▪️മുഖലിഖിതം
പയാമെ ഇന്‍സാനിയത്ത് (മാനവതാ സന്ദേശം)
സ്രഷ്ടാവിനോട് ഭയഭക്തി, സൃഷ്ടികളോട് സ്‌നേഹാദരങ്ങൾ.! -4
✍️മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‍വി
▪️ജുമുഅ സന്ദേശം
നമ്മുടെയും മറ്റുള്ളവരുടെയും അവസ്ഥ നന്നാക്കാനുള്ള ലളിതമായ ഒരു പദ്ധതി
✍️ മൗലാനാ അബ്റാറുൽ ഹഖ് മർഹൂം
▪️മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുര്‍റഹ്മാന്‍-3
ഭയഭക്തര്‍ക്കുള്ള സ്വര്‍ഗ്ഗീയ സമ്മാനങ്ങള്‍
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
▪️മആരിഫുല്‍ ഹദീസ്
സ്വലാത്തിന്‍റെ തത്വം
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
******
മുഖലിഖിതം
പയാമെ ഇന്‍സാനിയത്ത് (മാനവതാ സന്ദേശം)
സ്രഷ്ടാവിനോട് ഭയഭക്തി,
സൃഷ്ടികളോട് സ്‌നേഹാദരങ്ങൾ.! -4
മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‍വി
അവസ്ഥ നന്നാക്കാനുള്ള വിവിധ അഭിപ്രായങ്ങൾ
ലോകത്തുണ്ടാകുന്ന ഇത്തരം നാശകരമായ അവസ്ഥകൾ നന്നാക്കാൻ മനുഷ്യർ വിവിധ പദ്ധതികൾ ചിന്തിച്ചെടുക്കുകയും പ്രായോഗികവൽക്കരിക്കാൻ ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്. ചിലർ പറഞ്ഞു: ''മനുഷ്യന് വയർ നിറയെ ആഹാരം ലഭിക്കാത്തതാണ് നാശങ്ങളുടെ അടിസ്ഥാന കാര ണം.'' അവർ ഇതിനെ മുന്നിൽ വെച്ചുകൊണ്ട് പരിശ്രമിച്ചു എന്നാൽ ഇതിലൂടെ പാപം പെരുകാൻ തുടങ്ങി. കാരണം മുമ്പ് മനുഷ്യൻ ബലഹീനമായിരുന്നു. പാപവും ബലഹീനമായിരുന്നു. എന്നാൽ ജീവഹാരം (ഢശമേഹശ്യേ) നൽകപ്പെട്ടപ്പോൾ പാപവും ശക്തി പ്രാപിച്ചു. മനസ്സും ചിന്തയും മാറാതെ ശക്തി മാത്രം കൂടിയപ്പോൾ പാപത്തിന്റെ ശക്തിയും വർദ്ധിച്ചു. മുൻപ് കീറിപ്പറഞ്ഞ വസ്ത്രത്തിൽ നടന്നിരുന്ന തിന്മകൾ, മിന്നിത്തിളങ്ങുന്ന തുണിത്തരങ്ങളിലായി. മുൻപ് ബലഹീനമായ കാരണങ്ങളിലൂടെ നടന്ന പാപങ്ങൾ, ഇപ്പോൾ ശക്തിമത്തായ കൈകളിലൂടെയായി.
മറ്റ് ചിലർ പറഞ്ഞു: ''അജ്ഞതയാണ് അടിസ്ഥാനം. അത് കൊണ്ട് വിദ്യാഭ്യാസ സൗകര്യം വർദ്ധിപ്പിക്കണം.'' അങ്ങനെ വിജ്ഞാനം വർദ്ധിച്ചു. ജനങ്ങൾ നവന്യൂതന അറിവുകളും ഭാഷകളും കരസ്ഥമാക്കി. എന്നാൽ മനസ്സ് നാശമാവുകയും ബുദ്ധി വളയുകയും മനം പാപപങ്കിലമാകുകയും ചെയ്ത മനുഷ്യർ, അറിവിനെ നാശത്തിനുള്ള മാധ്യമമാക്കി. കള്ളൻ ഇരുമ്പ് പണി പഠിച്ചാൽ അവന് പൂട്ട് പൊളിക്കാൻ എളുപ്പമാകുമല്ലോ.! അതെ, ദൈവ ഭയവും മാനവസ്‌നേഹവും ഇല്ലാത്ത അക്രമികൾക്ക് അറിവ്, അക്രമ-നാശങ്ങളുടെ ആയുധം മാത്രമാണ്. അത് അവർക്ക് പാപങ്ങളുടെ പുതിയ ശൈലികൾ പഠിപ്പിച്ച് കൊടുക്കുന്നതാണ്.
മറ്റൊരു കൂട്ടർ പറഞ്ഞു: ''സംഘടിത ശക്തിയാണ് പ്രശ്‌ന പരിഹാരത്തിന്റെ വഴി.'' അവരുടെ ശേഷികൾ മുഴുവൻ ജനങ്ങളെ സംഘടിപ്പിക്കാൻ അവർ ചിലവഴിച്ചു. തൽഫലമായി, പിഴച്ച വ്യക്തികളുടെ പിഴച്ചകൂട്ടം നിലവിൽ വന്നു. ഇന്നലെ വരെ, അസംഘടിതമായി നടന്നിരുന്ന പാപങ്ങൾ ഇന്ന് സംഘടിതമായി നടക്കാൻ തുടങ്ങി. സംഘടിത ഗൂഢാലോചനകളിലൂടെ മോഷണങ്ങളും കൊള്ളയും കൊലയും നടമാടി. ജനങ്ങളുടെ മനസ്സുകൾ ശുദ്ധീകരിക്കുകയോ സ്വഭാവം സംസ്‌കരിക്കുകയോ ചെയ്യാതെ, കണ്ണിൽ കണ്ടവരെയെല്ലാം പിടിച്ച് സംഘടിപ്പിച്ചപ്പോൾ, ദുഃസ്വഭാവങ്ങൾക്ക് പുതിയ ശക്തി ലഭിച്ചു. കൊള്ളക്കാർക്കും കള്ളന്മാർക്കും ദുഃസ്വഭാവികൾക്കും സംഘടിതശക്തി ലഭിക്കാതിരിക്കണമെന്നാണ് എന്റെ അഭിപ്രായം.
വേറെ ചിലർ പറഞ്ഞു: ''ഭാഷകളുടെ വൈവിധ്യവും ആധിക്യവുമാണ് പ്രശ്‌നങ്ങളുടെ മൂലകാരണം. അത്‌കൊണ്ട് ഭാഷകളെല്ലാം ഒന്നും സംയുക്തവുമായി തീരണം. ഇതിലാണ് രാജ്യപുരോഗതിയും ജനതയുടെ അഭിവൃദ്ധിയും'' എന്നാൽ മനുഷ്യരിലും മനുഷ്യ ചിന്തകളിലും മാനസിക താല്പര്യങ്ങളിലും മാറ്റമുണ്ടായിട്ടില്ലെങ്കിൽ ഭാഷമാത്രം ഒന്നാകുന്നതിൽ എന്ത് ഗുണമാണുള്ളത്.? ലോകത്തുള്ള കള്ളന്മാരും അക്രമികളും ഒരൊറ്റ ഭാഷ തിരഞ്ഞെടുത്താൽ ലോകത്തിന് എന്ത് ഗുണം.? അത് കൊണ്ട് മോഷണവും അക്രമവും ഇല്ലാതാകുമോ.? ഇല്ല, വർദ്ധിക്കുമെന്നാണ് എന്റെ അനുമാനം.
മറ്റൊരു കൂട്ടർ പറഞ്ഞു: 'ഇന്നത്തെ ഏറ്റവും വലിയ ആവശ്യം സംസ്‌കാര-നിയമങ്ങൾ ഒന്നാകലാണ്.' എന്നാൽ, ഇവിടുത്തെ പ്രശ്‌നം സംസ്‌കാരങ്ങൾക്കിടയിലുള്ള സംഘട്ടനമല്ല സ്വാർത്ഥതകൾക്കിട യിലുള്ള പിടിവലിയാണെന്ന് അവർ മനസ്സിലാക്കുന്നില്ല. ''ഞാനാണ് എല്ലാം, അല്ലാത്തതെല്ലാം ഒന്നുമല്ല.'' എന്ന നാശകരമായ ചിന്തകൾക്കിടയിലാണ് ഇവിടെ പോരാട്ടം നടക്കുന്നത്. ലോകം മുഴുവൻ ഒരൊറ്റ സംസ്‌കാരമായി തീർന്നാൽ മാനവികതയുടെ നൗക തീരമണിയുമെന്നും, ഒരു രാജ്യത്തിന്റെ സംസ്‌കാരം ഒന്നായി തീർന്നാൽ രാജ്യ നിവാസികളെല്ലാം ഏകോദര സഹോദരങ്ങളാ കുമെന്നും നമ്മുടെ നിരവധി നേതാക്കൾ ചിന്തയില്ലാതെ പറയാറുണ്ട്. എന്നാൽ, സംസ്‌കാര-നിയമങ്ങൾ ഒന്നാകലല്ല, മനസ്സുകൾ ഒന്നാകലാണ് പ്രയോജനപ്രദം.! ജനങ്ങളുടെ മനസ്സുകൾ ഒന്നാകാതെ, ഭാഷയും സംസ്‌കാരവും നിയമങ്ങളും മാത്രം ഒന്നാകുന്നത് കൊണ്ട് യാതൊരു ഗുണവുമില്ല. ഇന്ന് തന്നെ ഒരു ഭാഷയും സംസ്‌കാരവുമുള്ള ജനങ്ങൾക്കിടയിൽ ആത്മാർത്ഥമായ സ്‌നേഹവും ഐക്യവും കാണപ്പെടുന്നുണ്ടോ.? അവർ പരസ്പരം അക്രമ-വഞ്ചനകൾ കാട്ടാതിരിക്കുന്നുണ്ടോ.? അവർ പരസ്പരം പോരടിക്കാറില്ലേ.?
