▪️മുഖലിഖിതം
ഒരു പ്രധാന അപേക്ഷ

▪️ജുമുഅ സന്ദേശം 
                                      ഹദീസിന്‍റെ പ്രാമാണികത

▪️മആരിഫുല്‍ ഖുര്‍ആന്‍ 
 സൂറത്തുര്‍റഹ്മാന്‍-2
പരലോക അവസ്ഥകള്‍
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️മആരിഫുല്‍ ഹദീസ്

                                ഇഹ്റാം, മീഖാത്ത്, തല്‍ബിയത്ത്

✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി



 മുഖലിഖിതം 

ഒരു പ്രധാന അപേക്ഷ

    കാരുണ്യവാനായ അല്ലാഹുവിൻ്റെ അളവറ്റ അനുഗ്രഹത്താൽ ഇസ്‌ലാമിക വിജ്ഞാനത്തിൻ്റെയും സംസ്കരണത്തിൻ്റെയും പ്രബോധനത്തിൻ്റെയും കേന്ദ്രങ്ങളായ ദീനീ മദ്രസകൾ ഒരു വർഷം കൂടി പിന്നിടുകയാണ്. ചില മദ്രസകളിൽ സനദ് ദാന സമ്മേളനങ്ങളും മറ്റുള്ളവയിൽ വാർഷിക പരിപാടികളും ചെറുതും വലുതുമായ നിലയിൽ നടക്കുകയാണ് ഇത്തരുണത്തിൽ എല്ലാ മദ്രസകളും അടിയന്തര പ്രാധാന്യത്തോടെ പ്രചരിപ്പിക്കേണ്ട പ്രധാനപ്പെട്ട ചില സന്ദേശങ്ങൾ ഈ ലക്കത്തിലെ വിശിഷ്ട്ട ഉപഹാരമായി സമർപ്പിക്കുന്നു. പഠിക്കാനും, പകർത്താനം,പ്രചരിപ്പിക്കാനും അല്ലാഹു ഉദവി നൽകട്ടെ.
                                                                        മുഹമ്മദ് അജ്മൽ നദ്‌വി
                                                                    (ചീഫ് എഡിറ്റർ സന്ദേശം )



