് ഇന്ന് മസ്ജിദുകളില്‍ സജീവമാണ്. പ്രബോധകന്മാരുടെ പരിശ്രമങ്ങള്‍, ഖത്തീബുമാരുടെ പ്രഭാഷണങ്ങള്‍, ഖുര്‍ആന്‍ ഹദീസുകളുടെ പാഠങ്ങള്‍, ഫിഖ്ഹ് നിയമങ്ങളുടെ വിവരണങ്ങള്‍, ദീനീ സദസ്സുകള്‍, രചനകള്‍ വായിച്ച് കേള്‍പ്പിക്കല്‍ ഇവകളെല്ലാം അതിന്‍റെ ഭാഗമാണ്. സമൂഹത്തില്‍ ഇന്ന് കാണപ്പെടുന്ന നന്മയുടെ അന്തരീക്ഷം ഈ പരിശ്രമങ്ങളുടെ ഫലങ്ങളാണ്. എന്നാല്‍ ഈ പരിശ്രമങ്ങളെല്ലാം മുസ്ലിം സഹോദരങ്ങള്‍ക്കിടയിലുള്ളതാണ്. മാനവ സഹോദരങ്ങള്‍ക്കിടയില്‍ മസ്ജിദുമായി ബന്ധപ്പെട്ട പരിശ്രമങ്ങളെ നാം തീര്‍ത്തും അവഗണിച്ചിരിക്കുന്നു. ഇന്ന് വെറുപ്പ് അധികരിക്കുകയും മനസ്സുകളില്‍ അകല്‍ച്ച കൂടുകയും ചെയ്യുന്നതിന്‍റെ വലിയൊരു കാരണം ഇത് തന്നെയാണ്. ഈ പരിശ്രമം നടത്തിയാല്‍ മാത്രമേ പരസ്പരം മനസ്സിലാക്കാനും തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാനും അകല്‍ച്ചകള്‍ കുറയ്ക്കാനും സാധിക്കുകയുള്ളൂ. അതുകൊണ്ട് ഈ ഭാഗത്ത് പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു അറിയിക്കുന്നു: അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സുകൃതങ്ങള്‍ അനുഷ്ഠിക്കുകയും ഞാന്‍ അനുസരണയിലുള്ളവരില്‍ പെട്ടവനാണെന്ന് പറയുകയും ചെയ്യുന്നവനേക്കാള്‍ സുന്ദരവാചകം പറയുന്നവന്‍ ആരാണ്?(33) നന്മയും തിന്മയും സമമാകുകയില്ല. ഏറ്റവും നല്ലത് കൊണ്ട് തിന്മയോട് പ്രതികരിക്കുക. അപ്പോള്‍ താങ്കളോട് ശത്രുതയുണ്ടായവന്‍റെ ശത്രുത മാറി അവന്‍ ആത്മ മിത്രത്തെപ്പോലെയാകുന്നതാണ്. (ഹാമീംസജദ 33, 34) ഈ വചനത്തിന്‍റെ വ്യക്തമായ ഉദാഹരണം നമ്മുടെ രാജ്യത്ത് സൂഫിവര്യന്മാര്‍ നടത്തിയ സേവനങ്ങളാണ്. അവര്‍ മനസ്സാ, വാചാ, കര്‍മ്മണാ ജനങ്ങള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തി. അതുകൊണ്ട് ഇന്നും ജനങ്ങള്‍ അവരെ സ്നേഹിക്കുന്നു. ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റ), ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ (റ) തുടങ്ങി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹാന്മാരുടെ മഖ്ബറകള്‍ മുസ്ലിംകളുടെയും ഹൈന്ദവരുടെയും ശ്രദ്ധാകേന്ദ്രമാണ്. ഈ മഹാത്മാക്കള്‍ സമുന്നത പ്രബോധകരായിരുന്നു. അവരുടെ സല്‍സ്വഭാവവും മനുഷ്യ സ്നേഹവും ഉന്നത ഗുണങ്ങളും സല്‍പെരുമാറ്റങ്ങളും കണ്ട് എണ്ണമറ്റ ജനങ്ങള്‍ നന്മയിലേക്ക് കടന്നുവന്നു. പ്രകൃതിപരമായി കടുത്ത സ്വഭാവക്കാരായ രാജസ്ഥാന്‍, മേവാത്ത് മുതലായ പ്രദേശങ്ങളില്‍ ഇസ്ലാം പ്രചരിച്ചു. അതെ, അവരുടെ നിശബ്ദ പ്രബോധനം ഇരുമ്പ് പോലുള്ള മനസ്സുകളെ മെഴുക് പോലെ മയപ്പെടുത്തി. ഇന്ന് ഇന്ത്യാ രാജ്യത്തുള്ള മുസ്ലിംകളില്‍ വലിയൊരു ഭാഗം ഈ മഹാന്മാരിലൂടെ മാറ്റമുണ്ടായ ആളുകളുടെ തലമുറയില്‍ പെട്ടവരാണ്. രാജാക്കന്മാര്‍ ഭൂപ്രദേശങ്ങള്‍ കീഴടക്കി. ഈ മഹാത്മാക്കള്‍ സല്‍സ്വഭാവത്തിന്‍റെ ആയുധം ഉപയോഗിച്ച് ജനങ്ങളുടെ ഹൃദയങ്ങള്‍ ജയിച്ചടക്കി. മനസ്സിന്‍റെ ഈ രാജാക്കന്മാര്‍ ഈ ലോകത്ത് നിന്നും യാത്രയായിട്ടും ജനഹൃദയങ്ങളില്‍ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു
പ്രബോധനം നാവിലൂടെയും തൂലികയിലൂടെയും മാത്രമല്ല, പ്രവര്‍ത്തനത്തിലൂടെയുമുണ്ട്. എന്നല്ല, പ്രവര്‍ത്തനത്തിലൂടെയുള്ള പ്രബോധനം കൂടുതല്‍ ശക്തിയുള്ളതാണ്. ഇതിന്‍റെ ആയുധം സല്‍സ്വഭാവമാണ്. ഈ ആയുധം അല്‍പ്പം മാത്രമേ തെറ്റാറുള്ളൂ. ഇതിലൂടെ ജനങ്ങള്‍ സത്യസന്ദേശം സ്വീകരിച്ചില്ലെങ്കിലും അവരുടെ മനസ്സ് മയപ്പെടുകയും കോപം തണുക്കുകയും ചെയ്യുന്നതാണെന്ന് മേല്‍ പറയപ്പെട്ട ആയത്ത് ഉണര്‍ത്തുന്നു. അനുഭവങ്ങളും ഇത് ശരി വെക്കുന്നു. രാജ്യത്തെ ഇന്നത്തെ അവസ്ഥയില്‍ ഒരേ നാട്ടുകാരായ നമ്മുടെ സഹോദരങ്ങളിലേക്ക് ഇസ്ലാമിക സന്ദേശങ്ങള്‍ എത്തിച്ച് കൊടുക്കുന്നതിന് ഈ നിശബ്ദ പ്രബോധനത്തെ മാര്‍ഗ്ഗമായി നാം സ്വീകരിക്കേണ്ടതാണ്.
ഇതിന്‍റെ രൂപം, അവസരങ്ങളും സാഹചര്യങ്ങളും മുന്നില്‍ വെച്ച് അവരെ മസ്ജിദുകളിലേക്ക് ക്ഷണിക്കലാണ്. അവര്‍ക്ക് ബാങ്കിന്‍റെ ആശയം, സൂറത്തുല്‍ ഫാത്തിഹയുടെ അര്‍ത്ഥം, റുകൂഅ്, സുജൂദ് മുതലായവയിലെ ദിക്റുകള്‍ എന്നിവ മനസ്സിലാക്കിക്കൊടുക്കുക. ഇന്‍ഷാ അല്ലാഹ് അവരില്‍ അസാധാരണമായ മാറ്റമുണ്ടാകുന്നതാണ്. ഈ വിഷയത്തില്‍ എന്‍റെ ഒരു സംഭവം തന്നെ വിവരിക്കുകയാണ്: ഒരിക്കല്‍ ട്രെയിന്‍ വഴിയായി ബീഹാറില്‍ നിന്നും ഹൈദരബാദിലേക്ക് കുടുംബ സമേതം വരുകയായിരുന്നു. വഴിയില്‍ ഒരു വലിയ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഞങ്ങളുടെ ബോഗിയിലേക്ക് ജൈന മതസ്ഥരായ ഒരു കുടുംബ വന്നിരുന്നു. ഞങ്ങളുടെ രൂപം കണ്ട് അവര്‍ വളരെ അകല്‍ച്ച പുലര്‍ത്തുന്നതായി അനുഭവപ്പെട്ടു. കുട്ടികളുടെ കൂട്ടത്തില്‍ യാത്ര ചെയ്യുമ്പോള്‍ ട്രെയിനിലെ പൊടിപിടിച്ച ആഹാരങ്ങള്‍ വാങ്ങിക്കഴിക്കാതിരിക്കുന്നതിന് കുറച്ച് ബിസ്കറ്റുകളും ചോക്ലേറ്റുകളും കൂട്ടത്തില്‍ കരുതുന്ന ഒരു പതിവുണ്ട്. അതില്‍ നിന്നും ചിലതെടുത്ത് പ്രായം കുറഞ്ഞ ചെറുമകന്‍റെ കയ്യില്‍ കൊടുത്ത് അവരുടെ കുട്ടിയ്ക്ക് കൊടുക്കാന്‍ ആഗ്യം കാണിച്ചു. കുട്ടികള്‍ കുട്ടികളാണ്. അവര്‍ക്ക് ജാതിയുടെയും മതത്തിന്‍റെയും വ്യത്യാസമൊന്നുമില്ല. അവര്‍ അത് സ്വീകരിക്കുക മാത്രമല്ല, ഞങ്ങളുടെ കുട്ടികളുമായി സംസാരിക്കാനും കളിക്കാനും തുടങ്ങി. ഇത് കണ്ടപ്പോള്‍ മാതാപിതാക്കള്‍ക്കും ചെറിയ മാറ്റമുണ്ടായി.
അല്‍പ്പം കഴിഞ്ഞപ്പോള്‍ അവര്‍ എന്നോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. വളരെ പെട്ടെന്ന് തന്നെ അത് മതപരമായ ചോദ്യങ്ങളായി രൂപാന്തരപ്പെട്ടു. അവര്‍ ചോദിച്ചു: നിങ്ങള്‍ മുസ്ലിംകള്‍ വളരെ നല്ലവരാണ്. പക്ഷേ, ഈ ജീവികളെ കൊന്ന് തിന്നുന്നത് എന്തിനാണ്? ഇത് കാരുണ്യത്തിന് വിരുദ്ധമല്ലേ? വിനീതന്‍ പറഞ്ഞു: ഞാനും നിങ്ങളും ദൈവ വിശ്വാസികളാണ്. ഈ ലോകം മുഴുവനും പടച്ചത് ഈശ്വരനാണ്. പടച്ചവന്‍ ഈ ലോകത്തെ സംവിധാനിച്ചിരിക്കുന്നത് ലോകത്തുള്ള സൃഷ്ടികളില്‍ ചിലതിനെ മറ്റുചില സൃഷ്ടികള്‍ക്ക് ആഹാരമായിട്ടാണ്. ചെടികളും വൃക്ഷങ്ങളും പടച്ചവന്‍റെ സൃഷ്ടികളാണ്. അവയിലും ജീവനും ബോധവും സുഖ ദു:ഖവിചാരങ്ങളും ഉണ്ടെന്ന് ആധുനിക ശാസ്ത്രം പറയുന്നു. ഇത്തരുണത്തില്‍ അരിയും ഗോതമ്പും കഴിക്കുന്നത് നാം ഉപേക്ഷിക്കുമോ? നാം കുടിക്കുന്ന ഒരു ക്ലാസ് വെള്ളം സൂക്ഷ്മ ദര്‍ശിനികൊണ്ട് നോക്കിയാല്‍ അതില്‍ നൂറ് കണക്കിന് അണുക്കള്‍ നീന്തുന്നതായി കാണാന്‍ കഴിയും. ആകയാല്‍ പ്രകൃതിയുടെ നിയമത്തോട് നാം മുഖം തിരിച്ച് നിന്നാല്‍ ഒരുമണി ധാന്യം കഴിക്കാനോ, ഒരു ഇറക്ക് വെള്ളം കുടിക്കാനോ സാധിക്കുന്നതല്ല. ഈ ലോക സൃഷ്ടികളില്‍ ഏറ്റവും ശ്രേഷ്ടന്‍ മനുഷ്യനാണ്. അതുകൊണ്ട് മനുഷ്യനെ ആഹാരമായി ഉപയോഗിക്കാറില്ല. എന്നിട്ടും ചില വന്യമൃഗങ്ങള്‍ മനുഷ്യനെ ഭക്ഷിക്കുന്നു. ആകയാല്‍ ഇത് പടച്ചവന്‍ പ്രകൃതിപരമായി സജ്ജീകരിച്ച കാര്യമാണ്!
