▪️മുഖലിഖിതം

               റമദാൻ മാസത്തിന്റെ മഹത്വങ്ങൾ

▪️ജുമുഅ സന്ദേശം 
നമസ്കാരം നിലനിർത്തുക, നന്നാക്കുക 
✍️ അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ്  ഹസനി നദ്‌വി
▪️മആരിഫുല്‍ ഖുര്‍ആന്‍ 
സൂറത്തുല്‍ വാഖിഅ-3
മരണാനന്തര ജീവിതത്തിനുള്ള തെളിവുകള്‍
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
▪️മആരിഫുല്‍ ഹദീസ്
സ്വലാത്തിന്റെ ആദ്യത്തെയും അവസാനത്തെയും വചനങ്ങൾ 
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി


******


 മുഖലിഖിതം 

റമദാൻ മാസത്തിന്റെ മഹത്വങ്ങൾ

മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി



4/61. അബൂഹുറയ്‌റ (റ) നിവേദനം ചെയ്യുന്നു: റസൂലുല്ലാഹി (സ) അരുളി: ''റമളാൻ മാസം സമാഗതമായാൽ സ്വർഗ്ഗ കവാടങ്ങൾ തുറക്കപ്പെടും. നരകവാതിലുകൾ അടക്കപ്പെടും. പിശാചുക്കൾ ചങ്ങലക്കിടപ്പെടും''. (ബുഖാരി, മുസ്‌ലിം) 
ഉസ്താദുൽ അസാതീദ് ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി (റ) ഹുജ്ജത്തുല്ലാഹിൽ ബാലിഗയിൽ ഈ ഹദീസിനെ വിവരിച്ചുകൊണ്ട് എഴുതുന്നു: അല്ലാഹുവിന്റെ സജ്ജനങ്ങളായ ദാസൻമാർ റമളാനിൽ നന്മകളിൽ കൂടുതലായി മുഴുകുന്നതാണ്. പകലുകളിൽ നോമ്പനുഷ്ഠിച്ച് ദിക്ർ-തിലാവത്തുകളിലായി കഴിഞ്ഞുകൂടും. രാത്രികളുടെ വലിയൊരു ഭാഗം തറാവീഹ്-തഹജ്ജുദുകളിലും ദുആ-ഇസ്തിഗ്ഫാറുകളിലും ചിലവഴിക്കും. ഇവരുടെ അനുഗ്രഹീതമായ സൽകർമ്മങ്ങളിൽ ആകൃഷ്ടരായി പൊതുമുസ്‌ലിംകളുടെ മനസ്സുകളും നന്മകളിലേക്കു തിരിയുകയും തിന്മകളിൽ നിന്നും മാറുകയും ചെയ്യും. ചുരുക്കത്തിൽ, ഇതര മാസങ്ങളെ അപേക്ഷിച്ച് ഈ മാസത്തിൽ നന്മകൾ നിറഞ്ഞ ഒരു അന്തരീക്ഷം ഉണ്ടായിത്തീരുന്നതാണ്. കൂടാതെ, ഈ മാസത്തിൽ ചെയ്യപ്പെടുന്ന ചെറിയ നന്മകൾക്കു പോലും വമ്പിച്ച പ്രതിഫലം നൽകപ്പെടുന്നതാണ്. ഇതിന്റെയെല്ലാം പ്രതിഫലമായി നല്ലവരെ സംബന്ധിച്ചിടത്തോളം സ്വർഗ്ഗ കവാടങ്ങൾ തുറക്കപ്പെടുന്നതും നരക വാതിലുകൾ കൊട്ടിയടക്കപ്പെടുന്നതും പിശാച് വഴി കെടുത്തുന്നതിൽ നിന്നും തടഞ്ഞു നിർത്തപ്പെടുന്നതുമാണ്. 
ഈ വിവരണമനുസരിച്ച് ഹദീസിൽ പറയപ്പെട്ട മൂന്ന് പ്രത്യേകതകളുടെയും ബന്ധം, ഈ മാസത്തിൽ നന്മയിലേക്കു തിരിയുകയും സുവർണ്ണാവസരം പ്രയോജനപ്പെടുത്തുകയുംചെയ്യുന്നവരുമായി മാത്രമാണ്. റമദാനിന്റെ നിയമ-മര്യാദകളുമായി യാതൊരു അടുപ്പവുമില്ലാത്തവരും ആ അനുഗ്രഹീത മാസം വന്നെത്തിയിട്ടും ജീവിതത്തിൽ മാറ്റമൊന്നും വരുത്താത്തവരുമായ നിഷേധികളും നന്ദികെട്ടവരും ഭാഗ്യഹീനരും അശ്രദ്ധയിൽ ആണ്ടുപൂണ്ടു കിടക്കുന്നവരുമായ ആളുകൾക്ക് ഈ സുവാർത്തകളുമായി ഒരു ബന്ധവുമില്ല. സ്വയം തന്നെ ഭാഗ്യക്കേട് തിരഞ്ഞെടുക്കുകയും പന്ത്രണ്ടു മാസങ്ങളിലും പിശാചിനെ അനുസരിക്കുന്നതിൽ സംതൃപ്തി കണ്ടെത്തുകയും ചെയ്തവരാണവർ. അല്ലാഹുവിലും ഭാഗ്യഹീനതയല്ലാതെ മറ്റൊരു ഫലവും അവർക്കുണ്ടാകുന്നതല്ല. 
4/1/62. അബൂഹുറയ്‌റ(റ) ൽ നിന്നും നിവേദനം. റസൂലുല്ലാഹി (സ) അരുളി: റമള്വാനിലെ ആദ്യത്തെ രാത്രിയിൽ പിശാചുക്കളും തെമ്മാടികളായ ജിന്നുകളും തടവിലാക്കപ്പെടുന്നതും നരക കവാടങ്ങൾ ബന്ധിക്കപ്പെടുന്നതുമാണ്. അവയിൽ ഒരു വാതിൽപോലും തുറക്കപ്പെടുന്നതല്ല. സ്വർഗകവാടങ്ങൾ തുറക്കപ്പെടുന്നതുമാണ്. അവയിൽ ഒരു വാതിൽപ്പോലും അടക്കപ്പെടുന്നതല്ല. അല്ലാഹുവിന്റെ ഭാഗത്ത് നിന്നും ഒരാൾ ഇപ്രകാരം വിളിച്ചുപറയും: നന്മയെ തേടുന്നവനെ, മുന്നോട്ട് കുതിക്കുക, തിന്മയെ ആഗ്രഹിക്കുന്നവനെ, നീ മതിയാക്കുക. (പാപികളായ) ധാരാളം ആളുകളെ അല്ലാഹു മോചിപ്പിക്കുന്നതാണ്. ഇപ്രകാരം റമള്വാനിലെ എല്ലാ രാത്രികളിലും ഉണ്ടാകുന്നതാണ്. (തിർമിദി, ഇബ്‌നുമാജ)
വിവരണം: ഹദീസിന്റെ ആദ്യഭാഗം മുൻപുള്ള ഹദീസിൽ പറയപ്പെട്ടത് തന്നെയാണ്. ശേഷം അല്ലാഹുവിന്റെ ഭാഗത്ത് നിന്നും ഒരാൾ വിളിച്ചു പറയുമെന്ന് പറയപ്പെട്ടിരിക്കുന്നു. ഇത് നമ്മുടെ ചെവികൾകൊണ്ട് ശ്രവിക്കുവാൻ സാധ്യമല്ലെങ്കിലും അതിന്റെ അടയാളങ്ങളും പ്രതിഫലനങ്ങളും നമുക്ക് കാണുവാൻ കഴിയും. റമള്വാനിൽ ഈമാനുള്ളവർ നന്മകളിലേക്ക് കൂടുതൽ തിരിയുന്നതും തെറ്റായ വഴിയിൽ ജീവിച്ചിരുന്ന ആളുകൾ സ്വന്തം ദുഷ്പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നതുമെല്ലാം പ്രസ്തുത വിളംബരത്തിന്റെ  പ്രതിഫലനങ്ങളാണ്.
4/1/63. അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) പറയുന്നു: ജനങ്ങൾക്ക് നന്മ ചെയ്യുന്നതിൽ  റസൂലുല്ലാഹി (സ) ഏറ്റവും വലിയ ഉദാരനായിരുന്നു. റസൂലുല്ലാഹി (സ) യുടെ ഈ വിശിഷ്ട ഗുണം റമള്വാനിൽ വളരെയേറെ വർദ്ധിച്ചിരുന്നു. റമള്വാനിലെ ഓരോ രാത്രികളിലും റസൂലുല്ലാഹി (സ)യുടെ അടുക്കൽ ജിബ്‌രീൽ (അ) എത്തുകയും തങ്ങൾ (സ) ജിബ്‌രീലിനെ ഖുർആൻ പാരായണം ചെയ്ത് കേൾപ്പിക്കുകയും ചെയ്തിരുന്നു. ജിബ്‌രീലിനെ (അ) കണ്ടുമുട്ടിക്കഴിഞ്ഞാൽ അടിച്ചുവീശുന്ന കാറ്റിനേക്കാൾ വേഗത്തിൽ റസൂലുല്ലാഹി (സ) ജനങ്ങൾക്ക് നന്മ ചെയ്തിരുന്നു. (ബുഖാരി, മുസ്‌ലിം)
വിവരണം: പരിശുദ്ധ റമള്വാനിൽ റസൂലുല്ലാഹി (സ) ക്ക് ഉന്മേഷം പകരുകയും ധർമ്മം അധികരിപ്പിക്കുകയും ചെയ്യുന്ന മാസമായിരുന്നു. ഓരോ രാത്രികളിലുമുള്ള ജിബ്‌രീലിന്റെ സന്ദർശനവും ഖുർആൻ പാരായണവും ഇതിൽ പങ്കുവഹിച്ചിരുന്നു.

