▪️മുഖലിഖിതം
റമളാന്‍; അനുഗ്രഹങ്ങളുടെ വസന്തകാലം
▪️ജുമുഅ സന്ദേശം
പുണ്യ റമദാനും വിശുദ്ധ ഖുർആനും
✍️ മൗലാനാ ഉമറൈൻ മഹ്ഫൂസ് റഹ്‌മാനി
▪️മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുല്‍ വാഖിഅ-2
വിജയികളുടെയും പരാജിതരുടെയും അവസ്ഥകള്‍
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
▪️മആരിഫുല്‍ ഹദീസ്
സ്വലാത്തിന്‍റെ വിശിഷ്ട വചനങ്ങള്‍
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
******
മുഖലിഖിതം
റമളാന്‍; അനുഗ്രഹങ്ങളുടെ വസന്തകാലം
മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
തൗഹീദ്-രിസാലത്തിന്‍റെ സാക്ഷ്യത്തിനു ശേഷം ഇസ്ലാമില്‍ പ്രാധാന്യമര്‍ഹിക്കുന്ന നാലു ഘടകങ്ങളാണ് നമസ്കാരവും സക്കാത്തും നോമ്പും ഹജ്ജും. ഈ അഞ്ചു കാര്യങ്ങളും ഇസ്ലാമിന്‍റെ അടിസ്ഥാന തത്വമാണ്. അല്ലാഹുവിന് തൃപ്തികരമായ ജീവിത പദ്ധതിയാണ് ഇസ്ലാം. ഈ ജീവിതത്തിന്‍റെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും ഈ പഞ്ചസ്തംഭങ്ങള്‍ക്ക് പ്രത്യേകമായ പങ്കുണ്ട്. അതുകൊണ്ടാണ് ഇവകളെ ഇസ്ലാം കാര്യങ്ങള്‍ എന്ന പേരില്‍ അനുസ്മരിക്കപ്പെടുന്നത്. ഇവകള്‍ ഓരോന്നിന്‍റെയും പ്രത്യേകതകള്‍ യഥാസ്ഥാനങ്ങളില്‍ വിവരിച്ചിട്ടുണ്ട്. ഇവിടെ, നമ്മുടെ വിഷയമായ നോമ്പിന് മനുഷ്യ ജീവിതത്തെ ഇസ്ലാമികമാക്കുന്നതിലുള്ള പങ്കിനെ കുറിച്ചു മാത്രം അല്‍പം വിവരിക്കുകയാണ്.
നോമ്പിന്‍റെ പ്രത്യേക പ്രയോജനം പരിശുദ്ധ ഖുര്‍ആനില്‍ വ്യക്തമായി പറയപ്പെട്ടിട്ടുണ്ട്."സത്യവിശ്വാസികളേ, നിങ്ങളുടെ മേല്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങല്‍ക്കു മുമ്പുള്ളവരുടെ മേല്‍ അത് നിര്‍ബന്ധമാക്കപ്പെട്ടതു പോലെ, നിങ്ങളില്‍ ഭയഭക്തി ഉണ്ടായിത്തീരാന്‍ വേണ്ടി" (അല്‍ബഖറ:180)
ആത്മീയതയും മൃഗീയതയും ഒത്തു ചേര്‍ന്ന ഒരു സൃഷ്ടിയായിട്ടാണ് അല്ലാഹു മനുഷ്യനെ പടച്ചിട്ടുള്ളത്. ഇതര ജന്തുക്കളിലെല്ലാം കാണപ്പെടുന്ന ഭൗതികവും തരംതാഴ്ന്നതുമായ എല്ലാവിധ പ്രേരണകളും മനുഷ്യന്‍റെ പ്രകൃതിയിലുണ്ട്. കൂട്ടത്തില്‍, സമുന്നത സൃഷ്ടികളായ മലക്കുകളുടെ പ്രകാശപൂരിതമായ ആത്മീയതയുടെ മഹത്ഗുണങ്ങളും മനുഷ്യനില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. മൃഗീയ പ്രേരണകളേക്കാള്‍ ആത്മീയ ഗുണം മികക്കുകയും മൃഗീയതയെ ഒരു പരിധിക്കുള്ളില്‍ ഒതുക്കി നിര്‍ത്തുകയും ചെയ്യുന്നതിലാണ് മനുഷ്യ വിജയത്തിന്‍റെ അടിസ്ഥാം. ആത്മീയ ഗുണത്തെ മൃഗീയത അനുസരിക്കുകയും അതിനെതിരില്‍ നാശങ്ങള്‍ അഴിച്ചു വിടാതിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഇക്കാര്യം സാധിക്കുകയുള്ളൂ. മനുഷ്യന്‍റെ മൃഗീയ ഗുണങ്ങളെ ആത്മീയ പ്രേരണകളെ അനുസരിക്കുന്നതാക്കിത്തീര്‍ക്കലാണ് നോമ്പിന്‍റെ പ്രധാനപ്പെട്ട ലക്ഷ്യം. ഇതുകൊണ്ടു തന്നെ, മുഴുവന്‍ സമുദായങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരുന്നു. നോമ്പിന്‍റെ കാലയളവിലും ശാഖാപരമായ ചില നിയമങ്ങളിലും അതാത് സമുദായങ്ങളുടെ പ്രത്യേകതകളെയും ആവശ്യങ്ങളെയും പരിഗണിച്ച് അല്‍പം മാറ്റങ്ങള്‍ ഉണ്ടായിരുന്നുവെന്നു മാത്രം. എന്നാല്‍, ലോകാവസാനം വരെ നിലനില്‍ക്കേണ്ടതായ തിരുനബി (സ)യുടെ സമുദായത്തിന് ലോകത്തിന്‍റെ മൊത്തം അവസ്ഥ പരിഗണിച്ചുകൊണ്ട് വര്‍ഷത്തില്‍ ഒരു മാസം നോമ്പ് നിര്‍ബന്ധമാക്കി. നോമ്പിന്‍റെ സമയം പുലര്‍ക്കാലം മുതല്‍ സൂര്യോദയം വരെയാണെന്ന് നിശ്ചയിക്കപ്പെട്ടു. തീര്‍ച്ചയായും ഉപരിസൂചിത ലക്ഷ്യം നേടിയെടുക്കുന്നതിന് അത്യന്തം യോജിച്ചതും മധ്യമവുമായ കാലയളവും സമയവുമാണത്. അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ക്കെതിരില്‍ പ്രേരിപ്പിക്കുന്ന മനസ്സിന്‍റെയുംവയറിന്‍റെയും പ്രേരണകളെ ഒതുക്കി മൃഗീയതയെ ആത്മീയതക്ക് അടിമപ്പെടുത്താനുള്ള പരിശീലനത്തിന് ഇതിനേക്കാള്‍ കുറഞ്ഞ കാലയളവ് മതിയാകുന്നതല്ല. ഇനി, രാത്രിയെ കൂടി നോമ്പില്‍ ഉള്‍പ്പെടുത്തി, അത്താഴം മാത്രം ഭക്ഷിക്കാന്‍ അനുവദിക്കുകയോ വര്‍ഷത്തില്‍ മൂന്ന്-നാല് മാസം തുടര്‍ച്ചയായി നോമ്പ് പിടിക്കാന്‍ കല്‍പ്പിക്കുകയോ ചെയ്തുകൊണ്ട് ഇതിന്‍റെ അളവും കാലവും കൂട്ടിയിരുന്നെങ്കില്‍ ബഹുഭൂരിഭാഗം മനുഷ്യര്‍ക്കും നോമ്പ് താങ്ങാനാകാത്ത ഭാരവും ആരോഗ്യത്തിനു കുഴപ്പവുമാകുമായിരുന്നു. ചുരുക്കത്തില്‍, പകല്‍ സമയവും ഒരു മാസവും പൊതുജനങ്ങളുടെ അവസ്ഥ പരിഗണിക്കുമ്പോല്‍ അവരുടെ ശിക്ഷണത്തിന് തീര്‍ത്തും അനുയോജ്യവും മധ്യമവുമാണ്.
സര്‍വ്വോപരി, ഇതിനുവേണ്ടി തിരഞ്ഞെടുത്ത മാസമാകട്ടെ അനുഗ്രഹീത റമദാന്‍ മാസമാണ്. ഈ മാസത്തിലാണ് പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായത്. കണക്കറ്റ ഐശ്വര്യങ്ങളുടെ രാവായ ലൈലത്തുല്‍ ഖദ്റും ഈ മാസത്തില്‍ തന്നെ. ഈ മാസത്തിലെ പകലുകളിലെ നോമ്പുകളെ കൂടാതെ രാത്രിയിലും സംഘടിതമായ ഒരു ഇബാദത്തിനെ പുണ്യമാക്കപ്പെട്ടു. അതാണ് തറാവീഹ് നമസ്കാരം. പകലിലെ നോമ്പിനോടൊപ്പം ഇരവിലെ തറാവീഹും കൂടി ചേര്‍ന്നാല്‍ പിന്നെ ഈ മാസത്തിന്‍റെ പ്രകാശ-ഐശ്വര്യങ്ങളും പ്രതിഫല-ഗുണങ്ങളും പതിന്‍മടങ്ങ് വര്‍ദ്ധിക്കുന്നതാണ്.ഈ കാര്യങ്ങളുമായ ബന്ധപ്പെടുന്ന ദാസന്‍മാരെല്ലാം അവരവരുടെ ഗ്രാഹ്യത്തിനനുസരിച്ച് വളരെ എളുപ്പത്തില്‍ ഈ ഗുണങ്ങള്‍ അനുഭവത്തിലൂടെ മനസ്സിലാക്കുന്നതാണ്. ഹ്രസ്വമായ ഈ പ്രാരംഭ കുറിപ്പുകള്‍ക്കു ശേഷം റമദാനിനേയും നോമ്പിനേയും കുറിച്ചുള്ള ഏതാനും നബവീ തിരുവചനങ്ങള്‍ പാരായണം ചെയ്യുക.
**********************
***********************************
ജുമുഅ സന്ദേശം
പുണ്യ റമദാനും
വിശുദ്ധ ഖുർആനും
മൗലാനാ ഉമറൈൻ മഹ്ഫൂസ് റഹ്‌മാനി
(സെക്രട്ടറി, ഓൾ ഇന്ത്യാ മുസ്‌ലിം പേർസണൽ ലോ ബോർഡ് )
വിവ: അജ്മൽ ഹുസ്നി, പത്തനാപുരം
شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۗ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ ¤
റമദാൻ മാസം, അതിലാണ് ഖുർആൻ അവതീർണ്ണമായത്. മുഴുവൻ ജനങ്ങൾക്കും അത് മാർഗ്ഗദർശനമാകുന്നു. അതിൽ സന്മാർഗത്തിൻ്റെയും സത്യാസത്യ വിവേചനത്തിൻ്റെയും വളരെ വ്യക്തമായ തെളിവുകളുണ്ട്. ആകയാൽ നിങ്ങളിൽ ഈ മാസത്തെ കണ്ടുമുട്ടുന്നവർ അതിൽ നോമ്പ് അനുഷ്ഠിക്കുക. ആരെങ്കിലും രോഗിയോ യാത്രികനോ ആയാൽ നഷ്ടപ്പെട്ടതിനു പകരമായി മറ്റു ദിവസങ്ങളിൽ നോമ്പ് അനുഷ്ഠിക്കൽ നിർബന്ധമാണ്. (അൽ ബഖറ-185)
അനുഗ്രഹീത റമദാനിന്റെ ശ്രേഷ്ഠതക്ക് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, നോമ്പിന്റെ മാസമാണ്. ഈ മാസത്തിൽ എല്ലാ മുസ്ലിമീങ്ങൾക്കും നോമ്പ് നിർബന്ധമാണ്. യാത്രയോ അസുഖമോ കാരണം നോമ്പെടുക്കാൻ കഴിയാത്തവർ മറ്റ് ദിവസങ്ങളിൽ നോമ്പെടുക്കണം. മനപൂർവ്വം അകാരണമായി ഒരു നോമ്പ് ഉപേക്ഷിച്ചാൽ പ്രായശ്ചിത്തമായി അറുപത് ദിവസം തുടർച്ചയായി നോമ്പു പിടിക്കണം.
റമദാനിന്റെ ശ്രേഷ്ഠതയുടെ രണ്ടാമത്തെ കാരണം അല്ലാഹു വിവരിക്കുന്നു: ഇത് ഖുർആൻ അവതരിച്ച മാസമാണ്. അനുഗ്രഹീതമായ ഈ മാസത്തിലാണ് വിശുദ്ധ ഖുർആൻ അവതരിച്ചത്. അതെ, മനുഷ്യ ജീവിതത്തിന്റെ ഇലാഹീ നിയമാവലി ഈ മാസത്തിലാണ് അവതീർണ്ണമായത്. ഖുർആൻ മാത്രമല്ല, മറിച്ച് അല്ലാഹുവിന്റെ ഭാഗത്തുനിന്നും അനുഗ്രഹീത പ്രവാചകന്മാർക്ക് ഇറക്കപ്പെട്ട മുഴുവൻ ദൈവീക ഗ്രന്ഥങ്ങളും ഈ അനുഗ്രഹീത മാസത്തിലായിരുന്നു ഇറക്കപ്പെട്ടത്.