ജുമുഅ സന്ദേശം 

ഹദീസിന്‍റെ പ്രാമാണികത

അല്ലാമാ മുഹദ്ദിസ് ഹബീബുര്‍റഹ്മാന്‍ അഅ്സമി

            ഇസ്ലാമിക ശരീഅത്തിന്‍റെ അടിസ്ഥാനം പരിശുദ്ധ ഖുര്‍ആനാണ്. ശരീഅത്തിന്‍റെ നിയമസ്രോതസ്സുകളില്‍ പ്രഥമവും പ്രധാനവും അതുതന്നെ. എങ്കിലും നിയമങ്ങളുടെ അടിസ്ഥാന കാര്യങ്ങള്‍ ചുരുക്കി വിവരിക്കുക മാത്രമാണ് ഖുര്‍ആന്‍ ചെയ്യുന്നത്. അവയുടെ വിശദീകരണങ്ങള്‍ നല്‍കുന്നത് റസൂലുല്ലാഹി(സ)യുടെ ഹദീസുകളും സുന്നത്തുകളുമാണ്.
നിങ്ങള്‍ സ്വന്തമായോ മറ്റു സാധാരണക്കാരുടെ സഹായത്തോടെയോ പാരായണം ചെയ്ത് മനസ്സിലാക്കുക എന്ന് പറഞ്ഞുകൊണ്ട് ഉമ്മത്തിന് നേരിട്ട് നല്‍കപ്പെട്ടതല്ല ഖുര്‍ആന്‍ എന്ന് എല്ലാവര്‍ക്കുമറിയാം. മറിച്ച്, അല്ലാഹു ഒരു റസൂലിനെ നിയോഗിക്കുകയും അദ്ദേഹത്തിന് ഖുര്‍ആന്‍ അവതരിപ്പിക്കുകയും ചെയ്തു. ജനങ്ങള്‍ സ്വന്തം ഗ്രാഹ്യശേഷിയെ ആസ്പദിക്കാതെ റസൂലിന്‍റെ വിശദീകരണങ്ങളുടെ വെളിച്ചത്തില്‍ അല്ലാഹുവിന്‍റെ ഗ്രന്ഥത്തെ മനസ്സിലാക്കുവാനാണ് ഈ രീതി സ്വീകരിക്കപ്പെട്ടത്. അല്ലാഹു ഖുര്‍ആനില്‍ പറയുന്നു: ڇനിനക്കു നാം ഉല്‍ബോധനം അവതരിപ്പിച്ചു തന്നിരിക്കുന്നു, ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ച് കൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും.ڈ (സൂറത്തുന്നഹ്ല്‍).
ശേഷം റസൂലിന്‍റെ സ്ഥാനമഹിമയെക്കുറിച്ചും കര്‍ത്തവ്യങ്ങളെക്കുറിച്ചും ഖുര്‍ആനിലൂടെ ജനങ്ങളെ അറിയിച്ചു: "റസൂല്‍ നിങ്ങള്‍ക്ക് പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്ത് കേള്‍പ്പിക്കുകയും അതിന്‍റെ അര്‍ത്ഥങ്ങളെയും അതിലടങ്ങിയിരിക്കുന്ന ആശയങ്ങളെയും പഠിപ്പിക്കുകയും ചെയ്യും.ڈ ഈ കാര്യം പരിശുദ്ധ ഖുര്‍ആനില്‍ മറ്റ് പല സ്ഥലങ്ങളിലും വിശദീകരിക്കുന്നത് കാണാം.
ഒരു സ്ഥലത്ത് അല്ലാഹു അറിയിക്കുന്നു: ڇനമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പ്പിച്ചു തരികയും, നിങ്ങളെ സംസ്കരിക്കുകയും, നിങ്ങള്‍ക്ക് വേദവും വിജ്ഞാനവും പഠിപ്പിച്ചുതരികയും, നിങ്ങള്‍ക്കറിവില്ലാത്തത് നിങ്ങള്‍ക്ക് അറിയിച്ചുതരികയും ചെയ്യുന്ന ഒരു ദൂതനെ നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെ നിങ്ങളിലേക്ക് നാം നിയോഗിച്ചത് (വഴി നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം)പോലെ തന്നെയാകുന്നു ഇതും.ڈ(സൂറത്തുല്‍ ബഖറ:151)
മറ്റൊരു സ്ഥലത്ത് അരുളി: ڇതീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്‍റെ വചനങ്ങള്‍ അവര്‍ക്കു ഓതിക്കേള്‍പ്പിക്കുകയും, അവരെ സംസകരിക്കുകയും, അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ) അല്ലാഹു അവരിലേക്കയച്ചു. അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു.ڈ (സൂറത്തു ആലിഇംറാന്‍: 164)
മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു: "അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്‍റെ വചനങ്ങള്‍ അവര്‍ക്ക് ഓതി കേള്‍പ്പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു." (സൂറത്തുല്‍ ജുമുഅ: 2)
ഈ മൂന്ന് ആയത്തുകളിലും രണ്ട് കാര്യങ്ങള്‍ വേര്‍തിരിച്ച് പറയപ്പെട്ടിട്ടുണ്ട്. 1. പരിശുദ്ധ ഖുര്‍ആന്‍ പാരായണം 2. പരിശുദ്ധ ഖുര്‍ആനിന്‍റെ അദ്ധ്യാപനം
ഇവയില്‍ ഒന്നാമത്തെ കാര്യം വളരെ വ്യക്തമാണ്. എന്നാല്‍ രണ്ടാമത്തേതിന്‍റെ ഉദ്ദേശ്യം വളരെ ആലോചനാപൂര്‍വ്വം മനസ്സിലാക്കേണ്ടതുണ്ട്. അതായത് ഖുര്‍ആനിക വചനങ്ങളുടെ അര്‍ത്ഥങ്ങളും ആശയങ്ങളും അവയുടെ വിശദീകരണങ്ങളും പഠിക്കലാണ് ഇതില്‍ ഉദ്ദേശിക്കപ്പെടുന്നത്. പാരായണ പരിശീലനമാണ് ഉദ്ദേശമെങ്കില്‍ വീണ്ടുമത് എടുത്ത് പറയേണ്ടതില്ലല്ലോ?
ഖുര്‍ആനിക വചനങ്ങളെ പഠിപ്പിക്കുകയും പ്രബോധനം നടത്തുകയും ചെയ്യുന്നതോടൊപ്പം അവയുടെ അര്‍ത്ഥ-ലക്ഷ്യങ്ങളെ വിശദീകരിക്കലും റസൂലിന്‍റെ കര്‍ത്തവ്യമാണെന്ന് ഖുര്‍ആനിലൂടെ ബോധ്യപ്പെടുമ്പോള്‍ സ്വാഭാവികമായും ഖുര്‍ആനോടൊപ്പം നബവീ വിശദീകരണങ്ങളും നിര്‍ബന്ധമായും അവലംബിക്കേണ്ട പ്രമാണമാണെന്ന് നാം അംഗീകരിക്കേണ്ടിവരുന്നു. മറിച്ചായിരുന്നെങ്കില്‍ റസൂലിനെ ഈ ചുമതലകളേല്‍പ്പിക്കുന്നത് അര്‍ത്ഥശൂന്യമാണ്. ചുരുക്കത്തില്‍ റസൂലുല്ലാഹി(സ) അല്ലാഹുവിന്‍റെ സന്ദേശവാഹകനാണെന്നതിന് പുറമേ അവയുടെ വ്യാഖ്യാതവുമാണെന്ന് വ്യക്തമാകുന്നു. റസൂലുല്ലാഹി(സ)യില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് റസൂലുല്ലാഹി(സ) തന്‍റെ കര്‍ത്തവ്യങ്ങള്‍ പൂര്‍ണ്ണമായി നിര്‍വ്വഹിച്ചുവെന്ന് അംഗീകരിക്കലും നിര്‍ബന്ധമാണ്.
പരിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്‍റെ അന്തിമ ഗ്രന്ഥവും മുഹമ്മദ് നബി(സ) അന്ത്യപ്രവാചകനുമാണ്. ഇനിയൊരു ഗ്രന്ഥവും നബിയും വരാനില്ല. അതിനാല്‍ പരിശുദ്ധ ഖുര്‍ആന്‍ അന്ത്യനാള്‍വരെ നിലനില്‍ക്കേണ്ടത് പോലെ അതിനെ മനസ്സിലാക്കുന്നതിനുള്ള മാര്‍ഗ്ഗമായ മുഹമ്മദ് നബി(സ) യുടെ വാചക-കര്‍മ്മങ്ങളിലൂടെയുള്ള വിശദീകരണങ്ങളും നിലനില്‍ക്കേണ്ടത് അനിവാര്യമാണ്.
ഇതുവരെ വിശദീകരിച്ചതിന്‍റെ ചുരുക്കമിതാണ്. 1. ഖുര്‍ആനില്‍ വ്യക്തമാക്കപ്പെട്ടതനുസരിച്ച് റസൂലുല്ലാഹി(സ) പരിശുദ്ധ ഖുര്‍ആനിന്‍റെ അധ്യാപകനും വ്യാഖ്യാതാവുമാണ്. 2. റസൂലുല്ലാഹി(സ) ഖുര്‍ആനിക വചനങ്ങളെ പഠിപ്പിച്ചതിനോടൊപ്പം അതിന്‍റെ വിശദീകരണങ്ങളും നല്‍കി. 3. റസൂലുല്ലാഹി(സ)യുടെ വിശദീകരണങ്ങള്‍ ഖുര്‍ആനോടൊപ്പം നിലനില്‍ക്കേണ്ടത് അനിവാര്യമാണ്.