റമള്വാനെ വരവേറ്റുകൊണ്ടുള്ള നബവീ പ്രഭാഷണം
4/1/64. സൽമാനുൽ ഫാരിസി (റ) വിവരിക്കുന്നു. ശഅ്ബാനിലെ അവസാന ദിവസം റസൂലുല്ലാഹി (സ) ഒരു പ്രഭാഷണം നടത്തി. അതിൽ തങ്ങൾ (സ) പറഞ്ഞു: ജനങ്ങളേ, വലിയ മഹത്വങ്ങളും ഐശ്വര്യങ്ങളും നിറഞ്ഞ ഒരു മാസം നിങ്ങളുടെ മേൽ തണലിട്ടിരിക്കുന്നു. അതിലെ ഒരു രാത്രി (ലൈലത്തുൽ ഖദ്ർ) ആയിരം മാസങ്ങളേക്കാൾ മഹത്വമേറിയതാണ്. അതിലെ നോമ്പ് അല്ലാഹു നിങ്ങളുടെ മേൽ നിർബന്ധമാക്കിയിരിക്കുന്നു. അതിലെ രാത്രികളിൽ അല്ലാഹുവിന്റെ മുമ്പിൽ നിൽക്കൽ (തറാവീഹ് നമസ്‌കാരം) നഫ്‌ലായ ഇബാദത്തായി അവൻ നിശ്ചയിച്ചിരിക്കുന്നു. (വമ്പിച്ച പ്രതിഫലമാണ് അതിനുള്ളത്). ഒരാൾ അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടി പ്രസ്തുത മാസത്തിൽ ഒരു നിർബന്ധമല്ലാത്ത (സുന്നത്തായ) നന്മ പ്രവർത്തിച്ചാൽ മറ്റു മാസങ്ങളിൽ ഫർള്വ് പ്രവർത്തിച്ച പ്രതിഫലം അവന് ലഭിക്കുന്നതാണ്. അതിൽ ഒരു ഫർള്വ് നിർവഹിക്കുന്നവന് മറ്റ് മാസങ്ങളിൽ എഴുപത് ഫർള്വ് നിർവഹിക്കുന്നതിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. അത് ക്ഷമയുടെ മാസമാണ്. ക്ഷമയുടെ പ്രതിഫലം സ്വർഗമാണ്. അത് സാധുക്കളെ സഹായിക്കേണ്ട മാസമാണ്. മുഅ്മിനുകളുടെ ജീവിതവിഭങ്ങൾ വർദ്ധിപ്പിക്കപ്പെടുന്ന മാസമാണത്. ഒരാൾ പ്രസ്തുത മാസത്തിൽ ഒരു നോമ്പുകാരനെ (അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി) നോമ്പുതുറപ്പിച്ചാൽ അവന് പാപമോചനത്തിനും നരകത്തിൽ നിന്നുമുള്ള മോചനത്തിനും അത് കാരണമാകുന്നതാണ്. കൂടാതെ നോമ്പുകാരന് തുല്യമായ പ്രതിഫലം അവന് ലഭിക്കുകയും ചെയ്യും. നോമ്പുകാരന്റെ പ്രതിഫലത്തിൽ യാതൊരു കുറവും ഉണ്ടാകുന്നതുമല്ല. അപ്പോൾ റസൂലുല്ലാഹി (സ) യോട് ചോദിക്കപ്പെട്ടു. ഞങ്ങളിൽ എല്ലാവർക്കും നോമ്പ് തുറപ്പിക്കുവാനുള്ള സാമഗ്രികൾ ലഭ്യമല്ലല്ലോ? (അപ്പോൾ ദരിദ്രർക്ക് ഇത്ര വലിയ പ്രതിഫലം നഷ്ടപ്പെടുമല്ലോ?) റസൂലുല്ലാഹി (സ) അരുളി: ഒരിറക്ക് പാലോ, വെള്ളമോകൊണ്ട് നോമ്പ് തുറപ്പിക്കുന്നവർക്കും അല്ലാഹു ഈ പ്രതിഫലം നൽകുന്നതാണ്. (റസൂലുല്ലാഹി (സ) തുടർന്ന് പറഞ്ഞു) ഒരാൾ നോമ്പുകാരനെ വയറുനിറച്ച് ഭക്ഷിപ്പിച്ചാൽ എന്റെ ഹൗളിൽ (കൗസർ) നിന്നുള്ള പാനീയം അല്ലാഹു അവനെ കുടിപ്പിക്കുന്നതാണ്. അത് കുടിച്ചാൽ സ്വർഗത്തിൽ പ്രവേശിക്കുന്നതുവരെ പിന്നീടൊരിക്കലും അവന് ദാഹമുണ്ടാകുന്നതല്ല. ആ മാസത്തിന്റെ ആദ്യഭാഗം റഹ്മത്തും (അല്ലാഹുവിന്റെ അനുഗ്രഹം) മദ്ധ്യഭാഗം മഗ്ഫിറത്തും (പാപമോചനം), അവസാന ഭാഗം നരകത്തിൽ നിന്നുമുള്ള മോചനവുമാണ്. ആ മാസത്തിൽ ഒരാൾ തന്റെ സേവകർക്ക് ജോലിഭാരം ലഘൂകരിച്ച് കൊടുത്താൽ അല്ലാഹു അവന് പൊറുത്തു കൊടുക്കുന്നതും നരകത്തിൽ നിന്നും അവനെ മോചിപ്പിക്കുന്നതുമാണ്. (ബൈഹഖി).
വിവരണം: ഈ നബവീ പ്രഭാഷണത്തിന്റെ അർത്ഥവും ആശയങ്ങളും വളരെ വ്യക്തമാണ്. ഇവിടെ അതിന്റെ ചില ഭാഗങ്ങളുടെ വിശദീകരണം കൂടുതൽ വ്യക്തതയ്ക്ക് വേണ്ടി കുറിക്കുകയാണ്. (1) ഈ പ്രഭാഷണത്തിൽ റമള്വാനിന്റെ ഏറ്റവും വലിയ മഹത്വമായി പറയപ്പെട്ടത് ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമായ ഒരു രാത്രി അതിലുണ്ടെന്നതാണ്. പരിശുദ്ധ ഖുർആനിലെ ഒരു സൂറത്തായ സൂറത്തുൽ ഖദ്‌റിൽ പ്രസ്തുത രാത്രിയുടെ മഹത്വങ്ങളുടെ വിവരണമാണെന്നത് കൊണ്ട് മാത്രം  അതിന്റെ മഹത്വം എത്ര ഉയർന്നതാണെന്ന് മനസ്സിലാക്കാം.
ആയിരം മാസങ്ങളിൽ ഏകദേശം മുപ്പതിനായിരം രാത്രികളാണുള്ളത്. ലൈലത്തുൽ ഖദ്‌റിന്റെ ഒരു രാത്രിയിലെ ഇബാദത്തുകൊണ്ട് ആയിരക്കണക്കിന് ദിവസങ്ങളിലെ ഇബാദത്തുകൾ കൊണ്ട് നേടിയെടുക്കാവുന്നതിനേക്കാളധികം അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാവുന്നതാണ്. പൗരാണിക കാലത്ത് ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് താണ്ടപ്പെട്ടിരുന്ന ദൂരം ഇന്ന് വിമാനവും റോക്കറ്റും മുഖേന മണിക്കൂറുകൾ കൊണ്ട് മുറിച്ചു കടക്കുന്നത് നാം കാണുന്നുണ്ട്. ഇതേപ്രകാരമാണ് ലൈലത്തുൽ ഖദ്‌റിന്റെ മഹത്വം നാം മനസ്സിലാക്കേണ്ടത്. 
നഫ്‌ലായ സൽകർമ്മങ്ങൾക്ക് ഫർള്വിന്റെ പ്രതിഫലവും ഒരു ഫർള്വിന് എഴുപത് ഫർള്വുകളുടെ പ്രതിഫലവും ലഭിക്കുമെന്ന് പറയപ്പെട്ടതും ഈ അടിസ്ഥാനത്തിൽ തന്നെ നാം മനസ്സിലാക്കുക. ലൈലത്തുൽ ഖദ്‌റിന്റെ  പ്രത്യേകത റമള്വാനിലെ ഒരു രാത്രിക്ക് മാത്രമുള്ളതാണെങ്കിൽ രണ്ടാമത് പറയപ്പെട്ടത് റമള്വാനിലെ മുഴുവൻ സമയങ്ങൾക്കും ബാധകമാണ്. അല്ലാഹു നമുക്ക് ഈ യാഥാർത്ഥ്യങ്ങളിൽ വിശ്വാസവും പ്രയോജനപ്പെടുത്തുവാനുള്ള സൗഭാഗ്യവും നൽകട്ടെ.
(2) ഈ പ്രഭാഷണത്തിൽ റമള്വാൻ ക്ഷമയുടെയും സാധുക്കളെ സഹായിക്കുന്നതിന്റെയും മാസമാണെന്ന് പറയപ്പെട്ടിരിക്കുന്നു. ഇസ്‌ലാമിന്റെ ഭാഷയിൽ അല്ലാഹുവിന്റെ പൊരുത്തത്തിന് വേണ്ടി സ്വന്തം മനസ്സിന്റെ ആഗ്രഹങ്ങളെ അടക്കുന്നതിനാണ് ക്ഷമ എന്ന് പറയുന്നത്. നോമ്പ് ആദ്യാവസാനം ക്ഷമയാണെന്നുള്ളത് വ്യക്തമാണ്. നോമ്പിലൂടെ ഓരോ വ്യക്തിക്കും ദാരിദ്ര്യവും വിശപ്പും എത്ര കഠിനമാണെന്ന് മനസ്സിലാക്കുവാൻ കഴിയുന്നു. അതുവഴി അവരുടെ ഉള്ളിൽ സാധുക്കളോടുള്ള സഹാനുഭൂതി ഉടലെടുക്കുക തന്നെ ചെയ്യും. കഠിന ദാരിദ്ര്യത്തിൽ കഴിയുന്ന പാവങ്ങൾക്ക് റമള്വാൻ ക്ഷമയുടെ മാസം തന്നെയാണ്.
(3) റമള്വാനിൽ മുഅ്മിനിന്റെ രിസ്ഖ് വർദ്ധിപ്പിക്കപ്പെടുമെന്നത് അനുഭവ യാഥാർത്ഥ്യമാണ്. പരിശുദ്ധ റമള്വാൻ പോലെ സുഭിക്ഷമായും സന്തോഷത്തോടെയും ആഹാരം ലഭിക്കുന്ന മറ്റൊരു മാസവുമില്ല. കാരണങ്ങൾ മുഖേന കാര്യം നടത്തപ്പെടുന്ന ഈ ലോകത്ത് ഏത് വഴിയിലൂടെ ആഹാരം വന്നാലും അത് അല്ലാഹുവിന്റെ തീരുമാനപ്രകാരം മാത്രമാണ്.
(4) റമള്വാനിന്റെ ആദ്യഭാഗം റഹ്മത്തും മദ്ധ്യഭാഗം മഗ്ഫിറത്തും അവസാനഭാഗം നരകത്തിൽ നിന്നുമുള്ള മോചനവുമാണ്.
റമള്വാനിന്റെ ഐശ്വര്യങ്ങൾ പ്രയോജനപ്പെടുത്തുന്ന മനുഷ്യർ മൂന്ന് തരത്തിലുണ്ട്. (1) പാപങ്ങളിൽ നിന്നും പരമാവധി സൂക്ഷിക്കുന്നവരും അബദ്ധവശാൽ എന്തെങ്കിലും പാപങ്ങൾ സംഭവിച്ചാൽ ഉടനടി തൗബ ചെയ്ത് അതിനെ ശുദ്ധീകരിക്കുന്നവരുമായ ആളുകൾ. ഇവരുടെമേൽ റമള്വാനിന്റെ ആദ്യനിമിഷം മുതൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വർഷിക്കപ്പെടുന്നതാണ്. (2) ഒന്നാമത്തെ വിഭാഗത്തെപ്പോലെ പരമാവധി സൂക്ഷ്മത പുലർത്തുന്നവരെല്ലെങ്കിലും തീർത്തും അശ്രദ്ധരുമല്ല. ഇവർ റമള്വാനിലെ ആദ്യഭാഗത്തെ നോമ്പും മറ്റു നന്മകളും ഇസ്തിഗ്ഫാറും മുഖേന തങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തുകയും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്കും പാപമോചനത്തിനും അർഹരാവുകയും ചെയ്യും. റമള്വാനിന്റെ മദ്ധ്യഭാഗത്തോടെ ഇവർക്ക് പാപങ്ങൾ മാപ്പാക്കപ്പെടുന്നതാണ്. (3) സ്വന്തം ശരീരത്തോട് അനവധി അക്രമങ്ങൾ പ്രവർത്തിച്ച് തീർത്തും അധഃപതിക്കുകയും സ്വന്തം ദുഷ്‌കൃത്യങ്ങൾ കാരണം നരകത്തിന് പുർണാവകാശികളാവുകയും ചെയ്ത ആളുകൾ. ഇവർ റമള്വാനിലെ ഒന്നും രണ്ടും ഭാഗങ്ങളിൽ പൊതുമുസ്‌ലിംകളോടൊപ്പം നോമ്പനുഷ്ഠിക്കുകയും തൗബയും ഇസ്തിഗ്ഫാറും മുഖേന സ്വന്തം പാപക്കറകൾ അല്പം വൃത്തിയാക്കുകയും ചെയ്യുന്നു. അവസാനത്തെ പത്തിൽ (അല്ലാഹുവിന്റെ കാരുണ്യത്തിന്റെ കടൽ അലതല്ലുന്ന പത്ത്) നരകത്തിൽ നിന്നും അവരെ മോചിപ്പിക്കുവാൻ അല്ലാഹു തീരുമാനമെടുക്കുന്നതാണ്.
വിനീതന്റെ വീക്ഷണത്തിൽ ഹദീസിന്റെ ഈ ഭാഗത്തിന്റെ ഏറ്റവും പ്രബലവും ഹൃദയത്തിൽ ഇറങ്ങുന്നതുമായ വിശദീകരണം മുകളിൽ എഴുതിയതാണ്. അപ്പോൾ റമള്വാനിലെ റഹ്മത്തും മഗ്ഫിറത്തും നരകമോചനവും ഉമ്മത്തിലെ മൂന്നുവിഭാഗത്തോട് ബന്ധപ്പെട്ടതാണെന്ന് മനസ്സിലാകുന്നു. അല്ലാഹു അഅ്‌ലം.
നോമ്പിന്റെ മഹത്വവും പ്രതിഫലവും
4/65. അബൂഹുറയറ(റ) ൽ നിന്നും നിവേദനം. റസൂലുല്ലാഹി (സ) അരുളി: മനുഷ്യന്റെ  എല്ലാ സൽപ്രവർത്തനങ്ങളുടെയും പ്രതിഫലം പത്തിരട്ടി മുതൽ എഴുന്നൂറിരട്ടി) വരെ വർദ്ധിപ്പിക്കപ്പെടുന്നതാണ്. (ഈ ഉമ്മത്തിന് ഒരു നന്മയുടെ പ്രതിഫലം പൂർവ്വിക ഉമ്മത്തുകളെ അപേക്ഷിച്ച് പത്തിരട്ടി വർദ്ധിപ്പിച്ച് നൽകുമെന്നാണ് അല്ലാഹുവിന്റെ പൊതുനിയമം. എന്നാൽ ചില സന്ദർഭങ്ങളിൽ അമലുകളുടെ മേന്മയും അത് പ്രവർത്തിച്ചയാളുടെ ഇഖ്‌ലാസും കാരണമായി അതിലുമധികം എഴുന്നൂറിരട്ടി വരെ പ്രതിഫലം വർദ്ധിപ്പിക്കപ്പെടുന്നതാണ്. ഇത് വിവരിച്ചതിന് ശേഷം റസൂലുല്ലാഹി (സ) പറഞ്ഞു). അല്ലാഹുപറയുന്നു:  നോമ്പൊഴികെ,  അത് അടിമ എനിക്ക് പ്രത്യേകമായി നൽകുന്ന ഉപഹാരമാണ്. ഞാൻ തന്നെ (അഗ്രഹിക്കുന്ന പ്രകാരം) അതിന് പ്രതിഫലം നൽകും. എന്റെ അടിമ എനിക്ക് വേണ്ടി അവന്റെ ആഗ്രഹങ്ങളെയും ആഹാരത്തെയും ഉപേക്ഷിക്കുന്നു. (അവന്റെ ആത്മത്യാഗത്തിന് പകരം ഞാനിഷ്ടപ്പെടുന്ന പ്രതിഫലം നൽകുന്നതാണ്.) നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. (1) നോമ്പു മുറിക്കുന്ന സന്ദർഭത്തിൽ (2) തന്റെ ഉടമസ്ഥന്റെ സന്നിധിയിൽ ഹാജരായി അവനെ കണ്ടുമുട്ടുമ്പോൾ. തീർച്ചയായും നോമ്പുകാരന്റെ വായിലെ ദുർഗന്ധം അല്ലാഹുവിന്റെയടുക്കൽ കസ്തൂരിയേക്കാൾ സുഗന്ധമേറിയതാണ് (പ്രിയപ്പെട്ടതാണ്). നോമ്പ് (ദുൻയാവിൽ ശൈത്വാന്റെയും നഫ്‌സിന്റെയും ഉപദ്രവങ്ങളിൽ നിന്നും, ആഖിറത്തിൽ നരകാഗ്നിയിൽ നിന്നും സംരക്ഷിക്കുന്ന) പരിചയാണ്. നിങ്ങളിലൊരാൾ നോമ്പുകാരനായാൽ അനാവശ്യവും മ്ലേച്ഛവുമായ വർത്തമാനങ്ങളും ഒച്ചപ്പാടുകളും ഒഴിവാക്കിക്കൊള്ളട്ടെ. മറ്റാരെങ്കിലും അവനെ ചീത്ത വിളിക്കുകകയോ ഏറ്റുമുട്ടുന്നതിന് മുതിരുകയോ ചെയ്താൽ താൻ നോമ്പുകാരനാണെന്ന് അവൻ പറഞ്ഞുകൊള്ളട്ടെ. (ബുഖാരി, മുസ്‌ലി)
വിവരണം: ഹദീസിന്റെ ഭൂരിഭാഗം വിശദീകരണവും തർജ്ജമയിൽ വന്നുകഴിഞ്ഞു. ഹദീസിന്റെ അവസാന ഭാഗത്ത് തെറ്റായ വാക്കുകളും പ്രവർത്തികളും സൂക്ഷിക്കണമെന്ന് പറയപ്പെട്ടതിൽ നിന്നും മനസ്സിലാകുന്നത് ഹദീസിൽ പറയപ്പെട്ട പ്രതിഫലങ്ങൾ ലഭിക്കുന്നതിന് നോമ്പിൽ ശാരീരികാഗ്രഹങ്ങളെയും ആഹാരത്തെയും കൂടാതെ എല്ലാ തെറ്റായ കാര്യങ്ങളിൽ സൂക്ഷിക്കണമെന്നാണ്. നീചവാക്കുകളും പ്രവൃത്തികളും ഒഴിവാക്കാത്തവൻ നോമ്പ് അനുഷ്ഠിക്കുന്നത് കൊണ്ട് പ്രയോജനമൊന്നുമില്ലെന്ന് മറ്റൊരു ഹദീസിൽ വന്നിരിക്കുന്നു.
4/66. സഹ്‌ലുബ്‌നു സഅ്ദ് (റ) നിവേദനം ചെയ്യുന്നു: റസൂലുല്ലാഹി (സ) അരുളി: ''സ്വർഗ്ഗ കവാടങ്ങളിൽ 'റയ്യാൻ' എന്നു പേരുള്ള ഒരു പ്രത്യേക കവാടമുണ്ട്. ഖിയാമത്ത് നാളിൽ നോമ്പുകാർ മാത്രം അതിലൂടെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്. അവരൊഴിച്ചുള്ളവരാരും അതിലൂടെ പ്രവേശിക്കുന്നതല്ല. (വിശപ്പും ദാഹവും സഹിച്ച്) നോമ്പനുഷ്ഠിച്ചവർ എവിടെയെന്നു വിളിച്ചു ചോദിക്കപ്പെടും. ഇതിനെ തുടർന്ന് അവർ എഴുന്നേറ്റ് അതിലൂടെ സ്വർഗ്ഗത്തിൽ പ്രവേശിക്കും. അവർ പ്രവേശിച്ചു കഴിഞ്ഞാൽ ആ കവാടം അടക്കപ്പെടും. പിന്നീട് മറ്റാരും അതിലൂടെ പ്രവേശിക്കുന്നതല്ല''. (ബുഖാരി, മുസ്‌ലിം) 
വിവരണം:  റയ്യാൻ എന്നതിന്റെ അർത്ഥം പരിപൂർണ്ണ ദാഹശമനം എന്നാണ്. കാരണം നോമ്പുകാരനു നോമ്പിലൂടെയുണ്ടാകന്ന ഏറ്റവും വലിയ പ്രയാസം ദാഹമാണ്. ഇക്കാരണത്താൽ നോമ്പുകാരനുള്ള പ്രതിഫലത്തിലും ദാഹശമനത്തെ പ്രത്യേകം പരിഗണിക്കപ്പെട്ടിരിക്കുന്നു. അതായത്, സമ്പൂർണ്ണവും സമുന്നതവുമായ ദാഹശമനമായിരിക്കും അതിലൂടെ പ്രവേശിക്കുന്നവർക്കുള്ള പ്രഥമ പ്രതിഫലം. തുടർന്ന്, സ്വർഗ്ഗത്തിൽ എത്തിച്ചേർന്ന ശേഷം അവർക്ക് അല്ലാഹു നൽകുന്ന അനുഗ്രഹ-പ്രതിഫലങ്ങളെ കുറിച്ച് അല്ലാഹുവിനു തന്നെ അറിയാം. അതുകൊണ്ടാണ് അല്ലാഹു പ്രഖ്യാപിച്ചത്: ''അടിമയുടെ നോമ്പ് എനിക്കുള്ളതാണ്. ഞാൻ തന്നെ അതിന്റെ പ്രതിഫലം പ്രത്യേകമായി നൽകുന്നതാണ്''. 
4/67. അബൂഉമാമ (റ) വിവരിക്കുന്നു: ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അല്ലാഹു എനിക്ക് ധാരാളം പ്രയോജനങ്ങൾ നൽകുന്ന ഒരു സൽകർമ്മം എന്നോടു കൽപ്പിച്ചാലും. റസൂലുല്ലാഹി (സ) അരുളി: ''നീ അധികമായി നോമ്പനുഷ്ഠിക്കുക. ഇതിനു തുല്യമായി ഒരു സൽകർമ്മും ഇല്ല''. (നസാഈ) 
വിവരണം:  നമസ്‌കാരം, നോമ്പ്, ദാനധർമ്മം, ഹജ്ജ്, ജനസേവനം മുതലായ സകല സൽപ്രവർത്തനങ്ങളും അല്ലാഹുവിന്റെ സാമിപ്യത്തിനുള്ള മാധ്യമങ്ങൾ തന്നെയാണ്. എന്നാൽ, ഇവ ഓരോന്നിനും മറ്റുള്ളവയിൽ നിന്നും വേർതിരിക്കുന്ന ചില പ്രത്യേകതകളുണ്ട്. 'പുഷ്പങ്ങളെല്ലാം സുന്ദരമാണെങ്കിലും അതിന്റെ നിറ-മണങ്ങൾ വ്യത്യസ്തമാണ്'  എന്ന കവിവാക്യം പോലെ ഈ പ്രത്യേകതകളെ  പരിഗണിച്ചു നോക്കുമ്പോൾ ഓരോ കാര്യങ്ങളെ കുറിച്ചും 'അതിനു തുല്യമായ മറ്റൊരു സൽകർമ്മവും ഇല്ല' എന്നു പറയാൻ സാധിക്കുന്നതാണ്. ഉദാഹരണത്തിന്, നോമ്പിന്റെ കാര്യം എടുക്കുക. മനോച്ഛയെ പരാജയപ്പെടുത്തുകയും തടുക്കുകയും ചെയ്യുന്ന വിഷയത്തിൽ നോമ്പിനു തുല്യമായ മറ്റൊരു കർമ്മവും ഇല്ലതന്നെ. ചുരുക്കത്തിൽ, ഇതിനു തുല്യമായ ഒരു സൽകർമ്മവും ഇല്ലെന്ന വചനത്തിന്റെ ആശയം മറ്റു നന്മകളുടെ സ്ഥാനം കുറക്കലല്ല. മറിച്ച്, നോമ്പിന്റെ പ്രത്യേകത ഉണർത്തൽ മാത്രമാണ് ഉദ്ദേശം. കൂടാതെ അബൂഉമാമ (റ)ന്റെ പ്രത്യേകമായ അവസ്ഥ പരിഗണിച്ച് ഇപ്രകാരം മറുപടി പറഞ്ഞതാകാനും സാധ്യതയുണ്ട്. കാരണം, ഇതേ ചോദ്യം അദ്ദേഹം മൂന്നു പ്രാവശ്യം ആവർത്തിച്ചതായും മൂന്നു പ്രാവശ്യം ഇതേ മറുപടി തന്നെ നബി (സ) അരുളിയതായും മറ്റു ചില നിവേദനങ്ങളിൽ വന്നിട്ടുണ്ട്. അപ്പോൾ ഈ വചനത്തിന്റെ ആശയം ഇതാണ്: നിങ്ങളുടെ പ്രത്യേക അവസ്ഥകൾ പരിഗണിക്കുമ്പോൾ നോമ്പനുഷ്ഠിക്കുന്നതാണ് നിങ്ങൾക്ക് ഏറ്റവും പ്രയോജനകരം
4/68. അബൂഹുറയ്‌റ (റ) നിവേദനം ചെയ്യുന്നു: റസൂലുല്ലാഹി (സ) അരുളി: ''ഈമാനും ഇഹ്തിസാബും നിലനിർത്തിക്കൊണ്ട് ഒരാൾ റമളാൻ നോമ്പ് അനുഷ്ഠിച്ചാൽ അവന്റെ മുൻകാല പാപങ്ങളെല്ലാം പൊറുക്കപ്പെടും. ഈമാനും ഇഹ്തിസാബും നിലനിർത്തിക്കൊണ്ട് ഒരാൾ റമളാൻ രാവുകളിൽ (തറാവീഹ്, തഹജ്ജുദ് മുതലായവ) നിന്നു നമസ്‌കരിച്ചാൽ അവന്റെ മുൻകാല പാപങ്ങളെല്ലാം പൊറുക്കപ്പെടും. ഇപ്രകാരം ലൈലത്തുൽ ഖദ്‌റിൽ ഈമാനും ഇഹ്തിസാബും നിലനിർത്തിക്കൊണ്ട് ഒരാൾ നിന്നു നമസ്‌കരിച്ചാൽ അവന്റെ മുൻകാല പാപങ്ങളെല്ലാം പൊറുക്കപ്പെടും''. (ബുഖാരി, മുസ്‌ലിം)
റമളാനിലെ പകൽ സമയത്തുള്ള നോമ്പും ഇരവുകളിലുള്ള വിശിഷ്യ ഖദ്‌റിന്റെ രാവിലുള്ള നമസ്‌കാരങ്ങളും ഗതകാല പാപങ്ങൾ മാപ്പാക്കപ്പെടാനുള്ള ഉറപ്പായ മാധ്യമങ്ങളാണെന്ന് ഈ ഹദീസ് വിളിച്ചറിയിക്കുന്നു. ഈമാനും ഇഹ്തിസാബും ഉണ്ടായിരിക്കണമെന്നു മാത്രമാണ് അതിനുള്ള നിബന്ധന. ഇസ്‌ലാമിക പ്രത്യേകമായ ഒരു സാങ്കേതിക പ്രയോഗമാണ് ഈമാനും ഇഹ്തിസാബും. അതിന്റെ ആശയം ഇതാണ്: എല്ലാവിധ നന്മകളുടെയും പ്രേരകം, അല്ലാഹുവിലും റസൂലിലുമുള്ള വിശ്വാസവും അവരുടെ വാഗ്ദാനങ്ങളിലുള്ള ഉറപ്പും അവർ അറിയിച്ച പ്രതിഫലത്തിലുള്ള ആഗ്രഹവും പ്രതീക്ഷയും മാത്രമായിരിക്കണം. ഇതല്ലാത്ത മറ്റൊരു ലക്ഷ്യവുമാകരുത്. ഈ ഗുണമുണ്ടായാൽ നമ്മുടെ സൽകർമ്മങ്ങൾ അല്ലാഹുവുമായി ബന്ധപ്പെടുന്നതാണ്. എല്ലാവിധ നന്മകളുടെയും മനസ്സും ആത്മാവും ഈ ഗുണം തന്നെ. എത്ര വലിയ കർമ്മവും ഈമാനും ഇഹ്തിസാബും ഇല്ലെങ്കിൽ ഫലശൂന്യവും പൊള്ളയുമായി പരിണമിക്കുന്നതാണ്. എന്നാൽ, ഈ ഗുണമുണ്ടായാൽ ദാസന്റെ ഓരോ പ്രവർത്തനവും അല്ലാഹുവിങ്കൽ അത്യന്തം പ്രിയങ്കരവും വിലപിടിച്ചതുമായി തീരുന്നതാണ്. അതിന്റെ ബർകത്ത് കാരണമായി വർഷങ്ങളോളം പ്രവർത്തിച്ചൂ കൂട്ടിയ പാപങ്ങൾ പോലും പൊറുക്കപ്പെടുന്നതാണ്. അല്ലാഹു തആലാ അവന്റെ ഔദാര്യം കൊണ്ടു മാത്രം നാമേവർക്കും ഈ മഹത്ഗുണം കനിഞ്ഞരുളുമാറാകട്ടെ!. 