حم وَالْكِتَابِ الْمُبِينِ إِنَّا أَنْزَلْنَاهُ فِي لَيْلَةٍ مُبَارَكَةٍ إِنَّا كُنَّا مُنْذِرِينَ فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ أَمْرًا مِنْ عِنْدِنَا إِنَّا كُنَّا مُرْسِلِينَ
ഹാമീം. സ്പഷ്ടമായ വേദഗ്രന്ഥം തന്നെയാണ (സത്യം)! നിശ്ചയമായും, നാം അതിനെ ഒരു അനുഗ്രഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. (കാരണം:) നാം മുന്നറിയിപ്പു നല്‍കുന്നവരാകുന്നു. യുക്തിമത്തായ എല്ലാ കാര്യവും അതില്‍ [ആ രാത്രിയില്‍] വേര്‍തിരി(ച്ചു വിവരി)ക്കപ്പെടുന്നു; -നമ്മുടെ പക്കല്‍നിന്നുള്ള കല്‍പനയായിക്കൊണ്ട്. (കാരണം:) നാം ദൗത്യം നല്‍കുന്ന [റസൂലുകളെ അയക്കുന്ന]വരാകുന്നു;
മൂന്നാമതായി സൂറത്തുൽ ഖദ്‌റിൽ ഇങ്ങനെ പറയുന്നു:
إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ (1) وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ (2) لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ (3)
നിശ്ചയമായും, നാം ഇതിനെ [ഖുര്‍ആനെ] ‘ലൈലത്തുല്‍ഖദ്‌റി’ല്‍ [നിര്‍ണ്ണയത്തിന്റെ രാത്രിയില്‍] അവതരിപ്പിച്ചിരിക്കുന്നു. 'ലൈലത്തുല്‍ഖദ്‌ര്‍’ എന്നാലെന്താണെന്ന് നിനക്ക് എന്തറിയാം?! ‘ലൈലത്തുല്‍ഖദ്‌ര്‍’ ആയിരം മാസത്തേക്കാള്‍ ഉത്തമമാകുന്നു.
വിശുദ്ധ ഖുർആനിന്റെ അവതരണത്തിന്റെ തുടക്കവും സമയവും ഈ മൂന്ന് സൂക്തങ്ങൾ വിവരിക്കുന്നു. റമദാനിലെ അനുഗ്രഹീത രാത്രിയിലാണ് ഖുർആൻ അവതരിച്ചത്, ആ അനുഗ്രഹീത രാത്രിയാണ് ലൈലത്തുൽ ഖദ്ർ. മുഫസ്സിറുകൾ എഴുതുന്നു: ലൈലത്തുൽ ഖദ്റിലാണ് ഖുർആൻ ലൗഹുൽ മഹ്ഫൂസിൽ നിന്ന് ഒന്നാനാകാശത്തേക്ക് ഇറക്കപ്പെട്ടത്. അവിടെ നിന്ന് ജിബ്‌രീൽ അമീൻ മുഖേന തിരുനബി (സ) ക്ക് അവതരിച്ചതും ലൈലത്തുൽ ഖദ്റിൽ തന്നെയാണ്. അതുകൊണ്ട് തന്നെ റമദാനിന് ഖുർആനുമായി അഗാധമായ ബന്ധമുണ്ട്. നബി (സ) പറഞ്ഞു: നോമ്പും ഖുർആനും ഉയിർത്തെഴുന്നേൽപിന്റെ നാളിൽ വിശ്വാസിക്ക് വേണ്ടി ശുപാർശ ചെയ്യുന്നതാണ്.
നോമ്പ് അല്ലാഹുവിന്റെ ആരാധനയാണ്, ഖുർആൻ പാരായണം അല്ലാഹുവുമായുള്ള സംസാരമാണ്. അല്ലാഹുവിനെ ആരാധിക്കാനും അവനുമായി സംസാരിക്കാനും അവസരം ലഭിച്ച ഒരു വിശ്വസിക്ക് വേണ്ടി അല്ലാഹുവിൻ്റെ സന്നിധിയിൽ ശുപാർശ ചെയ്യപ്പെടുന്നതാണ്. നോമ്പ് പറയും: അല്ലാഹുവേ, ഈ ദാസൻ നിനക്ക് വേണ്ടി വിശപ്പും ദാഹവും സഹിച്ചിരുന്നു, അവന് നീ പൊറുത്തു കൊടുക്കേണമേ. ഖുർആൻ പറയും: ഈ ദാസൻ നിന്നെയോർത്ത് എൻ്റെ പാരായണത്തിൽ മുഴുകിയവനാണ്. ഇവന് മാപ്പ് ചെയ്തു കൊടുക്കണേ.
റമദാൻ ഖുർആൻ അവതരിച്ച മാസം മാത്രമല്ല, ഖുർആൻ സംരക്ഷണത്തിന്റെയും പ്രചരണത്തിന്റെയും മാസം കൂടിയാണ്. എല്ലാ വർഷവും റമദാൻ മാസത്തിൽ ജിബ്‌രീൽ (അ) തിരുമേനി (സ) യെ സന്ദർശിച്ച് വിശുദ്ധ ഖുർആൻ ആവർത്തനം ചെയ്യാറുണ്ടായിരുന്നു. വേർപാട് സംഭവിച്ച വർഷം റമദാനിൽ ജിബ്‌രീൽ (അ) രണ്ടു തവണ ആവർത്തനം ചെയ്തു. അതിലൂടെ തങ്ങളുടെ സമയമായെന്ന് തിരുനബി (സ) മനസ്സിലാക്കുകയും ചെയ്തു.
ആദരവായ നബി (സ) യും ജിബ്‌രീൽ (അ) ഉം ചേർന്ന് റമദാനിൽ നടത്തിയ വിശുദ്ധ ഖുർആൻ ആവർത്തനമാണ് തറാവീഹ് നിസ്‌കാരത്തിൽ വിശുദ്ധ ഖുർആൻ ശ്രവിക്കുകയും പാരായണം ചെയ്യുകയും ചെയ്യുന്ന പാരമ്പര്യത്തിന്റെ ഉറവിടമായി മാറിയത്. ലോകത്തെ കോടിക്കണക്കിന് പള്ളികളിൽ റമദാൻ മുബാറക്കിൽ വിശുദ്ധ ഖുർആൻ ശ്രവിക്കുകയും പാരായണം ചെയ്യുകയും ചെയ്യുന്നത് യഥാർത്ഥത്തിൽ ഇതിൻ്റെയടിസ്ഥാനത്തിലാണ്.
സർവ്വശക്തനായ അല്ലാഹു ഒരു ഗ്രന്ഥവും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല, അതിനാൽ മുൻകാല വേദഗ്രന്ഥങ്ങൾ തിരിമറികൾക്ക് ഇരയായി. എന്നാൽ വിശുദ്ധ ഖുർആനിന്റെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. അല്ലാഹു പറഞ്ഞിരിക്കുന്നു:
إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُۥ لَحَٰفِظُونَ
നിശ്ചയം നാമാണ് ഖുർആൻ ഇറക്കിയത്. നാം തന്നെ അതിനെ സംരക്ഷിക്കുന്നതാണ്. (അൽ ഹിജ്ർ 9)
വിശുദ്ധ ഖുർആൻ പാരായണത്താൽ മുഖരിതമാകുന്ന അനുഗ്രഹീത റമദാനാണ് ഖുർആൻ സംരക്ഷിക്കുന്നതിനുള്ള പ്രധാന മാർഗങ്ങളിലൊന്ന്.
ലോകത്ത് വിശുദ്ധ ഖുർആൻ പോലെ ഇത്രയധികം മനഃപാഠമാക്കപ്പെടുന്ന മറ്റൊരു ഗ്രന്ഥവുമില്ല. മനനം ചെയ്തവർ വള്ളി പുള്ളി വ്യത്യാസമില്ലാതെ കൃത്യമായി അത് പാരായണം ചെയ്യുന്നു. എന്തെങ്കിലും തെറ്റ് വന്നാൽ ഉടനെ അടുത്തയാൾ അത് തിരുത്തിക്കൊടുക്കുന്നു. മറ്റെയാൾ തിരുത്തിയോതുന്നു. വാസ്തവത്തിൽ ഇതെല്ലാം ഖുർആൻ സംരക്ഷണത്തിന് വേണ്ടിയുള്ള പടച്ചവൻ്റെ ക്രമീകരണങ്ങളാണ്.
അല്ലാഹുവിൻ്റെ സൗഭാഗ്യവാന്മാരായ ദാസൻമാർ തറാവീഹിലും തഹജ്ജുദിലും ഖുർആൻ ഓതുകയും കേൾക്കുകയും ചെയ്യുന്നതിനൊപ്പം, റമദാനിൽ ഒന്നിലധികം തവണ ഖുർആൻ ഖത്മ് ചെയ്യാൻ പരിശ്രമിക്കുന്നു.. കാരണം ഇത് അല്ലാഹുവിൻ്റെ വചനങ്ങളാണ്. ഓരോ തവണ ഓതുമ്പോഴും പുതിയ മാധ്യര്യവും അനുഭൂതിയുമാണ് ലഭിക്കുന്നത്. അതുകൊണ്ട് വർഷം മുഴുവൻ ഖുർആൻ പാരായണത്തിൽ ശ്രദ്ധ പുലർത്തണം.
ഉപരിസൂചിത ആയത്തിൽ അല്ലാഹു വിശുദ്ധ ഖുർആനിനെ "ഹുദൻ ലിന്നാസ്" (മുഴുവൻ മനുഷ്യർക്കുമുള്ള മാർഗ്ഗദർശനം) എന്നാണ് വിളിച്ചിരിക്കുന്നത്. ഒരു വ്യക്തിക്ക് ചിന്താപരവും കർമ്മപരവുമായ പിശകുകളിൽ നിന്ന് മുക്തി നേടണമെങ്കിൽ, മനസ്സിന്റെയും മസ്തിഷ്കത്തിൻ്റെയും അന്ധകാരം ഇല്ലാതാക്കണമെങ്കിൽ അതിനുള്ള ഒരേയൊരു മാർഗ്ഗം ഖുർആൻ നെഞ്ചിലേറ്റലാണ്. ഖുർആൻ ആരാധനയാണ്, വഴിവെളിച്ചമാണ്, നിയമാവലിയാണ്, ലക്ഷ്യസ്ഥാനവും ലക്ഷ്യവുമാണ്. അല്ലാഹു പറയുന്നു:
يَٰٓأَيُّهَا ٱلنَّاسُ قَدْ جَآءَكُم بُرْهَٰنٌ مِّن رَّبِّكُمْ وَأَنزَلْنَآ إِلَيْكُمْ نُورًا مُّبِينًا
"ഹേ ജനങ്ങളേ! നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ദൃഷ്ടാന്തമിതാ (മുഹമ്മദ് നബി) കിട്ടിക്കഴിഞ്ഞിരിക്കുന്നു. സ്പഷ്ടമായ ഒരു പ്രകാശം (ഖുര്‍ആന്‍) നിങ്ങള്‍ക്കു നാം അവതരിപ്പിച്ചു തന്നിട്ടുമുണ്ട്. (നിസാഅ 174)
ഓരോ മെഷീനും അതാത് കമ്പനികൾ ഒരു ഗൈഡ്ബുക്ക് നൽകാറുണ്ട്. ഈ മെഷീൻ എങ്ങനെ ഉപയോഗിക്കാമെന്നും കേടുപാടുകളിൽ നിന്നും തകരാറുകളിൽ നിന്നും എങ്ങനെ സംരക്ഷിക്കാമെന്നും അതിലൂടെ അറിയാൻ കഴിയും. അതുപോലെ അല്ലാഹു തആലാ പ്രപഞ്ചമഖിലം സൃഷ്ടിച്ച് മനുഷ്യന് കൈമാറിയപ്പോൾ അവയെ എങ്ങനെ പ്രയോജനപ്പെടുത്തണം, സംരക്ഷിക്കണം എന്നതിന് നൽകിയ മാർഗ്ഗനിർദ്ദേശങ്ങളാണ് ഖുർആൻ.