റസൂലുല്ലാഹി(സ) ഖുര്‍ആനെ രണ്ട് നിലയില്‍ പഠിപ്പിച്ചു: (1) സ്വന്തമായ നിലയില്‍ പ്രാവര്‍ത്തിക രൂപം കാണിച്ചു. (2) വാക്കുകള്‍ കൊണ്ട് ആവശ്യമായ വിശദീകരണങ്ങള്‍ നല്‍കി. ഖുര്‍ആനില്‍ ഓരോ കല്‍പ്പനകള്‍ അവതരിക്കപ്പെടുമ്പോഴും ജനങ്ങള്‍ക്ക് മുമ്പില്‍ അത് പ്രവര്‍ത്തിച്ച് കാണിച്ചിരുന്നു. അതുമുഖേന ഖുര്‍ആനിക വചനങ്ങളുടെ ആശയങ്ങള്‍ വ്യക്തമാകുകയും അവയുടെ പ്രവര്‍ത്തി രൂപം ജനങ്ങള്‍ക്ക് മനസ്സിലാവുകയും ചെയ്തു. ഉദാഹരണമായി നമസ്കാരം നിര്‍ബന്ധമാണെന്ന് ഖുര്‍ആനില്‍ കല്‍പ്പന നല്‍കപ്പെട്ടു. അതിന്‍റെ ചില ഭാഗങ്ങളായ നിറുത്തം, റുകൂഅ്, സുജൂദ്, ഖിറാഅത്ത് തുടങ്ങിയവയെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടിരുന്നുവെങ്കിലും അവയുടെ ക്രമമെന്താണെന്ന് എവിടെയും വ്യക്തമാക്കപ്പെട്ടിരുന്നില്ല. എന്നാല്‍ നമസ്കാരത്തിന്‍റെ ഓരോ ഘടകങ്ങളെയും കോര്‍ത്തിണക്കി സവിശേഷമായ രൂപം റസൂലുല്ലാഹി(സ) പ്രവര്‍ത്തിച്ച് കാണിച്ചു. 'നമസ്കാരം നിലനിര്‍ത്തുക' എന്ന ഖുര്‍ആനിക നിര്‍ദ്ദേശത്തിന് മുമ്പില്‍ സ്വാഭാവികമായും ഉയരുന്ന 'എങ്ങനെ നമസ്കരിക്കണം' എന്ന ചോദ്യത്തിനുള്ള മറുപടിയാണ് 'ഞാന്‍ നമസ്കരിച്ചതുപോലെ നിങ്ങളും നമസ്കരിക്കുക' എന്ന നബിവചനം.
ഹജ്ജ് നിര്‍ബന്ധമായിരിക്കുന്നു എന്ന് ഖുര്‍ആനിക വചനം അവതരിക്കപ്പെട്ടുവെങ്കിലും അതിന്‍റെ രൂപ-രീതികളുടെ വിശദീകരണം വന്നില്ല. തുടര്‍ന്ന് റസൂലുല്ലാഹി(സ) ഹജ്ജ് നിര്‍വഹിച്ചു. ഹജ്ജിന്‍റെ വിദാഇല്‍ അറഫയില്‍ വെച്ച് അവിടുന്ന് ജനങ്ങളോട് പറഞ്ഞു: "ഹജ്ജിന്‍റെ കര്‍മ്മങ്ങള്‍ നിങ്ങള്‍ എന്നില്‍ നിന്നും പഠിച്ചുകൊള്ളുക. ഒരുപക്ഷെ അടുത്തവര്‍ഷം ഞാന്‍ നിങ്ങളോടൊപ്പമില്ലാതെ വന്നേക്കാം." അതോടെ ആവശ്യമായ എല്ലാ വിശദീകരണങ്ങളും ജനങ്ങള്‍ക്ക് ലഭിച്ചു. റസൂലുല്ലാഹി(സ) യുടെ വാചകരൂപേണയുള്ള വിശദീകരണങ്ങള്‍ രണ്ട് രീതിയില്‍ വന്നിട്ടുണ്ട്.
1. ഖുര്‍ആനിക വചനത്തെ ഉദ്ധരിച്ച്കൊണ്ട് അതിന്‍റെ വിശദീകരണവും അതില്‍ നിന്നും നിഷ്പന്നമാകുന്ന നിയമങ്ങളും പറയുക.
2. നബവീ ഉള്‍ക്കാഴ്ചയിലൂടെ  ഖുര്‍ആനില്‍ നിന്നും മനസ്സിലാക്കുന്ന കാര്യങ്ങള്‍ ഏതെങ്കിലും ആയത്തുമായി ബന്ധിപ്പിക്കാതെ പറയുക.
ആദ്യ രീതിയുമായി ബന്ധപ്പെട്ട അനേകം ഉദാഹരണങ്ങളില്‍ നിന്നും മൂന്നെണ്ണം മാത്രം ഇവിടെ എഴുതുന്നു.
1. റസൂലുല്ലാഹി(സ) അരുളി: അന്ത്യദിനത്തില്‍ അല്ലാഹു നൂഹ് (അ) നെ വിളിച്ചുകൊണ്ട് ചോദിക്കും. "എന്‍റെ സന്ദേശം നീ ജനങ്ങള്‍ക്ക് എത്തിച്ചുവോ? അദ്ദേഹം പറയും: "അതെ, ഞാന്‍ എത്തിച്ചു." ശേഷം നൂഹ് (അ) ന്‍റെ സമൂഹത്തോട് ചോദിക്കും. നൂഹ് നിങ്ങള്‍ക്ക് എന്‍റെ സന്ദേശം എത്തിച്ച് തന്നോ? അവര്‍ പറയും: "ഇല്ല, ഞങ്ങളുടെ  അടുക്കല്‍ താക്കീത് നല്‍കുന്നതിനായി ആരും വന്നില്ല." അല്ലാഹു വീണ്ടും നൂഹ് (അ) നോട് ചോദിക്കും: "നിനക്കു വേണ്ടി  സാക്ഷിയാകുവാന്‍ ആരാണുള്ളത്" നൂഹ് നബി (അ) പറയും: മുഹമ്മദ് നബി(സ) യും അദ്ദേഹത്തിന്‍റെ സമുദായവും. തുടര്‍ന്ന് നൂഹ് (അ) സ്വസമൂഹത്തിന് സന്ദേശം എത്തിച്ചുവെന്ന് മുഹമ്മദീ ഉമ്മത്ത് സാക്ഷ്യം വഹിക്കുന്നതും റസൂലുല്ലാഹി(സ) അവരുടെ സാക്ഷ്യത്തെ സത്യപ്പെടുത്തുന്നതുമാണ്. തുടര്‍ന്ന് റസൂലുല്ലാഹി(സ) പറഞ്ഞു: അല്ലാഹു ഖുര്‍ആനില്‍ അവതരിപ്പിച്ച "അല്ലാഹു നിങ്ങളെ മധ്യമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി സാക്ഷികളാകുവാനും റസൂല്‍ നിങ്ങള്‍ക്ക് വേണ്ടി സാക്ഷിയാകുവാനും" എന്ന ആയത്തില്‍ ഇതാണ് വിശദീകരിക്കപ്പെട്ടിരിക്കുന്നത്. (കിതാബുത്തഫ്സീര്‍, സ്വഹീഹ് ബുഖാരി).
2. റസൂലുല്ലാഹി(സ) യോട് അദിയ്യുബ്നു ഹാതം ചോദിച്ചു. ഖുര്‍ആനിലെ ഖൈത്തുല്‍ അബ്യള് (കറുത്ത നൂല്‍), ഖൈത്തുല്‍ അസ്വദ് (വെളുത്ത നൂല്‍) എന്നിവ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് രണ്ട് നൂലുകളാണോ? റസൂലുല്ലാഹി(സ) മറുപടി പറഞ്ഞു: "അല്ല, രാത്രിയുടെ കറുപ്പും പകലിന്‍റെ വെളുപ്പുമാണ് ഉദ്ദേശ്യം" (കിത്താബുത്തഫ്സീര്‍, ബുഖാരി).                                                           
3. ഹുദൈബിയ്യയിലേക്കുള്ള യാത്രയില്‍ കഅ്ബ് ഇബ്നു ഉജ്റ (റ) യുടെ തലയില്‍ പേന്‍ നിറഞ്ഞിരുന്നു. ഇത് കണ്ടപ്പോള്‍ റസൂലുല്ലാഹി(സ) അദ്ദേഹത്തോട് പറഞ്ഞു: "നിങ്ങള്‍ ഇത്ര പ്രയാസത്തിലാണെന്ന് ഞാനറിഞ്ഞിരുന്നില്ല. നിങ്ങള്‍ക്ക് ഒരു ആടിനെ ലഭ്യമാക്കുവാന്‍ കഴിയുമോ?" അദ്ദേഹം പറഞ്ഞു: ഇല്ല. റസൂലുല്ലാഹി(സ) പറഞ്ഞു: "നിങ്ങള്‍ തല മുണ്ഡനം ചെയ്യുക, അതോടൊപ്പം മൂന്ന് ദിവസം നോമ്പ് അനുഷ്ഠിക്കുകയോ ആറ് മിസ്കീനുകള്‍ക്ക് ഓരോ സാഅ് ധാന്യം വീതം സ്വദഖ നല്‍കുകയോ ചെയ്യുക.ڈ (കിത്താബുത്തഫ്സീര്‍, ബുഖാരി). പ്രത്യക്ഷത്തില്‍ ഈ സംഭവത്തിലെവിടെയും ഖുര്‍ആനിക ആയത്തോ സൂചനയോ കാണുന്നില്ലെങ്കിലും "നിങ്ങളിലൊരാള്‍ രോഗിയോ തലയില്‍ വ്യാധിയുള്ളവനോ ആണെങ്കില്‍ വ്രതമോ ദാനധര്‍മ്മമോ ബലിയോ കൊണ്ട് പ്രായശ്ചിത്തം ചെയ്യണം എന്ന അര്‍ത്ഥത്തിലുള്ള ആയത്ത് ഈ സംഭവവുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെട്ടതാണെന്നതിനാലാണ് നാം ഇതിനെയും ഉദാഹരണമായി ഉദ്ധരിച്ചത്.
പരിശുദ്ധ ഖുര്‍ആനിന്‍റെ രണ്ടാമത്തെ രൂപത്തിലുള്ള വിശദീകരണത്തിന് ഉദാഹരണങ്ങളായി ധാരാളം ഹദീസുകളുണ്ട്. നമുടെ പരിമിതമായ ഗ്രാഹ്യശേഷികൊണ്ട് അവയില്‍ പലതിന്‍റെയും ഖുര്‍ആനിക ബന്ധം പെട്ടെന്ന് മനസ്സിലാകാതെ വന്നേക്കാമെങ്കിലും ചെറിയചിന്താ പഠനങ്ങളിലൂടെ അത് മനസ്സിലാക്കാവുന്നതാണ്. അവയില്‍ നിന്നും രണ്ടെണ്ണം മാത്രം ഇവിടെ ഉദാഹരിക്കുന്നു.
1. റസൂലുല്ലാഹി(സ) അരുളി: "സ്വന്തം മനോച്ഛകള്‍ എന്‍റെ അധ്യാപനങ്ങളെയും ചര്യകളെയും പിന്തുടരുന്നത് ആകുന്നത് വരെ നിങ്ങളിലാരും വിശ്വാസികളാകുകയില്ല." (ബുഖാരി)
ചെറിയ ഒരു ചിന്തയിലൂടെ താഴെ പറയുന്ന ആയത്തുകളുടെ വിശദീകരണമാണിതെന്ന് വ്യക്തമാകും.
"ഇല്ല, നിന്‍റെ രക്ഷിതാവിനെ തന്നെയാണെ സത്യം അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും നീ വിധി കല്‍പ്പിച്ചതിനെ പറ്റി പിന്നീട് അവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല." (നിസാഅ്:65)
അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനും സ്ത്രീയ്ക്കും തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. (അഹ്സാബ്:36).