നോമ്പും ഖുർആനും ശുപാർശ ചെയ്യുന്നതാണ്
4/69. അബ്ദുല്ലാഹിബ്‌നു അംറ് (റ) ൽ നിന്നും നിവേദനം. റസൂലുല്ലാഹി (സ) അരുളി: നോമ്പും ഖുർആനും (പകലിൽ നോമ്പനുഷ്ഠിക്കുകയും രാത്രി ഖുർആൻ പാരായണം ചെയ്ത് നമസ്‌കരിക്കുകയും ചെയ്യുന്ന) മനുഷ്യന് വേണ്ടി ശുപാർശ ചെയ്യുന്നതാണ്. നോമ്പ് പറയും: രക്ഷിതാവേ, ഞാൻ ഇവനെ പകലിൽ ആഹാരപാനീയങ്ങളിൽ നിന്നും ശാരീരികാഗ്രഹങ്ങൾ പൂർത്തിയാക്കുന്നതിൽ നിന്നും തടഞ്ഞിരുന്നു. ഇന്ന് ഇവന് വേണ്ടിയുള്ള എന്റെ ശുപാർശ നീ സ്വീകരിക്കേണമേ. (ഇവനോട് കരുണ ചെയ്യുകയും പാപങ്ങൾ പൊറുത്തുകൊടുക്കുകയും ചെയ്യേണമേ). ഖുർആൻ പറയും: ഞാൻ ഇവനെ രാത്രിയിലെ ഉറക്കത്തിൽ നിന്നും തടഞ്ഞിരുന്നു. ഇവന് വേണ്ടിയുള്ള എന്റെ ശുപാർശ നീ സ്വീകരിക്കേണമേ. അങ്ങനെ അവയുടെ ശുപാർശ സ്വീകരിക്കപ്പെടുന്നതാണ്. (ബൈഹഖി).
വിവരണം: തന്റെ നോമ്പുകളുടെയും, നഫ്ൽ നമസ്‌കാരങ്ങളിൽ താൻ പാരായണം ചെയ്യുകയും കേൾക്കുകയും ചെയ്ത ഖുർആനിന്റെയും ശുപാർശകൾ ലഭിക്കുന്ന വ്യക്തി എത്ര സൗഭാഗ്യവാൻമാർ! അവർക്ക് എത്ര മാത്രം ആനന്ദം ലഭിക്കുന്ന സമയമായിരിക്കുമത്! അല്ലാഹു പാപികളായ നമ്മെയും തന്റെ ഔദാര്യം കൊണ്ട് അവരിൽ ഉൾപ്പെടുത്തുമാറാകട്ടെ!
റമള്വാനിലെ നോമ്പിന് തുല്യമായി മറ്റൊന്നുമില്ല
4/70. അബൂഹുറയ്‌റ(റ) നിന്നും നിവേദനം. റസൂലുല്ലാഹി (സ) അരുളി: ഒരു വ്യക്തി യാത്ര പോലുള്ള ശർഇയ്യായ കാരണങ്ങളോ രോഗമോ കൂടാതെ റമള്വാനിലെ ഒരു നോമ്പ് ഉപേക്ഷിച്ചാൽ അവൻ ആയുസ്സ് മുഴുവൻ നോമ്പനുഷ്ഠിച്ചാലും അതിന് പകരമാവുകയില്ല. (മുസ്‌നദ് അഹ്മദ്, തിർമിദി, അബൂദാവൂദ്, ഇബ്‌നുമാജ, ദാരിമി)
വിവരണം: ഒരു ഫർള്വ് നോമ്പ് നഷ്ടപ്പെട്ടാൽ ഖളാവീട്ടുന്നതിന് നിയമപ്രകാരം ഒരു ദിവസം നോമ്പ് അനുഷ്ഠിച്ചാൽ മതി. എന്നാൽ റമള്വാനിലെ ഒരു നോമ്പിനോടൊപ്പം  നഷ്ടപ്പെടുന്ന അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും ആയുസ്സ് മുഴുവൻ നഫ്ൽ നോമ്പ് അനുഷ്ഠിച്ചാലും വീണ്ടെടുക്കാൻ സാധ്യമല്ല. അശ്രദ്ധ കാരണം റമള്വാനിലെ നോമ്പുകൾ നഷ്ടപ്പെടുത്തുന്നവർ തങ്ങൾക്ക് എത്ര വലിയ നഷ്ടമാണ് വരുത്തിവെക്കുന്നതെന്ന് ചിന്തിച്ചു കൊള്ളട്ടെ! 
നോമ്പിൽ പാപങ്ങളെ വെടിയുക
4/71. അബൂഹുറയ്‌റ (റ) നിവേദനം ചെയ്യുന്നു: റസൂലുല്ലാഹി (സ) അരുളി: ''നോമ്പനുഷ്ഠിക്കുന്ന വ്യക്തി അനാവശ്യ സംസാരവും പ്രവർത്തിയും ഉപേക്ഷിച്ചില്ലെങ്കിൽ അവൻ വിശന്നും ദാഹിച്ചും കഴിയുന്നതിൽ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല''. (ബുഖാരി)
വിവരണം:  അന്നപാനീയങ്ങൾ ഉപേക്ഷിക്കുന്നതിനോടൊപ്പം തെറ്റുകുറ്റങ്ങളിൽ നിന്നും നാക്കും ഇതര അവയവങ്ങളും സൂക്ഷിക്കലും അല്ലാഹുവിങ്കൽ നോമ്പ് സ്വീകാര്യമാകുന്നതിന് അത്യന്താപേക്ഷിതമാണെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. നോമ്പുകാരനായ ഒരാൾ പാപകരമായ വർത്തമാനങ്ങളിലും പ്രവർത്തനങ്ങളിലും മുഴുകിക്കഴിഞ്ഞാൽ അല്ലാഹു അയാളുടെ നോമ്പിനെ അൽപവും പരിഗണിക്കുന്നതല്ല. 



**********************



***********************************

 ജുമുഅ സന്ദേശം 


All India Muslim Personal Law Board

നമസ്കാരം നിലനിർത്തുക, നന്നാക്കുക

അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ്  ഹസനി നദ്‌വി


 (അനുഗ്രഹീത റമളാനുൽ മുബാറക് നന്മകളുടെ പ്രധാന പരിശീലന കാലം കൂടിയാണ്. ഈമാൻ കഴിഞ്ഞാൽ പ്രഥമവും പ്രധാനവുമായി പരിശീലിക്കേണ്ട ഒരു ഇബാദത്ത് നമസ്കാരമാണ്. ഇസ്‌ലാമിൽ അല്ലാഹുവിന്റെ പ്രധാനപ്പെട്ട നാല് ചിഹ്നങ്ങളിൽ ഒന്ന് കൂടിയായ നമസ്കാരത്തിൽ ശ്രദ്ധിക്കാനും മറ്റുള്ളവരെ പ്രേരിപ്പിക്കാനും അല്ലാഹു ഉതവി നൽകട്ടെ..!)


നമസ്‌ക്കാരത്തിന്റെ പ്രാധാന്യം
നമസ്‌ക്കാരം അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ സുപ്രധാനമായ ഒന്നാണ്. നമസ്‌ക്കാരത്തിൽ അല്ലാഹു ധാരാളം മഹത്വങ്ങളും പ്രത്യേകതകളും വെച്ചിട്ടുണ്ട്. അവകൾ ഉൾക്കൊണ്ട് ഒരാൾ നമസ്‌ക്കരിച്ചാൽ നമസ്‌ക്കാരത്തിലൂടെ സമുന്നത ആത്മീയ ഉന്നതിയും ശക്തിയും ലഭിക്കുന്നതാണ്. നമസ്‌ക്കാരത്തിൽ സത്യവിശ്വാസിയുടെ മിഅ്‌റാജ് (പടച്ചവനിലേക്കുള്ള പ്രയാണം) ആണ്. പരിശുദ്ധു ഖുർആനിൽ നമസ്‌ക്കാരവും സകാത്തും പടച്ചവന്റെ സാമിപ്യത്തിനുള്ള പ്രധാന മാധ്യമങ്ങളായി ആവർത്തിച്ച് പറയപ്പെട്ടിരിക്കുന്നു. തീർച്ചയായും സത്യവിശ്വാസം സ്വീകരിക്കുകയും സൽകർമ്മങ്ങൾ അനുഷ്ടിക്കുകയും നമസ്‌കാരം മുറപ്രകാരം നിർവ്വഹിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്തവർക്ക് അവരുടെ രക്ഷിതാവിങ്കൽ പ്രതിഫലം ഉണ്ട്. അവരുടെ മേൽ ഭയപ്പാടുണ്ടാകുന്നതല്ല. അവർ വ്യസനിക്കുന്നതുമല്ല. (ബഖറ 277). 

പ്രിയംകര കർമ്മം
നമസ്‌ക്കാരം പടച്ചവന് വളരെയധികം പ്രിയപ്പെട്ട കർമ്മമാണ്. റസൂലുല്ലാഹി (സ)യെ പടച്ചവന്റെ അരികിലേക്ക് സ്‌നേഹത്തോടെ വിളിച്ചുവരുത്തി ആദരവോടെ നൽകിയ ഉപഹാരമാണ് നമസ്‌ക്കാരം. അതിലൂടെ ആത്മീയ ഔന്നിത്യം കരസ്ഥമാക്കാനും പടച്ചവന്റെ സാമിപ്യം നേടാനും കഴിയുന്നു. എന്നാൽ നമസ്‌ക്കാരം നിർവ്വഹിക്കുമ്പോൾ ഉണ്ടായിരിക്കണമെന്ന് കൽപ്പിക്കപ്പെട്ട ശാരീരിക മാനസിക അവസ്ഥകൾ ഉൾക്കൊള്ളാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അപ്രകാരം ശരിയായ നിലയിൽ നമസ്‌ക്കാരിക്കുന്ന പക്ഷം മനുഷ്യൻ ഇഹപര വിജയങ്ങൾ നേടിയെടുക്കുന്നതാണ്.
നമസ്‌ക്കാരം സമുന്നത കർമ്മമാണെങ്കിലും ദാസന്മാരുടൈ എളുപ്പത്തിന് വേണ്ടി സർവ്വ സമയവും അത് നിർബന്ധമാക്കപ്പെട്ടിട്ടില്ല. ഒരു ദിവസത്തിൽ അഞ്ച് നേരം മാത്രമാണ് നമസ്‌ക്കാരം നിർബന്ധം. ഇരുപത്തിനാല് മണിക്കൂർ സമയത്തിലെ ഒന്നര മണിക്കൂർ കൊണ്ട് നമസ്‌ക്കാരം പൂർണ്ണമായി നിർവ്വഹിക്കാൻ സാധിക്കന്നതാണ്. പക്ഷേ, നമസ്‌ക്കാരത്തിന്റെ അടിസ്ഥാനം ഇഖ്‌ലാസ് (ഉദ്ദേശ ശുദ്ധിയാണെന്ന്) ഓർക്കുക. സഹാബാ മഹത്തുക്കളുടെ സമുന്നത ഗുണമാണ് ഇഖ്‌ലാസ്. ഈ വിഷയത്തിൽ അവരെ വാഴ്ത്തിക്കൊണ്ട് അല്ലാഹു അറിയിക്കുന്നു: മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്. അദ്ദേഹത്തോടൊപ്പമുള്ളവർ നിഷേധികളോട് കടുപ്പവും പരസ്പര കാരുണ്യവും ഉള്ളവരാണ്. അവരെ അല്ലാഹുവിന്റെ ഔദാര്യവും പ്രീതിയും ആഗ്രഹിച്ചുകൊണ്ട് റുകൂഅ് സുജൂദ് ചെയ്യുന്നവരായി താങ്കൾ കാണുന്നതാണ്. (ഫത്ഹ് 29). ആത്മാർത്ഥതയോടെയുള്ള നമസ്‌ക്കാരം ജീവിതം മുഴുവൻ പ്രതിഫലനം ഉളവാക്കുന്നതാണ്. അല്ലാഹു അറിയിക്കുന്നു: ഈ ഗ്രന്ഥത്തിൽ താങ്കൾക്ക് ബോധനം നൽകപ്പെടുന്നത് പാരായണം ചെയ്യുകയും നമസ്‌കാരം നിലനിർത്തുകയും ചെയ്യുക. നിശ്ചയം നമസ്‌കാരം മ്ലേച്ഛവും നികൃഷ്ടവുമായ സർവ്വ കാര്യങ്ങളെയും തടയുന്നു. അല്ലാഹുവിന്റെ ധ്യാനം ഏറ്റവും വലുതാണ്. നിങ്ങൾ പ്രവൃത്തിക്കുന്നതെല്ലാം അല്ലാഹു അറിയുന്നു. (അൻകബൂത്ത് 45). 


നമസ്‌ക്കാരത്തിന്റെ പ്രത്യേകത
ഇസ്‌ലാമിൽ പടച്ചവന്റെ സാമിപ്യം നേടിത്തരുന്ന അഞ്ച് കർമ്മങ്ങൾ പ്രാധാന്യത്തോടെ പ്രേരിപ്പിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ കലിമ, നമസ്‌ക്കാരം, നോമ്പ്, സകാത്ത്, ഹജ്ജ്. കലിമയിലുള്ള വിശ്വാസം എല്ലാവർക്കും നിർബന്ധമാണ്. കാർമ്മികമായ ഇതര നാല് ആരാധനകളിൽ നമസ്‌ക്കാരം ഒഴിച്ചുള്ള സർവ്വതിനും കഴിവുണ്ടായിരിക്കൽ നിബന്ധനയാണ്. എന്നാൽ നമസ്‌ക്കാരം മനുഷ്യ ശരീരത്തിൽ ജീവനുള്ള കാലമെല്ലാം നിർബന്ധമാണ്. നിൽക്കാൻ ബുദ്ധിമുട്ടുള്ളവർ ഇരിക്കുക പോലെ ഇളവുകൾ സ്വീകരിക്കാൻ അനുവാദമുണ്ടെങ്കിലും ബുദ്ധിയും ബോധവുമുള്ള കാലത്തോളം ആരിൽ നിന്നും നമസ്‌ക്കാരത്തിന്റെ നിർബന്ധിത ഒഴിവാകുന്നതല്ല. അല്ലാഹു ഉണർത്തുന്നു: ഉറപ്പായ കാര്യം (മരണം) താങ്കൾക്ക് വരുന്നതുവരെ താങ്കളുടെ രക്ഷിതാവിനെ ആരാധിക്കുക. (ഹിജ്ർ 99).
നമസ്‌ക്കാരം ഒരു നിലയ്ക്ക് ഭൂലോകത്ത് നിന്നും പടച്ചവന്റെ തിരുസന്നിധിയിലേക്കുള്ള പ്രയാണമാണ്. നമസ്‌ക്കാരത്തിലൂടെ ദാസൻ പടച്ചവന്റെ സമക്ഷത്തിൽ എത്തിച്ചേരുകയും പടച്ചവനുമായി നേർക്കുനേരെ അഭിമുഖ സംഭാഷണം നടത്തുകയും ചെയ്യുന്നു. നമസ്‌ക്കാരം സ്വർഗ്ഗത്തിലേക്കുള്ള സുപ്രധാന സരണിയാണ്. അതിനെ യഥാവിധി നിർവ്വഹിക്കുന്നതിലൂടെ പടച്ചവന്റെ പ്രിയവും പൊരുത്തവും ലഭിക്കുന്നതാണെന്ന് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. 