ഖുർആൻ പാരായണത്തോടൊപ്പം അതിൻ്റെ ആശയങ്ങൾ മനസ്സിലാക്കാൻ പരിശ്രമിക്കുകയും അതിൽ വിചിന്തനം നടത്തുകയും അധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തുകയും ചെയ്യുമ്പോഴാണ് ഖുർആനിലൂടെ മാർഗ്ഗദർശനം കരസ്ഥമാകുന്നത്. ലോകത്ത് അർത്ഥമറിയാതെ വായിക്കപ്പെടുന്ന ഒരേയൊരു ഗ്രന്ഥവും ഖുർആൻ മാത്രമാണ്. ആശയം മനസ്സിലാക്കാതെയും ഒരുപാട് പേർ അത് ഓതിക്കൊണ്ടിരിക്കുന്നു. യഥാർത്ഥത്തിൽ അല്ലാഹുവിൻ്റെ വചനങ്ങളോടുള്ള നമ്മുടെ ഈ സമീപനം തികച്ചും സങ്കടകരമാണ്. ഒരാളിൽ നിന്ന് ഒരു കത്ത് ലഭിക്കുമ്പോൾ നമ്മൾ അത് വായിച്ച് മനസ്സിലാക്കുന്നു. അത് മറ്റൊരു ഭാഷയിലാണെങ്കിൽ, ആ ഭാഷ അറിയുന്നവരെ സമീപിക്കുന്നു. എന്നാൽ അല്ലാഹുവിന്റെ ഗ്രന്ഥം വിശുദ്ധ ഖുർആൻ, നമുക്ക് അത് സ്വയം അറിയില്ല, അത് അറിയാവുന്ന പണ്ഡിതന്മാരിൽ നിന്ന് മനസ്സിലാക്കാൻ നാം ശ്രമിക്കുന്നുമില്ല. അല്ലാഹു നിഷേധികളെപ്പറ്റി പറയുന്നു: "അവര്‍ എന്തുകൊണ്ട് ഖുര്‍ആന്‍ ചിന്തിച്ചു ഗ്രഹിക്കുന്നില്ല? അതോ ഹൃദയങ്ങളില്‍ പൂട്ടുകളിട്ടിട്ടുണ്ടോ?" (മുഹമ്മദ് 24)
പൊതു ജനങ്ങൾ ഖുർആൻ മനസ്സിലാക്കേണ്ടതില്ല, അത് പണ്ഡിതന്മാരുടെ ജോലിയാണെന്ന് ചിലർ പറയാറുണ്ട്. ഇത് യഥാർത്ഥത്തിൽ അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്ന് ആളുകളെ അകറ്റുന്നതിനുള്ള പിശാചിൻ്റെ ദുർബോധനമാണ്. പണ്ഡിതന്മാർ ലോകത്തുള്ള സകല ഭാഷകളിലും ഖുർആൻ വിവർത്തനം ചെയ്തിട്ടുണ്ട്. ഇത് പൊതുജനങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടി ചെയ്തതാണ്. ഖുർആൻ മനസ്സിലാക്കേണ്ടത് പണ്ഡിതന്മാരുടെ മാത്രം ജോലിയാണെങ്കിൽ, എന്തിനാണ് അവർ അത് വിവർത്തനം ചെയ്തത്?
ഖുർആനിക വചനങ്ങളിൽ വിചിന്തനം ചെയ്യൽ ബഹുമാന്യ സ്വഹാബികളുടെ പതിവായിരുന്നു. അവർ ചിന്തിച്ച് പാരായണം ചെയ്തിരുന്നു. അബൂ അബ്ദുർറഹ്മാൻ സലമി വിവരിക്കുന്നു: ഖുർആൻ വളരെ ശ്രദ്ധാപൂർവ്വം പാരായണം ചെയ്തിരുന്ന ഹസ്രത്ത് ഉസ്മാൻ ബിൻ അഫ്ഫാൻ (റ), ഹസ്രത്ത് അബ്ദുല്ല ബിൻ മസ്ഊദ് (റ) തുടങ്ങിയ മഹത്തുക്കൾ ഞങ്ങളോട് ഇപ്രകാരം വിവരിച്ചു: സ്വഹാബികൾ നബി (സ) യിൽ നിന്ന് പത്ത് ആയത്തുകൾ പഠിച്ചാൽ, ആ ആയത്തുകളിൽ മനസ്സിലാക്കാനും പ്രവർത്തിക്കാനുമുള്ള മുഴുവൻ കാര്യങ്ങളും പഠിക്കുന്നത് വരെ അടുത്ത ആയത്തിലേക്ക് പോയിരുന്നില്ല. ഞങ്ങൾ ഒരേ സമയം ഖുർആനും അതനുസരിച്ച് പ്രവർത്തിക്കാനും പഠിച്ചുവെന്നും അതുകൊണ്ട് ഒരു സൂറത്ത് മനഃപാഠമാക്കുന്നതിന് ഒരുപാട് സമയം വേണ്ടിവന്നുവെന്നും അവർ പറഞ്ഞു.
വിശുദ്ധ ഖുർആൻ ആശയങ്ങൾ ഗ്രഹിക്കുന്നതോടൊപ്പം അതിന്റെ അധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഈമാനിന്റെയും ഇസ്‌ലാമിന്റെയും അടിസ്ഥാന പാഠങ്ങൾ, ഹലാലിന്റെയും ഹറാമിന്റെയും നിയമങ്ങൾ, ആരാധനകൾ, സാമൂഹ്യ ജീവിതം, സാമ്പത്തികം, ഭരണം, അവകാശങ്ങൾ കടമകൾ, നീതിന്യായം, യുദ്ധം, സ്വർഗ്ഗം, നരകം, മാനവിക സമുദ്ധാരണം തുടങ്ങിയ സകല വിഷയങ്ങളിലുമുള്ള ഖുർആനിക പാഠങ്ങൾ പകർത്തപ്പെടാത്തിടത്തോളം ഖുർആൻ അവതരണത്തിൻ്റെ ലക്ഷ്യം പൂർത്തിയാവുകയില്ല.
ഖുർആൻ ഒരു വൈജ്ഞാനിക ഗ്രന്ഥം മാത്രമല്ല, മറിച്ച് കർമ്മ രംഗത്തെ വഴികാട്ടിയാണ്. മുസ്‌ലിംകൾ തങ്ങളുടെ പ്രായോഗിക ജീവിതത്തെയും സമൂഹത്തെയും ഖുർആനിന്റെ അധ്യാപനങ്ങളുമായി സംയോജിപ്പിക്കാത്തപക്ഷം ഖുർആനിനോടുള്ള കടമ നിറവേറ്റാൻ കഴിയില്ല. ഖുർആൻ കർമ്മങ്ങളുടെ അളവുകോലാണ്, ആ അളവുകോൽ വെച്ചാണ് ഖിയാമത്ത് നാളിൽ മനുഷ്യൻ്റെ കർമ്മങ്ങൾ അളക്കപ്പെടുക.
ഖുർആനിക സന്ദേശങ്ങൾ അമുസ്‌ലിംകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും നാം നടത്തേണ്ടതുണ്ട്. യഥാർത്ഥ വിജയത്തിൻ്റെ മാർഗ്ഗം അവർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കൽ അവരോടുള്ള ഗുണകാംക്ഷയുടെ ഭാഗമാണ്. മുസ്ലിമീങ്ങളായ നമുക്ക് ഖുർആൻ പാരായണം ചെയ്യാനും മനസ്സിലാക്കാനും പകർത്താനും അമുസ്‌ലിംകളിലേക്ക് അതിന്റെ സന്ദേശങ്ങൾ എത്തിക്കാനും കഴിഞ്ഞാൽ അത് തീർച്ചയായും നമ്മുടെ ഇരുലോക വിജയത്തിൻ്റെ നിദാനമാണ്.
മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുല്‍ വാഖിഅ-2(96 ആയത്തുകള്‍, പദങ്ങള്‍ 378, അക്ഷരങ്ങള്‍ 1703, മക്കാമുകര്‍റമയില്‍ അവതരണം. എന്നാല്‍ 81, 82 ആയത്തുകള്‍ മദീനമുനവ്വറയില്‍ അവതരിച്ചു. 3 റുകൂഅ്. അവതരണ ക്രമം 46. പാരായണ ക്രമം 56. സൂറത്തുത്വാഹാക്ക് ശേഷം അവതരണം)
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം
വിജയികളുടെയും പരാജിതരുടെയും അവസ്ഥകള്‍
(96 ആയത്തുകള്‍, പദങ്ങള്‍ 378, അക്ഷരങ്ങള്‍ 1703, മക്കാമുകര്‍റമയില്‍ അവതരണം. എന്നാല്‍ 81, 82 ആയത്തുകള്‍ മദീനമുനവ്വറയില്‍ അവതരിച്ചു. 3 റുകൂഅ്. അവതരണ ക്രമം 46. പാരായണ ക്രമം 56. സൂറത്തുത്വാഹാക്ക് ശേഷം അവതരണം)
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം
വിജയികളുടെയും പരാജിതരുടെയും അവസ്ഥകള്‍
മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 1-56
إِذَا وَقَعَتِ الْوَاقِعَةُ (1) لَيْسَ لِوَقْعَتِهَا كَاذِبَةٌ (2) خَافِضَةٌ رَّافِعَةٌ (3) إِذَا رُجَّتِ الْأَرْضُ رَجًّا (4) وَبُسَّتِ الْجِبَالُ بَسًّا (5) فَكَانَتْ هَبَاءً مُّنبَثًّا (6) وَكُنتُمْ أَزْوَاجًا ثَلَاثَةً (7) فَأَصْحَابُ الْمَيْمَنَةِ مَا أَصْحَابُ الْمَيْمَنَةِ (8) وَأَصْحَابُ الْمَشْأَمَةِ مَا أَصْحَابُ الْمَشْأَمَةِ (9) وَالسَّابِقُونَ السَّابِقُونَ (10) أُولَٰئِكَ الْمُقَرَّبُونَ (11) فِي جَنَّاتِ النَّعِيمِ (12) ثُلَّةٌ مِّنَ الْأَوَّلِينَ (13) وَقَلِيلٌ مِّنَ الْآخِرِينَ (14) عَلَىٰ سُرُرٍ مَّوْضُونَةٍ (15) مُّتَّكِئِينَ عَلَيْهَا مُتَقَابِلِينَ (16) يَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ (17) بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ (18) لَّا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ (19) وَفَاكِهَةٍ مِّمَّا يَتَخَيَّرُونَ (20) وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ (21) وَحُورٌ عِينٌ (22) كَأَمْثَالِ اللُّؤْلُؤِ الْمَكْنُونِ (23) جَزَاءً بِمَا كَانُوا يَعْمَلُونَ (24) لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا (25) إِلَّا قِيلًا سَلَامًا سَلَامًا (26) وَأَصْحَابُ الْيَمِينِ مَا أَصْحَابُ الْيَمِينِ (27) فِي سِدْرٍ مَّخْضُودٍ (28) وَطَلْحٍ مَّنضُودٍ (29) وَظِلٍّ مَّمْدُودٍ (30) وَمَاءٍ مَّسْكُوبٍ (31) وَفَاكِهَةٍ كَثِيرَةٍ (32) لَّا مَقْطُوعَةٍ وَلَا مَمْنُوعَةٍ (33) وَفُرُشٍ مَّرْفُوعَةٍ (34) إِنَّا أَنشَأْنَاهُنَّ إِنشَاءً (35) فَجَعَلْنَاهُنَّ أَبْكَارًا (36) عُرُبًا أَتْرَابًا (37) لِّأَصْحَابِ الْيَمِينِ (38) ثُلَّةٌ مِّنَ الْأَوَّلِينَ (39) وَثُلَّةٌ مِّنَ الْآخِرِينَ (40) وَأَصْحَابُ الشِّمَالِ مَا أَصْحَابُ الشِّمَالِ (41) فِي سَمُومٍ وَحَمِيمٍ (42) وَظِلٍّ مِّن يَحْمُومٍ (43) لَّا بَارِدٍ وَلَا كَرِيمٍ (44) إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُتْرَفِينَ (45) وَكَانُوا يُصِرُّونَ عَلَى الْحِنثِ الْعَظِيمِ (46) وَكَانُوا يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَبْعُوثُونَ (47) أَوَآبَاؤُنَا الْأَوَّلُونَ (48) قُلْ إِنَّ الْأَوَّلِينَ وَالْآخِرِينَ (49) لَمَجْمُوعُونَ إِلَىٰ مِيقَاتِ يَوْمٍ مَّعْلُومٍ (50) ثُمَّ إِنَّكُمْ أَيُّهَا الضَّالُّونَ الْمُكَذِّبُونَ (51) لَآكِلُونَ مِن شَجَرٍ مِّن زَقُّومٍ (52) فَمَالِئُونَ مِنْهَا الْبُطُونَ (53) فَشَارِبُونَ عَلَيْهِ مِنَ الْحَمِيمِ (54) فَشَارِبُونَ شُرْبَ الْهِيمِ (55) هَٰذَا نُزُلُهُمْ يَوْمَ الدِّينِ (56)