ഇത് കേട്ടപ്പോള്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു: ഞാന്‍ ഈ നിലയില്‍ ചിന്തിക്കുകപോലും ചെയ്തിരുന്നില്ല. ശേഷം അദ്ദേഹം ചോദിച്ചു: നിങ്ങള്‍ മസ്ജിദില്‍ അല്ലാഹു അക്ബര്‍ എന്ന് അലമുറയിട്ട് പറയുന്നതിന്‍റെ കാരണമെന്താണ്? ഞാന്‍ പറഞ്ഞു: പടച്ചവന്‍ എന്തെങ്കിലും അനുഗ്രഹങ്ങള്‍ നല്‍കിയാല്‍ മനുഷ്യന്‍ സ്വയം വലിയവനാണെന്ന് ധരിക്കാറുണ്ട്. ഇത് മനുഷ്യന്‍റെ ഒരു ബലഹീനതയാണ്. സമ്പന്നന്‍ സമ്പത്തിനെ വലുതായി കാണുകയും സാധുക്കളെയും ജോലിക്കാരെയും നിന്ദ്യതയുടെ കണ്ണുകൊണ്ട് നോക്കുകയും ചെയ്യുന്നു. ഭരണാധികാരി ഭരണത്തെ വലുതായും പൊതുജനങ്ങളെ നിന്ദ്യരായും കാണുന്നു. ഉന്നത വിദ്യാഭ്യാസമുള്ളവര്‍ അതിനെ വലുതായി കാണുകയും അറിവ് കുറഞ്ഞവരെ നിന്ദിക്കുകയും ചെയ്യുന്നു. മനുഷ്യന്‍ താഴെയുള്ളവരെ ഇപ്രകാരം നിന്ദ്യരായി കണ്ടാല്‍ മനുഷ്യന് അഹങ്കാരവും പെരുമയും വളരുകയും മറ്റുള്ളവരെ നിന്ദിക്കുകയും ചെയ്യുന്നതാണ്. ലോകത്ത് നടക്കുന്ന അക്രമങ്ങളുടെയെല്ലാം അടിസ്ഥാനം ഇത് തന്നെയാണ്. അതുകൊണ്ട് പടച്ചവന്‍ ഇടയ്ക്കിടെ നമ്മെക്കൊണ്ട് അല്ലാഹു അക്ബര്‍ എന്ന് പറയിക്കുന്നു. അതായത്, ഈശ്വരന്‍ മഹോന്നതനാണ്. നിങ്ങളുടെ സമ്പത്തോ, അന്തസ്സോ, അറിവോ, അധികാരമോ ഒന്നും വലുതല്ല. എല്ലാം ചെറുതാണ്. പടച്ചവന്‍ വലിയവനാണ്. ഈ ചിന്ത മനുഷ്യനെ അഹങ്കാരത്തില്‍ കുടുങ്ങുന്നതില്‍ നിന്നും രക്ഷിക്കുന്നു. തുടര്‍ന്ന് ബാങ്കിന്‍റെ ഇതര വചനങ്ങളും അദ്ദേഹത്തിന് മുമ്പാകെ വിവരിച്ചു. അദ്ദേഹം ശ്രദ്ധിച്ച് കേട്ടു. അവസാനം പറഞ്ഞു: ധാരാളം ആളുകളെ കണ്ടിട്ടുണ്ടെങ്കിലും അവരാരും പറഞ്ഞ് തരാത്ത കാര്യമാണ് താങ്കള്‍ പറഞ്ഞ് തന്നത്. ഒരു മസ്ജിദിലെ ഇമാം എന്‍റെ സുഹൃത്താണ്. ഞാന്‍ അദ്ദേഹത്തോട് മസ്ജിദില്‍ വരണമെന്നും ഈ കാര്യങ്ങള്‍ അറിയണമെന്നും ആഗ്രഹം പ്രകടിപ്പിച്ചിട്ടും അദ്ദേഹം എന്നെ മസ്ജിദില്‍ കൊണ്ടുപോവുകയോ, ഈ കാര്യങ്ങള്‍ പറഞ്ഞ് തരികയോ ചെയ്തിട്ടില്ല!
ഹൈദരബാദില്‍ ഞങ്ങള്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹത്തിന് ഏതോ മത പരിപാടിയിലേക്ക് പോകേണ്ടതുണ്ടായിരുന്നു പുറത്തിറങ്ങിയപ്പോള്‍ എനിയ്ക്കുള്ള വണ്ടിവന്നു. അദ്ദേഹം വണ്ടിവിളിക്കാന്‍ കാത്ത് നില്‍ക്കുകയായിരുന്നു. ഞാന്‍ പറഞ്ഞു: ഞാന്‍ ഈ നാട്ടുകാരനാണ്. എനിയ്ക്ക് വീട്ടിലെത്താന്‍ ബുദ്ധിമുട്ട് ഒന്നുമില്ല. ഞങ്ങള്‍ ഓട്ടോറിക്ഷയില്‍ പോയിക്കൊള്ളാം. താങ്കള്‍ എനിയ്ക്കുവേണ്ടി വന്ന വാഹനത്തില്‍ പോവുക. എന്‍റെ കൂട്ടുകാരന്‍ താങ്കളെ നല്ലനിലയില്‍ യഥാസ്ഥാനത്ത് എത്തിക്കുന്നതാണ്. അദ്ദേഹം വളരെയധികം നന്ദി പറയുകയും താങ്കള്‍ ഗുരുവാണെന്ന് പറഞ്ഞ് അദ്ദേഹവും കുടുംബവും എന്‍റെ പാദങ്ങളില്‍ വണങ്ങുകയും ചെയ്തു. ഇതാണ് മറ്റുള്ളവരുമായി ശരിയായ നിലയില്‍ ബന്ധപ്പെടുന്നതിന്‍റെ ഫലം.
*************
മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുസ്വാഫ്ഫാത്ത്-1
(182 ആയത്തുകള്‍, പദങ്ങള്‍ 860. അക്ഷരങ്ങള്‍ 3826. മക്കാമുകര്‍റമയില്‍ അവതരണം. 5 റുകൂഅ്. അവതരണ ക്രമം 56. പാരായണ ക്രമം 37. സൂറത്തുല്‍ അന്‍ആമിന് ശേഷം അവതരണം)
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം
തൗഹീദിന്‍റെ സമര്‍ത്ഥനം
മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 01-10
وَالصَّافَّاتِ صَفًّا (1) فَالزَّاجِرَاتِ زَجْرًا (2) فَالتَّالِيَاتِ ذِكْرًا (3) إِنَّ إِلَٰهَكُمْ لَوَاحِدٌ (4) رَّبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا وَرَبُّ الْمَشَارِقِ (5) إِنَّا زَيَّنَّا السَّمَاءَ الدُّنْيَا بِزِينَةٍ الْكَوَاكِبِ (6) وَحِفْظًا مِّن كُلِّ شَيْطَانٍ مَّارِدٍ (7) لَّا يَسَّمَّعُونَ إِلَى الْمَلَإِ الْأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ (8) دُحُورًا ۖ وَلَهُمْ عَذَابٌ وَاصِبٌ (9) إِلَّا مَنْ خَطِفَ الْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ (10)
ആയത്ത് 1-10
അണിയണിയായി നില്‍ക്കുന്ന മലക്കുകളെക്കൊണ്ട് സത്യം.(1). തടഞ്ഞ് നിര്‍ത്തുന്ന മലക്കുകളെക്കൊണ്ട് സത്യം (2) പടച്ചവന്‍റെ സന്ദേശം ഓതുന്ന മലക്കുകളെക്കൊണ്ട് സത്യം.(3) തീര്‍ച്ചയായും നിങ്ങളുടെ ആരാധ്യന്‍ ഏകന്‍ തന്നെയാണ്.(4) ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും ഉദയസ്ഥാനങ്ങളുടെയും പരിപാലകനാണ്.(5) ഭൂമിയോട് അടുത്ത ആകാശത്തെ നക്ഷത്രങ്ങളുടെ അലങ്കാരംകൊണ്ട് നാം അലങ്കരിച്ചിരിക്കുന്നു(6) ധിക്കാരിയായ എല്ലാ പിശാചില്‍നിന്നും അതിനെ സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു.(7) സമുന്നത മലക്കുകളുടെ സദസ്സിലേക്ക് ചെവികൊടുത്ത് അവര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നതല്ല. എല്ലാ ഭാഗത്തുനിന്നും അവരെ എറിയപ്പെടുന്നതാണ്.(8) അവരെ വിരട്ടി ഓടിക്കപ്പെടും. അവര്‍ക്ക് നിരന്തര ശിക്ഷയുമുണ്ട്.(9) എന്നാല്‍ എന്തെങ്കിലും കാര്യം റാഞ്ചിയെടുക്കുന്നവനൊഴികെ. പക്ഷെ, തുളച്ച് കയറുന്ന ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്.(10)
ആശയ സംഗ്രഹം
ആരാധനകളില്‍ അല്ലെങ്കില്‍ പടച്ചവന്‍റെ കല്‍പ്പനകള്‍ കേള്‍ക്കുന്ന സമയം അണിയണിയായി നില്‍ക്കുന്ന മലക്കുകളെക്കൊണ്ട് സത്യം. മലക്കുകള്‍ അണിയണിയായി നില്‍ക്കുന്നതാണെന്ന് ഈ സൂറത്തിന്‍റെ തന്നെ 165-ാം വചനത്തില്‍ പിന്നീട് പറയുന്നുണ്ട്! ആകാശ വൃത്താന്തങ്ങള്‍ കൊണ്ടുവരുന്ന പിശാചുക്കളെ തുളച്ച് കയറുന്ന തീജ്വാലകൊണ്ട് വിരട്ടിയോടിക്കുന്ന മലക്കുകളെക്കൊണ്ട് സത്യം. ഈ കാര്യവും അടുത്ത ആയത്തില്‍ വരുന്നുണ്ട്. പടച്ചവന്‍റെ സന്ദേശങ്ങളും സ്തുതി കീര്‍ത്തനങ്ങളും ഓതുന്ന മലക്കുകളെക്കൊണ്ട് സത്യം. ഈ കാര്യവും 166-ാം ആയത്തില്‍ വരുന്നുണണ്ട്. ചുരുക്കത്തില്‍ ഈ മൂന്ന് സത്യങ്ങള്‍ ചെയ്തുകൊണ്ട് അല്ലാഹു അറിയിക്കുന്നു: തീര്‍ച്ചയായും നിങ്ങളുടെ യഥാര്‍ത്ഥ ആരാധ്യന്‍ ഏകന്‍ തന്നെയാണ്. പടച്ചവന്‍റെ ഏകത്വത്തിന്‍റെ ഒരു തെളിവ് ഇതാണ്: ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും എല്ലാ നക്ഷത്രങ്ങളുടെ ഉദയസ്ഥാനങ്ങളുടെയും പരിപാലകനും ഉടമസ്ഥനും കൈകാര്യ കര്‍ത്താവുമാണ്. ഭൂമിയോട് അടുത്ത ആകാശത്തെ നക്ഷത്രങ്ങളുടെ അലങ്കാരംകൊണ്ട് നാം അലങ്കരിച്ചിരിക്കുന്നു. അതേ നക്ഷത്രങ്ങള്‍ കൊണ്ട് തന്നെ ധിക്കാരിയായ എല്ലാ പിശാചുക്കളും ആകാശ വാര്‍ത്തകള്‍ കൊണ്ടുവരുന്നതില്‍ നിന്നും അതിനെ സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു. ഈ സംരക്ഷണം കാരണം സമുന്നത മലക്കുകളുടെ സംസാരങ്ങള്‍ ചെവികൊടുത്ത് അവര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നതല്ല. അതായത് ഏറിനെ ഭയന്ന് അവരില്‍ ഭൂരിഭാഗവും ദൂരത്ത് കഴിയുന്നതാണ്. ഇനി യാദൃശ്ചികമായി ആരെങ്കിലും പരിശ്രമിച്ചാല്‍ തന്നെ പിശാച് കടന്നുവരുന്ന എല്ലാ ഭാഗത്തുനിന്നും അവരെ എറിഞ്ഞ് വിരട്ടി ഓടിക്കപ്പെടുന്നതാണ്. ഈ ശിക്ഷയും നിന്ദ്യതയും ഇഹലോകത്ത് ഉണ്ടാകുന്ന കാര്യമാണ്. ശേഷം പരലോകത്ത് അവര്‍ക്ക് നരകത്തിന്‍റെ നിരന്തര ശിക്ഷയുമുണ്ട്. ചുരുക്കത്തില്‍ അവര്‍ ആകാശത്തുള്ള വാര്‍ത്തകള് കേള്‍ക്കുന്നതിന് മുന്‍പ് തന്നെ എറിഞ്ഞ് ഓടിക്കപ്പെടുന്നതാണ്. കേള്‍ക്കാന്‍ ആഗ്രഹിച്ച വരുമെങ്കിലും അവര്‍ പരാജയപ്പെടുന്നതാണ്. എന്നാല്‍ ഏതെങ്കിലും എന്തെങ്കിലും കാര്യം റാഞ്ചിയെടുത്താല്‍ തുളച്ച് കയറുന്ന ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്. ഈ തീജ്വാല അവനെ കരിച്ച് ഭസ്മമാക്കുന്നതാണ്. ആകയാല്‍ കേട്ട കാര്യങ്ങള്‍ ആര്‍ക്കും എത്തിച്ച് കൊടുക്കാന്‍ അവന് കഴിയുന്നതല്ല. ഈ സജ്ജീകരണങ്ങളെല്ലാം പടച്ചവന്‍റെ ഏകത്വത്തിന്‍റെ തെളിവുകളാണ്.
വിവരണവും വ്യാഖ്യാനവും
ഈ സൂറത്തിലെ വിഷയങ്ങള്‍: ഈ സൂറത്ത് മക്കയില്‍ അവതരിച്ചതാണ്. ഇതര മക്കീ സൂറത്തുകളെപ്പോലെ ഇതിന്‍റെ അടിസ്ഥാന വിഷയവും വിശ്വാസ കാര്യങ്ങളാണ്. തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്നീ മൂന്ന് വിശ്വാസങ്ങളെ വ്യത്യസ്ത ശൈലികളില്‍ സമര്‍ത്ഥിച്ചിരിക്കുന്നു. കൂട്ടത്തില്‍ ബഹുദൈവാരാധകരുടെ വിശ്വാസങ്ങള്‍ ഖണ്ഡിക്കുകയും ചെയ്തിട്ടുണ്ട്. ശേഷം സ്വര്‍ഗ്ഗ നരകങ്ങളുടെ അവസ്ഥകളും ചിത്രീകരിച്ചിരിക്കുന്നു. എല്ലാ നബിമാരും സംയുക്തമായി പ്രബോധനം ചെയ്ത സന്ദേശങ്ങള്‍ സമര്‍ത്ഥിക്കുകയും നിഷേധികളുടെ സംശയ വിമര്‍ശനങ്ങള്‍ ദൂരീകരിക്കുകയും ചെയ്ത ശേഷം സൂറത്ത് മുന്‍കാലങ്ങളില്‍ നിഷേധത്തിന്‍റെയും ബഹുദൈവരാധനയുടെയും പാത സ്വീകരിച്ചവരുടെ അന്ത്യവും വിവരിക്കുന്നു. ഇതിന് വേണ്ടി നൂഹ് നബി (അ), ഇബ്റാഹീം നബി (അ), അനുഗ്രഹീത സന്താനങ്ങള്‍ (അ), മൂസാ നബി (അ), ഹാറൂന്‍ നബി (അ), ഇല്‍യാസ് നബി (അ), ലൂത്വ് നബി (അ), യൂനുസ് നബി (അ) എന്നീ നബിമാരുടെ സംഭവങ്ങള്‍ ഹൃസ്വമായ നിലയില്‍ വിവരിക്കുകയും ചെയ്തിരിക്കുന്നു. മക്കാ നിഷേധികള്‍ മലക്കുകളെക്കുറിച്ച് പടച്ചവന്‍റെ പെണ്‍മക്കളെന്ന് വാദിച്ചിരുന്നു. ഇതിനെ അവസാനമായി ഖണ്ഡിക്കുകയും ചെയ്യുന്നു. ബഹുദൈവരാധനയുടെ ഒരു പ്രത്യേക വിഭാഗമായ മലക്കുകളെ പെണ്‍മക്കളായി ചിത്രീകരിക്കുന്നതിനെ ഖണ്ഡിക്കലാണ് ഈ സൂറത്തിലെ അടിസ്ഥാന വിഷയമെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. അതുകൊണ്ട് തന്നെ മലക്കുകളെ കൊണ്ട് സത്യം ചെയ്യുകയും അവരുടെ അടിമത്വത്തിന്‍റെ മഹനീയ ഗുണങ്ങള്‍ വിവരിക്കുകയും ചെയ്തുകൊണ്ടാണ് സൂറത്ത് ആരംഭിച്ചിരിക്കുന്നത്.