നമസ്‌ക്കാരം വലിയൊരു ആയുധം
അല്ലാഹു നമസ്‌ക്കാരത്തിൽ ധാരാളം മഹൽഗുണങ്ങൾ നിക്ഷേപിച്ചിരിക്കുന്നു. നമസ്‌ക്കാരം ശരിയായി നിർവ്വഹിക്കുന്നതിലൂടെ ദാസന് ആത്മീയ ശക്തി ലഭിക്കുന്നതാണ്. നമസ്‌ക്കാരം പടച്ചവന്റെ സാമിപ്യവും സഹായവും നേടിത്തരുന്നു. ദു:ഖ-ദുരിതങ്ങളുടെ സമയത്ത് മന:ക്കരുത്ത് പകരുന്നു. പ്രയാസ പ്രശ്‌നങ്ങളെ നേരിടാനുള്ള ശക്തമായ ആയുധമാണ് നമസ്‌ക്കാരം.
ഇസ്‌ലാമിന്റെ തുടക്കത്തിൽ റസൂലുല്ലാഹി (സ) സത്യത്തിന്റെ പ്രബോധനം നിർവ്വഹിച്ചപ്പോൾ കഠിനമായ പ്രയാസങ്ങളും എതിർപ്പുകളും നേരിടേണ്ടി വന്നു. ശത്രുക്കൾ സത്യവിശ്വാസികളുടെ മേൽ കഠിനമായ അക്രമങ്ങൾ അഴിച്ചുവിട്ടു. ഇതിന് പരിഹാരമായ നിലയിൽ കൂടി പടച്ചവൻ നിർദ്ദേശിച്ച പ്രധാന കർമ്മമാണ് നമസ്‌ക്കാരം. അല്ലാഹു റസൂലുല്ലാഹി (സ)യോട് കൽപ്പിച്ചു: അല്ലയോ പുതപ്പ് പുതച്ചവരെ. എഴുന്നേൽക്കുക, മുന്നറിയിപ്പ് നൽകുക. താങ്കളുടെ രക്ഷിതാവിന്റെ മഹോന്നതി വിവരിക്കുക. (മുദ്ദസിർ 1-3).
റസൂലുല്ലാഹി (സ)യും സഹാബത്തും ഉപര്യുക്ത കൽപ്പന പരിപൂർണ്ണമായി പാലിച്ചു. ഇതിലൂടെ അവർക്ക് വലിയ മന:ക്കരുത്ത് കൈവന്നു. ഇതിന് മുമ്പ് അവർ രഹസ്യമായിട്ടാണ് പ്രബോധനം നടത്തിയത്. എന്നാൽ ഇതിന് ശേഷം പരസ്യമായ പ്രബോധനം ആരംഭിച്ചു. ശത്രുക്കൾ കഠിനമായ അക്രമങ്ങൾ അഴിച്ചുവിട്ടു. സാധുക്കളായ സത്യവിശ്വാസികൾ ക്രൂരമായി അക്രമിക്കപ്പെട്ടു. പലരും ഈ വഴിയിൽ രക്ത സാക്ഷികളായി. അവസാനം ഒരു സഹാബി ഇപ്രകാരം ചോദിച്ചു പോയി: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങൾ ബഹുദൈവരാധനയുടെ കാലഘട്ടത്തിൽ വലിയ സമാധാനത്തിലും അന്തസ്സിലുമായിരുന്നു. എന്നാൽ ഇസ്‌ലാമിൽ വന്നതിന് ശേഷം വലിയ നിന്ദ്യതയിലാണല്ലോ? പക്ഷേ, റസൂലുല്ലാഹി (സ) സഹാബത്തിനെ ഉണർത്തി: സഹനതയോടെ ഉറച്ച് നിൽക്കുകയും നമസ്‌ക്കാരം കൃത്യമായി നിർവ്വഹിക്കുകയും ചെയ്യുക. (നിസാഅ് 77). 


നമസ്‌ക്കാരം മാനവന്റെ മഹത്വം
അല്ലാഹു സർവ്വ വസ്തുക്കളുടെയും സ്രഷ്ടാവും ഉടമസ്ഥനുമാണ്. പടച്ചവൻ മനുഷ്യനെ ഇതര സൃഷ്ടികളേക്കാൾ ഉന്നതനാക്കിയിരിക്കുന്നു. ഈ മഹത്വം വ്യക്തമാക്കുന്നതിന് മനുഷ്യ സൃഷ്ടിപ്പിന്റെ ആരംഭത്തിൽ മനുഷ്യനെ ആദരിക്കാൻ മറ്റുള്ളവരോട് കൽപ്പിച്ചു. അത് പാലിക്കാതിരുന്ന പിശാചിന് കഠിന ശിക്ഷ നൽകി. എന്നാൽ ഇതേ മനുഷ്യന്റെ മഹത്വം പടച്ചവനെ അനുസരിക്കുന്നതിലും ആരാധിക്കുന്നതിലുമാണ്. പ്രസ്തുത ആരാധനയിൽ അതിമഹത്തരമായത് നമസ്‌ക്കാരമാണ്. ഇതിലൂടെ മനുഷ്യൻ പടച്ചവന്റെ ഉന്നത ദാസനായി മാറുന്നതും സ്വർഗ്ഗത്തിൽ എത്തിച്ചേരുന്നതുമാണ്.
ഈ ലോകവും ഇതിലുള്ള സകല വസ്തുക്കളും ഇതിനപ്പുറമുള്ള ലോകങ്ങളും സർവ്വ സൃഷ്ടികളും അല്ലാഹുവിന്റെ പടപ്പുകൾ മാത്രമാണ്. പടച്ചവൻ ഈ ലോകത്തേക്ക് മനുഷ്യനെ അയച്ചത് മനുഷ്യൻ എത്രമാത്രം പടച്ചവനെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുന്നുവെന്ന് പരിശോധിക്കാനാണ്. മനുഷ്യൻ ഒന്നുങ്കിൽ ഭൗതികതയുടെ ചെളിക്കുണ്ടിൽ ആണ്ടിറങ്ങി നശിക്കുന്നതാണ്. അല്ലെങ്കിൽ അവന്റെ മനസ്സിനെ പരിശുദ്ധമാക്കി പടച്ചവന്റെ സാമിപ്യത്തിന്റെ ഉന്നതങ്ങളിലേക്ക് ഉയരുന്നതാണ്. ഇതിനുള്ള ഏറ്റവും ഉന്നതമായ മാർഗ്ഗം നമസ്‌ക്കാരവും നമസ്‌ക്കാരത്തിലൂടെ ജീവിതത്തെ ചിട്ടപ്പെടുത്തലുമാണ്. ഒരു ദാസൻ ശരിയായ നിലയിൽ നമസ്‌ക്കരിച്ചാൽ അവന്റെ മനസ്സും ജീവിതവും നന്നാകുന്നതും ഉന്നത സ്ഥാനം കരസ്ഥമാക്കുന്നതുമാണ്.


ഇതര സൃഷ്ടികളുടെ ആരാധനകളുടെ സമ്പൂർണ്ണ രൂപം
സർവ്വലോക സ്രഷ്ടാവായ അല്ലാഹു ധാരാളം സൃഷ്ടികളെ ഉണ്ടാക്കി. അതിലേറ്റവും ശ്രേഷ്ടൻ മനുഷ്യനാണ്. എല്ലാ സൃഷ്ടികളും പടച്ചവനെ ആരാധിക്കുന്നുണ്ട്. എന്നാൽ ഉത്തമ സൃഷ്ടിയായ മനുഷ്യന് നൽകിയിരിക്കുന്ന ആരാധനയായ നമസ്‌ക്കാരം ഇതര സൃഷ്ടികളുടെ ആരാധനകളേക്കാളെല്ലാം ഉന്നതവും അവയുടെ ആരാധനകളുടെ സമ്പൂർണ്ണ രൂപവുമാണ്. ലോക പ്രശസ്ത ഇസ്‌ലാമിക ചിന്തകൻ അല്ലാമ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി കുറിക്കുന്നു: ഈ ലോകം ഉണ്ടായ അന്ന് മുതൽ പ്രകാശത്തിന്റെയും ചൂടിന്റെയും കേന്ദ്രമായ സൂര്യൻ അതിന്റെ ജോലി വളരെ കൃത്യമായി നിലയിൽ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു. ചന്ദ്രൻ അത് സുന്ദരമായ നിലയിൽ സഞ്ചരിച്ചുകൊണ്ട് മാസങ്ങളും വർഷങ്ങളും കാണിച്ച് തരുന്നു. സഹസ്രാബ്ദങ്ങളായി പർവ്വതങ്ങൾ കർത്തവ്യ നിർവ്വഹണത്തിനുവേണ്ടി അടിയുറച്ച് നിൽക്കുന്നു. വൃക്ഷങ്ങൾ തണൽ വിരിച്ചും പഴം നൽകിയും ജനങ്ങൾക്ക് പ്രയോജനം നൽകുകയും പടച്ചവനെ ആരാധിക്കുകയും ചെയ്യുന്നു. ഉത്തമ സൃഷ്ടിയും പടച്ചവന്റെ പ്രതിനിധിയുമായ മാനവരാശിയ്ക്ക് ജീവിതത്തിന്റെ സന്ദേശം നൽകിക്കൊണ്ട് കാറ്റ് വീശിക്കൊണ്ടിരിക്കുന്നു. മേഘങ്ങൾ ജലം നിറച്ച് വിവിധ സ്ഥലങ്ങളിൽ പെയ്യുകയും അതിലൂടെ ഭൂമിയ്ക്ക് പൊതുജീവൻ ലഭിക്കുകയും ചെയ്യുന്നു. അതുവഴിയായി ഉറവകൾ പ്രവഹിക്കുകയും മനുഷ്യന്റെ ദാഹം അകലുകയും കൃഷിയിടങ്ങൾ തളിർക്കുകയും ആഹാരം ലഭിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ഇവകളെല്ലാം ഈ നിലയിൽ പടച്ചവനെ ആരാധിക്കുക കൂടിയാണ് ചെയ്യുന്നത്. നടക്കുകയും ഓടുകയും ചെയ്യുന്ന നാൽക്കാലികൾ പടച്ചവന് മുന്നിൽ കുനിഞ്ഞ് റുകൂഅ് ചെയ്യുകയാണ്. മറ്റ് സൃഷ്ടികളും സർവ്വ ലോക സ്രഷ്ടാവിന് വിവിധ രീതികളിൽ ആരാധന അനുഷ്ടിച്ചുകൊണ്ടിരിക്കുന്നു. അല്ലാഹു അറിയിക്കുന്നു: ആകാശഭൂമികളിലുള്ള സർവ്വവസ്തുക്കളും സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, പർവതങ്ങൾ, വൃക്ഷങ്ങൾ, ജന്തുക്കൾ, ധാരാളം ജനങ്ങൾ ഇവയെല്ലാം അല്ലാഹുവിന് സുജൂദ് ചെയ്യുന്നത് താങ്കൾ കണ്ടില്ലേ. കുറെ ജനങ്ങളുടെമേൽ ശിക്ഷ സ്ഥിരപ്പെട്ടിരിക്കുന്നു. അല്ലാഹു നിന്ദിച്ചവനെ ആദരിക്കാൻ ആരുമില്ല. അല്ലാഹു ഉദ്ദേശിച്ചത് അല്ലാഹു പ്രവർത്തിക്കുന്നു. (ഹജ്ജ് 18), ആകാശഭൂമികളിലുള്ള എല്ലാ ജീവികളും മലക്കുകളും അല്ലാഹുവിന് സുജൂദ് ചെയ്യുന്നു. അവരാരും അഹങ്കരിക്കുന്നില്ല. അവരുടെ മുകളിലുള്ള നാഥനെ അവർ ഭയപ്പെടുകയും കല്പിക്കപ്പെടുന്ന കാര്യം അവർ പ്രവർത്തിക്കുകയും ചെയ്യുന്നു. (നഹ്ൽ 49-50), ആകാശഭൂമികളിലുള്ള സകലതും അനുസരണയോടെയോ നിർബന്ധിതരായോ അല്ലാഹുവിന് സുജൂദ് ചെയ്യുന്നു. പ്രഭാതത്തിലും പ്രദോഷത്തിലും അവയുടെ നിഴലുകളും സുജൂദ് അനുഷ്ഠിക്കുന്നു. (റഅ്ദ് 15), സൂര്യനും ചന്ദ്രനും ഒരു നിശ്ചിത കണക്കുണ്ട്. നക്ഷത്രവും വൃക്ഷവും സുജൂദ് ചെയ്യുന്നു. (റഹ്മാൻ 5-6),അല്ലാഹുവാണ് ആകാശഭൂമികളെ സൃഷ്ടിച്ചത്. ആകാശത്തു നിന്നും അല്ലാഹു ജലം ഇറക്കി. അതിലൂടെ നിങ്ങൾക്ക് ആഹാരത്തിന് വ്യത്യസ്ത ഫലവർഗ്ഗങ്ങൾ പുറപ്പെടുവിച്ചു. അല്ലാഹുവിന്റെ അനുമതി പ്രകാരം സമുദ്രത്തിൽ സഞ്ചരിക്കുന്നതിന് നിങ്ങൾക്ക് കപ്പൽ കീഴ്പ്പെടുത്തി തന്നു. നദികളും നിങ്ങൾക്കു കീഴ്പ്പെടുത്തിത്തന്നു. തുടർച്ചയായി സഞ്ചരിക്കുന്ന നിലയിൽ സൂര്യനെയും ചന്ദ്രനെയും നിങ്ങൾക്ക് കീഴ്പ്പെടുത്തി തന്നു. രാവിനെയും പകലിനെയും നിങ്ങൾക്കു കീഴ്പ്പെടുത്തിത്തന്നു. നിങ്ങൾ ചോദിക്കുന്നതെല്ലാം നിങ്ങൾക്ക് നൽകി. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നിങ്ങൾ എണ്ണിയാൽ നിങ്ങൾ തിട്ടപ്പെടുത്തുന്നതല്ല. തീർച്ചയായും മനുഷ്യൻ വലിയ അക്രമിയും മഹാ നന്ദികെട്ടവനുമാണ്. (ഇബ്‌റാഹീം 32-34), ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളതും അവനെ സ്തുതിച്ചുകൊണ്ട് പ്രകീർത്തനം ചെയ്യുന്നു. യാതൊരു വസ്തുവും അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് അവനെ പ്രകീർത്തിക്കാത്തതായി ഇല്ല. പക്ഷേ, നിങ്ങൾ അവയുടെ പ്രകീർത്തനം ഗ്രഹിക്കുന്നില്ല. തീർച്ചയായും അല്ലാഹു വളരെ സഹനതയുള്ളവനും ഏറെ പൊറുക്കുന്നവനുമാണ്. (ബനൂഇസ്‌റാഈൽ 44).
ചുരുക്കത്തിൽ സർവ്വ സൃഷ്ടികളും വിവിധ രീതികളിൽ പടച്ചവനെ ആരാധിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ മനുഷ്യൻ സർവ്വ സൃഷ്ടികളേക്കാളും ഉത്തമനാണ്. അതുകൊണ്ട് പടച്ചവൻ മനുഷ്യന് ഏറ്റവും ഉന്നതമായ ആരാധനയുടെ രൂപം നൽകി. അതിൽ ഇതര സൃഷ്ടികളുടെ എല്ലാം ആരാധനയുടെ ആത്മാവ് അടങ്ങിയിരിക്കുന്നു. അതാണ് മഹത്തായ നമസ്‌ക്കാരം. 


നല്ല നിലയിൽ നമസ്‌ക്കരിക്കുക
അസാധാരണവും സമുന്നതവുമായ ഒരു ആരാധനയാണ് നമസ്‌ക്കാരം. അതിനെ മരണം വരെ നിർവ്വഹിക്കുന്നതിനോടൊപ്പം കഴിവിന്റെ പരമാവധി നല്ലനിലയിൽ അനുഷ്ടിക്കാനും ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ നമസ്‌ക്കാരം നിർവ്വഹിക്കണമെന്ന കൽപ്പനകളും പ്രേരണകളും ധാരാളം നൽകിയതിനോടൊപ്പം അത് നിർവ്വഹിക്കേണ്ട രീതികളെക്കുറിച്ചും നിരവധി നിർദ്ദേശങ്ങൾ ഖുർആനിലും ഹദീസിലും നൽകപ്പെട്ടിരിക്കുന്നു. അല്ലാമ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി കുറിക്കുന്നു:
നമസ്‌ക്കാരത്തിന്റെ വിശ്വാസപരവും ആത്മീയവുമായ മഹത്വങ്ങൾ നേടിയെടുക്കുന്നതിന് വളരെയധികം തത്വങ്ങൾ നിറഞ്ഞ നിയമ മര്യാദകൾ റസൂലുല്ലാഹി (സ) പഠിപ്പിച്ചിരിക്കുന്നു. അവ പാലിക്കുന്നതിലൂടെ നമസ്‌ക്കാരത്തിൽ ഭയഭക്തിയും ശാന്തിയും സമാധാനവും കൈവരുന്നതാണ്. അനസ് (റ) നിവേദനം, റസൂലുല്ലാഹി (സ) ) അരുളി: നിങ്ങൾ നമസ്‌ക്കാരത്തിന് നിൽക്കുമ്പോൾ പടച്ചവനുമായി സംഭാഷണം നടത്തുകയാണെന്ന് മനസ്സിലാക്കുക. ആകയാൽ നമസ്‌ക്കാരത്തിൽ അച്ചടക്കം പുലർത്തേണ്ടതാണ്. ഇനി അത്യാവശ്യത്തിന് തുപ്പേണ്ടി വന്നാൽ മുൻഭാഗത്തോ വലത് ഭാഗത്തോ തുപ്പരുത്. ഇടത് ഭാഗത്തോ കാൽക്കീഴിലോ തുപ്പുക. (ബുഖാരി).
നമസ്‌ക്കാരത്തെ ലളിതമായ നിലയിൽ സമ്പൂർണ്ണമാക്കാനുള്ള ഒരു മാർഗ്ഗമാണ് ജമാഅത്തായുള്ള നമസ്‌ക്കാരം. ഇപ്രകാരം നമസ്‌ക്കരിക്കുന്നവർ ഇമാമിനെ പിൻപറ്റാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇതിലൂടെ ചിതറിത്തെറിച്ച അവസ്ഥകളിൽ നിന്നും സംരക്ഷണവും മനോച്ഛയുടെ പിടിവലിയിൽ നിന്നും മോചനവും ലഭിക്കുന്നതാണ്. ഇമാമിന് പിന്നിൽ നിൽക്കുന്നവർ ഇമാമിനേക്കാൾ മുന്താനും വല്ലാതെ പിന്താനും പാടില്ല. നമസ്‌ക്കാരത്തിന്റെ വലിയൊരു പാഠം അനുസരണയാണ്. റസൂലുല്ലാഹി (സ) അരുളി: ഞാൻ നിസ്‌കരിക്കുന്നത് പോലെ നിങ്ങൾ നമസ്‌കരിക്കുക. (ബുഖാരി). ഇമാമിനെ നിശ്ചയിക്കപ്പെട്ടിരിക്കുന്നത് പിൻപറ്റാൻ വേണ്ടിയാണ്. (ബുഖാരി).
ഇപ്രകാരം മസ്ജിദുകളിൽ നമസ്‌ക്കരിക്കാനും മസ്ജിദുമായി ബന്ധം സുദൃഢമാക്കാനും കൽപ്പിക്കപ്പെട്ടിരിക്കുന്നു. മസ്ജിദ് ഒരു ഭാഗത്ത് പടച്ചവന്റെ അനുഗ്രഹീത ഭവനമാണ്. മറുഭാഗത്ത് മനുഷ്യന് ഉത്തമ സംസ്‌കരണവും സംസ്‌കാരവും ലഭിക്കുന്ന സ്ഥാനവുമാണ്. ഇവിടെ ആർക്കും ഉയർച്ചയും താഴ്ച്ചയുമില്ല. അടിമയും ഉടമയും ഭരണാധികാരിയും ഭരണീയരും സമ്പന്നരും ദരിദ്ര്യരും ഒരേ നിരയിൽ നിന്ന് നമസ്‌ക്കരിക്കുന്നതിലൂടെ മനുഷ്യരിൽ ഉന്നത ഗുണങ്ങൾ ഉണ്ടായിത്തീരുന്നതാണ്.
ചുരുക്കത്തിൽ നമസ്‌ക്കാരം വളരെ പ്രധാനപ്പെട്ട ആരാധനയാണ്. കഴിവിന്റെ പരമാവധി ശരിയായ നിലയിൽ ഇത് നിർവ്വഹിക്കാൻ പരിശ്രമിക്കേണ്ടതാണ്. അല്ലാഹു ഉതവി നൽകട്ടെ.