വേറൊരു കൂട്ടർ പറഞ്ഞു: ''വേഷം ഒന്നായി തീർന്നാൽ പ്രശ്‌നങ്ങൾ അവസാനിക്കും. എന്നാൽ മറ്റുള്ളവരുടെ കുത്തിന് പിടിത്തവും പോക്കറ്റടിയും പതിവാക്കിയവർ വസ്ത്രത്തെ ആദരിക്കുമോ.? തന്റേതുപോലുള്ള വസ്ത്രമാണ് അപരന്റെ മേലുള്ളത് എന്ന കാരണത്താൽ അവൻ ദുരുദ്ദേശത്തിൽ നിന്നും പിൻമാറുമോ.? മാനവികതയെ ആദരിക്കാത്തവൻ വസ്ത്രത്തെ എങ്ങനെ ആദരിക്കാനാണ്.?
**********************
***********************************
ജുമുഅ സന്ദേശം
നമ്മുടെയും മറ്റുള്ളവരുടെയും അവസ്ഥ നന്നാക്കാനുള്ള ലളിതമായ ഒരു പദ്ധതി
മൗലാനാ അബ്റാറുൽ ഹഖ് മർഹൂം
സർവ്വലോക പരിപാലകനായ അല്ലാഹു നമ്മുടെയും മുഴുവൻ മനുഷ്യരുടെയും ഇഹപര വിജയം വെച്ചിരിക്കുന്നത് പടച്ചവന് പൊരുത്തമായ ജീവിതത്തിലാണ്. പടച്ചവന് പൊരുത്തമായ ജീവിതം എന്നാൽ പടച്ചവൻ എതിർക്കുന്ന ദുർഗുണങ്ങൾ വർജ്ജിക്കലും ഇഷ്ടപ്പെടുന്ന സൽഗുണങ്ങൾ ഉണ്ടാക്കിയെടുക്കലുമാണ്. അതിന് ധാരാളം മാർഗ്ഗങ്ങളുണ്ട്. അതിൽ വളരെ ലളിതമായ ഒരു പദ്ധതി ഇവിടെ സമർപ്പിക്കുന്നു.
നാൽപ്പത് ദിവസം ഇത് പരീക്ഷിച്ചു നോക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. പടച്ചവൻ്റെ സഹായത്താൽ ഇതിൻ്റെ പ്രയോജനവും പ്രാധാന്യവും വ്യക്തമാവുന്നതാണ്.
വീട്ടുകാരുടെ അവസ്ഥ നന്നാക്കാൻ :
1. വീട്ടുലുള്ള എല്ലാവരെയും ഒരുമിച്ച് ഇരുത്തി റസൂലുല്ലാഹി ﷺ യുടെ ഒരു സുന്നത്ത് കേൾപ്പിക്കുക. ഉദാഹരണത്തിന് വുളുവിൻ്റെ ആരംഭത്തിൽ ബിസ്മില്ലാഹ് പറയുന്നത് സുന്നത്താണ്.
2. സുന്നത്തിൻ്റെ ഒരു പ്രയോജനം പറഞ്ഞ് കൊടുക്കുക. ഉദാഹരണം ഉപജീവനത്തിൽ ഐശ്വര്യമുണ്ടാവും.
3. ഒരു വൻ പാപത്തെ പറഞ്ഞു കൊടുക്കുക. ഉദാഹരണം ആരെയെങ്കിലും നിന്ദ്യനായി കാണുന്നത് വൻപാപമാണ്.
4. പാപത്തിലൂടെ ഈ ലോകത്ത് ഉണ്ടാവുന്ന ഒരു നാശം പറഞ്ഞു കൊടുക്കുക. ഉദാഹരണം: പാപം കാരണം ഉപജീവിതത്തിൽ ഞെരുക്കമുണ്ടാകും.
5. കുറഞ്ഞത് ഏഴ് പ്രാവശ്യം لا اله إلا الله എന്ന് പറയുക. മൂന്ന് പ്രാവശ്യം പുണ്യ സ്വലാത്ത് ചൊല്ലുക. പത്ത് പ്രാവശ്യം ഇസ്തിഗ്ഫാർ ചൊല്ലുക. പതിനൊന്ന് പ്രാവശ്യം വീതം سبحان الله، الحمد لله، الله أكبر എന്ന് ചൊല്ലുക.
6. നല്ലവരുടെയും മഹത്തുക്കളുടെയും അരികിൽ കഴിയുന്നത്ര കഴിച്ചു കൂട്ടുക. അതിന് കഴിയാത്തവർ മഹത്തുക്കളുടെ ചരിത്രങ്ങളും അവരുടെ രചനകളും പാരായണം ചെയ്യുക.
മേൽ പറയപ്പെട്ട ഒന്നു മുതൽ നാല് വരെയുള്ള കാര്യങ്ങൾ ഏതെങ്കിലും അറിവുള്ളവരോടാ മസ്ജിദിലെ ഇമാമിനോടോ ചോദിച്ച് മനസ്സിലാക്കുക. അവർ പറഞ്ഞു തരുന്ന കാര്യം ഏതെങ്കിലും പുസ്തകത്തിൽ എഴുതുക. അടുത്ത ദിവസം കൂടി ഇരിക്കുമ്പോൾ കഴിഞ്ഞ പാഠം കേൾക്കുക. ഓർമ്മയില്ലെങ്കിൽ കഴിഞ്ഞ പാഠം ആവർത്തിക്കുക. ഓർമ്മയുള്ളവർ ഓർമ്മ ഇല്ലാത്തവരെ പഠിക്കുക.
നാട്ടുകാരെ നന്നാക്കുന്നതിന്:-
1. മസ്ജിദിലെ ഇമാമിനോടും ഭാരവാഹികളോടും മേൽ പറഞ്ഞ പദ്ധതി മസ്ജിദിലും പ്രാവർത്തികമാക്കാൻ പറയുക.
2. നിസ്കാരക്കാരോട് ഇത് വീട്ടിലും പ്രാവർത്തികമാക്കാൻ ഉപദേശിക്കുക.
3. വീട്ടിൽ ഇത് പ്രാവർത്തികമാക്കിയോ എന്ന് ചോദിക്കുകയും മറന്നു പോയെന്ന് പറഞ്ഞാൽ ഇനി പ്രാവർത്തികമാക്കുക എന്ന് പറയുകയും ചെയ്യുക.
സ്ഥാപനത്തിലെ വിദ്യാർത്ഥികൾ നന്നാകുന്നതിന് :-
1. സ്ഥാപനത്തിലെ ഓരോ ക്ലാസിലെയും വിദ്യാർത്ഥികളിൽ ഇത് പ്രാവർത്തികമാക്കാൻ ഉസ്താദുമാരോടും മേൽനോട്ടകാരോടും പറയുക.
2. വിദ്യാർത്ഥികളോടും വീടുകളിൽ പോയി ഇത് പറയാൻ ഉപദേശിക്കുകയും പറഞ്ഞോ എന്ന് ചോദിക്കുകയും ചെയ്യുക.