സംഭവിക്കാനിരിക്കുന്ന ആ സംഭവം സംഭവിച്ചാല്‍.(1) അതിന്‍റെ സംഭവ്യതയെ നിഷേധിക്കുന്ന ഒന്നുമില്ല.(2) അത് (ഒരു കൂട്ടരെ) ഉയര്‍ത്തുകയും (മറ്റൊരു കൂട്ടരെ) താഴ്ത്തുകയും ചെയ്യുന്നതാണ്.(3) ഭൂമിയെ ഭയങ്കരമായി വിറപ്പിക്കപ്പെട്ടാല്‍.(4) പര്‍വ്വതങ്ങളെ തവിടുപൊടിയാക്കപ്പെട്ടാല്‍.(5) തദവസരം പര്‍വ്വതങ്ങള്‍ ചിതറിയ ധൂളികളായി മാറുന്നതാണ്.(6) നിങ്ങള്‍ മൂന്നു വിഭാഗമായി തിരിക്കപ്പെടുന്നതാണ്.(7) അപ്പോള്‍ ഒരുകൂട്ടം വലതുപക്ഷക്കാരായിരിക്കും! എന്താണ് വലതുപക്ഷക്കാരുടെ അവസ്ഥ?(8) മറ്റൊരു കൂട്ടര്‍ ഇടതുപക്ഷക്കാര്‍ ആയിരിക്കും. എന്താണ് ഇടതുപക്ഷക്കാരുടെ അവസ്ഥ?(9) നന്മകളില്‍ വളരെയധികം മുന്നേറിയവര്‍ (പരലോകത്തും) മുന്നേറിയവര്‍ ആയിരിക്കും.(10) അവര്‍ അല്ലാഹുവിന്‍റെ സാമീപ്യം സിദ്ധിച്ചവരാകും.(11) അവര്‍ സുഖസന്തോഷങ്ങള്‍ നിറഞ്ഞ സ്വര്‍ഗ്ഗത്തിലായിരിക്കും.(12) അവരില്‍ വലിയ ഒരു വിഭാഗം മുന്‍ഗാമികളില്‍ നിന്നാണ്.(13) ചെറിയ ഒരു വിഭാഗം പിന്‍ഗാമികളുമാണ്.(14) അവര്‍ സ്വര്‍ണ്ണം കൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിലായിരിക്കും.(15) അതില്‍ അവര്‍ മുഖാമുഖം ചാരിയിരിക്കുന്നവരായിരിക്കും.(16) നിത്യജീവിതം ലഭിച്ച കുട്ടികള്‍ സേവനങ്ങള്‍ ചെയ്ത് അവരെ വലം വെയ്ക്കുന്നതാണ്.(17) കോപ്പകളും, കൂജകളും ശുദ്ധമദ്യത്തിന്‍റെ ചഷകങ്ങളുമായി.(18) ആ മദ്യം കാരണം അവര്‍ക്ക് തല വേദനയുണ്ടാകുന്നതല്ല. അവര്‍ക്ക് ലഹരി ബാധിക്കുന്നതുമല്ല.(19) അവര്‍ തിരെഞ്ഞെടുക്കുന്ന പഴങ്ങളും.(20) അവര്‍ മോഹിക്കുന്ന പക്ഷി മാംസങ്ങളും (കൊണ്ട് അവര്‍ ചുറ്റിനടക്കും)(21) അവരുടെ അരികില്‍ സുന്ദര നയനങ്ങളുള്ള ഹൂറികളും ഉണ്ടായിരിക്കും.(22) ചിപ്പികളില്‍ ഒളിപ്പിക്കപ്പെട്ട മുത്തുകളെപോലെയുള്ളവര്‍.(23) ഇത് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫലമാണ്.(24) അവിടെ പാഴ്വാക്കുകളും പാപകരമായ കാര്യങ്ങളും അവര്‍ കേള്‍ക്കുന്നതല്ല.(25) സലാമിന്‍റെ സമാധാന വചനങ്ങള്‍ മാത്രമാണ് അവിടെയുള്ളത്.(26) വലതുപക്ഷക്കാര്‍; വലതുപക്ഷക്കാരുടെ അവസ്ഥ എന്തായിരിക്കും?(27) മുള്ളില്ലാത്ത ഇലന്ത മരങ്ങള്‍,(28) അട്ടിയിടപ്പെട്ട പഴങ്ങള്‍,(29) നീണ്ടു കിടക്കുന്ന തണലുകള്‍,(30) ഒഴുകിക്കൊണ്ടിരിക്കുന്ന ജലം,(31) അധികരിച്ച പഴങ്ങള്‍,(32) ഒരിക്കലും നിലയ്ക്കാത്തതും നിയന്ത്രിയ്ക്കപ്പെടാത്തതുമായ (പഴങ്ങള്‍)(33) ഉയര്‍ന്ന മെത്തകള്‍ എന്നിവയില്‍ (അവര്‍ കഴിയുന്നതാണ്)(34) അവരുടെ ഇണകളെ നാം പ്രത്യേക സൗന്ദര്യത്തില്‍ ഉണ്ടാക്കിയിരിക്കുന്നു.(35) നാം അവരെ കന്യകകള്‍ ആക്കി.(36) പ്രേമമുള്ളവരും സമപ്രായക്കാരുമാക്കി(37) വലതുപക്ഷക്കാര്‍ക്കു വേണ്ടി തയ്യാറാക്കപ്പെട്ട കാര്യങ്ങളാണിത്(38) മുന്‍ഗാമികളില്‍പ്പെട്ട വലിയ ഒരു വിഭാഗം അവരിലുണ്ട്.(39) പിന്‍ഗാമികളില്‍പ്പെട്ട വലിയ ഒരു വിഭാഗവും അവരിലുണ്ട്.(40) ഇടതുപക്ഷക്കാര്‍; ഇടതുപക്ഷക്കാരുടെ അവസ്ഥ എന്തായിരിക്കും?(41) കഠിനചൂടുള്ള വെള്ളം, കടുത്ത തീക്കാറ്റ്(42) ഇരുണ്ട പുകയുടെ തണല്‍ എന്നിവയിലായിരിക്കും(43) ആ പുകയില്‍ തണുപ്പോ, സുഖമോ കാണുകയില്ല.(44) ഇവര്‍ മുമ്പ് വലിയ സുഖലോലുപന്മാരായിരുന്നു.(45) അവര്‍ മഹാ പാപങ്ങളില്‍ ഉറച്ചു നിന്നിരുന്നു(46) ഞങ്ങള്‍ മരിച്ച് മണ്ണും എല്ലുകളും ആയാല്‍ ഞങ്ങള്‍ വീണ്ടും ജീവിപ്പിക്കപ്പെടുമോ എന്ന് അവര്‍ ചോദിച്ചിരുന്നു(47) കഴിഞ്ഞുകടന്ന ഞങ്ങളുടെ പൂര്‍വ്വപിതാക്കന്മാരും പുനര്‍ജ്ജീവിക്കപ്പെടുമോ എന്നും ചോദിച്ചിരുന്നു.(48) പറയുക: മുന്‍ഗാമികളും പിന്‍ഗാമികളും(49) എല്ലാവരും ഒരു നിര്‍ണ്ണിത ദിവസത്തില്‍ ക്ലിപ്ത സമയത്ത് ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്.(50) വഴിപിഴച്ച നിഷേധികളേ, ശേഷം നിങ്ങള്‍ (51) സക്കൂം എന്ന വൃക്ഷത്തില്‍ നിന്നും ഭക്ഷിക്കുന്നതാണ്.(52) അതില്‍ നിന്ന് വയറുകള്‍ നിറയ്ക്കുന്നവരാണ്(53) അതിന്‍റെ മേല്‍ തിളച്ച വെള്ളം കുടിക്കുന്നതാണ്(54) ദാഹിച്ചു വലഞ്ഞ ഒട്ടകം കുടിക്കുന്നതുപോലെ അവര്‍ കുടിക്കുന്നതാണ്.(55) പ്രതിഫല ദിവസത്തില്‍ അവര്‍ക്ക് നല്‍കപ്പെടുന്ന സല്‍ക്കാരമാണിത്(56)
വിവരണവും വ്യാഖ്യാനവും
നന്മകളില്‍ വളരെയധികം മുന്നേറിയവര്‍ മുന്നേറിയവര്‍ ആയിരിക്കും.(10) ആഇശ (റ) വിവരിക്കുന്നു: സഹാബികളോട് റസൂലുല്ലാഹി (സ) ചോദിച്ചു: ഖിയാമത്ത് നാളില്‍ അല്ലാഹുവിന്‍റെ അര്‍ശിന്‍റെ ഭാഗത്തേക്ക് മുന്നേറുന്നവര്‍ ആരാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? സഹാബത്ത് പറഞ്ഞു: അല്ലാഹുവും ദൂതരുമാണ് ഏറ്റവും കൂടുതല്‍ അറിയുന്നവര്‍. റസൂലുല്ലാഹി (സ) അരുളി: അവര്‍ സത്യത്തിലേക്ക് ക്ഷണിക്കപ്പെടുമ്പോള്‍ സ്വീകരിക്കുന്നവരും അവകാശം ചോദിക്കപ്പെടുമ്പോള്‍ അത് നിര്‍വ്വഹിക്കുന്നവരും തങ്ങള്‍ക്ക് വിധിയ്ക്കുന്നതുപോലെ മറ്റുള്ളവരുടെ വിഷയത്തിലും നീതിയോടെ വിധിയ്ക്കുന്നവരുമാണ്. (അഹ്മദ്) മുജാഹിദ് (റ) പറയുന്നു: ഇതുകൊണ്ടുള്ള ഉദ്ദേശം നബിമാരാണ്. ഇബ്നു സീരീന്‍ (റ) പറയുന്നു: ബൈത്തുല്‍ മുഖദ്ദസിലേക്കും ബൈത്തുല്ലാഹിയിലേക്കും നമസ്കരിച്ചവരാണ്. ഹസന്‍ (റ), ഖതാദ (റ) ഇരുവരും പറയുന്നു: എല്ലാ സമുദായത്തില്‍ നിന്നും ആദ്യമായി വിശ്വസിച്ചവരാണ്. ചില മുഫസ്സിറുകള്‍ പറയുന്നു: മസ്ജിദുകളിലേക്ക് വിളിയ്ക്കപ്പെട്ടാല്‍ ആദ്യമായി എത്തുന്നവരാണ്. ഈ വചനങ്ങള്‍ ഉദ്ധരിച്ച ശേഷം ഇബ്നു കസീര്‍ (റ) പറയുന്നു: ഈ വചനങ്ങളെല്ലാം അതാതിന്‍റെ സ്ഥാനങ്ങളില്‍ ശരിയാണ്. ഇതില്‍ വൈരുദ്ധ്യമില്ല. ഇഹലോകത്ത് നന്മകളിലേക്ക് മുന്നിടുന്നവരാണവര്‍. ഇഹലോകത്ത് വിവിധ നന്മകളില്‍ മുന്നിടുന്നവര്‍ പരലോകത്തും മുന്നേറുന്നവരാണ്. പരലോകത്തെ പ്രതിഫലം ഇഹലോകത്തെ കര്‍മ്മങ്ങള്‍ക്കനുസരിച്ചായിരിക്കും. (ഇബ്നു കസീര്‍)
അവ്വലീന്‍, ആഖിരീന്‍ എന്നാല്‍ എന്താണ്? അവരില്‍ വലിയ ഒരു വിഭാഗം മുന്‍ഗാമികളില്‍ നിന്നാണ്.(13) ചെറിയ ഒരു വിഭാഗം പിന്‍ഗാമികളുമാണ്.(14) * സുല്ലത്ത് എന്നാല്‍ സംഘമെന്നാണ് അര്‍ത്ഥം. സമഖ്ശരി (റ) പറയുന്നു: എല്ലാ വലിയ സംഘങ്ങള്‍ക്കും സുല്ലത്തെന്ന് പറയപ്പെടുന്നു. (റൂഹുല്‍ മആനി) * ഇവിടെ സമീപസ്ഥരെക്കുറിച്ചും വലത് പക്ഷക്കാരായ പൊതുവിശ്വാസികളെക്കുറിച്ചും പറയപ്പെട്ടപ്പോള്‍ അവ്വലീന്‍, ആഖിരീന്‍ (മുന്‍ഗാമികള്‍, പിന്‍ഗാമികള്‍) എന്നീ വിഭാഗങ്ങളെ അനുസ്മരിച്ചിട്ടുണ്ട്. സമീപസ്ഥരില്‍ മുന്‍ഗാമികള്‍ കൂടുതലായിരിക്കും. പിന്‍ഗാമികള്‍ കുറവായിരിക്കും. വലത് പക്ഷക്കാരില്‍ മുന്‍ഗാമികളും പിന്‍ഗാമികളും വലിയ സംഘങ്ങളായിരിക്കും. ഇവിടുത്തെ വിഷയം ഈ രണ് വിഭാഗങ്ങളെക്കൊണ്ട് ഉദ്ദേശിക്കുന്നത് ആരെല്ലാമാണ്? ഈ വിഷയത്തില്‍ മുഫസ്സിറുകള്‍ക്ക് രണ്ട് അഭിപ്രായമുണ്ട്. ഒന്ന്, മുജാഹിദ് (റ), ഹസന്‍ ബസ്വരി (റ), ഇബ്നു ജരീര്‍ (റ) മുതലായവര്‍ പറയുന്നു: ആദം നബി (അ) മുതല്‍ അന്ത്യപ്രവാചകന്‍റെ കാലഘട്ടം വരെയുള്ള സര്‍വ്വ സൃഷ്ടികളും മുന്‍ഗാമികളും അന്ത്യപ്രവാചകന്‍ മുതല്‍ ലോകാവസാനം വരെയുള്ള മുഴുവന്‍ സൃഷ്ടികളും പിന്‍ഗാമികളുമാണ്. ഹകീമുല്‍ ഉമ്മത്ത് ത്ഥാനവി (റ)യും ഈ അഭിപ്രായമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിന് തെളിവായി അവര്‍ ഉദ്ധരിക്കുന്നു: ജാബിര്‍ (റ) വിവരിക്കുന്നു: ഈ ആയത്തുകള്‍ അവതിച്ചപ്പോള്‍ ഉമര്‍ (റ) അത്ഭുതത്തോടെ ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരേ, ഗതകാല സമുദായങ്ങളില്‍ മുന്നേറിയവര്‍ കൂടുതലും ഞങ്ങളില്‍ കുറവുമായിരിക്കുമോ? ഒരു വര്‍ഷത്തിന് ശേഷം 39-40 ആയത്തുകള്‍ ഇറങ്ങിയപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: ഉമറേ, കേള്‍ക്കുക. പൊതുവിശ്വാസികളില്‍ മുന്‍ഗാമികളുടെയും പിന്‍ഗാമികളുടെയും വലിയ വിഭാഗങ്ങള്‍ ഉണ്ടാകുന്നതാണ്. അറിയുക: ആദം നബി (അ) മുതല്‍ ഞാന്‍ വരെ ഒരു സമൂഹവും എന്‍റെ സമുദായം രണ്ടാമത്തെ സമൂഹവുമാണ്. (ഇബ്നു കസീര്‍) അബൂഹുറയ്റ (റ) വിവരിക്കുന്നു: ഈ ആയത്ത് ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ മുന്‍ഗാമികളേക്കാളും കുറഞ്ഞ് പോകുമല്ലോ എന്ന് വിചാരിച്ച് സഹാബികള്‍ ദു:ഖിച്ചു. അപ്പോള്‍ 30-40 ആയത്തുകള്‍ അവതരിച്ചു. തദവസരം റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ മുഹമ്മദീ സമുദായം സ്വര്‍ഗ്ഗത്തില്‍ സര്‍വ്വ സൃഷ്ടികളേക്കാളും കൂടുതലായിരിക്കും. അതായത് നാലിലൊന്നും മൂന്നിലൊന്നും മാത്രമല്ല, പകുതി നിങ്ങളായിരിക്കും. (അഹ്മദ്) എന്നാല്‍ ഈ രണ്ട് ഹദീസുകളില്‍ ഒരു സംശയമുണ്ട്. പിന്‍ഗാമികളില്‍ കുറച്ചായിരിക്കുമെന്ന പതിനാലാം ആയത്ത് സമീപസ്ഥരെക്കുറിച്ചും നാല്‍പ്പതാമത്തെ ആയത്ത് പൊതുവിശ്വാസികളെക്കുറിച്ചുമാണല്ലോ? അല്ലാമാ ആലൂസി (റ) ഇതിന് ഇപ്രകാരം മറുപടി നല്‍കുന്നു: ആദ്യത്തെ ആയത്തിന്‍റെ പേരില്‍ സഹാബികള്‍ക്ക് ദു:ഖമുണ്ടാകാന്‍ കാരണം, അവര്‍ അതുകൊണ്ടുള്ള ഉദ്ദേശം പൊതുവിശ്വാസികളാണെന്ന് വിചാരിച്ചതാണ്. അപ്പോള്‍ സ്വര്‍ഗ്ഗവാസികളില്‍ നമ്മുടെ എണ്ണം വളരെ കുറവായിരിക്കുമെന്ന് അവര്‍ക്ക് തോന്നി. എന്നാല്‍ 39-40 ആയത്തുകളില്‍ ഇരുകൂട്ടരിലും വലിയ വിഭാഗം ഉണ്ടാകുമെന്ന് മനസ്സിലായപ്പോള്‍ അവരുടെ ഈ തെറ്റിദ്ധാരണ നീങ്ങുകയുണ്ടായി. സമീപസ്ഥരില്‍ മഹാന്മാരായ നബിമാര്‍ ധാരാളമുള്ള കാരണത്താല്‍ അവര്‍ക്കിടയില്‍ മുസ്ലിം സമുദായം കുറഞ്ഞ് പോകുന്നത് ദു:ഖത്തിന് കാരണമല്ല.