********************************

മആരിഫുല്‍ ഖുര്‍ആന്‍ 

 

സൂറത്തുല്‍ വാഖിഅ-3
(96 ആയത്തുകള്‍, പദങ്ങള്‍ 378, അക്ഷരങ്ങള്‍ 1703, മക്കാമുകര്‍റമയില്‍ അവതരണം. എന്നാല്‍ 81, 82 ആയത്തുകള്‍ മദീനമുനവ്വറയില്‍ അവതരിച്ചു. 3 റുകൂഅ്. അവതരണ ക്രമം 46. പാരായണ ക്രമം 56. സൂറത്തുത്വാഹാക്ക് ശേഷം അവതരണം) 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം

മരണാനന്തര ജീവിതത്തിനുള്ള തെളിവുകള്‍


മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


ആയത്ത് 57-74

 نَحْنُ خَلَقْنَاكُمْ فَلَوْلَا تُصَدِّقُونَ (57) أَفَرَأَيْتُم مَّا تُمْنُونَ (58أَأَنتُمْ تَخْلُقُونَهُ أَمْ نَحْنُ الْخَالِقُونَ (59نَحْنُ قَدَّرْنَا بَيْنَكُمُ الْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ (60عَلَىٰ أَن نُّبَدِّلَ أَمْثَالَكُمْ وَنُنشِئَكُمْ فِي مَا لَا تَعْلَمُونَ (61وَلَقَدْ عَلِمْتُمُ النَّشْأَةَ الْأُولَىٰ فَلَوْلَا تَذَكَّرُونَ (62أَفَرَأَيْتُم مَّا تَحْرُثُونَ (63أَأَنتُمْ تَزْرَعُونَهُ أَمْ نَحْنُ الزَّارِعُونَ (64لَوْ نَشَاءُ لَجَعَلْنَاهُ حُطَامًا فَظَلْتُمْ تَفَكَّهُونَ (65إِنَّا لَمُغْرَمُونَ (66بَلْ نَحْنُ مَحْرُومُونَ (67أَفَرَأَيْتُمُ الْمَاءَ الَّذِي تَشْرَبُونَ (68أَأَنتُمْ أَنزَلْتُمُوهُ مِنَ الْمُزْنِ أَمْ نَحْنُ الْمُنزِلُونَ (69لَوْ نَشَاءُ جَعَلْنَاهُ أُجَاجًا فَلَوْلَا تَشْكُرُونَ (70أَفَرَأَيْتُمُ النَّارَ الَّتِي تُورُونَ (71أَأَنتُمْ أَنشَأْتُمْ شَجَرَتَهَا أَمْ نَحْنُ الْمُنشِئُونَ (72نَحْنُ جَعَلْنَاهَا تَذْكِرَةً وَمَتَاعًا لِّلْمُقْوِينَ (73فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ (74


നാമാണ് നിങ്ങളെ പടച്ചത്. നിങ്ങള്‍ എന്തുകൊണ്ട് പരലോകത്തെ അംഗീകരിച്ചില്ല?(57) നിങ്ങള്‍ സ്രവിപ്പിക്കുന്ന ഇന്ദ്രിയത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?(58) നിങ്ങളാണോ അതിനെ മനുഷ്യനായി സൃഷ്ടിക്കുന്നത്, അതോ നാമാണോ സൃഷ്ടാവ്?(59) നാം നിങ്ങള്‍ക്കിടയില്‍ മരണം നിശ്ചയിച്ചിരിക്കുന്നു. നമ്മുടെ കഴിവില്‍ നിന്നും ആര്‍ക്കും മുന്‍കടക്കാന്‍ സാധിക്കുന്നതല്ല.(60) നിങ്ങളെപ്പോലെ മറ്റുള്ളവരെ സൃഷ്ടിക്കാനും നിങ്ങള്‍ക്ക് അറിവില്ലാത്ത ഒരു രൂപത്തില്‍ നിങ്ങളെ ആക്കാനും നാം കഴിവുളളവനാണ്.(61) ആദ്യ സൃഷ്ടിപ്പിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാം. പിന്നെ എന്തുകൊണ്ടാണ് നിങ്ങള്‍ മനസ്സിലാക്കാത്തത്?(62) നിങ്ങള്‍ നടത്തുന്ന കൃഷിയില്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ?(63) ഭൂമിയില്‍ നിന്നും കൃഷികളെ ഉല്‍പ്പാദിപ്പിക്കുന്നത് നിങ്ങളാണോ, അതോ നാമാണോ ഉല്‍പ്പാദിപ്പിക്കുന്നത്?(64) നാം ഉദ്ദേശിച്ചാല്‍ കൃഷിയിടത്തെ മുഴുവനും തകര്‍ത്ത് കച്ചിത്തുരുമ്പ് ആക്കുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ ഖേദത്തോടെ ആശ്ചര്യപ്പെട്ടു നില്‍ക്കുന്നതാണ്.(65) നിങ്ങള്‍ പറയും: ഞങ്ങള്‍ കടബാധ്യതയുള്ളവരായി.(66) മാത്രമല്ല ഞങ്ങള്‍ ഒന്നുമല്ലാത്തവരായി പോയി(67) നിങ്ങള്‍ കുടിക്കുന്ന ജലത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നില്ലേ?(68) മേഘങ്ങളില്‍ നിന്നും അതിനെ ഇറക്കുന്നത് നിങ്ങളാണോ, അതോ നാമാണോ ഇറക്കുന്നത്?(69) നാം വിചാരിച്ചിരുന്നെങ്കില്‍ അതിനെ ഉപ്പുരസമുള്ള കുടിക്കാന്‍ പറ്റാത്ത വെള്ളമാക്കുമായിരുന്നു. നിങ്ങള്‍ എന്തുകൊണ്ടാണ് നന്ദിരേഖപ്പെടുത്താത്തത്?(70) നിങ്ങള്‍ കത്തിക്കുന്ന തീയില്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ.(71) അതിന്‍റെ വൃക്ഷത്തെ നിങ്ങളാണോ ഉണ്ടാക്കിയത് അതോ നാമാണോ ഉണ്ടാക്കിയത്?(72) നാം അതിനെ ഒരു ഉല്‍ബോധന വിഷയവും യാത്രികര്‍ക്ക് ഉപകാരപ്രദവുമാക്കിയിരിക്കുന്നു.(73) ആകയാല്‍ മഹോന്നതനായ രക്ഷിതാവിനെ താങ്കള്‍ പ്രകീര്‍ത്തിക്കുക.(74)

ആശയ സംഗ്രഹം
നാമാണ് നിങ്ങളെ ആദ്യം പടച്ചത്. ഈ കാര്യം നിങ്ങളും അംഗീകരിക്കുന്നുണ്ട്. ഇത് വലിയ ഒരു അനുഗ്രഹവും രണ്ടാമതും പടയ്ക്കാന്‍ പടച്ചവന് കഴിവുണ്ട് എന്നതിന്‍റെ മേല്‍ വ്യക്തമായ തെളിവുമായിരുന്നിട്ടും നിങ്ങള്‍ എന്തുകൊണ്ട് പരലോകത്തെ അംഗീകരിച്ചില്ല? അടുത്തതായി ഈ സൃഷ്ടിപ്പിന്‍റെയും തുടര്‍ന്നുള്ള വളര്‍ച്ചയുടെയും വിവരണം നല്‍കുന്നു: നിങ്ങള്‍ സ്ത്രീകളുടെ ഗര്‍ഭാശയത്തിലേക്ക് എത്തിക്കുന്ന ഇന്ദ്രിയത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നിങ്ങളാണോ അതിനെ മനുഷ്യനായി സൃഷ്ടിക്കുന്നത്, അതോ നാമാണോ സൃഷ്ടാവ്? നാമാണെന്ന കാര്യം വ്യക്തമാണ്. നാം നിങ്ങള്‍ക്കിടയില്‍ നിര്‍ണ്ണിത സമയത്ത് മരണം നിശ്ചയിച്ചിരിക്കുന്നു. അതായത് മനുഷ്യനെ സൃഷ്ടിച്ചതും ഒരു നിര്‍ണ്ണിത സമയം വരെ ജീവിപ്പിക്കുന്നതും നാമാണ്. അടുത്തതായി പറയുന്നു: മനുഷ്യരെ പടയ്ക്കുന്നതും നിലനിര്‍ത്തുന്നതും നമ്മുടെ പ്രവര്‍ത്തനമായതുപോലെ നിങ്ങളുടെ നിലവിലുള്ള രൂപത്തെ നിലനിര്‍ത്തുന്നതും നാം തന്നെയാണ്. നിങ്ങളുടെ സ്ഥാനത്ത് മറ്റൊരു കൂട്ടരെ സൃഷ്ടിക്കുന്നതില്‍ നിന്നും നാം അല്‍പ്പവും അശക്തനല്ല. അതായത് നിങ്ങളെപ്പോലെ മറ്റുള്ളവരെ സൃഷ്ടിക്കാനും നിങ്ങള്‍ക്ക് അറിവില്ലാത്ത ഒരു രൂപത്തില്‍ നിങ്ങളെ ആക്കാനും നാം കഴിവുളളവനാണ്. അതായത് ഉദാഹരണത്തിന് മനുഷ്യനെ മൃഗത്തിന്‍റെ രൂപത്തില്‍ മാറ്റിമറിയ്ക്കാന്‍ നമുക്ക് കഴിവുണ്ട്. അതിന്‍റെ തെളിവ് വിവരിക്കുന്നു: ആദ്യ സൃഷ്ടിപ്പിനെക്കുറിച്ച് അത് നമ്മുടെ കഴിവുകൊണ്ടാണ് ഉണ്ടായതെന്ന് നിങ്ങള്‍ക്ക് അറിയാം. പിന്നെ എന്തുകൊണ്ടാണ് ഇതിനെ അനുഗ്രഹമായി നിങ്ങള്‍ മനസ്സിലാക്കുകയും നന്ദി രേഖപ്പെടുത്തുകയും പടച്ചവന്‍റെ ഏകത്വത്തെ അംഗീകരിക്കുകയും ചെയ്യാത്തത്? അടുത്തതായി പരലോകത്തിന്‍റെ തെളിവെന്നോണം വീണ്ടും വിവരിക്കുന്നു: നിങ്ങള്‍ നടത്തുന്ന കൃഷിയില്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ? ഭൂമിയില്‍ നിന്നും കൃഷികളെ ഉല്‍പ്പാദിപ്പിക്കുന്നത് നിങ്ങളാണോ, അതോ നാമാണോ ഉല്‍പ്പാദിപ്പിക്കുന്നത്? അതായത് നിങ്ങള്‍ വിത്തുകള്‍ വിതയ്ക്കുക മാത്രം ചെയ്യുന്നു. പക്ഷേ, ചെടികളെ മുളപ്പിക്കുന്നത് ആരാണ്? അടുത്തതായി പറയുന്നു: ഭൂമിയില്‍ നിന്നും ചെടിയും വൃക്ഷവും മുളപ്പിക്കുന്നത് നാമാണ്. പിന്നീട് അതില്‍ നിന്നും പ്രയോജനം എടുക്കുന്നതും നമ്മുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ്. നാം ഉദ്ദേശിച്ചാല്‍ കൃഷിയിടത്തെ മുഴുവനും തകര്‍ത്ത് കച്ചിത്തുരുമ്പ് ആക്കുമായിരുന്നു. ഒരു ധാന്യവും നിങ്ങള്‍ക്ക് അപ്പോള്‍ ലഭിക്കുന്നതല്ല. അപ്പോള്‍ നിങ്ങള്‍ ഖേദത്തോടെ ആശ്ചര്യപ്പെട്ടു നില്‍ക്കുന്നതാണ്. നിങ്ങള്‍ പറയും: ഞങ്ങള്‍ കടബാധ്യതയുള്ളവരായി. മൂലധനം പോലും നഷ്ടപ്പെട്ടു. മാത്രമല്ല ഞങ്ങള്‍ ഒന്നുമല്ലാത്തവരായി പോയി. മൂന്നാമതായി മറ്റൊരു ദൃഷ്ടാന്തം ഉണര്‍ത്തുന്നു: നിങ്ങള്‍ കുടിക്കുന്ന ജലത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നില്ലേ? മേഘങ്ങളില്‍ നിന്നും അതിനെ ഇറക്കുന്നത് നിങ്ങളാണോ, അതോ നാമാണോ ഇറക്കുന്നത്? ശേഷം അതിനെ പാനം ചെയ്യാന്‍ യോഗ്യമാക്കുക എന്ന അനുഗ്രഹവും നമ്മുടെ ഭാഗത്ത് നിന്ന് തന്നെയാണ്. നാം വിചാരിച്ചിരുന്നെങ്കില്‍ അതിനെ ഉപ്പുരസമുള്ള കുടിക്കാന്‍ പറ്റാത്ത വെള്ളമാക്കുമായിരുന്നു. നിങ്ങള്‍ എന്തുകൊണ്ടാണ് നന്ദിരേഖപ്പെടുത്താത്തത്? ഏറ്റവും വലിയ നന്ദി പടച്ചവന്‍റെ ഏകത്വത്തില്‍ വിശ്വസിക്കലും നിഷേധത്തെ വര്‍ജ്ജിക്കലുമാണ്. അടുത്തതായി നാലാമത്തെ ഉണര്‍ത്തല്‍ നടത്തുന്നു:  നിങ്ങള്‍ കത്തിക്കുന്ന തീയില്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ? അതിന്‍റെ വൃക്ഷത്തെയും തീ ഉണ്ടാക്കുന്ന ഇതര മാധ്യമങ്ങളെയും നിങ്ങളാണോ ഉണ്ടാക്കിയത് അതോ നാമാണോ ഉണ്ടാക്കിയത്? നാം അതിനെ നരകാഗ്നിയ്ക്ക് അല്ലെങ്കില്‍ നമ്മുടെ അപാരമായ കഴിവിന് ഒരു ഉല്‍ബോധന വിഷയവും യാത്രികര്‍ക്ക് ഉപകാരപ്രദവുമാക്കിയിരിക്കുന്നു. ഉല്‍ബോധനം മതപരമായ നന്മയാണ്. യാത്രികര്‍ക്കുള്ള പ്രയോജനം ഭൗതികമായ നന്മയാണ്. യാത്രികരുടെ കാര്യം പറഞ്ഞത് അവര്‍ക്ക് മാത്രം ഗുണമാണെന്ന അര്‍ത്ഥത്തില്‍ അല്ല. യാത്രയില്‍ സാധാരണ തീ കിട്ടാത്തതിനാല്‍ അത് അത്ഭുതകരമായ ഒരു കാര്യമാണ്. യാത്രികര്‍ക്ക് ഉപകാരപ്രദമെന്നതില്‍ തീ പ്രയോജനപ്പെടുത്താന്‍ കഴിയുക എന്നതും നമ്മുടെ കഴിവില്‍ പെട്ടതാണെന്ന് സൂചനയുണ്ട്. ആകയാല്‍ ഇത്ര വലിയ കഴിവുള്ള മഹോന്നതനായ രക്ഷിതാവിനെ താങ്കള്‍ പ്രകീര്‍ത്തിക്കുക. അതായത് പടച്ചവന്‍റെ സമ്പൂര്‍ണ്ണതയും മഹല്‍ ഗുണങ്ങളും പടച്ചവനെ വാഴ്ത്താനുള്ള പ്രേരകമാണ്.