കടകളിലും മറ്റു സ്ഥലങ്ങളിലും ഇതേ പതിവുകൾ ആരംഭിച്ചാൽ ജനങ്ങളുടെ അവസ്ഥയിൽ പൊതുവായ മാറ്റമുണ്ടാവുന്നതാണ്. മസ്ജിദുകളിലും മദ്റസകളിലും ഉള്ളവരോടും പൊതുജനങ്ങളോടും നന്മയിൽ സുഹൃത്തുക്കളാകാൻ പറയുകയും ഇരുലോകത്തും ഉണ്ടാകുന്ന അതിന്റെ ഗുണങ്ങൾ വിവരിക്കുകയും ചെയ്യുക. ഉദാഹരണത്തിന് റസൂലുല്ലാഹി ﷺ അരുളി:
**************************************
മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുര്‍റഹ്മാന്‍-3(78 ആയത്തുകള്‍, പദങ്ങള്‍ 351, അക്ഷരങ്ങള്‍ 1636, മദീനമുനവ്വറയില്‍ അവതരണം. 3 റുകൂഅ്. അവതരണ ക്രമം 97. പാരായണ ക്രമം 55. സൂറത്തുര്‍റഅ്ദിന് ശേഷം അവതരണം)എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം
ഭയഭക്തര്‍ക്കുള്ള സ്വര്‍ഗ്ഗീയ സമ്മാനങ്ങള്‍
(78 ആയത്തുകള്‍, പദങ്ങള്‍ 351, അക്ഷരങ്ങള്‍ 1636, മദീനമുനവ്വറയില്‍ അവതരണം. 3 റുകൂഅ്. അവതരണ ക്രമം 97. പാരായണ ക്രമം 55. സൂറത്തുര്‍റഅ്ദിന് ശേഷം അവതരണം)
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം
ഭയഭക്തര്‍ക്കുള്ള സ്വര്‍ഗ്ഗീയ സമ്മാനങ്ങള്‍
മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 46-78
وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ (46) فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (47) ذَوَاتَا أَفْنَانٍ (48) فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (49) فِيهِمَا عَيْنَانِ تَجْرِيَانِ (50) فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (51) فِيهِمَا مِن كُلِّ فَاكِهَةٍ زَوْجَانِ (52) فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (53) مُتَّكِئِينَ عَلَىٰ فُرُشٍ بَطَائِنُهَا مِنْ إِسْتَبْرَقٍ ۚ وَجَنَى الْجَنَّتَيْنِ دَانٍ (54) فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (55) فِيهِنَّ قَاصِرَاتُ الطَّرْفِ لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَانٌّ (56) فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (57) كَأَنَّهُنَّ الْيَاقُوتُ وَالْمَرْجَانُ (58) فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (59) هَلْ جَزَاءُ الْإِحْسَانِ إِلَّا الْإِحْسَانُ (60) فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (61) وَمِن دُونِهِمَا جَنَّتَانِ (62) فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (63) مُدْهَامَّتَانِ (64) فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (65) فِيهِمَا عَيْنَانِ نَضَّاخَتَانِ (66) فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (67) فِيهِمَا فَاكِهَةٌ وَنَخْلٌ وَرُمَّانٌ (68) فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (69) فِيهِنَّ خَيْرَاتٌ حِسَانٌ (70) فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (71) حُورٌ مَّقْصُورَاتٌ فِي الْخِيَامِ (72) فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (73) لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَانٌّ (74) فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (75) مُتَّكِئِينَ عَلَىٰ رَفْرَفٍ خُضْرٍ وَعَبْقَرِيٍّ حِسَانٍ (76) فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (77) تَبَارَكَ اسْمُ رَبِّكَ ذِي الْجَلَالِ وَالْإِكْرَامِ (78)
രക്ഷിതാവിന്‍റെ മുന്നില്‍ നില്‍ക്കുന്നതിനെ ഭയന്നവര്‍ക്ക് രണ്ട് ആരാമങ്ങള്‍ ഉണ്ട്.(46) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്?(47) ധാരാളം ശിഖരങ്ങളുള്ള രണ്ട് തോട്ടങ്ങള്‍.(48) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്?(49) അവ രണ്ടിലും ഒഴുകുന്ന രണ്ട് അരുവികള്‍ ഉണ്ടായിരിക്കും.(50) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്?(51) അവ രണ്ടിലും ഓരോ പഴത്തിന്‍റെയും രണ്ട് ഇനങ്ങള്‍ ഉണ്ടായിരിക്കും.(52)നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്?(53) കട്ടി പട്ടുകള്‍ നിറച്ച വിരിപ്പുകളില്‍ അവര്‍ ചാരിയിരിക്കുന്നവരായ നിലയില്‍. രണ്ട് തോട്ടങ്ങളിലെയും പഴങ്ങള്‍ താഴ്ന്ന് കിടക്കുന്നതാണ്.(54) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്?(55) കണ്ണുകള്‍ താഴ്ത്തിപ്പിടിച്ച തരുണികള്‍ അവിടെ ഉണ്ടായിരിക്കും. അവര്‍ക്ക് മുമ്പ് ഒരു മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല.(56) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്?(57) ആ സ്വര്‍ഗ്ഗസ്ത്രീകള്‍ പവിഴങ്ങളും മരതകങ്ങളും പോലെയായിരിക്കും.(58) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ ഇരുവരും കളവാക്കുന്നത്?(59) ഉത്തമ കാര്യങ്ങള്‍ക്കുള്ള പ്രതിഫലവും ഉത്തമമല്ലേ?(60) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്?(61) അവ കൂടാതെ വേറെയും രണ്ട് തോട്ടങ്ങളുണ്ട്.(62) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ ഇരുവരും കളവാക്കുന്നത്?(63) ഇടതൂര്‍ന്ന രണ്ട് തോട്ടങ്ങള്‍(64) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ ഇരുവരും കളവാക്കുന്നത്?(65) അവയില്‍ ശക്തമായി പ്രവഹിക്കുന്ന രണ്ട് അരുവികള്‍ ഉണ്ടായിരിക്കും.(66) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ ഇരുവരും കളവാക്കുന്നത്?(67) അവ രണ്ടിലും പഴങ്ങളും ഈത്തപ്പഴവും റുമ്മാനുമുണ്ട്.(68) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ ഇരുവരും കളവാക്കുന്നത്?(69) സുന്ദരികളായ തരുണികളുമുണ്ട്.(70) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ ഇരുവരും കളവാക്കുന്നത്?(71) കൂടാരങ്ങളില്‍ കഴിയുന്ന തരുണികള്‍.(72) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ ഇരുവരും കളവാക്കുന്നത്?(73) അവര്‍ക്ക് മുമ്പ് ഒരു മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല.(74) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ ഇരുവരും കളവാക്കുന്നത്?(75) പച്ച ഉറയിട്ട തലയിണകളിലും സുന്ദരമായ പരവതാനിയിലും അവര്‍ ചാരിയിരിക്കുന്നതാണ്.(76) നിങ്ങളുടെ രക്ഷിതാവിന്‍റെ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ ഇരുവരും കളവാക്കുന്നത്?(77) ഉന്നതനും മഹത്വമുള്ളവനുമായ രക്ഷിതാവിന്‍റെ നാമം ഐശ്വര്യപൂര്‍ണ്ണമായിരിക്കുന്നു.(78)
ആശയ സംഗ്രഹം