മആരിഫുല്‍ ഖുര്‍ആന്‍ 

 സൂറത്തുര്‍റഹ്മാന്‍-2

(78 ആയത്തുകള്‍, പദങ്ങള്‍ 351, അക്ഷരങ്ങള്‍ 1636, മദീനമുനവ്വറയില്‍ അവതരണം. 3 റുകൂഅ്. അവതരണ ക്രമം 97. പാരായണ ക്രമം 55. സൂറത്തുര്‍റഅ്ദിന് ശേഷം അവതരണം)
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം


പരലോക അവസ്ഥകള്‍

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


ആയത്ത് 26-45
                                    പരലോക അവസ്ഥകള്‍

ഭൂമിയിലുള്ളവരെല്ലാവരും നശിക്കുന്നതാണ്.(26) താങ്കളുടെ മഹത്വവും അന്തസ്സുമുള്ള രക്ഷിതാവിന്‍റെ അസ്തിത്വം മാത്രം അവശേഷിക്കുന്നതാണ്.(27) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്?(28) ആകാശത്തും ഭൂമിയിലുമുള്ളവരെല്ലാം അല്ലാഹുവിനോട് തന്നെ ചോദിക്കുന്നു. എല്ലാ ദിവസവും അല്ലാഹു കാര്യ നിര്‍വഹണത്തിലാണ്.(29) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്?(30) രണ്ട് ഭാരമുള്ള വിഭാഗങ്ങളേ, അടുത്ത് തന്നെ നിങ്ങളുടെ തീരുമാനം പ്രഖ്യാപിച്ച് നാം ഒഴിവാകുന്നതാണ്.(31) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്?(32) മനുഷ്യ-ജിന്ന് വിഭാഗങ്ങളെ, ആകാശ-ഭൂമികളുടെ അതിര്‍ത്തിയില്‍ നിന്നും പോകാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ നിങ്ങള്‍ പോകുക. രേഖയില്ലാതെ നിങ്ങള്‍ക്ക് പോകാന്‍ കഴിയുന്നതല്ല.(33) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്?(34) തീജ്വാലയും ഉരുക്കിയ ചെമ്പും നിങ്ങളിലേക്ക് അയക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കുകയില്ല.(35) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്?(36) ആകാശം പിളര്‍ന്ന് അത് കുഴമ്പ് പോലെ ചുവന്നതായാല്‍(37) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്?(38) അതേ ദിവസം ഒരു മനുഷ്യനോടും ജിന്നിനോടും അവരുടെ പാപങ്ങളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതല്ല.(39) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്?(40)മഹാപാപികളെ അവരുടെ അടയാളങ്ങളെക്കൊണ്ട് തിരിച്ചറിയപ്പെടും. അവരുടെ കുടുമകളിലും പാദങ്ങളിലും ചേര്‍ത്ത് പിടിക്കപ്പെടും.(41) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്?(42) മഹാപാപികള്‍ കളവാക്കിയ നരകമാണിത്.(43) അതിനും കടുത്ത ചൂടുള്ള ഇനത്തിനും ഇടയില്‍ അവര്‍ കറങ്ങിനടക്കുന്നതാണ്.(44) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്?(45) 