പ്രഥമ വിഷയം തൗഹീദാണ്. സൂറത്ത് ആരംഭിച്ചിരിക്കുന്നത് തൗഹീദിനെ വിവരിച്ചുകൊണ്ടാണ്. മലക്കുകളുടെ മൂന്ന് വിഭാഗങ്ങളെ കൊണ്ട് സത്യം ചെയ്ത ശേഷം പ്രഖ്യാപിക്കുന്നു: തീര്‍ച്ചയായും നിങ്ങളുടെ ആരാധ്യന്‍ ഏകന്‍ തന്നെയാണ്.(4) ഈ പ്രഖ്യാപനത്തിന് മുന്‍പ്, വരിവരിയായി നില്‍ക്കുന്നവരും വിരട്ടുന്നവരും പാരായണം ചെയ്യുന്നവരുമായ മൂന്ന് വിഭാഗം മലക്കുകളെക്കൊണ്ട് സത്യം ചെയ്തിരിക്കുന്നു. ഈ മൂന്ന് വിഭാഗം മലക്കുകള്‍ ആരാണെന്ന് ഖുര്‍ആനില്‍ വ്യക്തമാക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇതിന്‍റെ വിവരണത്തെക്കുറിച്ച് പല അഭിപ്രായങ്ങളുമുണ്ട്. ചിലര്‍ പറയുന്നു: ഇതുകൊണ്ടുള്ള ഉദ്ദേശം അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്ന യോദ്ധാക്കളാണ്. അസത്യത്തിന്‍റെ ശക്തിയെ തടഞ്ഞ് നിര്‍ത്തുന്നതിനും വിരട്ടി ഓടിക്കുന്നതിനും അവര്‍ അണിയണിയായി നില്‍ക്കുകയും തദവസരം ഖുര്‍ആന്‍ പാരായണത്തിലും ദിക്ര്‍-ദുആകളിലും മുഴുകുകയും ചെയ്യുന്നു. മറ്റുചിലര്‍ പറയുന്നു: ഇതുകൊണ്ടുള്ള ഉദ്ദേശം നമസ്കാരക്കാരാണ്. അവര്‍ മസ്ജിദുകളില്‍ അണികളായി നിന്നുകൊണ്ട് പൈശാചിക ചിന്താ കര്‍മ്മങ്ങളെ തടയുകയും ധ്യാനം മുഴുവന്‍ ദിക്ര്‍ പാരായണങ്ങളില്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. (അത്തഫ്സീറുല്‍ കബീര്‍). ഇതല്ലാത്ത മറ്റുചില അഭിപ്രായങ്ങളും ഉണ്ടെങ്കിലും അവയ്ക്ക് ഖുര്‍ആനിക വചനങ്ങളുമായി യോജിപ്പൊന്നും കാണപ്പെടുന്നില്ല. എന്നാല്‍ ഭൂരിഭാഗം മുഫസ്സിറുകളുടെയും അഭിപ്രായം ഇതുകൊണ്ടുള്ള ഉദ്ദേശം മലക്കുകളാണ് എന്നതാണ്. ഇവിടെ അവരുടെ മൂന്ന് വിശേഷണങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നു.
ഒന്നാമത്തെ വിശേഷണം, അസ്സ്വാഫ്ഫാത്ത് എന്നതാണ്. ഇത് സ്വഫ്ഫില്‍ നിന്നും എടുക്കപ്പെട്ടതാണ്. ഒരു കൂട്ടരെ ഒരു വരിയില്‍ നേരെ നിര്‍ത്തുക എന്നതാണ് ഇതിന്‍റെ ആശയം. അതായത് അണിയായി നില്‍ക്കുന്നവര്‍! മലക്കുകള്‍ അണിയായി നില്‍ക്കുന്നവരാണെന്ന കാര്യം മലക്കുകള്‍ തന്നെ പറയുന്നതായി ഈ സൂറത്തിന്‍റെ അവസാനത്തില്‍ ഉദ്ധരിക്കുന്നുണ്ട്. ഇപ്രകാരം അവര്‍ അണിയായി നില്‍ക്കുന്നത് എപ്പോഴാണ് എന്നതിനെക്കുറിച്ച് ഇബ്നു അബ്ബാസ് (റ), ഹസന്‍ ബസ്വരി (റ), ഖത്തദ (റ) മുതലായ മഹാന്മാര്‍ പറയുന്നു. മലക്കുകള്‍ സര്‍വ്വ സമയവും അന്തരീക്ഷത്തില്‍ അണിയായി നിന്നുകൊണ്ട് അല്ലാഹുവിന്‍റെ കല്‍പ്പനകളെ ശ്രദ്ധിക്കുന്നതാണ്. കല്‍പ്പന വല്ലതും ഉണ്ടായാല്‍ ഉടനടി പാലിക്കുന്നതുമാണ്. (മസ്ഹരി). ചിലര്‍ പറയുന്നു: ഇത് ആരാധനയുടെ സമയത്താണ്. അതായത് മലക്കുകള്‍ ആരാധനകളിലും ദിക്ര്‍-ദുആകളിലും മുഴുകുമ്പോള്‍ അണിയായി നില്‍ക്കുന്നതാണ്. (അത്തഫ്സീറുല്‍ കബീര്‍).
അടുക്കും ചിട്ടയും മഹല്‍ ഗുണമാണ്. ഓരോ കാര്യങ്ങളിലും അടുക്കും ചിട്ടയും വൃത്തിയും വെടുപ്പും ദീനില്‍ കല്‍പ്പിക്കപ്പെട്ടതാണെന്നും പടച്ചവന് പ്രിയങ്കരമാണെന്നും ഈ ആയത്തില്‍ നിന്നും മനസ്സിലാകുന്നു. മലക്കുകളുടെ ഈ അണികൊണ്ടുള്ള ഉദ്ദേശം അല്ലാഹുവിന്‍റെ കല്‍പ്പന പാലിക്കലും ആരാധനയും ഏതായാലും ശരി, അണിയായി നില്‍ക്കാതെ ചിതറി നിന്നോ കൂട്ടം കൂടിയോ അവര്‍ക്ക് നടത്താമായിരുന്നു. പക്ഷേ, ഈ അച്ചടക്ക രാഹിത്യത്തിന് പകരം പടച്ചവന്‍ അവര്‍ക്ക് അണിയായി നില്‍ക്കാന്‍ ഉതവി നല്‍കുകയും ഈ ആയത്തിലൂടെ ഇത് അവരുടെ മഹനീയ ഗുണമായി അനുസ്മരിക്കുകയും ചെയ്തതിലൂടെ അല്ലാഹുവിന് ഇത് വളരെ ഇഷ്ടമായ ഗുണമാണെന്ന് വ്യക്തമാക്കുന്നു.
നമസ്കാരത്തിന്‍റെ സ്വഫ്ഫുകള്‍ ശരിയാക്കുന്നതിന്‍റെ പ്രാധാന്യം. അതുകൊണ്ട് തന്നെ മനുഷ്യരും ആരാധനാ വേളകളില്‍ അണിയായി നില്‍ക്കാന്‍ പ്രേരിപ്പിക്കപ്പെട്ടിരിക്കുന്നു. ജാബിര്‍ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: മലക്കുകള്‍ പടച്ചവന് മുന്നില്‍ അണിയായി നില്‍ക്കുന്നത് പോലെ നിങ്ങളും എന്തുകൊണ്ടാണ് അണിയായി നില്‍ക്കാത്തത്? സഹാബത്ത് ചോദിച്ചു: അത് എങ്ങനെയാണ്? റസൂലുല്ലാഹി (സ) അരുളി: അവര്‍ അണികള്‍ പൂര്‍ത്തീകരിക്കുന്നു. ഇടയില്‍ സ്ഥലം വിടാതെ ചേര്‍ന്ന് നില്‍ക്കുന്നു. (മുസ്ലിം). നമസ്കാരത്തില്‍ സ്വഫ്ഫുകള്‍ പൂര്‍ത്തീകരിക്കുകയും നേരെ നില്‍ക്കുകയും ചെയ്യുന്നതിനെ പ്രേരിപ്പിച്ചുകൊണ്ട് ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്. അവ സമാഹരിച്ചാല്‍ തന്നെ ഒരു ഗ്രന്ഥമായി മാറുന്നതാണ്. അബൂ മസ്ഊദ് (റ) നിവേദനം. റസൂലുല്ലാഹി (സ) നമസ്കാര വേളയില്‍ ഞങ്ങളുടെ തോളില്‍ കൈവെച്ചുകൊണ്ട് പറയുമായിരുന്നു: നിങ്ങള്‍ നേരെ നില്‍ക്കുക. കയറിയും ഇറങ്ങിയും നില്‍ക്കാതിരിക്കുക. അല്ലാത്ത പക്ഷം നിങ്ങളുടെ മനസ്സുകളില്‍ ഭിന്നതയുണ്ടാകുന്നതാണ്. (മുസ്ലിം, നസാഇ).
മലക്കുകളുടെ രണ്ടാമത്തെ ഗുണം, സാജിറാത്ത് എന്നതാണ്. ഇത് സജ്റില്‍ നിന്നും എടുക്കപ്പെട്ടതാണ്. തടയുക, വിരട്ടുക, ആട്ടിയോടിക്കുക എന്നാണ് ആശയം. ഹകീമുല്‍ ഉമ്മത്ത് ത്ഥാനവി (റ) ഇതിന് തടഞ്ഞ് നിര്‍ത്തുന്നവര്‍ എന്ന് ആശയം പറഞ്ഞിരിക്കുന്നു. ഇത് മുഴുവന്‍ ആശയങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. മലക്കുകള്‍ എന്തിനെയാണ് തടഞ്ഞ് നിര്‍ത്തുന്നത് എന്നതിനെക്കുറിച്ച് മുന്‍പിന്‍ ആയത്തുകളിലേക്ക് നോക്കിക്കൊണ്ട് മുഫസ്സിറുകള്‍ പറയുന്നു: പിശാചുക്കള്‍ ഉപരിലോകത്തേക്ക് വരുന്നതില്‍ നിന്നുമാണ് തടഞ്ഞ് നിര്‍ത്തുന്നത്. ഇതിന്‍റെ വിവരണം അടുത്ത ആയത്തുകളില്‍ വരുന്നുണ്ട്.
മൂന്നാമത്തെ ഗുണം, താലിയാത്തി ദിക്റന്‍ എന്നതാണ്. താലിയാത്ത് എന്നാല്‍ പാരായണം ചെയ്യുന്നവര്‍ എന്നാണ് ആശയം. ദിക്റുകൊണ്ട് ഉപദേശവും പടച്ചവന്‍റെ സ്മരണയും ഉദ്ദേശിക്കാവുന്നതാണ്. ഉപദേശം എന്ന ആശയം അനുസരിച്ച് ആയത്തിന്‍റെ ഉദ്ദേശം മലക്കുകള്‍ വിശുദ്ധ വേദത്തിലൂടെ അവതീര്‍ണ്ണമായ ഉപദേശങ്ങള്‍ അവര്‍ പാരായണം ചെയ്യുന്നു എന്നതാണ് വിവക്ഷ. ഈ പാരായണം ഐശ്വര്യം കരസ്ഥമാക്കാനും ആരാധനയ്ക്കുമായിരിക്കാം. അല്ലെങ്കില്‍ ഇതുകൊണ്ടുള്ള ഉദ്ദേശം വഹ്യ് കൊണ്ടുവരുന്ന മലക്കുകളായിരിക്കാം. അവര്‍ നബിമാരുടെ മുന്നില്‍ വിശുദ്ധ വചനങ്ങള്‍ ഓതിക്കൊണ്ട് പടച്ചവന്‍റെ വചനങ്ങള്‍ എത്തിച്ചുകൊടുക്കുന്നു. പടച്ചവന്‍റെ സ്മരണ എന്ന ആശയമനുസരിച്ച് സര്‍വ്വ സമയങ്ങളിലും അവര്‍ പടച്ചവന്‍റെ സ്തുതി കീര്‍ത്തനങ്ങളില്‍ മുഴുകിക്കഴിയുന്നു എന്നാണ് ആയത്തിന്‍റെ വിവക്ഷ.
ഇവിടെ മലക്കുകളുടെ ഈ മൂന്ന് വിശേഷണങ്ങള്‍ പറഞ്ഞതിലൂടെ അവരുടെ അടിമത്വവുമായി ബന്ധപ്പെട്ട എല്ലാ ഗുണങ്ങളും അടങ്ങിയിരിക്കുന്നു. അതായത് അവര്‍ ആരാധനയ്ക്ക് വേണ്ടി അണിയണിയായി നില്‍ക്കുകയും പൈശാചിക ശക്തികളെ ധിക്കാരത്തില്‍ നിന്ന് തടയുകയും ഉപദേശങ്ങള്‍ പാരായണം ചെയ്യുകയും മറ്റുള്ളവര്‍ക്ക് എത്തിച്ച് കൊടുക്കുകയും ചെയ്യുന്നവരാണ്. മുഴുവന്‍ നന്മകളും ഈ മൂന്ന് കാര്യങ്ങളില്‍ ഒന്നുമായി ബന്ധപ്പെട്ടതാണ്. ചുരുക്കത്തില്‍ ഈ നാല് ആയത്തുകളുടെ ആശയം ഇപ്രകാരമാണ്: നന്മകളുടെയും അടിമത്വത്തിന്‍റെയും സര്‍വ്വ ഗുണങ്ങളും ഉള്‍ക്കൊണ്ടിരിക്കുന്ന മലക്കുകളെക്കൊണ്ട് സത്യം, നിങ്ങളുടെ ആരാധനയ്ക്കര്‍ഹന്‍ ഏകനാണ്.