ഈ ആയത്തുകളില്‍ ആദ്യം രണ്ട് അരുവികളെയും ഏതാനും ആയത്തുകള്‍ക്ക് ശേഷം മറ്റ് രണ്ട് അരുവികളെയും പരാമര്‍ശിക്കുന്നുണ്ട്. ആദ്യത്തേത് പുണ്യവാളന്മാരായ വ്യക്തിത്വങ്ങളുടേതും രണ്ടാമത്തേത് പൊതുവിശ്വാസികളുടേതുമാണ്. യഥാസ്ഥാനത്ത് അവരെക്കുറിച്ച് വിവരിക്കുന്നതാണ്. ഇവിടെ ആദ്യം ആയത്തുകളുടെ വിവരണം ശ്രദ്ധിക്കുക. കഴിഞ്ഞ ആയത്തുകളില്‍ പാപികളുടെ ശിക്ഷയെക്കുറിച്ച് പറയപ്പെട്ടിരുന്നു. ഇപ്പോള്‍ സുകൃതവാന്മാരായ സത്യവിശ്വാസികളുടെ പ്രതിഫലങ്ങള്‍ അനുസ്മരിക്കുകയാണ്. സ്വര്‍ഗ്ഗവാസികള്‍ രണ്ട് വിഭാഗമുണ്ട്. വിശിഷ്ട വ്യക്തികളും പൊതുജനങ്ങളും. വിശിഷ്ട വ്യക്തികള്‍ രക്ഷിതാവിന്‍റെ മുന്നില്‍ നില്‍ക്കുന്നതിനെ സദാസമയം ഭയക്കുന്നവരാണ്. അങ്ങനെ വികാര പാപങ്ങളില്‍ നിന്നും അവര്‍ അകന്ന് കഴിയും. അവര്‍ ഓരോരുത്തര്‍ക്കും രണ്ട് സ്വര്‍ഗ്ഗീയ ആരാമങ്ങള്‍ വീതമുണ്ട്. ഇഹലോകത്ത് സുഖലോലുപന്മാര്‍ക്ക് ഒന്നില്‍ കൂടുതല്‍ സാധനങ്ങള്‍ ഉണ്ടാകുന്നതുപോലെ സ്വര്‍ഗ്ഗവാസികളെ ആദരിക്കുന്നതിന് അവര്‍ക്കും ഒന്നില്‍ കൂടുതല്‍ ആരാമങ്ങളുണ്ടാകുന്നതാണ്. അപ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ വലുതും അധികരിച്ചതുമായ അനുഗ്രഹങ്ങളില്‍ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്? ധാരാളം ശിഖരങ്ങളുള്ള രണ്ട് തോട്ടങ്ങള്‍. ശിഖരങ്ങളുടെ ആധിക്യം തണലിന്‍റെ വിശാലതയും പഴങ്ങളുടെ ആധിക്യവും സൂചിപ്പിക്കുന്നു. അപ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ വലുതും അധികരിച്ചതുമായ അനുഗ്രഹങ്ങളില്‍ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്? അവ രണ്ടിലും വളരെ ദൂരത്തില്‍ ഒഴുകുന്ന രണ്ട് അരുവികള്‍ ഉണ്ടായിരിക്കും. ഇത്ര അധികരിച്ചിട്ടും അപ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ വലുതും അധികരിച്ചതുമായ അനുഗ്രഹങ്ങളില്‍ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്? അവ രണ്ടിലും ഓരോ പഴത്തിന്‍റെയും രണ്ട് ഇനങ്ങള്‍ ഉണ്ടായിരിക്കും. ഇതിലൂടെ കൂടുതല്‍ സന്തുഷ്ടി ഉണ്ടാകുന്നതാണ്. ചിലപ്പോള്‍ ഒന്നും മറ്റുചിലപ്പോള്‍ മറ്റൊന്നും ഭക്ഷിക്കുന്നതാണ്. അപ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ വലുതും അധികരിച്ചതുമായ അനുഗ്രഹങ്ങളില്‍ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്? കട്ടി പട്ടുകള്‍ നിറച്ച വിരിപ്പുകളില്‍ അവര്‍ ചാരിയിരിക്കുന്നതാണ്. അകം ഭാഗം പട്ടുകളാണെങ്കില്‍ പുറം ഭാഗം എത്ര മനോഹരമായിരിക്കും. രണ്ട് തോട്ടങ്ങളിലെയും പഴങ്ങള്‍ താഴ്ന്ന് കിടക്കുന്നതാണ്. നിന്നും ഇരുന്നും കിടന്നും ബുദ്ധിമുട്ടൊന്നുമില്ലാതെ കയ്യില്‍ വരുന്നതാണ്. അപ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ വലുതും അധികരിച്ചതുമായ അനുഗ്രഹങ്ങളില്‍ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്? കണ്ണുകള്‍ താഴ്ത്തിപ്പിടിച്ച തരുണികള്‍ അവിടെ ഉണ്ടായിരിക്കും. അവര്‍ക്ക് മുമ്പ് ഒരു മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല. അതായത് അവര്‍ തീര്‍ത്തും പരിശുദ്ധരായിരിക്കും. അപ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ വലുതും അധികരിച്ചതുമായ അനുഗ്രഹങ്ങളില്‍ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്? ആ സ്വര്‍ഗ്ഗസ്ത്രീകള്‍ പവിഴങ്ങളും മരതകങ്ങളും പോലെ വൃത്തിയും ശുദ്ധിയുമുള്ളവരായിരിക്കും. അപ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ വലുതും അധികരിച്ചതുമായ അനുഗ്രഹങ്ങളില്‍ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്? അടുത്തതായി മേല്‍ പറയപ്പെട്ട കാര്യങ്ങളെ കൂടുതല്‍ ബലപ്പെടുത്താന്‍ പറയുന്നു: ഉത്തമ കാര്യങ്ങള്‍ക്കുള്ള പ്രതിഫലവും ഉത്തമമല്ലേ? സ്വര്‍ഗ്ഗവാസികള്‍ വളരെ നല്ലനിലയില്‍ പടച്ചവനെ അനുസരിക്കുകയും ആരാധിക്കുകയും ചെയ്തു. അതുകൊണ്ട് അവര്‍ക്കുള്ള പ്രതിഫലവും അങ്ങേയറ്റം മഹത്തരമാക്കി. അപ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ വലുതും അധികരിച്ചതുമായ അനുഗ്രഹങ്ങളില്‍ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്? ഇതുവരെ പറഞ്ഞത് വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കുള്ള സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങളാണ്. അടുത്തതായി പൊതുവിശ്വാസികള്‍ക്കുള്ള ആരാമങ്ങളെ വിവരിക്കുന്നു: മേല്‍ പറയപ്പെട്ടത് കൂടാതെ, വേറെയും രണ്ട് പൊതുവായ തോട്ടങ്ങളുണ്ട്. എല്ലാ പൊതുവിശ്വാസികള്‍ക്കും ഈ രണ്ട് തോട്ടങ്ങള്‍ വീതം ലഭിക്കുന്നതാണ്. അപ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ വലുതും അധികരിച്ചതുമായ അനുഗ്രഹങ്ങളില്‍ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്? ഈ തോട്ടങ്ങളുടെ വിശേഷണം ഇപ്രകാരമാണ്: അവ രണ്ടും ഇടതൂര്‍ന്നതായിരിക്കും. അപ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ വലുതും അധികരിച്ചതുമായ അനുഗ്രഹങ്ങളില്‍ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്? അവയില്‍ ശക്തമായി പ്രവഹിക്കുന്ന രണ്ട് അരുവികള്‍ ഉണ്ടായിരിക്കും. അപ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ വലുതും അധികരിച്ചതുമായ അനുഗ്രഹങ്ങളില്‍ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്? അവ രണ്ടിലും പഴങ്ങളും ഈത്തപ്പഴവും റുമ്മാനുമുണ്ട്. അപ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ വലുതും അധികരിച്ചതുമായ അനുഗ്രഹങ്ങളില്‍ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്? സുന്ദരികളായ തരുണികളുമുണ്ട്. അപ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ വലുതും അധികരിച്ചതുമായ അനുഗ്രഹങ്ങളില്‍ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്? കൂടാരങ്ങളില്‍ കഴിയുന്ന തരുണികള്‍. അപ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ വലുതും അധികരിച്ചതുമായ അനുഗ്രഹങ്ങളില്‍ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്? അവര്‍ക്ക് മുമ്പ് ഒരു മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല. അപ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ വലുതും അധികരിച്ചതുമായ അനുഗ്രഹങ്ങളില്‍ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്? പച്ച ഉറയിട്ട തലയിണകളിലും സുന്ദരമായ പരവതാനിയിലും അവര്‍ ചാരിയിരിക്കുന്നതാണ്. ഈ തോട്ടങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ശ്രദ്ധിച്ചാല്‍ ആദ്യം പറയപ്പെട്ട തോട്ടങ്ങളേക്കാള്‍ അല്‍പ്പം കുറഞ്ഞതാണെന്ന് മനസ്സിലാകുന്നതാണ്. ആദ്യത്തെ തോട്ടങ്ങള്‍ ശക്തമായി പ്രവഹിക്കുന്നതും ഒഴുകുന്നതുമാണ്. ഈ തോട്ടങ്ങള്‍ ശക്തമായി പ്രവഹിക്കുന്നത് മാത്രമാണ്. ആദ്യത്തെ തോട്ടത്തില്‍ എല്ലാ പഴങ്ങളും രണ്ട് വിഭാഗങ്ങളായിരിക്കും. ഈ തോട്ടത്തില്‍ മൊത്തത്തില്‍ കുറേ പഴങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ആ തോട്ടത്തിലെ തരുണികളെ പവിഴങ്ങളോട് ഉപമിച്ചപ്പോള്‍ ഇവിടെ സുന്ദരികളെന്ന് മാത്രം പറഞ്ഞു. ചുരുക്കത്തില്‍ ഈ വിഭാഗത്തിന്‍റെ സ്വര്‍ഗ്ഗം ആദ്യത്തേതിനേക്കാള്‍ അല്‍പ്പം താഴ്ന്നതായിരിക്കും. എന്നാലും സ്വര്‍ഗ്ഗം സ്വര്‍ഗ്ഗം തന്നെയാണ്. അപ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ വലുതും അധികരിച്ചതുമായ അനുഗ്രഹങ്ങളില്‍ ഏതെല്ലാം അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ കളവാക്കുന്നത്? അവസാനമായി അല്ലാഹുവിനെ ഒരിക്കല്‍ കൂടി വാഴ്ത്തുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. ഉന്നതനും മഹത്വമുള്ളവനുമായ രക്ഷിതാവിന്‍റെ നാമം ഐശ്വര്യപൂര്‍ണ്ണമായിരിക്കുന്നു. അല്ലാഹുവിന്‍റെ നാമം എന്ന് പറഞ്ഞതില്‍ അല്ലാഹുവിന്‍റെ നാമം തന്നെ ഐശ്വര്യപൂര്‍ണ്ണമാണെങ്കില്‍ അല്ലാഹു അതിനേക്കാളെല്ലാം ഐശ്വര്യം നിറഞ്ഞവനാണെന്ന് സൂചനയുണ്ട്.