ആശയ സംഗ്രഹം
നിങ്ങള്‍ ഇതുവരെ കേട്ട അനുഗ്രഹങ്ങളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ പടച്ചവനെ ആരാധിച്ച് നന്ദി രേഖപ്പെടുത്തേണ്ടതാണ്. നിഷേധ-പാപങ്ങളിലൂടെ നന്ദികേട് കാണിക്കരുത്. കാരണം ഈ ലോകം നശിക്കുകയും ശേഷം പുതിയൊരു ലോകം വരുകയും ചെയ്യുന്നതാണ്. അവിടെ സത്യവിശ്വാസത്തിന്‍റെയും നിഷേധത്തിന്‍റെയും പ്രതിഫല ശിക്ഷകള്‍ നല്‍കപ്പെടുന്നതാണ്. ഈ കാര്യം ഉണര്‍ത്തിക്കൊണ്ട് അല്ലാഹു അരുളുന്നു: ഭൂമിയിലുള്ള മനുഷ്യ ജിന്നുകള്‍ എല്ലാവരും നശിക്കുന്നതാണ്. മഹത്വവും ഉപകാരവും നിറഞ്ഞ രക്ഷിതാവിന്‍റെ അസ്തിത്വം മാത്രം അവശേഷിക്കുന്നതാണ്. ഇവിടെ അല്ലാഹുവിന്‍റെ രണ്ട് വിശേഷണങ്ങളായ മഹത്വവും ഉപകാരവും പ്രത്യേകം പറഞ്ഞിരിക്കുന്നു. കാരണം മഹത്വത്തെപ്പറ്റി അറിവുള്ളവര്‍ തന്നെ പടച്ചവന്‍റെ കാരുണ്യത്തെക്കുറിച്ച് ഓര്‍ക്കാറില്ല. എന്നാല്‍ പടച്ചവന്‍ മഹത്വത്തോടൊപ്പം വലിയ ഉപകാരിയും കാരുണ്യവാനുമാണ്. ഈ ആയത്തിലൂടെ അല്ലാഹു എല്ലാവരും ഇല്ലാതാകുന്നതാണെന്ന് പറയുന്നെങ്കിലും ഇതുകൊണ്ടുള്ള പ്രധാന സംബോധന മനുഷ്യരും ജിന്നുകളുമാണ്. അതുകൊണ്ട് അടുത്ത ആയത്തില്‍ ഈ രണ്ട് വിഭാഗങ്ങളെ പ്രത്യേകം അനുസ്മരിച്ചിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവിന്‍റെ വലുതും അധികരിച്ചതുമായ അനുഗ്രഹങ്ങളില്‍ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്? അടുത്തതായി പടച്ചവന്‍റെ പ്രത്യേകമായ ഒരു മഹത്വവും കാരുണ്യവും വിവരിക്കുന്നു: ആകാശത്തും ഭൂമിയിലുമുള്ളവരെല്ലാം അല്ലാഹുവിനോട് തന്നെ അവരവരുടെ ആവശ്യങ്ങള്‍ ചോദിക്കുന്നു. ഭൂമിയിലുള്ളവരുടെ ആവശ്യങ്ങള്‍ വക്തമാണ്. ആകാശത്തുള്ളവര്‍ ആഹാര-പാനിയങ്ങള്‍ക്ക് ആവശ്യമുള്ളവരെല്ലെങ്കിലും അവരും പടച്ചവന്‍റെ കാരുണ്യത്തിലേക്ക് ആവശ്യക്കാര്‍ തന്നെയാണ്. അടുത്തതായി പടച്ചവന്‍റെ കാരുണ്യം മറ്റൊരു ശൈലിയില്‍ വിവരിക്കുന്നു: എല്ലാ സമയവും അല്ലാഹു എന്തെങ്കിലും കാര്യം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നു. അതായത് ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും പടച്ചവന്‍റെ തീരുമാന പ്രകാരവും കാരുണ്യത്തിന്‍റെ പേരിലുമാണ്. ഉദാഹരണത്തിന് സൃഷ്ടികളെ ഉണ്ടാക്കുന്നതും നിലനിര്‍ത്തുന്നതും സമ്പത്തും സന്താനങ്ങളും നല്‍കുന്നതും പടച്ചവന്‍റെ ഭൗതിക കാരുണ്യങ്ങളാണ്. സന്മാര്‍ഗ്ഗവും വിജ്ഞാനവും കര്‍മ്മങ്ങള്‍ക്കുള്ള സൗഭാഗ്യവും മതപരമായ കാരുണ്യങ്ങളാണ്. ആകയാല്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ വലുതും അധികരിച്ചതുമായ അനുഗ്രഹങ്ങളില്‍ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്? അടുത്തതായി ഒരു തെറ്റിദ്ധാരണ തിരുത്തുന്നു. നിങ്ങള്‍ മരിച്ച് കഴിഞ്ഞാല്‍ ആ അവസ്ഥ നിരന്തരമായിരിക്കുമെന്നും രക്ഷാശിക്ഷകളൊന്നും ഉണ്ടാവുകയില്ലെന്നും വിചാരിക്കരുത്. മറിച്ച് നാം നിങ്ങളെ രണ്ടാമത് ജീവിപ്പിക്കുന്നതും രക്ഷാശിക്ഷകള്‍ നല്‍കുന്നതുമാണ്. ഭാരമുള്ള രണ്ട് വിഭാഗങ്ങളായ ഭൂതമനുഷ്യ വര്‍ഗ്ഗങ്ങളേ, അടുത്ത് തന്നെ നിങ്ങളെ വിചാരണ നടത്തുന്നതിന് വേണ്ടി നാം ഒഴിവാകുന്നതാണ്. അതായത് നിങ്ങളെ നാം വിചാരണ ചെയ്യുന്നതാണ്. ഇതിന്‍റെ ഗൗരവം അറിയിക്കുന്നതിനാണ് അതിന് വേണ്ടി മാത്രം ഒഴിവാകുന്നതാണെന്ന് പറഞ്ഞത്. കാരണം മനുഷ്യന്‍ എല്ലാ കാര്യങ്ങളില്‍ നിന്നും ഒഴിവായി ഒരു കാര്യത്തിലേക്ക് മാത്രം തിരിയുമ്പോള്‍ പൂര്‍ണ്ണ ശ്രദ്ധ തിരിക്കുന്നു. ഇത് മനുഷ്യന് മനസ്സിലാകാന്‍ വേണ്ടി പറഞ്ഞതാണ്. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒരു കാര്യത്തില്‍ മുഴുകുന്നത് മറ്റൊരു കാര്യത്തില്‍ മുഴുകുന്നതിന് തടസ്സമല്ല. അല്ലാഹു എവിടെ ശ്രദ്ധിച്ചാലും അത് സമ്പൂര്‍ണ്ണമായിരിക്കും. ചുരുക്കത്തില്‍ ഈ വിചാരണയെക്കുറിച്ച് മുന്‍കൂട്ടി അറിയിച്ചത് പടച്ചവന്‍റെ വലിയൊരു അനുഗ്രഹമാണ്. നിങ്ങളുടെ രക്ഷിതാവിന്‍റെ വലുതും അധികരിച്ചതുമായ അനുഗ്രഹങ്ങളില്‍ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്? അടുത്തതായി വിചാരണ ഉറപ്പായും നടത്തുന്നതാണെന്ന് അറിയിക്കുന്നതിന് വേണ്ടി പറയുന്നു: വിചാരണയുടെ സമയത്ത് ആര്‍ക്കും രക്ഷപ്പെട്ട് ഓടാന്‍ സാധിക്കുന്നതല്ല. മനുഷ്യ-ജിന്ന് വിഭാഗങ്ങളെ, ആകാശ-ഭൂമികളുടെ അതിര്‍ത്തിയില്‍ നിന്നും പോകാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ നിങ്ങള്‍ പോയി നോക്കുക. കഴിവില്ലാതെ നിങ്ങള്‍ക്ക് പോകാന്‍ കഴിയുന്നതല്ല. അതിനുള്ള കഴിവ് നിങ്ങള്‍ക്ക് ഇല്ല താനും. അതുകൊണ്ട് നിങ്ങള്‍ ആര്‍ക്കും രക്ഷപ്പെട്ട് പോകാന്‍ സാധിക്കുന്നതല്ല. ഈ കാര്യം അറിയിച്ച് തന്നതും സന്മാര്‍ഗ്ഗത്തിന്‍റെ കാരണവും വലിയൊരു അനുഗ്രവുമാണ്. നിങ്ങളുടെ രക്ഷിതാവിന്‍റെ വലുതും അധികരിച്ചതുമായ അനുഗ്രഹങ്ങളില്‍ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്? അടുത്തതായി വിചാരണ സമയത്ത് മനുഷ്യന്‍റെ ബലഹീനത വ്യക്തമായതുപോലെ പടച്ചവന്‍റെ ശിക്ഷയുണ്ടാകുമ്പോഴുള്ള മനുഷ്യന്‍റെ ബലഹീനതയും വിവരിക്കുന്നു: ഖിയാമത്ത് ദിനം തീജ്വാലയും ഉരുക്കിയ ചെമ്പും നിങ്ങളിലേക്ക് അയക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കുകയില്ല. മറ്റൊരു ഭാഗത്ത് ഇതിനെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്:.............. (മുര്‍സലാത്ത് 30-33) ഈ കാര്യത്തെ അറിയിച്ച് തരുന്നത് സന്മാര്‍ഗ്ഗത്തിന് കാരണമായതിനാല്‍ ഇതും വലിയൊരു അനുഗ്രഹമാണ്. ആകയാല്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ വലതും അധികരിച്ചതുമായ അനുഗ്രഹങ്ങളില്‍ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്? ചുരുക്കത്തില്‍ നമ്മുടെ വിചാരണയുടെയും ശിക്ഷയുടെയും സമയത്ത് നിങ്ങള്‍ അശക്തരാകുമെന്ന കാര്യം വ്യക്തമായപ്പോള്‍ ഖിയാമത്ത് ദിനം വിചാരണയും ശിക്ഷയും ഉറപ്പായി. ആകയാല്‍ അതിനെക്കുറിച്ച് വിവരിക്കുന്നു: ഖിയാമത്ത് ദിനം ആകാശം പിളര്‍ന്ന് അത് തോലുപോലെ പോലെ ചുവന്നതായാല്‍ അത് കോപത്തിന്‍റെ അടയാളമായിരിക്കും. കാരണം കോപത്തിന്‍റെ സമയത്ത് മുഖം ചുവക്കുന്നതാണ്. തദവസരം ആകാശം പൊട്ടിപ്പിളരുന്നതാണ്.(ഫുര്‍ഖാന്‍ 25) ഈ വാര്‍ത്ത അറിയിക്കുന്നതും ഒരു അനുഗ്രഹമാണ്. അപ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ വലതും അധികരിച്ചതുമായ അനുഗ്രഹങ്ങളില്‍ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്? അടുത്തതായി വിചാരണയുടെ രൂപം വിവരിക്കുന്നു: മേല്‍ പറയപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്ന അതേ ദിവസം ഒരു മനുഷ്യനോടും ജിന്നിനോടും അവരുടെ പാപങ്ങളെക്കുറിച്ച് അല്ലാഹു അറിയുന്നതിന് വേണ്ടി ചോദ്യം ചെയ്യപ്പെടുന്നതല്ല. കാരണം അല്ലാഹുവിന് എല്ലാം അറിയാം. പിന്നെ വിചാരണ നടത്തുന്നത് അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനും വ്യക്തമാക്കുന്നതിനുമാണ്. ഈ കാര്യം അറിയച്ചതും ഒരു അനുഗ്രഹമാണ്. അപ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ വലതും അധികരിച്ചതുമായ അനുഗ്രഹങ്ങളില്‍ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്? ചുരുക്കത്തില്‍ വിചാരണ നടത്തുന്നത് കാര്യങ്ങള്‍ അറിയാന്‍ വേണ്ടിയല്ല, പാപികളെ വിരട്ടാന്‍ വേണ്ടിയാണ്. ഇവിടെ ഒരു സംശയമുണ്ട്: അല്ലാഹുവിന് പാപികളെക്കുറിച്ച് അറിയാമെങ്കിലും മലക്കുകള്‍ അവരെ എങ്ങനെ അറിഞ്ഞു? ഇതിന് മറുപടിയായി പറയുന്നു:  മഹാപാപികളെ അവരുടെ അടയാളങ്ങളെക്കൊണ്ട് തിരിച്ചറിയപ്പെടും. അവരുടെ മുഖങ്ങള്‍ കറുത്തിരിക്കും, കണ്ണകള്‍ നീല നിറമായിരിക്കും........ (ആലുഇംറാന്‍ 106), .......... (ത്വാഹ 102) അങ്ങനെ അവരുടെ കുടുമകളിലും പാദങ്ങളിലും ചേര്‍ത്ത് പിടിക്കപ്പെടും. എന്നിട്ട് അവരെ വലിച്ചിഴച്ച് നരകത്തിലേക്ക് എറിയപ്പെടും. അതായത് കര്‍മ്മങ്ങള്‍ക്കനുസസിച്ച് ചിലരുടെ തലയിലും ചിലരുടെ കാലുകളിലും ചിലരുടെ കാലിലും തലയിലും പിടിച്ചെറിയപ്പെടുന്നതാണ്. ഈ വാര്‍ത്ത അറിയിച്ചതും വലിയൊരു അനുഗ്രഹമാണ്. അപ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ വലതും അധികരിച്ചതുമായ അനുഗ്രഹങ്ങളില്‍ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്? അടുത്തതായി ശിക്ഷയെക്കുറിച്ച് കൂടുതല്‍ ഉണര്‍ത്തുന്നു: നിങ്ങള്‍, മഹാപാപികള്‍ കളവാക്കിയ നരകമാണിത്. അതിനും കടുത്ത ചൂടുള്ള ഇനത്തിനും ഇടയില്‍ അവര്‍ കറങ്ങിനടക്കുന്നതാണ്. അതായത് ചിലപ്പോള്‍ തീ കൊണ്ടുള്ളതും ചിലപ്പോള്‍ കടുത്ത ചൂടുള്ള വെള്ളം കൊണ്ടുള്ളതുമായ ശിക്ഷ നല്‍കപ്പെടുന്നതാണ്. ഈ വിവരം നല്‍കിയതും ഒരു അനുഗ്രഹമാണ്. അപ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ വലുതും അധികരിച്ചതുമായ അനുഗ്രഹങ്ങളില്‍ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്?