*********
മആരിഫുല്‍ ഹദീസ്
തഹജ്ജുദിന് ശേഷമുള്ള
സാരസമ്പൂർണ്ണമായ ഒരു ദുആ
മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
120. ഇബ്‌നു അബ്ബാസ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ഒരു രാത്രി തഹജ്ജുദ് നമസ്‌കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ ഇപ്രകാരം ദുആ ചെയ്യുന്നതായി ഞാൻ കേട്ടു:.................. അല്ലാഹുവെ നീ എന്റെ ഹൃദയത്തെ സന്മാർഗത്തിൽ ആക്കുകയും എന്റെ കാര്യങ്ങളെ ചേർക്കുകയും എന്റെ ചിതറിയെ വിഷയങ്ങളെ ഒന്നാക്കുകയും എന്റെ മറഞ്ഞ കാര്യങ്ങളെ നന്നാക്കുകയും എന്റെ പ്രകടമായ കാര്യങ്ങളെ ഉന്നതമാക്കുകയും എന്റെ അമലുകളെ പരിശുദ്ധമാക്കുകയും എനിക്ക് നേർമാർഗ്ഗം തോന്നിപ്പിക്കുകയും മനസ്സിന്റെ ഇണക്കം മടക്കിത്തരികയും എന്നെ എല്ലാ വിധ തിന്മകളിൽ നിന്നും കാത്ത് രക്ഷിക്കുകയും ചെയ്യുന്ന നിന്റെയടുക്കൽ നിന്നുള്ള കാരുണ്യത്തെ ഞാൻ തേടുന്നു. അല്ലാഹുവെ ശേഷം ഒരു തരം കുഫ്‌റും ഉണ്ടാകാത്തതായ ഈമാനും യഖീനും എനിക്ക് കനിഞ്ഞരുളേണമെ. ദുൻയാവിലും ആഖിറത്തിലും നിന്റെ മാന്യതയുടെ മഹത്വം ലഭ്യമാകുന്ന തരം പ്രത്യേക കാരുണ്യം കനിഞ്ഞരുളേണമെ. അല്ലാഹു എനിക്ക് വിധിയിൽ ദാക്ഷിണ്യവും രക്ത സാക്ഷികളുടെ പദവിയും വിജയികളുടെ ജീവിതവും ശത്രുക്കൾക്കെതിരിൽ സഹായവും നൽകേണമെ. അല്ലാഹുവെ എന്റെ ബുദ്ധി ന്യൂനതയു ള്ളതാണെങ്കിലും അമൽ ബലഹീനമാണെങ്കിലും ഞാൻ നിന്നിൽ എന്റെ ആവശ്യം സമർപ്പിക്കുന്നു. ഞാൻ നിന്റെ കാരുണ്യത്തിലേക്ക് ആവശ്യക്കാ രനായിരിക്കുന്നു. കാര്യങ്ങൾ നിർവഹിക്കുന്നവനെ. മനസ്സുകൾക്ക് സുഖം നൽകുന്നവനെ. സമുദ്രങ്ങളിലെ (ഉപ്പുരസമുള്ള ജലത്തേയും ശുദ്ധ ജലത്തേയും) നീ വേർതിരിച്ചതു പോലെ നരക ശിക്ഷയിൽ നിന്നും അതിൽ കിടന്ന് നിലവിളിക്കുന്നതിൽ നിന്നും ഖബറിലെ പരീക്ഷണങ്ങളിൽ നിന്നും നീ എന്നേ കാക്കേണമെ. എനിക്ക് ചിന്തിക്കുവാൻ പോലും കഴിഞ്ഞിട്ടില്ലാത്തതും എന്റെ ഉദ്ദേശം എത്തിച്ചേരാത്തതും എനിക്ക് ചോദിക്കാൻ കഴിഞ്ഞിട്ടില്ലാത്തതുമായ നിന്റെ സൃഷ്ടികളിൽ ആർക്കെങ്കിലും നൽകാമെന്ന് നീ വാഗ്ദാനം ചെയ്യുകയോ നൽകുവാൻ തീരുമാനി ക്കുയോ ചെയ്ത നന്മകളെ ഞാൻ നിന്നിൽ നിന്നും ആഗ്രഹിക്കുകയും നിന്റെ കാരുണ്യം മുൻ നിർത്തി സർവ്വ ലോക പരിപാലകനായ നിന്നോട് അവക്കായി തേടുകയും ചെയ്യുന്നു. ശക്തമായ പാശത്തിന്റെയും ശരിയായ കാരുണ്യത്തിന്റെയും (ദീൻ) ഉടമസ്ഥനായ അല്ലാഹുവെ മുന്നറിയിപ്പ് ദിവസം നിർഭയതയും സമീപസ്ഥരും സാക്ഷി നിൽക്കുന്നവരും റുകൂഉും സുജൂദും അനുഷ്ടിക്കുന്നവരും കരാർ പാലിക്കുന്നവരും ആയവരോടൊപ്പം നിത്യതയുടെ ദിനത്തിൽ സ്വർഗ്ഗവും നിന്നോട് ചോദിക്കുന്നു നീ കാരുണ്യവാനും സ്‌നേഹനിധിയുമാണ്. നീ വിചാരിക്കുന്നത് നീചെയ്യുന്നു. അല്ലാഹുവെ ഞങ്ങളെ മറ്റുള്ളവർക്ക് നന്മയുടെ വഴി കാണിച്ച് കൊടുക്കുന്നവരും സ്വയം സന്മാർഗം പാലിച്ചവരും ആക്കേണമെ. സ്വയം വഴികെട്ടവരും മറ്റുള്ളവരെ വഴികെടുത്തുന്നവരും ആക്കരുതെ. നിന്റെ മിത്രങ്ങളോട് ഇണങ്ങുന്നവരും നിന്റെ ശത്രുക്കളോട് ശത്രുത കാട്ടുന്നവരും ആക്കേണമെ.. നിന്നോട് സ്‌നേഹമുള്ളവരെ ആ സ്‌നേഹം കാരണമായി ഞങ്ങൾ സ്‌നേഹിക്കുവാനും നിന്നെ എതിർക്കുന്നവർക്ക് നിന്നോടുള്ള ശത്രുത കാരണമായി ഞങ്ങൾ അവരോട് ശത്രുത കാട്ടാനും ഞങ്ങൾക്ക് ഉതവി നൽകേണമെ. അല്ലാഹുവെ ഇത് ദുആയാണ്. നീയാണ് സ്വീകരിക്കേണ്ടത്. ഇത് പരിശ്രമം മാത്രമാകുന്നു. അവലംബം നിന്റെ മേൽ തന്നെയാകുന്നു. അല്ലാഹുവെ നീ എന്റെ ഹൃദയത്തിൽ പ്രകാശം നൽകേണമെ, എന്റെ ഖബറിൽ പ്രകാശം നൽകേണമെ.. എന്റെ മുമ്പിൽ പ്രകാശം നൽകേണമെ .. എന്റെ പിന്നിൽ പ്രകാശം നൽകേണമെ.. എന്റെ വലതു ഭാഗത്ത് പ്രകാശം നൽകേണമെ...എന്റെ ഇടതു ഭാഗത്ത് പ്രകാശം നൽകേണമെ എന്റെ മുകൾ ഭാഗത്ത് പ്രകാശം ൽകേണമെ.. എന്റെ കേൾവിയിൽ പ്രകാശം ൽകേണമെ..എന്റെ കാഴ്ചയിൽ പ്രകാശം ൽകേണമെ..എന്റെ രോമത്തിൽ പ്രകാശം നൽകേണമെ.. എന്റെ തൊലിയിൽ പ്രകാശം നൽകേണമെ.. എന്റെ മാംസത്തിൽ പ്രകാശം ൽകേണമെ.. എന്റെ രക്തത്തിൽ പ്രകാശം നൽകേണമെ.. എന്റെ എല്ലുകളിൽ പ്രകാശം നൽകേണമെ.. അല്ലാഹുവെ എന്റെ പ്രകാശത്തെ നീ അധികരിപ്പിക്കേണമെ.. എനിക്ക് പ്രകാശം നൽകുകയും ചെയ്യേണമെ.. എന്നെ പ്രകാശം ആക്കേണമെ.. അന്തസ്സ് പുതച്ചവനും അത് കൊണ്ട് വിധിക്കുന്നവനുമായ അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു ഔന്നത്യം വസ്ത്രമാക്കുകയും ഔദാര്യം കനിയുകയും ചെയ്യുന്നവന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. പരിശുദ്ധി അവന് മാത്രം യോജിച്ചതാണ് അങ്ങനെയുള്ളവന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. ഔദാര്യവും അനുഗ്രഹവും ഉടയവൻ പരിശുദ്ധവാനായിരിക്കുന്നു. മാന്യതയും മഹത്വവും ഉടയവൻ പരിശുദ്ധവാനായിരിക്കുന്നു... ഗൗരവവും ഗാഭീര്യവും ഉള്ളവൻ പരിശുദ്ധവാനായിരിക്കുന്നു. (തിർമിദി)
വിവരണം: സുബ്ഹാനല്ലാഹ് എത്ര മഹത്വരവും സമ്പൂർണ്ണവുമായ ദുആയാണിത്. അല്ലാഹുവിന്റെ സ്വിഫാത്തുകളെ കുറിച്ച് നബി (സ)ക്ക് എത്രമാത്രം അറിവുണ്ടായിരുന്നു, ഒരു അടിമയുടെ സമ്പൂർണ്ണതയായ അടിമത്വത്തിന്റെ ഗുണം നബി (സ) യിൽ എത്ര മാത്രം നിറഞ്ഞുനിന്നിരുന്നു എന്നും അല്ലാഹുവിന്റെ പ്രിയങ്കരനായ ദാസൻ ആയിരുന്നിട്ടും അവന്റെ കാരുണ്യം നബി (സ) എത്ര മാത്രം കൊതിച്ചിരിക്കുന്നു എന്നും ഈ ഹദീസിൽ നിന്നും നമുക്ക് അനുമാനിക്കാവുന്നതാണ്. കൂടാതെ ദുആയുടെ സമയത്തുള്ള നബി (സ) യുടെ വിനയം നിറഞ്ഞ മാനസ്സികാവസ്ഥയും മനുഷ്യന്റെ യഥാർത്ഥ ആവശ്യങ്ങളെ സംബന്ധിച്ച് നബി (സ) ക്കുണ്ടായിരുന്ന ആഴം നിറഞ്ഞ അറിവും വ്യക്തമാകുന്നു. ഇത്തരം വികാര സാന്ദ്രമായ ദുആ ശ്രവിക്കുമ്പോൾ അല്ലാഹുവിന്റെ കാരുണ്യം എത്രമാത്രം അലതല്ലിയിട്ടുണ്ടാകും.പ്രഭാതത്തിലെയും പ്രദോഷത്തിലെയും ദുആ:-
121. അബൂഹുറയ്‌റ (റ) നിവേദനം. അബൂബക്കർ സിദ്ധീഖ് (റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ! രാവിലെയും വൈകുന്നേരവും പറയുന്നതിനുള്ള ദുആ, ദിക്‌റിന്റെ വാക്യങ്ങൾ എന്നെ പഠിപ്പിച്ചു തരിക. നബി(സ) അരുളി: താങ്കൾ ഇപ്രകാരം പറയുക:.................. ആകാശഭൂമികളെ സൃഷ്ടിച്ചവനും രഹസ്യവും പരസ്യവും അറിയുന്നവനും സർവ്വ വസ്തുകളുടെയും ഉടമസ്ഥനും പരിപാലകനുമായ അല്ലാഹുവേ, നീയല്ലാതെ ഒരു ഇലാഹുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. എന്റെ നഫ്‌സിന്റെയും ശൈത്വാനിന്റെയും ഉപദ്രവത്തിൽ നിന്നും അവൻ എന്നെ ശിർക്കിൽ അകപ്പെടുത്തുന്നതിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. ശേഷം റസൂലുല്ലാഹി (സ) പറഞ്ഞു: അബൂബക്കറേ, രാവിലെയും, വൈകുന്നേരവും ഉറങ്ങുവാൻ കിടക്കുന്ന സന്ദർഭത്തിലും ഇത് പറഞ്ഞുകൊള്ളുക (അബൂദാവൂദ്, തിർമിദി)
122. അബൂഹുറയ്‌റ (റ) വിവരിക്കുന്നു: പ്രഭാതത്തിൽ ഇപ്രകാരം പറയാൻ റസൂലുല്ലാഹി (സ) സഹാബികളെ പഠിപ്പിച്ചിരുന്നു: ......................... വൈകുന്നേരം ഇപ്രകാരം പറയാനും റസൂലുല്ലാഹി (സ) പഠിപ്പിച്ചിരുന്നു: .................. അല്ലാഹുവേ, നിന്റെ തീരുമാന പ്രകാരം ഞങ്ങൾ പ്രഭാതത്തിൽ/പ്രദോഷത്തിൽ പ്രവേശിച്ചിരിക്കുന്നു. നിന്റെ തീരുമാന പ്രകാരം ഞങ്ങൾ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ മടക്കം നിന്നിലേക്കാണ്. (തിർമിദി, അബൂദാവൂദ്)
വിവരണം: രാത്രിയുടെ ഇരുട്ടിന് ശേഷം പ്രഭാതത്തിന്റെ വെളിച്ചം പ്രത്യക്ഷപ്പെടുന്നത് പടച്ചവന്റെ വലിയ അനുഗ്രഹമാണ്. ജനങ്ങൾ സാധാരണ ഈ സമയത്താണ് ജോലികളെല്ലാം ചെയ്യാറുള്ളത്. രാത്രിയ്ക്ക് ശേഷം പ്രഭാതം ഉണ്ടായില്ലെങ്കിൽ വലിയ ദുരിതമായിരിക്കും. ഇപ്രകാരം പകലിന് ശേഷം വൈകുന്നേരവും രാത്രിയും വരുന്നതും വലിയ അനുഗ്രഹമാണ്. വൈകുന്നേരത്തോടെ ജോലികളിൽ നിന്നും വിരമിക്കുകയും വിശ്രമത്തിന്റെ സന്ദേശം വരുകയും ചെയ്യുന്നു. ഏതെങ്കിലും ദിവസം വൈകുന്നേരം ഉണ്ടായില്ലെങ്കിൽ പൊതുജനങ്ങൾക്ക് വലിയ പ്രയാസം ഉണ്ടാകുന്നതാണ്. റസൂലുല്ലാഹി (സ) പ്രഭാതത്തിലും പ്രദോഷത്തിലും അല്ലാഹുവിന്റെ ഈ അനുഗ്രഹങ്ങളെ ഉണരണമെന്നും അതോടൊപ്പം രാപകലുകൾ അവസാനിച്ചതുപോലെ നമ്മുടെ ജീവിതവും ഒരു ദിവസം അവസാനിക്കുമെന്നും മരണത്തെക്കുറിച്ച് ഓർക്കണമെന്നും ഈ വചനത്തിലൂടെ ഉപദേശിക്കുന്നു. ചുരുക്കത്തിൽ ഓരോ ദിവസവും പ്രഭാത പ്രദോഷങ്ങളിൽ പടച്ചവന്റെ അനുഗ്രഹത്തെ സമ്മതിക്കുകയും മരണത്തെ ഓർക്കുകയും ചെയ്യേണ്ടതാണ്. പ്രഭാത പ്രദോഷങ്ങളിലൊന്നും ഇതിനെ മറക്കാൻ പാടില്ല.