വിവരണവും വ്യാഖ്യാനവും
ഇതിന് മുമ്പുള്ള ആയത്തുകളില്‍ പാപികള്‍ക്കുള്ള ശിക്ഷയുടെ വിവരണമായിരുന്നു. ഈ ആയത്തുകളില്‍ അതിന് നേരെ എതിരായി സല്‍ക്കര്‍മ്മികളായ സത്യവിശ്വാസികള്‍ക്ക് ലഭിക്കുന്ന സമുന്നത അനുഗ്രഹങ്ങളും പ്രതിഫലങ്ങളും പരാമര്‍ശിക്കുകയാണ്. ആദ്യം രണ്ട് തോട്ടങ്ങളെയും അവയുടെ അനുഗ്രഹങ്ങളെയും ശേഷം മറ്റ് രണ്ട് തോട്ടങ്ങളെയും അനുഗ്രഹങ്ങളെയും അനുസ്മരിച്ചിരിക്കുന്നു. ആദ്യത്തെ രണ്ട് അരുവികള്‍ ലഭിക്കുന്നവരെക്കുറിച്ച് പറയുന്നു: രക്ഷിതാവിന്‍റെ മുന്നില്‍ നില്‍ക്കുന്നതിനെ ഭയന്നവര്‍ക്ക് രണ്ട് ആരാമങ്ങള്‍ ഉണ്ട്.(46) അതായത് അവര്‍ എല്ലാ സമയങ്ങളിലും സര്‍വ്വ അവസ്ഥകളിലും ഖിയാമത്ത് ദിനം പടച്ചവന് മുന്നില്‍ നില്‍ക്കുന്നതിനെയും വിചാരണ നേരിടുന്നതിനെയും കുറിച്ച് ഭയക്കുന്നവരാണ്. അത് കാരണം അവര്‍ ഒരു പാപത്തിന്‍റെയും അരികിലേക്ക് പോലും പോകുന്നില്ല. ഇത്തരം ആളുകള്‍ അല്ലാഹുവിന്‍റെ സമീപസ്ഥരായ അടിമകളാണെന്നതില്‍ സംശയമില്ല. രണ്ടാമത്തെ തോട്ടങ്ങളുടെ അര്‍ഹര്‍ ആരാണെന്ന് ആയത്തുകളില്‍ പറയപ്പെട്ടിട്ടില്ല. എന്നാല്‍ ഈ തോട്ടങ്ങള്‍ ആദ്യത്തെ തോട്ടങ്ങളേക്കാള്‍ അല്‍പ്പം സ്ഥാനം കുറഞ്ഞതായിരിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അവ കൂടാതെ വേറെയും രണ്ട് തോട്ടങ്ങളുണ്ട്.(62) അതായത് ഇത് ആദ്യത്തേതിനേക്കാളും അല്‍പ്പം കുറഞ്ഞവയായിരിക്കും. അതുകൊണ്ട് ഇതിന് അര്‍ഹരായവര്‍ പൊതുവിശ്വാസികളാണെന്ന് മനസ്സിലാകുന്നു. ഇരുതോട്ടങ്ങളുടെയും അവകാശികളെക്കുറിച്ച് ഇതല്ലാത്ത മറ്റ് അഭിപ്രായങ്ങളും മുഫസ്സിറുകള്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഈ അഭിപ്രായമാണ് കൂടുതല്‍ ബലവത്തായതെന്ന് മനസ്സിലാകുന്നു. കൂടാതെ, ഈ ആയത്തുകളെ വിവരിച്ചുകൊണ്ടുള്ള ഒരു ഹദീസ് ഇപ്രകാരമാണ്: സ്വര്‍ണ്ണത്തിന്‍റെ രണ്ട് തോട്ടങ്ങള്‍ സമീപസ്ഥര്‍ക്ക് വേണ്ടിയും വെള്ളിയുടെ രണ്ട് തോട്ടങ്ങള്‍ സുകൃതവാന്മാരായ വലത് പക്ഷക്കാര്‍ക്ക്, അതായത് പൊതുവിശ്വാസികള്‍ക്കും ഉണ്ടായിരിക്കുന്നതാണ്. (ദുര്‍റുല്‍ മന്‍സൂര്‍) ബറാഅ് (റ) പറയുന്നു: ആദ്യത്തെ തോട്ടത്തെപ്പറ്റി പറഞ്ഞപ്പോള്‍ ഒഴുകുന്നതെന്നും രണ്ടാമത്തെതിനെക്കുറിച്ച് പ്രവഹിക്കുന്നതെന്നും പറഞ്ഞിരിക്കുന്നു. ഒഴുകുന്നതാണ് പ്രവഹിക്കുന്നതിനേക്കാള്‍ ഉത്തമം. (ഇബ്നു അബീഹാതിം) കാരണം ഉത്ഭ സ്ഥലത്തുനിന്നുമുള്ള പ്രവാഹം എല്ലാ അരുവികള്‍ക്കുമുണ്ട്. എന്നാല്‍ വളരെ ദൂരം വരെയും ഒഴുകുക എന്നത് വലിയ പ്രത്യേകതയാണ്. അടുത്തതായി ആയത്തുകളുടെ ചെറു വിശദീകരണം ശ്രദ്ധിക്കുക:
രക്ഷിതാവിന്‍റെ മുന്നില്‍ നില്‍ക്കുന്നതിനെ ഭയന്നവര്‍ക്ക് രണ്ട് ആരാമങ്ങള്‍ ഉണ്ട്.(46) * രക്ഷിതാവിന്‍റെ മുന്നില്‍ എന്നതുകൊണ്ട് ഖിയാമത്തിന്‍റെ വിചാരണയാണെന്ന് ഭൂരിഭാഗം മുഫസ്സിറുകളും പറഞ്ഞിരിക്കുന്നു. * ഭയപ്പെടുക എന്നാല്‍ രഹസ്യത്തിലും പരസ്യത്തിലും സര്‍വ്വ അവസ്ഥകളിലും പടച്ചവനെ ധ്യാനിക്കുകയും ഒരു ദിവസം പടച്ചവന് മുന്നില്‍ നില്‍ക്കുകയും വിചാരണ നേരിടേണ്ടി വരുമെന്ന് ഓര്‍ക്കുകയും ചെയ്യലാണ്. ഇങ്ങനെയുള്ളവര്‍ പാപത്തിന്‍റെ അരികിലേക്ക് പോലും പോവുകയില്ലെന്ന കാര്യം വ്യക്തമാണ്. ഇമാം ഖുര്‍തുബിയും മറ്റും പറയുന്നു: പടച്ചവന്‍ നമ്മുടെ എല്ലാ വാചകങ്ങളും പ്രവര്‍ത്തനങ്ങളും രഹസ്യ-പരസ്യങ്ങളും ശ്രദ്ധിക്കുന്നുണ്ടെന്ന് ഓര്‍ക്കലാണ്. ഈ ഓര്‍മ്മ ദാസനെ പാപങ്ങളില്‍ നിന്നും രക്ഷിക്കുന്നതാണ്. (ഖുര്‍തുബി)
ധാരാളം ശിഖരങ്ങളുള്ള രണ്ട് തോട്ടങ്ങള്‍.(48) ധാരാളം ശിഖരങ്ങളുള്ളതിനാല്‍ അതിന്‍റെ തണലും പഴങ്ങളും അധികരിക്കുന്നതാണ്. രണ്ടാമത്തെ തോട്ടത്തെപ്പറ്റി പറഞ്ഞപ്പോള്‍ ഇത് പറഞ്ഞിട്ടില്ല. ഇതിലൂടെ ഇത് കൂടുതല്‍ ഉന്നതമാണെന്ന് സൂചനയുണ്ട്.
അവ രണ്ടിലും ഓരോ പഴത്തിന്‍റെയും രണ്ട് ഇനങ്ങള്‍ ഉണ്ടായിരിക്കും.(52) അതായത് ഓരോ പഴങ്ങളും രണ്ട് വിഭാഗമായിരിക്കും. ഒന്ന്, പച്ചയും മറ്റൊന്ന് പഴുത്തതും. അല്ലെങ്കില്‍ ഒന്ന് സാധാരണ രുചിയുള്ളതും മറ്റൊന്ന് അസാധാരണ രുചിയുള്ളതും. (മസ്ഹരി) ഇവിടെ എല്ലാ പഴങ്ങളെന്നും അടുത്ത അരുവികളെപ്പറ്റി പറഞ്ഞപ്പോള്‍ പഴങ്ങള്‍ എന്ന് മാത്രം പറഞ്ഞതില്‍ നിന്നും ഇത് ഉന്നതമാണെന്ന് വ്യക്തമാകുന്നു.
കണ്ണുകള്‍ താഴ്ത്തിപ്പിടിച്ച തരുണികള്‍ അവിടെ ഉണ്ടായിരിക്കും. അവര്‍ക്ക് മുമ്പ് ഒരു മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല.(56) * തമസ് എന്നതിന് ആര്‍ത്തവ രക്തം, ആര്‍ത്തവക്കാരി, കന്യകയുമായുള്ള സംസ്ര്‍ഗ്ഗം എന്ന് പല അര്‍ത്ഥങ്ങളുമുണ്ട്. ഇവിടുത്തെ ഉദ്ദേശം മൂന്നാമത്തേതാണ്. * സ്വര്‍ഗ്ഗതരുണികളെ അവര്‍ക്ക് മുമ്പ് ആരും സ്പര്‍ശിച്ചിട്ടില്ല എന്നതിന്‍റെ ആശയം മനുഷ്യര്‍ക്കുള്ള തരുണികളെ ഏതെങ്കിലും മനുഷ്യനോ ജിന്നുകള്‍ക്കുള്ളതിനെ ഏതെങ്കിലും ജിന്നോ സ്പര്‍ശിച്ചിട്ടില്ലായെന്നാണ്. മറ്റൊരു അഭിപ്രായത്തില്‍ ഇഹലോകത്ത് മനുഷ്യ സ്ത്രീകളില്‍ ജന്നുബാധ ഉണ്ടാകുന്നതുപോലെ അവിടെ ഉണ്ടാകുന്നതല്ലായെന്ന് വന്നിരിക്കുന്നു.
ഉത്തമ കാര്യങ്ങള്‍ക്കുള്ള പ്രതിഫലവും ഉത്തമമല്ലേ?(60) വിശിഷ്ട ദാസന്മാര്‍ക്കുള്ള അനുഗ്രഹങ്ങള്‍ വിവരിച്ച ശേഷം പറയുന്നു: സുന്ദരമായ കര്‍മ്മങ്ങളുടെ പ്രതിഫലവും സുന്ദരമായിരിക്കും. ഇതല്ലാതെ മറ്റൊന്നിനും സാധ്യതയില്ല. അതെ, ആ മഹത്തുക്കള്‍ എപ്പോഴും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ആകയാല്‍ പടച്ചവന്‍റെ ഭാഗത്ത് നിന്നും അവര്‍ക്കുള്ള പ്രതിഫലവും സുന്ദരം തന്നെയായിരിക്കും.
ഇടതൂര്‍ന്ന രണ്ട് തോട്ടങ്ങള്‍(64) * ഇടതൂര്‍ന്ന് നില്‍ക്കുന്നതുകൊണ്ട് വൃക്ഷങ്ങളുടെ പച്ചനിറം കറുപ്പായി തോന്നുന്നതിനാണ് ഇദ്ഹാം എന്ന് പറയപ്പെടുന്നത്. അതായത് ഈ രണ്ട് തോട്ടങ്ങളും ഇടതൂര്‍ന്നിരിക്കുന്നു. അങ്ങനെ അവയുടെ പച്ചനിറം കറുപ്പിലേക്ക് ചാഞ്ഞിരിക്കും. ഈ വിശേഷണം കഴിഞ്ഞ രണ്ട് തോട്ടങ്ങളെക്കുറിച്ച് പറഞ്ഞില്ലെങ്കിലും അവയ്ക്ക് ഈ വിശേഷണമില്ലെന്ന് ഇതിന് അര്‍ത്ഥമില്ല. പ്രത്യുത ധാരാളം ശിഖരങ്ങളുള്ളതെന്ന് അവിടെ പറഞ്ഞതില്‍ തന്നെ ഈ വിശേഷണവും പെടുന്നതാണ്.
സുന്ദരികളായ തരുണികളുമുണ്ട്.(70) * ഖൈറാത്ത് എന്നതിന്‍റെ അര്‍ത്ഥം സ്വഭാവ കര്‍മ്മങ്ങള്‍ സുന്ദരമായവര്‍ എന്നാണ്. * ഹിസാന്‍ എന്നാല്‍ രൂപത്തിലെ സൗന്ദര്യമാണ്. * ഈ കാര്യത്തിലും രണ്ട് വിഭാഗം സ്വര്‍ഗ്ഗവാസികളും പങ്കാളികളായിരിക്കും.