വിവരണവും വ്യാഖ്യാനവും
ഭൂമിയിലുള്ളവരെല്ലാവരും നശിക്കുന്നതാണ്.(26)  താങ്കളുടെ മഹത്വവും അന്തസ്സുമുള്ള രക്ഷിതാവിന്‍റെ അസ്തിത്വം മാത്രം അവശേഷിക്കുന്നതാണ്.(27) * അലയ്ഹാ എന്നാല്‍ ഭൂമിയിലുള്ളവര്‍ എന്നാണ് ആശയം. അതായത് ഭൂമിയിലുള്ള മുഴുവന്‍ മനുഷ്യരും ജിന്നുകളും എല്ലാം മരിക്കുന്നതാണ്. കൂടാതെ, മറ്റ് ജീവികളും ഇല്ലാതാകുന്നതാണ്. ........ (ഖസസ് 88) * വജ്ഹ് എന്നതുകൊണ്ടുള്ള വിവക്ഷ അല്ലാഹുവിന്‍റെ അസ്ഥിത്വമാണെന്ന് ഭൂരിഭാഗം മുഫസ്സിറുകളും വ്യക്തമാക്കുന്നു. * താങ്കളുടെ എന്നതുകൊണ്ടുള്ള ഉദ്ദേശം റസൂലുല്ലാഹി (സ) ആണ്. ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ റസൂലുല്ലാഹി (സ)യെ ആദരിച്ചുകൊണ്ട് അല്ലാഹുവിന്‍റെ അടിമയെന്ന് പറഞ്ഞതുപോലെ ഇവിടെയും ആദരവിന് വേണ്ടി താങ്കളുടെ രക്ഷിതാവെന്ന് പറഞ്ഞിരിക്കുകയാണ്. * പ്രസിദ്ധ വ്യാഖ്യാനം അനുസരിച്ച് ആയത്തിന്‍റെ ആശയം ഇതാണ്: മനുഷ്യരും ജിന്നുകളും അടക്കം ആകാശ-ഭൂമിയിലുള്ളവരെല്ലാം നശിക്കുന്നതാണ്. സമുന്നതനായ അല്ലാഹു മാത്രം അവശേഷിക്കുന്നതാണ്. നശിക്കുന്നതാണ് എന്നതിന്‍റെ ആശയം എല്ലാവരും നശിക്കാനുള്ളതാണെന്നും അന്ന് നശിക്കുന്നതാണെന്നുമാണ്. ചില മുഫസ്സിറുകള്‍ ഇപ്രകാരം ആശയം പറയുന്നു: പ്രപഞ്ച വസ്തുക്കളില്‍ അല്ലാഹുവുമായി ബന്ധപ്പെട്ട വസ്തുക്കളും കര്‍മ്മങ്ങളും മാത്രം അവശേഷിക്കുന്നതാണ്. അതായത് അല്ലാഹുവിന്‍റെ പൊരുത്തത്തിന് വേണ്ടി ചെയ്യപ്പെട്ട കര്‍മ്മങ്ങളൊന്നും നശിക്കുന്നതല്ല. (ഖുര്‍തുബി) ഇതിന് പിന്‍ബലം നല്‍കിക്കൊണ്ട് ഒരിടത്ത് പറയുന്നു: ........ (നഹ്ല്‍ 96) * ഇക്റാം എന്നതിന്‍റെ ആശയം ഇതാണ്: അല്ലാഹു ഇഹലോകത്തെ രാജാക്കന്മാരെപ്പോലെ സ്വന്തം അന്തസ്സ് മാത്രം ഉള്ളവനല്ല. മറിച്ച് അല്ലാഹു മഹോന്നതനായതിനോടൊപ്പം സൃഷ്ടികള്‍ക്കും ആദരവ് നല്‍കുന്നവനാണ്. അല്ലാഹു എല്ലാവരെയും സൃഷ്ടിക്കുകയും ധാരാളം അനുഗ്രഹങ്ങള്‍ കനിഞ്ഞരുളുകയും അപേക്ഷകള്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഈ കാര്യം അടുത്ത ആയത്ത് കൂടുതല്‍ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. യാദല്‍ ജലാലി വല്‍ ഇക്റാം എന്ന നാമം പറഞ്ഞുകൊണ്ട് ആരെങ്കിലും പടച്ചവനോട് ദുആ ചെയ്താല്‍ അത് സ്വീകരിക്കപ്പെടുന്നതാണ്. റബീഅ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: യാദല്‍ ജലാലി വല്‍ ഇക്റാം എന്ന വചനത്തെ ദുആകളില്‍ നിര്‍ബന്ധമായും കൂട്ടത്തില്‍ ചേര്‍ക്കുക. അത് സ്വീകാര്യതയ്ക്ക് വളരെ എളുപ്പമാണ്. (മസ്ഹരി)