123. ഇബ്‌നു മസ്ഊദ് (റ) വിവരിക്കുന്നു: വൈകുന്നേരമാകുമ്പോൾ റസൂലുല്ലാഹി (സ) അല്ലാഹുവിന്റെ സമക്ഷത്തിൽ ഇപ്രകാരം പറയുമായിരുന്നു:..................................... ഞങ്ങൾ വൈകുന്നേരത്തിൽ പ്രവേശിച്ചിരിക്കുന്നു. സർവ്വ അധികാരങ്ങളും അല്ലാഹുവിനുള്ളതാകുന്നു. സർവ്വസ്തുതിയും അല്ലാഹുവിനുള്ളതാകുന്നു. അല്ലാഹുവല്ലാതെ ആരാധനക്കർഹൻ ആരുമില്ല. അല്ലാഹുവിന് ഒരു പങ്കുകാരനുമില്ല. സർവ്വാധികാരവും സർവ്വ സ്തുതിയും അല്ലാഹുവിന് തന്നെയാണ്. അല്ലാഹു എല്ലാ കാര്യങ്ങളുടെ മേലും കഴിവുള്ളവനാണ്. അല്ലാഹുവേ ഈ രാത്രിയുടേയും ഈ രാത്രിയിൽ നടക്കാൻ ഇരിക്കുന്ന കാര്യങ്ങളുടേയും നന്മകൾ ഞാൻ നിന്നോട് ഇരക്കുന്നു. ഈ രാത്രിയുടേയും ഇതിൽ നടക്കാൻ ഇരിക്കുന്ന കാര്യങ്ങളുടേയും നാശങ്ങളിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. രക്ഷിതാവേ, അലസത, വല്ലാത്ത വാർദ്ധ്യക്യം, ഭൗതിക പരീക്ഷണങ്ങൾ, ഖബ്ർ ശിക്ഷ ഇവയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു. പ്രഭാതമാകുമ്പോൾ ഇതേ വാചകങ്ങൾ ഞങ്ങൾ പ്രഭാതത്തിലായി എന്ന പദങ്ങളുപയോഗിച്ച് പറയുമായിരുന്നു. (മുസ്‌ലിം)
വിവരണം: ഈ ദുആയിൽ റസൂലുല്ലാഹി (സ) സർവ്വ സൃഷ്ടികളുടെയും മേൽ അല്ലാഹുവിനുള്ള അധികാരം സമ്മതിച്ച് പറയുകയും അല്ലാഹുവിന്റെ സ്തുതി കീർത്തനങ്ങളും ഏകത്വവും പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ശേഷം രാത്രിയിൽ അല്ലെങ്കിൽ പകലിൽ അടങ്ങിയിരിക്കുന്ന നന്മകൾ ചോദിക്കുകയും നന്മകൾക്ക് തടസ്സമാകുന്ന ബലഹീനതകളിൽ നിന്നും അഭയം തേടുകയും അവസാനം ഇഹലോകത്തെ സർവ്വവിധ പ്രശ്‌നങ്ങളിൽ നിന്നും കാവൽ ഇരക്കുകയും ചെയ്യുന്നു. സുബ്ഹാനല്ലാഹ്, ഇത് എത്ര ആശയ ഗംഭീരമായ പ്രാർത്ഥനയും അടിമത്വത്തിന്റെയും വിനയത്തിന്റെയും പ്രകടനവുമാണ്.
124. ഇബ്‌നു ഉമർ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) പ്രഭാതത്തിലും പ്രദോഷത്തിലും ഈ വചനങ്ങൾ ഉപയോഗിച്ച് നിർബന്ധമായും പ്രാർത്ഥിച്ചിരുന്നു: .................... അല്ലാഹുവേ, എന്റെ ദീനിലും ദുൻയാവിലും കുടുംബത്തിലും സമ്പത്തിലും വിട്ടുവീഴ്ചയും സൗഖ്യവും ഞാൻ നിന്നോട് ഇരക്കുന്നു. അല്ലാഹുവേ, എന്റെ ന്യൂനതകൾ മറച്ച് വെയ്ക്കുകയും എന്റെ ഉൾഭയങ്ങൾ ദൂരീകരിച്ച് നിർഭയത്വം നൽകുകയും ചെയ്യേണമേ.! അല്ലാഹുവേ, എന്റെ മുന്നിലൂടെയും പിന്നിലൂടെയും വലത്തു നിന്നും ഇടത്ത് നിന്നും മുകളിൽ നിന്നും എന്നെ സംരക്ഷിക്കേണമേ.! എന്റെ താഴ്ഭാഗത്ത് നിന്നും ഞാൻ ആഴ്ത്തപ്പെട്ട് പോകുന്നതിൽ നിന്നും നിന്റെ ഉന്നതി മുൻ നിർത്തി ഞാൻ അഭയം തേടുന്നു. (അബൂദാവൂദ്)
വിവരണം: റസൂലുല്ലാഹി (സ) പ്രഭാതത്തിലും പ്രദോഷത്തിലും നടത്തിയിരുന്ന ഈ ദുആയും വളരെ ആശയ സമ്പുഷ്ടമാണ്. മനുഷ്യന്റെ പ്രധാനപ്പെട്ട ആവശ്യങ്ങളെല്ലാം ഈ ചെറുവചനങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു. അല്ലാഹു ഇതിനെ വിലമതിക്കാനും ഇത് ഉപയോഗിച്ച് ദുആ ഇരക്കാനും ഉതവി നൽകട്ടെ.
125. സൗബാൻ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും പ്രഭാതത്തിലും പ്രദോഷത്തിലും ഈ വചനങ്ങൾ പറഞ്ഞാൽ ഖിയാമത്ത് നാളിൽ അല്ലാഹു അവരിൽ തീർച്ചയായും സംതൃപ്തനാകുന്നതാണ്: ......................... അല്ലാഹുവിനെ രക്ഷിതാവായും ഇസ്‌ലാമിനെ മാർഗ്ഗമായും മുഹമ്മദ് നബി (അ)യെ ദൂതനായും ഞാൻ തൃപ്തിപ്പെട്ടു. (അഹ്മദ്, തിർമിദി)
വിവരണം: സുബ്ഹാനല്ലാഹ് ഇതും എത്രവലിയ സന്തോഷ വാർത്തയാണ്. ഈ ചെറുവചനം പ്രഭാതത്തിലും പ്രദോഷത്തിലും മൂന്ന് പ്രാവശ്യം ചൊല്ലിക്കൊണ്ട് അല്ലാഹുവിനോടും ദൂതനോടും ദീനിനോടുമുള്ള ബന്ധം സജീവമാക്കുന്ന വ്യക്തിയിൽ അല്ലാഹു ഖിയാമത്ത് ദിനം സംതൃപ്തനാകുന്നതാണ്. ഈ സന്തോഷ വാർത്ത അതിന് ശേഷം ഈ അനുഗ്രഹത്തെ കരസ്ഥമാക്കുന്നതിൽ അലസത കാട്ടുന്നതും എത്ര വലിയ നഷ്ടവും ഭാഗ്യക്കേടുമാണ്.
126. അബ്ദുല്ലാഹിബ്‌നു ഗന്നാം നിവേദനം. റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും ഇപ്രകാരം പ്രഭാതത്തിൽ പറഞ്ഞാൽ പകലിലെ സർവ്വ അനുഗ്രഹങ്ങൾക്കും അവൻ നന്ദി രേഖപ്പെടുത്തിയിരിക്കുന്നു. പ്രദോഷത്തിൽ പറഞ്ഞാൽ രാത്രിയിലെ മുഴുവൻ അനുഗ്രഹങ്ങൾക്കും നന്ദി രേഖപ്പെടുത്തിയിരിക്കുന്നു: ........................... അല്ലാഹുവേ, എനിയ്‌ക്കോ, നിന്റെ സൃഷ്ടികളിൽ ആർക്കെങ്കിലുമോ എന്തെങ്കിലും അനുഗ്രഹം ഉണ്ടായിട്ടുണ്ടെങ്കിൽ അത് നിന്നിൽ നിന്നും മാത്രമാകുന്നു. നിനക്ക് ഒരു പങ്കുകാരനുമില്ല. എല്ലാവിധ നന്ദിയും സ്തുതിയും നിനക്ക് തന്നെയാകുന്നു. (അബൂദാവൂദ്)
വിവരണം: ഒരു ദാസന്റെ മേലുണ്ടായ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് ഒരു നിലയ്ക്കും നന്ദി രേഖപ്പെടുത്താൻ പറ്റുകയില്ലെന്നതാണ് സത്യം. എന്നാൽ ഔദാര്യവാനായ അല്ലാഹു ഇത്രമാത്രം നിസാരമായ വാചകങ്ങൾ കൊണ്ട് നന്ദി രേഖപ്പെടുത്തിയാലും മതിയാകുന്നതാണെന്ന് അറിയിച്ചിരിക്കുന്നു. ദാവൂദ് നബി (അ) ഒരിക്കൽ അല്ലാഹുവിനോട് ചോദിച്ചു: പടച്ചവനേ, നിന്റെ അനുഗ്രഹങ്ങൾ ധാരാളമാണ്. ഇതിന് എങ്ങനെ നന്ദി രേഖപ്പെടുത്താനാണ്? അല്ലാഹു അറിയിച്ചു: നിന്റെ അനുഗ്രഹങ്ങളെല്ലാം എന്റെ ഭാഗത്ത് നിന്നും ഉള്ളതാണെന്ന് മനസ്സിലാക്കുന്നത് തന്നെയാണ് എനിയ്ക്കുള്ള നന്ദി.
127. അബൂമാലിക് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: പ്രഭാതത്തിലാകുമ്പോൾ ഇപ്രകാരം പറയുക: ........................ ഞങ്ങൾ പ്രഭാതത്തിൽ പ്രവേശിച്ചു. പ്രഭാതത്തിലെ അധികാരമെല്ലാം സർവ്വലോക പരിപാലകനായ അല്ലാഹുവിനാകുന്നു. അല്ലാഹുവേ, ഈ ദിവസത്തിലെ നന്മയും വിജയവും സഹായവും പ്രകാശവും ഐശ്വര്യവും സന്മാർഗ്ഗവും ഞാൻ നിന്നോട് ഇരക്കുന്നു. ഈ ദിനത്തിലെ ഉപദ്രവങ്ങളിൽ നിന്നും ഇതിന് ശേഷമുള്ള ഉപദ്രവങ്ങളിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. വൈകുന്നേരവും ഇപ്രകാരം പറയുക. (അബൂദാവൂദ്)
128. ഇബ്‌നു അബ്ബാസ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: പ്രഭാതത്തിൽ ആരെങ്കിലും ഈ ആയത്തുകൾ പാരായണം ചെയ്താൽ അന്ന് പകലിൽ നഷ്ടപ്പെട്ട നന്മകളുടെ പ്രതിഫലവും പ്രദോഷത്തിൽ ആരെങ്കിലും ഇവ പാരായണം ചെയ്താൽ അന്ന് രാത്രിയിൽ നഷ്ടപ്പെട്ട നന്മയുടെ പ്രതിഫലവും അവന് ലഭിക്കുന്നതാണ്: ...................................... (റൂം 17-19) (അബൂദാവൂദ്)
129. ഏതെങ്കിലും വ്യക്തി പ്രഭാതത്തിലും പ്രദോഷത്തിലും ഈ ദുആ മൂന്ന് പ്രാവശ്യം ചൊല്ലിയാൽ അവന് ഒരു ഉപദ്രവും ഉണ്ടാകുന്നതല്ല. ഒരു അപകത്തിലും അകപ്പെടുന്നതുമല്ല. ......................... അല്ലാഹുവിന്റെ നാമത്തിൽ ഞാൻ പ്രവേശിക്കുന്നു. അല്ലാഹുവിന്റെ പരിശുദ്ധ നാമം ഉള്ളതിനോട് കൂടി ആകാശ ഭൂമികളിൽ യാതൊരു വസ്തുവും ഉപദ്രവിക്കുന്നതല്ല. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്. (തിർമിദി, അബൂദാവൂദ്)
വിവരണം: ഉസ്മാൻ (റ) അവർകളിൽ നിന്നും ഈ ഹദീസ് നിവേദനം ചെയതത് മകൻ ഇബ്ബാൻ (റ) ആണ്. അദ്ദേഹത്തിന് തളർവാതമുണ്ടായി. ശരീരം മുഴുവൻ അത് ബാധിച്ചിരുന്നു. അദ്ദേഹം ഒരിക്കൽ ഈ ഹദീസ് വിവരിച്ചുകൊണ്ടിരിക്കേ, ഒരു വ്യക്തി പ്രത്യേക രീതിയിൽ അദ്ദേഹത്തെ നോക്കുന്നത് കണ്ടു. ഈ ദുആ പ്രഭാത പ്രദോഷങ്ങളിൽ ചൊല്ലിയാൽ ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന ഈ ഹദീസ് പിതാവിൽ നിന്നും കേട്ടിട്ടും എനിയ്ക്ക് ഇപ്രകാരം തളർവാതമുണ്ടായെന്ന് എന്തുകൊണ്ടാണെന്ന വിമർശന രീതിയിലാണ് അദ്ദേഹം നോക്കുന്നതെന്ന് ഇബ്ബാൻ (റ) മനസ്സിലാക്കി. ഉടനെ ഇബ്ബാൻ (റ) അദ്ദേഹത്തോട് പറഞ്ഞു: താങ്കൾ എന്നിലേക്ക് നോക്കുകയാണോ? ഞാൻ തെറ്റുകളൊന്നും പറഞ്ഞിട്ടില്ല. എന്റെ പിതാവും തെറ്റ് പറഞ്ഞിട്ടില്ല. ഇതിൽ പറയപ്പെട്ട കാര്യം തീർത്തും ശരിതന്നെയാണ്. ഒരു ദിവസം ഏതോ കാരണത്താൽ ഞാൻ കടുത്ത കോപത്തിലായിരുന്നു. അതിനിടയിൽ അന്നേ ദിവസം ഈ ദുആ ഓതാൻ ഞാൻ മറന്നുപോയി. അന്ന് എനിയ്ക്ക് തളർവാതം പിടികൂടുകയും ചെയ്തു. അല്ലാഹുവിന്റെ വിധി അനുസരിച്ച് എനിയ്ക്ക് തളർവാതം ഉണ്ടാകേണ്ടതായിരുന്നു. അന്ന് എനിയ്ക്ക് മറവി സംഭവിക്കുകയും ചെയ്തു. ഇബ്ബാൻ (റ)ന്റെ ഈ വിവരണം ഈ ഹദീസിനോടൊപ്പം അബൂദാവൂദ്, തിർമിദിയും ഉദ്ധരിച്ചിട്ടുണ്ട്. അതെ, ഈ ദുആ പ്രഭാത പ്രദോഷങ്ങളിൽ പാരായണം ചെയ്യുന്നത് അല്ലാഹുവിന്റെ ഉത്തമ ദാസന്മാരുടെ പതിവാണ്. തീർച്ചയായും ഇതിലൂടെ ആകാശ ഭൂമികളിൽ നിന്നുമുള്ള സർവ്വവിധ നാശനഷ്ടങ്ങളിൽ നിന്നും സുരക്ഷിതത്വം ലഭിക്കുന്നതാണ്.