പച്ച ഉറയിട്ട തലയിണകളിലും സുന്ദരമായ പരവതാനിയിലും അവര്‍ ചാരിയിരിക്കുന്നതാണ്.(76) * റഫ്റഫ് എന്നാല്‍ പച്ച നിറത്തിലുള്ള പട്ട് വസ്ത്രമാണ്. അതുകൊണ്ട് വിരിപ്പും തലയിണയും ഇതര അലങ്കാര വസ്തുക്കളും ഉണ്ടാക്കുന്നതാണ്. (ഖാമൂസ്) അതില്‍ വൃക്ഷങ്ങളുടെയും പുഷ്പങ്ങളുടെയും ചിത്രങ്ങളും ഉണ്ടായിരിക്കും. (സിഹാഹ്) * അബ്ഖരി എന്നാല്‍ ഉന്നതവും സുന്ദരവുമായ വസ്ത്രമാണ്. * ഹിസാന്‍ എന്നാല്‍ സുന്ദരം. അതായത് അവ വളരെയധികം സുന്ദരമായിരിക്കും.
ഉന്നതനും മഹത്വമുള്ളവനുമായ രക്ഷിതാവിന്‍റെ നാമം ഐശ്വര്യപൂര്‍ണ്ണമായിരിക്കുന്നു.(78) ഈ സൂറത്തില്‍ കൂടുതലും മനുഷ്യന്‍റെ മേലുള്ള അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെയും ഔദാര്യങ്ങളെയും കുറിച്ചുള്ള വിവരണമാണ്. അതിന്‍റെ സമാപനമെന്നോണം രത്നച്ചുരുക്കമായ നിലയില്‍ പറയുന്നു: അല്ലാഹുവിന്‍റെ ഐശ്വര്യപൂര്‍ണ്ണമായ അസ്ഥിത്വക്കുറിച്ചുള്ള കാര്യം ഇരിക്കട്ടെ, അല്ലാഹുവിന്‍റെ നാമം പോലും വലിയ ഐശ്വര്യമുള്ളതാണ്. പടച്ചവന്‍റെ നാമത്താലാണ് ഈ അനുഗ്രഹങ്ങളെല്ലാം നിലകൊള്ളുന്നത്.
അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ 1391 റബീഉല്‍ ആഖര്‍ 11-ന് സൂറത്തുര്‍റഹ്മാന്‍ അവസാനിച്ചു.
*********
മആരിഫുല്‍ ഹദീസ്
സ്വലാത്തിന്‍റെ തത്വം
മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
മഹാന്മാരായ നബിമാരുടെ മേല്‍ വിശിഷ്യാ സയ്യിദുല്‍ അമ്പിയ റസൂലുല്ലാഹി (സ)യുടെ സമക്ഷത്തില്‍ സ്നേഹാദരവുകളോടെ പ്രത്യുപകാരം എന്ന നിലയില്‍ സ്വലത്ത് സലാമുകള്‍ തന്നെ സമര്‍പ്പിക്കണം എന്ന് കല്‍പ്പിക്കപ്പെട്ടിരിക്കുന്നതില്‍ പലതത്വങ്ങളുമുണ്ട്. ഏറ്റവും വലിയ തത്വം അതിലൂടെ ശിര്‍ക്കിന്‍റെ വേരുകള്‍ മുറിച്ച് മാറ്റപ്പെടുന്നു എന്നതാണ്. അതെ, അല്ലാഹുവിന് ശേഷം ഏറ്റവും വിശുദ്ധവും ആദരണീയവുമായ വ്യക്തിത്വങ്ങള്‍ നബിമാരാണ്. അവരില്‍ ഏറ്റവും ഉന്നതനും സ്രേഷ്ടനും അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹി (സ)യാണ്. റസൂലുല്ലാഹി (സ) യുടെ മേലും സ്വലാത്ത് സലാമുകള്‍ ചൊല്ലപ്പെട്ടാല്‍ അതായത് അല്ലാഹുവിന്‍റെ വിശിഷ്ട അനുഗ്രഹ രക്ഷകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കപ്പെട്ടാല്‍, അവരും അല്ലാഹുവിന്‍റെ കാരുണ്യ ഔദാര്യങ്ങളിലേക്ക് ആവശ്യക്കാരാകുന്നു എന്ന് വ്യക്തമാകുന്നതാണ്. അവരോടുള്ള കടമകളും അവരുടെ സമുന്നത സ്ഥാനങ്ങളും മുന്നില്‍ വെച്ച്കൊണ്ട് അവര്‍ക്ക് വേണ്ടി അല്ലാഹുവിനോട് കൂടുതലായി അനുഗ്രഹ രക്ഷകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക എന്ന് അനുയായികളോട് കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഇതിന് ശേഷം അവരെ പടച്ചവനോട് പങ്കാളികളാക്കാന്‍ വല്ല സാധ്യതയുമുണ്ടോ മറുഭാഗത്ത് ഔദാര്യവനായ രക്ഷിതാവ് നബിമാരുടെ അനുയായികളായ നാം സാധുക്കളോട് നബിമാര്‍ക്ക് വേണ്ടി വിശിഷ്യാ നബിമാരുടെ നായകന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് കല്‍പ്പിച്ചത് പടച്ചവന്‍ നമ്മോട് കാട്ടിയ എത്ര വലിയ ഔദാര്യമാണ്. മഹാന്മാര്‍ക്ക് പോലും പടച്ചവനോട് പ്രാര്‍ത്ഥിക്കുന്ന ജനങ്ങള്‍ പടച്ചവനെ വിട്ട് മഹാന്മാരെയോ മറ്റ് ആരെയെങ്കിലുമോ ആരാധിക്കുമോ? സുപ്രധാനമായ ഈ ആമുഖ കുറിപ്പുകള്‍ക്ക് ശേഷം സ്വലത്ത് സലാമുകളുമായി ബന്ധപ്പെട്ട ഹദീസുകള്‍ പാരായണം ചെയ്യുക.
292. അബൂഹുറയ്റ ( റ ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും എന്‍റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന്‍റെ മേല്‍ പത്ത് അനുഗ്രഹങ്ങള്‍ ചൊരിയുന്നതാണ്. (മുസ്ലിം)
വിവരണം: റസൂലുല്ലാഹി (സ) യുടെ മേലുള്ള പുണ്യ സ്വലാത്തും അല്ലാഹുവിന്‍റെ വിശിഷ്ട അനുഗ്രഹങ്ങളും ഔദാര്യങ്ങളും ഉണ്ടാക്കിയെടുക്കുവാനുള്ള പ്രത്യേക മാര്‍ഗ്ഗമാണ് എന്നാണ് ഹദീസിന്‍റെ ആശയം.
293. അനസ് (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും എന്‍റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന്‍റെ മേല്‍ പത്ത് അനുഗ്രഹങ്ങള്‍ ചൊരിയുന്നതാണ്. പത്ത് പാപങ്ങള്‍ പൊറുക്കുന്നതും പത്ത് സ്ഥാനങ്ങള്‍ ഉയര്‍ത്തുന്നതുമാണ്. (നസാഈ)
294. അബൂബുര്‍ദ (റ) റസൂലുല്ലാഹി (സ) അരുളി: എന്‍റെ സമുദായത്തില്‍ നിന്ന് ആരെങ്കിലും നിഷ്കളങ്കമായ മനസ്സോടെ സ്വലാത്ത് ചൊല്ലിയാല്‍ അതിന് പകരം അല്ലാഹു പത്ത് അനുഗ്രഹങ്ങള്‍ ചൊരിയുന്നതും പത്ത് സ്ഥാനങ്ങള്‍ ഉയര്‍ത്തുന്നതും പത്ത് നന്മകള്‍ രേഖപ്പെടുത്തുന്നതും പത്ത് പാപങ്ങള്‍ പൊറുക്കുന്നതുമാണ്. (നസാഈ)
വിവരണം: ഈ ഹദീസുകള്‍ക്കിടയില്‍ വൈരുദ്ധ്യമില്ല. ആദ്യ ഹദീസിന്‍റെ വിവരണമാണ് ശേഷമുള്ള ഹദീസുകള്‍. വിശിഷ്യാ മൂന്നാമത്തെ ഹദീസില്‍ ഈ പ്രതിഫലം കരസ്ഥമാക്കാന്‍ ഉദ്ദേശ്യ ശുദ്ധിയും നിഷ്കളങ്കതയും ഉണ്ടായിരിക്കണമെന്ന് ഉണര്‍ത്തിയിരിക്കുന്നു.