വിവരണവും വ്യാഖ്യാനവും
സൂറത്തിന്‍റെ ആദ്യം മുതല്‍ ഇവിടെവരെ മനുഷ്യന്‍റെ മൂന്ന് വിഭാഗങ്ങളെയും അവരുടെ പരലോക അവസ്ഥകളെയും വര്‍ണ്ണിക്കുകയുണ്ടായി. ഈ ആയത്തുകളില്‍ ലോകാവസാനത്തെ നിഷേധിയ്ക്കുകയും പരലോകത്തില്‍ വിശ്വസിക്കാതിരിക്കുകയും പടച്ചവനോടുള്ള ആരാധനയില്‍ മറ്റുള്ളവരെ പങ്ക് ചേര്‍ക്കുകയും ചെയ്യുന്ന വഴിപിഴച്ച വിഭാഗങ്ങളെ ചില കാര്യങ്ങള്‍ ഉണര്‍ത്തുകയാണ്. കൂട്ടത്തില്‍ പൊതുവായ നിലയില്‍ വിസ്മൃതിയില്‍ കഴിയുന്ന മനുഷ്യരുടെ വിസ്മൃതിയും അജ്ഞതയും ദൂരീകരിക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: നിലവിലുള്ള പ്രപഞ്ചവും ഇനി ഉണ്ടാകാനിരിക്കുന്ന കാര്യങ്ങളും സൃഷ്ടിക്കുന്നതും അവയെ നിലനിര്‍ത്തുന്നതും മനുഷ്യരുടെ വ്യത്യസ്ത ജോലികളില്‍ പ്രയോജനപ്പെടുത്തുന്നതും എല്ലാം മഹോന്നതനായ പടച്ചവന്‍റെ കഴിവിന്‍റെയും തന്ത്രജ്ഞതയുടെയും നിദര്‍ശനങ്ങളാണ്. വസ്തുക്കളുടെ മറ മുന്നില്‍ നിന്നും മാറ്റുകയും മനുഷ്യന്‍ ഓരോ വസ്തുക്കളുടെയും സൃഷ്ടിപ്പില്‍ ചിന്തിക്കുകയും ചെയ്താല്‍ മനുഷ്യന്‍ പടച്ചവനില്‍ വിശ്വസിക്കാന്‍ നിര്‍ബന്ധിതരാകും. പക്ഷേ, അല്ലാഹു ഇഹലോകത്തെ പരീക്ഷണ കേന്ദ്രമാക്കി. അതുകൊണ്ട് ഓരോ കാര്യങ്ങളുടെയും മുന്നില്‍ മനുഷ്യനെ പരീക്ഷിക്കുന്നതിന് ചില മറകളെ സ്ഥാപിക്കുകയുണ്ടായി. എന്നാല്‍ പടച്ചവന്‍റെ അപാരമായ കഴിവും സമുന്നതമായ തന്ത്രജ്ഞതയും ഓരോ വസ്തുക്കളുടെയും അവയുടെ കാരണങ്ങളുടെയും ഇടയില്‍ അതി ശക്തമായ ഒരു ബന്ധം വെച്ചിട്ടുണ്ട്. ഓരോ കാര്യങ്ങളും അതിന്‍റെ കാരണങ്ങളും ഉണ്ടാക്കുന്നത് അല്ലാഹു തന്നെയാണ്. പക്ഷേ, ബാഹ്യഭാഗത്തേക്ക് മാത്രം നോക്കുന്നവര്‍ കാരണങ്ങളില്‍ കുടുങ്ങുകയും കാര്യങ്ങള്‍ ഉണ്ടായത് ഈ കാരണങ്ങളിലൂടെയാണെന്ന് പറയുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ പടച്ചവനാണ് കാരണങ്ങളും അതിലൂടെ കാര്യങ്ങളും ഉണ്ടാക്കിയതെന്ന ഭാഗത്തേക്ക് അവരുടെ ശ്രദ്ധ തിരിയുന്നില്ല. ഇത്തരുണത്തില്‍ അല്ലാഹു ഈ ആയത്തുകളില്‍ ചോദ്യരൂപേണെ മനുഷ്യ സൃഷ്ടിപ്പിന്‍റെയും തുടര്‍ന്നുള്ള ചില കാര്യങ്ങളുടെയും യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നു.
ആദ്യമായി അല്ലാഹു പറയുന്നു: നാമാണ് നിങ്ങളെ പടച്ചത്! ഇത് അല്ലാഹുവിന്‍റെ വാദമാണ്. അടുത്തതായി അതിന്‍റെ തെളിവുകള്‍ വിവരിക്കുന്നു: ആദ്യം മനുഷ്യ സൃഷ്ടിപ്പിനെപ്പറ്റി ചോദിച്ചിരിക്കുന്നു. കാരണം അശ്രദ്ധനായ മനുഷ്യന്‍, സ്ത്രീ പുരുഷന്മാരുടെ ബന്ധത്തിലൂടെ ഗര്‍ഭം ഉണ്ടാകുന്നതും തുടര്‍ന്നത് വളരുന്നതും ഒമ്പതാം മാസത്തില്‍ ജനിക്കുന്നതും കാണാറുണ്ട്. ഇതിലൂടെ മനുഷ്യ സൃഷ്ടിപ്പിന്‍റെ അടിസ്ഥാനം സ്ത്രീപുരുഷന്മാരുടെ ബന്ധം മാത്രമാണന്നും അശ്രദ്ധരായ മനുഷ്യര്‍ തെറ്റിദ്ധരിക്കുന്നു. ഈ കാരണത്താല്‍ അല്ലാഹു ചോദിക്കുന്നു:   നിങ്ങള്‍ സ്രവിപ്പിക്കുന്ന ഇന്ദ്രിയത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?(58) നിങ്ങളാണോ അതിനെ മനുഷ്യനായി സൃഷ്ടിക്കുന്നത്, അതോ നാമാണോ സൃഷ്ടാവ്?(59) അതായത് അല്ലയോ മനുഷ്യാ, അല്‍പ്പം ചിന്തിക്കുക. നിങ്ങള്‍ ഒരുതുള്ളി ഇന്ദ്രിയം ഒരു പ്രത്യേക സ്ഥലത്ത് നിക്ഷേപിച്ചു എന്നല്ലാതെ ഒരു കുഞ്ഞിന്‍റെ സൃഷ്ടിപ്പില്‍ നിങ്ങള്‍ക്ക് ഒരു പങ്കുമില്ല. ഈ ഇന്ദ്രിയം ഏതെല്ലാം ഘട്ടങ്ങള്‍ പിന്നിടുകയും അതില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്തുവെന്ന് നിങ്ങള്‍ക്ക് അറിയില്ല. ഇന്ദ്രിയം മാംസമാവുകയും എല്ലുകള്‍ ഉണ്ടാവുകയും അവയെ മാംസം പൊതിയുകയും ചെയ്തത് എങ്ങനെയാണ്? തുടര്‍ന്ന് ആ ശരീരത്തില്‍ ആഹാരവും രക്തവും ആത്മാവും ഉണ്ടായതും കാണാനും കേള്‍ക്കാനും രുചിക്കാനും മണക്കാനും മറ്റുമുള്ള ശേഷി വന്നെത്തുകയും ചെയ്തത് എങ്ങനെയാണ്? നിസ്സാരമായ ഒരു ഇന്ദ്രിയം മാതാപിതാക്കള്‍ക്ക് പോലും അറിവില്ലാതെ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുകയും ഒരു മനുഷ്യനായി പുറത്തേക്ക് വരുകയും ചെയ്യുന്നു. അത്ഭുതങ്ങള്‍ നിറഞ്ഞ ഇതെല്ലാം തനിയെ ഉണ്ടായതാണോ അതോ ഇതിന്‍റെ പിന്നില്‍ മറ്റുവല്ല ശക്തിയുമുണ്ടോ? അതെ വയറിന്‍റെയും ഗര്‍ഭത്തിന്‍റെയും കുഞ്ഞിന് മീതെയുള്ള മറയുടെയും മൂന്ന് ഇരുളുകള്‍ക്കുള്ളില്‍ സുന്ദരനും കേള്‍വിയും കാഴ്ചയും ചിന്തയും ഉള്ളവനുമായ ഒരു മനുഷ്യനെ തയ്യാറാക്കിയത് തീര്‍ച്ചയായും സമുന്നത സ്രഷ്ടാവായ അല്ലാഹു തന്നെയാണ്. ഇതിന് ശേഷമുള്ള ആയത്തുകളില്‍ അല്ലാഹു അറിയിക്കുന്നു: അല്ലയോ മനുഷ്യരേ, നിങ്ങളെ പടയ്ക്കുകയും ചലിക്കുകയും നടക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യനാക്കുകയും ചെയ്തതിന് ശേഷവും നിങ്ങളുടെ നിലനില്‍പ്പിനും സര്‍വ്വ കാര്യങ്ങളിലും നിങ്ങള്‍ നമ്മിലേക്ക് ആവശ്യക്കാരാണ്. നാം നിങ്ങളുടെ മരണത്തിന് ഒരു സമയം നിശ്ചയിച്ചിട്ടുണ്ട്. നിര്‍ണ്ണിതമായ ആ സമയത്തിന് മുമ്പ് നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന ആയുസ്സില്‍ നിങ്ങള്‍ പരിപൂര്‍ണ്ണമായി സ്വതന്ത്രരാണെന്നത് നിങ്ങളുടെ ഒരു തെറ്റിദ്ധാരണ മാത്രമാണ്. നിങ്ങളെ ഇല്ലാതാക്കി നിങ്ങളുടെ സ്ഥാനത്ത് മറ്റൊരു സമുദായത്തെ കൊണ്ടുവരാനും നിങ്ങളെ നശിപ്പിക്കാതെ തന്നെ മറ്റൊരു സൃഷ്ടിയുടെ രൂപത്തില്‍ നിങ്ങളുടെ കോലത്തെ മറിയ്ക്കാനും നമുക്ക് പരിപൂര്‍ണ്ണ കഴിവുണ്ട്:  നാം നിങ്ങള്‍ക്കിടയില്‍ മരണം നിശ്ചയിച്ചിരിക്കുന്നു. നമ്മുടെ കഴിവില്‍ നിന്നും ആര്‍ക്കും മുന്‍കടക്കാന്‍ സാധിക്കുന്നതല്ല.(60) നിങ്ങളെപ്പോലെ മറ്റുള്ളവരെ സൃഷ്ടിക്കാനും നിങ്ങള്‍ക്ക് അറിവില്ലാത്ത ഒരു രൂപത്തില്‍ നിങ്ങളെ ആക്കാനും നാം കഴിവുളളവനാണ്.(61) മരണം നിര്‍ണ്ണിത സമയത്താക്കിയെന്നതിലൂടെ അല്ലാഹു സൂചിപ്പിക്കുന്നു: നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ സര്‍വ്വ സ്വതന്ത്രരല്ല. മറിച്ച് നിങ്ങളുടെ ജീവിതം ഒരു നിര്‍ണ്ണിത സമയം വരെ മാത്രമാണ്. പടച്ചവന്‍ നിങ്ങള്‍ക്ക് പ്രത്യേകമായ ശേഷിയും ബുദ്ധിയും നല്‍കിയിരിക്കുന്നു. അതിനെ പ്രയോജനപ്പെടുത്തി നിങ്ങള്‍ക്ക് ധാരാളം നന്മകള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയുന്നതാണ്. * നമ്മുടെ കഴിവില്‍ നിന്നും ആര്‍ക്കും മുന്‍കടക്കാന്‍ സാധിക്കുന്നതല്ല എന്നതിന്‍റെ ആശയം ഇതാണ്: നമ്മുടെ ഉദ്ദേശത്തെ മുന്‍കടക്കാനും തീരുമാനത്തെ മറികടക്കാനും ആര്‍ക്കും സാധിക്കുന്നതല്ല. നാം ഉദ്ദേശിക്കുന്നത് തീര്‍ച്ചയായും ചെയ്യുന്നതാണ്. * നിങ്ങളെപ്പോലെ മറ്റുള്ളവരെ സൃഷ്ടിക്കുക എന്നതിന്‍റെ ആശയം നിങ്ങളെപ്പോലെ മറ്റൊരു സമൂഹത്തെ കൊണ്ടുവരിക എന്നതാണ്. * നിങ്ങള്‍ക്ക് അറിവില്ലാത്ത രൂപത്തില്‍ നിങ്ങളെ ആക്കുക എന്നതിന്‍റെ ഒരു ആശയം നിങ്ങളെ മരിപ്പിച്ച് മണ്ണാക്കുക എന്നതാണ്. മറ്റൊരു ആശയം ഗതകാല സമൂഹത്തില്‍ ചിലരുടെ കോലം കുരങ്ങിന്‍റെയും മറ്റും രൂപത്തില്‍ മാറ്റിമറിച്ചതുപോലെ നിങ്ങളുടെ രൂപത്തെയും മാറ്റി മറിയ്ക്കുക എന്നതാണ്. വേറൊരു ആശയം നിങ്ങളെ കല്ലുകളുടെയും വൃക്ഷങ്ങളുടെയും രൂപത്തില്‍ മറിയ്ക്കുക എന്നതാണ്.    
നിങ്ങള്‍ നടത്തുന്ന കൃഷിയില്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ?(63) മനുഷ്യ സൃഷ്ടിപ്പിന്‍റെ വിഷയത്തില്‍ മനുഷ്യന്‍ പുലര്‍ത്തുന്ന അശ്രദ്ധയുടെയും പ്രകൃതി വസ്തുക്കളുടെ മറയില്‍ കുടുങ്ങി യഥാര്‍ത്ഥ സ്രഷ്ടാവിനെക്കുറിച്ചുള്ള അറിവില്ലായ്മയുടെയും മറയെ ദൂരീകരിച്ച ശേഷം മനുഷ്യ ജീവിതത്തിന്‍റെ അടിസ്ഥാനമായ ആഹാരത്തിന്‍റെ യാഥാര്‍ത്ഥ്യം വിവരിക്കുന്നു. അല്ലാഹു ചോദിക്കുന്നു: നിങ്ങള്‍ ഭൂമിയില്‍ ധാന്യം വിതയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലേ? ആ ധാന്യത്തില്‍ നിന്നും വൃക്ഷം ഉണ്ടാക്കിയത് നിങ്ങളാണോ? ഈ ചോദ്യത്തില്‍ ചിന്തിച്ചാല്‍ ഭൂമിയില്‍ ധാന്യം വിതയ്ക്കുകയും ഉഴുത് മറിയ്ക്കുകയും ചെയ്തതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് മനുഷ്യന്‍ മറുപടി പറയുന്നതാണ്. ധാന്യത്തെ പൊട്ടിച്ച് ഒരു ചെടിയാക്കി പുറത്തേക്ക് കൊണ്ടുവന്നതും വൃക്ഷമാക്കിയതും എല്ലാം പടച്ചവനാണ്. വളര്‍ന്ന വൃക്ഷത്തെ സംരക്ഷിക്കാന്‍ മനുഷ്യന്‍ പരിശ്രമിക്കുമെങ്കിലും ധാന്യത്തില്‍ നിന്നും വൃക്ഷത്തെ ഉണ്ടാക്കാന്‍ മനുഷ്യന് സാധിക്കുന്നതല്ല. അതെ, മണ്ണിന്‍റെ ഉള്ളറകളില്‍ നിന്നും അതിസുന്ദരവും പലതരം പ്രയോജനങ്ങളുമുള്ള വൃക്ഷത്തെ തയ്യാറാക്കിയത് സര്‍വ്വലോക പരിപാലകനായ അല്ലാഹു മാത്രമാണ്. ശേഷമുള്ള ആയത്തുകളില്‍ മനുഷ്യ ജീവിതത്തിന്‍റെ മറ്റുചില അടിസ്ഥാനങ്ങളായ ജലത്തെയും തീയിനെയും ഇതേ രീതിയില്‍ അനുസ്മരിച്ചിരിക്കുന്നു. തീയിനെക്കുറിച്ച് വിവരിച്ച ശേഷം പ്രസ്താവിക്കുന്നു: നാം അതിനെ ഒരു ഉല്‍ബോധന വിഷയവും യാത്രികര്‍ക്ക് ഉപകാരപ്രദവുമാക്കിയിരിക്കുന്നു.(73) * മുഖ്വീന്‍ എന്നത് ഇഖ്വാഇല്‍ നിന്നും അത് ഖുവാഇല്‍ നിന്നും എടുക്കപ്പെട്ടതാണ്. ഖുവാഇന്‍റെ അര്‍ത്ഥം മണല്‍ക്കാട് എന്നാണ്. മുഖ്വീന്‍ എന്നതിന്‍റെ ആശയം മണല്‍ക്കാട്ടില്‍ ഇറങ്ങിയവര്‍ എന്നാണ്. ഇതുകൊണ്ടുള്ള ഉദ്ദേശം മണല്‍ക്കാട്ടില്‍ എവിടെയെങ്കിലും ഇറങ്ങി ആഹാരം പാചകം ചെയ്യുന്ന യാത്രികരാണ്. * ആയത്തിന്‍റെ ആശയം ഇതാണ്: ഈ വസ്തുക്കളുടെ എല്ലാം സൃഷ്ടിപ്പ് നമ്മുടെ ശക്തിയുടെയും തന്ത്രജ്ഞതയുടെയും ഫലമാണ്. * അവസാനമായി അല്ലാഹു കല്‍പ്പിക്കുന്നു:  ആകയാല്‍ മഹോന്നതനായ രക്ഷിതാവിനെ താങ്കള്‍ പ്രകീര്‍ത്തിക്കുക.(74) അതെ, പടച്ചവന്‍റെ അത്ഭുതകരമായ ശക്തി വൈഭവത്തിലും ഏകത്വത്തിലും വിശ്വസിക്കലും സമുന്നത രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കലും ഇതിന്‍റെയെല്ലാം അനിവാര്യ ഫലവും ഈ അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിയുമാണ്. 