എന്നാല്‍ ഇബ്നു കസീര്‍ (റ), അബൂഹയ്യാന്‍ (റ), ഖുര്‍തുബി (റ), ആലൂസി (റ), മള്ഹരി (റ) മുതലായവര്‍ മറ്റൊരു വ്യാഖ്യാനത്തിനാണ് മുന്‍ഗണന കൊടുത്തിരിക്കുന്നത്. അതിന്‍റെ ആശയം ഇപ്രകാരമാണ്: മുന്‍ഗാമികള്‍, പിന്‍ഗാമികള്‍ എന്നീ രണ്ട് വിഭാഗങ്ങള്‍ കൊണ്ടുള്ള ഉദ്ദേശം മുസ്ലിം സമുദായത്തിലെ തന്നെ വിഭാഗങ്ങളാണ്. പ്രഥമ യുഗത്തിലുണ്ടായിരുന്ന സഹാബാ താബിഈങ്ങള്‍ മുന്‍ഗാമികളാണ്. അവരെക്കുറിച്ച് ഉത്തമ യുഗമെന്ന് ഹദീസില്‍ പറയപ്പെട്ടിരിക്കുന്നു. പ്രസ്തുത ഉത്തമ യുഗത്തിന് ശേഷമുള്ളവര്‍ പിന്‍ഗാമികളാണ്. ഇബ്നു കസീര്‍ (റ) ഈ അഭിപ്രായത്തിന് തെളിവായി ഖുര്‍ആനിലെ, നിങ്ങള്‍ മുഹമ്മദീ സമുദായം ഉത്തമ സമുദായമാണ് എന്നതുപോലുള്ള ആയത്തുകള്‍ ഉദ്ധരിച്ചിരിക്കുന്നു. അദ്ദേഹം പറയുന്നു: സമീപസ്ഥരില്‍ മുഹമ്മദീ സമുദായം കുറയുക എന്നത് അത്ഭുതകരമാണ്. അതുകൊണ്ട് മുന്‍ഗാമികള്‍ എന്നതുകൊണ്ടുള്ള ഉദ്ദേശം ഉത്തമ യുഗത്തിലുള്ളവരും പിന്‍ഗാമികള്‍ കൊണ്ടുള്ള വിവക്ഷ അതിന് ശേഷമുള്ളവരുമാണ്. ഹസന്‍ ബസ്വരി (റ) പത്താം ആയത്ത് ഓതിക്കൊണ്ട് പ്രസ്താവിച്ചു: ഈ വിഭാഗം മുന്‍കടന്ന് പോയി. പക്ഷേ, അല്ലാഹുവേ, ഞങ്ങളെ, വലത് പക്ഷക്കാരില്‍ പെടുത്തേണമേ. മുഹമ്മദുബ്നു സീരീന്‍ (റ) പറയുന്നു: മുന്‍ഗാമികളും പിന്‍ഗാമികളും കൊണ്ടുള്ള ഉദ്ദേശം മുസ്ലിം സമുദായത്തിലെ തന്നെ മഹത്തുക്കളാണ്. (ഇബ്നു കസീര്‍) അബൂബക്റ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: മുന്‍ഗാമികളും പിന്‍ഗാമികളും ഈ സമുദായത്തില്‍ പെട്ടവര്‍ തന്നെയായിരിക്കും. മറ്റൊരു നിവേദനത്തില്‍ എന്‍റെ ഉമ്മത്തില്‍ പെട്ടവരായിരിക്കും എന്ന് വന്നിരിക്കുന്നു. (റൂഹുല്‍ മആനി) ഈ വിവരണം അനുസരിച്ച് ഏഴാം ആയത്തിലെ നിങ്ങള്‍ എന്നതുകൊണ്ടുള്ള ഉദ്ദേശം മുസ്ലിം സമുദായമാണ്. ഖാളി സനാഉല്ലാഹ് (റ) പറയുന്നു: ആദ്യ അഭിപ്രായം വളരെ ബലഹീനമാണ്. കാരണം മുഹമ്മദീ സമുദായം മുന്‍ സമുദായങ്ങളേക്കാള്‍ ഉത്തമരാണെന്ന് ഖുര്‍ആന്‍ വചനങ്ങളിലൂടെ വ്യക്തമായി സ്ഥിരപ്പെട്ടിട്ടുണ്ട്. എണ്ണം കൂടുതലുണ്ടെങ്കില്‍ മാത്രമേ ഒരു വിഭാഗം ഉത്തമരാകുകയുള്ളൂ. അല്ലാഹു പറയുന്നു: നിങ്ങള്‍ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി അയക്കപ്പെട്ട ഉത്തമ സമുദായമാണ്. (ആലുഇംറാന്‍ 110) നിങ്ങള്‍ ജനങ്ങളുടെ മേല്‍ സാക്ഷികളാകുന്നതിനും ഈ പ്രവാചകന്‍ നിങ്ങളുടെ മേല്‍ സാക്ഷിയാകുന്നതിനുമാണ് നിങ്ങളെ ഉത്തമ സമുദായമാക്കിയത്. (ബഖറ 143) ബഹ്സ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ എഴുപത് സമുദായങ്ങളുടെ പൂര്‍ത്തീകരണമാണ്. നിങ്ങള്‍ എല്ലാവരേക്കാളും അവസാനം വന്നവരും പടച്ചവന്‍റെ പക്കല്‍ വളരെയധികം ആദരണീയരുമാണ്. (തിര്‍മിദി) ഇബ്നു മസ്ഊദ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ സ്വര്‍ഗ്ഗത്തിലെ നാലിലൊരു വിഭാഗമാകുന്നത് നിങ്ങള്‍ക്ക് ഇഷ്ടമാണോ? സഹാബികള്‍ അതെയെന്ന് പറഞ്ഞപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: പടച്ചവനില്‍ സത്യം, നിങ്ങള്‍ സ്വര്‍ഗ്ഗവാസികളില്‍ പകുതിയുണ്ടാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. (മസ്ഹരി) ബുറയ്ദ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: സ്വര്‍ഗ്ഗവാസികള്‍ 120 അണികളായിരിക്കും. അവരില്‍ 80 ഈ സമുദായത്തില്‍ നിന്നും നാല്‍പ്പത് ഇതര സമുദായങ്ങളില്‍ നിന്നും ആകുന്നതാണ്. (തിര്‍മിദി)
അവര്‍ സ്വര്‍ണ്ണം കൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിലായിരിക്കും.(15) ഇബ്നു അബ്ബാസ് (റ) പറയുന്നു: അത് സ്വര്‍ണ്ണത്തിന്‍റെ നൂലുകള്‍ കൊണ്ട് നെയ്യപ്പെട്ടതായിരിക്കും. (ത്വബ്രി)
നിത്യജീവിതം ലഭിച്ച കുട്ടികള്‍ സേവനങ്ങള്‍ ചെയ്ത് അവരെ വലം വെയ്ക്കുന്നതാണ്.(17) അതായത് ഈ കുട്ടികള്‍ എന്നും കുട്ടികള്‍ തന്നെയായിരിക്കും. അവരില്‍ യാതൊരു മാറ്റവും ഉണ്ടാകുന്നതല്ല. ഇവരും ഹൂറികളെപ്പോലെ സ്വര്‍ഗ്ഗത്തില്‍ തന്നെ ഉണ്ടാകുന്നവരാണെന്നാണ് പ്രബലമായ അഭിപ്രായം. ഇവര്‍ എല്ലാവരും സ്വര്‍ഗ്ഗവാസികളുടെ സേവകരായിരിക്കും. ഓരോ സ്വര്‍ഗ്ഗവാസിയുടെ അരികിലും ആയിരക്കണക്കിന് സേവകര്‍ ഉണ്ടായിരിക്കുന്നതാണെന്ന് ഹദീസില്‍ വന്നിരിക്കുന്നു. (മസ്ഹരി)
കോപ്പകളും, കൂജകളും ശുദ്ധമദ്യത്തിന്‍റെ ചഷകങ്ങളുമായി.(18) ആ മദ്യം കാരണം അവര്‍ക്ക് തല വേദനയുണ്ടാകുന്നതല്ല. അവര്‍ക്ക് ലഹരി ബാധിക്കുന്നതുമല്ല.(19) * അക്വാബ് കൂബിന്‍റെ ബഹുവചനമാണ്. വെള്ളവും മറ്റും കുടിക്കുന്നതിന് ഉപയോഗിക്കുന്ന ക്ലാസ് പോലുള്ളതിനാണ് ഇത് പറയപ്പെടുന്നത്. * അബാരീഖ് ഇബ്രീഖിന്‍റെ ബഹുവചനമാണ്. കിണ്ടി, കൂജ എന്നാണ് അര്‍ത്ഥം. * കഅ്സ് എന്നാല്‍ മദ്യത്തിന് മാത്രം ഉപയോഗിക്കുന്ന ചഷകമാണ്. * മഈന്‍ എന്നാല്‍ ഈ മദ്യം ഒഴുകുന്ന അരുവിയില്‍ നിന്നും കൊണ്ടുവന്നതായിരിക്കും എന്നാണ്. * യുസദ്ദഊന്‍ എന്നത് സുദാഇല്‍ നിന്നും എടുക്കപ്പെട്ടതാണ്. തലവേദനയെന്നാണ് അര്‍ത്ഥം. ഇഹലോകത്ത് മദ്യപാനം കാരണം തലവേദനയും തല കറക്കവും ഉണ്ടാകുന്നതാണ്. സ്വര്‍ഗ്ഗത്തിലെ മദ്യം അതില്‍ നിന്നും പരിശുദ്ധമായിരിക്കും. * യുന്‍സിഫൂന്‍ എന്നത് നസഫയില്‍ നിന്നും എടുക്കപ്പെട്ടതാണ്. കിണറ്റിലെ മുഴുവന്‍ ജലവും എടുക്കുക എന്നാണ് അര്‍ത്ഥം. ഇവിടുത്തെ ഉദ്ദേശം ബുദ്ധി ഇല്ലാതാവുക എന്നാണ്.