295. അബൂത്വല്‍ഹ (റ) നിവേദനം: ഒരിക്കല്‍ റസൂലുല്ലാഹി (സ) ഞങ്ങള്‍കിടയിലേക്ക് വന്നപ്പോള്‍ തിരുവദനം സന്തോഷത്താല്‍ പ്രകാശിച്ചിരുന്നു. അതിന്‍റെ കാരണം വിവരിച്ചു കൊണ്ട് അരുളി: ഇന്ന് ജിബ്രീല്‍(അ) എന്‍റെ അരികില്‍ വന്നുകൊണ്ട് അരുളി: അല്ലാഹു ഇപ്രകാരം അറിയിക്കുന്നു: മുഹമ്മദേ, താങ്കളുടെ ഒരു അനുയായി താങ്കളുടെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അദ്ദേഹത്തിന്‍റെ മേല്‍ പത്ത് അനുഗ്രഹം ചൊരിയുന്നതും ഒരു സലാം ചൊല്ലിയാല്‍ പത്ത് രക്ഷകള്‍ ചൊരിയുന്നതും താങ്കള്‍ക്ക് തൃപ്തിയില്ലേ. (ദാരിമി, നസാഈ)
വിവരണം: പരിശുദ്ധ ഖുര്‍ആനില്‍ റസൂലുല്ലാഹി (സ)യോട് അല്ലാഹു അറിയിക്കുന്നു: "താങ്കള്‍ തൃപ്തിപ്പെടുന്ന നിലയില്‍ രക്ഷിതാവ് താങ്കള്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കുന്നതാണ്" (സൂറ:ളുഹാ) െഈ വചനത്തിന്‍റെ യഥാര്‍ത്ഥ പുലര്‍ച്ച പരലോകത്താണെങ്കിലും ഇതിന്‍റെ ഈ ലോകത്തുള്ള പുലര്‍ച്ചയുടെ ഒരു ഭാഗമാണ് ഈ ഹദീസില്‍ പറയപ്പെട്ടിരിക്കുന്നത്. അതെ, ആരെങ്കിലും നല്ല മനസ്സോടെയും, ഉത്തമ ലക്ഷ്യത്തോടെയും റസൂലുല്ലാഹി (സ)യുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലിയാല്‍ ഓരോ സ്വലാത്ത്-സലാമുകള്‍ക്കും പത്ത് വിശിഷ്യാ, അനുഗ്രഹങ്ങളും രക്ഷകളും അല്ലാഹു ചൊരിയുന്നതാണ്. ഈ ഹദീസില്‍ ഉപയോഗിച്ചിരിക്കുന്ന താങ്കള്‍ എന്ന പ്രയോഗം റസൂലുല്ലാഹി (സ)ക്ക് അല്ലാഹുവിന്‍റെ സമക്ഷത്തിലുള്ള പ്രിയങ്കര സ്ഥാനം വരച്ചു കാട്ടുന്നുണ്ട്.
296. അബ്ദുര്‍റഹ്മാനുബ് ഔഫ് (റ) വിവരിക്കുന്നു: ഒരിക്കല്‍ റസൂലുല്ലാഹി (സ) മദീനയിലെ ജനവാസ സ്ഥലത്തു നിന്നും പുറപ്പെട്ട് ഒരു തോട്ടത്തിലെത്തി. അവിടെ വെച്ച് സുജൂദ് ചെയ്യുകയും ദീര്‍ഘ നേരം സുജൂദില്‍ തന്നെ കിടക്കുകയും ചെയ്തു. തങ്ങള്‍ക്ക് വല്ല അപകടവും ഉണ്ടായിപ്പോയോ എന്നു തോന്നിപ്പോകുന്ന നിലയില്‍ അതു ദീര്‍ഘിച്ചു. ഞാന്‍ സൂക്ഷിച്ചു നോക്കി. തദവസരം, തങ്ങള്‍ സുജൂദില്‍ നിന്നും തല ഉയര്‍ത്തി ചോദിച്ചു. എന്താ നോക്കുന്നത്? ഞാന്‍ പറഞ്ഞു: അങ്ങ് ദീര്‍ഘ നേരം കിടന്നപ്പോള്‍ എനിക്കു സംശയമുണ്ടായി. റസൂലുല്ലാഹി (സ) അരുളി: സംഭവം ഇതാണ്, ജിബ്രീല്‍ എന്‍റെ അടുക്കല്‍ വന്നു പറഞ്ഞു: ഞാന്‍ ഒരു സന്തോഷ വാര്‍ത്ത അറിയിക്കട്ടെ! അല്ലാഹു അറിയിക്കുന്നു: ആരെങ്കിലും താങ്കളുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലിയാല്‍ ഞാന്‍ അവനെ അനുഗ്രഹിക്കുന്നതും രക്ഷിക്കുന്നതുമാണ്. (അഹ്മദ്)
വിവരണം: ഈ ഹദീസില്‍ സ്വലാത്ത് ചൊല്ലുന്നതിന് പകരം അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നും രക്ഷയും സമാധാനവും ലഭിക്കുന്നതാണെന്ന് വന്നിരിക്കുന്നു. എന്നാല്‍ കഴിഞ്ഞ ഹദീസില്‍ വന്നതുപോലെ പത്ത് പ്രാവശ്യമെന്ന് വന്നിട്ടില്ല. റസൂസുല്ലാഹി (സ) ഈ പ്രാവശ്യം അത് പറയാതിരിക്കുകയും മറ്റൊരിക്കല്‍ വേറൊരാളോട് പറഞ്ഞപ്പോള്‍ അത് പറയുകയും ചെയ്തതായിരിക്കാം.
ഈ ഹദീസ് മുസ്നദ് അഹ്മദിലും വന്നിട്ടുണ്ട്. അതില്‍ സന്തോഷ വാര്‍ത്ത കേട്ടപ്പോള്‍ റസൂസുല്ലാഹി (സ) സുജൂദ് ചെയ്തതായി വന്നിരിക്കുന്നു. ഇമാം ബൈഹഖി ഈ നിവേദനം ഉദ്ധരിച്ചുകൊണ്ട് കുറിക്കുന്നു: സന്തോഷം വല്ലതുമുണ്ടാകുമ്പോല്‍ നന്ദിയുടെ സുജൂദ് ചെയ്യാമെന്നതിന്‍റെ ഏറ്റവും സഹീഹായ ഹദീസ് ഇതാണ്.
297. ഉമര്‍ (റ) വിവരിക്കുന്നു: ഒരിക്കല്‍ റസൂലുല്ലാഹി (സ) സുദീര്‍ഘമായ ഒരു സുജൂദ് ചെയ്ത ശേഷം അരുളി: ജിബ്രീല്‍ (അ) എന്നോടു വന്നു പറഞ്ഞു: താങ്കളുടെ അനുയായികളില്‍ ആരെങ്കിലും താങ്കളുടെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന്‍റെ മേല്‍ പത്ത് അനുഗ്രഹങ്ങള്‍ ചൊരിയുന്നതും പത്ത് പദവികള്‍ ഉയര്‍ത്തുന്നതുമാണ്. (ത്വബ്റാനി)
വിവരണം: അബൂഹുറയ്റ (റ), അനസ് (റ), അബ്ദുര്‍റഹ്മാനുബ്നു ഔഫ് (റ), അബൂത്വല്‍ഹ (റ), ഉമര്‍ (റ), അബൂബുര്‍ദ ഇവരുടെ ഹദീസുകള്‍ ഇവിടെ ഉദ്ധരിച്ചു കഴിഞ്ഞു. കൂടാതെ ബറാഅ് (റ), സഈദ് (റ), അബ്ദുല്ലാഹിബ്നു അംറ് (റ) മുതലായ സ്വഹാബികളും ഇതുപോലുള്ള ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്. ചുരുക്കത്തില്‍, മുതവാത്വിര്‍ (സംശയരഹിതമായ, ഉറപ്പായ) ഹദീസുകളില്‍ പെട്ടതാണിത്. നിഷ്കളങ്കമായ മനസ്സോടെ സ്വലാത്ത്-സലാമുകള്‍ ചൊല്ലുന്നത് അല്ലാഹുവിന്‍റെ ഭാഗത്തു നിന്നുമുള്ള അനുഗ്രഹങ്ങള്‍ നേടിയെടുക്കാനുള്ള വിജയകരവും ലളിതവുമായ ഒരു മാര്‍ഗ്ഗമാണെന്ന് ഈ ഹദീസുകള്‍ പഠിപ്പിക്കുന്നു. ഒരു പ്രാവശ്യം ചൊല്ലുന്നതിന് ഇത്ര ഫലങ്ങളാണെങ്കില്‍ ദിവസവും നൂറു പ്രാവശ്യം സ്വലാത്ത് ചൊല്ലുന്നത് ആയിരം അനുഗ്രഹങ്ങള്‍ നേടുന്നതിനും ആയിരം സ്ഥാനം ഉയര്‍ത്തുന്നതിനും ആയിരം പാപം പൊറുക്കുന്നതിനും ആയിരം നന്മകള്‍ എഴുതപ്പെടുന്നിനും കാരണമാകുന്നതാണ്. അല്ലാഹു അക്ബര്‍, എത്ര ലളിതവും ലാഭകരവുമായ കച്ചവടമാണിത്! ഈ സമ്പാദ്യത്തിനു സൗഭാഗ്യം ലഭിക്കാത്തവര്‍ എത്ര വലിയ ഭാഗ്യഹീനരാണ്? അല്ലാഹു നമുക്ക് ഉറച്ച വിശ്വാസവും പ്രവര്‍ത്തിക്കാനുള്ള തൗഫീഖും നല്‍കട്ടെ!