********************************* 



 മആരിഫുല്‍ ഹദീസ് 

 
സ്വലാത്തിന്റെ ആദ്യത്തെയും അവസാനത്തെയും വചനങ്ങൾ 

 മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

പുണ്യസ്വലാത്ത് ആരംഭിക്കുന്നത് അല്ലാഹുമ്മ (അല്ലാഹുവേ) എന്ന് പറഞ്ഞുകൊണ്ടും അവസാനിപ്പിക്കുന്നത് അല്ലാഹുവേ നീ സ്തുത്യര്‍ഹനും മഹത്വപൂര്‍ണ്ണനുമാണ് എന്നീ ഇലാഹീ നാമങ്ങളോടെയുമാണ്. മുന്‍ഗാമികളായ ചില മഹത്തുക്കള്‍ പറയുന്നു: അല്ലാഹുമ്മ എന്നത് അല്ലാഹുവിന്‍റെ മുഴുവന്‍ സുന്ദര നാമങ്ങളുടെയും സ്ഥാനത്ത് നിലനില്‍ക്കുന്നതാണ്. ഈ പദം ഉപയോഗിച്ചുകൊണ്ട് ദുആ ആരംഭിക്കുന്നത് അല്ലാഹുവിന്‍റെ മുഴുവന്‍ തിരുനാമങ്ങള്‍ ഉപയോഗിച്ച് ദുആ ചെയ്യുന്നത് പോലെയാണ്. ഈ വിഷയത്തെക്കുറിച്ച് അല്ലാമാ ഇബ്നുല്‍ ഖയ്യിം ജിലാഉല്‍ അഫ്ഹാം എന്ന ഗ്രന്ഥത്തില്‍ അതിസുന്ദരമായ ഒരു ചര്‍ച്ച നടത്തിയിട്ടുണ്ട്. പണ്ഡിതന്മാര്‍ക്ക് പഠനാര്‍ഹമായ പ്രസ്തുത കുറിപ്പുകളുടെ സാരാംശം ഇവിടെ കൊടുക്കുന്നു: അല്ലാഹുമ്മ എന്നത് അല്ലാഹുവിന്‍റെ സര്‍വ്വ നാമങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു പദമാണ്. മാത്രമല്ല, അതിലെ ശദ്ദുള്ള മീമില്‍ തന്നെ 99 ഇലാഹീ നാമങ്ങളിലേക്ക് സൂചനയുണ്ട്. ഹമീദും മജീദും അല്ലാഹുവിന്‍റെ ഗാംഭീര്യവും സൗന്ദര്യവും വിളിച്ചറിയിക്കുന്ന രണ്ട് അനുഗ്രഹീത നാമങ്ങളാണ്. ഹമീദ് എന്നാല്‍ അല്ലാഹുവിന്‍റെ അസ്തിത്വത്തില്‍ സര്‍വ്വരുടെയും സ്തുതി കീര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ മഹല്‍ ഗുണങ്ങള്‍ സംഗമിച്ചിരിക്കുന്നു എന്നാണ്. മജീദ് എന്നാല്‍ അല്ലാഹുവിന്‍റെ അസ്തിത്വത്തില്‍ ഗാംഭീര്യവും മഹത്വവും സമ്പൂര്‍ണ്ണമായി സമ്മേളിച്ചിരിക്കുന്നു എന്നാണ്. ഇത്തരുണത്തില്‍ ഈ സ്വലാത്തിന്‍റെ ആശയം ഇപ്രകാരമാണ്: സൗന്ദര്യത്തിന്‍റെയും ഗാംഭീര്യത്തിന്‍റെയും സര്‍വ്വ ഗുണങ്ങളും സംഗമിച്ചിരിക്കുന്ന അല്ലാഹുവേ, ആദരവായ റസൂലുല്ലാഹി (സ)യുടെയും തിരുകുടുംബത്തിന്‍റെയും മേല്‍ അനുഗ്രഹ ഐശ്വര്യങ്ങള്‍ വര്‍ഷിപ്പിക്കേണമേ. പരിശുദ്ധ ഖുര്‍ആനില്‍ ഇബ്റാഹീം നബി (അ)യും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ പ്രത്യേക അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്നതിനെക്കുറിച്ച് പറയപ്പെട്ടപ്പോഴും ഈ രണ്ട് പദങ്ങള്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. (ഹൂദ് 73) ചുരുക്കത്തില്‍ ഈ സ്വലാത്തിന്‍റെ ആരംഭവും അവസാനവും അങ്ങേയറ്റം ആശയ സമ്പുഷ്ടമാണ്. ഇത് ഓര്‍ത്തുകൊണ്ട് ഈ സ്വലാത്ത് ചൊല്ലിയാല്‍ ഇതിന്‍റെ അനുഭൂതിയില്‍ വലിയ വര്‍ദ്ധനവുണ്ടാകുന്നതാണ്. ......................... (അറബി)
ഈ സ്വലാത്തിന്‍റെ നിവേദന അവസ്ഥ 
അല്ലാമാ ഇബ്നുല്‍ ഖയ്യിമിന്‍റെ ജിലാഉല്‍ അഫ്ഹാം എന്ന ഗ്രന്ഥത്തിന്‍റെ മഹത്വം പറഞ്ഞുകഴിഞ്ഞു. സ്വലാത്ത് സലാമുകളുടെ വിഷയത്തില്‍ ഇത് വളരെ സമുന്നതമായ ഗ്രന്ഥമാണ്. അദ്ദേഹത്തിന്‍റെ വൈജ്ഞാനിക സമുന്നതിയുടെ കണ്ണാടി കൂടിയാണ്. എന്നാല്‍ സ്വലാത്തിന്‍റെ ഈ ഹദീസിലെ വചനത്തിന്‍റെ വിഷയത്തില്‍ അദ്ദേഹത്തിന് ഒരു മറവി സംഭവിച്ചു. അദ്ദേഹം പറയുന്നു: ഈ സ്വലാത്തിലെ ഇബ്റാഹീം നബി (അ)യുടെയും കുടുംബത്തിന്‍റെയും മേല്‍ സ്വലാത്ത് വര്‍ഷിച്ചതുപോലെ എന്ന വാചകം സഹീഹായ ഒരു നിവേദനത്തിലുമില്ല. ഇബ്റാഹീം നബി (അ)യുടെ മേല്‍ എന്ന് മാത്രമേ സഹീഹായ നിവേദനങ്ങളിലുള്ളൂ. (ജിലാഉല്‍ അഫ്ഹാം 230) എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണ്. ഈ ഹദീസ് സഹീഹുല്‍ ബുഖാരിയില്‍ നിന്നുമാണ് ഉദ്ധരിച്ചിരിക്കുന്നത്. സഹീഹുല്‍ ബുഖാരിയില്‍ തന്നെ രണ്ട് സ്ഥലത്ത് ഈ ഹദീസ് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ചെറിയ പദ വ്യത്യാസങ്ങളോടെയാണെങ്കിലും ഇബ്റാഹീം നബി (അ)യുടെയും കുടുംബത്തിന്‍റെയും കാര്യം പറഞ്ഞുകൊണ്ടുള്ള നിരവധി നിവേദനങ്ങള്‍ വേറെ ഹദീസിന്‍റെ കിതാബുകളിലും വന്നിട്ടുണ്ട്. 
സ്വലാത്തിന്‍റെ ഈ വിഷയങ്ങളെക്കുറിച്ച് ഇതുപോലെ തന്നെ മറ്റൊരു മറവി ശൈഖിന്‍റെ ഗുരുനാഥന്‍ കൂടിയായ ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയയ്ക്കും സംഭവിച്ചിട്ടുണ്ട്. അദ്ദേഹം കുറിക്കുന്നു: ഇബ്റാഹീം നബി (അ)യുടെയും ഇബ്റാഹീം കുടുംബത്തിന്‍റെയും മേല്‍ വര്‍ഷിച്ചതുപോലുള്ള അനുഗ്രഹങ്ങളെപ്പോലുള്ളതെന്ന് ആധികാരികമായ ഒരു നിവേദനത്തിലും വന്നതായി എനിയ്ക്ക് അറിയില്ല. (ഫതാവാ ഇബ്നു തൈമിയ്യ 1/161) എന്നാല്‍ ഇതിന്‍റെ നിവേദനങ്ങള്‍ ധാരാളമാണ്. ഓര്‍ക്കുക: ഇത്തരം മറവികള്‍ മിക്ക മഹാത്മാക്കള്‍ക്കും സംഭവിക്കാറുണ്ട്. അതുകാരണം അവരുടെ മഹത്വത്തിന് യാതൊരു കുറവും സംഭവിക്കുന്നതുമല്ല. മറവികളില്‍ നിന്നും പരിശുദ്ധന്‍ മറവിയൊന്നുമില്ലാത്ത പടച്ചവന്‍ മാത്രമാണ്. 
311. അബൂഹുമൈദ് സാഇദി (റ) വിവരിക്കുന്നു: സഹാബത്ത് ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരേ, ഞങ്ങള്‍ അങ്ങയുടെ മേല്‍ എങ്ങനെയാണ് സ്വലാത്ത് ചൊല്ലേണ്ടത്? റസൂലുല്ലാഹി (സ) അരുളി: ഇങ്ങനെ ചൊല്ലുക: .......................................(ബുഖാരി, മുസ്ലിം)
വിവരണം: ഈ ഹദീസില്‍ പറയപ്പെട്ട സ്വലാത്തിലെ പദങ്ങളില്‍ കഴിഞ്ഞ ഹദീസിലെ പദങ്ങളുമായി  ചെറിയ വ്യത്യാസമുണ്ട്. കഴിഞ്ഞ ഹദീസില്‍ റസൂലുല്ലാഹി (സ)യുടെയും റസൂലുല്ലാഹി (സ)യുടെയും കുടുംബത്തിന്‍റെയും മേല്‍ എന്നാണുള്ളത്. ഈ ഹദീസില്‍ റസൂലുല്ലാഹി (സ)യുടെ ഇണകളുടെയും സന്താനങ്ങളുടെയും മേല്‍ എന്നാണ് വന്നിരിക്കുന്നത്. ആല്‍ എന്ന പദത്തിന്‍റെ വിവക്ഷ ഇണകളും മക്കളുമാണെന്ന അഭിപ്രായം ശക്തമാണെന്ന് ഇത് അറിയിക്കുന്നു. മറ്റൊരു വ്യത്യാസം കഴിഞ്ഞ ഹദീസില്‍ ഇബ്റാഹീം നബി (അ)യുടെയും ഇബ്റാഹീം കുടുംബത്തിന്‍റെയും മേല്‍ വന്നിരിക്കുന്നു. ഈ ഹദീസില്‍ ഇബ്റാഹീം കുടുംബം എന്ന് മാത്രമാണ് വന്നിട്ടുള്ളത്. ഇത് വെറും പദത്തിലുള്ള വ്യത്യാസം മാത്രമാണ്. ആശയത്തില്‍ ഒരു വ്യത്യാസവുമില്ല. അറബിയില്‍ ഇത്തരം മാറ്റങ്ങള്‍ സാധാരണ വരാറുള്ളതുമാണ്. അതുകൊണ്ട് തന്നെ ഇതില്‍ ഏത് തിരഞ്ഞെടുത്താലും മാത്രമല്ല ഇനിയും കൊടുക്കുന്ന സ്വലാത്തുകളില്‍ ഏത് തിരിഞ്ഞെടുത്താലും സ്വലാത്തും നമസ്കാരവും സാധുവാകുന്നതാണ്. 
312. അബൂമസ്ഊദ് അന്‍സാരി (റ) വിവരിക്കുന്നു: ഞങ്ങള്‍ സഅദുബ്നു ഉബാദ (റ)യുടെ സദസ്സില്‍ ഇരിക്കുമ്പോള്‍ ഞങ്ങളുടെ അരികില്‍ റസൂലുല്ലാഹി (സ) വന്നെത്തി. തദവസരം സദസ്യരില്‍ പെട്ട ബഷീര്‍ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ, അങ്ങയുടെ മേല്‍ ഞങ്ങള്‍ സ്വലാത്ത് ചൊല്ലണമെന്ന് അല്ലാഹു കല്‍പ്പിക്കുന്നു. എങ്ങനെയാണ് സ്വലാത്ത് ചൊല്ലേണ്ടതെന്ന് അങ്ങ് പറഞ്ഞുതരിക. അബൂമസ്ഊദ് (റ) പറയുന്നു: റസൂലുല്ലാഹി (സ) അല്‍പ്പനേരം നിശബ്ദത പാലിച്ചു. ചോദ്യത്തിന് മറുപടിയൊന്നും പറഞ്ഞില്ല. (ചോദ്യം ഇഷ്ടപ്പെട്ടില്ലായിരിക്കും എന്ന് ഞങ്ങള്‍ വിചാരിച്ചു.) ഞങ്ങള്‍ ചോദിക്കാതിരുന്നാല്‍ കൊള്ളാമായിരുന്നു എന്ന് ആഗ്രഹിച്ചുപോയി. അല്‍പ്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം ചോദ്യത്തിന് മറുപടിയെന്നോണം റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ ഇപ്രകാരം പറയുക: ................................. (മുസ്ലിം) 
വിവരണം: ഇതേ ഹദീസിന്‍റെ ത്വബ്രിയുടെ നിവേദനത്തില്‍ ഇപ്രകാരം കൂടിയുണ്ട്: വഹ്യ് വരുന്നതുവരെ റസൂലുല്ലാഹി (സ) ചോദ്യത്തിന് മറുപടിയൊന്നും പറഞ്ഞില്ല! ഈ നിശബ്ദത വഹ്യിനെ പ്രതീക്ഷിച്ചുകൊണ്ടായിരുന്നുവെന്നും സ്വലാത്തിന്‍റെ ഈ വചനങ്ങള്‍ വഹ്യിലൂടെ ലഭിച്ചതാണെന്നും ഇതില്‍ നിന്നും മനസ്സിലാകുന്നു. അതുപോലെ സ്വലാത്തിനെക്കുറിച്ചുള്ള ഈ ചോദ്യം ആദ്യമായി ഉണ്ടായത് ഇവിടെ വെച്ചാണ്. കഅ്ബ് (റ), അബൂഹുമയ്ദ് (റ) തുടങ്ങിയ സഹാബികള്‍ സ്വലാത്തിനെക്കുറിച്ച് ചോദിച്ചതായി വന്നിട്ടുള്ള സംഭവങ്ങള്‍ ഈ സംഭവത്തിന്‍റെ വിവരണമോ, ഇതിന് ശേഷമുള്ള സംഭവങ്ങളോ ആണ്. 
ഇമാം അഹ്മദ് (റ), ഇബ്നു ഖുസൈമ (റ), ഹാകിം (റ) മുതലായവരുടെ നിവേദനത്തില്‍ ചോദ്യം ഇങ്ങനെയായിരുന്നു: ഞങ്ങള്‍ നമസ്കാരത്തില്‍ അങ്ങയുടെ മേല്‍ സ്വലാത്ത് ചൊല്ലുമ്പോള്‍ എങ്ങനെയാണ് സ്വലാത്ത് ചൊല്ലേണ്ടത്! ഇതില്‍ നിന്നും മനസ്സിലാകുന്നത് ഈ സ്വലാത്ത് നമസ്കാരത്തില്‍ ചൊല്ലുന്നതില്‍ വലിയ പ്രത്യേകതയുണ്ടെന്നാണ്.
313. അബൂസഈദ് (റ) നിവേദനം. റസൂലുല്ലാഹി (സ)യോട് ഞങ്ങള്‍ ചോദിച്ചു: അങ്ങയുടെ സമക്ഷത്തില്‍ സലാം പറയുന്ന രീതി ഞങ്ങള്‍ക്ക് മനസ്സിലായി. അതായത്, അത്തഹിയ്യാത്തില്‍ അസ്സലാമു അലൈക്ക് അയ്യുഹന്നബിയു വറഹ്മത്തുല്ലാഹി വ ബറകാത്തുഹു എന്ന് പറയലാണ്. ഇപ്പോള്‍ അങ്ങയുടെ മേല്‍ സ്വലാത്ത് ചൊല്ലേണ്ടത് എങ്ങനെയാണെന്ന് പറഞ്ഞുതരിക. റസൂലുല്ലാഹി (സ) അരുളി: ഇങ്ങനെ പറയുക: ............................(ബുഖാരി) 
314. ത്വല്‍ഹാ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ)യോട് ഒരു വ്യക്തി ചോദിച്ചു: ഞങ്ങള്‍ താങ്കളുടെ മേല്‍ സ്വലാത്ത് ചൊല്ലേണ്ടത് എപ്രകാരമാണ്? റസൂലുല്ലാഹി (സ) അരുളി: ഇങ്ങനെ ചൊല്ലുക: ......................(നസാഇ)
315. ബുറയ്ദ (റ) വിവരിക്കുന്നു: ഞങ്ങള്‍ ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരേ, അങ്ങയുടെ മേല്‍ സലാം ചൊല്ലേണ്ടെ രീതി ഞങ്ങള്‍ക്ക് മനസ്സിലായി. സ്വലാത്ത് ചൊല്ലേണ്ടത് എങ്ങനെയാണെന്ന് കൂടി പറഞ്ഞ് തരൂ. റസൂലുല്ലാഹി (സ) അരുളി: ഇങ്ങനെ പറയുക: ................................(അഹ്മദ്)
316. ഇബ്നു മസ്ഊദ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ എന്‍റെമേല്‍ സ്വലാത്ത് ചൊല്ലുമ്പോള്‍ ഇപ്രകാരം പറയുക: ...............................(അഹ്മദ്, ഇബ്നു ഹിബ്ബാന്‍) 
വിവരണം: ഇബ്നു മസ്ഊദ് (റ)ന്‍റെ നിവേദനത്തില്‍ വന്ന സ്വലാത്തില്‍ റസൂലുല്ലാഹി (സ)യുടെ നാമത്തോടൊപ്പം അന്നയിബ്ബിയില്‍ ഉമ്മിയ്യ് എന്ന വിശേഷണം കൂടി ചേര്‍ത്ത് പറഞ്ഞിരിക്കുന്നു. പരിശുദ്ധ ഖുര്‍ആനിലും റസൂലുല്ലാഹി (സ)യെ വര്‍ണ്ണിക്കുമ്പോള്‍ ഈ പദം ഉപയോഗിച്ചിട്ടുണ്ട്. (അഅ്റാഫ് 157) റസൂലുല്ലാഹി (സ)യുടെ ഈ ഗുണം തൗറാത്തിലും ഇഞ്ചീലിലും വന്നിട്ടുണ്ടെന്ന് ഈ ആയത്തില്‍ നിന്നും മനസ്സിലാകുന്നു. ഉമ്മിയ്യിന്‍റെ അര്‍ത്ഥം എഴുത്തും വായനയും അറിയാത്ത വ്യക്തിയാണെന്നാണ്. അതായത്, റസൂലുല്ലാഹി (സ) കൊണ്ടുവന്ന വിജ്ഞാന ദര്‍ശനങ്ങള്‍ ഏതെങ്കിലും ഗുരുവില്‍ നിന്നോ, ഗ്രന്ഥത്തില്‍ നിന്നോ കരസ്ഥമാക്കിയതല്ല. മറിച്ച് അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നും പഠിപ്പിക്കപ്പെട്ടതാണ്. എഴുത്തിന്‍റെയും വായനയുടെയും വിഷയത്തില്‍ റസൂലുല്ലാഹി (സ) മാതാവിന്‍റെ വയറ്റില്‍ നിന്നും ജനിച്ച കുട്ടിയെപ്പോലെയായിരുന്നു. ഈ വിശേഷണത്തില്‍ പ്രത്യേകമായ സ്നേഹവും പ്രിയവും നിറഞ്ഞിരിക്കുന്നു എന്ന് വ്യക്തമാണ്. കൂടാതെ, ഈ ചെറുപദത്തില്‍ റസൂലുല്ലാഹി (സ)യുടെ പ്രവാചകത്വത്തിനെക്കുറിച്ച് സ്പഷ്ടമായ ഒരു രേഖ കൂടി സമര്‍പ്പിച്ചിരിക്കുന്നു. 