അവര്‍ മോഹിക്കുന്ന പക്ഷി മാംസങ്ങളും (കൊണ്ട് അവര്‍ ചുറ്റിനടക്കും)(21) റസൂലുല്ലാഹി (സ) അരുളി: സ്വര്‍ഗ്ഗവാസികള്‍ക്ക് ഏതെങ്കിലും പക്ഷിയുടെ മാംസത്തിലേക്ക് ആഗ്രഹമുണ്ടായാല്‍, അദ്ദേഹം ഇഷ്ടപ്പെടുന്നതുപോലെ ഉടനടി പൊരിച്ചോ വേവിച്ചോ അദ്ദേഹത്തിന് മുന്നില്‍ വെക്കപ്പെടുന്നതാണ്. (മസ്ഹരി)
വലതുപക്ഷക്കാര്‍; വലതുപക്ഷക്കാരുടെ അവസ്ഥ എന്തായിരിക്കും?(27) വലതുപക്ഷക്കാര്‍ കൊണ്ടുള്ള ഉദ്ദേശം ഭയഭക്തരായ സത്യവിശ്വാസികളുടെയും പടച്ചവന്‍റെ ഇഷ്ട ദാസന്മാരുടെയും ഇടയിലുള്ള പാപികളായ വിശ്വാസികളാണ്. ഇവരും മഹത്തുക്കളോടൊപ്പം ചേര്‍ക്കപ്പെടുന്നതാണ്. ചിലര്‍ക്ക് പടച്ചവന്‍റെ കൃപകൊണ്ട് മാത്രവും മറ്റുചിലര്‍ക്ക് ഏതെങ്കിലും നബിയുടെയോ വലിയ്യിന്‍റെയോ ശുപാര്‍ശ കാരണവും പൊറുത്ത് കൊടുക്കപ്പെടുന്നതാണ്. വേറെ ചിലര്‍ക്ക് പാപത്തിന്‍റെ ശിക്ഷ അനുഭവിച്ച് പാപങ്ങളില്‍ നിന്നും പരിശുദ്ധരായ ശേഷം സ്വര്‍ഗ്ഗത്തില്‍ ഉന്നതസ്ഥാനത്ത് പ്രവേശിപ്പിക്കപ്പെടുന്നതാണ്. പാപികളായ സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം നരകത്തിന്‍റെ ശിക്ഷ യഥാര്‍ത്ഥത്തില്‍ ശിക്ഷയല്ല. മറിച്ച് മാലിന്യം ശുദ്ധീകരിക്കാനുള്ള ഒരു പ്രക്രിയയാണ്. (മസ്ഹരി)
മുള്ളില്ലാത്ത ഇലന്ത മരങ്ങള്‍,(28) അട്ടിയിടപ്പെട്ട പഴങ്ങള്‍,(29) നീണ്ടു കിടക്കുന്ന തണലുകള്‍,(30) ഒഴുകിക്കൊണ്ടിരിക്കുന്ന ജലം,(31) അധികരിച്ച പഴങ്ങള്‍,(32) ഒരിക്കലും നിലയ്ക്കാത്തതും നിയന്ത്രിയ്ക്കപ്പെടാത്തതുമായ (പഴങ്ങള്‍)(33) ഉയര്‍ന്ന മെത്തകള്‍ എന്നിവയില്‍ (അവര്‍ കഴിയുന്നതാണ്)(34) * സ്വര്‍ഗ്ഗത്തിന്‍റെ അനുഗ്രഹങ്ങള്‍ എണ്ണമറ്റതും അതുല്യവും സങ്കല്‍പ്പങ്ങള്‍ക്ക് അതീതവുമാണ്. അതില്‍ നിന്നും പരിശുദ്ധ ഖുര്‍ആനില്‍ വിവരിക്കപ്പെടുന്ന കാര്യങ്ങള്‍ സംബോധിതരുടെ ചിന്തയ്ക്കനുസൃതവും പ്രിയങ്കരവുമായ കാര്യങ്ങളായിരിക്കും. പ്രത്യേകിച്ചും അറബികള്‍ വളരെ ഇഷ്ടപ്പെട്ടിരുന്ന ചില സുഖരസങ്ങളെയും ആഹാര വസ്തുക്കളെയുമാണ് ഇവിടെ അനുസ്മരിച്ചിരിക്കുന്നത്. * സിദ്ര്‍ എന്നാല്‍ ഇലന്ത വൃക്ഷമാണ്. മഖ്ളൂദ് എന്നാല്‍ മുള്ളുകള്‍ ദൂരീകരിക്കപ്പെട്ടതും പഴങ്ങള്‍ കാരണം ശിഖരങ്ങള്‍ താഴ്ന്ന് കിടക്കുന്നതുമായ മരങ്ങളാണ്. സ്വര്‍ഗ്ഗത്തിലെ ഇലന്ത വൃക്ഷങ്ങള്‍ ഭൗതിക ലോകത്തെ ഇലന്ത വൃക്ഷങ്ങളെപ്പോലെ ആയിരിക്കുകയില്ല. അതിന്‍റെ പഴങ്ങള്‍ കുടത്തിന് തുല്യവും രുചി അത്യുന്നതവുമായിരിക്കുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു. (ഹാകിം) * ത്വല്‍ഹ് എന്നാല്‍ വാഴപ്പഴം എന്നാണ്. മന്‍ളൂദ് എന്നാല്‍ സാധാരണ പഴങ്ങള്‍ പടലയില്‍ കാണപ്പെടുന്നതുപോലെ അട്ടിയിടപ്പെട്ടത്. * നീണ്ട തണലുകളെക്കുറിച്ച് ഒരു ഹദീസില്‍ വന്നിരിക്കുന്നു: സ്വര്‍ഗ്ഗത്തിലെ ചില മരങ്ങളുടെ തണല്‍ ഒരു കുതിര സവാരിക്കാരന്‍ കുതിരയില്‍ നൂറ് വര്‍ഷം യാത്ര ചെയ്താലും മുറിച്ച് കടക്കാന്‍ പറ്റാത്തതായിരിക്കും. (ബുഖാരി) * അധികരിച്ച പഴങ്ങളുടെ വിവക്ഷ പഴങ്ങളുടെ എണ്ണം വളരെ കൂടുതലായിരിക്കുമെന്നും അതിന്‍റെ വിഭാഗങ്ങള്‍ എണ്ണമറ്റതായിരിക്കുമെന്നുമാണ്. * ഒരിക്കലും നിലയ്ക്കാത്തതെന്നാല്‍ പഴത്തിന്‍റെ സീസണ്‍ കഴിഞ്ഞാലും അവസാനിക്കാത്തതെന്നാണ്. ഇഹലോകത്ത് ചില പഴങ്ങള്‍ പ്രത്യേക കാലത്തുള്ളതായിരിക്കും. വേനല്‍ക്കാലത്തുള്ളത് വേനല്‍ കഴിയുന്നതോടെ അവസാനിയ്ക്കും. ശൈത്യ വര്‍ഷ കാലങ്ങളില്‍ ഉള്ളത് അത് കഴിയുമ്പോള്‍ നിലയ്ക്കും. എന്നാല്‍ സ്വര്‍ഗ്ഗത്തിലെ പഴങ്ങള്‍ സര്‍വ്വ സമയങ്ങളിലും കാണപ്പെടുന്നതാണ്. * തടയപ്പെടാത്തതെന്നാല്‍ ഇഹലോകത്തെപ്പോലെ കാവല്‍ക്കാരന്‍ അത് പറിയ്ക്കുന്നതിനെ തടയുന്നതല്ല. സ്വര്‍ഗ്ഗത്തിലെ പഴങ്ങളുടെ വിഷയത്തില്‍ സ്വര്‍ഗ്ഗവാസികള്‍ സ്വതന്ത്രരായിരിക്കും. അവ പറിയ്ക്കുന്നതില്‍ യാതൊരു തടസ്സവും ഉണ്ടായിരിക്കുന്നതല്ല. * ഫുറുഷ് ഫിറാഷിന്‍റെ ബഹുവചനമാണ്. കിടക്ക, വിരിപ്പ് എന്നാണ് അര്‍ത്ഥം. * അത് ഉയര്‍ന്നിരിക്കുന്നത് ഒന്നാമതായി, മെത്തയുടെ വണ്ണം തന്നെ വലുതാണ്. രണ്ടാമതായി, അത് കട്ടിലുകളുടെ മീതെ ആയിരിക്കും. മൂന്നാമതായി, വിരിപ്പ് തന്നെ വളരെ ഉയര്‍ന്നതായിരിക്കും. ചില മുഫസ്സിറുകള്‍ ഇവിടെ വിരിപ്പിന് സ്ത്രീ എന്ന് ആശയം പറഞ്ഞിട്ടുണ്ട്. ഹദീസില്‍ വന്നിരിക്കുന്നു: വ്യഭിചാര സന്തതി ഫിറാഷ് (സ്ത്രീ)യിലേക്ക് ചേര്‍ക്കപ്പെടുന്നതാണ്. അടുത്ത ആയത്തില്‍ സ്വര്‍ഗ്ഗ സ്ത്രീകളെപ്പറ്റി പറയുന്നത് ഇതിനെ ബലപ്പെടുത്തുകയും ചെയ്യുന്നു. (മസ്ഹരി) ഈ രൂപത്തില്‍ ഉയര്‍ന്നത് എന്നതിന്‍റെ ആശയം സ്ഥാന സൗന്ദര്യങ്ങളുടെ ഉയര്‍ച്ചയാണ്.