*********

  മആരിഫുല്‍ ഹദീസ് 
  മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

ഇഹ്റാം, മീഖാത്ത്, തല്‍ബിയത്ത്

കഅ്ബാശരീഫാ സത്യവിശ്വാസികളുടെ കേന്ദ്രവും അല്ലാഹുവിന്‍റെ ആദരണീയ ഭവനവുമാണ്. അവിടെ ഹാജരാകാന്‍ കഴിവുള്ളവര്‍ ആയുസ്സില്‍ ഒരിക്കല്‍ ഹാജരാകലും ഹജ്ജ് നിര്‍വ്വഹിക്കലും നിര്‍ബന്ധമാണ്. ഈ ഹാജരാകലിന് ചില നിര്‍ബന്ധമര്യാദകളുണ്ട്. ഹാജിമാര്‍ സാധാരണ ധരിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുത് എന്നതാണ് ഒരു പ്രധാന മര്യാദ. മരിച്ചവരുടെ കഫന്‍പുടവയോട് സാദൃശ്യത പുലര്‍ത്തുന്നതും പരലോകത്തെ ഹശ്ര്‍ മൈതാനത്തേക്കുള്ള ആഗമനത്തെ ഓര്‍മിപ്പിക്കുന്നതുമായ സാധുത്തരം നിറഞ്ഞ രണ്ട് തുണികള്‍ മാത്രമേ പുരുഷന്‍മാര്‍ ധരിക്കാവൂ. ഒന്ന് മുണ്ടായിട്ടുടുക്കുക മറ്റൊന്ന് മുകളില്‍ പുതയ്ക്കുക. തല തുറന്നിടണം. പാദം പൂര്‍ണ്ണമായി മറയുന്ന ഷൂസുകള്‍ ധരിക്കരുത്. ഇത് പോലെ വേറെയും ചില മര്യാദകള്‍ നിര്‍ബന്ധമായും പാലിക്കണം. വിനയവും താഴ്മയും എളിമത്തരവും ഭൗതിക വിരക്തിയും ഉണ്ടായിരിക്കണമെന്നാണ് ഇതിന്‍റെ ലക്ഷ്യം. എന്നാല്‍ ദാസന്മാരുടെ ബലഹീനത പരിഗണിച്ചു കൊണ്ടു വീട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍ തന്നെ ഈ മര്യാദകള്‍ പാലിച്ച് പുറപ്പെടണമെന്ന് നിര്‍ബന്ധമാക്കിയില്ല. ഇപ്രകാരം നിര്‍ബന്ധമാക്കിയിരുന്നെങ്കില്‍ ജനങ്ങള്‍ വലിയ പ്രയാസത്തില്‍ അകപ്പെടുമായിരുന്നു കുറച്ച് കാലങ്ങള്‍ മുന്‍പ് വരെ വിദൂരദേശങ്ങളിലുളള ഹാജിമാര്‍ പല മാസങ്ങള്‍ കടലിലും കരയിലും യാത്ര ചെയ്താണ് മക്കയില്‍ എത്തിയിരുന്നത് ഇന്നും പല രാജ്യങ്ങളില്‍ നിന്നും ആഴ്ചകളോളം യാത്രവേണ്ടി വരുന്നു. ഇത്രയും നീണ്ട ദിനരാത്രങ്ങള്‍ ഇഹ്റാമിന്‍റെ അവസ്ഥയില്‍ കഴിയുന്നത് അധികപേര്‍ക്കും വലിയ ദുരിതമാണ്. അതു കൊണ്ടു നാലു ഭാഗത്ത് നിന്നും വരുന്നവര്‍ക്ക് മക്കാമുക്കര്‍റമയുടെ അടുത്ത് ചില സ്ഥലങ്ങള്‍ നിര്‍ണ്ണയിക്കപ്പെട്ടു. അതാത് ഭാഗത്ത് നിന്നും ഹജ്ജിനും ഉംറയ്ക്കും വരുന്നവര്‍ ഈ സ്ഥലങ്ങളില്‍ എത്തുമ്പോള്‍ കഅ്ബാശരീഫിനെ ആദരിച്ചു കൊണ്ട് അവിടെ വച്ച് ഇഹ്റാം നിര്‍വ്വഹിക്കണമെന്ന് കല്‍പ്പിക്കപ്പെട്ടു. ഈ നിര്‍ണ്ണിത സ്ഥാനങ്ങള്‍ക്ക് മീഖാത്ത് എന്ന് പറയപ്പെടുന്നു. ഇവിടെ ഒരു കാര്യം മനസ്സിലാക്കുക. ഇഹ്റാമിന്‍റെ വസ്ത്രം ധരിക്കുന്നത് കൊണ്ടുമാത്രം ഇഹ്റാം ആകുന്നതല്ല. പ്രത്യുത വസ്ത്രം ധരിച്ചു രണ്ടു റകഅത്ത് നമസ്കരിക്കുകയും തുടര്‍ന്ന് ഹജ്ജിനെയോ ഉംറയെയോ കരുതിക്കൊണ്ട് ഉറക്കെ ഇപ്രകാരം തല്‍ബിയത്ത് പറയുകയും ചെയ്യണം. (തല്‍ബിയത്ത് അറബി...............) ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് ലബ്ബൈക്ക ലാ ശരീക്കലക്ക ലബ്ബൈക്ക്..... ലബ്ബൈക്ക് ചൊല്ലുന്നതോടെ ഹാജി ഇഹ്റാമില്‍ പ്രവേശിച്ചവരാകും. ഇതോടെ ഹജ്ജിന്‍റെ കര്‍മ്മം ആരംഭിക്കുകയായി. ഇഹ്റാമിന്‍റെ സര്‍വ്വ നിയന്ത്രണങ്ങളും അവര്‍ക്ക് നിര്‍ബന്ധമാകുന്നതാണ.് നമസ്ക്കാരത്തിന്‍റെ തക്ബീറത്തുല്‍ ഇഹ്റാം ചൊല്ലിയാല്‍ നമസ്ക്കാരം കാരണം ഉണ്ടാകുന്ന നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുപോലെയാണിതും. ഈ പ്രാരംഭകുറിപ്പുകള്‍ക്ക് ശേഷം മീഖാത്ത്, ഇഹ്റാം, തല്‍ബിയത്ത് ഇവയെക്കുറിച്ചുളള ഹദീസുകള്‍ പാരായണം ചെയ്യുക. മീഖാത്തുകള്‍ 10. ഇബ്നു അബ്ബാസ് (റ) പറയുന്നു. മദീനാനിവാസികള്‍ക്ക് ദുല്‍ഹുലൈഫ, സിറിയക്കാര്‍ക്ക് ജുഹ്ഫ നജ്ദ്കാര്‍ക്ക് ഖ്വര്‍നുല്‍മനാസില്‍ യമനികള്‍ക്ക് യലംലം എന്നിവ മീഖാത്തുകള്‍ ആയി നിശ്ചയിച്ചു. ഈ നാട്ടുകാര്‍ക്കും ഇത് വഴി വരുന്ന ഇതരനാട്ടുകാര്‍ക്കും ഹജ്ജോ ഉംറയോ ഉദ്ദേശിച്ചു വന്നാല്‍ ഈ മീഖാത്തുകളാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത.് എന്നാല്‍ മീഖാത്തുകള്‍ക്കുള്ളില്‍ താമസിക്കുന്നവര്‍ വീട്ടില്‍ നിന്നുതന്നെ ഇഹ്റാമില്‍ പ്രവേശിച്ചാല്‍ മതിയാകുന്നതാണ് ഇപ്രകാരം മക്കക്കാര്‍ മക്കയില്‍ നിന്ന് തന്നെ ഇഹ്റാം നിര്‍വ്വഹിക്കേണ്ടതാണ്. (ബുഖാരി, മുസ്ലിം) 11. ജാബിര്‍ (റ) പറയുന്നു. റസൂലുല്ലാഹി(സഅ) അരുളി; മദീനക്കാരുടെ മീഖാത്ത് ദുല്‍ഹുലൈഫയും മറ്റു വഴിയിലൂടെ വരുന്നവരുടേത് ജുഹ്ഫയും ഇറാഖ്കാരുടേത് ദാത്ത്ഇര്‍ഖും നജ്ദ്കാരുടേത് ഖ്വര്‍ന് മനാസിലും യമന്‍കാരുടേത് യലംലമുമാണ്. (മുസ്ലിം) വിവരണം: ആദ്യത്തെ ഹദീസില്‍ ദുല്‍ഹുലൈഫ, ജുഹ്ഫ, ഖ്വര്‍ന് മനാസില്‍, യലംലം എന്നീ നാല് മീഖാത്തുകള്‍ പറയപ്പെട്ടപ്പോള്‍ രണ്ടാമത്തെ ഹദീസില്‍ ദാത്ത് ഇര്‍ഖ്വ് കൂടി മീഖാത്താണെന്ന് പറയപ്പെട്ടിരിക്കുന്നു. ഇപ്രകാരം രണ്ടാമത്തെ മറ്റ് വഴികളിലൂടെ എന്നതിന് രണ്ട് ആശയം വ്യാഖ്യാതാക്കള്‍ വിവരിച്ചിരിക്കുന്നു. മദീനയില്‍ നിന്നും സാധാരണ വഴിവിട്ട് ജുഹ്ഫ വഴിവരുമ്പോള്‍ ജുഹ്ഫയില്‍ വന്ന് ഇഹ്റാം നിര്‍വഹിക്കണം മറ്റ് പ്രദേശക്കാരായ സിറിയക്കാര്‍ ജുഹ്ഫയിലെത്തുമ്പോള്‍ ഇഹ്റാം ചെയ്യണം. ചുരുക്കത്തില്‍ മീഖാത്തുകള്‍ അഞ്ചെണ്ണമാണ്. അതിനെ ചെറിയനിലയില്‍ ഇവിടെ പരിചയപ്പെടുക. ദുല്‍ഹുലൈഫ:- മദീനയില്‍ നിന്നും മക്കയിലേക്ക് വരുമ്പോള്‍ അഞ്ച് മൈലുകള്‍ക്കുള്ളില്‍ ഇത് ഏറ്റവും ദൂരം കൂടിയ മീഖാത്താണ്. ഇവിടെ നിന്നും മക്കയിലേക്കേതാണ്ട് ഇരുനൂറ്റി അമ്പത് മൈല്‍ ദൂരമുണ്ട്. മദീനക്കാര്‍ക്ക് ദീനുമായുള്ള ചില പ്രത്യേക ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ അവരുടെ വഴി ദൂരവും നീണ്ടതാക്കി. അതെ ദീനില്‍ സ്ഥാനം കൂടുന്നതിനനുസരിച്ച് ത്യാഗവും കൂടുന്നതാണ്!. ജുഹ്ഫ:- മക്കാ മുകര്‍റമയില്‍ നിന്നും നൂറ് മൈലപ്പുറത്തുള്ള റാബിഗ് എന്ന നാടിനടുത്തുള്ള സ്ഥലം. ഖര്‍ന് മനാസില്‍:- മക്കയില്‍ നിന്നും 35 മൈല്‍ കിഴക്ക് ഭാഗത്തുള്ള മലപ്രദേശം. ദാത്ത് ഇര്‍ഖ്: മക്കയില്‍ നിന്നും വടക്ക് കിഴക്കായി ഇറാഖിലേക്കുള്ള വഴിയില്‍ 50 മൈല്‍ ദൂരത്തുള്ള സ്ഥലം. യലംലം: മക്കയില്‍ നിന്നും തെക്ക് കിഴക്കായി 40 മൈല്‍ ദൂരത്തുള്ള തിഹാമ പര്‍വ്വതനിരകളില്‍ നേരിടുന്ന സ്ഥലം. ഇഹ്റാമീന്‍റെ വസ്ത്രം 12. ഇബ്നുഉമര്‍ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ) യോട് ഒരാള്‍ ചോദിച്ചു ഇഹ്റാം ചെയ്യുന്ന പുരുഷന്‍ എന്തെല്ലാം ധരിക്കാവുന്നതാണ്? റസൂലുല്ലാഹി (സ) അരുളി ഇഹ്റാമിന്‍റെ സന്ദര്‍ഭത്തില്‍ നീളക്കുപ്പായം,പൈജാമ, പടത്തൊപ്പി. കാലുറ ഇവ ധരിക്കരുത്. എന്നാല്‍ ആരെങ്കിലും ചെരുപ്പ് ധരിച്ചില്ലെങ്കില്‍ കാലുറ ധരിക്കുകയും നെരിയാണിക്ക് താഴെ കീറുകയും ചെയ്ത് കൊള്ളട്ടെ! കുങ്കുമമോ, കുങ്കുമ ഇലയോ പൂശപ്പെട്ട വസ്ത്രങ്ങള്‍ ഒന്നും ധരിക്കാതിരിക്കട്ടെ! (ബുഖാരി, മുസ്ലിം) വിവരണം: ആ കാലഘട്ടത്തില്‍ പതിവുണ്ടായിരുന്ന ഏതാനും വസ്ത്രങ്ങളുടെ നാമങ്ങളാണ് റസൂലുല്ലാഹി (സഅ) ഈ ഹദീസില്‍ വിവരിച്ചത്. വ്യത്യസ്ത കാലഘട്ടത്തില്‍ വിഭിന്ന ഇനത്തിലുള്ള എല്ലാം തുന്നിചേര്‍ക്കപ്പെട്ടതും ചുറ്റപ്പെട്ടതുമായ വസ്ത്രങ്ങളും ഇതില്‍പെടുന്നതാണ്. കുങ്കുമ പൂവ്, ഇല ഇവയില്‍ മുക്കിയ വസ്ത്രം പാടില്ല എന്ന് പറഞ്ഞ് സുഗന്ധമുള്ളതായ വസ്ത്രം ഉപയോഗിക്കരുത് എന്ന അടിസ്ഥാനത്തിലാണ്. ചോദ്യകര്‍ത്താവ് ഏത് വസ്ത്രം ഉപയോഗിക്കാമെന്ന് ചോദിച്ചപ്പോള്‍ റസൂലുല്ലാഹി (സ) നല്‍കിയ മറുപടി ഏതൊക്കെ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല എന്നാണ്. ഏത് വസ്ത്രം ധരിക്കാന്‍ പാടില്ല എന്നായിരിക്കണം ചോദ്യത്തിന്‍റെ ഉദ്ദേശമെന്ന് ഇതില്‍ സൂചനയുണ്ട്. 13. ഇബ്നു ഉമര്‍ (റ) പറയുന്നു: റസൂലുല്ലാഹി (സ) അരുളി: സ്ത്രീകള്‍ ഇഹ്റാമിന്‍റെ അവസ്ഥയില്‍ കയ്യുറ ധരിക്കുകയോ മുഖം മറയ്ക്കുകയോ കുങ്കുമം പുരണ്ട വസ്ത്രം ധരിക്കുകയോ ചെയ്യരുത്. ഇതല്ലാത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍, മഞ്ഞനിറത്തിലുള്ള വസ്ത്രങ്ങള്‍, പട്ടും, ആഭരണങ്ങള്‍, പൈജാമയും നീളകുപ്പായവും കാലുറകളും ധരിക്കാവുന്നതാണ്. (അബൂദാവൂദ്) വിവരണം:- ഇഹ്റാമിന്‍റെ അവസ്ഥയില്‍ തുന്നപ്പെട്ടതും ചുറ്റപ്പെട്ടതുമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ലാത്തതും പുരുഷന്‍മാര്‍ക്ക് മാത്രമാണെന്ന് ഈ ഹദീസ് ഉണര്‍ത്തുന്നു. സ്ത്രീകള്‍ക്ക് ഇത്തരം വസ്ത്രങ്ങളും കാലുറയും ധരിക്കാന്‍ അനുവാദമുണ്ട്. എന്നാല്‍ കയ്യുറയും മുഖം മറയ്ക്കുന്ന മക്കനയും ധരിക്കാന്‍ പാടില്ല. ഇതിന്‍റെ അര്‍ത്ഥം അന്യപുരുഷന്മാര്‍ക്ക് മുന്‍പില്‍ മുഖം പരിപൂര്‍ണ്ണമായി തുറന്നിടണമെന്നല്ല. നിരന്തരം മുഖം മറയ്ക്കരുത്. എന്നാല്‍ അന്യപുരുഷന്‍മാര്‍ കാണുന്ന അവസരത്തില്‍ പുതപ്പോ മറ്റോ കൊണ്ട് മുഖം മറക്കേണ്ടതാണ്. ആഇഷ(റഅ)യില്‍ നിന്ന് അബൂദാവൂദ് നിവേദനം ചെയ്ത ഹദീസില്‍ ഇക്കാര്യം വ്യക്തമായി വന്നിട്ടുണ്ട്. ആഇശ (റ) വിവരിക്കുന്നു: ഞങ്ങള്‍ സ്ത്രീകള്‍ റസൂലുല്ലാഹി (സ)യോടൊപ്പം ഹജ്ജിന്‍റെ ഇഹ്റാമിലായിരുന്നു. ഇഹ്റാം കാരണമായി ഞങ്ങള്‍ മുഖങ്ങള്‍ മറച്ചിരുന്നില്ല. എന്നാല്‍ ഞങ്ങളുടെ മുന്നിലൂടെ പുരുഷന്മാര്‍ കടന്നുപോകുമ്പോള്‍ ഞങ്ങള്‍ പുതപ്പ് കൊണ്ട് മുഖം മറയ്ക്കുമായിരുന്നു. പുരുഷന്മാര്‍ പോയശേഷം അത് തുറന്നിടുമായിരുന്നു. (അബൂദാവൂദ്) ഇഹ്റാമിന്‍റെ അവസ്ഥയില്‍ സ്ത്രീകള്‍ മുഖം മറയ്ക്കാന്‍ പാടില്ലെങ്കിലും അന്യപുരുഷന്മാര്‍ മുന്നില്‍ വരുമ്പോള്‍ പുതപ്പോ, മറ്റോ കൊണ്ട് മുഖം മറയ്ക്കേണ്ടതാണെന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നു. ഇഹ്റാമിന് മുമ്പ് കുളിക്കുക 14. സൈദുബ്നു സാബിത് (റ) പറയുന്നു. റസൂലുല്ലാഹി (സ) ഇഹ്റാമിന് മുന്‍പ് വസ്ത്രം അഴിക്കുകയും കുളിക്കുകയും ചെയ്യുന്നതായി കണ്ടു. (തിര്‍മിദി, ദാരിമി) വിവരണം:- ഇഹ്റാമിന് മുന്‍പ് കുളുക്കുന്നത് സുന്നത്താണ് എന്നാല്‍ ആരെങ്കിലും ഇഹ്റാമിന് മുന്‍പ് രണ്ട് റക്അത്ത് നമസ്കരിക്കുന്നതിന് വുളുമാത്രം ചെയ്താലും ഇഹ്റാം സാധുവാകുന്നതാണ്.

**************************************


ദാറുല്‍ ഉലൂം വാര്‍ഷികവും 
സനദ് ദാനവും 
17,18 ഫെബ്രുവരി തിങ്കള്‍, ചൊവ്വ.















                ഏവര്‍ക്കും സ്വാഗതം 



  




ഫോണ്‍: 7736723639

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