317. സൈദ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ)യോട് ഞാന്‍ ചോദിച്ചു: അങ്ങയുടെ മേല്‍ സ്വലാത്ത് ചൊല്ലേണ്ടത് എപ്രകാരമാണ്? റസൂലുല്ലാഹി (സ) അരുളി: എന്‍റെമേല്‍ സ്വലാത്ത് ചൊല്ലുകയും ശ്രദ്ധയോടെ നന്നായി ദുആ ഇരക്കുകയും ചെയ്യുക. ഇപ്രകാരം പറയുക: ...................................(അഹ്മദ്, നസാഇ) 
വിവരണം: ഈ ഹദീസില്‍ റസൂലുല്ലാഹി (സ) സ്വലാത്ത് പറയുന്നതിന് മുമ്പായി എന്‍റെമേല്‍ സ്വലാത്ത് ചൊല്ലുകയെന്നും ശ്രദ്ധയോടെ ദുആ ഇരക്കുകയെന്നും പറഞ്ഞിരിക്കുന്നു. ഇതിന്‍റെ ആശയം ഇതാണ്: സ്വലാത്ത് അല്ലാഹുവിന്‍റെ സമക്ഷത്തില്‍ റസൂലുല്ലാഹി (സ)യ്ക്കുവേണ്ടിയുള്ള ഒരു ദുആയാണ്. ഇത് നാവുകൊണ്ട് അശ്രദ്ധമായി മൊഴിയേണ്ടതല്ല. മറിച്ച് ശ്രദ്ധയോടെയും ഹൃദയംഗമായും ഇത് ചൊല്ലേണ്ടതാണ്. 
318. അബൂഹുറയ്റ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും എന്‍റെമേല്‍ ഇപ്രകാരം സ്വലാത്ത് ചൊല്ലിയാല്‍ ഖിയാമത്ത് ദിനം അവനുവേണ്ടി ഞാന്‍ സാക്ഷിയും ശുപാര്‍ശയും ചെയ്യുന്നതാണ്. ................................(ത്വബ്രി, തഹ്ദീബുല്‍ ആസാര്‍) 
വിവരണം: ഈ ഹദീസില്‍ സ്വലാത്ത്, ബര്‍ക്കത്തുകള്‍ എന്നീ പദങ്ങളോടൊപ്പം കാരുണ്യത്തെയും തേടിയിരിക്കുന്നു. റസൂലുല്ലാഹി (സ)യ്ക്ക് കാരുണ്യത്തിന് വേണ്ടി ദുആ ചെയ്യാന്‍ പാടില്ലെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. കാരണം അപ്രകാരം ദുആ ചെയ്യേണ്ടത് സത്യവിശ്വാസികള്‍ക്കുവേണ്ടിയാണ്. പക്ഷേ, സ്വലാത്തിനോടൊപ്പമാണെങ്കില്‍ കാരുണ്യത്തിനും വേണ്ടി ദുആ ചെയ്യാവുന്നതാണ്. അത്തഹിയ്യാത്തില്‍ വറഹ്മത്തുല്ലാഹിയെന്ന് എല്ലാ നമസ്കാരത്തിലും പറയാറുണ്ട്. അതുപോലെ ഈ സ്വലാത്തിലും സ്വലാത്ത്, ബര്‍കത്തുകള്‍ക്ക് ശേഷമാണ് കാരുണ്യത്തിന് വേണ്ടി ദുആ ചെയ്തിരിക്കുന്നത്. അപ്പോള്‍ അത് സ്വലാത്തിന്‍റെ പൂര്‍ത്തീകരണമായി മാറുന്നതാണ്. 
319. അബൂഹുറയ്റ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: എന്‍റെയും എന്‍റെ കുടുംബത്തിന്‍റെയും മേല്‍ സ്വലാത്തുകള്‍ ചൊല്ലുന്നതിലൂടെ അല്ലാഹുവിന്‍റെ അനുഗ്രഹ ഐശ്വര്യങ്ങള്‍ സമൃദ്ധമായ നിലയില്‍ കരസ്ഥമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇപ്രകാരം സ്വലാത്ത് ചൊല്ലിക്കൊള്ളട്ടെ:  ..................................... (അബൂദാവൂദ്) 
വിവരണം: ഈ സ്വലാത്തിലൂടെ സമൃദ്ധമായി കാരുണ്യ ഐശ്വര്യങ്ങള്‍ കരസ്ഥമാക്കാന്‍ കഴിയുമെന്ന് ഈ ഹദീസില്‍ വന്ന കാരണത്താല്‍ ഈ സ്വലാത്താണ് ഏറ്റവും ശ്രേഷ്ടമായതെന്ന് ചില പണ്ഡിതര്‍ പറയുന്നു. മറ്റുചിലര്‍ പറയുന്നു: നമസ്കാരത്തില്‍ ആദ്യ ഹദീസുകളില്‍ പറയപ്പെട്ട സ്വലാത്ത് ചൊല്ലുന്നതാണ് ഉത്തമം. നമസ്കാരത്തിന് വെളിയില്‍ ഈ ഹദീസില്‍ പറയപ്പെട്ട സ്വലാത്തുമാണ് ശ്രേഷ്ടം. 
320. ഉമര്‍ (റ) നിവേദനം. റസൂലുല്ലാഹി (സ) എന്‍റെ കൈ വിരലുകളെ ഇപ്രകാരം എണ്ണിക്കൊണ്ട് പറഞ്ഞു: ജിബ്രീല്‍ (അ) ഇപ്രകാരം എണ്ണിക്കൊണ്ട് എന്നെ ഈ സ്വലാത്ത് പഠിപ്പിക്കുകയും ഇപ്രകാരം അല്ലാഹു റബ്ബുല്‍ ഇസ്സത്തിന്‍റെ ഭാഗത്ത് നിന്നും ഇത് ഇറങ്ങിയെന്ന് പറയുകയും ചെയ്തു: ....................................(ബൈഹഖി, ദയ്ലമി)
വിവരണം: ഈ ഹദീസില്‍ റസൂലുല്ലാഹി (സ)യ്ക്കും കുടുംബത്തിനും സ്വലാത്ത്, ബര്‍ക്കത്ത്, കാരുണ്യം എന്നിവ തേടുന്നതിനോടൊപ്പം സലാം തഹന്നുനും തേടിയിരിക്കുന്നു. തഹന്നുനെന്നാല്‍ കാരുണം, പ്രിയം എന്നാണ് ആശയം. സലാമെന്നാല്‍ സര്‍വ്വ തിന്മകളില്‍ നിന്നും രക്ഷയുമാണ്. 
ഇവിടെ ഈ ഹദീസിനെക്കുറിച്ച് ഒരു കാര്യം മനസ്സിലാക്കുക: കന്‍സുല്‍ ഉമ്മാല്‍ ഒന്നാം ഭാഗത്തില്‍ ഈ ഹദീസ് വിവരിച്ചപ്പോള്‍ ഈ ഹദീസ് സനദിന്‍റെ അടിസ്ഥാനത്തില്‍ ബലഹീനമാണെന്ന് പറയുകയുണ്ടായി. ശേഷം രണ്ടാം ഭാഗത്തില്‍ സ്വലാത്തിന്‍റെ ഈ വചനങ്ങള്‍ അടങ്ങിയ ഹദീസ് അലിയ്യ് (റ) വഴി മുസ്തദറകിന്‍റെ ഗ്രന്ഥകര്‍ത്താവ് ഹാകിമിന്‍റെ മഅ്രിഫത്ത് ഇല്‍മില്‍ ഹദീസ് എന്ന ഗ്രന്ഥത്തില്‍ നിന്നും പരിപൂര്‍ണ്ണ സനദോടെ ഉദ്ധരിക്കുകയും പ്രസ്തുത സനദിലെ ചില നിവേദകന്മാരെ വിമര്‍ശിക്കുകയും ചെയ്തു. കൂടാതെ, ഇമാം സുയൂഥിക്ക് മറ്റുചില പരമ്പരകളിലൂടെയും ഈ ഹദീസ് ലഭിച്ചിട്ടുണ്ടെന്ന് പറയുകയുണ്ടായി. അനസ് (റ) വഴി ഇബ്നു അസാകിറും ഇതേ ആശയത്തിലുള്ള ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ഹദീസ് ളഈഫാണെങ്കിലും പല പരമ്പരകളിലൂടെയും നിവേദനം ചെയ്യപ്പെട്ടാല്‍ സ്വീകാര്യമായി മാറുന്നതാണ്. പ്രത്യേകിച്ചും കര്‍മ്മങ്ങളുടെ മഹത്വങ്ങളുടെ വിഷയത്തില്‍ ഇത്തരം ഹദീസുകള്‍ എല്ലാവരും സ്വീകരിക്കുന്നതാണ്. മുല്ലാ അലിയ്യുല്‍ ഖാരി (റ) ഈ ഹദീസിന്‍റെ പരമ്പരയിലുള്ള നിവേദകന്മാരില്‍ ചിലരെ വിമര്‍ശിച്ച ശേഷം കുറിക്കുന്നു: ഈ ഹദീസ് ളഈഫാണ്. പക്ഷേ, കര്‍മ്മങ്ങളുടെ മഹത്വങ്ങള്‍ വിവരിക്കുന്ന വിഷയത്തില്‍ ളഈഫായ ഹദീസുകള്‍ പരിഗണനീയമാണെന്നതില്‍ പണ്ഡിതര്‍ ഏകോപിച്ചിരിക്കുന്നു. (ശര്‍ഹുശ്ശിഫാ) ഈ കാര്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് ഈ ഹദീസ് ളഈഫായിരുന്നിട്ടും ഇവിടെ കൊടുത്തത്.
ഇതുവരെ ഉദ്ധരിച്ച ഹദീസുകളിലെ സ്വലാത്തുകള്‍ എല്ലാംതന്നെ റസൂലുല്ലാഹി (സ) പഠിപ്പിച്ചതായിരുന്നു.  അതായത്, ഇവയുടെ അടിസ്ഥാനം അല്ലാഹുവിന്‍റെ വഹ്യാണ്. അബൂമസ്ഊദ് അന്‍സാരി (റ)യുടെ ഹദീസില്‍ സ്വലാത്തിനെക്കുറിച്ച് ചോദിച്ചപ്പോള്‍ റസൂലുല്ലാഹി (സ) വഹ്യ് വരുന്നതുവരെ നിശബ്ദത പാലിക്കുകയും ശേഷം ഇബ്റാഹീമീ സ്വലാത്ത് പറഞ്ഞ് കൊടുക്കുകയും ചെയ്തതായി വന്നിരിക്കുന്നു. ഈ സ്വലാത്തുകളുടെയെല്ലാം അടിസ്ഥാനം വഹ്യായിരുന്നു എന്ന് ഇതിലൂടെ മനസ്സിലാകുന്നു. എന്നാല്‍ ഇത് കൂടാതെ, ചില സഹാബിവര്യമാരും മുന്‍ഗാമികളായ മഹത്തുക്കളും മറ്റുചില സ്വലാത്ത് സലാമുകള്‍ ചൊല്ലിയിട്ടുണ്ട്. അവയ്ക്ക് മേല്‍ പറയപ്പെട്ട സ്വലാത്തുകളുടെ അത്രയും മഹത്വമില്ലെങ്കിലും അവയുടെ വചനങ്ങളും ആശയങ്ങളും വളരെ ഉന്നതവും സ്വീകാര്യതയില്‍ സംശയമില്ലാത്തതുമാണ്. ഈ കൂട്ടത്തില്‍ രണ്ട് നിവേദനങ്ങള്‍ മാത്രം ഉദ്ധരിക്കുന്നു: 
321. ഇബ്നു മസ്ഊദ് (റ) പ്രസ്താവിച്ചു: നിങ്ങള്‍ റസൂലുല്ലാഹി (സ)യുടെമേല്‍ സ്വലാത്ത് ചൊല്ലുമ്പോള്‍ വളരെ ഉത്തമമായ ശൈലിയില്‍ സ്വലാത്ത് ചൊല്ലുക. നിങ്ങളുടെ സ്വലാത്തുകള്‍ റസൂലുല്ലാഹി (സ)യുടെ സമക്ഷത്തില്‍ സമര്‍പ്പിക്കപ്പെടുന്നതാണെന്ന് അറിയുക. ശിഷ്യര്‍ ചോദിച്ചു: താങ്കള്‍ ഞങ്ങള്‍ക്ക് ഒരു സ്വലാത്ത് പഠിപ്പിച്ച് തരിക. ഇബ്നു മസ്ഊദ് (റ) പറഞ്ഞു: നിങ്ങള്‍ പറയുക: .............................(അല്ലാഹുവേ, നിന്‍റെ പ്രത്യേക അനുഗ്രഹവും കാരുണ്യവും ഐശ്വര്യവും നിന്‍റെ ദാസനും ദൂതനുമായ മുഹമ്മദുര്‍റസൂലുല്ലാഹി (സ)യുടെ മേല്‍ വര്‍ഷിക്കണേ. നബിമാരുടെ നായകന്‍, ഭയഭക്തരുടെ വഴികാട്ടി, അന്ത്യപ്രവാചകന്‍, നന്മയുടെ നായകന്‍, നന്മയുടെ വഴികാട്ടി, കാരുണ്യത്തിന്‍റെ തിരുദൂതന്‍! അല്ലാഹുവേ, മുന്‍ഗാമികളും പിന്‍ഗാമികളും എല്ലാവരും ആദരിക്കുന്ന സ്തുത്യര്‍ഹമായ സ്ഥാനം റസൂലുല്ലാഹി (സ)യ്ക്ക് നല്‍കണേ. .............................(ഇബ്നുമാജ)
വിവരണം: ഈ സ്വലാത്തിന്‍റെ വചനങ്ങള്‍ ഇബ്നു മസ്ഊദ് (റ) ശിഷ്യന്മാര്‍ക്ക് പറഞ്ഞ് കൊടുത്തതാണ്. തീര്‍ച്ചയായും ഈ വചനങ്ങള്‍ വളരെ ഐശ്വര്യമുള്ളതും സ്വീകാര്യവുമാണ്. കൂടാതെ, ഇതിന്‍റെ അവസാനം ഇബ്റാഹീമീ സ്വലാത്തും അടങ്ങിയിട്ടുണ്ട്. 
322. അലിയ്യ് (റ) ഇപ്രകാരം സ്വലാത്ത് ചൊല്ലുമായിരുന്നു: ആദ്യം സ്വലാത്തിനെക്കുറിച്ചുള്ള ആയത്ത് പാരായണം ചെയ്യും. (അഹ്സാബ് 56) ശേഷം പറയും: രക്ഷിതാവേ, ഈ കല്‍പ്പന അനുസരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തുകൊണ്ട് ഞാന്‍ പറയുന്നു: ................................(നന്മ നിറഞ്ഞവനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെയും സമീപസ്ഥനായ മലക്കുകളുടെയും നബിമാര്‍, സിദ്ദീഖുകള്‍, ശുഹദാഅ്, സ്വാലിഹുകള്‍ എന്നിവരുടെയും നിനക്ക് തസ്ബീഹ് ചൊല്ലുന്ന സര്‍വ്വ സൃഷ്ടികളുടെയും സ്വലാത്തുകള്‍ അന്ത്യപ്രവാചകനും പ്രവാചകരുടെ നേതാവും ഭയഭക്തരുടെ നായകനും സര്‍വ്വലോക പരിപാലകന്‍റെ ദൂതനും സത്യത്തിന്‍റെ സാക്ഷിയും സന്തോഷ വാര്‍ത്ത അറിയിക്കുന്നവനും നിന്‍റെ അനുമതിയോടെ നിന്നിലേക്ക് ക്ഷണിക്കുന്നവരും പ്രകാശിക്കുന്ന വിളക്കുമായ മുഹമ്മദുബ്നു അബ്ദില്ലാഹിയുടെ മേല്‍ വര്‍ഷിക്കട്ടെ. റസൂലുല്ലാഹി (സ)യുടെ മേല്‍ സ്വലാത്തും സലാമും ഉണ്ടാകട്ടെ.) (ശിഫാ ഖാളി ഇയാള്)
വിവരണം: ഈ അനുഗ്രഹീത സ്വലാത്ത് വാചകത്തിലും ആശയത്തിലും വളരെ ഉന്നതവും ഈമാനികവുമാണ്. എന്നാല്‍ ഹദീസിന്‍റെ പ്രധാന ഗ്രന്ഥങ്ങളില്‍ ഈ നിവേദനം കാണാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ, അഞ്ച്, ആറ് നൂറ്റാണ്ടുകളിലെ സുപ്രസിദ്ധ പണ്ഡിതനും മുഹദ്ദിസുമായ ഖാളി ഇയാള് (റ) ഈ സ്വലാത്ത് ഉദ്ധരിച്ചിരിക്കുന്നു. അല്ലാമാ ഖസ്തല്ലാനി (റ) സൈനുദ്ദീന്‍ മറാഗിയുടെ തഹ്ഖീകുന്നുസ്റ എന്ന ഗ്രന്ഥത്തില്‍ നിന്നും ഉദ്ധരിക്കുന്നു: അലിയ്യ് (റ) റസൂലുല്ലാഹി (സ)യുടെ ജനാസ നമസ്കരിച്ചപ്പോള്‍ ഈ സ്വലാത്താണ് ചൊല്ലിയത്. ജനങ്ങള്‍ ചോദിച്ചപ്പോള്‍ ഇത് പഠിപ്പിച്ച് കൊടുക്കുകയും ചെയ്തു. (മവാഹിബുല്ലദുന്നിയ) ചുരുക്കത്തില്‍ വാക്കുകളും ആശയങ്ങളും വെച്ച് നോക്കുമ്പോള്‍ ഈ സ്വലാത്ത് വളരെ പ്രിയങ്കരമാണ്. 
ഇബ്നുമസ്ഊദ് (റ), അലിയ്യുല്‍ മുര്‍തളാ (റ) ഇരുവരുടെയും ഈ സ്വലാത്തുകളില്‍ നിന്നും മനസ്സിലാകുന്ന ഒരു കാര്യം റസൂലുല്ലാഹി (സ) പഠിപ്പിച്ച സ്വലാത്തുകള്‍ മാത്രം ചൊല്ലണമെന്ന് നിര്‍ബന്ധമില്ലായെന്നാണ്. മറിച്ച് സ്നേഹാനുരാഗങ്ങള്‍ ഉള്ളവര്‍ക്ക് ശരീഅത്ത് നിയമങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ട് വേറെയും വചനങ്ങളിലൂടെ സ്വലാത്ത് സലാമുകള്‍ ചൊല്ലാവുന്നതാണ്. ഇപ്രകാരം താബിഈങ്ങളും ശേഷമുള്ള പണ്ഡിതരും ആരിഫീങ്ങളും ഇത്തരം ധാരാളം സ്വലാത്തുകള്‍ മൊഴിഞ്ഞതായി വന്നിരിക്കുന്നു. എന്നാല്‍ അവ മആരിഫുല്‍ ഹദീസിന്‍റെ വൃത്തത്തില്‍ പെടാത്തതിനാല്‍ ഇവിടെ കൊടുക്കുന്നില്ല. പടച്ചവന്‍ ഉതവി നല്‍കിയാല്‍ അതില്‍ നിന്നും തിരഞ്ഞെടുത്ത ചില വചനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു കുറിപ്പ് തയ്യാറാക്കണമെന്ന് ആഗ്രഹമുണ്ട്. 
അല്ലാഹുവിന്‍റെ അളവറ്റ അനുഗ്രഹ ഔദാര്യങ്ങളാല്‍ മആരിഫുല്‍ ഹദീസിന്‍റെ ഈ ഭാഗം ഇവിടെ അവസാനിക്കുന്നു. അല്ലാഹു ഇത് സ്വീകരിക്കുകയും രചയിതാവിനും അനുവാചകര്‍ക്കും റഹ്മത്ത്, മഗ്ഫിറത്തുകള്‍ക്ക് മാധ്യമമാക്കുകയും ചെയ്യട്ടെ. രക്ഷിതാവേ, ഞങ്ങളില്‍ നിന്നും ഇത് സ്വീകരിക്കണേ. തീര്‍ച്ചയായും നീ എല്ലാ കേള്‍ക്കുന്നവനും അറിയുന്നവനുമാണ്




രചനാ പരിചയം 

റമദാന്‍ ഓഫര്‍






Ph: 7736723639


പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി



ഞങ്ങളുടെ കേന്ദ്ര സ്ഥാപനം


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