അവരെ നാം പ്രത്യേക നിലയില്‍ ഉണ്ടാക്കിയിരിക്കുന്നു.(35) നാം അവരെ കന്യകകള്‍ ആക്കി.(36) പ്രേമമുള്ളവരും സമപ്രായക്കാരുമാക്കി(37) * ഇന്‍ഷാഇന്‍റെ അര്‍ത്ഥം ഉണ്ടാക്കുക എന്നാണ്. * അവരെ എന്നതുകൊണ്ടുള്ള വിവക്ഷ സ്വര്‍ഗ്ഗ സ്ത്രീകളാണ്. തൊട്ട് മുമ്പുള്ള ആയത്തുകളില്‍ അവരെക്കുറിച്ച് അനുസ്മരണം ഇല്ലെങ്കിലും അല്‍പ്പം മുമ്പ് അവരെപ്പറ്റി പറയപ്പെട്ടിട്ടുണ്ട്. തൊട്ടുമുമ്പുള്ള ആയത്തിലെ വിരിപ്പ് എന്നതുകൊണ്ടുള്ള ഉദ്ദേശം സ്വര്‍ഗ്ഗ വനിതകളാണെങ്കില്‍ അവര്‍ എന്നതുകൊണ്ടുള്ള ഉദ്ദേശം സ്വര്‍ഗ്ഗ വനിതകാളെന്നതില്‍ ഒരു സംശയവുമില്ല. കൂടാതെ വിരിപ്പ്, കിടക്ക പോലുള്ള സുഖ സൗകര്യങ്ങളെക്കുറിച്ചുള്ള പരാമര്‍ശം സ്ത്രീയിലേക്കും അറിയിക്കുന്നുണ്ട്. * ആയത്തിന്‍റെ ആശയം ഇതാണ്: സ്വര്‍ഗ്ഗ വനിതകളെ നാം ഒരു പ്രത്യേക നിലയില്‍ സൃഷ്ടിച്ചിരിക്കുന്നു. പ്രത്യേക നില എന്നതുകൊണ്ടുള്ള വിവക്ഷ അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രസവമൊന്നും കൂടാതെ ഉണ്ടായി എന്നതാണ്. കൂടാതെ, ഇഹലോകത്തുണ്ടായിരുന്ന സ്ത്രീകള്‍ സ്വര്‍ഗ്ഗത്തില്‍ എത്തുമ്പോള്‍ അവരുടെ പഴയെ വിരൂപവും മോശമായ നിറവും വാര്‍ദ്ധക്യവും മാറി അവര്‍ക്ക് അതിസൗന്ദര്യവും ഉന്നത രൂപവും നല്‍കപ്പെടുന്നതാണ്. അനസ് (റ) നിവേദനം. റസൂലുല്ലാഹി (സ) ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് അരുളി: ഇഹലോകത്തുണ്ടായിരുന്ന വൃദ്ധകളും വിരൂപികളും മുടി വെളുത്തവരുമായ സ്ത്രീകളെ സ്വര്‍ഗ്ഗത്തില്‍ പുതുതായി യുവതികളായ നിലയില്‍ ഉണ്ടാക്കപ്പെടുന്നതാണ്. (തിര്‍മിദി) ആഇശ (റ) പറയുന്നു: റസൂലുല്ലാഹി (സ) ഒരിക്കല്‍ എന്‍റെ വീട്ടില്‍ വന്നപ്പോള്‍ എന്‍റെ അടുത്ത് വൃദ്ധയായ മാതൃസഹോദരി ഇരിപ്പുണ്ടായിരുന്നു. റസൂലുല്ലാഹി (സ) അവരോട് തമാശയായി പറഞ്ഞു: വൃദ്ധകള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതല്ല. ഇതുകേട്ടപ്പോള്‍ അവര്‍ ദു:ഖിതയായി കരയാന്‍ തുടങ്ങി. റസൂലുല്ലാഹി (സ) അവരെ ആശ്വസിപ്പിച്ചുകൊണ്ട് അരുളി: നിങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകുമ്പോള്‍ വൃദ്ധയായിരിക്കുകയില്ല. മറിച്ച് യുവതിയായിരിക്കും. തുടര്‍ന്ന് ഈ ആയത്ത് പാരായണം ചെയ്തു. (ശര്‍ഹുസ്സുന്ന) * അബ്കാര്‍ ബിക്റിന്‍റെ ബഹുവചനമാണ്. കന്യക എന്നാണ് അര്‍ത്ഥം. അതായത് എത്ര ബന്ധപ്പെട്ടാലും കന്യകകളെപ്പോലെ തന്നെ ആയിരിക്കുന്ന നിലയിലാണ് സ്വര്‍ഗ്ഗ വനിതകളെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. * ഉറുബ് അറൂബത്തിന്‍റെ ബഹുവചനമാണ്. ഭര്‍ത്താവിനെ അധിയായി സ്നേഹിക്കുകയും ഭര്‍ത്താവിന്‍റെ മനസ്സില്‍ പ്രേമ ഭാജനമായി വാഴുകയും ചെയ്യുന്നവര്‍ എന്നാണ് ആശയം. * അത്റാബ് തിര്‍ബിന്‍റെ ബഹുവചനമാണ്. ചെറുപ്പത്തില്‍ കളിച്ചുവളര്‍ന്ന സമപ്രായക്കാര്‍ എന്നാണ് ആശയം. സ്വര്‍ഗ്ഗത്തില്‍ സ്ത്രീ പുരുഷന്മാരെല്ലാം ഒരേ പ്രായക്കാരായിരിക്കും. എല്ലാവരും മുപ്പത്തിമൂന്ന് വയസ്സുകാരായിരിക്കുമെന്ന് ചില നിവേദനങ്ങളില്‍ വന്നിരിക്കുന്നു. (തിര്‍മിദി)
മുന്‍ഗാമികളില്‍പ്പെട്ട വലിയ ഒരു വിഭാഗം അവരിലുണ്ട്.(39) പിന്‍ഗാമികളില്‍പ്പെട്ട വലിയ ഒരു വിഭാഗവും അവരിലുണ്ട്.(40) * സുല്ലത്തിന്‍റെ അര്‍ത്ഥം വലിയ സംഘമെന്നാണ്. മുന്‍ഗാമികളുടെയും പിന്‍ഗാമികളുടെയും വിവരണം മുമ്പ് കഴിഞ്ഞിട്ടുണ്ട്. അതായത് മുന്‍ഗാമികള്‍ എന്നതുകൊണ്ട് റസൂലുല്ലാഹി (സ)യ്ക്ക് മുമ്പുള്ളവരും പിന്‍ഗാമികള്‍ എന്നതുകൊണ്ട് ലോകാവസാനം വരെയുള്ള മുഹമ്മദീ സമുദായവുമാണ് ഉദ്ദേശമെങ്കില്‍ ഈ രണ്ട് വിഭാഗത്തില്‍ നിന്നും വലത് പക്ഷക്കാരുടെ വലിയ രണ്ട് സംഘങ്ങള്‍ ഉണ്ടായിരിക്കുമെന്നാണ് ആയത്തിന്‍റെ ആശയം. ഈ രൂപത്തില്‍ മുഹമ്മദീ സമുദായം ഏറ്റവും വലിയ സംഘമായിരിക്കും. ഇത് വലിയൊരു മഹത്വമാണ്. കഴിഞ്ഞ കാലത്തുള്ള ലക്ഷക്കണക്കിന് നബിമാരുടെ സമുദായങ്ങള്‍ക്ക് തുല്യമായി മുഹമ്മദീ സമുദായം ഉയര്‍ന്നിരിക്കുന്നു. ഇനി രണ്ടാമത്തെ അഭിപ്രായ പ്രകാരം ഇതുകൊണ്ടുള്ള ഉദ്ദേശം മുഹമ്മദീ സമുദായത്തില്‍ പെട്ട മുന്‍ഗാമികളും പിന്‍ഗാമികളുമാണെങ്കില്‍ ഈ സമുദായത്തില്‍ മുന്‍ഗാമികളായ സഹാബാ താബിഉകളെപ്പോലെ എല്ലാ കാലഘട്ടത്തിലും പടച്ചവന്‍റെ ഉന്നത ഇഷ്ട ദാസന്മാര്‍ ഉണ്ടായിരിക്കുമെന്ന് ഈ ആയത്ത് അറിയിക്കുന്നു. അവസാന കാലത്ത് ഇത്തരം ആളുകള്‍ കുറവായിരിക്കുമെങ്കിലും അവസാനം വരെ ഉന്നത വ്യക്തിത്വങ്ങളില്‍ നിന്നും ഈ സമുദായം ഒരിക്കലും ഒഴിവാകുന്നതല്ല. മുആവിയ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: എന്‍റെ സമുദായത്തിലെ ഒരു സംഘം എന്നും സത്യത്തിന്‍റെ സരണിയില്‍ ഉറച്ച് നില്‍ക്കുന്നതാണ്. ആയിരക്കണക്കിന് എതിര്‍പ്പുകളുടെ ഇടയിലും അവര്‍ സത്യസന്മാര്‍ഗ്ഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കും. അവര്‍ ഈ അവസ്ഥയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കേ ലോകാവസാനം വരുന്നതുവരെ ആരുടെയും എതിര്‍പ്പും അവര്‍ക്ക് യാതൊരു കുഴപ്പവും ഉണ്ടാക്കുന്നതല്ല. (മുസ്ലിം)
*********************************
മആരിഫുല്‍ ഹദീസ്
സ്വലാത്തിന്‍റെ വിശിഷ്ട വചനങ്ങള്‍
മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
ആദരവായ റസൂലുല്ലാഹി (സ)യുടെ മേല്‍ സ്വലാത്ത് സലാമുകള്‍ ചൊല്ലാന്‍ അല്ലാഹു നമ്മളോട് കല്‍പിച്ചിരിക്കുന്നു. കൂടാതെ റസൂലുല്ലാഹി (സ)യും അതിന്‍റെ വിവിധ മഹത്വങ്ങളും ഐശ്വര്യങ്ങളും വിവരിച്ചുകൊണ്ട് അതിലേക്ക് നമ്മെ പ്രേരിപ്പിച്ചിരിക്കുന്നു. മഹാന്മാരായ സഹാബത്തിന് റസൂല്‍(സ) സ്വലാത്ത് സലാമുകളുടെ പ്രത്യേക വചനങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ചില ഹദീസുകളും അതിന്‍റെ വിവരങ്ങളുമാണ് താഴെ കൊടുക്കുന്നത്. അല്ലാഹു നല്ല നിലയില്‍ മനസിലാക്കാന്‍ സൗഭാഗ്യം തരട്ടെ.
310. സുപ്രസിദ്ധ താഇബി അബ്ദുര്‍റഹ്മാനുബിന് അബീ ലൈല വിവരിക്കുന്നു: "ബൈഅത്ത് റിള്വാനില്‍ പങ്കെടുത്ത സഹാബിയായ കഅ്ബ്ബിന്‍ ഉജിറത്ത് (റ)നെ ഞാന്‍ കണ്ടുമുട്ടുകയുണ്ടയി. തദവസരം അദ്ദേഹം എന്നോട് പറഞ്ഞു; "ഞാന്‍ വിലയേറിയ ഒരു ഉപഹാരം താങ്കള്‍ക്ക് നല്‍കട്ടെ, റസൂലുല്ലാഹി(സ)യില്‍ നിന്നും ഞാന്‍ കേട്ട മഹത്തായ ഒരു ഹദീസാണത്." ഞാന്‍ പറഞ്ഞു, "തീര്‍ച്ചയായും ആ ഉപഹാരം എനിക്ക് നല്‍കിയാലും." അദ്ദേഹം പറഞ്ഞു; "റസൂല്‍(സ)യോട് ഞങ്ങള്‍ ചോദിച്ചു, താങ്കള്‍ക്ക് എപ്രകാരമാണ് സലാം ചൊല്ലേണ്ടത് എന്ന് അല്ലാഹു ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. അസ്സലാമു അലയ്ക അയ്യുഹന്നബിയ്യു വറഹ്മത്തുല്ലാഹി വ ബറക്കാത്തുഹു എന്നാണത്. എന്നാല്‍ താങ്കളുടെ മേല്‍ എപ്രകാരമാണ് സ്വലാത്ത് ചൊല്ലേണ്ടത് എന്ന് ഞങ്ങള്‍ക്ക് പറഞ്ഞുതരിക. തദവസരം റസൂലുല്ലാഹി (സ) അരുളി: ഇപ്രകാരം പറയുക, (അല്ലാഹുവേ മുഹമ്മദ് നബിയുടെ മേല്‍ നിന്‍റെ പ്രത്യേകമായ അനുഗ്രഹങ്ങള്‍ നീ ചൊരിയേണമേ. മുഹമ്മദ് നബിയുടെ കുടുംബത്തിന്‍റെ മേലും പ്രത്യേക അനുഗ്രഹങ്ങള്‍ ചൊരിയേണമേ. ഇബ്റാഹീം നബിയുടെ മേലും ഇബ്റാഹീം കുടുംബത്തിന്‍റെ മേലും നീ പ്രത്യേക അനുഗ്രഹം ചൊരിഞ്ഞതുപോലെ. തീര്‍ച്ചയായിട്ടും നീ സ്തുത്യര്‍ഹനും മഹത്വമുള്ള വനുമാണ്. അല്ലാഹുവേ മുഹമ്മദ് നബിയുടെ മേലും മുഹമ്മദ് നബിയുടെ കുടുംബത്തിന്‍റെ മേലും നീ വിശിഷ്ട അനുഗ്രഹങ്ങള്‍ ചൊരിയേണമേ. ഇബ്റാഹീം നബിയുടെ മേലും ഇബ്റാഹീം കുടുംബത്തിന്‍റെ മേലും വിശിഷ്ടാനുഗ്രഹങ്ങള്‍ ചൊരിഞ്ഞത് പോലെ. നീ സ്തുത്യര്‍ഹനും മഹത്വമുള്ളവനുമാണ്.) (ബുഖാരി, മുസ്ലിം).
വിവരണം: അബ്ദുര്‍റഹ്മാനുബിന്‍ അബീലൈല (റഹ്)യ്ക്ക് കഅ്ബ്ബിന് ഉജ്റത്ത്(റ) വിവരിക്കാന്‍ ഉപയോഗിച്ച ശൈലിയില്‍ നിന്നും ഈ ഹദീസിനും ഇതില്‍ അടങ്ങിയിരിക്കുന്ന പുണ്യ സ്വലാത്തിനും സഹാബികള്‍ എത്ര വലിയ മഹത്വമാണ് കല്‍പിച്ചതെന്ന് മനസിലാക്കാന്‍ സാധിക്കുന്നതാണ്. ത്വബരിയുടെ നിവേദനമനുസരിച്ച് അബ്ദുര്‍റഹ്മാന്‍ (റഹ്)ക്ക് കഅ്ബ്ബിന് ഉജ്റത്ത് ത്വവാഫ് ചെയ്യുന്ന അവസരത്തിലാണ് ഈ ഹദീസ് കേള്‍പ്പിച്ചത്(ഫത്ഹുല്‍ ബാരി). ഇതനുസരിച്ച് ഇതിന്‍റെ മഹത്വം വളരെ കൂടുതലാകുന്നു. ബൈഹഖിയില്‍ ഈ ഹദീസ് ഉദ്ദരിച്ചുകൊണ്ട് സൂറത്തുല്‍ അഹ്സാബിലെ സ്വലാത്തിനെപ്പറ്റിയുള്ള ആയത്ത് ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ ചോദിച്ചതാണെന്ന് വിവരിക്കപ്പെട്ടിട്ടുമുണ്ട്. ഈ ഹദീസില്‍ പറയപ്പെട്ടിരിക്കുന്ന വചനങ്ങള്‍ വേറെയും പല നിവേദനങ്ങളിലും വന്നിട്ടുണ്ട്.
റസൂലുല്ലാഹി (സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലേണ്ട രീതി, തങ്ങളുടെ മേല്‍ സ്വലാത്ത് സലാമുകള്‍ വര്‍ഷിപ്പിക്കേണമെ എന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കലാണ് എന്ന് ഈ ഹദീസുകള്‍ മനസിലാക്കിത്തരുന്നു. അതേ നാം അങ്ങേയറ്റം ദരിദ്രരും സാധുക്കളുമാണ്. സമുന്നത ഉപകാരിയും അല്ലാഹുവിന്‍റെ ആദരണീയ ദൂതനുമായ റസൂലുല്ലാഹി (സ)യുടെ സമക്ഷത്തില്‍ എന്തെങ്കിലും സമര്‍പ്പിക്കാന്‍ നാം അയോഗ്യരാണ്. ആകയാല്‍ റസൂല്‍(സ)യുടെ മേല്‍ വിശിഷ്ടാനുഗ്രഹങ്ങളും ഐശ്വര്യങ്ങളും ചൊരിയു ന്നതിന് നാം അല്ലാഹുവിനോട് തന്നെ അപേക്ഷിക്കുക. അല്ലാഹു റസൂല്‍(സ)യുടെ മഹത്വത്തിനനുസരിച്ച് അല്ലാഹുവിന്‍റെ വിശാലമായ ഔദാര്യം കൊണ്ട് റസൂലുല്ലാഹി (സ)യുടെ മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയു കയും തങ്ങളുടെ സ്ഥാനങ്ങള്‍ ഉയര്‍ത്തുകയും തങ്ങളുടെ കുടുംബത്തിന്‍റെ മേലും അനുഗ്രഹ ഐശ്വര്യങ്ങള്‍ വര്‍ഷിപ്പിക്കുകയും ചെയ്യേണമെ എന്ന് നാം അല്ലാഹുവിനോട് അപേക്ഷിക്കുക.