130. അബ്ദുല്ലാഹിബ്‌നു ഖുബൈബ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: രാവും പകലും ആരംഭിക്കുമ്പോൾ ഇഖ്‌ലാസ്, ഫലഖ്, നാസ് സൂറത്തുകൾ മൂന്ന് പ്രാവശ്യം പാരായണം ചെയ്യുക. അത് എല്ലാ കാര്യങ്ങൾക്കും മതിയായതാകുന്നതാണ്. (അബൂദാവൂദ്)
വിവരണം: ഈ മൂന്ന് സൂറത്തുകൾ ഖുർആനിലെ ചെറു സൂറത്തുകളാണെങ്കിലും ആശയത്തിന്റെ വിഷയത്തിൽ വളരെ ഉയർന്നതാണ്. ഈ കാര്യം സൂറത്തുകളുടെ മഹത്വങ്ങൾ വിവരിച്ച സ്ഥലത്ത് പറഞ്ഞുകഴിഞ്ഞു. ഹദീസിന്റെ ആശയം ഇതാണ്: പരിശുദ്ധ ഖുർആൻ കൂടുതലായി ഓതാൻ സാധിക്കാത്തവർ ഈ ഹദീസിൽ പറയപ്പെട്ടതുപോലെ പ്രഭാത പ്രദോഷങ്ങളിൽ ഈ സൂറത്തുകൾ മൂന്ന് പ്രാവശ്യമെങ്കിലും ഓതുക. ഇത് അവന് മതിയായതാകുന്നതാണ്. ഇത് എല്ലാവർക്കും മനപാഠമുള്ള സൂറത്തുകളുമാണ്.
ഉറക്കത്തിന് മരണത്തോട് വലിയ സാദൃശ്യതയുണ്ട്. ഉറങ്ങുന്ന വ്യക്തി മരണപ്പെട്ടവരെപ്പോലെ ലോകത്തെയോ, ലോക കാര്യങ്ങളെയോക്കുറിച്ച് ഒന്നും അറിയാത്താവനായി മാറുന്നതാണ്. ഇതുകൊണ്ട് തന്നെ ഉണർവ്വിന്റെയും മരണത്തിന്റെയും ഇടയ്ക്കുള്ള ഒരു അവസ്ഥയാണ് ഉറക്കം. ആകയാൽ റസൂലുല്ലാഹി (സ) ഉണർത്തുന്നു: ഉറങ്ങാൻ പോകുമ്പോൾ അതിന് മുമ്പ് ശ്രദ്ധയോടെ അല്ലാഹുവിനെ ധ്യാനിക്കുക. പാപങ്ങളിൽ നിന്നും പശ്ചാത്തപിക്കുക. അതിനോട് യോജിച്ച പ്രാർത്ഥനകൾ നടത്തുക. ഇതുമായി ബന്ധപ്പെട്ട് റസൂലുല്ലാഹി (സ) ചില പ്രാർത്ഥനകൾ സ്വയം പാലിക്കുകയും സമുദായത്തെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ ചിലത് ഇവിടെ കൊടുക്കുന്നു:
131. ഇബ്‌നു ഉമർ (റ) ഒരു വ്യക്തിയോട് പറഞ്ഞു: നിങ്ങൾ ഉറങ്ങാൻ വേണ്ടി വിരിപ്പിൽ കിടക്കുമ്പോൾ ഇപ്രകാരം അല്ലാഹുവിനോട് അപേക്ഷിക്കുക: ............... (അല്ലാഹുവേ, നീയാണ് എന്നെ പടച്ചത്. നീ ഉദ്ദേശിക്കുമ്പോൾ എന്റെ ആത്മാവിനെ പിടിക്കുന്നതാണ്. എന്റെ മരണവും ജീവിതവും നിന്റെ നിയന്ത്രണത്തിലാണ്. നീ എന്നെ ജീവനോടെ നിലനിർത്തുകയാണെങ്കിൽ (സർവ്വവിധ പരീക്ഷണ പാപങ്ങളിൽ നിന്നും) എന്നെ സംരക്ഷിക്കേണമേ. ഇനി നിന്റെ തീരുമാനം എന്നെ മരിപ്പിക്കാനാണെങ്കിൽ എനിയ്ക്ക് പൊറുത്ത് തരേണമേ. അല്ലാഹുവേ, ഞാൻ നിന്നോട് പാപമോചനവും ഇഹത്തിലും പരത്തിലും സൗഖ്യവും ചോദിക്കുന്നു! ഇബ്‌നു ഉമർ (റ) ഈ ദുആ പഠിപ്പിച്ചപ്പോൾ ഒരാൾ ചോദിച്ചു: താങ്കൾ ഈ ദുആ താങ്കളുടെ പിതാവായ ഉമറുൽ ഫാറൂഖ് (റ) നിന്നും കേട്ടതായിരിക്കും. അദ്ദേഹം പറഞ്ഞു: അല്ല. ഉമർ (റ)നേക്കാൾ ഉന്നതനായ വ്യക്തിയിൽ നിന്നും അതായത്, റസൂലുല്ലാഹി (സ)യിൽ നിന്നും കേട്ടതാണ്. (മുസ്‌ലിം)
വിവരണം: ഈ ചെറിയ പ്രാർത്ഥന അടിമത്വത്തിന്റെ വികാരാവസ്ഥകൾ നിറഞ്ഞ് കവിഞ്ഞതാണ്. അതെ, അല്ലാഹുവിന് മുമ്പാകെ അടിമത്വവും താഴ്മയും കഴിവില്ലായ്മയും തുറന്ന് പറയുന്നത് അല്ലാഹുവിന്റെ കാരുണ്യത്തെ വലിച്ചടുപ്പിക്കുന്ന കാര്യമാണ്. പ്രത്യേകിച്ചും ഉറങ്ങുന്ന സമയത്ത് ഏതെങ്കിലും ദാസന് ഇപ്രകാരം പ്രാർത്ഥിക്കാൻ സാധിക്കുന്നത് അദ്ദേഹത്തിലേക്ക് അല്ലാഹുവിന്റെ സ്‌നേഹവും ഔദാര്യവും തിരിയുന്നു എന്നതിന്റെ അടയാളമാണ്.
132. അനസ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) വിശ്രമിക്കാൻ വേണ്ടി വിരിപ്പിലേക്ക് പോകുമ്പോൾ ഇപ്രകാരം അല്ലാഹുവിനെ വാഴ്ത്തുമായിരുന്നു. ..................... (അല്ലാഹുവിനാണ് സർവ്വസ്തുതിയും. അല്ലാഹു നമുക്ക് ആഹാര പാനീയങ്ങൾ നൽകി. നമ്മുടെ എല്ലാ ആവശ്യങ്ങളും നിർവ്വഹിച്ച് തരുകയും വിശ്രമിക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തു. ആവശ്യങ്ങൾ പൂർത്തീകരിക്കാനും അഭയം നൽകാനും ആരുമില്ലാത്ത നിലയിൽ എത്രയോ ദാസന്മാരാണുള്ളത്. (മുസ്‌ലിം)
വിവരണം: നാം ഉപയോഗിക്കുന്ന ആഹാര-പാനീയങ്ങളും നമുക്ക് ലഭിക്കുന്ന സർവ്വ വസ്തുക്കളും ഔദാര്യവാനായ അല്ലാഹുവിന്റെ ദാനമാണ്. നമ്മുടെ യാതൊരു പ്രവർത്തനത്തിനും സാമർത്ഥ്യത്തിനും അതിൽ പങ്കില്ല. അതുകൊണ്ട് എല്ലാ സന്ദർഭങ്ങളിലും സർവ്വവിധ സ്തുതികൾക്കും അർഹൻ അല്ലാഹു മാത്രമാണ്. ഉറങ്ങുന്ന സമയത്ത് ഈ ദുആ പറഞ്ഞ വ്യക്തി അവൻ പ്രയോജനപ്പെടുത്തിയ സർവ്വവിധ അനുഗ്രഹങ്ങൾക്കും ആഹാര പാനീയങ്ങൾക്കും നന്ദി രേഖപ്പെടുത്തിയവനാകുന്നതാണ്.
133. ഹുദൈഫ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) വിശ്രമിക്കുന്നതിന് വിരിപ്പിൽ കിടക്കുമ്പോൾ വലത് കൈ കവിൾത്തടത്തിന് താഴെ വെക്കുമായിരുന്നു. അതായത്, അപ്രകാരം വെച്ച് ഖിബ്‌ലയുടെ ഭാഗത്തേക്ക് തിരിഞ്ഞ് കിടക്കുമായിരുന്നു. ശേഷം അല്ലാഹുവിനോട് ഇപ്രകാരം പറയുമായിരുന്നു: ................. (അല്ലാഹുവേ, നിന്റെ നാമത്തിൽ തന്നെ ഞാൻ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു.) ഉറങ്ങി ഉണർന്ന ശേഷം അല്ലാഹുവിനെ ഇപ്രകാരം സ്തുതിക്കുമായിരുന്നു: ............. (മരണം നൽകിയ ശേഷം നമ്മെ ജീവിപ്പിച്ച അല്ലാഹുവിനാണ് സർവ്വ സ്തുതിയും. അവസാനം മടങ്ങേണ്ടത് അല്ലാഹുവിലേക്ക് തന്നെ) (ബുഖാരി)
വിവരണം: ഉറക്കത്തിന് മരണത്തോട് വളരെയധികം സാദൃശ്യതയുള്ളതിനാൽ ഈ ദുആയിൽ ഉറക്കത്തെ മരണമെന്നും ഉണർവ്വിനെ ജീവിതമെന്നും വിശേഷിപ്പിച്ചിരിക്കുന്നു. ഇപ്രകാരം ദിവസവുമുള്ള ഉറക്കവും ഉണർവ്വും മരണാനന്തര ജീവിതത്തെ ഓർമ്മിപ്പിക്കുകയും അതിനുള്ള തയ്യാറെടുപ്പിന് നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ രണ്ട് ദുആക്കളും ഇതര ദുആക്കളേക്കാൾ വളരെ ചെറുതാണ്. ഇതിനെ മനനം ചെയ്യൽ വളരെ എളുപ്പമാണ്. അല്ലാഹുവ നമുക്ക് ഇത് പാരായണം ചെയ്യാൻ ഉതവി നൽകട്ടെ.