തിരുനാമം പറയപ്പെടുമ്പോല്‍ അശ്രദ്ധ കാണിക്കുന്നത് നാശത്തിന് കാരണം
298. അബൂഹുറയ്റ (റ) നിവേദനം. റസൂസുല്ലാഹി (സ) അരുളി: എന്‍റെ നാമം അരികില്‍ പറയപ്പെട്ടിട്ടും എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലാത്തവന്‍ നിന്ദ്യനാകട്ടെ. കാരുണ്യവും പാപമോചനവും നിറഞ്ഞ റമദാന്‍ മാസം കടന്നുവന്നെങ്കിലും പശ്ചാത്തപിച്ച് പാപമോചനം നല്‍കപ്പെടാത്ത നിലയില്‍ അലസനായി കഴിയുകയും അവസാനം റമദാന്‍ കടന്നുപോവുകയും ചെയ്തവന്‍ നിന്ദ്യനാകട്ടെ. മാതാപിതാക്കള്‍ ഇരുവരോ, ഒരാളോ, പ്രായധിക്യത്തില്‍ ജീവിച്ചിരുന്നിട്ടും അവര്‍ക്ക് സേവനം ചെയ്ത് സ്വര്‍ഗ്ഗത്തിന് അര്‍ഹത നേടാത്തവനും നിന്ദ്യനാകട്ടെ. (തിര്‍മിദി)
വിവരണം: ഈ ഹദീസില്‍ മൂന്ന് വിഭാഗം ആളുകള്‍ക്ക് നിന്ദ്യകൊണ്ട് ശാപ പ്രാര്‍ത്ഥന നടത്തപ്പെട്ടിരിക്കുന്നു. പടച്ചവന്‍റെ അനുഗ്രഹ കാരുണ്യങ്ങളും പ്രീതിയും പൊരുത്തവും കരസ്ഥമാക്കാന്‍ കഴിയുന്ന സുവര്‍ണ്ണാവസരം ലഭിച്ചിട്ടും അവര്‍ അതിനെ നേടിയെടുക്കാന്‍ ആഗ്രഹിച്ചില്ലെന്ന് മാത്രമല്ല, അതില്‍ നിന്നും അകന്ന് കഴിയാന്‍ ഇഷ്ടപ്പെടുകയും ചെയ്തു. ഇത്തരം ഭാഗ്യം കെട്ടവര്‍ ഇതുപോലുള്ള ശാപ പ്രാര്‍ത്ഥനയ്ക്ക് തീര്‍ത്തും അര്‍ഹര്‍ തന്നെയാണ്. അല്ലാഹു നമ്മെ കാക്കട്ടെ, ഇതേ കാര്യം കൂടുതല്‍ കടുപ്പത്തില്‍ അടുത്ത ഹദീസില്‍ വിവരിക്കുന്നത് ശ്രദ്ധിക്കുക
299. കഅ്ബ് (റ) വിവരിക്കുന്നു: ........................... (റമദാന്‍റെ മഹത്വങ്ങള്‍) (ഹാകിം)
വിവരണം: അബൂഹുറയ്റ (റ)യുടെ മുന്‍കഴിഞ്ഞ ഹദീസിന്‍റെ ആശയം തന്നെയാണ് ഈ ഹദീസിലുമുള്ളത്. വ്യത്യാസം ഇത്രമാത്രം: ഇവിടെ ശാപപ്രാര്‍ത്ഥന നടത്തിയത് ജിബ്രീല്‍ (അ) ആണ്. റസൂസുല്ലാഹി (സ) ഓരോ ദുആയിലും ആമീന്‍ പറയുകയുണ്ടായി. ഇതേ സംഭവം ഇബ്നു അബ്ബാസ് (റ), അനസ് (റ), ജാബിര്‍ (റ), മാലിക് (റ), അബ്ദുല്ലാഹിബ്നു ഹാരിസ് (റ) എന്നീ സഹാബികളും നിവേദനം ചെയ്തിട്ടുണ്ട്. ചില നിവേദനങ്ങളില്‍ റസൂസുല്ലാഹി (സ)യോട് ആമീന്‍ പറയുക എന്ന് ജിബ്രീല്‍ (അ) നിര്‍ദ്ദേശിച്ചതായി വന്നിരിക്കുന്നു. തീര്‍ച്ചയായും ഈ ഹദീസുകള്‍ ഈ മൂന്ന് പാപങ്ങളെ അതിശക്തമായി ഉണര്‍ത്തുന്നു. ഇതിലെ ആദ്യത്തെ വിഷയം റസൂസുല്ലാഹി (സ)യുടെ നാമം കേട്ടിട്ടും സ്വലാത്ത് ചൊല്ലാതിരിക്കുന്നതിനെക്കുറിച്ചാണ്. അതെ, റസൂസുല്ലാഹി (സ)യ്ക്ക് മലക്കുകളുടെ സമുന്നത സ്ഥാനത്ത് വലിയ പ്രിയങ്കരതയും ആദരവുമാണുള്ളത്. റസൂസുല്ലാഹി (സ) നാമം പറയപ്പെടുകയും തദവസരം ആദരവോടെ സ്വലാത്ത് ചൊല്ലുന്നതിന് പകരം അവഗണനയും അശ്രദ്ധയും പുലര്‍ത്തി സ്വലാത്ത് ചൊല്ലാതിരിക്കുന്നവരോട് മലക്കുകളുടെ നായകനായ ജിബ്രീല്‍ (അ) കടുത്ത വെറുപ്പ് പുലര്‍ത്തുകയും ശാപ പ്രാര്‍ത്ഥന നടത്തുകയും റസൂസുല്ലാഹി (സ)യോട് ആമീന്‍ പറയാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തത് എത്ര ഗൗരവമുള്ളതാണ്. അല്ലാഹു ഇത്തരം മുഴുവന്‍ തെറ്റുകുറ്റങ്ങളില്‍ നിന്നും കാത്ത് രക്ഷിക്കട്ടെ. റസൂസുല്ലാഹി (സ)യോടുള്ള കടമകളും മഹത്വങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഭാഗ്യം നല്‍കട്ടെ. ഈ ഹദീസിന്‍റെ വെളിച്ചത്തില്‍ ഫുഖഹാഅ് പറയുന്നു: റസൂസുല്ലാഹി (സ)യുടെ നാം വരുമ്പോഴെല്ലാം അത് ഉച്ചരിക്കുന്നവരും കേള്‍ക്കുന്നവരും സ്വലാത്ത് ചൊല്ലേണ്ടതാണ്.
300. അലിയ്യ് (റ) നിവേദനം. റസൂസുല്ലാഹി (സ) അരുളി: ആരുടെയെങ്കിലും അരികില്‍ എന്‍റെ നാമം പറയപ്പെട്ടിട്ടും എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലിയില്ലെങ്കില്‍ അവന്‍ വലിയ പിശുക്കനാണ്. (തിര്‍മിദി)
വിവരണം: സമ്പത്ത് ചിലവഴിക്കുന്നതില്‍ പിശുക്ക് കാണിക്കുന്നവരെക്കുറിച്ചാണ് സാധാരണ പിശുക്കനെന്ന് പറയുന്നത്. എന്നാല്‍ അവരേക്കാളും വലിയ പിശുക്കന്‍ റസൂസുല്ലാഹി (സ)യുടെ തിരുമാനം പറയപ്പെട്ടിട്ടും നാവ് ചെറുതായി ഒന്നനക്കി സ്വലാത്ത് ചൊല്ലാന്‍ പിശുക്ക് കാട്ടുന്നവനാണ്. അതെ, റസൂലുല്ലാഹി (സ) സമുദായത്തിന് ധാരാളം ഉപകാരം ചെയ്തവരാണ്. റസൂലുല്ലാഹി (സ)യിലൂടെയാണ് സന്മാര്‍ഗ്ഗത്തിന്‍റെ സമുന്നത നിധി സമുദായത്തിന് ലഭിച്ചത്. ഇത്തരുണത്തില്‍ റസൂലുല്ലാഹി (സ)യ്ക്കുവേണ്ടി ജീവന്‍ സമര്‍പ്പിച്ചാലും അധികമാവുകയില്ല.
സ്വലാത്തില്‍ നിന്നും ഒരു സദസ്സും ഒഴിവാകരുത്
301. അബൂഹുറയ്റ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ജനങ്ങള്‍ ഒരു സദസ്സില്‍ ഇരിക്കുകയും ആ സദസ്സില്‍ അല്ലാഹുവിനെ ധ്യാനിക്കാതെയും റസൂലുല്ലാഹി (സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലാതെയും കഴിയുകയും ചെയ്താല്‍ ഖിയാമത്ത് ദിനം പ്രസ്തുത സദസ്സ് അവര്‍ക്ക് നഷ്ടത്തിനും ദു:ഖത്തിനും കാരണമാകുന്നതാണ്. ശേഷം അല്ലാഹു ഉദ്ദേശിച്ചാല്‍ മാപ്പാക്കും. ഇനി അല്ലാഹു ഉദ്ദേശിച്ചാല്‍ ശിക്ഷ നല്‍കും. (തിര്‍മിദി)
വിവരണം: അല്ലാഹുവിന്‍റെ സ്മരണയില്‍ നിന്നും പുണ്യനബിയുടെ മേലുള്ള സ്വലാത്തില്‍ നിന്നും ഒരു സദസ്സും ഒഴിവാകരുതെന്ന് ഈ ഹദീസ് സത്യവിശ്വാസികളെ ഉണര്‍ത്തുന്നു. ഇപ്രകാരം ഒരു സദസ്സെങ്കിലും ഉണ്ടായാല്‍ ഖിയാമത്ത് ദിനം അതിന്‍റെ പേരില്‍ പിടിക്കപ്പെടുന്നതാണ്. തദവസരം കടുത്ത ദു:ഖവ്യസനങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നതാണ്. ശേഷം അല്ലാഹു ഉദ്ദേശിച്ചാല്‍ മാപ്പാക്കുകയോ, ശിക്ഷ നല്‍കുകയോ ചെയ്യുന്നതാണ്. ഇതേ ആശയത്തിലുള്ള ഹദീസുകള്‍ അബൂസഈദ് (റ), അബൂഉമാമ (റ), വാസില (റ) എന്നീ സഹാബികളില്‍ നിന്നും വിവിധ ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു
ഫോണ്‍: 7736723639
പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...
*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...
*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.
9961717102, 9387290079
*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ
+91 96339 15717
ക്ലാസുകൾ നയിക്കുന്നത്:
ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി
ഞങ്ങളുടെ കേന്ദ്ര സ്ഥാപനം
പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...
*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...
*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.
9961717102, 9387290079
*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ
+91 96339 15717
ക്ലാസുകൾ നയിക്കുന്നത്:
ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി
ഞങ്ങളുടെ കേന്ദ്ര സ്ഥാപനം