സ്വലാത്തിന് ശേഷം ബര്‍ക്കത്ത് ചോദിക്കുന്നതിന്‍റെ തത്വം
സ്വലാത്ത് എന്ന വചനത്തിന്‍റെ ആശയത്തെക്കുറിച്ച് ചെറിയ നിലയില്‍ മുമ്പ് വിവരിക്കപ്പെട്ടിട്ടുണ്ട്. ആദരവ്, പ്രശംസ, കാരുണ്യം, സ്നേഹം,സമുന്നത സ്ഥാനം നല്‍കല്‍, നന്ദി ഉദ്ദേശിക്കല്‍, നന്മ നല്‍കല്‍ എന്നീ അര്‍ത്ഥങ്ങളെ സ്വലാത്ത് എന്ന വചനം ഉള്‍ക്കൊ ള്ളുന്നു. എന്നാല്‍, ഇവിടെ സ്വലാത്തി നോടൊപ്പം ബര്‍ക്കത്ത് ചൊരിയണമേ എന്നും കൂടി വന്നിരിക്കുന്നു. അതായത് അല്ലാഹു റസൂലുല്ലാഹി (സ)യുടെ മേല്‍ ചൊരിയുന്ന വിശിഷ്ട അനുഗ്രഹങ്ങള്‍ നിരന്തരം ചൊരിയണമെന്നും അതില്‍ വര്‍ദ്ധനവ് നല്‍കിക്കൊണ്ടി രിക്കണമെന്നുമാണ് ബര്‍ക്കത്ത് കൊണ്ട് വിവക്ഷിക്ക പ്പെടുന്നത്. കൂടാതെ ഒരു വ്യക്തിയെ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്യുമ്പോള്‍ ഓരേ അര്‍ത്ഥത്തിലുള്ള വിവിധ വാചകങ്ങള്‍ പറയുക എന്നുള്ളത് സാധാരണ ശൈലിയുമാണ്. ഈ ഹദീസിന്‍റെ മറ്റുചില രിവായത്തുകളില്‍ ഏറെയും വചനങ്ങള്‍ വിവരിക്കപ്പെട്ടിട്ടുള്ളത് ഇതിന് ബലം നല്‍കുകയും ചെയ്യുന്നു.
ആലിഹി എന്നതിന്‍റെ ആശയം
ഈ ഹദീസില്‍ ആല്‍ എന്ന പദം നാല് പ്രാവശ്യം വന്നിട്ടുണ്ട്. കുടുംബക്കാര്‍ എന്നാണ് ഇതിന്‍റെ ആശയം. അറബി ഭാഷയില്‍ വിശിഷ്യാ ഖുര്‍ആനിലും ഹദീസിലും ആല്‍ എന്ന പദം ഉപയോഗിച്ചിരിക്കുന്നത് പ്രത്യേക ബന്ധമുള്ളവര്‍ക്കാണ്. ഈ ബന്ധം ഭാര്യാമക്കള്‍ പോലെ അടുത്ത ബന്ധുക്കളാകാം. ആത്മസുഹൃത്തുക്കളും സഹ പ്രവര്‍ത്തകരും പോലെ സ്നേഹാദരവുകള്‍ നിറഞ്ഞവരുമാകാം. (മുഫ്റദാത്തുല്‍ ഖുര്‍ആന്‍) എന്നാല്‍ അടുത്ത് കൊടുക്കുന്ന അബൂഹുമൈദ് സാഇദി (റ)യുടെ ഹദീസില്‍ വന്നിട്ടുള്ള ആല്‍ എന്ന പദത്തിന്‍റെ ഉദ്ദേശം റസൂലുല്ലാഹി (സ)യുടെ പവിത്ര പത്നിമാരും സന്താനങ്ങളുമാണ്. പക്ഷേ, ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രവാചക കുടുംബം സമുദായത്തില്‍ ഏറ്റവും ഉന്നതരാണെന്ന് പറയാന്‍ സാധിക്കുന്നതല്ല. അല്ലാഹുവിങ്കല്‍ ശ്രേഷ്ടതയുടെ അടിസ്ഥാനം സത്യവിശ്വാസ സല്‍ക്കര്‍മ്മങ്ങളും അവയില്‍ അടങ്ങിയ ഭയഭക്തിയുമാണ്.
ഈ ലോകത്ത് നാം ഏതെങ്കിലും അടുത്ത സ്നേഹിതന്‍റെയോ മഹാപുരുഷന്‍റെയോ സമക്ഷത്തില്‍ വല്ല ഉപഹാരവും സമര്‍പ്പിക്കുമ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കുടുംബത്തെയും പരിഗണിക്കാറുണ്ട്. ഇതുപോലെ പുണ്യസ്വലാത്ത് റസൂലുല്ലാഹി (സ)യുടെ സമക്ഷത്തില്‍ സമര്‍പ്പിക്കപ്പെടുന്ന ഉപഹാരമാണ്. തദവസരം റസൂലുല്ലാഹി (സ)യോടൊപ്പം കുടുംബത്തെയും പരിഗണിക്കുന്നത് റസൂലുല്ലാഹി (സ)യോടുള്ള സ്നേഹത്തിന്‍റെ ഭാഗമാണ്. എന്നാല്‍ ഇതിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ മറ്റുള്ളവരേക്കാളെല്ലാം ഉന്നതരാണെന്ന് വാദിക്കുന്നത് ശരിയല്ല. ചുരുക്കത്തില്‍ പുണ്യസ്വലാത്തിലെ ആല്‍ എന്ന പദം കൊണ്ടുള്ള ഉദ്ദേശം റസൂലുല്ലാഹി (സ)യുടെ പവിത്ര പത്നിമാരും സന്താനങ്ങളുമാണ്. അതുപോലെ ആലി ഇബ്റാഹീം കൊണ്ടുള്ള ഉദ്ദേശം ഇബ്റാഹീം നബി (അ)യുടെ കുടുംബമാണ്. ഖുര്‍ആനില്‍ ഇബ്റാഹീം നബി (അ)യുടെ ഇണയെ അഹ്ലുബൈത്തെന്ന് സ്മരിച്ചിട്ടുണ്ട്. (ഹൂദ് 73)
സ്വലാത്തിലെ സാദൃശ്യതയുടെ യാഥാര്‍ത്ഥ്യം
റസൂലുല്ലാഹി (സ) പഠിപ്പിച്ച ഈ സ്വലാത്തില്‍, ഇബ്റാഹീം നബി (അ)യുടെയും കുടുംബത്തിന്‍റെയും മേല്‍ അനുഗ്രഹ ഐശ്വര്യങ്ങള്‍ ചെയ്തതുപോലെ മുഹമ്മദ് നബി (സ)യിലും കുടുംബത്തിലും അനുഗ്രഹ ഐശ്വര്യങ്ങള്‍ ചൊരിയണമേ എന്ന് വന്നിരിക്കുന്നു. ഈ സാദൃശ്യതയുടെ വിഷയത്തില്‍ പ്രസിദ്ധമായ ഒരു വൈജ്ഞാനിക സംശയമുണ്ട്: അതായത്, ഒരാളെ മറ്റൊരു വ്യക്തിയോട് സാദൃശ്യപ്പെടുത്തിയാല്‍ സാദൃശ്യപ്പെടുത്തപ്പെട്ട വ്യക്തി ഉന്നതനായിരിക്കണമല്ലോ? ഉദാഹരണത്തിന് തണുത്ത വെള്ളം ഐസ് പോലെയാണെന്ന് പറഞ്ഞാല്‍ തണുത്ത വെള്ളത്തിന് എത്ര തണുപ്പുണ്ടെങ്കിലും അത് ഐസിന്‍റെ തണുപ്പിനേക്കാള്‍ കുറവായിരിക്കും. ഈ അടിസ്ഥാനത്തില്‍ ഇബ്റാഹീം നബി (അ)യുടെയും കുടുംബത്തിന്‍റെയും മേല്‍ ഉണ്ടായതുപോലുള്ള സ്വലാത്ത് ബറകാത്തുകള്‍ എന്ന് പറഞ്ഞതില്‍ നിന്നും അവര്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ ശ്രേഷ്ടവും റസൂലുല്ലാഹി (സ)യ്ക്കും കുടുംബത്തിനും ലഭിക്കുന്നത് കുറവുമാണെന്ന് വരില്ലേ?
ഹദീസ് വ്യാഖ്യാതാക്കള്‍ ഈ സംശയത്തിന് പറഞ്ഞ മറുപടികള്‍ ഫത്ഹുല്‍ ബാരിയിലും മറ്റുമുണ്ട്. അതിലേറ്റവും ലളിതമായ മറുപടി ഈ സാദൃശ്യത ചിലപ്പോള്‍ വിഭാഗത്തെ നിജപ്പെടുത്താന്‍ വേണ്ടി വരാറുണ്ട് എന്നതാണ്. ഉദാഹരണത്തിന് ഒരു വ്യക്തി ഒരു പ്രത്യേകതരം വസ്ത്രത്തിന്‍റെ പഴയ കഷണം എടുത്തുകൊണ്ട് തുണിക്കടയിലേക്ക് വരുകയും ഇതുപോലുള്ള വസ്ത്രം വേണമെന്ന് പറയുകയും ചെയ്യുന്നു. അദ്ദേഹം മാതൃകയായി കാണിക്കുന്ന വസ്ത്രം വളരെ പഴയതും വിലയില്ലാത്തതുമാണ്. കടക്കാരനോട് ആവശ്യപ്പെടുന്ന തുണി പുതിയതും വിലപിടിച്ചതും മാതൃകയായി കാണിക്കുന്ന തുണി കഷണത്തേക്കാള്‍ ഉത്തമവുമാണ്. ഈ സ്വലാത്തിലെ സാദൃശ്യതയും ഈ രീതിയിലുള്ളതാണ്. മഹാനായ ഇബ്റാഹീം നബി (അ)യുടെയും ഇബ്റാഹീം കുടുംബത്തിന്‍റെയും മേല്‍ അവതീര്‍ണ്ണമായ വിശിഷ്ട അനുഗ്രഹ ഐശ്വര്യങ്ങളുടെ വിഭാഗത്തില്‍ പെട്ട അനുഗ്രഹ ഐശ്വര്യങ്ങള്‍ ആദരവായ മുഹമ്മദ് നബി (സ)യുടെ മേലും നബി കുടുംബത്തിന്‍റെ മേലും ഇറക്കേണമേ എന്നാണ് ഈ സ്വലാത്തിന്‍റെ ആശയം.
ഇബ്റാഹീം നബി (അ)ന് മുഴുവന്‍ നബിമാരുടെയും സര്‍വ്വ സൃഷ്ടികളുടെയും ഇടയില്‍ ധാരാളം പ്രത്യേകതകളുണ്ട്. അതെ, അല്ലാഹു മഹാനരെ ഉറ്റതോഴനാക്കി. സമുന്നത നേതൃത്വം നല്‍കി അനുഗ്രഹിച്ചു. കഅ്ബാ ശരീഫയുടെ സ്ഥാപകനാക്കി. അദ്ദേഹത്തിന് ശേഷം ലോകാവസാനം വരെ പ്രവാചകത്വത്തിന്‍റെ പരമ്പര ഇബ്റാഹീമീ വംശ പരമ്പരയിലാക്കി. ഇബ്റാഹീം നബി (അ)യ്ക്ക് ശേഷം റസൂലുല്ലാഹി (സ)യ്ക്ക് മുമ്പ് മറ്റൊരു നബിയ്ക്കും ഇത്തരം പ്രത്യേകതകള്‍ നല്‍കപ്പെട്ടിട്ടില്ല. ചുരുക്കത്തില്‍ ഈ സ്വലാത്തില്‍ അല്ലാഹുവിനോട് അപേക്ഷിക്കുന്ന അനുഗ്രഹ ഐശ്വര്യങ്ങള്‍ ഇതുപോലുള്ള മഹത്വങ്ങളാണ്. ആകയാല്‍ ഈ സാദൃശ്യത വെറും വിഭാഗത്തെ നിജപ്പെടുത്താനും വ്യക്തമാക്കാനുമുള്ളതാണ്.
Ph: 7736723639
പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...
*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...
*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.
9961717102, 9387290079
*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ
+91 96339 15717
ക്ലാസുകൾ നയിക്കുന്നത്:
ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി
ഞങ്ങളുടെ കേന്ദ്ര സ്ഥാപനം
പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...
*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...
*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.
9961717102, 9387290079
*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ
+91 96339 15717
ക്ലാസുകൾ നയിക്കുന്നത്:
ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി
ഞങ്ങളുടെ കേന്ദ്ര സ്ഥാപനം