134. ബറാഇബ്‌നു ആസിബ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) എന്നോട് പറഞ്ഞു: നിങ്ങൾ ഉറങ്ങാൻ ഉദ്ദേശിക്കുമ്പോൾ ആദ്യം നമസ്‌കാരത്തിന് വേണ്ടി വുളു ചെയ്യുന്നതുപോലെ വുളു ചെയ്യുക. ശേഷം വലത് ഭാഗത്തേക്ക് ചരിഞ്ഞ് കിടക്കുകയും ഇപ്രകാരം പറയുകയും ചെയ്യുക: ........................ (അല്ലാഹുവേ, ഞാൻ എന്റെ ശരീരത്തെ പരിപൂർണ്ണമായി നിനക്ക് കീഴ്‌പ്പെടുത്തി. സർവ്വ കാര്യങ്ങളും നിന്നെ ഏൽപ്പിച്ചു. നിന്നിലേക്ക് പരിപൂർണ്ണമായി അഭയം തേടി. നിന്റെ ഗാംഭീര്യത്തെ ഭയന്നുകൊണ്ടും കാരുണ്യത്തെ ആഗ്രഹിച്ചുകൊണ്ടുമാണ് ഇതെല്ലാം ചെയ്തത്. രക്ഷിതാവേ, നീ അല്ലാതെ അഭയം തേടാനും രക്ഷ കരസ്ഥമാക്കാനും ആരുമില്ല. നീ അവതരിപ്പിച്ച ഗ്രന്ഥത്തിൽ ഞാൻ വിശ്വസിക്കുകയും നീ പ്രവാചകനായി നിയോഗിച്ച റസൂലുല്ലാഹി (സ)യിൽ വിശ്വസിക്കുകയും ചെയ്യുന്നു! ബറാഅ് (റ)ന് ഈ ദുആ പഠിപ്പിച്ച് കൊടുത്തതിന് ശേഷം റസൂലുല്ലാഹി (സ) അരുളി: രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ ദുആ അവസാന വാക്യമാക്കുക. അതായത്, ഈ ദുആയിക്ക് ശേഷം മറ്റൊന്നും സംസാരിക്കാതെ കിടന്നുറങ്ങുക. അല്ലാഹുവിന്റെ തീരുമാന പ്രകാരം ഈ ഉറക്കത്തിൽ നിങ്ങളുടെ മരണം വന്നാൽ ആ മരണം വലിയ ഐശ്വര്യമുള്ളതും പ്രകൃതി മാർഗ്ഗത്തിൽ ആകുന്നതുമാണ്. ബറാഅ് പറയുന്നു: ഞാൻ റസൂലുല്ലാഹി (സ)യുടെ മുന്നിൽ വെച്ച് തന്നെ ഈ ദുആ മനനം ചെയ്യാൻ ആരംഭിച്ചു. അവസാന വാചകത്തിൽ നബിയ്യിക്ക എന്ന് പറയുന്നതിന് പകരം റസൂലിക്ക എന്ന് പറഞ്ഞു. രണ്ടിന്റെയും ആശയം ഒന്ന് തന്നെയായിരുന്നു. എന്നാൽ റസൂലുല്ലാഹി (സ) അരുളി: അങ്ങനെ പറയരുത്. നബിയ്യിക്ക എന്ന് തന്നെ പറയുക. (ബുഖാരി, മുസ്‌ലിം)
വിവരണം: ഈ ദുആയിലും അല്ലാഹുവിനോടുള്ള വിശ്വാസവും അവലംബവും സമർപ്പണവും നിറഞ്ഞ് നിൽക്കുന്നു. കൂട്ടത്തിൽ ഈമാൻ പുതുക്കുന്നതായിട്ടുള്ള അറിയിപ്പുമുണ്ട്. ലോകത്തുള്ള വലിയ സാഹിത്യകാരന്മാർക്ക് പോലും ഇതിനേക്കാൾ ഉത്തമമായ വചനങ്ങൾ തയ്യാറാക്കുക സാധ്യമല്ല. തീർച്ചയായും ഈ ദുആകളും റസൂലുല്ലാഹി (സ)യുടെ അത്ഭുത അമാനുഷിക കാര്യങ്ങളിൽ പെട്ടതാണ്.
135. അബൂഹുറയ്‌റ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ഞങ്ങളെ ഇപ്രകാരം ഉണർത്തിയിരുന്നു: നിങ്ങൾ ആരെങ്കിലും ഉറക്കത്തെ ഉദ്ദേശിച്ച് പോകുമ്പോൾ വലത് ഭാഗത്തേക്ക് ചരിഞ്ഞ് കിടന്നുകൊണ്ട് ഇപ്രകാരം പറയുക: ........................... (ആകാശ ഭൂമികളുടെ ഉടമസ്ഥനും സമുന്നതമയാ അർശിന്റെ ഉടമസ്ഥനുമായ അല്ലാഹുവേ, ഞങ്ങളുടെയും സകല വസ്തുക്കളുടെയും ഉടമസ്ഥനേ, ധാന്യത്തെ പൊട്ടിച്ച് അതിൽ നിന്നും ചെടിയെ പുറപ്പെടുവിക്കുന്നവനേ, തൗറാത്തും ഇഞ്ചീലും ഖുർആനും അവതരിപ്പിച്ചവനേ, നിന്റെ നിയന്ത്രണത്തിൽ ഭൂമിയിൽ നടക്കുകയോ ഇഴയുകയോ ചെയ്യുന്ന സർവ്വ സൃഷ്ടികളുടെയും ഉപദ്രവങ്ങളിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ, നീ ഏറ്റവും ആദ്യം ഉള്ളവനാണ്. നിനക്ക് മുമ്പ് ഒന്നുമില്ല. നീ എല്ലാവർക്ക് ശേഷവും അവശേഷിക്കുന്നവനാണ്. നിനക്ക് ശേഷം ഉണ്ടാകുന്നതായി ഒന്നുമില്ല. സർവ്വതിന്റെയും ഉടമസ്ഥനും സർവ്വ ശക്തനും എന്നുമെന്നും നിലനിൽക്കുന്നവനുമായ അല്ലാഹുവേ, എന്റെ കടങ്ങൾ വീട്ടിത്തരുകയും ദാരിദ്ര്യം ദൂരീകരികരിച്ച് സമ്പന്നനും സന്തുഷ്ടനുമാക്കുകയും ചെയ്യേണമേ. (മുസ്‌ലിം)
വിവരണം: ഈ ഹദീസിലും ഉറങ്ങുമ്പോൾ വലത് ഭാഗത്തേക്ക് ചരിഞ്ഞ് കിടക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. ഈ രൂപത്തിൽ കിടക്കുമ്പോൾ ഇടത് ഭാഗത്തുള്ള ഹൃദയം മുകളിലേക്ക് ബന്ധപ്പെടുന്നതാണ്. ഇത്തരുണത്തിൽ ദിക്ർ-ദുആകൾ ചെയ്യുന്നതിന് അനുയോജ്യമായ രൂപം ഇതാണെന്ന് മഹാന്മാർ അനുഭവത്തിലൂടെ പറയുന്നു. കടത്തിലും ജീവിത പ്രയാസങ്ങളിലും അകപ്പെട്ട ദാസന്മാരുടെ അവസ്ഥയ്ക്ക് അനുസൃതമായ ഒരു പ്രാർത്ഥന കൂടിയാണിത്. ആരെങ്കിലും ഉറങ്ങുന്ന സമയത്ത് ഔദാര്യവാനായ പടച്ചവനോട് ഇപ്രകാരം പ്രാർത്ഥിച്ചാൽ പടച്ചവൻ ഉപജീവനത്തിൽ വിശാലതയുടെ ഏതെങ്കിലും രൂപം തുറന്ന് തരുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.
136. ഹഫ്‌സ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ഉറങ്ങാൻ ഉദ്ദേശിക്കുമ്പോൾ വലത് കൈപ്പത്തി കവിളിന് താഴെവെച്ച കിടക്കുകയും ഇപ്രകാരം മൂന്ന് പ്രാവശ്യം ദുആ ഇരക്കുകയും ചെയ്യുമായിരുന്നു: ............ (അല്ലാഹുവേ, ഖിയാമത്ത് ദിനം നിന്റെ മുഴുവൻ ദാസന്മാരെയും രണ്ടാമത് ജീവിപ്പിക്കുമ്പോൾ എന്നെ നിന്റെ ശിക്ഷയിൽ നിന്നും രക്ഷിക്കണേ.) (അബൂദാവൂദ്)
വിവരണം: ഉറക്കത്തിന് മരണവുമായി ഒരു പ്രത്യേക സാദൃശ്യതയുണ്ട്. അതുകൊണ്ട് തന്നെ റസൂലുല്ലാഹി (സ) വിരിപ്പിൽ കിടക്കുമ്പോൾ മരണത്തെയും ഖിയാമത്ത് നാളിനെയും അവിടുത്തെ വിചാരണയെയും പ്രതിഫല ശിക്ഷകളെയും ഓർമ്മിക്കുമായിരുന്നു. പടച്ചവനെപ്പറ്റി മനസ്സിലാക്കാൻ സൗഭാഗ്യം സിദ്ധിച്ച ദാസന്മാർക്ക് മരണവും ഖിയാമത്തും ഓർമ്മ വരുമ്പോൾ സ്വഭാവികമായും അവരുടെ മനസ്സ് ഇപ്രകാരം അപേക്ഷിക്കുന്നതാണ്: പടച്ചവനേ, പരലോക ശിക്ഷയിൽ നിന്നും ഞങ്ങളെ കാത്ത് രക്ഷിക്കണേ!
137. അബൂസഈദ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും ഉറങ്ങാൻ വേണ്ടി വിരിപ്പിൽ കിടക്കുന്ന സമയത്ത് അല്ലാഹുവിന്റെ സമക്ഷത്തിൽ പശ്ചാത്തപിച്ചുകൊണ്ട് മൂന്ന് പ്രാവശ്യം ഇപ്രകാരം പറഞ്ഞാൽ അവന്റെ പാപങ്ങൾ വൃക്ഷങ്ങളുടെ ഇലകളും മണൽക്കാട്ടിലെ മണൽത്തരികളും പ്രപഞ്ചത്തിലെ ദിനങ്ങളും പോലെ എണ്ണമറ്റതാണെങ്കിലും അതെല്ലാം പൊറുക്കപ്പെടുന്നതാണ്: ........................ (അല്ലാഹുവിനോട് ഞാൻ പാപമോചനം തേടുന്നു. അല്ലാഹു അല്ലാതെ ആരാധനയ്ക്കർഹൻ ആരുമില്ല. എന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാകുന്നു. അല്ലാഹുവിലേക്ക് ഞാൻ പശ്ചാത്തപിച്ച് മടങ്ങുന്നു.! (തിർമിദി)
വിവരണം: ഉറങ്ങുന്ന സമയത്ത് പശ്ചാത്തപിക്കുന്നതിലൂടെ സർവ്വപാപങ്ങളും പൊറുക്കപ്പെടുന്നതാണെന്ന സമുന്നത സുവാർത്ത ഈ ഹദീസ് അറിയിക്കുന്നു. ആദരവായ റസൂലുല്ലാഹി (സ)യുടെ ലളിതവും മഹത്തരവുമായ ഈ ഉപദേശം അനുസരിച്ച് പ്രവർത്തിക്കാതിരിക്കുന്നത് എത്രവലിയ ഭാഗ്യക്കേടാണ്. എന്നാൽ ഒരു കാര്യം ഓർക്കുക: ഈ പശ്ചാത്താപവും ഖേദപ്രകടനവും സത്യസന്ധമായ മനസ്സോട് കൂടിയായിരിക്കണം. അല്ലാഹു മനസ്സുകളിലേക്ക് നോക്കുന്നവനാണ്. വെറും നാവിന്റെ ചലനം കൊണ്ട് പടച്ചവനെ വഞ്ചിക്കാൻ സാധിക്കുന്നതല്ല.
138. ഫർവത്തുബ്‌നു നൗഫൽ (റ) നിവേദനം. റസൂലുല്ലാഹി (സ) എന്റെ പിതാവിനോട് പറഞ്ഞു: ഉറങ്ങാൻ ഉദ്ദേശിക്കുമ്പോൾ ഖുൽ യാ അയ്യുഹൽ കാഫിറൂൻ ഓതുക. അതിന് ശേഷം ഉറങ്ങുക. കാരണം ഈ സൂറത്തിൽ ശിർക്കിൽ നിന്നും ഒഴിവാണെന്ന പ്രഖ്യാപനം അടങ്ങിയിട്ടുണ്ട്. (അബൂദാവൂദ്, തിർമിദി)
വിവരണം: ഈ ഹദീസുമായി ബന്ധപ്പെട്ട മറ്റൊരു നിവേദനത്തിൽ, ഉറങ്ങുന്ന സമയത്ത് പാരായണം ചെയ്യാൻ വല്ലതും പറഞ്ഞുതരികയെന്ന് നൗഫൽ (റ) ചോദിച്ചതായും അപ്പോൾ ഈ സൂറത്ത് ഓതാൻ റസൂലുല്ലാഹി (സ) നിർദ്ദേശിച്ചതായും വന്നിരിക്കുന്നു.
139. ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഇഖ്‌ലാസ്, ഫലഖ്, നാസ് എന്നീ മൂന്ന് സൂറത്തുകളും ഓതി രണ്ട് കൈകളിൽ ഊതി കൈകൾ എത്തുന്ന ശരീര ഭാഗങ്ങൾ മുഴുവനും തടകുമായിരുന്നു. ആദ്യം തലയും തുടർന്ന് മുഖവും ശേഷം ശരീരത്തിന്റെ മുൻഭാഗവും തടകുമായിരുന്നു. ഇപ്രകാരം മൂന്ന് പ്രാവശ്യം ചെയ്യുമായിരുന്നു. (അബൂദാവൂദ്, തിർമിദി)
വിവരണം: ഈ ഹദീസിന്റെ മറ്റൊരു നിവേദനത്തിൽ ഇപ്രകാരം കൂടുതലായുണ്ട്: റസൂലുല്ലാഹി (സ)യുടെ അന്തിമ രോഗത്തിൽ പ്രയാസം അധികരിച്ചപ്പോൾ ഇതുപോലെ മൂന്ന് സൂറത്തുകളും ഓതി കൈകളിൽ ഊതി തിരുശരീരത്തിൽ തടകാൻ എന്നോട് നിർദ്ദേശിക്കുകയും ഞാൻ അപ്രകാരം നിർവ്വഹിക്കുകയും ചെയ്തു.
കുറിപ്പ്: ചില സഹോദരങ്ങൾക്ക് ഉറക്കത്തിന്റെ മര്യാദകളിൽ വിവരിക്കപ്പെട്ടിട്ടുള്ള വിവിധ ദിക്ർ-ദുആകൾ മനനം ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. അവർ കുറഞ്ഞപക്ഷം ഈ മൂന്ന് സൂറത്തുകളെങ്കിലും ഓതേണ്ടതാണ്. അവർക്ക് ഇതുതന്നെ ധാരാളമാണ്. ആകയാൽ ഏറ്റവും കുറഞ്ഞത് ഈ സൂറത്തുകൾ ഓതുന്നതിനെ പതിവാക്കുക. ഇതും ശ്രദ്ധിക്കാത്തവരുടെ കാര്യം വലിയ ഭാഗ്യക്കേട് തന്നെയായിരിക്കും.
ഉറക്കം വരാതിരുന്നാൽ
140. ബുറയ്ദ (റ) വിവരിക്കുന്നു: എനിയ്ക്ക് രാത്രി ഉറക്കം വരുന്നില്ലെന്ന് ഖാലിദ് (റ) പരാതിപ്പെട്ടപ്പോൾ റസൂലുല്ലാഹി (സ) അരുളി: നിങ്ങൾ കിടക്കയിൽ കിടക്കുമ്പോൾ ഇപ്രകാരം ദുആ ഇരക്കുക: ............. (അല്ലാഹുവേ, ഏഴ് ആകാശങ്ങളുടെയും അതിന് കീഴിലുള്ള സർവ്വ വസ്തുക്കളുടെയും രക്ഷിതാവേ, ഏഴ് ഭൂമികളുടെയും അതിന് മുകളിലുള്ള സർവ്വ വസ്തുക്കളുടെയും രക്ഷിതാവേ, പിശാചുക്കളുടെയും അവർ വഴികെടുത്തുന്ന വസ്തുക്കളുടെയും രക്ഷിതാവേ, നിന്റെ മുഴുവൻ സൃഷ്ടികളുടെയും ഉപദ്രവങ്ങളിൽ നിന്നും എനിയ്ക്ക് അഭയം നൽകണേ. ആരും എന്റെമേൽ അതിക്രമം ചെയ്യാത്ത നിലയിൽ എന്നെ സംരക്ഷിക്കണേ. നിന്റെ അഭയം ലഭിച്ചവർ അന്തസ്സുള്ളവരും സുരക്ഷിതത്വം ലഭിച്ചവരുമാണ്. നിന്റെ സ്തുതി കീർത്തനങ്ങളുടെ സ്ഥാനം വളരെ ഉന്നതമാണ്. നീ അല്ലാതെ ആരാധനയ്ക്കർഹൻ ആരുമില്ല. യഥാർത്ഥ ആരാധനകൾക്ക് അർഹൻ നീ മാത്രമാണ്.) (തിർമിദി)
ഉറക്കത്തിനിടയിൽ ഭയപ്പെട്ടാൽ
141. അബ്ദുല്ലാഹിബ്‌നു അംറുബ്‌നിൽ ആസ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: നിങ്ങളിൽ ആരെങ്കിലും ഭയപ്പെടുത്തുന്ന സ്വപ്നം കണ്ട് ഉറക്കത്തിനിടയിൽ ഭയന്നാൽ ഇപ്രകാരം ദുആ ഇരക്കുക: ..............(അല്ലാഹുവിന്റെ കോപശിക്ഷകളിൽ നിന്നും അല്ലാഹുവിന്റെ അടിമകളുടെ ഉപദ്രവങ്ങളിൽ നിന്നും പൈശാചിക ദുർബോധനങ്ങളിൽ നിന്നും പിശാച് എന്റെ അരികിൽ വന്ന് ദ്രോഹിക്കുന്നതിൽ നിന്നും അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങൾ മുൻനിർത്തി ഞാൻ അല്ലാഹുവിനോട് അഭയം തേടുന്നു!) റസൂലുല്ലാഹി (സ) അരുളി: ഇപ്രകാരം ആരെങ്കിലും ഓതിയാൽ പിശാച് യാതൊരു ഉപദ്രവും ചെയ്യുന്നതല്ല. അബ്ദുല്ലാഹ് (റ)ന്റെ മകൻ ശുഅയ്ബ് (റ) പറയുന്നു: എന്റെ പിതാവ് അബ്ദുല്ലാഹ് (റ) പ്രായപൂർത്തിയായതും ആകാത്തതുമായ എല്ലാ മക്കളെയും ഈ ദുആ പഠിപ്പിക്കുമായിരുന്നു. ഈ ദുആ ഒരു കടലാസിൽ എഴുതി ചെറിയ കുട്ടികളുടെ കഴുത്തിൽ ഇടുമായിരുന്നു. (അബൂദാവൂദ്, തിർമിദി)
വിവരണം: ഭയപ്പെടുത്തുകയും പ്രയാസപ്പെടുത്തുകയും ചെയ്യുന്ന സ്വപ്നങ്ങൾ പിശാചിന്റെ ദുർബോധനങ്ങൾ കാരണം ഉണ്ടാകുന്നതാണെന്നും ഈ പ്രാർത്ഥന പതിവാക്കുന്ന പക്ഷം അതിന്റെ കുഴപ്പങ്ങളിൽ നിന്നും രക്ഷ ലഭിക്കുന്നതാണെന്നും ഈ ഹദീസ് പഠിപ്പിക്കുന്നു. അതുപോലെ അല്ലാഹുവിന്റെ നാമമോ, ഖുർആൻ വചനങ്ങളോ, ഏതെങ്കിലും ദുആയോ കടലാസിൽ എഴുതി ഉറുക്കായി ഉപയോഗിക്കുന്നതും തെറ്റായ കാര്യമല്ലെന്നും സഹാബിയായ അബ്ദുല്ലാഹ് (റ)ന്റെ പ്രവർത്തനം അറിയിക്കുന്നു.
ഉറക്കം ഉണരുമ്പോൾ
142. ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) രാത്രിയിൽ ഉറക്കത്തിൽ നിന്നും ഉണരുമ്പോൾ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: .................... (അല്ലാഹുവേ, ആരാധനയ്ക്കർഹൻ നീ മാത്രമാണ്. അല്ലാഹുവേ, നീ പരമപരിശുദ്ധനാണ്. നിന്നെ ഞങ്ങൾ സ്തുതിക്കുന്നു. എന്റെ പാപങ്ങൾ പൊറുക്കണമേയെന്ന് അപേക്ഷിക്കുന്നു. നിന്റെ കാരുണ്യം ഞാൻ ഇരക്കുന്നു. അല്ലാഹുവേ, എനിയ്ക്ക് അറിവ് വർദ്ധിപ്പിച്ച് തരണേ. എനിയ്ക്ക് സന്മാർഗ്ഗം നൽകിയതിന് ശേഷം എന്റെ മനസ്സിനെ നീ തിരിക്കരുതേ. നിന്റെ ഭാഗത്ത് നിന്നും പ്രത്യേക കാരുണ്യം നൽകണേ. നീ വളരെയധികം ദാനം നൽകുന്നവനാണ്) (അബൂദാവൂദ്)
വിവരണം: ഈ പ്രാർത്ഥന വളരെ ഹൃസ്വമായതിനോടൊപ്പം അത്യധികം സാരസമ്പൂർണ്ണവുമാണ്. ഇതിന്റെ ഓരോ അംശങ്ങളിലും അടിമത്വത്തിന്റെ ആത്മാവ് നിറഞ്ഞിരിക്കുന്നു. അടിമയുടെയും അല്ലാഹുവിന്റെയും ഇടയിലുള്ള ബന്ധം അൽപ്പമെങ്കിലും മനസ്സിലാക്കിയ മുഴുവൻ ആളുകൾക്കും ഇതിന്റെ ആഴവും പരപ്പും ഗ്രഹിക്കാൻ കഴിയുന്നതാണ്. തീർച്ചയായും ഏതെങ്കിലും ദാസൻ ഉറക്കത്തിൽ നിന്നും ഉണർന്ന് ആത്മാർത്ഥതയോടെയും ഹൃദയ സാന്നിധ്യത്തോട് കൂടി അല്ലാഹുവിന്റെ സമക്ഷത്തിൽ ഈ വചനങ്ങൾ പറഞ്ഞാൽ അവൻ അല്ലാഹുവിന്റെ പ്രത്യേകമായ സ്‌നേഹാ കാരുണ്യങ്ങൾക്ക് അർഹനായിത്തീരുന്നതാണ്. അല്ലാഹു ഈ അനുഗ്രഹ ഐശ്വര്യങ്ങളോടുള്ള ആത്മാർത്ഥമായ ആഗ്രഹവും ഇത് കരസ്ഥമാക്കാനുള്ള സൗഭാഗ്യവും നൽകി അനുഗ്രഹിക്കട്ടെ.
143. ഉബാദത്തുബ്‌നു സാമിത്ത് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും രാത്രി ഉറങ്ങുന്നതിനിടയിൽ ഉണരുകയും ഇപ്രകാരം പറയുകയും ചെയ്താൽ അല്ലാഹു അവന്റെ ദുആകൾ സ്വീകരിക്കുന്നതാണ്. ................... (ആരാധനയ്ക്കർഹൻ അല്ലാഹു മാത്രമാണ്. അല്ലാഹുവിന് ഒരു പങ്കുകാരനുമില്ല. എല്ലാ അധികാരവും സർവ്വ സ്തുതിയും അല്ലാഹുവിനാണ്. അല്ലാഹു എല്ലാ കാര്യങ്ങളുടെ മേലും കഴിവുള്ളവനാണ്. അല്ലാഹു പരമ പരിശുദ്ധനാണ്. സർവ്വ സ്തുതിയും അല്ലാഹുവിനാണ്. അല്ലാഹു അല്ലാതെ ആരാധനയ്ക്കർഹൻ ആരുമില്ല. അല്ലാഹു ഏറ്റവും വലിയവനാണ്. അല്ലാഹുവിന്റെ ഉതവികൊണ്ടല്ലാതെ ഒരു നന്മ ചെയ്യാനും തിന്മയിൽ നിന്നും മാറാനും കഴിയുന്നതല്ല. അല്ലാഹുവേ, എനിയ്ക്ക് പൊറുത്ത് തരണേ) ഇതിന് ശേഷം അവൻ മന:ക്കരുത്തോടെ എഴുന്നേൽക്കുകയും വുളു ചെയ്ത് നമസ്‌കരിക്കുകയും ചെയ്താൽ ആ നമസ്‌കാരം തീർച്ചയായും സ്വീകരിക്കപ്പെടുന്നതാണ്. (ബുഖാരി)
വിവരണം: ഈ ഹദീസ് സഹീഹുൽ ബുഖാരിയിൽ നിന്നും ഉദ്ധരിക്കപ്പെട്ടതാണ്. ഇതിൽ അൽഹംദുലില്ലാഹ് എന്നത് ആദ്യവും സുബ്ഹാനല്ലാഹ് രണ്ടാമതുമാണുള്ളത്. എന്നാൽ ബുഖാരി ഒഴിച്ചുള്ള അബൂദാവൂദ്, തിർമിദി മുതലായ ഗ്രന്ഥങ്ങളിൽ സാധാരണ മൂന്നാം കലിമ ചൊല്ലാറുള്ളതുപോലെ സുബ്ഹാനല്ലാഹ് ആദ്യമായിട്ടാണുള്ളത്. അതുകൊണ്ട് തന്നെ ബുഖാരിയുടെ വ്യാഖ്യാതാക്കളായ ഹാഫിസ് ഇബ്‌നു ഹജർ (റ)നെപ്പോലുള്ളവർ സുബ്ഹാനല്ലാഹ് ആദ്യം ചൊല്ലണമെന്ന് നിർദ്ദേശിച്ചിരിക്കുന്നു.
ഏതെങ്കിലും ദാസൻ രാത്രി ഉറക്കം ഉണരുമ്പോൾ ആശയ സമ്പുഷ്ടമായ ഈ വചനങ്ങൾ ചൊല്ലിയ ശേഷം പാപമോചനത്തിന് അപേക്ഷിക്കുകയോ, മറ്റുവല്ല ദുആകൾ ഇരക്കുകയോ ചെയ്താൽ അല്ലാഹു ആ ദുആ സ്വീകരിക്കുന്നതാണ്. അതുപോലെ വുളൂ ചെയ്ത് നമസ്‌കരിച്ചാലും വലിയ സ്വീകാര്യത ലഭിക്കുന്നതാണ്. ചില മഹാന്മാർ പറയുന്നു: ഈ ഹദീസ് ലഭിക്കുന്നവരെല്ലാം ഇതിനെ റസൂലുല്ലാഹി (സ)യുടെ വിശിഷ്ടമായ ഒരു ഉപഹാരമായി കാണേണ്ടതാണ്. കൂടാതെ, ഇതിൽ പറയപ്പെട്ട സന്തോഷ വാർത്തയിൽ ഉറച്ച് വിശ്വസിച്ചുകൊണ്ട് ഈ വചനങ്ങൾ ചൊല്ലാൻ പടച്ചവനോട് പാപമോചനത്തിനും മറ്റും അപേക്ഷിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതെ, റസൂലുല്ലാഹി (സ)യുടെ ഇത്തരം മഹത്തരമായ ഉപഹാരങ്ങളെ വിലമതിക്കാതിരിക്കുന്നത് വലിയ ഭാഗ്യക്കേടാണ്. ഇമാം ബുഖാരി (റ)യിൽ നിന്നും സഹീഹ് ബുഖാരി പൂർണ്ണമായി ഉദ്ധരിച്ച ഇമാം അബൂഅബ്ദില്ലാഹ് ഫിറബ്‌രി (റ) പറയുന്നു: ഒരു ഉറക്കത്തിനിടയിൽ എന്റെ കണ്ണുകൾ തുറന്നു. പടച്ചവന്റെ അനുഗ്രഹത്താൽ ഈ വചനം എനിയ്ക്ക് ചൊല്ലാൻ കഴിഞ്ഞു. തുടർന്ന് വീണ്ടും ഞാൻ ഉറങ്ങിയപ്പോൾ ഉറക്കത്തിൽ ആരോ എന്റടുത്ത് വന്ന് ഈ ആയത്ത് പാരായണം ചെയ്യുന്നതായി ഞാൻ സ്വപ്നം കണ്ടു. ................................... (ഹജ്ജ് 24)
രചനാ പരിചയം
പുതിയ പ്രസിദ്ധീരണം!
വഖ്ഫിന്‍റെ ചരിത്രം
അഡ്വ: അഷ്ഫാഖ് അലി സാഹിബ്
പരിശുദ്ധ ഖുർആനും ഹദീസും പ്രേരിപ്പിച്ചിട്ടുള്ളതും മുൻഗാമികൾ ത്യാഗത്തോടെ നിർവ്വഹിച്ചിട്ടുളളതുമായ വഖ്ഫിൻ്റെ മാതൃകാപരവും ആവേശം നിറഞ്ഞതുമായ ചരിത്രത്തിന്റെ വിവരണം.
ഫോണ്‍: 7736723639
പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...
*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...
*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.
9961717102, 9387290079
*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ
+91 96339 15717
ക്ലാസുകൾ നയിക്കുന്നത്:
ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി
ഞങ്ങളുടെ കേന്ദ്ര സ്ഥാപനം
പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...
*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...
*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.
9961717102, 9387290079
*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ
+91 96339 15717
ക്ലാസുകൾ നയിക്കുന്നത്:
ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി
ഞങ്ങളുടെ കേന്ദ്ര സ്ഥാപനം


